images/k-nair-asthikan-cover.jpg
Landscape near Arles, an oil on canvas painting by Paul Gauguin (1848–1903).
പ്രപഞ്ചത്തിനു് ബോധമുണ്ടോ?

ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചുവെന്നാണു് ഒട്ടുമിക്ക മതങ്ങളും വിശ്വസിക്കുന്നതു്. എന്നാൽ അനാദികാലമായി നിലനിൽക്കുന്ന പ്രപഞ്ചത്തിനൊരു സൃഷ്ടാവിനെ ആവശ്യമില്ലെന്നാണു് നാസ്തികരുടെ കാഴ്ചപ്പാട്. പ്രപഞ്ചത്തിനു് ബോധമോ മനസ്സോ ഉണ്ടെന്നു് അവർ വിശ്വസിക്കുന്നില്ല, യാദൃച്ഛികമായി ഉണ്ടായതാണു് അവർക്ക് ജീവൻ. ജൈവപരിണാമത്തിന്റെ ഒരു ഘട്ടത്തിൽ മസ്തിഷ്കത്തിന്റെ ആവിർഭാവത്തോടെ ഉണ്ടായതാണു് ബോധം, ബുദ്ധി, മനസ്സ് എന്നിവ നാസ്തികർക്കും ഭൗതികവാദികൾക്കും. നാസ്തികരുടെ കാഴ്ചപ്പാടുകൾ അയുക്തികവും അശാസ്ത്രീയവുമാണെന്നാണു് ആധുനിക ശാസ്ത്രങ്ങളുടെ നിഗമനങ്ങൾ. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കണ്ടുപിടിച്ച ആപേക്ഷികതാ സിദ്ധാന്തമാണു് ആധുനിക പ്രപഞ്ചശാസ്ത്രത്തിനു് (cosmology) അടിത്തറ പാകിയതു്. അംഗീകൃത പ്രപഞ്ചശാസ്ത്രസിദ്ധാന്തമായ മഹാവിസ്ഫോടന സിദ്ധാന്തമനുസരിച്ച് പ്രപഞ്ചത്തിനൊരു തുടക്കമുണ്ട്. അതു് വികസിച്ചുകൊണ്ടിരിക്കുകയാണ്. മഹാവിസ്ഫോടന സിദ്ധാന്തത്തോടെ പ്രപഞ്ചം അനന്തവും സ്ഥിരവുമാണെന്നുള്ള നാസ്തികരുടെ വിശ്വാസം തകർന്നടിഞ്ഞു. ക്വാണ്ടം ഭൗതികത്തിലെയും ജീവശാസ്ത്രത്തിലെയും ആധുനികോത്തര ഗവേഷണങ്ങൾ പ്രപഞ്ചത്തിനു് ബോധവും ബുദ്ധിയും മനസ്സും ഉണ്ടെന്നാണു് വ്യക്തമാക്കികൊണ്ടിരിക്കുന്നതു്.

ബോധത്തെക്കുറിച്ച് ലോകത്താദ്യമായി ഗവേഷണം നടത്തിയതു് പ്രശസ്ത ഭാരതീയ ശാസ്ത്രജ്ഞനായിരുന്ന ജെ. സി. ബോസായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ അദ്ദേഹം ജീവികളെയും ലോഹങ്ങളെയുംപറ്റി നടത്തിയ താരതമ്യപഠനങ്ങളാണു് അജൈവ വസ്തുക്കളിലും ബോധമുണ്ടെന്നതിനു സൂചനകൾ നല്കിയതു്. ലോഹങ്ങളെ തുടർച്ചയായി ഉപയോഗിക്കുമ്പോൾ അവ ദുർബലപ്പെടുന്നതായി അദ്ദേഹം നിരീക്ഷിച്ചു. ബോസിന്റെ പ്രസിദ്ധമായ പ്രബന്ധമാണു് ലോഹങ്ങളുടെ ക്ഷീണം (fatigue of metal). ലോഹങ്ങൾ ഉദ്ദീപനങ്ങൾക്ക് വിധേയമാകുന്നതായി അദ്ദേഹം കണ്ടെത്തി. ലോഹങ്ങളുടെ ക്ഷീണം സംബന്ധിച്ച പരീക്ഷണങ്ങൾ അദ്ദേഹത്തെ ഭൗതികശാസ്ത്രത്തിന്റെ ലോകത്തുനിന്നും ജീവശാസ്ത്രത്തിന്റെ ലോകത്തേക്ക് പോകാൻ പ്രേരിപ്പിച്ചു. സസ്യങ്ങൾക്ക് മനസ്സും ബുദ്ധിയും ബോധവുമുണ്ടെന്നു് അദ്ദേഹം പരീക്ഷണങ്ങളിലൂടെ തെളിയിച്ചു. ബോസിന്റെ പരീക്ഷണങ്ങൾ ജൈവവസ്തുക്കളും അജൈവവസ്തുക്കൾക്കും തമ്മിലുളള അതിർവരമ്പുകൾ ഇല്ലാതാക്കി. പ്രശസ്ത ഭൗതികജ്ഞനും നൊബേൽ സമ്മാനജേതാവുമായിരുന്ന റിച്ചാർഡ് ഫെയ്ൻമാൻ സംഭാവ്യത തരംഗസിദ്ധാന്തം (probability wave theory) വ്യാഖ്യാനിച്ചുകൊണ്ട് വ്യക്തമാക്കിയതു് ഇലക്ട്രോണിന്റെ സംഭാവ്യതാതരംഗങ്ങൾക്ക് ജൈവഗുണമുണ്ടെന്നാണ്.

