“രണ്ടു അമ്മമാരുടെയും രഹസ്യകാമുകന്മാരെ കണ്ടും മിണ്ടിയ ഓർമ ‘ഹസ്തിനപുരി പത്രിക’യുമായി പങ്കുവെക്കാമോ?”
“കുരുവംശത്തിലെ ദാമ്പത്യേതര സന്തതികൾ” എന്ന പ്രത്യേക പതിപ്പിനായി യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“എന്റെ അംഗീകൃത ബീജദാതാവു് കാലനെ കാണുകയോ, ഇനി കാണാൻ ആഗ്രഹിക്കയോ ചെയ്യുന്നില്ലെങ്കിലും, മറ്റു മാതൃകമിതാക്കൾ വരുമെന്നറിഞ്ഞാൽ വീടാകെ വസന്തകാലമാവും. കിടപ്പു രോഗി പാണ്ഡുവിനെ തൂക്കി ഞങ്ങൾ ചാച്ചുകെട്ടിയിൽ കിടത്തി കിടപ്പറകഴുകി ശുദ്ധി ചെയ്തു, ചെമ്പകപ്പൂക്കൾ എറിഞ്ഞലങ്കരിക്കും. വായു ഇന്ദ്രൻ അശ്വനിദേവതകൾ ഇവരൊക്കെ പതിവായി വരുമ്പോഴും പോവുമ്പോഴും, മിണ്ടിപ്പറയാൻ കൂടെ ഞാനുണ്ടാവുമെങ്കിലും, അണിഞ്ഞൊരുങ്ങിയ പെണ്ണുങ്ങൾക്കൊപ്പം അവർ കിടപ്പറയിൽ പ്രവേശിച്ചാൽ, പുറത്തു ആശ്രമപ്പടിയിൽ ജാഗ്രതയോടെ ഞാൻ കാവൽ നിൽക്കണമെന്നു കുന്തി ആജ്ഞാപിക്കും. പ്രണയപർവ്വം കഴിഞ്ഞു വിഷ്ടാതിഥികൾ വീടു് വിട്ടിറങ്ങുമ്പോൾ കാമുകർ പതിവായി ചോദിക്കുന്ന കുസൃതിചോദ്യമുണ്ടു്, “പോരുന്നോ കൂടെ, നിന്റെ അച്ഛനായ കാലന്റെ വീട്ടിലേക്കു?””
“നൂറോളം വിവാഹിതകൗരവർ കൊട്ടാരസമുച്ചയത്തിൽ ദശാബ്ദങ്ങളായി കൂട്ടം ചേർന്നു് ജീവിതം ആസ്വദിക്കുമ്പോഴും, അവർക്കിടയിൽ വ്യാപകമായോ ഒറ്റപ്പെട്ടതോ ആയ പ്രകൃതിവിരുദ്ധരതിയെ കുറിച്ചൊരു ഊഹവും വാർത്തയും പൊലിപ്പിക്കാത്ത നിങ്ങൾ, എന്തുകൊണ്ടു് ബഹുഭർതൃത്വത്തിലേക്കു സാധാരണ കുടുംബ സാഹചര്യങ്ങളാൽ ഇരചേർക്കപ്പെട്ട എന്റെ ദാമ്പത്യത്തിലെ ലൈംഗികരഹസ്യങ്ങൾ ചൂഴ്‌ന്നെടുക്കാൻ, ഹസ്തിനപുരിയിൽ നിന്നു് കല്ലും മുള്ളും ചവിട്ടി ഇവിടെ വനവാസ ഇടത്തിലേക്കു് വരുന്നു എന്നതെനിക്കു് ദുരൂഹമായി തോന്നുന്നു. അനുബന്ധ പാണ്ഡവർ ഭർത്താക്കൾ അല്ല എന്നു് സങ്കല്പികമായി കരുതിയാലും, അവരാരെങ്കിലുമായി ഞാൻ വിവാഹബാഹ്യ ലൈംഗികതയ്ക്കു് ഉന്മേഷം കാണിക്കുമോ എന്നാണു് നിങ്ങളുടെ രോഗാതുര ചോദ്യമെങ്കിൽ, ഉത്തരം പറയാനുള്ള മനോനില എനിക്കില്ല. കാരണം, കൂടെ കിടന്നു രാപ്പനിയറിഞ്ഞവരെ ആരാണു് സങ്കൽപ്പരതിയിൽ ഇഷ്ടപങ്കാളിയാക്കുക?”
“പാഞ്ചാലയിൽ ആയുധമത്സരം ജയിച്ചു, സ്വയംവരം ചെയ്ത വധു, പിന്നീടു് നിങ്ങളുടെ അനുമതിയില്ലാതെ, മറ്റു പാണ്ഡവർക്കൊപ്പം ബഹുഭർത്തൃത്വം ആസ്വദിച്ചപ്പോൾ, തകർന്നുപോയോ പാർത്ഥന്റെ സ്വാർത്ഥഹൃദയം?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. ഹസ്തിനപുരിയിൽ ദുര്യോധനന്റെ ഔദാര്യത്തിൽ പാണ്ഡവർ നവവധുവുമൊത്തു അതിഥി മന്ദിരത്തിൽ കഴിയുന്ന ഇടവേള.
“വിസ്തൃതമായ ഫലവൃക്ഷ തോട്ടത്തിനു നടുവിൽ കുരുവംശത്തിന്റെ ഈ മനോഹര മന്ദിരം, പിന്നീടു് അതിഥി മന്ദിരമായപ്പോൾ മുതൽ, ഞങ്ങൾക്കു പരിചയമുണ്ടു്. ഇതു് ഇഷ്ടദാനമായി കിട്ടിയാൽ കൊട്ടാരസമുച്ചയത്തിൽ വേറെ വസതി കൗരവർ കണ്ടെത്തേണ്ടെന്നു് പാഞ്ചാലി നിർദേശിച്ചപ്പോൾ, ദുര്യോധനൻ ആരോടും ചോദിക്കാതെ അനുകൂലമറുപടി പറഞ്ഞതിന്റെ രഹസ്യം ഇപ്പോൾ പിടികിട്ടി. ബഹുഭർതൃത്വ കൂട്ടായ്മയിൽ അവനെ, പ്രത്യുപകാരമായി പാഞ്ചാലി, പ്രത്യേക അവകാശമുള്ള അംഗമാക്കണം. അതിനു പാഞ്ചാലിയും അനുകൂല മുഖഭാവത്തോടെ പ്രതികരിച്ചു എന്നാണു് തോഴി, വിവരം തന്നതു്!, കൂടുതൽ എന്നെക്കൊണ്ടു് പറയിച്ചാൽ പൊട്ടിത്തകരുക ഒരു ഹൃദയമാവില്ല!”
“കാഴ്ചവസ്തുവായിരുന്ന കൺകെട്ടു്, കാട്ടിലെത്തിയിട്ടും ഗാന്ധാരി അഴിച്ചിട്ടില്ല, ഉറച്ച കാൽവയ്പ്പുകളോടെ ഒരു കൈ അന്ധധൃതരാഷ്ട്രരെ മുറുകെ പിടിക്കുമ്പോൾ, മറുകൈ നിങ്ങളെ! മതി അരമന ആഡംബരജീവിതം, ഇനിയുള്ള കാലം വനവാസമെന്ന തീരുമാനത്തിൽ, അന്തിമപദയാത്ര ചെയ്തവശയായിട്ടും, കൈപിടിക്കാനൊരു ആൺതുണ വന്നില്ലേ, ആകാശങ്ങളിൽ ജീവിക്കുന്ന ആ പഴയ ലൈംഗിക പങ്കാളികൾ?” കാലൻ മുതൽ അശ്വിനിദേവതകൾ വരെ, വ്യത്യസ്ത പാണ്ഡവ പിതൃക്കളെ ഓർത്തു കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. വിവേകവചനത്തിന്റെ ആൾരൂപമായ വിദുരർ മൗനം പാലിച്ചു എങ്കിലും, സംഭാഷണം ശ്രദ്ധിച്ചു.
“പടിയിറങ്ങും മുമ്പു് സൂര്യൻ ധർമ്മദേവൻ വായു ഇന്ദ്രൻ തുടങ്ങി പ്രിയ ദേവതകൾ അൽപ്പനേരം പ്രത്യക്ഷം തന്നു. കായികക്ഷമതയില്ലാത്ത പാണ്ഡു നിസ്സഹായനായി കേണപേക്ഷിച്ചപ്പോൾ പരപുരുഷനിൽനിന്നും ബീജസംഭരണം വഴി മാത്രമേ മാതൃത്വം എന്ന പെണ്ണവകാശം സ്ഥാപിച്ചുകിട്ടു എന്നുഞാൻ അക്കാലത്തറിഞ്ഞു. പ്രലോഭനമന്ത്രങ്ങൾ മാദ്രിയുടെ അറിവോടെ ഉച്ചരിച്ചപ്പോൾ, ഓരോ ദേവതയും അടിവസ്ത്രങ്ങൾ ഇല്ലാതെ കാര്യമാത്രപ്രസക്തമായി വന്നു ഉടനടി ശരീരബന്ധത്തിനു വഴിപ്പെട്ടു, അതു വരെ അനുഭവിക്കാത്ത രതിമൂർച്ഛ, ആസ്വദിച്ചശേഷം ബീജധാനികൾക്കു കൃതജ്ഞത പ്രകടിപ്പിച്ചു പിരിഞ്ഞുപോയതാണു്. ഇപ്പോൾ എനിക്കു് വീണ്ടും പ്രത്യക്ഷം തന്നപ്പോൾ അവർ തിരുവസ്ത്രധാരികൾ. മാതൃത്വത്തിനുവേണ്ടി നീ യുവത്വത്തിൽ ഞങ്ങളെ പ്രലോഭിപ്പിച്ചു, സന്തതികൾക്കായി നിന്നിൽ ഞങ്ങൾ പ്രസാദിച്ചു. അതിലപ്പുറം എന്തു് ആൾതുണയാണു് നിന്റെ മർത്യ ജീവിതത്തിൽ ഇപ്പോൾ പ്രതീക്ഷിക്കുന്നതു് എന്നു് ചോദിച്ചവർ വഴിമാറി പോയി.”
“കുരുക്ഷേത്രയുദ്ധം ജയിച്ചെന്ന അവകാശവാദവുമായി അന്ധരാജാവിൽനിന്നും ചെങ്കോൽ പിടിച്ചുവാങ്ങി മുപ്പത്തിആറു് വർഷം ഹസ്തിനപുരി നിങ്ങൾ തികച്ചു ഭരിച്ചു എന്നു് ഔദ്യോഗിക രേഖകളിൽ കാണുന്നു. രാഷ്ട്രമീമാംസയിലും ദ്രൗപദീ ദാമ്പത്യത്തിലും വിരുദ്ധ നിലപാടുകളുള്ള നാലു അധികാരമോഹികൾ സഹോദരന്മാരായി ഉണ്ടായിട്ടും, ഒളിഞ്ഞും തെളിഞ്ഞും, സിംഹാസനത്തിനുവേണ്ടി അരമനയിൽ വിമതശല്യം ഉണ്ടാക്കിയില്ല എന്നോ? അതോ, യുധിഷ്ഠിരൻ മുളയിലേ എല്ലാം നുള്ളി ‘അമർച്ച’ ചെയ്തു എന്നോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“അഞ്ചുപേരുടെ വ്യക്തിഗത ലൈംഗിക രഹസ്യങ്ങൾ ദശാബ്ദങ്ങളായി സംഭരിച്ച പാഞ്ചാലിയുടെ മുമ്പിൽ അവസരം കിട്ടുമ്പോളെല്ലാം അടിയറവിൽ മുട്ടുകുത്തി ശീലിച്ച ഞങ്ങൾ പക്ഷേ, അവളുടെ സമഗ്രാധിപത്യ പ്രവണതക്കെതിരെ രഹസ്യ ചെറുത്തുനിൽപ്പിനു് ‘ഐക്യമുന്നണി’ ആയി പ്രവർത്തിച്ചിരുന്നു എന്നുനിങ്ങൾക്കറിയാമോ?, എന്നിട്ടും ഇത്രകാലവും അവളുടെ ബഹുഭർത്തൃത്വവുമായി സഹകരിച്ചു എങ്കിൽ, പരിശുദ്ധ പാഞ്ചാലിക്കു് പറയണ്ടേ നിങ്ങൾ ആദ്യം നന്ദി?”
“അവൾ കരുതലോടെ നിങ്ങൾക്കുവേണ്ടി ചെയ്ത ഒരു കാര്യം പെട്ടെന്നൊർക്കാമൊ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.
“പരീക്ഷിത്തിനു് ചെങ്കോൽ കൈമാറി, ഇനി പടിയിറങ്ങാമെന്ന തിരിച്ചറിവിലെക്കെന്നെ അവൾ നയിച്ച കാര്യം: കുരുവംശ വയോജനങ്ങൾ വനവാസത്തിനു പോവേണ്ടവരല്ല എന്ന സംവാദത്തിൽ പങ്കെടുത്തു അന്തഃപുരത്തിലേക്കു നടക്കുമ്പോൾ, ഉദ്യാനത്തിന്റെ അറ്റത്തൊരു പന്തലിൽ, നിലയിൽ വിറകുകെട്ടു ആട്ടിയായി സൂക്ഷിച്ചിരിക്കുന്നതു് കണ്ടു. പുകയുംചൂടും എത്താത്ത ദൂരത്താണു് ഊട്ടുപുര, “ഇതെന്താ വിറകൊക്കെ പതിവില്ലാതെ ഇവിടെ”? എന്നു് ഞാനവൾക്കു നേരെ വിരൽചൂണ്ടിയപ്പോൾ, “മഴക്കാലമല്ലേ വരുന്നതു്, പെട്ടെന്നു് നിങ്ങളിൽ ഒരാൾ കുഴഞ്ഞുവീണു കാലം ചെന്നാൽ, പുക ഉയരാതെ ശവദാഹം നടക്കാൻ വെയിലത്തുണക്കിയ വിറകിരിക്കട്ടെ എന്നുകരുതി”, അവൾ അകത്തേക്കു് കയറി. ആ നിമിഷം ഞാൻ തീരുമാനിച്ചു, ഇനിയൊരു ദിവസമെങ്കിൽ ഒരു ദിവസം വൈകാതെ ഈ മരണക്കെണിയിൽനിന്നും രക്ഷപ്പെടണം!”
“പാഞ്ചാലി ഞങ്ങൾക്കനുവദിച്ച പഴയ അഭിമുഖങ്ങളുടെ പനയോലക്കെട്ടെടുത്തു പൊടിതട്ടി വീണ്ടും വായിച്ചു. ഭർത്താക്കന്മാർ കൊള്ളാം എന്ന ധ്വനിയുണ്ടു്. എന്നാൽ ചൂതുകളിയിൽ തോറ്റു കാട്ടിൽ കൗരവഅടിമകളായ ശേഷം തന്ന അഭിമുഖങ്ങളിൽ പതഞ്ഞു പൊങ്ങുന്നതോ ഭർത്തൃനിന്ദ, അതെന്താ അങ്ങനെ?”, യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു. വനവാസക്കാലം.
“കുടിയേറ്റക്കാലത്തു ഞങ്ങൾ ചെയ്ത രാജസൂയ യാഗത്തിൽ, ചക്രവർത്തിനിപദവിയെ കുറിച്ചു് പാഞ്ചാലിക്കു് പ്രത്യാശ നൽകുന്ന ഉദയസൂര്യനായിരുന്ന ഞാൻ. ഇന്നു്, കൗരവഅടിമയെന്ന നിലയിൽ, വരുംകാലത്തെക്കുറിച്ചു ഭീതിനൽകുന്ന ധൂമകേതു!”
“ഒരു ദുരൂഹമരണം പോലും ജനശ്രദ്ധ നേടിയ മഹാനഗരത്തിൽ, അഞ്ചു മരണങ്ങളും ഒരു തിരോധാനവും ഭരണകൂടശ്രദ്ധയിൽ ഞാൻ പെടുത്തിയിട്ടും, അനങ്ങുന്നില്ലല്ലോ ആരും?”, കൊട്ടാരം ലേഖിക പുതിയ ഹസ്തിനപുരി രാജാവു് പരീക്ഷിത്തിന്റെ അരമന സർവ്വാധികാരിയോടു് ചോദിച്ചു, “പ്രതിഷേധജ്വാലയുമായി കോട്ട വാതിലിൽ സംഘടിച്ചുവന്നു തട്ടണോ പൊതുസമൂഹം?”
“സമാനരീതിയിൽ അഞ്ചുപേർ ഒന്നൊന്നായി കുഴഞ്ഞു വീണു മരിച്ചു എന്ന നിങ്ങളുടെ കണ്ടെത്തലിൽ തുടർഅന്വേഷണത്തിനു് രാജാവു് ഇന്നലെ രാത്രി തന്നെ ഉത്തരവിട്ടു. പരേതരുടെ ഭൗതികാവശിഷ്ടങ്ങൾ മലഞ്ചെരുവിൽനിന്നും നിന്നു് ഹസ്തിനപുരിയിലേക്കു് കഴുതപ്പുറത്തു കൊണ്ടുവരേണ്ട പ്രായോഗിക അസൗകര്യം കണക്കിലെടുത്തു, രണ്ടു ജഡവിദഗ്ദർ നാളെ രാവിലെ യാത്രതിരിക്കും. മറവു ചെയ്ത ഇടം കാണിച്ചുകൊടുക്കാനും മണ്ണു് മാന്തി പുറത്തെടുക്കാനും, വഴി നയിക്കാനും നിങ്ങൾ, കൊട്ടാരം ലേഖിക, തന്നെ യോഗ്യ എന്നു് രാജാവിനു് ബോധ്യമുണ്ടു്. അഞ്ചുപേരെയും വിടാതെ പിന്തുടർന്നു് അഭിമുഖം ചെയ്യുകയും, മരണമെത്തുന്ന നേരത്തു അരികിലുണ്ടാവുകയും ചെയ്ത അതേ നിങ്ങൾ! ആറാമത്തെയാളുടെ തിരോധാനവും അന്വേഷണത്തിനു് വിധേയമാകും. ഓരോരുത്തരും കുഴഞ്ഞുവീഴുമ്പോൾ, തിരിഞ്ഞു നോക്കാതെ കാൽ മുന്നോട്ടുവച്ചയാൾ എന്ന നിങ്ങളുടെ വാർത്ത അതർഹിക്കുന്ന കാഴ്ചപ്പാടിലൂടെ വിദഗ്ധസംഘം പരിഗണിക്കും. അരമനവാർത്ത അതിശയോക്തിയിൽ അവതരിപ്പിക്കുന്ന കൊട്ടാരം ലേഖിക, ഉടൻ വിദഗ്ധസംഘത്തിനു മുമ്പിലെത്തി പൂർണ്ണസഹകരണം കൊടുക്കാനും രാജകൽപ്പന ആവശ്യപ്പെടുന്നു. അനുസരിക്കുക—വഴിയിൽ നിങ്ങൾ ‘കുഴഞ്ഞു വീഴാ’തിരിക്കാൻ. പടിയിറങ്ങിപ്പോയവർ ഭാവിജീവിതം മാത്രമല്ല അവരുടെ മരണവും ശവസംസ്കാരവും പ്രകൃതിക്കു വിട്ടുകൊടുക്കുക എന്നതാണിവിടെ സത്യവതിയുടെ കാലം മുതൽ ചിട്ട, നിങ്ങൾ ഇടപെട്ടതുകൊണ്ടു് അവസാനം വരെ നിങ്ങൾ വിദഗ്ധർക്കു് സേവനദാതാവായിരിക്കട്ടെ.”
“പെണ്ണുടൽ കാമനയോടെ തൊട്ടാൽ നീ മരിക്കട്ടെ” എന്ന ‘മുനിശാപം’, നാട്ടിലല്ല കാട്ടിലായാലും ഫലിക്കില്ലേ? ഔപചാരിക സ്ഥാനത്യാഗത്തിനു മെനക്കെടാതെ ചെങ്കോലും തിരുവസ്ത്രവും അന്ധസഹോദരനു നേരെ എറിഞ്ഞു, പാണ്ഡുവും നിങ്ങളും ഇത്ര ധൃതിയിൽ നാടുവിട്ടതെന്തു കൊണ്ടായിരുന്നു?, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. കായികക്ഷമതയില്ലാത്ത പാണ്ഡുവിനെ നോക്കുകുത്തിയാക്കി കുന്തി, പ്രലോഭനത്തിലൂടെ പുതു പുരുഷബന്ധം സ്ഥാപിച്ചെടുക്കുന്ന സംഘർഷകാലം. കാട്ടിൽ ഒരു കൊച്ചുകുടിലിൽ ഇളമുറ മാദ്രിയുമൊത്തായിരുന്നു മുൻ മഹാറാണിയുടെ താമസം.
