ഇരുപതാം നൂറ്റാണ്ടിലെ മലായളിസമൂഹം കണ്ട വലിയ സമരങ്ങളിൽ സ്ത്രീകൾ പങ്കാളികളായിട്ടുണ്ടു്-പലപ്പോഴും വളരെ വലിയതോതിൽ. എന്നാൽ, ‘കുടുംബിനി’ എന്ന നിലയിൽ സ്ത്രീയെ ഉറപ്പിച്ചുനിറുത്തുന്ന ശക്തികളെ ദുർബലപ്പെടുത്താൻ ഈ പങ്കാളിത്തം സഹായിച്ചില്ലെന്നതാണു് സത്യം. ‘സമരം’, ‘ചെറുത്തുനിൽപ്പ്’ മുതലായവയെ കുടംബത്തിനുപുറത്തു സംഭവിക്കുന്ന പ്രതിഭാസങ്ങളായി തിരിച്ചറിയുന്ന രീതിയാണു് ഇന്നു നിലവിലുള്ളതു്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം സഹായകമായ രീതിയല്ലിതു്. കാരണം, കുടുംബത്തിന്റെയും സമുദായത്തിന്റെയും ഉള്ളിൽനിന്നുകൊണ്ടു് അവർ നടത്തിയ സമരങ്ങളെ ഈ രീതി അദൃശ്യമാക്കിക്കളയുന്നു. കേരളത്തിലെ അകം-പുറം ഇടങ്ങളിൽ നടന്ന സമരങ്ങളിൽ സ്ത്രീകൾ പങ്കെടുത്തിരുന്നു.
‘സമര’മെന്നു കേൾക്കുമ്പോൾ നമുക്കോർമ്മവരുന്നതു് പൊതുവഴികളാണു്-അവിടെ നടക്കുന്ന ജാഥ, ബഹളം, പോലീസ്, പിന്നെ കൊടികൾ, ചുമരെഴുത്തു്, പണിമുടക്ക്… പൊതുവെ പറഞ്ഞാൽ സമരമെന്നാൽ വീടുകൾക്കുപുറത്തുനടക്കുന്ന ഇടപെടലാണു്… സർക്കാരുകളോടുള്ള പ്രതിഷേധമാണു്…
സത്യത്തിൽ ‘സമര’മെന്നാൽ വീട്ടിനുപുറത്തു മാത്രം നടക്കുന്ന പ്രക്രിയയല്ല. കൊടിപിടിക്കലും ജാഥയുമൊന്നുമില്ലെങ്കിലും സമരമുണ്ടാകും. വീട്ടിൽ മാത്രമല്ല, പള്ളിയിലും അമ്പലത്തിലും സമുദായങ്ങളിലും എല്ലായിടത്തും സമരങ്ങൾ നടന്നിട്ടുണ്ടു്; നടക്കുന്നുണ്ടു്. ഇടയ്ക്കും മുറയ്ക്കും പൊട്ടിപ്പുറപ്പെടുന്ന സംഭവങ്ങളാണു് ‘സമരങ്ങൾ’ എന്നാണു് നമ്മുടെ ധാരണ. പക്ഷേ, ‘നിശബ്ദസമരങ്ങൾ’ ഈ സ്ഥാപനങ്ങളിലും പൊതുവിടങ്ങളിലും എല്ലായിടത്തും നടക്കുന്നു! എവിടെ അസമത്വമുണ്ടോ, അവിടെ നേരിട്ടോ അല്ലാതെയോ സമരമുണ്ടാകും. തുറന്നരീതിയിൽ പൊട്ടിപ്പുറപ്പെട്ടില്ലെങ്കിൽ അതു് നിശബ്ദമായ രീതിയിൽ തുടരും.
സ്ത്രീകളുടെ സമരപങ്കാളിത്തത്തെക്കുറിച്ചു പറയുമ്പോൾ ചരിത്രത്തിൽ രണ്ടുതരം ഒഴിവാക്കലുകളെയാണു് സ്ത്രീചരിത്രം നേരിടുന്നതു്. ഒന്നു്, പൊതുസമരങ്ങളിൽ (അതായതു് ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരെനടന്ന ദേശീയസമരങ്ങൾ, ജന്മിത്തത്തിനും ചൂഷണത്തിനുമെതിരെനടന്ന തൊഴിലാളി-ഇടതുപക്ഷസമരങ്ങൾ തുടങ്ങിയവ) സ്ത്രീകളുടെ പങ്കാളിത്തത്തെപ്പറ്റി അധികം വിവരങ്ങൾ നമുക്കുണ്ടായിരുന്നില്ല. നേതൃത്വത്തിലേക്കുയർന്ന ചുരുക്കം സ്ത്രീകളെ നമ്മൾ ‘സമരനായിക’മാരായി ആരാധിക്കാറുണ്ടെങ്കിലും, സമരമുഖത്തുനിന്നു് പോലീസിനെയും ഗുണ്ടകളെയും നേരിട്ട സ്ത്രീകളെക്കുറിച്ചു് നമുക്കധികമറിയില്ല. കെ. ആർ.ഗൗരിയമ്മയെ നാമറിയും; ഒരളവുവരെ അക്കാമ്മ ചെറിയാനെയും. എന്നാൽ 1950-കളിലെ തൊഴിലാളിസമരങ്ങളുടെ ഭാഗമായി നടന്ന വൻപ്രകടനങ്ങളിലും തകർപ്പൻ പിക്കറ്റിങ്ങിലുമൊക്കെ പങ്കുകൊണ്ടവരിൽ ഭൂരിപക്ഷവും സ്ത്രീകളായിരുന്നുവെന്നകാര്യം വളരെപ്പേർ ശ്രദ്ധിച്ചിട്ടുണ്ടാകില്ല. രണ്ടാമതായി, കുടുംബത്തിനുള്ളിലും സമുദായങ്ങൾക്കുള്ളിലും സ്ത്രീകൾ നടത്തിയ സമരങ്ങളും ദൈനംദിന ചെറുത്തുനിൽപ്പുകളും കൂടുതൽ ശ്രദ്ധയർഹിക്കുന്നു. ധാരാളം ഗവേഷണം ഇനിയും ആവശ്യമായ ഒരു മേഖലയാണിതു്.
പരമ്പരാഗത കുടുംബരൂപങ്ങളിൽ കീഴ്‌നിലകളിൽ കഴിയേണ്ടിവന്ന സ്ത്രീകളുടെ ചെറുത്തുനിൽപുകളെപ്പറ്റി രസകരങ്ങളായ പല കഥകളും 19-ആം നൂറ്റാണ്ടിന്റെ അവസാനകാലത്തും 20-ആം നൂറ്റാണ്ടിന്റെ ആദ്യവും ജനിച്ചുവളർന്നവരുടെ ആത്മകഥകളിൽനിന്നു് നമുക്കു കിട്ടുന്നുണ്ടു്. ഉദാഹരണത്തിനു്, സ്ത്രീകൾക്കു് ഏറ്റവും അവസാനംമാത്രം ഭക്ഷണം കഴിക്കാൻ അവസരം കിട്ടിയിരുന്ന നമ്പൂതിരി ഇല്ലങ്ങളിലും നായർ തറവാടുകളിലും സ്ത്രീകൾ ഈ രീതിയെ നേരിട്ടും അല്ലാതെയും ചെറുത്തതിനെക്കുറിച്ചു പല കഥകളും ഇവിടെ ഓർമ്മവരുന്നു. ഭക്ഷണം പൂഴ്ത്തിവയ്ക്കൽമുതൽ ‘വ്രതമനുഷ്ഠിച്ച്’ പ്രത്യേകഭക്ഷണം തയ്യാറാക്കിക്കഴിക്കൽവരെ പല തന്ത്രങ്ങളും ദൈനംദിനജീവിതത്തിൽ അവർ പ്രയോഗിച്ചു! നമ്പൂതിരികുടുംബങ്ങളിലെ സ്ത്രീകൾ അനുഭവിക്കേണ്ടിവന്ന കടുത്ത ലൈംഗികമർദ്ദനത്തെ അവർ ചെറുത്തിരുന്നതായും തെളിവുണ്ടു്. ഇല്ലങ്ങളിലെ നായർജോലിക്കാരികളുടെ ഒത്താശയോടെ രഹസ്യമായി പുറത്തു സഞ്ചരിക്കുകയും ഇഷ്ടമുള്ള ബന്ധങ്ങളുണ്ടാക്കുകയും ചെയ്ത നമ്പൂതിരിസ്ത്രീകളെക്കുറിച്ചു് 20-ആം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽനടന്ന സമുദായപരിഷ്ക്കരണചർച്ചകളിൽ ധാരാളം പരാമർശങ്ങളുണ്ടായിരുന്നു. ഇവരും ‘ചെറുത്തുനിന്നവർ’തന്നെ.
എന്നാൽ പരമ്പരാഗത പുരുഷാധികാരത്തിനെതിരെ മാത്രമായിരുന്നില്ല ഈ ചെറുത്തുനിൽപ്പു്. ആധുനികർ, പരിഷ്ക്കാരികൾ എന്നൊക്കെ സ്വയമഭിമാനിച്ച അഭ്യസ്തവിദ്യരായ പുരുഷന്മാരായിരുന്നു സമുദായങ്ങളിലെയും കുടുംബങ്ങളിലെയും സ്ത്രീപുരുഷബന്ധങ്ങളെ ബ്രിട്ടിഷ് രീതികളിലോ വടക്കേയിന്ത്യയിലും മറ്റും പ്രചരിച്ചുതുടങ്ങിയ നവബ്രാഹ്മണരീതികൾക്കനുസരിച്ചോ പരിഷ്ക്കരിക്കാൻ ഉത്സാഹിച്ചതു്. എന്നാൽ ഈ ചർച്ചകളും തീരുമാനങ്ങളും സമുദായത്തിലേയും കുടുംബത്തിലേയും സ്ത്രീകളുടെ പങ്കാളിത്തത്തോടെയും സമ്മതത്തോടെയും ആയിരിക്കണമെന്ന ബോധം ഇവർക്കിടയിൽ വിരളമായിരുന്നു. ‘നല്ല പരിഷ്ക്കാരം’ എന്നു് സമുദായപരിഷ്ക്കർത്താക്കൾ വിലയിരുത്തിയ നടപടികൾ പലപ്പോഴും സ്ത്രീകളുടെ ഹിതവും മതവും അനുസരിച്ചായിരുന്നില്ലെന്നതുമാത്രമായിരുന്നില്ല പ്രശ്നം-പലപ്പോഴും അവ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും സ്വത്തവകാശത്തിനുംമറ്റും എതിരായിരുന്നുവെന്നും നാം കണ്ടുവല്ലോ. സ്വാഭാവികമായും ഈ നടപടികളെ സ്ത്രീകൾ ആദ്യഘട്ടങ്ങളിലെങ്കിലും നേരിട്ടെതിർക്കുകതന്നെ ചെയ്തു. കെ. പി.എസ്. മേനോന്റെ ആത്മകഥയിൽ സി. കൃഷ്ണപിള്ള എന്ന നായർസമുദായപരിഷ്ക്കർത്താവിന്റെ കുടുംബത്തിൽ 20-ആം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ നടന്ന ഒരു സംഭവം വിവരിക്കുന്നുണ്ടു്. കൃഷ്ണപിള്ളയ്ക്കു് വൃത്തിയിൽ വലിയ ശുഷ്ക്കാന്തിയായിരുന്നു. കുടുംബത്തിലെ പെണ്ണുങ്ങൾ കാലത്തെഴുന്നേറ്റ് കുളിച്ചശേഷമേ അടുക്കളയിൽ കയറാവൂ എന്നു് അദ്ദേഹം നിർദ്ദേശിച്ചു. ഇതു് സ്ത്രീകൾക്കു് വളരെ ബുദ്ധിമുട്ടും അസൗകര്യവുമാണെന്നു തോന്നി; അവർ കൃഷ്ണപിള്ളയെ അനുസരിക്കാൻ കൂട്ടാക്കിയില്ല-സ്ത്രീകളുടെ സംഘടിതമായ ചെറുത്തുനിൽപ്പിനെ പൊളിച്ചേ അടങ്ങൂ എന്നു കൃഷ്ണപിള്ളയ്ക്കും വാശിയായി. അദ്ദേഹം അപസ്മാരം ബാധിച്ചതുപോലെ അഭിനയിച്ചു. ഭയന്നുപോയ കുടുംബക്കാർ നാട്ടുനടപ്പനുസരിച്ചു് കണിയാനെ വിളിപ്പിച്ചു. കണിയാൻ കൃഷ്ണപിള്ളയുടെ നിർദ്ദേശപ്രകാരം പ്രവർത്തിച്ചു; അയാൾ കവടി നിരത്തി, കുടുംബത്തിലെ സ്ത്രീകൾ വേണ്ടത്ര ‘ശുദ്ധി’പാലിക്കാത്തതിലുള്ള ദേവീകോപംമൂലമാണു് കൃഷ്ണപിള്ളയ്ക്കു ‘രോഗം’ വന്നതെന്നു വിധിച്ചു. ഭയന്നുപോയ സ്ത്രീകൾ കാലത്തെ കുളിച്ചശേഷംമാത്രം അടുക്കളയിൽ പ്രവേശിക്കാനും തുടങ്ങി!
ആധുനികരീതിയിലുള്ള വൃത്തി അണുബാധയെ ഒഴിവാക്കുന്നതരം പ്രയോഗങ്ങളുടെ സ്വീകാരത്തെയാണു് കുറിക്കുന്നതു്. എന്നാൽ ‘ശുദ്ധി’ പഴയ ജാതിമാമൂലിന്റെ ഭാഗമായിരുന്നു. ജാതീയമായ വിശുദ്ധിയെന്നൊന്നുണ്ടെന്നും അതിനു കളങ്കമുണ്ടാകുമെന്നും ആ കളങ്കം മാറ്റുമെന്നു കരുതപ്പെടുന്ന പ്രയോഗങ്ങൾ അനുഷ്ഠിക്കേണ്ടതാണെന്നുമാണു് ‘ശുദ്ധി’യിൽ വിശ്വസിച്ചിരുന്നവർ കരുതിയതു് (അതായതു് മുങ്ങിക്കുളി മുതലായവയിൽ.) ആധുനിക വൃത്തികൊണ്ടുണ്ടാകുമെന്നു കരുകുന്ന യാതൊരുവിധ ഗുണഫലവും ശുദ്ധിപ്രയോഗം കൊണ്ടുണ്ടാകുമെന്നു് കരുതാൻ നിർവ്വാഹമില്ല. കാരണം, രണ്ടും തമ്മിലുള്ള സാമ്യം കേവലം പുറമേയുള്ളതു മാത്രമാണു്.
സ്ത്രീകളെ ‘ആധുനികവൽക്കരിക്കാൻ’ പുറപ്പെട്ട സാമൂഹ്യപരിഷ്ക്കർത്താവു് അവരിൽ പരമ്പരാഗതഭീതികൾ ഉണർത്തി ‘പരിഷ്ക്കരിക്കുന്ന’ അസംബന്ധകാഴ്ചയാണു് ഈ കഥയിൽ! സ്ത്രീകളുടെ ചെറുത്തുനിൽപ്പു് എത്രത്തോളം ശക്തമായിരുന്നുവെന്ന സൂചനയും ഈ കഥയിലുണ്ടു്. കറകളഞ്ഞ പരിഷ്ക്കരണവാദിയായിരുന്ന കൃഷ്ണപിള്ളയ്ക്കുപോലും സ്ത്രീകളുടെ സംഘടിതമായ ചെറുത്തുനിൽപ്പിനെ മറികടക്കാൻ പരമ്പരാഗതഭയങ്ങളുണർത്തുന്ന ‘വേല’ പ്രയോഗിക്കേണ്ടിവന്നു! തിരുവിതാംകൂറിൽ 19-ആം നൂറ്റാണ്ടിൽ പ്രവർത്തിച്ചിരുന്ന മിഷണറിമാർക്കും ഇവിടത്തെ സ്ത്രീകളുടെ ‘ദുഃശാഠ്യ’ത്തെപ്പറ്റി പല കഥകളും പറയാനുണ്ടായിരുന്നു. കീഴാളസ്ത്രീകൾ മിഷണറിമാരുടെ പല നിർദ്ദേശങ്ങളും സ്വീകരിച്ചെങ്കിലും അവർ പറയുന്നതു മുഴുവനങ്ങു വിഴുങ്ങാൻ തയ്യാറായിരുന്നില്ലത്രെ! 1820-കൾക്കും 1850-കൾക്കുമിടയിൽ തെക്കൻതിരുവിതാംകൂറിൽനടന്ന ‘ചാന്നാർലഹളകളി’ൽ ‘സ്ത്രീകളുടെ ദുശ്ശാഠ്യം’ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നു തോന്നുന്നു! മിഷണറിമാരുടെ കാഴ്ചപ്പാടിൽ മുലകൾ മറച്ചുകൊണ്ടുള്ള വസ്ത്രധാരണരീതി ‘നല്ല സ്ത്രീകളു’ടെ ലക്ഷണങ്ങളിലൊന്നായിരുന്നു. ഇവിടെയാണെങ്കിലോ, ആ വേഷം ‘ആട്ടക്കാരി’കളുടെ ലക്ഷണമായി എണ്ണിയിരുന്നു! എന്നാൽ കുപ്പായത്തിനു മുകളിലൂടെ ഒരു മേൽമുണ്ടുകൂടി ധരിക്കാനായാൽ ജാതിശ്രേണിയിൽ ഒരു കയറ്റംകിട്ടിയതുപോലെയായിരുന്നുതാനും. മതംമാറിയ ചാന്നാർ സ്ത്രീകൾ കുപ്പായം മാത്രമല്ല, മേൽമുണ്ടും ധരിച്ചു തുടങ്ങി-ഇതാണു് നായന്മാരെ പ്രകോപിപ്പിച്ചതു്. നായർപുരുഷന്മാർ ചാന്നാർസ്ത്രീകൾക്കെതിരെ അക്രമം അഴിച്ചുവിട്ടെങ്കിലും ക്രിസ്ത്യൻ ചാന്നാട്ടിമാർ തുടർന്നും മേൽമുണ്ടു് ധരിച്ചുവെന്നു് മിഷണറി ചരിത്രകാരനായ അഗുർ (Agur) രേഖപ്പെടുത്തിയിരിക്കുന്നു. നായന്മാരുടെ അക്രമത്തിൽ പ്രതിഷേധിച്ച എൽ. എം. എ. എസ്. മിഷണറി ചാൾസ് മീഡ് ചാന്നാന്മാരോടു് ഇത്തരം ‘അനാവശ്യ പ്രകോപനം’ നടത്തരുതെന്നും ആവശ്യപ്പെട്ടത്രെ! അതേസമയം മിഷണറിമാർക്കു് പ്രധാനമായിരുന്ന വസ്ത്രസദാചാരത്തെക്കാൾ ഈ കീഴാളസ്ത്രീകളെ സ്വാധീനിച്ചതു് ജാത്യാധികാരത്തെ തുരത്താനുള്ള അവസരമായിരുന്നെന്നും സൂചനയുണ്ടു്. എൽ.എം. എ. സ്സുകാർ വിതരണംചെയ്ത കുപ്പായങ്ങൾ ‘ധരിക്കേണ്ടരീതി’യിൽ ധരിക്കാൻ ഇവിടുള്ള സ്ത്രീകൾക്കു്, പ്രത്യേകിച്ചും പ്രായമായ സ്ത്രീകൾക്കു്, വലിയ മടിയായിരുന്നുവെന്നു് മിഷണറിയായിരുന്ന ഫ്രെഡറിക് ബെയ്ലിസ് (Frederic Baylis) പറയുന്നുണ്ടു്-പള്ളിയിൽ വരുമ്പോൾ അവരതു് മേൽമുണ്ടുപോലെ വൃത്തിയായി മടക്കി തോളിലിടുമായിരുന്നത്രെ! വളരെ പണിപ്പെട്ടാണു് മിഷണറിമാരും പിന്നീടുവന്ന അഭ്യസ്തവിദ്യരായ സമുദായപരിഷ്ക്കർത്താക്കളും സ്ത്രീകളെ വസ്ത്രസദാചാരം പഠിപ്പിച്ചതെന്നു വ്യക്തം!
വടക്കേ മലബാറിലെ തെയ്യങ്ങളിലെ സ്ത്രീത്തെയ്യങ്ങൾ പലരും ജാതിവ്യവസ്ഥയുടെ ഇരകളാണു്. കുളിച്ചുകൊണ്ടുനിന്നപ്പോൾ ആറ്റിലൂടെ ഒലിച്ചുവന്ന മന്ത്രയോല കയ്യിലെടുത്ത സമയത്തു് ഋതുവായി എന്ന ‘കുറ്റ’ത്തിനു് സമുദായത്തിൽനിന്നു് പുറന്തള്ളപ്പെട്ട ഒരു അന്തർജനം മരിക്കുകയും ‘കണ്ടംഭദ്ര’തെയ്യമാവുകയും ചെയ്തുവെന്നാണു് ഐതിഹ്യം. മാവിലാൻ സമുദായത്തിൽപ്പെട്ട ഒരാളെ പ്രമിച്ചുവെന്ന ‘കുറ്റ’ത്തിനു് കൊല്ലപ്പെട്ട നായർസ്ത്രീയാണു് ‘മഹാകൊടിച്ചി’ത്തെയ്യം എന്നാണു് സങ്കൽപ്പം. എന്നാൽ ഉത്തരകേരളത്തിലെ തോറ്റംപാട്ടുകളെക്കാളേറെ ‘തെക്കൻ പാട്ടുകളി’ൽ സ്ത്രീകളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഗാനങ്ങൾ കൂടുതലുണ്ടെന്നു് ഗവേഷകനായ ടി. ടി. ശ്രീകുമാർ അഭിപ്രായപ്പെടുന്നു. ‘പെൺപ്രതിരോധം തെക്കൻ പാട്ടുകളിൽ’ എന്ന ലേഖനത്തിൽ (ചരിത്രവും ആധുനികതയും, തൃശൂർ, 2001) അദ്ദേഹം പറയുന്നു.
തെക്കൻപാട്ടുകളുടെ സാമൂഹികഭൂമിക സ്ത്രീപ്രധാനമാണു്. പെൺലോകത്തിനു രണ്ടാമതായിമാത്രമാണു് ആൺലോകം തെക്കൻപാട്ടുകളിൽ പ്രത്യക്ഷപ്പെടുന്നതു്. സ്ത്രീയുടെ പ്രണയം, വിവാഹം, ഗർഭം, പ്രസവം, ജീവിതം, മരണം, മരണാനന്തരജീവിതം എന്നിങ്ങനെ സ്ത്രീലോകത്തെ സവിശേഷശ്രദ്ധയോടെ വരച്ചിടുന്നതു് ചില തെക്കൻപാട്ടുകളിൽ കാണുന്നതു് അപവാദമായിട്ടല്ല, മറിച്ചു് പൊതുരീതിയായാണു്. (പുറം 94)
തെക്കൻകേരളത്തിലെ കുടുംബവ്യവസ്ഥയും ദായക്രമവുംമറ്റും ഇവയോടു ചേർത്തുവായിക്കുമ്പോൾ ‘പെൺപ്രതിരോധത്തിന്റെ തീവ്രതയും തീക്ഷ്ണതയും പ്രകാശിപ്പിക്കുന്ന അവഗണിക്കാനാവാത്ത ചരിത്രമുഹൂർത്തങ്ങളുടെ സാക്ഷ്യപത്രങ്ങളാ’ണു് ഇവയെന്നു് അദ്ദേഹം പറയുന്നു. (പുറം 95)
പൊതുവെ പറഞ്ഞാൽ ആദ്യം പറഞ്ഞതരം സമരങ്ങൾക്കു്-അതായതു് പരമ്പരാഗതസ്ഥാപനങ്ങളായ ഇല്ലം, തറവാടു് മുതലായവയ്ക്കുള്ളിൽ ആധുനിക പരിഷ്ക്കാരത്തിനനുകൂലമായി സ്ത്രീകൾ നടത്തിയ സമരങ്ങൾക്കു്-താരതമ്യേന നല്ല പ്രാധാന്യം നൽകാൻ വ്യവസ്ഥാപിതചരിത്രരചന ശ്രദ്ധിക്കാറുണ്ടു്. പക്ഷേ, ആധുനികപരിഷ്ക്കാരത്തെയും സ്ത്രീകൾ ചെറുത്തിരുന്നുവെന്ന വസ്തുതയെ (രണ്ടാമത്തെത്തരം സമരങ്ങളിൽ കാണാവുന്ന ചെറുത്തുനിൽപ്പ്) സംശയത്തോടെയാണു് ചരിത്രകാരന്മാർ വീക്ഷിക്കുന്നതു്. ഉദാഹരണത്തിനു് തനിക്കും എത്രയോമുമ്പുതന്നെ മലയാളബ്രാഹ്മണ (നമ്പൂതിരി) സമുദായത്തിന്റെ സ്ത്രീവിരുദ്ധതയ്ക്കെതിരെ ജീവിതകാലം മുഴുവൻ നിരന്തരം സമരംചെയ്ത മുൻതലമുറകളിലെ സ്ത്രീകളെപ്പറ്റി ലളിതാംബികാ അന്തർജനത്തിന്റെ ഈ പ്രസ്താവനയെ അംഗീകരിക്കാൻ വ്യവസ്ഥാപിതചരിത്രകാരന്മാർക്കു മടിയുണ്ടാകില്ല:
ഇരുമ്പുകോട്ടയെക്കാൾ ബലവത്തരമെന്നു കരുതപ്പെട്ടതും അലംഘ്യമെന്നു വിധിക്കപ്പെട്ടതുമായ ആ വാതിൽപ്പഴുതിൽ തൊട്ടപ്പോഴത്തെപ്പോലെ മറ്റൊരിക്കലും എന്റെ ഹൃദയം വിറച്ചിട്ടില്ല… ഒരമ്മയുടെ മടിയിലേക്കു് ആഞ്ഞുചാടുന്ന കുഞ്ഞിനെപ്പോലെയല്ലെങ്കിൽ ചിരവിയുക്തരായ പ്രിയജനങ്ങളുടെയിടയിലേക്കു് ആവേശപൂർവ്വം ഓടിയെത്തുന്ന കൂട്ടാളിയെപ്പോലെയായിരുന്ന ഞാനന്നു്. ഒരിറ്റ് അഭിമാനവും ഒതുക്കാനാവാത്ത ശുഭാപ്തിവിശ്വാസവും ഉണ്ടായിരുന്നു എനിക്കന്നു്. ഇതുരണ്ടും മിഥ്യയായിരുന്നു. അഭിമാനിക്കത്തക്കവണ്ണം എന്താണൊന്നു ചെയ്തതു്? ആ പഴകി ജീർണ്ണിച്ച വാതിൽ തുറന്നുമാറ്റപ്പെട്ടതു് എന്റെ കൈകൾകൊണ്ടുമാത്രമല്ല, അനേകനൂറ്റാണ്ടുകളുടെ തപ്തനിശ്വാസങ്ങളും അനേകമനേകം അബലകളുടെ തലതല്ലലുകളുമേറ്റാണു് അതു് തകർന്നതു്.