നമ്മൾ ജീവിക്കുന്ന ചലനാത്മകവും പരിണാമാത്മകവും ജീവസ്സുറ്റതുമായ പ്രപഞ്ചത്തിനു് ബോധമില്ലെന്നുള്ള നാസ്തികരുടെയും ഭൗതികവാദികളുടെയും വിചിത്രമായ വീക്ഷണത്തെ ചോദ്യം ചെയ്യാൻ പുത്തൻഭൗതികവും ജീവശാസ്ത്രവും തയ്യാറായിട്ടുണ്ട്. ക്വാണ്ടം ഭൗതികത്തെ അടിസ്ഥാനമാക്കി പ്രപഞ്ചത്തിനാധാരമായി മൂന്നു യാഥാർത്ഥ്യങ്ങളുണ്ടെന്നു് ചില ശാസ്ത്രജ്ഞന്മാരും ചിന്തകന്മാരും കരുതുന്നു. ഭൗതിക യാഥാർത്ഥ്യം (physical reality), ക്വാണ്ടം യാഥാർത്ഥ്യം (quantum reality), കല്പിത യാഥാർത്ഥ്യം (virtual reality) എന്നിവയാണവ. ദ്രവ്യത്തിന്റെ ലോകമാണു് ഭൗതികയാഥാർത്ഥ്യം. ഊർജ്ജം ദ്രവ്യമായി മാറുന്ന ലോകമാണു് ക്വാണ്ടം യാഥാർത്ഥ്യം. ഇതാണു് ക്വാണ്ടം ക്ഷേത്രം (quantum field). സ്ഥലകാലത്തിനപ്പുറമാണു് കല്പിത യാഥാർത്ഥ്യം. ഇതിനെ ശൂന്യതയെന്നു് വിശേഷിപ്പിക്കാം. ക്വാണ്ടം ബലതന്ത്രമനുസരിച്ച് കല്പിത കണങ്ങൾ (virtual particles) പൊന്തിവരുന്നതു് ഇവിടെനിന്നാണ്. ഈ മൂന്നു യാഥാർത്ഥ്യങ്ങളെ സ്ഥൂലം, സൂക്ഷ്മം, സൂക്ഷ്മാതീതം എന്നിങ്ങനെയും വിഭജിക്കാം. വേദാന്തത്തിലും ശൈവാദ്വൈതത്തിലും ഇതിനൊരു സമാന്തരമുണ്ട്. ഭൂതാകാശം, ചിത്താകാശം, ചിദാകാശം എന്നിവയാണവ. ഭൂതാകാശം ചിത്താകാശത്തിനുള്ളിലും, ഭൂതാകാശവും ചിത്താകാശവും ചിദാകാശത്തിനുള്ളിലുമാണ്. ഭൂതാകാശം സ്ഥൂലപ്രപഞ്ചമാണ്. ചിത്താകാശം ഊർജ്ജത്തിന്റെയും, ചിന്തകൾ സ്വപ്നങ്ങൾ എന്നിവ നിലനില്ക്കുന്ന മനസ്സിന്റെയും തലമാണ്. ചിദാകാശം സ്ഥലകാലാതീതമാണ്. ഇതുതന്നെയാണു് സർവ്വവ്യാപിയും, സർവ്വാന്തര്യാമിയും സർവ്വജ്ഞവുമായ ബോധാകാശം. സൂര്യനെയും നക്ഷത്രങ്ങളെയും നമ്മളെയും പ്രകാശിപ്പിക്കുന്നതു് ചിദാകാശമാണ്. ഭൗതികയാഥാർത്ഥ്യമായി നമ്മൾ അനുഭവിക്കുന്നതെല്ലാം സ്ഥലകാലാതീതമായ പരമയാഥാർത്ഥ്യത്തിൽ അഥവാ കല്പിത യാഥാർത്ഥ്യത്തിൽ പ്രതിഭാസിക്കുന്നതാണ്.

ഭഗവദ് ഗീതയിലെ ക്ഷേത്ര ക്ഷേത്രജ്ഞ വിഭാഗയോഗത്തിൽ ബ്രഹ്മവും പ്രപഞ്ചവും, പുരുഷനും പ്രകൃതിയും, ആത്മാവും ശരീരവും, ചിത്തും ജഡവും (ബോധവും ദ്രവ്യവും) തമ്മിലുള്ള ബന്ധം ഭഗവാൻ കൃഷ്ണൻ വെളിപ്പെടുത്തുന്നുണ്ട്. ഭഗവദ് ഗീതയിലെ ക്ഷേത്രസങ്കല്പവുമായി അടുത്തുവരുന്നുണ്ട് ക്വാണ്ടം ക്ഷേത്രസിദ്ധാന്തം (quantum field theory). പ്രപഞ്ചാരംഭത്തിനുമുമ്പുള്ള ക്വാണ്ടം ശൂന്യതയിൽ (quantum vacum) നിന്നുമാണു് മഹാവിസ്ഫോടനത്തിലെ, മുഴുവൻ ഊർജ്ജവും ഉണ്ടായതു്. ക്വാണ്ടം ശൂന്യതയിൽ നിന്നും ആദ്യം വെളിപ്പെട്ടതു് ഹിഗ്സ് ഫീൽഡ് (Higgs Field)) എന്ന ഊർജ്ജക്ഷേത്രമാണു് (energy field). പ്രപഞ്ചാരംഭത്തിലെ അത്യുഗ്ര താപനിലയിൽ കണങ്ങളും അണുക്കളും തന്മാത്രകളും ഉണ്ടാകുന്നതിനു മുമ്പുള്ള അവസ്ഥയാണതു്. ഹിഗ്സ് ഫീൽഡ് മുഴുവൻ ഊർജ്ജത്താൽ നിറഞ്ഞിരുന്നു. ഊർജ്ജം അവിടെ അതിവേഗം ആന്ദോളനം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഹിഗ്സ് ക്ഷേത്രത്തിലെ ബലവാഹികളായ കല്പിത കണങ്ങളാണു് ഹിഗ്സ് ബോസോണ്‍. ദൈവകണം എന്നാണു് ശാസ്ത്രജ്ഞന്മാർ ഇതിനെ വിശേഷിപ്പിക്കുന്നതു്. 2013-ൽ സ്വിറ്റ്സർലാൻഡിലെ യൂറോപ്യൻ സെൻറർ ഫോർ ന്യൂക്ലിയർ റിസർച്ചിലെ ഹാഡ്രോണ്‍ കൊളയിഡറിൽ നടത്തിയ പരീക്ഷണങ്ങളിൽ ഹിഗ്സ് ബോസോണിനെ കണ്ടെത്തിയെന്നാണു് ശാസ്ത്രജ്ഞന്മാർ അവകാശപ്പെടുന്നതു്. 2013-ലെ നൊബേൽ സമ്മാനം ഈ കണ്ടുപിടുത്തത്തിനായിരുന്നു. ദ്രവ്യത്തിനു് ദ്രവ്യമാനം, പിണ്ഡം എന്ന ഗുണം നൽകുന്ന കണമായി ഇതിനെ കരുതപ്പെടുന്നു. ഹിഗ്സ് ഫീൽഡാണു് എല്ലാ ക്ഷേത്രങ്ങളുടെയും സ്രോതസ്സ്. ഹിഗ്സ് ഫീൽഡാകട്ടെ ഉണ്ടാകുന്നതു് ക്വാണ്ടം ശൂന്യതയിൽനിന്നും. ഭാരതീയ ദർശനമായ വേദാന്തത്തിൽ എല്ലാ പ്രപഞ്ചവസ്തുക്കളും ബോധസ്വരൂപമായ ബ്രഹ്മത്തിലെ തിരമാലകളാണ്. ലോകപ്രശസ്ത ശാസ്ത്ര സാഹിത്യകാരിയും ശാസ്ത്രജ്ഞയുമായ ഡാനാ സോഹർ അവരുടെ ക്വാണ്ടം ആത്മാവ് (quantum self) എന്ന കൃതിയിൽ പറയുന്നു: “പ്രപഞ്ചത്തിന്റെ അടിത്തട്ടായ ക്വാണ്ടം ശൂന്യതയ്ക്ക് ബോധമുണ്ടെങ്കിൽ ഹിഗ്സ് ക്ഷേത്രത്തിനും (Higgs Field) ബോധമുണ്ട്. ക്വാണ്ടം ശൂന്യത മിസ്റ്റിക്കുകൾ പറയുന്ന സർവ്വാന്തര്യാമിയായ ദൈവമാണ്.”

