എനിക്കു് ആരും വേണ്ട. അച്ഛനോ അമ്മയോ സ്കൂളോ പുസ്തകമോ ഒന്നും. എനിക്കു് ഇവിടെ ഇരുന്നാല്‍ മതി. അച്ഛനും അമ്മയും സ്കൂളിലെ മാഷും കുട്ടികളും ഈശ്വരനും വേണമെങ്കില്‍ എന്നെ തപ്പിനോക്കട്ടെ. കാണാതിരുന്നാല്‍ മതി. എല്ലാവരും എന്നെ കാണാതെ, അവള്‍ ചത്തുപോയിട്ടുണ്ടാവും എന്നു് കരുതി, മടങ്ങിപ്പോകട്ടെ. ഈശ്വരനും മടങ്ങിപ്പോകട്ടെ. ഞാനീ പെട്ടിക്കു മുകളില്‍ ഇരിക്കും. എനിക്കു് ആരെയും കാണുകയോ കേൾക്കുകയോ വേണ്ട. എവിടെനിന്നോ വന്നു് എന്റെ വലത്തെ കൈത്തണ്ടയില്‍ ഇരിക്കുന്ന ഈ ചെറിയ ഉറുമ്പിനെ ഞാൻ, പക്ഷേ, എന്തു് ചെയും? ഞാൻ പറയുന്നതു് ഒക്കെ കേൾക്കാൻ, ഞാൻ കരയുന്നതും കേൾക്കാൻ, വന്നിരിക്കുന്ന ഈ ഉറുമ്പിനെ… അതും പറയുകയാവും: എനിക്കു് ഇവിടെ ഇരുന്നാല്‍ മതി. അച്ഛനും അമ്മയും സ്കൂളിലെ മാഷും കുട്ടികളും ഈശ്വരനും വേണമെങ്കില്‍ എന്നെ തപ്പിനോക്കട്ടെ. കാണാതിരുന്നാല്‍ മതി. എല്ലാവരും എന്നെ കാണാതെ അവള്‍ ചത്തു പോയിട്ടുണ്ടാവും എന്നു് കരുതി മടങ്ങിപ്പോകട്ടെ. ഈശ്വരനും മടങ്ങിപ്പോകട്ടെ… ശരി ഞങ്ങള്‍ രണ്ടുപേരും മതി. ഞാനും ഉറുമ്പും. എനിക്കു് ആരും വേണ്ട. ആരും ഞങ്ങളെ കാണാതിരുന്നാല്‍ മതി.
അവൾക്കു ഭ്രാന്തു് തലയില്‍ ഒരു കുഴിയുണ്ടാക്കി അതിലൂടെ ഇട്ടുകൊടുത്തതാണു്. ആ രണ്ടു നായ്ക്കൾ. അവള്‍ മണ്ടിയാണു്. എന്തിനാണു് എല്ലാവരെയും ഇഷ്ട്ടപ്പെടുന്നതു്? ഭ്രാന്തിയാകാനോ. ചിലരെ നമ്മള്‍ വെറുക്കണം, അവരോടൊപ്പം ജീവിക്കുമ്പോഴും. അവളെ കൊല്ലാൻ കൊണ്ടുപോകുകയാണു്. ഒരുകണക്കിനു നന്നായി. ഭ്രാന്തിയായല്ലോ. ശരിക്കുള്ള ഒന്നും അല്ലല്ലോ ആ സമയം ഓര്‍ക്കുക. ചിലപ്പോള്‍ സന്തോഷമുള്ള കാര്യങ്ങള്‍തന്നെയാകും, രാമു പറഞ്ഞു: അവൾക്കു കണ്ണാടി വീട്ടിലെ കിണര്‍ ആണെന്നു്. എനിക്കും തോന്നുന്നു നിറഞ്ഞുനില്ക്കുന്ന കിണര്‍ കണ്ണാടിയാണു്. നമ്മള്‍ നേരേ നിന്നല്ലല്ലോ നോക്കുന്നതു്, മുകളില്‍നിന്നും താഴേക്കു് നോക്കുന്നു. അതാവും ശരി. അവൾക്കു് ഒന്നും വരുത്തരുതേ എന്റെ ഈശ്വരീ…
ഒന്നുമില്ല ഇനി കാണാന്‍. ഈ ആകാശം മാത്രം. ഒരുപക്ഷേ, പക്ഷികളോ മരമോ എന്തെങ്കിലും ശബ്ദം ഉണ്ടാക്കിയാല്‍, രാമുവോ ഷീലയോ ഓടിവന്നാല്‍, എന്നെ കണ്ടാല്‍ ഒരുപക്ഷേ, അപ്പോള്‍ മാദ്രം എന്നെ കാണും. എനിക്കു് അറിയാം കുറച്ചു കഴിയുമ്പോള്‍ ഞാൻ ഒന്നും കാണുകയില്ല എന്നു്. ഭ്രാന്തിയാകാൻ തീരുമാനിച്ചപോലെ മരിക്കാനും തീരുമാനിക്കുന്നു. ഒരാളുടെയും കൂട്ടില്ലാതെ മരിക്കാന്‍. എനിക്കു് ഷീലയെ കാണാൻ തോന്നുന്നു. മകളേ എന്നു് ഞാൻ നീട്ടിവിളിച്ചാല്‍ ഒരുപക്ഷേ, രാമുവും കേൾക്കും. ഒരുപക്ഷേ, അവനും ഓടിവരും. അവനെയും എനിക്കു് കാണാൻ തോന്നുന്നു. ഓ എന്റെ പാവം ജോണ്‍! മരിച്ചുപോയിട്ടില്ലെങ്കില്‍ അവനും ഓടിവരും. ഒരുപക്ഷേ, ഇവിടെ ഈ തൊടിയില്‍.
