images/kpn-bharatham-xml-cover.jpg
The Pandavas in King Drupad’s Court, a watercolor painting on gold paper from Kangra by anonymous (na).
ഭാഗം മൂന്നു്

“ഭീഷ്മരുടെ നേതൃത്വത്തിൽ സൈന്യം നയിച്ചു് വിരാടത്തിലെ നാൽക്കാലികളെ തട്ടിയെടുക്കാൻ മാത്രം കടുത്ത ഗോമാംസക്ഷാമം ഹസ്തിനപുരിയിൽ ഉണ്ടായിരുന്നോ?”, കൊട്ടാരം ലേഖിക കൗരവ ഭരണകൂടത്തിന്റെ മിതഭാഷിയായി പുതുവക്താവിനോടു് ചോദിച്ചു. മൂന്നാം ലിംഗ നൃത്താധ്യാപികയായ ബൃഹന്നളയുമായുള്ള പോരാട്ടത്തിൽ തോറ്റ കൗരവസൈന്യം ലക്ഷ്യംനേടാതെ ഹസ്തിനപുരി കോട്ടയിലേക്കു് തിരിച്ചുവരുന്ന സമയം.

“ഒരു യുദ്ധമല്ലേ വരുന്നതു്? നിങ്ങൾ അതിനെ വിലകുറച്ചു കാണിക്കാൻ സ്വത്തുതർക്കമെന്നു പറയും ഞങ്ങൾ അതിനെ കൗരവനന്മക്കെതിരെ പാണ്ഡവതിന്മ എന്നും. ഉന്നം തെറ്റാതെ ശത്രുഹൃദയത്തിലേക്കു കുന്തം എറിയേണ്ട കൗരവപോരാളികൾ നിത്യവും രാവിലെ കഴിക്കേണ്ടതു് പാട കെട്ടിയ തണുത്ത കഞ്ഞിയോ അതോ, പൊരിച്ച മാട്ടിറച്ചിയോ?”, മൃഗമാംസത്തിനു വേണ്ടിയുള്ള ഈ ധർമയുദ്ധത്തിൽ തോൽവിസാധ്യത നേരത്തെ അറിഞ്ഞിട്ടും, ഭീഷ്മർ ഈ ഐതിഹാസിക ആക്രമണത്തിന്റെ പോഷകാഹാരലക്ഷ്യം നീണ്ട യാത്രയിലുടനീളം സൈന്യത്തിൽ സജീവമായി നിലനിർത്തി എന്നതു്, തീൻശാലയിൽ എന്നെന്നും മാംസഭക്ഷണം വിളമ്പാൻ മോഹിക്കുന്ന സമാധാനപ്രിയരായ മനുഷ്യവംശത്തിനു എന്തോ മഹത്തായ സൂചന തരുന്നില്ലേ?”

2017-10-11

“പെണ്ണുടലിനെ പുളകം കൊള്ളിച്ചു പരിലാളിക്കാനാവുന്നത്ര ഭംഗിയും മിനുസവും ഉള്ള ഈ കൈവിരലുകൾ കൊണ്ടാണോ നിങ്ങൾ നൂറു കൗരവരെയും കുരുക്ഷേത്രയിൽ കൊന്നതു്?” കൊട്ടാരം ലേഖിക ഭീമന്റെ കൈ വിടർത്തി.

“മസ്തിഷ്കപരിമിതിയുള്ള എന്ന അർത്ഥത്തിൽ അർജ്ജുനൻ എന്നെ മന്ദൻ എന്നു് പരാമർശിക്കുന്നതു് കേൾക്കുമ്പോൾ അവൻ എന്റെ അനുജൻ അല്ലായിരുന്നെങ്കിൽ എന്നു് ഞാൻ ഈ കൈകൾ കൂട്ടിപ്പിഴിഞ്ഞു മോഹിച്ചിട്ടുണ്ടു്. ദിവ്യാസ്ത്രങ്ങൾക്കായി അവൻ സാഹസയാത്രകൾ ചെയ്യുന്നതൊക്കെ കുതിരപ്പന്തികളിലും വഴിയോരഭക്ഷണശാലകളിലും വാർത്തയാവണമെന്നു മറ്റു പാണ്ഡവർ ശ്രദ്ധിക്കുമ്പോൾ ഞാൻ പല്ലു ഞെരിച്ചിട്ടുണ്ടു്. പ്രകൃതി തന്ന കായികബലത്തിലാണു് ഞാൻ ആശ്രയിച്ചതു്, ഇളംകാറ്റിന്റെ മകനാണെങ്കിലും കൈകൾക്കു കാരിരുമ്പിന്റെ കരുത്തുണ്ടാവണം എന്നു് പെറ്റതള്ള പ്രാർത്ഥിച്ചു. പോരാട്ടഭൂമിയിൽ എനിക്കു് നേരെ വന്ന കുടിലകൗരവരെ ഈ കൈകൾ പ്രാകൃതമായി പെരുമാറി. ആയുധമില്ലാതെയാണു് ഒന്നുരണ്ടുപേരൊഴികെ എല്ലാവരെയും കക്ഷത്തിൽ കഴുത്തിറുക്കി ഞാൻ ശ്വാസം മുട്ടിച്ചു കൊന്നതു്. അവർ കണ്ണു് തുറിച്ചു നാവു പുറത്തിട്ടു ചാവുന്നതു് കണ്ടു ഞാൻ രസിച്ചു. ചിലരുടെ കരൾ പറിച്ചു ഞാൻ രൗദ്രഭീമനായി. പ്രണയിനിയുടെ മുടിയിൽ ശത്രുചോര പുരട്ടി കൊടുത്ത ഞാൻ ആ സവിശേഷ കേശപരിചരണരീതിയാൽ വിശ്വപ്രസിദ്ധിനേടുമെന്നു വ്യാസൻ പ്രവചിച്ചപ്പോൾ ഈ പത്തുവിരലുകൾക്കു മുട്ടുകുത്തി ഞാൻ പ്രണാമം അർപ്പിച്ചു. നാളെ തുടങ്ങാനിരിക്കുന്ന വാനപ്രസ്ഥത്തിനുമുമ്പു് ഒരു മഹായുദ്ധം കൂടി തരപ്പെട്ടിരുന്നെങ്കിൽ ആയിരം പൂർണചന്ദ്രന്മാരെ കണ്ടു കഴിഞ്ഞ ഈ വാർദ്ധക്യത്തിലും കാര്യക്ഷമമായ എന്റെ വിരലുകൾ ഈ ലോകത്തിനെത്ര വിലപ്പെട്ടതു് എന്നു നിങ്ങൾ പത്രപ്രവർത്തകരെ ബോധ്യപ്പെടുത്താമായിരുന്നു.”

2017-10-18

“ചരിത്രകാരനെ നിങ്ങൾ പ്രതിഷേധം അറിയിച്ചു എന്നാണല്ലോ ചാർവാകപ്രചരണം?”, കൊട്ടാരം ലേഖിക ചോദിച്ചു “പാവം വ്യാസൻ മെനക്കിട്ടിരുന്നു ഇതിഹാസമെഴുതിയതു് മഹാറാണിക്കു് ഇഷ്ടക്കേടായോ?”

“പനയോല കരടുകെട്ടുകൾ കിട്ടിയപ്പോൾ ഞാനൊന്നോടിച്ചുനോക്കി. വസ്ത്രാക്ഷേപ കേന്ദ്രിതമായി എന്റെ സ്വതന്ത്രവ്യക്തിത്വത്തെ പാണ്ഡവരുടെ ദുരിതജീവിതാവസ്ഥയുമായി ഈ വിധം ബന്ധപ്പെടുത്തുന്നതു് അസ്വീകാര്യവും അവഹേളനപരവുമാണെന്നു വ്യാസശിക്ഷ്യന്മാരോടു് ഞാൻ പറഞ്ഞു. എക്കാലവും പെണ്ണുടലിന്റെ അഴകളവുകളിൽ ആകൃഷ്ടരായിരുന്ന കൗരവർ, നിർണായകദിവസം എന്റെ വിവസ്ത്രശരീരത്തെ മുൻനിർത്തി പാണ്ഡവരെ അടിമപദവിയിലേക്കു നടപടിക്രമമനുസരിച്ചു നയിക്കുകയായിരുന്നു. അപ്പോൾ വിദുരരും ഭീഷ്മരും ലജ്ജിച്ചു തല താഴ്ത്തിയോ കഴുത്തു വെട്ടിയോ ചെവി പൊത്തിയോ എന്നതൊന്നും എന്നെ അലട്ടുന്ന ശരീരഭാഷയല്ല. എന്നോടൊരക്ഷരം മുഖത്തുനോക്കി സംസാരിക്കാൻ മെനക്കെടാതെ, വ്യാസൻ വെറുമൊരു ആണധികാര ഭാവനയിൽ പെണ്ണിനെ അനുകമ്പയുടെ കെണിയിൽ വീഴ്ത്തിയതിൽ എനിക്കു് പ്രതിഷേധമുണ്ടെന്നു ഞാൻ അല്ലാതെ ആരാണു് ഈ ലോകത്തിൽ എനിക്കുവേണ്ടി പറയാനുള്ളതു്? എതിർത്തതിനു ശിക്ഷയായി നിന്റെ അന്ത്യം ഞാൻ ഏകാന്തമാക്കും എന്നു് വ്യാസൻ ഭീഷണി മുഴക്കിയതു് ഞാൻ പുച്ഛത്തോടെ തള്ളുന്നു.”

കൊട്ടാരം ലേഖികയുടെ പിടി വിട്ടു പാഞ്ചാലി, വരി നിന്നിരുന്ന ചാർവാകനെ കൈകൊടുത്തു സ്വീകരിച്ചു.

“എന്തു് വിശേഷം പറഞ്ഞു കുന്തി?” ഹസ്തിനപുരി മഹാരാജാവിന്റെ അതിഥിയായി വന്ന ഇന്ദ്രപ്രസ്ഥം ചക്രവർത്തിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“ചൂതാട്ടത്തിനു ഞാനിവിടെ ഔദ്യോഗികമായി വന്നപ്പോൾ അമ്മയെ പോയി കണ്ടു. നല്ല നിലയിൽ ജീവിക്കുന്ന മക്കളെ കണ്ടപ്പോൾ ആഹ്ലാദിക്കുന്നതിനു പകരം പഴയ പരാതിഭാവത്തോടെ കുന്തി പരിഭവിച്ചു. അതു് പിന്നെയും സഹിക്കാം. പക്ഷെ ദുഃസ്സൂചനയോടെ അമംഗളകരമായ പ്രവചനം ചെയ്തു.

“ഇന്നു് രാത്രി ചൂതാട്ട പരാജയത്തിലൂടെ നിങ്ങൾ തിരിച്ചറിയും, പെറ്റ തള്ളയെ ശത്രുപാളയത്തിൽ പണയം വച്ചു് ഭാഗ്യാന്വേഷികളായി ഖാണ്ഡവപ്രസ്ഥത്തിലേക്കു പോയതിന്റെ പെരുംപിഴ.” “ഇങ്ങനെയാണോ മാതാക്കൾ മിണ്ടിപ്പറയേണ്ടതു്?”

“ആരുടെ ഓർമ്മക്കായാണു് മൺചെരാതു് തിരികൊളുത്തി പ്രാർത്ഥിക്കുന്നതു്?”, യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“അഖണ്ഡതക്കു് വെല്ലുവിളിയായി വന്ന അർദ്ധസഹോദരർക്കെതിരെ ജീവിതകാലം പ്രതിരോധിച്ചും സമരമുഖം തുറന്നും നയതന്ത്രചർച്ചകൾ പരാജയപ്പെട്ടപ്പോൾ കായിക ബലത്തിലൂടെ പാപി പാണ്ഡവരുടെ സംഘടിത ആക്രമണത്തെ അവസാന ചോരത്തുള്ളി വീഴുംവരെ പോരാടി ജീവത്യാഗം ചെയ്ത ദുര്യോധനന്റെ ജ്വലിക്കുന്ന ഓർമ്മക്കു്.” പെട്ടെന്നവിടെ പ്രത്യക്ഷപ്പെട്ട നകുലനും സഹദേവനും യുധിഷ്ഠിരന്റെ ഇരുവശങ്ങളും അമർത്തിപ്പിടിച്ചുയർത്തി തൂക്കി കൊട്ടാരക്കെട്ടിലേക്കു കൊണ്ടുപോവുമ്പോൾ ഒന്നു് തിരിഞ്ഞു നോക്കി വിലാപസ്വരത്തിൽ പറഞ്ഞു, “ഓർമ്മക്കുറവുണ്ടു്, ഇടയ്ക്കിടെ വിങ്ങിപ്പൊട്ടും, പരിസരബോധവും കുറഞ്ഞു. പൊലിപ്പിച്ചെഴുതി പാണ്ഡവഭരണത്തെ പാഴ്‌വാക്കാക്കരുതേ.”

2017-10-19

“കഴുത്തുകുടുങ്ങി, തല പുറത്തെടുക്കാനാവാതെ പരവശനായ കൗമാരപോരാളിയെ, വട്ടംചുറ്റി പീഡിപ്പിച്ചു ജഢം വലിച്ചെറിയാമെന്നു കരുതിയ കുടിലകൌരവനീക്കത്തെ കടപുഴക്കാനായിരുന്നു വാൾ അഭിമന്യുവിന്റെ ഇടനെഞ്ചിലിറക്കി പ്രാണനെടുത്തതെന്നു് കർണൻ മരിക്കും മുമ്പു് എറ്റുപറയുന്നതു ഞാനും കേട്ടു. എന്തു് തോന്നുന്നു കർണമൊഴിയെ കുറിച്ചു്?” ഭീമപ്രഹരത്തിൽ തുടയെല്ലു് പൊട്ടി ചളിയിൽ പുതഞ്ഞ ദുര്യോധനനോടു് യുദ്ധകാര്യ ലേഖകൻ ചോദിച്ചു.

“സൂതപുത്രനല്ല, കുന്തിയുടെ കന്യാപുത്രനാണു്, ആ വിധം അഭിമന്യുവിന്റെ പിതൃസഹോദരനും കൂടിയാണു് എന്നു് നാവു പിഴയില്ലാതെ നമ്മെ ബോധ്യപ്പെടുത്തി!. ചോരക്കു സൌഹൃദത്തെക്കാൾ മൂല്യമുണ്ടെന്നു കർണൻ മരണ മുഹൂർത്തത്തിലും തെളിയിച്ചു. വ്യാസൻ എഴുതാൻ പോവുന്ന ഇതിഹാസത്തിൽ ഉത്തമപുരുഷനെന്ന ഇടം നേടാൻ ആജീവനാന്ത സുഹൃത്തു് കർണനു സാധിക്കട്ടെ.”

ഒരിറ്റു വെള്ളത്തിനു് നാവു പുറത്തിട്ടു ദുര്യോധനൻ കെഞ്ചി. തിരക്കു് നടിച്ചു യുദ്ധകാര്യ ലേഖകൻ സ്ഥലം വിട്ടു.

“സത്യത്തെ കുറിച്ചും അർദ്ധസത്യത്തെ കുറിച്ചും അസത്യത്തെ കുറിച്ചും നിങ്ങളുടെ അന്തിമ സന്ദേശം?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.

മഹാപ്രസ്ഥാനത്തിന്റെ അവസാനനിമിഷം.

“കൗരവരുമായുള്ള ചൂതുകളിയിൽ ഞാൻ സത്യം പറഞ്ഞപ്പോൾ എനിക്കു് ഇന്ദ്രപ്രസ്ഥ സാമ്രാജ്യം നഷ്ടപ്പെട്ടു, കുരുക്ഷേത്രത്തിൽ ഞാൻ ദ്രോണരുടെ മകനെ കുറിച്ചു് അർദ്ധസത്യം “अश्वत्थामा हता: इति । नरोवा कुञ्जरोवा ॥” പറഞ്ഞപ്പോൾ ഞങ്ങൾ യുദ്ധം ജയിച്ചു പാഞ്ചാലി കുഴഞ്ഞു വീണു മരിച്ചതിനെ കുറിച്ചു് ഞാൻ അസത്യം പറഞ്ഞപ്പോൾ സ്വർഗരാജ്യത്തിലേക്കെന്നെ കൊണ്ടുപോവാൻ ആകാശചാരികൾ ഇതാ കാത്തു നില്ക്കുന്നു. ബാക്കിയൊക്കെ വരും യുഗങ്ങളിൽ വ്യാസഭാരത കഥയുടെ വൈവിധ്യ അപനിർമാണം വഴി നിങ്ങൾ വായിച്ചറിയും.”

2017-10-22

“പാണ്ഡവരിൽ നിങ്ങൾക്കു് ഒരു ‘പ്രിയപ്പെട്ടവൻ’ ഉണ്ടോ? ആരാണു്? അഥവാ, ആയിരുന്നു?”, കൊട്ടാരം ലേഖിക ചോദിച്ചു.

“സ്വാഭാവികമായും ലജ്ജാശീലനായ സഹദേവൻ. മറ്റുള്ളവർ ഊഴമനുസരിച്ചു അക്ഷമയോടെ കാത്തിരുന്നു കാര്യം കഴിഞ്ഞപ്പോൾ അവിഹിതങ്ങൾ തേടി പടിവിട്ടിറങ്ങി. ഭാവിയറിയുന്ന സഹദേവൻ എന്റെ വർത്തമാനകാലത്തെ പരിലാളിക്കാൻ ഗർഭകാല ശുശ്രൂഷയിൽ ഇന്ദ്രപ്രസ്ഥം കൊട്ടാര സമുച്ചയത്തിൽ പണിത ശുദ്ധജലാശയത്തിൽ എന്നോടൊപ്പം നീന്തി ആ കൊടിയ വേനൽ അതിജീവിക്കാൻ തുണച്ചു. മകനാവാനുള്ള പ്രായമേ അവനുണ്ടായിരുന്നുള്ളു എങ്കിലും അവനെന്നെ പരിലാളിക്കുന്നതു് എന്നെ എന്നും വിസ്മയിപ്പിച്ചു. അന്തർമുഖനായ അവന്റെ കണ്ണുകളിൽ നോക്കാൻ ഭയമായിരുന്നു, കാരണം അവനറിയാതെ അതിൽ നിഴലിച്ച ദൃശ്യങ്ങൾ അശാന്തമായ ഭാവിയെ കുറിച്ചായിരുന്നു. എന്നാൽ മറ്റു നാലു പാണ്ഡവർ എനിക്കോർമ്മിക്കാൻ തന്നതു് അഭിശപ്തമായ ഭൂതകാലവും.”

2017-10-29

“പത്താം ദിവസമായിട്ടും ഭീഷ്മർ മരിച്ചിട്ടില്ല. ദ്രോണർ, കർണൻ, ശല്യൻ, അശ്വത്ഥാമാവു് സേനാധിപ പദവിയേറ്റെടുക്കാൻ ഇപ്പോഴേ നിൽപ്പുണ്ടു്. ഇങ്ങനെ പോയാൽ അനന്തമായി നീണ്ടു പോവില്ലേ?” കൊട്ടാരം ലേഖിക യുദ്ധനിർവ്വഹണ ചുമതലയുള്ള പ്രവിശ്യാ ഭരണാധികാരിയോടു് ചോദിച്ചു. കുരുക്ഷേത്രയിൽ ഉയർത്തിക്കെട്ടിയ നിരീക്ഷണഗോപുരത്തിലായിരുന്നു അവർ.

“ആശങ്ക വ്യക്തമായി. ഇനി ഒരു വഴിയേ ഉള്ളു. പകൽ മാത്ര പോരാട്ട സമയക്രമം മാറ്റി രാവും പകലുമാക്കുക. നിലാവുള്ള ദിവസങ്ങളാണു് വരുന്നതു്. വെളുക്കുവോളം പോരാടുക എന്ന സാധ്യത പരിഗണിക്കുന്നു. ഈ യുദ്ധത്തിൽ നിങ്ങൾ തൊഴിൽപരമായി എടുത്ത രാജ്യതാല്പര്യത്തെ മാനിച്ചുകൊണ്ടു് പറയട്ടെ, യുദ്ധം കഴിഞ്ഞു എന്നു് ഞങ്ങൾ ഈ ഗോപുരത്തിൽ നിന്നു് ഉറക്കെ വിളിച്ചു പറയുമ്പോൾ തലയാട്ടാനോ കുലുക്കാനോ ഇളക്കാനോ ആരും ജീവനോടെ ഇവിടെ ഉണ്ടാവില്ല.”

2017-10-30

“എന്താ ഒരു പകച്ച നോട്ടം?” ഇന്ദ്രപ്രസ്ഥം രാജധാനിസമുച്ചയത്തിന്റെ ചുമതല വഹിക്കുന്ന യുവസർവാധികാരിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“ഞെട്ടൽ മാറിയിട്ടില്ല. ഇന്നലെ ഈ സമയത്താണു് ചക്രവർത്തി യുധിഷ്ഠിരനും കൂട്ടരും ചൂതാടാൻ ഹസ്തിനപുരിയിലേക്കു പോയതു്. നൂറുകണക്കിനു് കഴുതപ്പുറത്തായി കൗരവരാജവധുക്കളുടെ രത്നശേഖരവുമായി മടങ്ങിവരുമെന്നു ഭീമൻ പറഞ്ഞതു് അക്ഷരാർത്ഥത്തിൽ വിശ്വസിച്ചു. രാത്രി ആ സുന്ദരസ്വപ്നങ്ങളായിരുന്നു. ഇന്നു് രാവിലെ പക്ഷെ കണ്ണു് തുറന്നപ്പോൾ മുഖപരിചയമുള്ള മൂന്നു നാലു് കൗരവർ സൈനികവേഷത്തിൽ മുമ്പിൽ. സായുധരായ അവർ വാളോങ്ങുന്നു. ഞാൻ വിധേയത്വത്തോടെ കൈകൂപ്പി. യുധിഷ്ഠിരനും കുടുംബവും സ്വത്തെല്ലാം കളിയിൽ നഷ്ടപ്പെട്ടു നിയമപ്രകാരം കൗരവ അടിമകളായി കാട്ടിലേക്കു് പോയ സ്ഥിതിക്കു് ഇന്ദ്രപ്രസ്ഥം ഇനി ധൃതരാഷ്ട്രരുടെ അധീനതയിലാണെന്നവർ വാൾ മേലോട്ടുയർത്തി പ്രഖ്യാപിച്ചു. പൊട്ട സ്വപ്നമെന്നു കരുതി ഞാൻ രണ്ടു കണ്ണും അമർത്തി തുടച്ചു. ഇനി ഞങ്ങൾ ഇന്ദ്രപ്രസ്ഥം ഭരിക്കുമെന്നു് കൗരവർ പറഞ്ഞപ്പോഴും എനിക്കു് പൂർണമായും ബോധ്യമായില്ല. ഇപ്പോൾ നീ കോട്ടവാതിൽ കടന്നു ചക്രവർത്തി യുധിഷ്ഠിരനു് ജയു് വിളിക്കുന്നതിനു് പകരം ദുര്യോധനനു് വിജയാശംസ ചെയ്യുന്നതു് കണ്ടപ്പോൾ എന്റെ കരൾ കലങ്ങി”, തക്ഷശിലയിലെ ആ പഴയ സഹപാഠി വിവശനായി.

2017-10-31

“എന്തു് പറ്റി മകനേ, ഇന്നും ശിക്ഷിച്ചുവോ?”, മകൻ പരീക്ഷിത്തിനെ ചേർത്തു് പിടിച്ചു അഭിമന്യു വിധവ ചോദിച്ചു.

യുദ്ധാനന്തര പാണ്ഡവ ഭരണകൂടത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന അർജ്ജുനന്റെ പേരക്കുട്ടിയായിരുന്നു കിരീടാവകാശിയായ പരീക്ഷിത്തു്.

“നിന്റെ അമ്മ ഉത്തര സ്വന്തം കൈ കൊണ്ടു് വളർത്തുമൃഗത്തെ കൊന്നു മാംസം വരട്ടി വാഴയിലയിൽ പൊതിഞ്ഞു നീ എനിക്കു് രാവിലെ കൊണ്ടുവന്നില്ലെങ്കിൽ, നീ രാജാവായ ശേഷം പാമ്പുകടിച്ചു നീ മരിക്കട്ടെ എന്നു് കൃപാചാര്യൻ ഭീഷണിപ്പെടുത്തി അമ്മാ.”

2017-11-04

“പ്രതിച്ഛായ പോലെ പവിത്രമാണോ പോരാട്ടത്തിൽ കൊല ചെയ്യുന്ന രീതിയും?” കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. ഒരർദ്ധസത്യം കൊണ്ടു് ദ്രോണരെ വധിക്കാൻ സാധിച്ച സംതൃപ്തിയിലായിരുന്നു രാത്രി യമുനയിൽ നീരാടിക്കൊണ്ടിരുന്ന ധർമ്മപുത്രർ.

“വിനീതമായിരിക്കും. ആർമാദിക്കില്ല. കുന്തമാണെന്റെ പ്രിയആയുധം. ശത്രുവിന്റെ ഇടനെഞ്ഞുനോക്കി ആഞ്ഞെറിഞ്ഞാൽ പിന്നെ സാവധാനം നടന്നു ചെന്നു് അതു് വലിച്ചൂരിയെടുക്കുമ്പോൾ ഇരയുടെ ശ്വാസം നിലക്കുന്നതു കാണും. അടയുന്ന കണ്ണുകൾ നോക്കി ഞാൻ മന്ത്രിക്കും വീരമൃത്യു വരിച്ച നിനക്കു് സ്വർഗ്ഗരാജ്യം ഇനി എളുപ്പം. ആ നിലയിൽ നോക്കിയാൽ ചോരക്കറയുള്ള കുന്തവുമായി ഞാൻ അടുത്ത ശത്രുസംഹാരത്തിനായി തിരിഞ്ഞു നടക്കുമ്പോൾ യാത്ര പറഞ്ഞു പിരിഞ്ഞ പോലെ ശാന്തി തോന്നും.”

2017-11-05

“ഇനിയും ഒരു യുദ്ധത്തിനു് തയ്യാറെടുക്കുകയാണോ?”, കൊട്ടാരം ലേഖിക ഔദ്യോഗിക വക്താവിനോടു് ചോദിച്ചു, “എവിടെ തിരിഞ്ഞൊന്നു നോക്കിയാലും ഒടിഞ്ഞ മുഖങ്ങളും ഒട്ടിയ വയറും കാണുന്ന ഈ നാടിനു രണ്ടാമതൊരു യുദ്ധക്കെടുതി സഹിക്കാനാവുമോ?”

“അടിച്ചേൽപ്പിക്കുകയാണു് ഞങ്ങളിൽ യുദ്ധം എന്നു് വച്ചാൽ? കുരുക്ഷേത്രയിൽ കൗരവർക്കൊപ്പം യുദ്ധം ചെയ്ത നാട്ടുരാജ്യങ്ങൾ സംഘടിച്ചിരിക്കയാണു്. കൊല്ലപ്പെട്ട സൈനികരുടെ വിധവകൾക്കും അവരുടെ കുടുംബങ്ങൾക്കും ആയുഷ്കാല ചെലവു് ഹസ്തിനപുരി ഏറ്റെടുക്കുമെന്നു് വാഗ്ദാനം കൊടുത്താണു് ദുര്യോധനൻ ഓടി നടന്നു സൈനികരെ കൂട്ടിയതു്. നഷ്ടപരിഹാര അവകാശങ്ങളുമായി നിത്യവും ഓരോ നാട്ടിൽ നിന്നു് അവരുടെ പ്രതിനിധികൾ ഇവിടെ കുതിരപ്പന്തികളിൽ പ്രചരിപ്പിക്കുന്ന കഥകളൊന്നും നിങ്ങൾ പത്രപ്രവർത്തകർ കേൾക്കാറില്ല? അതോ, കൊട്ടാരം ഊട്ടുപുരയിൽ ഗോമാസം പൊരിച്ചതും തിന്നു കഥ മെനയുകയാണോ? ഹസ്തിനപുരിയുടെ അഖണ്ഡതക്കു വേണ്ടി ജീവത്യാഗം ചെയ്തവർ എന്നാണവർ മേനി പറയുന്നതു്. യുദ്ധത്തിൽ തോറ്റ രാജ്യത്തിൽ നിന്നു് ജേതാക്കൾ കപ്പം നേടുന്നതു് പതിവായിരിക്കാം പക്ഷെ തോറ്റ രാജ്യങ്ങൾ സംഘടിച്ചു ജേതാക്കളിൽ നിന്നു് നഷ്ടപരിഹാരം തേടുമ്പോൾ ഞങ്ങൾ അഹിംസ ഉപദേശിച്ചു താടിക്കുകയ്യും വച്ചിരിക്കാനോ?”

“ഞങ്ങളുടെ നാവിൻതുമ്പിൽ തത്തിക്കളിക്കുന്നുണ്ടു് ആ വൃത്തികെട്ടവന്റെ പേരും നാളും എന്നാൽ അതു് നാടകീയമായി വെളിപ്പെടുത്തി അവനെ നാണം കെടുത്താൻ നിങ്ങൾക്കെന്താണിത്ര മടി?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു, “ലൈംഗികാതിക്രമം ചെയ്തു പൊതുവേദിയിൽ ഞെളിയുന്നവനെ പിന്നെ എങ്ങനെ ശിക്ഷിക്കാനാണു് നിങ്ങൾ?”

നഗ്നപാദ പാണ്ഡവർ അഞ്ചുപേരുമൊത്തു മുടിയഴിച്ചിട്ട പാഞ്ചാലി പന്ത്രണ്ടു വർഷ വനവാസത്തിനു പുറപ്പെടുന്ന നേരം.

“നിയമവാഴ്ചയുള്ള പരിഷ്കൃതസമൂഹമാണെങ്കിലും ഹസ്തിനപുരി സാമ്രാജ്യത്തിൽ അടിമവ്യാപാരവും ചൂതാട്ടവും തുടരുന്നതല്ലേ ഇതിനൊക്കെ കാരണം? ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയാണോ വസ്ത്രാക്ഷേപത്തിലൂടെ അപമാനിക്കപ്പെട്ടതു്? അതോ അടിമ പാഞ്ചാലിയോ? എന്നെ അടിമയാക്കിയ യുധിഷ്ഠിരനാണോ പ്രതിക്കൂട്ടിൽ പൊരിക്കപ്പെടേണ്ടതു്? അതോ നിയമവിധേയമായി അടിമയുടെ ഉടുതുണിയിൽ കൈവച്ച ഉടയോനോ?”

2017-11-06

“കെണിയെന്നറിഞ്ഞിട്ടും കുട്ടിയെ പദ്മവ്യൂഹത്തിലേക്കു തള്ളിയിട്ട നിങ്ങൾ അവന്റെ മരണവിളി കേട്ടപ്പോഴും കുതിച്ചു ചെന്നു് രക്ഷിച്ചില്ലേ?”

അഭിമന്യുവിന്റെ ജഢം ചിതയിൽ ദഹിക്കുന്നതു നോക്കി നിന്ന കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.

“കൗമാരത്തിന്റെ കുതിപ്പു് എന്നേ കരുതിയുള്ളൂ. നീണ്ടസമയം നിശബ്ദമായി പുറത്തു സുരക്ഷിത താവളത്തിൽ കാത്തിരുന്നപ്പോഴും അവൻ ഇരുകൈകളിൽ കൗരവതലകളുമായി പുഞ്ചിരിയോടെ പുറത്തു ചാടുമെന്നു ഞങ്ങൾ പ്രതീക്ഷയർപ്പിച്ചു. അഭിമന്യുവിനു് പദ്മവ്യൂഹരഹസ്യം പകുതിയെങ്കിലും അറിയാമായിരുന്നു എങ്കിൽ ഞങ്ങളാവട്ടെ പൂർണമായും അജ്ഞർ. ഉച്ച കഴിഞ്ഞപ്പോൾ പുറത്തേക്കു കൗരവർ എറിഞ്ഞതു് അവന്റെ അവഹേളിക്കപ്പെട്ട ജഡമായിരുന്നു. ഒന്നും പൊലിപ്പിച്ചു പാണ്ഡവർക്കിടയിൽ ശത്രുത നിങ്ങൾ പടർത്തരുതേ. അവന്റെ പിതാവും മാതൃസഹോദരനും പകൽ മുഴുവൻ വേറൊരു യുദ്ധമുഖത്തു പെട്ടതു് കൊണ്ടു് ഞാനായിരുന്നു രക്ഷാകർത്താവു്.”

യുധിഷ്ഠിരൻ നിലത്തു ചമ്രം പടിഞ്ഞിരുന്നു മൗനപ്രാർത്ഥനയിൽ മുഴുകി.

2018-04-15

“പൊതുവേദിയിൽ ഉടുതുണി വലിച്ചൂരുന്ന ഭീകരകൌരവനെ നിസ്സഹായതയിൽ നോക്കി വിറച്ചു നിന്നു അല്ലേ? ഭീമാകാരന്മാരായ അഞ്ചു ഭർത്താക്കന്മാരെ വിരൽചലനത്തിലൂടെ ചൊൽപ്പടിയിൽ നിർത്താൻ ആജ്ഞാശക്തിയുള്ള നിങ്ങൾ, ഇന്നലെവരെ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി, വലതുകൈ പൊക്കി ആ കൊള്ളരുതാത്തവന്റെ ചെകിട്ടത്തു ഒന്നാഞ്ഞടിച്ചിരുന്നെങ്കിൽ.”

കൊട്ടാരം ലേഖിക പാഞ്ചാലിയെ പതിമൂന്നു കൊല്ലം മുമ്പു് ഇതേ രാജസഭയിലെ അമംഗളസന്ധ്യയിലേക്കു കൊണ്ടുപോയി.

“അതു് പീഢകനായിരുന്നുവോ? അതു് കൗരവരാജ സഭയായിരുന്നുവോ? അന്തഃപുരത്തിൽ പുതുതലമുറ കൗരവരാജകുമാരികൾക്കു് സൌന്ദര്യപരിപാലനത്തിൽ വ്യക്തിഗതശിക്ഷണം കൊടുക്കയായിരുന്ന എന്നെ പ്രണയത്താൽ പരവശനായ കൌരവൻ ഇടിച്ചു കയറി വാരിപ്പുണർന്നു പുറത്തേക്കു പാഞ്ഞതോർമ്മിക്കുന്നു. വേനൽപുഴുക്കത്തിൽ നനഞ്ഞിരുന്ന മേൽവസ്ത്രങ്ങൾ ഒന്നൊന്നായി അവൻ വേർപെടുത്തിയതു് കൗതുകത്തോടെ ഓർമ്മിക്കുന്നു. എല്ലാം കണ്ടു് അസൂയയിൽ മുഖം കരുവാളിച്ച പാണ്ഡവർ പരിഭ്രമിച്ചു പതറുന്നതു് ഓർമ്മിക്കുന്നു.”

മഹാറാണിയുടെ മിഴികൾ പതുക്കെ ഓർമക്കൊപ്പം വിദൂരതയിലേക്കു് നീങ്ങി.

2018-04-18

“പതിമൂന്നുകൊല്ലമായി, അതോ മൊത്തം ജീവകാലമോ, ഞാനതൊരു പ്രാർത്ഥനയായി, ഭീമപ്രതിജ്ഞയായി, കൊണ്ടുനടന്നു. ഇന്നു് കുരുക്ഷേത്ര കനിഞ്ഞു. പ്രതികാരബോധത്തിൽ നീ അന്നു് ചൂതാട്ടസഭയിലെ ലൈംഗികാതിക്രമത്തിന്റെ പ്രകോപനത്തിൽ, കെട്ടഴിച്ചിട്ട മുടിയിൽ തേക്കാൻ ഇതാ, പ്രിയപാഞ്ചാലീ, ചുടു കൗരവചോര”,

കൈകുമ്പിളിൽ നിന്നു് പുറത്തുചാടുന്ന കൊഴുത്ത ദ്രാവകവുമായി, വിവസ്ത്രനും മുറിവേറ്റവനുമായ ഭീമൻ, കിതച്ചോടി പോരാട്ടഭൂമിയിലെ പാണ്ഡവ പാളയത്തിൽ, പ്രണയിനിയുടെ മുമ്പിൽ, കൊച്ചുകുട്ടിയെ പോലെ അഭിനന്ദനത്തിനായി കാത്തു.

“ആലങ്കാരികമായി ഞാനെന്നോ എവിടെയോ പറഞ്ഞുപോയ ഒരു ചോരക്കാര്യം ഇത്രയും കാലം അക്ഷരാർത്ഥത്തിൽ ഓർമയിൽ വച്ചു് അർദ്ധസഹോദരന്റെ കരൾ തുരന്നു ചോര കോരി വരുന്ന നിങ്ങൾ രൂപത്തിലെന്ന പോലെ ഭാവത്തിലും എത്ര മന്തൻ. നിങ്ങൾക്കറിയാമോ, എന്റെ ആരാധകരായിരുന്നു, ചവിട്ടിയും ക്ഷതമേൽപ്പിച്ചും നിങ്ങൾ ജീവനെടുത്ത ആ ധീരകൌരവർ.”

നിന്ദയോടെ ഭർത്താവിനെ ഒന്നു് നോക്കി മുടി കെട്ടിവച്ചു പാഞ്ചാലി തിരിച്ചു കൂടാരത്തിലേക്കു് കയറി കിടപ്പറയുടെ വാതിൽ അടച്ചു. നോക്കി നിന്ന മറ്റു നാലു് പാണ്ഡവരുടെ എട്ടു കണ്ണുകൾ അപമാനത്തിൽ അടഞ്ഞു.

2018-04-19

“കുടിവെള്ളവും ധാന്യവും നിഷേധിക്കപ്പെട്ടു് പ്രക്ഷോഭത്തിനിറങ്ങിയ കൗരവരാജവിധവകൾ മഹാരാജാവിനെ നേരിട്ടു് കണ്ടു പ്രതിഷേധം അറിയിക്കാൻ അരമനയിൽ വന്നപ്പോൾ കൂട്ടത്തിലൊരു ഇളമുറരാജകുമാരിയുടെ കവിളിൽ ലൈംഗികാതിക്രമമെന്നു ശത്രുക്കൾക്കു തോന്നും വിധം യുധിഷ്ഠിരൻ തോണ്ടുകയോ തലോടുകയോ ചെയ്തു എന്നാണു നഗരത്തിലെ വഴിയോര കുന്നായ്മക്കൂട്ടങ്ങളുടെ പുത്തൻ കൗതുകവാർത്ത. ഇക്കാര്യങ്ങളിൽ രാജപദവി വഹിക്കുന്നവർക്കൊക്കെ ഒരു മാതൃകാ പെരുമാറ്റച്ചട്ടമൊന്നുമില്ലേ.”

കൊട്ടാരം ലേഖിക ഔദ്യോഗിക വക്താവിനോടു് ചോദിച്ചു.

“ധാന്യവും വിറകും ആയിരുന്നോ അവരുടെ ആവശ്യങ്ങൾ? ‘എന്റെ അച്ഛനു ഒരച്ഛൻ മാത്രമേ ഉള്ളു എന്നാൽ നിങ്ങൾ പാണ്ഡവരുടെ വൈവിധ്യപിതൃത്വം കുരുവംശത്തിനു അപമാനം’ എന്നവൾ എന്റെ ചെവിയിൽ മന്ത്രിച്ച ശേഷം പെട്ടെന്നു് നാടകീയമായി ഒച്ചവെച്ചു “ധാന്യം തരൂ കുരുക്ഷേത്ര വിധവകളുടെ പട്ടിണിയകറ്റൂ” എന്നു് ആംഗ്യവിക്ഷേപങ്ങളോടെ നിലവിളിച്ചു. ആവിഷ്കാരസാമർത്ഥ്യം കണ്ടനുമോദിച്ചു കവിളിലൊന്നു തലോടിയതാണോ സകലവിധ രതി പരീക്ഷണങ്ങളുടെയും കൂത്തരങ്ങായ ഹസ്തിനപുരി തെരുവുകളിൽ പരദൂഷണവിഷയം? ആജീവനാന്ത ബ്രഹ്മചാരിയെന്നു നേരം വെളുത്താലുടൻ അട്ടഹസിച്ചിരുന്ന പിതാമഹൻ (ഭീഷ്മനാമം തങ്കലിപിയിൽ കോറിയിടട്ടെ വേദ വ്യാസൻ) പുതു തലമുറ കൗരവരാജകുമാരികളെ ഇരുവശത്തും കൈത്താങ്ങായി കൂടെ കൂട്ടി മണിക്കൂറുകളോളം ഈ തെരുവുകളിൽ നടക്കുന്നതു് നിങ്ങളുടെ പത്രപ്രവർത്തക സുഹൃത്തുക്കൾ കണ്ട ഓർമയില്ലേ?”

2018-04-20

“യുദ്ധവാർത്തകൾ പറഞ്ഞു രസിപ്പിക്കുകയാണോ?” കൊട്ടാരം ലേഖിക സഞ്ജയനോടു് ഉപചാരത്തോടെ ചോദിച്ചു.

“നേരിൽ കണ്ടപോലെ പറയണമെന്നു് വ്യാസൻ വിരൽ ചൂണ്ടി താക്കീതു തന്നതു് ആദ്യത്തെ ഒന്നുരണ്ടു ദിവസം കുഴപ്പത്തിലാക്കി. ആരോടു് ചോദിക്കും? മൂന്നാം ദിവസം നിങ്ങളുടെ യുദ്ധവാർത്തകൾ ‘ഹസ്തിനപുരി പത്രിക’യിൽ വന്നു തുടങ്ങിയതോടെ സംഗതി എളുപ്പമായി. നിത്യവും പോയി ‘പത്രിക’യുടെ ചുവരെഴുത്തു പതിപ്പുകൾ നോക്കി വ്യാസൻ പറഞ്ഞ പോലെ കൗരവർക്കനുകൂലമായി നിറവും ഒച്ചയും ചേർത്തു് വിളമ്പും. ചുവരെഴുത്തിൽ ചേർക്കാനുള്ള പുത്തൻ വധവാർത്തകൾ കൈവശമുണ്ടെങ്കിൽ തരൂ. ഉറക്കം വരാതെ ഞെളിപിരിയിലാണു് അന്ധൻ.” സഞ്ജയൻ കൊട്ടാരം ലേഖികയെ പ്രീണനത്തോടെ നോക്കി.

2018-04-24

“പാഞ്ചാലിയുടെ ബഹുഭർത്തൃത്വത്തെ കുറിച്ചു് കൗരവവധുക്കൾ പരിഭ്രമിക്കുന്നതിന്റെ പ്രസക്തി? “ഒരു ദാമ്പത്യം ഒരു ഭർത്താവു്” എന്ന തത്വസംഹിതയുടെ ബലിയാടുകളായ നിങ്ങൾക്കെന്തറിയാം അഞ്ചു ദേവസന്തതികളെ നിത്യവും പരിലാളിക്കേണ്ടതിലെ പ്രയാസങ്ങൾ?”

കൊട്ടാരം ലേഖിക ദുര്യോധനവധുവിനോടു് ചോദിച്ചു. ഖാണ്ഡവപ്രസ്ഥത്തിലേക്കു കുടിയേറും മുമ്പു് പാണ്ഡവർ നവവധുവുമൊത്തു ഹസ്തിനപുരിയിൽ കഴിഞ്ഞിരുന്ന ഒരു ഇടവേള.

“ബഹുഭർത്തൃത്വം പാഞ്ചാലി ആഘോഷിക്കട്ടെ എന്നാണു അന്തഃപുരയോഗത്തിൽ മറ്റു കൗരവവധുക്കളുമായി ഹൃദയം തുറക്കുമ്പോൾ ആശംസിച്ചതു്. എന്നാലവൾ യഥാർത്ഥത്തിൽ ചെയ്യുന്നതോ? അഞ്ചു കുറ്റിയടിച്ചു ഭർത്താക്കന്മാരെ കെട്ടിയിട്ടു ഒന്നൊന്നായി തന്നിഷ്ടത്തിൽ മാത്രം കെട്ടഴിക്കുന്നതിൽ, സേവനദാതാവായ ഒരു ഭാര്യ എന്ന നിലയിൽ ഞാൻ പ്രതിഷേധിക്കുന്നുണ്ടു്. അറിയാമോ, പരസ്പരം പാണ്ഡവരെ പോരടിപ്പിക്കുകയാണവൾ. തൊണ്ണൂറ്റിഒമ്പതു കൗരവരാജസ്ത്രീകളും ദുര്യോധനനു് രഹസ്യമായി ‘കപ്പം’ കൊടുക്കുന്നുണ്ടു് എന്നെനിക്കറിയാം. അതെന്തിനെന്നോ? പരിപൂർണസഹവർത്തിത്വം ഉറപ്പു വരുത്താൻ. ദുര്യോധനൻ എന്റെ അംഗീകൃത ഇണയായിരുന്നിട്ടും, നൂറു കൗരവരും അവരുടെ നൂറു ഇണകളും പാരസ്പര്യത്തോടെ പായിൽ കിടന്നുള്ള ഗുണഭോക്താക്കളാണു് എന്ന വസ്തുത പാഞ്ചാലിയെ വിലയിരുത്തുമ്പോൾ അടയാളപ്പെടുത്തി. അതു് രാജ്യദ്രോഹമായി പൊക്കിക്കാട്ടേണ്ട കാര്യമൊന്നുമില്ല.”

2018-04-26

“അന്തിമപദയാത്രയിലും, നിങ്ങൾക്കു നടക്കാൻ അവസാനമാണല്ലോ ഇടം? മുന്നിൽ നടക്കുന്ന യുധിഷ്ഠിരൻ പിന്നിൽ ആരെല്ലാം കൂടെയുണ്ടു് എന്നു് തിരിഞ്ഞൊന്നു നോക്കാതെ കാൽ മുന്നോട്ടെടുക്കുന്നതിൽ ആണധികാരപർവ്വം തുടിച്ചു നിൽക്കുന്നതു് നിങ്ങൾ എപ്പോഴുമെന്ന പോലെ ഇപ്പോഴും കാണാതെ പോയോ?”

അൽപ്പവസ്ത്രയും നഗ്നപാദയുമായ പാഞ്ചാലി, ജീവിതാന്ത്യത്തിലെ ഹിമാലയ വനവാസത്തിനു പടിയിറങ്ങുകയായിരുന്നു. പുതിയ മഹാറാണിയും, അഭിമന്യുവിന്റെ വിധവയും പട്ടാഭിഷേകം ചെയ്തു തലേന്നു് അധികാരത്തിൽ കയറിയ പരീക്ഷിത്തിന്റെ അമ്മയുമായ ഉത്തര, മട്ടുപ്പാവിൽ ഉദാസീനതയോടെ അവരെ യാത്രയാക്കുന്ന ഔപചാരികതയിൽ ഒതുങ്ങി നിന്നു.

“മുന്നേ നടക്കുന്ന യുധിഷ്ഠിരൻ മനഃപൂർവ്വം ചെയ്തതായിരിക്കാം പക്ഷെ ആലോചിച്ചു നോക്കുമ്പോൾ എനിക്കതു സ്വീകാര്യമായി. പിന്നിൽ നടക്കുന്ന ഞാൻ കുഴഞ്ഞുവീഴുമ്പോൾ എന്നെ വാരിക്കോരിയെടുത്തു മരണദേവത പരിലാളിക്കുന്നതു കണ്ടുവേണം, എനിക്കു് ഈ ലോകവുമായുള്ള ബന്ധം എന്നെന്നേക്കുമായി വിടാൻ. അപ്പോൾ ആ പത്തു പാണ്ഡവക്കണ്ണുകൾ എന്നെ തുറിച്ചുനോക്കുന്നതായിരിക്കും എന്റെ മരണമുഹൂർത്തത്തിലെ അമംഗളകാഴ്ച.”

2018-04-30

“തക്ഷശിലയിൽ രാഷ്ട്രമീമാംസ വിദ്യാർത്ഥി ജീവിതത്തിൽ പലകുറി കേട്ട പദമാണു് മഹാഭാരതയുദ്ധം. യുദ്ധകഥയുടെ ഏകപക്ഷീയമായ പുനരാഖ്യാനം വ്യാസന്റെ വരുതിയിലാണെന്നറിഞ്ഞു. നിങ്ങളഞ്ചു പേരുടെയും യുദ്ധകാലസ്മരണകൾ വായിക്കാൻ വരുംതലമുറയ്ക്കു് കൗതുകം ഉണ്ടാവില്ലേ? മൂന്നു ദശാബ്ദക്കാല ഭരണത്തിൽ മഹാറാണിയുടെ ഉത്സാഹത്തിൽ സംഭവിച്ച സാക്ഷരത ഞങ്ങളുടെ ചുവർപതിപ്പുകളുടെ എണ്ണം മൂന്നിൽ നിന്നു് ഇരുപത്തി രണ്ടിലേക്കുയർത്തി. വായനക്കാരൊക്കെ വഴിയിൽ നിന്നു് അന്തം വിട്ടു ചോദിക്കുന്നു, ആരാണു് ഈ പാണ്ഡവർ?, എന്താണവർക്കു കുരുവംശവുമായി കൂട്ടുകെട്ടു്?”

കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.

“ഞങ്ങൾക്കു് ഓർമ്മകൾ അല്ല ഉള്ളതു്, മറിച്ചു നിങ്ങളുടെ മുൻ കൊട്ടാരം ലേഖികകൾ ദശാബ്ദങ്ങളായി ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള പ്രതികരണങ്ങളാണു്. എന്നു് വച്ചാൽ, നിങ്ങൾ ചോദ്യം നിർത്തിയാൽ ഞങ്ങളുടെ സ്മരണകളുടെ പ്രവാഹം നിലക്കും.”

2018-05-04

“പുരസ്കാര വിതരണം വിവാദത്തിലായെന്നു കേട്ടു? നാട്ടിൽ പോയി ഇന്നു് രാവിലെ ഹസ്തിനപുരിയിലെത്തിയ ഞാൻ കേട്ടതു് കൗരവരാജവിധവകൾ പാഞ്ചാലിയിൽ നിന്നു് പുരസ്കാരം സ്വീകരിക്കാൻ വിസമ്മതിച്ചു എന്നാണു്. മഹാരാജാവു് യുധിഷ്ഠിരൻ സ്ഥലത്തില്ലാഞ്ഞതു് കൊണ്ടാണോ പുരസ്കാരവിതരണത്തിനു പാഞ്ചാലി വേദിയിൽ?”

കൊട്ടാരം ലേഖിക ചോദിച്ചു. സംഘർഷഭരിതമായിരുന്നു രാജാങ്കണം.

“ദുര്യോധനവിധവയുടെ ധാർമികരോഷം സ്വാഭാവികമല്ലേ? യുദ്ധത്തിൽ കൗരവചോര പുരളാത്ത കൈകൾ യുധിഷ്ഠിരനു് മാത്രമെന്നറിയുന്ന കുരുക്ഷേത്രവിധവകളോടു് യുധിഷ്ഠിര കാര്യാലയത്തിന്റെ ചുമതല വഹിക്കുന്ന സഹദേവൻ ഇടപെട്ടു് പറഞ്ഞു, പുരസ്കാരവേദിയിൽ യുധിഷ്ഠിരൻ സിംഹാസനമിട്ടു് ഇരിക്കാം, പക്ഷെ നൂറു വിധവകൾക്കും അവരുടെ ഭർത്താക്കന്മാരുടെ വീരമൃത്യുവിന്റെ പേരിലുള്ള മരണാനന്തര ബഹുമതിപത്രങ്ങൾ പാഞ്ചാലിയാണു് കൈമാറുക..

“പ്രിയകൗരവരുടെ നെഞ്ചു് പിളർന്ന ചുടുചോര തേച്ചു മിനുക്കാതെ മുടി കെട്ടിവക്കില്ലെന്നു പ്രതിജ്ഞയെടുത്ത പാഞ്ചാലിയെ പ്രീതിപ്പെടുത്താൻ വേണ്ടിയല്ലേ ഭീമൻ ധീരദേശാഭിമാനികളായ ഞങ്ങളുടെ ഭർത്താക്കന്മാരെ ഞെക്കിപ്പിഴിഞ്ഞു ചോരയൂറ്റിയതു എന്നു് നെഞ്ചത്തടിച്ചു വിലപിച്ചു കൊണ്ടു് വിധവകളിൽ ഭൂരിപക്ഷവും ചടങ്ങു ബഹിഷ്കരിച്ചു. എന്നാൽ ‘വർഷം മുഴുവൻ ധാന്യം’ എന്ന പുരസ്കാരസൗജന്യം അവർ സ്വീകരിച്ചു. മാത്രമല്ല ബഹുമതിയുടെ മറ്റൊരു സൗജന്യമായ പൂർണ പൗരാവകാശവും അവർ നിലനിർത്തി. ബഹുമതി പത്രം സ്വീകരിച്ചവർക്കെതിരെ നാടൊട്ടുക്കു് ബഹിഷ്കരണം പ്രഖ്യാപിച്ചു അവരെ പുനരധിവാസം ചെയ്തിരിക്കുന്ന ഗ്രാമത്തിനു തന്നെ ദുര്യോധനവിധവ ഊരുവിലക്കു് കല്പിച്ചിരിക്കയാണു്. ഈ പ്രതിസന്ധി തരണം ചെയ്യാൻ, നിങ്ങൾക്കു് കഴിയുമോ, ഇടഞ്ഞുനിൽക്കുന്ന തൊണ്ണൂറോളം കൗരവവിധവകളെ നയതന്ത്രത്തിലൂടെ പറഞ്ഞുപറ്റിച്ചു ഭരണകൂടത്തിന്റെ കൂടെ നിർത്തുവാൻ? എങ്കിൽ രാജ്യരത്നാ പുരസ്കാരം നിങ്ങള്ക്കു് എന്നു് ഞാൻ ഉന്നതാധികാരസമിതിയിൽ നിർദ്ദേശിക്കാൻ അർജ്ജുനനോടു് ആവശ്യപ്പെടാം.”

2018-05-05

“ദൂരെ നിന്നു് നിങ്ങൾ രണ്ടുപേരെയും ഒരു നോക്കു് കണ്ടപ്പോൾ തന്നെ ഞാൻ ഒഴിഞ്ഞുമാറി കുരക്കുന്ന പത്രാധിപർക്കു് മുമ്പിൽ പരുങ്ങുന്ന കൊട്ടാരം ലേഖിക. എന്തു് പറ്റി?” യുദ്ധകാര്യ ലേഖകൻ കൂട്ടുകാരിയുടെ നേരെ കൈകൾ രണ്ടും ഉയർത്തി.

“ഇന്നും കൊണ്ടുവന്നിരിക്കുന്നതു ഒരു കെട്ടു് പാണ്ഡവ പാഞ്ചാലി ദാമ്പത്യവിഴുപ്പാണോ?, പനയോല നോക്കി പത്രാധിപർ മുഖം ചുളിച്ചു, ചുണ്ടുകൾ പിളർത്തി, ചെവിയിൽ വിരലിട്ടു, പനയോലകൾ എനിക്കു് നേരെ തിരിച്ചെറിഞ്ഞു. എന്നിട്ടയാൾ എന്നെ പിടിച്ചു നിർത്തി ഇരുതോളിലും കൈകൾ അമർത്തി ഗുണദോഷിച്ചു, പാണ്ഡവർ അക്ഷയപാത്രത്തിൽ നിന്നു് മതിയാവോളം വാരിത്തിന്നു മരച്ചുവട്ടിലിരുന്നു ചൂതാട്ടത്തിൽ നൈപുണ്യവികസനത്തിനു ഉറക്കമിളച്ചാൽ മാത്രം പോരാ, പാതിരാ മിന്നലാക്രമണത്തിൽ കോട്ടക്കകത്തു നുഴഞ്ഞു കയറി കൊട്ടാരത്തിൽ നിന്നു് ധൃതരാഷ്ട്രരെ ബന്ദിയായി പിടിച്ചു കൊണ്ടുപോയി രഹസ്യ സങ്കേതത്തിൽ ദുര്യോധനനുമായി വിലപേശാൻ പഠിക്കണം. അതിനാണു് നിങ്ങളുടെ വനാശ്രമ സന്ദർശനങ്ങൾ ഇന്നു് മുതൽ വിനിയോഗിക്കേണ്ടതു്. അല്ലാതെ പാണ്ഡവദാമ്പത്യത്തിലെ ‘അടിയഴുക്കു’കൾ ഹസ്തിനപുരി പത്രിക പോലൊരു അന്താരാഷ്ട്ര പ്രശസ്തിയുമുള്ള ചുവരെഴുത്തുപത്രത്തിൽ ഉള്ളടക്കമാക്കാൻ ശ്രമിച്ചാൽ നിങ്ങൾ എന്നന്നേക്കുമായി തിരിച്ചുപോവുക തക്ഷശിലയിലേക്കായിരിക്കും.”

2018-05-06

“ദുർമേദസ്സുള്ള ഒരാൾ പുണ്യനദിയിൽ അതിരാവിലെ കുളിച്ചു വരുന്നതു് കണ്ടവരുണ്ടു്. കാര്യം തിരക്കിയപ്പോൾ ഒന്നുംപറയാതെ പൊട്ടിക്കരഞ്ഞു എന്നാണു സാക്ഷിമൊഴി. എന്തുണ്ടായി പുതുഭരണ കൂടത്തിൽ പ്രതിരോധമന്ത്രാലയത്തിനു പുറമെ കൗരവരാജ വിധവകളുടെ പുനരധിവാസത്തിന്റെ അധികച്ചുമതല കൂടി വഹിക്കുന്ന ഭീമനിങ്ങനെ പരസ്യവികാരപ്രകടനം ചെയ്തു വിവാദമാവാൻ?”

കൊട്ടാരം ലേഖിക ഹസ്തിനപുരി അരമനയുടെ ഔദ്യോഗിക വക്താവിനോടു് ചോദിച്ചു.

“കൗരവരാജവിധവകളോടു് വിശദീകരണം ചോദിച്ചു. അറിഞ്ഞിടത്തോളം ഭീമന്റെ അലസവസ്ത്രധാരണത്തെക്കാൾ ഒട്ടും കുറവല്ല ദുര്യോധനവിധവയുടെ ശ്രദ്ധാപൂർവ്വമായ നഗ്നതാരോപണവും. പതിവായി പുനരധിവാസകേന്ദ്രത്തിൽ പോയി നിർമ്മാണ പ്രവർത്തനത്തിനു് നേതൃത്വം കൊടുക്കുന്ന ഭീമൻ, ഇത്തവണ ശാസിച്ചു സംസാരിച്ചതിനുള്ള ദുര്യോധനവിധവയുടെ തിരിച്ചടിയായിരുന്നു പുതുതലമുറ കൗരവപ്പെൺകുട്ടിയുടെ മുമ്പിൽ ഭീമൻ നഗ്നത പ്രദർശിപ്പിച്ചു എന്ന കെട്ടിച്ചമച്ച ആരോപണം. സാക്ഷികൾ കൗരവവിധവകൾ. സ്വതവേ അല്പവസ്ത്രധാരിയായ ഭീമൻ സംഭവദിവസം വിവസ്ത്രനാണെന്ന കാര്യം മറന്നു പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിച്ചിരിക്കാം എന്ന വിദൂരസാധ്യത തള്ളിക്കളയുന്നില്ല. കുരുക്ഷേത്ര വിധവകൾ എന്ന നിലയിൽ കൊട്ടാരക്കെട്ടിലെ ജലാശയത്തിൽ മൂന്നു നേരം കുളിക്കാൻ അവർക്കുണ്ടായിരുന്ന അവകാശം പുനഃസ്ഥാപിച്ചു കൊടുത്തതോടെ ലൈംഗികാരോപണം പിൻവലിക്കാൻ ദുര്യോധനവിധവ തയ്യാറായിട്ടുണ്ടു്. വസ്ത്രധാരണം ‘അൽപ്പ’മാവരുതു്, വാക്കുകൾ അൽപ്പം കുറച്ചുപയോഗിച്ചാലും എന്ന തിരിച്ചറിവിൽ ഭീമൻ തീർത്ഥയാത്രക്കായി വിട്ടു നിൽക്കണം എന്നു് പാഞ്ചാലി നിർദ്ദേശിച്ചു. ഒന്നും നിങ്ങൾ ചുവരെഴുത്തുകളിൽ പൊലിപ്പിക്കരുതു്. സൗജന്യ വസതിയുടെ കാലാവധി അടുത്തമാസം തീരുമെന്ന കാര്യം മറക്കണ്ട.”

2018-05-07

“പെണ്ണുടൽ കളിപ്പാട്ടമെന്നു ആണുങ്ങൾ കരുതരുതെന്നു് ഞങ്ങൾ സാധാരണ സ്ത്രീകൾ നിസ്സഹായതയിൽ പ്രതിഷേധിക്കുന്നതൊക്കെ നിത്യക്കാഴ്ച. പക്ഷെ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി പദവി വഹിക്കുന്ന നിങ്ങൾ അത്തരം പരുക്കൻ പദങ്ങൾ ഉച്ചരിക്കുമ്പോൾ, ഒന്നുകിൽ അതൊരു പൊതുപ്രഭാഷണത്തിന്റെ വെട്ടിക്കളയേണ്ട ഭാഗം, അല്ലെങ്കിൽ വ്യക്തിഗതവേദന പിടിവിട്ടൊഴുകുന്ന രോഷം.”

കൊട്ടാരം ലേഖിക പാഞ്ചാലിയുടെ മുമ്പിൽ മുട്ടുകുത്തി കൈമുത്തി.

“പെറ്റതള്ളയുടെ പരിലാളനയില്ലാതെ ദൂരെ പാഞ്ചാലയിൽ വളരുന്ന അഞ്ചു പാണ്ഡവക്കുട്ടികളെ, ഓരോ കൊല്ലം ഞങ്ങൾ ഊഴം വച്ചു് കൂടെ താമസിച്ചു വാത്സല്യം പകരട്ടെ എന്നു് അവർ നിർദ്ദേശിച്ചു കണ്ടിട്ടില്ല. ‘ഠ’ വട്ടം വലിപ്പമുള്ള ഇന്ദ്രപ്രസ്ഥത്തിൽ, ഒന്നും ചെയ്യാനില്ലാതെ പാണ്ഡവരിൽ ചിലർ, നിങ്ങൾക്കറിയാമോ, വിവാഹേതരവിഷയങ്ങളിൽ ചെന്നുവീഴാൻ തീർത്ഥയാത്രയെന്ന പേരിൽ ദൂരദേശങ്ങളിൽ ചുറ്റിക്കറങ്ങുകയാണു്. അത്താഴം കഴിഞ്ഞാൽ നാളെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെന്തു് എന്ന ആശങ്കയില്ലാതെ, എന്റെ അന്തഃപുരത്തിനു് വെളിയിൽ ആരാദ്യം ഉള്ളിൽ ചെല്ലും എന്ന ഊഹവുമായി ഒറ്റക്കാലിൽ പാണ്ഡവർ നിൽക്കുന്നതു് ലിംഗപരിമിതിയുള്ള കാവൽക്കാർ എന്നെ രഹസ്യമായി അറിയിക്കും. അവരെ ആവുന്നത്ര ഞാൻ അങ്ങനെ അക്ഷമയിൽ നിർത്തിപ്പോരിപ്പിക്കും. ഒരാൾക്കു് പ്രവേശിക്കാൻ കതകൽപ്പം തുറന്നാൽ മതി, കയ്യൂക്കുള്ളവൻ കുതിച്ചുകയറി ‘സുഖമോ ദേവീ’ എന്ന ഔപചാരിക ആശംസയോടെ കളിപ്പാട്ടത്തിൽ കയറിപ്പിടിക്കയായി. ഉടലവർ കോരിയെടുത്തു വന്യപുരുഷ കാമനയുടെ കെട്ടഴിക്കുകയായി. അവരുടെ മാറിമാറിയുള്ള നഖക്ഷതങ്ങളിൽ കളിപ്പാട്ടം പൊട്ടിത്തകരുമെന്നാവുമ്പോൾ, എന്റെ വിശ്വസ്ത കാവൽക്കാർ മുൻധാരണയിൽ അകത്തുകയറി പീഢകപാണ്ഡവരെ വലിച്ചു പുറത്തെറിയും.”

“തിളങ്ങുന്ന കണ്ണുകളും ഒട്ടിയ കവിളും-അങ്ങനെയാണു് ഞാൻ വഴിനടക്കുമ്പോൾ നിങ്ങളെ കണ്ടിരുന്നതു്. ഇപ്പോൾ കണ്ണിൽ പെടുന്നതു് ചോര കട്ട പിടിച്ച ചുണ്ടുകൾ. ഈറൻ നേത്രങ്ങൾ. എന്തുപറ്റി സഹോദരാ, കൗരവരെയൊക്കെ എത്ര നിങ്ങൾ വിമർശിച്ചപ്പോഴും “ഇതൊരു സ്വതന്ത്ര സമൂഹം കൗരവരെ എങ്ങനെ വേണമെങ്കിലും വിമർശിക്കാം” എന്നു് ദുര്യോധനൻ ആശ്വസിപ്പിച്ചിരുന്ന ആ കാലമൊക്കെ പോയോ?”

യുക്തിവാദി ചാർവാകനോടു് കൊട്ടാരം ലേഖിക ചോദിച്ചു. ലഘുഭക്ഷണശാലയിൽ നിന്നൊരു മൺപാത്ര വെള്ളം കൈവെള്ളയിലെടുത്തു ചുണ്ടുകൾ കഴുകി ചോരക്കറ നീക്കി. ബാക്കി വെള്ളം അയാളുടെ ശിരസ്സിൽ സാവധാനം ഒഴിച്ചു കൊടുത്തു.

“മൂന്നു നേരം ഭക്ഷണം കഴിച്ചു ശീലിച്ച കൗരവരാജസ്ത്രീകൾ വിധവകളായപ്പോൾ ഒരു നേരത്തെ കഞ്ഞിക്കു വേണ്ടി കോട്ടവാതിലിനു മുമ്പിൽ നെഞ്ചത്തടിച്ചു നിലവിളിക്കേണ്ടി വരുന്നു. രാജമന്ദിരങ്ങളിലെ സുരക്ഷയിൽ നിന്നവരെ പുകച്ചു പുറത്തു ചാടിച്ചു പന്നിക്കൂട്ടങ്ങൾ അലഞ്ഞു നടക്കുന്ന വെളിയിട വിസർജ്ജന കേന്ദ്രങ്ങളുടെ സൂക്ഷിപ്പുകാരാക്കുന്നു. കൊട്ടാരത്തിന്റെ ഭൂഗർഭ രഹസ്യഅറ തുറന്നു പുറത്തെടുത്ത കുരുവംശനിധി കാഴ്ച വിരുന്നാക്കി രാജസഭയിൽ പ്രദർശിപ്പിക്കുന്നു. ഇതാണോ കുരുവംശനീതി? എന്നു് യുധിഷ്ഠിരനോടു് ചോദിക്കുമ്പോൾ കണ്ടില്ല, പിന്നിൽ നിന്നിരുന്ന ഭീമന്റെ ഉരുക്കുവിരലുകൾ എന്റെ ചുണ്ടിലും മൂക്കിലും മാറിമാറി വീഴുന്നത്.”

ചാർവാകൻ ആ ഭീമപ്രഹരത്തിന്റെ ഓർമ്മയിൽ ചുളുങ്ങി.

2018-05-09

“കുറ്റവിചാരണ ചെയ്തു ശിക്ഷിക്കാൻ മാത്രം മഹാരാജാവു് യുധിഷ്ഠിരൻ എന്തു് പാപം ചെയ്തു എന്നാണു കിരീടാവകാശിയെന്ന നിലയിൽ നിങ്ങളുടെ വിലയിരുത്തൽ? ബാലചാപല്യം വിടാത്ത നിങ്ങളെ കൊണ്ടു് ചുടുചോറു് മാന്തിക്കുന്നതു് അമ്മ ഉത്തരയാണെന്ന ചോദ്യം ഉദിക്കുന്നുണ്ടു്-കുരുവംശം പിളർക്കാൻ നിയോഗമേറ്റെടുത്തിരിക്കയാണോ അഭിമന്യു വിധവ?”

കൊട്ടാരം ലേഖിക ചോദിച്ചു.

