അപ്പോള്‍ അച്ഛനെ ആ ഫോട്ടോ കാണിച്ചില്ലായിരുന്നെങ്കില്‍ ആ കളിത്തോക്കു് എനിക്കു് ഓർമ്മവരില്ലായിരുന്നു. അങ്ങനെയൊരു ഓർമ്മകൊണ്ടു് ചെന്നുപെടുന്ന എന്റെ രണ്ടാമത്തെ ഉദ്യമമായിരുന്നു അതു്. ആദ്യത്തേതു് അമ്മ മരിച്ചതിന്റെ പിറ്റേന്നു് ഞാനീ കളിത്തോക്കുമായി എന്നെ കണ്ടതാണു്. കുളിമുറിയില്‍. കണ്ണാടിയില്‍. കണ്ണാടിയില്‍ നോക്കി കൃത്യമായും ഞാനെന്റെ ചങ്കില്‍ തോക്കുവെച്ചു. എന്റെ സങ്കടം കണ്ടു് കണ്ണാടിയിലെ ഞാൻ എന്നെ നോക്കി കരയാൻ തുടങ്ങിയപ്പോള്‍ അമ്മ എനിക്കു പറഞ്ഞുതന്ന കഥയിലെ ആന വന്നു് എന്റെ കൈയില്‍നിന്നു് തോക്കു് തട്ടിത്തെറിപ്പിച്ചു. ഇപ്പോള്‍ അച്ഛനെ അതേ കളിത്തോക്കുകൊണ്ടു് വെടിവെച്ചു് കൊന്നതിനുശേഷവും ഞാൻ കുളിമുറിയില്‍ വന്ന കണ്ണാടിയില്‍ നോക്കി. ഞങ്ങള്‍, ഞാനും കണ്ണാടിയിലെ ഞാനും, കരഞ്ഞില്ല. പേടിച്ചില്ല. അച്ഛൻ പറഞ്ഞതു് ഷീലയുടെ കഥയായിരുന്നു. എന്റെ പേര്‍ ഉമ എന്നും. വിറ്റോറിയോ ഡീ സീക്കയുടെ സിനിമയുടെ പേര്‍ LADRI DI BICICLETTE എന്നും. ഇനി ഞാൻ ആരുടെ കഥയും ജീവിക്കുന്നില്ല. തോക്കു് വലിച്ചെറിയുന്നു. ഇനി എനിക്കു് തോക്കു വേണ്ട. ഈ ബാല്‍ക്കണിയില്‍നിന്നു് സൂര്യൻ ഉദിക്കുന്നതു കാണും… കിളികള്‍ ഉണരുന്നതു കേൾക്കും. ആദ്യത്തെ കാറ്റുകൊള്ളും…
ആ സമയം, രാത്രിയുടെ അവസാനത്തെ കാറ്റു് വീശി. എനിക്കു് കുളിരു തോന്നി. ഞാൻ കൈകള്‍ മാറില്‍ പിണച്ചുവെച്ചു. ഞാൻ സുന്ദരിയാണെന്നു് അച്ഛൻ പറഞ്ഞതു് ഓർമ്മവന്നു; എനിക്കു് അമ്മയുടെ ഛായയാണെന്നും. രണ്ടും ശരിയായിരുന്നു. എന്റെ അമ്മ അതീവ സുന്ദരിയായിരുന്നു. കഥയില്‍ പറയുന്ന പോലെ. ഇത്രയ്ക്കു്. എന്നെ നോക്കു. ഇതുപോലെ…
എനിക്കു് ചിരി വന്നു.
ഞാൻ ഷീലയെ ചേർത്തുപിടിച്ചു, നെറുകില്‍ ഉമ്മവെച്ചു. അവള്‍ എന്നെ ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു…