SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
images/devika-kcu-cover.jpg
The Girl in a Picture Frame, an oil on canvas by Rembrandt (1606–1669).
വി​ദ്യാ​ഭ്യാ​സ​മു​ള്ള സ്ത്രീ സ്വ​ത​ന്ത്ര​യോ?
kimages/Kulasthree_Chapter_eight_pic01.png

വീ​ടി​നു പു​റ​ത്തു​പോ​യി പഠി​ച്ചു് ഉന്ന​ത​ബി​രു​ദ​ങ്ങൾ നേ​ടു​ന്ന മല​യാ​ളി​സ്ത്രീ എന്തു​കൊ​ണ്ടു് പല​പ്പോ​ഴും വെറും ഇര​യാ​യി മാ​റു​ന്നു? ഗാർ​ഹി​കാ​തി​ക്ര​മ​ത്തി​നു​മു​മ്പിൽ അവൾ നി​ശ​ബ്ദ​യാ​യി​പ്പോ​കു​ന്ന​തെ​ന്തു കൊ​ണ്ടു്? വീ​ടി​നു പു​റ​ത്തു​വ​ച്ചു​ണ്ടാ​കു​ന്ന തി​ക്താ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചു് പര​സ്യ​മാ​യി പരാ​തി​പ്പെ​ടാൻ ധൈ​ര്യം​കാ​ണി​ക്കാ​ത്ത​തെ​ന്തു​കൊ​ണ്ടു്? പു​രു​ഷ​ന്മാർ കയ്യ​ട​ക്കി​വ​ച്ചി​രി​ക്കു​ന്ന പൊതു ഇട​ങ്ങ​ളി​ലേ​ക്കു് ധൈ​ര്യ​ത്തോ​ടെ, ആത്മ​വി​ശ്വാ​സ​ത്തോ​ടെ കട​ന്നു​ചെ​ന്നു് ‘ഞാനും നി​ങ്ങ​ളെ​പ്പോ​ലെ പഠി​ച്ച​വ​ളാ​ണു്, എനി​ക്കി​വി​ടെ തു​ല്യ​മായ ഇട​മു​ണ്ടു്’എന്നു പ്ര​ഖ്യാ​പി​ക്കാൻ അവൾ​ക്കു് കഴി​യാ​ത്ത​തെ​ന്തു​കൊ​ണ്ടു്? പു​രു​ഷ​ന്മാർ ക്ഷ​ണി​ച്ചാ​ലും ക്ഷ​ണി​ച്ചി​ല്ലെ​ങ്കി​ലും പൊ​തു​വേ​ദി​ക​ളിൽ കട​ന്നു​ചെ​ന്നു് തങ്ങ​ളു​ടെ​കാ​ര്യം പറ​യാ​നു​ളള തന്റേ​ടം കേ​ര​ള​ത്തിൽ ഇം​ഗ്ലീ​ഷ്വി​ദ്യാ​ഭ്യാ​സം നേടിയ ആദ്യ​ത​ല​മു​റ​യിൽ​പ്പെ​ട്ട സ്ത്രീ​കൾ​ക്കു​ണ്ടാ​യി​രു​ന്നു. പി​ന്ന​ത്തെ തല​മു​റ​കൾ​ക്കെ​ന്തു​പ​റ്റി? ഇതൊ​ക്കെ​യാ​ണു് ഈ അദ്ധ്യാ​യ​ത്തിൽ പരി​ശോ​ധി​ക്കു​ന്ന​തു്.

സ്ത്രീ​വി​ദ്യാ​ഭ്യാ​സ​ത്തെ സ്ത്രീ​പ​ക്ഷ​ത്തു​നി​ന്നു പരി​ശോ​ധി​ക്കു​മ്പോൾ

കേ​ര​ള​ത്തി​ലെ ഉയർ​ന്ന സ്ത്രീ​സാ​ക്ഷ​രത, സ്ത്രീ​വി​ദ്യാ​ഭ്യാ​സം എന്നി​വ​യെ​പ്പ​റ്റി മല​യാ​ളി​കൾ​ക്കു് പൊ​തു​വെ വലിയ അഭി​മാ​ന​മാ​ണു്. കേരളം സാ​മ്പ​ത്തി​ക​മായ പി​ന്നോ​ക്കാ​വ​സ്ഥ​യി​ലാ​യി​രു​ന്ന കാ​ല​ത്താ​ണു് ഈ നേ​ട്ട​ങ്ങൾ കൈ​വ​രി​ച്ച​തെ​ന്ന വസ്തുത അനവധി ഗവേ​ഷ​ണ​പ​ഠ​ന​ങ്ങൾ​ക്കു വഴി​തെ​ളി​ച്ചു. ഇന്നു് സ്കൂൾ-​കോളേജ് വി​ദ്യാർ​ത്ഥി​ക​ളിൽ വലിയ ഭാ​ഗ​വും പെൺ​കു​ട്ടി​ക​ളാ​ണു്. പത്താം​ത​ര​ത്തി​ലെ​ത്തു​ന്ന​തും അധി​ക​വും പെൺ​കു​ട്ടി​കൾ​ത​ന്നെ. സാ​ങ്കേ​തി​ക​വി​ദ്യാ​ഭ്യാ​സ​ത്തി​ലും അവർ മു​ന്നേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. പു​റം​നാ​ടു​ക​ളിൽ കേ​ര​ള​ത്തെ​ക്കു​റി​ച്ചു​ള്ള ചർ​ച്ച​ക​ളിൽ ഇവി​ട​ത്തെ സ്ത്രീ​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​നേ​ട്ടം ഇന്നും വളരെ പ്രശംസിക്കപ്പെടാറുണ്ടു്-​ഇന്നു കേ​ര​ള​ത്തി​ന്റെ സമ്പ​ദ്വ്യ​വ​സ്ഥ, സാ​മൂ​ഹ്യ​വി​കാ​സം എന്നി​വ​യിൽ സ്ത്രീ​ക​ളു​ടെ പങ്കു് എന്തു​ത​ന്നെ​യാ​യാ​ലും ശരി, കേരളം അടു​ത്ത​കാ​ല​ത്തു സമ്പാ​ദി​ച്ച കീർ​ത്തി​യു​ടെ നല്ല​പ​ങ്കു് സ്ത്രീ​ക​ളു​ടെ സം​ഭാ​വ​ന​യാ​ണെ​ന്നു് നി​സ്സം​ശ​യം പറയാം.

പത്തൊൻ​പ​താം നൂ​റ്റാ​ണ്ടിൽ മി​ഷ​ണ​റി​മാ​രു​ടെ പള്ളി​ക്കൂ​ട​ങ്ങ​ളി​ലാ​രം​ഭി​ച്ചു് സർ​ക്കാർ​പ​ള്ളി​ക്കൂ​ട​ങ്ങ​ളു​ടെ വ്യാ​പ​ന​ത്തി​ലൂ​ടെ​യും സമു​ദാ​യ​ങ്ങൾ പടു​ത്തു​യർ​ത്തിയ വി​ദ്യാ​ല​യ​ങ്ങ​ളി​ലൂ​ടെ​യും നാം ഈ നേ​ട്ട​ത്തിൽ എത്തി​ച്ചേർ​ന്ന​തി​ന്റെ ചി​ത്രം ഗവേ​ഷ​ക​രു​ടെ പഠ​ന​ങ്ങ​ളിൽ​നി​ന്നു് ലഭി​ക്കു​ന്നു​ണ്ടു്. ഇരു​പ​താം​നൂ​റ്റാ​ണ്ടി​ന്റെ മദ്ധ്യ​കാ​ല​മാ​യ​പ്പോ​ഴേ​ക്കു് സമൂ​ഹ​ത്തി​ന്റെ താ​ഴെ​ക്കി​ട​യി​ലു​ള്ള​വ​രിൽ വലി​യൊ​രു ശത​മാ​ന​ത്തി​നു് അക്ഷ​ര​വി​ദ്യാ​ഭ്യാ​സ​മെ​ങ്കി​ലും നേ​ടാ​നു​ളള സാ​ഹ​ച​ര്യം ഇവി​ടെ​യു​ണ്ടാ​യി.

എങ്കി​ലും പിന്തിരിഞ്ഞുനോക്കുമ്പോൾ-​പ്രത്യേകിച്ചു് സ്ത്രീ​പ​ക്ഷ​ത്തു​നി​ന്നു നോക്കുമ്പോൾ-​പല ചോ​ദ്യ​ങ്ങ​ളും ഉയർ​ന്നു​വ​രു​ന്നു. സ്ത്രീ​ക​ളു​ടെ കാ​ര്യ​മെ​ടു​ത്താൽ ‘വി​ദ്യ​യു​ണ്ടു്, തൊ​ഴി​ലി​ല്ല’ എന്ന നി​ല​യാ​ണു്. സ്ത്രീ​ക​ളായ തൊ​ഴി​ല​ന്വേ​ഷ​ക​ര​ധി​ക​മു​ണ്ടു് കേ​ര​ള​ത്തിൽ; സ്ത്രീ​ക​ളു​ടെ തൊ​ഴിൽ​പ​ങ്കാ​ളി​ത്തം കു​റ​വു​മാ​ണു്. കു​ടും​ബ​ത്തി​നു​ള്ളി​ലും ഉന്ന​ത​വി​ദ്യാ​ഭ്യാ​സം നേടിയ സ്ത്രീ​ക​ളു​ടെ നില വളരെ മെ​ച്ച​മാ​ണെ​ന്നു് തീർ​ത്തു​പ​റ​യാൻ വയ്യ. ഇത്ര​യും വി​ദ്യാ​ഭ്യാ​സം നേ​ടി​യി​ട്ടും കേ​ര​ള​ത്തി​ലെ സ്ത്രീ​കൾ കൂ​ടു​തൽ ഗാർ​ഹി​കാ​തി​ക്ര​മം സഹി​ക്കു​ന്നു​വെ​ന്നും പൊ​തു​വെ സ്ത്രീ​കൾ​ക്കെ​തി​രെ​യു​ളള അതി​ക്ര​മം ഇവിടെ കൂ​ടു​ത​ലാ​ണെ​ന്നും പഠ​ന​ങ്ങൾ തെ​ളി​യി​ക്കു​ന്നു​ണ്ടു്. മാ​ത്ര​മ​ല്ല, ഭർ​ത്താ​വിൽ​നി​ന്നു​ളള മർ​ദ്ദ​ന​ത്തെ ഇവി​ട​ത്തെ നല്ലൊ​രു​വി​ഭാ​ഗം അഭ്യ​സ്ത​വി​ദ്യ​രായ സ്ത്രീ​കൾ ന്യാ​യീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നു് ചില പഠ​ന​ങ്ങൾ സൂ​ചി​പ്പി​ക്കു​ന്നു! സ്ത്രീ​ക​ളു​ടെ ആത്മ​ഹ​ത്യാ​ശ്ര​മ​നി​ര​ക്കും അധി​ക​മാ​ണു്.

വി​ദ്യാ​സ​മ്പ​ന്ന​ക​ളായ മല​യാ​ളി​വ​നി​ത​കൾ

2001-ൽ കേ​ര​ള​ത്തിൽ 87.86 ശത​മാ​നം വനി​ത​കൾ സാ​ക്ഷ​ര​രാ​യി​രു​ന്നു, 1950-ൽ ഈ കണ​ക്കു് വെറും 36.47 ശത​മാ​ന​മാ​യി​രു​ന്നു എന്നോർ​ക്ക​ണം. ഇന്ത്യൻ ശരാ​ശ​രി​യെ​ക്കാൾ (53.67%) എത്ര​യോ മു​ന്നി​ലാ​ണി​തു്. അതു​പോ​ലെ, 2003-04-ൽ കേ​ര​ള​ത്തി​ലാ​കെ​യു​ള്ള 48.94 ലക്ഷം സ്ക്കൂൾ​വി​ദ്യാർ​ത്ഥി​ക​ളിൽ 49.1 ശത​മാ​നം പെൺ​കു​ട്ടി​ക​ളാ​യി​രു​ന്നു. പത്താം​ത​രം​വ​രെ എത്തു​ന്ന​ത​ധി​ക​വും പെൺ​കു​ട്ടി​കൾ​ത​ന്നെ. 2002-03-ലെ കണ​ക്കു​പ്ര​കാ​രം ആൺ​കു​ട്ടി​ക​ളിൽ 18.93 ശത​മാ​നം കൊ​ഴി​ഞ്ഞു​പോ​യി. പെൺ​കു​ട്ടി​ക​ളിൽ കേവലം 9.82 ശത​മാ​ന​മേ കൊ​ഴി​ഞ്ഞു​ള്ളൂ. കോ​ളേ​ജു​ക​ളി​ലെ ബി​രു​ദ​പ​ഠ​ന​ത്തിൽ മൂ​ന്നിൽ രണ്ടു​പേർ പെൺകുട്ടികളാണു്-​ബിരുദാനന്തരതലത്തിൽ മു​ക്കാ​ലും. സാ​ങ്കേ​തി​ക​പ​ഠ​ന​ത്തിൽ ആൺ​കു​ട്ടി​ക​ളാ​ണു മു​ന്നി​ലെ​ങ്കി​ലും എഞ്ചി​നി​യ​റി​ങ്ങ് വി​ദ്യാ​ഭ്യാ​സ​ത്തി​ലും​മ​റ്റും പെൺ​കു​ട്ടി​കൾ മുന്നേറുന്നുണ്ടു്-​2002-’03-ലെ കണ​ക്കു​പ്ര​കാ​രം എഞ്ചി​നി​യ​റി​ങ്ങി​നു ചേർ​ന്ന​വ​രിൽ 33.96% പെൺ​കു​ട്ടി​ക​ളാ​യി​രു​ന്നു. എങ്കി​ലും പൊ​തു​വെ വി​വാ​ഹ​ക്ക​മ്പോ​ള​ത്തിൽ വി​ല​യി​ടി​വു​ണ്ടാ​ക്കാ​ത്ത വി​ദ്യാ​ഭ്യാ​സ​ത്തി​ലേ​ക്കാ​ണു് പെൺ​കു​ട്ടി​കൾ ഒഴു​കി​യെ​ത്താ​റു്.

