SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
images/devika-kcu-cover.jpg
The Girl in a Picture Frame, an oil on canvas by Rembrandt (1606–1669).
കേ​ര​ള​ത്തിൽ റാ​ണി​മാർ ഉണ്ടാ​യി​രു​ന്നോ?
kimages/Kulasthree_Chapter_three_pic01.png

പഞ്ചാ​യ​ത്തു​ക​ളി​ലെ സ്ത്രീ​സം​വ​ര​ണം 33-ൽ നി​ന്നു് 50 ശത​മാ​ന​മാ​യി ഉയർ​ന്നി​രി​ക്കു​ന്ന ഇന്ന​ത്തെ​ക്കാ​ല​ത്തും കേ​ര​ള​രാ​ഷ്ട്രീ​യ​ത്തി​ന്റെ ഉന്ന​ത​ങ്ങ​ളിൽ വള​രെ​ക്കു​റ​ച്ചു സ്ത്രീ​ക​ളേ​യു​ള്ളു. എളിയ മട്ടിൽ ജന​സേ​വ​നം നട​ത്തു​ന്ന സ്ത്രീ​ക​ളോ​ടു് നമു​ക്കു വളരെ പ്രി​യ​മാ​ണു്. എന്നാൽ അധി​കാ​ര​രാ​ഷ്ട്രീ​യ​ത്തിൽ പ്ര​വേ​ശി​ക്കാൻ ശ്ര​മി​ക്കു​ന്ന സ്ത്രീ​ക​ളെ അല്പ​മൊ​രു പു​ച്ഛ​ത്തോ​ടെ​യാ​ണു് നാം കാ​ണു​ന്ന​തു്. ‘പൗ​രു​ഷ​ക്കാ​രി,’ ‘തന്റേ​ടി’ മു​ത​ലായ വി​ശേ​ഷ​ണ​ങ്ങ​ളാ​ണു് നാം അവർ​ക്കു നൽ​കാ​റു​ള്ള​തു്! പു​രു​ഷ​ന്മാർ​ക്കു് രാ​ഷ്ട്രീ​യാ​ധി​കാ​ര​ത്തെ മൊ​ത്ത​ത്തിൽ തീ​റെ​ഴു​തി​ക്കൊ​ടു​ക്കു​ന്ന ഈ രീതി എങ്ങ​നെ​യാ​ണു് രൂ​പ​പ്പെ​ട്ട​തു്? മല​യാ​ളി​ക​ളു​ടെ പര​മ്പ​രാ​ഗത രാഷ്ട്രീയസ്ഥാപനങ്ങളിൽ-​രാജസ്വരൂപങ്ങളിൽ-ആ സ്ഥാ​ന​ങ്ങ​ളി​ലെ​ത്തിയ സ്ത്രീ​കൾ​ക്കു് ചില സാ​ദ്ധ്യ​ത​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും ക്ര​മേണ അവ നഷ്ട​മാ​വു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും നാം തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ടു്.

ആമു​ഖ​ത്തിൽ പറഞ്ഞ കാ​ര്യ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തിൽ ഈ ചോ​ദ്യ​ത്തി​നു് വലിയ പ്രാ​ധാ​ന്യം കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നു് നമു​ക്കു് വാ​ദി​ക്കാ​വു​ന്ന​താ​ണു്. നമ്മു​ടെ ഭൂ​ത​കാ​ലം ചി​ക​ഞ്ഞു​നോ​ക്കി​യാൽ ഒന്നോ രണ്ടോ കഴി​വു​റ്റ റാ​ണി​മാ​രെ കണ്ടെ​ത്താൻ കഴി​യും. പക്ഷേ, ആ കണ്ടെ​ത്ത​ലിൽ​നി​ന്നു് നമു​ക്കെ​ന്താ​ണു ഗുണം? നേ​ര​ത്തേ പറ​ഞ്ഞ​തു​പോ​ലെ, ഒരു ഉണ്ണി​യാർ​ച്ച​യെ കണ്ടെ​ത്തി​യെ​ന്നു കരുതി അന്ന​ത്തെ ഇവി​ട​ത്തെ പെ​ണ്ണു​ങ്ങൾ മു​ഴു​വൻ കള​രി​പ​ഠി​ച്ച അഭ്യാ​സി​ക​ളാ​യി​രു​ന്നു​വെ​ന്നു് പറ​യാൻ​പ​റ്റു​മോ? പറ്റി​ല്ല, തീർ​ച്ച! അതു​പോ​ലെ, ഒന്നു​ര​ണ്ടു് നല്ല ഭര​ണാ​ധി​കാ​രി​ണി​ക​ളെ കണ്ടെ​ത്തി​യെ​ന്നു കരുതി അന്ന​ത്തെ മേ​ലാ​ള​സ്ത്രീ​കൾ​ക്കു് ഭര​ണാ​ധി​കാ​ര​ത്തിൽ പു​രു​ഷ​നു​തു​ല്യ​മായ നി​ല​യു​ണ്ടാ​യി​രു​ന്നു​വെ​ന്നു് വാ​ദി​ക്കാൻ കഴി​യി​ല്ല. ഒന്നാ​മ​തു്, റാ​ണി​മാ​രെ സാ​ധാ​ര​ണ​സ്ത്രീ​ക​ളു​ടെ കൂ​ട്ട​ത്തിൽ​പെ​ടു​ത്താൻ​പ​റ്റി​ല്ല. അവർ ഉന്ന​ത​ജാ​തി​ക്കാ​രും കു​ടും​ബ​ക്കാ​രു​മാ​യി​രു​ന്നു. രണ്ടാ​മ​തു്, ഒന്നു​ര​ണ്ടു​ദാ​ഹ​ര​ണ​ങ്ങൾ തി​ര​ഞ്ഞു​പി​ടി​ക്കു​ന്ന​തു​കൊ​ണ്ടു് സ്ത്രീ പു​രു​ഷ​നു തു​ല്യ​യാ​യി​രു​ന്നു​വെ​ന്നു് സമർത്ഥിക്കാനാവില്ല-​ഏതു സമൂ​ഹ​ത്തി​ലും പു​രു​ഷ​നൊ​പ്പം നിൽ​ക്കു​ന്ന ഒന്നു​ര​ണ്ടു് അസാ​മാ​ന്യ​സ്ത്രീ​കൾ ഉണ്ടാ​കു​മെ​ന്ന മറു​പ​ടി​യാ​യി​രി​ക്കും കി​ട്ടുക.

എങ്കി​ലും പഴയ മല​യാ​ളി​സ​മൂ​ഹ​ത്തി​ന്റെ ഏറ്റ​വും ഉയർ​ന്ന​ത​ട്ടു​ക​ളി​ലെ സ്ത്രീ​ക​ളു​ടെ അനു​ഭ​വ​മെ​ന്താ​യി​രു​ന്നു​വെ​ന്നു് അന്വേ​ഷി​ക്കു​ന്ന​തു് സ്ത്രീ​ക​ളെ മൊ​ത്ത​ത്തിൽ ബാ​ധി​ച്ച ചില വൻ​സാ​മൂ​ഹ്യ​മാ​റ്റ​ങ്ങ​ളി​ലേ​ക്കു് കൂ​ടു​തൽ വെ​ളി​ച്ചം​വീ​ശും. കേ​ര​ള​ത്തിൽ ഇന്നും സ്ത്രീ​കൾ​ക്കു് അധികം പ്ര​വേ​ശ​ന​മി​ല്ലാ​ത്ത ഒരു മേ​ഖ​ല​യാ​ണു് അധി​കാ​ര​രാ​ഷ്ട്രീ​യം. പല പരീ​ക്ഷ​ണ​ങ്ങ​ളും നട​ത്തി​യി​ട്ടും രാ​ഷ്ട്രീ​യ​ത്തി​ന്റെ ഉന്ന​ത​മേ​ഖ​ല​ക​ളി​ലേ​ക്കു് അധികം സ്ത്രീ​കൾ കയ​റി​ച്ചെ​ന്നി​ട്ടി​ല്ല. കയ​റി​ച്ചെ​ന്ന ചി​ലർ​ക്കു കി​ട്ടിയ സ്വീ​ക​ര​ണം ഒട്ടും ആശാ​വ​ഹ​വു​മാ​യി​രു​ന്നി​ല്ല. (ഇട​തു​പ​ക്ഷ​പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ നേ​തൃ​ത്വ​നി​ര​യി​ലേ​ക്കു​യർ​ന്ന കെ. ആർ. ഗൗ​രി​യ​മ്മ​യു​ടെ അനു​ഭ​വം ഓർ​മ്മി​ക്കുക) കേ​ര​ള​ത്തി​ലെ റാ​ണി​മാ​രു​ടെ ചരി​ത്രം ഇതെ​ങ്ങ​നെ സം​ഭ​വി​ച്ചു എന്ന​തി​നെ​ക്കു​റി​ച്ചു് ചില സൂ​ച​ന​കൾ നൽ​കു​ന്നു.

ഒന്നു​ര​ണ്ടു് അസാ​മാ​ന്യ​സ്ത്രീ​കൾ കേ​ര​ള​ത്തി​ന്റെ കഴി​ഞ്ഞ കാ​ല​ത്തി​ലു​മു​ണ്ടു്. അവരിൽ പ്ര​ധാ​നി​യാ​ണു് പതി​നേ​ഴാം നൂ​റ്റാ​ണ്ടിൽ തെ​ക്കൻ​കേ​ര​ള​ത്തിൽ (പിൽ​ക്കാ​ല​ത്തെ തി​രു​വി​താ​കൂർ) ജീ​വി​ച്ചി​രു​ന്ന അശ്വ​തി​തി​രു​നാൾ തമ്പു​രാ​ട്ടി. സ്ത്രീ​കൾ മൂ​പ്പു​വാണ സ്വ​രൂ​പ​മെ​ന്ന പേരിൽ-​അതായതു്, ഏറ്റ​വും മൂ​ത്ത​സ്ത്രീ കാ​ര​ണ​വ​ത്തി​യും ഭര​ണാ​ധി​കാ​രി​യു​മാ​യി വാ​ണി​രു​ന്ന സ്വ​രൂ​പം എന്ന പേരിൽ-​അറിയപ്പെട്ടിരുന്ന ആറ്റി​ങ്ങൽ സ്വ​രൂ​പ​ത്തി​ലെ മൂത്ത തമ്പു​രാ​ട്ടി​യാ​യി​രു​ന്നു ഇവർ. ഉമ​യ​മ്മ​റാ​ണി എന്ന പേരിൽ ഇവർ പ്ര​സി​ദ്ധ​യാ​ണു്. 1678-മുതൽ 1698-​വരെയായിരുന്നു ഇവ​രു​ടെ ഭര​ണ​കാ​ലം. തി​രു​വ​ന​ന്ത​പു​ര​ത്തെ പഴ​മ​ക്കാർ ഉമ​യ​മ്മ​റാ​ണി​യെ​ക്കു​റി​ച്ചു​ളള പല കഥ​ക​ളും കേ​ട്ടി​രി​ക്കും. കളി​പ്പാ​ങ്കു​ളം എന്ന സ്ഥ​ല​ത്തു​വ​ച്ചു​ണ്ടായ ദാ​രു​ണ​സം​ഭ​വ​ത്തെ​ക്കു​റി​ച്ചാ​യി​രി​ക്കാം അധി​കം​പേ​രും കേ​ട്ടി​രി​ക്കുക. ഉമ​യ​മ്മ​റാ​ണി​ക്കു് ആറ് ആൺ​മ​ക്ക​ളു​ണ്ടാ​യി​രു​ന്നെ​ന്നും കളി​പ്പാ​ങ്കു​ള​ത്തിൽ നീ​ന്താ​നി​റ​ങ്ങിയ കു​മാ​ര​ന്മാ​രെ ദു​ഷ്ട​ന്മാ​രായ മാ​ട​മ്പി​മാർ കൊ​ന്നു​ക​ള​ഞ്ഞു​വെ​ന്നു​മാ​ണു് കഥ​യു​ടെ രത്ന​ച്ചു​രു​ക്കം. പിൽ​ക്കാ​ല​ത്തു്, ഇരു​പ​താം​നൂ​റ്റാ​ണ്ടി​ന്റെ ആദ്യ​പ​കു​തി​യിൽ മല​യാ​ള​ക​വി​ത​യ്ക്കു പു​തു​ജീ​വൻ പകർ​ന്ന മൂ​ന്നു കവി​ക​ളിൽ (ആധു​നി​ക​ക​വി​ത്ര​യ​മെ​ന്നാ​ണു് അവരെ വി​ശേ​ഷി​പ്പി​ച്ചി​ട്ടു​ള​ള​തു്) ഒരാ​ളാ​യി​രു​ന്ന ഉള്ളൂർ എസ്. പര​മേ​ശ്വ​ര​യ്യർ ഈ കളി​പ്പാ​ങ്കു​ളം​ക​ഥ​യെ ഉമാ​കേ​ര​ളം (1913) എന്ന തന്റെ മഹാ​കാ​വ്യ​ത്തിൽ ഉപ​യോ​ഗി​ച്ചു. തി​രു​വി​താം​കൂ​റി​നോ​ടും കേ​ര​ള​ത്തോ​ടും കവി​യു​ടെ ഭക്തി പ്ര​ക​ടി​പ്പി​ക്കു​ന്ന ഈ കാ​വ്യ​ത്തിൽ ഉമ​യ​മ്മ​റാ​ണി സാ​ക്ഷാൽ കേ​ര​ള​ത്തി​ന്റെ പ്ര​തീ​ക​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. മക്ക​ളു​ടെ ദാ​രു​ണ​മ​ര​ണ​ത്തി​ലും ധൈ​ര്യം​കൈ​വി​ടാ​ത്ത, സു​ച​രി​ത​യായ വീ​ര​മാ​താ​വാ​യാ​ണു് കവി അവരെ ചി​ത്രീ​ക​രി​ക്കു​ന്ന​തു്. തി​രു​വി​താം​കൂ​റി​ലെ മാ​ട​മ്പി​മാ​രു​ടെ ദുർ​ഭ​ര​ണ​വും വി​ദേ​ശീ​യാ​ക്ര​മ​ണ​വു​മെ​ല്ലാം ചേർ​ന്നു​ണ്ടായ പ്ര​തി​സ​ന്ധി​യിൽ​നി​ന്നു് നാ​ടി​നെ രക്ഷി​ക്കാൻ പണി​പ്പെ​ടു​ന്ന മഹ​തി​യായ മാ​താ​വാ​യി​ട്ടാ​ണു് അവർ ആ കൃ​തി​യിൽ നി​റ​ഞ്ഞു​നിൽ​ക്കു​ന്ന​തു്. അവർ​ക്കു് ഒടു​വിൽ സി​ദ്ധി​ക്കു​ന്ന വിജയം കേ​ര​ള​ത്തി​ന്റെ​ത​ന്നെ വി​ജ​യ​മാ​കു​ന്നു.

എന്നാൽ ഉമാ​കേ​ര​ള​ത്തി​ലെ ഉമ​യ​മ്മ​യ്ക്കു് ചരി​ത്ര​രേ​ഖ​ക​ളിൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ഉമ​യ​മ്മ​റാ​ണി​യു​മാ​യി വലിയ സാ​മ്യ​മൊ​ന്നു​മി​ല്ലെ​ന്ന​താ​ണു് കൗ​തു​ക​ക​ര​മായ കാ​ര്യം. ഉള്ളൂർ കവി​മാ​ത്ര​മാ​യി​രു​ന്നി​ല്ല, അറി​യ​പ്പെ​ട്ട ചരി​ത്ര​ഗ​വേ​ഷ​കൻ​കൂ​ടി​യാ​യി​രു​ന്നു. അദ്ദേ​ഹം​ത​ന്നെ തന്റെ ചരി​ത്ര​പ​ഠ​ന​ത്തിൽ കളി​പ്പാ​ങ്കു​ളം സംഭവം നട​ന്ന​താ​യി തെ​ളി​വി​ല്ലെ​ന്നു് സൂ​ചി​പ്പി​ക്കു​ന്നു​ണ്ടു്. ആറെ​ണ്ണം​പോ​യി​ട്ടു് ഒരു സന്താ​നം​പോ​ലും ഉമ​യ​മ്മ​യ്ക്കി​ല്ലാ​യി​രു​ന്നെ​ന്നും അവർ പ്ര​സ​വി​ച്ച​താ​യി​പ്പോ​ലും അറി​വി​ല്ലെ​ന്നും പിൽ​ക്കാ​ല​ത്തു​ണ്ടായ ചരി​ത്ര​പ​ഠ​ന​ങ്ങൾ അവ​കാ​ശ​പ്പെ​ടു​ന്നു. ഇവിടെ യൂറോപ്യർ-​ലന്തക്കാരും, ബ്രിട്ടിഷുകാരും-​തങ്ങളുടെ ആധി​പ​ത്യ​മു​റ​പ്പി​ക്കാൻ കി​ണ​ഞ്ഞു ശ്ര​മി​ച്ചി​രു​ന്ന പതി​നേ​ഴാം​നൂ​റ്റാ​ണ്ടി​ന്റെ അവ​സാ​ന​മാ​യി​രു​ന്നു ഉമ​യ​മ്മ​റാ​ണി ഭര​ണ​മേ​റ്റ​തു്. അവർ ബാ​ക്കി​വ​ച്ച പല രേ​ഖ​ക​ളി​ലും ഉമ​യ​മ്മ​റാ​ണി​യെ​ക്കു​റി​ച്ചു​ള്ള ചി​ത്ര​ങ്ങ​ളു​ണ്ടു്. ഈ വി​വ​ര​ങ്ങ​ളെ ഏറെ​ക്കു​റെ സ്ഥി​രീ​ക​രി​ക്കു​ന്ന ഐതി​ഹ്യ​ങ്ങ​ളും പ്ര​ചാ​ര​ത്തി​ലു​ണ്ടു്.

