പരിണാമവാദത്തിനു് എതിരല്ല ആ്മീയത. പരിണാമവാദികൾക്കിടയിൽ ആത്മീയവാദികളും ഭൗതികവാദികളുമുണ്ട്. ഹ്യൂമൻ ജീനോം പ്രൊജക്ടിന്റെ തലവനായിരുന്ന ഫ്രാൻസിസ് കോളിൻസ് (Francis Collins) ആസ്തികനായ ശാസ്ത്രജ്ഞനാണ്. അദ്ദേഹം 2005-ൽ പ്രസിദ്ധീകരിച്ച ‘ദൈവഭാഷ’ (The Language of God) പ്രശസ്തമാണ്. ഈ കൃതിയിൽ ജീൻഗവേഷണവുമായി ബന്ധപ്പെട്ട് ദൈവാസ്തിത്വം ശാസ്ത്രീയമായി സ്ഥാപിക്കാൻ അദ്ദേഹം ശ്രമിക്കുന്നു. എന്നാൽ മതങ്ങളുടെ ഉത്പത്തി സങ്കൽപ്പങ്ങളോട് അദ്ദേഹം യോജിക്കുന്നില്ല.
എന്നാണു് പരിണാമസിദ്ധാന്തം? ജീവോത്പത്തിക്ക് ശേഷം ഭൂമിയിൽ ജൈവവൈവിധ്യം എങ്ങനെയുണ്ടായി എന്നതിനുളള ശാസ്ത്രവിശദീകരണമാണു് പരിണാമസിദ്ധാന്തം. പ്രകൃതിശാസ്ത്രജ്ഞനായ ചാൾസ് ഡാർവിൻ 1826-ൽ എം. എസ്. ബ്യൂഗിൾ എന്ന കപ്പലിൽ തെക്കേ അമേരിക്കയിൽ നടത്തിയ പ്രകൃതിനിരീക്ഷണങ്ങളാണു് പരിണാമസിദ്ധാന്തത്തിനു് അടിസ്ഥാനമായതു്. അഞ്ചുവർഷക്കാലമാണു് പ്രകൃതിപഠനപര്യവേക്ഷണം നീണ്ടുനിന്നതു്. പ്രകൃതിയിൽ നിന്നും അപ്രത്യക്ഷമായ ഭീമാകാരികളായ സസ്തനികളുടെ അവശിഷ്ടങ്ങളായ തലയോടുകളും എല്ലുകളും അദ്ദേഹം കുഴിച്ചെടുത്തു് പഠനവിധേയമാക്കി. വർത്തമാനകാല സസ്തനികളുമായി ബന്ധപ്പെടുത്തിയായിരുന്നു അദ്ദേഹം അവയെല്ലാം പരിശോധിച്ചതു്. ‘ഗാലപ്പഗോസ് ദ്വീപിൽ’ അദ്ദേഹം നടത്തിയ പര്യവേക്ഷണങ്ങൾ ജീവപരിണാമത്തെ കുറിച്ചുളള ഒരു ചിത്രം അദ്ദേഹത്തിന്റെ മനസ്സിൽ പതിപ്പിച്ചു. ഇതു് അദ്ദേഹത്തിന്റെ ചിന്തയെ ഉണർത്തി.
ഇംഗ്ലണ്ടിൽ തിരിച്ചെത്തിയശേഷം പര്യടനവേളയിൽ താൻ മനസ്സിലാക്കിയ അറിവുകൾ ക്രോഡീകരിച്ച് 1859-ൽ ‘ജീവിവർഗ്ഗത്തിന്റെ ഉത്പത്തി’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. അതോടൊപ്പം എല്ലാ ജീവികളെയും ബന്ധിപ്പിക്കുന്ന ഒരു ‘പരിണാമവൃക്ഷത്തിന്റെ’ ചിത്രവും തയ്യാറാക്കി. പരിണാമസിദ്ധാന്തത്തിന്റെ മൂലപ്രമാണമായിട്ടാണു് അവയെ കാണുന്നതു്.