(‘എന്റെ ജീവിതവീക്ഷണം’, 1969, ആത്മകഥയ്ക്കു് ഒരു ആമുഖം തൃശൂർ, 1991, പുറം 31-32)
പഴയതും പുതിയതുമായ സദാചാരത്തിനു നിരക്കാത്ത പ്രവൃത്തികളായിരുന്നു കുറിയേടത്തു താത്രിയുടേതു്. അവരെയും സമരനായികയായി അംഗീകരിക്കാൻ സമുദായപരിഷ്ക്കർത്താക്കളും വ്യവസ്ഥാപിതചരിത്രവും തയ്യാറായി. അവർ ‘പതിത’യാണെന്നു പറഞ്ഞുകൊണ്ടുതന്നെയാണിതു്. പതിതയെങ്കിലും നമ്പൂതിരിമാരുടെ പരമ്പരാഗത വൈദികാധികാരത്തിനെതിരെ പ്രവർത്തിച്ചവൾ എന്ന (ഭാഗിക) അംഗീകാരമാണു് ഇവിടെ താത്രിക്കു ലഭിച്ചതു്. താത്രി മൂലമുണ്ടായ പൊട്ടിത്തെറി നമ്പൂതിരിസമുദായപരിഷ്ക്കർത്താക്കൾ രംഗത്തെത്തുംമുമ്പു് ഉണ്ടായതാണു്. അതിന്റെ ആഘാതത്തിൽനിന്നാണു് നമ്പൂതിരിപരിഷ്ക്കരണം എന്ന ആശയവും ആവശ്യവും വ്യക്തമായ രൂപം കൈക്കൊണ്ടതെന്നു് വാദിക്കാവുന്നതാണു്. എന്നാൽ (പിൽക്കാലത്തെ) അന്തർജനം സമുദായപരിഷ്ക്കർത്താവായ പുരുഷന്റെ അധികാരത്തെയാണു് നിഷേധിച്ചതെങ്കിൽ അതു മാപ്പാക്കാൻപറ്റാത്ത പാതകമായിപ്പോയേനെ! ഉമാദേവി നരിപ്പറ്റ എന്ന അന്തർജനത്തെപ്പറ്റി സമുദായപരിഷ്ക്കർത്താവായ വി. ടി. ഭട്ടതിരിപ്പാടു്-നമ്പൂതിരിസ്ത്രീകൾ പാരമ്പര്യത്തിനെതിരെ തുറന്ന സമരത്തിനുതന്നെ തയ്യാറാകണമെന്നു് വാദിച്ച വ്യക്തി-കർമ്മവിപാകം എന്ന ആത്മകഥാപരമായ കൃതിയിൽ പരാമർശിച്ചതു് വായിച്ചാൽ ഇതു വ്യക്തമാകും. സമുദായത്തെ പുത്തൻരീതികളിൽ പുനഃക്രമീകരിക്കുകയെന്ന പദ്ധതിക്കനുസരിച്ചു നിൽക്കാത്ത ഉമാദേവി ‘കൊള്ളരുത്താത്തവളാ’ണെന്ന വിലയിരുത്തലാണു് വി. ടി.യുടേതു്. നമ്പൂതിരിഭർത്താവിനെ ഉപേക്ഷിച്ചു് അന്യജാതിയിൽപ്പെട്ടവരെ വിവാഹംകഴിച്ചുവെന്നതാണു് പ്രധാന കുറ്റം-അതും സ്വന്തമിഷ്ടപ്രകാരം, സ്വയം തീരുമാനിച്ച്. കുറിയേടത്തു താത്രിയെ സമുദായനവീകരണചരിത്രത്തിൽ ഉൾപ്പെടുത്തുന്നവർക്കും ഉമാദേവി അനഭിമതയാകുന്നു!
നമ്പൂതിരിസ്ത്രീകൾ വ്യഭിചാരം ചെയ്യുന്നുവെന്നു് സംശയിക്കപ്പെട്ടാൽ, അവരെ സമുദായവിചാരണയ്ക്കു പാത്രമാക്കിയിരുന്നു: ‘സ്മാർത്തവിചാരം’ എന്നാണു് ഈ സമ്പ്രദായത്തെ വിളിച്ചിരുന്നതു്. വ്യഭിചാരക്കുറ്റം ആരോപിക്കപ്പെട്ട സ്ത്രീയെ കുടുംബക്കാരിൽനിന്നും മാറ്റി ഇല്ലത്തിന്റെ മറ്റൊരുഭാഗത്തു് പാർപ്പിച്ചു് അവളെ കടുത്ത ചോദ്യംചെയ്യലിനു വിധേയമാക്കിയിരുന്നു. സ്ത്രീ കുറ്റംസമ്മതിച്ചാൽമാത്രമെ വിചാരണ നടത്തുന്നവർക്കു് അവളെ ശിക്ഷിക്കാൻ കഴിയുമായിരുന്നുള്ളൂ; കുറ്റസമ്മതം നടന്നുകഴിഞ്ഞാൽ സ്ത്രീയെ സമുദായത്തിൽനിന്നുതന്നെ പുറത്താക്കിയിരുന്നു. ഇത്തരമൊരു കേസ് 20-ആം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ കൊച്ചീരാജ്യത്തു് വലിയ ഒച്ചപ്പാടിനിടവരുത്തി. 1905-06 കാലത്തായിരുന്നു അതു്. ‘കുറിയേടത്തു സാവിത്രി’ എന്നായിരുന്നു ദോഷം ആരോപിക്കപ്പെട്ട അന്തർജനത്തിന്റെ പേരു്. സ്മാർത്തവിചാരം നടക്കുമ്പോൾ കുറ്റംസമ്മതിച്ച സ്ത്രീ തന്റെകൂടെ തെറ്റുചെയ്ത പുരുഷന്മാരുടെ പേരുകൾ വെളിപ്പെടുത്തുകയും അവളുടെയൊപ്പം അവരും സമുദായത്തിൽനിന്നു് പുറത്താവുകയും ചെയ്യുന്ന രീതിയായിരുന്നു പതിവു്. എന്നാൽ ഈ കുറിയേടത്തു താത്രി (സാവിത്രി)യുടെ കാര്യത്തിൽ ഒരു വിശേഷമുണ്ടായി. അവർ ഒന്നല്ല, 64 പുരുഷന്മാരുടെ പേരുകൾ പറഞ്ഞു. അവരോടൊപ്പം 64 പേരും പുറത്താകേണ്ടിയിരുന്നു. ഇവരിൽ നമ്പൂതിരി, നായർ, അമ്പലവാസി തുടങ്ങി പല സമുദായങ്ങളിലുമുൾപ്പെട്ട പുരുഷന്മാരുണ്ടായിരുന്നു. കൊച്ചീരാജ്യത്തിലെ വലിയ ഇല്ലങ്ങളിലെ പുരുഷന്മാർ പലരും താത്രിയുടെ ലിസ്റ്റിൽ ഉണ്ടായിരുന്നതുകൊണ്ടു് ഈ കേസിൽ പുരുഷന്മാരുടെ വശംകൂടി കണക്കാക്കണമെന്ന അഭിപ്രായമുണ്ടായി. കൊച്ചീരാജാവു് അതിനു് അനുമതി കൊടുക്കുകയുംചെയ്തു. അന്തർജനത്തെ കൊച്ചിയിൽ കൊണ്ടുവന്നു പാർപ്പിച്ചു. അവിടെ ‘പുരുഷവിചാരം’ സംഘടിപ്പിച്ചു-അതായതു്, താത്രി പേരെടുത്തുപറഞ്ഞ പുരുഷന്മാരെക്കൊണ്ടു് അവരെ ചോദ്യംചെയ്യിപ്പിച്ചു. പക്ഷേ, യാതൊരു ഫലവുമുണ്ടായില്ല. തങ്ങൾ കുറിയേടത്തു താത്രിയുമായി സഹവസിച്ചിട്ടില്ലെന്നു തെളിയിക്കാൻ ഇവർക്കാർക്കും കഴിഞ്ഞില്ലത്രെ! താത്രിയോടൊപ്പം അവരെല്ലാം സമുദായത്തിനു പുറത്തായി.
കുറിയേടത്തു താത്രിക്കു് പിന്നീടെന്തു സംഭവിച്ചു എന്നു് നമുക്കറിയില്ല. അവർ കോയമ്പത്തൂരിലേക്കു തീവണ്ടി കയറിയെന്നാണു് പറഞ്ഞുകേൾക്കുന്നതു്.
മരുമക്കത്തായത്തറവാടുകളിൽ സ്ത്രീകൾക്കു് കൂടുതൽ അധികാരമുണ്ടായിരുന്നെങ്കിലും അവിടെയും സ്ത്രീകൾക്കു ചെറുത്തുനിൽപ്പു് വേണ്ടിവന്നിരുന്നുവെന്നതിനു് തെളിവുണ്ടു്. ‘അമ്മ-അമ്മാവൻ’പോരുകളുടെ വിവരണം കുഞ്ചൻനമ്പ്യാരുടെ കൃതികളിൽ (17-ആം നൂറ്റാണ്ടു്) ധാരാളമാണു്. പെങ്ങന്മാർക്കു് ചെലവിനുകൊടുക്കാത്ത ആങ്ങളമാർ, സ്ത്രീകൾക്കു് അന്നു് അനുവദിച്ചിരുന്ന ലൈംഗികസ്വാതന്ത്ര്യത്തിനു തടയിടാൻ ശ്രമിച്ച, അല്ലെങ്കിൽ സ്ത്രീകളെ അവരുടെ ഹിതത്തിനു വിരോധമായി സംബന്ധം കഴിപ്പിക്കാൻ ശ്രമിച്ച കാരണവന്മാർ മുതലായ അധികാരികളെ എതിർത്ത സ്ത്രീകഥാപാത്രങ്ങൾ നമ്പ്യാർകൃതികളിലുണ്ടു്. മലബാറിൽ ബ്രിട്ടിഷ്ഭരണം നടപ്പിൽവന്ന ആദ്യവർഷങ്ങളിൽ മരുമക്കത്തായത്തറവാടുകളിലുടലെടുത്ത തർക്കങ്ങളിൽ സ്ത്രീകൾക്കനുകൂലമായ തീർപ്പുണ്ടായി. ഇത്തരമൊരു തർക്കത്തിൽ (1817-ൽ) കവളപ്പാറമൂപ്പിൽനായരുടെ പെങ്ങൾ വലിയകാവു് നേത്യാരമ്മയ്ക്കനുകൂലമായി കോടതിവിധിയുണ്ടായി. അവർക്കു് തറവാട്ടിൽനിന്നു മാറി കുടുംബത്തിന്റെ കളപ്പുരകളിലൊന്നിലേക്കു മകനോടൊപ്പം മാറിത്താമസിക്കാൻ അനുമതി ലഭിച്ചുവെന്നും തറവാട്ടിൽനിന്നു തുടർന്നും ജീവനാംശം ലഭിക്കാൻ അനുവാദമുണ്ടായിയെന്നും ചരിത്രകാരിയായ ജി. അരുണിമ പറയുന്നു. പക്ഷേ, ഈ പ്രവണത നീണ്ടുനിന്നില്ല-കാരണവർ തറവാട്ടംഗങ്ങളുടെ മുഴുവൻ രക്ഷാധികാരിയാണെന്നു് ബ്രിട്ടിഷ് കോടതികൾ വാദിച്ചുതുടങ്ങി. കാരണവസ്ഥാനത്തേക്കു് തറവാട്ടിലെ തലമൂത്ത സ്ത്രീ അർഹയാകുന്നില്ലെന്നുംവന്നു. രാജകുടുംബങ്ങളിലൊഴിച്ചു് മറ്റു മരുമക്കത്തായകുടുംബങ്ങളിലൊന്നും മൂത്തസ്ത്രീ ഈ സ്ഥാനത്തിനർഹയല്ലെന്ന തീർപ്പാണു് 1870-കളിലുണ്ടായതെന്നു് ജി. അരുണിമ നിരീക്ഷിക്കുന്നു.
കീഴാളസ്ത്രീകളുടെ ചെറുത്തുനിൽപ്പുകളെക്കുറിച്ചു പറയുമ്പോൾ സാധാരണ നാടൻപാട്ടുകളെയും പഴങ്കഥകളെയുമാണു് നാം ആശ്രയിക്കാറു്.
മാറുമറയ്ക്കൽകലാപത്തിന്റെ രേഖകളിൽ കീഴാളസ്ത്രീകളുടെ ചെറുത്തുനിൽപ്പുകൾ മിന്നിമറയുന്നുമുണ്ടു്. എന്നാൽ ഈ വിഷയത്തെക്കുറിച്ചു് വളരെക്കുറച്ചു വിവരമേ ചരിത്രപഠനങ്ങളിലുള്ളു. ഒരുകാര്യം ഏറെക്കുറെ ഉറപ്പോടെ പറയാൻ കഴിയും. കീഴാളസ്ത്രീകളുടെ ചെറുത്തുനിൽപ്പു് ജാതീയമായ ഉച്ചനീചത്വത്തിനെതിരെകൂടിയായിരുന്നു. തെക്കൻതിരുവിതാംകൂറിലെ നായർചട്ടമ്പികളെ വെല്ലുവിളിച്ചുകൊണ്ടു് കുപ്പായവും മേൽവസ്ത്രവും ധരിക്കാൻ തയ്യാറായ ചാന്നാർ സ്ത്രീകൾ, അയ്യൻകാളിയുടെ ആഹ്വാനംകേട്ടു് കല്ലയുംമാലയും പൊട്ടിച്ചെറിഞ്ഞ പുലയസ്ത്രീകൾ, വൈകുണ്ഠസ്വാമി, പൊയ്കയിൽ അപ്പച്ചൻ മുതലായ ഗുരുക്കന്മാരുടെ ജാതിവിരുദ്ധ ആശയങ്ങളെ ഉൾക്കൊണ്ടു് വെള്ളവസ്ത്രം ധരിക്കാൻ തയ്യാറായ കീഴാളവനിതകൾ-ഇവരെല്ലാം ജാത്യാധികാരത്തിന്റെ പിൻബലമുണ്ടായിരുന്ന പുരുഷാധികാരത്തോടാണു് മല്ലടിച്ചതു്. അതേസമയം സ്വന്തം കുടുംബങ്ങൾക്കുള്ളിലും കീഴാളസ്ത്രീകൾ സ്വന്തം അധികാരങ്ങൾക്കുവേണ്ടി സജീവമായിത്തന്നെ പോരാടിയിരുന്നു. പുരുഷന്മാരോടൊപ്പം അദ്ധ്വാനിക്കുകയും പൊതുവിടങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്ന അവരുടെ കുടുംബങ്ങളിൽ സ്ത്രീകൾ പുരുഷന്മാരോടു് എതിർത്തുനിൽക്കാൻ മടികാണിച്ചിരുന്നില്ലെന്നു് അക്കാലത്തെ മിഷണറിലേഖകരും നരവംശശാസ്ത്രജ്ഞരും രേഖപ്പെടുത്തിയിട്ടുണ്ടു്!
സമുദായപരിഷ്ക്കർത്താക്കൾ, പൊതുവെ, സ്ത്രീകളെ രണ്ടുതരം സമരങ്ങളിലേക്കാണു് ആനയിച്ചതു്. ഒന്നു്, സമുദായത്തിനുള്ളിൽ അരങ്ങേറിയവ; രണ്ടു്, സമുദായത്തിനുവേണ്ടി പൊതുരംഗത്തു നടന്നവ. ഇവയിലാദ്യത്തെ ഇനത്തെക്കുറിച്ചു് അൽപ്പം പറഞ്ഞുകഴിഞ്ഞു. സമുദായത്തിന്റെ അകത്തളങ്ങളിൽ മാറ്റംവരാതെ സമുദായത്തെ നവീകരിക്കാനാവില്ല; അതിനാൽ സ്ത്രീകളെ പരമ്പരാഗതസമുദായവഴക്കങ്ങളെ ചെറുക്കാൻ പ്രാപ്തരാക്കിത്തീർത്തേ പറ്റൂ എന്ന ബോധം സമുദായപരിഷ്ക്കർത്താക്കൾക്കുണ്ടായിരുന്നു. നമ്പൂതിരിസ്ത്രീകളുടെ ദൈനംദിനചെറുത്തുനിൽപ്പുകൾ, തുറന്നരീതിയിലുള്ള, ഉറച്ച, സമരങ്ങളായി മാറേണ്ടതു് സമുദായനവീകരണത്തിനു് അനിവാര്യമാണെന്ന അഭിപ്രായമായിരുന്നു വി. ടി. ഭട്ടതിരിപ്പാടിന്റേതു്. ഇഷ്ടമല്ലാത്ത കാര്യങ്ങൾക്കു് ഒരിക്കലും നിന്നുകൊടുക്കരുതെന്നും മുതിർന്നവരുടെ ആജ്ഞകൾ ലംഘിക്കേണ്ടിവന്നാൽ അതിനു തയ്യാറായിരിക്കണമെന്നും അദ്ദേഹം നമ്പൂതിരിസ്ത്രീകളെ ഉപദേശിച്ചു:
…അതുകൊണ്ടു് ഞാൻ വീണ്ടുംവീണ്ടും ഊന്നിപ്പറയുന്നു, നിങ്ങൾ ഒരു ഉറച്ച വിപ്ലവത്തിനുതന്നെ ഒരുങ്ങണം. നിങ്ങൾ നല്ലവണ്ണം വായിക്കണം. ശൃംഗാരരസ പ്രധാനമായാലും ശരി, നിരീശ്വരവാദ കോലാഹലമായാലും വേണ്ടില്ല ഇന്നത്തെ വർത്തമാനപത്രങ്ങൾ അനുദിനം അവശ്യം വായിച്ചറിഞ്ഞേ കഴിയൂ. തൽഫലമായി നിങ്ങൾക്കു തോന്നുന്ന ചില സംഗതികൾ വെറുംനിലത്തു് ചമ്രംപടിഞ്ഞിരുന്നു് ആവണപ്പലക മേശയാക്കി… ചിലതു കുത്തിക്കുറിച്ചുനോക്കാതെ അഭിപ്രായപ്രകടനത്തിനു് ഇനി തരപ്പെടുകയില്ല. ആരെന്തുപറഞ്ഞാലും സ്വതന്ത്രമായ അഭിപ്രായങ്ങളെ മുഖംനോക്കാതെ തുറന്നുപ്രകടിപ്പിക്കണം… നിങ്ങൾ വിവാഹവർത്തമാനത്തെപ്പറ്റി വല്ലതുമൊക്കെ കേട്ടാൽ പരിഭ്രമിക്കാതെ വരന്റെ ഗുണദോഷങ്ങളെപ്പറ്റി നല്ലവണ്ണം ആരാഞ്ഞറിയണം. ഇഷ്ടമായാലും അനിഷ്ടമായാലും അഭിപ്രായം വേണ്ടപ്പെട്ടവരെ അറിയിക്കണം. നിങ്ങളുടെ ഹിതവുംമതവും നോക്കാതെ വല്ലതും കടന്നുപ്രവർത്തിക്കുവാൻ ഇടവരുന്നപക്ഷം നിങ്ങളുടെ വിസമ്മതം വെളിപ്പെടുത്തി അതിനെ അനുസരിക്കാതിരിക്കതന്നെവേണം…
(വി. ടി., ‘ഒരു മറുപടി’, ഉണ്ണിനമ്പൂതിരി, ജനുവരി 19, 1930, വി. ടി.യുടെ സമ്പൂർണ്ണകൃതികൾ, കോട്ടയം,2006,പുറം 562-563)
വിപ്ലവകരം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ നിർദ്ദേശങ്ങളുടെ ആത്യന്തികലക്ഷ്യം നമ്പൂതിരിസമുദായത്തിന്റെ ഉടച്ചുവാർക്കലായിരുന്നു-അതായിരുന്നു അവയുടെ പരിമിതിയും. സമുദായത്തിന്റെ പഴകിയനിയമങ്ങളെ ത്യജിച്ചുകൊണ്ടുവേണം സമുദായത്തെ സേവിക്കാൻ-’ആ ചേലപ്പുതപ്പുതന്നെ ചീന്തേണ്ടിവരും, സമുദായമാതാവിന്റെ കപോലങ്ങളിൽക്കൂടി കിനിഞ്ഞിറങ്ങുന്ന കണ്ണീർ തുടയ്ക്കാൻ’- എന്നു് വി. ടി. പ്രഖ്യാപിക്കുന്നു. എന്നാൽ ഈ ഉടച്ചുവാർക്കൽ സ്ത്രീകളുടെ അവകാശങ്ങളോടു്, ആവശ്യങ്ങളോടു്, പൂർണ്ണമായ നീതികാട്ടുമോയെന്ന ആശങ്ക നമ്പൂതിരിസമുദായപ്രസ്ഥാനത്തിലെ സ്ത്രീകൾ പലപ്പോഴും പ്രകടിപ്പിച്ചിരുന്നു. പാരമ്പര്യത്തെ എതിർക്കാൻ സ്ത്രീ കളെ പ്രേരിപ്പിച്ച ആധുനികചിന്താഗതിക്കാരായ പുരുഷന്മാർ പുതിയതരം നിയന്ത്രണങ്ങൾ സ്ത്രീകളുടെമേൽ നടപ്പിൽവരുത്തുന്നതിന്റെ ചില ചിത്രങ്ങൾ ലളിതാംബിക അന്തർജനത്തിന്റെ കഥകളിലുണ്ടു് (‘ഇതു് ആശാസ്യമാണോ?’, ‘പ്രസാദം’ തുടങ്ങിയവയിൽ.)
രണ്ടാമതു സൂചിപ്പിച്ചതരം സമരങ്ങളിൽ അതായതു്, സമുദായത്തിനുവേണ്ടി നടത്തിയ സമരങ്ങളിൽ, പങ്കെടുക്കാൻ സ്ത്രീകൾക്കു് നല്ല പ്രോത്സാഹനം ലഭിച്ചിരുന്നു. സമുദായത്തിനുള്ളിൽ സ്ത്രീകൾ നടത്തിയ സമരങ്ങളിൽ സ്ത്രീകൾ പലപ്പോഴും പുരുഷന്മാരായ സമുദായപരിഷ്ക്കർത്താക്കളുടെ മേൽക്കൈയെ നിശിതമായി വിമർശിച്ചെങ്കിലും, സമുദായത്തിനുവേണ്ടിയുള്ള സമരത്തിൽ ഈ ‘അപകട’സാദ്ധ്യത താരതമ്യേന കുറവായിരുന്നു. തീവ്രമായ ചെറുത്തുനിൽപ്പ്’ ഇവിടെ താത്കാലികംമാത്രമായിരുന്നു. സമുദായം നേരിട്ട വിപത്തുകളെ ചെറുക്കാൻ സ്ത്രീകളെ രംഗത്തിറക്കുകയും അവ അകന്നുകഴിഞ്ഞാൽ അവരെ വീണ്ടും കുടുംബത്തിന്റെ അതിരുകൾക്കുള്ളിൽ തളയ്ക്കുകയുംചെയ്യുന്ന രീതി ഒരു അലിഖിതനിയമംപോലെ പ്രവർത്തിച്ചു. ആധുനികഗൃഹനായിക എന്ന പദവിയിലേക്കു മടങ്ങുക എന്നതു് സ്ത്രീയുടെ ‘സ്വാഭാവികകടമ’യാണെന്ന പരോക്ഷധാരണ ഇതിനുപിന്നിൽ പ്രവർത്തിച്ചു. മാത്രമല്ല, ഇത്തരം സമരങ്ങളിൽ സ്ത്രീപങ്കാളിത്തം എപ്പോഴും പൊതുരംഗത്തുതന്നെയുണ്ടാവണമെന്നു് (പുരുഷ) സംഘാടകർക്കുതന്നെ നിർബന്ധമുണ്ടായിരുന്നില്ല! ‘കുടുംബിനി’ എന്ന ‘സ്വാഭാവികനില’യിൽനിന്നു് അണുവിട നീങ്ങാതെതന്നെ സ്ത്രീയെ സമരത്തിലുൾപ്പെടുത്താമായിരുന്നുവെന്നർത്ഥം.