ആറ്റി​ങ്ങൽ​സ്വ​രൂ​പ​ത്തി​ന്റെ മൂത്ത തമ്പു​രാ​ട്ടി​യാ​യി അവർ 1678-ൽ സ്ഥാ​ന​മേ​റ്റു. അന്ന​ത്തെ അധി​കാ​ര​രാ​ഷ്ട്രീ​യ​മെ​ന്നു​വ​ച്ചാൽ തെ​ക്കൻ​കേ​ര​ള​ത്തി​ലു​ണ്ടാ​യി​രു​ന്ന രാ​ജ​സ്വ​രൂ​പ​ങ്ങൾ തമ്മി​ലു​ള്ള മത്സ​ര​മാ​യി​രു​ന്നു. തൃ​പ്പാ​പ്പൂർ, ദേ​ശി​ങ്ങ​നാ​ടു്, ഇള​യി​ട​ത്തു സ്വ​രൂ​പം മു​ത​ലായ നി​ര​വ​ധി രാ​ജ​സ്വ​രൂ​പ​ങ്ങൾ തമ്മിൽ വലിയ മത്സ​രം​ന​ട​ന്ന കാലം. ഈ മത്സ​ര​ത്തിൽ ഉമ​യ​മ്മ​റാ​ണി കാ​ര്യ​മാ​യി പങ്കെ​ടു​ത്തി​രു​ന്നു​വെ​ന്നാ​ണു് രേ​ഖ​ക​ളിൽ കാ​ണാ​നു​ള്ള​തു്. ആറ്റി​ങ്ങ​ലിൽ മാ​ത്ര​മ​ല്ല അവി​ടം​ക​ട​ന്നു അക്കാ​ലെ​ത്ത മറ്റു സ്വ​രൂ​പ​ങ്ങ​ളി​ലും തന്റെ സ്വാ​ധീ​ന​മു​റ​പ്പി​ക്കാൻ അവർ ശ്ര​മി​ച്ചു​വെ​ന്നു് ചരി​ത്ര​രേ​ഖ​കൾ വ്യ​ക്ത​മാ​ക്കു​ന്നു. ഉദാ​ഹ​ര​ണ​ത്തി​നു് അന്ന​ത്തെ തി​രു​വി​താം​കൂ​റിൽ (അന്നു് ആറ്റി​ങ്ങൽ തി​രു​വി​താം​കൂ​റിൽ​നി​ന്നു് വേ​റി​ട്ടാ​യി​രു​ന്നു) ഉമ​യ​മ്മ​റാ​ണി ആറ്റി​ങ്ങൽ മൂ​ത്ത​ത​മ്പു​രാ​നാ​യി​ട്ടു് അധികം കഴി​യു​ന്ന​തി​നു​മു​മ്പു് തി​രു​വി​താം​കൂർ രാ​ജാ​വാ​യി​രു​ന്ന ആദി​ത്യ​വർ​മ്മ അന്ത​രി​ച്ചു. തു​ടർ​ന്നു​ണ്ടായ പി​ന്തു​ടർ​ച്ചാ​ത്തർ​ക്ക​ത്തിൽ അവർ ശക്ത​മാ​യി ഇട​പെ​ടാൻ ശ്ര​മി​ച്ചു. തന്റെ താൽ​പ​ര്യ​മ​നു​സ​രി​ച്ചു് ഒരാളെ രാ​ജാ​വാ​യി അവിടെ വാ​ഴി​ക്കാൻ പരി​ശ്ര​മി​ച്ചു. ഒടു​വിൽ അവർ ദത്തെ​ടു​ത്ത പു​റ​വ​ഴി​നാ​ടു് കേ​ര​ള​വർ​മ്മ തി​രു​വി​താം​കൂർ രാ​ജാ​വാ​കു​ക​യും ചെ​യ്തു. എന്നാൽ അവർ​ത​ന്നെ പിൽ​ക്കാ​ല​ത്തു് ഈ വ്യ​ക്തി​ക്കു് എതി​രാ​വു​ക​യും അയാളെ കൊ​ന്നു​ക​ള​യാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യിൽ പങ്കു​ചേ​രു​ക​യും ചെ​യ്തു​വെ​ന്നാ​ണു് എഴു​ത​പ്പെ​ട്ട ചരി​ത്ര​രേ​ഖ​ക​ളും വാ​മൊ​ഴി​യാ​യി പ്ര​ച​രി​ച്ച കഥ​ക​ളും പറ​യു​ന്ന​തു്. 1692-ൽ ഇയാൾ കൊ​ല്ല​പ്പെ​ട്ടു. ഉമ​യ​മ്മ​റാ​ണി തി​രു​വ​ന​ന്ത​പു​ര​ത്തെ ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി​ക്ഷേ​ത്ര​ത്തി​ലും തന്റെ സ്വാ​ധീ​ന​മു​റ​പ്പി​ക്കാൻ ശ്ര​മി​ച്ച​താ​യി തെ​ളി​വു​ണ്ടു്. ബ്രി​ട്ടി​ഷ് പ്ര​തി​നി​ധി​ക​ളു​മാ​യി നേ​രി​ട്ടു് ചർ​ച്ച​ക​ളി​ലേർ​പ്പെ​ടാ​നും അവരെ സ്വാ​ധീ​നി​ച്ചു് തന്റെ അധി​കാ​ര​മു​റ​പ്പി​ക്കാ​നും അവർ ഒട്ടും മടി​ച്ചി​രു​ന്നി​ല്ല. ബ്രി​ട്ടി​ഷു​കാർ​ക്കു് ആദ്യ​മാ​യി കച്ച​വ​ട​സ്ഥാ​പ​നം അനു​വ​ദി​ച്ച​തു് അവ​രാ​യി​രു​ന്നു. ദത്തെ​ടു​ക്ക​പ്പെ​ട്ട കേ​ര​ള​വർ​മ്മ​യെ അവർ തി​രു​വി​താം​കൂർ രാ​ജ​സ്ഥാ​ന​ത്തെ​ത്തി​ച്ച​തു് നട​പ്പി​ലു​ണ്ടാ​യി​രു​ന്ന പി​ന്തു​ടർ​ച്ചാ​നി​യ​മ​ങ്ങ​ളെ ലം​ഘി​ച്ചു​കൊ​ണ്ട​ത്രെ. ചു​രു​ക്കി​പ്പ​റ​ഞ്ഞാൽ, അന്ന​ത്തെ രാ​ഷ്ട്രീയ അധി​കാ​ര​ക്ക​ളി​യു​ടെ പതി​നെ​ട്ട​ട​വും പാ​ച്ചി​ലും വശ​ത്താ​ക്കിയ, എല്ലാ​ത്ത​രം രാ​ഷ്ട്രീ​യ​കൗ​ശ​ല​ങ്ങ​ളും വശ​മാ​യി​രു​ന്ന, രാ​ഷ്ട്രീ​യാ​ധി​കാ​രം ആത്മ​വി​ശ്വാ​സ​ത്തോ​ടെ കൈ​കാ​ര്യം​ചെ​യ്തി​രു​ന്ന ഒരു റാ​ണി​യു​ടെ രൂ​പ​മാ​ണു് ചരി​ത്ര​രേ​ഖ​ക​ളിൽ തെ​ളി​യു​ന്ന​തു്. അധി​കാ​ര​ത്തി​നു​വേ​ണ്ടി ആചാ​ര​ത്തെ അതി​ലം​ഘി​ക്കാൻ മടി​ക്കാ​ത്ത ഒരുവൾ. ആറ്റി​ങ്ങൽ തമ്പു​രാ​ട്ടി​മാ​രെ​യും ഉമ​യ​മ്മ​യെ​യും നേ​രിൽ​ക്ക​ണ്ട ഒരു യൂ​റോ​പ്യൻ സൈ​നി​കൻ 1677-ൽ അവരെ ഇങ്ങ​നെ വി​വ​രി​ക്കു​ന്നു:

ആറ്റി​ങ്ങൽ റാണി തി​രു​വി​താം​കൂ​റി​ന്റെ മാ​തൃ​ഗൃ​ഹ​മാ​ണു്; മാ​ത്ര​മ​ല്ല, തൃ​പ്പാ​പ്പൂർ​സ്വ​രൂ​പ​ത്തി​ന്റെ മൂ​പ്പും വഹി​ക്കു​ന്നു. തി​രു​വി​താം​കൂ​റിൽ​നി​ന്നു സ്വ​ത​ന്ത്ര​മാ​യി നിൽ​ക്കു​ന്ന വലി​യൊ​രു ഭൂ​പ്ര​ദേ​ശ​വും അവർ​ക്കു് സ്വ​ന്ത​മാ​യു​ണ്ടു്. മൂത്ത തമ്പു​രാ​ട്ടി​ക്കൊ​പ്പം ഒരു ഇളയ തമ്പു​രാ​ട്ടി​യു​മു​ണ്ടു്. പൗ​രു​ഷ​വും കു​ലീ​ന​ത​യും തി​ക​ഞ്ഞ അവരെ എല്ലാ​വർ​ക്കും ഭയവും ബഹു​മാ​ന​വു​മാ​ണു്. അവ​രു​ടെ സ്ത്രീ​ത്വ​ത്തെ ചിലർ ബഹു​മാ​നി​ക്കു​ന്നു. മറ്റു​ചി​ലർ മൂത്ത തമ്പു​രാ​ട്ടി​യോ​ടു​ളള ബഹു​മാ​നം​കൊ​ണ്ടു് അവരെ വന്ദി​ക്കു​ന്നു. ഇങ്ങ​നെ കി​ട്ടു​ന്ന ആദ​ര​വി​നെ തനി​ക്ക​നു​കൂ​ല​മാ​യി ഉപ​യോ​ഗി​ക്കാൻ ഈ ഇളയ തമ്പു​രാ​ട്ടി​ക്കു് നല്ല കഴി​വാ​ണു്. അതി​ലൂ​ടെ അവർ ആറ്റി​ങ്ങൽ മാ​ത്ര​മ​ല്ല, തി​രു​വി​താം​കൂർ​ത​ന്നെ ഭരി​ക്കു​ന്നു. അവി​ട​ത്തെ ആചാ​ര​പ്ര​കാ​രം തി​രു​വി​താം​കൂ​റി​ലേ​ക്കു് തമ്പു​രാ​ട്ടി​മാർ കാ​ലെ​ടു​ത്തു​വ​ച്ചു​കൂ​ടാ​ത്ത​താ​ണു്. കര​മ​ന​യാ​റു കട​ന്നാൽ കള​ങ്ക​മു​ണ്ടാ​കു​മെ​ന്നാ​ണു് വി​ശ്വാ​സം. എന്നാൽ ഈ പൗ​രു​ഷ​ക്കാ​രി ആ മാമൂൽ അടു​ത്ത​കാ​ല​ത്തു് ലം​ഘി​ച്ചു. രാ​ജാ​വു​പോ​ലും അവ​രു​ടെ മു​ന്നിൽ​നി​ന്നു് പറ​പ​റ​ക്കു​ന്നു.

(ശി​വ​ശ​ങ്ക​രൻ നായർ, എ ഹാൻഡ് ബുക് ഓഫ് കേരള, വാ​ല്യം.1, തി​രു​വ​ന​ന്ത​പു​രം 2001, പുറം 144)

എന്താ​ണീ ‘മാമൂൽ?’

പണ്ടു നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ജാ​തി​വ്യ​വ​സ്ഥ​യിൽ പാ​ലി​ച്ചി​രു​ന്ന ആചാ​ര​ങ്ങൾ​ക്കും നി​യ​മ​ങ്ങൾ​ക്കും മൊ​ത്ത​ത്തിൽ പറ​യു​ന്ന പേ​രാ​ണു് ‘മാമൂൽ’. പണ്ടൊ​ക്കെ വളരെ കണി​ശ​മാ​യി പാ​ലി​ച്ചി​രു​ന്ന ദു​രാ​ചാ​ര​ങ്ങ​ളായ തൊ​ട്ടു​കൂ​ടാ​യ്മ, തീ​ണ്ടൽ, മാ​സ​ക്കു​ളി​സ​മ​യ​ത്തെ അശു​ദ്ധി കൽ​പി​ക്ക​ലും പു​റ​ത്തു മാ​റി​യി​രി​ക്ക​ലു​മൊ​ക്കെ ‘മാ​മൂ​ലി’ന്റെ ഭാ​ഗ​മാ​യി​രു​ന്നു. കര​മ​ന​യാ​റു കട​ന്നാൽ മേൽ​ജാ​തി​സ്ത്രീ​ക​ളു​ടെ ജാതി പോ​കു​മെ​ന്ന വി​ശ്വാ​സ​വും ‘മാ​മൂ​ലാ’യി​രു​ന്നു, ഇന്നു് അങ്ങ​നെ​യൊ​രു വി​ശ്വാ​സം നി​ല​വി​ലി​ല്ലെ​ങ്കി​ലും. ഏക​ദേ​ശം പത്തെ​ഴു​പ​തു വർഷം മു​മ്പു​വ​രെ വട​ക്കേ മല​ബാ​റിൽ കോ​ര​പ്പുഴ കട​ന്നാൽ സ്ത്രീ​ക​ളു​ടെ ജാതി പോ​കു​മെ​ന്ന വി​ശ്വാ​സം നി​ല​നി​ന്നി​രു​ന്നു. ഇത്ത​രം ദു​രാ​ചാ​ര​ങ്ങ​ളെ പാ​ലി​ച്ചു നി​ല​നിർ​ത്തേ​ണ്ട​തു് ഇവി​ട​ത്തെ രാ​ജ​കു​ടും​ബ​ങ്ങ​ളു​ടെ കട​മ​യാ​യി കണ​ക്കാ​ക്ക​പ്പെ​ട്ടി​രു​ന്നു (രാ​ജ​ഭ​ര​ണം വളരെ നന്നാ​യി​രു​ന്നു​വെ​ന്നൊ​ക്കെ തട്ടി​വി​ടു​ന്ന​വർ മറ​ക്കു​ന്ന കാ​ര്യം.)

kimages/Kulasthree_Chapter_three_pic03.png

എന്താ​യാ​ലും ഉമാ​കേ​ര​ള​ത്തി​ലെ ദു​ര​ന്ത​നാ​യി​ക​യെ​യ​ല്ല നാ​മി​വി​ടെ കാ​ണു​ന്ന​തു്. ഈ ഉമ​യ​മ്മ​റാ​ണി ആറ്റി​ങ്ങൽ പ്ര​ദേ​ശ​ത്തു് ഇന്നും പ്ര​ശ​സ്ത​യ​ത്രെ. മു​തിർ​ന്ന​വ​രോ​ടു് ‘ഓർഡറി’ടുന്ന കൊ​ച്ചു​മി​ടു​ക്കി​ക​ളോ​ടു് “എന്താ നീ ഉമ​യ​മ്മ​റാ​ണി​യാ​ണോ?” എന്നു ചോ​ദി​ക്കു​ന്ന രീതി ഇന്നു​മു​ണ്ടെ​ന്നാ​ണു് ആ നാ​ട്ടു​കാ​രായ സു​ഹൃ​ത്തു​ക്കൾ പറ​യു​ന്ന​തു്!

സ്വ​ന്തം ഇഷ്ടാ​നി​ഷ്ട​ങ്ങ​ളെ ഉപേ​ക്ഷി​ച്ചു് രാ​ജ്യ​സേ​വ​നം നട​ത്തിയ ത്യാ​ഗ​സ്വ​രൂ​പി​ണി​യെ​യ​ല്ല ചരി​ത്ര​രേ​ഖ​ക​ളിൽ കാ​ണു​ന്ന​തു്. മറി​ച്ചു്, തന്റെ താൽ​പ​ര്യ​ങ്ങൾ തു​റ​ന്നു പ്ര​ക​ടി​പ്പി​ക്കാൻ മടി​ക്കാ​ത്ത ഒരു വനി​ത​യാ​യി​രു​ന്നു അവ​രെ​ന്ന സൂ​ച​ന​ക​ളു​ണ്ടു് (റാ​ണി​ക്കു് ഇം​ഗ്ളീ​ഷു​കാ​രു​മാ​യി നല്ല ബന്ധ​മാ​ണു​ണ്ടാ​യി​രു​ന്ന​തു്. അതു​കൊ​ണ്ടു് ഇതു് റാ​ണി​യു​ടെ സൽ​പ്പേ​രു് കള​ങ്ക​പ്പെ​ടു​ത്താ​നു​ളള ശ്ര​മ​മാ​യി​ക്കാ​ണാൻ കഴി​യി​ല്ല.) പു​റ​വ​ഴി​നാ​ടു് കേ​ര​ള​വർ​മ്മ​യും റാ​ണി​യും തമ്മിൽ സം​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നെ​ന്നും സൂ​ച​ന​ക​ളു​ണ്ടു്. അക്കാ​ല​ത്തു് ഇതൊ​ന്നും നാ​ണ​ക്കേ​ടാ​യി​രു​ന്നി​ല്ലെ​ന്നും ഒന്നി​ല​ധി​കം ഭർ​ത്താ​ക്ക​ന്മാർ സ്ത്രീ​കൾ​ക്കു​ണ്ടാ​കു​ന്ന രീതി അന്ന​ത്തെ പല ജാ​തി​ക​ളി​ലും പതി​വാ​യി​രു​ന്നെ​ന്നും ചരി​ത്ര​കാ​ര​നായ കെ. ശി​വ​ശ​ങ്ക​രൻ നായർ വേ​ണാ​ടി​ന്റെ പരി​ണാ​മം എന്ന കൃ​തി​യിൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. പക്ഷെ, ഉമാ​കേ​ര​ള​ത്തി​ലെ ഉമ​യ​മ്മ​റാ​ണി ഇങ്ങ​നെ​യു​ളള ആഗ്ര​ഹ​ങ്ങൾ പ്ര​ക​ടി​പ്പി​ക്കു​ന്ന സ്ത്രീ​യ​ല്ല. ശരി, ഇതൊ​ക്കെ വളരെ രസ​ക​രം​ത​ന്നെ. എങ്കി​ലും ഇങ്ങ​നെ ഒരു റാ​ണി​യെ കണ്ടെ​ടു​ത്ത​തിൽ​നി​ന്നു് നമ്മൾ കൂ​ടു​ത​ലാ​യി എന്തെ​ങ്കി​ലും പഠി​ക്കു​ന്നു​ണ്ടോ? ഉമ​യ​മ്മ​യെ​പ്പോ​ലെ ശേ​ഷി​യും ശേ​മു​ഷി​യും തി​ക​ഞ്ഞ​വ​രാ​യി​രു​ന്നു അന്ന​ത്തെ പെ​ണ്ണു​ങ്ങ​ളെ​ല്ലാ​വ​രും എന്നു പറയാൻ പറ്റി​ല്ല​ല്ലോ. എന്തി​നു്, അന്ന​ത്തെ മേ​ലാ​ള​സ്ത്രീ​ക​ളെ​ല്ലാ​വ​രും ഇതു പോ​ലെ​യാ​യി​രു​ന്നെ​ന്നു​പോ​ലും പറ​യാ​നൊ​ക്കി​ല്ല! സമീ​പ​കാ​ല​ത്തും കാ​ര്യ​ങ്ങൾ മാ​റി​യി​ട്ടി​ല്ല. ഇന്ദി​രാ​ഗാ​ന്ധി, സി​രി​മാ​വോ ബണ്ഡാ​ര​നാ​യ​കെ, ബേ​ന​സീർ ഭൂ​ട്ടോ, ഷേ​യ്ഖ് ഹസീന-​ഇന്ത്യ, ശ്രീ​ല​ങ്ക, പാ​കി​സ്ഥാൻ, ബാം​ഗ്ല​ദേ​ശ് എന്നീ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ധാ​ന​മ​ന്ത്രി​പ​ദം​വ​രെ എത്തിയ ഈ സ്ത്രീ​ക​ളു​ണ്ടാ​യ​തു​കൊ​ണ്ടു് ഇവി​ട​ങ്ങ​ളി​ലെ സ്ത്രീ​ജ​ന​ങ്ങൾ​ക്കു് അധി​കാ​ര​വും അം​ഗീ​കാ​ര​വും ലഭി​ച്ചു​വെ​ന്നു് പറ​യാ​നാ​വി​ല്ല​ല്ലോ. പക്ഷേ, ഉമാ​കേ​ര​ള​ത്തി​ലെ റാ​ണി​യു​ടെ ചി​ത്ര​വും ചരി​ത്ര​രേ​ഖ​കൾ വെ​ളി​പ്പെ​ടു​ത്തു​ന്ന ചി​ത്ര​വും ഇത്ര​യും വ്യ​ത്യ​സ്ത​മാ​യ​തെ​ന്തു​കൊ​ണ്ടു് എന്നു ചോ​ദി​ക്കു​ന്ന​തി​ലൂ​ടെ നമു​ക്കു് കു​റേ​ക്കൂ​ടി വലു​തായ, ഇന്ന​ത്തെ നമ്മു​ടെ ജീ​വി​ത​ത്തെ നേ​രി​ട്ടു സ്പർ​ശി​ച്ച ഒരു ചരി​ത്ര​പ്ര​ക്രി​യ​യെ​പ്പ​റ്റി കൂ​ടു​തൽ അറി​വു​ണ്ടാ​കു​ന്നു. അതാ​യ​തു് കേ​ര​ള​ത്തി​ലെ സ്ത്രീകൾ-​മേലാളസ്ത്രീകൾപോലും-രാഷ്ട്രീയാധികാരത്തിന്റെ ഉയർ​ന്ന മേ​ഖ​ല​കൾ​ക്കു പു​റ​ത്തായ പ്ര​ക്രി​യ​യെ​പ്പ​റ്റി.

