SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
images/devika-kcu-cover.jpg
The Girl in a Picture Frame, an oil on canvas by Rembrandt (1606–1669).
‘തറ​വാ​ട്ടിൽ പി​റ​ന്ന​വ​ളും’ ‘ചന്ത​പ്പെ​ണ്ണും’ ഉണ്ടാ​യ​തെ​ങ്ങ​നെ?

പത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ന്റെ അവ​സാ​ന​ദ​ശ​ക​ങ്ങൾ മുതൽ സമു​ദാ​യ​പ​രി​ഷ്ക​ര​ണ​പ്ര​സ്ഥാ​ന​ങ്ങൾ ശക്തി​പ്രാ​പി​ച്ച​തോ​ടു​കൂ​ടി പര​മ്പ​രാ​ഗത ജാ​തി​സ​മൂ​ഹ​ങ്ങ​ളു​ടെ തി​രോ​ധാ​നം ആരം​ഭി​ച്ചു​വെ​ന്നു് നമു​ക്ക​റി​യാം. പര​മ്പ​രാ​ഗത ലിം​ഗ​മൂ​ല്യ​ങ്ങൾ മനു​ഷ്യ​ത്വ​ത്തി​നെ​തി​രാ​ണെ​ന്ന വി​മർ​ശ​ന​മു​ന്ന​യി​ച്ച ഈ പ്ര​സ്ഥാ​ന​ങ്ങൾ അവ​യ്ക്കു പകരം പുതിയ മൂ​ല്യ​ങ്ങ​ളെ മു​ന്നോ​ട്ടു​വ​ച്ചു. ഇന്നു നമു​ക്കു പരി​ചി​ത​ങ്ങ​ളായ ആൺ-​പെൺഭേദങ്ങളും ഇര​ട്ട​സ​ദാ​ചാ​ര​വും രൂ​പം​പ്രാ​പി​ച്ച​തു് ഈ കാ​ല​ഘ​ട്ട​ത്തി​ലാ​ണു്. സ്ത്രീ​കൾ​ക്കി​ട​യിൽ​ത്ത​ന്നെ ‘നല്ല’ സ്ത്രീ​യെ​യും ‘ചീത്ത’ സ്ത്രീ​യെ​യും വേർ​തി​രി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങൾ ഇതി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു. സ്ത്രീ​ക​ളെ കു​ടും​ബ​ത്തി​നു​ള്ളി​ലും സമൂ​ഹ​ത്തി​ലും സക്രി​യ​രാ​ക്കി​ത്തീർ​ക്കാ​നു​ള്ള പരി​ശ്ര​മ​ങ്ങ​ളി​ലൂ​ടെ​ത്ത​ന്നെ​യാ​ണു് സ്ത്രീ​ക​ളെ രണ്ടാം​ത​ര​ക്കാ​രാ​ക്കി ചു​രു​ക്കിയ ഈ മൂ​ല്യ​ങ്ങൾ വളർ​ന്നു​വി​ക​സി​ച്ച​തു്.

നവ​വ​രേ​ണ്യ​ത​യു​ടെ ലിം​ഗ​മൂ​ല്യ​ങ്ങൾ

കേ​ര​ള​ത്തിൽ സ്ത്രീ​ക​ളെ വി​ശേ​ഷി​പ്പി​ക്കാൻ ഉപ​യോ​ഗി​ക്കു​ന്ന രണ്ടു പ്രയോഗങ്ങളാണിവ-​’തറ​വാ​ട്ടിൽ പി​റ​ന്ന​വൾ’, ‘ചന്ത​പ്പെ​ണ്ണ്’. ‘മാ​ന്യ​ത​യു​ള്ള സ്ത്രീ’യെ ‘തറ​വാ​ട്ടിൽ പി​റ​ന്ന​വൾ’ എന്നു വി​ശേ​ഷി​പ്പി​ക്കു​മ്പോൾ ‘മാ​ന്യ​ത​യി​ല്ലാ​ത്ത സ്ത്രീ’യെ ‘ചന്ത​പ്പെ​ണ്ണു്’ എന്നു വി​ളി​ക്കു​ന്നു. ഈ വി​ളി​യിൽ പഴയ ജാ​തി​വ്യ​വ​സ്ഥ​യു​ടെ അം​ശ​ങ്ങൾ പതി​യി​രി​ക്കു​ന്നു​ണ്ടെ​ന്നു തീർ​ച്ച. ‘തറ​വാ​ടു്’ എന്നാൽ പഴയ ജാ​ത്യാ​ഭി​മാ​ന​ത്തി​ന്റെ കേ​ന്ദ്ര​മാ​യി​രു​ന്ന​ല്ലോ. ‘ചന്ത’യോ? പല ജാ​തി​ക്കാർ, പ്ര​ത്യേ​കി​ച്ചു കീ​ഴ്ജാ​തി​ക്കാർ, പല മത​ക്കാർ, ആണും പെ​ണ്ണും ഒത്തു​ചേ​രു​ന്ന, ‘ജാ​തി​ശു​ദ്ധം’ തീരെ പാ​ലി​ക്കാൻ പറ്റാ​ത്ത ഇട​മാ​ണു്! അപ്പോൾ തറ​വാ​ട്ടി​ലി​രി​ക്കു​ന്ന​വൾ പരി​ശു​ദ്ധ​യും ചന്ത​യിൽ പണി​യെ​ടു​ക്കു​ന്ന​വൾ അശു​ദ്ധ​യു​മാ​യി കണ​ക്കാ​ക്ക​പ്പെ​ട്ട​തു് സ്വാ​ഭാ​വി​കം മാ​ത്രം! പക്ഷേ, പര​മ്പ​രാ​ഗ​ത​മൂ​ല്യ​വ്യ​വ​സ്ഥ​യ്ക്കു് 20-ആം നൂ​റ്റാ​ണ്ടിൽ വൃ​ദ്ധി​യ​ല്ല, ക്ഷ​യ​മാ​ണു് സം​ഭ​വി​ച്ച​തെ​ന്നു് നമു​ക്ക​റി​യാം. സമൂ​ഹ​ത്തി​ന്റെ മേൽ​ത്ത​ട്ടി​ലേ​ക്കു് ഉയർ​ന്നു​വ​രാൻ വ്യ​ക്തി​ക​ളു​ടെ മു​ന്നിൽ നി​ര​വ​ധി വഴികൾ തു​റ​ന്നു​കി​ട്ടിയ കാ​ല​മാ​യി​രു​ന്നു ഇതു്-​തറവാടിന്റെ മേൽ​വി​ലാ​സ​ത്തി​നു​പു​റ​മെ ഉന്ന​ത​വി​ദ്യാ​ഭ്യാ​സം, ഉയർ​ന്ന സാ​മ്പ​ത്തി​ക​സ്ഥി​തി, ഉദ്യോ​ഗ​പ​ദ​വി മു​ത​ലാ​യവ സാ​മൂ​ഹ്യ​മായ കയ​റ്റം നേ​ടാ​നു​ള്ള മാർ​ഗ്ഗ​ങ്ങ​ളാ​യി ഇക്കാ​ല​ത്തു​യർ​ന്നു​വ​ന്നു. നമ്മു​ടെ ഭാ​ഷ​യിൽ, പക്ഷേ, ഇന്നും ഇത്ത​രം പ്ര​യോ​ഗ​ങ്ങൾ നി​ല​നിൽ​ക്കു​ന്നു. ജാ​തി​പാ​ര​മ്പ​ര്യ​ത്തി​ന്റെ അവ​ശി​ഷ്ടം മാ​ത്ര​മാ​ണോ ഇതു്? പഴയ ജാ​തി​സ​മു​ദാ​യ​ത്തി​ലെ പ്ര​മാ​ണി​കൾ​ക്കു പകരം 19-ആം നൂ​റ്റാ​ണ്ടി​ലെ പുതിയ സാ​ദ്ധ്യ​ത​കൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തിയ കൂ​ട്ട​രിൽ​നി​ന്നു​ണ്ടായ വർഗ്ഗം-​’നവ​വ​രേ​ണ്യർ’ എന്നു് നമു​ക്ക​വ​രെ വിളിക്കാം-​പഴയ മൂ​ല്യ​ങ്ങ​ളിൽ പല​തി​നേ​യും തള്ളി​ക്ക​ള​ഞ്ഞു; പല പുതിയ മൂ​ല്യ​ങ്ങ​ളെ​യും പരി​പോ​ഷി​പ്പി​ച്ചു. എന്നാൽ, പഴയ വരേ​ണ്യ​ത​യെ ഒന്ന​ട​ങ്കം ഉപേ​ക്ഷി​ച്ചു​കൊ​ണ്ട​ല്ല നവ​വ​രേ​ണ്യർ തങ്ങ​ളു​ടെ പുതിയ മൂ​ല്യ​വ്യ​വ​സ്ഥ​യ്ക്കു രൂ​പം​കൊ​ടു​ത്ത​തു്. പുതിയ മൂ​ല്യ​ങ്ങൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​പു​റ​മെ പഴയ വരേ​ണ്യ​മൂ​ല്യ​ങ്ങ​ളിൽ​നി​ന്നു് ചി​ല​തു​മാ​ത്രം തെ​ര​ഞ്ഞെ​ടു​ത്തു് പരി​ഷ്ക്ക​രി​ച്ചു​കൊ​ണ്ടു​കൂ​ടി​യാ​ണു് നവ​വ​രേ​ണ്യർ തങ്ങ​ളു​ടെ മൂ​ല്യ​വ്യ​വ​സ്ഥ ഉണ്ടാ​ക്കി​യ​തു്.

ആരാ​യി​രു​ന്നു, ഈ ‘നവ​വ​രേ​ണ്യർ?’ 19-ആം നൂ​റ്റാ​ണ്ടി​ലെ കേ​ര​ള​ത്തിൽ, വി​ശേ​ഷി​ച്ചും തിരുവിതാംകൂർ-​കൊച്ചി പ്ര​ദേ​ശ​ങ്ങ​ളിൽ, നി​ര​വ​ധി കാ​ത​ലായ സാ​മൂ​ഹ്യ​സാ​മ്പ​ത്തി​ക​മാ​റ്റ​ങ്ങ​ളു​ണ്ടാ​യി. ബ്രി​ട്ടി​ഷ് അധി​കാ​രം നി​ല​വിൽ​വ​ന്ന​തോ​ടെ ഈ രാ​ജ്യ​ങ്ങ​ളി​ലെ ഭര​ണ​സം​വി​ധാ​ന​ങ്ങ​ളെ നവീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​മാ​രം​ഭി​ച്ചു. മി​ഷ​ണ​റി​മാ​രും പിൽ​ക്കാ​ല​ത്തു് സർ​ക്കാ​രു​ക​ളും പ്ര​ച​രി​പ്പി​ച്ച നവീ​ന​വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ സർ​ക്കാർ ഉദ്യോ​ഗ​ങ്ങ​ളും പദ​വി​ക​ളും നേ​ടാ​മെ​ന്നു​വ​ന്നു. പുതിയ വി​ദ്യാ​ല​യ​ങ്ങ​ളും കലാ​ല​യ​ങ്ങ​ളും സ്ഥാപിക്കപ്പെട്ടുതുടങ്ങി-​അവിടങ്ങളിലും ഇം​ഗ്ലി​ഷ്വി​ദ്യാ​ഭ്യാ​സം നേ​ടി​യ​വർ​ക്കു ജോ​ലി​സാ​ദ്ധ്യത തെ​ളി​ഞ്ഞു. വ്യാ​പ​ര​രം​ഗം സജീ​വ​മാ​യ​തോ​ടു​കൂ​ടി അഭ്യ​സ്ത​വി​ദ്യർ​ക്കു് അവി​ടെ​യും തൊ​ഴി​ല​വ​സ​ര​ങ്ങൾ വർ​ദ്ധി​ച്ചു. വ്യാ​പാ​ര​പ്ര​മു​ഖർ, വ്യ​വ​സാ​യി​കൾ, അദ്ധ്യാ​പ​കർ, സർ​ക്കാർ ഉദ്യോ​ഗ​സ്ഥർ തു​ട​ങ്ങിയ കൂ​ട്ട​ര​ട​ങ്ങിയ ഈ പുതിയ ജന​വി​ഭാ​ഗം 19-ആം നൂ​റ്റാ​ണ്ടി​ന്റെ അവ​സാ​ന​ദ​ശ​ക​ങ്ങ​ളിൽ തി​രു​വി​താം​കൂ​റി​ലും കൊ​ച്ചി​യി​ലും മല​ബാ​റി​ലും സജീ​വ​സാ​ന്നി​ദ്ധ്യ​മാ​യി. ആധു​നിക പൊ​തു​മ​ണ്ഡ​ലം ഇവ​രി​ലൂ​ടെ​യാ​ണു് രൂപപ്പെട്ടതു്-​അതായതു് പത്ര​മാ​സി​ക​കൾ, ചർ​ച്ചാ​വേ​ദി​കൾ, വാ​യ​നാ​സം​ഘ​ങ്ങൾ മു​ത​ലാ​യവ കൂ​ടി​ച്ചേ​രു​ന്ന, സമൂ​ഹ​ത്തി​ന്റെ പൊ​തു​പ്ര​ശ്ന​ങ്ങൾ ചർ​ച്ച​ചെ​യ്യ​പ്പെ​ടു​ന്ന, പുതിയ ഒരിടം ഇവ​രു​ടെ പ്ര​വർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ രൂ​പ​പ്പെ​ട്ടു​തു​ട​ങ്ങി. അതു​പോ​ലെ, സ്വ​ന്തം സമു​ദാ​യ​ങ്ങ​ളെ കാ​ല​ത്തി​നൊ​ത്തു് പരി​ഷ്ക്ക​രി​ക്കേ​ണ്ട​തെ​ങ്ങ​നെ എന്ന ചോ​ദ്യം ആദ്യ​മു​ന്ന​യി​ച്ച​തു് ആ സമു​ദാ​യ​ങ്ങ​ളി​ലെ നവ​വ​രേ​ണ്യർ​ത​ന്നെ. മല​ബാ​റി​ലെ നാ​യ​ന്മാ​രിൽ​നി​ന്നു് സി. ശങ്ക​രൻ​നാ​യർ, മാ​പ്പി​ള​സ​മു​ദാ​യ​ത്തിൽ​നി​ന്നു് സനാ ഉല്ലാ​ഹ് മക്തി തങ്ങൾ, തീയ്യ സമു​ദാ​യ​ത്തിൽ​നി​ന്നു് മൂർ​ക്കോ​ത്തു കു​മാ​രൻ, കൊ​ച്ചി​യി​ലെ അര​യ​സ​മു​ദാ​യ​ത്തിൽ​നി​ന്നു് പണ്ഡി​റ്റ് കറു​പ്പൻ, തി​രു​വി​താം​കൂ​റി​ലെ ഈഴ​വ​രിൽ​നി​ന്നു് ഡോ. പൽപു, സു​റി​യാ​നി ക്രി​സ്ത്യാ​നി​കൾ​ക്കി​ട​യിൽ​നി​ന്നു് പി. കെ. കൊ​ച്ചീ​പ്പൻ തരകൻ തു​ട​ങ്ങിയ ആദ്യ​കാല സമു​ദാ​യ​പ​രി​ഷ്ക്കർ​ത്താ​ക്ക​ളും വക്താ​ക്ക​ളു​മാ​യി​രു​ന്ന​വ​രെ​ല്ലാം നവ​വ​രേ​ണ്യ​രാ​യി​രു​ന്നു. ഇവരിൽ നല്ലൊ​രു​വി​ഭാ​ഗം പര​മ്പ​രാ​ഗത ജാ​തി​വ്യ​വ​സ്ഥ​യിൽ മു​ന്തിയ സ്ഥാ​ന​മു​ണ്ടാ​യി​രു​ന്ന ജാതികളിൽ-​അതായതു്, നായർ-​സുറിയാനി ക്രി​സ്ത്യാ​നി ജാതികളിൽ-​ഉൾപ്പെട്ടവരായിരുന്നു. ഇവ​രെ​ക്കൂ​ടാ​തെ തൊ​ട്ടു​കൂ​ടാ​ത്ത​വ​രാ​യി ഗണി​ച്ചി​രു​ന്ന ഈഴവ-​തീയ്യ വി​ഭാ​ഗ​ങ്ങ​ളിൽ​നി​ന്നും നവ​വ​രേ​ണ്യ​രു​ണ്ടാ​യി​ത്തു​ട​ങ്ങി. അതേ​സ​മ​യം പര​മ്പ​രാ​ഗ​ത​ജാ​തി​ക്ര​മ​ത്തിൽ മദ്ധ്യ​ജാ​തി​ക​ളിൽ​പ്പെ​ട്ടി​രു​ന്ന അര​യ​സ​മു​ദാ​യ​ത്തിൽ​നി​ന്നും അധി​കം​പേർ നവ​വ​രേ​ണ്യ​വി​ഭാ​ഗ​ത്തി​ലേ​ക്കു കട​ന്നി​ല്ല. ഇരു​പ​താം നൂ​റ്റാ​ണ്ടിൽ കേ​ര​ള​ത്തി​ലു​ണ്ടായ സാമൂഹ്യ-​രാഷ്ട്രീയ മാ​റ്റ​ങ്ങ​ളിൽ​നി​ന്നു​ള്ള നേ​ട്ട​ങ്ങ​ള​ധി​ക​വും കൊ​യ്ത​തു് ഈ നവ​വ​രേ​ണ്യ​വി​ഭാ​ഗ​മാ​യി​രു​ന്നു.

പൊ​തു​വെ, മു​ത​ലാ​ളി​ത്ത​വ്യ​വ​സ്ഥ​യു​ടെ സ്വ​ത്തു​നി​യ​മ​ങ്ങ​ളോ​ടു​ള്ള (അതാ​യ​തു് സ്വ​കാ​ര്യ സ്വ​ത്തു​ട​മ​സ്ഥ​ത​യ്ക്കു് അനു​കൂ​ല​മായ നി​യ​മ​ങ്ങ​ളോ​ടു​ള്ള) കൂറു്, വ്യ​ക്തി​ക​ളു​ടെ സാ​മ്പ​ത്തി​ക​വ​ളർ​ച്ച​യി​ലൂ​ടെ​യാ​ണു് സമൂഹം പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്ന വി​ശ്വാ​സം, വ്യ​ക്തി​കൾ​ക്കു് മത്സ​ര​ബു​ദ്ധി​യോ​ടെ​യു​ള്ള സാ​മ്പ​ത്തി​ക​പ്ര​വർ​ത്ത​നം നട​ത്താ​നു​ള്ള സാ​ഹ​ച​ര്യം ഒരു​ക്ക​ലാ​ണു് സമു​ദാ​യ​പ​രി​ഷ്ക്ക​ര​ണ​ത്തി​ന്റെ ലക്ഷ്യ​മെ​ന്ന വിശ്വാസം-​ഇവ ഏറിയോ കു​റ​ഞ്ഞോ നവ​വ​രേ​ണ്യ​മൂ​ല്യ​വ്യ​വ​സ്ഥ​യിൽ ഉൾ​പ്പെ​ട്ടി​രു​ന്നു. ഈ മൂ​ല്യ​ങ്ങ​ളെ​ല്ലാം​ത​ന്നെ പാ​ശ്ചാ​ത്യ​ലോ​ക​ത്തു​നി​ന്നു് ഇങ്ങോ​ട്ടു പ്ര​വ​ഹി​ച്ച​വ​യാ​യി​രു​ന്നു. എന്നാൽ ഇവ​യോ​ടൊ​പ്പം മറ്റു​പല ആശ​യ​ങ്ങ​ളും പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളിൽ​നി​ന്നു് ഇവി​ടേ​ക്കെ​ത്തി​യി​രു​ന്നു. മനു​ഷ്യർ തമ്മി​ലു​ള്ള അടി​സ്ഥാ​ന​പ​ര​മായ തു​ല്യത, സമ​ത്വം, സാഹോദര്യം-​ഈ ആശ​യ​ങ്ങ​ളും പാ​ശ്ചാ​ത്യ​ലോ​ക​ത്തു​നി​ന്നു് ഇവിടെ എത്തി​യ​വ​യാ​ണു്. ഇവ​യ്ക്കു്, പക്ഷേ, ഭാ​ഗി​ക​മായ അം​ഗീ​കാ​ര​മേ നവ​വ​രേ​ണ്യർ നൽ​കി​യു​ള്ളൂ. അഥവാ, നവ​വ​രേ​ണ്യ​രു​ടെ താൽ​പ​ര്യ​ങ്ങൾ​ക്കു് കോ​ട്ടം​ത​ട്ടാ​ത്ത​വി​ധ​ത്തിൽ​മാ​ത്ര​മേ അവ പ്ര​യോ​ഗി​ക്ക​പ്പെ​ട്ടു​ള്ളൂ. ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​നെ​പ്പോ​ലു​ള്ള​വ​രു​ടെ സമ​ത്വ​ചി​ന്ത​യെ​പ്പോ​ലും ഇത്ത​ര​ത്തിൽ ന്യൂ​നീ​ക​രി​ക്കാൻ നവ​വ​രേ​ണ്യർ​ക്കു കഴി​ഞ്ഞു.

അതു​കൊ​ണ്ടു​ത​ന്നെ പാ​ശ്ചാ​ത്യ​ലോ​ക​ത്തു് വി​മോ​ച​ന​ക​ര​ങ്ങ​ളാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ട പല ആശ​യ​ങ്ങ​ളും ഇവിടെ തീരെ ചർ​ച്ച​ചെ​യ്യ​പ്പെ​ട്ടി​ല്ല; അല്ലെ​ങ്കിൽ ന്യൂ​നീ​ക​രി​ക്ക​പ്പെ​ട്ടു. എന്താ​യാ​ലും നവ​വ​രേ​ണ്യർ​ക്കു് അനു​കൂ​ല​മായ വി​ധ​ത്തിൽ പാ​ശ്ചാ​ത്യ ആശ​യ​ങ്ങ​ളെ​യും പ്ര​യോ​ഗ​ങ്ങ​ളെ​യും എങ്ങ​നെ മാ​റ്റി​ത്തീർ​ക്കാ​മെ​ന്ന വി​ചാ​രം 20-ആം നൂ​റ്റാ​ണ്ടി​ലെ ചർ​ച്ച​ക​ളിൽ വ്യ​ക്ത​മാ​യും കാ​ണാ​നു​ണ്ടു്. ഉദാ​ഹ​ര​ണ​ത്തി​നു്, 1930-കൾ മുതൽ ഇവി​ടെ​യാ​രം​ഭി​ച്ച ജന​ന​നി​യ​ന്ത്ര​ണ​ചർ​ച്ച തന്നെ​യെ​ടു​ക്കാം. ഇതിൽ നവ​വ​രേ​ണ്യർ​ക്കി​ട​യി​ലെ യാ​ഥാ​സ്ഥി​തി​കർ ഉന്ന​യി​ച്ച സം​ശ​യ​ങ്ങൾ മൂ​ന്നാ​യി​രു​ന്നു: ഒന്നു്, ജന​ന​നി​യ​ന്ത്ര​ണം വ്യാ​പ​ക​മാ​യാൽ ‘അറി​വി​ല്ലാ​ത്ത’ ജന​ങ്ങൾ​ക്കി​ട​യിൽ ലൈം​ഗിക അരാ​ജ​ക​ത്വം വ്യാ​പി​ക്കി​ല്ലേ? രണ്ടു്, സ്ത്രീ​കൾ​ക്കു് അച്ച​ട​ക്ക​വും അനു​സ​ര​ണ​യും ഇല്ലാ​താ​കി​ല്ലേ? മാ​ത്ര​മ​ല്ല, ജന​ന​നി​യ​ന്ത്ര​ണം സമൂ​ഹ​ത്തി​ന്റെ മേൽ​ത്ത​ട്ടിൽ വ്യാ​പ​ക​മാ​യാൽ ‘താ​ണ​ത​ര​ക്കാർ’ പെ​റ്റു​പെ​രു​കു​ക​യി​ല്ലേ? ഇതാ​യി​രു​ന്നു മൂ​ന്നാ​മ​ത്തെ ഭയം. ജന​ന​നി​യ​ന്ത്ര​ണ​ത്തെ അനു​കൂ​ലി​ച്ച നവ​വ​രേ​ണ്യ​രോ? അവർ​ക്കും പേടി ‘താ​ണ​ത​ര​ക്കാ​രെ’ ആയി​രു​ന്നു. ജന​ന​നി​യ​ന്ത്ര​ണം വ്യാ​പി​പ്പി​ച്ചാൽ ‘താ​ണ​ത​ര​ക്കാ​രു’ടെ എണ്ണം കു​റ​യ്ക്കാ​നൊ​ക്കു​മെ​ന്നാ​യി​രു​ന്നു അവ​രു​ടെ വി​ശ്വാ​സം! ചു​രു​ക്കി​പ്പ​റ​ഞ്ഞാൽ, അനു​കൂ​ലി​ച്ചാ​ലും പ്ര​തി​കൂ​ലി​ച്ചാ​ലും ജന​ന​നി​യ​ന്ത്ര​ണ​ത്തിൽ നവ​വ​രേ​ണ്യ​രു​ടെ താൽ​പ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചാ​യി​രു​ന്നു ചർച്ച.

പുതിയ ലിം​ഗ​മൂ​ല്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും പൂർ​ണ്ണ​മായ സ്ത്രീ​പു​രു​ഷ​തു​ല്യത നവ​വ​രേ​ണ്യർ​ക്കു് ആകർ​ഷ​ക​മാ​യി തോ​ന്നി​യി​രു​ന്നി​ല്ല. സ്ത്രീ​യു​ടെ ‘വ്യ​ത്യ​സ്തത’യെ അതാ​യ​തു്, പു​രു​ഷ​നിൽ​നി​ന്നു് വ്യ​ത്യ​സ്ത​മാ​യി സ്ത്രീ​ക്കു് പ്ര​സ​വം, ബാ​ല​പ​രി​ച​ര​ണം എന്നീ രണ്ടു ധർ​മ്മ​ങ്ങ​ളു​ണ്ടെ​ന്ന​തി​നു് ഊന്നൽ നൽ​കി​ക്കൊ​ണ്ടാ​ണു് നവ​വ​രേ​ണ്യ​ലിം​ഗ​മൂ​ല്യ​ങ്ങൾ ശക്ത​മാ​യ​തു്. ‘തു​ല്യത’ എന്നാൽ ആണി​നേ​യും പെ​ണ്ണി​നേ​യും ഒരേ അച്ചി​ലി​ട്ടു് വാർ​ക്ക​ലാ​ണെ​ന്ന തെ​റ്റായ വ്യാ​ഖ്യാ​ന​ത്തി​നു് ഏറെ പ്ര​ചാ​രം ലഭി​ക്കു​ക​യും ചെ​യ്തു. 1930-​കളായപ്പോഴേക്കും ഈ ദുർ​വ്യാ​ഖ്യാ​ന​ത്തെ ചോ​ദ്യം​ചെ​യ്ത ചില സ്ത്രീ​ശ​ബ്ദ​ങ്ങൾ കേ​ട്ടു​തു​ട​ങ്ങി​യി​രു​ന്നു. 1938-ൽ കോ​ച്ചാ​ട്ടിൽ കല്യാ​ണി​ക്കു​ട്ടി​യ​മ്മ (മി​സി​സ്സ് സി. കു​ട്ടൻ​നാ​യർ) ഇതിനെ വി​മർ​ശി​ച്ചു​കൊ​ണ്ടു് ഇങ്ങ​നെ എഴുതി:

സമ​ത്വം ഞങ്ങ​ളു​ടെ ഇന്ന​ത്തെ പലേ ദു​രി​ത​ങ്ങ​ളേ​യും നീ​ക്കം​ചെ​യ്യു​മെ​ന്നു സ്ത്രീ​ക​ളായ ഞങ്ങ​ളിൽ പലരും ബല​മാ​യി വി​ശ്വ​സി​ക്കു​ന്നു. എല്ലാ​വ​രേ​യും ഒരേ അച്ചി​ലി​ട്ടു വാർ​ക്കാ​ന​ല്ല സമ​ത്വ​വാ​ദി​നി​കൾ ഉദ്ദേ​ശി​ക്കു​ന്ന​തു്. നേ​രെ​മ​റി​ച്ചു്, സമ​ത്വം​കൊ​ണ്ടേ വ്യ​ക്തി​പ​ര​മായ വളർ​ച്ച സാ​ദ്ധ്യ​മാ​കൂ. നമു​ക്കു നമ്മു​ടെ സ്വ​ഭാ​വ​വി​ശേ​ഷ​ങ്ങ​ളെ​പ്പ​റ്റി ഇന്നും എത്ര​യും അപൂർ​ണ്ണ​മായ ജ്ഞാ​ന​മേ ഉള്ളൂ. ‘പു​രു​ഷ​ത്വം’, ‘സ്ത്രീ​ത്വം’ എന്നീ അവ്യ​ക്ത​വ​ച​ന​ങ്ങൾ​കൊ​ണ്ടു നാം യഥാർ​ത്ഥ​ത്തിൽ സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്തു്? മനഃ​ശാ​സ്ത്ര​ഗ​വേ​ഷ​ണ​ങ്ങൾ, ലിം​ഗ​പ​ര​മായ സം​ഗ​തി​യെ​ക്കു​റി​ച്ചു് നമു​ക്കു​ള്ള അജ്ഞ​ത​യെ വെ​ളി​വാ​ക്കു​ന്നി​ല്ലേ? നമ്മു​ടെ അപൂർ​ണ്ണ​ജ്ഞാ​ന​ത്തി​ന്റെ സന്താ​ന​ങ്ങ​ളായ സദാ​ചാ​ര​നി​ബ​ന്ധ​ന​കൾ എത്ര വ്യ​ക്തി​ക​ളു​ടെ വളർ​ച്ച​യെ തട​യു​ന്നു!

(മി​സി​സ്സ് സി. കു​ട്ടൻ നായർ, ‘സ്ത്രീ​പു​രു​ഷ​സ​മ​ത്വ​ത്തി​നു​ള്ള ചില പ്ര​തി​ബ​ന്ധ​ങ്ങൾ’, മാ​തൃ​ഭൂ​മി വി​ശേ​ഷാൽ​പ്ര​തി, 1938.)

