SFNസായാഹ്ന ഫൌണ്ടേഷൻ
images/devika-kcu-cover.jpg
The Girl in a Picture Frame, an oil on canvas by Rembrandt (1606–1669).
സ്ത്രീ​ശ​രീ​ര​ത്തി​നു ചു​റ്റും നടന്ന യു​ദ്ധ​ങ്ങൾ!
kimages/Kulasthree_Chapter_seven_pic01.png

‘മാന്യ’മായി വസ്ത്രം ധരി​ക്കാ​ത്ത സ്ത്രീ​യെ ‘ചീത്ത’ എന്നു മു​ദ്ര​കു​ത്താൻ വളരെ എളു​പ്പ​മാ​ണു്. എന്നാൽ വസ്ത്ര​മാ​ന്യ​ത​യെ​ക്കു​റി​ച്ചു് നാം വച്ചു​പു​ലർ​ത്തു​ന്ന ധാ​ര​ണ​കൾ എത്ര​ത്തോ​ളം പൊ​ള്ള​യാ​ണെ​ന്ന​റി​യാൻ കഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ലു​ണ്ടായ സാ​മൂ​ഹ്യ​മാ​റ്റ​ങ്ങ​ളു​ടെ ചരി​ത്രം പരി​ശോ​ധി ച്ചാൽ​മാ​ത്രം മതി. വസ്ത്ര​ധാ​ര​ണ​ത്തി​ലെ ഇര​ട്ട​സ​ദാ​ചാ​ര​വും ഇന്ന​ത്തെ സ്ത്രീ​ക്കു് തങ്ങ​ളു​ടെ ശരീ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അധ​മ​ബോ​ധ​വും എത്ര​ത്തോ​ളം അടി​ച്ചേൽ​പ്പി​ക്ക​പ്പെ​ട്ട​വ​യാ​ണെ​ന്നു തി​രി​ച്ച​റി​യാൻ ഇനി​യും വൈ​കി​ക്കൂ​ടാ.

ശരീ​ര​ത്തെ കൊ​ണ്ടു​ന​ട​ക്കേ​ണ്ട ഭാരം

സ്ത്രീ​കൾ സ്വ​ന്തം ശരീ​ര​ത്തെ എങ്ങ​നെ, എത്ര മൂടണം; എങ്ങ​നെ, എവിടെ കൊ​ണ്ടു​ന​ട​ക്ക​ണം എന്നി​വ​യെ​സ്സം​ബ​ന്ധി​ക്കു​ന്ന പല നി​യ​മ​ങ്ങ​ളും എഴു​ത​പ്പെ​ടാ​തെ​ത​ന്നെ നി​ല​നിൽ​ക്കു​ന്ന നാ​ടാ​ണു് കേരളം. ഈ അലി​ഖി​ത​നി​യ​മ​ങ്ങ​ളെ കൂ​ട്ടാ​ക്കാ​ത്ത സ്ത്രീ​കൾ​ക്കു് ‘ശരീ​ര​പ്ര​ദർ​ശ​നം നട​ത്തു​ന്നു’, ‘കു​ഴ​പ്പം വി​ളി​ച്ചു​വ​രു​ത്തു​ന്നു’ എന്നു​തു​ട​ങ്ങി പല ആരോ​പ​ണ​ങ്ങ​ളും കേൾ​ക്കേ​ണ്ടി​വ​രും. വസ്ത്ര​ധാ​ര​ണ​ത്തി​ന്റെ കാ​ര്യ​ത്തിൽ ഇവി​ടു​ത്തെ സ്ത്രീ​കൾ വള​രെ​യ​ധി​കം ശ്ര​ദ്ധി​ക്കു​ന്ന​തു് ഇക്കാ​ര​ണ​ത്താ​ലാ​കാം. ‘സാ​രി​ക്കി​ട​യി​ലൂ​ടെ വയർ കാ​ണു​ന്ന​ല്ലോ’, ‘ദു​പ്പ​ട്ട സ്ഥാ​ന​ത്തു​ത​ന്നെ​യ​ല്ലേ’-​ഇങ്ങനെ പല പരി​ശോ​ധ​ന​ക​ളും സ്വയം നട​ത്തി​യ​ശേ​ഷ​മാ​ണു് മല​യാ​ളി​സ്ത്രീ ഇന്നു് വീ​ട്ടിൽ​നി​ന്നു് ഇറ​ങ്ങു​ന്ന​തു്. കോ​ളേ​ജ്, ജോ​ലി​സ്ഥ​ലം ഇവി​ടെ​യെ​ല്ലാം ഈ പരി​ശോ​ധ​ന​കൾ ആവർ​ത്തി​ക്ക​പ്പെ​ടു​ന്ന​തും പതി​വാ​ണു്. ആണു​ങ്ങൾ​ക്കു് ഇത്ത​രം അസൗ​ക​ര്യ​ങ്ങൾ കു​റ​വാ​ണു്. തല​മു​ടി​യു​ടെ സ്റ്റൈൽ, ഷർ​ട്ട് എവി​ടം​വ​രെ തു​റ​ന്നി​ടാം എന്ന കാ​ര്യ​ങ്ങ​ളിൽ ആൺ​കു​ട്ടി​കൾ​ക്കു് ചി​ല​പ്പോ​ഴൊ​ക്കെ നി​യ​ന്ത്ര​ണ​മു​ണ്ടാ​വാം. പക്ഷേ, പൊ​തു​വെ പറ​ഞ്ഞാൽ സ്വ​ന്തം ശരീ​ര​ത്തെ എങ്ങ​നെ കൊ​ണ്ടു​ന​ട​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തിൽ ആണു​ങ്ങൾ​ക്കു് കു​റേ​ക്കൂ​ടി സ്വാ​ത​ന്ത്ര്യ​മു​ണ്ടു്. പെ​ണ്ണി​ന്റെ ഉടു​പ്പി​നു് കഴു​ത്തി​റ​ക്കം കൂ​ടി​പ്പോ​യെ​ന്നു പറ​യു​ന്ന​വൻ പല​പ്പോ​ഴും ഇറു​കി​പ്പി​ടി​ച്ച ജീൻസോ കണ്ണാ​ടി​പോ​ലെ സു​താ​ര്യ​മായ മു​ണ്ടോ ഉടു​ത്തി​ട്ടാ​യി​രി​ക്കും കമ​ന്റ് പാ​സ്സാ​ക്കുക! പെ​ണ്ണി​നു​മേൽ അടി​ച്ചേൽ​പ്പി​ക്കു​ന്ന ‘വസ്ത്ര​സ​ദാ​ചാ​രം’ ആണു​ങ്ങൾ​ക്കു ബാ​ധ​ക​മ​ല്ലെ​ന്ന പരി​പൂർ​ണ്ണ​വി​ശ്വാ​സ​ത്തി​ലാ​ണു് ഇദ്ദേ​ഹം കമ​ന്റ​ടി​ക്കു​ന്ന​തു്.

‘സാരി’യും ഇന്ത്യൻ സം​സ്ക്കാ​ര​വും.

‘ഇന്ത്യൻ സം​സ്ക്കാര’ത്തി​ന്റെ ഉത്പ​ന്ന​വും ചി​ഹ്ന​വു​മാ​യി എല്ലാ​വ​രും ആദ​രി​ക്കു​ന്ന ‘സാരി’ എന്ന വസ്ത്രം നാം ഇന്നു ധരി​ക്കു​ന്ന രീതി സം​വി​ധാ​നം​ചെ​യ്ത​തു് ഒരു വി​ദേ​ശ​വ​നി​ത​യാ​യി​രു​ന്നു​വെ​ന്ന കാ​ര്യം എത്ര​പേർ​ക്ക​റി​യാം? ബംഗാൾ നവോ​ത്ഥാ​ന​ത്തി​ന്റെ നാ​യ​ക​ന്മാ​രിൽ ഒരാ​ളാ​യി​രു​ന്ന കേ​ശ​ബ്ച​ന്ദ്ര സെ​ന്നും സെ​നാ​നാ​മി​ഷ​നിൽ പ്ര​വർ​ത്തി​ച്ചി​രു​ന്ന ഒരു മി​ഷ​ണ​റി​വ​നി​ത​യും ചേർ​ന്നാ​ണു് ‘സാരി’ക്കു് ഈ പു​തി​യ​രൂ​പം നല്കി​യ​തു്. ബം​ഗാ​ളിൽ സ്ത്രീ​കൾ കനം​കു​റ​ഞ്ഞ പരു​ത്തി​സാ​രി​കൾ​മാ​ത്ര​മേ ഉടുത്തിരുന്നുള്ളു-​അവർ ബ്ലൗ​സ്, പാവാട തു​ട​ങ്ങി​യ​വ​യൊ​ന്നും ഉപ​യോ​ഗി​ച്ചി​രു​ന്നി​ല്ല. ബം​ഗാ​ളി​ലെ ചൂ​ടി​നും വി​യർ​പ്പി​നും പറ്റിയ വസ്ത്ര​ധാ​ര​ണ​രീ​തി​യാ​യി​രു​ന്നു അതു്. അവി​ടു​ത്തെ സ്ത്രീ​കൾ​ക്കു് അന്നു് ശരീ​ര​ത്തെ​ക്കു​റി​ച്ചു് പാ​പ​ബോ​ധ​മോ ലജ്ജ​യോ ഉണ്ടാ​യി​രു​ന്നി​ല്ല. എന്നാൽ മി​ഷ​ണ​റി​മാർ​ക്കും സാ​മൂ​ഹ്യ​പ​രി​ഷ്കർ​ത്താ​ക്കൾ​ക്കും വസ്ത്ര​രീ​തി​യിൽ സൗ​ക​ര്യം, സുഖം എന്ന​തി​ലു​പ​രി ‘മാ​ന്യത’യാ​യി​രു​ന്നു പ്ര​ധാ​നം. അവർ ‘സാരി’യെ മാ​ന്യ​മാ​ക്കാൻ തീ​രു​മാ​നി​ച്ചു. പത്തൊ​മ്പ​താം​നൂ​റ്റാ​ണ്ടി​ലെ ബ്രി​ട്ടി​ഷ് സ്ത്രീ​കൾ ധരി​ച്ചി​രു​ന്ന നീണ്ട ഗൗൺ (നമ്മു​ടെ ഇന്ന​ത്തെ നൈ​റ്റി​മാ​തി​രി, കു​റേ​ക്കൂ​ടി ഇറു​കിയ, ഒരു വേഷം)പോലെ അതിനെ ആക്കി​ത്തീർ​ക്കാ​നാ​യി​രു​ന്നു അവ​രു​ടെ ശ്രമം. ഇറു​കിയ, കയ്യി​റ​ക്ക​വും മെ​യ്യി​റ​ക്ക​വു​മു​ള്ള ബ്ലൗ​സ്, അടി​പ്പാ​വാട (പെ​റ്റി​ക്കോ​ട്ടു് എന്നാ​ണു് അന്ന​ത്തെ മദാ​മ്മ​മാർ അതിനെ വി​ളി​ച്ചി​രു​ന്ന​തു്; നമ്മ​ളിൽ ചിലർ ഇന്നും ആ വാ​ക്കു് ഉപ​യോ​ഗി​ക്കു​ന്നു.) ഇവ​കൂ​ടി ചേർ​ത്ത​പ്പോൾ ‘സാരി’ ഗൗൺ​മാ​തി​രി​യാ​യി. ‘ഇന്ത്യൻ​വേ​ഷം’ എന്ന പേരിൽ ഇതു് നാ​ട്ടിൽ മു​ഴു​വൻ പ്ര​ച​രി​പ്പി​ച്ചു. ഇന്നാ​ക​ട്ടെ മദാ​മ്മ​മാർ അവ​രു​ടെ വസ്ത്ര​ശാ​ഠ്യ​ങ്ങ​ളെ​ല്ലാം കള​ഞ്ഞു് സൗ​ക​ര്യം, സുഖം, ഭംഗി എന്നി​വ​യ്ക്കു് പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്നു. നമ്മ​ളോ, അവർ കെ​ട്ടി​യേൽ​പ്പി​ച്ച വസ്ത്ര​സ​ദാ​ചാ​ര​ത്തെ ‘ഇന്ത്യൻ സം​സ്ക്കാര’മായി തെ​റ്റി​ദ്ധ​രി​ച്ചു് അതി​നെ​യും കെ​ട്ടി​യെ​ഴു​ന്ന​ള്ളി​ച്ചു കഴി​യു​ന്നു!

സാരി എന്ന വസ്ത്രം ‘ഭാ​ര​തീയ ദേ​ശീ​യ​വേഷ’മായി മാ​റി​യ​തു് പല​വ​ഴി​ക്കാ​ണു്. രാജാ രവി​വർ​മ്മ ഹി​ന്ദു​ദേ​വ​ത​മാ​രെ ചി​ത്രീ​ക​രി​ക്കാൻ തു​നി​ഞ്ഞ​പ്പോൾ അവർ​ക്കു പറ്റിയ വസ്ത്രം സാ​രി​യാ​ണെ​ന്നു തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രേ. ഇന്ത്യ​യി​ലെ പല പ്ര​ദേ​ശ​ങ്ങ​ളി​ലും സ്ത്രീ​കൾ ഇതു ധരി​ക്കു​ന്നു​വെ​ന്ന കണ്ടെ​ത്ത​ലാ​യി​രു​ന്നു ഇതിനു പ്ര​ചോ​ദ​നം. എന്നാൽ രവി​വർ​മ്മ​യു​ടെ കണ്ണി​ലെ ‘ഹി​ന്ദു​സ്ത്രീ’യുടെ മാതൃക സവർ​ണ്ണ​ഹി​ന്ദു​വ​നി​ത​യാ​യി​രു​ന്നു​വെ​ന്ന വാ​സ്ത​വം കാ​ണേ​ണ്ട​തു​ണ്ടു്. മഹാ​രാ​ഷ്ട്രി​യൻ ശൈ​ലി​യിൽ (മഹാ​രാ​ഷ്ട്ര​യി​ലെ സവർ​ണ്ണ​സ്ത്രീ​ക​ളു​ടെ ശൈ​ലി​യിൽ) വസ്ത്ര​ധാ​ര​ണം​ചെ​യ്ത ദേ​വ​ത​ക​ളെ​യും പു​രാ​ണ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​യു​മാ​ണു് രവി​വർ​മ്മ​ച്ചി​ത്ര​ങ്ങ​ളിൽ നാം കാ​ണു​ന്ന​തു്.

പടി​ഞ്ഞാ​റൻ വസ്ത്രങ്ങൾ-​ജീൻസ്, പാ​ന്റ്സ്, ചെറിയ പാവാട-​ധരിച്ചാൽ സ്ത്രീ​കൾ ‘ഇന്ത്യൻ സം​സ്ക്കാര’ത്തി​നു പു​റ​ത്താ​കു​മെ​ന്നു് അടു​ത്ത​കാ​ല​ത്തു് ചില തീ​വ്ര​വാ​ദി​കൾ പറ​ഞ്ഞു​തു​ട​ങ്ങി​യി​ട്ടു​ണ്ടു്. പു​രു​ഷ​ന്മാർ കോ​ട്ടും സൂ​ട്ടും ജീൻ​സും ധരി​ച്ചു നട​ക്കു​ന്ന​തിൽ തെ​റ്റി​ല്ല; അവർ​ക്കു് മു​ണ്ടി​ന​ടി​യിൽ അടി​പ്പാ​വാട വേണ്ട; നേർ​ത്ത ഷർ​ട്ടി​ന​ടി​യിൽ ബനിയൻ ഇടാ​തെ​യും നട​ക്കാം; ചെറിയ കു​ട്ടി​നി​ക്ക​റു​മി​ട്ടു്, കയ്യി​ല്ലാ​ത്ത ബനി​യ​നും കയ​റ്റി റോ​ഡി​ലൂ​ടെ കറങ്ങാം-​ഇതൊന്നും ‘ഇന്ത്യൻ​സം​സ്ക്കാര’ത്തി​നു കു​ഴ​പ്പം​വ​രു​ത്തി​ല്ല. എന്നാൽ സ്ത്രീ​കൾ അതി​ന്റെ പകു​തി​വ​ഴി​യെ​ത്തി​യാൽ ‘എല്ലാം​ന​ശി​ച്ചു’ എന്നു പ്ര​ഖ്യാ​പി​ക്കാൻ ആളു​ണ്ടു്! വാ​സ്ത​വ​ത്തിൽ ഈ ഇര​ട്ട​ത്താ​പ്പു് ഏറിയോ കു​റ​ഞ്ഞോ ഇന്ത്യ​യി​ലെ​ല്ലാ​യി​ട​ത്തു​മു​ണ്ടു്. മത​തീ​വ്ര​വാ​ദം വളർ​ന്ന​തോ​ടെ ഇത്ത​രം ഭ്രാ​ന്തു് അല്പം കു​റ​വാ​യി​രു​ന്ന നഗ​ര​പ്ര​ദേ​ശ​ങ്ങ​ളിൽ​പ്പോ​ലും ഈ ഇര​ട്ട​സ​ദാ​ചാ​രം നട​പ്പി​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങൾ കൂ​ടു​ത​ലാ​യി കാ​ണു​ന്നു​ണ്ടു്.

വസ്ത്ര​ധാ​ര​ണ​ത്തി​ന്റെ ചരി​ത്ര​മെ​ടു​ത്താൽ കേ​ര​ള​ത്തി​നു് ചില സവി​ശേ​ഷ​ത​ക​ളു​ണ്ടു്. മേൽ​വ​സ്ത്രം ധരി​ക്കാ​ത്ത സ്ത്രീ​കൾ അശ്ലീ​ല​പ്ര​ദർ​ശ​നം നട​ത്തു​ക​യാ​ണെ​ന്ന ധാരണ രണ്ടു​മൂ​ന്നു​ത​ല​മു​റ​മു​മ്പു​വ​രെ ഇവിടെ വി​ര​ള​മാ​യി​രു​ന്നു​വെ​ന്ന​താ​ണു് അവയിൽ ആദ്യ​ത്തേ​തു്. ഏക​ദേ​ശം നാല്പത്-​അമ്പതു് വർഷം മു​മ്പു​വ​രെ​യും നാ​ട്ടിൽ​പു​റ​ങ്ങ​ളിൽ മാ​റു​മ​റ​യ്ക്കാ​ത്ത മു​തിർ​ന്ന സ്ത്രീ​ക​ളെ സാ​ധാ​ര​ണ​യാ​യി കാ​ണാ​മാ​യി​രു​ന്നു. മു​ണ്ടും​ബ്ലൗ​സും പേ​രി​നൊ​രു തോർ​ത്തും ധരി​ച്ചു് കട​യി​ലും​മ​റ്റും പോ​കു​ന്ന സ്ത്രീ​കൾ, മു​ട്ടൊ​പ്പം വസ്ത്രം​ധ​രി​ച്ചു് പാ​ട​ത്തും പറ​മ്പി​ലും പണി​യെ​ടു​ക്കു​ന്ന​വർ, ബ്ലൗ​സും ഒന്ന​ര​യും ധരി​ച്ചു് ഈറ​നോ​ടെ അമ്പ​ല​ങ്ങ​ളിൽ തൊ​ഴു​ന്ന സ്ത്രീ​കൾ, കു​ഞ്ഞു​ങ്ങൾ​ക്കു മുലകൊടുക്കുന്നവർ-​ഇവരാരും ഇവിടെ കാ​ഴ്ച​വ​സ്തു​ക്ക​ളാ​യി​രു​ന്നി​ല്ല. ഇന്ന​ത്തെ​യ​പേ​ക്ഷി​ച്ചു് ദാ​രി​ദ്ര്യം അധി​ക​മാ​യി​രു​ന്ന കാ​ല​മാ​യി​രു​ന്ന​തു​കൊ​ണ്ടു് ഇന്നു നാം പാ​ലി​ക്കു​ന്ന മോ​ടി​യൊ​ന്നും അന്ന​ത്തെ വസ്ത്ര​ത്തി​നി​ല്ലാ​യി​രു​ന്നു​വെ​ന്ന​തു വാ​സ്ത​വം​ത​ന്നെ. വസ്ത്രം​കൊ​ണ്ടു് മു​ഴു​വ​നും മൂ​ടി​വെ​ച്ചി​ട്ടി​ല്ലാ​ത്ത സ്ത്രീ​ശ​രീ​രം എല്ലാ​യ്പോ​ഴും ‘കു​ഴ​പ്പം’ വി​ളി​ച്ചു​വ​രു​ത്തു​മെ​ന്ന ഇന്ന​ത്തെ ഭയം അന്നു് തീർ​ച്ച​യാ​യും കു​റ​വാ​യി​രു​ന്നു. മറ്റൊ​രു​ത​ര​ത്തിൽ പറ​ഞ്ഞാൽ, സ്ത്രീ​ശ​രീ​രം ‘പാ​പ​ത്തെ വി​ളി​ച്ചു​വ​രു​ത്തു’മെന്ന പേടി അടു​ത്തി​ടെ​യാ​ണു് ഇത്ര​യും വ്യാ​പ​ക​മാ​യ​തു്. വാ​സ്ത​വ​ത്തിൽ പത്തൊ​മ്പ​താം നൂ​റ്റാ​ണ്ടു​മു​തൽ ഇരു​പ​താം​നൂ​റ്റാ​ണ്ടി​ന്റെ ഒടു​ക്കം​വ​രെ​യും തു​ടർ​ന്നു​വ​ന്ന ഒരു നീണ്ട ‘യുദ്ധ’ത്തി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​ണു് ഈ ധാ​ര​ണ​യ്ക്കു് ഇത്ര​യും ബല​മു​ണ്ടാ​യ​തു്. ഇക്കാ​ല​ത്തു് ശക്ത​മാ​യി​ത്തീർ​ന്ന സമു​ദാ​യ​പ​രി​ഷ്ക​ര​ണ​പ്ര​സ്ഥാ​ന​ങ്ങ​ളും സമൂ​ഹ​ത്തെ ആധു​നി​ക​മാ​ക്കി​ത്തീർ​ക്കാൻ പ്ര​യ​ത്നി​ച്ച സർ​ക്കാ​രു​ക​ളും നാ​ട്ടു​കാ​രെ ‘സം​സ്ക്കാ​രം’ പഠി​പ്പി​ക്കാൻ വാ​ശി​യോ​ടെ പ്ര​വർ​ത്തി​ച്ച മി​ഷ​ണ​റി​മാ​രും ചേർ​ന്നാ​ണു് ഈ ‘യുദ്ധ’ത്തി​നു തയ്യാ​റാ​യ​തു്. പര​മ്പ​രാ​ഗ​ത​മായ അധികാരസ്ഥാപനങ്ങളിൽനിന്നു്-​അതായതു് പഴയ കു​ടും​ബ​വ്യ​വ​സ്ഥ​കൾ, ജാ​തി​നി​യ​മ​ങ്ങൾ മുതലായവയിൽനിന്നു്-​സ്ത്രീശരീരത്തെ ‘പി​ടി​ച്ചെ​ടു​ത്തു്’ തങ്ങ​ളു​ടെ താ​ത്പ​ര്യ​ങ്ങൾ​ക്ക​നു​സൃ​ത​മാ​യി അതിനെ രൂ​പ​പ്പെ​ടു​ത്താ​നു​ള്ള ‘യുദ്ധ’മാ​യി​രു​ന്നു അതു്. സ്ത്രീ​കൾ പല​പ്പോ​ഴും ഇതിൽ സജീ​വ​പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു. എന്നാൽ സ്ത്രീ​ശ​രീ​ര​ത്തെ സ്ത്രീ​കൾ​ക്കു വി​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്ന ആവ​ശ്യം അവരിൽ അപൂർ​വ്വം​പേർ മാ​ത്ര​മേ ഉന്ന​യി​ച്ചു​ള്ളു. എന്നാൽ സ്ത്രീ​യു​ടെ നഗ്ന​ത​മ​റ​യ്ക്കു​ന്ന​താ​ണു് സം​സ്ക്കാ​ര​മെ​ന്നു വാ​ദി​ക്കു​മ്പോ​ഴും പു​രു​ഷ​നു് ഇഷ്ട​പ്പെ​ടു​ന്ന രീ​തി​യിൽ​ത്ത​ന്നെ അതു ചെ​യ്തു​കൊ​ള്ള​ണ​മെ​ന്ന ആശയം ഇരു​പ​താം നൂ​റ്റാ​ണ്ടിൽ പലരും ഉന്ന​യി​ച്ചു​കേ​ട്ട​പ്പോൾ ആദ്യ​കാ​ല​സ്ത്രീ​വാ​ദി​കൾ അസ്വ​സ്ഥ​രാ​യി. ഇന്നും ഈ ‘യു​ദ്ധം’ തു​ട​രു​ന്നു​ണ്ടെ​ന്ന​താ​ണു് സത്യം. അതേ ഭയ​ങ്ങ​ളും അസ്വാ​സ്ഥ്യ​ങ്ങ​ളും ഇന്നു​മു​ണ്ടു്. സ്ത്രീ​ശ​രീ​രം സ്ത്രീ​യു​ടേ​താ​ണെ​ന്നു് കൂ​ടു​തൽ ഉച്ച​ത്തിൽ വി​ളി​ച്ചു​പ​റ​യു​ന്ന സ്ത്രീ​ശ​ബ്ദ​ങ്ങൾ ഇന്നു​ണ്ടു് എന്ന​താ​ണു് വ്യ​ത്യാ​സം.