ഉമ​യ​മ്മ​റാ​ണി എടു​ത്തു​പ​യോ​ഗി​ച്ച അധി​കാ​ര​ത്തെ​ക്കു​റി​ച്ചു​ള്ള രേഖകൾ വി​രൽ​ചൂ​ണ്ടു​ന്ന​തു് അക്കാ​ല​ത്തു് ഇവിടെ നട​പ്പി​ലു​ണ്ടാ​യി​രു​ന്ന രാ​ഷ്ട്രീ​യാ​ധി​കാ​ര​ത്തി​ന്റെ ഒരു പ്ര​ത്യേ​ക​ത​യി​ലേ​ക്കാ​ണു്. ഇന്ത്യ​യി​ലെ മറ്റു​പ്ര​ദേ​ശ​ങ്ങ​ളി​ല​ധി​ക​വും സ്ത്രീ​കൾ​ക്കു് കി​രീ​ടാ​വ​കാ​ശം ഇല്ലാ​യി​രു​ന്നു. രാ​ജാ​വു് അന്ത​രി​ച്ചാൽ കി​രീ​ടാ​വ​കാ​ശി​യായ കു​മാ​ര​നു് പ്രാ​യ​പൂർ​ത്തി​യാ​യി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ങ്കിൽ​മാ​ത്രം റാണി താൽ​ക്കാ​ലി​ക​ചു​മ​ത​ല​യേ​റ്റി​രു​ന്നു. കു​മാ​രൻ മു​തിർ​ന്നാ​ലു​ടൻ ആ സ്ഥാ​നം അവ​സാ​നി​ക്കു​ക​യും ചെ​യ്യും. ഇം​ഗ്ലീ​ഷു​കാർ ഈ സമ്പ്ര​ദാ​യ​ത്തെ റീ​ജൻ​സി (regency) എന്നു വി​ളി​ച്ചു. പക്ഷേ, കേ​ര​ള​ത്തിൽ പല​യി​ട​ത്തും ഇക്കാ​ര്യ​ത്തിൽ ചില വ്യ​ത്യാ​സ​ങ്ങൾ കണ്ടി​രു​ന്നു.

ബ്രി​ട്ടി​ഷു​കാർ പത്തൊ​മ്പ​താം​നൂ​റ്റാ​ണ്ടോ​ടു​കൂ​ടി ഇവി​ട​ത്തെ നാ​ട്ടു​രാ​ജ്യ​ങ്ങ​ളെ കീ​ഴ​ട​ക്കു​ന്ന​തി​നു മു​മ്പു​ള്ള കാ​ര്യ​മാ​ണു് പറയുന്നതു്-​ഉമയമ്മറാണിയുടെ കാ​ല​ത്തു് ബ്രി​ട്ടി​ഷു​കാർ ഇതി​നു് ശ്ര​മി​ച്ചു തു​ട​ങ്ങി​യി​ട്ടേ​യു​ണ്ടാ​യി​രു​ന്നു​ള്ളു. നേ​ര​ത്തെ പറ​ഞ്ഞ​തു​പോ​ലെ പതി​നേ​ഴാം​നൂ​റ്റാ​ണ്ടി​ന്റെ അവ​സാ​ന​കാ​ല​ത്തു് ഇവിടെ നി​ര​വ​ധി ചെ​റു​സ്വ​രൂ​പ​ങ്ങ​ളാ​ണു​ണ്ടാ​യി​രു​ന്ന​തു്. ഇവയിൽ മി​ക്ക​വ​യി​ലും അധി​കാ​രം ഏറ്റ​വും​മൂ​ത്ത പു​രു​ഷ​നാ​യി​രു​ന്നു. എന്നാൽ പല സ്വ​രൂ​പ​ങ്ങ​ളി​ലും പു​രു​ഷ​സ​ന്ത​തി ഇല്ലാ​തെ​വ​ന്ന അവ​സ​ര​ങ്ങ​ളിൽ മൂത്ത സ്ത്രീ​ക്കു് ലഭി​ച്ചി​രു​ന്ന​തു് പൂർണാധികാരമായിരുന്നു-​അതായതു് മൂ​പ്പെ​ത്താ​ത്ത പു​രു​ഷ​സ​ന്ത​തി​യു​ടെ പ്ര​തി​നി​ധി​യാ​യി​ട്ട​ല്ല മൂത്ത സ്ത്രീ ഭര​ണം​ന​ട​ത്തി​യി​രു​ന്ന​തു്. സ്വ​ന്തം​നി​ല​യിൽ​ത്ത​ന്നെ​യാ​യി​രു​ന്നു. ‘തമ്പു​രാൻ’ എന്ന പദ​ത്തെ ഇന്നു നാം പു​രു​ഷ​ന്മാ​രോ​ടാ​ണു് ബന്ധ​പ്പെ​ടു​ത്താ​റു​ള്ള​തു്. എന്നാൽ പണ്ടു് രാ​ജ​കു​ടും​ബ​ങ്ങ​ളി​ലെ സ്ത്രീ​കൾ​ക്കും പു​രു​ഷ​ന്മാർ​ക്കും ഈ നാമം ബാധകമായിരുന്നു-​പലപ്പോഴും മൂത്ത തമ്പു​രാ​ട്ടി​യെ​ന്ന​ല്ല, മൂത്ത തമ്പു​രാൻ എന്നാ​ണു് ആറ്റി​ങ്ങൽ റാ​ണി​യെ വി​ശേ​ഷി​പ്പി​ച്ചി​ട്ടു​ള​ള​തു്. തൃ​പ്പാ​പ്പൂർ, ദേ​ശി​ങ്ങ​നാ​ടു് എന്നീ സ്വ​രൂ​പ​ങ്ങ​ളു​ടെ മൂ​പ്പ​വ​കാ​ശം ആറ്റി​ങ്ങൽ തമ്പു​രാ​ട്ടി​മാ​രു​ടെ പു​രു​ഷ​സ​ന്ത​തി​കൾ​ക്കാ​യി​രു​ന്നു. (ഇതി​നെ​ക്കു​റി​ച്ചാ​ണു് മു​മ്പു പറഞ്ഞ യൂ​റോ​പ്യൻ സൈ​നി​ക​ന്റെ ഉദ്ധ​ര​ണി.) ഇങ്ങ​നെ ആറ്റി​ങ്ങൽ തമ്പു​രാ​ട്ടി​മാർ​ക്കു് മാ​തൃ​സ്ഥാ​ന​മു​ണ്ടാ​യി​രു​ന്ന സ്വ​രൂ​പ​ങ്ങ​ളിൽ മൂ​പ്പു വാഴാൻ പു​രു​ഷ​സ​ന്താ​ന​മി​ല്ലാ​തെ​യാ​യാൽ, തമ്പു​രാ​ട്ടി​മാർ​ത​ന്നെ മൂ​പ്പേ​റി​യി​രു​ന്ന​താ​യി തെ​ളി​വു​ണ്ടു്. ഉദാ​ഹ​ര​ണ​ത്തി​നു് പതി​നേ​ഴാം​നൂ​റ്റാ​ണ്ടിൽ (1650-കളിൽ) തൃ​പ്പാ​പ്പൂർ സ്വ​രൂ​പ​ത്തി​ന്റെ മൂ​പ്പു് ആറ്റി​ങ്ങൽ മൂത്ത തമ്പു​രാ​ട്ടി​യാ​യി​രു​ന്ന ആയി​ല്യം തി​രു​നാ​ളാ​ണു് ഏറി​യി​രു​ന്ന​തു്. അപ്പോൾ അവർ​ക്കു തൊ​ട്ടു​താ​ഴെ​യു​ണ്ടാ​യി​രു​ന്ന രണ്ടാം​മുറ ഇള​യ​ത​മ്പു​രാ​ട്ടി​യാ​യി​രു​ന്ന മക​യി​രം​തി​രു​നാൾ ദേ​ശി​ങ്ങ​നാ​ടു് സ്വ​രൂ​പ​ത്തി​ന്റെ മൂ​പ്പേ​റി​യി​രു​ന്നു. (മുൻ​ചൊ​ന്ന സൈ​നി​ക​ന്റെ ഉദ്ധ​ര​ണി​യി​ലെ മൂ​ത്ത​ത​മ്പു​രാ​ട്ടി ഇവ​രാ​യി​രു​ന്നു.) ആറ്റി​ങ്ങൽ റാ​ണി​മാർ​ക്കു് പു​രു​ഷ​സ​ന്ത​തി ഇല്ലാ​തെ​വ​ന്ന അവ​സ​ര​ങ്ങ​ളാ​യി​രു​ന്നു ഇവ​യെ​ന്നു് കെ. ശി​വ​ശ​ങ്ക​രൻ നായർ പറ​യു​ന്നു. ഇതു​കൂ​ടാ​തെ രണ്ടു സ്വരൂപങ്ങളിൽ-​തെക്കു് ആറ്റി​ങ്ങ​ലും വട​ക്കു് അറയ്ക്കലും-​പെണ്ണുങ്ങൾ നേ​രി​ട്ടു് മൂ​പ്പു് വാ​ണി​രു​ന്നു. അപ്പോൾ ഉമ​യ​മ്മ​യു​ടെ ഭര​ണാ​ധി​കാ​ര​മോ​ഹം നാ​ട്ടു​ന​ട​പ്പി​നു് അത്ര​യ്ക്കൊ​ന്നും വി​രു​ദ്ധ​മാ​യി​രു​ന്നി​ല്ലെ​ന്നർ​ത്ഥം!

ഇന്ന​ത്തെ കണ്ണൂർ​ജി​ല്ല​യി​ലു​ണ്ടാ​യി​രു​ന്ന അറ​യ്ക്കൽ​സ്വ​രൂ​പം ഇസ്ലാം​മത വി​ശ്വാ​സി​ക​ളാ​യി​രു​ന്നു​വെ​ങ്കി​ലും മക്ക​ത്തായ കു​ടും​ബ​മാ​യി​രു​ന്നി​ല്ല. ഇവിടെ കാ​ര​ണ​വ​സ്ഥാ​നം മൂത്ത സ്ത്രീ വഹി​ച്ചി​രു​ന്നു. ബ്രി​ട്ടി​ഷു​കാ​രു​ടെ രേ​ഖ​ക​ളിൽ പല​പ്പോ​ഴും ഇവി​ട​ത്തെ യഥാർ​ത്ഥ ഭര​ണാ​ധി​കാ​രി മൂത്ത പു​രു​ഷ​ന്മ​രാ​യി​രു​ന്നു​വെ​ന്നു് പറ​യു​ന്നു​മു​ണ്ടു്. പക്ഷേ, എല്ലാ രാ​ജ​കീ​യ​വി​ളം​ബ​ര​ങ്ങ​ളും ഉട​മ്പ​ടി​ക​ളും ഭര​ണാ​ധി​കാ​രി​യായ അറ​യ്ക്കൽ​ബീ​വി​യു​ടെ പ്ര​ത്യ​ക്ഷ​സ​മ്മ​ത​ത്തോ​ടു​കൂ​ടി മാ​ത്ര​മേ നട​പ്പിൽ​വ​രൂ എന്നു് ഈ രേ​ഖ​കൾ​ത​ന്നെ പറ​യു​ന്നു​ണ്ടു്. എന്താ​യാ​ലും പതി​നെ​ട്ടാം​നൂ​റ്റാ​ണ്ടിൽ ഇവിടെ മൂ​പ്പു​വാ​ണ​വ​രു​ടെ പട്ടി​ക​യിൽ നി​ര​വ​ധി ബീ​വി​മാ​രു​ടെ പേ​രു​ക​ളു​ണ്ടു്. ബ്രി​ട്ടി​ഷ് രേഖകൾ പല​പ്പോ​ഴും ബീവി ഭർ​ത്താ​വി​ന്റെ കയ്യി​ലാ​ണെ​ന്നൊ​ക്കെ പറ​യു​ക​യും മറ്റൊ​രു​വ​ശ​ത്തു് ഇവർ​ക്കു് ‘ആഴി​രാജ’ എന്ന സ്ഥാ​ന​ബി​രു​ദ​മു​ണ്ടാ​യി​രു​ന്നെ​ന്നു് പറ​യു​ക​യും കു​ടും​ബ​കാ​ര​ണ​വർ ഇവ​രാ​യി​രു​ന്നെ​ന്നു് സമ്മ​തി​ക്കു​ക​യും​ചെ​യ്യു​ന്നു. 1790-കളിൽ മൈസൂർ സുൽ​ത്താൻ ടി​പ്പു​വി​നെ ബ്രി​ട്ടി​ഷു​കാർ തോൽ​പ്പി​ച്ച​തോ​ടെ മല​ബാ​റി​ലെ എല്ലാ സ്വ​രൂ​പ​ങ്ങ​ളും അവ​രു​ടെ അധീ​ന​ത​യി​ലാ​യി. അറ​യ്ക്കൽ സ്വ​രൂ​പ​ത്തി​നും സ്വ​ത​ന്ത്ര​നില നഷ്ട​മാ​യി. പക്ഷേ, ബീ​വി​മാർ കാ​ര​ണ​വ​സ്ഥാ​ന​ത്തെ​ത്തു​ന്ന പതി​വു് നഷ്ട​മാ​യി​ല്ല.