“ബ്രഹ്മചര്യം ആജീവനാന്തം ‘ഉറപ്പുവരുത്താ’നുള്ള പിതാമഹന്റെ നീണ്ടകാല രതിപരീക്ഷണത്തിൽ, “എന്റെ ഉറക്കറയിൽ നിനക്കു് പങ്കാളിയാവാമോ?”, എന്ന ഭീഷ്മനിർദേശം വന്നപ്പോൾ ഞാൻ ഞെട്ടി. മഹാറാണിയെ ആണു് ഭീഷ്മർ നിർല്ലജ്ജം ക്ഷണിക്കുന്നതു്! ചാരിത്ര്യമൂല്യങ്ങൾ ഉൾപ്പെടെ പലതിലും പുനഃപരിശോധന വേണ്ടിവരുന്ന പ്രതിസന്ധി. വിവാദ കാശിരാജകുമാരികളായ അംബികയും അംബാലികയും, അകാലത്തിൽ വിധവകളായപ്പോൾ, ഭീഷ്മരുടെ ബ്രഹ്മചര്യപരീക്ഷണങ്ങൾ സഹിക്കാനാവാതെ പടിവിട്ടിറങ്ങിയതു് കാട്ടിലേക്കല്ലേ? ശന്തനു മരിച്ചപ്പോൾ, വിധവ സത്യവതി, ഭീഷ്മരുടെ കിടപ്പറക്കൂട്ടു എന്ന നിർദേശത്തിനെത്രകാലം വഴങ്ങിക്കൊടുത്തു എന്നറിയാൻ അരമനചുവരുകൾക്കു ചെവിയുണ്ടായിരുന്നു. ഉറക്കറയിലെ സഹവർത്തിത്വമാണു് ഉന്നമെന്നു പിതാമഹൻ ഇരുകൈകളും ഉയർത്തി രാജകീയ ഭാവങ്ങളോടെ വിസ്തരിച്ചു പറയുമെങ്കിലും, ഉറക്കത്തിലെന്നപോലെ ഇടയ്ക്കിടെ ഞങ്ങളുടെ മേനി തൊടും, തലോടും, തരം കിട്ടിയാൽ വിവസ്ത്രയുമാക്കും. ഒരുമിച്ചു വേണം നാം നിത്യവും കുളിക്കാനെന്നുകൂടി നിർദേശിക്കും. അടിയറവുള്ള അനുസരണയിൽ കവിഞ്ഞൊരു നിഷേധപ്രതികരണവും പിതാമഹനു സ്വീകാര്യമല്ലെന്നറിയിക്കും. കല്ലേപ്പിളർക്കുന്ന കൽപ്പന പുറപ്പെടുവിക്കുന്ന ‘വലിയ തമ്പുരാൻ’ എന്നൊരു അരമനപ്രതിച്ഛായ നിലനിർത്തി, സ്വയം ബ്രഹ്മചാരിയെന്നു ഇടയ്ക്കിടെ വിശേഷിപ്പിച്ചിരുന്നെങ്കിലും, കരൾ നിറയെ പുകഞ്ഞുയർന്നതു വന്യരതി. നിസ്സഹായരായ ഞങ്ങളിലൂടെ ആ ‘പരീക്ഷണകുതുകി’ സാക്ഷാത്ക്കരിച്ചിരുന്നതു് കാരിരുമ്പിന്റെ കരുത്തുള്ള ബ്രഹ്മചര്യം. കൂടുതൽ ഞാനെന്തെങ്കിലും ഈ സമയത്തു പറഞ്ഞാൽ കുരുവംശ ചരിത്രത്തിന്റെ താളം തെറ്റും. പ്രലോഭനമന്ത്രം പ്രയോഗിക്കാനുണ്ടു് തടസ്സപ്പെടുത്തരുതു്.”
“ഗാന്ധാരി നിങ്ങളെക്കുറിച്ചെന്തോ അപമാനകരമായി സംസാരിച്ചല്ലോ?”. കുടിയൊഴിപ്പിക്കലിനുശേഷം പുനരധിവാസകേന്ദ്രത്തിൽ കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു് ചോദിച്ചു.
“എന്തായിരുന്നു അമ്മ ഗാന്ധാരി ദുഃഖത്തിൽ എന്നെക്കുറിച്ചു പറഞ്ഞതു്! എന്നാൽ, ഞാൻ ചോദിച്ചു യുധിഷ്ഠിരൻ ശരിക്കും യുദ്ധം ജയിച്ചുവോ? അക്കാര്യത്തിൽ എനിക്കു് ന്യായമായ സംശയമുണ്ടു്. ദുര്യോധനന്റെ മാതൃരാജ്യമായ ഗാന്ധാരയിൽ നവവിവാഹിതരെന്ന നിലയിൽ ഞങ്ങൾ വിരുന്നുതാമസിക്കുമ്പോൾ, ചെങ്കുത്തായ മലഞ്ചെരുവിലൂടെ സാഹസികയാത്ര ചെയ്യാൻ ഇഷ്ടപ്പെട്ട എന്റെ ഭർത്താവു്, കുരുക്ഷേത്രയിലെ ചതുപ്പുനിലത്തിൽ കാലുകൾതാണു് മേലനങ്ങാനാവാതെ മാംസഭുക്കുകൾക്കു തീറ്റയാവേണ്ട ആളായിരുന്നില്ല. അധികാരമോഹത്തിന്റെ മലമടക്കുകളിൽ ഏതു നിമിഷവും വീഴാവുന്ന കരിമ്പാറക്കെട്ടുകളെ കുറിച്ചു് അശേഷം ഭീതിയില്ലാതെ, തലയുയർത്തിപ്പിടിച്ചു പ്രതിയോഗികളെ ശിക്ഷിച്ച ദുര്യോധനൻ, ഭീമഗദയുടെ പ്രഹരശേഷിയിൽ തുടയെല്ലു് പൊട്ടി കുഴഞ്ഞു വീണു ‘അമ്മാ അമ്മാ’ എന്നു് കരളലിയിക്കുന്ന വിധം നിലവിളി ച്ചു എന്ന യുധിഷ്ഠിരന്റെ അവകാശവാദം അംഗീകരി ക്കാൻ ആവുകയില്ല എന്നു് രാജസഭയിൽ ഞാൻ പറഞ്ഞു കരയുമ്പോഴാണു് സദസ്സിലുണ്ടായിരുന്ന ഗാന്ധാരി എന്നോടാജ്ഞാപിച്ചതു.”
“നീ വിധവ, നീ സൂക്ഷിച്ചു വാക്കുപയോഗിക്കണം നീ ഹസ്തിനപുരിയിൽ നിലക്കു് നിൽക്കണം, അല്ലെങ്കിൽ നിർത്തേണ്ടയിടത്തു ഞാൻ നിർത്തും, വിശ്വപ്രസിദ്ധമാവുമെന്നു ആഗോളതലത്തിൽ വിശ്വസിക്കപ്പെടുമെന്ന ഗാന്ധാരീവിലാപത്തെക്കാൾ ഉയരരുതു് ദുര്യോധനവിധവയുടെ വിലാപം!”
“പതിമൂന്നുവർഷത്തെ കഠിനപരീക്ഷണകാലം കഴിഞ്ഞു, ഹസ്തിനപുരി മഹാറാണിപട്ടം കിട്ടി. പദവി പങ്കിടാൻ മത്സരാർത്ഥികൾ ആരുമില്ലാതെ, അന്തഃപുരത്തിൽ നിങ്ങൾ ആധിപത്യം നേടി, എന്നിട്ടും തിരയടങ്ങുന്നില്ലേ കരളിൽ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. കുരുക്ഷേത്രക്കുശേഷം പാണ്ഡവ ഭരണകാലം.
“ദശാബ്ദങ്ങളായി ബഹുഭർത്തൃത്വത്തിൽ പീഡിപ്പിക്കപ്പെടുന്നവൾ, അതൊക്കെ സത്യാവസ്ഥയിൽ നോക്കുമ്പോൾ പതിമൂന്നു വർഷം മുമ്പൊരു സായംസന്ധ്യയിൽ കൗരവർ എന്നെ കോരിയെടുത്തു ചുമലിൽ ഇട്ടു സഭയിൽ കൊണ്ടുപോയി അരക്കെട്ടിൽ കൈവച്ചു് വിവസ്ത്രയാക്കാൻ ശ്രമിച്ചതൊക്കെ മൃദു ബാലവേല. അസംതൃപ്ത ലൈംഗികതയെ കൗരവർ ദുരുപയോഗം ചെയ്തതിനേക്കാൾ, പാണ്ഡവർ ചൂഷണം ചെയ്യാൻ ഞാൻ സമ്മതിച്ചിട്ടുണ്ടു് എങ്കിൽ അതു് ഇരവാദത്തിലല്ല, രതി ഞാനവർക്കുനേരെ ആയുധമാക്കിയ ഗൂഢ സന്തോഷത്തിലാണു്. ആണധികാരത്തിന്റെ മ്ലേച്ഛരൂപമായിരുന്നു പാഞ്ചാല രാജാവായ എന്റെ വളർത്തച്ഛൻ ദ്രുപദൻ. സ്വയംവരം എന്നൊക്കെ പറഞ്ഞാൽ നിങ്ങൾ ധരിക്കും, പ്രിയപ്പെട്ടവനെ വരിച്ചതു് ഞാൻ ആണെന്നു്. എന്നാൽ അതൊരു ആയുധമത്സരമായിരുന്നു. മത്സരം ജയിച്ചവനോടു് ഊരും പേരും ചോദിച്ചറിയാനുള്ള ഭരണകൂട ക്രമീകരണം പോലും ഇല്ലാത്ത പാഞ്ചാലൻ, എന്നെ കെട്ടിച്ചയച്ചതു അധ്വാനശീലരല്ലാത്ത ഒരു സംഘം അഭയാർഥികൾക്കും. വിവശയായ ഞാനപ്പോൾ പിടിച്ചുനിന്നതു് സൗന്ദര്യം കൊണ്ടുമാത്രം. ഏതു സമയത്തും ഏതു ‘നില’യിലും നീ വന്നാൽ പുതുമന്ദിരത്തിൽ പരിപാലിക്കും എന്നായിരുന്നു, നിങ്ങൾ പെട്ടെന്നു് തിരിച്ചറിയുന്ന നാടുവാഴി എന്നോടു് പറഞ്ഞതു്. “നിന്റെ അന്തഃപുരത്തിലെ ആൾക്കൂട്ടം ഒന്നൊഴിയട്ടെ” എന്നുപറഞ്ഞു ഞാനവന്റെ പിടിയിൽനിന്നും ഊർന്നുപോയിട്ടും, വസ്ത്രാക്ഷേപ സഭയിൽ ഭൗതികമായി ഇല്ലാതിരുന്ന അവൻ, വിലാപം കേട്ടു് എനിക്കു് ദൂരെ ദൂരെ നിന്നും ഊരി എറിഞ്ഞതു് അവന്റെ പട്ടുടയാട ആയിരുന്നു!”
“അഭയാർഥികളായി വന്ന മുതൽ കൗരവസഹോദരന്മാരെ ശത്രുപക്ഷത്തുനിർത്തി, പതുങ്ങിയും പൊരുതിയുമല്ലേ നിങ്ങളഞ്ചുപേരുടെ സാഹസികജീവിതം മുന്നോട്ടു് പോയതും, കുരുക്ഷേത്രയിൽ യുദ്ധം ചെയ്തു, ഹസ്തിനപുരി പിടിച്ചെടുത്തതും? ആജീവനാന്തശത്രുവിന്റെ ഭൗതികസാന്നിധ്യം ഏതുവിധവും ഇനിയുള്ള കാലം നിലനിർത്തുന്നതിൽ നിക്ഷിപ്തതാൽപ്പര്യം ഉണ്ടാവുന്നതിനു പകരം, പോർക്കളത്തിൽ അവരെ ഓടിച്ചിട്ടു് പിടിച്ചു ഉൽമൂലനം ചെയ്തു, ഭൂമുഖത്തുനിന്നു തുടച്ചുമായ്ച്ചല്ലോ നിങ്ങൾ! യുദ്ധതന്ത്രം മെനയുമ്പോൾ ഇതൊന്നും കൗന്തേയർ ഓർത്തില്ല എന്നതു് മനസ്സിലാക്കാം, മാദ്രിയുടെ മകൻ നകുലൻ എങ്കിലും ഓർമ്മിപ്പിച്ചില്ലേ?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.
“കൗരവരെ നാനാവിധം കൊന്നു ഉയിരെടുത്തുകാണിച്ചാൽ പാഞ്ചാലി പ്രീതികാട്ടുമെന്നായിരുന്നു ധാരണ. ഓരോ കൗരവനെയും കഴുത്തറത്തു ചുടുചോര കൈക്കുമ്പിളിൽ കോരി കാണിച്ചപ്പോൾ, നോക്കിയില്ലെന്നു് മാത്രമല്ല, ക്രുദ്ധയായി മിണ്ടാട്ടം നിർത്തിയതാണു്. മുഴുവൻ കൗരവരെയും ഒരുമിച്ചു കശാപ്പു ചെയ്യരുതു്, തളർത്തിയും വളർത്തിയും ശത്രുനിര സജീവമാക്കിയും, അവരുടെ ശിഷ്ടകാലം സുരക്ഷിതമാക്കുന്നതാണു് വിവേകം: മാദ്രിപുത്രൻ രഹസ്യമായി എനിക്കു് തന്ന ഈ ഓർമ്മപ്പെടുത്തൽ, പാഞ്ചാലിയെ പ്രലോഭിപ്പിക്കാനുള്ള ആവേശത്തിൽ ഞാൻ അവഗണിച്ചുവോ! ഭരണകൂടത്തിലെ മറ്റുനാലുപേരും, പാഞ്ചാലിയും കിരീടാവകാശി പരീക്ഷിത്തും, അവന്റെ അമ്മയും എല്ലാം കൂടിച്ചേർന്ന ആവാസവ്യവസ്ഥയിൽ ആയുസ്സോടെ എല്ലാവരും ഇരിക്കുന്നിടത്തോളംകാലം പരസ്പരം ശത്രുക്ഷാമം അനുഭവപ്പെടുകയില്ല എന്നാണു് നകുലൻ ആശ്വസിപ്പിക്കുന്നതു്!”
“പരസ്ത്രീകാമന എന്ന ചെടിപ്പുണ്ടാക്കുന്ന പദമുപയോഗിച്ചു നിങ്ങൾ പാണ്ഡവരെ പ്രതിക്കൂട്ടിൽ പൊരിക്കുന്നു എന്ന പരാതിയിൽ കഴമ്പുണ്ടോ?”, കൊട്ടാരം ലേഖിക ചോദിച്ചു. പാഞ്ചാലിയുടെ ഇന്ദ്രപ്രസ്ഥം കൊട്ടാരജീവിതത്തിന്റെ അന്ത്യനാളുകൾ. ചൂതാട്ടത്തിനു ക്ഷണപത്രവുമായി സന്ദേശവാഹകൻ ഹസ്തിനപുരിയിൽനിന്നും യാത്ര പുറപ്പെട്ട ദിനം.
“രതിവേളയിലെ ചുണ്ടുകോർക്കലുകൾക്കിടയിൽ സ്വയമറിയാതെ പാണ്ഡവ അധരങ്ങൾ വെളിപ്പെടുത്തുന്ന പെൺപേരുകൾ മാത്രമേ എനിക്കറിയാവൂ. മൊത്തം ഭർത്താക്കന്മാരുടെ, ഇരുൾമൂടിയ അന്തർമണ്ഡലത്തിൽ വിഹരിക്കുന്നവർ എനിക്കജ്ഞാതർ!”
“ഒരു ദിവ്യായുധം കിട്ടിയാൽ യുദ്ധം ജയിക്കാമായിരുന്നു എന്നു് നിങ്ങൾ മോഹിക്കുമ്പോൾ, കൗരവരോ! ചെറുകൂട്ടങ്ങളായി ഗ്രാമ ഗ്രാമാന്തരങ്ങളിൽ കന്നുപൂട്ടുന്നവരെയുംഇറച്ചിവെട്ടുന്നവരെയും സൈന്യത്തിൽ കൂലിപ്പടയാളികളായി ചേർക്കുകയാണു്”, കൊട്ടാരം ലേഖിക അർജ്ജുനനോടു് പറഞ്ഞു. വിരാടരാജ്യത്തിലെ ഉപപ്ലവ്യ സൈനിക പാളയം.
“കൗരവസൈന്യത്തിൽ ചേരാൻ മടിക്കുന്ന കൊച്ചുകുട്ടികളെ ബലം പ്രയോഗിച്ചു കുരുക്ഷേത്രയിലേക്കു കടത്തുവാൻ കൗരവർ എന്തു് പിഴച്ചവഴിയാണു് തേടുന്നതെന്നറിയുംമുമ്പു് നിങ്ങൾ ‘ഗ്രാമങ്ങളിൽനിന്നും’ ഹസ്തിനപുരിയിലേക്കു മടങ്ങിയതാണു് കഷ്ടം!”
“ഒന്നിനൊന്നു വ്യത്യാസപ്പെട്ട അഞ്ചു വ്യത്യസ്ത ജന്മദിനസമ്മാനങ്ങൾ ഓരോ വർഷവും ഭർത്താക്കന്മാർക്കായി കണ്ടെത്തണം, അപ്പോൾ സംഘർഷം തോന്നാറുണ്ടോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു, ഇന്ദ്രപ്രസ്ഥത്തിലെ കുടിയേറ്റക്കാലം.
“എന്നാൽ, എന്റെ ജന്മദിനത്തെകുറിച്ചു് പാണ്ഡവരുടെ തീരുമാനം സംഘർഷരഹിതമായിരുന്നു. വളർച്ചയെത്തിയ ശരീരത്തോടെ യാഗാഗ്നിയിൽനിന്നുയർന്ന നിനക്കു് പറയത്തക്ക ജന്മദിനമൊന്നുമില്ലെന്നവർ വിധി പ്രസ്താവിച്ചതോടെ, എന്തു് ജന്മദിന സമ്മാനം വാങ്ങണമെന്ന ബാധ്യതയില്ലെന്നവർ കണ്ടെത്തി ആർമാദിക്കുന്നു.”
“അത്താഴവിരുന്നു ബഹിഷ്കരിക്കാൻ മാത്രം അരമനയിൽ എന്തുണ്ടായി? നിങ്ങളുടെ ഭർത്തൃമാതാവായ മഹാറാണി സത്യവതിയുടെ ജന്മദിനാഘോഷമല്ലേ? മഹാറാണി സ്വയം വിളമ്പിത്തന്ന മധുരം തൊട്ടുനോക്കാതെയാണല്ലോ നിങ്ങൾ തീൻശാലയില്നിന്നും എഴുനേറ്റുപോയതു?”, പാണ്ഡുവിന്റെ മാതാവായ അംബാലികയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“ഇതേ സത്യവതി കൊടുത്ത പാൽ കുടിച്ചായിരുന്നില്ലേ മഹാരാജാവു് ശന്തനു അന്ത്യശ്വാസം വലിച്ചതെന്നു തോഴികൾ പറഞ്ഞതൊന്നും ഞാൻ മറന്നിട്ടില്ല.അവരുടെ രണ്ടു മക്കൾ ചിത്രാംഗദനും, എന്റെ ഭർത്താവു വിചിത്രവീര്യനും, ജീവൻ വെടിഞ്ഞതു് അസ്വാഭാവിക കാരണങ്ങളാൽ! അന്തഃപുരം ഊട്ടുപുരയിൽ എന്നെയും അംബികയെയും സത്യവതി അടുപ്പിക്കാറില്ല. വൃദ്ധശന്തനു വാക്കാൽ കൊടുത്ത ഉറപ്പു പാലിക്കാതെ വന്നപ്പോൾ, സത്യവതി, വിഷത്തുള്ളി പാലിൽ കലക്കി കുടിപ്പിച്ചായിരുന്നു ആ ദുർമരണങ്ങൾ. വെള്ളത്തിൽ മുങ്ങിമരിക്കേണ്ടിയിരുന്ന ഭീഷ്മർ, അസ്വാഭാവികമരണത്തിൽ നിന്നു് ശന്തനുവിന്റെ ഇടപെടലിൽ രക്ഷപ്പെട്ടയാളല്ലേ? കൃപാചാര്യൻ പറയും, സ്വച്ഛന്ദമൃത്യുവാണു് പിതാമഹനെന്നു. അത്തരം അതീതസൗഭാഗ്യങ്ങളെ കുറിച്ചൊന്നും, വെറുമൊരു മനുഷ്യപുത്രിയായ എനിക്കറിയാൻ വയ്യ. എന്നാൽ ഒന്നറിയുന്നു. ശന്തനുവിധവ സത്യവതിയുടെ നിഴൽ ഹസ്തിനപുരി കൊട്ടാരത്തിൽ കണ്ടാൽ, അന്നവിടെഒരസ്വഭാവികസംഭവം ഉറപ്പു” ഒരിക്കൽ കാശിരാജസുന്ദരി എന്നറിയപ്പെട്ട അംബാലിക, പകച്ചുനോക്കിയും പിറുപിറുത്തും, ചുറ്റും സംശയത്തോടെ പരതി. ജാലകത്തിന്നപ്പുറത്തു രാജമാതാ സത്യവതി, പുത്രവിധവയെ ശിരോവസ്ത്രത്താൽ മുഖം മറച്ചു, നിരീക്ഷിക്കുന്നതു് കൊട്ടാരം ലേഖികക്കു് ഒളിനോട്ടത്തിലൂടെ ഒരുനോക്കു കാണാമായി.
“കൊതിച്ചു കൂടെ പൊറുത്ത കൗന്തേയർ നിങ്ങളെ അന്ത്യനിമിഷത്തിൽ എങ്ങനെ കനിവില്ലാതെ കൈവിട്ടു എന്നു് ഞാൻ ഇപ്പോൾ കണ്ണുകൊണ്ടു കണ്ടു”, മഹാപ്രസ്ഥാനത്തിൽ വഴിയിൽ കുഴഞ്ഞു വീണു മരണം കാത്തുകിടക്കുന്ന പാഞ്ചാലിയെ പിടിച്ചുയർത്തി മുഖത്തു് വെള്ളം തളിച്ച കൊട്ടാരം ലേഖിക, അവഗണാമനോഭാവത്തോടെ മുന്നോട്ടു വച്ചടി നടന്നുപോവുന്ന പാണ്ഡവരെ ഒളിക്കണ്ണിൽ നോക്കി.
“അരനൂറ്റാണ്ടോളം ലൈംഗിക അടിമയാക്കി ഊഴം നോക്കാതെ കയറിപ്പിടിച്ചു കായികമായി ദുരുപയോഗം ചെയ്ത ഓരോ പാണ്ഡവനും, ഈ വിജന മലമ്പാതയിൽ ഇനി ഒരടി മുന്നോട്ടു വക്കാനാവാതെ കുഴഞ്ഞുവീഴുമ്പോൾ, കൈ കൊട്ടി ആർമാദിക്കണം എന്നു് മോഹിച്ച എന്നെ, ഈ വന്യപ്രകൃതിയും ഇപ്പോൾ കൈവിടുന്നുവോ!”