ഡാർവിന്റെ സിദ്ധാന്തപ്രകാരം ഭൂമുഖത്തെ എല്ലാ ജീവികളും ഏതാനും കോടിവർഷം മുമ്പ് ‘യാദൃച്ഛികമായി’ ഉണ്ടായ ഒരു ജീവിയിൽനിന്നും കാലക്രമേണ പരിണമിച്ചുണ്ടായതെന്നാണ്. മാറ്റപ്പെടാവുന്ന ജൈവവ്യവസ്ഥയായിട്ടാണു് ഡാർവിൻ ജീവികളെ കണ്ടതു്. പ്രകൃതിയിലെ എല്ലാ ജീവികളും സ്വന്തം നിലനിൽപിനുളള കടുത്ത മത്സരത്തിലാണെന്നു് അദ്ദേഹം വിശ്വസിച്ചു. ആ സാഹചര്യത്തിൽ ഒരു ജീവിയിൽ ഏതെങ്കിലും വിധത്തിൽ അതിനുപ്രയോജനപ്പെടുന്ന ഒരു പൈതൃകവ്യതിയാനം ഉണ്ടാകുമ്പോൾ അതു മത്സരത്തെ അതിജീവിക്കാൻ ജീവിയെ സഹായിക്കുകയും അടുത്ത തലമുറയിലേക്ക് കൈമാറ്റപ്പെടുകയും ചെയ്യുന്നു. ഒരു ജീവിക്ക് പ്രയോജനപ്പെടുന്ന പൈതൃകവ്യതിയാനത്തെ നിലനിർത്തുന്നതിനെയാണു് ‘പ്രകൃതിതിരഞ്ഞെടുപ്പ്’ (natural selection) എന്ന പേരിൽ അറിയപ്പെടുന്നതു്. അങ്ങനെ സംഭവിക്കുന്ന ചെറുമാറ്റങ്ങൾ ജീവിയിൽ ഒന്നിച്ചുകൂടി നീണ്ടകാലത്തിനുളളിൽ പൂർവ്വാധികം മത്സരശേഷിയുളള പുതിയ ജീവിയായി അതു് രൂപാന്തരപ്പെടുന്നു. ഭൂമിയിലുളള ലക്ഷക്കണക്കിനു് ജീവികൾ യാദൃച്ഛികമായി അങ്ങനെയുണ്ടായതെന്നാണു് ഡാർവിന്റെ പരിണാമസിദ്ധാന്തം വാദിക്കുന്നതു്. ഡാർവിന്റെ പരിണാമദിശ തീരുമാനിക്കുന്നതു് പ്രകൃതി തിരഞ്ഞെടുപ്പാണ്. പരിസ്ഥിതിയോട് ഏറ്റവും നന്നായി പൊരുത്തപ്പെട്ടുപോകുന്ന പൈതൃകമാറ്റങ്ങൾ മാത്രമാണു് തിരഞ്ഞെടുക്കപ്പെടുന്നതു്. ഡാർവിന്റെ അഭിപ്രായപ്രകാരം നിലവിലുളള ഇനങ്ങളിൽ പൈതൃകവ്യതിയാനങ്ങൾ ആകസ്മികമായാണു് ഉണ്ടാകുന്നതെന്നാണ്.
ആധുനിക ശാസ്ത്രത്തിന്റെ ചരിത്രത്തിൽ ഒരു സിദ്ധാന്തം അതിന്റെ അവതരണം മുതൽ വിവാദപരമായി തുടരുന്നതു് ഡാർവിന്റെ പരിണാമസിദ്ധാന്തം മാത്രമാണ്. പരിണാമസിദ്ധാന്തം അതിന്റെ ആവിഷ്കർത്താവിന്റെ കാഴ്പ്പാടിന്റെ പരിധിക്കപ്പുറം പോയി. കഴിഞ്ഞ 155 വർഷക്കാലമായി ഭൗതികവാദികൾക്കും നിരീശ്വരവാദികൾക്കും ദൈവത്തെ വെല്ലുവിളിക്കാനുളള ഉപാധിയാണു് ഡാർവിന്റെ പരിണാമസിദ്ധാന്തം. അതിന്റെ സഹായത്തോടെ ദൈവത്തെ തവിടുപൊടിയാക്കിയെന്നാണു് അവർ അവകാശപ്പെടുന്നതു്. പരിണാമസിദ്ധാന്തം പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതൽ സാമൂഹ്യ സാമ്പത്തികമാറ്റത്തിൽ പ്രധാനമായൊരു