ന്യൂറോശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ ശാരീരികാദ്ധ്വാനത്തിന്റെ ഫലമായി വിയർപ്പ് ഉണ്ടാകുന്നതുപോലെ മസ്തിഷ്കത്തിന്റെ ഉത്പന്നമാണു് മനസ്സ്. പ്രശസ്ത ഭൗതികജ്ഞനായ റസൽ സ്റ്റന്നാർഡ് (Russel Stannard) എഴുതി, ‘സ്നേഹം സൗന്ദര്യം, പ്രതീക്ഷ, ഭയം, വേദന എന്നിവയൊന്നും അളന്നു് തിട്ടപ്പെടുത്താൻ സാദ്ധ്യമല്ല.” സ്വർഗ്ഗരാജ്യം ഓരോരുത്തരുടെയും ഉള്ളിലാണു് അന്വേഷിക്കേണ്ടതെന്ന ക്രിസ്തു വചനമോ, തന്നെ താൻ തന്നെ അറിയുക എന്ന രമണ മഹർഷിയുടെ വാക്കുകളോ പിൻതുടരണമെന്നുണ്ടെങ്കിൽ അതിനുള്ള രാജപാത മനസ്സാണ്. അതുകൊണ്ടാണു് ആത്മീയത, മനസ്സിനു് വളരെയേറെ പ്രാധാന്യം നൽകുന്നതു്. ആത്മസാക്ഷാത്കാരത്തിനുള്ള രാജപാത മനസ്സാണെന്നു് എല്ലാ ആത്മീയദർശനങ്ങളും അംഗീകരിക്കുന്നുണ്ട്. മനസ്സിന്റെ പ്രവർത്തനങ്ങൾക്കുള്ള ഉപകരണമാണു് മസ്തിഷ്കം.
ഏതാണ്ട് മുപ്പതു വർഷം മുമ്പുവരെ മസ്തിഷ്കത്തെക്കുറിച്ചുള്ള അറിവ് വളരെ പരിമിതമായിരുന്നു. മസ്തിഷ്ക പരിശോധനയ്ക്കുള്ള പുതിയ സാങ്കേതിക വിദ്യകളുടെ വരവോടെ മസ്തിഷ്ക ഗവേഷണം മുന്നേറി. ഇലക്ട്രോ എൻസഫലോഗ്രാഫ് (ഋഋഏ) ഉപയോഗിച്ച് മസ്തിഷ്കതരംഗങ്ങളുടെ (ആൃമശി ംമ്ല) ആവൃത്തി കണ്ടുപിടിക്കാം. മസ്തിഷ്കതരംഗങ്ങളെ ആവൃത്തിയുടെ അടിസ്ഥാനത്തിൽ ബീറ്റ, ആൽഫ, തീറ്റ, ഡെൽറ്റ എന്നിങ്ങനെ നാലായി തിരിച്ചിട്ടുണ്ട്. ബീറ്റാ തരംഗങ്ങൾ ഉണർന്നിരിക്കുമ്പോൾ മസ്തിഷ്കത്തിൽ രൂപപ്പെടുന്നതാണ്. മനസ്സ് ശാന്തമായിരിക്കുമ്പോൾ രൂപപ്പെടുന്നതാണു് ആൽഫാ തരംഗങ്ങൾ. ദിവാസ്വപ്നങ്ങളിലേർപ്പെടുമ്പോൾ മസ്തിഷ്കത്തിൽ കാണുന്നതാണു് തീറ്റാ തരംഗങ്ങൾ. സ്വപ്നങ്ങളില്ലാത്ത ഗാഢമായ ഉറക്കത്തിൽ ഡെൽറ്റാ തരംഗങ്ങൾ സജീവമാകുന്നു. മസ്തിഷ്ക തരംഗങ്ങളെ അടിസ്ഥാനമാക്കി മസ്തിഷ്കത്തെയും മനസ്സിനെയും പഠിക്കാം. സി ടി സ്കാനും എഫ്.
