SFNസായാഹ്ന ഫൌണ്ടേഷൻ
images/devika-kcu-cover.jpg
The Girl in a Picture Frame, an oil on canvas by Rembrandt (1606–1669).
കു​ടും​ബി​നി​യോ പൗരയോ?
kimages/Kulasthree_Chapter_ten_pic01.png

‘കേ​ര​ള​മാ​തൃക’യുടെ ആരാ​ധ​കർ എത്ര​ത​ന്നെ പാ​ടി​പ്പു​ക​ഴ്ത്തി​യാ​ലും കേ​ര​ള​ത്തി​ലെ സ്ത്രീ​കൾ​ക്കു് ഇന്നും പൂർ​ണ്ണ​പൗ​ര​ത്വം ലഭി​ച്ചി​ട്ടി​ല്ലെ​ന്ന സത്യം നമ്മു​ടെ മു​മ്പി​ലു​ണ്ടു്. സ്ത്രീ​കൾ​ക്കു് ഐ. എ. എസ്. പരീ​ക്ഷ​യ്ക്കു് എഴു​താൻ തു​ല്യാ​വ​കാ​ശ​മു​ണ്ടു്, സ്വാ​ത​ന്ത്ര്യ​ത്തോ​ടു​കൂ​ടി വഴിയേ നട​ക്കാ​ന​വ​കാ​ശ​മി​ല്ല എന്ന വി​ചി​ത്ര​മായ അവസ്ഥ കേ​ര​ള​ത്തിൽ നി​ല​നിൽ​ക്കു​ന്നു​വെ​ന്ന​തു് ‘കേ​ര​ള​മാ​തൃക’യുടെ വക്താ​ക്ക​ളും മെ​ല്ലെ അം​ഗീ​ക​രി​ച്ചു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. എന്നാൽ ഇന്നു് മല​യാ​ളി​സ്ത്രീ​കൾ അനു​ഭ​വി​ക്കു​ന്ന പരി​മി​ത​മായ പൗ​രാ​വ​കാ​ശ​ങ്ങൾ​പോ​ലും വളരെ ശക്ത​മായ ആശ​യ​സ​മ​ര​ങ്ങ​ളി​ലൂ​ടെ​യും സഹ​ന​ങ്ങ​ളി​ലൂ​ടെ​യും നേ​ടി​യ​താ​ണെ​ന്ന വസ്തുത നമു​ക്കു് അവ​ഗ​ണി​ക്കാൻ കഴി​യാ​ത്ത ഒന്നാ​ണു്. പൗ​രാ​വ​കാ​ശ​ങ്ങൾ ആരും വച്ചു​നീ​ട്ടു​ന്ന സൗ​ജ​ന്യ​മ​ല്ലെ​ന്ന ബോ​ധ​ത്തെ മു​റു​കെ​പ്പി​ടി​ച്ചു​കൊ​ണ്ടു് അവ​യ്ക്കു​വേ​ണ്ടി പോ​രാ​ടിയ മല​യാ​ളി​സ്ത്രീ​പ​ക്ഷ​ത്തി​ന്റെ ആദ്യ​ത​ല​മു​റ​യു​ടെ ധൈ​ര്യ​ത്തെ തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ടു്.

എന്താ​ണീ പൗ​ര​ത്വം?

പൗ​ര​ത്വം (citizenship) എന്നു് കേൾ​ക്കു​മ്പോൾ നാം സാ​ധാ​രണ ഓർ​ക്കു​ന്ന​തു് ഇന്ത്യൻ പൗ​ര​ത്വം, അമേ​രി​ക്കൻ പൗ​ര​ത്വം എന്നൊ​ക്കെ​യാ​ണു്. ഇന്ത്യൻ പൗ​ര​ത്വ​മു​ണ്ടെ​ങ്കി​ലേ ഇന്ത്യ​യിൽ വോ​ട്ട​വ​കാ​ശം നേ​ടാൻ​ക​ഴി​യൂ എന്നും നമു​ക്ക​റി​യാം. ഏതെ​ങ്കി​ലും രാ​ജ്യ​ത്തു് ജനി​ക്കു​ന്ന​തി​നെ​യാ​ണോ പൗ​ര​ത്വ​മെ​ന്നു പറ​യു​ന്ന​തു്? ആയി​ക്കൊ​ള്ള​ണ​മെ​ന്നി​ല്ല. ഇന്ത്യ​യിൽ ജനി​ച്ചു് വി​ദേ​ശ​ത്തു​പോ​യി അവി​ട​ങ്ങ​ളി​ലെ പൗ​ര​ത്വം സ്വീ​ക​രി​ച്ചു​ക​ഴി​യു​ന്ന എത്ര​യോ ഇന്ത്യ​ക്കാ​രു​ണ്ടു്!

പി​ന്നെ നമു​ക്ക​റി​യാം, പൗ​ര​ത്വ​മി​ല്ലാ​ത്ത​വർ​ക്കു് വോ​ട്ട​വ​കാ​ശ​മി​ല്ല. പക്ഷേ വോ​ട്ട​വ​കാ​ശം​മാ​ത്ര​മ​ല്ല പൗ​ര​ത്വം. ഏതെ​ങ്കി​ലും രാ​ജ്യ​ത്തെ പൗ​ര​ത്വം നമു​ക്കു​ണ്ടെ​ങ്കിൽ ആ രാ​ജ്യ​ത്തെ സർ​ക്കാ​രിൽ​നി​ന്നു​ള്ള സം​ര​ക്ഷ​ണ​ത്തി​നു നാം അർ​ഹ​രാ​കു​ന്നു. ജനാ​ധി​പ​ത്യ​രാ​ജ്യ​മാ​ണെ​ങ്കിൽ സർ​ക്കാ​രി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നും അതിൽ പങ്കു​ചേ​രാ​നും അവ​കാ​ശ​മു​ണ്ടാ​കും. ആ നാ​ട്ടിൽ സ്ഥി​ര​മാ​യി പാർ​ക്കാ​നും ന്യാ​യ​മായ ഏതു ജോ​ലി​യും​ചെ​യ്തു് ജീ​വി​ക്കാ​നും അവ​കാ​ശ​മു​ണ്ടാ​കും. അവി​ട​ത്തെ പൊ​തു​സൗ​ക​ര്യ​ങ്ങൾ പൂർ​ണ്ണ​മാ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും സർ​ക്കാ​രി​ന്റെ ക്ഷേ​മ​പ്ര​വർ​ത്ത​ന​ങ്ങ​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​കാ​നും അവി​ടു​ത്തെ കോ​ട​തി​ക​ളിൽ​നി​ന്നും നീതി ലഭി​ക്കാ​നും പൂർ​ണ്ണ​മായ അവ​കാ​ശ​മു​ണ്ടാ​കും. അതാ​യ​തു് അന്ത​സ്സോ​ടു​കൂ​ടി ജീ​വി​ക്കാ​നു​ള്ള അവകാശം-​പൗരാവകാശം (citizenship rights.)

എന്നാൽ ഇന്ത്യൻ​ഭ​ര​ണ​ഘ​ടന വാ​ഗ്ദാ​നം​ചെ​യ്യു​ന്ന അന്ത​സ്സു​റ്റ പൗ​ര​ത്വം എല്ലാ പൗ​ര​ജ​ന​ങ്ങൾ​ക്കും ലഭി​ക്കു​ന്നു​ണ്ടോ? ദി​വ​സ​വും പത്ര​മെ​ടു​ത്തു നോ​ക്കി​യാൽ​മ​തി, എത്ര​യെ​ത്ര പൗ​രാ​വാ​കാ​ശ​ലം​ഘ​ന​ങ്ങ​ളാ​ണു് നാ​ട്ടിൽ നട​ക്കു​ന്ന​തു്? സ്ത്രീ​പു​രു​ഷ​ന്മാർ​ക്കു് തു​ല്യ​പൗ​ര​ത്വ​മാ​ണു് ഇന്ത്യൻ​ഭ​ര​ണ​ഘ​ടന വാ​ഗ്ദാ​നം​ചെ​യ്തി​ട്ടു​ള്ള​തു്. എന്നി​ട്ടോ? കേ​ര​ള​ത്തി​ന്റെ കാ​ര്യം​ത​ന്നെ​യെ​ടു​ക്കുക. കേ​ര​ള​ത്തി​ലെ പൊതുസ്ഥലങ്ങളിൽ-​അതായതു് റോ​ഡു​ക​ളിൽ, പൊ​തു​പാർ​ക്കു​ക​ളിൽ, വാ​യ​ന​ശാ​ല​ക​ളിൽ, ഉത്സവപ്പറമ്പുകളിൽ-​സ്ത്രീകൾക്കു് പൂർ​ണ്ണ​മായ ഇട​മു​ണ്ടോ? ഇല്ലെ​ന്ന സങ്ക​ട​ക​ര​മാ​യ​സ​ത്യം നമു​ക്കേ​വർ​ക്കു​മ​റി​യാം. ഇതു് സ്ത്രീ​ക​ളു​ടെ പൗ​രാ​വ​കാ​ശ​ലം​ഘ​ന​മാ​ണു്. ‘വേ​ണ്ടാ​ത്തി​ട​ത്തു്, വേ​ണ്ടാ​ത്ത സമ​യ​ത്തു് പെ​ണ്ണു​ങ്ങൾ​ക്കു് പോകാൻ എന്താ​ണി​ത്ര കൊതി? ആവ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളിൽ നല്ല​സ​മ​യ​ത്തു് പോ​യാൽ​പ്പോ​രേ?’- ചി​ല​രൊ​ക്കെ ചോ​ദി​ക്കാ​റു​ണ്ടു്. സ്ത്രീ​കൾ​ക്കു് ആവ​ശ്യ​മു​ണ്ടോ അസ​മ​യ​മാ​ണോ എന്ന​തൊ​ന്നു​മ​ല്ല പ്രശ്നം-​ഇതൊന്നും ആണു​ങ്ങ​ളു​ടെ കാ​ര്യ​ത്തിൽ ആരും തി​ര​ക്കാ​റി​ല്ലെ​ന്ന​തു് വേറെ കാ​ര്യം. സ്ത്രീ​ക​ളെ പൗ​ര​ജ​ന​ങ്ങ​ളാ​യി അം​ഗീ​ക​രി​ക്കു​ന്നു​ണ്ടോ? ഇല്ലെ​ന്ന​താ​ണി​വി​ടെ പ്ര​ശ്നം. പൗ​ര​ജ​ന​ങ്ങൾ​ക്കു് അവ​രു​ടെ നാ​ട്ടിൽ പൊ​തു​സ്ഥ​ല​ങ്ങ​ളിൽ ആവ​ശ്യ​മു​ണ്ടെ​ങ്കി​ലും ഇല്ലെ​ങ്കി​ലും പോ​കാ​നു​ള്ള അവ​കാ​ശ​മു​ണ്ടു്. അതു് സ്ത്രീ​ക​ളു​ടെ കാ​ര്യ​ത്തിൽ അം​ഗീ​ക​രി​ക്കു​ന്നു​ണ്ടോ ഇല്ല​യോ എന്ന​താ​ണു് ചോ​ദ്യം.

കേ​ര​ള​ത്തിൽ ഈ അം​ഗീ​കാ​രം അത്ര കാ​ര്യ​മാ​യി​ട്ടൊ​ന്നു​മി​ല്ല. എന്നാൽ, പൗ​രാ​വ​കാ​ശ​ങ്ങൾ​ക്കു​വേ​ണ്ടി ഇവി​ട​ത്തെ സ്ത്രീ​കൾ ശബ്ദ​മു​യർ​ത്താ​ഞ്ഞി​ട്ട​ല്ല കാ​ര്യ​ങ്ങൾ ഈ വി​ധ​ത്തി​ലാ​യ​തു്. ഇരു​പ​താം നൂ​റ്റാ​ണ്ടി​നു മു​മ്പു​ത​ന്നെ ഈ പോ​രാ​ട്ടം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞി​രു​ന്നു. ഇന്നു് കേ​ര​ള​ത്തി​ലെ സ്ത്രീ​കൾ പു​രു​ഷ​ന്മാർ​ക്കൊ​പ്പം വി​ദ്യാ​ഭ്യാ​സം​ചെ​യ്യു​ന്നു. പല​യി​ട​ത്തും ജോ​ലി​നോ​ക്കു​ന്നു. രാ​ഷ്ട്രീ​യ​രം​ഗ​ത്തും ഭര​ണ​രം​ഗ​ത്തും കു​റ​ച്ചെ​ങ്കി​ലും സ്ത്രീ​ക​ളു​ണ്ടു്. പരി​മി​ത​ങ്ങ​ളായ ഈ അവ​കാ​ശ​ങ്ങൾ​പോ​ലും വെ​റു​തേ കൈ​യിൽ​ക്കി​ട്ടി​യ​ത​ല്ല. ഇവ​യ്ക്കു​വേ​ണ്ടി ദീർ​ഘ​കാ​ലം വാ​ദി​ച്ച സ്ത്രീ​ക​ളു​ടെ ഒരു മുൻ​ത​ല​മുറ നമു​ക്കു​ണ്ടാ​യി​രു​ന്നു. ഇരു​പ​താം​നൂ​റ്റാ​ണ്ടി​ന്റെ ആദ്യ​പ​കു​തി​യിൽ നടന്ന അവ​രു​ടെ പോ​രാ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചാ​ണു് ഈ അദ്ധ്യാ​യം.

ഇന്നും വ്യ​ത്യ​സ്ത​മ​ല്ല

സ്ത്രീ​ക​ളു​ടെ പൗ​രാ​വ​കാ​ശ​ങ്ങ​ളു​ടെ കാ​ര്യ​ത്തിൽ മല​യാ​ളി​ക​ളായ നാം വളരെ മടി​കാ​ണി​ക്കു​ന്നു​വെ​ന്ന​താ​ണു് ദുഃ​ഖ​സ​ത്യം. 1999-2000 വർ​ഷ​ങ്ങ​ളിൽ കേ​ര​ള​ത്തിൽ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കിയ രണ്ടു കേ​സു​കൾ പലരും ഓർ​ക്കു​ന്നു​ണ്ടാ​വും. ഒന്നു്, 2000-​ത്തിൽ കോ​ഴി​ക്കോ​ടു് സർ​വ്വ​ക​ലാ​ശാ​ല​യിൽ ജോ​ലി​യെ​ടു​ക്കു​ന്ന പി. ഇ. ഉഷ തന്നെ​ക്കു​റി​ച്ചു് പ്ര​കാ​ശൻ എന്ന സഹ​പ്ര​വർ​ത്ത​കൻ അപ​വാ​ദം പ്ര​ചി​രി​പ്പി​ക്കു​ന്നു​വെ​ന്നു ബോ​ദ്ധ്യ​പ്പെ​ട്ട​തി​നെ​ത്തു​ടർ​ന്നു് അധി​കൃ​തർ​ക്കു് പരാതി നൽ​കി​യ​തി​നെ​തി​രെ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട കോ​ലാ​ഹ​ല​മാ​ണു്. പു​രോ​ഗ​മ​ന​കേ​ര​ളം ഉഷ​യോ​ടു കാ​ട്ടിയ അനീ​തി​യും അസ​ഹി​ഷ്ണു​ത​യും ഈ ബഹ​ള​ത്തി​ലു​ട​നീ​ളം ദൃ​ശ്യ​മാ​യി​രു​ന്നു. 1997-ലെ സു​പ്രീം​കോ​ട​തി​യു​ടെ നിർ​ദ്ദേ​ശ​പ്ര​കാ​രം സ്ത്രീ​കൾ​ക്കു് സു​ര​ക്ഷി​ത​മായ ജോ​ലി​സ്ഥ​ലം ഉറ​പ്പു​വ​രു​ത്താൻ അധി​കൃ​തർ നിർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്കേ​ണ്ട നട​പ​ടി​ക്ര​മ​ത്തി​ന​നു​സ​രി​ച്ചു് തങ്ങൾ പ്ര​വർ​ത്തി​ച്ചു​വെ​ന്നു് വരു​ത്തി​ത്തീർ​ക്കാൻ അധി​കൃ​തർ കാ​ട്ടിയ വ്യ​ഗ്രത, ഉഷയെ തേ​ജോ​വ​ധം​ചെ​യ്യാ​നും ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും പു​രോ​ഗ​മ​ന​വ​ക്താ​ക്ക​ളും സാം​സ്ക്കാ​രി​ക​നാ​യ​ക​രും കാ​ട്ടിയ താൽ​പ​ര്യം. ഇതൊ​ക്കെ മല​യാ​ളി​സ്ത്രീ​ക്കാ​യി ഇവി​ടു​ത്തെ പുരോഗമന-​പുരുഷാധികാരം തീർ​ത്തി​ട്ടു​ള്ള ലക്ഷ്മ​ണ​രേ​ഖ​യെ വെ​ളി​ച്ച​ത്താ​ക്കി. രണ്ടാ​മ​ത്തെ കേസ് ഐ. എ. എസ്. ഉദ്യോ​ഗ​സ്ഥ​യായ നളിനി നെ​റ്റൊ, മന്ത്രി​യാ​യി​രു​ന്ന നീ​ല​ലോ​ഹി​ത​ദാ​സൻ നാ​ടാർ​ക്കെ​തി​രെ ഉയർ​ത്തിയ പരാ​തി​യാ​ണു്. അദ്ദേ​ഹ​ത്തിൽ​നി​ന്നു് ലൈം​ഗി​കാ​തി​ക്ര​മ​മു​ണ്ടാ​യി എന്നാ​ണു് അവർ പരാ​തി​യു​ന്ന​യി​ച്ച​തു്. നി​യ​മ​പ്ര​കാ​രം സു​പ്രീം​കോ​ട​തി ഉറ​പ്പു​ത​രു​ന്ന സം​ര​ക്ഷ​ണം സ്ത്രീ​ക്കു കി​ട്ടാ​തി​രി​ക്കാൻ പല തല​മൂ​ത്ത രാ​ഷ്ട്രീ​യ​ക്കാ​രും കി​ണ​ഞ്ഞു​ശ്ര​മി​ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു അപ്പോ​ഴും. ഇത്ത​രം ലം​ഘ​ന​ങ്ങൾ കീ​ഴാ​ള​സ്ത്രീ​കൾ​ക്കെ​തി​രെ​യാ​കു​മ്പോൾ പ്ര​ശ്നം കൂ​ടു​തൽ ഗു​രു​ക​ര​മാ​കു​ന്നു​വെ​ന്നും സമീ​പ​കാ​ലാ​നു​ഭ​വ​ങ്ങൾ നമ്മെ പഠി​പ്പി​ക്കു​ന്നു.