“ഗർഭശ്രീമാനായ എന്നെ പതിനെട്ടുവയസ്സെത്തിയാൽ മഹാരാജാവാക്കാമെന്നു നെഞ്ചിൽ കൈവച്ചു സത്യം ചെയ്താണു് യുധിഷ്ഠിരൻ അഭിമന്യുവിനെ അർജ്ജുനനൊഴികെ ബാക്കി മൂന്നു പാണ്ഡവരോടൊത്തു ഗൂഢാലോചനക്കുശേഷം ചാവേറായി ചക്രവ്യൂഹത്തിലേക്കു തള്ളിയിട്ടതു്. എന്റെ അമ്മയുടെ നിലവിളി കേട്ടു് ഞാൻ വേദനിച്ചു. ഇപ്പോളെനിക്കു് പ്രായം മുപ്പത്തിയാറു്, എന്നാൽ പാഞ്ചാലി മഹാറാണി പദവിയിൽ നിന്നിറങ്ങാതെ ഉത്തരക്കു് ആ പദവിയേറ്റെടുക്കാനാവാത്ത വിധം യുധിഷ്ഠിരൻ അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കയാണു്. ഞങ്ങൾ ഇതൊരു മനസികരോഗമായി കാണുന്നു. ചികിത്സക്കു് വിധേയനായി, രോഗം തീർത്തും മാറി എന്നു് ശുശ്രൂഷകന്റെ പേരിൽ വ്യാജപ്രസ്താവനയും നേടി പിന്നെയും സിംഹാസനത്തിൽ ചുരുണ്ടുകൂടിയിരിക്കുന്ന യുധിഷ്ഠിരന്റെ മേലെയിപ്പോൾ തൂങ്ങുന്നതു് സ്വേച്ഛാധികാരി എന്ന മുദ്രയാണു്. കൂടെ നിൽക്കില്ലേ? യുധിഷ്ഠിരനെ പുകച്ചു പുറത്തുചാടിച്ചാൽ എന്റെ മാധ്യമ ഉപദേശക നീ.”

“കുതിരവണ്ടിക്കാരന്റെ മകനായ നിങ്ങൾ, കൗരവനാടകത്തിലൂടെ അംഗരാജാവായി എന്നു് കേട്ടിട്ടുണ്ടു്. എന്തായിരുന്നു ഗൂഢ ലക്ഷ്യം?”, കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു. തിരക്കുപിടിച്ച കുരുക്ഷേത്ര പോരാട്ടത്തിനിടയിൽ നീരാടാൻ വന്നതായിരുന്നു ദുരൂഹജന്മഐതിഹ്യത്തിൽ ജീവിക്കുന്ന ധീര പോരാളി.

“അരങ്ങേറ്റ മന്ദിരത്തിൽ പ്രതിയോഗിഭീമൻ എന്റെ പിതൃത്വം വിലകുറച്ചു കണ്ടപ്പോൾ, സ്വകാര്യ ചെലവിനു ഒരു ലോഹനാണയം പോലും പിതാവിൽ നിന്നു് അക്കാലത്തു കിട്ടാനില്ലാതിരുന്ന ദുര്യോധനൻ, കാണികളെ കബളിപ്പിച്ചു. പട്ടാഭിഷേകത്തിലൂടെ എന്നെ രാജാവാക്കി. എന്തു് ചെയ്യണം പകരം, എന്നു് ചോദിച്ചപ്പോൾ ഒടുങ്ങാത്ത സഖ്യം ദുര്യോധനൻ ആവശ്യപ്പെട്ടു. ആ വാക്കു് ഞാൻ എന്നും, ഇനി മരണം വരെയും, പാലിക്കാൻ ബാധ്യസ്ഥൻ. അംഗരാജ്യം എവിടെയാണു് സുഹൃത്തേ എന്നു് തിരിച്ചു ദുര്യോധനനോടു് ചോദിക്കാതിരുന്ന അനാഥനായ എന്റെ അധൈര്യമാണു് എന്നെ ഇക്കാലവും തിന്മയുടെ മൂർത്തിയായ ദുര്യോധനന്റെ അടിമയായി, കൊള്ളരുതായ്മകൾക്കു കൂട്ടുപ്രതിയായി ഈ ജന്മം വ്യർത്ഥമാക്കാൻ കാരണമായതു്.”

അർജ്ജുനനുമായുള്ള അന്ത്യയുദ്ധം വിഭാവന ചെയ്യുന്ന പോലെ ആ ക്ഷീണിച്ച മുഖം ജലപ്പരപ്പിൽ ഇരുണ്ടു.

2018-05-10

“അധികാരത്തിന്റെ ഇടനാഴികളിലൊന്നുമല്ലെങ്കിലും, പരാതിക്കാരൻ ഹസ്തിനപുരി പൗരനല്ലേ? മഹാരാജാവിനെ കുറ്റവിചാരണ ചെയ്യാവുന്നത്ര വിശിഷ്ടമാകുന്നു ഹസ്തിനപുരിയുടെ ഭരണഘടന എന്നു് തക്ഷശില രാഷ്ട്രമീമാംസ അധ്യാപകർ വാതുറന്നു അഭിപ്രായപ്പെട്ടതല്ലേ? എന്നിട്ടും, പൊള്ളുന്ന ആരോപണങ്ങളുമായി രാജസഭയിലെത്തിയ പരീക്ഷിത്തിനെ യുധിഷ്ഠിരൻ ‘ആട്ടിയോടിച്ചു’ എന്ന അമർഷം ഇന്നു് പൊതുസമൂഹത്തിലുണ്ടു്.”

കൊട്ടാരം ലേഖിക മാധ്യമസമ്മേളനത്തിൽ ആഞ്ഞടിച്ചു.

“കിരീടാവകാശി കൂടിയായ പരീക്ഷിത്തിനു് ആരോപണങ്ങൾ അക്കമിട്ടവതരിപ്പിക്കാനാവസരം മഹാരാജാവിന്റെ കാര്യാലയം നൽകി എന്നു് നിങ്ങൾ മുക്കിയും മൂളിയും സമ്മതിച്ചെങ്കിലും, എന്തുകൊണ്ടു് കുറ്റവിചാരണ നിലനിൽക്കില്ലെന്നു് ഉന്നതാധികാര സമിതി നൽകിയ വിശദീകരണം ശ്രദ്ധിച്ചില്ലെന്നു നിങ്ങളുടെ ചോദ്യത്തിൽ നിന്നറിയാം. അർജ്ജുനൻ വേണം ആരോപണങ്ങൾ ഔദ്യോഗികമായി പരിഗണിച്ചു വിധി പറയാനെന്നു അഭിമന്യുവിന്റെ മകൻ കൂടിയായ പരീക്ഷിത്തു് ഉപാധിവച്ചാൽ നീതി ന്യായത്തിലെ നടപടിക്രമം സമ്മതിക്കുമോ? പരീക്ഷിത്തിന്റെ അപേക്ഷ അന്നു് തന്നെ പരിഗണിക്കാമെന്നു് അർജ്ജുനൻ സമ്മതിച്ചതാണു് വിചിത്രമായി തോന്നിയതു് കാരണം, ഉന്നതാധികാരസമിതിയിലെ ഒരംഗം മാത്രമാണു് അഭിവന്ദ്യ അർജ്ജുനൻ. സ്വാഭാവികമായും, പരീക്ഷിത്തിന്റെ പരാതിയിൽ ‘എലിയെ മണ’ത്ത യുധിഷ്ഠിരൻ, ഭരണഘടനാനുസൃതമായി തിരിച്ചടിച്ചു. അർജ്ജുനൻ ഒഴികെയുള്ള മറ്റു മൂന്നു പാണ്ഡവരെ ഉൾപ്പെടുത്തി പുതിയ സമിതിക്കു രൂപം നൽകി. “തെളിവു് അപര്യാപ്തം” എന്ന കാരണം പറഞ്ഞു ദുഷ്ടലാക്കോടെയുള്ള പരീക്ഷിത്തിന്റെ കുറ്റവിചാരണ അപേക്ഷ തള്ളാനെടുത്ത ആ മനഃസാന്നിധ്യം-അതാണു് ഹസ്തിനപുരിയെ സമാനതയില്ലാത്ത പ്രതിസന്ധിയിൽ നിന്നു് രക്ഷിച്ചതു്. പരീക്ഷിത്തിനു രഹസ്യപിന്തുണ നൽകിയ അമ്മ ഉത്തരയെയും, അഭിമന്യുവിന്റെ അമ്മ സുഭദ്രയേയും ഇരുപത്തിനാലു മണിക്കൂർ നിരീക്ഷണത്തിനായി കാലിൽ തങ്കവളയണിയിക്കാൻ മഹാറാണി പാഞ്ചാലി ഇറക്കിയ ഉത്തരവും നിങ്ങൾ ഇതുവരെ കണ്ടില്ലെന്നാണോ?”

“മാദ്രി മരിച്ചിട്ടു കാലം കുറെയായി എന്നറിയാം, എങ്കിലും ഓർമ്മ വല്ലതുമുണ്ടോ വായനക്കാരുമായി പങ്കിടാൻ?” കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി. കൊട്ടാരസമുച്ചയത്തിനു പിന്നിലെ ജലാശയം. സന്ധ്യ.

“എന്തോ മലിനജലം കുടിച്ചതുകൊണ്ടാണെന്നു പിന്നീടറിഞ്ഞു, രണ്ടു മാസം ഞാൻ രോഗബാധിതനായി കാട്ടുകുടിലിൽ കിടന്നു. പാണ്ഡു കിടന്നിരുന്ന മുറിയോടു് ചേർന്നൊരു ചാച്ചുകെട്ടിയിൽ. യുധിഷ്ഠിരൻ മുറിയിൽ വന്ന ഓർമ്മയില്ല. അർജ്ജുനൻ കൈക്കുഞ്ഞായിരുന്നതു് കൊണ്ടു് കുന്തി, മുൻകരുതൽ എന്ന നിലയിൽ ഒഴിഞ്ഞു മാറി. മാദ്രിയെന്നെ പരിചരിക്കും, ശുദ്ധജലം വായിൽ മൃദുചലനത്തോടെ ഒഴിച്ചുതരും, സ്നേഹവചനങ്ങൾ ചൊല്ലും. പനി മാറിത്തുടങ്ങിയപ്പോൾ ഒരിക്കൽ മാദ്രി പറഞ്ഞു, ഇനി നീ അതിവേഗം വളർന്നു വലുതാവും, ശക്തിയുടെ പ്രതീകമാവും. പിന്നീടാണു് മാദ്രി പരപുരുഷ രതിക്കായി പടിയിറങ്ങിപ്പോവാൻ തുടങ്ങിയതു്. രാത്രി വരുമ്പോൾ വസ്ത്രങ്ങളിൽ കോരിത്തരിപ്പിക്കുന്ന സുഗന്ധമുണ്ടാവും. ആ പ്രലോഭനത്തിൽ വീണ പാണ്ഡുവിന്റെ രതിപരീക്ഷണത്തിനു വഴങ്ങിയ മാദ്രി, പാണ്ഡുവിന്റെ ശാപമരണത്തിനു കാരണമെന്നു് പറഞ്ഞു കുന്തി മാദ്രിയോടു് ചിതത്തീയിൽ ചാടാൻ ഒച്ചവെച്ചും വിരൽ ചൂണ്ടിയും നിർബന്ധിച്ചതോർക്കുന്നു. മാദ്രി സമ്മതിച്ചില്ല. പെട്ടെന്നു് കുന്തി എന്നെ വിളിച്ചു ചെവിയിൽ കർശനമായി ആജ്ഞാപിച്ചതു ഞാൻ വിറയ്ക്കുന്ന കൈകളോടെ ചെയ്തു. പ്രിയ മാദ്രിയെ വാരിക്കോരിയെടുത്തു ആളിക്കത്തുന്ന പാണ്ഡുചിതയിൽ എറിഞ്ഞു. ഈ പാപം ചെയ്ത കൈകൾ ഈ ശപിക്കപ്പെട്ട കൈകൾ.” പറഞ്ഞു പറഞ്ഞു ഭീമൻ വാവിട്ടു കരഞ്ഞു. പലയിടങ്ങളിൽ നിന്നായി പാറാവുകാർ ഓടി വന്നു ബലം പ്രയോഗിച്ചയാളുടെ വാപൊത്തി കൊട്ടാരക്കെട്ടിലേക്കു വലിച്ചെടുത്തുകൊണ്ടു പോയി.

2018-05-11

“എന്താ ഇങ്ങനെ ‘മോങ്ങുന്ന’തു്? കൊട്ടാരം ലേഖിക ദുര്യോധനന്റെ മകളോടു് ചോദിച്ചു. യുദ്ധാനന്തര യുധിഷ്ഠിര ഭരണകൂടം.

“ചതിച്ചുകൊന്നു അച്ഛനെ അവർ, പക്ഷെ ഞങ്ങൾ ഒന്നും പറഞ്ഞില്ല. ഇന്നലെ പൊതുയോഗത്തിൽ പാഞ്ചാലി എന്റെ അമ്മയെ അവമതിക്കുന്നതു നിങ്ങൾ കേട്ടില്ലേ? കലിംഗദേശക്കാരിയായ അമ്മ പതിനെട്ടുവയസ്സിൽ ഹസ്തിനപുരിയിൽ ദുര്യോധനവധുവായി വന്ന ശേഷം, ഗംഗയാറും യമുനയും ഒഴുകുന്ന ഈ കാർഷികഭൂമിയെ മാതൃഭൂമിയായി അംഗീകരിച്ചതല്ലേ? മറ്റു തൊണ്ണൂറ്റി ഒമ്പതു കൗരവ രാജസ്ത്രീളോടും അമ്മ ഹസ്തിനപുരിയുടെ നാടൻഭാഷയിൽ ഇടപഴകി. വ്യക്തിഗതത്യാഗം ചെയ്തു. രാഷ്ട്രത്തിന്റെ അഖണ്ഡത രക്ഷിക്കാനായി ചെയ്ത വിശുദ്ധയുദ്ധത്തിൽ ഭർത്താവു് കൊല്ലപ്പെട്ടു. രാജമന്ദിരത്തിൽ നിന്നു് ഞങ്ങളെ പുതുഭരണകൂടം പുകച്ചു പുറത്തു ചാടിച്ചു. അടിസ്ഥാന സൗകര്യമില്ലാത്ത പുനരധിവാസകേന്ദ്രത്തിൽ പൊറുക്കാൻ പ്രേരിപ്പിച്ചു. കുടിവെള്ളം ചോദിച്ചു കോട്ടക്കകത്തു ചെന്നപ്പോൾ വേട്ടപ്പട്ടികളെ വിട്ടു വിരട്ടി. ഇപ്പോൾ പാഞ്ചാലി പറയുന്നു, കുരുക്ഷേത്ര യുദ്ധത്തിനു് മുമ്പു് ഭൂഗർഭഅറയിലെ രത്നശേഖരം കലിംഗനാട്ടിലേക്കു് രഹസ്യമായി കടത്തി എന്നു്. ഇതാണോ ദുര്യോധനവിധവയെ കുറിച്ചു് ചുരുങ്ങിയ മാസങ്ങൾ മാത്രം ഈ നാട്ടിൽ താമസിച്ച പാഞ്ചാലി പറയേണ്ടതു്? ഈ ദുഃഖത്തിൽ പങ്കുചേരാതെ ഞങ്ങളുടെ ശത്രുക്കളെ പോലെ ആഹ്ലാദിക്കാൻ എങ്ങനെ മനസ്സു് വരുന്നു? എന്തെല്ലാം സൗജന്യങ്ങളും പാരിതോഷികങ്ങളും ഞങ്ങളുടെ സുവര്ണകാലത്തു അച്ഛൻ തന്നതാണു്.”

2018-05-12

“അമ്മയും വിദുരരും ഞങ്ങൾക്കൊപ്പം എന്നു് നിങ്ങൾ കുന്തിയെ പ്രേരിപ്പിച്ചില്ലേ? അതോ ആ കഠിനഹൃദയ വഴങ്ങിയില്ലേ?” കൊട്ടാരം ലേഖിക സഹദേവനോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി.

“കുന്തിയുടെ മനം മാറ്റാൻ എന്നെയാണു് യുധിഷ്ഠിരൻ നിയോഗിച്ചതു്. മൂന്നു ദിവസങ്ങളിൽ സംഭാഷണം നടന്നു. അഥവാ, കുന്തിയെ സംസാരിക്കാൻ വിട്ടു. പാണ്ഡുവുമൊത്തുള്ള പഴയ വനവാസക്കാലം പോലെ പരപുരുഷരതിയുടെ ‘ഞരമ്പുകളിൽ ജീവിതാസക്തി’യുള്ള വനവാസമല്ല ഗാന്ധാരിയും കുന്തിയും വിദുരരും ധൃതരാഷ്ട്രരും ഉൾപ്പെടുന്ന നാൽവർ സംഘം ഇനി കാണേണ്ടി വരികയെന്നു ഓർമ്മിപ്പിച്ചു. വയോജനങ്ങൾ എന്ന നിലയിൽ പരസഹായമില്ലാതെ അന്നന്നത്തെ അപ്പം നേടാനാവർക്കാവാതെയാവും ഒന്നൊന്നായി പട്ടിണിമരണത്തിനു കീഴ്പെടുക എന്ന സാധ്യത കുന്തിക്കുണ്ടെന്നു വ്യക്തമായി. ജീവിച്ചു മതിയായി ഇനി ഈ ശരീരം പ്രകൃതിയെ ഏൽപ്പിക്കണം. നിനക്കു് ഭാവി പ്രവചിക്കാനാവുമോ?, അങ്ങനെയല്ലേ മാദ്രീപുത്രനെന്ന നിലയിൽ എക്കാലവും പ്രതിച്ഛായ, എന്നു് കുന്തി ചോദിച്ചപ്പോൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചില്ല. കാരണമുണ്ടു്-കൊച്ചു കുഞ്ഞായിരുന്ന കാലത്താണു് മാദ്രിയെ ഭീമൻ, കുന്തിയുടെ ആജ്ഞയിൽ പാണ്ഡുചിതയിലെറിയുന്നതിനു ഞാൻ സാക്ഷിയായതു്-അമ്മാ അമ്മാ എന്നു് ഞാൻ കൈകൾ നീട്ടി നിലവിളിച്ചപ്പോൾ കുന്തി വന്നെന്റെ വായ പൊത്തി ശാസിച്ചു കുടിലിലേക്കു കൊണ്ടുപോയി മൂലയിൽ ബലം പ്രയോഗിച്ചിരുത്തി. അമ്മാ എന്നു് മന്ത്രിച്ചു കൊണ്ടു് ഞാൻ പിറ്റേന്നു് ഒറ്റയ്ക്കു് പോയി ചിതയിലെ ചാരക്കൂനക്കു മുമ്പിൽ പരിഭ്രമിച്ചു നിന്ന ഓർമ്മയുണ്ടു്. ആരോടു് ചോദിച്ചാണു് നീ ഇവിടെ വന്നതു് എന്നു് പറഞ്ഞു യുധിഷ്ഠിരൻ കൈ പിടിച്ചു വലിച്ചു കൊണ്ടുപോയതോർമ്മയുണ്ടു്. അമ്മാ എന്നു് വിളിച്ചു ബാല്യത്തിൽ അലഞ്ഞു നടന്നതും ഓർക്കുന്നു. അമ്മയെ ചിതയിൽ തള്ളാൻ ഭീമനു് ആജ്ഞ നൽകിയ കുന്തിയിപ്പോൾ ചോദിക്കുന്നു, നിനക്കെന്റെ അന്ത്യം പ്രവചിക്കാൻ ആവുമോ? പ്രകൃതി നിങ്ങൾക്കൊരു കാട്ടുതീ മരണം അന്നേ വിധിപറഞ്ഞു കഴിഞ്ഞതാണു്. വിധിനടപ്പുമായി സഹകരിക്കൂ എന്നു് യാത്ര പറഞ്ഞവരെ ഞങ്ങൾ പടിയിറങ്ങാൻ വിട്ടു.”

“നിത്യോപയോഗ സാധനങ്ങൾ ന്യായവിലയ്ക്കു് പുനരധിവാസകേന്ദ്രങ്ങളിൽ പതിവായി കിട്ടണം എന്ന ന്യായമായ ആവശ്യവുമായി കുരുക്ഷേത്രവിധവകൾ കറുത്തതുണി കൊണ്ടു് ശിരസ്സു് മൂടി കോട്ടവാതിലിനു മുമ്പിൽ രാവിലെ മുതൽ പ്രതിഷേധപ്രകടനം ചെയ്യുന്നുണ്ടല്ലോ. പാണ്ഡവരിൽ ഒരാൾ പോലും അവിടെ ചെന്നു് പ്രയാസങ്ങൾക്കു് ചെവി കൊടുത്തു കണ്ടില്ല എന്നാണവർ പറഞ്ഞതു്. അതെന്താ അങ്ങനെ? മഹാരാജാവു് യുധിഷ്ഠിരൻ ഇന്നു് ആകെ അവർക്കു കൊടുത്ത വാഗ്ദാനം രക്തസാക്ഷി ദുര്യോധനന്റെ ദീർഘകായ ലോഹപ്രതിമ കൗരവരുടെ അടുത്ത ആണ്ടുശ്രാദ്ധത്തിനു മുമ്പു് പൂർത്തിയാക്കുമെന്നും. മരിച്ചുപോയവരുടെ പ്രതിമ കണ്ടാൽ തീരുമോ ജീവിച്ചിരിക്കുന്നവരുടെ വിശപ്പും ദാഹവും?” കൊട്ടാരം ലേഖിക ഔദ്യോഗിക വക്താവിനോടു് ചോദിച്ചു.

“പത്രവാർത്ത പോലെ എല്ലാം നിങ്ങൾ നീണ്ടനീണ്ട വാക്യങ്ങളിൽ ഞങ്ങളെ പറഞ്ഞുഫലിപ്പിക്കേണ്ട കാര്യമില്ല. ഒരു ജന്മം കൊണ്ടു് കൊഴിഞ്ഞുപോവുന്ന കൗരവധൂമകേതുക്കളല്ല പാണ്ഡവർ. പാണ്ഡവ ജന്മത്തിനു ആകാശചാരികളുടെ കൂടിയാലോചനയുണ്ടു്. അതീതശക്തികളുടെ നിയോഗം കിട്ടിയ വിശിഷ്ടജന്മങ്ങളാണു് പാണ്ഡവർ എന്നു് പറഞ്ഞതു് പാഞ്ചാലിയല്ല വേദവ്യാസനാണു്. പാണ്ഡവരുടെ ജീവിതപാതയിലൂടെ ഒന്നു് നിങ്ങൾ രഥമോടിച്ചു നോക്കിയാൽ അറിയാം, എന്തെന്തു പ്രതിസന്ധികളിൽ തളരാതെ പിടിച്ചുനിന്നാണു് കുടുംബസ്വത്തു തിരിച്ചുപിടിച്ചതെന്നു. യുദ്ധം ജയിച്ചാൽ യുദ്ധക്കെടുതിയുണ്ടു്, ധാന്യക്ഷാമമുണ്ടു്, കുടിനീരിനു പോലും, അത്ഭുതം, ഗംഗയും യമുനയും ഒഴുകുന്ന ഈ നാട്ടിൽ കടിപിടിയുണ്ടു്. സൗജന്യധാന്യവിതരണം, ശുചിമുറി നിർമ്മിതി, അത്യാവശ്യസാധനങ്ങൾ വിലകുറച്ചു വിൽപ്പന, ഇതൊന്നുമല്ല സുഹൃത്തേ പാണ്ഡവ ഭരണകൂടം നേരിടുന്ന വെല്ലുവിളി. ഇതിഹാസ സമാനമായ പാണ്ഡവ ജീവിതം, വരും യുഗത്തിലും സാക്ഷരലോകം താളിയോലയിൽ വായിച്ചും നാടകമായി കണ്ടും കാലാതിവർത്തിയായി മാറേണ്ടതിനെ കുറിച്ചു് ഞങ്ങൾ വിലയിരുത്തുമ്പോൾ, കൗരവവിധവകൾ ഞങ്ങളെ എന്താണു് ചെയ്യുന്നതു്? ഊട്ടുപുരയിൽ തളച്ചിടുന്നു. കഷ്ടമല്ലേ ഇതൊക്കെ?”

2018-05-13

“ഭരണകൂടത്തിലെ അഞ്ചുപേരും കൗരവരുടെ ആണ്ടുശ്രാദ്ധത്തിനു പുണ്യനദിയിൽ പോയിരിക്കുകയാണു്. നിങ്ങളെങ്ങനെ ഓർത്തെടുക്കുന്നു, വികാര വിക്ഷോഭത്താൽ വഴിവിട്ടു പലതും ചെയ്ത ആ നൂറോളം കൗരവരെ?”

കൊട്ടാരം ലേഖിക ചോദിച്ചു.

ശീതകാലമായിരുന്നിട്ടും നേരത്തെ കുളിച്ചു ഈറൻ മാറാതെ പൂ പറിക്കുകയായിരുന്നു പാഞ്ചാലി.

“വിവേചനരഹിതമായിരുന്നു എന്നോടുള്ള കൗരവആരാധന. എനിക്കും അവർക്കും ഇടയിൽ അമംഗളകരമായി തോന്നിയ ഒരു വഴിതടസ്സമേ ഉണ്ടായിരുന്നുള്ളൂ. നിങ്ങൾക്കൂഹിക്കാം, പാണ്ഡവർ.”

“പാഞ്ചാലിയാണോ, നിങ്ങൾ ഒറ്റക്കെട്ടായാണോ പറഞ്ഞതു് വയസ്സായ കുന്തി കാട്ടിൽ പോട്ടെ എന്നു്?” കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. മറ്റു മൂന്നു വയോജനങ്ങൾക്കൊപ്പം പാണ്ഡുവിധവ.

“ജീവിതസായാഹ്നം വനത്തിൽ” എന്ന തീരുമാനം അനുസരിച്ചു കോട്ടവാതിലിനു പുറത്തേക്കു കടക്കുന്നതു് മട്ടുപ്പാവിൽ നിന്നു് നോക്കുകയായിരുന്നു ഇരുവരും.

“അരക്കില്ലത്തിൽ ആദിവാസി കുടുംബത്തെ ബലികൊടുത്തുതുരങ്കം വഴി രക്ഷപ്പെടാനുള്ള സാഹസികയാത്രക്കു് നേതൃത്വം കൊടുത്ത ധീര, നിഷ്ടൂര കുന്തിയല്ല പിന്നീടു് ഞങ്ങളുടെ ജീവിതം താറുമാറാക്കിയ സ്ത്രീ. കാഴ്ചപരിമിതിയുള്ള ധൃതരാഷ്ട്രദമ്പതികൾ, കൊള്ളരുതാത്ത നൂറു കൗരവർക്കു വേറെ വേറെ രാജവധുക്കളെ കണ്ടെത്തിയപ്പോൾ, കുന്തി ഞങ്ങളെ പാഞ്ചാലിയുടെ തൊഴുത്തിൽ കെട്ടി. അതൊരടിയായിരുന്നു പാണ്ഡവാഭിമാനബോധത്തിനു്. ഭാവിജീവിതത്തിനായി ഖാണ്ഡവപ്രസ്ഥം എന്ന കൊടുംകാട്ടിലേക്കു ഭാഗ്യാന്വേഷികളായി ഞങ്ങൾ യാത്ര തിരിച്ചപ്പോൾ ‘നിങ്ങളുടെ നല്ലനടപ്പിനു് ജാമ്യമായി ഞാൻ ഗാന്ധാരിയുടെ തോഴിയായി കൊട്ടാരത്തിൽ കഴിയും’ എന്നു് കുന്തി വിരൽ ചൂണ്ടി പറഞ്ഞതു്, ‘പാണ്ഡവർ പ്രതികൾ’ എന്ന ഊന്നലോടെ ആയിരുന്നു എന്നാൽ പ്രിയപാഞ്ചാലിയോ? കുടിയേറ്റ ഭൂമിയെ പരിഷ്കൃത നഗരമാക്കുന്നതിൽ നഗരമന്ദിരങ്ങളുടെ നിർമിതിയിൽ രാജസൂയ യാഗത്തിൽ ഔദ്യോഗിക ചക്രവർത്തിനി പദവി ഏറ്റെടുക്കുന്നതിൽ, ഒപ്പം ഞങ്ങളിൽ നിന്നു് കൃത്യമായൂഴം അനുസരിച്ചു ഗർഭം ധരിച്ചു നവജാതശിശുക്കളെ പാഞ്ചാലയിൽ പരിചരണത്തിനയക്കുന്നതിൽ എല്ലാറ്റിലും കാണാമായിരുന്നു കുന്തിക്കൊന്നും എത്തിനോക്കാനാവാത്ത കാര്യശേഷി, മികവു്. കുന്തിയെ ഒട്ടും ആശ്രയിക്കാതെ ഞങ്ങളുടെ അഭിലാഷങ്ങൾ പൂവണിയാൻ തുടങ്ങിയപ്പോൾ, കുന്തി ഇനി കാട്ടിൽ പോവുന്നെങ്കിൽ പോട്ടെ എന്ന ഏകകണ്ഠമായ അഭിപ്രായം ഞങ്ങൾ ആറു പേരിലുണ്ടായതു് ഒരു സുപ്രഭാതത്തിലല്ല, കാലക്രമേണയാണു്. പുരുഷന്റെ വിജയത്തിനു് പിന്നിൽ സ്ത്രീയുണ്ടു് എന്ന കവിവചനത്തെ സാർത്ഥകമാക്കുന്നതായിരുന്നു ഞങ്ങളുടെ ജീവിതത്തിൽ നിന്നു് കുന്തിയുടെ എന്നെന്നേക്കുമായുള്ള തിരോധാനം. പോട്ടെ തിരക്കുണ്ടു്. തുന്നൽക്കാരനെ കണ്ടു നാളെ വൈകുന്നേരത്തെ വിരുന്നിനു മുമ്പു് പാഞ്ചാലിയുടെ പട്ടുടുപ്പുകൾ കിട്ടണം എന്നുടൻ പോയി പറയട്ടെ, ഇന്നു് രാത്രി ഊഴം എനിക്കാണു്.

2018-05-14

“ബലാൽക്കാരത്തിനു പാണ്ഡവസാന്നിധ്യത്തിൽ ഇരയായ പാഞ്ചാലിക്കു് വേണ്ടി ഹസ്തിനപുരി ന്യായാലയത്തിൽ ദുര്യോധനെ പ്രതിയാക്കി വാദിക്കാൻ വെളിനാട്ടിലെ പ്രഭാഷണ യാത്ര വെട്ടിച്ചുരുക്കി ഓടിവന്നപ്പോഴാണു് ചാർവാകൻ അറിയുന്നതു കുന്തിയുടെ ആവശ്യപ്രകാരം പാഞ്ചാലിയെ മാനസികരോഗ ചികിത്സ എന്ന പേരിൽ ഹിമാലയത്തിലേക്കു് ഒളിച്ചുകടത്തി എന്നു്. വിവരമറിഞ്ഞ ആളാകെ സ്തംഭിച്ചു. കോട്ട വാതിലിലെ പാറാവുകാർക്കു കൊട്ടാരം സർവ്വാധികാരി നിർദ്ദേശം കൊടുത്തിരിക്കുകയാണു്-ശല്യക്കാരൻ വ്യവഹാരി ചാർവാകനെ കണ്ടാൽ അകത്തേക്കു് വിടരുതു് തല്ലിയോടിക്കണം. ഹസ്തിനപുരി കൊട്ടാരസമുച്ചയം ഇന്നു് ഒരു സംഘം സാമൂഹ്യവിരുദ്ധരുടെ പിടിയിലാണെന്നു ചാർവാകൻ” പാണ്ഡവ വനാശ്രമത്തിലായിരുന്ന കൊട്ടാരം ലേഖിക പറഞ്ഞു. വിടാതെ മഴ പെയ്തു മുൻവശത്തെ കൈത്തോടിലൂടെ കലക്കവെള്ളം കുത്തിയൊലിക്കുന്ന ശബ്ദം മാത്രം.

“കള്ളച്ചൂതിൽ ഇരയാവാൻ ആനപ്പുറത്തു പോയ ഇന്ദ്രപ്രസ്ഥം ചക്രവർത്തിക്കു് കിട്ടേണ്ടതു് കിട്ടി-പ്രകൃതിക്കു സ്വസ്തി. കൂടെ പൊറുക്കുന്ന പെണ്ണിനെ പണയം വച്ചു് കളിച്ചവർക്കിതൊരു യുഗാന്തര പാഠവുമായിരിക്കട്ടെ. പ്രശ്നരഹിതമായിരുന്ന ഇന്ദ്രപ്രസ്ഥത്തിൽ അല്ലലില്ലാതെ സ്വസ്ഥജീവിതം നയിച്ച ഞങ്ങൾ രാജസൂയ പാണ്ഡവർ, ദുര്യോധന ദാക്ഷിണ്യത്തിൽ നേടിയ ഈ അക്ഷയപാത്രത്തിൽ മൂന്നുനേരം കൈമുക്കി കൗരവഊട്ടുപുരയിലെ ഇച്ചിൽ വാരിയെടുത്തു് തിന്നുമ്പോൾ, അത്താഴപ്പട്ടിണിക്കു് വിധിക്കപ്പെട്ട ഈ ‘മാനസികരോഗി’ അടിവസ്ത്രം ഒന്നുകൂടി കെട്ടി മുറുക്കട്ടെ.”

2018-05-15

“പരുക്കൻ തറയിൽ പുൽപ്പായ വിരിച്ചു ഒറ്റമുറിയിൽ, കണ്ടാലറിയാവുന്ന നാലു വയോജനങ്ങൾ മരണം കാത്തു കിടക്കുന്നു. അങ്ങനെയാണോ തിരിച്ചു നാട്ടിലെത്തി ഞാൻ വാർത്ത കൊടുക്കേണ്ടതു്?” കൊട്ടാരം ലേഖിക വിദുരരോടു് ചോദിച്ചു. വനവാസത്തിനായി ധൃതരാഷ്ട്രർ ഗാന്ധാരി കുന്തി വിദുരർ എന്നിവർ കൊട്ടാരം വിട്ടു പോയി മാസം മൂന്നു കഴിഞ്ഞിരുന്നു. ഒരാഴ്ച അലഞ്ഞശേഷം അവൾ അവരുടെ കുടിൽ കണ്ടെത്തി.

“നിങ്ങൾ ഇവിടെ വരുമ്പോൾ കാണുന്നതു് ചോരുന്ന മേൽക്കൂരയും മണ്ണിളകിയ ചുവരും മുഷിഞ്ഞ തുണികളും ഒഴിഞ്ഞ വയറും-എന്നാൽ സ്വയം അന്ത്യനിമിഷങ്ങൾക്കായി തിരഞ്ഞെടുത്ത ഈ കാട്ടുകുടിലിൽ പക്ഷെ നാലുപേർ നീണ്ട തിരക്കു് പിടിച്ച ജീവിതത്തിനു ശേഷം ഇപ്പോൾ അനുഭവിക്കുന്നതു് മൗനത്തിന്റെ സങ്കീർത്തനം, കവി പാടിയ പോലെ ശൂന്യമാകെ മുഴക്കുന്ന പ്രണവത്തിന്റെ മര്‍മ്മരം”.

“തിന്മയുടെ മേൽ നന്മയുടെ വിജയമാണു് ഇക്കഴിഞ്ഞ കുരുക്ഷേത്രം എന്നു് ജേതാവായ യുധിഷ്ഠിരൻ അരങ്ങേറ്റമൈതാനപൊതുയോഗത്തിൽ നിരീക്ഷിച്ചപ്പോൾ, അനുമോദനസദസ്സു് എഴുന്നേറ്റു അരനിമിഷത്തോളം നേരം കയ്യടിക്കുന്നതു് ഞങ്ങൾ വിസ്മയത്തോടെ കണ്ടു. പക്ഷെ വേദിയിൽ ഇരുന്ന പാഞ്ചാലി അപ്പോൾ മുഖം താഴ്ത്തി. എന്താ സംഗതി?” കൊട്ടാരം ലേഖിക രാജസഭയിൽ കൂനിപ്പിടിച്ചിരുന്ന കൃപാചാര്യരെ കണ്ടെത്തി.

“തിന്മക്കു മേൽ തിന്മയുടെ വിജയം എന്നു് പാഞ്ചാലി താളിയോലയിൽ നാരായം കൊണ്ടു് എഴുതിക്കൊടുത്തതു് അർദ്ധസാക്ഷരതയുടെ ആൾരൂപമായ അഭിവന്ദ്യയുധിഷ്ഠിരൻ വായിച്ചപ്പോൾ ഒരക്ഷരം തെറ്റി.”

2018-05-16

“കുരുക്ഷേത്രയിൽ ഹരിതചട്ടം നടപ്പാക്കുന്നു എന്നാദ്യം കേട്ടപ്പോൾ, അതൊരു ഭരണകൂടനിയന്ത്രണമെന്നു ധരിച്ചു അവഗണിച്ച ഞാനിപ്പോൾ ഓടിക്കിതച്ചു ഹസ്തിനപുരിയിൽ നിന്നു് ഇവിടെ വന്നതു് സംഗതി പരിലാളനമാണു് എന്നറിഞ്ഞപ്പോൾ. ആരാണു് നിങ്ങൾ? എന്താണു് ഈ കാണുന്നതൊക്കെ?” കൊട്ടാരം ലേഖിക കുരുക്ഷേത്രപ്രവിശ്യയുടെ യുവഭരണാധികാരിയോടു് ചോദിച്ചു. തക്ഷശിലയിൽ നിന്നു് പഠനം കഴിഞ്ഞെത്തിയപ്പോൾ ദുര്യോധനൻ അയാളെ പ്രവിശ്യാഭരണകൂടത്തിന്റെ താക്കോൽ സ്ഥാനത്തു നിയമിച്ചതു് അന്നു് വിവാദമായിരുന്നു.

“ഒരു കൊച്ചു ഗ്രാമത്തിന്റെ കൃഷിയിടത്തോളം പോന്ന ഈ കുറ്റിക്കാടു് വെട്ടിയാണു് ഒരു ഭൂഖണ്ഡത്തിന്റെ ജനസംഖ്യയുടെ പാതിയോളം യുവാക്കളെ പതിനെട്ടുനാൾ കൊണ്ടു് രണ്ടു കുടുംബക്കാർ ഹോമിച്ചതു്. ഈ ചരിത്രപശ്ചാത്തലം ഭാവിതലമുറക്കെങ്ങനെ രൂപമാറ്റത്തിലൂടെ വരുത്തിയെടുക്കാമെന്നായിരുന്നു യുദ്ധാവസാനം മുതൽ എന്റെ മനസ്സിൽ. എല്ലാ ജൈവമാലിന്യങ്ങളും പല വൻകുഴികൾ തോണ്ടി ഒന്നൊന്നായി അടുക്കിയിട്ടു മേലെ മണ്ണിട്ടു് മൂടിയ സമതലത്തിലാണു് നാമിപ്പോൾ കാൽവക്കുന്നതു്. കുഴിമാടഭീതിയൊന്നും തോന്നുന്നില്ല അല്ലേ? അവിടെയാണു് ഹരിതചട്ടം ‘ചട്ട’പ്രകാരത്തേക്കാൾ മികവു് തെളിയിച്ചതു്. ചുറ്റും നോക്കൂ, നിങ്ങളെ തുറിച്ചു നോക്കുന്നതു് ഗതികിട്ടാതെ കൗരവപാണ്ഡവ പ്രേതങ്ങളാണോ? അല്ല? പിന്നെ? ഔഷധസസ്യങ്ങളുടെ വൻശേഖരം, പിടിച്ചാൽ പിടി കിട്ടാത്ത വളർച്ച. ഓരോ സൈനികന്റെയും യുദ്ധാഭിലാഷങ്ങളുടെ അന്തിമസാക്ഷാത്കാരം എന്നൊക്കെ തോന്നിയാൽ അതായിരിക്കും സത്യത്തോടടുത്ത സംഗതി. ജഡങ്ങൾ ചീയുന്ന ഗന്ധം? ഇല്ലേയില്ല അല്ലെ? അതാണു് കാര്യം. വരും യുഗത്തിൽ വിനോദ സഞ്ചാരികൾ കുരുക്ഷേത്രത്തിലെ ഔഷധസസ്യങ്ങൾ വരി നിന്നു് വിലകൊടുത്തു മടങ്ങുമ്പോൾ, ആർക്കുവേണ്ടിയെന്തിനെന്നറിയാതെ ജീവത്യാഗം ചെയ്ത ഓരോ സൈനികന്റെ ആത്മാവും മന്ത്രിക്കും-ഇതെനിക്കു് നിത്യശ്രാദ്ധം, കുടുംബ സ്വത്തു തർക്കത്തിനു് പ്രതിവിധി പോർക്കളമാണെന്ന നാടുവാഴിഅഹന്തക്കു് കിട്ടിയ ജനകീയപ്രഹരം.”

“തരം കിട്ടിയാൽ തുടയിലും അടിക്കും എന്ന് ഭീമനെ കുറിച്ചു് സംശയം തോന്നിയില്ലേ?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. കുരുക്ഷേത്ര അവസാന ദിവസം. നീണ്ട ദ്വന്ദയുദ്ധത്തിൽ മാരകമായ ഗദാപ്രഹരമേറ്റു പൊട്ടിയ തുടയെല്ലുമായി ചളിനിറഞ്ഞ ചതുപ്പുനിലത്തിൽ, ഇച്ഛാശക്തി കൊണ്ടുമാത്രം ഇരിക്കാൻ ശ്രമിക്കുകയായിരുന്നു ആ ധീര കൗരവപോരാളി.

“വെള്ളത്തിൽ നിന്നു് മുടിയിൽ വലിച്ചു എന്നെ കരയിലേക്കു് കൊണ്ടുവരുമ്പോൾ ഭീമനോട്ടവും ശരീരചലനങ്ങളും അസാധാരണമായി. ഭീതിയും പ്രതികാരവും, ഒന്നും നഷ്ടപ്പെടാനില്ലെന്ന ഭാവവും, അവന്റെ ശിശുമുഖത്തെ ക്രൂരമൃഗമുഖമാക്കി. പ്രണയിക്കുന്ന പെണ്ണിൽ നിന്നു് പതിവായി ആട്ടും തുപ്പും കിട്ടുന്ന പുരുഷനിൽ നിന്നു് അവളെ തട്ടിയെടുത്തവൻ എന്ന നിലയിൽ എന്നെ പ്രതിസ്ഥാനത്തു പ്രതിഷ്ഠിച്ചു ആയുധമോങ്ങി. അവന്റെ പെണ്ണിനെ ഉടുതുണിയൂരിയതിലായിരുന്നില്ല ഭീമനൊമ്പരം. സിംഹാസനത്തിലിരുന്ന ഞാൻ, തുടകൾ നഗ്നമാക്കി അവൾക്കിരിക്കാൻ ഇടം കൊടുത്തതായിരുന്നു കോപം ജ്വലിപ്പിച്ചതു്. “രോമം നിറഞ്ഞ ഈ വെളുത്ത തുടകൾ കാണിച്ചു എന്റെ പെണ്ണിനെ നീ ഇനി ഈ ജന്മം മോഹിപ്പിക്കരുതു്” എന്നു് പറഞ്ഞുകൊണ്ടവൻ ഗദ അതിന്റെ ലക്ഷ്യത്തിലേക്കെടുത്തതോർമ്മയുണ്ടു്. കുറുനരികളും കഴുകനും കൊത്തിപ്പറിക്കും മുമ്പു് പാണ്ഡവരുടെ വംശനാശത്തിനു് വേണ്ടി ചെയ്യാവുന്ന അവസാന തന്ത്രവും മെനഞ്ഞു മാത്രമേ ഞാൻ ഈ ലോകത്തിൽ നിന്നു് യാത്രയാവൂ.”

2018-05-17

“പെരുമാറ്റച്ചട്ടം നിങ്ങൾ പരിഗണിച്ചില്ലെന്ന പരാതി വ്യാപകം. എങ്ങനെ പ്രതികരിക്കുന്നു?” പാണ്ഡവ പാളയത്തിലേക്കു് ആനന്ദനൃത്തം ചെയ്തു, ഗദ കുലുക്കി നീങ്ങിയ ഭീമനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

പരാതി വ്യാപകം? പാണ്ഡവരെ അല്ലാതെ കൗരവപക്ഷത്തു വാ തുറക്കാൻ ജീവനുള്ളവരുണ്ടോ? ഇനി പെരുമാറ്റച്ചട്ടം. പിന്തുടർന്നു് ഞങ്ങൾ ചെന്നപ്പോൾ പാഞ്ചാലിയാണു് ചൂണ്ടിക്കാണിച്ചതു്, വെള്ളക്കെട്ടിൽ കഴുത്തറ്റം ഒളിച്ചിരിക്കുന്നു ദുര്യോധനൻ. പമ്മിച്ചെന്നവന്റെ നീണ്ട മുടി പിടിച്ചു വലിച്ചു കരയിൽ കൊണ്ടുവന്നു ആദ്യം കൊടുത്തതു് നഗ്നത മറയ്ക്കാൻ പാഞ്ചാലിയുടെ ഉടുതുണിയിലൊരു ഭാഗമാണു്. ഒരു ഞെണുങ്ങാത്ത ഗദ സമ്മാനിച്ചാണു് പോരിനു ഞാനവനെ വിളിച്ചതു്. മരിച്ചാൽ ഹസ്തിനപുരിയിൽ പൂർണ്ണകായ ലോഹപ്രതിമ ആദ്യ ആണ്ടു ശ്രാദ്ധത്തിൽ തന്നെ പൂർത്തിയാക്കാമോ എന്നവൻ ചോദിച്ചു. ഉവ്വെന്നു യുധിഷ്ഠിരൻ വാക്കു കൊടുത്തു. ജീവിച്ചു മതിയായി. മനുഷ്യജന്മം വ്യർത്ഥം എന്നെന്നെ തിരിച്ചറിവിലെത്തിച്ചിരുന്നു ജലത്തിൽ മുങ്ങിക്കിടന്നുള്ള ധ്യാനം. പതിനെട്ടുനാൾ പോരാടി തളർന്ന നിനക്കെന്നെ എളുപ്പം കൊല്ലാൻ ഉപായം പറഞ്ഞു തരാം. എന്റെ തുടയിൽ ഒരൊറ്റ ഗദാപ്രയോഗം മതി. ഊർജ്ജം നഷ്ടപ്പെടുത്താതെ നിനക്കെന്നെ കൊല്ലാം. “അസ്തിത്വദുഃഖവാദി” യുടെ അവസാനത്തെ ആഗ്രഹം ഞാൻ കർത്തവ്യബോധത്തോടെ സാധിച്ചു കൊടുത്തതാണോ നിങ്ങൾ ‘പോരാട്ടത്തിലെ പെരുമാറ്റച്ചട്ട ലംഘനം’ എന്നു് പറഞ്ഞു എനിക്കു് നേരെ നനഞ്ഞ കമ്പിളിയെറിയുന്നതു്?

“എന്താണിപ്പോൾ യുധിഷ്ഠിരനുമായി വീണ്ടും സൗന്ദര്യപ്പിണക്കം? അതും കിടങ്ങിൽ ചാടി ഇരയാവുമെന്ന ആത്മഹത്യഭീഷണി മുഴക്കാൻ മാത്രം?” കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു ചോദിച്ചു.

“ആളുയരത്തിലുള്ള പഞ്ചലോഹപ്രതിമ ദുര്യോധനന്റെ ആണ്ടുശ്രാദ്ധത്തിനു മുമ്പു് തന്നെ പണിയും എന്ന യുധിഷ്ഠിരപ്രതിജ്ഞ ഇപ്പോൾ പ്രതിമ എന്നു് ഭീമൻ ചുരുക്കി. വാക്കുകളിൽ മിതത്വം പാലിക്കാനല്ല, ദുഷ്ടബുദ്ധിയോടെയാണു് എന്നു് ഉള്ളം നിലവിളിക്കുന്നു. കുരുക്ഷേത്രക്കു പുറത്തൊരു ചെളിക്കുണ്ടിൽ കാണാതായ ദുര്യോധനജഢം തേടിപ്പിടിച്ചു യമുനയുടെ തീരത്തു ശക്തിസ്ഥലി എന്ന സ്മൃതിമണ്ഡപത്തിൽ അടക്കം ചെയ്യണമെന്ന ആവശ്യത്തെ ഭീമൻ നേരിട്ടതു്, കുരുക്ഷേത്ര വിധവകളും അവശേഷിക്കുന്ന അംഗങ്ങളും ചെന്നു് തിരഞ്ഞു കൊണ്ടുവരാമെങ്കിൽ സംസ്കാകരച്ചെലവു് ഭരണകൂടം വഹിക്കും എന്നാണു്. നൂറു കൗരവരെയും ഞാക്കിക്കൊന്നു ആർമാദിച്ച ഭീമൻ ഞങ്ങളുടെ പുനരധിവാസ ഉത്തരവാദിത്വം വഹിക്കുന്നിടത്തോളം ജീവത്യാഗം ചെയ്ത കൗരവാത്മാക്കൾക്കു ശാന്തി കിട്ടില്ലെന്നു് തിരിച്ചറിഞ്ഞാൽ, മരണം ഇരുൾ മൂടിയ താഴ്‌വരയല്ല സാന്ത്വനം തരുന്ന സ്നേഹ സ്പർശനമാണു്. അധികാരം കയ്യിൽ കിട്ടിയപ്പോൾ യുധിഷ്ഠിരൻ ആളാകെ മാറി. ആ കുപ്രസിദ്ധ മുഖംമൂടിയിൽ എക്കാലവും ഭ്രമിച്ച ഹസ്തിനപുരി അറിയട്ടെ, നാടിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ കുരുക്ഷേത്രയിൽ സ്വയം ബലി നൽകിയ കൗരവരുടെ കുടുംബങ്ങളെ ഈ ഭരണകൂടം എങ്ങനെയാണു് ആത്മഹത്യയിലേക്കു തള്ളിയിട്ടതെന്നു്.”

2018-05-18

“കൗരവരിൽ ചില പ്രമുഖർ ഒരു വിഴുപ്പുകെട്ടു് കൊട്ടാരരഹസ്യങ്ങളുമായി പാണ്ഡവപക്ഷത്തേക്കു കൂറുമാറാനിടയുണ്ടെന്നു കുതിരപ്പന്തികളിൽ അടക്കിപ്പിടിച്ച വർത്തമാനമുണ്ടല്ലോ. യുദ്ധരഹസ്യങ്ങൾ പുറത്തു പോവാതിരിക്കാൻ പുറംലോകവുമായി ബന്ധം നിഷേധിച്ചു ദുര്യോധനൻ അവരെയൊക്കെ അജ്ഞാതകേന്ദ്രത്തിൽ ബന്ദികളാക്കി എന്നാണു വഴിയമ്പലങ്ങളിൽ കേൾക്കുന്നതു്” കൊട്ടാരം ലേഖിക കൗരവ ഭരണകൂടത്തിന്റെ പ്രതിരോധവകുപ്പു് വക്താവിനോടു് ചോദിച്ചു.

“കടുത്ത മാനസിക പീഡനവും അപമാനവും സഹിക്കുകയാണെന്നു കൗരവർ പറഞ്ഞതായി കുതിരപ്പന്തികളിൽ കേട്ടിരുന്നു എന്നു് കൂടി വിസ്തരിച്ചു പറയൂ. വിശ്വാസം തോന്നും. തീർത്തും മനുഷ്യത്വ രഹിതമായ രീതിയിലാണു് കൗരവർ സ്വന്തം സഹോദരന്മാരെ ഒളിവിൽ പാർപ്പിച്ചിരിക്കുന്നതു് എന്നും, ജീവിത പങ്കാളിയെ ഒന്നു് കാണാൻ പോലും സമ്മതിക്കാതെ ദുര്യോധനൻ വിലങ്ങിട്ടിരിക്കയാണെന്നും പറഞ്ഞുനോക്കൂ. സുഹൃത്തേ, കൗരവർ ഇപ്പോൾ സുഖചികിത്സയിലാണു്. നീണ്ടതും കഠിനവുമായ സൈനിക പരിശീലനത്തിനു ശേഷം കുരുക്ഷേത്രയിൽ കൗരവയുദ്ധക്ഷമത ഇരട്ടിയാകും എന്ന പ്രതീക്ഷയാണു് ഞങ്ങൾക്കുള്ളതു്. പന്ത്രണ്ടു വർഷം പാണ്ഡവർ വനാശ്രമത്തിൽ ‘തിന്നും കളിച്ചും’ കഴിഞ്ഞ പോലെ അല്ല, ശരീരത്തിന്റെ കായികചലനശക്തി നാലിരട്ടിയാക്കുന്ന അപൂർവ്വയിനം ഭക്ഷണരീതി. അതും പൂർണ്ണബ്രഹ്മചര്യത്തോടെ. അവരെ പാർപ്പിച്ചിരിക്കുന്നതു് ശ്വാസം കിട്ടാത്ത ഭൂഗർഭഅറയിലല്ല, സുഖശീതള ഹിമാലയ താഴ്‌വരയിലെ ആശ്രമങ്ങളിൽ.”

“ആരോരുമറിയാതെ അജ്ഞാതവാസം ചെലവഴിച്ച പാണ്ഡവർ ഇപ്പോൾ ആതിഥേയരാജ്യമായ വിരാടയിലെ ഉപപ്ലാവ്യ സൈനികപാളയത്തിൽ യുദ്ധസന്നാഹത്തിലാണു്. എല്ലാം ചാരസന്ദേശം വഴി നേരത്തെ നിങ്ങൾക്കറിയാം. വമ്പിച്ച ആൾനാശമുണ്ടാക്കാവുന്ന മഹായുദ്ധത്താൽ പരിഹരിക്കേണ്ടപ്പെടേണ്ടതല്ല കുരുവംശകൂട്ടുകുടുംബ സ്വത്തുതർക്കം എന്ന ബോധ്യത്തിൽ, അവസാനവട്ട സമാധാനചർച്ചക്കുവേണ്ടിയാണു് ഞാനിപ്പോൾ ഹസ്തിനപുരിയിൽ എത്തിയതു്” ദൂതൻ ദുര്യോധനനെ നോക്കി രാജസഭയിൽ പറഞ്ഞു. കൊട്ടാരം ലേഖിക കൗതുകത്തോടെ നോക്കി.

“പാണ്ഡവ ചാരസംഘടന നകുലനേതൃത്വത്തിൽ എന്തെല്ലാം വിവരസമാഹരണം കുരുക്ഷേത്രയിൽ നിന്നു് കടത്തിയോ അതൊക്കെ ശരിവെക്കുന്നതാണു് കുരുക്ഷേത്ര യുദ്ധത്തിനുള്ള അടിസ്ഥാന സൗകര്യവികസനം. ചേരയും മുള്ളൻ പന്നിയും നിറഞ്ഞ കുറ്റിക്കാടു് വെട്ടി നിരപ്പാക്കി എത്രവേഗമാണു് കൗരവത്തൊഴിലാളികൾ ക്രമീകരണങ്ങൾക്കു് രൂപം കൊടുത്തതു്. ഭക്ഷ്യയോഗ്യമായ നാൽക്കാലികൾ മുതൽ അമ്പൊടുങ്ങാത്ത ആവനാഴികൾ വരെ എല്ലാറ്റിലും കൗരവനിരീക്ഷണം സൂക്ഷ്മവും കാര്യക്ഷമവും ആയി എന്നു് രണ്ടുനാൾ നീണ്ട പരിശോധനക്കു് ശേഷം ഞങ്ങളെ അഭിനന്ദിച്ചതു് വിദുരർ അല്ല, കൃപാചാര്യൻ. കുട്ടിക്കാലത്തു ഞങ്ങളെ ചൂരൽ കൊണ്ടു് അടിക്കാൻ അധികാരമുണ്ടായിരുന്ന ആ കൊട്ടാരഗുരു ഒന്നേ അവസാനം പറഞ്ഞുള്ളു-ഉപപ്ലാവ്യയിൽ നിന്നു് പാണ്ഡവർ കൈവീശി വന്നാൽ മതി-ജയിച്ചാൽ ഹസ്തിനപുരി മരിച്ചാൽ സ്വർഗ്ഗരാജ്യം.”

2018-05-19

“നിങ്ങൾ പരുഷമായി പ്രതികരിക്കുന്ന പോലെ തോന്നി. അന്യായമായ ആവശ്യങ്ങൾ വല്ലതും കുന്തി ഉന്നയിച്ചുവോ?” കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു.

പുഴയോരത്തെ പ്രഭാതവെയിൽ വീണ ആ സുന്ദരമുഖം അശാന്തമായിരുന്നു. ചുണ്ടുകൾ വിറച്ചിരുന്നു. കണ്ണുകൾ ഈറനായിരുന്നു.

“എന്നെ പ്രസവിച്ച സ്ത്രീ എന്നവർ സ്വയം പരിചയപ്പെടുത്തി. നവജാതശിശുവിനെ പുലർച്ചയിൽ നീരൊഴുക്കിൽ മരിക്കാൻ വിട്ട ആ കഠിനഹൃദയയെ ഞാൻ ഞെട്ടി, തുറിച്ചു നോക്കിയപ്പോൾ അവർ പ്രതീക്ഷിച്ചു, ആകസ്മികമായി വഴിയിൽ കണ്ടെത്തിയ പെറ്റ തള്ളയോടുള്ള നിർവ്യാജസ്നേഹമാണെന്നു. അതിൽ പിടിച്ചവർ എന്റെ അനുജന്മാരാണു് പഞ്ചപാണ്ഡവർ എന്ന അപൂർവ്വ സാഹോദര്യം എന്നിൽ ചെലുത്താൻ ശ്രമിച്ചു. എക്കാലവും ഹസ്തിനപുരി വിദ്യാലയങ്ങളിൽ എന്നെ കീഴ്ജാതിക്കാരനെന്നു് വാക്കും നോക്കും പ്രവർത്തിയും കൊണ്ടു് പരസ്യമായി അവമതിക്കുകയും സാമൂഹ്യമായി പാർശ്വവൽക്കരിക്കയും ചെയ്തിരുന്ന അർജ്ജുനനെയും നിങ്ങൾ പെറ്റതാണോ എന്നു് ചോദിക്കാൻ ഞാൻ അവർക്കു നേരെ മുഖം ഉയർത്തിയപ്പോൾ, അവർ കരുതി സാഹോദര്യം തളിരിട്ടു എന്നു്. ആസന്നമായ കുരുക്ഷേത്രത്തിൽ പാണ്ഡവരുടെ യുദ്ധകാലസുരക്ഷ ഞാൻ ഉറപ്പുകൊടുക്കണമെന്നു കുന്തി അപ്പോൾ സാഹചര്യം ചൂഷണം ചെയ്തു വൈകാരികതയോടെ ആവശ്യപ്പെട്ടു. എന്റെ മുഖത്തു് നിന്നു് നോട്ടം മാറ്റാതെ, മാതൃത്വത്തിന്റെയും സാഹോദര്യത്തിന്റെയും മൃദുല വികാരമുപയോഗിച്ചവർ, കുളി കഴിഞ്ഞുവരുന്ന എന്റെ ശാന്തത അവർക്കനുകൂലമായി തരപ്പെടുത്താൻ ശ്രമിച്ചപ്പോൾ ഞാൻ ഇടപെട്ടു-ഒടുങ്ങാത്ത സൗഹൃദം ജീവനൊടുങ്ങും വരെ നിലനിർത്തുമെന്നു് വാക്കു കൊടുത്താണു് ഞാൻ ദുര്യോധനന്റെ കൂട്ടാളിയായതു്. അതാണെനിക്കു് അഭിമാനം. പെറ്റ കുഞ്ഞിനെ പുഴയൊഴുക്കിൽ മരിക്കാൻ വിട്ട തള്ളയല്ല എന്റെ ‘അമ്മ മാതൃക’, അരങ്ങേറ്റമൈതാനത്തിലെ പൊതുവേദിയിൽ പാണ്ഡവർ എന്നെ അവഹേളിക്കുകയും നിസ്സാരവൽക്കരിക്കയും ചെയ്യുന്നതു് അവിടെ കൂടിയിരുന്ന ഹസ്തിനപുരിയിലെ അഭിജാതസദസ്സു കണ്ടിട്ടും കണ്ടില്ലെന്നമട്ടിൽ ഇരുന്നപ്പോൾ, അവസരോചിതമായി ഇടപെട്ടു എന്റെ മാനം കാത്തതു നിങ്ങൾ കൊല്ലാൻ കരുതിവച്ച ദുര്യോധനനാണു്. അവൻ എനിക്കു് സംരക്ഷകൻ, എന്നെന്നും വേണ്ടപ്പെട്ടവൻ, അവന്റെ ശത്രുക്കൾ എനിക്കും യുദ്ധത്തിൽ പ്രതിയോഗികൾ.”

“ബാല്യം കളങ്കിതമാക്കി? രമണീയമായിരിക്കേണ്ട വിദൂരഭൂതകാലം അങ്ങനെയാണോ?” യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു. വാനപ്രസ്ഥം.

“സുന്ദരികളായിരിക്കാം കുന്തിയും മാദ്രിയും. വാൽസല്യനിധികളായ അമ്മമാരായി അനുഭവമില്ല. പൂ ചൂടി പുറത്തുപോവുന്ന കേമികളായിരുന്നു. പരുക്കൻ നിലത്തു കിടന്നു ഈ രതിസാഹസങ്ങൾ മൌനമായി പ്രോത്സാഹിപ്പിക്കുന്ന പാണ്ഡുവും എന്റെ നിഷ്കളങ്ക ബാല്യം വിഷമയമാക്കി.”

2018-05-21

“സത്യപ്രതിജ്ഞ കഴിയുമ്പോഴേക്കും തുടങ്ങിയോ നിങ്ങൾ അസത്യപ്രചാരണം? യുദ്ധം ജയിച്ച പാണ്ഡവർ അവിശുദ്ധ കൂട്ടുകെട്ടാണെന്നൊക്കെ നിങ്ങൾ ഇങ്ങനെ പുനരധിവാസ കേന്ദ്രത്തിൽ ഒച്ചവെക്കുന്നതിന്റെ യുക്തി?” കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു. നീണ്ട മുടിയും ഒട്ടിയ വയറുമായി ആ അർദ്ധനഗ്നനാണു ഹസ്തിനപുരിയുടെ മനഃസ്സാക്ഷിയെന്നു കരുതിയ കൗരവരാജവിധവകൾ ചുറ്റും നിന്നു് വിമതയുക്തിവാദിക്കു പ്രോത്സാഹനം കൊടുത്തു.

“ആ പന്ത്രണ്ടുകൊല്ലവും നിങ്ങൾ കാട്ടിൽ പോയി പാണ്ഡവരെ ഒറ്റക്കും തെറ്റക്കും കണ്ടു സംസാരിച്ചു ‘ഹസ്തിനപുരി പത്രിക’യുടെ വാണിജ്യവീഥിചുവർപതിപ്പിൽ എഴുതിയിരുന്നതൊക്കെ വായിച്ചു ഞാൻ ഇവിടെ നിരക്ഷരഭൂരിപക്ഷത്തിനു അർത്ഥവും പരമാർത്ഥവും പറഞ്ഞുകൊടുത്തതല്ലേ. പരസ്പരം ദുസ്സംശയത്തിന്റെ കരിനിഴലുകളിൽ കാണുകയും, ഒരാളുടെ അഭിപ്രായത്തെ രോഗാതുരഭാവനയോടെ പാഞ്ചാലിയോടു് ദുഷ്ടലാക്കോടെ വിവരിച്ചു കൊടുക്കുകയും ചെയ്തിരുന്നവർ ഇപ്പോൾ അധികാരത്തിനു വേണ്ടി ഉപചാരപദങ്ങളാൽ അന്യോന്യവും സദസ്സിനു മുമ്പിലും വീർപ്പുമുട്ടിക്കയും ചെയ്യുന്ന സ്ഥാനമോഹികളായി. ഞാനല്ലാതെ ആരുണ്ടു് യുദ്ധക്കെടുതിയിൽ വലയുന്ന കൗരവരാജാവിധവകളെ ഇതൊക്കെ അറിയിക്കാൻ? നിങ്ങളും കൂട്ടുകൂടിയില്ലേ ഈ കപട വേഷങ്ങളുമായി? പതിമൂന്നിനും അറുപതിനും ഇടക്കുള്ള സർവ്വ പുരുഷന്മാരും കുരുക്ഷേത്രയിൽ കൊല്ലപ്പെട്ടിട്ടും, പാണ്ഡവർ മാത്രം പതിനെട്ടുനാൾ പോരാട്ടത്തിൽ നഖത്തിനു് കൂടി പോറലേൽക്കാതെ ഒരു കായകൽപ്പചികിത്സ കഴിഞ്ഞപോലെ മിന്നിത്തിളങ്ങുന്നതു്, വരുംയുഗത്തിലും ഒരു ദുരൂഹതയെന്നു് സംശയിക്കപ്പെടും.”

പൂർത്തിയാവും മുമ്പു് നകുലന്റെ ചാരസംഘം ചാർവാകനെ കയർകുരുക്കിൽ വലിച്ചു ഒരു കഴുതപ്പുറത്തിരുത്തി നഗരി കാണിക്കലിനു് ചാട്ടവാർ വീശി.

“ഇങ്ങോട്ടു വരുമ്പോഴാണു് തടാകതീരത്തെ മരങ്ങൾക്കു താഴെ ഹസ്തിനപുരിയിലൊന്നും കണ്ടിട്ടില്ലാത്ത തരം ചുവന്ന പഴങ്ങൾ കണ്ടതു്. ഒന്നെടുത്തു കടിച്ചു നോക്കി. എത്രമേൽ ഹൃദ്യം അതിന്റെ രുചിയും മണവും. നിങ്ങൾക്കും ഇടക്കൊക്കെ കുറച്ചു പെറുക്കിക്കൊണ്ടുവന്നുകൂടെ, കൂട്ടംകൂടിയിരുന്നു സംസാരിക്കുമ്പോൾ ഓരോന്നു് വായിലേക്കെറിയാൻ? അക്ഷയപാത്രത്തിൽ നിന്നു് വാരിത്തിന്നുന്ന ധാന്യഭക്ഷണം കൊണ്ടു് തികയുമോ കായിക ക്ഷമതക്കുവേണ്ട പോഷണം? അതോ വവ്വാലുകൾ കടിച്ച പഴം തിന്നാൽ പനിവരുമെന്നു സന്യസ്ഥർ പേടിപ്പിച്ചുവോ?” കൊട്ടാരം ലേഖിക ചോദിച്ചു.

“കൂട നിറയെ പഴം കൊണ്ടുവന്നശേഷം നാലു പാണ്ഡവരും കൈകൾ എറിഞ്ഞു പറഞ്ഞു, ഇനിയില്ല പഴം പെറുക്കാൻ. കാരണം ചോദിച്ചപ്പോൾ, മണ്ണിൽ ചിതറിക്കിടക്കുന്ന ഓരോ പഴം പെറുക്കാനും ഭൂമിയോളം നിങ്ങൾ താഴണം. ഭൂമിയിൽ ആധിപത്യം സ്ഥാപിക്കാൻ അതീതശക്തികളുടെ അധികാരപ്പെടുത്തൽ കിട്ടിയ പാണ്ഡവർക്കെങ്ങനെ കഴിയും, നിവർന്നു നിൽക്കേണ്ട പാണ്ഡവർ നാലാൾ കാൺകെ കുനിഞ്ഞു നിന്നു് പെറുക്കണം ഓരോ പഴവും എന്നു് വച്ചാൽ?” വനവാസത്തിലും സ്വയം പ്രവാസി മഹാരാജാവായി അഭിനയിക്കുന്ന യുധിഷ്ഠിരൻ അക്ഷയപാത്രത്തിൽ നിന്നു് ഒരു പിടി ഭക്ഷണം വായിലേക്കെറിഞ്ഞു നിശബ്ദനായി അമുക്കാൻ തുടങ്ങി.

2018-05-22

“ഇതൊക്കെ ബാലപീഡനമല്ലേ? പതിമൂന്നു വയസ്സുള്ള കുട്ടികളെ സൈനികസേവനമെന്നു പറഞ്ഞു തൂക്കിക്കൊണ്ടുപോവുക-ചാർവാകൻ തെരുവിൽ ഉറഞ്ഞു തുള്ളുന്നതൊന്നും നിങ്ങളുടെ ചാരന്മാർ അറിയിക്കാറില്ലേ?” കൊട്ടാരം ലേഖിക കൗരവ വക്താവിനോടു് ചോദിച്ചു.