,എം. ആർ. ഐ. സ്കാനും (functional magnetic resonance imaging) ഉപയോഗിച്ച് മസ്തിഷ്കത്തിന്റെ ഏതെല്ലാം ഭാഗത്താണു് ഊർജ്ജോത്പാദനം നടക്കുന്നതെന്നു് മനസ്സിലാക്കാം. എഫ്. എം. ആർ. ഐ. സ്കാൻ ഉപയോഗിച്ചുള്ള പരിശോധനകൾ മസ്തിഷ്കത്തിന്റെ പല രഹസ്യങ്ങളും പുറത്തു കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. ‘അൾഷിമേഴ്സ്’ രോഗികളുടെ മസ്തിഷ്ക തകരാറുകൾ കണ്ടുപിടിക്കാൻ ഇതു് സഹായകമാണ്. രോഗിയുടെ ഉത്കണ്ഠയും പ്രതീക്ഷയും വേദനയും ഭയവും അളക്കാൻ കഴിയില്ലെങ്കിലും അവയുമായി ബന്ധപ്പെട്ട മസ്തിഷ്ക പ്രവർത്തനം മനസ്സിലാക്കാൻ പറ്റും. ഈ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നടക്കുന്ന മനസ്സ് - മസ്തിഷ്ക ഗവേഷണങ്ങളിൽനിന്നു് വളരെ അധികം അറിവ് മനസ്സിനെയും മസ്തിഷ്കത്തെയും കുറിച്ച് ലഭിച്ചിട്ടുണ്ട്.
മസ്തിഷ്കത്തെ മനസ്സിനു മുന്നേ പ്രതിഷ്ഠിക്കുന്നതു് യുക്തിസഹമല്ല. ഒരു സംഗീതജ്ഞൻ ‘വീണ’ യിലൂടെ ഒരു ഗാനം അവതരിപ്പിക്കുന്നുവെന്നിരിക്കട്ടെ. അതു കണ്ടുനിൽക്കുന്ന ഒരാൾക്ക് വേണമെങ്കിൽ പറയാം ‘വീണയാണു് സംഗീതം ആലപിക്കുന്നതു്.’ ഇതിനു് ഒരർത്ഥവുമില്ല. സംഗീതജ്ഞന്റെ മനസ്സിൽ രൂപംകൊള്ളുന്ന സംഗീതം കൈവിരലിലൂടെ വീണാതന്ത്രികളിൽ മീട്ടുമ്പോഴാണു് സംഗീതം വീണയിലൂടെ ഉണ്ടാകുന്നതു്. വീണ ഒരു സംഗീതോപകരണം മാത്രമാണ്. ട്വിങ്കിൾ, ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ എന്ന നഴ്സറി ഗാനം പിയാനോയിൽ ആലപിക്കുന്നുവെന്നിരിക്കട്ടെ. അതു കേട്ടുകൊണ്ടിരിക്കുന്ന ശ്രോതാവ് പറയും പിയാനോയാണു് സംഗീതം സംവിധാനം ചെയ്യുന്നതെന്നു്. ഈ പ്രസ്താവനയ്ക്കും യാതൊരർത്ഥവുമില്ല. പിയാനോ ഒരു യന്ത്രം മാത്രമാണ്. അതിനു് സംഗീതം സ്വയം സൃഷ്ടിക്കാൻ പറ്റില്ല. പിയാനോ സംഗീതം പുറപ്പെടുവിക്കും മുമ്പ് അതിൽ ഒരു സംഗീതജ്ഞന്റെ മനസ്സിലുള്ള ‘നോട്ട്’ എഴുതണം. മസ്തിഷ്കം ഒരു ചിന്ത പ്രകാശിപ്പിക്കണമെങ്കിൽ മനസ്സ് ചിന്തിക്കണം. മനസ്സാണു് പ്രഥമം മസ്തിഷ്കം ദ്വിതീയമാണ്.
മനസ്സും ശരീരവുമായി ബന്ധപ്പെട്ട നിഗൂഢതകൾ നൂറ്റാണ്ടുകളായി ഒരു തത്ത്വശാസ്ത്ര പ്രശ്നമായി തുടരുന്നു. ദൈനംദിന ജീവിതത്തിൽ മനസ്സിനെയും മസ്തിഷ്കത്തെയും സംബന്ധിച്ച തർക്കങ്ങൾക്ക് പ്രസക്തിയൊന്നുമില്ല. നമ്മൾ സാധാരണ സംഭാഷണങ്ങളിൽ പറയാറുണ്ട് ‘ഞാൻ മനസ്സാ തീരുമാനിച്ചു’ ‘മനസ്സാ വരിച്ചു’ എന്നൊക്കെ. ‘ഞാൻ മസ്തിഷ്കത്താൽ തീരുമാനിച്ചു’ ‘മസ്തിഷ്കത്താൽ വരിച്ചു’ എന്നൊന്നും പറയാറില്ല. എന്നാൽ ഈ കാര്യങ്ങൾക്ക് പ്രായോഗികമായി അവിശ്വസനീയമായ പ്രസക്തിയുണ്ട്. മനസ്സും ശരീരവുമായുള്ള ബന്ധം അഭേദ്യമാണ്. അതിലേക്ക് നമ്മുടെ ശ്രദ്ധതിരിക്കാതിരിക്കാൻ പറ്റില്ല. മനസ്സും ശരീരവുമാണല്ലോ സകല വ്യക്തികളുടെയും പ്രവർത്തിയുടെ ആസ്ഥാനം. മനസ്സാണു് പരമയാഥാർത്ഥ്യത്തിലേക്ക് (ഡഹശോമലേ ഞലമഹശ്യേ) ഉള്ള പടിവാതിൽ. പരമമായ സത്യം എന്തെന്നറിയുന്നതോടെ അതു് നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നു. അതുകൊണ്ട് മനസ്സിനെ വസ്തുനിഷ്ഠമായി പഠിക്കേണ്ടതു് അത്യാവശ്യമാണ്.