ഏതെങ്കിലും മരത്തിനു മുകളില്‍ കയറിയിരുന്നു് എന്നെ കാണുന്നുണ്ടാകും. കൈപ്പത്തികള്‍ വിടർത്തി ഒരു ഫ്രെയിം ഉണ്ടാക്കി എന്റെ ഈ കിടപ്പു് സിനിമയിലേക്കു് പകർത്തുകയാവും. എത്ര ചെറിയ ശബ്ദമാണു് ഈ കേൾക്കുന്ന കാലടികൾക്കു് ഇപ്പോൾ. ഷീലയാകുമോ. ഒന്നുമില്ല ഇനി കാണാന്‍. ഈ ആകാശം മാത്രം. ഒരുപക്ഷേ, പക്ഷികളോ മരമോ എന്തെങ്കിലും ശബ്ദം ഉണ്ടാക്കിയാല്‍, രാമുവോ ഷീലയോ ഓടിവന്നാല്‍, എന്നെ കണ്ടാല്‍ ഒരുപക്ഷേ, അപ്പോള്‍ മാത്രം എന്നെ കാണും… ഒന്നും കേൾക്കുന്നില്ലല്ലോ… ഞാൻ മാത്രമേ ഉള്ളൂ. മരിക്കുമ്പോഴും…
ആധുനികത ഞങ്ങളുടെ തലമുറയ്ക്കു് ഒരു റോഡ് ഷോ പോലെയായിരുന്നു. ഒരു കാളവണ്ടി അതിനു പിറകെ കുത്തിനിറച്ച കുറെ വസ്തുക്കളുമായി, (വലതു കൈപ്പടം ഉയർത്തി ഒരു ബ്രാക്കറ്റ് ഇട്ടുകൊണ്ടു അതില്‍ പലതും ഉണ്ടായിരുന്നു, ഒരു വൈകുന്നേരം കണ്മുന്നില്‍നിന്നും മായുന്നു… ഒരു വെള്ളിയാഴ്ച ആയിരുന്നിരിക്കും, അതു്. ഒരു ഉച്ച ആയിരുന്നിരിക്കും അതു്. ആ സമയം റോഡില്‍ ഇറങ്ങി പരമ്പരാഗതമായി കിട്ടിയ അറിവുവെച്ചു് ഒരു യക്ഷി പൊട്ടിച്ചിരിച്ചു; മുത്തുമണികള്‍ പൊഴിയുന്നു എന്നല്ല ഞങ്ങള്‍ അതിനെപ്പറ്റി പറയുക, ഓർമ്മകള്‍ ചിതറിത്തെറിച്ചു എന്നാകും. തന്റെതന്നെ ഉണ്മ, being എന്നു് ഇംഗ്ലീഷില്‍, ആ മുത്തുമണിക്കൊഴിച്ചിലില്‍ ഉണ്ടു് എന്നു് പ്രകടിപ്പിക്കുമ്പോഴും അവള്‍ തന്റെ യക്ഷിക്കഥ ഓർത്തുകൊണ്ടിരിക്കും. ഉണ്മ, being എന്നു് ഇംഗ്ലീഷില്‍, എന്നാല്‍ നാം പറയുന്നതും, പറയാത്തതും, ഓർമ്മിക്കുന്നതുമാണു്. എന്തുകൊണ്ടെന്നാല്‍, ഒരു യക്ഷിയും മരിച്ചവളോ പിന്നീടു് ജനിച്ചവളോ അല്ല. യക്ഷി സംഭാഷണംകൊണ്ടു് അവളെ നിർമ്മിക്കുകയായിരുന്നു, അവളെത്തന്നെ ഓര്‍ക്കുകയായിരുന്നു. ആധുനികത, ഞങ്ങളുടെ ആധുനികത വിശേഷിച്ചും, ഞങ്ങള്‍ നിർമ്മിച്ചതായിരുന്നു. ഒരുപക്ഷേ, ഞങ്ങൾക്കു മാത്രം പാര്‍ക്കാന്‍. കഥയിലെ യഷികളെപ്പോലെ, ഞങ്ങളും ഞങ്ങളെപ്പറ്റി ഒരു കഥയുണ്ടാക്കി. ആധുനികത യക്ഷിയുടെ സംഭാഷണംപോലെ ആയിരുന്നു. നിശ്ചലമായ ലോകത്തെ ഇലകള്‍ കാറ്റിനെപ്പറ്റി പറഞ്ഞപോലെ…
തീര്‍ച്ചയായും ആ വരുന്ന ആയുധം എന്റെ കഴുത്തു് മുറിക്കും. എന്റെ തലയില്‍ നിന്നും പൊട്ടി എന്റെ ഉടല്‍ ഇവിടെ കിടക്കും… ഒരുപക്ഷേ, എന്റെ തല ഇവിടെ നിന്നും പറക്കും… എന്നോടൊപ്പം എന്നു പറയാന്‍പറ്റുമോ കർത്താവേ… ഇപ്പോള്‍ ഞാൻ രക്ഷപെട്ടാലും എവിടെപ്പോയി ഒളിച്ചാലും ആ ആയുധം എന്റെ കഴുത്തു് തേടി വരും. ഞാൻ കൊല്ലപ്പെടുകതന്നെ ചെയും (കണ്ണുകള്‍ അടച്ചുകൊണ്ടു് ഒരുപക്ഷേ, ഇപ്പോള്‍ത്തന്നെ…
ഒരു വൈകുന്നേരം അവ, ചെമ്പരത്തിയും ജമന്തിയും മുല്ലയും ചീരയും ഒക്കെ വർത്തമാനം പറയാൻ തുടങ്ങി. മുന്നു മനുഷ്യരുടെ വസ്ത്രങ്ങള്‍കൊണ്ടു് അവ തലകള്‍ മൂടിയിരുന്നു, ഒരു പകല്‍. എല്ലാ ചെടികളും അവയുടെ ഓർമ്മ പറഞ്ഞു: ജീവചരിത്രങ്ങളോ ആത്മകഥകളോ ആയി. കൊമ്പിലും ഇലയിലും അവ എഴുതിയിട്ടതു്. അല്ലെങ്കില്‍ കൊമ്പിലും ഇലയിലും ഓർത്തുവെച്ചതു്. തുണികൾക്കു മീതെ, ചെടികളുടെ ഓർമ്മ കേൾക്കാൻ തുമ്പികള്‍ ഇരുന്നു. പൂമ്പാറ്റകള്‍ ഇരുന്നു. ഒരു പഞ്ചവര്‍ണക്കിളിയും. ഞാൻ എന്റെ വീട്ടുകോലയിലും. കവിതകള്‍ എനിക്കു് വശമില്ലായിരുന്നു. കഥകള്‍ പറഞ്ഞിട്ടുണ്ടായിരുന്നില്ല. എങ്കിലും മുറ്റത്തെ ചെടികളുടെ ഓർമ്മ എന്റെയും എന്നു് തോന്നി. ഞാൻ ഒരു ചെടിയും. കൈകള്‍ ആകാശത്തേക്കു പൊക്കി, പത്തു വിരലുകളും വിടർത്തി, വേരുകള്‍ എന്നു് വിചാരിച്ചു. തലകീഴായി നിന്നു, ആദ്യമായി ശ്വസിക്കാൻ തുടങ്ങി, ഒരു പെണ്‍ചെടിയെപ്പോലെ.