പുതിയ സാ​ദ്ധ്യ​ത​കൾ, പുതിയ തട​സ​ങ്ങൾ

പത്തൊൻ​പ​താം​നൂ​റ്റാ​ണ്ടിൽ മത​പ്ര​ച​ര​ണ​ത്തി​നാ​യി ഇവി​ടെ​യെ​ത്തിയ മി​ഷ​ണ​റി​മാർ​ക്കു മു​മ്പു​ത​ന്നെ പെൺ​കു​ട്ടി​ക​ളെ ചെ​റി​യ​തോ​തിൽ വി​ദ്യാ​ഭ്യാ​സം​ചെ​യ്യി​ക്കു​ന്ന രീതി ഈ നാ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഓരോ​സ്ഥ​ല​ത്തും നി​ല​ത്തെ​ഴു​ത്തു​പ​ള്ളി​ക​ളു​ണ്ടാ​യി​രു​ന്നു. അവിടെ ചെറിയ ആൺ​കു​ട്ടി​ക​ളും പെൺ​കു​ട്ടി​ക​ളും എഴു​ത്തും വാ​യ​ന​യും അത്യാ​വ​ശ്യം കണ​ക്കും പഠി​ച്ചു​വ​ന്നു. സ്ഥി​തി​യു​ളള വീ​ട്ടു​കാർ ആശാ​ന്മാ​രെ വീ​ട്ടിൽ​വ​രു​ത്തി അവി​ട​ത്തെ കു​ട്ടി​ക​ളെ മു​ഴു​വൻ അടി​സ്ഥാ​ന​പാ​ഠ​ങ്ങൾ അഭ്യ​സി​പ്പി​ച്ചു. ഉന്ന​ത​ജാ​തി​യിൽ​പ്പെ​ട്ട പല സ്ത്രീ​ക​ളും മു​ഴു​വൻ അടി​സ്ഥാ​ന​പാ​ഠ​ങ്ങ​ളും അഭ്യ​സി​ച്ചി​രു​ന്നു. ഇതി​നെ​ക്കു​റി​ച്ചു പറ​യു​മ്പോൾ തെ​ക്കൻ​തി​രു​വി​താം​കൂ​റിൽ പ്ര​ചാ​ര​ത്തി​ലു​ളള ഒരു കഥ​യാ​ണു് ഓർ​മ്മ​വ​രു​ന്ന​തു്. സ്വാ​മി വി​വേ​കാ​ന​ന്ദ​ന്റെ കേ​ര​ള​സ​ന്ദർ​ശ​ന​ത്തെ​ക്കു​റി​ച്ചും കേരളം ‘ഭ്രാ​ന്താ​ലയ’മാ​ണെ​ന്നു് അദ്ദേ​ഹം പറ​ഞ്ഞ​തി​നെ​ക്കു​റി​ച്ചും മി​ക്ക​വ​രും കേ​ട്ടി​രി​ക്കും. ഇതു​മൊ​രു വി​വേ​കാ​ന​ന്ദ​സ​ന്ദർ​ശ​ന​ക​ഥ​യാ​ണു്, അധി​ക​മാ​രും കേ​ട്ടി​ട്ടി​ല്ലെ​ന്നു​മാ​ത്രം. നാ​ഗർ​കോ​വി​ലിൽ വണ്ടി​യി​റ​ങ്ങിയ സ്വാ​മി കന്യാ​കു​മാ​രി​യി​ലേ​ക്കു് പോ​കു​ന്ന​വ​ഴി വി​ശ​പ്പും​ദാ​ഹ​വും​കൊ​ണ്ടു് വല​ഞ്ഞു. സമീ​പ​ത്തു​ളള വീ​ടു​ക​ളിൽ​പ്പോ​യി ഭക്ഷ​ണം ചോ​ദി​ക്കാ​മെ​ന്നു​ക​രു​തി പല​രോ​ടും തി​ര​ക്കി. ഭാഷ പരി​ച​യ​മി​ല്ലാ​തി​രു​ന്ന​തു​കൊ​ണ്ടു് അദ്ദേ​ഹ​ത്തി​നു് പല​യി​ട​ത്തും അല​യേ​ണ്ടി​വ​ന്നു. ഒടു​വിൽ ഒരു പഴയ തറ​വാ​ടി​ന്റെ മു​റ്റ​ത്തു് കയ​റി​ച്ചെ​ന്നു. അവിടെ ആരേ​യും കണ്ടി​ല്ല. വയ​സ്സായ ഒരു അമ്മൂ​മ്മ​മാ​ത്രം പു​റ​ത്ത​ള​ത്തിൽ എന്തോ ജോലി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്നു. ഇത്ര​യും വലിയ തറ​വാ​ട്ടിൽ സം​സ്കൃ​തം പഠി​ച്ച പു​രു​ഷ​ന്മാർ കാ​ണു​മെ​ന്നും അവ​രോ​ടു് സം​സാ​രി​ക്കാൻ കഴി​യു​മെ​ന്നു​മാ​യി​രു​ന്നു വി​വേ​കാ​ന​ന്ദ​ന്റെ പ്ര​തീ​ക്ഷ. രണ്ടു​മൂ​ന്നു​ത​വണ ആം​ഗ്യ​ഭാ​ഷ​യിൽ ഇക്കാ​ര്യം അദ്ദേ​ഹം അമ്മൂ​മ്മ​യോ​ടു് ചോ​ദി​ച്ചു​വെ​ങ്കി​ലും ഫല​മി​ല്ലെ​ന്നു തോ​ന്നി. ഒടു​വിൽ നി​രാ​ശ​നാ​യി മട​ങ്ങാ​നൊ​രു​ങ്ങി. അപ്പോൾ ആ അമ്മൂ​മ്മ പി​റ​കിൽ​നി​ന്നു് വി​ളി​ക്കു​ന്നു, ‘ഹേ, യു​വ​സ​ന്യാ​സി, നീ വല്ലാ​തെ ക്ഷീ​ണി​ച്ചി​രി​ക്കു​ന്നു​വ​ല്ലോ? മകനേ, നി​ന​ക്കു് ഭക്ഷ​ണം വേ​ണ്ട​യോ?’ അതും ശു​ദ്ധ​സം​സ്കൃ​ത​ത്തിൽ!

kimages/Kulasthree_Chapter_eight_pic02.png
ഹെ​സ്റ്റർ സ്മി​ത്തു്, 1976.

കഥ​മാ​ത്ര​മാ​ണെ​ങ്കി​ലും നട​ക്കാൻ സാ​ദ്ധ്യ​ത​യു​ണ്ടാ​യി​രു​ന്ന കഥ​യാ​ണു്. സം​സ്കൃ​ത​ഭാ​ഷ​യിൽ ആഴ​ത്തിൽ അറി​വു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ളെ​ക്കു​റി​ച്ചു് പല കഥ​ക​ളും നമ്മു​ടെ ചരി​ത്ര​ത്തി​ലു​ണ്ടു്. കടു​ത്ത നി​യ​ന്ത്ര​ണ​ങ്ങൾ​ക്കു​ള്ളിൽ കഴി​ഞ്ഞി​രു​ന്ന നമ്പൂ​തി​രി​സ്ത്രീ​കൾ പല​പ്പോ​ഴും അടി​സ്ഥാ​ന​വി​ദ്യാ​ഭ്യാ​സം നേ​ടി​യി​രു​ന്നു. 1930-ലെ സെൻ​സ​സ് കണ​ക്കു​പ്ര​കാ​രം തി​രു​വി​താം​കൂ​റി​ലെ നമ്പൂതിരി-​പോറ്റി സ്ത്രീ​ക​ളിൽ 43.2 ശത​മാ​നം പേർ സാ​ക്ഷ​ര​രാ​യി​രു​ന്നു. തി​രു​വി​താം​കൂ​റി​ലെ മറ്റു സമു​ദാ​യ​ങ്ങ​ളി​ലെ സ്ത്രീ​കൾ ഇവർ​ക്കു് പി​ന്നി​ലാ​യി​രു​ന്നു. നാ​യർ​സ്ത്രീ​ക​ളിൽ 29.1 ശത​മാ​ന​വും ക്രി​സ്ത്യാ​നി​സ്ത്രീ​ക​ളിൽ 34.8 ശത​മാ​ന​വും സാ​ക്ഷ​ര​രാ​യി​രു​ന്നു. അതു​പോ​ലെ കേ​ര​ള​ത്തി​ലെ മു​സ്ലീ​ങ്ങൾ അറബി- മല​യാ​ളം ഉപ​യോ​ഗി​ച്ചി​രു​ന്ന പത്തൊൻ​പ​താം​നൂ​റ്റാ​ണ്ടിൽ കു​ട്ടി​ക​ളെ അതി​ന്റെ അടി​സ്ഥാ​ന​പാ​ഠ​ങ്ങൾ അഭ്യ​സി​പ്പി​ച്ചി​രു​ന്ന​തു് സ്ത്രീ​ക​ളാ​യി​രു​ന്നു​വെ​ന്നു് ഗവേ​ഷ​ക​യായ ബി. എസ്സ്. ഷെറിൻ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ‘ലബ​ച്ചി​കൾ’ എന്നാ​യി​രു​ന്നു ഇവർ​ക്കു് പേരു്.

പക്ഷേ, സം​സ്കൃ​ത​ഭാ​ഷ​യി​ലൂ​ന്നിയ വി​ദ്യാ​ഭ്യാ​സം സ്ത്രീ​കൾ​ക്കു് പ്ര​ത്യേ​കി​ച്ചൊ​രു ഗു​ണ​വും ചെ​യ്യു​ന്നി​ല്ലെ​ന്ന ആരോ​പ​ണം പത്തൊൻ​പ​താം​നൂ​റ്റാ​ണ്ടിൽ കേ​ട്ടു​തു​ട​ങ്ങി​യി​രു​ന്നു. ഇതേ​കാ​ല​ത്താ​ണു് സ്ത്രീ​ത്വ​ത്തെ​ക്കു​റി​ച്ചു​ള്ള​പു​തിയ ആദർ​ശ​ങ്ങ​ളും എല്ലാ​യി​ട​ത്തും പര​ക്കാൻ​തു​ട​ങ്ങി​യ​തു്. ഇവ​യെ​ക്കു​റി​ച്ചു് മു​മ്പൊ​ര​ദ്ധ്യാ​യ​ത്തിൽ പറ​ഞ്ഞ​ല്ലോ. ചു​രു​ക്കി​പ്പ​റ​ഞ്ഞാൽ, സ്ത്രീ​യു​ടെ ശരി​യായ കർ​മ്മ​ഭൂ​മി കു​ടും​ബ​മാ​ണെ​ന്ന ആശയം അക്കാ​ല​ത്തെ സ്ത്രീ​വി​ദ്യാ​ഭ്യാ​സ​ചർ​ച്ച​ക​ളേ​യും ബാ​ധി​ച്ചു. കാ​വ്യ​നാ​ട​കാ​ദി​കൾ പഠി​ച്ച​തു​കൊ​ണ്ടു​ള്ള പാ​ണ്ഡി​ത്യം വീ​ട്ടു​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളെ നേ​രാം​വ​ണ്ണം നിർ​വ്വ​ഹി​ക്കാ​നു​ള്ള കഴി​വു് സ്ത്രീ​ക്കു​ണ്ടാ​ക്കി​ക്കൊ​ടു​ക്കു​ന്നി​ല്ല​ന്നാ​യി​രു​ന്നു ഒരു വി​മർ​ശ​നം. രണ്ടാ​മ​താ​യി, ശൃം​ഗാ​ര​പ്ര​ധാ​ന​മായ കാ​വ്യ​ങ്ങ​ളും​മ​റ്റും പഠി​ക്കു​ന്ന​തു​കൊ​ണ്ടു് പെ​ണ്ണു​ങ്ങൾ ‘ചീത്ത’യാ​കു​മെ​ന്ന ആശ​ങ്ക​യും ധാ​രാ​ളം​പേർ പ്ര​ക​ടി​പ്പി​ച്ചു. കു​ടും​ബ​ജോ​ലി​കൾ​ത​ന്നെ ഏറ്റ​വും നല്ല ക്ര​മ​ത്തിൽ ചെ​യ്യ​ണ​മെ​ന്ന ആവ​ശ്യം സ്കൂൾ​പ​ഠി​പ്പു​കൊ​ണ്ടു് സാ​ധി​ക്കി​ല്ലെ​ന്ന​തി​നാൽ പെൺ​കു​ട്ടി​കൾ​ക്കു് ഈവക കഴി​വു​കൾ ഉണ്ടാ​ക്കി​ക്കൊ​ടു​ക്കു​ന്ന പ്ര​ത്യേക ‘സ്ത്രീ​വി​ദ്യാ​ഭ്യാ​സം’ വേ​ണ​മെ​ന്ന വാദം സാ​ധാ​രണ കേ​ട്ടി​രു​ന്നു. സർ​ക്കാ​രും സമു​ദാ​യ​പ്ര​മാ​ണി​ക​ളും ഈ സ്ത്രീ​വി​ദ്യാ​ഭ്യാ​സം പരീ​ക്ഷി​ച്ചു​നോ​ക്കു​ക​യും ചെ​യ്തു. 1914-ൽ തി​രു​വി​താം​കൂർ സർ​ക്കാർ​പ​ള്ളി​ക്കൂ​ട​ങ്ങൾ​ക്കു് വേ​ണ്ടി രചി​ക്ക​പ്പെ​ട്ട സ്ത്രീ​വി​ദ്യാ​ഗൃ​ഹ​പാ​ഠാ​വ​ലി എന്ന പു​സ്ത​കം നമു​ക്കൊ​ന്നു പരി​ശോ​ധി​ച്ചു​നോ​ക്കാം. എൻ. ശി​വ​രാ​മ​പി​ള്ള, ചെ​ങ്കോ​ട്ട ഡി. രാ​മ​യ്യർ എന്നീ രണ്ടു പു​രു​ഷ​ന്മാ​രാ​ണു് ഈ പു​സ്ത​ക​ത്തി​ന്റെ രചന നിർ​വ​ഹി​ച്ച​തു്. പു​രു​ഷ​ന്റെ വരു​തി​ക്കു് സ്ത്രീ​യെ നിർ​ത്താ​നു​ള്ള എളു​പ്പ​മാർ​ഗ്ഗം എന്തെ​ന്നു​ള്ള പ്ര​ശ്ന​മാ​ണു് പു​സ്ത​ക​ത്തി​ലെ ആമു​ഖ​ത്തി​ലെ മു​ഖ്യ​ചർ​ച്ചാ​വി​ഷ​യം. സ്ത്രീ​കൾ പഠി​ച്ചാൽ ഉദ്യോ​ഗം​തേ​ടു​മെ​ന്നോ പു​രു​ഷ​ന്റെ വരുതി നി​ഷേ​ധി​ച്ചു വി​ദ്യാ​ഗർ​വു​കൊ​ണ്ടു് ‘ദുർ​മാർ​ഗി​ക​ളാ​യി ഭവി​ക്കു’മെ​ന്നോ പലരും ഭയ​ക്കു​ന്നു​ണ്ടെ​ന്നു് ആദ്യം​ത​ന്നെ ലേഖകർ തി​രി​ച്ച​റി​യു​ന്നു. എന്നാൽ ‘യഥാർ​ത്ഥ​സ്ത്രീ​വി​ദ്യാ​ഭ്യാ​സം’ ഇങ്ങ​നെ സ്വാ​ത​ന്ത്ര്യ​ബോ​ധ​മു​ള്ള ‘ഗർ​വ്വു​കാ​രി​ക​ളെ’ ഉണ്ടാ​ക്കി​ല്ലെ​ന്നും മറി​ച്ചു്, അവർ കൂ​ടു​തൽ അട​ക്ക​വും വി​ന​യ​വും അനു​സ​ര​ണ​യും വീ​ട്ടു​ത്ത​ര​വാ​ദി​ത്വ​ങ്ങൾ വഹി​ക്കാ​നു​ള്ള പ്രാ​പ്തി​യും ഉള്ള​വ​രാ​യി ഭവി​ക്കു​മെ​ന്നു​മാ​ണു് ലേ​ഖ​ക​രു​ടെ വാദം:

ക്ഷേ​ത്ര​ങ്ങ​ളിൽ​മാ​ത്രം ദൈ​വ​മു​ണ്ടെ​ന്നും അവി​ടെ​യു​ള്ള വി​ഗ്ര​ഹ​ങ്ങ​ളെ​ക്കൂ​ടാ​തെ വേറെ ദൈ​വ​മി​ല്ലെ​ന്നു​മോർ​ക്കു​ന്ന പാ​മ​ര​സ്ത്രീ​കൾ മേൽ​പ്ര​കാ​രം വി​ഗ്ര​ഹ​ങ്ങ​ളി​ല്ലാ​ത്ത ഭവ​ന​ങ്ങ​ളിൽ പാ​പ​കൃ​ത്യ​ങ്ങൾ​ചെ​യ്യു​ന്ന​തി​നു് ഭയ​പ്പെ​ടു​ന്ന​താ​ണോ? സ്ത്രീ​കൾ പഠി​ച്ചാ​ല​വർ​ക്കു് സകല വി​വേ​ക​വും ഉണ്ടാ​കു​ന്ന​താ​ക​യാൽ അവർ പു​രു​ഷ​ന്മാർ​ക്കു് മന്ത്രി​ക​ളെ​പ്പോ​ലെ സമ​യ​ങ്ങ​ളിൽ ബു​ദ്ധി​പ​റ​യു​ന്ന​താ​ണു്, കാ​ര്യ​സ്ഥ​ന്മാ​രെ​പ്പോ​ലെ ഗൃ​ഹ​കൃ​ത്യ​ങ്ങ​ളെ​ല്ലാം നട​ത്തി​യും നട​ത്തി​ച്ചും​കൊ​ള്ളും, കണ​ക്കു​ക​ളെ​ല്ലാം എഴു​തി​ക്കൊ​ള്ളും. മാ​താ​വി​നെ​പ്പോ​ലെ പു​രു​ഷ​ന്മാ​രെ സം​ര​ക്ഷ​ണം​ചെ​യ്യും.

