കമ്പ്യൂട്ടറിനു് നമ്മുടെ മസ്തിഷ്ക്കവുമായി യാതൊരു സമാനതയുമില്ല. കമ്പ്യൂട്ടർ ഒരു യന്ത്രം മാത്രമാണ്. അതിനു ചിന്തിക്കാൻ കഴിവില്ല. മസ്തിഷ്ക്കവും ചിന്തയുടെ സ്രോതസ്സല്ല. അതു് മനസ്സിൽനിന്നും ചിന്തയെ പ്രസരിപ്പിക്കുകയാണു് ചെയ്യുന്നതു്. മനസ്സ് മുഴുവൻ വികാരവിചാരങ്ങൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചിന്തയുടെ സ്രോതസ്സ് അതാണ്. മസ്തിഷ്കം മനസ്സിൽ നിന്നും വരുന്ന വികാരവിചാരങ്ങളെയും ചിന്തകളെയും ഒരു സ്വീകരണിയെ പോലെ പിടിച്ചെടുത്തു് പ്രസരിപ്പിക്കുന്നു.
കമ്പ്യൂട്ടറിനു് ഒന്നും സങ്കൽപിക്കാൻ കഴിയില്ല. അതിനു് ഒന്നിൻറേയും അർത്ഥകല്പന നടത്താൻ പറ്റില്ല. കൃത്രിമബുദ്ധി നിശ്ചയാത്മകവും വിവേചനാത്മകവുമായിരുന്നെങ്കിൽ അതു് ഭൂമിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമായിരുന്നു. കൃത്രിമബുദ്ധിയെ ആസ്പദമാക്കി രചിച്ചിട്ടുള്ള കൽപിത ശാസ്ത്രകഥകൾ യാഥാർത്ഥ്യമായി മാറിയേനെ. കമ്പ്യൂട്ടറുകൾ ഭൗതിക നിയമങ്ങളനുസരിച്ച് പൂർവ്വനിശ്ചയപ്രകാരമാണു് പ്രവർത്തിക്കുന്നതു്. കമ്പ്യൂട്ടറുകളെപോലുള്ള യന്ത്രങ്ങൾ യുക്ത്യധിഷ്ഠിതമാണ്. കമ്പ്യൂട്ടറിനു് ഒരിക്കലും ദിവാസ്വപ്നങ്ങൾ കാണാൻ പറ്റില്ല. അതിനു ധ്യാനിക്കാനാവില്ല. മഹാനായ ഐൻസ്റ്റിൻ സ്വപ്നാടകനും ധ്യാനനിഷ്ഠനുമായിരുന്നു. ധ്യാനസമാനമായ ഒരവസ്ഥയിലായിരുന്നപ്പോഴാണു് ഐൻസ്റ്റിനു് പൊതു ആപേക്ഷികതാ സിദ്ധാന്തത്തെക്കുറിച്ച് വെളിപാടുണ്ടായതു്. ബെൻസീന്റെ (benzene) രാസഘടന രസതന്ത്രജ്ഞനായിരുന്ന ഫ്രൈഡ് റിച്ച് ആഗസ്റ്റ് കെ. കുലെയ്ക്ക് സ്വപ്നത്തിലായിരുന്നു വെളിപ്പെട്ടതു്. കൃത്രിമബുദ്ധി കണ്ടുപിടിച്ചതു് 1936-ൽ വൈദ്യശാസ്ത്രത്തിനു് നൊബേൽ സമ്മാനം നേടിയ ജർമ്മൻ ഫിസിയോളജിസ്റ്റായിരുന്ന ഓട്ടോലോവി (Otto Laewi) യായിരുന്നു. വിരോധാഭാസമെന്നു പറയട്ടെ ന്യൂറോണുകൾ എങ്ങനെ വിവരവിനിമയം നടത്തുന്നുവെന്നു് അദ്ദേഹം കണ്ടുപിടിച്ചതു് സ്വപ്നത്തിലായിരുന്നു. ഫ്രഞ്ച് ചിന്തകനായ പാസ്ക്കൽ ഒരിക്കൽ പറഞ്ഞു: “യുക്തിക്ക് മനസ്സിലാകാത്ത