kimages/Kulasthree_Chapter_seven_pic02.png
മാ​റു​മ​റ​യ്ക്ക​ലും നാ​ണ​വും മാ​ന​വും

പത്തൊ​മ്പ​താം​നൂ​റ്റാ​ണ്ടി​ലെ കേ​ര​ള​ത്തിൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന വസ്ത്ര​ധാ​ര​ണ​രീ​തി​കൾ ഇവി​ട​ത്തെ ജാ​തി​വ്യ​വ​സ്ഥ​യു​മാ​യി ചേർ​ന്നു​നി​ന്നി​രു​ന്ന​വ​യാ​ണു്. പൊ​തു​വെ പറ​ഞ്ഞാൽ, കീ​ഴ്ജാ​തി​ക്കാർ​ക്കു് മോ​ശ​പ്പെ​ട്ട വസ്ത്രം ധരി​ക്കാ​നേ അവ​കാ​ശ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ; മു​ട്ടി​നു​താ​ഴെ കഷ്ടി​ച്ചെ​ത്തു​ന്ന അര​വ​സ്ത്രം മാ​ത്ര​മെ കീ​ഴ്ജാ​തി​ക്കാ​രിൽ ആണും​പെ​ണ്ണും ധരി​ച്ചി​രു​ന്നു​ള്ളു. ഓരോ ജാ​തി​വി​ഭാ​ഗ​ക്കാർ​ക്കും പ്ര​ത്യേ​ക​ത​രം വസ്ത്ര​ധാ​ര​ണം നിർ​ബ​ന്ധ​മാ​യി​രു​ന്ന​തു​കൊ​ണ്ടു് ഏതൊ​രാ​ളു​ടെ​യും ജാതി പെ​ട്ടെ​ന്നു​ത​ന്നെ വെ​ളി​വാ​യി​രു​ന്നു. ഈ ചി​ട്ട​ക​ളെ ലം​ഘി​ക്കാൻ ശ്ര​മി​ക്കു​ന്ന​തു് വലിയ കു​റ്റ​മാ​യി കണ​ക്കാ​ക്ക​പ്പെ​ട്ടു​മി​രു​ന്നു.

ജാ​തി​വ്യ​വ​സ്ഥ​യ്ക്കെ​തി​രെ പത്തൊ​മ്പ​താം നൂ​റ്റാ​ണ്ടിൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട കലാ​പ​ങ്ങ​ളിൽ വസ്ത്ര​ധാ​ര​ണം വലിയ വി​വാ​ദ​വി​ഷ​യ​മാ​യ​തു് ചു​മ്മാ​ത​ല്ല. ഇക്കാ​ല​ത്തു് തെ​ക്കൻ​തി​രു​വി​താം​കൂർ പ്ര​ദേ​ശ​ങ്ങ​ളിൽ മത​പ്ര​ച​ര​ണം നട​ത്താ​നെ​ത്തിയ മിഷണറിമാർ-​എൽ. എം. എസ്. സഭ​യു​ടെ പ്രവർത്തകർ-​മതംമാറിയ കീ​ഴ്ജാ​തി​ക്കാ​രു​ടെ വസ്ത്ര​ധാ​ര​ണ​രീ​തി​യിൽ മാ​റ്റം​വ​രു​ത്താൻ ശ്ര​മി​ച്ചു. ക്രി​സ്തീ​യ​വീ​ക്ഷ​ണ​പ്ര​കാ​രം സ്ത്രീ​ക​ളു​ടെ നഗ്നത അനു​വ​ദി​ച്ചു​കൂ​ടാ​ത്ത​താ​യ​തു​കൊ​ണ്ടു് മതം​മാ​റിയ സ്ത്രീ​കൾ മാ​റു​മ​റ​യ്ക്ക​ണ​മെ​ന്നു് അവർ നിർ​ബ​ന്ധി​ച്ചു. എന്നാൽ ഇത്ത​രം പാ​പ​ബോ​ധം പരി​ച​യി​ക്കാ​ത്ത സ്ത്രീ​ക​ളെ​ക്കൊ​ണ്ടു് ഇതു് അനു​സ​രി​പ്പി​ക്കാൻ എളു​പ്പ​മാ​യി​രു​ന്നി​ല്ല. മാ​ത്ര​മ​ല്ല, തെ​ക്കൻ​തി​രു​വി​താം​കൂ​റിൽ മതം​മാ​റി​യ​വ​രിൽ പ്ര​ധാ​നി​കൾ ചാ​ന്നാർ ജാ​തി​യിൽ​പ്പെ​ട്ട​വ​രാ​യി​രു​ന്നു. അവ​രെ​സ്സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മതം​മാ​റ്റം മാ​ത്ര​മ​ല്ല ജാ​തി​ക്ക​യ​റ്റ​വും പ്ര​ധാ​ന​മാ​യി​രു​ന്നു. നാ​യർ​സ്ത്രീ​കൾ ധരി​ച്ചി​രു​ന്ന മേൽ​മു​ണ്ടു് അന്നു് കീ​ഴ്ജാ​തി​യിൽ​പ്പെ​ട്ട സ്ത്രീ​കൾ​ക്കു് അനു​വ​ദി​ച്ചി​രു​ന്നി​ല്ല. ഈ നി​യ​മ​ത്തെ ലം​ഘി​ക്കാൻ ചാ​ന്നാർ​സ്ത്രീ​കൾ തയ്യാ​റാ​യി. ബ്ലൗ​സ് ധരി​ച്ചു് നഗ്നത മറ​യ്ക്കു​ന്ന​തി​നു പുറമെ മേൽ​മു​ണ്ടു​കൂ​ടി ധരി​ക്കാൻ അവർ മു​തിർ​ന്നു. ക്രി​സ്ത്യൻ ചാ​ന്നാ​ട്ടി​ക​ളു​ടെ വസ്ത്ര​ധാ​ര​ണ​രീ​തി​യെ മതം​മാ​റാ​ത്ത ചാ​ന്നാ​ട്ടി​ക​ളും അനു​ക​രി​ച്ചു​തു​ട​ങ്ങി. വാ​സ്ത​വ​ത്തിൽ ചാ​ന്നാ​ട്ടി​ക​ളു​ടെ വസ്ത്ര​ധാ​ര​ണ​രീ​തി​യിൽ മാ​റ്റ​മു​ണ്ടാ​കാൻ ഇതു​മാ​ത്ര​മാ​യി​രു​ന്നി​ല്ല കാരണം. തി​രു​നെൽ​വേ​ലി പ്ര​ദേ​ശ​ത്തു് ജോ​ലി​ചെ​യ്തി​രു​ന്ന പല ചാ​ന്നാ​ന്മാ​രും സിലോൺ, മലയ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു് ഇക്കാ​ല​ത്തു് കു​ടി​യേ​റി​ത്തു​ട​ങ്ങി​യി​രു​ന്നു. ഇതി​നെ​ത്തു​ടർ​ന്നു് ഇവ​രു​ടെ സ്ഥാ​ന​ത്തു് തി​രു​നെൽ​വേ​ലി​യി​ലെ​ത്തിയ ചാ​ന്നാ​ന്മാർ അവി​ടു​ത്തെ തമിഴ് സ്ത്രീ​ക​ളെ അനു​ക​രി​ച്ചു് സ്വ​ന്തം വസ്ത്ര​ധാ​ര​ണ​ത്തിൽ മാ​റ്റം​വ​രു​ത്തി. അങ്ങ​നെ, ചു​രു​ക്കി​പ്പ​റ​ഞ്ഞാൽ, പല ചാ​ന്നാ​ട്ടി​ക​ളും ബ്ലൗ​സ് ധരി​ക്കാൻ തു​ട​ങ്ങി; പലരും മേൽ​മു​ണ്ടി​ടാ​നും. ഇവർ ബ്ലൗ​സ് ധരി​ക്കു​ന്ന​തി​നോ​ടു് ഉന്ന​ത​ജാ​തി​ക്കാർ​ക്കു് എതിർ​പ്പി​ല്ലാ​യി​രു​ന്നെ​ങ്കി​ലും മേൽ​മു​ണ്ടു് ധരി​ക്കാ​നു​ള്ള അവ​കാ​ശം അന്ന​ത്തെ ജാ​തി​നി​യ​മ​പ്ര​കാ​രം ഉന്ന​ത​ജാ​തി​ക്കാർ​ക്കു​മാ​ത്ര​മേ ഉണ്ടാ​യി​രു​ന്നു​ള്ളു. ചാ​ന്നാ​ട്ടി​ക​ളു​ടെ മേൽ​മു​ണ്ടു​ധാ​ര​ണം തെ​ക്കൻ​തി​രു​വി​താം​കൂ​റിൽ പത്തൊ​മ്പ​താം​നൂ​റ്റാ​ണ്ടി​ന്റെ ആദ്യ​പ​കു​തി​യിൽ വലിയ ലഹ​ള​യ്ക്കും വഴ​ക്കി​നും ഇട​വ​രു​ത്തി. അതി​നെ​യാ​ണു് ‘മാ​റു​മ​റ​യ്ക്കൽ സമരം’ (Breast-​cloth struggle) എന്നു വി​ളി​ക്കു​ന്ന​തു്.

ഈ സമ​ര​ത്തിൽ മി​ഷ​ണ​റി​മാ​രും ബ്രി​ട്ടീ​ഷ​ധി​കാ​രി​ക​ളും ചാ​ന്നാ​ന്മാ​രു​ടെ പക്ഷ​ത്താ​യി​രു​ന്നു. 1812-​ൽത്തന്നെ തി​രു​വി​താം​കൂർ ഭരണം ഏറ്റെ​ടു​ത്ത ബ്രി​ട്ടീ​ഷ് പ്ര​തി​നി​ധി കേണൽ മൺറോ കീ​ഴ്ജാ​തി​ക്കാ​രി​കൾ​ക്കു് കു​പ്പാ​യം​ധ​രി​ക്കാൻ അനു​വാ​ദ​മു​ണ്ടെ​ന്നു് കൽ​പ്പന പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. എന്നാൽ ‘മേൽ​മു​ണ്ട്പ്ര​ശ്നം’ രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ടർ​ന്നു് 1822-മുതൽ തെ​ക്കൻ​കേ​ര​ള​ത്തിൽ പല​യി​ട​ത്തും വസ്ത്രം​ധ​രി​ച്ച ചാ​ന്നാർ​സ്ത്രീ​കൾ​ക്കെ​തി​രെ നാ​യ​ന്മാർ അക്ര​മം അഴി​ച്ചു​വി​ട്ടു. ഇട​യ്ക്കും മു​റ​യ്ക്കും ലഹള പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​പ്പോൾ ക്രി​സ്ത്യൻ​ചാ​ന്നാ​ട്ടി​കൾ​ക്കു് ബ്ലൗ​സി​ടാ​മെ​ന്നും എന്നാൽ അവർ നാ​യ​ന്മാ​രെ​പ്പോ​ലെ മേൽ​മു​ണ്ടു് ധരി​ച്ചു​കൂ​ടെ​ന്നും സർ​ക്കാർ പ്ര​ഖ്യാ​പി​ച്ചു. മതം​മാ​റാ​ത്ത ചാ​ന്നാ​ട്ടി​കൾ​ക്കു് ഇതു രണ്ടും പാ​ടി​ല്ലാ​യി​രു​ന്നു. 1858-ൽ വീ​ണ്ടും രൂ​ക്ഷ​മായ സം​ഘർ​ഷ​മു​ണ്ടാ​യി. 1859-ൽ ക്രി​സ്ത്യൻ​ചാ​ന്നാ​ട്ടി​കൾ​ക്കു കു​പ്പാ​യ​മി​ടാ​മെ​ന്നും അതേ​വ​സ്ത്രം മറ്റു ചാ​ന്നാ​ട്ടി​കൾ​ക്കു​മാ​കാ​മെ​ന്നും സമ്മ​തി​ച്ചു​കൊ​ണ്ടു​ള്ള സർ​ക്കാർ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി. മി​ഷ​ണ​റി​മാർ മദ്രാ​സി​ലെ ബ്രി​ട്ടീ​ഷ് അധി​കാ​രി​ക​ളെ സമീ​പി​ച്ചു് തി​രു​വി​താം​കൂർ സർ​ക്കാ​രി​നു​മേൽ കൂ​ടു​തൽ സമ്മർ​ദ്ദം​ചെ​ലു​ത്ത​ണ​മെ​ന്നു് അഭ്യർ​ത്ഥി​ച്ചു. അപ്ര​കാ​രം ബ്രി​ട്ടീ​ഷ് അധി​കാ​രി​കൾ പ്ര​വർ​ത്തി​ക്കു​ക​യും ചെ​യ്തു. ഒടു​വിൽ 1865-ൽ വസ്ത്ര​ധാ​ര​ണ​ക്കാ​ര്യ​ത്തിൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന നി​രോ​ധ​ന​ങ്ങ​ളെ മു​ഴു​വൻ നീ​ക്കം​ചെ​യ്ത പ്ര​ഖ്യാ​പ​നം സർ​ക്കാ​രിൽ നി​ന്നു​ണ്ടാ​യി. വള​രെ​പ്പ​തു​ക്കെ എല്ലാ ജാ​തി​ക്കാ​രും കു​പ്പാ​യ​വും മേൽ​മു​ണ്ടും ധരി​ച്ചു​തു​ട​ങ്ങി.

ജാ​തി​യെ​ക്കു​റി​ക്കു​ന്ന വസ്ത്ര​ധാ​ര​ണ​രീ​തി​ക​ളെ പര​സ്യ​മാ​യി ഉപേ​ക്ഷി​ച്ചു​കൊ​ണ്ടു് പു​തി​യ​രീ​തി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തു് ഇക്കാ​ല​ത്തെ​യും പിൽ​ക്കാ​ല​ത്തെ​യും ജാ​തി​വി​രു​ദ്ധ​സ​മ​ര​ങ്ങ​ളു​ടെ ഒരു സവി​ശേ​ഷ​പ്ര​യോ​ഗ​മാ​യി മാറി. 1916-ൽ കൊ​ല്ല​ത്തു നടന്ന യോ​ഗ​ത്തിൽ​വ​ച്ചു് തി​രു​വി​താം​കൂ​റി​ലെ കീ​ഴാ​ള​നേ​താ​വാ​യി​രു​ന്ന അയ്യ​ങ്കാ​ളി​യു​ടെ നേ​തൃ​ത്വ​ത്തിൽ പു​ല​യ​സ്ത്രീ​കൾ തങ്ങൾ പര​മ്പ​രാ​ഗ​ത​മാ​യി ധരി​ച്ചു​വ​ന്നി​രു​ന്ന ‘കല്ല​യും മാ​ല​യും’ വലി​ച്ചെ​റി​ഞ്ഞു. പൊ​യ്ക​യിൽ അപ്പ​ച്ച​ന്റെ അനു​കൂ​ലി​ക​ളായ കീ​ഴാ​ള​ജ​ന​ങ്ങൾ വൃ​ത്തി​യു​ള്ള വെ​ള്ള​വ​സ്ത്രം ധരി​ക്കാൻ തു​ട​ങ്ങി.

‘മാ​റു​മ​റ​യ്ക്കൽ കലാപം’ കീ​ഴ്ജാ​തി​ക്കാ​രി​ക​ളെ ലൈം​ഗിക അടി​മ​ക​ളാ​യി നി​ല​നിർ​ത്തു​ന്ന​തി​നെ​തി​രെ​യു​ള്ള പൊ​ട്ടി​ത്തെ​റി​യാ​യി​രു​ന്നു​വെ​ന്നു് പലരും പറ​ഞ്ഞി​ട്ടു​ണ്ടു്. 1822-മുതൽ 1860-​കൾവരെയുണ്ടായ ലഹ​ള​ക​ളിൽ കു​പ്പാ​യം​ധ​രി​ച്ച ചാ​ന്നാർ​സ്ത്രീ​കൾ ആക്ര​മ​ണ​വി​ധേ​യ​ക​ളാ​യി​യെ​ന്ന​തു് വാസ്തവംതന്നെ-​അവരുടെ മേൽ​വ​സ്ത്ര​ത്തെ ബല​പ്ര​യോ​ഗ​ത്തി​ലൂ​ടെ അഴി​ച്ചു​നീ​ക്കാ​നാ​ണു് ഉന്ന​ത​ജാ​തി​ക്കാ​രായ അക്ര​മി​കൾ ശ്ര​മി​ച്ച​തു്. പക്ഷേ, കേ​ര​ള​ത്തി​ലെ സ്ത്രീ​കൾ പണ്ടു​കാ​ല​ത്തു് മാ​റു​മ​റ​യ്ക്കാ​തി​രു​ന്ന​തു് അവർ മേൽ​ജാ​തി​ക്കാ​രു​ടെ ലൈം​ഗിക അടി​മ​ക​ളാ​യി​രു​ന്ന​തു​കൊ​ണ്ടാ​ണെ​ന്ന വാദം ശരി​യാ​ണോ? പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട കാ​ര്യ​മാ​ണി​തു്. കീ​ഴ്ജാ​തി​സ്ത്രീ​ക​ളെ ഉന്ന​ത​ജാ​തി​ക്കാ​രായ പു​രു​ഷ​ന്മാർ ലൈം​ഗി​ക​ചൂ​ഷ​ണ​ത്തി​നു വി​ധേ​യ​രാ​ക്കി​യി​രു​ന്നു​വെ​ന്ന​തു് നേ​രു​ത​ന്നെ. എന്നാൽ മാ​റു​മ​റ​യ്ക്കാ​ത്ത വസ്ത്ര​ധാ​ര​ണം ഈ ചൂ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നോ? അല്ലെ​ന്നു സൂ​ചി​പ്പി​ക്കു​ന്ന തെ​ളി​വു​കൾ കു​റ​വ​ല്ല. കേ​ര​ള​ത്തിൽ മു​സ്ലിം, സു​റി​യാ​നി ക്രി​സ്തീ​യ​വി​ഭാ​ഗ​ങ്ങ​ളിൽ​പ്പെ​ട്ട സ്ത്രീ​കൾ പണ്ടു​മു​തൽ​ക്കേ കു​പ്പാ​യം ധരി​ച്ചി​രു​ന്നു​വെ​ന്ന​തു് വസ്തു​ത​യാ​ണു്. എന്നാൽ ശരീ​ര​ത്തെ​ക്കു​റി​ച്ചു​ള്ള ‘പാ​പ​ബോ​ധം’ ഉള്ള​തു​കൊ​ണ്ടോ അല്ലെ​ങ്കിൽ ലൈം​ഗിക അടി​മ​ത്തം ഇല്ലാ​ത്ത​തു​കൊ​ണ്ടോ മാ​ത്ര​മ​ല്ല അവർ മാ​റു​മ​റ​ച്ചി​രു​ന്ന​തു്. യഥാർ​ത്ഥ​ത്തിൽ മാ​റു​മ​റ​യ്ക്കൽ​കാ​ര്യ​ത്തിൽ അത്ര​വ​ലിയ കടും​പി​ടി​ത്ത​മൊ​ന്നും ക്രി​സ്തീ​യ​സ്ത്രീ​കൾ​ക്കു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നു് സൂ​ചി​പ്പി​ക്കു​ന്ന തെ​ളി​വു​ക​ളു​മു​ണ്ടു്. 19-ആം നൂ​റ്റാ​ണ്ടി​ന്റെ ആദ്യ​ദ​ശ​ക​ങ്ങ​ളിൽ തി​രു​വി​താം​കൂർ ബ്രി​ട്ടീ​ഷി​നു കീ​ഴ്പെ​ട്ട​യു​ടൻ ഇവി​ട​ത്തെ പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും ജന​ങ്ങ​ളെ​ക്കു​റി​ച്ചും കൂ​ടു​തൽ വി​വ​ര​ങ്ങൾ ശേ​ഖ​രി​ക്കാ​നാ​യി ബ്രി​ട്ടീ​ഷ് അധി​കാ​രി​കൾ വാർഡ്, കോണർ എന്നീ രണ്ടു ബ്രി​ട്ടീ​ഷു​കാ​രെ​ക്കൊ​ണ്ടു് ഇവിടെ ഒരു സർ​വ്വേ നട​ത്തി​യി​രു​ന്നു. ഇവി​ട​ത്തെ സു​റി​യാ​നി​സ്ത്രീ​കൾ കു​പ്പാ​യം​ധ​രി​ക്കു​മെ​ങ്കി​ലും ഇട​യ്ക്കും മു​റ​യ്ക്കു​മൊ​ക്കെ അതു മാ​റ്റി​വ​യ്ക്കാ​നും മറ്റു​സ്ത്രീ​ക​ളെ​പ്പോ​ലെ നട​ക്കാ​നും അവർ​ക്കു മടി​യി​ല്ലെ​ന്നും ഇവർ തങ്ങ​ളു​ടെ റി​പ്പോർ​ട്ടിൽ നി​രീ​ക്ഷി​ച്ചി​രു​ന്നു!