പക്ഷേ, ഇതൊ​ക്കെ കേവലം ഒറ്റ​പ്പെ​ട്ട ശബ്ദ​ങ്ങ​ളാ​യി​രു​ന്നു. ലിം​ഗ​വ്യ​ത്യാ​സ​ത്തെ അടി​സ്ഥാ​ന​പ്പെ​ടു​ത്തിയ ഒരു പുതിയ സമു​ദാ​യ​മാ​ന്യത അപ്പോ​ഴേ​ക്കും രൂ​പ​മെ​ടു​ത്തു​ക​ഴി​ഞ്ഞി​രു​ന്നു. സ്ത്രീ​യു​ടെ സ്ഥാ​നം ഗൃ​ഹ​ത്തി​നു​ള്ളി​ലാ​ണെ​ന്നും, ഭർ​ത്താ​വി​ലൂ​ടെ​യാ​ണു് അവ​ളു​ടെ സാ​മൂ​ഹിക അം​ഗ​ത്വ​മെ​ന്നു​മു​ള്ള ധാ​ര​ണ​കൾ ഇവി​ട​ത്തെ സമു​ദാ​യ​പ​രി​ഷ്ക്ക​ര​ണ​പ്ര​സ്ഥാ​ന​ങ്ങ​ളിൽ രൂ​ഢ​മൂ​ല​മാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു.

‘ഉത്ത​മ​സ്ത്രീ’ പി​റ​ക്കു​ന്നു

19-ആം നൂ​റ്റാ​ണ്ടിൽ പല കാ​ര​ണ​ങ്ങ​ളാൽ കേ​ര​ള​ത്തി​ലെ പര​മ്പ​രാ​ഗ​ത​ജാ​തി​വ്യ​വ​സ്ഥ​യു​ടെ അടി​ത്തറ ഇളകാൻ തു​ട​ങ്ങി. ബ്രി​ട്ടി​ഷു​കാ​രു​ടെ മേൽ​ക്കോ​യ്മ ഇവി​ട​ത്തെ പര​മ്പ​രാ​ഗ​ത​രാ​ജ​വം​ശ​ങ്ങ​ളു​ടെ​യും പര​മാ​ധി​കാ​ര​ത്തെ ഇല്ലാതാക്കി-​ജാതിമാമൂലിന്റെ സം​ര​ക്ഷ​കർ ഇവ​രാ​യി​രു​ന്ന​ല്ലോ. മി​ഷ​ണ​റി​മാ​രു​ടെ വരവു് കീ​ഴ്ജാ​തി​കൾ​ക്കു താ​ങ്ങാ​യി. അവ​രു​ടെ​മേൽ അടി​ച്ചേൽ​പ്പി​ക്ക​പ്പെ​ട്ടി​രു​ന്ന പല നി​കു​തി​ക​ളും, കൂ​ലി​യി​ല്ലാ​ത്ത അദ്ധ്വാ​ന​വും നി​റു​ത്തൽ ചെ​യ്യി​ക്കു​ന്ന​തിൽ മി​ഷ​ണ​റി​മാർ വലിയ പങ്കു​വ​ഹി​ച്ചു. ആധു​നി​ക​വി​ദ്യാ​ഭ്യാ​സം മി​ഷ​ണ​റി​പ​ള്ളി​ക്കൂ​ട​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യ​തോ​ടെ കീ​ഴ്ജാ​തി​ക്കാ​രിൽ ചി​ല​കൂ​ട്ടർ​ക്കു് പുതിയ അവ​സ​ര​ങ്ങൾ ലഭി​ച്ചു​തു​ട​ങ്ങി. കച്ച​വ​ട​വും കു​ടി​യേ​റ്റ​സാ​ദ്ധ്യ​ത​യും വർ​ദ്ധി​ച്ച​തോ​ടു​കൂ​ടി അവരിൽ ചിലർ സാ​മ്പ​ത്തിക നേ​ട്ട​ങ്ങ​ളും കൈ​വ​രി​ച്ചു. ‘മാ​റു​മ​റ​യ്ക്കൽ​സ​മ​രം’ പോ​ലു​ള്ള നിർ​ണ്ണാ​യ​ക​പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ മേൽ​ജാ​തി​ക്കാ​രു​ടെ അധി​കാ​ര​ങ്ങൾ നി​യ​ന്ത്രി​ക്ക​പ്പെ​ട്ടു. 1865-ലെ വി​ളം​ബ​ര​പ്ര​കാ​രം തി​രു​വി​താം​കൂർ സർ​ക്കാർ കു​ടി​യാ​ന്മാർ​ക്കു് ഭൂ​മി​യിൽ ഉട​മ​സ്ഥാ​വ​കാ​ശം ലഭി​ച്ചു. ഇതേ​കാ​ല​ത്തു​ത​ന്നെ പര​മ്പ​രാ​ഗത മേ​ലാ​ള​സ​മു​ദാ​യ​ങ്ങ​ളും മാ​റ്റ​ത്തി​നു വി​ധേ​യ​മാ​യി. വി​ക​സി​ച്ചു​വ​ന്ന കച്ച​വ​ട​രം​ഗ​വും വി​പ​ണി​യും വാ​ണി​ജ്യ​കൃ​ഷി​യും സു​റി​യാ​നി​ക്രി​സ്ത്യാ​നി സമു​ദാ​യ​ത്തി​നു് വർ​ദ്ധി​ച്ച അവ​സ​ര​ങ്ങൾ നൽകി. പുതിയ വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ അവർ ഈ രം​ഗ​ങ്ങ​ളിൽ കു​തി​ച്ചു​യർ​ന്നു. നാ​യർ​ത​റ​വാ​ടു​ക​ളു​ടെ ജാ​ത്യാ​ധി​കാ​രം അൽ​പ്പം ക്ഷ​യി​ച്ചെ​ങ്കി​ലും പുതിയ വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ ഭര​ണ​രം​ഗ​ത്തും സാം​സ്ക്കാ​രി​ക​രം​ഗ​ത്തും അവർ പി​ടി​ച്ചു​നി​ന്നു. നമ്പൂ​തി​രി​മാർ മാ​ത്ര​മാ​ണു് ഈ പുതിയ അന്ത​രീ​ക്ഷ​ത്തോ​ടു് ഇണ​ങ്ങി​ച്ചേ​രാൻ വി​സ​മ്മ​തം കാ​ട്ടി​യ​തു്. ഇവരും ഇരു​പ​താം നൂ​റ്റാ​ണ്ടിൽ നി​ല​പാ​ടു മാ​റ്റി.

kimages/Kulasthree_Chapter_four_pic03.png

പൊ​തു​വെ ജാ​തി​വ്യ​വ​സ്ഥ​യ്ക്കെ​തി​രെ രൂ​ക്ഷ​വി​മർ​ശ​നം ഉയർ​ന്നു​വ​ന്ന കാ​ല​മാ​യി​രു​ന്നു 19-ആം നൂ​റ്റാ​ണ്ടി​ന്റെ അവ​സാ​ന​ദ​ശ​ക​ങ്ങൾ. ദൈ​വ​ദൃ​ഷ്ടി​യിൽ തു​ല്യ​രായ, ദൈവം ഒരു​പോ​ലെ സൃ​ഷ്ടി​ച്ച, മനു​ഷ്യ​രെ പര​സ്പ​രം വേർ​തി​രി​ക്കു​ന്ന ഈ വ്യ​വ​സ്ഥ പ്ര​കൃ​തി​ക്കും മനു​ഷ്യ​നും ദൈ​വ​ത്തി​നും ഒരു​പോ​ലെ എതി​രാ​ണെ​ന്നു് മി​ഷ​ണ​റി​മാ​രും സഹ​ചാ​രി​ക​ളും വാ​ദി​ച്ചു. മി​ഷ​ണ​റി​സ്വാ​ധീ​ന​ത്തി​നു പു​റ​ത്തു​നി​ന്നു​കൊ​ണ്ടു് പാ​ശ്ചാ​ത്യ​രാ​ഷ്ട്രീ​യ​ചി​ന്ത​യിൽ​നി​ന്നു് സമ​ത്വ​വാ​ദ​ങ്ങൾ കട​മെ​ടു​ത്തു​കൊ​ണ്ടു് എഴു​തിയ ചി​ല​രു​മു​ണ്ടാ​യി​രു​ന്നു. ഈ രണ്ടു​കൂ​ട്ട​രും യോ​ജി​ച്ച ഒരു കാര്യമുണ്ടായിരുന്നു-​സ്ത്രീപുരുഷന്മാർ തമ്മി​ലു​ള്ള വ്യ​ത്യാ​സ​ത്തെ അവ​രു​ടെ ശാ​രീ​രി​ക​മായ പ്ര​ത്യേ​ക​ത​കൾ​കൊ​ണ്ടു് വി​ശ​ദീ​ക​രി​ക്കാ​മെ​ന്ന അവ​കാ​ശ​വാ​ദം. സ്ത്രീ​യു​ടെ​യും പു​രു​ഷ​ന്റെ​യും ശാ​രീ​രി​ക​പ്ര​ത്യേ​ക​ത​കൾ​ക്കി​ണ​ങ്ങു​ന്ന സ്വ​ഭാ​വ​ഗു​ണ​ങ്ങ​ളും മനോ​ഗ​തി​യും പ്ര​കൃ​തി​ത​ന്നെ അവർ​ക്കു നൽ​കി​യി​രി​ക്കു​ന്നു​വെ​ന്നും ഇവ​യി​ലൂ​ടെ​യാ​ണു് സ്ത്രീ​യു​ടെ​യും പു​രു​ഷ​ന്റെ​യും സാ​മൂ​ഹി​ക​നില നിർ​ണ്ണ​യി​ക്കേ​ണ്ട​തു​മെ​ന്നും മി​ഷ​ണ​റി​മാ​രും മറ്റു പരി​ഷ്ക്ക​ര​ണ​കു​തു​കി​ക​ളും ഒരു​പോ​ലെ വാ​ദി​ച്ചു. ഇതു​പ്ര​കാ​രം സ്ത്രീ​യു​ടെ ശരി​യായ ഇടം ഗൃ​ഹ​മാ​ണെ​ന്നു കൽ​പ്പി​ക്ക​പ്പെ​ട്ടു. വീ​ട്ടു​ജോ​ലി, പ്ര​സ​വി​ക്കൽ, കു​ട്ടി​ക​ളെ വളർ​ത്തൽ തു​ട​ങ്ങിയ കർ​മ്മ​ങ്ങ​ളും പൊ​തു​വെ വി​കാ​ര​ങ്ങ​ളി​ലൂ​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ്വാ​ധീ​നി​ച്ചു് നല്ല​വ​ഴി​ക്കു നട​ത്താ​നു​ള്ള ഉത്ത​ര​വാ​ദി​ത്വ​വും സ്ത്രീ​ക്കു​ള്ള​താ​ണെ​ന്നും വന്നു. പു​റം​ലോ​ക​ത്തിൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി മദ​മ​ത്സ​ര​മി​ല്ലാ​ത്ത, സമാ​ധാ​ന​വും സ്നേ​ഹ​വും നി​ല​നിൽ​ക്കേ​ണ്ട ഇട​മാ​ണു് ഗൃ​ഹ​മെ​ന്നും അതിനു തക്ക​തായ മനോ​ഗു​ണ​ങ്ങൾ ഓരോ സ്ത്രീ​യി​ലും പ്ര​കൃ​തി​ത​ന്നെ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​ണു് നവ​വ​രേ​ണ്യ​ലേ​ഖ​ക​രും മി​ഷ​ണ​റി​മാ​രും വാ​ദി​ച്ച​തു്. സ്നേ​ഹം, ദയ, ക്ഷമ, വാ​ത്സ​ല്യം, വാ​ക്കു​ക​ളി​ലൂ​ടെ​യും കണ്ണീ​രി​ലൂ​ടെ​യും അഭ്യർ​ത്ഥ​ന​യി​ലൂ​ടെ​യും മറ്റു മനു​ഷ്യ​രെ സ്വാ​ധീ​നി​ക്കാ​നു​ള്ള ശക്തി-​ഇതൊക്കെ സ്ത്രീ​ക്കു് സഹ​ജ​മാ​യി​ത്ത​ന്നെ ലഭി​ക്കു​ന്നു​ണ്ട​ത്രെ. എന്നാൽ പര​മ്പ​രാ​ഗ​ത​കു​ടും​ബ​രീ​തി​കൾ ഈവക ഗു​ണ​ങ്ങ​ളെ തീരെ പോ​ഷി​പ്പി​ക്കു​ന്നി​ല്ലെ​ന്നും, അതു​കൊ​ണ്ടു​ത​ന്നെ പര​മ്പ​രാ​ഗ​ത​കു​ടും​ബ​ങ്ങ​ളി​ലെ സ്ത്രീ​ക​ളു​ടെ യഥാർ​ത്ഥ ‘സ്ത്രീ​ഗു​ണം’ വെ​റു​തെ പാ​ഴാ​വു​ക​യാ​ണെ​ന്നും ഇക്കൂ​ട്ടർ പരി​ത​പി​ച്ചു. സ്ത്രീ​യു​ടെ ‘സവി​ശേ​ഷ​ഗു​ണ​ങ്ങ’ളെ പരി​പോ​ഷി​പ്പി​ക്കാ​നു​ത​കു​ന്ന​ത​രം വി​ദ്യാ​ഭ്യാ​സം അവർ​ക്കു നൽകുക; കു​ടും​ബ​രീ​തി​ക​ളിൽ മാ​റ്റം വരു​ത്തുക; വി​വാ​ഹ​സ​മ്പ്ര​ദാ​യ​ങ്ങൾ പരിഷ്ക്കരിക്കുക-​സ്ത്രീകളുടെ ‘യഥാർ​ത്ഥ സ്ത്രീ​ത്വ’ത്തെ വീ​ണ്ടെ​ടു​ക്കാൻ​വേ​ണ്ടി 19-ആം നൂ​റ്റാ​ണ്ടി​ന്റെ അവ​സാ​ന​കാ​ല​ത്തും 20-ആം നൂ​റ്റാ​ണ്ടി​ന്റെ ആദ്യ​ദ​ശ​ക​ങ്ങ​ളി​ലും പല ലേ​ഖ​ക​രും മു​ന്നോ​ട്ടു​വ​ച്ച നിർ​ദ്ദേ​ശ​ങ്ങ​ളാ​ണിവ.

അപ്പോൾ, ജാ​തി​വ്യ​വ​സ്ഥ പൂർ​ണ്ണ​മാ​യും ഉന്മൂ​ല​നം​ചെ​യ്യ​പ്പെ​ട്ട സമൂ​ഹ​ത്തെ വി​ഭാ​വ​നം ചെ​യ്യു​മ്പോ​ഴും സ്ത്രീ​പു​രു​ഷ​വ്യ​ത്യാ​സം അതി​നു​ള്ളിൽ നി​ല​നി​ന്നി​രു​ന്നു​വെ​ന്നർ​ത്ഥം. സ്ത്രീ​പു​രു​ഷ​ന്മാർ തമ്മി​ലു​ള്ള വ്യ​ത്യ​സ്തത അവർ തമ്മി​ലു​ള്ള തു​ല്യ​ത​യ്ക്കു വി​ഘാ​ത​മാ​വി​ല്ലെ​ന്ന ധാരണ ഇതിൽ അന്തർ​ലീ​ന​മാ​യി​രു​ന്നു. വീ​ടി​നും പു​റം​ലോ​ക​ത്തി​നും ഒരേ അധി​കാ​ര​വും അം​ഗീ​കാ​ര​വും ലഭി​ക്കു​ന്ന സമൂ​ഹ​ങ്ങ​ളിൽ സ്ത്രീ​പു​രു​ഷ​തു​ല്യത സ്വാ​ഭാ​വി​ക​മാ​യും ഉണ്ടാ​കു​മെ​ന്ന ശു​ഭാ​പ്തി​വി​ശ്വാ​സം തു​ളു​മ്പി​നിൽ​ക്കു​ന്ന​തും കാണാം.

മല​യാ​ളി​സ്ത്രീ​ക​ളു​ടെ തൊ​ഴിൽ​പ​ങ്കാ​ളി​ത്തം
kimages/Kulasthree_Chapter_four_pic04.png

ഇരു​പ​താം​നൂ​റ്റാ​ണ്ടിൽ മല​യാ​ളി​സ്ത്രീ​ക​ളു​ടെ തൊ​ഴിൽ​പ​ങ്കാ​ളി​ത്ത​നി​ര​ക്കിൽ ഗണ്യ​മായ ഇടി​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു് സാ​മൂ​ഹ്യ​ശാ​സ്ത്ര​ജ്ഞർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. 1901-മുതൽ 2011-​വരെയുള്ള കണ​ക്കു​ക​ളാ​ണു് താഴെ. പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളും തമ്മി​ലു​ള്ള വി​ട​വും വർ​ദ്ധി​ച്ചു​വെ​ന്നു കാണാം.

മല​യാ​ളി സ്ത്രീ​പു​രു​ഷ​ന്മാ​രു​ടെ തൊഴിൽ പങ്കാ​ളി​ത്ത നി​ര​ക്കു​കൾ 1901-2001

വർഷം പു​രു​ഷൻ സ്ത്രീ വിടവ്
1901 56.3 32.7 23.6
1911 53.8 28.9 24.9
1921 51.1 24.5 26.6
1931 50.0 35.9 14.1
1941 ലഭ്യ​മ​ല്ല ലഭ്യ​മ​ല്ല ലഭ്യ​മ​ല്ല
1951 46.7 18.3 28.4
1961 47.2 19.7 27.5
1971 45.2 14.6 30.6
1981 44.9 16.6 28.3
1991 47.6 15.9 31.7
2001 50.4 15.3 35.7

(S. Irudaya Rajan, Sreerupa, “Gender Disparity in Kerala: A Critical Reinterpretation’, Swapna Mukhopadhyay (ed), The Enigma of the Kerala Woman, New Delhi, 2007, പുറം. 46)

1931-ൽ സ്ത്രീ​കൾ കൂ​ടു​ത​ലാ​യി തൊ​ഴിൽ​രം​ഗ​ത്തു പ്ര​വേ​ശി​ച്ച​താ​യി കാ​ണു​ന്നു​വെ​ങ്കി​ലും 1951-ൽ അവ​രു​ടെ തൊ​ഴിൽ​പ​ങ്കാ​ളി​ത്ത​നി​ര​ക്കു് തീരെ കു​റ​ഞ്ഞ​താ​യി കാ​ണു​ന്നു. പി​ന്നീ​ടു് ഏറെ​ക്കു​റെ താ​ഴേ​ക്കു​ത​ന്നെ​യാ​ണാ അതി​ന്റെ പോ​ക്കു്. എന്നാൽ 1931-ലെ വർ​ദ്ധ​ന​വു് സെൻ​സ​സ് വി​വ​ര​ശേ​ഖ​ര​ണ​രീ​തി​യിൽ ആ തവണ ഉണ്ടായ മാ​റ്റം​കൊ​ണ്ടാ​കാം.

ജോസഫ് മൂ​ളി​യിൽ രചി​ച്ച സു​കു​മാ​രി (1897) എന്ന നോ​വ​ലിൽ ജാ​തി​വ്യ​ത്യാ​സ​ത്തെ​യും അസ​മ​ത്വ​ത്തെ​യും ന്യാ​യീ​ക​രി​ച്ച ജാ​തി​ക്ര​മ​വും ആൺ-​പെൺ വ്യ​ത്യാ​സ​ത്തി​ലൂ​ന്നിയ ലിം​ഗ​ക്ര​മ​വും തമ്മിൽ നേർ​ക്കു​നേർ ഇട​യു​ന്ന ഒരു സന്ദർ​ഭ​മു​ണ്ടു്. കീ​ഴ്ജാ​തി​യിൽ​നി​ന്നു് ക്രി​സ്തു​മ​തം സ്വീ​ക​രി​ച്ച ഒരു​വ​നാ​ണു് ലിം​ഗ​ക്ര​മ​ത്തി​ന്റെ വക്താ​വാ​യി നോ​വ​ലിൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തു്. ഇതു കീ​ഴ്ജാ​തി​കൾ​ക്കു് നൽകിയ ആത്മ​വി​ശ്വാ​സം ശ്ര​ദ്ധേ​യ​മാ​ണു്.

“നീ ആളൊരു രസി​ക​നാ​ണു്. നീ എന്താ​ണു് ജാതി?”

“ആൺ​ജാ​തി.” “വി​ഡ്ഢീ! നീ എന്തു ജാ​തി​ക്കാ​ര​നാ​ണെ​ന്നാ​ണു് ചോ​ദി​ച്ച​തു്.”

“ഞാൻ രണ്ടു ജാ​തി​മാ​ത്ര​മേ അറിയൂ-​ആൺജാതിയും പെൺ​ജാ​തി​യും. അതിൽ ആൺ​ജാ​തി​യാ​കു​ന്നു ഞാൻ.”

(ജോസഫ് മൂ​ളി​യിൽ, സു​കു​മാ​രി, ജോർജ് ഇരു​മ്പ​യം (സമ്പാ:), നാലു നോ​വ​ലു​കൾ, തൃശൂർ, (1897), 1985, പുറം. 362)

എത്ര​ത​ന്നെ ‘സ്വാ​ഭാ​വിക’മായി അനു​ഭ​വ​പ്പെ​ട്ടാ​ലും, ഈ വി​ശ്വാ​സ​ത്തിൽ​നി​ന്നു് നമ്മു​ടെ സമൂഹം-​എന്തിനു്, ലോകംമുഴുവൻ-​വളരെയധികം മു​ന്നോ​ട്ടു​പോ​യി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു​വെ​ന്ന വസ്തുത ഇവിടെ പ്ര​ത്യേ​കം എടു​ത്തു​പ​റ​യേ​ണ്ട​താ​ണു്. സ്ത്രീ​ക​ളു​ടെ ‘സ്ത്രീ​ത്വം’, പു​രു​ഷ​ന്മാ​രു​ടെ ‘പു​രു​ഷ​ത്വം’ മു​ത​ലാ​യ​വ​യെ പ്ര​കൃ​തി​നിർ​ണ്ണി​ത​ഗു​ണ​ങ്ങ​ളാ​യി കാ​ണാ​നാ​വി​ല്ലെ​ന്നു് നാം ഇന്ന​റി​യു​ന്നു. ഒരി​ക്ക​ലും മാ​റാ​ത്ത​വി​ധം ‘ആൺ’-’പെൺ’ സ്വ​ഭാ​വ​ങ്ങൾ​ക്കു് ദൃഢത നൽ​കു​ന്ന യാ​തൊ​ന്നും പ്ര​കൃ​തി​യി​ലി​ല്ലെ​ന്നു് ശാ​സ്ത്ര​ഗ​വേ​ഷ​ണം വെ​ളി​പ്പെ​ടു​ത്തു​ന്നു. ഈ സ്വ​ഭാ​വ​ങ്ങൾ സാ​മൂ​ഹ്യ​ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​യി സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​വ​യാ​ണെ​ന്നും സാ​മൂ​ഹ്യ​മാ​റ്റ​ത്തി​ലൂ​ടെ അവയും മാ​റ്റ​ത്തി​നു വി​ധേ​യ​മാ​കു​ന്നു​വെ​ന്നും പര​ക്കെ സമ്മ​തി​ക്ക​പ്പെ​ടു​ന്നു. ലിം​ഗ​വ്യ​ത്യാ​സ​ത്തെ ഒന്നു​കിൽ ‘ആൺ’ അല്ലെ​ങ്കിൽ ‘പെൺ’ എന്നു വേർ​തി​രി​ച്ചു​ക​ണ്ടി​രു​ന്ന രീ​തി​ത​ന്നെ അപ്ര​സ​ക്തം, അല്ലെ​ങ്കിൽ അനു​ചി​ത​മാ​യി​മാ​റു​ന്ന ഒരു ലോ​ക​മാ​ണു് ഇന്നു്. പു​രു​ഷ​ശ​രീ​ര​ത്തോ​ടെ ജനി​ച്ചാ​ലും സ്ത്രീ​യാ​യി ജീ​വി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വർ, സ്ത്രീ​ശ​രീ​ര​മാ​ണെ​ങ്കി​ലും പു​രു​ഷ​നാ​ണെ​ന്നു​ത​ന്നെ വി​ശ്വ​സി​ക്കു​ന്ന​വർ, സ്വവർഗ്ഗസ്നേഹികൾ-​ഇങ്ങനെ ലിം​ഗ​ഭേ​ദ​ത്തെ വളരെ വ്യ​ത്യ​സ്ത​മായ രീ​തി​ക​ളിൽ വീ​ക്ഷി​ക്കു​ന്ന​വർ ക്ര​മേണ പൊ​തു​സ​മൂ​ഹ​ത്തി​ന്റെ ഭാ​ഗ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. കഠി​ന​മാ​യി പീഡിപ്പിക്കപ്പെട്ടവരാണിവർ-​’പ്ര​കൃ​തി​വി​രു​ദ്ധർ’ എന്ന പേരിൽ. എന്നാ​ലി​ന്നു് അവ​രു​ടെ താൽ​പ​ര്യ​ങ്ങ​ളി​ലും പെ​രു​മാ​റ്റ​ത്തി​ലും ‘പ്ര​കൃ​തി​വി​രു​ദ്ധ’മായി യാ​തൊ​ന്നു​മി​ല്ല എന്നു കരു​തു​ന്ന വലി​യൊ​രു വി​ഭാ​ഗ​മു​ണ്ടു്. സം​ഘ​ടി​ത​മ​ത​ങ്ങ​ളും മത​മേ​ധാ​വി​ക​ളും ഇവരെ അം​ഗീ​ക​രി​ക്കാൻ തയ്യാ​റ​ല്ലെ​ങ്കി​ലും മത​ത്തി​നു​പു​റ​ത്തു് അവർ അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്നു. പൊ​തു​വെ ലിം​ഗ​പ്ര​ത്യേ​ക​ത​കൾ പ്ര​കൃ​തി​യോ ദൈവമോ നിർ​ണ്ണ​യി​ക്കു​ന്ന​വ​യാ​ണെ​ന്ന വി​ശ്വാ​സ​ത്തി​നു് മത​വി​ശ്വാ​സ​ത്തി​ന്റെ ഉന്ന​ത​വൃ​ത്ത​ങ്ങൾ​ക്കു​പു​റ​ത്തു് പണ്ട​ത്തെ​യ​ത്ര ശക്തി​യി​ല്ല. സ്ത്രീ​കൾ വീ​ട്ടു​കാ​രി​ക​ളാ​യി​രി​ക്ക​ണ​മെ​ന്നു് പ്ര​കൃ​തി​നി​യ​മ​മൊ​ന്നു​മി​ല്ലെ​ന്നു് സു​വ്യ​ക്ത​മാ​ണു്. സമൂ​ഹ​ത്തി​ലെ മറ്റു സ്വാ​ധീ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്നു​മു​ണ്ടു്.

പക്ഷേ, 19-ആം നൂ​റ്റാ​ണ്ടി​ലും 20-ആം നൂ​റ്റാ​ണ്ടി​ലു​മു​ള്ള നവ​വ​രേ​ണ്യ​ചി​ന്ത​യെ ലിം​ഗ​ഭേ​ദ​ത്തി​ന്റേ​തായ ഈ പരി​പ്രേ​ക്ഷ്യം ആഴ​ത്തിൽ സ്വാ​ധീ​നി​ച്ചു. സ്ത്രീ​ക​ളു​ടെ​യും പു​രു​ഷ​ന്മാ​രു​ടെ​യും മാ​ന്യ​ത​യെ​ക്കു​റി​ച്ചു​ള്ള പുതിയ ധാ​ര​ണ​ക​ളെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തിൽ ഇതിനു മു​ഖ്യ​പ​ങ്കു​ണ്ടാ​യി​രു​ന്നു. വ്യ​ത്യ​സ്ത ജാ​തി​ക​ളിൽ​പ്പെ​ട്ട സ്ത്രീ​കൾ​ക്കു് വളരെ വ്യ​ത്യ​സ്ത​ങ്ങ​ളായ ലിം​ഗാ​ദർ​ശ​ങ്ങൾ ബാ​ധ​ക​മാ​യി​രു​ന്നു​വെ​ന്നു് മു​മ്പൊ​രു അദ്ധ്യാ​യ​ത്തിൽ വി​വ​രി​ച്ചു​വ​ല്ലോ. ഇതിനു ബദ​ലാ​യി​വ​ന്ന പുതിയ സാ​മൂ​ഹി​കാ​ദർ​ശ​മാ​തൃ​ക​യിൽ എല്ലാ സ്ത്രീ​കൾ​ക്കും ഒരു​പോ​ലെ ബാ​ധ​ക​മായ സ്ത്രീ​ത്വാ​ദർ​ശ​മു​ണ്ടാ​യി​രു​ന്നു. 1913-ൽ ഒരു സ്ത്രീ​സ​മാ​ജ​ത്തിൽ തച്ചാ​ട്ടു​ദേ​വ​കി​യ​മ്മ ചെയ്ത പ്ര​സം​ഗ​ത്തിൽ ഈ ആദർ​ശ​ത്തെ​ക്കു​റി​ച്ചു് വ്യ​ക്ത​മാ​യി വി​വ​രി​ച്ചു പറ​യു​ന്നു:

സ്ത്രീ​കൾ​ക്കും പു​രു​ഷ​ന്മാർ​ക്കും ഒരേ​ത​രം വി​ദ്യാ​ഭ്യാ​സം നൽ​കു​ന്ന​തു് ആശാ​സ്യ​മ​ല്ല. പ്ര​കൃ​തി ഇരു​കൂ​ട്ട​രേ​യും ഒരേ ധർ​മ്മ​ത്തി​ന​ല്ല സൃ​ഷ്ടി​ച്ച​തെ​ന്നു് അവ​രു​ടെ ശരീരം, മാ​ന​സി​കാ​വ​സ്ഥ, ബു​ദ്ധി​പ​ര​മായ കഴി​വു​കൾ എന്നി​വ​യിൽ​നി​ന്നു തെ​ളി​യു​ന്നു​ണ്ടു്… സ്ത്രീ​യു​ടെ ശരീ​ര​സ്ഥി​തി​യും മനഃ​സ്ഥി​തി​യും പരി​ശോ​ധി​ച്ചാൽ, കൂ​ടു​തൽ ശരീ​ര​ശ​ക്തി വേ​ണ്ടാ​ത്ത, എന്നാൽ അധികം സഹ​ന​ശേ​ഷി ആവ​ശ്യ​മു​ള്ള പ്ര​വൃ​ത്തി​കൾ​ക്കാ​യാ​ണു് അവൾ സൃ​ഷ്ടി​ക്ക​പ്പെ​ട്ട​തെ​ന്നു് തീർ​ച്ച​യാ​ണു്. പ്രാ​യേണ സ്ത്രീ​യു​ടെ മനോ​ഘ​ടന കോ​മ​ള​വും, വേ​ഗ​ത്തിൽ പരി​പ​ക്വ​മാ​വു​ന്ന​തും, ഭാ​വ​നാ​പൂർ​ണ്ണ​വും, വി​കാ​ര​ങ്ങൾ​ക്കു വേഗം അടി​പ്പെ​ടു​ന്ന​തും, സൂ​ക്ഷ്മ​സ്ഥി​തി​ക​ളെ ഗ്ര​ഹി​ക്കു​ന്ന​തും, വേഗം ഇള​കു​ന്ന​തു​മാ​ണു്. ദയ, സ്നേ​ഹം, ക്ഷമ മു​ത​ലായ ഗു​ണ​ങ്ങ​ളിൽ പു​രു​ഷൻ സ്ത്രീ​യു​ടെ സമീ​പ​ത്തു് ഒരി​ക്ക​ലും എത്തു​ക​യി​ല്ല…

…സ്ത്രീ​കൾ പൊ​തു​രം​ഗ​ത്തു പ്ര​വേ​ശി​ച്ചി​ല്ലെ​ങ്കി​ലും അവർ കഴി​വു​ള്ള സന്ത​തി​ക​ളെ വളർ​ത്തി​യാൽ, അതു​ത​ന്നെ ലോ​ക​ക്ഷേ​മ​ത്തി​ന​വർ നൽ​കു​ന്ന സം​ഭാ​വ​ന​യ​ല്ല​യോ? അതു​കൊ​ണ്ടു് അവ​രു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ ലക്ഷ്യം അവരെ രണ്ടാം​കിട പു​രു​ഷ​ന്മാ​രാ​ക്ക​ല​ല്ല, മറി​ച്ചു് ദയ, കരുണ, സ്നേ​ഹം, മമത, ക്ഷമ മു​ത​ലായ ഗു​ണ​ങ്ങ​ളെ വളർ​ത്ത​ലാ​ണു്… ജീ​വി​ത​സ​മ​ര​ത്തിൽ പു​രു​ഷ​ന്റെ സഹാ​യി​യാ​യി, തന്റെ സ്ത്രീ​ത്വ​ത്തി​ലൂ​ടെ അവ​ന്റെ അദ്ധ്വാ​ന​ത്തെ ലഘൂ​ക​രി​ക്ക​ലാ​ണു് സ്ത്രീ​യു​ടെ ധർ​മ്മം. ദയാ​പൂർ​ണ്ണ​മായ വാ​ക്കി​ലൂ​ടെ​യും പ്ര​വൃ​ത്തി​യി​ലൂ​ടെ​യു​മാ​ണു് സ്ത്രീ വി​ജ​യം​വ​രി​ക്കേ​ണ്ട​തു്. മത്സ​ര​ത്തി​ലൂ​ടെ​യ​ല്ല…

തച്ചാ​ട്ടു് ദേവകി അമ്മ, ‘സ്ത്രീ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ ഉദ്ദേ​ശം’, ലക്ഷ്മീ​ഭാ​യി 20(1),1913-14)

‘ശരീ​ര​ശ​ക്തി’ സ്ത്രീ​ക്കു കു​റ​വാ​ണെ​ന്നു് ദേ​വ​കി​യ​മ്മ പറ​യു​ന്നു​ണ്ടെ​ങ്കി​ലും കഠി​ന​മായ കാ​യി​ക​ജോ​ലി​ക​ളിൽ അക്കാ​ല​ത്തെ സ്ത്രീ​കൾ ഏർ​പ്പെ​ട്ടി​രു​ന്ന​തി​നെ​ക്കു​റി​ച്ചു് മുൻ അദ്ധ്യാ​യ​ത്തിൽ പറ​ഞ്ഞു​വ​ല്ലോ. അതിൽ വി​വ​രി​ച്ച​തി​ല​ധി​കം ശ്ര​മ​ക​ര​മായ ജോ​ലി​കൾ ചെ​യ്തി​രു​ന്ന ദരി​ദ്ര​സ്ത്രീ​കൾ ഈ നാ​ട്ടിൽ ധാ​രാ​ള​മു​ണ്ടാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ ചാ​ല​ക്ക​മ്പോ​ള​ത്തിൽ ചു​മ​ടെ​ടു​ത്തു് കഴി​ഞ്ഞി​രു​ന്ന സ്ത്രീ​കൾ അക്കാ​ല​ത്തു​ണ്ടാ​യി​രു​ന്നു. വി​ദൂ​ര​സ്ഥ​ല​ങ്ങ​ളിൽ​നി​ന്നു് വലിയ ചാ​ക്കു​ക​ളിൽ നെ​ല്ലു​ചു​മ​ന്നു് ചാ​ല​യി​ലെ​ത്തി വിൽപന നട​ത്തി​യി​രു​ന്ന സ്ത്രീ​ക​ളു​ണ്ടാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ കി​ഴ​ക്കൻ മല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളിൽ​നി​ന്നു് ഭാ​ര​മേ​റിയ പുൽ​ക്കെ​ട്ടു​കൾ തല​ച്ചു​മ​ടാ​യി വഹി​ച്ചു് നഗ​ര​ത്തിൽ​വ​ന്നു് കച്ച​വ​ടം ചെ​യ്തി​രു​ന്ന കീ​ഴാ​ള​സ്ത്രീ​കൾ​ക്കു്, പക്ഷേ, ആ ചു​മ​ടു് നി​ല​ത്തു​വ​ച്ചു കച്ച​വ​ടം ചെ​യ്യാൻ അനു​മ​തി​യി​ല്ലാ​യി​രു​ന്നു. ഇതി​നെ​തി​രെ ശ്രീ​മൂ​ലം പ്ര​ജാ​സ​ഭ​യിൽ അധഃ​സ്ഥി​ത​രു​ടെ പ്ര​തി​നി​ധി​യും തി​രു​വി​താം​കൂ​റി​ലെ കീ​ഴാ​ള​രു​ടെ നേ​താ​വും ഗു​രു​വു​മാ​യി​രു​ന്ന പൊ​യ്ക​യിൽ അപ്പ​ച്ചൻ (യോ​ഹ​ന്നാൻ) 1930-കളിൽ ശബ്ദ​മു​യർ​ത്തി​യ​തി​നെ​ത്തു​ടർ​ന്നാ​ണു് പുൽ​ക്കെ​ട്ടു നി​ല​ത്തി​റ​ക്കി​വ​ച്ചു കച്ച​വ​ടം ചെ​യ്യാ​നു​ള്ള അനു​മ​തി കീ​ഴാ​ള​സ്ത്രീ​കൾ​ക്കു ലഭി​ച്ച​തു്. പു​രു​ഷ​ന്റെ​യൊ​പ്പം പേ​ശീ​ബ​ല​മി​ല്ലെ​ങ്കി​ലും കാ​യി​ക​മായ സഹ​ന​ശ​ക്തി, തീർ​ച്ച​യാ​യും ഈ സ്ത്രീ​ക​ളിൽ കു​റ​വാ​യി​രു​ന്നി​ല്ല. അവർ​ക്കു് ശരീ​ര​ശ​ക്തി കു​റ​വാ​യി​രു​ന്നു​വെ​ന്നു പറ​യാ​നും എളുപ്പമല്ല-​നെൽച്ചാക്കും തല​യിൽ​വ​ഹി​ച്ചു് അനേകം കാതം നട​ന്നു് ചന്ത​യിൽ പോകാൻ ശരീ​ര​ശ​ക്തി​കൂ​ടാ​തെ പറ്റി​ല്ല​ല്ലോ. എന്താ​യാ​ലും വെ​യി​ലേ​റ്റ ചീ​ര​ത്ത​ണ്ടു​പോ​ലെ വാ​ടി​ക്കു​ഴ​യു​ന്ന ദേ​ഹ​മ​ല്ലാ​യി​രു​ന്നി​രി​ക്ക​ണം, ഇവ​രു​ടേ​തു്! ദേ​വ​കി​യ​മ്മ​യു​ടെ സ്ത്രീ​ത്വാ​ദർ​ശം മേ​ലാ​ള​മൂ​ല്യ​ങ്ങ​ളിൽ പങ്കു​ചേ​രു​ന്ന​വ​യാ​ണു് എന്നു് നി​സ്സം​ശ​യം പറയാം. ദേ​ഹാ​ദ്ധ്വാ​നം​കൊ​ണ്ടു ജീ​വി​ക്കു​ന്ന സ്ത്രീ​കൾ, കാ​യി​ക​ശേ​ഷി പ്ര​ക​ടി​പ്പി​ക്കു​ന്ന സ്ത്രീകൾ-​ഇവരെല്ലാം ദേ​വ​കി​യ​മ്മ​യു​ടെ സ്ത്രീ​ത്വാ​ദർ​ശ​ത്തി​നു പു​റ​ത്താ​ണു്! ഇതേ​കാ​ല​ത്തു​ത​ന്നെ സ്ത്രീ​കൾ​ക്കു പു​രു​ഷ​ന്മാ​രെ​പ്പോ​ലെ സാ​മൂ​ഹ്യ​ജീ​വി​ത​ത്തി​ലും പൊ​തു​രം​ഗ​ത്തും ഇറ​ങ്ങി പ്ര​വർ​ത്തി​ക്കാൻ കഴി​വു​ണ്ടെ​ന്നു വാ​ദി​ച്ച മറ്റു ലേഖകരുമുണ്ടായിരുന്നു-​എന്നാൽ അവരും ‘സ്ത്രീ​ത്വ’ത്തി​ന്റെ സവി​ശേ​ഷ​ത​യ്ക്കു്, വ്യ​വ​സ്ഥ​യ്ക്കു്, പ്ര​ത്യേ​ക​മൂ​ന്നൽ നൽ​കു​ക​ത​ന്നെ ചെ​യ്തു.

‘ദയ, സ്നേ​ഹം, ക്ഷമ’-​ഇവയൊക്കെ സ്ത്രീ​സ​ഹ​ജ​ഗു​ണ​ങ്ങ​ളാ​ണെ​ന്നാ​ണു് ദേ​വ​കി​യ​മ്മ​യും മറ്റു​പ​ല​രു​മെ​ഴു​തി​യ​തു്. വികാരങ്ങൾ-​പ്രത്യേകിച്ചു് മൃദുലവികാരങ്ങൾ-​പൊതുവെ സ്ത്രീ​യു​ടെ സഹ​ജ​വാ​സ​ന​യെ നിർ​ണ്ണ​യി​ക്കു​ന്നു​വെ​ന്നു പറ​യു​ന്ന​തു​കൊ​ണ്ടു​ള്ള പരോ​ക്ഷ​ഫ​ല​മെ​ന്താ​ണു്? പൊ​തു​വെ യു​ക്തി​യു​ടെ ലോ​ക​ത്തെ ഒന്ന​ട​ങ്കം പു​രു​ഷ​ന്മാർ​ക്കു തീ​റെ​ഴു​തി​ക്കൊ​ടു​ക്കു​ന്ന​തി​നു സമ​മാ​ണി​തു്! ഇന്നു് കേ​ര​ള​ത്തി​ലെ ബൗ​ദ്ധി​ക​ജീ​വി​ത​ത്തിൽ നാം കാ​ണു​ന്ന ചില പ്ര​ത്യേ​ക​ത​ക​ളു​ടെ വേ​രു​കൾ ഇത്ത​രം ധാ​ര​ണ​ക​ളി​ല​ല്ലേ എന്നു സം​ശ​യി​ച്ചു​പോ​കു​ന്നു. പൊ​തു​വെ സാ​ഹി​ത്യം വി​കാ​ര​ങ്ങ​ളു​ടെ ഉൽ​പ​ന്ന​മാ​യാ​ണു് കണക്കാക്കപ്പെടുന്നതു്-​കേരളത്തിലെ എഴു​ത്തി​കാ​രി​ക​ളി​ല​ധി​കം​പേ​രും സാ​ഹി​ത്യ​രം​ഗ​ത്താ​ണു് നി​ല​യു​റ​പ്പി​ച്ചി​ട്ടു​ള്ള​തു്. സാ​ഹി​ത്യേ​ത​ര​രം​ഗ​ങ്ങ​ളിൽ സ്ത്രീ​കൾ പൊ​തു​വെ കു​റ​വാ​ണു്: നി​രൂ​പ​ണം, ശാ​സ്ത്രം, സാ​മൂ​ഹ്യ​ശാ​സ്ത്രം ഇതെ​ല്ലാം പു​രു​ഷ​ന്മാ​രു​ടെ മേ​ഖ​ല​ക​ളാ​ണു്. പൊ​തു​വെ യു​ക്തി, ലോ​ക​പ​രി​ച​യം, ഇവ ആവ​ശ്യ​പ്പെ​ടു​ന്ന ബൗ​ദ്ധി​ക​പ്ര​വർ​ത്ത​ന​ങ്ങ​ളിൽ ഏർ​പ്പെ​ടു​ന്ന സ്ത്രീ​ക​ളെ ‘പൗ​രു​ഷ​ക്കാ​രി’കളായി എണ്ണു​ന്ന സമൂ​ഹ​മാ​ണി​തു്.

പു​രു​ഷ​ന്മാ​രു​ടേ​തായ പല മേ​ഖ​ല​ക​ളി​ലും കട​ന്നു​ചെ​ല്ലാൻ 1920-​കൾക്കുശേഷം അഭ്യ​സ്ത​വി​ദ്യ​രായ സ്ത്രീ​കൾ ശക്ത​മായ ശ്ര​മ​ങ്ങൾ ആരം​ഭി​ച്ചു​വെ​ങ്കി​ലും ആൺ-​പെൺ വ്യ​ത്യ​സ്ത​ത​യി​ലൂ​ന്നിയ ഈ ലിം​ഗ​മാ​തൃ​ക​യെ അവർ കൈ​വെ​ടി​ഞ്ഞി​ല്ല. ആത്മ​നി​യ​ന്ത്ര​ണ​ത്തി​ലൂ​ടെ സ്വ​ന്തം കു​ടും​ബ​ത്തെ ‘സൗ​മ്യ​മായ അധി​കാ​ര​ത്തി​ലൂ​ടെ’ ഭരി​ക്കാൻ (അതാ​യ​തു്, സ്നേ​ഹി​ച്ചും ശാ​സി​ച്ചും നേർ​വ​ഴി നട​ത്തി​ക്കാ​നു​ള്ള അധികാരത്തിലൂടെ-​ശിക്ഷിച്ചും താ​ഡി​ച്ചും ഭരി​ക്കാ​നു​ള്ള അധി​കാ​ര​ത്തിൽ​നി​ന്നു് ഇതു് വ്യ​ത്യ​സ്ത​മാ​ണു്) സവി​ശേ​ഷ​മായ കഴി​വാ​ണ​ല്ലൊ പുതിയ സ്ത്രീ​ദർ​ശ​നം സ്ത്രീ​ക്കു കൽ​പ്പി​ച്ച​തു്. ഈ കഴി​വു് കു​ടും​ബ​ത്തി​നു​പു​റ​ത്തും ഏറ്റ​വും പ്ര​സ​ക്ത​മാ​ണെ​ന്നു് അഭ്യ​സ്ത​വി​ദ്യ​രായ ഈ സ്ത്രീകൾ-​കേരളീയ സ്ത്രീ​വാ​ദി​ക​ളു​ടെ ആദ്യതലമുറ-​വാദിച്ചു. അതാ​യ​തു് വീ​ട്ടിൽ മാ​ത്ര​മ​ല്ല, പൊ​തു​സ്ഥാ​പ​ന​ങ്ങ​ളി​ലും (വി​ദ്യാ​ല​യം, ആശു​പ​ത്രി, ഭര​ണ​സ്ഥാ​പ​ന​ങ്ങൾ, കോ​ട​തി​കൾ, നി​യ​മ​നിർ​മ്മാ​ണ​സ​ഭ​കൾ, ക്ര​മ​സ​മാ​ധാ​ന​പാ​ലന സ്ഥാ​പ​ന​ങ്ങൾ) സ്ത്രീ​യു​ടെ ‘സൗ​മ്യാ​ധി​കാ​രം’ ഫല​പ്ര​ദ​മായ ഭര​ണ​ത്തി​നു​ത​കു​മെ​ന്നാ​യി​രു​ന്നു ഇവ​രു​ടെ അഭി​പ്രാ​യം. വി​വാ​ഹം കഴി​ക്കാ​തെ​യും പ്ര​സ​വി​ക്കാ​തെ​യും സ്ത്രീ​കൾ​ക്കു് ഈ അധി​കാ​രം വി​നി​യോ​ഗി​ക്കാ​മെ​ന്ന സൂചന ഈ വാ​ദ​ത്തി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന​തു് ശ്ര​ദ്ധേ​യ​മാ​ണു്. പക്ഷേ, ‘ആത്മ​നി​യ​ന്ത്രണ’ത്തി​ലൂ​ടെ മാ​ത്ര​മേ സ്ത്രീ​ക്കു് തനി​ക്കു സഹ​ജ​മെ​ന്നു പറ​യ​പ്പെ​ട്ട ‘സൗ​മ്യാ​ധി​കാര’ത്തെ പു​റ​ത്തെ​ടു​ക്കാ​നാ​വൂ. അതു​കൊ​ണ്ടു​ത​ന്നെ, തന്റെ​മേൽ കടു​ത്ത നി​യ​ന്ത്ര​ണ​ങ്ങൾ സ്വ​യ​മേൽ​ക്കു​ന്ന സ്ത്രീ മാ​ത്ര​മേ ഉത്ത​മ​സ്ത്രീ​യാ​കൂ എന്ന ധാ​ര​ണ​യെ കു​റ​ച്ചു​കൂ​ടി ഉറ​പ്പി​ക്കാൻ ആദ്യ​കാല സ്ത്രീ​വാ​ദി​ക​ളു​ടെ മേൽ​വി​വ​രി​ച്ച അവ​കാ​ശ​വാ​ദം സഹാ​യി​ച്ചു. ‘സ്ത്രീ​യു​ടെ സഹ​ജ​മായ കഴിവാ’ണി​തെ​ന്ന​മ​ട്ടി​ലാ​ണു് ആദ്യ​കാല സ്ത്രീ​വാ​ദി​ക​ളും ഇതിനെ അവ​ത​രി​പ്പി​ച്ച​തു്. 1916-ൽ ‘സരോ​ജി​നി’ എന്ന തൂ​ലി​കാ​നാ​മ​ത്തിൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ലേ​ഖ​ന​ത്തിൽ ഈ തന്ത്രം പ്ര​വർ​ത്തി​ക്കു​ന്ന​തു കാണാം.

kimages/Kulasthree_Chapter_four_pic05.png
മത​സ​മൂ​ഹ​ങ്ങ​ളും സ്ത്രീ​ക​ളും

സമു​ദാ​യ​ങ്ങ​ളെ കൂ​ടു​തൽ ജനാ​ധി​പ​ത്യ​വൽ​ക്ക​രി​ക്ക​ണം; സ്ത്രീ​കൾ​ക്കു് സമു​ദാ​യ​ങ്ങൾ​ക്കു​ള്ളിൽ നീ​തി​യും സം​ര​ക്ഷ​ണ​വും തു​ല്യ​ത​യും ലഭിക്കണം-​ഇത്തരം മു​ദ്രാ​വാ​ക്യ​ങ്ങൾ ഉന്ന​യി​ച്ചു​കൊ​ണ്ടാ​ണു് സമു​ദാ​യ​പ​രി​ഷ്ക്കർ​ത്താ​ക്ക​ളായ സ്ത്രീ​കൾ രം​ഗ​പ്ര​വേ​ശം ചെ​യ്ത​തു്. എന്നാൽ മത​വി​ശ്വാ​സ​ത്തി​നു​ള്ളിൽ ഇത്ത​ര​മൊ​രു ലിം​ഗ​ജ​നാ​ധി​പ​ത്യ​ത്തി​നു​വേ​ണ്ടി വാ​ദ​ങ്ങ​ളു​ണ്ടാ​യി എന്നു പറ​യാ​നാ​വി​ല്ല. സ്ത്രീ​കൾ​ക്കു് തീരെ ആനു​കൂ​ല്യം ലഭ്യ​മ​ല്ലാ​യി​രു​ന്ന ഈ രംഗത്തു്-​അസാമാന്യമായ സാ​ന്നി​ദ്ധ്യ​വും വമ്പി​ച്ച നേ​ട്ട​വും കൈ​വ​രി​ച്ച ഒന്നു​ര​ണ്ടു സ്ത്രീ​കൾ ഉണ്ടാ​യി​ട്ടു​ണ്ടെ​ന്നു തീർ​ച്ച. അടു​ത്തി​ടെ മാർ​പ്പാ​പ്പ വി​ശു​ദ്ധ​യാ​യി പ്ര​ഖ്യാ​പി​ച്ച ഭര​ണ​ങ്ങാ​ന​ത്തെ അൽ​ഫോൺ​സാ​മ്മ (1910-1946), വാ​ഴ്ത്ത​പ്പെ​ട്ട മറിയം ത്രേ​സ്യാ​മ്മ (1876-1926) എന്നി​വ​രു​ടെ പേ​രു​കൾ എടു​ത്തു​പ​റ​യേ​ണ്ട​വ​യാ​ണു്. സാ​മൂ​ഹ്യ​പ​രി​ഷ്ക്ക​ര​ണ​ത്തി​ന്റെ അന്തഃ​സ​ത്ത​യെ ക്രി​സ്തീ​യ​സ​ന്ന്യാ​സി​നി​മാ​രു​ടെ ജീ​വി​ത​ച​ര്യ​യു​ടെ ഭാ​ഗ​മാ​ക്കിയ മറിയം ത്രേ​സ്യ തൃ​ശൂ​രി​ലെ പു​ത്തൻ​ചി​റ​യിൽ ജനി​ച്ചു. തി​രു​കു​ടുംബ സന്യാ​സി​നീ​സഭ (Congregation of the Holy Family) എന്ന സംഘം സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ അവർ സേ​വ​ന​ത്തെ സന്യാ​സ​ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​ക്കി. 20-ആം നൂ​റ്റാ​ണ്ടിൽ കത്തോ​ലി​ക്കാ​സ​ഭ​യിൽ സന്യാ​സി​നി​മാ​രു​ടെ എണ്ണം ഗണ്യ​മാ​യി വർദ്ധിച്ചു-​1960-​കൾക്കും 1970-​കൾക്കുമിടയിൽ സന്യാ​സി​നി​ക​ളാ​യി ചേർ​ന്ന​വ​രു​ടെ എണ്ണം വർ​ഷ​ത്തിൽ ഇരു​പ​തു ശത​മാ​നം​വ​ച്ചു വർ​ദ്ധി​ച്ചു​വെ​ന്നു് Genevieve Lemercinier, F.Houtart എന്നി​വ​രു​ടെ പഠനം വെ​ളി​പ്പെ​ടു​ത്തു​ന്നു. (The Church and Development in Kerala, കൊ​ച്ചി, 1974.) എന്നാൽ ഇത​നു​സ​രി​ച്ചു് സന്യാ​സി​നി​മാ​രു​ടെ അധി​കാ​ര​ങ്ങ​ളിൽ മാ​റ്റ​മു​ണ്ടാ​യി എന്നു കരു​താ​നാ​വി​ല്ല. ആത്മീ​യ​പ്ര​വർ​ത്ത​ന​ങ്ങ​ളി​ലെ സ്ത്രീ​പ​ങ്കാ​ളി​ത്തം ഇനി​യു​മേ​റെ പഠ​ന​ങ്ങൾ നട​ക്കേ​ണ്ട വി​ഷ​യ​മാ​ണു്. കേ​ര​ള​ത്തി​ലെ ഹി​ന്ദു​മ​ത​വി​ശ്വാ​സ​ത്തി​ന്റെ സമീ​പ​കാ​ല​ച​രി​ത്ര​ത്തിൽ ഉന്ന​ത​ജാ​തി​ക്കാ​രായ പു​രു​ഷ​ന്മാർ​ക്കു സന്യാ​സ​ദീ​ക്ഷ നൽ​കു​ന്ന (കീ​ഴ്ജാ​തി​യിൽ പി​റ​ന്ന) ആത്മീ​യ​നേ​താ​വായ സ്ത്രീ എന്ന നി​ല​യിൽ മാതാ അമൃ​താ​ന​ന്ദ​മ​യി വളരെ പ്ര​ധാ​ന​പ്പെ​ട്ട ഒരു പ്ര​തി​ഭാ​സ​മാ​ണു്. എന്നാൽ വി​ശ്വാ​സ​ത്തി​ന്റെ രം​ഗ​ത്തു് അവർ​ക്കു് മുൻഗാമികളുണ്ടായിരുന്നു-​അവരെക്കുറിച്ചു് നമു​ക്ക​ധി​ക​മൊ​ന്നും അറി​യി​ല്ലെ​ങ്കി​ലും. മാ​സ​മു​റ​യു​ള്ള കാ​ല​ത്തു് സ്ത്രീ​കൾ ദേ​വാ​ല​യ​ങ്ങ​ളിൽ പ്ര​വേ​ശി​ച്ചു​കൂ​ടെ​ന്ന വി​ല​ക്കു് തി​ക​ച്ചും മത​പ​ര​മാ​ണു്. ഈ വി​ല​ക്കി​ന്റെ സ്ത്രീ​വി​രു​ദ്ധ​ത​യെ ചോ​ദ്യം​ചെ​യ്യു​ന്ന ശബ്ദ​ങ്ങൾ മത​ങ്ങൾ​ക്കു​ള്ളിൽ തീരെ കേൾക്കാനില്ല-​സ്ത്രീകളായ വി​ശ്വാ​സി​ക​ളു​ടെ എണ്ണം വള​രെ​വ​ള​രെ വലു​തായ ഇക്കാ​ല​ത്തും. ലൈം​ഗി​ക​മായ അച്ചടക്കം-​അതായതു് ഒരേ​യൊ​രു ഭർ​ത്താ​വു് മാ​ത്ര​മു​ണ്ടാ​വുക, ഭർ​ത്താ​വി​ന്റെ ഹി​ത​മ​നു​സ​രി​ച്ചു് ജീ​വി​ക്കുക, അദ്ദേ​ഹ​ത്തി​നോ​ടു് ലൈം​ഗി​ക​മായ വി​ശ്വ​സ്തത പുലർത്തുക-​ഇതൊക്കെ ‘സ്ത്രീ​സ​ഹജ’മാ​ണെ​ന്നാ​യി​രു​ന്നു അവ​രു​ടെ അഭി​പ്രാ​യം:

kimages/Kulasthree_Chapter_four_pic06.png

സീത രാ​വ​ണാ​ല​യ​ത്തിൽ ഒരാ​ണ്ടു പാർ​ത്ത സംശയം പോ​ക്കാൻ തീയിൽ ചാ​ടി​യി​ട്ടും ശ്രീ​രാ​മ​നും മാ​ലോ​കർ​ക്കും സംശയം നീ​ങ്ങി​യി​ല്ല. ലക്ഷ്മ​ണൻ പന്തീ​രാ​ണ്ടു​കാ​ലം തന്നെ​പ്പി​രി​ഞ്ഞു പാർ​ത്തി​ട്ടും കള്ളു​കു​ടി​ച്ച തണ്ടാൻ തെ​ങ്ങിൽ കയ​റി​യ​മാ​തി​രി ശൂർ​പ്പ​ണ​ഖ​യു​ടെ മൂ​ക്കി​ലും​മ​റ്റും പാ​ഞ്ഞി​ട്ടും ഊർ​മ്മി​ള​യ്ക്കു ഒരു സം​ശ​യ​വു​മു​ണ്ടാ​യി​ല്ല. വേ​ശ്യാ​ഗൃ​ഹ​ത്തിൽ പോ​ക​ണ​മെ​ന്നു് ആവ​ശ്യ​പ്പെ​ട്ട കു​ഷ്ഠ​ക്കാ​ര​നെ ശീ​ലാ​വ​തി തോളിൽ ചു​മ​ന്നാ​ണു് കൊ​ണ്ടു​പോ​യ​തു്. വഴി​ക്കു​വ​ച്ചു മരി​ച്ചു​പോയ ആ മഹാ​മൂർ​ഖ​നെ തി​ര്യെ കൊ​ടു​ത്ത​ല്ലാ​തെ സൂ​ര്യൻ ഉദി​ച്ചു​കൂ​ടെ​ന്നു ശീ​ലാ​വ​തി തറ്റു​ടു​ത്തു​നി​ന്നു​കൊ​ണ്ടാ​ണു് തപ​സ്സു ചെ​യ്ത​തു്…

…സ്ത്രീ​യെ കൊ​തി​ച്ചു് പു​രു​ഷ​ന്മാർ പൊ​രു​തി മരി​ച്ച​താ​യി പു​രാ​ണ​ങ്ങ​ളും ചരി​ത്ര​ങ്ങ​ളു​മു​ണ്ടു്. പു​രു​ഷ​ന്മാർ​ക്കു​വേ​ണ്ടി സ്ത്രീ​കൾ വാ​ക്കേ​റ്റം​പോ​ലും നട​ത്തി​യ​താ​യി പു​രാ​ണ​വു​മി​ല്ല, ചരി​ത്ര​വു​മി​ല്ല… അതാ​ണു് സ്ത്രീ​ത്വം.

