ആ രാത്രി ഞാൻ ഷീലയുടെ വാക്കുകളിൽ വീണ്ടും വന്നു. അല്ലെങ്കിൽ ആ ദിവസം മുഴുവനും ആ വാക്കുകളിൽത്തന്നെയായിരുന്നു. ഏഴാംനാൾ ഒരു പന്നിയെ പ്രസവിക്കും. ഞാൻ തങ്കത്തിനെ, എന്റെ ഭാര്യയെ ഓർത്തു. ‘ഞാൻ പ്രസവിക്കുക ഒരു പന്നിയെ ആയിരിക്കും, അതുകൊണ്ടു് ഞാൻ പ്രസവിക്കില്ല,’ തങ്കം പറഞ്ഞു; ‘ഒരു പന്നിയെയും, ആണായോ പെണ്ണായോ.’
ഞാൻ തങ്കത്തിന്റെ അരികിലിരുന്നു.
‘നീ പഴയതൊക്കെ ആലോചിക്കുന്നു. അല്ലെങ്കിലും കഥയല്ലല്ലോ ജീവിതം.’ തങ്കം എന്നെ നോക്കി അവളോടുതന്നെ പറയുന്നതുപോലെ പറഞ്ഞു;
‘ഞാനിപ്പോൾ നിങ്ങളെ തൊടുന്നില്ല. ഇനി ഒരിക്കലും തൊടുകയുമില്ല. പക്ഷേ, നിങ്ങളുടെ ശബ്ദം ഞാൻ വെറുത്തിട്ടില്ല, ഇതുവരെ.’
തങ്കം രണ്ടാമതു് ഗര്‍ഭം ധരിച്ച നാളുകളായിരുന്നു. ആ നാളുകളിൽ അവൾ അവളെത്തന്നെ വെറുത്തു. ഒരു മാസം ആവുന്നതേയുള്ളൂ. വയറ്റിൽ ഒരു പന്നിയാണു് വളരുന്നതെന്നു് അവൾ പറഞ്ഞു. വാസ്തവത്തിൽ, വയറ്റിൽ വളരുന്ന പന്നിയെപ്പറ്റി അവൾ ഒരു കെട്ടുകഥ ഉണ്ടാക്കുകയായിരുന്നു. അതു് എന്താണെന്നു് ഞാൻ ആലോചിച്ചിരുന്നു. ഒരുപക്ഷേ, എനിക്കു് ബൈബിൾ അത്ര പരിചയമില്ലാത്തതുകൊണ്ടും പന്നിയെ കൊന്നു് അതിന്റെ മാംസം പാചകം ചെയ്തു് കഴിക്കാത്തതുകൊണ്ടും പന്നി എന്നതു് ചീത്ത വിളിക്കാനുള്ള ഒരു പേരു മാത്രമായിരുന്നു. തങ്കം, പക്ഷേ, ബൈബിൾ പ്രകാരം, പന്നികളെ പാപത്തിന്റെയും ശാപത്തിന്റെയും ഓർമ്മകളിൽ കണ്ടു. അവൾ ക്രിസ്ത്യാനിയും ഞാൻ ഹിന്ദുവും ഞങ്ങളുടെ മകൾ ക്രിസ്ത്യാനിയും ഹിന്ദുവും ആകാത്തതുകൊണ്ടും അവളുടെ രണ്ടാമത്തെ ഗര്‍ഭം ഒരു പന്നിയെ അല്ല പ്രസവിക്കുക എന്നു് എനിക്കു് ഉറപ്പായിരുന്നു. അഥവാ, കഥകളിൽ ഞാൻ ചിലപ്പോൾ എന്നെയും തനിച്ചു നിറുത്തി. അതിനാൽ ബൈബിൾ ഓർമ്മിച്ചു് ‘അവര്‍ കടലിന്റെ അക്കരെ ഗദരദേശത്തു് എത്തി. പടകില്‍നിന്നും ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ കല്ലറയില്‍നിന്നു വന്നു് അവനെ എതിരേറ്റു’ എന്നു് തങ്കം ആ വരികൾ ചൂണ്ടാണിവിരല്‍കൊണ്ടു് അടയാളപ്പെടുത്തി. എന്നെ നോക്കുമ്പോൾ ഞാൻ അവളെ ഭയത്തോടെ നോക്കി; ‘അശുദ്ധാത്മാക്കൾ പുറപ്പെട്ടു് പന്നികളിൽ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു് പാഞ്ഞു വീര്‍പ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരമായിരുന്നു…’
‘നീ ഇപ്പോഴും ബൈബിൾ വായിക്കാറുണ്ടോ?’
