ഒരു നാട്ടുമ്പുറം. അവിടെ ഒരു മന്ത്രവാദി ഉണ്ടായിരുന്നു. അയാളുടെ ഭാര്യയും. അദ്ഭുതങ്ങൾകൊണ്ടും വശീകരണശേഷികൊണ്ടും പ്രസിദ്ധനായിരുന്ന മന്ത്രവാദി നിഗൂഢങ്ങളായ ആഗ്രഹങ്ങൾ ഉള്ളവനുമായിരുന്നു. ആ കാലത്തു്, മറ്റു പല നാട്ടിലുമെന്നപോലെ ആ നാട്ടിലും ആദ്യത്തെ സിനിമാടാക്കീസ് വന്നു. പുഴയുടെ കരയിൽ. വളരെയധികം മരങ്ങളും മരങ്ങളിൽ വളരെയധികം പക്ഷികളും ഉണ്ടായിരുന്ന സ്ഥലത്തായിരുന്നു ടാക്കീസ്. ഓലകൊണ്ടും വൈക്കോൽ കൊണ്ടും മേഞ്ഞ പുര, വൈകുന്നേരമാകുന്നതോടെ, മരങ്ങളിലെ പക്ഷികൾ നിശ്ശബ്ദമാകുന്നതോടെ അക്കാലത്തെ പ്രചാരമുള്ള തമിഴ്-മലയാളം സിനിമാ ഗാനങ്ങൾ കേൾപ്പിക്കാൻ തുടങ്ങും. ടാക്കീസിന്റെ പുറത്തു നിന്നാൽ അപ്പോൾ കളിക്കുന്ന സിനിമയുടെ മുഴുവൻ കഥയും, അന്നത്തെ അഭിനേതാക്കളുടെ ശബ്ദത്തിൽ, അവരോടൊപ്പമുള്ള സംഗീതത്തോടെ കേൾക്കാൻ തുടങ്ങും. വൈകുന്നേരമാകുന്നതോടെതന്നെ സിനിമ കാണാൻ ഇഷ്ടമില്ലാത്തവർപോലും ടാക്കീസിനു പുറത്തു് ടാക്കീസ് പറയുന്നതു് കേൾക്കാൻ വന്നു നില്ക്കും. വളരെ പെട്ടെന്നുതന്നെ തന്നേക്കാൾ വശീകരണശക്തിയുള്ള ‘ഒരാളാ’യി സിനിമാ ടാക്കീസ് മാറിയതു് അറിഞ്ഞു് മന്ത്രവാദി ഒരു ദിവസം ആരുമറിയാതെ, ഭാര്യയോടുപോലും പറയാതെ, ഇരുട്ടിൽ ഇരുന്നു് സിനിമ കണ്ടു. പിന്നൊരു ദിവസം അയാൾ ഭാര്യയുമായി മന്ത്രവാദിയായിത്തന്നെ വന്നു് അതേ സിനിമ കണ്ടു. തിരശ്ശീലയിലെ പ്രധാന നായികയിൽ, ആ നിമിഷം മുതൽ, അയാൾക്കു് ഭ്രമമായി. അടുത്തിരുന്നു് സിനിമ കാണുന്ന ഭാര്യയോടു്, ‘നിനക്കു് ആ പെണ്ണിനെപ്പോലെ എന്തേ ഭംഗിയില്ല’ എന്നു് സ്വകാര്യമായി ചോദിച്ചു.