“കുരുവംശത്തിന്റെ പരമാധികാരത്തിന്നെതിരെ കടന്നാക്രമണത്തിനു മുതിർന്ന ദേശദ്രോഹികളെ ചെറുക്കാൻ സൈനിക മേധാവിത്വത്തിനു ധീരനേതൃത്വം നൽകിയ ദുര്യോധനന രാജകുമാരനെ ‘കുരുവംശദാസൻ’ എന്ന വിശിഷ്ടപദവിയിലേക്കുയർത്തുവാൻ, യുധിഷ്ഠിരനേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി തീരുമാനിച്ചു എന്നു് കേട്ടല്ലോ.”, കൊട്ടാരം ലേഖിക പ്രതിരോധമന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല വഹിക്കുന്ന ഭീമനോടു് ചോദിച്ചു. കൗരവരാജവിധവകൾക്കുള്ള സൗജന്യ ധാന്യവും വസ്ത്രവും നേരിട്ടെത്തിച്ചു മടങ്ങി വരികയായിരുന്നു ഭരണകൂട അധികാരശ്രേണിയിലെ രണ്ടാമൻ.
“പൊതുജീവിതത്തിലെ അഭിമാന നിമിഷം! ഒരാഴ്ചമുമ്പു് ഞാൻ ദുര്യോധനന്റെ അന്ത്യവിശ്രമസ്ഥലിയിൽ ഏകനായി ശ്രമദാനം ചെയ്തു. കല്ലും കരടുമൊക്കെ നീക്കി തിരികത്തിച്ചു. കുലദ്രോഹികളിൽ നിന്നു് കുരുവംശത്തെ രക്ഷിക്കാൻ കുരുക്ഷേത്രയിൽ സ്വയം കുരുതികൊടുത്ത വീരനായകൻ ആരോരുമറിയാതെ കിടക്കുന്നതെന്റെ കരൾ നോവിച്ചു. അടുത്ത ഭരണസമിതി യോഗത്തിൽ അവതരിപ്പിച്ച നിർദ്ദേശങ്ങൾ പൂർണ്ണമായും യുധിഷ്ഠിരൻ അംഗീകരിച്ചു. ബലിദാനി ദുര്യോധനന്റെ വിശുദ്ധ പദവിയിലേക്കുള്ള ആദ്യഘട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാവും. കുരുവംശദാസൻ എന്ന സംജ്ഞ അർത്ഥമാക്കുന്നതു് എന്താണെന്നോ? പരേത ഐതിഹാസിക പോരാളിയുടെ എളിമയും സ്വഭാവ പരിശുദ്ധിയും അല്ലാതെ മറ്റെന്തു? അടുത്ത ഘട്ടത്തിൽ കൗരവരാജവിധവകളെയും ഉൾപ്പെടുത്തി കുടുംബയോഗത്തിൽ “അവൻ ഞങ്ങൾക്കു് അഭിവന്ദ്യൻ” എന്ന അപൂർവ്വ പട്ടം നൽകുമെന്നു നിങ്ങൾ കേട്ടതും ഒരനുബന്ധ വസ്തുത. പൊതുവേദിയിൽ, രാഷ്ട്രത്തലവൻമാരുടെ കുലീന സാന്നിധ്യത്തിൽ, എല്ലാവരും എഴുനേറ്റു നിന്നു് കൈകൊട്ടി “പോർക്കളത്തിൽ നീ ഞങ്ങൾക്കു് വഴികാട്ടി, ഹൃദയത്തിൽ നീ ഞങ്ങൾക്കു് വാഴ്ത്തപ്പെട്ടവൻ” എന്ന ആശംസ നൽകി ആദരിക്കും. കോട്ട വാതിലിനു പുറത്തു ദുര്യോധനന്റെ പഞ്ചലോഹ പൂർണ്ണകായ പ്രതിമ പാഞ്ചാലി അനാശ്ചാദനം ചെയ്യും. ദുര്യോധനദാസൻ എന്നു് രാഷ്ട്രത്തിനു മുന്നിൽ പഞ്ചപാണ്ഡവർ ഓരോരുത്തരും സ്വയം സമർപ്പിക്കുന്നതോടെ, കൃതജ്ഞതയുടെ ഒരു പണത്തൂക്കം എന്ന നിലയിൽ ഈ കൊല്ലത്തെയും ആഘോഷങ്ങൾക്കു് തിരശീല വീഴും, നീണ്ട ആഘോഷപരിപാടിയുടെ ഔദ്യോഗിക ഏകോപനം സ്വാഭാവികമായും മഹാറാണി പാഞ്ചാലിയുടെ അധികാരപരിധിയിൽ ആയിരിക്കും. സാധുക്കൾക്കു് അന്നദാനം ചെയ്യുന്നുണ്ടു്, ഊണുകഴിച്ചിട്ടേ പോകാവൂ, ഇനി എന്നെ പോകാൻ അനുവദിക്കൂ!”
“പതിവായി നിങ്ങൾ നീണ്ട യാത്ര ചെയ്തു ഹിമാലയ താഴ്‌വരയിലെ വനാശ്രമത്തിൽ, പാഞ്ചാലിയെ അഭിമുഖം ചെയ്തുവരുന്നതായി ഭരണകൂടത്തിന്റെ ശ്രദ്ധയിൽ പെട്ടിരിക്കുന്നു. എങ്ങനെയുണ്ടവരുടെ ശിക്ഷാജീവിതം?”, ദുര്യോധനൻ കൊട്ടാരം ലേഖികയെ കാര്യാലയത്തിൽ വിളിച്ചു വിസ്തരിച്ചു.
“നരകയാതന! നിത്യവും സന്യസ്ഥാശ്രമങ്ങളിൽ നിന്നു് തലച്ചുമടായി ജൈവവിസർജ്യങ്ങൾ കൊണ്ടുപോയി കുഴിവെട്ടി സംസ്കരിക്കേണ്ട പണി ചെയ്തവൾ വലഞ്ഞു. ഒരിക്കൽ സുന്ദരിയായിരുന്ന ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി, ഇന്നു് കണ്ടാൽ ശരിക്കും ഒരു മലിനവസ്തു”, കൊട്ടാരം ലേഖിക മുട്ടുകുത്തി യാചനാഭാവത്തിൽ കൗരവനുനേരെ കൈ കൂപ്പി, “അവൾക്കു മോചനം കൊടുക്കൂ. ഞാൻ വേണമെങ്കിൽ നിങ്ങളുടെ ലൈംഗിക അടിമയാവാം.”
“ഏകശിലാദാമ്പത്യജീവിതം നയിക്കുന്ന എന്നെ ആ വിധം നീ പ്രലോഭിപ്പിച്ചതു് തൽക്കാലം വിടുന്നു. പരിഷ്കൃതസമൂഹമെങ്കിലും ഹസ്തിനപുരിയുടെ വ്യവസ്ഥാപിത അടിമവ്യവഹാര നിയമത്തിന്റെ അന്തഃസത്തയെ അധിക്ഷേപിക്കുന്ന അഭിമുഖങ്ങൾ ഇനി നിന്റെ ചുവരെഴുത്തുപതിപ്പുകളിൽ അരുതു് എന്നു് ഇതിനാൽ താക്കീതു തരുന്നു. ആവർത്തിച്ചാൽ, മുന്നറിയിപ്പിനു് സാധ്യത ഇല്ലാതെ, അന്തഃപുരത്തിനുപിന്നിലെ വെളിയിട വിസർജ്ജന ഇടങ്ങളിൽ ജൈവമാലിന്യം നീക്കുന്ന പണി എല്പ്പിക്കുക ഹസ്തിനപുരി പത്രികയെ!”
“അതു വൈകാരിക അഭിനിവേശം മാത്രമായിരുന്നുവോ? അതോ, കഠിനഹൃദയനായ രതിവേട്ടക്കാരനോ?”. കൊട്ടാരം ലേഖിക ചോദിച്ചു. പ്രതിനായകന്റെ അന്ത്യവിശ്രമ സ്ഥലിയിൽ പുഷ്പാർച്ചന ചെയ്തു പാഞ്ചാലി കൊട്ടാരത്തിലേക്കു മടങ്ങുന്ന സന്ധ്യ, യുദ്ധാനന്തര പാണ്ഡവഭരണകൂടം നിരന്തരം പ്രതികൂല സാഹചര്യങ്ങൾ നേരിടുന്ന അശാന്തദിനങ്ങൾ.
“ദുരനുഭവപട്ടികയിൽ ഇനിയുമുണ്ടോ എണ്ണിയെണ്ണി ഓർമ്മിക്കുവാൻ എന്നു് നിങ്ങൾ ചോദിച്ചാൽ, പഴയ വസ്ത്രാക്ഷേപം ആവർത്തിക്കാൻ മാത്രം നിഷ്കളങ്കയല്ലല്ലോ, സഹനങ്ങളിലൂടെ കടന്നുപോയ ഞാൻ! നവവധുവെന്ന നിലയിൽ പാണ്ഡവരുമൊത്തു ഹസ്തിനപുരിയിൽ താമസിക്കാൻ കൗരവർ എനിക്കു് അനുവദിച്ചതു് നഗരാതിർത്തിയിലെ അതിഥി മന്ദിരമായിരുന്നു. കുന്തി, താമസം വിദുരർക്കൊപ്പം കൂടി. പ്രഭാതഭക്ഷണം കഴിച്ചാൽ പാണ്ഡവർ അരമനയിലേക്കെന്നു പറഞ്ഞു പടിയിറങ്ങിപ്പോവും. അപ്പോൾ കാണാം, രാജവസ്ത്രങ്ങൾ ധരിച്ചു ദുര്യോധനൻ ഒരു കുടന്ന പുതുപുഷ്പങ്ങളുമായി സ്വീകരണമുറിയിൽ. എവിടെ നിന്നോ എങ്ങോട്ടോ ഔദ്യോഗികാവശ്യങ്ങൾക്കായി രാജരഥത്തിൽ പോവുന്നതിനിടയിൽ, അതിഥിയുടെ ‘ആജ്ഞ’ സ്വീകരിക്കാൻ ആതിഥേയൻ എന്ന നിലയിൽ, എന്റെ തൊട്ടരികെ ഉപചാരം നിറഞ്ഞശരീരഭാഷയോടെ നിൽക്കും. ആസ്വാദ്യകരമായി എന്നെ കൈകൾ കൂട്ടിച്ചേർത്തു ആലിംഗനം ചെയ്യും. മുടി നീക്കി പിൻകഴുത്തിൽ ചുണ്ടുകൾ അമർത്തിപ്പിടിക്കും. നിന്റെ ഗന്ധം ഇഷ്ടമാണെന്നു പറയും. അവന്റെ നഖമില്ലാത്ത മൃദുവിരലുകൾക്കപ്പോൾ പര്യവേഷണത്തിനു ഈ പെണ്ണുടൽ ഉപാധിയില്ലാതെ ഞാൻ കൺകോണുകളിലൂടെ അനുമതിനല്കിയിട്ടുണ്ടാവും. അതിഥിമന്ദിരത്തിന്റെ ആഡംബരവും സ്വകാര്യതയും മരക്കൂട്ടങ്ങളുടെ നിഴലും, അതു് പോലെ തനിമയോടെ ഞാൻ ഇതിനുമുമ്പു് കണ്ടിട്ടുണ്ടെങ്കിൽ, അജ്ഞാതവാസക്കാലത്തു വിരാടസേനാപതി കീചകനിലായിരുന്നു. എന്നെ കൊതിച്ചുവന്ന ആ യുവകോമളന്റെ വായും മൂക്കും കുത്തിപ്പിടിച്ചു ശ്വാസംമുട്ടിച്ചുകൊന്നതു് എന്റെ മുമ്പിൽവച്ചായിരുന്നു. പാപം ചെയ്ത ഭീമഹസ്തങ്ങൾക്കെന്റെ ശരീരം സ്പർശനാനുമതി എന്നെന്നേക്കുമായി നിഷേധിച്ചു. എന്നിട്ടും അവനു് ഞാൻ കൊടുത്ത ശിക്ഷ പോരാ പോരാ എന്നെനിക്കു പിന്നെയും പിന്നെയും തോന്നി!” തേരോടിക്കാൻ അപ്പോൾ അവിടേക്കു വന്ന ഭീമനെ അവൾ വിരൽ ചൂണ്ടി അകറ്റിനിർത്തി.
“നിങ്ങൾ, നിങ്ങളായിരുന്നോ, ശന്തനുവിനു് ഗംഗാദേവിയിൽ പിറന്ന ഭാഗ്യഹീനരായ ഏഴുകുഞ്ഞുങ്ങളുടെ ഏക ആരാച്ചാർ?”, രാജതോഴിയുടെ പദവി എന്നോ ഒഴിഞ്ഞ മധ്യവയസ്സുകാരിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“പ്രസവിക്കാൻ ഭൂമിയിൽ വന്ന മറ്റൊരു ദേവസ്ത്രീ എന്നേ എനിക്കക്കാലത്തു ഗംഗയുടെ നിയോഗത്തെക്കുറിച്ചു തോന്നിയുള്ളൂ. ഗംഗ (ശന്തനുഭാര്യ, മഹാറാണിപദവി സ്വീകരിച്ചിരുന്നില്ല) വിശ്വാസമർപ്പിച്ച ദൗത്യങ്ങൾ കാര്യക്ഷമമായി ചെയ്തു എന്നതിനു് തെളിവല്ലേ, നീരൊഴുക്കിൽ മുക്കിക്കൊന്ന ഒരൊറ്റ നവജാതശിശുവിന്റെയും ജഡം, മീൻവലയിൽ കുടുങ്ങിയ ദുരനുഭവം മുക്കുവർ പങ്കിട്ടില്ലെന്നതു്? തുണിയിൽ പൊതിഞ്ഞ കുഞ്ഞുമായി പ്രസവമുറിയിൽ നിന്നു് ഗംഗ എന്നെ പുഴയിലേക്കു് പറഞ്ഞുവിടും, ആ ജോലി വൃത്തിയായി ചെയ്തു, നീന്തിക്കുളിച്ചു പാപം കഴുകി, ഈറനുടുത്തു അന്തഃപുരത്തിലേക്കു മടങ്ങിവരും. വിവരം പറയാൻ ഗംഗയുടെ അന്തഃപുരത്തിൽ കയറുമ്പോൾ, ശന്തനുവിന്റെ അടക്കിപ്പിടിച്ച നിലവിളി കേൾക്കും, “എന്റെ ബീജത്തിൽ ജനിച്ച കുഞ്ഞിനെ ഞാനൊന്നു കാണും മുമ്പു് ഇത്രവേഗം എന്തു് ചെയ്തു നീ ഗംഗാ? നമുക്കു് പിറന്ന പ്രിയപ്പെട്ട കുഞ്ഞിനെ?” വിതുമ്പി വിതുമ്പി, ശന്തനു കുഴഞ്ഞു വീണു മരിക്കുമെന്നു് കണ്ടുനിന്ന ഞാൻ ഭയന്നെങ്കിൽ തെറ്റി—തിരക്കുപിടിച്ചൊരു ‘ശാരീരികത’ക്കായി ആ ദൈന്യതയിലും മഹാരാജാവു് വീണ്ടുമൊരു വട്ടം കൂട്ടുകയാണു്.”, കൊട്ടാരം ലേഖിക തിരിഞ്ഞു നടന്നിട്ടും, ചിത്തഭ്രമത്തിന്റെ പിടിയിലായിരുന്ന തോഴി ഭൂതകാലക്കുളിരിൽ ഓർത്തെടുത്തു.
“ഇവരഞ്ചുപേരും നിലവിൽ എന്റെ ഭർത്താക്കന്മാരാണു്: അങ്ങനെ പാഞ്ചാലി വിശിഷ്ടവ്യക്തികൾക്കു് പാണ്ഡവരെ പരിചയപ്പെടുത്തിയ ഓർമ്മയുണ്ടോ?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.
“സ്ഥലത്തെ ‘ദിവ്യന്മാ’ർ പാരിതോഷികങ്ങളും പാൽപ്പുഞ്ചിരിയുമായി അവൾക്കരികെയെത്തിയാൽ, ഇളമുറ നകുലന്റെ അരക്കെട്ടിൽ കൈചേർത്തവൾ നിൽക്കും, ആവേശത്തോടെ ‘ഇവൻ എന്റെ പ്രിയ കൂട്ടുകാരൻ’ എന്നു് തിളങ്ങുന്ന കണ്ണുകളോടെ പരിചയപ്പെടുത്തും. നാലുപേർ, ദരിദ്രബന്ധുക്കളെപോലെ അവളുടെ പല്ലക്കു് ചുമക്കാനും അകമ്പടിക്കും ദേഹസുരക്ഷക്കും ഓരോയിടങ്ങളിൽ ഉടുതുണി മടക്കിക്കുത്തി ഓടിനടക്കും” പറഞ്ഞു പറഞ്ഞു, പെട്ടെന്നു് ദൂരെ തിരുവസ്ത്രധാരിയായ മഹാറാണി പാഞ്ചാലിയെ ഒരു നോക്കു് കണ്ടപ്പോൾ, ആരാധകഭീമൻ മുട്ടിൽ ഇഴഞ്ഞു, കൈകൾ കൂപ്പി, ചുണ്ടുകൾ വിറച്ചു.
“ദുരഭിമാനി ദ്രോണാചാര്യനുമായി എങ്ങനെ ആയിരുന്നു അഭയാർത്ഥിപാണ്ഡവരുടെ ഗുരു ശിഷ്യപാരസ്പര്യം”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.
“ഉടുതുണിക്കു് മറുതുണിയില്ലാതെ ഹസ്തിനപുരി കൊട്ടാരത്തിൽ വരുമ്പോൾ, കൗരവകുട്ടികൾ ആധിപത്യം സ്ഥാപിക്കാത്ത ഇടമില്ലായിരുന്നു. നേരത്തെ ദുര്യോധനനെ കയ്യിലെടുത്തു കൊട്ടാരസമുച്ചയത്തിൽ അരമന പോലൊരു ആഡംബരവസതി ദ്രോണർ തട്ടിയെടുത്തു, പൊടിക്കയ്യുകളുമായി താമസിക്കുന്ന കാലം. പാണ്ഡവർ കാട്ടുമൃഗങ്ങളുടെ ചുടുചോര ഊറ്റികുടിക്കുമെന്നൊക്കെ കൌരവർ അധികാരകേന്ദ്രങ്ങളിൽ പൊലിപ്പിച്ചിരുന്നതു് ദ്രോണർ മുഖവിലക്കെടുത്തു്, പിൽക്കാലത്തു് ഏകലവ്യനോടെന്ന പോലെ, ഞങ്ങളുടെ തള്ളവിരലും ദക്ഷിണയായി മുറിച്ചു മേടിക്കുമെന്നായപ്പോൾ, രണ്ടും കല്പ്പിച്ചു ദ്രോണചെവിയിൽ യുധിഷ്ഠിരന്റെ ജനനരഹസ്യം ഒരുനാൾ വെളിപ്പെടുത്തി. യുധിഷ്ഠിരൻ മരണദേവതയുടെ അരുമ കിടാവാണെന്നറിഞ്ഞപ്പോൾ കാണണമായിരുന്നു ആ ഭീരുഗുരുവിന്റെ മുഖം. അതോടെ കഥമാറി. കൗന്തേയരെ കണ്ടാൽ പുഞ്ചിരിയും ആലിംഗനവും പാരസ്പര്യവുമായി”, ഭീമൻ ഒരു കൊച്ചുകുട്ടിയുടെ തിമിർപ്പിൽ ആ കാലം ആസ്വദിച്ചു.
“കുരുക്ഷേത്രവിധവകൾ വലയുമ്പോഴും, ‘രാജധർമ്മത്തിന്റെ ബാലപാഠങ്ങൾ’ ഭീഷ്മമുഖത്തുനിന്നറിയാൻ, ഹസ്തിനപുരിയിൽ നിന്നും ഓടിക്കിതച്ചുവരുന്ന നിയുക്ത ഭരണാധികാരി യുധിഷ്ഠിരൻ, ക്ഷമയോടെ പിതാമഹനെ കാത്തു വെളിയിൽ ഓച്ഛാനിച്ചു നിൽക്കുമ്പോൾ, നിങ്ങൾ എന്താണു് നിഗൂഢ ഭീഷ്മ വചനങ്ങൾക്കിരു ചെവിയും കൊടുത്തു കുത്തിക്കുറിക്കുന്ന!?”, മഹാറാണിപദവി മറ്റാരുമായും പങ്കിടാനില്ലെന്ന സാധ്യതയിൽ യുധിഷ്ഠിരനോപ്പം വന്ന പാഞ്ചാലിയോടു് കൊട്ടാരം ലേഖിക പല്ലക്കിനരികെ ചെന്നു് ഉപചാരത്തോടെ ചോദിച്ചു.
“എന്റെ ആജീവനാന്ത ബ്രഹ്മചര്യപരീക്ഷണങ്ങൾ എന്ന പേരിൽ, നീണ്ട ഭീഷ്മജീവിതത്തെ അടയാളപ്പെടുത്തുന്നൊരു മുഴുനീള ഏറ്റുപറച്ചിൽ, അഥവാ കുമ്പസാരം, വേണമെന്നു് ഭീഷ്മർ അറിയിച്ചപ്പോൾ, മറ്റെല്ലാ ചുമതലകളും മറന്നു പനയോലക്കെട്ടും എഴുത്താണിയുമായി അടുത്തിരിക്കാൻ തുടങ്ങി. അൽപ്പായുസ്സല്ലല്ലോ, നീണ്ട ജീവിതമല്ലേ. ജനനനവും ബാല്യവും വച്ചു് വാമൊഴി തുടങ്ങുമ്പോൾ ഭൂതാതുരതയിൽ ആകസ്മിതകളും അസംഭവ്യതകളും പാടമൂടി. കുമ്പസാരങ്ങൾ പൂർണ്ണമായും അടയാളപ്പെടുത്താതെ എങ്ങനെ എഴുത്താണി താഴെവക്കും? ഒരു ചോദ്യം അതിനൊരുത്തരം എന്ന നിങ്ങളുടെ അഭിമുഖങ്ങളുടെ ലളിത ആവിഷ്കാരരീതി ബ്രഹ്മചര്യപരീക്ഷണങ്ങളിൽ പിന്തുടരാനാവുമോ, മഹാഭാരത വ്യാസനെ വെല്ലുവിളിച്ചു സ്വയമൊരു കുരുവംശഗാഥക്കായി, ഗംഗാപുത്രനായ പിതാമഹൻ പ്രയത്നിക്കുമ്പോൾ! രാജതന്ത്രത്തിൽ കാത്തുനിൽപ്പിനുള്ള ഇടം യുധിഷ്ഠിരൻ ക്ഷമയോടെ പഠിക്കട്ടെ!”