തന്നെ​യു​മ​ല്ല; ഏറ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യം പി​ന്നാ​ലെ വരു​ന്നു:

സ്ത്രീ​കൾ വി​ദ്യാ​ഭ്യാ​സം ചെ​യ്തി​രു​ന്നു​വെ​ങ്കിൽ വി​ദ്യ​ത​ന്നെ പാ​തി​വ്ര​ത്യ​ത്തി​നു് കാ​വ​ലാ​യി​രു​ന്നു് പാ​തി​വ്ര​ത്യ​ത്തി​നു് ഭം​ഗം​വ​രാ​തെ സൂ​ക്ഷി​ക്കു​മെ​ന്നു​ള്ള​തു് അസം​ശ​യ​മാ​കു​ന്നു.

പത്തൊ​മ്പ​താം​നൂ​റ്റാ​ണ്ടി​ന്റെ അവ​സാ​ന​കാ​ല​ത്തു പ്ര​ത്യ​ക്ഷ​പ്പെ​ട്ട ആദ്യ മല​യാ​ള​നോ​വ​ലു​ക​ളി​ലെ നാ​യി​ക​മാ​രിൽ പലരും ഇപ്പ​റ​ഞ്ഞ പുതിയ വി​ദ്യാ​ഭ്യാ​സം​ചെ​യ്ത ഉത്ത​മ​സ്ത്രീ​ക​ളാ​യാ​ണു് ചി​ത്രീ​ക​രി​ക്ക​പ്പെ​ട്ട​തു്. സം​സ്കൃ​ത​വി​ദ്യാ​ഭ്യാ​സം ദോ​ഷ​ക​ര​മാ​ണെ​ന്നും പെ​ണ്ണു​ങ്ങ​ളിൽ ഗർ​വ്വു​ണ്ടാ​ക്കു​മെ​ന്നു​മ​റ്റും ആരോ​പി​ച്ച​ശേ​ഷം, സ്ത്രീ​ക​ളെ ഭർ​ത്താ​വി​നു് വി​ധേ​യ​ക​ളാ​ക്കി​ത്തീർ​ക്കു​ന്ന പുതിയ വി​ദ്യാ​ഭ്യാ​സ​രീ​തി​യു​ടെ ഗു​ണ​ഗ​ണ​ങ്ങ​ളെ പ്ര​കീർ​ത്തി​ക്കു​ന്ന പ്ര​സം​ഗ​ങ്ങൾ ഇവയിൽ പല​തി​ലും ചേർ​ത്തി​ട്ടു​ണ്ടു്. ക്ര​മേണ സ്ത്രീ​വി​ദ്യാ​ഭ്യാ​സം കേ​ര​ള​ത്തിൽ വളർ​ന്നു​വ​ന്ന സമു​ദാ​യ​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട വി​ഷ​യ​മാ​യി തീർ​ന്നു. സ്ത്രീ​ക​ളെ ഉത്ത​മ​കു​ടും​ബി​നി​ക​ളും പതി​വ്ര​ത​ക​ളു​മാ​ക്കി​ത്തീർ​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട കടമ സമു​ദാ​യ​ങ്ങൾ​ക്കു​ണ്ടെ​ന്നു വാ​ദി​ച്ച പലരും സമു​ദാ​യ​ത്തി​ന്റെ സൽ​പ്പേ​രും നന്മ​യും മു​ഴു​വൻ സ്ത്രീ​ക​ളു​ടെ (മാ​ത്രം) ഉത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നു​പോ​ലും വാ​ദി​ക്കാൻ മു​തിർ​ന്നു. സ്ത്രീ​ക്കു് പു​രു​ഷ​നൊ​പ്പം എല്ലാ​കാ​ര്യ​ങ്ങ​ളും ചെ​യ്യാൻ കഴി​വു​ണ്ടെ​ന്നോ സ്ത്രീ​ക്കും പു​രു​ഷ​ന്റെ​യൊ​പ്പം കു​ടും​ബ​പ​ര​വും സാ​മൂ​ഹ്യ​വു​മായ കട​മ​ക​ളു​ണ്ടെ​ന്നോ മാ​ത്ര​മ​ല്ല ഇവിടെ പറ​ഞ്ഞ​തെ​ന്നു് ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണു്. മറി​ച്ചു്, സ്ത്രീ​ക്കു് കഴി​വു് പു​രു​ഷ​നൊ​പ്പ​മാ​ണെ​ങ്കി​ലും സമു​ദാ​യ​ത്തോ​ടു​ള്ള ഉത്ത​ര​വാ​ദി​ത്വം കൂ​ടു​ത​ലാ​ണെ​ന്ന വാ​ദ​മാ​ണി​തു്. ലഘു​വാ​യി പറ​ഞ്ഞാൽ, സമു​ദാ​യ​ന​ന്മ​യെ​ന്ന ഭാരം കൂ​ടു​തൽ വഹി​ക്കേ​ണ്ട​തു് സ്ത്രീ​യാ​ണെ​ന്ന​വ​കാ​ശ​പ്പെ​ടാൻ പലരും മടി​ച്ചി​ല്ല. അതി​ലൊ​രാൾ അന്ന​ത്തെ അറി​യ​പ്പെ​ടു​ന്ന നാ​യർ​സ​മു​ദാ​യ​പ്ര​വർ​ത്ത​ക​യാ​യി​രു​ന്ന കെ. ചി​ന്ന​മ്മ​യാ​യി​രു​ന്നു. അവ​രു​ടെ വാ​ക്കു​ക​ളിൽ:

ഒരു ഗൃ​ഹ​ത്തി​ലേ​യോ സമു​ദാ​യ​ത്തി​ലേ​യോ മാ​ന​ത്തി​നും അപ​മാ​ന​ത്തി​നും കാരണം സ്ത്രീ​കൾ​ത​ന്നെ​യാ​ണെ​ന്നു​ള്ള​തു് പറ​യേ​ണ്ട​തി​ല്ല​ല്ലോ. പു​രു​ഷ​ന്മാർ ദുഃ​സ്വ​ഭാ​വി​ക​ളും അറി​വി​ല്ലാ​ത്ത​വ​രും ആയി​ത്തീർ​ന്നാ​ലു​ണ്ടാ​കു​ന്ന ഭവി​ഷ്യ​ത്തു​കൾ അത്ര അസ​ഹ്യ​മാ​ക​യി​ല്ല. നേ​രെ​മ​റി​ച്ചു് സ്ത്രീ​യു​ടെ ദുഃ​സ്വ​ഭാ​വ​വും അറി​വി​ല്ലാ​യ്മ​യും നി​മി​ത്തം ഉണ്ടാ​കു​ന്ന ഭവി​ഷ്യ​ത്തു​കൾ ‘ഗു​രു​തര’മാണു്.

(‘വി​ദ്യാ​ഭ്യാ​സ​ത്തിൽ സ്ത്രീ​ക​ളു​ടെ സ്ഥാ​നം’, ലക്ഷ്മീ​ഭാ​യി 8 (6) 1913)

kimages/Kulasthree_Chapter_eight_pic03.png
കെ. ചി​ന്ന​മ്മ

ആറ്റി​ങ്ങൽ സ്വ​ദേ​ശി​യാ​യി​രു​ന്ന കെ. ചി​ന്ന​മ്മ ഇരു​പ​താം​നൂ​റ്റാ​ണ്ടി​ന്റെ ആരം​ഭ​ത്തിൽ തി​രു​വി​താം​കൂ​റിൽ സാ​മൂ​ഹ്യ​സേ​വ​ന​രം​ഗ​ത്തു് തനതായ മു​ദ്ര​പ​തി​പ്പി​ച്ച സ്ത്രീ​യാ​യി​രു​ന്നു. കു​റ​ഞ്ഞ സാ​മ്പ​ത്തി​ക​സ്ഥി​തി​മാ​ത്ര​മു​ണ്ടാ​യി​രു​ന്ന കു​ടും​ബ​ത്തിൽ​പ്പി​റ​ന്ന അവർ​ക്കു് വി​ദ്യാ​ഭ്യാ​സം സമു​ദാ​യ​ത്തിൽ ഉയ​രാ​നു​ള്ള മാർ​ഗ്ഗ​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്തെ സെനനാ മിഷൻ സ്ത്രീ​വി​ദ്യാ​ല​യ​ത്തിൽ​നി​ന്നു് അടി​സ്ഥാ​ന​പ​ഠ​നം പൂർ​ത്തി​യാ​ക്കി​യ​ശേ​ഷം തി​രു​വ​ന​ന്ത​പു​രം വനി​താ​കോ​ളേ​ജിൽ​നി​ന്നു് ബി. എ. യ്ക്കു താ​ഴെ​യു​ള്ള എഫ്. എ. ബി​രു​ദം സമ്പാ​ദി​ച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പിൽ അസി​സ്റ്റ​ന്റ് ഇൻ​സ്പെ​ക്ട്ര​സ്സാ​യി ജോ​ലി​ക്കു​ചേർ​ന്നു. വി​വാ​ഹി​ത​ക​ളായ ഉദ്യോ​ഗ​സ്ഥ​ക​ളു​ടെ അവ​കാ​ശ​ങ്ങൾ​ക്കു​വേ​ണ്ടി വാ​ദി​ച്ചു. 1911-ൽ ചേർ​ന്ന നാ​യർ​സ​മു​ദാ​യ​സ​മ്മേ​ള​ന​ത്തിൽ സ്ത്രീ​കൾ​ക്കു് സമു​ദാ​യ​കാ​ര്യ​ങ്ങ​ളി​ലും സമു​ദായ പരി​ഷ്ക്ക​ര​ണ​ത്തി​ലും അർ​ഹി​ക്കു​ന്ന പ്രാ​ധാ​ന്യം നൽ​കാ​ത്ത​തിൽ വ്യ​സ​നം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ടു നട​ത്തിയ പ്ര​സം​ഗം വളരെ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി. മന്ന​ത്തു​പ​ത്മ​നാ​ഭ​ന​ട​ക്ക​മു​ള്ള നാ​യർ​നേ​താ​ക്ക​ളു​ടെ ആദ​ര​വും അം​ഗീ​കാ​ര​വും ചു​രു​ങ്ങി​യ​വേ​ള​യിൽ നേടാൻ അവർ​ക്കു കഴി​ഞ്ഞു. നി​ര​വ​ധി വനി​താ​സ​മാ​ജ​ങ്ങൾ സ്ഥാ​പി​ച്ചു. 1918-ൽ തി​രു​വ​ന​ന്ത​പു​ര​ത്തു് ശ്രീ​മൂ​ലം ഷഷ്ട്യ​ബ്ദ​പൂർ​ത്തി​സ്മാ​രക ഹി​ന്ദു​മ​ഹി​ളാ​മ​ന്ദി​രം സ്ഥാ​പി​ച്ചു. സാ​ധു​പെൺ​കു​ട്ടി​കൾ​ക്കു് വി​ദ്യാ​ഭ്യാ​സ​വും തൊഴിൽ പരി​ശീ​ല​ന​വും നൽ​കു​ന്ന സ്ഥാ​പ​ന​മെ​ന്ന നി​ല​യ്ക്കു് കഠി​നാ​ദ്ധ്വാ​ന​ത്തി​ലൂ​ടെ അതിനെ വളർ​ത്തി​യെ​ടു​ത്തു. മഹി​ളാ​മ​ന്ദി​രം എന്ന പേരിൽ ഒരു സ്ത്രീ​പ്ര​സി​ദ്ധീ​ക​ര​ണ​വും നട​ത്തി​യി​രു​ന്നു. 1930-ൽ ചി​ന്ന​മ്മ അന്ത​രി​ച്ചു​വെ​ങ്കി​ലും അവർ തു​ട​ങ്ങിയ സ്ഥാ​പ​നം ഇന്നും നി​ല​നിൽ​ക്കു​ന്നു.

തന്നെ​യു​മ​ല്ല, അനു​സ​ര​ണ​കാ​ട്ടാ​ത്ത സ്ത്രീ​ക​ളെ അടി​ച്ചു​ന​ന്നാ​ക്കാ​നു​ള്ള അധി​കാ​രം ഭർ​ത്താ​ക്ക​ന്മാർ​ക്കു് വക​വ​ച്ചു​കൊ​ടു​ക്കു​ന്ന വാ​ദ​ങ്ങൾ ഈ ചർ​ച്ച​യി​ലു​ട​നീ​ളം കേൾ​ക്കാ​നു​മു​ണ്ടാ​യി​രു​ന്നു. അധികം ചോ​ദ്യം​ചെ​യ്യ​പ്പെ​ടാ​തെ അവ ഉന്ന​യി​ക്ക​പ്പെ​ട്ടു. മു​മ്പു് പരി​ശോ​ധി​ച്ച സ്ത്രീ​വി​ദ്യാ​ഗൃ​ഹ​പാ​ഠാ​വ​ലി​യി​ലെ പാ​ഠ​പു​സ്ത​ക​ത്തിൽ ഭർ​ത്താ​വി​നു​മു​മ്പിൽ പാ​തി​വ്ര​ത്യ​സ​ത്യം ചെ​യ്തി​ട്ടു് സൂ​ത്ര​ത്തിൽ അയാളെ പറ്റി​ക്കു​ന്ന ഒരു കൗ​ശ​ല​ക്കാ​രി​യു​ടെ കഥ ലേഖകർ വി​വ​രി​ക്കു​ന്നു​ണ്ടു്. ഇങ്ങ​നെ​യു​ള്ള പെ​ണ്ണു​ങ്ങ​ളെ ഭർ​ത്താ​ക്ക​ന്മാർ ‘കോ​ലു​കൊ​ണ്ടു് പഠി​പ്പി​ച്ചാ​ലേ നന്നാ​വൂ’ എന്നു് പറ​യു​ന്ന​തിൽ യാ​തൊ​രു തെ​റ്റും അക്കാ​ല​ത്തു് അവർ​ക്കു തോ​ന്നി​യി​ല്ല. മറി​ച്ചു്, ഇത്ത​രം പെ​രു​മാ​റ്റം ഭർ​ത്താ​ക്ക​ന്മാ​രിൽ​നി​ന്നു് ഉണ്ടാ​യാൽ അവരെ കോ​ലു​കൊ​ണ്ടു് പഠി​പ്പി​ക്കാ​നു​ള്ള അധി​കാ​രം ഭാ​ര്യ​മാർ​ക്കു​ള്ള​താ​യി ഇവരും, ഇവ​രെ​പ്പോ​ലു​ള്ള മറ്റു​കൂ​ട്ട​രും ആരും പറ​ഞ്ഞ​തേ​യി​ല്ല. ‘നല്ല​പി​ള്ള’യാ​യി​ക്ക​ഴി​യുക എന്ന ഭാരം എപ്പോ​ഴും സ്ത്രീ​യു​ടെ തല​യി​ലാ​ണ​ല്ലോ? ഇതി​നെ​ക്കു​റി​ച്ചാ​ണു് തി​രു​വി​താം​കൂർ സർ​ക്കാ​രി​ന്റെ പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പിൽ ജോ​ലി​നോ​ക്കിയ ആദ്യ​ത്തെ വനി​ത​ക​ളിൽ ഒരാ​ളാ​യി​രു​ന്ന കെ. ലക്ഷ്മി അമ്മ ‘പു​രു​ഷ​ധർ​മ്മം’ എന്ന തന്റെ ലേ​ഖ​ന​ത്തിൽ പറ​ഞ്ഞ​തു്:

ഭാ​ര്യാ​ധർ​മ്മം, സ്ത്രീ​ധർ​മ്മം മു​ത​ലായ ധർ​മ്മ​ങ്ങ​ളെ​പ്പ​റ്റി അനേകം ലേ​ഖ​ന​ങ്ങൾ ഈയിടെ കാ​ണു​ന്നു​ണ്ടു്. എന്നാൽ, അതു​പോ​ലെ​ത​ന്നെ ഭർ​ത്തൃ​ധർ​മ്മ​ത്തെ​യോ പു​രു​ഷ​ധർ​മ്മെ​ത്ത​യോ​പ​റ്റി യാ​തൊ​ന്നും പ്ര​സി​ദ്ധ​പ്പെ​ടു​ത്താ​ത്ത​തു് എന്തു​കൊ​ണ്ടാ​ണെ​ന്നു് ഞാൻ പല​പ്പോ​ഴും ആലോ​ചി​ക്കാ​റു​ണ്ടു്. സ്ത്രീ​കൾ​ക്കു് മാ​ത്ര​മാ​ണോ അവ​രു​ടെ മു​റ​യെ​പ്പ​റ്റി ഓർ​മ്മ​യി​ല്ലാ​തി​രി​ക്കു​ന്ന​തു്. അല്ലെ​ങ്കിൽ പു​രു​ഷ​ന്മാർ​ക്കു് യാ​തൊ​രു ചു​മ​ത​ല​യും ഇല്ലെ​ന്നു​ണ്ടോ?