ഈ കഥയില്‍ അവസാനമായി ഞാൻ ആ മനുഷ്യനെ കാണുകയാണു്. എന്താണു് അയാൾക്കു് നഷ്ടപ്പെട്ടതെന്നു് ഓര്‍ക്കുന്നതിനേക്കാള്‍, കഥയില്‍ പറയുന്നതിനേക്കാള്‍, ഞാൻ അയാളുടെ ആ ഇരിപ്പു് മാത്രം കണ്ടു: ഭൂമിയില്‍ മറ്റൊരു സ്ഥലത്തു് സ്നേഹം, ഒരു പുഴപോലെ ഒഴുകുന്നുണ്ടെന്നും താൻ അതു് കാണുക മാത്രമാണു് എന്നും അയാള്‍ ആലോചിക്കുന്നു. അഭിനയം കഴിഞ്ഞ നടന്‍. അല്ലെങ്കില്‍ തന്റെ ജീവിതത്തില്‍ തന്നെത്തന്നെ മറന്നുവെച്ച ഒരാൾ. പക്ഷേ, അതിനേക്കാള്‍ ആ ഇരിപ്പു് ഞാൻ ശ്രദ്ധിച്ചു. ഞാനും അങ്ങനെ ഇരുന്നിട്ടുണ്ടു്, ഒരു നടനെപ്പോലെ പല വേഷങ്ങളും ആലോചിച്ചു്. കഥയില്‍ അവസാനമായി ഞാൻ ആ മനുഷ്യനെ കാണുകയാണു്. ചിലപ്പോള്‍ അയാള്‍ ഓര്‍ക്കുന്നതുതന്നെ എന്നെപ്പറ്റിയാകും. നടൻ എന്നാല്‍ നമ്മള്‍ പറയുന്നതു് എന്തോ അതാകാൻ ശ്രമിക്കല്‍ എന്നാണു്.
രാത്രി അത്താഴത്തിനുശേഷം ആ ബ്ലാക്ക് ബോക്സ് ഒഴിക്കാൻ ഞാനും ഷീലയും തീരുമാനിച്ചു. പുസ്തകങ്ങള്‍ അലമാരിയിലേക്കും വസ്ത്രങ്ങള്‍ മറ്റൊരു പെട്ടിയിലേക്കും.
പെട്ടി തുറന്നപ്പോള്‍ തങ്കത്തിന്റെ മണം ചെടികളുടെ മീതെ ഇട്ട വസ്ത്രങ്ങളോടൊപ്പം വന്നു.
ആ പെട്ടി ഞങ്ങള്‍ മദിരാശിയില്‍നിന്നും വാങ്ങിയതായിരുന്നു. ചെന്നൈ എന്നു് എന്റെ നാവില്‍ വരില്ല. സ്ഥലങ്ങള്‍ പഴയ പേരുകള്‍ ഉപേക്ഷിക്കുന്നതും ജനിച്ച മതം ഉപേക്ഷിക്കുന്നതും ഒരുപോലെയാണു്. പലരും പഴയ ഓർമ്മ വിളിച്ചുപറയും.
ഇപ്പോള്‍ ഞാൻ അതു് കൂടെ കൊണ്ടുപോന്നു, അതിലെ പഴയ സൂക്ഷിപ്പുകൾക്കും ഒപ്പം.
എഴുതിയ കടലാസുകള്‍, പഴയ ചില കത്തുകള്‍, ഷീല ഒരു ഫയലിലേക്കു് മാറ്റി. അവ പ്രധാനമല്ലെന്നു് എനിക്കു തോന്നി. എഴുത്തും ഓർമ്മയുടെ ലോകമാകുന്നു, നമ്മള്‍തന്നെ സൂക്ഷിച്ചുവെച്ച നമ്മുടെതന്നെ ആയുസ്സുപോലെ. മുഷിയും.
