ബൈബിളിലെ ഉത്പത്തിപുസ്തകം പറയുന്നു: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിൻ മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവ് വെളളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു. വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു. വെളിച്ചമുണ്ടായി. വെളിച്ചം നല്ലതു എന്നു് ദൈവം കണ്ടു. ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർതിരിച്ചു. ദൈവം വെളിച്ചത്തിനു് പകൽ എന്നും ഇരുളിനു് രാത്രിയെന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി. ഒന്നാം ദിവസം” തുടർന്നു് മനുഷ്യനുൾപ്പെടെ എല്ലാറ്റിനെയും സൃഷ്ടിച്ചു. പൊതുവെ മതങ്ങൾ സൃഷ്ടിവാദമാണു് അംഗീകരിച്ചിട്ടുളളതു്. ഭൗതികവാദികളും നാസ്തികരും സൃഷ്ടിവാദത്തെ തിരസ്കരിക്കുന്നു. അവരുടെ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിട്ടുളളതല്ല എക്കാലവും നിലനിന്നിട്ടുളളതാണ്. അവരുടെ ജീവോത്പത്തി സിദ്ധാന്തമനുസരിച്ച് ‘ജീവൻ’ യാദൃച്ഛികമായി ഉണ്ടായതാണ്. അവർ പൊതുവെ ഡാർവിന്റെ പരിണാമസിദ്ധാന്തത്തിൽ വിശ്വസിക്കുന്നവരാണ്.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനംവരെ സൃഷ്ടിവാദം കൊടികുത്തിവാഴുകയായിരുന്നു. കാരണം, അക്കാലത്തെ ശാസ്ത്രത്തിന്റെ പ്രപഞ്ചോത്പത്തിവീക്ഷണമായിരുന്നു അതു്. ഗ്രീക്ക് ചിന്തകനായിരുന്ന അരിസ്റ്റോട്ടിൽ (ക്രി. മു. 384–232) ഗ്രഹങ്ങളുടെയും സൂര്യന്റെയും ചലനം ദൈവം കടത്തിവിട്ടതാണെന്നു് അഭിപ്രായപ്പെട്ടു. ക്ലാസിക്കൽ ഭൗതികശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കളിൽ പ്രമുഖനായിരുന്ന ഐസക്ക് ന്യൂട്ടണ്‍ (ക്രി. പി. 1642–1727) പ്രപഞ്ചത്തെ ഒരു ഘടികാരത്തോടാണു് ഉപമിച്ചതു്. അദ്ദേഹം പ്രിൻസിപ്പിയായിൽ എഴുതി: “ആകാശഗോളങ്ങളടങ്ങിയ പ്രപഞ്ചത്തെ ഒരു ഘടികാരത്തോടാണു് താരതമ്യപ്പെടുത്തേണ്ടതു്. ദൈവത്തിന്റെ കരങ്ങളാൽ പിരിമുറുക്കപ്പെട്ട ഘടികാരമാണു് ലോകം”. ന്യൂട്ടോണിയൻ വീക്ഷണത്തിൽ ഭീമാകാരമായ നക്ഷത്രങ്ങൾ മുതൽ സൂക്ഷ്മകണങ്ങൾവരെയുളള വിവിധ വസ്തുക്കൾ ഉൾക്കൊളളുന്ന പ്രപഞ്ചം ദൈവനിർമ്മിതമാണ്. പ്രപഞ്ചത്തെ സൃഷ്ടിച്ചതിനുശേഷം അതിനു് ആദ്യത്തെ തളളും ജീവനും നൽകിയതു് ദൈവമായിരുന്നു. അന്നുമുതൽ ദൈവം കല്പിച്ച നിയമങ്ങളനുസരിച്ച് പ്രപഞ്ചവും അതിലെ വസ്തുക്കളും പ്രവർത്തിക്കാൻ തുടങ്ങി. പ്രപഞ്ചത്തിനു് ചലനവും ജീവനും നൽകിയതോടെ യാദൃച്ഛികമായി ഒന്നും അതിൽ സംഭവിക്കുന്നില്ല. എല്ലാം ദൈവം നിശ്ചയിച്ചതുപോലെയാണ്. സൃഷ്ടിവാദം പ്രപഞ്ചത്തെയും ദൈവത്തെയും മനുഷ്യനെയും പ്രകൃതിയേയും വേറിട്ടതാക്കി. ദ്വൈതവീക്ഷണം ശക്തിപ്പെട്ടു.
