നാം ജീവിക്കുന്നതു് ചലനാത്മകപ്രപഞ്ചത്തിലാണ്. ചലനം ജീവന്റെ ലക്ഷണവുമാണ്. ജീവനുളള പ്രപഞ്ചത്തിലാണു് നമ്മൾ ജീവിക്കുന്നതെന്ന സത്യം മറച്ചുവെയ്ക്കാൻ സാദ്ധ്യമല്ല. മൂന്നുകോടി എണ്‍പതു് ലക്ഷം വർഷം മുമ്പാണു് ജീവന്റെ ആദിമതുടിപ്പുകൾ ഭൂമിയിൽ പ്രത്യക്ഷപ്പെട്ടതെന്നു് കരുതപ്പെടുന്നു. അതിനുമുമ്പ് ഭൂമിയും പ്രപഞ്ചവും മൃതമായിരുന്നുവെന്നു് ഇതിനർത്ഥമില്ല. നമ്മൾ കാർബണ്‍ അടിസ്ഥാനമായ ജീവിയാണ്. പ്രപഞ്ചം വികസിക്കുന്നതു് കാർബണ്‍ അടിസ്ഥാനമായ ജീവൻ രൂപം കൊളളുന്നതിനു് വേണ്ട വേഗത്തിൽ മാത്രമാണ്. നമ്മുടെ നിലനിൽപ്പിനു് ആവശ്യമായ അവസ്ഥാവിശേഷങ്ങളാണു് പ്രപഞ്ചത്തിലുളളതു്. പ്രപഞ്ചം എന്തുകൊണ്ട് ഇന്നു് നാം കാണുന്ന രൂപത്തിലായി? ഉത്തരം ലളിതമാണ്. നമ്മൾ ഇവിടെ ഉളളതുകൊണ്ട്.
പ്രപഞ്ചം ഒരു പ്രവാഹമാണ്. ഊർജ്ജത്തെ ദ്രവ്യമായും ദ്രവ്യത്തെ ഊർജ്ജമായും മാറ്റുന്ന ഒരു ചലനാത്മക ചാക്രികപ്രക്രിയയാണു് പ്രപഞ്ചം. നക്ഷത്രത്തിനും ഗാലക്സിക്കും ഇലക്ട്രോണിനും നിങ്ങൾക്കും എനിക്കും ഒരു സ്ഥിരമായ രൂപമില്ല. എല്ലാം മാറ്റത്തിനു് വിധേയമായിക്കൊണ്ടിരിക്കുന്നു. അപ്പോൾ ഒന്നും ജഡമല്ല; മൃതമല്ല. ഇതു് തത്ത്വചിന്തയല്ല, കാണാൻ കഴിയുന്ന സത്യമാണ്. ആധുനികശാസ്ത്രം വ്യക്തമാക്കുന്നതു് നമ്മൾ പ്രപഞ്ചപരിണാമത്തിന്റെ ഫലമായി പരിണമിച്ചതാണെന്നാണ്. ജീവപരിണാമം തന്നെയാണു് പ്രപഞ്ചപരിണാമം. നമ്മുടെ ശരീരത്തിലെ അണുക്കൾ (atoms) പണ്ട് പണ്ട് നടന്ന ഏതോ സൂപ്പർനോവാ സ്ഫോടനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നും വന്നതാണ്. സൂപ്പർനോവ സ്ഫോടനം നടക്കുമ്പോൾ സഹസ്രകോടി ടണ്‍ കണക്കിനു് സ്വർണ്ണവും വെളളിയും ഇരുമ്പും ചെമ്പും, കാർബണും മറ്റ് മൂലകങ്ങളും ചിതറിത്തെറിക്കുന്നു. അതു് നക്ഷത്രാന്തരീയസ്ഥലത്തു് വ്യാപിച്ച് ചുറ്റുമുളള മേഘങ്ങളിൽ ലയിക്കുന്നു. അതു് അടുത്ത തലമുറയിലെ നക്ഷത്രങ്ങളുടെ അസംസ്കൃതപദാർത്ഥമായി മാറുന്നു. നക്ഷത്രാന്തരീയമേഘങ്ങളും ധൂളികളും ഘനീഭവിച്ച് അതിൽ നിന്നും പുതിയ തലമുറയിലെ നക്ഷത്രങ്ങളും ഗ്രഹങ്ങളും പിറക്കുമ്പോൾ അവ അമൂല്യമായ മൂലകങ്ങളുടെ അവകാശികളായി തീരുന്നു. നമ്മുടെ ഭൂമി അത്തരമൊരു ഗ്രഹമാണ്. സൂപ്പർനോവ സ്ഫോടനത്തിൽ ചിതറപ്പെട്ട അണുക്കളെ കൊണ്ട് നിർമ്മിതമാണു് ഭൂമിയും നമ്മുടെ ശരീരവും. നമ്മുടെ ശരീരത്തിലെ കാർബണ്‍ അണുവിന്റെ ഉത്ഭവം സൂര്യനുണ്ടാകുന്നതിനു മുമ്പ് പൊട്ടിത്തെറിക്കപ്പെട്ട നക്ഷത്രങ്ങളിലാണ്. നമ്മൾ കാണുന്നതും കേൾക്കുന്നതും നക്ഷത്രങ്ങളുടെയും അണുക്കളുടെയും പരിണാമഫലമാണ്.