“സ്ഥിരബുദ്ധിയുണ്ടെങ്കിൽ ചാർവാകനെയും പ്രായപരിധി നോക്കാതെ സൈനികസേവനത്തിനെടുക്കാമായിരുന്നു. യുദ്ധം ചെയ്യാനല്ല, യോദ്ധാക്കളുടെ വിഴുപ്പലക്കാൻ. കൗരവ ഊട്ടുപുരയിൽ ഇടിച്ചുകയറി പൊരിച്ച കാളത്തുടകൾ കടിച്ചുമുറിക്കുന്നതു പോലെ എളുപ്പമല്ല ചുറ്റും കുന്തവും അമ്പും വീഴുമ്പോൾ ഉയിർ പോവാതെ പിടിച്ചുനിൽക്കാൻ. സൈനികർ വിദഗ്ധ തൊഴിലാളികളാണെന്നും, അവർക്കു വ്യക്തിഗതസേവനം രാവും പകലും ചെയ്യാനാണു് രാജ്യതാൽപ്പര്യത്തിൽ പിഞ്ചു കുട്ടികളെ കൈവശപ്പെടുത്തുന്നതെന്നും അറിയാവുന്നവർക്കൊന്നും അങ്കലാപ്പില്ലല്ലോ. ശത്രുപക്ഷത്തുള്ള പാണ്ഡവർ ചെയ്യുന്നതു് ചാർവാകനറിയാമോ, തട്ടിക്കൂട്ടിയ സഖ്യ സൈന്യത്തിൽ പാതിയും പോരാട്ടരംഗ പരിശീലനം നേടേണ്ട ദിവസക്കൂലി ഏഴകൾ. സ്വന്തം കുട്ടികൾക്കു് മൂന്നു നേരം ഭക്ഷണം കൊടുക്കാത്ത ചാർവാകനു് എന്തിനാണു് മറ്റു കുട്ടികളുടെ കാര്യത്തിൽ ഇത്ര ഉൽക്കണ്ഠ? മനുഷ്യജീവിതത്തിനു് മനുഷ്യൻ കൊടുക്കുന്ന അർത്ഥമല്ലേ ഉള്ളൂ എന്നല്ലേ അയാൾ പറയുന്നതു്. എങ്കിൽ പോരടിച്ചു അർഹതയുള്ളവർ യുദ്ധം അതിജീവിക്കട്ടെ. എന്നാൽ ഞങ്ങൾ ഭാവിയെ കുറിച്ചു് പ്രത്യാശാഭരിതമായാണു് ചിന്തിക്കുന്നതു്. അറിയാമോ ദുര്യോധനൻ ഇപ്പോൾ പോയിരിക്കുന്നതു് നീർത്തടാധിഷ്ഠിത വികസനത്തിലൂടെ യമുനയുടെ വീണ്ടെടുപ്പാണു്, അതെ പുനരുജ്ജീവനം-അഭിവന്ദ്യ കുടുംബനാഥ സത്യവതി വലയെറിഞ്ഞിരുന്ന പുണ്യനദി ഇപ്പോൾ അവളുടെ അസാന്നിധ്യത്തിൽ മരിക്കുകയാണു്.”

2018-05-23

“നിങ്ങൾ കയ്യോടെ പിടികൂടി കൗരവ പാളയത്തിൽ ബന്ദിയാക്കിയ യുധിഷ്ഠിരനെ ദുര്യോധനൻ പിന്നീടു് മോചിപ്പിച്ചു എന്നോ? സ്ഥിരബുദ്ധിയുള്ള ആ കൗരവനേതാവിൽ നിന്നു് പ്രതീക്ഷിക്കുമോ ഈ ബുദ്ധിമോശം? പാണ്ഡവരെ മുട്ടുകുത്തിക്കാനുള്ള വിലപേശലിനു സഹായിക്കുമായിരുന്നില്ലേ യുധിഷ്ഠിരൻ എന്ന ജാമ്യതടവുകാരൻ?” യുദ്ധഭൂമിയിൽ യോദ്ധാക്കളെ അഭിമുഖം ചെയ്തു ഓടിക്കിതച്ചെത്തിയ കൊട്ടാരം ലേഖിക കൗരവ സർവ്വസൈന്യാധിപനായ ഭീഷ്മപിതാമഹനോടു്, ഉപചാരപൂർവ്വം മുട്ടുകുത്തി കൈമുത്തി ചോദിച്ചു. പാളയജാലകത്തിലൂടെ ഈറൻ കാറ്റു് വീശിക്കൊണ്ടിരുന്ന വൈകിയ രാത്രി. നിലാവിൽ പുഴവെള്ളം മദിക്കുന്നതു് അവ്യക്തമായെങ്കിലും കാണാമായിരുന്നു.

“തടവുപുള്ളിയെ ചോദ്യം ചെയ്തതു് ഞാനല്ല ദുര്യോധനൻ മാത്രം. മറുപടി പറയാൻ കിട്ടിയ രണ്ടു നിമിഷങ്ങൾക്കുള്ളിൽ ദുര്യോധനനെ യുധിഷ്ഠിരൻ ബോധ്യപ്പെടുത്തി, ജീവനോടെ പാണ്ഡവർക്കൊപ്പം വിട്ടാൽ ദീർഘകാല കുരുവംശസംരക്ഷണം ഉറപ്പുവരുത്താമെന്നു. ‘കൗരവർ തന്നെ കുരുവംശം, കുരുവംശം തന്നെ കൗരവർ’ എന്നു് കുട്ടിക്കാലം മുതൽ നിത്യവും കൊട്ടാരഗുരു കൃപാചാര്യനിൽ നിന്നു് കേട്ടുവിശ്വസിച്ച ആ കൗരവപ്രമാണിക്കു പറ്റിയ വേറൊരമളി. സാരമില്ല, അന്ത്യദിവസത്തിനു മുമ്പു് തന്നെ അഞ്ചുപാണ്ഡവരുടെയും കഴുത്തിൽ കുന്തമിറക്കുമെന്നു നൂറു കൗരവരും അവനവന്റെ ചുടുചോരയിൽ തൊട്ടു സത്യം ചെയ്തതോടെ, ‘നേരിയ തോതിൽ’ ഓട്ടം നിലച്ചിരുന്ന മറ്റു കൗരവർക്കും കിട്ടി പാർത്ഥനു് ആദ്യദിനം സാരഥിയിൽ നിന്നു് കിട്ടിയപോലൊരു വിഷാദമുക്തി.”

“മിണ്ടിപ്പറയാൻ സാവകാശം കിട്ടിയാൽ ഉത്തരം കിട്ടേണ്ട ചോദ്യമുണ്ടു്-പൊതുവെ പാഞ്ചാലിയുടെ രാഗദ്വേഷങ്ങൾ ആദ്യത്തെ മൂന്നു് പാണ്ഡവവേഷങ്ങളോടാണു്. നിങ്ങൾ ഈ ഗർവ്വിടങ്ങളിൽ എവിടെ നിൽക്കുന്നു?” കൊട്ടാരം ലേഖിക സഹദേവനോടു് ചോദിച്ചു. വേനൽ വറ്റിച്ചുതുടങ്ങിയ ജലാശയത്തിനു ചുറ്റുമുള്ള മരക്കൂട്ടങ്ങളിൽ അവർ നടന്നു.

“ഒന്നും അവൾ വിട്ടുപറയില്ല, ആഗ്രഹങ്ങളും അഭിലാഷങ്ങളും ഒന്നും. എത്ര സൂക്ഷ്മമായി അവളുടെ കണ്ണുകൾ പിടിച്ചെടുക്കാൻ നിങ്ങൾ ശ്രമിച്ചാലും, പ്രലോഭനമോ തിരസ്കാരമോ, വാക്കുകളുടെ ഉള്ളടക്കത്തിലൊന്നും അവളുടെ യഥാർത്ഥ മാനസിക ആവിഷ്കാരമുണ്ടാവില്ല. കൈവിരൽ ചലനങ്ങളും, മുഖഭാവ പ്രകടങ്ങളും ഒരു പരിഷ്കൃത വനിത എന്ന നിലയിൽ അവൾ പ്രതികരണോപാധികളായി ഉപയോഗിക്കുന്നുണ്ടു്. കുറെയൊക്കെ നിങ്ങളും അതൊക്കെ കാണുന്നതല്ലേ. പക്ഷെ ഞങ്ങൾ അവളുടെ ഉദാത്ത പ്രണയത്തിന്റെ ഉപഭോക്താക്കളാവാൻ പാടുപെടുമ്പോൾ അവളുടെ എണ്ണിച്ചുട്ട പ്രതികരണം, നിങ്ങൾ തൊഴിൽപരമായി, പൊറുക്കന്ന പോലെ ഞങ്ങൾക്കാവില്ല. അതുകൊണ്ടവൾ എന്താണെനിക്കു് വിധിക്കുന്ന ശിക്ഷ എന്നോ? ഞാൻ അടിയറവു പറയും വരെ എന്നെ ആധിപത്യത്താലും അവഗണനയാലും, ചിലപ്പോൾ കെണിവച്ച രതി സമ്മാനങ്ങളാലും, രാപ്പകൽ പ്രകോപിപ്പിച്ചുകൊണ്ടിരിക്കും.”

2018-05-25

“ഭാര്യയുടെ കുത്തുവാക്കുകൾ പാണ്ഡവർ വിവേകപൂർവ്വം സ്വീകരിച്ചു എന്നതിനു് തെളിവല്ലേ ദാർശനിക കാഴ്ചപ്പാടിലൂടെ വൈകാരിക ആഘാതം കുറക്കാൻ ഇളമുറ സഹദേവനെപ്പോലുള്ളവർ നിങ്ങളുമായുള്ള അഭിമുഖങ്ങളിൽ എടുക്കുന്ന തർക്കിക നിലപാടു്? അസംതൃപ്ത ദാമ്പത്യത്തിന്റെ ഇരകളായ പാണ്ഡവർ കാട്ടുകുടിലിലെ അടിമജീവിതത്തിൽ സ്വവർഗ ലൈംഗികാഭിരുചിയുടെ പ്രലോഭനത്തിനു വഴങ്ങാനിടയുണ്ടു് എന്നിനിയും പാഞ്ചാലിക്കു് സംശയം തോന്നുന്നില്ലേ? ഇണകളെ ഭിന്നിപ്പിച്ചു കീഴ്പെടുത്തുന്ന ദാമ്പത്യതന്ത്രം പാഞ്ചാലി ഇനിയെങ്കിലും പുനഃപരിശോധിക്കുമോ?” പത്രാധിപരുടെ താൽക്കാലിക ചുമതല വഹിക്കുന്ന യുദ്ധകാര്യലേഖകൻ അധികാരഭാവത്തോടെ ചോദിച്ചു.

“ഗതികെട്ട പാണ്ഡവർ വിശപ്പിന്റെ വിളികേട്ടു് സ്വവർഗ്ഗ അഭിരുചിയിൽ ആകൃഷ്ടരാവുന്നതിൽ എന്തിനു ‘ഹസ്തിനപുരി പത്രിക’ സദാചാരതടസ്സം ഉന്നയിക്കണം? കായികക്ഷമതയുള്ള അഞ്ചു സുന്ദരപുരുഷന്മാർ കാനന മേഖലയിലെ ഏകാന്ത തടവിൽ മൂന്നു നേരം അക്ഷയ പാത്രഭക്ഷണം സമൃദ്ധമായി കഴിച്ചു വിശ്രമിക്കുമ്പോൾ ചുറ്റും കാണുന്ന ഉടലുകൾ ഭാവനാപരമായി ഉപയോഗിച്ചു് ശരീര ദാഹവും ശമിപ്പിക്കില്ലേ? പായിൽ കിടക്കുമ്പോഴും ഇണകളോടു് പെൺരാഷ്ട്രീയം കളിക്കുന്ന സ്വാർത്ഥ പാഞ്ചാലിക്കു് അതിലൊന്നും അശേഷം പ്രതിഷേധമില്ലെങ്കിൽ പത്രാധിപരില്ലാത്ത നേരത്തു ആ പദവിയിലിരുന്നു നിങ്ങളെന്തിനു ആശങ്ക കാണിക്കണം?” നീണ്ട ഹിമാലയ യാത്ര കഴിഞ്ഞു ‘ഹസ്തിനപുരി പത്രിക’യിൽ എത്തിയ കൊട്ടാരം ലേഖിക പുറത്തേക്കു കടക്കും മുമ്പു് അഭിമുഖങ്ങളുടെ പനയോലക്കെട്ടുകൾ യുദ്ധകാര്യലേഖകന്റെ നേരെയെറിഞ്ഞു.

“നിങ്ങൾ വാക്കു തെറ്റിച്ചല്ലോ. വഴിനീളെ അമർഷം പുകയുന്നു. ‘അരുതേ കുരുക്ഷേത്ര’ എന്ന നിലവിളി കേട്ട കൗരവർ എല്ലാ ആയുധപ്പുരകളും അത്യാധുനിക പരീക്ഷണശാലകളും കൂരമ്പുകളുടെയും കുന്തങ്ങളുടെയും സമ്പുഷ്ടീകരണശാലകളും ശാന്തിപ്രിയ സന്യസ്ഥരുടെ സാന്നിധ്യത്തിൽ നശിപ്പിച്ചപ്പോൾ, അതാ നൊണ്ടി വരുന്നു, പാണ്ഡവപാളയത്തിൽ നിന്നൊരു യുധിഷ്ഠിരമുദ്രയുള്ള അറിയിപ്പു്-കൗരവരുമായി നിശ്ചയിച്ച സമാധാനചർച്ച പാണ്ഡവർ ബഹിഷ്കരിക്കും. അതിനുള്ള കാരണമാണു് വിചിത്രം: ദുര്യോധനന്റെ ശത്രുതാനിലപാടും വിദ്വേഷമനോഭാവവും-ഇക്കാലത്തു അതൊക്കെ കുടുംബരോഗമല്ലേ എന്നാണു പൗരസമൂഹം പുച്ഛിച്ചു തള്ളുന്നതു്”

കൊട്ടാരം ലേഖിക പാണ്ഡവ വക്താവിനോടു് ചോദിച്ചു. അജ്ഞാതവാസം കഴിഞ്ഞു വിരാടറുമായി സഖ്യത്തിൽ എത്തിയ പാണ്ഡവർ, യുദ്ധമുന്നണിയൊരുക്കാൻ ഉപപ്ലാവ്യ സൈനികപാളയത്തിലായിരുന്നു.

“ആയുധപ്പുരകൾ യഥാർത്ഥത്തിൽ നശിപ്പിച്ചുവോ എന്നു് പറയേണ്ടതു് കൗരവാനുകൂല്യം പ്രതീക്ഷിക്കുന്ന സന്യസ്ഥരോ? പാണ്ഡവ സൈനികമേധാവികളോ? നശിപ്പിച്ചു എന്നുതന്നെ തർക്കത്തിൽ സമ്മതിക്കുക-ആർക്കു തടയാനാവും ഇനിയുമൊരു കള്ളച്ചൂതുകളിയുടെ തനിയാവർത്തനം? ഞങ്ങൾ പ്രലോഭനത്തിനു വഴങ്ങിക്കൊടുക്കുന്നവർ. വയ്യ ഇനിയും ഒരു വ്യാഴവട്ടക്കാല വനവാസം ഈ ജന്മത്തിൽ എന്നാണു പാണ്ഡവർ ഒറ്റശബ്ദത്തിൽ വികാരാധീനരായി പറഞ്ഞതു്.”

“കുരുക്ഷേത്ര വിധവകളുടെ സമരമുഖത്തെ സജീവമാക്കിയിരുന്ന മുന്നണിപ്പോരാളിയായിരുന്ന നിങ്ങൾ ഇപ്പോൾ കിടപ്പുരോഗിയാണെന്നു് കാണുമ്പോൾ വല്ലായ്മ തോന്നുന്നു. വിശന്നു കരയുന്ന കൊച്ചു കുട്ടികൾക്കു് അന്നം തയ്യാറാക്കാൻ പോലുമാവാതെ വിങ്ങുമ്പോഴും നിങ്ങളുടെ കണ്ണുകളിൽ ഒരു മിന്നലാട്ടമുണ്ടല്ലോ-അതെന്താണു്?” കൊട്ടാരം ലേഖിക പായിൽ ഇരുന്നു രോഗിയെ സാന്ത്വനസ്പർശം ചെയ്തു മൃദുവായി ചോദിച്ചു.

“ഞങ്ങൾ നൂറു കൗരവരാജസ്ത്രീകളെ പതിനെട്ടുനാൾ കൊണ്ടു് അനാഥവിധവകളാക്കിയ കൊടും ഭീകരൻ ഭീമനെ പിന്നിൽ നിന്നു് ഞാൻ തല വഴി കയർ കുരുക്കിട്ടു് മുറുക്കി തല മുണ്ഡനം ചെയ്തു പുള്ളികുത്തി കഴുതപ്പുറത്തു നാഗരികാണിക്കലിനു് കൊണ്ടുപോവാൻ പുതുതലമുറ കൗരവക്കുട്ടികൾക്കു വിജയാശംസ നേരുകയായിരുന്നു ഇത്രയും നേരം. പ്രിയ മിത്രമേ. എത്രയെത്ര സന്തോഷകരമായ അഭിമുഖങ്ങൾ നിങ്ങൾ ഞങ്ങളുടെ കോട്ടക്കകത്തെ അന്തഃപുരത്തിൽ ചെയ്തു കമനീയമായി ഞങ്ങളെ ഹസ്തിനപുരിക്കു് പരിചയപ്പെടുത്തിയതാണു്. ഇരിക്കൂ എന്നു് ക്ഷണിക്കാൻ ഇവിടെ ഒരു ഇരിപ്പിടം പോലും ഇല്ലല്ലോ.”

2018-05-26

“ഞങ്ങളെ മോഹിപ്പിച്ചതു് ആളുയരത്തിൽ പഞ്ചലോഹ വിഗ്രഹമെന്ന നിങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനമായിരുന്നു. ദേശരത്ന പുരസ്കാരം പുതുതലമുറ മറന്നു പോയാലും, ഹസ്തിനപുരി കൊട്ടാരത്തിന്റെ പൂമുഖത്തു പ്രതിഷ്ഠിക്കും ധീരദേശാഭിമാനിയുടെ പൂർണകായ പ്രതിമയെന്നതു് ഞങ്ങൾക്കൊരു സ്വകാര്യ അഹങ്കാരവുമായി. അതു് നിങ്ങൾ തകർത്തു. ഇതാണോ ഹസ്തിനപുരിയുടെ അഖണ്ഡതക്കു് വെല്ലുവിളിയുയർത്തിയ ഛിദ്രശക്തികൾക്കെതിരെ കുരുക്ഷേത്രയിൽ പടനയിച്ച സ്വാതന്ത്ര്യസമര മുന്നണിപ്പടയാളിക്കു പാണ്ഡവർ ഒരുക്കുന്ന ഓർമ്മബലി? ഈ കളിമൺ പ്രതിമ?”

ദുര്യോധനവിധവയുടെ ദുഖവും കോപവും കോട്ടവാതിലിനു മുമ്പിൽ തടിച്ചുകൂടിയ പൊതുസമൂഹത്തെ സാക്ഷികളാക്കിയായിരുന്നു.

“കളിമൺപ്രതിമക്കെന്താണു് കുഴപ്പം? യുദ്ധത്തിൽ നിന്നു് ഒളിച്ചോടി നീർക്കെട്ടിൽ മുങ്ങിക്കിടന്ന ആ ഭീരുവിനെ തിരഞ്ഞു ഞങ്ങൾ പാണ്ഡവരും പാഞ്ചാലിയും ഒത്തിരി അലഞ്ഞശേഷമാണു്, പതുങ്ങിയിറങ്ങി ചെന്നവന്റെ മുടിക്കെട്ടിൽ വലിച്ചു ഞാൻ കരയിൽ കയറ്റി കശാപ്പു ചെയ്തതു്. അമ്മാ അമ്മാ എന്നാണവനപ്പോൾ വിലപിച്ചതു്. അവനു പ്രതിമ കളിമൺ മതി. അതു് പ്രതിഷ്ഠിക്കുക ഈ കോട്ടക്കകത്തല്ല നിങ്ങളുടെ വെളിയിടവിസർജ്ജനഭൂമിയിൽ. വിധാതാവു് അവനു അനുവദിച്ച ഇടം അതു്”, കൈവീശി ആൾക്കൂട്ടത്തെ ഭീമൻ ആട്ടി ഓടിച്ചു.

“വിരൽ സ്വയം മുറിച്ചു നിങ്ങൾ ഗുരുദക്ഷിണയായി കൊടുത്തു എന്നോ? അതോ, ഗുരു നിങ്ങളിൽ നിന്നു് ബലം പ്രയോഗിച്ചു വിരൽ കടിച്ചു മുറിച്ചെടുത്തു എന്നോ? ദ്രോണരിൽ നിന്നു് സൈനിക വിദ്യാഭ്യാസം സൗജന്യമെന്നു നിങ്ങൾ ധരിച്ചുവോ? അതോ, ഒളിഞ്ഞിരുന്നു ചുളുവിൽ പഠിച്ചാൽ ഗുരു കണ്ടു പിടിക്കില്ലെന്നു് കരുതിയോ? സത്യം എന്നോടു് തുറന്നു പറഞ്ഞതിനു് ഈ വെള്ളി നാണയം പ്രതിഫലമായി ഇരിക്കട്ടെ, ‘ശിഷ്യന്റെ തള്ളവിരൽ വെട്ടിയെടുത്തു ചവച്ചു തിന്നു വിശപ്പടക്കുന്ന ബ്രാഹ്മണ സൈനിക പരിശീലകർ കുരുവംശത്തിൽ’ എന്ന ഒരു ലേഖനത്തിനു് വഴിയുണ്ടോ എന്നു് ഞാൻ പത്രാധിപരുമായി ആലോചിച്ചു നോക്കാം, അത്തരം വിചിത്ര സംഭാവമായാലേ വ്യാസൻ മഹാഭാരത ഇതിഹാസത്തിൽ ഈ കഥ തുന്നിച്ചേർക്കാൻ തുനിയൂ.”

വിരലില്ലാത്ത നിഷാദയുവാവിനോടു് വില പേശുന്ന പോലെ യുദ്ധകാര്യ ലേഖകൻ സംസാരിക്കുന്നതു് കൊട്ടാരം ലേഖിക ദൂരെ നിന്നു് നോക്കി.

2018-05-28

“നിങ്ങളപ്പോൾ ദുര്യോധനവിധവയുടെ പക്ഷം ചേർന്നോ? നൂറു കൗരവവധങ്ങളും നേരിൽ കണ്ട കുരുക്ഷേത്രകഥ ആദ്യം വായനക്കാരിലേക്കെ ത്തിക്കുമെന്നു വാശി പിടിച്ച നിങ്ങൾ ഇനി പാണ്ഡവഭരണകൂടത്തിന്റെ പ്രഖ്യാപിതശത്രുവിനു പിന്തുണ നൽകും?” തക്ഷശിലയിൽ സഹപാഠിയും ഹസ്തിനപുരി പത്രികയിൽ സഹപ്രവർത്തകനും ഒഴിവുസമയ കൂട്ടുകാരനുമായ യുദ്ധകാര്യലേഖകനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“തൊഴിൽ പിടിച്ചുനിർത്തണ്ടേ? നീ രാജതന്ത്രം പഠിച്ചപ്പോൾ ഞാൻ യുദ്ധതന്ത്രം തിരഞ്ഞെടുത്തതാണെന്റെ നോട്ടപ്പിഴ. അന്തഃപുരത്തിലും ഊട്ടുപുരയിലും രാജസഭയിലും നിയന്ത്രണമില്ലാതെ നീ കയറിച്ചെന്നു എരിവും പുളിയുമുള്ള വാർത്ത നിത്യവും മെനഞ്ഞപ്പോൾ, യുദ്ധമില്ലാത്ത കുരുക്ഷേത്രപൂർവ്വ കാലത്തു ചുവരെഴുത്തിൽ വന്ന വാർത്തകൾക്കു് പനയോലപ്പതിപ്പുകൾ മെനയേണ്ട ഗതികേടിലായി ഞാൻ. കുരുക്ഷേത്രം-ആ പതിനെട്ടു നാളുകൾ തന്ന ഊർജ്ജം എനിക്കു് മറക്കാനാവില്ലെങ്കിലും ഇപ്പോൾ ചെങ്കോൽ പിടിച്ച പാണ്ഡവഭരണ കൂടത്തിന്റെ ആദ്യ തീരുമാനം എന്നെ ഞെട്ടിപ്പിച്ചു. പ്രതിരോധ മന്ത്രാലയം അടച്ചുപൂട്ടും. ഇനി എന്തു് ചെയ്യണം എന്ന അസ്തിത്വഭീതി എന്നെ പാണ്ഡവവിരുദ്ധസഖ്യങ്ങളിൽ ചേക്കേറാൻ പ്രേരിപ്പിച്ചു എന്നതൊരു വസ്തുത മാത്രം. ഇന്നു് ഹസ്തിനപുരിയിൽ നിന്നെ പോലുള്ള പരദൂഷണപത്രപ്രവർത്തർക്കു പാഞ്ചാലിയുൾപ്പെടെ ആരെയും വാതുറന്നു അവഹേളിക്കാൻ സ്വാതന്ത്ര്യമുണ്ടു്. കുലീനസദസ്സുകളിൽ മതിപ്പുണ്ടു്. അതുകൊണ്ടു് നകുലന്റെ ചാരന്മാർ തൂക്കി വലിച്ചു ഇരുട്ടറയിൽ മരിക്കാൻ വിടുമെന്ന ഭീതി വേണ്ട. എന്റെ തൊഴിൽകുഴപ്പം ‘യുദ്ധമില്ലാത്ത ലോകം’ എന്ന അവസ്ഥയാണു്. അപ്പോഴാണു് ഞാൻ ദുര്യോധനവിധവയെ കണ്ടു കാര്യം അവതരിപ്പിച്ചതു്. നിലവിലുള്ള പാണ്ഡവദുർഭരണകൂടത്തെയും ‘ഹസ്തിനപുരിരാഷ്ടം’ എന്ന കാലാതിവർത്തിയായ സത്യത്തെയും രണ്ടായി കാണാൻ. കലിംഗദേശക്കാരിയായ ആ മഹതിക്കതു് ബോധിച്ചു. അങ്ങനെ അഭിവന്ദ്യദുര്യോധനവിധവയുടെ നേതൃത്വത്തിൽ പാണ്ഡവവിരുദ്ധശക്തികളുടെ സർവകക്ഷിരഹസ്യസമ്മേളനത്തിൽ രാജ്യതന്ത്രജ്ഞ പുരസ്കാരം തന്നു അവരുടെ കൂടെ ചേരാൻ സ്വാഗതം ചെയ്തപ്പോൾ ഞാൻ പറഞ്ഞു, നാലതിർത്തിക്കപ്പുറങ്ങളിൽ നിന്നു് ആക്രമണസാധ്യത ഇല്ലെങ്കിൽ, അലസരാവരുതു് ആഭ്യന്തരകലാപത്തിനു് വഴിമരുന്നിടണം. ശുചിമുറി, വെള്ളം, ധാന്യം എന്നിങ്ങനെയുള്ള നിത്യജീവിതദുരിതങ്ങൾ ഉയർത്തിപ്പിടിക്കുമ്പോൾ തന്നെ ഹസ്തിനപുരിരാഷ്ട്രം അധാർമികപാണ്ഡവരിൽ നിന്നു് നേരിടുന്ന അപചയം ചൂണ്ടിക്കാട്ടി കർഷകരെ കലാപത്തിലേക്കു് നയിക്കാൻ, വഴിയമ്പലങ്ങളും കുതിരപ്പന്തികളും രഹസ്യവിവരവിനിമയത്തിനു നിത്യവും ഉപയോഗിക്കണം. കുന്തി, പാണ്ഡു, മാദ്രി, മഹാറാണി പാഞ്ചാലി എന്നിവരെ ഇരകളാക്കി കേട്ടാൽ ചെവിപൊത്തുന്ന തരത്തിൽ ലൈംഗികാപവാദങ്ങൾ പൊതു ഇടങ്ങളിൽ പ്രചരിപ്പിക്കണം. പ്രിയപ്പെട്ടവളേ, നീയും കൂടെ പോരുന്നോ? നേരിട്ടല്ല, ചാരയായി? നിലവിൽ നിനക്കുള്ള കൊട്ടാരസൗജന്യങ്ങൾ തുടരാം, ഭാവിയിൽ ദുര്യോധനവിധവ അധികാരം പിടിച്ചാൽ, രഹസ്യാന്വേഷണ മന്ത്രാലയത്തിന്റെ മേധാവിയായി വനിത എന്ന വിശ്വപ്രശസ്തിയും?”

“നിങ്ങൾ ശിൽപ്പി ആളു കൊള്ളാമല്ലോ. ധീരദേശാഭിമാനി ദുര്യോധനന്റെ പൂർണകായ പ്രതിമ ഹസ്തിനപുരി കൊട്ടാരത്തിൽ ഒരു നോക്കു് ഞാൻ ഇന്നലെ കണ്ടു. ഒരു വശത്തുനിന്നും നോക്കിയാൽ ഭീമന്റെ നിഷ്കളങ്ക മുഖം, മറുവശത്തുനിന്നു നോക്കിയാൽ യുധിഷ്ഠിരന്റെ കാപട്യ മുഖം. എങ്ങനെ ഇതൊക്കെ നിങ്ങൾക്കായി?” കൊച്ചുകുടിലിനു മുമ്പിലുള്ള പണിപ്പുരയിൽ വിഷണ്ണനായിരിക്കുന്ന യുവാവിനെ ഉച്ചയോടെ കൊട്ടാരം ലേഖിക തിരഞ്ഞുപിടിച്ചു കണ്ടെത്തി.

“ആരുടെ പ്രതിമ എന്നു് കൊട്ടാരത്തിനോടു് ചേർന്ന ആളൊഴിഞ്ഞ രാജവസതിയിൽ രഹസ്യമായി പ്രതിമ പൂർത്തിയാക്കാൻ കൊണ്ടുപോയ, തടിച്ച ശരീരവും കുഞ്ഞിന്റെ മുഖവുമുള്ള മന്ദബുദ്ധിയെന്നു തോന്നിയ ആൾ എന്നോടു് പറഞ്ഞില്ല. കുറച്ചു കഴിഞ്ഞു പ്രായം ചെന്ന ഒരു നാട്യക്കാരൻ വന്നു എന്നെ കുറച്ചുനേരം സൂക്ഷിച്ചു നോക്കി ഒന്നും മിണ്ടാതെ പോയി. ഞാൻ പ്രതിമ പൂർത്തിയാക്കി, മിനുക്കുപണിക്കു വേണ്ടിവന്നാൽ ആളെ വിട്ടു വിളിച്ചാൽ ഉടൻ വരാമെന്നു പറഞ്ഞു ഇവിടെ തിരിച്ചെത്തി പ്രതിഫലം കൊണ്ടു് നാൽക്കാലികളെ വാങ്ങി പുതു കൃഷിജീവിതം തുടങ്ങി. ഈയിടെ അടുത്തുള്ള കുതിരപ്പന്തിയിൽ ക്ഷീരോൽപ്പന്നങ്ങൾ വിൽക്കാൻ പോയപ്പോളാണു് വിവരം അറിയുന്നതു് ദുര്യോധനന്റെ ജ്വലിക്കുന്ന ഓർമ്മയാവാൻ കൗരവരാജവധുക്കൾ പ്രതിഷേധസമരത്തിലൂടെ നേടിയെടുത്ത പ്രതിമക്കു, പക്ഷെ, യുധിഷ്ഠിരന്റെയും ഭീമന്റെയും രൂപസാദൃശ്യമാണു്. നിങ്ങൾ പത്രപ്രവർത്തകരെ പോലെ അല്ല ഞങ്ങൾ. നിങ്ങൾക്കു് കൗരവർ പാണ്ഡവർ ഇവരെയൊക്കെ കണ്ടും മിണ്ടിയയും അടുത്തറിയും. എനിക്കറിയുന്നതു പ്രകൃതി തന്ന കരവിരുതു് മാത്രം. രണ്ടു കുട്ടികളും ഭാര്യയും അമ്മയുമുള്ള ദരിദ്രനാണു് ഞാൻ. എന്റെ കഴുത്തിൽ രാജാവിന്റെ വാൾ വീണാലും അനാഥവിധവകളുടെ ശാപവാക്കുകൾ വീഴരുതേ.”

വിതുമ്പിക്കൊണ്ടു് ശില്പി ഏങ്ങലടിച്ചു. രണ്ടു പകച്ച കുട്ടികൾ കൊട്ടാരം ലേഖികയെ തുറിച്ചു നോക്കി.

“രക്തരഹിതപീഡനത്തിനു് പറ്റിയ എളുപ്പവഴി യൊന്നും ഗുരുകാരണവന്മാർ പറഞ്ഞു തന്നില്ലേ?”

പാഞ്ചാലീവസ്ത്രാക്ഷേപം നടത്തിയ ക്രൂരകൗരവരെ, പോരാട്ടഭൂമിയിലെ ഏറ്റുമുട്ടലിൽ തകർന്ന നെഞ്ചിൽ നിന്നു് കൈക്കുമ്പിൾ ചുടുചോര കോരി, കൊന്നു കൊലവിളിക്കേണ്ടി വന്ന ഭീമനെ, കൊട്ടാരം ലേഖിക പാണ്ഡവ പാളയത്തിൽ സമീപിച്ചു. ഇരകളുടെ വെട്ടും കുത്തുമേറ്റ് വശം കെട്ട ഭീമമേനിയിൽ ഒരു ഭിന്നലിംഗ പാറാവുകാരൻ തൈലം പുരട്ടി ക്കൊണ്ടിരുന്നു. കെടാറായ പന്തം പുകഞ്ഞു കത്തി. അവൾക്കു ശ്വാസം മുട്ടി.

“അന്നേ പാഞ്ചാലിയോടു് ഞാൻ മറ്റു പാണ്ഡവരുടെ സാന്നിധ്യത്തിൽ പറഞ്ഞതാണു്, നൂറു കൗരവരെയും യുദ്ധത്തടവുകാരായി പിടിച്ചു തുണിയുരിച്ചു് മലർത്തിക്കിടത്തി, നീ നേർസാക്ഷിയായി, ഓരോ കൗരവനെയും വരിയുടച്ചു് ഒന്നൊന്നായി മധുര പ്രതികാരം ചെയ്യാമെന്നു്. പക്ഷെ അവൾ കുപിതയായി എന്നെ താക്കീതു് ചെയ്തു: എന്റെ ആരാധകരായിരുന്നവരെ ധർമ്മയുദ്ധത്തിൽ കൊല്ലുന്നെങ്കിൽ നിങ്ങൾ ഗദാപ്രഹരത്താൽ തലയിലടിച്ചു വേണമെങ്കിൽ കൊല്ലൂ, പക്ഷെ അവരുടെ പുരുഷത്വം നിങ്ങൾ മാനിക്കൂ.”

“നവവധുവായി വന്നു്, ഹസ്തിനപുരിയിക്കും ഇന്ദ്രപ്രസ്ഥത്തിനും ഇടക്കുള്ള ചുരുങ്ങിയ കാലയളവിൽ പരിചയപ്പെട്ട നൂറു കൌരവരേയും നിങ്ങൾ പേർ പറഞ്ഞു അതിഥിമന്ദിരത്തിലെ സ്വീകരണമുറിയിലേക്കു ഊഷ്മളമായി സ്വാഗതം ചെയ്തിരുന്നു എന്നാണു അക്കാലത്തെ സ്ത്രീ പരിചാരകർ പറയുന്നതു്. കൊള്ളാം, പെറ്റ തള്ള ഗാന്ധാരിക്കു് പോലും ആവുമോ, ആ നൂറു മക്കളെ മക്കളെ തെറ്റാതെ പേർ വിളിക്കാൻ?”

കൊട്ടാരം ലേഖിക പാഞ്ചാലിയെ മുട്ടുകുത്തി കൈമുത്തി.

“കീറത്തുണി കൊണ്ടു് കണ്ണു് കെട്ടി സ്വയം കാഴ്ച നിഷേധിച്ചു മനഃപൂർവ്വം മക്കളെ കാണണ്ട എന്നു് വച്ച ഗാന്ധാരിയെ പോലെയാണോ പ്രവർത്തനക്ഷമമായ പഞ്ചേന്ദ്രിയങ്ങൾ ഉള്ള ഒരു പ്രണയിനി?”

2018-05-29

“ചക്രവ്യൂഹത്തിൽ പ്രവേശിക്കാൻ അനുമതി കിട്ടിയ ഏക വനിത ഞാനായിരുന്നു. ഹസ്തിനപുരിയിലെ ധൃതരാഷ്ട്രവസതിയിൽ ഇരുന്നു പോരാട്ടം നിങ്ങൾ നേരിൽ കണ്ടു എന്ന അവകാശവാദം, ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്നാരും ഇക്കാലത്തു ചോദിക്കാത്തതു് പോലെ, ഞാനും വിടുന്നു. ചോദ്യം ഇതാണു്: എങ്ങനെയാണു് അഭിമന്യുവിന്റെ മരണവാർത്ത നിങ്ങൾ അന്ധരാജാവിനെ അറിയിച്ചതു്?”

കൊട്ടാരം ലേഖിക ധൃതരാഷ്ട്ര ഭൃത്യനായ സഞ്ജയനോടു് ചോദിച്ചു.

“കൗരവഊട്ടുപുരയിൽ മൂന്നു നേരം തിന്ന ‘ഉപ്പിനു നന്ദി കാണിക്കാത്ത’ സൂതൻ എന്നു് നാളെ ഞാൻ ആരോപണം നേരിടേണ്ടി വന്നാലും, ഇപ്പോൾ ഏറ്റുപറയട്ടെ, ആ കൗമാരപോരാളി കൗരവാക്രമണത്തിൽ പൂപോലെ ഞെരിയുന്നതു ഞാൻ ധൃതരാഷ്ട്രരെ വിതുമ്പിക്കൊണ്ടറിയിച്ചപ്പോൾ ‘ബലേ ഭേഷു്, എന്നു് പറഞ്ഞു സിംഹാസനത്തിൽ നിന്നു് ചാടിയെണീറ്റു തുടങ്ങിയ ‘ഇളകിയാട്ടം’ നിലക്കാൻ വിദുരർ നേരിട്ടു് ഇടപെടേണ്ടിവന്നു. അവസാനം കർണ്ണൻ അഭിമന്യുവിന്റെ ഇടനെഞ്ചിലേക്കു വാൾ കയറ്റിയപ്പോൾ, “ശവത്തിൽ കുത്താതെടാ തന്തക്കു പിറക്കാത്തവനേ” എന്നു് ഞാൻ സ്വയമറിയാതെ വിങ്ങിപ്പൊട്ടി വീട്ടിലേക്കു പോയി.”

“കുറ്റവാളികൾ ഹസ്തിനപുരിയിൽ പെരുകിയോ? എപ്പോൾ കണ്ടാലും ക്രമസമാധാന ചുമതല വഹിക്കുന്ന ഭീമന്റെ പരാതി: ഇനിയും വിലങ്ങുകൾ വേണം” കൊട്ടാരം ലേഖിക ചാരമേധാവിയോടു് ആഭ്യന്തരസുരക്ഷയുടെ അധികച്ചുമതല ഏറ്റെടുത്ത ഭീമനെ കുറിച്ചു് പരാതിയുടെ സ്വരത്തിൽ ചോദിച്ചു.

“ആറു വിലങ്ങുകളാണു് ദുര്യോധനന്റെ കാര്യാലയത്തിൽ ഞങ്ങൾ ആകെ കണ്ടതു്. ഇന്നു് സ്ഥിതി അതാണോ? നിത്യവും കോട്ടവാതിലിനു മുമ്പിൽ കാണാറില്ലേ കുരുക്ഷേത്രവിധവകളുടെ പ്രക്ഷോഭം അക്രമാസക്തമാവുന്നതു്? ഒന്നും ഞാൻ വിസ്തരിക്കേണ്ടല്ലോ നിങ്ങൾ സാക്ഷിയല്ലേ. കാരാഗൃഹത്തിൽ എത്തിക്കും മുമ്പു് പ്രക്ഷോഭകാരികളെ കൂച്ചുവിലങ്ങിടേണ്ടേ? അരയിൽ കയറുകെട്ടി കൗരവവിധവകളെ വലിക്കാമോ? കള്ളച്ചൂതിൽ പൗരാവകാശം നഷ്ടപ്പെട്ടപ്പോൾ ഞങ്ങൾ ആറുപേരെ കൗരവർ അങ്ങനെ ചെയ്തു എങ്കിലും ഞങ്ങൾ അതു് കൗരവവിധവകളോടു് ചെയ്യാമോ? ഇപ്പോൾ ഉള്ള ആറു വിലങ്ങുകൾ മുറുക്കാൻ ശ്രമിച്ചാൽ കാണാം അഴിയുന്നതു്. ഭക്ഷ്യ ക്ഷാമം കാരണം മെലിഞ്ഞ കൈത്തണ്ടയുള്ള കൗരവ വിധവകൾക്കു എളുപ്പം ഊരിയെടുത്തു ഓടി രക്ഷപ്പെടാൻ കഴിയുന്ന വിലങ്ങുകളും കൊണ്ടു് ഇനി ഞങ്ങൾ നടക്കുന്നതു് നാണക്കേടല്ലേ. ഇതു് നാം മാറ്റണം. കൗരവസ്ത്രീകളുടെ കൈത്തണ്ടയിൽ മുറിവുണ്ടാക്കാത്തതും, ഭാരം കുറഞ്ഞതും, സ്വർണവളയുടെ നിറമുള്ളതും, ഇരുവശത്തും പൂട്ടിടാവുന്നതുമായ നവതലമുറ വിലങ്ങുകൾക്കു വേണ്ടി ഭീമൻ കർത്തവ്യബോധത്തോടെ ഓടിനടക്കു മ്പോൾ നിങ്ങൾ അതൊരു പരിഹാസവിഷയമാക്കുന്നതു രാജ്യദ്രോഹത്തിനു സമമല്ലേ? യുദ്ധാനന്തര യുധിഷ്ഠിരഭരണകൂടത്തെ പ്രതിരോധത്തിലാക്കുന്ന വിധം ക്രമസമാധാനപ്രശ്നം നിങ്ങൾ വക്രീകരിച്ചാൽ, കോട്ടക്കകത്തെ സൗജന്യവസതിയും ഊട്ടുപുരയിൽ സമൃദ്ധഭക്ഷണവും പുനഃപരിഗണനക്കു വിധേയമാകുമേ.”

2018-05-30

“മത്സരം ജയിച്ച അർജ്ജുനൻ ഭർത്താവായപ്പോൾ നിങ്ങളുടെ കണ്ണുകളിൽ മിന്നിയ പ്രണയോർജ്ജം ഞാൻ ഓർക്കുന്നു. പിന്നെ എപ്പോഴാണു് അയാളുടെ പേർ പറയുമ്പോഴേക്കും നിങ്ങൾ മുഖം തിരിക്കാൻ തുടങ്ങിയതു്? യുധിഷ്ഠിരന്റെ ഭാര്യ എന്ന നിലയിൽ രാജസൂയ യാഗത്തിൽ പങ്കാളിയായാൽ മാത്രമേ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയാവൂ എന്ന ആചാര വിധിയിൽ കുടുങ്ങിയപ്പോൾ, പ്രിയപ്പെട്ടവനെ നിങ്ങൾ സ്വാർത്ഥതയുടെ പേരിൽ പാർശ്വവൽക്കരിച്ചുവോ?”

കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. അന്തഃപുര ജാലകത്തിലൂടെ കാണാമായിരുന്നു, കാലവർഷത്തിന്റെ കുത്തൊഴുക്കിൽ പെട്ട യമുനയുടെ തീരത്തെ വൻമരക്കൂട്ടങ്ങൾ.

“ഊഴം വച്ചു് ബീജദാനത്തിനായി അവനെന്റെ കൂടെ കിടന്ന കുറച്ചു ദിവസങ്ങളിൽ ഒന്നു് ഞാൻ ഈർഷ്യയോടെ ശ്രദ്ധിച്ചു, നവവധുവായിരിക്കുമ്പോൾ എനിക്കു തന്നിരുന്ന കേശാദിപാദപരിലാളന ഇപ്പോൾ തരുന്നില്ല. പകരം, ശബ്ദത്തിൽ പക. മറ്റുനാലു പാണ്ഡവരിൽ നിന്നെന്ന പോലെ പ്രത്യേക പരിഗണനയൊന്നു മില്ലാതെയാണു് ഞാനവനിൽ നിന്നും ബീജസംഭരണം ചെയ്യുന്നതെന്ന അറിവാണവനെ അവശനാക്കിയതെന്നുണ്ടോ? ദാമ്പത്യവഞ്ചനയാണു് ബഹുഭർത്തൃത്വം എന്നവൻ മുനവച്ചു സൂചിപ്പിച്ചപ്പോൾ, ശരിക്കും കുന്തിയുടെ കുബുദ്ധിയല്ലേ അതെന്നു ഞാൻ തിരിച്ചടിച്ചു. ഇണ ചേരുമ്പോഴും നീ അമ്മയെ വലിച്ചിഴക്കുന്നോ എന്നു് പ്രതിഷേധിച്ചു കിടപ്പറയുടെ ഇരുട്ടിൽ എനിക്കെതിരെ വെളിച്ചപ്പെടാൻ തുടങ്ങി. എന്റെ നാവിൽ നിന്നു് എന്തൊക്കെ പുറത്തുവന്നു എന്നറിയാൻ സ്വനഗ്രാഹിയന്ത്രമൊന്നും ഇല്ലാത്തതു കൊണ്ടു് ഓർമ്മയെ മാത്രം ആശ്രയിക്കണം. അവന്റെ പുരുഷത്വത്തെ ഞാൻ പരിഹസിച്ചു എന്നാണോർമ്മ. നിന്നെക്കാൾ സ്പർശനമികവോടെ എന്നോടു് കിന്നരിക്കാൻ ഇളമുറ മാദ്രിമക്കൾ നകുലനും സഹദേവനും ഉണ്ടെന്ന തിരിച്ചടിയിൽ അവന്റെ പുരുഷത്വം തകർന്നു എന്നു് വ്യക്തം. അവൻ പിന്നെ ഊഴമനുസരിച്ചുള്ള പ്രത്യുൽപ്പാദനരതിയിൽ കാലാവധി പ്രയോജനപ്പെടുത്താതെ, ഒരു പുരുഷനു് ഭാര്യയോടു് ചെയ്യാവുന്ന ഏറ്റവും ഹീനമായ പ്രതികാരത്തിനു് വേണ്ടി പടിയിറങ്ങി, പിന്നെ കേട്ടതു് പടിഞ്ഞാറൻ കടലോര നഗരമായ ദ്വാരകയിൽ സുഭദ്രയെന്നൊരു വധുവിനെ തരപ്പെടുത്തി എന്നാണു്. അറിഞ്ഞു എന്നു് ഞാൻ അന്നു് നടിച്ചില്ല ഇന്നും നടിക്കുന്നില്ല. അന്തഃപുര വിഴുപ്പുകെട്ടു ചുമന്നു വശം കെട്ടു എങ്കിൽ, പനയോലക്കെട്ടുകൾ മാറ്റി മണ്ണിളക്കികൾ പിടിക്കൂ ഇന്നു് പകൽ മുഴുവൻ യമുനയുടെ തീരത്തു ഗർഭകാലശുശ്രൂഷക്കുള്ള പച്ചിലമരുന്നു ചെടികളുടെ മഴക്കാല പരിചരണമാണു്.

“ദശാബ്ദങ്ങളോളം നിങ്ങൾക്കു് കൂട്ടുകാരായിരുന്ന പാണ്ഡവർ നിങ്ങളെ തിരിഞ്ഞുനോക്കാതെ അവരുടെ ഭാഗദേയം തേടി കാൽ മുന്നോട്ടു വെക്കുമ്പോൾ, അവർ നിങ്ങൾക്കിക്കാലവും എന്തായിരുന്നു എന്നാണു ഞാൻ വരുംകാല വായനക്കാരോടു് പറയേണ്ടതു്?”

മണ്ണിൽ കുഴഞ്ഞുവീണപാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു. കയ്യിലിരുന്ന മൺപാത്രത്തിൽ നിന്നവൾ ശുദ്ധജലം തുള്ളിതുള്ളിയായി പാഞ്ചാലിയുടെ നെറ്റിയിൽ വീഴ്ത്തി. സന്ധ്യാദീപ്തി ഈറൻ മുഖത്തു് തെളിഞ്ഞു. ഒരു വിലാപം പോലെ, ആ ഹിമാലയ താഴ്‌വരയിൽ ഇളംകാറ്റു വീശി. ചുറ്റും ഭീതിതമായ നിശ്ശബ്ദത നിറഞ്ഞിരുന്നു. പാണ്ഡവർ മലയിടുക്കിൽ മറഞ്ഞു. സന്ധ്യ കനക്കുകയാണു്.

“അവർക്കിഷ്ടപ്പെട്ട എന്റെ ശരീരഭാഗങ്ങൾ അവരെന്നും മത്സരിച്ചു ഓമനിച്ചു അവർക്കു് വേണ്ടാതിരുന്ന എന്റെ മനസ്സു് ഇവിടെ എന്നെന്നേക്കുമായി പ്രകൃതിയിൽ അവസാനിക്കട്ടെ. എന്നിൽനിന്നു് കേട്ടതും കണ്ടറിഞ്ഞതും നീ ഹസ്തിനപുരിയെ അറിയിക്കുക.”

കൊട്ടാരം ലേഖികയുടെ കൈ പിടിച്ചു പാഞ്ചാലി കണ്ണടച്ചു.

2018-06-01

“വിവാഹസ്മരണക.ൾ പങ്കിടാൻ പറയുമ്പോൾ നിങ്ങൾ മുഖം കറുപ്പിക്കുന്നതെന്തിനാണു്?” പാഞ്ചാലിയുടെ ജഢം ആവുന്നത്ര കുഴി തോണ്ടി മറവുചെയ്തു കുളിച്ചു പാണ്ഡവരെ വിടാതെ പിന്തുടർന്നെത്തിയ കൊട്ടാരം ലേഖിക, വഴിയിൽ വിശ്രമിക്കുകയായിരുന്ന ഭീമനോടു് ചോദിച്ചു.

“വിപൽസൂചകമായിരുന്നു ആ വിവാഹം. എന്നിട്ടും വധുവിന്റെ ഭംഗി കണ്ടു ഞങ്ങൾ അവളെ സ്വന്തമാക്കാൻ രഹസ്യമായി കൊതിച്ചു എന്നതാണു് ആദ്യദുരന്തം. അവളെ പങ്കിടാൻ കുന്തി നിർദ്ദേശിച്ചതായിരുന്നു രണ്ടാമത്തെ ദുരന്തം. ആണുങ്ങൾ അഞ്ചുപേരും പാഞ്ചാലിയെ ഊഴം കാത്തു കിടപ്പറക്കു വെളിയിൽ ഒറ്റക്കാലിൽ നിൽക്കണമെന്നവൾ നടപടിക്രമം ഉണ്ടാക്കിയപ്പോൾ അപമാനമാണിതെന്നു പറയാൻ പാണ്ഡവരിൽ ആരും മുതിർന്നില്ല. കൗരവരുമൊത്തു ഞങ്ങൾ ചൂതാടുമ്പോൾ ‘ഞാൻ രജസ്വല എന്നാൽ ഞാൻ അല്പവസ്ത്ര’ എന്നു് നിർല്ലജ്ജം പ്രഖ്യാപിച്ചു കൊണ്ടു് കൗരവചൂതാട്ടസഭയിൽ അനധികൃതമായി ഇടിച്ചുകയറി, ദുര്യോധനന്റെ പ്രലോഭനത്തിനു വഴങ്ങി നഗ്നതുടയിൽ കയറിയിരിക്കാൻ മുതിർന്ന പാഞ്ചാലി പിന്നീടു്, ഞങ്ങളുടെ അടിമജീവിതത്തിൽ, കൗരവചാരയായി പന്ത്രണ്ടുവർഷ വനപർവ്വത്തിൽ മാനസികപീഡനത്താൽ ഞങ്ങൾക്കു് നിത്യോപദ്രവ പീഢകയായി എന്നതാണു് പാണ്ഡവസഹോദരർക്കേറ്റ കൊടും മാനസികയാതന. അവൾ സ്വന്തം പാപഭാരത്താൽ വഴിനടക്കുമ്പോൾ കുഴഞ്ഞുവീണു മരിച്ചു എന്നതാണു് മുകളിലൊരു ന്യായാധിപനുണ്ടെന്നതിന്റെ ദൃഷ്ടാന്തം. ഇനി ഞങ്ങളെ വെറുതെ വിടൂ. ഞങ്ങൾ ഈ ഭൂമിയുമായുള്ള ബന്ധം വിച്ഛേദിക്കട്ടെ.”

അപമാനബോധത്താൽ ഭീമൻ മുഖം പൊത്തി. മറ്റുനാലു പാണ്ഡവർ അവരിൽ നിന്നു് ദൂരം പാലിച്ചു.

2018-06-02

ഒമ്പതു് ദിവസം നിങ്ങൾ വിടാതെ അമ്പെയ്തിട്ടും, ഒരു പാണ്ഡവതല പോലും വീണില്ല എന്ന ആരോപണവുമായി ദുര്യോധനൻ, ആളും തരവും നോക്കാതെ പാളയത്തിൽ ഇടിച്ചു കയറി ഒച്ചവെച്ചു ഇപ്പോഴും ശല്യം ചെയ്യുന്നുണ്ടല്ലോ. ചെന്നു് കണ്ടു ആശ്വസിപ്പിക്കേണ്ടേ?” കൗരവ സർവ്വസൈന്യാധിപനായ ഭീഷ്മരോടു് യുദ്ധകാര്യ ലേഖകൻ ചോദിച്ചു.

ഇരുണ്ട നദീതീരത്തെ ആളും തിരക്കും കുറഞ്ഞിരുന്നു. വടക്കൻ മലകളിൽ നിന്നു് തണുത്ത കാറ്റു് വീശുന്ന കാലം.

“ദരിദ്ര ബന്ധുക്കൾ എന്ന നിലയിൽ മാത്രമേ കൌരവർ സ്വത്തുതർക്കത്തിൽ പാണ്ഡവരെ കണ്ടിരുന്നുള്ളൂ. ഇപ്പോൾ കുരുക്ഷേത്രയിൽ കാണുന്നതു്, ക്രൂരബന്ധുക്കൾ എന്ന, നമുക്കിതുവരെ ബോധ്യം വരാത്ത, പുതു പാണ്ഡവ പ്രതിച്ഛായയാണു്.” അപമാനഭാരത്തോടെ പിതാമഹൻ യമുനയിലേക്കു് ചാടി.

2018-06-03

“കുരുക്ഷേത്രയിൽ, നിങ്ങളുടെ അസാന്നിധ്യത്തിൽ, യുധിഷ്ഠിരൻ അഭിമന്യുവിനെ ചക്രവ്യൂഹത്തിലേക്കു പിരികയറ്റി വിട്ടതു് ദുഷ്ടലാക്കോടു കൂടിയാണെന്ന ആരോപണം പാണ്ഡവപാളയത്തിൽ പരപരപ്പുണ്ടാക്കിയല്ലോ. ഞരമ്പു് തിളപ്പിക്കുന്ന കുത്തുവാക്കു് പറയാമോ?” കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. അഭിമന്യുവിന്റെ ശവദാഹം കഴിഞ്ഞു കുളിച്ചു കയറുന്ന രാത്രി.

“ഭീരുത്വം എന്ന വാക്കാണെന്റെ നാവിൻ തുമ്പിൽ വന്നതു്. പക്ഷെ സാഹോദര്യം ഓർത്തു ഞാൻ യുധിഷ്ഠിരനിൽ ആരോപിച്ചതു് തൊഴിൽപരമായ ഒരു വീഴ്ച എന്ന അർത്ഥം വരുന്ന കൃത്യവിലോപം. കൃത്യമായി പറഞ്ഞാൽ, കൃത്യവിലോപത്തിന്റെ ഉള്ളടക്കം യുധിഷ്ഠിരനെതിരെയുള്ള ആരോപണത്തിൽ കൊണ്ടുവരാൻ തൽപരകക്ഷികൾ ശ്രമിക്കില്ലേ എന്ന ആശങ്കയാണു് ഞാൻ പ്രകടിപ്പിച്ചതു് അല്ലാതെ അന്വേഷണവിധേയമായി യുധിഷ്ഠിരന്റെ സൈനികസേവനത്തിൽ നിന്നു് ഉടൻ സർവ്വ സൈന്യാധിപച്ചുമതല വഹിക്കുന്ന ധൃഷ്ടധ്യുമ്നൻ പിൻവലിക്കണം എന്നല്ല. മാധ്യമപ്രവത്തകർ ഉച്ചരിക്കുന്ന വാക്കിൽ ശ്രദ്ധിക്കണ്ടേ? ഞങ്ങൾ ആയുധത്തിൽ ശ്രദ്ധിക്കുന്ന പോലെ? വൈകാരികതയിലൂന്നി നിങ്ങൾ അഭിമന്യുവധം ആഗോളതലത്തിൽ ഉയർത്തിക്കാണിച്ചതൊക്കെ ശരി, പക്ഷെ യുദ്ധ കേന്ദ്രിതമായ ഈ പാണ്ഡവകെട്ടുറപ്പിൽ നിങ്ങൾ വിള്ളലുണ്ടാക്കാൻ ഇനി ശ്രമിച്ചാൽ? ഉച്ചരിച്ച വാക്കു നിങ്ങൾക്കു് പിഴച്ച പോലെ ഈ കൈകളും ചിലപ്പോൾ പിഴച്ചുപോവും.” ഇരുട്ടിൽ അവളുടെ മുഖമടച്ചു ആ യോദ്ധാവിന്റെ ഈറൻ കൈപ്പത്തി പിടിമുറുക്കി

“കഷ്ടമുണ്ടു് പറയാൻ. കൗരവപക്ഷത്തെ സൈനികരിൽ ചിലർ ഗുരുതരമായി പരുക്കേറ്റയിടത്തേക്കു അത്യാവശ്യമരുന്നുമായി ഓടിക്കിതച്ചെത്തിയ വനിതാ ആരോഗ്യപ്രവർത്തകയെ കുന്തമെറിഞ്ഞു കൊന്നതിൽ മനുഷ്യത്വമുള്ളവരെല്ലാം കോപം കൊണ്ടു് ജ്വലിക്കുന്നല്ലോ. യുധിഷ്ഠിരൻ എറിഞ്ഞ കുന്തം കയറിയാണവളുടെ നെഞ്ചു് പിളർന്നതെന്ന വാസ്തവം എങ്ങനെ ഞങ്ങൾ വെളിപ്പെടുത്താതിരിക്കും? മാധ്യമപ്രവർത്തനം ശരിക്കും മാരകം.”

കൊട്ടാരം ലേഖിക പാണ്ഡവ സൈനികവക്താവായ നകുലനോടു് ചോദിച്ചു.

“എന്തിനു മാധ്യമസത്യങ്ങൾ മുഴുവൻ പറഞ്ഞുകൂടാ? കൺവെട്ടത്തിലുണ്ടായിരുന്ന സ്ത്രീയാണു് കൊല്ലപ്പെട്ടതു്. അവൾ നീലയും ചുവപ്പും ധരിക്കുന്ന കൗരവ പാണ്ഡവ സൈന്യങ്ങളിൽ നിന്നു് വ്യത്യസ്തമായി, വെളുത്ത വസ്ത്രമാണു് ഉടുത്തിരുന്നതു്. അവൾ പക്ഷം നോക്കാതെ രാപ്പകൽ മുറിവേറ്റവർക്കു മരുന്നും സാന്ത്വനവും നൽകി. ഇനി ഞങ്ങളുടെ വസ്തുതകൾ നിങ്ങൾ അറിയണം. യുധിഷ്ഠിരനെ ബന്ദിയായി പിടിക്കാൻ ഒരു ഭ്രാന്തൻ കൗരവ സംഘം ഓടിവരുമ്പോൾ നിങ്ങൾ പരാമർശിക്കുന്ന ഈ ശുഭ്രവസ്ത്രധാരി അവർക്കു പ്രോത്സാഹനം നൽകി യുദ്ധകാഹളമാണുയർത്തിയിരുന്നതു്. ഉച്ചഭക്ഷണത്തിനു പോരാട്ടം നിർത്തിയിരുന്ന വിശ്രമവേളയിലാണു് ഈ അക്രമം. സ്ഥിതി നയതന്ത്രത്തിനു നിൽക്കുന്നതല്ലെന്ന തിരിച്ചറിവിൽ യുധിഷ്ഠിരൻ കയ്യിൽ ഉണ്ടായിരുന്ന കുന്തം ആത്മരക്ഷയിൽ കൊലയാളി സംഘത്തിന്നെതിരെ എറിഞ്ഞപ്പോൾ, ഉന്നം തെറ്റി അതു് ചെന്നു് തറച്ചതു് പരേതവനിതയുടെ നെഞ്ചിൽ ആയിരുന്നു എന്ന ആകസ്മികതയെ നിങ്ങൾ യുധിഷ്ഠിരനെ ഒരു സ്ത്രീവിരുദ്ധനാക്കാൻ ഉറച്ചു എന്നതിന്റെ തെളിവല്ലേ? പോരാട്ടഭൂമിയിലെ ഗോപുരത്തിനു് മുകളിൽ നാലിടത്തായി യുദ്ധ നിർവഹണ ചുമതലയുള്ള പ്രവിശ്യാഭരണ കൂടത്തിന്റെ പ്രതിനിധികൾ തരുന്ന സാക്ഷിമൊഴികളിൽ വൈരുധ്യമുണ്ടെങ്കിൽ അപ്പോൾ നമുക്കു് വീണ്ടും കാണാം. ഞങ്ങൾ ജീവിച്ചിരുപ്പുണ്ടെങ്കിൽ.”

2018-06-04

“പാഞ്ചാലിയുമായി സ്വരച്ചേർച്ചയില്ല എന്ന പതിവു് കാരണം-അതാണോ പാണ്ഡവർക്കൊപ്പം ഖാണ്ഡവപ്രസ്ഥത്തിലേക്കു പോവാൻ ശരിക്കും വഴിതടസ്സമായതു്?, അതോ…”

കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. യുധിഷ്ഠിരൻ രാജാവായിട്ടും, രാജമാതാ പദവിയില്ലാതെ അന്തഃപുരത്തിൽ മുൻമഹാറാണി ഗാന്ധാരിയുടെ വ്യക്തിഗത തോഴിയായി തുടരുകയായിരുന്നു പാണ്ഡുവിധവ.

“ഖാണ്ഡവപ്രസ്ഥത്തിലേക്കു പോവുന്നതിന്റെ തലേന്നു് രാത്രി ഉടുതുണി പെറുക്കി സഞ്ചിയിൽ വെക്കുമ്പോൾ, മുന്നറിയിപ്പില്ലാതെ ഒരസാധാരണ സന്ദർശകൻ വാതിൽ തള്ളിത്തുറന്നു അകത്തുവന്നു. കയ്യിലിരുന്ന പനയോലക്കെട്ടു അഴിച്ചുനീട്ടി. മങ്ങിക്കത്തിയിരുന്ന പന്തത്തിന്നരികെ ചെന്നു് ഞാൻ ഓരോ ഓലയും പരിഭ്രമം മറച്ചു നോക്കുമ്പോൾ, ദുര്യോധനൻ മാറി നിന്നെന്നെ ഇടംകണ്ണെറിഞ്ഞു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കുന്തീഭോജന്റെ കൊട്ടാരത്തിലെ കൗമാരകാല, വിവാഹപൂർവ്വ ജീവിതത്തിലെ സാഹസികമായ ഒരു രതി പരീക്ഷണത്തിൽ, തേജോമയനായ ഒരു ആകാശ ചാരിയിൽ നിന്നു് ആഹ്ലാദപൂർവ്വം ഗർഭം ധരിച്ച ഞാൻ, പ്രസവത്തിനു ശേഷം ചോരക്കുഞ്ഞിനെ പനംകുട്ടയിൽ വച്ചു് പുഴയിൽ ഒഴുക്കാൻ ഉറച്ചപ്പോൾ, സഹായത്തിനു കൂടെ നിന്ന രണ്ടു വിശ്വസ്തദാസികളുടെ, നിയമസാധുതയുള്ള സാക്ഷിമൊഴികളായിരുന്നു അവ. സൂക്ഷ്മമായി വായിച്ചു ഞാൻ രണ്ടും കൽപ്പിച്ചു മുഖമുയർത്തിയപ്പോൾ, ദുര്യോധനൻ പറഞ്ഞു, ഒഴുക്കിൽ വിട്ട നിർഭാഗ്യവാനായ ആ കുഞ്ഞിപ്പോൾ ജീവിച്ചിരുപ്പുണ്ടു്, ഇവിടെ ഹസ്തിനപുരിയിൽ. എനിക്കു് വേണ്ടപ്പെട്ടവനുമാണു്. ജീവിക്കാനുള്ള മൗലികാവകാശം നിഷേധിക്കപ്പെട്ടു എന്ന പരാതി, നവജാതശിശുവിനെ നിർദ്ദയം പുഴയിലൊഴുക്കിയ അമ്മ-രണ്ടിലും രണ്ടു ന്യായാധിപരുടെ മുമ്പിൽ ഹസ്തിനപുരി ശിക്ഷാനിയമം, ബാലനീതി നിയമം ഇവയനുസരിച്ചു തുറന്ന വിചാരണ നേരിടേണ്ടി വരും. വർഷങ്ങൾ തുറുങ്കിൽ കിടത്താൻ വകുപ്പുള്ളതു്. ഞാനിപ്പോൾ പക്ഷെ നിങ്ങളെ ഓർമ്മിപ്പിക്കുന്നതു്, ഒരു ധാരണയിൽ എത്താൻ മാത്രം. നിങ്ങൾ ഖാണ്ഡവപ്രസ്ഥത്തിലേക്കു പോവരുതു്. ഗാന്ധാരിയുടെ തോഴിയായി കൊട്ടാരത്തിൽ കഴിയണം. വരണാവതം അരക്കില്ല ത്തിൽ ആദിവാസികുടുംബത്തെ കത്തിച്ചു കൊന്നു രക്ഷപ്പെട്ടതൊക്കെ ധീരവനിതാപരിവേഷം നിങ്ങൾക്കു് തന്നതു് ആവർത്തിക്കാതിരിക്കാൻ നിങ്ങൾ വഴങ്ങണം. അന്തഃപുരത്തിൽ ഒതുങ്ങണം. ഈ ഒത്തുതീർപ്പുമായി നിങ്ങൾ സഹകരിച്ചാൽ, ഈ ശപിക്കപ്പെട്ട പനയോലക്കെട്ടുകൾ എന്നെന്നേക്കുമായി പൂഴ്ത്തിവെക്കാം. വളർന്നു വലുതായ അവിഹിതസന്തതി നിങ്ങളെ കാണാതിരിക്കാനും, ആരെന്നറിയാതിരിക്കാനും സാഹചര്യം ഒരുക്കാം. എന്നു് പറഞ്ഞവൻ തിരിഞ്ഞു നടക്കുമ്പോൾ പെട്ടെന്നു് അംശയകരമായ രീതിയിൽ അവിടെ വന്ന ഗാന്ധാരിയെ കൈ പിടിച്ചു ദുര്യോധനൻ ആശ്വസിപ്പിച്ചു, “അമ്മക്കു് ഇനി എന്നും കൂട്ടു് കുന്തി. അവർ മക്കൾക്കൊപ്പം ഖാണ്ഡവപ്രസ്ഥം കുടിയേറ്റത്തിനു പോവാൻ ഇഷ്ടമില്ലെന്നു എന്നെ ഔദ്യോഗികമായി അറിയിച്ചു, വിധവയായ ഇളയമ്മയെന്ന നിലയിൽ അവരുടെ ആഗ്രഹം എനിക്കു് നിഷേധിക്കാനാവില്ല.”

“വ്യാസനുമായി പാഞ്ചാലി എന്തായിരുന്നു പട്ടാപ്പകൽ ഒരു വാക്കു തർക്കം? ഒന്നുമില്ലെങ്കിൽ നിങ്ങളുടെയൊക്കെ ഔദ്യോഗിക ജീവചരിത്രകാരനാവാൻ നിയോഗം കിട്ടിയ ദാർശനിക കവിയല്ലേ?

കൊട്ടാരം ലേഖിക ചോദിച്ചു.

“അതു് തന്നെയാണു് പാഞ്ചാലിക്കു് പറഞ്ഞുതീർക്കാനുണ്ടായിരുന്ന തർക്കം. ദശാബ്ദങ്ങൾ നീണ്ട അവളുടെ സഹനജീവിതം ഒരു സാംസ്കാരിക പഠനം എന്ന നിലയിൽ വേണം വ്യാസൻ അവതരിപ്പിക്കാൻ എന്നു് പാഞ്ചാലി നിലപാടു് കനപ്പിച്ചു. വെറുതെ ഒരൊഴുക്കൻ ജീവിതാനുഭവം എന്ന നിലയിലുള്ള വ്യാസരചനാരീതി അസ്വീകാര്യമെന്നും അറിയിച്ചു. ഒരു വസ്ത്രാക്ഷേപത്തിൽ ഊരിപ്പോകുന്നതല്ല പാഞ്ചാലിയുടെ രണോർജ്ജം എന്നുമവൾ പറഞ്ഞു. നിലത്തു ചമ്രം പടിഞ്ഞിരുന്ന വേദവ്യാസൻ എഴുന്നേറ്റു നിന്നാണു് പാഞ്ചാലിക്കു് ചെവി കൊടുത്തതും, തലയിൽ കൈവച്ചനുഗ്രഹിച്ചതും. പാഞ്ചാലിയുമായി കൊട്ടാരം ലേഖിക ചെയ്ത അഭിമുഖങ്ങളുടെ പനയോലക്കെട്ടുകൾ എന്റെ ആശംസകളോടെ പ്രസിദ്ധീകരിക്കട്ടെ ഈ ദ്വാപരയുഗത്തിൽ, അല്ലെങ്കിൽ വരും യുഗത്തിൽ എന്നും പറഞ്ഞു വ്യാസൻ അനുഗ്രഹ പ്രഭാഷണവേദിയിലേക്കു പോയി. വേറെ കുടുംബ പ്രശ്നമൊന്നുമില്ല”, ഹസ്തിനപുരിയിലെ എല്ലാ ഗുരുകുലങ്ങളും ഹരിതചട്ടം പാലിക്കണമെന്ന പുതിയ പാണ്ഡവ ഭരണകൂടത്തിന്റെ ആജ്ഞയുമായി ഓടി നടക്കുകയാണു്, യുദ്ധത്തിന്റെ പരിക്കുകൾ ഇനിയും പൂർണമായി തേഞ്ഞു മാഞ്ഞിട്ടില്ലാത്ത ശരീരവുമായി ഇളമുറ പാണ്ഡവൻ നകുലൻ

2018-06-05

“അല്ല, എപ്പോഴാണു് നിങ്ങൾ അഞ്ചുപേർക്കും, ഭാവിയിൽ പാഞ്ചാലിയൊരു ഭീതിയുണർത്തുന്ന ദാമ്പത്യപ്രതിയോഗിയാവും എന്ന സംശയം തോന്നിയതു്? കുറച്ചുനേരമായി അവളെ നിങ്ങൾ അപനിർമ്മാണം ചെയ്യുന്നതു് അങ്ങനെ അവസാനിപ്പിക്കാം.”