…ഭർ​ത്താ​വി​നെ ശു​ശ്രൂ​ഷി​ക്കു​ന്ന​തു് ഭാ​ര്യ​യു​ടെ ചു​മ​ത​ല​യാ​ണെ​ങ്കിൽ അതു​പോ​ലെ​ത​ന്നെ അവ​ശ്യം ഭാ​ര്യ​യെ ശു​ശ്രൂ​ഷി​ക്കു​ന്ന​തു് ഭർ​ത്താ​വി​ന്റെ​യും ചു​മ​ത​ല​യാ​ണെ​ന്ന​തിൽ സം​ശ​യ​മി​ല്ല. അതു​കൊ​ണ്ടു് സ്ത്രീ​ധർ​മ്മ​ത്തെ ഉപ​ദേ​ശി​ക്കു​ന്ന മഹാ​ത്മാ​ക്കൾ അവ​ര​വ​രു​ടെ കർ​ത്ത​വ്യ​കർ​മ്മ​ങ്ങ​ളെ ശരി​യാ​യി നിർ​വ​ഹി​ക്കു​ന്ന​താ​യാൽ ഇരു​ക​ക്ഷി​കൾ​ക്കും ആക്ഷേ​പ​ത്തി​നും വഴി​യു​ണ്ടാ​വി​ല്ലെ​ന്നു​മാ​ത്ര​മ​ല്ല, വളരെ ഗു​ണ​മു​ണ്ടാ​കു​ന്ന​തു​മാ​കു​ന്നു (‘പു​രു​ഷ​ധർ​മ്മം’, ശാരദ 1 (8) 1906).

kimages/Kulasthree_Chapter_eight_pic04.png
ഹെ​സ്റ്റർ സ്മി​ത്തു്, 1976.

ലക്ഷ്മി​യ​മ്മ​യെ​പ്പോ​ലെ​യു​ള്ള ‘തന്റേ​ട​ക്കാ​രി’കൾ ഉണ്ടാ​ക​രു​തെ​ന്നാ​യി​രു​ന്നു ‘സ്ത്രീ​വി​ദ്യാ​ഭ്യാസ’ ത്തി​ന്റെ ആരാ​ധ​ക​രു​ടെ ലക്ഷ്യ​വും! എന്നാൽ വീ​ട്ട​മ്മ​യെ വാർ​ത്തെ​ടു​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ​ത്തി​നു് അനു​കൂ​ല​മായ മു​ദ്രാ​വാ​ക്യ​ങ്ങൾ​ക്കി​ട​യി​ലും വ്യ​ത്യ​സ്ത​മായ ചില നിർ​ദ്ദേ​ശ​ങ്ങൾ കേ​ട്ടി​രു​ന്നു. അതി​ലൊ​ന്നു് ഒ. ചന്തു​മേ​നോൻ രചി​ച്ച ഇന്ദു​ലേഖ (1889) എന്ന നോവൽ ഉയർ​ത്തി​ക്കാ​ട്ടിയ വി​ദ്യാ​ഭ്യാ​സാ​ദർ​ശ​മാ​ണു്. ഇന്ദു​ലേ​ഖ​യി​ലെ (അതേ പേ​രു​ള്ള) നായിക ഇം​ഗ്ളി​ഷും സം​സ്കൃ​ത​വും നന്നാ​യി പഠി​ച്ച​വ​ളാ​ണു്. സം​ഗീ​ത​ത്തെ​ക്കു​റി​ച്ചു് നല്ല ജ്ഞാ​ന​വും ശാ​സ്ത്ര​രം​ഗ​ത്തെ പുതിയ കണ്ടു​പി​ടി​ത്ത​ങ്ങ​ളെ​ക്കു​റി​ച്ചു് അറി​വു​മു​ള്ള​വ​ളാ​ണു്. പക്ഷേ പഠി​ത്തം​കൊ​ണ്ടു് ഇന്ദു​ലേ​ഖ​യ്ക്കു് അറി​വു​ണ്ടാ​യി എന്ന​തി​നു​പു​റ​മേ മറ്റു പല ഗു​ണ​ഗ​ണ​ങ്ങ​ളും സി​ദ്ധി​ക്കു​ന്നു​ണ്ടു്. തെ​റ്റും ശരി​യും വ്യ​ക്ത​മാ​യി വേർ​തി​രി​ച്ച​റി​യാ​നു​ള്ള കഴി​വു്, നല്ല മനഃ​സ്സാ​ന്നി​ദ്ധ്യം, ആത്മ​നി​യ​ന്ത്ര​ണം, ശരി​യെ​ന്നു് തി​രി​ച്ച​റി​ഞ്ഞ കാ​ര്യ​ങ്ങ​ളിൽ ഉറ​ച്ചു​നിൽ​ക്കാ​നു​ള്ള കഴിവു്-​ഇതൊക്കെയാണു് അവ​ളു​ടെ സവി​ശേ​ഷ​ഗു​ണ​ങ്ങൾ. ധനി​ക​നെ​ങ്കി​ലും തനി​ക്കൊ​ട്ടും ചേ​രാ​ത്ത ഒരു പു​രു​ഷ​നെ വി​വാ​ഹം കഴി​ക്കാൻ താൻ അത്യ​ധി​കം സ്നേ​ഹി​ക്കു​ന്ന കു​ടും​ബ​കാ​ര​ണ​വർ നട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ ഇന്ദു​ലേ​ഖ​യ്ക്കു് പ്ര​തി​രോ​ധി​ക്കാൻ കഴി​ഞ്ഞ​തു് ഈവക സ്വ​ഭാ​വ​ഗു​ണ​ങ്ങൾ അവൾ​ക്കു​ണ്ടാ​യ​തു​കൊ​ണ്ടാ​ണെ​ന്നു് ഈ നോവൽ നമ്മോ​ടു് പറ​യു​ന്നു. വീ​ട്ടു​ജോ​ലി സമർ​ത്ഥ​മാ​യി നിർ​വ്വ​ഹി​ക്കാ​നു​ള്ള പഠി​പ്പി​നെ​ക്കാൾ പ്ര​ധാ​നം മനഃ​ശ​ക്തി വളർ​ത്തു​ന്ന​ത​രം വി​ദ്യാ​ഭ്യാ​സ​മാ​ണെ​ന്നു് നോവൽ നമ്മെ ഓർ​മ്മി​പ്പി​ക്കു​ന്നു​വെ​ന്നു് സാരം. തനി​ക്കു് തെ​റ്റെ​ന്നു ബോ​ദ്ധ്യ​പ്പെ​ട്ട ഒരു പ്ര​വൃ​ത്തി​യും തന്നെ​ക്കൊ​ണ്ടു് ചെ​യ്യി​ക്കാൻ ആർ​ക്കും​ക​ഴി​യി​ല്ലെ​ന്നു് ഇന്ദു​ലേഖ തെ​ളി​യി​ക്കു​ന്നു. സ്നേ​ഹി​ക്കു​ന്ന പു​രു​ഷ​നോ​ടു് അടു​പ്പം കാ​ണി​ക്കു​മ്പോ​ഴും തന്റെ വി​മർ​ശ​ന​ബു​ദ്ധി​യും വി​വേ​ക​വും കൈ​വെ​ടി​യാൻ അവൾ തയ്യാ​റാ​കു​ന്നി​ല്ല. ഇതൊ​ക്കെ​യാ​ണു് ഇന്ദു​ലേ​ഖ​യ്ക്കു് വി​ദ്യാ​ഭ്യാ​സം​കൊ​ണ്ടു​ണ്ടായ ഗുണം. തനി​ക്കു ചു​റ്റു​മു​ള്ള ലോ​ക​ത്തെ വി​മർ​ശ​ന​ദൃ​ഷ്ട്യാ വീ​ക്ഷി​ച്ചു് തെ​റ്റും​ശ​രി​യും വേർ​തി​രി​ച്ചു​ക​ണ്ടു് ശരി​യിൽ ഉറ​ച്ചു​നിൽ​ക്കാ​നു​ള്ള തന്റേടം-​ഇതേ തന്റേ​ട​മാ​ണു് ഏതാ​ണ്ടി​തി​ന​ടു​ത്ത​കാ​ല​ത്തു് കോ​ളിൻ​സ് മദാ​മ്മ എഴു​തിയ ഘാ​ത​ക​വ​ധം (1877) എന്ന നോ​വ​ലി​ലെ മറിയം എന്ന കഥാ​പാ​ത്ര​വും പ്ര​ക​ടി​പ്പി​ക്കു​ന്ന​തു്. ക്ഷി​പ്ര​കോ​പി​യായ അപ്പ​നെ അവൾ പേ​ടി​ക്കു​ന്നി​ല്ല. അവൾ​ക്കി​ഷ്ട​മി​ല്ലാ​ത്ത ഒരു വി​വാ​ഹാ​ലോ​ചന അദ്ദേ​ഹം ഉറ​പ്പി​ച്ച​തി​നെ അവൾ നഖ​ശി​ഖാ​ന്തം എതിർ​ക്കു​ന്നു. വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ ശരി​തെ​റ്റു​ക​ളെ​പ്പ​റ്റി അറി​വു​ണ്ടായ തനി​ക്കു് ഒന്നി​നേ​യും ഭയ​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന ആത്മ​വി​ശ്വാ​സ​മാ​ണു് മറിയം പ്ര​ക​ടി​പ്പി​ക്കു​ന്ന​തു്.

ഈ വി​ദ്യാ​ഭ്യാ​സാ​ദർ​ശ​ത്തി​നു് വളരെ അനു​കൂ​ലി​ക​ളു​ണ്ടാ​യി​ല്ല. എങ്കി​ലും ‘തന്റേ​ട​ക്കാ​രി​കൾ’ പലരും ഉണ്ടാ​യി​ക്കൊ​ണ്ടേ​യി​രു​ന്നു. ആധു​നി​ക​വി​ദ്യാ​ഭ്യാ​സം നേടിയ മല​യാ​ളി​സ്ത്രീ​ക​ളു​ടെ ആദ്യ തല​മു​റ​യിൽ​പ്പെ​ട്ട​വ​രും സ്ത്രീ​യു​ടെ അവ​കാ​ശ​ങ്ങൾ​ക്കാ​യി വാ​ദി​ച്ച​വ​രു​മായ പലർ​ക്കും ‘തന്റേ​ട​ക്കാ​രി’ എന്ന വി​ശേ​ഷ​ണം ചേരും. ഇക്കൂ​ട്ട​രെ ആധു​നി​ക​പു​രു​ഷ​ന്മാർ എത്ര​ത്തോ​ളം ഭയ​ന്നി​രു​ന്നു​വെ​ന്നു് അറി​യ​ണ​മെ​ങ്കിൽ അക്കാ​ല​ത്തെ ഹാ​സ്യ​ര​ച​ന​കൾ പരി​ശോ​ധി​ച്ചു​നോ​ക്കി​യാൽ മതി. 1950-കളിൽ പ്ര​സി​ദ്ധ ഹാ​സ്യ​സാ​ഹി​ത്യ​കാ​ര​നാ​യി​രു​ന്ന പി. കെ. രാ​ജ​രാ​ജ​വർ​മ്മ​യെ​ഴു​തിയ ‘അവി​വാ​ഹി​ത​യായ ബി. ഏക്കാ​രി’ എന്ന ഹാ​സ്യ​ലേ​ഖ​ന​ത്തിൽ ഒരു ചിത്രമുണ്ടു്-​സ്ത്രീകളുടെ അവ​കാ​ശ​ങ്ങൾ​ക്കു വേ​ണ്ടി കി​ട്ടാ​വു​ന്ന എല്ലാ വേ​ദി​ക​ളി​ലും ഇടി​ച്ചു​ക​യ​റി​ച്ചെ​ന്നു് മനു​സ്മൃ​തി കത്തി​ച്ചു​ചാ​മ്പ​ലാ​ക്ക​ണ​മെ​ന്നു് വാ​ദി​ക്കു​ന്ന ചൂ​ട​ത്തി​യു​ടെ ചി​ത്രം. മല​ബാ​റിൽ സഞ്ജ​യ​നും തി​രു​വി​താം​കൂ​റിൽ ഇ. വി. കൃ​ഷ്ണ​പി​ള്ള​യും (രണ്ടു​പേ​രും മല​യാ​ള​ത്തി​ലെ അതി​പ്ര​ശ​സ്ത​രായ ഹാ​സ്യ​സാ​ഹി​ത്യ​കാ​ര​ന്മാർ) ‘പ്ര​സം​ഗ​ക്കാ​രി​ക​ളെ’ അത്യ​ധി​കം ഭയ​പ്പെ​ട്ടി​രു​ന്നു​വെ​ന്നാ​ണു് അവ​രു​ടെ എഴു​ത്തിൽ​നി​ന്നും കി​ട്ടു​ന്ന സൂചന. എന്നാൽ ഇവർ നിർ​മ്മി​ച്ച ഈ ‘ഭയ​ങ്ക​രി’യുടെ ചി​ത്രം കേവലം സങ്കൽ​പ്പ​സൃ​ഷ്ടി​യാ​ണെ​ന്നു പറ​യാ​നും​വ​യ്യ. അക്കാ​ല​ത്തെ പല സ്ത്രീ​ക​ളും ഇതും ഇതി​ന​പ്പു​റ​വും ചെ​യ്ത​വ​രാ​യി​രു​ന്നു. 1928-ൽ യുവ അഭി​ഭാ​ഷ​ക​യാ​യി​രു​ന്ന അന്നാ ചാ​ണ്ടി ‘സ്ത്രീ​കൾ​ക്കു് സർ​ക്കാർ ജോ​ലി​നൽ​കി​യാൽ അതു് സാ​മൂ​ഹ്യ​വി​പ​ത്തി​നി​ട​വ​രു​ത്തു’മെ​ന്നു് പ്ര​സ്താ​വി​ച്ചു​കൊ​ണ്ടു് ലേ​ഖ​ന​മെ​ഴു​തിയ അന്ന​ത്തെ വലിയ പ്ര​മാ​ണി​യാ​യി​രു​ന്ന ടി. കെ. വേ​ലു​പ്പി​ള്ള​യെ നേ​രി​ട്ട​തു് ഇങ്ങ​നെ​യൊ​രു ഇടി​ച്ചു​ക​യ​റ്റ​ത്തി​ലൂ​ടെ​യാ​ണു്. തി​രു​വ​ന​ന്ത​പു​ര​ത്തെ വി​ദ്യാ​ഭി​വർ​ദ്ധി​നി​സഭ ഒരു പൊ​തു​യോ​ഗം കൂടിയ വേ​ള​യി​ലാ​ണു് ഇതു​ണ്ടാ​യ​തു്. അന്ന​ത്തെ തി​രു​വി​താം​കൂർ ഹൈ​ക്കോ​ട​തി ജഡ്ജി​യാ​യി​രു​ന്ന പി. കെ.നാ​രാ​യ​ണ​പി​ള്ള​യാ​യി​രു​ന്നു അദ്ധ്യ​ക്ഷൻ. ‘സ്ത്രീ​കൾ തങ്ങൾ​ക്കു് അർ​ഹ​ത​യി​ല്ലാ​ത്ത സർ​ക്കാ​രു​ദ്യോ​ഗം തട്ടി​യെ​ടു​ക്കു​ന്നു’ എന്ന വേ​ലു​പ്പി​ള്ള​യു​ടെ ആരോ​പ​ണ​ത്തെ സ്ത്രീ​കൾ​ക്കെ​തി​രെ ഫയൽ​ചെ​യ്ത അന്യാ​യ​മാ​യി ‘ബഹു​മാ​ന​പ്പെ​ട്ട കോടതി’ കണ​ക്കാ​ക്ക​ണ​മെ​ന്നു് അവർ ആവ​ശ്യ​പ്പെ​ട്ടു. ഇങ്ങ​നെ പ്ര​തി​സ്ഥാ​ന​ത്തായ പെ​ണ്ണു​ങ്ങൾ​ക്കു​വേ​ണ്ടി വാ​ദി​ക്കാ​നെ​ത്തിയ വക്കീ​ലാ​ണു് താ​നെ​ന്നു് സ്വയം പ്ര​ഖ്യാ​പി​ച്ചു. തു​ടർ​ന്നു് അവർ നട​ത്തിയ പ്ര​സം​ഗം കോ​ട​തി​യിൽ നട​ക്കു​ന്ന ഒന്നാ​ന്ത​രം വാ​ദ​ത്തോ​ടു് കി​ട​പി​ടി​ക്കു​ന്ന​താ​യി​രു​ന്നു. ‘ഇടി​ച്ചു​ക​യ​റി’യതു​പോ​ലെ ഇറ​ങ്ങി​പ്പോ​കാ​നും ഇവർ മി​ടു​ക്കി​ക​ളാ​യി​രു​ന്നു. 1932-ലെ സമ​സ്ത​കേ​രള സാ​ഹി​ത്യ​പ​രി​ഷ​തു് സമ്മേ​ള​ന​ത്തി​ലെ പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളിൽ സ്ത്രീ​ക​ളെ പങ്കെ​ടു​പ്പി​ക്കാ​ത്ത​തിൽ പ്ര​തി​ഷേ​ധി​ച്ചു് ബി. ഭാ​ഗീ​ര​ഥി അമ്മ ഇറ​ങ്ങി​പ്പോ​യി. ഇങ്ങ​നെ പല സം​ഭ​വ​ങ്ങ​ളും അക്കാ​ല​ത്തു നട​ക്കു​യു​ണ്ടാ​യി. 1937-ൽ മു​സ്ലീം​വ​നിത എന്ന പു​രോ​ഗ​മ​ന​പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്റെ പ്ര​സാ​ധക എൻ. ഹലീ​മാ​ബീ​വി തി​രു​വ​ല്ല​യിൽ​വ​ച്ചു​ന​ട​ന്ന മു​സ്ലീം​വ​നി​താ​സ​മ്മേ​ള​ന​ത്തിൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ മഹ​ത്വ​ത്തെ​പ്പ​റ്റി ഇങ്ങ​നെ പ്ര​സ്താ​വി​ച്ചു:

അക്ഷ​രാ​ഭ്യാ​സം നി​ഷി​ദ്ധ​മാ​യും അപ​രാ​ധ​മാ​യും കരു​തി​യി​രു​ന്ന നമ്മ​ളിൽ പലരും ഇന്നു് അഭ്യ​സ്ത​വി​ദ്യ​ക​ളാ​യി​ത്തീർ​ന്നി​രി​ക്കു​ന്നു. സ്ത്രീ​കൾ വി​ദ്യാ​ഭ്യാ​സം ചെ​യ്തി​രു​ന്നു​വെ​ങ്കിൽ അവർ വഴി​പി​ഴ​യ്ക്കു​മെ​ന്നു​ള്ള തെ​റ്റി​ദ്ധാ​രണ ഇന്നു് ഭൂ​രി​ഭാ​ഗ​വും നശി​ച്ചി​ട്ടു​ണ്ടെ​ന്നു​ള്ള​തു് ആശ്വാ​സ​ക​ര​മാ​ണു്. ആശ​യ​ങ്ങൾ വി​പു​ലീ​ക​രി​ക്കു​വാ​നും വി​ശ​ദീ​ക​രി​ക്കു​വാ​നും സ്വാ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തു​വാ​നും പ്ര​ഖ്യാ​പ​നം​ചെ​യ്യു​വാ​നും വി​ദ്യാ​ഭ്യാ​സ​മാ​ണു് നമു​ക്കു് സഹാ​യ​ക​മാ​യി​ത്തീർ​ന്നി​ട്ടു​ള്ള​തു്. അതി​ന്റെ മഹ​ച്ഛ​ക്തി​യിൽ അന്തർ​ലീ​ന​മായ വി​ശാ​ല​ഹൃ​ദ​യ​ത്വം​ത​ന്നെ​യാ​ണു് പു​റ​ത്തി​റ​ങ്ങാ​തി​രു​ന്ന നമ്മൾ എല്ലാ​വ​രേ​യും ഭീ​തി​യും ലജ്ജ​യും​വി​ട്ടു് ഇന്നി​വി​ടെ ഈ യോ​ഗ​ത്തിൽ സന്നി​ഹി​ത​രാ​കു​ന്ന​തി​നു് ഇട​യാ​യി​ത്തീർ​ന്നി​ട്ടു​ള്ള​തെ​ന്നു് ഞാൻ വി​സ്മ​രി​ക്കു​ന്നി​ല്ല.

(‘സ്വാ​ഗ​ത​പ്ര​സം​ഗം’,മു​സ്ലീം​വ​നിത 1(4) 1937)

എന്താ​യാ​ലും ഇരു​പ​താം​നൂ​റ്റ​ണ്ടി​ന്റെ ആരംഭം മുതൽ സ്ക്കൂ​ളിൽ പഠി​ക്കു​ന്ന പെൺ​കു​ട്ടി​ക​ളു​ടെ എണ്ണം കൊ​ച്ചി​യി​ലും തി​രു​വി​താം​കൂ​റി​ലും ഉയർ​ന്നു​കൊ​ണ്ടേ​യി​രു​ന്നു. മല​ബാ​റിൽ ഈ പു​രോ​ഗ​തി കണ്ടില്ല-​മലബാർ നേ​രി​ട്ടു​ള്ള ബ്രി​ട്ടീ​ഷ്ഭ​ര​ണ​ത്തിൻ​കീ​ഴി​ലാ​യി​രു​ന്ന​ല്ലോ.

kimages/Kulasthree_Chapter_eight_pic05.png
സ്ത്രീ​വി​ദ്യാ​ഭ്യാ​സം—തെ​ക്കും വട​ക്കും

ബ്രി​ട്ടീ​ഷ് അധി​കാ​ര​ത്തിൻ​കീ​ഴിൽ ഞെ​രി​ഞ്ഞ​മർ​ന്ന മല​ബാ​റിൽ സർ​ക്കാ​രി​ന്റെ സാ​മൂ​ഹ്യ​ക്ഷേ​മ​പ്ര​വർ​ത്ത​ന​ങ്ങൾ കു​റ​വാ​യി​രു​ന്നു. പര​മ്പ​രാ​ഗ​ത​മായ ഉച്ച​നീ​ച​ത്വ​ങ്ങ​ളെ ഊട്ടി​യു​റ​പ്പി​ച്ച വി​ദേ​ശ​ഭ​ര​ണം​മൂ​ലം മലബാർ, തി​രു​വി​താം​കൂർ, കൊ​ച്ചി എന്നീ പ്ര​ദേ​ശ​ങ്ങ​ളെ അപേ​ക്ഷി​ച്ചു് സാ​ക്ഷ​ര​ത​യി​ലും സ്ത്രീ​സാ​ക്ഷ​ര​ത​യി​ലും പി​ന്നി​ലാ​യി​രു​ന്നു. 1951-ൽ മല​ബാ​റിൽ സ്ത്രീ​സാ​ക്ഷ​രത 21 ശത​മാ​ന​മാ​യി​രു​ന്നു. തി​രു​വി​താം​കൂ​റിൽ ഈ സംഖ്യ 37 ശത​മാ​ന​വും. പക്ഷേ മദ്രാ​സ്പ്ര​വി​ശ്യ​യെ മൊ​ത്ത​ത്തി​ലെ​ടു​ത്താൽ അതി​ന്റെ ഇത​ര​ഭാ​ഗ​ങ്ങ​ളെ അപേ​ക്ഷി​ച്ചു് മല​ബാ​റി​ലെ സ്ത്രീ​സാ​ക്ഷ​രത വളരെ മെ​ച്ച​മാ​യി​രു​ന്നു​വെ​ന്നു വേണം പറയാൻ-​മറ്റു ഭാ​ഗ​ങ്ങ​ളു​ടെ ഏക​ദേ​ശം രണ്ടി​ര​ട്ടി​യാ​യി​രു​ന്നു മല​ബാ​റി​ലെ സംഖ്യ. സ്വാ​ത​ന്ത്ര്യ​ത്തി​നു​ശേ​ഷ​വും ഐക്യ​കേ​ര​ള​സം​സ്ഥാ​ന​രൂ​പീ​ക​ര​ണ​ത്തി​നു ശേ​ഷ​വും മല​ബാ​റിൽ സ്കൂൾ​വി​ക​സ​നം ത്വ​രി​ത​പ്പെ​ട്ടു. ഏതാ​നും ദശ​ക​ങ്ങൾ​കൊ​ണ്ടു് വി​ദ്യാ​ഭ്യാ​സ​കാ​ര്യ​ത്തിൽ തെ​ക്കും വട​ക്കും തമ്മി​ലു​ള്ള അന്ത​രം നി​ക​ന്നു.

തി​രു​വി​താം​കൂ​റി​ലെ​യും കൊ​ച്ചി​യി​ലെ​യും ഭര​ണാ​ധി​കാ​രി​കൾ​ക്കു് ബ്രി​ട്ടി​ഷ​ധി​കാ​രി​ക​ളു​ടെ മതി​പ്പു സമ്പാ​ദി​ക്കാൻ കി​ണ​ഞ്ഞു പരി​ശ്ര​മി​ക്കേ​ണ്ടി​യി​രു​ന്നു. വി​ദ്യാ​ല​യ​വി​കാ​സ​വും മറ്റും ഈ ആവ​ശ്യ​ത്തെ നി​റ​വേ​റ്റാ​നും സഹാ​യി​ച്ചു. മാ​ത്ര​മ​ല്ല, ഹി​ന്ദു​രാ​ജ്യ​മെ​ന്നു് സ്വയം വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന തി​രു​വി​താം​കൂ​റിൽ ഇക്കാ​ല​ത്തു് ജാ​തി​വി​രു​ദ്ധ​സ​മ​ര​ങ്ങൾ പെ​രു​കി​യ​തി​ന്റെ ഫല​മാ​യി ജാ​തി​മാ​മൂ​ലു​ക​ളു​ടെ സം​ര​ക്ഷ​ക​രായ ഭര​ണാ​ധി​കാ​രി​ക​ളു​ടെ ജന​പ്രി​യ​ത​യ്ക്കു് ഇടി​വു​ണ്ടാ​യി​ത്തു​ട​ങ്ങി​യി​രു​ന്നു. ഈ സാ​ഹ​ച​ര്യ​ത്തിൽ രാ​ജാ​ധി​കാ​ര​ത്തി​നു് പു​തി​യൊ​ര​ടി​ത്തറ പണി​യേ​ണ്ട ആവ​ശ്യ​വു​മു​ണ്ടാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സം, ആധു​നിക ചി​കി​ത്സാ​സൗ​ക​ര്യം എന്നിവ വി​ക​സി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ഭര​ണാ​ധി​കാ​ര​ത്തി​നു് പുതിയ അടി​ത്തറ പാകാൻ അധി​കാ​രി​കൾ ശ്ര​മി​ച്ചു. എന്നാൽ മല​ബാ​റിൽ ബ്രി​ട്ടി​ഷു​കാർ ജന​ങ്ങൾ ആവ​ശ്യ​പ്പെ​ട്ടി​ട്ടും വി​ദ്യാ​ഭ്യാ​സ​വി​കാ​സ​ത്തി​നും​മ​റ്റും മു​തിർ​ന്നി​ല്ല. സ്വാ​ത​ന്ത്ര്യ​ത്തി​നു ശേ​ഷ​മാ​ണു് ഇവിടെ വി​ദ്യാ​ല​യ​ങ്ങൾ വ്യാ​പ​ക​മാ​യ​തു്.

ഉന്ന​ത​വി​ദ്യാ​ഭ്യാ​സം നേടിയ സ്ത്രീ​ക​ളു​ടെ വി​ജ​യ​ങ്ങൾ പലതും ഇരു​പ​താം​നൂ​റ്റാ​ണ്ടി​ന്റെ ആദ്യ പകു​തി​യിൽ ഇവിടെ നാം പര​സ്യ​മാ​യി ആഘോ​ഷി​ക്കു​ക​യു​ണ്ടാ​യി. പ്ര​ധാ​ന​പ്പെ​ട്ട സമു​ദാ​യ​ങ്ങ​ളെ​ല്ലാം​ത​ന്നെ സമു​ദാ​യാം​ഗ​ങ്ങ​ളായ സ്ത്രീ​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​നേ​ട്ട​ങ്ങ​ളെ അഭി​ന​ന്ദി​ച്ചു. പത്ര​ങ്ങ​ളിൽ അതു വാർ​ത്ത​യാ​യി​രു​ന്നു. മല​യാ​ളി​സ്ത്രീ​ക​ളിൽ ആധു​നി​ക​വൈ​ദ്യ​ബി​രു​ദം ആദ്യ​മാ​യി നേടിയ മേരി പു​ന്നൻ ലൂ​ക്കോ​സ് നാ​ട്ടിൽ തി​രി​ച്ചെ​ത്തി​യ​പ്പോൾ സു​റി​യാ​നി​ക്രി​സ്ത്യാ​നി സമൂഹം അവരെ സ്വർ​ണ്ണ​മെ​ഡൽ നൽകി ആദ​രി​ച്ചു. 1917-ൽ ഗൗരി ശങ്കു​ണ്ണി എന്ന ഈഴ​വ​യു​വ​തി​യു​ടെ ബി. എ. പരീ​ക്ഷാ​വി​ജ​യ​ത്തെ​ത്തു​ടർ​ന്നു് എസ്. എൻ. ഡി. പി. യോഗം അവരെ ഇതു​പോ​ലെ ആദ​രി​ച്ചു. 1925-ൽ യു. ദേ​വ​കി​യ​മ്മ​യ്ക്കു് എം. എ. എൽ.റ്റി പരീ​ക്ഷ ജയി​ച്ച​തി​നെ​ത്തു​ടർ​ന്നു് കണ്ണൂ​രി​ലെ തി​യ്യ​പ്ര​മു​ഖ​രിൽ​നി​ന്നു് സ്വർ​ണ്ണ​മെ​ഡൽ ലഭി​ച്ചു. എന്നാൽ സമു​ദാ​യം കോ​രി​ച്ചൊ​രി​ഞ്ഞ ആ ആദ​ര​വി​നു് അത്ര നല്ല​ത​ല്ലാ​ത്ത വശം​കൂ​ടി​യു​ണ്ടാ​യി​രു​ന്നു. ‘ഉത്തമ കു​ടും​ബി​നി​കൾ’ ആണു് സമു​ദാ​യ​ത്തി​ന്റെ നെ​ടും​തൂൺ എന്ന ആ ധാ​ര​ണ​യാ​ണു് മിക്ക സമു​ദാ​യ​നേ​താ​ക്ക​ളും പ്ര​ച​രി​പ്പി​ച്ച​തു്. വി​ജ​യി​നി​കൾ എപ്പോ​ഴും ‘നി​യ​മ​ത്തി​നു് അപ​വാ​ദം’ മാ​ത്ര​മാ​യി​രു​ന്നു. ബി​രു​ദ​ധാ​രി​ണി​ക​ളിൽ അധി​ക​മാ​രും സമു​ദാ​യ​നേ​തൃ​ത്വ​ത്തി​ലേ​ക്കു് ഉയർ​ന്നു​മി​ല്ല. കേ​ര​ള​ത്തി​ലെ​യും ഇന്ത്യ​യി​ലെ​യും ദളി​ത്സ്ത്രീ​ക​ളിൽ​നി​ന്നു് കോ​ളേ​ജ് ബി​രു​ദം നേടിയ ആദ്യ വനി​ത​യാ​യി​രു​ന്ന ദാ​ക്ഷാ​യ​ണി വേ​ലാ​യു​ധ​നാ​യി​രി​ക്ക​ണം ഇതി​നൊ​ര​പ​വാ​ദം. 1945-ൽ അവർ കൊ​ച്ചി നി​യ​മ​നിർ​മ്മാ​ണ​കൗൺ​സി​ലി​ലേ​ക്കു് നാ​മ​നിർ​ദ്ദേ​ശം​ചെ​യ്യ​പ്പെ​ട്ടു. സമു​ദാ​യ​ത്തി​ന്റെ മൊ​ത്തം താൽ​പ​ര്യ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന വ്യ​ക്തി​യാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു.