യുക്തിയാണു് ഹൃദയത്തിനുള്ളതു്.” മനസ്സും മസ്തിഷ്ക്കവും തമ്മിലുള്ള ബന്ധം പരിണാമാത്മകമാണ്. ഭാഷയുടെ ഉൽപത്തിയും വികാസവും മനസ്സ്-മസ്തിഷ്ക്ക പരിണാമവുമായി ബന്ധപ്പെട്ടിരിക്കുന്നു. കുറെ സഹസ്രാബ്ദങ്ങൾക്ക് മുമ്പ് മനുഷ്യമനസ്സിൽ എഴുതാനും വായിക്കാനുമുള്ള വാസനയും പ്രേരണയും ഉണ്ടായപ്പോൾ മസ്തിഷ്കത്തിലെ സെറബ്രറൽ കോർട്ടെക്സിന്റെ ഒരു ഭാഗം അതിനനുസൃതമായി വികസിച്ചു. അതായതു് എഴുത്തിനും വായനയ്ക്കുംവേണ്ടി സെറബ്രറൽ കോർട്ടെക്സ് അനുകൂലനത്തിനു വിധേയമായി. അതോടെയാണു് എഴുത്തും വായനയും ശാരീരികമായി സാദ്ധ്യമായതു്. മനസ്സിന്റെ കലാസൃഷ്ടികൾ മസ്തിഷ്ക്ക പ്രവർത്തനത്തിലൂടെയാണു് വെളിപ്പെടുന്നതു്. ഒരു ചിത്രം വരക്കുമ്പോൾ എന്താണു് സംഭവിക്കുന്നത്? മനസ്സിൽ രൂപം കൊള്ളുന്ന ചിത്രം മസ്തിഷ്കത്തിന്റെയും നാഡിവ്യൂഹങ്ങളുടെയും സഹായത്താൽ കൈയിലൂടെ ക്യാൻവാസിൽ ദൃശ്യചിത്രമായി മാറുന്നു. മനസ്സ് എഴുതാനും വായിക്കാനും മസ്തിഷ്ക്കത്തെ പരിശീലിപ്പിച്ചാൽ, തുടർന്നു് എഴുത്തും വായനയും മസ്തിഷ്കം തന്നെ നിർവ്വഹിച്ചുകൊള്ളും.
ആദ്ധ്യാത്മികമായി ‘ബോധ’ത്തിനു് യുക്തിയുടെ മേഖലയ്ക്കപ്പുറം വ്യാപരിക്കാൻ കഴിയും. യുക്തി പരാജയപ്പെടുന്നതിനപ്പുറമാണു് ഇന്ദ്രീയാതീത യാഥാർത്ഥ്യം. അവിടെ എത്തിച്ചേരണമെങ്കിൽ അതു് അനുഭവിക്കേണ്ടതുണ്ട്. ഗോഡലിന്റെ അപൂർണ്ണതാ സിദ്ധാന്തത്തിന്റെ വെളിച്ചത്തിൽ യുക്തിക്കപ്പുറമുള്ള അനുഭവത്തെക്കുറിച്ച് പരിശോധിക്കാം. ആസ്ത്രിയൻ ഗണിതശാസ്ത്രജ്ഞൻ ആയിരുന്ന കർട്ട് ഗോഡൽ (Kurt Goedal 1906-78) രണ്ടാം ലോക മഹായുദ്ധകാലത്തു് അമേരിക്കയിലേക്ക് കുടിയേറി. ഗോഡലിന്റെ ഗവേഷണരംഗം സംഖ്യകളെ ഭരിക്കുന്ന ഗണിതമായിരുന്നു. 1, 2, 3 … എന്നീ അക്കങ്ങൾ സ്വാഭാവിക അക്കങ്ങളാണെന്നു് ഗോഡൽ പറഞ്ഞു. ഹൃദയതാളവും, രക്തസമ്മർദ്ദവും എല്ലാം അക്കങ്ങളിലാണു് രേഖപ്പെടുത്തേണ്ടതെന്നു് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗോഡൽ യുക്തിഭദ്രമായി സംഖ്യകളുടെ സത്ത കണ്ടെത്തി അതു് കമ്പ്യൂട്ടർ നിർമ്മിതിക്ക് ഉപയോഗിച്ചു.