“കളിയുടെ പിന്നിലെ ചതിയറിയാതെ, എല്ലാം പണയംവച്ചു തോറ്റു അടിമകളായ പാണ്ഡവരെ വഴിനീളെ പഴിപറയാൻ ഔദ്യോഗിക ഭാര്യ പാഞ്ചാലിക്കു് അവകാശമില്ലെന്നോ? അഭിമാനിയായ ഏതു വനിതയും വിറളിപിടിക്കില്ലേ പെണ്ണുടൽ പണയവസ്തുവാക്കി ഭർത്താൻക്കന്മാർ കളിച്ചു ഉടുതുണി ഊരിക്കൊടുക്കേണ്ടി വന്നാൽ?”, കൊട്ടാരം ലേഖികയുടെ ശബ്ദത്തിൽ ധാർമികരോഷം തിളച്ചു. വനാശ്രമത്തിലെ ഏകാന്തതയിൽ നകുലൻ മാത്രം.
“ചൂതാട്ടത്തിനു കൗരവരുടെ കുൽസിതക്ഷണം കിട്ടിയപ്പോൾ തന്നെ ഞങ്ങൾ കരുതലോടെയായിരുന്നില്ലേ പ്രതികരിച്ചതു്?, എന്നാൽ അന്തഃപുരത്തിൽ പാഞ്ചാലിയെങ്ങനെ ആ നിർദേശം ഞങ്ങളിൽ അടിച്ചേൽപ്പിച്ചു എന്നൊക്കെ തുറന്നു പറയാൻ ദാമ്പത്യവിശ്വസ്തതക്കു് മൂല്യം കൊടുക്കുന്ന ഞാൻ ആളല്ല. ഇന്ദ്രപ്രസ്ഥം ചക്രവർത്തിപദവിവഹിക്കുന്ന പാണ്ഡവർ, സാമന്ത പദവിയുള്ള കുരുവംശത്തിന്റെ ഹസ്തിനപുരി രാജധാനിയിൽ പോയി ചൂതാടുന്നതിലെ അനൗചിത്യം നിങ്ങൾ പത്രപ്രവർത്തകർക്കു ബോധ്യമാവില്ലേ. കളിക്കനുകൂലമായി, എന്നാൽ ഭാഷാപരമായ അവ്യക്തതയോടെ, പാഞ്ചാലി ഇടപെട്ടു എന്നതൊരു വസ്തുത മാത്രം. അതംഗീകരിച്ചു ഞങ്ങൾ ഹസ്തിനപുരിയിൽ പോയികളിച്ചു എന്നതു പൊതുമണ്ഡലത്തിൽ വിവാദരഹിതമായി സ്വീകരിക്കപ്പെട്ട വാർത്ത.” പ്രതിരോധിക്കാനാവാതെ പാഞ്ചാലിയുടെ ദുഷ്പ്രേരണക്കു വഴങ്ങിയതിനു വില കൊടുക്കേണ്ടിവന്നതിന്റെ വലിവിൽ നകുലൻ തേങ്ങി.
“പരേതപിതാവു് പാണ്ഡുവിനു് കുരുവംശകുടുംബത്തിലുള്ള പാതി ഓഹരി തരാതെ നിങ്ങളെ ദശാബ്ദങ്ങളായി കുരങ്ങുകളിപ്പിക്കുന്ന കൗരവരോടു് പരസ്പരവിരുദ്ധമായ വൈകാരികനിലപാടു പ്രദർശിപ്പിക്കുന്ന പാഞ്ചാലി നിങ്ങൾക്കൊരു ഭീഷണിയായോ?” കൊട്ടാരം ലേഖിക ചോദിച്ചു. വിഴുപ്പുതുണികൾ നനച്ചു പാറക്കല്ലിൽ അടിച്ചു, അഴുക്കു നീക്കുകയായിരുന്നു താഴ്‌വരയിലെ ജലാശയത്തിൽ പാണ്ഡവർ, വനവാസക്കാലം.
“ഞങ്ങളുടെ ചങ്കുകീറുന്ന ദാമ്പത്യഅവിശ്വസ്തതയാണവൾ ഇപ്പോൾ വിരുദ്ധനിലപാടിലൂടെ കാണിക്കുന്നതെങ്കിലും കടിച്ചു പിടിച്ചു ഞങ്ങൾ നിയന്ത്രിക്കട്ടെ, കെട്ടുപൊട്ടിച്ചാടാൻ വെമ്പുന്ന പാണ്ഡവ നാവു്!”
“പാഞ്ചാലി നിങ്ങളുടെ രഹസ്യനിരീക്ഷണത്തിനു വിധേയ? ആരും പ്രതിഷേധിച്ചില്ലേ? ഒന്നുമല്ലെങ്കിലും, പരിത്യാഗികളല്ലേ നിങ്ങൾ? അതോ, എരിയുന്നുണ്ടോ നിങ്ങളിലും അവളെ ഓർത്തൊരു പ്രണയഹൃദയം?”, വനവാസക്കാല പാണ്ഡവകുടിലിനരികെ മഠത്തിൽ ചെന്നതായിരുന്നു കൊട്ടാരം ലേഖിക.
“ഞാനൊരംഗപരിമിതനെന്ന കാര്യം ഓരോ അക്ഷരം വാതുറന്നുച്ചരിക്കുമ്പോഴും നീ ഓർക്ക. ഇരുന്നുചെയ്യാവുന്ന ജോലിയാണു് ആശ്രമഗുരു എനിക്കു് തന്നതു്. ജാലകത്തിലൂടെ എന്റെ അലസനോട്ടം പുറത്തേക്കുതിരിയും. കാഴ്ച തടസ്സപ്പെടാത്ത പാണ്ഡവാശ്രമത്തിൽ പാഞ്ചാലിയുടെ ചലനത്തിനായി തിരുഹൃദയം തുടിക്കും. കുളികഴിഞ്ഞു പാഞ്ചാലി ഈറൻ തുണി ഉണക്കാൻ ഇടുന്നതോടെ എനിക്കവളുടെ കാഴ്ചമറയും. അപ്പോൾ കരൾ പിടയും ഞാൻ പ്രത്യക്ഷത്തിൽ അസ്വസ്ഥനാവും. വൈകുന്നേരം ഉണങ്ങിയ തുണി എടുക്കാൻ പാഞ്ചാലി വരുമ്പോൾ, തുടിക്കുന്ന നെഞ്ഞുമായി ഞാനവളെ തുറിച്ചു നോക്കും. അവൾ എന്നെ കാണാറുണ്ടോ? ഉണ്ടെന്നു ആരാധനയോടെ സങ്കൽപ്പിക്കും. പാണ്ഡവരിലൊരാൾ സംശയത്തോടെ വന്നു ആശ്രമങ്ങൾക്കിടയിലെ വേലിക്കെട്ടു സന്ധ്യയോടെ കൂട്ടിയിടുമ്പോൾ, ഞാനാകെ തളരും. അഞ്ചു ബലിഷ്ഠകായന്മാർ അവളിൽ ശാരീരികാധിപത്യം പുലർത്തുന്നതു് എന്നെ രാത്രി മുഴുവൻ വേട്ടയാടും. ഈശ്വരാ എന്തെല്ലാം സഹനപരീക്ഷകൾ നീ പാഞ്ചാലിക്കു് കൊടുത്തിട്ടും, വ്യക്തിത്വം ചിന്നിച്ചിതറാതെ അവൾ പിടിച്ചുനിൽക്കാൻ, അപാരതയോടു ഞാനപ്പോൾ മനമുരുകി പ്രാർത്ഥിക്കും!”
“വരുമാനമുള്ള തൊഴിൽചെയ്തു ജീവിക്കാൻ അവർക്കവസരം കൊടുത്തുകൂടെ? പൗരാവകാശങ്ങളില്ലെങ്കിലും, പാഞ്ചാലിയെ വനവാസത്തിനയക്കേണ്ട കാര്യമെന്താണു്?”, കൊട്ടാരം ലേഖിക ചോദിച്ചു.
“അവർക്കെതിരെ ജനരോഷം അസഹ്യമായാൽ ഞങ്ങൾ നിസ്സഹായർ!? നഗരമുണരും മുമ്പവർ കാട്ടിലേക്കു് ഒളിച്ചോടുന്നതു് പ്രഭാതസവാരിക്കൂപോയ ഞങ്ങൾ കണ്ടതല്ലേ? ഉത്തരവാദിത്തം മറന്നു, ഇന്ദ്രപ്രസ്ഥത്തിലെ പൊതു മുതൽ പണയംവെച്ചവർ ചൂതാടിയതു ആദ്യകുറ്റം, കൂടെപൊറുക്കുന്നവളെ പണയംവച്ചതു സ്ത്രീത്വത്തോടുള്ള അവഹേളനം. പാഞ്ചാലിയുടെ പെരുമാറ്റവും കൗരവസദസ്സിനെ വിറളി പിടിപ്പിച്ചു. ആണുങ്ങൾക്കുമാത്രം പ്രവേശനം അനുവദിച്ചിരുന്ന ചൂതാട്ടസഭയിൽ, അല്പവസ്ത്രയായി വന്നു പ്രകോപനപരമായ അംഗചലനങ്ങളോടെ പൂർണ്ണവിവസ്ത്രയായതുവഴി പാഞ്ചാലി പ്രകടിപ്പിച്ച ലൈംഗികഅരാജകത്വം ഉണ്ടല്ലോ, പരിഷ്കൃത ഹസ്തിനപുരിക്കതു അപമാനമെന്നു് തെരുവോരങ്ങളിൽ പ്രതിഷേധജ്വാല നിങ്ങൾ കണ്ടില്ലേ? കുറ്റവാളികൾക്കു് ഒളിച്ചോടാൻ കൗരവഅർധസഹോദരന്മാർ മത്സരിച്ചു എന്നു് ചാർവാകൻ അവിടെ ഞങ്ങളെ പ്രതിക്കൂട്ടിൽ നിർത്തി പ്രസംഗിച്ചതും?” ഇന്ദ്രപ്രസ്ഥത്തിലെ നിലവറകളിൽ ഒളിപ്പിച്ച കൊള്ളമുതൽ സുരക്ഷിതമായി ഹസ്തിനപുരിയിലേക്കു കൊണ്ടുവരാനുള്ളൊരു രഹസ്യപദ്ധതി അവസാനഘട്ടത്തിൽ മിനുക്കുകയായിരുന്നു ഒറ്റക്കിരുന്നു ദുര്യോധനൻ.
“താരപദവികളൊക്കെ സ്വന്തക്കാർക്കു് വീതിച്ചു അല്ലേ? പ്രബുദ്ധ ഹസ്തിനപുരിയിലപ്പോൾ അരാഷ്ട്രീയപ്രജകൾക്കു് തൊഴിലവസരമില്ല!” കൊട്ടാരം ലേഖിക പുതിയ ഭരണാധികാരി യുധിഷ്ഠിരനെ മുട്ടുകുത്തി കൈമുത്തി.
“നഗ്നഹസ്തങ്ങൾ കൊണ്ടു് നൂറോളം കുടിലകൗരവരെ വകവരുത്തിയ പ്രിയഭീമനു് കൊടുക്കേണ്ടേ പ്രതിരോധ മന്ത്രാലയം? ആഭ്യന്തരസുരക്ഷ അർജുനനു എന്ന നിയമനം, നൃത്താധ്യാപിക ബൃഹന്നള എന്ന മൂന്നാംലിംഗ വേഷധാരിയായി ഒറ്റക്കവ(ൾ)ൻ കൗരവഅക്രമികളെ തുരത്തി വിരാടഗോക്കളെ സംരക്ഷിച്ചപ്പോൾ ഉയർന്ന പൊതുസമ്മതിയല്ലേ? ഇന്ദ്രപ്രസ്ഥം മുതൽ, രണ്ടു കണ്ണുകളിൽ ഒന്നു് ചാരനോട്ടത്തിനു ഉഴിഞ്ഞുവച്ച നകുലനു തന്നെ വേണ്ടേ രഹസ്യാന്വേഷണ വകുപ്പു്?, വരാനിരിക്കുന്ന കലിയുഗത്തിൽ പാണ്ഡവരാജഭരണത്തിന്റെ ഭാവിയെന്തു എന്നു് കണ്ടെത്തണമെങ്കിൽ ആ ദൗത്യം നിറവേറ്റാൻ പ്രവചനസിദ്ധിയുള്ള സഹദേവൻ തന്നെ വേണ്ടേ? ലിംഗനീതി മന്ത്രാലയം എന്നുച്ചരിക്കുമ്പോൾ തന്നെ നാവിൽ വരുന്ന പേരു് പാഞ്ചാലിയല്ലേ?, സ്ത്രീകൾക്കു് നേരെയുള്ള ഗാർഹികപീഡനത്തിനു നീതിന്യായ വിചാരണാധികാരമുള്ള മന്ത്രിതലപദവി കുന്തിക്കുവേണ്ടേ കൊടുക്കാൻ? ഇതിൽ പിന്നെ ഏതു വകുപ്പാണു് ‘പ്രജ’ക്കു് കൊടുക്കാനാവുക”?
“സഹോദരിമാർക്കൊപ്പം പുറത്തു കാറ്റുകൊള്ളാൻ പോവാതെ വീട്ടിൽ ഇങ്ങനെ നീ അടച്ചിരിക്കുന്നതെന്തു കൊണ്ടാണു്?” ദുര്യോധനൻ മകളെ വിസ്തരിച്ചു.
“ആൾക്കൂട്ടത്തിൽ അലയാൻ ഇഷ്ടപ്പെട്ട ഞാനിന്നു അകമ്പടി സൈനികർക്കൊപ്പംപോലും പുറത്തിറങ്ങാൻ പേടിക്കുന്നു. മുഖം മറച്ച, ഒരു തടിച്ചു കുറുകിയ ഒരാൾ എന്റെ മുമ്പിൽ പെട്ടെന്നു് ചാടിയിറങ്ങും. ഒരുകൈപ്പത്തി എന്റെ വായടക്കും, മറു കയ്യിൽ തടഞ്ഞ ആഭരണങ്ങളുമായി മുങ്ങും”,
“അപ്പോൾ അരക്കില്ലത്തിൽ കണ്ട കരിഞ്ഞ ആറു ജഡങ്ങളിൽ ഇവൻ, ഇവൻമാത്രം പെടില്ലേ?”, ദുര്യോധനൻ ദുരൂഹമായ വാരണാവതത്തെക്കുറിച്ചപ്പോൾ വിവശനായി.
“രാജവാഴ്ചക്കെതിരെ ഹസ്തിനപുര തെരുവുകളിൽ വെല്ലുവിളിയോടെ നടന്ന നിങ്ങളുടെ മുഖത്തെന്താ ഇപ്പോളൊരു വാട്ടം?” കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു. ചുവരെഴുത്തു പതിപ്പിലെ ‘മുഖംമൂടിധാരി’യുടെ ചിത്രം നോക്കുകയായിരുന്ന യുക്തിവാദിയുടെ മുഖം മാത്രമല്ല ഉടലും ക്ഷീണിച്ചിരുന്നു.
“ഹസ്തിനപുരിക്കു വേണം ജനാധിപത്യഭരണകൂടം എന്നു് പൊതുസമ്മേളനങ്ങൾ നഗരത്തിൽ ശക്തമാക്കാൻ ഇറങ്ങിയ ഉടൻ ചാർവാകൻ, പാണ്ഡവർക്കു കൊള്ളാത്തവനായി. ജനാധിപത്യത്തിൽ അധികാരവഴി കൗരവകുടുംബത്തിൽ ഒതുങ്ങില്ല, ഇനി സിംഹാസനത്തിൽ വരുന്ന പാണ്ഡവരുടെ താളത്തിനൊത്തു് തുള്ളാൻ ചാർവാകനെ കിട്ടില്ലെന്നുറപ്പായപ്പോൾ, കള്ളനും കൊലപാതകിയുമാക്കാനായി നവഭരണകൂടശ്രമം. മുഖത്തെ താൽക്കാലിക നൈരാശ്യമോ ശോഷിച്ച ശരീരമോ ഒന്നുമല്ല കാര്യം. രാജവാഴ്ച ചോരവീഴാതെ അവസാനിപ്പിക്കും, യുക്തി ബോധം ഊട്ടി വളർത്തും, രാജവാഴ്ചയിൽ ഇപ്പോൾ ദുരിതമനുഭവിക്കുന്ന കൗരവ വിധവകളുടെ പുതുതലമുറ, നിലവിൽ അധിനിവേശ പാണ്ഡവരുടെ ‘വെള്ളംകോരികളും വിറകുവെട്ടികളും’ നാളെ രാജസഭയിൽ ജനാധിപത്യത്തിന്റെ അധികാരദണ്ഡ് പിടിക്കും.” പറഞ്ഞുപറഞ്ഞു ശ്വാസം മുട്ടുന്നതിനിടെ, പാണ്ഡവ കുരുക്കു് ചാർവാകന്റെ അരക്കെട്ടിൽ കുടുങ്ങി. ഇരുട്ടുവീണ പൊതു വാണിജ്യനിരത്തിലൂടെ ആ ദരിദ്രബ്രാഹ്മണയുക്തിവാദിയേയും വലിച്ചു മുഖംമൂടിധാരി പാണ്ഡവൻ ധിക്കാരത്തോടെ നീങ്ങുന്നതു് കൊട്ടാരം ലേഖിക പനയോലയിൽ എഴുത്താണികൊണ്ടു് ദൃൿസാക്ഷിവിവരണം കുറിച്ചു.
“ഉടലഴകെന്നൊക്കെ കണ്ടും പറഞ്ഞും ശീലിച്ച ഞങ്ങൾ എങ്ങനെ വായിക്കാവുന്ന വർത്തയാക്കും ആരുടെയൊക്കെയോ ശരീരമാലിന്യങ്ങളുടെ ഈ കെട്ടുകാഴ്ചപ്പെട്ടിയെ?”; പല്ലു നഖം മുടി പഴംതുണി ഇവയൊക്കെ വെള്ളിപ്പാത്രങ്ങളിൽ പ്രദർശനത്തിനു് വച്ച പുതുസ്മാരക മന്ദിരത്തിനു മുമ്പിൽ കൊട്ടാരം ലേഖിക ഒന്നു പകച്ചു.
“ജീർണിക്കുമോ സ്വന്തന്ത്ര്യ പോരാളികളുടെ മുടിയും പല്ലും നഖവും? ആണ്ടുബലി പോലെ പരിപാവനമായ ഈ ഭൗതികാവശിഷ്ട പ്രദർശനം കുരുവംശത്തിന്റെ ജ്വലിക്കുന്ന പൈതൃക സ്മരണയല്ലേ? വൈകാരിക ഉള്ളടക്കമുള്ള ഈ തിരുശേഷിപ്പുകൾ ഹസ്തിനപുരിയുടെ അഖണ്ഡതക്കായി വീരമൃത്യു വരിച്ച കൗരവസഹോദരരന്മാരുടേതാണെന്നു നിങ്ങൾ പത്രപ്രവർത്തകർ ഒരു നിമിഷം പോലും വിസ്മരിച്ചുകൂടാ. ദൈവനിന്ദയിൽ കുറയാത്ത അപരാധമായി യുധിഷ്ഠിരഭരണകൂടം അത്തരം ആലോചനയില്ലാത്ത പരാമർശങ്ങളെ നേരിടും കേട്ടോ”, കൊട്ടാരം ലേഖികയുടെ ധിക്കാരത്തിനു മുമ്പിൽ കിതക്കുകയായിരുന്നു, സ്മാരകത്തിന്റെ അധികച്ചുമതല വഹിക്കുന്ന അർജ്ജുനൻ.
“കൗരവരുടെയും പാണ്ഡവരുടെയും ശാശ്വത സമാധാനത്തിനായി പ്രാർഥിക്കുകയാണിനി മരണംവരെ ലക്ഷ്യം എന്നു് നിങ്ങൾ പറഞ്ഞെന്നറിഞ്ഞു. ശിഖണ്ഡി വാളുമായി മുന്നിൽ ഇന്നലെ വരുംവരെ, തീവിതറുന്ന അമ്പും വില്ലുമായി മരണദേവതയുടെ പ്രത്യക്ഷ പ്രതിനിധിയായിരുന്ന നിങ്ങൾ പാണ്ഡവസഖ്യകക്ഷിസൈനികരുടെ തലകളെത്ര ഉരുട്ടി, ഈ വിധം നിങ്ങളെ അർജ്ജുനൻ നിരായുധനാക്കി വീഴ്ത്തുംവരെ! എന്നിട്ടും തീർന്നില്ലേ സമാധാന ആശംസ?”, കൊട്ടാരം ലേഖിക പിതാമഹനോടു് ചോദിച്ചു. കുരുക്ഷേത്ര പോർക്കളത്തിൽ, വിജനമൂലയിലൊരുക്കിയ ശരശയ്യയിൽ നീണ്ടുനിവർന്നുകിടന്ന ഭീഷ്മർ, അഭിനയ മികവോടെ ഞരങ്ങുമ്പോഴും, കുരുവംശഭാവിയെക്കുറിച്ചു വിലപിച്ചു.
