കാലം എന്താണ്? അതിനു തുടക്കമുണ്ടോ? അതിനു ഒടുക്കമുണ്ടോ? അതിനു രൂപമുണ്ടോ? അതിന്റെ സ്വഭാവം എന്താണ്? സ്ഥലവും കാലവും തമ്മിലുള്ള ബന്ധം എന്താണ്? കാലത്തെപ്പോലെ നമ്മെ കുഴയ്ക്കുന്ന മറ്റൊന്നുമില്ല. സാധാരണ നിലയിൽ, ദൈനംദിന ജീവിതത്തിൽ കാലം നമ്മെ ഒട്ടും ബുദ്ധിമുട്ടിക്കാറില്ല. എന്നാൽ കാലത്തെക്കുറിച്ച് ആലോചിച്ചാൽ നമ്മൾ ചിന്താകുഴപ്പത്തിലാകും. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഐൻസ്റ്റിൻ ആപേക്ഷികതാ സിദ്ധാന്തം കണ്ടുപിടിക്കുന്നതുവരെ ചിന്തകന്മാർക്കിടയിൽ ‘കാലം’ ഒരു തത്ത്വശാസ്ത്രപ്രശ്നം മാത്രമായിരുന്നു. ഐൻസ്റ്റിൻ കാലത്തെ ഗണിത സമവാക്യങ്ങളിൽ ഒതുക്കി. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ കണ്ടുപിടിത്തമാണു് ആധുനിക പ്രപഞ്ചശാസ്ത്രത്തിനു് ജന്മം നൽകിയതു്. പ്രപഞ്ചത്തിനൊരു തുടക്കമുണ്ടെന്നു് ആപേക്ഷികതാ സിദ്ധാന്തം തെളിയിച്ചു. ക്വാണ്ടം ഭൗതികത്തിന്റെ വരവോടെ വസ്തുനിഷ്ഠത ചോദ്യം ചെയ്യപ്പെട്ടു. ക്വാണ്ടം ലോകത്തു് കണങ്ങൾ വസ്തുനിഷ്ഠമല്ലെന്നും, നിരീക്ഷകനും നിരീക്ഷിത വസ്തുവും വേറിട്ടതല്ലെന്നുമുളള കണ്ടെത്തൽ ഭൗതികവാദികളുടെ വസ്തുനിഷ്ഠതയെ ചോദ്യം ചെയ്തു. അണുവിന്റെ ലോകത്തു് മൗലികകണങ്ങളായ പ്രോട്ടോണ്‍, ന്യൂട്രോണ്‍ ഇലക്ട്രോണ്‍ എന്നിവയെയും കൽപിത കണങ്ങളായ ഫോട്ടോണ്‍ ബോസോണ്‍ എന്നീ കണങ്ങളെയും കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞന്മാരുടെ അനുഭവത്തിലും അവ വസ്തുനിഷ്ഠമല്ല. സൂക്ഷ്മ ഭൗതികത്തിന്റെ ലോകത്തു് കാലത്തെ കൃത്യമായി അളക്കാൻ സാദ്ധ്യമല്ല.
ആധുനിക ശാസ്ത്രങ്ങളിൽനിന്നും ഉരുത്തിരിഞ്ഞുവന്നിട്ടുള്ള കാലസങ്കല്പം ആത്മീയതയെ ശരിവയ്ക്കുന്നതാണ്. സ്ഥലം, കാലം, ഊർജ്ജം, ദ്രവ്യം എന്നിവയുടെ ഉത്പത്തി പ്രപഞ്ചോത്പത്തിയുമായി ബന്ധപ്പെട്ടതാണ്. കാലം സ്ഥലത്തിൽനിന്നു് പൂർണ്ണമായും വേർപ്പെട്ടതും സ്വതന്ത്രവുമാണു് എന്നായിരുന്നു അധികമാളുകളുടെയും സാമാന്യധാരണ. മുന്നൂറ് വർഷം മുമ്പ് ഐസക് ന്യൂട്ടണ്‍ സ്ഥലത്തിന്റെയും കാലത്തിന്റെയും ഒരു ഗണിത ശാസ്ത്രമാതൃക അവതരിപ്പിക്കുകയുണ്ടായി. ഈ മാതൃകയനുസരിച്ച് കാലം സ്ഥലത്തിൽനിന്നും സ്വതന്ത്രമായിരുന്നു. ന്യൂട്ടണ്‍ ‘പ്രിൻസിപ്പിയാ’-യിൽ എഴുതി: “കേവലമായ സ്ഥലം അതിൻറേതായ സ്വഭാവത്തിൽ ബാഹ്യമായ ഒന്നിനോടും ബന്ധമില്ലാതെ അചഞ്ചലവും ഏക രൂപവുമായി സ്ഥിതി ചെയ്യുന്നു. കേവലവും യഥാർത്ഥവും ഗണനീയവുമായ കാലം അതിൻറേതായ രീതിയിൽ ബാഹ്യമായ ഒന്നിനോടും ബന്ധപ്പെടാതെ സ്വയം ക്രമമായി ഒഴുകിക്കൊണ്ടിരിക്കുന്നു. ഇതനുസരിച്ച് സ്ഥലവും കാലവും അനന്തമാണ്. ഒരു റെയിൽപാതയുടെ ഇരുവശങ്ങളിലൂടെ അനന്തമായി പോകുന്നവയായിരുന്നു അവ. കാലം ശാശ്വതവും എന്നും എങ്ങനെയോ അങ്ങനെ തന്നെ എന്നെന്നേക്കും നിലനില്ക്കുന്ന ഒന്നുമായിരുന്നു.