പ്രത്യക്ഷത്തിൽ നമ്മൾ ഓരോരുത്തരും വേർപ്പെട്ട വ്യക്തികളാണെങ്കിലും സൂക്ഷ്മതലത്തിൽ നമ്മളെല്ലാം ബന്ധിതരാണ്. നമ്മുടെ പരിസരം നമ്മളിൽ നിന്നും വേർപ്പെട്ടതല്ല. പ്രപഞ്ചത്തിലാകെ വ്യാപിച്ചുകിടക്കുന്ന ക്വാണ്ടംക്ഷേത്ര (quantum field) ത്തിലെ കമ്പനത്തിന്റെ ഭാഗമാണു് ഒരു നേരിയ കമ്പനം (vibration) പോലും. പ്രശസ്ത ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജെയിംസ് ജീൻസ് പറഞ്ഞു. “ഒരു ഇലക്ട്രോണ്‍ കമ്പിക്കുമ്പോൾ പ്രപഞ്ചം വിറയ്ക്കുന്നു”. നമ്മുടെ ശരീരത്തിലെ കോശത്തിലെ ഒരു ചെറിയ സ്പന്ദനം പോലും പ്രപഞ്ചക്വാണ്ടം ക്ഷേത്രത്തിൽ പ്രതികരണം ഉണ്ടാക്കുന്നു. യഥാർത്ഥത്തിൽ നമ്മുടെ പരിസരം നമ്മുടെ ശരീരത്തിന്റെ വ്യാപനം (extension) ആണ്. നമ്മുടെ ഓരോ ശ്വാസത്തിലൂടെയും കടന്നുപോകുന്ന വായുവിലെ കോടിക്കണക്കിനു് അണുക്കൾ ഇന്നലെ ശ്രീലങ്കയിലോ മറ്റേതെങ്കിലും രാജ്യത്തോ ഉളള ഒരാൾ ഉച്ഛ ്വസിച്ചതാണ്. നമ്മുടെ ശരീരത്തിലെ മൂലകങ്ങളും ഊർജ്ജവും തന്നെയാണു് പുറത്തുളളതും. നമ്മുടെ ശരീരത്തിനു് ഊർജ്ജം ലഭിക്കുന്നതു് സൂര്യനിൽ നിന്നാണ്. സൂര്യന്റെ ഊർജ്ജസ്രോതസ്സ് പ്രപഞ്ചോർജ്ജവും.