(സരോ​ജി​നി, ‘സ്ത്രീ​ത്വം’, മഹി​ളാ​ര​ത്നം 1 (5), 1916)

ഈ ഒടു​വി​ല​ത്തെ പ്ര​സ്താ​വം വസ്തു​താ​പ​ര​മാ​യി ശരി​യ​ല്ലെ​ന്നു തീർച്ചയാണു്-​പുരുഷന്മാരെച്ചൊല്ലി മല്ല​ടി​ച്ച സ്ത്രീ പു​രാ​ണ​ത്തി​ലും ചരി​ത്ര​ത്തി​ലു​മു​ണ്ടു്. ഒരു​പ​ക്ഷേ, പു​രു​ഷ​ന്മാ​രെ​പ്പോ​ലെ അധി​കാ​ര​പ​ദ​വി​യി​ല്ലാ​ത്ത​തു​കൊ​ണ്ടു് ‘പൊ​രു​തി​മ​രി​ക്കാൻ’ അവർ​ക്കി​ട​വ​ന്നി​ല്ലാ​യി​രി​ക്കാം! ‘മാ​ന്യ​സ്ത്രീ’-​അതായതു് ‘സൗ​മ്യാ​ധി​കാ​രം വഹി​ക്കാൻ പ്രാ​പ്ത​യായ സ്ത്രീ’-​ലൈംഗികമായ ആഗ്ര​ഹം ഒട്ടു​മി​ല്ലാ​ത്ത​വ​ളാ​ണെ​ന്നു വാ​ദി​ക്കാ​നാ​ണു് ലേഖിക തയ്യാ​റാ​വു​ന്ന​തു്. വി​ദു​ഷി​യാ​യി​രു​ന്ന ലേ​ഖി​ക​യ്ക്കു് കൃ​ഷ്ണ​ന്റെ ഭാ​ര്യ​മാർ തമ്മി​ലു​ള്ള പോ​രി​നെ​ക്കു​റി​ച്ചും അർ​ജ്ജു​ന​പ​ത്നി​മാ​രു​ടെ വഴ​ക്കി​നെ​ക്കു​റി​ച്ചും കൈ​കേ​യി​യു​ടെ സാ​മർ​ത്ഥ്യ​ത്തെ​പ്പ​റ്റി​യും ഉർ​വ്വ​ശി​ക്കു് അർ​ജ്ജു​ന​ന​നോ​ടു തോ​ന്നിയ കാ​മ​ത്തെ​ക്കു​റി​ച്ചും അറി​യി​ല്ലാ​യി​രു​ന്നു​വെ​ന്നു് കരു​താൻ ന്യാ​യ​മി​ല്ല​ല്ലോ! സ്ത്രീ​ക​ളു​ടെ​മേൽ ഇര​ട്ട​സ​ദാ​ചാ​രം വച്ചു​കെ​ട്ടു​ന്ന രീ​തി​യെ അപ​ല​പി​ക്കാ​നാ​ണു് അവർ ശ്ര​മി​ച്ച​തു്; പക്ഷേ, അതി​നി​ട​യി​ലൂ​ടെ അനാ​വ​ശ്യ​മായ സദാ​ചാ​ര​ഭാ​ര​ത്തെ സ്ത്രീ​യു​ടെ തല​യിൽ​വ​ച്ചു​കെ​ട്ടു​ക​കൂ​ടി ചെ​യ്യു​ന്നു​മു​ണ്ടു്.

അതേ​സ​മ​യം സ്ത്രീ​പു​രു​ഷ​വ്യ​ത്യാ​സം പര​സ്പ​ര​പൂ​ര​ക​ത്വ​ത്തി​ലേ​ക്കു നയി​ക്ക​ണ​മെ​ങ്കിൽ പു​രു​ഷ​നും വളരെ പ്ര​ധാ​ന​പ്പെ​ട്ട ചു​മ​ത​ല​ക​ളു​ണ്ടെ​ന്നു് ഓർ​മ്മ​പ്പെ​ടു​ത്താൻ ആദ്യ​കാല സ്ത്രീ​വാ​ദി​കൾ മറ​ന്നി​ല്ല. സ്ത്രീ​പു​രു​ഷ​വ്യ​ത്യാ​സ​ത്തെ കൊ​ണ്ടാ​ടിയ ലേ​ഖ​ക​ര​ത്ര​യും സ്ത്രീ​പു​രു​ഷ​പ​ര​സ്പ​ര​പൂ​ര​ക​ത്വ​ത്തി​ന്റെ​യും വക്താ​ക്ക​ളാ​യി​രു​ന്നു. അതാ​യ​തു് സ്ത്രീ​ഗു​ണം, പു​രു​ഷ​ഗു​ണം എന്നിവ വ്യ​ത്യ​സ്ത​ങ്ങ​ളാ​ണെ​ങ്കി​ലും അവ​യി​ലൊ​ന്നു​മാ​ത്ര​മെ സാ​മൂ​ഹ്യ​ജീ​വി​ത​ത്തിൽ പ്ര​ത്യ​ക്ഷ​മാ​കു​ന്നു​ള്ളു​വെ​ങ്കിൽ ആ ജീ​വി​തം അപൂർ​ണ്ണ​മാ​യി​രി​ക്കു​മെ​ന്നു് അവർ കരുതി. സ്ത്രീ​പു​രു​ഷ​ന്മാർ പര​സ്പ​രം ആശ്ര​യി​ച്ചു്, പര​സ്പ​രം ജീ​വി​ത​ത്തെ പൂർ​ത്തീ​ക​രി​ച്ചു​കൊ​ണ്ടു്, മു​ന്നേ​റ​ണ​മെ​ന്നാ​യി​രു​ന്നു ഇവ​രു​ടെ ആവ​ശ്യം. ഇതിൽ സ്ത്രീ​യു​ടെ ചു​മ​ത​ല​യെ​പ്പ​റ്റി ഘോ​ര​ഘോ​രം പ്ര​സം​ഗി​ക്കു​ന്ന​വർ പു​രു​ഷ​ന്മാ​രു​ടെ ചു​മ​ത​ല​യെ​ക്കു​റി​ച്ചു് നി​ശ്ശ​ബ്ദ​രാ​കു​ന്നു​വെ​ന്ന പരാതി ആദ്യ​കാല സ്ത്രീ​വാ​ദി​ക​ളിൽ പല​രു​മു​ന്ന​യി​ച്ചു. മി​സി​സ്സു് കെ. കണ്ണൻ മേനോൻ (ഇട​ത്ത​ട്ട രു​ഗ്മി​ണി​യ​മ്മ​യു​ടെ തൂ​ലി​കാ​നാ​മ​ങ്ങ​ളിൽ ഒന്നു്) ഇതേ​ക്കു​റി​ച്ചു് ഇങ്ങ​നെ​യെ​ഴു​തി:

…തന്നെ ദേ​ഹ​പ്ര​യ​ത്നം​കൊ​ണ്ടു സം​ര​ക്ഷി​ച്ചും ഹൃ​ദ​യ​പൂർ​വ്വം സ്നേ​ഹി​ച്ചും വരു​ന്ന ഭർ​ത്താ​ക്ക​ന്മാ​രെ ഭക്തി​സ്നേ​ഹ​ബ​ഹു​മാ​ന​പു​ര​സ്സ​രം ശു​ശ്രൂ​ഷി​ച്ചു്, അവ​രു​ടെ സൗ​ക​ര്യം ശരി​യാ​യി നിർ​വ്വ​ഹി​ക്കു​ന്ന​തു് തങ്ങ​ളു​ടെ ചു​മ​ത​ല​യാ​ണെ​ന്ന​റി​ഞ്ഞു് ഏതു​കാ​ര്യ​ത്തി​ന്നും സന്ന​ദ്ധ​ക​ളാ​യി​രി​ക്കു​ന്ന സ്ത്രീ​കൾ ഇപ്പോൾ ഒട്ടും ദുർ​ല​ഭ​മ​ല്ല. ഭർ​ത്താ​വി​ന്റെ ആജ്ഞ​യ്ക്ക​നു​സ​രി​ച്ചു് നട​ക്കേ​ണ​മെ​ന്നും, അദ്ദേ​ഹ​ത്തെ സ്നേ​ഹി​ക്കേ​ണ​മെ​ന്നും ഏതു സ്ത്രീ​ക്കും ആരും ഉപ​ദേ​ശി​ക്കേ​ണ്ട ആവ​ശ്യ​മി​ല്ല. ഇതു പ്ര​കൃ​തി സ്ത്രീ​ഹൃ​ദ​യ​ത്തെ ആദ്യ​മാ​യി പഠി​പ്പി​ക്കു​ന്ന ഒരു പാ​ഠ​മാ​ണു്…

…ഓരോ ബാ​ലി​ക​യും തന്റെ യൗ​വ്വ​നാ​രം​ഭ​ത്തോ​ടു​കൂ​ടി ഒരു വരനെ ആഗ്ര​ഹി​ച്ചു​തു​ട​ങ്ങും. അവ​ര​വ​രു​ടെ ബു​ദ്ധി​ശ​ക്തി​യും സ്വ​ഭാ​വ​ഗു​ണ​ങ്ങ​ളും ആശ്ര​യി​ച്ചാ​യി​രി​ക്കും ഓരോ​രു​ത്ത​രും പു​രു​ഷ​മാ​തൃ​ക​ക​ളെ നിർ​മ്മി​ക്കു​ക​യും, പി​ന്നീ​ടു് ഈ മാ​തൃ​ക​ക​ളെ രൂ​പീ​ക​രി​ച്ചു് ഭർ​ത്താ​വിൽ കാ​ണ്മാൻ ആഗ്ര​ഹി​ക്കു​ക​യും ചെ​യ്യു​ന്ന​തു്. ഈ ആശ​യ​ങ്ങ​ളും ആഗ്ര​ഹ​ങ്ങ​ളും സഫ​ല​മാ​യാൽ ഒരു സ്ത്രീ ‘ഭാര്യ’ എന്ന പദ​വി​യെ അർ​ഹി​ക്കു​ക​യും അതി​ന്റെ ചു​മ​ത​ല​കൾ ശരി​യാ​യി നി​റ​വേ​റ്റു​ക​യും ചെ​യ്യു​മെ​ന്നു മാ​ത്ര​മ​ല്ല, വി​ഫ​ല​മാ​യി​ത്തീ​രു​ന്ന​പ​ക്ഷം ആ വി​ശി​ഷ്ട​പ​ദ​ത്തെ മലി​ന​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

(മി​സി​സ്സ്. കെ. കണ്ണൻ​മേ​നോൻ, ‘ആധു​നിക വനി​താ​ര​ത്ന​ങ്ങ​ളും അവ​രു​ടെ ഭർത്താക്കന്മാരും-​ ഒരു പ്ര​ത്യാ​ഖ്യാ​നം’, മഹി​ളാ​ര​ത്നം 1 (5), 1916)

ഉത്ത​മ​സ്ത്രീ​യു​ടെ ഇടം ഗൃ​ഹ​മാ​ണെ​ന്ന വാദം സർ​വ്വ​ത്ര കേ​ട്ടു​കൊ​ണ്ടി​രു​ന്ന സമ​യ​ത്തു​ത​ന്നെ അവ​ളു​ടെ കട​മ​ക​ളെ​ക്കു​റി​ച്ചു​ള്ള ധാ​ര​ണ​കൾ മാറിക്കൊണ്ടിരുന്നു-​സ്ത്രീക്കു് കൽ​പ്പി​ക്ക​പ്പെ​ട്ട വീ​ട്ടു​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളു​ടെ ഭാരം വർ​ദ്ധി​ച്ചു​കൊ​ണ്ടി​രു​ന്നു. 1920-​കൾക്കുശേഷം സാ​മ്പ​ത്തി​ക​മാ​ന്ദ്യ​മു​ണ്ടാ​യ​തു് ഇവി​ട​ത്തെ കൃ​ഷി​യെ​യും കച്ച​വ​ട​ത്തെ​യും കാ​ര്യ​മാ​യി ബാ​ധി​ച്ചു; കൃ​ഷി​ക്കാർ ബു​ദ്ധി​മു​ട്ടി​ലാ​യി. മരു​മ​ക്ക​ത്തായ കൂ​ട്ടു​കു​ടും​ബ​ങ്ങൾ ഭാ​ഗം​വ​ച്ചു പി​രി​യാൻ തു​ട​ങ്ങി​യ​തോ​ടു​കൂ​ടി രൂ​പ​പ്പെ​ട്ട ചെ​റു​കു​ടും​ബ​ങ്ങ​ളിൽ പലതും വലിയ സാ​മ്പ​ത്തിക വി​ഷ​മ​ത്തി​ല​ക​പ്പെ​ട്ടു. ഈയ​വ​സ​ര​ത്തിൽ ഗൃ​ഹ​നാ​യി​ക​യു​ടെ ജോ​ലി​യിൽ വീ​ട്ടു​ഭ​ര​ണ​വും ബാ​ല​പ​രി​ച​ര​ണ​വും മാ​ത്ര​മ​ല്ല, കു​ടും​ബ​ത്തി​ന്റെ സാ​മ്പ​ത്തി​ക​ഭാ​രം കു​റ​യ്ക്കാ​നു​ള്ള പ്ര​വർ​ത്ത​ന​വും ഉൾ​പ്പെ​ടു​മെ​ന്ന വാദം ഉയർ​ന്നു​തു​ട​ങ്ങി. പര​മ്പ​രാ​ഗ​ത​കു​ടും​ബ​ങ്ങ​ളിൽ സ്ത്രീ​കൾ നിർ​വ്വ​ഹി​ച്ചി​രു​ന്ന അതി​ക​ഠി​ന​മായ ഗാർ​ഹിക ഉത്ത​ര​വാ​ദി​ത്വ​ങ്ങ​ളെ​പ്പ​റ്റി കഴി​ഞ്ഞ അദ്ധ്യാ​യ​ത്തിൽ പറ​ഞ്ഞ​ല്ലൊ. ഈ ഭാ​ര​ത്തിൽ ലേ​ശ​വും കു​റ​വു​വ​രു​ത്തു​ന്ന യാ​തൊ​രു നട​പ​ടി​യു​മു​ണ്ടാ​വ​രു​തെ​ന്നു് പരിഷ്ക്കർത്താക്കൾക്കു്-​അഭ്യസ്തവിദ്യകളായ സ്ത്രീകളുൾപ്പെടെയുള്ളവർക്കു്-​നിർബന്ധമായിരുന്നു! അൽ​പ്പം സാ​മ്പ​ത്തി​ക​സ്ഥി​തി ആർ​ജ്ജി​ച്ച കു​ടും​ബ​ങ്ങ​ളി​ലെ സ്ത്രീ​കൾ വേ​ല​ക്കാ​രെ നി​യ​മി​ക്കു​ന്നു​വെ​ന്നും​മ​റ്റും ഇവർ ആരോപിച്ചു-​തറവാട്ടുഭാഗം കഴി​ഞ്ഞു​ണ്ടായ അണു​കു​ടും​ബ​ങ്ങ​ളിൽ നേ​രി​ട്ടു വീ​ട്ടു​വേ​ല​യെ​ടു​ക്ക​ണ​മെ​ന്നും, അതി​നു​പു​റ​മെ ധന​സ​മ്പാ​ദ​ന​ത്തി​നു​ത​കു​ന്ന തൊ​ഴി​ലു​കൾ വീ​ട്ടി​ലി​രു​ന്നു ചെ​യ്യ​ണ​മെ​ന്നും സ്ത്രീ​ക​ളോ​ടി​വർ ആഹ്വാ​നം ചെ​യ്തു. കോ​ന്നി​യൂർ മീ​നാ​ക്ഷി​യ​മ്മ വാ​ദി​ച്ചു:

പുതിയ നായർ ബി​ല്ലി​ന്റെ ആഗ​മ​ന​ത്തോ​ടു​കൂ​ടി ഓരോ വ്യ​ക്തി​ക്കും സമു​ദാ​യ​ത്തി​നു പൊ​തു​വെ​യും ഉണ്ടാ​യി​ട്ടു​ള്ള മു​റി​വി​നെ കു​ടും​ബ​ഭ​ര​ണ​പാ​ട​വം​കൊ​ണ്ടു സു​ഖ​പ്പെ​ടു​ത്തേ​ണ്ട​തു് നാ​യർ​സ്ത്രീ​ക​ളു​ടെ ഒഴി​ച്ചു​കൂ​ടാ​ത്ത ധർ​മ്മ​മാ​കു​ന്നു…

ഭാ​ഗ​പ്ര​കാ​രം കി​ട്ടു​ന്ന സ്വ​ത്തി​നെ അന്യാ​ധീ​ന​പ്പെ​ടു​ത്താ​തേ​യും നശി​പ്പി​ക്കാ​തേ​യും സൂ​ക്ഷി​ക്കേ​ണ്ട വലു​തായ ഭാരം സ്ത്രീ​കൾ വഹി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു… വീ​ട്ടു​വേ​ല​കൾ ചെ​യ്ത​ശേ​ഷ​മു​ള്ള സമയം വെ​റു​തെ വെ​ടി​പ​റ​ഞ്ഞു​ക​ള​യാ​തെ മു​റ​യ്ക്കു ധന​സ​മ്പാ​ദ​ന​ത്തി​നു​ത​കു​ന്ന തൊ​ഴി​ലു​കൾ ചെ​യ്യു​വാൻ വി​നി​യോ​ഗി​ക്ക​ണം.

(കോ​ന്നി​യൂർ മീ​നാ​ക്ഷി​യ​മ്മ, ‘നാ​യർ​സ്ത്രീ​യും ഗൃ​ഹ​വും’ മഹിള 6(4), 1924)

kimages/Kulasthree_Chapter_four_pic07.png

ചു​രു​ക്കി​പ്പ​റ​ഞ്ഞാൽ, പുതിയ കു​ടും​ബ​ത്തി​ന്റെ അധിപ, ‘ഗൃ​ഹ​ച​ക്ര​വർ​ത്തി​നി’ എന്നും​മ​റ്റു​മു​ള്ള വി​ശേ​ഷ​ണ​ങ്ങൾ ആധു​നി​ക​സ്ത്രീ​ക്കു കൈ​വ​ന്നെ​ങ്കി​ലും രാ​പ്പ​കൽ വേ​ല​യെ​ടു​ത്തി​ല്ലെ​ങ്കിൽ ആ പട്ടം നഷ്ട​മാ​യി​പ്പോ​കു​മെ​ന്ന സ്ഥി​തി​യാ​യി​രു​ന്നു. എത്ര ദയ​നീ​യം! ‘മാ​ന്യ​സ്ത്രീ​കൾ’ പക്ഷേ, വീ​ട്ടി​ന​ക​ത്തി​രു​ന്നേ ധന​സ​മ്പാ​ദ​ന​ത്തി​നു ശ്ര​മി​ക്കാ​വൂ എന്നു് ഇവരിൽ പലരും അനു​ശാ​സി​ക്കു​ന്നു​ണ്ടു് (ഉദ്യോ​ഗ​ത്തി​നി​റ​ങ്ങ​ണ​മെ​ന്നു വാദിച്ചവരുമുണ്ടായിരുന്നു-​അതു് മറ്റൊ​ര​ദ്ധ്യാ​യ​ത്തിൽ.) കൈ​വേ​ല​കൾ, തയ്യൽ, അടു​ക്ക​ള​ത്തോ​ട്ടം, കൃഷി, ഭക്ഷ​ണ​വ​സ്തു​ക്കൾ തയ്യാറാക്കൽ-​ഇത്തരം കു​ടിൽ​വ്യ​വ​സാ​യ​ങ്ങ​ളാ​ണു് സ്ത്രീ​കൾ​ക്കു് ഉചി​ത​മാ​യി വി​ധി​ക്ക​പ്പെ​ട്ടവ. പശു​വ​ളർ​ത്തൽ മു​ത​ലായ ഗൃ​ഹ​വ്യ​വ​സാ​യ​പ്ര​വർ​ത്ത​ന​ങ്ങ​ളിൽ ഏർ​പ്പെ​ട്ടി​രു​ന്ന സ്ത്രീ​കൾ​ക്കു് സഹ​ക​ര​ണ​സം​ഘം​വ​ഴി സഹാ​യ​മെ​ത്തി​ക്ക​ണ​മെ​ന്ന ആവ​ശ്യം തി​രു​വി​താം​കൂ​റി​ലെ നി​യ​മ​നിർ​മ്മാ​ണ​സ​ഭ​യാ​യി​രു​ന്ന ശ്രീ​മൂ​ലം പ്ര​ജാ​സ​ഭ​യിൽ സ്ത്രീ​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച അംഗം പലതവണ ആവ​ശ്യ​പ്പെ​ട്ടു. സർ​ക്കാർ സഹാ​യ​ത്തോ​ടെ സഹ​ക​ര​ണ​സം​ഘം രൂ​പീ​ക​രി​ക്കു​ന്ന​തു് ‘മാ​ന്യ​മ​ല്ലാ​ത്ത’ തൊ​ഴി​ലു​ക​ളെ ‘മാന്യ’മാ​ക്കാ​നു​ള്ള വഴി​പോ​ലു​മാ​യി​രു​ന്നു! നെ​ല്ലു​കു​ത്തു് അത്ര മാ​ന്യ​മ​ല്ലാ​ത്ത തൊ​ഴി​ലാ​ണെ​ന്നു് പലർ​ക്കും അഭിപ്രായമുണ്ടായിരുന്നു-​1927-28-ലെ മഹി​ളാ​മ​ന്ദി​ര​ത്തിൽ എൽ. മീ​നാ​ക്ഷി​യ​മ്മ എന്ന ലേഖിക ‘സ്ത്രീ​ക​ളു​ടെ തൊ​ഴി​ലി​ല്ലാ​യ്മ’ എന്ന പേ​രി​ലെ​ഴു​തിയ ലേ​ഖ​ന​ത്തിൽ യന്ത്ര​വൽ​ക്ക​ര​ണം​മൂ​ലം സ്ത്രീ​കൾ​ക്കു തൊഴിൽ നഷ്ട​പ്പെ​ടു​ന്ന​തി​നെ​ക്കു​റി​ച്ചു് ആശങ്ക പ്ര​ക​ടി​പ്പി​ച്ചു. ഇതി​നു​ദാ​ഹ​ര​ണ​മാ​യി അവർ ഉന്ന​യി​ച്ച​തു് തി​രു​വ​ന​ന്ത​പു​ര​ത്തെ ചാ​ല​ക്ക​മ്പോ​ള​ത്തി​ലെ നെ​ല്ലു​കു​ത്തു​കാ​രി​കൾ​ക്കു് വരാൻ സാ​ദ്ധ്യ​ത​യു​ള്ള വി​പ​ത്തി​നെ​യാ​ണു്. “നെ​ല്ലു​പു​ഴു​ങ്ങു​ന്ന​തി​നും കു​ത്തു​ന്ന​തി​നും ഉള്ള നല്ല മി​ല്ലു​കൾ ചാ​ല​ക്ക​ട​യിൽ വേ​ണ്ടു​വോ​ളം സ്ഥാ​പി​ക്കു​ന്ന​പ​ക്ഷം എത്ര പാ​വ​പ്പെ​ട്ട സ്ത്രീ​കൾ​ക്കു് ഉപ​ജീ​വ​ന​മാർ​ഗ്ഗം നി​ന്നു​പോ​കു​മെ​ന്നാ​ലോ​ചി​ച്ചാൽ യന്ത്ര​വേല വർ​ദ്ധി​ച്ചു​വ​രു​ന്ന​തി​ന്റെ ദോഷം സ്പ​ഷ്ട​മാ​കു​ന്ന​താ​ണു്.” ഇതി​നു് മഹി​ളാ​മ​ന്ദി​ര​ത്തി​ന്റെ പത്രാ​ധിപ ഒരു അടി​ക്കു​റി​പ്പു ചേർ​ത്തു: “സമു​ദാ​യ​മാ​നി​കൾ സ്ത്രീ​ക​ളു​ടെ ഈ വ്യ​വ​സാ​യ​ത്തെ ആദ​രി​ക്കു​മെ​ന്നു തോ​ന്നു​ന്നി​ല്ല!” എന്നാൽ, തി​രു​വി​താം​കൂ​റി​ലെ സഹ​ക​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​ദ്ധ്യ​ത​ക​ളെ​ക്കു​റി​ച്ചു് ആരാ​ഞ്ഞ തി​രു​വി​താം​കൂർ സഹകരണ അന്വേ​ഷ​ണ​ക​മ്മി​റ്റി​യു​ടെ റി​പ്പോർ​ട്ടിൽ (1934) ഇത്ത​രം വ്യ​വ​സാ​യ​ത്തി​ലേർ​പ്പെ​ട്ടി​രു​ന്ന സ്ത്രീ​ക​ളു​ടെ സഹ​ക​ര​ണ​സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ചു് പ്ര​ത്യേ​കം പറ​യു​ന്നു​ണ്ടു്! മേ​ലാ​ള​സ്ത്രീ​ക​ളു​ടെ നേ​തൃ​ത്വ​ത്തിൽ സം​ഘ​ങ്ങൾ രൂ​പീ​ക​രി​ച്ചു​കൊ​ണ്ടു് അവരെ ‘ഉദ്ധ​രി​ക്കേ​ണ്ട​താ​ണെ’ന്ന പൊ​തു​ധാ​ര​ണ​യാ​യി​രു​ന്നു ഈ കാ​ല​ത്തു്.

രാ​വ​ണ​പു​ത്രൻ: സ്ത്രീ​ത്വ​ത്തെ​ക്കു​റി​ച്ചൊ​രു കീ​ഴാ​ള​പ​ക്ഷ​വീ​ക്ഷ​ണം

‘ഉത്ത​മ​സ്ത്രീ​ത്വ’ത്തെ​ക്കു​റി​ച്ചു് കേ​ര​ള​ത്തിൽ നടന്ന സാ​ഹി​ത്യ​ചർ​ച്ച​ക​ള​ധി​ക​വും മേ​ലാ​ള​വീ​ക്ഷ​ണ​ത്തി​ന്റെ അതിർ​വ​ര​മ്പു​കൾ​ക്കു​ള്ളിൽ നട​ന്ന​വ​യാ​യി​രു​ന്നു. ഇതി​നൊ​ര​പ​വാ​ദ​മാ​യി​രു​ന്നു പള്ള​ത്തു രാ​മ​ന്റെ രാ​വ​ണ​പു​ത്രൻ (1944) എന്ന കൃതി. രാ​മാ​യ​ണ​ത്തെ രാ​വ​ണ​പ​ക്ഷ​ത്തു​നി​ന്നു തി​രു​ത്തി​യെ​ഴു​തിയ ഈ കൃതി ബ്രാ​ഹ്മ​ണ​സ്ത്രീ​ത്വ​ത്തെ​യും തള്ളി​ക്ക​ള​ഞ്ഞു. രാ​വ​ണ​ന്റെ അശോ​ക​വ​നി​യി​ലെ​ത്തിയ സീ​ത​യോ​ടു് സു​ലോ​ചന എന്ന കഥാ​പാ​ത്രം ലങ്കാ​പു​രി​യി​ലെ സ്ത്രീ​ക​ളു​ടെ സ്വാ​ത​ന്ത്യ്ര​ത്തെ​ക്കു​റി​ച്ചു് വർ​ണ്ണി​ക്കു​ന്നു​ണ്ടു്. രാ​മാ​യ​ണ​ത്തി​ലെ ശൂർ​പ്പ​ണഖ ഇതിൽ സ്വ​ന്തം ശരീ​ര​ത്തി​ന്മേൽ പൂർ​ണ്ണാ​ധി​കാ​ര​മു​ള്ള കാ​മ​വ​ല്ലി​യാ​യി മാ​റു​ന്നു!

സു​ലോ​ച​ന​യു​ടെ വാ​ക്കു​കൾ:

തണ്ടൊ​ടി​ഞ്ഞോ​രു ചെന്താരുപോലെ-​
പ്പ​ണ്ടു​മേ ജീ​വി​ച്ചോ​ര​ല്ല ഞങ്ങൾ
പ്ര​മ​ത്തെ​ച്ച​ങ്ങ​ല​വെ​ച്ചു ഞങ്ങൾ
ഭീമം തു​റു​ങ്കി​ലി​ടാ​റു​മി​ല്ല
ദൂ​ര​ത്തു പശ്ചി​മ​സാ​ഗ​ര​ത്തിൻ
തീ​ര​ത്തു ലങ്ക​തൻ വാ​യു​കോ​ണിൽ
നാ​രി​ക​ളെ​ല്ലാം സ്വ​ത​ന്ത്ര​മാ​രാം
നാ​ടു​ണ്ടു് കേരളം, കേ​ട്ടി​ട്ടി​ല്ലേ?