ന്യൂട്ടന്റെ ചലനനിയമങ്ങൾ കാലം കേവലമാണെന്ന സങ്കല്പത്തിലധിഷ്ഠിതമാണ്. അവ ഉപയോഗിച്ച് ഒരു പദാർത്ഥത്തിന്റെ തന്മാത്രാചലനം മുതൽ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനം വരെ കൃത്യമായി പ്രവചിക്കാൻ കഴിയും. ഈ നിയമപ്രകാരം 50 കി. മി. വേഗത്തിൽ സഞ്ചരിക്കുന്ന ഒരു വാഹനം 100 കി. മി. പിന്നിടുമ്പോൾ വാഹനത്തിലിരുന്നു് സഞ്ചരിക്കുന്ന ആളിന്റെ വാച്ചിലും പുറത്തുനിന്നു് നിരീക്ഷിക്കുന്ന ആളിന്റെ വാച്ചിലും ഒരേ സമയമായിരിക്കും അളക്കുവാൻ കഴിയുക. അതുപോലെ പ്രപഞ്ചത്തിലെവിടെയും നടക്കുന്ന സംഭവങ്ങൾക്കിടയിലെ കാലയളവ് പ്രപഞ്ചത്തിലെ രണ്ടു വ്യത്യസ്ത സ്ഥലങ്ങളിൽ ഇരിക്കുന്ന രണ്ടുപേർക്ക്, അവർ നിശ്ചലാവസ്ഥയിലോ ചലനാവസ്ഥയിലോ ആവട്ടെ ഒന്നു തന്നെയായിരിക്കും. പ്രപഞ്ചത്തിന്റെ തുടക്കം മുതൽ ഒരേ രീതിയിൽ ഒരേ വേഗത്തിൽ കാലം സഞ്ചരിക്കുന്നു. ഇങ്ങനെ അനുക്രമമായി ഒഴുകുന്ന കാലത്തെ നമുക്ക് ഭൂതം, ഭാവി, വർത്തമാനം എന്നു വിഭജിക്കാം. എന്നാൽ സ്ഥലത്തെയും കാലത്തെയും സംബന്ധിച്ച വളരെ ലളിതവത്കൃതമായ നമ്മുടെ ഈ ധാരണ മാറ്റേണ്ടതുണ്ട്. ഒരു വസ്തുവിനെയോ താരതമ്യേന കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുന്ന ഗ്രഹങ്ങൾപോലുള്ള വസ്തുക്കളെയോ കൈകാര്യം ചെയ്യുമ്പോൾ നമ്മുടെ സാമാന്യബോധം ശരിയാകുന്നതായി കാണുന്നു. എന്നാൽ പ്രകാശ വേഗതയിൽ സഞ്ചരിക്കുന്ന വസ്തുക്കളുടെ കാര്യത്തിൽ ഈ സാമാന്യബോധം തകിടം മറിയുന്നു. ന്യൂട്ടന്റെ ചലന നിയമങ്ങൾ യാന്ത്രികവാദവും ശാസ്ത്രീയനിശ്ചിതത്വവാദവും ശക്തിപ്പെടുത്തി. ഇതു് ഭൗതികവാദത്തിനും യുക്തിവാദത്തിനും വളക്കൂറുള്ള മണ്ണൊരുക്കി.