kimages/Kulasthree_Chapter_seven_pic03.png

തന്നെ​യു​മ​ല്ല, മേൽ​ജാ​തി​യിൽ​പ്പെ​ട്ട ഏതൊരു വ്യ​ക്തി​യു​ടെ​യും മു​ന്നിൽ കീഴ്ജാതിയിൽപ്പെട്ടവർ-​പുരുഷനായാലും സ്ത്രീയായാലും-​മേൽവസ്ത്രം മാ​റ്റി​പ്പി​ടി​ച്ചു് വന്ദി​ച്ചു​നിൽ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നിയമം-​അതായതു് സ്ത്രീ​കൾ​ക്കു​മാ​ത്രം ബാ​ധ​ക​മായ നി​യ​മ​മ​ല്ലാ​യി​രു​ന്നു ഇതു്. 1717-മുതൽ 1723-വരെ കൊ​ച്ചി​യിൽ താ​മ​സി​ച്ചി​രു​ന്ന ജേ​ക്ക​ബ്സ് കാ​ന്റർ വി​സ്ചർ (Jacobus Canter Visscher) അന്ന​ത്തെ കൊ​ച്ചീ​രാ​ജ​സ​ദ​സ്സി​നെ​ക്കു​റി​ച്ചു് ഇങ്ങ​നെ എഴുതി:

…കൊ​ച്ചീ​രാ​ജാ​വി​ന്റെ സാ​മ​ന്തർ (മങ്ങാ​ടു്, പു​റ​ക്കാ​ടു് മു​ത​ലാ​യവ) അദ്ദേ​ഹ​ത്തോ​ടു് ബഹു​മാ​നം പ്ര​ക​ടി​പ്പി​ക്ക​ണം; അദ്ദേ​ഹ​ത്തി​ന്റെ സാ​ന്നി​ദ്ധ്യ​ത്തിൽ അവർ മേൽ​വ​സ്ത്ര​മ​ഴി​ക്ക​ണം; മേൽ​വ​സ്ത്രം ധരി​ക്കാൻ അദ്ദേ​ഹം അനു​വ​ദി​ക്കും​വ​രെ അവർ നഗ്ന​ങ്ങ​ളായ ചു​മ​ലു​ക​ളോ​ടെ അങ്ങ​നെ നിൽ​ക്ക​ണം… സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രെ​പ്പോ​ലെ​ത​ന്നെ​യാ​ണു് നമസ്ക്കരിക്കുന്നതു്-​മേൽമുണ്ടു് താ​ഴേ​യ്ക്കി​ട്ടു്, കൈകൾ മു​ന്നിൽ​കെ​ട്ടി​വ​ച്ചു​കൊ​ണ്ടു്.

(കെ. പി. പത്മ​നാ​ഭ​മേ​നോൻ, History of Kerala വാള ്യം 2, New Delhi, (1929),1984, പുറം 30)

ഇതേ പു​സ്ത​ക​ത്തിൽ മറ്റൊ​രി​ട​ത്തു് പത്മ​നാ​ഭ​മേ​നോൻ കു​റേ​ക്കൂ​ടി സമീപമായകാലത്തു്-​20-ആം നൂ​റ്റാ​ണ്ടി​ന്റെ ആദ്യവർഷങ്ങളിൽ-​കൊച്ചിയിൽ നടന്ന ഒരു സം​ഭ​വ​വും വി​വ​രി​ക്കു​ന്നു​ണ്ടു്. തൃ​പ്പൂ​ണി​ത്തുറ പൂർ​ണ്ണ​ത്ര​യീ​ശ​ക്ഷേ​ത്ര​ത്തിൽ കൊ​ച്ചീ​ക്കോ​വി​ല​ക​ത്തെ ഒരു തമ്പു​രാ​ട്ടി ദർ​ശ​ന​ത്തി​നാ​യി എത്തി​യ​വേ​ള​യിൽ ബ്ലൗ​സ് ധരി​ച്ച ഒരു നാ​യർ​യു​വ​തി അവ​രു​ടെ മു​ന്നി​ലൂ​ടെ കട​ന്നു​പോ​യ​തി​നെ​ച്ചൊ​ല്ലി​യു​ണ്ടായ കോ​ലാ​ഹ​ല​ത്തെ അദ്ദേ​ഹം വർ​ണ്ണി​ക്കു​ന്നു​ണ്ടു്. മേൽ​വ​സ്ത്രം അഴി​ച്ചു് തമ്പു​രാ​ട്ടി​യോ​ടു​ള്ള ബഹു​മാ​നം പ്ര​ദർ​ശി​പ്പി​ക്ക​ണ​മെ​ന്നു് രാ​ജ​ഭ​ട​ന്മാർ യു​വ​തി​യോ​ടു് ആവ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അവർ അതിനു വഴ​ങ്ങി​യി​ല്ല. ഭട​ന്മാർ ബല​പ്ര​യോ​ഗ​ത്തി​ലൂ​ടെ യു​വ​തി​യു​ടെ വസ്ത്രമഴിച്ചു-​ഇതിനെക്കുറിച്ചു് യു​വ​തി​യു​ടെ കു​ടും​ബ​ക്കാ​ര​ണ​വർ മഹാ​രാ​ജാ​വി​നു പരാതി നൽ​കി​യെ​ങ്കി​ലും മറു​പ​ടി​യൊ​ന്നും ലഭി​ച്ചി​ല്ല​ത്രെ! ഇതു​കൂ​ടാ​തെ ആറ്റി​ങ്ങൽ​റാ​ണി​യു​ടെ മു​ന്നിൽ കു​പ്പാ​യം ധരി​ച്ചെ​ത്തിയ നാ​ട്ടു​കാ​രി​യായ സ്ത്രീ​യു​ടെ മുലകൾ മു​റി​ച്ചു​ക​ള​യാൻ ഉത്ത​ര​വു​ണ്ടാ​യി​യെ​ന്നു് അക്കാ​ല​ത്തെ ഒരു നി​രീ​ക്ഷ​കൻ രേ​ഖ​പ്പെ​ടു​ത്തി​യ​തും മേനോൻ ഉദ്ധ​രി​ക്കു​ന്നു​ണ്ടു്. പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളും ഒരു​പോ​ലെ മേൽ​വ​സ്ത്രം ധരി​ക്കാ​ത്ത​വ​രാ​യി​രു​ന്നെ​ന്നും ഇക്കാ​ര്യ​ത്തിൽ മഹാ​രാ​ജാ​വും ഏറ്റ​വും എളിയ സേ​വ​ക​നും ഒരു​പോ​ലെ​യാ​യി​രു​ന്നെ​ന്നും വെ​ളി​വാ​ക്കു​ന്ന നി​ര​വ​ധി രേഖകൾ മേനോൻ ഹാ​ജ​രാ​ക്കു​ന്നു​ണ്ടു്. സ്ത്രീ​യു​ടെ​യും പു​രു​ഷ​ന്റെ​യും നഗ്ന​മായ മാ​റി​ടം വെറും സാ​ധാ​രണ കാ​ഴ്ച​യാ​യി​രു​ന്നു​വെ​ന്നു് സാരം-​ഇന്നു് നാം കൈ​കാ​ലു​ക​ളെ കാ​ണു​ന്ന​തു​പോ​ലെ. അക്കാ​ല​ത്തു് കേ​ര​ള​ത്തി​ലെ​ത്തിയ യൂ​റോ​പ്യൻ നി​രീ​ക്ഷ​ക​രി​ലൊ​രാ​ളാ​യി​രു​ന്ന ജോൺ ഹെൻറി ഗ്രോ​സ് (John Henry Grose) ഇപ്ര​കാ​ര​മെ​ഴു​തി:

ഈ രാ​ജ്യ​ത്തെ സ്ത്രീ​കൾ​ക്കു് മാ​റി​ട​ത്തി​ന്റെ ഒരു​ഭാ​ഗ​വും മറ​യ്ക്കാൻ അനു​വാ​ദ​മി​ല്ല; അതു നഗ്ന​മാ​യി വയ്ക്കു​ന്ന​തിൽ എന്തെ​ങ്കി​ലും കു​റ​ച്ചി​ലു​ണ്ടെ​ന്നു് അവർ കരു​തു​ന്നു​മി​ല്ല; ആ തോ​ന്നൽ​ത​ന്നെ ഈ കാഴ്ച പഴ​കു​ന്തോ​റും ഇല്ലാ​താ​വു​ക​യും ചെ​യ്യും. മിക്ക യൂ​റോ​പ്യ​ന്മാർ​ക്കും ആദ്യ​ത്തെ കാ​ഴ്ച​യിൽ പ്ര​ലോ​ഭ​നം തോ​ന്നും. (പക്ഷേ) വളരെ പെ​ട്ടെ​ന്നു​ത​ന്നെ ആ തോ​ന്നൽ അവ​സാ​നി​ക്കും; ഇവി​ട​ത്തു​കാ​രെ​പ്പോ​ലെ അവരും ഇതി​നെ​പ്പ​റ്റി അധി​ക​മൊ​ന്നും വി​കാ​രം​കൊ​ള്ളാ​തെ​യാ​കും. അല്ലെ​ങ്കിൽ ഈ ശരീ​ര​ഭാ​ഗ​ങ്ങ​ളെ മുഖം, കൈ​കാ​ലു​കൾ മു​ത​ലാ​യ​വ​യെ​പ്പോ​ലെ കണ്ടു​തു​ട​ങ്ങും.

(പത്മ​നാ​ഭ​മേ​നോൻ ഉദ്ധ​രി​ച്ച​തു്, History of Kerala വാള ്യം 3, 1984, പുറം 201-2)

മാ​ത്ര​മ​ല്ല, മാ​റു​മ​റ​യ്ക്കു​ന്ന സ്ത്രീ​കൾ അഭി​സാ​രി​ക​മാ​രാ​ണെ​ന്ന വി​ശ്വാ​സം​പോ​ലു​മു​ണ്ടാ​യി​രു​ന്നു! എലിക് റെ​ക്ല​സ് (Elic Reclus) എന്ന ബ്രി​ട്ടീ​ഷു​കാ​രൻ 19-ആം നൂ​റ്റാ​ണ്ടിൽ തല​ശ്ശേ​രി​യിൽ പരി​ച​യ​പ്പെ​ട്ട തീ​യ്യ​വ​നി​ത​ക​ളെ​ക്കു​റി​ച്ചു് പറ​ഞ്ഞ​തു് ശ്ര​ദ്ധി​ക്കുക:

ഈ സ്ത്രീ​കൾ എത്ര​ത​ന്നെ അട​ക്ക​മൊ​തു​ക്ക​വും ഔചി​ത്യ​വു​മു​ള്ള​വ​രാ​യാ​ലും​ശ​രി, അര​യ്ക്കു​മു​ക​ളിൽ യാ​തൊ​രു വസ്ത്ര​വും ധരി​ക്കി​ല്ല: മാ​റു​മ​റ​യ്ക്കാൻ ഞങ്ങൾ വേ​ശ്യ​ക​ള​ല്ല, അവർ പറയും. ഇവരെ ആയ​മാ​രാ​യി വീ​ട്ടിൽ നി​യ​മി​ച്ച ഇം​ഗ്ലീ​ഷ് വനി​ത​കൾ ബ്രി​ട്ടീ​ഷ്മാ​ന്യ​ത​യു​ടെ​പേ​രിൽ മാർ​ക്ക​ച്ച​യെ​ങ്കി​ലും ധരി​ക്കാൻ ഇവരെ പ്ര​രി​പ്പി​ക്കാ​റു​ണ്ടു്; പക്ഷേ, ഓരോ​ത​വ​ണ​യും വാ​ശി​യേ​റിയ എതിർ​പ്പി​നെ​യാ​ണു് അവർ നേ​രി​ടു​ന്ന​തു്. (ഇം​ഗ്ലീ​ഷ് സ്ത്രീ​ക​ളോ​ടു്) പെ​രു​വ​ഴി​യി​ലൂ​ടെ നഗ്ന​രാ​യി നട​ക്ക​ണ​മെ​ന്നു് ആരെ​ങ്കി​ലും ആവ​ശ്യ​പ്പെ​ട്ടാൽ അവർ ഏതു വാ​ശി​യോ​ടെ എതിർ​ക്കു​മോ, അതേ വാ​ശി​യാ​ണു് (തീ​യ്യ​സ്ത്രീ​കൾ മേൽ​വ​സ്ത്ര​ത്തി​നെ​തി​രെ) പ്ര​ദർ​ശി​പ്പി​ക്കു​ന്ന​തു്.

(പത്മ​നാ​ഭ​മേ​നോൻ History of Kerala വാള ്യം 3, 1984, പുറം 201.)

kimages/Kulasthree_Chapter_seven_pic04.png

19-ആം നൂ​റ്റാ​ണ്ടിൽ മി​ഷ​ണ​റി​മാ​രു​ടെ വരവു് വർ​ദ്ധി​ക്കു​ക​യും ബ്രി​ട്ടീ​ഷ് ഭരണം നട​പ്പാ​വു​ക​യും ചെ​യ്ത​കാ​ല​ത്തു് ഈ മനോ​ഭാ​വം മാറാൻ തു​ട​ങ്ങി​യി​രു​ന്നു. ക്രി​സ്തീ​യ​മൂ​ല്യ​ങ്ങ​ള​നു​സ​രി​ച്ചു് സ്ത്രീ​ശ​രീ​ര​ത്തി​ന്റെ നഗ്നത പാ​പ​മാ​ണു്; അതു് അമി​ത​മായ ലൈം​ഗി​ക​വി​ചാ​ര​ത്തി​നി​ട​വ​രു​ത്തു​ന്നു. അങ്ങ​നെ ഒരു പ്ര​തി​ക​ര​ണം ഇവിടെ സാ​ധാ​ര​ണ​മ​ല്ല എന്നു് 13-ആം നൂ​റ്റാ​ണ്ടു​മു​തൽ 19-ആം നൂ​റ്റാ​ണ്ടു​വ​രെ​യു​ള്ള യൂ​റോ​പ്യൻ സഞ്ചാ​രി​കൾ തു​ടർ​ച്ച​യാ​യി രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും മി​ഷ​ണ​റി​മാർ​ക്കു് ബോ​ദ്ധ്യ​മാ​യി​ല്ല! ഇവി​ട​ത്തെ സ്ത്രീ​ക​ളു​ടെ നഗ്നത ‘സം​സ്ക്കാര ശൂന്യ’തയു​ടെ​യും ‘അമി​ത​ലൈം​ഗി​കാ​സ​ക്തി’യു ടെയും അട​യാ​ള​മാ​യി. മാ​റു​മ​റ​യ്ക്കാ​ത്ത സ്ത്രീ​കൾ പു​രു​ഷ​ന്മാ​രെ കെ​ണി​യിൽ​പ്പെ​ടു​ത്താൻ നട​ക്കു​ന്ന​വ​രാ​ണെ​ന്നും അവർ ‘സ്ത​നം​കാ​ട്ടി ധനം പറി​ക്കു​ന്നു’വെ​ന്നു പ്രാ​സ​മൊ​പ്പി​ച്ചു പറ​യാ​നും 19-ആം നൂ​റ്റാ​ണ്ടി​ലെ മി​ഷ​ണ​റി​മാർ​ക്കു മടി​യു​ണ്ടാ​യി​രു​ന്നി​ല്ല (എന്നാൽ നേ​ര​ത്തെ പറ​ഞ്ഞ​തു​പോ​ലെ, മാ​റു​മ​റ​ച്ചു​ന​ട​ക്കു​ന്ന സ്ത്രീ​യാ​ണു് വേശ്യ എന്നാ​യി​രു​ന്നു ഈ നാ​ട്ടിൽ പര​ക്കെ​യു​ള്ള വി​ശ്വാ​സം!) കേ​ര​ള​ത്തി​നു പു​റ​ത്തു​പോ​യി വി​ദ്യാ​ഭ്യാ​സം​ചെ​യ്ത മല​യാ​ളി​ക​ളി​ലും ഈ വി​ശ്വാ​സം പതു​ക്കെ വേ​രു​റ​ച്ചു​തു​ട​ങ്ങി​യി​രു​ന്നു. 1915-ൽ മല​ബാ​റി​ലെ സാ​മൂ​ഹ്യ​ജീ​വി​ത​ത്തെ​ക്കു​റി​ച്ചു് എഴു​തിയ ഫ്രെ​ഡ് ഫാ​സ​റ്റ് നാ​യർ​സ്ത്രീ​ക​ളു​ടെ വസ്ത്ര​ധാ​ര​ണ​ത്തി​ലു​ണ്ടാ​യി​ക്കൊ​ണ്ടി​രു​ന്ന മാ​റ്റ​ത്തെ അല്പം ആശ​ങ്ക​യോ​ടെ​യാ​ണു് കണ്ട​തു്:

മാ​ന്യ​സ്ത്രീ​കൾ മാ​റു​മ​റ​ച്ചു​കൂട എന്ന ധാരണ സർ​വ്വ​ത്ര നി​ല​വി​ലു​ള്ള മല​ബാ​റിൽ അടു​ത്തി​ടെ ഈ സമ്പ്ര​ദാ​യ​ത്തെ​ക്കു​റി​ച്ചു് ഒരു​ത​രം നാ​ണ​ക്കേ​ടു് മെ​ല്ലെ പടർ​ന്നു​തു​ട​ങ്ങി​യി​രി​ക്കു​ന്നു; വി​ശേ​ഷി​ച്ചും (പു​റ​ത്തു്) യാ​ത്ര​ചെ​യ്തി​ട്ടു​ള്ള​വർ​ക്കി​ട​യിൽ. വസ്ത്രം പാ​ര​മ്പ​ര്യ​മ​നു​സ​രി​ച്ചാ​ണ​ല്ലോ (നിർ​ണ്ണ​യി​ക്ക​പ്പെ​ടു​ന്ന​തു്); ലജ്ജ​യെ​ക്കു​റി​ച്ചു​ള്ള പൊ​ള്ള​യായ ധാ​ര​ണ​കൾ ഉന്ന​ത​കു​ല​ജാ​ത​യായ നായർ വനി​ത​യു​ടെ നട​ത്ത​യിൽ പ്ര​ക​ട​മാ​കു​ന്ന സ്വാ​ഭാ​വിക അന്ത​സ്സി​നു പക​രം​വ​ന്നാൽ അതു വളരെ കഷ്ട​മാ​ണെ​ന്നു പറ​ഞ്ഞേ മതി​യാ​വൂ.

(Fred Fawcett, Nayars of Malabar, New Delhi, (1915)1984, പുറം 198.)

