ജീവന്റെ ശാസ്ത്രമായ ജീവശാസ്ത്രത്തിനു് ജീവൻ എന്ന പ്രതിഭാസത്തെ നിർവ്വചിക്കാൻ ഇന്നുവരെ സാധിച്ചിട്ടില്ല. ഏറ്റവും ആധുനികമായ ജൈവസാങ്കേതിക പരീക്ഷണങ്ങൾക്ക് പോലും ജീവന്റെ ആന്തരികരഹസ്യം വെളിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ആധുനിക ജീവോത്പത്തി സിദ്ധാന്തങ്ങൾക്കൊന്നും ജീവോത്പത്തിയെ വിശദീകരിക്കാനായിട്ടില്ല. അവയെല്ലാം ശാസ്ത്രജ്ഞൻമാരുടെ കേവലം അഭിപ്രായമെന്നല്ലാതെ ശാസ്ത്രമല്ല.
ജീവിയെ ഒരു കൂട്ടം രാസപദാർത്ഥങ്ങളുടെ ഉത്പന്നമായിട്ടാണു് ജീവശാസ്ത്രം കാണുന്നതു്. അദൃശ്യമായ യാതൊന്നും ജീവിയിലില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു് ജീവശാസ്ത്രം മുന്നോട്ട് പോകുന്നതും. പ്രാചീന അന്തരീക്ഷത്തിൽ ചില രാസപദാർത്ഥങ്ങൾ യാദൃച്ഛികമായി കൂടിച്ചേർന്നപ്പോൾ ആവിർഭവിച്ച പ്രതിഭാസമാണു് ജീവൻ എന്നാണു് ജീവശാസ്ത്രം. ഈ അനുമാനത്തെ ആസ്പദമാക്കിയാണു് ജീവോത്പത്തിസിദ്ധാന്തങ്ങളെല്ലാം ഉടലെടുത്തതു്. അതുകൊണ്ടുതന്നെ അവയെയെല്ലാം വെറും പരികല്പനകളായി മാത്രമേ പരിഗണിക്കാനാവൂ. നാളിതുവരെയുളള ജീവോത്പത്തിസിദ്ധാന്തങ്ങളെല്ലാം സൂചിപ്പിക്കുന്നതു് ജീവനിൽ നിന്നുമാത്രമെ ജീവനുണ്ടാകുവെന്നാണ്. ജീവൻ ലാബറട്ടറികളിലും ടെസ്റ്റ് ട്യൂബുകളിലും രാസപ്രവർത്തനങ്ങളിലൂടെ സൃഷ്ടിക്കാൻ നടത്തിയിട്ടുളള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.
പ്രശസ്ത ശാസ്ത്രസാഹിത്യകാരനും ജനിതകശാസ്ത്രജ്ഞനുമായ ഡോ. ആർ. ഗോപിമണി എഴുതി: “എന്താണു് ജീവൻ? ഇത്തരമൊരു അടിസ്ഥാന സംശയത്തിനുപോലും യുക്തിപൂർവ്വകമായ ഒരുത്തരം തേടാതെയാണു് ശാസ്ത്രം പരിണാമത്തിന്റെ സങ്കീർണ്ണതകൾ അനാവരണം ചെയ്യാൻ ശ്രമിക്കുന്നതെന്നു് തോന്നുന്നു. അതുകൊണ്ടുതന്നെയാവാം ഭൗതികപ്രപഞ്ചത്തിന്റെ സൂക്ഷ്മവും കാരണാത്മകവുമായ സത്തകളെ കണ്ടെത്താൻ കഴിയാതെ ഉഴലുന്ന