പങ്ക് വഹിച്ചു. അതു് മതങ്ങളുടെ പാപസങ്കല്പങ്ങൾക്ക് കടുത്ത പ്രഹരമേല്പിച്ചു. മനുഷ്യനെ പാപബോധത്തിൽനിന്നു് മോചിതനാക്കി അവനു് പുരോഗമനോൻമുഖമായ പ്രത്യാശകൾ അതു് നൽകി. ജീവിതം നിലനില്പിനുവേണ്ടിയുളള സമരമാണെന്നും, അർഹതമന്റെ അതിജീവനമാണെന്നുമുളള ഡാർവിന്റെ സിദ്ധാന്തം മനുഷ്യനു് ആവേശം പകർന്നു. അന്നു് ശക്തിപ്രാപിച്ചുകൊണ്ടിരുന്ന മുതലാളിത്തവ്യവസ്ഥയുടെ മുന്നേറ്റത്തിനു് അതു് സഹായകമായി. ജീവിതം എല്ലാ രംഗങ്ങളിലും മത്സരാധിഷ്ഠിതവും സമരാധിഷ്ഠിതവുമാകാൻ തുടങ്ങി. അക്കാലത്തെ സേച്ഛാധിപതികൾക്ക് ഇതു് ഊർജ്ജം പകർന്നു. കമ്മ്യൂണിസ്റ്റുകാർക്കും ഇതു് ആശയപരമായൊരു ആയുധമായിരുന്നു. കാറൽ മാർക്സ് ഡാർവിന്റെ ആരാധകനായിരുന്നു. യൂറോപ്പിൽ യാന്ത്രികവാദവും ഭൗതികവാദവും യുക്തിവാദവും കൊടിക്കുത്തി വാണിരുന്ന സമയത്താണു് പരിണാമസിദ്ധാന്തം അവതരിപ്പിക്കപ്പെട്ടതു്. ഈ തത്ത്വശാസ്ത്രവീക്ഷണങ്ങളുടെ അതിശക്തമായ സ്വാധീനം ഡാർവിന്റെ പരിണാമസിദ്ധാന്തത്തിലും കാണാം.
ജീവപരിണാമം ഇന്നു് മനുഷ്യനെ ആത്മീയതയുടെ രഹസ്യങ്ങളിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. ഡാർവിന്റെ പരിണാമസിദ്ധാന്തത്തിന്റെ അടിസ്ഥാനപരികല്പനകളിൽ ഒന്നായ നിലനില്പിനുവേണ്ടിയുളള സമരം മനുഷ്യനു് ബാധകമല്ല. മനുഷ്യന്റെ പരിണാമചരിത്രം പരിശോധിച്ചാൽ ഡാർവിന്റെ സിദ്ധാന്തങ്ങൾക്ക് പ്രസക്തിയില്ലെന്നു് ബോദ്ധ്യപ്പെടും. ‘ഹോമോസാപ്യൻസ്’, മനുഷ്യന്റെ പൂർവ്വികർ ‘അർഹതമന്റെ അതിജീവനം’ എന്ന ഡാർവിന്റെ പരികൽപന മറികടന്നു് വളർച്ച നേടി. നമ്മൾ കുരങ്ങൻമാരെ പോലെയല്ല. നമ്മൾ ഇര തേടുന്നതു് കൂട്ടായിട്ട് കൂട്ടായ ആവശ്യത്തിനാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ നമ്മൾ ആഹാരം സമ്പാദിക്കുന്നതു് കൂട്ടായിട്ട് കൂട്ടായ ആവശ്യത്തിനാണ്. പൊതുവായിട്ടാണു് അതു് വിതരണം ചെയ്യുന്നതു്. ദുർബലരെ നമ്മൾ ശുശ്രൂഷിക്കുന്നു. ദുർബലരേയും ഇണചേരാനും ഇര തേടാനും അനുവദിക്കുന്നു. ദുർബലനും ശക്തനും അടുത്ത തലമുറയിലേക്ക് ജീനുകൾ കൈമാറുന്നു. മനുഷ്യൻ ജീനുകൾ സംരക്ഷിക്കാൻ തുടങ്ങിയതോടെ ഡാർവിന്റെ സാർവ്വലൗകികനിയമം മനുഷ്യനു് ബാധകമല്ലാതായി. മനുഷ്യനിൽ പരിണാമം സ്വയംകൃതമല്ല.