ക്വാണ്ടം ബലതന്ത്രത്തിന്റെ ഉപജ്ഞാതാക്കളിൽ പ്രമുഖനായിരുന്ന ഇർവിൻ ഷ്രോഡിഞ്ചറാണു് ആദ്യമായി ഭൗതികത്തെ ജീവശാസ്ത്രവുമായി ബന്ധപ്പെടുത്തിയതു്. ജീവികളിൽ ഒരു ബലക്ഷേത്രം (Force Field) ഉണ്ടെന്നു് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനെ, പിന്നീട് ജീവക്ഷേത്രം (field of life) എന്നു് ശാസ്ത്രജ്ഞന്മാർ വിശേഷിപ്പിച്ചു. 1960 കളിൽ ശാസ്ത്രജ്ഞന്മാരായ എഫ്. എസ്. സി. നോർത്തോപ്പും (F. S. C. Northop) ഹരോൾഡ് സാക്സ്ടണ്‍ ബാറും (Harold Saxton Barr) ജീവികളിലെ ജീവക്ഷേത്രത്തിന്റെ സാന്നിദ്ധ്യം പരീക്ഷണങ്ങളിലൂടെ തെളിയിച്ചു. കേംബ്രിഡ്ജ് സർവ്വകലാശാലയിലെ റുപർട്ട് ഷെൽഡ്രേക്ക് (Harold Saxton Barr) ക്വാണ്ടം ഭൗതികത്തിന്റെ വെളിച്ചത്തിൽ ജീവികളിലെ ബലക്ഷേത്രത്തെ ഫലപ്രദമായി വിശദീകരിച്ചു. ഈ ബലക്ഷേത്രത്തെ പ്രവർത്തിപ്പിക്കുന്ന ഒരു അദൃശ്യശക്തിയുണ്ടെന്ന നിഗമനത്തിലും അദ്ദേഹം എത്തിച്ചേർന്നു. ജീവികളുടെ പുനഃരുജ്ജീവനം, ജൈവ വ്യവസ്ഥയുടെ സ്വയം സംഘാടനം സ്വയംഭരണം എന്നിവയിൽ ഈ അദൃശ്യശക്തിയുടെ സാന്നിദ്ധ്യം അനുഭവപ്പെടുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രപഞ്ചബലക്ഷേത്രവും ജീവികളിലെ ബലക്ഷേത്രവും ബന്ധപ്പെട്ടതാണെന്നും ഷെൽഡ്രേക്ക് പറഞ്ഞു.