1930-കളിൽ തിരുവിതാംകൂറിനെ പ്രകമ്പനംകൊള്ളിച്ച അവശസമുദായങ്ങളുടെ അവകാശപ്പോരാട്ടത്തിൽ-നിവർത്തനപ്രക്ഷോഭത്തിൽ-പങ്കാളികളാകാൻ സ്ത്രീകളെ ക്ഷണിച്ചുകൊണ്ടു് കെ. ഗോമതി മലയാള മനോരമയിൽ എഴുതിയ ലേഖനം-ഈ വീക്ഷണം മുന്നോട്ടുവച്ചു.
സ്ത്രീകൾ സമുദായകാര്യങ്ങളിൽ വേണ്ടത്ര താൽപ്പര്യം കാണിക്കുന്നില്ലെന്നു് പരാതിപറയുന്ന ഗോമതി തങ്ങളുടെ ഇടുങ്ങിയ കർമ്മരംഗത്തുനിന്നുകൊണ്ടുതന്നെ സ്ത്രീകൾക്കു് സമുദായസേവനം നടത്താമെന്നു് അഭിപ്രായപ്പെടുന്നു:
തിരുവിതാംകൂറിൽ സ്ത്രീസമുദായത്തിൽ… പഠിച്ചവർ കുറെയൊക്കെ ഇന്നുണ്ടെങ്കിലും അവരുടെ രാഷ്ട്രീയബോധവും സാമുദായികചിന്തയും എല്ലാം അങ്ങനെ അടുക്കളയിൽത്തന്നെവച്ചു സൂക്ഷിക്കുകയാണെന്നു പറയേണ്ടിയിരിക്കുന്നു. നമ്മുടെ സമുദായത്തിന്റെ ഏറ്റവും വലിയ അവകാശം സ്വാധീനപ്പെടുത്തി സംരക്ഷിക്കുന്നതിനു് ഇപ്പോൾ നടക്കുന്ന നിവർത്തനപ്രവർത്തനത്തിന്റെ വിജയകരമായ നടത്തിപ്പിനു നമുക്കു സത്വരമായ പലതും ചെയ്യുവാൻ കഴിയും.
…നിവർത്തനപ്രക്ഷോഭണം സമാധാനത്തിനുടവുണ്ടാക്കുന്നു എന്നു പൊലീസുകാർ റിപ്പോർട്ടു ചെയ്കയാൽ അധികാരമുള്ള ഡിവിഷൻ ഉദ്യോഗസ്ഥന്മാർ രാഷ്ട്രീയയോഗങ്ങളെ നിരോധിച്ചിരിക്കുന്നു… ഇനി സഭകൾ കൂടി പ്രസംഗങ്ങൾ ചെയ്തിട്ടു് ആവശ്യമില്ല. അടുത്ത തിരഞ്ഞെടുപ്പിൽ അവശസമുദായങ്ങളിലെ ഒരാൾപോലും വോട്ടുചെയ്യാതിരിക്കുവാൻവേണ്ട കരുതലുകൾ ചെയ്താൽമതി. ആ കാര്യം പെണ്ണുങ്ങൾക്കു വീടുകളിൽ ഇരുന്നുതന്നെ നിർവഹിക്കാവുന്നതാകുന്നു. സമ്മതിദായകർ അധികവും സഹോദരന്മാരും ഭർത്താക്കന്മാരും മറ്റു രക്ഷകർത്താക്കളും ആയിരിക്കും. അവരെ അവശ്യം അവശ്യമായ ഈ വിഷയത്തിൽ നമുക്കു വിജയകരമായ വിധത്തിൽ നിയന്ത്രിക്കാവുന്നതാണു്.
(കെ. ഗോമതി, ‘സ്ത്രീകളും നിവർത്തനവും’ മലയാള മനോരമ, ഏപ്രിൽ 20,1933)
തിരുവിതാംകൂറിലെ ഈഴവ-മുസ്ലിം-ക്രിസ്ത്യൻ സമുദായങ്ങളുടെ അവശതകൾ പരിഹരിക്കപ്പെടണമെന്നാവശ്യപ്പെട്ടുകൊണ്ടു് 1932-ൽ ആരംഭിച്ച പ്രക്ഷോഭത്തെയാണു് ‘നിവർത്തനപ്രക്ഷോഭം’എന്നു വിളിക്കുന്നതു്. തിരുവിതാംകൂറിലെ നിയമസഭയിലും പബ്ലിക് സർവ്വീസിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം തങ്ങൾക്കുവേണമെന്ന ആവശ്യം ഈ സമുദായങ്ങളുടെ നേതാക്കന്മാർ ഉന്നയിച്ചു. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി. രാമസ്വാമി അയ്യർ പ്രക്ഷോഭകാരികളോടു് തുറന്ന ശത്രുതയോടെയാണു് പെരുമാറിയതു്. മലബാറിലെ ദേശീയവാദികൾ അഴിച്ചുവിട്ട ‘നിസ്സഹകരണ’മോ ‘സിവിൽ നിയമലംഘന’മോ അല്ല തങ്ങളുടെ ലക്ഷ്യമെന്നും സർക്കാരിന്റെ വിശ്വസ്തസേവകർ എന്ന നിലയിൽനിന്നു് വ്യതിചലിക്കാൻ തങ്ങൾക്കു് ഉദ്ദേശ്യമില്ലെന്നും നിവർത്തനപ്രക്ഷോഭകർ ആവർത്തിച്ചു പറഞ്ഞെങ്കിലും ദിവാൻ അതൊന്നും ചെവിക്കൊണ്ടില്ല. ഈഴവ-ക്രിസ്തീയ -മുസ്ലിം സമുദായങ്ങളുടെ ‘സംയുക്തരാഷ്ട്രീയ മുന്നണി’ സർക്കാർവിരുദ്ധമാണെന്നു് ദിവാൻ പ്രഖ്യാപിച്ചുവെങ്കിലും ഒടുവിൽ ഇവരുടെ മിക്ക ആവശ്യങ്ങൾക്കും സർക്കാർ വഴങ്ങേണ്ടിവന്നു. തുടർന്നുണ്ടായ തെരഞ്ഞെടുപ്പിൽ സംയുക്തമുന്നണി വൻവിജയംനേടി (1937-ൽ.) ക്രമേണ തിരുവിതാംകൂറിൽ ദിവാൻഭരണത്തിനെതിരെ അതിശക്തമായ പ്രസ്ഥാനംതന്നെ രൂപപ്പെടുകയുണ്ടായി. ദിവാൻ ക്രിസ്ത്യൻ സമുദായത്തോടു കാട്ടിയ കടുത്ത അസഹിഷ്ണുത, ജനാധിപത്യത്തോടു് പുലർത്തിയ പുച്ഛം, ഇതൊക്കെ ‘ഉത്തരവാദഭരണപ്രക്ഷോഭ’ത്തിലേക്കു് നയിച്ചു. 1938-ലാണു് ഇതാരംഭിച്ചതു്. 1938-ൽ മഹാരാജാവിന്റെ പിറന്നാൾദിവസത്തിൽ വലിയൊരു പ്രകടനത്തെ നയിച്ചുകൊണ്ടു് അക്കാമ്മ ചെറിയാൻ സർക്കാരിനു നിവേദനംസമർപ്പിച്ചു. പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ച ദിവാനെതിരെ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് എന്ന സംഘടന നിലവിൽവന്നു. ദേശീയപ്രസ്ഥാനവും നാട്ടുരാജ്യപ്രക്ഷോഭങ്ങളോടുള്ള സമീപനത്തിൽ മാറ്റംവരുത്തി. ഇതോടുകൂടി പ്രക്ഷോഭം ശക്തമായി.
ആധുനികകുടുംബിനിക്കു സ്വതഃസിദ്ധമെന്നു് സമുദായപരിഷ്ക്കർത്താക്കൾ കൽപ്പിച്ച ‘സൗമ്യാധികാര’ത്തെ നിവർത്തനത്തിനുവേണ്ടി പ്രയോജനപ്പെടുത്തണമെന്നാണു് ഗോമതിയടെ നിർദ്ദേശം. ഇതിനു പ്രചോദനമായി അവർ ചൂണ്ടിക്കാണിക്കുന്നതു് ഗാന്ധിയൻ സമരങ്ങളിലെ സ്ത്രീപങ്കാളിത്തത്തെയാണു്. ഇതിലും സ്ത്രീയുടെ ‘യഥാർത്ഥ’മായ, അല്ലെങ്കിൽ ‘പ്രകൃതിനിർണ്ണിതമായ’ ഇടം കുടുംബമാണെന്ന ധാരണ അടിസ്ഥാനപരമായി ചോദ്യംചെയ്യപ്പെട്ടില്ല. സമുദായങ്ങൾക്കുള്ളിൽ നടന്ന ചോദ്യംചെയ്യലുകളിൽ ആ സാദ്ധ്യത, ഒരു പരിധിവരെയെങ്കിലും, നിലവിലുണ്ടായിരുന്നു. 1927-ലെ കേരളീയ കത്തോലിക്കാ കോൺഗ്രസിന്റെ നാലാം സമ്മേളനത്തിൽ നടന്ന സ്ത്രീസമ്മേളനം സ്ത്രീകൾ തമ്മിലുള്ള ആശയസംഘട്ടനത്തിന്റെ രംഗമായിത്തീർന്നതു് മലയാള മനോരമ വാർത്തയാക്കി. ഇതിൽ പ്രസംഗിച്ചവരിൽ മിസ്. എ. ടി. മേരി എന്ന പ്രാസംഗിക സംസാരിച്ചതു്, ‘ഭർത്തൃശുശ്രൂഷ, മൗനം, സ്ത്രീ ഭർത്താവിന്റെ ഹിതാനുവർത്തിയും ആലോചനക്കാരിയുമിയിരിക്കേണ്ടതിന്റെ ആവശ്യകത’ ഇവയെപ്പറ്റിയായിരുന്നു. ഇതു് ‘വളരെ വളരെ നന്നായിരുന്നു’ എന്നായിരുന്നു ലേഖകന്റെ അഭിപ്രായം. എന്നാൽ ഉപസംഹാരത്തിൽ ഈ പ്രസംഗത്തെ മറ്റൊരു പ്രാസംഗിക കഠിനമായി എതിർത്തത്രെ: ‘ആദ്യം പ്രസംഗകർത്രിയായ മിസ് മേരിയുടെ ഭാര്യമാർ ഭർത്താക്കന്മാരെ ശുശ്രൂഷിക്കണമെന്നും അവർ പല സന്ദർഭങ്ങളിലും മൗനം അവലംബിക്കണമെന്നും മറ്റുമുള്ള പ്രസ്താവനകൾ അസംബന്ധമാണെന്നും ഭാര്യമാർ അബലകാളാകയാൽ അവരെവേണം ഭർത്താക്കന്മാർ ശുശ്രൂഷിക്കേണ്ടതെന്നും ഭാര്യമാരെ ഭർത്താക്കന്മാർ മദ്യപാനംചെയ്തുകൊണ്ടുവന്നും മറ്റും പ്രഹരിച്ചാൽ സിവിൽവ്യവഹാരം കൊടുപ്പാൻ വകുപ്പുണ്ടാകണമെന്നുംമറ്റും (അവർ) എതിർത്തുസംസാരിച്ചുവെന്നതും പ്രത്യേകം പ്രസ്താവയോഗ്യമാണു്.’ (മലയാള മനോരമ, 7 മെയ് 1927)
ഈ ചെറുത്തുനിൽപ്പിന്റെ സാദ്ധ്യതയാണു് സ്ത്രീകൾ സമുദായത്തിനുവേണ്ടിയോ മാതൃരാജ്യത്തിനുവേണ്ടിയോ ‘ത്യാഗമനുഷ്ഠിച്ച’പ്പോൾ നഷ്ടമായതു്. ‘സ്വന്തം കാര്യങ്ങളെല്ലാം’ മാറ്റിവച്ചുവേണം സമുദായത്തിനും രാജ്യത്തിനുംവേണ്ടി സമരം ചെയ്യാനെന്ന തത്വം പുരുഷന്മാർക്കും ബാധകമായിരുന്നെങ്കിലും, സമൂഹത്തിന്റെ മിക്ക തലങ്ങളിലേക്കും പ്രവേശനം ലഭിച്ചുകഴിഞ്ഞിരുന്ന വരേണ്യപുരുഷന്മാർക്കു് (ദരിദ്രരായ പുരുഷന്മാരുടെ അല്ലെങ്കിൽ കീഴ്ജാതിക്കാരായ പുരുഷന്മാരുടെ നില ഇതിനൊപ്പമായിരുന്നില്ല) ധാരാളം മെച്ചങ്ങൾ അപ്പോൾത്തന്നെ കൈവശമുണ്ടായിരുന്നു. കുടുംബത്തിലോ സമുദായത്തിലോ തുല്യനിലയും വിലയും ലഭിക്കാത്ത സ്ത്രീയോടു് ആ ആവശ്യങ്ങൾ മാറ്റിവച്ചു് ദേശീയസമരത്തിൽ, അല്ലെങ്കിൽ സമുദായസമരത്തിൽ, ചേരാൻ പറഞ്ഞതിൽ ഉണ്ടായിരുന്ന പൊരുത്തക്കേടു് പിൻദൃഷ്ടിയിൽ വ്യക്തമായിത്തന്നെ കാണാം. അന്നതു് അത്ര ദൃശ്യമായിരുന്നിരിക്കില്ല. മലബാറിലെ ദേശീയസ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത സ്ത്രീകളിലൊരാളായിരുന്ന ഇ. നാരായണിക്കുട്ടിയമ്മ ഇത്തരമൊരു ‘ത്യാഗ’മാണു് സ്ത്രീകളിൽനിന്നു പ്രതീക്ഷിച്ചതു്:
സ്ത്രീവിദ്യാഭ്യാസത്തെപ്പറ്റിയോ, സ്ത്രീസ്വാതന്ത്ര്യത്തെപ്പറ്റിയോ പറയേണ്ടുന്ന ഒരു കാലം ഏതാണ്ടു കഴിഞ്ഞുപോയിരിക്കുന്നു. വിദ്യാഭ്യാസം-വെറും ഇംഗ്ലീഷ് വിദ്യാഭ്യാസം മാത്രമല്ല, സ്വധർമ്മം ശരിയായി നിർവ്വഹിക്കുവാൻ സഹായിക്കുന്ന ആ വിദ്യാഭ്യാസം-സിദ്ധിച്ച സ്ത്രീകളുടെ ഇന്നത്തെ കടമ എന്താണു്? സ്വഗൃഹത്തിലുള്ളതുപോലെത്തന്നെ, ഒരുപക്ഷേ, അതിലും വലുതായ ഒരു കടമയാണു് അവർക്കു സ്വരാജ്യത്തോടുള്ളതു്. വെറും രാഷ്ട്രീയമോ സാമുദായികമോ അവരെക്കൊണ്ടു വളരെയൊന്നും ഇന്നത്തെ സ്ഥിതിക്കു ചെയ്വാൻ സാധിക്കയില്ലെന്നുവരികിലും സാമ്പത്തികമായി അവർക്കാണു് മാതൃഭൂമിയെ അധികം സഹായിക്കുവാൻ സാധിക്കുന്നതു്…
(ഇ. നാരായണിക്കുട്ടിയമ്മ, ‘സ്ത്രീകളും ഖദറും’, മലയാള മാസിക 1(1), 1931)
തന്നോടു് ലേഖനമാവശ്യപ്പെടുകയും എന്നാൽ രാഷ്ട്രീയകാര്യങ്ങളെക്കുറിച്ചാവരുതെന്നു് നിഷ്ക്കർഷിക്കുകയുംചെയ്ത പ്രസാധകരോടു് ‘രാജ്യത്തെയോ രാജ്യകാര്യങ്ങളെയോ സംബന്ധിക്കാത്തതായ യാതൊരു കാര്യവും ഇന്നു ഭാരതത്തിൽ കാണുവാൻ സാദ്ധ്യമല്ലല്ലോ’ എന്നു പറഞ്ഞുകൊണ്ടാണു് അവർ ലേഖനം തുടങ്ങിയതു്. സ്ത്രീയുടെ ‘ഗാർഹികനില’യ്ക്കു് ഇളക്കമുണ്ടാക്കാതെതന്നെ അവളെ ഗൃഹത്തിനു പുറത്തിറക്കി സമരങ്ങളിൽ ഭാഗഭാക്കാകാമെന്ന സൂചനയാണിതിൽ. സ്വാതന്ത്ര്യസമരത്തെ സംബന്ധിച്ചിടത്തോളം ഈ തന്ത്രം ഫലപ്രദമായിരുന്നു, വലിയ ഒരളവുവരെ-പക്ഷേ സ്ത്രീകളുടെ അധമനിലയെ പരിഹരിക്കാൻ ഇതെത്രത്തോളം ഉതകിയെന്ന ചോദ്യം അവശേഷിക്കുന്നു. അസ്ഥിരമായ ‘സൗമ്യാധികാര’ത്തിനപ്പുറം അവർക്കെന്തെങ്കിലും കിട്ടിയോ എന്നു സംശയമാണു്! ഈ തിരിച്ചറിവു് അന്നത്തെ കടുത്ത ദേശീയവാദികളായ സ്ത്രീകൾക്കുപോലുമുണ്ടായിരുന്നുവെന്ന വസ്തുതയും നാം കാണേണ്ടതുണ്ടു്. 1930-കളിലെ സിവിൽനിയമലംഘനപ്രക്ഷോഭകാലത്തു് മലബാറിൽ ഉയർന്നുവന്ന അനേകം സ്ത്രീസംഘടനകൾക്കു് ഇക്കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. 1930-ൽ നടന്ന വടകരസമ്മേളനത്തിൽ ദേശീയവാദപരമായ പ്രമേയങ്ങൾക്കൊപ്പം (ഖദർ, ഹിന്ദി മുതലായവയുടെ പ്രചരണം, ഗാന്ധിയൻ ജീവിതശൈലി എന്നിവയെക്കുറിച്ചുള്ള പ്രമേയങ്ങൾ) സ്ത്രീകൾക്കു് സർക്കാർജോലിയിൽ സംവരണമുണ്ടായിരിക്കണമെന്ന പ്രമേയവും പാസായി.
കേരളം ഒരു ലിംഗവിപ്ലവത്തിന്റെ വക്കിലാണെന്ന പ്രതീതി ഉളവാക്കുന്ന രംഗങ്ങളാണു് വിമോചനസമരക്കാലത്തു കാണാനുണ്ടായിരുന്നതു്. ചെറിയതുറവെടിവെപ്പിൽ ഫ്ളോറിയെന്ന ഗർഭിണിയായ യുവതി മരിക്കാനിടയായതിനെത്തുടർന്നു് സമരം ശക്തമായി. 1959 ജൂലൈ മാസത്തിൽ കേരളത്തിന്റെ പല ഭാഗത്തുമായി സ്ത്രീകളുടെ വലിയ പ്രകടനങ്ങളും പിക്കറ്റിങ്ങും നടന്നു. അംഗമാലിയിൽ സർക്കാർ ഓഫീസുകൾക്കു മുന്നിലായി നടന്ന പിക്കറ്റിങ്ങിൽ 1564 സ്ത്രീകൾ അറസ്റ്റു വരിച്ചെന്നു് ദീപിക കണക്കെടുത്തു. തൃശൂരിലും പാലായിലും കോട്ടയത്തും തിരുവനന്തപുരത്തും എരുമേലിയിലും കാഞ്ഞൂരും മറ്റു പല സ്ഥലങ്ങളിലും ഇതുപോലുള്ള പരിപാടികൾ നടന്നു. അവിടെയും ഇതേ തോതിലുള്ള അറസ്റ്റുകൾ ഉണ്ടായി. കോട്ടയത്തു് സ്ത്രീകൾ കുറ്റിച്ചൂലുമേന്തി നടത്തിയ പ്രകടനം ഒരുപാടു ശ്രദ്ധപിടിച്ചുപറ്റി. അവിടെ 125 സ്ത്രീകൾ അറസ്റ്റിലായിയെന്നു് ദീപിക പറഞ്ഞു. തിരുവനന്തപുരത്തു് സ്ത്രീകൾ യോഗംചേർന്നു് സർക്കാരിനെ പുറത്താക്കണമെന്നു് അവശ്യമുന്നയിച്ചു. സമരാനുകൂലികളുടെ കണക്കുപ്രകാരം സമരത്തിൽ പങ്കെടുത്തു് ജയിലിൽ പോയ സ്ത്രീകളുടെ എണ്ണംമാത്രം 40000 വരുമെന്നു് ഈ സമരത്തെക്കുറിച്ചു പഠിച്ച കെ.,ജി. ഗോപാലകൃഷ്ണൻ പറയുന്നു (വിമോചനസമരം ഒരു പഠനം, തിരുവനന്തപുരം, 1994.) ശരിക്കും അക്രമാസക്തമായ തെരുവുസമരംതന്നെയായിരുന്നു ഇവരുടേതെന്നു് സമരനേതാക്കളിൽ പ്രമുഖനായിരുന്ന ഫാദർ വടക്കനെ ഉദ്ധരിച്ചുകൊണ്ടു് അദ്ദേഹം വാദിക്കുന്നു. തൃശൂരിൽ നടന്ന പ്രകടനത്തിൽ സ്ത്രീകൾ ഇരച്ചുകയറി പോലീസിന്റെ ബെൽറ്റിൽ പിടിച്ചുതള്ളിയതും മറ്റും വടക്കൻ വിവരിക്കുന്നുണ്ടു്.
സമരത്തിൽ സ്ത്രീകൾ വഹിച്ച പങ്കു് പരക്കെ അംഗീകരിക്കപ്പെട്ടു—രാഷ്ട്രീയരംഗത്തു ചുവടുറപ്പിക്കാൻ ഒരു സുവർണ്ണാവസരമാണിതെന്നു പല വനിതകളും കരുതിയെന്നു തോന്നുന്നു. തുടർന്നു നടക്കാനിരുന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യംവെച്ചുകൊണ്ടു് എറണാകുളത്തു് ഡോ. ഒ. കെ. മാധവിയമ്മയുടെ അദ്ധ്യക്ഷതയിൽ സ്ത്രീകൾ യോഗം ചേർന്നു് ‘അഖിലകേരളവനിതാസംഘം’ എന്നൊരു സംഘടന രൂപീകരിച്ചതായി ദീപിക റിപ്പോർട്ടുചെയ്തു (22 ഓഗസ്റ്റ് 1959.) സെപ്തംബറിൽ ഈ സംഘടന കോഴിക്കോട്ടു് ശാഖ ആരംഭിച്ചു. ഈ യോഗത്തിൽ വനിതകൾ സാമൂഹ്യരാഷ്ട്രീയപ്രവർത്തനങ്ങളിൽ സജീവമായി പങ്കുവഹിക്കാൻ തീരുമാനിക്കുകയും കേരളത്തിൽ ആസന്നമായ പൊതുതെരെഞ്ഞെടുപ്പിൽ സമിതി സ്വീകരിക്കേണ്ട പരിപാടികൾ ചർച്ച ചെയ്തുവെന്നും ദീപികയുടെ പത്രക്കുറിപ്പിൽ പറയുന്നു.
എന്തായാലും ഈ ശ്രമത്തിനു് ഫലം വലുതായൊന്നുമുണ്ടായില്ലെന്നു് വ്യക്തമാണു്.ഈ യോഗങ്ങൾ കഴിഞ്ഞുടനെയാണു് സ്ത്രീകളെ വീട്ടിലേക്കുതന്നെ ആനയിച്ച ആ പത്രാധിപക്കുറിപ്പു് (‘സ്ത്രീകളുടെ സാമൂഹ്യദൗത്യം’) പ്രത്യക്ഷപ്പെട്ടതെന്ന വസ്തുത യാദൃച്ഛികമല്ലായിരുന്നിതിക്കാം. വിമോചനസമരത്തിന്റെ മുൻനിരപ്രവർത്തകരായ സ്ത്രീകളായിരുന്നു ആ യോഗങ്ങളിൽ പങ്കെടുത്തവർ. ഒടുവിൽ മൊത്തം 312 സ്ഥാനാർത്ഥികളിൽ വെറും ആകെ 13 പേർ മാത്രമാണു് സ്ത്രീകളായുണ്ടായിരുന്നതു്. അതിൽ 7 പേർ മാത്രമേ ജയിച്ചുള്ളൂ.
