ഇതൊരു പഴയ കഥയാണു്. ദശകങ്ങൾക്കുമുമ്പു് പീഡിതരുടെ നിസ്സഹായമായ നിലവിളികളും കാൽച്ചങ്ങലകളുടെ കിലുക്കവും ഉയർന്നു കേട്ട ഒരു വടക്കേ മലബാർ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യരുടെ ഉള്ളിന്റെയുള്ളിൽനിന്നു് ജ്വലിച്ചുയരുന്ന ആത്മവീര്യത്തിന്റെ കഥ.
ഒട്ടനവധി സംഘർഷകളുടെയും ധീരമായ ചെറുത്തുനില്പുകളുടെയും ത്യാഗങ്ങളുടെയും ഓർമ്മകൾ സൂക്ഷിക്കുന്നുണ്ടു് മലബാറിലെ ഉൾനാടുകൾ. അവയിലൊന്നായ കുറ്റൂർ പ്രത്യയശാസ്ത്ര പരിചയമേതുമില്ലാതെ സഹജാവബോധംകൊണ്ടു് അടിച്ചമർത്തലിനും സാമൂഹികമായ അനീതിക്കുമെതിരെ തീവ്രമായി പ്രതികരിച്ച രണ്ടു വീരനായകരെ ഇന്നുമോർക്കുന്നു. രാമനെന്നുതന്നെയായിരുന്നു ഇരുവർക്കും പേരുകൾ. അതേപോലെ, സാഹസികതയിൽ പരസ്പരം കൈകൾ കോർത്തു് അവർ ഒറ്റ വ്യക്തിത്വമായി പരിണമിച്ചുവെന്നു് ദേശത്തിന്റെ എഴുതപ്പെടാത്ത ചരിത്രം പറയുന്നു. ജന്മിത്വത്തെ അവർ എതിർത്തത് കർഷകപ്രസ്ഥാനം മുപ്പതുകളുടെ ആദ്യപകുതിയിൽ രൂപംകൊള്ളുന്നതിനു് എത്രയോ മുമ്പായിരുന്നു. പിന്നീടു് വടക്കൻകേരളത്തിലാകെ കർഷകപ്രസ്ഥാനം വേരുകൾ പായിക്കുകയും സാമൂഹികാവസ്ഥ പാടെ മാറ്റിത്തീർക്കുന്നതിനുള്ള സംഘടിതശ്രമങ്ങൾക്കു് തുടക്കമിടുകയും ചെയ്യുന്നതിനിടയിൽ ഒരുനാൾ എ. കെ. ജി. ഒരു ജാഥ നയിച്ചു് കുറ്റൂരിലെത്തുമ്പോൾ രണ്ടുപേരിൽ ഒരാളായ വണ്ണത്താൻ രാമനകാട്ടെ കണ്ണൂർ സെൻട്രൽ ജയിലിലായിരിക്കെ ഒരു ഗൂഢാലോചനയ്ക്കിരയായി കുതുകാൽ ഞരമ്പു മുറിച്ചുമാറ്റപ്പെട്ടു് മുടന്തനായി വാർദ്ധക്യത്തിലെത്തിയിരുന്നു. ജാഥാംഗങ്ങൾ മുഷ്ടിചുരുട്ടി മുഴക്കിയ മുദ്രാവാക്യങ്ങൾ യോഗസ്ഥലത്തിനടുത്തുള്ള വായനശാലയിൽ ചാഞ്ഞു കിടന്നു കേട്ട വണ്ണത്താൻ രാമൻ അവയൊക്കെ താനും കോടിലോനും പണ്ടേ ഉയർത്തിയവയാണെന്നു് സമീപത്തുണ്ടായിരുന്ന ആരോടോ പറഞ്ഞുവെന്നാണു് കേൾവി. ഒപ്പം രസകരമായ മറ്റൊന്നുകൂടിയുണ്ടു്. തന്റെ കഴുത്തിൽ ഏതോ കർഷകൻ ഹാരം ചാർത്തിയപ്പോൾ അത് വായനശാലയിലൂള്ള രാമന്റെ കഴുത്തിലാണു് ഇടേണ്ടതെന്നു് എ. കെ. ജി. പറഞ്ഞത്രെ. ഇങ്ങനെ പല കേൾവികളിൽനിന്നാണു് ഈ കൃതിയുടെ പിറവി. ചരിത്രഗ്രന്ഥങ്ങളിൽ ചേർക്കപ്പെടാതെ പശിമയുള്ള നാട്ടുമണ്ണിൽ കലർന്നു് ഹൃദയത്തുടിപ്പുകൾ തേടിയുള്ള ഒരു യാത്രയുടെ ഉപലബ്ധി.
കാലം എല്ലാ അടയാളങ്ങളും മായ്ച്ചു കളയുന്നില്ല. നന്ദി; കാലത്തിനും മൂർത്ത ബിംബങ്ങൾകൊണ്ടു് ആഖ്യാനത്തെ തുണച്ച പ്രശസ്ത ചിത്രകാരനായ സി. എൻ. കരുണാകരനും.
സി വി ബാലകൃഷ്ണൻ