ആധുനിക ജീവശാസ്ത്രത്തിൽ ‘ജീൻ’ (gene) എന്ന പദം കൊണ്ട് അർത്ഥമാക്കുന്നതു് പ്രോട്ടീൻ ഉത്പാദനപ്രക്രിയയിൽ പങ്കുളള കോശത്തിലെ തന്മാത്രക്കഷണത്തെയാണ്. ഒരു ജീവിയുടെ ഓരോ സ്വഭാവഗുണത്തിനും ഓരോ ജീനുണ്ടെന്നാണു് വിശ്വാസം. ഒരു ജീവിയുടെ മൊത്തം ഡി. എൻ. എ.-യിൽ കേവലം 5 ശതമാനം മാത്രമേ ജീനുകളായി പ്രവർത്തിക്കുന്നുളളൂ. ബാക്കി 95 ശതനമാനവും പ്രോട്ടീൻ കോഡ് ചെയ്യാത്തവയാണ്. ഈ ഏറിയ ഭാഗത്തെ അറിയപ്പെടുന്നതു് ‘ചവറു ഡി. എൻ. എ.’ (junk dna) എന്ന പേരിലാണ്. ഒരു ജീവിയിലെ മൊത്തം ജീനുകളെയാണു് ‘ജീനോം’ എന്നു് വിളിക്കുന്നതു്. അതായതു് ജീനോമെന്ന രാസഘടനയാണു് ഒരു ജീവിയുടെ ജനിതകപ്രോഗ്രാം. ഈ ജനിതക പ്രോഗ്രാമാണു് ജീവനെന്ന പ്രതിഭാസത്തിന്റെ ചാലകശക്തിയെന്നു് ജീവശാസ്ത്രജ്ഞൻമാർ വിശ്വസിക്കുന്നു. തന്മാത്രാജീൻസിദ്ധാന്തം അംഗീകരിക്കപ്പെട്ടതോടെ ഒരു ജീവി രാസപദാർത്ഥങ്ങളുടെ വെറും മിശ്രിതമാണെന്ന നിഗമനത്തിലാണു് ജീവശാസ്ത്രം എത്തിയിരിക്കുന്നതു്. ഇതു് ഭൗതികവാദികളെയും നാസ്തികരെയും സന്തോഷിപ്പിച്ചു.
2003-ൽ ഹ്യൂമൻ ജീനോം പ്രോജക്റ്റ് പൂർത്തീകരിച്ചപ്പോൾ മനുഷ്യനു് 27,000 ജീനുകളുണ്ടെന്നു് കണ്ടുപിടിച്ചു. വാഴയിൽ ഏതാണ്ട് ഇതിന്റെ 50 ശതമാനം ജീനുകളുണ്ട്. കോഴിക്കും ഒരു മില്ലിമീറ്റർ നീളമുളള ഒരിനം വിരയ്ക്കും മനുഷ്യനെക്കാൾ ജീനുകളുണ്ടെന്നാണു് തിട്ടപ്പെടുത്തിയിരിക്കുന്നതു്. ധാന്യത്തിനു് ഇതിനെക്കാൾ ജീനുകളുണ്ടത്രെ.
