പരിണാമസിദ്ധാന്തം, മതങ്ങളുടെ, വിശിഷ്യ സെമിറ്റിക് മതങ്ങളുടെ സൃഷ്ടിവാദത്തെ പരാജയപ്പെടുത്തുന്നതിനുളള ശാസ്ത്രത്തിന്റെ ശക്തമായൊരായുധമായിട്ടാണു് കരുതപ്പെടുന്നതു്. സ്രഷ്ടാവായ ദൈവം പൂർണനായതുകൊണ്ട് അദ്ദേഹത്തിന്റെ സൃഷ്ടിയായ പ്രപഞ്ചവും പൂർണമാണെന്നാണു് മതാനുയായികളുടെ വിശ്വാസം. പൂർണതയുളള പ്രപഞ്ചം എന്തിനു് പരിണാമവിധേയമാകുന്നുവെന്നു് വിശ്വാസികൾ ചോദിക്കുന്നു. അവർക്ക് സൃഷ്ടികർമ്മം കഴിഞ്ഞപ്പോൾ തന്നെ പ്രപഞ്ചം പൂർണമാണ്. അവരെ സംബന്ധിച്ചിടത്തോളം ഏകകോശജീവികളിൽ നിന്നും പരിണമിച്ചതല്ല ബുദ്ധിമാനായ മനുഷ്യൻ. സൃഷ്ടി നടന്നപ്പോൾ മുതൽ മനുഷ്യൻ ഇതേ രൂപത്തിലായിരുന്നു.
ഭാരതീയ ആത്മീയദർശനങ്ങൾ പൊതുവെ പ്രപഞ്ചപരിണാമത്തെ അംഗീകരിക്കുന്നവയാണ്. പ്രകൃതി പരിണാമാത്മകമാണെന്നു് സാംഖ്യം അവകാശപ്പെടുന്നു. പരിണാമത്തിനു് ഒരു സോദ്ദേശ്യതയുണ്ടെന്നും അതു് നിയമാനുസൃതമാണെന്നും അതിനെ ഏകോപിപ്പിച്ച് പ്രവർത്തിപ്പിക്കുന്നതിനു് ഒരു തത്ത്വമുണ്ടെന്നും ആ തത്ത്വം ദൈവമാണെന്നും യോഗശാസ്ത്രത്തിന്റെ സ്ഥാപകനായ പതഞ്ജലി മഹർഷി പറയുന്നു. വേദാന്തവും പരിണാമത്തെ അംഗീകരിക്കുന്നുണ്ട്. വേദാന്തത്തിൽ പ്രപഞ്ചപരിണാമം ബ്രഹ്മത്തിന്റെ സോദ്ദേശ്യപൂർവ്വമായ സർഗാത്മകപ്രതിഭാസമാണ്.
ആധുനികശാസ്ത്രത്തിൽ, പ്രപഞ്ചപരിണാമം അജൈവദ്രവ്യത്തിന്റെയും ജീവദ്രവ്യത്തിന്റെയും പരിണാമമാണ്. ആദിയിൽ, പ്രപഞ്ചോത്പത്തിയിൽ, ഊർജ്ജപ്രവാഹം മാത്രമേ ഉണ്ടായിരുന്നുളളൂ. ഊർജ്ജത്തിൽനിന്നു് ആദ്യം കല്പിതകണങ്ങളും (virtual particles) പിന്നീട് ക്വാർക്കുകളും ഇലക്ട്രോണുകളും രൂപം കൊണ്ടു. ക്വാർക്കുകൾ ചേർന്നു് പ്രോട്ടോണുകളും ന്യൂട്രോണുകളും രൂപം പ്രാപിച്ചു. അപ്പോൾ പ്രപഞ്ചത്തിന്റെ താപനില 1,000,000,000,000 ഡിഗ്രി സെൽഷ്യസ് ആയിരുന്നുവെന്നാണു് കണക്കാക്കിയിരിക്കുന്നതു്. പ്രപഞ്ചോത്പത്തിക്കുശേഷം മൂന്നുമിനിട്ടുകഴിഞ്ഞപ്പോൾ ചില പ്രോട്ടോണുകളും ന്യൂട്രോണുകളും യോജിച്ച് ഹീലിയം ന്യൂക്ലിയസ്സായി മാറി. 