മാപ്പിളകലാപത്തിന്റെ വാമൊഴിപാരമ്പര്യത്തെക്കുറിച്ചു് ഷംഷദ് ഹുസൈൻ രചിച്ച പ്രബന്ധത്തിൽ മാപ്പിളസ്ത്രീകൾ കലാപകാലത്തെ ഓർക്കുന്ന രീതികളുടെ പ്രത്യേകതകൾ വിവരിക്കുന്നുണ്ടു്. ഒരർത്ഥത്തിൽ മുഖ്യധാരാചരിത്രം അവഗണിച്ച ഗാർഹികതലമാണു് ഇത്തരം വാമൊഴികളിൽ പ്രധാനമായി വരുന്നതു്. കലാപത്തിന്റെ ദൈർഘ്യവും ഇവർ വിലയിരുത്തുന്നതു് ഗാർഹികപശ്ചാത്തലത്തിലാണു്. ഉറ്റവരുടെയും ബന്ധുക്കളുടെയും അഭാവത്തിൽ സ്വയം രക്ഷിക്കേണ്ടിവന്നവരാണു് അധികം സ്ത്രീകളും. കൂട്ടംകൂടിയുള്ള ചെറുത്തുനിൽപ്പിനു തയ്യാറായവരും ചെറിയ കൗശലങ്ങളിലൂടെ ഇതിനെ നേരിട്ടവരുമുണ്ടു്. കലാപകാലത്തു് എട്ടു വയസ്സുണ്ടായിരുന്ന പാത്തുമ്മ (നിലമ്പൂർ സ്വദേശി) യുടെ ഓർമ്മയിൽ അന്നു് അവരുടെ വീടിനടുത്തുള്ള സ്ത്രീകളും കുട്ടികളുമെല്ലാംകൂടി കുഞ്ഞാക്ക എന്നൊരാളുടെ വീട്ടിലാണു് താമസിച്ചിരുന്നതു്. പുരുഷന്മാരെല്ലാം ഒളിവിലായിരുന്നു. അവിടെവച്ചൊരു സ്ത്രീയെ പട്ടാളം പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചതും എല്ലാവരുംചേർന്നു ബഹളംവച്ചപ്പോൾ വിട്ടുപോയതും അവർ ഓർക്കുന്നു. പ്രസവിച്ചുകിടക്കുകയായിരുന്നതിനാൽ വീടുവിട്ടുപോവാൻ കഴിയാതിരുന്ന അയൽപക്കക്കാരി സ്ത്രീയുടെ കഥയാണു് മമ്മാതു എന്ന സ്ത്രീയുടെ ആഖ്യാനത്തിലുള്ളതു്. പട്ടാളം വന്നപ്പോൾ കുഞ്ഞിന്റെ തീട്ടമെടുത്തു് അവർ ദേഹത്തു തേച്ചുപിടിപ്പിച്ചത്രെ-പട്ടാളക്കാരിൽ അറപ്പുളവാക്കാൻ. കരയുന്ന കുഞ്ഞിനെ മലർത്തിപ്പിടിച്ചു നിൽക്കുന്ന അവരെക്കണ്ടപ്പോൾ ‘പാവംതോന്നി’ ഉപദ്രവിക്കാതെ പട്ടാളക്കാർ മടങ്ങിയെന്നാണു് മമ്മാതു പറയുന്നതു്. ആണുങ്ങളെല്ലാം ഒളിവിലായ സാഹചര്യത്തിൽ കുടുംബത്തിന്റെ സംരക്ഷണമേറ്റെടുത്ത ഉമ്മയെപ്പറ്റി പരപ്പനങ്ങാടിയിലെ കുഞ്ഞീവി എന്ന ഇമ്പിച്ചീവി വിവരിക്കുന്നുണ്ടു്. വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടാതെ നോക്കാനും പട്ടാളത്തിന്റെ കണ്ണിൽപ്പെടാതെ ഒളിച്ചിരിക്കാനും ഒളിവിൽ തീരെ പട്ടിണിയാവാതിരിക്കാനും അവർ നല്ല കരുതൽചെയ്തു.
എന്നാൽ പട്ടാളക്കാരോടു് ശത്രുതയും ഭീതിയും പരിഹാസവും എല്ലാമുണ്ടെങ്കിലും അവരോടു് ചിലപ്പോഴൊക്കെ ഒരുതരം ഇഷ്ടവും ഈ സ്ത്രീകളുടെ ആഖ്യാനങ്ങളിൽ കാണുന്നുവെന്നു് ഷംഷാദ് നിരീക്ഷിക്കുന്നു. വ്യവസ്ഥാപിതചരിത്രത്തിൽ എല്ലാം ഒന്നുകിൽ കറുപ്പോ അല്ലെങ്കിൽ വെളുപ്പോ ആയിരിക്കണം. ഉദാഹരണത്തിനു് ബ്രിട്ടിഷുകാർ മുഴുവൻ ചീത്തയും ദേശീയപ്രസ്ഥാനക്കാർ മുഴുവൻ നല്ലതും ആയിരിക്കണം. അങ്ങനെയുള്ള ചരിത്രരചനയെ കുഴയ്ക്കുന്ന രേഖകളാണിവ എന്നാണു് ഷംഷാദിന്റെ വാദം. കാരണം ഇവയിൽ പട്ടാളക്കാർ ക്രൂരന്മാരാണെങ്കിൽ ചിലപ്പോൾ കാരുണ്യമുള്ളവരുമാണു്. അവരോടു് വെറുപ്പുണ്ടെങ്കിൽ ചിലപ്പോൾ ആരാധനയുടെ അംശങ്ങളുമുണ്ടു്. ദേശീയപ്രസ്ഥാനത്തിലും മാപ്പിളകലാപത്തിലും സ്ത്രീകൾ പങ്കുചേർന്നെങ്കിലും അവർ എല്ലായ്പ്പോഴും പാർശ്വവൽക്കരിക്കപ്പെട്ടിരുന്നുവെന്നതിനാലാകാം ഇതു്. വ്യക്തിഗത അനുഭവമായി കലാപത്തെ അവതരിപ്പിക്കാൻ സ്ത്രീകൾ പൊതുവെ ശ്രമിക്കുമ്പോൾ പുരുഷന്മാരുടെ ആഖ്യാനങ്ങളിൽ അതൊരു വിജ്ഞാനവിഷയമായി മാറുന്നുവെന്നു് ഷംഷാദ് പറയുന്നുണ്ടു്. അധികം ഔപചാരികവിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത പല പുരുഷന്മാരും സ്ത്രീകളുടെ രീതി അവലംബിക്കുന്നുണ്ടെന്നും അതുകൊണ്ടു് സ്ത്രീകളുടെ പാർശ്വവൽകൃത നിലയാവാം അവരുടെ ആഖ്യാനങ്ങളെ ഇത്തരത്തിലാക്കുന്നതെന്നു് ഒരുപക്ഷേ കരുതാനാകും. രാഷ്ട്രത്തിന്റെയോ ജന്മിത്തവിരുദ്ധപ്രസ്ഥാനത്തിന്റെയോ മഹത്വം സ്ഥാപിക്കുന്ന ബൃഹദാഖ്യാനമായി ചരിത്രം പ്രവർത്തിക്കുമ്പോൾ കേൾക്കാതാകുന്ന സ്വരങ്ങളാണു് ഷംഷാദിന്റെ പ്രബന്ധത്തിൽ. അവയിൽ നല്ലൊരുപങ്കു് സ്ത്രീകളുടേതായതിൽ അതിശയകരമായി ഒന്നുമില്ല.
(‘മലബാർ കലാപത്തിന്റെ വാമൊഴിപാരമ്പര്യം’ എന്ന പ്രബന്ധത്തിൽനിന്നുള്ള വിവരങ്ങളാണു് മുകളിൽ ചേർത്തതു്. ഷംഷാദ് ഹുസൈൻ 2005-ൽ ശ്രീശങ്കര സംസ്കൃതസർവ്വകലാശാലയിൽ സമർപ്പിച്ച പി. എച്ച്. ഡി. പ്രബന്ധമാണിതു്.)
എന്നാൽ ക്രമേണ ഈ ബോധം സ്ത്രീപ്രവർത്തകരിൽനിന്നു് അപ്രത്യക്ഷമായി. 1950-കൾക്കുശേഷം ‘സമുദായത്തിനുവേണ്ടി’ നടന്ന സമരങ്ങളിൽ വൻതോതിലുള്ള സ്ത്രീപങ്കാളിത്തമുണ്ടായിരുന്നു-പ്രത്യേകിച്ചു് ആദ്യ കമ്യൂണിസ്റ്റു മന്ത്രിസഭയ്ക്കെതിരെ 1959-ൽ പൊട്ടിപ്പുറപ്പെട്ട ‘വിമോചനസമര’ത്തിൽ ധനാഢ്യകളായ സുറിയാനി ക്രിസ്ത്യാനിസ്ത്രീകളും തീരദേശങ്ങളിൽനിന്നുള്ള പരമദരിദ്രകളും പെരുവഴിയിൽ പ്രകടനവും പ്രതിഷേധവുമായി ഇറങ്ങി. ആയിരക്കണക്കിനു സ്ത്രീകൾ അറസ്റ്റുവരിച്ചു. പലരും കൈക്കുഞ്ഞുങ്ങളെയുംകൊണ്ടു് ജയിലിൽപ്പോയി. കേരളത്തിലെ കത്തോലിക്കാസഭയുടെ ആഹ്വാനപ്രകാരമാണു് ഇത്രയധികം സ്ത്രീകൾ വീടുവിട്ടിറങ്ങി സമരത്തിനു തയ്യാറായതു്. ‘കമ്യൂണിസ്റ്റുകാരെ താഴെയിറക്കുക’ എന്ന ലക്ഷ്യം കണ്ടതിനുശേഷമോ? ആദ്യം കൂട്ട അഭിനന്ദനം; പിന്നീടു് ‘വീട്ടീപ്പോടീ’ എന്ന ആജ്ഞ-നല്ല മൃദുവായ ഭാഷയിൽ! വിമോചനസമരത്തിന്റെ വിജയത്തിനുത്തരവാദികൾ സ്ത്രീകളാണെന്നും അവരെ വരുന്ന അസംബ്ലിതെരഞ്ഞെടുപ്പിൽ വേണ്ടവിധം ആദരിക്കണമെന്നും സാക്ഷാൽ ഇന്ദിരാഗാന്ധിവരെ പറഞ്ഞെങ്കിലും ഇവിടത്തെ സമുദായനേതൃത്വം വഴങ്ങിയില്ല. 1959 ആഗസ്റ്റ് 2-ലെ ദീപികയുടെ പത്രാധിപക്കുറിപ്പു് നോക്കൂ:
നമ്മുടെ വിമോചനസമരത്തിലേക്കു് ലോകത്തിന്റെ ശ്രദ്ധയെ പ്രത്യേകം ക്ഷണിച്ച ഒരു വസ്തുത സ്ത്രീകൾ വഹിച്ച പങ്കാണു്. തങ്ങളുടെ ആദർശങ്ങളെ കുറിക്കുന്ന മുദ്രാവാക്യങ്ങളും മുഴക്കി നിസ്സങ്കോചം മുൻപോട്ടു നീങ്ങുന്ന കേരളവനിതകൾ നമ്മുടെ പഴയ പാട്ടുകളെ അനുസ്മരിപ്പിക്കുന്നതാണു്. ഇന്നത്തെ പ്രബുദ്ധത ഈ അടിയന്തരഘട്ടംകൊണ്ടു എരിഞ്ഞടങ്ങേണ്ടതല്ല; നമ്മുടെ സാമൂഹ്യജീവിതം കെട്ടുറപ്പുള്ളതാക്കുന്നതിനു് അതു നിലനിറുത്തുകതന്നെ വേണം…
…എന്നാൽ നല്ല പാരമ്പര്യവും ഭക്തിയുമുള്ള വനിതകൾ താന്തോന്നികളായി മാറണമെന്നല്ല ഇതിന്റെ അർത്ഥം… സ്ത്രീക്കു് അവളുടേതായ ഗുണങ്ങളും പരിമിതികളുമുണ്ടു്… അവളുടെ മനോവ്യാപാരത്തിന്റെ പശ്ചാത്തലം പുരുഷന്റേതിൽനിന്നും തികച്ചും വ്യത്യസ്തമാണു്. അതുകൊണ്ടു പുരുഷനു യോജിക്കുന്ന പ്രവർത്തനങ്ങളിലെല്ലാം സ്ത്രീകൾ എടുത്തുചാടുന്നതു സാഹസമായിരിക്കും… സ്ത്രീയുടെ പ്രകൃതിദത്തമായ സ്വഭാവഗുണങ്ങൾ സാമൂഹ്യസംരംഭങ്ങളിൽ അവൾക്കു് ഒരു പ്രത്യേകദൗത്യം പ്രദാനംചെയ്യുന്നുണ്ടു്. പുരുഷന്റെ വൈകല്യങ്ങളെ തിരുത്തുകയും സൽസ്വഭാവങ്ങളെ പൂർത്തീകരിച്ചു് നേരായ വഴിയിൽ തിരിച്ചുവിടകയുമാണു് വനിതയ്ക്കു പ്രകൃതിനൽകുന്ന പ്രത്യേകദൗത്യം…
(‘സ്ത്രീകളുടെ സാമൂഹ്യദൗത്യം’, ആഗസ്റ്റ് 2, 1959)
റോഡിൽ അക്രമാസക്തമായ ഉപരോധസമരവും കുറ്റിച്ചൂലുയർത്തിപ്പിടിച്ചു് കമ്യൂണിസത്തെ തൂത്തെറിയുമെന്ന പ്രഖ്യാപനം നടത്തിയതുംമറ്റും പുരുഷന്റെ ‘സത്സ്വഭാവത്തെ പൂർത്തീകരിക്കുവാൻ’ വേണ്ടിയായിരുന്നെന്നു് എങ്ങനെ വിശ്വസിക്കും! എന്തായാലും ‘സ്ത്രീയുടെ പ്രത്യേകഗുണം’, ‘പ്രത്യേകദൗത്യം’, സ്ത്രീക്കു പുരുഷനുമേലുള്ള സ്വാധീനം തുടങ്ങിയ സ്ഥിരംവാദങ്ങൾ-പ്രയോഗിച്ചുകൊണ്ടു് സമരത്തിനിറങ്ങിയ പെണ്ണുങ്ങൾ പൊതുവിടത്തിൽ നിൽക്കേണ്ടതില്ലെന്നു് യാഥാസ്ഥിതികസമുദായശക്തി അറിയിച്ചു! പുറകേവന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയുടെ വാക്കു് കാറ്റിൽപ്പറന്നു. (പതിനഞ്ചുശതമാനം അസംബ്ലിസ്ഥാനാർത്ഥിസ്ഥാനങ്ങൾ സ്ത്രീകൾക്കായി മാറ്റിവയ്ക്കണമെന്ന നിർദ്ദേശത്തെ ഇവിടെ കോൺഗ്രസുകാർ 1956-ൽത്തന്നെ നിരാകരിച്ചുകഴിഞ്ഞിരുന്നുവെന്നുകൂടി പറയട്ടെ-കേരളാപ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ കെ. മാധവമേനോൻ സ്ത്രീസ്ഥാനാർത്ഥികൾ മുന്നോട്ടുവരാത്തതാണു് പ്രശ്നമെന്നു് അഭിപ്രായപ്പെടുകയും ചെയ്തു!)
സ്ത്രീകളുടെ സമരപങ്കാളിത്തം എന്ന വിഷയം ചരിത്രപുസ്തകങ്ങളിൽ സാമാന്യേന കാണാറുള്ളതു് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള ഭാഗങ്ങളിലാണു്. ഗാന്ധിയൻ സമരങ്ങളാണു് സ്ത്രീകളെ വീട്ടിനുപുറത്തെത്തിച്ചതെന്നു് പറയാറുമുണ്ടു്. എന്നാൽ കേരളത്തിൽ 1930-കളിലെ സിവിൽനിയമലംഘനസമരത്തിൽ സ്ത്രീകൾ ധാരാളം പങ്കെടുത്തെങ്കിലും അതിനുമുമ്പുള്ള സാമ്രാജ്യത്വവിരുദ്ധസമരങ്ങളിലും അവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1921-ലെ മാപ്പിളലഹളയിൽ സ്ത്രീകൾ പലപ്പോഴും ഏറ്റുമുട്ടലുകളിൽ പങ്കെടുത്തിരുന്നുവെന്ന സൂചന രേഖകളിലുണ്ടു്. 1921-ൽനടന്ന ‘പൂക്കോട്ടൂർയുദ്ധം’ എന്ന ഏറ്റുമുട്ടലിൽ ബ്രിട്ടിഷുകാരെ എതിരിട്ട മാപ്പിളമാരുടെ സംഘത്തിൽ സ്ത്രീകളുണ്ടായിരുന്നുവെന്നു് സർക്കാർരേഖകൾ വെളിപ്പെടുത്തുന്നു. പുരുഷന്മാരെ കയ്യാമംവയ്ക്കുന്നതു തടയാനും ചിലയിടത്തു് ബ്രിട്ടിഷ്പട്ടാളത്തെ ആക്രമിക്കാനും മാപ്പിള സ്ത്രീകൾ തയ്യാറായിയെന്നു് ഔദ്യോഗികരേഖകൾ പറയുന്നു.
പക്ഷേ, ഗാന്ധിയൻ സമരങ്ങളിലെ സ്ത്രീപങ്കാളിത്തം ഇതിനു നേർവിപരീതമായിരുന്നു. അഹിംസ സ്ത്രീകൾക്കു് സഹജമാണെന്നും അതിനാൽ അഹിംസാപരമായ സമരങ്ങളിൽ സ്ത്രീകൾക്കു് പുരുഷന്മാരെക്കാളധികം കഴിവുണ്ടാകുമെന്നുമുള്ള ഗാന്ധിയൻ ആശയം ദേശീയപ്രസ്ഥാനത്തിലേക്കു് ധാരാളം സ്ത്രീകളെ, വിശേഷിച്ചും അഭ്യസ്തവിദ്യരായ മേൽജാതിക്കാരികളെ, ആകർഷിച്ചു. നിസ്സഹകരണപ്രസ്ഥാനകാലത്തുതന്നെ ഈ തലമുറയിലെ സ്ത്രീകളിൽ പലരും ദേശീയസമരത്തിലേക്കാകർഷിക്കപ്പെട്ടിരുന്നു. അവരിൽ പലരും സർക്കാരിന്റെ നോട്ടപ്പുള്ളികളുമായി. 1921-ൽ തിരുവനന്തപുരത്തു് സ്കൂളദ്ധ്യാപികയായിരുന്ന ലക്ഷ്മിക്കുട്ടിയമ്മയ്ക്കെതിരെ സർക്കാർ രഹസ്യാന്വേഷണത്തിനുത്തരവിട്ടതു് ഈ പശ്ചാത്തലത്തിലായിരുന്നു. അവർ സ്കൂളിൽ സ്വദേശി പ്രചരിപ്പിക്കുന്നു, സ്കൂൾമുറികളിൽ ഗാന്ധിയെക്കുറിച്ചും നിസ്സഹകരണത്തെക്കുറിച്ചും പറയുന്നു മുതലായ പരാതികൾ സർക്കാരിനു ലഭിച്ചിരുന്നു. പിൽക്കാലത്തു് ലക്ഷ്മി എൻ. മേനോൻ എന്നറിയപ്പെട്ടതു് ഈ ലക്ഷ്മിക്കുട്ടിയമ്മ ആയിരുന്നു.
തിരുവിതാംകൂറിൽ, പക്ഷേ, സ്ത്രീകളെ സമരരംഗത്തു് എത്തിച്ചതു് ദേശീയപ്രസ്ഥാനമല്ല, ജാതിവിരുദ്ധസമരമായിരുന്നു. ഇവിടുത്തെ കീഴ്ജാതിക്കാരുടെ പൗരാവകാശങ്ങൾക്കുവേണ്ടി-പൊതുവഴിയിലൂടെ അവർക്കു് സ്വതന്ത്രരായി നടക്കാനുള്ള അവകാശത്തിനുവേണ്ടി-അരങ്ങേറിയ വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ചുകൊണ്ടു് തിരുവിതാംകൂറിന്റെ പലഭാഗത്തും 1924-ൽ നടന്ന പൊതുയോഗങ്ങളിൽ വളരെ സ്ത്രീകൾ പങ്കെടുത്തു. വൈക്കം സത്യാഗ്രഹത്തിൽ യോഗങ്ങളിലും സത്യാഗ്രഹികൾക്കുവേണ്ടിയുള്ള സൗജന്യഭക്ഷണശാലകളിലും സ്ത്രീകളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. മയ്യനാട്ടുള്ള സ്ത്രീകൾ ‘പിടിയരി’സംഭാവനകളിലൂടെ നല്ലൊരു തുക ശേഖരിച്ചു് സത്യാഗ്രഹഫണ്ടിനു നൽകി. പിൽക്കാലത്തു് അറിയപ്പെട്ട സാമൂഹ്യപ്രവർത്തകകളായിത്തീർന്ന പലരും ഈ സമരത്തിലൂടെ രംഗപ്രവേശം ചെയ്തവരാണു്. ചേർത്തലയിലെ കരപ്പുറം ഈഴവയുവജനസംഘത്തിന്റെ യോഗത്തിൽ പ്രസംഗിച്ച മുതുകുളം പാർവ്വതിയമ്മ പിൽക്കാലത്തു് ഈഴവസമുദായപ്രസ്ഥാനത്തിന്റെ സജീവപ്രവർത്തകയും അറിയപ്പെട്ട കവിയുമായിത്തീർന്നു.
ദേശീയരാഷ്ട്രീയത്തിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ അവസരം ലഭിച്ച ചുരുക്കം മലയാളിസ്ത്രീകളിലൊരാളായിരുന്നു ലക്ഷ്മി എൻ. മേനോൻ. തിരുവനന്തപുരത്തു് തിരുവിതാംകൂർ സർക്കാരിൽ ഉന്നത ഉദ്യോഗം വഹിച്ചിരുന്ന, ഉൽപ്പതിഷ്ണുവായിരുന്ന രാമവർമ്മ തമ്പാന്റെയും മാധവിക്കുട്ടിയമ്മയുടെയും മകളായിരുന്നു അവർ. വിദ്യാഭ്യാസരംഗത്താണു് അവർ ആദ്യം പ്രവർത്തിച്ചിരുന്നതു്. മദ്രാസിലും ലഖ്നൗവിലും അദ്ധ്യാപികയായിരുന്നു. പിന്നീടു് നിയമരംഗത്തേക്കു മാറിയ അവർ അഖിലേന്ത്യാ സ്ത്രീസംഘത്തിന്റെ (All India Women’s Conference) സെക്രട്ടറിയായും അദ്ധ്യക്ഷയായും പ്രവർത്തിച്ചു. (ഇന്ത്യയിലെ ആദ്യകാല സ്വതന്ത്രസ്ത്രീസംഘടനകളിലൊന്നായിരുന്നു AIWC.) സ്വാതന്ത്ര്യത്തിനുശേഷം അവർ രാജ്യസഭാംഗമായി. ഐക്യരാഷ്ട്രസംഘടനയിലും അവർക്കു പ്രവർത്തിക്കാനിടവന്നു-1949-50 ൽ ഐക്യരാഷ്ട്രസംഘടനയുടെ വനിതാശിശുക്ഷേമവിഭാഗത്തിന്റെ അദ്ധ്യക്ഷയായിരുന്നു. 1950-കളിലും 60-കളിലും വിദേശവകുപ്പിന്റെ നിയമസഭാ സെക്രട്ടറിയായും 1957-62 കാലത്തു് ഡപ്യൂട്ടി മന്ത്രിയായും പിന്നീടു് Minister of State ആയും പ്രവർത്തിച്ചു. 1957-ൽ പത്മഭൂഷൻ ലഭിച്ചു.