‘ഇല്ല, പക്ഷേ, ഓര്‍ക്കാറുണ്ടു്.’
ഞാൻ തങ്കത്തിന്റെ വയറ്റിൽ കൈവെച്ചു, അവളെ ചേർത്തുപിടിച്ചു.
മുറ്റത്തു് ജോൺ അവനോടൊപ്പം ഉണ്ടായിരുന്ന അഞ്ചുപേരോടൊപ്പം നിന്നു. എല്ലാവരും കിഴക്കോട്ടു നോക്കി സൂര്യനെപ്പറ്റി ജോൺ വർണ്ണിക്കുന്നതു് കേൾക്കുകയായിരുന്നു. ജോൺ പറഞ്ഞു; ‘അതായതു് സൂര്യൻ ഭൂമി തന്നെ കൈയിൽപ്പിടിച്ചു് വട്ടംകറങ്ങുന്ന ഒരു കണ്ണാടി മാത്രം. അഥവാ പകൽ കണ്ണാടിയിലെ വെളിച്ചം മാത്രം.’ ജോണിനെ നോക്കാതെ ഞാൻ മകളെ അന്വേഷിച്ചു് മുറ്റത്തേക്കിറങ്ങി. അത്രയുംനേരം അവൾ തങ്കത്തിന്റെ അടുത്തായിരുന്നു. മുറിയിലേക്കു് ഞാൻ ചെന്നപ്പോൾ, അവൾ പേടിയോടെ പതുക്കെ പിറകോട്ടു നടന്നു് പുറത്തേക്കിറങ്ങി. ജോണും എന്റെ പിറകെ വന്നു, തൊടിയിലേക്കു്. അപ്പോഴും അവൻ പന്നികളെപ്പറ്റി ഓർത്തതിനും പന്നിയിറച്ചി കഴിക്കാൻ നിര്‍ബന്ധിച്ചതിനും മാപ്പു പറഞ്ഞു; ‘തങ്കം, പന്നികളെ എന്തിനു വെറുക്കണം എന്നുമാത്രം എനിക്കറിയില്ല.’
എന്നാൽ, തലേന്നു രാത്രി തൊടിയിൽ പന്നിയിറച്ചി പാകംചെയ്തു കഴിക്കുന്നതു് തങ്കം വിലക്കിയതും ജോൺ അവളോടു് കുപിതനായി. അവൻ ഒരു പന്നിയെപ്പോലെ നാലുകാലിൽ പന്നിയിറച്ചി പാകം ചെയ്യുന്ന തീയ്ക്കു ചുറ്റും നടന്നു. മറ്റു് അഞ്ചുപേരും തീയ്ക്കു ചുറ്റും പന്നികളായി വട്ടംചുറ്റി. തങ്കം എന്നെ നോക്കി, ‘എന്തുകൊണ്ടു് ഗുരുവിനെ അനുസരിക്കുന്നില്ല’ എന്നു ചോദിച്ചു. അതിനു്, ‘അവൻ യൂദാസ് അല്ലേ’ എന്നു് ജോൺ പറഞ്ഞു. അവൻ എന്നെ ‘യൂദാസേ’ എന്നു പിന്നെയും വിളിച്ചു. പെട്ടെന്നു് തങ്കം അവനോടു് ‘നീ യേശു ചമയല്ലേ, പന്നി മാത്രം ആയാൽ മതി’ എന്നു പറഞ്ഞു. ജോൺ നിവര്‍ന്നു നിന്നു, മറ്റു് അഞ്ചുപേരും. തങ്കം അവിടെ വെച്ചിരുന്ന വെള്ളമെടുത്തു് തീയിലേക്കു് ഒഴിച്ചു്, പാത്രം എറിഞ്ഞു്, അകത്തേക്കു പോയി…
തൊടിയിൽ, ഒരിടത്തു്, ഒറ്റയ്ക്കിരിക്കുകയായിരുന്നു മകൾ. എനിക്കു മുന്‍പേ ജോൺ അവളെ എടുത്തു് ഉമ്മവെച്ചു് എനിക്കു നേരെ നീട്ടി. മകളെ വാങ്ങി ഞാൻ വീട്ടിലേക്കുതന്നെ മടങ്ങി.
‘ക്ഷമിക്കണം, രാമു,’ ജോൺ പറഞ്ഞു; ‘ഇങ്ങനെ ഒന്നും ഉണ്ടാവില്ല ഇനി.’