നമ്മുടെ സ്വഭാവഗുണങ്ങൾക്കെല്ലാം കാരണം ജീനുകളാണെന്നാണു് ജനിതകം അവകാശപ്പെടുന്നതു്. ലൈംഗികവൈകല്യങ്ങൾ, വിഷാദാത്മകത, ആത്മഹത്യാ പ്രവണത, ദൈവവിശ്വാസം എന്നിവയ്ക്കെല്ലാം കാരണമായ പ്രത്യേകം പ്രത്യേകം ജീനുകളുണ്ടെന്നാണു് ജനിതക ശാസ്ത്രജ്ഞന്മാർ അവകാശപ്പെടുന്നതു്. ജനിതക കോഡിനെ മനുഷ്യസ്വഭാവങ്ങളുടെ നിയമമായി ഇവർ വ്യാഖ്യാനിക്കുന്നു. ഓരോ സ്വഭാവത്തിനും ഓരോ ജീനില്ലെന്നുളളതാണു് വാസ്തവം. കോശങ്ങൾ സ്ഥിരഘടനയുളളവയല്ല. അവ മാറ്റത്തിനു് വിധേയമായിക്കൊണ്ടിരിക്കുന്നു. ഓരോ നിമിഷവും നമ്മുടെ ശരീരം ആമാശയത്തിലും കരളിലും ഹൃദയത്തിലും ശ്വാസകോശത്തിലും മസ്തിഷ്കത്തിലുമുളള കോശങ്ങളിലെ അണുക്കൾക്കു പകരം പുതിയവ പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുന്നു. ത്വക്ക് മാസത്തിലൊരിക്കലും ആമാശയത്തിലെ മൃദുലചർമ്മം അഞ്ചുദിവസത്തിലൊരിക്കലും അസ്ഥികൾ മൂന്നുമാസത്തിലൊരിക്കലും സ്വയം പുനഃസൃഷ്ടി നടത്തുന്നു. അവയവങ്ങളുടെ പുനഃസൃഷ്ടിയും സ്വയം നവീകരണപ്രക്രിയയും നമുക്ക് പ്രത്യക്ഷത്തിൽ കാണാൻ പറ്റില്ല. എന്നാൽ ശരീരം അവിരാമം ഒഴുകിക്കൊണ്ടിരിക്കുകയാണ്. അതിൽ സ്ഥിരമായി ഒന്നും നിൽക്കുന്നില്ല. ഒരു വർഷം കൊണ്ട് ശരീരത്തിലെ 98 ശതമാനം അണുക്കളും പുതിയവയ്ക്കു വേണ്ടി കൈമാറ്റം ചെയ്യപ്പെടുന്നു. ഈ മാറ്റങ്ങൾ ജീനുകളിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്. നമ്മുടെ ചിന്തകളും അനുഭവങ്ങളും ജീനുകളെ സ്വാധീനിക്കാറുണ്ട്. ഇവയ്ക്കെല്ലാം പുറമെയുളളതാണു് പാരിസ്ഥിതിക സ്വാധീനം.
ജനിതകശാസ്ത്രജ്ഞൻമാർ ഒരാളിന്റെ കുറ്റവാസനയ്ക്കുപോലും ആധാരമായ ജീനുണ്ടെന്നു് കരുതുന്നു. കുറ്റവാസനയുടെ ജീനുണ്ടെങ്കിൽ അതു് ചികിത്സയിലൂടെ മാറ്റാൻ കഴിയേണ്ടതാണ്. ഇതു് സാദ്ധ്യമല്ലെന്നതാണു് ജനിതകചികിത്സാ രംഗത്തെ അനുഭവം. വ്യക്തികളുടെ ഓരോ കുഴപ്പങ്ങൾക്കും തെറ്റായ വാസനകൾക്കും കാരണം ജീനാണെന്നു് സമർത്ഥിക്കാനുളള ശാസ്ത്രജ്ഞന്മാരുടെ ശ്രമം പ്രായോഗികമോ ശാസ്ത്രീയമോ അല്ല. കുറ്റകൃത്യങ്ങൾക്കുളള വാസന ഉന്മൂലനം ചെയ്യാനുളള മാർഗ്ഗം വ്യക്തികളിൽ അച്ചടക്കവും സ്വതന്ത്രേച്ഛയും നീതിബോധവും സർഗ്ഗാത്മകതയും വളർത്തിയെടുക്കുക എന്നുളളതാണ്. വ്യക്തിയിൽ മാനസികമായി വളർച്ച ഉണ്ടാക്കലാണു് പ്രധാനം. ജീനിന്റെ രാസഘടനയ്ക്ക് കുറ്റവാസനയില്ലാതാക്കാൻ കഴിയില്ല.