കൊട്ടാരം ലേഖിക ചോദിച്ചു. ഉടൻ പത്തു കണ്ണുകൾ ജാലകത്തിലൂടെ ഇടവഴിയിലേക്കു് നീങ്ങി പാഞ്ചാലി കുളികഴിഞ്ഞു എത്താറായിട്ടില്ല എന്നുറപ്പു വരുത്തിയെങ്കിലും, സമ്മതത്തിനു ഭീമൻ തലയെറിഞ്ഞു.

“നവവധു പാഞ്ചാലിയുമൊത്തു ഞങ്ങൾ ഹസ്തിനപുരിയിൽ എത്തുമ്പോൾ, പ്രത്യാശയെക്കാൾ പേടിയായിരുന്നു. അരക്കില്ലം കത്തിച്ചു പൊതുമുതൽ നശിപ്പിച്ചതിനു് ഞങ്ങൾക്കെതിരെ പിടികിട്ടാപ്പുള്ളികൾ എന്നു് വഴിയമ്പലങ്ങളിലും കുതിരപ്പന്തി കളിലും ദുര്യോധനൻ ചുവരെഴുത്തു പരസ്യങ്ങൾ കൊടുത്തതറിഞ്ഞിരുന്നു. എന്നാൽ ഇവിടെ വന്നപ്പോൾ, പാഞ്ചാലിയെ ഒരുനോക്കു കണ്ട കൗരവർ, അവൾക്കു താമസിക്കാൻ കൊട്ടാരത്തിന്റെ അതിഥി മന്ദിരം പൂർണമായി വിട്ടു കൊടുത്തു. അന്നു് രാത്രി ഞങ്ങൾ ആറുപേരും (അമ്മയെ സംശയകരമായ അടുപ്പത്തോടെ വിദുരർ സ്വന്തം ആശ്രമമന്ദിരത്തിലേക്കു കൊണ്ടുപോയി) അല്ലലില്ലാതെ സംസാരിക്കുമ്പോൾ യുധിഷ്ഠിരൻ പന്തം കെടുത്തി, ഇരുട്ടിൽ മുഖം കാണാതെ ഇരിപ്പിടം മാറാൻ പറഞ്ഞു. പാഞ്ചാലി ആരെ ഇനി ആദ്യം തൊടുന്നുവോ അയാൾക്കു് മാത്രം ആഡംബരകിടപ്പറയിൽ അവളെ ഇന്നുരാത്രി സന്തോഷിപ്പിക്കാം. ഇതു് കേൾക്കേണ്ട താമസം, പാഞ്ചാലി ശബ്ദമുയർത്തി. നിങ്ങൾ കുറച്ചുപേരുടെ സൗജന്യത്തിലും വിനോദത്തിലും അനുവദിച്ചു കിട്ടേണ്ട ഒന്നല്ല എനിക്കു് രതി. അതു് നിങ്ങളിൽ നിന്നെനിക്കു ഏതുസമയത്തും പ്രതീക്ഷിക്കാവുന്ന അത്യാവശ്യ, വ്യക്തിഗത, ശാരീരിക, ആസ്വാദന സേവനമെന്ന നിലയിൽ ഇനിയൊരിക്കലും അതു് നിങ്ങൾ പരസ്യചർച്ചക്കു വിഷയമാക്കരുതു്. അവിവേകമായി ഇക്കാര്യം നിർദ്ദേശിച്ച യുധിഷ്ഠിരൻ ഇന്നു് എനിക്കു് പായ പങ്കിടാനുള്ള കൂട്ടാളിയല്ല.”

“വയോജനങ്ങളെ കുരുക്ഷേത്ര സൈന്യാധിപ പദവികളിൽ നിന്നു് നീക്കിയില്ലെങ്കിൽ, അവരുടെ കീഴിൽ പോരാടാൻ തന്നെ കിട്ടില്ലെന്നു് കർണ്ണൻ ദുര്യോധനനോടു് പറയുന്നുണ്ടല്ലോ. അയാൾ ഉന്നം വക്കുന്നതു് പിതാമഹനാണെങ്കിലും, ഉരുളാവുന്ന തലകളിൽ നിങ്ങളും ദ്രോണരും പെടില്ലേ?”

കുരുവംശ രാജകുമാരന്മാരുടെ ആദ്യാക്ഷരഗുരു, ചിരഞ്ജീവി, ദ്രോണരുടെ ഭാര്യാസഹോദരൻ, യോദ്ധാവു് എന്ന നിലയിൽ കൗരവർക്കൊപ്പം ആയിരുന്ന കൃപാചാര്യനോടു് കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധസന്നാഹത്തിനായി പോരാട്ട ഭൂമിയിലെത്തിയ മഹാരഥന്മാരുടെ നിരായുധ സാന്നിധ്യം ആ ശീതകാല പ്രഭാതത്തിൽ ഒരുത്സവഛായ പകർന്നു.

“അഭിമന്യുവാണു് വയോജനങ്ങൾ എന്ന വാക്കുച്ചരിച്ചിരുന്നതെങ്കിൽ നമുക്കു് മനസ്സിലാക്കാം. എന്നാൽ കർണ്ണൻ? കർണ്ണനൊക്കെ വയസ്സെത്രയായി എന്നാണു നിങ്ങൾ കരുതിയതു്? യുധിഷ്ഠിരൻ കണ്ടു കഴിഞ്ഞില്ലേ ആയിരത്തിൽ താഴെ പൂർണചന്ദ്രന്മാരെ? അച്ഛൻ അതിരഥനോടും അയാൾ പറയുമോ വീട്ടിൽ നിന്നിറങ്ങിപ്പോവാൻ?” കർണനോടുള്ള അറപ്പു ചുണ്ടിൽ നിന്നും തേച്ചെടുത്ത കീറത്തുണി അയാൾ അതിരഥപുത്രൻ നിൽക്കുന്നയിടം നോക്കി ആഞ്ഞെറിഞ്ഞു.

2018-06-07

“ഹസ്തിനപുരി പത്രിക’യിൽ ഇന്നു് വന്ന കത്തു്:

പ്രിയ പത്രാധിപർ:

ഇന്നലെയും നിങ്ങളുടെ കാര്യാലയത്തിന്നരികെ, ഒന്നു് കൂടി സൂക്ഷ്മതയോടെ വ്യക്തമാക്കിയാൽ, രാപ്പകൽ സായുധപാറാവുകാരുള്ള കോട്ട വാതിലിനരികെ,ഒരു കൗരവവിധവ ബലാൽക്കാരത്തിനു വിധേയയായി. ആരു ഭരിച്ചാലും ഭരണകൂട സൗജന്യങ്ങൾ തരപ്പെടുത്തുന്ന കൊട്ടാരം ലേഖിക പറയും, ബലാൽക്കാരശ്രമം മാത്രമെന്നു്. ഈ മാസം ആറുദിവസം കഴിയുമ്പോഴേക്കും, നാലു വിധവകൾ പട്ടാപ്പകൽപീഡനത്തിനു് ഇരകളായി. എന്നിട്ടും മഹാരാജാവു് യുധിഷ്ഠിരൻ രാജസഭയിൽ പറയുന്നു, പുതുപാണ്ഡവഭരണകൂടം അധികാരത്തിൽ കയറിയ ശേഷം, ക്രമസമാധാനവും സ്ത്രീ സുരക്ഷയും മെച്ചപ്പെട്ടു എന്നു്. കൗരവവിധവകൾ ഈ വിഭാഗങ്ങളിൽ ഒന്നും പെടില്ലേ? രാജമന്ദിരങ്ങളിൽ നിന്നു് പാതിരാ കുടിയൊഴിപ്പിക്കലിലൂടെ അറുനൂറോളം കൗരവവനിതകളെയാണു് യുധിഷ്ഠിരൻ പുറത്താക്കിയതു്. ഒഴിച്ചുമേടിച്ച വീടുകളിൽ രാവേറെ ചെന്നാൽ ഭീകര നിലവിളി കേൾക്കുന്നു എന്നു് പരാതി പറഞ്ഞതു് കാവൽക്കരല്ല, നൂറു കൗരവരെയും ചതച്ച രൗദ്രഭീമനാണു്. ആ വസതികളിൽ ഇപ്പോൾ കൂട്ടിയിട്ടിരിക്കുന്നതു ആയുധമാലിന്യങ്ങളും. മുൻഭരണകൂടം വിമതരെ പീഡിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഇരുട്ടറകൾക്കു കുപ്രസിദ്ധമായ ഭൂതക്കെട്ടിലാണു്, ഒരിക്കൽ കുലീന ഹസ്തിനപുരിയുടെ ആരാധനാമൂർത്തികളായിരുന്ന കൗരവരാജസ്ത്രീളെയും അവരുടെ പുതുതലമുറ കുട്ടികളെയും പാണ്ഡവഭരണകൂടം പുനരധിവസിപ്പിച്ചതു്. ധാന്യവും കുടിവെള്ളവും ശുചിമുറികളുമില്ലാതെ അവർ നിലവിളിക്കുമ്പോൾ, മഹാറാണി പാഞ്ചാലി വെള്ളക്കുതിരകൾ വലിക്കുന്ന രഥത്തിൽ ‘ഹരിത ഹസ്തിനപുരി’ എന്ന ഉത്സവം നാടെങ്ങും കാണാൻ യാത്രപോകുന്നു. രാജ്യത്തിന്റെ അഖണ്ഡതയും സ്വാതന്ത്ര്യവും അർദ്ധസഹോദരിൽ നിന്നു് ഭീഷണി നേരിട്ടപ്പോൾ, വിമതസഖ്യസൈന്യത്തോടു പോരാടി കുരുക്ഷേത്രയിൽ ജീവൻ ബലി കൊടുത്ത ദുര്യോധനന്റെ വിധവ, ഈ സാമ്രാജ്യത്തിന്റെ മഹാറാണിയാവേണ്ടിയിരുന്ന മഹതി, രോഗബാധിതയായപ്പോൾ ചാരവകുപ്പു് മേധാവി പറഞ്ഞുപരത്തുന്നു അവർ കലിംഗയിലേക്കു പോയതു് ചികിത്സക്കല്ല ഇവിടെ നിന്നു മോഷ്ടിച്ച രത്നശേഖരം ഒളിച്ചുകടത്താനാണെന്നു. ഇതാണോ പേക്കിനാവു് എന്നു് പറയുന്ന അവസ്ഥ?

“കുരുവംശത്തിന്റെ കീഴിലുള്ള പ്രവിശ്യമാത്രമല്ലേ കുരുക്ഷേത്രം? പിന്നെ എന്താ നിങ്ങൾ ഒരിടഞ്ഞ അയൽരാജ്യത്തെ പോലെ സംസാരിക്കുന്നതു്?” കൊട്ടാരം ലേഖിക പ്രവിശ്യാ ഭരണാധികാരിയുടെ നേരെ വിരൽ ചൂണ്ടി.

“ആകെയുള്ള കുടിനീർ സ്രോതസ്സായ യമുനയുടെ തീരത്തു് പത്തു പതിനെട്ടു ദിവസം അഴിഞ്ഞാടിയ ആ വഴക്കാളി അർദ്ധസഹോദരർ വരുത്തിവച്ച പരിസ്ഥിതിനാശം, ശവം എണ്ണുന്ന തിരക്കിൽ നിങ്ങൾ ശ്രദ്ധിക്കാഞ്ഞതു് ഞങ്ങളുടെ തകരാറാണോ? പുതിയ പാണ്ഡവഭരണകൂടം നീണ്ടകാല നഷ്ടപരിഹാരം തരണമെന്ന തദ്ദേശീയ വികാരം ഞാനൊന്നു് വളച്ചുകെട്ടില്ലാതെ തുറന്നു പറഞ്ഞതിനാണോ രാജ്യദ്രോഹകുറ്റം ചുമത്തി വായടപ്പിക്കാൻ ശ്രമം?”

“പോരാട്ടനേട്ടം വെട്ടിച്ചുരുക്കാൻ ശ്രമം ഉണ്ടല്ലോ. ചളിയിൽ താണ രഥചക്രം പണിപ്പെട്ടുയർത്തുന്ന കർണനെയാണു് നിങ്ങൾ തരം നോക്കി തലവെട്ടിയതെന്നു പറഞ്ഞതു് സൈനികവക്താവു് നകുലനായിരുന്നു. അങ്ങനെ വെട്ടിത്തുറന്നു പറയരുതായിരുന്നു എന്നു് പിന്നീടു് ശാസിച്ചുവോ?” ശവസംസ്കാരത്തിനുശേഷം ഒഴുക്കുവെള്ളത്തിൽ മുങ്ങിക്കുളിച്ചുകയറിയ അർജ്ജുനനോടു് കൊട്ടാരം ലേഖിക ചോദിച്ചു. വൈകിയ രാത്രി.

“അവൻ പറഞ്ഞതു് കൃത്യമല്ലേ? പത്തു നാല്പതു ലക്ഷം പോരാളികൾ പരസ്പരം ചവിട്ടി തേച്ചിട്ടും മണ്ണിളകാത്ത കുരുക്ഷേത്രത്തിൽ, കർണന്റെ രഥചക്രം മാതമെങ്ങനെ താഴാൻ വേണ്ട ചളി കണ്ടെത്തി? കർണൻ ഒറ്റയ്ക്കു് ചക്രമുയർത്തുമ്പോൾ ഞാൻ കൈകൂപ്പി വിജയാശംസകൾ നേരണോ? അതോ, തക്കം നോക്കി ശത്രുവിന്റെ കഴുത്തു വെട്ടണോ? നിലത്തുവീണ അഭിമന്യുവിന്റെ കുടലിൽ വാളിറക്കാൻ പ്രകൃതിയവനു് അവസരം നൽകിയപ്പോൾ, ‘അരുതു് ഇവൻ എന്റെ അനുജന്റെ മകനെ’ന്നവൻ മാപ്പുകൊടുത്തുവോ? അസാധാരണ സാഹചര്യമല്ലേ അതീതശക്തിയെനിക്കു് അനുഗ്രഹിച്ചു തന്നതു്? സാരഥിശല്യൻ കർണനോടു് നിസ്സഹകരണം പ്രഖ്യാപിച്ചു മാറി നിന്നു് അവന്റെ പെടാപ്പാടു കണ്ടു അർമാദിക്കുന്നതൊക്കെ നിങ്ങളും കണ്ടതല്ലേ? എന്റെ സാരഥിയപ്പോൾ കൺകോണു കൊണ്ടെന്നെ കർമധീരനാക്കി-എന്റെ ആയുധം അതിന്റെ ഉന്നം കണ്ടു.”

2018-06-08

“പാണ്ഡവപക്ഷത്തേക്കു കൂറു് പ്രഖ്യാപിക്കാൻ വന്ന മാദ്രരാജാവു് ശല്യനെ നിങ്ങൾ എത്ര ലാഘവത്തോടെ കൗരവസഖ്യകക്ഷിയാക്കി. എങ്ങനെ ഒപ്പിച്ചെടുത്തു ഈ നയതന്ത്ര വിജയം?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. യുദ്ധമേഘങ്ങൾ നിറഞ്ഞുതുടങ്ങിയ ആകാശം.

“പ്രിയഅനുജത്തി മാദ്രിയെ പാണ്ഡുവിന്റെ ചിതയിൽ തള്ളിയ കുന്തിയോടയാൾക്കു ദശാബ്ദങ്ങൾ പഴകിയ പകയുണ്ടു്. മാദ്രിപുത്രന്മാരായ നകുലനെയും സഹദേവനെയും സഹായിക്കാൻ കുടുംബ പരമായ ചുമതലയുമുണ്ടു്. ഭീമനെപ്പോലെ ആളൊരു മന്ദനുമാണു്. ആദ്യസന്ദർശനത്തിൽ ഞാൻ യുധിഷ്ഠിരനാണെന്ന അയാളുടെ തകർക്കാനാവാത്ത മുൻവിധി ഞാൻ പിന്നെ തിരുത്തിയില്ലെന്ന താണെന്റെ അട്ടിമറി വിജയം. കൂടെ നിൽക്കാം എന്ന അയാളുടെ വാക്കു ഒരുടമ്പടി പോലെ ഞാൻ ഇരുകൈകളും നീട്ടി സ്വീകരിച്ചു. പ്രതീകാത്മകമായി കൈ കൊടുത്തശേഷം, ഇനി വാക്കുമാറ്റിയാൽ അപ്പോൾ അറിയും കുരുവംശസംസ്കാരത്തിന്റെ തനിനിറം. ഒന്നേ അയാൾ വിചിത്രമായ മുഖഭാവത്തോടെ സ്വരം താഴ്ത്തി ചോദിച്ചുള്ളൂ-കർണന്റെ സാരഥിയാവണം. ഒരു മഹാരാജാവു് സാരഥിയാവുന്നതിൽ പാർശ്വവത്കൃതകർണ്ണൻ ആഹ്ലാദിക്കുമെന്ന പൊതുസമൂഹത്തിന്റെ യുദ്ധമോഹവും അങ്ങനെ പൂവണിയട്ടെ. മാദ്രിപുത്രന്മാരായ നകുലനും സഹദേവനും മാതൃസഹോദരനായ ശല്യന്റെ മുമ്പിൽ വരാത്തവിധം വേണം യുദ്ധഭൂമിയിൽ സൈനികവിന്യാസം എന്നൊരു കഠിന പരീക്ഷണം കൂടി ജയിച്ചാൽ”, കുരുക്ഷേത്രയിൽ നിന്നു് കുതിരപ്പുറത്തു അതിവേഗം വന്ന ചാരനെ കണ്ടതോടെ പെട്ടെന്നു് സംഭാഷണം മുറിഞ്ഞു

“ആദ്യരാത്രി തന്നെ എനിക്കു് കുന്തി പണി തന്നു എന്നാണു് കിടപ്പറയിൽ പത്തു പാണ്ഡവക്കണ്ണുകൾ ഇമതല്ലാതെ കാത്തിരിക്കുന്നതു് കണ്ടതിനെ കുറിച്ചു് പിന്നീടൊരിക്കൽ ‘നവവധു’ പറഞ്ഞതു്. ശരിക്കും അതൊരു ദാമ്പത്യഭാരമായിരുന്നില്ലേ നിങ്ങൾ ചൊരിഞ്ഞതു്? ലജ്ജാകരമല്ലേ അടിച്ചേൽപ്പിക്കുന്ന ബഹുഭർത്തൃത്വം?” കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. ഹസ്തിനപുരി അന്തഃപുരത്തിലെ ജീവിതസായാഹ്നം.

“വിവാഹപൂർവ്വജീവിതത്തിലെ വീണ്ടുവിചാരമില്ലാത്ത അവിഹിതരതിയും, അനാവശ്യ ഗർഭധാരണവും, ചോരക്കുഞ്ഞിനെ പുഴയിലൊഴുക്കലും, കുറ്റബോധത്താൽ നീറുന്ന മനസും ഒക്കെ ഉള്ളപ്പോഴും ഒരു കാര്യത്തിൽ എനിക്കു് വിവാഹജീവിതാനുഭവം പരിഗണിക്കുമ്പോൾ ഉള്ളിൽ മതിപ്പു തോന്നി. ഞാൻ വന്ധ്യയല്ല. പാണ്ഡുവിനു കായികക്ഷമതയില്ലെങ്കിലും, എനിക്കു് അമ്മയാവാം. അങ്ങനെ ഔദ്യോഗിക അംഗീകാരമുള്ള ആൺമക്കൾ എന്ന ലക്ഷ്യംതേടി ഞാൻ പരപുരുഷന്മാരെ പ്രലോഭിപ്പിക്കാൻ പൂചൂടി പടിയിറങ്ങിയ ആ ജീവിതാവസ്ഥ പാഞ്ചാലിക്കുണ്ടാവാതിരിക്കാൻ അഞ്ചു പുത്രന്മാരെ ഞാൻ പായിൽ അവൾക്കൊപ്പം കിടത്തിയതിന്റെ ചേതോവികാരം അവൾ കൃതജ്ഞതയോടെ തിരിച്ചറിയുന്നില്ലെങ്കിൽ, ആ കഠിനഹൃദയയെ പ്രകൃതി പാഠം പഠിപ്പിച്ചു എന്നതിന്റെ പ്രത്യക്ഷ തെളിവല്ലേ അവൾ പെറ്റ അഞ്ചുമക്കളും ഇന്നു് ജീവിച്ചിരിപ്പില്ല എന്നതു്?”

2018-06-09

“തക്ഷശിലയിൽ ആദ്യപതിപ്പിറങ്ങി ആഴ്ചയൊന്നു കഴിഞ്ഞില്ല വ്യാസഭാരതത്തിന്റെ പനയോലപ്പകർപ്പെടുക്കുന്ന തിരക്കിലാണല്ലോ ഹസ്തിനപുരിയിലെ അറിയപ്പെടുന്ന സാക്ഷരരെല്ലാം. ഇന്നലെ വഴിയിൽ കണ്ടപ്പോൾ ചാർവാകനും പറഞ്ഞു, ആസ്വാദനം എഴുതുന്ന തിരക്കിലാണെന്നു്. എങ്ങനെ വായിച്ചെടുത്തു കുരുവംശഗാഥ? വസ്ത്രാക്ഷേപം വ്യാസൻ വിവരിച്ചതൊക്കെ നോക്കിയപ്പോൾ ഇടനെഞ്ചു് കലങ്ങിയോ?”

കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“സംഭവബഹുലമായ മൂപ്പിളമത്തർക്കം പച്ചജീവിതത്തിന്റെ നേരറിവില്ലാത്തൊരു ഗുഹാജീവി അവതരിപ്പിച്ചതിൽ ശിശുസഹജമായൊരജ്ഞത കണ്ടപ്പോളാണു് നെഞ്ചു് വിങ്ങിയതു്. എന്നെ മഹത്വവൽക്കരിക്കാൻ വ്യാസൻ പെടാപ്പാടു് പെടുന്നതു, പ്രതിയോഗികളായി കൗരവരെ കറുത്ത ചായത്തിൽ തേക്കാൻ വേണ്ടിയായിരുന്നു. മനുഷ്യമനസ്സിനെ വെളുപ്പിലും കറുപ്പിലും പ്രദർശിപ്പിക്കുന്ന ഇവരൊക്കെ എന്തു് പരിത്യാഗികൾ. യുദ്ധരംഗങ്ങൾ വ്യാസൻ വർണിച്ചതു വായിച്ചപ്പോൾ, പതിനെട്ടുനാളും കുരുക്ഷേത്രപാളയത്തിൽ കഴിഞ്ഞ ഞാൻ സ്വയമറിയാതെ പൊട്ടിച്ചിരിച്ചുപോയി. വികലരചന മനസ്സിലാക്കാം, എന്നാൽ അറിവില്ലാത്ത കാര്യങ്ങൾ ആധികാരികതയോടെ വ്യാസൻ നെഞ്ചുവിരിച്ചു പറയുമ്പോൾ ഓർത്തു, ഒരിക്കലെങ്കിലും വ്യാസൻ കുരുക്ഷേത്രയുദ്ധം കണ്ടിരുന്നെങ്കിൽ. വൈകുന്നേരം ചോരയും ജൈവമാലിന്യവും നിറഞ്ഞ ശരീരങ്ങളും ഇടിഞ്ഞ മനസുമായി കൂടാരത്തിന്നകത്തേക്കു അഞ്ചു ഭർത്താക്കന്മാരും അഞ്ചു ആണ്മക്കളും വരുമ്പോൾ അവർക്കു സാന്ത്വനം നൽകേണ്ട സ്ത്രീയുടെ നിസ്സഹായത വ്യാസൻ കണ്ടിരുന്നെങ്കിൽ. ധൃതരാഷ്ട്ര ഭൃത്യൻ സഞ്ജയനു് കൊടുത്തു എന്നു് മഹാഭാരതം അവകാശപ്പെടുന്ന ദിവ്യദൃഷ്ടികൊണ്ടു് യുദ്ധം മുഴുവൻ സ്വയം കാണാൻ വ്യാസൻ സംയമനം കാണിച്ചിരുന്നെങ്കിൽ. എന്നാൽ എന്റെ ഖേദം വ്യാസനെകുറിച്ചൊന്നുമല്ല, ഭാവിയിൽ, ഒരു പക്ഷെ അടുത്ത യുഗത്തിലും, ഈ വിലക്ഷണ വ്യാസഭാഷ്യം വായിക്കേണ്ടിവരുന്നവരെ ഓർത്താണു്. ആർക്കറിയാം, ഒരു പത്രപ്രവർത്തകയെന്ന നിലയിൽ ഹസ്തിനപുരിയും വനമേഖലകളും പോരാട്ടഭൂമിയും സന്ദർശിച്ചു് അസാദ്ധ്യ ചോദ്യങ്ങളാൽ ഞങ്ങളെ വീർപ്പുമുട്ടിച്ച നിങ്ങളുടെ അഭിമുഖങ്ങൾ തന്നെയായിരിക്കും സൂക്ഷ്മവായനക്കു വരുംകാലങ്ങളിൽ വായനക്കാരുണ്ടാവുക.”

“എന്തു് പാഠം പഠിച്ചു പതിനെട്ടു നാൾ ചത്തും കൊന്നും? തർക്കം പരിഹരിക്കാൻ മാത്രം നയതന്ത്രം തുണച്ചില്ലേ?”

കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു.

“ചാവലും കൊല്ലലും പോരാട്ടത്തിൽ പതിവല്ലേ? മഹായുദ്ധത്തിന്റെ ഉദാത്തലക്ഷ്യങ്ങൾ ഇത്തരം ചത്തും കൊന്നും പദപ്രയോഗങ്ങളാൽ കളങ്കപ്പെടുത്തരുതേ. നമ്മുടെ ആൾനാശം ചുരുക്കിപ്പറയണം, ശത്രുവിന്റെ നാശനഷ്ടങ്ങൾ അത്യുക്തിയിൽ അഭിരമിക്കണം. പ്രതികാരക്കൊലയും പോരാട്ടവധവും നിങ്ങൾ കൂട്ടിക്കുഴക്കരുതു്. പകയുടെ സ്വരത്തിലല്ല ഞങ്ങൾ പോർക്കളത്തിൽ സംസാരിക്കുക. കർണ്ണൻ മരിക്കുന്ന അന്നു് രാവിലെ ഞാനും അവനും കൂടിയാണു് പ്രാതലിനു കാളയെ വെട്ടി മുറിച്ചു തോലും കുടലും നീക്കി കഷണങ്ങളാക്കി കഴുകി ഉപ്പും മുളകും തേച്ചു എണ്ണയിൽ പൊരിച്ചു ഒരു പാത്രത്തിൽ നിന്നു് തിന്നതു്. ഇന്നു് സന്ധ്യയോടെ ഗാണ്ഡീവം നിന്റെ കഴുത്തു വെട്ടും എന്നൊക്കെ ഭീമൻ അപ്പോൾ കടന്നുവന്നു പറഞ്ഞാൽ ഞങ്ങൾ പൊട്ടിച്ചിരിക്കും. ചുരുക്കിപ്പറയാം യുദ്ധഭൂമിയിലെ പ്രശസ്തവധങ്ങൾ മനുഷ്യനിർമ്മിതമല്ല അതിലൊക്കെ അതീതശക്തികളുടെ കൈകടത്തലുകൾ ഉണ്ടു്. നിങ്ങൾ പത്രപ്രവർത്തകർക്കു് വേണ്ടതു് ഉടനടി നിഗമനങ്ങൾ, എന്നാൽ എത്ര രണോർജ്ജം നിങ്ങൾ പ്രസരിപ്പിച്ചാലും ഫലം വേദനാജനകമാവും. ഞങ്ങൾക്കു് പാഞ്ചാലിയിൽ ഉണ്ടായ മിടുക്കൻ കുട്ടികൾ കൗമാരസഹജമായ പ്രത്യാശയോടെയാണു് ജേതാക്കളായി മടക്കയാത്രക്കു തയ്യാറായതു്. പക്ഷെ പാതിരാമിന്നലാക്രമണത്തിൽ അശ്വത്ഥാമാവു് അവരെ ചവിട്ടിക്കൊന്നു. അതിനുടൻ പ്രതികാരം ചെയ്യാൻ ഞങ്ങൾ വാളെടുത്തപ്പോൾ സാരഥി പറഞ്ഞു ഇതു് യുദ്ധം. ഇതിൽ പ്രതികാരമില്ല. അപ്പോൾ കൗരവരെ കൊന്നു കരൾ പറിച്ചു ഭീമൻ പാഞ്ചാലിക്കു് കൊടുത്തതു്? അതു് യുദ്ധവിരോധികൾ കൂട്ടിച്ചേർത്ത പ്രക്ഷിപ്തം. ഓരോ കൗരവനെയും ബഹുമാനിച്ചുകൊണ്ടു് അഭിജാതപെരുമാറ്റ മുറയോടെ ഭീമൻ ഗദാപ്രഹരത്തോടെയാണു് യാത്രയയച്ചതു് എന്നു് വേണം വ്യാസൻ എഴുതാൻ. ജേതാക്കളാണു് ചരിത്രം എഴുതുക, വേണ്ടിവന്നാൽ തിരുത്തുക എന്നതു് നാം നിലനിർത്തണം.

2018-06-10

“മകനു് പതിനാറു തികഞ്ഞില്ല എന്നു് പറഞ്ഞതു് ഉത്തരയാണു്. പക്ഷെ നിങ്ങൾ അഭിമന്യുവിനു് തിരക്കിൽ വധുവിനെ കണ്ടെത്തി. കൗരവ പോരാട്ടത്തിനു് സഖ്യകക്ഷികളെ കൂട്ടേണ്ട പാണ്ഡവർ വിവാഹവിരുന്നിനാണോ കൊടുക്കുക മുൻഗണന?”

കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു.

വിരാടരാജ്യത്തിലെ ഉപപ്ലവ്യ സൈനിക പാളയം. മാനം നീലിച്ചു തുടങ്ങിയ പ്രഭാതം.

“സഖ്യകക്ഷികളെ തേടുന്ന ശത്രുകൗരവർ ആദ്യം വലയിടുക വിരാടനെയല്ലേ? അജ്ഞാതവാസക്കാലത്തെ ഞങ്ങൾ ആറുപേരുടെ ഓരോ നീക്കവും രഹസ്യസംഭരണത്തിലൂടെ രേഖയാക്കി മാറ്റിയ ‘കീചകന്റെ കുപ്രസിദ്ധ പനയോലക്കെട്ടുകൾ’ ഇന്നു് വിരാടന്റെ രഹസ്യഅറയിലാണു്. അതു് ദുര്യോധനൻ തട്ടിയെടുത്താൽ, ഉയരാനാവാത്ത വിധം താണുപോവും പാവം പാണ്ഡവശിരസ്സുകൾ. വിരാടനെ കൂടെ നിർത്താൻ യുധിഷ്ടരന്റെ ഹസ്തദാനം പോരാ, വിരാടപുത്രിയെ അഭിമന്യുവിനു് കന്യാദാനം ചെയ്യിക്കണം. ഉത്തരാസ്വയംവരം പത്രപ്രവർത്തകർക്കു് വിരുന്നുണ്ണാനല്ല പാണ്ഡവ ശക്തിപ്രകടനമായാണു്. ചാഞ്ചാട്ടസാധ്യതയുള്ള വിരാടഹൃദയത്തെ പാണ്ഡവസഖ്യകക്ഷിയാക്കി വേണം കൗരവവിരുദ്ധ സൈനിക സഖ്യങ്ങൾ യാചിക്കാൻ.”

യുധിഷ്ഠിരൻ ഉൾപ്പെടെ മറ്റു നാലു പാണ്ഡവർ കഠിന കായികപരിശീലനം മൈതാനത്തു ചെയ്യുമ്പോൾ, അർജ്ജുനൻ കൊട്ടാരം ലേഖികയോടു് സംസാരിക്കുന്നതിനിടെ ഒരു കലമാനിനെ കശാപ്പു ചെയ്തു തൊലിയുരിക്കാൻ തുടങ്ങി. അരികെ കത്തിത്തുടങ്ങിയ നെരിപ്പോടിൽ പാഞ്ചാലി ഉണക്കവിറകുകൾ ചേർത്തു.

2018-06-11

“പോർക്കളത്തിൽ പുഴയോര ഊട്ടുപുരകളും അനുബന്ധ തൊഴുത്തിടങ്ങളും ഒന്നോടിച്ചു നോക്കിയപ്പോൾ തോന്നിയ സംശയം-ഈ നാൽക്കാലികൾ മതിയോ മൊത്തം സൈനികർക്കു വിശപ്പകറ്റാൻ?”

കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. കുരുക്ഷേത്ര. ആഘോഷാന്തരീക്ഷം നിറഞ്ഞ യുദ്ധഭൂമി. വാളെടുക്കാൻ ഇനി ഒന്നോ രണ്ടോ ദിവസങ്ങൾ മാത്രം. ഉപപ്ലാവ്യയിൽ നിന്നു് പാണ്ഡവസഖ്യസൈന്യവും എത്തി പാളയമടഞ്ഞിരുന്നു.

“രാവിലെ പോരാട്ടത്തിനു് പോവുമ്പോൾ ധാന്യാഹാരമരുതു് പാതി വേവിച്ച മാംസം മതിയെന്ന ഇരുപക്ഷ ധാരണയായി. ആ നിലക്കു് നോക്കിയാൽ നമ്മുടെ കൈവശമുള്ള നൽക്കാലികൾ പത്തുദിവസത്തിനുണ്ടു്. അതിനകം നിർണായകവിജയം നേടാതെ പോരാളികൾ ‘നിരങ്ങുക’യാണെങ്കിൽ,ഭക്ഷണക്രമത്തിൽ മാറ്റം വരും. മൃഗമാംസക്ഷാമത്തിനു് പരിഹാരം യുദ്ധഭൂമിയിൽ നിന്നു് തന്നെ കണ്ടെത്താൻ സൈനികർ അപ്പോൾ തയ്യാറാവണം. മേനിക്കൊഴുപ്പുള്ള സൈനികരെ തലവെട്ടാതെ ബന്ദിയാക്കി പിടികൂടി ഊട്ടുപുരയിലേക്കുള്ള മാംസലഭ്യത നിലനിർത്താൻ സഹകരിക്കണം. മനുഷ്യമാംസം മൃഗമാംസത്തിനു തുല്യമാണോ എന്നോ? അതു് പോരാട്ടത്തിനിടയിൽ പ്രായോഗികതലത്തിൽ പരീക്ഷിക്കപ്പെടട്ടെ. അപ്പോൾ അതൊരുത്തമ കീഴ്‌വഴക്കമാവും. നിലം ഉഴുവാനും പാലുൽപ്പന്നങ്ങൾക്കുമായി വേണ്ടി കർഷകർ വളർത്തുന്ന വീട്ടുമൃഗങ്ങളെ കൊണ്ടു് തന്നെ സൈനികഭക്ഷണം മാംസഭരിതമാക്കണം എന്ന വാശി നടക്കുമോ? ആരോഗ്യവും ശരീരക്കൊഴുപ്പുമുള്ള താൽക്കാലിക സൈന്യങ്ങളിൽ നിന്നു് നേടണം അന്നന്നത്തെ അപ്പം എന്നു് നിബന്ധനവച്ചാൽ തീരും നിങ്ങൾ കെട്ടിപ്പൊക്കുന്ന മാംസദൗർലഭ്യം. ഒരു നേരത്തെ തീൻശാലമാംസസമൃദ്ധിയല്ല ഒരു യുദ്ധത്തിന്റെ വിജയമാണു് ഉന്നം. ഞങ്ങളുടെ ആയുധപ്രദർശനം കാണാൻ വരൂ. എല്ലാം മനുഷ്യനിർമ്മിതം പാണ്ഡവരെ പോലെ ‘ദിവ്യായുധ’ങ്ങൾ ഇവിടെ ഇല്ല.”

“കലഹിക്കുന്ന കൗരവ-പാണ്ഡവ പേരക്കുട്ടികളെ കൊട്ടാരത്തിൽ ഉപേക്ഷിച്ചു, കാനനഛായയിൽ ആടുമേക്കാൻ നിങ്ങളിരുവരും ഒരുങ്ങിക്കഴിഞ്ഞോ?”

വിചിത്രവീര്യവിധവകളും, പാണ്ഡു-ധൃതരാഷ്ട്ര മാതാക്കളും ആയ അംബിക, അംബാലിക എന്നിവരോടു് കരുണയില്ലാതെ കൊട്ടാരം ലേഖിക ചോദിച്ചു.

“പ്രകൃതി ഞങ്ങൾ മൂന്നു സഹോദരിമാർക്കും തന്ന സ്വയംവരം തട്ടിത്തെറിപ്പിച്ചു നിസ്സഹായമായ ഈ പെണ്ണുടലുകളെ എടുത്തു പന്താടിയ ഭീഷ്മരിന്നും മഹാരാജാവിനൊപ്പം രാജസഭയിൽ ഞെളിഞ്ഞിരിക്കുമ്പോൾ ഞങ്ങൾ ഈ പടിയിറങ്ങുന്നതു പ്രതിഷേധത്തിലൂടെയാണു്. ക്ഷയരോഗിയായ വിചിത്രവീര്യന്റെ കഫവും രക്തവും തെറിച്ച കിടപ്പറയിലേക്കു് ഞങ്ങളെ വലിച്ചെറിഞ്ഞ സത്യവതിയോടൊപ്പമാണു് ഞങ്ങൾ കാട്ടിലേക്കു് പോവുന്നതെങ്കിലും, അവരെ പച്ചക്കു കത്തിച്ച ശേഷം മാത്രമേ കരിമ്പുലികൾക്കു തിന്നാൻ ഞങ്ങൾ സ്വയം എറിഞ്ഞുകൊടുക്കുകയുള്ളു. വൃത്തികെട്ട ഒരു കുള്ളൻമുനി ഞങ്ങളെ ബലാൽക്കാരം ചെയ്യാൻ ശ്രമിച്ചപ്പോൾ, ഞങ്ങളുടെ ശരീരങ്ങൾ പ്രതിഷേധിച്ചപ്പോൾ, അയാൾ തന്ന ശാപമാണു് ലൈംഗികക്ഷമതയില്ലാത്ത പാണ്ഡുവും കാഴ്ചപരിമിതിയുള്ള ധൃതരാഷ്ട്രരും. സത്യം മുഖത്തു് നോക്കി പറയാൻ ധൈര്യപ്പെട്ടതിനു വ്യാസൻ ഞങ്ങൾക്കു് സത്യവതിയിലൂടെ തന്ന ശിക്ഷയാണു് ഈ കാനനവാസം. നീണ്ടകാല പുരുഷാധിപത്യത്താൽ അൽപ്പം പരിക്ഷീണരെങ്കിലും ഉച്ചത്തിൽ പ്രതിഷേധിക്കാതെ ഞങ്ങളുടെ പ്രാണൻ വിടില്ല.”

മുന്നിൽ അകലം പാലിച്ചു നടക്കുകയായിരുന്ന മുൻ രാജാമാതാവു് സത്യവതി, ഇരു പുത്രവധുക്കളെയും മുഖം തിരിച്ചൊന്നു തുറിച്ചു നോക്കി. അതോടെ ആ നിർഭാഗ്യവതികൾ നിശബ്ദരായി.

2018-06-12

“വഴിയിൽ കുഴഞ്ഞു വീണു കഥാവശേഷയായ പാഞ്ചാലിയെ മറവു ചെയ്ത ശേഷമാണു് ഓടിപിടഞ്ഞെത്തിയ ഞാൻ നിങ്ങളെ ഇപ്പോൾ കണ്ടു മുട്ടിയതു്. എങ്ങനെ ഓർക്കുന്നു ആ വിചിത്ര സ്ത്രീയെ?”

കൊട്ടാരം ലേഖിക യുധിഷ്ടിരനോടു് കിതച്ചു കൊണ്ടു് ചോദിച്ചു. “ആകസ്മികമായി ഞങ്ങളുടെ ദാമ്പത്യത്തിൽ അവൾ വന്നു. വന്നു പെട്ടു എന്നതാണ് കൂടുതൽ ശരി. നീണ്ടകാല ദുരനുഭവങ്ങളിലൂടെ പാഞ്ചാലീ പാണ്ഡവ ദാമ്പത്യം കടന്നു പോയി എന്ന അടിസ്ഥാന വസ്തുത മാറ്റി വച്ചാൽ, ആ സ്ത്രീയുടെ ജന്മാന്തരങ്ങളെ കുറിച്ചെന്തെങ്കിലും പറയാൻ ഞാൻ ഇപ്പോഴും അശക്തൻ. തിരക്കുണ്ട്. ഇനിയും വടക്കോട്ടുള്ള വഴിയിൽ ആരും നോക്കാനാളില്ലാതെ കൊഴിഞ്ഞു പോവേണ്ടവർ ഞങ്ങൾ പാണ്ഡവർ. വിട.”

കുരുക്ഷേത്രവിധവകൾക്കും ആൺമക്കളെ നഷ്ടപ്പെട്ട വയോജനങ്ങൾക്കും ഒരുനേരം സൗജന്യഭക്ഷണം, അതല്ലേ യുദ്ധാനന്തര പാണ്ഡവഭരണകൂടത്തിന്റെ ആദ്യപരിഗണന?” മഹാരാജാവിന്റ മുമ്പിൽ കൊട്ടാരം ലേഖിക മുട്ടുകുത്തി കൈമുത്തി.

“അടിമത്തനിർമാർജ്ജനം-അതാണു് മുൻഗണന. വ്യാഴവട്ടക്കാല വനജീവിതം അതെന്തെന്നു രാവു പകൽ പഠിപ്പിച്ചു. ഇനിയതു, ഭർത്താക്കന്മാർ നഷ്ടപ്പെട്ട കൗരവരാജസ്ത്രീകൾക്കു് ഉണ്ടാവരുതു്. അവർക്കു് ഭൂതാതുരതയുമായി അഭിരമിക്കാൻ ഗംഗയാറൊഴുകുന്ന ഉൾനാട്ടിൽ വൃദ്ധസദനങ്ങൾ പണിയും. ആടിയും പാടിയും അവരവിടെ ജീവിത സായാഹ്നത്തിലെ ഓരോ നാളും കഴിക്കും.” ഔദ്യോഗികരാജമന്ദിരങ്ങളിൽ നിന്നു് കുരുക്ഷേത്രവിധവകളെ ബലം പ്രയോഗിച്ചു കുടിയൊഴിപ്പിക്കുന്ന കർമപരിപാടി തുടങ്ങുകയായിരുന്നു നന്നേ രാവിലെ പുതിയ ഹസ്തിനപുരി ഭരണാധികാരിയും കൂട്ടാളി ഭീമനും.

“പുതിയ ഭരണകൂടപദവിയേറ്റ ശേഷം യുധിഷ്ഠിരൻ ഞങ്ങളെ കണ്ടാൽ മിണ്ടിപ്പറയാറൊന്നുമില്ലെങ്കിലും, ചുണ്ടുവിടർത്തി ഒന്നു് പുഞ്ചിരിക്കാറുള്ള മഹാരാജാവു് കഴിഞ്ഞ ഒരാഴ്ചയായി കണ്ടാൽ പെട്ടെന്നു് മുഖം തിരിക്കും. ഔദ്യോഗികവക്താവിനെ കാത്തു് ചിലപ്പോൾ ഞങ്ങൾ അരമണിക്കൂർ കൊട്ടാരമുറ്റത്തു കാത്തുനിൽക്കുമ്പോൾ ഇത്തരം ‘രാജകീയഅവഗണന’ ആദ്യമാണു്. ദുര്യോധനനൊക്കെ എപ്പോൾ കണ്ടാലും ‘എന്തുണ്ടു് വിശേഷം’ എന്നു് ചോദിക്കുന്ന സൗഹാർദ്ദം ഇവിടെ നിലനിന്നു എന്നോർക്കണം. യുധിഷ്ഠിരനു് എന്തെങ്കിലും കുഴപ്പം?” കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.

ചാലുകീറി കോട്ടക്കുള്ളിലെ പുതിയ മഴക്കുഴിയിലേക്കു മഴവെള്ളം തിരിച്ചുവിടാനുള്ള തിരക്കിലായിരുന്നു മിന്നുന്ന ശരീരമുള്ള ആ അർദ്ധനഗ്നൻ. ‘എന്തു് ജോലിയും പാണ്ഡവർ ചെയ്യും’ എന്ന പദ്ധതിയുടെ പ്രചാരകനും.

“നമ്മളൊക്കെ നിസ്സാരമനുഷ്യജന്മങ്ങൾ എന്നൊക്കെ ഉന്നതാധികാരസമിതി യോഗത്തിൽ അഭിപ്രായ വ്യത്യാസം വന്നാൽ ഞങ്ങളെ ഒതുക്കാൻ യുധിഷ്ഠിരൻ പറയുമെങ്കിലും, പാഞ്ചാലിയോടു് കിടപ്പറയിൽ അതിഭാവുകത്വത്തിന്റെ അതിപ്രസരത്തിൽ പറഞ്ഞ അന്തിമാഭിലാഷമാണു് അനവസരത്തിലായതു. പെട്ടെന്നു് ഞാൻ മരിക്കയാണെങ്കിൽ നീ അനുസ്മരണപ്രഭാഷണത്തിൽ ഏങ്ങലടിച്ചു പറയണം, ഏറ്റവും ഒടുവിൽ നിൽക്കുന്ന നിർദ്ധനൻ പോലും നമ്മെ പോലെ മൂന്നു നേരം കാളയിറച്ചി കൂട്ടി ഊണുകഴിക്കാനാവുന്ന ദിവസം വരെ ഞാൻ അസന്തുഷ്ടനായിരിക്കും. മഹാരാജാവു് രാത്രി കിടക്കും മുമ്പു്, നിലത്തു മുട്ടു് കുത്തി പ്രാർത്ഥിക്കുന്നതിനു ഞാൻ സത്യസാക്ഷി എന്നു്. ആർത്തു ചിരിച്ചുകൊണ്ടവൾ മുറി വിട്ടു പുറത്തു പോയതാണു് ആ പ്രജാക്ഷേമതല്പരന്റെ ദുഖത്തിനു് കാരണം, പിന്നെ അവൾ അയാളുടെ മുറിയിൽ പോവാറില്ല. അതോടെ മിണ്ടാട്ടം നിലച്ചു. മൃദുലവികാരങ്ങൾക്കു മുറിവേറ്റാൽ നമ്മുടെ പെരുമാറ്റത്തിലും അതു് നിഴലിക്കില്ലേ?” മഴ നിന്നെങ്കിലും പെട്ടെന്നുയർന്ന ജലനിരപ്പു സമർത്ഥമായൊരു ‘ഭീമ’നീക്കത്തിലൂടെ മഴക്കുഴിയിലേക്കു അയാൾ തിരിച്ചുവിട്ടു.

2018-06-13

“എന്തോ നേടിയെന്ന മട്ടിൽ ജേതാക്കളുടെ കെട്ടിപ്പൊക്കിയ ആവേശത്തോടെ, ഭർത്താക്കന്മാർ ഹസ്തിനപുരി കോട്ട പിടിച്ചെടുക്കാൻ അടുത്ത പടി മാറിനിന്നു ആസൂത്രണം ചെയ്യുമ്പോൾ, നിങ്ങൾ, നിങ്ങൾ മാത്രം, ഭീമഗദാപ്രഹരത്തിൽ തുടയെല്ലു് തകർന്നു കിടക്കുന്ന ദുര്യോധനനോടു് എന്തോ മൃദുവായി ചോദിക്കുന്ന പോലെ ദൂരെ നിന്നു് എനിക്കു് തോന്നി.” യുദ്ധകാര്യലേഖകൻ പാഞ്ചാലിയോടു് ചോദിച്ചു.

“നിങ്ങൾ, നിങ്ങൾ തന്നെയല്ലേ ജീവകാലം മുഴുവൻ എന്നെ തുണിയുടിപ്പിച്ചും അഴിച്ചും വേട്ടയാടിയ ശത്രു എന്നു് ഞാൻ വിരൽ ചൂണ്ടി ചോദിച്ചു. അപ്പോൾ ഇരുകൈകളും നീട്ടി ‘എന്നും ഞാൻ നിന്റെ ആരാധകൻ’ എന്നു് പറഞ്ഞുകൊണ്ടവൻ ഒരിറ്റു കുടിനീരിനു യാചിച്ചപ്പോൾ, മേൽവസ്ത്രം നീക്കി മുലപ്പാൽ ഇറ്റിറ്റായി അവന്റെ ചുണ്ടിൽ ഞാൻ ഒഴിച്ചു കൊടുത്തു. അതു് വിറയ്ക്കുന്ന ചുണ്ടുകളോടെ നുണച്ചു കൊണ്ടവൻ ശാന്തനായി. ഒരു പെണ്ണെന്ന നിലയിൽ അത്രയും ചെയ്യാൻ എനിക്കവനോടു് ബാധ്യതയുണ്ടു്.” ഭാര്യയെ അന്വേഷിച്ചു മാദ്രിപുത്രൻ നകുലൻ ഓടിക്കിതച്ചെത്തുന്നതു് കണ്ട പാഞ്ചാലി യുദ്ധകാര്യലേഖകനോടു് യാത്ര പറഞ്ഞു.

“ഒളിപ്പോരാളികളായ പാണ്ഡവരിൽ നിന്നുള്ള ആക്രമണം ചെറുക്കാൻ കൗരവസൈന്യം പതിമൂന്നു വയസ്സു് കഴിഞ്ഞ ആൺകുട്ടികളെ സൈനിക ബാലവേലക്കു നിയമിക്കും എന്നു് ദുര്യോധനൻ ഔദ്യോഗിക വിജ്ഞാപനത്തിൽ രേഖപ്പെടുത്തിയിട്ടും, നിങ്ങൾ എന്തിനാണു് ശത്രുക്കൾക്കു വേണ്ടി കൗരവഭരണകൂടത്തെ ഈ പരീക്ഷണഘട്ടത്തിൽ വിമർശിക്കുന്നതു്?” കോട്ടവാതിലിനു മുമ്പിലുള്ള പ്രതിഷേധവേദിയിൽ നിരാഹാരസമരം ചെയ്യുന്ന യുക്തിവാദി ചാർവാകനോടു് കൊട്ടാരം ലേഖിക നീരസത്തോടെ ചോദിച്ചു.

“പതിമൂന്നു എന്നൊക്കെ ഒരു പൊതുസമ്മതിക്കു വേണ്ടി അയാൾ പറയുന്നതല്ലേ? ഇന്നലെ രാത്രി എന്റെ രണ്ടുകുട്ടികളെ കൗരവസംഘം തട്ടിക്കൊണ്ടു പോയതു് അത്താഴം കൊടുത്തു അവരെ ഉറക്കുമ്പോഴാണു്. ഒന്നിനു് എട്ടും ഒന്നിനു് പത്തും. കൊച്ചു ബ്രാഹ്മണകുട്ടികളെ അങ്ങനെ നിർബന്ധിക്കാമോ എന്നു് അമ്മ ചോദിച്ചപ്പോൾ, അവളുടെ കവിളിൽ വിരൽ കൊണ്ടു് കുത്തി അവർ പറഞ്ഞു, ബ്രാഹ്മണയോദ്ധാക്കളുടെ ഭൃത്യന്മാരായി മാത്രമേ ബ്രാഹ്മണകുട്ടികളുടെ സേവനം വിട്ടുകൊടുക്കൂ എന്നു് നിങ്ങൾക്കറിയില്ലേ? ദ്രോണർ, കൃപർ, അശ്വത്ഥാമാവു് എന്നിങ്ങനെ കുപ്രസിദ്ധ യോദ്ധാക്കളുടെ പേരുകളും പുറത്തുവിട്ടു.

ഇതു് ചാർവാകന്റെയോ ദ്രോണാദികളുടെയോ മാത്രം പ്രശ്നമായി നിങ്ങൾ പത്രപ്രവർത്തകർ ചുരുക്കിക്കാണരുതു്. ഇതു് ബാലവേലക്കെതിരെ അന്താരാഷ്ട്ര മനുഷ്യ മനഃസ്സാക്ഷിയെ ഒന്നുണർത്താനുള്ള നിരാഹാരമാണു്.” പറഞ്ഞുതീരുമ്പോഴേക്കും, ‘രാജ്യവിരോധി രാവിലെ തുടങ്ങിയോ കൊട്ടാരം ഊട്ടുപുരയിൽ നിന്നു് പൊരിച്ച മുയലിറച്ചിയും തിന്നു, നിറഞ്ഞ വയറുമായി നീ ഈ കപട നിരാഹാരം?’ എന്നു് പറഞ്ഞുകൊണ്ടു് അശ്വാരൂഢനായ ദുര്യോധനപുത്രൻ, ചാർവാകനെ കഴുത്തിലൂടെ കുരുക്കെറിഞ്ഞു അരയിൽ കുടുക്കി, വലിച്ചു കഴുതപ്പുറത്തിട്ടു അതിവേഗം പീഡനകേന്ദ്രത്തിലേക്കു പോയി.

“യുദ്ധകാലത്ത്മഹാരാജാവു് ഒച്ചവെച്ചു ആഭാസകരമായി നൃത്തം ചെയ്യുകയും,ഗാന്ധാര ഭാഷയിലൊരു ഉത്സവഗീതം, മഹാറാണി കൺകെട്ടഴിച്ചു ആലപിക്കയും ചെയ്യുന്നതു് കണ്ടു എന്നാണു നിങ്ങൾ കൊട്ടാരം ലേഖിക യുമായുള്ള അഭിമുഖത്തിൽ പറഞ്ഞു നിർത്തിയതു്. അവൾ ശ്രദ്ധിച്ചു കേൾക്കാത്തതു് കൊണ്ടാണോ, നിങ്ങൾ പറഞ്ഞതിൽ അവ്യക്തത ഉള്ളതു കൊണ്ടാണോ, അഭിമുഖവാർത്ത വായിച്ചപ്പോൾ ഇവിടെ വന്നു വിശദീകരണം ചോദിക്കണമെന്നു് തോന്നി. ധൃതി വേണ്ട, ആ സന്ദർഭം കൃത്യമായി ഒന്നോർത്തെടുക്കാമോ?”

യുദ്ധകാര്യലേഖകൻ ധൃതരാഷ്ട്രഭൃത്യനോടു് ചോദിച്ചു. യുദ്ധാനന്തരഹസ്തിനപുരിയിൽ പാണ്ഡവ ഭരണകൂടം അധികാരത്തിൽ വന്നപ്പോൾ കുടിയൊഴിപ്പിക്കപ്പെട്ടവരിൽ ഒരാളായിരുന്നു, സ്ഥാനമൊഴിഞ്ഞ മഹാരാജാവു് ധൃതരാഷ്ട്രരിൽ ഒരിക്കൽ ദുഃസ്വാധീനം ചുമത്തിയിരുന്ന ഈ സൂതഭൃത്യൻ സഞ്ജയൻ.

“കൗരവരുടെ കുത്തും ചവിട്ടുമേറ്റു അഭിമന്യു പിടഞ്ഞു നിലത്തു വീണപ്പോൾ, അവന്റെ കഴുത്തിൽ ചവുട്ടി കർണൻ, വിജയചിഹ്നമായി തള്ളവിരലടയാളം കാണിച്ചു് ശത്രു മരിച്ചു എന്നു് ദുര്യോധനനെ അറിയിച്ച വിവരം തത്സമയം ഹസ്തിനപുരിയിൽ കണ്ട ഞാൻ ധൃതരാഷ്ട്രരെ ശബ്ദം താഴ്ത്തി അറിയിച്ചപ്പോൾ, അതുവരെ കൂനിപ്പിടിച്ചിരിക്കയായിരുന്ന ധൃതരാഷ്ട്രർ സഹിക്കവയ്യാത്ത ആഹ്ലാദം കൊണ്ടു് അടുത്തുണ്ടായിരുന്ന ഗാന്ധാരിയെ വലിച്ചടുപ്പിച്ചു തിരുവായിൽ തിരുവാ ചേർക്കുന്ന ആ ജുഹുപ്സാവഹമായ കാഴ്ച-അതാണോ നിങ്ങൾ പരാമർശിക്കുന്ന രാജകീയ നൃത്തവും ഗാനാലാപവും? വനിതാ പത്രപ്രവർത്തകയായതുകൊണ്ടു് വാമൊഴിയിൽ അശ്ലീലം വരാതിരിക്കാൻ നേരിയതോതിൽ ഭാഷ ഞാൻ മാറ്റിയതുകൊണ്ടാണോ എന്നും സംശയമുണ്ടു്. കണ്ടതു് കൃത്യമായി പറയാൻ മുൻവിധികൾ അല്ലെങ്കിലും നമ്മെ സമ്മതിക്കുകയില്ലല്ലോ.”

ഇതിഹാസരചനക്കു് ഒരു പനയോലക്കെട്ടുമായി കൊട്ടാരത്തിൽ തമ്പടിച്ചിരുന്ന വ്യാസനു മഹാഭാരതയുദ്ധകഥ തത്സമയം കണ്ടതും കേട്ടതും പറഞ്ഞു കൊടുക്കാൻ, ഇടയ്ക്കിടെ ഇരുചെന്നികളിലും മുഷ്ടികൊണ്ടു് ഇടിച്ചു ഓർമപ്പേടകം തുറക്കുകയായിരുന്നു ജീവിതസായാഹ്നത്തിൽ ആ വൃദ്ധഭൃത്യൻ.

2018-06-14

“ജേതാക്കളെന്ന വ്യാജേന ചെങ്കോൽ പിടിച്ചെടുക്കാൻ ഓടിക്കിതച്ചെത്തിയ പാണ്ഡവരെ ആചാരവെടി കൊണ്ടു് ആനയിക്കുകയല്ല, ആതുരാലയത്തിലേക്കു കൊണ്ടുപോവുകയാണു് വേണ്ടതു് എന്നൊക്കെ നിങ്ങൾ വലിയവായിൽ പ്രസംഗിക്കുന്നതു് ശ്രദ്ധയിൽ പെട്ടു. ജയിച്ചവർ അവർ തന്നെ എന്നതിനു് തെളിവല്ലേ ഉയിരോടെ എത്തി എന്നതും നൂറു കൗരവരുടെ ജഢം തിരിച്ചറിഞ്ഞതും? ക്ഷീണമുണ്ടെങ്കിലും പാണ്ഡവർക്കു് ചിത്തഭ്രമം?”

കൊട്ടാരം ലേഖിക ചോദിച്ചു.

കൗരവാനുകൂലികളുടെ സമ്മേളനത്തിൽ ചെയ്ത വികാരഭരിതപ്രസംഗത്തിനു് കിട്ടിയ കയ്യടിയിൽ സന്തുഷ്ടനായിരുന്നു അർദ്ധനഗ്ന യുക്തിവാദി ചാർവാകൻ.

“ഉടൻ ചികിത്സ കിട്ടിയില്ലെങ്കിൽ യുധിഷ്ഠിരൻ സ്വയം ഇന്ദ്രപ്രസ്ഥം ചക്രവർത്തി എന്നു് വീണ്ടും വഴിയിൽ ഓരോയിടത്തും അവരോധിക്കും. ഭീമൻ രൗദ്രഭീമനായി ഇരകളെ തേടും. വിഷാദരോഗിയായി അർജ്ജുനൻ അലഞ്ഞുനടക്കും. ചിതയിൽ മാദ്രിയെ തള്ളിയിട്ടു എന്ന പഴയ ആരോപണം പൊടിതട്ടി നകുലനും അനുജനും കുന്തിയെ വേട്ടയാടും. വടക്കൻ മലഞ്ചെരുവുകളിലെ സുഖവാസ കേന്ദ്രത്തിൽ (അരുതു് ഇനിയൊരു വരണാവതം മാതൃക) മാറ്റിപ്പാർപ്പിക്കൂ. കുന്തവും ഗദയുമല്ല മഴയും നിലാവും നിറഞ്ഞ വേറൊരു ലോകമുണ്ടെന്ന കാര്യം അവരിൽ തിരിച്ചുവരണം. കുരുക്ഷേത്ര അവർക്കു ആത്മപീഡനകേന്ദ്രമായിരുന്നു. പന്ത്രണ്ടു വർഷക്കാലത്തെ ആ വനവാസം, അജ്ഞാതവാസവും പതിനെട്ടുനാൾ പോരാട്ടവും കഴിഞ്ഞപ്പോൾ അവർക്കോർമ്മയില്ല. വേണ്ടതു് കൊച്ചുകൊച്ചു കൈത്തൊഴിലുകളും അന്തിയുറങ്ങാൻ വെവ്വേറെ കുടിലുകളും-ഏറ്റവും പ്രധാനം പാഞ്ചാലിയെ അവർക്കൊപ്പം ഇനി അയക്കരുതു്. സ്വന്തം ഇച്ഛാശക്തി കൊണ്ടവൾ ഇത്രയും കാലം പേ പിടിക്കാതെ പിടിച്ചു നിന്നതു പ്രകൃതിയുടെ സൗജന്യം.

2018-06-15

“സ്മൃതിനാശം വന്ന കുന്തിയെ നിങ്ങൾ ആട്ടിത്തെളിയിച്ചു കാട്ടിലേക്കയച്ചു എന്നാണു കൃപാചാര്യൻ പരിതപിക്കുന്നതു്. വല്ല കഴമ്പുമുണ്ടോ ആചാര്യന്റെ ആരോപണത്തിൽ?”, കൊട്ടാരം ലേഖിക ചാരവകുപ്പു് മേധാവി നകുലനോടു് ചോദിച്ചു.

“കുന്തിയുടെ സ്മൃതിനാശം ഞങ്ങൾ ഖാണ്ഡവവനത്തിലേക്കു് കുടിയേറും മുമ്പു് തന്നെ കൃപാചാര്യനടക്കം ഹസ്തിനപുരിയിൽ എല്ലാവർക്കും വ്യക്തമായിരുന്നല്ലോ. ഞങ്ങളുടെ കൂടെ വരൂ അമ്മാ ഞാൻ എന്നു് ക്ഷണിച്ചപ്പോൾ, നീ എപ്പോഴാണു് എന്റെ മകനായതു്, എനിക്കൊരു മകനേയുള്ളൂ അവൻ തേജസ്വിയായ സൂര്യപുത്രൻ” എന്നാണവർ മറ്റു പാണ്ഡവരുടെ സാന്നിധ്യത്തിൽ പറഞ്ഞതു്. വയോജനനങ്ങൾക്കും വേണം അന്ത്യദിനങ്ങളിൽ ഹിമാലയത്തിൽ വിശ്രമം എന്ന ഗുരുകുല സംവാദത്തിലേക്കു് പോവാൻ തേരിൽ കയറുകയായിരുന്നു ആയിരം പൂർണചന്ദ്രന്മാരെ കണ്ട മാദ്രിപുത്രൻ.

“സ്മൃതിനാശം വന്ന കുന്തിയെ നിങ്ങൾ ഗാന്ധാരിക്കൊപ്പം ആട്ടിത്തെളിയിച്ചു കാട്ടിലേക്കയച്ചു എന്നാണു കൃപാചാര്യൻ പരിതപിക്കുന്നതു്. വല്ല കഴമ്പുമുണ്ടോ ആചാര്യന്റെ ആരോപണത്തിൽ?”,

കൊട്ടാരം ലേഖിക ചാരവകുപ്പു് മേധാവി നകുലനോടു് ചോദിച്ചു.

“കുന്തിയുടെ സ്മൃതിനാശം ഞങ്ങൾ ഖാണ്ഡവവനത്തിലേക്കു് കുടിയേറും മുമ്പു് തന്നെ കൃപാചാര്യനടക്കം ഹസ്തിനപുരിയിൽ എല്ലാവർക്കും വ്യക്തമായിരുന്നല്ലോ. ഞങ്ങളുടെ കൂടെ വരൂ അമ്മാ ഞാൻ എന്നു് കുന്തിയെ ഉപചാരപൂർവ്വം ക്ഷണിച്ചപ്പോൾ, നീ എപ്പോഴാണു് എന്റെ മകനായതു്, എനിക്കൊരു മകനേയുള്ളൂ അവൻ തേജസ്വിയായ സൂര്യപുത്രൻ” എന്നാണവർ മറ്റു പാണ്ഡവരുടെ സാന്നിധ്യത്തിൽ പറഞ്ഞതു്.”

വയോജനനങ്ങൾക്കും വേണം അന്ത്യദിനങ്ങളിൽ ഹിമാലയത്തിൽ വിശ്രമം എന്ന ഗുരുകുല സംവാദത്തിലേക്കു് പോവാൻ തേരിൽ കയറുകയായിരുന്നു ആയിരം പൂർണ ചന്ദ്രന്മാരെ കണ്ട ആ ഇളമുറ പാണ്ഡവൻ.

“പ്രതിരോധവഴിയാണു് നിങ്ങൾ കാരുണ്യകൗരവർ ഹീനപാണ്ഡവരുടെ ആക്രമണവാസനക്കു പകരമായി തിരഞ്ഞെടുത്ത ജീവനോപാധിയെങ്കിൽ, എന്തിനിത്ര ഭാരിച്ച ചെലവേറ്റെടുത്തു? ദൂരെ കുരുക്ഷേത്രയിൽ പോരാട്ടവേദിയൊരുക്കി അവരെ കൊല്ലാൻ ക്ഷണിക്കേണ്ട കാര്യം? ഹസ്തിനപുരി കോട്ടയുടെ വിള്ളലടച്ചു അകത്തു കാത്തിരിക്കാമായിരുന്നില്ലേ പാതിരാമിന്നലാക്രമണത്തിനു വരുന്ന അർദ്ധ സഹോദരരെ കയ്യോടെ പിടികൂടാൻ?”

കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. നടുവൊടിഞ്ഞു ചതുപ്പുനിലത്തിൽ മരണം കാത്തു് തളർന്നുകിടക്കുകയായിരുന്ന ദുര്യോധനനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“കൂടെ കിടക്കുന്ന പെണ്ണിനെ പണയം വച്ചു് ചൂതാടുന്ന പാണ്ഡവരെ പോലെയാണോ കൗരവർ അവരുടെ രാജസ്ത്രീളെ എക്കാലവും പരിചരിച്ചതു്? പ്രതിരോധവഴിയിലെന്തെങ്കിലും വീഴ്ച പറ്റി പാപിപാണ്ഡവർ ഇടിച്ചുകയറി കൗരവരാജസ്ത്രീകളെ വസ്ത്രാക്ഷേപത്തിനു ശ്രമിച്ചാൽ ഏല്ലാ കൗരവകുടുംബങ്ങളിലെയും മൊത്തം വനിതകളും കൂട്ട ആത്മഹത്യ ചെയ്യുമെന്നു് ഭാര്യ എന്നെ താക്കീതു ചെയ്തു. അതോടെ ഞങ്ങൾ കുരുക്ഷേത്ര എത്രയും വേഗം യുദ്ധഭൂമിയാക്കി. രാജസ്ത്രീകൾ ഭയമില്ലാതെ കിടക്കാൻ, ഞങ്ങൾ ഈ കുറ്റിക്കാടു് വെട്ടി നിരപ്പാക്കി ശത്രുക്കൾക്കു പാളയം പോലും പണിതുകൊടുത്തു.” ഭീഷണനോട്ടത്തോടെ രണ്ടു കഴുകന്മാർ ഇരയുടെ ചുറ്റും ചിറകടിച്ചു.