3,00,000 വർഷങ്ങൾക്ക് ശേഷം ഇലക്ട്രോണ്‍ പ്രോട്രോണിനും ഹീലിയം ന്യൂക്ലിയസിനും ചുറ്റും ഭ്രമണം ചെയ്യാൻ തുടങ്ങി. ഹൈഡ്രജനും ഹീലിയവും ഉണ്ടായി. ഉത്പത്തിക്ക് 50കോടി വർഷങ്ങൾക്കുശേഷം അതായതു്. ഇന്നേക്ക് 1,320 കോടി വർഷം മുമ്പ് വാതകങ്ങൾ നിറഞ്ഞ പ്രപഞ്ചം ഖണ്ഡം ഖണ്ഡങ്ങളായി. ഖണ്ഡങ്ങൾ പ്രാഗ് ഗാലക്സികളായി. അതിലൊന്നായിരുന്നു ക്ഷീരപഥം. 100 കോടി വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും നമ്മുടെ ക്ഷീരപഥഗാലക്സിയിലെ ആദ്യനക്ഷത്രം രൂപംകൊണ്ടു. മഹാവിസ്ഫോടനത്തിനുശേഷം 500 കോടി വർഷങ്ങൾക്കും 1000 കോടി വർഷങ്ങൾക്കും ഇടയ്ക്ക് അതായതു് കഴിഞ്ഞ 1000 കോടി വർഷത്തിനിടയിൽ ക്ഷീരപഥഗാലക്സി ഇന്നത്തെ രൂപത്തിലായി. ഇവിടെ നക്ഷത്രങ്ങളുടെ ജനനവും മരണവും നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. ഇന്നേക്ക് 456 കോടി വർഷം മുമ്പ് സൗരയൂഥം ജനിച്ചു. സൗരയൂഥത്തിൽ കാണുന്ന പാറകളും ഐസ്സും ചേർന്നു് ധൂമകേതുക്കളുടെ ന്യൂക്ലിയസ്സും രൂപം കൊണ്ടു. 454 കോടി വർഷം മുമ്പാണു് സൗരയൂഥത്തിൽ ഭൂമി പരിണമിച്ചതു്. 453 കോടി വർഷം മുമ്പ് സൗരയൂഥത്തിൽ നടന്ന ഒരു മഹാസംഘട്ടനത്തിലൂടെയാണു് ചന്ദ്രൻ പരിണമിച്ചതു്. ചന്ദ്രൻ ഇല്ലായിരുന്നെങ്കിൽ ഭൂമിയിൽ ജീവപരിണാമം നടക്കുകയില്ലായിരുന്നു. 350 കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവൻ പ്രത്യക്ഷപ്പെട്ടു. 120 കോടി വർഷം മുമ്പ് ആദ്യത്തെ സസ്യം രൂപം കൊണ്ടു. പ്രപഞ്ചപരിണാമം ദ്രവ്യപരിണാമമാണ്. അതിന്റെ തുടർച്ചയാണു് ജീവപരിണാമം. പരിണാമത്തിന്റെ ഓരോ ഘട്ടവും സൂക്ഷ്മമായി പരിശോധിച്ചാൽ അതു് സോദ്ദേശ്യപരമാണെന്നു് വ്യക്തമാകും. പരിണാമത്തിന്റെ ചാലകശക്തി ബോധമാണ്.