“പാണ്ഡവതല ഒഴികെ, ആരുടെ കഴുത്തു വേണമെങ്കിലും ഞാൻ ഒറ്റവെട്ടിനു വെട്ടിവീഴ്ത്താം എന്ന എന്റെ ഒത്തുതീർപ്പുനിർദേശം ദുര്യോധനൻ തള്ളി. പാണ്ഡവതല ലക്ഷ്യവേദിയായി മാത്രം നിങ്ങളുടെ കുപ്രസിദ്ധകൂരമ്പുകൾ അയച്ചാൽ മതി എന്നവൻ ഖണ്ഡിച്ചൊരു നിലപാടെടുത്തു. കുന്തി പെറ്റതള്ളയാണെങ്കിലും, അഞ്ചു കൗന്തേയരുടെയും ജൈവികപിതൃത്വത്തിൽനിന്നും എനിക്കു് ഒഴിഞ്ഞുമാറാൻ ആവില്ലെന്ന രഹസ്യം എങ്ങനെ, പോരാട്ടത്തിൽ നിന്നൊഴിഞ്ഞു മാറാനുള്ളൊരുപായമായി, പുറത്തെടുക്കും.! അതുകൊണ്ടു്, അർജ്ജുനനെ രഹസ്യമായി പാളയത്തിലേക്കു് വിളിച്ചു ഒരു പോംവഴി പറഞ്ഞുകൊടുത്തു. മാരകായുധം താഴെ വെക്കാനൊരു കാരണം നീ കണ്ടെത്തണം. മൂന്നാംലിംഗക്കാർ വാളുംകൊണ്ടെന്റെ മുമ്പിൽ വന്നാൽ ഞാനുടൻ അമ്പും വില്ലും താഴെയിടും. പിന്നെ നീ എനിക്കു് പറ്റിയ ഐതിഹാസിക വീഴ്ചയൊരുക്കാൻ പാകത്തിൽ, ശരശയ്യ നിർമ്മിക്കണം. അക്ഷരം പ്രതി അവൻ അനുസരിച്ചപ്പോൾ ശരശയ്യനിർമ്മിതിയിൽ എനിക്കൊരു പൂമെത്ത കാണാനായി!”
“പരിപൂർണ്ണ കൗരവവംശനാശം വേണ്ടിവന്നു അല്ലേ, കൂട്ടുകുടുംബത്തിലെ പാണ്ഡവകാശം തിരിച്ചുകിട്ടാൻ?”, കൊട്ടാരം ലേഖിക ചോദിച്ചു. ഗാന്ധാരീവിലാപം ദുഖഃഗീതി, സൂതഗായകർ അഭിനയമികവോടെ തെരുവോരങ്ങളിൽ പാടുന്ന ദിനങ്ങൾ.
“ഏതു വിശുദ്ധനും ഒരു കളങ്കിതഭൂതകാലം ഉള്ള പോലെ, ഏതു പാപിക്കും വേണ്ടേ പ്രതീക്ഷാനിർഭരമായ ഭാവി? തെറ്റിദ്ധാരണ ആദ്യമേ നീക്കട്ടെ—പുരുഷകൗരവർ മാത്രമേ പോരാട്ടത്തിൽ നാടിന്റെ അഖണ്ഡത രക്ഷിക്കാൻ ജീവൻ ത്യജിക്കേണ്ടിവന്നുള്ളൂ. അന്തഃപുരത്തിൽ മിന്നലാക്രമണത്തിലൂടെ മുതിർന്ന അഞ്ചാറു പേരെ ബന്ദിയാക്കി ഒളിപ്പിച്ചിച്ചുവച്ചു ദുര്യോധനനുമായി മുഷിഞ്ഞു വിലപേശാം എന്ന സഹദേവന്റെ നിർദേശം ഞങ്ങൾ സ്വീകരിച്ചില്ലല്ലോ. കൗരവ വിധവകളുടെ കൂട്ടുകുടുംബം ഇപ്പോൾ പുനരധിവാസകേന്ദ്രത്തിൽ സഹവർത്തിത്തത്തോടെ കഴിയുന്നതു് ജേതാക്കളായ പാണ്ഡവരുടെ പരിരക്ഷയിൽ!!” ധാന്യവും കാളയിറച്ചിയുമായി പുനരധിവാസകേന്ദ്രത്തിലേക്കു സൗജന്യഭക്ഷണം അയക്കുന്നതിനു് മേൽനോട്ടം വഹിക്കുകയായിരുന്നു മഹാരാജാവു്.
“എന്തു് കണ്ടിട്ടാണു് നിങ്ങൾ ശല്യക്കാരികുന്തിയെ ധൃതരാഷ്ട്രരുടെ ദാസിയായി നിയമിച്ചതു്, വിവാഹേതര രതിയനുഭവങ്ങളുടെ മഹാറാണിയാണവൾ എന്നറിയില്ല? അന്ധനെങ്കിലും, ധൃതരാഷ്ട്രർ പിടിച്ചാൽ പിടികിട്ടാത്ത മദയാന! നിങ്ങൾ മറന്നോ?”, ദുര്യോധനൻ ഗുണദോഷിച്ചു. കുടിയേറ്റഭൂമിയിലേക്കു ഭാഗ്യാന്വേഷകരായി തിരിച്ച പാണ്ഡവരെ പിന്തുടരാൻ മടിച്ച കുന്തിയുടെ പുതിയ ലാവണം അന്തഃപുരത്തിൽ വ്യക്തിഗത പരിചരണമായിരുന്നു.
“എന്തുകണ്ടിട്ടെന്നോ? കാഴ്ചക്കും കണ്ണിനും ഇടയിൽ കീറത്തുണി മാത്രമല്ലേ തടസ്സം?, കാണേണ്ടതെല്ലാം ഗാന്ധാരി കാണും” കാഴ്ചയുടെ പ്രതിബന്ധമകറ്റി മകനെ അവൾ സാന്ത്വനത്തിൽ നോക്കി.
“വനവാസം നിങ്ങളിൽ വരുത്തിയ തിരിച്ചറിവെന്താണു്?” കൊട്ടാരം ലേഖിക ചോദിച്ചു. മഴക്കാലം മാറി പ്രസന്നമായ വെയിൽ വീഴുന്ന ഹരിതതാഴ്‌വര. ഒളിവിൽ പോകാൻ തയ്യാറെടുക്കുന്ന നേരം സംഘർഷം നിറഞ്ഞ അന്തരീക്ഷം.
“ഞങ്ങൾ യദാർത്ഥത്തിൽ എന്താണോ അതാവാൻ ഈയിടം ഞങ്ങളെ അനുവദിക്കുന്നില്ല. ഇവിടെ ഞങ്ങൾ പരസ്പരം പറയുന്നതും ചെയ്യുന്നതും ഒന്നും ഞങ്ങളല്ലല്ലോ എന്നു് തോന്നും. ആകാശചാരികളുടെ മക്കളാണെന്നോ, ഭൂമിയിൽ സമാധാനം സ്ഥാപിക്കാൻ വിണ്ണിൽ നിന്നു് ഞങ്ങൾക്കൊരു ജന്മനിയോഗമുണ്ടെന്നോ ആരെങ്കിലും പ്രവചിച്ചാൽ ഞങ്ങൾ അന്ധാളിക്കും!”
“മുഖംതെളിഞ്ഞില്ലല്ലോ”, കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി.
“ന്യായമായും കിട്ടേണ്ടതൊന്നും കിട്ടിയില്ല. കുരുവംശത്തിന്റെ അപൂർവ്വരത്നശേഖരം ഇനി തിരയാൻ ഭൂമിയിലും ഭൂഗർഭത്തിലും ഇടമില്ല. ദുര്യോധനൻ അതെവിടെ ഒളിപ്പിച്ചു വച്ചു എന്നതാണു് ഞങ്ങളെ കുഴയ്ക്കുന്നതു്; കൗരവർ കൊല്ലപ്പെട്ടതോടെ അന്തഃപുരത്തിലെ രാജസ്ത്രീകളും, വിവാഹിതപുത്രവിധവകളും, അവിവാഹിത പുത്രിമാരും സ്വാഭാവികമായി ഞങ്ങളുടെ ലൈംഗികഅടിമകൾ ആവേണ്ടതായിരുന്നു. എന്നാൽ സ്ത്രീ വിമോചകയെന്ന പാഞ്ചാലിയുടെ ദുസ്വാധീനം കൊണ്ടായിരിക്കുമോ, കുരുക്ഷേത്രവിധവകൾ എന്ന നിലയിൽ പാണ്ഡവർക്കു് വഴങ്ങാൻ തയ്യാറല്ല. അർദ്ധരാത്രി കുടിയൊഴിപ്പിച്ചു പുനരധിവാസകേന്ദ്രത്തിൽ താമസിപ്പിച്ചു. സൗജന്യഭക്ഷണം വാഗ്ദാനം ചെയ്തു. വഴങ്ങുന്നില്ല. ഇങ്ങനെ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചു നവപാണ്ഡവ ഭരണകൂടത്തെ യുദ്ധാനന്തര സാഹചര്യങ്ങൾ നിർജ്ജീവമാക്കിയാൽ മുഖം തെളിയുമോ?”
“തിരുശേഷിപ്പിൽ ധൂപാർച്ചന ചെയ്യാൻ നിയോഗം നിങ്ങൾക്കായിരുന്നല്ലേ? എങ്ങനെ കാണുന്നു പരേതയോദ്ധാവിനെ ധീരനായക പദവിയിലേക്കുയർത്തിയ പരിപാവനചടങ്ങിൽ, ആദ്യാവസാനം പങ്കെടുത്ത നിങ്ങളുടെ നേരനുഭവം?”. കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി.
“യുദ്ധത്തിൽ അവൻ കൊല്ലപ്പെട്ടു എന്നതൊരു കെട്ടുകഥയെന്നു തെളിഞ്ഞ ദിനം. ആദ്യമൊക്കെ ഞാനും അന്ധാളിച്ചു. ഗാന്ധാരിക്കു് മുമ്പിൽ, കുരുക്ഷേത്രക്കുശേഷം, ഭീമൻ ദുര്യോധനവധം അത്രമാത്രം ഇളകിയാടിയിരുന്നു. അവന്റെ തിരുശേഷിപ്പുകൾ നോക്കിയോ? ജീവൻ തുടിക്കുന്നപോലെ! അതുകൊണ്ടെന്തുണ്ടായി എന്നോ, ധാന്യമണി മുതൽ കരിംപാറക്കെട്ടു വരെ, വ്യത്യസ്തമാധ്യമങ്ങളിൽ, ഹസ്തിനപുരിയാകെ വീരനായകപദവി ആലേഖനം ചെയ്യാൻ കരകൗശലവിദഗ്ധർക്കു് വർഷം മുഴുവൻ അവസരം നൽകുന്ന തൊഴിലുറപ്പു പദ്ധതി മഹാറാണി പാഞ്ചാലി പ്രഖ്യാപിച്ചു. ഞാൻ ശിരസ്സുനമിച്ചു. അവൻ ഞങ്ങൾക്കു് പ്രിയൻ എന്നും എന്നെന്നും!”
“ഇതെന്താ ശിരസ്സിൽ ചോരപ്പാടു്?”, വനാശ്രമത്തിലെ മൂലയിൽ, തലയിൽ കൈവച്ചു എരിപൊരികൊള്ളുന്ന യുധിഷ്ഠിരനെ നോക്കി, ദീനാനുകമ്പയോടെ കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“പൗരാവകാശം നഷ്ടപ്പെട്ടു്, നിലവിൽ പദവി അടിമ എന്നാണെങ്കിലും, മുൻ രാജശിരസ്സു് കാട്ടിലും നഗ്നമായിക്കൂട എന്നു് ഉടയോൻദുര്യോധനൻ അറിയിച്ചപ്പോൾ, ഞങ്ങൾ ഉടനടി തട്ടിക്കൂട്ടിയ മുൾക്കിരീടം. ഇരുമ്പാണി കൊണ്ടു കിരീടനിർമ്മിതി ഹസ്തിനപുരിയിൽ നിന്നു് കിട്ടിയാൽ, ചോരയൊലിപ്പിക്കുന്ന ഈ മുൾക്കിരീടം മാറ്റും, അതുവരെ മുൻരാജാവു് ഇങ്ങനെ ഞെരങ്ങി മൂലയിൽ ഇരിക്കും.”
“ഇതാണോ മുഖ്യ വാർത്ത? ഇതിൽ അതിജീവിത പാഞ്ചലിക്കനുകൂലമായ പ്രതിരോധ ഭാഷ എവിടെ? ആകെ കാണുന്നതു് അവൾക്കുനേരെ കൗരവലൈംഗികാതിക്രമത്തിനു പരോക്ഷ പ്രോൽസാഹനമല്ലേ?”, ഹസ്തിനപുരി പത്രിക മേധാവി കൊട്ടാരം ലേഖികയോടു് ക്ഷോഭിച്ചു. വസ്ത്രാക്ഷേപപ്പിറ്റേന്നു്.
“ഒരു ചൂതാട്ടസന്ധ്യയിൽ അധികാര സമവാക്യം പൂർണമായി മാറിയാൽ പിന്നെ കൊട്ടാരം ലേഖികയുടെ മനോഭാവവും കൂട്ടത്തിൽ സ്വാഭാവികമായി മാറില്ലേ? വേതനം പരിഷ്കരിക്കാതെ കൊട്ടാരത്തിണ്ണ നിരങ്ങാൻ ഞങ്ങളെ നിങ്ങൾ കയറൂരിവിടുമ്പോൾ അറിയണ്ടേ, ഇങ്ങനെ ഭരണകൂടത്തോടു് കൂറുമാറ്റം ഞങ്ങൾക്കും ഉണ്ടാവും?”, കൊട്ടാരം ലേഖികയുടെ സുഹൃത്തായ യുദ്ധകാര്യ ലേഖകൻ ഇടപെട്ടു് വിരൽ ചൂണ്ടി.
“വിജനവഴിയിൽ കുഴഞ്ഞുവീഴുന്ന മരണമാണോ ഒരിതിഹാസ കഥാപാത്രമാവാൻ നിയോഗമുള്ള നിങ്ങൾക്കു് പ്രകൃതി തന്നതു്?”, അവശപാഞ്ചാലിയെ മൃദുവായി പിടിച്ചിരുത്തി കൊട്ടാരം ലേഖിക വായിൽ ഒരിറ്റു വെള്ളം ഒഴിച്ചു് കൊടുത്തു. സായാഹ്നവെയിൽ താണുതുടങ്ങിയ മലഞ്ചെരുവിൽ, അവസാനത്തെ പാണ്ഡവനും അപ്രത്യക്ഷമായി.
“അന്ത്യവിധിയിൽ തളർന്നു വീഴുമ്പോൾ, തിരിഞ്ഞു നോക്കാതെ അവരഞ്ചുപേരും കാൽ മുന്നോട്ടുതന്നെ വച്ചതാണെന്റെ കൊച്ചു നേട്ടം. വിവാഹരാത്രിയിലെന്നപോലെ, അവസാന നിമിഷത്തിലും പത്തു തുറിച്ച പാണ്ഡവക്കണ്ണുകൾ എന്റെ മുഖത്തു് വീഴുമെന്ന ആ പേടിസ്വപ്നം അങ്ങനെ ഒഴിഞ്ഞു പോയില്ലേ!”
“കൗരവരെ തെരുവിൽ കണ്ടാൽ കാലുതല്ലിയൊടിക്കുമെന്ന ചാർവാകന്റെ ഭീഷണി എങ്ങനെ നിങ്ങൾ നേരിടും?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. ആണധികാരഹുങ്കിൽ കുലസ്ത്രീയെ പരുക്കൻ തെമ്മാടികൗരവ സഹോദരന്മാർ സംഘടിതമായി വസ്ത്രാക്ഷേപം ചെയ്ത വിവാദം ദേശീയപാത വഴിയമ്പലങ്ങളിലും കുതിരപ്പന്തികളിലും നീറിപ്പുകയുന്ന സംഘർഷദിനങ്ങൾ.
“പാഴ്‌വസ്തുക്കളുണ്ടല്ലോ യുക്തിവാദി ചാർവാകന്റെ പരസ്യ പ്രസ്താവനയിൽ! ചൂതാട്ടസഭയിൽ നടന്നതു് സാന്ദർഭിക ആൺ പ്രതികരണമായിരുന്നു എന്നു അരമന നിഷ്പക്ഷനിരീക്ഷകൻ ഒരു ‘പക്ഷേ’യുമില്ലാതെ കാണുന്നുണ്ടല്ലോ. ‘ഞാൻ അൽപ്പവസ്ത്ര’ എന്നുച്ചരിച്ചു ആകർഷക ഉടലുള്ളൊരു പാഞ്ചാലവനിത ചൂതാട്ടസഭയിൽ അതിക്രമിച്ചു കയറിയപ്പോൾ, അതൊരു ലൈംഗിക പ്രലോഭനമായി ഏറ്റെടുത്ത നിഷ്കളങ്കകൗരവന്റെ വിരൽസ്പർശം അവളുടെ ഉടലുമായുണ്ടായി എന്നതിൽ അസ്വാഭാവികത അശേഷമില്ല. ഒന്നുനിങ്ങൾ മറന്നുവോ? നൂറുകൗരവർ അത്രയും രാജവധുക്കളുമായി അന്തഃപുരത്തിൽ നിത്യവും ഇടപഴകുന്നുണ്ടു്, മുഖപരിചയം കുറവായ മധുവിധുനാളുകളിൽ, രാത്രി കിടപ്പറയിൽ കയറിയ ആളേതെറ്റും, യഥാർത്ഥവരൻ വേറൊരു പുതുകൗരവരാജ വധുവുമായി രതിക്രീഡയിലാവും. ആരും ഒന്നും കണ്ടില്ല കേട്ടില്ല എന്ന മട്ടിൽ പിറ്റേന്നു് ബഹുമാനത്തോടെ പരസ്പരം ഉപചാരം ചൊരിഞ്ഞു ആരാധനാലയത്തിൽ പൂക്കളുമായി സംബന്ധിക്കും. ഇതൊക്കെ എങ്ങനെ യുക്തിവാദി ചാർവാകൻ കണ്ടർത്ഥമറിയാൻ! ഇന്നു് രാവിലെ ദ്രൗപദി മരവുരി ധരിക്കുമ്പോൾ ഉപചാരപൂർവ്വം അവളുടെ കൈമുത്തി, നിലത്തിരുന്നു ഞാനാണല്ലോ അവളുടെ വലതുകണങ്കാലിൽ തങ്കവള കെട്ടിക്കൊടുത്തതു. അഞ്ചോളംവരുന്ന ഭർത്താക്കന്മാരിൽ അസൂയാലുവായ ഒരാൾ ഒഴികെ മറ്റുനാലുപേരും എന്റെ സൂക്ഷ്മതയും കരുതലും കണ്ടു് കോൾമയിർ കൊണ്ടല്ലോ. അതാണു് ഞാൻ പറഞ്ഞതു് ചാർവാകൻ ചവയ്ക്കുന്നതു് വെറുപ്പിന്റെ കുതിരപ്പന്തിരാഷ്ട്രീയം!”
“പൌരസ്വീകരണത്തിനു അരങ്ങേറ്റമൈതാനത്തു് വന്ന മഹാരാജാവു് യുധിഷ്ഠിരന്റെ കാൽകഴുകൽ ശുശ്രൂഷ മുതിർന്ന കൗരവ രാജവിധവയെ കൊണ്ടു് പാണ്ഡവർ സമ്മർദ്ദം ചെലുത്തിചെയ്യിക്കുന്നു. കുരുക്ഷേത്രവിധവകൾ രാജധാനിക്കു മുമ്പിൽ നടത്തിയ പ്രതിഷേധയോഗത്തിൽ പാഞ്ചാലി പങ്കെടുക്കുന്നു. രാജഭരണം വിട്ടു ജനാധിപത്യത്തിൽ കയറിയോ ഇത്ര വേഗം കുരുവംശം?”, കൊട്ടാരം ലേഖിക നവരാത്രി ആഘോഷത്തിന്റെ തയ്യാറെടുപ്പിൽ തിരക്കിലായിരുന്ന ഭരണകൂട ഔദ്യോഗികവക്താവിനെ കണ്ടെത്തി.
“കണ്ടുമടുത്ത ധൃതരാഷ്ട്ര കുടുംബവാഴ്ചക്കു് പകരം ഇന്ദ്രപ്രസ്ഥ ജനാധിപത്യം ഞങ്ങൾ ഹസ്തിനപുരിയിലും പുനഃസ്ഥാപിച്ചു എന്നു് ഇനിയെങ്കിലും പൊതുസമൂഹം അംഗീകരിക്കില്ലേ? ചക്രവർത്തി വേറെ ചക്രവർത്തിനി വേറെ”, വക്താവു് നകുലൻ ഇരുകൈപ്പത്തികളും നാടകീയമായി വിസ്തരിച്ചുയർത്തി.
