ആത്മീയത അനന്തസാദ്ധ്യതകളാണു് അവതരിപ്പിക്കുന്നതു്. മനുഷ്യന്റെ ആത്മീയമായ പുരോഗതിക്കും അധോഗതിക്കും ശാസ്ത്രത്തെ ഉപയോഗപ്പെടുത്താൻ കഴിയും. നമ്മുടെ മസ്തിഷ്കത്തെയും ജീനുകളെയും പഠിക്കാനുള്ള ഉപാധിയാണു് ശാസ്ത്രം. മസ്തിഷ്കത്തിന്റെയും ജീനിന്റെയും ഭൗതിക ഘടന എന്ത്? മസ്തിഷ്കത്തെയും ജീനുകളെയും നിയന്ത്രിക്കുന്നതെന്ത്? മസ്തിഷ്കവും ജീനുമാണോ ശരീരത്തെ നിയന്ത്രിക്കുന്നത്? എന്നീ ചോദ്യങ്ങൾക്കുത്തരം കണ്ടെത്താനുള്ള പരിശ്രമത്തിലാണു് ശാസ്ത്രം. ആത്മീയതയാകട്ടെ മസ്തിഷ്കത്തെയും ജീനുകളെയും സചേതനവും സർഗ്ഗാത്മകവുമാക്കുന്നതെന്തു് എന്നു് അന്വേഷിക്കുകയാണ്.
ന്യൂറോശാസ്ത്രം ചിന്തനത്തെയും അനുഭവത്തെയും മസ്തിഷ്കത്തിന്റെ രാസവൈദ്യുതി പ്രതിഭാസമായിട്ടാണു് ന്യൂനീകരിച്ചിരിക്കുന്നതു്. പെരുമാറ്റങ്ങളെ നിയന്ത്രിക്കുന്നതെന്നു് കരുതപ്പെടുന്ന മസ്തിഷ്കത്തിലെ കേന്ദ്രങ്ങളെ എം. ആർ. ഐ. സ്കാനും, കാറ്റ് സ്കാനും (cat scan) ഉപയോഗിച്ച് രേഖപ്പെടുത്താം. സാധാരണ മസ്തിഷ്കവും, തകരാറിലായ മസ്തിഷ്കവും വ്യത്യസ്ത രീതിയിലാണു് പ്രവർത്തിക്കുന്നതു്. ട്യൂമർ, ഉറക്കമില്ലായ്മ, ഉൽക്കണ്ഠ, വിഭ്രാന്തി എന്നിവ മസ്തിഷ്ക തകരാറുകൾക്ക് കാരണമാകാം. മസ്തിഷ്ക പ്രവർത്തനത്തിനു് വൈകല്യമുണ്ടാകുമ്പോൾ മാനസികമായ മാറ്റങ്ങളും തകരാറുകളും ഉണ്ടാകാറുണ്ടെന്നതു് ശരിയാണ്. ഇതിനർത്ഥം മസ്തിഷ്കം മനസ്സിനെ നിയന്ത്രിക്കുന്നുവെന്നല്ല. മസ്തിഷ്കം മനസ്സിനെ നിയന്ത്രിക്കുന്നില്ലെന്നുള്ളതിനു് നിരവധി ഉദാഹരണങ്ങളുണ്ട്. നിങ്ങൾക്ക് കഴിഞ്ഞ കാലത്തുണ്ടായ ഒരു വാഹനാപകടത്തെക്കുറിച്ച് ഓർക്കുമ്പോഴും, നിങ്ങൾക്ക് നേരിട്ട് ഇപ്പോൾ ഉണ്ടാകുന്ന വാഹനാപകടവും, മസ്തിഷ്കത്തിൽ സൃഷ്ടിക്കുന്ന ഉദ്ദീപനങ്ങൾ ഒന്നാണ്. രണ്ടു സംഭവങ്ങളും ഒരേ ഉദ്ദീപനമാണു് മസ്തിഷ്കത്തിൽ ഉണ്ടാക്കുന്നതു്. രണ്ടു സംഭവങ്ങളും ഒരേ ഉദ്ദീപനം ഉണ്ടാക്കുന്നതുകൊണ്ട് അവ മസ്തിഷ്ക രസതന്ത്രവുമായി ബന്ധപ്പെട്ടതാണെന്നു് ന്യൂറോശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നു. മനസ്സിനു് മസ്തിഷ്കത്തിൽ രാസവസ്തുക്കളെ സൃഷ്ടിക്കാൻ കഴിയും എന്ന കാര്യവും ഈ രണ്ട് സംഭവങ്ങളിൽനിന്നും വ്യക്തമാണ്. മനസ്സിൽ വിഷയാസക്തി ഉണ്ടാകുമ്പോൾ എന്തു് സംഭവിക്കുമെന്നു് ഭഗവദ്ഗീതയിലെ സാംഖ്യയോഗത്തിലെ 62-ഉം 63-ഉം ശ്ലോകങ്ങളിൽ സുവ്യക്തമാക്കുന്നുണ്ട്. മനസ്സിനു് ജൈവരാസ വസ്തുക്കളെയും വികാരത്തെയും സൃഷ്ടിക്കാനാവും. അടിസ്ഥാന വികാരങ്ങളിൽ ഒന്നായ ഭയത്തെ നമുക്ക് ഒരു അനുഭവമായോ അഡ്രിനലിൻ തന്മാത്രകളായോ വിവരിക്കാൻ കഴിയും. ഭയമുണ്ടാകുമ്പോൾ വൃക്കയുമായി ബന്ധപ്പെട്ട ഒരു ഗ്രന്ഥിയിൽനി ന്നും അഡ്രിനലിൻ എന്ന ഹോർമോണ്‍ ഉണ്ടാകുന്നു. ഇതു് രക്തത്തിൽ കലരുമ്പോൾ കരളിലുള്ള ഗ്ലൈക്കോജൻ പഞ്ചസാരയായി മാറുന്നു. ഈ പഞ്ചസാരയാകട്ടെ രക്തത്തിൽ കലർന്നു് ശരീരമാസകലം വ്യാപിച്ച് വളരെയധികം ഊർജ്ജം ഉത്പാദിപ്പിക്കുന്നു. ഇതിന്റെ ഫലമായി കണ്ണിന്റെ കൃഷ്ണമണികൾ വികസിക്കുന്നു. ചുണ്ടും വായും വരണ്ടുപോകുന്നു. വയറിൽ കമ്പനമുണ്ടാകുന്നു. തൊലിക്ക് പുകച്ചിൽ അനുഭവപ്പെടുന്നു. നാഡിസ്പന്ദനം കൂടുന്നു. ശ്വാസത്തിന്റെ വേഗം വർദ്ധിക്കുന്നു. ഭയത്തിന്റെ അനുഭവമില്ലെങ്കിൽ ഹോർമോണ്‍ ഉണ്ടാകില്ല. ഹോർമോണ്‍ ഇല്ലെങ്കിൽ അനുഭവമില്ല. ഭയമുണ്ടാകുമ്പോൾ ശരീരത്തിൽ രാസവസ്തുക്കൾ ഉണ്ടാകുന്നു. നമ്മുടെ വികാരങ്ങളും വിചാരങ്ങളും രാസവസ്തുക്കളെ സൃഷ്ടിക്കുന്നു. മസ്തിഷ്കത്തിലെ രണ്ടു ജൈവരാസവസ്തുക്കളാണു് എൻഡോർഫിനുകളും എൻകെഫലിനും. രോഗശമനത്തിനുവേണ്ടി പ്രാർത്ഥിക്കുമ്പോൾ രോഗികളിൽ എൻഡോർഫിനുകൾ അധികമായി ഉത്പാദിപ്പിക്കപ്പെടുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എൻഡോർഫിനുകൾ വേദനാ സംഹാരികളാണ്. ഇതിന്റെ ഉത്പാദനം രോഗിക്ക് ആശ്വാസം നൽകുന്നു. സാഹസിക പ്രവർത്തനങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ എൻകെഫലിൻ മസ്തിഷ്കത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു. എൻകെഫലിന്റെ ഉത്പാദനമാണു് കത്തുന്ന പുരയിൽ അകപ്പെട്ടുപോയ കുഞ്ഞിനെ സാഹസികമായി രക്ഷിക്കാൻ അമ്മയ്ക്ക് പ്രേരണ നല്കുന്നതു്.
മനസ്സിലുണ്ടാകുന്ന സുഖവും ദുഃഖവും നമ്മുടെ ശരീരത്തിൽ ജൈവരാസവസ്തുക്കളെ സൃഷ്ടിക്കുന്നു. സുഖമുണ്ടാകുമ്പോഴുള്ള ജൈവരാസവസ്തുക്കൾ ശരീരത്തെ സംരക്ഷിക്കുന്നു. ദുഃഖമുണ്ടാകുമ്പോഴുള്ളതു് ശരീരത്തെ ദുർബലമാക്കുന്നു. രോഗപ്രതിരോധത്തിലും നിവാരണത്തിലും മനസ്സ് നിർണ്ണായകമായ പങ്കാണു് വഹിക്കുന്നതു്. ഭാരതത്തിലെ ചികിത്സാ സമ്പ്രദായമായ ആയുർവേദം പണ്ടേ ഇതു് പറഞ്ഞിട്ടുണ്ട്. ആയുർവേദം പറയുന്നു: “രാഗാദിരോഗഃ സഹജഃ സമൂലാഃ”. രാഗം ദ്വേഷം, ലോഭം, മോഹം, മദം, മാത്സ്യര്യം എന്നിവയാണു് മനസ്സിന്റെ രോഗങ്ങൾ. അവ നിയന്ത്രിതമായി തീർന്നാൽ ശരീരത്തിൽ വാതം, പിത്തം എന്നിവ കോപിച്ചുണ്ടാകുന്ന എല്ലാ രോഗങ്ങളും മാറും. 1980 കളുടെ മദ്ധ്യമായപ്പോഴേക്കും ഏകദേശം അൻപതോളം ന്യൂറോട്രാൻസിസ്റ്ററുകളും ന്യൂറോപെപ്പ് ടൈഡുകളും കണ്ടുപിടിക്കപ്പെട്ടു. അതോടെ മനസ്സിന്റെ പ്രവർത്തനഫലമായിട്ടാണു് മസ്തിഷ്കത്തിലെ ജൈവരാസവസ്തുക്കൾ ഉത്പാദിപ്പിക്കപ്പെടുന്നതെന്നു് ന്യൂറോ ശാസ്ത്രജ്ഞന്മാർക്ക് ബോദ്ധ്യമായി. ഈ കണ്ടെത്തലിനു മുമ്പുവരെ മസ്തിഷ്കം ചിന്തിക്കുന്ന ഒരു യന്ത്രമാണെന്നായിരുന്നു അവർ വിശ്വസിച്ചിരുന്നതു്. ഈ പുതിയ കാഴ്ചപ്പാട് വിപ്ലവകരമായ മാറ്റമാണു് ആധുനിക ന്യൂറോശാസ്ത്രത്തിലും മനഃശാസ്ത്രത്തിലും ഉണ്ടാക്കിയിരിക്കുന്നതു്. ആധുനിക മനഃശാസ്ത്രത്തിലെ ഈ നവചിന്ത മസ്തിഷ്കം ചിന്തിക്കുന്ന ഒരു യന്ത്രമല്ലെന്നും മനസ്സാണു് മസ്തിഷ്കപ്രവർത്തനത്തെ നിയന്ത്രിക്കുന്നതെന്നും വ്യക്തമാക്കി.