നമുക്ക് അന്തർമുഖമായി മനസ്സിന്റെ ലോകത്തേക്ക് യാത്ര ചെയ്യേണ്ടി വരാറുണ്ട്. നിരന്തരം ധ്യാനത്തിലേർപ്പെടുന്ന ബുദ്ധ സന്യാസിമാരുടെ മസ്തിഷ്ക സ്കാനുകൾ സാധാരണ മനുഷ്യരുടേതിൽനിന്നും വ്യത്യസ്തമാണെന്നാണു് ആധുനിക ന്യൂറോ ശാസ്ത്രപഠനങ്ങൾ വ്യക്തമാക്കുന്നതു്. അവരുടെ മസ്തിഷ്കത്തിലെ ഗാമാതരംഗമേഖലയിലെ തരംഗങ്ങളുടെ ആവൃത്തി സാധാരണ മനുഷ്യരുടേതിന്റെ ഇരട്ടിയാണ്. ബുദ്ധസന്യാസിമാരുടെ മസ്തിഷ്കം പരിശോധിച്ചപ്പോൾ കണ്ടെത്തിയ ഏറ്റവും പ്രധാനപ്പെട്ട കാര്യം അവരുടെ പ്രീ ഫ്രൊണ്ടൽ കോർട്ടെക്സിലെ പ്രവർത്തനങ്ങൾ തീവ്രമാണെന്നാണ്. പ്രി ഫ്രൊണ്ടൽ കോർട്ടെക്സിലെ ഈ മാറ്റം ദീർഘനാളത്തെ ധ്യാനത്തിന്റെ ഫലമായി ഉണ്ടായതാണ്. സ്നേഹം കരുണ എന്നീ വികാരങ്ങളുടെ ഇരിപ്പിടമാണു് പ്രി ഫ്രൊണ്ടൽ കോർട്ടെക്സ്. ധ്യാനത്തിന്റെ ഫലമായി സന്യാസിമാർ സ്നേഹമുള്ളവരും കാരുണ്യവാൻമാരുമായി മാറുന്നു.
ഇതു് തികച്ചും ശാസ്ത്രീയമാണ്. യുക്തിവാദികളുടെയും ഭൗതികവാദികളുടെയും നാസ്തികരുടെയും ഇടയിലുള്ള ഒരു പ്രബലമായ അന്ധവിശ്വാസം രാമകൃഷ്ണ പരമഹംസർക്കും മഹർഷി അരവിന്ദനും രമണ മഹർഷിക്കും ജിദ്ദുകൃഷ്ണ മൂർത്തിക്കും ക്രിസ്ത്യൻ പുണ്യവാളന്മാർക്കും സൂഫി സന്യാസി വര്യൻമാർക്കും ഉണ്ടായിട്ടുള്ള ഇന്ദ്രിയാതീത ആത്മീയാനുഭവങ്ങൾ മസ്തിഷ്ക തകരാറുമൂലം സംഭവിച്ചതാണെന്നാണ്. അഗാധമായ ധ്യാനത്തിലൂടെ ഇവർ അനുഭവിച്ചിട്ടുള്ള ആത്മസാക്ഷാത്കാരത്തെ ഈ കൂട്ടർ വിഭ്രാന്തിയായി വ്യാഖ്യാനിക്കുന്നു. ഭൗതികവാദികളുടെ ആധുനിക ലോകഗുരുവായ റിച്ചാർഡ് ഡോക്കിൻസിനെപ്പോലുള്ളവർ ഈശ്വരാനുഭവത്തെ വിഭ്രാന്തിയായി ചിത്രീകരിച്ചുകൊണ്ട് പുസ്തക രചന നടത്തുന്നു. മനസ്സ് മസ്തിഷ്കത്തിന്റെ ഒരു ഉത്പന്നമാണെന്നു് അന്ധമായി വിശ്വസിക്കുന്ന യുക്തിവാദികൾക്കും ഭൗതികവാദികൾക്കും