മനുഷ്യപരിണാമത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടത്തിലുണ്ടായതാണു് ആത്മീയചിന്തകൾ. ആത്മീയത ജീവശാസ്ത്രപരിധിക്കപ്പുറമുളളതാണ്. ജീവശാസ്ത്രാതീതമായ പരിണാമം മനുഷ്യൻ പിൻതുടരാൻ തുടങ്ങിയിട്ട് 2,00,000 വർഷമായി. നമ്മുടെ പൂർവ്വികരായ ‘നിയാൻഡ്രതാൽ’ മനുഷ്യനും ഹോമോ ഇറക്ടസ്സം ജീവശാസ്ത്രാതീതപരിണാമത്തിനുളള തയ്യാറെടുപ്പുകൾ 18 ലക്ഷം വർഷം മുമ്പ് ആരംഭിച്ചു. പാറച്ചീളുകളിൽനിന്നു് കല്ലുകോടാലികൾ നിർമ്മിച്ചപ്പോൾ അവർക്കറിയാമായിരുന്നു അവരെന്താണു് ചെയ്യുന്നതെന്നു്. ഇണചേരലിനും ഇരതേടലിനുമപ്പുറം ചിലതു് ചെയ്യുന്നതിനുളള ആഗ്രഹം ഉണ്ടായതോടുകൂടി പുതിയൊരവബോധം അവർക്കുണ്ടായി. ബോധപൂർവ്വമായ തീരുമാനമെടുക്കാനുളള തുടക്കമായിരുന്നു അതു്. നിയാൻഡ്രതാൽ മനുഷ്യൻ ഗുഹകല്ലറകളിലാണു് മൃതശരീരങ്ങൾ അടക്കം ചെയ്തിരുന്നതു്. മരണശേഷം അവർ മൃതദേഹത്തിൽ ആഭരണങ്ങളണിയിക്കുമായിരുന്നു. അതു് സൂചിപ്പിച്ചതു് മൃതദേഹത്തോടുളള ആദരവിനുപുറമെ സൗന്ദര്യബോധവും അവർക്കുണ്ടായിരുന്നു എന്നാണ്. ഒരു പക്ഷെ ശവസംസ്കാരം പുണ്യകർമ്മമാണെന്നു് അവർക്ക് തോന്നിയിട്ടുണ്ടാവാം.
ജീവിവർഗ്ഗങ്ങൾ നിലനിൽപ്പിനുവേണ്ടിയുളള കടുത്ത മത്സരത്തിലാണെന്നുളള ഡാർവിന്റെയും അദ്ദേഹത്തിന്റെ ആധുനികശിഷ്യനായ റിച്ചാർഡ് ഡോക്കിൻസിനെയും പോലുളളവരുടെ പരികൽപനയ്ക്ക് പ്രകൃതിയിലൊരു തെളിവുമില്ല. ജീവികളുടെ നിലനിൽപിനാധാരം സഹവർത്തിത്വമാണ്. ജീവിവർഗ്ഗങ്ങൾ തമ്മിലുളള സഹപരിണാമവും സഹവർത്തിത്വവുമാണു് പ്രകൃതിയിൽ നടക്കുന്നതു്. കാലത്തെ അതിജീവിച്ച പ്രതിഭാസമായ ‘പ്ലങ്ക് ടണ്‍ വിരോധാഭാസം’ (Plankton Paradox) ജീവിവർഗ്ഗങ്ങൾ തമ്മിൽ നിലനിൽപിനുവേണ്ടിയുളള മത്സരത്തിലാണെന്നുളള ഡാർവിന്റെ ആശയത്തിനെതിരായ പ്രത്യക്ഷതെളിവാണ്. ജലാശയങ്ങളിൽ കാണുന്ന ചില ജീവികളാണു് പ്ലങ്ക്ടണ്‍. പ്ലാങ്ക്ടണ്‍ വർഗ്ഗങ്ങളെല്ലാം ഒരേ വിഭവങ്ങളെ ആശ്രയിച്ചു കഴിയുന്നവയാണ്. എല്ലാ പ്ലാങ്ക്ടണ്‍ ആൽഗകളും സൗരോർജ്ജവും വെളളത്തിൽ ലയിച്ചിരിക്കുന്ന ധാതുക്കളുമാണു് ഉപയോഗിക്കുന്നതു്. പ്ലാങ്ക്ടണ്‍ ആൽഗവർഗ്ഗങ്ങളിലെ വൈവിദ്ധ്യം വളരെയേറെയാണ്. പക്ഷെ ജലാശയങ്ങളിലെ ധാതുഘടകങ്ങളിൽ പറയത്തക്കമാറ്റങ്ങളൊന്നുമില്ലതാനും. അതായതു് ജീവിക്കാൻ ഒരേ വിഭവങ്ങൾ ആവശ്യമായ വൈവിധ്യമാർന്ന ആൽഗവർഗ്ഗങ്ങൾ മത്സരമോ പരസ്പരബഹിഷ്ക്കരണമോ ഇല്ലാതെ സഹകരണത്തോടെ ജീവിക്കുന്ന കാഴ്ചയാണു് നാം പ്രകൃതിയിൽ കാണുന്നതു്. ജീവജാലങ്ങളെ മൊത്തത്തിൽ പരിശോധിച്ചാലും അവയുടെ നിലനിൽപ് പാരസ്പര്യത്തിലാണെന്നു് കാണാം. ജീവികളിൽ സ്വാർത്ഥജീനുകളുണ്ടെന്ന ആധുനികപരിണാമവാദികളുടെ സങ്കൽപവും അസംബന്ധമാണ്. ഡി. എൻ. എ. രാസവസ്തുക്കളുടെ വെറുമൊരു കൂട്ടമാണ്. അതിനു് ജീനുകൾക്ക് നിർദ്ദേശം കൊടുക്കാൻ സാദ്ധ്യമല്ല. ബോധത്തിന്റെ സാന്നിദ്ധ്യമുണ്ടെങ്കിലെ ഡി. എൻ. എ. പ്രവർത്തനക്ഷമമാകൂ.
പരിണാമത്തിനു് കാരണമാകുന്നതു് ജീവികളിൽ ആക്സമികമായിട്ടുണ്ടാകുന്ന പൈതൃകമാറ്റങ്ങളാണെന്നാണു് ഡാർവിന്റെ മറ്റൊരുസങ്കല്പം. ജീവികളിലുണ്ടാകുന്ന പൈതൃകവ്യതിയാനങ്ങളെ പറ്റി ഡാർവിൻ പറഞ്ഞെങ്കിലും അതെങ്ങനെ ഉണ്ടാകുന്നു എന്ന അറിവ് അക്കാലത്തില്ലായിരുന്നു. ജനിതകശാസ്ത്രം വികസിച്ചതോടെയാണു് പൈതൃകവ്യതിയാനങ്ങൾ എന്താണെന്നു് വിശദീകരിക്കപ്പെട്ടതു്. പക്ഷെ ആക്സിമകമായുണ്ടാകുന്നതെന്നു പറയുന്ന വ്യതിയാനങ്ങൾ തീരെ വിരളവും ഇനി സംഭവിച്ചാൽ തന്നെ ജീവികൾക്ക് ഹാനികരമായിരിക്കുമെന്നാണു് ശാസ്ത്രപഠനങ്ങൾ സൂചിപ്പിക്കുന്നതു്. ആകസ്മികജനിതകവ്യതിയാനഫലമായാണു് പുതിയ ജീവിവർഗ്ഗങ്ങൾ പരിണമിച്ചുണ്ടാകുന്നതെന്ന ആശയം തെറ്റാണെന്നാണു് ആധുനികജീവശാസ്ത്രം എത്തിച്ചേർന്നിട്ടുളള നിഗമനം. ഫ്രാൻസിസ് ക്രിക്കും കാൾ സാഗനും നടത്തിയിട്ടുളള പഠനങ്ങളിൽനിന്നും മനസ്സിലായതു് ആകസ്മികപ്രക്രിയയാൽ മനുഷ്യവർഗ്ഗം ഉണ്ടാകാനുളള സാദ്ധ്യത തീരെയില്ലെന്നാണ്. അമേരിക്കയിലെ ഡിസ്കവറി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സെൻറർ ഫോർ സയൻസ് ആൻറ് കൾച്ചർ ഡയറക്ടറായ സ്റ്റീഫൻ മെയറുടെ ‘കാംബ്രിയൻ സ്ഫോടനം’ സംബന്ധിച്ച പഠനഫലങ്ങളും ഈ ആശയത്തിനു് അനുകൂലമല്ല. ജീവലോകത്തെ ബിഗ് ബാംഗ് എന്നറിയപ്പെടുന്ന ‘കാംബ്രിയൻ സ്ഫോടനം’, ഫോസിലുകളിലൂടെ വെളിപ്പെടുത്തുന്നതു് കോടാനുകോടി വർഷങ്ങൾക്ക് മുമ്പ് പെട്ടെന്നുണ്ടായ ധാരാളം പുത്തൻ മൃഗശരീരഘടനകളെയാണ്. ചുരുങ്ങിയ കാലത്തിനുളളിൽ ഇത്രയും വിപുലവും വൈവിധ്യമാർന്നതുമായ ശരീരഘടനകളെ സൃഷ്ടിക്കാൻ ആകസ്മിക ജീൻ പരിവർത്തനനിരക്ക് ഒട്ടും പര്യാപ്തമല്ല. ജീൻ പരിവർത്തനങ്ങൾ ആകസ്മികമായ പ്രക്രിയയാണെന്ന പരിണാമസിദ്ധാന്തികളുടെ യാഥാസ്ഥിതിക സമീപനം ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. പ്രകൃതിയിലൊന്നും ബോധപൂർവ്വമല്ലാതെ നടക്കുന്നില്ല.