“കിടന്നകിടപ്പിലാണല്ലോ മുൻകൗരവ സർവ്വസൈന്യാധിപൻ! മേലനങ്ങാൻ വയ്യാത്ത ശരശയ്യയിൽനിന്നാരാധ്യപുരുഷനെന്നുണ്ടാവും മോചനം? യുദ്ധംകഴിഞ്ഞു നാളെത്രയായ്, ഇടമൊന്നൊഴിഞ്ഞുകിട്ടി വേണ്ടേ ജൈവമാലിന്യമുക്തിയിലൂടെ കുരുക്ഷേത്രയിൽ നിബിഡ വനനിർമ്മിതി?”, നിയുക്തമഹാരാജാവു് യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“വിമുക്തഭടനെന്നല്ല, പിതാമഹൻ എന്നുതന്നെ വേണം ഗംഗാതട ഗ്രാമഗ്രാമാന്തരങ്ങളിലും ആരാധ്യപുരുഷനറിയപ്പെടാൻ. ഓർമ്മയിരിക്കട്ടെ. ശൗര്യസ്ഥൽ എന്നൊരന്ത്യവിശ്രമ പൂങ്കാവനനിർമ്മിതിക്കായി കരടു് തയ്യാറാക്കുകയാണു് ഞങ്ങളിപ്പോൾ ഗംഗയുടെ തീരത്തിൽ. സ്വച്ഛന്ദമൃത്യു എന്നതൊരു വെറുമൊരു കാവ്യസങ്കല്പമെന്ന നിലയിൽ കാണാൻമാത്രം ആധുനികശാസ്ത്രബോധമുള്ള പാണ്ഡവർക്കു് പരിശീലനമുണ്ടു്, ഭീഷ്മഭൗതികശരീരം, എങ്ങനെയോ അങ്ങനെ എന്ന സ്ഥിതിയിൽ, വിലാപയാത്രയായി ഗംഗാതീരത്തേക്കു ഞങ്ങൾ കൊണ്ടു പോവും. മഹാഭാരതയുദ്ധത്തിലാരുടെ കൂടെ പിതാമഹൻ പോരാടി എന്നല്ല, ജീവിതത്തിലാരെയൊക്കെ തിരുഹൃദയത്തിൽ പിന്തുണച്ചു എന്നതല്ലേ കാര്യം.”, രാജസിംഹാസനത്തിൽ ഒരിക്കലും ഇരുന്നിട്ടില്ലാത്ത ഭീഷ്മരിൽനിന്നും രണ്ടുനാൾകൊണ്ടു് നേടിയ രാഷ്ട്രമീമാംസാപാഠങ്ങളാൽ ബൗദ്ധികവികസനം നേടിയ യുധിഷ്ഠിരൻ സംസാരിക്കുമ്പോൾ തന്നെ വിദൂരതയിലേക്കു് ഇടക്കിടെ ദാർശനിക നോട്ടമെറിഞ്ഞു.
“പരിശ്രമിയായ ഏതു കൗരവസഹോദരനാണു് തക്ക സമയത്തു ഇവിടെ വന്നു ഈ കെട്ടുറപ്പുള്ള തടയണ കെട്ടി, വേനൽവരൾച്ചയിൽ ഇത്ര ശുദ്ധജലസമൃദ്ധി നിങ്ങൾക്കു് സമ്മാനിച്ചതു്?”, ഒരു മൺകുടം കുടിനീർ മുക്കിയെടുത്തു മുഖവും കൈകളും കഴുകി കുറെ വായിലൊഴിച്ചു ദുര്യോധനൻ ഗ്രാമസഭ യോഗത്തിൽ വിസ്മയിച്ചു. ഹസ്തിനപുരിയുടെ നഗരാതിർത്തി. കുരുക്ഷേത്രയുദ്ധമേഘങ്ങൾ കാണാവുന്ന സംഘർഷദിനങ്ങൾ. കരിമ്പുകഷണം അലസമായി ചവച്ചു കൊട്ടാരം ലേഖിക ഗ്രാമസഭ അവലോകനം ചെയ്യുകയായിരുന്നു.
“പത്തുപതിനാറുവയസ്സുള്ള, തേജസ്വിയായ സായുധപോരാളി ഒറ്റയ്ക്കു് ഇവിടെ വന്നു, സ്വന്തം പരിശ്രമത്തിൽ ഇതു് പണിതു എല്ലാവരോടും കൈകൂപ്പി സന്ധ്യയിൽ ഞങ്ങളോടു് യാത്രപറയുമ്പോൾ, ‘ആരാണു് നീ? ആരുടെ മകനാണുനീ?’ എന്നു് വാത്സല്യത്തോടെ ഞങ്ങൾ ചോദിച്ചു. “അമ്മയുടെ പേർ സുഭദ്ര”, എന്നവൻ വിനയത്തോടെ പറഞ്ഞു. താങ്കളുടെ ഏതെങ്കിലും കൗരവസഹോദരനു് ആ പേരുള്ള രാജവധുവുണ്ടോ? അവൻ ചെയ്ത നന്മക്കു ഞങ്ങൾ സ്ത്രീകൾ അത്രമേൽ കടപ്പെട്ടവർ!” ഗ്രാമത്തലവന്റെ ഭാര്യ എഴുന്നേറ്റുനിന്നു് ഇടനെഞ്ചിൽ കൈവച്ചു പ്രാർത്ഥനയുടെ സ്വരത്തിൽ ദുര്യോധനനോടു് ശിരസ്സുകുനിച്ചു ചോദിച്ചു.
“ഒരാരാധകനെപോലെ അകന്നുനിന്നു് നോക്കിയാൽ, പാഞ്ചാലി നിങ്ങളിൽ കാണാവുന്ന ‘പുരുഷാകർഷകത്വം’, വസന്തകാല പ്രണയപതിപ്പിൽ ചേർക്കാൻ ‘ഹസ്തിനപുരി പത്രിക’യുമായി പങ്കിടാമോ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു, ഇന്ദ്രപ്രസ്ഥക്കാലം. യാഗം കഴിഞ്ഞു യുധിഷ്ഠിരന്റെ ഔദ്യോഗിക ഭാര്യ എന്ന പ്രഖ്യാപനത്തോടെ, ചക്രവർത്തിനിപദവിക്കു് പാഞ്ചാലി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആഘോഷദിനങ്ങൾ.
“അകന്നു മാത്രമല്ല, തൊട്ടടുത്തു നോക്കാനും ആരാധകപദവി മാത്രമല്ലേ എനിക്കവൾ തന്നിട്ടുള്ളു!”
“തൊട്ടയല്പക്കത്തെ സന്യസ്ഥാശ്രമങ്ങളിലെ സമർപ്പിത ജീവിതങ്ങളെ സത്യമായും നിങ്ങൾ മഹത്വപ്പെടുത്താറില്ലേ?”, വിരൽ ചൂണ്ടി ശ്രദ്ധയാകർഷിച്ചു യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു. പാണ്ഡവരുടെ വനവാസക്കാലം.
“പരിണയകാലത്തെ പഴയ കഥകൾ ചികഞ്ഞെടുത്തു പാഞ്ചാലി ഒരു ദിവസം എന്നെ പതിവുപോലെ നിർദ്ദയം കുടഞ്ഞപ്പോൾ, ലജ്ജയിൽ തലതാഴ്ത്തി ഞാൻ സന്ദർഭോചിതമൌനം പാലിച്ചു. ആർത്തവബന്ധിതമായ വൈകാരിക ‘ഇടിവെട്ടു്’ നീങ്ങിയപ്പോൾ, പരുങ്ങിയും പതുങ്ങിയും ആശ്രമത്തിൽനിന്നും ശുദ്ധവായുവിനായി പുറത്തേക്കിറങ്ങി. മറ്റുനാലുപേർ നായാട്ടിനുപോയ നേരം. അയൽപക്കആശ്രമാതിർത്തിയിലെ വളർന്നുയർന്ന പൂമരത്തിനു പിന്നിൽ അതാ കോമളരൂപനായ യുവസന്യാസി എന്തോ രഹസ്യ സന്ദേശത്തിന്നായി ചെവിയോർക്കുന്നു. പെട്ടെന്നെന്നെ അടുത്തു് കണ്ടപ്പോൾ, “നിങ്ങളുടെ പൂർവാശ്രമം അങ്ങനെയൊക്കെയാണല്ലെ!” എന്നു് പിറുപിറുത്തു, കയ്യെത്തുന്ന കൊമ്പിൽനിന്നു് പൂപൊട്ടിച്ചു ഉപചാരമൊന്നും കൂടുതൽ ചൊല്ലാതെ ആശ്രമക്കൂട്ടത്തിലേക്കു കടന്നുപോയതാണു്, പിന്നെ സന്യസ്തരുമായി നേർക്കുനേർ മിണ്ടാട്ടംഉണ്ടായില്ല”, ഉടുതുണി ആഞ്ഞു കുടഞ്ഞു വീണ്ടും കൃത്യമായി ഉടുത്തു, കൊട്ടാരം ലേഖികയെ മുൻപു് കണ്ട പരിചയം തുടരാതെ. മുതിർന്ന പാണ്ഡവസഹോദരൻ വഴി മാറി പോയി.
“പദ്മവ്യൂഹംതകർത്തു കൗരവരെ മുഴുവൻ ബന്ദികളാക്കുമെന്നു തള്ളിയ അഭിമന്യുവിനു കൂലി വരമ്പത്തു തന്നെ! പോരാട്ടഫലത്തെക്കുറിച്ചിപ്പൊൾ ‘കൗരവവിഷാദം’ മാറിക്കിട്ടിയോ?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
“വിഘടനവാദികളെ വലയിൽ വീഴ്ത്തുന്ന കൗരവപദ്ധതിയുടെ തുടക്കം മാത്രമല്ലെ അഭിമന്യുവധം? പാണ്ഡവരെ പൂർണ്ണമായും ഇല്ലാതാക്കുന്നതുവരെ യുദ്ധം തുടരുമെന്നു് ഞങ്ങൾ ആവർത്തിക്കേണ്ട കാര്യമില്ല, ചെയ്തിരിക്കും എന്നതൊരു ഭീഷ്മപ്രതിജ്ഞ. ശത്രുപാണ്ഡവർ ചെയ്തുകൂട്ടിയ അരനൂറ്റാണ്ടുകാലത്തെ പാപകർമ്മങ്ങളൊന്നും ഞങ്ങൾ മറക്കില്ല. കുറെയൊക്കെ നിങ്ങൾക്കറിയാം എന്നാൽ അറിയാത്തതുമുണ്ടു് നിങ്ങൾ. സമാനതകളില്ലാത്ത ശക്തിയോടെ ശത്രുപാണ്ഡവർക്കെതിരെ ആഞ്ഞടിക്കുകയാണു് ലക്ഷ്യം. സംയമനത്തോടെ പ്രതിരോധമാണു് പ്രസക്തം അതിനിടയിൽ പാണ്ഡവവിഷബീജങ്ങൾ നശിക്കുകയാണെങ്കിൽ ഒന്നേ എനിക്കുറപ്പുവരുത്തേണ്ടതുള്ളൂ ഒരു പാണ്ഡവതലയും ഇനി ഭൂമിയിൽ ബാക്കി അരുതു്. യുദ്ധം തുടങ്ങുംമുമ്പു് ഒരുവനു് വിഷാദരോഗചികിത്സ വേണ്ടിവന്നു ഇപ്പോൾ അവന്റെ അഭിമാനപുത്രൻ, കർണ്ണന്റെ വാൾച്ചീറ്റലിൽ തലതെറിച്ചതാ ചിതയിൽ കത്തുന്നു. ഞങ്ങൾ ഏകപത്നീവ്രതക്കാരായിരിക്കാം എന്നാൽ പോർക്കളത്തിൽ പോവുമ്പോൾ അഭിവന്ദ്യഭാര്യ ഉപവസിക്കും പ്രാർത്ഥിക്കും വിശ്വപ്രകൃതിയുമായി സമരസപ്പെടും. പാഞ്ചാലിയോ? കേശപരിപാലനത്തിനു ഒരു കൈ കൗരവചോര വേണമെന്ന ശാഠ്യവുമായി പാണ്ഡവസൈന്യത്തിന്റെ മൊത്തം ഇച്ഛാശക്തിയെ കളങ്കപ്പെടുത്തുമ്പോൾ ആരുടെ കരൾ ആരു് തുറന്നാണു് വരുംദിവസങ്ങളിൽ ചോര വീഴ്ത്തുക എന്നു് നിങ്ങൾക്കു കാണാം!”
“ശ്രേണീഘടനയിൽ സാമന്തരാജ്യം മാത്രമായ ഹസ്തിനപുരിയിൽപോയി ചൂതു് കളിക്കുന്നതു്, രാജസൂയ ഇന്ദ്രപ്രസ്ഥം ചക്രവർത്തിയുടെ അത്യുന്നത പദവിക്കു് യോജിച്ചതല്ലായിരുന്നു എന്ന തിരിച്ചറിവു് പിൽക്കാല വനവാസശിക്ഷയിൽ യുധിഷ്ഠിരനുണ്ടായിരുന്നോ?”, കൊട്ടാരം ലേഖിക ഇളമുറ നകുലനോടു് ചോദിച്ചു.
“ഒരിക്കൽ സാന്ദർഭികമായി ചെറുതായൊന്നു പരാമർശിച്ചു, ഇല്ല, ഞാൻ ചുണ്ടൊന്നു തുറന്നപ്പോഴേക്കും, ധാർമികതയുടെ ആ മൊത്തക്കച്ചവടക്കാരൻ കുറ്റബോധത്തിന്റെ തലച്ചുമടു് എന്റെ മുതുകിൽതന്നെ ഇറക്കി. വസ്ത്രാക്ഷേപതലേന്നുണ്ടായ ഹസ്തിനപുരി കൊട്ടാരസന്ദർശനം, പെരുമാറ്റമുറയിൽ ഒരു ‘സൗജന്യ’മായിരുന്നു. ആ ‘ഉദാരത’ പൊതുസമൂഹം പ്രകീർത്തിച്ചു. ചൂതു് കളിയിൽ പിന്നെ ജയിക്കില്ലേ തോൽക്കില്ലേ എന്നായിരുന്നു ‘ഇര’യെ കണ്ടെത്തിയ രസത്തിൽ ദുരഭിമാനിയുടെ വാചാല വിശദീകരണം. നിശബ്ദമായി നിന്നുകേട്ടു!”
“വനവാസശിക്ഷ ദശാബ്ദം ഒന്നു് കഴിഞ്ഞല്ലോ. അതോ പതിനൊന്നോ? ഇന്ദ്രപ്രസ്ഥ ചക്രവർത്തിനിയായിരുന്നപ്പോൾ, പാണ്ഡവർക്കു് നിങ്ങളിൽ ഉണ്ടായി എന്നു് പറയപ്പെടുന്ന ആണ്‍കുട്ടികൾ, പാഞ്ചാലയിൽനിന്നവരിനിയും അച്ഛനമ്മമാരെ കാണാൻ വന്നില്ലേ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“ക്ഷണിച്ചു എന്നു് കരുതുക. അക്ഷയപാത്രത്തിൽ നിന്നവർക്കു സൗജന്യഭക്ഷണം വിളമ്പുന്നതൊക്കെ കുറച്ചിലല്ലേ. പാചകം ചെയ്യാനും വിളമ്പാനും ഇച്ചിലില വാരികളയാനും ഊട്ടുപുര കഴുകാനും രാത്രിയുറക്കത്തിനു്, നിന്നുതിരിയാനിടം ഇല്ലാത്ത ഈ പരുക്കൻ കിടപ്പറയിൽ വിശിഷ്ടാതിഥികൾക്കു് ഇടമൊരുക്കാനും ഞാൻ തന്നെ വേണ്ടേ”, പുറത്തു തണലിൽ ചമ്രം പടിഞ്ഞിരുന്നു ചൂതാട്ടക്കഥകൾ പറഞ്ഞു രസിക്കുന്ന പാണ്ഡവരെ നോക്കി പാഞ്ചാലി പിറുപിറുത്തു.
“ഭൂതാതുരതയോടെ ഓർക്കുന്നു, ഇന്ദ്രപ്രസ്ഥത്തിൽ അഭിമുഖങ്ങൾക്കു പോവുമ്പോൾ, രാജസഭയിൽ സന്ദർശകക്കൊപ്പം ഞാൻ ഇടം പിടിക്കും. ആരെന്തു ജനകീയപ്രശ്നം ചോദിച്ചാലും, ധാർമ്മികതയുടെ കുത്തകയെന്ന മട്ടിൽ ദാർശനികപ്രഭാഷണം ചെയ്തു സദസ്സിനെ മരവിപ്പിച്ചിരുന്ന പഴയ കുടിയേറ്റകർഷകൻ യുധിഷ്ഠിരൻ, യുദ്ധം ജയിച്ചു ഇവിടെ ചെങ്കോൽ നേടിയപ്പോൾ, അസൗകര്യം സൃഷ്ടിക്കുന്ന ചോദ്യകർത്താവിന്റെ തലയിൽ ‘കൊട്ടുകൊടുത്തു’ തിരുത്തുന്നു. താങ്കളുടെ ശ്രദ്ധയിലും പെട്ടല്ലോ. എന്താണിതിന്റെ പിന്നിലെ പാണ്ഡവപ്രയത്നം, അങ്ങനെ ഒന്നുണ്ടെങ്കിൽ?” കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു പാണ്ഡവ ഭരണകാലം.
“കുടിയേറ്റഭൂമികയായ ഇന്ദ്രപ്രസ്ഥത്തിൽനിന്നും വ്യത്യസ്തമായി നീണ്ട വംശവൃക്ഷങ്ങൾ ഉള്ള കുടുംബങ്ങളുടെ നാടാണ്ഹസ്തിന പുരി എന്നുനിങ്ങൾക്കറിയാം. ധാർമ്മികത ആയുധമാക്കാനാവില്ല, ചെലവാകില്ല! പ്രശ്നങ്ങൾക്കുമേലുള്ള വെല്ലുവിളി യുധിഷ്ഠിരൻ കാര്യക്ഷമമായി നേരിടാൻ, പണച്ചെലവുള്ളൊരു വയോജന വിദ്യാഭ്യാസത്തിനു പാഞ്ചാലി മുൻകൈ എടുത്തു. എനിക്കാവുന്ന സേവനം ഞാനും ചെയ്തു. തക്ഷശില സർവ്വകലാശാലയിലെ രാഷ്ട്രതന്ത്രം, പൊതുജനസമ്പർക്കം വകുപ്പുകളിൽനിന്നും യുവഅധ്യാപകർക്കു് യുധിഷ്ഠിരനെ ‘ഒന്നുടച്ചു വാർക്കേണ്ട’ ഉത്തരവാദിത്വം രഹസ്യമായി മഹാറാണി കൈമാറി. സാധാരണ പൗരന്മാരെ പോലെ രാജസഭയിൽ അവർ ഇരിക്കും എന്നാൽ ശരീരഭാഷയും വാമൊഴിയുമൊക്കെ സൂക്ഷ്മമായി ശ്രദ്ധിക്കും എവിടെയൊക്കെ അക്ഷോഭ്യനായും എവിടെയൊക്കെ പൊട്ടിത്തെറിച്ചും സമർത്ഥമായി ഇടപെടാനും, കുഴപ്പംപിടിച്ച കുലീന പ്രതിയോഗികളുടെ ജനകീയചോദ്യങ്ങളോടു് ലഘുവായി പ്രതികരിക്കാനുമുള്ള സംഭാഷണപദാവലിയും അനുകൂല കൈആംഗ്യങ്ങളും നോട്ടവും പുഞ്ചിരിയും രഹസ്യസങ്കേതത്തിൽ അഭിനയിച്ചുകാണിക്കും. കാര്യങ്ങൾ മുന്നോട്ടുനീങ്ങി പിന്നെ ഞങ്ങൾ ‘ധർമ്മപുത്രർ’ എന്ന യാഥാസ്ഥിതികദാർശനികനിൽ കണ്ടതു് മിന്നിത്തിളങ്ങുന്നൊരു വ്യക്തിത്വത്തിന്റെ കാലികപ്രതിരൂപം. ഞങ്ങളെപ്പോലുള്ള സഹോദരങ്ങൾ ഉണ്ടായതൊക്കെ ‘വിധാതാവിന്റെ ഇടപെടൽ’ എന്നഭിനന്ദിക്കാനും ‘അത്യാകർഷക’ വ്യക്തി കനിവോടെ തയ്യാറായി.” അരികെ നിന്ന പാഞ്ചാലി, ഈ പറയുന്നതൊന്നും തനിക്കു മനസ്സിലായില്ലെന്നു് മട്ടിൽ അജ്ഞത നടിച്ചു.
“സ്മരണീയമായൊരു പ്രണയമൂല്യവും അപ്പോൾ ഇതുവരെ നിങ്ങൾ പരുക്കൻഭീമനിൽ കണ്ടെത്തിയിട്ടില്ല എന്നാണോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വനവാസക്കാലം.
“പരിപൂർണ ആശ്രിതത്വം ഏതർദ്ധരാത്രിയിലും പ്രതീക്ഷിക്കാം, കല്യാണസൗഗന്ധികം പോലെ ഐതിഹാസിക പ്രണയപുഷ്പങ്ങൾ തേടി ഉൾക്കാടിലലയാൻ അവനെ പ്രേരിപ്പിക്കുന്ന ഉൾക്കിടിലം, അതൊന്നു പോരെ പ്രണയാഭിലാഷങ്ങളിനിയും പൂവണിഞ്ഞിട്ടില്ലെന്ന ഭീമപരിദേവനത്തിലും, ഉപചാരപൂർവ്വം എന്റെ മുമ്പിൽ മുട്ടുകുത്തി കൈമുത്തി, ഇടക്കെങ്കിലും പരമാനന്ദം യാചിക്കുന്ന ഭീമനെ ഞാൻ മഹത്വപ്പെടുത്താൻ!”
“അടച്ചുറപ്പില്ലാത്ത ഒറ്റമുറി കാട്ടുകുടിലിൽ, പകലൊക്കെ മിക്കവാറും കഴിയുന്ന പാവം പെണ്ണിനെ, മാംസഭോജികളായ വന്യമൃഗങ്ങളിൽ നിന്നു് രക്ഷിക്കാൻ നിങ്ങൾ നാലഞ്ചു അരോഗ ദൃഢഗാത്രർക്കാവുന്നില്ലല്ലോ”, എപ്പോൾ ഞാൻ അഭിമുഖങ്ങൾക്കു വരുമ്പോഴും കൊടുമുടിയിൽ കൊടുംതപസ്സിലാണു് എന്നു് കേൾക്കാറുള്ള അർജുനൻ ഇന്നു് മുമ്പിൽ വന്നുപെട്ട ആഹ്ലാദത്തിൽ കൊട്ടാരം ലേഖിക ആശംസിച്ചു കൈ മുത്തി. സൈന്ധവ നാടുവാഴി ജയദ്രഥൻ കാട്ടുകുടിലിൽവന്നു പാഞ്ചാലിയുടെ അഭിമാനം തട്ടിയെടുത്തെന്ന പരാതി അയൽപക്ക സന്യസ്ഥർ പരസ്യമാക്കിയ വിവാദദിനങ്ങൾ.