യുക്തിഭദ്രമായ വ്യവസ്ഥയെന്നാൽ തെറ്റുള്ളതു് എന്നാണു് ഗോഡലിന്റെ അഭിപ്രായം. ഗോഡൽതിയറം തെളിയിക്കപ്പെടാൻ കഴിയാത്തതുകൊണ്ട് ഏതൊരു യുക്തിഭദ്രമായ വ്യവസ്ഥയും പൂർണ്ണമായിരിക്കില്ലെന്നു് അദ്ദേഹം പ്രഖ്യാപിച്ചു. ഗോഡലിന്റെ രണ്ടാം തിയറം പറയുന്നു: ഒരു വ്യവസ്ഥയുടെ ഉള്ളിൽനിന്നു് നിങ്ങൾ ആ വ്യവസ്ഥയെ നോക്കിയാൽ അതു് സ്ഥിരതയുള്ളതായിരിക്കും. എന്നാൽ നിങ്ങൾ ഉള്ളിൽ നില്ക്കുന്നിടത്തോളം നിങ്ങൾക്ക് ആ വ്യവസ്ഥയെ കാണാൻ കഴിയില്ല. തെളിയിക്കപ്പെടാൻ കഴിയാത്ത സങ്കൽപങ്ങൾ എല്ലാ വ്യവസ്ഥയുടെയും ഭാഗമാണ്. തെറ്റുകളിൽ നിന്നും നിങ്ങൾക്ക് രക്ഷപ്പെടണമെങ്കിൽ നിങ്ങൾ വ്യവസ്ഥയുടെ പുറത്തുവരണം. യുക്തിക്ക് സ്വയം അതിനെ അതിലംഘിക്കാൻ കഴിയില്ല. കുറച്ചുകൂടി ലളിതമായി ഗോഡൽ സിദ്ധാന്തങ്ങളെക്കുറിച്ച് പറഞ്ഞാൽ “ഗണിത വ്യവസ്ഥയിലെ ചില പ്രസ്താവനകൾ സത്യമാണെങ്കിലും തെളിയിക്കാൻ കഴിയില്ല.” ഗോഡലിന്റെ അഭിപ്രായത്തിൽ സത്യത്തെകുറിച്ചുള്ള നമ്മുടെ വിശദീകരണം തെളിയിക്കപ്പെടാൻ കഴിയാത്ത വസ്തുക്കളാൽ നെയ്തെടുത്തതാണ്. തെളിയിക്കപ്പെടാൻ കഴിയില്ലെങ്കിലും ദൈവാസ്തിത്വം സത്യമാണെന്ന സങ്കൽപത്തിൽ പ്രസ്താവനകൾ നടത്തുന്നു. ദൈവാസ്തിത്വത്തെ തിരസ്കരിച്ചുകൊണ്ടുള്ള സങ്കൽപത്തെ അടിസ്ഥാനമാക്കി നാസ്തികരും ഭൗതികവാദികളും പ്രസ്താവനകൾ നടത്തുന്നു. ഇതും തെളിയിക്കപ്പെടാൻ കഴിയാത്തതാണ്.