ആസ്ട്രിയായിലെ ക്രിസ്തീയ സന്ന്യാസിയായിരുന്ന ജോഹാൻ ഗ്രിഗർ മെൻഡൽ (1822–1884) ജീവികളിലെ സ്വഭാവവിശേഷങ്ങളുടെ പാരമ്പര്യം നിയന്ത്രിക്കുന്ന മൂന്നു പ്രകൃതിനിയമങ്ങൾ 1865-ൽ കണ്ടുപിടിച്ചു. പ്രകടസ്വഭാവനിയമം (the law of dominance) വിവേചനനിയമം (the law of segregation) സ്വതന്ത്ര അപവ്യൂഹനിയമം (the law of independent assortment) എന്നിവയായിരുന്നു അവ. സുപ്രധാന ജീവശാസ്ത്രനിയമങ്ങളായിരുന്നു അവയെങ്കിലും വെളിച്ചം കാണാതെ അവ ആശ്രമത്തിലെ ലൈബ്രറിയിലെ അറകളിൽ പൊടിപിടിച്ച് മുപ്പതു് വർഷം കിടക്കുകയായിരുന്നു. പിന്നീട് ജർമ്മൻ ശാസ്ത്രജ്ഞനായിരുന്ന കോറൻസ് സ്വന്തം പരീക്ഷണങ്ങൾ വഴി പാരമ്പര്യനിയമങ്ങൾ ആവിഷ്കരിച്ചു. എന്നാൽ വർഷങ്ങൾക്ക് മുമ്പ് മെൻഡൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്നും ആവിഷ്കരിച്ച നിയമങ്ങൾ തന്നെയാണു് തൻറേതെന്നും അദ്ദേഹം മനസ്സിലാക്കി. മെൻഡൽ ആവിഷ്കരിച്ച നിയമങ്ങളെ ശാസ്ത്രീയമായി പരിഷ്കരിച്ച് ക്രോഡീകരിച്ചു കോറൻസ് (Correns). കാലക്രമത്തിൽ ഈ നിയമങ്ങൾ മെൻഡലിന്റെ പാരമ്പര്യനിയമങ്ങൾ എന്ന പേരിൽ അറിയപ്പെട്ടു.
1909-ൽ ജീവികളിലെ പാരമ്പര്യസ്വഭാവങ്ങൾ വഹിക്കുന്ന ഘടകത്തിനു് ‘ജീൻ’ എന്നു് നാമകരണം ചെയ്തതു് ഡാനിഷ് സസ്യശാസ്ത്രജ്ഞനായിരുന്ന വിൽഹെം ജോഹൻ സെനാണ്. ജീനിനെ ഒരു പദാർത്ഥമായി കാണുന്നതിനോടും ഓരോ സ്വഭാവത്തിനും പ്രത്യേകം ജീനുണ്ടെന്ന കാഴ്ചപ്പാടിനോടും അദ്ദേഹം വിയോജിച്ചു. ജനിതകശാസ്ത്രത്തിന്റെ ആരംഭഘട്ടത്തിൽ ഗണ്യമായ സംഭാവനകൾ നൽകിയ ജീവശാസ്ത്രജ്ഞനായിരുന്ന തോമസ് ഹണ്ട് മോർഗൻ. തന്റെ 1933-ലെ നൊബേൽ സമ്മാനപ്രസംഗത്തിൽ പറഞ്ഞു. “ജനിതക പരീക്ഷണങ്ങളുടെ ഈ ഘട്ടത്തിൽ ജീൻ ഒരു സാങ്കല്പിക ഘടകമാണോ അതോ പദാർത്ഥഘടകമാണോ എന്നു് നിശ്ചയിക്കാൻ സാദ്ധ്യമല്ല”. ജീൻ സിദ്ധാന്തത്തിന്റെ യഥാർത്ഥ കാതൽ ഇപ്പോഴും അറിയപ്പെടാതെ കിടക്കുകയാണ്. അതായതു് ഒരു ജീനിനെ ജീനാക്കുന്നതു് എന്താണെന്നു് ഇതുവരെ നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. 1953-ൽ ഫ്രാൻസിസ് ക്രിക്കും ജെയിംസ് വാട്ട്സണും ഡി. എൻ. എ.