അവൻ തിരിച്ചു നടന്നു. പിന്നെ ഓടാൻ തുടങ്ങി. പടി കടക്കുന്നതിനു മുന്‍പേ മറ്റു് അഞ്ചുപേരെയും കണ്ടു. ഏഴാമത്തെയോ ആറാമത്തെയോ ആളായിരുന്നു ഞാന്‍.
അന്നും ജോൺ കഥ പറഞ്ഞു. ജോൺ പറഞ്ഞ കഥ അവൻ എടുക്കാൻ പോകുന്ന അല്ലെങ്കിൽ ഒരിക്കലും എടുക്കാൻ പോകാത്ത പതിമൂന്നാമത്തെ സിനിമയുടേതായിരുന്നു. അതിന്റെ ഇടയിൽ ചിലപ്പോൾ സിനിമകളേ ഉണ്ടായിരുന്നില്ല. അഥവാ, 1, 2, 3 കഴിഞ്ഞാൽ 4, 5, 6, 7, 8 വെറുതേ ഇട്ടു. 9, 10, 11, 12 വ്യത്യസ്തങ്ങളായ കഥകൾക്കായിരുന്നു. ഒന്‍പതു് ഒരു പ്രണയകഥയായിരുന്നു. പത്തു്, ഒരു കൊലപാതകം. പതിനൊന്നു് ഒരു പ്രതികാരകഥയായിരുന്നു. പന്ത്രണ്ടു്, രണ്ടാംലോകമഹായുദ്ധത്തിന്റെ കാലത്തു് ബർമയിൽ ജോലി ചെയ്തിരുന്ന ഒരു മലയാളി നഴ്സിന്റെ കഥയായിരുന്നു. നഴ്സ് അവന്റെ ബന്ധു കൂടിയായിരുന്നതുകൊണ്ടു് ആ കഥ അവനു മാത്രമായി പറഞ്ഞുവെച്ചിരുന്നു. പതിമൂന്നു് ഒരു ചീത്ത അക്കം ആയതുകൊണ്ടാണു് തന്റെ കഥ മന്ത്രവാദത്തെക്കുറിച്ചും ചെകുത്താനെക്കുറിച്ചും ആയതു് എന്നു് ജോൺ വിശ്വസിച്ചു.
‘13’ ചീത്ത അക്കമായിരുന്നു അവനും. ആ അക്കത്തിനു പിറകിൽ ‘വിശ്വാസഹത്യയുടെ കൊടുംസത്യങ്ങൾ ഒളിച്ചിരിപ്പുണ്ടു്’ എന്നു് അവൻ പറഞ്ഞു.
വിശ്വാസഹത്യ എനിക്കും പരിചയമുള്ള പദംതന്നെ. പക്ഷേ, ‘13’ ഒരു ചിത്ത അക്കമല്ല എന്നു് ഞാൻ അവനോടു് തര്‍ക്കിച്ചു.
1963 മുതൽ 1968 വരെ ഒരു ഗ്രാമത്തിൽ ഉണ്ടായിരുന്ന ഒരു സിനിമാടാക്കീസിനെപ്പറ്റിയാണു് ജോണിന്റെ കഥ. ആ കൊട്ടക ഓലമേഞ്ഞ മേല്‍പ്പുരയോടെ, പകൽ, മാനത്തേക്കു തുറക്കുന്ന അനേകം ചെവികളോടെ ഒച്ചയുണ്ടാക്കാതെ നിന്നു. വൈകുന്നേരം ആ ചെവികളിലൂടെ തമിഴിലും ഹിന്ദിയിലും മലയാളത്തിലും ഉള്ള പാട്ടുകൾ മാനത്തേക്കു് പറന്നു. രണ്ടു ചെവികൾ മാത്രം ഉണ്ടായിരുന്ന മനുഷ്യര്‍ പാതി തുറന്ന ആശ്ചര്യത്തിന്റെ വായകളോടെ കേട്ടു; ‘സോജാ രാജകുമാരീ, സോജാ.’
കൊട്ടകയുടെ ഓലകൾ, കടലിനടിയിലെ ഓളങ്ങള്‍പോലെ, മൂളുന്ന ചുണ്ടുകള്‍പോലെ, ഇളകിക്കൊണ്ടിരുന്നു. പിന്നെ ഓലകൾ ഉച്ചത്തിൽ പാടാൻ തുടങ്ങി. സിനിമാടാക്കീസ് മുഴുവനും പാടാൻ തുടങ്ങി.