തി​രു​വി​താം​കൂ​റി​ലെ​യും കൊ​ച്ചി​യി​ലെ​യും നി​യ​മ​സ​ഭ​കൾ

1888-​ലാണു് തി​രു​വി​താം​കൂർ നി​യ​മ​നിർ​മ്മാണ കൗൺ​സിൽ സ്ഥാ​പി​ക്ക​പ്പെ​ട്ട​തു്. കേവലം ഉപ​ദേ​ശ​ക​സ്വ​ഭാ​വ​മു​ണ്ടാ​യി​രു​ന്ന ഈ എട്ടം​ഗ​സ​ഭ​യെ 1913-ൽ 13 അം​ഗ​ങ്ങ​ളു​ള്ള സഭയാക്കി-​എട്ടു് ഔദ്യോ​ഗി​കാം​ഗ​ങ്ങ​ളും അഞ്ച് അനൗ​ദ്യോ​ഗി​കാം​ഗ​ങ്ങ​ളും. 1904-ൽ ശ്രീ​മു​ലം പ്ര​ജാ​സഭ ആരം​ഭി​ച്ചു. തെ​ര​ഞ്ഞെ​ടു​ത്ത അനൗ​ദ്യോ​ഗി​കാം​ഗ​ങ്ങൾ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന ഈ സഭ വർ​ഷ​ത്തി​ലൊ​രി​ക്കൽ ദി​വാ​ന്റെ അദ്ധ്യ​ക്ഷ​ത​യിൽ കൂടി. 1914-ൽ നൂറു് അം​ഗ​ങ്ങ​ളു​ള്ള സഭ​യാ​യി ഇതു വി​ക​സി​ക്ക​പ്പെ​ട്ടു. ഇതിൽ 77 പേർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രും 23 പേർ ‘ദുർ​ബ​ല​വി​ഭാ​ഗ​ങ്ങ​ളി’ൽനി​ന്നു നാ​മ​നിർ​ദ്ദേ​ശം ചെ​യ്യ​പ്പെ​ട്ട​വ​രു​മാ​യി​രു​ന്നു. ഇതി​നു​ശേ​ഷ​മു​ണ്ടായ പരീ​ക്ഷ​ണ​ങ്ങ​ളി​ലാ​ണു് സ്ത്രീ​കൾ രം​ഗ​പ്ര​വേ​ശം ചെ​യ്ത​തു്. കൊ​ച്ചി​യിൽ നി​യ​മ​സഭ ആരം​ഭി​ച്ച​തു് 1925-​ലാണു്. 45 അം​ഗ​ങ്ങ​ളു​ള്ള സഭയിൽ 30 ഔദ്യോ​ഗി​കാം​ഗ​ങ്ങ​ളും 15 അനൗ​ദ്യോ​ഗി​കാം​ഗ​ങ്ങ​ളു​മാ​ണു​ണ്ടാ​യി​രു​ന്ന​തു്. 1930-കളിൽ നി​യ​മ​സ​ഭ​യി​ലെ അം​ഗ​ത്വം, വോ​ട്ട​വ​കാ​ശം, അധി​കാ​ര​ങ്ങൾ മു​ത​ലാ​യ​വ​യെ​സ്സം​ബ​ന്ധി​ച്ചു​ള്ള നി​ര​വ​ധി പരി​ഷ്കാ​ര​ങ്ങൾ ഈ രണ്ടു നാ​ട്ടു​രാ​ജ്യ​ങ്ങ​ളി​ലും നട​പ്പിൽ​വ​ന്നെ​ങ്കി​ലും ജനാ​ധി​പ​ത്യ​ത്തി​നും സ്വാ​ത​ന്ത്ര്യ​ത്തി​നും​വേ​ണ്ടി ഇവിടെ ഉയർ​ന്നു​വ​ന്ന പ്ര​സ്ഥാ​ന​ങ്ങ​ളെ തൃ​പ്തി​പ്പെ​ടു​ത്താൻ അവ​യ്ക്കു കഴി​ഞ്ഞി​ല്ല.

(പി. കെ. കെ. മേനോൻ, The History of Freedom Movement in Kerala, വാ​ല്യം 2, തി​രു​വ​ന​ന്ത​പു​രം, 1972)

പൗ​രാ​വ​കാ​ശ​ങ്ങൾ​ക്കു​വേ​ണ്ടി

വോ​ട്ട​വ​കാ​ശ​ത്തി​ന്റെ കാ​ര്യം ആദ്യ​മെ​ടു​ക്കാം. ബ്രി​ട്ടി​ഷ് ഇന്ത്യ​യി​ലെ സ്ത്രീ​കൾ​ക്കു് ലഭി​ക്കും മു​മ്പു​ത​ന്നെ തി​രു​വി​താം​കൂ​റി​ലെ​യും കൊ​ച്ചി​യി​ലെ​യും സ്ത്രീ​കൾ​ക്കു് അതു് ലഭി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു. 1919-ലെ തെ​ര​ഞ്ഞെ​ടു​പ്പു് പരി​ഷ്കാ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി നി​ശ്ചിത കരം സർ​ക്കാ​രി​ലേ​ക്ക​ട​യ്ക്കു​ന്ന സ്ത്രീ പു​രു​ഷ​ന്മാർ​ക്കു് വോ​ട്ട​വ​കാ​ശം ലഭി​ച്ചു. കൂ​ടാ​തെ ഇവി​ട​ങ്ങ​ളി​ലെ ജന​പ്ര​തി​നി​ധി സഭ​ക​ളിൽ അം​ഗ​ങ്ങ​ളാ​യി​രി​ക്കാ​നു​ള്ള അവ​കാ​ശം 1922-ൽ സ്ത്രീ​കൾ​ക്കു് ലഭി​ച്ചു.

തി​രു​വി​താം​കൂ​റി​ലും കൊ​ച്ചി​യി​ലും സ്ത്രീ​ക​ളെ പ്ര​ത്യേക ജന​വി​ഭാ​ഗ​മാ​യി അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു് അവരെ പ്ര​തി​നി​ധീ​ക​രി​ക്കാൻ ചില പ്ര​മു​ഖ​വ​നി​ത​ക​ളെ നാ​മ​നിർ​ദ്ദേ​ശം​ചെ​യ്യു​ന്ന രീതി നി​ല​വിൽ വന്നു. തി​രു​വി​താം​കൂ​റി​ലെ നി​യ​മ​സ​ഭാ​കൗൺ​സി​ലർ ആരോ​ഗ്യ​വ​കു​പ്പി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു​കൊ​ണ്ടു് ഡോ. മേരി പു​ന്നൻ ലൂ​ക്കോ​സ് 1924-ൽ നി​യ​മി​ത​യാ​യി. ഇതേ​വർ​ഷം​ത​ന്നെ കൊ​ച്ചി​യിൽ തോ​ട്ട​യ്ക്കാ​ട്ടു് മാ​ധ​വി​യ​മ്മ നി​യ​മ​നിർ​മ്മാണ കൗൺ​സിൽ അം​ഗ​മാ​യി. പി​ന്നീ​ടു് 1928-ൽ തി​രു​വി​താം​കൂ​റി​ലെ ശ്രീ​മൂ​ലം പ്ര​ജാ​സ​ഭ​യി​ലേ​ക്കു് എലി​സ​ബ​ത്തു് കു​രു​വിള നി​യ​മി​ത​യാ​യി. തു​ടർ​ന്നു​ള്ള വർ​ഷ​ങ്ങ​ളിൽ സ്ത്രീ​ക​ളു​ടെ അവ​കാ​ശ​ങ്ങൾ​ക്കു​വേ​ണ്ടി നി​യ​മ​സ​ഭ​യിൽ ശബ്ദ​മു​യർ​ത്തിയ നി​ര​വ​ധി സ്ത്രീകളുണ്ടായിരുന്നു-​ടി. നാ​രാ​യ​ണി​യ​മ്മ, ഗൗരി പവി​ത്രൻ, അന്നാ ചാ​ണ്ടി, കെ. ദേവകി അന്തർ​ജ​നം, തങ്ക​മ്മ മേനോൻ മു​ത​ലാ​യ​വർ.

മറ്റു പ്ര​ദേ​ശ​ങ്ങ​ളെ​യ​പേ​ക്ഷി​ച്ചു് ഇവി​ട​ത്തെ സ്ത്രീ​കൾ​ക്കു് കഴി​വും വി​ദ്യാ​ഭ്യാ​സ​വും അധി​ക​മാ​ണെ​ന്നും അവർ സ്വ​ത​ന്ത്ര​രാ​ണെ​ന്നും​മ​റ്റും അന്ന​ത്തെ തി​രു​വി​താം​കൂ​റി​ലെ ഭര​ണാ​ധി​കാ​രി​കൾ വീ​മ്പി​ള​ക്കി​യി​രു​ന്നു. മരു​മ​ക്ക​ത്താ​യ​സ്ത്രീ​കൾ അനു​ഭ​വി​ച്ചി​രു​ന്ന സ്വ​ത്ത​വ​കാ​ശ​ത്തെ​യാ​ണു് ഇവർ ഇങ്ങ​നെ ഊതി​പ്പെ​രു​പ്പി​ച്ച​തു്. പക്ഷേ, ഇവി​ട​ത്തെ വി​വി​ധ​വി​ഭാ​ഗ​ക്കാ​രായ സ്ത്രീ​ക​ളു​ടെ​നില പല​വി​ധ​മാ​യി​രു​ന്നു. നമ്പൂ​തി​രി​സ​മു​ദാ​യ​ത്തി​ലെ സ്ത്രീ​കൾ​ക്കും ക്രി​സ്ത്യൻ​സ്ത്രീ​കൾ​ക്കും​മ​റ്റും സ്വ​ത്ത​വ​കാ​ശം വളരെ കമ്മി​യാ​യി​രു​ന്നെ​ന്നു​വേ​ണം പറയാൻ. 1916-ലെ തി​രു​വി​താം​കൂർ ക്രി​സ്ത്യൻ പിൻ​തു​ടർ​ച്ചാ​വ​കാ​ശ​നി​യ​മം സു​റി​യാ​നി​ക്രി​സ്ത്യാ​നി​സ്ത്രീ​ക​ളു​ടെ സ്വ​ത്ത​വ​കാ​ശ​ത്തി​നു് വലിയ പ്ര​ഹ​ര​മാ​ണു് ഏൽ​പ്പി​ച്ച​തു്. 5000 രൂ​പ​യ്ക്ക​പ്പു​റം കു​ടും​ബ​സ്വ​ത്തിൽ സ്ത്രീ​ക്കു് അവകാശമില്ലെന്നുവന്നു-​അതിനുമീതെ കി​ട്ടു​ന്ന​തു മു​ഴു​വൻ അപ്പ​ന്റെ​യും ആങ്ങ​ള​മാ​രു​ടെ​യും ഔദാ​ര്യം! 1980-കളിൽ മേരി റോ​യി​യും മറ്റു​ചില ധീ​ര​വ​നി​ത​ക​ളും ചേർ​ന്നാ​ണു് ഈ കടു​ത്ത അനീ​തി​ക്കു് പരി​ഹാ​രം​ക​ണ്ട​തു്.

മല​യാ​ള​സ്ത്രീ​ക​ളു​ടെ സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ചു വീ​മ്പു​പ​റ​ഞ്ഞ​വർ മറ​ച്ചു​പി​ടി​ച്ച ഏറ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​കാ​ര്യം മറ്റൊ​ന്നാ​യി​രു​ന്നു. കഠി​ന​മായ ജാതി മാ​മൂ​ലു​കൾ നി​ല​നി​ന്നി​രു​ന്ന കേ​ര​ള​ത്തിൽ കീ​ഴ്ജാ​തി​ക്കാർ വമ്പി​ച്ച പൗ​രാ​വ​കാ​ശ​നി​ഷേ​ധ​ത്തെ​യാ​ണു് നേ​രി​ടേ​ണ്ടി​വ​ന്ന​തു്. സ്വ​ത​ന്ത്ര​മാ​യി പൊ​തു​വ​ഴി​ക​ളി​ലൂ​ടെ സഞ്ച​രി​ക്കാ​നോ അന്ത​സ്സാ​യി വസ്ത്രം​ധ​രി​ക്കാ​നോ നല്ല വീ​ടു​ക​ളിൽ മാ​ന്യ​മായ തൊഴിൽ ചെ​യ്തു് ജീ​വി​ക്കാ​നോ കീ​ഴാ​ള​രി​ലെ സ്ത്രീ​ക്കോ പു​രു​ഷ​നോ അവ​കാ​ശ​മി​ല്ലാ​യി​രു​ന്നു. ഈ അവകാശനിഷേധത്തിന്റെ-​ജാതിമാമൂലിന്റെ-കാവൽക്കാരായിരുന്നു ഇവി​ടു​ത്തെ രാ​ജാ​ക്ക​ന്മാ​രും ഭര​ണാ​ധി​കാ​രി​ക​ളും എന്നാൽ പത്തൊ​മ്പ​താം നൂ​റ്റാ​ണ്ടിൽ കീ​ഴാ​ള​ജ​ന​ങ്ങൾ ഇതി​നെ​തി​രെ സം​ഘ​ടി​ച്ചു​തു​ട​ങ്ങി. മി​ഷ​ണ​റി​മാ​രു​ടെ മേൽ​ക്കൈ​യോ​ടെ നടന്ന മാ​റു​മ​റ​യ്ക്കൽ കലാ​പ​ത്തെ​പ്പ​റ്റി പറ​ഞ്ഞു​വ​ല്ലോ. തു​ടർ​ന്നു​ള്ള കാ​ല​ത്തും ജാ​തി​യു​ടെ ചി​ഹ്ന​ങ്ങ​ളായ വസ്ത്ര​ങ്ങ​ളും ആഭ​ര​ണ​ങ്ങ​ളും ഉപേ​ക്ഷി​ക്കാ​നും അന്ത​സ്സു​ള്ള വസ്ത്രം​ധ​രി​ക്കാ​നും കീ​ഴ്ജാ​തി​നേ​താ​ക്ക​ന്മാർ ആഹ്വാ​നം​ചെ​യ്തു. ഇത്ത​രം അവ​ശ​ത​കൾ നാ​ട്ടി​ലെ ബഹു​ഭൂ​രി​പ​ക്ഷം സ്ത്രീ​ക​ളും അനു​ഭ​വി​ക്ക​വെ, ചില വി​ഭാ​ഗ​ക്കാർ​മാ​ത്രം അനു​ഭ​വി​ച്ചി​രു​ന്ന പരി​മി​ത​സ്വാ​ത​ന്ത്ര്യ​ത്തെ ഉയർ​ത്തി​ക്കാ​ട്ടി പൊ​ള്ള​യായ അവ​കാ​ശ​വാ​ദ​ങ്ങൾ അവ​ത​രി​പ്പി​ക്കു​ന്ന​തി​ന്റെ അർ​ത്ഥ​ശൂ​ന്യത അക്കാ​ല​ത്തു് ചി​ല​രെ​ങ്കി​ലും തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.

തോ​ട്ട​യ്ക്കാ​ട്ടു് മാ​ധ​വി​യ​മ്മ (1888-1968)

സു​ഭ​ദ്രാർ​ജ്ജു​നം നാ​ട​ക​മെ​ഴു​തി പ്ര​ശ​സ്ത​യാ​യി​ത്തീർ​ന്ന തോ​ട്ട​യ്ക്കാ​ട്ടു് ഇക്കാ​വ​മ്മ​യു​ടെ മകൾ. മല​യാ​ള​ത്തി​നു​പു​റ​മെ സം​സ്കൃ​ത​ത്തി​ലും ഇം​ഗ്ലി​ഷി​ലും മറ്റു യൂ​റോ​പ്യൻ​ഭാ​ഷ​ക​ളി​ലും പ്രാ​വീ​ണ്യം സമ്പാ​ദി​ച്ചു. എറ​ണാ​കു​ളം സ്ത്രീ​സ​മാ​ജ​ത്തി​ന്റെ സജീ​വ​പ്ര​വർ​ത്ത​ക​യാ​യി​രു​ന്നു. 1952-ൽ കൊ​ച്ചി നി​യ​മ​നിർ​മ്മാണ കൗൺ​സി​ലി​ലേ​ക്കു് നാ​മ​നിർ​ദ്ദേ​ശം ചെ​യ്യ​പ്പെ​ട്ടു. നാ​യർ​സ​മു​ദായ സം​ഘ​ട​നാ​പ്ര​വർ​ത്ത​ന​ങ്ങ​ളിൽ സജീ​വ​സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്നു. 1932-ൽ നാ​യർ​സ​മു​ദാ​യ​നേ​താ​വു് മന്ന​ത്തു പത്മ​നാ​ഭ​നെ വി​വാ​ഹം​ക​ഴി​ച്ചു.