സന്തോഷമുള്ള മുഹൂർത്തങ്ങളെപ്പറ്റി അവ ഓർമ്മിപ്പിക്കുമ്പോഴും. മാസികകള്‍ അലമാരിയിലേക്കു് മാറ്റുമ്പോള്‍ ഷീല അവയുടെ പേരുകള്‍ വിളിച്ചുപറഞ്ഞു. യെനാൻ, ഞാൻ മാവോ എന്നു് തിരിച്ചു പറഞ്ഞു. ഷീല രണ്ടാമത്തെ പേരു പറഞ്ഞു: പ്രസക്തി.’ ഞാൻ ‘ബംഗാള്‍’ എന്നു് തിരിച്ചു പറഞ്ഞു. ഷീല മൂന്നാമത്തെ മാസികയുടെ പേരു പറയുമ്പോള്‍ അതു് വേഗത്തില്‍ അവള്‍ അതു് മറിച്ചുനോക്കി. ‘പ്രേരണ.’
ഞാൻ പറഞ്ഞു ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുന്നു.
ആ സമയം ഞങ്ങള്‍ വളയപ്പെട്ടു എന്നു് എനിക്കു തോന്നി: ഒരുപക്ഷേ, ആകാശത്തുവെച്ചു്. അല്ലെങ്കില്‍ ഒരു മരച്ചോട്ടില്‍. തല കീഴായി നിന്നു് ശ്വസിക്കുന്ന ചെടി എന്നു് തങ്കം അവളെപ്പറ്റി പറയാറുള്ളതും എന്തുകൊണ്ടോ ഞാൻ അപ്പോള്‍ ഓർത്തു.
ഇവ എവിടെ വെക്കണം?
എത്താത്തിടത്തു്.
ഞാൻ അലമാരിയിലെ അവളുടെ പുസ്തകങ്ങള്‍ പരിചയപ്പെടാൻ എഴുന്നേറ്റു. പെട്ടിക്കുള്ളിലെ ഗന്ധം, ചെടികൾക്കു മീതെ ഇട്ട വസ്ത്രങ്ങളുടെ മണം, എന്നെ മൂടി. മഴക്കാലം തുടരുകതന്നെയായിരുന്നു. എനിക്കു് ഒരു പനി വരാനുമുണ്ടു്. ഞാൻ അവിടെ ഒരു കസേരയില്‍ ഇരുന്നു. ‘മോളേ, നിന്റെ പുസ്തകങ്ങളുടെ പേരുകള്‍ പറയുമോ?’ ‘അവ എനിക്കു് പരിചയപ്പെടാനാണു്.’ ‘തീര്‍ച്ചയായും, ഷീല പറഞ്ഞു, ഓരോന്നായി:
How to draw anything, അവള്‍ ചിത്രകാരിയാകും എന്നു് ഞാൻ വിചാരിച്ചിട്ടില്ല. ‘നീ എന്തുകൊണ്ടു് ചിത്രകാരിയായി’, ഞാൻ അവളോടു ചോദിച്ചു. അവള്‍ ഒന്നും പറഞ്ഞില്ല. പകരം വലതുകരം ഉയർത്തി ഒരു മൂകയെപ്പോലെ എന്തോ അഭിനയിച്ചു. എനിക്കു മനസ്സിലായില്ല. ഞാൻ ചിരിച്ചു. അവളുടെ ചിത്രങ്ങളില്‍ മനുഷ്യരോടൊപ്പം അവരുടെ കെട്ടിടങ്ങളും വാഹനങ്ങളും വന്നു. Painted words, അതു് ഇന്ത്യയിലെ ദളിതുകളുടെ കലയും ജീവിതവും പറയുന്നു എന്നു് ഷീല പറഞ്ഞു. Notes from the Underground-the double റഷ്യന്‍സാഹിത്യം നിങ്ങളെ മനുഷ്യരിലേക്കു് കൊണ്ടുപോകുന്നു എന്നു് ആ സമയവും ഞാൻ ഓർത്തു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും. The Black Book. ഒരു തുര്‍ക്കി നോവലിസ്റ്റിന്റെ പേര്‍ ഷീല പറഞ്ഞു. ഞാൻ ഇല്മാസ് ഗുനെയുടെയോള്‍ എന്ന ചലച്ചിത്രം ഓർത്തു. The Curtain. അതു് എഴുതിയ ആളെ അവൾക്കും ഇഷ്ടമാണെന്നു് പറഞ്ഞു. ഞാൻ അയാളുടെ പേരു പറയാൻ പറഞ്ഞു. മിലൻ കുന്ദേര, അവള്‍ പറഞ്ഞു. അയാളുടെ വേറെ ഒരു പുസ്തകംകൂടി അവള്‍ പരിചയപ്പെടുത്തി. Art of Novel. എനിക്കു് ഓർമ്മ വന്നു. ഞാൻ അതു് വായിച്ചിട്ടുണ്ടു്. അടുത്ത പുസ്തകം എനിക്കും ഇഷ്ടമായിരുന്നു—Waiting for Godot. ഞാൻ അതു് തരാൻ പറഞ്ഞു. അതേ മണംതന്നെ. തിരിച്ചു കൊടുക്കുമ്പോള്‍, അതിലെ ലക്കി എന്ന കഥാപാത്രത്തെപ്പോലെ നിർത്താതെ എന്റെയും ഓർമ്മകള്‍ വിളിച്ചുപറയാൻ തോന്നി എന്നു് പറഞ്ഞു. അച്ഛൻ പറഞ്ഞു. Of many Heroes: An Indian Essay in Literary Historiography. ആ മറാത്തി എഴുത്തുകാരന്‍? ഉം Memories of My Melancholy Whores. മാര്‍ക്വേസിനെ എനിക്കും ഇഷ്ടമാണു്. മാജിക്കല്‍ റിയലിസം എണ്‍പതുകളില്‍ ഞങ്ങളും ചര്‍ച്ചചെയ്തു. എനിക്കു് കഥകള്‍ ഇഷ്ടടമാകുന്നതു് അവ ജീവിതത്തിനു് പകരം ആവുമ്പോഴല്ല എന്നു് അറിയാമായിരുന്നു. പകരം ആവുന്നതു് എന്തും റിയലിസം ആണു്. One hundred years of solitude ഞാൻ വായിക്കുമ്പോള്‍ തങ്കം, അതിലെ ഉര്‍സുല എന്ന കഥാപാത്രം അവൾക്കു് ഇഷ്ടമുള്ള പേരാണു് എന്നു് പറയും. ഒരു ദിവസം ഞാൻ അവളെ ഈര്‍സുലാ എന്നു് നീട്ടി വിളിച്ചു. അവൾക്കു ചിരിപൊട്ടി. The Leopard.