‘നിങ്ങൾ മന്ത്രം ജപിച്ചു് എന്നെയും അതുപോലെ സുന്ദരിയാക്കിൻ’ എന്നു് ഭാര്യ സ്വകാര്യമായിത്തന്നെ മറുപടി പറഞ്ഞു. തീർച്ചയായും അതു് അയാൾക്കു് ചെയ്യാൻ പറ്റുമെന്നു തന്നെ അവൾക്കു് ഉറപ്പുണ്ടായിരുന്നു. എന്നാൽ, ആ രാത്രിയിൽത്തന്നെ അയാളുടെ മനസ്സിൽ വേറൊരു ആശയം മുളച്ചു; അഭിനേത്രിയെ സിനിമയിൽ നിന്നുതന്നെ തട്ടിക്കൊണ്ടു വരുക. പിറ്റേന്നു തന്നെ മന്ത്രവാദി അതു ചെയ്യുകയും ഉണ്ടായി. സിനിമയിൽ, ഒരു സമയം, ഒറ്റയ്ക്കു് നടന്നു പോയിരുന്ന നായികയെ, ആ പകൽ നേരത്തും ഇരുട്ടുണ്ടാക്കി അയാൾ കാണാതാക്കി. എന്നിട്ടു് അവൾക്കു ചുറ്റും ആരുമറിയാതെ ഒരു കാറ്റു് വിതച്ചു. ആരുമറിയാതെതന്നെ അവളുടെ കൈപിടിച്ചു് സിനിമയിൽ നിന്നും പുറത്തു കടന്നു. കൊട്ടകയുടെ വാതില്ക്കൽ നിന്നു് തിരശ്ലീലയിലേക്കു് ഒരു തവണകൂടി നോക്കിയ അവളോടു് അവളുടെ കണ്ണുകൾ പൊത്തി, മന്ത്രവാദി പറഞ്ഞു; ‘രണ്ടും മന്ത്രവാദം തന്നെ. സിനിമയും ഞാനും. ഇന്നു മുതൽ നീ സിനിമയോടൊപ്പമല്ല, എന്നോടൊപ്പം…’
സിനിമാ ടാക്കീസിനു പുറത്തു് മരങ്ങളിൽ പാർത്തിരുന്ന പക്ഷികൾ മാത്രം ആ രാത്രിയിലും ഈ ഒളിച്ചോട്ടം കണ്ടുപിടിച്ചു. അവ കൂട്ടത്തോടെ ഒച്ചവെച്ചു. ‘ഇയാളെ വിശ്വസിക്കരുതേ’ എന്നു പറഞ്ഞുനോക്കി. മന്ത്രവാദി അവയുടെ ശബ്ദം ഒരൊറ്റ നോട്ടംകൊണ്ടു് മായ്ച്ചുകളഞ്ഞു. ആ പ്രദേശം തന്നെ നിശ്ശബ്ദമായി. എന്നാൽ, ഒരു ദിവസം, മന്ത്രവാദിയോടൊപ്പമുള്ള തന്റെ പതിമൂന്നാമത്തെ ദിവസം, അഭിനേത്രി അവിടെ നിന്നും രക്ഷപ്പെട്ടു. അതിനിടയിൽ കഠിനങ്ങളായ പല പരീക്ഷണങ്ങളും മനോവേദനകളും ഉണ്ടായിരുന്നെങ്കിലും സിനിമാ ടാക്കീസിൽത്തന്നെ തിരിച്ചെത്തിയതിൽ അഭിനേത്രി അതിയായി സന്തോഷിച്ചു. വെള്ളിത്തിരയിൽ കണ്ട ആദ്യത്തെ വലിയ മരത്തിനു പിറകെ അവൾ വന്നു നിന്നതും, സിനിമയിലും ടാക്കീസിനു പുറത്തെ മരക്കൊമ്പിലും കിളികൾ ചിലച്ചു. മധുരമായി തുടങ്ങിയ സംഗീതത്തോടൊപ്പം അഭിനേത്രി തന്നെ കാത്തിരുന്നവരെ, ഓരോരുത്തരെയും, മാറി മാറി നോക്കി…
ഒരു സിനിമാനടിയെ സിനിമയിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ ടാക്കീസിലെ ആരുമറിയാതെ തട്ടിക്കൊണ്ടു വന്നു് തന്റെ വീട്ടിൽ, ആരുമറിയാതെതന്നെ, പാർപ്പിച്ച മന്ത്രവാദിയുടെ കഥ ജോൺ പറയുമ്പോൾ എനിക്കും അവന്റെ പ്രായമാണു്. ഇപ്പോൾ അറുപത്തിയൊമ്പതു്. വൃദ്ധനായിരിക്കുന്നു. കണ്ണുകൾ നിഴലുകളിൽ നില്ക്കുന്നു. അന്നു് ജോണിനും എനിക്കും ഒരേ വയസ്സു്, മുപ്പത്തിയൊന്നോ മുപ്പത്തിരണ്ടോ.
‘അച്ഛാ, ഇന്നു് എനിക്കു് ആ കഥ കേൾക്കണം’, ഷീല പറഞ്ഞു. ‘ഇന്നുതന്നെ, ഇപ്പോൾ.’