കൃത്രിമബുദ്ധിയുടെ (artificial intelligences) വക്താക്കൾ അവകാശപ്പെടുന്നതു് മസ്തിഷ്കം മാംസംകൊണ്ട് നിർമ്മിതമായ ഒരു യന്ത്രമാണെന്നാണ്. കമ്പ്യൂട്ടറുകളുടെ മാസ്മരികതയിലും ശാസ്ത്രകഥകളുടെ സ്വാധീനത്തിലുംപെട്ട മാർവിൻ മിൻസ്ക്കിയെ (Marvin Minsky) പോലുള്ളവർ മാംസംകൊണ്ട് നിർമ്മിതമായ കമ്പ്യൂട്ടറാണു് മസ്തിഷ്കമെന്നു് പ്രഖ്യാപിക്കുന്നു. പിറ്റ്സ്ബർഗിലെ കാർണ്ണേജിമെല്ലോണ്‍ സർവ്വകലാശാലയിലെ റോബോട്ടിക്ക് പ്രൊഫസർ ഡോ. ഹാൻസ് മൊറാവെക്ക് (Dr. Hans Morawec) സാങ്കേതിക പുരോഗതിയോടെ മനുഷ്യന്റെ അതേ ബുദ്ധിയുള്ള യന്ത്രങ്ങൾ നിർമ്മിക്കാൻ കഴിയുമെന്നു് വിശ്വസിക്കുന്നു. തമാശ പറയാൻ കഴിയുന്ന കമ്പ്യൂട്ടർ, പ്രണയിക്കാൻ കഴിയുന്ന യന്ത്രമനുഷ്യൻ എന്നിവയൊക്കെ നിർമ്മിക്കാൻ കഴിയുമെന്നു് അവർ വിശ്വസിക്കുന്നു. ഒരു പടികൂടി കടന്നു് മനുഷ്യന്റെ ബുദ്ധിയേയും മറികടക്കുന്ന കമ്പ്യൂട്ടറുകളും യന്ത്രമനുഷ്യനും 2029-നു് മുമ്പ് യാഥാർത്ഥ്യമാകുമെന്നു് ഗൂഗിളിന്റെ എൻജിനിയറിങ് വിഭാഗം ഡയറക്ടർ റേ കാർഡ് വെയ്ൻ അടുത്തകാലത്തു് പ്രവചിക്കുകയുണ്ടായി. ഇവയൊക്കെ യാഥാർത്ഥ്യമാകാത്ത സ്വപ്നങ്ങളാണ്. കമ്പ്യൂട്ടറും റോബോട്ടും വെറും യന്ത്രങ്ങളാണ്. ഒരു യന്ത്രത്തിനു് സ്വയം യന്ത്രമായി തീരണമെന്നു് നിശ്ചയിക്കാൻ സാദ്ധ്യമല്ല. അതിനു് സ്വയം പ്രവർത്തനശേഷിയില്ല. നമ്മുടെ നാഡീവ്യൂഹത്തിനു് ശരീരത്തെ ചലിപ്പിക്കാൻ സ്വയംപ്രവർത്തനശേഷിയുണ്ട്. അതുകൊണ്ടാണു് ‘കോമ’ യിലായ രോഗി വീണ്ടും ബോധത്തിലേക്ക് തിരിച്ചുവരുന്നതു്. യന്ത്രത്തിനു് ബോധവും ഇച്ഛാശക്തിയുമുണ്ടെന്നു് പറയുന്നതു് സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ്. “ഞാനാണു് ഡ്രൈവ് ചെയ്യുന്നതു് “ഞാനാണു് തിരിക്കുന്നത്” എന്നൊക്കെ ഒരു കാറിന്റെ എൻജിൻ പറയുന്നതുപോലെയാണു് ഇതു്. ഡ്രൈവ് ചെയ്യുന്നതും തിരിക്കുന്നതും ഡ്രൈവറാണ്. ഇച്ഛാശക്തി മനസ്സിനോടൊപ്പം ചേർന്നു് ദ്രവ്യത്തിനുമേൽ നിയന്ത്രണം ചെലുത്തുന്നുണ്ടെന്നുള്ളതു് ഒരു ന്യൂറോശാസ്ത്ര സത്യമാണ്. മനസ്സിനെയും ശരീരത്തെയും ഇച്ഛാശക്തി നിയന്ത്രിക്കുന്നുണ്ടെന്നു് ആധുനിക ന്യൂറോശാസ്ത്രം അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്.