ഐൻസ്റ്റിന്റെ ആപേക്ഷികതാ സിദ്ധാന്തം സ്ഥലത്തെയും കാലത്തെയും കുറിച്ചുള്ള നമ്മുടെ അടിസ്ഥാനപരമായ ആശയത്തെ മാറ്റിമറിക്കാൻ നമ്മെ നിർബന്ധിച്ചു. കാലം കേവലമാണെന്ന ന്യൂട്ടന്റെ ആശയത്തെ ഐൻസ്റ്റിൻ തിരസ്കരിച്ചു. ആപേക്ഷികതാസിദ്ധാന്തത്തിൽ കാലം സ്ഥലത്തിൽനിന്നും വേറിട്ടതല്ല. അതു് സ്ഥലവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാലവും സ്ഥലവും കൂടിച്ചേർന്നു് സ്ഥലകാലം രൂപംകൊള്ളുന്നു. സ്ഥലത്തെയും കാലത്തെയും കുറിച്ചുള്ള പുതിയ അറിവ് നമ്മുടെ പ്രപഞ്ചവീക്ഷണത്തെ മാറ്റി മറിച്ചു. ആപേക്ഷികതാ സിദ്ധാന്തം ആത്മീയതയുടെ ശക്തിപ്പെടലിനു് സഹായകമായി. എക്കാലവും നിലനിന്നിരുന്നതും തുടർന്നും നിലനിൽക്കുന്നതുമായ ഒരു പ്രപഞ്ചം എന്ന പഴയ ആശയത്തിനുപകരം ചലനാത്മകവും ഒരു നിശ്ചിത സമയത്തിനുമുമ്പ് ആരംഭിച്ചതും ഭാവിയിൽ നിശ്ചിതസമയത്തു് അവസാനിക്കുന്നതുമായ ഒരു പ്രപഞ്ചമാണു് നമ്മുടേതെന്നു് അംഗീകരിക്കപ്പെട്ടു. ഐൻസ്റ്റീന്റെ പൊതു ആപേക്ഷികതാ സിദ്ധാന്തത്തിന്റെ വിവക്ഷിതാർത്ഥം കാലത്തിനൊരു തുടക്കവും ഒടുക്കവും ഉണ്ടെന്നാണ്. കാലത്തിനൊരു തുടക്കവും ഒടുക്കവും ഉണ്ടെങ്കിൽ പ്രപഞ്ചത്തിനൊരു തുടക്കവും ഒടുക്കവുമുണ്ട്. ആപേക്ഷികതാ പ്രപഞ്ചത്തിൽ വ്യത്യസ്ത ചലനാവസ്ഥയിലുള്ള രണ്ടു പേർക്ക് ഒരേ സമയമല്ല അനുഭവപ്പെടുക. ചലിച്ചുകൊണ്ടിരിക്കുന്ന ആൾക്ക് കാലം പതുക്കെ സഞ്ചരിക്കുന്നു. പ്രകാശത്തിന്റെ വേഗത എപ്പോഴും എവിടേയും ഒന്നു തന്നെയാണ്. നിശ്ചലാവസ്ഥയിലിരിക്കുന്ന നിങ്ങളെ കടന്നു് സെക്കൻഡിൽ മൂന്നു ലക്ഷം കിലോമീറ്റർ വേഗതയിൽ പ്രകാശം പോകുന്നു. നിങ്ങൾ പ്രകാശവേഗതയിൽ സഞ്ചരിക്കുമ്പോഴും പ്രകാശം അതേ വേഗതയിൽ തന്നെ നിങ്ങളെ കടന്നുപോകുന്നു. ഒരിക്കലും നിങ്ങൾക്ക് പ്രകാശ വേഗതയിൽ സഞ്ചരിക്കാൻ കഴിയില്ല. പ്രകാശ വേഗതയിൽ സഞ്ചരിക്കാൻ അനന്തഊർജ്ജം വേണം. അപ്പോൾ നിങ്ങളുടെ ദ്രവ്യമാനം അനന്തമായിരിക്കും. കാലത്തെ പറ്റിയുള്ള ശാസ്ത്രത്തിന്റെ മാറുന്ന വീക്ഷണം വിശദീകരിക്കാനാണു് ഇതൊക്കെ ഇവിടെ പ്രതിപാദിച്ചിട്ടുള്ളതു്.
പത്തോ ഇരുപതോ ശതകോടി വർഷം മുമ്പ് പ്രപഞ്ചം വൈചിത്ര്യത്തിൽ നിന്നും മഹാവിസ്ഫോടനത്തോടെ തുടങ്ങിയെന്നാണു് ആധുനിക പ്രപഞ്ചശാസ്ത്രം. വൈചിത്ര്യത്തിൽ ഭൗതിക നിയമങ്ങൾ തകരുന്നു. അതായതു് ഭൗതികത്തിന്റെ നിയമങ്ങൾക്ക് അവിടെ യാതൊരു പ്രസക്തിയുമില്ല. ഇതാണു് ആധുനിക ശാസ്ത്രം പറയുന്നതു്. എന്നാൽ കാലമില്ലായ്മയെക്കുറിച്ച് നമുക്ക് സങ്കൽപ്പിക്കാൻപോലും സാദ്ധ്യമല്ല. കാലം കാലമില്ലായ്മയുടെ സൃഷ്ടിയാണ്. പ്രപഞ്ചോത്പത്തി പൂർവ്വ അവസ്ഥയിൽ കാലമുണ്ടായിരുന്നില്ല. നമ്മുടെ ഉത്പത്തിയുടെ സ്രോതസ്സ് കാലമില്ലായ്മയാണ്. അനന്തതയിൽനിന്നും കാലം എങ്ങനെ ഉയർന്നുവന്നുവെന്നതു് നിഗൂഢതയാണ്. കാലത്തിന്റെ തുടക്കത്തിനു് മുമ്പ് കാലം എവിടെയായിരുന്നു എന്നതു് ശാസ്ത്രത്തിനറിയില്ല. എന്നാൽ ഈ സമസ്യക്ക് ഉത്തരം നല്കാൻ ആത്മീയതയ്ക്കേ കഴിയൂ. എനിക്കും നിങ്ങൾക്കും കാലമില്ലായ്മ അനുഭവിക്കാൻ കഴിയും. ഒന്നും ചിന്തിക്കാതെ നമ്മൾ മനസ്സിനെ ശൂന്യമാക്കിയാൽ കാലമില്ലായ്മ അനുഭവപ്പെടാനാവും. കാലമില്ലായ്മയിലെ അനുഭവമാണു് ‘സമാധി.’ ഇതിനു് നിർവ്വാണമെന്നും ബോധോദയമെന്നുമൊക്കെ പറയും. കാലം എവിടെ ഇല്ലയോ അവിടെയാണു് അനന്തത അഥവാ നിത്യത. എന്നാൽ നമ്മൾ എങ്ങിനെ അവിടെ എത്തും എന്നതാണു് പ്രശ്നം.