ആധുനികശാസ്ത്രം പരിണാമവാദത്തെയാണു് അംഗീകരിക്കുന്നതു്. ആധുനിക പ്രപഞ്ചശാസ്ത്രമനുസരിച്ച് പ്രപഞ്ചം ഒരു മഹാവിസ്ഫോടനവൈചിത്ര്യത്തിൽ നിന്നും ആരംഭിച്ച് ബോധപൂർവ്വമായ പരിണാമത്തിലൂടെ മഹാവിഭേദനവൈചിത്ര്യത്തിൽ അവസാനിക്കും. മഹാവിഭേദനത്തിനുശേഷം പ്രപഞ്ചം വീണ്ടും ആരംഭിക്കും. ഭഗവദ്ഗീതയിൽ ഈ കാഴ്ചപ്പാടിനു് ഒരു സമാന്തരമുണ്ട്.
ഇന്ദ്രിയങ്ങൾക്കോ മനസ്സിനോ വ്യക്തമായി
അനുഭവിക്കാൻ കഴിയാത്തതും സനാതനവുമായ
മറ്റൊരവ്യക്തഭാവം ഉണ്ട്. ആ ഭാവം (ബ്രഹ്മം)
സകലഭൂതങ്ങൾ നശിച്ചാലും നാശത്തെ
പ്രാപിക്കുന്നില്ല.
ഭഗവദ്ഗീത 8.20
ആ ഭാവമാണു് വേദാന്തത്തിൽ പരമസത്യം; ബ്രഹ്മം. പരമസത്യത്തെ, ബ്രഹ്മത്തെ പ്രജ്ഞാനം (ബോധം) എന്നു് നിർവചിച്ചിരിക്കുന്നു. ഭഗവദ് ഗീതയിലെ ആ അവ്യക്തത്തിനപ്പുറമുളളതാണു് അഖണ്ഡബോധം, പ്രപഞ്ചം അതിൽനിന്നും പ്രത്യക്ഷമായി അതിൽതന്നെ അപ്രത്യക്ഷമാകുന്നു.
പ്രപഞ്ചത്തിന്റെ ക്രമബദ്ധതയും സർഗ്ഗാത്മകമായ സന്തുലിതപരിണാമവും നമ്മെ അത്ഭുതപ്പെടുത്തുന്നു. പ്രകൃതിബലങ്ങളുടെയും മൗലികകണങ്ങളുടെയും പരിമാണമൂല്യം വളരെ കൃത്യമായി ബോധപൂർവ്വം ക്രമീകരിച്ചതാണ്. പ്രകൃതിയിലെ ബലങ്ങൾ നാലാണു്, ഗുരുത്വാകർഷണബലം (gravity) വൈദ്യുതകാന്തികബലം (electron magnetic force) ദുർബല ന്യൂക്ളിയർബലം. (week nuclear force) ശക്തന്യൂക്ളിയർബലം (strong nuclear force) എന്നിവയാണ്. ഗുരുത്വാകർഷണബലത്തേക്കാൾ 1041 മടങ്ങ് ശക്തമാണു് ശക്തന്യൂക്ലിയർ ബലം ദുർബലന്യൂക്ലിയർബലം ഗുരുത്വബലത്തേക്കാൾ 1028 ശക്തമാണ്. ഗുരുത്വത്തെക്കാൾ 1039 ശക്തമാണു് വൈദ്യുതകാന്തികബലം (103 = 1000). ശക്തന്യൂക്ലിയർബലം ഇന്നു നമ്മൾ നിരീക്ഷിക്കുന്നതിലും അൽപം ദുർബലമായിരുന്നെങ്കിൽ ഹൈഡ്രജൻ മൂലകം മാത്രമെ പ്രപഞ്ചത്തിൽ ഉണ്ടാകുമായിരുന്നുളളൂ. മറ്റ് മൂലകങ്ങൾ രൂപം കൊളളുമായിരുന്നില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ നക്ഷത്രങ്ങളും ഗാലക്സികളും