ശാസ്ത്രജ്ഞന്മാരും മനുഷ്യരാണ്. തെറ്റുകൾ കടന്നുകൂടിയിട്ടുള്ള ഒരു വ്യവസ്ഥയെ സംരക്ഷിക്കുന്നവരാണു് അവർ. തെറ്റുകളുണ്ടെങ്കിലും ശാസ്ത്രത്തെ സംരക്ഷിക്കാൻ വേണ്ട വാദഗതികൾ അവർ ഉന്നയിക്കുന്നു. ഗോഡലിന്റെ രണ്ടാം തിയറം പ്രസ്താവിക്കുന്നതു് ലോജിക്കൽ വ്യവസ്ഥയ്ക്ക് (ഗണിത വ്യവസ്ഥയ്ക്ക്) അതിനുള്ളിലെ പരസ്പര വൈരുദ്ധ്യം വെളിപ്പെടുത്താൻ കഴിയില്ലെന്നാണ്. അന്ധവിശ്വാസം ലോജിക്കൽ വ്യവസ്ഥയുടെ കൂടപ്പിറപ്പാണ്. രാഷ്ട്രീയം, മതം, സാമ്പത്തികം, ശാസ്ത്രം എന്നീ വ്യവസ്ഥകളിലെല്ലാം തെളിയിക്കപ്പെടാത്ത സങ്കല്പങ്ങളെ പരിഗണിക്കാതെ അവയെ അംഗീകരിക്കാൻ നമ്മൾ നിർബന്ധിതമാകുന്നു. തെളിയിക്കപ്പെടാൻ കഴിയാത്തതു് എന്നാൽ തെറ്റായതു് എന്നർത്ഥമില്ല. ഉദാഹരണത്തിനു് എന്റെ അമ്മ എന്നെ സ്നേഹിക്കുന്നു. പക്ഷെ അതു് എനിക്ക് തെളിയിക്കാൻ സാദ്ധ്യമല്ല.
ദൈവം, മരണാനന്തര ജീവിതം, ആത്മാവ് എന്നിവയൊക്കെ സത്യമാണെന്നു് പറയുന്നതു് അസംബന്ധവും അന്ധവിശ്വാസവുമാണെന്നു് ഭൗതികവാദികളും നാസ്തികരും വിശ്വസിക്കുന്നു. ആരുടെയെങ്കിലും ആഗ്രഹാഭിലാഷങ്ങളിൽ നിന്നും ഉയർന്നുവന്നതല്ല ആത്മീയത. ഋഷിവര്യന്മാരും യോഗികളും സന്യാസിമാരും പ്രവാചകന്മാരും യുക്തിവാദവ്യവസ്ഥയുടെ പരിമിതികളെ ഉല്ലംഘിച്ചപ്പോൾ ലഭിച്ച അനുഭൂതിയിൽനിന്നും ഉയർന്നുവന്നതാണു് അതു്. ഒരു വ്യവസ്ഥയ്ക്ക് അതിന്റെ ആന്തരിക വൈരുദ്ധ്യങ്ങൾ വെളിപ്പെടുത്താൻ കഴിയാത്തതുമൂലം അതു് ഏക്കാലവും യുക്തിയുടെ തടവറയിൽപ്പെട്ടിരിക്കുന്നു. ഒരു യന്ത്രം ഒരു വ്യവസ്ഥയാണ്. അതുകൊണ്ട് യുക്തിയിൽ അധിഷ്ഠിതമായ ഒരു യന്ത്രത്തിനു് സൃഷ്ടിപരതയുമായി മുന്നോട്ടുപോകാനോ സർഗ്ഗാത്മകമാകാനോ കഴിയില്ല. ഗണിതയുക്തിയിൽ അധിഷ്ഠിതമായ കമ്പ്യൂട്ടറിനും സൃഷ്ടിപരതയും സർഗ്ഗാത്മകതയുമില്ല. കമ്പ്യൂട്ടർ ഉപയോഗിച്ച് ചിത്രങ്ങൾ വരക്കാം. വരച്ച ചിത്രങ്ങളിൽ ഏതാണു് ‘സുന്ദരം’ എന്നു് ചോദിച്ചാൽ കമ്പ്യൂട്ടർ ഉത്തരം നല്കില്ല. സൗന്ദര്യം യുക്തിക്കപ്പുറമാണ്. പ്രകൃതി യുക്തിയുടെ തടവറയിൽപ്പെടാൻ ഇഷ്ടപ്പെടുന്നില്ല. മനുഷ്യൻ പ്രകൃതിയെ പിൻതുടരുകയാണ്. മനുഷ്യനും പ്രകൃതിയും അഭിന്നമാണ്. വാല്മീകി രാമായണം രചിച്ചതും പിക്കാസോ വരച്ചതും ടോൾസ്റ്റോയി അന്ന കരനീന എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതും, കീറ്റ്സ് കവിത എഴുതിയതും യുക്തിയുക്തതയുടെ പരിധിയിൽ നിന്നുകൊണ്ടായിരുന്നില്ല. ഉദാത്തമായ കലാസൃഷ്ടികളെല്ലാം യുക്തിക്കതീതമാണ്.
