
മലയാളത്തിലെ എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനും. മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയിൽ 1951 ജൂലൈ 2-നു് എൻ. സി. മുഹമ്മദ് ഹാജിയുടെയും കെ. സി. ആയിശക്കുട്ടിയുടെയും മകനായി ജനിച്ചു. കോഴിക്കോട് മാതൃഭൂമിയിൽ സഹപത്രാധിപരായി ജോലി ചെയ്തിട്ടുണ്ടു് (1976–78). 1978-ൽ, കോഴിക്കോട് ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജ് മലയാള വിഭാഗത്തിൽ അധ്യാപകനായി. തുടർന്ന് കോടഞ്ചേരി ഗവണ്മെന്റ് കോളേജ്, കോഴിക്കോട് ഗവണ്മെന്റ് ഈവനിങ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു ഡോക്റ്ററേറ്റ് ലഭിച്ചു. 1986 മുതൽ കാലിക്കറ്റ് സർവ്വകലാശാല മലയാള വിഭാഗത്തിൽ അദ്ധ്യാപകനായിരുന്നു. അലീഗഡ് സർവകലാശാലയിലെ പേർഷ്യൻ സ്റ്റഡീസ് വിഭാഗത്തിൽ വിസിറ്റിങ് പ്രഫസറായി പ്രവർത്തിച്ചു.
മാപ്പിള സാഹിത്യം, മാപ്പിള ഫലിതം, മതം, വർഗീയത, മതേതരത്വം, സാഹിത്യം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചു് ആനുകാലികങ്ങളിലും പത്രങ്ങളിലും ലേഖനങ്ങൾ എഴുതാറുണ്ടു്. അറുപതിലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ടു്.
ഭാര്യ: ഖദീജ.
മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.
മരുമക്കൾ: ഷാജി, അശ്വതി സേനൻ, റൈഷ.
പേരക്കുട്ടികൾ: അസീം, ഹംറാസ്, സൽമ.