പ്രപഞ്ചത്തിനകവും പുറവും നിറഞ്ഞുനില്ക്കുന്നതെന്താണ്? ആത്മീയതയിൽ അതു് അഖണ്ഡബോധമാണ്. ഈ കാഴ്ചപ്പാട് ആത്മീയതയുടെ അടിസ്ഥാനശിലയാണ്; അടിസ്ഥാന തത്ത്വമാണ്. ബോധവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾ സാധാരണക്കാരുടെ മനസ്സിൽ ഉയർന്നുവരാറുണ്ട്. ബോധം അനാദിയാണോ? അതു് പ്രപഞ്ചോത്പത്തിക്ക് മുമ്പ് ഉണ്ടായിരുന്നുവോ? അതോ അതു് പിന്നീടുണ്ടായതാണോ? നാസ്തികർ ബോധത്തിന്റെ അനന്തമായ അസ്തിത്വം അംഗീകരിക്കുന്നില്ല. അവരുടെ അഭിപ്രായത്തിൽ ബോധം ആകസ്മികമായി ഉണ്ടായതാണ്. നാനൂറുകോടി വർഷം മുമ്പ് ഭൂമിയിൽ നിറഞ്ഞുനിന്നിരുന്ന സമുദ്രത്തിൽ രൂപംകൊണ്ട രാസവസ്തുക്കളിൽ നിന്നും ഉണ്ടായ ഡി. എൻ. എ.-യാണു് ബോധത്തിന്റെ കാരണമെന്നു് അവർ വിശ്വസിക്കുന്നു. പ്രപഞ്ച തുടക്കം മുതൽ ജീവോത്പത്തിവരെയുള്ള കാലഘട്ടത്തിൽ ‘ബോധം’ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിനു് നാസ്തികർക്ക് ഉത്തരമില്ല. അവർക്ക് പ്രപഞ്ചോത്പത്തിയും ജീവോത്പത്തിയും എല്ലാം യാദൃച്ഛികതകളാണ്.

ലോകപ്രശസ്ത ബ്രിട്ടീഷ് ഗണിതഭൗതികജ്ഞനും, ബൗദ്ധിക ലോകത്തിന്റെയാകെ ശ്രദ്ധപിടിച്ചുപറ്റിയ മനസ്സിന്റെ നിഴലുകൾ (Shadows of the Mind) ചക്രവർത്തിയുടെ പുത്തൻ മനസ്സ് (The Emperor’s New Mind) എന്നീ കൃതികളുടെ കർത്താവുമായ റോജർ പെൻറോസ്സ് പറയുന്നു: “ഊർജ്ജവും ദ്രവ്യവും ഇല്ലാതിരുന്ന പ്രപഞ്ചോത്പത്തിസമയത്തു് ബോധത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു” സാങ്കേതികമായി പറഞ്ഞാൽ സ്ഥലകാല ജ്യാമിതിയുടെ ‘പ്ലാങ്ക് സ്കെയിലി’ നു് മുമ്പ്. പ്ലാങ്ക് സ്കെയിൽ അഥവാ പ്ലാങ്ക് യുഗം എന്നാൽ പ്രപഞ്ചോത്പത്തി നിമിഷം മുതൽ 10–43 സെക്കൻഡ് വരെയുള്ള കാലം. പ്ലാങ്ക് യുഗത്തിൽ (Plank Epoch) ഭൗതികത്തിന്റെ എല്ലാ നിയമങ്ങളും പരാജയപ്പെടുന്നു. നമ്മൾ അനുഭവിക്കുന്നതെല്ലാം ബോധത്തിലായതുകൊണ്ട് അതിനപ്പുറമൊരു യാഥാർത്ഥ്യമില്ലെന്നു് പെൻറോസ്സ് അഭിപ്രായപ്പെട്ടു.