ഇലക്ട്രോണിക് കമ്പ്യൂട്ടറുകൾക്ക് മനുഷ്യമനസ്സിനു ചെയ്യാൻ കഴിയുന്ന എല്ലാ പ്രവൃത്തികളും വരുന്ന അമ്പതുവർഷത്തിനകം ചെയ്യാൻ കഴിയുമെന്നാണു് ഒരു വിഭാഗം ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നതു്. പ്രസിദ്ധ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായിരുന്ന അലൻ ട്യൂറിങാണു് ഈ ആശയത്തിനു തുടക്കമിട്ടതു്. 1950-ൽ ‘മനസ്സ് എന്ന തത്ത്വശാസ്ത്ര ജേർണലിൽ ‘കമ്പ്യൂട്ടിങ് യന്ത്രവും ബുദ്ധിയും’ എന്നൊരു ലേഖനം അദ്ദേഹം പ്രസിദ്ധീകരിച്ചു. ഈ ലേഖനത്തിലാണു് കമ്പ്യൂട്ടറുകൾക്ക് ബുദ്ധിയുണ്ടോ എന്നു് പരിശോധിക്കുന്ന ട്യൂറിങ്ടെസ്റ്റിനെകുറിച്ച് പ്രതിപാദിക്കുന്നതു്. കമ്പ്യൂട്ടറുകൾക്ക് കാണാനും കേൾക്കാനും വായിക്കാനും ചിന്തിക്കുവാനും കഴിവുണ്ടാകുമെന്നു് ട്യൂറിങ് പ്രഖ്യാപിച്ചു. ഇതിനെ തുടർന്നു് 1956-ൽ അമേരിക്കയിലെ ശാസ്ത്രജ്ഞന്മാരുടെയും കമ്പ്യൂട്ടർ വിദഗ്ദ്ധൻന്മാരുടെയും ഒരു യോഗത്തിൽ പിറവി എടുത്തതാണു് ‘കൃത്രിമബുദ്ധി’ എന്ന പദം. 1971-ൽ കമ്പ്യൂട്ടർ രംഗത്തു് മൈക്രോപ്രോസസ്സറുകളുടെ നിർമ്മാണത്തോടെ കൃത്രിമബുദ്ധി എന്ന ആശയം ശക്തിപ്പെട്ടു.
കമ്പ്യൂട്ടർ സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായൊരു സംഭവമായിരുന്നു 1997 മേയ് 13-നു്, ഐ. ബി. എം. വികസിപ്പിച്ചെടുത്ത ‘ഡീപ്പ് ബ്ലൂ കമ്പ്യൂട്ടറും’ (deep blue computer) ഗാരി കാസ്പറോവും തമ്മിൽ നടന്ന ചെസ് മത്സരം. ലോക ചെസ് ചാമ്പ്യനായ കാസ്പറോവിനെ ഡീപ്പ് ബ്ലൂ കമ്പ്യൂട്ടർ തോല്പിച്ചു. ഈ സംഭവം യുക്തിവാദികളെയും നാസ്തികരെയും സന്തോഷിപ്പിച്ചു. എന്നാൽ കമ്പ്യൂട്ടറുമായി ഉണ്ടായ മത്സരത്തിലെ തോൽവി കാസ്പറോവിനെ വൈകാരികമായി ബാധിച്ചു. അദ്ദേഹം ദുഃഖിതനായി കാണപ്പെട്ടു. കമ്പ്യൂട്ടറിനാകട്ടെ ജയിച്ചെന്ന അനുഭവമോ തത്ഫലമായി സന്തോഷമോ ഉണ്ടായില്ല. ഡീപ്പ് ബ്ലൂ കമ്പ്യൂട്ടർ യുക്ത്യധിഷ്ഠിത വ്യവസ്ഥയുടെ ഉദാഹരണമാണ്. 0, 1 എന്നീ അക്കങ്ങൾ മാത്രം ഉപയോഗിക്കുന്ന ദ്വയാംഗ സമ്പ്രദായമാണു് കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്നതു്. സംഖ്യകൾകൊണ്ട് പ്രവർത്തിക്കുന്ന ഒരു യന്ത്രം മാത്രമാണതു്.