മിത്തും യാഥാര്‍ഥ്യവും. ഓ നമ്മുടെ കൊസാംബി. പെഡ്രോ പരോമ. ക്ലാസിക്. എത്ര തവണ വായിച്ചു ഞാൻ അതു്. ജോണ്‍ പറയും എനിക്കതു് സിനിമയാക്കണം. വെടിയേറ്റു് വീഴുന്ന പ്രഭു അപ്പോള്‍ അവനായിരുന്നു. ശ്രീമഹാഭാരതം, ഞാൻ കണ്ണുകള്‍ അടച്ചു. കുതിരകള്‍ ഓടുന്നതു് കണ്ടു. ഒരു രഥം മറിയുന്നതും. Arabian Nights. എനിക്കു് ഞാൻ ഉമ്മവെച്ച ആദ്യത്തെ സ്ത്രീയെ ഓർമ്മ വന്നു. ചിരിച്ചു. Against Interpretation. സൂസൻ സോന്‍ഡാക്.
English Malayalam Dictionary. ഖസാക്കിന്റെ ഇതിഹാസം. വിജയന്‍. ഞാൻ വീണ്ടും കണ്ണുകള്‍ അടച്ചു. ഇഴഞ്ഞിറങ്ങുന്ന ഒരു പാമ്പിനെ കണ്ടു. മഴ പെയ്യുന്നത് കേട്ടു. The Collected Essays of A. K. Ramanujan. കേരളത്തിലെ ചിത്രകലയുടെ വർത്തമാനം. ആറ്റൂര്‍ രവിവർമ്മയുടെ കവിതകൾ. ഞാൻ പറഞ്ഞു: ചില്ലകള്‍കൊണ്ടു് ഞാൻ തപ്പുന്നു. ‘പിറവി’ ഷീല പറഞ്ഞു. What is Literature. സാര്‍ത്രിനെ അവള്‍ വേല the classiest എന്നു പറഞ്ഞതു് എനിക്കു മനസ്സിലായില്ല. പക്ഷേ, അപ്പോള്‍ തര്‍ക്കിക്കാൻ തോന്നിയതുമില്ല. ലന്തൻ ബത്തേരിയിലെ ലുത്തിനിതിയകൾ. ഓ, എന്‍. എസ്. മാധവന്‍. ഞാൻ അയാളുടെ കഥകള്‍ വളരെയധികം ഇഷ്ടടപ്പെട്ടിരുന്നു. The mysterious frames of Queen Leona. ഞാൻ ഇതുവരെ വായിക്കാത്ത എഴുത്തുകാരന്റെ പുസ്തകമായിരുന്നു. ഉബെര്‍ടോ എക്കോ. ഇപ്പോള്‍ എക്കോ എന്നു് ഷീല മാറ്റൊലിപോലെ പറഞ്ഞു, എന്റെ ചെവിയില്‍. ഞാൻ അവളുടെ ചെവിപിടിച്ചു തിരുമ്മി. Literary Theory. ടെറി ഇഗില്ത്റെന്‍. ഞങ്ങളെ മാര്‍ക്സിസ്റ്റ് കലാവിമര്‍ശകര്‍ ആക്കാൻ അയാള്‍ എഴുതിയ പുസ്തകം ആയിരുന്നു അതു്. Difference and Repetition. ഷീല തത്ത്വചിന്തയും വായിച്ചു, അവൾക്കു് അതു് ഇഷ്ടപ്പെട്ട വിഷയവും. ഞാൻ പക്ഷേ, ഓർമ്മയുടെ കലയിലും. എന്റെ ലോകം വാക്കുകളുടെ ശബ്ദത്തില്‍ മുഴങ്ങി. ഞാൻ കേൾക്കാതിരിക്കുമ്പോഴും. ഷീല അടുത്ത പുസ് തകം അച്ഛനു് ഇഷ്ടമാവും എന്നു് പറഞ്ഞു. ‘ഡ്രെഹ്തിന്റെ കല.’
ആ പുസ്തകം, ബ്രെഹ്തിന്റെ കല, എനിക്കു് ഓർമ്മ വന്നു. ഒരുപക്ഷേ, ആ എഴുത്തുകാരനെ. ഞാൻ അതു് തരാൻ പറഞ്ഞു. പുസ്തകച്ചട്ടയിലെ ജർമ്മൻ മുഖം, വീണ്ടും ഒരു മദ്ദളവിദ്ധാനെപ്പോലെ ഓർമ്മിപ്പിച്ചു. മൂക്കു് വയലിനിസ്റ്റിന്റേതും. ആ സമയംതന്നെ പണ്ടു് ജോണ്‍ എഴുതിയ ഒരു കത്തു് എനിക്കു് ഓർമ്മ വന്നു. ബ്രെഹ്തിന്റേതു് എന്നു പറഞ്ഞ രണ്ടു് ഉദ്ധരണികള്‍ അതില്‍ ഉണ്ടായിരുന്നു. ഒന്നു് ഞാൻ ഓർത്തു… ഞാൻ അതു് ഷീലയ്ക്കുവേണ്ടി ഇപ്പോള്‍ പറഞ്ഞു:
റിയലിസം കേവലം രൂപപരമായ ചോദ്യമല്ല. പഴയ റിയലിസ്റ്റുകളുടെ രീതികള്‍ പകർത്തിയാല്‍ നാം സ്വയം റിയലിസ്റ്റുകള്‍ അല്ലാതായിത്തീരും. കാരണം കാലം ഒഴുകിക്കൊണ്ടേയിരിക്കുന്നു.