“വിവാഹപൂർവ്വ രതിസാഹസത്തിൽ നിങ്ങൾക്കൊരു കുട്ടിയുണ്ടായിരുന്നു എന്ന വസ്തുത ഒളിപ്പിച്ചുവച്ചാണു് പാണ്ഡുവിനെ ഭർത്താവായി സ്വീകരിച്ചതെന്ന കൊട്ടാരരഹസ്യം അങ്ങാടിപ്പാട്ടാക്കുമെന്നു ഗാന്ധാരി പേടിപ്പിച്ചാണു് മഹാരാജപദവി ഉപേക്ഷിച്ചു പാണ്ഡുവിനെ കാട്ടിലേക്കയച്ചെന്ന വാർത്തയിപ്പോഴും കുതിരപ്പന്തികളിൽ പ്രചരിക്കുന്നുണ്ടല്ലോ. എങ്ങനെ വേണം ഹസ്തിനപുരി പൊതുസമൂഹം ഇതിനെ കാണാൻ?” കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. പാണ്ഡുവിധവയും അഞ്ചു കുട്ടികളും അഭയാർഥികളായി വിദുരഗൃഹത്തിൽ കഴിയുന്ന ഇടവേള.

“വിവാഹത്തിനുമുമ്പു് പാണ്ഡുവിന്റെ രതിയനുഭവങ്ങളുടെ ആൾവിവരപ്പട്ടിക തന്നാൽ മാത്രമേ അയാളുടെ കൈ പിടിക്കൂ എന്ന നിബന്ധന ഞാൻ വച്ചിരുന്നുവോ? ഭാര്യയുടെ അവിഹിതസന്തതിയെ കുറിച്ചിത്ര മുൻവിധിയുള്ള പാണ്ഡുവിനു, സ്വന്തം ഷണ്ഡത്വത്തെ കുറിച്ചു് വാ തുറക്കാനെന്തായിരുന്നു മടി? കായിക ക്ഷമതയുള്ളവനായിരിക്കും കുരുവംശരാജാവെന്ന പ്രതീക്ഷയിൽ, മകളെ പാണ്ഡുവിനു് ‘കന്യാദാനം’ ചെയ്ത മാദ്രരാജാവ്അർപ്പിച്ച വിശ്വാസത്തെ തകർക്കാൻ വൈമനസ്യം പാണ്ഡു കാണിച്ചുവോ? അതോ, സ്വന്തം രതിയനുഭവം നിഷേധിക്കപ്പെട്ടതു് മുനിശാപം കൊണ്ടെന്ന കാരണം കൊട്ടാരം പാട്ടുകാരെക്കൊണ്ടു് നാടാകെ പാടിപ്പിച്ചല്ലേ അയാൾ വനവാസത്തിനു ഞങ്ങളെയും കൂട്ടി പോയതു്? വംശം നിലനിർത്താൻ ‘പ്രായോഗിക പ്രതിവിധി’ തേടുമെന്ന പാണ്ഡുനിർദ്ദേശം എന്തു് ‘വഴി’യാണു് അയാൾ എനിക്കും മാദ്രിക്കും തുറന്നിട്ടതെന്നു കുതിരപ്പന്തിയിൽ കേട്ടുവോ? കുട്ടികൾ അഞ്ചു തികഞ്ഞപ്പോൾ, ‘ബലേ ഭേഷു്, എന്നു് പറഞ്ഞല്ലേ ആ കിടപ്പുരോഗി കഥാവശേഷനായതു്? കൂടുതൽ പ്രകോപിപ്പിച്ചാൽ ഒരു കഴുതച്ചുമടു് അന്തഃപുര വിഴുപ്പുകെട്ടുകൾ പുറത്തെടുക്കാൻ കുരുവംശ ചരിത്രത്തിൽ നിന്നെനിക്കു കിട്ടും. പാണ്ഡുവിന്റെ മഹാറാണിയായി ഞാനിവിടെ കഴിയുമ്പോൾ ഗാന്ധാരി എവിടെ ആയിരുന്നു എന്നൊന്നും ഇപ്പോൾ ഞാൻ വെളിപ്പെടുത്തുന്നില്ല.”

2018-06-16

“പെറ്റ കുട്ടികളെ പാഞ്ചാലി പോറ്റി വളർത്താത്തതു കണ്ടു മനം തപിച്ചാണു് നിങ്ങൾ അവരെ പാഞ്ചാലയിൽ കൊണ്ടു പോയി വളർത്താൻ ഏൽപ്പിച്ചതു് എന്നോ?” അവിശ്വാസം നിഴലിക്കുന്ന ശബ്ദത്തിൽ കൊട്ടാരം ലേഖിക ഇന്ദ്രപ്രസ്ഥം ചക്രവർത്തിയോടു് ചോദിച്ചു.

“നേരത്തിനു ഭക്ഷണം കൊടുക്കാതെയും കുളിപ്പിച്ചു് വസ്ത്രം മാറ്റാതെയും എന്തിനാണു് നീ കൊച്ചുകുഞ്ഞുങ്ങളെ കഷ്ടപ്പെടുത്തുന്നതു് എന്നു ഞാൻ വിമ്മിഷ്ടത്തോടെ ചോദിച്ചാൽ, ‘ഇതു് നിങ്ങളുടെ കുട്ടിയല്ലല്ലോ പിന്നെന്താ?’ എന്നവൾ അഞ്ചു പേരോടും ഊഴം വച്ചു തുറിച്ചുനോക്കി തിരിച്ചടിക്കും. കുട്ടികൾ ആരുടെ ആയാലും അവർ വിശന്നു വാവിട്ടു നിലവിളിക്കുന്നതു് കാണാൻ ആവാതെ അവസാനം അവളറിയാതെ കൊണ്ടു പോയി ഞങ്ങൾ സുരക്ഷിതസ്ഥാനത്തു ഏൽപ്പിച്ചു.” പറഞ്ഞു തീരുമ്പോൾ നകുലന്റെ കണ്ണുകൾ നിറഞ്ഞു ശബ്ദം ഇടറി. ചക്രവർത്തി യുധിഷ്ഠിരൻ മുഖം താഴ്ത്തി. ജാലകത്തിന്നപ്പുറത്തു രണ്ടു പെൺകണ്ണുകൾ ഇമതല്ലാതെ ആ രംഗം രഹസ്യമായി നിരീക്ഷിച്ചു.

“പാണ്ഡവർക്കിടയിൽ പരസ്പരം സ്പർദ്ധ വളർത്തി മാനസികമായി തളർത്താൻ കൌരവർ നിയോഗിച്ച ചാരവനിത എന്ന രഹസ്യ ഉത്തരവാദിത്വവും നിങ്ങളുടെ കുപ്രസിദ്ധചൂതാട്ടത്തോൽവിക്കു് ശേഷം പാഞ്ചാലി ഏറ്റെടുത്തു എന്ന ആരോപണം രാഷ്ട്രീയഹസ്തിനപുരിചർച്ചയിൽ ഈയിടെ കേട്ടല്ലോ”, പ്രവാസിജീവിതത്തിലും ചാരവകുപ്പു് മേധാവിയായ നകുലനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“മുൻവിധിയില്ലാതെ കാണാൻ ഞങ്ങളും തയ്യാർ. ദുര്യോധനൻ രഹസ്യമായി അയച്ചു കൊടുക്കുന്ന സുഗന്ധതൈലം അവൾ കുളികഴിഞ്ഞു നഗ്നമേനിയിൽ പുരട്ടുമ്പോൾ, ഒറ്റമുറിക്കുടിലിൽ എല്ലാം കണ്ടു നിൽക്കുന്ന ഭർത്താക്കന്മാരിൽ പെട്ടെന്നുണരുന്ന ഊർജ്ജം, ആ വല്ലാത്ത തിടുക്കം, അന്ധമായ കിടമത്സരം, ഊഴം തെറ്റിച്ചും അവളെ ഉടൻ കൈവശപ്പെടുത്താനുള്ള ആവേശം-എല്ലാം വിരൽ ചൂണ്ടുന്നതു്, കൌരവരുടെ അശ്ലീലരാഷ്ട്രീയ ഉപകരണം തന്നെയാവാം പാഞ്ചാലി. കള്ളി വെളിച്ചത്തക്കാനുള്ള തെളിവു് കൂടുതൽ കിട്ടട്ടെ, ‘ഹസ്തിനപുരി പത്രിക’യുമായി പങ്കു വക്കാം.”

“അധികാരമേറ്റിട്ടു ആഴ്ച രണ്ടു കഴിഞ്ഞില്ല ആരോപണങ്ങൾ രണ്ടെണ്ണം പാണ്ഡവഭരണകൂടത്തെ പൊളിച്ചടുക്കിയല്ലോ. ഇന്നു് രാവിലെ മുതൽ കുതിരപ്പന്തികളും വാണിജ്യത്തെരുവും ആകെ ചർച്ചിക്കുന്നതു ഇവ രണ്ടും:

ഒന്നു്, ദുര്യോധനപുത്രവധുവിനെ കൊണ്ടു് പാഞ്ചാലി വിഴുപ്പലക്കിപ്പിച്ചു.

രണ്ടു്, ഭീമന്റെ രഥയാത്രക്കു് ചാർവാകൻ വഴികൊടുക്കാതെ തടസ്സപ്പെടുത്തിയെന്നു പറഞ്ഞു ഭീമസാരഥിയിറങ്ങിവന്നു യുക്തിവാദിയുടെ ചെകിട്ടത്തടിച്ചു.

ഇത്ര ഹൃദയവികാരമില്ലാതെ എങ്ങനെ നിങ്ങൾ വ്യാഴവട്ടക്കാല ഹിമാലയ വനജീവിതത്തിൽ നിന്നു് പുറത്തിറങ്ങി?” കൊട്ടാരം ലേഖിക ഔദ്യോഗിക വക്താവിനോടു് ചോദിച്ചു.

“ദുര്യോധനപുത്രവിധവ, പാഞ്ചാലിയുടെ വസതിയിൽ വന്നതു് സ്ത്രീചർമപരിപാലനം എന്ന പുതുതൊഴിലിൽ നൈപുണ്യവികസനത്തിനാണു്. ദേഹം വിയർക്കുന്ന ജോലി ചെയ്യുന്നതൊരു നല്ല കാര്യമെന്നു് പാഞ്ചാലി സാന്ദർഭികമായി പറഞ്ഞപ്പോൾ, സ്വയം കുറെ വിഴുപ്പെടുത്തു ആ യുവകൗരവവിധവ കൊട്ടാരത്തിനു പിന്നിലെ ജലാശയത്തിൽ ആസ്വദിച്ചു നീന്തിക്കുളിക്കയും അതിനിടയിൽ സന്തോഷത്തോടെ തുണി കഴുകിയുണക്കുകയും ചെയ്തു. വീട്ടിലെത്തിയപ്പോൾ വരാൻ വൈകിയതിന്റെ കാരണമായി പറഞ്ഞു പാഞ്ചാലിയുടെ വിഴുപ്പു കണ്ടാൽ വിഴുപ്പെന്നു് തോന്നില്ല എന്നിട്ടും ഞാനതൊന്നു പരീക്ഷിക്കാൻ കഴുകിനോക്കിയതിനുശേഷം തിരിച്ചു കൊടുത്തു. അതാരു പരാതിയാക്കി?

രഥയാത്ര ചെയ്യുന്ന ഭീമനു് വഴി തടയുന്ന പദയാത്രയല്ല അഭിവന്ദ്യചാർവാകൻ ചെയ്തതു്. മത്സരിച്ചു മുട്ടിയുരുമ്മി നടന്നു കുതിരകളെ വിറളി പിടിപ്പിച്ചപ്പോൾ പ്രകോപിതകുതിരയാണു് വാലു കൊണ്ടയാളെ ശിക്ഷിച്ചതു്. അടി കൊണ്ടു് നിലവിളിച്ച ചാർവാകൻ അതു് കണ്ട നാട്ടുകാരോടു് പറഞ്ഞു, ഭീമസാരഥി ചാട്ട വീശി. അതാരു പരാതിയാക്കി. പത്രപ്രവർത്തനമല്ല നിങ്ങൾ ചെയ്യുന്നതു്, നാട്ടുകാരുടെ വിഴുപ്പലക്കലാണു്.”

“സ്ഥലജലഭ്രമം നിറഞ്ഞ ഇന്ദ്രപ്രസ്ഥംകൊട്ടാരത്തിൽ നിന്നു് പരുക്കൻ പ്രതലവും ചോർച്ചയുമുള്ള ഈ കാട്ടുകുടിലിൽ ഇനിയൊരു വ്യാഴവട്ടക്കാലം കൗരവഅടിമ എന്ന കഠിനകൗരവശിക്ഷ നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ?”

കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“യുധിഷ്ഠിരന്റെ ദുരഭിമാനത്തിൽ തൂങ്ങിപ്പിടിക്കുകയാണു്, കാലാതിവർത്തിയായി മാറാൻ സാധ്യതയുണ്ടായിരുന്ന മഹാഭാരത ഇതിഹാസം എന്നതാണു് എന്നെ ചിന്താകുഴപ്പത്തിലാക്കുന്നതു് അല്ലാതെ കൗരവഅടിമ എന്ന അവസ്ഥയൊന്നുമല്ല. പറഞ്ഞുവന്നാൽ അവർ നൂറുപേരും എന്റെ ആരാധകർ.”

2018-06-17

“മനുഷ്യാവസ്ഥയെ കുറിച്ചെന്തെങ്കിലും വെളിപാടു് കുരുക്ഷേത്രാനുഭവം നിങ്ങൾക്കു് നൽകിയോ?” കൊട്ടാരം ലേഖിക മഹാറാണി പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരിയിലെ അന്തഃപുരത്തിനു പിന്നിലെ ജലാശയത്തിൽ നീന്തിക്കുളിക്കുകയായിരുന്നു സായാഹ്നവെയിലിൽ അവരിരുവരും. മൂന്നാം ലിംഗ സൈനികർ കാവൽ നിന്നു.

“യുദ്ധാവസാനദിനം അഞ്ചു മക്കൾ പാതിരാ ചതിയാക്രമണത്തിൽ കൊല്ലപ്പെടുക, പഞ്ചപാണ്ഡവർ പോറലേൽക്കാതെ പോരാട്ട ഭൂമിയിൽ നിന്നു് ജേതാക്കളായി പുറത്തുചാടുക-ഇതെന്നെ ആകെ അട്ടിമറിച്ചു. മറിച്ചായിരുന്നു യുദ്ധഫലം എന്നാണു് ഞാൻ അപ്പോഴും ഇപ്പോഴും മോഹിച്ചതു്. ആ മാതൃമോഹം പൂവണിഞ്ഞിരുന്നെങ്കിൽ, ഈ കാണുന്ന പ്രപഞ്ചം ദൈവസൃഷ്ടി എന്നു് പോലും ഞാൻ ഇരുകൈകളും ഉയർത്തി ഈ വെള്ളത്തിൽ നിന്നു് കൊണ്ടു് ആകാശത്തേക്കു് നോക്കി മഹത്വപ്പെടുത്തുമായിരുന്നു. എന്നാൽ ഇന്നു് ഞാൻ ആൺവേദിയിൽ ഉടുതുണി വലിക്കപ്പെട്ട അടിമ. പെറ്റകുഞ്ഞുങ്ങളുടെ ശവമടക്കിനു സാക്ഷി യാവേണ്ടി വന്ന അമ്മ. അഞ്ചുപുരുഷന്മാരുടെ ഭാരം ചുമക്കേണ്ടി വന്ന പതിത. എന്റെ കുരുക്ഷേത്ര ഇനിയും തുടങ്ങിയിട്ടില്ലെന്നു കരുതുന്നൊരു പെൺ” അടിത്തട്ടു് കാണാവുന്ന ജലാശയത്തിലേക്കവർ ആ മോഹസാക്ഷാത്കാരത്തിനായി ഇരുവരും ഒരുമിച്ചു ഊളിയിട്ടു.

“അച്ഛനെ കുറിച്ചൊരു ഓർമ വായനക്കാരുമായി പങ്കിടാമോ?” പുതിയ ഭരണാധികാരിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“കരിക്കുന്നനും കുറയും പായുന്ന ആ ഈറൻ കാട്ടുകുടിലിൽ, പരുക്കൻതറയിലെ പായിൽ ചുരുണ്ടു കിടന്ന അച്ഛനെ ഞാൻ എന്റെ പതിനാറാം പിറന്നാളിനു്, കുളിച്ചു കുറിയിട്ടു് വന്ദിക്കാൻ അറച്ചറച്ചു മുന്നോട്ടു കാൽവച്ചു ചെന്നതായിരുന്നു. എന്നെ കണ്ടപ്പോൾ ആ മുഖം ഒന്നു് കൂടി ഇരുണ്ടു. ഇന്നെന്റെ ജന്മദിനമെന്നു ഞാൻ കൈകൂപ്പി അയാളോടു് പറഞ്ഞപ്പോൾ, “ആരാടാ ശരിക്കും നിന്റെ ബീജദാതാവ്?”

എന്നു അശ്ലീലമായ കൈ ചലനത്തോടെ അപശബ്ദ മുണ്ടാക്കി അയാൾ എന്നെ വെല്ലുവിളിച്ചു. യമൻ എന്നു ഞാൻ മേലോട്ടുനോക്കി മൃദുവായി പറഞ്ഞപ്പോൾ അയാൾ ആഭാസകരമായി പൊട്ടിച്ചിരിച്ചു. അൽപ്പവസ്ത്രയായ ചിറ്റമ്മ മാദ്രി ആ സമയത്തു മുറിക്കകത്തു കടന്നപ്പോൾ, പുറത്തു പോവാൻ ഞാൻ തുനിഞ്ഞു. അതാ മുറ്റത്തു വെട്ടുപോത്തിൻ പുറത്തൊരു കരിങ്കാലൻ പാണ്ഡുവിന്റെ നേരെ എറിയാനായി കയർ കുരുക്കിടുന്നു. പിറ്റേന്നു കുടിലിന്നരികെ ഉണക്ക വിറകു കൂട്ടി പാണ്ഡുവിനു് ചിതകത്തിക്കുമ്പോൾ, ഞങ്ങൾക്കൊപ്പം കൂട്ടിനുണ്ടായിരുന്നതു് ദിവ്യതേജസ്സുള്ള തെണ്ടിപ്പട്ടി മാത്രം.” മൺമറഞ്ഞ കുരുവംശാധിപൻ പാണ്ഡുവിനു് സ്മാരകം നിർമ്മിക്കുന്ന തീരുമാനം രാജസഭയിൽ അറിയിച്ചു ഊട്ടുപുരയിലേക്കു മറ്റുനാലു പേർക്കൊപ്പം പോവുകയായിരുന്നു മഹാരാജാവു് യുധിഷ്ഠിരൻ.

2018-06-18

“ഇന്നുമൊരു നവജാതശിശുമരണം-ദരിദ്രകുടിലിലല്ല, ഹസ്തിനപുരി കൊട്ടാരത്തിൽ. അന്തഃപുരവേലക്കാരുടെ വസതിയിലല്ല, മഹാറാണി ഗംഗയുടെ പ്രസവത്തിൽ-തുടർച്ചയായ ഏഴാമത്തെ. ദുരൂഹതയൊന്നും തോന്നിയില്ലേ?” മഹാരാജാവു് ശാന്തനുവിനോടു് കൊട്ടാരം ലേഖികചോദിച്ചു.

കണ്ണുതുറന്നു നോക്കിയാൽ കാണുന്ന ഈ ലോകത്തിൽ എന്തെങ്കിലും ദുരൂഹമല്ലാതുണ്ടോ? തെരുവായ തെരുവെല്ലാം ഓടിനടന്നു ഇല്ലാത്ത കഥകൾ നെയ്യുന്ന നിങ്ങൾ നാളെ ഇതേ സമയത്തു ഒരു പിടി ചാരമായി മാറിയാൽ അതും ദുരൂഹമാവുമോ? ഇന്നലെ ഈ സമയത്തു ഗർഭശ്രീമാനായിരുന്ന കിരീടാവകാശി ഇപ്പോൾ നദിയൊഴുക്കിലെവിടെയോ പൊങ്ങിയ കുഞ്ഞുജഡമായതിൽ ദുരൂഹതയില്ലേ? ഉണ്ടു്. ഇനി അതിലധികം ദുരൂഹമല്ലേ ഇന്നു് പുലർച്ച ചോരക്കുഞ്ഞിനെ പുഴയിൽ കഴുകിയെടുക്കും മുമ്പു് കൈവിരലുകൾക്കിടയിലൂടെ ഒഴുക്കിൽ വീണുപോയ കുഞ്ഞിനെ പ്രസവിച്ച ഗംഗയിതാ, കൊട്ടാരഉദ്യാനത്തിൽ വാസനപൂക്കൾ പറിക്കുന്നതു നോക്കൂ. രാത്രിയവൾ എന്റെ പായിൽ സുഗന്ധിയായി കിടക്കുമ്പോൾ വീണ്ടുമൊരു ഗർഭം ധരിക്കാൻ ശാരീരികക്ഷമതയുണ്ടാവും എന്നുറപ്പു്. നാളെയവൾ ഗർഭവതിയാകും. മറ്റന്നാൾ വീണ്ടും, പെറ്റ കുഞ്ഞിനെ മുക്കിക്കൊല്ലും-ഒന്നും ദുരൂഹമല്ല. എന്തു് ഹീനപ്രവർത്തിക്കും നിങ്ങളോടു് വാതുറന്നു വിശദീകരിക്കാനുണ്ടാവും പിന്നാമ്പുറ കഥകൾ.

2018-06-19

“ഗാർഹികപീഡനത്തിനു മകൾ ഇരയെന്ന ആരോപണവുമായി പാഞ്ചാലൻ പീഢക പാണ്ഡവർക്കെതിരെ പടവാൾ ഉയർത്തിയല്ലോ. ഭാര്യാപിതാവിന്റെ ഭീഷണിയിൽ ഭയന്നുപോയോ യുധിഷ്ഠിരൻ?”

കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. വനവാസക്കാലം.

“ദക്ഷിണയായി ചിലരിൽ നിന്നൊക്കെ തള്ളവിരൽ കടിച്ചുമുറിച്ചെടുക്കുന്ന ഗുരുദ്രോണർ എനിക്കൊരു അസാധ്യപണി തന്നു. സഹപാഠി പാഞ്ചാലനെ വരിഞ്ഞുകെട്ടി ദക്ഷിണയായി മുമ്പിൽ വക്കണം. അന്നു് ഞാൻ കൗമാരവിദ്യാർത്ഥി. എന്നിട്ടും ഏൽപ്പിച്ച ജോലി ചെയ്തു. പക്ഷെ പാഞ്ചാലീപരിണയത്തിൽ പാഞ്ചാലൻ എന്റെ ചെവിയിൽ പറഞ്ഞു, അന്നു് ഞാൻ നിനക്കു് ബന്ദിയായി വഴങ്ങിത്തന്നതു്, ദ്രോണശാപം നിനക്കുണ്ടാവാതിരിക്കാനാണെന്നു്. അത്രമേൽ പ്രിയപ്പെട്ട പാഞ്ചാലനിപ്പോൾ പരസ്യമായി ചൂടാവണമെങ്കിൽ, ആരോ ഞങ്ങളെക്കുറിച്ചു സത്യം പ്രചരിപ്പിക്കുന്നുണ്ടാവും.

സന്യസ്ഥർക്കു് സേവനം നൽകാൻ കൗരവാജ്ഞയുള്ളപ്പോൾ യുധിഷ്ഠിരൻ, പാഞ്ചാലിയെ ആ പുറം ജോലിക്കു നിത്യവും തള്ളിവിടുന്നതു് കണ്ടു ഞാനും മുഷ്ടിചുരുട്ടി പ്രതിഷേധിച്ചിട്ടുണ്ടു്. ഇന്ദ്രപ്രസ്ഥം ചക്രവർത്തിയായിരുന്നവൻ തന്നെ വേണം ആശ്രമമാലിന്യങ്ങൾ സംസ്കരിക്കാൻ അല്ലേ, എന്നയാൾ അപ്പോൾ വിലാപത്തോടെ തിരിച്ചടിച്ചപ്പോൾ മറ്റു പാണ്ഡവർ അയാളെ പിന്തുണച്ചു. ഞാൻ ചൂളിപ്പോയി. പീഢകയുധിഷ്ഠിരനെ ഗാർഹികസ്ത്രീനീതിയിൽ ബാലപാഠം പഠിപ്പിക്കട്ടെ പാഞ്ചാലൻ. അതൊക്കെ വിഭാവന ചെയ്യുന്നതിൽ പോലുമുണ്ടൊരു കാവ്യനീതി.”

2018-06-20

“ആൺമക്കളെ യുദ്ധത്തിൽ നഷ്ടപ്പെട്ട വയോജനങൾക്കു കുടിവെള്ളവും ധാന്യവും എത്തിച്ചു കയ്യടി നേടുന്ന ഹസ്തിനപുരിയിൽ നിന്നാണു് ഞാൻ നിങ്ങളെ തേടി വരുന്നതു്. ഇങ്ങനെ ജീവിതസായാഹ്നം ദുരിതത്തിൽ കഴിയേണ്ട വരാണോ നിങ്ങൾ ഇതിഹാസ കഥാപാത്രങ്ങൾ?” എല്ലും തോലുമായി ധൃതരാഷ്ട്രർ, ഗാനധാരി, കുന്തി, വിദുരർ എന്നിവർ വനാശ്രമത്തിൽ ദുരിതമനുഭവിക്കുമ്പോൾ കൊട്ടാരം ലേഖിക വഴിനടന്നു അവസാനം അവരെ കണ്ടെത്തി.

“കൊന്നു തിന്നാൻ നേരത്തേ വിധിക്കപ്പെട്ട മാംസഭോജികൾ, ഈ ശോഷിച്ച ശരീരങ്ങൾ കണ്ടു മടുപ്പോടെ മടങ്ങുന്നു. അങ്ങനെയൊരു അസ്തിത്വ പ്രതിസന്ധി നേരിടുകയാണിപ്പോൾ ഞങ്ങൾ. പരസ്പരം ജീവനൊടുക്കാൻ ഞങ്ങൾക്കിന്നു പേശികളിൽ കരുത്തില്ല. ഒരു ആകസ്മിക കാട്ടുതീ അതാണു് അരനൂറ്റാണ്ടോളം ഹസ്തിനപുരി ഭരിച്ച ധൃതരാഷ്ട്രർ ഈയിടെയായി മോഹിക്കുന്നതു്. ഞങ്ങൾ ഉറങ്ങുന്ന നേരത്തു് നിങ്ങളുടെ ഉത്സാഹത്തിൽ മനുഷ്യനിർമ്മിതമായൊരു അഗ്നിബാധയായാലും സ്വാഗതം.”

“കുരുക്ഷേത്രവിജയത്തിന്റെ ആദ്യവാർഷികം നിങ്ങൾ കുടുംബസമേതം ആഘോഷിക്കുമ്പോൾ, വീഴ്ച പറ്റിയോ? പത്തു വർഷം രാജസൂയ ചക്രവർത്തിനി ആയിരുന്ന ഇന്ദ്രപ്രസ്ഥം വരെ പോയി എന്തുണ്ടവിടെ വിശേഷം എന്നു് ഇതു് വരെ തിരക്കിയില്ലേ?” ആഘോഷ വേദിയിൽ നിന്നിറങ്ങി രഥത്തിൽ കയറുകയായിരുന്ന പാഞ്ചാലിയെ കൊട്ടാരം ലേഖിക തടഞ്ഞു.

“ഇന്ദ്രപ്രസ്ഥം? ചക്രവർത്തിനി? അതൊന്നും നിങ്ങൾ ഇനിയും മറന്നില്ലേ? കാലിക പ്രസക്തി മാത്രമുള്ള ഒരു മായൻനിർമിതി മാത്രമായിരുന്നില്ലേ, വിരുന്നുവന്നവരെ വഴുക്കിവീഴ്ത്തുന്ന ആ കൊട്ടാരസമുച്ചയം? ചക്രവർത്തിനി എന്നതു് വെറുമൊരു ആലങ്കാരിക പദവിയും. ആ ശപിക്കപ്പെട്ട യമുനതീരനഗരിയിൽ, കഴിഞ്ഞ പത്തുപതിനാലു വർഷങ്ങൾക്കുള്ളിൽ വളർന്ന കുറ്റിക്കാടുകൾ വെട്ടി നിരപ്പാക്കാനും, ജൈവവൈവിധ്യങ്ങൾ നശിപ്പിക്കാനും ഇനി ഞങ്ങൾ ആരെയും സമ്മതിക്കില്ല. അത്രയും പാരിസ്ഥിതിക പ്രതിബദ്ധത ഹസ്തിനപുരി പൊതുസമൂഹം എന്നിൽ നിന്നു് പ്രതീക്ഷിക്കുന്നുണ്ടു്.”

“ഇന്ദ്രപ്രസ്ഥത്തിലെ സ്ഥലജലഭ്രമത്തിനും, ഹസ്തിനപുരിയിലെ വസ്ത്രാക്ഷേപത്തിനും ഇടക്കുള്ള കാലയളവിൽ കൌരവർ ചെയ്ത കുടിലനീക്കങ്ങൾ പൊതുവേദിയിൽ വിളിച്ചു പറയുമെന്ന്പാഞ്ചാലി. പ്രതികാരബുദ്ധിയോടെ അടിമശിക്ഷാവിധി നിങ്ങൾ ആയുഷ്കാലം നീട്ടിയാലും പാഞ്ചാലി തളരില്ല എന്നു് അവളെ നേരിട്ടറിഞ്ഞിടത്തോളം ഈ പെൺമനം പറയുന്നു. എങ്ങനെ പ്രതികരിക്കുന്നു?” കൊട്ടാരം ലേഖിക ദുര്യോധനനെ രഹസ്യകാര്യാലയത്തിൽ കണ്ടെത്തി.

“സൌന്ദര്യവർദ്ധക ഔഷധക്കൂട്ടുകളും ഹിമാലയ പഴവർഗങ്ങളും പുത്തൻ അടിവസ്ത്രങ്ങളും പ്രത്യേകം സൈനികൻ വശം ഞാൻ അവൾക്കു രഹസ്യമായി കൊടുത്തയച്ചതു് കിട്ടി നന്ദി എന്നുള്ള പാഞ്ചാലിയുടെ മറുപടി ഇതാ വനശ്രമത്തിൽ നിന്നു്. ഞാൻ വായിക്കാം.” മുറിയുടെ മൂലയിൽ പുക പരത്തുന്ന പന്തം വെളിച്ചത്തിലേയ്ക്കു ദുര്യോധനൻ പാഞ്ചാലിയുടെ പനയോല വായിക്കാൻ നീങ്ങി.

2018-06-21

“കറവ വറ്റിയ മാടുകൾക്കൊരു അറവുശാല? കൗരവർ ബഹുസ്വരകുരുക്ഷേത്ര ഊട്ടുപുരയെ മാറ്റിമറിച്ചുവെന്ന ഗുരുതര ആരോപണവുമായി പാണ്ഡവർ പരസ്യപ്രസ്താവനയിറക്കിയല്ലോ. ഇരുസൈന്യങ്ങളിലും മിണ്ടാപ്രാണികളോടു് മമതയുണ്ടെന്ന വസ്തുത തള്ളിയാണു് ധിക്കാരി കൗരവർ കർഷകരിൽ നിന്നു് നാൽക്കാലികളെ യുദ്ധസംഭവനയായി തട്ടിയെടുത്തതെന്നും യുധിഷ്ഠിരൻ.

എങ്ങനെ പ്രതികരിക്കുന്നു?”

കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

യുദ്ധത്തലേന്നു വൈകിയ രാത്രി പുഴക്കടവിൽ നീരാടുന്ന നേരം.

“കൂടെ പൊറുത്ത പെണ്ണിനെ പണയം വച്ചു് തോറ്റു് അവളുടെ പെണ്ണവകാശങ്ങൾ നഷ്ടപ്പെടുത്തിയ പുരുഷാധിപത്യപ്രമുഖൻ യുധിഷ്ഠിരൻ തന്നെ വേണം പെൺമൃഗങ്ങളുടെ പരിപാലകനാവാൻ. വനവാസക്കാലത്തവർക്കു ഞാൻ കൊടുത്ത പണി അയല്പക്ക സന്യസ്ഥാശ്രമങ്ങൾക്കുള്ള രാപ്പകൽ സംരക്ഷണമായിരുന്നു. എന്നിട്ടുമവർ ആശ്രമമൃഗങ്ങളെ പാതിരാനീക്കത്തിൽ തട്ടിക്കൊണ്ടുപോയി വെട്ടിതിന്നിരുന്ന ഇറച്ചിക്കഥ പുറത്തായപ്പോൾ, അക്ഷയപാത്രത്തിലെ ധാന്യഭക്ഷണം മൂന്നു നേരം വെട്ടിവിഴുങ്ങിയാൽ പോരാട്ടവീര്യം പോവുമെന്ന പേടി കൊണ്ടാണെന്നല്ലേ അയാൾ പറഞ്ഞതു്? എന്നാൽ ഞാനയാൾക്കിപ്പോൾ ഉറപ്പുകൊടുക്കുന്നു-കുരുക്ഷേത്ര അടുക്കളയിൽ വേവുക പോരാട്ടവീര്യത്തിനു പറ്റിയ മൃഗമാംസമായിരിക്കും ഇന്നും എന്നെന്നും.”

“ആദ്യത്തെ കൗരവസഖ്യകക്ഷി സർവ്വസൈന്യാധിപൻ ഭീഷ്മർ പത്തുദിവസം ആഞ്ഞു വെട്ടിയിട്ടും ഒരു പാണ്ഡവതല പോലും വീഴാത്തതിൽ മനം നൊന്തു നിങ്ങൾ, ദ്രോണർക്കു ചുമതല നൽകി ഒളിച്ചോടാനിടയുണ്ടെന്നു പാണ്ഡവ ചാരവകുപ്പു് മേധാവി പറയുന്നുണ്ടല്ലോ. നിഷേധിക്കുന്നുണ്ടോ?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

“യുദ്ധകാലത്തു വാർത്താവിതരണത്തിൽ നിയന്ത്രണമേർപ്പെടുത്തുന്നതു് സ്വതന്ത്രസമൂഹങ്ങളിൽ സാധാരണമാണു് എന്നു് തക്ഷശിലയിൽ രാജ്യതന്ത്രം പഠിച്ച നിനക്കറിയാം. എന്നാൽ ഈ ജീവന്മരണപോരാട്ടത്തിൽ കൗരവഭരണകൂടം ചാരവാർത്തക്കുപോലും വിനിമയം നിഷേധിക്കുന്നില്ല. നാളത്തെ ‘ഹസ്തിനപുരി പത്രിക’യിൽ നിന്റെ ചോദ്യത്തിനു് ദുര്യോധനൻ മറുപടി പറഞ്ഞില്ല എന്ന സൂചന മാത്രം മതി, എന്റെ ആഗോളതല ആരാധകരുടെ അകം നീറാൻ. അതുകൊണ്ടു്, വാർത്ത തമസ്കരിക്കുകയാണു് ആരോപണം നിഷേധിക്കുന്നതിനേക്കാൾ സ്വീകാര്യം. ഇനി കുരുക്ഷേത്രയുദ്ധം കഴിയുന്നതുവരെ നീ, കൗരവഊട്ടുപുരയിൽ അറവുസഹായിയായി ജോലി ചെയ്യണം. സസ്യാഹാരിയായ കാശിബ്രാഹ്മണകുലത്തിൽ ജനിച്ചവളെന്ന ജാതി പരിഗണനയിലാണു്, ഒരൊറ്റവെട്ടിനു തല വെട്ടാതെ രാജ്യദ്രോഹത്തിനുള്ള ശിക്ഷ മൃഗവധസഹായി എന്ന ഈ മൃദുശിക്ഷയിൽ ഞാൻ ഒതുക്കിയതു്”, ദുര്യോധനന്റെ നേരിയൊരു വിരൽ ചലനത്തിലൂടെ സ്വകാര്യസുരക്ഷാഭടൻ ഒരു കൈ കൊണ്ടവളുടെ വാ പൊത്തി, മറുകൈ കൊണ്ടു് ഉടൽ കൂട്ടിപ്പിടിച്ചു ഊട്ടുപുരയിലേക്കു കൊണ്ടു് പോയി.

“അഭയാർത്ഥികളോടെന്താ ഇത്ര വെറുപ്പ്?

നിങ്ങളുടെ അച്ഛന്റെ അനുജനല്ലേ അവരുടെ പരേത ഭർത്താവ്? ഒരിക്കൽ പാണ്ഡു ഹസ്തിനപുരി മഹാരാജാവായിരുന്ന എന്നും, പരിത്യാഗിയായി കാട്ടിൽ പോയതാണെന്നും പറഞ്ഞുകേട്ടിട്ടുമുണ്ടു്. ഇപ്പോൾ അഞ്ചുകുട്ടികളെയും കൊണ്ടു് ഒരന്തിക്കൂര നോക്കി കോട്ടവാതിലിൽ മുട്ടുമ്പോൾ കടക്കു പുറത്തു എന്നു് പറയുന്നതാണോ കുരുവംശസംസ്കാരം?”

കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

“അനധികൃതമായി ഹസ്തിനപുരിയിൽ കഴിയുന്നതുകൊണ്ടല്ല ആറംഗ കുടുംബത്തെ പാറാവുകാർ പിടിച്ചകത്തിട്ടതു്. തിരിച്ചറിയൽ രേഖയോ സാക്ഷിമൊഴിയോ മറ്റു ഔദ്യോഗിക പിൻബലമോ ഇല്ലാതെ കയറിവന്നു,.

“ഞാൻ കുന്തി ഇവർ പാണ്ഡവർ” എന്നു് നെഞ്ചത്തടിച്ചു ബഹളം വച്ചാൽ വകവച്ചുകൊടുക്കുമോ കൗരവർ?

പരപുരുഷാതിക്രമത്തിനു ആവർത്തിച്ചു ഇരയായി കുന്തി മൂന്നും, മാദ്രി രണ്ടും പ്രസവിച്ച കുട്ടികളെ പാണ്ഡു ഔദ്യോഗികമായി അംഗീകരിച്ചു എന്നു് കുന്തി വാക്കാൽ പറഞ്ഞാൽ അഴിയുമോ പിന്തുടർച്ചയുടെ നിയമക്കുരുക്കു്? പാണ്ഡുവിധവ എന്ന തർക്കപദവിക്കു് പരിഹാരം ന്യായാധിപന്റെ മുമ്പിൽ തെളിവു് നിരത്തലാണു്. കാഴ്ചപരിമിതിയുള്ള ധൃതരാഷ്ട്രരും ഗാന്ധാരിയും രണ്ടു ദശാബ്ദം മുമ്പു് കുന്തിയെ അറിഞ്ഞിരുന്നു എന്ന പരിചയം മതിയോ, എല്ലാം ഉപേക്ഷിച്ചു പോയ പാണ്ഡുവിന്റെ പിന്തുടർച്ച പാണ്ഡവർക്കു് ഞങ്ങൾ പതിച്ചുനൽകാൻ? അഭയാർത്ഥികൾ എന്നല്ല, അംഗീകൃത പിതൃത്വമില്ലാത്തവരോടും കൗരവർ കരുണകാണിക്കുമെന്നതിനു സാക്ഷ്യമല്ലേ, ആരോരുമില്ലാത്ത കർണനു കൊടുത്ത അംഗരാജപദവി? രഥമോടിക്കേണ്ടവൻ ഇന്നു് കിരീടം വച്ചല്ലേ നടക്കുന്നതു്? രണ്ടു ഇളമുറ കൗന്തേയരെ ശിശുകേന്ദ്രത്തിൽ മാറ്റിപ്പാർപ്പിച്ചു എന്ന ആരോപണവും വസ്തുതയുടെ ബലമില്ലാത്തതല്ലേ. ഇരട്ടകളുടെ അമ്മ മാദ്രിയെ പാണ്ഡുചിതയിലേക്കു കുന്തി കുറ്റകരമായ ഗൂഢലക്ഷ്യത്തോടെ തള്ളിയിട്ടുകൊന്നു എന്ന ആരോപണം വ്യവസ്ഥാപിതഭരണകൂടം അന്വേഷിക്കേണ്ടതിന്റെ ഭാഗമായി ആ കൊച്ചു കുട്ടികൾക്കു് സംരക്ഷണം കൊടുത്തതാണോ ഞങ്ങളുടെ അപരാധം? കൊടുംകുറ്റവാളിക്കു ചുവന്ന പരവതാനി വിരിച്ചാണു് കൗരവർ രാജകീയ സ്വീകരണം കൊടുത്തതെന്ന്നിങ്ങൾ തന്നെ എഴുതില്ലേ മുഖ്യവാർത്തയായി?”

2018-06-22

“ജന്മനാ അന്ധനായിരുന്നോ? അതോ?” കൊട്ടാരം ലേഖിക വിദുരരോടു് ചോദിച്ചു. വ്യാസന്റെ മൂന്നു മക്കളിൽ ഒരാളെന്നു സംശയിക്കപ്പെട്ട വിദുരർ വിവേക വചനങ്ങളുടെ അകത്തുകയെന്നു ചാർവാകൻ സ്തുതി ചെയ്ത കാലമുണ്ടായിരുന്നു.

“കൊട്ടാരരഹസ്യങ്ങളുടെ വിഴുപ്പുകെട്ടിലാണു് നിങ്ങൾ തിരികത്തിച്ചതു്. അതോ നാരായമോ വിചിത്രവീര്യ വിധവകളും വ്യാസനും ‘സമ്മേളിച്ച’പ്പോൾ ജനിച്ച അസാധാരണ ജന്മങ്ങളായിരുന്നു ധൃതരാഷ്ട്രരും പാണ്ഡുവും. അവരുടെ ശാരീരിക പരിമിതികൾ ഇന്നു് കുപ്രസിദ്ധം. ധൃതരാഷ്ട്രരുടെ കാഴ്ചപരിമിതി പ്രകൃതിയുടെ ശാപമാണോ? അധികാരകേന്ദ്രിതമായ മനുഷ്യനിർമ്മിതിയാണോ? നേർസാക്ഷിയല്ലെങ്കിലും കാര്യങ്ങൾ കൂട്ടിവായിക്കുമ്പോൾ രണ്ടാമത്തേതെന്നു വേണം വിചാരിക്കാൻ. ആരാണു് ചെയ്തതു് എന്നു് ചോദിച്ചാൽ, അന്ധത ആർക്കു പ്രയോജനം ചെയ്തു എന്നന്വേഷിക്കാൻ ചുഴിഞ്ഞുനോക്കുകയൊന്നും വേണ്ട. ന്യായമായും നിങ്ങൾ പറയും പാണ്ഡുവിനു്. കായിക ക്ഷമതയില്ലാത്തവനു് കൊട്ടാരത്തിൽ ആരുചെയ്തു കൊടുത്തു ഹീനസഹായം? അവിടെയാണു്, തെളിവിന്റെ അസാന്നിധ്യം. ഒരോലയിൽ ആരോ കുറിച്ചുവച്ച സന്ദേശം വായിച്ച ഓർമ്മയുണ്ടു്. രാജവംശമാണെങ്കിലും സാക്ഷരത പരിമിതമായിരുന്നു. എഴുതപ്പെട്ടതൊക്കെ എന്റെ ശ്രദ്ധയിൽ വന്നതു് ഔദ്യോഗിക ജോലിയുടെ ഭാഗമായും. എന്റെ ജോലിയെന്തെന്നു ചോദിച്ചാൽ കുഴങ്ങും: മന്ത്രി എന്നൊക്കെ കൊട്ടാരം രേഖകളിൽ കാണും എന്നാൽ ഞാനൊരു ആജ്ഞാനുവർത്തി. പാണ്ഡു അധികാരമോഹിയെന്നു ആവർത്തിച്ചു വാദിച്ചാലും, മദയാനയുടെ കരുത്തുള്ള ജ്യേഷ്ഠനെ പിടിച്ചു നിലത്തു മലർത്തിക്കിടത്തി, ഇരുകാലുകളും വിടർത്തി നെഞ്ചിൽ കയറിയിരുന്നു, കണ്ണുരണ്ടും കുത്തിപ്പൊട്ടിച്ചു, ‘ഇനി നീ അന്ധൻ, രാജാവാകാൻ അയോഗ്യൻ’ എന്നു് പറഞ്ഞു, കൊട്ടാരത്തിൽ ആളെക്കൂട്ടാൻ പറ്റിയ കളിക്കാരനാണോ പാണ്ഡു? അവിടെയാണു് കൊട്ടാരഅട്ടിമറി വെറുമൊരു വിഴുപ്പുകെട്ടായി മാറുന്നതു്. എങ്കിലും സംശയത്തിന്റെ തീ കെടാതെ ചോദ്യങ്ങൾ ആവർത്തിക്കൂ. ഭീരുത്വം മാറിക്കിട്ടിയാൽ അഴിച്ചുതരാം അപൂർവ്വയിനം രഹസ്യങ്ങൾ.”

2018-06-23

“നിങ്ങൾക്കെതിരെ ലൈംഗികാതിക്രമ നേരത്തു പാണ്ഡവർ കുടിലിൽ ഇല്ലായിരുന്നെങ്കിലും വിവരമറിഞ്ഞു വന്നു കാര്യം മനസ്സിലായപ്പോൾ അവർക്കാശ്വാസമായി എന്നാണു ഭീമൻ പറഞ്ഞതു്. അങ്ങനെ ആശ്വാസം തോന്നാൻ മാത്രം കുറ്റവാളി ജയദ്രഥനെ നിങ്ങൾ ഒറ്റയ്ക്കു് കൈകാര്യം ചെയ്തു എന്നാണോ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വനാശ്രമത്തിനു ചുറ്റും നിരീക്ഷണഗോപുരങ്ങൾ പണിതു അന്തേവാസികളുടെ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്താൻ അഞ്ചാണുങ്ങളും അപ്പോൾ പുറത്തു തിരക്കിലായിരുന്നു.

“ജെയദ്രഥനുമായുണ്ടായ ആദ്യസമാഗമം എനിക്കു് പീഡാനുഭവം ആയി എന്നോ? പാണ്ഡവർ പക്ഷപാതത്തോടെ അങ്ങനെയൊക്കെ പറഞ്ഞെന്നിരിക്കും. അതൊരു വനമഹോത്സവം എന്നാണെനിക്കു തോന്നിയതു്. മുട്ടുകുത്തി കൈമുത്തിയുള്ള സ്വയം പരിചയപ്പെടുത്തലും ഉപചാരം ചൊല്ലലും ഒക്കെ ഓർക്കുമ്പോൾ, കുലീനമായിരുന്നു ജയദ്രഥ പെരുമാറ്റം, ബലാൽക്കാരശ്രമത്തിൽ പോലും കാണാമായിരുന്നു ആ പ്രശസ്ത സൈന്ധവവൈകാരികത. ആതിഥ്യ മര്യാദയോടെ അദ്ദേഹത്തെ പായിൽ ഇരുത്തി സൽക്കരിച്ച ശേഷം പെട്ടെന്നുണ്ടായ കായിക കടന്നുകയറ്റം പ്രത്യേകിച്ചൊരു പരിഭ്രമവും കൂടാതെ ഞാൻ ചെറുത്തു തോൽപ്പിച്ചു എന്ന വസ്തുത അയാൾക്കെതിരായി ഒന്നും തെളിയിക്കാനല്ല. ചെയ്യേണ്ടതു് ഞാൻ ചെയ്തു എന്നു് പറയാനാണു്. ഏതുവിധം നോക്കുമ്പോഴും അയാൾ പ്രതിക്കൂട്ടിലല്ല. വേണമെങ്കിൽ ‘ആനന്ദമാർഗ’ത്തിലൂടെ എനിക്കയാളെ എളുപ്പം ബന്ദിയാക്കി, അരയിൽ കുടുക്കിട്ടു മരയഴിക്കൂടിൽ കുന്തിച്ചി രുത്തി, ഭാര്യാസഹോദരനായ ദുര്യോധനനോടു് മുഷിഞ്ഞു വിലപേശി ഈ പന്ത്രണ്ടുകൊല്ലവനവാസത്തിൽ ഇളവു നേടാമായിരുന്നില്ലേ? അതൊന്നും ഞാൻ ചെയ്തില്ല, പാണ്ഡവർ എന്റെ ചെലവിൽ സുഖിക്കേണ്ട എന്നു തോന്നി. ഭാര്യയെ പണയം വച്ചു് കളിച്ചു തോറ്റ കൊള്ളരുതാത്ത ഭർത്താവും കിങ്കരന്മാരും കൊടുംകാട്ടിൽ കഴിയട്ടെ വ്യാഴവട്ടക്കാലം എന്നെനിക്കപ്പോൾ തോന്നിയാൽ, എന്നെയും കയറ്റുമോ ജയദ്രഥനൊപ്പം പ്രതിക്കൂട്ടിൽ?”

“കഴുത്തു കടിച്ചു മുറിച്ചു ചോര മാത്രം ഊറ്റിക്കുടിച്ച നിങ്ങളെന്താ, പിടച്ചിൽ തീരാത്ത കുഞ്ഞാടിനെ കഴുകനു് വലിച്ചെറിഞ്ഞതു്? തൊലി വലിച്ചുനീക്കി ഉടൽ പൊളിച്ചു എണ്ണയിൽ പൊരിച്ചു കൂട്ടംകൂടി മറ്റു പാണ്ഡവർക്കൊപ്പം യുദ്ധവിജയം ആർമാദിച്ചു കൂടെ?” ദുര്യോധനവധത്തിനു ശേഷം പാളയത്തിലെത്തിയ ജേതാക്കളെ അഭിനന്ദിക്കാൻ വന്ന കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.

“ഘാതകർ എന്നു നിങ്ങൾ പാണ്ഡവരെ എക്കാലവും വിശേഷിപ്പിച്ചതും പോരാതെയാണോ, മൃഗമാംസഭോജി എന്നവ മതിക്കാൻ കൊതിക്കുന്നതു്?”

2018-06-24

“വിശിഷ്ടാതിഥികൾക്കു മഹാറാണി പാഞ്ചാലി നൽകിയ സൽക്കാരത്തിൽ പങ്കെടുക്കാതെ കൃപാചാര്യൻ മാറി നിന്നല്ലോ. തുടങ്ങിയോ പുതിയ ഭരണകൂടത്തിന്റെ സ്ഥാനാരോഹണത്തിൽ തന്നെ കല്ലുകടി?”, അത്താഴവിരുന്നുണ്ടു് കൈ കഴുകാൻ എഴുന്നേറ്റു നടക്കുമ്പോൾ കണ്ട പ്രതിരോധവകുപ്പു് മേധാവിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“കൗരവരുടെ കൂടെ സകല കൊള്ളരുതായ്മകൾക്കും കൂട്ടു് നിന്ന കൃപാചാര്യൻ, ആയുസ്സിന്റെ ബലം കൊണ്ടു മാത്രം കുരുക്ഷേത്രയുദ്ധം അതിജീവിച്ചു ഹസ്തിനപുരിയിൽ ഞങ്ങൾക്കൊപ്പം തിരിച്ചെത്തി യപ്പോൾ, ആ കുപ്രസിദ്ധഗുരുനാഥനെ വെറുമൊരു അലങ്കാരപദവിയിൽ ഒതുക്കണം എന്നതു് മൊത്തം പാണ്ഡവരുടെ ഹൃദയവികാരമായിരുന്നു. ഊണു കഴിക്കാതെ അയാൾ ഇടഞ്ഞു മാറി നിന്നു എന്നതു് വസ്തുതയാണോ? എനിക്കു് സംശയമുണ്ടു്. ബ്രാഹ്മണപാചകർ സുഭിക്ഷമായി രഹസ്യഅറയിൽ വിളമ്പിക്കൊടുത്ത കാളയിറച്ചി വെടിപ്പായി തിന്നു ഇല നക്കിത്തുടച്ചതൊക്കെ ചാരവകുപ്പു് മേധാവി നകുലന്റെ സംഘാംഗം രഹസ്യമായി കണ്ടെത്തി”, വാക്കുകൾ കുറച്ചുപയോഗിച്ച ഭീമൻ പക്ഷെ സമൃദ്ധമാംസഭക്ഷണത്തിന്റെ ആസ്വാദനലഹരിയിലായിരുന്നു.

“പരേതർക്കു നിലവിൽ അവകാശികളൊന്നുമില്ലല്ലോ?” കൊട്ടാരഗുരു കൃപാചാര്യൻ മഹാപുരോഹിതന്റെ അത്യുക്തിനിറഞ്ഞ ശരീര ഭാഷയിൽ വിളിച്ചുചോദിച്ചു, “പുണ്യനദിയിൽ ശ്രാദ്ധം ചെയ്യാൻ രക്തബന്ധമുള്ള ആരെങ്കിലും ഈ സദസ്സിലുണ്ടോ?” കൗരവരുടെ കൂടെ നിന്ന അംഗരാജാവു് കർണ്ണനിൽ കൃപാചാര്യന്റെ നോട്ടം ഉടക്കി. ഇരുകൈകളും പിന്നിൽ ഒളിപ്പിച്ചും നിൽപ്പു് ഒരു കാലിൽ നിന്നു് മറ്റൊന്നിലേക്കു മാറ്റിയും കർണ്ണൻ അസ്വസ്ഥത പ്രകടിപ്പിച്ചു.

“ജഡങ്ങൾ ആറും അരക്കില്ലത്തിൽ കണ്ടതു് അസ്വാഭാവികമരണങ്ങൾക്കുള്ള നടപടിക്രമമനുസരിച്ചു് വൈദ്യപരിശോധനക്കു വിധേയമായി. ആകസ്മിക അഗ്നിബാധയിൽ മരിച്ചതിന്റെ തെളിവുകൾ അങ്ങനെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട. സ്ഥിതിക്കു് രാജകീയ ആചാരമനുസരിച്ചു വീണ്ടും ചിതകൂട്ടി ജഡങ്ങൾ ഒന്നൊന്നായി സംസ്കരിച്ചു. ഇനി പാണ്ഡവർ എന്ന വാക്കു വർത്തമാനകാലസാധുത ഇല്ലാത്തതാണു് എന്നു് മഹാരാജാവു് ധൃതരാഷ്ട്രരുടെ രാജമുദ്രയുള്ള പ്രഖ്യാപനത്തിൽ പറയുന്നു. ഇനിയതിനു ഭൂതകാല പരാമർശം മാത്രം.” കൃപാചാര്യൻ അതു് പറയുമ്പോൾ ഭീഷ്മരും ദുര്യോധനനും “തന്നെ തന്നെ” എന്നു് അനുകൂലമായി പ്രതികരിച്ചു. കർണ്ണൻ മുഖം പൊത്തി പെട്ടെന്നു് ഇറങ്ങിപ്പോവുന്നതു കൃപാചാര്യൻ ശ്രദ്ധിച്ചു. ആ മുഖത്തു അശാന്തഭാവം നിറഞ്ഞു.

2018-06-25

“വേട്ടയാടിയും പാതിവെന്ത ഇറച്ചി തിന്നും പരുക്കൻ തറയിൽ ഉറങ്ങിയും കാട്ടുകുടിലിൽ കൗമാരം വരെ നിങ്ങൾക്കൊക്കെ കാരണവരായി കഴിഞ്ഞ യുധിഷ്ഠിരന്റെ പ്രകൃതത്തിൽ എങ്ങനെ പെരുമാറ്റകാപട്യം മായാത്ത മുഖമുദ്രയായി?” ഭീമഗദാപ്രഹരത്തിൽ തുടയോടിഞ്ഞു ചളിയിൽ വീണ ദുര്യോധനന്റെ അടുത്തേക്കു് “എന്തു് പറ്റി ഉണ്ണീ “ എന്നു് വിലപിച്ചു അടുത്തേക്കോടിച്ചെല്ലുന്ന പാണ്ഡവമുഖ്യനെ കൗതുകത്തോടെ നോക്കി കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.

“കാപട്യത്തെ കാരണവർ കണ്ടതു് ജനിതകവൈകല്യമായല്ല, ജന്മസൗഭാഗ്യമായാണു്. വേട്ടമൃഗമാംസം ആരോരു മറിയാതെ പൊരിച്ചു തിന്നു ചിറി കഴുകി,.

“ഞാൻ തീർത്തും സസ്യാഹാരി’ എന്നു മേനി പറയുന്ന ഒരു കൗമാരകാലയുധിഷ്ഠിരനെ ഞാൻ ഓർത്തെടുക്കുന്നു.”

“ഇപ്പോൾ കേട്ട ‘ഗാന്ധാരീവിലാപം എത്രയോ വർഷങ്ങൾക്കു മുമ്പു് തന്നെ നിങ്ങൾ മഹാറാണി ഗാന്ധാരിയെ ചൊല്ലി പരിശീലിപ്പിച്ചിരുന്നു എന്നോ?” കൊട്ടാരം ഞെട്ടലോടെ ലേഖിക ചോദിച്ചു. യുദ്ധാനന്തര കുരുക്ഷേത്ര. മക്കളുടെ ജഡമാണു് ചുറ്റും ചിതറിക്കിടക്കുന്നതെന്നറിഞ്ഞ ഗാന്ധാരി കൺകെട്ടു് നീക്കി പൊട്ടിക്കരഞ്ഞു കൃഷ്ണനെ ശപിച്ചു പാടിയ ഗാന്ധാരീവിലാപത്തിൽ പാണ്ഡവർ പകച്ചുപോയ അന്തരീക്ഷം.

“യുദ്ധമേഘങ്ങൾ ഹസ്തിനപുരിയുടെ ആകാശത്തു കറുത്തു തുടങ്ങുന്ന ഒരു സന്ധ്യയിൽ ഞാൻ പിതൃസഹോദരി കുന്തിയെ കണ്ടശേഷം ഹസ്തിനപുരി കൊട്ടാരത്തിൽ നിന്നു് പുറത്തുകടക്കുമ്പോൾ വിദുരർ പറഞ്ഞു, മഹാറാണി ഗാന്ധാരിക്കെന്നെ കാണണമെന്നു്. ഞങ്ങൾ കണ്ടു സംസാരിച്ചു. അവിശ്വസനീയമെന്നിപ്പോൾ നാം കരുതാവുന്ന പലതും നാളെ സംഭവിക്കുമെന്നും, ഇപ്പോൾ മക്കളെ പിന്തിരിയിപ്പിക്കാൻ നിങ്ങൾ കൺകെട്ടഴിച്ചുണർന്നില്ലെങ്കിൽ നാളെ നിസ്സഹായയായി വിലപിക്കേണ്ടിവരുമെന്നും ഞാൻ ഗാന്ധാരിയെ ഓർമ്മിപ്പിച്ചു. പ്രേരണക്കു വഴങ്ങുന്നവരല്ല മക്കൾ എന്നും, എന്തു് ചെയ്യണമെന്നും ഗാന്ധാരി ചോദിച്ചപ്പോൾ, അത്തരം ഒരു ശോകസാഹചര്യം ഉണ്ടായാൽ, എന്നെ ശപിച്ചുകൊണ്ടൊരു വിലാപഗീതം ഞാനിപ്പോൾ നിങ്ങൾക്കു് രഹസ്യമായി ചൊല്ലിത്തരാമെന്നു ആ വ്യഥിത മാതൃമനസ്സിനെ ആശ്വസിപ്പിച്ചു. ആ ശോകമുഹൂർത്തത്തിൽ, കൃത്യം വാക്കുകൾ ഓർമ്മിക്കാൻ, നിത്യവും സന്ധ്യക്കതു നാമജപത്തിനൊപ്പം വാക്കുതെറ്റാതെ ചൊല്ലി പഠിക്കണം എന്നുപദേശിച്ചതവർ ഉത്തരവാദിത്വത്തോടെ ചെയ്തു. യുദ്ധാനന്തരം എന്നെ പരസ്യശാപത്തിനു നേരിട്ടപ്പോൾ, ഒന്നേ എനിക്കു് പറയേണ്ടി വന്നുള്ളൂ-അമ്മാ, ഒരു വാക്കു പോലും തെറ്റാതെ ഗാന്ധാരീശാപം ഉച്ചരിച്ചതിനു നന്ദി.”

2018-06-26

“അടിമുടി നവീകരിക്കുമെന്നു താങ്കൾ ആദ്യദിനം അവകാശപ്പെട്ടല്ലോ. എന്തായി?” കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി. കായികക്ഷമതയുള്ള ആണുങ്ങളെല്ലാം കൊല്ലപ്പെട്ടിരുന്നു കൊണ്ടു് കോട്ടയ്ക്കുള്ളിൽ ആൾചലനം സാവധാനത്തിലായിരുന്നു.

“ഭരണകൂടം എന്നു പറയാൻ നിലവിൽ അഞ്ചു പാണ്ഡവർ മാത്രമല്ലേ ഉള്ളൂ. സിംഹാസനം പൊടിതട്ടി വൃത്തിയാക്കുന്നതു് പോലും ഞങ്ങളാണു്. പതിമൂന്നുവയസ്സിനു മേലെ ഉള്ളവരെയെല്ലാം ദുഷ്ടദുര്യോധനൻ കുരുക്ഷേത്രയിൽ ബലി കൊടുത്തില്ലേ? പതിമൂന്നിനു് താഴെയുള്ള പുതു ജനസംഖ്യയിലാണു് ഭാവിതൊഴിലാളിമണ്ഡലം അണിയിച്ചൊരുക്കേണ്ടതു്. ഞങ്ങൾക്കും പ്രായത്തിന്റെ പ്രശ്നമുണ്ടല്ലോ. ആരോഗ്യമുണ്ടായിരുന്ന കാലത്തു കാട്ടിൽ അലഞ്ഞുജീവിച്ചതൊക്കെ നിങ്ങളും ഒരുപക്ഷെ വായിച്ചറിഞ്ഞിട്ടുണ്ടാവും. ആയിരം പൂർണചന്ദ്രന്മാരെ കണ്ടിട്ടും, ആയുസ്സിന്റെ ബലം കൊണ്ടു നടന്നു വന്നു രക്തച്ചൊരിച്ചിൽ ഇല്ലാതെ ചെങ്കോൽ തട്ടിയെടുക്കാൻ കഴിഞ്ഞതാണെന്റെ ആദ്യനയതന്ത്ര നേട്ടം. പോരാട്ടഭൂമിയിൽ ജയിക്കാൻ പെട്ട പാടൊന്നും ഹസ്തിനപുരി കോട്ട പിടിച്ചെടുക്കാൻ വേണ്ടിവന്നില്ല. ‘കൊല്ലരുതു് എന്തു് ദാസ്യവൃത്തിക്കും തയ്യാർ’ എന്നു് ധൃതരാഷ്ട്രരുടെ വ്യക്തിഗതസേവന ദാതാക്കൾ ഇരുകൈകളും മലർത്തി പറഞ്ഞതു് മൊത്തം അരമനയുടെ അനുമതിയായി. നിലവിൽ നേരിടുന്ന വെല്ലുവിളി ഭാര്യയുടേതാണു്. കുന്തിയെയും ഗാന്ധാരിയെയും വനവാസത്തിനയച്ചുവേണം അവൾക്കു രാജമാതാപദവി ആവശ്യപ്പെടാൻ. എതിരാളിയായി അഭിമന്യുവിധവ എത്തിയതാണു് കഷ്ടം. കൈക്കുഞ്ഞായ പരീക്ഷിത്തിനെ കിരീടാവകാശിയായി പ്രഖ്യാപിച്ചുവേണം ഉത്തരക്കു് കൊട്ടാരത്തിൽ അവകാശത്തോടെ കാലുകുത്താൻ. അധികാര പ്രശ്നങ്ങളുടെ നടുക്കടലിലും ഒരു വെള്ളിവെളിച്ചം ഞങ്ങൾ കാണുന്നു-പാഞ്ചാലിയുടെ അഞ്ചു മക്കൾ മരിച്ചുപോയതു കൊണ്ടു ഭാവിയിൽ പരീക്ഷിത്തും അവരും തമ്മിൽ സംഘട്ടനസാധ്യത ഒഴിഞ്ഞുപോയി. ഒരാലോചനയുമില്ലാതെയല്ലേ ഭീഷ്മർ കുരുവംശത്തിൽ കൊള്ളരുതാത്ത ഓരോരോ കാര്യങ്ങൾ ചെയ്തതു്. ഇനി ശരശയ്യയിൽ ചെന്നുകണ്ടു രാജഭരണ ബാലപാഠങ്ങൾ ഞാൻ നേരിട്ടു് പഠിക്കണമെന്നു് കൃപാചാര്യർ. രഥമോടിക്കാനുള്ളവരെല്ലാം കൊല്ലപ്പെട്ടതുകൊണ്ടു് ഭീമൻ സാരഥി.” യുധിഷ്ഠിരൻ കൊട്ടാരം ലേഖികയോടല്ല സംസാരിച്ചു കൊണ്ടിരുന്നതു്. ചെന്നിയിൽ തല്ലിയും, കാലുകൾ മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചും, സ്വയം സംസാരിക്കുകയായിരുന്നു. ജാലകത്തിന്നപ്പുറത്തു അയാളുടെ കൗതുകചേഷ്ടകൾ മറ്റു പാണ്ഡവർ നീരസത്തോടെ നോക്കി.

“കുരുക്ഷേത്രയിൽ ചോരയുടെയും, ഹസ്തിനപുരിയിൽ അധികാരത്തിന്റെയും രുചിയറിഞ്ഞ മറ്റു നാലു പോരാളിപാണ്ഡവർ നാളെ നിങ്ങൾക്കെതിരെ തിരിഞ്ഞാൽ? പാഞ്ചാലി അവരുടെ കൂടെ ചേർന്നാൽ? അങ്ങനെയാണു് ഞാൻ പുതിയ മഹാരാജാവിനെ നേരിട്ടതു്” അഭിമുഖത്തിന്റെ പനയോലരേഖ യുദ്ധകാര്യലേഖകനു കൈമാറിയ കൊട്ടാരം ലേഖിക അന്നത്തെ തൊഴിലനുഭവം പങ്കിട്ടു.

“കൊട്ടാരത്തിൽ അന്തഃഛിദ്രം വിതക്കുന്ന ഇടപെടൽപത്രപ്രവർത്തകയുടെ തെറിച്ച ചോദ്യത്തിനു് മറുപടി പറയാനാവാതെ തല ചൊറിയുന്ന യുധിഷ്ഠിരനെ ഞാൻ ഇതാ മുമ്പിൽ കാണുന്നു.”

“അക്ഷയപാത്രം ഇല്ലെങ്കിൽ?”, ഊട്ടുപുരയിൽ ചമ്രം പടിഞ്ഞിരുന്നു ഭക്ഷണം കഴിക്കുന്ന പാണ്ഡവരെ ജാലകത്തിലൂടെ നോക്കി കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“കുഴിമടിയനായ ഒരാളെ മറ്റു നാലുപേർ വളഞ്ഞു വീഴ്ത്തി, വെട്ടി, തൊലിയുരിച്ചു ചുട്ടുതിന്നും. ഒരാൾ മാത്രമാവുമ്പോൾ എന്നെ പച്ചക്കു് തിന്നും. അക്ഷയപാത്രം വയർനിറക്കുക മാത്രമല്ല ഈ വീട്ടിൽ നരഹത്യ തടയിടുന്നു എന്നു് കൂടി മനസ്സിലായല്ലോ!”,

2018-06-27

“രഹസ്യസന്തതി എന്നൊക്കെ നാം ഇക്കാലവും സംശയിച്ച കർണ്ണന്റെ പിതൃത്വം അപ്പോൾ ഭീഷ്മരുടെ കുതിരവണ്ടി ഓടിക്കുന്ന അതിരഥനുതന്നെ? ഔദ്യോഗിക അംഗീകാരമുള്ള വൈദ്യശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ചയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ: ഹസ്തിനപുരിയിൽ ഇന്നലെ പെയ്ത പേമാരിയെക്കാൾ ജനങ്ങളെ വലച്ചതു് ‘ജനിതകധാര’ എന്ന വൈദ്യശാസ്ത്ര പരീക്ഷണശാലയുടെ ഈ വെളിപ്പെടുത്തൽ ആയിരുന്നു. ഇതിന്റെ ഉടമ വേറെ ആരുമല്ല.

“വേണ്ട ഞങ്ങൾക്കു് രാജഭരണം” എന്ന വിപ്ലവസംഘടനയുടെ ഒളിപ്രവർത്തകൻ ചാർവാകൻ അതിരഥൻ എക്കാലവും സംശയത്തിന്റെ നിഴലിൽ ആയിരുന്നോ? രക്തപരിശോധന നടത്തിയതു് യഥാർത്ഥത്തിൽ കർണനിൽ തന്നെ ആയിരുന്നോ?, അതോ, അതിരഥന്റെ രണ്ടാമത്തെ മകനിലോ? പരീക്ഷണം നടന്ന സമയം സൂര്യഗ്രഹണം ആയിരുന്നു എന്ന വസ്തുതക്കു് പരിശോധനഫലത്തിൽ സ്വാധീനമുണ്ടോ? സംഭവവികാസത്തെ പാണ്ഡവർ എങ്ങനെ നേരിടണം എന്നാണു കുന്തി പ്രതീക്ഷിക്കുന്നതു്? പുതുതായി പൂക്കാരത്തെരുവുകളിലെ ചുവരുകളിലും ഇനി നിത്യവും വൈകുന്നേരം പ്രസിദ്ധീകരിക്കുന്ന ഹസ്തിനപുരി പത്രികയിൽ.