ഇന്ത്യ, ബ്രി​ട്ടി​ഷ് ഭര​ണാ​ധി​കാ​രി​ക​ളു​ടെ കണ്ണിൽ

നി​ര​വ​ധി സം​സ്ക്കാ​ര​ങ്ങ​ളും ഭാ​ഷ​ക​ളും ഭര​ണ​രീ​തി​ക​ളും കു​ടും​ബ​രൂ​പ​ങ്ങ​ളും മറ്റും കൂ​ടി​ച്ചേർ​ന്നു് നി​ല​നി​ന്നി​രു​ന്ന ഇന്ത്യ​യി​ലേ​ക്കാ​ണു് ബ്രി​ട്ടി​ഷു​കാർ ഭര​ണാ​ധി​കാ​രി​ക​ളാ​യി വന്ന​തു്. ഇവി​ട​ത്തെ അമ്പ​ര​പ്പി​ക്കു​ന്ന വൈ​വി​ദ്ധ്യം ഭര​ണ​താ​ത്പ​ര്യ​ങ്ങൾ​ക്കു് വി​ല​ങ്ങു​ത​ടി​യാ​യി അനു​ഭ​വ​പ്പെ​ട്ടു. ഇന്ത്യൻ സം​സ്ക്കാ​ര​ത്തി​നും ജന​ത​യ്ക്കും പു​റ​മെ​കാ​ണു​ന്ന വൈ​വി​ദ്ധ്യ​ത്തി​നു കീ​ഴി​ലാ​യി ഏക​സ്വ​ഭാ​വ​മാ​ണു​ള്ള​തെ​ന്നും ആ അന്തഃ​സ​ത്ത കണ്ടെ​ത്തി ഭര​ണ​ത്തെ അതി​ന​നു​സൃ​ത​മാ​യി ചി​ട്ട​പ്പെ​ടു​ത്ത​ണ​മെ​ന്നും ബ്രി​ട്ടി​ഷ് ഭര​ണാ​ധി​കാ​രി​ക​ളിൽ ഒരു പ്ര​ബ​ല​വി​ഭാ​ഗം വാ​ദി​ച്ചു. അവർ​ക്കു് പിൻ​ബ​ല​മാ​യ​തു് ‘പൗ​ര​സ്ത്യ​വാ​ദം’ (orientalism) എന്ന ജ്ഞാ​ന​ശാ​ഖ​യാ​യി​രു​ന്നു. ഇന്ത്യ​യ​ട​ക്ക​മു​ള്ള കി​ഴ​ക്കൻ സം​സ്ക്കാ​ര​ങ്ങ​ളെ​ക്കു​റി​ച്ചു് നി​ര​വ​ധി നൂ​റ്റാ​ണ്ടു​ക​ളാ​യി പാ​ശ്ചാ​ത്യ​ഗ​വേ​ഷ​കർ നട​ത്തി​വ​ന്ന പഠ​ന​ഗ​വേ​ഷ​ണ​പ്ര​വർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഉരു​ത്തി​രി​ഞ്ഞു​വ​ന്ന ‘പൗ​ര​സ്ത്യ​വാ​ദം’ കി​ഴ​ക്കൻ സമൂ​ഹ​ങ്ങ​ളു​ടെ വൈ​വി​ദ്ധ്യ​ത്തെ മാ​യ്ച്ചു​ക​ള​യു​ക​യും ഒപ്പം വ്യ​ത്യ​സ്ത​ത​യു​ടെ ചില വാർ​പ്പു​മാ​തൃ​ക​കൾ (stereotypes)ക്കു​ള്ളിൽ അവയെ തള​യ്ക്കു​ക​യും ചെ​യ്തു. ഇവ ബ്രി​ട്ടി​ഷ് ഭര​ണ​യ​ന്ത്ര​ത്തി​ലൂ​ടെ സ്ഥാ​പ​ന​വൽ​ക്ക​രി​ക്ക​പ്പെ​ട്ടു (ഇന്ത്യ​യിൽ സ്ത്രീ​കൾ​ക്കു് പൂർ​ണ്ണ രാ​ജാ​ധി​കാ​ര​ത്തി​നു് അവ​കാ​ശ​മി​ല്ലെ​ന്ന ധാരണ ഇത്ത​ര​മൊ​രു വാർ​പ്പു​മാ​തൃ​ക​യിൽ​നി​ന്നു് ഉണ്ടാ​യ​താ​ണു്.) സ്വാ​ത​ന്ത്ര്യാ​ന്ത​ര​കാ​ല​ത്തു​പോ​ലും നാം ഇവ​യു​ടെ പി​ടി​യിൽ​നി​ന്നു് പൂർ​ണ്ണ​മാ​യി രക്ഷ​പെ​ട്ടി​ട്ടി​ല്ല എന്ന​താ​ണു് വാ​സ്ത​വം. അധി​നി​വേ​ശ​വും ദേ​ശീ​യ​ത​യും തമ്മി​ലു​ള്ള ഇത്ത​രം പങ്കു​വ​യ്ക്ക​ലു​ക​ളെ ഗൗ​ര​വ​ത്തോ​ടു​കൂ​ടി പഠി​ക്കേ​ണ്ട​താ​ണെ​ന്നു് അധി​നി​വേ​ശാ​ന​ന്തര ചരി​ത്ര​ര​ച​ന​യു​ടെ വക്താ​ക്കൾ നി​രീ​ക്ഷി​ക്കു​ന്നു.

തെ​ക്കു് ഇതാ​യി​രു​ന്നി​ല്ല അനു​ഭ​വം. ഇവിടെ ബ്രി​ട്ടി​ഷു​കാർ അധി​കാ​ര​ത്തി​ലെ​ത്തും​മു​മ്പു​ത​ന്നെ ഭര​ണാ​ധി​കാ​രി​ണി​ക​ളു​ടെ സ്വ​ത​ന്ത്ര​നി​ല​യ്ക്കു് കോ​ട്ട​മു​ണ്ടാ​യി. പതി​നെ​ട്ടാം​നൂ​റ്റാ​ണ്ടിൽ, ഇന്ന​ത്തെ കേ​ര​ള​ത്തി​ന്റെ തെ​ക്കൻ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്വ​രൂ​പ​ങ്ങ​ളെ തി​രു​വി​താം​കൂ​റി​ലെ മാർ​ത്താ​ണ്ഡ​വർ​മ്മ ആക്ര​മി​ച്ചു് കീ​ഴ​ട​ക്കി ഒരൊ​റ്റ രാ​ജ്യ​മാ​ക്കി. ആറ്റി​ങ്ങൽ സ്വ​രൂ​പ​ത്തി​ന്റെ​യും സ്വ​ത​ന്ത്ര​നില ഇല്ലാ​താ​യി. മു​മ്പു് ആറ്റി​ങ്ങൽ​റാ​ണി​മാർ​ക്കു് ഏക​ദേ​ശം 15,000 ഏക്കർ വി​സ്തീർ​ണം​വ​രു​ന്ന പ്ര​ദേ​ശ​ങ്ങൾ​ക്കു​മേൽ അധി​കാ​ര​മു​ണ്ടാ​യി​രു​ന്നു. വി​ദേ​ശീ​യ​രു​മാ​യി സ്വ​ത​ന്ത്ര ഉട​മ്പ​ടി​ക​ളും മറ്റു​മു​ണ്ടാ​ക്കാ​നു​ള്ള അധി​കാ​ര​മു​ണ്ടാ​യി​രു​ന്നു. വാ​ണി​ജ്യ​കാ​ര്യ​ങ്ങ​ളി​ലും ആറ്റി​ങ്ങൽ റാണി സ്വ​ത​ന്ത്ര​യാ​യി​രു​ന്നെ​ന്നും ചരി​ത്ര​രേ​ഖ​കൾ വെ​ളി​പ്പെ​ടു​ത്തു​ന്നു. ഈ മാർ​ത്താ​ണ്ഡ​വർ​മ്മ ഒരു ആറ്റി​ങ്ങൽ തമ്പു​രാ​ട്ടി​യു​ടെ മക​നാ​യി​രു​ന്നു. അദ്ദേ​ഹം തമ്പു​രാ​ട്ടി​മാ​രു​മാ​യി 1747-ൽ നട​ത്തിയ ഉട​മ്പ​ടി​പ്ര​കാ​രം ആറ്റി​ങ്ങൽ​സ്വ​രൂ​പം പൂർ​ണ്ണ​മാ​യും തി​രു​വി​താം​കൂ​റി​ന്റെ ഭാ​ഗ​മാ​യി. ഭാ​വി​യിൽ തി​രു​വി​താം​കൂർ വാ​ഴു​ന്ന രാ​ജാ​ക്ക​ന്മാ​രെ​ല്ലാ​വ​രും ആറ്റി​ങ്ങൽ റാ​ണി​മാ​രു​ടെ സന്ത​തി​ക​ളാ​യി​രി​ക്കു​മെ​ന്ന ഉറ​പ്പും മാർ​ത്താ​ണ്ഡ​വർ​മ്മ നൽകി. ആറ്റി​ങ്ങൽ തമ്പു​രാ​ട്ടി​മാർ ഭര​ണാ​ധി​കാ​രി​ക​ള​ല്ലാ​തെ​യാ​യി. തി​രു​വി​താം​കൂർ രാ​ജാ​വി​ന്റെ മാ​താ​ക്കൾ എന്ന സ്ഥാ​ന​ത്തേ​ക്കു് അവ​രു​ടെ നില ചു​രു​ങ്ങി (തന്റെ അമ്മ​മാ​രായ ആറ്റി​ങ്ങൽ റാ​ണി​മാ​രെ കൂ​ടു​തൽ നന്നാ​യി സേ​വി​ക്കാ​നാ​ണു് ഇതു ചെ​യ്യേ​ണ്ടി​വ​ന്ന​തെ​ന്നു് മാർ​ത്താ​ണ്ഡ​വർ​മ്മ അവ​കാ​ശ​പ്പെ​ട്ട​ത്രെ!) ചു​രു​ക്കി​പ്പ​റ​ഞ്ഞാൽ, റാ​ണി​മാ​രാ​യി​രു​ന്ന​വർ വെറും അമ്മ​ത്ത​മ്പു​രാ​ട്ടി​മാ​രാ​യി.

ബ്രി​ട്ടി​ഷു​കാർ അധി​കാ​ര​ത്തി​ലെ​ത്തി​യ​തു് മാർ​ത്താ​ണ്ഡ​വർ​മ്മ​യ്ക്കും അദ്ദേ​ഹ​ത്തി​ന്റെ പി​ന്മു​റ​ക്കാ​ര​നാ​യി​രു​ന്ന രാ​മ​വർ​മ്മ ധർ​മ്മ​രാ​ജാ​വി​നും ശേ​ഷ​മാ​യി​രു​ന്നു. ബ്രി​ട്ടി​ഷു​കാ​രു​ടെ ചരി​ത്ര​ത്തിൽ സ്വ​ന്തം നി​ല​യിൽ രാ​ജ്യം​വാണ റാ​ണി​മാ​രു​ണ്ടാ​യി​രു​ന്നു​വെ​ന്ന​തൊ​ക്കെ നേ​രു​ത​ന്നെ. (എലി​സ​ബ​ത്ത മഹാ​റാ​ണി, വി​ക്ടോ​റിയ മഹാ​റാ​ണി, രണ്ടാം എലി​സ​ബ​ത്തു് മഹാ​റാ​ണി) പക്ഷേ, ഇവിടെ എത്തി​യ​പ്പോൾ ഇവി​ട​ത്തെ രാ​ജാ​ക്ക​ന്മാ​രു​ടെ സമ്പ്ര​ദാ​യ​ങ്ങൾ കഴി​വ​തും നി​ല​നിർ​ത്ത​ണ​മെ​ന്ന അഭി​പ്രാ​യ​മാ​യി​രു​ന്നു പല ബ്രി​ട്ടി​ഷ് ഭര​ണാ​ധി​കാ​രി​കൾ​ക്കും. ഇന്ത്യൻ പ്ര​വി​ശ്യ​ക​ളി​ലെ ഭര​ണാ​ധി​കാ​ര​രീ​തി​ക​ളെ കാ​ക്ക​ണ​മെ​ന്നു് അവർ​ക്കു തോ​ന്നി​യ​തു് നമ്മോ​ടു​ള്ള സ്നേ​ഹം​കൊ​ണ്ടൊ​ന്നു​മ​ല്ല; മറി​ച്ചു് അവ​രു​ടെ ഭര​ണ​സൗ​ക​ര്യ​ത്തി​നു​വേ​ണ്ടി​യാ​യി​രു​ന്നു. എന്നാൽ ഇന്ത്യ​യിൽ​ത്ത​ന്നെ പല പ്ര​ദേ​ശ​ങ്ങ​ളി​ലും പല സമ്പ്ര​ദാ​യ​ങ്ങൾ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​തൊ​ന്നും അവർ പരി​ഗ​ണി​ച്ചി​ല്ല.

പക്ഷേ, ഒറ്റ​നോ​ട്ട​ത്തിൽ അങ്ങ​നെ തോ​ന്നു​മാ​യി​രു​ന്നി​ല്ല. രാ​മ​വർ​മ്മ ധർ​മ്മ​രാ​ജാ​വി​ന്റെ മര​ണ​ശേ​ഷം വളരെ താ​മ​സം​കൂ​ടാ​തെ തി​രു​വി​താം​കൂർ ബ്രി​ട്ടി​ഷു​കാ​രു​ടെ പി​ടി​യി​ല​മർ​ന്നു. വേ​ലു​ത്ത​മ്പി മു​ത​ലാ​യ​വ​രെ അമർ​ച്ച ചെ​യ്ത​ശേ​ഷം തങ്ങ​ളു​ടെ താ​ത്പ​ര്യ​ങ്ങൾ​ക്കു് വഴ​ങ്ങി​നിൽ​ക്കു​ന്ന ഒരു രാ​ജാ​വി​നെ വാ​ഴി​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു ബ്രി​ട്ടീ​ഷ് അധി​കാ​രി​ക​ളു​ടെ ലക്ഷ്യം. അന്നു് കി​രീ​ടാ​വ​കാ​ശം ഉന്ന​യി​ച്ച തമ്പു​രാ​നെ ബ്രി​ട്ടീ​ഷു​കാർ സം​ശ​യ​ത്തോ​ടെ​യാ​ണു് കണ്ട​തു്. അപ്പോൾ അദ്ദേ​ഹ​ത്തെ വാ​ഴി​ക്കു​ന്ന​തി​നു് പകരം ആറ്റി​ങ്ങൽ മൂ​ത്ത​ത​മ്പു​രാ​ട്ടി​യാ​യി​രു​ന്ന ഗൗ​രി​ല​ക്ഷ്മി​ഭാ​യി​യെ​യാ​ണു് അവർ വാ​ഴി​ച്ച​തു്. 1791-ൽ ജനി​ച്ച റാണി ഗൗ​രീ​ല​ക്ഷ്മീ​ഭാ​യി ആറ്റി​ങ്ങൽ മൂത്ത തമ്പു​രാ​ട്ടി​യാ​യി​രു​ന്ന അത്തം​തി​രു​നാ​ളി​ന്റെ മക​ളാ​യി​രു​ന്നു. ഇരു​പ​തു​വ​യ​സ്സിൽ താഴെ പ്രാ​യ​മു​ണ്ടാ​യി​രു​ന്ന ഇവർ, ബ്രി​ട്ടി​ഷു​കാ​രു​ടെ സമ്മർ​ദ്ദ​ത്തി​നു വഴ​ങ്ങി​വ​ന്ന​താ​ണെ​ന്നു് തോ​ന്നു​ന്നി​ല്ല. മറി​ച്ചു്, ഈ പി​ന്തു​ടർ​ച്ചാ​ത്തർ​ക്ക​ത്തിൽ അവർ സജീ​വ​പ​ങ്കാ​ളി​യാ​യി​രു​ന്നെ​ന്നു് തോ​ന്നു​ന്നു. മാ​മൂ​ലു​ക​ളെ അവ​ഗ​ണി​ച്ചു​കൊ​ണ്ടു് ബ്രി​ട്ടി​ഷ് സർ​ക്കാ​റി​ന്റെ പ്ര​തി​നി​ധി​യാ​യി​രു​ന്ന കേണൽ മൺ​റോ​യെ അവർ തന്റെ വസ​തി​യി​ലേ​ക്കു് വി​ളി​ച്ചു​വ​രു​ത്തി അവ​കാ​ശ​വാ​ദം ഉന്ന​യി​ക്കു​ക​യാ​യി​രു​ന്ന​ത്രെ. തന്റെ കു​ടും​ബ​ത്തി​നു് ലഭി​ക്കേ​ണ്ട​തായ അധി​കാ​രം നഷ്ട​മാ​ക്കാൻ താൻ ഉദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നു് അവർ മൺ​റോ​യെ അറി​യി​ച്ചു​വെ​ന്നു് അദ്ദേ​ഹം ബ്രി​ട്ടി​ഷ് സർ​ക്കാ​റി​നെ​ഴു​തി. പക്ഷേ, റാ​ണി​യെ റീ​ജ​ന്റ് മാ​ത്ര​മാ​യാ​ണു് ബ്രി​ട്ടി​ഷു​കാർ കണ്ട​തു്. റാ​ണി​യും അതി​നു് വഴ​ങ്ങി​ക്കൊ​ടു​ത്തു. താ​നൊ​രു അബ​ല​യായ സ്ത്രീ​യാ​യ​തു കൊ​ണ്ടു് ഭര​ണ​കാ​ര്യ​ങ്ങ​ളിൽ സഹോ​ദ​ര​നെ​പ്പോ​ലെ താൻ ബഹു​മാ​നി​ക്കു​ന്ന ബ്രി​ട്ടി​ഷ് റെ​സി​ഡ​ന്റ് (ബ്രി​ട്ടി​ഷ് സർ​ക്കാ​രി​ന്റെ പ്ര​തി​നി​ധി) മൺ​റോ​യു​ടെ ഉപ​ദേ​ശം സ്വീ​ക​രി​ക്കാ​നാ​ണു് താൻ ഉദ്ദേ​ശി​ക്കു​ന്ന​തെ​ന്നു് അവർ പര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചു. ഗൗ​രി​ല​ക്ഷ്മീ​ഭാ​യി വെറും റീ​ജ​ന്റ് ആയി​രു​ന്ന​തു​കൊ​ണ്ടാ​ണു് അവ​രു​ടെ മകനായ സ്വാ​തി​തി​രു​നാ​ളി​നു് ‘ഗർ​ഭ​ശ്രീ​മാൻ’, അഥവാ അമ്മ​യു​ടെ ഗർ​ഭ​ത്തിൽ കി​ട​ന്ന​പ്പോ​ഴേ രാ​ജാ​വായ ആൾ എന്ന പേ​രു​വീ​ണ​തു്. മകൻ പ്രാ​യ​മാ​കും​മു​മ്പു് ഗൗ​രി​ല​ക്ഷ്മീ​ഭാ​യി മരി​ച്ച​തി​നു ശേഷം അവ​രു​ടെ അനു​ജ​ത്തി​യാ​യി​രു​ന്ന ഗൗ​രി​പാർ​വ്വ​തീ​ഭാ​യി ഭര​ണ​മേ​റ്റു. 1802-ൽ ജനി​ച്ച ഗൗരി പാർ​വ്വ​തി​ഭാ​യി അത്തം​തി​രു​നാ​ളി​നു​ശേ​ഷം ആറ്റി​ങ്ങൽ മൂ​ത്ത​ത​മ്പു​രാ​ട്ടി​യാ​യി സ്ഥാ​ന​മേ​റ്റ ഭര​ണി​തി​രു​നാ​ളി​ന്റെ മക​ളാ​യി​രു​ന്നു. സ്വാ​തി​തി​രു​നാ​ളി​നു് പ്രാ​യ​പൂർ​ത്തി​യാ​യ​തോ​ടു​കൂ​ടി അദ്ദേ​ഹം രാ​ജാ​വാ​യി. റാ​ണി​മാ​രു​ടെ അധി​കാ​ര​ത്തെ കു​റേ​ക്കൂ​ടി ഇല്ലാ​താ​ക്കാ​നാ​ണു് ബ്രി​ട്ടി​ഷ്ഭ​ര​ണം സഹാ​യി​ച്ച​തെ​ന്നു സാരം. റാ​ണി​മാർ​ക്കു് സ്വ​ന്ത​മായ അധി​കാ​ര​മു​ണ്ടാ​വി​ല്ലെ​ന്നും റീ​ജ​ന്റ് സ്ഥാ​നം​മാ​ത്ര​മേ ലഭി​ക്കൂ എന്നും ബ്രി​ട്ടി​ഷ്ഭ​ര​ണ​ത്തോ​ടെ തീർ​ച്ച​യാ​യി.

kimages/Kulasthree_Chapter_three_pic04.png

മൂ​പ്പു​വാണ തമ്പു​രാ​ട്ടി​യു​ടെ സ്വ​ന്ത​മായ നില ഇല്ലാ​താ​യെ​ങ്കി​ലും പഴയ പ്ര​താ​പ​ത്തി​ന്റെ ചില അം​ശ​ങ്ങ​ളും ചി​ഹ്ന​ങ്ങ​ളും അപ്പോ​ഴും ബാ​ക്കി​നി​ന്നി​രു​ന്നു. 1819-ൽ ഗൗ​രി​പാർ​വ്വ​തീ​ഭാ​യി​യു​ടെ രാജസഭ സന്ദർ​ശി​ച്ച ബ്രി​ട്ടി​ഷ് ഉദ്യോ​ഗ​സ്ഥൻ കേണൽ വാൾ​ഷി​ന്റെ നി​രീ​ക്ഷ​ണം ഇതാ:

ആ സഭയിൽ കണ്ട രംഗം വളരെ സന്തോ​ഷ​പ്ര​ദ​മാ​യി​രു​ന്നു. നാ​ട്ടി​ലെ പ്ര​മാ​ണി​മാർ എല്ലാ​വ​രും ബ്രി​ട്ടി​ഷ് സർ​ക്കാ​റി​ന്റെ പ്ര​തി​നി​ധി​ക​ളെ ഉപ​ചാ​ര​പൂർ​വ്വം സ്വീ​ക​രി​ക്കാൻ എത്തി​യി​രു​ന്നു. പക്ഷേ, റാ​ണി​യും യൂ​റോ​പ്യ​ന്മാ​രു​മൊ​ഴി​കെ ഒരൊ​റ്റ കു​ഞ്ഞു​പോ​ലും ഇരു​ന്നി​ല്ല. അടു​ത്തി​ടെ വി​വാ​ഹി​ത​യായ ചെ​റി​യ​ത​മ്പു​രാ​ട്ടി​യാ​ക​ട്ടെ, അവ​രു​ടെ ഭർ​ത്താ​വാ​ക​ട്ടെ, റാ​ണി​യു​ടെ അച്ഛ​നാ​ക​ട്ടെ, ഭർ​ത്താ​വാ​ക​ട്ടെ, മുൻ റാ​ണി​യു​ടെ വി​ധു​ര​നാ​ക​ട്ടെ, ദിവാൻ, പ്ര​ധാ​ന​മ​ന്ത്രി ഇവരാകട്ടെ-​ആരും ഇരു​ന്നി​ല്ല.