ചെസ്സിലെ ഗ്രാൻഡ്മാസ്റ്റർമാർ എന്തു ചെയ്യുന്നതും സാവകാശം ഗൗരവ ബുദ്ധിയോടെയാണ്. പ്രശസ്ത റഷ്യൻ ചെസ്സ് ചാമ്പ്യനായ അലക്സാണ്ടർ അലേഘിനേയോട് (Alexander Alekhine) ആരാധകർ ഒരു കളിയിൽ എത്ര നീക്കങ്ങൾ മുൻകൂട്ടി കാണാൻ കഴിയുമെന്നു് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “ശരിയായ ഒരു നീക്കം മാത്രമേ കാണാൻ പറ്റൂ.” ചെസ്സ് കളി മനസ്സിന്റെ ഉള്ളിലാണു് നടക്കുന്നതു്. എതിരാളിയെ മനസ്സിലാക്കാൻ കഴിയണം. ആയിരക്കണക്കിനു് കളികളുടെ അനുഭവം വേണം. ഒരു ചെസ്സ് കളിക്കാരനെ സംബന്ധിച്ചിടത്തോളം അയാളുടെ മനസ്സ് മസ്തിഷ്ക്കത്തെ പരിശീലിപ്പിക്കുന്നു. മറിച്ച് മസ്തിഷ്കം മനസ്സിന്റെ കഴിവുകളെ ഉയർത്തുന്നു. ഇവിടെ മനസ്സും മസ്തിഷ്ക്കവും ഒരുമിച്ചാണു് പ്രവർത്തിക്കുന്നതു്. യഥാർത്ഥത്തിൽ ഡീപ്പ് ബ്ലൂ കമ്പ്യൂട്ടറിനു് ചെസ്സ് കളിക്കാനറിയില്ല. അതിനു ചെയ്യാൻ കഴിയുന്നതു് ഏതെങ്കിലും ഒരു ചെസ്സ് മത്സരത്തിന്റെ മാതൃക വിഴുങ്ങുകയും ഛർദ്ദിക്കുകയും ചെയ്യുക എന്നതാണ്.
