SFNസായാഹ്ന ഫൌണ്ടേഷൻ
images/devika-kcu-cover.jpg
The Girl in a Picture Frame, an oil on canvas by Rembrandt (1606–1669).
പുതിയ സാ​ഹി​ത്യം, പുതിയ കല, പുതിയ സ്ത്രീ​ത്വം
kimages/Kulasthree_Chapter_nine_pic01.png

മല​യാ​ള​സാ​ഹി​ത്യ​രം​ഗ​ത്തും കലാ​പ്ര​വർ​ത്ത​ന​ങ്ങ​ളി​ലും സ്ത്രീ​കൾ​ക്കു് ദൃ​ശ്യത കൂ​ടു​ത​ലു​ണ്ടെ​ന്ന​തു് സത്യം​ത​ന്നെ. പ്ര​ത്യേ​കി​ച്ചു്, സമ​കാ​ലീ​ന​സാ​ഹി​ത്യ​രം​ഗ​ത്തു് കഴി​വു​റ്റ നി​ര​വ​ധി എഴു​ത്തു​കാ​രി​കൾ വാ​യ​ന​ക്കാ​രു​ടെ​യും നി​രൂ​പ​ക​രു​ടെ​യും ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി​ക്ക​ഴി​ഞ്ഞു. കേ​ര​ള​ത്തിൽ സ്ത്രീ​പ​ക്ഷ​രാ​ഷ്ട്രീ​യം ശക്ത​മാ​യി ഉന്ന​യി​ക്ക​പ്പെ​ട്ട ഏക ബൗ​ദ്ധി​ക​യി​ടം സാ​ഹി​ത്യ​മാ​ണെ​ന്ന വസ്തു​ത​യോ​ടു ചേർ​ത്തു​വേ​ണം ഇതിനെ കാണാൻ. എഴു​ത്തു​കാ​രി​ക​ളിൽ പലരും ‘പെ​ണ്ണെ​ഴു​ത്തു്’-അഥവാ സ്ത്രീപക്ഷസാഹിത്യരചന-​തങ്ങൾക്കു് ആവ​ശ്യ​മി​ല്ലാ​ത്ത ആശ​യ​മാ​ണെ​ന്നു പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ആ ചർ​ച്ച​യി​ലൂ​ടെ തു​റ​ന്നു​കി​ട്ടിയ ഇട​ത്തെ ഏറ്റ​വും ഫല​പ്ര​ദ​മാ​യ​രീ​തി​യിൽ അവർ ഉപ​യോ​ഗ​പ്പെ​ടു​ത്തി​യെ​ന്ന​താ​ണു് നേരു്. എന്നാൽ ഈ നേ​ട്ടം വള​രെ​ക്കാ​ല​ത്തെ പരി​ശ്ര​മ​ത്തി​നും ചെ​റു​ത്തു​നിൽ​പ്പി​നും​ശേ​ഷം കൈ​വ​ന്ന ഒന്നാ​ണെ​ന്ന വസ്തുത മറ​ക്കാ​നാ​വി​ല്ല.

‘ഉത്ത​മ​സ്ത്രീ​ത്വ’വും കലാ​വാ​സ​ന​യും

ഇന്നു് കേ​ര​ള​ത്തിൽ പേരും പ്ര​ശ​സ്തി​യും​നേ​ടിയ സ്ത്രീ​ക​ളു​ടെ കണ​ക്കെ​ടു​ത്താൽ അതിൽ മുൻ​നി​ര​ക്കാർ സി​നി​മാ​ന​ടി​ക​ളും പാ​ട്ടു​കാ​രി​ക​ളും പി​ന്നെ എഴു​ത്തു​കാ​രി​ക​ളു​മാ​യി​രി​ക്കും. രാ​ഷ്ട്രീ​യ​ത്തി​ലും സാ​മൂ​ഹ്യ​പ്ര​വർ​ത്ത​ന​ങ്ങ​ളി​ലു​മു​ള്ള​വർ ഇവ​രു​ടെ പി​ന്നി​ലാ​യി​രി​ക്കാ​നാ​ണു് സാ​ദ്ധ്യത. സ്ത്രീ​കൾ​ക്കു് പൊ​തു​ദൃ​ശ്യത കു​റെ​യൊ​ക്കെ കി​ട്ടി​യി​രി​ക്കു​ന്ന​തു് കലാ​സാ​ഹി​ത്യ​രം​ഗ​ങ്ങ​ളി​ലാ​ണെ​ന്നു് ഇതിൽ​നി​ന്നു് അനു​മാ​നി​ക്കാം. കല​യു​ടെ​യോ സാ​ഹി​ത്യ​ത്തി​ന്റെ​യോ എല്ലാ മേ​ഖ​ല​ക​ളി​ലും സ്ത്രീ​കൾ ഒരു​പോ​ലെ ഇടം​ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞു​വെ​ന്ന​ല്ല ഇതി​നർ​ത്ഥം. ഉദാ​ഹ​ര​ണ​ത്തി​നു് സി​നി​മാ​രം​ഗ​ത്തു് കഴി​വു​തെ​ളി​യി​ച്ച അഭി​നേ​താ​ക്ക​ളാ​യി നി​ര​വ​ധി​പേ​രു​ണ്ടെ​ങ്കി​ലും സം​വി​ധാ​യി​ക​മാർ വള​രെ​യ​ധി​ക​മി​ല്ല; ചി​ത്ര​ക​ലാ​രം​ഗ​ത്തേ​ക്കു് അടു​ത്ത​കാ​ല​ത്തു് സ്ത്രീ​കൾ കട​ന്നു​വ​രു​ന്നു​ണ്ടെ​ങ്കി​ലും കേ​ര​ളീ​യ​ചി​ത്ര​ക​ല​യു​ടെ ചരി​ത്ര​മെ​ടു​ത്താൽ സ്ത്രീ​ക​ളെ അധി​ക​മൊ​ന്നും കാണാനില്ല-​ടി. കെ പത്മി​നി​യു​ടെ പേ​രു​മാ​ത്ര​മാ​ണു് നാം അധി​ക​വും കേൾ​ക്കാ​റു്. അതു​പോ​ലെ ദൃ​ശ്യ​ത​നേ​ടിയ രം​ഗ​ങ്ങ​ളിൽ​പ്പോ​ലും സ്ത്രീ​കൾ​ക്കു് തു​ല്യ​നി​ല​യു​ണ്ടെ​ന്നു് പറയാൻ വി​ഷ​മ​മാ​ണു്.

സാ​ഹി​ത്യ​പ​രി​ച​യം, കലാ​വാ​സന എന്നി​വ​യെ ആധു​നി​ക​സ്ത്രീ​യു​ടെ അല​ങ്കാ​ര​ങ്ങ​ളാ​യാ​ണു് പത്തൊ​മ്പ​താം​നൂ​റ്റാ​ണ്ടി​ലെ​യും ഇരു​പ​താം​നൂ​റ്റാ​ണ്ടി​ലെ​യും സാ​മൂ​ഹ്യ​പ​രി​ഷ്ക്കർ​ത്താ​ക്കൾ കണ്ട​തു്. എഴു​ത്തും​വാ​യ​ന​യും പരി​ച​യി​ക്കു​ന്ന സ്ത്രീ​കൾ ‘വഴി​പി​ഴ​ച്ചു’പോ​കു​മെ​ന്ന യാ​ഥാ​സ്ഥി​തി​ക​ധാ​ര​ണ​യെ തി​രു​ത്താൻ ഇവർ വളരെ പരി​ശ്ര​മി​ച്ചു. അക്ഷ​രാ​ഭ്യാ​സ​ത്തി​ലൂ​ടെ മനഃ​സം​സ്ക്ക​ര​ണം നട​ക്കു​മെ​ന്നും അതി​ലൂ​ടെ പരി​ഷ്കൃ​ത​മ​ന​സ്ക​രായ പു​രു​ഷ​ന്മാർ​ക്കു് ചേ​രു​ന്ന ഭാ​ര്യ​മാ​രാ​കാൻ സ്ത്രീ​കൾ​ക്കു കഴി​യു​മെ​ന്നും അവർ വാ​ദി​ച്ചു. സു​കു​മാ​ര​ക​ല​ക​ളും വി​ശി​ഷ്ട​സാ​ഹി​ത്യ​വും ആസ്വ​ദി​ക്കാ​നു​ള്ള കഴി​വു് ‘പുതിയ സ്ത്രീ’യെ പര​മ്പ​രാ​ഗ​ത​രീ​തി​ക​ളിൽ കഴി​യു​ന്ന ‘പഴ​യ​സ്ത്രീ’യിൽ​നി​ന്നു് വ്യ​ത്യ​സ്ത​യാ​ക്കു​ന്നു​വെ​ന്നു് അവർ കരുതി.

ചി​ത്ര​ക​ലാ​രം​ഗ​ത്തു് സ്ത്രീ​ക​ളു​ടെ അപൂർ​വ്വത

അജ​യ​കു​മാർ എഴു​തിയ ‘ചി​ത്ര​ക​ല​യും സാ​ഹി​ത്യ​വും: ഇരു​പ​താം​നൂ​റ്റാ​ണ്ടി​ലെ കേ​ര​ളീ​യാ​വ​ലോ​ക​നം’ എന്ന ലേ​ഖ​ന​ത്തിൽ​നി​ന്നു് പ്ര​ശ​സ്തി നേടിയ ചി​ത്ര​കാ​രി​കൾ കേ​ര​ള​ത്തിൽ വി​ര​ള​മാ​യി​രു​ന്നു​വെ​ന്നു വ്യ​ക്ത​മാ​കു​ന്നു (നമ്മു​ടെ സാ​ഹി​ത്യം, നമ്മു​ടെ സമൂഹം 1901-2000, വാള ്യം 2, തൃശൂർ, 2000.) ഇതിൽ എടു​ത്തു​പ​റ​ഞ്ഞി​ട്ടു​ള്ള​തു് ടി. കെ. പത്മി​നി​യെ​ക്കു​റി​ച്ചാ​ണു്. ‘വീ​ടി​ന്റെ​യും നാ​ടി​ന്റെ​യും സ്ത്രീ​യു​ടെ​യും പു​രു​ഷ​ന്റെ​യും കാ​വി​ന്റെ​യും കു​ള​ത്തി​ന്റെ​യും പക്ഷി​യു​ടെ​യും ചെ​ടി​യു​ടെ​യും സ്പ​ന്ദ​ങ്ങൾ ആന്ത​രി​ക​വൽ​ക്ക​രി​ച്ചു​കൊ​ണ്ടു് പത്മി​നി രചി​ച്ച ചി​ത്ര​ങ്ങ​ളിൽ കാ​വ്യാ​ത്മ​കത ഏറെ​യു​ണ്ടു്.’

ആദ്യ​മ​ല​യാ​ള​നോ​വ​ലു​ക​ളിൽ ഈ വാദം നാം പല​പ്പോ​ഴും കാ​ണു​ന്നു​ണ്ടു്. ഇന്ദു​ലേഖ (1889), ലക്ഷ്മീ​കേ​ശ​വം (1892) എന്നീ നോ​വ​ലു​കൾ ഉദാ​ഹ​ര​ണ​ങ്ങ​ളാ​ണു്. ഇവ​യി​ലെ നാ​യി​ക​മാർ ആത്മ​നി​യ​ന്ത്ര​ണ​മു​ള്ള​വ​രും കലാ​വാ​സ​ന​യു​ള്ള​വ​രു​മാ​ണു്. ഈ ഉത്ത​മ​സ്ത്രീ​കൾ​ക്കു് ഒരു സവി​ശേ​ഷ​ത​യു​ണ്ടു്: സ്വ​ന്തം കലാ​വാ​സ​ന​യെ, കഴി​വു​ക​ളെ, പൊ​തു​വേ​ദി​യിൽ കയ്യ​ടി​നേ​ടാ​നോ ഒരു തൊ​ഴി​ലാ​യോ അല്ല അവർ വളർ​ത്തി​യെ​ടു​ക്കു​ന്ന​തു്. കു​ടും​ബാം​ഗ​ങ്ങൾ​ക്കും സു​ഹൃ​ത്തു​ക്കൾ​ക്കും​വേ​ണ്ടി​മാ​ത്ര​മേ ഇവർ സ്വ​ന്തം കഴി​വു​കൾ പ്ര​ക​ടി​പ്പി​ക്കാ​റു​ള്ളൂ. കലാ​പ്ര​ക​ട​നം​ന​ട​ത്തി ജീ​വി​ക്കു​ന്ന സ്ത്രീ​കൾ ‘ചീ​ത്ത​ക​ളാ​ണെ’ന്ന ധാരണ ആധു​നി​ക​വി​ദ്യാ​ഭ്യാ​സം നേ​ടി​യ​വർ​ക്കി​ട​യി​ലും പര​മ്പ​രാ​ഗ​ത​സ​മൂ​ഹ​ത്തി​ലും വ്യാ​പ​ക​മാ​യി​രു​ന്ന​കാ​ല​ത്താ​യി​രു​ന്നു ഈ കൃ​തി​കൾ രചി​ക്ക​പ്പെ​ട്ട​തെ​ന്ന​കാ​ര്യം ഓർ​ക്കേ​ണ്ട​തു​ത​ന്നെ. ഉത്ത​മ​സ്ത്രീ​കൾ വീ​ടി​ന്റെ പരി​മി​തി​കൾ​ക്കു​ള്ളിൽ, കു​ടും​ബ​ത്തി​ന്റെ അതി​രു​കൾ​ക്കു​ള്ളിൽ, തങ്ങ​ളു​ടെ കലാ​വാ​സ​ന​ക​ളെ പോ​ഷി​പ്പി​ക്കു​മെ​ങ്കി​ലും അവർ ‘ആട്ട​ക്കാ​രി​ക​ളാ’കാൻ പു​റ​പ്പെ​ടി​ല്ല എന്ന സന്ദേ​ശ​മാ​ണു് നോ​വ​ലു​കൾ നൽ​കി​യ​തു്. നൃത്തം-​മോഹിനിയാട്ടം-’ചീത്ത’യാൾ​ക്കാ​രു​ടെ വി​നോ​ദ​മാ​ണെ​ന്നു് സ്ഥാ​പി​ക്കാ​നു​ള്ള ശ്രമം മീ​നാ​ക്ഷി (1890) എന്ന നോ​വ​ലി​ന്റെ ഒരു കഥാ​സ​ന്ദർ​ഭ​ത്തിൽ നട​ക്കു​ന്നു​ണ്ടു്. ‘മോ​ഹി​നി​യാ​ട്ടം’ കല​യ​ല്ല, പു​രു​ഷ​ന്മാ​രെ വശീ​ക​രി​ക്കാ​നു​ള്ള വി​ദ്യ​യാ​ണെ​ന്നാ​ണു് വാദം: ‘പെ​ണ്ണു​ങ്ങ​ളെ​ക്കൊ​ണ്ടു​ന​ട​ന്നു ജാ​ത്യാ​ചാ​ര​വി​രു​ദ്ധ​മാ​യി ദ്ര​വ്യം സമ്പാ​ദി​പ്പാൻ മല​യാ​ള​ത്തിൽ നാ​യ​ന്മാ​രായ നാം ഒരു ജാ​തി​ക്കാ​രൊ​ഴി​കെ ആരും ഒരു​ങ്ങി​വ​രു​ന്നി​ല്ല.’ ഈ നോവൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​കാ​ല​ത്തു​മാ​ത്ര​മ​ല്ല, പി​ന്നെ​യും വള​രെ​ക്കാ​ല​ത്തോ​ളം മോ​ഹി​നി​യാ​ട്ടം ‘ഉത്ത​മ​സ്ത്രീ’കൾ​ക്കു് പാടേ നി​ഷി​ദ്ധ​മാ​യി​രു​ന്നു. പി​ന്നീ​ടു്, ആ തട​സ്സം നീ​ങ്ങാൻ​തു​ട​ങ്ങി​യ​പ്പോ​ഴും ഒരു തൊ​ഴി​ലെ​ന്ന​നി​ല​യിൽ കലാ​പ്ര​വർ​ത്ത​നം​ന​ട​ത്തിയ സ്ത്രീ​കൾ​ക്കു് ധാ​രാ​ളം എതിർ​പ്പി​നെ നേ​രി​ടേ​ണ്ടി​വ​ന്നി​രു​ന്നു.

kimages/Kulasthree_Chapter_nine_pic03.png

സാ​ഹി​ത്യ​വാ​സ​ന​യു​ടെ കാ​ര്യ​മെ​ടു​ത്താ​ലോ? സാ​ഹി​ത്യ​വും കലാ​പ്ര​വർ​ത്ത​ന​വും ദൈ​നം​ദി​ന​ജീ​വി​ത​ത്തിൽ​നി​ന്നു് വള​രെ​യൊ​ന്നും അക​ലെ​യ​ല്ലാ​ത്ത കാ​ല​മാ​യി​രു​ന്നു ഇതെ​ന്നു് ഓർ​ക്കേ​ണ്ട​താ​ണു്. വീ​ടു​ക​ളിൽ സ്ത്രീ​കൾ കൈ​കൊ​ട്ടി​ക്ക​ളി​പ്പാ​ട്ടു​കൾ പാ​ടു​ക​യും നിർ​മ്മി​ക്കു​ക​യും ചെ​യ്തി​രു​ന്നു, ഉയർന്ന-​ഇടത്തരം ജാ​തി​ക്കാ​രു​ടെ​യി​ട​യിൽ. കീ​ഴാ​ള​ജാ​തി​ക്കാ​രു​ടെ​യി​ട​യി​ലെ ഗാ​ന​പ്ര​പ​ഞ്ച​ത്തി​ന്റെ സൂ​ക്ഷി​പ്പു​കാർ പല​പ്പോ​ഴും സ്ത്രീ​ക​ളാ​യി​രു​ന്നു. എന്നാൽ വരേ​ണ്യ​സാ​ഹി​ത്യ​ത്തി​ന്റെ മേ​ഖ​ല​ക​ളി​ലും ധാ​രാ​ളം സ്ത്രീകളുണ്ടായിരുന്നു-​ഇവിടത്തെ മേ​ലാ​ള​ജാ​തി​ക​ളി​ലെ സ്ത്രീ​ക​ളിൽ പലരും സം​സ്കൃ​ത​ത്തി​ലും മല​യാ​ള​ത്തി​ലും നല്ല പാ​ണ്ഡി​ത്യ​മു​ള്ള​വ​രാ​യി​രു​ന്നു. അവർ ചമ്പു​ക്ക​ളും കാ​വ്യ​ങ്ങ​ളും​മ​റ്റും രചി​ക്കു​ക​യും പു​രു​ഷ​ന്മാ​രായ കവി​ക​ളുൾ​പ്പെ​ട്ട സദ​സ്സു​ക​ളിൽ ശ്ലോ​ക​ങ്ങൾ അവ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 18-ആം നൂ​റ്റാ​ണ്ടി​ലെ പേ​രു​കേ​ട്ട വി​ദു​ഷി​യാ​യി​രു​ന്ന ‘കോ​ഴി​ക്കോ​ട്ടു് മനോരമ തമ്പു​രാ​ട്ടി’യെ​ക്കു​റി​ച്ചു് സാ​ഹി​ത്യ​ച​രി​ത്ര​പ​ണ്ഡി​തർ എഴു​തി​യി​ട്ടു​ണ്ടു്. കി​ളി​മാ​നൂർ ഉമാ​ദേ​വി തമ്പു​രാ​ട്ടി (1797-1836), അം​ബാ​ദേ​വി തമ്പു​രാ​ട്ടി (1802-1837), കൊ​ച്ചി​യി​ലെ ഇക്കാ​വ​മ്മ തമ്പു​രാൻ (1844-1921), തി​രു​വി​താം​കൂ​റി​ലെ നാ​ഗർ​കോ​വിൽ അമ്മ​ച്ചി (1839-1909) (തി​രു​വി​താം​കൂർ മഹാ​രാ​ജാ​വാ​യി​രു​ന്ന ആയി​ല്യം​തി​രു​നാ​ളി​ന്റെ ഭാ​ര്യ​യാ​യി​രു​ന്നു ഇവർ-’അമ്മ​ച്ചി’ എന്ന​തു് ആ സ്ഥാ​ന​ത്തെ​ക്കു​റി​ക്കു​ന്ന പേ​രാ​യി​രു​ന്നു), കു​ട്ടി​ക്കു​ഞ്ഞു​ത​ങ്ക​ച്ചി മു​ത​ലാ​യ​വർ പത്തൊ​മ്പ​താം​നൂ​റ്റാ​ണ്ടിൽ സാ​ഹി​ത്യ​ര​ചന നട​ത്തി​യി​രു​ന്നു. ഇതു​കൂ​ടാ​തെ മറ്റു പല​രു​ടെ​യും പേ​രു​കൾ ആദ്യ​കാ​ല​സാ​ഹി​ത്യ​ച​രി​ത്ര​ങ്ങ​ളിൽ കാണാനുണ്ടു്-​ഇന്നു് അവരെ നാം അറി​യി​ല്ലെ​ങ്കി​ലും.

പര​മ്പ​രാ​ഗ​ത​സാ​ഹി​ത്യ​രം​ഗ​ത്തു​നി​ന്നു് ആധു​നി​ക​സാ​ഹി​ത്യ​ത്തി​ലേ​ക്കു​ള്ള മാ​റ്റ​ത്തിൽ സ്ത്രീ​ക​ളു​ടെ സാ​ഹി​ത്യ​പ്ര​വർ​ത്ത​നം ഏതു​വി​ധ​മാ​യി​രി​ക്ക​ണ​മെ​ന്ന ചർച്ച 1890-​കളിലേ ആരം​ഭി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു. പത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ന്റെ അവ​സാ​ന​ദ​ശ​ക​ത്തിൽ സു​ഭ​ദ്രാർ​ജ്ജു​നം നാ​ട​ക​ത്തി​ന്റെ രച​യി​താ​വെ​ന്ന​നി​ല​യിൽ പ്ര​ശ​സ്ത​യാ​യി​ത്തീർ​ന്ന തോ​ട്ട​യ്ക്കാ​ട്ടു് ഇക്കാ​വ​മ്മ​യ്ക്കും ഇതേ​കാ​ല​ത്തു് സാ​ഹി​ത്യ​ര​ച​ന​യി​ലേർ​പ്പെ​ട്ടി​രു​ന്ന (ഇതി​നു​മു​മ്പു​ത​ന്നെ സാ​ഹി​ത്യ​പ​രി​ശ്ര​മം ആരം​ഭി​ച്ചി​രു​ന്ന) കു​ട്ടി​ക്കു​ഞ്ഞു​ത​ങ്ക​ച്ചി​യും സാ​ഹി​ത്യ​രം​ഗ​ത്തു് സ്ത്രീ​കൾ​ക്കു് ഇടം കണ്ടെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്ന അഭി​പ്രാ​യ​ക്കാ​രാ​യി​രു​ന്നു. അവ​രു​ടെ അജ്ഞാ​ത​വാ​സം നാ​ട​ക​ത്തി​ന്റെ ആരം​ഭ​ത്തിൽ നടി​യും സൂ​ത്ര​ധാ​ര​നും തമ്മിൽ നട​ക്കു​ന്ന സം​ഭാ​ഷ​ണം ആ വി​ഷ​യ​ത്തെ​ക്കു​റി​ച്ചാ​ണു്. അജ്ഞാ​ത​വാ​സം നാടകം അഭി​ന​യി​ച്ചു് സദ​സ്യ​രെ സന്തോ​ഷി​പ്പി​ക്കാ​മെ​ന്നു് നടി സൂ​ത്ര​ധാ​ര​നോ​ടു പറ​യു​ന്നു. സൂ​ത്ര​ധാ​രൻ ഇതി​നോ​ടു് യോ​ജി​ക്കു​ന്നെ​ങ്കി​ലും ‘അനേകം കവി​ശ്ര​ഷ്ഠ​ന്മാ​രു​ടെ കവ​ന​ങ്ങ​ളി​രി​ക്കെ ഒരു സ്ത്രീ​യു​ടെ കവി​ത​യെ അത്ര ശ്ലാ​ഘ്യ​മാ​യി വി​ചാ​രി​ച്ച​തു് ഭവ​തി​യും ഒരു സ്ത്രീ​യാ​ക​യാ​ലു​ള്ള ജാ​ത്യാ​ഭി​മാ​ന​ത്താ​ല​ല്ല​യോ’ എന്നു് നടി​യോ​ടു് ചോ​ദി​ക്കു​ന്നു. അത്ത​രം ശങ്ക ‘ദു​ശ്ശ​ങ്ക’യാ​ണെ​ന്നും ‘പ്ര​ബ​ന്ധ​ത്തി​ലെ കലാ​ചാ​തു​ര്യ​ത്തെ​മാ​ത്രം നോ​ക്കി​യാൽ മതി​യ​ല്ലോ’ എന്നും നടി പ്ര​തി​വ​ചി​ക്കു​ന്നു. സൂ​ത്ര​ധാ​രൻ യോ​ജി​ക്കു​ന്നു; ‘മറ്റു​ള്ള സ്ത്രീ​കൾ​ക്കും കവി​താ​ര​ച​ന​യിൽ ഉത്സാ​ഹ​ത്തെ ജനി​പ്പി​ക്കു​ന്ന​തി​നു് ഇതു് ഒരു മാർ​ഗ്ഗ​മാ​യി​ത്തീ​രു’മെ​ന്നു് സമ്മ​തി​ക്കു​ന്നു! (‘അജ്ഞാ​ത​വാ​സം’, കു​ട്ടി​ക്കു​ഞ്ഞു​ത​ങ്ക​ച്ചി​യു​ടെ കൃ​തി​കൾ, തൃശൂർ, 1979, പുറം 239-40)

ഇക്കാ​വ​മ്മ​യു​ടെ സു​ഭ​ദ്രാർ​ജ്ജു​നം നാ​ട​ക​ത്തി​ന്റെ പ്രാ​രം​ഭം​ത​ന്നെ ധീ​ര​മായ പ്ര​ഖ്യാ​പ​ന​മാ​യി​രു​ന്നു:

മല്ലാ​രി​പ്രി​യ​യായ ഭാമ
സമരം ചെ​യ്തീ​ല​യോ?തേർതെളി-​
ച്ചി​ല്ലേ പണ്ടു സു​ഭ​ദ്ര, പാ​രി​തു
ഭരി​ക്കു​ന്നി​ല്ലേ വി​ക്ടോ​റിയ?
മല്ലാ​ക്ഷീ​മ​ണി​കൾ​ക്കു പാടവ-
മി​വ​യ്ക്കേ​റ്റം ഭവിച്ചീടുകിൽ-​
ച്ചൊ​ല്ലെ​ഴും കവിതയ്ക്കുമാത്ര-​
മി​വ​ര​ല്ലെ​ന്നു വന്നീ​ടു​മോ?

സാ​ഹി​ത്യ​ര​ച​ന​യിൽ സ്ത്രീ പു​രു​ഷ​ന്റെ ഒപ്പം​ത​ന്നെ​യെ​ന്നു് പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള ഈ പ്ര​വേ​ശം, സ്ത്രീ​കൾ​ക്കു് അൽ​പ്പം​മാ​ത്രം ഇട​മ​നു​വ​ദി​ച്ചി​രു​ന്ന ഒരു മേ​ഖ​ല​യിൽ അവർ​ക്കു് ന്യാ​യ​മായ സ്ഥലം ലഭി​ക്ക​ണ​മെ​ന്ന പ്ര​ഖ്യാ​പ​നം​കൂ​ടി​യാ​യി​രു​ന്നു.