വഴി​ന​ട​ക്കാ​നു​ള്ള അവ​കാ​ശ​ത്തി​നാ​യി നി​ര​വ​ധി ചെ​റു​സ​മ​ര​ങ്ങൾ പത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ലും അതി​നു​ശേ​ഷ​വു​മു​ണ്ടാ​യി. ഏറ്റ​വു​മ​ധി​കം ശ്ര​ദ്ധ പക്ഷേ, ലഭി​ച്ച​തു് വൈ​ക്കം​സ​ത്യാ​ഗ്ര​ഹ​ത്തി​നാ​യി​രു​ന്നു. സ്ത്രീ​ക​ളെ പ്ര​ത്യേക ജന​വി​ഭാ​ഗ​മാ​യി കരു​ത​ണ​മെ​ന്ന വാദം (അതാ​യ​തു് നായർ, ഈഴവ, മു​സ്ലിം, ക്രി​സ്ത്യൻ മു​ത​ലായ വി​ഭാ​ഗ​ങ്ങ​ളെ​പ്പോ​ലെ) ഇക്കാ​ല​ത്തു് പരി​ചി​ത​മാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. വൈ​ക്കം സത്യാ​ഗ്ര​ഹ​ത്തിൽ പങ്കെ​ടു​ത്ത ചു​രു​ക്കം മല​യാ​ളി സ്ത്രീ​ക​ളിൽ ഒരാ​ളാ​യി​രു​ന്ന വട​ക്കേ​ച്ച​രു​വിൽ കല്ല്യാ​ണി ക്ഷേ​ത്ര​ങ്ങൾ​ക്കു് ചു​റ്റു​മു​ള്ള വഴി​ക​ളിൽ കീ​ഴാ​ള​ജാ​തി​ക്കാ​രു​ടെ സഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​മി​ല്ലെ​ന്ന വസ്തുത കീ​ഴ്ജാ​തി​ക്കാ​രായ സ്ത്രീ​ക​ളു​ടെ​യും പ്ര​ശ്ന​മാ​ണെ​ന്നു് ചൂ​ണ്ടി​ക്കാ​ണി​ച്ചു. അതി​ലു​പ​രി​യാ​യി, കീ​ഴ്ജാ​തി​ക്കാർ​ക്കു് സഞ്ചാ​ര​സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്ന​തി​ന്റെ പ്ര​ശ്ന​ത്തെ സ്ത്രീ​ക​ളു​ടെ പൊ​തു​പ്ര​ശ്ന​മാ​യി കണ​ക്കാ​ക്ക​ണ​മെ​ന്നു് അവർ വാ​ദി​ച്ചു.

പ്രിയ സഹോ​ദ​രി​ക​ളെ, ഈയ​വ​സ​ര​ത്തിൽ നമ്മു​ടെ കട​മ​യെ​ന്താ​ണു്? സഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ആർ​ക്കും ലഭി​ക്കേ​ണ്ട​ത​ല്ല​യോ? വഴി​ന​ട​ക്കേ​ണ്ട​തു് സ്ത്രീ​ക​ളു​ടേ​യും ആവ​ശ്യ​മാ​ണ​ല്ലോ. സ്ത്രീ​ക​ളിൽ ഒരു വലി​യ​വി​ഭാ​ഗ​ത്തി​നു​ള്ള ഈ അസ്വാ​ത​ന്ത്ര്യം നീ​ക്കി​യെ​ടു​ക്കേ​ണ്ട​തു് മറ്റു​ള്ള​വ​രു​ടെ കട​മ​യാ​ണു്.

(‘കേ​ര​ളീയ ഹി​ന്ദു​സ്ത്രീ​ക​ളോ​ടു് ഒര​ഭ്യർ​ത്ഥന’, മല​യാ​ള​മ​നോ​രമ, 24 ജൂലൈ 1924)

പൊ​തു​വ​ഴി​ക​ളി​ലും പു​റം​ലോ​ക​ത്തും അനു​ഭ​വി​ച്ചു​വ​ന്ന അസ്വാ​ത​ന്ത്ര്യ​ങ്ങൾ​ക്കു​പു​റ​മെ കു​ടും​ബ​ത്തി​ലും അക​ത്ത​ള​ങ്ങ​ളി​ലും സ്ത്രീ​കൾ​ക്കു്, പ്ര​ത്യേ​കി​ച്ചു് ഉയർ​ന്ന​ജാ​തി​ക്കാ​രായ സ്ത്രീ​കൾ​ക്കു്, കടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളെ നേ​രി​ടേ​ണ്ടി​വ​ന്നി​രു​ന്നു. സമു​ദാ​യ​പ​രി​ഷ്ക്ക​ര​ണ​പ്ര​സ്ഥാ​ന​ങ്ങൾ പല​പ്പോ​ഴും ഇവയെ വി​മർ​ശി​ച്ചി​രു​ന്നു​വെ​ന്ന​തു് നേ​രാ​ണു്. പക്ഷേ, സ്ത്രീ​ക​ളു​ടെ തു​ല്യ​പൗ​ര​ത്വ​ത്തെ അവ ഹൃ​ദ​യ​പൂർ​വ്വം സ്വാ​ഗ​തം​ചെ​യ്തി​രു​ന്നോ എന്ന​തു് സം​ശ​യ​മാ​ണു്. കേ​ര​ള​ത്തി​ലെ ഏറ്റ​വും ഉയർ​ന്ന​ജാ​തി​ക്കാ​രാ​യി​രു​ന്ന നമ്പൂ​തി​രി​ബ്രാ​ഹ്മ​ണ​രു​ടെ​യി​ട​യിൽ സ്ത്രീ​കൾ വളരെ കഠി​ന​മായ നി​യ​ന്ത്ര​ണ​ത്തി​നു​ള്ളി​ലാ​ണു് കഴി​ഞ്ഞി​രു​ന്ന​തെ​ന്നു കണ്ട​ല്ലോ. 1920-കളിൽ ഇവർ​ക്കു​വേ​ണ്ടി സമ​രം​ചെ​യ്യാൻ ‘നമ്പൂ​തി​രി​യു​വ​ജ​ന​സം​ഘം’ തയ്യാ​റാ​യി. നമ്പൂ​തി​രി​മാ​രു​ടെ സാ​മു​ദാ​യി​ക​സം​ഘ​ട​ന​യായ ‘യോ​ഗ​ക്ഷേ​മ​സഭ’യോടു് ഇവർ നി​ര​വ​ധി തവണ ഏറ്റു​മു​ട്ടി. ഈ ഏറ്റു​മു​ട്ട​ലു​ക​ളി​ലെ നാ​യ​ക​സ്ഥാ​ന​ത്തു് വി. ടി. ഭട്ട​തി​രി​പ്പാ​ടു്, എം. ആർ. ഭട്ട​തി​രി​പ്പാ​ടു് മു​ത​ലാ​യ​വ​രാ​യി​രു​ന്നു. നമ്പൂ​തി​രി സ്ത്രീ​കൾ​ക്കു് ആധു​നിക വി​ദ്യാ​ഭ്യാ​സ​വും വസ്ത്ര​ധാ​ര​ണ​രീ​തി കളും പരി​ഷ്കൃ​ത​വി​വാ​ഹ​വും നേ​ടി​ക്കൊ​ടു​ക്കാൻ ഇവർ വളരെ പണി​പ്പെ​ട്ടു. ഇതു​പോ​ലെ സ്ത്രീ കളുടെ നില മെ​ച്ച​പ്പെ​ടു​ത്താ​നും അവരെ വി​ദ്യാ​സ​മ്പ​ന്ന​രാ​ക്കാ​നും ഒട്ടു​മി​ക്ക സാ​മു​ദാ​യിക പ്ര​സ്ഥാ​ന​ങ്ങ​ളും പണി​പ്പെ​ട്ടു. എന്നാൽ സ്ത്രീ​ക​ളെ പൂർ​ണ്ണ​പൗ​ര​ത്വ​ത്തി​നർ​ഹ​ത​യു​ള്ള സവി​ശേ​ഷ​ജ​ന​വി​ഭാ​ഗ​മാ​യി കണ​ക്കാ​ക്കി, അവ​രു​ടെ പൗ​ര​ത്വാ​വ​കാ​ശ​ത്തി​നു​വേ​ണ്ടി പോ​രാ​ടു​ന്ന രീ​തി​യ​ല്ല മിക്ക സാ​മു​ദാ​യി​ക​പ്ര​സ്ഥാ​ന​ങ്ങ​ളും സ്വീ​ക​രി​ച്ച​തു്. പി​ന്നെ​യോ, സമു​ദാ​യ​ത്തെ നവീ​ക​രി​ക്കാ​നാ​വ​ശ്യ​മായ അൽ​പ്പം സ്വാ​ത​ന്ത്ര്യം സ്ത്രീ​കൾ​ക്കു് നൽ​കു​ക​യെ​ന്ന പരി​മി​ത​ല​ക്ഷ്യ​മേ അവർ​ക്കു​ണ്ടാ​യി​രു​ന്നു​ള്ളു. 1916-ലെ ക്രി​സ്ത്യൻ പി​ന്തു​ടർ​ച്ചാ​വ​കാ​ശ​നി​യ​മം സ്ത്രീ​ക​ളോ​ടു കാ​ണി​ച്ച അനീ​തി​ക്കെ​തി​രെ ശബ്ദ​മു​യർ​ത്തിയ ശ്രീ​മ​തി ഐ. സി. ചാ​ക്കോ 1927-ൽ കത്തോ​ലി​ക്കാ​സ​മു​ദായ സമ്മേ​ള​ന​ത്തിൽ സ്ത്രീ​ക​ളു​ടെ ഹിതമോ മതമോ അന്വേ​ഷി​ക്കാ​തെ അവ​രു​ടെ തലയിൽ ഇത്ര അന്യാ​യ​മാ​യൊ​രു നി​യ​മ​ത്തെ കെ​ട്ടി​വ​ച്ച സർ​ക്കാ​രി​നെ ശക്ത​മാ​യ​ഭാ​ഷ​യിൽ അപ​ല​പി​ക്കു​ക​യു​ണ്ടാ​യി. ഈ പ്ര​സം​ഗം വലിയ വി​വാ​ദ​മാ​കു​ക​യും ശ്രീ​മ​തി ഐ. സി. ചാ​ക്കോ​യ്ക്കു് നി​ര​വ​ധി ഭീ​ഷ​ണി​ക്ക​ത്തു​കൾ ലഭി​ക്കു​ക​യും ചെ​യ്തു. സ്ത്രീ​ക​ളു​ടെ പക്ഷം പറ​യു​ന്ന​തു് കു​ടും​ബ​ത്തെ​യും സമു​ദാ​യ​ത്തെ​യും തകർ​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നു​പോ​ലും ചില സമു​ദാ​യ​സ്നേ​ഹി​കൾ പ്ര​സ്താ​വി​ച്ചു!

1920-കളിൽ ജന​പ്ര​തി​നി​ധി​സ​ഭ​കൾ​ക്കു​ള്ളിൽ സ്ത്രീ​കൾ​ക്കു ലഭി​ക്കേ​ണ്ട മതി​യായ പ്രാ​തി​നി​ധ്യ​ത്തി​നു​വേ​ണ്ടി​യു​ള്ള വാ​ദ​വും ധാ​രാ​ളം കേൾ​ക്കാ​നു​ണ്ടാ​യി​രു​ന്നു. ഇത​ര​വി​ഭാ​ഗ​ക്കാ​രെ​യ​പേ​ക്ഷി​ച്ചു് വലി​പ്പ​മു​ള്ള വി​ഭാ​ഗ​മാ​ണെ​ങ്കി​ലും, ജന​സം​ഖ്യ​യു​ടെ​ത​ന്നെ പകു​തി​യി​ല​ധി​ക​മാ​ണെ​ങ്കി​ലും, സ്ത്രീ​കൾ​ക്കു് വേ​ണ്ട​ത്ര പ്ര​തി​നി​ധി​ക​ളി​ല്ലാ​താ​കു​ന്ന​തി​നെ​ക്കു​റി​ച്ചു് അനവധി പരാ​തി​കൾ ഈ വർ​ഷ​ങ്ങ​ളിൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. അതി​ലൊ​ന്നു് ഇപ്ര​കാ​ര​മാ​യി​രു​ന്നു:

1921 ലെ ജന​സം​ഖ്യാ​ക​ണ​ക്കു പ്ര​കാ​രം രാ​ജ്യ​ത്തു് 1167 ജൂ​ത​സ​മു​ദാ​യ​ക്കാ​രാ​ണു​ള്ള​തു്. അവ​രിൽ​ത്ത​ന്നെ 100 പേർ​ക്കു​മാ​ത്ര​മാ​ണു് വോ​ട്ട​വ​കാ​ശ​മു​ള്ള​തു്! എങ്കി​ലും അവർ​ക്കു് (കൊ​ച്ചി നി​യ​മ​നിർ​മ്മാണ) കൗൺ​സി​ലിൽ ഒരു പ്ര​ത്യേക സീ​റ്റു​ണ്ടു്. വാ​ണി​ജ്യ​വ്യ​വ​സാ​യ​രം​ഗ​ത്തി​ന്റെ പ്ര​തി​നി​ധി​ക്കും ഒരു സീ​റ്റു​ണ്ടു്. 70 വോ​ട്ടർ​മാർ​ക്കാ​ണു് ഈയൊരു പ്ര​തി​നി​ധി​യെ തെ​രെ​ഞ്ഞെ​ടു​ക്കാ​നു​ള്ള അവ​കാ​ശം. ഈ രാ​ജ്യ​ത്തി​ലെ തോ​ട്ട​മു​ട​മ​ക​ളു​ടെ എണ്ണം വി​ര​ലി​ലെ​ണ്ണാ​നേ​യു​ള്ളു! വെറും ഏഴു​പേർ​മാ​ത്ര​മു​ള്ള ഈ വി​ഭാ​ഗ​ത്തി​നു് കൊ​ച്ചി നി​യ​മ​നിർ​മ്മാ​ണ​കൗൺ​സി​ലിൽ ഒരു സീ​റ്റു​ണ്ടു്. പക്ഷേ, ജന​ങ്ങ​ളു​ടെ പകുതി സ്ത്രീ​ക​ളാ​യി​ട്ടും 1500 സ്ത്രീ​വോ​ട്ടർ​മാർ ഉണ്ടാ​യി​ട്ടും കൗൺ​സി​ലിൽ അവർ​ക്കു് മൂ​ന്നു് പ്ര​തി​നി​ധി​ക​ളി​ല്ല.

(‘A Cochin Lady’, മലയാള മനോരമ, 28 മാർ​ച്ചു് 1925)

kimages/Kulasthree_Chapter_ten_pic02.png
ധീ​ര​വ​നി​ത​കൾ അവ​കാ​ശ​ങ്ങൾ പി​ടി​ച്ചെ​ടു​ക്കു​ന്നു

1986 ഫെ​ബ്രു​വ​രി 23-നു് സു​പ്രീം​കോ​ട​തി തി​രു​വി​താം​കൂർ ക്രി​സ്ത്യൻ പി​ന്തു​ടർ​ച്ചാ​വ​കാ​ശ​നി​യ​മം റദ്ദു​ചെ​യ്തു. റദ്ദു​ചെ​യ്യ​പ്പെ​ട്ട നി​യ​മ​പ്ര​കാ​രം കു​ടും​ബ​സ്വ​ത്തിൽ ഒരു മക​ളു​ടെ പര​മാ​വ​ധി അവ​കാ​ശം വെറും 5,000 രൂപ മാ​ത്ര​മാ​യി​രു​ന്നു. ഭർ​ത്താ​വി​നെ സ്വയം തെ​ര​ഞ്ഞെ​ടു​ത്ത, എന്നാൽ പി​ന്നീ​ടു് ഒറ്റ​യ്ക്കു ജീ​വി​ക്കാൻ തീ​രു​മാ​നി​ച്ച മേരി റോയി എന്ന സ്ത്രീ നീണ്ട നി​യ​മ​യു​ദ്ധ​ത്തി​നു​ശേ​ഷം നേ​ടി​യെ​ടു​ത്ത​താ​ണു് ഈ വിധി. മു​മ്പു​പ​റ​ഞ്ഞ നിയമം ഇന്ത്യൻ ഭര​ണ​ഘ​ടന വാ​ഗ്ദാ​നം​ചെ​യ്യു​ന്ന തു​ല്യാ​വ​കാ​ശ​ത്തി​നു വി​രു​ദ്ധ​മാ​ണെ​ന്നു തെ​ളി​യി​ക്കാൻ അവർ​ക്കു കഴി​ഞ്ഞു. സഹോ​ദ​ര​ന്മാ​രു​ടെ അനീ​തി​കൊ​ണ്ടു പൊ​റു​തി​മു​ട്ടിയ അവി​വാ​ഹി​ത​രായ രണ്ടു സ്ത്രീ​ക​ളും അവർ​ക്കൊ​പ്പം കക്ഷി​ചേർ​ന്നു. അങ്ങ​നെ കേ​ര​ള​ത്തി​ലെ എല്ലാ ക്രി​സ്തീ​യ​സ​മു​ദാ​യ​ങ്ങൾ​ക്കും 1925-ലെ ഇന്ത്യൻ പി​ന്തു​ടർ​ച്ചാ​വ​കാ​ശ​നി​യ​മം ബാ​ധ​ക​മാ​ണെ​ന്നു​വ​ന്നു. ഇന്ത്യൻ വി​വാ​ഹ​മോ​ച​ന​നി​യ​മ​ത്തിൽ കാ​ര്യ​മായ മാ​റ്റം​വ​രു​ത്തിയ ഇന്ത്യൻ വി​വാ​ഹ​മോ​ച​ന​നി​യ​മം (2001) മറ്റൊ​രു ചു​വ​ടാ​യി​രു​ന്നു.