ബുദ്ധിയുടെ കാര്യത്തിൽ കമ്പ്യൂട്ടറുകൾക്ക് മനുഷ്യബുദ്ധിയുടെ ഏഴയലത്തുപോലും എത്താൻ കഴിഞ്ഞിട്ടില്ല. മിക്സിയും ഫാനും ടെലിവിഷനും പോലെ ഒരു യന്ത്രം മാത്രമാണതു്. മനുഷ്യന്റെയത്ര ബുദ്ധിയുള്ള കമ്പ്യൂട്ടർ നിർമ്മിക്കാനുള്ള പരിശ്രമങ്ങൾ ലോകമെമ്പാടും നടക്കുന്നുണ്ടെങ്കിലും ഇന്നത്തെ ഏറ്റവും ശക്തിയും ശേഷിയുമുള്ള കമ്പ്യൂട്ടറിനും ഒരു എറുമ്പിന്റെ അത്ര ബുദ്ധിപോലുമില്ല. കമ്പ്യൂട്ടറിനു് തനിയെ ചിന്തിക്കാൻ കഴിവില്ലെന്നുള്ളതാണു് പ്രശ്നം. ഏതു ജോലിയായാലും അതു ചെയ്യേണ്ടവിധം നേരത്തെ കമ്പ്യൂട്ടറിനു് പറഞ്ഞുകൊടുക്കണം. അതായതു് ജോലി ചെയ്യാനാവശ്യമായ ‘പ്രോഗ്രാം’ കമ്പ്യൂട്ടർ മെമ്മറിയിൽ രേഖപ്പെടുത്തി വയ്ക്കണം. ഇങ്ങനെ കമ്പ്യൂട്ടറിൽ ഫീഡു ചെയ്തതിൽ എന്തെങ്കിലും തെറ്റു വന്നാൽ കമ്പ്യൂട്ടർ ചെയ്യുന്നതു മുഴുവൻ തെറ്റിപ്പോകും. കൃത്രിമ ബുദ്ധിക്കുവേണ്ടിയുള്ള ഗവേഷണം വളരെ സജീവമായി നടക്കുന്നുണ്ടെങ്കിലും മനുഷ്യബുദ്ധി കൃത്രിമമായി സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഏതാണ്ട് തുടങ്ങിയിടത്തു തന്നെ നിൽപ്പാണ്. മനുഷ്യബുദ്ധി പ്രവർത്തിക്കുന്നതു് എങ്ങനെയാണെന്നു് നമുക്ക് കൃത്യമായി മനസ്സിലാക്കാനായിട്ടില്ല. മനുഷ്യമസ്തിഷ്കം തന്നെ ഒരത്ഭുതമാണ്. ഏകദേശം പതിനായിരം കോടിയിൽപ്പരം ന്യൂറോണുകളാണു് മസ്തിഷ്കത്തിലുള്ളതു്. ഇന്ത്യയുടെ ജനസംഖ്യയുടെ നൂറിരട്ടി. ഇതിൽ നിന്നും മസ്തിഷ്ക്കം എത്രമാത്രം സങ്കീർണ്ണമാണെന്നു് പറയേണ്ടതില്ലല്ലോ. ഒരിക്കലും കമ്പ്യൂട്ടറിനു് മനുഷ്യമസ്തിഷ്കത്തിന്റെ ശേഷി ഉണ്ടാവില്ല.
കൃത്രിമബുദ്ധിയുടെ സഹായത്തോടെ കൃത്രിമ കൈകകൾ നിർമ്മിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതു് വിജയിച്ചാൽ കൈകൾ നഷ്ടപ്പെട്ടിട്ടുള്ള ലക്ഷക്കണക്കിനു് മനുഷ്യർക്ക് ആശ്വാസമാകും. കൃത്രിമ കൈകൾക്ക് മനുഷ്യന്റെ കൈകൾക്ക് ചെയ്യാൻ കഴിയുന്ന എല്ലാ പ്രവർത്തനങ്ങളും ചെയ്യാൻ കഴിയില്ല. നടരാജ വിഗ്രഹംപോലൊരു ശില്പം അതിനു് നിർമ്മിക്കാൻ സാദ്ധ്യമല്ല. അതിനു് ഒരു ശില്പം നിർമ്മിക്കുന്നതിനുപയോഗിക്കുന്ന ഗ്രാനൈറ്റിന്റെ പ്രതലത്തിലെ പരുപരുപ്പ് അനുഭവവേദ്യമാകില്ല. മനുഷ്യബുദ്ധിക്കു ചെയ്യാൻ കഴിയുന്ന ഉദാത്തമായ കലാസൃഷ്ടികളൊന്നും കൃത്രിമബുദ്ധിക്ക് സൃഷ്ടിക്കാൻ പറ്റില്ലെന്നു പറയുന്നവരെ വിവരമില്ലാത്തവരായി കൃത്രിമബുദ്ധിയുടെ വക്താക്കൾ മുദ്രകുത്തുന്നു. ലോകപ്രശസ്ത ന്യൂറോശാസ്ത്രജ്ഞനും കാലിഫോർണിയ സർവ്വകലാശാലയിലെ പ്രൊഫസറുമായ ഡോ. വിളയന്നൂർ രാമചന്ദ്രന്റെ ഗവേഷണങ്ങൾ മനസ്സും മസ്തിഷ്ക്കവും തമ്മിലുള്ള ബന്ധം വളരെ ഫലപ്രദമായി വിശദീകരിക്കുന്നുണ്ട്. മനസ്സിന്റെയും മസ്തിഷ്ക്കത്തിന്റെയും ധർമ്മങ്ങൾ വ്യത്യസ്തമാണെന്നു് വിശദമാക്കുന്നതാണു് അദ്ദേഹത്തിന്റെ “എമർജിംഗ് മൈൻഡ്” എന്ന കൃതി. ‘ന്യൂറോ പ്ലാസ്റ്റിസിറ്റി’ എന്ന പ്രതിഭാസത്തെ പരീക്ഷണങ്ങളിലൂടെ അദ്ദേഹം തെളിയിച്ചു.
