images/harikumar-vrishabham-cover.jpg
A Brazilian Landscape, a painting by Franz Post (1612–1680).
ഒരു നഷ്ടക്കാരി

ഏഴു മണിക്ക് അപ്പോഴും തീരെ നഷ്ടപ്പെട്ടിട്ടില്ലാത്ത മങ്ങിയ വെളിച്ചത്തിൽ പൂട്ടിന്റെ ദ്വാരം തപ്പി നോക്കി താക്കോലിട്ട് വാതിൽ തുറക്കുമ്പോൾ നിശ ആലോചിച്ചു. ഒരു ദിവസമെങ്കിലും വീട്ടിൽ വരുമ്പോൾ അകത്ത് വെളിച്ചം കണ്ടെങ്കിൽ? നിറയെ ആൾക്കാരുണ്ടായെങ്കിൽ? അറിയാത്തവരായാലും മതി. ബെല്ലടിച്ച് കാത്തു നിൽക്കുമ്പോൾ അവരിലൊരാൾ വാതിൽ തുറന്നാൽ, ദിവസേന സംഭവിക്കുന്ന ഒരു കാര്യം പോലെ അകത്തു കടന്ന് തോളിലിട്ട തുകൽ സഞ്ചിയെടുത്ത് മേശമേൽ വെച്ച് മുറിയുടെ മൂലയിൽ ഇട്ട ഉയരം കുറഞ്ഞ സ്റ്റൂളിൽ ഇരുന്ന് കുനിഞ്ഞ് ചെരുപ്പിന്റെ ബക്കിളഴിക്കുമ്പോൾ തീവണ്ടിയിൽ എന്ത് തിരക്കായിരുന്നു എന്ന് പറയാൻ ആരെങ്കിലുമുണ്ടായെങ്കിൽ?

അതുമല്ലെങ്കിൽ വരുമ്പോൾ വാതിൽ മലർക്കെ തുറന്നു കിടക്കുന്നതായും അകത്തെ സാധനങ്ങളെല്ലാം കൊള്ളയടിക്കപ്പെട്ടതായും കണ്ടാൽ മതിയായിരുന്നു. എന്തും, ഇനി അടുത്ത നിമിഷത്തിൽ തന്നെ വലയം ചെയ്യാൻ പോകുന്ന, ഏകാന്തതയേക്കാൾ വളരെഭേദമാണ്.

അവൾ വാതിൽ ഉറക്കെ അടച്ചു. കനമുള്ള വാതിലിൽ പിടിപ്പിച്ച നൈറ്റ് ലാച്ച് അതിന്റെ കൊതയിൽ ഇറങ്ങിയുണ്ടായ ക്ലിക് ശബ്ദം അവൾ ശ്രദ്ധിച്ചു. മുറിയിൽ ഇരുട്ടായിരുന്നു. വിളക്കു കത്തിക്കാതെ അവൾ ചുമലിൽ തൂക്കിയിട്ട തുകൽ സഞ്ചി മേശപ്പുറത്തു വെച്ചു. സ്റ്റൂളിൽ പോയിരുന്ന് ചെരുപ്പിന്റെ ബക്കിളഴിച്ചു. പാദസരത്തിന്റെ മണികൾ ശബ്ദിച്ചു. എത്ര നേരിയ ശബ്ദമായാലും അത് സ്വാഗതാർഹമാണ്.

അവൾ കിടപ്പറയിലേയ്ക്കു നടന്നു. ഇരുട്ടിൽ ഓരോ വസ്തുവിനും ജീവനുള്ള പോലെ തോന്നി. എല്ലാം അവളുടെ മേൽ ചാടി വീഴാൻ ഗൂഢാലോചന നടത്തുന്ന പോലെ. പകൽ വെളിച്ചത്തിൽ അവ നിർജ്ജീവങ്ങളായ സ്ഥാവര വസ്തുക്കൾ മാത്രം. അവൾ അലമാരി തുറന്ന് ഉടുപ്പു പുറത്തെടുത്തു. സാരിയും ബ്ലൌസും അഴിച്ചു മടക്കി അലമാരിയിൽ വെച്ചു. ഉടുപ്പ് തലയിലൂടെ ഇറക്കി ഇട്ടു. കുളിമുറിയിൽ പോയി കാലും മുഖവും കഴുകി.

പിന്നെ സ്വിച്ചിനു മേൽ കൈ വെച്ച് ആ മാന്ത്രിക ലോകം തകർക്കുന്നതിനു മുമ്പ് അവൾ വീണ്ടും ചുറ്റും നോക്കി. ഇരുട്ട് കനം വെച്ച് ജീവനുള്ള വസ്തുക്കളെയെല്ലാം പാടെ മറച്ചു തുടങ്ങിയിരുന്നു.

വെളിച്ചത്തിന്റെ പ്രളയം.

അടുക്കളയിൽ സിങ്ക് ഉണങ്ങിക്കിടന്നു.

ചായക്കുള്ള വെള്ളമെടുക്കാൻ പാത്രം കഴുകിയപ്പോൾ ഉണങ്ങിയ സിങ്കിൽ നനവ് ഒരു രൂപം ഉണ്ടാക്കി. പിന്നീട് പാത്രങ്ങൾ കഴുകാനായി വെള്ളമൊഴിക്കുമ്പോൾ ആ രൂപങ്ങൾ മാഞ്ഞുപോകുന്നത് അവൾ സങ്കടത്തോടെ നോക്കിനിന്നു. ഒരു മനുഷ്യന്റെ രൂപത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ. ഒരു തുള്ളി വെള്ളം വീണ് അയാളുടെ മൂക്ക് വളരെ വലുതായി വന്നു. വേറൊരു തുള്ളി അയാളുടെ തലയിൽ ഒരു മുഴയുണ്ടാക്കി. പിന്നെ വെള്ളത്തിന്റെ പ്രവാഹത്തിൽ ആ കുറിയ മനുഷ്യൻ ഇല്ലാതായി.