ശാസ്ത്രത്തിനും ആത്മീയതയ്ക്കും യോജിപ്പിലെത്തിച്ചേരാൻ കഴിയുന്ന മേഖലകളുണ്ട്. കാലം ആപേക്ഷികമാണെന്നു് ശാസ്ത്രവും ആത്മീയതയും അംഗീകരിക്കുന്നുണ്ട്. യഥാർത്ഥത്തിൽ കാലം കേവലമല്ലെന്നു് സ്ഥാപിക്കുന്നതിനു് ആപേക്ഷികതാ സിദ്ധാന്തത്തെ കൂട്ടുപിടിക്കണമെന്നില്ല. ഇതു് നമ്മുടെ ദൈനംദിനാനുഭവമാണ്. നമ്മുടെ ബോധത്തിന്റെ അവസ്ഥയ്ക്കനുസരിച്ച് കാലത്തിന്റെ ഒഴുക്ക് മാറുന്നു. ജാഗ്രതവസ്ഥയിലും സ്വപ്നത്തിലും കാലം ഒഴുകുന്നു. ചിലപ്പോൾ സ്വപ്നത്തിൽ നിരവധി വർഷങ്ങളിലെ സംഭവങ്ങൾ കടന്നുപോകുന്നു. സുഷുപ്തിയിൽ കാലത്തിന്റെ അനുഭവമില്ല. നമ്മുടെ നാഡീവ്യൂഹവും മറ്റ് ജീവികളുടേതിൽനിന്നും വ്യത്യസ്തമാണ്. നമ്മൾ വസ്തുക്കളെ ഗ്രഹിക്കുന്നതുപോലല്ല ജന്തുക്കൾ വസ്തുക്കളെ ഗ്രഹിക്കുന്നതു്. കാഴ്ചയുടെ കാര്യമെടുക്കുക. നിശാജീവികളുടെ കാഴ്ചയിൽ വസ്തുക്കൾക്ക് വർണ്ണഭേദമില്ല. അതിന്റെ പ്രസക്തിയുമില്ല. കടവാതിലുകൾക്ക് കണ്ണുകൊണ്ടുള്ള കാഴ്ച ആവശ്യമില്ല. വസ്തുസാന്നിദ്ധ്യം അറിയാൻ ശബ്ദത്തെയാണു് അവ ഉപകരണമാക്കുന്നതു്. അവയ്ക്ക് അൾട്രാസോണിക്ക് ശബ്ദം കേൾക്കാനുള്ള കഴിവുണ്ട്. പാമ്പുകൾക്ക് ഇൻഫ്രാറെഡ് രശ്മികളെ കാണാൻ കഴിയും. ഇതു രണ്ടും ഗ്രഹിക്കാനുള്ള ശേഷി നമുക്കില്ല. പക്ഷികളുടെ കാഴ്ചശക്തി മനുഷ്യന്റെ അഞ്ചിരട്ടിയാണ്. തേനീച്ചകൾക്കും തവളകൾക്കും അൾട്രാവൈലറ്റ് രശ്മികളോട് സംവേദന ക്ഷമതയുണ്ട്. നായ്ക്കളുടെ ശ്രവണശേഷി 50,000 സി. പി. എസ്. വരെയുള്ള അധിസ്വനതരംഗങ്ങൾ അവയുടെ ചെവിയിലെത്തിക്കും. പൂച്ചയ്ക്ക് 65,000 സി. പി. എസ്. വരെ കേൾവിയുണ്ട്. നാം കേൾക്കാത്ത പലതും ജന്തുക്കൾ കേൾക്കുന്നുണ്ട്. നമ്മൾ കാലത്തെ ഗ്രഹിക്കുന്നതുപോലല്ല ജന്തുക്കൾ കാലത്തെ ഗ്രഹിക്കുന്നതു്. പ്രശസ്ത ന്യൂറോ ശാസ്ത്രജ്ഞനായിരുന്ന സർ ജോണ്‍ എക്കിൾസ് നടത്തിയ പരീക്ഷണങ്ങൾ നമ്മുടെ പഞ്ചേന്ദ്രിയങ്ങളുടെ ഗ്രഹണം തോന്നലാണെന്നു് തെളിയിക്കുകയുണ്ടായി. പ്രകൃതിയിൽ രൂപ-രസ-ഗന്ധങ്ങൾ ഇല്ലെന്നും വസ്തുനിഷ്ഠ യാഥാർത്ഥ്യം എന്നതു് മിഥ്യയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാധാരണനിലയിൽ നമുക്ക് ഇതു് വിശ്വസിക്കാൻ കഴിയില്ല. എന്നാൽ നമ്മുടെ നിലവിലുളള കാഴ്ചപ്പാടിനു പകരം പുതിയതു് സ്വീകരിച്ചാൽ സത്യവും മിഥ്യയും തിരിച്ചറിയാം.