മനസ്സ് എന്തെന്നു് കൃത്യമായി അറിഞ്ഞാൽ ബുദ്ധി എന്താണെന്നു് മനസ്സിലാകും. മനസ്സിനെ മനസ്സുകൊണ്ടു മാത്രമേ അന്വേഷിക്കാൻ കഴിയൂ. മനസ്സിലേക്കുള്ള പര്യവേക്ഷണോപകരണം മനസ്സുതന്നെയാണ്. ഓരോരുത്തർക്കും അവരവരുടെ ഉള്ളിലേക്ക് നോക്കാൻ കഴിയും. നമ്മൾ ചിന്തിക്കുമ്പോൾ അതാണു് സംഭവിക്കുന്നതു്. ഓർമ്മിക്കുമ്പോൾ അതാണു് നമ്മൾ ചെയ്യുന്നതു്. മനസ്സിനും അപ്പുറമാണു് ബോധം. അതാണു് ബുദ്ധിക്കും മനസ്സിനും ചേതനയായി വർത്തിക്കുന്നതു്. അതാണു് വ്യഷ്ടിയിൽ ആത്മാവെന്നും സമഷ്ടിയിൽ പരമാത്മാവെന്നും പറയുന്നതു്. അതാണു് പരമമായ സത്യം. ആ പരമസത്യം അനുഭവിക്കുന്നതിലൂടെയാണു് ജ്ഞാനം പുഷ്പിക്കുന്നതു്. അപ്പോഴാണു് ’ദൈവരാജ്യം നിന്റെ ഉള്ളിലാണ്’ എന്ന വചനം സത്യമാണെന്നു് അറിയുന്നതു്. അപ്പോൾ തന്റെ അയൽക്കാരനെ തന്നെപ്പോലെ സ്നേഹിക്കും. മനസ്സിനു് അതിന്റെ അഗാധതയിലേക്ക് നോക്കി അതിന്റെ സ്രോതസ്സ് കണ്ടുപിടിക്കാം. ആ സ്രോതസ്സ് ഇന്ദ്രീയാതീതമാണ്. അതു് അഖണ്ഡബോധമാണ്; സച്ചിദാനന്ദമാണ്.
ദൈവസാന്നിദ്ധ്യത്തെപ്പറ്റി ബൈബിൾ പറയുന്നു: “എന്താണോ ദൃശ്യമായിട്ടുള്ളതു് അതു് ദൃശ്യമായതിനാൽ നിർമ്മിതമല്ല.” ഈ പ്രസ്താവന ക്വാണ്ടം ഭൗതികത്തിന്റെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്നു. ക്വാണ്ടം ഭൗതികത്തിൽ അണു ക്ഷേത്രമാണു്. ക്ഷേത്രത്തിനപ്പുറം ശൂന്യമാണ്. അതു് പരീക്ഷണങ്ങളിലൂടെ തെളിയിക്കാൻ സാദ്ധ്യമല്ല. എന്നാൽ ആ സങ്കൽപം സത്യമാണ്.