“പരാതിയുടെ പതിവു് ഊന്നൽ പാണ്ഡവരിൽ നിന്നു് കാട്ടുമൃഗശല്യത്തിലേക്കു പാഞ്ചാലി ഇത്തവണയെങ്കിലും മാറ്റി, അല്ലെ? രണ്ടു കണ്ണും തുറന്നു എല്ലാം ശ്രദ്ധിക്കുന്ന കൊട്ടാരം ലേഖികയോടു് പാഞ്ചാലി ഈ വിധം പെരുപ്പിച്ചു പറഞ്ഞാൽ, കേട്ട പാതി ഇരട്ടിയാക്കുന്ന ‘ഹസ്തിനപുരി പത്രിക’ എങ്ങനെയാവും പാണ്ഡവപ്രതിസന്ധി അന്തഃപുരത്തിലെ കൗരവരാജ സ്ത്രീകളോടു് പറഞ്ഞൊപ്പിക്കുക”, പുതുതായി കിട്ടിയ ദിവ്യാസ്ത്രം വളർത്തുമൃഗങ്ങളിൽ പരീക്ഷിക്കുകയായിരുന്ന അർജ്ജുനൻ പറഞ്ഞു.
“കൗമാരപോരാളിയെ, വട്ടംചുറ്റി പീഡിപ്പിച്ചു ജഡം വലിച്ചെറിയാമെന്നു കരുതിയ കുടിലകൌരവനീക്കത്തെ കടപുഴക്കാനായിരുന്നു വാൾ അഭിമന്യുവിന്റെ ഇടനെഞ്ഞിലിറക്കി പ്രാണനെടുത്തതെന്നു് കഴുത്തിൽ അർജ്ജുനകൂരമ്പുതറച്ചു മരിക്കുംമുമ്പു് കർണ്ണൻ എറ്റുപറയുന്നതു ഞാനും കേട്ടു. എന്തു് തോന്നുന്നു കർണന്റെ അന്ത്യമൊഴിയെ കുറിച്ചു്?” ഭീമപ്രഹരത്തിൽ തുടയെല്ലു് പൊട്ടി ചളിയിൽ പുതഞ്ഞ ദുര്യോധനനോടു് യുദ്ധകാര്യ ലേഖകൻ ചോദിച്ചു.
“ഞാൻ സൂതപുത്രനല്ല, ഞാൻ കുന്തിയുടെ കന്യാപുത്രനാണു്, ആ വിധം അഭിമന്യുവിന്റെ പിതൃസഹോദരനും കൂടിയാണു് എന്നു് നാവുപിഴയില്ലാതെ നമ്മെ അവൻ ബോധ്യപ്പെടുത്തി! ചോരക്കു സൌഹൃദത്തെക്കാൾ മൂല്യമുണ്ടെന്നു കർണൻ മരണമുഹൂർത്തത്തിലും തെളിയിച്ചു. വ്യാസൻ എഴുതാൻ പോവുന്ന മഹാഭാരത ഇതിഹാസത്തിൽ ‘ഉത്തമപുരുഷ’നെന്ന ഇടംനേടാൻ എന്റെ ആജീവനാന്തസുഹൃത്തു് കർണനു സാധിക്കട്ടെ!” ഒരിറ്റു വെള്ളത്തിനു് നാവു പുറത്തിട്ടു ദുര്യോധനൻ കെഞ്ചി. അതുകണ്ടില്ലെന്നു നടിച്ചു യുദ്ധകാര്യ ലേഖകൻ സ്ഥലം വിട്ടു.
“പതിനെട്ടുനാൾ മരണപോരാട്ടത്തിൽ കേവലമൊരു അർദ്ധസത്യത്തിൽ ഒതുങ്ങിയോ പാണ്ഡവർ ചെയ്തുകൂട്ടിയ വിവരമലിനീകരണം?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. യുദ്ധജേതാക്കളുടെ കൊച്ചുനിര കുരുവംശ കോട്ടപിടിക്കാൻ വലിഞ്ഞുനടക്കുന്ന കുരുക്ഷേത്ര ഹസ്തിനപുരി ദേശീയ പാത.
“പാണ്ഡവസഖ്യകക്ഷി സൈന്യത്തിലെ അസത്യവ്യാപാരികളെക്കുറിച്ചാണു് നിഷ്കളങ്കചോദ്യമെങ്കിൽ, തുറന്നടിക്കട്ടെ, അവരുടെ വക്താവല്ല യുധിഷ്ഠിരൻ! എന്നിട്ടും എന്നിൽ ആരോപണം അടിച്ചേല്പിക്കപ്പെട്ടിട്ടുണ്ടു്. അർദ്ധസത്യം കൗരവ സൈന്യാധിപപദവി വഹിച്ച ദ്രോണർക്കുമുമ്പിൽ ഉച്ചരിച്ചതു കൊണ്ടായിരുന്നു അഭിവന്ദ്യഗുരു ആയുധം താഴെയിട്ടതും, പാണ്ഡവ സൈന്യാധിപ പദവി വഹിച്ച ധൃഷ്ടധ്യുമ്നൻ (പാഞ്ചാലിയുടെ സഹോദരൻ കൂടിയായ അവന്റെ ആത്മാവിനു ആദരാഞ്ജലികൾ) പാഞ്ചാലശത്രുവായ ദ്രോണരുടെ കഴുത്തുവെട്ടി തലയുരുട്ടിയതും. ദ്രോണഹത്യ ലക്ഷ്യമായിരുന്നില്ല ദ്രോണർ നിരായുധനായപ്പോൾ തരംപോലെ ശത്രുവിനെ കൊന്നു എന്നേയുള്ളു; യുദ്ധത്തിൽ ആദ്യം മരിക്കുന്നതു സത്യമാണെന്നു, തുടക്കത്തിൽ അരങ്ങേറിയ അർജ്ജുനവിഷാദം കണ്ടപ്പോഴേ സംശയം തോന്നിയതല്ലേ. സത്യവും അസത്യവും പോർക്കളത്തിൽ അലഞ്ഞുനടക്കുന്നതു കണ്ടാൽ ആരും ‘ഉപചാരം ചൊല്ലിപ്പിരി’യാറില്ല. എന്തു കൊണ്ടു് ചെങ്കോൽ തരാനാവില്ല എന്നു് ധൃതരാഷ്ട്രർ ന്യായം പറയുന്നൊരു രാജസഭയാണിപ്പോൾ എന്റെ പേക്കിനാവു്!”
“ജീവിച്ചിരിക്കെ ധർമ്മപുത്രർ എന്നറിയപ്പെട്ട നിങ്ങൾക്കെന്തെങ്കിലും സത്യവചനമായി പറയാനുണ്ടോ വായനക്കാരോടു്?” കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. നാലുപാണ്ഡവ സഹോദരന്മാരുടെയും ഭാര്യ പാഞ്ചാലിയുടെയും ചരമശുശ്രൂഷയും ശവമടക്കും മനഃപൂർവ്വം ബഹിഷ്കരിച്ചു മലമുകളിൽ സഹചാരി തെരുവുപട്ടിയുമായി സ്വർഗവാഹനത്തിനായി ഒറ്റക്കാലിൽ അക്ഷമയോടെ കാത്തുനിൽക്കുന്ന ത്രിസന്ധ്യ.
“ചൂതുകളിയിൽ ഞാൻ സത്യം മാത്രം പരസ്യമായി പറഞ്ഞപ്പോൾ, ഇന്ദ്രപ്രസ്ഥംരാജ്യവും പൗരാവകാശവും എനിക്കു് നഷ്ടപ്പെട്ടു, കുരുക്ഷേത്രത്തിൽ ഞാൻ നിർണ്ണായകദ്രോണവധം സാധ്യമാക്കാൻ അർദ്ധസത്യം പറഞ്ഞപ്പോൾ, ലോകമഹായുദ്ധം ജയിച്ചു. എല്ലാം ഇട്ടെറിഞ്ഞു തുടങ്ങിയ മഹാപ്രസ്ഥാനത്തിൽ, പാഞ്ചാലിയും നാലു സഹോദരങ്ങളും കുഴഞ്ഞുവീണപ്പോൾ ഞാൻ അവരെക്കുറിച്ചു ഉള്ളകാര്യം തുറന്നു പറഞ്ഞത്തോടെ, സന്തുഷ്ടരായ ദേവതകൾ സ്വർഗരാജ്യത്തിലേക്കെന്നെ ഉടലോടെ കൊണ്ടുപോവാൻ ഇതാ ആകാശരഥവുമായി താഴേക്കിറങ്ങുന്നു. നിങ്ങൾ മടങ്ങി പോകണം, ബാക്കിയൊക്കെ വരുംയുഗങ്ങളിൽ ഭാരത കഥയുടെ അപനിർമാണംവഴി പൊതുസമൂഹം വായിച്ചറിയും.”
“ദാമ്പത്യവിശ്വസ്തത എന്നൊരു പുതുസ്ത്രീവിരുദ്ധ ആശയം കൗരവരാജവധുക്കൾ തന്നെ ഈയിടെയായി മുന്നോട്ടുവക്കുന്നുണ്ടു്. ഹസ്തിനപുരി പോലൊരു യാഥാസ്ഥിതികസമൂഹത്തിൽ, പുരുഷപ്രോൽസാഹനത്തിലൂടെ, പാണ്ഡവദാമ്പത്യത്തെ വാമൊഴിയിൽ ആക്രമിക്കാനും, സമൂഹത്തിനുമുമ്പിൽ വിലകുറച്ചു് കാണിക്കാനും രൂപകൽപ്പന ചെയ്ത കുൽസിതനിർമ്മിതി മറയില്ലാതെ കൗരവർ ആയുധമാക്കുന്നതൊക്കെ നിങ്ങളും, ഒരു നിരീക്ഷകയെന്നനിലയിൽ, ശ്രദ്ധിച്ചിട്ടുണ്ടാവും. ഇത്തരം യാഥാസ്ഥിതികസമസ്യകളെ ഒരു പരിഷ്കൃതവനിത എന്ന നിലയിൽ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“രാജാവൊരുക്കിയ മത്സരത്തിലെ ആകസ്മികവിജയിയെയാണു്, എന്റെ ഹൃദയം കവർന്ന പ്രണയിയെയല്ല ഞാൻ വിവാഹം കഴിച്ചതു്. കൂട്ടത്തിൽ നാലു പാണ്ഡവരെ വെറുതെയും കിട്ടി. അവരഞ്ചുപേർക്കും ഞാൻ ദാമ്പത്യവിശ്വസ്തത ഉറപ്പുകൊടുത്തിട്ടില്ല. പാണ്ഡവരുടെ വിവാഹേതര ആനന്ദസ്രോതസ്സുകൾ കളങ്കപ്പെടുത്താൻ ഞാൻ ശ്രമിക്കാത്തതു് പോലെ, എന്റെ അന്തർമണ്ഡലങ്ങളിൽ അതിക്രമിച്ചു കയറാൻ അവരും ധൈര്യപ്പെടുകയില്ല എന്നതു് മാത്രമാണു് ഇടക്കാലത്തുരുത്തിരിഞ്ഞ ദാമ്പത്യ ധാരണ!” (ദൂരെ ദൂരെ സുഹൃത്തിനു സന്ദേശം എഴുതി പ്രാവിന്റെ കാലിൽ കെട്ടി സ്നേഹപൂർവ്വം യാത്രയാക്കുകയായിരുന്നു പാഞ്ചാലി.)
“ആരുടെ പവിത്രസ്മരണയിലാണു് മൺചെരാതുകളിൽ സ്വയം തിരികൊളുത്തി പ്രാർത്ഥിക്കുന്നതു്?”, യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി.
“ജന്മനാടിന്റെ അഖണ്ഡതക്കു് വെല്ലുവിളിയായി, വലിഞ്ഞുകയറി വന്ന അർധസഹോദരർക്കെതിരെ ജീവകാലം പ്രതിരോധിച്ചും, സമരമുഖം തുറന്നും, നയതന്ത്രചർച്ചകൾ പരാജയപ്പെട്ടപ്പോൾ മാത്രം കായികബലത്തിലൂടെ അവസാനചോരത്തുള്ളി വീഴുംവരെ പോരാടി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനി ദുര്യോധനന്റെ ജ്വലിക്കുന്ന ഓർമ്മക്കു്”. നകുലനും സഹദേവനും യുധിഷ്ഠിരന്റെ തോളിൽ കൈകൾ അമർത്തിപ്പിടിച്ചുയർത്തി കൊണ്ടുപോവുമ്പോൾ തിരിഞ്ഞുനോക്കി, ഖേദസ്വരത്തിൽ മന്ത്രിച്ചു, “ഇടയ്ക്കിടെ ഇങ്ങനെ വിങ്ങിപ്പൊട്ടും, പരിസരബോധവും കുറഞ്ഞു. മറവിരോഗമെന്നൊക്കെ ‘ഹസ്തിനപുരി പത്രിക’യിൽ പൊലിപ്പിച്ചെഴുതി യുദ്ധാനന്തര പാണ്ഡവഭരണത്തെ വരുംതലമുറകൾക്കുമുമ്പിൽ പ്രതീക്ഷ ശൂന്യമാക്കരുതേ!”
“ജ്യേഷ്ഠനെ പടിക്കുപുറത്താക്കാൻ പാണ്ഡവർ പ്രയത്നിച്ചില്ലേ?”, അധികാരമോഹിയായ ഭീമനോടു് കൊട്ടാരം ലേഖിക ചോദിച്ചു. ജനകീയപ്രശ്നങ്ങൾ നേരിടാനാവാതെ പാണ്ഡവമുഖ്യൻ ആകെ പതറിപ്പോവുന്ന കാലം.
“ഇളമുറമാദ്രെയരും കിരീടാവകാശി പരീക്ഷിത്തുമായി പാഞ്ചാലി കുറുമുന്നണിക്കായി പ്രയത്നിച്ചിട്ടും ചെങ്കോൽ കൈമാറാതെ അധികാരത്തിൽ പിടിമുറുക്കിയ യുധിഷ്ഠിരൻ നാടുനീങ്ങിയിട്ടു് വേണം, ‘അധർമ്മപുത്രർ’ എന്ന പരമോന്നത ബഹുമതിക്കു് അംഗീകാരം കൊടുക്കാൻ”, അമർഷം ഭീമൻ കടിച്ചൊതുക്കി കാര്യാലയത്തിൽനിന്നും വിങ്ങലോടെ എഴുനേറ്റുപോയി.
“യുദ്ധക്കെടുതിയിൽ കൗരവരാജവിധവകളും കൊച്ചുകുട്ടികളും നട്ടംതിരിയുമ്പോൾ, തിരിഞ്ഞുനോക്കുന്നില്ലല്ലോ പുതുനാടുവാഴി യുധിഷ്ഠിരൻ!”, കൊട്ടാരം ലേഖിക അരമന ഔദ്യോഗിക വക്താവിനോടു് ചോദിച്ചു. കോട്ടവാതിലിനു മുമ്പിലെ നഗരചത്വരത്തിൽ, കറുത്ത ശിരോവസ്ത്രങ്ങൾ ധരിച്ച കുരുക്ഷേത്ര വിധവകൾ നെഞ്ചത്തടിച്ചു വിലപിച്ച ശീതകാല പ്രഭാതം.
“നട്ടം തിരിയുന്നതു് ഒരു വിഭാഗം രാജവിധവകൾ മാത്രമാണോ, അതോ, പരമാധികാര ഹസ്തിനപുരിയുടെ അഖണ്ഡത വിഘടനവാദികളിൽനിന്നും സംരക്ഷിക്കാൻ സ്വജീവൻ ബലികൊടുത്ത മൊത്തം ധീരദേശാഭിമാനികളുടെ ആശ്രിതരോ? യുധിഷ്ഠിരനുമുണ്ടൊരു ഇതുവരെ വെളിപ്പെടുത്താത്തൊരു യുദ്ധാനന്തരകെടുതി എന്നറിയാമോ? പതിമൂന്നു വർഷം മുമ്പു്, ഒരു ദശാബ്ദക്കാലം, ഇന്ദ്രപ്രസ്ഥം പരിപാലിച്ച ഭരണപരിചയം, പതിനെട്ടുനാൾ വാളും കുന്തവുമായി പോരാടിയതോടെ, പാടെ മറന്നുപോയി. എന്നുപറഞ്ഞാൽ, സിംഹാസനത്തിൽ ഇരുന്നു, പക്ഷേ, എന്തു് ഭരണം എപ്പോൾ തുടങ്ങണം എന്നാജ്ഞാപിക്കാൻ ആവാത്തതരം ബൗദ്ധിക മരവിപ്പു്! ഉള്ളിൽ തുള്ളിമറിയുന്ന വൈകാരികതയുണ്ടു്, വിശന്നു വിലപിക്കുന്നവരുടെ പെടാപ്പാടു കണ്ടാൽ പെട്ടെന്നു് കരൾ അലിയും, എന്നാൽ കരൾ കൊണ്ടറിഞ്ഞാൽ മാത്രം പട്ടിണിക്കും പരിഹാരം ആവില്ലല്ലോ. അതുകൊണ്ടു് അങ്ങുദൂരെ കുരുക്ഷേത്രയിൽ ശരശയ്യയിൽ മരണം കാത്തുകിടക്കുന്ന പിതാമഹാനിൽനിന്നും രാജ്യഭരണത്തിന്റെ ബാലപാഠങ്ങൾ കുറിച്ചെടുക്കാൻ ഒരു കെട്ടു് പനയോലയും എഴുത്താണിയുമായി കുരുക്ഷേത്രയിൽ പോയിരിക്കുകയാണു്. വരട്ടെ എല്ലാം ശരിയാവും!”
“ധൃതരാഷ്ട്രരിൽനിന്നും കുരുവംശവടിയും ചെങ്കോലും സ്വീകരിച്ച പുതിയ തിരുവസ്ത്രധാരി യുധിഷ്ഠിരന്റെ വായിൽ ഭീമൻ മധുരം വച്ചുകൊടുക്കാൻ തുനിഞ്ഞപ്പോൾ, പാഞ്ചാലി ചൂണ്ടുവിരൽ കൊണ്ടരുതെന്നു് ആജ്ഞാപിച്ചതു് കണ്ട പലരുടെയും നെറ്റി ചുളിഞ്ഞല്ലോ”, കൊട്ടാരം ലേഖിക നവപാണ്ഡവ ഭരണകൂടത്തിന്റെ മുഖ്യവക്താവിനോടു് ചോദിച്ചു., “ഇനി, ചുളിവു നീക്കിയാലും, അസന്തുഷ്ടനായി ഭീമൻ വേദിയിൽ നിന്നു് ധൃതിയിൽ ഇറങ്ങിപ്പോയതും പേപിടിച്ച ഊഹാപോഹങ്ങൾക്കു് മരുന്നിട്ടു!”
“പാണ്ഡവർ അധികാരത്തിൽ! ആ നിമിഷം ചിന്താസ്വാതന്ത്ര്യം പൊതുസമൂഹത്തിനു പ്രിയപ്പെട്ടതായി, എന്നാലതൊരു വെടിക്കെട്ടോ, അധികാരവടംവലിയോ, ദാമ്പത്യഅസന്തുലനമോ, മധുരപ്രതികാരമോ ആണെന്നു് പാണ്ഡവഭരണകൂടം കരുതുന്നില്ല. ശരീരശുചിത്വത്തിൽ ഭീമൻ അശ്രദ്ധനാണെന്നു് ആരെക്കാളും കൂടുതൽ അറിയുക പാഞ്ചാലിയല്ലേ. അനുസരണയുള്ള ഒരു ഭർത്താവു് എന്ന നിലയിൽ ഭീമൻ ഇറങ്ങിയതു് ഇടഞ്ഞിട്ടല്ല, തേച്ചുകുളിക്കാനായിരുന്നില്ലേ? മഹാറാണിയുടെ അഞ്ചാംഗ ബഹുർതൃത്വത്തിൽ രണ്ടാമനോക്കെയാണെങ്കിലും, പട്ടാഭിഷേകത്തോടെ മാറപ്പോയ അധികാര സമവാക്യത്തിൽ ആരുമല്ലാതായ വിഷാദം ഭീമനുണ്ടു് എന്നുകരുതു!”
“പൊന്നും പട്ടുമൊന്നുമല്ല പ്രിയതമയുടെ ജന്മദിനത്തിൽ സമ്മാനമായി വേണ്ടതു്, ഭർത്താവിനു പ്രവേശനം പരിമിതപ്പെടുത്തുന്ന കിടപ്പറവേണം സ്വന്തമായി, എന്ന ആവശ്യവുമായി കൌരവരാജവധുക്കൾ സമരമുഖത്തു്! പാഞ്ചാലിയാണവരെ പിരികേറ്റിയതു് എന്നു് നിങ്ങൾ കരുതുന്നുണ്ടോ?” കൊട്ടാരം ലേഖിക ചോദിച്ചു.
“വിരുന്നു വരുന്നവരെ വഴുക്കിവീഴ്ത്താൻ ഇന്ദ്രപ്രസ്ഥത്തിൽ രമ്യഹർമ്യങ്ങൾ പണിത പാഞ്ചാലിയുടെ ശില്പനിർമ്മിതി ഇതിനകം അവളെ പ്രതിസ്ഥാനത്തുനിർത്താൻ ഇരവേഷമാടുന്ന ദുര്യോധനൻ വിജയിച്ചിട്ടുണ്ടു്. എന്നാൽ വഴിയമ്പലം പോലെ വലുപ്പമുള്ള അവളുടെ കിടപ്പറയിൽ അഞ്ചിലധികം ആണുങ്ങൾ പരിമിതിയില്ലാതെ കയറിയിറങ്ങുന്നില്ലേ, അതിലും മോശമാണോ നൂറോളം കൗരവഭാര്യമാരുടെ കിടപ്പറ സ്വകാര്യത?”