നമ്മൾ പ്രപഞ്ചത്തിന്റെ മിനി രൂപമാണ്. പ്രപഞ്ചം എപ്രകാരമാണോ അപ്രകാരമാണു് മനുഷ്യശരീരം. പ്രപഞ്ചമനസ്സും നമ്മുടെ മനസ്സും ഒന്നാണ്. നമ്മളും പ്രപഞ്ചവും അഭിന്നമാണെന്ന അറിവാണു് ആത്മീയത. നമ്മുടെ സത്തയും പ്രപഞ്ചസത്തയും ഒന്നാണെന്നുളള അറിവ് ബോധോദയത്തിലേക്ക് നയിക്കും. കാരണം, പ്രപഞ്ചം ഒരു ജീവൽപ്രക്രിയയാണ്. പ്രപഞ്ചം ജീവനുളളതല്ലെന്നുളള ഭൗതികവാദികളുടെ വാദഗതികൾ അബദ്ധജഡിലമാണ്. പ്രപഞ്ചം സചേതനമോ അചേതനമോ എന്നു് നിശ്ചയിക്കുന്നതു് ബോധമാണ്. സ്വയംഭൂവായി പ്രത്യക്ഷപ്പെടാനും, സ്വയം പകർപ്പുസൃഷ്ടിക്കാനും, സ്വയംനിർമ്മാണം നടത്താനും പ്രപഞ്ചത്തിനു കഴിയുന്നുണ്ടെങ്കിൽ അതു് ബോധമുളളതാണു്, സചേതനമാണു്, ജീവനുളളതാണ്.
പ്രപഞ്ചത്തെപ്പറ്റിയും, ശരീരത്തെപ്പറ്റിയും മനസ്സിനെപ്പറ്റിയും അന്വേഷണം നടത്തിയാൽ നമ്മൾ ഒടുവിൽ ബോധത്തിൽ എത്തിച്ചേരും. ഗുരുത്വാകർഷണസിദ്ധാന്തത്തെക്കാൾ പ്രധാന്യമുളളതാണു് ബോധത്തെക്കുറിച്ചുളള ഒരു സിദ്ധാന്തം. ശാസ്ത്രം അടുത്തകാലം വരെ ബോധഗവേഷണത്തെ ഗൗരവമായിട്ടെടുത്തിട്ടില്ല. ചില വിദേശസർവ്വകലാശാലകളിൽ ബോധഗവേഷണം ആരംഭിച്ചിട്ടുണ്ട്. ഈ അവഗണനയ്ക്ക് ശാസ്ത്രീയമായ കാരണം തന്നെയുണ്ട്. ജീവൻ പ്രത്യക്ഷപ്പെടുന്നതിനു് വളരെ മുമ്പേ ദ്രവ്യം ഉണ്ടായിരുന്നുവെന്നാണു് ശാസ്ത്രത്തിന്റെയും ഭൗതികവാദികളുടെയും കാഴ്ചപ്പാട്. ദ്രവ്യാത്മകപ്രപഞ്ചത്തിൽ നിന്നും യാദൃച്ഛികമായി ഉണ്ടായതായിരുന്നു അവർക്ക് ജീവന്റെ തുടിപ്പുകളായ ഡി. എൻ. എ. ഡി. എൻ. എ-യ്ക്ക് സ്വയം പ്രതിരൂപം സൃഷ്ടിക്കാനും പ്രത്യുത്പാദനം നടത്താനുമുളള കഴിവുണ്ട്. എന്നാൽ പ്രപഞ്ചം എക്കാലവും സചേതനവും ജീവനുളളതുമായതുകൊണ്ടാണു് സങ്കീർണ്ണമായ ജീവന്റെ തന്മാത്രകൾ നക്ഷത്രാന്തരീയസ്ഥലത്തും സൃഷ്ടിക്കാൻ കഴിഞ്ഞതെന്നാണു് വാസ്തവം. ബോധം പ്രപഞ്ചാരംഭത്തിനു് മുമ്പെ നിലനിന്നിരുന്നു. ജീവികളിലെ കോശവിഭജനം ബോധപൂർവ്വമായ പ്രക്രിയയാണ്. കോശവിഭജനം നടക്കണമെങ്കിൽ അതിനു് ഒരു പ്രോഗ്രാം വേണം. കോശങ്ങളുടെ പുനരുത്പാദനം ഒരു പ്രോഗ്രാമിന്റെ അസാന്നിദ്ധ്യത്തിൽ അസാദ്ധ്യമാണ്. പ്രപഞ്ചം ഒരു പ്രോഗ്രാമിന്റെ അടിസ്ഥാനത്തിൽ സ്വയംഭൂവാകുകയും സ്വയം നിർമ്മാണം നടത്തുകയും സ്വയം അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുന്ന പ്രതിഭാസമാണ്. ജീവനുളള പ്രപഞ്ചത്തിന്റെ പ്രോഗ്രാമിന്റെ ഭാഗമാണു് കോശങ്ങളുടെ സൃഷ്ടിയും പുനരുത്പാദനവും.