ഇന്നുതന്നെ പറയണം, ഇപ്പോൾത്തന്നെ പറയണമെന്നു പറഞ്ഞ ദിവസം എന്തുകൊണ്ടും പ്രധാനപ്പെട്ടതുതന്നെ. അവൾക്കു് വിശേഷിച്ചും. ഷീലയ്ക്കു് ഇപ്പോൾ മുപ്പത്തിയൊന്നോ മുപ്പത്തിരണ്ടോ വയസ്സുകാണും. ശരിക്കും അവളുടെ പേർ ഉമ എന്നാണു്. ഉമ ശ്രീപാർവതിയുടെ പേരാണു്. പക്ഷേ, ഞങ്ങൾ, ജോണാണു് ഈ പേരു വിളിക്കാൻ തുടങ്ങിയതു്. ഞാനും തങ്കവും പിന്നീടു് ജോൺ ഇട്ട പേരുതന്നെ അവളെ വിളിക്കാൻ തുടങ്ങി: ഷീല. ആ പേരിൽ പ്രശസ്തയായ ഒരു സിനിമാനടിയും ഉണ്ടായിരുന്നു. സ്കൂളിൽ ചേർത്ത ദിവസം, അന്നാണു് ഷീല അവളുടെ സ്വന്തം പേർ ആദ്യമായി കേട്ടതു് എന്നു പറഞ്ഞു: ഉമ, ഇ. പി. അവൾ ആശ്ചര്യത്തോടെ എന്നെയും തങ്കത്തിനെയും മാറി മാറി നോക്കി.
‘ആ കഥ, ആരാ അതൊക്കെ ഓർക്കുന്നേ,’ ഞാൻ പറഞ്ഞു; ‘നീ കല്യാണം കഴിക്കാൻ പോകുന്ന ആൾ ഒരു മന്ത്രവാദി ആവരുതെന്നേ ഞാൻ പറഞ്ഞുള്ളൂ.’
ജോൺ പറഞ്ഞതു്, ‘എല്ലാ മന്ത്രവാദികളും ദൈവത്തിന്റെ നിഴലായതു കൊണ്ടു്, നിഴൽ എപ്പോഴും അതിന്റെ ഉടമയോടൊപ്പമായതുകൊണ്ടു് മനുഷ്യരെ പറ്റിക്കുന്നു, നമ്മൾ അറിയില്ല’ എന്നാണു്. അവനോടൊപ്പം ഉള്ളപ്പോഴും ജോൺ ഞങ്ങൾക്കു് അധികവും ഒരു കേട്ടുകേൾവിയായതുകൊണ്ടു് എന്റെ തോന്നലുകൾപോലും അവന്റെ അഭിപ്രായങ്ങളാകുന്നു.
ഞാൻ മകളോടു് പറഞ്ഞു; ‘ഇനി അഥവാ ആ കഥ ഇപ്പോൾ ഓർത്തു പറയുകയാണെങ്കിൽ അവന്റെ കഥതന്നെ ആവണമെന്നുമില്ല.
മകൾ പറഞ്ഞു; ‘സാരമില്ല.’
അവൾ എന്നെ ഇരിപ്പുമുറിയിലേക്കു് കൊണ്ടുവന്നു. കൈപിടിച്ചു് പതുക്കെ. ഇപ്പോഴും ‘ഇതാ അച്ഛനെ വീഴ്ത്താൻ പോകുന്നേ എന്നു് ഒരു ഭാഗത്തേക്കു് എന്നെ ചരിച്ചു. ഞാൻ അവളെ നോക്കി ഇപ്പോഴും ചിരിച്ചു.
‘അച്ഛൻ വീണാൽ, ഞാൻ അറിയാത്ത മട്ടിൽ വീടുപൂട്ടി പുറത്തേക്കു പോയാൽ, പിന്നെ വരാതിരുന്നാൽ എന്തു ചെയ്യും?’
ഞാൻ അങ്ങനെ ഉണ്ടാവില്ല എന്നു് അന്നും പറഞ്ഞു. അഥവാ, അങ്ങനെ ഉണ്ടായാൽ എന്തു ചെയ്യുമെന്നു് ഓർത്തു.
‘എന്റെ മകൾ അതു് ചെയ്യില്ല.’
‘എന്തുകൊണ്ടു്?
‘ചെയ്യില്ല, അതുതന്നെ.’
പതിവിനു വിപരീതമായി അവൾ ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു് എന്നെ അവിടെ ഒരു കസേരയിൽ ഇരുത്തി. ഏഴാമത്തെ നിലയിൽ നിന്നു് മങ്ങിയ കാഴ്ചയോടെ ഞാൻ പുറത്തെ കാഴ്ചകൾ ശ്രദ്ധിച്ചു. ഭൂമിക്കടിയിൽ നിന്നും വരുന്ന ശബ്ദങ്ങൾ ശ്രദ്ധിച്ചു. ‘ഭൂമിയിലെ നേർ നമ്മൾ ആകാശത്തു ജീവിക്കുന്നു’ എന്നാണു്. ‘ഇത്രയും ഉയരത്തിൽ എന്തിനാ മോളേ നീ താമസിക്കുന്നതു്’ എന്നു് ചോദിച്ചപ്പോൾ, ഒരിക്കൽ ഷീല പറഞ്ഞതു്, ‘ഫ്ളാറ്റുകൾ അങ്ങനെയാണു്, അച്ഛാ.’
മുംബൈയിലെ ‘അണുശക്തി നഗറി’ലെ ‘സരയു’ എന്നു പേരുള്ള ഒരു കെട്ടിടമായിരുന്നു അതു്. ഇന്ത്യയുടെ അണുശക്തിക്കുവേണ്ടി പ്രവർത്തിക്കുന്ന ആളുകൾ, അവരുടെ കുടുംബങ്ങൾ താമസിക്കുന്ന ഇടം, മുംബൈയിലെ തിരക്കില്ലാത്തതാണു്. ശാന്തരായി പ്രഭാതസവാരിക്കു് ഇറങ്ങുന്ന ആളുകളെ ഞാൻ ആദ്യം മുംബൈയിൽ കാണുന്നതു് ഇവിടെ വെച്ചാണു്. അതുകൊണ്ടു് കഴിഞ്ഞ ചില ദിവസങ്ങളിലൊക്കെയും രാവിലെ സമയമുണ്ടാക്കി അങ്ങനെ ചിലരെയെങ്കിലും കാണാൻ ഞാൻ ഈ ബാൽക്കണിയിൽ വന്നു നില്ക്കും. ഇപ്പോഴും നോക്കി.
ഞങ്ങൾക്കു രണ്ടുപേർക്കുമുള്ള ചായ ഒരു ടീപോയിൽവെച്ചു് ഷീല കഥ കേൾക്കാൻ ഇരുന്നു. കഥ പറയുന്നു എന്ന ഉറപ്പിൽ ഞാനും. അല്ലെങ്കിൽ ഇതെല്ലാം നേരത്തേ നിശ്ചയിച്ചതായതുകൊണ്ടു് ഇപ്പോൾ ഞങ്ങൾ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും ഞങ്ങളിരിക്കുന്ന രീതിയുംവരെ എനിക്കു മുൻപേ പരിചയമുള്ളതുപോലെയുമായിരുന്നു. അതിനാൽ, ആദ്യത്തെ മുപ്പതു് മിനിറ്റുകൊണ്ടു തന്നെ ഞാൻ ആ കഥ പറഞ്ഞു. പണ്ടു് ജോൺ പറഞ്ഞതുപോലെത്തന്നെ. പൊടിപ്പും തൊങ്ങലുംവെച്ചു്. പൊടിപ്പും തൊങ്ങലും വേണ്ടെന്നുവെച്ചു്.
കഥ പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും അന്നത്തെ, ഓർമ്മയിലേക്കു തന്നെ മടങ്ങിവന്നു.
‘ഇനി ഷീല പറയു, ഈ പുരോഹിതനെ നീ വിശ്വസിക്കുന്നുണ്ടോ?’ ഞാൻ ചോദിച്ചു.
‘തീർച്ചയായും,’ ഷീല പറഞ്ഞു.
