കഥ, ആമുഖം, എന്റെ കൂട്ടിച്ചേർക്കൽ
‘രക്തമുഖനെന്ന കുരങ്ങന്റെയും കരാളമുഖനെന്ന മുതലയുടെയും സൌഹൃദത്തിന്റെ കഥ ഓർമ്മവരും ഈ കഥ പറയുമ്പോൾ. ചതിയിൽ നിന്നും മരണത്തിൽ നിന്നും മനഃസാന്നിധ്യം കൊണ്ടുമാത്രം രക്ഷപ്പെട്ടതാണു് ആ കുരങ്ങൻ. എന്നാൽ, വീണ്ടും അത്തി മരത്തിൽ ഉയരത്തിൽ കയറിയിരുന്ന രക്തമുഖൻ പേടി തീർന്നപ്പോൾ, മരത്തിൽ എവിടെയും സൂക്ഷിച്ചിട്ടില്ലായിരുന്നെങ്കിലും, തന്റെ ശരീരത്തിൽത്തന്നെ ഉണ്ടായിരുന്നിട്ടും, സ്വന്തം ഹൃദയം തേടി കൊമ്പുകൾതോറും ചാടിയിട്ടുണ്ടാകും. ഒരു മരത്തിൽ നിന്നു് വേറൊരു മരത്തിലേക്കു്. ഒരു നദിക്കരയിൽ നിന്നു് വേറൊരു നദിക്കരയിലേക്കു്. സ്വന്തം ഹൃദയത്തെക്കുറിച്ചു് അവൻ പറഞ്ഞ നുണ, നുണ തന്നെയോ എന്നു കണ്ടുപിടിക്കാൻ. എനിക്കു തീർച്ചയാണു്. കരാളമുഖൻ, മുതല, അവന്റെ ഭാര്യയോടു് എന്തും പറയട്ടെ; കുരങ്ങൻ ഹൃദയമില്ലെന്നോ, തന്നെ പറ്റിച്ചെന്നോ, പുഴയിൽ വീണു ചത്തുപോയെന്നോ. അവൾ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യട്ടെ. എനിക്കു് തീർച്ചയാണു്, പുഴയിൽ ഉടൽ നനഞ്ഞുള്ള യാത്ര സൌഹൃദത്തെപ്പറ്റി ഒരു കഥ ആ മുതലയോടും പറഞ്ഞിരുന്നു…’
ഷീലയ്ക്കു് ചിരി വന്നു.
അവൾ കളിത്തോക്കെടുത്തു. എന്റെ നെഞ്ചിനും വയറിനുമിടയിൽ അമർത്തി, ‘ഠോ’ എന്നു് പൊട്ടിച്ചു…