ജനിക്കില്ലായിരുന്നു. ഒരു പക്ഷേ, ഗാലക്സികളും നക്ഷത്രങ്ങളും രൂപം കൊളളുമായിരുന്നെങ്കിലും അവ ഇന്നും നാം കാണുന്ന രൂപത്തിലാകുമായിരുന്നില്ല. ഗുരുത്വാകർഷണബലം മറ്റ് ബലങ്ങളെക്കാൾ ദുർബലമാണെങ്കിലും അതു് പ്രപഞ്ചോത്പത്തിയിലും പ്രപഞ്ചത്തെ രൂപപ്പെടുത്തുന്നതിലും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇന്നു നാം നിരീക്ഷിക്കുന്നതിലും ഗുരുത്വം ദുർബലമായിരുന്നെങ്കിൽ നക്ഷത്രങ്ങൾ ഇന്നുളളതിലും വലുതാകുമായിരുന്നു. ഗുരുത്വം ഇന്നുളളതിലും ശക്തമായിരുന്നെങ്കിൽ നക്ഷത്രങ്ങൾ ചെറുതാകുമായിരുന്നു. നക്ഷത്രങ്ങൾ ഇന്നുളളതിലും വലുതായിരുന്നെങ്കിൽ അവയുടെ ജനിമൃതിചക്രം വളരെ വേഗത്തിലാകുമായിരുന്നു. അത്തരം നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളിൽ ജീവപരിണാമത്തിനുളള സാഹചര്യം ഉണ്ടാകുമായിരുന്നില്ല. ശക്തന്യൂക്ലിയർബലവും ദുർബലന്യൂക്ലിയർ ബലവും വൈദ്യുതകാന്തികബലവും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ഇന്നുളളതിൽനിന്നും എന്തെങ്കിലും വ്യത്യാസമുണ്ടായിരുന്നെങ്കിൽ ഹൈഡ്രജൻ അണുവിന്റെ രൂപം ഇന്നുളളതാകുമായിരുന്നില്ല. ഇതിനർത്ഥം കാർബണ്‍, ഓക്സിജൻ തുടങ്ങിയ മൂലകങ്ങൾ ഒരിക്കലും ഉണ്ടാകുമായിരുന്നില്ലായെന്നാണ്. അങ്ങനെയായിരുന്നെങ്കിൽ ജീവപരിണാമം നടക്കില്ലായിരുന്നു.
ജീവന്റെ നിലനിൽപിനു് ആവശ്യമായ അവസ്ഥാവിശേഷങ്ങളാണു് നക്ഷത്രങ്ങളിലും പ്രപഞ്ചത്തിലാകെയും ഉളളതു്. നമ്മൾ കാർബണ്‍ അടിസ്ഥാനമായി രൂപംകൊണ്ട ജീവരൂപമാണ്. ഒറ്റനോട്ടത്തിൽ ജീവനു് നിലനിൽക്കാനും മനുഷ്യപരിണാമത്തിനും സൂര്യനെ ചുറ്റി സഞ്ചരിക്കുന്ന ഭൂമി മാത്രം മതിയെന്നു് തോന്നാം. പ്രപഞ്ചത്തിൽ സൗരയൂഥം മാത്രമാണുണ്ടായിരുന്നതെങ്കിൽ മനുഷ്യനുണ്ടാകുമായിരുന്നില്ല. പ്രപഞ്ചത്തിൽ ഏകദേശം 1,018 നക്ഷത്രങ്ങളുണ്ടെന്നാണു് കണക്കാക്കുന്നതു്. പ്രപഞ്ചം ഏകദേശം 1,400 കോടി പ്രകാശവർഷം അകലെവരെ വ്യാപിച്ചുകിടക്കുന്നതായിട്ടാണു് ജ്യോതിശാസ്ത്രജ്ഞന്മാർ പറയുന്നതു്. (ഒരു പ്രകാശവർഷം പത്തു് ലക്ഷം കോടി കിലോമീറ്റർ) 1,400 കോടി പ്രകാശവർഷം അകലെ നിന്നുളള പ്രകാശമേ ഭൂമിയിൽ ഇതുവരെ എത്തിച്ചേർന്നിട്ടുളളൂ. അതുകൊണ്ടാണു് പ്രപഞ്ചപ്രായം ഏകദേശം 1,400 കോടി വർഷമായി തിട്ടപ്പെടുത്തിയിരിക്കുന്നതു്. മറ്റൊരു അത്ഭുതകരമായ വസ്തുത മഹാവിസ്ഫോടനം മുതൽ പ്രപഞ്ചം വികസിക്കുന്നതു് ഗാലക്സികളും നക്ഷത്രങ്ങളും ഗ്രഹങ്ങളും ജീവനും രൂപംകൊളളാൻ വേണ്ട വേഗതയിൽ മാത്രമാണ്. സൗരയൂഥത്തിലുൾപ്പെട്ട നമ്മുടെ ഭൂമി വേഗത്തിലുളള ജീവപരിണാമത്തിനു് വളരെ അനുയോജ്യമായിരുന്നു. സൂര്യനും ഭൂമിയും തമ്മിലുളള അകലം ഇന്നുളളതിൽനിന്നു് വ്യത്യസ്തമായിരുന്നെങ്കിൽ മനുഷ്യപരിണാമം സാദ്ധ്യമാകുമായിരുന്നില്ല. ഭൂമി ഒരു ഇരട്ടഗ്രഹമാണ്. ഉപഗ്രഹമായ ചന്ദ്രന്റെ ആകർഷണഫലമായുളള വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും ജീവപരിണാമത്തിനു് സഹായിച്ചിട്ടുണ്ട്.
പ്രപഞ്ചപരിണാമത്തിന്റെയും ജൈവപരിണാമത്തിന്റെയും ചാലകശക്തി ബോധമാണ്. പ്രപഞ്ചാരംഭത്തിലെ ആദിമാണുവിലെ ബോധമാണു് ഊർജ്ജത്തെ ദ്രവ്യമായും, ദ്രവ്യത്തെ ഭൗതികപ്രപഞ്ചമായും ജൈവപ്രപഞ്ചമായും രൂപാന്തരപ്പെടുത്തുന്നതു്. ആദിമ അമിനോ ആസിഡുകളുടെ മിശ്രിതത്തിൽനിന്നും ഡി. എൻ. എ. രൂപപ്പെടുത്തിയതും ബോധമാണ്. പ്രപഞ്ചസൃഷ്ടി, മതം ദൈവത്തിൽ (സ്രഷ്ടാവിൽ) ആരോപിക്കുമ്പോൾ ഭൗതികവാദികളും നാസ്തികരും ദ്രവ്യത്തിലും. പ്രപഞ്ചത്തിലെ സമസ്തവസ്തുക്കളും അതിനെ അറിയുന്ന ബോധത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന കാഴ്ചപ്പാടാണു് സൃഷ്ടിവാദത്തെയും ഭൗതികവാദത്തെയും നേരിടാൻ വേണ്ടതു്. ക്വാണ്ടം ഭൗതികം മനുഷ്യന്റെ സ്ഥൂലവസ്തുബോധത്തെ തകിടം മറിച്ചു. അതിന്റെ ഏറ്റവും വിപ്ലവകരമായ ആശയങ്ങളിലൊന്നാണു് പ്രകാശം ഒരേസമയം തരംഗവും കണവുമാണെന്നുളളതു്. കണം ചെറിയ വ്യാപ്തമുളള രൂപവും തരംഗം സ്ഥലകാലത്തിൽ വ്യാപിച്ചുകിടക്കുന്നതുമാണ്. ഇതു് ഒരു പരീക്ഷണത്തിലൂടെ വ്യക്തമാക്കാം. ഒരു സ്രോതസ്സിൽനിന്നും പ്രകാശം (ഫോട്ടോണ്‍) ചൊരിയുക. സ്രോതസ്സിന്റെ അടുത്തു് സ്ഥിതിചെയ്യുന്ന രണ്ട് ദ്വാരങ്ങളിൽ കൂടി അതിനെ കടത്തിവിടുക. രണ്ടു ദ്വാരങ്ങളിലൂടെ കടന്നുവരുന്ന പ്രകാശത്തെ ആദ്യം രണ്ട് കണികാസംസൂചകങ്ങൾ (particle detector) ഉപയോഗിച്ച് നിരീക്ഷിക്കുക. അപ്പോൾ പ്രകാശം കണങ്ങളായി സഞ്ചരിക്കുന്നതായി കണ്ടുപിടിക്കാം. ഇരട്ടദ്വാരമുളള സ്ക്രീനിൽനിന്നു വരുന്ന പ്രകാശത്തെ രണ്ടാമതൊരു സ്ക്രീനിൽ പതിപ്പിക്കുക. അപ്പോൾ പ്രകാശതരംഗങ്ങളുടെ വ്യതികരണ പാറ്റേണ്‍ (interference pattern) കാണാം. കണികാസംസൂചകമുപയോഗിച്ച് നിരീക്ഷിച്ചപ്പോൾ പ്രകാശകണങ്ങളെ കണ്ടു. രണ്ടാമത്തെ സ്ക്രീനിലെ വ്യതികരണപാറ്റേണ്‍ പ്രകാശം തരംഗങ്ങളാണെന്നു് വ്യക്തമാക്കി. നിരീക്ഷകനും നിരീക്ഷിക്കപ്പെട്ടതും തമ്മിലുളള ബന്ധത്തെ വിശദീകരിക്കുന്നതാണു് ഈ പരീക്ഷണം. പ്രകാശത്തെ പരീക്ഷണവിധേയമാക്കുന്നതിനു മുമ്പ് അതു് കണമാണോ തരംഗമാണോ എന്നു് നമുക്ക് പറയാൻ കഴിയുമായിരുന്നില്ല. നമ്മൾ എന്താണോ നോക്കുന്നതു് അതാണു് നമ്മൾ കാണുന്നതു്. നിരീക്ഷകൻ പരീക്ഷണത്തിൽ എന്താണോ പ്രതീക്ഷിക്കുന്നതു് അതിനനുസരിച്ച് പ്രകാശം മാറും. മറ്റൊരു രീതിയിൽ പറഞ്ഞാൽ കണത്തെ നിരീക്ഷിക്കുമ്പോഴേ അതു് കണമാകൂ; അതു് യഥാർത്ഥ്യമാകൂ. വേദാന്തത്തിൽ ഇതിനൊരു സമാന്തരമുണ്ട്. “എപ്രകാരമാണോ ദൃഷ്ടി അപ്രകാരമാണു് സൃഷ്ടി.” നമ്മൾ നിരീക്ഷിക്കുന്ന ചെറിയ അണുമുതൽ വലിയ നക്ഷത്രങ്ങൾവരെയുളളതെല്ലാം ഉപാണവകണങ്ങൾ (subatomic particle) കൊണ്ട് ഉണ്ടായിട്ടുളളതാണ്. എല്ലാ ഉപകണങ്ങളും ഫോട്ടോണിനെപ്പോലെ തരംഗസ്വഭാവം പ്രകടിപ്പിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ പ്രപഞ്ചം നിരീക്ഷികാശ്രിതമാണ്. നിരീക്ഷികാശ്രിതപ്രപഞ്ചത്തിൽ നിരീക്ഷകനും പ്രപഞ്ചവും വേറിട്ടതല്ല. നിരീക്ഷകന്റെ ബോധവും പ്രപഞ്ചബോധവും ഒന്നാണ്.