മനസ്സിൻറേയും മസ്തിഷ്കത്തിൻറേയും പ്രവർത്തനങ്ങൾ വ്യത്യസ്തമാണ്. ആധുനിക ന്യൂറോശാസ്ത്ര ഗവേഷണങ്ങൾ ഇതു് തെളിയിച്ചിട്ടുമുണ്ട്. ചിലപ്പോൾ രോഗിയെ മയക്കാതെ ഉണർന്നിരിക്കുമ്പോൾ തന്നെ മസ്തിഷ്കശസ്ത്രക്രിയ നടത്താറുണ്ട്. കാരണം, മസ്തിഷ്കത്തിലെ കലകൾക്ക് (tissues) വേദന അനുഭവപ്പെടുന്നില്ലെന്നുള്ളതാണ്. രോഗിയോട് ചോദിച്ച് മസ്തിഷ്കതകരാറുകൾ കണ്ടുപിടിച്ച് ചികിത്സിക്കുന്നതിനുവേണ്ടിയാണു് ഈ മാർഗ്ഗം അവലംബിക്കുന്നതു്. ശസ്ത്രക്രിയക്കു വിധേയനാകുന്ന രോഗിയോട് ഡോക്ടർ കൈപൊക്കാൻ പറഞ്ഞാൽ അയാൾ അതു് അനുസരിക്കും. രോഗിയുടെ മസ്തിഷ്കത്തിലെ മോട്ടോർ കോർട്ടെക്സിനെ ഒരു ഇലക്ട്രോഡുകൊണ്ട് ഉത്തേജിപ്പിച്ചാലും അയാൾ പെട്ടെന്നു് കൈകൾ പൊക്കും. ഡോക്ടർ കൈകൾ പൊക്കാൻ പറഞ്ഞപ്പോൾ അയാൾ ചെയ്ത അതേ പ്രവൃത്തിയാണു് ഇപ്പോഴും അയാൾ ചെയ്തതു്. എന്നാൽ രണ്ടു പ്രവൃത്തിയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ആദ്യത്തെ പ്രവൃത്തിയിൽ എന്താണു് സംഭവിച്ചതെന്നു് ചോദിച്ചാൽ അയാൾ പറയും: “ഞാൻ എന്റെ കൈകൾ പൊക്കി.” രണ്ട് പ്രവൃത്തിയിലും കൈകൾ ചലിച്ചു എന്ന സമാനത ഉണ്ടെങ്കിലും അവ തമ്മിൽ വലിയ വ്യത്യാസമുണ്ട്. ആദ്യത്തെ പ്രവൃത്തി ഇച്ഛാനുസരണമാണു് (voluntary) നടന്നതു്. ഇച്ഛാനുസരണം നടക്കുന്ന പ്രവൃത്തിയിൽ ‘ഞാൻ’ ആണു് മസ്തിഷ്കമല്ല കൈകൾ പൊക്കുന്നതിനു് നിർദ്ദേശം നല്കുന്നതു്. ‘ഞാൻ’ എന്ന അദൃശ്യശക്തിയാണു് ഇവിടെ പ്രധാനം. രണ്ടാമത്തെ പ്രവൃത്തി അനിച്ഛാകരമാണു് (involuntary). ഇതു് മസ്തിഷ്ക പ്രവർത്തനഫലമാണ്. 1930 കളിൽ കനേഡിയൻ ന്യൂറോ ശാസ്ത്രജ്ഞനും മസ്തിഷ്ക ശസ്ത്രക്രിയാ വിദഗ്ദ്ധനുമായിരുന്ന വിൻഡെർ പെൻഫീൽഡ് (Wilder Penfield) ഇത്തരം ഒരു പരീക്ഷണം നടത്തുകയുണ്ടായി. പരീക്ഷണശേഷം അദ്ദേഹം എത്തിച്ചേർന്ന നിഗമനം നമ്മുടെ മനസ്സിൻറേയും മസ്തിഷ്കത്തിൻറേയും ധർമ്മങ്ങൾ ഒന്നല്ലെന്നാണ്. പെൻഫീൽഡ് തന്റെ പരീക്ഷണങ്ങളിലൂടെ മനസ്സാണു് മസ്തിഷ്കത്തെ നിയന്ത്രിക്കുന്നതെന്നു് തെളിയിക്കുകയുണ്ടായി. വിരോധാഭാസമെന്നു പറയട്ടെ പെൻഫീൽഡിന്റെ ഈ പരീക്ഷണങ്ങൾ തന്നെയാണു് മസ്തിഷ്കമാണു് മനസ്സിനെ നിയന്ത്രിക്കുന്നതെന്നു സ്ഥാപിക്കാൻ ഭൗതികവാദികളും ഉപയോഗിക്കുന്നതു്.