നമ്മുടെ നാഡീവ്യൂഹത്തെ മാറ്റത്തിനു വിധേയമാക്കിയാൽ ‘വസ്തുനിഷ്ഠത’ തകരും. ആദ്ധ്യാത്മിക സാധനകളിലൂടെ നാഡീവ്യൂഹത്തിന്റെ പ്രവർത്തനങ്ങളിൽ ഗുണപരമായ മാറ്റങ്ങൾ വരുത്താം. അടുത്തകാലത്തു് ബുദ്ധസന്ന്യാസിമാരിൽ നടത്തിയ നിരീക്ഷണങ്ങളിൽനിന്നു് വ്യക്തമായതു് സാധാരണക്കാരുടെ മസ്തിഷ്കത്തിലെ ഗാമാമേഖലയിലെ തരംഗങ്ങളുടെ വേഗത സെക്കൻഡിൽ 40 സൈക്കിളാണെങ്കിൽ ബുദ്ധസന്ന്യാസിമാരുടേതു് സെക്കൻഡിൽ 80 സൈക്കിളാണ്. അതായതു് ബുദ്ധസന്ന്യാസിമാരുടെ മസ്തിഷ്കത്തിലെ ഗാമാ മേഖലയിലെ തരംഗവേഗത നമ്മളെ അപേക്ഷിച്ച് ഇരട്ടിയാണെന്നാണ്. ലോകത്തെ നമുക്ക് അനുഭവിക്കാൻ കഴിയുന്നതു് ഗാമാതരംഗങ്ങളുടെ സഹായത്താലാണെന്നു് കരുതപ്പെടുന്നു. ബോധപൂർവ്വമായ എല്ലാ അനുഭവങ്ങൾക്ക് പിന്നിലും ഗാമാതരംഗങ്ങളാണ്. ബുദ്ധസന്യാസിമാരുടെ ഗാമാതരംഗങ്ങൾക്ക് ഇരട്ടി വേഗതയുള്ളതുകൊണ്ട് അവർ സാധാരണക്കാരെക്കാൾ ഇരട്ടി ‘ഉണർവ്വ്’ ഉള്ളവരാണ്. ഇതിനർത്ഥം ബുദ്ധസന്യാസിമാരെ അപേക്ഷിച്ച് സാധാരണക്കാർ ഉണർവ്വ് കുറഞ്ഞവരായിരിക്കുമെന്നാണ്. ധ്യാനത്തിലൂടെയാണു് ബുദ്ധസന്യാസിമാർ ഈ കഴിവ് ആർജ്ജിക്കുന്നതു്. അഗാധമായ ധ്യാനത്തിൽ കാലം നിശ്ചലമാകുന്നു. ധ്യാനത്തിൽനിന്നു് ജാഗ്രതവസ്ഥയിലെത്തുമ്പോൾ കാലം ഒഴുകുന്നു. ഇതു് നമ്മുടെ ഋഷിവര്യന്മാരുടെ അനുഭവമാണ്. ഈ അവസ്ഥ ആദ്ധ്യാത്മിക സാധനയിലൂടെ നമുക്കും അനുഭവിക്കാം.
ആത്മനിഷ്ഠമാണു് കാലം എന്ന ആത്മീയസങ്കല്പം ആപേക്ഷികതാ സിദ്ധാന്തവുമായും ക്വാണ്ടം സിദ്ധാന്തവുമായും പൊരുത്തപ്പെടുന്നതാണ്. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ വരവോടെ ന്യൂട്ടന്റെ വസ്തുനിഷ്ഠ നിരീക്ഷകൻ എന്ന കാഴ്ചപ്പാട് ഉപേക്ഷിക്കപ്പെട്ടു. ആപേക്ഷികതാസിദ്ധാന്തമനുസരിച്ച് വ്യത്യസ്ത ചലനാവസ്ഥയിലുള്ള രണ്ടുപേർക്ക് ഒരേ കാലമല്ല അനുഭവപ്പെടുന്നതു്. ചലിച്ചുകൊണ്ടിരിക്കുന്ന ആൾക്ക് കാലം പതുക്കെ സഞ്ചരിക്കുന്നു. അതുപോലെ ഗുരുത്വാകർഷണം അതിശക്തമായ തമോഗർത്തത്തിന്റെ സംഭവചക്രവാളത്തിൽ എത്തുമ്പോൾ സമയം തന്നെ ഇല്ലാതാകും. ഒരു ബഹിരാകാശ യാത്രികൻ സംഭവ ചക്രവാളവും കടന്നു് തമോഗർത്തത്തിലെത്താൻ അനന്തസമയമെടുക്കും. ദ്രവ്യമാനം കൂടിയ നക്ഷത്രങ്ങളെപ്പോലുള്ള വസ്തുക്കളുടെ അടുത്തും കാലം പതുക്കെ സഞ്ചരിക്കുന്നു. ക്വാണ്ടം ബലതന്ത്രത്തിന്റെ തലത്തിലെത്തുമ്പോൾ കാലം യഥാർത്ഥത്തിൽ ഇല്ലാതാകുന്നു. പ്രശസ്ത ഭൗതികജ്ഞനും ശാസ്ത്രസാഹിത്യകാരനുമായ പോൾ ഡേവിസ് പറയുന്നു: “ക്വാണ്ടം തലത്തിൽ കാലം സ്വയം ബാഷ്പീകരിച്ചുപോകുന്നു. ക്വാണ്ടം അവസ്ഥയിൽ കാലത്തിനൊരർത്ഥവുമില്ല.” പതഞ്ജലി മഹർഷിയുടെ യോഗശാസ്ത്രത്തിൽ ചിത്തവൃത്തി നിരോധനമാണു് ‘യോഗം’. ആത്മീയ സാധനകളിലൂടെ മനസ്സിനെ സമ്പൂർണ്ണമായി നിശ്ചലമാക്കുമ്പോൾ ‘സമാധി’ എന്ന അവസ്ഥയിലെത്തുന്നു. സമാധിയിൽ കാലമില്ലായ്മ അനുഭവപ്പെടുന്നു. ഈ അവസ്ഥയിൽ കാലം നിലനിൽക്കുന്നില്ല. സവിശേഷമായ ഈ അവസ്ഥയിൽ സാധകൻ പ്രപഞ്ചസത്തയുമായി പാരസ്പര്യത്തിലാകുന്നു. പ്രപഞ്ചസത്ത ‘സച്ചിദാനന്ദം’ ആണ്. അതു് ചിത്തു് ആണു്, ബോധമാണ്. അതാണു് പ്രപഞ്ചത്തിന്റെ സ്രോതസ്സ്. ആ സ്രോതസ്സിൽ സ്ഥലവും കാലവുമില്ല.