പ്രപഞ്ചപരിണാമത്തിന്റെ രഹസ്യം മനസ്സിലാക്കാൻ ഹൈഡ്രജൻ അണുവിന്റെ പരിണാമം പരിശോധിച്ചാൽ മതിയാകും. പ്രപഞ്ചോത്പത്തിയിൽ ഉണ്ടായ ഹൈഡ്രജനും ഇപ്പോഴുളളതും തമ്മിൽ ഗുണധർമ്മങ്ങളിൽ യാതൊരു വ്യത്യാസവുമില്ല. ഒരു മൂലകം എന്ന നിലയിൽ അതിനു് മാറ്റമുണ്ടായിട്ടില്ല. ജീവപരിണാമത്തിൽ ഏകകോശജീവിയിൽ നിന്നും ബഹുകോശജീവികളും ബഹുകോശജീവിയിൽ നിന്നും മനുഷ്യനും പരിണമിച്ചതുപോലെയാണു് ഹൈഡ്രജനിൽനിന്നു് ഇരുമ്പിലേക്കുളള പരിണാമവും. ഏകകോശജീവികളിൽ ഇപ്പോഴും ഏകകോശജീവികളായിതന്നെയുണ്ട്. ആദിയിൽ ഹൈഡ്രജൻ അണുക്കൾ സ്ഥലത്തിൽ ക്രമരഹിതമായി ഒഴുകിനടക്കുകയായിരുന്നു. എന്നാൽ അവയിൽ കുറച്ച് ഹൈഡ്രജൻ അണുക്കൾ നക്ഷത്രാന്തരീയമേഘങ്ങൾക്ക് രൂപം കൊളളുന്നതിനു് വേണ്ടി പൊടിപടലങ്ങളായി മാറി. ഈ ഹൈഡ്രജൻ അണുക്കൾ അടങ്ങിയ പൊടിപടലങ്ങളും ധൂളികളും ഗുരുത്വാകർഷണത്താൽ കേന്ദ്രീകരിക്കപ്പെട്ട് പ്രാഗ് നക്ഷത്രങ്ങളുണ്ടായി. ആദിമനക്ഷത്രങ്ങളിലെ അണുസംയോജനത്തിലൂടെ ഭാരമുളള മൂലകങ്ങൾ ഉണ്ടായി. ആദ്യതലമുറയിലെ നക്ഷത്രങ്ങൾ പൊട്ടിത്തെറിച്ചപ്പോൾ ഉണ്ടായ അവശിഷ്ടങ്ങളിൽനിന്നു് രണ്ടാം തലമുറയിൽപ്പെടുന്ന നക്ഷത്രങ്ങളുണ്ടായി.
രണ്ടാം തലമുറയിലെ ഏറ്റവും വലിയ നക്ഷത്രങ്ങളുടെ സ്ഫോടനത്തെ ‘സൂപ്പർനോവ സ്ഫോടനം’ എന്നാണു് വിളിക്കുന്നതു്. സൂപ്പർനോവ സ്ഫോടനത്തിന്റെ അത്യുഗ്രതാപനിലയിൽ നിന്നുമാണു് ഇരുമ്പുപോലെ വളരെ ഭാരമുളള മൂലകങ്ങൾ ഉണ്ടായതു്. സൂപ്പർനോവ സ്ഫോടനത്തോടെ ഇരുമ്പ് അണുക്കൾ സ്ഥലത്തിലേയ്ക്ക് വിതറപ്പെടുന്നു. ആദ്യതലമുറയിലെ നക്ഷത്രങ്ങളുടെ നിർമ്മിതിക്കായി ഗുരുത്വാകർഷണത്തിൽപ്പെട്ട് അണുസംയോജനത്തിനു് വിധേയമായ ഏറ്റവും ഭാരം കുറഞ്ഞ മൂലകമായ ഹൈഡ്രജനാണു് വിവിധ പരിണാമഘട്ടങ്ങളിലൂടെ കടന്നു് ഒടുവിൽ ഇരുമ്പായി മാറിയതു്. സൂപ്പർനോവ സ്ഫോടനത്തിൽ ചിതറപ്പെട്ട മൂലകങ്ങൾ മറ്റൊരു നക്ഷത്രമായ നമ്മുടെ സൂര്യന്റെ ആകർഷണവലയത്തിൽപ്പെട്ടു. അവ സംഘനിച്ച് ഗ്രഹങ്ങളുണ്ടായി.