‘ഓഹോ, ഷീല അദ്ഭുതം അഭിനയിച്ചു. അച്ഛനു് ഇയാളെ ഇഷ്ടമാണെന്നോ?’
‘ആണല്ലോ.’
ഞാൻ ആ പുസ്തകവുമായി ഇരിപ്പുമുറിയില്‍ വന്നു. അയാളുടെ കവിതകള്‍ എനിക്കു് എല്ലാ കാലത്തും ഇഷ്ടമായിരുന്നു. സത്ചിയുടെ വിവർത്തനം ആയിരുന്നു അതു്. ഞാൻ കുറെ വര്‍ഷങ്ങൾക്കുശേഷം ആ കവിതകള്‍ പതുക്കെ വായിക്കാൻ തുടങ്ങി…
ചലച്ചിത്രങ്ങളില്‍ നമുക്കു് എന്തുമാത്രം വിശ്വാസം ഉണ്ടായിരുന്നുവോ അത്രയും നമ്മള്‍ ജോണ്‍ എബ്രഹാം എന്ന ചലച്ചിത്രകാരനെയും ഓര്‍ക്കുന്നു: ജീവിതത്തെപ്പറ്റി, കലയെപ്പറ്റി, ജീവിതത്തിന്റെയും കലയുടെയും വിശ്വാസ്യതയെപ്പറ്റി.
ഒരുപക്ഷേ, പക്ക്സ് ഈ മുംബൈനഗരം ജോണ്‍ ഏബ്രഹാമിനെപ്പറ്റി ഓർത്തുകൊള്ളണം എന്നില്ല. കാരണം, ഈ നഗരത്തിന്റെ ചലച്ചിത്രസംസ്കാരം മറ്റൊന്നാണു്. ഇവിടത്തെ തുറമുഖത്തെത്തിയ കപ്പലുകളുടെയും ഇവിടത്തെ തുണിമില്ലുകളുടെയും ആകാശം വേറെ നക്ഷത്രങ്ങളുടെതായിരുന്നു. എങ്കിലും, ഇവിടേക്കു വന്ന എഴുപതുകളിലെയും എണ്‍പതുകളിലെയും മലയാളി യുവാക്കള്‍ അവര്‍ ഉത്പതിഷ്ണുക്കളും ഇടതുപക്ഷതീവ്രവാദികളും ആയിരുന്നെകിൽ തീര്‍ച്ചയായും ജോണ്‍ അബ്രഹാം എന്ന ചലച്ചിത്രകാരനെയും ഓര്‍ക്കുന്നുണ്ടാകും. അയാള്‍ ഇവിടെയും അലഞ്ഞുതിരിഞ്ഞു, അപ്പോള്‍ ഇവിടെ ഇരിക്കുന്ന നിങ്ങള്‍ ആരെങ്കിലും അയാൾക്കു് തുണ പോയിരിക്കും: തുണ പോവുക എന്നാല്‍ ആദര്‍ശങ്ങളെ പുകഴ്ത്തുക എന്നാണു്.
എന്റെ അച്ഛന്റെയും അമ്മയുടെയും ഒരുപക്ഷേ, എന്റെയും സുഹൃത്തു് ആയിരുന്നു ഈ ചലച്ചിതകാരന്‍. ‘ഒരു പക്ഷേ, എന്റെയും’ എന്നാണു് ഞാൻ പറഞ്ഞതു്. കാരണം, അതു് എന്റെ ബാല്യത്തിന്റെ ഓർമ്മകൂടിയാണു്. സന്തോഷകരമല്ലാത്ത ഓർമ്മ, അതുകൊണ്ടു് എന്റെ സന്തോഷകരമല്ലാത്ത ഓർമ്മ ഇടയ്ക്കൊക്കെ സന്ദര്‍ശിക്കുന്ന ഒരാള്‍ എന്നാണു് ജോണ്‍ അബ്രഹാമിനെക്കുറിച്ചുള്ള എന്റെ ഓർമ്മ. അതിവിടെ പങ്കുവെക്കുന്നില്ല. കാരണം, ചില ഓർമ്മകള്‍ വ്യക്തിപരമാവുന്നതു് ഖേദങ്ങള്‍കൊണ്ടുകൂടിയാണു്. ഖേദങ്ങള്‍ എന്നാല്‍ ഒരു കൂട്ടിയെ സംബന്ധിച്ചു് വളരാനുള്ള ഇടങ്ങള്‍ എന്നതിനേക്കാള്‍ കണ്ടുമുട്ടാനുള്ള ഇടങ്ങളാണു്. ചിലപ്പോള്‍ അവളെത്തന്നെ ഒളിപ്പിച്ചുവെച്ചതു്. ജോണ്‍ എബ്രഹാം എന്ന ചലച്ചിത്രകാരനെ ഞാൻ മനസ്സിലാക്കുന്നതു് അതുകൊണ്ടുതന്നെ അയാളുടെ ചലച്ചിത്രങ്ങളില്‍ക്കൂടിയും കെട്ടുകഥപോലെ പലരും, എന്റെ അച്ഛനും അമ്മയും ഉണ്ടു് ഈ കൂട്ടത്തില്‍, പലരും കൂട്ടിച്ചേർത്ത അയാളുടെ ജീവിതത്തിലൂടെയും ആണു്. അതേ, ജീവിതത്തില്‍ അയാള്‍ തനിക്കു് വല്ലതും സ്വന്തമായുണ്ടോ എന്നു് അന്വേഷിക്കുന്നതും ആണു്. ഇതോടൊപ്പം തീര്‍ച്ചയായും പിന്നീടു് അയാളുടെ അപകടമരണവും ഉണ്ടു്. ഒരു കഥ ദുരന്തപര്യവസായി ആകുമ്പോള്‍ നമ്മള്‍ കുടുതല്‍ ആ കഥയുടെ ആ വാങ്മയലോകത്തും സഞ്ചരിക്കുന്നു. കേട്ട വാക്കുകളിലേക്കു് ഓർമ്മ സഞ്ചരിക്കുന്നു.