1930 കളിലും 1940 കളിലും പെൻഫീൽഡ് നടത്തിയ മസ്തിഷ്ക ഗവേഷണങ്ങൾ മനസ്സിൻറേയും മസ്തിഷ്കത്തിൻറേയും പല രഹസ്യങ്ങളും വെളിപ്പെടുത്തി. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യം വരെ മനസ്സ് മസ്തിഷ്കത്തിന്റെ സൃഷ്ടിയാണെന്നാണു് ന്യൂറോ ശാസ്ത്രജ്ഞന്മാർ വിശ്വസിച്ചിരുന്നതു്. അവരുടെ അഭിപ്രായത്തിൽ മനസ്സിന്റെ എല്ലാ പ്രവർത്തനങ്ങളും ന്യൂറോണുകളുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കാമെന്നും, മസ്തിഷ്കത്തിന്റെ ഒരു ഗുണമാണു് മനസ്സെന്നുമായിരുന്നു. പെൻഫീൽഡിന്റെ ഗവേഷണങ്ങൾ മനസ്സിന്റെ ആഴങ്ങളിലേക്ക് വെളിച്ചം വീശി. അനുഭൂതികൾ, ഉൾക്കാഴ്ച, ഭാവന, ഇച്ഛ, ഓർമ്മകൾ എന്നിവയെല്ലാം മനസ്സിന്റെ പ്രവൃത്തികളാണെന്നു് അദ്ദേഹം തെളിയിച്ചു. മസ്തിഷ്കം തികച്ചും നിഷ്ക്രിയമായിരിക്കുമ്പോഴും ‘ഓർമ്മ’ നിലനിൽക്കുന്നതായി പെൻഫീൽഡ് നിരീക്ഷിച്ചു. അഗാധമായ അനസ്തേഷ്യയ്ക്ക് വിധേയമാക്കുന്ന രോഗികളിൽ പരീക്ഷണം നടത്തിയപ്പോൾ മസ്തിഷ്കം നിശ്ചലമായാലും മനസ്സ് നിലനിൽക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. മനസ്സിനു് സ്വതന്ത്രമായി നിലനിൽക്കാൻ കഴിയുന്നുണ്ടെന്നാണു് ഇതിന്റെ അർത്ഥം. മനസ്സിനു് മസ്തിഷ്കേതര ഊർജ്ജ സ്രോതസ്സുണ്ടെന്നും അതിനു മസ്തിഷ്കമില്ലെങ്കിലും നിലനിൽക്കാൻ കഴിയുമെന്നും പെൻഫീൽഡിന്റെ പരീക്ഷണങ്ങൾ തെളിയിച്ചു.
പെൻഫീൽഡിന്റെ അഭിപ്രായത്തിൽ മസ്തിഷ്കം ഉൾപ്പെടെയുള്ളതിനെ ഉൾക്കൊള്ളുന്നതും നിയന്ത്രിക്കുന്നതുമായ അദൃശ്യ ഊർജ്ജക്ഷേത്രമാണു് മനസ്സ്. മനസ്സിൽനിന്നും വരുന്ന എല്ലാ വിവരങ്ങളും സംസ്കരിക്കുന്നതു് മസ്തിഷ്കമാണെന്നു് അദ്ദേഹം മനസ്സിലാക്കി. മസ്തിഷ്കം ഒരു സ്ഥൂലഭൗതിക വസ്തുവാണ്. കോർട്ടെക്സ്, ലിംബിക് സിസ്റ്റം എന്നിവയാണു് അതിന്റെ ഭൗതികഘടകങ്ങൾ. ക്ഷേത്രം കാണാൻ പറ്റുന്ന വസ്തുവല്ല. ഉപനിഷദ് കാഴ്ചപ്പാടിലും മനസ്സ് അതിസൂക്ഷ്മദ്രവ്യമാണ്. ക്ഷേത്രത്തിനു് ഉദാഹരണമാണു് വൈദ്യുത കാന്തിക ക്ഷേത്രം ((electromagnetic field) ഗുരുത്വാകർഷണക്ഷേത്രം എന്നിവ. ഭൂകാന്തികക്ഷേത്രം (earthsmagnetic field) കാന്തസൂചിയെ തെക്കുവടക്കായി നിർത്തുന്നതു് നമ്മൾ കാണുന്നുണ്ടെങ്കിലും ആ ശക്തി നമുക്ക് കാണാൻ പറ്റില്ല. കാന്തികക്ഷേത്രം ഇരുമ്പു തരികളെ ആകർഷിച്ച് ഒരു പ്രത്യേകരീതിയിൽ അടുക്കുന്നതുപോലെയാണു് മനസ്സ് മസ്തിഷ്കത്തെ ചലിപ്പിച്ച് പ്രവർത്തിപ്പിക്കുന്നതു്. പഞ്ചേന്ദ്രിയങ്ങൾ വഴി പദാർത്ഥബോധമുണ്ടാക്കി തരുന്നതു് മനസ്സാണ്. അനുഭവത്തെ മുഴുവൻ ശൂന്യതയിലെത്തിക്കുന്ന നിദ്രയും പദാർത്ഥങ്ങളൊന്നുമില്ലാതെയിരിക്കവെ നിരവധി പദാർത്ഥങ്ങളെ അനുഭവിപ്പിക്കുന്ന സ്വപ്നവും മനസ്സിന്റെ പ്രവൃത്തികളാണ്. മനസ്സാണു് നമുക്ക് ലോകത്തെ വ്യാഖ്യാനിച്ചുതരുന്നതു്. മനസ്സ് മസ്തിഷ്കത്തിനുള്ളിലുള്ളതല്ലെന്നും അതു് അസ്ഥാനീയം (non-local) ആണെന്നും പെൻഫീൽഡ് അഭിപ്രായപ്പെട്ടു. പെൻഫീൽഡിന്റെ ഈ നിഗമനം ‘ടെലിപ്പതി’ എന്ന പ്രതിഭാസത്തെ ശരിവയ്ക്കുന്നു. ടെലിപ്പതി എന്നാൽ ഒരാളിൽ നിന്നും മറ്റൊരാളിലേക്കുള്ള ചിന്തകളുടെ കൈമാറ്റമാണ്. മനസ്സ് അസ്ഥാനീയമാണെങ്കിൽ വ്യക്തിമനസ്സ് പ്രപഞ്ചമനസ്സിന്റെ ഭാഗമാണ്. ഓരോ മനസ്സും മറ്റു മനസ്സുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ മനസ്സും അതു് എവിടെയാണെങ്കിലും പ്രപഞ്ചമനസ്സുമായി വിവരവിനിമയം നടത്തുന്നു.