മഹാപ്രതിഭകളായ ആത്മീയ ഗുരുക്കന്മാരെപ്പറ്റി എന്തുവേണമെങ്കിലും പറയാം. മസ്തിഷ്കതകരാറുകൾ മനോരോഗികളിൽ മിഥ്യാധാരണകളും വിഭ്രാന്തിയും ഉണ്ടാക്കാറുണ്ട്. ആത്മീയ ഗുരുക്കന്മരാരും മനോവിഭ്രാന്തി പ്രകടിപ്പിച്ചിട്ടില്ല. അവർ സ്നേഹസമ്പന്നരും കാരുണ്യവാന്മാരും ശാന്തരുമായിരുന്നു. ആസ്തികർ ദൈവത്തോട് പ്രാർത്ഥിച്ച് രോഗികളുടെ രോഗം ഭേദമാക്കാൻ കഴിയുമെന്നു് വിശ്വസിക്കുന്നു. മതനിന്ദകരും ആത്മനിന്ദകരും ദൈവനിഷേധികളുമായ ഭൗതികവാദികൾ ഈ വിശ്വാസങ്ങളെല്ലാം തെറ്റാണെന്നു് കരുതുന്നു. മനസ്സിന്റെ കഴിവുകൾ അപാരമാണ്. മനസ്സിനു് ഒരു വസ്തുവിനെ ചലിപ്പിക്കാൻ കഴിയുമോ? ഒരു വസ്തുവിനെ മനസ്സുകൊണ്ട് ചലിപ്പിക്കാൻ കഴിയില്ലെന്നാണു് പൊതുധാരണ. എന്നാൽ നിങ്ങൾ ഒരു കല്ലെടുത്തു് എറിയുമ്പോൾ സംഭവിക്കുന്നതെന്താണ്? ആദ്യം കല്ലെറിയണമെന്ന ചിന്ത നിങ്ങളുടെ മനസ്സിൽ ഉദിക്കുന്നു. തുടർന്നു് നിങ്ങളുടെ മനസ്സ് മസ്തിഷ്കത്തിലെ ആയിരക്കണക്കിനു് തന്മാത്രകളെ ചലിപ്പിച്ച് നിങ്ങളുടെ ഉദ്ദേശത്തെ നാഡീവ്യവസ്ഥയിൽ എത്തിക്കുന്നു. ആ ഉദ്ദേശ്യം നാഡികൾ വഴി കൈയുടെ പേശികളിലും അസ്ഥികളിലുമെത്തുമ്പോൾ കല്ലെറിയപ്പെടുന്നു. ഇവിടെ മനസ്സ് അണുക്കൾ കൊണ്ട് നിർമിതമായ നാഡികളെയും പേശികളെയും അസ്ഥികളെയും ചലിപ്പിക്കുകയാണ്. മനസ്സാണു് മസ്തിഷ്കത്തെയും കൈകളെയും പ്രവർത്തപ്പിച്ച് കല്ലെറിയിക്കുന്നതു്. മനസ്സ് സമ്പൂർണ്ണമായും ശാന്തമാകുന്ന അവസ്ഥയാണു് ധ്യാനം. ധ്യാനത്തിന്റെ പാരമ്യത്തിലാണു് പരമമായ സത്യം സാക്ഷാത്ക്കരിക്കപ്പെടുന്നതു്. ഇതിനാണു് ജ്ഞാനോദയം, ബോധോദയം, ആത്മസാക്ഷാത്കാരം, ഈശ്വരാനുഭവം എന്നൊക്കെ പറയുന്നതു്. ദിവ്യത്വത്തെ മനോരോഗമായി കാണുന്നതു് വിവരക്കേടാണ്. ഭൗതിക വാദികളുടെയും നാസ്തികരുടെയും ഈ സമീപനം വേദനിപ്പിക്കുന്നതുമാണ്.