അടുത്ത കാലത്തു് അന്തരിച്ച പ്രിൻസ്റ്റൻ സർവ്വകലാശാലയിലെ ജോണ്‍ വീലർ അദ്ദേഹത്തിന്റെ പ്രസിദ്ധമായ ക്വാണ്ടം സിദ്ധാന്തവും മാപനവും (Quantum Theory and Measurment) എന്ന പുസ്തകത്തിൽ എഴുതി: “ക്വാണ്ടം ബലതന്ത്രമനുസരിച്ച് അണുവിനുള്ളിൽ നിരീക്ഷണം നടത്തുമ്പോൾ നിരീക്ഷകനും നിരീക്ഷിത വസ്തുവും തമ്മിലുള്ള വേർതിരിവ് അപ്രത്യക്ഷമാകുന്നു. നിരീക്ഷകൻ നിരീക്ഷണം എന്ന പ്രക്രിയയിൽ ഉൾപ്പെട്ട ആളും നിരീക്ഷിക്കപ്പെട്ട വസ്തുക്കളുടെ ഗുണധർമ്മങ്ങളിൽ സ്വാധീനം ചെലുത്തുന്ന ആളുമാണ്. അതുകൊണ്ട് നിരീക്ഷണം എന്ന പ്രക്രിയയിൽ നിരീക്ഷകൻ എന്ന പദത്തിനുപകരം ‘പങ്കാളി’ എന്ന പദം ഉപയോഗിക്കണം.” നിരീക്ഷകന്റെ പങ്കാളിത്തമാണു് ക്വാണ്ടം ഭൗതികത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായി വീലർ കരുതുന്നതു്. ജോണ്‍ വീലറുടെ പ്രപഞ്ചമാതൃകയെ ‘പങ്കാളിത്ത പ്രപഞ്ചം’ (participatory universe) എന്നാണു് വിളിക്കുന്നതു്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മനുഷ്യപരിണാമത്തിനുവേണ്ട സാഹചര്യങ്ങൾ ഒരുക്കുന്നതിനുവേണ്ടി രൂപംകൊണ്ടതാണു് നമ്മുടെ പ്രപഞ്ചം. മനുഷ്യപരിണാമം പ്രപഞ്ചത്തിന്റെ ബോധപൂർവ്വമായ പ്രവർത്തനത്തിന്റെ ഫലമാണ്. മനുഷ്യനില്ലാത്ത പ്രപഞ്ചം പരാജയപ്പെട്ട പ്രപഞ്ചമാണെന്നാണു് വീലറുടെ നിഗമനം. നമ്മുടെ പ്രപഞ്ചത്തിൽ എല്ലാ ഭൗതികനിയമങ്ങളും നമ്മുടെ സാന്നിദ്ധ്യത്തെ ആശ്രയിച്ചാണിരിക്കുന്നതു്. വീലറുടെ കാഴ്ചപ്പാടിൽ പ്രപഞ്ചപരിണാമവും ബോധപൂർവ്വം നടക്കുന്ന പ്രക്രിയയാണ്.

ബോധമാണു് പ്രാഥമികമെന്നും അതാണു് പരമമായ യാഥാർത്ഥ്യമെന്നും തുറന്നുപറയാൻ ആത്മീയതയെ അംഗീകരിക്കുന്ന ശാസ്ത്രജ്ഞന്മാർ പോലും മടിക്കുന്നു. കാരണം, പ്രപഞ്ചം വസ്തുനിഷ്ഠമാണെന്ന ശാസ്ത്രത്തിന്റെ അംഗീകൃതകാഴ്ചപ്പാടിനു് അതു് വിരുദ്ധമാകുമെന്ന