അവൾ വിചാരിച്ചു. ആ കുറിയ മനുഷ്യൻ ജീവൻ വെച്ച് സിങ്കിൽനിന്ന് എഴുന്നേറ്റു വന്നെങ്കിൽ അവൾക്ക് വളർത്താമായിരുന്നു. അവൾ അയാളെ അലമാരിയിൽ സാരിക്കിടയിൽ ഒളിപ്പിച്ചു വെക്കും. പ്രസാദ് വരുമ്പോൾ പറയും. “നോക്കു, എനിക്ക് ഇന്നൊരു സാധനം കിട്ടിയിട്ടുണ്ട്.”

ആട്ട കുഴക്കാൻ മാവെടുക്കാൻ വേണ്ടി ടിന്ന് താഴേക്കു വെച്ചപ്പോഴാണവൾ കണ്ടത്. ഒരു എട്ടുകാലി. മെലിഞ്ഞ നീണ്ട കാലുകൾ. നടുവിൽ ഒരു കടുകുമണിയോളം പോന്ന ഉടൽ. അവൾ പെട്ടെന്ന് പേടിയും അറപ്പും കൂടി ഒരു ശബ്ദം പുറപ്പെടുവിച്ചു.

അവൾക്ക് ഒരു കൂറയെ ചൂലു കൊണ്ട് അടിച്ചു കൊല്ലാം. പക്ഷേ, എട്ടുകാലി! അതു വയ്യ.

എട്ടുകാലി ഒരു സ്പ്രിംഗിനു മുകളിൽ വെച്ച പോലെ ഉയരുകയും, താഴുകയുമായിരുന്നു. കുറച്ചകലെ നിന്ന് അവൾ അതു വീക്ഷിച്ചു. അതിനൊന്ന് നടന്നു പൊയ്ക്കൂടെ? ഇല്ലെങ്കിൽ ഞാൻ റൊട്ടി ഉണ്ടാക്കിയില്ലെന്നേ വരു.

ഭാഗ്യത്തിന് എട്ടുകാലി അതിന്റെ സ്പ്രിംഗ് നൃത്തം അവസാനിപ്പിച്ച് നടക്കാൻ തുടങ്ങി. കുറച്ചു കൂടി അടുത്തു വന്ന് അവൾ അതിന്റെ ഗതി വീക്ഷിച്ചു. ടിന്നിന്റെ അരുകിലൂടെ അത് ഇറങ്ങി നിലത്തു കൂടെ നീണ്ട കാലുകൾ വെച്ച് അരിച്ച് ചുമരിൽ കയറുന്നത് അവൾ ആശ്വാസത്തോടെ നോക്കി.

ഞാൻ എന്തിനാണ് എട്ടുകാലികളെ ഭയപ്പെടുന്നത്? അവൾ ആലോചിച്ചു. ഒരു പക്ഷേ അവയുടെ നീണ്ട കാലുകൾ കാരണമായിരിക്കും. ഒരു എട്ടുകാലി ദേഹത്തിലാസകലം അരിച്ചു നടക്കുകയും തനിക്കതിനെ എടുത്തു മാറ്റാൻ പറ്റാതിരിക്കുകയും ചെയ്യുന്ന ഒരവസ്ഥ അവളുടെ ദു:സ്വപ്നങ്ങളിലൊന്നായിരുന്നു.

പുറത്ത് ഇരുട്ട് കട്ടി കൂടിയിരുന്നു. ജനലിലൂടെ പുറത്തേയ്ക്കു നോക്കിയപ്പോൾ അവൾ തീവണ്ടി ഓർത്തു. പ്രസാദ് ഒരു പക്ഷേ, തീവണ്ടിയിലുണ്ടാകും. ഭർത്താവിന്റെ മെലിഞ്ഞു നീണ്ട രൂപം തീവണ്ടിയിലെ തിരക്കിനിടയിൽക്കൂടെ ഉയർന്നു നിൽക്കുന്നത് അവൾ മനസ്സിൽ കണ്ടു. ചിലപ്പോൾ അയാൾ ഇപ്പോഴും അമ്മയുടെ അടുത്തു നിന്ന് പുറപ്പെട്ടിട്ടുണ്ടാവില്ല. എന്തിനാണ് പ്രസാദ് ദിവസവും അമ്മയുടെ വീട്ടിൽ പോകുന്നത്? ആഴ്ചയിലൊരിക്കലാണെങ്കിൽ മനസ്സിലാക്കാം. ഇതു ദിവസവും. ഞാനിവിടെ ഒറ്റയ്ക്കാണെന്ന് എന്താണ് തോന്നാത്തത്?

അവൾ കുഴച്ച മാവ് പാത്രത്തിലാക്കി ഉണങ്ങാതിരിക്കാൻ തുണി കൊണ്ട് മൂടി വെച്ചു. പച്ചക്കറി കൂട എടുത്തു ബീൻസ് ഒരു പാത്രത്തിലിട്ടു കഴുകി, പലകമേൽ വെച്ച് അരിയാൻ തുടങ്ങി.

അപ്പോൾ പുറത്തെ വാതിലിൽ താക്കോൽ ഇടുന്ന ശബ്ദം കേട്ടു. പെട്ടെന്നവൾ പ്രക്ഷുബ്ധയായി. കത്തിയുടെ പിടിമേൽ കൈ മുറുക്കി. താക്കോൽ പൂട്ടിന്റെ ദ്വാരത്തിൽ തിരിയുന്ന ശബ്ദം അവൾ ശ്രദ്ധിച്ചു. ഒരു ക്ലിക് ശബ്ദം. പിന്നെ വാതിൽ തുറക്കുമ്പോൾ ഉണ്ടാകുന്ന കരകര ശബ്ദം. ആൾ അകത്തു കടന്നു, പിന്നിൽ വാതിലടഞ്ഞു. അകത്തു കടന്ന ആളുടെ രൂപത്തെപറ്റി അവൾ ഊഹം നടത്തി. തടിച്ച് കരുത്തനായ ഒരാൾ. താൻ മുമ്പ് കണ്ട ആരെങ്കിലുമായിരിക്കുമോ?