’സമാധി’ ഒരു ക്വാണ്ടം യാഥാർത്ഥ്യമാണ്. മഹാവിസ്ഫോടനത്തിനുമുമ്പ് കാലമില്ലായിരുന്നു. കാലമില്ലായ്മയിൽനിന്നാണു് സ്ഥലവും കാലവും ഊർജ്ജവും സ്പിന്നും, ചാർജ്ജും, ഗുരുത്വവും പ്രത്യക്ഷപ്പെടുന്നതു്. ആ അവസ്ഥയിൽ ഭൂതവും ഭാവിയും വർത്തമാനവും അടങ്ങിയിരിക്കുന്നു. നമ്മൾ സമാധിയിൽനിന്നു് ഉണർന്നു് ജാഗ്രതവസ്ഥയിലെത്തുമ്പോൾ കാലബോധം ഉണ്ടാകുന്നു. അപ്പോൾ നമുക്ക് അനന്തതയുമായുള്ള ബന്ധം അവസാനിക്കുന്നതായി തോന്നും. ഇങ്ങനെ സംഭവിക്കുന്നതു് കാലത്തെ ആശ്രയിക്കുന്നതുകൊണ്ടാണ്. പ്രപഞ്ചസത്തയും നമ്മുടെ സത്തയും ഒന്നായതുകൊണ്ട് നമ്മൾ എപ്പോഴും അനന്തതയിലാണു്, നിത്യതയിലാണ്. നമുക്ക് നിത്യതയെ അനുഭവിക്കുവാൻ സാദ്ധ്യമാണെന്നുള്ള സത്യം ഭൗതികവാദികളും യുക്തിവാദികളും അംഗീകരിക്കുന്നില്ല. ശാന്തമായ മനസ്സിനെ അലോസരപ്പെടുത്തുന്ന ഓളങ്ങളാണു് ചിന്തകൾ. ചിന്തകൾ ഇല്ലാതാകുമ്പോൾ മനസ്സ് ശാന്തവും നിർമലവുമാകും. അപ്പോൾ കാലമില്ലായ്മ അനുഭവപ്പെടും. അഖണ്ഡബോധവുമായി, ചൈതന്യവുമായി നാം ബന്ധത്തിലാകും. കാലത്തെ സംബന്ധിച്ചിടത്തോളം ചിന്തയുടെ ചലനം വളരെ പ്രധാനമാണെന്നു് നമ്മുടെ ഋഷിവര്യന്മാർ പ്രസ്താവിച്ചിട്ടുണ്ട്. ചിന്ത നിശ്ചലമാകുമ്പോൾ കാലം നിലയ്ക്കുന്നു. വിശുദ്ധഗ്രന്ഥങ്ങളിലും ഇതിന്റെ സൂചനയുണ്ട്. നമ്മൾ ചിന്തിക്കാതിരിക്കുമ്പോൾ കാലവുമായി ബന്ധപ്പെടുന്നില്ല. നമ്മുടെ മനസ്സ് ശൂന്യമാകുമ്പോൾ കാലബോധം നഷ്ടപ്പെടുന്നു. ശ്രീബുദ്ധൻ പറഞ്ഞു: “മനസ്സ് നിശ്ചലമാകുമ്പോൾ കാലം മാത്രമല്ല ചിന്ത തന്നെ ഇല്ലാതാകുന്നു.”