1930-ൽ ആരംഭിച്ച നിയമലംഘനപ്രസ്ഥാനത്തിൽ മലബാർ പ്രദേശത്തെ അഭ്യസ്തവിദ്യരായ വരേണ്യവനിതകൾ സജീവമായ പങ്കുവഹിച്ചു. ഗാന്ധിയൻ ആശയങ്ങളാൽ പ്രേരിതരായ നിരവധി സ്ത്രീകൾ സർക്കാരിനെതിരെ പ്രകടനം നടത്താനും ഉപരോധസമരങ്ങളിൽ പങ്കുചേരാനും വർഷംതോറും കോഴിക്കോട്ടു നഗരത്തിൽ വിജയകരമായി സ്വദേശിപ്രദർശനമേളകൾ സംഘടിപ്പിക്കാനും ഹിന്ദിഭാഷ പ്രചരിപ്പിക്കാനുംമറ്റും മുന്നിട്ടിറങ്ങിയിരുന്നു. 1930 ആഗസ്റ്റ് 30-നു് തടവിലടയ്ക്കപ്പെട്ടവർക്കുവേണ്ടിയുള്ള ദിനാചരണത്തിന്റെ ഭാഗമായി കടകമ്പോളങ്ങളടപ്പിക്കുന്നതിൽ സ്ത്രീസംഘങ്ങൾ ഉത്സാഹത്തോടെ പ്രവർത്തിച്ചു. എന്നാൽ ബോംബെയിൽ വനിതാസത്യാഗ്രഹികൾക്കെതിരെ പൊലീസ് അതിക്രമമഴിച്ചുവിട്ടതിൽ പ്രതിഷേധിച്ചുകൊണ്ടു് കോഴിക്കോട്ടുള്ള സ്ത്രീപ്രവർത്തകർ നടത്തിയ സമരം കേരളംമുഴുവൻ ചർച്ചാവിഷയമായിത്തീർന്നു. പ്രമുഖ സ്ത്രീപ്രവർത്തകർക്കെതിരെ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചുകഴിഞ്ഞിരുന്നു. അമ്പലത്തിൽപോകാനെന്നമട്ടിൽ വെള്ള (ഖദർ) വസ്ത്രംധരിച്ചു് വഴിയിലിറങ്ങിയ മുപ്പതു സ്ത്രീകൾ ദേശീയപതാകയുമേന്തി പ്രകടനം നടത്തുകയും സർക്കാരിനെ കരിങ്കൊടി കാണിക്കുകയും ചെയ്തു. അവരിൽ എം. കാർത്ത്യായനിയമ്മ, ഇ. നാരായണിക്കുട്ടിയമ്മ, ഗ്രേസി ആരൺ, കുഞ്ഞിക്കാവമ്മ മുതലായവർ അറസ്റ്റിലായി. ‘കോഴിക്കോട്ടെ സ്ത്രീകളുടെ പ്രതിഷേധപ്രകടനം’ ദീപികയുടെ പത്രാധിപക്കുറിപ്പിനു വിഷയമായി (21 നവം. 1930)-ബോംബെയിൽ നടന്ന പൊലീസാക്രമണത്തെ അപലപിച്ചെങ്കിലും സ്ത്രീകൾ ഇത്തരം പ്രവർത്തനങ്ങളിൽനിന്നു് അകന്നുനിൽക്കുന്നതാണു് നല്ലതെന്നായിരുന്നു ദീപികയുടെ അഭിപ്രായം!
എന്തായാലും കോഴിക്കോട്ടുള്ള സ്ത്രീപ്രവർത്തകർ ഈ ഉപദേശം ചെവിക്കൊണ്ടില്ല-ഗാന്ധിയൻസമരത്തിൽ സ്ത്രീകൾക്കു് വ്യക്തമായൊരിടം ലഭിച്ചുവെന്ന തോന്നൽകൊണ്ടാകാം. 1930 നവംബറിൽ അവരുടെ പ്രതിഷേധങ്ങൾ തുടർന്നു. ചാലപ്പുറം ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനികൾ സമരത്തിനിറങ്ങി; സ്ത്രീത്തടവുകാരെ പാർപ്പിച്ചിരുന്ന ജയിലിനുമുന്നിൽ പ്രകടനംനടത്തി. 1930 അവസാനകാലത്തു് കേരളാപ്രദേശ് കോൺഗ്രസ് കമ്മിറ്റിയെ സർക്കാർ നിരോധിച്ചു. പിന്നീടുണ്ടായ സമരത്തിന്റെ വേലിയേറ്റത്തിലും സ്ത്രീകൾ മുൻനിരയിൽത്തന്നെയുണ്ടായിരുന്നു. 1931-32 കാലയളവിൽ ഗ്രേസി ആരൺ, ദേവകിയമ്മ, വേദവതിപ്രഭു, ഈശ്വരിഅമ്മാൾ, മാർഗരറ്റ് പാവമണി തുടങ്ങിയവർ സമരത്തിന്റെ ‘സമുന്നതനേതാക്കളാ’യി (dictators) ഉയർത്തപ്പെട്ടു. 1931 ഫെബ്രുവരി 2-ആം തീയതി കോഴിക്കോട്ടു കടപ്പുറത്തു് ഉപ്പുനിയമലംഘനം നടന്നു-ഈശ്വരിയമ്മാളും 14 വയസ്സുകാരനായ മകനും മറ്റനവധി സ്ത്രീപ്രവർത്തകരും അറസ്റ്റുചെയ്യപ്പെട്ടു. ഇതിനിടെ ദേശീയവാദസ്ത്രീസംഘങ്ങൾ മലബാറിൽ പലയിടത്തുമുണ്ടായി. വീടുവീടാന്തരമുള്ള ഖദർപ്രചരണവും മറ്റു ഗാന്ധിയൻ നിർമ്മാണപ്രവർത്തനങ്ങളും തകൃതിയായി നടന്നു. 1931-ലെ ഗുരുവായൂർസത്യാഗ്രഹത്തിലും അതിന്റെ പ്രചരണത്തിലും സ്ത്രീകൾ പ്രധാന പങ്കുവഹിച്ചിരുന്നു.
മലബാറിലെ ഗാന്ധിയൻസമരങ്ങൾ സ്ത്രീകൾക്കു് സവിശേഷമായൊരിടം നൽകിയെങ്കിലും വരേണ്യസ്ത്രീത്വത്തെയാണു് അതു് പാടിപ്പുകഴ്ത്തിയതു്. ‘ഉത്തമകുടുംബിനി’യെന്ന പുതിയ ആശയത്തിന്റെ പരിധികൾക്കകത്തുനിന്നുകൊണ്ടാണു് ഇവിടെ സ്ത്രീകൾ ഗാന്ധിയൻസമരങ്ങളിൽ പങ്കുചേർന്നതു്-‘കുടുംബസ്നേഹവും’ ‘സൗമ്യാധികാരവും’ കുടുംബത്തിന്റെ അരികുകൾക്കപ്പുറം വ്യാപിച്ചുവെന്നുമാത്രം. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ഉത്തമകുടുംബത്തിനുള്ളിൽ ഉത്തമകുടുംബിനി നിർവ്വഹിക്കേണ്ട കടമകൾ കുടുംബത്തിനു പുറത്തേക്കു്, രാജ്യത്തിലേക്കു്, വ്യാപിപ്പിക്കണമെന്നാണു് ഇവിടെ ഗാന്ധിയൻ സ്ത്രീത്വാശയങ്ങൾ ഉദ്ബോധിപ്പിച്ചതു്. വിശാലരാഷ്ട്രീയരംഗത്തു് സ്ത്രീകളുടെ തുല്യപങ്കാളിത്തവും പൂർണ്ണമായ സ്ഥാനവും ഇതുകൊണ്ടു് ഉറപ്പാവില്ലായിരുന്നു-ഗാന്ധിയൻ സ്ത്രീകൾ സജീവരാഷ്ട്രീയരംഗംവിട്ടു് ഗാന്ധിയൻ ആശയപ്രചരണത്തിലേക്കുംമറ്റും ചേക്കേറിയതു് വെറുതെയല്ല. ‘ഉത്തമസ്ത്രീ’യെ നിർണ്ണയിച്ച ബ്രാഹ്മണസദാചാരമൂല്യവ്യവസ്ഥയ്ക്കുള്ളിൽ നിൽക്കുന്ന സ്ത്രീകൾക്കുമാത്രമേ നല്ല രാഷ്ട്രീയപ്രവർത്തനം സാധിക്കൂ, അവർക്കുമാത്രമേ ഗാന്ധിയൻ സമരങ്ങളുടെ മുന്നണിപ്പോരാളികളാകാൻ കഴിയൂ എന്നീ ശാഠ്യങ്ങൾ ഗാന്ധിയൻ സ്ത്രീപ്രവർത്തനത്തിന്റെ മുഖമുദ്രയായിരുന്നു.
1932-ൽ തലശ്ശേരിയിൽനടന്ന ഒരു ഉപരോധസമരത്തിൽ അറസ്റ്റിലായ ശ്രീമതി കമല പ്രഭുവിന്റെ താലി സർക്കാർ അഴിച്ചുവാങ്ങിയതിനെത്തുടർന്നുണ്ടായ ഒച്ചപ്പാടിൽ ഇതു വ്യക്തമാകുന്നുണ്ടു്. താലി പാതിവ്രത്യത്തിന്റെ ചിഹ്നമാണെന്നും അതഴിച്ചുമാറ്റുന്നതു് സ്ത്രീയെ വിധവയാക്കുന്നതിനു സമമാണെന്നുമായിരുന്നു ദേശീയവാദികളുടെ പ്രചരണം. ഈ പ്രശ്നം ബ്രിട്ടിഷ് നിയമനിർമ്മാണസഭവരെ എത്തുകയും, ഒടുവിൽ താലി അഴിപ്പിച്ച മജിസ്ട്രേട്ട് മാപ്പുപറയുകയും ചെയ്തു. താലി എന്ന ആഭരണത്തെ വിവാഹിത തന്റെ കഴുത്തിൽനിന്നു് അഴിച്ചുമാറ്റുന്നതു് അപശകുനമാണെന്ന ധാരണ അന്നത്തെ കേരളത്തിൽ ശൂദ്രജാതിക്കാർക്കിടയിലും കീഴ്ജാതിക്കാർക്കിടയിലും അധികമൊന്നും പ്രചാരത്തിലില്ലായിരുന്നു. എന്നാൽ അതു തീർത്തും പുറത്തുനിന്നുവന്ന ആശയമായിരുന്നുവെന്നു് പറയാൻ കഴിയില്ല. ബ്രാഹ്മണരാണു് താലി ധാരണത്തിൽ കണിശം അധികം കാണിച്ചിരുന്നതു്. ബ്രാഹ്മണ ആശയങ്ങൾ ‘ദേശീയ’ ആശയങ്ങളായി പരിണമിച്ചതിൽ ദേശീയപ്രസ്ഥാനം വലിയൊരു പങ്കു വഹിച്ചിട്ടുണ്ടു്. കുടുംബത്തിന്റെ ചിഹ്നങ്ങൾ വഹിച്ചുകൊണ്ടാണു് ഗാന്ധിയൻ സ്ത്രീപ്രവർത്തകർ സമരങ്ങളിൽ പങ്കുചേർന്നതു്-രണ്ടുമാസം പ്രായമുള്ള കൈക്കുഞ്ഞിനേയുംകൊണ്ടു് ജയിലിൽപ്പോയ എ. വി. കുട്ടിമാളു അമ്മയുടെ കഥ പ്രസിദ്ധമാണല്ലോ. ‘രാജ്യത്തിനുവേണ്ടി സമരം ചെയ്യുന്ന സ്ത്രീ’ അല്ല, ‘രാജ്യത്തിനുവേണ്ടി സമരം ചെയ്യുന്ന മാതാവു്’ ആയിട്ടാണു് അവർ ചിത്രീകരിക്കപ്പെട്ടതു്.
തിരുവിതാംകൂറിലെ നിവർത്തനപ്രക്ഷോഭത്തിലും അതിനുശേഷം നടന്ന ഉത്തരവാദഭരണപ്രക്ഷോഭത്തിലും ഒന്നാംതരംപ്രക്ഷോഭകാരിണികളുണ്ടായിരുന്നു-അക്കാമ്മ ചെറിയാൻ, ആനി മസ്ക്രീൻ. 1938-ൽ ശ്രീചിത്തിരതിരുനാളിന്റെ പിറന്നാൾദിനത്തിൽ അക്കാമ്മ ചെറിയാൻ നയിച്ച പ്രകടനത്തെ കേണൽ വാറ്റ്കിൻസ് തടഞ്ഞതും പിരിഞ്ഞുപോകാൻ വിസമ്മതിച്ച അവർക്കുനേരെ വെടിവെക്കുമെന്നു ഭീഷണിപ്പെടുത്തിയതും അതിനുമുമ്പു് തന്റെ നെഞ്ചിലേക്കു നിറയൊഴിക്കാൻ വാറ്റ്കിൻസിനെ അവർ വെല്ലുവിളിച്ചതുമൊക്കെ അന്നു് തിരുവിതാംകൂറിൽ വീരകഥകളായിരുന്നു. ആനി മസ്ക്രീനിനെക്കുറിച്ചു് 1948-ൽ പൊൻകുന്നം വർക്കി വരച്ച ‘തൂലികാചിത്ര’ത്തിൽ ഇങ്ങനെ പറയുന്നു:
…രാജ്യത്തെ സ്നേഹിക്കുന്നതിനുള്ള ധീരതയിൽ ഒരു സ്ത്രീയെന്നുള്ള യാതൊരു ദൗർബ്ബല്യവും അവർ സമ്മതിച്ചുതരികയില്ല. രാജ്യത്തിനുവേണ്ടിയുള്ള ക്ലേശഭാരങ്ങൾ ഒരു പുരുഷനോടൊപ്പം സമധീരതയോടുകൂടി അവർ ഏറ്റെടുക്കുന്നു. അനുഗൃഹീതമായ യൗവ്വനത്തിന്റെ ഒരു നല്ലഭാഗം അവർ ജയിൽജീവിതത്തിനു നൽകിക്കഴിഞ്ഞു. സമാധാനകാലത്തല്ല, സമരകാലത്താണു് ഏറ്റവും നല്ല സേവനോത്സുകയായി അവർ പരീക്ഷിക്കുന്നതു്… ഞങ്ങളാണു് നിങ്ങളെ വലുതാക്കിയതു് എന്നു് ആരെങ്കിലും ബുദ്ധിഹീനന്മാർ അവരോടു പറകയാണെങ്കിൽ ഉടനെ അവർ പറകയായി: നിങ്ങളല്ല, എന്റെ സേവനങ്ങൾമാത്രമേ എന്നെ വലുതാക്കൂ എന്നു്.
(പൊൻകുന്നം വർക്കി, തൂലികാചിത്രങ്ങൾ, കോട്ടയം, 1999, പുറം 94)
1930-ലെ ഉപ്പുസത്യാഗ്രഹത്തോടെയാണു് എ. വി. കുട്ടിമാളു അമ്മ മലബാറിലെ ദേശീയപ്രസ്ഥാനത്തിൽ സജീവമായതു്. കോഴിപ്പുറത്തു മാധവമേനോൻ എന്ന സജീവ കോൺഗ്രസ് പ്രവർത്തകനെ വിവാഹംകഴിച്ച അവർ ദേശീയസമരത്തിന്റെ മുന്നണിപ്രവർത്തകയായി. വിദേശവസ്ത്രങ്ങൾ വിൽക്കുന്ന കടകൾ പിക്കറ്റുചെയ്യുന്നതിലും ഖാദി-നൂൽനൂൽപ്പു് പ്രചരണത്തിലും അവർ മുന്നിലായിരുന്നു. രണ്ടാം നിയമലംഘനപ്രസ്ഥാനകാലത്തു് നിരോധനാജ്ഞ ലംഘിച്ചു് പ്രകടനംനയിച്ചതിനു് കോടതി അവർക്കു് രണ്ടുവർഷത്തെ കഠിനതടവുശിക്ഷ ലഭിച്ചു. മാസങ്ങൾമാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനെയുംകൊണ്ടാണു് അവർ ജയിലിൽ പോയതു്. 1940-ലും അതിനുശേഷം 1942-ലെ ക്വിറ്റ് ഇന്ത്യാസമരത്തിലും സജീവമായി പങ്കെടുത്തു. ഗാന്ധിയൻ നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട്ടു പ്രവർത്തിച്ച അനാഥാലയവും വെള്ളിമാടുകുന്നിലെ ശിശുമന്ദിരവും സ്ഥാപിച്ചതു് അവരുടെ മേൽക്കൈയിലായിരുന്നു. സംഘടനയ്ക്കകത്തും നേതൃസ്ഥാനങ്ങൾ അവർക്കു കൈവന്നു. മലബാർ (മലയാള) പ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷയായിരുന്നു. കോഴിക്കോട്ടു നഗരസഭാകൗൺസിലറായിരുന്നു. മദ്രാസ് നിയമനിർമ്മാണയിൽ രണ്ടുതവണ അംഗമായിരുന്നു.
1949-ൽ തിരുവിതാംകൂറിലെ ദിവാൻഭരണവിരുദ്ധസമരം തീവ്രമായിത്തീർന്നപ്പോൾ തിരുവിതാംകൂർ നിയമസഭാമന്ദിരത്തിനകത്തുകടന്നു് ദിവാൻ സി. പി. രാമസ്വാമി അയ്യരുടെ ‘അമേരിക്കൻ മോഡൽ’ ഭരണഘടനയ്ക്കെതിരെ മുദ്രാവാക്യംമുഴക്കിയ കുറ്റത്തിനു് പൊലീസ് അറസ്റ്റുചെയ്തുനീക്കിയ നാലുപേരിൽ രണ്ടുപേർ സ്ത്രീകളായിരുന്നു-പി. കെ. മേരിയും പി.ജെ. ഏലിയാമ്മയും. ആ സമയത്തു് നിയമസഭാംഗമായിരുന്ന അക്കാമ്മ ചെറിയാൻ അവരെ പൊലീസുകാരുടെ മർദ്ദനത്തിൽനിന്നു് രക്ഷപ്പെടുത്തിയത്രെ.
ചുരുക്കിപ്പറഞ്ഞാൽ സ്ത്രീകളുടെ സമരപങ്കാളിത്തത്തിന്റെ രണ്ടു മാതൃകകളാണു് ദേശീയപ്രസ്ഥാനത്തിൽനിന്നു് ഉരുത്തിരിഞ്ഞുവന്നതു്. ഒന്നു് ‘സ്ത്രീധർമ്മ’ത്തെയും ‘സ്ത്രീസ്വഭാവ’ത്തെയും അടിസ്ഥാനപരമായി ചോദ്യംചെയ്യാത്ത രീതി. ആധുനികകുടുംബിനിയുടെ ക്ഷമ, ദയ, സ്നേഹം, അഹിംസ ആദിയായ ‘സഹജഗുണങ്ങളെ’ ദേശീയ താൽപര്യത്തിനുവേണ്ടി വിനിയോഗിക്കുന്ന രീതിയായിരുന്നു ഇതു്. പുരുഷന്മാരിൽനിന്നു വ്യത്യസ്തരായി, ‘സ്ത്രീഗുണം’ തികഞ്ഞവരായി സ്ത്രീപ്രവർത്തകർ പ്രത്യക്ഷപ്പെട്ടു. ഈ ‘സ്ത്രീഗുണങ്ങൾ’ നിർവ്വചിക്കാനുള്ള മാനദണ്ഡങ്ങൾ മുഴുവൻ സവർണബ്രാഹ്മണ ആശയമണ്ഡലങ്ങളിൽ വേരൂന്നിയവയായിരുന്നു. അങ്ങനെ ‘ഉത്തമസ്ത്രീ’ ഒരർത്ഥത്തിൽ ‘ബ്രാഹ്മണമൂല്യവ്യവസ്ഥയ്ക്കു കീഴ്പ്പെടുന്ന സ്ത്രീ’യായിത്തന്നെ തുടർന്നു. രാഷ്ട്രീയരംഗത്തു് സ്ത്രീകളുടെ തുല്യതയെ ഇതു ബാധിച്ചു-കാരണം, ബ്രാഹ്മണസ്ത്രീത്വാദർശപ്രകാരം സ്ത്രീയുടെ ‘യഥാർത്ഥ ഇടം’ കുടുംബമാണു്; ദേശസേവനംമാത്രം മതിയെന്നു് തീരുമാനിക്കുന്ന സ്ത്രീ കടുത്ത ലൈംഗികസദാചാരവിലക്കുകൾക്കു് കീഴ്പ്പെട്ടുതന്നെ നിൽക്കണം! സമുദായത്തിനുവേണ്ടിയുള്ള സമരങ്ങളിലെ സ്ത്രീപങ്കാളിത്തവും ഇതിനോടു സാമ്യമുള്ളതായിരുന്നു. സമുദായത്തിനു് ആപത്തുനേരിടുന്ന അവസരങ്ങളിൽ സ്ത്രീയെ പുറത്തിറക്കുക, അതു മാറിക്കഴിഞ്ഞാൽ അവളെ വീണ്ടും അകത്താക്കുക-സമുദായസമരങ്ങളിലും ദേശീയസമരത്തിലും പങ്കെടുത്ത സ്ത്രീകളുടെ അനുഭവമിതായിരുന്നു. രണ്ടാമത്തെ രീതി, തിരുവിതാംകൂറിലെ നിവർത്തനപ്രക്ഷോഭനായികമാരുടേതായിരുന്നു-അവരുടെ പ്രവർത്തനം, ‘സ്ത്രീഗുണ’ത്തോടോ ആധുനികകുടുംബിനിയുടെ ‘സൗമ്യാധികാര’ത്തോടോ ബന്ധിക്കപ്പെട്ടിരുന്നില്ല. അവർ പുരുഷന്മാരായ നേതാക്കളെപ്പോലെ തലമൂത്തവർതന്നെയായിരുന്നു. ഇവിടെയും ലൈംഗികസദാചാരവിലക്കുകൾ ഒട്ടും കുറവായിരുന്നില്ല. പക്ഷേ, അക്കാലത്തു് ലൈംഗികസദാചാരവിലക്കുകൾ സ്ത്രീകൾക്കു മാത്രമായിരുന്നില്ല-എല്ലാ പ്രക്ഷോഭകാരികൾക്കും ബാധകമായിരുന്നു. ആദ്യത്തേതിനെ അപേക്ഷിച്ചു് രണ്ടാമത്തെ രീതിയിൽ സ്ത്രീകൾക്കു് പുരുഷന്മാരോടൊപ്പം അധികാരവും നേതൃത്വവും സംഘടനാശേഷിയും പങ്കിടാൻ കൂടുതൽ സാദ്ധ്യതയുണ്ടായിരുന്നുവെന്നതാണു് വ്യത്യാസം. ഈ സാദ്ധ്യത തീരെ വികസിച്ചില്ലെന്നതാണു് ദുഃഖകരമായ സത്യം. ഇടതുപക്ഷപ്രസ്ഥാനങ്ങളിലും ഈ പോരായ്മ ഇതുപോലെത്തന്നെ നിലനിന്നു.
സമുദായപ്രസ്ഥാനങ്ങളിലും ദേശീയപ്രസ്ഥാനത്തിലും ഉന്നതജാതിക്കാരും വിദ്യാഭ്യാസമുള്ളവരും സാമാന്യം ധനസ്ഥിതിയുള്ളവരുമായ സ്ത്രീകളാണു് പങ്കെടുത്തിരുന്നതു്; തൊഴിലാളിസ്ത്രീകളെ സമരരംഗത്തു് എത്തിച്ചതിനുള്ള അഭിനന്ദനം ഇടതുപ്രസ്ഥാനങ്ങളാണർഹിക്കുന്നതു്. 1930-കളിൽത്തന്നെ ആലപ്പുഴജില്ലയിൽ സജീവമായ തൊഴിലാളിസംഘടനാപ്രവർത്തനം തൊഴിലാളിസ്ത്രീകളേയും ഉന്നംവച്ചിരുന്നു. കെ. മീനാക്ഷിയെപ്പോലുള്ള നേതാക്കളുടെ മേൽക്കൈയിൽ ആലപ്പുഴയിലെ കർഷകത്തൊഴിലാളിസ്ത്രീകൾ പണിമുടക്കുനടത്തി; കയർത്തൊഴിലാളികളായ സ്ത്രീകൾ അമ്പലപ്പുഴ കയറുപിരിത്തൊഴിലാളിസംഘം രൂപീകരിച്ചു. കയർ-കശുവണ്ടിമേഖലകളിലെ തൊഴിലാളികൾ ബഹുഭൂരിപക്ഷവും സ്ത്രീകളായിരുന്നതുകൊണ്ടു് അവരുടെ സമരങ്ങളിൽ വലിയതോതിൽ സ്ത്രീകളുണ്ടായിരുന്നു. യൂണിയനുകൾ വ്യക്തമായി രൂപംകൊണ്ടതിനുമുമ്പുതന്നെ സമരങ്ങൾ നടന്നിരുന്നു; അവയുടെ മുൻനിരയിൽ തൊഴിലാളിസ്ത്രീകൾ നിരന്നിരുന്നു. 1935-ൽ കൊല്ലത്തെ ഇന്ത്യാ നട്ടു് ഫാക്ടറി (കശുവണ്ടി ഫാക്ടറി)യിൽ നടന്ന ആദ്യസമരത്തിൽ പങ്കെടുത്ത തേയി എന്ന തൊഴിലാളിസ്ത്രീ ഓർക്കുന്നു:
…ഞാൻ ആ സമരം ഓർക്കുന്നു; അന്നു് യൂണിയനില്ലായിരുന്നു. അന്നു് അണ്ടിപൊളിച്ചുകഴിഞ്ഞിട്ടും മുതലാളി സ്വാമിനാഥനു നിർബന്ധം, പൊട്ടിയ അണ്ടിയെ മുഴുവനായ അണ്ടിയിൽനിന്നു് തെരഞ്ഞുപെറുക്കിക്കൊള്ളണമെന്നു്. നേരമപ്പോഴേക്കും ഇരുട്ടി; ഞങ്ങൾക്കു് വീട്ടിൽ പോകണമായിരുന്നു. ഫാക്ടറിയിലെ രീതി ഞങ്ങൾക്കൊക്കെ മടുത്തിരുന്നു. പെട്ടെന്നു് ഒരു സ്ത്രീ-ലക്ഷ്മിയാണെന്നു തോന്നുന്നു-അലറി: “ഞങ്ങളെ ഇതിനു കിട്ടില്ല. ഞങ്ങൾ വീട്ടിൽ പോകുന്നു. കുറേക്കൂടി നന്നായി പെരുമാറിയാലേ തിരിച്ചിങ്ങോട്ടുള്ളൂ.” ആദ്യമായിയാണു് ഞങ്ങൾ മുതലാളിയോടു് എതിർത്തു പറഞ്ഞതു്. എല്ലാവരും വീട്ടിൽപോയി. ഒത്തിരിനാൾ പോയുമില്ല. പിന്നെ മുതലാളി ആളെവിട്ടപ്പോൾ ഞങ്ങൾ മടങ്ങി-ഞങ്ങളുടെ വീട്ടിൽ അരിയുണ്ടായിരുന്നില്ല… നേതാക്കളായി പല സ്ത്രീകളുണ്ടായിരുന്നു-ലക്ഷ്മി, ചെല്ലമ്മ, ഭാർഗ്ഗവി-അവരെല്ലാം മരിച്ചുപോയിരിക്കുന്നു. ഞങ്ങൾ സ്വാമിനാഥനെക്കണ്ടു് ആവശ്യങ്ങൾ പറഞ്ഞു. ഞങ്ങളോടു് മര്യാദയായി പെരുമാറണം; പ്രത്യേകിച്ചു് ഞങ്ങളുടെ കുട്ടികളോടു്, ഒരുതെറ്റും ചെയ്യാതെതന്നെ ഞങ്ങൾ അനുഭവിച്ചിരുന്ന കടുത്ത, അപമാനിക്കുന്നവിധത്തിലുള്ള ശിക്ഷകൾ അരുതു്; ചെയ്യുന്ന ജോലികൾക്കെല്ലാം കൂലി… ഞങ്ങളുടെ സമരം വൻവിജയമായിരുന്നുവെന്നു് പറയാൻകഴിയില്ലായിരുന്നുവെങ്കിലും ഞങ്ങൾ അത്ഭുതപ്പെട്ടുപോയി, ഇങ്ങനെ ചെയ്യാൻ ഞങ്ങൾക്കു് ധൈര്യംവന്നല്ലോ എന്നോർത്തപ്പോൾ. കുറച്ചു ശക്തികൂടിയതുപോലെ. ഞങ്ങൾക്കും കുറച്ചധികാരമുണ്ടെന്നു് മനസ്സിലായി. അല്ലെങ്കിൽ ഞങ്ങളെ അയാൾ ആളയച്ചു വിളിപ്പിച്ചതെന്തിനു്?