എന്നാൽ അപ്പോ​ഴേ​ക്കും ‘യു​ദ്ധം’ ആരം​ഭി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു; ഫാ​സ​റ്റി​ന്റെ ഖേദം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ല. സ്ത്രീ​ന​ഗ്നത ‘സം​സ്ക്കാര’ത്തി​നെ​തി​രാ​ണെ​ന്ന ധാരണ അക്കാ​ല​ത്തെ എല്ലാ സമു​ദാ​യ​പ​രി​ഷ്ക്ക​ര​ണ​പ്ര​സ്ഥാ​ന​ങ്ങ​ളും ഉൾ​ക്കൊ​ണ്ടു​ക​ഴി​ഞ്ഞി​രു​ന്നു. പാ​ര​മ്പ​ര്യ​ത്തി​ന്റെ പി​ടി​യിൽ​നി​ന്നു് സ്ത്രീ​ശ​രീ​ര​ത്തെ വീ​ണ്ടെ​ടു​ക്കാ​നു​ള്ള തന്ത്ര​മെ​ന്ന​നി​ല​യിൽ ഈ പ്ര​സ്ഥാ​ന​ങ്ങ​ളെ​ല്ലാം സ്ത്രീ​ക​ളു​ടെ വസ്ത്ര​പ​രി​ഷ്ക്കാ​ര​ത്തി​നു് മു​ന്തിയ സ്ഥാ​നം​നൽ​കി. 19-ആം നൂ​റ്റാ​ണ്ടിൽ സ്ത്രീ​ക​ളു​ടെ വസ്ത്ര​ധാ​ര​ണ​രീ​തി​യെ ബല​പ്ര​യോ​ഗ​ത്തി​ലൂ​ടെ മാ​റ്റി​ക്കൊ​ണ്ടു് ജാ​തി​വ്യ​വ​സ്ഥ​യെ വെ​ല്ലു​വി​ളി​ച്ച ഈഴ​വ​പ്ര​മാ​ണി​മാ​രു​ടെ നി​ര​വ​ധി കഥകൾ ഇന്നും തി​രു​വി​താം​കൂ​റിൽ കേൾക്കാനുണ്ടു്-​ആറാട്ടുപുഴയിലെ വേ​ലാ​യു​ധ​പ്പ​ണി​ക്കർ, കാ​യം​കു​ള​ത്തെ കല്യാ​ശ്ശേ​രി അച്ചൻ മു​ത​ലായ വീ​ര​പു​രു​ഷ​ന്മാർ ഈഴ​വ​സ്ത്രീ​ക​ളെ ബല​മാ​യി തോർ​ത്തു​ടു​പ്പി​ക്കു​ക​യും കാ​തു​കു​ത്തി​ക്കു​ക​യും​മ​റ്റും ചെ​യ്ത​തി​ന്റെ കഥകൾ ഇന്നും ആ പ്ര​ദേ​ശ​ങ്ങ​ളിൽ കേൾ​ക്കാ​നു​ണ്ടു്. ഇവ​രെ​പ്പോ​ലെ നേ​രി​ട്ടു​ള്ള ബല​പ്ര​യോ​ഗ​ത്തി​ലൂ​ടെ അല്ലെ​ങ്കി​ലും ചി​ല​പ്പോ​ഴെ​ങ്കി​ലും പരോ​ക്ഷ​മായ സമ്മർ​ദ്ദം ചെ​ലു​ത്തേ​ണ്ടി​വ​ന്നി​രു​ന്നു, സമു​ദാ​യ​പ​രി​ഷ്ക്കർ​ത്താ​ക്കൾ​ക്കു്. ബ്രാ​ഹ്മ​ണ​മേ​ധാ​വി​ത്വ​ത്തെ ചെ​റു​ക്കാ​നു​ള്ള മാർ​ഗ്ഗ​മാ​യി നാ​യർ​സ​മു​ദാ​യ​നേ​താ​ക്കൾ സ്ത്രീ​ക​ളു​ടെ മാ​റു​മ​റ​യ്ക്ക​ലി​നെ പി​ന്താ​ങ്ങി​യ​പ്പോൾ, നമ്പൂ​തി​രി​സ​മു​ദാ​യ​പ​രി​ഷ്ക്കർ​ത്താ​ക്കൾ അന്തർ​ജ​ന​ങ്ങ​ളു​ടെ മാ​റു​മ​റ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ പി​ന്താ​ങ്ങു​ക​യാ​യി​രു​ന്നു. ബല​പ്ര​യോ​ഗ​ത്തി​ന്റെ പല കഥ​ക​ളും ഈ ഊർ​ജ്ജി​ത​ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഓർ​മ്മി​ക്ക​ലു​ക​ളിൽ കേൾ​ക്കാ​നു​ണ്ടു്. മാ​റു​മ​റ​യ്ക്കാൻ വി​സ​മ്മ​തി​ച്ച അര​യ​സ്ത്രീ​ക​ളെ ചാ​യം​പൂ​ശി​വി​ട്ട അര​യ​സ​മു​ദാ​യ​പ്രേ​മി​ക​ളായ യു​വാ​ക്ക​ന്മാ​രെ​ക്കു​റി​ച്ചു് പി. കെ. ഡീവർ എന്ന അര​യ​സ​മു​ദായ പരി​ഷ്ക്കർ​ത്താ​വി​ന്റെ ജീ​വ​ച​രി​ത്ര​ത്തിൽ പറ​യു​ന്നു​ണ്ടു്. ഈഴ​വ​സ​മു​ദാ​യ​നേ​താ​വാ​യി​രു​ന്ന കെ. എസ്. ശങ്കു​വി​ന്റെ ഭാര്യ കു​ഞ്ഞി​യ​മ്മ​യ്ക്കും ഇത്ത​ര​മൊ​രു കഥ​യു​ണ്ടാ​യി​രു​ന്നു. കോ​ട്ട​യ​ത്തു​നി​ന്നു് ചങ്ങ​നാ​ശ്ശേ​രി​വ​രെ ബ്ലൗ​സി​ട്ട പത്തി​രു​പ​തു പെ​ണ്ണു​ങ്ങ​ളു​ടെ ജാഥ നട​ത്തി​യ​തി​നെ​ക്കു​റി​ച്ചാ​ണു് കഥ. കു​ഞ്ഞി​യ​മ്മ അതിൽ മുൻ​നി​ര​ക്കാ​രി​യാ​യി​രു​ന്നു. കു​റ​ച്ചു​ദൂ​രം ചെ​ന്ന​പ്പോൾ പല​സ്ത്രീ​ക​ളും കു​പ്പാ​യ​മ​ഴി​ച്ചു മടി​യിൽ​വ​ച്ചു. ഇതി​നെ​ത്തു​ടർ​ന്നു് കി​ട​ങ്ങൂർ​മു​ണ്ടൻ എന്ന​യാൾ ബ്ലൗ​സ​ഴി​ച്ച പെ​ണ്ണു​ങ്ങ​ളു​ടെ മു​ന്നി​ലേ​ക്കു് പൂർ​ണ്ണ​ന​ഗ്ന​നാ​യി കട​ന്നു​ചെ​ന്ന​ത്രേ!

kimages/Kulasthree_Chapter_seven_pic05.png
വസ്ത്ര​ധാ​ര​ണ​വും സ്ത്രീ​ക​ളു​ടെ മേൽ ബല​പ്ര​യോ​ഗ​വും

വസ്ത്ര​ധാ​ര​ണ​പ​രി​ഷ്കാ​ര​ത്തെ സ്ത്രീ​കൾ സ്വാ​ഭാ​വി​ക​മാ​യി സ്വീ​ക​രി​ച്ചു​വെ​ന്നു് നാം പല​പ്പോ​ഴും ധരി​ക്കാ​റു​ണ്ടു്. ഇതു ശരി​യ​ല്ല. ശരീ​ര​ത്തെ​ക്കു​റി​ച്ചു് നാ​ണം​തോ​ന്നു​ന്ന​തു് സ്വാ​ഭാ​വി​ക​മാ​ണെ​ന്ന ധാ​ര​ണ​ത​ന്നെ ശരി​യ​ല്ല. സ്ത്രീ​ശ​രീ​ര​ത്തി​ന്റെ നഗ്നത മാ​ന്യ​മ​ല്ലെ​ന്ന തോ​ന്നൽ ശക്ത​മാ​യ​പ്പോ​ഴാ​ണു് സ്ത്രീ​കൾ മേൽ​വ​സ്ത്രം നിർ​ബ​ന്ധ​മാ​യും ഇട്ടു​തു​ട​ങ്ങി​യ​തു്. ഈ തോ​ന്നൽ അവ​രി​ലു​ണ്ടാ​ക്കാൻ പു​രു​ഷ​ന്മാ​രായ പരി​ഷ്കർ​ത്താ​ക്കൾ​ക്കു് വളരെ അദ്ധ്വാ​നി​ക്കേ​ണ്ടി​വ​ന്നു എന്നു സൂ​ച​ന​യു​മു​ണ്ടു്. പല​പ്പോ​ഴും ബല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​ത്ത​ന്നെ അവർ സ്ത്രീ​ക​ളു​ടെ വസ്ത്ര​ധാ​ര​ണ​ബോ​ധ​ത്തിൽ മാ​റ്റം​വ​രു​ത്താൻ നോ​ക്കു​ക​യും ചെ​യ്തു. ഏറ്റു​മാ​നൂർ സോ​മ​ദാ​സൻ അര​യ​സ​മു​ദാ​യ​നേ​താ​വാ​യി​രു​ന്ന പി. കെ. ഡീ​വ​റി​ന്റെ ജീ​വ​ച​രി​ത്ര​ത്തിൽ 1920-കളിൽ നടന്ന ഇത്ത​ര​മൊ​രു സംഭവം വി​വ​രി​ക്കു​ന്നു​ണ്ടു്:

മത്സ്യ​വി​ല്പ​ന​ക്കാ​രി​ക​ളാ​യി​രു​ന്ന ധീ​വ​ര​സ്ത്രീ​കൾ മാ​റു​മ​റ​ച്ചു നട​ക്ക​ണ​മെ​ന്നു് കറു​പ്പൻ മാ​സ്റ്റർ (അര​യ​നേ​താ​വാ​യി​രു​ന്ന പണ്ഡി​റ്റ് കറു​പ്പൻ) ആദ്യ​കാ​ലം​മു​തൽ​ക്കേ നിർ​ബ​ന്ധി​ച്ചി​രു​ന്നു. ബ്ലൗ​സ് അന്നു് സാ​ധാ​ര​ണ​മ​ല്ലാ​യി​രു​ന്നു. ഉയർ​ന്ന​ജാ​തി സ്ത്രീ​കൾ മു​ല​ക്ക​ച്ച​കെ​ട്ടു​ക​യോ റൗക്ക ധരി​ക്കു​ക​യോ ചെ​യ്തി​രു​ന്നു. അര​യ​ത്തി​കൾ​ക്കു് അതു പാ​ടി​ല്ലാ​യി​രു​ന്നു. അതു​കൊ​ണ്ടു് കറു​പ്പൻ​മാ​സ്റ്റർ നി​ശ്ച​യി​ച്ച​തു് കച്ച​ത്തോർ​ത്താ​ണു്. ‘കറു​പ്പൻ​ക​ച്ച’ എന്ന പേ​രി​ലാ​ണു് അര​യ​സ്ത്രീ​കൾ​ക്കി​ട​യിൽ അത​റി​യ​പ്പെ​ട്ടി​രു​ന്ന​തു്. പക്ഷേ, കച്ച​യു​ടു​ക്കാൻ പലർ​ക്കും അസൗ​ക​ര്യ​മാ​യി​ത്തോ​ന്നി. അവർ ‘കറു​പ്പൻ​ക​ച്ച’യിൽ​നി​ന്നു് സ്വയം മോ​ചി​ത​രാ​യി. അതി​നൊ​രു പരി​ഹാ​രം​ക​ണ്ടെ​ത്തി​യ​തു് ഡീ​വ​റും അതു് പ്ര​യോ​ഗ​ത്തിൽ വരു​ത്തി​യ​തു് പരി​ഷ്ക്ക​ര​ണ​പ്രി​യ​രായ ചില യു​വാ​ക്ക​ളു​മാ​യി​രു​ന്നു. ചാ​യം​ക​ല​ക്കിയ ഒരു ടി​ന്നും ബ്ര​ഷു​മാ​യി അവർ വഴി​യ​രി​കിൽ കാ​ത്തു​നിൽ​ക്കും. നഗ്ന​മാ​റി​ട​വു​മാ​യി തലയിൽ മീൻ​കു​ട്ട​യു​ടെ ബാ​ലൻ​സു​തെ​റ്റാ​തെ കു​ണു​ങ്ങി​ക്കു​ണു​ങ്ങി കൂ​സ​ലി​ല്ലാ​തെ നട​ന്നു​വ​രു​ന്ന സ്ത്രീ​ക​ളെ ചാ​യം​പൂ​ശി വിടും. ആ വിദ്യ ഫലി​ച്ചു. കറു​പ്പൻ​ക​ച്ച ഉപേ​ക്ഷി​ച്ച​വ​രൊ​ക്കെ വീ​ണ്ടും അതു സ്വീ​ക​രി​ച്ചു​തു​ട​ങ്ങി.

(ഡീവർ എന്ന കർ​മ്മ​ധീ​രൻ, കൊ​ച്ചി, 1993, പുറം 42-43)

ഇങ്ങ​നെ ബല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യ​ല്ലാ​തെ, നയ​പ്ര​യോ​ഗ​ത്തി​ലൂ​ടെ സ്ത്രീ​ക​ളെ വസ്ത്രം​ധ​രി​പ്പി​ക്കാൻ പ്ര​രി​പ്പി​ക്കു​ന്ന രീ​തി​ക​ളാ​യി​രു​ന്നു അധി​ക​വും പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​തു്. 1916-ൽ അയി​രൂ​രിൽ കൂടിയ നാ​യർ​സ​മ്മേ​ള​നം നീ​ളൻ​കു​പ്പാ​യം ധരി​ക്കാൻ ധന​ശേ​ഷി​യി​ല്ലാ​ത്ത സ്ത്രീ​കൾ ചെറിയ ‘ജമ്പർ’ (jumper) ധരി​ച്ചാൽ​മ​തി​യെ​ന്നു് പ്ര​മേ​യം പാസാക്കി-​ഇതു് ‘നയ​പ്ര​യോഗ’മാ​യി​രു​ന്നു. തി​രു​വി​താം​കൂർ സർ​ക്കാർ ഈ ശ്ര​മ​ങ്ങ​ളെ പി​ന്താ​ങ്ങു​ക​യും ചെ​യ്തു. 1891-ലെ തി​രു​വി​താം​കൂർ സെൻ​സ​സ് റി​പ്പോർ​ട്ടി​ന്റെ കർ​ത്താ​വായ വി. നാഗം അയ്യ എന്ന ഉദ്യോ​ഗ​സ്ഥൻ ഇവിടെ ‘സ്ഥി​തി​ഗ​തി​കൾ’ മെ​ച്ച​പ്പെ​ട്ടു​വ​രു​ന്നു​വെ​ന്നു് നി​രീ​ക്ഷി​ച്ചു: ‘തെ​ക്കു​ഭാ​ഗ​ത്തു​നി​ന്നു് (അതാ​യ​തു്, മി​ഷ​ണ​റി​സ്വാ​ധീ​നം ശക്ത​മായ തെ​ക്കൻ തി​രു​വി​താം​കൂ​റിൽ​നി​ന്നു് സം​സ്ക്കാ​രം അടി​വ​ച്ചു് മു​ന്നേ​റു​ന്നു; തി​രു​വ​ന​ന്ത​പു​ര​ത്തു് അതി​ന്റെ ഫലം ദൃ​ശ്യ​മാ​യി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്നു’, അദ്ദേ​ഹ​മെ​ഴു​തി, ‘ഇവിടെ മേൽ​മു​ണ്ടു​ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങാൻ തയ്യാ​റു​ള്ള ഒറ്റ നാ​യർ​പെൺ​കു​ട്ടി​പോ​ലു​മി​ല്ല.’ (തി​രു​വി​താം​കൂർ സെൻ​സ​സ്, 1891, പുറം 768-69) 20-ആം നൂ​റ്റാ​ണ്ടി​ന്റെ ആദ്യ​വർ​ഷ​ങ്ങ​ളിൽ​ത്ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്തെ പത്മ​നാ​ഭ​സ്വാ​മി​ക്ഷേ​ത്ര​ത്തി​ലെ ആറാ​ട്ടു​മ​ഹോ​ത്സ​വ​ത്തി​ന്റെ എഴു​ന്ന​ള്ള​ത്തിൽ നാ​യർ​യു​വ​തി​കൾ മാ​റു​മ​റ​യ്ക്കാ​തെ വി​ള​ക്കെ​ടു​ക്കു​ന്ന പതി​വി​നെ പത്ര​ങ്ങൾ നി​ശി​ത​മാ​യി വി​മർ​ശി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു. 1905-ൽ ഈ പതിവു മാറി.

സ്ത്രീ​ക​ളു​ടെ വസ്ത്ര​ധാ​ര​ണ​വും സാ​മൂ​ഹി​ക​പ​രി​ഷ്ക്ക​ര​ണ​വും

ഈ മാ​റ്റ​ങ്ങ​ളോ​ടു് ഇക്കാ​ല​ങ്ങ​ളി​ലെ സ്ത്രീ​കൾ എങ്ങ​നെ​യാ​ണു് പ്ര​തി​ക​രി​ച്ച​തു്? സ്ത്രീ​ക​ളെ പു​തി​യ​രീ​തി​കൾ പഠി​പ്പി​ക്കാ​നും പരി​ഷ്ക്ക​രി​ക്കാ​നു​മു​ള്ള പരി​ശ്ര​മം ശക്തി​പ്രാ​പി​ച്ച കാ​ല​മാ​യി​രു​ന്നു ഇതു്. സ്കൂൾ വി​ദ്യാ​ഭ്യാ​സം​നേ​ടി സർ​ക്കാ​രി​ലും പുതിയ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ലും കച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ലും മറ്റും ജോ​ലി​നോ​ക്കാൻ തു​ട​ങ്ങിയ പു​രു​ഷ​ന്മാർ പഴ​യ​കു​ടും​ബ​ങ്ങ​ളി​ലും തറ​വാ​ടു​ക​ളി​ലും പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന ഉടു​പ്പും​ന​ട​പ്പും ഉപേ​ക്ഷി​ച്ചു് പു​തി​യ​ശീ​ല​ങ്ങൾ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു. അവ​രോ​ടൊ​പ്പം കഴി​യേ​ണ്ട സ്ത്രീ​കൾ​മാ​ത്രം പഴ​ഞ്ചൻ ഉടു​പ്പും അല​ങ്കാ​ര​വും കൊ​ണ്ടു​ന​ട​ക്കു​ന്ന​തു് ഉചി​ത​മാ​യി​രി​ക്കി​ല്ലെ​ന്നു് സാ​മൂ​ഹ്യ​പ​രി​ഷ്ക്കർ​ത്താ​ക്കൾ ചൂ​ണ്ടി​ക്കാ​ണി​ച്ചു. അതു​കൊ​ണ്ടു് സ്ത്രീ​ക​ളു​ടെ വസ്ത്ര​ധാ​ര​ണ​ത്തെ കാ​ലോ​ചി​ത​മാ​യ​രീ​തി​യിൽ പരി​ഷ്ക്ക​രി​ക്ക​ണ​മെ​ന്നു് വാ​ദി​ച്ച വള​രെ​പ്പേർ അക്കാ​ല​ത്തു​ത​ന്നെ​യു​ണ്ടാ​യി. തറ​വാ​ട്ടിൽ താ​മ​സി​ക്കു​മ്പോ​ഴു​ണ്ടാ​യി​രു​ന്ന ഉടു​പ്പും ശീ​ല​ങ്ങ​ളും ഭർ​ത്താ​വി​നോ​ടൊ​പ്പം പോ​കു​മ്പോൾ ഉപേ​ക്ഷി​ക്കേ​ണ്ടി​വ​ന്ന ഭാ​ര്യ​മാ​രെ​പ്പ​റ്റി നി​ര​വ​ധി കഥ​ക​ളു​ണ്ടു്. തി​രു​വി​താം​കൂർ ദി​വാ​നാ​യി​രു​ന്ന എം. കൃ​ഷ്ണൻ​നാ​യ​രു​ടെ ഭാ​ര്യ​യെ​പ്പ​റ്റി​യു​ള്ള കഥ അതി​ലൊ​ന്നാ​ണു്. തി​രു​വ​ന​ന്ത​പു​ര​ത്തെ പരി​ഷ്ക്കാ​രി​ക​ളു​ടെ ലോ​ക​ത്തു് സാ​രി​യും ബ്ലൗ​സു​മി​ട്ടു​ക​ഴി​ഞ്ഞി​രു​ന്ന സ്ത്രീ സ്വ​ന്തം തറവാട്ടിലേക്കുപോകുംവഴി-​വള്ളത്തിൽ കയറുംമുമ്പുതന്നെ-​ബ്ലൗസും സാ​രി​യും അഴി​ച്ചു​മാ​റ്റി മു​ണ്ടും മേൽ​മു​ണ്ടും മാ​ത്ര​മാ​ക്കി​യി​രു​ന്ന​ത്രെ! പല തറ​വാ​ടു​ക​ളി​ലും സ്ത്രീ​കൾ​ക്കു് പരി​ഷ്ക്കാ​രി​ക​ളായ ഭർ​ത്താ​ക്ക​ന്മാർ സ്വ​ന്തം ചെ​ല​വി​ലാ​ണു് റൗ​ക്ക​യും ജമ്പ​റും മറ്റും തുന്നിക്കൊടുത്തിരുന്നതു്-​ആ സ്ത്രീ​ക​ളു​ടെ കാ​ര​ണ​വ​ന്മാർ​ക്കു് ഈ വസ്ത്ര​ധാ​ര​ണ​ത്തോ​ടു് യോ​ജി​പ്പി​ല്ലാ​യി​രു​ന്ന​തു​കൊ​ണ്ടു്!