“കർണന്റെ പിതൃത്വം” എന്ന പരമ്പര നാളെ മുതൽ

2018-06-28

“കൃഷി ചെയ്തു ജീവിക്കുവിൻ എന്ന ആശീർവാദത്തോടെ, സഹോദരപുത്രന്മാർക്കു സ്വന്തമായൊരു പുരയിടമെന്ന നിലയിൽ, യമുനയുടെ തീരത്തെ ഖാണ്ഡവവനം അന്ധരാജാവു് ചാർത്തിക്കൊടുക്കുമ്പോൾ, കണ്ടുനിന്നതല്ലാതെ, കുരച്ചു പ്രതിഷേധിക്കേണ്ടതല്ലേ കൗരവർ?” കൊട്ടാരം ലേഖിക കൃപാചാര്യനോടു്. ചോദിച്ചു.

“നൂറു കൗരവരും നിത്യവും പോയി ഗാന്ധാരിയോടു് രാജസമ്മതം കിട്ടാൻ വാശിപിടിക്കുന്ന കാലം. അവർക്കുടൻ വേണ്ടതു് രാജസ്ത്രീകൾക്കു പ്രത്യേകം അരമന പണിയാൻ സംരക്ഷിതവനം മുറിച്ചു മരത്തടി വേണം. പരിസ്ഥിതി താറുമാറാക്കരുതു് എന്ന മുടന്തൻ ന്യായം പറഞ്ഞു ധൃതരാഷ്ട്രർ സമ്മതിക്കാത്തപ്പോഴാണു്, ഖാണ്ഡവവനം മുറിച്ചു കൃഷിയിടം കണ്ടെത്താൻ പാണ്ഡവർക്കു് അനുമതി. ആധാരത്തിൽ രാജമുദ്ര ചാർത്തും മുമ്പു്, അച്ഛനെ കൊല്ലാൻ ദുര്യോധനൻ ഗാന്ധാരിയുടെ സഹകരണം തേടി. മദ്യത്തിൽ വിഷം കലർത്താൻ അമ്മയെ പ്രേരിപ്പിച്ചപ്പോൾ വത്സലമാതാവു് സമ്മതം മൂളി. കാഴ്ച കുറവെങ്കിലും, രാജാവു്, ഗാന്ധാരി നീട്ടിയ ദ്രാവകത്തിൽ ‘ഒരെലിയെ’ മണത്തു ദുര്യോധനനെ വിളിച്ചു പറഞ്ഞു, ഈ ലഘുപാനീയം ആദ്യം നീ കുടിച്ചു വേണം എനിക്കു് കഴിക്കാൻ. കൗരവൻ കുഴങ്ങി. എന്തോ മാലിന്യം കണ്ടു, മാറ്റി വേറെ കൊണ്ടുവരാം എന്നു് പറഞ്ഞപ്പോൾ, കൺകെട്ടു് നീക്കി ഗാന്ധാരി സാഹചര്യത്തിന്റെ സംഘർഷം തിരിച്ചറിഞ്ഞു സമസ്താപരാധങ്ങളും പൊറുക്കണമെന്നു ഗാന്ധാരിയും മക്കളും കാലിൽ വീഴുന്നതിനു ഞാൻ സാക്ഷി. എന്നിട്ടും കൈകൾ വീശി പുറത്തുവന്ന ദുര്യോധനൻ രാജസഭയിൽ ഉച്ചത്തിൽ പറഞ്ഞു, പാണ്ഡവർക്കു് ഖാണ്ഡവവനം വിഭാവന ചെയ്യുന്നതു് ഒരുത്തമ ഭാവിജീവിതമാണെങ്കിലും, അതിലോല പാരിസ്ഥിതിക പ്രദേശമെന്ന നിലയിൽ സംരക്ഷണം അർഹിക്കുന്ന ഇടമായതുകൊണ്ടു്, ഹസ്തിനപുരിഭരണകൂടത്തിന്റെ ഒരു കണ്ണു് അവിടേക്കെന്നും നീളും. കാടു് കത്തിക്കുകയോ അവിടെയുള്ള ജീവജാലത്തിനു നാശം വരുത്തുകയോ അരുതു് എന്ന നിബന്ധന അനുബന്ധമായി ചേർത്തിട്ടേ, രാജമുദ്രയുള്ള ആധാരം മന്ത്രി വിദുരർ യുധിഷ്ഠിരനു് കൈമാറിയുള്ളു. തോറ്റുകൊടുക്കുന്നവനല്ല ദുര്യോധനൻ എന്നു് വ്യക്തമാക്കുന്ന ഇതുപോലെ എത്രഎത്ര സംഭവങ്ങൾ.”

“ഹസ്തിനപുരി-കുരുക്ഷേത്ര ദേശീയ പാത വീതി കൂട്ടുന്ന ശ്രമദാനത്തിൽ, കിളച്ചും മണ്ണു് ചുമന്നും കൌരവർ നൂറുപേർ പണി ചെയ്യുന്നതു് പോലെ അഭിനയിക്കുമ്പോൾ, അവരെ ഒന്നൊന്നായി പിന്നീടു് ഓർക്കാൻ മാത്രം നിങ്ങൾ കൃത്യമായി തിരിച്ചറിയുമോ, കുരുവംശഭരണകൂടത്തിലെ എന്തുതരം കാർമികർ ആണെന്നു്? സംശയമുണ്ടു് അല്ലെ? സാരമില്ല, അവരുടെ മൊത്തം പിതൃത്വം ഒന്നു്, അതാണു് ആ മുഖസാമ്യത്തിനു മിതമായ സമാധാനം. എന്നാൽ ഞങ്ങൾ അഞ്ചു പേരെ നോക്കൂ. ഓരോരുത്തരും ഓരോ വിധം അല്ലെ? കാരണം എന്തെന്നോ? ഒരാൾ കാലന്റെ മകനാണെങ്കിൽ ഒരാൾ ഇന്ദ്രന്റെ മകൻ. ഇരട്ടക്കുട്ടികളായ നകുലസഹദേവന്മാർക്കു് ഇരട്ടപിതൃത്വമുണ്ടു്. എന്തൊരു വ്യത്യാസമാണു് ധാർതരാഷ്ട്രരും പാണ്ഡവരും തമ്മിൽ അല്ലേ?” വേട്ടമാംസം തിന്നും മദ്യം കഴിച്ചും ഭീമൻ കൊട്ടാരം ലേഖികയുമായി കൂട്ടം കൂടി. അജ്ഞാതവാസത്തിനുശേഷം വിരാടദേശത്തിൽ സൈനികസംഭരണ ചുമതലയുമായി മറ്റുനാലു പാണ്ഡവർ ചുറുചുറുക്കോടെ ഓടിനടന്നു.

“നിങ്ങളുടെ പൈതൃകമായ കുരുവംശത്തിലെ നാറുന്ന കിടപ്പറക്കഥകൾ ‘ഹസ്തിനപുരി പത്രിക’യുടെ മുമ്പിൽ കഴുകിയിട്ടു എന്തു് കാര്യം?” കൊട്ടാരം ലേഖികയുടെ സ്വരം കനത്തു.

“കഴുകിയതല്ലേ ഉള്ളു ഇനി ഉണക്കിമടക്കുന്ന കാര്യത്തിലേക്കു കടക്കാം. പന്ത്രണ്ടു കൊല്ലം കാട്ടിൽ ശിക്ഷ നേരിട്ടെങ്കിലും, പാണ്ഡവർ നിസ്സാരന്മാരല്ല എന്നു് നിങ്ങൾ ധൃതരാഷ്ട്ര അരമനയിൽ ചെന്നു് ശക്തമായി പറയണം. പത്രപ്രവർത്തകരെ രാജധർമത്തിൽ മധ്യവർത്തി ആക്കുന്ന രീതി അടുത്ത യുഗത്തിൽ സാർവർത്രികമാവും എന്നു്, ഉത്തരയുമായുള്ള വിവാഹത്തിനു് വന്ന അഭിമന്യു ഈയിടെ പറയുന്നതു് കേട്ടു. കുറഞ്ഞ ചെലവിൽ കാര്യം നടത്തിക്കിട്ടാൻ നിങ്ങളെപോലുള്ളവർക്കു നക്കാപ്പിച്ച തന്നാൽ മതിയല്ലോ.”

2018-06-29

“ഉറക്കം വരാതെ കിടക്കുമ്പോൾ, കേൾക്കാൻ കൊതിക്കുന്ന സ്വകാര്യം?” കൊട്ടാരം ലേഖിക ചോദിച്ചു.

“ഇന്നു് മുതൽ നീ ദുര്യോധനന്റെ പുരുഷാധികാരപരിധിയിൽ വരുന്ന പെണ്ണടിമയല്ല, പൂർണസ്വതന്ത്ര എന്നാരോ വന്യഭാവനയിൽ ഉന്മാദം പടർത്തും. അതോടെ ഈ കാരാഗൃഹത്തിൽ നിന്നു് പുറത്തു ചാടി കാട്ടരുവിയിൽ സ്വർണമത്സ്യമായി ഒഴുകി രക്ഷപ്പെട്ടു വിദൂരതയിലേക്കു് പോവും.”

“അങ്ങനെ ഒഴുകിപ്പോയാൽ അനാഥരാവില്ലേ പ്രിയപാണ്ഡവർ?”, കൊട്ടാരം ലേഖിക ജാലകത്തിനു് വെളിയിൽ ആയുധം മൂർച്ച കൂട്ടിക്കൊണ്ടിരുന്നവർക്കു് നേരെ വിരൽ ചൂണ്ടി.

“കൗരവഅടിമകളായി ജീവിതാവസാനം വരെ ഇവിടെ ജീവിച്ചു കുഴഞ്ഞുവീണു ആരോരുമറിയാതെ മരിക്കും.”

“പ്രകൃതി പാണ്ഡവർക്കു് നന്മ ചെയ്യുമെന്നുറപ്പായി” പ്രശാന്തമായ ആ വസന്തകാലപ്രഭാതത്തിൽ വനാശ്രമത്തിനു പുറത്തു, മറ്റു പാണ്ഡവരും പാഞ്ചാലിയുമൊത്തു നിൽക്കുകയായിരുന്ന യുധിഷ്ഠിരൻ, ഒരു വിനോദസഞ്ചാരിയുടെ ഉന്മേഷത്തോടെ ചുറ്റും നോക്കി.

“എലിയും കുറുക്കനും ഓടുന്ന വനാശ്രമത്തിൽ പന്ത്രണ്ടു വർഷം ശിക്ഷ പ്രകൃതി തന്നെയാണോ പാണ്ഡവർക്കു് എർപ്പാടാക്കി തന്നതു്?”

“സഹനത്തിന്റെ നീണ്ട പാത എന്നൊക്കെ യോദ്ധാക്കൾ പറയും. അടിമയാണെങ്കിലും ഒരുനാൾ ഞങ്ങൾ അധികാരിയാവും. അതാണു് ഖാണ്ഡവവനം കത്തിക്കുമ്പോൾ പ്രകൃതി തന്ന വാക്കു്. ഈ ദുരിതജീവിതം കുറെ ക്ഷമിക്കും. എല്ലാം ത്യാഗം എന്നു് പോലും കരുതും. ഒന്നും ഫലിക്കുന്നില്ലെങ്കിൽ, ആയുധം കയ്യിലെടുക്കും. തലകൾ സ്വാഭാവികമായും ഉരുളും.”

2018-06-30

“ഊഴം കാത്തു അവസരം കിട്ടിയ പാണ്ഡവരിലൊരാൾ പായ പങ്കിടാൻ ചങ്കിടിപ്പോടെ ഈ ഒറ്റമുറിയിൽ വരുമ്പോൾ, മറ്റു നാലു പാണ്ഡവർ നിങ്ങളിരുവരുടെ രതിസ്വകാര്യത മാനിച്ചു കുടിലിൽ നിന്നു് പുറത്തു പോവണം എന്നതല്ലേ നിലവിലുള്ള പൊതുദാമ്പത്യ പെരുമാറ്റച്ചട്ടം? അതോ അത്തരം പരിഷ്കൃത ധാരണയൊന്നും ഇല്ലേ?” കൊട്ടാരം ലേഖിക ചോദിച്ചു.

“എന്തൊക്കെ താറുമാറാക്കിയാൽ കിടപ്പു മുറിക്കകത്തെ ആൺ-പെൺ ശാരീരിക പാരസ്പര്യത്തെ കലക്കിമറിച്ചു മലിനപ്പെടുത്താമോ അതൊക്കെ ബാക്കി നാലു പേരും ഒളിഞ്ഞും തെളിഞ്ഞും ചെയ്യും. അപമാനബോധതോടെ കൂട്ടുകാരനും ഞാനും രണ്ടു മൂലയിൽ കമഴ്‌ന്നു കിടക്കും. അസ്ത്രം മറന്നുവച്ചതു് എടുക്കാൻ വന്നതാണു് എന്നു് ‘നിഷ്കളങ്ക’മായി പറഞ്ഞു പാണ്ഡവരിൽ ഒരാൾ മുറിയിൽ ഇടിച്ചു കയറിയതും, ‘കടക്കു പുറത്തു’ എന്നു് പറയാതെ തന്നെ, അയാൾ ഉടനടി പുറത്തു കടന്നതും ഇതുവരെ ഞാൻ മറന്നിട്ടില്ല.”

“വിവാഹപൂർവസന്തതികളും വിവാഹേതര രതിയും കുരുവംശപ്പെരുമക്കു് ഒരനുബന്ധ അലങ്കാരമായി മാത്രമെന്നു് കരുതുന്ന വാണിജ്യ മണ്ഡലം ഹസ്തിനപുരിയിലുണ്ടു്. അവരെ പക്ഷെ ചിന്താക്കുഴപ്പത്തിലാക്കുന്നതു്, വെളുത്ത ദേവരൂപികൾ അഞ്ചുപേർ നിങ്ങൾക്കുണ്ടായിട്ടും, എന്തിനൊരു ശ്യാമ യാദവൻ? ഒന്നും വേണ്ടായിരുന്നു എന്നു് തോന്നിയോ വല്ലപ്പോഴും?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“എന്നെ കീഴ്പ്പെടുത്താനും പണയപ്പെടുത്തി അടിമയാക്കാനും പാടുപെടുന്ന കൌന്തേയർ എവിടെ, ഞാൻ ആപത്തിൽ പെടുമ്പോൾ, പടിഞ്ഞാറു് കടലോര നഗരിയിൽ എനിക്കായി സുരക്ഷിതത്വത്തിന്റെ ഒരാലില, സത്യഭാമ പോലുമറിയാതെ, മറിച്ചിടുന്ന ആ പ്രിയസുഹൃത്തെവിടെ.” വനാന്തരത്തിലെ ആശ്രമമുറിയിൽ ശീതകാലസന്ധ്യയുടെ ഭീതിതമായ മൂടുപടം മുഖമടച്ചു വീണു എന്നിട്ടും, പാഞ്ചാലിയുടെ കണ്ണുകൾ തുളുമ്പുന്നതു് കൊട്ടാരം ലേഖികക്കു് ഇരുളിൽ കാണാമായിരുന്നു.

2018-07-01

“ചൂതാട്ടം പരിശീലിച്ചും, കൗരവരെ പോരാട്ടത്തിൽ തോൽപ്പിക്കുന്നതു് വിഭാവന ചെയ്തും, അല്ലലില്ലാതെ വ്യാഴവട്ടക്കാല ശിക്ഷ കഴിക്കുകയാണു് പാണ്ഡവർ എന്നതൊരു സാമാന്യവസ്തുതയായി ഇതിനകം കൗരവർക്കിടയിൽ പരക്കെ അംഗീകരിക്കപ്പെട്ടതല്ലേ? ഇതു് മറച്ചുവച്ചു് നിങ്ങൾ എന്തിനു അവരഞ്ചു പേരും നിരന്തരം തലയിൽ തുണിയിട്ടു് ഹസ്തിനപുരിയിൽ രഹസ്യവിവര ശേഖരണത്തിലാണെന്ന വ്യാജവാർത്ത ആവർത്തിച്ചു വിട്ടു കൌരവരെ പ്രകോപിപ്പിക്കുന്നു?”, പത്രാധിപർ അനിഷ്ടസൂചകമായ ഗോഷ്ടിയോടെ ചോദിച്ചു.

“നിങ്ങൾക്കറിയാമോ, നൂറിൽ പാതി കൗരവരും ഇപ്പോൾ ഹസ്തിനപുരിയുടെ അതിർത്തി രാജ്യങ്ങളിലേക്കുള്ള ദേശീയപാതകളിൽ കാണുന്ന കുതിരപ്പന്തികളിൽ നുഴഞ്ഞു കയറി ചാരപ്പണി നടത്തുകയാണു്. പാണ്ഡവരും അപ്പോൾ കൌരവരറിയാതെ ദിവ്യാസ്ത്രങ്ങൾ തേടി ഒളിവിൽ പോവുന്നു എങ്കിൽ എന്താണു് കുഴപ്പം. തിന്നുന്ന ചോറിനു രണ്ടു ശത്രുനിരകളും അങ്ങനെ അദ്ധ്വാനിക്കുന്നു. രാജവാഴ്ചക്കാലത്തെ പരിമിത മാധ്യമ പ്രവർത്തനത്തിൽ ഇതിൽ കൂടുതൽ ഭരണകൂടജാഗ്രത ഒരു പെണ്‍പത്രപ്രവർത്തക എങ്ങനെ ഉറപ്പു വരുത്തും? പറഞ്ഞേക്കാം, ആണ്ടുപിറപ്പു മുതൽ വേതനസേവനപരിഷ്കരണം വേണം. ഹിമാലയത്തിലെ വനാശ്രമത്തിൽ പോയി പാഞ്ചാലിയെ അഭിമുഖം ചെയ്തു ഒരു കെട്ടു പനയോലക്കുറിപ്പുകളുമായാണു് ഞാൻ തിരിച്ചുവരുന്നതു്. കൗരവ-പാണ്ഡവ പോരാട്ടത്തെക്കാൾ പൊതുസമൂഹത്തിനു താൽപ്പര്യം പാഞ്ചാലി എങ്ങനെ പാണ്ഡവരെ ഗാർഹികപീഡനത്തിലൂടെ ചില പാഠങ്ങൾ പഠിപ്പിക്കുന്നു എന്നതായിരിക്കും.”

“തർക്കപിതൃത്വം തീർപ്പായില്ലെ?” കൊട്ടാരം ലേഖിക സംശയത്തോടെ നോക്കി.

“വാനപ്രസ്ഥത്തിനു് പടിയിറങ്ങും മുമ്പു് മനഃസ്സാക്ഷിയെ ഉറങ്ങാൻ അനുവദിക്കണം എന്ന തോന്നലിലാണു് സത്യം വെളിപ്പെടുത്താൻ അഭിമുഖം തരുന്നതു്. പാണ്ഡുവുമൊത്തു ഞാനും മാദ്രിയും യാതന അനുഭവിക്കുന്ന കാലം. കായികക്ഷമതയോ ഇച്ഛാശക്തിയോ ഇല്ലാത്ത ദുർബലനായ പാണ്ഡു, പരുക്കൻ തറയിൽ പായ വിരിച്ചു കിടന്ന ഓർമ്മ. ഞങ്ങൾ രണ്ടു യുവതികൾ മാതൃത്വം എന്ന പെണ്ണവകാശത്തിനു വേണ്ടി വഴി നോക്കുകയാണു്. സമീപത്തെ സന്യസ്ഥാശ്രമങ്ങളിൽ സേവനമുണ്ടായിരുന്നതു് കൊണ്ടു് ആശ്രമാചാര്യനുമായി അടുത്തു. സഹായം ആശ്രമത്തിൽ നിന്നു് കിട്ടി. അവിടെ പോവുന്നതിനിടയിൽ അരുതാത്തതെന്തോ സംഭവിച്ചു എന്ന തിരിച്ചറിവിൽ, പിറ്റേന്നു് പോവാതെ വീട്ടിലിരിക്കുമ്പോൾ. ആശ്രമത്തിൽ നിന്നൊരു ‘ഹംസം’ ‘ഉടൻ വരൂ’ എന്ന സന്ദേശം കൈമാറി. വഴങ്ങി യില്ലെങ്കിൽ ‘ആചാര്യസംയോഗം’ പൊതുസമൂഹം അറിയുമെന്ന ഭീഷണിയിൽ ഞങ്ങൾ മടി വിട്ടു വീണ്ടും അയാൾക്കു് വഴങ്ങി. വിശ്വസ്ത അനുയായികൾക്കും ഞങ്ങൾക്കു മേൽ അധിനിവേശം ഉണ്ടായി എന്നതൊരു അനുബന്ധ വസ്തുത. ഒന്നും ഞങ്ങൾ മറച്ചുപിടിക്കുന്നില്ല. മാദ്രിയും ഞാനും ഈ പീഡന ആശ്രമ പർവ്വം പാണ്ഡുവിനെ അറിയിച്ചതു് സ്വാഭാവികമായും, വേറൊരു വിധത്തിലായി പോവുമല്ലോ. കുട്ടികളില്ലാതെ മരിച്ചുപോയാൽ കുരുവംശചരിത്രത്തിൽ നിന്നു് നാം എന്നെന്നേക്കുമായി തുടച്ചുമാറ്റപ്പെടുമെന്ന ഓർമ്മപ്പെടുത്തലിൽ, വിവാഹബാഹ്യസ്രോതസ്സുകൾ വഴിയെങ്കിലും ബീജസംഭരണത്തിലൂടെ മാതൃത്വം സാധ്യമാക്കൂ എന്നു ഞങ്ങളോടു് പാണ്ഡു കെഞ്ചുന്ന അവസ്ഥയുണ്ടായി. ഗർഭ പാത്രത്തിന്റെ നിലവിളി പാണ്ഡു കേൾക്കുന്നില്ലെങ്കിൽ, പട്ടിണിക്കിട്ടു കൊല്ലാൻ പദ്ധതിയിട്ടതോന്നും വേണ്ടി വന്നില്ല. കാര്യം നയതന്ത്രത്തിലൂടെ നേടിയെടുത്ത ഞങ്ങൾ കുളിച്ചു പൂ ചൂടി സന്യസ്ഥ ആശ്രമങ്ങളിൽ നിത്യസന്ദർശകരായി ആചാര്യനെയും അനുയായികളെയും നിയന്ത്രിത രതിലീല വഴി കീഴ്പ്പെടുത്തി വരച്ച വരയിൽ വീഴ്ത്തി. ഞാൻ മൂന്നു പ്രസവിച്ചു. മാദ്രി കുറച്ചു വൈകി രണ്ടും. ആചാര്യന്റെ ആത്മീയപിന്തുണയോടെ, മനുഷ്യനേത്രങ്ങൾക്കു പിടികിട്ടാത്ത അതീതശക്തികളാണു് പാണ്ഡവരുടെ പിതാക്കൾ എന്നൊരു കെട്ടുകഥ സമർത്ഥമായി പൊതുമണ്ഡലത്തിൽ പാവനമായി എത്തിച്ചു. ആശ്രമാചാര്യന്റെ ആദ്യപീഡനശ്രമത്തെ ഞങ്ങൾ, പെണ്ണവകാശമായ ആസ്വാദനരതിയിലേക്കും, പാവനമായ മാതൃത്വത്തിലേക്കും പരിവർത്തിച്ചു കഴിഞ്ഞശേഷം പാണ്ഡുവിനു് മരിക്കാൻ നേരിയ തോതിൽ ബലപ്രയോഗവും ഞങ്ങൾ ഏറ്റെടുത്തു. ഭൂതകാലത്തിലെ ഈ സത്യം ഈ കുമ്പസാരത്തിലൂടെ ആരാധകരെ അറിയിക്കുന്നതിൽ ആശ്വാസമുണ്ടു്. ഇനിയെനിക്കു് തലമുണ്ഡനം ചെയ്തു വനവാസത്തിനു തയ്യാറെടുക്കണം. വിട.”

“കയർത്തു് സംസാരിക്കുമോ പാഞ്ചാലി?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. വനവാസക്കാലം.

“ഞങ്ങൾ ചെയ്യേണ്ട പണി ഏൽപ്പിച്ചപ്പോഴൊന്നും കയർത്തില്ല. അടിമ എന്ന നിലയിൽ അവൾ കാര്യക്ഷമതയോടെ ചെയ്യും. എന്നാൽ ആശ്രമങ്ങളിൽ നിന്നു് ജൈവമാലിന്യം ശേഖരിച്ചു ദൂരെ കുഴി കുത്തി മൂടി വരുമ്പോൾ, വെയിൽ പൊങ്ങി മേലാകെ മലിനമായി ക്ഷീണിച്ചു വിയർത്തിരിക്കും. ഞങ്ങൾ ഉറക്കമുണർന്നു് തണലിൽ, ഇടക്കിടെ അക്ഷയപാത്രത്തിൽ കയ്യിട്ടുവാരി കളിക്കുകയാവും. അതു് കണ്ടാൽ അവളുടെ മുഖപേശികൾ കനക്കും നോട്ടം പിശകാകും ഒച്ച മാറും വിരൽ ചൂണ്ടും. ഒന്നും ചെയ്യാൻ ഇല്ലെങ്കിൽ ദിവ്യാസ്ത്രം സംഘടിപ്പിക്കണം, യുദ്ധമാണു് വരാനുള്ളതു്. എന്നവൾ എന്നോടു് ആജ്ഞാപിക്കും പിന്നെ കുന്നിറങ്ങി താഴെ ജലാശയത്തിലേക്കു കുളിക്കാൻ പോവും മുമ്പു് ‘അമ്മാ അമ്മാ’ എന്നു് പൊട്ടിക്കരയും. അതൊന്നും കണ്ടു കേട്ടു എന്നു നടിക്കാതെ ഞങ്ങൾ തീറ്റയും കളിയും തുടരും.”

2018-07-02

“ദുര്യോധനൻ പ്രതിസ്ഥാനത്തു നിൽക്കുന്നു എന്നു് കണ്ണും ചെവിയുമുള്ള കൗരവസ്ത്രീകൾ ആണയിടുമ്പോൾ, കൊട്ടാരഭരണത്തിന്റെ ചുമതല നൽകി അയാളെ തിരിച്ചു കൊണ്ടുവരണമെന്നു് വാദിക്കുന്നതിന്റെ പൊരുൾ?” കൗരവസഹോദരിയും, സൈന്ധവനാടുവാഴി ജയദ്രഥന്റെ ഭാര്യയും, ഹസ്തിനപുരി വനിതാവകാശ സമിതിയുടെ അധ്യക്ഷയുമായ ദുശ്ശളയോടു് കൊട്ടാരം ലേഖികചോദിച്ചു.

“വാർത്ത വരുന്നതെല്ലാം വാസ്തവ വിരുദ്ധമാണു്. ഇരട്ടപൗരത്വമുള്ളതു കൊണ്ടു് ഞാനിടക്കു് സൈന്ധവത്തിൽ നിന്നിവിടെ വന്നു വനിതാവകാശ പരാതികളിൽ ശ്രദ്ധിക്കുമെങ്കിലും, എന്നോടു് സംരക്ഷണം തേടുകയോ പ്രതീക്ഷിക്കുകയോ ചെയ്യുന്ന ‘ഇന’മല്ല ദുര്യോധനൻ. ഇന്നലെ രാജസഭകൂടി. പിതാമഹൻ നിസ്സാരകാര്യങ്ങൾ കെട്ടിപ്പൊക്കി ഗൗരവത്തിൽ സംസാരിക്കുമ്പോൾ, ഞങ്ങൾ തലതാഴ്ത്തി. യോഗം അവസാനിക്കാറായ സമയത്തു് ഇനി ചോദ്യങ്ങൾ ബാക്കിയുണ്ടോ എന്നു് വേദിയിലുള്ള വിദുരർ ആരാഞ്ഞു. സ്വാഭാവികമായും ദുര്യോധനന്റെ കാര്യത്തിൽ എല്ലാവർക്കും ആകാംക്ഷ ഉണ്ടായിരുന്നു. എന്നാൽ എഴുന്നേറ്റുനിന്നു ചോദിക്കാൻ വയ്യ.

പമ്പാനദീ തീരത്തു പർണശാലക്കെട്ടി ജീവിക്കുന്ന ദുര്യോധനനെ ദൂതനെ വിട്ടു കൊണ്ടുവന്നു കിരീടാവകാശിയും സർവ്വാധികാരിയുമായി തിരിച്ചെടുക്കുന്നുണ്ടോ എന്നൊക്കെ അറിയാൻ താൽപര്യവും അവർക്കുണ്ടായിരുന്നു. എന്നാൽ ഈ പറയുന്ന കൗരവസ്ത്രീകൾ ആർക്കും ഭീഷ്മരെ നോക്കി ചോദിക്കാൻ ധൈര്യമുണ്ടായില്ല. ദുര്യോധനനെ അധികാരവഴിയിലേക്കു തിരിച്ചെടുക്കാൻ യോഗത്തിൽ ഞാൻ ആവശ്യപ്പെട്ടിരുന്നെന്ന വാർത്ത ശരിയാണു്.

എനിക്കു് മാത്രമാണു് ധൈര്യമുണ്ടായതു്. വീട്ടിലെ ഒരംഗം രണ്ടു ദിവസം കാണാതിരുന്നാൽ അവൻ മടങ്ങി വരുമോ എന്ന ആശങ്ക നമുക്കൊക്കെ സ്വാഭാവികമാണു്. അത്തരത്തിലുള്ള സംശയമാണു് എന്റെ ഭാഗത്തു നിന്നുണ്ടായതു്. കുരുവംശകുടുംബ യോഗത്തിലെ തീരുമാനങ്ങളെന്ന നിലയിൽ പുറത്തു വരുന്ന വാർത്തകളിൽ പലതും വാസ്തവ വിരുദ്ധമാണു്. ലൈംഗികാക്രമണത്തെ അതിജീവിച്ച മുൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിക്കൊപ്പമാണു് ഞാൻ. ദുര്യോധനന്റെ കാര്യത്തിൽ മഹാരാജാവിന്റെ (ഭീഷ്മരുടെ എന്നല്ല ഞാൻ പറഞ്ഞത്) അന്തിമ തീരുമാനം എന്താണെന്നു് അറിയാൻ താൽപര്യമുണ്ടെന്ന എന്റെ ചോദ്യത്തെ കയ്യടികളോടെയാണു് കൗരവസ്ത്രീകൾ സ്വീകരിച്ചതു്. വൈകുന്നേരം ചേരുന്ന നിർവാഹകസമിതി യോഗത്തിൽ ഇക്കാര്യം തീരുമാനിക്കാമെന്ന മറുപടി വിദുരിൽ നിന്നു് ലഭിച്ചു. നാലുപേർ പ്രക്ഷോഭത്തിലാണെന്ന വാദം തർക്കത്തിനു് സമ്മതിച്ചാൽ പോലും, തൊണ്ണൂറ്റി ആറു പേരും (ഞാൻ രേഖ പരിശോധിച്ചു) ആദ്യാവസാനം അവിടെ ഉണ്ടായിരുന്നു. അവർക്കില്ലാത്ത അന്തഃസംഘർഷം പിന്നെ ഈ നാലുപേർക്കെന്തിനു്? എന്നൊന്നും ഞാൻ ചോദിക്കുകയില്ല. കാരണം, അവസാനത്തെ പ്രതിഷേധസ്വരത്തിനും പൂർണശ്രദ്ധ കൊടുക്കുന്ന രീതിയാണു് ഞങ്ങൾ തക്ഷശിലയിൽ പഠിച്ചതു്. വനവാസത്തിനു പോയി എന്നു് ഞാൻ പാഞ്ചാലിയെ വിഭാവന ചെയ്യുന്നില്ല. സുഖവാസത്തിനു പോയി എന്നാണു്. അവർ ഇപ്പോൾ വീടുവച്ച ഇടങ്ങളൊക്കെ ഞങ്ങൾ പോയി കണ്ടതാണു്. വേനൽക്കാല സുഖവാസത്തിനു ദുര്യോധനൻ പണിത ആഡംബരവസതിയാണു് പാഞ്ചാലിക്കു് വിട്ടു കൊടുത്തതു്. ഒന്നും വാർത്തയിൽ ചോർന്നു പോകരുതു്. അഞ്ചു തടിമാടന്മാർക്കു മൂന്നു നേരം ഭക്ഷണം പാചകം ചെയ്യുക വിളമ്പുക ഇച്ചിൽ കഴുകുക വിറകു കത്തിപ്പിടിപ്പിക്കുക തുടങ്ങി ഒരു പരിഷ്കൃതവനിത വെറുക്കുന്ന തീൻശാലദുരിതത്തിൽ നിന്നു് പാഞ്ചാലിക്കു് മോചനമായി ദുര്യോധനൻ സമ്മാനമായി അക്ഷയപാത്രം കൊടുത്തതും വാർത്തകളിൽ പൊലിപ്പിച്ചു കാണുന്നില്ല. തമസ്കരണം അരുതു് അതൊരു നല്ല വാർത്താ പരിചരണ രീതിയല്ല.

“അഴുക്കൊക്കെ കലത്തിൽ ഇട്ടുകൊണ്ടു് പോവുന്ന ആ ഭംഗിയുള്ള സ്ത്രീ ആരാണമ്മാ?”, വിടർന്ന കണ്ണുകളുള്ള കുട്ടി ചോദിച്ചു.

“അതൊരു അടിമയാണു് മോനേ. യുവരാജാവു് ദുര്യോധനൻ പന്ത്രണ്ടു കൊല്ലത്തെ കഠിനശിക്ഷ കൊടുത്തിരിക്കയാണു്”, അമ്മ ആശ്വസിപ്പിച്ചു.

“ഇങ്ങനെ മാലിന്യം ചുമക്കുന്ന അടിമയാവാൻ എന്തു് തെറ്റു് ആ സ്ത്രീ ചെയ്തു, അമ്മാ?”, കുട്ടി ചോദിച്ചു.

“ലഹരിയിൽ ഭർത്താക്കന്മാർ അവളെ കൗരവരുമായി രാജസഭയിൽ പരസ്യരതിക്കു് നിർബന്ധിച്ചപ്പോൾ, അവൾ എതിർക്കാതെ നിന്നു് കൊടുത്തതിനു നീതിമാനായ ദുര്യോധനൻ കൊടുത്ത മാതൃകാപരമായ ശിക്ഷ.”

“കൈ വിറച്ചില്ലേ മനുഷ്യാ, കൗമാര അഭിമന്യുവിന്റെ നെഞ്ചിൽ കൊടുവാൾ കുത്തിയിറക്കുമ്പോൾ?” കൊട്ടാരം ലേഖിക കർണനോടു് ചോദിച്ചു. കുരുക്ഷേത്ര പതിമൂന്നാം ദിവസം.

“നിങ്ങൾ കാര്യമറിയാതെയാണു് എന്നെ മാത്രം പ്രതിയാക്കുന്നതു്. കൗരവരുടെ കുത്തും ചവിട്ടുമേറ്റ ഈ കുഞ്ഞു നിലത്തുവീണിട്ടും, ശത്രുക്കളാൽ ചവിട്ടിമെതിക്കപ്പെടുന്നതു് കണ്ടപ്പോൾ ‘അവന്റെ ജന്മം അവസാനിപ്പിക്കൂ’ എന്നു് പെറ്റതള്ള സുഭദ്രയുടെ യാചന കേട്ട പോലെ തോന്നി. ആ വ്യാകുലമാതാവിന്റെ ആജ്ഞ അനുസരിച്ചു ഞാൻ അഭിമന്യുവിന്റെ ദുരിതശരീരത്തെ എന്നെന്നേക്കുമായി നിശ്ചലമാക്കി.”

2018-07-04

“തിമിർപ്പിലാണല്ലോ പാണ്ഡവരിപ്പോൾ ഊട്ടുപുരയിൽ. ഏതോ ദരിദ്ര ഹസ്തിനപുരി കർഷകന്റെ വിത്തു് കൊള്ളയടിച്ചാണവർ ഇന്നു് അക്ഷയപാത്രം നിറച്ചിരിക്കുന്നതു്. പത്തു കൈകളും മത്സരക്ഷമതയോടെ ഭക്ഷണം വാരി അഞ്ചു വായകളിൽ നിറക്കുമ്പോൾ, നിങ്ങൾ ഇവിടെ ഒറ്റക്കു അത്താഴപട്ടിണി, ഇതെന്താ ഭക്ഷണവിതരണത്തിൽ ഈ പ്രത്യക്ഷ അസമത്വം?” കൊട്ടാരം ലേഖിക ചോദിച്ചു. വനവാസക്കാലം.

“കർഷകരുടെ വിത്തുപെട്ടി മോഷ്ടിക്കുന്ന ആ പാപക്കനിയിൽ എനിക്കു് പങ്കില്ലെന്നു് ഉടയോൻ ദുര്യോധനൻ എന്നോ എനിക്കു് ഉറപ്പു നൽകിയിരുന്നു. അതു് കൊണ്ടാണെനിക്കു് അത്താഴപ്പട്ടിണി. യുധിഷ്ഠിരൻ വിങ്ങിപ്പൊട്ടുമ്പോലെ അതു് കൗരവർ എനിക്കു് തന്ന ശിക്ഷയല്ല പാണ്ഡവർക്കെതിരെ എന്റെ പ്രതിരോധമാണു്. കർഷകനറിയാതെ ചോർന്ന വിത്തു് പാണ്ഡവർ വേവിച്ചു തിന്നുന്ന പോലെ പട്ടിണി കിടക്കുന്ന പെണ്ണിന്റെ മേനിയും തേയ്മാനവും അവർ തന്നെ വീതിച്ചെടുക്കട്ടെ.”

“വിത്തു് മോഷ്ടിച്ചിട്ടാണു് അക്ഷയപാത്രം നിറക്കുന്നതെന്നു പാഞ്ചാലി പറയുന്നതിൽ കാര്യമുണ്ടോ? ‘പാപക്കനി’യിൽ പങ്കുവേണ്ടെന്നു വച്ചാണു് അത്താഴപ്പട്ടിണിയുമായി അന്തിയുറങ്ങുന്നതു് എന്നവകാശപ്പെടുന്നുണ്ടല്ലോ?” നകുലനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“ഈ ‘പാത്രം’ വിസ്മയമാണു്. കയ്യിട്ടു നോക്കൂ: ഒഴിഞ്ഞപാത്രം? ഞാൻ കയ്യിട്ടാൽ? അപ്പവും വീഞ്ഞും. മനസ്സിലായല്ലോ എന്താണു് ദിവ്യാത്ഭുതമെന്നു്? പാഞ്ചലിക്കതു് വ്യക്തമാവാത്തതിനു് കാരണമുണ്ടു്-കൗരവസ്ത്രീകൾക്കു കഴിക്കാൻ ധൃതരാഷ്ട്രർ സ്വന്തം ശ്രമത്തിൽ വാങ്ങിക്കൊടുത്ത ഉണക്കപ്പഴങ്ങൾ ദുര്യോധനൻ ആശ്രമം വഴിപാഞ്ചാലിക്കെത്തിച്ചു കൊടുക്കും. അതു് കഴിക്കുന്നവൾ ‘അക്ഷയപാത്ര’ത്തിലെ ‘ഇച്ചിലി’ൽ എന്തിനു കയ്യിട്ടുവാരണം?”

“സങ്കീർണമാണു് രാഷ്ട്രീയം എന്നു് അറിവുള്ളവർ നെറ്റിചുളിച്ചു പറയുന്നു. തൽപരകക്ഷിയല്ലേ നിങ്ങളും?” കൊട്ടാരം ലേഖിക കൃപാചാര്യനോടു് ചോദിച്ചു. ഹസ്തിനപുരി കൊട്ടാര ഊട്ടുപുര, മുയലിറച്ചിയും വീഞ്ഞുമായി എളുപ്പം പുറത്തിറങ്ങാവുന്ന ഇടത്തിൽ ഇരുന്നു. അരമണിക്കൂറിനകം രാജസഭ സമ്മേളിക്കും. ആസന്ന യുദ്ധത്തെ കുറിച്ചറിയിപ്പുകൾ പ്രതീക്ഷിക്കും.

“എനിക്കറിയാവുന്ന ഈ ലോകം ലളിതമായിരുന്നു. നന്മതിന്മകളാൽ നേർവരയിട്ടു വേർതിരിച്ച കൂട്ടു കുടുംബം. ഞങ്ങളെ ഉത്മൂലനം ചെയ്യാൻ തിന്മ തയ്യാർ എന്നും ഇപ്പോൾ കേട്ടു. ദൂരെ വിരാടത്തിലെ ഉപപ്ലവ്യയിൽ പാണ്ഡവർ തിന്മയുമായി കൂട്ടുകൂടി ഞങ്ങളെ കൊല്ലാൻ മരകായുധങ്ങൾ സംഭരിക്കുന്നു. ആൾരൂപങ്ങളുണ്ടാക്കി കൗരവപ്രധാനികൾ എന്നു് മനസ്സാ സങ്കൽപ്പിച്ചു വാൾ ഹൃദയത്തിൽ ആഴ്ത്തി ഭീമൻ പരിശീലനം നേടുന്നു. കായ്ക്കുന്ന മരങ്ങളിലേക്കു കുന്തം എറിഞ്ഞു യുധിഷ്ഠിരൻ നൈപുണ്യവികസനത്തിൽ ശ്രദ്ധിക്കുന്നു. എല്ലാവരും തിരക്കിലാണു്. ഞങ്ങളെ കൊന്നു കുഴിച്ചുമൂടും മുമ്പു് നിങ്ങളെ വെട്ടിവീഴ്ത്തണം. കുരുക്ഷേത്രയിൽ യുദ്ധഭൂമി ഒരുക്കി ഞങ്ങൾ പാരസ്പര്യം കാത്തിരിക്കയാണു്. അവർക്കവിടെ ആയുധംവച്ചു് കീഴടങ്ങാം. രക്തസാക്ഷിത്വം വരിച്ചാലും ഒരച്ഛനു ഒരമ്മയിൽ പിറന്ന കൌരവർ, വൈവിധ്യ പിതൃത്വത്തിൽ പിറന്ന പാണ്ഡവരുടെ മുമ്പിൽ മുട്ടു് മടക്കില്ല.”

“വസ്ത്രാക്ഷേപം ചെയ്യപ്പെടുമ്പോൾ മൂകസാക്ഷി ആയിരുന്ന പ്രമുഖരെ, വിചാരണ ചെയ്യുമെന്നു അക്കാലത്തൊരഭിമുഖത്തിൽ നിങ്ങൾ പറഞ്ഞിരുന്നില്ലേ? എന്തായി?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. കുരുക്ഷേത്ര കഴിഞ്ഞു പുതുഭരണകൂടം അധികാരത്തിൽ കയറിയ നാളുകൾ.

“കാഴ്ച കണ്ടു രസിച്ചവരിൽ ജീവിച്ചിരിപ്പുള്ളതു് എന്റെ ഭർത്താക്കന്മാർ മാത്രം.”

2018-07-05

“ആശ്രമങ്ങളിലെ മാലിന്യനീക്കം എന്ന എട്ടിന്റെ പണി അടിമപ്പെൺ പാഞ്ചാലിക്കു് ഉടയോൻ ദുര്യോധനൻ കൊടുത്തു എന്നൊക്കെ പതിവായി അഭിമുഖങ്ങളിൽ കേൾക്കുന്നതതിൽ എന്തെങ്കിലും കാര്യമുണ്ടോ? നിങ്ങളൊക്കെ സ്വാശ്രയശീലരല്ലേ? മുൻ ചക്രവർത്തിനിയല്ലേ പാഞ്ചാലി? നിങ്ങളുടെ ജൈവമാലിന്യം സംസ്കരിക്കേണ്ടതു് അവളാണോ? പാണ്ഡവർ വരാറില്ലേ?” പാണ്ഡവർ ശിക്ഷ അനുഭവിക്കുന്ന വനമേഖലയിലെ സന്യാസാശ്രമങ്ങളുടെ സംഘടനകാര്യദർശിയായ യോഗിനിയോടു് ഹസ്തിനപുരി പത്രിക ലേഖിക ചോദിച്ചു. പ്രഭാഷണം കഴിഞ്ഞു ആരാധകർക്കു് ദർശനം നൽകുകയായിരുന്നു ആ സുന്ദരി.

“കർത്തവ്യബോധത്തോടെ നിത്യവും വന്നു പാഞ്ചാലി ശുചിമുറി മാലിന്യം നീക്കുമെങ്കിലും, പാണ്ഡവർ പതിവു് സന്ദർശകർ അല്ല. നകുലൻ ചിലപ്പോൾ പാഞ്ചാലിയുടെ കൂട്ടാളിയായി വരുമായിരുന്നു. ആശ്രമവാസികളിൽ ആരാണു് ദുര്യോധനന്റെ ചാരൻ എന്നയാൾക്കു് അറിയാമെന്നു തോന്നിയപ്പോൾ, വിവരം അറിയിക്കേണ്ടവരെ ഞങ്ങൾ അറിയിച്ചു. അടിമകളുടെ ഉടയതമ്പുരാൻ ദുര്യോധനൻ ഉണ്ടോ അടങ്ങുന്നു, ആശ്രമങ്ങളിൽ നിന്നു് ജൈവമാലിന്യ ശേഖരണം തുടർന്നും പാഞ്ചാലിയുടെ ചുമതല ആണെങ്കിലും, കുഴിച്ചു മൂടേണ്ട പണി നകുലനു നൽകി ഹസ്തിനപുരിയിൽ നിന്നു് ഉത്തരവായി. ഇപ്പോൾ ഞങ്ങളെ കണ്ടാൽ നകുലൻ പല്ലു് ഞെരിക്കും. പാണ്ഡവർ അധികാരം പിടിച്ചടക്കിയാൽ മതേതരരാജ്യമായി ഹസ്തിനപുരിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു്, രാഷ്ട്രീയം കളിക്കുന്ന ആശ്രമങ്ങൾക്കു് ധനസഹായവും സുരക്ഷയും നിർത്തുമെന്നു് ഞങ്ങളെ ഇടക്കൊക്കെ വിരലുയർത്തി ഭീഷണിപ്പെടുത്തും.”

“അതൃപ്തിയവൾക്കുണ്ടെങ്കിലും, പിറുപിറുക്കുന്നതോ പ്രാകുന്നതോ കാണേണ്ടി വന്നിട്ടില്ല. അതൊക്കെ നോക്കുമ്പോൾ പാഞ്ചാലിയെ കുലീനപെരുമാറ്റത്തിന്റെ പേരിൽ മഹത്വപ്പെടുത്തേണ്ടതല്ലേ?”, ഇഷ്ടമാംസദൗർലഭ്യം കാരണം കാട്ടുകിഴങ്ങു മാന്തിയെടുക്കുന്ന ഭീമനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“ആദ്യരാത്രി മുതൽ കിടപ്പറയിൽ രണ്ടുപേരിലധികം കിടക്കാൻ പായിലിടമില്ലെന്നു പറഞ്ഞു അധികപ്പറ്റായ നാലുപേരെ വിരൽ ചൂണ്ടിപുറത്തു ചാടിക്കാൻ ഞങ്ങൾക്കു് നേരെ വാക്കു് കൊണ്ടും ശരീരം കൊണ്ടും അതിരുവിട്ട അവഹേളനമാണവൾ ചൊരിഞ്ഞതു്. അതിന്റെ ‘കുലീനത’യെ കുറിച്ചൊന്നും കുത്തിക്കുത്തി ചോദിക്കരുതേ. ദാമ്പത്യജീവിതത്തിൽ ദുരിതങ്ങൾ ഞങ്ങൾക്കുണ്ടായതു് പാഞ്ചാലിയുടെ പരുക്കൻ പരിചരണം കൊണ്ടായിരുന്നു എന്നു് പറഞ്ഞാൽ നിങ്ങൾ, അവളുടെ മുഖമെത്ര ഓമന എന്നു് തിരിച്ചു മന്ത്രിക്കും. കാട്ടിൽ വളർന്ന പാണ്ഡവർക്കവൾ തന്ന അവമതി ഉള്ളിൽ അടക്കി ജീവിക്കാമെങ്കിൽ ‘പരിഷ്കൃതവനിത’ പാഞ്ചാലിയുടെ ഹൃദയന്തരാളത്തിൽ ഞങ്ങളഞ്ചുപേർക്കായി വിഷസഞ്ചി തുന്നാനാണോ പാടു്? കാടായ കാടൊക്കെ എന്നെ ഓടിപ്പിച്ചു കൊണ്ടുവന്ന കല്യാണസൗഗന്ധികത്തെ കുറിച്ചു് നിങ്ങൾ ചോദിച്ചാൽ ഇടനെഞ്ചിലെ പളുങ്കുപാത്രം പൊട്ടിച്ചിതറും.” മണ്ണുകുതിർന്ന തടിച്ച കൈപ്പത്തികൾ കൊണ്ടു് ഭീമൻ വിതുമ്പി.

2018-07-06

“ചൂതാട്ടം നിയമവിധേയമാക്കുമെന്നോ? പതിമൂന്നു കൊല്ലം മുമ്പു് ആനപ്പുറത്തു ആട്ടം കാണാൻ വന്ന നിങ്ങൾ രാത്രി കഴിഞ്ഞപ്പോൾ അടിമകളായി കാട്ടിലേക്കു് പോവേണ്ടിവന്ന ശപിക്കപ്പെട്ട ആ കളി, ദുര്യോധനഉത്സാഹത്തിൽ പിൽക്കാലത്തു നിരോധിച്ചതു് അന്നെത്ര പ്രശംസിച്ചതാണു് ചാർവാകനുൾപ്പെടുന്ന പ്രബുദ്ധ പൊതു സമൂഹം?” കൊട്ടാരം ലേഖിക പാണ്ഡവ വക്താവിനെ നേരിട്ടു.

“അതിവൈകാരികത! ഇതാണു് മാധ്യമപ്രവർത്തകരുടെ തകരാറു്. ഉചിതമല്ല ചൂതാട്ടം എന്നതൊരു പുതുനിരീക്ഷ ണമൊന്നുമല്ല-പരിഷ്കൃതസമൂഹം ചൂതാട്ടത്തെ കാണേണ്ടതു്, ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിക്കു് ഉടുതുണി നഷ്ടപ്പെട്ടുവോ നഗ്നപാദനായി യുധിഷ്ഠിരൻ വനവാസത്തിനു പോവേണ്ടി വന്നുവോ എന്നൊന്നും കൊട്ടാര കഥകൾ നോക്കിയിട്ടല്ല. സ്വത്തുള്ളപ്പോൾ ഉള്ളതു് പണയം വച്ചും സ്വത്തുപോയാൽ ഭാര്യയെ പണയം വച്ചും കളിക്കും. ഇല്ലാത്തവർ സ്വത്തുകൈമാറ്റം കണ്ടാസ്വദിക്കും. ഭരണകൂട സൗകര്യങ്ങൾ വരിനിന്നും അവകാശ മായും വേതനമായും കൈപ്പറ്റുന്നവർക്കു ചൂതാട്ടത്തിനു യോഗ്യതയില്ല എന്നു് നിബന്ധനവക്കുന്നതോടെ ഒഴിവാവില്ലേ ഞാനും നിങ്ങളും ഉൾപ്പെടുന്നൊരു വൻകൊള്ള സംഘം?”

2018-07-07

“ആശ്രമത്തിനോടു് ചേർന്ന ശുദ്ധജലസ്രോതസ്സുകളിൽ ജൈവമാലിന്യസാന്നിധ്യം കണ്ടെത്തിയ വിവരം ആളെ വിട്ടു് ദുര്യോധനനെ അറിയിച്ചു. ഹസ്തിനപുരിയിൽ നിന്നു് വിദഗ്ധസംഘം ഉടൻ അന്വേഷണത്തിനു് വരുമെന്നാണു് കേട്ടതു്”, മുനിപദവിയിലേക്കു് നീങ്ങുന്ന ആശ്രമ അന്തേവാസി പറഞ്ഞു. സ്വന്തമായി വിളവുണ്ടാക്കുന്ന ആശ്രമപരിസരത്തു നടക്കുമ്പോൾ ചുമലിൽ മൺവെട്ടിയുണ്ടായിരുന്നു.

“നിങ്ങൾക്കൊക്കെ സംസ്കരിച്ചുകൂടെ ശരീരവിസർജ്യം? ദൂരെ ഹസ്തിനപുരിയിൽ നിന്നു് ഹിമാലയത്തിലേക്കു് ആൾ വരണോ?” കൊട്ടാരം ലേഖിക ചോദിച്ചു.

“അടിമപാഞ്ചാലി ചെയ്യേണ്ട ജോലി സന്യസ്ഥാശ്രമ അന്തേവാസികൾ ചെയ്താൽ കുരുവംശസംരക്ഷണയിൽ കഴിയുന്ന ആശ്രമങ്ങളിൽ തൊഴിൽവിഭജനത്തിന്റെ പൊരുളെന്തു്? പൊതുജനങ്ങളുടെ ജൈവമാലിന്യസംസ്കരണം ക്ഷേമരാഷ്ട്രത്തിന്റെ ഉത്തരവാദിത്വമാണു്. ആശ്രമ സമുച്ചയത്തിലാണെങ്കിൽ സുരക്ഷിതമായും കാര്യക്ഷമവുമായും നീക്കേണ്ടതു് ഭരണകൂടശിക്ഷ അനുഭവിക്കുന്ന അടിമ പാഞ്ചാലിയാണു്. ഇതിലൊക്കെ എന്താ ഒരു തർക്ക പ്രശ്നം? ആത്മീയതയിലും ഞാനൊക്കെ അധ്വാനിക്കുന്നില്ലേ? പാഞ്ചാലി കുറച്ചു കാലമായി ഇവിടെ വരാറില്ല. ഇതു് കരാർ ലംഘനമാകുന്നു. കൂടുതൽ തർക്കത്തിനു് നിങ്ങൾ വന്നാൽ ദുര്യോധനനു് പരാതി അയക്കും. ആർക്കറിയാം നിങ്ങളും ജൈവമാലിന്യം കുടത്തിൽ സംഭരിച്ചു ദൂരെ കൊണ്ടുപോയി കുഴിവെട്ടി മൂടേണ്ട അടിമയാവും.”

“കൊന്നു ചോരയൂറ്റിക്കുടിച്ചു ജഢം വലിച്ചുകീറി നീ വേർപെടുത്തി, അല്ലെ ഭീമാ?” കൺകെട്ടില്ലാത്ത ഗാന്ധാരി വിതുമ്പുന്നതു കൊട്ടാരം ലേഖിക തൊഴിൽപരമായ ജിജ്ഞാസയോടെ നോക്കി.

“ചൂതാട്ടസഭയിൽ ഉടുതുണി നഷ്ടപ്പെട്ട പാഞ്ചാലി നിന്നനിൽപ്പിൽ ശപഥം ചെയ്താൽ വേറെ തരമുണ്ടോ അമ്മാ? പൂചൂടാൻ കാടായ കൊടുംകാട്ടിൽ തപ്പിക്കൊണ്ടുവരേണ്ട കല്യാണസൗഗന്ധികമായാലും, മുടിയിൽ തേക്കാൻ കൌരവനെഞ്ചിലെ ചുടു ചോരയായാലും, അവൾ ചോദിച്ചതു് കൊണ്ടു് വന്നു കൊടുത്തല്ലേ പറ്റൂ”, കൊച്ചു കുഞ്ഞിനെ പോലെ മഹാറാണിയുടെ വാത്സല്യത്തിനായി ഭീമൻ കൈകൾ വിടർത്തി.

2018-07-08

“നിന്നു് തിരിയാൻ ഇടമില്ലാത്ത ഈ വനാശ്രമത്തിൽ, ഇവരഞ്ചുപേർ രാവുപകൽ ഇവിടെ ചടഞ്ഞുകൂടു മ്പോൾ, എങ്ങനെ കൈകാര്യം ചെയ്യും ഗാർഹിക വിരസത?”, കൊട്ടാരം ലേഖിക ചോദിച്ചു.

“പറഞ്ഞു പറഞ്ഞു ഇന്നു് കിട്ടി ഭീമനു പണി. ഒരു പൂവിന്റെ പേർ പറഞ്ഞു, അതുംകൊണ്ടു് തിരിച്ചുവന്നാൽ മതി എന്നു് ഞാൻ ചൂണ്ടുവിരൽ ചുണ്ടിൽ വച്ചു. ഉടൻ പടിയിറങ്ങിയ ആ മന്ദബുദ്ധി കാടിളക്കി വേരോടെ ചെടിയ ടക്കം പറിച്ചു കൊണ്ടു് വരുമ്പോഴേക്കും ദിവസങ്ങൾ കഴിയും.” ഭാര്യയെ പ്രീതിപ്പെടുത്താൻ ഓരോ വഴിക്കു് രാവിലെ തന്നെ പാണ്ഡവർ പോയിരുന്നെങ്കിലും, പാഞ്ചാലി നന്നേ തിരക്കിലായിരുന്നു മനസ്സിനകത്തും പുറത്തും.

2018-07-09

“കൗരവരാജവിധവകളെ പാതിരാകുടിയൊഴിപ്പിക്കലിലൂടെ പുകച്ചുപുറത്തു ചാടിച്ച ഈ നൂറോളം ആഡംബരവസതികളെ എന്തു് ചെയ്യാനാണു് ഭാവം?” കൊട്ടാരം ലേഖിക വിജനമായ കോട്ടക്കകത്തേക്കു നോക്കി തലയിൽ കൈ വച്ചു.

“യുദ്ധസ്മാരകം ആക്കണ്ടേ? ഭാവിയോടു നമുക്കു് പലതും പ്രവചനസ്വരത്തിൽ പറയാനില്ലേ? നിക്ഷിപ്ത കുടുംബതാൽപ്പര്യമുള്ള വ്യാസനു എല്ലാം അങ്ങനെ തുറന്നു പറയാൻ ആവുമോ?” ഭരണകൂടവക്താവു് നകുലന്റെ ശബ്ദത്തിൽ അക്ഷമ കലർന്നു.

2018-07-10

“ആണുങ്ങൾ അഞ്ചു പേരും. പതിനെട്ടുനാൾ യുദ്ധം ചെയ്തു ഹസ്തിനപുരി കോട്ട പിടിച്ചെടുത്തു അധികാരത്തിൽ കയറിയതോടെ നിങ്ങൾ മഹാറാണി പട്ടം തേടാൻ പാണ്ഡവരിൽ മാനസികസമ്മർദ്ദം വഴി കാര്യം നേടി എന്നാണു കൊട്ടാരം നിരീക്ഷകനായ ചാർവാകൻ പറയുന്നതു്. അന്തഃപുരത്തിൽ യുധിഷ്ഠിരൻ ഉൾപ്പെടെ ഒരാണിനും മുൻകൂർ അനുമതിയില്ലാതെ പ്രവേശനം അരുതെന്നും നിങ്ങൾ കാവൽക്കാർക്കു കൽപ്പന കൊടുത്തെന്നും കേട്ടു ഞെട്ടിയിരിക്കുകയാണു് പ്രഭുക്കളും ഭൃത്യരും. ഏതറ്റം വരെയും പോകും സ്വന്തം ആവശ്യങ്ങൾ നേടാൻ എന്നാണോ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ദുര്യോധനവിധവയും മറ്റു കൗരവരാജവിധവകളും കുടിയൊഴിഞ്ഞു പോയിട്ടും അതിഥിമന്ദിരത്തിൽ തന്നെയായിരുന്നു പുതിയ മഹാറാണി. അതു് ഭരണകൂടത്തിനു് എന്തോ സന്ദേശം ആണെന്നു് തോന്നി.

“എന്നെ മഹാറാണിയാക്കി മൂലയിൽ ഒതുക്കിയവരെയാണോ നിങ്ങൾ നിർലജ്ജം പ്രതിരോധിക്കുന്നതു്? മഹാരാജാവിന്റെ തല മൂത്ത ഭാര്യക്കു് കിട്ടുന്ന ഔദാര്യം മാത്രമായ മഹാറാണി പദവി ആർക്കുവേണം? ശാരീരികമായോ മാനസികമായോ എന്തെങ്കിലും സമ്മർദ്ദം ചെലുത്തിയിട്ടാണോ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി പദവിയും പന്ത്രണ്ടുവർഷ അടിമപദവിയും എനിക്കു് കിട്ടിയതു്? ഞാൻ പ്രതീക്ഷിക്കുന്നതു്, കുരുവംശാധിപയായി സിംഹാസനത്തിൽ ഇരുന്നു കല്ലു് പിളർക്കുന്ന രാജകൽപ്പനകൾ കൊടുക്കാനുള്ള പരമാധികാരമാകുന്നു. അതു് നേടിയെടുക്കാൻ ഈ അഞ്ചു ആണുങ്ങൾ വഴിതുറക്കുന്നില്ലെങ്കിൽ ഹസ്തിനപുരി കോട്ടയ്ക്കകം, പറഞ്ഞേക്കാം, വീണ്ടും ഒരു കുരുക്ഷേത്രയാവും.”

“കൃഷിയൊക്കെ എങ്ങനെ? വിളവെടുപ്പു് കഴിഞ്ഞു ധാന്യപ്പുരയൊക്കെ നിറഞ്ഞോ?” കൊട്ടാരം ലേഖിക ഗ്രാമ മുഖ്യനോടു് ചോദിച്ചു. ഗ്രാമീണഹസ്തിനപുരിയുടെ വാമൊഴി അവൾക്കു ശ്രദ്ധിച്ചു കേൾക്കേണ്ടിവരും അർത്ഥം ഏതാണ്ടു് വ്യക്തമാവാൻ.

“ഇത്തവണ വിത്തിനു കിട്ടി. അടുത്ത വിളക്കു് പ്രകൃതിശക്തികൾ തുണച്ചാൽ ഭാഗ്യം. ഗംഗയിൽ ഒഴുക്കുള്ളതുകൊണ്ടെന്തു മെച്ചം, കൃഷിയിടങ്ങളിലേക്കു് വഴിതിരിച്ചുവിടാൻ ആളില്ലെങ്കിൽ. കഴിഞ്ഞ കൊയ്ത്തുൽസവത്തിനു ഭരണകൂട ഭീകരർ വന്നു വിളവിന്റെ മൂന്നിൽ രണ്ടുഭാഗം യുദ്ധച്ചെലവിനെന്നു പറഞ്ഞു തട്ടിയെടുത്തു. പോവുമ്പോൾ എന്റെ രണ്ടു ആൺകുട്ടികളെയും ബന്ദികളാക്കി. സേനാപതികളുടെ ആയുധം മിനുക്കാനാണെന്നു പറഞ്ഞു. ആരും മടങ്ങിവന്നില്ല. ഏതോ ഒരു സ്ത്രീയും അഞ്ചു പെൺകോന്തന്മാരായ ആണുങ്ങളും ചേർന്നു് പഴയ രാജാവിനെ ചതിച്ചു കാട്ടിലേക്കയച്ചു എന്നൊക്കെ ഈ വഴി പോവുന്ന കച്ചവടക്കാർ പിറുപിറുക്കുന്നതു കേട്ടവരുണ്ടു്. യുദ്ധം ആരാണു് ജയിച്ചതു് ഇപ്പോൾ ആരാണു് ഭരണകൂടം എന്നൊന്നും ഞങ്ങൾക്കാർക്കും അറിയില്ല. ഉഴവുകാളകളെ അവർ തീൻ ശാലയിലേക്കെന്നു പറഞ്ഞു കൊണ്ടുപോയതുകൊണ്ടു് ഞാനും പെൺമക്കളും വേണ്ടിവന്നു കൃഷിയിടം വിതയോഗ്യമാക്കാൻ. കുറച്ചു കരിമ്പുനീർ തരട്ടെ?’

2018-07-11

“ഇതിനകം ‘ഹസ്തിനപുരി പത്രിക’യുടെ ചുവരെഴുത്തുകളിൽ പ്രസിദ്ധീകരിച്ച പാഞ്ചാലിയുമായുള്ള എന്റെ അഭിമുഖങ്ങളിൽ നിന്നു് പൊതുസമൂഹം പാണ്ഡവരെ കുറിച്ചു് വായിച്ചെടുക്കുന്ന ഒരു കാഴ്ചപ്പാടു് വ്യക്തമാണു്. പ്രീണിപ്പിക്കാനും പ്രലോഭിപ്പിക്കാനും നിങ്ങളഞ്ചുപേർ തലകുത്തി ശ്രമിച്ചിട്ടും, അണുവിട വിട്ടുതരാതെ അവൾ നിങ്ങളെ അടിമപ്പണി ചെയ്യിക്കുന്നു എന്ന ഖേദം നിഴലിക്കുന്നുണ്ടോ ഇന്നും മനസ്സിൽ?”

കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു. നായാട്ടിൽ സ്വയം തലക്കടിച്ചു വീഴ്ത്തിയ കാട്ടുപോത്തിന്റെ തോലുരിക്കയായിരുന്നു വൃകോദരൻ.

“വനവാസക്കാലത്തു പാണ്ഡവരിൽ പൊട്ടിമുളച്ച വിഷബീജമല്ല പെണ്ണാഭിമുഖ്യം. ദാമ്പത്യബാഹ്യമായി ഞങ്ങളെല്ലാം ഓരോ വഴിയിൽ പോയി കാലാകാലങ്ങളിൽ പരസ്ത്രീബന്ധം പുലർത്തി എങ്കിൽ, കൂടണയുക എന്നതൊരു പതിവാണു്. ഇതൊരു ദൗർബല്യമായി ഹസ്തിനപുരി പ്രബുദ്ധസമൂഹം കാണുന്നു എന്നാണോ നിങ്ങൾ പറഞ്ഞുവരുന്നതു്? എന്നാൽ ഞങ്ങൾക്കതൊരു ഹരവും കൂടിയാണു്. ഇനി എന്നെക്കുറിച്ചു പറഞ്ഞാൽ, ഒരു കയ്യിൽ ഗദയും മറുകയ്യിൽ കല്യാണസൗഗന്ധികവുമായി പ്രിയപ്പെട്ടവളെ തേടി ഓടിക്കിതച്ചു വരുന്നതിലൊരു സമാനതയില്ലാത്ത പ്രണയതീവ്രതയുണ്ടു്, പുരുഷവൈവിധ്യതലഭ്യതയാൽ രതിയിൽ പാഞ്ചാലി ചിലപ്പോഴെങ്കിലും നിസ്സംഗത കാണിച്ചു എന്നതാണോ നിങ്ങൾ ഇത്ര ദൂരം ഹസ്തിനപുരിയിൽ നിന്നു് പദയാത്ര ചെയ്തുവന്നു നേടിയ ദാമ്പത്യരഹസ്യം?” പിടക്കുന്ന ആ മൃഗശരീരത്തിൽ നിന്നു് തോൽ ഇരുകൈകളും കൊണ്ടു് ഭീമൻ ആഞ്ഞുവലിച്ചപ്പോൾ മൃഗത്തിൽ നിന്നുയർന്ന നിലവിളിയിൽ കൊട്ടാരം ലേഖിക ഒന്നു് നടുങ്ങി.

2018-07-12

“പിന്നിൽ നടന്ന പാഞ്ചാലി വഴിയിൽ കുഴഞ്ഞുവീണു മരിച്ചതൊന്നും നിങ്ങൾ അറിഞ്ഞില്ലേ? വനവാസികളുടെ സഹായംകൊണ്ടു് തീ കൂട്ടി കഷ്ടിച്ചു് ദഹിപ്പിക്കാനായി. കൂടെപൊറുത്തവളെ വെറുക്കാൻ കാരണം വല്ലതും?” കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു മറ്റു നാലു പാണ്ഡവരുമൊത്തു് അരുവിക്കരികെ വിശ്രമിക്കുകയായിരുന്നു അന്തിമപദയാത്രികർ.

“യുദ്ധം ജയിച്ചു കോട്ടപിടിച്ചു ‘ഹസ്തിനപുരി മഹാരാജാവു്’ എന്ന നിലയിൽ അധികാരമേറ്റെടുത്ത അന്നു് എന്റെ ആദ്യത്തെ ഔദ്യോഗിക ഉത്തരവു് “ചൂതുകളി നിയമവിരുദ്ധം” എന്നു് രാജമുദ്ര ചാർത്തി പ്രഖ്യാപിക്കുകയായിരുന്നു ‘. രാത്രി കിടപ്പറയിൽ എത്തിയപ്പോൾ ഒരഭിനന്ദനം ന്യായമായും പ്രതീക്ഷിച്ചു. ‘കളിക്കേണ്ട വിധത്തിൽ ചൂതും യുദ്ധവും കൃഷ്ണൻ കളിച്ചുകാണിച്ചില്ലേ’ അരികെ കിടന്ന പാഞ്ചാലിയുടെ മുഖഭാവം ഇരുട്ടിൽ എനിക്കു് കാണാൻ ആയില്ലെങ്കിലും, ആ വാക്കുകൾ പാഞ്ചാലി ഉച്ചരിച്ച വിധം, അതു് ഇനി മറക്കുകയില്ല എന്നു് ആ മുഹൂർത്തത്തിൽ എനിക്കു് ഞാൻ വാക്കു കൊടുത്തു. ഇന്നു് വാക്കു പാലിച്ചു.”