(അന്നാ ലിന്റ്ബർഗിനു നൽകിയ അഭിമുഖത്തിൽനിന്നു്, Anna Lindberg, Experience and Identity, Lund, 2001, പുറം 223-224)
മറ്റു ജാതിക്കാർ ഉണ്ടായിരുന്നെങ്കിലും തൊഴിലാളിസ്ത്രീകൾ അധികവും കീഴാളജാതിക്കാരായിരുന്നു-തേയി കുറവസമുദായാംഗമായിരുന്നു. പൊതുവെ കീഴാളജാതികളിൽ സ്ത്രീകൾ കുടുംബത്തിന്റെ വിലക്കുകൾക്കു് അത്ര വിധേയരായിരുന്നില്ല-കീഴാളകുടുംബങ്ങളെ ബ്രാഹ്മണമൂല്യങ്ങളല്ല ഭരിച്ചിരുന്നതു്. പുരുഷനോടൊപ്പം അദ്ധ്വാനിക്കുകയെന്നതു് കേവലം സാധാരണകാര്യംമാത്രമായിരുന്നു. അവർ ഫാക്ടറികളിലും കൃഷിയിടങ്ങളിലും പുരുഷന്മാരോടൊപ്പം പണിയെടുത്തു. ‘ബാലപരിചരണം’ മുതലായവ സ്ത്രീയുടെ ‘സഹജ’സ്വഭാവമാണെന്ന ആശയം അക്കാലത്തു് തൊഴിലാളിസ്ത്രീകൾക്കിടയിൽ പടർന്നുപിടിച്ചിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ സമരങ്ങളുടെ മുൻനിരയിൽ കയറിനിൽക്കാൻ അവർക്കു കഴിഞ്ഞിരുന്നു. 1940-കളിലെ കർഷകത്തൊഴിലാളിസമരങ്ങളിൽ സ്ത്രീകൾ പ്രകടിപ്പിച്ച വീര്യത്തെക്കുറിച്ചു്, അവരുടെ പ്രത്യേക സമരരീതികളെക്കുറിച്ചു്, കുറച്ചൊക്കെ നമുക്കറിവുണ്ടു്. പാടത്തിന്റെ നടുക്കു് ജന്മിയെ വളഞ്ഞുവച്ചു് തങ്ങൾക്കു കിട്ടേണ്ട അവകാശങ്ങൾ പിടിച്ചുവാങ്ങിയ സ്ത്രീകളെക്കുറിച്ചു് ഓർക്കുന്നവരിന്നുമുണ്ടു്. മേലാളരിൽനിന്നു് ലൈംഗികപീഢനമേറ്റ സ്ത്രീകൾ ചൂളി പിന്മാറാതെ യൂണിയനുകളുടെ സഹായത്തോടെ ധീരമായി പ്രതികരിച്ചിരുന്നുവെന്നു്-അതായതു്, ബ്രാഹ്മണ ലൈംഗികസദാചാരത്തിനു കീഴ്പ്പെടാതെ പ്രതികരിച്ചിരുന്നുവെന്നു്-ആദ്യകാലസംഘടനാപ്രവർത്തകരിൽ പലരും ഓർക്കുന്നു. 1940-കളിലെ മലബാറിൽ ഭക്ഷണത്തിനുവേണ്ടിയുള്ള സമരങ്ങളിൽ ഗ്രാമീണസ്ത്രീകൾ വഹിച്ച പങ്കിനെപ്പറ്റിയുള്ള ഓർമ്മകൾ ഇന്നും സജീവമാണു്. ജന്മികളിൽനിന്നു് നെല്ലുപിടിച്ചെടുക്കാനുംമറ്റുമുള്ള പ്രവർത്തനങ്ങളിൽ അവരും പങ്കാളികളായിരുന്നു. കമ്യൂണിസ്റ്റുകാർക്കെതിരെ സർക്കാർ അഴിച്ചുവിട്ട അതിക്രമങ്ങളിൽ മലബാർഗ്രാമങ്ങളിൽ സ്ത്രീകൾ കണക്കില്ലാതെ കഷ്ടപ്പെടുകയുണ്ടായി-ഒളിവിലായ നേതാക്കളെ തിരഞ്ഞുവന്ന പൊലീസ് വീടുകൾ ആക്രമിച്ചു് സർവ്വതും നശിപ്പിച്ചവേളകളിൽ പൊട്ടിയ പാത്രങ്ങളുടെ അവശിഷ്ടങ്ങളുമേന്തി പ്രകടനം നടത്തുക, ഭക്ഷ്യക്ഷാമത്തിനെതിരെ ‘ഒഴിഞ്ഞചട്ടി’യുമായി പ്രകടനം നടത്തുക തുടങ്ങിയ സമരമുറകൾ അവർ സൃഷ്ടിച്ചു.
തൊഴിലാളികളല്ലായിരുന്ന നിരവധി സ്ത്രീസഖാക്കളുടെ പരിശ്രമത്തിനും ഇവിടെ നിഷേധിക്കാനാവാത്ത പ്രാധാന്യമുണ്ടെന്നു് പറയേണ്ടതാണു്. സംഘാടകരായി പ്രവർത്തിച്ചിരുന്ന സ്ത്രീകൾ പലരേയും നാമിന്നു് മറന്നുകഴിഞ്ഞിരിക്കുന്നു-1930-കളിലും 40-കളിലും ആലപ്പുഴയിലെ സ്ത്രീത്തൊഴിലാളികൾക്കിടയിലെ സജീവസാന്നിദ്ധ്യമായിരുന്ന കാളിക്കുട്ടി ആശാട്ടിയെ എത്രപേർ ഓർക്കുന്നുണ്ടു്? പൊതുവെ പഴയ സ്ത്രീസഖാക്കളെ നാം മറന്നുകഴിഞ്ഞിരിക്കുന്നു. ഇന്നും സജീവമായിത്തുടരുന്ന കുറച്ചുപേരില്ലെന്നല്ല- ഉദാഹരണത്തിനു് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കലാകാരിയായ പി. കെ. മേദിനി, പി. കെ. അനസൂയ എന്നിവർ. സഖാവു് കെ. മീനാക്ഷി എന്ന തൊഴിലാളി സംഘാടക പിന്നെ അധികമുയർന്നുവന്നില്ല. എന്നാൽ ഉന്നതവിദ്യാഭ്യാസം നേടിയവരുമായ സ്ത്രീസഖാക്കൾ പാർട്ടിയുടെ മുൻപന്തിയിലെത്തി. സഖാവു് ഗൗരിയമ്മയാണു് ഏറ്റവും പരിചിതമായ ഉദാഹരണം. ഇതുകൂടാതെ പറയേണ്ട പേരാണു് കെ. ഒ. ആയിഷാബായിയുടേതു്. കായംകുളത്തു് 1929-ൽ ജനിച്ച അവർ ബി. എ. പാസായശേഷം നിയമവിദ്യാഭ്യാസം നേടി. അഖിലേന്ത്യാവിദ്യാർത്ഥിസമ്മേളനത്തിന്റെ സംഘാടകയായിരുന്നു; 1953-ൽ കമ്യൂണിസ്റ്റ്പാർട്ടിയിൽ അംഗമായി. 1957-ലെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്നു; ആദ്യകമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഉപാദ്ധ്യക്ഷയായിരുന്നു.
ആദ്യകാല തൊഴിലാളിയൂണിയനുകളിൽ സ്ത്രീകളുടെ സമരൗത്സുക്യത്തെ ഒരു പരിധിവരെ അംഗീകരിച്ചിരുന്നുവെന്നു് വ്യക്തമാണു്. ഫാക്ടറികളിൽ സ്ത്രീകളുടേതുമാത്രമായ കമ്മിറ്റികൾ പലയിടത്തും സ്ഥാപിച്ചിരുന്നു. ഈ സംവിധാനത്തിലൂടെ കുടുംബത്തിനുള്ളിൽ സഹിക്കേണ്ട അനീതികൾക്കു് പരിഹാരം കാണാമെന്നുവന്നു. കെ. മീനാക്ഷിയെപ്പോലുള്ള സംഘാടകർക്കു് ഈ കമ്മിറ്റികൾ രൂപീകരിക്കുന്നതിൽ വലിയ പങ്കുണ്ടായിരുന്നു. എന്നാൽ ഈ സംവിധാനത്തെ വിപുലീകരിച്ചു് സമരത്തിന്റെ സ്വഭാവം, മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ എന്നിവയിൽക്കൂടി അവരെ പൂർണ്ണപങ്കാളികളാക്കാനുള്ള ശ്രമം നടന്നില്ലെന്നു പറയാം. തൊഴിലാളിയൂണിയനുകളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ 1940-കളിൽ പഠനക്ലാസ്സുകൾ നടന്നു. സ്ത്രീകളും ഇവയിൽ പങ്കെടുത്തിരുന്നു. 1940-കളിൽ (1943-45ൽ) തിരുവിതാംകൂർ കയർഫാക്ടറിത്തൊഴിലാളിയൂണിയന്റെ വാർഷികസമ്മേളനങ്ങൾക്കൊപ്പം തൊഴിലാളിസ്ത്രീസമ്മേളനങ്ങളും നടന്നു. പിന്നീടു്, സർക്കാർ കമ്യൂണിസ്റ്റുപാർട്ടിയെ നിരോധിച്ചപ്പോൾ പ്രമുഖരായ പുരുഷനേതാക്കന്മാർ ഒളിവിലായി. തൊഴിലാളിസ്ത്രീകളുടെ സംഘാടകയായിരുന്ന കെ. മീനാക്ഷി യൂണിയന്റെ ജനറൽ സെക്രട്ടറിയായി; ലേബർകമ്മിഷണർ വിളിച്ചുകൂട്ടിയ ആലോചനയിൽ അവർ യൂണിയനെ പ്രതിനിധീകരിച്ചു; സമരങ്ങളുടെ മുൻനിരസംഘാടകയായി. ഈയവസരത്തിൽ യൂണിയനുകളുടെ പുറത്തുതന്നെ സ്ത്രീസംഘടനയുണ്ടായി-മഹിളാസംഘം. 1943-ൽ അമ്പലപ്പുഴ താലൂക്കു് മഹിളാസംഘം രൂപീകരിക്കപ്പെട്ടപ്പോൾ അവരതിന്റെ ജനറൽ സെക്രട്ടറിയായി. 1946-ൽ നിരോധിക്കപ്പെടുംവരെ സംഘടന വളർന്നുകൊണ്ടുതന്നെയിരുന്നു. പക്ഷേ, സമാധാനകാലം മടങ്ങിവന്നതോടുകൂടി സ്ത്രീകൾക്കു് യൂണിയനുകളിലുംമറ്റും ലഭിച്ച സ്ഥാനം പിൻവലിക്കപ്പെട്ടു.
അക്കാലത്തു് കൃഷിയിലും കശുവണ്ടി, കയർ പോലെയുള്ള വ്യവസായങ്ങളിലും പണിയെടുത്തിരുന്നവരിൽ വളരെ വലിയൊരു ശതമാനം സ്ത്രീകളായിരുന്നു. കർഷകത്തൊഴിലാളിസ്ത്രീകളായിരുന്നു ഫാക്ടറികളിൽ അധികവും എത്തിയിരുന്നതു്. പുലയ-കുറവസമുദായക്കാരായിരുന്നു ഇവരിൽ അധികംപേരും. ഈ ചുവടുമാറ്റത്തിന്റെ നല്ലൊരു ചിത്രം ലിന്റ്ബർഗ് നടത്തിയ അഭിമുഖങ്ങളിൽനിന്നു തെളിയുന്നുണ്ടു്. 1920-തിനടുത്തു ജനിച്ച കുറവസമുദായാംഗമായ ഒരു സ്ത്രീയുടെ ജീവിതകഥയിൽ നിന്നു്:
ഞാനെപ്പഴാണു് ജനിച്ചതെന്നു് എനിക്കറിയില്ല—അപ്പോൾ രാജഭരണമായിരുന്നു. ജന്മിയുടെ വയലിലെ കുടിയിൽ അപ്പനമ്മമാരോടും സഹോദരങ്ങളോടും അമ്മൂമ്മയോടുമൊത്താണു് കുട്ടിക്കാലം കഴിഞ്ഞതു്. എല്ലാവരും പാടത്തു് പണിക്കുപോയിരുന്നു. ഞാനും കളപറിക്കാൻപോയിരുന്നു. കൂലിയായി കിട്ടിയിരുന്നതു നെല്ലാണു്. … അപ്പനമ്മമാർക്കു് പണികിട്ടാതെ കഷ്ടപ്പെട്ട സമയം… ഞാൻ കുട്ടിയായിരുന്നപ്പം… ഓർക്കുന്നു.
പിന്നെ ഒരു ദിവസം-എനിക്കു ഏഴു വയസ്സുള്ളപ്പോൾ-അമ്മ എന്നെ അണ്ടിഫാക്ടറിയിൽ കൊണ്ടുപോയി. കുറേദൂരം… നടന്നാണു് പോയതു്. ചുറ്റുവട്ടത്തുള്ള പെണ്ണുങ്ങളും കുട്ടികളും കുറച്ചാണുങ്ങളും ഒപ്പമുണ്ടായിരുന്നു. മിക്കവരും ഞങ്ങളുടെ ജാതിക്കാരോ പുലയരോ ആയിരുന്നു. അമ്മ അണ്ടിതല്ലിയപ്പോൾ ഞാൻ അടുത്തിരുന്നു. അതുചെയ്യാൻ അമ്മ എന്നെ പഠിപ്പിച്ചു, ഞാൻ ദിവസംമുഴുവൻ അണ്ടിതല്ലി. പക്ഷേ അമ്മയുടെ അടുത്തായി ചാക്കിൽ കിടന്നിരുന്ന കൊച്ചനുജനെ നോക്കുന്ന പണിയും എനിക്കായിരുന്നു. … ഞാനാദ്യം പണിക്കുപോയതു് ഒരു വിദേശിയുടെ ഫാക്ടറിയിലായിരുന്നു. എനിക്കവിടം തീരെ ഇഷ്ടമല്ലായിരുന്നു-ഭയങ്കര ചിട്ടയും ശിക്ഷയും ഒക്കെയായിരുന്നു. ഒരു ദിവസം വിശപ്പുകൊണ്ടു് ഞാൻ ഒരു അണ്ടിപ്പരിപ്പു തിന്നുപോയി. എന്നെ ഉടമയുടെ ആൾ പിടികൂടി, തല്ലി, വലിച്ചിഴച്ചു ഫാക്ടറിയുടെ പുറത്തുതള്ളി. പിന്നുള്ള രണ്ടാഴ്ച ഞാൻ അമ്മ വരുംവരെ പുറത്തു കാത്തുനിന്നു. കൂലി കുറവായിരുന്നു, പക്ഷേ പണമായിട്ടു കിട്ടും… മാത്രമല്ല, എന്നും പണികിട്ടി. വളരെക്കാലം ഞങ്ങൾ ഞായറാഴ്ചയും പണിക്കുപോകുമായിരുന്നു. പ്രത്യേകിച്ചു ജോലിസമയമില്ലായിരുന്നു. ഞങ്ങൾ വെളുക്കും മുതൽ ഇരുട്ടുംവരെ പണിയെടുത്തു. മടങ്ങുമ്പോഴേക്കും ഇരുട്ടിയിരിക്കും, ചൂട്ടുംകത്തിച്ചാണു് പോരുന്നതു്…
ഏതാണ്ടിതേ പ്രായമുള്ള നായർ സമുദായാംഗമായ മറ്റൊരു തൊഴിലാളിസ്ത്രീയുടെ അനുഭവം മറ്റൊരു വിധത്തിലുള്ളതാണു്:
…ഞാൻ 1920-ൽ കൊല്ലത്തു ജനിച്ചു. നാലുവർഷം പള്ളിക്കൂടത്തിൽ പോയി, പക്ഷേ പന്ത്രണ്ടാംവയസ്സിൽ വീട്ടിനടുത്തുണ്ടായിരുന്ന അണ്ടിഫാക്ടറിയിൽ പോയിത്തുടങ്ങി. അച്ഛനു പണിയൊന്നും ഇല്ലായിരുന്നു… അമ്മൂമ്മയുടെ കാലത്തു് ഒരുപാടു ഭൂമിയുണ്ടായിരുന്നു. അതു ഭാഗംവച്ചപ്പോൾ ഓരോരുത്തർക്കും കുറച്ചേ കിട്ടിയുള്ളു… ആ ഭൂമിയിൽ അച്ഛൻ വീടുപണിതു. പക്ഷേ ഞങ്ങൾ ദരിദ്രരായിക്കഴിഞ്ഞിരുന്നു. അതുകൊണ്ടാണു് അമ്മയും സഹോദരിമാരും ഞാനും അണ്ടിഫാക്ടറിയിൽ പോയതു് … ഞങ്ങളുടെ ജാതിയിൽപ്പെട്ട സ്ത്രീകൾ ഇതുപോലുള്ള സ്ഥലങ്ങളിൽ പോകുന്നതേ അപൂർവ്വമായിരുന്നു. പക്ഷേ, 1930-കളിൽ ഭയങ്കര പട്ടിണിയായിരുന്നു. മിക്ക നായർ സ്ത്രീകളും വീട്ടിലിരുന്നു് കയർപിരിക്കുകയോ തയ്ക്കുകയോ ഒക്കെ ചെയ്തിരുന്നു.
1970-കളുടെ ആരംഭത്തിൽ നടപ്പിലായ ഭൂപരിഷ്കരണത്തിലൂടെ കൃഷിഭൂമി ലഭ്യമായതു് അധികവും കർഷകർക്കാണു്. കർഷകത്തൊഴിലാളികളായിരുന്ന ദളിതർക്കായിരുന്നു കേരളത്തിലെ പരമ്പരാഗതകൃഷിയെക്കുറിച്ചു് അറിവും പരിചയവും. എന്നാൽ അവർക്കു് സ്വന്തമായി കിടപ്പാടത്തിനുള്ള ചെറിയ തുണ്ടുഭൂമികളേ കിട്ടിയുള്ളൂ. സർക്കാർ മിച്ചഭൂമി ദളിതർക്കു വിതരണംചെയ്യുമെന്ന വാഗ്ദാനങ്ങൾ നടപ്പായതുമില്ല. 1974-ൽ രൂപീകൃതമായ കേരള ഹരിജൻ ഫെഡറേഷൻ ദളിതർക്കു് മിച്ചഭൂമി ലഭ്യമാക്കാനുള്ള സമരങ്ങൾ 1970-കളിൽത്തന്നെ സംഘടിപ്പിച്ചു തുടങ്ങി. കല്ലറ സുകുമാരന്റെ നേതൃത്വത്തിൽ പീരുമേടു് താലൂക്കിൽ മിച്ചഭൂമിയിൽ പ്രവേശിച്ചു കുടിലുകെട്ടാനുള്ള ശ്രമങ്ങൾ സജീവമായിരുന്നു. ഈ സമരങ്ങളുടെ മുൻപന്തിയിൽ ധാരാളം സ്ത്രീകളുമുണ്ടായിരുന്നു. ശ്യാമള തങ്കപ്പൻ, രാജമ്മ ശിവൻ, കാർത്യായനി കുഞ്ഞുമോൻ, കുട്ടിയമ്മ തങ്കപ്പൻ മുതലായ സ്ത്രീകൾ കേരള ഹരിജൻ ഫെഡറേഷനുമായി ചേർന്നു പ്രവർത്തിച്ചവരാണു്. അക്കാലത്തു് ഇടുക്കി സിവിൽ സ്റ്റേഷനുമുമ്പിൽ ഭൂമിക്കുവേണ്ടി 27 ദിവസം നീണ്ടുനിന്ന സമരത്തിൽ ഇവരെല്ലാം പങ്കാളികളായിരുന്നു. ശ്യാമള തങ്കപ്പൻ പത്തുദിവസംനീണ്ട നിരാഹാരസമരം നടത്തിയ ഓർമ്മകൾ പങ്കുവയ്ക്കുന്നു. ഇടുക്കിയുടെ പല ഭാഗങ്ങളിലായി കുടിലുകെട്ടാനും കൃഷിനടത്താനും ശ്രമിച്ചതും നാട്ടുപ്രമാണിമാരുടെയും വനപാലകരുടെയും ആക്രമണങ്ങളെ നേരിട്ടതും മറ്റും അവർ ഓർക്കുന്നു. പുരുഷന്മാരോടൊപ്പം എല്ലാ ജോലികളുംചെയ്തു് കുടുംബ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയ സമരത്തിൽ സജീവപങ്കാളികളായസ്ത്രീകളാണവർ. അടുത്തകാലത്തു് നടന്ന ചെങ്ങറ ഭൂസമരത്തിലും ആദിവാസി ഭൂസമരങ്ങളിലും സ്ത്രീകൾ സജീവമായ പങ്കുതന്നെ വഹിച്ചിട്ടുണ്ടു്. (രേഖാ രാജ് നടത്തിയ അഭിമുഖങ്ങളിൽനിന്നു്.)
എന്നാൽ, പൊതുവെ ഇക്കാലത്തെക്കുറിച്ചു് നമുക്കു് ലഭ്യമായ എഴുത്തുകളിൽ മറ്റൊരുതരം സ്ത്രീപങ്കാളിത്തമാണു് പാടിപ്പുകഴ്ത്തപ്പെടുന്നതു്. സ്ത്രീകളുടെ സഹനത്തിനും ത്യാഗത്തിനും മുൻതൂക്കം നൽകുന്ന കഥകളാണവ-കുടുംബത്തിന്റെ പരിധികൾവിടാതെ പാർട്ടിക്കുവേണ്ടി സ്ത്രീകൾ ചെയ്ത സേവനത്തെക്കുറിച്ചുള്ളവ. കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടവേളയിൽ ഒളിവിലായ നേതാക്കന്മാരെ പോലീസിൽനിന്നു രക്ഷിച്ചു പാർപ്പിക്കുക, രഹസ്യസന്ദേശങ്ങളും പണവുംമറ്റുമെത്തിക്കുക മുതലായ ജോലികളേറ്റെടുത്തതു് സ്ത്രീകളും കുട്ടികളുമാണു്. ‘മക്കളേയും പോറ്റി, പാർട്ടിയേയും പോറ്റി’ എന്നാണു് വടക്കേമലബാറിൽനിന്നുള്ള ഒരു പഴയകാലപ്രവർത്തക തന്റെ 1940-കളിലെ പാർട്ടി പ്രവർത്തനത്തെക്കുറിച്ചു പറഞ്ഞതു്. കുടുംബങ്ങൾക്കുള്ളിൽ സ്ത്രീകൾ സഹിച്ച ത്യാഗവും കടുത്ത പൊലീസ് മർദ്ദനത്തിനെതിരെ പിടിച്ചുനിന്ന അവരുടെ സഹനവും ചില ആത്മകഥകളിലെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടു്-ദേവയാനി കുഞ്ഞമ്പുവിന്റെ ചോരയും കണ്ണീരും നനഞ്ഞ വഴികൾ അവയിലൊന്നാണു്. ജയിലിൽപോയ മുതിർന്ന സ്ത്രീനേതാക്കൾ ധനശക്തിയുള്ളവരായിട്ടുപോലും മർദ്ദനത്തിൽനിന്നൊഴിവായില്ല-കെ. ആർ. ഗൗരിയമ്മയുടെ അനുഭവങ്ങൾ അതു വ്യക്തമാക്കുന്നു.