പ്രപഞ്ചചരിത്രത്തിന്റെ ഈ ഘട്ടത്തിൽ സൂര്യൻ ജനിച്ചപ്പോൾ അതിന്റെ ചുറ്റും പൊടിപടലങ്ങളാൽ നിർമ്മിതമായ വളയങ്ങൾ ഉണ്ടായിരുന്നു. ഈ വളയങ്ങളും സൂപ്പർനോവ സ്ഫോടനത്തിൽ ഉണ്ടായ അവശിഷ്ടങ്ങളും ചേർന്നു് ഗുരുത്വാകർഷണഫലമായി ഭൂമിയും മറ്റുഗ്രഹങ്ങളും രൂപം കൊണ്ടു. അങ്ങനെയാണു് ഭൂമിയുടെ കാമ്പിൽ ഉരുകിയ ഇരുമ്പുണ്ടായതു് (ഭൂമിയുടെ കാമ്പിന്റെ 70 ശതമാനം ഇരുമ്പാണ്). അപ്പോഴേക്കും പ്രപഞ്ചത്തിന്റെ പ്രായം 1,000 കോടി വർഷമായി. ഇരുമ്പ് അണുക്കൾ വിവിധ രാസവസ്തുക്കളുമായി പ്രതിപ്രവർത്തിച്ചു. ഈ പ്രതിപ്രവർത്തനങ്ങളുടെ ഫലമായി ഇരുമ്പണുവിനു് യാതൊരു മാറ്റവും ഉണ്ടായില്ല. ഇരുമ്പ് നെല്ലിക്കയിലും ചീരയിലും തക്കാളിയിലുമൊക്കെ കടന്നുകൂടി. ഇരുമ്പ് വളരെ സങ്കീർണ്ണമായ ഹീമോഗ്ലോബിൻ മോളിക്യൂളിന്റെയും ഭാഗമായി. ജീവൻ നിലനിർത്തുന്നതിനാവശ്യമായ ഓക്സിജൻ രക്തത്തിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുളള കോശങ്ങളിൽ എത്തിക്കുന്നതു് ചുവന്ന രക്താണുക്കളാണ്. ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിൻ എന്ന വർണ്ണവസ്തുവാണു് ഓക്സിജനെ വഹിക്കുന്നതു്. ജീവപരിണാമത്തിലെ സുപ്രധാനമായൊരു സംഭവമാണു് ഹീമോഗ്ലോബിൻ മോളിക്യൂളിന്റെ രൂപീകരണം.
ആദിമഹൈഡ്രജൻ അണു ഇരുമ്പണുവായി പരിണമിച്ച് ഹീമോഗ്ലോബിൻ മോളിക്യൂളിന്റെ ഭാഗമായി മാറിയ പ്രക്രിയ വിസ്മയകരമാണ്. ഭൂമിയിൽ ജീവന്റെ തുടിപ്പ് നിലനിർത്തുന്നതിനു് മഹത്തായ പങ്കാണു് ഇരുമ്പ് അണുക്കൾ വഹിക്കുന്നതു്. ഹീമോഗ്ലോബിനിൽ ഉളള ഇരുമ്പുൾപ്പെടെ ഭൂമിയിലുളള ഇരുമ്പു മുഴുവൻ ഒരു വലിയ നക്ഷത്രത്തിന്റെ ഭാഗമായിരുന്നല്ലോ. മഹാവിസ്ഫോടനം മുതൽ സൂപ്പർനോവ സ്ഫോടനം വരെയും അതിനുശേഷം ഭൂമിയുണ്ടായതും എല്ലാം കാലാനുക്രമമായി ശാസ്ത്രീയമായി തിട്ടപ്പെടുത്താൻ നമുക്ക് ഇന്നു് കഴിവുണ്ട്. ഈ കഴിവിനു് നമ്മൾ ഇരുമ്പണുവിന്റെ രൂപരാസപരിണാമത്തിനോട് കടപ്പെട്ടിരിക്കുന്നു. ഇരുമ്പ് ഹീമോഗ്ലോബിന്റെ ഭാഗമായതോടെ ജീവപരിണാമം വേഗത്തിലായി. ജീവപരിണാമത്തിന്റെ ഉന്നതശ്രേണിയിലാണു് മനുഷ്യന്റെ സ്ഥാനം. മനുഷ്യനാണു് അവന്റെ സ്വയം വിശദീകരണത്തിനു് പരിണാമം എന്ന പരികല്പന ആവിഷ്കരിച്ചതു്.
ഞാനും നിങ്ങളും എഴുതുന്നതിനും വായിക്കുന്നതിനും കാരണം ഹൈഡ്രജനിൽ നിന്നും പരിണമിച്ച ഇരുമ്പാണ്. ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിൻ ഇല്ലായിരുന്നെങ്കിൽ മനുഷ്യൻ പരിണമിക്കുമായിരുന്നില്ല. ആദിമമനുഷ്യന്റെ പരിണാമപ്രക്രിയയ്ക്ക് പിന്നിലെ അദൃശ്യസത്യത്തെ അന്വേഷിക്കുകയാണു് ഇവിടെ. മനുഷ്യന്റെ ഇച്ഛയുടെയും ജ്ഞാനത്തിന്റെയും കർമ്മങ്ങളുടെയും പിന്നിലെ ശക്തിയും ആ അദൃശ്യയാഥാർത്ഥ്യമാണ്. ആ അദൃശ്യയാഥാർത്ഥ്യമാണു് ഹൈഡ്രജനെ ഇരുമ്പാക്കി മാറ്റിയതു്. ആത്മീയമായി ദ്രവ്യപരിണാമവും ജീവപരിണാമവും യാദൃച്ഛികമായി സംഭവിച്ചതല്ല. എന്നാൽ യാദൃച്ഛികമായ ഭൗതികപ്രക്രിയകളാണു് പരിണാമത്തിനു് കാരണമെന്നു് നാസ്തികരും ഭൗതികവാദികളും അന്ധമായി വിശ്വസിക്കുന്നു. ഈ വാദം സാമാന്യബുദ്ധിയുളള ആരെയും തൃപ്തിപ്പെടുത്തുന്നതല്ല. ഹൈഡ്രജൻ അണുവിൽ നിന്നും ഇരുമ്പണുവിലേക്കുളള യാത്രയുടെ ഓരോ ഘട്ടവും സങ്കീർണമായിരുന്നു. പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും അതിന്റെ ഊർജ്ജം ക്രമേണ വർദ്ധിച്ചു. ഒടുവിൽ ഇരുമ്പായി നമ്മുടെ ശരീരത്തിൽ കടന്നുകൂടിയപ്പോൾ നമ്മൾ ബുദ്ധിയുളളവരായി മാറി. നമ്മളെ ഊർജ്ജസ്വലരും ബുദ്ധിമാന്മാരുമാക്കി മാറ്റിയതു് ആദിമാണുവിന്റെ പരിണാമമാണ്. നമ്മുടെ ശരീരത്തിലെയും തുരുമ്പിച്ച പൈപ്പിലെയും നക്ഷത്രാന്തരീയ സ്ഥലത്തെ ധൂളികളിലെയും ഇരുമ്പും തമ്മിൽ വ്യത്യാസമില്ല. എന്നാൽ ചുവന്ന രക്താണുക്കളിൽ കാണുന്ന ഇരുമ്പിന്റെ സാന്നിദ്ധ്യം ലക്ഷ്യമുളളതും സോദ്ദേശ്യപരവുമാണ്.
ഭാരതീയ ആത്മീയദർശനമായ വേദാന്തത്തിൽ പ്രപഞ്ചത്തിനൊരു സ്രഷ്ടാവില്ല. ബ്രഹ്മത്തിന്റെ (ultimate reality) പ്രത്യക്ഷമാണു് പ്രപഞ്ചം. ഉപനിഷത്തുക്കൾ നാല് മഹാകാവ്യങ്ങളിലൂടെ പ്രഖ്യാപിക്കുന്നു: ‘ബോധം ബ്രഹ്മമാണു്,
ആത്മാവും ബ്രഹ്മമാണു്, ഞാൻ ബ്രഹ്മമാണു്, നീയും ബ്രഹ്മമാണു് എന്നു്. ബ്രഹ്മത്തെ ബോധമായോ, ദൈവമായോ സങ്കല്പിച്ചാൽ ബോധവും പ്രപഞ്ചവും തമ്മിലും ദൈവവും പ്രപഞ്ചവും തമ്മിലും വ്യത്യാസമില്ല. പ്രപഞ്ചത്തിൽ ബോധം സഹജവും അന്തര്യാമിയുമാണ്. ഹൈഡ്രജനെ ഇരുമ്പിലേക്ക് പരിണമിപ്പിക്കുന്നതു് പ്രപഞ്ചബോധമാണ്. ഇരുമ്പണുവിന്റെ പരിണാമത്തിന്റെ ഒരു ഘട്ടത്തിലും ആകസ്മികത കടന്നുവരുന്നില്ല. പരിണാമപ്രക്രിയ ക്രമരഹിതമായിട്ടല്ല നടക്കുന്നതു്. ആധുനികഭൗതികത്തിലെ പുതിയ ശാസ്ത്രസിദ്ധാന്തങ്ങളിൽ ഒന്നായ കയോസ് സിദ്ധാന്തം (chaos theory) വ്യക്തമാക്കുന്നതു് പ്രകൃതിയിൽ നടക്കുന്ന പരിണാമം ക്രമരാഹിത്യത്തിൽ നിന്നും ക്രമത്തിലേക്കാണെന്നാണു് (order out of chaos) ഹീമോഗ്ലോബിൻ മോളിക്യൂളിലെ ആയിരക്കണക്കിനു വരുന്ന അണുക്കൾ വളരെ ക്രമീകൃതമായി അടുക്കിയിട്ടുളളവയാണ്. ഹീമോഗ്ലോബിൻ മോളിക്യൂളിന്റെ സൂക്ഷ്മതലം കണങ്ങളുടേതാണു്, ക്വാണ്ടം തലമാണ്. ശാസ്ത്രം ന്യൂനീകരണത്തിലൂടെ (reductionism) യാണല്ലോ ഒരു വസ്തുവിനെ അപഗ്രഥിച്ച് പരിശോധിക്കുന്നതു്. അണുവിന്റെ അതിസൂക്ഷ്മതലത്തിൽ കണങ്ങൾ സംഭാവ്യതാതരംഗങ്ങളാണു് (probability waves). ദൃശ്യപ്രപഞ്ചം സംഭാവ്യതാ തരംഗങ്ങളിൽ നിന്നും രൂപം കൊളളുന്ന കണങ്ങളുടെ സംഘാതമാണ്. ഉപനിഷത്തുക്കൾ അദൃശ്യമായതിനെ ബ്രഹ്മമെന്നു പറയുന്നു. അതു് അഖണ്ഡബോധമാണ്.
മനുഷ്യശരീരത്തെ വിഭജിച്ച് വിഭജിച്ച് ഒടുവിൽ ഉപആണവകണങ്ങളാക്കി മാറ്റി നമ്മൾ എന്താണു് എന്നു് വിശദീകരിക്കാൻ പറ്റില്ല. വ്യവച്ഛേദനശാസ്ത്രത്തിലൂടെ (anatomy) ആത്മാവിനെ കണ്ടുപിടിക്കാൻ സാദ്ധ്യമല്ല. ഡേവിഡ് ബോം പറഞ്ഞു. “മനുഷ്യൻ പ്രപഞ്ചത്തിന്റെ ചെറിയ പതിപ്പും പ്രപഞ്ചം അവന്റെ വലിയ പതിപ്പുമാണ്.” മൈക്കൽ ജോണ്‍സന്റെയോ യേശുദാസിന്റെയോ സംഗീതത്തെ ശബ്ദതരംഗങ്ങളായി വിഘടിപ്പിച്ചാൽ അതിൽ സംഗീതമുണ്ടാവില്ല. അവരുടെ പ്രതിഭയാണു് സംഗീതം സൃഷ്ടിക്കുന്നതു്. പ്രതിഭയെ ആവിഷ്കരിക്കുന്നതു് ബോധവും. സത്യത്തിൽ കല ആത്മാവിഷ്കാരമാണല്ലോ. ന്യൂനീകരണത്തിന്റെയും അപഗ്രഥനത്തിന്റെയും പ്രധാന പോരായ്മ വസ്തുക്കളുടെ പിന്നിലെ അദൃശ്യതയെ അവഗണിക്കുന്നുവെന്നതാണ്. ക്വാണ്ടം ഭൗതികത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായിരുന്ന നീൽസ് ബോർ പറഞ്ഞു. “യാഥാർത്ഥ്യമെന്നു് നമ്മൾ പറയുന്നതെല്ലാം അയഥാർത്ഥമെന്നു് കരുതാവുന്നവയെ കൊണ്ട് നിർമ്മിതമാണ്.” മറ്റൊരിക്കൽ അദ്ദേഹം ഹൈസൻ ബർഗിനോടു വ്യക്തമാക്കി, അണു വസ്തുവല്ല എന്നു്.
പ്രപഞ്ചപരിണാമത്തിന്റെയും ജീവപരിണാമത്തിന്റെയും അദൃശ്യശക്തി ബോധമാണെന്ന ആത്മീയമായ കാഴ്ചപ്പാടാണു് യുക്തിഭദ്രവും ശാസ്ത്രീയവും; ബോധത്തെ തിരസ്കരിച്ചുകൊണ്ടുളള ഭൗതികവാദവും നാസ്തികതയും അയുക്തികവും അശാസ്ത്രീയവുമാണ്.