പുരുഷന്മാരുടെ തറച്ചു നോട്ടത്തെ അവൾ എപ്പോഴും ഭയപ്പെട്ടിരുന്നു. ദിവസവും രാവിലെ ട്രെയിൻ കേറാൻ വേണ്ടി പ്ലാറ്റ്ഫോമിലേക്കു കയറുമ്പോൾ ഒരു നിശ്ചിത സ്ഥാനത്ത് എന്നും ഒരാളെ കാണാറുണ്ട്. അയാൾ അവളെ തുറിച്ചു നോക്കാറുണ്ട്. അയാളെ നേരിട്ട് നോക്കിയില്ലെങ്കിലും കണ്ണിന്റെ കോണിലൂടെ അവൾ അയാളെ ഭയത്തോടെ നോക്കിയിരുന്നു. അയാൾ എന്നും അവിടെ ആരെയോ പ്രതീക്ഷിച്ചിട്ടെന്നപോലെ നിൽക്കാറുണ്ട്. അവളെ കണ്ടാൽ ഉടനെ നിവർന്നു നിൽക്കുന്നത് അവൾ ശ്രദ്ധിക്കാറുണ്ട്. അയാളെ കടന്നു വേണം അവൾക്ക് ലേഡീസ് കമ്പാർട്ടുമെന്റിനു നേരെ നടക്കാൻ. ആദ്യം ഒരു ദിവസം അവൾ തിരിഞ്ഞു നോക്കിയപ്പോൾ അയാൾ അപ്പോഴും അവളെ തുറിച്ചുനോക്കുന്നതാണ് കണ്ടത്. പിന്നെ അവൾ തിരിഞ്ഞു നോക്കുക എന്ന സാഹസത്തിന് മുതിർന്നില്ല.

കാൽപ്പെരുമാറ്റം സ്വീകരണമുറിയിൽ നിന്ന് ഇടനാഴികയിലൂടെ കിടപ്പറയിലേയ്ക്ക് പോകുന്നതവൾ ശ്രദ്ധിച്ചു. അലകു കൂർത്ത കത്തിയുടെ പിടിമേൽ അവൾ കൈ മുറുക്കി. അയാൾ അവളെ തിരയുകയാണ്. ഇനി വരാൻ പോകുന്നത് അടുക്കളയിലേക്കായിരിക്കും. അയാളുടെ ഉദ്ദേശ്യം വളരെ വ്യക്തമാണ്. ഒരു ശക്തിപരീക്ഷ കഴിഞ്ഞല്ലാതെ തന്നെ ബലാൽസംഗം ചെയ്യാൻ അയാൾക്കു കഴിയില്ല. താൻ പൊരുതാൻ തന്നെ തീർച്ചയാക്കിയിരിക്കുന്നു. കൈകളുടെ പേശികൾ മുറുകി നിൽക്കുന്നതവൾ ശ്രദ്ധിച്ചു.

കാലടി ശബ്ദം കിടപ്പറയിൽ നിന്ന് അടുത്തടുത്ത് വന്ന് അടുക്കളയിൽ അവസാനിച്ചു.

അവൾ ഒരു ദീർഘശ്വാസത്തോടെ കത്തി താഴെ വെച്ചു. എനിക്കു വയ്യ. ചുറ്റുമുള്ള ഇരുട്ടും ഏകാന്തതയുമാണ് ഈ ആലോചനകൾ എന്നും എന്റെ മനസ്സിൽ കുത്തിനിറയ്ക്കുന്നത്.

തീപ്പെട്ടിയെടുത്ത്, സ്റ്റൌ കൊളുത്തി, ചെറിയ പാത്രത്തിൽ ചായയ്ക്കുള്ള വെള്ളം വെയ്ക്കുമ്പോൾ തിരിഞ്ഞുനോക്കാതെ തന്നെ അവൾ ചോദിച്ചു.

“എന്താണ് ഇത്ര നേരം വൈകിയത്?”

അവൾ മറുപടിയൊന്നും പ്രതീക്ഷിച്ചില്ല.

“ഞാൻ കുളിക്കട്ടെ.” അയാൾ പറഞ്ഞു.

അവൾ ആലോചിച്ചു. ഇപ്പോൾ കാലടി ശബ്ദം കേൾക്കാം. ആദ്യം കിടപ്പറയിലേയ്ക്ക്. അവിടെ നിന്നു പ്രസാദ് തോർത്തെടുത്തു കുളിമുറിയിലേയ്ക്കു നടക്കുന്നതവൾ മനസ്സിൽ കണ്ടു. ഇപ്പോൾ സ്വിച്ചിന്റെ ശബ്ദം കേൾക്കാം. പിന്നെ കുളിമുറിയിൽ മങ്ങിയ വെളിച്ചം സോപ്പിന്റെ വാസന.

വെള്ളം തിളയ്ക്കാൻ തുടങ്ങിയിരുന്നു. ബീൻസ് അരിഞ്ഞു കൊണ്ട് അവൾ ആലോചിച്ചു. പ്രസാദിന് പൊടിയിട്ട് ചായ കൂട്ടി കുടിച്ചിട്ട് മതിയായിരുന്നു കുളി. ഞാനും ഓഫീസിൽനിന്നു വരുകയാണെന്നു തളർന്നിരിക്കുകയാണെന്ന് എന്താണ് മനസ്സിലാക്കാത്തത്?

പ്രസാദ് കുളിച്ചു വന്ന് ചായ കുടിച്ചുകൊണ്ടിരിക്കെ അവൾ ചോദിച്ചു.

“അമ്മയുടെ അടുത്ത് പോയിരുന്നോ?”

“ഇല്ല. അയാൾ പറഞ്ഞു. ഓഫീസിൽ ജോലിയുണ്ടായിരുന്നു.”