ഭയമാണ്. പ്രപഞ്ചം വസ്തുനിഷ്ഠമല്ലെന്നു പറയുന്ന ശാസ്ത്രജ്ഞന്മാരെ ശാസ്ത്രവിരോധികളും പിൻതിരിപ്പന്മാരുമായിട്ടാണു് നാസ്തികരും ഭൗതികവാദികളും മുദ്രയടിക്കുന്നതു്. ആത്മീയതയെന്നാൽ വസ്തുനിഷ്ഠതയുടെ സ്ഥാനത്തു് ആത്മനിഷ്ഠതയെ പകരം വയ്ക്കലല്ല. ബോധോദയത്തിൽ അഥവാ ജ്ഞാനോദയത്തിൽ വസ്തുനിഷ്ഠതയും ആത്മനിഷ്ഠതയുമില്ല. നമ്മുടെ മഹാന്മാരായ ആത്മീയഗുരുക്കന്മാരെല്ലാം ഈ സത്യം സാക്ഷാത്കരിച്ചിട്ടുള്ളവരാണ്. പ്രപഞ്ചോത്പത്തിയിലെ അവസ്ഥ ഇപ്പോഴും നിലനില്ക്കുന്നുണ്ട്. പ്രപഞ്ചത്തിന്റെ അറ്റ ഊർജ്ജം എപ്പോഴും പൂജ്യമാണല്ലോ. അതുപോലെ പ്രപഞ്ചത്തിലെ ഏതു വസ്തുവിന്റെയും അറ്റഊർജ്ജവും പൂജ്യമാണെന്നാണു് ശാസ്ത്രം. അതായതു് ഏതിന്റെയും തുടക്കം ശൂന്യതയിൽ നിന്നാണ്. ശൂന്യത ഒന്നുമില്ലായ്മയല്ല. അതു് ബോധത്താൽ നിറഞ്ഞതാണ്. ഈ ആദിമാവസ്ഥയിൽ ആത്മനിഷ്ഠതയും വസ്തുനിഷ്ഠതയും ഒന്നായിത്തീരുന്നു. ആത്മനിഷ്ഠതയും വസ്തുനിഷ്ഠതയും വേറിട്ടതല്ലെന്നതു് ഒരു ക്വാണ്ടം യാഥാർത്ഥ്യമാണ്. സൂക്ഷ്മലോകഭൗതികമായ ക്വാണ്ടം ഭൗതികത്തിൽ നിരീക്ഷകനും നിരീക്ഷിക്കപ്പെട്ടതും വേറിട്ടതല്ല. തരംഗബലതന്ത്രം (wave mechanics) അനുസരിച്ച് ഇലക്ട്രോണ്‍ തരംഗമാണ്. ഇലക്ട്രോണിന്റെ കണ സ്വഭാവം തരംഗങ്ങളുടെ കൂടി ചേരൽ മൂലമാണ്. വളരെ സൂക്ഷ്മമായ സ്ഥലത്തു് ഉണ്ടാകുന്ന തരംഗ പൊതികളുടെ (wave packets) ഫലമായിട്ടാണതു്. ഇതിനു് തരംഗ ഫലനം (wave function) എന്നു പറയുന്നു. തരംഗഫലനം തകരുമ്പോൾ ഇലക്ട്രോണിന്റെ കണരൂപം ഇല്ലാതാകുന്നു. ക്വാണ്ടം ബലതന്ത്രമനുസരിച്ച് തരംഗഫലനം തകരുമ്പോൾ നിരീക്ഷകനും നിരീക്ഷിതവസ്തുവും തമ്മിലുള്ള വിഭജനം ഉണ്ടാകുന്നു. ഇപ്പോൾ ‘ഞാൻ’ ‘ഒരു വസ്തുവിനെ’ നോക്കുന്നു. നിരീക്ഷകനും നിരീക്ഷിത വസ്തുവും വിഭജിതമാകുന്നതിനുമുമ്പ് ‘ഞാനും’ കാണുന്ന ‘വസ്തുവും’ ഒന്നാണ്; വേറിട്ടതല്ല.