എന്നാൽ, സ്ത്രീ​കൾ മാ​റു​മ​റ​ച്ചി​രി​ക്ക​ണം, വസ്ത്രം ധരി​ച്ചി​രി​ക്ക​ണം എന്നു് നിർ​ബ​ന്ധം​പി​ടി​ച്ചി​രു​ന്ന പരി​ഷ്ക്കർ​ത്താ​ക്കൾ സ്ത്രീ​കൾ ‘അമി​ത​മാ​യി’ വസ്ത്രാ​ഭ​ര​ണ​ങ്ങ​ളിൽ താ​ത്പ​ര്യം​കാ​ണി​ച്ചു​കൂ​ടെ​ന്നും വി​ധി​യെ​ഴു​തി. അണി​ഞ്ഞൊ​രു​ങ്ങാൻ താൽ​പ​ര്യ​മു​ള്ള സ്ത്രീ​കൾ പൊ​തു​വെ ഉറ​പ്പി​ല്ലാ​ത്ത സ്വ​ഭാ​വ​ക്കാ​രും ശൃം​ഗാ​രം കുറെ കൂ​ടി​പ്പോ​യ​വ​രു​മാ​ണെ​ന്ന വി​മർ​ശ​നം പരി​ഷ്ക്കർ​ത്താ​ക്കൾ ഇട​യ്ക്കി​ടെ ഉന്ന​യി​ച്ചി​രു​ന്നു. അക്കാ​ല​ത്തെ സ്ത്രീ​മാ​സി​ക​ക​ളി​ലും​മ​റ്റും ഈ വി​ഷ​യ​ത്തെ​ക്കു​റി​ച്ചു് ഒരു​പാ​ടു ലേ​ഖ​ന​ങ്ങൾ സാ​മൂ​ഹ്യ​പ​രി​ഷ്ക്ക​ര​ണ​ത്തിൽ താൽ​പ​ര്യ​മു​ള്ള​വർ എഴു​തി​യി​ട്ടു​ണ്ടു്. അക്കാ​ല​ത്തെ നോ​വ​ലു​ക​ളി​ലും അണി​ഞ്ഞൊ​രു​ങ്ങി​ന​ട​ക്കു​ന്ന പെ​ണ്ണു​ങ്ങ​ളെ സം​ശ​യ​ത്തോ​ടെ വീ​ക്ഷി​ക്കു​ന്ന​തു​കാ​ണാം. ഇന്ദു​ലേ​ഖ​യി​ലെ നായിക അതി​സു​ന്ദ​രി​യാ​ണെ​ങ്കി​ലും അവ​ളു​ടെ മഹ​ത്വം അതി​ലൊ​ന്നു​മ​ല്ലെ​ന്നാ​ണു് നോ​വൽ​കർ​ത്താ​വായ ചന്തു​മേ​നോൻ പറഞ്ഞിരിക്കുന്നതു്-​വിദ്യാഭ്യാസത്തിലൂടെ ഇന്ദു​ലേഖ നേ​ടി​യെ​ടു​ത്ത മനഃ​പ​രി​ഷ്ക്കാ​ര​മാ​ണു് അവ​ളു​ടെ മഹ​ത്വ​മെ​ന്നും, ശരീ​ര​ത്തെ​യും വി​കാ​ര​ങ്ങ​ളെ​യും ഒരു​പോ​ലെ നി​യ​ന്ത്രി​ച്ചു് വരു​തി​ക്കു​നിർ​ത്താൻ അവൾ​ക്കു കഴി​ഞ്ഞു​വെ​ന്നും അദ്ദേ​ഹം നോ​വ​ലി​ലൂ​ടെ സ്ഥാ​പി​ക്കു​ന്നു. ഈ നി​ല​പാ​ടു് മിക്ക സാ​മൂ​ഹ്യ​പ​രി​ഷ്ക്കർ​ത്താ​ക്ക​ളും പങ്കി​ട്ടി​രു​ന്നു. ഏറ്റ​വും ചു​രു​ക്കി​പ്പ​റ​ഞ്ഞാൽ ‘സ്ത്രീ​കൾ വസ്ത്രം​ധ​രി​ക്ക​ണം, എന്നാൽ വസ്ത്ര​ത്തോ​ടു് അമി​ത​താൽ​പ​ര്യം അവർ​ക്കു​ണ്ടാ​യി​ക്കൂട’-​ഇതായിരുന്നു സാ​മൂ​ഹ്യ​പ​രി​ഷ്ക്കർ​ത്താ​ക്ക​ളു​ടെ അഭി​പ്രാ​യം.

ഇക്കാ​ല​ത്തു് ആധു​നി​ക​വി​ദ്യാ​ഭ്യാ​സം​നേ​ടിയ സ്ത്രീ​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മേൽ​വ​സ്ത്രം ധരി​ക്കൽ കേവലം ‘നാ​ണം​മ​റ​യ്ക്കൽ’ മാ​ത്ര​മാ​യി​രു​ന്നി​ല്ല. പര​മ്പ​രാ​ഗ​ത​മായ പു​രു​ഷാ​ധി​കാ​ര​ത്തിൽ​നി​ന്നു് സ്വ​ന്തം ശരീ​ര​ത്തെ വീ​ണ്ടെ​ടു​ക്കു​ന്ന പ്ര​വൃ​ത്തി​യാ​യി​ട്ടാ​ണു് അവരിൽ പലരും വസ്ത്ര​ധാ​ര​ണ​ത്തെ കണ്ട​തു്. 1920-​കളിലും 1930-​കളിലും കേ​ര​ള​ത്തി​ലെ നമ്പൂ​തി​രി​സ​മു​ദാ​യ​ത്തിൽ വളർ​ന്നു​വ​ന്ന സമു​ദാ​യ​പ​രി​ഷ്ക്ക​ര​ണ​പ്ര​സ്ഥാ​നം നമ്പൂതിരിസ്ത്രീകളുടെ-​അന്തർജനങ്ങളുടെ-വസ്ത്രം പരി​ഷ്ക്ക​രി​ക്ക​ണ​മെ​ന്നു് ശക്ത​മാ​യി വാ​ദി​ച്ചി​രു​ന്നു. പുതിയ വി​ദ്യാ​ഭ്യാ​സ​വും പരി​ഷ്ക്കാ​ര​വും ഉദ്യോ​ഗ​വും​നേ​ടിയ നമ്പൂ​തി​രി​യു​വാ​ക്ക​ളു​ടെ എണ്ണം കൂ​ടി​വ​രു​ന്നെ​ന്നും പഴ​യ​മ​ട്ടിൽ വേ​ഷം​ധ​രി​ച്ച യു​വ​തി​കൾ അവർ​ക്കു തീരെ ചേ​രി​ല്ലെ​ന്നും നമ്പൂ​തി​രി സമു​ദാ​യ​നേ​താ​ക്ക​ളിൽ പലരും വാ​ദി​ച്ചു. എന്നാൽ നമ്പൂ​തി​രി​സ്ത്രീ​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ബ്ലൗ​സി​ടുക എന്ന​തു് പഠി​പ്പും ജോ​ലി​യു​മു​ള്ള ഭർ​ത്താ​ക്ക​ന്മാ​രെ ആകർ​ഷി​ക്കാ​നു​ള്ള തന്ത്രം മാത്രമായിരുന്നില്ല-​പരമ്പരാഗത കു​ടും​ബ​രീ​തി​ക്കു​ള്ളിൽ സ്ത്രീ​കൾ​ക്കു കൽ​പ്പി​ച്ചി​രു​ന്ന കടു​ത്ത​നി​യ​മ​ങ്ങൾ​ക്കും കീ​ഴ്‌​നി​ല​യ്ക്കും എതി​രെ​യു​ള്ള ചെ​റു​ത്തു​നിൽ​പ്പാ​യി​രു​ന്നു അതു്. എം. പി. ഭട്ട​തി​രി​പ്പാ​ടു് 1940-ൽ എഴു​തിയ ഋതു​മ​തി എന്ന നാടകം ഈ ചെ​റു​ത്തു​നിൽ​പ്പി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു. യാ​ഥാ​സ്ഥി​തി​ക​വൃ​ത്ത​ങ്ങ​ളിൽ ഇതു വലിയ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി.

kimages/Kulasthree_Chapter_seven_pic06.png
നമ്പൂ​തി​രി​സ​മു​ദാ​യ​പ​രി​ഷ്ക​രണ പ്ര​സ്ഥാ​ന​ത്തി​ന്റെ നാ​യി​ക​മാർ

1930-കളിൽ നമ്പൂ​തി​രി​സ​മു​ദാ​യ​പ​രി​ഷ്ക​ര​ണ​പ്ര​സ്ഥാ​ന​ത്തി​ന്റെ മുൻ​നി​ര​യി​ലേ​ക്കു് കഴി​വു​റ്റ സ്ത്രീ​കൾ വരാൻ​തു​ട​ങ്ങി. മഹിള എന്ന സ്ത്രീ​പ്ര​സി​ദ്ധീ​ക​ര​ണം ‘നമ്പൂ​തി​രി​സാ​മ്രാ​ജ്യ’ത്തി​ന്റെ (വീ​ര​നാ​യി​ക​യായ) ‘ജോവാൻ ഓഫ് ആർ​ക്ക്’ എന്നു വി​ശേ​ഷി​പ്പി​ച്ച പാർ​വ്വ​തി നെ​ന്മി​നി​മം​ഗ​ല​മാ​യി​രു​ന്നു അവരിൽ പ്ര​ധാ​നി. ആധു​നി​ക​വ​സ്ത്രം​ധ​രി​ച്ചു് യോ​ഗ​ക്ഷേ​മ​സ​ഭാ​സ​മ്മേ​ള​ന​ത്തിൽ ആദ്യ​മാ​യി ഒരു സ്ത്രീ-​പാർവ്വതി മനേഴി-​പങ്കെടുത്തതിനെത്തുടർന്നു് സമ്മേ​ള​ന​ത്തിൽ പങ്കെ​ടു​ത്ത സ്ത്രീ​ക​ളു​ടെ എണ്ണം വർ​ദ്ധി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. ഇട​ക്കു​ന്നി​യിൽ നടന്ന യോ​ഗ​ക്ഷേ​മ​സ​ഭ​യു​ടെ 22-ആം സമ്മേ​ള​ന​ത്തിൽ ഒരൊ​റ്റ സ്ത്രീ​മാ​ത്ര​മേ ഉണ്ടാ​യി​രു​ന്നു​ള്ളു. എന്നാൽ കാ​റൽ​മ​ണ്ണ​വെ​ച്ചു കൂടിയ 25-ആം സമ്മേ​ള​ന​ത്തിൽ 75 അന്തർ​ജ​ന​ങ്ങൾ സന്നി​ഹി​ത​രാ​യി​രു​ന്നു. നമ്പൂ​തി​രി​യു​വ​ജ​ന​സം​ഘ​ത്തി​ലൂ​ടെ​യാ​ണു് ഇവർ വളർ​ന്ന​തു്. 1930-കളിൽ ആര്യാ​പ​ള്ളം, പാർ​വ്വ​തി നെ​ന്മി​നി​മം​ഗ​ലം, ദേവകി നരി​ക്കാ​ട്ടി​രി തു​ട​ങ്ങി​യ​വർ അന്തർ​ജ​ന​ങ്ങൾ​ക്കു സഹി​ക്കേ​ണ്ടി​വ​ന്നി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളെ പര​സ്യ​മാ​യി തള്ളി​ക്ക​ള​ഞ്ഞു​കൊ​ണ്ടു് പൊ​തു​പ്ര​വർ​ത്ത​ക​രാ​യി മാറി. ആധു​നി​ക​രീ​തി​യിൽ വസ്ത്ര​ധാ​ര​ണം​ചെ​യ്യാ​നും യാ​ത്ര​ചെ​യ്യാ​നും പൊ​തു​വേ​ദി​ക​ളിൽ പ്ര​സം​ഗി​ക്കാ​നും നി​യ​മ​സ​ഭ​ക​ളിൽ പ്ര​വർ​ത്തി​ക്കാ​നും പ്രാ​പ്തി​യു​ള്ള അന്തർ​ജ​ന​ങ്ങൾ ഇക്കാ​ല​ത്തു് പൊ​തു​രം​ഗ​ത്തേ​ക്കു കട​ന്നു. 1940-​കളിലെ രാഷ്ട്രീയസമരങ്ങളിൽ-​പാലിയംസത്യാഗ്രഹത്തിലും കമ്യൂ​ണി​സ്റ്റു​പാർ​ട്ടി​യു​ടെ പ്ര​വർ​ത്ത​ന​ത്തി​ലും മറ്റും-​അവർ പങ്കു​ചേ​രാൻ തു​ട​ങ്ങി. ലളി​താം​ബിക അന്തർ​ജ​നം അക്കാ​ല​മാ​യ​പ്പോ​ഴേ​ക്കും ആധു​നി​ക​കേ​ര​ളീ​യ​സാ​ഹി​ത്യ​രം​ഗ​ത്തു് തന്റേ​തായ ഇട​മു​ണ്ടാ​ക്കി​ക്ക​ഴി​ഞ്ഞി​രു​ന്നു.

എന്നാൽ പുതിയ വസ്ത്ര​ധാ​ര​ണ​രീ​തി​ക​ളോ​ടു് അഭ്യ​സ്ത​വി​ദ്യ​രായ യു​വ​തി​കൾ കാ​ട്ടിയ താൽ​പ​ര്യ​ത്തെ അല്പം സം​ശ​യ​ത്തോ​ടു​കൂ​ടി​യ​ല്ലാ​തെ കാണാൻ പല സമു​ദാ​യ​പ്ര​മാ​ണി​കൾ​ക്കും കഴി​ഞ്ഞി​രു​ന്നി​ല്ല. നേ​ര​ത്തെ പറ​ഞ്ഞ​തു​പോ​ലെ, സ്ത്രീ​കൾ വസ്ത്രം ഇട​ണ​മെ​ന്നു് പറ​യു​മ്പോ​ഴും അതു് ‘ഒരു​ങ്ങി​ക്കെ​ട്ട​ലാ’കുമോ എന്ന ഭയം എപ്പോ​ഴും അവരെ അല​ട്ടി​യി​രു​ന്നു. അതു​കൊ​ണ്ടു് പഴയ വസ്ത്ര​ധാ​ര​ണ​രീ​തി വേ​ണ്ടെ​ന്നു​വ​യ്ക്കു​ന്ന​വ​രെ ‘അഴി​ഞ്ഞാ​ട്ട​ക്കാ​രി​ക​ളാ’യി​ക്കാ​ണാൻ ചി​ല​രൊ​ക്കെ തയ്യാ​റാ​യി. ഇതി​നു് ചുട്ട മറു​പ​ടി​കൊ​ടു​ക്കാൻ അന്ന​ത്തെ സ്ത്രീ​ക​ളിൽ ചിലർ ഉത്സാ​ഹി​ച്ചു. ആധു​നി​ക​വ​സ്ത്രം ധരി​ക്കാൻ തയ്യാ​റായ സ്ത്രീ​ക​ളെ​ല്ലാം പച്ച​പ്പ​രി​ഷ്ക്കാ​രി​ക​ളാ​ണെ​ന്നു് അട​ച്ചാ​ക്ഷേ​പി​ച്ചു​കൊ​ണ്ടു് അക്കാ​ല​ത്തെ സമു​ദാ​യ​പ്ര​മാ​ണി​മാ​രി​ലൊ​രാ​ളാ​യി​രു​ന്ന പു​ത്തേ​ഴ​ത്തു രാ​മ​മേ​നോൻ ‘അനു​ക​ര​ണ​ഭ്ര​മം’ എന്ന​പേ​രിൽ 1915-ൽ ലേ​ഖ​ന​മെ​ഴു​തി. ഇതി​നു് മറു​പ​ടി​യാ​യി സി. പി. കല്യാ​ണി​യ​മ്മ ഇങ്ങ​നെ എഴുതി:

ആക​പ്പാ​ടെ ഞങ്ങൾ​ക്കു​ള്ള ദോ​ഷ​ങ്ങ​ളെ​ല്ലാം ഇം​ഗ്ലീ​ഷു​വി​ദ്യാ​ഭ്യാ​സം​കൊ​ണ്ടു വന്നി​ട്ടു​ള്ള​താ​ണെ​ന്നാ​ണു് മി​സ്റ്റർ മേ​നോ​ന്റെ അഭി​പ്രാ​യം. ഇം​ഗ്ലീ​ഷ് പു​സ്ത​ക​ങ്ങ​ളെ​ല്ലാം ചു​ട്ടു​ക​രി​ച്ചു​ക​ള​ഞ്ഞു റവു​ക്ക​യും ജാ​ക്ക​റ്റും തോ​ട്ടിൽ​ക്കൊ​ണ്ടു​പോ​യി ഇട്ടു തൂ​ക്കേ​ന്ത്ര​വും കട്ടി​പ്പൂ​ത്താ​ലി​യും ധരി​ച്ചു കല്യാ​ണീ​ക​ള​വാ​ണി​യി​ലും മറ്റും സമ​യം​പോ​ക്കു​ന്ന​താ​യാൽ ഞങ്ങ​ളു​ടെ​നേ​രെ മി​സ്റ്റർ മേ​നോ​നു​ള്ള ദേ​ഷ്യ​ത്തി​നു് അല്പം കു​റ​വു​വ​ന്നേ​ക്കാം… കാ​ല​ഗ​തി അനു​സ​രി​ച്ചു് (ഞങ്ങൾ) ഉടു​പ്പി​ലും​മ​റ്റും ചില വ്യ​ത്യാ​സ​ങ്ങൾ വരു​ത്തി​യി​ട്ടു​ണ്ടു്. ആഡമും ഈവും ധരി​ച്ചി​രു​ന്ന ഉടു​പ്പു​കൾ​മാ​ത്ര​മേ ഇന്നും ധരി​ക്കാ​വൂ എന്നു പറ​യു​ന്ന​വ​രു​ടെ വാ​ക്കി​നെ അത്ര ഗൗ​ര​വ​മാ​യി വി​ചാ​രി​ക്കേ​ണ്ട ആവ​ശ്യം ഇല്ല​ല്ലോ.

(സി. പി. കല്യാ​ണി​യ​മ്മ, ‘അനു​ക​ര​ണ​ഭ്ര​മം’, ലക്ഷ്മീ​ഭാ​യി 10(12), 1915)

kimages/Kulasthree_Chapter_seven_pic07.png
പഴ​യ​കാ​ല​ത്തെ ‘ഫാ​ഷൻ​ഭ്ര​മം’

ശരീ​ര​ത്തെ സു​ന്ദ​ര​മാ​ക്കാ​നു​ള്ള വെ​പ്രാ​ളം പു​തി​യ​കാ​ല​ത്തു​ണ്ടായ ഒരു പ്ര​ത്യേക രോ​ഗ​മാ​ണെ​ന്നാ​ണു് നമ്മ​ളിൽ പലരും ധരി​ച്ചു​വ​ച്ചി​രി​ക്കു​ന്ന​തു്. ഇതു തീരെ ശരി​യ​ല്ല. ‘സൗ​ന്ദ​ര്യ’ത്തി​ന്റെ പേരിൽ പട്ടി​ണി​കി​ട​ക്കു​ക​യും ശരീ​ര​ത്തിൽ പച്ച​കു​ത്താൻ​വേ​ണ്ടി വേ​ദ​ന​തി​ന്നു​ക​യും ചെ​യ്യു​ന്ന​വ​രെ നാ​മി​ന്നു പരി​ഹ​സി​ക്കാ​റു​ണ്ടു്. എന്നാൽ പഴ​യ​കാ​ല​ത്തു് നമ്മു​ടെ വല്യ​മ്മൂ​മ്മ​മാ​രും അല്പ​സ്വ​ല്പം പരി​ഹാ​സം ഈ വകു​പ്പിൽ അർ​ഹി​ക്കു​ന്നി​ല്ലേ​യെ​ന്നു ചോ​ദി​ക്കേ​ണ്ട​തു​ത​ന്നെ. കാരണം അക്കാ​ല​ത്തെ ‘സൗ​ന്ദ​ര്യ’ത്തി​നു​വേ​ണ്ടി അവർ പെ​ട്ടി​രു​ന്ന പാ​ടോർ​ത്താൽ ഇക്കാ​ല​ത്തെ പട്ടി​ണി​കി​ട​ക്കൽ ഒന്നു​മ​ല്ല. ഈ ഭ്രമം പെ​ണ്ണി​നും ആണി​നും ഉണ്ടാ​യി​രു​ന്നു​താ​നും. ഉദാ​ഹ​ര​ണ​ത്തി​നു് ‘കാ​തു​വ​ളർ​ത്തൽ’ എന്ന ഏർ​പ്പാ​ടി​നെ​ക്കു​റി​ച്ചു് അന്വേ​ഷി​ച്ചാൽ മതി. രണ്ടു​കാ​തി​ലും ഭാ​ര​മേ​റിയ മര​ക്ക​ഷ​ണ​ങ്ങൽ തൂ​ക്കി ‘കാ​തു​നീ​ട്ടി’വളർ​ത്താൻ സ്ത്രീ​ക​ളും കു​റേ​ക്കൂ​ടി​മു​മ്പു് പു​രു​ഷ​ന്മാ​രും ശ്ര​മി​ച്ചി​രു​ന്നു. കാതു് നീ​ണ്ടു​നീ​ണ്ടു് തോൾ​വ​രെ മു​ട്ടി​യാൽ ‘സൗ​ന്ദ​ര്യം’ തി​ക​ഞ്ഞു! ഭയ​ങ്കര വേ​ദ​ന​സ​ഹി​ച്ചു​വേ​ണം ഇതു നേടാൻ. ചി​ല​പ്പോൾ കാതു് പറി​ഞ്ഞു​പോ​കാ​റു​ണ്ടാ​യി​രു​ന്നെ​ന്നു് പഴ​മ​ക്കാർ പറ​യു​ന്നു. എങ്കി​ലും വി​ടി​ല്ലാ​യി​രു​ന്ന​ത്രേ. പറി​ഞ്ഞി​ട​ത്തു് മരു​ന്നു​വെ​ച്ചു് കൂ​ട്ടി​ച്ചേർ​ത്ത​ശേ​ഷം വീ​ണ്ടും ‘മര​ക്കൊ​ര​ടു്’ തൂ​ക്കും! പു​രു​ഷ​ന്മാർ​ക്കു് നീ​ണ്ടു​ക​റു​ത്ത തല​മു​ടി സൗ​ന്ദ​ര്യ​ല​ക്ഷ​ണ​മാ​യി​രു​ന്നു. ‘കുടുമ അഴി​ച്ചി​ട്ടാൽ മു​ട്ടു​വ​രെ നീ​ണ്ടു​കി​ട​ക്കു​ന്ന’ മു​ടി​യു​ള്ള​വൻ ആരോ അവൻ സു​ന്ദ​രൻ എന്നാ​യി​രു​ന്ന​ത്രേ പ്ര​മാ​ണ​മെ​ന്നു് പഴയ തല​മു​റ​ക്കാർ പറ​ഞ്ഞു​കേ​ട്ടി​ട്ടു​ണ്ടു്.