1920-കളിൽ സ്ത്രീ​പ്ര​തി​നി​ധി​യാ​യി കൊ​ച്ചി​നി​യ​മ​നിർ​മ്മാ​ണ​കൗൺ​സി​ലിൽ അം​ഗ​മാ​യി​രു​ന്ന തോ​ട്ട​യ്ക്കാ​ട്ടു മാ​ധ​വി​യ​മ്മ നാ​യർ​സ​മു​ദാ​യ​സം​ഘ​ട​നാ​പ്ര​വർ​ത്ത​ന​ത്തി​ലും മറ്റും വ്യാ​പൃ​ത​യാ​യി​രു​ന്നെ​ങ്കി​ലും കഴി​വു​ള്ള വനി​ത​യെ​ന്നു് പര​ക്കെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും സമു​ദാ​യ​നേ​തൃ​ത്വ​ത്തി​ലേ​ക്കു​യർ​ന്നി​ല്ല. 1947-ലെ തി​രു​വി​താം​കൂർ നാ​യർ​മ​ഹാ​സ​മ്മേ​ള​ന​ത്തിൽ പ്ര​സം​ഗി​ച്ച മല​ബാ​റിൽ​നി​ന്നു​ള്ള നായർ നേ​താ​വു് മച്ചി​ങ്ങൽ കൃ​ഷ്ണ​മേ​നോൻ ‘എല്ലാ അതി​രു​ക​ളെ​യും ഭേ​ദി​ച്ചു’ എന്നു​ത​ന്നെ പറയണം! അദ്ദേ​ഹ​ത്തി​നു് കി​ട്ടിയ കണ​ക്ക​നു​സ​രി​ച്ചു് നായർ വി​ദ്യാർ​ത്ഥി​നി​ക​ളിൽ സ്കൂൾ​ഫൈ​നൽ കഴി​ഞ്ഞ​വ​രിൽ 50 ശത​മാ​ന​വും വി​വാ​ഹം​ക​ഴി​ച്ചു​വെ​ങ്കിൽ ഇന്റർ​മീ​ഡി​യ​റ്റ്ത​ലം (ഇപ്പോ​ഴാ​ണെ​ങ്കിൽ പ്ലസ് ടു) കഴി​ഞ്ഞ​വർ 40 ശത​മാ​നം​മാ​ത്ര​മേ വി​വാ​ഹം കഴി​ച്ചു​ള്ളു. ബി. എക്കാ​രി​ക​ളിൽ 20 ശത​മാ​നം​പേർ മാ​ത്ര​മേ വി​വാ​ഹം​ക​ഴി​ച്ചു​ള്ളു. ഇതൊരു വലിയ വി​പ​ത്താ​ണെ​ന്നാ​യി​രു​ന്നു മേ​നോ​ന്റെ അഭി​പ്രാ​യം. അദ്ദേ​ഹം പറ​ഞ്ഞു: “അവി​വാ​ഹി​ത​ക​ളായ സ്ത്രീ​കൾ സമു​ദാ​യ​ത്തി​നൊ​രു ഭാ​ര​മാ​ണു്. സദാ​ചാ​ര​പ​ര​മാ​യി നോ​ക്കി​യാ​ലും ആ നില ആദ​ര​ണീ​യ​മാ​കു​ന്നി​ല്ല.”

(ദീപിക, 14 സെ​പ്തം​ബർ, 1949)

ദാ​ക്ഷാ​യ​ണി വേ​ലാ​യു​ധൻ.
kimages/Kulasthree_Chapter_eight_pic06.png
ഹെ​സ്റ്റർ സ്മി​ത്തു്, 1976.

പല ബഹു​മ​തി​ക​ളും നേ​ടി​ക്കൊ​ണ്ടാ​ണു് ദാ​ക്ഷാ​യ​ണി വേ​ലാ​യു​ധൻ പൊ​തു​രം​ഗ​ത്തേ​ക്കു​യർ​ന്നു വന്ന​തു്. കൊ​ച്ചി​യിൽ​നി​ന്നു് ആദ്യ​മാ​യി മെ​ട്രി​ക്കു​ലേ​ഷൻ പാ​സ്സായ പട്ടി​ക​ജാ​തി പെൺ​കു​ട്ടി, ഇന്ത്യ​യി​ലെ പട്ടി​ക​ജാ​തി​ക്കാ​രി​ലെ ആദ്യ ബി​രു​ദ​ധാ​രി​ണി എന്നി​ങ്ങ​നെ പലതും. 1913-ൽ, കൊ​ച്ചി​യി​ലെ മു​ള​വു​കാ​ടു് ദ്വീ​പി​ലാ​യി​രു​ന്നു ജനനം. എറ​ണാ​കു​ളം മഹാ​രാ​ജാ​സ് കോ​ളേ​ജിൽ​നി​ന്നും പി​ന്നീ​ടു് മദ്രാ​സിൽ​നി​ന്നു​മാ​ണു് അവർ ബി​രു​ദ​ങ്ങൾ നേ​ടി​യ​തു്. കൊ​ച്ചി​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പിൽ ജോ​ലി​നോ​ക്കി​യെ​ങ്കി​ലും ‘പു​ല​യ​ത്തി​ട്ടീ​ച്ചർ’ എന്ന പരി​ഹാ​സം സഹി​ക്കേ​ണ്ടി​വ​ന്ന​ത്രേ! അദ്ധ്യാ​പി​ക​യാ​യി ജോ​ലി​നോ​ക്ക​വെ ആർ. വേ​ലാ​യു​ധ​നെ വി​വാ​ഹം​ക​ഴി​ച്ചു. 1945-ൽ അവർ കൊ​ച്ചി നി​യ​മ​സ​ഭ​യിൽ അം​ഗ​മാ​യി നാ​മ​നിർ​ദ്ദേ​ശം ചെ​യ്യ​പ്പെ​ട്ടു. പി​ന്നീ​ടു് ഇന്ത്യൻ ഭര​ണ​ഘ​ട​നാ​നിർ​മ്മാ​ണ​സ​ഭ​യിൽ കോൺ​ഗ്ര​സ് ടി​ക്ക​റ്റിൽ​നി​ന്നു​കൊ​ണ്ടു് അം​ഗ​ത്വം നേടി. എന്നാൽ 1950-കളിൽ അവർ രാ​ഷ്ട്രീ​യ​ജീ​വി​ത​ത്തിൽ​നി​ന്നു് അൽ​പ്പ​മൊ​ന്നു പിൻ​വാ​ങ്ങി, എൽ. ഐ. സി. യിൽ ഉദ്യോ​ഗ​സ്ഥ​യാ​യി. 1971-ൽ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു മട​ങ്ങാൻ ശ്ര​മി​ച്ചു. ആ വർ​ഷ​ത്തെ പാർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പിൽ അവർ അടൂർ മണ്ഡ​ല​ത്തിൽ​നി​ന്നു് ഭാർ​ഗ്ഗ​വി തങ്ക​പ്പ​നെ​തി​രെ മത്സ​രി​ച്ചു പരാ​ജ​യ​പ്പെ​ട്ടു. ചരി​ത്ര​കാ​രി​യായ മീരാ വേ​ലാ​യു​ധൻ മക​ളാ​ണു് (ചെ​റാ​യി രാ​മ​ദാ​സ്, അയ്യൻ​കാ​ളി​ക്കു് ആദ​ര​ത്തോ​ടെ, എറ​ണാ​കു​ളം, 2009, പുറം 103-107).

എങ്കി​ലും സമു​ദാ​യ​ങ്ങ​ളി​ലെ പു​രു​ഷ​ന്മാ​രിൽ പു​രോ​ഗ​മ​ന​പ​ക്ഷ​വും യാ​ഥാ​സ്ഥി​തി​ക​പ​ക്ഷ​വും പല​പ്പോ​ഴു​മു​ണ്ടാ​വു​ക​യും അവ തമ്മിൽ ഏറ്റു​മു​ട്ടു​ക​യും ചെ​യ്തി​രു​ന്നു. 1920-​കളുടെ അവസാന വർ​ഷ​ങ്ങ​ളിൽ നമ്പൂ​തി​രി​സ​മു​ദാ​യ​പ്ര​സ്ഥാ​ന​ത്തിൽ ഇത്ത​ര​മൊ​രു ഏറ്റു​മു​ട്ട​ലി​നു് അരങ്ങൊരുങ്ങിക്കഴിഞ്ഞിരുന്നു-​യോഗക്ഷേമസഭ എന്ന നമ്പൂ​തി​രി​സം​ഘ​ട​ന​യും നമ്പൂ​തി​രി​യു​വ​ജ​ന​സം​ഘം എന്ന പു​രോ​ഗ​മ​ന​വാ​ദി​ക​ളു​ടെ സം​ഘ​വും തമ്മിൽ. നമ്പൂ​തി​രി​മാ​രു​ടെ ഗൃ​ഹ​ജീ​വി​ത​ത്തി​നി​ണ​ങ്ങിയ വി​ദ്യാ​ഭ്യാ​സം ഗൃ​ഹ​ത്തിൽ​വ​ച്ചു് പെൺ​കു​ട്ടി​കൾ​ക്കു് നൽ​കി​യാൽ മതി​യെ​ന്നു യാ​ഥാ​സ്ഥി​തി​ക​രും ലോ​ക​കാ​ര്യ​ങ്ങ​ളി​ലേ​ക്കു് മന​സ്സി​നെ തു​റ​ന്നി​ടു​ന്ന വി​ദ്യാ​ഭ്യാ​സ​മാ​ണു് അവർ​ക്കു​വേ​ണ്ട​തെ​ന്നു് പു​രോ​ഗ​മ​ന​പ​ക്ഷ​വും വാ​ദി​ച്ചു. പെൺ​കു​ട്ടി​കൾ ഏതു​വി​ധ​വും എഴു​ത്തു് പരി​ശീ​ലി​ച്ചു്, പത്രം​വാ​യി​ച്ചു്, സ്വ​ന്തം അഭി​പ്രാ​യം കു​റി​ച്ചു​വ​ച്ചു്, ഇടു​ങ്ങിയ ജീ​വി​ത​ത്തി​നു പു​റ​ത്തേ​ക്കു് ഇറ​ങ്ങി​വ​ര​ണ​മെ​ന്നു് പു​രോ​ഗ​മ​ന​പ​ക്ഷ​ക്കാ​രു​ടെ അനി​ഷേ​ദ്ധ്യ​നേ​താ​വായ വി. ടി. ഭട്ട​തി​രി​പ്പാ​ടു് തന്റെ പ്ര​ശ​സ്ത​മായ ഒരു കത്തിൽ ആഹ്വാ​നം​ചെ​യ്തു. പക്ഷേ, 1927-ൽ യോ​ഗ​ക്ഷേ​മ​സഭ നി​യ​മി​ച്ച സ്ത്രീ​വി​ദ്യ​ഭ്യാസ കമ്മി​ഷൻ തയ്യാ​റാ​ക്കിയ റി​പ്പോർ​ട്ടിൽ സ്ത്രീ​കൾ​ക്കു് ആധു​നി​ക​വി​ദ്യാ​ഭ്യാ​സം വേ​ണ​മെ​ന്നും എന്നാ​ല​തു് ഗൃ​ഹ​ജീ​വി​ത​ത്തി​നു് ഉത​കു​ന്ന​താ​യി​രി​ക്ക​ണ​മെ​ന്നു​ള്ള മദ്ധ്യ​മാർ​ഗ്ഗ​നിർ​ദ്ദേ​ശ​മാ​ണു് മു​ന്നോ​ട്ടു​വ​ച്ച​തു്. ഇതിനെ പു​രോ​ഗ​മ​ന​പ​ക്ഷ​ത്തി​ന്റെ പ്ര​സി​ദ്ധീ​ക​ര​ണ​മായ ഉണ്ണി​ന​മ്പൂ​തി​രി കാ​ര്യ​മാ​യി വി​മർ​ശി​ച്ചു.

ഈ തർ​ക്ക​ത്തി​നു് കൃ​ത്യ​മായ പരി​ഹാ​രം കണ്ടി​ല്ലെ​ന്ന​താ​ണു് വാ​സ്ത​വം. പു​രോ​ഗ​മ​ന​പ​ക്ഷ​ക്കാർ ആഗ്ര​ഹി​ച്ച വി​മർ​ശ​ന​പ​ര​മായ വി​ദ്യാ​ഭ്യാ​സം നി​ല​വിൽ​വ​ന്നി​ല്ല. തന്നെ​യു​മ​ല്ല 1930-കൾ വലിയ സാ​മ്പ​ത്തി​ക​കു​ഴ​പ്പ​ത്തി​ന്റെ കാ​ല​മാ​യി​രു​ന്നു. സർ​ക്കാർ​ജോ​ലി​യു​ടെ സ്ഥി​ര​ത​യി​ലാ​യി​രു​ന്നു എല്ലാ​വ​രു​ടേ​യും നോ​ട്ടം. എന്താ​യാ​ലും ‘സ്ത്രീ​വി​ദ്യാ​ഭ്യാ​സം’ പരാ​ജ​യ​പ്പെ​ട്ട​താ​യി സർ​ക്കാർ​ത​ന്നെ സമ്മ​തി​ച്ചു. 1933-ൽ തി​രു​വി​താം​കൂർ സർ​ക്കാർ നി​യ​മി​ച്ച വി​ദ്യാ​ഭ്യാ​സ​പ​രി​ഷ്ക​ര​ണ​ക​മ്മി​റ്റി​യു​ടെ റി​പ്പോർ​ട്ട് (1935) ഇതു് എടു​ത്തു​പ​റ​ഞ്ഞു. ഗൃ​ഹ​ശാ​സ്ത്രം, രോ​ഗീ​പ​രി​ച​ര​ണം, പ്ര​ഥ​മ​ശു​ശ്രൂഷ മു​ത​ലായ വി​ഷ​യ​ങ്ങ​ളിൽ വി​ദ്യാർ​ത്ഥി​നി​ക​ളോ അവ​രു​ടെ മാ​താ​പി​താ​ക്ക​ന്മാ​രോ താൽ​പ​ര്യം​കാ​ട്ടു​ന്നി​ല്ലെ​ന്നും പു​രു​ഷ​ന്മാർ​ക്കൊ​പ്പം മത്സ​രി​ക്കാ​നു​ത​കു​ന്ന ജോ​ലി​സാ​ദ്ധ്യ​ത​യു​ള്ള പഠ​ന​ത്തി​ലാ​ണു് അവ​രു​ടെ കണ്ണെ​ന്നും റി​പ്പോർ​ട്ടിൽ ലേഖകർ നി​രീ​ക്ഷി​ച്ചു. അതാ​യ​തു്, ജോലി നേ​ടി​യെ​ടു​ക്കു​ക​യെ​ന്ന ഏക​ല​ക്ഷ്യ​ത്തോ​ടു​കൂ​ടി പഠി​ക്കാൻ വരു​ന്ന​വ​രു​ടെ എണ്ണം വളരെ വർ​ദ്ധി​ക്കു​ക​യു​ണ്ടാ​യി. ചു​റ്റു​മു​ള്ള ലോ​ക​ത്തെ വി​മർ​ശ​ന​ദൃ​ഷ്ട്യാ വീ​ക്ഷി​ക്കാ​നു​ത​കു​ന്ന വി​ദ്യാ​ഭ്യാ​സ​രീ​തി​യോ​ടു് ആഭി​മു​ഖ്യം​കാ​ട്ടി​യ​വ​ര​ധി​ക​വും രാ​ഷ്ട്രീയ പ്ര​സ്ഥാ​ന​ങ്ങ​ളോ​ടോ സമു​ദാ​യ​സം​ഘ​ട​ന​ക​ളോ​ടോ ആഭി​മു​ഖ്യം പു​ലർ​ത്തി​യ​വ​രാ​യി​രു​ന്നു. ഇതി​നു​ള്ള സൗ​ക​ര്യ​വും സ്വാ​ത​ന്ത്ര്യ​വും കൂ​ടു​തൽ പു​രു​ഷ​ന്മാർ​ക്കാ​ണു​ണ്ടാ​യി​രു​ന്ന​തു്. ജോ​ലി​മാ​ത്രം തേ​ടു​ന്ന, ബാ​ക്കി കാ​ര്യ​ങ്ങ​ളിൽ മു​ഴു​വൻ നി​ഷ്ക്രി​യത പു​ലർ​ത്തു​ന്ന, കു​റേ​പ്പേ​രാ​ണു് വി​ദ്യാർ​ത്ഥി​നി​കൾ എന്ന കു​റ്റ​പ്പെ​ടു​ത്ത​ലിൽ തീരെ കാ​മ്പി​ല്ലാ​യി​രു​ന്നു എന്നു പറയാൻ വയ്യ!