സാ​ഹി​ത്യ​ത്തി​ന്റെ ഈ ഉന്ന​ത​മേ​ഖ​ല​ക​ളിൽ​മാ​ത്രം വി​ഹ​രി​ക്കു​ന്ന​വ​രാ​യി​രു​ന്നി​ല്ല, ആദ്യ​കാല സാ​ഹി​ത്യ​കാ​രി​കൾ. അവർ സാ​ധാ​ര​ണ​മാ​യി ഗൃ​ഹ​ങ്ങ​ളിൽ പാ​ടി​യി​രു​ന്ന തി​രു​വാ​തി​ര​പ്പാ​ട്ടു​ക​ളും കു​റ​ത്തി​പ്പാ​ട്ടു​ക​ളും ഊഞ്ഞാൽ​പ്പാ​ട്ടു​ക​ളും​മ​റ്റും രചി​ച്ചി​രു​ന്നു. ഈ ഗാ​ന​ശാ​ഖ​ക​ളു​ടെ പ്ര​ചാ​ര​വും ഇരു​പ​താം നൂ​റ്റാ​ണ്ടിൽ ക്ര​മേണ കു​റ​ഞ്ഞു​വ​ന്നു. ഈ ഗാ​ന​ങ്ങൾ ‘സദാ​ചാ​ര​വി​രു​ദ്ധ​ങ്ങ​ളാ’ണെന്ന വി​മർ​ശ​നം 19-ആം നൂ​റ്റാ​ണ്ടി​ലെ മി​ഷ​ണ​റി​മാ​രും ആധു​നിക വി​ദ്യാ​ഭ്യാ​സം​നേ​ടിയ സമു​ദാ​യ​പ​രി​ഷ്ക്കർ​ത്താ​ക്ക​ളും ഉയർ​ത്താൻ തു​ട​ങ്ങി​യി​രു​ന്നു. സം​സ്കൃ​ത​ത്തി​ലും മല​യാ​ള​ത്തി​ലും കാ​വ്യ​നാ​ട​കാ​ദി​കൾ രചി​ക്കാൻ സഹാ​യ​ക​മായ വി​ദ്യാ​ഭ്യാ​സം സ്ത്രീ​കൾ​ക്കു് ഗു​ണ​മൊ​ന്നും ചെ​യ്യി​ല്ലെ​ന്ന വാ​ദ​വും 19-ആം നൂ​റ്റാ​ണ്ടി​ന്റെ അവ​സാ​ന​ദ​ശ​ക​ങ്ങ​ളിൽ പരി​ചി​ത​മാ​യി​ത്തീർ​ന്നി​രു​ന്നു. ഈ വി​ദ്യാ​ഭ്യാ​സം സ്ത്രീ​ക​ളെ ഗൃ​ഹ​ഭ​ര​ണ​ത്തി​നു തയ്യാ​റാ​ക്കു​ന്നി​ല്ല; പഠി​പ്പി​ന്റെ​പേ​രിൽ അഹ​ങ്ക​രി​ക്കാൻ അതവരെ പ്രേ​രി​പ്പി​ക്കു​ന്നു… ഇങ്ങ​നെ പല കു​റ്റ​ങ്ങ​ളും ഇത്ത​രം പഠ​ന​ത്തി​നെ​തി​രെ ഉന്ന​യി​ക്ക​പ്പെ​ട്ടു. മീ​നാ​ക്ഷി (1890) എന്ന നോ​വ​ലിൽ​നി​ന്നു​ള്ള ഈ പരാ​മർ​ശം നല്ല ഉദാ​ഹ​ര​ണ​മാ​ണു്:

…അനു​ഭ​വ​ത്തി​ലും അവ​സ്ഥ​യി​ലും അറു​വ​ഷ​ളാ​യി​ക്ക​ണ്ട ശൃം​ഗാ​ര​ശ്ലോ​ക​ങ്ങ​ളും തെ​മ്മാ​ടി​പ്പാ​ട്ടു​ക​ളും ചൊ​ല്ലി​പ്പി​ടി​പ്പി​ച്ചു ബഹു​വാ​സ​ന​യു​ണ്ടാ​ക്കും. ഗൗ​ത​മ​ന്റെ ഭാ​ര്യ​യായ അഹ​ല്യ​യെ ദേ​വേ​ന്ദ്രൻ പണ്ടു വ്യ​ഭി​ച​രി​പ്പി​ച്ചി​ല്ലേ? ചന്ദ്രൻ തന്റെ ഗു​രു​നാ​ഥ​ന്റെ ഭാ​ര്യ​യു​മാ​യി രമി​ച്ചി​ല്ലേ?… എന്നി​ങ്ങ​നെ അനേകം വഷ​ള​ത്വ​ങ്ങൾ അട​ങ്ങിയ പച്ച​പ്പാ​ട്ടു​ക​ളും രഹ​സ്യ​ക്കാ​രേ​യും സം​ബ​ന്ധ​ക്കാ​രേ​യും വശീ​ക​രി​ച്ചു പാ​ട്ടി​ലാ​ക്കി പണം​ത​ട്ടി​പ്പ​റി​ക്കാ​നു​ള്ള കൗ​ശ​ല​ങ്ങ​ളെ ഉപ​ദേ​ശി​ക്കു​ന്ന​തായ ചില ശ്ലോ​ക​ങ്ങ​ളും പെൺ​കു​ട്ടി​ക​ളെ ചെ​റു​പ്പ​ത്തിൽ പഠി​പ്പി​ച്ചു​വ​രു​ന്ന​തി​നാ​ണു് നമ്മു​ടെ നാ​ട്ടു​കാ​രിൽ മി​ക്ക​പേ​രും സ്ത്രീ​വി​ദ്യാ​ഭ്യാ​സ​മെ​ന്ന​പേർ കൊ​ടു​ത്തി​ട്ടു​ള്ള​തു്. അതു​കൊ​ണ്ടാ​ണു് പെൺ​കു​ട്ടി​കൾ എഴു​ത്തു​പ​ഠി​ച്ചാൽ വ്യ​ഭി​ചാ​രി​ണി​മാ​രാ​യി​പ്പോ​കു​മെ​ന്നും അവരെ എഴു​ത്തു​പ​ഠി​പ്പി​ക്ക​രു​തെ​ന്നും മറ്റും ചില വൃ​ദ്ധ​ന്മാർ പറ​ഞ്ഞു​വ​രു​ന്ന​തു്.

(ചെ​റു​വ​ല​ത്തു ചാ​ത്തു​നാ​യർ, മീ​നാ​ക്ഷി, തൃശൂർ (1890) 1990, പുറം. 126)

ആധു​നി​ക​സ്ത്രീ​വി​ദ്യാ​ഭ്യാ​സ​ത്തിൽ കലയും സാ​ഹി​ത്യ​വും ഉൾ​പ്പെ​ടു​ത്ത​ണ​മെ​ന്നു വാ​ദി​ക്കു​മ്പോ​ഴും കു​ടും​ബ​ത്തി​നു് ആന​ന്ദം നൽ​കാ​നു​ള്ള സ്ത്രീ​യു​ടെ കഴി​വു് വർ​ദ്ധി​പ്പി​ക്കാ​നു​ള്ള മാർ​ഗ്ഗ​മാ​യി​ട്ടാ​ണു് ആദ്യ​കാ​ല​നോ​വൽ​ര​ച​യി​താ​ക്കൾ അതിനെ കണ്ട​തു്. സ്ത്രീ​ക​ളു​ടെ വാ​യ​ന​യും ഇപ്ര​കാ​രം കു​ടും​ബി​നി​യെ​ന്ന നി​ല​യ്ക്കു് യോ​ജി​ച്ച​താ​യി​രി​ക്ക​ണ​മെ​ന്നും അവർ നി​ഷ്ക്കർ​ഷി​ച്ചു. അല്ലാ​ത്ത​പ​ക്ഷം അവർ പഴയ വി​ദു​ഷി​ക​ളു​ടെ പുതിയ പതി​പ്പാ​യി​ത്തീ​രു​മെ​ന്നാ​യി​രു​ന്നു ആക്ഷേ​പം. ഇന്ദു​ലേ​ഖ​യെ പരി​ഹ​സി​ച്ചു​കൊ​ണ്ടു് എഴു​ത​പ്പെ​ട്ട പറ​ങ്ങോ​ടീ​പ​രി​ണ​യം (1892) എന്ന കൃ​തി​യിൽ ‘ലണ്ടൻ ടൈംസ്’ പത്രം വാ​യി​ക്കു​ന്ന​വ​ളും പരി​ഷ്കൃ​ത​മ​ന​സ്ക്ക​യു​മായ സ്ത്രീ​യു​ടെ ഹാ​സ്യ​ചി​ത്ര​മാ​യി ‘പറ​ങ്ങോ​ടി​ക്കു​ട്ടി’ എന്ന നാ​യി​ക​യെ നോ​വൽ​കർ​ത്താ​വു് അവ​ത​രി​പ്പി​ക്കു​ന്നു​ണ്ടു്. പറ​ങ്ങോ​ടി​ക്കു​ട്ടി​ക്കു് സ്ത്രീ​ക​ളു​ടെ നാടൻകലാവിനോദങ്ങളോടു്-​കൈകൊട്ടിക്കളി മുതലായവയോടു്-​ബഹുവിരോധമാണു്. സർ​വ്വ​ത്ര ഇം​ഗ്ലി​ഷ്മ​യ​മായ സം​സ്ക്കാ​ര​ത്തോ​ടാ​ണു് പ്ര​തി​പ​ത്തി. ഈ പറ​ങ്ങോ​ടി​ക്കു​ട്ടി​യെ​ക്കൊ​ണ്ടു് ഗൃഹഭരണത്തിനുകൊള്ളില്ല-​അതായതു്, ഗാർ​ഹി​ക​ജോ​ലി​ക​ളിൽ വലിയ താൽ​പ്പ​ര്യ​മൊ​ന്നും​കാ​ണി​ക്കാ​തെ വാ​യ​ന​യി​ലും​മ​റ്റും ശ്രദ്ധപതിപ്പിക്കുന്നു-​എന്നാണു് പരാതി.

മല​ബാ​റി​ലെ മാ​പ്പി​ള​പ്പാ​ട്ടെ​ഴു​ത്തു​കാ​രി​കൾ

മലബാർ മാ​പ്പി​ള​സ്ത്രീ​ക്കു് വി​ദ്യാ​ഭ്യാ​സ​പ്ര​വേ​ശ​നം വൈ​കി​മാ​ത്ര​മേ ലഭി​ച്ചി​രു​ന്നു​ള്ളു​വെ​ന്നു പറ​യു​മ്പോൾ അവർ ആധു​നി​ക​വി​ദ്യാ​ഭ്യാ​സം നി​ല​വിൽ​വ​രും​മു​മ്പു് മാ​പ്പി​ള​മാ​രു​ടെ​യി​ട​യിൽ പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന ‘അറ​ബി​മ​ല​യാ​ളം’ സ്ത്രീ​കൾ​ക്കു വശ​മാ​യി​രു​ന്നു​വെ​ന്ന​കാ​ര്യം നാം പല​പ്പോ​ഴും ഓർ​മ്മി​ക്കാ​റി​ല്ല. ഈ ഭാ​ഷ​യിൽ ധാ​രാ​ളം കൃ​തി​ക​ളും പത്ര​മാ​സി​ക​ക​ളു​മു​ണ്ടാ​യി​രു​ന്നു​വെ​ന്നു് ഓർ​ക്കേ​ണ്ട​താ​ണു്; അതു​കൊ​ണ്ടു് മാ​പ്പി​ള​സ്ത്രീ ‘വി​ദ്യ​യി​ല്ലാ​ത്ത​വ​ളാ’യി​രു​ന്നു എന്ന അവ​കാ​ശ​വാ​ദം ശരി​യ​ല്ല. ഗവേ​ഷ​ക​യായ ഷം​ഷാ​ദ്ഹു​സൈൻ പറ​യു​ന്നു: ‘ഈ സം​സ്ക്കാ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി​ത്ത​ന്നെ പാ​ട്ടു​കാ​രി​ക​ളും പാ​ട്ടെ​ഴു​ത്തു​കാ​രും ഉണ്ടാ​യി​രു​ന്നു. വിവിധ ചട​ങ്ങു​ക​ളിൽ ഇവർ സ്വ​ന്ത​മാ​യു​ണ്ടാ​ക്കിയ പാ​ട്ടു​കൾ പാ​ടി​യി​രു​ന്നു.’ എല്ലാ വി​ഭാ​ഗ​ക്കാ​രും ഇതി​ലുൾ​പ്പെ​ട്ടി​രു​ന്നു​വെ​ന്നു് ഷം​ഷാ​ദ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കൊ​ണ്ടോ​ട്ടി​യി​ലെ മാ​ളു​താ​ത്ത എന്ന പാ​ട്ടു​കാ​രി താ​ര​ത​മ്യേന ദരി​ദ്ര​കു​ടും​ബ​ത്തിൽ​നി​ന്നാ​യി​രു​ന്നെ​ങ്കിൽ, പ്ര​ശ​സ്ത​യായ ജമീ​ലാ​ബീ​വി ഉയർ​ന്ന വി​ഭാ​ഗ​ത്തിൽ​പ്പെ​ട്ട​വ​രാ​ണു്. മുൻ​ത​ല​മു​റ​ക​ളിൽ ധാ​രാ​ളം പാ​ട്ടു​കാ​രി​ക​ളു​ണ്ടാ​യി​രു​ന്നു. പാ​ട്ടു​മേ​ഖ​ല​യിൽ മാ​ത്ര​മ​ല്ല, മതാ​ദ്ധ്യാ​പ​ന​രം​ഗ​ത്തും സ്ത്രീ​ക​ളു​ണ്ടാ​യി​രു​ന്നു. സ്ത്രീ​കൾ നട​ത്തി​യി​രു​ന്ന ഓത്തു​പ​ള്ളി​കൾ പല​യി​ട​ത്തും ഉണ്ടായിരുന്നു-​മദ്രസകൾ വ്യാ​പ​ക​മായ കാ​ല​ത്തു് ഇവ അപ്ര​ത്യ​ക്ഷ​മാ​യി (ഷം​ഷാ​ദ് ഹുസൈൻ, ന്യൂ​ന​പ​ക്ഷ​ത്തി​നും ലിം​ഗ​പ​ദ​വി​ക്കു​മി​ട​യിൽ, തി​രു​വ​ന​ന്ത​പു​രം, 2009).

kimages/Kulasthree_Chapter_nine_pic04.png
ജൂത പെൺ​പാ​ട്ടു​പാ​ര​മ്പ​ര്യം

കേ​ര​ള​ത്തി​ലെ ജൂ​തർ​ക്കി​ട​യിൽ സ്ത്രീ​കൾ പാ​ടി​യി​രു​ന്ന പാ​ട്ടു​കൾ ധാ​രാ​ള​മു​ണ്ടാ​യി​രു​ന്നു. ‘പെൺ​പാ​ട്ടു’കൾ എന്ന​റി​യ​പ്പെ​ടു​ന്ന ഇവയെ ശേ​ഖ​രി​ക്കാൻ ഉത്സാ​ഹി​ച്ച​തു് റൂബി ദാ​നി​യേൽ എന്ന കേ​ര​ള​ജൂ​ത​സ്ത്രീ​യാ​ണു്. ഇസ്രാ​യേ​ലി​ലേ​ക്കു് കു​ടി​യേ​റി​യ​ശേ​ഷം ബാർ​ബ​റാ ജോൺസൺ എന്ന ഗവേ​ഷ​ക​യു​മാ​യി സഹ​ക​രി​ച്ചു് അവർ പെൺ​പാ​ട്ടു​ക​ളു​ടെ തർ​ജ്ജ​മ​കൾ തയ്യാ​റാ​ക്കി. ഈ പാ​ട്ടു​ക​ളിൽ പ്ര​ത്യേ​കി​ച്ചു് സ്ത്രീ​പ​ക്ഷ​വീ​ക്ഷ​ണ​മൊ​ന്നു​മി​ല്ലെ​ന്നാ​ണു് കാർ​കു​ഴ​ലി എന്ന സമാ​ഹാ​ര​ത്തി​ന്റെ മു​ഖ​വു​ര​യിൽ സ്ക​റി​യാ സക്ക​റിയ പറ​യു​ന്ന​തു്. പക്ഷേ, സം​വേ​ദ​ന​ത​ന്ത്ര​ങ്ങ​ളിൽ ‘പെ​ണ്മ​യു​ടെ അട​യാ​ള​ങ്ങൾ’ കണ്ടെ​ത്താൻ കഴി​യു​മെ​ന്നു് അദ്ദേ​ഹം പറ​യു​ന്നു. ‘പറ​ച്ചി​ലി​ലാ​ണു് പു​തു​മ​യും പെ​ണ്മ​യും’ (പുറം 27.) പല ജൂ​ത​സ​മൂ​ഹ​ങ്ങ​ളി​ലും പു​രു​ഷ​ന്മാർ സന്നി​ഹി​ത​രാ​കു​ന്ന സദ​സ്സു​ക​ളിൽ സ്ത്രീ​കൾ​ക്കു് പാടാൻ അനു​വാ​ദ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ലും കേ​ര​ള​ത്തി​ലെ ജൂ​ത​സ​മൂ​ഹ​ത്തിൽ ഈ നിയമം നി​ല​വി​ലി​ല്ലാ​യി​രു​ന്നു​വെ​ന്നു് ബാർ​ബ​റാ ജോൺസൺ പറ​യു​ന്നു.

(കാർ​കു​ഴ​ലി: ജൂ​ത​രു​ടെ മല​യാ​ളം പെൺ​പാ​ട്ടു​കൾ, ജറു​സ​ലം, 2005)

മല​യാ​ള​ത്തി​ലെ ആദ്യ നോ​വ​ലു​കൾ
kimages/Kulasthree_Chapter_nine_pic05.png

19-ആം നൂ​റ്റാ​ണ്ടി​ന്റെ അവ​സാ​ന​ത്തെ രണ്ടു ദശ​ക​ങ്ങ​ളിൽ മല​യാ​ള​ഭാ​ഷ​യിൽ ആദ്യ​മാ​യി നോ​വ​ലു​കൾ രചി​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി. അപ്പു നെ​ടു​ങ്ങാ​ടി​യു​ടെ കു​ന്ദ​ലത (1887)യാണു് ആദ്യ​മു​ണ്ടാ​യ​തെ​ങ്കി​ലും ഒ. ചന്തു​മേ​നോ​ന്റെ ഇന്ദു​ലേ​ഖ​യാ​ണു് (1889) ‘ലക്ഷ​ണ​മൊ​ത്ത ആദ്യ​മ​ല​യാ​ള​നോ​വ​ലാ’യി കരു​ത​പ്പെ​ടു​ന്ന​തു്. തു​ടർ​ന്നു് ഇന്ദു​ലേ​ഖ​യു​ടെ ഇതി​വൃ​ത്ത​ത്തോ​ടു് സാ​മ്യം​പു​ലർ​ത്തിയ നി​ര​വ​ധി നോ​വ​ലു​കൾ പ്രസിദ്ധീകരിക്കപ്പെട്ടു-​ചെറുവലത്തു ചാ​ത്തു​നാ​യ​രു​ടെ മീ​നാ​ക്ഷി (1890), കോ​മാ​ട്ടിൽ പാ​ടു​മേ​നോ​ന്റെ ലക്ഷ്മീ​കേ​ശ​വം (1892), ചന്തു​മേ​നോ​ന്റെ ശാരദ (അപൂർ​ണ്ണം.) നോ​വ​ലു​ക​ളു​ണ്ടായ മറ്റൊ​രു മാർ​ഗ്ഗം മി​ഷ​ണ​റി​ര​ച​ന​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ അതി​ക്രൂ​ര​മായ ജാ​തി​വ്യ​വ​സ്ഥ​യു​ടെ അനീതി വെ​ളി​പ്പെ​ടു​ത്താ​നും മി​ഷ​ണ​റി​പ്ര​വർ​ത്ത​നം തു​റ​ന്നു​വ​ച്ച രക്ഷാ​മാർ​ഗ്ഗ​ത്തെ​ക്കു​റി​ച്ചു പറ​യാ​നും പലരും നോവൽ എന്ന സാ​ഹി​ത്യ​രൂ​പം പ്രയോജനപ്പെടുത്തി-​കോളിൻസ് മദാ​മ്മ​യു​ടെ ഘാ​ത​ക​വ​ധം (1877), ജോസഫ് മൂ​ളി​യിൽ രചി​ച്ച സു​കു​മാ​രി (1897), പോ​ത്തേ​രി കു​ഞ്ഞ​മ്പു​വി​ന്റെ സര​സ്വ​തീ​വി​ജ​യം (1892) എന്നി​വ​യാ​ണു് മി​ഷ​ണ​റി​നോ​വ​ലു​ക​ളിൽ പ്ര​ധാ​ന​പ്പെ​ട്ടവ. കി​ഴ​ക്കേ​പ്പാ​ട്ടു രാ​മൻ​കു​ട്ടി​മേ​നോ​ന്റെ പറ​ങ്ങോ​ടീ​പ​രി​ണ​യം (1892) ഇക്കാ​ല​ത്തി​റ​ങ്ങിയ നോ​വ​ലു​ക​ളു​ടെ ‘പരി​ഷ്ക്കാ​ര​ഭ്രമ’ത്തെ കണ​ക്കി​നു പരി​ഹ​സി​ച്ച കൃ​തി​യാ​യി​രു​ന്നു. എങ്കി​ലും പരി​ഷ്ക്ക​ര​ണ​വാ​ദ​ത്തി​ന്റെ വി​ശാ​ല​ച​ക്ര​വാ​ളം​ത​ന്നെ​യാ​യി​രു​ന്നു അതി​ന്റേ​തും.

സാ​ഹി​ത്യ​വും കല​യു​മ​ട​ക്ക​മു​ള്ള ബു​ദ്ധി​പ​ര​മായ പ്ര​വർ​ത്ത​ന​രം​ഗ​ങ്ങ​ളിൽ സ്ത്രീ​കൾ രണ്ടാം​കി​ട​ക്കാർ ആയി​രി​ക്കു​മെ​ന്നു​റ​പ്പാ​ക്കിയ തീർ​പ്പു​ക​ളാ​ണു് 19-ആം നൂ​റ്റാ​ണ്ടി​ന്റെ അവ​സാ​ന​ദ​ശ​ക​ങ്ങ​ളി​ലു​ണ്ടാ​യ​തു്. ഗൃ​ഹ​മാ​ണു് സ്ത്രീ​യു​ടെ ‘സ്വാ​ഭാ​വിക’വും പ്ര​കൃ​തി​നിർ​മ്മി​ത​വു​മായ ഇട​മെ​ന്ന വാ​ദ​ത്തി​ലൂ​ന്നിയ തീർ​പ്പു​ക​ളാ​യി​രു​ന്നു ഇവ. കലാ-​സാഹിത്യപ്രവർത്തനങ്ങൾക്കു് ആവ​ശ്യ​മായ ഏകാ​ഗ്രത കു​ടുംബ ഉത്ത​ര​വാ​ദി​ത്വ​ങ്ങൾ പേ​റേ​ണ്ട​വ​ളായ സ്ത്രീ​ക്കു് നേ​ടാൻ​ക​ഴി​യി​ല്ല; പി​ന്നെ​യോ, ഇത്ത​രം പ്ര​വർ​ത്ത​ന​ങ്ങ​ളിൽ താൽ​പ​ര്യം കാ​ണി​ക്കു​ന്ന ഭർ​ത്താ​വി​നെ പ്രീ​തി​പ്പെ​ടു​ത്താ​നോ അല്ലെ​ങ്കിൽ സ്വ​ന്തം കു​ടും​ബ​ത്തി​നു​മാ​ത്രം ആന​ന്ദം നൽ​കാ​നോ​മാ​ത്രം ഉപ​ക​രി​ക്കു​ന്ന കലാ​പ്ര​വർ​ത്ത​ന​മേ ഉത്ത​മ​കു​ടും​ബി​നി​ക്കു് ആവ​ശ്യ​മു​ള്ളൂ എന്നും പല​വി​ധ​ത്തിൽ സ്ഥാ​പി​ക്ക​പ്പെ​ട്ടു. എന്നി​ട്ടും കലാ​സാ​ഹി​ത്യാ​ദി​പ്ര​വർ​ത്ത​ന​ങ്ങ​ളി​ലേർ​പ്പെ​ടാൻ പല സ്ത്രീ​ക​ളും തയ്യാ​റാ​യി. അവർ​ക്കു് ഒരു​പാ​ടു ത്യാ​ഗ​ങ്ങൾ അനു​ഷ്ഠി​ക്കേ​ണ്ടി​വ​ന്നു. കു​ടും​ബ​ത്തി​ന്റെ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ സ്ഥി​തി​പോ​ലും മറി​ച്ചാ​യി​രു​ന്നി​ല്ല. ഈ തട​സ്സ​ങ്ങൾ ഇന്നു് പൂർ​ണ്ണ​മാ​യി മാ​റി​യെ​ന്നു പറയാൻ നമു​ക്കു കഴി​യു​മോ?

എഴു​ത്തി​ലേ​ക്കു​ള്ള അസ​മ​മായ വഴി

എഴു​ത്തി​ന്റെ രം​ഗ​ത്തേ​ക്കു പ്ര​വേ​ശി​ച്ച സ്ത്രീ​യെ ആദ്യ​കാ​ല​സാ​ഹി​ത്യ​വി​മർ​ശ​കർ കണ്ട​തെ​ങ്ങ​നെ? മല​യാ​ള​സാ​ഹി​ത്യ​വി​മർ​ശ​നം അതി​ന്റെ ശൈ​ശ​വ​ത്തിൽ​പ്പോ​ലും പു​രു​ഷ​ന്മാ​രു​ടെ വി​ഹാ​ര​രം​ഗ​മാ​യി​രു​ന്നു. നേ​ര​ത്തെ​പ്പ​റ​ഞ്ഞ തത്വ​ത്തെ മു​റു​ക്കി​പ്പി​ടി​ക്കാ​നാ​ണു് അവ​രി​ല​ധി​കം​പേ​രും ശ്ര​മി​ച്ച​തു്: അതാ​യ​തു് ഗൃ​ഹ​ഭ​ര​ണ​മാ​ണു് സ്ത്രീ​യു​ടെ പ്രാ​ഥ​മിക കടമ; അതിനെ ബാ​ധി​ക്കാ​ത്ത​വി​ധ​ത്തി​ലു​ള്ള സാ​ഹി​ത്യ​പ​രി​ശ്ര​മ​മാ​ണു് സ്ത്രീ​കൾ​ക്കു പറ്റി​യ​തു് എന്ന നി​ല​പാ​ടാ​ണു് അവ​രെ​ടു​ത്ത​തു്. ഈ പരി​മി​തി​ക​ളെ അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു് സാ​ഹി​ത്യ​പ്ര​വർ​ത്ത​നം നട​ത്തിയ സ്ത്രീ​ക​ളെ ചി​ല​രൊ​ക്കെ അഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. പി. ഗോ​വി​ന്ദ​പ്പി​ള്ള​യു​ടെ ഭാ​ഷാ​ച​രി​ത്ര​ത്തിൽ (1881) കു​ട്ടി​ക്കു​ഞ്ഞു​ത​ങ്ക​ച്ചി​യെ​പ്പ​റ്റി ചേർ​ത്ത അഭി​പ്രാ​യം നോ​ക്കുക: ‘കൈ​കൊ​ട്ടി​ക്ക​ളി​യി​ലു​ള്ള വി​ദ​ഗ്ദ്ധ​ത​യും നൂ​ത​ന​സ​മ്പ്ര​ദാ​യ​ത്തിൽ അവർ ഉണ്ടാ​ക്കി​യി​ട്ടു​ള്ള കളി​പ്പാ​ട്ടു​ക​ളും അതി​ശ​യി​ക്ക​ത്ത​ക്ക​താ​യി​രി​ക്കു​ന്നു. വി​ല​യേ​റിയ സമ​യ​ത്തെ അവർ ഗൃ​ഹ​ഭ​ര​ണാ​ദി​ക​ളി​ലും​മ​റ്റും വ്യ​യം​ചെ​യ്യു​ന്ന​തി​നോ​ടു​കൂ​ടി കവി​താ​ര​ച​ന​യി​ലും ഗ്ര​ന്ഥ​പ്ര​ചാ​ര​ത്തി​ലും സം​ഗീ​ത​സാ​ഹി​ത്യാ​ദി​ക​ളി​ലും​കൂ​ടി ഉപ​യോ​ഗ​പ്പെ​ടു​ത്തി​വ​രു​ന്ന​തു് വളരെ ആശ്ച​ര്യം.’ എന്നാൽ ഈ പരി​ഗ​ണന സ്ത്രീ​കൾ​ക്കു് കൊ​ടു​ക്കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു സി. പി. അച്യു​ത​മേ​നോ​ന്റെ അഭി​പ്രാ​യം. തോ​ട്ട​യ്ക്കാ​ട്ടു് ഇക്കാ​വ​മ്മ​യു​ടെ നാ​ട​ക​ത്തെ​ക്കു​റി​ച്ചു​ള്ള നി​രൂ​പ​ണ​ത്തിൽ അദ്ദേ​ഹം ഇക്കാ​ര്യം തുറന്നെഴുതി-​ഗൃഹഭരണാദികൾകൊണ്ടുള്ള സൽ​പ്പേ​രു​കൊ​ണ്ടു് തൃ​പ്ത​രാ​കാ​തെ സാ​ഹി​ത്യ​രം​ഗ​ത്തെ കീർ​ത്തി​കൂ​ടി ആഗ്ര​ഹി​ക്കു​ന്ന സ്ത്രീ​കൾ പ്ര​ത്യേക പരി​ഗ​ണന അർ​ഹി​ക്കു​ന്നി​ല്ലെ​ന്നും ഉന്ന​ത​സാ​ഹി​ത്യ​ത്തി​ന്റെ മാ​ന​ദ​ണ്ഡ​ങ്ങൾ പാ​ലി​ച്ചാൽ​മാ​ത്ര​മേ അവർ​ക്കു പ്ര​ശ​സ്തി ലഭി​ക്കു​ക​യു​ള്ളു​വെ​ന്നും അദ്ദേ​ഹം വാ​ദി​ച്ചു.