സഹ​ക​ര​ണ​പ്ര​സ്ഥാ​നം സ്ത്രീ​ക​ളു​ടെ ധന​സ​മ്പാ​ദ​ന​ത്തെ വലി​യ​തോ​തിൽ വർ​ദ്ധി​പ്പി​ച്ചി​ല്ല. പൊ​തു​വെ ‘മാ​ന്യ​സ്ത്രീ​കൾ’ ഏർ​പ്പെ​ട്ടി​രു​ന്ന സാ​മ്പ​ത്തിക ഇട​പാ​ടു് ചി​ട്ടി​ക​ളും കു​റി​ക​ളു​മാ​യി​രു​ന്നു. ഇതിൽ ഇട​ത്ത​രം കു​ടും​ബ​ങ്ങ​ളി​ലെ പല സ്ത്രീ​ക​ളും സാ​മാ​ന്യം വൈ​ദ​ഗ്ദ്ധ്യം നേടി. സ്വാ​ത​ന്ത്ര്യാ​ന്ത​ര​കാ​ല​ത്തു് സർ​ക്കാ​രു​കൾ പല നട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു​വെ​ങ്കി​ലും സ്ത്രീ​ക​ളെ സാ​മ്പ​ത്തി​ക​രം​ഗ​ത്തേ​ക്കു് ആകർഷിക്കാനായില്ല-​അടുത്തകാലത്തു് സ്വ​യം​സ​ഹാ​യ​സം​ഘ​ങ്ങ​ളു​ടെ പ്ര​വർ​ത്ത​നം, പക്ഷേ, വള​രെ​യ​ധി​കം സ്ത്രീ​ക​ളെ ആകർ​ഷി​ക്കു​ന്നു. സ്ത്രീ​ക​ളു​ടെ ‘മാ​ന്യത’ എല്ലാ സമു​ദാ​യ​ങ്ങൾ​ക്കും സർ​വ്വ​പ്ര​ധാ​ന​മാ​യി​ത്തീർ​ന്നു​ക​ഴി​ഞ്ഞ, ‘മാ​ന്യ​മ​ല്ലാ​ത്ത’ തൊ​ഴിൽ​രം​ഗ​ത്തു​നി​ന്നു സ്ത്രീ​കൾ കൂ​ടു​ത​ലാ​യി പിൻ​വാ​ങ്ങിയ സാ​ഹ​ച​ര്യ​മാ​ണു് ഇന്നു് നി​ല​വി​ലു​ള്ള​തു്. ഈ പശ്ചാ​ത്ത​ല​ത്തിൽ പൊ​തു​വെ ‘മാന്യ’മെ​ന്നു കരു​ത​പ്പെ​ടു​ന്ന സാ​മ്പ​ത്തിക ഇട​പാ​ടു​ക​ളിൽ ഏർ​പ്പെ​ടാൻ സ്ത്രീ​കൾ താൽ​പ്പ​ര്യ​ത്തോ​ടു​കൂ​ടി മു​ന്നോ​ട്ടു​വ​രു​ന്നു​വെ​ന്ന​തു് ഇന്ന​ത്തെ സ്വയം സഹാ​യ​സം​ഘ​ങ്ങ​ളു​ടെ വി​ജ​യ​ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണു്. എന്നാൽ ‘തറ​വാ​ട്ടിൽ പി​റ​ന്ന​വ​ളെ’യും ‘ചന്ത​പ്പെ​ണ്ണി’നെയും വേർ​തി​രി​ക്കു​ന്ന തൊ​ഴിൽ​മാ​ന്യ​താ​മാ​ന​ദ​ണ്ഡ​ങ്ങ​ളെ ഇതു ലേ​ശ​വും ഇള​ക്കു​ന്നി​ല്ലെ​ന്ന​താ​ണു് നി​രാ​ശാ​ജ​ന​ക​മായ കാ​ര്യം!

വി​വാ​ഹിത കു​ടും​ബ​ത്തി​ലി​രു​ന്നു് ധന​സ​മ്പാ​ദ​നം നട​ത്തു​ന്ന​തു് സ്ത്രീ​ത്വ​ത്തി​നെ​തി​ര​ല്ലെ​ന്നു വി​ധി​ച്ച അതേ​കൂ​ട്ടർ അവി​വാ​ഹി​ത​കൾ​ക്കു് മറ്റൊ​രു അള​വു​കോ​ലാ​ണു് കൽ​പ്പി​ച്ച​തു്. ബി. കല്യാ​ണി​യ​മ്മ ‘സ്ത്രീ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ മാതൃക’യെ​ക്കു​റി​ച്ചെ​ഴു​തിയ ലേ​ഖ​ന​ത്തിൽ ഇത്ത​ര​ക്കാ​രി​യായ ഒരു സ്ത്രീ​യെ​ക്കു​റി​ച്ചു് ആശ​ങ്ക​പ്പെ​ട്ടു:

വി​വാ​ഹ​ത്തി​നി​ട​യാ​കാ​തെ​യും എന്നാൽ ശരി​യായ രക്ഷാ​കർ​ത്താ​ക്ക​ന്മാ​രി​ല്ലാ​തെ​യും ആഹാ​ര​സ​മ്പാ​ദ​ന​ത്തി​നു് നിർ​ബ​ന്ധി​ത​യാ​യും തീ​രു​ന്ന ഒരു ഗ്രാ​മീ​ണ​യു​വ​തി​യു​ടെ കഥ​യെ​ന്താ​ണു്? കു​ടും​ബ​ത്തിൽ പര​മ്പ​ര​യാ വല്ല കൈ​ത്തൊ​ഴി​ലും നട​ത്തി​യി​രു​ന്നെ​ങ്കിൽ ജന്മ​വാ​സ​ന​കൊ​ണ്ടും, കണ്ടു​പ​ഠി​ച്ചും വല്ല തൊ​ഴി​ലും ചെ​യ്വാൻ അവൾ​ക്കു സാ​ധി​ച്ചു​വെ​ന്നു​വ​രും. ഇല്ലാ​ത്ത​പ​ക്ഷം അവൾ സ്വ​ഗൃ​ഹ​ഭി​ത്തി​ക്കു​ള്ളിൽ ഇരു​ന്നു സ്വാ​ഭി​മാ​നം രക്ഷി​ച്ചു് ഉപ​ജീ​വ​നം നേടാൻ എങ്ങ​നെ പ്രാ​പ്ത​യാ​കും?

…അതി​നാൽ പു​റ​ത്തി​റ​ങ്ങി പു​രു​ഷ​നോ​ടൊ​പ്പം കൂ​ലി​പ്പ​ണി എടു​ക്കു​ക​ത​ന്നേ ഗതി​യു​ള്ളൂ. പു​രു​ഷ​ന്മാ​രു​ടെ നേ​ര​മ്പോ​ക്കി​നു ലാ​ക്കാ​യും, അവ​രു​ടെ ദുർ​വൃ​ത്തി​കൾ​ക്കു കീ​ഴ​ട​ങ്ങി​യും നര​ക​ദുഃ​ഖ​മ​നു​ഭ​വി​ക്കു​ന്നു.

(ബി. കല്യാ​ണി​യ​മ്മ, ‘സ്ത്രീ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ മാതൃക’, മല​യാ​ള​മാ​സിക 1(1), 1930)

കല്യാ​ണി​യ​മ്മ​യു​ടെ വർ​ണ്ണന യാ​ഥാർ​ത്ഥ്യ​ത്തിൽ​നി​ന്നു് അക​ലെ​യ​ല്ലാ​യി​രു​ന്നു​വെ​ന്ന സൂ​ച​ന​യാ​ണു് മുൻ അദ്ധ്യാ​യ​ത്തിൽ വി​വ​രി​ച്ച കശു​വ​ണ്ടി​ത്തൊ​ഴി​ലാ​ളി​സ്ത്രീ​ക​ളു​ടെ ജീ​വി​ത​ക​ഥ​കൾ നൽ​കു​ന്ന​തു്. പക്ഷേ, സ്ത്രീ​ക​ളു​ടെ തൊ​ഴി​ലി​ട​ങ്ങ​ളെ ഭേ​ദ​പ്പെ​ടു​ത്തുക, അതി​ക്ര​മ​ങ്ങൾ തടയുക, അവ​രു​ടെ അവ​കാ​ശ​ങ്ങൾ സം​ര​ക്ഷി​ക്കുക മു​ത​ലായ നട​പ​ടി​കൾ​ക്കു​പ​ക​രം സ്ത്രീ​ക​ളെ വീ​ടു​കൾ​ക്കു​ള്ളിൽ ഒതു​ക്കു​ന്ന ‘കു​ടിൽ​വ്യ​വ​സാ​യ​പ​രി​ശീന’മാണു് മേൽ സൂ​ചി​പ്പി​ച്ച അപ​ക​ട​ത്തിൽ​നി​ന്നു​ള്ള രക്ഷാ​മാർ​ഗ്ഗ​മാ​യി അവ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​തു്. മാ​ത്ര​മ​ല്ല, കല്യാ​ണി​യ​മ്മ​യു​ടെ കണ്ണിൽ ഒപ്പം ജോ​ലി​യെ​ടു​ക്കു​ന്ന ‘ആണു​ങ്ങ​ളാ’ണു് പ്ര​ശ്ന​ക്കാർ. എന്നാൽ മുൻ അദ്ധ്യാ​യ​ത്തിൽ പരി​ച​യ​പ്പെ​ട്ട കോത എന്ന തൊ​ഴി​ലാ​ളി​സ്ത്രീ സൂ​ചി​പ്പി​ച്ച​തു​പോ​ലെ, പ്ര​ശ്ന​ക്കാർ മു​ത​ലാ​ളി​യു​ടെ കൂ​ലി​പ്പ​ട​യി​ലെ പു​രു​ഷ​ന്മാ​രാ​യി​രു​ന്നു. മറ്റു​ള്ള പു​രു​ഷ​ന്മാ​രെ ഭയ​പ്പെ​ടേ​ണ്ട​കാ​ര്യം തൊ​ഴി​ലാ​ളി​സ്ത്രീ​കൾ​ക്കി​ല്ലാ​യി​രു​ന്നെ​ന്നു് കോത വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടു്. അപ്പോൾ തൊ​ഴി​ലി​ട​ത്തെ കൂ​ടു​തൽ സു​ര​ക്ഷി​ത​മാ​ക്കാൻ സാ​ധി​ക്കു​മെ​ന്ന​തു തീർച്ചതന്നെ-​പ്രശ്നക്കാരായ പു​രു​ഷ​ന്മാ​രെ നി​യ​ന്ത്രി​ക്കു​ന്ന​പ​ക്ഷം! എന്നാൽ കല്യാ​ണി​യ​മ്മ​യു​ടെ നോ​ട്ട​ത്തിൽ പു​രു​ഷ​ന്മാ​രോ​ടൊ​ത്തു് കൂ​ലി​വേ​ല​യെ​ടു​ക്കു​ന്ന സ്ത്രീ ‘മാ​ന്യത’യുടെ അതിർ​വ​ര​മ്പു കട​ന്നു​ക​ഴി​ഞ്ഞു; അതു​കൊ​ണ്ടു​ത​ന്നെ അവർ ലൈം​ഗി​ക​ശ​ല്യ​ത്തെ, ഒരർ​ത്ഥ​ത്തിൽ, വി​ളി​ച്ചു​വ​രു​ത്തു​ന്നു!

പൊ​തു​വെ പറ​ഞ്ഞാൽ പു​രു​ഷ​ന്മാ​രു​ടേ​തെ​ന്നു് തി​രി​ച്ച​റി​യ​പ്പെ​ട്ട ഏതൊരു സ്ഥ​ല​ത്തേ​ക്കും കട​ക്കു​ന്ന സ്ത്രീ​ക​ളു​ടെ സ്ത്രീ​ത്വം തേ​ഞ്ഞു​പോ​കു​മെ​ന്ന ഭീ​തി​യാ​യി​രു​ന്നു ഇവർ​ക്കെ​ല്ലാം. സർ​ക്കാ​രി​നോ​ടു് സ്ത്രീ​ക​ളു​ടെ അവ​കാ​ശ​ങ്ങൾ​ക്കു​വേ​ണ്ടി വാ​ദി​ക്കാൻ തയ്യാ​റായ സ്ത്രീ​കൾ, അധി​ക​വും പു​രു​ഷ​ന്മാ​രു​ടെ മേ​ഖ​ല​യായ തൊ​ഴി​ലു​ക​ളിൽ പ്ര​വേ​ശി​ച്ച സ്ത്രീ​കൾ (അക്കാ​ല​ത്തു് നി​യ​മ​രം​ഗം ആകെ​പ്പാ​ടെ പു​രു​ഷ​ന്മാ​രു​ടെ കുത്തകയായിരുന്നു-​അവിടേക്കു് ആദ്യം കട​ന്നു​ചെ​ന്ന അന്നാ ചാ​ണ്ടി​ക്കു് ഇത്ത​രം വി​മർ​ശ​നം കേൾ​ക്കേ​ണ്ടി​വ​ന്നു), ഇവ​രെ​ല്ലാം ‘സ്ത്രീ​ത്വം’ കള​ഞ്ഞു​കു​ളി​ക്കു​ന്ന​വ​രാ​ണെ​ന്നു വി​ധി​ക്കു​ന്ന പലരും അക്കാ​ല​ത്തെ​ഴു​തി​യി​രു​ന്നു. സ്ത്രീ​ക​ളു​ടെ അവ​കാ​ശ​ങ്ങൾ​ക്കു​വേ​ണ്ടി ‘അമി​ത​മാ​യി’ വാ​ദി​ച്ചു് ‘സ്ത്രീ​ത്വ’ത്തെ നശി​പ്പി​ക്ക​രു​തെ​ന്നു് അപേ​ക്ഷി​ച്ച ചില വനി​താ​മാ​സി​ക​കൾ​പോ​ലു​മു​ണ്ടാ​യി​ട്ടു​ണ്ടു്. അത്ത​ര​ത്തി​ലൊ​ന്നാ​യി​രു​ന്ന മല​യാ​ള​മാ​സി​ക​യു​ടെ ആമു​ഖ​ക്കു​റി​പ്പിൽ​നി​ന്നു്:

പെ​ണ്ണു​ങ്ങ​ളാ​യാ​ലും പൗ​രു​ഷം നടി​ക്കു​ന്ന​വ​രെ പേ​ടി​ക്കു​ക​ത​ന്നെ വേ​ണ​മെ​ന്നാ​ണു് ഞങ്ങ​ളു​ടെ പക്ഷം. ആണ​ത്തം ചമ​യു​ന്ന പെ​ണ്ണു​ങ്ങൾ ആണും പെ​ണ്ണും കെ​ട്ട​വ​രാ​കു​മോ എന്നാ​ണു് ഞങ്ങ​ളു​ടെ ഭയം. അസ​മ​ത്വം​കൊ​ണ്ടു​ള്ള അവശത തീർ​ക്കു​വാൻ മോ​ഹി​ച്ചു് ‘സ്വ​ത്വം’ കള​യു​ന്ന​തു് ശു​ദ്ധ​ക​മ്പ​മാ​ണെ​ന്നു പറ​യു​ന്ന​വ​രോ​ടു് ഞങ്ങൾ​ക്കു് അശേഷം ശണ്ഠ​യി​ല്ല.

(‘സ്വ​ന്തം കാ​ര്യം’, മല​യാ​ള​മാ​സിക 1(1), 1930)

ബ്രാ​ഹ്മ​ണ​ലിം​ഗ​മൂ​ല്യ​ങ്ങ​ളു​ടെ രണ്ടാം​ജ​ന്മം

മേൽ​വി​വ​രി​ച്ച പുതിയ ലിം​ഗ​ക്ര​മ​ത്തെ കേ​ര​ള​ത്തിൽ ഉയർ​ന്നു​വ​ന്ന ഒട്ടു​മി​ക്ക സമു​ദാ​യ​പ​രി​ഷ്ക്ക​ര​ണ​പ്ര​സ്ഥാ​ന​ങ്ങ​ളും അം​ഗീ​ക​രി​ച്ചി​രു​ന്നു. 20-ആം നൂ​റ്റാ​ണ്ടി​ന്റെ ആദ്യ​ദ​ശ​ക​ങ്ങ​ളിൽ നാ​യർ​സ​മു​ദാ​യ​ത്തെ കേ​ന്ദ്രീ​ക​രി​ച്ചു രൂ​പ​മെ​ടു​ത്ത നാ​യർ​സർ​വ്വീ​സ് സൊ​സൈ​റ്റി, ഈഴ​വ​രു​ടെ സമു​ദാ​യ​സം​ഘ​ട​ന​യാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട ശ്രീ​നാ​രാ​യ​ണ​ധർ​മ്മ​പ​രി​പാ​ല​ന​യോ​ഗം, കത്തോ​ലി​ക്ക​രു​ടെ സം​ഘ​ട​ന​യാ​യി​രു​ന്ന കത്തോ​ലി​ക്കാ​കോൺ​ഗ്ര​സ്, അര​യ​സ​മു​ദാ​യ​സം​ഘ​ട​ന​യാ​യി​രു​ന്ന അരയസമാജം-​എന്നു തു​ട​ങ്ങി ചെറിയ സമു​ദാ​യ​ങ്ങ​ളു​ടെ സം​ഘ​ട​ന​ക​ളിൽ​വ​രെ​യും ‘സ്ത്രീ​ക​ളെ ഉത്ത​മ​ഗൃ​ഹി​ണി​ക​ളാ​ക്കുക, പു​രു​ഷ​ന്മാ​രെ ‘പൗരുഷ’മു​ള്ള​വ​രാ​ക്കി​ത്തീർ​ക്കുക എന്ന മു​ദ്രാ​വാ​ക്യ​ത്തി​നു് മു​ന്തിയ പ്രാ​ധാ​ന്യം ലഭി​ച്ചി​രു​ന്നു.

ഇക്കാ​ര്യ​ത്തിൽ മുൻ​കൈ​യെ​ടു​ക്കേ​ണ്ട​തു് പു​രു​ഷ​ന്മാ​രാ​യി​രി​ക്ക​ണ​മെ​ന്നും ആർ​ക്കും സം​ശ​യ​മു​ണ്ടാ​യി​രു​ന്നി​ല്ല. ആധു​നിക ആശ​യ​ങ്ങൾ, സ്ഥാ​പ​ന​ങ്ങൾ എന്നി​വ​യു​മാ​യി ആദ്യം പരി​ച​യം സി​ദ്ധി​ച്ച​തു് സമു​ദാ​യ​ങ്ങ​ളി​ലെ അഭ്യ​സ്ത​വി​ദ്യ​രായ പു​രു​ഷ​ന്മാർ​ക്കാ​യി​രു​ന്നു. സമു​ദാ​യ​ത്തെ അതിനു പു​റ​ത്തു​നി​ന്നു വി​ല​യി​രു​ത്താ​നു​ള്ള കാ​ഴ്ച​പ്പാ​ടു് ആദ്യം കൈ​വ​ന്ന​തു് അവർ​ക്കാ​യി​രു​ന്നു. സമു​ദാ​യ​ജീ​വി​ത​ത്തി​ലും കു​ടും​ബ​ജീ​വി​ത​ത്തി​ലും നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പ്ര​യോ​ഗ​ങ്ങ​ളെ വി​മർ​ശി​ക്കാ​നും അവ​യ്ക്കു പകരം പു​തി​യ​വ​യെ നിർ​ദ്ദേ​ശി​ക്കാ​നു​ള്ള കഴി​വും അധി​കാ​ര​വും അവർ​ക്കാ​ണെ​ന്നും വന്നു. മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​ലെ അഭ്യ​സ്ത​വി​ദ്യ​രായ പു​രു​ഷ​ന്മാർ പരി​ച​യ​പ്പെ​ട്ട പുതിയ മൂല്യവ്യവസ്ഥകൾ-​ബ്രിട്ടിഷ് സമൂ​ഹ​ത്തി​ലെ ‘വി​ക്ടോ​റി​യൻ’ മൂ​ല്യ​വ്യ​വ​സ്ഥ, ഇന്ത്യ​യി​ലെ​ത്ത​ന്നെ ബ്രി​ട്ടി​ഷ് ഭര​ണ​കേ​ന്ദ്ര​ങ്ങ​ളാ​യി​രു​ന്ന ബോംബെ, മദ്രാ​സ്, കൽ​ക്ക​ത്ത തു​ട​ങ്ങിയ നഗ​ര​ങ്ങ​ളിൽ ഉയർ​ന്നു​വ​ന്ന സമു​ദാ​യ​പ​രി​ഷ്ക്ക​ര​ണ​ചി​ന്ത​ക​ളിൽ അന്തർ​ലീ​ന​മാ​യി​രു​ന്ന ‘നവ​ബ്രാ​ഹ്മ​ണ​മൂ​ല്യ​വ്യ​വ​സ്ഥ’-​സ്ത്രീകളെ സമൂ​ഹ​ത്തി​ലെ രണ്ടാം​കി​ട​ക്കാ​രാ​യി തരം​താ​ഴ്ത്തു​ന്ന​വ​യാ​യി​രു​ന്നു. സ്ത്രീ​ക്കു് ഭർ​ത്താ​വി​ലൂ​ടെ​യ​ല്ലാ​തെ സാ​മൂ​ഹ്യാം​ഗ​ത്വ​മി​ല്ലെ​ന്നു് വി​ധി​ച്ചി​രു​ന്ന മൂ​ല്യ​വ്യ​വ​സ്ഥ​ക​ളാ​യി​രു​ന്നു ഇവ രണ്ടും.

kimages/Kulasthree_Chapter_four_pic08.png

ബം​ഗാ​ളി​ലും മഹാ​രാ​ഷ്ട്ര​യി​ലും വളർ​ന്നു പന്ത​ലി​ച്ച സാ​മൂ​ഹ്യ​പ​രി​ഷ്ക്ക​ര​ണ​പ്ര​സ്ഥാ​ന​ത്തി​ന്റെ പ്ര​ബ​ല​ധാ​ര​കൾ പല​പ്പോ​ഴും ബ്രാ​ഹ്മ​ണ​മൂ​ല്യ​ങ്ങ​ളെ​ത്ത​ന്നെ ആധു​നി​ക​രീ​തി​യിൽ പു​നഃ​സൃ​ഷ്ടി​ക്കാൻ പണി​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​തു്. ബ്രാ​ഹ്മ​ണ​മൂ​ല്യ​ങ്ങ​ളെ തള്ളി​ക്ക​ള​യു​ന്ന​തി​നു പകരം അവ​യി​ലെ നഗ്ന​മായ അധി​കാ​ര​പ്ര​യോ​ഗ​ങ്ങ​ളെ​യും ക്രൂ​ര​മായ അം​ശ​ങ്ങ​ളെ​യും മാ​ത്രം ഒഴി​വാ​ക്കി പു​ന​രു​പ​യോ​ഗി​ക്കാ​നാ​ണു് അവ പരി​ശ്ര​മി​ച്ച​തു്. കൂ​ടാ​തെ ഈ ‘ലഘൂ​ക​രി​ക്ക​പ്പെ​ട്ട’ ബ്രാ​ഹ്മ​ണ​മൂ​ല്യ​ങ്ങൾ ‘പാവന-​പുരാതന’ ‘ഇന്ത്യൻ​സം​സ്ക്കാര’ത്തി​ന്റെ അവി​ഭാ​ജ്യ​ഘ​ട​ക​മാ​ണെ​ന്നും ഈ പ്ര​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​ബ​ല​വി​ഭാ​ഗ​ങ്ങൾ വാ​ദി​ച്ചു​റ​പ്പി​ച്ചു. സ്ത്രീ​ക​ളു​ടെ ശരീ​ര​ങ്ങ​ളു​ടെ​മേൽ സൂ​ക്ഷ്മ​മായ നി​യ​ന്ത്ര​ണം ഏർ​പ്പെ​ടു​ത്തു​ക​വ​ഴി സമു​ദാ​യ​ങ്ങ​ളു​ടെ ‘പരി​ശു​ദ്ധി’ ഉറ​പ്പു​വ​രു​ത്താ​നു​ള്ള ഉത്സാ​ഹം ഒട്ടു​മി​ക്ക സമു​ദാ​യ​പ​രി​ഷ്ക്ക​ര​ണ​പ്ര​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​ക​ട​മാ​യി​രു​ന്നു. സ്ത്രീ​ക​ളു​ടെ മനഃ​പ​രി​ഷ്ക്ക​ര​ണ​ത്തി​ലൂ​ടെ​വേ​ണം ഇതു സാ​ധി​ക്കാ​നെ​ന്ന കാ​ര്യ​ത്തി​ലും ഇവ തമ്മിൽ വലിയ അഭി​പ്രാ​യ​ഭി​ന്ന​ത​യു​ണ്ടാ​യി​ല്ല; ആധു​നി​ക​പ​രി​ഷ്ക്കാ​രം സി​ദ്ധി​ച്ച പു​രു​ഷ​നു് ഈ പ്ര​ക്രി​യ​യിൽ മേൽ​ക്കൈ നൽ​ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തെ​സ്സം​ബ​ന്ധി​ച്ചും നല്ല അഭി​പ്രാ​യൈ​ക്യം നി​ല​വി​ലു​ണ്ടാ​യി​രു​ന്നു!

സ്വാ​ഭാ​വി​ക​മാ​യും, ‘സമു​ദാ​യ​പ​രി​ഷ്ക്കർ​ത്താ​വു്’ എന്ന അധി​കാ​ര​സ്ഥാ​ന​ത്തി​ലേ​റിയ മല​യാ​ളി പു​രു​ഷൻ സ്ത്രീ​ക​ളെ ആധു​നി​ക​ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കുക എന്ന ബൃ​ഹ​ദ്പ​ദ്ധ​തി​യിൽ തന്നോ​ടു തു​ല്യ​നി​ല​യു​ള്ള കൂ​ട്ടാ​ളി​ക​ളാ​യ​ല്ല കണ്ട​തു്. മറി​ച്ചു്, പര​മ്പ​രാ​ഗ​ത​ജീ​വി​ത​ത്തിൽ ആണ്ടു​മു​ങ്ങി​ക്കി​ട​ക്കു​ന്ന നി​സ്സ​ഹാ​യ​ക​ളാ​ണു് പര​മ്പ​രാ​ഗ​ത​സ​മൂ​ഹ​ത്തി​ലെ സ്ത്രീ​ക​ളെ​ന്നു് അയാൾ വി​ധി​ച്ചു. ചു​രു​ക്കി​പ്പ​റ​ഞ്ഞാൽ, ‘ഗതി​യി​ല്ലാ​ത്ത’ കുറേ പാ​വ​ങ്ങ​ളെ രക്ഷ​പ്പെ​ടു​ത്താൻ തയ്യാ​റാ​കു​ന്ന ത്യാ​ഗ​സ​ന്ന​ദ്ധ​രാ​യി​ട്ടാ​ണു് സമു​ദാ​യ​പ​രി​ഷ്ക്കർ​ത്താ​ക്കൾ സ്വയം തി​രി​ച്ച​റി​ഞ്ഞ​തു്. പരി​ഷ്ക്ക​ര​ണ​വ​സ്തു​വായ സ്ത്രീ​യു​ടെ നില നി​ഷ്ക്രി​യ​വും പരി​ഷ്ക്കർ​ത്താ​വായ പു​രു​ഷ​ന്റേ​തു് സക്രി​യ​വു​മാ​യി സങ്കൽ​പ്പി​ക്ക​പ്പെ​ട്ടു. സ്ത്രീ പു​രു​ഷ​നു കീ​ഴ്‌​വ​ഴ​ങ്ങി നിൽ​ക്കേ​ണ്ട​വൾ​ത​ന്നെ​യെ​ന്ന പഴയ പല്ല​വി​യെ മറ്റൊരുവിധത്തിൽ-​കൂടുതൽ സൂക്ഷ്മതയോടെ-​പാടുകയായിരുന്നു, സമു​ദാ​യ​പ​രി​ഷ്ക്ക​ര​ണ​പ്ര​സ്ഥാ​ന​ങ്ങൾ.

എന്നാൽ പര​മ്പ​രാ​ഗ​ത​കു​ടും​ബ​ങ്ങ​ളി​ലെ പി​താ​വു്, അല്ലെ​ങ്കിൽ കാ​ര​ണ​വർ, കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​മേൽ ചെ​ലു​ത്തി​യി​രു​ന്ന അധി​കാ​ര​ത്തിൽ​നി​ന്നു് തുലോം വ്യ​ത്യ​സ്ത​മായ അധി​കാ​ര​മാ​യി​രു​ന്നു പരി​ഷ്ക്കർ​ത്താ​വായ പു​രു​ഷ​ന്റേ​തു്. സ്ത്രീ​യെ ഭയ​പ്പെ​ടു​ത്തി അനു​സ​രി​പ്പി​ക്കു​ന്ന പഴയ രീ​തി​യെ ഉപേ​ക്ഷി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഈ പുതിയ പി​തൃ​മേ​ധാ​വി​യു​ടെ രം​ഗ​പ്ര​വേ​ശം. സ്ത്രീ​ക​ളെ അവ​രു​ടെ ‘യഥാർ​ത്ഥ​സ​ത്ത’-​അതായതു്, മേൽ​വി​വ​രി​ച്ച ‘സ്ത്രീ​ഗു​ണ​ങ്ങൾ’-​വീണ്ടെടുക്കാൻ സഹാ​യി​ക്കു​ക​യെ​ന്ന ഭാ​രി​ച്ച ഉത്ത​ര​വാ​ദി​ത്വം നിർ​വ്വ​ഹി​ക്കു​വാൻ​വേ​ണ്ടി ത്യാ​ഗ​മ​നു​ഭ​വി​ക്കാൻ തയ്യാ​റായ പു​രു​ഷ​ന്മാ​രാ​ണു് പുതിയ പി​തൃ​മേ​ധാ​വി​ത്വ​ത്തി​ന്റെ വക്താ​ക്ക​ളും പ്ര​യോ​ക്താ​ക്ക​ളു​മാ​യി​ത്തീർ​ന്ന​തു്. ബല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യ​ല്ല, മറി​ച്ചു്, മനഃ​പ​രി​ഷ്ക്ക​ര​ണ​ത്തി​ലൂ​ടെ​വേ​ണം സ്ത്രീ​ക​ളെ ഉത്തമ വീ​ട്ട​മ്മ​മാ​രാ​ക്കി​മാ​റ്റാ​നെ​ന്ന നിർ​ദ്ദേ​ശം പുതിയ പി​തൃ​മേ​ധാ​വി​കൾ പര​ക്കെ അം​ഗീ​ക​രി​ച്ചി​രു​ന്നു. പര​മ്പ​രാ​ഗത കു​ടും​ബ​ത്തിൽ​നി​ന്നും ആധു​നിക കു​ടും​ബ​ത്തി​ലേ​ക്കു് സ്ത്രീ​യെ കൈ​പി​ടി​ച്ചു​യർ​ത്തു​ന്ന ക്ലേ​ശ​ക​ര​മായ ഉത്ത​ര​വാ​ദി​ത്വം ഏൽ​ക്കു​ന്ന​തു​കൊ​ണ്ടു് പു​രു​ഷ​നു ചില ഗു​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു: തന്റെ പരി​ഷ്ക്ക​ര​ണ​വ​സ്തു​ക്ക​ളായ സ്ത്രീ​ക​ളു​ടെ​മേൽ ഒടു​ങ്ങാ​ത്ത ധാർ​മ്മി​കാ​ധി​കാ​രം അയാൾ​ക്കു കൈ​വ​ന്നു. നവ​പി​തൃ​മേ​ധാ​വി​ത്വ​ത്തി​ന്റെ വക്താ​ക്ക​ളാ​യി​രു​ന്ന പല പു​രു​ഷ​പ​രി​ഷ്ക്കർ​ത്താ​ക്ക​ന്മാർ​ക്കും ‘സ്ത്രീ​വി​മോ​ചക’രെന്ന ബി​രു​ദം കൈ​വ​ന്ന​തു് അങ്ങ​നെ​യാ​ണു്.