-യുടെ രാസഘടന കണ്ടുപിടിച്ചെങ്കിലും ജീനിനു് ജൈവവിവരം എങ്ങനെയുണ്ടാകുന്നുവെന്നു് വിശദീകരിക്കാൻ പറ്റിയിട്ടില്ല. പ്രോട്ടീൻ ഉത്പാദനപ്രക്രിയയിലെ പങ്ക് കണക്കിലെടുത്തുകൊണ്ട് ഡി. എൻ. എ.-യ്ക്കും ജീൻ പദവി നൽകിയതു് തന്നെ അശാസ്ത്രീയമായ സമീപനമാണ്. കാരണം പ്രോട്ടീൻ ഉത്പാദനപ്രക്രിയകൊണ്ടുമാത്രം വിശദീകരിക്കാവുന്ന പ്രതിഭാസമല്ല ജീവൻ. മാത്രമല്ല മറ്റു രാസഘടനകളെ പോലെ ഡി. എൻ. എ.-യും രാസവിവരം ഉൾക്കൊളളുന്ന ഒരു തന്മാത്രയാണ്. ഡി. എൻ. എ.-യെ ജീനായി വർണ്ണിക്കുമ്പോൾ രാസവിവരം കൂടാതെ ജൈവവിവരം കൂടി ചുമത്തുകയാണു് അതിൻമേൽ. ഡി. എൻ. എ.-യ്ക്ക് ജൈവവിവരം ഉണ്ടെന്നതു് സത്യമാണ്. എന്നാൽ ഈ ജൈവവിവരത്തിനു് കാരണം എന്തെന്നു് ശാസ്ത്രത്തിനു് അറിയില്ല. ആദ്ധ്യാത്മികമായി ജൈവവിവരത്തിനു കാരണം ബോധമാണ്. ജീനിനെ ജീനാക്കുന്നതു് ബോധമാണെന്ന യാഥാർത്ഥ്യം അംഗീകരിക്കാൻ ഭൗതികവാദികൾക്ക് സാദ്ധ്യമല്ല. കാരണം, ജീനിന്റെ പ്രവർത്തനത്തിനു പിന്നിൽ ഒരു അഭൗതികപ്രതിഭാസമുണ്ടെന്നു് അവർക്ക് സമ്മതിക്കേണ്ടിവരും.
ജീനുകളുടെ പ്രവർത്തനം ബോധപൂർവ്വമാണ്. എല്ലാം കാലേക്കൂട്ടി നിശ്ചയിച്ചതുപോലെ. ഉദാഹരണത്തിനു് മനുഷ്യജീവിതവുമായി ബന്ധപ്പെട്ടു പരിശോധിച്ചാൽ ദന്തങ്ങളുടെ മുളയ്ക്കൽ പ്രായപൂർത്തിയാകൽ, സ്ത്രീത്വം, പുരുഷത്വം, ആർത്തവവിരാമം എന്നിവയെല്ലാം ഒരു ടൈംടേബിൾ അനുസരിച്ചാണു് പ്രത്യക്ഷപ്പെടുന്നതെന്നു് കാണാം. പൊതുവെ വാർദ്ധക്യകാലരോഗമെന്നു പറയപ്പെടുന്ന ക്യാൻസർ ജീവിതദൈർഘ്യവുമായി ബന്ധപ്പെട്ടതാണ്. രാസവസ്തുവായ ജീൻ എങ്ങനെ കാലാനുസൃതമായി പ്രവർത്തിക്കുന്നു? ജീവികളുടെ ജൈവക്ലോക്കിനെ നിയന്ത്രിക്കുന്ന അസാധാരണവസ്തുവാണു് ജീൻ എങ്കിൽ അതിന്റെ പ്രവർത്തനം ബോധപൂർവ്വമാണ്. അതിനു് ബോധമുണ്ടെന്നർത്ഥം. ജീൻ ഒരു കോശത്തിൽ എൻസൈം ഉത്പാദിപ്പിക്കാൻ എടുക്കുന്ന സമയം ഒരു സെക്കൻഡിന്റെ നൂറിൽ ഒരംശമാണ്. എന്നാൽ ഒരു സ്ത്രീയുടെ ആർത്തവവിരാമത്തിനു് ഏകദേശം നാലുദശകങ്ങളെടുക്കും. ജീൻ വെറുമൊരു രാസവസ്തുവാണെങ്കിൽ ഇങ്ങനെ പ്രവർത്തിക്കാൻ കഴിയില്ല. ഭൗതീകാതിതമായ ബോധം അതിൽ പ്രവർത്തിക്കുന്നതു് കൊണ്ടാണു് ശരീരത്തിൽ ഓരോന്നും കൃത്യസമയത്തു് മുൻകൂട്ടി നിശ്ചയിച്ചതുപോലെ സംഭവിക്കുന്നതു്.