എന്റെ അച്ഛന്റെയും അമ്മയുടെയും മരിച്ചുപോയ സുഹൃത്തു് എന്നതിനെക്കാളൊക്കെ മരിച്ചുപോയ എന്റെ അമ്മയുടെയും മരിച്ചുപോയ എന്റെ അച്ഛന്റെയും ഓർമ്മ ഈ ചലച്ചിത്രകരനെക്കുറിച്ചുള്ള എന്റെ ഓർമ്മയില്‍ ഇപ്പോഴും ഉണ്ടെന്നു് എനിക്കു് തോന്നുന്നു. ഒരുപക്ഷേ, അതുകൊണ്ടുകൂടിയാകാം ഈ അനുസ്മരണ പ്രഭാഷണത്തിനു് ഇതിന്റെ സംഘാടകര്‍ എന്നെ തിരഞ്ഞെടുത്തതും. ഓർമ്മ നമ്മളെ ഒറ്റയ്ക്കു നിർത്തുന്നു.
ജോണ്‍ എബ്രഹാം മരിച്ചതു് ഒരു അപകടത്തിലായിരുന്നു. അപ്പോഴും ഒരു സിനിമാക്കഥ പറയുകയായിരുന്നുവത്രേ.
എന്റെ അമ്മ അതിനും കുറച്ചു നാളുകൾക്കുശേഷം മരിച്ചു, കൈത്തണ്ട മുറിച്ചു ചോര വാര്‍ന്നു്. ഒരു മരത്തിന്റെ ചുവട്ടില്‍ അമ്മ മരിച്ചുകിടന്നു. ഞാൻ അപ്പോള്‍ ഇവിടെ, മുംബൈയിലാണു്. അമ്മയുടെ മരണത്തേക്കാള്‍ ആ കിടപ്പു് ഓർമ്മയില്‍ വരും: പൂച്ചകള്‍ മരിക്കാൻ സ്വയം സ്ഥലം കണ്ടെത്തുന്നു. അതു് അവയുടെ territory ആണു്. അമ്മയുടെ territory ഒരു മരച്ചുവടു് എന്നതിനേക്കാള്‍ ഒരു കഥയ്ക്കുള്ളില്‍ തനിക്കുവേണ്ടി ഉണ്ടാക്കിയ territory ആയിരുന്നു.
ഞാൻ അമ്മയെ ഓര്‍ക്കുമ്പോള്‍ അച്ഛനെയും ഓര്‍ക്കും. അച്ഛനും അതുപോലെ മരിച്ചു. ഒരുപക്ഷേ, അച്ഛന്റെ territory-യില്‍. ഒരിക്കല്‍ മുംബൈ നഗരത്തില്‍ വന്നു് എന്റെ കൂടെ താമസിക്കുമ്പോള്‍ ഒരു രാവിലെ വണ്ടിയിലെ യാത്രയ്ക്കിടയില്‍ വണ്ടിയില്‍നിന്നും കാല്‍തെറ്റി വീണുമരിച്ചു. അപകടമോ ആത്മഹത്യയോ എന്നു് അറിയില്ല. പക്ഷേ, അതും വൈകി അറിയിക്കുന്ന ഒരു അറിയിപ്പായിരുന്നു എനിക്കു്. അഥവാ, ഈ മൂന്നു മരണങ്ങളുടെയും സാക്ഷിയല്ല ഞാൻ, പകരം അവയുടെ ഓർമ്മയാണു്, രക്തബന്ധമാണു് എനിക്കുള്ളതു്. മരണത്തോടുള്ള ഓർമ്മയുടെ രക്തബന്ധം.
ചലച്ചിത്രം മനുഷ്യരുടെ സ്വപ്നത്തേക്കാള്‍ ആശകള്‍ പറയാൻ ആഗ്രഹിക്കുന്നു. ഒരു പക്ഷേ, മറ്റെല്ലാ കലാരൂപങ്ങളും അവയുടെ individuality-യെപ്പറ്റി കൂടുതല്‍ തെളിവുകള്‍ തേടിയപ്പോള്‍ ചലച്ചിത്രം അതിന്റെ ആശയില്‍നിന്നും വേര്‍പെടാൻ മടിച്ചുനിന്നു. എന്റെ അച്ഛനും അമ്മയും ജോണ്‍ അങ്കിളിന്റെ, ഞാൻ അങ്ങനെയാണു് വിളിച്ചിരുന്നതു്, ഒരു ചലച്ചിത്രത്തെപ്പറ്റി എപ്പോഴും പറഞ്ഞിരുന്നു. അല്ലെങ്കില്‍ ഒരു ആശയെപ്പറ്റി. ഒരിക്കല്‍ അച്ഛൻ എന്നോടു് ആ ചലച്ചിത്രത്തിന്റെ കഥ പറഞ്ഞു; ചലച്ചിത്രവും ജീവിതവും പ്രമേയമാകുന്ന ഒരു ചലച്ചിത്രകഥ. എന്നാല്‍, പിന്നീടു് അതിന്റെ ഓർമ്മയുള്ള ഒരു നോട്ടുപുസ്തകം എനിക്കു് ഞങ്ങളുടെ നാട്ടിലെ വാടകവീട്ടില്‍നിന്നും കിട്ടി. ഒരുപക്ഷേ, ഒരു നോവല്‍തന്നെ എഴുതാനുള്ള അച്ഛന്റെ ഇഷ്ടം അതിലുണ്ടായിരുന്നു. മറ്റൊന്നുകൂടി അതിലുണ്ടായിരുന്നു. അതു് മലയാളത്തിലെ ആധുനികതയുടെ കാലത്തെ മാസ്മരികമായ അവതരണങ്ങളായിരുന്നു. Bicycle thief എന്നായിരുന്നു ആ കഥ പറഞ്ഞപ്പോള്‍ അച്ഛൻ ഇട്ടിരുന്ന പേര്. നോട്ടുപുസ്തകത്തില്‍ ഇല്ലായിരുന്നെങ്കിലും. ഒരുപക്ഷേ, ജോണ്‍ അങ്കിള്‍ ആ സിനിമ ചെയ്തിരുന്നെകില്‍ ഇതേ പേരുതന്നെയാകും ഇട്ടിരിക്കുക.