നുണ. അവൾ വിചാരിച്ചു. പ്രസാദ് അമ്മയുടെ അടുത്ത് പോയിട്ടുണ്ടെന്ന് തീർച്ചയാണ്. വൈകുന്നേരം പ്രസാദ് അമ്മയുടെ അടുത്ത് പോയ ദിവസങ്ങളിലെല്ലാം അവൾക്കതറിയാം. അയാളുടെ മുഖത്തുണ്ടാവുന്ന, ഒളിച്ചു വെക്കാൻ ശ്രമിച്ചാലും കഴിയാത്ത ഒരു അപരാധബോധം, പോകാത്ത ദിവസങ്ങളിൽ അയാളുടെ മുഖത്തുണ്ടാവുന്ന, എന്തോ ഒന്ന് ചെയ്തില്ലാ എന്ന ഭാവം. ഇതെല്ലാം കടലാസ്സിൽ അച്ചടിച്ചു വന്ന ഒരു പഴങ്കഥ പോലെ അവൾക്കു വായിക്കാം.

അവൾ ഒന്നും പറഞ്ഞില്ല. അവൾ ടിന്നിന്മേൽ കണ്ട എട്ടുകാലിയെപ്പറ്റി ആലോചിച്ചു. അതെവിടേയ്ക്കാണോ പോയിട്ടുണ്ടാവുക? പക്ഷേ, നാളെ ആദ്യം വന്ന് ടിന്നിന്മേൽ സ്ഥലം പിടിയ്ക്കും.

“ആട്ടയിട്ട ടിന്നിന്മേൽ ഒരു എട്ടുകാലിയുണ്ടായിരുന്നു.” അവൾ പറഞ്ഞു. “വളരെ മെലിഞ്ഞ ഒരു എട്ടുകാലി.”

പ്രസാദ് ചുമരിന്മേലും, തട്ടിന്മേലും കണ്ണോടിച്ചു പറഞ്ഞു.

“ഇപ്പോൾ കുറെ ദിവസമായി മരുന്നടിച്ചിട്ട്. ഈ ഞായറാഴ്ച ചെയ്യണം.”

പ്രസാദിന്റെ പ്രതികരണം സാധാരണപോലെ നിരാശാവഹമായിരുന്നു. അയാൾ കൂടുതൽ വല്ലതും പറയുമെന്ന്, തന്റെ ഭയങ്ങളെ അകറ്റാൻ ശ്രമിക്കുമെന്ന് അവൾ പ്രത്യാശിച്ചു. എന്നിട്ട് എന്ത് ചെയ്തു എന്ന ചോദ്യമുണ്ടായാൽ അവൾക്ക് കൂടുതൽ പറയാമായിരുന്നു. തനിക്ക് എട്ടുകാലിയെ എന്തു പേടിയാണെന്ന്, വൈകുന്നേരം ഓഫീസിൽനിന്നു വരുമ്പോൾ അകത്തുതന്നെ ചൂഴ്‌ന്നുനിൽക്കുന്ന ജീവനുള്ള വസ്തുക്കളെപ്പറ്റി, തന്റെ നിഗൂഢഭയങ്ങളെപ്പറ്റിയെല്ലാം പറയാമായിരുന്നു. പക്ഷേ, ഈ ഉത്തരം എല്ലാ വാതിലുകളും അടച്ചിട്ടു. അവൾക്കിനി നിർവ്വികാരയായി ഇരിക്കാം.

അവൾ അച്ഛനെ ഓർത്തു. അച്ഛനാണെങ്കിൽ ചോദിക്കുമായിരുന്നു. “എന്നിട്ടെന്തുണ്ടായി മോളെ?”

എന്തു നിസ്സാര കാര്യമായാലും അയാൾ ശ്രദ്ധയോടെ കേൾക്കുമായിരുന്നു. ഇടയ്ക്കിടയ്ക്ക് സംശയം തീർക്കാൻ ചോദ്യങ്ങളും.

പ്രസാദിന് അങ്ങിനെ സംസാരിക്കാൻ അറിയാതെയൊന്നുമില്ല. അയാൾ അറുപതു വയസ്സായ അമ്മയെ ഇപ്പോഴും കൊഞ്ചിക്കാറുണ്ട്.

അവൾ തന്റെ അവിവാഹിതനായ ബോസിനെ ഓർത്തു.

“മിസ്സിസ് പ്രസാദ്, നിങ്ങളുടെ ചുണ്ടിലും തലമുടിയിലും ഓരോ പൂ.”

അയാൾ എന്തെങ്കിലും പ്രശംസ ചൊരിയാത്ത ദിവസങ്ങളുണ്ടാവില്ല. ഒന്നുകിൽ സാരിയെപ്പറ്റി. അല്ലെങ്കിൽ താൻ പുതുതായി വാങ്ങിയ ഇമിറ്റേഷൻ പേൾമാലയെപ്പറ്റി. അല്ലെങ്കിൽ വണ്ടിയിൽ നിന്നു വാങ്ങിയ ഒരു രൂപ വിലയുള്ള ഇയർറിങ്ങിനെപ്പറ്റി.

അവൾ എഴുന്നേറ്റു കുളിമുറിയിലേയ്ക്കു നടന്നു. ഞാൻ കുളിയ്ക്കാൻ പോകുകയാണെന്നു പറയില്ല. അവൾ വാശിയോടെ ആലോചിച്ചു. പ്രസാദിന് മനസ്സിലാവട്ടെ ഞാൻ സന്തുഷ്ടയല്ലെന്ന്. പിന്നെ കുളിയ്ക്കുമ്പോൾ ദേഹത്തെ വിയർപ്പിന്റെ ഉപ്പിനോടൊപ്പം ദ്വേഷ്യവും അലിഞ്ഞു പോയി. ഒരുപക്ഷേ, ഇന്ന്…

കുളി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പ്രസാദ് അടുക്കളയിൽ ചീനച്ചട്ടിയിലേയ്ക്ക് അരിഞ്ഞുവെച്ച ബീൻസ് ഇടുകയായിരുന്നു. ശ്ശ് ശബ്ദം കാരണം അയാൾ നിശ കുളിമുറിയിൽ നിന്നും പുറത്തു കടന്നതറിഞ്ഞില്ല. അയാൾ ഏതോ പാട്ട് ചൂളമടിക്കുകയാണ്.