ജോൺ ആ സിനിമാക്കൊട്ടകയ്ക്കു മീതെ രാത്രികളിൽ കണ്ണുകളും മൂക്കും ചെവികളുമുള്ള ഒരു മേഘമായി വന്നുനില്ക്കാറുണ്ടു് എന്നു പറഞ്ഞു. അതു് അവൻ തന്റെ മെലിഞ്ഞ കൈകൾ ഇരുവശങ്ങളിലേക്കും ഉയർത്തി പക്ഷിയെപ്പോലെ പറക്കുന്നു എന്നു് നടിച്ചുകൊണ്ടു പറഞ്ഞു;
‘വായ ഇല്ല.’
ജോൺ അവന്റെ മേഘജീവിതത്തിലെ സാരവത്തായ അംഗഭംഗം പറഞ്ഞു; എന്തെന്നാൽ, കഥ കേൾക്കുന്നവരും കഥ പറയുന്നവരും വായ ഉപേക്ഷിച്ചവരാണു്. എന്തെന്നാൽ, വായ കണ്ടതുമാത്രം പറയാനുള്ള ഒരു അവയവം എന്ന നിലയ്ക്കു് അതിന്റെ പ്രാചീനമായ ധര്‍മ്മം ഇതിനകം ജീവിച്ചു കഴിഞ്ഞിരുന്നു.
അവന്റെ കഥ കേൾക്കുന്ന ആരും ചിരിക്കും ഇപ്പോൾ ജോണിനെ കണ്ടാല്‍. അവൻ മുഖം ഒരു കുരങ്ങിനെപ്പോലെ പിടിച്ചിരിക്കും. ആ ശബ്ദത്തിലാണു് പിന്നെ പറയുക: കുരങ്ങൻ മനുഷ്യനായ നാളുമുതൽ വായ നുണ പറയാനുള്ളതാണു്. എല്ലാ നുണകളും കഥകളുമാണു്.
ശ്രദ്ധിച്ചുവോ, ‘എന്തെന്നാല്‍’ എന്നതു് അവന്റെയും എന്റെയും ഞങ്ങൾക്കു് പരിചയമുള്ള മറ്റെല്ലാവരുടെയും ‘ആധുനിക’മായ ഒരു പ്രയോഗമായിരുന്നു. വ്യാകരണം ഭാഷയെ സത്യസന്ധമാക്കുന്നു. എങ്കിൽ ഭാവനയിലും അങ്ങനെയാണു്. അതുകൊണ്ടു് ജോൺ പറഞ്ഞ എല്ലാ ‘എന്തെന്നാല്‍’ പ്രയോഗങ്ങളും ശരിയായിരുന്നു. എല്ലാം ആധുനികവുമായിരുന്നു. മേഘം വായ ഇല്ലാതെ ആകാശത്തു വന്നുനിന്നു. അതിന്റെ മൂക്കിനു താഴെ ഒരു സിനിമാടാക്കീസ് വന്നു. സിനിമ ആധുനികകലയും.
ആദ്യത്തെ അരമണിക്കൂറിൽത്തന്നെ ജോൺ കഥ പറഞ്ഞിരുന്നു. പിന്നീടും, അന്നും, പറഞ്ഞപ്പോഴൊക്കെയും ആ അരമണിക്കൂറിനെ ഛിന്നഭിന്നമാക്കിയും കഥ പറഞ്ഞു; ‘ഒരു മന്ത്രവാദി ഉണ്ടായിരുന്നു’ എന്ന ആദ്യത്തെ അരമണിക്കൂറിലെ ആദ്യത്തെ വാചകം തന്നെ ഛിന്നഭിന്നമായി; അയാളുടെ ഏറ്റവും വലിയ വിനോദം ചുമരിനോടു ചേര്‍ന്നു് നിലത്തു് തലകുത്തി കാലുകൾ മേല്പോട്ടുയർത്തി കണ്ണുകളടച്ചു് മണിക്കൂറുകളോളം നില്ക്കുകയായിരുന്നു. അയാൾ മന്ത്രവാദിയായതുകൊണ്ടു മാത്രമല്ല ഇതു്. അങ്ങനെ നിന്നാണു് ആ വീട്ടിലും പരിസരത്തുമുള്ള അയാളുടെ ഭാര്യയുടെ എല്ലാ വേഗങ്ങളും എല്ലാ മോഹങ്ങളും മന്ത്രവാദി കണ്ടുപിടിച്ചതു്.’