ജീവൻ അദൃശ്യസംഘാടനശക്തിയാണ്. നമ്മൾ ജീവിക്കുന്നതു് ജീവനുളള പ്രപഞ്ചത്തിലാണ്. ഒരു കുഞ്ഞിന്റെ ജനനം പോലെയാണു് പ്രപഞ്ചത്തിൻറേതും. ഗർഭപാത്രത്തിൽ അണ്ഡവും ബീജവും തമ്മിൽ സംയോജിപ്പിച്ച് ആദ്യം ഉണ്ടാകുന്നതു് ഏകകോശഭ്രൂണമാണ്. ഈ ഏകകോശം ആദ്യം രണ്ടായും, രണ്ടിൽ നിന്നു് നാലായും, നാലിൽ നിന്നു് എട്ടായും എട്ടിൽ നിന്നു് പതിനാറായും അങ്ങനെ ഗുണോത്തരശ്രേണിയിൽ അനുക്രമമായി വർദ്ധിക്കുന്നു. കോശവിഭജനത്തിന്റെ ലക്ഷ്യം കുഞ്ഞിനെ സൃഷ്ടിക്കുകയെന്നതാണ്. കോശങ്ങൾ ചേർന്നു് ഹൃദയം, കരൾ, മസ്തിഷ്കം എന്നിവ രൂപവൽക്കരിക്കുന്നു. ഇതു് ആരംഭകോശത്തിന്റെ സ്വയം സംഘാടനമാണു്, സ്വയംസൃഷ്ടിയാണ്. കുഞ്ഞിന്റെ ജനനത്തിനാവശ്യമായ അറിവ്/ബോധം ആരംഭകോശത്തിൽ തന്നെയുണ്ട്. പ്രപഞ്ചം ഒരു ജീവിയെപ്പോലെ അല്ലെന്നാണു് ഭൗതികവാദികളുടെ നിലപാട്. ഒരു ജീവിയുടെ ആദികോശം (ഭ്രൂണം) ബാഹ്യവും ആന്തരികവുമായ അവയവങ്ങൾ സൃഷ്ടിക്കുന്നതുപോലെയാണു് ആദിമാണു (premodial atom) വിൽ നിന്നും ഗാലക്സികളും നക്ഷത്രങ്ങളും ഗ്രഹങ്ങളും ജീവികളും രൂപം കൊളളുന്നതു്. ആദിയിൽ ഒരു മഹാവിസ്ഫോടനവൈചിത്ര്യത്തിൽ (big bang singularity) നിന്നും ഉരുവം കൊണ്ടതാണെന്നാണല്ലോ പ്രപഞ്ചം. പൊതുആപേക്ഷികതാസിദ്ധാന്തപ്രകാരം അനന്തവക്രതയുളള സ്ഥലകാലത്തിലെ ഒരു ബിന്ദുവാണു് വൈചിത്ര്യം. ബിന്ദുവിന്റെ സാന്ദ്രത അനന്തമാണവിടെ. പ്രപഞ്ചപരിണാമം പരിശോധിച്ചാൽ ജീവന്റെ അടിസ്ഥാനസ്വഭാവങ്ങൾക്കാധാരമായ ഗുണങ്ങൾ പ്രപഞ്ചത്തിലും അന്തര്യാമിയായി നിലീനമായിട്ടുണ്ടെന്നു് വ്യക്തമാണ്. ഒരു പരിധിവരെ ശാസ്ത്രവും അതു് അംഗീകരിച്ചിട്ടുണ്ട്. അചേതനവസ്തുക്കളിൽ ആകസ്മികമായി ഈ സ്വഭാവവിശേഷങ്ങൾ ഉൾച്ചേർക്കപ്പെട്ടപ്പോഴാണു് ആദിയിൽ ജീവന്റെ നാളം കൊളുത്തപ്പെട്ടതെന്നാണല്ലോ ശാസ്ത്രവും പറയുന്നതു്. ആത്മീയവീക്ഷണത്തിൽ ജീവൻ എപ്പോഴെങ്കിലും ഉണ്ടായതല്ല, അതു് എപ്പോഴും ഉണ്ടായിരുന്നു.