അച്ഛന്റെ മരണശേഷം മൂന്നു മാസങ്ങള്‍ കഴിഞ്ഞു ഞാൻ നാട്ടിലെത്തിയതാണു്. ഒരുപക്ഷേ, ഇങ്ങനെ പറയാം, മധ്യവയസ്സിലേക്കുള്ള നമ്മുടെ യാത്ര ഓർമ്മയുടെ ഭാരംകൊണ്ടു് പതുക്കെ ആകുന്ന സമയത്തു്. അന്നു് അച്ഛനും അമ്മയും കുറെക്കാലവും, ഞാൻ കുറച്ചുകാലവും താമസിച്ച ആ വീട്ടില്‍നിന്നും മടങ്ങുമ്പോള്‍, മൂന്നു കാര്യങ്ങള്‍ ഞാൻ ശ്രദ്ധിച്ചു;
ഒന്നു്, മരങ്ങള്‍ ആ തൊടിയില്‍ ഇപ്പോഴും ഉണ്ടു്. ഒരുപക്ഷേ, അങ്ങനെത്തന്നെ ഇരുട്ടില്‍. രണ്ടു്, മുറ്റത്തെ ചെടികൾക്കു മീതെ തുണികള്‍ അപ്പോഴും തോരാൻ ഇട്ടിട്ടുണ്ടു്. ഒരുപക്ഷേ, അമ്മ അവസാനമായി തോരാൻ ഇടതും അച്ഛൻ പിന്നീടു് ഒരിക്കല്‍പ്പോലും എടുക്കാതിരുന്നതും. വസ്ത്രങ്ങളുടെ ആയുസ്സു് അവയുടെ ഉപയോഗമാണു് നിശ്ചയിക്കുക എങ്കില്‍ അവ കുറെക്കാലം ഇനിയും അവിടെ ഉണ്ടാകും. മൂന്നു്, ആ വലിയ മരങ്ങളില്‍ നിഴലുകള്‍ വേണ്ടുവോളം ഉണ്ടായിരുന്നിട്ടും പക്ഷികള്‍ ഉണ്ടായിരുന്നില്ല. അവയും ആ വീട്ടുവളപ്പു് ഉപേക്ഷിച്ചിരുന്നു.
ആധുനികത, മലയാളികളുടെ എന്തായാലും, അവതരണങ്ങളില്‍ വിശ്വസിച്ചു; ഒപ്പം തിരോധാനങ്ങളിലും. അവതരണം എന്നതു് കാഴ്ചയുടെ കലയാണെങ്കില്‍ തിരോധാനം ഓർമ്മയുടെ കലയാകുന്നു. അതുകൊണ്ടുതന്നെ ആധുനികത നമുക്കും nostalgic ആയി. ജോണ്‍ എബ്രഹാം തിരോധാനങ്ങളുടെ നായകനായിരുന്നു. എന്റെ അച്ഛന്റെ കഥയില്‍ വിശേഷിച്ചും.
നന്ദി, ഈ അനുസ്മരണദിനത്തിലേക്കു് എന്നെ ക്ഷണിച്ചതിനു്. ഞാൻ ആചലച്ചിത്രകാരനെക്കുറിച്ചു് അധികമൊന്നും സംസാരിച്ചില്ല എന്നു് എനിക്കറിയാം. ഓർമ്മകള്‍ അങ്ങനെയാണു്. നമ്മുടെ വഴിമുടക്കും. ചിലപ്പോള്‍ തിരിച്ചു നടത്തും. പക്ഷേ, നമ്മുക്കറിയാം ആ നടത്തവും മറ്റൊന്നാകുന്നു എന്നു്.
ഒരു വൈകുന്നേരം ആയിരുന്നു ഞാൻ ആ പഴയ വാടകവീടു് സന്ദര്‍ശിച്ചതു്. ഇരുട്ടുന്നതിനു മുന്‍പേ മടങ്ങി. എപ്പോഴോ ഒരു സൈക്കിള്‍ബെല്‍ കേട്ടതുപോലെയും തോന്നി. ഞാനും ഒരു കഥയില്‍ ആയിരുന്നിരിക്കണം. തീര്‍ച്ചയായും ഞാൻ ഇഷ്ടത്തിലായിരുന്നു എന്റെ അമ്മയോടു്, എന്റെ അച്ഛനോടു്, ജോണ്‍ അങ്കിളിനോടു്, ആ കാലത്തോടു തീര്‍ച്ചയായും. കാരണം, ഞാൻ ഓർമ്മയെ ആശകളില്‍ നിന്നും മോചിപ്പിച്ചവരുടെ തലമുറയിലെത്തിയിരുന്നു. ചിലപ്പോള്‍ മറ്റൊരു territory.
കഥാകൃത്തു്, കവി, നോവലിസ്റ്റ്, നാടകകൃത്തു്.
ചിത്രീകരണം: വി. പി. സുനിൽകുമാർ