‘അയാളുടെ അടഞ്ഞുകിടന്ന കണ്ണുകളിലെ കൃഷ്ണമണികൾക്കുള്ളിൽ ആദ്യം അവളുടെ കാൽപാദങ്ങൾ തെളിഞ്ഞു. വെളുത്തുമെലിഞ്ഞു് സുന്ദരമായ കാൽപാദങ്ങൾ തെളിയുന്നു, അവയുടെ അരികുകളിലെ റോസാനിറം, പൊടിയോ ചളിയോ പറ്റാത്തവ, കാണും. അല്ലെങ്കിൽ ഉറക്കത്തില്‍നിന്നും ഒഴുകിവന്ന ഒരു കടലിൽ കാൽപാദങ്ങൾ കഴുകി വൃത്തിയാക്കിയിരുന്നു.’
‘രണ്ടു കാൽപാദങ്ങൾ. മന്ത്രവാദിയുടെ കൃഷ്ണമണികൾ ക്ഷീണിതരാകാൻ തുടങ്ങും. എന്തുകൊണ്ടാണു് ആ കാൽപാദങ്ങൾ തുടുത്തിരിക്കുന്നതു് എന്നു് ആലോചിക്കും.’
ആ ദിവസം, പക്ഷേ, കഥ പറയുമ്പോൾ ജോൺ തന്നെ കണ്ണുകളടച്ചു്, ഉറങ്ങാൻ തുടങ്ങി. അതിനാൽ വിലാപത്തിന്റെ സ്വരമുള്ള വാചകങ്ങളിൽ കഥ അവസാനിക്കുകയും ചെയ്തു.
ജോണിന്റെ കഥകൾ അങ്ങനെയാണു്. പാതി ഉറക്കത്തിലാണു് അവ. മുന്നറിയിപ്പുകളില്ലാതെ അവ ഉറങ്ങാൻ പോയി. അല്ലെങ്കിൽ എപ്പോഴും എന്തോ ബാക്കിവെച്ചു് അവൻ ഉറക്കത്തിലേക്കു പോയി. ഉറക്കത്തിൽ അവ സിനിമകളാക്കി തനിച്ചിരുന്നു കണ്ടു. പിറ്റേന്നു് ആ കഥ വീണ്ടും പറഞ്ഞു;
‘സുന്ദരിയും സുചരിതയുമായിരുന്ന അവൾ, മന്ത്രവാദിയുടെ ഭാര്യ, അന്നു് പ്രഭാതത്തിൽ മുറ്റത്തേക്കിറങ്ങുമ്പോൾ അവളുടെ കാലടികൾ ഭൂമിയെ സ്പര്‍ശിക്കുന്നില്ല. ഒരുപക്ഷേ, ഒരു ദിവസവും ആ കാലടികൾ ഭൂമിയെ സ്പര്‍ശിച്ചില്ല. അവൾ ഭൂമിയിൽ വന്നുപാര്‍ക്കുന്ന ദേവതയായിരുന്നിരിക്കണം.’
‘എന്നാൽ അന്നു് മുറ്റത്തേക്കിറങ്ങിയതിന്റെ മൂന്നാമത്തെ നിമിഷം അവളുടെ കാലടികൾ നിലംതൊട്ടു. അവൾ ആദ്യമായി തന്നേക്കാൾ സുന്ദരിയായ ഒരു സ്ത്രീയെ തനിക്കു് സമാസമമായി കണ്ടു. മന്ത്രവാദി തട്ടിക്കൊണ്ടുവന്ന സിനിമാനടിയായിരുന്നു അതു്.’
വാസ്തവത്തിൽ, അതു് അങ്ങനെ ആവാൻ പാടില്ലായിരുന്നു. മന്ത്രവാദി തന്റെ ദിവ്യപ്രവൃത്തികൊണ്ടു് ഒളിപ്പിച്ചുവെച്ച നടിയെ, മറ്റൊരാൾ കാണുന്നതു് എങ്ങനെ? ജോൺ അതിന്റെ കാരണങ്ങൾ അടുത്തുവരാനിരിക്കുന്ന ഉറക്കങ്ങളിൽ കണ്ടുപിടിക്കുമെന്നു് പറഞ്ഞു.
‘എന്തെന്നാൽ (ആധുനികതയുടെ പ്രയോഗം) ഞാനാണു് എന്റെ കഥയിലെ മന്ത്രവാദി.’
ഞാൻ എന്റെ സിനിമയുടെ സ്വേച്ഛാധിപതിയാകുന്നു.