പാവം. അവൾ വിചാരിച്ചു.

അവൾ മറ്റേ സ്റ്റൌ കൊളുത്തി. റൊട്ടിയുണ്ടാക്കാനുള്ള ചട്ടി കയറ്റിവെച്ചു. കറിയുണ്ടാക്കുന്ന പണി കഴിഞ്ഞിരുന്നു. ഇനി അതു തന്നത്താൻ വെന്തുകൊള്ളും.

പ്രസാദ് റൊട്ടി പരത്തി. നിശ അത് ഓരോന്നായി ചുട്ടെടുത്തു. ഓരോ റൊട്ടിയും ചുട്ടെടുക്കാൻ പരത്തുന്നതിനേക്കാൾ സമയം വേണ്ടിവന്നതു കൊണ്ട് പ്രസാദിന് കാത്തുനിൽക്കേണ്ടി വന്നു. അയാൾ പറഞ്ഞു.

നീ വളരെ സാവധാനത്തിലാണ് ചുടുന്നത്.

“വേഗം ചുട്ടാൽ ഒന്നും വേവില്ല.” അവൾ പറഞ്ഞു. “നിങ്ങൾ എന്നെത്തന്ന്യാ കുറ്റപ്പെടുത്തുക.”

“ഞാൻ വേഗം ചുട്ടുകാണിച്ചു തരാം.” അയാൾ പറഞ്ഞു.

“വേണ്ട, വേണ്ട. ഞാൻ ഭംഗിയിൽ ചുടുന്നതു കാണുമ്പോൾ, റൊട്ടി വലിയ പൊള്ളയായി പൊന്തുന്നതു കാണുമ്പോൾ നിങ്ങൾക്കും അതു ചെയ്യാൻ തോന്നുന്നുണ്ടല്ലേ?”

അയാൾ ചിരിച്ചു. അവർക്കിടയിൽ ഉണ്ടായിരുന്ന സമ്മർദ്ദം അയഞ്ഞു വരുന്നതവൾ കണ്ടു. അവൾ സന്തോഷിച്ചു. സ്നേഹിക്കപ്പെടുകയാണെന്ന ബോധം അവളെ സുരക്ഷിതത്വത്തിലേയ്ക്കു നയിച്ചു. എത്ര പെട്ടെന്നാണ് മാറ്റമുണ്ടായത്?

റൊട്ടികൾക്കു നല്ല ആകൃതിയുണ്ടായിരുന്നു. പ്രസാദ് നല്ല ഭംഗിയിൽ പരത്തും. അയാൾ പരത്തുന്നതു നോക്കി നില്ക്കാൻ അവൾക്കിഷ്ടമായിരുന്നു.

അവൾ പെട്ടെന്നു ബോസിനെ ഓർത്തു. അയാൾ തരാമെന്നു പറഞ്ഞ കാക്ടിയെപ്പറ്റി പ്രസാദിനോട് പറഞ്ഞില്ലെന്ന് ഓർത്തു.

“അനിൽ ഒരു കള്ളിച്ചെടി തരാമെന്നു പറഞ്ഞിട്ടുണ്ട്.”

പ്രസാദ് ഒന്നും പറഞ്ഞില്ല.

“നല്ല ഭംഗിയുള്ളതാണത്രെ. വളരെ അപൂർവ്വമായി കാണുന്നതാണത്രേ.”

പ്രസാദ് വല്ലതും മറുപടി പറയാൻ അവൾ ഒരു നിമിഷം കാത്തുനിന്നു. മറുപടിയുണ്ടായില്ല.

“അനിൽ ഡയറക്ടറുടെ വീട്ടിൽ പോയപ്പോൾ കണ്ടതാണത്രേ. ഇഷ്ടപ്പെട്ടപ്പോൾ എടുത്തു കൊണ്ടുവന്നു. വളരെ വിലപിടിച്ചതായിരിക്കുമെന്നാണ് പറയുന്നത്. നമുക്ക് ഷോകേസിന്റെ മുകളിൽ വെയ്ക്കാം.”

വാക്കുകൾ പളുങ്കുമണികൾപോലെ നിശ്ശബ്ദതയുടെ കോട്ടയുടെ കരിങ്കൽച്ചുമരിൽ തട്ടി തകർന്നു വീഴുന്നത് അവൾ പെട്ടെന്നു കണ്ടു. തന്റെ സംസാരം കേട്ടുകൊണ്ടിരിക്കുന്ന ആൾ വളരെ അകലെയാണെന്നും തനിയ്ക്ക് അപ്രാപ്യമാണെന്നും അവൾ മനസ്സിലാക്കി. അവളുടെ രക്തം തണുത്തു. ആൾക്കാരുള്ള തെരുവീഥിയിൽക്കൂടി നടക്കുമ്പോൾ പെട്ടെന്നു നഗ്നയായപോലെ അവൾക്കു തോന്നി. ഒരു മറവു കിട്ടാൻ, അതെത്ര ചെറിയതായാലും വേണ്ടില്ല, അവൾ മോഹിച്ചു.