ജീനുകളുടെ മേൽ പരിസ്ഥിതിയുടെ നിർണ്ണായകസ്വാധീനമുണ്ട്. ഉദാഹരണത്തിനു് ഇരട്ടകളെ പരിശോധിക്കാം. രണ്ടുപേരും ഒരേ ജീനുകളുമായിട്ടാണു് ജനിക്കുന്നതു്. ഇരട്ടകളിൽ ഒരാൾ സസ്യഭുക്കും മറ്റേയാൾ മാംസഭുക്കുമാണെന്നിരിക്കട്ടെ. വയസ്സാകുമ്പോൾ അവരുടെ ജീനുകളുടെ പ്രവർത്തനം വ്യത്യസ്തമാകും. ക്രോമസോമുകൾക്ക് മാറ്റമുണ്ടാകാതെയാണു് ജീനുകൾക്ക് മാറ്റമുണ്ടാകുന്നതു്. പ്രചോദനമില്ലാതെ ജീനുകൾക്ക് ഒരു മാറ്റവും ഉണ്ടാകില്ല. പ്രചോദനത്തിന്റെ അഭാവത്തിൽ ജീൻ നിഷ്ക്രിയമായിരിക്കും. നമ്മുടെ ജീനുകൾക്ക് നമ്മുടെ കഥ പറയാനാവില്ല. എന്നാൽ കഥ പറയുന്നതിനുളള അക്ഷരങ്ങളാകാൻ കഴിയും. ഇരട്ടകളിൽ എ നല്ല ജീവിതശൈലിയും ബി തെറ്റായ ജീവിതശൈലിയും സ്വീകരിക്കുമ്പോൾ അതിനനുസരിച്ച് അവരുടെ ജീനുകളിൽ മാറ്റങ്ങളുണ്ടാകും. ഓരോരുത്തരുടെയും ജീവിതശൈലി അവരവരുടെ ജീനുകളിൽ മാറ്റമുണ്ടാക്കും. പ്രശസ്ത ജനിതക ശാസ്ത്രഞ്ജനായ ഡോ. ഡീൻ ഓർണിഷും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും നടത്തിയ പരീക്ഷണങ്ങൾ ഓരോരുത്തരിലും 400-ലധികം ജീനുകൾക്ക് ജീവിതശൈലി മൂലം മാറ്റം വരുന്നതായി നിരീക്ഷിച്ചു. സാത്വികാഹാരം, വ്യായാമം, നല്ല ഉറക്കം, പ്രാർത്ഥന, ധ്യാനം എന്നിവ ജീനുകളിൽ ധനാത്മകമാറ്റം വരുത്തുന്നു.
നമ്മുടെ മനസ്സ് നൽകുന്ന നിർദ്ദേശങ്ങൾ കോശങ്ങളിലെ ജീനുകളിൽ മൃദുമാറ്റങ്ങൾ ഉണ്ടാക്കുന്നു. നമ്മുടെ ജീവിതശൈലികൾ ജീനുകൾ വളരെ സാവധാനമാണു് ഉൾക്കൊളളുന്നതു്. ഏകാന്തതയും, ഒറ്റപ്പെടലും അമിതോത്ക്കണ്ഠയും നമ്മളെ രോഗങ്ങൾക്ക് അടിമപ്പെടുത്തുന്നു. വൈധവ്യം, തൊഴിലിൽ നിന്നും പിരിച്ചുവിടൽ എന്നിവ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന സംഘർഷം ലഘൂകരിക്കുന്നതിനു് ജീനുകൾ സഹായിക്കുന്നുണ്ട്. ജീനുകൾ സ്ഥിരവും മാറ്റമില്ലാത്തതുമാണെന്നു് കരുതുന്നവർ ഡി. എൻ. എ.