കേരളത്തിലെ കമ്മ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഗൗരിയമ്മയ്ക്കൊപ്പം നിൽക്കുന്ന പേരാണു് സുശീലാ ഗോപാലന്റേതു്. സ്ത്രീതൊഴിലാളികളുടെ വീട്ടുത്തരവാദിത്വങ്ങൾക്കും വീട്ടിനുള്ളിൽ അവർക്കു നടത്തേണ്ടിവന്ന ചെറുത്തുനിൽപ്പുകൾക്കും തൊഴിലിടത്തു് അവരനുഭവിച്ച ചൂഷണത്തോളംതന്നെ ഗൗരവംകൽപിക്കുന്ന പ്രവർത്തനശൈലിയുടെ പ്രാധാന്യത്തെക്കുറിച്ചു് തൊഴിലാളിപ്രസ്ഥാനത്തിലും ഇടതുസ്ത്രീപ്രസ്ഥാനത്തിലും ദീർഘകാലം പ്രവർത്തിച്ച അവർ, ഒരുപക്ഷേ മറ്റാരെക്കാളും, ബോധവതിയായിരുന്നു. കയർതൊഴിലാളി ഫെഡറേഷന്റെ പ്രസിഡന്റായിരിക്കേ 1983-ൽ മീരാ വേലായുധനു് നൽകിയ അഭിമുഖത്തിൽ അവർ ഇക്കാര്യം ഊന്നിപ്പറയുന്നുണ്ടു്. തൊഴിലാളിസ്ത്രീകൾ സ്ത്രീപ്രസ്ഥാനത്തിലും സജീവമാകേണ്ടതുണ്ടെന്നും രാഷ്ട്രീയനേതൃത്വം സ്ത്രീകളുടെ സവിശേഷ ആവശ്യങ്ങളെ പരിഗണിക്കുമെന്നു് ഉറപ്പുവരുത്താൻ ഇതു് വളരെ ആവശ്യമാണെന്നും അവർ വാദിച്ചു. സ്ത്രീകളുടെ രാഷ്ട്രീയവൽക്കരണം അവരുടെമാത്രം ആവശ്യമല്ലെന്നും ഒരു സ്ത്രീ രാഷ്ടീയത്തിൽ താൽപര്യമെടുത്തുതുടങ്ങിയാൽ കുടുംബമാകെ രാഷ്ട്രീയവൽക്കരിക്കപ്പെടുമെന്നും അവർ നിരീക്ഷിക്കുന്നു.
കുടുബത്തിൽ സ്ത്രീകൾചെയ്യുന്ന ജോലികൾ വീട്ടിനുപുറത്തു് ശമ്പളത്തിനുചെയ്യുമ്പോൾ സമൂഹം അതിനു മതിയായ വിലകൽപിക്കാൻ തയ്യാറാകുന്നില്ലെന്നാണു് അംഗണവാടി ജീവനക്കാരികളുടെയും സാമൂഹ്യസുരക്ഷാരംഗത്തും വികസനരംഗത്തും പ്രവർത്തിക്കുന്ന അനേകായിരം സ്ത്രീകളുടെയും അനുഭവം. തൊഴിലാളികളെന്ന നിലയ്ക്കുതന്നെ ഇക്കൂട്ടരെ സംഘടിപ്പിക്കാൻ മുൻകൈയെടുത്തതു് സുശീലാ ഗോപാലനാണു്. താൻ കടന്നുപോയ കാലത്തു് ഇടതുരാഷ്ട്രീയത്തിലേക്കുവന്ന സ്ത്രീകൾ കുടുംബത്തിന്റെ വിലക്കുകളോടും സംഘടനയിലെ ആൺകോയ്മയോടും ഒരുപോലെ മല്ലിടുന്നതു് അവർ ധാരാളം കണ്ടിരുന്നു. ഗൗരിയമ്മ, കൂത്താട്ടുകുളം മേരി തുടങ്ങിയ ചുരുക്കം ചിലർ മിക്ക കടമ്പകളും കടന്നെങ്കിലും മറ്റുപലർക്കും അതിനു കഴിഞ്ഞില്ല. പലപ്പോഴും ജീവിതത്തിലുണ്ടായിരുന്ന എല്ലാ സുരക്ഷയും നഷ്ടപ്പെട്ട സ്ഥിതിവരെ പലർക്കുമുണ്ടായി. 1948-ൽ തിരുവിതാംകൂർ നിയമസഭയ്ക്കുള്ളിൽ ദിവാൻഭരണത്തിനെതിരെ മുദ്രാവാക്യം മുഴക്കിയ പി. ജെ. ഏലിയാമ്മ, പി. കെ. മേരി എന്നിവർ തൊഴിലാളിസംഘടനാപ്രവർത്തകരും ഫാക്ടറിക്കമ്മറ്റി അംഗങ്ങളുമായിരുന്നു. ഈ സംഭവത്തിനു ശേഷം മേരിയെ അവരുടെ ഭർത്താവു് വീട്ടിൽനിന്നു അടിച്ചിറക്കിവിട്ടത്രെ. അവർ രോഗിയായിത്തീരുകയും അധികം താമസിയാതെ മരിക്കുകയുംചെയ്തു. അറസ്റ്റുചെയ്യപ്പെട്ടു ജയിലിലായ കാലത്തു് ഇവരുടെ മക്കളെ സംരക്ഷിച്ചതു് അമ്പലപ്പുഴ താലൂക്കു് മഹിളാസംഘത്തിന്റെ പ്രസിഡന്റായിരുന്ന കാളിക്കുട്ടി ആശാട്ടിയായിരുന്നെന്നു് മീരാ വേലായുധൻ പറയുന്നു.
ഇത്രയും കാണുമ്പോൾ ഒരു ചോദ്യം തീർച്ചയായും നമ്മുടെ മനസ്സിലവശേഷിക്കും. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളിലെ തൊഴിലാളികൾ ബഹുഭൂരിപക്ഷവും സ്ത്രീകളാണെന്നിരിക്കെ, തൊഴിലാളിസ്ത്രീകളുടെ സമരപാരമ്പര്യം ഈവിധം ഉജ്ജ്വലമാണെന്നിരിക്കെ, തൊഴിലാളിപ്രസ്ഥാനത്തിന്റെ തലപ്പത്തു് സ്ത്രീകൾ എന്തുകൊണ്ടെത്തിയില്ല? 1950-കളിലെ ജനയുഗം പത്രം തൊഴിലാളിസമരങ്ങളെക്കുറിച്ചു പ്രസിദ്ധീകരിച്ച വിവരണങ്ങൾ പരിശോധിച്ചാൽ ഈ ചോദ്യത്തിനു് ഉത്തരം കണ്ടെത്താനാകുമെന്നു് കേരളത്തിലെ കശുവണ്ടിത്തൊഴിലാളിസ്ത്രീകളുടെ ചരിത്രകാരിയായ അന്നാ ലിന്റ്ബർഗ് ചൂണ്ടിക്കാണിക്കുന്നു. സമരങ്ങളുടെ ഇടം പുരുഷന്മാരുടേതാണെന്ന നിശബ്ദമെങ്കിലും ശക്തമായ അടിസ്ഥാനധാരണയാണു് ഈ വിവരണങ്ങളുടേതെന്നു് അന്ന വാദിക്കുന്നു. സമരങ്ങളുടെ മുൻനിരയിൽ ധാരാളം സ്ത്രീകളുണ്ടായിരുന്നുവെന്നതിൽ യാതൊരു സംശയവുമില്ല. ഉദാഹരണത്തിനു് 1960-കളിൽ കശുവണ്ടിമേഖലയിലെ തൊഴിലാളികളിൽ 90 ശതമാനത്തിലധികവും സ്ത്രീകളായിരുന്നു. എന്നാൽ സമരങ്ങളുടെ വിവരണത്തിൽ പലപ്പോഴും അവർ ‘ഉപഘടക’മായാണു് കരുതപ്പെടുന്നതു്. നേതാക്കന്മാരുടെ പ്രസംഗങ്ങൾ, പോലീസ് നടപടി മുതലായവ വിവരിച്ചശേഷം ‘നൂറുകണക്കിനു് തൊഴിലാളിസ്ത്രീകളും സമരത്തിൽ പങ്കെടുത്തു’വെന്നു് ഒഴുക്കൻമട്ടിൽ പറഞ്ഞുപോകുന്ന വിവരണങ്ങളാണു് ഇവയിലധികവും. സ്ത്രീസമരങ്ങളെന്നുതന്നെ വിശേഷിപ്പിക്കാമായിരുന്ന കശുവണ്ടിത്തൊഴിലാളി സമരങ്ങളിൽ ഇത്രയധികം പുരുഷന്മാർ എങ്ങനെ കടന്നുകൂടിയെന്നതിനെക്കുറിച്ചു് 1940-കൾമുതൽ ഈ മേഖലയിൽ സംഘടനാപ്രവർത്തനം നടത്തിയ ഗോമതി, അന്നാ ലിന്റ്ബർഗിനോടു പറയുന്നു:
…സാധാരണ ഞങ്ങൾ ഒരു സത്യാഗ്രഹം നടത്തുമ്പോഴോ അല്ലെങ്കിൽ വഴിയോ ഫാക്ടറിവാതിലോ കെട്ടിടമോ ഉപരോധിക്കുമ്പോഴോ അണ്ടിതല്ലുകയും തൊലിക്കുകയും ചെയ്യുന്ന സ്ത്രീകളും പുരുഷന്മാരുമായ തൊഴിലാളികളിൽ മിക്കവരും പങ്കെടുക്കുമായിരുന്നു… നിങ്ങൾ പത്രത്തിൽ വായിച്ചുകണ്ട പുരുഷന്മാർ, തൊഴിലാളികളായ പുരുഷന്മാരെ ഒഴിച്ചാൽ, രണ്ടുതരമായിരുന്നു. ആദ്യത്തേതു് ഞങ്ങളുടെ ഭർത്താക്കന്മാരോ സഹോദരന്മാരോ മക്കളോ അച്ഛന്മാരോ അമ്മാമന്മാരോ ഒക്കെ. അവസരംകിട്ടുമ്പോഴൊക്കെ-അവർക്കു അവസരം കിട്ടാൻ പലപ്പോഴും പ്രയാസമില്ലായിരുന്നു, കാരണം അവരിൽ പലർക്കും തൊഴിലില്ലായിരുന്നു-അവർ ഞങ്ങളോടൊപ്പം ചേർന്നു് വലിയൊരാൾക്കൂട്ടമുണ്ടാക്കിയിരുന്നു. മറ്റേതരക്കാർ രാഷ്ട്രീയപ്രവർത്തകരായിരുന്നു. വിദ്യാർത്ഥി-യുവജനസംഘടനകളിലും മറ്റു ട്രഡ് യൂണിയനുകളിലും പാർട്ടിയിലുംമറ്റും പ്രവർത്തിച്ചവർ. അവരും ഞങ്ങളോടു് ഐക്യദാർഢ്യം കാട്ടിയിരുന്നു. അതുകൊണ്ടാണു് സ്ത്രീകളുടെ സമരത്തിൽ ഇത്രയധികം പുരുഷന്മാരെ നിങ്ങൾ കണ്ടതു്.
(Experience and Identity, പുറം. 275)
അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ചു് മലയാളിക്കുള്ള ഓർമ്മകൾ മുഴുവൻ സമരനേതാക്കന്മാരെയും വീരനായകന്മാരെയും ചുറ്റിനിൽക്കുന്നവയാണു്. ആ കാലത്തു് സർക്കാരിനെ നേരിട്ടു വെല്ലുവിളിക്കാൻ തയ്യാറായി ജയിലിൽപോയ കശുവണ്ടിസ്ത്രീകൾക്കു് ഇന്നും ചരിത്രത്തിൽ ഇടമില്ല. അവർ അതിന്റെ പേരിൽ പെൻഷൻ വാങ്ങാൻ ആരുടെയും മുന്നിൽ കൈനീട്ടാത്തതുകൊണ്ടാകാം!
ലിന്റ്ബർഗുമായി നടത്തിയ അഭിമുഖത്തിൽ അന്നു് വെറും പതിനെട്ടു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന രാജി എന്ന തൊഴിലാളിവനിത തന്റെ അനുഭവം പങ്കുവയ്ക്കുന്നു:
പാർട്ടിയിലെ പുരുഷസഖാക്കളിൽ ചിലർ ഞങ്ങളോടു് കശുവണ്ടി തൊഴിലാളികളുടെ ഒരു പ്രകടനം സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടു. കളക്ടറേറ്റിൽ ചെന്നു് തടവിലാക്കപ്പെട്ട നേതാക്കളുടെ മോചനം ആവശ്യപ്പെടാൻ അവർ നിർദ്ദേശിച്ചു. മറ്റെല്ലാ കശുവണ്ടിഫാക്ടറികളിൽനിന്നും പെണ്ണുങ്ങൾ വന്നു. ഇരുപതുസ്ത്രീകളടങ്ങുന്ന ബാച്ചുകളായിട്ടാണു് ഞങ്ങൾ പോയതു്. അങ്ങനെ ഞങ്ങൾ കളക്ടറേറ്റിന്റെ ഹാളിൽ സംഘമായി കടന്നു, അറസ്റ്റുചെയ്യപ്പെട്ടു. അപ്പോൾ നേതാക്കൾ പുതിയപുതിയ ബാച്ചുകളെ ആയച്ചുകൊണ്ടേയിരുന്നു, ഒടുവിൽ കൊല്ലം ജയിൽ നിറഞ്ഞുകവിഞ്ഞു. ഞങ്ങൾക്കു് നേതാക്കളെ പിൻതാങ്ങാൻ സമ്മതമായിരുന്നു. ബോംബെയിൽകൊണ്ടുപോയി വേശ്യകളാക്കുമെന്നു് പോലീസുകാർ ഭീഷണിപ്പെടുത്തിയെങ്കിലും ഞങ്ങൾ പേടിച്ചില്ല.
…അടിയന്തരാവസ്ഥ തിരിച്ചുവരണമെന്നു് ഞാൻ പറയില്ല, പക്ഷേ ഒരുതരത്തിൽ അതൊരു മഹത്തായ കാലമായിരുന്നു. അന്നെനിക്കു ചെറുപ്പമായിരുന്നു, ഈ രാഷ്ട്രീയയുദ്ധത്തിന്റെ ഒത്തനടുക്കു നിൽക്കാൻ കഴിഞ്ഞതു് കോരിത്തരിപ്പിക്കുന്ന അനുഭവമായിരുന്നു. എനിക്കെന്തോ ഭയങ്കരശക്തി കൈവന്നുവെന്ന തോന്നലായിരുന്നു. എനിക്കതു് വലിയ ആനന്ദമായിരുന്നു. ഞാൻ ഒരു പ്രധാനപ്പെട്ട ആളാണെന്നു തോന്നി, ഞാൻ ഈ രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്തെന്ന തോന്നൽ—ആ കാലം ഒരിക്കലും തീരാതിരുന്നെങ്കിൽ എന്നു തോന്നിപ്പോകുന്നു.
(Anna Lindberg, Experience and Identity, പുറം 236)
1950-കളിൽത്തന്നെ തൊഴിലാളിസ്ത്രീകളെ ‘വെറും വീട്ടമ്മമാരാ’ക്കി മാറ്റുന്ന പ്രക്രിയകൾ സജീവമായിത്തുടങ്ങിയെന്നു് ലിന്റ്ബർഗ് നിരീക്ഷിക്കുന്നുണ്ടു്. പുരുഷതൊഴിലാളികൾ കുടുംബനാഥന്മാരാണെന്നും വീടുപോറ്റുന്ന ഉത്തരവാദിത്തം അവർക്കാണെന്നും അതിനാൽ സ്ത്രീത്തൊഴിലാളികളേക്കാൾ അധികമായ കുടുംബവേതനം (family wage) അവർക്കു ലഭിക്കണമെന്നുമുള്ള പൊതുധാരണ തൊഴിലാളിനേതാക്കന്മാരും ഉദ്യോഗസ്ഥരും ഫാക്ടറിയുടമകളും പങ്കുവെച്ചുതുടങ്ങിയെന്നു് ലിന്റ്ബർഗ് പറയുന്നു. 1950-കളിലെ കൂലി തീരുമാനിക്കാനുള്ള കമ്മിറ്റികളുടെ പ്രവർത്തനത്തെ അപഗ്രഥിച്ചുകൊണ്ടാണു് അവരിതു പറയുന്നതു്. ഇതോടെ സ്ത്രീത്തൊഴിലാളി വീട്ടിലേക്കു് രണ്ടാംവരുമാനം (secondary earning) മാത്രം കൊണ്ടുവരുന്നവളാണെന്നു വന്നു. തുല്യകൂലിക്കു് തുല്യവേതനമെന്ന ലക്ഷ്യം പൊള്ളയായ മുദ്രാവാക്യംമാത്രമായിത്തീർന്നു. എന്നാൽ, 1970-കളിൽപ്പോലും ബ്രാഹ്മണമൂല്യങ്ങൾ പൂർണ്ണമായും പിടിമുറുക്കിയിരുന്നില്ലെന്നു് തെളിവുണ്ടു്-അക്കാലത്തു് ലൈംഗികപീഢനങ്ങൾക്കെതിരെ നടന്നിരുന്ന ‘ഗർഭസത്യാഗ്രഹങ്ങൾ’തന്നെ!
ദേശീയപ്രസ്ഥാനം സ്വീകരിച്ച ഒരു തന്ത്രമെങ്കിലും തൊഴിലാളിപ്രസ്ഥാനവും സ്വീകരിച്ചിരുന്നു. സ്വന്തം അവകാശങ്ങൾ നേടിയെടുക്കാൻ സമരംചെയ്യുന്ന തൊഴിലാളികളെന്നതിനേക്കാൾ കുടുംബത്തിന്റെ പട്ടിണിമാറ്റാൻ തെരുവിലിറങ്ങി സമരത്തിൽചേർന്ന അമ്മമാരെന്നനിലയ്ക്കു് തൊഴിലാളിസ്ത്രീകളെ ചിത്രീകരിക്കുന്ന രീതി 1950-കളിലെ ജനയുഗത്തിൽ ധാരാളമുണ്ടു്. എന്നാൽ ‘സ്ത്രീത്വ’ത്തെ മറ്റൊരുവിധത്തിൽ സമരരംഗത്തു പ്രയോഗിച്ച ഒരു തൊഴിലാളിയുവതിയെക്കുറിച്ചു് കശുവണ്ടിമേഖലയിലെ സമരങ്ങളെക്കുറിച്ചെഴുതിയ കേശവൻനായർ പറയുന്നുണ്ടു്. കൊല്ലത്തിനടുത്തു പ്രവർത്തിച്ചിരുന്ന ഒരു അണ്ടിഫാക്ടറി തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങളത്രയും മുന്നറിയിപ്പുകൂടാതെ പിൻവലിച്ചതിനെത്തുടർന്നു് തൊഴിലാളികൾ സമരം പ്രഖ്യാപിച്ചു. പോലീസ് രംഗത്തെത്തി സമരക്കാരെ പിരിച്ചുവിടാൻ ശ്രമം തുടങ്ങി. പെട്ടെന്നു് ആയുധമേന്തിയ പോലീസുകാരുടെ മുന്നിലേക്കു് ഒരു തൊഴിലാളിസ്ത്രീ താൻ ധരിച്ചിരുന്ന കുപ്പായം വലിച്ചൂരിക്കളഞ്ഞുകൊണ്ടു് ചാടിവീണത്രെ. തന്റെ നെഞ്ചിലൂടെ വെടിയുണ്ട കടത്താൻ ധൈര്യമുള്ള പോലീസുകാരൻ അതുചെയ്യട്ടെ എന്നു് അവർ വെല്ലുവിളിച്ചു. (സി.ഐ.ടി.യു സന്ദേശം, 18(11), 1995, പുറം 13-14.) ഈ സംഭവം തീർച്ചയായും അധികം പാടിപ്പുകഴ്ത്തപ്പെട്ടിട്ടില്ലാത്ത ഒന്നാണു്. എങ്കിലും ‘സ്ത്രീത്വ’ത്തെ സമരരംഗത്തു് എങ്ങനെ പ്രയോഗിക്കാമെന്ന ചോദ്യത്തിനു് ഒന്നിലധികം ഉത്തരങ്ങൾ തൊഴിലാളിപ്രസ്ഥാനത്തിനുള്ളിൽത്തന്നെ ഉണ്ടായിരുന്നുവെന്ന വസ്തുതയിലേക്കാണു് ഈ സംഭവം വെളിച്ചംവീശുന്നതു്.
1960-കളിൽ കേരളത്തിൽ രൂപമെടുത്ത നക്സലൈറ്റ് പ്രസ്ഥാനത്തിൽ ഏറെ ദൃശ്യത നേടിയ സ്ത്രീകളുണ്ടായിരുന്നു-അജിത, മന്ദാകിനി നാരായണൻ. എന്നാൽ ആ പ്രസ്ഥാനത്തിനുള്ളിൽ അവർ സ്ത്രീപക്ഷസ്വാധീനം ചെലുത്തിയെന്നു് പറയാനാവില്ല. നക്സലൈറ്റുപ്രസ്ഥാനത്തിൽ തന്റെതായ സംഭാവന ഉണ്ടായിട്ടില്ലെന്നും, മറ്റുള്ളവർക്കൊപ്പം കഴിയുന്നത്ര പ്രവർത്തിക്കാനാണു് താൻ ശ്രമിച്ചതെന്നും അജിത പിൽക്കാലത്തു് പറഞ്ഞിട്ടുണ്ടു്. കേരളത്തിൽ പിന്നീടുണ്ടായ സ്ത്രീപക്ഷപ്രസ്ഥാനത്തിലൂടെയാണു് അവർ സാമൂഹ്യനീതിക്കുവേണ്ടിയുള്ള തന്റെ പോരാട്ടം തുടർന്നതു്.
ആലപ്പുഴയിലെ കമ്യൂണിസ്റ്റ് കലാപ്രവർത്തകയായ പി. കെ. മേദിനി തന്റെ വിവാഹത്തെക്കുറിച്ചു പറഞ്ഞതു്:
…രാത്രികാലങ്ങളിൽ പാട്ടുപാടി ചെറിയൊരു വരുമാനമൊക്കെ കിട്ടിത്തുടങ്ങി. സഹോദരന്മാരൊക്കെ വിവാഹം കഴിച്ചു. സ്ത്രീധനം കൊടുത്തു കല്യാണംകഴിക്കാൻ എനിക്കു നിവൃത്തിയുണ്ടായിരുന്നില്ല. എന്റെ വിവാഹത്തിന്റെ ധനശേഖരണാർത്ഥം ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകം നടത്താൻ എന്റെ സഹോദരന്മാർ പ്ലാനിട്ടു. അതെനിക്കു വലിയ വിഷമമുണ്ടാക്കി. എനിക്കു് 21 വയസ്സു പ്രായം. ഇതിനിടെ ഒരുപാടു പ്രേമങ്ങൾ വന്നുകൊണ്ടിരുന്നു. ഒന്നിലും നല്ലജീവിതം കിട്ടില്ലെന്നുറപ്പായപ്പോൾ ഞാനവ തിരസ്ക്കരിച്ചു. പിന്നെ ഒരു തീരുമാനമെടുത്തു. ഒരു കോൺഗ്രസ്സുകാരനായ എന്റെ കസിൻ, ഈ വീടിന്റെ ഉടമ, എന്റെ ആങ്ങളമാരുടെ സുഹൃത്താണു്, വീട്ടിലെപ്പോഴും വരും. വിദ്യാഭ്യാസമുള്ള ആളാണു്. സുമുഖനും സുന്ദരനുമാണു്. പക്ഷേ, ചില ആരോഗ്യപ്രശ്നങ്ങളുണ്ടു്-ആസ്ത്മ. അതിനാൽ വിവാഹംകഴിക്കാതെ നടക്കുകയാണു്. എനിക്കു് ചേട്ടനെ വലിയ ഇഷ്ടമായിരുന്നു. നാടകം നടത്തി കല്യാണച്ചെലവുണ്ടാക്കാൻ ശ്രമിക്കുന്ന ആങ്ങളമാരേക്കാൾ എത്ര ഉയർന്ന മനുഷ്യനാണദ്ദേഹം. അദ്ദേഹത്തോടു ഞാൻ പ്രേമാഭ്യർത്ഥന നടത്തി…
(അഭിമുഖം, പച്ചക്കുതിര, ജൂൺ 2008, പുറം. 36)
‘ബ്രാഹ്മണസ്ത്രീത്വാദർശങ്ങൾ എത്രത്തോളം അകലെയാണോ അത്രത്തോളം സ്ത്രീപങ്കാളിത്തം സമരങ്ങളിലുണ്ടാകും’-മലയാളിസ്ത്രീകളുടെ സമരാനുഭവചരിത്രം നമ്മെ പഠിപ്പിക്കുന്ന പാഠങ്ങളിലൊന്നാണതു്. സ്ത്രീകളെ സമുദായത്തിന്റെ ‘ആവശ്യാനുസരണം’ രംഗത്തിറക്കി തിരിച്ചുകയറ്റുന്ന രീതിയെ പൂർണ്ണമായും വെടിയാൻ ഇവിടത്തെ പുരോഗമനപ്രസ്ഥാനങ്ങൾക്കുപോലും കഴിഞ്ഞിട്ടില്ല. അതൽപ്പമെങ്കിലും സാധിച്ചിട്ടുള്ളതു് ബ്രാഹ്മണമൂല്യങ്ങളിൽനിന്നും വരേണ്യലിംഗധാരണകളിൽനിന്നും അകന്നുകഴിയുന്ന ആദിവാസിസമൂഹത്തിലാണു്. 19-ആം നൂറ്റാണ്ടുമുതൽ ഇന്നുവരെയും കേരളത്തിലെ ആദിവാസികൾ അതികഠിനമായ ചൂഷണത്തിനു വിധേയരാണു്. പിടിച്ചുനിൽക്കാൻവേണ്ടിയുള്ള പോരാട്ടങ്ങളുടെ നീണ്ടചരിത്രമാണു് അവർക്കുള്ളതു്. 1970-കൾക്കുശേഷം ദളിത്പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽനടന്ന മിച്ചഭൂമി സമരങ്ങളിലും സ്ത്രീകൾ പൂർണ്ണപങ്കാളികളായുണ്ടായിരുന്നു-എന്നാൽ ഈ സമരങ്ങളെക്കുറിച്ചു് വളരെക്കുറച്ചു വിവരങ്ങൾമാത്രമെ നമുക്കു് ഇന്നുമുള്ളൂ.