എന്താണ് ഈ മനുഷ്യന്റെ മനസ്സിൽ? മിണ്ടാതിരുന്നാൽ മറ്റുള്ളവർക്ക് എന്താണ് മനസ്സിലാവുക? ഈ നിശ്ശബ്ദത ഞാൻ വെറുക്കുന്നു. പ്രസാദിന് വേറെ എന്തു വേണമെങ്കിലും ചെയ്യാം. ലഹള കൂട്ടാം. അനിലിനെ ഇഷ്ടമല്ലെന്നു പറയാം. ആ കള്ളിച്ചെടി ഗട്ടറിലേയ്ക്കു വലിച്ചെറിയാൻ പറയാം. ചപ്പാത്തിപ്പലകയും, റോളറും വലിച്ചെറിഞ്ഞു ദേഷ്യം പ്രകടിപ്പിക്കാം. എന്തും ഈ മൂകതയേക്കാൾ, നിർവ്വികാരതയേക്കാൾഭേദമാണ്. ഇതു മനസ്സിലാക്കാൻ ഇത്ര പ്രയാസമാണോ?

ഭക്ഷണം കഴിക്കുമ്പോൾ അവൾ പ്രസാദിനെ ശ്രദ്ധിച്ചു. ഒന്നും സംഭവിക്കാത്ത മട്ടിൽ ഇരിക്കുന്നു. എന്തായിരിക്കും അയാൾ ആലോചിക്കുന്നത്? അമ്മയെപ്പറ്റിയായിരിക്കുമോ? രണ്ടുപേർ കൂടിയിരിക്കുമ്പോൾ സ്വന്തം ലോകത്തിലേയ്ക്കു വലിയുന്നതു സ്വാർത്ഥമാണ്, അല്പത്വമാണ്.

“കറിയിൽ ഉപ്പ് കുറവാണോ?”

“കുറച്ച്.” അവൾ മറുപടി പറഞ്ഞു. “ഇനി ഇടണോ?”

അയാൾ ഭക്ഷണം തുടർന്നു. സ്വയം സംതൃപ്തനായപോലെ. അവൾക്കു പെട്ടെന്നു മടുപ്പു തോന്നി. എന്തോ ഓർത്തപോലെ പ്രസാദ് പറഞ്ഞു.

“ഞായറാഴ്ച അവിടെ ഊണു കഴിക്കാൻ പറ്റുമോ എന്ന് അമ്മ ചോദിച്ചു.”

“എന്തു മറുപടി പറഞ്ഞു?” അവൾ ചോദിച്ചു.

“ചെല്ലാമെന്നു പറഞ്ഞിട്ടുണ്ട്.”

“തനിയെ പൊയ്ക്കൊള്ളു.” അവൾ വെറുപ്പോടെ പറഞ്ഞു. “എനിക്കിവിടെ പണിയുണ്ട്. ആകെ ഒരു ഞായറാഴ്ച കിട്ടുന്നതാണ്. അതവിടെ പോയി തുലയ്ക്കാൻ ഞാൻ തയ്യാറില്ല. പിന്നെ അവർക്ക് എന്നെ കാണാനല്ലാ താൽപര്യവും.”

“നിന്നെയും കൂട്ടി ചെല്ലാനാണ് പറഞ്ഞത്. അവിടെ നിന്ന് ഊണു കഴിക്കാമെന്നു പറഞ്ഞു.”

“ഞാൻ വരുന്നില്ല. പ്രസാദ് ഒറ്റയ്ക്കു പൊയ്ക്കൊള്ളു. എനിയ്ക്കു വയ്യ ആ നരകയാതന സഹിക്കാൻ.”

അവൾ ഓർത്തു. അമ്മായിയമ്മയുടെ വീട്ടിൽ പോയാൽ ഉണ്ടാവുന്ന യാതന, മകൻ വന്നാൽ തള്ള കാണിക്കുന്ന പരാക്രമങ്ങൾ.

ഞാൻ നിനക്കു വേണ്ടി മുളകാപ്പച്ചടിയുണ്ടാക്കിയിട്ടുണ്ട്. നിനക്കു വേണ്ടി കൈപ്പക്ക മെഴുക്കു പെരട്ടിയുണ്ടാക്കിയിട്ടുണ്ട്. പച്ചക്കറിക്കാരൻ ഇന്നലെ വന്നപ്പോൾ ഞാൻ പ്രത്യേകം പറഞ്ഞു. ഇന്ന് പ്രസാദ് വരും. നല്ല ഇളം കൈപ്പയ്ക്ക കൊണ്ടുവരണമെന്ന്.

പിന്നെ മകന്റെ വക അഭിനന്ദനങ്ങളും. അമ്മയ്ക്ക് ഈ പുതിയ സാരി വളരെ നന്നായി യോജിക്കുന്നുണ്ട്.

തള്ള ഈ വയസ്സുകാലത്തും കടുംനിറത്തിലുള്ള സാരിയാണ് ധരിക്കുന്നത്. ആ സാരി വാങ്ങിക്കൊടുത്തതും പ്രസാദ് തന്നെയാണ്. പിന്നീട് ഒരു ദിവസം ഏകദേശം ആ നിറത്തിലുള്ള ഒരു സാരി എടുക്കാൻ പോയപ്പോൾ അയാൾ പറഞ്ഞു.

അതു വളരെ ഗാഡിയാണ്. കുറച്ചുകൂടി ലൈറ്റ് കളറാണ് നല്ലത്.

അവൾ അന്ന് സാരി വാങ്ങാതെ തിരിച്ചുപോന്നു.

മകനോടുള്ള താൽപര്യത്തേക്കാൾ കടുത്തതായിരുന്നു തള്ളയ്ക്ക് അവളോടുള്ള അവഗണന. അവിടെച്ചെന്നാൽ അവൾക്ക് അർഹതയില്ലാത്ത ഒരിടത്തേയ്ക്കു കയറിച്ചെന്ന പ്രതീതിയാണുണ്ടാവാറ്.

പ്രസാദ് ഒറ്റയ്ക്കു പൊയ്ക്കോളൂ. മുളകാപ്പച്ചടിയും, കൈപ്പയ്ക്കാ മെഴുക്കുപെരട്ടിയും ഉണ്ടാക്കി വെച്ചിട്ടുണ്ടാവും. പോകുമ്പോൾ ഒരു സാരിയും വാങ്ങാൻ മറക്കണ്ട.