-യും പരിസ്ഥിതിയും തമ്മിലുളള ബന്ധത്തെ വിസ്മരിക്കുന്നവരാണ്. ഗർഭിണികൾക്ക് ഡോക്ടർമാർ സാധാരണ നൽകാറുളള ഉപദേശമാണു് പുകവലിക്കരുതു് മദ്യപിക്കരുതു് എന്നൊക്കെ. ഇതിനു കാരണം മദ്യപാനവും പുകവലിയും ഗർഭസ്ഥശിശുവിനെ ബാധിക്കുമെന്നുളളതു കൊണ്ടാണ്. ഏതെങ്കിലും തരത്തിലുളള വിഷവസ്തുക്കൾ ഗർഭിണിയുടെ രക്തത്തിൽ കലർന്നാൽ അതു് ശിശുവിനെ ബാധിക്കും. ഗർഭിണിയുടെ ബാഹ്യവും ആന്തരികവുമായ പരിസ്ഥിതി ഗർഭസ്ഥശിശുവിൽ ജനിതകമാറ്റം ഉണ്ടാക്കും. ദീർഘകാലമായി ജീവശാസ്ത്രജ്ഞന്മാർ വിശ്വസിച്ചിരുന്നതു് മാതാപിതാക്കളിൽ നിന്നും പൈതൃകമായി ലഭിച്ച ഡി. എൻ. എ.-യുടെ രൂപരേഖയനുസരിച്ച് കൃത്യമായി ഭ്രൂണവളർച്ച സ്വയം നടക്കുമെന്നാണ്. ഈ കാഴ്ചപ്പാടനുസരിച്ച് ഗർഭസ്ഥശിശുവിനു് ശരിയായ അളവിൽ പോഷകങ്ങൾ ലഭിച്ചുകൊണ്ടിരുന്നാൽ ഡി. എൻ. എ. രൂപരേഖയനുസരിച്ച് ഘട്ടംഘട്ടമായി ഗർഭസ്ഥശിശു വളർച്ച പ്രാപിച്ച് ജനിക്കും. പാരിസ്ഥിതികവും മാതാവിന്റെ മാനസികവുമായ ഘടകങ്ങളൊന്നും ശിശുവിനെ ബാധിക്കില്ലെന്നായിരുന്നു പഴയ വിശ്വാസം. പ്രസൂതികവിജ്ഞാനത്തിലും പെരുമാറ്റശാസ്ത്രത്തിലും വിദഗ്ദ്ധനായ കാലിഫോർണിയ സർവ്വകലാശാലയിലെ പ്രൊഫസർ പതിക് വാദ്വ (Pathik Wadhwa) പറയുന്നു. “ഗർഭസ്ഥശിശുവിന്റെ അവസാനഘട്ടവികസനത്തിൽ പരിസ്ഥിതിയിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങളാണു് ശിശുവിന്റെ ശാരീരികവും മാനസികവുമായ ഭാവി കഴിവുകൾ നിർണ്ണയിക്കുന്നതിൽ പ്രധാനം”.
മാതാവിന്റെ അണ്ഡവും പിതാവിന്റെ ബീജവും തമ്മിൽ സംയോജിച്ചുണ്ടാകുന്ന ഏകകോശഭ്രൂണം അനുക്രമം വികസിച്ച് ശിശുവായി മാറുന്നതു് സ്വയമാണ്. ഗർഭപാത്രത്തിൽ ഭ്രൂണം സ്വയം വളർന്നു് വികസിക്കുന്നതിനു് ‘ഓട്ടോ പോയിസിസ്’ (autopoiesis) എന്നു പറയുന്നു. ഗർഭസ്ഥഭ്രൂണത്തിലെ ഡി. എൻ. എ.-യാണു് ശിശുവിന്റെ ഭാവി തീരുമാനിക്കുന്നതു്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ജനിക്കാത്ത ഭ്രൂണം, അതായതു് ഗർഭസ്ഥഭ്രൂണമാണു്, ശിശുവിന്റെ ഭാവി തീരുമാനിക്കുന്നതു്. സ്വയം സൃഷ്ടി എങ്ങനെ സാദ്ധ്യമാണെന്നതിനു് ഉദാഹരണമാണു് ഭ്രൂണം. ഗർഭിണിയുടെ ചിന്തകൾ, മാനസ്സികസംഘർഷങ്ങൾ ആഹാരം എന്നിവയുടെ സ്വാധീനം ഭ്രൂണകോശത്തെ ബാധിക്കുന്നുണ്ട്. ഗർഭിണിയുടെ ഈ അവസ്ഥകളുമായി ബന്ധപ്പെട്ട