(പി. ശങ്കു​ണ്ണി മേനോൻ, ഹി​സ്റ്റ​റി ഒഫ് ട്രാ​വൻ​കൂർ, തി​രു​വ​ന​ന്ത​പു​രം, 1983. ആദ്യം പ്ര​സി​ദ്ധീ​ക​രി​ച്ച​തു് 1878, പുറം 289.)

പക്ഷേ, ഇതു പൊ​യ്പ്പോയ പ്ര​താ​പ​ത്തി​ന്റെ ശേ​ഷി​പ്പു​മാ​ത്ര​മാ​യി​രു​ന്നു. ഇരു​പ​താം​നൂ​റ്റാ​ണ്ടിൽ റാ​ണി​മാ​രു​ടെ അധി​കാ​ര​മി​ല്ലാ​യ്മ കൂ​ടു​തൽ വെ​ളി​ച്ച​ത്താ​യി. 1924-ൽ തി​രു​വി​താം​കൂർ രാ​ജാ​വാ​യി​രു​ന്ന ശ്രീ​മൂ​ലം​തി​രു​നാൾ അന്ത​രി​ച്ച​പ്പോൾ അദ്ദേ​ഹ​ത്തി​ന്റെ പി​ന്മു​റ​ക്കാ​ര​നാ​യി​രു​ന്ന ചി​ത്തി​ര​തി​രു​നാൾ കേവലം ബാ​ല​നാ​യി​രു​ന്നു. അന്ന​ത്തെ ആറ്റി​ങ്ങൽ മൂ​ത്ത​ത​മ്പു​രാ​ട്ടി​യാ​യി​രു​ന്ന സേ​തു​ല​ക്ഷ്മി റീ​ജ​ന്റ് മഹാ​റാ​ണി​യാ​യി. (റീ​ജ​ന്റ് റാ​ണി​യാ​യ​തു് ചി​ത്തി​ര​തി​രു​ന്നാ​ളി​ന്റെ മാ​താ​വ​ല്ലെ​ന്ന​തു് ശ്ര​ദ്ധേ​യ​മാ​ണു്)

ആറ്റി​ങ്ങൽ മൂ​ത്ത​ത​മ്പു​രാ​ട്ടി റീ​ജ​ന്റ് അല്ലെ​ന്നു് പല പത്ര​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി. അന്ന​ത്തെ മല​യാ​ള​മ​നോ​രമ ഇങ്ങ​നെ എഴുതി:

ശ്രീ​ചി​ത്തി​ര​തി​രു​ന്നാൾ തി​രു​മ​ന​സ്സി​ലേ​ക്കു് പ്രാ​യ​പൂർ​ത്തി​യാ​കും​വ​രെ ആറ്റി​ങ്ങൽ മൂ​ത്ത​ത​മ്പു​രാൻ തി​രു​മ​ന​സ്സു​കൊ​ണ്ടു് ഭര​ണാ​ധി​കാ​രി​യാ​യി​രി​ക്കു​ന്ന​താ​ണു്. അവി​ട​ത്തെ അധി​കാ​രം അവി​ഭാ​ജ്യ​മാ​യി​ക്കാ​ണ​ണ​മെ​ന്നും ആകു​ന്നു ഈ രാ​ജ്യ​ത്തെ ഭൂ​രി​പ​ക്ഷം ആളു​ക​ളു​ടെ​യും അഭി​പ്രാ​യം. ഈ അഭി​പ്രാ​യം കീ​ഴ്‌​ന​ട​പ്പി​നും മരു​മ​ക്ക​ത്തായ നി​യ​മ​ത്തി​നും അനു​സ​ര​ണ​മാ​യി​ത്ത​ന്നെ ഇരി​ക്കു​ന്നു. മരു​മ​ക്ക​ത്തായ നി​യ​മ​പ്ര​കാ​രം പ്രാ​യ​പൂർ​ത്തി​യായ പു​രു​ഷ​ന്മാ​രു​ണ്ടെ​ങ്കിൽ അവർ കു​ടും​ബ​ഭ​ര​ണം നട​ത്തു​ന്ന​തും അവ​രു​ടെ അഭാ​വ​ത്തിൽ വയ​സ്സു് മൂ​പ്പു​ളള സ്ത്രീ കാ​ര​ണ​വ​ത്തി​യാ​യി​രി​ക്കു​ന്ന​തു​മാ​ണു്. കാ​ര​ണ​വ​ത്തി കു​ടും​ബ​ഭ​ര​ണം നട​ത്തു​ന്ന​തു് ഭാ​വി​യിൽ കാ​ര​ണ​വൻ ആകു​ന്ന പു​രു​ഷ​ന്റെ പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ല​ല്ല. കു​ടും​ബ​ത്തി​ലെ മൂ​ത്ത​യാൾ എന്ന നി​ല​യി​ലാ​ണു്. ഇങ്ങ​നെ വയ​സ്സു​മൂ​പ്പു​ളള സ്ത്രീ കാ​ര​ണ​വ​ത്തി​യാ​യി​രി​ക്കു​ന്നി​ടേ​ത്താ​ളം​കാ​ലം സ്വ​ന്തം​നി​ല​യിൽ​ത്ത​ന്നെ ഭര​ണാ​ധി​കാ​രി​യാ​യി​രി​ക്കു​ന്ന​തു​മാ​ണു്. ഹി​ന്ദു​നി​യ​മ​പ്ര​കാ​ര​മു​ളള അവ​കാ​ശ​ക്ര​മം ഇതിൽ​നി​ന്നു് വ്യ​ത്യ​സ്ത​മാ​യി​രി​ക്കു​ന്നു. (അതിൽ) സ്ത്രീ​കൾ ഭരണം നട​ത്തു​ന്നു​വെ​ങ്കിൽ, പു​രു​ഷ​ന്മാ​രു​ടെ പ്ര​തി​നി​ധി​ക​ളെ​ന്ന നി​ല​യി​ലാ​ണു്. വാ​സ്ത​വ​ത്തിൽ മരു​മ​ക്ക​ത്താ​യ​മ​നു​സ​രി​ച്ചു് സ്ത്രീ​കൾ കു​റ​ച്ചു​കാ​ല​ത്തേ​ക്കു​മാ​ത്രം കാ​ര​ണ​വ​ത്തി​ക​ളാ​യി​രു​ന്നാ​ലും അവർ ഭര​ണം​ന​ട​ത്തു​ന്ന​തു് സ്വാ​ധി​കാ​ര​മ​നു​സ​രി​ച്ചാ​ണെ​ന്ന​തി​നു് സം​ശ​യ​മി​ല്ല.

(മലയാള മനോരമ, ആഗ​സ്റ്റ് 30, 1924)

ഈ വാ​ദ​മൊ​ന്നും വി​ല​പ്പോ​യി​ല്ലെ​ന്നു് പ്ര​ത്യേ​കം പറ​യേ​ണ്ട​തി​ല്ല. ആറ്റി​ങ്ങൽ മൂ​ത്ത​ത​മ്പു​രാ​ട്ടി വെറും റീ​ജ​ന്റാ​യി സ്ഥാ​ന​മേ​റ്റു. ഇക്കാ​ല​മാ​യ​പ്പോ​ഴേ​ക്കും തി​രു​വി​താം​കൂ​റിൽ ജന​കീ​യ​ഭ​ര​ണ​ത്തി​ന്റെ ആരംഭം കണ്ടു​തു​ട​ങ്ങി​യി​രു​ന്നു. വലിയ അധി​കാ​ര​മൊ​ന്നു​മി​ല്ലാ​യി​രു​ന്നെ​ങ്കി​ലും തി​രു​വി​താം​കൂ​റിൽ ഒരു ജന​പ്ര​തി​നി​ധി​സഭ അപ്പോ​ഴേ​ക്കും രൂപം കൊ​ണ്ടു കഴി​ഞ്ഞി​രു​ന്നു. 1920-കളിൽ തി​രു​വി​താം​കൂ​റി​ലെ സ്ത്രീ​കൾ​ക്കു് പരി​മി​ത​മായ വോ​ട്ട​വ​കാ​ശം ലഭി​ച്ചി​രു​ന്നു. ബ്രി​ട്ടി​ഷ് ഇന്ത്യ​യിൽ സ്ത്രീ​കൾ ഈ അവ​കാ​ശ​ങ്ങൾ​ക്കു​വേ​ണ്ടി മു​റ​വി​ളി​കൂ​ട്ടി​യി​രു​ന്ന കാ​ല​ത്താ​ണി​തു്.

kimages/Kulasthree_Chapter_three_pic05.png
റാ​ണി​മാ​രു​ടെ പോര്

1930-കളിൽ തി​രു​വി​താം​കൂ​റി​ലെ റീ​ജ​ന്റ് മഹാ​റാ​ണി സേ​തു​ല​ക്ഷ്മീ​ഭാ​യി​യും കി​രീ​ടാ​വ​കാ​ശി​യായ ശ്രീ​ചി​ത്തി​ര​തി​രു​നാ​ളി​ന്റെ മാ​താ​വു് ഇള​യ​റാ​ണി സേ​തു​പാർ​വ്വ​തീ​ഭാ​യി​യും തമ്മി​ലു​ള്ള കി​ട​മ​ത്സ​ര​ത്തെ​ക്കു​റി​ച്ചു​ള്ള കഥകൾ നാ​ട്ടി​ലെ​ങ്ങും പാ​ട്ടാ​യി​രു​ന്നു. ബ്രി​ട്ടീ​ഷ് ഇന്ത്യ​യി​ലെ സമ്പ്ര​ദാ​യ​പ്ര​കാ​രം കി​രീ​ടാ​വ​കാ​ശി​യു​ടെ അമ്മ മഹാ​റാ​ണി​യാ​യി താ​ത്കാ​ലി​ക​ചു​മ​ത​ല​യേൽ​ക്കു​ന്ന രീതി ഇവിടെ സ്വീ​ക​രി​ക്കാ​ത്ത​തിൽ പാർ​വ്വ​തീ​ഭാ​യി​ക്കു് പ്ര​തി​ഷേ​ധ​മു​ണ്ടാ​യി​രു​ന്ന​ത്രെ. തി​രു​വി​താം​കൂ​റിൽ നട​പ്പു​ണ്ടാ​യി​രു​ന്ന രീതി പ്ര​കാ​ര​മാ​ണു് മൂ​ത്ത​ത​മ്പു​രാ​ട്ടി റീ​ജ​ന്റാ​യ​തു്. ഈ വി​രോ​ധം പി​ന്നീ​ടു് രൂ​ക്ഷ​മാ​യെ​ന്നാ​ണു് നാട്ടുവർത്തമാനം-​അന്നത്തെ സം​ഭ​വ​ങ്ങൾ​ക്കു് ദൃ​ക്സാ​ക്ഷി​യാ​യി​രു​ന്ന ലൂ​യി​സ് ഔവർ​ക്കർ​ക്കു് എന്ന ഡച്ചു് വനിത 1930-​കളിലെ തി​രു​വി​താം​കൂർ രാ​ഷ്ട്രീ​യ​ത്തെ​ക്കു​റി​ച്ചു് എഴു​തിയ പു​സ്ത​ക​ത്തിൽ ഈ തർ​ക്ക​ത്തെ​ക്കു​റി​ച്ചു് പരാ​മർ​ശി​ക്കു​ന്നു​ണ്ടു്.

എന്നാൽ തി​രു​വി​താം​കൂ​റിൽ സ്ത്രീ​ക​ളെ പൂർ​ണ്ണ​നി​ല​യിൽ ഭര​ണാ​ധി​കാ​രി​ക​ളാ​യി കാ​ണു​ന്ന​തി​നോ​ടു​ളള എതിർ​പ്പു് കു​റ​ഞ്ഞു​വെ​ന്നു പറ​യാ​നാ​വി​ല്ല. ‘സ്ത്രീ​സ്വ​ഭാവ’ത്തെ​ക്കു​റി​ച്ചു് പുതിയ ആശ​യ​ങ്ങൾ പ്ര​ച​രി​ച്ചു​തു​ട​ങ്ങിയ കാ​ല​മാ​ണി​തു്. ‘അടു​ക്ക​ള​യിൽ​നി​ന്നു് അര​ങ്ങ​ത്തേ​ക്കി’റങ്ങാൻ സ്ത്രീ​ക​ളെ സഹാ​യി​ച്ച കേ​ര​ള​ത്തി​ലെ സാ​മു​ദാ​യി​ക​പ്ര​സ്ഥാ​ന​ങ്ങ​ളെ​പ്പ​റ്റി നാം വളരെ കേൾ​ക്കാ​റു​ണ്ടു്. പക്ഷേ, സമു​ദാ​യ​പ​രി​ഷ്കർ​ത്താ​ക്ക​ളിൽ നല്ലൊ​രു വി​ഭാ​ഗം സ്ത്രീ​ക​ളെ ‘കു​ടും​ബ​ത്തി​ന്റെ വി​ള​ക്കു​കൾ’ മാ​ത്ര​മാ​യി കാണാൻ ആഗ്ര​ഹി​ച്ചി​രു​ന്ന​വ​രാ​യി​രു​ന്നു. അധി​കാ​ര​ത്തോ​ട​ടു​ക്കു​ന്ന സ്ത്രീ​ക​ളെ അവർ സം​ശ​യ​ത്തോ​ടെ കണ്ടു. ‘അമ്മ​ത്ത​മ്പു​രാ​ട്ടി’കളും ‘ത്യാ​ഗ​മൂർ​ത്തി’കളു​മായ സ്ത്രീ​ക​ളെ മാ​ത്ര​മേ അധി​കാ​ര​ത്തി​ന്റെ ഉന്ന​ത​ങ്ങ​ളിൽ അവർ കണ്ടി​രു​ന്നു​ള്ളു. പു​രു​ഷ​ന്മാ​രെ​പ്പോ​ലെ അധി​കാ​രം കയ്യാ​ളു​ന്ന സ്ത്രീ ദു​ഷ്ട​യും ‘പൗ​രു​ഷ​ക്കാ​രി’യു​മാ​യി​രി​ക്കും എന്ന മുൻ​വി​ധി, നാ​മി​ന്നു് ആരാ​ധി​ക്കു​ന്ന പല സമു​ദാ​യ​പ​രി​ഷ്കർ​ത്താ​ക്ക​ളായ മഹാ​ന്മാ​രും വച്ചു​പു​ലർ​ത്തി​യി​രു​ന്നു. 1930-കളിൽ നമ്പൂ​തി​രി​സ​മു​ദായ പരി​ഷ്ക​ര​ണ​പ്ര​സ്ഥാ​ന​ത്തി​ലും അതി​നു​ശേ​ഷ​വും സമു​ദാ​യ​പ​രി​ഷ്കർ​ത്താ​ക്ക​ളാ​യി ഉയർ​ന്നു​വ​ന്ന പലരും സ്ത്രീ​ക​ളു​ടെ സാ​മൂ​ഹ്യ​പ​ദ​വി​യെ​ക്കു​റി​ച്ചു് വി​ശാ​ല​മായ നി​ല​പാ​ടു സ്വീ​ക​രി​ക്കാൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും സ്ത്രീ​ക​ളു​ടെ രാ​ഷ്ട്രീ​യ​പ്ര​വേ​ശ​ത്തെ​ക്കു​റി​ച്ചു് അവർ പു​ലർ​ത്തിയ നി​ല​പാ​ടു​കൾ അത്ര​യൊ​ന്നും സഹാ​യ​ക​മാ​യി​രു​ന്നി​ല്ല. തി​രു​വി​താം​കൂർ നി​യ​മ​സ​ഭ​യി​ലേ​ക്കു് നാ​മ​നിർ​ദ്ദേ​ശം ചെ​യ്യ​പ്പെ​ട്ട സ്ത്രീ​ക​ളും അവ​രെ​പ്പോ​ലെ രാ​ഷ്ട്രീ​യ​ത്തിൽ താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്ന​വ​രു​മായ സ്ത്രീ​ക​ളും ‘പു​രു​ഷ​ന്മാ​രെ​പ്പോ​ലെ’ ആകാൻ ആഗ്ര​ഹി​ക്കു​ന്ന​വ​രാ​ണെ​ന്നു​പോ​ലും പ്ര​ച​ര​ണ​മു​ണ്ടാ​യി; ഉത്ത​മ​സ്ത്രീ രാ​ജ്യ​ഭ​ര​ണ​ത്തി​നി​റ​ങ്ങി​ല്ലെ​ന്നും കു​ടും​ബ​ഭ​ര​ണം​കൊ​ണ്ടു് തൃ​പ്ത​യാ​വു​മെ​ന്നും. അധി​കാ​രം ആഗ്ര​ഹി​ക്കു​ന്ന സ്ത്രീ ‘ഒട്ടും ശരി​യ​ല്ലെ’ന്നു​വ​ന്ന ഈ പശ്ചാ​ത്ത​ല​ത്തിൽ ശരി​ക്കും ശക്തി​സ്വ​രൂ​പി​ണി​യാ​യി ചരി​ത്ര​രേ​ഖ​ക​ളിൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ഉമ​യ​മ്മ​റാ​ണി ഉമാ​കേ​ര​ള​ത്തിൽ വൻ​ദു​ര​ന്തം​സ​ഹി​ച്ച സാ​ധ്വി​യും ദേ​ശ​ഭ​ക്ത​യു​മായ മാ​താ​വാ​യി ചു​രു​ങ്ങി​യ​തിൽ അതി​ശ​യി​ക്കാ​നൊ​ന്നു​മി​ല്ല​ല്ലോ.