തി​രു​വി​താം​കൂ​റി​ലും കൊ​ച്ചി​യി​ലും സ്ത്രീ​ക​ളു​ടെ രാ​ഷ്ട്രീ​യാ​വ​കാ​ശ​ങ്ങൾ വർ​ദ്ധി​പ്പി​ക്കു​ന്ന പല നട​പ​ടി​ക​ളു​മു​ണ്ടാ​യ​തു് അന്ന​ത്തെ ജന​കീ​യ​പ്ര​സ്ഥാ​ന​ങ്ങൾ​ക്കു് തീരെ അഭി​മ​ത​മ​ല്ലാ​യി​രു​ന്ന സർ​ക്കാ​രി​ന്റെ പക്ഷ​ത്തു​നി​ന്നാ​യി​രു​ന്നു. തി​രു​വി​താം​കൂ​റി​ലെ നി​വർ​ത്ത​ന​പ്ര​ക്ഷോ​ഭ​ത്തെ അടി​ച്ച​മർ​ത്തു​ക​യും ജനാ​ധി​പ​ത്യ​മ​ര്യാ​ദ​ക​ളെ മു​ഴു​വൻ കാ​റ്റിൽ​പ്പ​റ​ത്തു​ക​യും​ചെ​യ്ത ദിവാൻ സർ സി. പി. രാ​മ​സ്വാ​മി അയ്യ​രു​ടെ ആജ്ഞാ​നു​വർ​ത്തി​ക​ളാ​യി​രു​ന്നു ‘സ്ത്രീ​പ​ക്ഷ​ക്കാർ’ എന്നൊ​രു അപ​ഖ്യാ​തി​യു​ണ്ടാ​യി​രു​ന്നു. പക്ഷേ, ഈ ജന​കീ​യ​പ്ര​സ്ഥാ​ന​ങ്ങ​ളോ സാ​മു​ദാ​യി​ക​പ്ര​സ്ഥാ​ന​ങ്ങ​ളോ സ്ത്രീ​ക​ളു​ടെ രാ​ഷ്ട്രീ​യാ​വ​കാ​ശ​ങ്ങൾ​ക്കു് ഒട്ടും പ്രാ​ധാ​ന്യം കൽ​പ്പി​ച്ചി​രു​ന്നി​ല്ലെ​ന്ന​തും നേ​രാ​യി​രു​ന്നു. അതു​കൊ​ണ്ടു് രാ​ഷ്ട്രീയ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളിൽ സ്ത്രീ​കൾ അവ​ഗ​ണി​ക്ക​പ്പെ​ടു​മെ​ന്നും സർ​ക്കാ​രി​ന്റെ നാ​മ​നിർ​ദ്ദേ​ശ​ത്തി​ലൂ​ടെ മാ​ത്ര​മേ സ്ത്രീ​കൾ നി​യ​മ​സ​ഭ​ക​ളി​ലെ​ത്തൂ എന്നു​മു​ള്ള തോ​ന്നൽ സ്ത്രീ​വാ​ദി​ക​ളായ നി​രീ​ക്ഷ​ക​രിൽ പലർ​ക്കു​മു​ണ്ടാ​യി​രു​ന്നു. 1944-ലെ തി​രു​വി​താം​കൂർ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പശ്ചാ​ത്ത​ല​ത്തിൽ ഈ അവ​ഗ​ണ​ന​യെ അപ​ല​പി​ച്ചു​കൊ​ണ്ടു് വനി​താ​മി​ത്രം എന്ന സ്ത്രീ​പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്റെ പ്ര​സാ​ധി​ക​യാ​യി​രു​ന്ന ടി. എൻ. കല്ല്യാ​ണി​ക്കു​ട്ടി​യ​മ്മ ഇപ്ര​കാ​ര​മെ​ഴു​തി:

പൊ​തു​നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളിൽ നിൽ​ക്കു​ന്ന സ്ത്രീ സ്ഥാ​നാർ​ത്ഥി​കൾ​ക്കു് അവ​രു​ടെ വ്യ​ക്തി​മ​ഹാ​ത്മ്യം എത്ര അനി​ഷേ​ധ്യ​മാ​യി​രു​ന്നാൽ​ത്ത​ന്നെ​യും ലഭി​ക്കാ​വു​ന്ന പി​ന്തുണ സം​ശ​യാ​സ്പ​ദ​മാ​യി​ട്ടാ​ണു് ജന​ങ്ങൾ​ക്കു് തോ​ന്നു​ന്ന​തു്. സ്ത്രീ​വോ​ട്ടർ​മാ​രു​ടെ ശത​മാ​നം സ്ഥാ​നാർ​ത്ഥി​കൾ​ക്കു് നി​ശ്ചി​ത​മായ വി​ജ​യം​ല​ഭി​ക്ക​ത്ത​ക്ക​വ​ണ്ണം അനു​കൂ​ല​ത​ര​മാ​യി​രു​ന്നാ​ലും സ്ത്രീ​സ്ഥാ​നാർ​ത്ഥി​ക​ളെ​ത്ത​ന്നെ സഹാ​യി​ക്കു​വാ​നു​ള്ള കർ​ത്ത​വ്യ​ബോ​ധം ഉണ്ടാ​ക​ത്ത​ക്ക​വ​ണ്ണം വനി​താ​വോ​ട്ടർ​മാർ​ക്കു് തദ്വി​ഷ​യ​ത്തിൽ വേ​ണ്ട​ത്ര മു​ന്ന​റി​വും ഉദ്ബോ​ധ​ന​വും ലഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഞങ്ങൾ വി​ശ്വ​സി​ക്കു​ന്നി​ല്ല.

(പത്രാ​ധി​പ​ക്കു​റി​പ്പു്, വനി​താ​മി​ത്രം, 1(8), 1944, ആഗ​സ്റ്റ്)

ഇക്കാ​ര​ണ​ത്താൽ കൂ​ടു​തൽ സ്ത്രീ​ക​ളെ നാ​മ​നിർ​ദ്ദേ​ശം​ചെ​യ്യാൻ സർ​ക്കാർ തയ്യാ​റാ​ക​ണ​മെ​ന്ന ആവ​ശ്യ​മു​ന്ന​യി​ച്ചു​കൊ​ണ്ടാ​ണു് അവർ ഈ കു​റി​പ്പു് അവ​സാ​നി​പ്പി​ച്ച​തു്. സ്വാ​ത​ന്ത്ര്യം കി​ട്ടി​യ​തി​നു​ശേ​ഷം തി​രു​വി​താം​കൂ​റും കൊ​ച്ചി​യും യോ​ജി​പ്പി​ച്ചു് തിരു-​കൊച്ചി യൂ​ണി​യൻ സം​സ്ഥാ​ന​മാ​ണു് ആദ്യ​മു​ണ്ടാ​ക്കി​യ​തു്. യൂ​ണി​യൻ നി​യ​മ​സ​ഭ​യി​ലും സ്ത്രീ​കൾ നാ​മ​മാ​ത്ര​മാ​യി​രു​ന്നു. 178 അം​ഗ​ങ്ങ​ളു​ള്ള സഭയിൽ രണ്ടു സ്ത്രീ​ക​ളേ ഉണ്ടാ​യി​രു​ന്നു​ള്ളു. അവർ നാ​മ​നിർ​ദ്ദേ​ശം ചെ​യ്യ​പ്പെ​ട്ട​വ​രാ​യി​രു​ന്നു.-ആനി തയ്യിൽ ആയി​രു​ന്നു അവരിൽ പ്ര​ധാ​നി. ഇവർ സ്ത്രീ​കൾ​ക്കു​വേ​ണ്ടി സം​സാ​രി​ച്ചി​രു​ന്നു. സ്വാ​ത​ന്ത്ര്യ​ത്തി​നു​ശേ​ഷ​വും സ്ത്രീ​കൾ അധികം രാ​ഷ്ട്രീ​യ​ത്തി​ലു​ണ്ടാ​കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നു പറയാൻ മടി​ക്കാ​ത്ത നേ​താ​ക്ക​ന്മാ​രു​ണ്ടാ​യി, ഈ സ്വ​ത​ന്ത്ര​ജ​നാ​ധി​പ​ത്യ​കേ​ര​ള​ത്തിൽ ഇതി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച അക്ക​മ്മ ചെ​റി​യാ​നു് കോൺ​ഗ്ര​സ്സ് വി​ടേ​ണ്ടി​വ​ന്നു. 1952-ലെ തെ​ര​ഞ്ഞെ​ടു​പ്പിൽ മത്സ​രി​ച്ച 126 കോൺ​ഗ്ര​സ്സ് സ്ഥാ​നാർ​ത്ഥി​ക​ളിൽ ഒരൊ​റ്റ സ്ത്രീ​പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല. 1953-ലെ ഉപ​തെ​ര​ഞ്ഞെ​ടു​പ്പിൽ അക്കാ​മ്മ കോൺ​ഗ്ര​സ്സി​നെ ധി​ക്ക​രി​ച്ചു​കൊ​ണ്ടു് കാ​ഞ്ഞി​ര​പ്പ​ള്ളി​യിൽ പ്ര​തി​പ​ക്ഷ​പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര​സ്ഥാ​നാർ​ത്ഥി​യാ​യി മത്സ​രി​ച്ചു. അവർ ഏക​ദേ​ശം പൂർ​ണ്ണ ഗർ​ഭി​ണി​യാ​യി​രു​ന്ന​പ്പോ​ഴാ​യി​രു​ന്നു പ്ര​ച​ര​ണം. കടു​ത്ത അപ​വാ​ദ​വും പരി​ഹാ​സ​വും​സ​ഹി​ച്ചു് അവർ പ്ര​ച​ര​ണം​ന​ട​ത്തി. പ്ര​ച​ര​ണ​പ്ര​സം​ഗ​ങ്ങ​ളിൽ അവർ സ്ത്രീ​ക​ളോ​ടു് നേ​രി​ട്ടു​സം​സാ​രി​ച്ചു. അക്കാ​മ്മ​യു​ടെ വിജയം അവ​രു​ടെ വി​ജ​യ​മാ​യി​രി​ക്കു​മെ​ന്നു് പ്ര​ഖ്യാ​പി​ച്ചു. മൊ​ത്തം​വോ​ട്ടു​ക​ളു​ടെ 43 ശത​മാ​നം നേ​ടി​യെ​ങ്കി​ലും അക്കാ​മ്മ പരാ​ജ​യ​പ്പെ​ട്ടു. പ്ര​ച​ര​ണ​ത്തി​ന്റെ അവ​സാ​ന​ത്തെ രണ്ടാ​ഴ്ച അവർ ആശു​പ​ത്രി​യി​ലാ​യി​രു​ന്നു. സ്ത്രീ​ക​ളെ പ്ര​ത്യേക വിഭാഗമായി-​രാഷ്ട്രീയസ്വഭാവമുള്ള ജനവിഭാഗമായി-​കണക്കാക്കുന്നുവെന്നു് നാ​വു​കൊ​ണ്ടു​ള്ള പറ​ച്ചിൽ തു​ടർ​ന്നു​ണ്ടാ​യെ​ങ്കി​ലും പ്രാ​യോ​ഗി​ക​ത​ല​ത്തിൽ അതു നി​ല​ച്ചു.

സമു​ദാ​യ​ത്തി​ന്റെ താൽ​പ്പ​ര്യ​വും സ്ത്രീ​യു​ടെ താൽ​പ്പ​ര്യ​വും

സ്ത്രീ​ക​ളു​ടെ സം​ര​ക്ഷ​ണ​വും മേൽ​ഗ​തി​യും ഉറ​പ്പാ​ക്കു​ന്ന നി​യ​മ​ങ്ങൾ സമു​ദാ​യ​താൽ​പ്പ​ര്യ​ത്തി​നെ​തി​രാ​ണോ? സത്യ​ത്തിൽ അത്ത​രം നി​യ​മ​ങ്ങൾ സമു​ദാ​യ​ത്തി​ന്റെ അഭി​വൃ​ദ്ധി​യെ സഹാ​യി​ക്കു​ക​യി​ല്ലേ? ഇന്ത്യ​യി​ലെ പല സമു​ദാ​യ​ങ്ങ​ളി​ലും സ്ത്രീ​കൾ ഈ ചോ​ദ്യ​ങ്ങൾ ഉയർ​ത്തി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്നു. എന്നാൽ ഈ ചർച്ച വളരെ കാ​ല​പ്പ​ഴ​ക്ക​മു​ള്ള​താ​ണു്. പല​പ്പോ​ഴും സ്ത്രീ​ക​ളു​ടെ ക്ഷേ​മം ഉറ​പ്പാ​ക്കാ​നു​ള്ള നി​യ​മ​ങ്ങൾ സമു​ദാ​യ​ങ്ങ​ളു​ടെ താൽ​പ​ര്യ​ങ്ങ​ളെ ഹനി​ക്കു​ന്നു​വെ​ന്നു് സമു​ദാ​യ​നേ​താ​ക്കൾ പറ​ഞ്ഞു. എന്നാൽ, അവർ സ്ത്രീ​കൾ​ക്കു് സമു​ദാ​യ​ത്തി​ന്റെ​യു​ള്ളിൽ മതി​യായ സ്ഥാ​ന​മോ പരി​ഗ​ണ​ന​യോ നൽകാൻ മി​ക്ക​പ്പൊ​ഴും തയ്യാ​റു​മ​ല്ല. സമു​ദാ​യ​ങ്ങ​ളു​ടെ അക​ത്തും പു​റ​ത്തും സ്ത്രീ​കൾ ഈ മനോ​ഭാ​വ​ത്തെ ചോ​ദ്യം​ചെ​യ്തി​ട്ടു​ണ്ടു്. 1986-ൽ ഇന്ത്യ​യി​ലൊ​ട്ടാ​കെ ചർ​ച്ചാ​വി​ഷ​യ​മായ ഒന്നാ​ണു് ഷാ​ബാ​നോ എന്ന എഴു​പ​ത്തി​ര​ണ്ടു​വ​യ​സ്സു​കാ​രി​യായ മു​സ്ലിം​സ്ത്രീ​യു​ടെ സു​ര​ക്ഷ​യു​ടെ പ്ര​ശ്നം. വി​വാ​ഹ​മോ​ച​ന​ത്തെ​ത്തു​ടർ​ന്നു് ഇവർ​ക്കു് ചെ​ല​വി​നു​കി​ട്ടാൻ അവ​കാ​ശ​മു​ണ്ടെ​ന്നു് സു​പ്രീം​കോ​ട​തി വി​ധി​ച്ച​തി​നെ​ത്തു​ടർ​ന്നു് വലിയ ഒച്ച​പ്പാ​ടു​ണ്ടാ​യി. സമു​ദാ​യ​നേ​താ​ക്ക​ളു​ടെ സമ്മർ​ദ്ദ​ത്തെ​ത്തു​ടർ​ന്നു് അന്ന​ത്തെ സർ​ക്കാർ മു​സ്ലിം​സ്ത്രീ​ക​ളെ ക്രി​മി​നൽ പ്രൊ​സി​ജ്യൂർ കോ​ഡി​ലെ 125-ആം വകു​പ്പി​ന്റെ സം​ര​ക്ഷ​ണ​ത്തിൽ​നി​ന്നു് ഒഴി​വാ​ക്കി​ക്കൊ​ണ്ടു് നിയമം പാ​സ്സാ​ക്കി. ഈ പശ്ചാ​ത്ത​ല​ത്തിൽ പ്ര​ത്യേക സമു​ദാ​യ​നി​യ​മ​ങ്ങൾ​ക്കു പകരം എല്ലാ​വർ​ക്കും ബാ​ധ​ക​മായ ഏകീ​കൃത സിവിൽ കോഡ് ആവ​ശ്യ​മാ​ണെ​ന്നാ​ണു് പലരും വാ​ദി​ച്ച​തു്. ഇക്കൂ​ട്ട​ത്തിൽ ഹി​ന്ദു​വർ​ഗ്ഗീ​യ​ത​യു​ടെ വക്താ​ക്ക​ളു​ടെ ശബ്ദം വളരെ ഉച്ച​ത്തിൽ കേ​ട്ടി​രു​ന്നു. എന്നാൽ ഇവ​രു​ടെ ഉദ്ദേ​ശ്യം അത്ര ശു​ദ്ധ​മ​ല്ലെ​ന്നു വ്യ​ക്ത​മാ​യി​രു​ന്നു. മു​സ്ലി​ങ്ങ​ളു​ടെ സ്ത്രീ​വി​രു​ദ്ധ​ത​യെ​ക്കു​റി​ച്ചു് വാ​തോ​രാ​തെ സം​സാ​രി​ക്കു​ന്ന ഇവർ സ്വ​ന്തം സമു​ദാ​യ​ത്തി​ന്റെ സ്ത്രീ​വി​രു​ദ്ധ​ത​യെ​ക്കു​റി​ച്ച തി​ക​ഞ്ഞ അന്ധ​ത​യാ​ണു് പു​ലർ​ത്തി​യി​രു​ന്ന​തു്. സമു​ദാ​യ​ങ്ങൾ​ക്കു​ള്ളിൽ​നി​ന്നു​കൊ​ണ്ടു​ത​ന്നെ തങ്ങ​ളു​ടെ അവ​കാ​ശ​ങ്ങൾ വി​ക​സി​പ്പി​ക്കാൻ സ്ത്രീ​കൾ ഇന്നു് കൂ​ടു​തൽ ഊർ​ജ്ജി​ത​മാ​യി ശ്ര​മി​ച്ചു​വ​രു​ന്നു. ‘മു​സ്ലിം​സ്ത്രീ​വാ​ദം’പോ​ലെ​യു​ള്ള രാ​ഷ്ട്രീ​യ​രൂ​പ​ങ്ങ​ളോ​ടു് കൂ​ടു​തൽ താൽ​പ​ര്യം ഇന്നു കണ്ടു​വ​രു​ന്നു​ണ്ടു്.

മാ​ത്ര​മ​ല്ല, ‘സ്ത്രീ​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ’യി സ്വയം അവ​ത​രി​പ്പി​ക്കാൻ ശ്ര​മി​ച്ച​വ​രെ​പ്പോ​ലും സമു​ദാ​യാ​ടി​സ്ഥാ​ന​ത്തിൽ വീ​ക്ഷി​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണു് നി​ല​വിൽ​വ​ന്ന​തു്. 1931-ൽ അന്നാ ചാ​ണ്ടി രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങി​യ​പ്പോൾ അവരെ സു​റി​യാ​നി ക്രി​സ്ത്യാ​നി സ്ഥാ​നാർ​ത്ഥി​യാ​യി ചി​ത്രീ​ക​രി​ക്കാ​നും അവർ​ക്കെ​തി​രെ അശ്ലീ​ല​ചു​വ​രെ​ഴു​ത്തു​കൾ നട​ത്താ​നും തയ്യാ​റായ കൂ​ട്ടർ തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ടാ​യി​രു​ന്നു. അക്കാ​മ്മ ചെ​റി​യാൻ തി​രു​വി​താം​കൂ​റി​ലെ ദി​വാൻ​വി​രു​ദ്ധ​ജ​നാ​ധി​പ​ത്യ​പ്ര​ക്ഷോ​ഭ​ത്തി​ന്റെ നാ​യി​ക​യാ​യ​പ്പോൾ അവരെ ‘തി​രു​വി​താം​കൂ​റി​ന്റെ വി​ശു​ദ്ധ ജോവാൻ ഓഫ് ആർ​ക്ക്’ എന്നു ക്രി​സ്ത്യാ​നി​ക​ളും ‘വേ​ലു​ത്ത​മ്പി​യു​ടെ പി​ന്മു​റ​ക്കാ​രി’ എന്നു് ഹി​ന്ദു​ക്ക​ളും ചി​ത്രീ​ക​രി​ച്ചു. ഇടു​ങ്ങിയ സമു​ദാ​യ​സ്വ​ത്വ​ങ്ങൾ​ക്ക​പ്പു​റം ‘സ്ത്രീ’ എന്ന സ്വ​ത്വ ത്തി​നു് വളരാൻ കഴി​ഞ്ഞി​ല്ലെ​ന്ന​താ​ണു് വാ​സ്ത​വം.