ആയിരക്കണക്കിനു് രാസസൂചനകൾ ഭ്രൂണകോശം സ്വീകരിക്കുന്നു. ഇതെല്ലാം കോശവളർച്ചയിൽ പ്രതിഫലിക്കുന്നുമുണ്ട്. മാനസികസംഘർഷം അനുഭവിക്കുന്ന മാതാവ് നിരവധി സംഘർഷഹോർമോണുകളെ ഗർഭസ്ഥശിശുവിൽ കടത്തിവിടുന്നു. ഇതു് ശിശുവിന്റെ അകാലജനനത്തിനിടയാക്കുമെന്നാണു് വിദഗ്ദ്ധർ പറയുന്നതു്. മാതാവിന്റെ മാനസികപ്രശ്നങ്ങളും പരിസ്ഥിതിയും ശിശുജനനത്തെ ബാധിക്കുമെന്നുളള യാഥാർത്ഥ്യം ജീനുകളെക്കുറിച്ചുളള ജീവശാസ്ത്രവിജ്ഞാനത്തിന്റെ അടിത്തറ ഇളക്കുന്നു. ജീനുകൾ സ്വയം നിയന്ത്രിതമല്ലെന്നു് ഈ അറിവുകൾ തെളിയിച്ചു. അവയെ നിയന്ത്രിക്കുന്നതു് മാതാവിന്റെ മനസ്സ്—ശരീരവ്യവസ്ഥയും പാരിസ്ഥിതികമായ സാഹചര്യങ്ങളുമാണ്. നമ്മൾ ജീനുകളുടെ ഭൃത്യൻമാരല്ല യജമാനൻമാരാണ്. നമ്മൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ജീനുകളെ ബാധിക്കുന്നു. ജീവന്റെ പ്രോഗ്രാമുകൾ ചലനാത്മകവും നിരന്തരമാറ്റത്തിനു് വിധേയവുമാണ്.
ആധുനിക ജനിതകശാസ്ത്രഗ വേഷണങ്ങൾ വ്യക്തമാക്കുന്നതു് വൈദ്യുതപ്രവാഹം കൂട്ടാനോ കുറയ്ക്കാനോ ഉപയോഗിക്കുന്ന ‘റിയോസ്റ്റാറ്റ്’(Rheostats) പോലെയാണു് ജീനുകൾ. അവ ലൈറ്റ് കത്തിക്കാനും അണയ്ക്കാനും ഉപയോഗിക്കുന്ന ‘സ്വിച്ച്’ പോലെയല്ല. ചവറ് ഡി. എൻ. എ.-യുടെ മേഖലയ്ക്കും വളരെ പ്രാധാന്യമുണ്ടെന്നാണു് അടുത്തകാലത്തു നടന്ന ജീൻഗവേഷണങ്ങൾ തെളിയിച്ചിട്ടുളളതു്. ഏതു് ജീനാണു് പ്രവർത്തനോൻമുഖമാകേണ്ടതു്. ഓരോ ജീനും എത്ര മാത്രം പ്രവർത്തിക്കണം, ജീൻ എപ്പോഴാണു് പ്രവർത്തിക്കേണ്ടതു് എന്നിവയൊക്കെ ചവറു ഡി. എൻ. എ.-കളും നിർദ്ദേശിക്കുന്നുണ്ട്. ജീനും മനസ്സും തമ്മിലുളള ബന്ധം വ്യക്തമാക്കുന്നതു് അദൃശ്യമായ മാനസിക പ്രവർത്തനങ്ങൾ ജീനിൽ സ്വാധീനം ചെലുത്തുകയും, അതു് ശാരീരിക പ്രക്രിയകളിൽ മാറ്റമുണ്ടാക്കുകയും ചെയ്യുമെന്നാണ്. ആത്മീയമായ കാഴ്ചപ്പാടിൽ രാസവസ്തുക്കളുടെ ചേരുവയായ ജീനിൽ ബോധം കലരുമ്പോഴാണു് അതു് ജീവത്താകുന്നതു്. കണം മുതൽ ഗാലക്സി വരെയുളളതിനെയെല്ലാം കോർത്തിണക്കിയിരിക്കുന്ന അതേ അഖണ്ഡബോധം തന്നെയാണു് ജീനിനെയും സജീവമാക്കുന്നതു്.