പര​മ്പ​രാ​ഗ​ത​പി​തൃ​മേ​ധാ​വി​ത്വ​ത്തി​ന്റെ കരാ​ള​ഹ​സ്ത​ങ്ങ​ളി​ല​ക​പ്പെ​ട്ടു​പോയ സ്ത്രീ​യെ രക്ഷ​പ്പെ​ടു​ത്തി പരി​ഷ്ക്ക​രി​ച്ചു് ‘ആധു​നി​ക​സ്ത്രീ’യാ​ക്കാൻ പണി​പ്പെ​ട്ട പു​രു​ഷ​നായ പരി​ഷ്ക്കർ​ത്താ​വി​ന്റെ ഉത്ത​ര​വാ​ദി​ത്വ​ത്തെ ആസ്പ​ദ​മാ​ക്കി രചി​ക്ക​പ്പെ​ട്ട അതി​പ്ര​ശ​സ്ത​മായ നാ​ട​ക​മാ​യി​രു​ന്നു വി. ടി. ഭട്ട​തി​രി​പ്പാ​ടി​ന്റെ അടു​ക്ക​ള​യിൽ​നി​ന്നു് അര​ങ്ങ​ത്തേ​ക്കു് (1930), നമ്പൂ​തി​രി​സ​മു​ദാ​യ​പ​രി​ഷ്ക്ക​ര​ണ​പ്ര​സ്ഥാ​ന​ത്തി​ലെ സു​പ്ര​ധാ​ന​സം​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ഈ നാ​ട​ക​ത്തി​ന്റെ അവ​ത​ര​ണം. പര​മ്പ​രാ​ഗ​ത​സ​മു​ദാ​യ​ത്തി​ന്റെ പോ​ഴ​ത്ത​ങ്ങ​ളെ കണ​ക്കി​നു പരി​ഹ​സി​ച്ച ഈ നാടകം സമു​ദാ​യ​ത്തി​നു​ള്ളി​ലും പു​റ​ത്തും വലിയ ഒച്ച​പ്പാ​ടു​ണ്ടാ​ക്കി. പര​മ്പ​രാ​ഗ​ത​പി​തൃ​മേ​ധാ​വി​ത്വ​ത്തി​ന്റെ പി​ടി​യിൽ ഞെ​രി​ഞ്ഞ​മർ​ന്നു നശി​ച്ചു​പോ​കു​മാ​യി​രു​ന്ന ഒരു യു​വ​തി​യെ പരി​ഷ്കൃ​ത​നായ ഒരു നമ്പൂ​തി​രി​യു​വാ​വു് രക്ഷ​പ്പെ​ടു​ത്തി ഒരു പുതിയ ജീ​വി​ത​ത്തി​ലെ​ത്തി​ക്കു​ന്ന കഥയിൽ പരി​ഷ്ക്കർ​ത്താ​വി​നാ​ണു് സജീ​വ​മായ പങ്കു്. പരി​ഷ്കൃ​ത​നായ പു​രു​ഷ​ന്റെ സഹാ​യ​മി​ല്ലെ​ങ്കിൽ സ്ത്രീ മരി​ക്കു​ക​യോ ഭ്രാ​ന്തി​യാ​വു​ക​യോ ചെ​യ്യു​മെ​ന്നു് സൂ​ചി​പ്പി​ക്കു​ന്ന പല ‘നമ്പൂ​തി​രി സമു​ദാ​യ​പ​രി​ഷ്ക്ക​രണ’കഥ​ക​ളും ഇക്കാ​ല​ത്തു​ണ്ടാ​യി​ട്ടു​ണ്ടു്. സ്ത്രീ​വി​മോ​ച​ക​രായ പു​രു​ഷ​പ​രി​ഷ്ക്കർ​ത്താ​ക്ക​ളു​ടെ കടമയെ ചു​റ്റി​പ്പ​റ്റി​യു​ള്ള പ്ര​മേ​യ​ങ്ങൾ മറ്റു സമു​ദാ​യ​ങ്ങ​ളു​ടെ പശ്ചാ​ത്ത​ല​ത്തി​ലും അവതരിപ്പിക്കപ്പെട്ടിട്ടുണ്ടു്-​പലപ്പോഴും വ്യ​തി​യാ​ന​ങ്ങ​ളോ​ടെ. ഉദാ​ഹ​ര​ണ​ത്തി​നു് വി. ടി.യുടെ പ്ര​ശ​സ്ത കൃ​തി​യു​ടെ പേരു് അടു​ക്ക​ള​യിൽ​നി​ന്നു് അര​ങ്ങ​ത്തേ​ക്കു് എന്നാ​ണെ​ങ്കി​ലും അതിലെ നാ​യി​ക​യു​ടെ യാത്ര അടു​ക്ക​ള​യിൽ​നി​ന്നു് വീ​ട്ടി​ന്റെ പൂ​മു​ഖ​ത്തേ​ക്കാ​ണു്. എന്നാൽ മല​ബാ​റിൽ ഏറെ പ്ര​ശ​സ്തി​നേ​ടിയ ഇതു ഭൂ​മി​യാ​ണു് എന്ന നാ​ട​ക​ത്തി​ലെ നായിക അടു​ക്ക​ള​യിൽ​നി​ന്നു് നാ​ട​ക​ത്തി​ന്റെ അര​ങ്ങ​ത്തേ​ക്കു​ത​ന്നെ​യാ​ണു് സഞ്ച​രി​ക്കു​ന്ന​തു്. രണ്ടി​ലും രക്ഷ​ക​സ്ഥാ​ന​ത്തു് പരി​ഷ്ക്കർ​ത്താ​വായ പു​രു​ഷൻ​ത​ന്നെ.

ഒറ്റ​നോ​ട്ട​ത്തിൽ ഇതു് അനി​വാ​ര്യ​മാ​യി​രു​ന്ന ഒരു അധി​കാ​ര​ബ​ന്ധ​മാ​യി​രു​ന്നു​വെ​ന്നു് തോ​ന്നി​യേ​ക്കാം. പഠി​പ്പും ലോ​ക​പ​രി​ച​യ​വും കു​റ​ഞ്ഞ​വർ​ക്കു് പൊ​തു​രം​ഗ​ത്തേ​ക്കു കട​ക്കാൻ ഇതു​ര​ണ്ടും സമ്പാ​ദി​ച്ചു​ക​ഴി​ഞ്ഞ​വ​രു​ടെ സഹായം വേ​ണ്ടി​വ​രു​മെ​ന്നു് പ്ര​തീ​ക്ഷി​ക്കേ​ണ്ട​ത​ല്ലേ? ഒര​ള​വു​വ​രെ ഇതു ശരി​യാ​ണെ​ന്നു് സമ്മ​തി​ക്കാം. എന്നാൽ ആ സഹാ​യ​ഹ​സ്തം അധി​കാ​ര​ബ​ന്ധ​മാ​യി​ത്തീ​രാ​നി​ട​യു​ണ്ടെ​ന്നു് അക്കാ​ല​ത്തെ അന്തർ​ജ​ന​ങ്ങൾ​ത​ന്നെ മുൻ​കൂ​ട്ടി​ക്ക​ണ്ടി​രു​ന്നു. നമ്പൂ​തി​രി​സ​മു​ദാ​യ​പ്ര​സ്ഥാ​ന​ത്തി​ന്റെ പ്ര​സി​ദ്ധീ​ക​ര​ണ​മായ യോ​ഗ​ക്ഷേ​മ​ത്തി​ലും മറ്റും സ്ത്രീ​ക​ളെ​ക്കു​റി​ച്ചെ​ഴു​ഴു​തിയ പല അന്തർ​ജ​ന​ങ്ങ​ളും ഇതു പരോ​ക്ഷ​മാ​യി സൂ​ചി​പ്പി​ച്ചു. സ്ത്രീ​ക​ളെ പരി​ഷ്ക്ക​രി​ക്കൽ പു​രു​ഷ​ന്മാർ സ്ത്രീ​ക​ളോ​ടു കാ​ണി​ക്കു​ന്ന ഔദാ​ര്യ​മ​ല്ലെ​ന്നും സ്ത്രീ​കൾ അഭ്യ​സ്ത​വി​ദ്യ​ക​ളാ​യി​ത്തീർ​ന്നി​ല്ലെ​ങ്കിൽ അതു​കൊ​ണ്ടു​ള്ള ദോഷം അവ​രെ​മാ​ത്ര​മ​ല്ല പു​രു​ഷ​ന്മാ​രെ​യും ബാ​ധി​ക്കു​മെ​ന്നും ഇവർ പല​പ്പോ​ഴും ഓർ​മ്മി​പ്പി​ച്ചു.

ഇതു് ഭൂ​മി​യാ​ണ്

മല​യാ​ള​ത്തി​ലെ ഏറ്റ​വും പ്ര​ശ​സ്ത​മായ മു​സ്ലിം സാ​മൂ​ഹ്യ​നാ​ട​ക​മാ​ണു് കെ. ടി. മു​ഹ​മ്മ​ദി​ന്റെ ഇതു ഭൂ​മി​യാ​ണു് (1953.) മു​സ്ലിം​സ്ത്രീ​ക​ളെ നേ​രി​ട്ടു് അഭി​സം​ബോ​ധ​ന​ചെ​യ്യു​ക​യും അവ​രു​ടെ പ്ര​ശ്ന​ങ്ങ​ളെ വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​രി​ക​യും ചെയ്ത നാ​ട​ക​മാ​ണി​തു്. വൈ​ക്കം മു​ഹ​മ്മ​ദ് ബഷീ​റി​ന്റെ ബാ​ല്യ​കാ​ല​സ​ഖി (1944), ന്റു​പ്പു​പ്പ​ക്കാ​ക്കൊ​രാ​നേ​ണ്ടാർ​ന്നു! (1951) എന്നീ കൃ​തി​കൾ മു​സ്ലിം​സ്ത്രീ​ക​ളു​ടെ ദൈ​നം​ദി​ന​ജീ​വി​ത​ത്തെ സാ​മൂ​ഹ്യ​പ​രി​ഷ്ക്ക​രണ കാ​ഴ്ച​പ്പാ​ടിൽ​നി​ന്നു് വി​ല​യി​രു​ത്തി​യ​വ​യാ​യി​രു​ന്നു; ആ പര​മ്പ​ര​യി​ലാ​ണു് ഇതു ഭൂ​മി​യാ​ണു് എന്ന നാ​ട​ക​ത്തി​ന്റെ​യും സ്ഥാ​നം. സ്ത്രീ​വി​ദ്യാ​ഭ്യാ​സ​മാ​ണു് ഈ നാ​ട​ക​ത്തി​ലേ​യും മു​ഖ്യ​പ്ര​മേ​യം. ഇന്നും മു​സ്ലിം​സ്ത്രീ​കൾ നേ​രി​ടു​ന്ന പല പ്ര​ശ്ന​ങ്ങ​ളും ഈ നാടകം ചർച്ചചെയ്യുന്നുണ്ടു്-​ബഹുഭാര്യാത്വം, പു​രു​ഷ​നു് ഭാ​ര്യ​യെ ഏക​പ​ക്ഷീ​യ​മാ​യി മൊ​ഴി​ചൊ​ല്ലാ​നു​ള്ള സൗ​ക​ര്യം, സ്ത്രീ​ക​ളു​ടെ സ്വ​ത്തു​ട​മ​സ്ഥ​ത​യു​ടെ പ്രശ്നം-​എല്ലാം. എന്നാൽ പൊ​തു​വെ മു​സ്ലിം​സ​മു​ദാ​യ​പ​രി​ഷ്ക്ക​ര​ണ​വും ഇവിടെ വി​വ​രി​ച്ച പുതിയ ലിം​ഗാ​ധി​കാ​ര​ബ​ന്ധ​ത്തെ ഊട്ടി​യു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു് സമീ​പ​കാ​ല​സ്ത്രീ​പ​ക്ഷ​ച​രി​ത്ര​ഗ​വേ​ഷ​ണം വെ​ളി​വാ​ക്കു​ന്നു. മുൻ അദ്ധ്യാ​യ​ത്തിൽ പരാ​മർ​ശി​ച്ച പു​ത്തൂർ ആമി​ന​യു​ടെ പാ​ട്ടി​ലെ സ്ത്രീ​സ്വാ​ത​ന്ത്ര്യാ​ദർ​ശ​മ​ല്ല പു​രു​ഷ​ന്മാ​രായ മു​സ്ലിം​സ​മു​ദാ​യ​പ​രി​ഷ്ക്കർ​ത്താ​ക്ക​ന്മാ​രു​ടേ​തു് എന്നു് ഷം​ഷാ​ദ് ഹുസൈൻ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. മു​സ്ലിം ഐക്യ​സം​ഘം എന്ന സു​പ്ര​സി​ദ്ധ പരി​ഷ്ക്ക​ര​ണ​സം​ഘ​ട​ന​യു​ടെ ആദർ​ശ​ങ്ങൾ സമു​ദാ​യ​ന​വീ​ക​ര​ണ​ത്തെ ഉന്നം​വ​ച്ചു് സ്ത്രീ​ക​ളെ എങ്ങ​നെ പരി​ഷ്ക്ക​രി​ക്ക​ണ​മെ​ന്നു് നിർ​ദ്ദേ​ശി​ക്കു​ന്ന​വ​യാ​യി​രു​ന്നു. ‘കാ​തു​കു​ത്തു​പോ​ലു​ള്ള അനി​സ്ലാ​മിക ദു​രാ​ചാ​ര​ങ്ങ​ളെ എതിർ​ക്കുക… പൗ​രോ​ഹി​ത്യം വി​ല​ക്കിയ സ്ത്രീ​വി​ദ്യാ​ഭ്യാ​സം നട​പ്പി​ലാ​ക്കുക എന്നി​ങ്ങ​നെ. സമു​ദാ​യ​ത്തി​നു​വേ​ണ്ടി സ്ത്രീ​കൾ എങ്ങ​നെ​യെ​ല്ലാം പരി​ഷ്ക്ക​രി​ക്ക​പ്പെ​ട​ണം എന്ന​താ​ണു് ഇവ​യി​ലെ മുഖ്യ അജണ്ട. അല്ലാ​തെ സ്ത്രീ​യു​ടെ വീ​ക്ഷ​ണ​കോ​ണിൽ​നി​ന്നു​കൊ​ണ്ടു​ള്ള സ്ത്രീ​സ​മു​ദാ​യ​പ​രി​ഷ്ക്ക​ര​ണ​ങ്ങ​ള​ല്ല.’

(ഷം​ഷാ​ദ് ഹുസൈൻ, ന്യൂ​ന​പ​ക്ഷ​ത്തി​നും ലിം​ഗ​പ​ദ​വി​ക്കു​മി​ട​യിൽ, തി​രു​വ​ന​ന്ത​പു​രം, 2009, പുറം. 24)

kimages/Kulasthree_Chapter_four_pic09.png

ഈ സഹാ​യ​ഹ​സ്തം വലി​യൊ​രു അധി​കാ​ര​ബ​ന്ധം​ത​ന്നെ​യാ​യി​രു​ന്നു​വെ​ന്നു് നമ്പൂ​തി​രി​പ​രി​ഷ്ക്കർ​ത്താ​ക്ക​ളിൽ അഗ്ര​ഗ​ണ്യ​നാ​യി​രു​ന്ന വി. ടി ഭട്ട​തി​രി​പ്പാ​ടി​ന്റെ ചില രച​ന​ക​ളിൽ​നി​ന്നു വ്യ​ക്ത​മാ​കു​ന്നു​ണ്ടു്. അന്തർ​ജ​ന​ങ്ങ​ളു​ടെ നര​ക​ജീ​വി​ത​ത്തെ​ക്കു​റി​ച്ചു് ഏറ്റ​വു​മ​ധി​കം എഴു​തി​യി​ട്ടു​ള്ള ഒരാ​ളാ​ണു് അദ്ദേ​ഹം. എഴു​ത്തും വാ​യ​ന​യും പഠി​ച്ചു് യു​ക്തി​ചി​ന്ത​യി​ലേ​ക്കു​യർ​ന്നു് ഇല്ല​ങ്ങ​ളി​ലെ ഇടു​ങ്ങിയ അന്ത​രീ​ക്ഷ​ത്തിൽ​നി​ന്നു് സ്വ​ന്തം മന​സ്സി​നെ വി​മോ​ചി​പ്പി​ക്കാൻ അന്തർ​ജ​ന​ങ്ങൾ സ്വയം തയ്യാ​റാ​വ​ണ​മെ​ന്നു് ശക്ത​മാ​യി വാ​ദി​ച്ച​യാൾ. എന്നാൽ പരി​ഷ്ക്കർ​ത്താ​വായ പു​രു​ഷൻ നീ​ട്ടിയ സഹാ​യ​ഹ​സ്ത​ത്തെ ഏതെ​ങ്കി​ലും അന്തർ​ജ​നം സ്വീ​ക​രി​ക്കാ​തി​രു​ന്നാൽ, അവൾ ഇല്ല​ത്തി​നു​പു​റ​ത്തേ​ക്കു് സ്വ​ന്തം വഴി തേ​ടി​യാൽ, ക്ഷ​മി​ക്കാൻ പറ്റാ​ത്ത അപ​രാ​ധ​മാ​യി അതെ​ണ്ണ​പ്പെ​ടു​മെ​ന്നു് വി. ടി. യുടെ കർ​മ്മ​വി​പാ​കം എന്ന ആത്മ​ക​ഥാ​പ​ര​മായ ലേ​ഖ​ന​സ​മാ​ഹാ​ര​ത്തി​ലുൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഒരു ലേഖനം വെ​ളി​വാ​ക്കു​ന്നു​ണ്ടു്. ഉമാ​ദേ​വി നരി​പ്പ​റ്റ എന്ന സ്ത്രീ​യെ​ക്കു​റി​ച്ചു് വി. ടി. യുടെ ഓർമ്മക്കുറിപ്പാണതു്-​വലിയൊരു കു​റ്റ​പ​ത്രം​ത​ന്നെ വി. ടി. അവർ​ക്കെ​തി​രെ സമർ​പ്പി​ക്കു​ന്നു​ണ്ടു്. അനു​സ​ര​ണ​യും ധർ​മ്മ​ബോ​ധ​വു​മി​ല്ലാ​ത്ത, അമി​ത​ലാ​ള​ന​കൊ​ണ്ടു് വെറും വഷളായ, ഒരു സ്ത്രീ​യാ​ണ​വർ, വി. ടി. യുടെ വീ​ക്ഷ​ണ​ത്തിൽ. പക്ഷേ, വി. ടി​യ​ട​ക്ക​മു​ള്ള സമു​ദായ വി​പ്ല​വ​കാ​രി​കൾ എതിർ​ത്തു​തോൽ​പ്പി​ച്ച യാ​ഥാ​സ്ഥി​തിക കു​ടും​ബ​സാ​ഹ​ച​ര്യ​ത്തിൽ​നി​ന്നാ​ണു് അവർ ഇറ​ങ്ങി​പ്പോ​യ​തെ​ന്നു് സുവ്യക്തമാണു്-​ഭർത്തൃപിതാവു് അവ​രു​ടെ ഭർ​ത്താ​വി​നെ​ക്കൊ​ണ്ടു് രണ്ടാ​മ​തു് വേ​ളി​ക​ഴി​പ്പി​ച്ച​ത്രെ. സപ​ത്നി​യാ​യി​വ​ന്ന സ്ത്രീ​ക്കു് ആദ്യ​ഭാ​ര്യ​യായ ഉമ​യിൽ​നി​ന്നു് ഭർ​ത്താ​വി​ന്റെ പങ്കു് നേ​ടി​യെ​ടു​ക്കാ​നാ​യി​ല്ല​ത്രേ. കൗ​തു​ക​വ​സ്തു​ക്കൾ മോ​ഷ്ടി​ക്കു​ന്ന സ്വ​ഭാ​വം ഉമ​യ്ക്കു​ണ്ടാ​യി​രു​ന്നെ​ന്നും അതിനു പ്രാ​യ​ശ്ചി​ത്തം ചെ​യ്യാൻ ഭർ​ത്തൃ​പി​താ​വു് നിർ​ബ​ന്ധി​ച്ച​പ്പോൾ അനു​സ​രി​ക്കാ​തെ കു​ട്ടി​ക​ളെ​യെ​ടു​ത്തു​കൊ​ണ്ടു് അവർ വീ​ടു​വി​ട്ടി​റ​ങ്ങി​യെ​ന്നും വി. ടി പറ​യു​ന്നു. ഇവിടെ വി. ടി ക്കു് യാ​തൊ​രു സംശയവുമില്ല-​യാഥാസ്ഥിതികനായ നമ്പൂ​തി​രി​കാ​ര​ണ​വ​രു​ടെ ആരോ​പ​ണ​ത്തെ​ക്കു​റി​ച്ചു്, കള​വെ​ന്ന ദുഃ​സ്വ​ഭാ​വ​ത്തെ പരി​ഹ​രി​ക്കാൻ അയാൾ നിർ​ദ്ദേ​ശി​ച്ച മാർ​ഗ്ഗ​ത്തെ​ക്കു​റി​ച്ച്. ഒറ്റ​യ്ക്കു് ഇറ​ങ്ങി​പ്പോ​യി എന്ന​തു​ത​ന്നെ​യാ​ണു് ഉമ തെ​റ്റു​ചെ​യ്തു​വെ​ന്ന​തി​ന്റെ തെ​ളി​വു്. ഇല്ല​ത്തു​നി​ന്നി​റ​ങ്ങി​യ​ശേ​ഷം ഉമ​യ്ക്കു് നി​ര​വ​ധി കാ​മു​ക​ന്മാ​രു​ണ്ടാ​യെ​ന്നു്, അന്യ​ജാ​തി​ക്കാ​രായ പു​രു​ഷ​ന്മാ​രു​ടെ​കൂ​ടെ അവർ പു​തി​യ​ജീ​വി​തം ആരം​ഭി​ക്കാൻ ശ്ര​മി​ച്ചു​വെ​ന്നു് പറ​യു​ന്ന വി. ടി. യുടെ ദൃ​ഷ്ടി​യിൽ ക്ഷ​മ​യർ​ഹി​ക്കാ​ത്ത കു​റ്റ​മാ​ണു് ആ ഇറ​ങ്ങി​പ്പോ​ക്കു്. പരി​ഷ്ക്കർ​ത്താ​വായ പു​രു​ഷ​ന്റെ മേൽ​നോ​ട്ട​ത്തി​ല​ല്ല അവർ ഈ നീ​ക്ക​ങ്ങൾ നട​ത്തി​യ​തെ​ന്ന​താ​ണു് യഥാർത്ഥപ്രശ്നം-​വി. ടി. യുടെ സഹോ​ദ​രി​യെ അദ്ദേ​ഹ​ത്തി​ന്റെ മേൽ​നോ​ട്ട​ത്തി​ലും താൽ​പ്പ​ര്യ​ത്തി​ലും ഒരു നായർ വി​വാ​ഹം കഴി​ച്ച​തി​നെ​ക്കു​റി​ച്ചും അദ്ദേ​ഹ​മെ​ഴു​തി​യി​ട്ടു​ണ്ടു്. അഭി​ജാ​ത​മായ ഇല്ല​ത്തു​നി​ന്നു് ദരി​ദ്ര​മായ ഒരു മാ​പ്പി​ള​ഗൃ​ഹ​ത്തി​ലേ​ക്കു് ഇറ​ങ്ങി​പ്പോയ അന്തർ​ജ​ന​ത്തെ എത്ര ശകാ​രി​ച്ചി​ട്ടും വി. ടി.ക്കു മതി​വ​രു​ന്നി​ല്ല. അതി​ന്റെ കു​റ്റ​മ​ത്ര​യും ‘സ്ത്രീ​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ തലയിൽ കെ​ട്ടി​വ​യ്ക്കാ​നും അദ്ദേ​ഹം മറക്കുന്നില്ല-​സ്ത്രീകളെ വി​മോ​ചി​പ്പി​ക്കാൻ നട​ന്ന​വർ ‘സ്ത്രീ​സ്വാ​ത​ന്ത്ര്യ’ത്തെ ഭയ​പ്പെ​ടു​ന്ന​തി​ലെ വി​രോ​ധാ​ഭാ​സം ചി​ല്ല​റ​യ​ല്ല! സ്വ​സ​മു​ദാ​യ​ത്തി​നു​ള്ളിൽ, പു​രു​ഷ​ന്മാ​രായ പരി​ഷ്ക്കർ​ത്താ​ക്കൾ വര​ച്ച​വ​ര​യ്ക്ക​ക​ത്തു്, അവർ തീർ​ത്ത നി​യ​മ​ങ്ങ​ള​നു​സ​രി​ച്ചു​മാ​ത്ര​മേ ‘സ്ത്രീ​സ്വാ​ത​ന്ത്ര്യം’ പാ​ടു​ള്ളൂ എന്നർ​ത്ഥം.

സ്ത്രീ​സ്വാ​ത​ന്ത്യ്രം പൂ​വി​ടു​ന്ന വസ​ന്തം പി​റ​ന്ന​തി​ന്റെ നറു​മ​ണം ഉമാ അന്തർ​ജ​ന​ത്തെ ലഹ​രി​പി​ടി​പ്പി​ച്ചു. സദാ​ചാ​ര​ത്തി​ന്റെ വഴി​യിൽ അവൾ​ക്കു കാ​ലി​ട​റാൻ തു​ട​ങ്ങി. കാ​മു​ക​ജ​ന​ത്തി​നു ബഹു​ര​സം. ചിലർ കൈ​മു​ട്ടി പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഇന്ന​വി​ടെ, നാളെ മറ്റൊരിടത്തു്-​അങ്ങനെ അവർ ഒളി​ച്ചു​ക​ളി​ച്ചു. ഈ അപ​ഥ​സ​ഞ്ചാ​ര​ത്തിൽ​നി​ന്നു വ്യ​തി​ച​ലി​പ്പി​ക്കു​വാൻ സാ​ദ്ധ്യ​മ​ല്ലെ​ന്നാ​യ​പ്പോൾ അവ​ളു​ടെ ഭർ​ത്തൃ​ഗൃ​ഹ​ക്കാ​രും പി​തൃ​ഗൃ​ഹ​ക്കാ​രും ബാ​ദ്ധ്യത ഒഴി​വാ​ക്കാൻ മു​ന്നോ​ട്ടു​വ​ന്നു. രജി​സ്ട്രാ​ഫീ​സിൽ ജനം കൂടി. ഭർ​ത്തൃ​ഗൃ​ഹ​ത്തി​ന്റെ പ്ര​തി​നി​ധി​യാ​യി മദ്ധ്യ​സ്ഥ​ന്മാ​രു​ടെ മു​മ്പിൽ ഹാ​ജ​രായ ഒരു ഇരി​ക്ക​ണ​മ്മ​യു​ടെ (നമ്പൂ​തി​രി ഇല്ല​ത്തെ നായർ പരി​ചാ​രിക) വശം ഉമാ അന്തർ​ജ​നം മു​ല​കു​ടി​ച്ചു തോളിൽ ചാ​ഞ്ഞു​റ​ങ്ങു​ന്ന ആൺ​കു​ഞ്ഞി​നെ കൈ​മാ​റി​യ​പ്പോൾ നോ​ക്കി​നി​ന്ന​വ​രു​ടെ കണ്ണു​കൾ നന​ഞ്ഞു​പോ​യി.

(വി. ടി.യുടെ സമ്പൂർ​ണ്ണ കൃ​തി​കൾ, കോ​ട്ട​യം, 2006, പുറം 323-24)

ഉമ​യു​ടെ മകളെ ഭർ​ത്തൃ​വീ​ട്ടു​കാർ എന്തു​കൊ​ണ്ടു് ആവ​ശ്യ​പ്പെ​ട്ടി​ല്ലെ​ന്ന ചോ​ദ്യം വി. ടി. ചോ​ദി​ക്കു​ന്നി​ല്ല; ഒന്നി​ല​ധി​കം വേ​ളി​ക​ഴി​ച്ച ഉമ​യു​ടെ ഭർ​ത്താ​വു് കു​റ്റ​ക്കാ​ര​ന​ല്ലാ​ത്ത​പ്പോൾ ഒരു ഭർ​ത്താ​വി​നെ വേ​ണ്ടെ​ന്നു​വ​ച്ച​ശേ​ഷം​മാ​ത്രം മറ്റൊ​രാ​ളെ വരി​ച്ച ഉമ കു​റ്റ​ക്കാ​രി​യാ​വു​ന്ന​തെ​ങ്ങ​നെ എന്നും ചോ​ദി​ക്കു​ന്നി​ല്ല. ‘തറ​വാ​ട്ടിൽ പി​റ​ന്ന​വൾ’ ‘ചന്ത​പ്പെ​ണ്ണാ’യി​ത്തീർ​ന്ന​തിൽ അട​ക്കാ​നാ​വാ​ത്ത രോഷം പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നി​ട​യിൽ അതി​നൊ​ന്നും സമ​യ​മി​ല്ല!