സ്ത്രീ​കൾ​ക്കു് ഉദ്യോ​ഗ​ങ്ങൾ കി​ട്ടാ​നി​ട​യാ​യ​തും ഇതു​പോ​ലെ വലിയ വാ​ദ​പ്ര​തി​വാ​ദ​ങ്ങൾ​ക്കു് ശേ​ഷ​മാ​യി​രു​ന്നു. അവി​ടെ​യും വിജയം ഭാ​ഗി​ക​മാ​യി​രു​ന്നു​വെ​ന്നേ പറയാൻ കഴിയൂ. ഇരു​പ​താം നൂ​റ്റാ​ണ്ടി​ന്റെ തു​ട​ക്ക​ത്തിൽ തി​രു​വി​താം​കൂ​റി​ലും കൊ​ച്ചി​യി​ലും സ്ത്രീ​കൾ പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​നു കീഴിൽ അദ്ധ്യാ​പി​ക​മാ​രാ​യും അസി​സ്റ്റ​ന്റ് ഇൻ​സ്പെ​ക്ട്ര​സ്സു​മാ​രാ​യും ആരോ​ഗ്യ​വ​കു​പ്പിൽ നഴ്സു​മാ​രാ​യും മറ്റും ജോ​ലി​നോ​ക്കി​ത്തു​ട​ങ്ങി​യി​രു​ന്നു. ഈ കാലം മു​തൽ​ക്കു​ത​ന്നെ ‘വി​വാ​ഹി​ത​ക​ളായ സ്ത്രീ​കൾ​ക്കു് സർ​ക്കാർ ജോലി കൊ​ടു​ക്ക​രു​ത്’ എന്ന പല്ല​വി ഇവി​ട​ങ്ങ​ളി​ലും മല​ബാ​റി​ലും കേ​ട്ടു​തു​ട​ങ്ങി​യി​രു​ന്നു. അന്നു നാ​യർ​സ​മു​ദാ​യ​പ്ര​വർ​ത്ത​ന​രം​ഗ​ത്തെ പ്ര​മു​ഖ​യും ഉദ്യോ​ഗ​സ്ഥ​യു​മാ​യി​രു​ന്ന കെ. ചി​ന്ന​മ്മ​യെ​പ്പോ​ലു​ള്ള​വർ ഇതിനെ എതിർ​ത്തു് സർ​ക്കാ​രി​നു് നി​വേ​ദ​നം സമർ​പ്പി​ച്ചി​രു​ന്നു. 1920-കളിൽ ആരോ​ഗ്യ​വ​കു​പ്പി​ലെ നഴ്സു​മാ​രു​ടെ സേ​വ​ന​വ്യ​വ​സ്ഥ​ക​ളെ​ച്ചൊ​ല്ലി വീ​ണ്ടും ഒച്ച​പ്പാ​ടു​ണ്ടാ​യി. അവി​വാ​ഹി​ത​കൾ​ക്കേ ജോ​ലി​കൊ​ടു​ക്കാ​വൂ എന്ന നിയമം അനാ​വ​ശ്യ​മാ​ണെ​ന്നു് പു​രോ​ഗ​മ​ന​പ​ക്ഷ​ക്കാ​രായ സ്ത്രീ​പു​രു​ഷ​ന്മാർ വാ​ദി​ച്ചു. ഇക്കാ​ര്യം 1926-ൽ തി​രു​വി​താം​കൂർ നി​യ​മ​നിർ​മ്മാണ കൗൺ​സി​ലിൽ ചർ​ച്ചാ​വി​ഷ​യ​മാ​യി. പക്ഷേ, അന്നു് ആരോ​ഗ്യ​വ​കു​പ്പി​നെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന ഡോ. മേരി പു​ന്നൻ ലൂ​ക്കോ​സ് ഈ നി​യ​മ​ത്തെ ന്യാ​യീ​ക​രി​ച്ചു. കു​ടും​ബ​ത്തിൽ ഉത്ത​ര​വാ​ദി​ത്വ​മു​ള്ള സ്ത്രീ​കൾ​ക്കു് നഴ്സി​ങ് ജോലി കാ​ര്യ​ക്ഷ​മ​മാ​യി ചെ​യ്യാൻ​ക​ഴി​യി​ല്ലെ​ന്നും രണ്ടി​നും​കൂ​ടി​യു​ള്ള ഊർ​ജ്ജ​വും സമ​യ​വും അവർ​ക്കു​ണ്ടാ​കാ​നി​ട​യി​ല്ല എന്നു​മാ​യി​രു​ന്നു ആ മഹ​തി​യു​ടെ അഭി​പ്രാ​യം! എന്താ​യാ​ലും 1933-ൽ ഈ പ്ര​ശ്നം വീ​ണ്ടും ശ്രീ​മൂ​ലം പ്ര​ജാ​സ​ഭ​യ്ക്കു മു​ന്നിൽ ഉയർ​ന്നു​വ​ന്നു. എന്നാൽ, അന്നു് സഭ​യി​ലെ വനിതാ പ്ര​തി​നി​ധി​യായ ടി. നാ​രാ​യ​ണി​യ​മ്മ കു​റി​ക്കു​കൊ​ള്ളു​ന്ന മറു​പ​ടി​കൊ​ടു​ത്തു. ഗൃ​ഹ​ജോ​ലി​കൾ വി​വാ​ഹി​ത​കൾ​ക്കും അവി​വാ​ഹി​ത​കൾ​ക്കും ഒരു​പോ​ലെ ബാ​ധ​ക​മാ​യേ​ക്കാ​മെ​ന്നു് അവർ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

ഇതു​പോ​ലെ ഗു​മ​സ്ത​പ്പ​ണി​ക്കു് സ്ത്രീ​കൾ പറ്റി​ല്ലെ​ന്നും പലരും വാ​ദി​ച്ചു. കാരണം പു​രു​ഷ​ന്മാ​രായ ഉദ്യോ​ഗ​സ്ഥർ​ക്കൊ​പ്പം സർ​ക്കീ​ട്ടി​നും​മ​റ്റും പോ​കേ​ണ്ടി​വ​രും. അതു് സദാ​ചാ​ര​പ്ര​ശ്ന​മാ​കു​മെ​ന്ന ഭയം. അന്യ​പു​രു​ഷ​ന്മാ​രോ​ടു് അടു​ത്തി​ട​പ​ഴ​കേ​ണ്ടി​വ​രു​ന്ന ജോ​ലി​ചെ​യ്യു​ന്ന പെ​ണ്ണു​ങ്ങൾ ‘ചീത്ത’യാ​ണെ​ന്ന തോ​ന്ന​ലും നാ​ട്ടിൽ പെ​രു​കി. എന്താ​യാ​ലും അഭ്യ​സ്ത​വി​ദ്യ​രായ സ്ത്രീ​കൾ ഉദ്യോ​ഗ​ങ്ങൾ​ക്കാ​യു​ള്ള ശ്രമം തു​ടർ​ന്നു​കൊ​ണ്ടു​ത​ന്നെ​യി​രു​ന്നു. 1927-ൽ തി​രു​വി​താം​കൂ​റി​ലെ ബി​രു​ദ​ധാ​രി​ണി​കൾ ‘തി​രു​വി​താം​കൂർ ബി​രു​ദ​ധാ​രി​ണി​സം​ഘം’ (Travancore Lady Graduates Association) എന്ന പേരിൽ സം​ഘ​ട​ന​യു​ണ്ടാ​ക്കി. സമു​ദാ​യ​ക്കാർ​ക്കു് സം​വ​ര​ണം അനു​വ​ദി​ച്ച​തു​പോ​ലെ സ്ത്രീ​കൾ​ക്കും പ്ര​ത്യേക സം​വ​ര​ണം​വേ​ണ​മെ​ന്നു് ആവ​ശ്യ​പ്പെ​ട്ടു. സർ​ക്കാർ അൽ​പ്പം വഴ​ങ്ങു​ക​യും​ചെ​യ്തു. അങ്ങ​നെ 1929-ൽ ഹജൂർ​ക​ച്ചേ​രി (ഇന്ന​ത്തെ സെ​ക്ര​ട്ടേ​റി​യ​റ്റ്), റവ​ന്യൂ വകു​പ്പു്, ഹൈ​ക്കോ​ട​തി എന്നി​വി​ട​ങ്ങ​ളിൽ നാലു ബി. എ. ക്കാ​രി​കൾ​ക്കു് ജോ​ലി​കി​ട്ടി. ഇതു് വലി​യൊ​രു കോ​ലാ​ഹ​ല​ത്തി​ലേ​ക്കു നയി​ച്ചു. അന്ന​ത്തെ കൊ​ല​കൊ​മ്പ​ന്മാ​രും പ്ര​മാ​ണി​മാ​രു​മാ​യി​രു​ന്ന പലരും വലിയ ഒച്ച​പ്പാ​ടു​ണ്ടാ​ക്കി. അതി​ലൊ​രാ​ളായ സദ​സ്യ​തി​ല​കം ടി. കെ. വേ​ലു​പ്പി​ള്ള അറി​യ​പ്പെ​ട്ട പണ്ഡി​ത​നും സർ​ക്കാർ അനു​കൂ​ലി​യും തി​രു​വ​ന​ന്ത​പു​രം നി​യ​മ​കോ​ളേ​ജ് പ്രാ​ഫ​സ​റും ആയി​രു​ന്നു. അദ്ദേ​ഹം ഇതി​നെ​ച്ചൊ​ല്ലി ഘോ​ര​മായ ഒരു പ്ര​സം​ഗ​വും നട​ത്തി. ഈ പ്ര​സം​ഗ​ത്തെ അതി​ശ​ക്ത​മായ മറു​പ്ര​സം​ഗ​ത്തി​ലൂ​ടെ അന്നാ ചാ​ണ്ടി നേ​രി​ട്ടു. നി​ര​വ​ധി ചോ​ദ്യ​ങ്ങൾ തൊ​ടു​ത്തി​വി​ട്ടു​കൊ​ണ്ടാ​ണു് അവർ വേ​ലു​പ്പി​ള്ള​യു​ടെ വാ​ദ​ഗ​തി​ക​ളെ പൊ​ളി​ച്ച​തു്:

വി​വാ​ഹി​ത​ക​ളായ അദ്ധ്യാ​പി​ക​മാ​രും സ്കൂൾ അസി​സ്റ്റ​ന്റ് ഇൻ​സ്പ​ക്ട്ര​സ്സു​മാ​രും സർ​ക്കാർ​ജോ​ലി​ക്കു് പോ​കാൻ​തു​ട​ങ്ങിയ കാ​ല​ത്തോ ദാ​മ്പ​ത്യ​ബ​ന്ധ​ത്തിൽ​പ്പെ​ട്ട പരി​ചാ​രി​ക​മാ​രും ലേ​ഡീ​ഡോ​ക്ടർ​മാ​രും ഉദ്യോ​ഗ​ത​ല​ത്തിൽ പ്ര​വേ​ശി​ച്ച കാ​ല​ത്തോ ഉണ്ടാ​കാ​ത്ത സം​ഗ്രാ​മ​കോ​ലാ​ഹ​ലം ഇപ്പോൾ ആരു​ണ്ടാ​ക്കി​യെ​ന്നാ​ണു് എനി​ക്കു് മന​സ്സി​ലാ​കാ​ത്ത​തു്? വി​വാ​ഹി​ത​കൾ​ക്കു് സർ​ക്കാർ ഉദ്യോ​ഗം​കൊ​ടു​ക്കു​ക​യി​ല്ല​യെ​ന്നു​വ​ന്നാൽ വല്ല​വി​ധ​ത്തി​ലും വി​വാ​ഹം ത്യ​ജി​ച്ചി​ട്ടെ​ങ്കി​ലും ഉദ്യോ​ഗം വഹി​ക്ക​ണ​മെ​ന്നേ സ്ത്രീ​കൾ വി​ചാ​രി​ക്കു​ക​യു​ള്ളു. കു​ടും​ബ​ങ്ങ​ളി​ലെ ഏക സ്ത്രീ​സ​ന്താ​ന​ങ്ങൾ ഉദ്യോ​ഗ​ത്തി​നാ​യി നി​ത്യ​ക​ന്യാ​ക​ത്വം സ്വീ​ക​രി​ച്ചാൽ അവ​രു​ടെ കു​ടും​ബ​ങ്ങൾ അന്യം​നിൽ​ക്കു​വാൻ ഇട​വ​രു​ക​യി​ല്ല​യോ…

…ഉദ്യോ​ഗ​സ്ഥ​യായ ഭാ​ര്യ​യോ​ടു് വി​സ്കി​യു​ടെ നാ​റ്റം യൂ​ക്കാ​ലി​പ്റ്റ​സി​ന്റെ വാ​സ​ന​യാ​ണെ​ന്നു് പറ​ഞ്ഞാൽ വി​ശ്വ​സി​ക്കു​ക​യി​ല്ലാ​യി​രി​ക്കാം. ഭർ​ത്താ​വി​ന്റെ രാ​ത്രി​സ​ഞ്ചാ​രം ഉദ്യോ​ഗ​ത്തി​നാ​വ​ശ്യ​മു​ള്ള കൃ​ത്യ​നിർ​വ്വ​ഹ​ണ​മെ​ന്നു പറ​ഞ്ഞാൽ ചെ​ല്ലു​ക​യി​ല്ലാ​യി​രി​ക്കാം. രണ്ടു​പേർ​ക്കും സാ​മ്പ​ത്തി​ക​സ്വാ​ത​ന്ത്ര്യം ഉള്ള​പ്പോൾ ഒരാ​ളി​ന്റെ മർ​ദ്ദ​ന​പ​ര​മായ കല​ഹ​ങ്ങ​ളും സു​ഗ്രീ​വാ​ജ്ഞ​ക​ളും സാ​ധി​ക്കു​ക​യി​ല്ലാ​യി​രി​ക്കാം.

…സ്ത്രീ​ക​ളെ ഉദ്യോ​ഗ​ത്തി​ലാ​ക്കി​യാൽ അവ​രെ​ല്ലാം പു​രു​ഷ​ന്മാർ​ക്കു് മാ​ന​ക്കേ​ടു് വരു​ത്ത​ത്ത​ക്ക​വി​ധ​ത്തിൽ ഡഫോ​ദാ​ര​ന്മാ​രാ​യും (പ്യൂൺ) മറ്റും നട​ക്കു​ന്ന​താ​യി കാ​ണേ​ണ്ടി​വ​രു​മെ​ന്നു​ള്ള​താ​ണു് (വേ​ലു​പ്പി​ള്ള​യു​ടെ) മറ്റൊ​രു ഭയം. പു​രു​ഷ​ന്മാ​രെ​ല്ലാ​വ​രും ഡഫോ​ദാ​ര​ന്മാ​രാ​കാ​ത്ത​കാ​ല​ത്തോ​ളം എല്ലാ സ്ത്രീ​ക​ളും സ്ത്രീ​പ്യൂൺ​മാ​രാ​കി​ല്ല. ചക്ര​വർ​ത്തി​മു​തൽ തൂ​പ്പു​കാ​ര​ന്മാർ വരെ​യു​ള്ള​വർ പു​രു​ഷ​വർ​ഗ്ഗ​ത്തി​ലു​ണ്ടെ​ങ്കിൽ മഹാ​റാ​ണി മുതൽ തൂ​പ്പു​കാ​രി വരെ​യു​ള്ള​വർ സ്ത്രീ​ക​ളു​ടെ ഇട​യി​ലും കാണാം. എല്ലാ സ്ത്രീ​ക​ളും മഹാ​റാ​ണി​മാ​രാ​ക​ണ​മെ​ന്നോ ഹജൂർ സെ​ക്ര​ട്ട​റി​മാ​രാ​ക​ണ​മെ​ന്നോ ശഠി​ക്കു​മോ… കൂ​ടാ​തെ സ്ത്രീ ഡാ​ഫോ​ദാ​ര​ന്മാ​രെ കാ​ണു​ന്ന​തു​കൊ​ണ്ടു​ള്ള മാ​ന​ക്കേ​ടു് എന്നാ​ണു തു​ട​ങ്ങി​യ​തെ​ന്നു് മന​സ്സി​ലാ​കു​ന്നി​ല്ല. നി​ത്യ​വൃ​ത്തി​ക്കാ​യി നെ​ല്ലു ചു​മ്മി ചാ​ല​ക്ക​മ്പോ​ള​ത്തി​ലേ​ക്കു പോ​യി​ട്ടു് ദുർ​വൃ​ത്ത​രായ ചില പു​രു​ഷ​ന്മാ​രു​ടെ അധർ​മ്മ​സം​ഭാ​ഷ​ണ​ങ്ങ​ളാ​ലും മറ്റും സങ്ക​ട​മ​നു​ഭ​വി​ച്ചു് തി​രി​ച്ചു പോ​കു​ന്ന അനേ​കാ​യി​രം സ്ത്രീ​ക​ളെ കണ്ടി​ട്ടു് തോ​ന്നാ​ത്ത മാ​ന​ക്കേ​ടു്, സങ്കൽ​പ്പ​ലോ​ക​ത്തി​ലെ സ്ത്രീ ഡഫോ​ദാ​ര​ന്മാ​രു​ടെ പെ​ട്ടി​യെ​ടു​പ്പു കൊ​ണ്ടു​ണ്ടാ​കു​ന്നു​പോ​ലും.