പിന്നെ എന്താണു് ഇവരുടെ ദിവ്യത്വത്തിനു് കാരണം? ഈശ്വരസാക്ഷാത്കരത്തിനുള്ള ഇവരുടെ അദമ്യമായ ആഗ്രഹമാണ്. ടിബറ്റൻ ബുദ്ധസന്യാസിമാരുടെ ആദ്ധ്യാത്മികമായ ഉയർച്ചയെപ്പറ്റി ഗവേഷണം നടത്തിയപ്പോൾ അവരുടെ നിശ്ചയദാർഢ്യത്തോടെയുള്ള അനുഷ്ഠാനങ്ങളും ധ്യാനവും അവരുടെ മസ്തിഷ്കത്തിൽ മാറ്റങ്ങൾ വരുത്തുന്നതായി നിരീക്ഷിക്കപ്പെട്ടു. അതായതു് മനസ്സ് മസ്തിഷ്ക പ്രവർത്തനത്തിനു് ഇടയാക്കുന്നുവെന്നു്. എന്തുകൊണ്ടാണു് ഈ യാഥാർത്ഥ്യം അവിശ്വസനീയമായി തോന്നുന്നത്? എന്തുകൊണ്ടാണു് നമ്മുടെ ചിന്തകളെ ആർക്കും വിശദീകരിക്കാനാവാത്തത്? ഓറഞ്ച് ജൂസ് കുടിക്കുമ്പോഴുണ്ടാകുന്ന അനുഭവത്തെക്കാൾ വളരെയേറെ നിഗൂഢമാണു് ഈശ്വരാനുഭവം. മസ്തിഷ്കത്തിനു് മാറ്റമില്ലാതെ നമ്മുടെ ആത്മീയതയിലേക്കുള്ള പുരോഗതി സാദ്ധ്യമല്ല. നമ്മുടെ മനസ്സിലെ ആഗ്രഹമാണു് മസ്തിഷ്കത്തിന്റെ ഭൗതിക പശ്ചാത്തലത്തിൽ മാറ്റമുണ്ടാക്കുന്നതു്. നമ്മുടെ ഇംഗിതങ്ങളാണു് മസ്തിഷ്കത്തിൽ മാറ്റമുണ്ടാക്കുന്നത്; മസ്തിഷ്കമല്ല ഇംഗിതങ്ങൾ ഉണ്ടാക്കുന്നതു്.
ഒരനുഭവം എത്രമാത്രം ശരിയാണെന്നു് നിശ്ചയിക്കാൻ ന്യൂറോശാസ്ത്രത്തിനു് കഴിഞ്ഞിട്ടില്ല. നമ്മൾ ജാഗ്രതവസ്ഥയിലും സ്വപ്നാവസ്ഥയിലും കുതിരയെ കാണുമ്പോൾ നമ്മുടെ ദൃശ്യകോർട്ടെക്സ് ഉണരുന്നുണ്ട്. അതുപോലെ ഈ രണ്ടവസ്ഥകളിലും കാണുന്നവനും കാണുന്നതും ഉണ്ട്. ഈ അനുഭവങ്ങളെ കൃത്യമായി വിശദീകരിക്കാൻ ന്യൂറോ ശാസ്ത്രത്തിനു് കഴിയില്ല. മനുഷ്യന്റെ ജാഗ്രതു്. സ്വപ്നം, സുഷുപ്തി, തുരീയം എന്നീ ബോധാവസ്ഥകൾ എന്തെന്നു് ആധുനിക ന്യൂറോശാസ്ത്രത്തിനും ആധുനിക മനഃശാസ്ത്രത്തിനും വ്യക്തമായി അറിയില്ല. ജെർറ്റ്റുഡ് സ്റ്റെയിൻ (Gerttrude Stein) പറയുന്നു: “ഒരു പ്രതിബിംബം (കാമഴല) പ്രതിബിംബത്തിന്റെ പ്രതിബിംബമാണ്” ആത്മീയതയ്ക്ക് മസ്തിഷ്കം, മനസ്സ് ബോധം എന്നിവയെക്കുറിച്ച് സുവ്യക്തമായ കാഴ്ചപ്പാടാണു് ഉള്ളതു്.