പ്രസാദ് അവളെ അത്ഭുതത്തോടെ നോക്കി.

“നിനക്കിന്ന് എന്തു പറ്റി?”

അവൾ ഒന്നും പറഞ്ഞില്ല. അവളുടെ ഏകാന്തതയെപ്പറ്റി, ഓഫീസിൽനിന്നു വരുമ്പോൾ അവളെ എതിരേല്ക്കുന്ന ഇരുണ്ട അപരിചിത രൂപങ്ങളെപ്പറ്റി, അവളെ പിൻതുടരുന്ന അരക്ഷിതത്വത്തെപ്പറ്റി, സ്നേഹത്തിനു വേണ്ടിയുള്ള ദാഹത്തെപ്പറ്റി ഒന്നും പറയാൻ പറ്റില്ല. പ്രസാദിനോട് പ്രത്യേകിച്ചും. അയാളോട് സംസാരിക്കുമ്പോൾ വാക്കുകൾ ഇരുണ്ട ഇടനാഴികളിൽ വാവലുകളെപ്പോലെ അടച്ചിടപ്പെടുന്നു. പുറത്തേയ്ക്ക് വഴിയില്ല. എനിയ്ക്കു വേണ്ടത് ഉത്തരങ്ങളാണ്. മൌനമല്ല.

അവൾ ഇടനാഴികയിൽ വളയങ്ങളിൽ തൂങ്ങിക്കിടക്കുന്ന വാവലുകളെ ഓർത്തു. അറയകത്തു നിന്ന് പറന്നു രക്ഷപ്പെടുന്ന വാവൽ ഇടനാഴികയിൽ എത്തുന്നു. രണ്ടു വാതിലുകളും അടച്ചിട്ടാൽ അതിന് രക്ഷപ്പെടാൻ മാർഗ്ഗമില്ല. ഒരു വടിയുമെടുത്ത് പിൻതുടരുന്ന ചേട്ടൻ. അയാളിൽനിന്നും പറന്നകലുന്ന വാവൽ ഓരോ അടി കിട്ടുമ്പോഴും സാവധാനത്തിലാകുന്നു. അവസാനം പറക്കാൻ വയ്യാതെ ചുവന്ന സിമന്റിട്ട നിലത്ത് വില്ലൊടിഞ്ഞ ഒരു പഴഞ്ചൻ കുട പോലെ ചത്തു കിടക്കുന്നു.

“നീ എപ്പോഴും എന്റെ അമ്മയെ പഴിക്കുന്നു. ആ സ്ത്രീ എന്തു ചെയ്തു?”

ഇതു പറഞ്ഞു മനസ്സിലാക്കാൻ വിഷമമാണ്. അവൾ ആലോചിച്ചു. എനിക്ക് അവർ ഈ അറുപതാം വയസ്സിൽ മുഖത്തു ചായം തേയ്ക്കുന്നതിഷ്ടമല്ല, പാടെ നരച്ച തലമുടി കറുപ്പിച്ച് നടക്കുന്നതിഷ്ടമല്ല, ചെറുപ്പക്കാരികൾ പോലും ഇടാൻ മടിയ്ക്കുന്ന തരത്തിലുള്ള വിചിത്ര നിറങ്ങളുള്ള സാരിയുടുത്ത് മകനോട് ശൃംഗരിക്കുന്നതിഷ്ടമല്ല. എനിക്ക് പകൽ വെളിച്ചം പോലെ വ്യക്തമായി തോന്നുന്ന ഈ കാര്യങ്ങൾ പ്രസാദിന് സൂചനകൾ കൊടുത്തിട്ടും മനസ്സിലാവാത്തത് എന്താണ്? ഇത് മനം മടുപ്പിക്കുന്നതാണ്.

അവൾ അനിലിനെ ഓർത്തു. അയാൾ തരാമെന്നു പറഞ്ഞ കള്ളിച്ചെടിയോർത്തു. ഭംഗിയുള്ള ചട്ടിയിലായാൽ മതിയായിരുന്നു. അത് ഷോകേസിനു മീതെ വെയ്ക്കണം. അനിൽ എപ്പോഴും നല്ല ഭംഗിയുള്ള സാധനങ്ങൾ അവൾക്കുവേണ്ടി വെയ്ക്കാറുണ്ട്.

“ഞാനിന്ന് നിങ്ങൾക്കുവേണ്ടി എന്താണ് സൂക്ഷിച്ചിട്ടുള്ളതെന്ന് ഊഹിക്കുക.”

“സ്റ്റാമ്പ്?”

“അല്ല. ഒരു ചാൻസുകൂടി തരാം, പറയു.”

“നേരിയ ചുവപ്പു കടലാസ്?”

“അല്ല. ഇതാ.”

അയാൾ മേശവലിപ്പിൽനിന്ന് ഒരു തെർമോ കോളിന്റെ കട്ട പുറത്തെടുത്തു. അയാൾ കൌതുകമുള്ള എന്തും അവൾക്കുവേണ്ടി കരുതിയിരുന്നു. ഇളം പച്ചനിറത്തിലുള്ള ഒരു വലിയ റബ്ബർ ബാന്റ്, മൊട്ടിൽ മുത്തു പതിച്ച സൂചി, അല്ലെങ്കിൽ ഏതെങ്കിലും ഒരു മാസികയിൽ നിന്നു വെട്ടിയെടുത്ത മിക്കി മൌസിന്റെ ചിത്രം. അയാളുടെ രുചി അവൾക്കിഷ്ടമായിരുന്നു. ആ സാധനങ്ങളോടുള്ള ഭ്രമം മാത്രമല്ല അവളെ സന്തോഷിപ്പിച്ചത്. അനിൽ ഈ വക സാധനങ്ങൾ കാണുമ്പോൾ തന്നെ ഓർക്കുന്നു എന്നതുകൊണ്ടുമാണ്.