ചമ്പു​ക്കൾ​മു​തൽ കൈ​കൊ​ട്ടി​ക്ക​ളി​പ്പാ​ട്ടു​കൾ വരെ നീ​ണ്ടു​കി​ട​ന്ന പര​മ്പ​രാ​ഗത സാ​ഹി​ത്യ​ര​ച​ന​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ള​ല്ല പുതിയ സാ​ഹി​ത്യ​ത്തി​ന്റേ​തു് എന്നു് സ്ത്രീ​കൾ മന​സ്സി​ലാ​ക്കി​ത്തു​ട​ങ്ങി​യി​രു​ന്നു. പു​രാ​ണ​ക​ഥ​ക​ളെ​ക്കു​റി​ച്ചു​ള്ള അറി​വു്, ഭാ​ഷ​യി​ലും സാ​ഹി​ത്യ​ത്തി​ലു​മു​ള്ള പരി​ച​യം മു​ത​ലാ​യ​വ​യു​ള്ള​വർ​ക്കു് പര​മ്പ​രാ​ഗ​ത​സാ​ഹി​ത്യ​ര​ച​ന​യി​ലേ​ക്കു് പ്ര​വേ​ശ​നം​കി​ട്ടി​യി​രു​ന്നെ​ങ്കിൽ ആധു​നിക കവിത, നോവൽ, ചെ​റു​കഥ മു​ത​ലായ പുതിയ സാ​ഹി​ത്യ​ശാ​ഖ​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നു് മറ്റു കഴി​വു​ക​ളാ​ണു് വേ​ണ്ട​തു്. ഈ ശാ​ഖ​ക​ളിൽ പ്ര​വേ​ശി​ക്കാൻ പു​തി​യ​ത​രം കഴി​വു​ക​ളും സാ​മൂ​ഹ്യ​സ്വ​ഭാ​വ​മു​ള്ള അനു​ഭ​വ​ങ്ങ​ളും (പു​രാ​ണ​ക​ഥ​കൾ അറി​ഞ്ഞാൽ​പ്പോ​രാ ജീ​വി​ത​ത്തെ നി​രീ​ക്ഷി​ച്ചു​ണ്ടാ​കു​ന്ന ഉൾ​ക്കാ​ഴ്ച​കൾ) ഉണ്ടാ​ക​ണ​മെ​ന്നും അവർ​ക്കു ബോ​ദ്ധ്യ​പ്പെ​ട്ടു​തു​ട​ങ്ങി​യി​രു​ന്നു. സം​സ്കൃ​ത​പ​ണ്ഡി​ത​യും പഴ​യ​മ​ട്ടി​ലു​ള്ള ‘വി​ദു​ഷി’യുമായ (അതാ​യ​തു്, ചമ്പു​ക്ക​ളും പാ​ന​ക​ളും​മ​റ്റും രചി​ച്ചി​ട്ടു​ള്ള) കെ. എം. കു​ഞ്ഞു​ല​ക്ഷ്മി കെ​ട്ടി​ല​മ്മ 1915-ൽ ഇങ്ങ​നെ എഴുതി:

നമ്മു​ടെ കേ​ര​ളീ​യ​മ​ഹി​ള​മാർ ലോ​ക​ബ​ഹു​മ​തി​ക്കു അർ​ത്ഥ​ക​ളാ​ക​ത്ത​ക്ക​വ​ണ്ണം സാ​ഹി​ത്യ​രം​ഗ​ത്തിൽ വി​ള​യാ​ടേ​ണ്ട​തി​ന്നു ആദ്യ​മാ​യി അവ​കാ​ശ​പ്പെ​ടേ​ണ്ട​തും ആശ്രാ​ന്ത​പ​രി​ശ്ര​മ​ങ്ങ​ളാൽ സമ്പാ​ദി​ക്കേ​ണ്ട​തും ആകു​ന്നു സാ​മു​ദാ​യി​ക​സ്വാ​ത​ന്ത്ര്യം…

…സ്വാ​ത​ന്ത്ര്യം മന​സ്സി​നെ ശു​ദ്ധീ​ക​രി​ക്കു​ന്ന​താ​യി ഉദാ​ഹ​ര​ണ​ങ്ങൾ ധാ​രാ​ള​മു​ണ്ടു്. പ്ര​ത്യേ​കി​ച്ചു്, സാ​ഹി​ത്യ​ശ്ര​മ​ങ്ങൾ ഏതു നി​ല​യി​ലും യഥാർ​ത്ഥ​മായ സ്വ​യ​സ​മ്പാ​ദി​ത​പ​രി​ച​യ​ത്തെ ആശ്ര​യി​ച്ചു നിൽ​ക്കു​ന്നു. ഈവക പരി​ച​യ​സി​ദ്ധി സ്ത്രീ​കൾ​ക്കു് ഇപ്പോൾ ഉണ്ടാ​കു​ന്ന​തു എളു​പ്പ​മ​ല്ല. പു​രു​ഷ​ന്മാ​രു​ടെ സ്വാ​ത​ന്ത്ര്യം അവ​രു​ടെ വൃ​ത്തി​കൾ​ക്കെ​ല്ലാം ദൃ​ഢ​ത​യെ കൊ​ടു​ക്കു​ന്നു. സ്ത്രീ​ക​ളു​ടെ പരി​ശ്ര​മ​വ​കു​പ്പു​കൾ​ക്കു് ദുർ​ല​ഭത ഉണ്ടാ​കു​ന്ന​തിൽ മു​ഖ്യ​മായ ഉത്ത​ര​വാ​ദി​ത്വം കി​ട​ക്കു​ന്ന​തു് അവ​രു​ടെ സ്വാ​ത​ന്ത്ര്യ​സ​ങ്കോ​ച​ത്തി​ലാ​ണു്. അനു​ഭ​വ​പ​ദ്ധ​തി​ക​ളെ പരി​ഷ്ക്ക​രി​ച്ചു, തരം​തി​രി​ച്ചു, വി​മ​ലീ​ക​രി​ക്കാൻ​മാ​ത്ര​മെ​ങ്കി​ലും ഉപ​ക​രി​ക്കു​ന്ന സാ​മു​ദാ​യി​ക​സ്വാ​ത​ന്ത്ര്യം അവർ​ക്കു​ണ്ടാ​യി​രി​ക്ക​ണം. ലോ​ക​ഗ​തി​യു​ടെ ‘ചു​റ്റും ചു​റ്റും’ ‘പറ്റും പടർ​ച്ച​യും’ നല്ല​വ​ണ്ണം ഗ്ര​ഹി​ക്കാ​തെ, വെറും അന്യ​പ്രാ​പ്ത​ങ്ങ​ളായ അനു​ഭ​വ​ങ്ങ​ളെ അടി​സ്ഥാ​ന​പ്പെ​ടു​ത്തി ചെ​യ്യു​ന്ന ഉദ്യ​മ​ങ്ങൾ എങ്ങ​നെ ഫല​വ​ത്തു​ക്ക​ളാ​യി​ത്തീ​രും?

(‘സാ​ഹി​ത്യ​വും സ്ത്രീ​സ​മു​ദാ​യ​വും’, മഹി​ളാ​ര​ത്നം (3) 1915)

പു​രു​ഷ​ന്മാ​രെ​പ്പോ​ലെ വൈ​വി​ദ്ധ്യ​മാർ​ന്ന ജീ​വി​താ​നു​ഭ​വ​ങ്ങൾ സ്ത്രീ​കൾ​ക്കു​മു​ണ്ടെ​ങ്കി​ലേ അവർ സാ​ഹി​ത്യ​രം​ഗ​ത്തു് വി​ള​ങ്ങൂ എന്ന​താ​ണു് കെ​ട്ടി​ല​മ്മ​യു​ടെ വാ​ദ​ത്തി​ന്റെ ചു​രു​ക്കം. പക്ഷേ, സ്ത്രീ​കൾ​ക്കും പു​രു​ഷ​ന്മാർ​ക്കും രണ്ടു​ത​രം അടി​സ്ഥാ​ന​സ്വ​ഭാ​വ​പ്ര​കൃ​ത​ങ്ങ​ളാ​ണു​ള്ള​തെ​ന്ന പു​ത്തൻ​വി​ശ്വാ​സ​ത്തെ മു​റു​കെ​പ്പി​ടി​ക്കു​ന്ന​വ​രാ​യി​രു​ന്നു ഇക്കാ​ല​ത്തെ എഴു​ത്തു​കാ​രി​ക​ളിൽ പലരും. പു​രു​ഷ​ന്റെ ‘സ്വാ​ഭാ​വി​ക​മായ ലോകം’ വീ​ട്ടി​നു​പു​റ​ത്താ​ണു്; സ്ത്രീ​യു​ടേ​തു് അകത്തും-​അതിനാൽ വീ​ട്ടി​നു​ള്ളിൽ സു​ഖ​ജീ​വി​തം ഉറ​പ്പു​വ​രു​ത്താൻ സഹാ​യി​ക്കു​ന്ന സ്വ​ഭാ​വ​ഗു​ണ​ങ്ങൾ പ്ര​കൃ​തി​ത​ന്നെ സ്ത്രീ​ക്കു കൽ​പ്പി​ച്ചി​രി​ക്കു​ന്നു​വെ​ന്ന ധാ​ര​ണ​ത​ന്നെ പു​തി​യ​താ​യി​രു​ന്നു. (വീടു്/പു​റം​ലോ​കം എന്ന വേർ​തി​രി​വു​ത​ന്നെ 19-ആം നൂ​റ്റാ​ണ്ടിൽ സൃ​ഷ്ടി​ക്ക​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ചു് മു​മ്പു വി​വ​രി​ച്ചു​വ​ല്ലോ.) ഈ ധാ​ര​ണ​യെ ആശ്ര​യി​ച്ച എഴു​ത്തു​കാ​രി​ക​ളിൽ പലരും ‘സ്ത്രീ​സ​ഹ​ജ​ഗു​ണ​ങ്ങ’ളായി എണ്ണ​പ്പെ​ട്ട സ്നേ​ഹം, ക്ഷമ, ദയ, വാ​ത്സ​ല്യം മു​ത​ലാ​യ​വ​യെ പ്ര​കാ​ശി​പ്പി​ക്കു​ന്ന രച​ന​ക​ളാ​ണു് സ്ത്രീ​കൾ എഴു​തേ​ണ്ട​തെ​ന്ന ഒരു കു​റി​പ്പ​ടി പാ​സാ​ക്കി! സാ​രോ​പ​ദേ​ശ​ക​ഥ​കൾ, നാ​ടോ​ടി​ക്ക​ഥ​ക​ളു​ടെ​യും പു​രാ​ണ​ക​ഥ​ക​ളു​ടെ​യും പു​ന​രാ​ഖ്യാ​ന​ങ്ങൾ… ഇതൊ​ക്കെ ‘സ്ത്രീ​സ​ഹ​ജ​ഗു​ണ​ങ്ങ’ളെ അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള സാ​ഹി​ത്യ​പ്ര​വർ​ത്ത​ന​മാ​യി തി​രി​ച്ച​റി​യ​പ്പെ​ട്ടു. കു​ട്ടി​കൾ​ക്കു് നല്ല കഥകൾ അമ്മ​മാർ പറ​ഞ്ഞു​കൊ​ടു​ത്തു​കൊ​ണ്ടു് അവരെ നല്ല മാർ​ഗ്ഗ​ത്തി​ലേ​ക്കു തി​രി​ച്ചു​വി​ടു​ന്ന പ്ര​വർ​ത്ത​ന​ത്തി​ന്റെ അൽ​പ്പം​കൂ​ടി വി​പു​ലീ​ക​രി​ച്ച പതി​പ്പ​ല്ലേ ഇതെ​ന്ന ന്യാ​യ​മായ സംശയം ഉന്ന​യി​ക്കാ​വു​ന്ന​താ​ണു്. എന്താ​യാ​ലും അന്നു് അറി​യ​പ്പെ​ട്ടി​രു​ന്ന പല എഴുത്തുകാരികളും-​അമ്പാടി കാർ​ത്യാ​യ​നി​യ​മ്മ, തര​വ​ത്തു് അമ്മാ​ളു​അ​മ്മ, ബി. കല്യാ​ണി​അ​മ്മ തു​ട​ങ്ങി​യ​വർ ഇത്ത​രം സാ​ഹി​ത്യ​ര​ച​ന​യിൽ ഏർ​പ്പെ​ട്ടു​മി​രു​ന്നു. ചെ​റു​ക​ഥ​യും​മ​റ്റു​മെ​ഴു​താൻ ഇവരിൽ പലരും ശ്ര​മി​ച്ചി​രു​ന്നു; അവി​ടെ​യും ‘നല്ല മാ​തൃ​ക​കൾ’ സാ​ഹി​ത്യ​ത്തി​ലൂ​ടെ അവ​ത​രി​പ്പി​ച്ചു് നല്ല​വ​ഴി​കാ​ട്ടാ​നാ​ണു് അവ​ര​ധി​ക​വും ശ്ര​മി​ച്ച​തു്. അക്കാ​ല​ത്തെ സാ​ഹി​ത്യ​നി​രൂ​പ​ക​രിൽ പലരും ഇവരെ തങ്ങ​ളു​ടെ ‘പരി​ധി​മ​റ​ക്കാ​ത്ത എഴു​ത്തു​കാ​രി​ക​ളെ’ന്നു് വി​ളി​ച്ച​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. ‘സ്ത്രീ​സ്വാ​ത​ന്ത്ര്യ​പ്ര​സം​ഗം’ നട​ത്താ​ത്ത എഴു​ത്തു​കാ​രി​കൾ​ക്കു് പ്ര​ത്യേക അഭി​ന​ന്ദ​നം ലഭി​ച്ചു; അങ്ങ​നെ ചെ​യ്ത​വർ​ക്കു് നി​രൂ​പ​ക​രു​ടെ​വക പരി​ഹാ​സ​വും കി​ട്ടി​യി​രു​ന്നു. തര​വ​ത്തു് അമ്മാ​ളു​അ​മ്മ​യു​ടെ മര​ണ​ത്തെ​ത്തു​ടർ​ന്നു് സഞ്ജ​യൻ (എം. ആർ. നാ​യ​രു​ടെ തൂലികാനാമം-​കേരളത്തിൽ പര​ക്കെ അറി​യ​പ്പെ​ട്ടി​രു​ന്ന നി​രൂ​പ​ക​നും ഹാ​സ്യ​ലേ​ഖ​ന​ങ്ങ​ളു​ടെ കർ​ത്താ​വു​മാ​യി​രു​ന്നു ഇദ്ദേ​ഹം) എഴു​തിയ അനു​സ്മ​ര​ണ​ത്തിൽ (1936) ഈ പു​ക​ഴ്ത്ത​ലും ഇക​ഴ്ത്ത​ലും കാണാം. തര​വ​ത്തു് അമ്മാ​ളു​വ​മ്മ​യു​ടെ പു​രാ​ണ​പു​ന​രാ​ഖ്യാ​ന​ങ്ങ​ളെ​പ്പ​റ്റി, എഴു​ത്തി​ന്റെ ആ മാതൃക പിൻ​തു​ട​രു​ന്ന​തി​ന്റെ മെ​ച്ച​ങ്ങ​ളെ​ക്കു​റി​ച്ചു് അയ​വി​റ​ക്കി​യ​ശേ​ഷം അദ്ദേ​ഹം വാ​യ​ന​ക്കാ​രി​ക​ളെ ഉപ​ദേ​ശി​ച്ചു: ‘…ബഹ​ള​മി​ല്ലാ​തെ തങ്ങൾ വി​ചാ​രി​ച്ചേ​ട​ത്തു കാ​ര്യ​മെ​ത്തി​ക്കു​ന്ന​തു സ്ത്രീ​യു​ടെ പ്ര​ത്യേക സാ​മർ​ത്ഥ്യ​വു​മാ​ണു്… ആ വീ​ട്ടി​ലെ സമ്പ്ര​ദാ​യം അവർ​ക്കു് സാ​ഹി​ത്യ​രം​ഗ​ത്തി​ലോ മറ്റെ​വി​ടെ​യാ​ണു് അവർ​ക്കു കട​ന്നു​ചെ​ല്ലേ​ണ്ട​തെ​ങ്കിൽ അവി​ടെ​യോ പ്ര​യോ​ഗി​ക്കു​ക​യേ വേ​ണ്ടൂ.’ ‘മനു​സ്മൃ​തി കത്തി​ക്കണ’മെ​ന്നു പ്ര​സം​ഗി​ച്ചു​ന​ട​ക്കു​ന്ന ബഹ​ള​ക്കാ​രി​ക​ളായ സ്ത്രീ​സ​മ​ത്വ​വാ​ദി​ക​ളെ തെ​ല്ലൊ​ന്നു് ശകാ​രി​ച്ച​തി​നു​ശേ​ഷ​മാ​ണു് ഈ ഉപ​ദേ​ശം.

(‘ശ്രീ​മ​തി തര​വ​ത്തു് അമ്മാ​ളു​അ​മ്മ: ഒര​നു​സ്മ​ര​ണം’ (1936), സഞ്ജ​യൻ 1936-ലെ ഹാ​സ്യ​ലേ​ഖ​ന​ങ്ങൾ, വാള ്യം 3, കോ​ഴി​ക്കോ​ടു്, 1970, പുറം 164.)

kimages/Kulasthree_Chapter_nine_pic06.png

തര​വ​ത്തു് അമ്മാ​ളു​അ​മ്മ പരി​ഭാ​ഷ​പ്പെ​ടു​ത്തിയ ഭക്ത​മാല (1913)യുടെ ആമു​ഖ​മെ​ഴു​തിയ പി. ജി. രാ​മ​യ്യർ അവരെ ‘കപ​ട​നാ​ട്യ​ക്കാ​രി’കളിൽ​നി​ന്നു് അക​റ്റി പ്ര​തി​ഷ്ഠി​ച്ചു:

പാ​ശ്ചാ​ത്യ​പ​രി​ഷ്ക്കാ​രം​കൊ​ണ്ടു വി​ദു​ഷി​ക​ളും മാ​ന്യ​ക​ളും ആയി​ട്ടു​ണ്ടെ​ന്നു നടി​ക്കു​ന്ന അനേകം സ്ത്രീ​കൾ ഇപ്പോൾ കേ​ര​ള​ത്തിൽ ഉണ്ടു്. എന്നാൽ അവ​രു​ടെ പരി​ഷ്ക്കാ​ര​വും യോ​ഗ്യ​ത​യും നാ​ട്യ​ത്തിൽ​നി​ന്നു് യാ​ഥാർ​ത്ഥ്യ​ത്തി​ലേ​ക്കു കട​ന്നി​ട്ടി​ല്ലെ​ന്നു് പറ​യാ​തെ നി​വൃ​ത്തി​യി​ല്ലാ. ഈശ്വ​ര​ഭ​ക്തി​വി​ട്ടു ഇഹ​ലോ​ക​വ്യാ​പാ​ര​ങ്ങൾ​കൊ​ണ്ടു​മാ​ത്രം കാ​ലം​ക​ഴി​ച്ചു​വ​രു​ന്ന സ്ത്രീ​ക​ളെ​പ്പ​റ്റി ഏറ്റ​വും അനു​ശോ​ചി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. സാ​ക്ഷാൽ പരി​ഷ്ക്കാ​രം ബു​ദ്ധി​വി​കാ​സ​ത്തി​ലും മനോ​ഗു​ണ​ത്തി​ലു​മാ​ണു് പ്ര​തി​ഷ്ഠി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തു്. അങ്ങി​നെ​യു​ള്ള പരി​ഷ്ക്കാ​രം ഈ ഗ്ര​ന്ഥ​കാ​രി​ക്കു​ണ്ടെ​ന്നു് ഈ പു​സ്ത​കം വാ​യി​ക്കു​ന്ന​വർ​ക്കു് സം​ശ​യം​കൂ​ടാ​തെ തോ​ന്നു​ന്ന​താ​കു​ന്നു…

തി​രു​വി​താം​കൂർ സർ​ക്കാ​രി​നെ വെ​ല്ലു​വി​ളി​ച്ച​തി​നു് നാ​ടു​ക​ട​ത്ത​പ്പെ​ട്ട പ്ര​സി​ദ്ധ പത്ര​പ്ര​വർ​ത്ത​കൻ സ്വ​ദേ​ശാ​ഭി​മാ​നി രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ ഭാ​ര്യ​യാ​യി​രു​ന്ന ബി. കല്യാ​ണി​യ​മ്മ തങ്ങ​ളു​ടെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു് രചി​ച്ച വ്യാ​ഴ​വ​ട്ട​സ്മ​ര​ണ​കൾ (1916) എന്ന കൃതി അക്കാ​ല​ത്തു​ത​ന്നെ വള​രെ​യ​ധി​കം പ്ര​ശം​സി​ക്ക​പ്പെ​ട്ടി​രു​ന്നു. മഹാ​നായ ഭർ​ത്താ​വി​ന്റെ സു​ഖ​ദുഃ​ഖ​ങ്ങ​ളിൽ സ്വയം അലി​ഞ്ഞു​ചേർ​ന്ന ത്യാ​ഗ​മൂർ​ത്തി​യായ പതി​വ്ര​ത​യു​ടെ കഥ​യാ​യി​ട്ടാ​ണു് നി​രൂ​പ​കർ അതിനെ വാ​യി​ച്ച​തു്. എന്നാൽ ഇങ്ങ​നെ​യ​ല്ലാ​തെ, ഭർ​തൃ​വ​ന്ദ​നം​കൂ​ടാ​തെ, ഒരു സ്ത്രീ അവ​ളു​ടെ സ്വ​ന്തം അനു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചെ​ഴു​തി​യ​തു് പലർ​ക്കും പി​ടി​ച്ചി​ല്ല! 1930-കളിൽ കോ​ച്ചാ​ട്ടിൽ കല്യാണിയമ്മ-​അദ്ധ്യാപിക, വി​ദ്യാ​ഭ്യാ​സ​പ്ര​വർ​ത്തക, സ്ത്രീ​സ്വാ​ത​ന്ത്ര്യ​വാ​ദി, ജന​ന​നി​യ​ന്ത്ര​ണ​ത്തി​ന്റെ വക്താ​വു് എന്നീ നി​ല​ക​ളി​ല​ന്നു് അവർ പ്രശസ്തയായിരുന്നു-​തന്റെ യൂ​റോ​പ്യൻ യാ​ത്ര​യെ​പ്പ​റ്റി ‘ഞാൻ കണ്ട യൂ​റോ​പ്പ്’ എന്ന പേരിൽ ഒരു യാ​ത്രാ​വി​വ​ര​ണം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഇതിനെ പരി​ഹ​സി​ച്ചു​കൊ​ണ്ടു് സഞ്ജ​യൻ നിർദ്ദേശിച്ചു-​കൃതി വലിയ കു​ഴ​പ്പ​മി​ല്ല, പേരിൽ ചെ​റി​യൊ​രു മാ​റ്റം വേണമെന്നുമാത്രം-​’യൂ​റോ​പ്പു​ക​ണ്ട കല്യാ​ണി​ക്കു​ട്ടി​യ​മ്മ’ എന്നാ​ക്കി​യാൽ ഭം​ഗി​യാ​കും! എഴു​ത്തി​ലൂ​ടെ സ്വ​ന്തം വ്യ​ക്തി​ത്വ​ത്തെ ഉറ​പ്പി​ക്കാൻ സ്ത്രീ​കൾ ശ്ര​മി​ക്കു​ന്ന​തി​നെ സം​ശ​യ​ത്തോ​ടെ​യാ​ണു് നി​രൂ​പ​കർ കണ്ട​തെ​ന്നു വ്യ​ക്തം.

‘തല​ച്ചോ​റി​ല്ലാ​ത്ത സ്ത്രീ​കൾ’

മല​യാ​ള​ത്തിൽ സ്ത്രീ​ക​ളെ​ഴു​തിയ ആദ്യ​ചെ​റു​ക​ഥ​ക​ളിൽ ഒന്നി​ന്റെ തലക്കെട്ടാണിതു്-​’തല​ച്ചോ​റി​ല്ലാ​ത്ത സ്ത്രീ​കൾ’. ഭാ​ഷാ​പോ​ഷി​ണി​യിൽ എം. സര​സ്വ​തി ഭാ​യി​യു​ടെ പേരിൽ 1911-​ലാണു് ഇതു പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തു്. സ്ത്രീ​കൾ​ക്കു് ബു​ദ്ധി​ശ​ക്തി​യും സർ​ഗ്ഗ​ശേ​ഷി​യു​മി​ല്ലെ​ന്നു പറ​ഞ്ഞു് ഭാ​ര്യ​യെ നി​ര​ന്ത​രം പരി​ഹ​സി​ക്കു​ന്ന ‘ബു​ദ്ധി​ജീ​വി’യായ ഭർ​ത്താ​വി​നെ ആ ഭാര്യ നല്ലൊ​രു പാ​ഠം​പ​ഠി​പ്പി​ക്കു​ന്ന​താ​ണു് കഥ​യു​ടെ ഇതി​വൃ​ത്തം. അയാൾ എഴു​ത്തു​കാ​ര​നാ​ണു്. അയാ​ളു​ടെ എഴു​ത്തി​നെ വീ​ട്ടി​ലെ​ല്ലാ​വ​രും മാ​നി​ച്ചു​കൊ​ള്ള​ണ​മെ​ന്നും കു​ടുംബ ഉത്ത​ര​വാ​ദി​ത്ത​മ​ട​ക്ക​മു​ള്ള ലൗ​കി​ക​കാ​ര്യ​ങ്ങൾ പറ​ഞ്ഞു് അയാളെ ആരും ശല്യ​പ്പെ​ടു​ത്ത​രു​തെ​ന്നും വാ​ശി​യു​ള്ളൊ​രു സർ​വ്വാ​ധി​പ​തി. ഭാ​ര്യ​യെ ജോ​ലി​ക്ക​യ​യ്ക്കാൻ അയാ​ളി​ഷ്ട​പ്പെ​ടു​ന്നി​ല്ല; കാരണം ഭാ​ര്യ​യു​ടെ ചെ​ല​വിൽ കഴി​യാൻ അയാ​ളു​ടെ അഭി​മാ​നം സമ്മ​തി​ക്കു​ന്നി​ല്ല. ഇങ്ങ​നെ​യു​ള്ള ഭർ​ത്താ​വി​നെ സ്നേ​ഹ​പൂർ​വ്വം സേ​വി​ക്കു​ക​യും എന്നാൽ ഒടു​ക്കം അയാ​ളേ​ക്കാൾ സാ​ഹി​ത്യ​വാ​സന തനി​ക്കു​ണ്ടെ​ന്നു തെ​ളി​യി​ക്കു​ക​യും ചെ​യ്യു​ന്നു, സമർ​ത്ഥ​യായ കല്യാ​ണി​യ​മ്മ. ലളി​താം​ബിക അന്തർ​ജ​നം പിൽ​ക്കാ​ല​ത്തെ​ഴു​തിയ ‘ഇതു് ആശാ​സ്യ​മാ​ണോ?’ എന്ന കഥ​യ്ക്കു് ‘തല​ച്ചോ​റി​ല്ലാ​ത്ത സ്ത്രീ​ക​ളു’ടെ ഇതി​വൃ​ത്ത​ത്തോ​ടു് സാ​മ്യ​മു​ണ്ടു്. എം. എം. ബഷീർ (സമ്പാ.) ആദ്യ​കാല സ്ത്രീ​ക​ഥ​കൾ (കോ​ഴി​ക്കോ​ടു്, 2004) എന്ന പു​സ്ത​ക​ത്തിൽ ഈ കഥ ചേർ​ത്തി​ട്ടു​ണ്ടു്.