ഉമാ​ദേ​വി അന്തർ​ജ​ന​ങ്ങൾ​ക്കു മാ​തൃ​ക​യ​ല്ലെ​ന്നു് പല​ത​ര​ത്തിൽ പറയാൻ നമ്പൂ​തി​രി പരി​ഷ്ക്കർ​ത്താ​ക്കൾ ശ്ര​ദ്ധി​ച്ചി​രു​ന്നു (അവർ ആർ​ക്കെ​ങ്കി​ലും മാ​തൃ​ക​യാ​കാൻ ശ്ര​മി​ച്ചി​രു​ന്നോ എന്ന​തു് വേറെകാര്യം-​അവരുടെ തീ​രു​മാ​ന​ങ്ങൾ ഏതു​സാ​ഹ​ച​ര്യ​ത്തിൽ കൈ​ക്കൊ​ണ്ട​വ​യാ​ണെ​ന്നും നമു​ക്ക​റി​യി​ല്ല!) എം. പി. ഭട്ട​തി​രി​പ്പാ​ടി​ന്റെ ഋതു​മ​തി (1940) എന്ന പ്ര​ശ​സ്ത സമു​ദാ​യ​പ​രി​ഷ്ക്ക​ര​ണ​നാ​ട​ക​ത്തിൽ ഇവർ ‘പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ടു്.’ ഇതിലെ നായിക ദേവകി എന്ന പെൺ​കു​ട്ടി​യാ​ണു്. അവൾ തന്റെ ഇല്ല​ത്തെ യാ​ഥാ​സ്ഥി​തിക അന്ത​രീ​ക്ഷ​ത്തി​നെ​തി​രെ ഉറ​ച്ചു​നിൽ​ക്കാൻ തീ​രു​മാ​നി​ക്കു​ന്നു. പക്ഷേ, ഉമാ അന്തർ ജന​ത്തെ​പ്പോ​ലെ​യ​ല്ല താ​നെ​ന്നും ഇല്ല​ത്തു​നി​ന്നു പു​റ​ത്തു​പോ​യാൽ അതു് സഹോ​ദ​ര​സ്ഥാ​നീ​യ​നായ ബന്ധു​വി​ന്റെ​യൊ​പ്പ​മാ​യി​രി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ക്കു​ന്നു!

പു​രു​ഷ​പ​രി​ഷ്ക്കർ​ത്താ​ക്ക​ളു​ടെ ഈ മനോ​ഭാ​വ​ത്തെ അന്നു​ത​ന്നെ സാ​ഹി​ത്യ​രം​ഗ​ത്തു് പ്ര​ശ​സ്തി​യാർ​ജ്ജി​ച്ചു​ക​ഴി​ഞ്ഞി​രു​ന്ന ലളി​താം​ബി​കാ അന്തർ​ജ​നം തന്റെ ‘പ്ര​സാ​ദം’ (1939) എന്ന കഥയിൽ രൂ​ക്ഷ​മാ​യി വി​മർ​ശി​ക്കു​ന്നു​ണ്ടു്. നമ്പൂ​തി​രി​സ​മു​ദാ​യ​പ​രി​ഷ്ക്ക​ര​ണ​പ്ര​സ്ഥാ​ന​ത്തെ അനു​കൂ​ലി​ച്ചു് നി​ര​വ​ധി കഥകൾ രചി​ച്ച അന്തർ​ജ​നം, ഈ കഥ​യി​ലൂ​ടെ അതിനെ കഠി​ന​മാ​യി വിമർശിച്ചു-​പരമ്പരാഗതജീവിതത്തിൽനിന്നു് സ്ത്രീ​ക​ളെ രക്ഷി​ക്കാൻ പു​റ​പ്പെ​ട്ട​വർ​ത​ന്നെ പുതിയ പി​തൃ​മേ​ധാ​വി​ത്വ​ത്തി​ന്റെ വാ​ഹ​ക​രാ​യി​ത്തീർ​ന്ന പ്ര​ക്രി​യ​യെ അവർ ഈ കഥ​യി​ലൂ​ടെ വര​ച്ചു​കാ​ട്ടു​ന്നു. ഒരി​ട​യ്ക്കു് സമു​ദാ​യ​വി​പ്ല​വ​കാ​രി​ണി​യാ​യി പേ​രെ​ടു​ത്ത ഒരു നമ്പൂ​തി​രി​സ്ത്രീ പെ​ട്ടെ​ന്നു് സ്വ​കാ​ര്യ​ജീ​വി​ത​ത്തി​ലേ​ക്കും പ്രാർ​ത്ഥ​ന​യി​ലേ​ക്കും പിൻ​വാ​ങ്ങു​ന്ന​തി​ന്റെ കഥ​യാ​ണി​തു്. അവ​രു​ടെ ഈ പ്ര​വൃ​ത്തി പു​രു​ഷ​ന്മാ​രായ പരി​ഷ്ക്കർ​ത്താ​ക്ക​ളെ ചൊ​ടി​പ്പി​ക്കു​ന്നു. തങ്ങൾ പ്ര​സം​ഗം പഠി​പ്പി​ച്ചു പീ​ഠ​ത്തി​ലേ​റ്റി​യ​വൾ ഇപ്പോൾ യാ​തൊ​രു നന്ദി​യും​കൂ​ടാ​തെ എല്ലാം ഉപേ​ക്ഷി​ച്ചു​പോ​യ​തിൽ അവർ രോഷം പ്ര​ക​ടി​പ്പി​ക്കു​ന്നു. പു​രു​ഷ​പ​രി​ഷ്ക്കർ​ത്താ​വി​നു് പരി​ഷ്ക്ക​ര​ണ​വ​സ്തു​വായ സ്ത്രീ​യു​ടെ​മേ​ലു​ള്ള ധാർ​മ്മി​കാ​ധി​കാ​ര​മാ​ണു് ഇവിടെ ചോ​ദ്യ​വി​ധേ​യ​മാ​കു​ന്ന​തു്:

കാ​ര്യ​പ​രി​പാ​ടി​യി​ലെ കാ​ര്യ​മായ ഒരി​ന​ത്തിൽ പങ്കു​കൊ​ള്ളാ​ന​വർ​ക്കെ​ന്തു​കൊ​ണ്ടോ കഴി​ഞ്ഞി​ല്ല. അതൊരു സൂ​ത്ര​മാ​യി ചിലർ വ്യാ​ഖ്യാ​നി​ച്ചു… ക്ഷു​ഭി​ത​നായ ഒരു യു​വാ​വു് പറ​ഞ്ഞു: “ഈ മര​പ്പാ​വ​ക​ളെ ഉദ്ധ​രി​ക്കു​വാൻ​വേ​ണ്ടി​യാ​ണ​ല്ലോ ഞങ്ങ​ളീ പാ​ടൊ​ക്കെ​പ്പെ​ട്ട​തു്. ഓരോ​രു​ത്ത​രെ പഠി​പ്പി​ച്ചു… പ്ര​സം​ഗി​ച്ചു പേ​രും​കൊ​ടു​ത്ത​പ്പോൾ കണ്ടി​ല്ലേ ആ നന്ദി…”

ഈ വാദം വാ​സ്ത​വ​മ​ല്ലേ? നമ്മു​ടെ പു​രു​ഷ​ന്മാർ​ക്കു് നീ​ക്കം​ചെ​യ്യേ​ണ്ട​താ​യി എന്തൊ​ര​വ​ശ​ത​യാ​ണു​ള്ള​തു്. സമു​ദാ​യ​പ്ര​വർ​ത്ത​ന​ങ്ങ​ളു​ടെ ആവ​ശ്യം​ത​ന്നെ​യെ​ന്തു്? ഇവ​രു​ടെ കനി​വി​ല്ലെ​ങ്കിൽ വല്ല​തും നട​ക്കു​മോ?… എന്നാ​ലും ഈ നന്ദി​യെ​പ്പ​റ്റി​യു​ള്ള സൂചന എന്നെ ക്ഷു​ബ്ദ്ധ​യാ​ക്കി. നന്ദി​പോ​ലും… നാ​ണം​കെ​ട്ട ഒരു പദം… ഭാ​ര​മേ​റിയ കട​പ്പാ​ട്… അടി​മ​ത്ത​ത്തി​ലും കഷ്ട​ത​രം…

(‘പ്ര​സാ​ദം’, ലളി​താം​ബിക അന്തർ​ജ​ന​ത്തി​ന്റെ കഥകൾ സമ്പൂർ​ണ്ണം, കോ​ട്ട​യം, 2009, പുറം 179)

പു​രു​ഷ​നായ പരി​ഷ്ക്കർ​ത്താ​വി​ന്റെ നി​ല​യെ​ക്കു​റി​ച്ചു് അക്കാ​ല​ത്തു് സ്ത്രീ​കൾ​ക്കി​ട​യിൽ​ത്ത​ന്നെ ഭി​ന്നാ​ഭി​പ്രാ​യ​ങ്ങൾ നി​ല​നി​ന്നി​രു​ന്നു​വെ​ന്ന​തിൽ സം​ശ​യ​മി​ല്ല. പരി​ഷ്ക്കർ​ത്താ​വി​ന്റെ അധി​കാ​രം സ്ത്രീ​യെ പൂർ​ണ്ണ​സ്ത്രീ​ത്വ​ത്തി​ലേ​ക്ക​ല്ല, പൂർ​ണ്ണ​വ്യ​ക്തി​ത്വ​ത്തി​ലേ​ക്കു​യർ​ത്താൻ ഉത​കി​യാൽ, അതു് ഗു​ണ​ക​രം​ത​ന്നെ എന്നാ​യി​രു​ന്നു കെ. സര​സ്വ​തി​യ​മ്മ​യു​ടെ അഭി​പ്രാ​യം. അങ്ങ​നെ​യെ​ങ്കിൽ പു​രു​ഷ​ന്റെ അധി​കാ​രം അൽ​പ്പാ​യു​സ്സാ​യി​രി​ക്കു​മെ​ന്നും, സ്ത്രീ​പു​രു​ഷ​തു​ല്യത പു​രു​ഷ​ന്റെ ജീ​വി​ത​ത്തി​ന്റെ നി​ല​വാ​ര​ത്തെ​യും ഉയർ​ത്തു​മെ​ന്നും അവർ വാ​ദി​ച്ചു. താൻ ഒരു ഭർ​ത്താ​വാ​യി​രു​ന്നെ​ങ്കിൽ, തന്റെ ഭാ​ര്യ​യെ എങ്ങ​നെ പരി​ഷ്ക്ക​രി​ക്കു​മെ​ന്ന​തി​നെ​ക്കു​റി​ച്ചു് അവ​രെ​ഴു​തിയ ലേ​ഖ​ന​ത്തിൽ​നി​ന്നു്:

വെറും പു​രു​ഷ​നെ​ന്ന നി​ല​യിൽ സ്ത്രീ​സ്വാ​ത​ന്ത്ര്യ​ത്തെ​യും സമ​ത്വ​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​തൊ​രു സു​ഖ​മാ​ണു്… പക്ഷേ, ഭർ​ത്താ​വി​ന്റെ നി​ല​യി​ലാ​യാ​ലോ?

…പര​മ്പ​രാ​ഗ​ത​മാ​യി പകർ​ന്നു​കി​ട്ടി​യി​ട്ടു​ള്ള ആചാ​ര​ക്ര​മ​ങ്ങൾ, അന്ധ​വി​ശ്വാ​സ​ങ്ങൾ, മഹ​ദ്വാ​ക്യ​ങ്ങൾ അത്ര​വേ​ഗം ഇടി​ച്ചു നി​ര​ത്താ​നാ​വു​മോ? കെ​ട്ടി​യു​റ​പ്പി​ച്ച​തു സ്വാർ​ത്ഥ​മ​തി​ക​ളായ നമ്മൾ; ഇടി​ച്ചു​നി​ര​ത്തേ​ണ്ട​തു് അസ്വ​ത​ന്ത്ര​ക​ളായ അബലകൾ. മഹാ​മ​ന​സ്ക​രായ നമ്മിൽ ചിലർ ഇട​യ്ക്കൊ​ക്കെ അൽ​പ്പാൽ​പ്പം സഹാ​യി​ക്കു​ന്നു എന്നു​മാ​ത്രം…

…കണ്ണീ​രൊ​ഴു​ക്കി കാ​ര്യം​കാ​ണാ​നും അസൂ​യ​കൊ​ണ്ടു് അയൽ​പെ​ണ്ണു​ങ്ങ​ളെ ദു​ഷി​ക്കാ​നും മൃ​ദു​ല​വി​കാ​ര​ങ്ങ​ളിൽ മു​ങ്ങി​ന​ശി​ക്കാ​നും മറ്റു​മൊ​ക്കെ​യാ​ണു സ്ത്രീ​കൾ​ക്കു വാസന എന്നു നാം പറ​യു​മ്പോൾ, അതി​നു​ള്ള പരി​തഃ​സ്ഥി​തി നാ​മാ​ണു സൃ​ഷ്ടി​ച്ചു​കൊ​ടു​ത്ത​തു് എന്ന​കാ​ര്യം നാം ഓർ​മ്മി​ക്കാ​റു​ണ്ടോ? കർ​മ്മ​ധീ​ര​ത​യു​ണ്ടാ​വാ​നും ബു​ദ്ധി​ശ​ക്തി വി​ക​സി​പ്പി​ക്കാ​നും നാം അവരെ അനു​വ​ദി​ച്ചി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, അതൊ​ര​പ​കർ​ഷ​മാ​യി ഗണി​ക്കു​ക​പോ​ലും ചെ​യ്തി​ല്ലേ? സ്ത്രീ​യിൽ വൈ​കാ​രി​ക​ഭാ​വം പരി​ധി​യി​ല്ലാ​തെ വളർ​ത്തി അവ​ളു​ടെ ബു​ദ്ധി​യെ​ക്കൂ​ടെ ഹൃ​ദ​യ​മാ​ക്കി മാ​റ്റാൻ നി​ര​ന്ത​രം ശ്ര​മി​ച്ച നാം പാ​വ​യെ​ന്നും കളി​ക്കോ​പ്പെ​ന്നും അവരെ പു​ച്ഛി​ക്കു​ന്ന​തി​നർ​ത്ഥ​മു​ണ്ടോ?

(കെ. സര​സ്വ​തി​യ​മ്മ​യു​ടെ സമ്പൂർ​ണ്ണ​കൃ​തി​കൾ, കോ​ട്ട​യം, 2001, പുറം 986-87)

kimages/Kulasthree_Chapter_four_pic10.png
പാർ​വ്വ​തി അയ്യ​പ്പൻ (1902-1998)

തൃ​ശൂർ​ജി​ല്ല​യി​ലെ കൂർ​ക്ക​ഞ്ചേ​രി​യിൽ ജനി​ച്ചു. പ്ര​ശ​സ്ത​നായ ഇ. കെ. അയ്യാ​ക്കു​ട്ടി ജഡ്ജി​യാ​യി​രു​ന്നു പി​താ​വു്. മദ്രാ​സി​ലെ ക്വീൻ​മേ​രീ​സ് കലാ​ല​യ​ത്തി​ലും ലേഡി വെ​ല്ലി​ങ്ടൺ കലാ​ല​യ​ത്തി​ലും ഉന്ന​ത​വി​ദ്യാ​ഭ്യാ​സം പൂർ​ത്തി​യാ​ക്കി​യ​ശേ​ഷം തൃ​ശൂ​രി​ലെ വി​വേ​കോ​ദ​യം സ്കൂ​ളിൽ അദ്ധ്യാ​പി​ക​യാ​യി. പിൽ​ക്കാ​ല​ത്തു് ശ്രീ​ല​ങ്ക​യി​ലെ ഒരു വി​ദ്യാ​ല​യ​ത്തി​ലും ഒരു വർഷം പ്ര​വർ​ത്തി​ക്കു​ക​യു​ണ്ടാ​യി. 1930-ൽ സഹോ​ദ​രൻ കെ. അയ്യ​പ്പ​നെ വി​വാ​ഹം​ചെ​യ്തു. ശ്രീ​നാ​രാ​യ​ണ​ദർ​ശ​ന​ത്തെ വി​പു​ലീ​ക​രി​ച്ച യു​ക്തി​വാ​ദി​യായ അയ്യ​പ്പ​ന്റെ​യൊ​പ്പം സാ​മൂ​ഹ്യ​പ​രി​വർ​ത്ത​ന​പ്ര​വർ​ത്ത​ന​ങ്ങ​ളിൽ തു​ല്യ​പ​ങ്കാ​ളി​യാ​യി പ്ര​വർ​ത്തി​ച്ചു. സ്ത്രീ എന്ന വനി​താ​മാ​സി​ക​യു​ടെ പത്രാ​ധി​പ​രാ​യി​രു​ന്നു. 1956-ൽ ജോ​ലി​യിൽ​നി​ന്നു വി​ര​മി​ച്ച​ശേ​ഷം ശ്രീ​നാ​രാ​യ​ണ​സേ​വി​കാ​സ​മാ​ജം സ്ഥാ​പി​ച്ചു. 1988-വരെ പൊ​തു​ജീ​വി​ത​ത്തിൽ സജീ​വ​സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്നു.

ഇവിടെ ഭർ​ത്താ​വു് പരി​ഷ്ക്കർ​ത്താ​വി​ന്റെ നില സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണു് സര​സ്വ​തി​യ​മ്മ നിർ​ദ്ദേ​ശി​ക്കു​ന്ന​തു്. പക്ഷേ, പരി​ഷ്ക്ക​ര​ണ​ത്തി​ന്റെ ലക്ഷ്യം സ്ത്രീ​ത്വ​മു​ണ്ടാ​ക്ക​ല​ല്ല, സ്ത്രീ​യെ പൂർ​ണ്ണ​വ്യ​ക്തി​ത്വ​ത്തി​ലെ​ത്തി​ക്ക​ലാ​ണു്.

1930-​കളോടെ പരി​ഷ്ക്ക​ര​ണ​പ്ര​സ്ഥാ​ന​ങ്ങ​ളിൽ പ്ര​മു​ഖ​രായ പല സ്ത്രീ​ക​ളും ഉയർന്നുവന്നു-​ആര്യാപള്ളം, ദേവകി നരി​ക്കാ​ട്ടി​രി, പാർ​വ്വ​തി നെ​ന്മി​നി​മം​ഗ​ലം മു​ത​ലായ നമ്പൂ​തി​രി​സ്ത്രീ​കൾ, തോ​ട്ട​യ്ക്കാ​ട്ടു മാ​ധ​വി​യ​മ്മ, കോ​ന്നി​യൂർ മീ​നാ​ക്ഷി​യ​മ്മ മു​ത​ലായ നാ​യർ​സ്ത്രീ​കൾ, ഗൗരീ പവി​ത്രൻ, മു​തു​കു​ളം പാർ​വ്വ​തി​യ​മ്മ തു​ട​ങ്ങിയ ഈഴ​വ​സ്ത്രീ​കൾ, സി. രു​ദ്രാ​ണി​യെ​പ്പോ​ലു​ള്ള അരയസ്ത്രീകൾ-​ഇവരെല്ലാം പൊ​തു​രം​ഗ​ത്തു് സജീ​വ​സാ​ന്നി​ദ്ധ്യ​മാ​യി​ത്തീർ​ന്നു. ഇവ​രു​ടെ നി​ല​യ്ക്കു്, പക്ഷേ, വല്ലാ​ത്തൊ​ര​നി​ശ്ചി​ത​ത്വ​മു​ണ്ടാ​യി​രു​ന്നു. ഒരു​വ​ശ​ത്തു് സ്ത്രീ​ക​ളെ ‘ഉദ്ധ​രി​ക്കാ​നു’ള്ള ചു​മ​ത​ല​യിൽ പങ്കു​വ​ഹി​ച്ച ഇവർ​ക്കു് പല​പ്പോ​ഴും മറു​വ​ശ​ത്തു് പു​രു​ഷ​പ​രി​ഷ്ക്കർ​ത്താ​ക്ക​ളോ​ടു് വി​ധേ​യ​ത്വം കാ​ട്ടേ​ണ്ടി​വ​ന്നു. ഇങ്ങ​നെ അധി​കാ​ര​ത്തി​നും അധി​കാ​ര​മി​ല്ലാ​യ്മ​യ്ക്കു​മി​ട​യിൽ ചാ​ഞ്ചാ​ടി​യു​ള്ള ജീ​വി​തം​മ​ടു​ത്തു് സ്വ​ന്തം​വീ​ട്ടി​ലേ​ക്കു മട​ങ്ങിയ ഒരു സ്ത്രീ​യു​ടെ കഥ​യാ​ണു് ലളി​താം​ബിക അന്തർ​ജ​നം ‘പ്ര​സാദ’ത്തിൽ പറ​ഞ്ഞ​തു്. എന്നാൽ ഈ നിലയെ നി​സ്സം​ശ​യം തള്ളി​ക്ക​ള​ഞ്ഞ സ്ത്രീ​ക​ളായ പരി​ഷ്ക്കർ​ത്താ​ക്കൾ ആ തല​മു​റ​യിൽ ഉണ്ടായിരുന്നു-​അവരെക്കുറിച്ചു് നാ​മ​ധി​കം ഇന്നു കേൾ​ക്കാ​റി​ല്ലെ​ങ്കി​ലും. അന്നു പ്ര​ശ​സ്ത​യാ​യി​രു​ന്ന പാർ​വ്വ​തി അയ്യ​പ്പൻ അവ​രി​ലൊ​രാ​ളാ​യി​രു​ന്നു. ഗൃ​ഹ​കാ​ര്യ​ങ്ങൾ നോ​ക്കു​ന്ന​തിൽ കഴി​വു​നേ​ടുക മാ​ത്ര​മ​ല്ല സ്ത്രീ​യു​ടെ ധർ​മ്മ​മെ​ന്നു് അവർ അഭി​പ്രാ​യ​പ്പെ​ട്ടു:

വർ​ഗ്ഗം നി​ല​നി​റു​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നു പ്ര​കൃ​തി വ്യ​ക്തി​ക​ളിൽ ചില വാ​സ​ന​ക​ളും വളർ​ത്തി​ക്കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ടു്. ആ വാ​സ​ന​ക​ളു​ടെ പ്രേ​ര​ണാ​ഫ​ല​മാ​യി ചില സ്ത്രീ​പു​രു​ഷ​ബ​ന്ധ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ടു്. അവ​യു​ടെ നാ​ഗ​രി​ക​മായ ഒരു പരി​ണാ​മ​മാ​ണു ഭാ​ര്യാ​ഭർ​തൃ​ബ​ന്ധ​വും പരി​ഷ്കൃ​ത​ഗൃ​ഹ​ജീ​വി​ത​വും. സ്ത്രീ​ക്കും പു​രു​ഷ​നും ഇതി​ലും കവി​ഞ്ഞ പല ധർ​മ്മ​ങ്ങ​ളും നി​റ​വേ​റ്റാ​നു​ണ്ടു്. മനു​ഷ്യ​സ​മു​ദാ​യ​ത്തി​ന്റെ പു​രോ​ഗ​തി​ക്കു സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും ഒരു​പോ​ലെ വേ​ല​ചെ​യ്യ​ണം. അതി​നു് ഏറ്റ​വും ആവ​ശ്യ​മാ​യി​ട്ടു​ള്ള​തു സ്ത്രീ​യി​ലും പു​രു​ഷ​നി​ലും അന്തർ​ലീ​ന​മാ​യി​ക്കി​ട​ക്കു​ന്ന ബു​ദ്ധി​പ​ര​മാ​യും മറ്റു​മു​ള്ള കഴി​വു​ക​ളെ ആവി​ഷ്ക്ക​രി​ക്ക​യാ​ണു്. ആ സം​ഗ​തി​യിൽ സ്ത്രീ​പു​രു​ഷ​ഭേ​ദ​മി​ല്ല… കഴി​യു​ന്ന​തും ഭർ​ത്താ​ക്ക​ന്മാ​രു​ടെ വേ​ല​ക​ളിൽ സഹ​ക​രി​ക്കു​ന്ന ഭാ​ര്യ​മാ​രും ഭാ​ര്യ​മാ​രു​ടെ വേ​ല​ക​ളിൽ സഹ​ക​രി​ക്കു​ന്ന ഭർ​ത്താ​ക്ക​ന്മാ​രും യോ​ജി​ക്കു​ന്ന ദാ​മ്പ​ത്യ​ങ്ങ​ളാ​ണു് ഉത്ത​മ​മാ​യി​ട്ടു​ള്ള​തു്.

(പാർ​വ്വ​തി അയ്യ​പ്പൻ, ‘സ്ത്രീ​ധർ​മ്മ​ത്തെ​പ്പ​റ്റി’, മാ​തൃ​ഭൂ​മി വി​ശേ​ഷാൽ​പ്ര​തി, 1938)

ഇത്ത​ര​ത്തിൽ വാ​ദി​ച്ച വനി​താ​പ​രി​ഷ്ക്കർ​ത്താ​ക്ക​ളു​ടെ പര​മ്പര, പക്ഷേ, പിൽ​ക്കാ​ല​ത്തു വി​ക​സി​ച്ചി​ല്ലെ​ന്നു പറയാം. സര​സ്വ​തി​യ​മ്മ​യു​ടേ​താ​യി​രു​ന്നു അവ​സാ​ന​ത്തെ ശബ്ദം. സാമൂഹ്യ-​സാമ്പത്തികമായി പി​ന്നോ​ക്കം​നിൽ​ക്കു​ന്ന സ്ത്രീ​ക​ളെ തൊ​ഴിൽ​ന​ല്കി, കു​ടിൽ​വ്യ​വ​സാ​യ​ത്തി​ലൂ​ടെ, ‘ഉദ്ധ​രി​ക്കാ​നു’ള്ള ബാ​ദ്ധ്യത മേ​ലാ​ള​സ്ത്രീ​കൾ​ക്കു​ണ്ടെ​ന്നു് പറ​ഞ്ഞു​കൊ​ണ്ടു് മേ​ലാ​ള​സ്ത്രീ​ക​ളെ പരി​ഷ്ക്കർ​ത്താ​വി​ന്റെ കു​പ്പാ​യ​മ​ണി​യി​ക്കാൻ ചിലർ ഉത്സാ​ഹി​ച്ചി​രു​ന്നു. ഈ പരി​ഷ്ക്ക​ര​ണ​നിർ​ദ്ദേ​ശ​ത്തി​നു് ഒരു പ്ര​ത്യേ​ക​ത​യു​ണ്ടാ​യി​രു​ന്നു. മേൽ​വി​വ​രി​ച്ച പു​രു​ഷ​പ​രി​ഷ്ക്കർ​ത്താ​വി​ന്റെ നിലയെ അപേ​ക്ഷി​ച്ചു് ദുർ​ബ​ല​മാ​യി​രു​ന്നു ദരി​ദ്ര​സ്ത്രീ​ക​ളെ ഉദ്ധ​രി​ക്കാൻ പണി​പ്പെ​ടേ​ണ്ട​വ​രായ സ്ത്രീ​പ​രി​ഷ്ക്കർ​ത്താ​ക്ക​ളു​ടെ നില. പു​രു​ഷ​നായ പരി​ഷ്ക്കർ​ത്താ​വു് പരി​പ​ക്വ​വും പൂർ​ണ്ണ​വു​മായ വ്യ​ക്തി​ത്വ​ത്തി​ന്റെ​യു​ട​മ​യാ​യി​യാ​ണു് സങ്കൽപ്പിക്കപ്പെട്ടതു്-​ആ നി​ല​യിൽ​നി​ന്നു​കൊ​ണ്ടാ​ണു് അയാൾ സ്ത്രീ​യെ പരി​ഷ്ക്ക​രി​ക്കു​ന്ന​തു്. എന്നാൽ തൊ​ഴിൽ​പ​രി​ശീ​ല​ന​വും​മ​റ്റും നൽകി മറ്റു​സ്ത്രീ​ക​ളെ ഉയർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന സ്ത്രീ​യായ പരി​ഷ്ക്കർ​ത്താ​വി​നു് അത്ത​ര​മൊ​രു നില കൽ​പ്പി​ക്ക​പ്പെ​ടു​ന്നി​ല്ല. മറി​ച്ചു് സദാ ആത്മ​നി​യ​ന്ത്ര​ണ​വും മേൽ​നോ​ട്ട​വും ഉണ്ടെ​ങ്കി​ലേ സ്ത്രീ നേർ​വ​ഴി നട​ക്കൂ എന്ന പരോ​ക്ഷ​ധാ​ര​ണ​യും ഇത്ത​രം നിർ​ദ്ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്നു. കു​ടിൽ​വ്യ​വ​സാ​യം ആരം​ഭി​ക്കു​ന്ന​തി​ലൂ​ടെ സ്ത്രീ സ്വ​ന്തം കു​ടും​ബ​ത്തി​ന്റെ സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്തും; മറ്റു​സ്ത്രീ​ക​ളോ​ടു​ള്ള തന്റെ കടമ നിർ​വ്വ​ഹി​ക്കും തു​ട​ങ്ങിയ വാ​ദ​ങ്ങൾ​ക്കു​പു​റ​മെ സ്ത്രീ​യു​ടെ ആത്മ​നി​യ​ന്ത്ര​ണ​ത്തെ​യും അച്ച​ട​ക്ക​ത്തെ​യും ഇത്ത​രം പ്ര​വർ​ത്ത​ന​ങ്ങൾ പരി​പോ​ഷി​പ്പി​ക്കു​മെ​ന്ന വാ​ദ​വും വളരെ പ്രാ​ധാ​ന്യ​ത്തോ​ടെ ഉന്ന​യി​ക്ക​പ്പെ​ട്ടു:

…അവൾ​ക്കു് (കു​ടിൽ​വ്യ​വ​സാ​യ​ത്തി​ലേർ​പ്പെ​ടു​ന്ന വീ​ട്ട​മ്മ​യ്ക്കു്) സൽ​ബു​ദ്ധി വർ​ദ്ധി​ക്കു​ക​യും ദുർ​ബു​ദ്ധി കു​റ​യു​ക​യും ചെ​യ്യും. അല​സ​മായ തല​ച്ചോ​റു് പി​ശാ​ചി​ന്റെ പണി​പ്പു​ര​യാ​ണ​ല്ലോ… നല്ല കാ​ര്യ​ങ്ങ​ളിൽ മന​സ്സു പ്ര​വേ​ശി​പ്പി​ച്ചു​കൊ​ണ്ടാൽ അന്യ​ജ​ന​ങ്ങ​ളു​ടെ ദൂ​ഷ്യം ഉണ്ടാ​ക്കു​ന്ന​തി​നും തര​മി​ല്ലാ​തെ​വ​രു​ന്ന​തു് എത്ര ഭാ​ഗ്യ​മാ​ണു്… സ്ത്രീ​ക​ളു​ടെ തൊ​ഴി​ലി​ല്ലാ​യ്മ​യെ പരി​ഹ​രി​ക്കു​ന്ന​തി​നും അവർ​ക്കു ക്ഷേ​മം വർ​ദ്ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി ആദാ​യ​ക​ര​ങ്ങ​ളായ പ്ര​ത്യേക പ്ര​വൃ​ത്തി​കൾ അവ​രു​ടെ വാ​സ​ന​യ്ക്കും മാ​ന​ത്തി​നും മര്യാ​ദ​യ്ക്കും പഠി​പ്പി​നും തക്ക​വ​ണ്ണം കണ്ടു​പി​ടി​ച്ചു്, അവ​രെ​ക്കൊ​ണ്ടു് ചെ​യ്യി​പ്പി​ച്ചു്, അവർ ഉണ്ടാ​ക്കു​ന്ന സാ​ധ​ന​ങ്ങ​ളെ വി​റ്റ​ഴി​ക്കു​ന്നി​തി​നു​ള്ള ഏർ​പ്പാ​ടു​ചെ​യ്തു നട​പ്പിൽ​വ​രു​ത്തു​ന്ന​തു് നമ്മു​ടെ ഇട​യി​ലു​ള്ള വി​ദു​ഷി​ക​ളായ സ്ത്രീ​ക​ളു​ടെ ഉത്ത​മ​കൃ​ത്യ​ങ്ങ​ളാ​കു​ന്നു.