അവർ നേർത്തെ കിടന്നു. സാധാരണ പതിവാണത്. ഒമ്പതു മണിക്കെങ്കിലും കിടന്നാലെ അഞ്ചു മണിക്ക് എഴുന്നേൽക്കാൻ പറ്റു. കിടക്കുമ്പോൾ അവൾ ഭർത്താവിനെ ശ്രദ്ധിച്ചു. അയാളിൽ വലിയ ഭാവേഭദമൊന്നുമില്ല. ദ്വേഷ്യത്തിന്റെ ഒരു ലാഞ്ചനയെങ്കിലും കണ്ടാൽ എത്ര നന്നായിരുന്നു. ഈ നിർവ്വികാരത സഹിക്കാൻ പറ്റുന്നില്ല. താൻ മുമ്പിൽവെച്ച് ബലാൽസംഗം ചെയ്യപ്പെടുന്നതു കണ്ടാലും ഒരുപക്ഷേ, ഇതേ നിർവ്വികാരതയായിരിക്കും മുഖത്ത്. എത്ര അനിശ്ചിതമാണ്, എത്ര അരക്ഷിതമാണ് ഈ ജീവിതം?

“അടുക്കളയുടെ ജനൽ അടച്ചില്ലെ?” അയാൾ ചോദിച്ചു.

ഇതെല്ലാം സ്ഥിരം വാചകങ്ങളാണ്. പാൽ കുപ്പി വെച്ചില്ലെ? ഫാൻ എത്രയിലാണ് ഇട്ടിരിക്കുന്നത്?

മടുപ്പുണ്ടാക്കുന്ന നിത്യവാചകങ്ങൾ. അവയിൽ സ്നേഹമില്ല. കർത്തവ്യം മാത്രമേയുള്ളു.

പ്രസാദ് കിടക്കയിൽ കുറച്ചകലെ മറുവശം തിരിഞ്ഞു കിടക്കുകയായിരുന്നു. അയാൾ തിരിഞ്ഞു കിടന്ന് തന്നെ വരിഞ്ഞ് ഭ്രാന്തമായി ചുംബിച്ച് സ്നേഹം പ്രകടിപ്പിച്ചെങ്കിലെന്ന് അവൾ ആശിച്ചു. വളരെ ബലാൽക്കാരമായി തന്നെ കീഴ്പ്പെടുത്താൻ, തന്റെ വസ്ത്രങ്ങൾ വലിച്ചു ചീന്തിയെറിഞ്ഞ് തന്നെ ഭോഗിക്കാൻ അവൾ മോഹിച്ചു. പക്ഷേ, ഇവിടെ അയാൾ നിസ്സംഗനായി കുറച്ചകലെ തിരിഞ്ഞു കിടക്കുന്നു. ഉറക്കമായിട്ടുണ്ടാവും.

ഇപ്പോൾ എത്ര ദിവസമായി ഈ നിസ്സംഗത എന്നവൾ ഓർത്തു. വളരെയധികം ദിവസങ്ങളായിട്ടുണ്ട്. ഒന്നര മാസം അല്ലെങ്കിൽ രണ്ട്. ഒരാഴ്ചയ്ക്കു മുമ്പ് ഒരിയ്ക്കൽ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ല.

മദർ ഫിക്സേഷൻ! ഒരു വാരികയിൽ മദർ ഫിക്സേഷനെപ്പറ്റി വായിച്ച ലേഖനം അവൾ ഓർത്തു. ഉപബോധമനസ്സിൽ അമ്മയോടു തോന്നുന്ന ലൈംഗികാഭിലാഷം അമർത്തുക കാരണം സ്വന്തം വികാരത്തെ ഉയർത്താൻകൂടി ഭയപ്പെടുന്ന മനുഷ്യർ. പ്രസാദിനെ ഓർത്ത് അവൾ സങ്കടപ്പെട്ടു. ആ മനുഷ്യൻ ഉള്ളിൽ കഷ്ടപ്പെടുന്നുണ്ടാവും.

ലേഡീസ് കമ്പാർട്ടുമെന്റിൽ ദിവസവും കാണാറുള്ള ഒരു പരസ്യം അവൾ ഓർത്തു. പുരുഷന്മാരുടെ അടിവസ്ത്രങ്ങളുടെ പരസ്യം. ഇരുപത്തഞ്ചു വയസ്സു പ്രായമുള്ള ആരോഗ്യം തുടിക്കുന്ന ഒരു ചെറുപ്പക്കാരൻ കൈയ്യിൽ ഒരു ബൊക്കെയേന്തി ജേതാവായി നിൽക്കുന്നു. അയാളുടെ അടിവസ്ത്രങ്ങൾക്കുള്ളിലെ വികാരത്തെപ്പറ്റി അവൾ ആലോചിച്ചു. ഒരു പക്ഷേ, ഒരു ദിവസം…

അവൾ ആലോചന തുടർന്നില്ല. ഒരു കലാപവും വിജയകരമായി അന്ത്യം വരെ കൊണ്ടു നടത്താൻ അവൾക്കു കഴിയാറില്ല. അവൾ ഒരു നഷ്ടക്കാരിയായിരുന്നു.

Colophon

Title: Vṛiṣabhattinte Kaṇṇu (ml: വൃഷഭത്തിന്റെ കണ്ണു്).

Author(s): E Harikumar.

First publication details: E Harikumar; Thrissur, Kerala;; 2013.

Deafult language: ml, Malayalam.

Keywords: Short stories, Vrishabhathinte Kannu, E Harikumar, വൃഷഭത്തിന്റെ കണ്ണു്, ഇ ഹരികുമാർ, ചെറുകഥ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 19, 2021.

Credits: The text of the original item is copyrighted to Lalitha Harikumar, Thrissur. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder(s) and Sayahna Foundation and must be shared under the same terms.

Cover: A Brazilian Landscape, a painting by Franz Post (1612–1680). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Digitizer: KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.