ആധുനികഭൗതികശാസ്ത്രജ്ഞനെപ്പോലെ ജീവശാസ്ത്രജ്ഞനും മിഴിച്ചുനിൽക്കുന്നതു്. ഇതഃപര്യന്തമുളള ശാസ്ത്രഗവേഷണങ്ങൾകൊണ്ട് ജീവനെക്കുറിച്ചും ജീവിതത്തെകുറിച്ചുമുളള അടിസ്ഥാനസംശയങ്ങൾ ദുരീകരിക്കാനും നമുക്കിതുവരെ കഴിഞ്ഞിട്ടില്ലെന്നതാണു് വാസ്തവം.” “ബീഥോവന്റെയോ മൊസാർട്ടിന്റെയോ ത്യാഗരാജഭാഗവതരുടെയോ ഏതെങ്കിലും ഒരു സിംഫണി അല്ലെങ്കിൽ കീർത്തനത്തിന്റെ നോട്ടേഷൻ അച്ചടിച്ച കടലാസ് രാസവിശ്ലേഷണത്തിനു വിധേയമാക്കിയാൽ ആ അന്വശരസംഗീതത്തിന്റെ ആശയം അല്ലെങ്കിൽ സൗന്ദര്യം നമുക്ക് ആസ്വദിക്കാൻ കഴിയുമോ? രവിശങ്കറിനെപോലുളള ഒരു സംഗീതജ്ഞൻ അതു് സിത്താറിൽ ആലപിക്കുന്നുവെന്നിരിക്കട്ടെ. ആ സിത്താർ വെട്ടിക്കീറി നോക്കിയാലോ രവിശങ്കറെ പോസ്റ്റ്മോർട്ടം നടത്തിയാലോ ആ സംഗീതം എന്തായിരുന്നുവെന്നു് മനസ്സിലാക്കാൻ കഴിയാത്തതുപോലല്ലേ ഈ പ്രപഞ്ചവസ്തുവിൽ നിലീനമായിരിക്കുന്ന ജീവൻ എന്ന പ്രതിഭാസത്തെ നമുക്കറിയാൻ കഴിയാത്തതു്.”
മഹാപ്രപഞ്ചം ഒരു ആദിമാണുവിൽനിന്നു് ആരംഭിച്ചതുപോലെയാണു് എല്ലാ ജീവിവർഗ്ഗങ്ങളും ഏകകോശത്തിൽനിന്നു് ജനിച്ചതു്. പ്രപഞ്ചപരിണാമത്തിനുളള ‘ബോധം’ അഥവാ ‘അറിവ്’ ആദിമാണുവിൽ തന്നെയുണ്ടായിരുന്നു. ജീവശാസ്ത്രത്തിലെ വിഭേദനം (differentiation) എന്ന പ്രക്രിയ പരിശോധിച്ചാൽ ജീവപരിണാമത്തിൽ ബോധം വഹിക്കുന്ന ദൗത്യം മനസ്സിലാകും. ജീവിയുടെ അണ്ഡവും ബീജവും തമ്മിൽ സംയോജിച്ചുണ്ടാകുന്ന ഏകകോശഭ്രൂണത്തിൽ നിന്നും അനുക്രമം വികസിച്ച് അംഗോപാംഗങ്ങളുളള ഒരു ജീവി വളർന്നുവികസിക്കുന്ന പ്രക്രിയയാണു് വിഭേദനം. ഒരർത്ഥത്തിൽ ആദിയിലെ ഏകകോശജീവിയിൽനിന്നും പരിണാമപ്രക്രിയയിലൂടെ വളർന്നുവികസിച്ച് ഇന്നു് നിലവിലുളള സങ്കീർണ്ണ ജീവിവർഗങ്ങളുടെ ആവിർഭാവത്തിൽ എത്തിനിൽക്കുന്ന വിപുലമായ പിരണാമനാടകത്തിന്റെ ഏകാംഗപ്പതിപ്പാണു് വിഭേദനം എന്നു പറയാം. പല്ല്, നഖം, എല്ല്, മാംസം എന്നിങ്ങനെ ഘടനയിലും പ്രവർത്തനത്തിലും വമ്പിച്ച വൈവിദ്ധ്യം പ്രദർശിപ്പിക്കുന്ന കോശസമൂഹങ്ങളുടെയെല്ലാം ഉത്ഭവം ആരംഭത്തിലെ ഏകകോശഭ്രൂണമാണെന്നതു് അദ്ഭുതമകരമല്ലേ? ഈ പ്രാരംഭകോശത്തിൽ ഒരു ജീവിക്ക് സവിശേഷമായിട്ടുളള എണ്ണത്തിൽ ക്രോമസോമും ഉണ്ടായിരിക്കും. പൂർണ്ണവളർച്ചയെത്തിയ ജീവിയുടെ സമസ്തജൈവപ്രക്രിയകളെയും നിയന്ത്രിക്കേണ്ട അറിവിനാസ്പദമായ ജീനുകളെല്ലാം തന്നെ ആരംഭകോശത്തിലുണ്ടെന്നു സാരം. വിവിധതരം ശരീരാവയവങ്ങൾ എപ്പോൾ എങ്ങനെ നിർമ്മിക്കണമെന്ന ‘അറിവ്’ ഈ ജീനുകളിലുണ്ട്. ജീവൽ പ്രക്രിയയുടെ ഭൗതികാടിസ്ഥാനമായ ജീൻ വെറും രാസവസ്തുക്കൾകൊണ്ട് നിർമ്മിതമാണ്. അതിൽ ‘അറിവ്’ കൂടിയുണ്ടെങ്കിലേ ഇന്നയിന്ന അവയവങ്ങൾ ഇന്നയിന്ന സമയത്തു് നിർമ്മിക്കാൻ കഴിയൂ. ഈ ‘അറിവ്’ ബോധമാണ്. ഭ്രൂണത്തിൽ നടക്കുന്ന വിഭേദനം ബോധപൂർവ്വമുളള പ്രവൃത്തിയാണ്. അതു് ഭൗതികാതീതവുമാണ്.
ആത്മീയമായി ജീവൻ അസ്തിത്വത്തിന്റെ സത്തയാണ്. സത്തയെന്നാൽ ആദാമിന്റെയും ഹവ്വായുടെയും ചെവിയിൽ ഒഴിച്ചുകൊടുത്ത ദിവ്യാമൃതമല്ല. ഏറ്റവും മൗലികമായതാണു് സത്ത. അതു് സത്യമാണു്, ഉളളതാണ,് ഉണ്‍മയാണ്. ജീവപരിണാമത്തിൽനിന്നും ദശലക്ഷക്കണക്കിനു് ജീവരൂപങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ജീവപരിണാമത്തിൽനിന്നും രൂപംകൊണ്ട സസ്യങ്ങളും ജന്തുവർഗങ്ങളും നക്ഷത്രങ്ങളിൽനിന്നും വ്യത്യസ്തമാണെന്നു് നമുക്ക് തോന്നുമെങ്കിലും അവ തമ്മിൽ യാതൊരു വ്യത്യാസവുമില്ല. സസ്യങ്ങളെയും ജന്തുക്കളെയും എന്തുകൊണ്ടാണോ നിർമ്മിച്ചിരിക്കുന്നതു് അതുകൊണ്ടുതന്നെയാണു് നക്ഷത്രങ്ങളെയും നിർമ്മിച്ചിരിക്കുന്നതു്. പ്രപഞ്ചം നെയ്തിരിക്കുന്നതു് ജീവന്റെ ഊടും പാവിലുമാണ്. ആകാശത്തു് മിന്നിത്തിളങ്ങുന്ന നക്ഷത്രത്തിനും ഉപ ആണവകണമായ ഇലക്ട്രോണിനും ജീവനുണ്ടെന്നാണു് സൂക്ഷ്മപരിശോധനയിൽ നമുക്ക് ബോദ്ധ്യപ്പെടുന്നതു്.
പ്രപഞ്ചപരിണാമം പോലെയാണു് ജീവപരിണാമവും. ആപേക്ഷികതാ സിദ്ധാന്തമനുസരിച്ച് പ്രപഞ്ചത്തിനൊരു തുടക്കവും ഒടുക്കവുമുണ്ട്. പ്രപഞ്ചത്തിലെ നക്ഷത്രങ്ങളും ഗ്രഹങ്ങളും ജനിമൃതിചക്രത്തിലൂടെ കടന്നുപോകുന്നു. എല്ലാ ജീവികളും ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. മരണത്തോടെ ജീവികളുടെ ഭൗതികാവശിഷ്ടം ജീർണ്ണിക്കുകയും പുതിയ ജീവനുവേണ്ടി പുനഃചംക്രമണത്തിനു് വിധേയമാകുകയും ചെയ്യുന്നു. കഴിഞ്ഞവർഷം കൊഴിഞ്ഞഇലകൾ വസന്തകാലത്തു് പുതുമുകുളങ്ങൾക്ക് വളമായി മാറുന്നു. അമീബ മരിക്കുകയും നശിക്കുകയും ചെയ്യുന്നു. അതിന്റെ അസംസ്കൃത വസ്തുക്കൾ മറ്റൊരു അമീബയായി രൂപം പ്രാപിക്കണമെന്നില്ല. മനുഷ്യനുൾപ്പെടെയുളള ഏതിന്റെയും അസംസ്കൃതവസ്തുവാകാം അതു്. യഥാർത്ഥത്തിൽ ജനനവും മരണവും പുനർജനനവും അങ്ങേയറ്റം സൃഷ്ടിപരമാണ്. പഴയതിൽ ചിലതു് പുതിയതാകുന്നു. ശതകോടിക്കണക്കിനു് വർഷങ്ങളായി പ്രപഞ്ചം അതിന്റെ സൃഷ്ടിപരതയും സർഗാത്മകതയും നിരന്തരം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ സൃഷ്ട്യുൻമുഖമായ ചലനാത്മകതയെയാണു് ജീവശക്തിയെന്നു വിളിക്കുന്നതു്. വിദ്യുച്ഛക്തിയെപ്പോലെ ഇതിനെ അളക്കാനാവില്ല. ഭൗതികവാദികൾ ശാസ്ത്രീയോപകരണങ്ങൾകൊണ്ട് അളക്കാൻ കഴിയാത്ത ബലങ്ങൾ നിലനിൽക്കുന്നുവെന്ന യാഥാർത്ഥ്യം അംഗീകരിക്കുന്നില്ല.
എന്തിലെല്ലാം ജീവനുണ്ടോ അതെല്ലാം സൃഷ്ടിപരതയുളളതാണ്. ആത്മീയമായ കാഴ്ചപ്പാടിൽ ജീവനില്ലാത്ത ഒന്നുമില്ല. ഒരു പാറ സചേതനമാണോ എന്ന ചോദ്യത്തിനു് ആത്മീയമായ ഉത്തരം അതെ എന്നാണ്. കാരണം, ‘പാറ’യും സൃഷ്ടിപ്രക്രിയയുടെ ഭാഗമാണ്. സൃഷ്ടിപ്രക്രിയയിൽ അന്തമില്ലാതെ ഓരോ ഉത്പന്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പാറകളുടെ പരിണാമവും ആത്യന്തികമായി ജീവൽപ്രക്രിയയാണ്. ഭൂമിയുടെ ചരിത്രത്തിന്റെ ആദ്യഘട്ടത്തിൽ സൂപ്പർനോവ സ്ഫോടനത്തിൽനിന്നും ധൂമകേതുക്കളുടെ പതനത്തിൽനിന്നും ലഭിച്ച 250 ധാതുക്കളേ ഉണ്ടായിരുന്നുളളൂ. ഭൂമിയുടെ വല്ക്കങ്ങളിലെ അതിശക്തമായ മർദ്ദവും അഗ്നിപർവ്വതസ്ഫോടനങ്ങളിൽനിന്നു് ഉണ്ടായ അത്യുഗ്രതാപവും ധാതുക്കളുടെ എണ്ണം 1,500 ലേക്ക് ഉയർത്തി. ഇരുനൂറുകോടി വർഷം മുമ്പ് മുതൽ ജീവികൾ ധാതുക്കളെ ഉപയോഗിക്കാൻ തുടങ്ങി. ഈ ധാതുക്കളെ കൊണ്ട് അവ ഓട്ടികളും അസ്ഥികൂടങ്ങളും നിർമ്മിച്ചു. സമുദ്രങ്ങളിലെ ചെറിയ ജീവികളായ പ്ലാങ്ക്ടണുകളുടെ അസ്ഥികൂടങ്ങൾ കാത്സ്യം കൊണ്ട് നിർമ്മിതമാണ്. സമുദ്രങ്ങളിലെ ഭീമാകാരമായ ചുണ്ണാമ്പ് പാറകൾ പ്ലാങ്ക്ടണുകളുടെ അസ്ഥികൂടങ്ങളിലെ കാത്സ്യം നിക്ഷേപത്തിൽനിന്നും രൂപം കൊണ്ടതാണ്. പ്രകൃതിയിലെ വിസ്മയങ്ങളിലൊന്നാണു് ജൈവവസ്തുക്കൾ അജൈവവസ്തുക്കളായ ധാതുക്കളെ പരിണാമവിധേയമാക്കികൊണ്ടിരിക്കുന്ന അത്ഭുതവിദ്യ. ഇതിന്റെ ഫലമായി ഇപ്പോൾ ഭൂമിയിലെ ധാതുക്കളുടെ എണ്ണം 4,500 കവിഞ്ഞു. പ്രപഞ്ചപരിണാമത്തിൽ മഹത്തായ പങ്കാണു് ജീവൻ നിർവഹിച്ചുകൊണ്ടിരിക്കുന്നതു്.
ഭൗതികവസ്തുക്കൾക്കൊണ്ടുമാത്രമാണു് ജീവൻ നിർമ്മക്കപ്പെട്ടിരിക്കുന്നതെന്നാണു് ഭൗതികവാദികൾ അവകാശപ്പെടുന്നതു്. പ്രപഞ്ചചരിത്രത്തിന്റെ ഒരു ഘട്ടത്തിൽ ഉണ്ടാകുന്നതാണു് അവർക്ക് ജീവൻ എന്ന പ്രതിഭാസം. എന്നാൽ പ്രപഞ്ചപരിണാമം വ്യക്തമാക്കുന്നതു് ജീവപരിണാമപ്രക്രിയ ഉത്പത്തിമുതലുളളതാണെന്നാണ്. ജൈവപരിണാമത്തിന്റെ മുന്നോടിയായിട്ടുളള ദ്രവ്യപരിണാമം പ്രപഞ്ചാരംഭം മുതലുളളതാണെന്നു് പ്രശസ്തശാസ്ത്രസാഹിത്യകാരനും ശാസ്ത്രജ്ഞനുമായിരുന്ന ജോർജ്ജ് ഗാമോവ് ‘മൂലകങ്ങളുടെ പാചകം’ എന്ന കൃതിയിൽ വ്യക്തമാക്കുന്നുണ്ട്. ജീവപരിണാമവും ദ്രവ്യപരിണാമവും വേറിട്ടതല്ല. തന്മാത്രകൾകൊണ്ട് മാത്രമാണു് ജീവൻ സൃഷ്ടിച്ചതെന്ന അവകാശവാദം അസംബന്ധമാണ്.