ശാസ്ത്രജ്ഞനും ജിദ്ദുകൃഷ്ണമൂർത്തിയുടെ ആരാധകനുമായിരുന്ന ഡേവിഡ് ബോം എഴുതി: “പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും സംഭവങ്ങളും അജ്ഞാതവും അദൃശ്യവുമായ ഒരു ചേതനയുടെ വെളിപ്പെടലാണ്.” ഈ പ്രപഞ്ചചേതനയെ സമ്പൂർണ്ണചലനം (holo movement) എന്നാണു് ബോം വിശേഷിപ്പിക്കുന്നതു്. ഈ ചേതനയാണു് പ്രത്യക്ഷത്തിലുള്ള അജൈവദ്രവ്യത്തിന്റെയും ജൈവദ്രവ്യത്തിന്റെയും സ്രോതസ്സ്. അതാണു് പ്രപഞ്ചാസ്തിത്വത്തിന്റെ യാഥാർത്ഥ്യം.

മനുഷ്യമനസ്സ് എപ്രകാരമാണോ അപ്രകാരമാണു് പ്രപഞ്ചമനസ്സെന്നും, പ്രപഞ്ചത്തിനു് ബോധമുണ്ടെന്നും അംഗീകരിച്ചാൽ അതിന്റെ സൃഷ്ടിപരതയും സർഗ്ഗാത്മകതയും നമുക്ക് ബോദ്ധ്യപ്പെടും. പേഴ്സ്യൻ മിസ്റ്റിക്കായ റൂമി പറയുന്നു: ‘ഒന്നുമില്ലായ്മയിൽ നിന്നും ഉയർന്നുവരുന്ന ലോകത്തെ നോക്കൂ. അതു് നിങ്ങളുടെ ശക്തിയാണ്. നമ്മളുൾപ്പെടെ പ്രപഞ്ചത്തിലുള്ളതെല്ലാം നിലനില്ക്കുന്നതു് ആദിവീര്യത്തോടെയും ശക്തിയോടെയുമാണ്. ബോധമാണു് ശക്തിയുടെയും വീര്യത്തിന്റെയും ഉറവിടം. ആ അനന്തബോധം ഇപ്പോഴും എപ്പോഴും ഉണ്ടായിരിക്കും. ബോധത്തിനുനേരെ കണ്ണടച്ചുകൊണ്ട് ശാസ്ത്രത്തിനു മുന്നോട്ടുപോകാൻ സാദ്ധ്യമല്ലെന്നാണു് ആധുനികോത്തര ശാസ്ത്രസിദ്ധാന്തങ്ങൾ സൂചിപ്പിക്കുന്നതു്. ക്വാണ്ടം ഭൗതികത്തിലെ സംഭാവ്യതരംഗങ്ങൾ നിലനില്ക്കുന്ന തലമാണു് ദൈവത്തിന്റെ മനസ്സെന്നു് ബ്രിട്ടീഷ് ഭൗതികജ്ഞനായിരുന്ന മാക്സ്ബോണ്‍ അഭിപ്രായപ്പെടുകയുണ്ടായി. ശാസ്ത്രചരിത്രം പരിശോധിച്ചാൽ എല്ലാ മഹാന്മാരായ ശാസ്ത്രജ്ഞന്മാരും ദൈവത്തിന്റെ മനസ്സറിയാൻ ശ്രമിച്ചിട്ടുണ്ട്.

ഭാരതത്തിലെ ഏറ്റവും ഉദാത്ത ദർശനമായ ഉപനിഷത്തുക്കൾ ആവർത്തിച്ചു പ്രഖ്യാപിക്കുന്നു: “പരമസത്യം (ultimate reality) ബോധസ്വരൂപമായ ബ്രഹ്മമാണ്. അതിൽ ശക്തിസ്പന്ദിക്കുന്നതോടെ പ്രാണപ്രവാഹം ആരംഭിക്കുന്നു. ക്വാണ്ടം ഭൗതികമനുസരിച്ച് ശക്തിസ്പന്ദനത്തിലൂടെ ഉണ്ടാകുന്ന ചലനാത്മക ഊർജ്ജപ്രവാഹമാണു്, ഊർജ്ജപാറ്റേണ്‍ ആണു്, കണങ്ങൾ (particles). കണങ്ങൾ ഊർജ്ജപ്രവാഹത്തിൽ ഉണ്ടായി നിലനിന്നു് അപ്രത്യക്ഷമാകുന്നതാണ്. ദ്രവ്യത്തിന്റെ ഏറ്റവും സൂക്ഷ്മരൂപമാണു് കണങ്ങൾ. കണങ്ങൾകൊണ്ടാണു് ദ്രവ്യാത്മക പ്രപഞ്ചത്തെ നിർമ്മിച്ചിരിക്കുന്നതു്. ഈ ശക്തി സ്പന്ദനമാണു് എല്ലാ പ്രപഞ്ചഘടകങ്ങളെയും ഉണ്ടാക്കി കാണിക്കുന്നതു്. ബോധത്തിലുണ്ടാകുന്ന ശക്തിസ്പന്ദം ബോധമയമാണ്. ജലത്തിൽ രൂപംകൊള്ളുന്ന ഓരോ കുമിളയും ജലമായിരിക്കുന്നതുപോലെ. അപ്പോൾ എല്ലാ ജീവശരീരങ്ങൾക്കും ജീവനായി വർത്തിക്കുന്നതും ബോധം തന്നെയാണ്. നക്ഷത്രങ്ങളുടെയും സൂര്യന്റെയും ചന്ദ്രന്റെയും മനുഷ്യന്റെയും പക്ഷിമൃഗാദികളുടെയും പ്രവർത്തന രഹസ്യവും ഇതുതന്നെ. അപ്പോൾ പിന്നെ പ്രപഞ്ചത്തിനു് ബോധമുണ്ടോ എന്ന ചോദ്യം ഇവിടെ അപ്രസക്തമാകുന്നു.

Colophon

Title: Āstikanāya daivam (ml: ആസ്തികനായ ദൈവം).

Author(s): Kesavan Nair.

First publication details: Sayahna Foundation; Trivandrum, Kerala; 2022.

Deafult language: ml, Malayalam.

Keywords: Popular science, Kesavan Nair, കേശവൻ നായർ, ആസ്തികനായ ദൈവം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 26, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Landscape near Arles, an oil on canvas painting by Paul Gauguin (1848–1903). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.