ഷീല ഉറപ്പായും കണ്ടുപിടിച്ചിട്ടുണ്ടു്, ഞാൻ പറഞ്ഞ കഥയിൽ ഇപ്പോൾ ഒരു പ്രധാന മാറ്റം വരുത്തിയിരിക്കുന്നു. ജോൺ പറഞ്ഞ കഥയിൽ നായകൻ ഒരു മന്ത്രവാദിയാണു്. ഒരു മന്ത്രവാദി എന്നാൽ ജോണിന്റെ കഥയിൽ ദൈവത്തിന്റെ നിഴലിൽ കഴിയുന്ന ആൾ മാത്രമല്ല, ജീവിതത്തിൽനിന്നു് ഏതു സമയവും മരണത്തിലേക്കു് ഓടിവന്നു് കാര്യങ്ങൾ കണ്ടു് തിരിച്ചു് ജീവിതത്തിലേക്കുതന്നെ ഓടിവരാനുള്ള സൂത്രം അറിയുന്ന ആൾകൂടിയാണു്. മരണം കലയുടെ ദൈവമായതുകൊണ്ടു് കലയ്ക്കു ചിലപ്പോൾ ചെകുത്താന്റെ ചുവയുമുണ്ടു്’ എന്നു് ഇപ്പോൾ എനിക്കു് തോന്നിയതാണെങ്കിലും ജോൺ അന്നു പറഞ്ഞിരിക്കണം. ജോൺ പറഞ്ഞു: ‘ഞാനും ചെകുത്താനാണു്.’ ഞാനും. അതുകൊണ്ടു് ഞാൻ ഇപ്പോൾ നായകനെ, ‘പുരോഹിതൻ’ എന്നു് മാറ്റിപ്പറഞ്ഞു.
ഷീലയ്ക്കു് അറിയാം, ഞാൻ പറയുന്നതു് മറ്റേ ജോണിനെപ്പറ്റിത്തന്നെ. അവളുടെ സുഹൃത്തിനെപ്പറ്റി. അവളോടൊപ്പം അയാൾ ഇവിടെ വന്നിട്ടുണ്ടു്. അങ്ങനെ വന്ന ഒരു ദിവസം അയാൾ, ഷീലയുടെ സുഹൃത്തു്, ജോണ്‍, എന്നോടു പറഞ്ഞു; ‘ഞാൻ ഷീലയെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു.’ ഷീല പറഞ്ഞു; ‘അച്ഛൻ അദ്ഭുതപ്പെടേണ്ട, ഒരു പുരോഹിതൻ അതും ഒരു കത്തോലിക്കൻ എങ്ങനെ വിവാഹിതനാകും എന്നു്.’ അയാൾ, ഷീലയുടെ സുഹൃത്തു്, ജോൺ പറഞ്ഞു; ‘ഷീലയുടെ അച്ഛാ ഞാൻ സെമിനാരിയിലെ പഠനവും പട്ടവും ഒക്കെ മറ്റന്നാൾ മുതൽ ഉപേക്ഷിക്കുകയാണു്.’
ഞാൻ അയാളോടു്, ഷീലയുടെ സുഹൃത്തിനോടു്, അതിനേക്കാൾ എന്നോടും, ചോദിച്ചു:
‘എന്നിട്ടോ?’ ‘നാലാംനാൾ കല്യാണം?’
ഇതു കേട്ടതും ഷീല പറഞ്ഞു. അഥവാ അവളുടെ നാവിൽ ഗുളികൻ നൃത്തം വെച്ചു. മരിച്ചവരുടെ മീതെനിന്നു് മരിച്ചവർ നടത്തുന്ന നൃത്തംപോലെ. കടലിനു മീതെ നടന്നു കാണിക്കാമെന്നു പറഞ്ഞ ആൾ പിന്നെ കടലിൽ കാണാതായതു പോലെ. അവൾ പറയേണ്ടതു മറന്നു. അവൾ പറഞ്ഞതു് ഇതും: ‘എന്നിട്ടു് ഏഴാം നാൾ ഞാൻ ഒരു പന്നിയെ പ്രസവിക്കും.’
അവിടെ തെറ്റി. അവളുടെ സുഹൃത്തു്, ജോണ്‍, സെമിനാരിയിൽ അച്ചൻ പട്ടത്തിനു് പഠിക്കുന്ന മംഗലാപുരത്തുകാരനായ സുന്ദരനായ ചെറുപ്പക്കാരൻ, ഷീലയെക്കാൾ ആറു വയസ്സിനു മൂപ്പുകുറഞ്ഞവൻ, ആദ്യം സോഫയിൽ കൈകാലുകൾ തളർന്നതുപോലെ ഇരുന്നു. പിന്നെ അവന്റെ സുഹൃത്തു് ഷീലയെയും അവളുടെ അച്ഛൻ എന്നെയും നോക്കാതെ വാതിൽ തുറന്നു് ലിഫ്റ്റിനരികിലേക്കു് നടന്നു. ഏഴാംനിലയിൽ ലിഫ്റ്റ് എത്തുന്നതിനു മുൻപു് ഷീല അയാളെ തിരികെ വിളിച്ചുകൊണ്ടുവരുമെന്നുതന്നെ ഞാൻ വിചാരിച്ചു. അവൾ ചെയ്തില്ല. ഞാൻ ലിഫ്റ്റിനരികിലേക്കു് ഓടിച്ചെന്നു് ജോണിനെ തടഞ്ഞു്, ജോൺ പോകല്ലേ’ എന്നു പറഞ്ഞു, അവൾ വെറുതേ പറഞ്ഞതാണു് എന്നു പറഞ്ഞു, ‘അവൾ കഥകൾ കേട്ടുവളർന്നതുകൊണ്ടാണു്’ എന്നു പറഞ്ഞു.