“വേട്ടമൃഗങ്ങളെപോലെയാണു് കൗരവർ പാഞ്ചാലിയുടെ മേൽ ചാടിവീണതെന്നു നിങ്ങൾ നിരീക്ഷിച്ചതായി കേട്ടപ്പോൾ ഒന്നു് ഞെട്ടാനാണു് തോന്നിയതു്. പിതാമഹന്റെ മഹനീയ സാന്നിധ്യത്തിലായിരുന്നില്ലേ കൗരവരുടെ കുപ്രസിദ്ധ കള്ളചൂതു അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ നേടിയെടുത്തതു്? അപ്പോൾ ആ സന്ധ്യയിൽ വേട്ടമൃഗങ്ങൾക്കു പകരം കൗരവർ ആശ്രമമൃഗങ്ങൾ ആയിരുന്നോ? സിംഹാസനത്തിൽ നിവർന്നിരിക്കുമ്പോഴൊന്നും തോന്നാത്ത നീതിബോധം എങ്ങനെ നീണ്ടുമലർന്നു ശരശയ്യയിൽ കിടക്കുമ്പോൾ ഉണ്ടായി?” കൊട്ടാരം ലേഖിക ചോദിച്ചു. യുധിഷ്ഠിരനുൾപ്പെടുന്ന പാണ്ഡവസംഘം ഭീഷ്മരിൽ നിന്നു് രാഷ്ട്രതന്ത്രത്തിൽ ബാലപാഠങ്ങൾ നേടിയ ശേഷം ഹസ്തിനപുരി യിലേക്കു മടങ്ങാൻ പുറത്തു കുരുക്ഷേത്ര മൈതാനത്തു തയ്യാറെടുക്കുന്ന ഇടവേള.

“ചൂതാട്ടദിനത്തിൽ കളിയുടെ ചട്ടപരിപാലനത്തിന്റെ പരിമിത ഉത്തരവാദിത്വം മാത്രം ധൃതരാഷ്ട്രർ എനിക്കു് തന്നപ്പോൾ, നീതിബോധത്തിന്നവിടെ എന്തു് പ്രസക്തി. ഞാൻ അൽപ്പവസ്ത്ര എന്നു് ദ്രൗപദി ഒരു താക്കീതു പോലെ പറഞ്ഞപ്പോൾ, അതൊരു പ്രലോഭനമായെടുത്ത കൗരവരുടെ പ്രതികരണത്തിൽ കണ്ടതു് പരിഷ്കൃത സമൂഹത്തെയല്ല പ്രാകൃതബല പ്രയോഗത്തെ ആയിരുന്നു എന്ന അർത്ഥത്തിൽ വേട്ടമൃഗപ്രയോഗം എന്നു് ഞാൻ ആലങ്കാരികമായി പറഞ്ഞതു് നിങ്ങൾ മുഖവിലക്കെടുത്തു. ഇത്രയൊക്കെ നിങ്ങൾ ഭാഷ ഉപയോഗിച്ചിട്ടും ആശയവിനിമയസാമഗ്രികൾ എത്ര അപര്യാപ്തം.”

“നിരനിരയായുള്ള ദാമ്പത്യബാഹ്യബന്ധങ്ങളിൽ ആദ്യത്തെ ‘വിശിഷ്ടാതിഥി’ എന്നു് കരുതപ്പെടുന്ന കാലനറിയാമായിരുന്നോ വിവാഹപൂർവ്വരഹസ്യ ബന്ധത്തിലെ ആ ‘പകൽവെളിച്ചങ്ങളുടെ തമ്പുരാ’നെ കുറിച്ച്?”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. അർഹിക്കുന്ന രാജമാതാപദവി പാണ്ഡവരിൽനിന്നു് കിട്ടാതെ തന്നെ, കാട്ടുജീവിതത്തിലേക്കു പോവാൻ ഒരുങ്ങുകയായിരുന്നു പാണ്ഡുവിധവ.

“കർണ്ണന്റെ അച്ഛനെ കുറിച്ചു മാത്രമായിരുന്നില്ല, പാണ്ഡുവിന്റെ കായിക ക്ഷമതയെയും കുറിച്ചായിരുന്നു അന്വേഷണം. അതൃപ്തിസൂചകമായി, ഇരുവരെയും കുറിച്ചു് ഊർജ്വസ്വലയായ ഒരാതിഥേയർക്കു സാധിക്കുന്ന വിധം, എന്നാൽ സൂചനകളിൽ മാത്രം പിടിച്ചു തൂങ്ങി പ്രതികരണം ഞാൻ പരിമിതപ്പെടുത്തിയപ്പോൾ, വാഹന മൃഗത്തെ പുറത്തുകെട്ടി അതിഥി അകത്തു പ്രവേശിച്ചു നീണ്ടകയർ പാണ്ഡുവിന്റെ കാഴ്ചവെട്ടത്തിലിട്ടു ഉടു തുണിയൂരും മുമ്പെന്നെ നേരിയ തോതിൽ അഭിനന്ദിച്ചു. പുലർച്ചയോടെ പടിയിറങ്ങും മുമ്പു് അർത്ഥഗർഭമായ രീതിയിൽ വാക്കുകൾ ഉച്ചരിച്ചു എന്നെ അനുഗഹിച്ചു, നീ ഗർഭം ധരിക്കുന്ന കുഞ്ഞു വിശ്വപ്രസിദ്ധനാവും, സത്യം പറയുന്നവനെന്ന ഖ്യാതി നിലനിൽക്കുമ്പോഴും പെരുമാറ്റകാപട്യത്തെ ഭാര്യ മാത്രം അഭിമുഖങ്ങളിൽ തുറന്നു കാട്ടും. നിർണായക ജീവന്മരണ പോരാട്ടങ്ങളിൽ, വിശ്വാസ്യതക്കു് കോട്ടം വരാതെ അർദ്ധസത്യം പറഞ്ഞു മുഖ്യശത്രുക്കളെ കൊല്ലാൻ അനുകൂല സാഹചര്യം ഒരുക്കും. മറ്റാർക്കും ലഭിക്കാത്ത വിധം ധർമ്മപുത്രർ എന്നു് മാനിക്കപ്പെടും.”

“ഇവിടെ അടിസ്ഥാന സൗകര്യമുണ്ടായിട്ടും, അഞ്ചു ആൺകുട്ടികളെയും ദൂരെ പാഞ്ചാലയിൽ കൊണ്ടു പോയി പാർപ്പിക്കാൻ എന്തായിരുന്നു പ്രകോപനം, അഥവാ പ്രചോദനം?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. കൗരവക്ഷണമനുസരിച്ചു് ഹസ്തിനപുരിയിലേക്കു ചൂതു് കളിക്കാൻ തയ്യാറെടുക്കുകയിരുന്നു ഇന്ദ്രപ്രസ്ഥത്തിൽ പാണ്ഡവർ.

“അനാഥകുട്ടികൾ എന്നു വിളിച്ചു പാഞ്ചാലി അവരെ ഞങ്ങൾക്കു് മുമ്പിൽ നിർത്തി ദ്രോഹിക്കും. സഹിക്കാനാവാതെ ഞങ്ങൾ ഒന്നു് ഇടപെട്ടാൽ, തുറിച്ചു നോക്കി ചൂണ്ടുവിരൽ കണ്ണിനു നേരെ നിർത്തി അവൾ ഞങ്ങളെ നിശ്ശബ്ദരാക്കും.”

2018-07-13

“ഇന്നു് രാജസഭയിൽ മഹാരാജാവു് യുധിഷ്ഠിരൻ അവതരിപ്പിക്കുന്നതു് നിർദ്ധിഷ്ട ചൂതാട്ടനിരോധന നിയമമാണല്ലോ. ഈ തെറ്റുതിരുത്തൽ ഒരു നല്ല മാതൃക എന്ന തിരിച്ചറിവുണ്ടോ?” കൊട്ടാരം ലേഖിക കൃപാചാര്യനോടു് ചോദിച്ചു. ആകെയുള്ള ഒരു വിദ്യാർത്ഥി പരീക്ഷിത്തിനു് ആദ്യാക്ഷരം പറഞ്ഞുകൊടുക്കാൻ പാടുപെടുകയായിരുന്നു ആ ചിരഞ്ജീവി.

“അതിനു മുമ്പു് വേണ്ടിയിരുന്നതു് വിവാഹബാഹ്യബന്ധങ്ങൾ മുൻകാലപ്രാബല്യത്തോടെ നിയമവിധേയമാക്കണം എന്ന കുന്തിയുടെ നിർദ്ദേശമല്ലേ? വിമതബുദ്ധിജീവി ചാർവാകൻ തരം കാത്തിരിക്കയല്ലേ പാണ്ഡവരുടെ പാണ്ഡുപിതൃത്വം കുന്തി കെട്ടിച്ചമച്ച കഥ എന്നു് തെരുവിൽ ആളെക്കൂട്ടി കൊട്ടിഘോഷിക്കാൻ? ആരോപണത്തിനു് കരുത്തുപകരാൻ കൗരവരാജവിധവകൾ നൂറുകണക്കിനു് ‘കരിനാവു’കൾ തെരുവിൽ ഇറക്കുമെന്നാണു് കേട്ടതു്. കുന്തിയുടെ വാക്കല്ലാതെ പാണ്ഡവപിതൃത്വം ഔദ്യോഗികമാക്കാൻ ആധികാരികതയുള്ള രേഖയൊന്നുമില്ല. കുഴഞ്ഞുവീണു മരിച്ച പാണ്ഡു, മരണപത്രമെഴുതി മക്കളിൽ കുരുവംശരാജപദവിയുടെ ഒസ്യത്തൊന്നും അയൽപക്ക സന്യസ്ഥരുടെ സാന്നിധ്യത്തിൽ ഒപ്പിട്ടുമില്ല. ചൂതാട്ടത്തിനു ആരും വന്നില്ലെങ്കിലും യുധിഷ്ഠിരനെ ‘അനധികൃതൻ’ എന്നാക്ഷേപിച്ചു താഴെയിറക്കാൻ ദരിദ്രചാർവാകൻ മതി.”

“എന്തൊരു പൊളിച്ചടക്കലാണു്. സ്ത്രീത്വത്തെ അപമാനിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവർ കൗരവർ എന്നു് വിദുരർ പറഞ്ഞതിൽ കാര്യമുണ്ടെന്നു വ്യക്തം. പുരുഷൻ പിഴച്ചതിനു അവളെ അടിമയായി രാജമുദ്ര ചാർത്തി കാട്ടിലേക്കയക്കുന്നു, ആൺസാന്നിധ്യം മാത്രമുള്ള സന്യസ്ഥാശ്രമങ്ങളിൽ ചെന്നു് മാലിന്യം പെറുക്കി മൺകലത്തിൽ സംഭരിച്ചു തലച്ചുമടായി ദൂരെ കൊണ്ടുപോയി കുഴികുത്തി സ്വയം സംസ്കരിക്കണം. ഇതു് മത്സ്യകന്യക സത്യവതി സ്ഥാപിച്ച പുതുരാജവംശമോ, അതോ കുരുപ്പു ബാധിച്ച കുരുവംശമോ? ഏതാണ്ടു് ഈ അർത്ഥം വരുന്ന, എന്നാൽ മുഷ്ക്കുള്ള ശരീരഭാഷയിൽ ചാർവാകൻ തെരുവായ തെരുവോക്കെ കൂട്ടം കൂടുന്നത്ചാരൻ വഴി അറിഞ്ഞില്ലേ? അതോ അടഞ്ഞുപോയോ കൗരവനാവ്?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

“ഭാര്യയും പത്തു കുട്ടികളും ഒരു നേരത്തെ അന്നം കൊണ്ടുവരുമെന്നു് കരുതി വലിയൊരു ഭിക്ഷാപാത്രം കൊടുത്തു നിത്യവും ചാർവാകനെ യാത്രയാക്കുന്നതു് കാണേണ്ട കാഴ്ചയാണു്. അവനവന്റെ വയർ യാചനകൊണ്ടു് നിറച്ചുകിട്ടിയാൽ, രാജഭരണത്തെ അവഹേളിക്കുന്നതു് ശീലമാക്കിയ ചാർവാകൻ സ്വന്തം വീട്ടിൽ ഇന്നും സ്വേച്ഛാധിപതി. ഉടുതുണി നഷ്ടപ്പെട്ട പാഞ്ചാലിയെ പട്ടുവിരിച്ച സിംഹാസനത്തിൽ ഇരിക്കാൻ ഓരം ചേർന്നിരുന്നു പാതിയിലധികം ഇടം നൽകിയവനാണു് ദുര്യോധനൻ. അവൾക്കു കിട്ടിയ അടിമശിക്ഷ സത്യവതി മഹാറാണിയായിരുന്നപ്പോൾ എഴുതിയുണ്ടാക്കിയ ചട്ടമനുസരിച്ചു ഭീഷ്മർ വിധി പറഞ്ഞതും. ഇനി മാലിന്യനീക്കം-അതു് പാണ്ഡവർ പാഞ്ചാലിക്കു് പുറം കരാർ കൊടുത്തതല്ലേ. ഇപ്പോൾ പാണ്ഡവരുടെ ജോലി ഞാൻ സമ്മാനിച്ച അക്ഷയപാത്രത്തിൽ കയ്യിട്ടുവാരി മൂന്നു നേരം വയർ നിറക്കുന്ന യജ്ഞവും”, പിതൃമാതാവായ അംബികയുടെ സ്മരണക്കായി അന്തഃപുരത്തിനു് മുന്നിൽ ഔഷധസസ്യത്തോട്ടത്തിന്റെ ആദ്യഘട്ട നിർമ്മിതിയിലായിരുന്നു വെയിൽ കൊണ്ടു് വിയർത്തിരുന്ന കിരീടാവകാശി.

2018-07-14

“നേരമിരുട്ടുമ്പോഴാണോ ചൂടിക്കട്ടിലിരുന്നു കയറിന്റെ ബലം പരീക്ഷിക്കുന്നതു്? എന്താ, നാളെ നന്നേ രാവിലെ മരം മുറിക്കുന്ന പണിയുണ്ടോ?” അന്തിയുറങ്ങാൻ വഴിയമ്പലം തേടുകയായിരുന്ന കൊട്ടാരം ലേഖിക, വൃദ്ധകർഷകന്റെ ഇരുപ്പിൽ പന്തികേടു് തോന്നിയപ്പോൾ നടത്തം നിർത്തി. ഹസ്തിനപുരി ഗ്രാമത്തിൽ, പുറംവാതിലുകൾ അടഞ്ഞു കിടന്ന ആ വീടു് അമംഗളകരമായ വിധത്തിൽ നിശബ്ദമായിരുന്നു.

“നിങ്ങൾ ആരാണു് എന്നെനിക്കറിഞ്ഞു കൂടാ, കണ്ടാൽ ഒരു യക്ഷിക്കുട്ടിയുടെ സൗന്ദര്യമുണ്ടു്. ഈ കയർ? മുറിക്കാനുള്ള മരത്തിൽ കെട്ടാനല്ല, എന്റെ ജീവനൊടുക്കാൻ മക്കൾ തന്നതാണു്. യാത്രാമൊഴി പറഞ്ഞു അവർ നേരത്തെ വിളക്കണച്ചു കിടന്നു. കർഷകാൽമഹത്യക്കു നഷ്ടപരിഹാരമായി വിധവക്കും മക്കൾക്കും ഭരണകൂടം ധനസഹായം നൽകും എന്നു യുവരാജാവു് ദുര്യോധനൻ പറഞ്ഞതു്, വീട്ടിലെ ആവർത്തനച്ചെലവിനു നാണ്യക്ഷാമം നേരിടുന്ന കൊച്ചുമക്കൾ ഒരു സാധ്യതയായി കണ്ടു. ഭരണകൂടസഹായത്തിനു തടസ്സം ഉണ്ടാക്കുന്ന ഒന്നും നിങ്ങൾ, പ്രിയ യക്ഷിക്കുട്ടീ, നാളെ ഗ്രാമപ്രധാനു മുമ്പിൽ മൊഴി കൊടുക്കരുതു്.” കുരുക്കിട്ട കയർ വരണമാലയായി കഴുത്തിലണിഞ്ഞു കർഷകൻ സാവധാനം എഴുന്നേറ്റു് വീടിനു പിന്നിലെ മരത്തിലേക്കു് കാൽ മുന്നോട്ടു വച്ചു.

“ഉത്തരയെ വിവാഹം കഴിക്കുന്ന അഭിമന്യു കീചക കൊലയാളിയുടെ അനുജന്റെ മകനെന്ന രഹസ്യം നേരത്തെ അറിയാമായിരുന്നു, അല്ലെ?”, ഉത്തരാ സ്വയംവരത്തിൽ സാഹചര്യം ഒത്തുവന്നപ്പോൾ കൊട്ടാരം ലേഖിക വിരാടരാജ്ഞി സുദേഷ്ണയോടു് ചോദിച്ചു.

“ആ ‘കൊലയാളി’ നേരിട്ടു് വിവാഹനിശ്ചയത്തിൽ വന്നു ഉത്തരക്കു മധുരം കൊടുക്കുമ്പോൾ ‘എന്നെ അറിയാമോ നിന്റെ മാതൃസഹോദരന്റെ ഘാതകൻ എന്നു് കൊട്ടാരവാസികൾ ആരോപിക്കുന്ന ഭീമൻ’ എന്നു് കൊച്ചുകുട്ടിയുടെ നിരപരാധിത്വത്തോടെ പറഞ്ഞപ്പോൾ ഉത്തര മാത്രമല്ല ഞങ്ങളെല്ലാം പൊട്ടിച്ചിരിച്ചുപോയി. നിങ്ങൾ ഞങ്ങളുടെ അരമന തീൻശാലയിലെ മിടുക്കൻ പാചകക്കാരനല്ലേ എത്ര രുചിവിഭവങ്ങൾ വാത്സല്യത്തോടെ വാരിക്കോരി നിങ്ങൾ വിളമ്പിയതു് ഞങ്ങൾ കഴിച്ചു രസിച്ചു എന്നവൾ ഭീമന്റെ കൈ പിടിച്ചു ചോദിച്ചപ്പോൾ, സംഘർഷം അയഞ്ഞു. കീചകവധം നാടൊട്ടുക്കു് കാണപ്പെടുന്ന ഒരസ്വഭാവിക മരണമെന്നതിൽ കവിഞ്ഞൊന്നും അല്ലെന്നു ഞങ്ങൾക്കപ്പോൾ ബോധ്യമായി. നമ്മുടെ സമൂഹത്തിന്റെ പ്രശ്നമാണതു് അപലപിക്കാൻ നമുക്കെന്നും കുറ്റവാളി വേണം. കീചകൻ മരിച്ചുകിടക്കുന്ന നൃത്തമണ്ഡപത്തിൽ പോയി കണ്ടപ്പോൾ ആ മുഖത്തു് കൊലയുടെ കറുത്ത പാടല്ല കണ്ടതു് പ്രണയത്തിന്റെ പാരവശ്യം. ആരെയാണു് ആ അവിവാഹിതയുവാവു് മോഹിച്ചിരുന്നതെന്നോ? അസ്വാഭാവികമെന്നു പറയും മുമ്പു് ഒരു നിമിഷം ഈ സൽക്കാരത്തിൽ ഏതു വസ്ത്രങ്ങളാണു് എനിക്കുവേണ്ടി എന്റെ പ്രിയതോഴി സൈരന്ധ്രി ഒരുക്കിയിരിക്കുന്നതെന്നു് ഒന്നു് ചോദിക്കട്ടെ.”

“ഞാനും യുദ്ധകാര്യലേഖകനും കൂടി രാവിലെ മുതൽ കുരുക്ഷേത്ര ചുറ്റിനടന്നുകണ്ടു. എത്ര സൂക്ഷ്മമായ അടിസ്ഥാനസൗകര്യനിർമ്മിതി എന്നു് വിസ്മയിക്കാതെ മടങ്ങിവരാനാവില്ല. അപ്പോൾ നിങ്ങൾ യുദ്ധം ചെയ്യാൻ തന്നെ ഉറച്ചു? അക്ഷരാർത്ഥത്തിൽ ഒരു മഹാഭാരതയുദ്ധം തന്നെ അല്ലേ, എത്രയെത്ര ഭാഷകൾ സംസ്കാരങ്ങൾ?” കൊട്ടാരം ലേഖിക യുദ്ധഭൂമിയിലേക്കു് ഒന്നു കൂടി വിശാലമായി കണ്ണോടിച്ചു നോക്കി ദുര്യോധനനോടു് ചോദിച്ചു. ഇരുവശത്തും നേരത്തെ വന്നു ചേർന്ന സൈന്യങ്ങളുടെ പാളയങ്ങളിൽ ഒരു ഗ്രാമീണ ഉത്സവത്തിന്റെ ശമിക്കാത്ത ആരവം നിറഞ്ഞിരുന്നു. ഹേമന്തത്തിലെ സൂര്യൻ മാത്രം പുകമറക്കുള്ളിൽ ഒളിഞ്ഞു.

“ഉദ്ദേശ്യലക്ഷ്യങ്ങൾ നേടിത്തരുന്ന വിധം ഫലപ്രദമായ യുദ്ധവിജയത്തോടെ നിലവിൽ വരുന്ന സമാധാനകാലം-ആ സാധ്യതയാണെന്നെ അസ്വസ്ഥനാക്കുന്നതു്.”

“നിരുപദ്രവ പരാമർശം മഹാരാജാവു് യുധിഷ്ഠിരനെ കുറിച്ചെന്തെങ്കിലും ചെയ്താലുടൻ കാണാം, നിങ്ങളുടെ തടിച്ചുരുണ്ട വലതുകൈ പെട്ടെന്നൊരു ഗദ പോലെ മാരക പ്രഹരശേഷിയുള്ള ആയുധമായി ഉയർന്നു പേടിപ്പിക്കുന്നതു്. ഇത്രയും ആക്രമണവാസന നിങ്ങൾക്കെങ്ങനെ നിലനിർത്താനാവുന്നു? അതും ജീവിതസായാഹ്നത്തിൽ പരിത്യാഗിയാവേണ്ട ഈ അവസ്ഥയിൽ?” ഭീമനോടു് കൊട്ടാരം ലേഖിക ചോദിച്ചു. വ്യാസന്റെ ആരണ്യപർവ്വം ആദ്യകരടു കിട്ടിയതിന്റെ പനയോലപ്പതിപ്പു് പാടുപെട്ടാണെങ്കിലും വായിച്ചർത്ഥമറിയാനുള്ള വെമ്പലിലായിരുന്നു അർത്ഥസാക്ഷരൻ എന്നു് സ്വയം പരിചയപ്പെടുത്തുന്നതിൽ യുവത്വത്തിൽ ആനന്ദം കണ്ടെത്തിയിരുന്ന വൃകോദരൻ.

“ആഹ്ലാദവഴികൾ അയാൾ അടച്ചതു്, ചൂതാട്ടസഭയിൽ അടക്കിനിർത്താനാവാത്ത ദുരഭിമാനം കൊണ്ടായിരുന്നു. ഒരു നേരം മൃഗമാംസം പോലും തലയിൽ തുണിയിട്ടു അയൽപക്ക സന്യസ്ഥരുടെ വളർത്തുമൃഗങ്ങളെ കട്ടു കൊണ്ടു് പോയി രാത്രി വെട്ടിക്കൊന്നു ഞാൻ ഒറ്റയ്ക്കു് ചുട്ടുതിന്നേണ്ടി വന്നു. അത്രയും ദുരിതമയമായ പന്ത്രണ്ടുവർഷ വനവാസത്തിലും മഹാരാജാവു് എന്നു് ഉപചാരത്തോടെ അഭിസംബോധന ചെയ്യാൻ അയാൾ എന്നോടാവശ്യപ്പെട്ടു. ഒരു വട്ടം കൂടി അയാളെ പറഞ്ഞുപറ്റിച്ചു ചൂതാട്ടത്തിൽ തോൽപ്പിക്കണമെന്നുണ്ടു്. അതിനു ഞാൻ ദുര്യോധനന്റെ ആത്മാവിനെ ആഭിചാരത്തിലൂടെ തിരിച്ചുപിടിക്കും എന്നിട്ടു എന്നിൽ ആവാഹിക്കും യുധിഷ്ഠിരൻ എല്ലാം പണയപ്പെടുത്തി ഒടുവിൽ പാഞ്ചാലിയെ പണയപ്പെടുത്താൻ വാതുറക്കുമ്പോൾ ഞാൻ അയാളെ ആഞ്ഞടിച്ചു മലർത്തിക്കിടത്തി നെഞ്ചിൽ കയറി കുന്തിച്ചിരുന്നു ഇരുകൈകളും ആ കഴുത്തിൽ മുറുക്കി നേർക്കുനേർ ഒരു കീചകവധം കൂടി ചെയ്തട്ടഹസിക്കും. പിന്നെ പാഞ്ചാലി എനിക്കു് മാത്രം സ്വന്തമാവും, ഞങ്ങൾ രാജാവും രാജ്ഞിയുമാവും.” മറ്റുനാലു പാണ്ഡവരും പാഞ്ചാലിയും ഒരു ചിത്തഭ്രമക്കാരനെയെന്നപോലെ നോക്കിയും മുഖം വീർപ്പിച്ചും ഭീമനു് ചുറ്റും കൂടി. അവരെ ശ്രദ്ധിക്കാതെ ഭീമൻ രണ്ടാംകീചകവധത്തിന്റെ സൂക്ഷ്മവിശദാംശങ്ങൾ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ ഒന്നൊന്നായി കൊട്ടാരം ലേഖികയോടെ പറയാൻ തുടങ്ങി.

2018-07-15

“അന്തഃപുരസമുച്ചയത്തിലെ സ്വകാര്യ വണക്കമന്ദിരത്തിൽ കൗരവരാജവിധവകൾ മുഖ്യപുരോഹിതനെ വിശ്വാസത്തോടെ എല്പ്പിച്ചിരുന്ന ദുര്യോധനന്റെ തിരുശേഷിപ്പു കളവു പോയ വാർത്തയാണിന്നു തെരുവിൽ അടക്കിപ്പിടിച്ചു സംസാരിക്കുന്നതു്. കുരുക്ഷേത്രയിൽ പോയിരുന്ന ഗാന്ധാരി പെറുക്കിയെടുത്ത ശരീരഭാഗങ്ങൾ പട്ടിൽ പൊതിഞ്ഞു പുരോഹിതനെ ഏൽപ്പിച്ചതായിരുന്നു ഓർമപ്പെരുനാളിനു പ്രദർശനത്തിനു വക്കാൻ. അതാണിപ്പോൾ അപ്രത്യക്ഷമായതു്.” കൊട്ടാരം ലേഖിക യുദ്ധകാര്യ ലേഖകനോടു് പുറത്തേക്കു വിരൽ ചൂണ്ടി പറഞ്ഞു. സന്ധ്യ. ജാലകത്തിലൂടെ കച്ചവടത്തെരുവു് കാണാമായിരുന്നു. പക്ഷെ ഒച്ചയുണ്ടായിരുന്നില്ല. തിരുശേഷിപ്പിന്റെ തിരോധാനം വിശ്വസ്തരുടെ മനം കലക്കി എന്നു് വ്യക്തം.

“സങ്കടമുണ്ടു് കേൾക്കാൻ. യുദ്ധാനന്തര വിജയനിർവൃതിയിലും ചാരവകുപ്പു് മേധാവി നകുലന്റെ നുഴഞ്ഞുകയറ്റങ്ങൾ, രാജ്യത്തിന്റെ അഖണ്ഡതക്കായി സ്വയം ബലിദാനം ചെയ്തവരുടെ തിരുശേഷിപ്പുകൾ വരെ പോകുമെന്നു് ഇതോടെ നീ കണ്ടല്ലോ. ഒരാൾ ചത്തിട്ടും ഭൗതികാവശിഷ്ടങ്ങൾ പോരാട്ടഭൂമിയിൽ തിരഞ്ഞു കിട്ടിയതൊക്കെ വാരിക്കൂട്ടി ദഹിപ്പിച്ചിട്ടും, പൂർണ്ണമായും ചാവാത്ത ധീരയോദ്ധാവിന്റെ ശവഭാഗമോഷണം.”

“ദുര്യോധനൻ ഏതു ചോദ്യത്തിനും വിശദീകരണം തരും, രാജസഭയിൽ ചർച്ച നയിക്കുമ്പോൾ ആളെങ്ങനെ?”, കൊട്ടാരം ലേഖിക കൃപാചാര്യനോടു് ചോദിച്ചു.

“പ്രായവ്യത്യാസം മൂപ്പിളമതർക്കത്തിനു് വഴിമരുന്നിട്ടു എന്നു് സമ്മതിച്ചാൽ പോലും, യുധിഷ്ഠിരന്റെ രാഷ്ട്രീയ കാപട്യത്തിനൊന്നും ദുര്യോധനന്റെ രാജസഭാരീതിയുമായി മത്സരിക്കാൻ ആവില്ല. ചർച്ച നയിക്കുന്ന ദുര്യോധനൻ, ധൃതരാഷ്ട്രരെയും വിദുരരേയും നോക്കുകുത്തിയാക്കി, പിണങ്ങുന്ന അംഗത്തെ ‘കൈകാലുകൾ വേർപെടു’ത്തി ഉയർത്തിക്കാട്ടും, അനുകൂലിക്കുന്നവനെ ഗാഢമായി ആലിംഗനം ചെയ്യും പ്രലോഭിപ്പിക്കേണ്ടവനെ പാലൂട്ടും. കൂസലില്ലാതെ ചോദ്യങ്ങൾ ചോദിക്കുന്ന നിങ്ങളെ രാജസഭാംഗമായി നാമനിർദ്ദേശം ചെയ്യട്ടെ?”

“പ്രസവിച്ചു നടുനിവരും മുമ്പു് മഹാറാണി നവജാതശിശുവിനെ നീരൊഴുക്കിൽ മുക്കിക്കൊന്നു എന്നോ? ഏതു വെള്ളരിക്കാപട്ടണമാണു് ഈ ഹസ്തിനപുരി?” കൊട്ടാരം ലേഖിക ശാന്തനുവിനോടു് ചോദിച്ചു. ആദ്യശിശുമരണത്തിനും ഭാര്യയുടെ രണ്ടാമത്തെ ഗർഭധാരണത്തിനു ഇടയിലെ ദുഃഖാചരണത്തിലായിരുന്നു മഹാരാജാവു്.

“അതു് ഗംഗാദേവിയും പ്രകൃതിയും തമ്മിലുള്ള ദുരൂഹ ഉടമ്പടിയാണെന്നു ഞാൻ ഊഹിച്ചെടുക്കുന്നു പക്ഷെ വിശദാംശങ്ങൾ ചോദിക്കരുതേ. കുഴഞ്ഞുപോവും. അവൾ ആകാശചാരിയെന്ന സങ്കൽപ്പം ശക്തമാണു് കാരണം പേറ്റുമുറിയിലെ സഹായികളെ വെട്ടിച്ചെങ്ങനെ, അന്തഃപുരത്തിനു് പുറത്തു കാവൽ നിൽക്കുന്ന സുരക്ഷാഭടന്മാർ കാണാതെ പുഴയിലെത്തും? ആലോചിച്ചപ്പോൾ വിസ്മയം തോന്നി പിന്നെ മനസ്സിലായി. ഈ ഭൂമിയിൽ വിസ്മയം തോന്നാത്ത എന്തുണ്ടു്? അതോടെ എന്റെ രക്തപ്രവാഹം ഊർജ്വസ്വലമായി. ഇനി എന്നെ അന്തഃപുരത്തിൽ പോകാൻ അനുവദിക്കൂ-ഗർഭധാരണത്തിനു് ആ ദേവസുന്ദരി ജൈവികതയ്യാറെടുപ്പിലെന്നു വിവരം കിട്ടി.”

2018-07-16

“പതിനെട്ടുനാൾ യുദ്ധത്തിലൂടെ ഹസ്തിനപുരി പിടിച്ചു കുരുവംശം പാണ്ഡവരിലേക്കു മാറ്റിയതിന്റെ ആദ്യ വാർഷികത്തിനു് എന്തുണ്ടു് സമ്മാനം?” കൊട്ടാരം ലേഖിക യുധിഷ്ഠിര ഭരണകൂട വക്താവിനെ സമീപിച്ചു.

“അർദ്ധസഹോദരർ എന്ന സംജ്ഞ ഇനി കൌരവരെ കുറിച്ചു് കാണില്ല. ജന്മനാടിനു വേണ്ടി ജീവത്യാഗം ചെയ്ത ധീരകൗരവ യോദ്ധാക്കളെ ധന്യസ്മൃതികളിലൂടെ ആദ്യവാർഷികം ഓർമപ്പെരുനാൾ ആയി ആചരിക്കാൻ അത്യുന്നത പാണ്ഡവ നയരൂപീകരണ സമിതിയിൽ തീരുമാനമായി. രക്തസാക്ഷികളായ മഹാരഥന്മാരുടെ ഛായാചിത്രങ്ങൾ രാജസഭയുടെ ചുവരുകളിൽ എന്നു് നിങ്ങൾ ‘ഹസ്തിനപുരി പത്രിക’യിൽ എഴുതും. കൌരവരെ കുറിച്ചു് അഹിതകരമായ പരാമർശങ്ങൾ ഒഴിവാക്കാൻ യുദ്ധചരിത്രമെഴുതുന്ന വ്യാസനോടു് യുധിഷ്ഠിരൻ നേരിട്ടു് ആവശ്യപ്പെടും. തിരക്കുണ്ട്. അടുത്ത ഒരു ദിവസം ഞാൻ ചിത്രകാരന്മാരുടെ കൂടെയായിരിക്കും. വരയുടെ സൂക്ഷ്മാംശങ്ങളിൽ ശ്രദ്ധിക്കും. കാലാതിവർത്തിയായ എന്തോ ഒന്നു് ഞങ്ങളുടെ ഈ ഹ്രസ്വകാല ഭൌമിക ജീവിതത്തിൽ ഉണ്ടു്, ഇല്ലേ?”

“രാജസഭയിൽ വരുമ്പോഴെല്ലാം കാണാം, നിങ്ങളും വിദുരരും അടുത്തടുത്തു്. കൃത്യമായും എന്താണു് രക്തബന്ധം? അതോ അധികാരബന്ധം മാത്രമേയുള്ളു?” കൊട്ടാരം ലേഖിക ഭീഷ്മരോടു് ചോദിച്ചു.

“അതിനു നിങ്ങൾ ഇങ്ങനെ അക്ഷമകാണിച്ചു ഒന്നോ രണ്ടോ ചോദ്യം ചോദിച്ചാൽ പിടി കിട്ടില്ല. ഗംഗ ആരെന്നറിയണം എങ്ങനെ ആ ദേവാനർത്തകി ശാന്തനുവിന്റെ ഭാര്യയായി ഞാൻ മകനായെന്നറിയണം. ബ്രഹ്മചര്യം എനിക്കെങ്ങനെ ശാപമായി വന്നുവീണു എന്നറിയണം. സത്യവതി ആരെന്നും മകൻ വിചിത്രവീര്യൻ വിവാഹം കഴിച്ച അംബികക്കും അംബാലികക്കും എന്തുകൊണ്ടു് അവരുടെ യുവ വൈധവ്യത്തിൽ സത്യവതിയുടെ രഹസ്യപുത്രൻ വ്യാസനിൽ നിന്നു് ഗർഭധാരണം വേണ്ടി വന്നു എന്നും അറിയണം. ഒരു ദുരന്തമായി മാറിയ ആ കുപ്രസിദ്ധ വ്യാസബീജദാനം എങ്ങനെ അന്തഃപുരത്തിൽ കണ്ടുമുട്ടിയ തോഴിയിൽ അനുഗ്രഹീത സന്തതിക്കു കാരണമായി എന്നറിയണം അതിൽ ജനിച്ച വിദുരർ എങ്ങനെ വിവേകവചനത്തിന്റെ കുത്തകയായി എന്നറിയണം. ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾ മെനക്കെടണം. വെറും ചോദ്യം ചോദിച്ചു ചുവരെഴുത്തുകളിൽ സ്തോഭജനകവാർത്തയാക്കുന്ന മടിയൻ പത്രപ്രവർത്തനം കൊണ്ടു് പിടി കിട്ടില്ല മഹാഭാരത കഥാപാത്രങ്ങങ്ങളുടെ ബന്ധവും ബന്ധനവും.” അത്യുക്തി നിറഞ്ഞ മുഖഭാവങ്ങളാൽ ഊന്നിയും ഇരുകൈ വിരലുകൾ അങ്ങോട്ടുമിങ്ങോട്ടും അതിവേഗം തിരിച്ചും ഇടക്കൊന്നു വിരൽ പത്രപ്രവത്തകക്കു് നേരെ ചൂണ്ടിയും, കണ്ണു് വെട്ടിച്ചും പിതാമഹൻ ആ തിരക്കൊഴിഞ്ഞ രാജസഭയിൽ നിവർന്നു നിന്നു. കുറച്ചു മാറി വിദുരർ, വിവേകവചനത്തിന്റെ ആൾരൂപം, തലതാഴ്ത്തി.

“കുടിയേറ്റക്കാരായി നിങ്ങൾ ഖാണ്ഡവ വനത്തിലേക്കു പോവുമ്പോൾ കൂടെ വരാൻ വിസമ്മതിച്ച കുന്തി എന്തു് കാരണമാണു് നിങ്ങളോടു് പറഞ്ഞതു്?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു ജീവിതസായാഹ്നം. കുന്തിയും ഗാന്ധാരിയും ജീവിതാന്ത്യം കാട്ടിൽ കഴിയാൻ ഹസ്തിനപുരി വിട്ടിരുന്ന സമാധാനകാലം.

“നിങ്ങൾ ഖാണ്ഡവവനം വെട്ടിത്തെളിയിക്കുമ്പോൾ കയ്യും കെട്ടി ഞാൻ നിൽക്കില്ല. ആ പുഴയോര ആവാസവ്യവസ്ഥ തകിടം മറിച്ചു വന്മരങ്ങൾ നിങ്ങൾ കടപുഴക്കുമ്പോൾ അറിയാതെ ഞാൻ ചിലപ്പോൾ മഴുവെടുത്തു നിങ്ങളിലൊരാളെ കഴുത്തിൽ വെട്ടി എന്നു് വരും. കൂടെ വരണോ ഞാൻ? അതോ ഹസ്തിനപുരി കോട്ടക്കകത്തു ഗാന്ധാരിയുടെ ദാസിയായി കഴിയണോ? ഏറിയും കുറഞ്ഞും ഈ വാക്കുകളാണു് എന്റെ ഭർത്തൃമാതാവു് അർജ്ജുനനെ നോക്കി പറഞ്ഞതു്. ഒരു പാഴ്മരം രക്ഷിക്കാൻ, മകന്റെ കഴുത്തിൽ മഴുകൊണ്ടു് വെട്ടാൻ മടിയില്ലാത്ത ആ പ്രതികാര മൂർത്തി കൂടെ വരാഞ്ഞതു് കൊണ്ടെനിക്കു് ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയാവാനൊത്തു. അല്ലെങ്കിൽ രാജമാതാ പദവി ചോദിച്ചുവാങ്ങി എന്റെ അധികാരവഴിയിൽ കുന്തി തുരങ്കം പണിയുമായിരുന്നു.”

2018-07-17

“അന്തിക്കൂരക്കു് ഇടം ചോദിച്ച പാണ്ഡവരെ ആട്ടിയോടിച്ചു അല്ലേ? ഇതിലൊന്നും മനഃസ്സാക്ഷിക്കുത്തു് എന്നൊന്നു് അനുഭവപ്പെടാറില്ല?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു യുദ്ധ മേഘങ്ങൾ നിറഞ്ഞ ഹസ്തിനപുരിയുടെ ആകാശം. ശീതകാലം.

“പ്രതിക്കൂട്ടിൽ നിർത്തി എന്നെ മനഃസ്സാക്ഷി വിസ്തരിച്ചു. വിശദീകരണത്തിനു് ചെവി തന്ന ശേഷം എഴുതി വിധി”, ദുര്യോധനൻ പറഞ്ഞു.

“പാണ്ഡവരുടെ സാമ്രാജ്യമോഹത്തിനു് നീ വെറുമൊരു ഇര” കുറ്റവിമുക്തനാക്കും മുമ്പു് ന്യായാധിപൻ എന്റെ തലയിൽ കൈവച്ചു അങ്ങനെയാണു് ധൈര്യം തന്നതു്. ധൃതിയുണ്ടു്. സർവസൈന്യാധിപനെ കണ്ടെത്തണം, ഭീഷ്മരും കർണനും തമ്മിലുള്ള പിണക്കം തീർക്കണം. യുദ്ധം എന്നാൽ വാളും പരിചയും മാത്രമല്ല.”

“അകത്തിടും എന്നാണോ പറഞ്ഞതു്? അതോ, നമ്മുടെ ചുവരെഴുത്തുകളിൽ കരി ഒഴിക്കുമെന്നോ?” യുദ്ധകാര്യലേഖകൻ കൊട്ടാരം ലേഖികയോടു് ചോദിച്ചു.

“ഭരണകൂടത്തിന്നെതിരെ കള്ളക്കഥകൾ പടച്ചു നഗരവാസികളിൽ യുധിഷ്ഠിരനെതിരെ ജനവികാരമിളക്കാൻ പതിനഞ്ചോളം ചുവരെഴുത്തുപതിപ്പുകൾ ‘ഹസ്തിനപുരി പത്രിക’ ഇപ്പോൾ ദുരുപയോഗം ചെയ്യുന്നതായി നവപാണ്ഡവഭരണസമിതിയുടെ അത്യുന്നത കാര്യാലോചന ഉപസമിതി വിലയിരുത്തി. എതിർ പ്രചരണത്തിനു് അത്ര തന്നെ ചുവരെഴുത്തുകൾ ഭരണകൂടം മെച്ചപ്പെട്ട വായനാസുഖത്തോടെ, ലളിതഭാഷയിൽ സ്ഥാപിക്കുമെന്നും, യുദ്ധകാര്യലേഖകനെ വൻ ആനുകൂല്യങ്ങളോടെ പത്രാധിപരാക്കുമെന്നും, ചാരവകുപ്പു് മേധാവി നകുലൻ ഭീഷണിപ്പെടുത്തി. വനവാസക്കാല പാഞ്ചാലിയുമായി ചെയ്ത അഭിമുഖ പനയോലക്കെട്ടുകൾ പൊതുമണ്ഡലത്തിൽ കൊണ്ടുവരണോ എന്നു് ഞാൻ ചോദിച്ചപ്പോൾ, എന്റെ കവിളിൽ നുള്ളി, മധുരം നുള്ളി തന്നു.”

“പോർമുഖത്തുനിന്നു പുത്തൻ കൗതുകവർത്തകൾ ഒന്നും കേൾക്കുന്നില്ലല്ലോ.” കുരുക്ഷേത്ര പ്രവിശ്യാഭരണാധികാരിയും യുദ്ധനിർവഹണ സ്വതന്ത്രസമിതിയുടെ അധ്യക്ഷനും ആയ കൗരവബന്ധുവിനോടു് കൊട്ടാരം ലേഖിക ചോദിച്ചു. വൈകിയ രാത്രിയിലും അയാൾ ഗോപുരമേടയിലെ കാര്യാലയത്തിൽ, പിറ്റേന്നു് രാവിലെ തുടങ്ങേണ്ട യുദ്ധത്തിനുള്ള സൗകര്യങ്ങൾ ക്രമീകരിക്കുന്ന തന്ത്രജ്ഞരുടെ കൂടെ തിരക്കിലായിരുന്നു. ശബ്ദമുഖരിതമായ പകൽപോരാട്ടത്തിനു് ശേഷം, ഇപ്പോൾ തണുത്ത അന്തരീക്ഷത്തിൽ ആകെ കേൾക്കുന്നതു് പുഴയിൽ ചാടിക്കളിക്കുന്നവരുടെ ഉല്ലാസ ആരവം മാത്രം.

“ഉരുളുന്ന തലയ്ക്കു പിന്നാലെ പായുന്ന നിങ്ങളുടെ ഉത്സാഹത്തിൽ, കൗതുകവർത്തകളെ കുറിച്ചറിയാൻ ആർക്കെന്തു കൗതുകം അല്ലെ? അർജ്ജുനന്റെ ഒഴിഞ്ഞുകിടക്കുന്ന ആവനാഴികൾ, ഉന്നം തെറ്റുന്ന യുധിഷ്ഠിരകുന്തങ്ങൾ, പൊള്ളയായ ഭീമഗദകൾ, വിനിമയഭാഷ വ്യക്തമാവാതെ ആയുധം വച്ചു് കീഴടങ്ങുന്ന പാണ്ഡവസഖ്യകക്ഷിസൈനികർ, പുലർച്ചെ ഒഴിഞ്ഞുകാണുന്ന പോർക്കളം വെളിയിട വിസർജ്ജനത്തിനുപയോഗിക്കുന്ന പഞ്ചപാണ്ഡവർ-ഇത്തരം കൗതുകക്കാഴ്ചകൾ ഇല്ലാതെ നിങ്ങൾ എങ്ങനെ ചുവരെഴുത്തുപത്രങ്ങൾ ഹസ്തിനപുരി യിലെ പ്രബുദ്ധനഗരവാസികൾക്കു വായനായോഗ്യമാക്കും?”

“ഭർത്താക്കന്മാർക്കിടയിലുള്ള കിടമത്സരം ദാമ്പത്യസ്വകാര്യതയിൽ വിള്ളലുണ്ടാക്കാനുള്ള ഭീഷണസാധ്യതയറിഞ്ഞ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്തു?”,കൊട്ടാരം ലേഖിക ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയോടു് ചോദിച്ചു.

“മറ്റു് നാലു ഭർത്താക്കന്മാരോടു് നിങ്ങളെ പറ്റി ഞാൻ സംസാരിക്കാറില്ലാത്തതു് പോലെ, അവരെ പറ്റി നിങ്ങളോടും സംസാരിക്കുകയില്ല എന്നു് രതിലീലക്കിടയിൽ മന്ത്രിച്ചു. വിവേകമുദിച്ചവരഞ്ചു പേരും അന്നു് വെട്ടിവീഴ്ത്തി പരദൂഷണത്തിന്റെ നാവുമരം.”

2018-07-18

“വിവാദപരാമർശം നീക്കാൻ ആവശ്യപ്പെട്ടു എന്നോ?” കൊട്ടാരം ലേഖിക ഔദ്യോഗിക വക്താവായ നകുലനോടു് ചോദിച്ചു, “ഏതു ഭാഗമാണു് പാണ്ഡവപിതാമഹൻ കൂടിയായ വേദവ്യാസൻ നിങ്ങളെയൊക്കെ ഇത്രമാത്രം മുറിപ്പെടത്തുന്ന വിധം വിവാദമായി എഴുതിയതു്?”

“അർദ്ധനഗ്നരാക്കി കൗരവർ ഞങ്ങളെ ചൂതാട്ടസഭയിൽ നിലത്തിരുത്തി എന്നതൊരു അവഹേളനമായി എടുത്തിട്ടില്ല എന്നു് നിങ്ങൾ ഓർക്കണം. കാരണം അതു് ചൂതാട്ട ഭ്രമപുരുഷന്മാർക്കുള്ള ഒരു കൊട്ടാണു് എന്നു് സൗജന്യ മനഃസ്ഥിതിയോടെ കരുതുക. എന്നാൽ വസ്ത്രാക്ഷേപം പൊലിപ്പിക്കാൻ മാന്യതക്കു് നിരക്കാതെ വ്യാസൻ ചെയ്ത പരാമർശം അടുത്ത പതിപ്പിൽ നിന്ന്നീക്കണം എന്നാണു യുധിഷ്ഠിരൻ വ്യാസനോടു് രേഖാമൂലം ആവശ്യപ്പെട്ടതു്. ചൂതാട്ടസഭയിലേക്കു പാഞ്ചാലി വലിച്ചിഴക്കപ്പെട്ടു എന്ന വിവരണം അടിസ്ഥാനരഹിതമാണെങ്കിൽ, “ഞാൻ രജസ്വല ഞാൻ അൽപ്പവസ്ത്ര” എന്നു് പാഞ്ചാലിപരാമാർശം നിന്ദിക്കപ്പെടണം എന്നാണു പാണ്ഡവരും പാഞ്ചാലിയും സംയുക്തമായി കൊടുത്ത നിർദ്ദേശം. പെരുമാറ്റത്തിലും വാമൊഴിയിലും, അച്ചടക്കം പാലിക്കുന്ന പാഞ്ചാലിയെ കൊണ്ടു് ഈ വിധം ഗ്രാമീണമായപ്രഖ്യാപനം ചെയ്യിച്ച വ്യാസരചന അപലപിക്കുന്നതോടൊപ്പം വ്യാസൻ പശ്ചാത്തപിച്ചില്ലെങ്കിൽ, പിതാമഹനെന്നൊന്നും നോക്കാതെ, കയർത്തു സംസാരിക്കേണ്ടിവരുമെന്നും യുധിഷ്ഠിരൻ അറിയിച്ചിട്ടുണ്ടു്. പാണ്ഡവർ അർദ്ധസാക്ഷരർ മാത്രമെന്ന പൊതുബോധത്തിനും ഈ ശക്തമായ നിലപാടു് പ്രഹരമായിരിക്കും.”

“കണ്ണുകൾ ഞാൻ നഗ്നമാക്കണോ, തുണികെട്ടി കാഴ്ച മറയ്ക്കണോ ഇതൊക്കെ ഒരു ദേശീയ പ്രശ്നമായി അവതരിപ്പിക്കുന്നതു് നിങ്ങൾ നിർത്തൂ എന്നു ഗാന്ധാരി വിശിഷ്ടാതിഥികൾക്കു് മുമ്പിൽ താക്കീതു തന്നതു് നിന്നെ വേദനിപ്പിച്ചു അല്ലെ?” പത്രാധിപ ചുമതല വഹിക്കുന്ന യുദ്ധകാര്യ ലേഖകൻ ആശ്വസിപ്പിച്ചു.

“കുരുക്ഷേത്രയിൽ ചിതറിക്കിടന്ന കൗരവശരീരഭാഗങ്ങൾ പരിശോധിച്ചു് മക്കളുടെ ജഡങ്ങൾ തിരിച്ചറിഞ്ഞതു് ഉൾക്കണ്ണിന്റെ ബലം കൊണ്ടായിരിക്കുമോ എന്നു ഞാൻ തോളിൽ തട്ടി ചോദിച്ചതിനു്, പാണ്ഡവഭരണത്തിൽ ശ്വാസം മുട്ടി കഴിയുന്ന ഒരു മുൻമഹാറാണിയുടെ അനിഷ്ടം. അതല്ലാതെ താക്കീതോ വേദനയോ ഞങ്ങൾക്കിടയിൽ ഇല്ല. ‘വനവാസത്തിനു പോവും മുമ്പു് കുറെ കാര്യ ങ്ങൾ നിന്നോടു് വെളിപ്പെടുത്താനുണ്ടു് വിളിക്കാം ഒരു നീണ്ട അഭിമുഖത്തിന്’ എന്നും പറഞ്ഞാണു് ഗാന്ധാരി ആലിംഗനം ചെയ്തു പിരിഞ്ഞതു്.

“അസഹിഷ്ണുതയാണു് ഹസ്തിനപുരിയുടെ അടയാളമെന്നു് തെളിയിക്കുന്നല്ലോ പുറത്തുവരുന്ന ആൾക്കൂട്ട ആക്രമണവാർത്ത? രാജമാതാ പദവി കൊടുക്കാതെ കുന്തിയെ പാഞ്ചാലി പാർശ്വവൽക്കരിച്ചതിലുള്ള പരിഭവം കൊണ്ടാണു് കുന്തി വനവാസത്തിനു മുൻകൈ എടുത്തതു് എന്നു് ചാർവാകൻ പൊതുവേദിയിൽ പറഞ്ഞു വായടച്ചില്ല, തുടങ്ങി ആ പാവത്തിന്റെ തലപ്പാവു് വലിക്കാനും ഉടുതുണിയൂരാനും തലങ്ങും വിലങ്ങും തല്ലി ആ ദരിദ്രബ്രഹ്മണനെ പാണ്ഡവകിങ്കരന്മാർ മർദ്ധിച്ചവശനാക്കാനും. പാണ്ഡവർക്കലോസരമുണ്ടാക്കുന്നവരെയൊക്കെ ‘കൈകാര്യം’ ചെയ്താൽ കുരുക്ഷേത്ര കൊണ്ടെന്തു ഗുണം?” കൊട്ടാരം ലേഖിക പാണ്ഡവ ഔദ്യോഗിക വക്താവിനോടു് ചോദിച്ചു.

“ഭീമൻ എന്തു് ഊളത്തരവും സഹിക്കും പെറ്റതള്ളയെ ആരെങ്കിലും അവമതിച്ചാൽ ആളാകെ പിശകാണെന്നു വിമർശകർ തിരിച്ചറിഞ്ഞെങ്കിൽ. നിങ്ങൾക്കറിയാത്ത ഔദ്യോഗികവിവരം വെളിപ്പെടുത്താം-അടി കൊണ്ടു് വീണതു്, അല്ലെങ്കിൽ വീണ പ്രതീതി ഉണ്ടാക്കിയതു്, യഥാർത്ഥ ചാർവാകനല്ല, മായിക കലാകാരനാണു്. അസ്സൽ ചാർവാകൻ ഹിമാലയത്തിൽ സുഖവാസത്തിലാണു്. ചൂടയാൾക്കു സഹിക്കാൻ മേലാ. കുരുവംശ അതിഥിയായി പുൽമേടുകളിൽ കുതിരസവാരി പഠിക്കുകയാണു് യുക്തിവാദി.”

“ഭർത്താക്കന്മാരിൽ അവിശ്വാസം, അങ്ങനെയാണോ പാണ്ഡവദാമ്പത്യത്തെ വിശേഷിപ്പിക്കുക?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“ഒറ്റക്കോ കൂട്ടായോ എന്നെ പിണക്കിയാൽ, ഊട്ടുപുര പുറത്തു നിന്നും കിടപ്പറ അകത്തു നിന്നും താഴിട്ടു ഞാൻ പൂട്ടും.”

2018-07-19

“വിശിഷ്ടാതിഥികളെ മനഃപൂർവ്വം വഴുക്കി വീഴ്ത്തുന്ന സഭാതലങ്ങൾ ഉള്ള മായികനഗരമെന്നാണു്, നിങ്ങൾ ഒരു ദശാബ്ദത്തോളം രാജസൂയചക്രവർത്തിനിയായിരുന്ന ഇന്ദ്രപ്രസ്ഥം ഇവിടെ ഹസ്തിനപുരിയിൽ കുപ്രസിദ്ധി നേടിയതു്. കുന്തിയും മക്കൾക്കൊപ്പം അവിടെ വരാതെ ഗാന്ധാരിയുടെ തോഴിയായി കൂടി. കൊല്ലം പതിമൂന്നു കഴിഞ്ഞു, യാത്ര ചോദിക്കാതെ നിങ്ങൾ ഇന്ദ്രപ്രസ്ഥം വിട്ടു ചൂതാട്ടത്തിലൂടെ കാനനവാസത്തിനു പോയിട്ട്. യുദ്ധം ജയിച്ചു പാണ്ഡവർ ഹസ്തിനപുരിയിൽ അധികാരം പിടിച്ചെടുത്തപ്പോഴൊന്നും, എവിടെ ഞങ്ങളുടെ പ്രിയ ഇന്ദ്രപ്രസ്ഥം ജനത എന്ന ജിജ്ഞാസ ഉണ്ടായില്ല?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“വിവരമറിഞ്ഞുവരാൻ നകുലനെ വിട്ടിരുന്നു. കുറച്ച ധികം സമയമെടുത്തു് തിരിച്ചെത്തി. നദി യമുനയുണ്ടു്. പക്ഷെ തലസ്ഥാന നഗരി ഇന്ദ്രപ്രസ്ഥം കാണാനില്ല. ആകെ കാണുന്നതു് പഴയ ഖാണ്ഡവവനം വീണ്ടും വളർന്നു വലുതായി, അതിന്റെ മുൻ ആവാസവ്യവസ്ഥ തിരിച്ചെടുത്തിരിക്കുന്നു. ഒരു മനുഷ്യക്കുഞ്ഞു പോലും കൺവെട്ടത്തിലില്ല. നിരാശയെക്കാൾ ഭീതിയോടെ, അവൻ തിരിച്ചു വന്നു വിവരം പറഞ്ഞശേഷം ഇപ്പോൾ വിദുരാശ്രമത്തിൽ മൗനിയാണു്. കൂട്ട പലായനം ചെയ്തുവോ നാട്ടുകാർ? യമുനയിലെ വെള്ളപ്പൊക്കത്തിൽ നഗരം മുഴുവൻ ഒലിച്ചുപോയോ? അതോ, തുടക്കത്തിൽ നിങ്ങൾ സൂചിപ്പിച്ച വെറുമൊരു മായികനഗരി മാത്രമായിരുന്നോ ഇന്ദ്രപ്രസ്ഥം? വരും യുഗത്തിൽ പുരാവസ്തുഗവേഷക സംഘം ഉത്ഖലനങ്ങൾ വഴി കണ്ടെത്തട്ടെ പരമാർത്ഥങ്ങൾ.” കൗരവർ നീണ്ടകാലം ദുരുപയോഗം ചെയ്ത അന്തഃപുരങ്ങൾ അടിച്ചുവൃത്തിയാക്കുന്ന തിരക്കിലായിരുന്നു പാഞ്ചാലിയും പാണ്ഡവരും.

“നിങ്ങ.ളെ പ്രതിക്കൂട്ടിലാക്കുന്ന പ്രയോഗങ്ങൾ പതിവാണു്. രാജസൂയ യാഗത്തിൽ ചക്രവർത്തിനിപദവി വഹിക്കേണ്ടയാൾ യാഗശാലയിൽ ആചാരമനുസരിച്ചു ഇരിക്കേണ്ടയിടത്തു ഇരുന്നു എന്നേ പറയൂ ‘യുധിഷ്ഠിരഭാര്യ’ എന്നു് സമ്മതിക്കില്ല. ഭർത്താവു് അർജ്ജുനൻ എന്നവൾ പറഞ്ഞു തുടങ്ങുന്നതു് മറ്റുനാലുപേർ അനധികൃതമായി അധിനിവേശം ചെയ്തു എന്നു മുനവച്ചു പരാതി പറയാനാവും. ആ നാലുപേർ അതിനുവേണ്ടി ഉപയോഗിക്കുന്നതു് പ്രലോഭനം വശീകരണം കായികബലം കൗശലം, പിന്നെ അതൊന്നും ഫലിക്കുന്നില്ലെങ്കിൽ മുട്ടുകുത്തി കൈ നീട്ടി യാചന എന്നീ ‘കുലീനപുരുഷ’നു് യോജിക്കാത്ത ‘ഹീനകൃത്യ’ങ്ങളും. അഭിമുഖം കഴിയുമ്പോൾ തോന്നും അവൾ നിങ്ങളാൽ എന്നും കളങ്കിത!. വാസ്തവം എത്രയുണ്ടു് ഈ അവമതിയിൽ?” കൊട്ടാരം ലേഖിക പാണ്ഡവരോടു് ചോദിച്ചു.

“ഉഭയകക്ഷി സമ്മതപ്രകാരമുള്ള ആസ്വാദനരതി പൂർത്തിയായാൽ, നന്ദിപ്രകടനത്തിനൊന്നും സമയം കളയാതെ അവൾ കുളിച്ചുവേഷം മാറും. പിന്നെ അപരിചിതയെ പോലെ പെരുമാറും. ഭീമനെപ്പോലുള്ളവർ അവൾക്കിഷ്ട പഴമൊക്കെ സമ്മാനിച്ചു് ഭവ്യതയോടെ പീതിപ്പെടുത്താൻ മുൻകൈ എടുക്കും. ഞങ്ങൾ കൗശലം വഴി അധിനിവേശത്തിനു രൂപം കൊടുക്കും.”

“ദുര്യോധന ഭരണകൂടത്തിന്നെതിരെ പ്രതിഷേധയോഗം?” കൊട്ടാരം ലേഖിക ചോദിച്ചു.

“പ്രതിഷേധം ഉണ്ടാവില്ലേ? ‘ഹസ്തിനപുരി പത്രിക’യുടെ യുദ്ധകാര്യലേഖകൻ കൗരവരാജ സ്ത്രീകളൊടാണൊ കൊമ്പുകുലുക്കേണ്ടതു്? രാജവസതിക്കു ചേർന്നു മൈതാനത്തിൽ, ധൃതരാഷ്ട്ര ഭാര്യാസഹോദരൻ ‘ഗാന്ധാരഭൂപതി’ ചെയ്യുന്ന അനുഗ്രഹ പ്രഭാഷണത്തിലേക്കു ഞങ്ങളും, അവിവാഹിത പെൺമക്കളും രാജവസ്ത്രങ്ങൾ ധരിച്ചു സുഗന്ധപുഷ്പങ്ങൾ ചൂടി പോവുന്നതു് ഭൂപതിയുടെ ചുറ്റും ചേർന്നിരുന്നു സ്പർശനചികിത്സ ചെയ്യാനാണെന്നു പരസ്യവേദിയിൽ പറഞ്ഞാൽ ഗാന്ധാരിയും ഭൂപതിയും പ്രതിഷേധിക്കില്ലേ? അയാൾ വന്നു ഭൂപതിയുടെ കാലിൽ വീണു് മാപ്പു ചോദിക്കാത്ത പക്ഷം യുദ്ധകാര്യലേഖകനെ ഞങ്ങൾ അറ്റകൈയ്യിനു് വാരണാവതം അരക്കില്ലത്തേക്കു സുഖവാസത്തിനായിരിക്കും അയക്കുക.”

2018-07-20

“യുധിഷ്ഠിരന്റെ അസഹനീയമായ രാഷ്ട്രീയകാപട്യത്തിന്നെതിരെ തെരുവോര കുടുംബയോഗങ്ങളിൽ നിത്യവും ആഞ്ഞടിക്കുന്ന ദുര്യോധനവിധവയെ, ഹസ്തിനപുരി രാജസഭയിലേക്കു് പ്രത്യേക ക്ഷണിതാവായി ഭരണകൂടത്തിന്റെ രാഷ്ട്രീയ കാര്യാലോചനസമിതി നാമനിർദ്ദേശം ചെയ്തെന്നു ഇന്നു് രാവിലെ മുതൽ ഊട്ടുപുരയിലൊക്കെ ശ്രുതിയുണ്ടല്ലോ. എന്താ കാര്യം?” കൊട്ടാരം ലേഖിക ഔദ്യഗിക വക്താവിനോടു് ഞെട്ടലോടെ ചോദിച്ചു.

“നിങ്ങൾ കേട്ട ഊട്ടുപുര വാർത്തയിൽ തിരുത്തുണ്ടു്. ദുര്യോധനവിധവ എന്ന വ്യക്തിഗത നിലക്കല്ല, മൊത്തം കുരുക്ഷേത്രവിധവകളുടെ ദേശീയ സംഘടന നേതാവു് എന്ന നിലയിലാണു് പരിഗണന. നേതൃസ്ഥാനം ഇന്നു് അവർ മാറിയാൽ, അല്ലെങ്കിൽ ഒഴിഞ്ഞാൽ, ആ “പ്രത്യേക ക്ഷണിതാവു്” എന്ന പദവിക്കും വരും സ്ഥാനചലനം”, രാജസഭയുടെ സമ്മേളനത്തിൽ ഭരണകൂടം സ്വീകരിക്കേണ്ട തന്ത്രം മെനയുന്ന ഉന്നതതല സമിതിയുടെ അടിയന്തര യോഗത്തിലേക്കു് പോവുന്ന തിരക്കിലായിരുന്നു ചാരവകുപ്പു് മേധാവി കൂടിയായ ആ ഇളമുറ മാദ്രിപുത്രൻ.

“പുതിയ ഭരണകൂടത്തെ ഒന്നുരണ്ടു പാഠം പഠിപ്പിക്കാൻ പുത്തൻ ആയുധങ്ങളൊന്നുമില്ലേ ആവനാഴിയിൽ?” കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു. രാജവീഥിയിൽ നിന്നു് കാഴ്ച മറയ്ക്കുന്ന പാഴ്മരക്കൂട്ടത്തിനു പിന്നിലെ ആശ്രമത്തിൽ നിന്നായിരുന്നു കൗരവ-പാണ്ഡവ ഭരണകൂടങ്ങളെ എക്കാലവും വിറപ്പിച്ചിരുന്ന പ്രതിപക്ഷ ശബ്ദം ഉയർന്നിരുന്നതു് എന്നവൾ വിസ്മയിച്ചു. കണ്ടാൽ ഓമനത്തം തോന്നുന്ന നാലു് ആൺകുട്ടികൾ അയാൾക്കു് ചുറ്റും ‘വിശക്കുന്നു എനിക്കു് വല്ലതും താ’ എന്നു് ഭീതിതമായ നിസ്സഹായതയോടെ നിലവിളിക്കുമ്പോൾ പൂർണ്ണഗർഭിണിയായ ഭാര്യ ഒരു മൂലയിൽ വെറും നിലത്തു കിടന്നു ഏങ്ങലടിച്ചു.

“നാണം കെടുത്തുകയാണെങ്കിൽ പാഞ്ചാലിയെ തന്നെ വേണം ഉന്നം വക്കാൻ എന്നു് മനനം ചെയ്തപ്പോൾ വ്യക്തമായി. ഒരു മണിക്കൂർ കഴിഞ്ഞാൽ പാഞ്ചാലി ഈ വഴിക്കു രഥത്തിൽ ദുര്യോധനവിധവയുമായി ഒത്തുതീർപ്പു ചർച്ചക്കു് പോവുമെന്നു് വിവരം കിട്ടി. രഥം ദൂരെ നിന്നു് കണ്ടാൽ ഒന്നുരണ്ടു കുട്ടികളെയും കൊണ്ടു് മരത്തിനു പിന്നിൽ കാത്തിരുന്നു് കൃത്യം രഥത്തിനു മുമ്പിലേക്കെറിയും. ആ ഏറിലാണു് എന്റെ കരവിരുതു് കാണുക. കുതിര ചവിട്ടിയോ ചക്രം തട്ടിയോ കുട്ടികൾക്കെന്തെങ്കിലും ആപത്തു സംഭവിച്ചാൽ, ഭാര്യയും മറ്റു കുട്ടികളും അകത്തു നിന്നു് ഓടി വന്നു നെഞ്ചത്തടിച്ചു നിലവിളിക്കും. വെള്ളിനാണയം കൊണ്ടു് തൃപ്തരാവാതെ അവർ വിലപിച്ചു വഴിപ്പോക്കരെ കൂട്ടും. ആൾക്കൂട്ടം മത്തുപിടിച്ച രീതിയിൽ മഹാറാണിയെ കൈകാര്യം ചെയ്യും. രാജവാഴ്ചക്കൊരു കനത്ത പ്രഹരമേല്പിക്കാൻ ജനാധിപത്യവിശ്വാസിയായ എനിക്കത്രയേ ത്യാഗം ചെയ്യാനാവൂ. നിങ്ങൾ ഒന്നു് കാത്തു നിൽക്കണം. ഓടിപ്പോയി സാരഥിക്കു് വിവരം കൊടുത്താൽ കഴിഞ്ഞില്ലേ ഈ ചാർവാക യജ്ഞം.”

കുട്ടികൾ രണ്ടെണ്ണത്തെ കോപത്തോടെ നോക്കി.

“ഞാൻ പറഞ്ഞ പോലെ ചെയ്താൽ അത്താഴം തരാം’ എന്നു് പറഞ്ഞശേഷം അയാൾ, മരക്കൂട്ടത്തിലൂടെ രാജവീഥിയിലേക്കു ഒളിക്കണ്ണെറിഞ്ഞു കൊണ്ടിരുന്നു.

2018-07-22

“രണ്ടു ഭാഗങ്ങൾ പ്രസിദ്ധീകരിച്ചപ്പോഴേക്കും ആൾക്കൂട്ടവിധിയുണ്ടായല്ലോ. ഭയന്നോ അഭിവന്ദ്യവ്യാസൻ?” കൊട്ടാരം ലേഖിക ചോദിച്ചു.