രാ​ജ്യ​സേ​വ​ന​ത്തിൽ സ്ത്രീ​കൾ ഉണ്ടാ​ക​ണ​മെ​ന്നും അവർ യാ​തൊ​രു​വിധ അധി​കാ​ര​മോ​ഹ​വു​മി​ല്ലാ​തെ കേവലം സേ​വ​ന​ത്തി​നു​വേ​ണ്ടി​മാ​ത്രം പ്ര​വർ​ത്തി​ക്ക​ണ​മെ​ന്നും ഉപ​ദേ​ശി​ക്കാൻ അന്ന​ത്തെ മഹാ​ന്മാർ പലരും മറ​ന്നി​ല്ല. ചു​രു​ക്കി​പ്പ​റ​ഞ്ഞാൽ സ്ത്രീ​ക​ളു​ടെ രാ​ഷ്ട്രീയ പ്ര​വർ​ത്ത​നം സാ​മൂ​ഹ്യ​സേ​വ​നം​മാ​ത്ര​മാ​ണെ​ന്നും അതി​ലൂ​ടെ അവർ അധി​കാ​ര​ത്തി​ലെ​ത്താ​മെ​ന്നൊ​ന്നും മോ​ഹി​ക്കേ​ണ്ട​തി​ല്ലെ​ന്നും വന്നു. സേ​വ​ന​മ​നഃ​സ്ഥി​തി​യാ​ണു് സ്ത്രീ​ക​ളു​ടെ മു​ഖ്യ​ഗു​ണ​മെ​ന്നു് നാം ഇന്നും എന്നും കേൾ​ക്കു​ന്ന ആ പല്ല​വി അന്നു​ത​ന്നെ സ്ത്രീ​ക​ളെ രാ​ഷ്ട്രീ​യ​ത്തി​ന്റെ പിൻ​നി​ര​യി​ലേ​ക്കു് തള്ളാൻ നല്ലൊ​രു ആയു​ധ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞി​രു​ന്നു. സ്വാ​ത​ന്ത്ര്യം കി​ട്ടി​യ​തി​നു​ശേ​ഷം കേ​ര​ള​ത്തിൽ നടന്ന അധി​കാ​ര​മ​ത്സ​ര​ങ്ങ​ളിൽ കഴി​വു​റ്റ സ്ത്രീ​കൾ പലരും പു​റ​ത്താ​യി. സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ ആദർ​ശ​മെ​ല്ലാം പതു​ക്കെ തണു​ത്തു. തി​ര​ഞ്ഞെ​ടു​പ്പി​ന്റെ ഗോ​ദ​യി​ലേ​ക്കു് കട​ന്ന​പ്പോൾ കേ​ര​ള​ത്തി​ലെ കോൺ​ഗ്ര​സ്സി​ന്റെ പി​താ​മ​ഹ​ന്മാ​രും സമു​ദാ​യ​നേ​താ​ക്ക​ന്മാ​രും സ്ത്രീ​കൾ​ക്കു പറ്റിയ രം​ഗ​മ​ല്ല രാ​ഷ്ട്രീ​യം എന്നു​വ​രെ പ്ര​ഖ്യാ​പി​ച്ചു. ദേ​ശീ​യ​ത​ല​ത്തിൽ ജവ​ഹർ​ലാൽ നെ​ഹ്രു കോൺ​ഗ്ര​സ്സ് സ്ഥാ​നാർ​ത്ഥി​പ്പ​ട്ടി​ക​യിൽ സ്ത്രീ​കൾ​ക്കു് പതി​ന​ഞ്ചു ശത​മാ​നം സീ​റ്റ് സം​വ​ര​ണം നൽ​ക​ണ​മെ​ന്നു് വാ​ദി​ച്ച​തി​നു പു​റ​കെ​യാ​യി​രു​ന്നു ഇതു്. തിരു-​കൊച്ചിയിൽ കോൺ​ഗ്ര​സ്സ് സ്ഥാ​നാർ​ത്ഥി​പ്പ​ട്ടി​ക​യിൽ സ്ത്രീ​ക​ളു​ടെ എണ്ണം കു​റ​ഞ്ഞു​പോ​യ​തി​നെ​ക്കു​റി​ച്ചു് ഇവി​ട​ത്തെ തല​മൂ​ത്ത രാ​ഷ്ട്രീ​യ​നേ​താ​ക്ക​ളിൽ ഒരാ​ളാ​യി​രു​ന്ന കു​മ്പ​ള​ത്തു് ശങ്കു​പ്പി​ള്ള ഇങ്ങ​നെ​യാ​ണു് പ്ര​തി​ക​രി​ച്ച​തു്:

വട​ക്കെ​യി​ന്ത്യ​യി​ലെ സ്ത്രീ​ക​ളു​ടെ നിലയെ മന​സ്സിൽ വച്ചു​കൊ​ണ്ടാ​യി​രി​ക്കാം പണ്ഡി​റ്റ്ജി ഈ ആക്ഷേ​പം ഉന്ന​യി​ച്ചി​ട്ടു​ള​ള​തു്. എന്നാൽ പൊ​തു​വേ​യു​ള്ള നില അതല്ല. ഇവിടെ ഒരു സ്ത്രീ വി​വാ​ഹി​ത​യാ​യി​ക്ക​ഴി​ഞ്ഞാൽ അഭ്യ​സ്ത​വി​ദ്യ​യാ​ണെ​ങ്കിൽ​ക്കൂ​ടി​യും അവ​ളു​ടെ സം​ര​ക്ഷ​ണം പു​രു​ഷൻ ഏൽ​ക്കു​ക​യും അവ​ളു​ടെ മര​ണം​വ​രെ​യും അതി​നു​ശേ​ഷ​വു​മു​ളള ചു​മ​ത​ല​കൾ ഒരു ധാർ​മ്മി​ക​ചി​ന്ത​യോ​ടു​കൂ​ടി ഏറ്റെ​ടു​ത്തു നട​ത്തു​ക​യു​മാ​ണു് സാ​ധാ​രണ നട​പ്പു്. സ്ത്രീ വീ​ട്ടി​ലി​രു​ന്നു് പു​രു​ഷ​നെ ഭരി​ക്കു​ക​യാ​ണു് ചെ​യ്യു​ന്ന​തു്. സ്വാ​ത​ന്ത്ര്യ​ബോ​ധ​ത്തോ​ടു​കൂ​ടി പൊ​തു​രം​ഗ​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി പ്ര​വർ​ത്തി​ക്കേ​ണ്ട ആവ​ശ്യ​കത നമ്മു​ടെ സ്ത്രീ​കൾ​ക്കു് ഇനി​യും തോ​ന്നി​യി​ട്ടി​ല്ല. വട​ക്കേ​യി​ന്ത്യ​യി​ലെ​പ്പോ​ലെ ഇവിടെ സ്ത്രീ​ക​ളു​ടെ ന്യാ​യ​മായ അവ​കാ​ശ​ങ്ങ​ളൊ​ന്നും നി​ഷേ​ധി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ഹി​ന്ദു​കോ​ഡ് ബി​ല്ലു​ത​ന്നെ​യും ഇവി​ട​ത്തെ സ്ത്രീ​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ആവ​ശ്യ​മി​ല്ലാ​തെ​യാ​ണി​രി​ക്കു​ന്ന​തു്. അതി​നു​കാ​ര​ണം സ്ത്രീ​ക്കും പു​രു​ഷ​നോ​ടൊ​പ്പം സ്വ​ത്ത​വ​കാ​ശ​ങ്ങ​ളും മറ്റെ​ല്ലാ അവ​കാ​ശ​ങ്ങ​ളും ഇവി​ടെ​യു​ണ്ടു്. ഒരു ധാർ​മ്മി​ക​ചി​ന്ത​യോ​ടു​കൂ​ടി തന്റെ സക​ല​വിധ അവ​കാ​ശ​ങ്ങ​ളും സ്ത്രീ നിർ​ബാ​ധം അനു​ഭ​വി​ക്കു​ക​യും സഹ​ധർ​മ്മ​ചാ​രി​ണി​യെ​ന്ന നി​ല​യിൽ പു​രു​ഷ​നെ​ക്കൂ​ടി ഭരി​ക്കു​ക​യും ചെ​യ്യു​ന്ന ഈ നാ​ട്ടിൽ സ്ത്രീ​കൾ നി​യ​മ​സ​ഭ​യിൽ പോ​കാ​ത്ത​തു​കൊ​ണ്ടു് യാ​തൊ​രു​ദോ​ഷ​വും വരാ​നി​ല്ല.

(ദീപിക, 29 ഒക്ടോ​ബർ 1951)

സ്ത്രീ​ക​ളു​ടെ ശരി​യായ ഇടം കു​ടും​ബ​മാ​ണെ​ന്നും അവിടം ഭരി​ക്കു​ന്ന​താ​ണു് സ്ത്രീ​ക്കു് ഭൂ​ഷ​ണ​മെ​ന്നും പൊ​തു​രം​ഗ​ത്തു് സ്ത്രീ​ക്കു് നേടാൻ ഒന്നു​മി​ല്ലെ​ന്നു​മാ​യി​രു​ന്നു ഇദ്ദേ​ഹ​ത്തി​ന്റെ അഭി​പ്രാ​യം. തന്നെ​യു​മ​ല്ല, സ്ത്രീ​കൾ രാ​ഷ്ട്രീ​യ​രം​ഗ​ത്തി​റ​ങ്ങു​ന്ന​തു് സ്ത്രീ​കൾ​ക്കു​വേ​ണ്ടി​മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും ആണു​ങ്ങ​ളാ​കു​മ്പോൾ അതു് എല്ലാ ജന​ങ്ങൾ​ക്കും​വേ​ണ്ടി​യാ​യി​രി​ക്കു​മെ​ന്നും ഒരു മുൻ​വി​ധി ഇതി​നു​ള്ളി​ലു​ണ്ടു്. ഇതു് കോൺ​ഗ്ര​സ്സിൽ അന്നു് പ്ര​മു​ഖ​സ്ഥാ​നം വഹി​ച്ചി​രു​ന്ന സ്ത്രീ​ക​ളെ ചൊ​ടി​പ്പി​ക്കുക തന്നെ ചെ​യ്തു. അക്ക​മ്മ ചെ​റി​യാ​നും എ. വി.കു​ട്ടി​മാ​ളു അമ്മ​യും ശങ്കു​പ്പി​ള്ള​യു​ടെ അഭി​പ്രാ​യ​ത്തോ​ടു് പര​സ്യ​മാ​യി വി​യോ​ജി​ച്ചു. ശങ്കു​പ്പി​ള്ള മരു​മ​ക്ക​ത്താ​യ​കു​ടും​ബ​ങ്ങ​ളി​ലെ സ്ത്രീ​കൾ​ക്കു് ‘എല്ലാ അവ​കാ​ശ​ങ്ങ​ളു’മു​ണ്ടെ​ന്ന വാ​ദ​മ​ല്ല ഉപ​യോ​ഗി​ച്ച​തു്; അദ്ദേ​ഹ​ത്തി​ന്റെ അഭി​പ്രാ​യ​ത്തിൽ, ദാ​യ​ക്ര​മ​മെ​ന്താ​യാ​ലും, ഭാ​ര്യ​മാ​രെ നല്ല​രീ​തി​യിൽ പരി​പാ​ലി​ക്കു​ന്ന ഭർ​ത്താ​ക്ക​ന്മാർ കേ​ര​ള​ത്തിൽ ധാ​രാ​ള​മു​ണ്ടു്, അതു​കൊ​ണ്ടു് സ്ത്രീ​കൾ പൊ​തു​രം​ഗ​ത്തേ​ക്കു വരേ​ണ്ട കാ​ര്യ​മി​ല്ല. പക്ഷേ, കേ​ര​ള​ത്തി​ലെ സ്ത്രീ​കൾ മരു​മ​ക്ക​ത്താ​യ​ക്കാ​രാ​യ​തു​കൊ​ണ്ടു് സ്വ​ത​ന്ത്ര​ക​ളാ​ണെ​ന്നും അവർ ‘ഗൃ​ഹ​ച​ക്ര​വർ​ത്തി​നി​ക​ളാ’ണെ​ന്നും അവർ​ക്കു് രാ​ഷ്ട്രീ​യാ​ധി​കാ​രം ആവ​ശ്യ​മി​ല്ലെ​ന്നും വാ​ദി​ച്ചി​രു​ന്ന വള​രെ​പ്പേർ ഇവിടെ ഉണ്ടാ​യി​രു​ന്നു. കേ​ര​ള​ത്തിൽ മരു​മ​ക്ക​ത്താ​യി​ക​ള​ല്ലാ​ത്ത എത്ര​യോ വി​ഭാ​ഗ​ക്കാ​രു​ണ്ടെ​ന്ന വസ്തുത ഇക്കൂ​ട്ടർ കണ​ക്കാ​ക്കി​യ​തേ​യി​ല്ല. മാ​ത്ര​മ​ല്ല, മരുമക്കത്തായം-​അഥവാ പെൺ​വ​ഴി​ക്കു് കു​ടും​ബ​സ്വ​ത്തും സ്വ​ത്ത​വ​കാ​ശ​വും നീ​ങ്ങു​ന്ന രീതി-​വളരെ പ്രാ​കൃ​ത​മാ​ണെ​ന്നും മറ്റും വാ​ദി​ച്ച​തു് ഇക്കാ​ല​ത്തെ സാ​മൂ​ഹ്യ​പ​രി​ഷ്കർ​ത്താ​ക്കൾ​ത​ന്നെ! കൂ​ടാ​തെ, ഇപ്പ​റ​യു​ന്ന​തു​പോ​ലു​ള്ള സ്വാ​ത​ന്ത്ര്യം മരു​മ​ക്ക​ത്തായ കു​ടും​ബ​ങ്ങ​ളി​ലെ സ്ത്രീ​കൾ യഥാർ​ത്ഥ​ത്തിൽ അനു​ഭ​വി​ച്ചി​രു​ന്നോ എന്ന ചോ​ദ്യ​വും പ്ര​സ​ക്ത​മാ​ണു്. ഈ ഗൃ​ഹ​ച​ക്ര​വർ​ത്തി​നി​പ്പ​ട്ടം​കൊ​ണ്ടു​ള്ള കു​ഴ​പ്പ​മെ​ന്താ​ണെ​ന്നു് വളരെ മു​മ്പു​ത​ന്നെ തി​രു​വി​താം​കൂ​റിൽ സ്ത്രീ​ക​ളു​ടെ അവ​കാ​ശ​ങ്ങൾ​ക്കു​വേ​ണ്ടി അതി​ശ​ക്ത​മാ​യി വാ​ദി​ച്ച​വ​രിൽ പ്ര​മു​ഖ​യാ​യി​രു​ന്ന അന്നാ ചാ​ണ്ടി പറ​ഞ്ഞു​ക​ഴി​ഞ്ഞി​രു​ന്നു. സ്ത്രീ​കൾ​ക്കു് സർ​ക്കാർ​ജോ​ലി കൊ​ടു​ക്കു​ന്ന​തു് സാ​മൂ​ഹ്യ​വി​പ​ത്തി​നു് ഇട​വ​രു​ത്തു​മെ​ന്നും​മ​റ്റും അക്കാ​ല​ത്തെ ബു​ദ്ധി​ജീ​വി​ക​ളിൽ ചിലർ ഉന്ന​യി​ച്ച വാ​ദ​ത്തി​നെ​തി​രെ അവർ 1927-ൽ നട​ത്തിയ ഒരു പ്ര​സം​ഗ​ത്തി​ലാ​യി​രു​ന്നു ഇതു്. ഇവിടെ മു​മ്പു​പ​റ​ഞ്ഞ വാദം-​കേരളത്തിലെ എല്ലാ സ്ത്രീ​ക​ളും പൂർ​ണ്ണ​മായ അവ​കാ​ശ​ങ്ങൾ അനു​ഭ​വി​ക്കു​ന്ന​വ​രാ​ണെ​ന്നു​ള്ള വാദം-​ഈ ചർ​ച്ച​യി​ലും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. ഇതു തീരെ ശരി​യെ​ല്ല​ന്നു് ചൂ​ണ്ടി​ക്കാ​ട്ടി​യ​ശേ​ഷം അവർ മരു​മ​ക്ക​ത്തായ ഗൃ​ഹ​ച​ക്ര​വർ​ത്തി​നി​മാ​രു​ടെ യഥാർ​ത്ഥ​നി​ല​യെ​പ്പ​റ്റി ഇങ്ങ​നെ പറ​ഞ്ഞു:

വോ​ട്ട​വ​കാ​ശ​ത്തി​നാ​യി സ്ത്രീ​കൾ മു​ന്നി​ട്ടി​റ​ങ്ങു​ന്നു

1917-ൽ ബ്രി​ട്ടി​ഷ് ഇന്ത്യ​യി​ലെ ഭര​ണ​സം​വി​ധാ​ന​ത്തിൽ കൂ​ടു​തൽ ഇന്ത്യ​ക്കാ​രെ ഉൾ​പ്പെ​ടു​ത്തു​മെ​ന്നു് ഔദ്യോ​ഗിക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​തി​നെ​ത്തു​ടർ​ന്നു് ഇന്ത്യൻ​ജ​ന​ത​യു​ടെ അഭി​പ്രാ​യ​മാ​രാ​യാൻ അന്ന​ത്തെ വൈ​സ്രാ​യി​യുൾ​പ്പെ​ടെ​യു​ള്ള രണ്ടം​ഗ​സം​ഘം ഇന്ത്യാ​പ​ര്യ​ട​നം നട​ത്തി. ഇതു് ഒര​വ​സ​ര​മാ​യി​ക്ക​ണ്ട അന്ന​ത്തെ അഭ്യ​സ്ത​വി​ദ്യ​രായ ഇന്ത്യൻ സ്ത്രീകൾ-​ബംഗാൾ, മദ്രാ​സ് തു​ട​ങ്ങിയ സ്ഥ​ല​ങ്ങ​ളിൽ ചില സ്ത്രീ​സം​ഘ​ട​ന​കൾ പ്രവർത്തിച്ചിരുന്നു-​ഈ പ്ര​തി​നി​ധി​സം​ഘ​ത്തെ നേ​രി​ട്ടു​ക​ണ്ടു് തങ്ങ​ളു​ടെ രാ​ഷ്ട്രീയ അവ​കാ​ശ​ങ്ങ​ളു​ന്ന​യി​ക്കാൻ മു​തിർ​ന്നു. ബം​ഗാ​ളി​ലെ ഭാ​ര​ത​സ്ത്രീ​മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു് സര​ളാ​ദേ​ബി ചൗ​ധു​റാ​ണി​യും മദ്രാ​സിൽ​നി​ന്നു് വി​മൻ​സ് ഇന്ത്യൻ അസോ​സി​യേ​ഷ​നെ പ്ര​തി​നി​ധീ​ക​രി​ച്ചു് മാർ​ഗ​ര​റ്റ് കസിൻ​സും കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി അപേ​ക്ഷ നൽകി. രാ​ഷ്ട്രീ​യ​സ്വ​ഭാ​വ​മു​ള്ള കാ​ര്യ​ങ്ങൾ ചർ​ച്ച​ചെ​യ്യാ​നു​ദ്ദേ​ശി​ക്കു​ന്ന​വ​രെ മാ​ത്ര​മേ സംഘം കാ​ണു​ക​യു​ള്ളു​വെ​ന്ന മറു​പ​ടി​യാ​ണു് കസിൻ​സി​നു ലഭി​ച്ച​തു്. തങ്ങ​ളു​ന്ന​യി​ക്കാ​നി​രി​ക്കു​ന്ന കാ​ര്യം തി​ക​ച്ചും രാ​ഷ്ട്രീ​യ​സ്വ​ഭാ​വ​മു​ള്ള​താ​ണെ​ന്നു് അവർ വാ​ദി​ച്ചു. ഒടു​വിൽ ദീർ​ഘ​കാ​ല​കോൺ​ഗ്ര​സ് പ്ര​വർ​ത്ത​ക​യും അറി​യ​പ്പെ​ട്ട കവി​യു​മായ സരോ​ജി​നി നാ​യി​ഡു​വി​ന്റെ നേ​തൃ​ത്വ​ത്തിൽ അഖി​ലേ​ന്ത്യാ​സ്വ​ഭാ​വ​മു​ള്ള ഒരു സ്ത്രീ​സം​ഘം ബ്രി​ട്ടി​ഷ് സം​ഘ​ത്തെ കണ്ടു. ഇന്ത്യ​യി​ലെ മു​ഴു​വൻ സ്ത്രീ​കൾ​ക്കും​വേ​ണ്ടി​യാ​ണു് തങ്ങൾ വാ​ദി​ക്കു​ന്ന​തെ​ന്നു് ഇവർ അവ​കാ​ശ​പ്പെ​ട്ടു. പക്ഷേ, നി​വേ​ദ​ന​ങ്ങൾ, പൊ​തു​യോ​ഗ​ങ്ങൾ, പ്ര​മേ​യ​ങ്ങൾ മു​ത​ലാ​യവ വഴി വളരെ ശക്ത​മായ സമ്മർ​ദ്ദം ചെ​ലു​ത്തി​യി​ട്ടും സ്ത്രീ​ക​ളു​ടെ അവ​കാ​ശ​വാ​ദ​ങ്ങ​ളെ സർ​ക്കാർ അവ​ഗ​ണി​ക്കു​ക​യാ​ണു​ണ്ടാ​യ​തു്.

കേ​ര​ള​ത്തിൽ സ്ത്രീ അടി​മ​യ​ല്ല എന്നു് എങ്ങ​നെ പറയും? കേ​ര​ള​ത്തിൽ അധി​വ​സി​ക്കു​ന്ന വിവിധ ജാ​തി​മ​ത​സ്ഥ​രിൽ സ്ത്രീ​ക​ളു​ടെ നില പല​വി​ധ​ത്തി​ലാ​ണു്. വൃ​ഷ​ളി​യും വട്ട​ക്കു​ട​യും ഓട്ടു​വ​ള​ക​ളു​മാ​യി അന്തർ​ഗൃ​ഹ​ങ്ങ​ളിൽ​ക്ക​ഴി​യു​ന്ന അന്തർ​ജ​ന​ങ്ങൾ, തൊ​ണ്ട​യ്ക്കു് മു​ഴ​യി​ല്ലാ​ത്ത​തി​നാൽ ആത്മാ​വി​ല്ലാ​ത്ത കൂ​ട്ട​മെ​ന്നു് അപ​ഹ​സി​ക്ക​പ്പെ​ട്ടു് നി​ത്യ​ന​ര​ക​മ​നു​ഭ​വി​ക്കു​ന്ന മു​ഹ​മ്മ​ദീയ സഹോ​ദ​രി​കൾ, സ്ത്രീ​ധ​ന​മേർ​പ്പാ​ടി​ന്റെ കാർ​ക്ക​ശ്യ​ത്താൽ ആജീ​വ​നാ​ന്തം ശപി​ക്ക​പ്പെ​ട്ട​വ​രാ​യി​ക്ക​ഴി​യു​ന്ന ക്രി​സ്തീ​യ​വ​നി​ത​കൾ… ഇവ​രൊ​ക്കെ കേ​ര​ള​ത്തിൽ അധി​വ​സി​ക്കു​ന്ന അടി​മ​കൾ​ത​ന്നെ. ഇനി​യും മരു​മ​ക്ക​ത്തായ കു​ടും​ബ​ങ്ങ​ളി​ലെ ഗൃ​ഹ​ച​ക്ര​വർ​ത്തി​നി​ക​ളു​ടെ കാ​ര്യ​വും ഒന്നു് പരി​ശോ​ധി​ക്കാം. രാ​ഷ്ട്രീ​യ​പ​രി​വർ​ത്ത​ന​ങ്ങ​ളു​ടേ​യോ സാ​മു​ഹ്യ​വി​പ്ല​വ​ത്തി​ന്റേ​യോ അന​ന്ത​ര​ഫ​ല​മാ​യി യാ​ദൃ​ശ്ചി​ക​മാ​യി ഉണ്ടായ സമു​ദാ​യ​സ്ഥി​തി എന്ന​ല്ലാ​തെ മരു​മ​ക്ക​ത്താ​യം സ്ത്രീ​സ്വാ​ത​ന്ത്ര്യ​ക്കൊ​ടി​യാ​ണെ​ന്നു് പറ​യു​ന്ന​തിൽ വലിയ അർ​ത്ഥ​മി​ല്ലെ​ന്നു് അനു​ഭ​വ​സ്ഥർ​ക്ക​റി​യാം. വി​വാ​ഹ​വി​ഷ​യ​ത്തിൽ എന്തു സ്വാ​ത​ന്ത്ര്യ​മാ​ണു് ഈ സാധു സഹോ​ദ​രി​മാർ അനു​ഭ​വി​ച്ചു​വ​രു​ന്ന​തു്? അമ്മാ​വ​ന്റെ​യോ സഹോ​ദ​ര​ന്റെ​യോ ദു​രാ​ഗ്ര​ഹ​ത്തി​ന്റെ ഫല​മാ​യി ആലോ​ചി​ച്ചു​റ​ച്ച വി​വാ​ഹ​ത്തിൽ സു​ഗ്രീ​വാ​ജ്ഞ​യ്ക്ക​ധീ​ന​രാ​യി ദു​ര​ന്ത​ദു​രി​തം അനു​ഭ​വി​ക്കു​ന്ന സഹോ​ദ​രി​കൾ ഇല്ലെ​ന്നാ​ണോ… വസ്തു​വ​ക​കൾ സ്ത്രീ​ക​ളു​ടെ സന്താ​ന​ങ്ങൾ​ക്കു് മാ​ത്ര​മേ ഉള്ളു എന്ന​ഭി​മാ​നി​ക്കു​ന്ന സ്ത്രീ​കൾ എന്തു സ്വാ​ത​ന്ത്ര്യ​മാ​ണു് യഥാർ​ത്ഥ​ത്തിൽ അനു​ഭ​വി​ച്ചു​വ​രു​ന്ന​തു്? അമ്മാ​വ​നോ സഹോ​ദ​ര​നോ ഒപ്പു​വ​യ്ക്കാൻ പറ​യു​ന്നി​ട​ത്തു് ഒപ്പു​വ​ച്ചു് സ്വ​ത്ത​നു​ഭ​വി​ക്കു​ന്ന ഏർ​പ്പാ​ടാ​ണു് സാ​ധാ​രണ കണ്ടു​വ​രു​ന്ന​തു്.

kimages/Kulasthree_Chapter_three_pic07.png
അന്നാ ചാ​ണ്ടി

കേ​ര​ള​ത്തിൽ നി​യ​മ​ബി​രു​ദം​നേ​ടിയ ആദ്യ​ത്ത വനിത, മുൻ​സി​ഫ് പദ​വി​യി​ലെ​ത്തിയ ആദ്യ​ത്തെ സ്ത്രീ എന്നീ നി​ല​ക​ളി​ലാ​ണു് അന്നാ ചാ​ണ്ടി (1905-1996) ഇന്നു് അറി​യ​പ്പെ​ടു​ന്ന​തു്. എന്നാൽ കേ​ര​ള​ത്തിൽ സ്ത്രീ​ക​ളു​ടെ അവ​കാ​ശ​ങ്ങൾ​ക്കാ​യി പൊ​രു​തിയ ആദ്യ​കാല സ്ത്രീ​വാ​ദി എന്ന അവ​രു​ടെ നില അത്ര പ്ര​സി​ദ്ധ​മ​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്തു് അടി​സ്ഥാ​ന​വി​ദ്യാ​ഭ്യാ​സം പൂർ​ത്തി​യാ​ക്കിയ അവർ 1926-ൽ പ്ര​ശ​സ്ത​മായ നി​ല​യിൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം കര​സ്ഥ​മാ​ക്കി. പി​ന്നീ​ടു് നി​യ​മ​പ​ഠ​ന​ത്തി​നു​ശേ​ഷം വക്കീൽ പദ​വി​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​ക​യും ക്രി​മി​നൽ​വ​ക്കീ​ലാ​യി പേ​രെ​ടു​ക്കു​ക​യും ചെ​യ്തു. ഒപ്പം, സ്ത്രീ​ക​ളു​ടെ അവ​കാ​ശ​ങ്ങൾ​ക്കാ​യു​ള്ള പോ​രാ​ട്ട​ങ്ങ​ളു​ടെ മു​ന്ന​ണി​പ്പോ​രാ​ളി​യാ​യി. തി​രു​വി​താം​കൂ​റി​ലെ നി​യ​മ​നിർ​മ്മാ​ണ​സ​ഭ​യായ ശ്രീ​മൂ​ലം​പ്ര​ജാ​സ​ഭ​യ്ക്ക​ക​ത്തും പു​റ​ത്തും സ്ത്രീ​ക​ളു​ടെ അവ​കാ​ശ​ങ്ങൾ​ക്കാ​യി ശബ്ദ​മു​യർ​ത്തി. 1930-കളിൽ ശ്രീ​മ​തി എന്ന സ്ത്രീ​പ​ക്ഷ​പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്റെ പ്ര​സാ​ധ​ക​യാ​യി​രു​ന്നു. സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര​കാ​ല​ത്തിൽ ഔദ്യോ​ഗി​ക​പ​ദ​വി​യിൽ മു​ന്നേ​റി​യെ​ങ്കി​ലും സ്ത്രീ​പ​ക്ഷ​വ​ക്താ​വു് എന്ന നി​ല​യിൽ അവർ നി​ശ​ബ്ദ​യാ​യി. 1959-ൽ ഹൈ​ക്കോ​ട​തി ജഡ്ജി​യായ അവർ 1967-ൽ വി​ര​മി​ച്ചു. ആത്മ​ക​ഥ​യെ​ഴു​തി പ്ര​സി​ദ്ധീ​ക​രി​ച്ചെ​ങ്കി​ലും അത്ര​യ​ധി​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ല.

ഈയിടെ ഗാ​ന്ധി​ജി​യു​ടെ ജന്മ​ദി​നം ആഘോ​ഷി​ച്ച ഒരു ഗ്രാ​മ​പ്ര​ദേ​ശ​ത്തു​വ​ച്ചു് എനി​ക്കു് മരു​മ​ക്ക​ത്താ​യ​കു​ടും​ബ​ങ്ങ​ളി​ലെ സ്ത്രീ​ക​ളു​ടെ സ്വാ​ത​ന്ത്ര്യ​ത്തെ​പ്പ​റ്റി സ്വൽ​പ്പ​മൊ​രു അറി​വു​ണ്ടാ​യി. സ്ത്രീ​ക​ളോ​ടു് രണ്ടു​വാ​ക്കു് സം​സാ​രി​ക്കു​വാ​നാ​യി യോഗം ഭാ​ര​വാ​ഹി​ക​ളു​ടെ അനു​പേ​ക്ഷ​ണീ​യ​മായ നിർ​ബ​ന്ധം​മൂ​ലം ഇറ​ങ്ങി​പ്പു​റ​പ്പെ​ട്ട എനി​ക്കു് ആ വി​ശാ​ല​മായ ഹാളിൽ ഒരൊ​റ്റ പെൺ​കു​ഞ്ഞി​നെ​പ്പോ​ലും കാ​ണാ​നി​ട​യാ​യി​ല്ല. കാ​ര്യ​മ​ന്വേ​ഷി​ച്ച​പ്പോൾ ഉത്സ​വ​ത്തി​നും​മ​റ്റും പോ​കു​മെ​ങ്കി​ലും ആ സ്ഥ​ല​ത്തു​ള്ള സ്ത്രീ​ക​ളെ പൊ​തു​യോ​ഗ​ങ്ങ​ളിൽ ഹാ​ജ​രാ​കാൻ പു​രു​ഷ​ന്മാർ സമ്മ​തി​ച്ചു​തു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്നു് അറി​ഞ്ഞു. സ്ത്രീ​ക​ളു​ടെ സ്വാ​ത​ന്ത്ര്യ​ച​രി​ത്രം ആ വി​ധ​ത്തിൽ ഇരി​ക്കു​മ്പോൾ അവരെ ഗൃ​ഹ​സാ​മ്രാ​ജ്യ ചക്ര​വർ​ത്തി​നി​ക​ളെ​ന്നോ ആരാ​ദ്ധ്യ​ദേ​വ​ത​മാ​രെ​ന്നോ നാ​മ​ക​ര​ണം ചെ​യ്യു​ന്ന​തിൽ യാ​തൊ​രർ​ത്ഥ​വു​മി​ല്ല. ഉത്സ​വ​ത്തി​നു് ഹാ​ജ​രാ​യി തി​ക്കും​തി​ര​ക്കും അനു​ഭ​വി​ക്കു​ന്ന ഈ ചക്ര​വർ​ത്തി​നി​മാർ​ക്കു് ആവക അസു​ഖ​ങ്ങ​ളൊ​ന്നും ഉണ്ടാ​വാ​നി​ട​യി​ല്ലാ​ത്ത പര​സ്യ​യോ​ഗ​ങ്ങ​ളിൽ സം​ബ​ന്ധി​ക്കു​ന്ന​തി​നു് സ്വാ​ത​ന്ത്ര്യ​മി​ല്ലെ​ന്നു​വ​ച്ചാൽ ചക്ര​വർ​ത്തി​നി പദ​വി​കൊ​ണ്ടു​ള്ള പ്ര​യോ​ജ​ന​മെ​ന്തു്?