മനുഷ്യ മസ്തിഷ്കം പരിണമിക്കുന്നതിനുവേണ്ടി ശതകോടി കണക്കിനു വർഷം പ്രപഞ്ചം കാത്തിരുന്നില്ല. പ്രപഞ്ചാരംഭം മുതൽ അതിനു മനസ്സുണ്ടായിരുന്നു. പ്രശസ്ത ഭൗതികജ്ഞനായിരുന്ന ഫ്രീമാൻ ഡൈസൻ (Freeman Dyson) എഴുതി: “ഇലക്ട്രോണിന്റെ പ്രവർത്തനങ്ങൾ പരിശോധിച്ചാൽ അതിനു് മനസ്സുണ്ടെന്നു തോന്നും.’ പ്രശസ്ത ഭൗതികജ്ഞനും നോബൽ സമ്മാനജേതാവുമായിരുന്ന റിച്ചാർഡ് ഫെയ്ൻമാൻ (Richard Feynmann) ഇലക്ട്രോണിന്റെ സംഭാവ്യതാ തരംഗങ്ങൾക്ക് ജൈവഗുണമുണ്ടെന്നു് അഭിപ്രായപ്പെടുകയുണ്ടായി. അണുവിനുള്ളിലെ കണങ്ങളെ പരിശോധിച്ചാൽ അവയ്ക്ക് ബോധവും മനസ്സും ഉണ്ടെന്നു് വ്യക്തമാകും. ഉദാഹരണത്തിനു് ഒരു സോഡിയം അണുവിനെ പരിശോധിക്കാം. സോഡിയം അണുവിന്റെ ന്യൂക്ലിയസിനുചുറ്റും പതിനൊന്നു് ഇലക്ട്രോണുകളാണു് ഉള്ളതു്. ഓരോ ഇലക്ട്രോണിനും മറ്റ് ഇലക്ട്രോണുകൾ എങ്ങനെയാണു് ന്യൂക്ലിയസിനുചുറ്റും സഞ്ചരിക്കുന്നതെന്നറിയാം. അതായതു് ഓരോ ഇലക്ട്രോണിനും മറ്റ് ഇലക്ട്രോണുകളുടെ മേൽവിലാസം കൃത്യമായറിയാം.
ആദ്യമുണ്ടായതു് ഏതാണ്? മനസ്സാണോ മസ്തിഷ്കമാണോ? ഇവ രണ്ടും അനാവശ്യമായ ചോദ്യങ്ങളാണ്. പ്രപഞ്ചോത്പത്തിക്കുശേഷമുള്ള 1,370 കോടി വർഷത്തിനിടയിൽ എപ്പോഴാണു് ദ്രവ്യം ചിന്തിക്കാനും അനുഭവിക്കാനും തുടങ്ങിയതെന്നു് അറിയില്ല. ആ സങ്കൽപനിമിഷത്തെക്കുറിച്ച് അന്വേഷണം നടത്തിയാൽ നമ്മൾ എത്തിച്ചേരുന്ന നിഗമനം മനസ്സ് എല്ലായ്പ്പോഴും ഉണ്ടായിരുന്നുവെന്നാണ്. ഗുരുത്വാകർഷണവും പ്രകൃതി നിയമങ്ങളും ഉണ്ടായകാലം മുതൽ തീർച്ചയായും മനസ്സ് ഇവിടെയുണ്ട്. ഈ ബദൽ കാഴ്ചപ്പാട് അനുസരിച്ച് പ്രപഞ്ച മനസ്സ് നമ്മുടെ അകത്തും പുറത്തും പൂർണ്ണമായിട്ടുണ്ട്. ലോകപ്രശസ്ത ഭൂഗർഭ ശാസ്ത്രജ്ഞനും ജീവാശ്മ ശാസ്ത്രജ്ഞനും (palaentologist) ആയിരുന്ന പിയറെ തെയ്യാർദ് ഷാർദാൻ (Richard Feynmann) പ്രപഞ്ചവ്യവസ്ഥയ്ക്കും സൗരയൂഥ വ്യവസ്ഥയ്ക്കും ഭൂമിക്കും ജൈവവ്യവസ്ഥയ്ക്കും മനസ്സുണ്ടെന്ന നിഗമനത്തിലാണു് എത്തിച്ചേർന്നതു്. ആധുനിക ശാസ്ത്രം വ്യഷ്ടിമനസ്സും സമഷ്ടി മനസ്സും ഒന്നാണെന്നു് വ്യക്തമാക്കുന്നു. അതു് നമ്മുടെ ഹൃദയത്തിലും കരളിലും കുടലുകളിലും കോശങ്ങളിലും മസ്തിഷ്ക്കത്തിലുമുണ്ട്. ജൈവവ്യവസ്ഥയുടെ സ്വയംസംഘാടന പ്രക്രിയയിൽ അന്തർലീനമായിരിക്കുന്നതാണു് മനസ്സ്. പ്രപഞ്ച സംഘാടനത്തിന്റെയും പരിണാമത്തിന്റെയും ഗതികമാണു് അണുഘടനയെയും ഗാലക്സികളെയും ബാക്ടീരിയാകളെയും ഭരിക്കുന്നതു്. ഇതിനെയാണു് പ്രപഞ്ചമനസ്സെന്നു് പറയുന്നതു്. പ്രപഞ്ചത്തിലുള്ളതെല്ലാം മനസ്സിന്റെ സൃഷ്ടികളാണ്. ആദ്യമുണ്ടായതു് മനസ്സോ മസ്തിഷ്കമോ എന്ന ചോദ്യം അപ്രസക്തമാണ്.