ശരീരശാസ്ത്രമനുസരിച്ച് നമ്മുടെ മസ്തിഷ്കപ്രവർത്തനത്തിനു് സദാ ഗ്ലൂക്കോസ് അല്ലെങ്കിൽ പഞ്ചസാര ലഭിച്ചുകൊണ്ടിരിക്കണം. മസ്തിഷ്കത്തിനു് ഗ്ലൂക്കോസ് ലഭിക്കുന്നില്ലെങ്കിൽ നമുക്ക് ചിന്തിക്കാനോ എഴുതാനോ പറ്റില്ല. അതിനർത്ഥം ഗ്ലൂക്കോസാണു് ചിന്തിക്കുന്നതും എഴുതുന്നതും എന്നല്ല. ഒരു മസ്തികഷ്കകോശത്തെ അണുതലത്തിലേക്ക് വിഭജിക്കാം. പിന്നെയും അണുവിനെ വിഭജിച്ചാൽ ഉപ ആണവകണങ്ങളുടെ തലത്തിലെത്തും. വീണ്ടും വീണ്ടും വിഭജിച്ചാൽ നമ്മൾ ഒന്നുമില്ലാത്ത മേഖലയിലെത്തും. അവിടെ ഏതെങ്കിലും ഭൗതികപ്രക്രിയ നടക്കുന്നതായും പറയാൻ കഴിയില്ല. അവിടെ നിന്നാണു് ചിന്ത വരുന്നതെന്നു് പറയാൻ സാദ്ധ്യമല്ല. ചിന്തയുടെ തുടക്കം എവിടെയെന്നു് കണ്ടെത്താനുളള പരിശ്രമം തുടരുകയാണ,് സത്യം കണ്ടെത്താനുളള മാർഗ്ഗം. ഭൗതികവാദം ഇതു് അംഗീകരിക്കുന്നില്ല. ദ്രവ്യത്തിനപ്പുറമുളള ദ്രവ്യാതീതതലങ്ങളിൽ അതു് പര്യവേക്ഷണം നടത്തുന്നില്ല. പ്രകൃതിയിലെ ദ്രവ്യാതീതവിസ്മയങ്ങൾ അതു് കണക്കിലെടുക്കുന്നില്ല. ഒരു കാർ ഓടിക്കാൻ പെട്രോൾ എങ്ങനെ പഠിച്ചുവെന്നു് ചോദിക്കുന്ന ‘കുട്ടി’യെ പോലെയാണു് ഭൗതികവാദികൾ.
തന്മാത്രകൾ ജൈവപ്രക്രിയയിലേക്ക് പരിണമിക്കുന്നതു് ഒരു പ്രഹേളികയാണ്. എങ്ങനെ ഒരു രാസതന്മാത്ര ജീവനുളളതായി മാറുന്നു? ആത്മീയതയുടെ മൗലികമായ കാഴ്ചപ്പാട് പ്രപഞ്ചത്തിലെ ഒരു വസ്തുവും ജഡം അല്ല എന്നാണ്. പ്രപഞ്ചമുൾപ്പെടെ എല്ലാം ദിവ്യമാണു്, ആത്മീയതയിൽ. മരണമെന്നതു് ഒരു ജീവരൂപം പുനർജനിക്കുന്നതിനിടയിലുളള അവസ്ഥാന്തരം മാത്രമാണ്. ജീവന്റെ സ്വഭാവത്തിനാധാരമായ ഗുണങ്ങൾ പ്രപഞ്ചവസ്തുക്കളിൽ അന്തർലീനമാണോ? അതെ എന്നാണു് ഉത്തരം. പ്രകൃതിയിൽ എല്ലാറ്റിലും അന്തര്യാമിയായിരിക്കുന്നതു് അനന്തബോധമാണ്. അതിന്റെ ആവിഷ്കാരമാണു് ജീവൻ. ജീവന്റെ മുഖ്യലക്ഷണം പ്രത്യുൽപാദനമാണ്. ന്യൂക്ലിയർ കണങ്ങളായ പ്രോട്ടോണുകളെയും ന്യൂട്രോണുകളെയും നിർമ്മിച്ചിരിക്കുന്നതു് ക്വാർക്കുകൾ കൊണ്ടാണ്. ക്വാർക്കുകൾക്ക് ബാക്ടീരിയകൾ ഏകകോശം വിഭജിച്ച് രണ്ടാകുന്നതു പോലെ പെറ്റുപെരുകാൻ കഴിയും. അങ്ങനെയെങ്കിൽ ക്വാർക്കുകൾക്ക് ജീവനുണ്ടെന്നതാണു് യാഥാർത്ഥ്യം. ജീവപരിണാമത്തിന്റെ ആദ്യപടി ജീവനില്ലാത്തതെന്നു കരുതുന്ന വസ്തുക്കളുടെ സവിശേഷമായ കൂടിച്ചേരലാണെന്നാണു് ജീവശാസ്ത്രം. കാർബണ്‍, ഹൈഡ്രജൻ, ഓക്സിജൻ, ഫോസ്ഫറസ്സ്, സൾഫർ എന്നിവ കൂടിച്ചേർന്നാണു് അമിനോ ആസിഡുകളും പഞ്ചസാരയും കൊഴുപ്പും ഉണ്ടാകുന്നതു്. അവ കൂടിച്ചേർന്നാണു് ജീവന്റെ ആദ്യരൂപം ഉടലെടുത്തതു്.
ജീവന്റെ മൗലികസവിശേഷതകളായ ബുദ്ധി, സൃഷ്ടിപരത, സംഘാടനം, പരിണാമം എന്നിവയെല്ലാം ഡി. എൻ. എ. സൃഷ്ടിക്കുന്നതല്ല. ഡി. എൻ. എ. യിൽ നിന്നാണു് ജീവൻ ഉണ്ടാകുന്നതെന്ന ആശയത്തിനു് ചില പ്രശ്നങ്ങളുണ്ട്. ഡി. എൻ. എ. ഉത്പാദനത്തിനു് പ്രോട്ടീൻ ആവശ്യമാണെന്നതുപോലെ പ്രോട്ടീൻ ഉണ്ടാകാൻ ഡി. എൻ. എ.-യും ആവശ്യമാണ്. ഇവിടെ ‘കോഴിയോ മുട്ടയോ’ ആദ്യമുണ്ടായതെന്ന ചോദ്യം ഉയരുന്നു. ഡി. എൻ. എ.-യാണു് ജീവൻ സൃഷ്ടിക്കുന്നതെന്നു പറയുന്നതു ചായമാണു് ചിത്രത്തെ സൃഷ്ടിക്കുന്നതെന്നു് പറയുന്നതുപോലെയാണ്. ജീവൻ ദ്രവ്യത്തിന്റെ സൃഷ്ടിയാണെന്നുളള ഭൗതികവാദികളുടെ കാഴ്ചപ്പാട് തെറ്റാണ്. ഡി. എൻ. എ. കണ്ടുപിടിച്ചതോടെ ജീവന്റെ എല്ലാ രഹസ്യങ്ങളുടെയും കലവറ തുറക്കാമെന്നു് ജനിതകശാസ്ത്രജ്ഞൻമാരുടെ വിശ്വാസം അന്ധമാണ്. ഡി. എൻ. എ. സങ്കീർണ്ണവിവരങ്ങളുടെ വെറും വാഹകർ മാത്രമാണ്. അതു് ‘വിവരമല്ല’ ‘അറിവല്ല’. അതു് ഒരു ടെലഗ്രാമിലെ അക്ഷരങ്ങൾ പോലെയാണ്. ആദ്ധ്യാത്മികമായ വീക്ഷണത്തിൽ ജീവൻ എപ്പോഴെങ്കിലും ഉണ്ടായതല്ല, അതു് എപ്പോഴും ഉണ്ടായിരുന്നു.