(‘സ്ത്രീ​സ്വാ​ത​ന്ത്ര്യ​ത്തെ​പ്പ​റ്റി’, സഹോ​ദ​രൻ വി​ശേ​ഷാൽ​പ്ര​തി, 1929)

അങ്ങ​നെ ‘ചക്ര​വർ​ത്തി​നി’യാ​യി​രു​ന്ന​വൾ ഗൃ​ഹ​ജീ​വി​യാ​യി​മാ​റി. ഉമ​യ​മ്മ എന്ന തി​ക​ഞ്ഞ ഭര​ണ​ത​ന്ത്ര​ജ്ഞ​യ്ക്കു് പു​തി​യ​ലോ​ക​ത്തിൽ ആദ​ര​വു​വേ​ണ​മെ​ങ്കിൽ നല്ല മാ​താ​വി​ന്റെ കു​പ്പാ​യ​മി​ല്ലാ​തെ പറ്റി​ല്ലെ​ന്നു​വ​ന്നു. വീ​ട്ടി​ലി​രു​ന്നാ​ലാ​ണു് സ്ത്രീ ‘ശരി​ക്കും’ ചക്ര​വർ​ത്തി​നി​യാ​വുക എന്നു വാ​ദി​ക്കാൻ ആളു​ണ്ടായ കാലം ആരം​ഭി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു. ശക്തി​യു​ടെ​യും അധി​കാ​ര​ത്തി​ന്റെ​യും പ്ര​തീ​ക​ങ്ങ​ളാ​യി ചരി​ത്ര​ത്തി​ലും ഐതി​ഹ്യ​ത്തി​ലും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന സ്ത്രീ​ക​ളെ മാ​യ്ച്ചു​ക​ള​യു​ന്ന രീ​തി​യാ​യി​രു​ന്നു ഉള്ളൂ​രി​ന്റെ ഉമാ​കേ​ര​ള​ത്തിൽ. ഇന്നു് ആ രീതി അൽ​പ്പം മാ​റ്റ​ത്തോ​ടെ തു​ട​രു​ന്നു. അധി​കാ​രം കയ്യാ​ളു​ന്ന സ്ത്രീ​യെ ‘ചീത്ത’യായി ചി​ത്രീ​ക​രി​ക്കു​ന്ന രീ​തി​യാ​ണി​ന്നു്. മല​യാ​ള​സി​നി​മാ​പ്ര​മി​കൾ വളരെ ഇഷ്ട​പ്പെ​ട്ട സി​നി​മ​യാ​ണു് ഒരു വട​ക്കൻ വീ​ര​ഗാഥ. ഉണ്ണി​യാർ​ച്ച​യെ​ക്കു​റി​ച്ചു നമു​ക്ക​റി​യാ​വു​ന്ന ഐതി​ഹ്യ​ങ്ങ​ളെ വേ​റൊ​രു​വി​ധ​ത്തിൽ വാ​യി​ച്ച​തി​നു് ഏറെ അഭി​ന​ന്ദി​ക്ക​പ്പെ​ട്ട സൃ​ഷ്ടി​യാ​യി​രു​ന്നു അതു്. ഉണ്ണി​യാർ​ച്ച​യു​ടെ ശക്തി​യെ കേവലം അധി​കാ​ര​ദുർ​മോ​ഹ​മാ​യി ചി​ത്രീ​ക​രി​ച്ചു, ഈ സിനിമ.

അധി​കാ​രം കാം​ക്ഷി​ക്കു​ക​യും അധി​കാ​ര​ത​ന്ത്ര​ങ്ങൾ വശ​മാ​ക്കു​ക​യും​ചെ​യ്ത സ്ത്രീ​ക​ളോ​ടു് പു​രോ​ഗ​മ​ന​പാ​ര​മ്പ​ര്യ​ത്തെ​പ്പി​ടി​ച്ചു് ആണ​യി​ടു​ന്ന​വർ​പോ​ലും പു​ലർ​ത്തിയ അസ​ഹി​ഷ്ണു​ത​യു​ടെ ആഴം വെ​ളി​വാ​ക്കിയ ജീ​വി​ത​മാ​ണു് കേ​ര​ളം​ക​ണ്ട ഏറ്റ​വും പ്ര​ഗ​ത്ഭ​യായ രാ​ഷ്ട്രീ​യ​ക്കാ​രി​യും ഭര​ണാ​ധി​കാ​രി​ണി​യു​മായ കെ. ആർ. ഗൗ​രി​യ​മ്മ​യു​ടേ​തു്. ജന​പ്രി​യ​നേ​താ​വാ​യി​രു​ന്നു അവ​രെ​ന്നു ശത്രു​ക്കൾ പോലും സമ്മ​തി​ക്കും.

പ്ര​സ്ഥാ​ന​ത്തി​നു​വേ​ണ്ടി ത്യാ​ഗ​മ​നു​ഷ്ഠി​ച്ച സഖാ​വാ​യി അവർ പര​ക്കെ അംഗീകരിക്കപ്പെട്ടിരുന്നു-​ആ അനു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചു് അവർ തന്റെ ആത്മ​ക​ഥാ​പ​ര​മായ രച​ന​ക​ളിൽ പറ​ഞ്ഞി​ട്ടു​ണ്ടു്. ഭര​ണാ​ധി​കാ​രി​ണി​യെ​ന്ന നി​ല​യിൽ അവർ ഏറെ ബഹു​മാ​നി​ക്ക​പ്പെ​ട്ടി​രു​ന്നു. ആദ്യ​ത്തെ കമ്മ്യൂ​ണി​സ്റ്റു മന്ത്രി​സ​ഭ​യ​ട​ക്കം നാലു മന്ത്രി​സ​ഭ​ക​ളിൽ അം​ഗ​മാ​യി​രു​ന്നു. ഭൂ​പ​രി​ഷ്ക്ക​ര​ണ​മുൾ​പ്പെ​ടെ നി​ര​വ​ധി തന്ത്ര​പ്ര​ധാ​ന​മായ നി​യ​മ​നിർ​മ്മാണ പ്ര​ക്രി​യ​ക​ളിൽ അവ​രു​ടെ സം​ഭാ​വന വലു​താ​യി​രു​ന്നു. എന്നി​ട്ടും എന്തു​കൊ​ണ്ടു് അവർ പാർ​ട്ടി​യു​ടേ​യോ ഭര​ണ​ത്തി​ന്റെ​യോ തല​പ്പ​ത്തെ​ത്തി​യി​ല്ല? 1987-ൽ കേ​ര​ള​മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം അവർ​ക്കു നഷ്ട​മാ​യ​തെ​ങ്ങ​നെ? മല​യാ​ളി​സ്ത്രീ​കൾ ഈ ചോ​ദ്യ​ങ്ങൾ ചോ​ദി​ക്കാൻ എന്നെ​ങ്കി​ലും തയ്യാ​റാ​ക​ണം!

കോൺ​ഗ്ര​സ് പ്ര​വർ​ത്ത​ന​ത്തിൽ കേ​ര​ള​ത്തി​ലെ സ്ത്രീ​കൾ അത്ര സജീ​വ​മാ​യി പങ്കെ​ടു​ത്തി​ല്ലെ​ന്ന ശങ്കു​പ്പി​ള്ള​യു​ടെ അഭി​പ്രാ​യം സ്ത്രീ​ക​ളു​ടെ​മേൽ അദ്ദേ​ഹ​മുൾ​പ്പെ​ടെ​യു​ള്ള സമു​ദാ​യ​പ്ര​മാ​ണി​മാർ അടി​ച്ചേൽ​പ്പി​ച്ച അസ്വാ​ത​ന്ത്ര്യ​ത്തെ നമ്മു​ടെ കണ്ണിൽ നി​ന്നു് മാ​യ്ച്ചു​ക​ള​യു​ന്നു. തി​രു​വി​താം​കൂ​റി​ലെ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്റെ മുൻ​നിര നേ​താ​വാ​യി​രു​ന്ന, സമ​ര​ത്തി​ന്റെ ‘സർ​വ്വ​സൈ​ന്യാ​ധിപ’യായി അവ​രോ​ധി​ക്ക​പ്പെ​ട്ട അക്ക​മ്മ ചെ​റി​യാ​നെ​പ്പോ​ലും തള്ളി​ക്ക​ള​യാ​നാ​ണു് ഇദ്ദേ​ഹ​മ​ട​ക്ക​മു​ള്ള കോൺ​ഗ്ര​സ് പു​രു​ഷ​മേ​ധാ​വി​കൾ ശ്ര​മി​ച്ച​തു്.

കെ. ആർ. ഗൗ​രി​യ​മ്മ

‘ഒന്നാ​ന്ത​രം പ്ര​ക്ഷോ​ഭ​കാ​രി​ണി, കഴി​വു​റ്റ ഭര​ണാ​ധി​കാ​രി​ണി’-ഈ രണ്ടു് അഭി​ന​ന്ദ​ന​ങ്ങ​ളും ഒരേ​സ​മ​യം ഏറ്റു​വാ​ങ്ങിയ മല​യാ​ളി​സ്ത്രീ​യാ​ണു് കെ. ആർ. ഗൗ​രി​യ​മ്മ. 1987-ൽ മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​ന​ടു​ത്തെ​ത്തി​യെ​ങ്കി​ലും ആ പദവി അവർ​ക്കു ലഭി​ച്ചി​ല്ലെ​ന്ന​തു് കേ​ര​ള​രാ​ഷ്ട്രീ​യ​ത്തി​ന്റെ ഉന്ന​ത​മേ​ഖ​ല​ക​ളിൽ സ്ത്രീ​കൾ​ക്കു സ്ഥാ​ന​മി​ല്ലെ​ന്ന പരോ​ക്ഷ​സ​ന്ദേ​ശം​ത​ന്നെ​യാ​യി​രു​ന്നു. 1919-ൽ ജനി​ച്ച ഗൗ​രി​യ​മ്മ ഈഴ​വ​സ​മു​ദാ​യ​ത്തിൽ​നി​ന്നു് നി​യ​മ​ബി​രു​ദം നേടിയ ആദ്യ​ത്തെ സ്ത്രീ​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളിൽ വി​ജ​യി​ക്കാൻ അസാ​മാ​ന്യ​മായ കഴി​വു് ആദ്യ​കാ​ല​ങ്ങ​ളിൽ അവർ​ക്കു​ണ്ടാ​യി​രു​ന്നു. 1948-ലെ തി​രു​വി​താം​കൂ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പിൽ (പ്രാ​യ​പൂർ​ത്തി​വോ​ട്ട​വ​കാ​ശം നട​പ്പി​ലാ​ക്കിയ ആദ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പിൽ) വെറും 28 വയ​സ്സു​മാ​ത്രം പ്രാ​യ​മു​ണ്ടാ​യി​രു​ന്ന ഗൗ​രി​യ​മ്മ ചേർ​ത്ത​ല​യിൽ മു​പ്പ​ത്തി​യ​ഞ്ചു​ശ​ത​മാ​നം വോ​ട്ടു് നേടി-​ഒരൊറ്റ കമ്യൂ​ണി​സ്റ്റ് സ്ഥാ​നാർ​ത്ഥി​പോ​ലും ജയി​ക്കാ​ത്ത തെ​ര​ഞ്ഞെ​ടു​പ്പിൽ. അക്ര​മം പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​രോ​പി​ച്ചു് സർ​ക്കാർ അവരെ ജയി​ലി​ല​ട​ച്ചു. 1952-ലെ തിരു-​കൊച്ചി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിൽ അരൂ​രിൽ​നി​ന്നു് അവർ വി​ജ​യി​ച്ചു. ആ സമ​യ​ത്തു് അവർ ജയി​ലി​ലാ​യി​രു​ന്നു. 1977-ൽ ഒഴി​ച്ചു് എല്ലാ തെ​രെ​ഞ്ഞെ​ടു​പ്പു​ക​ളി​ലും അവർ അവി​ടു​ന്നു് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 1987-ൽ കേ​ര​ള​നി​യ​മ​സ​ഭ​യി​ലു​ണ്ടാ​യി​രു​ന്ന രണ്ടേ​ര​ണ്ടു് സി. പി. എം സ്ത്രീ അം​ഗ​ങ്ങ​ളിൽ ഒരാ​ളാ​യി​രു​ന്നു. പി​ന്നീ​ടു്, സി. പി. എമ്മി​നു​ള്ളി​ലെ അഭി​പ്രാ​യ​ഭി​ന്ന​ത​കൾ രൂ​ക്ഷ​മാ​യ​തോ​ടു​കൂ​ടി അവർ പാർ​ട്ടി വി​ടു​ക​യും സ്വ​ന്തം പാർ​ട്ടി രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തു. അർ​ഹി​ക്കു​ന്ന അം​ഗീ​കാ​രം ലഭി​ച്ചി​ല്ലെ​ങ്കി​ലും തൊ​ണ്ണൂ​റാം വയ​സ്സിൽ, ഇന്നും ഗൗ​രി​യ​മ്മ മല​യാ​ളി​സ്ത്രീ​ക​ളു​ടെ അഭി​മാ​ന​മാ​ണു്.

kimages/Kulasthree_Chapter_three_pic08.png

ഇന്നു് സ്ത്രീ​ക​ളെ പൊ​തു​രം​ഗ​ത്തെ​ത്തി​ക്കാൻ പല പരി​പാ​ടി​ക​ളും ആവി​ഷ്ക്ക​രി​ക്ക​പ്പെ​ടു​ന്നു. എങ്കി​ലും താ​ഴേ​ത്ത​ട്ടി​ലും ചി​ല​പ്പോൾ ഇട​യി​ലു​ള്ള തട്ടു​ക​ളി​ലും സ്ത്രീ​കൾ എത്താ​റു​ണ്ടെ​ങ്കി​ലും അധി​കാ​ര​രാ​ഷ്ട്രീ​യ​ത്തി​ന്റെ മു​കൾ​ത്ത​ട്ടു​കൾ പു​രു​ഷ​ന്മാ​രു​ടേ​താ​ണു്. കീ​ഴ്ത്ത​ട്ടു​ക​ളിൽ​പ്പോ​ലും അധി​കാ​ര​ത്തോ​ട​ടു​ത്തു​നിൽ​ക്കു​ന്ന നി​ല​ക​ളെ​ല്ലാം പു​രു​ഷ​ന്മാർ​ക്കാ​ണു്. പഞ്ചാ​യ​ത്തു​ഭ​ര​ണ​ത്തിൽ ഇപ്പോൾ സ്ത്രീ​കൾ പല​യി​ട​ത്തും നന്നാ​യി കഴിവു തെ​ളി​യി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അതി​ലെ​ത്ര​പേർ​ക്കു് ഉന്ന​ത​രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു് കട​ക്കാ​നാ​യി​ട്ടു​ണ്ടു്? പു​രു​ഷ​ന്മാ​രു​ടെ ഒപ്പം അവ​രു​ടെ രാ​ഷ്ട്രീയ അട​വു​കൾ പയ​റ്റു​ന്ന കു​റ​ച്ചു സ്ത്രീ​ക​ളു​ണ്ടെ​ന്ന​തു് വാ​സ്ത​വം തന്നെ. എന്നാ​ലും അവ​രു​ടെ എണ്ണം വളരെ കു​റ​വാ​ണു്. അവർ​പോ​ലും തരം​കി​ട്ടു​മ്പോൾ നല്ല പി​ള്ള​ക​ളാ​യി സ്വ​യം​ചി​ത്രീ​ക​രി​ക്കാൻ ശ്ര​മി​ക്കാ​റു​ണ്ടു്. അപ്പോൾ ചോ​ദി​ച്ചു​പോ​കും, രാ​ജ്ഞി വെറും അമ്മ​റാ​ണി​മാ​ത്ര​മാ​കു​ന്ന ആ കാലം യഥാർ​ത്ഥ​ത്തിൽ കട​ന്നു​പൊ​യ്ക്ക​ഴി​ഞ്ഞോ? സത്യ​ത്തിൽ ഇന്നും നാം ആ കാ​ല​ത്തി​ന്റെ പി​ടി​യിൽ​ത്ത​ന്നെ​യ​ല്ലേ?

കൂ​ടു​തൽ ആലോ​ച​ന​യ്ക്ക്

ഇവിടെ നാം ചർ​ച്ച​ചെ​യ്ത​തു് സ്ത്രീ​ക​ളും ഭര​ണാ​ധി​കാ​ര​വും തമ്മി​ലു​ള്ള ബന്ധ​ത്തി​ന്റെ ചരി​ത്ര​മാ​ണു്. ആ ചരി​ത്രം പരി​ശോ​ധി​ക്കു​മ്പോൾ കാ​ണു​ന്ന കാ​ര്യ​മി​താ​ണു്: പെ​ണ്ണു​ങ്ങൾ​ക്കു് ഭര​ണാ​ധി​കാ​രം വേണ്ട, അവർ കു​ടും​ബി​നി​ക​ളും മാ​താ​ക്ക​ന്മാ​രു​മാ​യി​ക്കൊ​ള്ള​ട്ടെ എന്ന മനോ​ഭാ​വം ഇവിടെ വി​ദേ​ശ​ഭ​ര​ണ​ത്തി​നു​മു​മ്പു​ത​ന്നെ ആരം​ഭി​ക്കു​ന്നു. സ്ത്രീ​ക​ളു​ടെ ചരി​ത്ര​ത്തി​ന്റെ കാ​ല​ഗ​ണന മേ​ലാ​ള​ച​രി​ത്ര​ത്തി​ന്റേ​തിൽ​നി​ന്നു് വ്യ​ത്യ​സ്ത​മാ​യി​രി​ക്കു​മെ​ന്നു് പറ​യാ​റു​ണ്ടു്. ഉദാ​ഹ​ര​ണ​ത്തി​നു് ലോ​ക​മ​ഹാ​യു​ദ്ധ​ങ്ങ​ളെ​ക്കാൾ പടി​ഞ്ഞാ​റൻ​രാ​ജ്യ​ങ്ങ​ളി​ലെ സ്ത്രീ​ക​ളു​ടെ ജീ​വി​ത​ത്തെ കാ​ര്യ​മാ​യി മാ​റ്റി​മ​റി​ച്ച​തു് ജന​ന​നി​യ​ന്ത്ര​ണ​മാർ​ഗ്ഗ​ങ്ങ​ളു​ടെ കണ്ടു​പി​ടി​ത്ത​മാ​ണെ​ന്നു് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടു്. ഇവിടെ ചർ​ച്ച​ചെ​യ്ത​തിൽ​നി​ന്നു് ഇവി​ട​ത്തെ സ്ത്രീ​ക​ളു​ടെ ചരി​ത്ര​ത്തി​നും സവി​ശേ​ഷ​മായ ഒരു കാ​ല​ഗ​ണന ഉണ്ടെ​ന്ന​ല്ലേ തെ​ളി​യു​ന്ന​തു്?

Colophon

Title: Kulastrīyum Cantappeṇṇum Uṇṭāyatengane? (ml: കു​ല​സ്ത്രീ​യും ചന്ത​പ്പെ​ണ്ണും ഉണ്ടാ​യ​തെ​ങ്ങ​നെ?).

Author(s): J Devika.

First publication details: Center For Development Studies; Trivandrum, India; 2010.

Deafult language: ml, Malayalam.

Keywords: J Devika, Kulasthreeyum Chanthappennum Undaayathengane, ജെ ദേവിക, കു​ല​സ്ത്രീ​യും ചന്ത​പ്പെ​ണ്ണും ഉണ്ടാ​യ​തെ​ങ്ങ​നെ?, Gender studies, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 5, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the author and Sayahna Foundation and must be shared under the same terms.

Cover: The Girl in a Picture Frame, an oil on canvas by Rembrandt (1606–1669). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: ml.wikisource.org; Proofing: KB Sujith; Typesetter: Sayahna Foundation; Artwork by: B Priyaranjan Lal; Graphic files optimized by: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.