ആപേക്ഷികതാ സിദ്ധാന്തമനുസരിച്ച് സ്ഥലകാലം തുടങ്ങുന്നതു് മഹാവിസ്ഫോടന വൈചിത്ര്യത്തിൽ നിന്നാണല്ലോ. വൈചിത്ര്യത്തിൽ ഭൗതികത്തിന്റെ നിയമങ്ങൾ തകരുന്നുവല്ലോ? അതായതു് പ്രപഞ്ചോത്പത്തി പൂർവ്വാവസ്ഥയിൽ കാലമുണ്ടായിരുന്നില്ല. ഉത്പത്തി പൂർവ്വാവസ്ഥയിൽനിന്നും പ്രപഞ്ചം സ്വയംകൃതമായി രൂപാന്തരണം പ്രാപിച്ചതാണ്. ശാന്തമായ മനസ്സാണു് ചിന്തയിലൂടെ ഭൗതിക യാഥാർത്ഥ്യങ്ങളെ സൃഷ്ടിക്കുന്നതു്. മനസ്സിന്റെ സൃഷ്ടിയാണു് ഭൗതികവസ്തുക്കൾ. കമ്പനം അല്ലെങ്കിൽ ആവൃത്തി (frequency) ഇല്ലാതെ കാലത്തിനു തുടങ്ങാനാവില്ല. സ്ഥലത്തെ സംബന്ധിച്ചും ഇതാണു് സത്യം. ഏതെങ്കിലും തരത്തിലുള്ള കമ്പനമില്ലാതെ മഹാവിസ്ഫോടനം ഉണ്ടാകുമായിരുന്നില്ല, ഇന്നു നാം കാണുന്ന വികസിക്കുന്ന പ്രപഞ്ചമുണ്ടാകുമായിരുന്നില്ല. ക്വാണ്ടം ഭൗതികമനുസരിച്ച് കാലം അത്യന്തം ആദിയിലെ അതിസൂക്ഷ്മാവസ്ഥയിൽ എത്തുമ്പോൾ ഇളകി ആടുകയും തുള്ളിക്കളിക്കുകയും ചെയ്യുന്നുവെന്നാണ്. ആ അവസ്ഥയിൽ അതു് പതയുകയും നുരയുകയും ചെയ്യുന്നു. അവിടെ നിന്നുമാണു് കാലം നിയതമായ രൂപത്തിലാകുന്നതു്. ശാന്തിയിൽ നിന്നാണു് കമ്പനം ഉണ്ടാകുന്നതു്. കാലത്തിനു് ആകൃതിയുണ്ടെന്നു് പറയുന്നതു് സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല. എന്നാൽ കാലത്തിനു് ആകൃതിയുണ്ടെന്നതാണു് യാഥാർത്ഥ്യം. ആപേക്ഷികതാ സിദ്ധാന്തമനുസരിച്ച് ദ്രവ്യം സ്ഥലകാലത്തെ വളയ്ക്കും, വക്രാകാരമാക്കും. ഇതിനു കാരണം ഗുരുത്വം ആകർഷണമായതുകൊണ്ടാണ്. കാലത്തിനു് പേരക്കായുടെ ആകൃതിയാണുള്ളതെന്നു് സ്റ്റീഫൻ ഹോക്കിംഗ് “The Universe in a Nutshell” എന്ന പുസ്തകത്തിൽ പറയുന്നു.
നിശ്ശബ്ദതയിൽനിന്നും നിശ്ചലതയിൽനിന്നുമാണല്ലോ കമ്പനം പ്രത്യക്ഷപ്പെടുന്നതു്. കമ്പനങ്ങൾ സ്വീകരിക്കാനുള്ള ഓരോ ജീവിയുടെയും കഴിവ് വ്യത്യസ്തമാണ്. അതുകൊണ്ടാണു് ഓരോ ജീവിയുടെയും കാലാനുഭവം വ്യത്യസ്തമായിരിക്കുന്നതു്. ഒച്ചിന്റെ നാഡീവ്യൂഹത്തിനു് പെട്ടെന്നു് കാലത്തെ ഗ്രഹിക്കാനാവില്ല. അതിന്റെ കാലഗ്രഹണം 5 സെക്കൻഡ് ഇടവിട്ടാണ്. അതുമൂലം അതിന്റെ കാഴ്ചയും ഇടവിട്ടാണ്. എന്നാൽ മനുഷ്യനു് വ്യത്യസ്ത വേഗതയിൽ കാലത്തെ അനുഭവിക്കാനുള്ള ഒരു പ്രത്യേക സിദ്ധിയുണ്ട്. നിരവധി കാലഭേദങ്ങൾ നമുക്കുണ്ട്. നമ്മുടെ ഭാവനയ്ക്ക് കാലത്തിലൂടെ മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കാൻ കഴിയും. കാലം വേഗത്തിൽ പോകുന്നതായും പതുക്കെ പോകുന്നതായും നിശ്ചലമായി നിൽക്കുന്നതായും നമുക്ക് അനുഭവപ്പെടാറുണ്ട്.