പ്രകൃതി മനസ്സില്ലാത്ത ഒരു വ്യവസ്ഥയല്ല. അതിനു് മനസ്സുണ്ട്. 1960-ൽ ഗിഗോറി ബാറ്റിസനും (Gregory Bateson) ഹ്യൂമ്പെർട്ടോ മട്ടുരാനയും (Humberto Maturana) ഫ്രാൻസിസ്ക്കോ വരേലയും (Francisco Varela) അവതരിപ്പിച്ച ജൈവവ്യവസ്ഥാസിദ്ധാന്തം (theory of living system) അനുസരിച്ച് മനസ്സ് അഥവാ മാനസികപ്രക്രിയ ജീവന്റെ എല്ലാ തലത്തിലുമുളള ദ്രവ്യത്തിൽ (ജീവദ്രവ്യത്തിൽ) അന്തര്യാമിയാണ്. മസ്തിഷ്കമില്ലാത്ത ജീവിക്കും മനസ്സുണ്ട്. അത്തരം ജീവികൾക്കും ബാക്ടീരിയകൾക്കും സസ്യങ്ങൾക്കും മനസ്സുണ്ട്. അവയ്ക്ക് അറിയാനുളള കഴിവുണ്ട്. അവ പരിസ്ഥിതിയിലുളള മാറ്റങ്ങൾ ഗ്രഹിക്കുന്നു. അവയ്ക്ക് പ്രകാശവും നിഴലും ചൂടും തണുപ്പും രാസവസ്തുക്കളുടെ സാന്നിദ്ധ്യവും അസാന്നിദ്ധ്യവും തിരിച്ചറിയാനുളള കഴിവുണ്ട്. സ്വയം സംഘാടനം, സ്വയം ഭരണം എന്നിവ ജൈവ വ്യവസ്ഥയുടെ സവിശേഷതയായിട്ടാണു് ശാസ്ത്ര44ജ്ഞൻമാർ കാണുന്നതു്. മത്സരം - സഹകരണം സ്വാർത്ഥത - നിസ്വാർത്ഥത എന്നീ വിപരീതങ്ങൾ ജൈവവ്യവസ്ഥയിൽ സഹവർത്തിക്കുന്നുണ്ട്. ഇവയുടെ ബോധപൂർവ്വമായ തിരഞ്ഞെടുപ്പ് പ്രകൃതിയിലെമ്പാടും നടന്നുകൊണ്ടിരിക്കുകയാണ്. പരിണാമസിദ്ധാന്തത്തിനെതിരെ വിമർശനം കൂടുതലും ശാസ്ത്രസമൂഹത്തിൽ നിന്നാണു്, മതത്തിൽ നിന്നല്ല. ഡാർവിന്റെ വിമർശകർ മാത്രമല്ല അദ്ദേഹത്തിന്റെ സിദ്ധാന്തത്തിന്റെ തെറ്റുകൾ കണ്ടുപിടിച്ചിട്ടുളളതു്. ഇന്നു് പരിണാമവാദികളായ ശാസ്ത്രജ്ഞൻമാർ തന്നെ ഡാർവിന്റെ പരിണാമസിദ്ധാന്തത്തിന്റെ തെറ്റുകൾ തിരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പൊതുവെ ഇവർ പരിണാമത്തിൽ സഹകരണവും സഹവർത്തിത്വവുമുണ്ടെന്നു് അവകാശപ്പെടുന്നു.
ജൈവപരിണാമത്തെകുറിച്ചുളള പഴയതും പുതിയതുമായ സിദ്ധാന്തങ്ങൾ വ്യക്തമായൊരു ചിത്രം നമുക്ക് നൽകുന്നില്ല. ജൈവപരിണാമത്തോട് ഒരു സാകല്യവീക്ഷണം അഥവാ ഹോളിസ്റ്റിക്ക് വീക്ഷണം സ്വീകരിക്കേണ്ടതായിട്ടുണ്ട്. വാനരനിൽനിന്നു് നരനിലേക്കുളള പരിണാമം വളരെ സവിശേഷമാണ്. അതിനുമുമ്പുളള പരിണാമത്തിൽനിന്നും അതു് വ്യത്യസ്തത പുലർത്തുന്നുണ്ട്. നാൽപതു് ലക്ഷം വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിലെ പുൽമേടുകളിൽ ജീവിച്ചിരുന്ന ആദിമമനുഷ്യന്റെ പൂർവ്വികരുടെ ശരീരം നിവർന്നതായിരുന്നില്ലെന്നാണു് ശാസ്ത്രജ്ഞന്മാർ പറയുന്നതു്. അന്നു് അവർ നാൽക്കാലികളെ പോലെയാണു് സഞ്ചരിച്ചിരുന്നതു്. കൈകൾ പരിണമിച്ചിരുന്നില്ല. ഈ അത്യാദിമപൂർവ്വികർക്ക് ‘ലൂസി’ എന്ന പേരാണു് ശാസ്ത്രജ്ഞന്മാർ നൽകിയതു്. പിന്നീട് ഇന്നേയ്ക്ക് ഏകദേശം 18 ലക്ഷം വർഷം മുതൽ നമ്മുടെ ആദിമപൂർവ്വികർ രണ്ടുകാലിൽ നിവർന്നു നടക്കാൻ തുടങ്ങി. നമ്മുടെ ഈ പൂർവ്വികൻ ‘ഹോമോ ഇറക്ടസ്’ എന്നാണു് അറിയപ്പെടുന്നതു്. കാഴ്ചയിൽ ഹോമോ ഇറക്ടസ് നമ്മെ പോലെയായിരുന്നു. ലൂസിയുടെ ഉയരം 4 അടിയായിരുന്നെങ്കിൽ ഹോമോ ഇറക്ടസിന്റെതു് 5 അടിയായിരുന്നു. ചിമ്പാൻസിക്കും മറ്റ് പ്രൈമേറുകൾക്കും ഉളളതുപോലുളള തേറ്റപ്പല്ലുകൾ ഹോമോ ഇറക്ടസിനു് നഷ്ടമായി. നടുവിനു് വീതി കൂടി. കുനിഞ്ഞുനടക്കുന്നതിനു് പകരം നിവർന്നുനടക്കാൻ തുടങ്ങി. ഇടതൂർന്ന രോമങ്ങൾ അപ്രത്യക്ഷമായി. ശ്വേതഗ്രന്ഥികൾ ഉണ്ടായി. ഗർഭപാത്രത്തിനു് പുറത്തു് ശിശുവിന്റെ മസ്തിഷ്കം വലുതായി. കാരണം പൂർണവളർച്ച പ്രാപിച്ച മസ്തിഷകത്തിനു് യോനിയിലൂടെ പുറത്തുവരാൻ സാദ്ധ്യമല്ല. ഈ ഓരോ അനുകൂലനങ്ങൾക്കുമുളള ജീൻ മനുഷ്യജീനോമിൽ യാദൃച്ഛികമായി ഉൾപ്പെട്ടുപോയതാണെന്നു് വിശ്വസിക്കാൻ വളരെ പ്രയാസമാണ്. നിവർന്നു നടക്കുന്ന മനുഷ്യന്റെ വരവ് യാദൃച്ഛികമല്ല. അതിന്റെ പിന്നിൽ ഒരു ലക്ഷ്യമുണ്ടെന്നു് വ്യക്തം.