സങ്കുചിതത്വത്തിന്റെ ചങ്ങലക്കെട്ടുകളിൽനിന്നു് ശാസ്ത്രം മോചിതമായെങ്കിലേ അതിന്റെ സത്യാന്വേഷണം വിജയിക്കൂ. അളവ് അപ്രസതമായ തലങ്ങളുണ്ട്. ഇതു് ശാസ്ത്രം അംഗീകരിച്ചാൽ ഇന്നു് നാം അഭിമുഖീകരിക്കുന്ന ഇന്ദ്രീയാതീത പ്രശ്നങ്ങൾക്ക് പരിഹാരമാകും. മനസ്സ് ബോധം എന്നിവയെ അളന്നു തിട്ടപ്പെടുത്താൻ സാദ്ധ്യമല്ല. അളവ് പരാജയപ്പെടുന്ന തലത്തിലും പര്യവേക്ഷണം നടത്തിയെങ്കിലേ ശാസ്ത്രത്തിനു പൂർണ്ണതയിലേക്ക് എത്താൻ കഴിയൂ. എന്നാൽ വേദനയോടെ പറയട്ടെ ഈ തലങ്ങളിൽ ഗവേഷണം നടത്താൻ ശാസ്ത്രജ്ഞന്മാർ വൈമുഖ്യം കാട്ടുന്നു. ബോധമാണോ പ്രാഥമികം ദ്രവ്യമാണോ പ്രാഥമികം എന്ന മൗലികമായ തത്ത്വശാസ്ത്ര പ്രശ്നത്തിൽ ബോധത്തെ അവഗണിച്ച് ദ്രവ്യത്തിന്റെ തലത്തിലാണു് ഗവേഷണം നടത്താൻ ശാസ്ത്രജ്ഞന്മാർ താൽപ്പര്യം കാണിക്കുന്നതു്. ബോധത്തെക്കുറിച്ച് ഗവേഷണം നടത്തിയാൽ അതു് അവരുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കുമെന്നു് അവർ വിശ്വസിക്കുന്നു. പരമയാഥാർത്ഥ്യമായ ബോധത്തിനു് പ്രഥമ പരിഗണന നൽകാതെ നടത്തുന്ന ഏതു ശാസ്ത്രഗവേഷണവും തികച്ചും അപൂർണ്ണമായിരിക്കും. ചില ശാസ്ത്രജ്ഞന്മാർ ബോധഗവേഷണം നടത്തുന്നതുപോലും ശാസ്ത്രവിരുദ്ധമാണെന്ന കാഴ്ചപ്പാടാണു് വെച്ചു പുലർത്തുന്നതു്. ബോധത്തെപ്പറ്റിയുള്ള പഠനങ്ങളും ചർച്ചകളും ശാസ്ത്രത്തെ അപമാനിക്കാനുള്ളതാണെന്നാണു് ഭൗതികവാദികളുടെ നിലപാട്.
സൂഫി സന്യാസിവര്യനായിരുന്ന റൂമി മനസ്സിലാക്കിയിരുന്നതു് മനസ്സ് എല്ലായിടത്തുമുണ്ടെന്നാണ്. അദ്ദേഹം പറഞ്ഞു: “പ്രപഞ്ചം മുഴുവൻ നിലനിൽക്കുന്നതു് നിങ്ങളുടെ ഉള്ളിലാണ്.” പ്രപഞ്ചത്തിന്റെ അസ്തിത്വം നമ്മുടെ ഉള്ളിലാണ്. എല്ലാം നിങ്ങൾ തന്നെയാണ്. ചോദ്യവും ഉത്തരവും നിങ്ങൾ തന്നെയാണ്. മനസ്സിനു് പ്രപഞ്ചത്തിൽ കേന്ദ്രസ്ഥാനം നൽകിയാൽ പ്രഹേളികകളാൽ മൂടപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താം. ഞാൻ സൂര്യാസ്തമനം കാണുന്നതു് എന്റെ മനോമുകുരത്തിലാണ്. അസ്തമയ സൂര്യൻ ആകാശത്തു സൃഷ്ടിക്കുന്ന വർണ്ണാഭമായ സുന്ദരദൃശ്യങ്ങൾ പതിയുന്നതു് എന്റെ മനസ്സിലാണ്. സൂര്യാസ്തമനം എവിടെയാണ്? അതു് എന്റെ മസ്തിഷ്കത്തിലല്ല മസ്തിഷ്കത്തിനകത്തു് പ്രകാശമില്ല. ദൃശ്യങ്ങളില്ല അതിലുള്ളതു് മൃദുകോശങ്ങളാണു്, ജലമാണു്, ഇരുട്ടാണ്. എനിക്ക് ദൃശ്യമായ സൂര്യാസ്തമനം എവിടെയെങ്കിലും പതിയണം. ഏറ്റവും ശരിയായ നിഗമനം അതു് എന്റെ മനസ്സിന്റെ തലത്തിലാണെന്നാണ.് അതാണു് യുക്തിക്ക് ചേർന്നതും, ശാസ്ത്രീയവും.