ഇക്കാ​ല​ത്തു് ചെ​റു​ക​ഥ​പോ​ലു​ള്ള പുതിയ സാ​ഹി​ത്യ​രൂ​പ​ങ്ങ​ളി​ലെ​ഴു​താൻ സ്ത്രീ​കൾ ശ്ര​മി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു. ബി. കല്യാ​ണി​യ​മ്മ, ടി. സി. കല്യാ​ണി​യ​മ്മ, അമ്പാ​ടി കാർ​ത്യാ​യ​നി​യ​മ്മ തു​ട​ങ്ങി​യ​വ​രു​ടെ ചെ​റു​ക​ഥ​കൾ ആനു​കാ​ലി​ക​ങ്ങ​ളിൽ (സ്ത്രീ​മാ​സി​ക​ക​ളിൽ വി​ശേ​ഷി​ച്ചും) പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ‘ഉത്ത​മ​സ്ത്രീ​ത്വ’ത്തെ വാ​ഴ്ത്തു​ന്ന​വ​യാ​യി​രു​ന്നു ഇവ​യി​ല​ധി​ക​വും. അക്കാ​ല​ത്തെ പുതിയ സ്ത്രീ​ത്വ​ത്തി​നു് ഇവർ പ്ര​ച​ര​ണം നല്കി-​ദുഃസ്വഭാവിയായ ഭർ​ത്താ​വി​നെ നേർ​വ​ഴി​യി​ലെ​ത്തി​ക്കു​ന്ന നല്ല​വ​ളായ ഭാര്യ, സ്ത്രീ​ക​ളെ​ക്കു​റി​ച്ചു് മോശം അഭി​പ്രാ​യം​കൊ​ണ്ടു​ന​ട​ക്കു​ന്ന ഭർ​ത്താ​വി​ന്റെ മു​ന്നിൽ കഴി​വു​തെ​ളി​യി​ക്കു​ന്ന ഭാര്യ തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു ഇതി​വൃ​ത്ത​ങ്ങൾ.

സമ​സ്ത​കേ​രള സാ​ഹി​ത്യ​പ​രി​ഷ​ത്ത്

1927-ൽ കൊ​ച്ചി​യിൽ ഈ സംഘടന രൂപം കൊ​ണ്ടു. മലബാർ-​കൊച്ചി-തിരുവിതാംകൂർ പ്ര​ദേ​ശ​ങ്ങ​ളാ​യി ചി​ത​റി​ക്കി​ട​ന്ന കേ​ര​ള​ത്തെ ഭാ​ഷാ​ടി​സ്ഥാ​ന​ത്തിൽ ഒറ്റ​ഘ​ട​ക​മാ​യി​ക്കാ​ണാ​നും മാ​തൃ​ഭാ​ഷ​യു​ടെ വളർ​ച്ച​യ്ക്കു​ത​കാ​നും വേ​ണ്ടി​യാ​ണു് ഇതു് രൂ​പ​മെ​ടു​ത്ത​തു്. സാ​ഹി​ത്യ​ത്തെ​ക്കു​റി​ച്ചു​ള്ള യാ​ഥാ​സ്ഥി​തി​ക​ധാ​ര​ണ​ക​ളെ ചോ​ദ്യം​ചെ​യ്യാ​നു​ള്ള ഒരു വേ​ദി​യാ​യി 1930-​കളിലും 40-​കളിലും ഇതു മാറി. ‘സാ​ഹി​ത്യ​മെ​ന്നാൽ കവിത’ എന്ന നില മാ​റ​ണ​മെ​ന്ന ആവ​ശ്യം 1931-ൽ ഏറെ ചർ​ച്ച​ചെ​യ്യ​പ്പെ​ട്ടു. പി​ന്നീ​ടു​ള്ള സമ്മേ​ള​ന​ങ്ങ​ളിൽ സാ​ഹി​ത്യ​രം​ഗ​ത്തെ അതി​കാ​യ​ന്മാർ ചോദ്യവിധേയരായി-​അപ്പൻതമ്പുരാനും വള്ള​ത്തോ​ളും സ്വേ​ച്ഛാ​ധി​പ​ത്യ​പ്ര​വ​ണത പ്ര​ദർ​ശി​പ്പി​ക്കു​ന്നു​വെ​ന്നു് പു​രോ​ഗ​മ​ന​വാ​ദി​ക​ളായ എഴു​ത്തു​കാർ പരാ​തി​പ്പെ​ട്ടു. 1934-ൽ നി​ല​മ്പൂ​രിൽ കൂടിയ സമ്മേ​ള​ന​ത്തിൽ വള്ള​ത്തോ​ളി​ന്റെ​യും കേസരി ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ​യും അഭി​പ്രാ​യ​ഗ​തി​കൾ തമ്മിൽ ശക്ത​മായ ഏറ്റു​മു​ട്ട​ലു​ണ്ടാ​യി.

എന്നാൽ മല​യാ​ള​സാ​ഹി​ത്യ​ത്തിൽ ചി​ര​പ്ര​തി​ഷ്ഠ​നേ​ടിയ സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​രും ഇവ​രു​ടെ സാ​ഹി​ത്യ​ത്തി​ല​ല്ല സൃ​ഷ്ടി​ക്ക​പ്പെ​ട്ട​തെ​ന്ന വസ്തുത എടു​ത്തു​പ​റ​യേ​ണ്ടു​ന്ന​തു​ത​ന്നെ. ചന്തു​മേ​നോ​ന്റെ ഇന്ദു​ലേഖ, കു​മാ​രാ​നാ​ശാ​ന്റെ ചി​ന്താ​വി​ഷ്ട​യായ സീത എന്നി​വ​യി​ലെ സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങൾ​ക്കു് അന്ന​ത്തെ വാ​യ​ന​ക്കാ​രി​കൾ​ക്കി​ട​യിൽ നല്ല സ്വാ​ധീ​ന​മു​ണ്ടാ​യി​രു​ന്നു. അന്ന​ത്തെ അഭ്യ​സ്ത​വി​ദ്യ​രായ സ്ത്രീ​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളിൽ നി​ശ്ശ​ബ്ദം ഉയർ​ന്നു​വ​ന്ന ചോ​ദ്യ​ങ്ങ​ളാ​ണു് ആശാൻ സീ​ത​യെ​ക്കൊ​ണ്ടു് ചോ​ദി​പ്പി​ച്ച​തെ​ന്നു് പിൽ​ക്കാ​ല​ത്തു് ലളി​താം​ബി​കാ അന്തർ​ജ​നം പറ​ഞ്ഞി​ട്ടു​ണ്ടു്. നി​രൂ​പ​ക​രു​ടെ ‘നല്ല​കു​ട്ടി​ക​ളാ’യി​രു​ന്ന, ‘സ്ത്രീ​സ​ഹ​ജ​ഗു​ണ​ങ്ങൾ’ക്ക​നു​സൃ​ത​മാ​യി എഴു​തി​ക്കൊ​ണ്ടി​രു​ന്ന മിക്ക സ്ത്രീ​ക​ളെ​യും ഇന്ന​ത്തെ വാ​യ​ന​ക്കാർ ഓർ​മ്മി​ക്കു​ന്നി​ല്ലെ​ന്ന​താ​ണു് വാ​സ്ത​വം! നേ​രെ​മ​റി​ച്ചു്, പു​രു​ഷ​ന്മാ​രോ​ടു് മത്സ​രി​ച്ചു് സാ​ഹി​ത്യ​രം​ഗ​ത്തു് ഇടം​ക​ണ്ടെ​ത്തിയ എഴു​ത്തു​കാ​രി​ക​ളെ​യാ​ണു് നാ​മി​ന്നും ഓർ​ക്കു​ന്ന​തു്. പു​രു​ഷാ​ധി​പ​ത്യം കൽ​പ്പി​ക്കു​ന്ന ‘നല്ല​സ്ത്രീ​മാ​ന​ദ​ണ്ഡ’ത്തി​നു വഴ​ങ്ങു​ന്ന എല്ലാ സ്ത്രീ​കൾ​ക്കും ഒരു പാ​ഠ​മു​ണ്ടു് ഇതിൽ!

ആധു​നി​ക​സാ​ഹി​ത്യ​ത്തി​നു് വാ​യ​ന​ക്കാ​രി​കൾ വർ​ദ്ധി​ച്ചു​വ​ന്ന കാ​ലം​കൂ​ടി​യാ​യി​രു​ന്നു ഇതു്. ഇന്ദു​ലേഖ, മാർ​ത്താ​ണ്ഡ​വർ​മ്മ മു​ത​ലായ വി​ശി​ഷ്ട​കൃ​തി​ക​ളു​ടെ നി​ര​വ​ധി അനു​ക​ര​ണ​ങ്ങൾ വി​പ​ണി​യി​ലു​ണ്ടാ​യി​രു​ന്നു; അവ​യ്ക്കു് നല്ല ചെ​ല​വു​മു​ണ്ടാ​യി​രു​ന്നു. സ്ത്രീ​ക​ളു​ടെ നോ​വൽ​വാ​യന അവരെ കു​ഴി​യിൽ ചാ​ടി​ക്കു​മെ​ന്നു് മു​ന്ന​റി​യി​പ്പു നൽകിയ ലേ​ഖ​ന​ങ്ങ​ളും​മ​റ്റും ഇക്കാ​ല​ത്തു് തീരെ അസാധാരണമല്ലായിരുന്നു-​നോവൽവായന അവരെ അല​സ​ക​ളും അഹ​ങ്കാ​രി​ക​ളും തർ​ക്ക​പ്രി​യ​ക​ളും ‘അപ്രാ​യോ​ഗിക ആദർ​ശ​ങ്ങ​ളു’ടെ വക്താ​ക്ക​ളു​മാ​യി​ത്തീർ​ക്കു​മെ​ന്നാ​യി​രു​ന്നു ഈ പരാ​തി​ക്കാ​രു​ടെ അഭി​പ്രാ​യം. ആദർ​ശ​ജീ​വി​യാ​യി​ത്തീ​രു​ന്ന വാ​യ​ന​ക്കാ​രി വി​വാ​ഹ​ത്തി​ന്റെ യാ​ഥാർ​ത്ഥ്യ​ങ്ങ​ളോ​ടു് പൊ​രു​ത്ത​പ്പെ​ടി​ല്ലെ​ന്നു് ചില ലേഖകർ ഭയ​പ്പെ​ട്ടു. വാ​യ​ന​മൂ​ലം നവ​പു​രു​ഷാ​ധി​പ​ത്യ​ത്തി​ന്റെ ചി​ട്ട​കൾ​ക്കു് വഴ​ങ്ങാൻ സ്ത്രീ​കൾ എളു​പ്പ​ത്തിൽ സമ്മ​തി​ക്കു​ന്നി​ല്ല എന്ന​താ​യി​രു​ന്നു ഈ പരാ​തി​ക​ളു​ടെ സാ​രാം​ശം!

ഇതൊ​ക്കെ​യാ​ണെ​ങ്കി​ലും വാ​യ​ന​ക്കാ​രി​ക​ളു​ടെ എണ്ണം കൂ​ടി​ത്ത​ന്നെ​വ​ന്നു​വെ​ന്നു് അനുമാനിക്കാം-​ആനുകാലികങ്ങളിലെ സാ​ഹി​ത്യ​ചർ​ച്ച​ക​ളി​ലും മറ്റു വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളി​ലും പങ്കെ​ടു​ത്ത സ്ത്രീ​ക​ളു​ടെ എണ്ണം വർ​ദ്ധി​ച്ചു​വെ​ന്നാ​ണു് സൂചന. പത്ര​മാ​സി​കാ​പ്ര​സാ​ധ​ന​രം​ഗ​ത്തു് നി​ര​വ​ധി സ്ത്രീ​കൾ പ്ര​വർ​ത്തി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു. ബി. ഭാ​ഗീ​ര​ഥി​യ​മ്മ (മഹിള), അന്ന ചാ​ണ്ടി (ശ്രീ​മ​തി), ബി. കല്യാ​ണി​യ​മ്മ (ശാരദ), എം. ഹലീ​മാ​ബീ​വി (മു​സ്ലീം​വ​നിത) എന്നി​വർ ഇക്കൂ​ട്ട​ത്തിൽ​പ്പെ​ട്ട ചി​ലർ​മാ​ത്ര​മാ​യി​രു​ന്നു.

പക്ഷേ, ‘സ്ത്രീ​ഗു​ണാ​നു​സാ​രി​യായ’ സാ​ഹി​ത്യ​മാ​ണു് സ്ത്രീ​ക്കു ഭൂ​ഷ​ണ​മെ​ന്നു് ഉറ​ക്കെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​വർ​പോ​ലും നിർ​ണ്ണാ​യ​കാ​വ​സ​ര​ങ്ങ​ളിൽ മാ​റി​ച്ച​വി​ട്ടി​യെ​ന്ന​കാ​ര്യം ഓർ​ക്കാ​തെ​വ​യ്യ. 1932-ൽ എറ​ണാ​കു​ള​ത്തു​വ​ച്ചു​ന​ട​ന്ന സാ​ഹി​ത്യ​പ​രി​ഷ​തു് സമ്മേ​ള​ന​ത്തിൽ ബി. ഭാ​ഗീ​ര​ഥി​യ​മ്മ നട​ത്തിയ നാ​ട​കീ​യ​പ്ര​ഖ്യാ​പ​നം ഒരു​ദാ​ഹ​ര​ണ​മാ​ണു്. ‘സ്ത്രീ​ഗുണ’ങ്ങൾ പ്ര​കാ​ശി​പ്പി​ക്കാ​നു​ള്ള കഴി​വാ​ണു് സ്ത്രീ​യു​ടെ സാ​ഹി​ത്യ​വാ​സ​ന​യ്ക്കും പി​ന്നിൽ എന്നു് പല വേ​ദി​ക​ളി​ലും (സാ​ഹി​ത്യ​പ​രി​ഷ​ത്വേ​ദി​ക​ളി​ലും) പ്ര​സം​ഗി​ച്ചി​രു​ന്ന ഇവർ പു​രു​ഷ​നും സ്ത്രീ​ക്കും പരി​ഷ​ത്സ​മ്മേ​ള​ന​ത്തിൽ സമമായ പങ്കാ​ളി​ത്തം അനു​വ​ദി​ക്കാ​ത്ത​തി​നെ​ച്ചൊ​ല്ലി പര​സ്യ​പ്ര​തി​ഷേ​ധം നട​ത്തി.

എറ​ണാ​കു​ള​ത്തു​വ​ച്ചു സാ​ഹി​ത്യ​പ​രി​ഷ​ത്തി​ന്റെ അനു​ബ​ന്ധ​മാ​യി നട​ത്ത​പ്പെ​ട്ട മഹി​ളാ​സ​മ്മേ​ള​ന​ത്തിൽ പ്ര​സം​ഗി​ച്ച​പ്പോൾ പു​രു​ഷ​സാ​ഹി​ത്യ​മെ​ന്നും സ്ത്രീ​സാ​ഹി​ത്യ​മെ​ന്നും രണ്ടു വി​ഭാ​ഗ​ങ്ങൾ സൃ​ഷ്ടി​ച്ചു്, ഒരു സാ​ഹി​ത്യ​സ​ദ​സ്സിൽ സ്ത്രീ എന്നും പു​രു​ഷൻ എന്നു​മു​ള്ള വി​ഭി​ന്നത പ്ര​ത്യ​ക്ഷ​പ്പെ​ടു​ത്തേ​ണ​മെ​ന്നു് പരി​ഷ​തു് പ്ര​വർ​ത്ത​ക​ന്മാർ നി​ശ്ച​യി​ച്ച​തും പു​രു​ഷ​സാ​ഹി​ത്യ​സ​ദ​സ്സിൽ സ്ത്രീ​കൾ​ക്കു പ്ര​സം​ഗി​ക്കാൻ പാ​ടി​ല്ലെ​ന്നു തീ​രു​മാ​നി​ച്ച​തും ആവ​ശ്യ​മി​ല്ലാ​ത്ത സം​ഗ​തി​യാ​ണെ​ന്നു ‘മഹിളാ’ പ്ര​സാ​ധിക അന്നു പ്ര​സ്താ​വി​ക്ക​യു​ണ്ടാ​യി.

(‘മഹി​ളാ​ഭാ​ഷ​ണം’, മഹിള 12 (4,5), 1932, പുറം 158)

kimages/Kulasthree_Chapter_nine_pic07.png
തീയിൽ കു​രു​ത്ത​വർ

മല​യാ​ള​ത്തി​ലെ ആദ്യ എഴു​ത്തു​കാ​രി​ക​ളി​ലൊ​രോ​രു​ത്തർ​ക്കും പറയാൻ അഗ്നി​പ​രീ​ക്ഷ​ക​ളു​ടെ കഥ​ക​ളു​ണ്ടു്. അവരിൽ ചി​ല​രെ​ങ്കി​ലും അതേ​പ്പ​റ്റി തു​റ​ന്നു​പ​റ​ഞ്ഞി​ട്ടു​മു​ണ്ടു്. സ്വ​ന്തം പേരിൽ എഴുതി പ്ര​സി​ദ്ധീ​ക​രി​ച്ച​തു​കൊ​ണ്ടു് ജാ​തി​വി​ല​ക്കി​ന്റെ ഭീ​ഷ​ണി​യെ നേ​രി​ട്ട​വർ, വീ​ട്ടു​കാ​രു​ടെ കല​ശ​ലായ എതിർ​പ്പി​നെ മറി​ക​ട​ന്ന​വർ, നാ​ട്ടു​കാ​രു​ടെ കു​ത്തു​വാ​ക്കും പരി​ഹാ​സ​വും ഏറ്റവർ-​എന്നിട്ടും സാ​ഹി​ത്യ​രം​ഗ​ത്തു് അവർ പത​റാ​തെ പി​ടി​ച്ചു​നി​ന്നു. ഇന്നു് നാ​മ​ധി​ക​മൊ​ന്നും ശ്ര​ദ്ധി​ക്കാ​ത്ത പഴയ എഴു​ത്തു​കാ​രി​കൾ​ക്കു​പോ​ലും വലിയ പോ​രാ​ട്ട​ങ്ങ​ളു​ടെ കഥ​യു​ണ്ടു്. വേ​ണ്ടാ​ത്ത വി​വാ​ഹ​ത്തിൽ​നി​ന്നു് രക്ഷ​പ്പെ​ട്ടു് വീ​ടു​വി​ട്ടോ​ടിയ മേ​രി​ജോൺ കൂ​ത്താ​ട്ടു​കു​ളം (സ്വ​ന്തം വീ​ട്ടു​കാർ​പോ​ലും തള്ളി​ക്ക​ള​ഞ്ഞ അവർ​ക്കു് ഒടു​വിൽ ഈഴവ സാ​മൂ​ഹ്യ​പ​രി​ഷ്ക്കർ​ത്താ​വാ​യി​രു​ന്ന ഡോ. പൽ​പ്പു​വി​ന്റെ വീ​ട്ടിൽ അഭയം ലഭി​ച്ചു. പി​ന്നീ​ടു് തി​രു​വി​താം​കൂർ അഞ്ചൽ (പോ​സ്റ്റൽ) വകു​പ്പിൽ ജോ​ലി​കി​ട്ടി. അതി​നു​ശേ​ഷ​മാ​ണു് അവർ സജീ​വ​മാ​യി കവി​താ​രം​ഗ​ത്തേ​ക്കു കട​ന്ന​തു്), വി​വാ​ഹ​ജീ​വി​തം വേ​ണ്ടെ​ന്നു​വ​ച്ചു് മഠ​ത്തിൽ ചേർ​ന്ന​ശേ​ഷം അതി​ന്റെ പരി​മി​തി​ക​ളോ​ടു് പട​പൊ​രു​തി കവി​ത​യെ​ഴു​തിയ മേ​രി​ജോൺ തോട്ടം-​ഇവരുടെ കൃ​തി​കൾ വീ​ണ്ടും വാ​യി​ക്ക​പ്പെ​ടേ​ണ്ട​വ​യാ​ണു്. എഴു​ത്തു​കാ​രി​യു​ടെ ജീ​വി​തം ‘പരി​ച​യ​ക്കാർ’ അസാ​ദ്ധ്യ​മാ​ക്കി​ത്തീർ​ത്ത​തു​മൂ​ലം ആത്മ​ഹ​ത്യ​ചെ​യ്യേ​ണ്ടി​വ​ന്ന ഒരെ​ഴു​ത്തു​കാ​രി മലയാളത്തിലുണ്ടു്-​രാജലക്ഷ്മി. എഴു​ത്തി​ലേ​ക്കു​ള്ള വഴി​യു​ടെ കാ​ഠി​ന്യ​ത്തെ​ക്കു​റി​ച്ചെ​ഴു​താ​ത്ത സാ​ഹി​ത്യ​കാ​രി​കൾ മല​യാ​ള​ത്തിൽ നന്നേ കു​റ​യും. ലളി​താം​ബിക മുതൽ കെ. ആർ. മീര വരെ​യു​ള്ള​വർ ആ വെ​ല്ലു​വി​ളി​യെ​ക്കു​റി​ച്ചു് എഴു​തി​യി​ട്ടു​ണ്ടു്.

സാ​ഹി​ത്യ​രം​ഗ​ത്തേ​ക്കു പ്ര​വേ​ശി​ക്കു​ന്നു

‘സ്ത്രീ​ഗുണ’ത്തെ കൈ​വി​ട്ടു് എഴു​ത്തു​കാ​രി​യാ​വുക എന്ന ലക്ഷ്യം സ്ത്രീ​കൾ​ക്കു് ഒരി​ക്ക​ലും എളു​പ്പ​മാ​യി​രു​ന്നി​ല്ല. സ്ത്രീ​കൾ എങ്ങ​നെ​യി​രി​ക്ക​ണ​മെ​ന്നും അവർ​ക്കെ​ന്തൊ​ക്കെ ചെ​യ്യാ​മെ​ന്നും​മ​റ്റും നിർ​ണ്ണ​യി​ക്കു​ന്ന ശക്തികളോടു്-​സമുദായം, മതം, ഭര​ണ​കൂ​ടം, രാഷ്ട്രീയശക്തികൾ-​മല്ലടിക്കാതെ സ്വ​ന്ത​മായ ആശ​യ​ങ്ങ​ളും ശൈ​ലി​യു​മു​ള്ള എഴു​ത്തു​കാ​രി​യാ​യി​ത്തീ​രാൻ കഴി​യി​ല്ല. അക്കാ​ല​ത്താ​ണെ​ങ്കിൽ സ്ത്രീ​കൾ പൊ​തു​രം​ഗ​ത്തേ​ക്കു കട​ന്നു​തു​ട​ങ്ങി​യി​രു​ന്ന​തേ​യു​ള്ളൂ; സ്വ​ന്തം​പേ​രിൽ ലേ​ഖ​ന​മെ​ഴു​താൻ​പോ​ലും സ്ത്രീ​കൾ ഭയ​പ്പെ​ട്ടി​രു​ന്ന​കാ​ലം. അക്കാ​ല​ത്താ​ണു് ആധു​നി​ക​മ​ല​യാ​ള​സാ​ഹി​ത്യ​രം​ഗ​ത്തേ​ക്കു് ലളി​താം​ബിക അന്തർ​ജ​നം, ബാ​ലാ​മ​ണി​യ​മ്മ, കട​ത്ത​നാ​ട്ടു മാ​ധ​വി​യ​മ്മ, മേ​രി​ജോൺ കൂ​ത്താ​ട്ടു​കു​ളം, സി​സ്റ്റർ മേരി ബെ​നീ​ഞ്ഞ മു​ത​ലാ​യ​വർ കട​ന്നു​വ​ന്ന​തു്. ഈ കട​ന്നു​വ​ര​വിൽ അനു​ഭ​വി​ച്ച സം​ഘർ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചു് അവരിൽ പല​രു​മെ​ഴു​തി​യി​ട്ടു​ണ്ടു്. ലളി​താം​ബിക അന്തർ​ജ​നം ഇതേ​ക്കു​റി​ച്ചു് ഇങ്ങ​നെ എഴുതി:

എന്നെ​പ്പോ​ലെ​യു​ള്ള ഒരു സ്ത്രീ​ക്കു് ഒരു കലാ​കാ​രി​ണി​യെ​ന്ന ബി​രു​ദം കി​ട്ടുക അത്ര എളു​പ്പ​മ​ല്ല. കി​ട്ടി​യാൽ​ത്ത​ന്നെ അതു വച്ചു​പു​ലർ​ത്തുക അത്ര​യും​കൂ​ടി എളു​പ്പ​മ​ല്ല. ഒരു കലാ​ജീ​വി​ത​ത്തെ ചൂ​ഴു​ന്ന നി​ര​വ​ധി സം​ശ​യ​ങ്ങൾ, അസ്വാതന്ത്ര്യങ്ങൾ-​പേടികൾ-പുരുഷനാണെങ്കിൽ നി​സ്സം​ശ​യം ചവു​ട്ടി​മെ​തി​ക്കാ​വു​ന്ന ആ മുൾ​പ്പ​ടർ​പ്പു​ക​ളി​ലൂ​ടെ ഞങ്ങൾ സ്ത്രീ​കൾ എത്ര കരു​ത​ലോ​ടെ, ഭയാ​ശ​ങ്ക​ക​ളോ​ടെ, നൂ​ഴ്‌​ന്നു​ക​യ​റി​പ്പോ​ക​ണം? ഒരു കലാ​ഹൃ​ദ​യ​ത്തി​ന്റെ സ്വ​ച്ഛ​ന്ദ​വി​കാ​സ​ത്തി​നു് ഏറ്റ​വും വലിയ ശത്രു​വാ​ണീ ഭയം.