“കൗരവ പാണ്ഡവ നാൾവഴിയിൽ ഞാൻ മനഃപൂർവ്വം മായം കലർത്തിയെന്നാരോപിച്ചു കൗരവരും പാണ്ഡവരും ഒരുപോലെ എനിക്കെതിരെ വാളോങ്ങുമെന്നാരോർത്തു്? മീൻകാരി സത്യവതിയെ ബലാത്സംഗം ചെയ്ത വൃദ്ധസന്യാസിയാണു് എന്റെ ബീജദാനി എന്നും, കണ്ടാൽ അറപ്പു തോന്നുന്ന കുള്ളൻ ആണു് കുരുവംശ പിതാവായ വ്യാസനെന്നും ഉള്ള വസ്തുത അസ്വീകാര്യമെന്നവരുടെ ദുരഭിമാനം ഒച്ചവെച്ചാൽ ചരിത്രത്തെ വികലപ്പെടുത്താനാവാത്ത ഞാൻ പിന്നെ എന്തു് ചെയ്യും? വിചിത്രവീര്യവിധവകളിൽ എനിക്കുണ്ടായ വിലക്ഷണസന്തതികളാണു് ധൃതരാഷ്ട്രരും പാണ്ഡുവുമെന്ന പ്രതീതിയുണർത്തുന്ന കുരുവംശ കുടുംബചരിത്രരചന പൂർണ്ണമായും ഉടച്ചുവാർത്തില്ലെങ്കിൽ, എന്റെ ദേഹസുരക്ഷ ഭരണകൂടം ഏറ്റെടുക്കില്ലെന്ന ഔദ്യോഗിക വക്താവിന്റെ പ്രസ്താവന ഹസ്തിനപുരി പത്രികയിൽ വന്നതോടെ, ചാർവാകൻ എന്നെ വനശ്രമത്തിൽ വന്നു ആലിംഗനം ചെയ്തു ഈ കുടിലിലേക്കു് സ്വാഗതം ചെയ്തു. താടിയും മുടിയും വടിച്ചു ഞാൻ വരുത്തിയ രൂപമാറ്റരഹസ്യം അങ്ങനെ നിൽക്കട്ടെ, എന്നെ പോലെ നിങ്ങളും അക്ഷരം കൊണ്ടു് അന്നമുണ്ടാക്കുന്ന വ്യക്തിയല്ലേ. കൗരവരും പാണ്ഡവരും കൂട്ടുകൂടി ഒരൊറ്റ വഞ്ചിയിൽ ഇരുന്നാണു് എന്നെ വല വീശി പിടിക്കാൻ ശ്രമിക്കുന്നതു്. ആദിപർവ്വം പൂർണ്ണമായും ഞാൻ പിൻവലിച്ചു തീയിലിട്ടു എന്നു് നിങ്ങൾ സാക്ഷ്യപത്രം പ്രസിദ്ധീകരിച്ചാൽ ഞാൻ ധന്യൻ. അധികാരവഴിയിൽ പോരടിച്ചു ഇവരുടെയൊക്കെ ദുരന്തം സംഭവിക്കുന്ന സാഹചര്യമുണ്ടായാൽ, മൊത്തം പതിനെട്ടു പർവ്വങ്ങളിൽ ഞാൻ ഭാവിയിൽ എഴുതുമ്പോൾ, നിങ്ങൾ വേണം വെളിച്ചം കാണിക്കാൻ.” ദക്ഷിണാപഥത്തിൽ നിന്നു് ചാർവാകൻ കൊണ്ടുവന്നു സൂക്ഷിച്ച പനയോലക്കെട്ടുകളിലേക്കു വ്യാസനേത്രം തിരിഞ്ഞു.”

“അതിക്രമത്തിനു് ശേഷം അരനൂറ്റാണ്ടു് കഴിഞ്ഞിട്ടാണോകുറ്റാന്വേഷണവിഭാഗത്തിനു മുമ്പിൽ പരാതിയുമായി വരുന്നതു്? ലൈംഗികാതിക്രമം ചെയ്തതാരെന്നു പരാതിയിൽ പരാമർശവുമില്ല. എങ്ങനെ നീതി കിട്ടുമെന്നാണു് നിങ്ങൾ വിചാരിക്കുന്നതു്?” കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു.

“പണസംബന്ധമായ കൊടുക്കൽ വാങ്ങലുകൾ മാത്രമല്ലെ കാലഹരണപ്പെടൂ? ഇതു് സ്ത്രീത്വത്തിനു നേരെ കടന്നാക്രമണം, ആൾമാറാട്ടം തുടങ്ങി, വധശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാവുമ്പോൾ തുടർനടപടി വൈകരുതെന്നു നേരിൽ ആവശ്യപ്പെട്ടു. വ്യവസ്ഥാപിത നിയമവാഴ്ചയുണ്ടോ കുരുവംശത്തിൽ എന്നു് ഇരയെന്ന നിലയിൽ എനിക്കു് കണ്ടെത്തുകയും ചെയ്യാം. വിവാഹപൂർവ്വകാലത്തെ നിഷ്കളങ്കാവസ്ഥയിൽ, ശാരീരിക വളർച്ചയോടു ബന്ധപ്പെട്ട ചോരയോട്ടത്തിൽ ഞാൻ, അപരിചിത പുരുഷപ്രലോഭനത്തിനു വഴങ്ങി എന്ന യാഥാർഥ്യം അംഗീകരിച്ചാൽ പോലും, വേഷം മാറി വന്നു ശരീരത്തിൽ അധീശത്വം പുലർത്തി, ആസ്വാദനരതിയിലൂടെ ഉദ്ദേശ്യലക്ഷ്യം നേടി ഒളിച്ചോടിയവനെ പ്രതിക്കൂട്ടിൽ പൊരിപ്പിക്കാൻ എനിക്കുമുണ്ടാവില്ലേ പ്രേരണ?, മനഃസ്സാക്ഷിയുടെ സമ്മർദ്ദം?പുരുഷശരീരത്തിനു കീഴ്പ്പെ ടുമ്പോൾ സംസാരശേഷി നഷ്ടപ്പെട്ടിരുന്നതു കൊണ്ടു് ‘ആരാണു് നിങ്ങൾ’ എന്നു് മുഖത്തു് നോക്കി ചോദിക്കാൻ കഴിഞ്ഞില്ലെങ്കിലും, ‘വെളിച്ചങ്ങളുടെ തമ്പുരാൻ’ എന്നാണയാളുടെ പദവി എന്നറിയാൻ സൗകര്യമായി വന്നു സാഹചര്യം. കാര്യം നടന്നയാൾ വസ്ത്രം ധരിച്ചു ധരിച്ചു രഥത്തിൽ കയറും മുമ്പെന്റെ ചെവിയിൽ മന്ത്രിച്ചു, പ്രസവിക്കുന്നെങ്കിൽ ചോരക്കുഞ്ഞിനെ മുലപ്പാൽ കൊടുക്കാതെ പനം കുട്ടയിലിട്ടു നീ പുഴയിലൊഴുക്കണം. പ്രകുതി കൊടുക്കട്ടെ നവജാതശിശുവിനു പരിപാലനവും പരിരക്ഷയും. കന്യകയല്ലെന്നു് നീ മനഃസ്സാക്ഷിയോടു കുമ്പസാരിക്കാതെ വേണം വിവാഹവസ്ത്രങ്ങൾ ധരിക്കാൻ. അങ്ങനെ മധുരപദങ്ങൾ പറഞ്ഞു, ഒരു പെണ്ണുടൽ ചതിച്ചുകീഴ്പ്പെടുത്തിയവൻ ഹസ്തിനപുരി നിയമസംഹിതയുടെ മുമ്പിൽ കൈകെട്ടി വേണ്ടേ ശിക്ഷ സ്വീകരിക്കാൻ?”

2018-07-23

“ഗൂഢലക്ഷ്യത്തോടെയാണ്ചൂതാട്ടത്തിനു നിങ്ങൾ പാണ്ഡവരെ ക്ഷണിച്ചതെന്നൊക്കെ ഇന്നു് കൊട്ടാരരഹസ്യമൊന്നുമല്ലെങ്കിലും, എന്തായിരുന്നു കള്ളചൂതാട്ടത്തിലൂടെ രാജസൂയചക്രവർത്തിയെ അടിമയാക്കണമെന്ന ദൃഢനിശ്ചയത്തിനു പിന്നിൽ?” കൊട്ടാരം ലേഖിക ചോദിച്ചു. തെളിഞ്ഞ പ്രഭാത വെയിലിൽ കോട്ടക്കപ്പുറത്തെ രാജവീഥിയിലൂടെ മരവുരി ധരിച്ചും, മുഖം മറച്ചും, തല താഴ്ത്തി കാട്ടിലേക്കു് നഗ്നപാദരായി നടന്നിരുന്ന ആറംഗ പാണ്ഡവസംഘത്തെ മട്ടുപ്പാവിൽ നിന്നു് അവർക്കു കാണാമായിരുന്നു. പാതക്കിരുവശവും നിർജ്ജനമായിരുന്നു.

“ഇന്ദ്രപ്രസ്ഥം കൊട്ടാരത്തിലെ സഭാതലത്തിൽ സ്ഥലജലഭ്രമത്തിൽ വഴുക്കി വീണതൊക്കെ പൊറുക്കാൻ, സാമന്തപദവിയിലേക്കു താഴ്ത്തപ്പെട്ടിരുന്ന ഞങ്ങൾക്കായി. പക്ഷെ പിന്നീടുള്ള കഴിഞ്ഞ എട്ടൊമ്പതു വർഷങ്ങളിൽ പാഞ്ചാലി ഞങ്ങളെ പ്രകോപിച്ചിരുന്നതു കേട്ടാൽ നിങ്ങൾ ഞെട്ടും. കുറെ ഭരണകൂടമന്ദിരങ്ങൾ അല്ലാതെ വ്യവസ്ഥാപിതരാഷ്ട്രം ആയിരുന്നില്ലല്ലോ ഇന്ദ്രപ്രസ്ഥം. നിങ്ങളും അവിടെയൊക്കെ ചുറ്റിക്കറങ്ങിയതല്ലേ. രാഷ്ട്രനിർമ്മിതിക്കു വേണ്ട വിദ്യാഭാസമോ ധനസമാഹരണമോ ഇല്ലാതെ, വഴി നടക്കുമ്പോൾ രത്നഖനി കിട്ടിയ നാടോടികളെ പോലെയാണവർ കടിച്ചാൽ പൊട്ടാത്ത സമൃദ്ധജീവിതത്തിൽ കയറിയതു്. അവരുടെ ഭാരിച്ച നിത്യച്ചെലവൊക്കെ ഹസ്തിനപുരി വഹിക്കണം എന്നൊരു നയത്തിലവർ ഇന്ദ്രപ്രസ്ഥം ഊട്ടുപുര ആഘോഷമാക്കാനും, കുതിരകളെ വാങ്ങാനും, ഗോശാല നിറക്കാനും പുത്തൻ ആവശ്യങ്ങളുടെ പനയോലപട്ടികയുമായി രാജദൂതൻ വന്നു എന്റെ കാര്യാലയത്തിൽ ഇടിച്ചുകയറി തട്ടിക്കയറും. പല്ലു ഞെരിക്കുന്ന ഇരമ്പൽ പുറത്തുവരാതെ ഞങ്ങളതൊക്കെ ഏറ്റെടുത്തു ചെയ്തു. എന്നിട്ടും അവർ വിട്ടില്ല. അഞ്ചോളം വരുന്ന പാണ്ഡവക്കുട്ടികളെ ഇന്ദ്രപ്രസ്ഥത്തിൽ നിന്നു് പാഞ്ചാലയിലേക്കു കൊണ്ടുപോകാൻ കൗരവരാജ സ്ത്രീകൾ പത്തുപേർ പാഞ്ചാലിക്കൊപ്പം കൂടെ പോണം എന്ന ആവശ്യവുമായി ഭീമൻ ആളെ അയച്ചു. അനുസരിക്കേണ്ടി വന്നു. ഒരു മാസം പിടിച്ചു, പത്തു കൗരവ രാജസ്ത്രീകൾ ആദ്യം ഇന്ദ്രപ്രസ്ഥത്തിൽ പോയി കുട്ടികളുടെ പരിപാലന ചുമതയേറ്റെടുത്തു, പാഞ്ചാലിയുടെ ദാസിപദവിയിൽ പാഞ്ചാലയിൽ എത്തി, കുട്ടികളെ ഏൽപ്പിച്ചു മടങ്ങി, വീണ്ടും ഇന്ദ്രപ്രസ്ഥത്തിൽ പാഞ്ചാലിയെ എത്തിച്ചു, യാത്ര പറഞ്ഞു ഹസ്തിനപുരിയിൽ എത്താൻ. എന്റെ ഭാര്യ പൊട്ടിക്കരഞ്ഞു-ഇതിനാണോ കലിംഗദേശത്തിൽ നിന്നു് എന്റെ അച്ഛൻ വധുവായി എന്നെ കുരുവംശത്തിലേക്കയച്ചതു്? കൗരവ രാജസഭയിലെത്തിയാണവൾ കൈകൾ നീട്ടി ധൃതരാഷ്ട്രർക്കു് മുമ്പിൽ വാവിട്ടു വിലപിച്ചതു്. അന്നു് ഞാൻ എഴുന്നേറ്റു നിന്നു് മഹാരാജാവിനു വാക്കു കൊടുത്തു-നിങ്ങൾ അനുമതി തന്നാൽ അടുത്ത കറുത്ത വാവിനു് മുമ്പു് ഞാൻ പാണ്ഡവരെ അടിമകളാക്കി ഈ കോട്ടക്കകത്തു നിന്നു് തല മൊട്ടയടിച്ചു, പുള്ളികുത്തി, കഴുതപ്പുറത്തിരുത്തി കാട്ടിലേക്കു് എന്നെന്നേക്കുമായി യാത്രയാക്കും.”

നിങ്ങൾ അഭിമുഖത്തിനു് വരുന്നതിനു അൽപ്പം മുമ്പു് ഭാര്യ എന്നോടു് ചോദിച്ചു,.

“വാക്കു പാലിച്ചില്ലല്ലോ ഭീരൂ, എവിടെ കഴുതപ്പുറത്തെ സവാരി? പാഞ്ചാലിയോടുള്ള പ്രണയം കാരണം ആ അവമതി നിങ്ങൾ ഒഴിവാക്കിയോ? ‘

“മറ്റു നാലു പാണ്ഡവർക്കുള്ളം നീറുകയാണു് എന്നോ? എന്തുണ്ടായി? അക്ഷയപാത്രത്തിൽ അതീതശക്തികൾ എരിവു് കൂട്ടിക്കലർത്തിയോ?”, കൊട്ടാരം ലേഖിക ഇളമുറ മാദ്രിപുത്രൻ സഹദേവനോടു് ചോദിച്ചു.

“ഇന്നു് രാത്രിയും, പ്രിയപാഞ്ചാലി ക്രമം തെറ്റിച്ചു എന്നോടൊപ്പം തന്നെ പായ പങ്കിടുന്നു.”

2018-07-24

“യുദ്ധത്തിൽ കൊല്ലപ്പെട്ട ധീര ദേശാഭിമാനി ദുര്യോധനന്റെ വിധവയല്ലേ നിങ്ങൾ?” അന്തഃപുരത്തിൽ നീണ്ടകാലം കണ്ടും മിണ്ടിയും പരിചയിച്ചിരുന്ന സ്ത്രീയെ ആകസ്മികമായി വൃദ്ധസദനത്തിൽ കണ്ടു ഞെട്ടിയ കൊട്ടാരം ലേഖിക അടുത്തു് ചെന്നു് മുട്ടുകുത്തി കൈപിടിച്ചു് ചോദിച്ചു. “ഒരു കുരുക്ഷേത്രവിധവ.”

“പോരാട്ടവാർത്തയെത്തിക്കാൻ ഈ കാണുന്ന ചുവരെഴുത്തുകളൊക്കെ മതിയോ? പുത്തൻക്രമീകരണങ്ങളൊന്നും ഇല്ലേ?”,ചാർവാകൻ ചോദിച്ചു. നിർബന്ധിതസേവനത്തിനു വിധേയരായ കൗരവസൈനികർക്കു മുൻകൂർ വേതനം കിട്ടിയതുകൊണ്ടു് കുടുംബം മുഴുവൻ തെരുവിൽ ഇറങ്ങിയ സന്ധ്യ. പടിഞ്ഞാറൻ ആകാശത്തു യുദ്ധമേഘങ്ങൾ നിറഞ്ഞിരുന്നു.

“വേണമല്ലോ. യുദ്ധകാര്യലേഖകനും ഞാനും കുരുക്ഷേത്രയിൽ ഓടിനടന്നു ഉരുളുന്ന തലയെണ്ണിക്കൊണ്ടിരിക്കും-ഒരാൾ ഹസ്തിനപുരി വാണിജ്യത്തെരുവിൽ ആകാംക്ഷയോടെ കാത്തുനിൽക്കുന്ന ആൾക്കൂട്ടത്തെ തലേന്നു് കണ്ട യുദ്ധം നേരിൽ അപ്പപ്പോൾ കാണുന്ന കൗതുകത്തോടെ അവതരിപ്പിച്ചു ഉടനടി കുരുക്ഷേത്രയിലേക്കു തിരിക്കുമ്പോൾ, ഞാൻ ഒരുകൂട്ടം പുതിയ തലയെണ്ണലുമായി ഹസ്തിനപുരിയിലേക്കു് കുതിക്കും. മാറി മാറി തെരുവോരക്കൂട്ടത്തിന്റെ ജിജ്ഞാസ ശമിപ്പിക്കും. കൂട്ടം കൂടാൻ സൗകര്യപ്പെടാത്തവർക്കു നിലവിലുള്ള ചുവരെഴുത്തു തുടരും. ആർക്കറിയാം, വരുംയുഗത്തിൽ യുദ്ധം കിടപ്പറയിലിരുന്നു തത്സമയം കാണാവുന്ന കിണാശ്ശേരിയാണെന്റെ കിനാവു്.”

“പെണ്ണുടൽ പണയം വച്ചുള്ള ചൂതാട്ടത്തിനു കുരുവംശഭരണകൂടത്തിന്റെ അനുമതിയുണ്ടല്ലേ?” കൊട്ടാരം ലേഖിക അർത്ഥഗർഭമായ നോട്ടത്തോടെ കിരീടാവകാശി ദുര്യോധനനോടു് ചോദിച്ചു. മട്ടുപ്പാവിൽ നിന്നു് കാണാമായിരുന്നു, ആരോരും യാത്രയയക്കാനില്ലാത്ത ആറംഗ പാണ്ഡവസംഘത്തിന്റെ ദയനീയമായ പദയാത്ര. ഇരുപത്തിനാലുമണിക്കൂർ മുമ്പു് ആനപ്പുറത്തു എഴുന്നെള്ളിയവരായിരുന്നു ഇന്ദ്രപ്രസ്ഥത്തിലെ രാജസൂയ ചക്രവർത്തിയും കുടുംബവും.

“ലിംഗവിവേചനമില്ലാത്ത ദേശീയ വിനോദമെന്നു ചൂതുകളിയെ ധൃതരാഷ്ട്രരുടെ രാജമുദ്രയുള്ള ഔദ്യോഗിക വിജ്ഞാപനത്തിലൂടെ നേരത്തെ പ്രഖ്യാപിച്ചില്ലേ? അതും പാണ്ഡവർ ഇന്ദ്രപ്രസ്ഥത്തിൽ നിന്നു ഹസ്തിനപുരിയിലേക്കു് പടിയിറങ്ങും മുമ്പു് തന്നെ?” ഓർമ്മിപ്പിക്കാൻ ദുര്യോധനൻ അവളുടെ നെറ്റിയിലേക്കു് വിരൽ ചൂണ്ടി.

“ചതിച്ചു കൊന്നിട്ടും നിങ്ങൾ കർണ്ണനു ബലിയിടുമോ?” കൊട്ടാരം ലേഖിക അർജ്ജുനനോടു് പതുക്കെ ചോദിച്ചു. ഗംഗാ സ്നാനഘട്ടത്തിലെ പ്രഭാതവെയിലിൽ കുളിച്ചു ഈറനുടുത്ത പാണ്ഡവർ പുരോഹിതാജ്ഞക്കായി കാത്തുനിൽക്കുന്ന നേരം. കുന്തിയുടെ അഭിജാത്യസാന്നിധ്യത്തിലും നേരിയൊരു അക്ഷമ മക്കളുടെ മുഖത്തുണ്ടായിരുന്നു.

“പോരാട്ടത്തിൽ ജീവഹാനിയുണ്ടായതു് കർണ്ണശരീരത്തിനല്ലേ? യുദ്ധത്തിൽ രണ്ടിലൊരാൾ വധിക്കപ്പെടുന്നതൊക്കെ പതിനെട്ടുനാൾ കുരുക്ഷേത്ര യജ്ഞത്തിൽ കണ്ടുപരിചയിച്ചതല്ലേ? കൗന്തേയരെന്ന നിലയിൽ എനിക്കും കർണ്ണനും ഒരേ മാതാവിന്റെ ജീവകോശമല്ലേ? വെറുമൊരു പോരാട്ടവധത്തിൽ ഒതുങ്ങുമോ മനുഷ്യനേത്രങ്ങൾക്കു വഴങ്ങാത്ത സൂക്ഷ്മലോകത്തിൽ എത്തിയ ജ്യേഷ്ഠനുമായുള്ള രക്തബന്ധം? അമ്പും വില്ലും ഉന്മൂലനം ചെയ്യാനാവുമോ അന്തമില്ലാത്ത പ്രപഞ്ചത്തിൽ എന്നും നിലനിൽക്കേണ്ട ഈ ആത്മാക്കൾ.”

2018-07-25

“ഇന്നെന്തു ന്യായം പറഞ്ഞാണു് ഊട്ടുപുരയിലേക്കു പ്രവേശനം നിഷേധിച്ചതു്?”, ഹസ്തിനപുരി കൊട്ടാരത്തിലെ രാജസഭ. വിശന്നു നിലവിളിക്കുന്ന അഞ്ചു കുട്ടി കളെയും കൂട്ടി നിസ്സഹായമായ പ്രതിഷേധത്തോടെ, പാണ്ഡവമാതാവു് ധൃതരാഷ്ട്രരുടെ മുമ്പിൽ നെഞ്ചത്തടിച്ചു നിലവിളിച്ചു. സുരക്ഷിത അകലം പാലിച്ചു വിദുരരും ഭീഷ്മരും കുന്തിയെ അനിഷ്ടത്തോടെ ഒളികണ്ണിട്ടു നോക്കി.

“ഗാന്ധാരിയുടെ സ്വപ്നപദ്ധതിയായിരുന്നു “ഹസ്തിനപുരി വഴിയോര തണൽ.” രണ്ടു ദിവസമായി തരക്കേടില്ലാതെ മഴ കിട്ടി മണ്ണു് കുതിർന്നപ്പോൾ, കൗരവക്കുട്ടികൾ ഫലവൃക്ഷ തൈകൾ നട്ടതു് മുഴുവൻ, രാത്രി നിന്റെ അഞ്ചു മക്കളും ചേർന്നു് വലിച്ചു വാരി മണ്ണിട്ടു് മൂടിയിരിക്കുന്നു. ഹൃദയം തകർന്ന ദുര്യോധനൻ പ്രതികരിക്കില്ലേ.”

“എങ്ങനെ സഹിക്കുന്നു നിങ്ങളഞ്ചു പേരും ഭാര്യയുടെ നിർദ്ദയഭാഷ?” വനാശ്രമത്തിനു താഴെ അരുവിക്കരയിൽ അസ്വസ്ഥരായി പാണ്ഡവർ അലയുന്നതു് കണ്ട കൊട്ടാരം ലേഖിക അനുകമ്പയോടെ ചോദിച്ചു.

“ആരെ കുറിച്ചാണു് നിങ്ങൾ വഴിവിട്ടു് ഞങ്ങളോടു് ചോദിക്കുന്നതു്? പ്രതിഷേധവും ഹർഷോന്മാദവും മിതമായ കൗശലത്തോടെ രാപ്പകൽ ആവിഷ്കരിക്കുന്ന പ്രിയപത്നി പാഞ്ചാലി എവിടെ, അന്തഃപുര മട്ടുപ്പാവിൽ നിലാവു് പെയ്യുന്ന വേനൽക്കാല രാത്രികളിൽ വസ്ത്രരഹിത ശരീരങ്ങൾ ഇളക്കിയും ആടിയും, ഹിമാലയനിരകളെ നോക്കി ഉന്മാദത്തിൽ പൊട്ടിച്ചിരിക്കയും ഭീതിതമായി വാവിട്ടു നിലവിളിക്കയും ചെയ്യുന്ന കൗരവരാജവധുക്കൾ എവിടെ?”, ഇണയെ കാണാതെ പരിഭ്രമിക്കുന്ന പേടമാനിനു ഒരു പിടി ഇളം പുല്ലു നീട്ടുകയായിരുന്നു മറ്റു നാലു പാണ്ഡവരിൽ നിന്നു് കൂട്ടം തെറ്റിയ നകുലൻ.

“സൗജന്യധാന്യം ചോദിച്ച കൗരവ വിധവകളുടെ പ്രക്ഷോഭം ഒരു വിധം അമർച്ച ചെയ്തപ്പോഴേക്കും തുടങ്ങിയോ കോട്ടവാതിൽ തള്ളിത്തുറന്നു അറവുകാരുടെ ആക്രോശം?” കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.

“അന്നം മുട്ടിയാൽ അറവുകാർക്കു ഇരിപ്പുറക്കുമോ? അംഗീകൃതരും അനധികൃതരും ഇപ്പോൾ ഒന്നായി എന്നതാണു് കുരുക്ഷേത്രാനന്തര മാംസവിപണിയുടെ സമര നിലവാരം. ഉപയോഗരഹിതമായ അറവുകത്തികൾ തുരുമ്പെടുക്കുന്നു. മൂന്നു് നേരം മൃഗാവശിഷ്ടങ്ങളെങ്കിലും നക്കാൻ കിട്ടിയിരുന്ന കുട്ടികൾ സസ്യാഹാരത്താൽ ശോഷിച്ചിരിക്കുന്നു. കുരുക്ഷേത്ര ആവശ്യങ്ങൾക്കായി ദുര്യോധനൻ സമ്മർദ്ദം ചെലുത്തി കർഷകരിൽ നിന്നു് കറവ വറ്റിയ മാടുകളെ ആട്ടിക്കൊണ്ടു പോയി, പാണ്ഡവതല കൊയ്യുന്ന മിടുക്കൻകൗരവസൈനികർക്കു മാംസഭക്ഷണം ഒരുക്കിക്കൊടുത്തു. ഇന്നു് മഹാരാജാവിനോടു് ചോദിക്കാതെ തന്നെ ഹസ്തിനപുരി ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ഗോശാലയിൽ നിന്നു് കറവയുള്ള നാൽക്കാലികളെ ഓരോ അറവുകാരനും വിട്ടുകൊടുത്തു, മറ്റാരുമറിയാതെ ഉപാധി വച്ചു-തുടകൾ കൊട്ടാരം ഊട്ടുപുരക്കു്, തലയും കുടലും അറവുകാർക്കു്. നിലവിളിക്കുന്ന കുടുംബാംഗങ്ങളെ ഒരു നേരമെങ്കിലും തൃപ്തിപ്പെടുത്താനാവുമെന്ന പ്രതീക്ഷയിൽ അവർ മുട്ടുമടക്കി, കത്തി മൂർച്ച കൂട്ടാൻ ആലയിലേക്കു പോയി.”

“യുധിഷ്ഠിരഭരണനേട്ടത്തെ കുറിച്ചൊന്നും ചോദിക്കുന്നില്ല. എന്നാൽ, നീണ്ട വ്യക്തിജീവിതത്തിൽ വല്ലതുമുണ്ടോ പുതു തലമുറ ഹസ്തിനപുരിയുമായി ഒരു കൊച്ചു രഹസ്യം പങ്കിടാൻ?” വാനപ്രസ്ഥത്തിനു പടിയിറങ്ങുമ്പോൾ പാണ്ഡവരോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“ആയിരം പൂർണചന്ദ്രന്മാരെ കണ്ട ശേഷവും ഞങ്ങൾ സുന്ദരരൂപികളായി നിങ്ങൾക്കിപ്പോഴും തോന്നുന്നെണ്ടെങ്കിൽ എന്തായിരുന്നിരിക്കണം ഞങ്ങളുടെ തീ പിടിച്ച യുവത്വം? എന്നിട്ടും ഞങ്ങൾ, പെരുമാറ്റത്തിൽ കാറും മിന്നലും കലർന്ന, ഒരു കറുത്ത പെണ്ണിനെ നാട്ടിലും കാട്ടിലും കൂട്ടായി സ്വീകരിച്ചു ഒരായുഷ്ക്കാലം ആർമാദിച്ചു എന്നതു്, പാണ്ഡവദാമ്പത്യം ആണ്‍പെണ്‍ സഹവർത്തിത്വത്തിന്റെ ഇതിഹാസമെന്നതിന്റെ പ്രത്യക്ഷമല്ലേ.”

2018-07-26

“കൗരവർ രക്തസാക്ഷികൾ എന്നു് ഒരു വശത്തു പറഞ്ഞു ധീരദേശാഭിമാനി പുരസ്കാരം മരണാനന്തര ബഹുമതിയായി നിങ്ങൾ പ്രഖ്യാപിച്ചു അനുസ്മരണയോഗങ്ങൾ നാടൊട്ടുക്കു് ആഘോഷിക്കുന്നു മറുവശത്തു വിധവകളെ കുടിയൊഴിപ്പിച്ചു ‘കൗരവഗന്ധ’മുള്ള എന്തും കൊട്ടാരമാലിന്യം എന്ന വകുപ്പിൽ പെടുത്തി ലേലം ചെയ്തു ഇടം കഴുകി അടിച്ചുതുടച്ചു വൃത്തിയാക്കുന്നു. ഈ വൈരുധ്യം ഒന്നു് വിശദീകരിക്കാമോ?” കൊട്ടാരം ലേഖിക ഭരണകൂടവക്താവിനോടു് ചോദിച്ചു.

“അതിൽ എന്തു് വൈരുധ്യമാണു് കാണേണ്ടതു്? രാഷ്ട്രത്തിന്റെ അഖണ്ഡതക്കുനേരെ വാളുയർത്തിയ ദേശവിരുദ്ധരെ ഓടിക്കാൻ കുരുക്ഷേത്രയിൽ പോരാടി രക്തസാക്ഷിത്വം വരിച്ചവരുടെ ജ്വലിക്കുന്ന സ്മരണയ്ക്കു് മുമ്പിൽ പാണ്ഡവരും പാഞ്ചാലിയും ശിരസ്സു് കുനിക്കുമ്പോഴും, നൂറോളം അരമനകളിൽ ദശാബ്ദങ്ങളായി കുന്നുകൂടിയ ഖരമാലിന്യം നീക്കേണ്ടതു് വ്യവസ്ഥാപിത ഭരണകൂടത്തിന്റെ നിലവിലുള്ള ഹരിതചട്ടം പാലിച്ചുകൊണ്ടായിരിക്കേണ്ടേ?”

“നമ്മുടെ പ്രണയവിവാഹത്തിനു ശേഷം കഴിഞ്ഞ ദശാബ്ദത്തിൽ ഏഴു പ്രസവങ്ങളിലെയും നവജാതശിശുക്കളുടെ ദുരൂഹമരണത്തിനു നീ വ്യക്തിപരമായി ഉത്തരവാദി അല്ലെന്നോ? അപ്പോൾ നദിയിൽ നീ അവരെ ഓരോരുത്തരെയും കരുതിക്കൂട്ടി മുക്കിക്കൊല്ലുന്നതു കണ്ടിരുന്ന തോഴിമാരുടെ സത്യസാക്ഷിമൊഴി?” ഹസ്തിനപുരിയിലെ കുരുവംശ രാജാവു് ശന്തനു ഭാര്യ ഗംഗാദേവിയോടു് ക്രുദ്ധനായി.

“കൊള്ളാം. ശിശുപരിചരണത്തിന്റെ ഭാഗമായി പുണ്യനദിയിൽ മുക്കിയെടുക്കാൻ കൊണ്ടുപോയപ്പോൾ കൈവഴുതി ഓരോ ചോരക്കുഞ്ഞും യാദൃച്ഛികമായി ഒഴുക്കിൽ മുങ്ങി ദുർമരണമുണ്ടായ ആ ഏഴോളം ദുഃഖസംഭവങ്ങൾ നേരിൽ കണ്ടു എന്നു് പറയുന്ന ചില അവിശ്വസ്ത തോഴികളെ സാക്ഷികളാക്കിയാണോ എന്നെ നിങ്ങൾ മഹാറാണിപദവിയിൽ നിന്നു് നീക്കാൻ പാടുപെടുന്നതു്?”

“ദുര്യോധനമകൻ യുധിഷ്ഠിരസിംഹാസനത്തിലേക്കു ഓടിവരുന്നതു് വിചിത്രമായി തോന്നി. സൗജന്യധാന്യലഭ്യതയെ കുറിച്ചെന്തോ അപേക്ഷിക്കുകയെന്നു കരുതി. കെട്ടിപ്പിടിച്ചു യുധിഷ്ഠിരനെ ആലിംഗനം ചെയ്യുകയല്ലേ ചെയ്തുള്ളു? അത്രവലിയ തെറ്റാണോ? പിന്നെന്താ ഭടന്മാരോടവനെ പിടികൂടി ദേഹപരിശോധനക്കു വിധേയമാക്കാനും, രാജാവിനെ വൈദ്യപരിശോധനക്കു് കൊണ്ടു പോകാനും വിദുരർ ആജ്ഞാപിച്ചതു്?” കൊട്ടാരം ലേഖിക ഔദ്യോഗിക വക്താവിനോടു് ചോദിച്ചു. കുരുക്ഷേത്രാനന്തര ഹസ്തിനപുരി.

“ചികിത്സയിലെന്നു പറഞ്ഞു സൈനികസേവനത്തിൽ നിന്നു് ഒഴിവാക്കിയെങ്കിലും, കണ്ടാൽ കോമളനായ മകനു് അമ്പതെത്താറായി. യുധിഷ്ഠിരനെ സ്ഥാനഭൃഷ്ടനാക്കാൻ രാജസഭയിൽ അവതരിപ്പിക്കുന്ന പൊടിക്കൈ എന്നേ കരുതിയുള്ളൂ. നാവിൽ തട്ടിയാൽ ബോധം നശിക്കുന്ന വിഷക്കായ യുധിഷ്ഠിരവായിൽ കുത്തിത്തിരുകിയപ്പോഴാണു് ‘ആലിംഗനം’ മാരകരുചിശേഷിയുള്ളതെന്നറിഞ്ഞതു്. ഭാഗ്യം, വായിൽ വീണ വിഷക്കായ ഉടൻ തെളിവിനായി തുപ്പി, ഒരു കുടം വെള്ളം കുടിച്ചു വിശ്രമിച്ചു. വിഷക്കായ തെളിവായും വധശ്രമത്തിൽ ദുര്യോധനമകൻ പ്രതിയായും, കുരുവംശനീതിന്യായ വ്യവസ്ഥ മുന്നോട്ട്.”

2018-07-27

“അരക്കില്ലത്തിൽ തീപ്പെട്ടതു പാണ്ഡവരെന്നു പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ, അന്നം ചോദിച്ചു വന്ന ആദിവാസികളെ കത്തിച്ചു കൊന്ന കുന്തിയെ കുറിച്ചു് മനഃസ്സാക്ഷി ഇപ്പോഴും കരളിൽ കുത്തുന്നുണ്ടോ?” വാനപ്രസ്ഥത്തിനു് പടിയിറങ്ങുന്ന യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“ഞാനിപ്പോൾ വെറുക്കുന്ന വാക്കാണു് മനഃസ്സാക്ഷി. ഏറെ കാലം മുഖംമൂടിയായി ഞാനതു ഗാന്ധാരിയുടെ കൺകെട്ടു് പോലെ പ്രദർശിപ്പിച്ചു ഒരുപാടു് പ്രതിസന്ധികളെ അതിജീവിച്ചു. പക്ഷെ പിന്നീടു് വലിയ വില കൊടുത്തു. ഇന്നു് ഞാൻ സ്വയം കാട്ടുതീ മരണത്തിനു സ്വയം വധശിക്ഷക്കു് വിധേയനായ പരിത്യാഗി. ഞങ്ങളുടെ ജീവചരിത്രം എഴുതുന്ന വ്യാസൻ, വിശദശാംശങ്ങളിൽ വസ്തുതാപരമായ കരുതലോടെ ഒക്കെ ഓർക്കും, ഓർമയുണ്ടായിരിക്കണം അയാൾക്കു്. അതല്ലെങ്കിൽ നിങ്ങളെ പോലുള്ള കൊച്ചുകുട്ടികൾ വ്യാസനെ റദ്ദാക്കി പനയോലക്കെട്ടു തട്ടിയെടുത്തു വരും യുഗത്തിൽ സത്യം തുറന്നു പറയട്ടെ.”

“തീറ്റപ്പുൽ വെട്ടി ക്ഷീരകർഷകർക്കു് വിറ്റാലും, ഭരണകൂടത്തിന്റെ സൗജന്യധാന്യവിതരണമെന്ന ഔദാര്യത്തിനു കൈനീട്ടില്ലെന്നു ശഠിക്കുന്ന പുതുതലമുറ കൗരവബാലിക പൊതുസമൂഹത്തിൽ താരമായല്ലോ”, കൊട്ടാരം ലേഖിക ചോദിച്ചു. പുൽമേട്ടിൽ പിറ്റേന്നുള്ള ദശപുഷ്പ പ്രദർശനത്തിനുള്ള ഒരുക്കങ്ങൾ പരിശോധിക്കുകയായിരുന്നു മഹാറാണി പാഞ്ചാലി.

“ഗംഗയാറൊഴുകുന്ന ഈ നാട്ടിൽ, പണിയെടുത്തു വളർത്തിയാലെങ്കിലും തീറ്റപ്പുൽ, പുല്ലുപോലെ, വളരുമെന്നറിഞ്ഞിരുന്നെങ്കിൽ, ആ കുഞ്ഞിന്റെ മുൻഗാമികളായ കൗരവർ തല പോയും നെഞ്ചു് കലങ്ങിയും ജഡങ്ങൾ ആവാതെ, ഈ തെരുവുകളിൽ പാലും തേനും ഒഴുക്കുമായിരുന്നില്ലേ?”

2018-07-28

“ഇതെന്താ വിസ്തരിച്ചൊരു തൈലാഭിഷേകം”, കൊട്ടാരം ലേഖിക ചോദിച്ചു.

“പാഞ്ചാലിക്കു പുരട്ടുവാൻ അവളുടെ ഇളമുറഭർത്താക്കന്മാരുടെ പിതാക്കളായ അശ്വിനിദേവതകൾ, സ്വർഗ രാജ്യത്തിൽ നിന്നു് കൊടുത്തയച്ച സുഗന്ധതൈലം. പക്ഷെ അവളതു് ഉപയോഗിക്കാതെ ദിവസങ്ങളോളം മാറ്റിവച്ചപ്പോൾ ഇന്നു ഞങ്ങളൊന്നു തേച്ചു നോക്കി”, നീരാടാൻ അർജ്ജുനൻ ജലജീവിയുടെ മെയ്യൊതുക്കത്തോടെ കുതിച്ചു ചാടുന്ന കാട്ടരുവിയിലെക്കിറങ്ങി.

“അതെന്താ, ദേവചികിൽസകരായ അശ്വിനിദേവതകളുടെ ദിവ്യൗഷധം ഇളമുറപാണ്ഡവരുടെ ഓമനയായ പാഞ്ചാലിക്കു വേണ്ടേ?”

“കൌരവച്ചോര പുരട്ടി കഴുകിയുണക്കാതെ മുടിയിൽ ഒരെണ്ണക്കും പ്രവേശനമില്ല”, ഭീമൻ മുരണ്ടു

“പരാശ്രയത്തിൽ കിടന്നാലും ശരശയ്യ വിട്ടുപോവാൻ മോഹമില്ലായിരുന്നു എന്നോ?”, കൊട്ടാരം ലേഖിക കൃപാചാര്യനോടു് ചോദിച്ചു.

“നിത്യവും യുധിഷ്ഠിരൻ കുരുക്ഷേത്രയിൽ പോവുന്നതു് രാഷ്ട്രമീമാംസയിൽ ഭീഷ്മരിൽ നിന്നു് ബാലപാഠങ്ങൾ പഠിക്കാനാണെന്നു കരുതിയോ? സ്വച്ഛന്ദമൃത്യു എന്ന, ഉടലിൽനിന്നു് ഉയിർ വേർപെടുത്തുന്ന തിരുകർമം, ഉടൻ തുടങ്ങണം എന്നു് ഭീഷ്മരിൽ പ്രേരണ ചെലുത്തുന്നതിനു പുറമെ, അതിരുവിട്ട കായികസമ്മർദ്ദത്തിനു ഭീമൻ ശ്രമിച്ചതോടെ, കൗരവസർവ്വസൈന്യാധിപൻ നിൽക്കക്കള്ളിയില്ലാതെ, കഴുത്തിൽ നിന്നൊരു അമ്പെടുത്തു ഇടനെഞ്ചിൽ സ്വയം തറച്ചു എന്നതാണു് ഞാൻ കണ്ടതു്. നിങ്ങൾ പത്രപ്രവർത്തകർ ‘കാതു്’ കൊണ്ടു കാണുന്നവർ.”

“കൗരവ ചെവികളുടെ ശ്രവണപരിധിക്കപ്പുറം, വിദൂര വനാന്തരത്തിൽ വ്യാഴവട്ടക്കാല കഠിന ശിക്ഷയനുഭവിക്കുമ്പോഴും നിങ്ങളെന്താ, ദുര്യോധനനെ ‘ഉടയോൻ’ എന്നു് പരാമർശിക്കുന്നതു്? മറച്ചുവക്കാത്ത വെറുപ്പോടെ വേണ്ടേ, അതിക്രമിയുടെ പേരു വിളിക്കാൻ?”, കൊട്ടാരംലേഖിക ചോദിച്ചു. കാട്ടുകുടിലിൽ പാഞ്ചാലിയുടെ പീഡനപർവ്വം.

“കുടിലിനു ചുറ്റും നിങ്ങൾ കണ്ടു വണങ്ങിയ സന്യസ്ഥാശ്രമങ്ങളിൽ വേവുന്നതു് ‘ശുദ്ധആത്മീയത’ ആണെന്നു് കരുതിയോ? ഗൂഢവ്യക്തിത്വങ്ങളല്ലേ? ഹസ്തിനപുരിയിൽ നിന്നു് ചാരൻ അവർക്കു് ഭക്ഷ്യവസ്തുക്കളും പൂജാസാമഗ്രികളും കൊണ്ടു് വരും, പാണ്ഡവവസതിയിലെ അന്തർനാടകങ്ങൾ എന്തെന്നു് വിശദമായി ചുഴിഞ്ഞറിയാൻ.”

“ആർത്തലച്ചുയരുന്ന വെള്ളപ്പൊക്കത്തിൽ ഗംഗക്കും യമുനക്കും ഇടയിലുള്ള ദരിദ്രകർഷകർ വീടൊഴിഞ്ഞു, നിവൃത്തികേടു് കൊണ്ടു് ഇടക്കാല താമസം കോട്ടക്കകത്തേക്കു മാറ്റാൻ ഭാണ്ഡം ചുമന്നു രാവിലെ മുതൽ രാജവീഥിയിൽ വരിനിൽക്കുന്നുണ്ടല്ലോ. നൂറോളം കൗരവരാജമന്ദിരങ്ങളൊഴിഞ്ഞുകിടക്കുന്ന ഇടങ്ങളിലേക്കവർക്കു് പ്രവേശനം നൽകി പ്രളയജലം താഴും വരെ ദുരിതാശ്വാസം കൊടുക്കാൻ ഭരണകൂട ത്തിനെന്താ വിമ്മിട്ടം?” കൊട്ടാരം ലേഖിക ചോദിച്ചു.

“കൗരവ വിധവകൾ പോയശേഷം, ഒരാഴ്ച വിയർത്തു പണിതിട്ടാണു്, ഇതുപോലെ ദുര്യോധന ഭരണകാലത്തു കൊട്ടാരസമുച്ചയം ദുരിതാശ്വാസപാളയങ്ങളാക്കിയതിന്റെ സകലമാന ജൈവഅജൈവ മാലിന്യങ്ങളും, ഭീമനേതൃത്വത്തിൽ, ഞങ്ങൾ സ്വയം തൂത്തുവാരി വൃത്തിയാക്കിയതു്. ഇനിയവ യുദ്ധസ്മാരകങ്ങൾ എന്ന നിലയിൽ ഉൽഘാടനം കാത്തിരിക്കുന്ന നേരത്തു നിങ്ങളിങ്ങനെ അനാവശ്യചോദ്യങ്ങളുമായി ഭരണകൂടത്തിനു് ജാള ്യത ഉണ്ടാക്കുന്നതൊന്നും ‘ഹസ്തിനപുരി പത്രിക’യുടെ പാരമ്പര്യത്തിനു് ചേർന്നതല്ല. വരി നിൽക്കുന്നവർ കയ്യും കാലും തളരുമ്പോൾ തിരിച്ചു പോവും. ഇതു് കുരുവംശ സാമ്രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമാണു്, വെള്ളപ്പൊക്കക്കെടുതിക്കുള്ള ആതുരാലയമല്ല. നിങ്ങളെ ഈ കുരുട്ടുചോദ്യവുമായി ഇങ്ങോട്ടു പറഞ്ഞയച്ച ചാർവാകൻ, വിദുരർ വഴി ഊട്ടുപുരയിൽ തമ്പടിച്ചു, ഗോമാംസം ചുട്ടതും തിന്നു കൂർക്കം വലിച്ചുറങ്ങുന്നുണ്ടല്ലോ. കയറിട്ടു വലിച്ചു കൊണ്ടുപോവണം അയാളെയും നിങ്ങൾ.”

2018-07-29

“ഞെട്ടി ഉണരാറുണ്ടോ കീചകനെ ഓർത്തു്?” കൊട്ടാരം ലേഖിക ചോദിച്ചു. ആസന്നമായ വാനപ്രസ്ഥത്തിന്റെ തയ്യാറെടുപ്പുകൾ കഴിഞ്ഞു ആളൊഴിഞ്ഞ മട്ടുപ്പാവിൽ, പാഞ്ചാലിയുടെ മുഖം ശാന്തമായിരുന്നു. നാളെ ഈ സമയത്തവർ ഹസ്തിനപുരിയും വിട്ടു വടക്കൻ മലകളിലേക്കു്.

“പ്രണയിനിയെ കാത്തായിരുന്നില്ലെ അവൻ ആ കൂരിരുട്ടിൽ ചെന്നതു്? രതിക്കു് യോജിച്ച രമണീയ നൃത്തമണ്ഡപത്തിലേക്കു് ആരാണവനെ ചതിയിൽ വിളിപ്പിച്ചതു്? ആരുടെ ദുഷ്പ്രേരണയിലാണു് ഭീമൻ അവനെ ശ്വാസം മുട്ടിച്ചു കൊന്നതു്? എങ്ങനെ ഭീമൻ കൊലക്കുറ്റത്തിൽ നിന്നു് രക്ഷ നേടി? എന്നെ കീചകചിതയിലേക്കു് എറിയാൻ ആരാണു് പാണ്ഡവരിൽ ഉത്സാഹിച്ചതു്? പരുക്കൻ ഭീമഹസ്തങ്ങൾ വായും മൂക്കും പൊത്തിപ്പിടിച്ചു പ്രിയകീചകനെ കൊല്ലുന്നതു വിഭാവന ചെയ്യുമ്പോളെല്ലാം, കൊലപ്പുള്ളിയെ പിൽക്കാലത്തു ഞാൻ നിസ്സാരകാര്യങ്ങൾക്കു കഠിനമായി ശിക്ഷിച്ചിട്ടുണ്ടു്. പാപം ചെയ്ത ആ കൈകൾ എന്റെ ശരീരം സ്പർശിക്കാൻ സമ്മതിക്കാതെ, അകന്നു മാറി കിടന്നിട്ടുണ്ടു്. അതൊന്നും പോരാ എന്നു് തോന്നും. അന്വേഷണബുദ്ധിയോടെ തിരക്കി ഒരുനാൾ വ്യാസൻ എല്ലാം പറയുമോ? അതോ, നിങ്ങൾ കാര്യം കണ്ടെത്തി ഭാവിതലമുറയെ സത്യം അറിയിക്കുമോ?”

“നകുലനും സഹദേവനുമായി നിങ്ങൾ മൂന്നു കൗന്തേയർക്കു് കുടിപ്പക ഉണ്ടെന്നു തോന്നുന്നല്ലോ പെരുമാറ്റം കാണുമ്പോൾ? ഒന്നുമല്ലെങ്കിലും അർദ്ധസഹോദരർ അല്ലേ?” കൊട്ടാരം ലേഖിക മുതിർന്ന പാണ്ഡവനോടു് ചോദിച്ചു.

“അമ്മയും അച്ഛനും വേറെ വേറെ ആയ ഞങ്ങൾ എങ്ങനെ അർദ്ധരും പൂർണരും ഒക്കെ ആവും? രണ്ടാമത്തെ കാര്യം, വീട്ടിനകത്തു് പൊതുഭാര്യ പാഞ്ചാലിയാൽ ഞങ്ങൾ ബന്ധിതരായി എന്നതല്ലേ കൂടുതൽ ശരി? ഒരു ദിവസം ഞാൻ ഊഴമനുസരിച്ചു കിടപ്പറയിൽ കയറിയപ്പോളുണ്ടു്, നകുലനും സഹദേവനും അവൾക്കൊപ്പം പായിൽ കിടന്നു ആർമാദിക്കുന്നു. എന്തുണ്ടു് വിശേഷം എന്നു് ഞാൻ വെപ്രാളം മറച്ചു കുശലം ചോദിച്ചപ്പോൾ, “ഈ രണ്ടു മാദ്രിക്കുട്ടികളുടെ ഓരോ കുസൃതികൾ” എന്നു് പറഞ്ഞു അലസമായി തുണി വാരിയുടുത്തു പാഞ്ചാലി മുറി വിട്ടിറങ്ങി. ആ രാത്രി തകർന്നുടഞ്ഞതു് എക്കാലവും കെട്ടിപ്പൊക്കി നിർത്തിയ എന്റെ അഭിമാനമായിരുന്നു”, യുധിഷ്ഠിരൻ വിതുമ്പി.

“വംശഹത്യ ചെയ്തു കൗരവരെ ഭൂമുഖത്തു നിന്നു് തുടച്ചുനീക്കിയ നിങ്ങളെ യുദ്ധക്കുറ്റവാളികളായി പൊതുനിരത്തിൽ വിചാരണ ചെയ്തു ആൾക്കൂട്ടക്കൊലക്കു ഇരയാക്കുമെന്നു ചാർവാകൻ പരസ്യവേദിയിൽ ഇന്നലെ രാത്രി ആഞ്ഞടിച്ചതൊന്നും ഭരണകൂടശ്രദ്ധയിൽ പെട്ടില്ലേ?” കൊട്ടാരം ലേഖിക ഔദ്യോഗിക വക്താവിനോടു് ചോദിച്ചു.

“എന്നിട്ടും അയാൾ പ്രതികാര നടപടിക്കു് വിധേയമായില്ല എന്നതു് ഞങ്ങളുടെ തലപ്പാവിനു ഒരു പൊൻതൂവൽ തന്നെ എന്നു് നിങ്ങൾക്കിപ്പോൾ മനസ്സിലായില്ലേ. അതാണു് സ്വാതന്ത്രസമൂഹം എന്ന പാണ്ഡവഭരണകൂടഹസ്തിനപുരി എന്നു് പറയുന്നതു്. പത്തിനു് താഴെയുള്ള നാലുകുട്ടികൾക്കു നേരത്തിനു അന്നം കൊടുക്കാതെ പട്ടിണിക്കിട്ടു നരകിക്കുന്ന ചാർവാകനെയല്ലേ കൊടും ഗാർഹികകുറ്റവാളി എന്ന നിലയിൽ വിചാരണ ചെയ്യേണ്ടതു്? എന്നാൽ സംഭവിക്കുന്നതെന്താണു്? കൊട്ടാരം ഊട്ടുപുരയിൽ പൊരിച്ച കാളത്തുടകൾ തിന്നു ആടിപ്പാടി നടക്കും. അതാണു് പണിയെടുക്കാത്തവനും പരദൂഷണം പറയുന്നവൾക്കും പരമസുഖം കിട്ടുന്ന ഹസ്തിനപുരിയുടെ സൗജന്യഭക്ഷ്യനയം.

“കൗരവരാജവിധവകൾ എന്ന സംജ്ഞയിൽ നൂറോളം വനിതകളെ മൂലക്കൊതുക്കുന്നതു് പാണ്ഡവഭരണകൂടം ഉടനടി നിർത്തണമെന്നു് നിങ്ങൾ പൂക്കാര തെരുവു് പ്രകടനത്തിൽ പറയുന്നതു് കേട്ടല്ലോ. അങ്ങനെ പറഞ്ഞാൽ എന്താണു് കുഴപ്പം?” കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു് ചോദിച്ചു.

“കാട്ടിൽ ജനിച്ചു വളർന്നു, ഇന്ദ്രപ്രസ്ഥത്തിൽ ഒരിടവേളയോഴികെ, കാട്ടിൽ വീണ്ടും ജീവിച്ച യുധിഷ്ഠിരനും മറ്റു പാണ്ഡവർക്കും ഹസ്ഥിനപുരിയുടെ നവ സംവേദനഭൂമികയുമായി വൈകാരിക ഇഴയടുപ്പം ഇല്ലെന്നു, കുറെയൊക്കെ സൗജന്യമായി ഞങ്ങൾ കണ്ടാൽ പോലും, ‘കുരുക്ഷേത്ര ഇരകൾ’ എന്ന വിശേഷണത്തിൽ കുറഞ്ഞ ഒന്നും ഞങ്ങൾക്കു് ഇന്നു് മുതൽ സ്വീകാര്യമല്ല. അധികാര ദുർമോഹത്തിൽ കൌരവരെ വംശഹത്യ ചെയ്ത പാണ്ഡവർക്കു് വിധിക്കേണ്ടതു് വധശിക്ഷയല്ലേ?”

2018-07-30

“പച്ചതുരുത്തും വന്മരക്കൂട്ടവും പരിപാലിച്ചിരുന്ന കൌരവരാജമന്ദിരങ്ങളെ നോക്കൂ. സംരക്ഷിതവന പ്രകൃതിയെ പരിലാളിച്ചായിരുന്നു, നൂറോളം ദേശരാഷ്ട്രങ്ങളിൽ നിന്നു ഹസ്തിനപുരിയിലേക്കു് വന്ന രാജവധുക്കൾ, ഓരോ വസന്തകാലത്തും ഹൃദ്യപ്രകൃതിയുടെ വിസ്മയദൃശ്യങ്ങളാൽ പൊട്ടിത്തരിച്ചതും കുട്ടികൾക്കൊപ്പം നൃത്തം ചെയ്തു പൊട്ടിച്ചിരിച്ചതും. പാണ്ഡവ ഭരണകൂടം കൗരവകുടുംബങ്ങൾക്കെതിരെ കുരുക്ഷേത്രാനന്തര പ്രതികാരനടപടിയിൽ രാജവിധവകളെ പാതിരാവിൽ ബലം പ്രയോഗിച്ചു കുടിയോഴിച്ചു വസതി ആയുധപ്പുരയാക്കിയപ്പോൾ എന്തു് സംഭവിച്ചു? അതു് ഞങ്ങൾ ഇന്നു് വിശദീകരിക്കാം. ‘ഹസ്തിനപുരി പത്രിക’ പനയോലകളിൽ രേഖപ്പെടുത്തിയ സമീപകാല ചരിത്രമുണ്ടു്, ‘എന്റെ കൂടെ വരൂ’ കൊട്ടാരം ലേഖിക, തക്ഷശിലയിൽ നിന്നു് വന്ന മുതിർന്ന വിദ്യാർത്ഥികളോടു് പത്രിക കാര്യാലയമന്ദിരത്തിലേക്കു വിരൽ ചൂണ്ടി. പെരുമരത്തിന്റെ മറവിൽ പാണ്ഡവ ചാരവകുപ്പു് മേധാവി, വിദ്യാർത്ഥികളുടെ പൊതുവിവരങ്ങൾ കുറിച്ചു.

“കിടങ്ങു നിറഞ്ഞു കവിഞ്ഞു ചീങ്കണ്ണി പുറത്തുചാടിയപ്പോഴാണോ ഹസ്തിനപുരി പ്രളയബാധിതമെന്നു ഭരണകൂടത്തിനു് ബോധ്യമായതു്? ദുരിതമനുഭവിക്കുന്ന പ്രളയബാധിതരെ, ഒഴിഞ്ഞുകിടക്കുന്ന നൂറോളം കൗരവ രാജമന്ദിരങ്ങളിൽ താൽക്കാലികമായി പുനരധിവാസം ചെയ്തില്ലെന്നു മാത്രമല്ല, ദുരിതം നേരിട്ടറിയാൻ ഒന്നു് പോയി കണ്ടു, ഇരകൾക്കു പങ്കപ്പാടിനെകുറിച്ചു് മിണ്ടിപ്പറയാൻ അവസരം കൊടുത്തില്ലെന്നു നിങ്ങൾ വഴിനീളെ പിറുപിറുക്കുന്നതിന്റെ യുക്തിയെന്താണു്? ദുരൂഹത തുറക്കേണ്ടതു് ഭക്തിമാർഗം കൊണ്ടല്ല യുക്തി വിചാരം കൊണ്ടാവണമെന്നു ബോധനം ചെയ്യുന്ന സാംസ്കാരിക നായകനല്ലേ?” കൊട്ടാരം ലേഖിക ചാർവകനോടു് ചോദിച്ചു.

“വെള്ളം കണ്ടാൽ നിൽക്കുന്ന കുതിര വലിക്കുന്ന രഥം മാറ്റിവച്ചു, നടന്നു ചെന്നുകൂടെ പന്ത്രണ്ടു വർഷം നഗ്നപാദരായി വനമേഖലയിൽ കൗരവഅടിമകളായി രുന്ന പാണ്ഡവർക്കു്? നിങ്ങൾ പോയി കണ്ടിരുന്നില്ലേ അക്കാലത്തെ പാഞ്ചാലിയുടെ ദുരിതം? വഴിയോരങ്ങളിൽ കാണുന്ന രോഷവും ദുഖവും യുധിഷ്ഠിരനെ സ്ഥാനഭ്രുഷ്ടനാക്കാൻ കൗരവവിധവകൾക്കു വേണ്ടി പൊതുസമൂഹം ഗൂഢാലോചന ചെയ്യുന്നതിന്റെ ദുശ്യാവിഷ്കാരമാണെന്നു സ്വയം വിലയിരുത്തി, അന്തഃപുരത്തിൽ പാഞ്ചാലിയുമൊത്തു ചൂതാട്ടത്തിൽ നൈപുണ്യവികസനം നേടുന്നവർ എന്തിനു കാലിൽ ചെളിവെള്ളം തട്ടിക്കണം?” വായടക്കുമ്പോഴേക്കും, മുഖംമൂടി ധരിച്ച സൈനികൻ കഴുത്തിലൂടെ കയറിട്ടു കുരുക്കി ചാർവാകനെ കഴുതപ്പുറത്തേക്കെറിഞ്ഞു യാത്രയായി.

“തലവെട്ടാൻ കിട്ടിയ അവസരം എന്നാണോ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. പുഴയോരചിതയിൽ കർണ്ണൻ കത്തിത്തീരുന്ന വൈകിയ രാത്രി. കുരുക്ഷേത്ര.

“കർണ്ണവധം എനിക്ക്സ്വത്തുതർക്കമല്ല. അഭിമാന കൊലയായിരുന്നു.”

“പുതുതലമുറ കൗരവരാജകുമാരിയെ പാഞ്ചാലി മുഖത്തു് ചവിട്ടി എന്നൊരു പൊള്ളുന്ന വാർത്ത പരക്കുന്നുണ്ടല്ലോ. അവിശ്വസനീയമായി തോന്നിയെങ്കിലും, ഇര പൊതുവേദിയിൽ വിലപിച്ചുവന്നപ്പോഴാണു് മഹാറാണിയുടെ പാദരക്ഷ കവിളിൽ പതിഞ്ഞതു് ബോധ്യമായതു്. കൗരവ രാജസ്ത്രീകളും പെൺകുട്ടികളും രാജവീഥിയിലൂടെ ഇരയെ കഴുതപ്പുറത്തിരുത്തി നഗരം ചുറ്റുന്നു. ഖേദം പ്രകടിപ്പിക്കാൻ ഒന്നും ഇല്ലേ?” കൊട്ടാരം ലേഖിക ഔദ്യോഗികവക്താവിനോടു് ചോദിച്ചു.

“വസ്തുതകൾ ചോദിച്ചറിയാതെ പതിവു് പോലെ നിങ്ങൾ കാള പെട്ടെന്നു് കേട്ടപ്പോൾ കയറെടുക്കുന്ന പത്രപ്രവർത്തനമാണല്ലോ ഈ പരിഷ്കൃതസമൂഹത്തിലും ചെയ്യുന്നതു്. ഹസ്തിനപുരിയുടെ കുരുവംശ പഴമയിൽ നിന്നു് അളിഞ്ഞതിനെ മാത്രം തപ്പിയെടുത്തു് അതെന്തോ വലിയ സംസ്കാരമാണെന്നു് പറഞ്ഞ് ഇക്കാലത്തു അടിച്ചേൽപ്പിക്കാൻ നോക്കുകയാണു് സത്യവതി നടപ്പിലാക്കിയ ഈ നിന്ദാർഹമായ ആചാരം. യുദ്ധം കഴിഞ്ഞിട്ടും കൗരവക്കുട്ടികൾ കൊട്ടിഘോഷിച്ചു് പുനരാനയിക്കുന്ന പഴയ കാല ജീർണ്ണിപ്പു മാത്രമായിരുന്നു അന്തഃപുരത്തിൽ വന്നു മഹാറാണിയുടെ കാൽ തൊടൽ. പുത്തനാശയങ്ങൾ പ്രചരിപ്പിക്കുന്ന സ്ത്രീപക്ഷവാദി പാഞ്ചാലി ഒരു മാതൃകാ ശിക്ഷ എന്ന നിലയിൽ ആദ്യം വന്ന കുട്ടിയുടെ മുഖത്തൊരു ചവിട്ടു കൊടുത്തതോടെ അതു് നിലവിളിച്ചു പാഞ്ഞതു് ഉടനടി ഗുണം ചെയ്തു. നൂറുകണക്കിനു് കുട്ടികൾ ഭയത്തിൽ വരി വിട്ടു തിരിഞ്ഞു നടന്നു. ഇനിയാരും കാലിൽ തൊട്ടു വണങ്ങേണ്ടതില്ലെന്നു രാജമുദ്ര ചാർത്തിയ കൽപ്പന ഇറങ്ങി. ബഹുമാനം കാണിക്കാൻ മുട്ടുകുത്തി നിന്നാൽ മതി. മുട്ടിൽ ഇഴയുന്നതും നിരോധിച്ചിട്ടില്ലല്ലോ.”

“രഹസ്യസ്വഭാവമുള്ള ദാമ്പത്യപ്രശ്നങ്ങൾ നീ കൊട്ടാരം ലേഖികയുമായി പങ്കുവെക്കുന്നതു് ശ്രദ്ധയിൽ പെട്ടു. ഇതെങ്ങനെ സാധൂകരിക്കുന്നു? പരാശക്തിയുടെ പ്രതിനിധിയൊന്നുമല്ലല്ലോ പത്രപ്രവർത്തക? എങ്കിൽ മനസ്സിലാക്കാം, പാപമോചനത്തിനാണു് അവൾക്കു മുമ്പിൽ നീ ഉള്ളു തുറക്കുന്നതെന്നു. കൊട്ടാരം ലേഖികയോടു് സംസാരിച്ചാൽ ഹൃദയവിശുദ്ധീകരണം തരമാവുമെന്നു മോഹിക്കാൻ മാത്രം സരളഹൃദയയല്ല നീഎന്നു് അഞ്ചു ഭർത്താക്കന്മാർക്കും അറിയാം. ആ യുവലേഖികയുടെ നിത്യവൃത്തി തന്നെ കൊട്ടാരം വിഴുപ്പുകെട്ടു പരിശോധിക്കുകയല്ലേ? അവളതു പനയോലകളിൽ നാരായം കൊണ്ടെഴുതി ഔദ്യോഗിക രേഖയാക്കിയാണു് ഹസ്തിനപുരിയിലേക്കു മടങ്ങി, പതിനഞ്ചോളം ചുവരെഴുത്തു പതിപ്പുകളിലൂടെ ‘വിഴുപ്പിൽ’ കൗതുകമുള്ള നഗരവാസികളെ അറിയിക്കുന്നതു്.” യുധിഷ്ഠിരന്റെ ശബ്ദത്തിൽ രോഷത്തെക്കാൾ ഖേദമായിരുന്നു. വനജീവിതത്തിലെ ദുരിതപർവ്വം.

“ഞാൻ പറയുന്നതു് വസ്തുതകളും കാഴ്ചപ്പാടുകളുമാണു്. നാളെ നിങ്ങൾ പനയോലയും നാരായവുമായി ബഹുഭർത്തൃത്വം സംവാദമാക്കിയാലും, പ്രതികരണം അതായിരിക്കും. നിങ്ങളതു് കുഴിച്ചിട്ടാലും പറക്കാൻ വിട്ടാലും.”

2018-07-31

“വെട്ടിയും ചവിട്ടിയും കൊല്ലാൻ പാണ്ഡവർ, ചാവാൻ കൗരവർ. എന്തു് കണക്കാണിതു്” കൊട്ടാരം ലേഖിക ചോദിച്ചു. അന്ത്യ യുദ്ധദിനം, കുരുക്ഷേത്രം.

“കൂട്ടിയും കിഴിച്ചും ഞാനും കൗരവരും എത്ര സൂക്ഷ്മതയോടെ പാണ്ഡവരെ വഴിയാധാരമാക്കാൻ ജീവിതകാലം ശ്രമിച്ചുവോ അത്രയും കുടിലതയോടെ പാണ്ഡവർ വനവാസക്കാലത്തു് ഞങ്ങൾക്കെതിരെ കളം വരച്ചിരുന്നു എന്നു് കണ്ടെത്താൻ കൗരവ ചാരസംവിധാനത്തിനു ഒത്തില്ലെന്നതാണെന്റെ പാളിച്ച”, തുടയിൽ മാരകമായ ഭീമഗദപ്രഹരമേറ്റു് ചളിയിൽകിടന്നു നിലവിളിക്കയായിരുന്ന ദുര്യോധനൻ ഒരു നിമിഷം ഹസ്തിനപുരി സിംഹാസനത്തിൽ ഇരിക്കുന്നപോലെ കൊട്ടാരം ലേഖികക്കു് മുമ്പിൽ നടിച്ചു.

“മനുഷ്യർക്കു് വയർ നിറയെ കഴിക്കാൻ വകയില്ലാത്ത കാലത്താണോ നിങ്ങൾ അഞ്ചു സിംഹങ്ങളെ വളർത്തുന്നതു്?”, കൊട്ടാരം ലേഖിക മഹാറാണിയോടു് ചോദിച്ചു, “കളിക്കുന്നതു കാണാനൊക്കെ രസമുണ്ടു് പക്ഷെ കൂട്ടം കൂടി ഗർജ്ജിച്ചാൽ എന്തുകൊടുക്കും വിശപ്പടക്കാൻ?”

“ഗോവധം നിരോധിച്ചതു് ഉപകാരമായി. അടുത്ത ഗ്രാമങ്ങളിലെ ക്ഷീരകർഷകർ ആദ്യമൊക്കെ പരിഭവിച്ചു പക്ഷെ സിംഹങ്ങളെ കണ്ടപ്പോൾ മാടുകളുമായി രാവിലെ തന്നെ കോട്ടവാതിലിനു മുമ്പിൽ വരി നിൽക്കും. കറവ വറ്റി കർഷക കുടുംബത്തെ പെടാപാടിലെത്തിച്ച മാടുകളെ എന്തു് തീറ്റ കൊടുത്തു ആയുഷ്കാലം മുഴുവൻ പരിപാലിക്കും എന്ന ഭയം ഇനി വേണ്ട. ഒരു സൗജന്യം മാത്രമേ ആ നിഷ്കളങ്ക ഗ്രാമീണർ കാലിൽ വീണു നമസ്കരിച്ചു ചോദിക്കൂ, വിശന്നു വലഞ്ഞ സിംഹങ്ങൾ ഗോക്കളെ പിച്ചിച്ചീന്തി തിന്നു വാലും തൊലിയും ബാക്കിയാക്കിയ ശേഷം വീണ്ടും കളിക്കാൻ പോവും വരെ ആ ദൃശ്യാനുഭവം അടുത്തുനിന്നു കാണാൻ പാറാവുകാർ അനുവദിക്കണം.”

Colophon

Title: Koṭṭāram lēkhikayuṭe abhimukhaṇgaḷ (ml: കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ).

Author(s): K P Nirmalkumar.

First publication details: Facebook as daily posts; Internet; 2016.

Deafult language: ml, Malayalam.

Keywords: Mahabharata retold, K P Nirmalkumar, Kottaram lekhikayude abhimughangal, കെ പി നിർമ്മൽകുമാർ, കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 15, 2022.

Credits: The text of the original item is copyrighted to K P Nirmalkumar. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: The Pandavas in King Drupad’s Court, a watercolor painting on gold paper from Kangra by anonymous (na). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: K P Nirmalkumar; Proofing: KB Sujith; Typesetter: Sayahna Foundation; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.