മനസ്സ് ഒരു ബലക്ഷേത്രം (force field) ആണ്. ചില ന്യൂറോശാസ്ത്രജ്ഞന്മാർ അതിനെ വിവരക്ഷേത്രം (information field) ആയി കരുതുന്നു. മനസ്സ് ഒരു ക്ഷേത്രമായതുകൊണ്ട് അതു് സൂക്ഷ്മദ്രവ്യമാണ്. ഭാരതീയ വേദാന്തത്തിലും സൂക്ഷ്മദ്രവ്യമാണു് മനസ്സ്. മനസ്സിന്റെ തലത്തിൽ മനസ്സും ദ്രവ്യാത്മകവസ്തുക്കളും ഒരുമിച്ചാണു് ചലിക്കുന്നതു്. എന്റെ പ്രിയപ്പെട്ട അമ്മയുടെ രൂപം ഓർക്കുമ്പോൾ അതു പൊടുന്നനവെ എന്റെ മനസ്സിൽ വരും. ഓർമ്മയിലേക്ക്, ദൃശ്യപ്രതിബിംബം പൊടുന്നനവെ എന്റെ മനസ്സിൽ പ്രത്യക്ഷപ്പെടുന്നതിന്റെ പിന്നിൽ മസ്തിഷ്കത്തിനു് പങ്കില്ല. ഈ പ്രക്രിയയ്ക്ക് മസ്തിഷ്കത്തിലെ ഒരു കേന്ദ്രവും ഉദ്ദീപിക്കപ്പടുന്നില്ല. പ്രപഞ്ചോത്പത്തിക്കുശേഷം മസ്തിഷ്കപരിണാമത്തിനു ശതകോടിക്കണക്കിനു വർഷമെടുത്തു. മസ്തിഷ്കപരിണാമം പൂർത്തിയായതോടെ വീണാവാദകനും വിണയുംപോലെ ചിന്തയും നാഡികോശങ്ങളും തമ്മിൽ പാരസ്പര്യത്തിലായി.
ഒരു വാഹനം ഓടിക്കുമ്പോൾ അതു് ഇടത്തോട്ടാണോ വലത്തോട്ടാണോ തിരിയേണ്ടതെന്നു് തീരുമാനിക്കുന്നതു് വാഹനമല്ല. അതിലെ ഡ്രൈവറുടെ മനസ്സാണ്. മനസ്സ് ആദ്യം തീരുമാനിച്ചില്ലെങ്കിൽ വാഹനം തിരിയുകയില്ല. ഭൗതികവാദത്തിനും ന്യൂനീകരണവാദത്തിനും (reductionism) എല്ലാ കാര്യങ്ങളും വിശദീകരിക്കാനാവില്ല. ക്വാണ്ടം ലോകത്തു് ന്യൂനീകരണവാദം പൊളിയുന്നു. ഭൗതികം അതിഭൗതിക വാദത്തിൽ നിന്നും അകലം പാലിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും അസ്തിത്വപ്രശ്നങ്ങൾ വിശദീകരിക്കേണ്ടി വരുമ്പോൾ മനസ്സിന്റെ തലത്തെകൂടി അന്വേഷിക്കേണ്ടി വരും. ഈ അന്വേഷണത്തിനു് ആത്മീയത സഹായകമാണു്, ശാസ്ത്രത്തിനും സഹായിക്കാൻ കഴിയും. മനസ്സിനെ നിയന്ത്രിക്കലാണു് ആത്മീയത. മനസ്സ് എന്തെന്നറിയുന്നതിനു ആധുനിക ശാസ്ത്രത്തിനും കഴിയും. ഇതു് ആത്മീയതയെ സഹായിക്കും. സത്യത്തിൽ ശാസ്ത്രവും ആത്മീയതയും പരസ്പരപൂരകങ്ങളാണ്.