പ്രശസ്ത ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്ന റുപ്പെർട്ട് ഷെൽഡ്രേക്ക് (Rupert Sheldrake) മനസ്സ് മസ്തിഷ്കത്തിന്റെ പരിവൃത്തിയിൽ ഒതുങ്ങുന്നതല്ലെന്നു് അഭിപ്രായപ്പെടുകയുണ്ടായി. അദ്ദേഹം മനസ്സിനെ ഒരു പ്രാപഞ്ചിക ബലക്ഷേത്രം (universal force field) ആയിട്ടാണു് കരുതിയതു്. 1988-ൽ റുപ്പെർട്ട് ഷെൽഡ്രേക്ക് എഴുതിയ ‘ഭൂതകാലത്തിന്റെ സാന്നിദ്ധ്യം’ (presence of the past) എന്ന കൃതിയിലാണു് മനസ്സിനെയും മസ്തിഷ്കത്തേയും കുറിച്ചുള്ള അദ്ദേഹത്തിന്റെ സിദ്ധാന്തം അവതരിപ്പിച്ചിട്ടുള്ളതു്. മനക്ഷേത്രത്തെ മോർഫോജനസിസ്സ് ക്ഷേത്രം (morphogenesis field) എന്നൊരു വിശേഷണംകൂടി ഷെൽഡ്രേക്ക് നൽകിയിട്ടുണ്ട്. മനക്ഷേത്രമുണ്ടെന്നു തെളിയിക്കാൻ അദ്ദേഹം നിരവധി പരീക്ഷണങ്ങൾ നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ നിഗമനത്തിൽ മനസ്സ് ശരീരത്തിനുള്ളിൽ നിലനില്ക്കുകയല്ല മറിച്ച് മനസ്സിനുള്ളിൽ ശരീരം നിലനിൽക്കുകയാണ്. ഇന്ദ്രീയാതീത പ്രതിഭാസങ്ങൾ നടക്കുന്നതു് മനക്ഷേത്രത്തിലാണെന്നും അത്ഭുത പ്രതിഭാസങ്ങളും ദിവ്യാനുഭവങ്ങളും മസ്തിഷ്ക പ്രവർത്തനത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും അദ്ദേഹം വിശ്വസിച്ചു. ഷെൽഡ്രേക്കിനു് മസ്തിഷ്കം മനസ്സിന്റെ സ്വീകരണി ആണ്. റേഡിയോ നിലയങ്ങളിൽനിന്നുമുള്ള തരംഗങ്ങളെ ഒരു റേഡിയോ സ്വീകരിക്കുന്നതുപോലെയാണു് മസ്തിഷ്കം മനസ്സിൽനിന്നും വിവരങ്ങൾ സ്വീകരിക്കുന്നതു്. ഒരാളിന്റെ മനസ്സിൽ ഉണ്ടാകുന്ന ചിന്ത മറ്റൊരാളിന്റെ മനസ്സിൽ കടക്കാറുണ്ടെന്നു് പരീക്ഷണങ്ങളിലൂടെ അദ്ദേഹം തെളിയിച്ചു. മനസ്സ് ഒരു ക്ഷേത്രമായതുകൊണ്ട് രണ്ടു ബിന്ദുക്കൾക്കിടയിലുള്ള സ്ഥലത്തെ മറികടക്കാൻ ഒരു ഊർജ്ജക്വാണ്ടത്തിനു ചാടാൻ കഴിയുന്നതുപോലെ ചിന്തയ്ക്കും ചാടാൻ കഴിയുമെന്നു് അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ അകത്തും പുറത്തും വ്യാപിച്ചു നില്ക്കുന്ന മനസ്സിൽ നിന്നും രൂപംകൊള്ളുന്ന ചിന്തകൾക്കും ഓർമ്മകൾക്കും ന്യൂറോണിന്റെ ആവശ്യമില്ലെന്നു് ഷെൽഡ്രേക്ക് പറഞ്ഞു.