(‘കഥ​യെ​ങ്കിൽ കഥ’, തെ​ര​ഞ്ഞെ​ടു​ത്ത കഥകൾ, കോ​ട്ട​യം, പുറം. 74)

പു​രോ​ഗ​മ​ന​പ്ര​സ്ഥാ​നം സാ​ഹി​ത്യ​ത്തിൽ

ഇന്ത്യൻ ഭാ​ഷാ​സാ​ഹി​ത്യ​ങ്ങ​ളിൽ സാർ​വ്വ​ലൗ​കി​ക​വീ​ക്ഷ​ണം വളർ​ന്നു​കൊ​ണ്ടി​രു​ന്ന​കാ​ല​ത്തു് രൂ​പ​മെ​ടു​ത്ത പ്ര​സ്ഥാ​ന​മാ​ണു് ‘പു​രോ​ഗ​മ​ന​സാ​ഹി​ത്യ’ത്തി​ന്റേ​തു്. 1930-​കളിലെ ലോ​ക​സാ​ഹ​ച​ര്യ​ങ്ങ​ളോ​ടു് സാ​ഹി​ത്യ​കാ​ര​ന്മാർ ക്രി​യാ​ത്മ​ക​മാ​യി പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന ലക്ഷ്യ​ത്തോ​ടു​കൂ​ടി​യാ​ണു് ഇന്ത്യ​യിൽ മുൻഷി പ്രേം​ച​ന്ദ് അദ്ധ്യ​ക്ഷ​നാ​യി പു​രോ​ഗ​മ​ന​സാ​ഹി​ത്യ​സം​ഘ​ടന രൂ​പ​മെ​ടു​ത്ത​തു്. അതി​ന്റെ കേ​ര​ള​ശാ​ഖ​യിൽ അന്ന​ത്തെ പ്ര​മു​ഖ​രായ എഴു​ത്തു​കാ​രും നി​രൂ​പ​ക​രും ഉൾ​പ്പെ​ട്ടി​രു​ന്നു: 1937 ഏപ്രിൽ​മാ​സം തൃ​ശൂ​രിൽ കൂടിയ യോ​ഗ​ത്തിൽ ടജീ​വൽ​സാ​ഹി​ത്യ​സം​ഘം’ രൂ​പ​മെ​ടു​ത്തു. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പര​മ്പ​രാ​ഗ​ത​സാ​മൂ​ഹ്യ​ക്ര​മ​ത്തോ​ടും പു​തു​താ​യി ഉയർ​ന്നു​വ​ന്ന നവ​വ​രേ​ണ്യ​വർ​ഗ്ഗ​സ​മ്പ​ന്ന​ത​യോ​ടും കടു​ത്ത എതിർ​നില പാ​ലി​ക്കു​ന്ന എഴു​ത്തു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യി അതു വളർ​ന്നു. കമ്മ്യൂ​ണി​സ്റ്റ് രാ​ഷ്ട്രീ​യ​ത്തോ​ടാ​ഭി​മു​ഖ്യം പു​ലർ​ത്തി​യ​വ​രും പു​രോ​ഗ​മ​ന​വാ​ദി​ക​ളായ, എന്നാൽ, കമ്മ്യൂ​ണി​സ്റ്റ് ആശ​യ​ങ്ങ​ളെ സം​ശ​യ​ത്തോ​ടെ സമീ​പി​ച്ചി​രു​ന്ന​വ​രായ എഴു​ത്തു​കാ​രും അതി​ലു​ണ്ടാ​യി​രു​ന്നു. 1939-​നുശേഷം നിർ​ജ്ജീ​വ​മാ​യി​രു​ന്ന ജീ​വൽ​സാ​ഹി​ത്യ​സം​ഘം 1944-ൽ പു​രോ​ഗ​മ​ന​സാ​ഹി​ത്യ​സം​ഘ​ട​ന​യാ​യി പു​നർ​ജ്ജ​നി​ച്ചു. പ്ര​ശ​സ്ത​നി​രൂ​പ​ക​നായ എം. പി. പോൾ, അന്ന​ത്തെ പ്ര​മുഖ എഴു​ത്തു​കാ​രാ​യി​രു​ന്ന പി. കേ​ശ​വ​ദേ​വു്, തകഴി ശി​വ​ശ​ങ്ക​ര​പ്പി​ള്ള, പൊൻ​കു​ന്നം വർ​ക്കി, ജോസഫ് മു​ണ്ട​ശ്ശേ​രി, സി. അച്യു​ത​ക്കു​റു​പ്പു്, ജി. ശങ്ക​ര​ക്കു​റു​പ്പു് മു​ത​ലാ​യ​വർ 1944-ലെ സമ്മേ​ള​ന​ത്തിൽ പങ്കെ​ടു​ത്തു. രാ​ഷ്ട്രീ​യ​സ​മ​ര​ങ്ങ​ളിൽ എഴു​ത്തു​കാർ ജന​ങ്ങൾ​ക്കൊ​പ്പം നിൽ​ക്ക​ണ​മെ​ന്ന തത്വ​ത്തെ​ക്കു​റി​ച്ചു് പൊ​തു​വേ യോ​ജി​പ്പു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ചു​രു​ങ്ങിയ കാ​ല​ത്തി​നി​ട​യിൽ വലിയ ഭി​ന്ന​ത​കൾ സം​ഘ​ട​ന​യെ തളർ​ത്തി. പ്ര​സ്ഥാ​ന​ത്തിൽ കമ്മ്യൂ​ണി​സ്റ്റ് പാർ​ട്ടി​യോ​ടും പ്ര​സ്ഥാ​ന​ത്തോ​ടും നേ​രി​ട്ടു് വി​ധേ​യ​രാ​യ​വ​രും അല്ലാ​ത്ത​വ​രും തമ്മി​ലു​ള്ള അഭി​പ്രാ​യ​വ്യ​ത്യാ​സം മൂ​ത്ത​തോ​ടു​കൂ​ടി സംഘടന പി​ളർ​ന്നു. 1950-​കളുടെ ആരം​ഭ​ത്തിൽ അനു​ര​ഞ്ജ​ന​ശ്ര​മ​ങ്ങൾ നട​ന്നു​വെ​ങ്കി​ലും വേ​ണ്ട​ത്ര ഫല​പ്ര​ദ​മാ​യി​ല്ല.

മറ്റൊ​രു​വി​ധ​ത്തിൽ പറ​ഞ്ഞാൽ ആധു​നി​ക​സാ​ഹി​ത്യ​ര​ച​ന​യ്ക്കു് ആവ​ശ്യ​മെ​ന്നു് കു​ഞ്ഞു​ല​ക്ഷ്മി കെ​ട്ടി​ല​മ്മ ചൂ​ണ്ടി​ക്കാ​ട്ടിയ ‘സാ​മു​ദാ​യി​ക​സ്വാ​ത​ന്ത്ര്യം’ എഴു​ത്തു​കാ​രി​കൾ​ക്കു് അധി​ക​മൊ​ന്നും ഇല്ലാ​യി​രു​ന്നു. ആധു​നി​ക​സാ​ഹി​ത്യ​രം​ഗം ഏതാ​ണ്ടു മു​ഴു​വൻ പു​രു​ഷ​ന്മാ​രു​ടെ കുത്തകയായിരുന്നു-​കെ. സര​സ്വ​തി​യ​മ്മ​യു​ടെ സഹ​പാ​ഠി​യാ​യി​രു​ന്ന എസ്. ഗു​പ്തൻ നായർ അവ​രെ​ക്കു​റി​ച്ചോർ​ക്കു​ന്നു​ണ്ടു്, 1940-കളിൽ കോ​ളേ​ജി​ലെ സാ​ഹി​ത്യ​സ​മാ​ജ​ത്തി​ന്റെ ചർ​ച്ച​യി​ലേ​ക്കു് കൂ​സ​ലി​ല്ലാ​തെ കയ​റി​ച്ചെ​ന്ന പെൺ​കു​ട്ടി​യാ​യി. താനും കഥ​യെ​ഴു​താ​റു​ണ്ടെ​ന്നു് പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടാ​യി​രു​ന്ന​ത്രെ അതു്. എന്നാൽ സാ​ഹി​ത്യ​ചർ​ച്ച​യിൽ തനി​ക്കർ​ഹ​ത​പ്പെ​ട്ട പങ്കാ​ളി​ത്തം ആവ​ശ്യ​പ്പെ​ട്ട സ്വ​ത​ന്ത്ര​വ്യ​ക്തി​യാ​യി​ട്ട​ല്ല ഗു​പ്തൻ​നാ​യർ അവരെ ഓർമ്മിക്കുന്നതു്-​തന്റെ തു​റ​ന്ന പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ചു് മറ്റു​ള്ള​വ​രെ​ന്തു കരു​തു​മെ​ന്ന ചി​ന്ത​യി​ല്ലാ​ത്ത ശു​ദ്ധ​ഗ​തി​ക്കാ​രി​യാ​യി​ട്ടാ​ണു് അദ്ദേ​ഹം അവരെ കണ്ട​തു്. ബാ​ലാ​മ​ണി​യ​മ്മ​യെ​യോ അന്തർ​ജ​ന​ത്തെ​യോ ഇങ്ങ​നെ ശു​ദ്ധ​ഗ​തി​ക്കാ​രാ​ക്കാൻ എളു​പ്പ​മാ​യി​രു​ന്നി​ല്ല. അവ​രു​ടെ സാം​സ്ക്കാ​രി​ക​പ​ശ്ചാ​ത്ത​ല​വും കു​ടും​ബ​നി​ല​യും​മ​റ്റും കണ​ക്കി​ലെ​ടു​ക്കേ​ണ്ടി​വ​ന്നേ​നെ. എന്നി​ട്ടു​പോ​ലും എതിർ​പ്പും വി​മർ​ശ​ന​വും ധാ​രാ​ള​മേൽ​ക്കേ​ണ്ടി​വ​ന്നു; പ്ര​ത്യേ​കി​ച്ചു് അന്തർ​ജ​ന​ത്തി​നു്.

എന്നാൽ ഇരു​വർ​ക്കും ‘എഴു​ത്തു​കാ​രി’ എന്ന അം​ഗീ​കാ​രം സു​ല​ഭ​മാ​യി​ക്കി​ട്ടി​യി​രു​ന്നു. പരി​മി​ത​മായ വാ​യ​ന​യി​ലൂ​ടെ ‘സ്ത്രീ​ഗു​ണ​ങ്ങ​ളു’ടെ വക്താ​ക്ക​ളാ​യി ബാ​ലാ​മ​ണി​യ​മ്മ​യെ​യും അന്തർ​ജ​ന​ത്തെ​യും ‘ഒതു​ക്കു​ന്ന’ രീ​തി​യാ​ണു് നട​പ്പിൽ​വ​ന്ന​തു്. അന്തർ​ജ​നം ‘നമ്പൂ​തി​രി​സ്ത്രീ​ക​ളു​ടെ കണ്ണീ​രൊ​പ്പിയ കഥാ​കാ​രി’യാ​ണെ​ന്നും ‘മാ​തൃ​മ​ഹി​മ​യു​ടെ കഥാ​കാ​രി’യാ​ണെ​ന്നും​മ​റ്റു​മു​ള്ള പരാ​മർ​ശ​ങ്ങൾ നമു​ക്കു് പരി​ചി​ത​ങ്ങ​ളാ​ണു്. ബാ​ലാ​മ​ണി​യ​മ്മ​യെ​യും ‘മാ​തൃ​ത്വ’ത്തി​ന്റെ കവി എന്നൊ​ക്കെ​യാ​ണു് സാ​ധാ​ര​ണ​ഗ​തി​യിൽ വി​ശേ​ഷി​പ്പി​ക്കാ​റു്. എന്നാൽ അന്തർ​ജ​ന​ത്തി​ന്റെ​യോ ബാ​ലാ​മ​ണി​യ​മ്മ​യു​ടേ​യോ ചി​ന്താ​പ്ര​പ​ഞ്ചം ഒരി​ക്ക​ലും വെറും മാ​തൃ​ത്വ​വാ​ഴ്ത്താ​യി​രു​ന്നി​ല്ല; നി​ല​വി​ലു​ണ്ടാ​യി​രു​ന്ന മാ​തൃ​ത്വ​ദർ​ശ​ന​ങ്ങ​ളു​മാ​യി ‘പാ​ടി​പ്പു​ക​ഴ്ത്ത​ലി’ന്റെ ബന്ധ​മാ​യി​രു​ന്നി​ല്ല അവ​രു​ടെ എഴു​ത്തി​നു്. മറി​ച്ചു് അക്കാ​ല​ത്തു​യർ​ന്നു​വ​ന്ന മാ​തൃ​ത്വ​ദർ​ശ​ന​ങ്ങ​ളെ വി​മർ​ശ​ന​പ​ര​മാ​യി പരി​ശോ​ധി​ക്കു​ന്ന, അല്ലെ​ങ്കിൽ അവ​യു​ടെ സങ്കീർ​ണ്ണ​ത​ക​ളെ​യും വി​ഹ്വ​ല​ത​ക​ളെ​യും അനാ​വ​ര​ണം​ചെ​യ്യു​ന്ന, എഴു​ത്താ​യി​രു​ന്നു അവ​രു​ടേ​തു്.

ബാ​ലാ​മ​ണി​യ​മ്മ മാ​തൃ​ത്വ​ത്തെ വാ​ഴ്ത്തി കവി​ത​ക​ളെ​ഴു​തി​യി​രു​ന്നു; ആ കവി​ത​യിൽ പുതിയ മാ​തൃ​ത്വ​ത്തിൽ​നി​ന്നു​ള്ള ആന​ന്ദം മാ​ത്ര​മ​ല്ല, ആശ​ങ്ക​ക​ളും വൈ​രു​ദ്ധ്യ​ങ്ങ​ളും തെ​ളി​യു​ന്നു​ണ്ടു്. മല​യാ​ള​ബ്രാ​ഹ്മ​ണ​രു​ടെ കു​ടും​ബ​ങ്ങ​ളി​ലെ സ്ത്രീ​ക​ളു​ടെ നര​ക​ജീ​വി​ത​ത്തെ വർ​ണ്ണി​ച്ച നി​ര​വ​ധി കഥകൾ അന്തർ​ജ​നം 1930-​കളിലും 40-​കളിലുമെഴുതിയിട്ടുണ്ടു്; അവർ നമ്പൂ​തി​രി സമു​ദാ​യ​പ​രി​ഷ്ക്ക​ര​ണ​ത്തിൽ വളരെ താൽ​പ​ര്യം​കാ​ട്ടി​യി​രു​ന്നു. എന്നാൽ, ഈ പരി​ഷ്ക്ക​ര​ണ​ത്തെ​യും അതു നട​പ്പാ​ക്കാൻ മു​ന്നി​ട്ടി​റ​ങ്ങിയ പു​രു​ഷ​ന്മാ​രായ സമു​ദാ​യ​പ​രി​ഷ്ക്കർ​ത്താ​ക്ക​ളെ​യും സൂ​ക്ഷ്മ​മാ​യി വി​മർ​ശി​ക്കു​ന്ന മറ്റു​ക​ഥ​ക​ളും അവ​രു​ടേ​താ​യി​ട്ടു​ണ്ടു്! അതൊ​ന്നും അധി​ക​മാ​രും ചർ​ച്ച​ചെ​യ്തു​കാ​ണാ​റി​ല്ലെ​ന്നു​മാ​ത്രം. അതു​പോ​ലെ, ആധു​നി​ക​കു​ടും​ബാ​ദർ​ശ​ങ്ങ​ളിൽ ഉയർ​ന്നു​വ​ന്ന മാ​തൃ​ത്വ​ത്തി​ന്റെ മാതൃകയെ-​’ഉത്ത​മ​കു​ടും​ബി​നി’യെ-​വിമർശിക്കുന്ന കഥകൾ പല​തു​മു​ണ്ടു് അവ​രു​ടെ എഴു​ത്തിൽ. അക്കാ​ല​ത്തു നടന്ന ചർ​ച്ച​ക​ളിൽ ഉത്ത​മ​മാ​തൃ​ത്വ​മാ​യി വാ​ഴ്ത്ത​പ്പെ​ട്ട ആദർശത്തെ-​കുടുംബത്തിന്റെ ഭൗ​തി​ക​മായ ഉന്ന​തി​യിൽ​മാ​ത്രം കണ്ണു​ന​ട്ടു്, മക്ക​ളെ വളർ​ച്ച​യു​ടെ​യും കീർ​ത്തി​യു​ടെ​യും മേ​ഖ​ല​ക​ളി​ലേ​ക്കു് ഏതു​വി​ധ​വു​മെ​ത്തി​ക്കാ​നു​ള്ള തത്ര​പ്പാ​ടിൽ സ്നേ​ഹ​ശൂ​ന്യ​രാ​യി, വെറും ‘അച്ച​ട​ക്ക​യ​ന്ത്ര​മാ​യി’ മാ​റു​ന്ന മാതാവിനെ-​അവർ തു​ട​രെ​ത്തു​ട​രെ വി​മർ​ശി​ച്ചി​ട്ടു​ണ്ടു്. ‘ആത്മ​നി​യ​ന്ത്ര​ണം’ അധി​ക​മാ​യ​തു​കൊ​ണ്ടു് സ്നേ​ഹ​ശൂ​ന്യ​രാ​യി​ത്തീർ​ന്ന, ജീ​വി​ത​ത്തി​ന്റെ ആന​ന്ദം​മു​ഴു​വൻ നഷ്ട​പ്പെ​ടു​ത്തിയ വ്യ​ക്തി​ക​ളു​ടെ ചി​ത്ര​ങ്ങൾ അവർ സ്വ​ന്തം​ക​ഥ​ക​ളിൽ പലതവണ വര​ച്ചി​ട്ടു​ണ്ടു്. എന്നി​ട്ടും അന്തർ​ജ​ന​ത്തെ ‘നി​രാ​യു​ധീ​ക​രി​ച്ച്’ വ്യ​വ​സ്ഥാ​പിത മാ​തൃ​ത്വ​ദർ​ശ​ന​ത്തി​ന്റെ കു​ഴ​ലൂ​ത്തു​കാ​രി​യാ​യി തരം​താ​ഴ്ത്താ​നാ​യി​രു​ന്നു പലർ​ക്കും തി​ടു​ക്കം! എഴു​ത്തു​കാ​രി​യെ​ന്ന അം​ഗീ​കാ​രം നൽ​കു​മ്പോ​ഴും അവർ ‘സ്ത്രീ​ത്വ’ത്തി​നു​ള്ളിൽ കഴി​ഞ്ഞു​കൂ​ടി​യ​വർ​ത​ന്നെ എന്നു സ്ഥാ​പി​ക്കാ​നും ചി​ലർ​ക്കു് വ്യ​ഗ്ര​ത​യു​ണ്ടാ​യി​രു​ന്നു:

പ്ര​ജ്ഞാ​പ​ര​മായ പ്ര​വർ​ത്ത​ന​ങ്ങ​ളിൽ സ്ത്രീ​വർ​ഗ്ഗ​ത്തി​നു് പു​രു​ഷ​വർ​ഗ്ഗ​ത്തോ​ടു കി​ട​നിൽ​ക്കാൻ കഴി​വി​ല്ലെ​ന്നി​രു​ന്നാ​ലും ലളി​താം​ബി​ക​യെ ഇക്കാ​ര്യ​ത്തിൽ പു​രു​ഷ​വർ​ഗ്ഗ​ത്തിൽ​നി​ന്ന​ക​റ്റി നിർ​ത്തേ​ണ്ട… എന്നാ​ലും ഒരു സ്ത്രീ​യു​ടെ സൃ​ഷ്ടി​വൈ​ദ​ഗ്ദ്ധ്യം സന്താ​ന​ങ്ങ​ളു​ടെ വാ​സ​നാ​ഭാ​വ​നാ​നിർ​മ്മാ​ണ​ങ്ങ​ളി​ലാ​ണെ​ന്നു് ലളി​താം​ബിക വി​ശ്വ​സി​ക്കു​ന്നു.

(വക്കം എം. അബ്ദുൽ ഖാദർ, ചി​ത്ര​ദർ​ശി​നി, തൃശൂർ 1946, പുറം 82-83)

19-ആം നൂ​റ്റാ​ണ്ടിൽ കു​ട്ടി​ക്കു​ഞ്ഞു​ത​ങ്ക​ച്ചി​ക്കു് ഗോ​വി​ന്ദ​പ്പി​ള്ള നൽകിയ അഭി​ന​ന്ദ​ന​ത്തിൽ​നി​ന്നു് വള​രെ​യൊ​ന്നും വ്യ​ത്യ​സ്ത​മാ​യി​രു​ന്നി​ല്ല ഇതെ​ന്നു വ്യ​ക്തം!

ദേ​ശ​ഭ​ക്തി സ്ത്രീ​ക​ളു​ടെ കവി​ത​ക​ളിൽ

ഭാ​ര​തീയ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്റെ പശ്ചാ​ത്ത​ല​മാ​യി​രു​ന്നു പല സ്ത്രീ​ക​ളെ​യും കവി​താ​രം​ഗ​ത്തു് പ്ര​ചോ​ദി​പ്പി​ച്ച​തു്. കട​ത്ത​നാ​ട്ടു മാ​ധ​വി​യ​മ്മ​യു​ടെ ‘ആത്മ​രോ​ദ​നം’, ‘എന്റെ സ്വ​പ്നം’, ‘ഭാ​ര​താംബ’ മു​ത​ലായ കവി​ത​കൾ ദേ​ശാ​ഭി​മാ​ന​ത്തി​ന്റെ ഗീതങ്ങളാണു്-​ഗാന്ധിയൻ ആശ​യ​പ്ര​ച​ര​ണ​ത്തി​ന്റെ മാ​ദ്ധ്യ​മ​ങ്ങൾ​കൂ​ടി​യാ​യി​രു​ന്നു ഇവ. ബാ​ലാ​മ​ണി​യ​മ്മ​യും ഇതേ ലക്ഷ്യ​മു​ള്ള നി​ര​വ​ധി കവി​ത​കൾ എഴു​തി​യി​ട്ടു​ണ്ടു്. ഗാ​ന്ധി​യൻ​സ്ത്രീ​ത്വാ​ദർ​ശ​ങ്ങൾ സ്ത്രീ​കൾ​ക്കു നൽകിയ മേൽ​ക്കൈ സ്ത്രീ​ക​ളു​ടെ സാ​ഹി​ത്യ​പ്ര​വർ​ത്ത​ന​ങ്ങൾ​ക്കു് ഉത്തേ​ജ​ന​മാ​യെ​ന്നർ​ത്ഥം. സ്ത്രീ​ക​ളി​ലേ​ക്കു ഗാ​ന്ധി​യൻ ആദർ​ശ​ങ്ങ​ളെ​ത്തി​ക്കു​ന്ന കവി​ത​ക​ളും അക്കാ​ല​ത്തു് സ്ത്രീ​കൾ ധാ​രാ​ള​മെ​ഴു​തി​യി​രു​ന്നു. അവ​യി​ലൊ​ന്നാ​യി​രു​ന്നു ബാ​ലാ​മ​ണി​യ​മ്മ​യു​ടെ ‘ഇനി​മേ​ലിൽ’ (1934.)

ഇനി​മേ​ലിൽ സാ​വി​ത്രി നിൻ തന​യ​മാ​രി​വർ നിജ
പ്ര​ണ​യി​കൾ​ക്ക​രിയ കാൽ​ക്കെ​ട്ടു​ക​ളാ​കാ
ഇനി​മേ​ലിൽ പു​തു​പ്പ​ട്ടിൽ പൊ​തി​ഞ്ഞ പൊൻ​പാ​വ​ക​ളാ​യു്
മണി​മേ​ട​പ്പു​റ​ത്തി​വർ മരു​വു​കി​ല്ല
മർ​ദ്ദി​ത​രാം പാ​വ​ങ്ങൾ​തൻ അശ്രു​ബി​ന്ദു​ക്ക​ളാൽ​ത്തീർ​ത്ത
മു​ത്തു​മാല ചാർ​ത്തി​ക്ക​ഴു​ത്തു​യർ​ത്തു​ക​യി​ല്ല.

1930-​കളിലും എഴു​ത്തു​കാ​രി​കൾ​ക്കെ​തി​രെ തെ​റി​പ്ര​യോ​ഗം​ന​ട​ത്തി അവ​രു​ടെ വാ​യ​ട​പ്പി​ക്കാ​നു​ള്ള ശ്രമം തു​ടർ​ന്നു​കൊ​ണ്ടി​രു​ന്നു​വെ​ങ്കി​ലും അതിനു ചുട്ട മറു​പ​ടി​കൊ​ടു​ത്ത എഴു​ത്തു​കാ​രി​ക​ളു​മു​ണ്ടാ​യി. ആഭാ​സ​പ്ര​യോ​ഗ​ങ്ങ​ളെ മറു​തെ​റി​യി​ലൂ​ടെ നേ​രി​ടാൻ ധൈ​ര്യം​കാ​ട്ടിയ എഴു​ത്തു​കാ​രി​ക​ളു​ണ്ടാ​യി. എന്നാൽ, എഴു​ത്തിൽ ഇടു​ങ്ങിയ ലൈം​ഗി​ക​സ​ദാ​ചാ​ര​ത്തെ എതിർ​ത്തി​രു​ന്ന പു​രോ​ഗ​മ​ന​പ്ര​സ്ഥാ​ന​വു​മാ​യി എഴു​ത്തു​കാ​രി​കൾ​ക്കു് പരി​മി​ത​വും ചി​ല​പ്പോൾ കലു​ഷി​ത​വു​മായ ബന്ധ​മാ​ണു​ണ്ടാ​യി​രു​ന്ന​തു്. 1940-കളിൽ സജീ​വ​മാ​യി​ത്തീർ​ന്ന പു​രോ​ഗ​മ​ന​സാ​ഹി​ത്യ​പ്ര​സ്ഥാ​ന​ത്തെ തു​റ​ന്നു് അനു​കൂ​ലി​ച്ചു​കൊ​ണ്ടു് പൊ​തു​രം​ഗ​ത്തു​വ​ന്ന എഴു​ത്തു​കാ​രി​യാ​യി​രു​ന്നു അന്തർ​ജ​നം. പക്ഷേ, അവരെ ഉൾ​ക്കൊ​ള്ളാൻ ആ പ്ര​സ്ഥാ​നം തീരെ ശ്ര​മി​ച്ചി​ല്ല. മാ​ത്ര​മ​ല്ല, പു​രോ​ഗ​മ​ന​സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടെ ലൈം​ഗി​ക​സ​ദാ​ചാ​ര​വി​രു​ദ്ധ​ത​യു​ടെ പൊ​ള്ള​ത്ത​ര​ത്തെ ചൂ​ണ്ടി​ക്കാ​ട്ടി​ക്കൊ​ണ്ടു് അവർ കഥ​യെ​ഴു​തി (‘റി​യ​ലി​സം’ എന്ന കഥ)യെ​ന്ന​തു് വലിയ വി​വാ​ദ​ത്തി​നി​ട​യാ​ക്കി. തകഴി ശി​വ​ശ​ങ്ക​ര​പ്പി​ള്ള അവർ​ക്കെ​തി​രെ മറ്റൊ​രു കഥയെഴുതി-​അവരെ വ്യ​ക്തി​പ​ര​മാ​യി അധി​ക്ഷേ​പി​ച്ച ‘ആദർ​ശാ​ത്മ​കത’ എന്ന കഥ!