പാറ്റാമുരത്തി എന്ന പണിയസ്ത്രീയുടെ സമരകഥ ആരെയും അതിശയിപ്പിക്കുന്ന ഒന്നാണു്. [1] വയനാട്ടിൽ കല്ലൂർവയലിനുസമീപം ഫലഭൂയിഷ്ടമായ ഭൂമിയിലായിരുന്നു അവരുടെ കുടി. നീണ്ടുകിടക്കുന്ന നെൽവയലിന്റെ മദ്ധ്യത്തിൽ ഉയർന്നുനിന്ന ഭൂമിയിന്മേൽ. പണിയർ തലമുറകളായി കൃഷിചെയ്ത ഭൂമിയായിരുന്നു അതു്; അതുസംബന്ധിച്ച രേഖകൾ അവരുടെ കയ്യിൽ ഇല്ലായിരുന്നെങ്കിലും. ആദിവാസികളുടെ ഭൂമിമുഴുവൻ നാട്ടുകാർ കൈക്കലാക്കാൻതുടങ്ങിയ കാലമായിരുന്നു. പാറ്റാമുരത്തിയുടെ വയലും കരഭൂമിയും ഒരു നാട്ടുകാരൻ കൈവശപ്പെടുത്തി, അതിനു വ്യാജരേഖയുമുണ്ടാക്കി. അവർ എല്ലാ രാഷ്ട്രീയക്കാരെയും സമീപിച്ചു. അന്നത്തെ പഞ്ചായത്തു് പ്രസിഡന്റിനോടു പരാതി പറഞ്ഞു. ഒരു ഫലവുമുണ്ടായില്ല. നാട്ടുകാരൻ അവരുടെ കുടിലിനു തീയിട്ടു. ഭൂമി അവരുടേതാണെന്നു തെളിവായിയുണ്ടായിരുന്ന ഒരേയൊരു പുഞ്ചച്ചീട്ടു് കത്തിയെരിഞ്ഞുപോയി. ഇയാൾ മറ്റുപലവിധത്തിലും പണിയരെ ദ്രോഹിച്ചു. പലരും ഒഴിഞ്ഞുപോയി. ഒടുവിൽ അയാൾ പണിയരെ അവരുടെ ഭൂമിയിൽ ശവദാഹം നടത്തുന്നതിൽനിന്നു് തടഞ്ഞപ്പോൾ പാറ്റാമുരത്തി തുറന്നസമരത്തിനുതന്നെ തയ്യാറായി. പഞ്ചായത്തു പ്രസിഡന്റ് മദ്ധ്യസ്ഥ്യം പറയാൻവന്നു. ഭൂമിയുടെ പകുതി തിരിച്ചുകൊടുക്കാമെന്നു് നാട്ടുകാരൻ സമ്മതിച്ചു. ഒരിഞ്ചുഭൂമിപോലും കൊടുക്കില്ലെന്ന നിലപാടിൽ പാറ്റാമുരത്തി ഉറച്ചുനിന്നു. അവരുടെ സമുദായസംഘടനയും പല രാഷ്ട്രീയകക്ഷികളും ഈ പ്രശ്നത്തിൽ ഇടപെട്ടു. തന്റെ നിലപാടിൽ അൽപ്പംകൂടി അയവുവരുത്തണമെന്നു് അവരെല്ലാം പറഞ്ഞു. വളരെക്കാലം ഈ തർക്കം നീണ്ടുപോയി.
രാഷ്ട്രീയക്കാരുടെ നിശബ്ദസഹായത്തോടെ നാട്ടുകാരൻ പഞ്ചായത്തു് പണിയർക്കനുവദിച്ച കിണർ കുത്തുന്നതു തടഞ്ഞു. 1995-ൽ പാറ്റാമുരത്തി ഒരുപടികൂടി കടന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. മുഴുവൻ ഭൂമിയും വീണ്ടെടുത്തു് കൃഷിതുടങ്ങി. വൻ രാഷ്ട്രീയപിൻബലമുണ്ടായിരുന്ന നാട്ടുകാരൻ കോടതിയിൽപ്പോയി; പാറ്റാമുരത്തിയും മറ്റു് അഞ്ചു പണിയരും അറസ്റ്റുചെയ്യപ്പെട്ടു. പക്ഷേ, കോടതി അവരെ വെറുതേവിട്ടു. പോലീസിന്റെ സഹായത്തോടെ നാട്ടുകാരൻ അവരെ കുടിയൊഴിപ്പിക്കാൻ ശ്രമിച്ചു; ആ കുടുംബംമുഴുവൻ പോലീസിന്റെ മുന്നിൽ നിരന്നുനിന്നു് ‘വെടിവയ്ക്കിൻ, ധൈര്യമുണ്ടെങ്കിൽ!’ എന്നു് വിളിച്ചുപറഞ്ഞു. പോലീസ് മടങ്ങിപ്പോയി. അതിനുശേഷം ഒരു പ്രബലരാഷ്ട്രീയകക്ഷിയുടെ യുവജനസംഘടനയെ കൂട്ടുപിടിച്ചുകൊണ്ടായിരുന്നു നാട്ടുകാരന്റെ നീക്കം-ഈ സംഘടനക്കാർ കുടി ആക്രമിച്ചു് വീട്ടിലുണ്ടായിരുന്നവരെ മുഴുവൻ പൊതിരെ തല്ലി. പാറ്റാമുരത്തി വെറുതെയിരുന്നില്ല; അവർ പോലീസിൽ പരാതികൊടുത്തു. പതിനെട്ടുപേർക്കെതിരെ ജാമ്യമില്ലാവാറണ്ടു് പുറപ്പെടുവിക്കപ്പെട്ടു. ഇതോടെ രാഷ്ട്രീയക്കാർക്കു മടുത്തു. പാറ്റാമുരത്തിയും കൂട്ടരും ഭൂമിമുഴുവൻ വീണ്ടെടുത്തു് കൃഷിചെയ്യാൻ തുടങ്ങി. ഒടുവിലത്തെ പ്രയോഗമെന്നനിലയ്ക്കു് നാട്ടുകാരൻ വിലകുറഞ്ഞ മദ്യംകൊണ്ടുവന്നു് പണിയയുവാക്കളെ പാട്ടിലാക്കാൻനോക്കി-അതും അത്ര വിലപ്പോയില്ല. ആ പണിയക്കുടിയുടെ നേതാവായി പാറ്റാമുരത്തി ഉയർന്നുകഴിഞ്ഞിരുന്നു. ഇന്നും ആ ഭൂമിയുടെ പട്ടയം അവർക്കു കിട്ടിയിട്ടില്ല. എങ്കിലും വയനാട്ടിലെ പണിയസ്ത്രീകളുടെ വീരനായികയാണു് 80-ആം വയസ്സിൽ, ദീർഘമായ സമരത്തിനൊടുവിൽ, മരിച്ചുപോയ അവർ.
പാറ്റാമുരത്തിയുടെ കഥ ഭൂതകാലത്തിലായിരുന്നുവെന്നു് പറയാൻ കഴിയില്ല-പല ദശകങ്ങൾ നീണ്ട സമരമായിരുന്നു അവരുടേതെങ്കിലും. ആദിവാസിസ്ത്രീകളുടെ പല തലമുറകൾ നടത്തിവന്ന നിരന്തരമായ സമരത്തിന്റെ ഒടുവിലത്തെ കണ്ണികളിലൊന്നായി ഇതിനെ കാണാം. ആ സമരങ്ങൾ എല്ലാം ഇത്ര ശുഭമായി കലാശിച്ചവയല്ല. സമീപകാലത്തു് നടന്ന ആദിവാസി-ദളിതു് സമരങ്ങളിൽ സ്ത്രീകൾ ഈവിധത്തിലുള്ള കേന്ദ്രസ്ഥാനം വഹിച്ചിട്ടുണ്ടു്. സി. കെ. ജാനുവിനെപ്പോലെ മറ്റേതൊരു സ്ത്രീയുണ്ടു് കേരളരാഷ്ട്രീയത്തിൽ? എന്നാൽ ഈ പ്രതിരോധം, വാസ്തവത്തിൽ, പല തലമുറ പിന്നിലേക്കു നീണ്ടുകിടക്കുന്ന ഒന്നാണു്. അതിനെക്കുറിച്ചുള്ള ചില സൂചനകളേ നമുക്കിന്നുള്ളൂ. 1999-ൽ കോട്ടയത്തെ കുറിച്ചിയിൽ ദളിതർ നടത്തിയ ‘11 കെ. വി. ലൈൻവിരുദ്ധസമരം’, വികസനത്തിന്റെ പുറമ്പോക്കിൽപ്പോലും ദളിതർക്കിടമില്ലെന്ന സർക്കാർ സമീപനത്തിനെതിരെ നടന്ന വലിയൊരു പൊട്ടിത്തെറിയായിരുന്നു. പല രാഷ്ട്രീയവിശ്വാസക്കാരായ സ്ത്രീകൾ ഒരുമിച്ചുചേർന്നു നടത്തിയ സമരമാണിതു്. ആദിവാസി-ദളിതു് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ദൈനംദിന സുരക്ഷിതത്വത്തിനുവേണ്ടി നിരന്തരം സമരംചെയ്യേണ്ട അവസ്ഥയാണു്-ഇതും അടുത്തകാലത്തുമാത്രം ഉണ്ടായ വിപത്തല്ല. 1970-കളുടെ ഒടുക്കം ഭൂമിക്കുവേണ്ടി ദളിതർ കേരളഹരിജൻ ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ സമരങ്ങളിൽ ശക്തരായ സ്ത്രീകൾ പലരുമുണ്ടായിരുന്നു. ഇവരെക്കുറിച്ചും നമുക്കു് വളരെയധികമൊന്നും അറിയില്ല. ഇന്നു് തിരുവനന്തപുരത്തെ തെരുവീഥികളിൽ നടക്കുന്ന സമരങ്ങളിൽ സ്ത്രീകളുടെ ശക്തമായ സാന്നിദ്ധ്യമുള്ളതു് മത്സ്യത്തൊഴിലാളി സമരങ്ങളിലാണു്. 1980-കളിൽ ശക്തിപ്രാപിച്ച, എന്നാൽ അതിനുമുമ്പുതന്നെ വേരുകളുള്ള, ഈ സമരപാരമ്പര്യത്തിന്റെ ചരിത്രവും വീണ്ടെടുക്കേണ്ടിയിരിക്കുന്നു.
കേരളത്തിലെ സ്ത്രീകളുടെ സമരാനുഭവങ്ങളുടെ ചരിത്രത്തിൽനിന്നു് നാമെന്താണു് പഠിക്കുന്നതു്? ഒന്നാമതു്, ഇന്നു നാം ദൈനംദിനജീവിതത്തിൽ അനുഭവിക്കുന്ന ചില്ലറ സ്വാതന്ത്ര്യങ്ങൾപോലും മുൻതലമുറക്കാരുടെ നേരിട്ടും അല്ലാതെയുമുള്ള സമരങ്ങളിലൂടെ ലഭിച്ചവയാണു്-ആരുടെയും സൗജന്യമല്ല. രണ്ടാമതു്, നവബ്രാഹ്മണ്യമൂല്യങ്ങൾ സ്വാംശീകരിച്ച സമുദായങ്ങളും പ്രസ്ഥാനങ്ങളും സ്ത്രീകളെ സമരരംഗങ്ങളിലേക്കു് ഭാഗികമായിമാത്രമെ പ്രവേശിപ്പിച്ചിരുന്നുള്ളൂ. ‘സമുദായം അപകടത്തിൽ’, അല്ലെങ്കിൽ ‘മാതൃരാജ്യം അപകടത്തിൽ’ എന്ന മുദ്രാവാക്യമുയരുന്ന വേളകളിൽ തെരുവുകളിലിറങ്ങി പൊതുപ്രവർത്തനത്തിലേർപ്പെടാൻ സ്ത്രീകളെ പ്രോത്സാഹിപ്പിച്ച പുരുഷന്മാർതന്നെ ആ അപകടങ്ങൾ ഒഴിഞ്ഞുവെന്ന തോന്നലുണ്ടായപ്പോഴൊക്കെ സ്ത്രീകൾ വീട്ടിന്റെയുള്ളിലേക്കു മടങ്ങണമെന്നു് ആവശ്യപ്പെട്ടു. സമുദായത്തിന്റെയുള്ളിലും രാഷ്ട്രീയപ്രസ്ഥാനങ്ങളിലും പൂർണ്ണമായ അവകാശങ്ങൾക്കായി സ്ത്രീകൾ നടത്തിയ സമരങ്ങൾ പ്രോത്സാഹിക്കപ്പെട്ടുമില്ല. തൊഴിലാളിപ്രസ്ഥാനത്തിൽപ്പോലും സ്ത്രീകളുടെ സംഘടനാസാമർത്ഥ്യത്തിനും സമരോത്സുകതയ്ക്കും മതിയായ അംഗീകാരം ലഭിച്ചില്ല. തൊഴിലാളിസ്ത്രീകൾക്കു് വിദ്യാഭ്യാസത്തിന്റെ കുറവുണ്ടായിരുന്നതുകൊണ്ടാണിങ്ങനെ സംഭവിച്ചതെന്ന വാദത്തിൽ വലിയ കഴമ്പില്ല. വിദ്യാഭ്യാസം കുറഞ്ഞവരായ പുരുഷന്മാർ പലപ്പോഴും തൊഴിലാളിയൂണിയനുകളുടെയും രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും തലപ്പത്തേക്കു് ഉയർന്നിരുന്നുവെന്നതു് ഒരു വസ്തുതയാണു്. സ്ത്രീകളെ-തൊഴിലാളിസ്ത്രീകളെ-’പൂർണ്ണതൊഴിലാളികളാ’യി അംഗീകരിക്കാൻ പ്രസ്ഥാനങ്ങൾ പലപ്പോഴും വൈമനസ്യം കാട്ടി. ആദ്യകാല തൊഴിലാളിയൂണിയനുകളിൽ ആശാവഹങ്ങളായ പല സമ്പ്രദായങ്ങളുമുണ്ടായിരുന്നു-സ്ത്രീകളുടെ പ്രത്യേക ഫാക്ടറിക്കമ്മിറ്റിപോലെ. എന്നാൽ അവ തുടർന്നും വികസിച്ചില്ല. 1940-കളിലെ ഇടതുപക്ഷപ്രസ്ഥാനത്തിനു് ‘പിന്നിൽനിന്ന്’ സ്ത്രീകൾ നൽകിയ സംഭാവനകൾ കനത്തവയായിരുന്നു. നല്ല ധൈര്യവും കൂർമ്മബുദ്ധിയും പ്രായോഗികസാമർത്ഥ്യവും കൂടാതെ ഈ പിന്തുണനൽകാൻ കഴിയുമായിരുന്നില്ല. എന്നാൽ ഇവയെ സ്തുതിക്കുകയല്ലാതെ ഈ സ്ത്രീകളെ പിന്നിൽനിന്നു് മുന്നിലെത്തിക്കാനുള്ള ഉദ്യമങ്ങളൊന്നും കാര്യമായി ഉണ്ടായില്ല.
എന്നാൽ, സമരങ്ങളിൽ പങ്കെടുക്കുന്ന സ്ത്രീകൾ കുറഞ്ഞുപോയി എന്നു പറയാൻ പറ്റില്ല. കേരളത്തിൽ ഇന്നു് പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ സമരങ്ങളിൽ-ഭൂമിക്കുവേണ്ടി, പരിസ്ഥിതിസന്തുലനത്തിനുവേണ്ടി, മാലിന്യമുക്തമായ പരിസരങ്ങൾക്കുവേണ്ടി, ജലത്തിനുവേണ്ടി നടന്നുവരുന്ന സമരങ്ങളുടെ മുൻനിരയിൽ-ധാരാളം സ്ത്രീകളുണ്ടു്. സി. കെ.ജാനു, മയിലമ്മ, സെലീനാ പ്രക്കാനം എന്നിവർ കൂടുതൽ പ്രശസ്തരായതുകൊണ്ടു് നാമവരെ അറിയും. എന്നാൽ എത്രയോ അധികംപേർ അറിയപ്പെടാത്തവരായുണ്ടു്. സമരത്തിലൂടെ, ബഹുജനങ്ങളെ സംഘടിപ്പിക്കുന്നതിലൂടെയാണു് ശക്തരാകേണ്ടതെന്ന ആ തിരിച്ചറിവിനെ ഇന്നത്തെ ദുഷ്ക്കരമായ പരിതഃസ്ഥിതികളിലും കെട്ടുപോകാതെ സൂക്ഷിക്കുന്നവരിൽ നല്ലൊരുപങ്കു് സ്ത്രീകളുണ്ടെന്നകാര്യം അഭിമാനത്തോടുകൂടി പറയാം.
സ്ത്രീകൾ സമരത്തിനും രാഷ്ട്രീയത്തിനും പുറത്തുനിൽക്കുന്നതു് സ്വാഭാവികകാര്യംമാത്രമാണെന്ന മുൻവിധി പ്രബലചരിത്രരചനാരീതികളിൽ ഒരുകാലത്തു് ശക്തമായിരുന്നു. ‘നിഷ്പക്ഷചരിത്ര’രചനയിൽ ചില ‘മഹതികൾ’ മാത്രമെ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ, ഭൂരിപക്ഷത്തിനു് അപവാദമായി. ‘സ്ത്രീകളുടെ സമരപങ്കാളിത്തവും രാഷ്ട്രീയപങ്കാളിത്തവും കുറഞ്ഞിരിക്കുന്നതെന്തുകൊണ്ടു്?’ എന്ന ചോദ്യംതന്നെ അപ്രസക്തമാണെന്ന വാദം ഇതിനുപിന്നിലുണ്ടു്. സ്ത്രീപങ്കാളിത്തം കുറവായിരുന്നുവെന്ന ധാരണയെ സ്ത്രീചരിത്രം വിമർശനാത്മകമായി പരിശോധിക്കുന്നു. എല്ലാ സമരങ്ങളിലും രാഷ്ട്രീയപ്രസ്ഥാനങ്ങളിലും സ്ത്രീകൾ ഒരുപോലെ കുറവായിരുന്നില്ലെന്നും സ്ത്രീപങ്കാളിത്തം ഏറുന്നതും കുറയുന്നതുംമാത്രം നോക്കാതെ അതിനുപിന്നിൽ പ്രവർത്തിച്ച ഘടകങ്ങളേതു്, അതിന്റെ പശ്ചാത്തലമെന്തു് തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കണമെന്നും സ്ത്രീചരിത്രരചനകൾ ആവശ്യപ്പെടുന്നു. ലിംഗപ്രത്യേകതകൾ അപ്രസക്തമായ ഒരു പൊതുവിടമല്ല, ആയിരുന്നില്ല ഇവിടുത്തേതെന്നും, അതിന്റെ ചരിത്രം പഠിക്കണമെങ്കിൽ, അതു രൂപീകരിക്കപ്പെട്ടതെങ്ങനെ എന്നറിയണമെങ്കിൽ, മാറിവരുന്ന ലിംഗബന്ധങ്ങളുടെ ചരിത്രം പഠിച്ചേ മതിയാവൂ എന്നും ഈ കൃതികൾ പ്രഖ്യാപിക്കുന്നു.
പല സാമൂഹ്യശാസ്ത്രശാഖകളിൽനിന്നുള്ള ഉൾക്കാഴ്ച്ചകൾ കൂട്ടിച്ചേർത്തുകൊണ്ടു് ചരിത്രരചന നിർവഹിക്കുന്ന ഗവേഷകയായ അന്നാ ലിന്റ്ബർഗ് സ്വീഡൻ സ്വദേശി ആണു്. ലിംഗപഠനങ്ങൾ, വികസനപഠനങ്ങൾ, നരവംശശാസ്ത്രം എന്നിവയിൽ നിന്നു പ്രചോദനം ഉൾക്കൊള്ളുന്ന ശൈലിയാണു് അവരുടേതു്. കേരളത്തിൽ വിപുലമായ രേഖാശേഖനണവും അഭിമുഖങ്ങളും നടത്തിയിട്ടുണ്ടു്. കേരളത്തിലെ കശുവണ്ടിതൊഴിലാളികളുടെ ചരിത്രത്തിലേക്കു് അവർ നടത്തിയ അന്വേഷണം 2001-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. സ്വീഡനിലെ ലുണ്ഡ് സർവ്വകലാശാലയിലാണു് അവർ ഗവേഷണം പൂർത്തിയാക്കിയതു്. റോയൽ സ്വീഡിഷ് അക്കാദമി ചരിത്ര-പുരാചരിത്രവിഷയങ്ങൾക്കായ നൽകിവരുന്ന ദേശീയപുരസ്ക്കാരത്തിനു് ഈ കൃതി അർഹമായി.
അമേരിക്കയിലെ രണ്ടു സർവ്വകലാശാലകളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചതിനുശേഷം അവർ 2007-ൽ ലുണ്ഡ് സർവ്വകലാശാല ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വീഡിഷ്ഗവേഷകരുടെ ശൃംഖലയായ സാസ്നെറ്റിന്റെ ഡയറക്ടറായി ചുമതലയേറ്റു. കേരളത്തിൽ സ്ഥിരംസന്ദർശകയായ അന്ന ഇപ്പോഴും കേരളത്തിൽ സ്ത്രീകളുടെ ഭൂത-വർത്തമാനകാലാവസ്ഥകളെക്കുറിച്ചു പഠിക്കാൻ താത്പര്യം കാണിക്കുന്നു.
ഇന്നത്തെക്കാലത്തിരുന്നുകൊണ്ടു് കഴിഞ്ഞകാലത്തെക്കുറിച്ചു നാമെഴുതുന്നതാണു ചരിത്രമെങ്കിലും ഭാവിയിലേക്കു പ്രയോജനകരമായ വിജ്ഞാനമാണതു്. കേവലം പുരാരേഖകളെ ആശ്രയിച്ചു ചരിത്രമെഴുതുന്ന രീതിയല്ല എന്റേതു്. മനുഷ്യരെക്കുറിച്ചു് എന്റെ ജിജ്ഞാസ വലുതായതുകൊണ്ടു് ഞാൻ അഭിമുഖങ്ങളിലൂടെയും വാമൊഴികളിലൂടെയും വസ്തുതകൾ ശേഖരിക്കാനും ശ്രദ്ധിക്കുന്നു. ചരിത്രരചനയ്ക്കു് വിമോചനകരമായ ഫലമുണ്ടു്. കീഴാളജനങ്ങളുടെ വാക്കുകളും അനുഭവങ്ങൾക്കും അതു് ഇടം നൽകുന്നു. അഭിമുഖങ്ങൾ ജീവിച്ചിരിക്കുന്നവർക്കു് സ്വന്തം ശബ്ദം തിരിച്ചുകൊടുക്കുന്നു. കേരളത്തിലെ ജനങ്ങൾ നൽകിയിട്ടുള്ള സ്നേഹവും സൗഹൃദവുമാണു് എന്നെ വീണ്ടുംവീണ്ടും ഇങ്ങോട്ടു വിളിക്കുന്നതു്. എന്റെ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന സമയത്തു് ഞാൻ എന്റെ ലിംഗസ്വഭാവത്തെക്കുറിച്ചോർക്കാറില്ല. പക്ഷേ സ്ത്രീയായ ഞാൻ സ്ത്രീകളെക്കുറിച്ചു് പഠിക്കാൻ താൽപര്യം കാണിക്കുന്നതു് കേവലം യാദൃച്ഛികമായിട്ടല്ല.
ഡോ. എസ്. ശാന്തിയാണ് ഈ കഥ പറഞ്ഞത്