(എൽ. മീ​നാ​ക്ഷി​യ​മ്മ, ‘സ്ത്രീ​ക​ളു​ടെ തൊ​ഴി​ലി​ല്ലാ​യ്മ’, മഹി​ളാ​ര​ത്നം 1(1), 1927-28)

ഇങ്ങ​നെ രണ്ടാം​കി​ട​യിൽ തള​യ്ക്ക​പ്പെ​ട്ടെ​ങ്കി​ലും കീ​ഴാ​ള​സ്ത്രീ​ക​ളെ​ക്കാൾ മു​ന്തി​യ​സ്ഥാ​നം തങ്ങൾ​ക്കു​ണ്ടെ​ന്ന​തു​കൊ​ണ്ടു​ത​ന്നെ യാ​തൊ​രു​വിധ ചോ​ദ്യം​ചെ​യ്യ​ലി​നും മേ​ലാ​ള​സ്ത്രീ​കൾ മു​തിർ​ന്നി​ല്ല. ആദ്യ​കാ​ല​സ്ത്രീ​വാ​ദ​ത്തി​ന്റെ പരാ​ജ​യ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു അതു്-​പരിഷ്ക്കരണവാദത്തെ പൂർ​ണ്ണ​മാ​യി തള്ളി​ക്ക​ള​യാൻ ആദ്യ​കാ​ല​സ്ത്രീ​വാ​ദി​ക​ളിൽ ചു​രു​ക്കം ചി​ലർ​ക്കേ കഴി​ഞ്ഞു​ള്ളൂ. ഫലമോ, മേലാള-​കീഴാളസ്ത്രീകൾക്കിടയിൽ പുതിയ പി​തൃ​മേ​ധാ​വി​ത്വ​ത്തോ​ടു് സാ​മ്യം​പു​ലർ​ത്തിയ അധി​കാ​ര​ബ​ന്ധം സങ്കൽ​പ്പി​ക്ക​പ്പെ​ട്ടു. ആദ്യ​കാ​ല​ക​മ്യൂ​ണി​സ്റ്റ് എഴു​ത്തു​കാർ, സാ​മൂ​ഹ്യ​പ്ര​വർ​ത്ത​ക​രായ വരേ​ണ്യ​സ്ത്രീ​ക​ളെ ‘കൊ​ച്ച​മ്മ​മാ’രെ​ന്നു് വി​ളി​ച്ചാ​ക്ഷേ​പി​ച്ച​തു് വെ​റു​തെ​യ​ല്ല. തൊ​ഴി​ലാ​ളി​സ്ത്രീ​കൾ വൻ​തോ​തിൽ സം​ഘ​ടി​ത​രായ 1940-കളിൽ പൂർ​ണ്ണ​പൗ​ര​ത്വം അവർ പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന സ്വ​പ്നം യാ​ഥാർ​ത്ഥ്യ​മാ​കാൻ പോ​കു​ന്നു​വെ​ന്ന തോ​ന്നൽ പലർ​ക്കു​മു​ണ്ടാ​യ​തിൽ അത്ഭു​ത​മി​ല്ല. പ്ര​ത്യേ​കി​ച്ചു് പരി​ഷ്ക്ക​ര​ണ​മോ ഉദ്ധാ​ര​ണ​മോ ഒന്നും​കൂ​ടാ​തെ​ത​ന്നെ പൂർ​ണ്ണ​പൗ​ര​ത്വ​ത്തി​നു് തങ്ങൾ അർ​ഹ​രാ​ണെ​ന്നും അതു് തങ്ങ​ളു​ടെ അവ​കാ​ശ​മാ​ണെ​ന്നും തൊ​ഴി​ലാ​ളി​വ​ക്താ​ക്കൾ പലരും പ്ര​ഖ്യാ​പി​ച്ചു. (എന്നാൽ പരി​ഷ്ക്ക​ര​ണ​ത്തി​ന്റെ അം​ശ​ങ്ങൾ പൂർ​ണ്ണ​മാ​യും ഒഴി​വാ​ക്ക​പ്പെ​ട്ടി​ല്ലെ​ന്ന​തു് മറ്റൊ​രു കാ​ര്യം. തൊ​ഴി​ലാ​ളി​പ്ര​സ്ഥാ​ന​ത്തി​ന്റെ ഉന്ന​ത​ത​ല​ങ്ങ​ളിൽ ആ താ​ത്പ​ര്യം പ്ര​ക​ട​മാ​യി​രു​ന്നു.) ആദ്യ​കാല സ്ത്രീ​വാ​ദി​കൾ​ക്കി​ട​യിൽ​ത്ത​ന്നെ വ്യ​ത്യ​സ്ത അഭി​പ്രാ​യ​ക്കാ​രു​ണ്ടാ​യി​രു​ന്നു​വെ​ന്നു് സൂചിപ്പിച്ചുവല്ലോ-​അത്തരം വ്യ​ത്യ​സ്ത​ത​കൾ മു​ഴു​വൻ അവ​ഗ​ണി​ക്ക​പ്പെ​ട്ടു; ഒന്നു​കിൽ ‘കൊ​ച്ച​മ്മ’ അല്ലെ​ങ്കിൽ ‘സൊ​സൈ​റ്റി ലേഡി’ എന്നീ രണ്ടു പരി​ഹാ​സ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലേ​ക്കു് ആദ്യ​കാ​ല​സ്ത്രീ​വാ​ദി​കൾ ന്യൂ​നീ​ക​രി​ക്ക​പ്പെ​ട്ടു.

‘തറ​വാ​ട്ടിൽ പി​റ​ന്ന​വ​ളും’ ‘ചന്ത​പ്പെ​ണ്ണും’ തമ്മി​ലു​ള്ള അസ​മ​ത്വം അങ്ങ​നെ നമ്മു​ടെ ഇക്കാ​ല​ത്തും നി​ല​നിൽ​ക്കു​ന്നു​ണ്ടു്. ജാ​തി​വ്യ​വ​സ്ഥ​യെ മാ​റ്റി​മ​റി​ച്ച കേ​ര​ളീ​യ​ന​വോ​ത്ഥാ​നം ഈ രണ്ടു സം​വർ​ഗ്ഗ​ങ്ങ​ളെ​യും 20-ആം നൂ​റ്റാ​ണ്ടിൽ പു​നഃ​സൃ​ഷ്ടി​ച്ച​തി​നെ​ക്കു​റി​ച്ചാ​ണു് ഈ അദ്ധ്യാ​യ​ത്തിൽ പറ​ഞ്ഞ​തു്. പരി​ഷ്ക്ക​ര​ണ​വാ​ദ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മായ ലിം​ഗ​മാ​ന്യ​ത​യും ലിം​ഗാ​ദർ​ശ​വും 20-ആം നൂ​റ്റാ​ണ്ടിൽ കൂ​ടു​തൽ ജന​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു് വ്യാ​പി​ക്കു​ക​യു​ണ്ടാ​യി. ഒരു സമു​ദാ​യ​ത്തി​നു് സമൂ​ഹ​ത്തിൽ ഉയ​ര​ണ​മെ​ങ്കിൽ അതിലെ സ്ത്രീ​കൾ ഈ പുതിയ ലിം​ഗ​മാ​ന്യ​ത​യ്ക്കു കീ​ഴ്പ്പെ​ട​ണ​മെ​ന്ന അലി​ഖി​ത​നി​യ​മം ഇവിടെ പ്രാ​വർ​ത്തി​ക​മാ​യി. സ്ത്രീ​കൾ​ക്കു് ഈ നവ​മാ​ന്യ​ത​കൂ​ടാ​തെ സമൂ​ഹ​ത്തിൽ​നി​ന്നു് സു​ര​ക്ഷ ലഭി​ക്കി​ല്ലെ​ന്നും വന്നു. നവ​മാ​ന്യത നിർ​വ്വ​ചി​ക്കു​ന്ന ‘അട​ക്ക​മൊ​തു​ക്ക’ത്തി​നു​ള്ളിൽ ജീ​വി​ക്കു​ന്ന​വ​ളാ​ണു് താ​നെ​ന്നു് തെ​ളി​വു ഹാ​ജ​രാ​ക്കു​ന്ന സ്ത്രീ​ക്കു​മാ​ത്ര​മേ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നെ​തി​രെ ധൈ​ര്യ​മാ​യി പരാ​തി​പ്പെ​ടാൻ കഴിയൂ; കാരണം ആ തെ​ളി​വി​ല്ലാ​തെ സമൂ​ഹ​ത്തെ​യും നീ​തി​ന്യാ​യ​വ്യ​വ​സ്ഥ​യെ​യും സമീ​പി​ച്ചാൽ സം​ശ​യ​വും അപ​മാ​ന​വും ഏൽ​ക്കേ​ണ്ടി​വ​രും. നവ​വ​രേ​ണ്യ ലിം​ഗ​മാ​ന്യ​ത​യെ അതി​ലം​ഘി​ച്ച​വൾ എന്ന പേ​രു​ണ്ടാ​യാൽ​മ​തി, ആ സ്ത്രീ പറ​യു​ന്ന​തെ​ല്ലാം നു​ണ​യാ​ണെ​ന്നു് കണ്ണു​മ​ട​ച്ചു് വി​ളി​ച്ചു​പ​റ​യാൻ ആളു​ണ്ടാ​കും. ജോലി ചെ​യ്യു​ന്നു​വെ​ങ്കിൽ അദ്ധ്യാ​പ​നം, ഓഫീ​സ്ജോ​ലി മു​ത​ലായ ‘മാ​ന്യ​മായ തൊ​ഴി​ലി’നു​മാ​ത്ര​മേ പോ​കാ​വൂ; ഭർ​ത്താ​വു് എത്ര വലിയ മൂർ​ഖ​നാ​ണെ​ങ്കി​ലും കഴി​വ​തും സഹി​ച്ചും ക്ഷ​മി​ച്ചും വി​വാ​ഹിത എന്ന പേർ നി​ല​നിർ​ത്തി​ക്കൊ​ള്ള​ണം; ഭർ​ത്താ​വി​നും മക്കൾ​ക്കും അസൗ​ക​ര്യ​മാ​ണെ​ങ്കിൽ ബു​ദ്ധി​മു​ട്ടി​നേ​ടിയ ഉദ്യോ​ഗം ഉപേ​ക്ഷി​ച്ചു​കൊ​ള്ള​ണം; ബസ്സിൽ എത്ര​ഭ​യ​ങ്കര തി​ര​ക്കാ​ണെ​ങ്കി​ലും പു​രു​ഷ​ന്റെ​യ​ടു​ത്തു് ഒഴി​ഞ്ഞു​കി​ട​ക്കു​ന്ന സീ​റ്റിൽ ഇരു​ന്നു് ‘ചാ​രി​ത്ര്യം’ നഷ്ട​മാ​ക്ക​രു​തു്; നേരം ഇരു​ട്ടും മു​മ്പു് വീ​ട്ടി​ലെ​ത്ത​ണം; ‘അനാ​ശാ​സ്യ​ങ്ങൾ’ക്കാ​യി വീ​ട്ടി​നു പു​റ​ത്തി​റ​ങ്ങ​രു​തു്; സി​നി​മ​യ്ക്കോ പാർ​ക്കിൽ നട​ക്കാ​നോ ഒറ്റ​യ്ക്കു പോ​ക​രു​തു്; ‘മാന്യ’മായി വേഷം ധരി​ച്ചു​കൊ​ള്ള​ണം; വി​യർ​ത്തൊ​ലി​ക്കു​ന്ന കാ​ലാ​വ​സ്ഥ​യാ​ണെ​ങ്കി​ലും സർ​വ്വ​തും മൂടി നട​ന്നു​കൊ​ള്ള​ണം; പു​രു​ഷ​ന്മാ​രു​മാ​യി സൗഹൃദമരുതു്-​കൂട്ടുകാരികളോടുള്ള സമ്പർ​ക്കം​പോ​ലും കണ​ക്കി​ല​ധി​കം വേണ്ട; ശബ്ദ​മു​യർ​ത്തി സം​സാ​രി​ക്ക​രു​തു്; പര​സ്യ​മാ​യി ഉറ​ക്കെ ചി​രി​ക്ക​രു​തു്; മു​തിർ​ന്ന​വ​രു​ടെ​യും മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ​യും മു​ന്നിൽ അധികം ആത്മ​വി​ശ്വാ​സ​മ​രു​തു്; വീ​ട്ടു​ജോ​ലി ചെ​യ്യാൻ ഇഷ്ട​മ​ല്ലെ​ങ്കി​ലും അതു പു​റ​ത്തു പറ​യ​രു​തു്; കു​ട്ടി​ക​ളോ​ടു് വാ​ത്സ​ല്യ​മി​ല്ലെ​ങ്കി​ലും വി​വാ​ഹം​ക​ഴി​ഞ്ഞു് രണ്ടു വർ​ഷ​ത്തി​ന​കം പ്ര​സ​വി​ച്ചി​രി​ക്ക​ണം… ‘മാ​ന്യത’യ്ക്കു​വേ​ണ്ടി മല​യാ​ളി​സ്ത്രീ അനു​സ​രി​ച്ചു​വ​രു​ന്ന അസം​ഖ്യം നി​യ​ന്ത്ര​ണ​ങ്ങ​ളിൽ ചി​ല​തു​മാ​ത്ര​മേ ഇവിടെ പറ​ഞ്ഞു​ള്ളു. ‘ആത്മാ​ഭി​മാന’വും ‘മാ​ന്യത’യും രണ്ടാ​ണെ​ന്ന ബോധം എന്നു​ണ്ടാ​കു​ന്നോ അന്നേ ഈ കോട്ട തകരൂ. അതു​വ​രെ ‘സ്ത്രീ​ത്വം’ എന്ന ആദർശം ഈ കോ​ട്ട​യു​ടെ ആണി​ക്ക​ല്ലാ​യി തു​ട​രും.

കൂ​ടു​തൽ ആലോ​ച​ന​യ്ക്ക്

സ്ത്രീ​പു​രു​ഷ​വ്യ​ത്യാ​സം പ്ര​കൃ​തി​നിർ​ണ്ണി​ത​വും അച​ഞ്ച​ല​വു​മാ​ണെ​ന്ന വി​ശ്വാ​സ​ത്തെ സ്ത്രീ​പ​ക്ഷ​ച​രി​ത്ര​ര​ചന എക്കാ​ല​വും ചോ​ദ്യം ചെ​യ്തി​ട്ടു​ണ്ടു്. മാ​റി​വ​രു​ന്ന സാമൂഹ്യ-​രാഷ്ട്രീയ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ സമ്മർ​ദ്ദ​ത്തിൽ ‘സ്ത്രീ​ത്വം’, ‘പു​രു​ഷ​ത്വം’ മു​ത​ലായ ആശ​യ​ങ്ങ​ളും അവ​യോ​ടു ചേർ​ന്നു നിൽ​ക്കു​ന്ന പ്ര​യോ​ഗ​ങ്ങ​ളും മാ​റി​വ​രു​ന്ന​തെ​ങ്ങ​നെ എന്നു് അന്വേ​ഷി​ക്കു​ന്ന വി​മർ​ശ​നാ​ത്മക ‘ലിം​ഗ​ച​രി​ത്ര​ര​ചന’യുടെ ഉൾ​ക്കാ​ഴ്ച​ക​ളാ​ണു് ഈ അദ്ധ്യാ​യ​ത്തിൽ പ്രയോഗിച്ചിട്ടുള്ളതു്-​സ്ത്രീത്വത്തിനു് കൂ​ടു​തൽ ഊന്നൽ നൽ​കി​യി​രി​ക്കു​ന്നു​വെ​ന്നു മാ​ത്രം (പു​രു​ഷ​ത്വ​ത്തെ​ക്കു​റി​ച്ചു​ള്ള ചർ​ച്ച​ക​ളു​ടെ ചരി​ത്രം ഇനി​യും പഠി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.) എങ്കി​ലും ‘പു​രു​ഷ​നായ പരി​ഷ്ക്കർ​ത്താ​വി’നെ​ക്കു​റി​ച്ചു പറ​ഞ്ഞി​ട​ത്തു് പുതിയ പു​രു​ഷാ​ദർ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു് ഒരു സൂ​ച​ന​യു​ണ്ടു്. സാ​മൂ​ഹ്യ​പ​രി​ഷ്ക്ക​ര​ണം ഒരു ‘ലിം​ഗ​വൽ​കൃ​ത​പ്ര​ക്രിയ’യാ​ണെ​ന്ന സൂ​ച​ന​യാ​ണു് പൊ​തു​വെ ഈ വി​ശ​ക​ല​ന​ത്തിൽ​നി​ന്നു ലഭി​ക്കു​ന്ന​തു്. വാ​സ്ത​വ​ത്തിൽ ‘പു​രു​ഷ​നായ പരി​ഷ്ക്കർ​ത്താ​വു്’ ഒരു അനി​വാ​ര്യ​ത​യാ​യി​രു​ന്നോ? സ്ത്രീ​ക​ളെ (ആധു​വിക ജീ​വി​ത​രീ​തി​ക​ളിൽ​നി​ന്നു് അക​ലെ​യാ​യി​രു​ന്ന മറ്റു ജന​ങ്ങ​ളെ​യും) പൂർ​ണ്ണ പൗ​ര​ത്വ​ത്തി​ലെ​ത്തി​ക്കാൻ മറ്റു വഴി​ക​ളു​ണ്ടാ​യി​രു​ന്നി​ല്ലേ? പരിഷ്ക്കർത്താവു്-​പരിഷ്ക്കരണവസ്തു എന്ന അസ​മ​ബ​ന്ധ​മ​ല്ലാ​തെ മറ്റു മാർ​ഗ്ഗ​ങ്ങൾ നമു​ക്കു് വി​ഭാ​വ​നം​ചെ​യ്യാൻ കഴി​യു​മോ?

കേ​ര​ള​ത്തി​ന്റെ ചരി​ത്ര​കാ​രി​കൾ ജി അരു​ണിമ

(ജി. അരു​ണിമ ഡൽ​ഹി​യി​ലെ ജവ​ഹർ​ലാൽ നെ​ഹ്രു സർ​വ്വ​ക​ലാ​ശാ​ല​യി​ലെ സ്കൂൾ ഒഫ് സോ​ഷ്യൽ സയൻ​സിൽ പ്ര​വർ​ത്തി​ച്ചു​വ​രു​ന്ന സ്ത്രീ​പ​ഠന പ്രോ​ഗ്രാ​മിൽ ചരി​ത്ര​കാ​രി​യാ​ണു്. കേ​ര​ള​ത്തി​ന്റെ സാമൂഹിക-​സാംസ്ക്കാരികചരിത്രത്തെക്കുറിച്ചു് ധാ​രാ​ളം എഴു​തി​യി​ട്ടു​ണ്ടു്. മല​യാ​ളി​സ​മൂ​ഹ​ത്തി​ന്റെ കുടുംബ-​ചാർച്ചാബന്ധങ്ങളെപ്പറ്റി ഗവേ​ഷ​ണം​ന​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ടു്. സാം​സ്ക്കാ​രിക നിർമ്മാണമേഖലയെക്കുറിച്ചു്-​സാഹിത്യം, ചി​ത്ര​കല, ഫോ​ട്ടോ​ഗ്ര​ഫി, അടു​ത്ത​കാ​ല​ത്താ​യി സിനിമ എന്നി​വ​യെ​പ്പ​റ്റി​യും മത​ത്തെ​പ്പ​റി​യും (വി​ശേ​ഷി​ച്ചു് വി​ശ്വാ​സ​വ്യ​വ​സ്ഥ​കൾ, സ്വ​ത്വ​രൂ​പീ​ക​ര​ണം എന്നി​വ​യു​മാ​യി ബന്ധ​പ്പെ​ടു​ത്തി) അവർ എഴു​തു​ന്നു. There comes papa: Colonialism and the Transformation of Matriliny in Kerala (2003) ആണു് അവ​രു​ടെ പ്ര​ധാ​ന​പ്ര​സി​ദ്ധീ​ക​ര​ണം.)

ഒരേ സമയം പല​തി​നെ​യും ഉൾ​ക്കൊ​ള്ളു​ന്ന​താ​ണു് ചരിത്രം-​ജനങ്ങൾ, സ്ഥ​ല​ങ്ങൾ, വസ്തു​ക്കൾ, ആശ​യ​ങ്ങൾ, സം​ഭ​വ​ങ്ങൾ, ഓർ​മ്മ​കൾ, ഐതി​ഹ്യ​ങ്ങൾ, കഥകൾ ഇവ​യെ​യെ​ല്ലാം ഒരേ ചരടിൽ കോർ​ത്തി​ണ​ക്കാൻ ഇതിനു കഴി​യും. ചരി​ത്ര​ത്തോ​ടു് എനി​ക്കു തോ​ന്നിയ ഇഷ്ട​ത്തി​നു കാ​ര​ണ​ങ്ങൾ പല​താ​ണു്; ഞാൻ ചരി​ത്ര​ര​ച​ന​യ്ക്കാ​യി സ്വീ​ക​രി​ച്ചി​ട്ടു​ള്ള മാർ​ഗ്ഗ​ങ്ങ​ളും കാ​ല​ത്തിൽ മാ​റി​യി​ട്ടു​ണ്ടു്. എങ്കി​ലും ഭൂ​ത​കാ​ല​ത്തി​ന്റെ വശ്യ​മായ നി​ഗൂ​ഢത, അതി​ന്റെ സവി​ശേ​ഷ​മായ തീർച്ചയില്ലായ്മ-​നമ്മെ നി​ശ്ച​യ​മാ​യും പി​ടി​ച്ചി​രു​ത്തു​ക​യും കു​ഴ​യ്ക്കു​ക​യും ചെ​യ്യു​ന്ന ആ തീർച്ചയില്ലായ്മ-​ചരിത്രപഠനത്തിലേക്കു് എന്നെ ആകർ​ഷി​ച്ച മു​ഖ്യ​ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു. ഡൽ​ഹി​യിൽ ജനി​ച്ചു​വ​ളർ​ന്ന കു​ട്ടി​യെ​ന്ന നി​ല​യ്ക്കു് ചരി​ത്ര​വു​മാ​യു​ള്ള എന്റെ ആദ്യ​ത്തെ ഇട​പെ​ടൽ ഇവി​ട​ത്തെ ചരിത്രസ്മാരകങ്ങളിലൂടെയായിരുന്നു-​മറ്റൊരു കാ​ല​ത്തെ, മറ്റു ജീ​വി​ത​ങ്ങ​ളെ വി​ളി​ച്ചോ​തു​ന്ന ഇട​ങ്ങൾ. ഞാ​നൊ​രി​ക്ക​ലും ഡൽ​ഹി​യെ ‘പഠി​ച്ചി​ട്ടി​ല്ല’; കെ​ട്ടി​ട​ങ്ങ​ളും ഇട​ങ്ങ​ളും മനു​ഷ്യർ ജീ​വി​ച്ചു​തീർ​ക്കു​ന്ന സാ​മൂ​ഹ്യ​ച​രി​ത്ര​വും തമ്മി​ലു​ള്ള ബന്ധ​ത്തെ​ക്കു​റി​ച്ചു് അടു​ത്ത​കാ​ല​ത്തു​മാ​ത്ര​മാ​ണു് ഞാൻ അന്വേ​ഷ​ണ​മാ​ര​ഭി​ച്ചി​ട്ടു​ള്ള​തു്. എങ്കി​ലും ഇവി​ടെ​പ്പ​റ​ഞ്ഞ ആ ആദ്യ​സ​മാ​ഗ​മം തു​റ​ന്നു​ത​ന്ന ചോ​ദ്യ​ങ്ങൾ എല്ലാ​യ്പ്പോ​ഴും എന്റെ​യൊ​പ്പ​മു​ണ്ടാ​യി​ട്ടു​ണ്ടു്. അതു​കൊ​ണ്ടു​ത​ന്നെ ഭൂ​ത​കാ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന രൂ​പ​ങ്ങ​ളായ നോ​വ​ലു​കൾ, ചി​ത്ര​ങ്ങൾ, ഫോ​ട്ടോ​ഗ്രാ​ഫു​കൾ തു​ട​ങ്ങി​യ​വ​യാ​യാ​ലും ശരി, വി​വാ​ഹം, ചാർ​ച്ചാ​ബ​ന്ധ​ങ്ങൾ മു​ത​ലായ അമൂർ​ത്ത​സാ​മൂ​ഹ്യ​ബ​ന്ധ​ങ്ങ​ളാ​യാ​ലും ശരി, ഭൂ​ത​കാ​ലം (എന്നെ) പി​ടി​ച്ചി​രു​ത്തി ചി​ന്തി​പ്പി​ക്കു​ന്നു; എന്നാൽ എളു​പ്പ​മ​ങ്ങ് വി​ശ​ദീ​ക​രി​ച്ചു​ക​ള​യാ​ന​നു​വ​ദി​ക്കു​ന്ന ചട്ട​ക്കൂ​ടു​ക​ളൊ​ന്നും അതെ​നി​ക്കു തരു​ന്നു​മി​ല്ല! കഴി​ഞ്ഞ ദശ​ക​ങ്ങ​ളിൽ ചരി​ത്ര​പ​ഠ​ന​ത്തിൽ നാം പലതരം ഉപ​ക​ര​ണ​ങ്ങ​ളും രീ​തി​ക​ളും അപ​ഗ്ര​ഥ​ന​ത്തി​നാ​യു​പ​യോ​ഗി​ച്ചി​ട്ടു​ണ്ടു്; ചരി​ത്രം പല​വി​ധ​ത്തിൽ പഠി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടു്. ഇന്നാ​ക​ട്ടെ, നമ്മു​ടെ ഇന്ന​ത്തെ ചോ​ദ്യ​ങ്ങ​ളു​ടെ മാ​റ്റൊ​ലി​കൾ ഭൂ​ത​കാ​ല​ത്തെ പഠി​ക്കാ​നു​ള്ള ഏറ്റ​വും​ന​ല്ല മാർ​ഗ്ഗ​മേ​തെ​ന്ന വി​ഷ​യ​ത്തെ​ച്ചൊ​ല്ലി നാം നട​ത്തു​ന്ന രീ​തി​ശാ​സ്ത്ര​ചർ​ച്ച​കൾ​ക്കു പി​ന്നിൽ മു​ഴ​ങ്ങി​ക്കേൾ​ക്കു​ന്നു​ണ്ടെ​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ചു് ആർ​ക്കും അഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ടാ​കാ​നി​ട​യി​ല്ല. ചരി​ത്ര​പ​ഠ​ന​ത്തി​ന്റെ ഒടു​വിൽ ഏതൊ ‘സനാ​ത​ന​സ​ത്യം’ എന്നെ കാ​ത്തി​രി​ക്കു​ന്നു​വെ​ന്ന ധാരണ ഞാൻ ഉപേ​ക്ഷി​ച്ചി​ട്ടു് കാലം കു​റേ​യാ​യി. എങ്കി​ലും ഓരോ പുതിയ പഠ​ന​വും ഭൂ​ത​കാ​ല​ത്തി​ന്റെ ഇതു​വ​രെ കാ​ണാ​ത്ത തു​ണ്ടു​ക​ളി​ലേ​ക്കാ​ണു തു​റ​ക്കു​ന്ന​തു്. ഓരോ പഠ​ന​വും സമ​കാ​ലി​ക​ജീ​വി​ത​ത്തി​ന്റെ വ്യ​വ​സ്ഥ​ക​ളെ​ക്കു​റി​ച്ചും അവ​സ്ഥ​ക​ളെ​ക്കു​റി​ച്ചും നമ്മെ വീ​ണ്ടു​മാ​ലോ​ചി​ക്കാൻ പ്രേ​രി​പ്പി​ക്കു​ന്നു​മു​ണ്ടു്.

Colophon

Title: Kulastrīyum Cantappeṇṇum Uṇṭāyatengane? (ml: കു​ല​സ്ത്രീ​യും ചന്ത​പ്പെ​ണ്ണും ഉണ്ടാ​യ​തെ​ങ്ങ​നെ?).

Author(s): J Devika.

First publication details: Center For Development Studies; Trivandrum, India; 2010.

Deafult language: ml, Malayalam.

Keywords: J Devika, Kulasthreeyum Chanthappennum Undaayathengane, ജെ ദേവിക, കു​ല​സ്ത്രീ​യും ചന്ത​പ്പെ​ണ്ണും ഉണ്ടാ​യ​തെ​ങ്ങ​നെ?, Gender studies, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 5, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the author and Sayahna Foundation and must be shared under the same terms.

Cover: The Girl in a Picture Frame, an oil on canvas by Rembrandt (1606–1669). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: ml.wikisource.org; Proofing: KB Sujith; Typesetter: Sayahna Foundation; Artwork by: B Priyaranjan Lal; Graphic files optimized by: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.