(അന്നാ ചാ​ണ്ടി, ‘സ്ത്രീ​സ്വാ​ത​ന്ത്യ്ര​ത്തെ​പ​റ്റി’, സഹോ​ദ​രൻ വി​ശേ​ഷാൽ പ്രതി, 1929)

ഇങ്ങ​നെ​പോ​യി അന്നാ ചാ​ണ്ടി​യു​ടെ വാ​ഗ്ദ്ധോ​രി​ണി. ഈ പ്ര​സം​ഗം വലിയ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി. എന്താ​യാ​ലും സ്ത്രീ​ക​ളെ ഗു​മ​സ്ത​ക​ളാ​യി നി​യ​മി​ക്ക​രു​തെ​ന്ന വാദം സർ​ക്കാ​രിൽ ചെ​ല​വാ​യി​ല്ല. പക്ഷേ, വി​വാ​ഹി​ത​ക​ളായ സ്ത്രീ​കൾ​ക്കു് പല​യി​ട​ത്തും തട​സ്സ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

സർ​ക്കാ​രു​ദ്യോ​ഗം സ്ത്രീ​കൾ​ക്കു് കൊ​ടു​ക്ക​രു​തെ​ന്ന വാ​ദ​ഗ​തി ചെ​ല​വാ​കാ​തെ വന്ന​പ്പോൾ ‘പു​രു​ഷ​സ്വ​ഭാവ’ത്തി​നു് പറ്റി​യ​തെ​ന്നു കരു​ത​പ്പെ​ട്ട പോ​ലീ​സു​ദ്യോ​ഗം അവർ​ക്കു് കൊ​ടു​ക്കാൻ​പാ​ടി​ല്ലെ​ന്നു് ചിലർ വാ​ദി​ച്ചു​തു​ട​ങ്ങി. എന്നാൽ കയ്യൂ​ക്കാ​ണു് പോ​ലീ​സു​കാ​രു​ടെ പ്ര​ധാ​ന​ഗു​ണ​മെ​ന്ന വാദം അബ​ദ്ധ​മാ​ണെ​ന്നും ഉദ്ബോ​ധ​ന​ത്തി​ലും സം​യ​മ​ന​ത്തി​ലും വേ​രൂ​ന്നിയ നി​യ​മ​പാ​ല​ന​വ്യ​വ​സ്ഥ​യിൽ സ്ത്രീ​കൾ​ക്കു് തീർ​ച്ച​യാ​യും ഇട​മു​ണ്ടെ​ന്നും മറ്റു​പ​ല​രും വാ​ദി​ച്ചു. 1930-കളിൽ ഈ സം​വാ​ദം തു​ടർ​ന്നു. 1940-കളിൽ തി​രു​വി​താം​കൂ​റി​ലെ പോ​ലീ​സ്സേ​ന​യിൽ വനി​ത​ക​ളു​ണ്ടാ​യി. എന്നാൽ അതി​ക​ഠി​ന​മായ പരി​ഹാ​സ​മാ​ണു് ആദ്യ​ത​ല​മു​റ​യിൽ​പ്പെ​ട്ട പോ​ലീ​സു​കാ​രി​കൾ നേ​രി​ട്ട​തു്. പൗ​രാ​വ​കാ​ശ​കാം​ക്ഷി​ക​ളായ സ്ത്രീ​ക​ളെ നി​ര​ന്ത​രം പരി​ഹ​സി​ച്ചി​രു​ന്ന നാരദർ എന്ന മാ​സി​ക​യിൽ 1941-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ‘പെൺ​പോ​ലീ​സ് ഗീത’ വാ​യി​ച്ചു​നോ​ക്കുക:

റൗ​ഡി​ക​ളൊ​ക്കെ സാവേഗം-​വഞ്ചി-
നാ​ടു​വി​ട്ടോ​ടുക വേഗം
‘കൊ​ച്ചു​ണ്ണി’പോലും നടുങ്ങും-​കാക്കി-
ക്കൊ​ച്ച​മ്മ​യൊ​ന്നു കു​ണു​ങ്ങിൽ
ശൃം​ഗ​രി​ച്ചൊ​ന്ന​വൾ നോക്കിൽ-​ഉടൻ
‘ചെ​ങ്കു​ളം മമ്മൂ’ നടു​ങ്ങും
ചും​ബ​ന​മെ​ന്നു് കേട്ടീടിൽ-​ഏതു
‘ജം​ബു​ലിം​ഗം’ നടു​ങ്ങീ​ടാ
അമ്മ​ടി​മോ​ന്ത കണ്ടീടിൽ-​സർവ്വ
തെ​മ്മാ​ടി​വർ​ഗ്ഗ​വു​മോ​ടും
ചു​ട്ട​ക​ഠാ​രി നിസ്സാരം-​കരി-
ക്ക​ട്ട​ച്ചൊ​ടി​കൾ താൻ ഘോരം
വെ​ന്നാ​ലും പോ​ലീ​സ് പിടകൾ-​നിങ്ങ-
ളെ​ന്നാ​ളു​മൊ​ന്നാം​കി​ട​യിൽ
ആണു​ങ്ങ​ളെ​ക്കാൾ മിടുക്ക-​രെന്നു
കാ​ണി​ക്കു​മേ ഇവ​രൊ​ക്കെ.

എത്ര സ്ത്രീ​വി​രു​ദ്ധ​വും അസൂ​യാ​ക​ലു​ഷി​ത​വു​മായ പദ്യം! ആദ്യ​കാ​ല​ത്തു് ജോ​ലി​യു​ള്ള സ്ത്രീ​ക​ളെ വി​വാ​ഹം​ക​ഴി​ക്കാ​നും മിക്ക സമു​ദാ​യ​ങ്ങ​ളി​ലേ​യും പു​രു​ഷ​ന്മാർ മടി​ച്ചി​രു​ന്നു. അവർ ചീ​ത്ത​ക​ളാ​ണെ​ന്ന മനഃ​സ്ഥി​തി അത്ര വ്യാ​പ​ക​മാ​യി​രു​ന്നു. പി​ന്നീ​ടു്, സാ​മ്പ​ത്തി​ക​ബു​ദ്ധി​മു​ട്ടു​കൾ 1930-കളിൽ വർ​ദ്ധി​ക്കു​ക​യും 1940-കളിൽ രൂ​ക്ഷ​മാ​കു​ക​യും ചെ​യ്ത​തോ​ടെ അദ്ധ്യാ​പി​ക​മാ​രെ വി​വാ​ഹം​ചെ​യ്യാൻ ചി​ല​രൊ​ക്കെ തയ്യാ​റാ​യി. എന്നി​ട്ടും നഴ്സു​മാർ​ക്കു് ഭർ​ത്താ​ക്ക​ന്മാ​രെ​ക്കി​ട്ടാൻ എളു​പ്പ​മാ​യി​രു​ന്നി​ല്ല. സമൂ​ഹ​ത്തിൽ ഇത്ര​യും അടി​യ​ന്തി​ര​മായ മനു​ഷ്യ​സേ​വ​നം നട​ത്തു​ന്ന ഒരു​കൂ​ട്ടർ സഹി​ക്കേ​ണ്ടി​വ​ന്ന അപ​മാ​ന​വും അവ​ഗ​ണ​ന​യും ചി​ല്ല​റ​യാ​യി​രു​ന്നി​ല്ല. പോ​ലീ​സു​കാ​രി​ക​ളെ മാ​ത്ര​മ​ല്ല, നഴ്സു​ക​ളെ​യും കഠി​ന​മാ​യി അപ​മാ​നി​ക്കു​ന്ന പദ്യ​ങ്ങൾ പ്ര​സി​ദ്ധീ​ക​രി​ക്കാൻ ‘ഹാസ്യ’പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങൾ മടി​ച്ചു​മി​ല്ല. ഇതു​പോ​ലു​ള്ള കടു​ത്ത എതിർ​പ്പി​നെ നേ​രി​ട്ടു​കൊ​ണ്ടാ​ണു് നമ്മു​ടെ മുൻ​ത​ല​മു​റ​യി​ലെ മല​യാ​ളി​സ്ത്രീ​കൾ സർ​ക്കാർ​ജോ​ലി ചെ​യ്യാ​നു​ള്ള തങ്ങ​ളു​ടെ അവ​കാ​ശം സ്ഥാ​പി​ച്ചെ​ടു​ത്ത​തെ​ന്ന കാ​ര്യം നാം അറി​യു​ന്നു​ണ്ടോ?

ഈ നൂ​റു​നൂ​റു തട​സ്സ​വാ​ദ​ങ്ങ​ളിൽ​നി​ന്നു് നാ​മെ​ന്താ​ണു് മന​സ്സി​ലാ​ക്കേ​ണ്ട​തു്? സ്ത്രീ​കൾ​ക്കു് കു​ടും​ബ​ബാ​ദ്ധ്യ​ത​ക​ളും സദാ​ചാ​ര​ബാ​ദ്ധ്യ​ത​ക​ളു​മു​ള്ള​തു​കൊ​ണ്ടു് അവർ​ക്കു് പൂർ​ണ്ണ​പൗ​ര​ത്വം നൽ​കാ​നാ​വി​ല്ലെ​ന്ന തീർ​പ്പാ​ണു് സ്ത്രീ​ക​ളു​ടെ സർ​ക്കാ​രു​ദ്യോ​ഗ​ത്തെ സം​ബ​ന്ധി​ച്ച തട​സ്സ​വാ​ദ​ങ്ങ​ളിൽ മു​ഴ​ങ്ങി​ക്കേ​ട്ട​തു്. പക്ഷേ, 1930-കൾ കടു​ത്ത സാ​മ്പ​ത്തിക ബു​ദ്ധി​മു​ട്ടു​ക​ളു​ടെ കാ​ല​മാ​യി​രു​ന്നു. കൂ​ട്ടു​കു​ടും​ബ​ജീ​വി​തം ഏറെ​ക്കു​റെ അവ​സാ​നി​ച്ചു​തു​ട​ങ്ങി​യ​തോ​ടു​കൂ​ടി ജീ​വി​തം​ത​ന്നെ ബു​ദ്ധി​മു​ട്ടാ​യി മാറിത്തുടങ്ങി-​പ്രത്യേകിച്ചു് ഇട​ത്ത​ര​ക്കാർ​ക്കും പാ​വ​പ്പെ​ട്ട​വർ​ക്കും. ഈ സാ​ഹ​ച​ര്യ​ത്തിൽ ഇട​ത്ത​ര​ക്കാ​രി​കൾ ജോ​ലി​ക്കു​പോ​യി​ത്തു​ട​ങ്ങി. കു​ടും​ബ​ത്തി​നു് വരു​മാ​ന​മു​ണ്ടാ​ക്കാ​ന​ല്ലാ​തെ പൗ​രാ​വ​കാ​ശ​മെ​ന്ന നി​ല​യ്ക്ക​ല്ല. ജോ​ലി​ക്കു​പോ​കു​ന്ന പെ​ണ്ണു​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി അച്ഛ​നോ ആങ്ങ​ള​യോ ഒക്കെ കൂ​ടെ​പ്പോ​യി​രു​ന്ന ഒരു​ഘ​ട്ട​മു​ണ്ടാ​യി​രു​ന്നു; ഇന്നും അദൃ​ശ്യ​മായ കണ്ണു​കൾ നമ്മ​ളെ ജോ​ലി​സ്ഥ​ലം​വ​രെ പി​ന്തു​ട​രു​ന്നു​വെ​ന്നു് നമു​ക്ക​റി​യാം. പൊ​തു​വി​ട​ങ്ങ​ളിൽ ആണും​പെ​ണ്ണും മാ​റി​മാ​റി നിൽ​ക്കു​ന്ന​തു് കേ​ര​ള​ത്തി​ന്റെ സവി​ശേ​ഷ​ത​യാ​ണു്. പൊ​തു​വി​ട​ങ്ങ​ളിൽ പ്ര​വേ​ശി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ ‘പരി​ശു​ദ്ധി’ സം​ര​ക്ഷി​ക്കാ​നാ​യി ഉരു​ത്തി​രി​ഞ്ഞു​വ​ന്ന ഏർപ്പാടാണതു്-​എന്നും പു​രു​ഷ​ബ​ന്ധു​ക്കൾ​ക്കു് കൂ​ടെ​വ​രാ​നാ​വി​ല്ല​ല്ലോ! പൊ​തു​സ്ഥ​ല​ങ്ങ​ളിൽ ആണു​ങ്ങൾ കറ​ങ്ങി​ന​ട​ക്കു​മ്പോ​ലെ പെ​ണ്ണു​ങ്ങൾ​ക്കു് പാ​ടി​ല്ല; വി​ദ്യാ​ഭ്യാ​സം, കു​ടും​ബാ​വ​ശ്യം (ജോ​ലി​ക്കു പോ​കു​ന്ന​തു് ഇതിൽ​പ്പെ​ടും) ഇതി​നൊ​ക്കെ മാ​ത്ര​മേ അവർ പു​റ​ത്തി​റ​ങ്ങാ​വൂ. മറ്റൊ​രു​വി​ധ​ത്തിൽ പറ​ഞ്ഞാൽ, പൂർ​ണ്ണ​സ്വാ​ത​ന്ത്ര്യ​മ​നു​ഭ​വി​ക്കു​ന്ന പൗ​ര​ജ​ന​ങ്ങ​ളാ​യി​ട്ട​ല്ല നമ്മു​ടെ സ്ത്രീ​കൾ പൊ​തു​വി​ട​ങ്ങ​ളിൽ വരുന്നതു്-​കുടുംബത്തിന്റെയും സമു​ദാ​യ​ത്തി​ന്റെ​യും സദാ​ചാ​രം (ഒറ്റ​യ്ക്കു്) പേ​റു​ന്ന ‘കു​ലീ​ന​ക​ളാ’യി​ട്ടാ​ണു്.

ഈ പരി​മി​തി​ക​ളൊ​ക്കെ അന്ന​ത്തെ ചില സ്ത്രീ​വാ​ദി​കൾ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. 1930-​കൾവരെ തി​രു​വി​താം​കൂ​റിൽ സ്ത്രീ​ക​ളെ​യും ബ്രാ​ഹ്മ​ണ​രെ​യും കൊ​ല​ക്ക​യ​റിൽ​നി​ന്നു് ഒഴി​വാ​ക്കി​യി​രു​ന്നു. ഇത്ത​രം ഒഴി​വു​കൾ അനാ​വ​ശ്യ​ങ്ങ​ളും സ്ത്രീ​ക​ളു​ടെ തു​ല്യ​പൗ​ര​ത്വ​ത്തി​നെ​തി​രു​മാ​ണെ​ന്നു് വാ​ദി​ച്ച അന്നാ ചാ​ണ്ടി അവയെ റദ്ദു​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. ഭർ​ത്താ​വിൽ​നി​ന്നു് അക​ന്നു​ക​ഴി​യാൻ നി​ശ്ച​യി​ച്ച സ്ത്രീ​യെ ബല​മാ​യി ഭർ​ത്താ​വി​നേൽ​പ്പി​ച്ചു​കൊ​ടു​ക്കാൻ വകു​പ്പു​ള്ള തി​രു​വി​താം​കൂർ സിവിൽ കോഡ് സ്ത്രീ​കൾ​ക്കു് തു​ല്യ​നീ​തി​യാ​ണോ പ്ര​ദാ​നം​ചെ​യ്യു​ന്ന​തെ​ന്നു് ആലോ​ചി​ക്കേ​ണ്ട​തു​ണ്ടു് എന്ന​വർ ഓർ​മ്മി​പ്പി​ച്ചു. അതു​പോ​ലെ പല അവ​കാ​ശ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ഇവി​ട​ത്തെ സ്ത്രീ​യു​ടെ സ്വാ​ത​ന്ത്ര്യം പരി​മി​ത​മാ​ണെ​ന്നു് തു​റ​ന്നു​പ​റ​യാൻ അവർ മടി​ച്ചി​ല്ല:

കേ​ര​ളീ​യ​സ​ഹോ​ദ​രി​മാ​രിൽ പലർ​ക്കും സ്വ​ത്ത​വ​കാ​ശ​മു​ണ്ടു്, സമ്മ​തി​ദാ​നാ​വ​കാ​ശ​മു​ണ്ടു്, സാ​മ്പ​ത്തി​ക​സ്വാ​ത​ന്ത്ര്യ​മു​ണ്ടു്. എത്ര​പേർ​ക്കു് സ്വ​ന്തം ശരീ​ര​ത്തി​നു​മേൽ അധി​കാ​ര​മു​ണ്ടു്? സ്ത്രീ​ശ​രീ​രം പു​രു​ഷ​സു​ഖ​ത്തി​നു​ള്ള ഒരു​പ​ക​ര​ണം​മാ​ത്ര​മാ​ണെ​ന്നു​ള്ള മൂ​ഢ​വി​ശ്വാ​സം എത്ര സ്ത്രീ​ക​ളെ​യാ​ണു് അപ​കർ​ഷ​ഗർ​ത്ത​ത്തിൽ ആപ​തി​പ്പി​ച്ചി​രി​ക്കു​ന്ന​തു്?

(അന്നാ ചാ​ണ്ടി, ‘ദൗർ​ബ​ല്യ​ബോ​ധം’, മല​യാ​ള​മ​നോ​രമ വി​ശേ​ഷാൽ​പ്ര​തി 1935)

പക്ഷേ, സ്ത്രീ​കൾ​ക്കി​ട​യിൽ​പ്പോ​ലും ഇതു് ഒറ്റ​പ്പെ​ട്ട സ്വ​ര​മാ​യി​രു​ന്നു, അക്കാ​ല​ത്തും.

‘കു​ല​സ്ത്രീ’കളുടെ പരി​മി​തി​കൾ

പൗ​രാ​വ​കാ​ശ​ങ്ങൾ​ക്കു​വേ​ണ്ടി​യു​ള്ള ഈ വാ​ദ​ങ്ങൾ 1950-​കളാകുമ്പോഴേക്കും മെ​ല്ലെ നി​ല​യ്ക്കാൻ തു​ട​ങ്ങി​യി​രു​ന്നു. കെ. സര​സ്വ​തി​യ​മ്മ​യെ​പ്പോ​ലു​ള്ള ചി​ല​രു​ടെ ശബ്ദം​മാ​ത്ര​മേ അപ്പോ​ഴും കേ​ട്ടി​രു​ന്നു​ള്ളു. ആദ്യ​ത​ല​മു​റ​യി​ലെ സ്ത്രീ​പ​ക്ഷ​വാ​ദി​കൾ അക്കാ​ല​ത്തു് സർ​വ്വ​ശ​ക്ത​രാ​യി​ത്തീർ​ന്ന രാ​ഷ്ട്രീ​യ​പ്ര​സ്ഥാ​ന​ങ്ങ​ളോ​ടു് ചേർ​ന്നു​നി​ന്ന​വ​രാ​യി​രു​ന്നി​ല്ല. കൂ​ടാ​തെ, ഇവ​രെ​ല്ലാം​ത​ന്നെ സമൂ​ഹ​ത്തി​ന്റെ ഉന്നത ശ്രേ​ണി​ക​ളിൽ ഉൾ​പ്പെ​ട്ട​വ​രാ​യി​രു​ന്നു. മദ്ധ്യവർഗ്ഗസദാചാരത്തെ-​സ്ത്രീക്കും പു​രു​ഷ​നും രണ്ടു് അള​വു​കോ​ലു​കൾ നാ​ട്ടു​ന്ന സദാചാരത്തെ-​ഇവർ പല​പ്പോ​ഴും വി​മർ​ശി​ച്ചു. എന്നാൽ അവർ അതിനെ പൂർ​ണ്ണ​മാ​യും മറി​ക​ട​ന്നോ? സം​ശ​യ​മാ​ണു്.