പരി​ഷ്ക്കാ​രി​യായ ഭർ​ത്താ​വി​ന്റെ താ​ത്പ​ര്യ​വും പര​മ്പ​രാ​ഗ​ത​കു​ടും​ബ​ത്തി​ന്റെ നി​യ​മ​ങ്ങ​ളും പര​സ്പ​രം ചേ​രാ​തെ​വ​ന്ന അവ​സ​ര​ങ്ങ​ളിൽ ബു​ദ്ധി​മു​ട്ടി​യ​ത​ത്ര​യും സ്ത്രീ​ക​ളാ​ണു്. ഭർ​ത്താ​വി​നു് ഭാര്യ റവു​ക്ക ധരിക്കണം-​കാരണവർക്കു് അതി​നോ​ടു് വി​രോ​ധ​വും! ഇതി​നി​ട​യിൽ ഞെ​രു​ങ്ങിയ സ്ത്രീ​ക​ളു​ടെ പല​ക​ഥ​ക​ളും അന്നു ജീ​വി​ച്ചി​രു​ന്ന​വ​രെ​ഴു​തിയ ആത്മ​ക​ഥ​ക​ളി​ലു​ണ്ടു്. തി​രു​വി​താം​കൂ​റി​ലെ പ്ര​മുഖ ഈഴ​വ​നേ​താ​വാ​യി​രു​ന്ന സി. കേ​ശ​വ​ന്റെ ആത്മ​ക​ഥ​യിൽ ഇത്ത​ര​മൊ​രു കഥ പറ​യു​ന്നു​ണ്ടു്. തന്റെ അമ്മാ​വ​നും ഈഴ​വ​സ​മു​ദാ​യ​ത്തി​ന്റെ ആദ്യ​കാ​ല​നേ​താ​ക്ക​ളിൽ പ്ര​ധാ​നി​യു​മാ​യി​രു​ന്ന സി. വി. കു​ഞ്ഞി​രാ​മ​ന്റെ ഭാ​ര്യ​യാ​ണു് ഇതിലെ നായിക. സംഭവം നട​ന്ന​തു് 19-ആം നൂ​റ്റാ​ണ്ടി​ന്റെ ഒടു​വിൽ. സി. വി. കു​ഞ്ഞി​രാ​മ​ന്റെ പെ​ങ്ങൾ ഭർ​ത്താ​വി​നോ​ടൊ​പ്പം തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നു താമസം. അവർ മയ്യ​നാ​ട്ടെ കു​ടും​ബ​വീ​ട്ടിൽ സന്ദർ​ശ​ന​ത്തി​നെ​ത്തി​യ​പ്പോൾ സഹോ​ദ​ര​ന്റെ ഭാ​ര്യ​യ്ക്കു് സൂ​ര്യ​പ​ട​ത്തിൽ തു​ന്നിയ രണ്ടു റവു​ക്ക സമ്മാ​ന​മാ​യി കൊ​ടു​ത്തു. സി. വി. യുടെ ഭാര്യ ആദ്യ​മാ​യാ​ണു് റവു​ക്ക കാ​ണു​ന്ന​തു്. അവർ​ക്ക​തു് ഇഷ്ട​മാ​യി. ഭർ​ത്താ​വി​നും ഇഷ്ട​മാ​യി. പക്ഷേ, ഭർ​ത്താ​വി​ന്റെ അമ്മ​യ്ക്കു് അതു തീരെ പി​ടി​ച്ചി​ല്ല. ക്രി​സ്തു​മ​ത​മോ ഇസ്ലാം​മ​ത​മോ സ്വീ​ക​രി​ച്ച​വ​രോ ‘ആട്ട​ക്കാ​രി​ക​ളോ’ ആണു് റവു​ക്ക ധരി​ക്കു​ന്ന​തു് എന്നാ​യി​രു​ന്നു അവ​രു​ടെ വി​ശ്വാ​സം! അമ്മാ​യി​യ​മ്മ​യു​ടെ ദേ​ഷ്യ​ത്തെ​പ്പേ​ടി​ച്ചു് സി. വി. യുടെ ഭാര്യ റവു​ക്ക പെ​ട്ടി​യിൽ​വ​ച്ചു. അമ്മാ​യി ഉറ​ങ്ങി​ക്ക​ഴി​ഞ്ഞാൽ അവർ അതു പു​റ​ത്തെ​ടു​ത്തു ധരിക്കും-​രാത്രി വളരെ വൈ​കി​മാ​ത്രം എത്തി​യി​രു​ന്ന ഭർ​ത്താ​വി​നെ ആന​ന്ദി​പ്പി​ക്കാൻ​വേ​ണ്ടി​മാ​ത്രം!

‘ഭർ​ത്താ​വി​നു​വേ​ണ്ടി​മാ​ത്രം’ അണി​ഞ്ഞൊ​രു​ങ്ങു​ന്ന​തിൽ തെ​റ്റി​ല്ലെ​ന്നു് അന്ന​ത്തെ പു​രോ​ഗ​മ​ന​വാ​ദി​ക​ളിൽ ചി​ല​രുൾ​പ്പെ​ടെ​യു​ള്ള ഒരു​വി​ഭാ​ഗം വാ​ദി​ച്ചി​രു​ന്നു. ഭർ​ത്താ​വി​നെ വി​വാ​ഹ​ബ​ന്ധ​ത്തിൽ പി​ടി​ച്ചു​നിർ​ത്ത​ണ​മെ​ങ്കിൽ പെ​ണ്ണു​ങ്ങൾ ഇതിനു തയ്യാ​റാ​ക​ണ​മെ​ന്നു​പോ​ലും വാദിച്ചവരുണ്ടായിരുന്നു-​കേരളത്തിലെ സാ​മൂ​ഹ്യ​പ​രി​ഷ്ക്കർ​ത്താ​ക്ക​ളിൽ ഒന്നാം​സ്ഥാ​ന​ക്കാ​ര​നാ​യി ആദ​രി​ക്ക​പ്പെ​ടു​ന്ന വി. ടി. ഭട്ട​തി​രി​പ്പാ​ടു​പോ​ലും ഈ അഭി​പ്രാ​യ​ത്തെ പി​ന്താ​ങ്ങി​യി​രു​ന്നു. ‘നമ്പൂ​തി​രി മനു​ഷ്യ​നാ​യി മാ​റ​ണ​മെ​ങ്കിൽ’ എന്ന തന്റെ അതി​പ്ര​ശ​സ്ത​മായ പ്ര​സം​ഗ​ത്തിൽ അന്തർ​ജ​ന​ങ്ങ​ളു​ടെ വസ്ത്ര​ധാ​ര​ണ​രീ​തി​ക​ളിൽ പരി​ഷ്ക്കാ​രി​ക​ളായ നമ്പൂ​തി​രി​യു​വാ​ക്ക​ളിൽ അറ​പ്പും​വെ​റു​പ്പു​മാ​ണു് ഉള​വാ​ക്കു​ന്ന​തെ​ന്നും കേവലം സദാ​ചാ​ര​ബോ​ധ​ത്തി​ന്റെ​പേ​രിൽ​മാ​ത്ര​മാ​ണു് നമ്പൂ​തി​രി​യു​വാ​ക്ക​ന്മാർ ‘അപ​രി​ഷ്കൃ​ത​രായ’ അന്തർ​ജ​ന​യു​വ​തി​ക​ളെ വി​വാ​ഹം​ചെ​യ്യാൻ തയ്യാ​റാ​കു​ന്ന​തെ​ന്നും അദ്ദേ​ഹം പ്ര​സ്താ​വി​ച്ചു. അന്തർ​ജ​ന​ങ്ങൾ വൃ​ത്തി​യും ഭം​ഗി​യു​മു​ള്ള പുതിയ വസ്ത്ര​ധാ​ര​ണ​രീ​തി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കിൽ നമ്പൂ​തി​രി പു​രു​ഷ​ന്മാർ വേറെ സ്ത്രീ​ക​ളെ ഭാ​ര്യ​മാ​രാ​യി സ്വീ​ക​രി​ക്കാ​നി​ട​യു​ണ്ടെ​ന്നു് അദ്ദേ​ഹം മു​ന്ന​റി​യി​പ്പു നൽകി.

നമ്പൂ​തി​രി​സ​മു​ദായ പരി​ഷ്ക്ക​ര​ണ​പ്ര​സ്ഥാ​ന​ത്തി​ന്റെ മുൻ​നി​ര​ക്കാ​രായ സ്ത്രീ​ക​ളെ ഈ നിർ​ദ്ദേ​ശം അസ്വ​സ്ഥ​രാ​ക്കി.

മനഃ​പ​രി​ഷ്ക്കാ​ര​ത്തി​നു മു​ന്തി​യ​സ്ഥാ​നം നൽകിയ അവർ​ക്കു് ‘ഭർ​ത്താ​വി​നു​വേ​ണ്ടി’മാ​ത്രം വേ​ണ​മെ​ങ്കിൽ അണി​ഞ്ഞൊ​രു​ങ്ങാം എന്ന നിർ​ദ്ദേ​ശം അസ്വീ​കാ​ര്യ​മാ​യി​രു​ന്നു. സ്ത്രീ​ക​ളെ പൂർ​ണ്ണ​വ്യ​ക്തി​ത്വ​ത്തി​ലെ​ത്താൻ സഹാ​യി​ക്കു​ന്ന മനഃ​പ​രി​ഷ്ക്ക​ര​ണ​ത്തിൽ​നി​ന്നും അവരെ വ്യ​തി​ച​ലി​പ്പി​ക്കു​ന്ന നിർ​ദ്ദേ​ശ​മാ​ണി​തെ​ന്നു് അവർ​ക്കു തോ​ന്നി. പു​രു​ഷ​ന്മാ​രോ​ടൊ​പ്പം അദ്ധ്വാ​നി​ക്കുക, വി​ദ്യാ​ഭ്യാ​സം​നേ​ടുക, പൊ​തു​കാ​ര്യ​ങ്ങ​ളിൽ താത്പര്യമെടുക്കുക-​ഇതൊക്കെ ചെ​യ്യു​ന്ന​തി​നു​പ​ക​രം ‘ഭർ​ത്താ​വി​നു​വേ​ണ്ടി’ എന്ന ഒഴി​വു​ക​ഴി​വും പറ​ഞ്ഞു് സ്ത്രീ​കൾ അണി​ഞ്ഞൊ​രു​ങ്ങി​ന​ട​ക്കു​ന്ന​തു് എത്ര​ത്തോ​ളം ആരോഗ്യകരമാണു്-​അവർ ചോ​ദി​ച്ചു. നമ്പൂ​തി​രി​സ​മു​ദാ​യ​പ​രി​ഷ്ക്ക​ര​ണ​ത്തി​ന്റെ നാ​യി​ക​മാ​രിൽ ഒരാ​ളാ​യി​രു​ന്ന പാർ​വ്വ​തി നെ​ന്മി​നി​മം​ഗ​ലം ഈ നിർ​ദ്ദേ​ശ​ത്തെ പരോ​ക്ഷ​മാ​യി വി​മർ​ശി​ച്ചു:

…പു​രു​ഷ​ന്മാ​രെ വശീ​ക​രി​ക്കാൻ​വേ​ണ്ടി​മാ​ത്ര​മ​ല്ല നാം ഇന്നു് ഇത്ത​രം വസ്ത്ര​ധാ​ര​ണം ചെ​യ്യു​ന്ന​തും ആഭ​ര​ണ​ങ്ങൾ അണി​യു​ന്ന​തും. നമു​ക്കു പു​രു​ഷ​ന്മാ​രെ വശീ​ക​രി​ക്കേ​ണ്ട ആവ​ശ്യ​മി​ല്ല; അതു നി​ന്ദ്യ​വും ആഭാ​സ​വു​മാ​ണു്. ഒരു സ്ത്രീ ഭർ​ത്താ​വി​നെ​മാ​ത്രം വശീ​ക​രി​ക്ക​ണം; അതു കൃ​ത്രി​മ​വേ​ഷം​കൊ​ണ്ട​ല്ല. കൃ​ത്രി​മ​വേ​ഷം​കൊ​ണ്ടു​മാ​ത്രം വശീ​കൃ​ത​നായ പു​രു​ഷ​നെ ഭർ​ത്താ​വാ​യി സ്വീ​ക​രി​ച്ചാൽ തീർ​ച്ച​യാ​യും നാം വ്യ​സ​നി​ക്കേ​ണ്ടി​വ​രും. നമ്മു​ടെ ഈ വേ​ഷ​ഭൂ​ഷ​ണ​ങ്ങൾ തീരെ മാ​റ്റ​ണം; ആഛാ​ദ​നം അത്യാ​വ​ശ്യ​മാ​ണു്; അതു് ആഡം​ബ​ര​ത്തി​നാ​വ​രു​തു്. സ്ത്രീ​ക്കും പു​രു​ഷ​നും വസ്ത്ര​ധാ​ര​ണ​ത്തിൽ വ്യ​ത്യാ​സം ആവ​ശ്യ​മേ​യി​ല്ല… പ്ര​വൃ​ത്തി​യെ​ടു​ക്കു​ന്ന​തു് അപ​മാ​ന​മ​ല്ല, അഭി​മാ​ന​മാ​ണു്… ശരി​യാ​യി പു​രു​ഷ​ന്മാ​രോ​ടൊ​പ്പം പ്ര​വൃ​ത്തി​യെ​ടു​ത്തെ​ങ്കിൽ, അദ്ധ്വാ​നി​ച്ചെ​ങ്കിൽ​മാ​ത്ര​മേ, സ്ത്രീ​കൾ​ക്കു യഥാർ​ത്ഥ​മായ സ്വാ​ത​ന്ത്യ്ര​വും സ്ത്രീ​ത്വ​വും ഉണ്ടാ​വു​ക​യു​ള്ളൂ.

(പാർ​വ്വ​തി നെ​ന്മി​നി​മം​ഗ​ലം, ‘സ്ത്രീ​ത്വം’, സ്ത്രീ 1 (1), 1933)

ഇതു​കൂ​ടാ​തെ സ്ത്രീ​യു​ടെ പുതിയ വസ്ത്ര​ധാ​ര​ണ​രീ​തി പു​രു​ഷ​നു് എത്ര ആന​ന്ദം നൽ​കു​ന്ന​താ​യാ​ലും​ശ​രി, അതു് വലിയ അസൗ​ക​ര്യ​മാ​ണു് സ്ത്രീ​കൾ​ക്കു​ണ്ടാ​ക്കു​ന്ന​തെ​ന്നു് തു​റ​ന്നു​പ​റ​യാൻ പിൽ​ക്കാ​ല​ത്തെ ചില സ്ത്രീ​കൾ തയ്യാ​റാ​യി. കെ. സര​സ്വ​തി​യ​മ്മ​യു​ടെ വാ​ക്കു​ക​ളിൽ:

മഴ​യ​ത്തു റോ​ഡി​ലെ വെ​ള്ള​ത്തിൽ കി​ട​ന്നി​ഴ​ഞ്ഞു ഘനം​തൂ​ങ്ങു​ന്ന സാ​രി​യു​മാ​യി വലി​ഞ്ഞു​നീ​ങ്ങു​ന്ന​തി​ന്റെ വിഷമം അനു​ഭ​വി​ച്ച​വർ​ക്ക​ല്ലേ അറി​യാ​വൂ? അതി​നു​പ​ക​രം മു​ണ്ടും മട​ക്കി​ക്കു​ത്തി മൂ​ളി​പ്പാ​ട്ടും​പാ​ടി അല്ല​ല​റി​യാ​തെ നട​ക്കാൻ സാ​ധി​ക്കു​ന്ന​തു​ത​ന്നെ എന്തൊ​രു ഭാ​ഗ്യ​മാ​ണു്! പല കാ​ര​ണ​ങ്ങ​ളാ​ലും ഘനം​തൂ​ങ്ങു​ന്ന മു​ടി​ക്കെ​ട്ടു വേ​ണ്ടെ​ന്നു​വെ​ച്ചാൽ തല​യു​ടെ ഘനം വി​ട്ടു​കി​ട്ടും; എന്നാൽ​പ്പി​ന്നെ തല​ച്ചോ​റും നേരെ പ്ര​വർ​ത്തി​ച്ചേ​നെ.

(കെ. സര​സ്വ​തി​യ​മ്മ, ‘പു​രു​ഷ​ന്മാ​രി​ല്ലാ​ത്ത ലോകം’, അതേ​പേ​രി​ലു​ള്ള ലേ​ഖ​ന​സ​മാ​ഹാ​ര​ത്തിൽ​നി​ന്നു്, 1958)

സ്ത്രീ​ക​ളു​ടെ വസ്ത്രാ​ല​ങ്കാ​രം വാ​സ്ത​വ​ത്തിൽ സ്ത്രീ​ക​ളെ തമ്മിൽ ഭി​ന്നി​പ്പി​ക്കാ​നാ​ണു് സഹാ​യി​ക്കു​ന്ന​തെ​ന്നും അവർ ചൂ​ണ്ടി​ക്കാ​ണി​ച്ചു:

സ്ത്രീ​കൾ അണി​ഞ്ഞൊ​രു​ങ്ങു​ന്ന​തു് പു​രു​ഷ​നെ ആകർ​ഷി​ച്ചു്, അയാ​ളു​ടെ കണ്ണു​ക​ളെ പ്രീ​തി​പ്പെ​ടു​ത്തി, കരളിൽ മോ​ഹം​ജ​നി​പ്പി​ക്കാ​നാ​ണെ​ന്ന​തി​നു സം​ശ​യാ​തീ​ത​മായ തെ​ളി​വു​ക​ളി​ല്ല. പരോ​ക്ഷ​മാ​യി ആ ഉദ്ദേ​ശ്യം ഉണ്ടാ​യി​രി​ക്കാ​മെ​ന്നു പറ​യാ​നേ നി​വൃ​ത്തി​യു​ള്ളൂ. നി​ങ്ങൾ ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ടോ, സ്ത്രീ​കൾ മാ​ത്ര​മു​ള്ള സ്ഥ​ല​ങ്ങ​ളിൽ അവ​രു​ടെ അല​ങ്കാ​ര​നി​ഷ്ക്കർഷ കൂ​ടു​ക​യാ​ണു്, കു​റ​യു​ക​യ​ല്ല പതി​വു്. കാ​ഴ്ച​ക്കാ​രി​യു​ടെ കണ്ണു കലു​ഷ​മാ​വു​ക​യും കരൾ പു​ക​യു​ക​യും ചെ​യ്യി​ക്കാൻ​ക​ഴി​ഞ്ഞാൽ സ്വ​പ്ര​വൃ​ത്തി സഫ​ല​മാ​യെ​ന്ന കൃ​താർ​ത്ഥ​ത​യാ​ണു് ആ വേ​ഷ​ഭൂ​ഷ​കൾ​ക്കു​പി​ന്നിൽ…