ദുഃ​ഖ​ക​ര​മായ മറ്റൊ​രു കാ​ര്യം​കൂ​ടി ഇവിടെ പറ​യേ​ണ്ട​താ​ണു്. വി​ജ്ഞാ​ന​നിർ​മ്മാ​ണ​ത്തിൽ ഏർ​പ്പെ​ടു​ന്ന മല​യാ​ളി​സ്ത്രീ​കൾ വളരെ കു​റ​വാ​ണെ​ന്ന​താ​ണ​തു്. ഉള്ള​വർ അദൃ​ശ്യർ​കൂ​ടി​യാ​ണു്. ഈ തമ​സ്ക​ര​ണ​ത്തി​നു് നല്ലൊ​രു ഉദാ​ഹ​ര​ണം ചെ​റാ​യി രാ​മ​ദാ​സ് രചി​ച്ച അയ്യൻ​കാ​ളി​ക്കു് ആദ​ര​പൂർ​വ്വം എന്ന കൃ​തി​യിൽ കാണാം. അദ്ദേ​ഹം ശ്രീ​മ​തി ദാ​ക്ഷാ​യ​ണി വേ​ലാ​യു​ധ​നെ​ക്കു​റി​ച്ചെ​ഴു​തിയ കു​റി​പ്പി​ലാ​ണി​തു്. ശ്രീ​മ​തി ദാ​ക്ഷാ​യ​ണി​യു​ടെ മക്ക​ളെ​ക്കു​റി​ച്ചു പറ​യു​മ്പോൾ അവ​രു​ടെ വി​ദ്യാ​ഭ്യാ​സ​ത്തെ​ക്കു​റി​ച്ചു് എടു​ത്തു​പ​റ​യു​ന്നു​ണ്ടു്. അവ​രു​ടെ ഏകമകൾ മീരാ വേ​ലാ​യു​ധൻ കേ​ര​ള​ത്തി​ലെ എണ്ണ​പ്പെ​ട്ട ചരി​ത്ര​കാ​രി​ക​ളിൽ ഒരാ​ളാ​ണു്. ദേ​ശീ​യ​പ്ര​സ്ഥാ​ന​ത്തി​ലെ സ്ത്രീ​പ​ങ്കാ​ളി​ത്ത​ത്തെ​ക്കു​റി​ച്ചും സാ​മൂ​ഹ്യ​പ​രി​ഷ്ക്ക​ര​ണ​ത്തി​ന്റെ ഫല​ങ്ങ​ളെ​ക്കു​റി​ച്ചും വി​ല​പ്പെ​ട്ട ലേ​ഖ​ന​ങ്ങൾ അവർ എഴു​തി​യി​ട്ടു​ണ്ടു്. ചരി​ത്ര​കാ​ര​നായ ചെ​റാ​യി അതു ശ്ര​ദ്ധി​ക്കു​ന്നി​ല്ല. പക്ഷേ, മീ​ര​യു​ടെ ഭർ​ത്താ​വി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങൾ ചേർ​ക്കാൻ അദ്ദേ​ഹം മറ​ന്നി​ട്ടി​ല്ല!

(അയ്യൻ​കാ​ളി​ക്കു് ആദ​ര​പൂർ​വ്വം, എറ​ണാ​കു​ളം, 2009, പുറം 108)

എന്നി​ട്ടും ലൈം​ഗി​കം

സ്ത്രീ​പു​രു​ഷ​ന്മാർ കലാ​ല​യ​ങ്ങ​ളിൽ ഒന്നി​ച്ചു പഠി​ച്ചു​തു​ട​ങ്ങി​യെ​ങ്കി​ലും ഇവരെ പര​സ്പ​രം ഇട​പ​ഴ​കാൻ അധികം അനു​വ​ദി​ച്ചി​രു​ന്നി​ല്ല. അക്കാ​ല​ത്തു് കോ​ളേ​ജ് വി​ദ്യാർ​ത്ഥി​ക​ളാ​യി​രു​ന്ന പല​രു​ടെ​യും ആത്മ​ക​ഥ​ക​ളിൽ ഇതു് സ്പ​ഷ്ട​മാ​കു​ന്നു​ണ്ടു്. 1930-കളിൽ എറ​ണാ​കു​ളം മഹാ​രാ​ജാ​സ് കോ​ളേ​ജിൽ ആണി​നും പെ​ണ്ണി​നും വേ​റെ​വേ​റെ കോ​ണി​പ്പ​ടി​ക​ളു​ണ്ടാ​യി​രു​ന്നു; ലൈ​ബ്ര​റി​യിൽ പോകാൻ വ്യ​ത്യ​സ്ത സമ​യ​ങ്ങ​ളും. 1927-ൽ തി​രു​വ​ന​ന്ത​പു​രം മഹാ​രാ​ജാ (ഇന്ന​ത്തെ യൂ​ണി​വേ​ഴ്സി​റ്റി കലാ​ല​യം) കലാ​ല​യ​ത്തി​ലെ ഒരു വി​ദ്യാർ​ത്ഥി ഇങ്ങ​നെ​യെ​ഴു​തി:

വി​ദ്യാർ​ത്ഥി​നി​കൾ! അവർ നമ്മു​ടെ കോ​ളേ​ജി​ന്റെ അവി​ഭാ​ജ്യ​ഘ​ട​കം​ത​ന്നെ​യോ? ലജ്ജ സ്ത്രീ​സ്വ​ഭാ​വം​ത​ന്നെ, പക്ഷേ, ഒച്ചു​ക​ളെ​പ്പോ​ലെ ചെ​റു​തോ​ടു​കൾ​ക്കു​ള്ളിൽ അവർ ഒളി​ച്ചി​രി​ക്കു​ന്ന​തി​നു് അതു് ന്യാ​യീ​ക​ര​ണ​മാ​കു​മോ? ക്ലാ​സ്സു​ക​ളി​ലെ നി​ശ​ബ്ദ​രായ കേൾ​വി​ക്കാർ എന്ന​തി​ലു​പ​രി എന്തു​പ​ങ്കാ​ളി​ത്ത​മാ​ണു് അവർ​ക്കു് കോ​ളേ​ജി​ന്റെ വി​ശാ​ല​ജീ​വി​ത​ത്തി​ലും പ്ര​വർ​ത്ത​ന​ത്തി​ലു​മു​ള്ള​തു്?…

(‘From a College Window’, The Old College: The Maharajah’s College of Science 4 (1) 1927)

അച്ച​ട​ക്ക​ത്തി​ന്റെ പേ​രിൽ​ത്തു​ട​ങ്ങി സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും തമ്മി​ലു​ണ്ടാ​കു​ന്ന ആകർ​ഷ​ണ​ത്തെ ക്രി​മി​നൽ​കു​റ്റ​മാ​യി കണ​ക്കാ​ക്കു​ന്ന രീ​തി​യി​ല​വ​സാ​നി​ച്ച പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളാ​ണു് കലാ​ല​യ​ങ്ങൾ​ക്കു​ള്ളിൽ പ്രാ​വർ​ത്തി​ക​മാ​യ​തു്. സഹ​വി​ദ്യാ​ഭ്യാ​സ​ത്തെ, അതാ​യ​തു് ആൺ​കു​ട്ടി​ക​ളും പെൺ​കു​ട്ടി​ക​ളും ഒന്നി​ച്ചി​രു​ന്നു് പഠി​ക്കു​ന്ന രീ​തി​യെ, എത്ര​ത്തോ​ളം അറ​ച്ച​റ​ച്ചാ​ണു് കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സാ​ധി​കൃ​തർ സമീ​പി​ച്ച​തു്! നാ​ലാം​ക്ലാ​സ്സി​നു​ശേ​ഷം മാ​ന​സി​ക​പ​ക്വത എത്തി​ക്ക​ഴി​ഞ്ഞ​തി​നു​ശേ​ഷ​മേ ആണി​നെ​യും പെ​ണ്ണി​നെ​യും ഒപ്പ​മി​രു​ത്താ​വൂ എന്നാ​ണു് തി​രു​വി​താം​കൂർ സർ​വ്വ​ക​ലാ​ശാ​ലാ​രൂ​പീ​ക​ര​ണ​ത്തെ​പ്പ​റ്റി പഠി​ക്കാൻ നി​യ​മി​ത​മായ കമ്മി​റ്റി​ക്കു് 1920-കളിൽ ലഭി​ച്ച പ്ര​തി​ക​ര​ണം. ഈ മനോ​ഭാ​വം കൊ​ണ്ടു് പെൺ​കു​ട്ടി​കൾ​ക്കു് കാ​ര്യ​മായ നഷ്ട​മു​ണ്ടെ​ന്നു് ഒരു ലേഖിക അക്കാ​ല​ത്തു​ത​ന്നെ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. ‘സഹ​വി​ദ്യ​ഭ്യാ​സം’ എന്ന തന്റെ ലേ​ഖ​ന​ത്തിൽ എൻ. മാലതി ഇങ്ങ​നെ​യെ​ഴു​തി:

കലാ​ല​യ​ങ്ങ​ളി​ലെ​ത്തു​ന്ന പെൺ​കു​ട്ടി​കൾ വെറും കൂ​പ​മ​ണ്ഡൂ​ക​ങ്ങ​ളെ​പ്പോ​ലെ വർ​ത്തി​ച്ചി​രു​ന്നു. അവ​രാ​ക​ട്ടെ അപ്പോൾ​മാ​ത്ര​മേ ബാ​ഹ്യേ​ലാ​ക​ത്തിൽ ചരി​ക്കു​വാൻ തു​ട​ങ്ങു​ന്നു​ള്ളു. സഹ​പാ​ഠി​ക​ളായ വി​ദ്യാർ​ത്ഥി​ക​ളു​ടെ മു​മ്പിൽ​വ​ച്ചു് തങ്ങൾ​ക്കു് മന​സ്സി​ലാ​കാ​ത്ത ഭാ​ഗ​ങ്ങ​ളെ ചോ​ദി​ക്കു​വാൻ​പോ​ലും ഓരോ​രു​ത്ത​രു​ടെ സങ്കു​ചി​ത​മ​ന​സ്സു് അവരെ അനു​വ​ദി​ക്കു​ന്നി​ല്ല. സഹ​വി​ദ്യാ​ഭ്യാ​സം​കൊ​ണ്ടു് യഥാർ​ത്ഥ സ്ത്രീ​ത്വം നശി​പ്പി​ച്ചു് പു​രു​ഷ​ത്വം നേ​ടാ​നു​ള്ള ഒരു മാർ​ഗ്ഗ​മാ​ണെ​ന്നു് ഒരു​പ​ക്ഷേ ചിലർ ആക്ഷേ​പി​ക്കു​മാ​യി​രി​ക്കാം. പര​മാർ​ത്ഥം നോ​ക്കു​ക​യാ​ണെ​ങ്കിൽ സ്ത്രീ​ത്വം നശി​ക്കു​ന്നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല ഇന്ന​ത്തെ നി​ല​യ്ക്കാ​വ​ശ്യ​മായ ചില പു​രു​ഷ​ഗു​ണ​ങ്ങൾ സി​ദ്ധി​ക്കു​ക​യും ചെ​യ്യു​ന്നു.

(‘സഹ​വി​ദ്യാ​ഭ്യാ​സം’, മഹിള 16 (7)1936)

1955-ലും ഈ സ്ഥി​തി​യിൽ വലി​യ​മാ​റ്റ​മി​ല്ലാ​യി​രു​ന്നു​വെ​ന്നു് എസ്. കോ​മ​ള​വ​ല്ലി എഴു​തിയ ലേഖനം വാ​യി​ച്ചാൽ തോ​ന്നും:

സഹ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ ഗു​ണ​വ​ശ​ങ്ങൾ വള​രെ​യ​ധി​കം പ്ര​കീർ​ത്തി​ക്ക​പ്പെ​ടു​ന്ന ഒരു കാ​ല​മാ​ണി​തു്. പക്ഷേ ആ ആശ​യ​ത്തി​ന്റെ ഉദ്ദേ​ശ​ശു​ദ്ധി​യെ​പ്പോ​ലും അങ്ങേ​യ​റ്റം അപ​ഹ​സി​ക്കു​ന്ന ഒരു മാ​തൃ​ക​യാ​ണു് ഇന്നു് പല​പ്പോ​ഴും കാണാൻ കഴി​യുക. അനോ​ന്യം സം​സാ​രി​ക്കു​ന്ന​തോ പോ​ക​ട്ടെ അന്യോ​ന്യം ദർ​ശി​ക്കു​ന്ന​തു​പോ​ലും അപ​രാ​ധ​മാ​യി ഗണി​ക്ക​പ്പെ​ടു​ന്ന അന്ത​രീ​ക്ഷം.

(‘വി​ദ്യാ​ഭ്യാ​സം ഒരു വി​ദ്യാർ​ത്ഥി​നി​യു​ടെ കണ്ണു​ക​ളി​ലൂ​ടെ’, കൗ​മു​ദി ആഴ്ച​പ്പ​തി​പ്പു്, 1955)

എന്നാൽ ആൺ​കു​ട്ടി​കൾ മാ​ത്ര​മോ പെൺ​കു​ട്ടി​കൾ മാ​ത്ര​മോ പഠി​ക്കു​ന്ന കലാ​ല​യ​ങ്ങ​ളി​ലും ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചു​ള്ള ഭീ​തി​ക്കു് കു​റ​വൊ​ന്നു​മി​ല്ലാ​യി​രു​ന്നു. നാ​മി​ന്നു് അധികം പു​റ​ത്തു് സം​സാ​രി​ക്കാ​ത്ത ഒരു വി​ഷ​യ​മാ​ണു് സ്വവർഗ്ഗാനുരാഗം-​’ഈയ​ടു​ത്തെ​ങ്ങാ​നു​മു​ണ്ടായ വി​പ​ത്തു്’ എന്ന മട്ടി​ലാ​ണു് പലരും ഇതേ​പ്പ​റ്റി പറ​യാ​റു​ള്ള​തു്. എന്നാ​ലി​തു് ശരി​യ​ല്ല. മനു​ഷ്യ​രു​ണ്ടായ കാ​ലം​മു​തൽ​ക്കേ ഇത്ത​രം ആഗ്ര​ഹ​ങ്ങൾ ഉണ്ടാ​യി​രു​ന്നെ​ന്നും ഇതിൽ​നി​ന്നു് ആർ​ക്കു​മൊ​രു ദോ​ഷ​വും വരാ​നി​ല്ലെ​ന്നും പണ്ഡി​ത​ലോ​കം ഇന്നു് അം​ഗീ​ക​രി​ക്കു​ന്നു. മത​മേ​ധാ​വി​കൾ ഇപ്പോ​ഴും ഇതി​നെ​തി​രാ​ണെ​ങ്കി​ലും ആധു​നി​ക​സർ​ക്കാ​രു​ക​ളും മറ്റു​സ്ഥാ​പ​ന​ങ്ങ​ളും ഇതിനെ അം​ഗീ​ക​രി​ച്ചു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. സ്വ​വർ​ഗ്ഗാ​നു​രാ​ഗി​കൾ സം​ഘ​ടി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ടു്, ഇവി​ടെ​യും. എന്താ​യാ​ലും സ്വ​വർ​ഗ്ഗാ​നു​രാ​ഗി​ക​ളായ വി​ദ്യാർ​ത്ഥി​ക​ളെ പര​മാ​വ​ധി വേ​ട്ട​യാ​ടു​ന്ന സ്ഥ​ല​ങ്ങ​ളാ​യി പല​പ്പോ​ഴും കലാ​ല​യ​ങ്ങൾ പ്ര​വർ​ത്തി​ച്ചി​രു​ന്നു (ഇന്നും പ്ര​വർ​ത്തി​ക്കു​ന്നു.) 1906-ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ മഹാ​രാ​ജാ കലാ​ല​യ​ത്തിൽ​നി​ന്നു് ഒര​ദ്ധ്യാ​പ​ക​നെ​യും ചില വി​ദ്യാർ​ത്ഥി​ക​ളെ​യും ‘പ്ര​കൃ​തി​വി​രോ​ധം’ ചെ​യ്തു​വെ​ന്നാ​രോ​പി​ച്ചു് പു​റ​ത്താ​ക്കി. പത്ര​ങ്ങ​ളിൽ ഇതു വാർ​ത്ത​യാ​യി​രു​ന്നു. പെൺ​കു​ട്ടി​കൾ​ക്കാ​യി തി​രു​വ​ന​ന്ത​പു​രം വി​മൻ​സ് കോ​ളേ​ജി​നു് പി​ന്നി​ലാ​യി നിർ​മ്മി​ച്ച സർ​വ്വ​ക​ലാ​ശാ​ലാ ഹോ​സ്റ്റ​ലി​ന്റെ നി​യ​മാ​വ​ലി​യിൽ രണ്ടു പെൺ​കു​ട്ടി​കൾ കട്ടി​ലിൽ ഒന്നി​ച്ചി​രി​ക്ക​രു​തു് എന്നൊ​രു നി​യ​മ​മു​ണ്ടാ​യി​രു​ന്നു! എന്തി​ലും ലൈം​ഗി​കത മണ​ക്കു​ന്ന, ഏതൊ​രാ​ളു​ടേ​യും സ്വ​കാ​ര്യ​ജീ​വി​ത​ത്തി​ലേ​ക്കു് ഒളി​ഞ്ഞു​നോ​ക്കാൻ പ്രേ​രി​പ്പി​ക്കു​ന്ന വാസന മല​യാ​ളി​യു​ടെ മനഃ​സ്ഥി​തി​യി​ലു​ണ്ടാ​യ​തു് ഇതി​ലൂ​ടെ​യൊ​ക്കെ​യ​ല്ലേ എന്നു സംശയിച്ചുപോകുന്നു-​അച്ചടക്കത്തിന്റെ പേരിൽ ലൈം​ഗിക അടി​ച്ച​മർ​ത്തൽ നട​ത്തിയ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓമ​ന​സ​ന്ത​തി​യ​ല്ലേ അതു്?