ജോൺ വിസമ്മതിച്ചു. ഞാൻ അയാളോടൊപ്പം ലിഫ്റ്റിൽ കയറി. ‘ഞാൻ നിങ്ങളുടെ വിവാഹം നടത്തിത്തരും’ എന്നു പറഞ്ഞു. ജോൺ വിസമ്മതിച്ചു. ലിഫ്റ്റ് ഗ്രൗണ്ട് ഫ്ളോറിൽ എത്തി. ഞാൻ ജോണിന്റെ കഴുത്തിൽ പിടിച്ചു, ‘ഇല്ലെങ്കിൽ നിന്നെ കൊന്നുകളയും’ എന്നു പറഞ്ഞു.
ജോണ്‍, എന്റെ പിടിവിടുവിച്ചു്, നിരത്തിലേക്കു നടന്നുപോയി.
അന്നു് വളരെ വൈകി ഞാൻ ഫ്ളാറ്റിൽ തിരിച്ചെത്തി. മാത്രമല്ല, ഏഴാമത്തെ നിലയിലേക്കു്, ലിഫ്റ്റിനു പകരം, കോണി ഉപയോഗിച്ചു. കിതയ്ക്കുകയും കാലുകൾ കുഴയുകയും ചെയ്തപ്പോൾ, കോണിപ്പടികളിൽ, ഇരുട്ടിന്റെ നിഴലിൽ, ഒരു പട്ടിയെപ്പോലെ നിന്നു. വീട്ടുവാതില്ക്കൽ എത്തുമ്പോൾ ആ പകൽ മുഴുവനും ഞാൻ ഇറങ്ങിപ്പോയ ആ സമയം മുതൽ വാതിൽ തുറന്നുതന്നെ കിടക്കുകയായിരുന്നു എന്നു കണ്ടു. വാതില്ക്കൽ ഒരു നിമിഷം ഞാൻ നിന്നു. ഷീല അതേപോലെ ആ പകൽ മുഴുവനും, അതേ സ്ഥലത്തു്, ഇരിക്കുകയായിരുന്നിരിക്കണം. എന്നെ കണ്ടപ്പോൾ, ഒരു തവണ മാത്രം നോക്കി, അവൾ കിടപ്പുമുറിയിലേക്കും പോയി…
പിറ്റേന്നാണു് അവൾ ഈ കഥ പറയാൻ പറഞ്ഞതു്. ജോൺ പറഞ്ഞ അവന്റെ പതിമൂന്നാമത്തെ സിനിമാക്കഥ. ഒരു സിനിമാനടിയെ സിനിമയിൽ കളിച്ചു കൊണ്ടിരുന്നപ്പോൾ ടാക്കീസിലെ ആരുമറിയാതെ തട്ടിക്കൊണ്ടുവന്നു് തന്റെ വീട്ടിൽ, ആരുമറിയാതെതന്നെ, പാർപ്പിച്ച മന്ത്രവാദിയുടെ കഥ ജോൺ പറയുമ്പോൾ അവനും എനിക്കും ഒരേ വയസ്സാണു്. മുപ്പത്തിയൊന്നോ മുപ്പത്തിരണ്ടോ. ഇപ്പോൾ അറുപത്തിയൊമ്പതു് വയസ്സു്. വൃദ്ധനായിരിക്കുന്നു. കണ്ണുകൾ നിഴലുകളിൽ നില്ക്കുന്നു.
‘അച്ഛാ, ഇന്നു് എനിക്കു് ആ കഥ കേൾക്കണം, ഷീല പറഞ്ഞു; ‘ഇന്നുതന്നെ, ഇപ്പോൾ.’