ഡച്ച് ന്യൂറോശാസ്ത്രജ്ഞനായ ഹെർമസ് റോമിജൻ (Herms Romijan) 1997 എഴുതിയ ‘ബോധത്തിന്റെ ഉത്പത്തിയെപ്പറ്റി’ (about the origin of consciousness) എന്ന പ്രബന്ധം ബോധം, മനസ്സ്, മസ്തിഷ്കം എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തികച്ചും നവീനവും വിപ്ലവകരവുമായ ഒരു കാഴ്ചപ്പാട് അവതരിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ക്ലാസിക്കൽ അഥവാ പഴയ ന്യൂറോശാസ്ത്രത്തിൽ അധിഷ്ഠിതമായ മസ്തിഷ്കമാതൃകകൾക്കൊന്നും മനസ്സിന്റെ അടിസ്ഥാന സ്വഭാവം വിശദീകരിക്കാനാവില്ല. ക്വാണ്ടം സിദ്ധാന്തത്തിന്റെയും ഭാരതീയ വേദാന്തത്തെയും സമന്വയിപ്പിച്ച് രൂപം നല്കുന്ന ഒരു സിദ്ധാന്തത്തിനു മാത്രമേ വ്യഷ്ടി മനസ്സിന്റെ സ്രോതസ്സായ സമഷ്ടി മനസ്സിനെ വിശദീകരിക്കാൻ കഴിയുകയുള്ളുവെന്നാണു് റോമിജിൻ വിശ്വസിക്കുന്നതു്. മനസ്സ് മസ്തിഷ്ക ഗവേഷണരംഗത്തെ ലോകപ്രശസ്തയായ ശാസ്ത്രജ്ഞ വലേരി ഹണ്ട് (Valerie Hunt) ഇന്ദ്രിയാതീത അനുഭവങ്ങളും മസ്തിഷ്കപ്രവർത്തനവും തമ്മിലുള്ള ബന്ധം പഠിക്കുന്നതിനു് നിരവധി പരീക്ഷണങ്ങൾ നടത്തുകയുണ്ടായി. ഇന്ദ്രീയാതീത അനുഭവങ്ങൾ ഉണ്ടാകുമ്പോൾ പ്രത്യേകതരത്തിലുളള മസ്തിഷ്കതരംഗങ്ങൾ ഉണ്ടാകുന്നതായി ഇ. ഇ. ജി. ഉപയോഗിച്ച് അവർ നടത്തിയ പരീക്ഷണങ്ങൾ വെളിപ്പെടുത്തി. അഗാധമായ ധ്യാനത്തിലിരിക്കുന്ന ഒരാളുടെ മസ്തിഷ്കതരംഗങ്ങളുടെ പാറ്റേണിലും ഹൃദയസ്പന്ദനത്തിലും ശ്വാസോച്ഛാസത്തിലും രക്തസമ്മർദ്ദത്തിലും മാറ്റമുണ്ടാകുന്നതായി അവർ നിരീക്ഷിച്ചു. ആത്മീയാനുഭവങ്ങളും മസ്തിഷ്ക പ്രവർത്തനവും തമ്മിലുള്ള അത്ഭുതകരമായ ബന്ധം വിശദീകരിക്കുന്ന കൃതിയാണു് വലേരി ഹണ്ടിന്റെ അനന്തമനസ്സ്.
ഭൗതികവാദികളും യുക്തിവാദികളും മസ്തിഷ്കമാണു് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതെന്നു് വിശ്വസിക്കുന്നു. അവരുടെ അഭിപ്രായത്തിൽ മസ്തിഷ്ക പ്രവർത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്നതു് ജൈവരാസവസ്തുക്കളും. അവർക്ക് കരുണ, സ്നേഹം, ധൈര്യം എന്നിവയെല്ലാം മസ്തിഷ്കത്തിന്റെ രാസവൈദ്യുത പ്രവർത്തനങ്ങളാണ്. പാവകളിക്കാരൻ ചരടിലൂടെ തന്റെ പാവകളെ കളിപ്പിക്കുന്നതുപോലെയാണു് മസ്തിഷ്കം ശരീരത്തെ പ്രവർത്തിപ്പിക്കുന്നതെന്നു് അവർ വിശ്വസിക്കുന്നു.
ഒരു വ്യക്തി ആഗ്രഹിക്കുന്നതുപോലെ അയാളുടെ മസ്തിഷ്കത്തിൽ മാറ്റമുണ്ടാകുമെന്നൊരു സിദ്ധാന്തമുണ്ട്. അതിനെ സാങ്കേതികമായി ‘ന്യൂറോപ്ലാസ്റ്റിസിറ്റി’ (neuroplasticity) എന്നാണു് പറയുന്നതു്. ഇച്ഛാനുസരണം എങ്ങനെ നാഡിപാതകൾക്ക് മാറ്റം വരുത്താം എന്നുള്ളതാണ.് അന്ധതയുമായി ബന്ധപ്പെടുത്തി ഇതു് നമുക്ക് പരിശോധിക്കാം. അന്ധർ ഒരിക്കലും പൂർണ്ണമായി അന്ധകാരത്തിലാവില്ല. ഏതെങ്കിലും തരത്തിലുള്ള ഉൾക്കാഴ്ച അവരുടെ ഉള്ളിൽ അവശേഷിക്കുന്നുണ്ടാവും. അന്ധനായ ഒരാൾ അയാളുടെ ജോലികളെല്ലാം കൃത്യമായി ചെയ്യുന്നതു് നമ്മുടെ സാധാരണ അനുഭവമാണ്. അവർക്ക് ഇരുട്ടത്തു് സഞ്ചരിക്കാനും പടികയറാനും കഴിയുന്നുണ്ട്. കാല് നഷ്ടപ്പെടുന്നവർക്ക് മറ്റേതെങ്കിലും കഴിവ് വികസിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. കാഴ്ചശക്തിയില്ലാത്തവർക്ക് സ്പർശനശക്തിയോ ഘ്രാണശക്തിയോ വർദ്ധിക്കാറുണ്ട്. ന്യൂറോപ്ലാസ്റ്റി എന്ന പ്രതിഭാസം പുതിയ ഒരു ന്യൂറോശാസ്ത്രസാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലേക്ക് നയിച്ചു. ഈ പുതിയ സാങ്കേതിക വിദ്യയെ ‘മസ്തിഷ്ക പോർട്ട്’ എന്നാണു് വിളിക്കുന്നതു്.