ആത്മാ​ഭി​മാ​ന​വും താൻ​പോ​രി​മ​യും

ജോ​ലി​ക്കു​വേ​ണ്ടി​മാ​ത്ര​മു​ള്ള വി​ദ്യാ​ഭ്യാ​സ​ത്തി​നു് പല പോ​രാ​യ്മ​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അതു് അന്നു് വളർ​ന്നു​തു​ട​ങ്ങി​യി​രു​ന്ന സ്ത്രീ​ധ​ന​പ്പി​ശാ​ചി​ന്റെ പി​ടി​യിൽ​നി​ന്നു് വളരെ സ്ത്രീ​ക​ളെ രക്ഷ​പ്പെ​ടു​ത്തി. ജോ​ലി​യു​ണ്ടാ​യി​രു​ന്ന വളരെ സ്ത്രീ​കൾ വി​വാ​ഹം​ക​ഴി​ച്ചി​ല്ല. സ്ത്രീ​ധ​ന​ദു​രി​തം അനു​ഭ​വി​ക്കാ​തി​രി​ക്കാൻ, സ്വ​ന്തം​കാ​ലിൽ നിൽ​ക്കാൻ, സു​ര​ക്ഷി​ത​ത്വം നേടാൻ, അവൾ​ക്കു് കഴി​ഞ്ഞു. ഇവരിൽ പലരും മറു​നാ​ടു​ക​ളിൽ പഠി​ച്ച​ശേ​ഷം തി​രി​ച്ചെ​ത്തി ജോലി ചെ​യ്ത​വ​രാ​ണു്. പല​പ്പോ​ഴും പുതിയ ആശ​യ​ങ്ങ​ളും സ്ത്രീ​ക​ളു​ടെ അവ​കാ​ശ​ങ്ങൾ​ക്കാ​യി പൊ​രു​താ​നു​ള്ള ആത്മ​ധൈ​ര്യ​വും​കൊ​ണ്ടാ​യി​രു​ന്നു അവർ മട​ങ്ങി​യ​തു്. അതി​വി​ടെ ചല​ന​മു​ണ്ടാ​ക്കി. ഇന്നും പല സ്ത്രീ​ക​ളും പു​റ​ത്തു​പോ​യി പഠി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അവരിൽ അധി​ക​വും മട​ങ്ങി​വ​രാ​റി​ല്ല. കാരണം ഇവിടെ ഇപ്പോൾ ജോ​ലി​ക​ളി​ല്ല!

സ്ത്രീ​കൾ​ക്കു് ഉന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ ലഭി​ച്ച താൻ​പോ​രി​മ​യെ ഏറ്റ​വും തീ​വ്ര​രാ​ഷ്ട്രീ​യ​ക്കാ​രി​കൾ​പോ​ലും അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്നു. ഇന്ത്യൻ ദേ​ശീ​യ​പ്ര​സ്ഥാ​നം വൻ​സ​മ​ര​ങ്ങ​ളി​ലേർ​പ്പെ​ട്ട കാ​ല​ത്താ​ണു് പി​ന്നീ​ടു് ദേ​ശീ​യ​സ​മ​ര​നാ​യി​ക​യാ​യി മാറിയ ക്യാ​പ്റ്റൻ ലക്ഷ്മി കലാ​ല​യ​വി​ദ്യാർ​ത്ഥി​നി​യാ​യ​തു്. വളരെ വി​ദ്യാർ​ത്ഥി​കൾ പഠി​പ്പു​പേ​ക്ഷി​ച്ചു് സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ലേ​ക്കു കു​തി​ച്ചു​ചാ​ടിയ കാലം. സമ​ര​ത്തിൽ പങ്കെ​ടു​ത്തെ​ങ്കി​ലും അതി​നു​വേ​ണ്ടി പഠി​പ്പു​പേ​ക്ഷി​ക്കി​ല്ലെ​ന്നു് ഉറച്ച തീ​രു​മാ​ന​മെ​ടു​ത്തു​വെ​ന്നു് ആത്മ​ക​ഥ​യിൽ അവർ പറ​യു​ന്നു​ണ്ടു്. സ്വ​ത​ന്ത്ര​നില അതിനെ അപേ​ക്ഷി​ച്ചാ​ണു് നിൽ​ക്കു​ന്ന​തെ​ന്ന ബോ​ദ്ധ്യം അവർ​ക്കു​ണ്ടാ​യി​രു​ന്നു.

എന്നാ​ലി​ന്നു് ജോ​ലി​കൾ വി​ര​ള​മാ​ണു്. ജോ​ലി​ഭാ​രം പല​പ്പോ​ഴും അധി​ക​മാ​ണു്. എങ്കി​ലും മല​യാ​ളി​സ്ത്രീ​യു​ടെ സ്വ​പ്ന​മാ​ണ​തു്—പരി​മി​ത​മായ സ്വാ​ത​ന്ത്ര്യ​മെ​ങ്കി​ലും കി​ട്ടാ​നു​ള്ള വഴി. പക്ഷേ ആത്മാ​ഭി​മാ​നം നൽ​കു​ന്ന പഠി​പ്പും സ്വ​ന്തം​കാ​ലിൽ നിൽ​ക്കാ​നു​ള്ള കഴി​വും തമ്മിൽ അഭേ​ദ്യ​മായ ബന്ധ​മു​ണ്ടെ​ന്നു് മറ്റാ​രും മന​സി​ലാ​ക്കി​യി​ല്ലെ​ന്നു​വ​ന്നാ​ലും സ്ത്രീ​ക​ളെ​ങ്കി​ലും മന​സി​ലാ​ക്ക​ണം! ആധു​നി​ക​വി​ദ്യാ​ഭ്യാ​സം നമ്മു​ടെ വ്യ​ക്തി​ബോ​ധ​ത്തെ ശക്തി​പ്പെ​ടു​ത്തു​മെ​ന്നു് തീർ​ച്ച​യാ​ണു്. പത്താം​ക്ലാ​സ് വരെ പി​ടി​ച്ചു​നിൽ​ക്കു​ന്ന​ത​ധി​ക​വും പെൺ​കു​ട്ടി​ക​ളാ​യ​തു​കൊ​ണ്ടു് അവരിൽ വ്യ​ക്തി​ബോ​ധ​ത്തി​ന്റെ വളർ​ച്ച കൂ​ടാ​നാ​ണിട. എന്നാൽ ഈ വി​കാ​സം നട​ക്കു​ന്ന അതേ​വേ​ള​യിൽ പെൺ​കു​ട്ടി​ക​ളോ​ടു് നൂറ് പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളും അതി​രു​ക​ളും ആദ​രി​ക്കേ​ണ്ട ആവ​ശ്യ​ത്തെ​ക്കു​റി​ച്ചു് നാം പറ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു! ഒരു​വ​ശ​ത്തു​കൂ​ടി ആൺ​കു​ട്ടി​കൾ​ക്കൊ​പ്പം പഠി​ത്ത​ത്തിൽ ശു​ഷ്കാ​ന്തി​കാ​ണി​ക്കാ​നും ജോ​ലി​തേ​ടാ​നും പ്രോ​ത്സാ​ഹ​നം ലഭി​ക്കു​ന്ന പെൺ​കു​ട്ടി​യോ​ടു് (ഇന്നു് പഠി​ത്ത​ത്തിൽ പി​ന്നി​ലാ​യാൽ ആൺ​കു​ട്ടി​ക്കും പെൺ​കു​ട്ടി​ക്കും ഒരേ ശകാ​രം​ത​ന്നെ​യാ​ണു് വീ​ട്ടി​ലും സ്കൂ​ളി​ലും കി​ട്ടു​ന്ന​തു്) നീ പെ​ണ്ണാ​ണെ​ന്ന ഓർമ്മ വേ​ണ​മെ​ന്നു് നാം പറ​ഞ്ഞു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. ഇതു് പെൺ​കു​ട്ടി​യിൽ സൃ​ഷ്ടി​ക്കു​ന്ന മാ​ന​സി​ക​സം​ഘർ​ഷ​ത്തെ​ക്കു​റി​ച്ചു് നാം ഓർ​ക്കാ​റു​ണ്ടോ? പഠി​ത്ത​ത്തിൽ എത്ര മി​ടു​ക്കു​കാ​ട്ടി​യാ​ലും വി​വാ​ഹ​മാ​ണു് അവളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ജീ​വി​ത​വി​ജ​യ​ത്തി​ലേ​ക്കു​ള്ള മാർ​ഗ്ഗ​മെ​ന്ന സന്ദേ​ശം അവളിൽ മടു​പ്പു​ള​വാ​ക്കി​യാൽ അത്ഭു​ത​മെ​ന്തി​രി​ക്കു​ന്നു? ഇത്ര കടു​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളോ​ടു മല്ല​ടി​ച്ചു മടു​ക്കു​മ്പോൾ ജീ​വി​തം അവ​സാ​നി​പ്പി​ച്ചു​ക​ള​യാ​മെ​ന്നു് വി​ചാ​രി​ച്ചാൽ അവളെ കു​റ്റ​പ്പെ​ടു​ത്താ​നാ​കു​മോ? വി​മർ​ശ​ന​ബോ​ധം വളർ​ത്തി​യെ​ടു​ത്തു് ആത്മാ​ഭി​മാ​ന​വും ധൈ​ര്യ​വും വി​ദ്യാർ​ത്ഥി​നി​ക്കു് പകർ​ന്നു​കൊ​ടു​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ​രീ​തി മാ​ത്ര​മേ സ്ത്രീ​ക​ളെ ഈ കു​രു​ക്കിൽ നി​ന്നു് രക്ഷി​ക്കൂ. ആത്മാ​ഭി​മാ​ന​വും ജീ​വി​ത​വി​ജ​യ​വും തമ്മിൽ ബന്ധ​മു​ണ്ടെ​ന്നു പറ​ഞ്ഞ​തു് ഇതു​കൊ​ണ്ടാ​ണു്.

കൂ​ടു​തൽ ആലോ​ച​ന​യ്ക്ക്

വി​ദ്യ​യെ​ന്നാൽ സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്കു​ള്ള പാസ്പോർട്ടു്-​ഈ ആശയം നാം വളരെ കേ​ട്ടി​ട്ടു​ണ്ടു്. അതേ, ഏതു രാ​ജ്യ​ത്തി​ന്റെ​യും സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ചു പഠി​ക്കു​മ്പോൾ അവി​ട​ത്തെ സാ​ക്ഷ​ര​താ​നി​ര​ക്കു്, പ്ര​ത്യേ​കി​ച്ചു് സ്ത്രീ​സാ​ക്ഷ​രത, പരി​ശോ​ധി​ക്കു​ന്ന​തു് സാ​ധാ​ര​ണ​മാ​ണു്. പക്ഷേ, വി​ദ്യാ​ഭ്യാ​സ​മു​ണ്ടാ​യാൽ പൂർ​ണ്ണ​സ്വാ​ത​ന്ത്ര്യം പി​ന്നാ​ലെ വന്നു​കൊ​ള്ളു​മെ​ന്ന തോ​ന്നൽ അസ്ഥാ​ന​ത്താ​ണെ​ന്നു് സൂ​ചി​പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണെ​ന്നു് ഈ അദ്ധ്യാ​യ​ത്തിൽ പരാ​മർ​ശി​ച്ച​തു്. പു​രു​ഷ​ന്മാ​രു​ടെ അനു​ഭ​വ​ത്തെ എല്ലാ​വർ​ക്കും ബാ​ധ​ക​മാ​ക്കി​യ​തി​ന്റെ ഒരു​ദാ​ഹ​ര​ണ​മ​ല്ലേ, ഇതു്? പു​രു​ഷ​ന്മാ​രു​ടെ കാ​ര്യ​ത്തിൽ ഇതു് ശരിയായിരിക്കാം-​പഠിച്ചവൻ സ്വ​ത​ന്ത്ര​നാ​കാ​റു​ണ്ടു്, പല​പ്പോ​ഴും. പഠി​പ്പു്, തൊഴിൽ, കൂലി എന്നിവ നേ​ടി​ക്ക​ഴി​ഞ്ഞാൽ അടു​ത്ത​പ​ടി സ്വാ​ത​ന്ത്യ്ര​ത്തി​ലേ​ക്കു​ള്ള കു​തി​ച്ചു​ചാ​ട്ട​മാ​ണെ​ന്ന സാ​മാ​ന്യ​ബോ​ധം പു​രു​ഷ​ന്മാ​രു​ടെ​മാ​ത്രം ചരി​ത്രാ​നു​ഭ​വ​ങ്ങ​ളെ അടി​സ്ഥാ​ന​പ്പെ​ടു​ത്തി​യ​ല്ലേ നി​ല​നിൽ​ക്കു​ന്ന​തു്?

Colophon

Title: Kulastrīyum Cantappeṇṇum Uṇṭāyatengane? (ml: കു​ല​സ്ത്രീ​യും ചന്ത​പ്പെ​ണ്ണും ഉണ്ടാ​യ​തെ​ങ്ങ​നെ?).

Author(s): J Devika.

First publication details: Center For Development Studies; Trivandrum, India; 2010.

Deafult language: ml, Malayalam.

Keywords: J Devika, Kulasthreeyum Chanthappennum Undaayathengane, ജെ ദേവിക, കു​ല​സ്ത്രീ​യും ചന്ത​പ്പെ​ണ്ണും ഉണ്ടാ​യ​തെ​ങ്ങ​നെ?, Gender studies, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 5, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the author and Sayahna Foundation and must be shared under the same terms.

Cover: The Girl in a Picture Frame, an oil on canvas by Rembrandt (1606–1669). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: ml.wikisource.org; Proofing: KB Sujith; Typesetter: Sayahna Foundation; Artwork by: B Priyaranjan Lal; Graphic files optimized by: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.