ഡോക്ടർമാരെ കുഴയ്ക്കുന്ന ഒരു പുതിയ രോഗമാണു് ‘സമയരോഗം’ (time sickness). ആധുനിക ജീവിതത്തിന്റെ വേഗതയുടെ ഫലമായി ചിലരിൽ കണ്ടു വരുന്ന ഒരു മാനസികവും ശാരീരികവുമായ രോഗമാണിതു്. അമിത ജീവിത വേഗം ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദം ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലിരോഗങ്ങൾക്ക് ഇടയാക്കുന്നു. ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. വൈധവ്യവും വിരഹവും ചിലർക്ക് സമയമാന്ദ്യം അനുഭവപ്പെടുന്നതിനു് കാരണമാകുന്നു. ഏകാന്തത അനുഭവിക്കുന്നവർക്ക് സമയമാന്ദ്യം തോന്നാറുണ്ട്. ഇത്തരക്കാരെ അകാലവാർദ്ധക്യവും രോഗങ്ങളും ബാധിക്കുന്നു. അടുക്കും ചിട്ടയുമുള്ള ജീവിതം നയിക്കുന്നതിലൂടെ നമ്മുടെ ആരോഗ്യവും ആയൂർദൈർഘ്യവും മെച്ചപ്പെടുത്താം. ആയുസ്സും ആരോഗ്യവും വർദ്ധിപ്പിക്കുന്നിനുള്ള ജീവകോശങ്ങളുടെ ഒരു പ്രത്യേകതരം പ്രോട്ടീനാണു് ടെലാമെറസ് (telemerase). കോശങ്ങളിലെ ജീനുകൾക്ക് തകരാറുണ്ടാക്കുന്ന ഉൾപരിവർത്തനത്തെ തടയുക എന്നതാണു് ഈ പ്രോട്ടീന്റെ ധർമ്മം. നല്ല ജീവിത ശൈലിയിലൂടെ ടെലാമെറസിന്റെ ഉത്പാദനം കൂട്ടാൻ സാദ്ധ്യമാണ്. ടെലാമെറസ് കണ്ടുപിടിച്ചതിനു് നോബൽ സമ്മാനം ലഭിച്ച കാലിഫോർണിയ സർവ്വകലാശാലയിലെ ഡോ. എലിസബത്തു് ബാക്ക് ബേണ്‍ 2010-ൽ അവതരിപ്പിച്ച ഒരു പ്രബന്ധത്തിൽ ധ്യാനം ശരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുമെന്നു് അഭിപ്രായപ്പെടുകയുണ്ടായി. ലോക ഗുരുവായിരുന്ന ജിദ്ദു കൃഷ്ണമൂർത്തി ‘കാലത്തിന്റെ അവസാനിക്കൽ’ (Ending of Time) എന്ന പുസ്തകത്തിൽ പറഞ്ഞു: “എവിടെയാണോ നിങ്ങൾ ഉള്ളതു് അവിടെ അപ്പോൾ പൂർണ്ണമായി ഉണർന്നിരിക്കുക. ഭാവിയിലേക്കോ ഭൂതത്തിലേക്കോ പോകാതെ വർത്തമാനകാലത്തിൽ കേന്ദ്രീകരിക്കുക.” ഒന്നും ചിന്തിക്കാതെ മനസ്സിനെ ശൂന്യമാക്കലാണു് മൗനം. മൗനം നിങ്ങളെ ധ്യാനത്തിലെത്തിക്കും. മനുഷ്യൻ ജീവിക്കുന്നതു് കാലത്തിനും കാലമില്ലായ്മയ്ക്കും ഇടയിലെ ബിന്ദുവിലാണ്. കാലത്തിൻറേയും കാലമില്ലായ്മയുടെയും അറ്റത്താണു് മനുഷ്യൻ നില്ക്കുന്നതു്. കാലമില്ലായ്മയിലേക്കുള്ള വാതിൽ നമ്മുടെ മുന്നിൽ തുറന്നുകിടക്കുകയാണ്. ഏതു നിമിഷം വേണമെങ്കിലും വെളിപ്പെട്ടതിലും വെളിപ്പെടാത്തതിലും കാണുന്നതിലും കാണാത്തതിലും കാലത്തിലും കാലമില്ലായ്മയിലും നമുക്ക് നോക്കാം. വെളിപ്പെടാത്തതും കാണാത്തതും കാലമില്ലാത്തതും അനന്തമാണ്. നോബൽ സമ്മാനജേതാവും ‘കയോസ് സിദ്ധാന്ത’ത്തിന്റെ (chaos theory) ഉപജ്ഞാതാക്കളിൽ ഒരാളുമായ ഇലിയാഗോ പ്രിഗോഗിൻ (Liya Pregogine) ക്രമമില്ലായ്മയിൽ നിന്നും ക്രമം എന്ന പ്രശസ്തകൃതിയിൽ എഴുതി: “നമ്മൾ കാണുന്ന ബാഹ്യലോകവും നമ്മൾ കാണാത്ത ആന്തരികലോകവും ഒരു ബിന്ദുവിൽ ഏകത്ര ഒരുമിക്കുന്നു. രണ്ടു ലോകങ്ങളും ഒന്നാണെന്ന തിരിച്ചറിവാണു് ആധുനിക യുഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക സംഭവം.” ഒരിക്കൽ നമ്മുടെ മനസ്സിന്റെ സ്രോതസ്സിലേക്ക് മടക്കയാത്രയ്ക്ക് കഴിഞ്ഞാൽ സ്ഥലവും കാലവും വെളിപ്പെടുന്നതിനു കാരണമായ പ്രക്രിയയുടെ ഭാഗമാണു് നമ്മളെന്നു് ബോദ്ധ്യമാകും. ഭൗതിക പ്രപഞ്ചം എപ്രകാരമാണോ പ്രത്യക്ഷമായതു് അപ്രകാരമാണു് നമ്മളും.