‘മാ​ന്യ​ര​ല്ലാ​ത്ത’ സ്ത്രീ​കൾ അവ​രു​ടെ ചി​ന്താ​മ​ണ്ഡ​ല​ത്തി​നു പു​റ​ത്താ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളിൽ വലി​യൊ​രു​വി​ഭാ​ഗം സ്ത്രീ​ക​ളാ​യി​രു​ന്നി​ട്ടും അവ​രു​ടെ പ്ര​ശ്ന​ങ്ങ​ളെ സമീ​പി​ക്കാൻ​പോ​ലും ആദ്യ​കാ​ല​സ്ത്രീ​വാ​ദി​കൾ​ക്കു കഴി​ഞ്ഞി​ല്ല. അവരെ ‘ഉദ്ധ​രി​ക്കുക’ എന്ന​തി​ന​പ്പു​റം, അവ​രു​മാ​യി തു​ല്യ​നി​ല​യിൽ സം​വ​ദി​ക്ക​ണ​മെ​ന്ന തോ​ന്നൽ അവർ​ക്കു​ണ്ടാ​യി​ല്ല. എന്നാൽ മദ്ധ്യ​വർ​ഗ്ഗ ഇര​ട്ട​സ​ദാ​ചാ​ര​ത്തി​ന​പ്പു​റ​ത്തു് ജീ​വി​ക്കു​ന്ന സ്ത്രീ​കൾ തി​രു​വി​താം​കൂ​റി​ലു​ണ്ടാ​യി​രു​ന്നു. അവർ പല ആവ​ശ്യ​ങ്ങ​ളു​മാ​യി സർ​ക്കാ​രി​നെ സമീ​പി​ച്ചി​രു​ന്നു. അവ​രു​മാ​യി ബന്ധ​പ്പെ​ട്ടു് സം​ഘ​ടി​ക്കാൻ ഈ സ്ത്രീ​പ​ക്ഷ വി​മർ​ശ​ക​സം​ഘ​ത്തി​നു് കഴി​ഞ്ഞി​ല്ല. ‘കു​ല​സ്ത്രീ’കള​ല്ലാ​ത്ത​വ​രു​ടെ കാ​ര്യം പറ​യാൻ​കൂ​ടി കഴി​യി​ല്ലാ​യി​രു​ന്നു. 1930-ൽ തെ​ക്കൻ​തി​രു​വി​താം​കൂ​റി​ലെ ദേ​വ​ദാ​സി​സ​മ്പ്ര​ദാ​യ​ത്തെ നി​രോ​ധി​ച്ച​പ്പോൾ ആ സ്ത്രീ​കൾ സർ​ക്കാ​രി​നൊ​രു സങ്ക​ട​ഹർ​ജി സമർ​പ്പി​ച്ചു:

സ്ത്രീ​കൾ​ക്കു് പബ്ലി​ക്സർ​വ്വീ​സിൽ പ്ര​വേ​ശ​നം നൽകി പ്രോ​ത്സാ​ഹ​നം​കൊ​ടു​ക്കു​ന്ന ഈ അവ​സ​ര​ത്തിൽ തങ്ങ​ളെ സ്ത്രീ​ക​ളാ​യി​ട്ടു് പരി​ഗ​ണി​ക്കാ​തെ പി​രി​ച്ചു​വി​ടു​ന്ന​തു് നന്ന​ല്ലെ​ന്നും അപ്ര​കാ​രം പി​രി​ച്ചു​വി​ടു​ക​യാ​ണെ​ങ്കിൽ മേലിൽ സ്ത്രീ​ക​ളെ ക്ഷേ​ത്ര​ത്തിൽ പ്ര​വേ​ശി​പ്പി​ക്കാൻ പാ​ടി​ല്ലെ​ന്നു് ഉത്ത​ര​വു​ണ്ടാ​ക​ണ​മെ​ന്നും കാ​ണി​ച്ചു​കൊ​ണ്ടു് (ദേ​വ​ദാ​സി​കൾ) ഒരു സങ്ക​ട​ഹർ​ജി അധി​കാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക​യ​ച്ചി​രു​ന്ന​താ​യി അറി​യി​ക്കു​ന്നു (മല​യാ​ള​മ​നോ​രമ, 8 ആഗ​സ്റ്റ് 1930).

ദേ​വ​ദാ​സി​കൾ മദ്ധ്യ​വർ​ഗ്ഗ​സ​ദാ​ചാ​ര​പ്ര​കാ​രം ‘ചീത്ത’യാ​യ​തു​കൊ​ണ്ടു് അവർ​ക്കു് പരി​ഗ​ണ​ന​കൊ​ടു​ക്കേ​ണ്ട​താ​യി മേ​ലാ​ള​സ്ത്രീ​കൾ​ക്കു് തോ​ന്നാ​നി​ട​യി​ല്ലാ​യി​രു​ന്നു! കീ​ഴാ​ള​സ്ത്രീ​ക​ളു​ടെ ആവ​ശ്യ​ങ്ങ​ളെ സർ​ക്കാർ​ത​ല​ത്തി​ലും മറ്റും ഇവ​രാ​രും തീരെ ഉന്ന​യി​ച്ചി​ല്ലെ​ന്ന​ല്ല. ഉദാ​ഹ​ര​ണ​ത്തി​നു് 1940-കളിൽ കൊ​ച്ചി നി​യ​മ​നിർ​മ്മാ​ണ​കൗൺ​സി​ലിൽ അം​ഗ​മാ​യി​രു​ന്ന ദാ​ക്ഷാ​യ​ണി വേ​ലാ​യു​ധൻ ദളി​ത്സ​മു​ദാ​യ​ങ്ങ​ളി​ലെ സ്ത്രീ​ക​ളു​ടെ ആവ​ശ്യ​ങ്ങൾ സർ​ക്കാ​രി​ന്റെ​മു​ന്നിൽ അവ​ത​രി​പ്പി​ക്കു​യു​ണ്ടാ​യി. അവ​രു​ടെ ആദ്യ​പ്ര​സം​ഗ​ത്തിൽ​ത്ത​ന്നെ (1945-ൽ) കൊ​ച്ചി പൊ​തു​ജ​നാ​രോ​ഗ്യ​വ​കു​പ്പി​ന്റെ മി​ഡ്വൈ​ഫു​മാർ കീഴാള കു​ടും​ബ​ങ്ങൾ താ​മ​സി​ക്കു​ന്ന ഇട​ങ്ങ​ളിൽ ചെ​ല്ലാ​റി​ല്ലെ​ന്നും അതു​കൊ​ണ്ടു് കീ​ഴാ​ള​സ​മു​ദാ​യ​ങ്ങ​ളിൽ​നി​ന്നു​ള്ള​വ​രെ​ത്ത​ന്നെ നി​യ​മി​ക്ക​ണ​മെ​ന്നും ആവ​ശ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. ദാ​ക്ഷാ​യ​ണി​യെ​പ്പോ​ലെ വള​രെ​പ്പേർ ഉണ്ടാ​യി​രു​ന്നി​ല്ലെ​ന്ന​താ​ണു് വാ​സ്ത​വം. ‘ചീ​ത്ത​സ്ത്രീ​കൾ​ക്കു’വേ​ണ്ടി വാ​ദി​ക്കാൻ, പക്ഷേ, ആരും തന്നെ​യി​ല്ലാ​യി​രു​ന്നു. മദ്ധ്യ​വർ​ഗ്ഗ​സ​ദാ​ചാ​ര​ത്തെ വന്ദി​ക്കാ​ത്ത സ്ത്രീ​കൾ​ക്കു് ഭാ​ഗി​ക​പൗ​ര​ത്വം പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നർ​ത്ഥം.

തങ്ങ​ളു​ടെ പൂർ​ണ്ണ​പൗ​ര​ത്വ​കാം​ക്ഷ, ‘അമി​ത​സ്വാ​ത​ന്ത്ര്യ’കാം​ക്ഷ​യ​ല്ലെ​ന്നു് തെ​ളി​യി​ക്കാൻ ആദ്യ​കാ​ല​സ്ത്രീ​വാ​ദി​ക​ളിൽ ബഹു​ഭൂ​രി​പ​ക്ഷ​ത്തി​നും നല്ല താൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നു. ‘മാ​ന്യത’യ്ക്കു പു​റ​കേ​പോ​കു​മ്പോൾ പൂർ​ണ്ണ​പൗ​ര​ത്വം നഷ്ട​മാ​കു​മെ​ന്ന വസ്തുത അവരിൽ പലരും കണ്ട​തു​പോ​ലു​മി​ല്ല. ആധു​നി​ക​വി​ദ്യാ​ഭ്യാ​സം നേടിയ സ്ത്രീ​കൾ ‘ആട്ട​മാ​ടാ​നും’ ‘പാ​ശ്ചാ​ത്യ​സ്ത്രീ​ക​ളെ​പ്പോ​ലെ’ ആകാ​നും ശ്ര​മി​ക്കു​ന്നു​വെ​ന്ന ആരോ​പ​ണ​ത്തി​നു് അതു് ആണു​ങ്ങ​ളു​ടെ ശീ​ല​മാ​ണെ​ന്നും തങ്ങ​ളിൽ അതു് ആരോ​പി​ക്കേ​ണ്ടെ​ന്നും ചില സ്ത്രീ​കൾ പ്ര​സ്താ​വി​ച്ചു. അന്ന​ത്തെ പ്ര​മുഖ ബു​ദ്ധി​ജീ​വി​യാ​യി​രു​ന്ന പു​ത്തേ​ഴ​ത്തു് രാ​മ​മേ​നോൻ ഇങ്ങ​നെ ഒര​രോ​പ​ണം ഉന്ന​യി​ച്ച​പ്പോൾ സി. പി. കല്യാ​ണി​യ​മ്മ അദ്ദേ​ഹ​ത്തോ​ടു് പ്ര​തി​ക​രി​ച്ച​തു് ഇങ്ങ​നെ​യാ​ണു്:

പു​രു​ഷ​ന്മാർ എത്ര​യോ​പേർ ഒരു സ്കൂ​ളി​ന്റെ സമീ​പ​ത്തു​കൂ​ടി കട​ന്നു​പോ​യി​ട്ടു​ണ്ടെ​ന്നോ, ജ്യേ​ഷ്ഠ​ന്മാ​രോ അമ്മാ​വ​ന്മാ​രോ ഇം​ഗ്ലീ​ഷ് പഠി​ച്ചി​ട്ടു​ണ്ടെ​ന്നോ വച്ചു് തല ക്രോ​പ്പു് ചെ​യ്തു് ചു​രു​ട്ടോ ബീ​ഡി​യോ വലി​ച്ചു് ആരെ​യും കൂ​ട്ടാ​ക്കാ​തെ… നട​ക്കു​ന്നു? ഇങ്ങ​നെ​യു​ള്ള​വ​രു​ടെ ഭാ​ര്യ​മാ​രാ​യി​രി​പ്പാൻ യോ​ഗം​വ​ന്ന ചില സ്ത്രീ​ക​ളാ​യി​രി​ക്കും റെ​യിൽ​വേ​സ്റ്റേ​ഷ​നി​ലും മറ്റും ഇറ​ങ്ങി സോ​ഡ​യും ലെ​മ​ണേ​ഡും കഴി​ക്കു​ന്ന​താ​യി മി​സ്റ്റർ മേനോൻ കണ്ടു എന്നു​പ​റ​യു​ന്ന​തു്.

(സി. പി. കല്യാ​ണി​യ​മ്മ, ‘അനു​ക​ര​ണ​ഭ്ര​മം’, ലക്ഷ്മീ​ഭാ​യി 10(12), 1915)

തങ്ങൾ​ക്കു് പാർ​ക്കു​ക​ളിൽ ചു​റ്റി​ക്ക​റ​ങ്ങാ​നോ നാ​ട​കാ​ശാ​ല​ക​ളിൽ പോ​കാ​നോ ഒന്നും ആഗ്ര​ഹ​മി​ല്ലെ​ന്നു​പോ​ലും ഇവർ പറ​ഞ്ഞു​ക​ള​ഞ്ഞു! അതൊ​ക്കെ ‘പാ​ശ്ചാ​ത്യ​സ്ത്രീ​ക​ളു​ടെ’ ശീ​ല​ങ്ങ​ളാ​ണ​ത്രെ! ആർ​ക്കും ക്ഷ​ത​മു​ണ്ടാ​കാ​ത്ത ആന​ന്ദ​ത്തി​ലേർ​പ്പെ​ടാൻ ഓരോ പൗ​ര​നും പൗ​ര​യ്ക്കും അവ​കാ​ശ​മു​ണ്ടു്. ആ അവ​കാ​ശ​മാ​ണു് ഇവിടെ അടി​യ​റ​വ​ച്ച​തു്. അതു​പോ​ലെ സ്ത്രീ​കൾ​ക്കു് ജോലി വേ​ണ​മെ​ന്നു് വാ​ദി​ച്ച​വർ​പോ​ലും കഴി​വ​തും വീ​ടി​നു ചു​റ്റു​മെ​വി​ടെ​ങ്കി​ലും സ്ത്രീ​കൾ​ക്കു് ജോലി കൊ​ടു​ക്ക​ണ​മെ​ന്നു് സർ​ക്കാ​രി​നോ​ടു് ആവ​ശ്യ​പ്പെ​ട്ടി​രു​ന്നു. സ്ത്രീ​ക​ളു​ടെ സൗ​ക​ര്യം​നോ​ക്കി​യാ​ണു് ഈ അപേ​ക്ഷ​യു​ണ്ടാ​യ​തെ​ങ്കി​ലും ‘ആദ്യം കു​ടും​ബം, പി​ന്നെ ജോലി’ എന്ന പരി​ഗ​ണ​നാ​ക്ര​മ​ത്തെ ഉറ​പ്പി​ക്കാ​നാ​ണു് ഇതു സഹാ​യ​ക​മാ​യ​തു്. ഉദാ​ഹ​ര​ണ​ത്തി​നു് കൊ​ച്ചി​യിൽ 1930-കളിൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന അദ്ധ്യാ​പി​ക​മാ​രു​ടെ സംഘടന-​’കൊ​ച്ചി ഉപാ​ദ്ധ്യാ​യ​നീ​സം​ഘം’-1934-ലെ സമ്മേ​ള​ന​ത്തിൽ വി​വാ​ഹി​ത​കൾ​ക്കു് സർ​ക്കാർ​ജോ​ലി നി​ഷേ​ധി​ക്കാ​നു​ള്ള നീ​ക്ക​ത്തെ എതിർ​ത്തു. പക്ഷേ, സ്ത്രീ​കൾ​ക്കു് അവ​രു​ടെ വീ​ടി​ന​ടു​ത്തു​ള്ള സ്ഥ​ല​ങ്ങ​ളിൽ ജോലി കൊ​ടു​ക്ക​ണ​മെ​ന്നു് ആവ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. സ്ത്രീ​ക​ളെ​പ്പോ​ലെ പു​രു​ഷ​ന്മാർ​ക്കും കു​ടും​ബ​ത്തിൽ ഉത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്ന കാ​ര്യം വ്യ​ക്ത​മാ​ണ​ല്ലോ. എന്നാൽ അവ​രു​ടെ ജോ​ലി​ക്കാ​ര്യ​ത്തിൽ ഇത്ത​ര​മൊ​രു പരി​ഗ​ണന ഉണ്ടാ​ക​ണ​മെ​ന്നു് ആരും നിർ​ദ്ദേ​ശി​ച്ചി​ല്ല.

ഈ ആന്ത​രി​ക​ബ​ല​ഹീ​ന​ത​കൾ​ക്കു പുറമേ രാ​ഷ്ട്രീ​യ​പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ നി​ല​പാ​ടി​നെ​പ്പ​റ്റി പറ​ഞ്ഞു​വ​ല്ലോ. വാ​സ്ത​വ​ത്തിൽ സ്ത്രീ​ക​ളെ അണി​നി​ര​ത്താൻ എല്ലാ രാ​ഷ്ട്രീ​യ​പ്ര​സ്ഥാ​ന​ങ്ങ​ളും തയ്യാ​റാ​യെ​ങ്കി​ലും സ്ത്രീ​ക​ളു​ടെ പൂർ​ണ്ണ​പൗ​ര​ത്വ​ത്തി​നു​വേ​ണ്ടി സമ​രം​ചെ​യ്യാൻ പൊ​തു​വേ അധികം പേ​രി​ല്ലാ​യി​രു​ന്നു. 1955-ൽ ഈ കു​റ​വി​നെ​ക്കു​റി​ച്ചു് കു​റി​ക്കു​കൊ​ള്ളു​ന്ന ഭാ​ഷ​യിൽ ‘കു​മാ​രി സര​സ്വ​തി’ (ഭാ​ഷാ​ശൈ​ലി കണ്ടാൽ കെ. സര​സ്വ​തി​യ​മ്മ​യ​ല്ലേ​യെ​ന്നു സം​ശ​യി​ച്ചു​പോ​കും) എഴുതി:

kimages/Kulasthree_Chapter_ten_pic03.png

പു​രു​ഷ​ന്മാർ ഇന്നു ഭാ​ഗ്യ​വാ​ന്മാ​രാ​ണു്. കാരണം ഞങ്ങൾ​ക്കി​ന്നു് ഒരു സം​ഘ​ട​ന​യി​ല്ല. ഞങ്ങ​ളു​ടേ​തായ ഒരു സംഘടന ഞങ്ങ​ളു​ടെ അടി​മ​ത്വം മാ​റ്റു​ന്ന​തി​നും അവ​ശ​ത​നീ​ക്കു​ന്ന​തി​നും കരു​ത്തും കാ​ര്യ​ശേ​ഷി​യു​മു​ള്ള ഒരു സംഘടന ഇല്ല​ത​ന്നെ.