അന്തർ​ജ​ന​ങ്ങൾ അന്തർ​ജ​ന​ങ്ങൾ​ക്കു​വേ​ണ്ടി ഉണ്ടാ​ക്കിയ നാടകം

1930-​കളിലും 40-​കളിലും നമ്പൂ​തി​രി​സ​മു​ദാ​യ​ത്തി​നു​ള്ളിൽ സ്ത്രീ​ക​ളു​ടെ ദു​രി​ത​മ​യ​മായ ജീ​വി​ത​ത്തെ കഠി​ന​മാ​യി വി​മർ​ശി​ച്ച നി​ര​വ​ധി സാമുദായികപരിഷ്ക്കരണമാടകങ്ങളുണ്ടായി-​അടുക്കളയിൽനിന്നു് അര​ങ്ങ​ത്തേ​ക്കു്, മറ​ക്കു​ട​യ്ക്കു​ള്ളി​ലെ മഹാ​ന​ര​കം, ഋതു​മ​തി മു​ത​ലാ​യവ. എന്നാൽ അന്തർ​ജ​ന​സ​മാ​ജ​ത്തി​ന്റെ മേൽ​ക്ക​യ്യിൽ അവ​ത​രി​പ്പി​ക്ക​പ്പെ​ട്ട തൊ​ഴിൽ​കേ​ന്ദ്ര​ത്തി​ലേ​ക്കു് ‘അന്തർ​ജ​ന​ങ്ങൾ അന്തർ​ജ​ന​ങ്ങൾ​ക്കു​വേ​ണ്ടി ബോ​ധ​പൂർ​വ്വം ആദ്യ​മാ​യി നട​ത്തിയ’ നാ​ട​ക​മെ​ന്നു് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ടു. ‘രക്ഷ​ക​നായ പു​രു​ഷൻ’ ഹത​ഭാ​ഗ്യ​യായ അന്തർ​ജ​ന​ത്തെ രക്ഷി​ക്കു​ന്ന പ്ര​മേ​യ​മാ​യി​രു​ന്നി​ല്ല ഇതിൽ-​രക്ഷകനെത്തുംവരെ കാ​ത്തി​രി​ക്കാ​തെ തൊ​ഴിൽ​ചെ​യ്തു തന്നെ​ത്താൻ ജീ​വി​ക്കാൻ പു​റ​പ്പെ​ടു​ന്ന അന്തർ​ജ​ന​ങ്ങ​ളാ​ണു് മു​ഖ്യ​ക​ഥാ​പാ​ത്ര​ങ്ങൾ. ഈ നാടകം വൈ​ദി​കാ​ധി​കാ​ര​ത്തി​നു​നേ​രെ മാ​ത്ര​മ​ല്ല, ‘പു​രു​ഷ​മേ​ധാ​വി​ത്വ’ത്തി​നു​നേർ​ക്കു​കൂ​ടി​യാ​ണു് കൈ​യോ​ങ്ങു​ന്ന​തെ​ന്നു് അവ​താ​രി​ക​യിൽ പറ​ഞ്ഞി​രി​ക്കു​ന്നു. പക്ഷേ, പല​പ്പോ​ഴും രാ​ഷ്ട്രീ​യ​പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ പിൻ​ബ​ലം​കൊ​ണ്ടു​മാ​ത്ര​മാ​ണു് കലാ​കാ​രി​കൾ​ക്കു പി​ടി​ച്ചു​നിൽ​ക്കാ​നാ​യ​തെ​ന്ന കാ​ര്യം വിസ്മരിച്ചുകൂട-​സമുദായദൃഷ്ടിയിൽ കലാ​പ്ര​വർ​ത്ത​ക​യാ​വുക എന്ന​തു് അഭി​ല​ഷ​ണീ​യ​മാ​യി​രു​ന്നി​ല്ല. സമു​ദാ​യ​ത്തി​ന്റെ ഘോ​ര​മായ എതിർ​പ്പി​നെ കല്ലി​ന്റെ​യും വെ​ടി​യു​ണ്ട​യു​ടെ​യും രൂ​പ​ത്തിൽ നേ​രി​ട്ടു​കൊ​ണ്ടാ​ണു് നി​ല​മ്പൂർ അയി​ഷ​യെ​പ്പോ​ലു​ള്ള​വർ നാ​ട​ക​രം​ഗ​ത്തു് ഉറ​ച്ചു​നി​ന്ന​തു്.

‘സാ​ഹി​ത്യ​ത്തെ ജീ​വി​ത​ത്തോ​ട​ടു​പ്പി​ക്കുക’ എന്ന പു​രോ​ഗ​മ​ന​സാ​ഹി​ത്യ മു​ദ്രാ​വാ​ക്യ​ത്തി​ലൂ​ടെ കീ​ഴാ​ള​സ്ത്രീ​കൾ കഥാ​പാ​ത്ര​ങ്ങ​ളാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​തു​ട​ങ്ങിയ കാലത്തു്-​1930-​കളിൽ-മനഃശക്തിയെക്കാളധികം സു​ന്ദ​ര​സ്ത്രീ​രൂ​പ​ങ്ങ​ളു​ടെ തി​രി​ച്ചു​വ​ര​വു​ണ്ടാ​യി​യെ​ന്നു വേ​ണ​മെ​ങ്കിൽ പറയാം. ചങ്ങ​മ്പുഴ കൃ​ഷ്ണ​പി​ള്ള​യു​ടെ രമണൻ കേ​ര​ള​ത്തിൽ ഏറ്റ​വും ജന​പ്രി​യ​മായ രചനയായിരുന്നു-​അതിലെ സ്ത്രീ​ക​ഥാ​പാ​ത്ര​ത്തി​ന്റെ സവി​ശേ​ഷ​ത​ത​ന്നെ, മനഃ​ശ​ക്തി​യു​ടെ കു​റ​വാ​ണു്. (നാ​രി​യു​ടെ അബ​ല​ത്വ​വും ചപ​ല​ത്വ​വും പാ​ടി​ന​ട​ക്കു​ന്ന​വ​രെ​ക്ക​ണ്ടി​ട്ടാ​ണു് കെ. സര​സ്വ​തി​യ​മ്മ അതി​നു് പിൽ​ക്കാ​ല​ത്തു് ഒരു ‘മറു​പ​ടി​ക്കഥ’ എഴുതിയതു്-​’രമണി’ എന്ന പേരിൽ.) സ്ത്രീ​യെ സു​ന്ദ​ര​വും കാ​മ്യ​വു​മായ എന്നാൽ ചഞ്ച​ല​മായ ഒരു വസ്തു​വാ​യി ചി​ത്രീ​ക​രി​ച്ച​തിൽ ചങ്ങ​മ്പു​ഴ​യ്ക്കു് വലി​യൊ​രു പങ്കു​ണ്ടു്. ഈ പ്ര​വ​ണ​ത​യെ നേ​രി​ട്ടും അല്ലാ​തെ​യും വി​മർ​ശി​ച്ച​വ​രാ​ണു് അന്തർ​ജ​ന​വും സര​സ്വ​തി​യ​മ്മ​യും. ‘മാ​തൃ​ത്വ’ത്തി​ന്റെ കു​പ്പാ​യം സര​സ്വ​തി​യ​മ്മ​യ്ക്കു് തീരെ ചേ​രാ​ത്ത​തു​കൊ​ണ്ടാ​വാം, നി​രൂ​പ​ക​ലോ​കം അവരെ പൂർ​ണ്ണ​മാ​യും അവ​ഗ​ണി​ച്ചു. 1970-കളിൽ അവ​രു​ടെ മരണം ഏറെ​ക്കു​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ കട​ന്നു​പോ​യി. 1990-കളിൽ കേ​ര​ള​ത്തിൽ സ്ത്രീ​പ​ക്ഷ​സാ​ഹി​ത്യം ശക്ത​മാ​യ​തോ​ടെ​യാ​ണു് അവ​രു​ടെ കൃ​തി​കൾ വീ​ണ്ടും വാ​യി​ക്ക​പ്പെ​ട്ട​തു്.

1950-​കൾക്കുശേഷവും സാ​ഹി​ത്യ​രം​ഗ​ത്തു് സ്ത്രീ​കൾ പൊ​രു​തി​ത്ത​ന്നെ​യാ​ണു് നി​ന്ന​തു്. സാ​ഹി​ത്യ​രം​ഗ​ത്തെ പു​രു​ഷാ​ധി​കാ​രം ആധു​നി​ക​താ​പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ പു​തു​രൂ​പം​പൂ​ണ്ടു് ഉയർ​ന്നു​വ​ന്ന കാ​ല​ത്തു് മാ​ധ​വി​ക്കു​ട്ടി എന്ന പ്ര​തി​ഭാ​സം കേ​ര​ള​ത്തിൽ അപ്പോ​ഴേ​ക്കും ഉറ​ച്ചു​ക​ഴി​ഞ്ഞി​രു​ന്ന കു​ടും​ബാ​ദർ​ശ​ങ്ങ​ളെ​യും സ്ത്രീ​പു​രു​ഷ​ബ​ന്ധ​ങ്ങ​ളെ​യും തന്റെ എഴു​ത്തി​ലൂ​ടെ കീ​റി​മു​റി​ച്ചു​കൊ​ണ്ടി​രു​ന്നു. വീ​ടു​മാ​യി സ്ത്രീ​യെ ബന്ധി​പ്പി​ക്കു​ന്ന സ്ത്രീ​ത്വ​ദർ​ശ​ന​ത്തി​നു് അവർ എതി​രാ​യി​രു​ന്നി​ല്ല; എന്നാൽ നി​ല​വി​ലു​ള്ള ലിം​ഗാ​ദർ​ശ​ത്തിൽ വീടു് സ്ത്രീ​യു​ടെ തടവറ മാ​ത്ര​മാ​ണെ​ന്നും തീരെ സന്തോ​ഷ​മോ സൗ​ന്ദ​ര്യ​മോ ഇല്ലാ​ത്ത, ഒരി​ക്ക​ലും തീ​രാ​ത്ത ജോ​ലി​യും ഒരി​ക്ക​ലു​മൊ​ടു​ങ്ങാ​ത്ത ഭാ​ര​ങ്ങ​ളും സ്ത്രീ​യു​ടെ​മേൽ കെ​ട്ടി​യേൽ​പ്പി​ക്കു​ന്ന ഒരു സ്ഥാ​പ​ന​മാ​ണ​തെ​ന്നും തന്റെ കഥ​ക​ളി​ലൂ​ടെ അവർ വീ​ണ്ടും​വീ​ണ്ടും നമ്മെ ഓർ​മ്മ​പ്പെ​ടു​ത്തി. അതു​പോ​ലെ, സ്ത്രീ​പു​രു​ഷ​സ്നേ​ഹ​ത്തെ അവർ വളരെ വിലമതിച്ചിരുന്നു-​പക്ഷേ സ്ത്രീ​യെ വെ​റു​മൊ​രു വസ്തു​വാ​യി കരു​തു​ന്ന പു​രു​ഷ​ത്വ​ത്തി​നു് മേൽ​ക്കൈ​യു​ള്ളി​ട​ത്തോ​ളം സ്ത്രീ​പു​രു​ഷ​ബ​ന്ധം സു​ന്ദ​ര​മാ​വി​ല്ലെ​ന്നു് അവർ തറ​പ്പി​ച്ചു​പ​റ​ഞ്ഞു. സ്നേ​ഹ​ത്തെ​യും സൗ​ന്ദ​ര്യ​ത്തെ​യും ഏതു​രീ​തി​യി​ലും സ്വീ​ക​രി​ക്ക​ണ​മെ​ന്നും, അതി​നാൽ സമൂഹം അടി​ച്ചേൽ​പ്പി​ക്കു​ന്ന സദാ​ചാ​ര​ത്തി​നു് യാ​തൊ​രു ന്യാ​യീ​ക​ര​ണ​വു​മി​ല്ലെ​ന്നും അവർ മല​യാ​ളി​ക​ളെ പഠി​പ്പി​ക്കാൻ ശ്ര​മി​ച്ചു. എന്റെ കഥ എന്ന അവ​രു​ടെ ആത്മ​ക​ഥ​യ്ക്കു് സമാ​ന​മായ ഒന്നും മല​യാ​ള​ത്തി​ലി​ല്ല. എങ്കി​ലും അവ​സാ​നം​വ​രെ​യും അവരെ പല​ത​ര​ത്തിൽ വേ​ട്ട​യാ​ടാ​നാ​ണു് മല​യാ​ളി​സ​മൂ​ഹം ശ്ര​മി​ച്ച​തു്. പിൽ​ക്കാ​ല​ത്തു് അതിൽ ആത്മ​ക​ഥാം​ശ​മി​ല്ലെ​ന്നു​കൂ​ടി അവർ പറ​യു​ക​യു​ണ്ടാ​യി.

കലാ​മ​ണ്ഡ​ലം കല്യാ​ണി​ക്കു​ട്ടി​യ​മ്മ

1915-ൽ മല​പ്പു​റം​ജി​ല്ല​യി​ലെ തി​രു​നാ​വാ​യ​യ്ക്ക​ടു​ത്തു് ഒരു യാ​ഥാ​സ്ഥി​തിക നാ​യർ​ത​റ​വാ​ട്ടിൽ ജനി​ച്ചു. ചെ​റു​പ്പ​ത്തിൽ കാ​യി​ക​വി​നോ​ദ​ങ്ങ​ളിൽ വലിയ താൽ​പ​ര്യ​മാ​യി​രു​ന്നു; ഇതി​നു​പു​റ​മെ സം​സ്കൃത കാ​വ്യ​നാ​ട​കാ​ദി​ക​ളും പരി​ച​യി​ച്ചു. എന്നാൽ നൃ​ത്തം ഒരു വി​ദൂ​ര​സ്വ​പ്നം​പോ​ലു​മാ​യി​രു​ന്നി​ല്ല. 1937-ൽ, ഇരു​പ​ത്തി​ര​ണ്ടാം​വ​യ​സ്സിൽ സം​സ്കൃ​ത​ഗ്ര​ന്ഥ​ങ്ങ​ളെ​ക്കു​റി​ച്ചു് വി​വ​ര​ങ്ങൾ തി​ര​ക്കി​യാ​ണു് അവർ കലാ​മ​ണ്ഡ​ല​ത്തി​ലെ​ത്തി​യ​തു്; അദ്ധ്യാ​പി​ക​യാ​കാ​നു​ള്ള പരീ​ക്ഷ​യ്ക്കി​രി​ക്കാൻ​വേ​ണ്ടി. ആ സമ​യ​ത്തു് മോ​ഹി​നി​യാ​ട്ടം വി​ദ്യാർ​ത്ഥി​നി​ക​ളി​ലൊ​രാൾ വി​വാ​ഹം​ക​ഴി​ക്കാ​നാ​യി പരി​ശീ​ല​നം ഉപേ​ക്ഷി​ച്ചി​രു​ന്നു. കു​ടും​ബ​സു​ഹൃ​ത്തു​കൂ​ടി​യാ​യി​രു​ന്ന മഹാ​ക​വി വള്ള​ത്തോ​ളി​ന്റെ പ്രേ​ര​ണ​യിൽ കല്യാ​ണി​ക്കു​ട്ടി​യ​മ്മ നൃ​ത്ത​പ​രി​ശീ​ല​ന​ത്തി​നു തയ്യാ​റാ​യി. കഠി​ന​മായ പരി​ശീ​ല​ന​ത്തി​നൊ​ടു​വിൽ 1939-ൽ അര​ങ്ങേ​റ്റം നട​ത്തി. ഇതി​നി​ടെ കു​ടും​ബ​ത്തിൽ​നി​ന്നും അതി​ശ​ക്ത​മായ എതിർ​പ്പു​ണ്ടാ​യ​തി​നെ അവർ ധൈ​ര്യ​മാ​യി​ത്ത​ന്നെ നേ​രി​ട്ടു. കലാ​മ​ണ്ഡ​ലം കൃ​ഷ്ണൻ​നാ​യ​രു​മാ​യു​ള്ള പ്ര​ണ​യം പ്ര​ശ്ന​മാ​യി മാറി-​കാരണം കലാ​മ​ണ്ഡ​ല​ത്തി​ലെ അം​ഗ​ങ്ങൾ​ത​മ്മി​ലു​ള്ള അടു​പ്പ​ങ്ങ​ളെ വള്ള​ത്തോൾ തീരെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നി​ല്ല. 1940-ൽ വി​വാ​ഹം​ക​ഴി​ച്ച അവർ ഒരു​വർ​ഷ​ത്തോ​ളം ഇക്കാ​ര്യം രഹ​സ്യ​മാ​യി സൂ​ക്ഷി​ച്ച​ശേ​ഷം, കലാ​മ​ണ്ഡ​ലം വി​ട്ടു. 1950-​കളുടെ അവ​സാ​നം​വ​രെ​യും പല സ്ഥ​ല​ങ്ങ​ളി​ലാ​യി അവർ നൃ​ത്ത​പ​രി​ശീ​ല​നം നൽകി ജീ​വി​ച്ചു. മോ​ഹി​നി​യാ​ട്ട​ത്തി​ന്റെ സമു​ദ്ധാ​ര​കൻ എന്ന ബി​രു​ദം വള്ള​ത്തോ​ളി​നാ​ണു് നാം നൽ​കാ​റു​ള്ള​തെ​ങ്കി​ലും ഇന്ന​ത്തെ മോ​ഹി​നി​യാ​ട്ട​ത്തെ ഈ രൂ​പ​ത്തി​ലാ​ക്കി​ത്തീർ​ത്ത​തി​ന്റെ മു​ഴു​വൻ അഭി​ന​ന്ദ​ന​വും കല്യാ​ണി​ക്കു​ട്ടി​യ​മ്മ​യ്ക്കാ​ണു്. ഭര​ത​നാ​ട്യ​ത്തിൽ രു​ഗ്മി​ണീ​ദേ​വി​ക്കു കൽ​പ്പി​ക്ക​പ്പെ​ടു​ന്ന സ്ഥാ​നം കല്യാ​ണി​ക്കു​ട്ടി​യ​മ്മ​യ്ക്കു് മോ​ഹി​നി​യാ​ട്ട​ത്തി​ലു​ണ്ടു്. ഇക്കാ​ല​ത്തെ നവീ​ന​സ്ത്രീ​ത്വ​ത്തി​ന്റെ ശക്ത​മായ സ്വാ​ധീ​നം അവ​രു​ടെ മോ​ഹി​നി​യാ​ട്ട പു​നർ​നിർ​മ്മാ​ണ​ത്തിൽ കാ​ണാ​നു​മു​ണ്ടു്. എങ്കി​ലും ശു​ഷ്ക​മായ നമ്മു​ടെ സാ​മൂ​ഹ്യ​ച​രി​ത്ര​ത്തി​നു പു​റ​ത്താ​ണു് അവ​രി​ന്നും! അതി​നേ​ക്കാൾ അദൃ​ശ്യ​രായ മറ്റൊ​രു കൂട്ടരുണ്ടു്-​കല്യാണിക്കുട്ടിയമ്മയ്ക്കു് മോ​ഹി​നി​യാ​ട്ട​ത്തെ​ക്കു​റി​ച്ചു് അറി​വു​നൽ​കിയ ശു​ചീ​ന്ദ്രം, പത്മ​നാ​ഭ​പു​രം ക്ഷേ​ത്ര​ത്തി​ലെ ദേ​വ​ദാ​സി​കൾ! ‘ചീ​ത്ത​സ്ത്രീ​ക​ളാ’യി മു​ദ്ര​കു​ത്ത​പ്പെ​ട്ട അവ​രു​ടെ കലാ​ശേ​ഷി​യും കലാ​പ​രി​ച​യ​വും ഊറ്റി​യെ​ടു​ത്ത​ശേ​ഷം, അവരെ ചരി​ത്ര​ത്തി​ന്റെ ഇരു​ട്ടി​ലേ​ക്കു തള്ളാ​നാ​ണു് ‘പരി​ഷ്കൃത’വും ‘മാന്യ’വുമായ നവവരേണ്യസമൂഹം-​നവവരേണ്യസ്ത്രീത്വവും-മുതിർന്നതു്.

ആധു​നി​ക​വി​ദ്യാ​ഭ്യാ​സം ലഭി​ച്ച ആദ്യ തല​മു​റ​ക്കാ​രി​ക​ളിൽ പലരും ആത്മ​ക​ഥാ​ര​ച​ന​യി​ലേർ​പ്പെ​ട്ടി​രു​ന്നു. ഉദാ​ഹ​ര​ണ​ത്തി​നു് കോ​ച്ചാ​ട്ടിൽ കല്യാ​ണി​ക്കു​ട്ടി​യ​മ്മ, സി. കെ. രേ​വ​തി​യ​മ്മ, അന്നാ ചാ​ണ്ടി തു​ട​ങ്ങി​യ​വർ. കഴി​ഞ്ഞ നൂ​റു​വർ​ഷ​ക്കാ​ല​ത്തി​നി​ട​യിൽ സ്ത്രീ​ക​ളു​ടേ​തായ സം​ഭാ​വന തി​ക​ച്ചും അഭി​മാ​ന​ക​രം​ത​ന്നെ. ഇവ​യിൽ​പ്പ​ല​തും ‘വി​വാ​ഹ​ത്തി​ന്റെ ജീ​വ​ച​രി​ത്ര’ങ്ങ​ളാ​യി​രു​ന്നു​വെ​ന്നു് ചരി​ത്ര​കാ​രി​യായ ജി. അരു​ണിമ അഭി​പ്രാ​യ​പ്പെ​ട്ടി​ട്ടു​ണ്ടു്. എങ്കി​ലും സ്വാ​നു​ഭ​വ​ങ്ങ​ളെ കാ​ല​ത്തി​ന്റെ വി​ദൂ​ര​ത​യിൽ​നി​ന്നു് വി​ല​യി​രു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളും ഇക്കൂ​ട്ട​ത്തി​ലു​ണ്ടു്.

മാ​ധ​വി​ക്കു​ട്ടി​യെ​ക്കൂ​ടാ​തെ രാ​ജ​ല​ക്ഷ്മി, പി. വത്സല, സു​ഗ​ത​കു​മാ​രി തു​ട​ങ്ങി മറ്റു പല​രു​മു​ണ്ടാ​യി. 1980-കളിൽ സ്ത്രീ​പ​ക്ഷ​സാ​ഹി​ത്യ​ര​ചന എങ്ങ​നെ​യി​രി​ക്ക​ണ​മെ​ന്ന ചർ​ച്ച​യ്ക്കു് പു​തു​ജീ​വൻ കൈ​വ​ന്നു. എന്നാൽ എഴു​ത്തു​കാ​രി​ക​ളു​ടെ വഴി ഒരി​ക്ക​ലും എളു​പ്പ​മാ​യി​രു​ന്നി​ല്ല. മാ​ധ​വി​ക്കു​ട്ടി കു​ടും​ബ​ത്തി​ന്റെ​യും അയൽ​വ​ക്ക​ത്തി​ന്റെ​യും​മ​റ്റും കടു​ത്ത എതിർ​പ്പി​നെ നേ​രി​ട്ടു​കൊ​ണ്ടാ​ണു് എഴു​തി​യ​തു്. ഇത്ത​രം എതിർ​പ്പി​നു് എഴു​ത്തു​കാ​രി​ക​ളിൽ ഒരാളെ കൊ​ല്ലാ​നും കഴിഞ്ഞു-​രാജലക്ഷ്മി. ചെ​റു​പ്രാ​യ​ത്തിൽ​ത്ത​ന്നെ വലിയ അം​ഗീ​കാ​രം വാ​യ​ന​ക്കാ​രിൽ​നി​ന്നും നേ​ടി​യെ​ടു​ത്ത എഴു​ത്തു​കാ​രി​യാ​യി​രു​ന്നു അവർ. നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും അവർ നേ​ടി​ക്ക​ഴി​ഞ്ഞി​രു​ന്നു. എന്നി​ട്ടും തീ​രാ​ത്ത ശല്യ​പ്പെ​ടു​ത്തൽ അവരെ ആത്മ​ഹ​ത്യ​യി​ലേ​ക്കു നയി​ച്ചു. ചന്ദ്ര​മ​തി, ഗീതാ ഹി​ര​ണ്യൻ തു​ട​ങ്ങി ഇന്നു പ്ര​ശ​സ്ത​രാ​യി​ത്തീർ​ന്നി​ട്ടു​ള്ള എഴു​ത്തു​കാ​രി​ക​ളും എഴു​താൻ​വേ​ണ്ടി തങ്ങൾ​ക്കു നട​ത്തേ​ണ്ടി​വ​ന്ന സമ​ര​ങ്ങ​ളെ​ക്കു​റി​ച്ചു് പറ​ഞ്ഞി​ട്ടു​ണ്ടു്. എന്തി​നു്, ഏറ്റ​വു​മ​ടു​ത്ത​കാ​ല​ത്തു് എഴു​തി​ത്തു​ട​ങ്ങിയ, ഇന്നു പ്ര​സി​ദ്ധ​യായ കെ. ആർ. മീ​ര​യു​ടെ ‘ഓർ​മ്മ​യു​ടെ ഞര​മ്പ്’ എന്ന കഥ എഴു​താൻ ദഹി​ച്ച ഒരു സ്ത്രീ​യെ​ക്കു​റി​ച്ചാ​ണു് പറ​യു​ന്ന​തു്.

പര​മ്പ​രാ​ഗത അര​ങ്ങു​ക​ളി​ലെ സ്ത്രീ​സാ​ന്നി​ദ്ധ്യം

വളരെ പഴ​ക്ക​മു​ള്ള ക്ഷേ​ത്ര​ക​ല​യായ കൂ​ടി​യാ​ട്ട​ത്തിൽ സ്ത്രീ​ക്കു് സവി​ശേ​ഷ​മായ ഒരിടം കൽ​പ്പി​ച്ചി​രു​ന്നു. എന്നാൽ ചാ​ക്യാർ​സ്ത്രീ​ക​ള​ല്ല സ്ത്രീ​വേ​ഷം അവ​ത​രി​പ്പി​ച്ചി​രു​ന്ന​തു്; അമ്പ​ല​വാ​സി​ജാ​തി​യു​ടെ ഉപ​ജാ​തി​യായ നമ്പ്യാർ​ജാ​തി​യി​ലെ സ്ത്രീ​ക​ളെ​യാ​ണു് അഭി​ന​യം അഭ്യ​സി​പ്പി​ച്ചി​രു​ന്ന​തു്. ജാ​തി​നി​യ​മ​ങ്ങൾ​ക്കു കീ​ഴ്‌​വ​ഴ​ങ്ങിയ സ്ത്രീ​സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്നു അതെ​ന്നു സാരം. ‘നങ്ങ്യാ​ന്മാർ’ എന്നു വി​ളി​ക്ക​പ്പെ​ട്ടി​രു​ന്ന ഇവ​രു​ടെ സവി​ശേ​ഷ​മായ കലാ​പ്ര​ക​ട​ന​മാ​ണു് ‘നങ്ങ്യാർ​കൂ​ത്തു്’. സ്ത്രീ​വേ​ഷ​മി​ല്ലാ​ത്ത കഥ​യാ​ണെ​ങ്കി​ലും നങ്ങ്യാ​രെ​ക്കൂ​ടാ​തെ അഭി​ന​യം പാ​ടി​ല്ലെ​ന്നു് ഒരു ചി​ട്ട​യു​ണ്ടാ​യി​രു​ന്നു. മാർഗി സതി​യു​ടെ നേ​തൃ​ത്വ​ത്തിൽ നങ്ങ്യാർ​കൂ​ത്തു് ഇന്നു് പ്ര​ശം​സ​നീ​യ​മാം​വി​ധം പു​നർ​ജ്ജ​നി​ച്ചി​രി​ക്കു​ന്നു. കൃ​ഷ്ണ​ക​ഥ​കൾ​ക്കു പുറമെ രാ​മാ​യ​ണ​ക​ഥ​ക​ളും കണ്ണ​കീ​ച​രി​ത​വും അര​ങ്ങിൽ അവ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്നു. പു​രു​ഷ​ന്മാ​രു​ടേ​തായ നൃ​ത്ത​രൂ​പ​ങ്ങൾ സ്ത്രീ​കൾ അഭ്യ​സി​ച്ചു് അവ​ത​രി​പ്പി​ച്ച​തി​ന്റെ ചില ഉദാ​ഹ​ര​ണ​ങ്ങ​ളു​മു​ണ്ടു്. മാർ​ഗ്ഗം​ക​ളി പന്ത്ര​ണ്ടു പു​രു​ഷ​ന്മാർ ചേർ​ന്നു് അവ​ത​രി​പ്പി​ച്ചി​രു​ന്ന നൃ​ത്ത​മാ​യി​രു​ന്നു​വെ​ന്നു് ഗവേ​ഷ​കർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. ഇന്നു് അതു് സ്ത്രീ​ക​ളു​ടെ നൃ​ത്ത​രൂ​പ​മാ​യി മാ​റി​യി​രി​ക്കു​ന്നു. കഥ​ക​ളി​യി​ലും സ്ത്രീ​സാ​ന്നി​ദ്ധ്യം വർ​ദ്ധി​ച്ചി​ട്ടു​ണ്ടു്. ചവറ പാ​റു​ക്കു​ട്ടി​യ​മ്മ​യെ പോ​ലു​ള്ള പ്ര​സി​ദ്ധ​രായ അഭി​നേ​ത്രി​ക​ളെ പി​ന്തു​ടർ​ന്നു് ഇന്നു് നി​ര​വ​ധി സ്ത്രീ​കൾ ആ രം​ഗ​ത്തേ​ക്കു കട​ന്നി​ട്ടു​ണ്ടു്. (വി​വ​ര​ങ്ങൾ മാ​ധ​വ​മേ​നോൻ (എഡി.), ഹാൻ​ഡ്ബു​ക്കു് ഓഫ് കേരള, വാ​ല്യം 2, തി​രു​വ​ന​ന്ത​പു​രം എന്ന ഗ്ര​ന്ഥ​ത്തിൽ​നി​ന്നു്)

ഇന്നു് കേ​ര​ളീ​യ​സാ​ഹി​ത്യ​മേ​ഖ​ല​യിൽ ധാ​രാ​ളം സ്ത്രീ​കൾ സന്നി​ഹി​ത​രാ​ണു്. 1980-​കളുടെ അവ​സാ​നം സാറാ ജോ​സ​ഫി​ന്റെ കഥ​ക​ളു​ടെ വാ​യ​ന​യി​ലൂ​ടെ ‘സ്ത്രീ​പ​ക്ഷ​സാ​ഹി​ത്യം’ അഥവാ ‘പെ​ണ്ണെ​ഴു​ത്തു് എന്ന സാ​ദ്ധ്യത ഉയർ​ന്നു​വ​ന്നു. വ്യ​വ​സ്ഥാ​പിത നി​രൂ​പ​ണ​ത്തി​ന്റെ അതി​രൂ​ക്ഷ​മായ ശകാ​ര​വും പരി​ഹാ​സ​വും ‘പെ​ണ്ണെ​ഴു​ത്തി’ന്റെ വക്താ​ക്കൾ​ക്കു സഹി​ക്കേ​ണ്ടി​വ​ന്നു. അന്തർ​ജ​ന​ത്തി​ന്റെ​യും മാ​ധ​വി​ക്കു​ട്ടി​യു​ടെ​യും എഴു​ത്തി​നെ വ്യ​വ​സ്ഥാ​പിത ലിം​ഗാ​ദർ​ശ​ങ്ങ​ളി​ലേ​ക്കും സാ​ഹി​ത്യ​പ്ര​മാ​ണ​ങ്ങ​ളി​ലേ​ക്കും ഒതു​ക്കാൻ മു​ഖ്യ​ധാ​രാ​വി​മർ​ശ​ന​ത്തി​നു കഴി​ഞ്ഞി​രു​ന്നു. എന്നാൽ സര​സ്വ​തി​യ​മ്മ​യു​ടെ എഴു​ത്തി​നെ​യോ സാറാ ജോ​സ​ഫി​ന്റെ (അക്കാ​ല​ത്തെ​ഴു​തിയ) കഥ​ക​ളെ​യോ അത്ത​ര​ത്തിൽ ഒതു​ക്കാൻ എളു​പ്പ​മാ​യി​രു​ന്നി​ല്ല. മു​ഖ്യ​ധാ​ര​യിൽ​നി​ന്നു് അക​ന്നു​നിൽ​ക്കു​ന്ന​തു് ബു​ദ്ധി​പ​ര​മ​ല്ലെ​ന്ന അഭി​പ്രാ​യം ചില എഴു​ത്തു​കാ​രി​കൾ​ക്കു​മു​ണ്ടാ​യി​രു​ന്നു. ഇക്കാ​ല​ത്തു് കവി​ത​യി​ലും തു​റ​ന്ന​രീ​തി​യി​ലു​ള്ള സ്ത്രീ​പ​ക്ഷ​ത്തു​നി​ന്നും ആൺ​കോ​യ്മാ​വി​മർ​ശ​നം കേട്ടുതുടങ്ങി-​സാവിത്രി രാ​ജീ​വൻ, വി​ജ​യ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​രു​ടെ കവി​ത​ക​ളിൽ. കഥാ​രം​ഗ​ത്തു് ഗീതാ ഹി​ര​ണ്യൻ, ചന്ദ്ര​മ​തി, ഗ്രേ​സി തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ദ്ധ്യം അനി​ഷേ​ദ്ധ്യ​മാ​യി. ഇവ​രിൽ​പ്പ​ല​രും ‘പെ​ണ്ണെ​ഴു​ത്തി’നെ​ക്കു​റി​ച്ചു് സം​ശ​യാ​ലു​ക്ക​ളാ​യി​രു​ന്നെ​ങ്കി​ലും അവർ തങ്ങ​ളു​ടെ രച​ന​ക​ളിൽ ആൺ​കോ​യ്മാ​രൂ​പ​ങ്ങ​ളെ അതി​ശ​ക്ത​മാ​യി ആക്ര​മി​ക്കാൻ മടി​ച്ചി​ല്ല. പെ​ണ്ണെ​ഴു​ത്തെ​ന്ന ആശ​യ​ത്തെ എഴു​ത്തു​കാ​രി​കൾ​ത​ന്നെ തള്ളി​ക്ക​ള​ഞ്ഞ​തു്, വാ​സ്ത​വ​ത്തിൽ മറ്റൊ​രു വി​ധ​ത്തിൽ വാ​യി​ക്കേ​ണ്ട​താ​ണു്. അന്നു​വ​രേ​യും മല​യാ​ള​സാ​ഹി​ത്യ​മ​ണ്ഡ​ല​ത്തിൽ നെ​ടു​നാ​യ​ക​ത്വം വഹി​ച്ച പു​രു​ഷാ​ധി​കാ​ര​സ്ഥാ​പ​ന​മായ സാ​ഹി​ത്യ​വി​മർ​ശ​ന​ത്തി​ന്റെ ആധി​കാ​രി​ക​ത​യെ​യാ​ണു് എഴു​ത്തു​കാ​രി​കൾ തള്ളി​ക്ക​ള​ഞ്ഞ​തു്. സ്ത്രീ​ക​ളു​ടെ എഴു​ത്തി​നെ പേ​രി​ട്ടു​വി​ളി​ക്കാൻ വി​മർ​ശ​കർ​ക്കു​ണ്ടാ​യി​രു​ന്ന അധി​കാ​ര​മാ​ണു് ചോ​ദ്യം​ചെ​യ്യ​പ്പെ​ട്ട​തു്. പെ​ണ്ണെ​ഴു​ത്തി​നെ അനു​കൂ​ലി​ച്ച​വ​രും പ്ര​തി​കൂ​ലി​ച്ച​വ​രു​മായ എഴു​ത്തു​കാ​രി​ക​ളെ​ല്ലാ​വ​രും കേ​ര​ള​ത്തി​ലെ ആൺ​കോ​യ്മ​യെ അതി​ശ​ക്ത​മാ​യി​ത്ത​ന്നെ എതിർ​ത്തി​ട്ടു​ണ്ടെ​ന്ന കാ​ര്യം വളരെ പ്ര​സ​ക്ത​മാ​ണു്. സമീ​പ​കാ​ല​ത്തു് മല​യാ​ള​സാ​ഹി​ത്യ​രം​ഗ​ത്തേ​ക്കു് സ്ത്രീ​ക​ളു​ടെ കട​ന്നു​ക​യ​റ്റം​ത​ന്നെ ഉണ്ടായിട്ടുണ്ടു്-​പ്രത്യേകിച്ചു് ചെ​റു​ക​ഥാ​രം​ഗ​ത്തു്. ഇന്ന​വർ നേടിയ വിജയം മു​മ്പു​പ​റ​ഞ്ഞ വി​മർ​ശ​ക​തി​ര​സ്ക്കാ​ര​വു​മാ​യി ബന്ധ​പ്പെ​ട്ടു​കി​ട​ക്കു​ന്നു​വെ​ന്നു് വാ​ദി​ക്കാ​വു​ന്ന​താ​ണു്.

എഴു​ത്തി​ന്റെ ലോ​ക​ത്തേ​ക്കു് പ്ര​വേ​ശ​നം​ല​ഭി​ക്കാ​ത്ത സ്ത്രീ​ക​ളും ആത്മാ​ഖ്യാ​ന​ങ്ങ​ളി​ലൂ​ടെ രം​ഗ​പ്ര​വേ​ശം ചെ​യ്തു​ക​ഴി​ഞ്ഞു. നളിനി ജമീ​ല​യു​ടെ ആത്മ​കഥ വലിയ വി​വാ​ദം സൃ​ഷ്ടി​ച്ചെ​ങ്കി​ലും പുതിയ ഇട​ങ്ങൾ ഉണ്ടാ​യി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നു. ‘എഴു​ത്തു​കാ​രി’ എന്ന അം​ഗീ​കാ​രം പി​ടി​ച്ചു​വാ​ങ്ങാൻ അവർ നട​ത്തിയ ഉറ​ച്ച​ശ്ര​മം മല​യാ​ള​സാ​ഹി​ത്യ​ത്തി​ന്റെ വരേ​ണ്യ​ത​യെ വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​രി​ക​യും ചെ​യ്തു.

കീ​ഴാ​ള​സ്ത്രീ​കൾ​ക്കു് പ്ര​വേ​ശ​ന​മി​ല്ല!

നാ​ട​ക​രം​ഗ​ത്തു് ഇന്നു് ഒരു സ്ത്രീ​പ​ക്ഷം രൂ​പ​പ്പെ​ട്ടു കഴി​ഞ്ഞു. സുധി, രാ​ജേ​ശ്വ​രി, സജിത, ശ്രീജ, ശ്രീ​ലത തു​ട​ങ്ങിയ കഴി​വു​റ്റ നാ​ട​ക​പ്ര​വർ​ത്ത​കർ ഇന്നു് സജീ​വ​മാ​യു​ണ്ടു്. സ്ത്രീ​പ​ക്ഷ​ചർ​ച്ച​ക​ളു​ടെ അന്ത​രീ​ക്ഷം അഭി​നേ​ത്രി പോ​ലു​ള്ള സം​ഘ​ങ്ങൾ​ക്കു ജന്മം നൽകി. കേരള ശാ​സ്ത്ര​സാ​ഹി​ത്യ​പ​രി​ഷ​ത്തി​ന്റെ വനി​താ​ക​ലാ​ജാ​ഥ​ക​ളും 1980-​കളിലെ സമത തു​ട​ങ്ങിയ സം​ഘ​ങ്ങ​ളും പി​ന്നീ​ടു നടന്ന സ്ത്രീ​പ​ക്ഷ നാ​ട​ക​ക്യാ​മ്പു​ക​ളും സ്ത്രീ​പ​ക്ഷ​നാ​ട​ക​മെ​ന്ന ആശ​യ​ത്തെ പ്ര​ത്യേ​ക​രീ​തി​ക​ളിൽ വ്യാ​ഖ്യാ​നി​ച്ചു. വള​രെ​ക്കാ​ല​ത്തെ പിൻ​നി​ല​യെ തള്ളി​ക്ക​ള​ഞ്ഞു​കൊ​ണ്ടാ​ണു് ഇന്ന​ത്തെ ഊർ​ജ്ജം സ്ത്രീ​പ​ക്ഷ നാ​ട​ക​പ്ര​വർ​ത്ത​കർ സമ്പാ​ദി​ച്ച​തു്. നാ​ട​ക​രം​ഗ​ത്തു് പു​രു​ഷ​ന്മാർ സ്ത്രീ​വേ​ഷം​കെ​ട്ടു​ന്ന പതി​വു് 1940-​കളോടെ അക​ന്നു​തു​ട​ങ്ങി. 1940-​കളിലെ മലയാള നാ​ട​ക​വേ​ദി​യി​ലേ​ക്കു് അഭി​നേ​താ​ക്ക​ളാ​യി നി​ര​വ​ധി സ്ത്രീ​കൾ കടന്നുവന്നു-​തങ്കം വാ​സു​ദേ​വൻ​നാ​യർ, സി. കെ. രാജം, ഓമ​ല്ലൂർ ചെ​ല്ല​മ്മ, അമ്പ​ല​പ്പുഴ മീ​നാ​ക്ഷി​യ​മ്മ, സി. കെ. സു​മ​തി​ക്കു​ട്ടി​യ​മ്മ, കൊ​ടു​ങ്ങ​ല്ലൂർ അമ്മി​ണി​യ​മ്മ തു​ട​ങ്ങി​യ​വർ. ഈ ദശ​ക​ത്തി​ലെ രാ​ഷ്ട്രീ​യ​പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഉയർ​ന്നു​വ​ന്ന കലാ​പ്ര​വർ​ത്ത​നം നി​ര​വ​ധി സ്ത്രീ​ക​ളെ ദൃ​ശ്യ​ക​ലാ​വേ​ദി​ക​ളി​ലെ​ത്തി​ച്ചു. പി​ന്നീ​ടു് കെ. പി.എ. സി. മു​ത​ലായ പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ കൂ​ടു​തൽ സ്ത്രീ​കൾ അഭി​ന​യ​രം​ഗ​ത്തെ​ത്തി.

നാ​ട​ക​ന​ടി​ക​ളു​ടെ സ്ഥി​തി ഇതാ​യി​രു​ന്നെ​ങ്കിൽ, നർ​ത്ത​കി​മാ​രു​ടെ സ്ഥി​തി ദയ​നീ​യ​മാ​യി​രു​ന്നു. ‘മോ​ഹി​നി​യാ​ട്ട’മെന്ന നൃ​ത്ത​രൂ​പം അഴി​ഞ്ഞാ​ട്ടം​മാ​ത്ര​മാ​ണെ​ന്ന ശക്ത​മായ പ്ര​ച​ര​ണ​ത്തെ ചെ​റു​ത്തു​കൊ​ണ്ടാ​ണു് മഹാ​ക​വി വള്ള​ത്തോൾ അതിനെ പു​ന​രു​ദ്ധ​രി​ക്കാൻ ശ്ര​മി​ച്ച​തു്. ഇതി​നാ​യി അദ്ദേ​ഹ​മേർ​പ്പെ​ടു​ത്തിയ ‘സദാ​ചാ​ര​സം​വി​ധാന’ത്തെ​ക്കു​റി​ച്ചു് അദ്ദേ​ഹ​ത്തി​ന്റെ ‘കേ​ര​ള​ക​ലാ​മ​ണ്ഡല’ത്തി​ലെ ആദ്യ​കാല പ്ര​വർ​ത്ത​ക​രി​ലൊ​രാ​ളാ​യി​രു​ന്ന വി​ഖ്യാ​ത​ക​ഥ​ക​ളി​ന​ടൻ കലാ​മ​ണ്ഡ​ലം കൃ​ഷ്ണൻ​നാ​യർ എഴു​തി​യി​ട്ടു​ണ്ടു്. ലൈം​ഗി​ക​മായ എല്ലാ സൂ​ച​ന​ക​ളിൽ​നി​ന്നും നൃ​ത്ത​ക​ല​യെ വി​മു​ക്ത​മാ​ക്കി​ക്കൊ​ണ്ടാ​ണു് അതിനെ പു​ന​രു​ദ്ധ​രി​ക്കേ​ണ്ട​തെ​ന്ന ധാരണ അക്കാ​ല​ത്തു് ശക്ത​മാ​യി​രു​ന്നു.

നാ​ട​ക​ത്തി​ന്റെ കാ​ര്യ​മെ​ടു​ത്താൽ, കാ​ക്കാ​രി​ശ്ശി​നാ​ട​കം​പോ​ലു​ള്ള കീ​ഴാ​ള​ക​ലാ​രൂ​പ​ങ്ങ​ളിൽ സ്ത്രീ​കൾ അഭി​ന​യി​ച്ചി​രു​ന്നു; അക്കാ​ല​ത്തു് കാ​ക്കാ​രി​ശ്ശി​നാ​ട​ക​ത്തി​നു് നല്ല ജന​പ്രീ​തി​യു​ണ്ടാ​യി​രു​ന്നെ​ന്ന സൂ​ച​ന​ക​ളു​മു​ണ്ടു്. അപ്പോൾ ഈ കലാ​രൂ​പ​ങ്ങ​ളി​ലൂ​ടെ രം​ഗ​പ​രി​ച​യം നേടിയ കീ​ഴാ​ള​ക​ലാ​കാ​രി​കൾ​ക്കു് ആധു​നി​ക​നാ​ട​ക​ത്തി​ലേ​ക്കു് എളു​പ്പ​ത്തിൽ പ്ര​വേ​ശ​നം എന്തു​കൊ​ണ്ടു കി​ട്ടി​യി​ല്ല? ജാ​തി​ചി​ന്ത​യ്ക്കെ​തി​രെ വെ​ല്ലു​വി​ളി​ക​ളു​യർ​ന്ന ‘നവോ​ത്ഥാ​ന​കാല’ത്തിൽ നാം ഇത്ത​ര​മൊ​രു പ്ര​വേ​ശ​നം എന്തു​കൊ​ണ്ടു കാ​ണു​ന്നി​ല്ല?

ആലോ​ചി​ക്കേ​ണ്ട കാ​ര്യ​മാ​ണി​തു്. ജാ​തി​വി​രോ​ധ​ത്തി​ന്റെ വേ​രു​കൾ എത്ര​ത്തോ​ളം ആഴ​ത്തി​ലാ​ണു് സ്ഥി​തി​ചെ​യ്യു​ന്ന​തെ​ന്നു് നാം പല​പ്പോ​ഴും ഓർക്കാറില്ല-​കലാരംഗത്തു് അതെ​ത്ര​ത്തോ​ളം ആണ്ടു​കി​ട​ക്കു​ന്നു​വെ​ന്നും. ആധു​നി​ക​സാ​ഹി​ത്യ​രം​ഗ​ത്തേ​ക്കു് കീ​ഴാ​ള​സ്ത്രീ​കൾ​ക്കു് പ്ര​വേ​ശ​നം ലഭി​ച്ചി​രു​ന്നി​ല്ല; അക്കാ​ല​ത്തു് എഴു​ത്തും വാ​യ​ന​യും​പോ​ലും അവർ​ക്ക​ധീ​ന​മാ​യി​രു​ന്നി​ല്ല. ആധു​നിക നാ​ട​ക​രം​ഗ​ത്തും അവ​രു​ടെ പ്ര​വേ​ശ​നം എളു​പ്പ​മാ​യി​രു​ന്നി​ല്ല. വരേ​ണ്യ​ഭാഷ അവർ​ക്കു് എളു​പ്പ​ത്തിൽ വഴ​ങ്ങി​ല്ലാ​യി​രു​ന്നു എന്നു​വേ​ണ​മെ​ങ്കിൽ വാ​ദി​ക്കാം. എന്നാൽ ജാ​തീ​യ​മായ അടി​ച്ച​മർ​ത്ത​ലിൽ​നി​ന്നു് വലി​യൊ​ര​ള​വു​വ​രെ രക്ഷ​പ്പെ​ട്ട കീ​ഴാ​ളർ കേരളത്തിലുണ്ടായിരുന്നു-​മിഷണറിസഭകളിലൂടെ ക്രി​സ്തു​മ​തം സ്വീ​ക​രി​ച്ച​വർ. തെ​ക്കൻ​തി​രു​വി​താം​കൂ​റിൽ ഇവ​രു​ടെ എണ്ണം കു​റ​വാ​യി​രു​ന്നി​ല്ല. ഇക്കൂ​ട്ട​രിൽ​നി​ന്നും ദൃ​ശ്യ​ക​ലാ​രം​ഗ​ത്തേ​ക്കെ​ത്തിയ ഒരു കീഴാളസ്ത്രീയുടെ-​മലയാളസിനിമയുടെ ആദ്യ​നാ​യി​ക​യായ റോസിയുടെ-​ഭീകരാനുഭവം ആരെ​യും ഇരു​ത്തി​ച്ചി​ന്തി​പ്പി​ക്കും.

ഇരു​പ​ത്തി​യ​ഞ്ചു​കാ​രി​യായ റോ​സ​മ്മ തി​രു​വ​ന​ന്ത​പു​ര​ത്തി​ന​ടു​ത്തു ജനി​ച്ച ഒരു കീ​ഴാ​ള​സ്ത്രീ​യാ​യി​രു​ന്നു. കാ​ക്കാ​രി​ശ്ശി​നാ​ട​ക​ങ്ങ​ളിൽ അഭി​ന​യി​ച്ചി​രു​ന്ന റോ​സി​ക്കു​വേ​ണ്ടി കാ​ക്കാ​രി​ശ്ശി​നാ​ട​ക​സം​ഘ​ങ്ങൾ തമ്മിൽ പി​ടി​വ​ലി നടന്നിരുന്നത്രേ-​ആ രം​ഗ​ത്തു് അവർ നല്ല കലാ​കാ​രി​യാ​യി അറി​യ​പ്പെ​ട്ടി​രു​ന്നു എന്നർ​ത്ഥം. ക്രി​സ്തു​മ​ത​ത്തി​ലേ​ക്കു മാറിയ ഒരു പു​ല​യ​കു​ടും​ബാം​ഗ​മാ​യി​രു​ന്ന അവർ കർ​ഷ​ക​ത്തൊ​ഴി​ലാ​ളി​യും​കൂ​ടി​യാ​യി​രു​ന്നു. തി​രു​വി​താം​കൂ​റിൽ ആദ്യം നിർ​മ്മി​ച്ച ചി​ത്ര​മായ വി​ഗ​ത​കു​മാ​ര​നി​ലെ നാ​യി​ക​യാ​വാൻ നറു​ക്കു​വീ​ണ​തു് അവർ​ക്കാ​ണു്. ചി​ത്ര​ത്തി​ന്റെ നിർ​മ്മാ​താ​വും സം​വി​ധാ​യ​ക​നു​മായ ജെ. സി. ഡാ​നി​യേൽ ക്രി​സ്തു​മ​തം സ്വീ​ക​രി​ച്ച നാടാർസമുദായാംഗമായിരുന്നു-​സ്വത്തും കൊ​ട്ടാ​ര​ത്തിൽ സ്വാ​ധീ​ന​വു​മു​ണ്ടാ​യി​രു​ന്ന വ്യ​ക്തി. ഏതു​വി​ധ​ത്തിൽ നോ​ക്കി​യാ​ലും അന്ന​ത്തെ തി​രു​വി​താം​കൂ​റി​ലെ നാ​യ​ന്മാർ കൈ​വ​ശം​വ​ച്ചി​രു​ന്ന ജാ​ത്യാ​ധി​കാ​ര​ത്തെ വെ​ല്ലു​വി​ളി​ച്ച ഒരു​ദ്യ​മ​മാ​യി​രു​ന്നു വി​ഗ​ത​കു​മാ​രൻ. 1928-ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​വ​ച്ചു് ഈ സിനിമ ആദ്യ​മാ​യി പ്ര​ദർ​ശി​പ്പി​ക്ക​പ്പെ​ട്ടു. റോ​സി​യു​ടെ രൂപം വെ​ള്ളി​ത്തി​ര​യിൽ തെ​ളി​ഞ്ഞ​പ്പോ​ഴൊ​ക്കെ സദ​സ്സു് അക്ര​മാ​സ​ക്ത​മാ​യെ​ന്നും സി​നി​മാ​കൊ​ട്ട​ക​യ്ക്ക​ക​ത്തെ മുതൽ നശി​പ്പി​ച്ചു​വെ​ന്നും അന്ന​ത്തെ പത്ര​വാർ​ത്ത​കൾ പറ​യു​ന്നു. ജെ. സി. ഡാ​നി​യേ​ലും സി​നി​മ​കാ​ണാ​നെ​ത്തിയ ചില മാ​ന്യ​ന്മാ​രും പ്രൊ​ജ​ക്ടർ​മു​റി​യിൽ കയ​റി​യാ​ണ​ത്രെ രക്ഷ​പ്പെ​ട്ട​തു്. പി​റ്റേ​ദി​വ​സം​ത​ന്നെ സി​നി​മാ​പ്ര​ദർ​ശ​നം നിർ​ത്താൻ സർ​ക്കാ​രു​ത്ത​ര​വി​ട്ടു. പക്ഷേ, അക്ര​മി​കൾ റോ​സി​യെ പിൻ​തു​ടർ​ന്നു​കൊ​ണ്ടേ​യി​രു​ന്നു. ഡാ​നി​യേ​ലി​ന്റെ പ്ര​ത്യേക അപേ​ക്ഷ​പ്ര​കാ​രം അവ​രു​ടെ വീ​ട്ടി​നു​മു​ന്നിൽ പൊ​ലീ​സ് കാ​വ​ലേർ​പ്പെ​ടു​ത്തി. എന്നാ​ലി​തു​കൊ​ണ്ടും കാ​ര്യ​ങ്ങ​ള​വ​സാ​നി​ച്ചി​ല്ല. അവർ തു​ടർ​ന്നും ആക്ര​മി​ക്ക​പ്പെ​ട്ടു; ഒടു​വിൽ കലാ​രം​ഗ​ത്തു​നി​ന്നു് അവർ​ക്കു പൂർ​ണ്ണ​മാ​യും വി​ട​വാ​ങ്ങേ​ണ്ടി​വ​ന്നു. 1940-​കളിലെയും 50-​കളിലെയും ഇട​തു​പ​ക്ഷ​നാ​ട​ക​ങ്ങ​ളി​ലും സി​നി​മ​ക​ളി​ലും നി​ര​വ​ധി കീ​ഴാ​ള​സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങൾ അവ​ത​രി​പ്പി​ക്ക​പ്പെ​ട്ടു​വെ​ങ്കി​ലും ഒരു കീ​ഴാ​ള​സ്ത്രീ ആ രം​ഗ​ത്തേ​ക്കു പ്ര​വേ​ശി​ക്കാൻ ശ്ര​മി​ച്ച​പ്പോൾ ഇതാ​യി​രു​ന്നു അനു​ഭ​വം!

പൊ​തു​വെ പറ​ഞ്ഞാൽ, കലാ​രം​ഗ​ത്തു പ്ര​വർ​ത്തി​ച്ച സ്ത്രീ​കൾ, അവർ എത്ര​ത​ന്നെ അം​ഗീ​കാ​ര​വും രാ​ഷ്ട്രീ​യ​മാ​ന്യ​ത​യും ഉള്ള​വ​രാ​യി​രു​ന്നെ​ങ്കി​ലും, സമൂ​ഹ​ത്തി​ന്റെ ഓര​ങ്ങ​ളിൽ നിൽ​ക്കേ​ണ്ട​വ​രാ​ണെ​ന്ന ധാരണ അടു​ത്ത​കാ​ലം​വ​രെ​യും ശക്ത​മാ​യി​രു​ന്നു. ആല​പ്പു​ഴ​യിൽ ഏറ്റ​വും ജന​പ്രീ​തി നേടിയ കലാ​കാ​രി​യെ​ന്ന ബഹു​മ​തി​ക്കു് എന്തു​കൊ​ണ്ടും അർ​ഹ​യായ പി. കെ. മേ​ദി​നി​യു​ടെ അനു​ഭ​വം നോ​ക്കൂ.

സി​നി​മാ​രം​ഗ​ത്തെ സ്ത്രീ​സാ​ന്നി​ദ്ധ്യം

മല​യാ​ള​സി​നി​മാ​ച​രി​ത്ര​ത്തി​ലെ​ന്ന​ല്ല, ലോ​ക​സി​നി​മാ​ച​രി​ത്ര​ത്തിൽ​ത്ത​ന്നെ സി​നി​മാ​നിർ​മ്മാ​ണം, ഛാ​യാ​ഗ്ര​ഹ​ണം, സം​വി​ധാ​നം, അഭി​ന​യം തു​ട​ങ്ങിയ വി​വി​ധ​മേ​ഖ​ല​ക​ളി​ലു​ള്ള സ്ത്രീ​ക​ളു​ടെ ആദ്യ​കാ​ല​പ​ങ്കാ​ളി​ത്ത​ത്തെ​ക്കു​റി​ച്ചു് വള​രെ​ക്കു​റ​ച്ചു് അറിവേ നമ്മു​ടെ പക്ക​ലു​ള്ളൂ. സ്ത്രീ​കൾ​ക്കു​മാ​ത്ര​മ​ല്ല, സി​നി​മ​യ്ക്കും വളരെ കാ​ര്യ​മായ ചരി​ത്ര​മൊ​ന്നും ഇല്ലെ​ന്ന തെ​റ്റി​ദ്ധാ​ര​ണ​യാ​യി​രു​ന്നു ഇതിനു കാരണം. 1980-​കൾക്കുശേഷം സ്ത്രീ​പ​ക്ഷ​ചി​ന്ത ശക്ത​മാ​യി​ട്ടും സി​നി​മാ​ച​രി​ത്ര​ത്തോ​ടു​ള്ള അവഗണന തു​ടർ​ന്ന​തേ​യു​ള്ളു.

മല​യാ​ള​ത്തി​ലെ ആദ്യ​കാ​ല​ന​ടി​കൾ നൃ​ത്തം, നാടകം, ഹരികഥ, കഥാ​പ്ര​സം​ഗം തു​ട​ങ്ങിയ ഇത​ര​ക​ല​ക​ളിൽ പ്ര​വർ​ത്തി​ച്ച​വ​രാ​യി​രു​ന്നു. പത്മി​നി (മാർ​ത്താ​ണ്ഡ​വർ​മ്മ, 1931), എം. കെ. കമലം, കൗ​സ​ല്യ, ലക്ഷ്മി (ബാലൻ, 1938), സീ​താ​ല​ക്ഷ്മി (ജ്ഞാ​നാം​ബിക, 1942) തു​ട​ങ്ങിയ പലരും നാ​ട​ക​രം​ഗ​ത്തു് സജീ​വ​മാ​യി പ്ര​വർ​ത്തി​ച്ചി​രു​ന്ന​വ​രാ​ണു്. ആറ​ന്മുള പൊ​ന്ന​മ്മ, ബി. എസ്. സരോജ, ലളിത-​പത്മിനി-രാഗിണി തു​ട​ങ്ങി പി​ന്നീ​ടു് സി​നി​മ​യിൽ സജീ​വ​മാ​യി പ്ര​വർ​ത്തി​ച്ച​വ​രും നാടകം, നൃ​ത്തം തു​ട​ങ്ങിയ രം​ഗ​ങ്ങ​ളിൽ​നി​ന്നെ​ത്തി​യ​വ​രാ​ണു്. 1940-​കളോടെ സി​നി​മ​യു​ടെ നവോ​ത്ഥാ​ന​പ്ര​വർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അഭ്യ​സ്ത​വി​ദ്യ​യായ മിസ് കു​മാ​രി​യെ​പ്പോ​ലു​ള്ള​വ​രും അഭി​ന​യി​ച്ചു​തു​ട​ങ്ങി.

ആദ്യ​കാല സ്ത്രീ​പ്രേ​ക്ഷ​ക​രെ​യും അവ​രു​ടെ സി​നി​മാ​സ​മീ​പ​ന​ത്തെ​യും​കു​റി​ച്ചു​ള്ള വി​വ​ര​ങ്ങൾ വേ​ണ്ട​ത്ര ലഭ്യ​മ​ല്ല. 1926-ൽ കൊ​ല്ലം​പ​ട്ട​ണ​ത്തി​ലെ സി​നി​മാ​ശാ​ല​ക​ളു​ടെ പ്ര​വർ​ത്ത​നം തങ്ങ​ളു​ടെ​കൂ​ടെ സൗ​ക​ര്യ​ത്തി​നാ​വ​ണ​മെ​ന്നു് ആവ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു് ഫാ​ക്ട​റി​ത്തൊ​ഴി​ലാ​ളി​ക​ളായ സ്ത്രീ​കൾ സമ​രം​ചെ​യ്ത​താ​യി മലയാള മനോരമ റി​പ്പോർ​ട്ടു ചെ​യ്തി​ട്ടു​ണ്ടു്. 1940-​കളോടെ സ്ത്രീ​ക​ളെ​ഴു​തിയ സി​നി​മാ​നി​രൂ​പ​ണ​ങ്ങൾ വി​ര​ള​മാ​യെ​ങ്കി​ലും ആനു​കാ​ലി​ക​ങ്ങ​ളിൽ കണ്ടു​തു​ട​ങ്ങി. സി​നി​മ​യെ ആദ്യം മു​തൽ​ക്കു​ത​ന്നെ സ്ത്രീ​ക​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന കലാ​രൂ​പ​മാ​യി വി​മർ​ശ​കർ, സി​നി​മാ​നിർ​മ്മാ​താ​ക്കൾ മു​ത​ലാ​യ​വർ കണ​ക്കാ​ക്കു​ന്ന​താ​യി​ക്കാ​ണാം. മറു​വ​ശ​ത്തു് സ്ത്രീ​ക​ളെ യു​ക്തി​ചി​ന്ത​യ്ക്കു കഴി​വി​ല്ലാ​ത്ത, വി​കാ​ര​ജീ​വി​ക​ളായ പ്ര​ക്ഷ​ക​രാ​യി കണ​ക്കാ​ക്കു​ന്ന​തും കാണാം.

നിർ​മ്മാ​ണം, വി​ത​ര​ണം, ഛാ​യാ​ഗ്ര​ഹ​ണം തു​ട​ങ്ങിയ ക്യാ​മ​റ​യ്ക്കു​പി​ന്നി​ലെ പ്ര​വർ​ത്ത​ന​ങ്ങ​ളിൽ സ്ത്രീ​പ​ങ്കാ​ളി​ത്തം നന്നേ കു​റ​വാ​യി​രു​ന്നു. ബാ​ലൻ​മു​തൽ പല ആദ്യ​കാ​ല​സി​നി​മ​ക​ളി​ലും എഡി​റ്റ​റാ​യി​രു​ന്ന പി. പി. വർ​ഗ്ഗീ​സി​ന്റെ ഭാര്യ മറി​യാ​മ്മ ആദ്യം അസി​സ്റ്റ​ന്റ് എഡി​റ്റ​റാ​യും പി​ന്നീ​ടു് വി​ശ​പ്പി​ന്റെ വി​ളി​യിൽ എഡി​റ്റ​റാ​യും പ്ര​വർ​ത്തി​ച്ചു.

[ഈ കു​റി​പ്പു് സ്ത്രീ​പ​ക്ഷ​സി​നി​മാ​ഗ​വേ​ഷ​ണം നട​ത്തു​ന്ന ബി​ന്ദു മേനോൻ എഴു​തി​യ​താ​ണു്. ‘Malayalam Cinema and The Invention of Modern Life in Keralam’ എന്ന ഗവേ​ഷ​ണ​പ്ര​ബ​ന്ധം ന്യൂ​ഡൽ​ഹി​യി​ലെ ജവ​ഹർ​ലാൽ നെ​ഹ്രു സർ​വ്വ​ക​ലാ​ശാ​ല​യിൽ സമർ​പ്പി​ക്കാൻ അവർ തയ്യാ​റെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്നു.]

ആശാ​വ​ഹ​മായ വളർ​ച്ച

ഇന്നു് മല​യാ​ള​സാ​ഹി​ത്യ​രം​ഗ​ത്തും സിനിമാ-​നാടകവേദികളിലും സ്ത്രീ​കൾ​ക്കു് മോ​ശ​മ​ല്ലാ​ത്ത ദൃ​ശ്യ​ത​യു​ണ്ടു്. എന്നാൽ ഈ ദൃ​ശ്യത, സ്വ​ന്ത​മായ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും നട​പ്പിൽ​വ​രു​ത്താ​നു​മു​ള്ള സ്വാ​ത​ന്ത്ര്യ​മാ​ണെ​ന്നു് കരു​താൻ കഴി​യി​ല്ല. ഈ രം​ഗ​ങ്ങ​ളിൽ​ത്ത​ന്നെ ചില പ്ര​ത്യേക നി​ല​ക​ളിൽ​മാ​ത്ര​മാ​ണു് സ്ത്രീ​ക​ളെ കൂ​ടു​തൽ കാണാൻ കഴി​യു​ന്ന​തു്. ചില നി​ല​ക​ളിൽ സ്ത്രീ​കൾ പു​റ​കോ​ട്ടു​പോ​യി എന്നു​ത​ന്നെ പറയാം-​ഈ നൂ​റ്റാ​ണ്ടി​ന്റെ ആരം​ഭ​ത്തിൽ സ്ത്രീ​കൾ​ക്കു​വേ​ണ്ടി സ്ത്രീ​കൾ പ്ര​സി​ദ്ധീ​ക​രി​ച്ച നി​ര​വ​ധി ആനു​കാ​ലി​ക​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. പുതിയ സ്ത്രീ​ത്വ​ത്തെ​ക്കു​റി​ച്ചു് സ്ത്രീ​ക​ളെ പഠി​പ്പി​ക്കുക എന്ന ധർ​മ്മം മാ​ത്ര​മാ​യി​രു​ന്നി​ല്ല ഇവ നിർവ്വഹിച്ചിരുന്നതു്-​സ്ത്രീകളുടെ പൗ​രാ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും സമൂ​ഹ​ത്തിൽ അവർ​ക്കു് പൂർ​ണ്ണ അം​ഗ​ത്വം ലഭി​ക്കാ​നു​ള്ള മാർ​ഗ്ഗ​ങ്ങ​ളെ​ക്കു​റി​ച്ചും​മ​റ്റും ധാ​രാ​ളം ചർ​ച്ച​കൾ അവയിൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. എന്നാൽ ഇതി​ന്നു് ഏതാ​ണ്ടു് പൂർ​ണ്ണ​മാ​യും അപ്ര​ത്യ​ക്ഷ​മാ​യി​രി​ക്കു​ന്നു. 1955-ലെ കൗ​മു​ദി ആഴ്ച​പ്പ​തി​പ്പി​ലെ വനി​താ​പം​ക്തി​യിൽ ഒരു ലേഖിക എഴു​തി​യ​തു വാ​യി​ച്ചാൽ ആ ദശ​ക​ത്തിൽ​ത്ത​ന്നെ ഈ പി​ന്നോ​ട്ട​ടി ഉണ്ടാ​യി​ക്ക​ഴി​ഞ്ഞു​വെ​ന്നു് ഊഹി​ക്കാം:

സാ​ഹി​ത്യ​പ്ര​വർ​ത്ത​ന​രം​ഗ​ത്തിൽ​പ്പോ​ലും വനി​ത​കൾ കഴി​ഞ്ഞ​കാ​ല​ത്തു വി​ജ​യ​പ​താക പാ​റി​ച്ചി​ട്ടു​ണ്ടു്. ഇന്നു് സ്ത്രീ​ക​ളെ​ഴു​തു​ന്ന ലേ​ഖ​ന​ങ്ങൾ ഏതെ​ങ്കി​ലും പത്ര​ങ്ങ​ളു​ടെ വനി​താ​പം​ക്തി​ക​ളി​ലേ​ക്കു് നാ​ണം​കെ​ട്ടു് എഴുതി അയ​യ്ക്ക​ണം. ഇവിടെ, ഈ മല​യാ​ള​ക്ക​ര​യിൽ, പെ​ണ്ണു​ങ്ങൾ​ക്കാ​യി​ട്ടു് പെ​ണ്ണു​ങ്ങൾ നല്ല പെ​ണ്ണു​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തിൽ​ത്ത​ന്നെ സ്വ​ന്ത​മാ​യി അന്ത​സ്സോ​ടെ പത്ര​പ്ര​വർ​ത്ത​നം നട​ത്തി​യി​ട്ടു​ണ്ടു്. അത​റി​യ​ണ​മെ​ങ്കിൽ ഗവേ​ഷ​ണ​ബു​ദ്ധി​യോ​ടെ പു​റ​കോ​ട്ടു നോ​ക്ക​ണം.

(എസ്സ്. ഡി. രാധ, ‘ഭീ​രു​ത്വ​മ​ല്ല വി​വ​ര​മി​ല്ലാ​യ്മ’, കൗ​മു​ദി ആഴ്ച​പ്പ​തി​പ്പു് 6 (16), 1955)

എങ്കി​ലും ആശ​യ്ക്കു വക​യു​ണ്ടെ​ന്നു​ത​ന്നെ പറയാം. എല്ലാ പ്ര​തി​ബ​ന്ധ​ങ്ങ​ളെ​യും ഭേ​ദി​ച്ചു​കൊ​ണ്ടു് എഴു​താൻ തയ്യാ​റാ​വു​ന്ന സ്ത്രീ​കൾ മിക്ക സമു​ദാ​യ​ങ്ങ​ളി​ലും ശ്രേ​ണി​ക​ളി​ലും ഉണ്ടാ​യി​വ​രു​ന്ന​തു് തീർ​ച്ച​യാ​യും അടി​യൊ​ഴു​ക്കു​കൾ ശക്ത​മാ​കു​ന്ന​തി​ന്റെ സൂ​ച​ന​യാ​ണു്. വി​പ​ണി​യിൽ എഴു​ത്തു​കാ​രി​കൾ​ക്കു് ഡി​മാ​ന്റ് കൂ​ടി​യ​തു​കൊ​ണ്ടു​മാ​ത്ര​മാ​ണി​തെ​ന്ന വാ​ദ​ത്തിൽ അൽ​പ്പം കഴ​മ്പു​ണ്ടാ​കാം, എന്നാ​ലും മുൻ​ത​ല​മു​റ​യി​ലെ വലിയ എഴു​ത്തു​കാ​രി​ക​ളിൽ പല​രു​മാ​യി എഴു​ത്തി​ലൂ​ടെ സം​വാ​ദ​ത്തി​ലേർ​പ്പെ​ടു​ന്ന ഇന്ന​ത്തെ എഴു​ത്തു​കാ​രി​ക​ളു​ടെ തല​മു​റ​യെ അങ്ങ​നെ തള്ളി​ക്ക​ള​യാ​നാ​വി​ല്ല. കേ​ര​ള​ത്തി​ലെ ചി​ത്ര​ക​ലാ​രം​ഗ​ത്തു​ണ്ടായ മാ​റ്റ​ങ്ങൾ സ്ത്രീ​ക​ളായ കലാ​കാ​രി​കൾ​ക്കു കൂ​ടു​തൽ ദൃ​ശ്യ​ത​യോ സാ​മ്പ​ത്തി​ക​ലാ​ഭ​മോ പ്ര​ദാ​നം​ചെ​യ്തു​തു​ട​ങ്ങി​യി​ട്ടി​ല്ല. എങ്കി​ലും ഈ രം​ഗ​ത്തു് പ്ര​വർ​ത്തി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ എണ്ണം വർ​ദ്ധി​ച്ചു​കൊ​ണ്ടു​ത​ന്നെ​യി​രി​ക്കു​ന്നു​വെ​ന്ന​തു് ശ്ര​ദ്ധേ​യ​മാ​ണു്. ഇനി ‘പെ​ണ്ണെ​ഴു​ത്തി’ന്റെ തലമുറ കഴി​ഞ്ഞും സ്ത്രീ​പ​ക്ഷ​ര​ച​ന​യു​ടെ പുതിയ നാ​മ്പു​കൾ ഉണ്ടാ​വു​ന്ന​തു് വി​പ​ണി​യു​ടെ സ്വാ​ധീ​നം​കൊ​ണ്ടാ​ണെ​ങ്കിൽ, അതു​പോ​ലും ആശാ​വ​ഹ​മായ ഒരു വളർ​ച്ച​ത​ന്നെ!

കൂ​ടു​തൽ ആലോ​ച​ന​യ്ക്ക്

പര​മ്പ​രാ​ഗത വരേ​ണ്യ​സാ​ഹി​ത്യ​ത്തി​ന്റെ ക്ഷ​യ​വും ആധു​നി​ക​സാ​ഹി​ത്യ​ത്തി​ന്റെ ഉദ​യ​വും ചരി​ത്ര​കാ​ര​ന്മാർ സാ​ധാ​രണ അട​യാ​ള​പ്പെ​ടു​ത്താ​റു​ള്ള പ്ര​ക്രി​യ​ക​ളാ​ണു്. രാ​ഷ്ട്രീ​യ​രം​ഗ​ത്തു​ണ്ടാ​കു​ന്ന ചല​ന​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​ന​മാ​ണു് സാ​ഹി​ത്യ​ത്തി​ലും കല​യി​ലു​മു​ണ്ടാ​കു​ന്ന​തെ​ന്ന ധാ​ര​ണ​യാ​ണു് ‘നി​ഷ്പ​ക്ഷ’ചരി​ത്ര​ത്തിൽ മു​ന്തി​നിൽ​ക്കു​ന്ന​തു്. പൊ​തു​വെ പറ​ഞ്ഞാൽ, രാ​ഷ്ട്രീ​യ​ജ​നാ​ധി​പ​ത്യം വി​ശാ​ല​മാ​കു​ന്ന​തോ​ടു​കൂ​ടി സാ​ഹി​ത്യ​രം​ഗ​ത്തേ​ക്കു കട​ക്കാ​നു​ള്ള തട​സ്സ​ങ്ങ​ളും കു​റ​ഞ്ഞു​വ​ന്ന​തി​ന്റെ ചി​ത്ര​മാ​ണു് നമു​ക്കു ലഭി​ക്കാ​റു​ള്ള​തു്. എന്നാൽ ഈ ചി​ത്ര​ത്തെ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന​ല്ലേ ഈ അദ്ധ്യാ​യ​ത്തി​ന്റെ സന്ദേ​ശം? സ്ത്രീ​പ​ക്ഷ​ത്തു​നി​ന്നു വി​ല​യി​രു​ത്തു​മ്പോൾ ആധു​നി​ക​സാ​ഹി​ത്യ​രം​ഗ​ത്തു നട​പ്പി​ലായ ജനാ​ധി​പ​ത്യ​ത്തി​നു് പരി​മി​തി​കൾ പലതും കാ​ണു​ന്നി​ല്ലേ?

കേ​ര​ള​ത്തി​ന്റെ ചരി​ത്ര​കാ​രി​കൾ ഡോ. കെ. ശാ​ര​ദാ​മ​ണി

സാ​മൂ​ഹ്യ​ശാ​സ്ത്ര​പ​ഠ​ന​ഗ​വേ​ഷ​ണ​രം​ഗ​ത്തി​ന്റെ മേൽ​ത്ത​ട്ടി​ലെ​ത്തിയ ആദ്യ​മ​ല​യാ​ളി​സ്ത്രീ​ക​ളി​ലൊ​രാ​ളാ​ണു് ഡോ. കെ. ശാ​ര​ദാ​മ​ണി. അവർ 1961-മുതൽ ഡൽ​ഹി​യി​ലെ ഇന്ത്യൻ സ്റ്റാ​റ്റി​സ്റ്റി​ക്കൽ ഇൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ പ്ലാ​നി​ങ് വി​ഭാ​ഗ​ത്തിൽ പ്രവർത്തിച്ചു-​1988-ൽ വി​ര​മി​ച്ചു. കേ​ര​ള​ത്തി​ലെ പു​ല​യ​സ​മു​ദാ​യ​ത്തെ​ക്കു​റി​ച്ചു​ള്ള ആദ്യ​കാ​ല​പ​ഠ​ന​ത്തി​നു​ശേ​ഷം ഇന്ത്യൻ സ്ത്രീ​ക​ളു​ടെ ബഹു​മു​ഖ​പ്ര​ശ്ന​ങ്ങ​ളിൽ അവർ കാ​ര്യ​മാ​യി ശ്ര​ദ്ധ​യു​റ​പ്പി​ച്ചു. 1980-കളിൽ സ്ത്രീ​പ്ര​സ്ഥാ​ന​ത്തിൽ സജീ​വ​സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ സ്ത്രീ​പ​ക്ഷ അന്വേ​ഷ​ണ​ങ്ങൾ​ക്കു് തു​ട​ക്കം​കു​റി​ച്ച വ്യ​ക്തി​യെ​ന്ന നി​ല​യ്ക്കും സ്ത്രീ​പ​ക്ഷ ചരി​ത്രാ​ന്വേ​ഷ​ണ​ത്തി​നു് പ്ര​ധാ​ന​പ്പെ​ട്ട വഴികൾ തു​റ​ന്ന ഗവേ​ഷ​ക​യെ​ന്ന നി​ല​യ്ക്കും ആദ​രീ​ണ​യ​യാ​ണ​വർ.

തി​രു​വി​താം​കൂ​റി​ലെ മരു​മ​ക്ക​ത്താ​യ​ത്തി​ന്റെ പരി​ണാ​മ​ത്തെ​ക്കു​റി​ച്ചു് അവ​രെ​ഴു​തിയ പു​സ്ത​ക​ത്തിൽ, മരു​മ​ക്ക​ത്താ​യ​സ​മു​ദാ​യ​ത്തിൽ ജനി​ച്ചു​വ​ളർ​ന്ന, എന്നാൽ നേ​രി​ട്ടു് ആ വ്യ​വ​സ്ഥ​യിൽ കഴി​ഞ്ഞി​ട്ടി​ല്ലാ​ത്ത ഒരു മല​യാ​ളി​സ്ത്രീ​യെ​ന്ന നി​ല​യ്ക്കാ​ണു് താൻ ഈ അന്വേ​ഷ​ണ​ത്തി​നു് ഒരു​മ്പെ​ടു​ന്ന​തെ​ന്നു് അവർ സൂ​ചി​പ്പി​ക്കു​ന്നു. കേ​ര​ള​ത്തിൽ ഇട​യ്ക്കി​ടെ വന്നു​പോ​യി​രു​ന്ന ഇവർ, ഇവി​ട​ത്തെ സാ​മൂ​ഹ്യ​ജീ​വി​തം കൂ​ടു​തൽ ഇടു​ങ്ങി​യ​താ​യി​ത്തീ​രു​ന്നു​വെ​ന്നു് നിരീക്ഷിച്ചു-​സ്ത്രീകളും കൂ​ടു​തൽ വി​ധേ​യ​ത്വ​മു​ള്ള​വ​രാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്നും. ഈ മാ​റ്റ​ത്തി​ന്റെ വേ​രു​ക​ള​ന്വേ​ഷി​ക്കാ​നാ​ണു് അവർ തി​രു​വി​താം​കൂ​റി​ലെ മരു​മ​ക്ക​ത്താ​യ​ത്തി​ന്റെ ചരി​ത്ര​ത്തി​ലേ​ക്കു കട​ന്ന​തു്. ഇതേ​ക്കു​റി​ച്ചു നട​ത്തിയ അന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ചു് അവർ പറ​യു​ന്നു:

അം​ഗീ​കൃത ചരി​ത്ര​പു​സ്ത​ക​ങ്ങ​ളും നര​വം​ശ​സാ​സ്ത്ര​ജ്ഞ​രു​ടെ എഴു​ത്തും വാ​യി​ച്ചു​കൊ​ണ്ടാ​ണു് ഞാൻ തു​ട​ക്കം​കു​റി​ച്ച​തു്. അവ​യി​ലൊ​ന്നും പുതിയ ഉൾ​ക്കാ​ഴ്ച​കൾ ഞാൻ കണ്ടി​ല്ല. എങ്കി​ലും കി​ട്ടാ​വു​ന്നി​ട​ത്തോ​ളം മല​യാ​ളം, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലെ​ഴു​ത​പ്പെ​ട്ട ചരി​ത്ര​പു​സ്ത​ക​ങ്ങൾ വാ​യി​ച്ചു. മി​ക്ക​വ​യി​ലും മരു​മ​ക്ക​ത്താ​യ​മെ​ന്ന വാ​ക്കു​കൂ​ടി​യി​ല്ലാ​യി​രു​ന്നു. ചില പു​സ്ത​ക​ങ്ങൾ മരു​മ​ക്ക​ത്താ​യ​ത്തെ പരി​ഷ്ക​രി​ക്കാൻ​വേ​ണ്ടി നട​പ്പി​ലാ​ക്ക​പ്പെ​ട്ട നി​യ​മ​ങ്ങൾ ഭര​ണ​കൂ​ടം കൈ​ക്കൊ​ണ്ട പു​രോ​ഗ​മ​ന​പ​ര​ങ്ങ​ളായ നട​പ​ടി​ക​ളാ​യി​രു​ന്നെ​ന്നു് അവ​കാ​ശ​പ്പെ​ട്ടു. സ്ത്രീ​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മരു​മ​ക്ക​ത്താ​യ​ത്തി​നു് എന്തെ​ങ്കി​ലും പ്ര​സ​ക്തി​യു​ണ്ടാ​യി​രു​ന്നോ എന്നു ചോ​ദി​ക്കാൻ അവ​യൊ​ന്നും ശ്ര​മി​ച്ചി​ല്ല. ഈ ചോ​ദ്യം നേ​രി​ട്ടു ചോ​ദി​ക്ക​പ്പെ​ട്ടി​ല്ല; സ്ത്രീ​പ​ക്ഷ​ത്തു​നി​ന്നും ഉയർ​ത്ത​പ്പെ​ട്ടി​ല്ല. പക്ഷേ, വി​വാ​ഹം, വി​വാ​ഹ​മോ​ച​നം എന്നി​വ​യെ​സ്സം​ബ​ന്ധി​ക്കു​ന്ന കാ​ര്യ​ത്തി​ലും വി​ദ്യാ​ഭ്യാ​സ​കാ​ര്യ​ത്തി​ലും ഈ പ്ര​ദേ​ശ​ത്തെ സ്ത്രീ​കൾ​ക്കു് രാ​ജ്യ​ത്തി​ന്റെ ഇത​ര​ഭാ​ഗ​ങ്ങ​ളി​ലെ സ്ത്രീ​ക​ളെ​യ​പേ​ക്ഷി​ച്ചു് കൂ​ടു​തൽ സ്വാ​ത​ന്ത്ര്യ​മു​ണ്ടാ​യി​രു​ന്നെ​ന്നും​മ​റ്റു​മു​ള്ള പ്ര​സ്താ​വ​ങ്ങൾ കാ​ണാ​നു​ണ്ടാ​യി​രു​ന്നു. സ്ത്രീ​ക​ളു​ടെ ദൈ​നം​ദി​ന​ജീ​വി​ത​ങ്ങ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇവ​യു​ടെ പ്ര​സ​ക്തി​യെ​ന്തു് എന്ന​തി​നെ​ക്കു​റി​ച്ചു് ഇവ ഒന്നും പറ​ഞ്ഞി​ല്ല…

(Matriliny Transformed: Family, Law and Ideology in 20th Century Travancore, New Delhi, 1999, p.24)

അങ്ങ​നെ​യാ​ണു് ഒടു​വിൽ ഈ പു​സ്ത​കം രചി​ക്കാൻ അവർ തീ​രു​മാ​നി​ച്ച​തു്!

Colophon

Title: Kulastrīyum Cantappeṇṇum Uṇṭāyatengane? (ml: കു​ല​സ്ത്രീ​യും ചന്ത​പ്പെ​ണ്ണും ഉണ്ടാ​യ​തെ​ങ്ങ​നെ?).

Author(s): J Devika.

First publication details: Center For Development Studies; Trivandrum, India; 2010.

Deafult language: ml, Malayalam.

Keywords: J Devika, Kulasthreeyum Chanthappennum Undaayathengane, ജെ ദേവിക, കു​ല​സ്ത്രീ​യും ചന്ത​പ്പെ​ണ്ണും ഉണ്ടാ​യ​തെ​ങ്ങ​നെ?, Gender studies, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 5, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the author and Sayahna Foundation and must be shared under the same terms.

Cover: The Girl in a Picture Frame, an oil on canvas by Rembrandt (1606–1669). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: ml.wikisource.org; Proofing: KB Sujith; Typesetter: Sayahna Foundation; Artwork by: B Priyaranjan Lal; Graphic files optimized by: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.