(‘പു​രു​ഷ​ന്മാ​രി​ല്ലാ​ത്ത ലോകം’, 1958)

kimages/Kulasthree_Chapter_seven_pic08.png

എന്നാൽ ആദ്യ​കാ​ല​സ്ത്രീ​വാ​ദി​ക​ളിൽ പലരും സ്ത്രീ​ക​ളു​ടെ വസ്ത്രാ​ല​ങ്കാ​ര​ത്തെ വെറും പാ​ഴ്‌​വേ​ല​യാ​യും സ്ത്രീ​യു​ടെ മനഃ​പ​രി​ഷ്ക്കാ​ര​ത്തി​നു് വി​രോ​ധ​മായ പ്ര​വൃ​ത്തി​യാ​യും പു​ച്ഛി​ച്ചു​ത​ള്ളി​യ​പ്പോൾ സര​സ്വ​തി​യ​മ്മ അതിൽ ക്രി​യാ​ത്മ​ക​മായ സാ​ദ്ധ്യ​ത​കൂ​ടി കണ്ടു​വെ​ന്ന​കാ​ര്യം പ്ര​ത്യേ​കം എടു​ത്തു​പ​റ​യേ​ണ്ട​താ​ണു്. നി​ല​വി​ലു​ള്ള വസ്ത്രാ​ല​ങ്കാ​ര​രീ​തി​കൾ പലതും സ്ത്രീ​യു​ടെ ആത്മാ​ഭി​മാ​ന​ത്തെ നി​ന്ദി​ക്കും​വി​ധ​ത്തി​ലു​ള്ള​വ​യാ​ണെ​ന്നു് സര​സ്വ​തി​യ​മ്മ സമ്മ​തി​ച്ചെ​ങ്കി​ലും, അങ്ങ​നെ​യ​ല്ലാ​ത്ത വസ്ത്രാ​ല​ങ്കാ​രം സ്ത്രീ​കൾ​ക്കു സാ​ധി​ക്കു​മെ​ന്ന സൂചന അവർ ചില കഥ​ക​ളി​ലൂ​ടെ നൽ​കു​ന്നു​ണ്ടു്. സ്ത്രീ​കൾ​ക്കു് സ്വ​ന്തം ശരീ​ര​ത്തെ​ക്കു​റി​ച്ചു് ആന​ന്ദി​ക്കാ​നും അഭി​മാ​നി​ക്കാ​നു​മു​ള്ള ഒരു മാർ​ഗ്ഗ​മാ​യി വസ്ത്ര​ധാ​ര​ണ​ത്തെ മാ​റ്റാൻ കഴിയും-​സ്വന്തം അഭി​രു​ചി​ക്കും സൗ​ന്ദ​ര്യ​ബോ​ധ​ത്തി​നു​മ​സ​രി​ച്ചു​ള്ള ഒരു പുതിയ വസ്ത്രാ​ല​ങ്കാ​രം അവർ​ക്കു​ണ്ടാ​ക്കാൻ കഴിയും-​ഇതാണു് ‘ഒരു​ക്ക​ത്തി​ന്റെ ഒടു​വിൽ’ (1946) എന്ന കഥ​യു​ടെ ഒരു സന്ദേ​ശം. ഈ വസ്ത്രാ​ല​ങ്കാ​രം, ഒരു​പ​ക്ഷേ, പു​രു​ഷ​ന്മാർ​ക്കു് പി​ടി​ക്കി​ല്ലാ​യി​രി​ക്കു​മെ​ന്നും സൗ​ന്ദ​ര്യം​മാ​ത്ര​മ​ല്ല, സൗ​ക​ര്യം​കൂ​ടി പരി​ഗ​ണി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും ഈ പു​തി​യ​രീ​തി രൂ​പ​പ്പെ​ടു​ന്ന​തെ​ന്നും അവർ സൂ​ചി​പ്പി​ക്കു​ന്നു. ‘ഒരു​ക്ക​ത്തി​ന്റെ ഒടു​വിൽ’ എന്ന കഥ​യി​ലെ വാ​സ​ന്തി എന്ന യുവതി പു​രു​ഷ​ന്മാ​രെ ആകർ​ഷി​ക്കാൻ ശ്ര​മി​ക്കാ​ത്ത​വ​ളാ​ണു്. എങ്കി​ലും ഒരു​ക്ക​ത്തിൽ അവൾ​ക്കു താൽപര്യമുണ്ടു്-​സ്വന്തമായ സൗ​ന്ദ​ര്യ​ബോ​ധ​മു​ണ്ടു്. ‘നി​ത്യ​ക​ന്യക’ യ്ക്കു് ഒരു​ക്കം​കൊ​ണ്ടെ​ന്തു പ്ര​യോ​ജ​നം എന്നു ചോ​ദി​ച്ചു കളി​യാ​ക്കു​ന്ന കൂ​ട്ടു​കാ​രി​യോ​ടു് അവർ പറ​യു​ന്നു: ‘പരാ​ഗ​സം​ക്ര​മ​ണം​കൊ​ണ്ടു് ഫല​മു​ണ്ടാ​കാ​ത്ത ചെ​ടി​കൾ​ക്കും പ്ര​കൃ​തി ഭം​ഗി​യു​ള്ള പൂ​ക്കൾ കൊ​ടു​ക്കു​ന്ന​തെ​ന്തി​ന്? എന്താ​യാ​ലും… എന്റെ ചില കൂ​ട്ടു​കാ​രി​ക​ളെ​പ്പോ​ലെ കു​മ്മാ​യ​വി​ല്പ​ന​യു​ള്ള വീ​ട്ടി​ലാ​ണു് താ​മ​സ​മെ​ന്നു് എന്റെ മു​ഖം​ക​ണ്ടാ​രും വി​ചാ​രി​ക്കാൻ ഞാ​നി​ട​യാ​ക്കാ​റി​ല്ല.’

വസ്ത്ര​ധാ​ര​ണ​ത്തി​ലെ ഇര​ട്ട​സ​ദാ​ചാ​രം

1940-​കൾക്കുശേഷം കേ​ര​ള​ത്തി​ലേ​ക്കു് മറ്റു പ്ര​ദേ​ശ​ങ്ങ​ളിൽ​നി​ന്നു​ള്ള വസ്ത്ര​ധാ​ര​ണ​രീ​തി​കൾ എത്താൻ​തു​ട​ങ്ങി. ധാ​വ​ണി​യും പാ​വാ​ട​യും വട​ക്കേ​യി​ന്ത്യൻ സ്റ്റൈ​ലി​ലു​ള്ള സാരി-​ബ്ലൗസ് മു​ത​ലാ​യ​വ​യ്ക്കും പ്ര​ചാ​രം വർ​ദ്ധി​ച്ചു. കേ​ര​ള​ത്തി​നു പു​റ​ത്തു​പോ​യി പഠി​ച്ച സ്ത്രീ​ക​ളാ​ണു് പല​പ്പോ​ഴും ഇവ​യ്ക്കു പ്ര​ചാ​രം​നൽ​കി​യ​തു്. വസ്ത്ര​ങ്ങ​ളി​ലും അടി​വ​സ്ത്ര​ങ്ങ​ളി​ലു​മു​ണ്ടായ മാ​റ്റം വസ്ത്ര​ധാ​ര​ണ​ത്തി​നെ ചെ​ല​വേ​റിയ ഏർ​പ്പാ​ടാ​ക്കി​മാ​റ്റി. സ്ത്രീ​ക​ളു​ടെ മാ​ത്ര​മ​ല്ല, പു​രു​ഷ​ന്മാ​രു​ടെ​യും വസ്ത്രാ​ഭി​രു​ചി​ക​ളിൽ വൻ​മാ​റ്റ​മാ​ണു് ഈ കാ​ല​യ​ള​വി​ലു​ണ്ടാ​യ​തു്. പക്ഷേ, സ്ത്രീ​ശ​രീ​ര​ത്തി​ന്റെ അല​ങ്ക​ര​ണ​വും പ്ര​ദർ​ശ​ന​വും ‘കൂ​ടു​തൽ പാപകര’മാ​ണെ​ന്ന ഇരട്ട സദാ​ചാ​ര​വാ​ദം കൂ​ടു​തൽ ശക്ത​മാ​യ​തേ​യു​ള്ളൂ. ഉദാ​ഹ​ര​ണ​ത്തി​നു് 1950-കളിൽ കൊ​ല്ലം നഗ​ര​ത്തി​ലെ കോ​ളേ​ജു​കു​മാ​രീ​കു​മാ​ര​ന്മാർ പൊ​തു​വെ ‘വേ​ഷം​കെ​ട്ടി’നട​ന്നു സമ​യ​വും പണവും നശി​പ്പി​ക്കു​ന്ന​വ​രാ​ണെ​ന്നു് പരാ​തി​പ്പെ​ട്ട ഈ ലേഖനം നോക്കുക-​ആണിനേയും പെ​ണ്ണി​നേ​യും കു​റ്റ​പ്പെ​ടു​ത്തു​ന്നു​വെ​ങ്കി​ലും പെ​ണ്ണി​ന്റെ ‘വേ​ഷം​കെ​ട്ടൽ’ കൂ​ടു​തൽ അപ​ക​ട​മാ​ണെ​ന്നാ​യി​രു​ന്നു ലേ​ഖി​ക​യു​ടെ അഭി​പ്രാ​യം:

വർ​ഷം​തോ​റും നമ്മു​ടെ കോ​ളേ​ജു​ക​ളിൽ​നി​ന്നും ആയി​ര​ക്ക​ണ​ക്കി​നു ബി​രു​ദ​ധാ​രി​കൾ പു​റ​ത്തു​വ​രു​ന്നു​ണ്ട​ല്ലോ. തെ​റ്റു​കൂ​ടാ​തെ ഇം​ഗ്ലീ​ഷിൽ ഒരാ​പ്ലി​ക്കേ​ഷൻ തയ്യാ​റാ​ക്കാൻ കഴി​വു​ള്ള​വർ എത്ര​പേർ ഉണ്ടാ​യി​രി​ക്കും. (കോ​ളേ​ജിൽ പ്ര​വേ​ശി​ച്ചാൽ) അതു​വ​രെ കരി​ക്ക​ട്ട​പൊ​ടി​ച്ചു പല്ലു​തേ​ച്ച ചെ​റു​ക്ക​നു് toothpaste-​ഉം ബ്ര​ഷും വേണം. അല​ക്കി​ത്തേ​ച്ച ഡ്ര​സ്സ് ദി​വ​സം​തോ​റും മാറണം… (കോ​ളേ​ജു​കു​മാ​രി​മാർ​ക്കാ​ണെ​ങ്കിൽ…) ‘റവു​ക്ക’യൊ​ന്നു​മ​ല്ല. അതാ​ണു് ചോളി. എന്തി​ന​മ്പ​ര​ക്കു​ന്നു. പൊ​തി​ഞ്ഞു​വ​യ്ക്ക​പ്പെ​ടേ​ണ്ട അവ​യ​വ​ങ്ങൾ അല്പാ​ല്പ​മാ​യി കാ​ഴ്ച​ക്കാ​രെ ഒളി​ഞ്ഞു​നോ​ക്കേ​ണ്ട ആവ​ശ്യ​വും അവ​രു​ടെ ‘ഫാഷനി’ൽ ഉൾ​പ്പെ​ട്ട​താ​ണു്.

(കു​ഞ്ഞു​കു​ട്ടി, കേ​ര​ള​പു​രം, ‘സം​സ്ക്കാ​ര​ത്തി​ന്റെ പോ​ക്കു്’, കൗ​മു​ദി ആഴ്ച​പ്പ​തി​പ്പു് 5(49), 1955)

അതാ​യ​തു്, 1950-​കളായപ്പോഴേക്കും കേ​ര​ള​ത്തിൽ നല്ലൊ​രു​വി​ഭാ​ഗം സ്ത്രീ​ക​ളും മാ​റു​മ​റ​ച്ചു​ക​ഴി​ഞ്ഞു​വെ​ങ്കി​ലും സ്ത്രീ​ശ​രീ​ര​ത്തി​നു​മേ​ലു​ള്ള ‘യു​ദ്ധം’ തു​ടർ​ന്നു​വെ​ന്നു് സാരം. മാ​റു​മ​റ​ച്ചാ​ലും അതു ‘സഭ്യ​മായ’ രീ​തി​യി​ലാ​ണ​ല്ലോ മറ​ച്ചി​ട്ടു​ള്ള​തു് എന്ന അന്വേ​ഷ​ണം വീ​ണ്ടും തു​ടർ​ന്നു! ‘സഭ്യ’മായി അം​ഗീ​ക​രി​ക്ക​പ്പെ​ടാ​ത്ത രീ​തി​യിൽ മാ​റു​മ​റ​ച്ച സ്ത്രീ​യെ നി​ല​യ്ക്കു​നിർ​ത്താ​നു​ള്ള ശി​ക്ഷാ​ന​ട​പ​ടി​കൾ​ക്കാ​യി പ്രാ​ധാ​ന്യ​മെ​ന്നു​മാ​ത്രം! കേ​ര​ള​ത്തി​ലെ സ്ത്രീ​കൾ സ്വ​ന്തം ശരീ​ര​ത്തെ​ക്കു​റി​ച്ചു് എപ്പോ​ഴും ബോ​ധ​വ​തി​ക​ളാ​കാൻ നിർ​ബ​ന്ധി​ത​ക​ളാ​യി​രി​ക്കു​ന്ന​തു് ഇതിനാലാണു്-​സമൂഹത്തിന്റെ സദാ​ചാ​ര​ക്ക​ണ്ണു​കൾ അവരെ സദാ പി​ന്തു​ട​രു​ന്ന​തു​കൊ​ണ്ടു്. ഇന്നാ​ണെ​ങ്കിൽ കൂ​ടു​തൽ സൗ​ക​ര്യ​പ്ര​ദ​മായ വസ്ത്രം​ധ​രി​ക്കാൻ സ്ത്രീ​കൾ തയ്യാ​റാ​ണു്. ആ വഴി എളു​പ്പ​മ​ല്ല. കേ​ര​ള​ത്തി​ന്റെ വി​യർ​പ്പി​ലും ചൂ​ടി​ലും കയ്യി​ല്ലാ​ത്ത വസ്ത്രം ധരി​ക്കു​ന്ന​താ​ണു് ആരോ​ഗ്യ​ക​ര​മെ​ങ്കി​ലും അതി​നു​ള്ള സാ​ഹ​ച​ര്യം ഇവിടെ പല​യി​ട​ത്തു​മി​ല്ല! ശരീരം മറ​ച്ചു​വ​ച്ച​തു​കൊ​ണ്ടു് കേ​ര​ള​ത്തി​ലെ സ്ത്രീ​കൾ സു​ര​ക്ഷി​ത​രാ​ണോ? ആണെ​ന്നു് യാ​തൊ​രു തെ​ളി​വു​മി​ല്ല. സ്ത്രീ​കൾ​ക്കെ​തി​രെ​യു​ള്ള അതി​ക്ര​മ​ങ്ങൾ കേ​ര​ള​ത്തിൽ ധാ​രാ​ള​മു​ണ്ടാ​കു​ന്നു​വെ​ന്നും അവ​യു​ടെ തോതു് ഉയർ​ന്നി​രി​ക്കു​ന്നു​വെ​ന്നു​മാ​ണു് സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​കൾ പറ​യു​ന്ന​തു്.

ശരീ​രം​മു​ഴു​വ​നും മൂ​ടു​ന്ന​തു് മത​ത്തോ​ടു​ള്ള ആഭി​മു​ഖ്യം വി​ളി​ച്ച​റി​യി​ക്കു​ന്ന​തു​മായ വസ്ത്രം (ബുർഖ) ധരി​ക്കു​ന്ന​തി​ലൂ​ടെ പൊ​തു​വി​ട​ങ്ങ​ളിൽ കൂ​ടു​തൽ സ്വ​ത​ന്ത്ര​രാ​കാൻ കഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നു് പല മു​സ്ലിം​സ്ത്രീ​ക​ളും പറ​ഞ്ഞു​കേൾ​ക്കാ​റു​ണ്ടു്. വാ​സ്ത​വ​ത്തിൽ കേ​ര​ള​ത്തി​ലെ ഹൈ​ന്ദ​വ​ജാ​തി​ക​ളിൽ​പ്പെ​ട്ട സ്ത്രീ​കൾ ഒരു നൂ​റ്റാ​ണ്ടു​മു​മ്പു് ഈ അനു​ഭ​വ​ത്തി​ലൂ​ടെ കട​ന്നു​പോ​യ​വ​രാ​ണു്. ശരീ​ര​ത്തെ ‘മെ​രു​ക്കി’ ‘ഒതു​ക്കി’ നിർ​ത്തു​ന്ന​തി​ലൂ​ടെ​യാ​ണു് സ്ത്രീ​കൾ​ക്കു് മാ​ന്യ​ത​യും പൊ​തു​വ്യ​ക്തി​ത്വ​വും (ഒര​ള​വു​വ​രെ​യെ​ങ്കി​ലും) ഉണ്ടാ​വുക എന്ന വി​ശ്വാ​സം ബുർ​ഖ​യി​ലൂ​ടെ​യാ​ണു് ഇവിടെ വന്ന​തെ​ന്നു് കരു​തു​ന്ന​തു് തെ​റ്റാ​ണു്. മു​സ്ലിം​സ്ത്രീ​കൾ പുതിയ സാ​ഹ​ച​ര്യ​ങ്ങ​ളിൽ ഈ വി​ശ്വാ​സ​ത്തെ അഭി​മു​ഖീ​ക​രി​ക്കു​ന്നു​വെ​ന്നു​മാ​ത്രം. പല സ്ത്രീ​ക​ളും ഒരു​പ​രി​ധി​വ​രെ​യെ​ങ്കി​ലും ഇതി​ലൂ​ടെ ‘മാ​ന്യത’നേ​ടു​ന്നു​മു​ണ്ടു്. പക്ഷേ, സ്ത്രീ​ശ​രീ​ര​ത്തെ ‘കാ​മ​മു​ണർ​ത്തു​ന്ന വസ്തു’വായി ചു​രു​ക്കി​ക്ക​ള​യു​ന്ന, അപ​മാ​നി​ക്കു​ന്ന വി​ശ്വാ​സ​മാ​ണി​തു്. ഈ വി​ശ്വാ​സ​ത്തിൽ പതി​യി​രി​ക്കു​ന്ന അപകടം കെ. സര​സ്വ​തി​യ​മ്മ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. ‘കാ​മ​മു​ണർ​ത്തു​ന്ന വസ്തു’വെ​ന്നു പറ​ഞ്ഞു് സ്ത്രീ​ശ​രീ​ര​ത്തെ പു​ച്ഛി​ക്കു​മ്പോൾ സ്വ​ന്തം ശരീ​ര​ത്തിൽ ആന​ന്ദം കണ്ടെ​ത്താ​നു​ള്ള സ്ത്രീ​യു​ടെ അവ​കാ​ശം ഹനി​ക്ക​പ്പെ​ടു​ന്നു​വെ​ന്നു് അവർ കണ്ടു. ഒന്നു​കിൽ ശരീ​ര​ത്തെ മൂ​ടി​പ്പൊ​തി​ഞ്ഞു് ‘പാപകര’മായ വസ്തു​വെ​ന്നു വി​ളി​ച്ചു് അപ​മാ​നി​ക്കുക, അല്ലെ​ങ്കിൽ ആണി​ന്റെ സന്തോ​ഷ​ത്തി​നാ​യി ഒരു​ക്കി​ക്കെ​ട്ടി പ്രദർശിപ്പിക്കുക-​ഈ രണ്ട​റ്റ​ങ്ങ​ളി​ലൂ​ടെ​യ​ല്ലാ​തെ ഒരു മദ്ധ്യ​മാർ​ഗ്ഗം സ്ത്രീ​കൾ​ക്കു് സ്വ​യം​സൃ​ഷ്ടി​ച്ചു​കൂ​ടേ എന്ന അവ​രു​ടെ ചോ​ദ്യം ഇന്നും പ്ര​സ​ക്ത​മാ​ണു്.

മു​സ്ലിം​സ്ത്രീ​ക​ളു​ടെ വസ്ത്ര​ധാ​ര​ണ​ചർ​ച്ച​കൾ

വസ്ത്ര​ധാ​ര​ണ​ത്തെ​ക്കു​റി​ച്ചു് ഇരു​പ​താം​നൂ​റ്റാ​ണ്ടി​ന്റെ ആദ്യ​പ​കു​തി​യിൽ പൊ​തു​രം​ഗ​ത്തെ​ത്തിയ മു​സ്ലിം​വ​നി​ത​കൾ ചർ​ച്ച​ചെ​യ്തി​രു​ന്നു​വെ​ന്ന വിവരം എത്ര​പേർ​ക്ക​റി​യാം? കേ​ര​ള​ത്തിൽ “മു​സ്ലിം​ന​വോ​ത്ഥാന’ത്തി​നു് ഒരു സ്ത്രീ​പ​ക്ഷ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നു​ത​ന്നെ നാം ഓർ​ക്കാ​റി​ല്ല. 1930-കൾ മുതൽ 1960-​കൾവരെ മല​യാ​ള​ത്തി​ലെ മു​സ്ലിം​മാ​സി​ക​ക​ളിൽ ഈ തലമുറ ലേ​ഖ​ന​ങ്ങ​ളി​ലൂ​ടെ പല ചർ​ച്ച​കൾ​ക്കും തു​ട​ക്ക​മി​ട്ടു. അൻ​സാ​രി, അൽ​മ​നാർ, മു​സ്ലിം റി​വ്യു എന്നീ മാ​സി​ക​ക​ളി​ലും 1930-കളിൽ മു​സ്ലിം​വ​നിത, മു​സ്ലിം​മി​ത്രം മു​ത​ലായ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും ഇവ​രു​ടെ സജീ​വ​സാ​ന്നി​ദ്ധ്യ​മു​ണ്ടാ​യി​രു​ന്നു. നിസ ഉൽ ഇസ്ലാം എന്ന അറബി-​മലയാള പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ലും ഇവർ എഴു​തി​യി​രു​ന്നു. എം. ഹലീ​മാ​ബീ​വി, ബി. എസ്. സൈദ, തങ്ക​മ്മ മാ​ലി​ക്, ഫാ​ത്തി​മ​ക്കു​ട്ടി, മദ​നി​യ്യ മു​ത​ലായ എഴു​ത്തു​കാ​രി​കൾ ഇസ്ലാ​മിൽ സ്ത്രീ​കൾ​ക്കു ചേർ​ന്ന വസ്ത്ര​ത്തെ​ക്കു​റി​ച്ചു് തു​റ​ന്ന ചർച്ച നട​ത്തി​യി​രു​ന്നു. പർ​ദ്ദാ​സ​മ്പ്ര​ദാ​യ​ത്തെ തള്ളി​ക്ക​ള​യാ​തെ, എന്നാൽ ‘മൂ​ടി​ക്കെ​ട്ടു’ന്ന​തി​നെ എതിർ​ത്തു​കൊ​ണ്ടു് മി​സ്സി​സ് സൈനബ എഴുതി:

സാ​മൂ​ഹ്യ​ജീ​വി​ത​ത്തിൽ മു​സ്ലിം​സ്ത്രീ​കൾ പാ​ലി​ക്കേ​ണ്ട മര്യാ​ദ​ക​ളെ​ക്കു​റി​ച്ചാ​ണു് ഞാൻ പർ​ദ്ദാ​സ​മ്പ്ര​ദാ​യ​മെ​ന്നു പറ​യു​ന്ന​തു്. അതിൽ വസ്ത്ര​ധാ​ര​ണ​ത്തി​നും ഒരു പങ്കു​ണ്ടെ​ന്നു​മാ​ത്രം. ഞാ​നി​തു് ആദ്യ​മേ​പ​റ​യു​ന്ന​തു് മറ്റൊ​ന്നും​കൊ​ണ്ട​ല്ല. പർദ്ദ എന്ന പദം കേൾ​ക്കു​മ്പോ​ഴേ​ക്കും വി​റ​ളി​യെ​ടു​ക്കു​ന്ന ബു​ദ്ധി​ജീ​വി​ക​ളു​ണ്ടു്… ഇന്നു് പർ​ദ്ദ​യു​ടെ പേരിൽ ചില മു​സ്ലി​ങ്ങ​ളു​ടെ ഇട​യിൽ​ക്കാ​ണു​ന്ന ചില ആചാ​ര​ങ്ങ​ളെ​യാ​ണു് അവർ വി​മർ​ശി​ക്കു​ന്ന​തു്. സ്ത്രീ​പു​രു​ഷ​ന്മാർ തമ്മിൽ കാ​ണു​ന്ന​തോ സം​സാ​രി​ക്കു​ന്ന​തോ പര​സ്പ​രം കൊ​ള്ള​ക്കൊ​ടു​ക്ക​ലു​കൾ നട​ത്തു​ന്ന​തോ പഠി​ക്കു​ന്ന​തോ പഠി​പ്പി​ക്കു​ന്ന​തോ ഇസ്ലാം തട​യു​ന്നി​ല്ല. പക്ഷേ, സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും തമ്മിൽ ബന്ധ​പ്പെ​ടു​മ്പോൾ ഇരു​കൂ​ട്ട​രും പാ​ലി​ക്കേ​ണ്ട ചില മര്യാ​ദ​കൾ ഇസ്ലാം നിർ​ദ്ദേ​ശി​ക്കു​ന്നു​ണ്ടു്. അവ​യ്ക്കാ​ണു് ഇസ്ലാ​മിൽ പർ​ദ്ദാ​സ​മ്പ്ര​ദാ​യ​മെ​ന്നു പറ​യു​ന്ന​തു്.