(‘വനി​താ​സം​ഘ​ടന’, കൗ​മു​ദി ആഴ്ച​പ്പ​തി​പ്പു്, 9, മെയ് 1955)

കോൺ​ഗ്ര​സ്സു​കാ​രും കമ്മ്യൂ​ണി​സ്റ്റു​കാ​രും സ്ത്രീ​സം​ഘ​ട​ന​കൾ ഉണ്ടാ​ക്കു​ന്നെ​ങ്കി​ലും പാർ​ട്ടി​ക​ളു​ടെ​യും വർ​ഗ്ഗ​ങ്ങ​ളു​ടെ​യും പ്ര​ശ്ന​ങ്ങൾ​ക്കാ​ണു് മുൻ​തൂ​ക്ക​മെ​ന്നു് അവർ ചൂ​ണ്ടി​ക്കാ​ണി​ച്ചു. ഇവ​യ്ക്ക ബദ​ലാ​യി സ്ത്രീ​ക​ളു​ടെ പ്രശ്നങ്ങൾക്കെതിരെ-​പുരുഷാധിപത്യം അവരിൽ അടി​ച്ചേൽ​പ്പി​ക്കു​ന്ന ഭാരങ്ങൾക്കെതിരെ-​പോരാടാൻ കരു​ത്തു​ള്ള ഒരു വനി​താ​സം​ഘ​ടന കെ​ട്ടി​പ്പ​ടു​ക്ക​ണ​മെ​ന്നു് അവർ നിർ​ദ്ദേ​ശി​ച്ചു.

1930-ലെ സിവിൽ നി​യ​മ​ലം​ഘ​ന​പ്ര​ക്ഷോ​ഭ​കാ​ല​ത്തു് മല​ബാ​റിൽ ഉയർ​ന്നു​വ​ന്ന അനേകം സ്ത്രീ സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യി​രു​ന്നു ‘കേരള മഹി​ള​ദേ​ശ​സേ​വി​കാ​സം​ഘം’. ഈ പ്ര​ക്ഷോ​ഭ​കാ​ല​ത്തു് വട​ക​ര​വ​ച്ചു നടന്ന പ്രാ​ദേ​ശി​ക​സ​മ്മേ​ള​ന​ത്തിൽ ദേ​ശീ​യത, ഗാ​ന്ധി​യൻ​ജീ​വി​ത​ശൈ​ലി എന്നി​ങ്ങ​നെ പല പൊ​തു​വി​ഷ​യ​ങ്ങ​ളെ​യും താൽ​പ​ര്യ​ങ്ങ​ളെ​യും പി​ന്താ​ങ്ങി​ക്കൊ​ണ്ടു് പ്ര​മേ​യം പാ​സാ​ക്കിയ സ്ത്രീ​ക​ളായ ദേ​ശീ​യ​പ്ര​വർ​ത്ത​കർ, പക്ഷേ, സ്വ​ന്തം പൗ​ര​ത്വ​താൽ​പ​ര്യ​ങ്ങ​ളെ മറ​ന്നി​ല്ല. സർ​ക്കാ​രു​ദ്യോ​ഗ​ത്തിൽ സം​വ​ര​ണ​ത്തി​ലൂ​ടെ സ്ത്രീ​കൾ​ക്കു് ജന​സം​ഖ്യാ​നു​പാ​തി​ക​മായ പ്രാ​തി​നി​ധ്യം ഉറ​പ്പാ​ക്ക​ണ​മെ​ന്ന പ്ര​മേ​യ​വും അവർ പാ​സാ​ക്കി. അതു​പോ​ലെ ഇന്ത്യ​യി​ലെ അന്ന​ത്തെ പ്ര​ധാ​ന​പ്പെ​ട്ട സ്ത്രീ​പ്ര​സ്ഥാ​ന​മാ​യി​രു​ന്ന അഖി​ലേ​ന്ത്യാ സ്ത്രീ​സം​ഘം മല​ബാ​റിൽ വളർ​ന്ന​തു് അന്ന​ത്തെ ദേ​ശീ​യ​പ്ര​സ്ഥാ​ന​ത്തി​ന്റെ മുൻ​നി​ര​ക്കാ​രായ സ്ത്രീ​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു. 1930-ൽ എം. കാർ​ത്യാ​യ​നി അമ്മ​യാ​യി​രു​ന്നു സെ​ക്ര​ട്ട​റി. തല​ശ്ശേ​രി, കോ​ഴി​ക്കോ​ടു്, തൃശൂർ എന്നി​വി​ട​ങ്ങ​ളിൽ ഈ സം​ഘ​ട​ന​ട​യ്ക്കു് ശാ​ഖ​ക​ളു​ണ്ടാ​യി​രു​ന്നു. കോ​ഴി​ക്കോ​ടു​ള്ള ദേ​ശീ​യ​പ്ര​വർ​ത്ത​കർ എല്ലാ​വർ​ഷ​വും സം​ഘ​ടി​പ്പി​ച്ചു​വ​ന്ന ‘സ്വ​ദേ​ശി​പ്ര​ദർ​ശ​ന​ങ്ങ​ളിൽ’ അഖി​ലേ​ന്ത്യാ സ്ത്രീ​സം​ഘം വളരെ സജീ​വ​മാ​യി പങ്കെ​ടു​ത്തി​രു​ന്നു. തി​രു​വി​താം​കൂർ, കൊ​ച്ചി പ്ര​ദേ​ശ​ങ്ങ​ളോ​ടു താ​ര​ത​മ്യം​ചെ​യ്യു​മ്പോൾ നേ​രി​ട്ടു​ള്ള വി​ദേ​ശ​ഭ​ര​ണ​ത്തി​നു കീ​ഴി​ലാ​യി​രു​ന്ന മല​ബാ​റി​ലെ സ്ത്രീ​പ്ര​വർ​ത്ത​കർ പൗ​രാ​വ​കാ​ശ​ങ്ങ​ളെ​ക്കാൾ പ്ര​ധാ​നം വി​ദേ​ശ​ഭ​ര​ണ​ത്തിൽ​നി​ന്നു​ള്ള സ്വാ​ത​ന്ത്ര്യ​മാ​ണെ​ന്നു കരുതി. എങ്കിൽ​പ്പോ​ലും ദേ​ശീ​യ​പ്ര​വർ​ത്ത​ന​ത്തി​ലും പൗ​രാ​വ​കാ​ശ​ങ്ങ​ളു​ടെ ആവ​ശ്യം ഉയർ​ത്താൻ സ്ത്രീ​പ്ര​വർ​ത്ത​കർ പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചി​രു​ന്നു. ഈ ദൃ​ഢ​നി​ശ്ച​യ​മാ​ണു് 1950-​കളായപ്പോഴേക്കും സ്ത്രീ​കൾ​ക്കു് നഷ്ട​മാ​യ​തു്. അപ്പോ​ഴേ​ക്കും സ്വ​ന്തം പൗ​രാ​വ​കാ​ശ​ങ്ങൾ അത്ര പ്ര​ധാ​ന​മ​ല്ലെ​ന്നു​പോ​ലും ചി​ലർ​ക്കു് തോ​ന്നി​യി​രു​ന്നു.

ഇതി​നു​ശേ​ഷം 1980-​കളിലാണു് വീ​ണ്ടും സ്ത്രീ​ക​ളു​ടെ പൂർ​ണ്ണ​പൗ​ര​ത്വ​മി​ല്ലാ​യ്മ​യെ​ക്കു​റി​ച്ചു​ള്ള ചർച്ച സജീ​വ​മാ​യ​തു്. സ്ത്രീ​വാ​ദം ഇവിടെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട സമ​യ​മാ​യി​രു​ന്നു അതു്. സ്ത്രീ​ക​ളെ ഒരു പ്ര​ത്യേ​ക​വി​ഭാ​ഗ​മാ​യി കണ​ക്കാ​ക്കാ​മെ​ന്നും അവർ​ക്കു് പ്ര​ത്യേ​ക​മാ​യി ആവ​ശ്യ​ങ്ങ​ളും അവ​കാ​ശ​ങ്ങ​ളും നേ​ടി​യെ​ടു​ക്കാ​നു​ണ്ടെ​ന്നു​മു​ള്ള വാദം വീ​ണ്ടും സജീ​വ​മാ​യി. 1990-കളിൽ ജന​കീ​യാ​സൂ​ത്ര​ണം, അധി​കാര വി​കേ​ന്ദ്രീ​ക​ര​ണം എന്നി​വ​യി​ലൂ​ടെ സ്ത്രീ​കൾ​ക്കു് പ്ര​ത്യേക വി​ക​സ​ന​ഫ​ണ്ടു് (Women’s Component Plan), 33 ശത​മാ​നം സീ​റ്റ് സം​വ​ര​ണം എന്നിവ നി​ല​വിൽ​വ​ന്നു. ഇതു് മുൻ​കാ​ല​സ്ത്രീ​വാ​ദി​ക​ളു​ടെ ആവ​ശ്യ​ങ്ങൾ നി​റ​വേ​റ്റു​ന്നു​വെ​ന്നു് പ്ര​ത്യ​ക്ഷ​ത്തിൽ തോ​ന്നാം. പക്ഷേ, ഫല​ത്തിൽ ഇതു് സ്ത്രീ​ക​ളു​ടെ പൗ​രാ​വ​കാ​ശ​ങ്ങ​ളു​ടെ അം​ഗീ​കാ​ര​മാ​ക​ണ​മെ​ങ്കിൽ സ്ത്രീ​കൾ​ത​ന്നെ ഇറ​ങ്ങി പ്ര​വർ​ത്തി​ച്ചേ മതി​യാ​കൂ. സ്ത്രീ​ക​ളു​ടെ ചരി​ത്ര​പ​ര​മായ അവ​കാ​ശം എന്ന​തി​നു​പ​ക​രം വി​ക​സ​ന​ത്തി​നും കു​ടും​ബ​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും സ്ത്രീ​ക​ളെ വി​നി​യോ​ഗി​ക്ക​ലാ​യി ഈ ജനാ​ധി​പ​ത്യ​പ​രീ​ക്ഷ​ണം അധഃ​പ​തി​ക്കാ​തി​രി​ക്കാൻ സ്ത്രീ​കൾ തന്നെ പരി​ശ്ര​മി​ക്കേ​ണ്ട​തു​ണ്ടു്. ഇന്നു് ഏറ്റ​വും​ന​ല്ല പ്ര​വർ​ത്ത​നം കാ​ഴ്ച​വ​ച്ചു്, കഴി​വു​തെ​ളി​യി​ച്ച വനിതാ പഞ്ചാ​യ​ത്തു് അദ്ധ്യ​ക്ഷ​കൾ​പോ​ലും പല​പ്പോ​ഴും കു​ടും​ബ​ത്തി​ന്റെ അന്യാ​യ​മായ പി​ന്നോ​ട്ടു​വ​ലി സഹി​ക്കു​ന്ന​വ​രാ​ണു്; അതു​പോ​ലെ സദാ​ചാ​ര​ക്കു​രു​ക്കു​കൾ അവ​രെ​യും വല്ലാ​തെ ബന്ധി​ക്കു​ന്നു​ണ്ടു്. എത്ര പരോ​പ​കാ​രി​യും സമർ​ത്ഥ​യു​മാ​ണെ​ങ്കി​ലും ഒരു പഞ്ചാ​യ​ത്ത്പ്ര​വർ​ത്തക ‘ചീത്ത’യാ​ണെ​ന്നു് ആ നാ​ട്ടിൽ വരു​ത്തി​ത്തീർ​ത്താൽ അവ​ളു​ടെ രാ​ഷ്ട്രീ​യ​ഭാ​വി അട​ഞ്ഞു​പോ​കു​മെ​ന്ന അവ​സ്ഥ​പോ​ലു​മു​ണ്ടു്! ഇവി​ടെ​യാ​ണു് പൂർ​ണ്ണ​പൗ​ര​ത്വ​ത്തി​ന്റെ പ്ര​സ​ക്തി. സ്വ​കാ​ര്യ​ജീ​വി​ത​ത്തി​ലേ​ക്കു​ള്ള ഒളി​ഞ്ഞു​നോ​ട്ടം പൗ​ര​ത്വ​ലം​ഘ​ന​മാ​ണു്. മറ്റു​ള്ള​വർ​ക്കു് ഹാ​നി​ക​ര​മി​ല്ലാ​ത്തി​ട​ത്തോ​ളം ഇഷ്ട​മു​ള്ള​രീ​തി​യിൽ സ്വ​കാ​ര്യ​ജീ​വി​തം​ന​യി​ക്കാ​നു​ള്ള അവ​കാ​ശം ഓരോ പൗ​ര​യ്ക്കും പൗ​ര​നു​മു​ണ്ടു്. അതു് നേ​ടി​യെ​ടു​ക്കാ​നു​ള്ള മനഃ​ശ​ക്തി നമു​ക്കു​ണ്ടാ​കാ​നി​ട​വ​ര​ട്ടെ. പൊ​തു​സ്ഥ​ല​ങ്ങ​ളിൽ പേ​ടി​കൂ​ടാ​തെ ഏതു​സ​മ​യ​ത്തും സഞ്ച​രി​ക്കാ​നും സ്ത്രീ​ക​ളെ മാ​ത്രം അധി​ക​മാ​യി കു​രു​ക്കു​ന്ന ഇര​ട്ട​സ​ദാ​ചാ​ര​ത്തെ തള്ളി​ക്ക​ള​ഞ്ഞു് പൂർ​ണ്ണ​പൗ​ര​ത്വ​ത്തി​ലെ​ത്താ​നും നമു​ക്കു കഴി​യ​ണം. ഈ സമരം ഇന്നോ ഇന്ന​ലെ​യോ തു​ട​ങ്ങി​യ​ത​ല്ല എന്നാ​ണു് ഈ അദ്ധ്യാ​യ​ത്തിൽ പറയാൻ ശ്ര​മി​ച്ച​തു്; ബഹു​ദൂ​രം മു​ന്നോ​ട്ടു് പോ​കാ​നു​ണ്ടെ​ന്നും.

കൂ​ടു​തൽ ആലോ​ച​ന​യ്ക്ക്

തൊ​ഴിൽ​രം​ഗ​ത്തേ​ക്കു് സ്ത്രീ​കൾ കട​ന്നാൽ, അതാ​യ​തു് അവർ വീ​ടി​നു​പു​റ​ത്തു് പ്ര​തി​ഫ​ലം ലഭി​ക്കു​ന്ന ജോ​ലി​ക​ളിൽ ഏർപ്പെട്ടാൽ-​പൗരാവകാശങ്ങൾ പി​ന്നാ​ലെ വന്നു​കൊ​ള്ളും എന്ന ധാരണ നമ്മു​ടെ​യി​ട​യി​ലും സാ​മൂ​ഹ്യ​ശാ​സ്ത്ര​ചർ​ച്ച​ക​ളി​ലും വി​ക​സ​ന​ന​യ​ങ്ങ​ളി​ലും എല്ലാ​യി​ട​ത്തും ഇന്നു് സർ​വ്വ​സാ​ധാ​ര​ണ​യാ​യി കാ​ണാ​റു​ണ്ടു്. സ്ത്രീ​കൾ​ക്കാ​യി നട​പ്പാ​ക്കു​ന്ന വികസന പരി​പാ​ടി​കൾ പലതും ഈ ധാ​ര​ണ​യെ മുൻ​നിർ​ത്തി​ക്കൊ​ണ്ടു​ള്ള​വ​യാ​ണു്. എന്നാൽ കാ​ര്യ​ങ്ങൾ അത്ര ലളി​ത​മ​ല്ലെ​ന്നാ​ണു് ഈ അദ്ധ്യാ​യ​ത്തി​ലെ പരി​ശോ​ധന വെ​ളി​വാ​ക്കു​ന്ന​തു്. സ്ത്രീ​കൾ ജോ​ലി​യെ​ടു​ക്കാൻ തയ്യാ​റാ​യ​തി​നു കാരണം പൂർ​ണ്ണ​പൗ​ര​ത്വ​കാം​ക്ഷ മാ​ത്ര​മാ​യി​രു​ന്നി​ല്ലെ​ന്നും വ്യ​ക്ത​മാ​ണു്. പൊ​തു​രം​ഗ​ത്തു് ഒന്നു​ചേർ​ന്നു് സമ​രം​ചെ​യ്യു​ന്ന​തി​ലൂ​ടെ​യാ​ണു് സ്ത്രീ​ക​ളു​ടെ അവ​കാ​ശ​ങ്ങൾ വർ​ദ്ധി​ച്ച​തെ​ന്നും അല്ലാ​തെ, ‘കാ​ല​ത്തി​ന്റെ മാറ്റ’ത്തിൽ തന്നെ​ത്താൻ നട​പ്പി​ലാ​യ​ത​ല്ലെ​ന്നും ലോ​ക​സ്ത്രീ​ച​രി​ത്രം തെ​ളി​യി​ക്കു​ന്നു. ‘പു​രോ​ഗ​തി’, ‘വി​ക​സ​നം’ മു​ത​ലായ നമ്മു​ടെ സങ്കൽ​പ്പ​ങ്ങ​ളെ ഇതെ​ങ്ങ​നെ ബാ​ധി​ക്കു​ന്നു?

Colophon

Title: Kulastrīyum Cantappeṇṇum Uṇṭāyatengane? (ml: കു​ല​സ്ത്രീ​യും ചന്ത​പ്പെ​ണ്ണും ഉണ്ടാ​യ​തെ​ങ്ങ​നെ?).

Author(s): J Devika.

First publication details: Center For Development Studies; Trivandrum, India; 2010.

Deafult language: ml, Malayalam.

Keywords: J Devika, Kulasthreeyum Chanthappennum Undaayathengane, ജെ ദേവിക, കു​ല​സ്ത്രീ​യും ചന്ത​പ്പെ​ണ്ണും ഉണ്ടാ​യ​തെ​ങ്ങ​നെ?, Gender studies, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 5, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the author and Sayahna Foundation and must be shared under the same terms.

Cover: The Girl in a Picture Frame, an oil on canvas by Rembrandt (1606–1669). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: ml.wikisource.org; Proofing: KB Sujith; Typesetter: Sayahna Foundation; Artwork by: B Priyaranjan Lal; Graphic files optimized by: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.