മസ്തിഷ്ക പോർട്ട് ഉപകരണം ഇലക്ട്രോഡുകൾ ഘടിപ്പിച്ച ഒരു തൊപ്പിയാണ്. ഇതു് വയറുകൾ ഉപയോഗിച്ച് അന്ധനായ ആൾ ഇരിക്കുന്ന കസേരയിൽ പിടിപ്പിച്ചിട്ടുള്ള ഒരു ക്യാമറായുമായും അയാളുടെ തലയുടെ പിൻഭാഗത്തുള്ള ഒരു പാഡുമായും ഘടിപ്പിക്കുന്നു. ക്യാമറവഴി ലഭിക്കുന്ന പ്രതിബിംബം വൈദ്യുത സന്ദേശങ്ങളായി അന്ധനായ ആളുടെ തൊലിപ്പുറത്തു് എത്തുന്നു. ഇവിടെ നടക്കുന്ന പ്രക്രിയ ക്യാമറയിലൂടെ ലഭിക്കുന്ന ദൃശ്യപ്രതിബിംബം അന്ധനായ വ്യക്തിയുടെ പുറം ഭാഗത്തു് സ്പർശനാനുഭവമായി മാറുന്നു. മസ്തിഷ്കം ഇവിടെ ഒരു ‘അനുഭവ പ്രതിബിംബ’ ത്തെ ‘കാഴ്ചപ്രതിബിംബ’ മാക്കി മാറ്റുന്നു. ഇതു് വ്യക്തമാക്കുന്നതു് ഒരു ഇന്ദ്രിയാനുഭവത്തിനുപകരം മറ്റൊരു ഇന്ദ്രിയാനുഭവത്തെ പകരം വെയ്ക്കാമെന്നാണ.് ദൃശ്യപ്രതിബിംബത്തെ സ്പർശനപ്രതിബിംബമായി മാറ്റാം.
ലോകപ്രശസ്ത ന്യൂറോശാസ്ത്രജ്ഞനായിരുന്ന പാൾ ബാക്ക്-യ-റിറ്റ (Pual Back-y-Rita) മസ്തിഷ്ക പോർട്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് മസ്തിഷ്ക തകരാറുമൂലം ശരീരസംതുലനം നഷ്ടപ്പെട്ട രോഗികളെ ചികിത്സിച്ച് അവരുടെ രോഗം ഭേദമാക്കി. 1959-ൽ പാളിന്റെ പിതാവ് പെഡ്രോയ്ക്ക് പക്ഷാഘാതം ബാധിച്ച് ഒരു വശം തളർന്നുപോകുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തപ്പോൾ പാളും അദ്ദേഹത്തിന്റെ അനുജൻ സൈക്ക്യാട്രിസ്റ്റായിരുന്ന ജോർജ്ജും മസ്തിഷ്കപോർട്ട് വിദ്യ ഉപയോഗിച്ച് ചികിത്സിച്ച് രോഗം ഭേദമാക്കി. പക്ഷാഘാതം വന്നാൽ രോഗിയുടെ മസ്തിഷ്ക പ്രവർത്തനം പഴയതുപോലെ പുനസ്ഥാപിക്കാൻ പറ്റില്ലെന്നായിരുന്നു അക്കാലത്തെ വിശ്വാസം. ഈ ധാരണ തിരുത്തിക്കുറിക്കുകയായിരുന്നു പാളും ജോർജ്ജും ചെയ്തതു്. വർഷങ്ങൾക്കുശേഷം പെഡ്രോ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മസ്തിഷ്കം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ കണ്ടതു് പക്ഷാഘാതത്തിന്റെ ഫലമായി തകരാറിലായ മസ്തിഷ്കഭാഗം സ്വയം പൂർവ്വ സ്ഥിതിയെ പ്രാപിച്ചുവെന്നാണ്. നിങ്ങളുടെ ആഗ്രഹമനുസരിച്ചും വിശ്വാസമനുസരിച്ചും മസ്തിഷ്കപ്രവർത്തനത്തിൽ മാറ്റം വരുത്താം. വിശ്വാസം മസ്തിഷ്കത്തെ സ്വാധീനിക്കുന്നു. ഒരു ഇന്ദ്രിയാനുഭവത്തെ മറ്റൊരു ഇന്ദ്രിയാനുഭവമായി മാറ്റാമെങ്കിൽ, ഒരു ഇന്ദ്രിയാനുഭവത്തിനുപകരം മറ്റൊന്നു പകരം വെയ്ക്കാമെങ്കിൽ, മസ്തിഷ്കത്തിനു് സ്വയം രോഗം ചികിത്സിക്കാമെങ്കിൽ, ഒരു വ്യക്തി തീരുമാനിക്കുന്നതുപോലെ മസ്തിഷ്കത്തിലെ നാഡിപാതകൾ വികസിക്കുമെങ്കിൽ അതിന്റെ പിന്നിലെ രഹസ്യം എന്ത്? അതു് മനസ്സാണ്. മനസ്സിന്റെ ഉപകരണമാണു് മസ്തിഷ്കം. ഈ കാഴ്ചപ്പാടു തന്നെയാണു് ഉപനിഷത്തുക്കളുടേതും.