(മി​സ്സി​സ് സൈനബ, ‘മു​സ്ലിം​സ്ത്രീ​ക​ളും പർ​ദ്ദ​യും’, അൻ​സാ​രി, 5(8), 1961; ഷംഷദ് ഹുസൈൻ, ന്യൂ​ന​പ​ക്ഷ​ത്തി​നും ലിം​ഗ​പ​ദ​വി​ക്കു​മി​ട​യിൽ, തി​രു​വ​ന​ന്ത​പു​രം, 2009, പുറം 59.)

kimages/Kulasthree_Chapter_seven_pic09.png
കൂ​ടു​തൽ ആലോ​ച​ന​യ്ക്ക്

ചരി​ത്ര​പ​ഠ​ന​ത്തിൽ ഏറ്റ​വും പ്ര​ധാ​നം രാ​ഷ്ട്ര​ത്തി​ന്റെ, രാ​ഷ്ട്രീ​യ​ത്തി​ന്റെ ചരി​ത്ര​മാ​ണെ​ന്നാ​ണു് ‘നി​ഷ്പ​ക്ഷ​ച​രി​ത്രം’ നമ്മെ പഠി​പ്പി​ക്കു​ന്ന​തു്. മാർ​ക്സി​സ്റ്റ് ചരി​ത്ര​മാ​ക​ട്ടെ, സാ​മൂ​ഹ്യ​സം​ഘർ​ഷ​ങ്ങ​ളിൽ സർ​വ്വ​പ്ര​ധാ​നം സാ​മ്പ​ത്തി​ക​വർ​ഗ്ഗ​ങ്ങൾ തമ്മി​ലു​ള്ള സം​ഘർ​ഷ​മാ​ണെ​ന്നു് അവ​കാ​ശ​പ്പെ​ടു​ന്നു.

എന്നാൽ രാ​ഷ്ട്രീ​യ​ത്തെ​യും സാ​മൂ​ഹ്യ​സം​ഘർ​ഷ​ത്തെ​യും​കു​റി​ച്ചു​ള്ള ഈ പ്ര​ബ​ല​ധാ​ര​ണ​ക​ളിൽ ഒതു​ങ്ങാ​ത്ത ഒരു ‘യുദ്ധ’ത്തെ​ക്കു​റി​ച്ചാ​ണു് ഈ അദ്ധ്യാ​യ​ത്തിൽ പറ​ഞ്ഞ​തു്. ഇവി​ട​ത്തെ ‘രാ​ഷ്ട്രീയ’ത്തിൽ പല കക്ഷികളുണ്ടു്-​സംസ്ക്കാരങ്ങൾ തമ്മി​ലു​ള്ള സം​ഘർ​ഷം, വർ​ഗ്ഗ​ങ്ങൾ തമ്മി​ലു​ള്ള സം​ഘർ​ഷം, ജാ​തി​കൾ തമ്മി​ലു​ള്ള സംഘർഷം-​ഇവയെല്ലാം ചേർ​ന്നാ​ണു് ഇവിടെ വി​വ​രി​ച്ച ‘യുദ്ധ’ത്തി​നു കള​മൊ​രു​ക്കി​യ​തു്. സ്ത്രീ​ശ​രീ​ര​ത്തെ പുതിയ പു​രു​ഷാ​ധി​കാ​ര​ത്തി​ന്റെ വരു​തി​യാ​ലാ​ക്കുക; അതി​നു​വേ​ണ്ടി പര​മ്പ​രാ​ഗത അധി​കാ​ര​ത്തിൽ (പഴയ ജാ​തി​യു​ടെ, പഴയ കു​ടും​ബ​ത്തി​ന്റെ) നി​ന്നു് അതിനെ മോ​ചി​പ്പി​ക്കുക, എന്നി​ട്ടു് പുതിയ രീ​തി​കൾ​ക്ക​നു​സ​രി​ച്ചു് പാകപ്പെടുത്തിയെടുക്കുക-​ഇതായിരുന്നു ‘യുദ്ധ’ത്തി​ന്റെ ആത്യ​ന്തി​ക​ല​ക്ഷ്യം. എന്നാൽ സ്ത്രീ​ശ​രീ​രം പി​ന്നെ​യും​പി​ന്നെ​യും വഴുതിമാറിക്കൊണ്ടിരുന്നു-​സ്ത്രീകളുടെ ‘ഒരു​ക്ക’ത്തെ​ക്കു​റി​ച്ചു​ള്ള ഭയവും പരാ​തി​യും ഇതു​കൊ​ണ്ടാ​ണു് ഇന്നും ആവർ​ത്തി​ക്കു​ന്ന​തു്. നി​ഷ്പ​ക്ഷ​ച​രി​ത്ര​ത്തിൽ​നി​ന്നു് നാം ബഹു​ദൂ​രം സഞ്ച​രി​ച്ചി​രി​ക്കു​ന്നു​വെ​ന്നും വ്യ​ക്ത​മാ​ണു്. ‘രാ​ഷ്ട്രീ​യം’, ‘സം​ഘർ​ഷം’ എന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വ്യ​വ​സ്ഥാ​പി​ത​ധാ​ര​ണ​ക​ളെ സ്ത്രീ​ച​രി​ത്രം തി​രു​ത്തി​യെ​ഴു​തി​ക്ക​ഴി​ഞ്ഞു​വെ​ന്നു് വ്യ​ക്ത​മ​ല്ലേ?

കേ​ര​ള​ത്തി​ന്റെ ചരി​ത്ര​കാ​രി​കൾ പ്ര​വീ​ണാ കോ​ടോ​ത്ത്

(പ്ര​വീ​ണാ കോ​ടോ​ത്തു് തി​രു​വ​ന​ന്ത​പു​ര​ത്തെ സെ​ന്റർ ഫോർ ഡവ​ല​പ്മെ​ന്റ് സ്റ്റ​ഡീ​സിൽ ഗവേ​ഷ​ക​യും അദ്ധ്യാ​പി​ക​യു​മാ​ണു്.)

ലിം​ഗ​ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഗവേ​ഷ​ണ​വും അദ്ധ്യാ​പ​ന​വും നട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഞാൻ ഇവി​ടെ​യെ​ത്തി​യ​തു് നീ​ണ്ടു​നി​വർ​ന്നു​കി​ട​ന്ന ഒരു വഴി​യി​ലൂ​ടെ​യ​ല്ല. മദ്രാ​സ് ക്രി​സ്ത്യൻ കോ​ള​ജിൽ​നി​ന്നും കൊ​മേ​ഴ്സിൽ ബി​രു​ദം നേ​ടി​ക്ക​ഴി​ഞ്ഞ​പ്പോൾ ഒരു​കാ​ര്യം എനി​ക്കു വ്യ​ക്ത​മാ​യും അറി​യാ​മാ​യി​രു​ന്നു; എനി​ക്കി​നി കൊ​മേ​ഴ്സ് പഠി​ക്കാൻ കഴി​യി​ല്ലെ​ന്നു്. അങ്ങ​നെ ഞാൻ പത്ര​പ്ര​വർ​ത്ത​ന​ത്തി​ലേ​ക്കു തി​രി​ഞ്ഞു. ഡൽ​ഹി​യിൽ ദ സ്റ്റേ​റ്റ്സ് മാൻ പത്ര​ത്തിൽ സബ് എഡി​റ്റ​റാ​യി ജോ​ലി​നോ​ക്കി. എന്നാൽ പഠ​ന​രം​ഗ​ത്തു​നി​ന്നു പി​ന്മാ​റി​യ​തു് അത്ര സന്തോ​ഷ​ത്തോ​ടെ​യാ​യി​രു​ന്നി​ല്ല; അങ്ങ​നെ ഞാൻ എം. എ. ഇക്ക​ണോ​മി​ക്സി​നു കറ​സ്പോ​ണ്ടൻ​സ്വ​ഴി ചേർ​ന്നു, മദ്രാ​സ് സർ​വ്വ​ക​ലാ​ശാ​ല​യിൽ. അതി​നു​ശേ​ഷം ഹൈ​ദ​രാ​ബാ​ദ് സർ​വ്വ​ക​ലാ​ശാ​ല​യിൽ എം. ഫിൽ പഠി​ച്ചു, ശേഷം അവി​ടെ​ത്ത​ന്നെ പി. എച്ച്. ഡി പഠ​ന​വും ആരം​ഭി​ച്ചു. അഞ്ചു​വർ​ഷ​ക്കാ​ലം നീ​ണ്ടു​നിൽ​ക്കു​ന്ന യു. ജി. സി. ഫെ​ലോ​ഷി​പ്പു് ഉണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടു് താൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു് അന്വേ​ഷി​ക്കാ​നു​ള്ള സാ​വ​കാ​ശ​വും സ്വാ​ത​ന്ത്ര്യ​വും കി​ട്ടി. വ്യ​ക്ത​മായ ചി​ട്ട​യോ​ടു​കൂ​ടിയ പഠ​ന​ത്തി​നും എന്റെ യഥാർ​ത്ഥ​താൽ​പ​ര്യം എവി​ടെ​യാ​ണെ​ന്നു് ആരാ​യാ​നു​മു​ള്ള അവ​സ​ര​മാ​യാ​ണു് ഞാൻ എം. ഫിൽ പഠ​ന​ത്തെ കണ്ട​തു​കൊ​ണ്ടാ​ണു് ഇക്കാ​ര്യം എടു​ത്തു​പ​റ​യു​ന്ന​തു്.

സ്ത്രീ​ക​ളു​ടെ ഭൂ​വു​ട​മ​സ്ഥാ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു് പ്ര​ത്യേ​കി​ച്ചും, ഭൂ​വു​ട​മ​സ്ഥ​ത​യെ​ക്കു​റി​ച്ചു് പൊ​തു​വി​ലും താൽ​പ​ര്യം ജനി​ച്ച​തു് ആന്ധ്ര​പ്ര​ദേ​ശി​ലെ ഒരു ഗ്രാ​മ​ത്തിൽ ഞാൻ നട​ത്തിയ ഗവേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണു്. ‘ഭൂ​വു​ട​മാ​വ​കാശ’ത്തി​ന്റെ സങ്കീർ​ണ്ണ​ത​ക​ളെ​ക്കു​റി​ച്ചു് ബോ​ദ്ധ്യം​വ​ന്ന​തു് അവിടെവച്ചാണു്-​വസ്തുവകകൾ പേ​രി​ലു​ണ്ടെ​ന്നു​വ​ച്ചു് ആ വ്യ​ക്തി​ക്കു് അവ​യു​ടെ അനു​ഭ​വ​മു​ണ്ടാ​യി​ക്കൊ​ള്ള​ണ​മെ​ന്നി​ല്ല; സാ​മൂ​ഹ്യ​കെ​ട്ടു​പാ​ടു​ക​ളിൽ​നി​ന്നു് അവൾ വി​മു​ക്ത​യാ​യി​രി​ക്കു​മെ​ന്നും വി​ചാ​രി​ക്കാൻ കഴി​യി​ല്ല. ഭൂ​വു​ട​മ​ക​ളു​ടെ വി​ധ​വ​ക​ളു​ടെ​പേ​രിൽ വസ്തു​ക്ക​ളു​ണ്ടാ​യി​രി​ക്കു​മെ​ങ്കി​ലും അവ​യു​ടെ നി​യ​ന്ത്ര​ണം ആണ്മ​ക്ക​ളു​ടെ​യോ മറ്റു പു​രു​ഷ​ബ​ന്ധു​ക്ക​ളു​ടെ​യോ കയ്യി​ലാ​യി​രു​ന്നെ​ന്നു് ഞാൻ കണ്ടു. ഇതിൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി, കൂ​ലി​വേ​ല​ക്കാ​രു​ടെ കു​ടും​ബ​ങ്ങ​ളി​ലെ സ്ത്രീ​കൾ​ക്കു് സ്വ​ന്തം അദ്ധ്വാ​ന​ശേ​ഷി​യു​ടെ​മേൽ കൂ​ടു​തൽ നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രു​ന്നു. പന​ങ്ക​ള്ളു ചെ​ത്തി ജീ​വി​ച്ചി​രു​ന്ന കു​ടും​ബ​ങ്ങ​ളി​ലെ സ്ത്രീ​കൾ​ക്കു് പന​യിൽ​ക്ക​യ​റാൻ അറി​യാ​ത്ത​തു​മൂ​ലം ആ കു​ടും​ബ​ങ്ങ​ളു​ടെ സ്വ​ത്തായ പനകളെ വേ​ണ്ട​വി​ധം പ്ര​യോ​ജ​ന​പ്പെ​ടു​ത്താൻ കഴി​ഞ്ഞി​രു​ന്നു​മി​ല്ല.

ഭൂ​മി​യോ​ടും ധന​ത്തോ​ടും സ്ത്രീ​ക​ളു​ടെ ബന്ധം പല ശ്ര​ണി​യി​ലു​ള്ള​വർ​ക്കു് പല​താ​ണെ​ന്ന ഈ തി​രി​ച്ച​റി​വാ​ണു് എന്റെ ശ്ര​ദ്ധ​യെ കേ​ര​ള​ത്തി​ലേ​ക്കു തി​രി​ച്ച​തു്. ഈ പ്ര​ദേ​ശ​ത്തു് മരു​മ​ക്ക​ത്താ​യ​മു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടു് സ്ത്രീ​ക​ളു​ടെ ഭൂ​വു​ട​മ​സ്ഥാ​വ​കാ​ശ​ങ്ങൾ കു​റേ​ക്കൂ​ടി മെ​ച്ച​മാ​യി​രി​ക്കു​മെ​ന്നാ​ണു് ഞാൻ കരു​തി​യ​തു്. എന്താ​ണീ മരു​മ​ക്ക​ത്താ​യ​മെ​ന്നു മന​സ്സി​ലാ​ക്കാൻ ഞാൻ നര​വം​ശ​ശാ​സ്ത്ര​വും ചരി​ത്ര​വും വാ​യി​ച്ചു; പു​രാ​രേ​ഖാ​ശേ​ഖ​ര​ങ്ങ​ളെ അരി​ച്ചു​പെ​റു​ക്കി. എന്താ​യി​രു​ന്നു അതു്? അതെ​ങ്ങ​നെ​യാ​ണി​ല്ലാ​താ​യ​തു്? എന്തു​കൊ​ണ്ടാ​ണു് അതു നശി​പ്പി​ക്ക​പ്പെ​ട്ട​തു്? അതു് പൊ​ളി​ച്ച​ടു​ക്കി​ക്ക​ഴി​ഞ്ഞ​തി​നു​ശേ​ഷ​വും സ്ത്രീ​കൾ​ക്കു് ബാ​ക്കി​യായ അല്ലെ​ങ്കിൽ അതിനു പക​ര​മാ​യി വന്ന ‘അവ​കാ​ശ​ങ്ങ’ളുടെ സ്വ​ഭാ​വ​മെ​ന്തു്? ഇതൊ​ക്കെ​യാ​യി​രു​ന്നു എന്റെ ചോ​ദ്യ​ങ്ങൾ. വി​വാ​ഹം എന്ന സ്ഥാ​പ​ന​ത്തി​ന്റെ പു​നഃ​ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ​യാ​ണു് സ്ത്രീ​കൾ ഒരു പുതിയ ആൺ​കോ​യ്മാ​വ്യ​വ​സ്ഥ​യ്ക്കു​ള്ളി​ലേ​ക്കു് വലി​ച്ച​ടു​പ്പി​ക്ക​പ്പെ​ട്ട​തെ​ന്നും ഈ പ്ര​ക്രി​യ​യെ ‘പു​രോ​ഗ​മ​ന​പ​രം’, ‘വി​മോ​ച​ന​ക​രം’ എന്നു വി​ല​യി​രു​ത്താൻ അധി​നി​വേ​ശ​കാ​ല​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ളിൽ നടന്ന ശ്ര​മ​ങ്ങൾ വി​ജ​യ​ക​ര​മാ​യി​രു​ന്നെ​ന്നും ഞാൻ തി​രി​ച്ച​റി​ഞ്ഞു. പുതിയ സ്വ​ത്തു​ട​മ​സ്ഥ​താ​ബ​ന്ധ​ങ്ങ​ളി​ലേ​ക്കാ​ണു് ഈ ‘വി​മോ​ച​നം’ നയി​ച്ച​തെ​ന്നും സ്വാ​ത​ന്ത്ര്യാ​ന​ന്തര ഇന്ത്യ​യിൽ നട​പ്പായ നി​യ​മ​പ​ര​മായ അവ​കാ​ശ​ങ്ങ​ളു​ടെ മാ​ദ്ധ്യ​സ്ഥം​വ​ഹി​ച്ച​തും ഇതു​ത​ന്നെ​യാ​ണെ​ന്നും എനി​ക്കു കാ​ണാൻ​ക​ഴി​ഞ്ഞു. കഴി​ഞ്ഞ പത്തു​വർ​ഷ​മാ​യി ആധു​നിക കേ​ര​ളീ​യ​വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു് ഞാൻ നട​ത്തി​വ​രു​ന്ന ഗവേ​ഷ​ണം എന്റെ ഈ വി​ശ്വാ​സ​ത്തെ ഉറ​പ്പി​ച്ചി​ട്ടേ​യു​ള്ളു. പു​തി​യ​ത​രം വി​വാ​ഹ​മാ​ണു് കേ​ര​ള​ത്തി​ലെ മാ​ര​ക​മായ ആൺ​കോ​യ്മാ​വ്യ​വ​സ്ഥ​യു​ടെ നാ​രാ​യ​വേ​രു്. ഇക്കാ​ല​യ​ള​വിൽ ഞാൻ നട​ത്തിയ ഗവേ​ഷ​ണ​യാ​ത്ര​ക​ളിൽ പല​പ്പോ​ഴും ചെ​റു​പ്പ​ക്കാ​രി​കൾ അവ​രു​ടെ പ്രാ​യം​ചെ​ന്ന അമ്മ​മാ​രെ​യും മു​ത്ത​ശ്ശി​മാ​രെ​യും ഒന്നി​ല​ധി​കം കല്യാ​ണം​ക​ഴി​ച്ചു​വെ​ന്നും മറ്റും സമ്മ​തി​ച്ച​തി​നു് ശാ​സി​ക്കു​ന്ന​തു​കേ​ട്ടു് ചി​രി​ച്ചി​ട്ടു​ണ്ടു്. ‘ഇതൊ​ക്കെ പഴ​യ​ക​ഥ​യാ​ണു്, ഇപ്പോൾ നമ്മൾ ഇതൊ​ന്നും ചെ​യ്യാ​റി​ല്ല, കേ​ട്ടോ’ എന്നു് അവ​രെ​ന്നെ സമാ​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്യും! എന്തു​കൊ​ണ്ടാ​ണു് മല​യാ​ളി​സ്ത്രീ​കൾ വി​വാ​ഹ​ത്തി​ലി​ങ്ങ​നെ അക​പ്പെ​ട്ടു​പോ​യ​തു്? ഈ കു​ണ്ടാ​മ​ണ്ടി​യിൽ​നി​ന്നും പു​റ​ത്തു​ചാ​ടാ​നെ​ന്തു വഴി? മറ്റു വി​ഷ​യ​ങ്ങ​ളി​ലേ​ക്കു് എന്റെ ഗവേ​ഷ​ണ​താൽ​പ​ര്യം മാ​റി​യെ​ങ്കി​ലും ഈ ചോ​ദ്യ​ങ്ങൾ എന്നെ ഇന്നും അല​ട്ടു​ന്നു.

Colophon

Title: Kulastrīyum Cantappeṇṇum Uṇṭāyatengane? (ml: കു​ല​സ്ത്രീ​യും ചന്ത​പ്പെ​ണ്ണും ഉണ്ടാ​യ​തെ​ങ്ങ​നെ?).

Author(s): J Devika.

First publication details: Center For Development Studies; Trivandrum, India; 2010.

Deafult language: ml, Malayalam.

Keywords: J Devika, Kulasthreeyum Chanthappennum Undaayathengane, ജെ ദേവിക, കു​ല​സ്ത്രീ​യും ചന്ത​പ്പെ​ണ്ണും ഉണ്ടാ​യ​തെ​ങ്ങ​നെ?, Gender studies, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 5, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the author and Sayahna Foundation and must be shared under the same terms.

Cover: The Girl in a Picture Frame, an oil on canvas by Rembrandt (1606–1669). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: ml.wikisource.org; Proofing: KB Sujith; Typesetter: Sayahna Foundation; Artwork by: B Priyaranjan Lal; Graphic files optimized by: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.