ഡാർവിനിസം ഡാർവിനുതന്നെ എതിരായിരുന്നു. ഡാർവിന്റെ പരിണാമസിദ്ധാന്തം മനുഷ്യനെ വഴിതെറ്റിക്കുന്നതായിരുന്നു. അതിന്റെ പ്രവചനങ്ങളൊന്നും ശാസ്ത്രീയമായി തെളിയിക്കാൻ പറ്റാത്തതാണ്. അതു് മനുഷ്യന്റെ ആദ്ധ്യാത്മികപുരോഗതിക്ക് വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്ന യാഥാർത്ഥ്യം നിഷേധിക്കാനാവാത്തതാണ്. ആത്മീയത പ്രപഞ്ചപരിണാമത്തിനും ജൈവപരിണാമത്തിനും എതിരല്ലെങ്കിലും ഡാർവിന്റെ തെറ്റായ ആശയങ്ങളെ അംഗീകരിക്കുന്നില്ല. ഡാർവിന്റെ പിരണാമസിദ്ധാന്തത്തിന്റെ തെറ്റായ ആശയങ്ങൾ എന്തൊക്കെയാണ്?
- ജീവൻ പൂർണമായും ഭൗതികമാണു് അഥവാ ജീവൻ പൂർണമായും ശാരീരികമാണ്. മനസ്സും ബുദ്ധിയും ബോധവും ശരീരത്തിന്റെ ഉത്പന്നങ്ങളാണ്.
- പരിണാമം മുന്നോട്ട് നീങ്ങുന്നതു് യാദൃച്ഛികമായ അനുകൂലനങ്ങളിലൂടെയാണ്.
- ജീവപരിണാമത്തിനു് ഉന്നതലക്ഷ്യങ്ങളുണ്ടെന്നതു് മിഥ്യയാണ്.
- എല്ലാ ജീവികളുടെയും പരമമായ ലക്ഷ്യം അതിജീവനമാണ്.
- മത്സരമാണു് പ്രകൃതിയിലെ ചാലകശക്തി.
ഈ തെറ്റായ ആശയങ്ങൾക്ക് ഡാർവിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അദ്ദേഹത്തിന്റെ ലക്ഷ്യം ഒരു ജീവിവർഗത്തിൽ നിന്നും എങ്ങനെ മറ്റൊരു ജീവി വർഗം രൂപം പ്രാപിച്ചുവെന്ന പ്രതിഭാസം വിശദീകരിക്കുക എന്നതായിരുന്നു. യഥാർത്ഥത്തിൽ ‘അർഹതമന്റെ അതിജീവനം നിലനിൽപിനുവേണ്ടിയുളള സമരം’ എന്നിവയൊന്നും അദ്ദേഹത്തിന്റെ വീക്ഷണമായിരുന്നില്ല. അവ അദ്ദേഹം ജീവിച്ചിരുന്ന വിക്ടോറിയൻ കാലഘട്ടത്തിലെ കാഴ്ചപ്പാടായിരുന്നു. പ്രകൃതിയേയും മനുഷ്യനെയും ചൂഷണം ചെയ്യേണ്ടതു് മുതലാളിത്തവളർച്ചയ്ക്ക് അനിവാര്യമായിരുന്നുവല്ലോ. തന്റെ സിദ്ധാന്തം ഭൗതികവാദത്തിൽ അധിഷ്ഠിതമാണെന്നു് ഡാർവിൻ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. താൻ ചെകുത്താന്റെ പാതിരി (devil’s chaplain) ആണെന്നും തന്റെ സിദ്ധാന്തം ചെകുത്താന്റെ സുവിശേഷം (devil’s gospal) ആണെന്നും ഡാർവിൻ പറഞ്ഞിരുന്നു. ഡാർവിന്റെ ശിഷ്യൻമാർ പ്രകൃതിയും മനുഷ്യനും, മനസ്സും ശരീരവും വേറിട്ടതാണെന്നും ജൈവപരിണാമം യാദൃച്ഛികതയെ അടിസ്ഥാനമാക്കിയുളളതാണെന്നുമുളള കാഴ്ചപ്പാടിൽ പരിണാമസിദ്ധാന്തത്തെ വളർത്തി. നിങ്ങളുടെ ലോകവീക്ഷണം ഡാർവിന്റെ ആശയങ്ങളാൽ നിറം പിടിപ്പിക്കപ്പെടുന്നതാണെങ്കിൽ പ്രപഞ്ചപരിണാമത്തിന്റെയും ജൈവപരിണാമത്തിന്റെയും പിന്നിലെ സത്യത്തെ ഉണ്‍മയെ അനന്തബോധത്തെ മനസ്സിലാക്കാൻ കഴിയാതെ വരും.