“മുള്ളാണിപ്പലകയിൽ കിടത്തി ദിവസങ്ങളായി ചിത്രവധം ചെയ്യുന്നല്ലോ? വിവിധരൂപഭാവങ്ങളിൽ നിങ്ങളഞ്ചു പേർക്കുമില്ലേ മാരകായുധങ്ങൾ? ആലയിൽ മനുഷ്യർ വികസിപ്പിച്ചതും, വിണ്ണിൽ നിന്നു നേടിയതും! ആസന്നമരണനായി കിടക്കുന്ന പിതാമഹന്റെ ദൈന്യത ഒന്നവസാനിപ്പിച്ചുകൂടെ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. അമ്പുംവില്ലും കഴുകി കറകളഞ്ഞു തേച്ചുമിനുക്കുകയായിരുന്നു മുൻനിരപോരാളി.
“സാവകാശം കൊടുക്കണം മരിക്കാൻ! യുധിഷ്ഠിരന്റെ പട്ടാഭിഷേകം നേരിടുന്ന അരമനതടസ്സം നീങ്ങണമെങ്കിൽ, നിത്യവും കുരുക്ഷേത്രയിൽ പോയി ഭീഷ്മഉപദേശം തേടുന്നുണ്ടു് എന്നു് കൊട്ടാരഅധികാരികൾക്കു് പ്രത്യാശാഭരിതമായ തിരിച്ചറിവുണ്ടാവണം. പാണ്ഡവവിരുദ്ധമായൊരു കെട്ട അന്തരീക്ഷം, അഭയാർഥികളായി വന്ന ഞങ്ങൾ അന്തഃപുരത്തിൽ കണ്ടുവന്നതല്ലേ. പട്ടാഭിഷേകം കഴിഞ്ഞു അധികാരദണ്ഡ് കയ്യിൽ വന്നാൽ, പിന്നെ പാണ്ഡവർ സ്ഥാനത്യാഗംവരെ സുശക്തർ, അതോടെ ഭീഷ്മർക്കൊരു സമുചിതമായ ദയാവധം ഞാൻ ചെയ്തുകൊടുക്കും, ചരമശുശ്രൂഷയിൽ, ‘സ്വച്ഛന്ദമൃത്യു’ ഭീഷ്മർ സ്വർഗാരോഹണത്തിനു പറ്റിയ മുഹൂർത്തമറിഞ്ഞു യാത്രയായി എന്ന ദുഖഃഗീതികളുമായി ശവഘോഷയാത്രയുണ്ടാവും. നിങ്ങളും അപ്പോൾ ഞങ്ങൾക്കു് അനുകൂല ജനവികാരം ഉറപ്പുവരുത്തണം!”
“പ്രകൃതിദത്തമായ അസ്ത്രാഭ്യാസ മികവിനാൽ മറ്റു മത്സരാർത്ഥി കൾക്കാവാത്തവിധം എളുപ്പത്തിൽ, പാഞ്ചാലിയെ പരിണയിക്കാനായി. വാസ്തവത്തിൽ നിങ്ങൾ ഭിക്ഷയാചിച്ചു ജീവിക്കുകയായിരുന്നു ഏകചക്ര എന്ന ദരിദ്രഗ്രാമത്തിൽ. പോരാത്തതിനു്, അരക്കില്ലത്തിൽ ആറംഗ ആദിവാസികുടുംബത്തെ കത്തിച്ചു കൊന്ന ഗുരുതരകുറ്റം പുറത്തായപ്പോൾ കൗരവഭരണകൂടം പ്രതിപ്പട്ടികയിൽ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിച്ചിരുന്ന സംഘർഷകാലം. അങ്ങനെ ഒരുസാഹചര്യത്തിൽ ഭാര്യയായിവന്ന പാഞ്ചാലിയുമൊത്തു ആദ്യരാത്രിപങ്കിടാൻ കുളിച്ചുവൃത്തിയായി ഒരുങ്ങുമ്പോൾ, കിടപ്പറയിലേക്കു് കുതിച്ചെത്തിയ മറ്റുനാലു പാണ്ഡവർ, “ഞങ്ങളും പാഞ്ചാലിയുടെ ഭർത്താക്കന്മാർ” എന്നുച്ചരിച്ചതു എങ്ങനെ കണ്ടു?” കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു.
“സ്വാർത്ഥപ്രണയങ്ങൾ അവിടെയും ഇവിടെയുമൊക്കെ ഭൂതകാലഅനുഭവപരമ്പരയിൽ ഉണ്ടെങ്കിലും, അഴകളവുകളുടെ സ്വകാര്യഖനി എന്നറിയപ്പെട്ടിരുന്ന പാഞ്ചാലിയെ സ്വയംവരമണ്ഡപത്തിൽ കണ്ടപ്പോൾ എല്ലാ സൗന്ദര്യോപകാസകരെയും പോലെ ഞാനും ഒന്നുവിറച്ചുപോയി. എന്നാൽ ആദ്യരതിയിൽ അവളെ പങ്കിടാൻ എന്റെ നാലു സഹോദരന്മാരും ആർത്തിയോടെ അവളുടെ ഉടലിൽ അവകാശം സ്ഥാപിച്ചപ്പോൾ, എന്നെ വിടൂ എന്നെ അതൊന്നും ഇപ്പോൾ ഓർമ്മിപ്പിക്കരുതേ അഭിശപ്തകാലം, അതോർത്തുപറയാൻ എനിക്കാവതില്ല.”
“ഞങ്ങൾക്കവൾ ധീരവനിത നിങ്ങൾക്കു് ദുരന്തനായിക!” കൊട്ടാരം ലേഖിക ഉപചാരം പറയാതെ തിരിഞ്ഞുനടക്കുമ്പോൾ പിറുപിറുത്തു.
“പാണ്ഡവരുടെ കൗമാരകാല കായികസാഹസങ്ങളെ ഹാസ്യാത്മകമായി ഇളമുറകൗരവർ ഇന്നലെ കോട്ടക്കകത്തെ നാട്യഗൃഹത്തിൽ അവതരിപ്പിച്ചപ്പോൾ, അഭിജാത സദസ്സിന്റെ മുൻവരിയിലിരുന്ന നിങ്ങൾ പൊട്ടിച്ചിരിച്ചു! ഹൃദയവേദനയുണ്ടായെന്ന യുധിഷ്ഠിരനിരീക്ഷണമാണു് ഈ അഭിമുഖത്തിനു് വിഷയം. നഗരവാസികളെങ്കിലും, പരുക്കൻ പെരുമാറ്റത്തിൽ കുപ്രസിദ്ധിനേടിയ കൗരവരുടെ തെരുവുമാലിന്യം മണക്കുന്ന അശ്ലീലഭാഷയിൽ, പരിഷ്കൃതപാഞ്ചാലി ആനന്ദം അനുഭവിച്ചതു് ഭീമനും വല്ലായ്മയോടെ ഓർക്കുന്നു. പാണ്ഡവരെ പരസ്യമായി പിണക്കിയാലും, കുടിലകൗരവരോടു് ദ്രൗപദി വേണ്ടിവന്നാൽ കൂട്ടുകൂടും എന്ന ബോധ്യം അർജ്ജുനൻ ചുണ്ടുവിടർത്താതെ അമർത്തി അമർത്തി വല്ലായ്മയോടെ പറയുന്നു?”, കൊട്ടാരം ലേഖിക ചോദിച്ചു. ദ്രൗപദീ സ്വയംവരത്തിനു ശേഷം പാണ്ഡവരും പാഞ്ചാലിയും ഹസ്തിനപുരി നഗരാതിർത്തിയിലെ കുരുവംശ അതിഥിമന്ദിരത്തിൽ കഴിയുന്ന ഇടവേള.
“എന്നോടുള്ള പ്രതികൂല പ്രതികരണങ്ങൾ ‘ഹസ്തിനപുരി പത്രിക’ മൂന്നു പാണ്ഡവരിൽ പരിമിതപ്പെടുത്തിയോ! നകുലനും സഹദേവനും അഭിപ്രായം പറഞ്ഞില്ലേ? അതോ, രസികൻമാദ്രിക്കുട്ടികൾ വായടപ്പിക്കുന്ന മറുപടി പറഞ്ഞുവോ? അധികാരമോഹികളായ കൗന്തേയരുടെ പ്രതിയോഗികളായിരിക്കാം കൗരവർ, ആണെങ്കിൽ തന്നെ എന്താകുഴപ്പം?, എന്നോടാരാധന പുലർത്തുന്ന കൗരവരെ ഞാൻ വെറുത്തു ശീലിക്കണോ? വിരലൊന്നു മീട്ടിയാൽ കൗരവർ വാലാട്ടി അടുത്തു് വരും, എന്നാൽ ഉപാധികളില്ലാതെ പ്രണയിക്കുന്ന നകുലനും സഹദേവനും ഒഴികെ, മറ്റു മൂന്നു യാഥാസ്ഥിതിക പാണ്ഡവരും എന്നോടു് കാര്യം തിരക്കാൻ ഒത്തിരി സമയം പിടിക്കും!” സന്ദർശകമുറിയിൽ വരിനിൽക്കുന്നുണ്ടായിരുന്നു ഒരു പറ്റം കൗരവർ കൈനിറയെ വാസനദ്രവ്യങ്ങളുമായി.
“പുതുതായെന്തു രാജ്യതന്ത്രപാഠങ്ങൾ പിതാമഹനിൽ നിന്നു് നേരിട്ടു് ചൊല്ലിക്കേൾക്കാനാണു്, നിയുക്ത മഹാരാജാവു് യുധിഷ്ഠിരൻ നിത്യവും രാവിലെ കുരുക്ഷേത്രയിലെ ശരശയ്യയിലേക്കു ഈ മിന്നൽ സന്ദർശനം?”, കൊട്ടാരം ലേഖിക ചോദിച്ചു. “ഒരു വയർ അന്നം തരൂ” എന്നു് കൗരവരാജവിധവകൾ വിലപിച്ചു കൊണ്ടിരുന്ന പ്രഭാതം. യുദ്ധാനന്തര ഹസ്തിനപുരി.
“ദശാബ്ദത്തോളം ഇന്ദ്രപ്രസ്ഥം ചക്രവർത്തിയായിരുന്നപ്പോൾ, ഭരണാധികാരി പിന്തുടരേണ്ട രാജ്യതന്ത്രത്തിന്റെ ബാലപാഠങ്ങൾ അറിയാത്തതുകൊണ്ടായിരുന്നു, കൂടെ പൊറുക്കുന്നവളെ പ്രതിയോഗിക്കു പണയംവച്ചു ചൂതാടാൻ യുധിഷ്ഠിരനു് കഴിഞ്ഞതെന്നു്, പൊതു സ്വീകരണയോഗത്തിൽ പാഞ്ചാലി പറഞ്ഞതു് യുധിഷ്ഠിരനെ മുറിപ്പെടുത്തി. യുദ്ധക്കെടുതിയിൽ കുരുക്ഷേത്രവിധവകൾ പെടാപ്പാടുപെടുമ്പോഴും, സ്ത്രീനീതിയുടെ ബാലപാഠമെങ്കിലും ഗുരുമുഖത്തുനിന്നും നേരിട്ടു് പഠിച്ചിട്ടുമതി അധികാരദണ്ഡ് കൈവശപ്പെടുത്തുക എന്നു് പാഞ്ചാലി ചൂണ്ടുവിരൽ ഉയർത്തിയപ്പോളാണു്, മരണംകാത്തു് ശരശയ്യയിൽ നീണ്ടുനിവർന്നു കിടക്കുന്ന സ്ത്രീവിരുദ്ധനിൽ നിന്നു് സദ്ഭരണത്തിന്റെ “വിവേകചൂഢാമണി” പെറുക്കാൻ പോർക്കളത്തിലേക്കു ‘ധർമ്മപുത്രർ’ കുതിച്ചുപായുന്നതു. കാഴ്ചകൾ തുടങ്ങിയിട്ടേ ഉള്ളൂ!”
“യുദ്ധത്തിനു് പുറപ്പെടും മുമ്പു് അമ്മയുടെയും അച്ഛന്റെയും അനുഗ്രഹമൊന്നും വാങ്ങിച്ചില്ലേ?”, ഭീമഗദയുടെ പ്രഹരശേഷിയിൽ തുടയൊടിഞ്ഞ ദുര്യോധനനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“എന്തിനു ആചാരബദ്ധമായ ‘അനുഗ്രഹ’ത്തിൽ ഒതുക്കുന്നു ധാർമ്മിക കൗരവരുടെ വിജയസാധ്യത? രണ്ടു പ്രാവശ്യം ‘അന്ധപിതാവു്’ ചെങ്കോൽ എനിക്കു് നീട്ടുന്നതും, ഞാനതു കടന്നു പിടിക്കുംമുമ്പു് മിന്നൽവേഗത്തിൽ പിൻവലിക്കുന്നതും കൺകെട്ടിയ ഗാന്ധാരി, തത്സമയം കൗതുകത്തോടെ ചിരിക്കുകയായിരുന്നില്ലേ? ആയുഷ്കാലം അന്ധതനടിച്ചു നൂറു മക്കളെ തരം പോലെ കബളിപ്പിച്ച അച്ഛനമ്മമാർ എന്ന തിരിച്ചറിവോടെ, രണ്ടും കൽപ്പിച്ചാണു് ഞാൻ പടിയിറങ്ങിയതു്. യുദ്ധം ജയിച്ചിരുന്നെങ്കിൽ ഞാനവരെ വനവാസത്തിനയക്കുമായിരുന്നു ഇനിയാ പണി യുധിഷ്ഠിരൻ ചെയ്യട്ടെ, ഉയിരോടെ അവൻ ഹസ്തിനപുരിയിൽ എത്തുമെങ്കിൽ!” ദൂരെ നിന്നു് അവർക്കു കാണാമായിരുന്നു അടുത്ത കൗരവ സൈനിക മേധാവിയായി ചുമതല ഏറ്റെടുക്കാൻ നിയോഗം കിട്ടിയ ദ്രോണപുത്രൻ അശ്വത്ഥാമാവ്.
“ഇതെന്താണു് മിക്ക കൗരവവീടുകൾക്കകത്തും ഗർത്തങ്ങളും അവയിൽ കെട്ടിപ്പടുത്ത കൊച്ചുകൊച്ചുമുറികളും?”, കൊട്ടാരം ലേഖിക ദുര്യോധനവധുവിനോടു് ചോദിച്ചു. കുരുക്ഷേത്രയുദ്ധത്തിന്റെ അവസാനദിവസം, കൗരവരാജസ്ത്രീകളുടെ യുദ്ധകാല ജീവിതമറിയാൻ ഹസ്തിനപുരി അരമനയിൽ മുന്നറിയിപ്പില്ലാതെ മിന്നൽസന്ദർശനത്തിനു വന്നതായിരുന്നു ജിജ്ഞാസാഭരിതയായ പത്രപ്രവർത്തക.
“ഓരോ മുൻനിര കൗരവൻ മരിക്കുമ്പോഴും പുതുവിധവയുടെ അന്തഃപുരത്തിൽ പാതാളഗൃഹം നിർമ്മിക്കും. എന്റെ ഭർത്താവൊഴികെ ബാക്കി എല്ലാവരുടെയും അന്തഃപുരങ്ങളിൽ ഭൂഗർഭ കിടപ്പാടങ്ങൾ പണിതെങ്കിലും എനിക്കതുവേണ്ടിവരില്ലെന്ന ആത്മധൈര്യത്തിലാണു് ‘ഒരു മുന്നൊരുക്കവും ഇല്ലാതെ എങ്ങനെയോ യുദ്ധത്തിനുമുമ്പു് അതുപോലെ ഇപ്പോഴും’ എന്ന നിലയിൽ രാപാർക്കുന്നതു്.”
“ധർമ്മസംസ്ഥാപനത്തിനായി കുരുക്ഷേത്രയിൽ മാരകപ്രഹരശേഷിയുള്ള ഗദയോങ്ങിയ ഭീമഹസ്തത്തിൽ, യുദ്ധം ജയിച്ചപ്പോൾ ആശാരിയുടെ പണിയായുധം, ഉളി!”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു. പാണ്ഡവർ യുധിഷ്ഠിരനേതൃത്വത്തിൽ അധികാരം പിടിച്ച സംഘർഷ ദിനങ്ങൾ.
“ഔപചാരിക ആദ്യയോഗം ചേർന്ന ഉന്നതാധികാര ഭരണസമിതിയുടെ ആദ്യതീരുമാനം കൗരവരാജവിധവകളെ അരമനസമുച്ചയത്തിലെ അന്തഃപുരത്തിൽനിന്നും കുടിയൊഴിപ്പിക്കുന്ന ശ്രമകരമായ ദൗത്യമായിരുന്നു. കുരുക്ഷേത്രവൈധവ്യം ഒരു രാഷ്ട്രീയ യാഥാർഥ്യമായി അംഗീകരിക്കാതെ, കൊല്ലപ്പെട്ടവരെക്കുറിച്ചു യുദ്ധ നിർവ്വഹണസമിതിയുടെ ഔദ്യോഗിക സ്ഥിരീകരണം കാണണമെന്നവർ ശഠിച്ചപ്പോൾ ഞങ്ങൾ പാതിരാ മിന്നലാക്രമണത്തിലൂടെ, ‘ചട്ടിയും കല’വുമായി ഓരോ വിധവാകുടുംബത്തെയും രക്തച്ചൊരിച്ചിൽ ഇല്ലാതെ പുറത്താക്കി, ഭരണകൂട നിയന്ത്രണത്തിലുള്ള രഹസ്യപീഡനകേന്ദ്രത്തിൽ പുനരധിവസിപ്പിച്ചു. നിത്യവും സൗജന്യധാന്യവിതരണവുമായി സൂത്രത്തിൽ ഞങ്ങളവിടെ ഒരു നേരം കയറിയിറങ്ങും. അപ്പോഴാണു് കണ്ണിൽ ചോരയില്ലാത്ത പാണ്ഡവക്രൂരത ബോധ്യമായതു്. പീഡനകേന്ദ്രത്തിലെ ഇരുൾമുറികൾ അടിച്ചുവാരി കഴുകുക പോലും ചെയ്യാതെ ആയിരുന്നു, നൂറോളം രാജകുടുംബങ്ങളിൽ നിന്നും ഹസ്തിനപുരിയിൽ കൗരവവധുക്കളായി വന്നവരുടെ അന്തിയുറക്കം. ഭീമകരൾ നൊന്തു. ഉയിരുണ്ടെങ്കിൽ നിങ്ങൾക്കു് വാസയോഗ്യവീടുകൾ പണിയുമെന്നൊരു പ്രഖ്യാപനത്തിൽ ‘കാരുണ്യമന്ദിരം’ എന്നൊരു ഭവന നിർമ്മാണ പദ്ധതി അനുവദിച്ചെടുത്തു. കുരുക്ഷേത്രവിധവകൾക്കു കിടപ്പാടം പൂർത്തിയാക്കാതെ കൊട്ടാരത്തിൽ പ്രവേശിക്കില്ലെന്നൊരു ഭീമപ്രതിജ്ഞയുമെടുത്തു ഭീഷ്മപ്രതിജ്ഞ പോലെ തന്നെ സുശക്തം സുതാര്യം കാലാതിവർത്തി എന്നതാണെന്റെയും ഉന്നം! വീടിന്റെ താക്കോൽ കൊടുക്കുംമുമ്പു് ദുര്യോധനവിധവ ഞങ്ങൾക്കൊരു സൗജന്യം ചെയ്യണം. യുദ്ധത്തിനുമുമ്പു് ഭൂഗർഭ അറകളിൽ ഒളിപ്പിച്ച കൊട്ടാരംനിധിയുടെ താക്കോൽ ഞങ്ങൾക്കവർ കണ്ടെത്തണം!”
“പാണ്ഡവരിലും നിങ്ങൾക്കൊരു ‘പ്രിയപ്പെട്ടവൻ’?”, പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“ഇടയ്ക്കിടെ ബഹുഭർത്തൃത്വ ദാമ്പത്യത്തിൽ അതൃപ്തി പ്രകടിപ്പിച്ചു അവിഹിതങ്ങൾ തേടി മറ്റുള്ളവർ പടിവിട്ടിറങ്ങിയപ്പോൾ, ഭാവി ‘പ്രവചിക്കുന്ന’ സഹദേവനോ? അവൻ എന്നോടൊപ്പം മധ്യാഹ്നങ്ങളിൽ ഈ ജലാശയത്തിൽ, ഒപ്പംനീന്തി, യമുനാതടത്തിലെ രൂക്ഷവേനൽ അതിജീവിക്കാൻ തുണച്ചു. മൂത്തമകനാവാനുള്ള പ്രായമേ അവനുണ്ടായിരുന്നുള്ളു. എന്നാൽ എനിക്കെന്നും ഊഴം പാലിച്ചു സമ്മാനിച്ച ഉടൽപരിലാളന, അതെന്നെ പായക്കൂട്ടിൽ വിസ്മയിപ്പിച്ചു. തിരയിളക്കമുള്ള ആ കണ്ണുകളിൽ നോക്കാൻ ചിലപ്പോൾ ഭയമായി, കാരണം അതിൽ നിഴലിച്ച വർണ്ണദൃശ്യങ്ങൾ അശാന്തമായൊരു ഭാവിയെ കുറിച്ചായിരുന്നു. എന്നാൽ മറ്റു നാലു പാണ്ഡവർ? അവരെനിക്കോർമ്മിക്കാൻ തന്നതു് അഭിശപ്തമായ ഭൂതകാലവും!” ഹസ്തിനപുരിയിലേക്കു ചൂതാടാൻ പോവുന്ന രാജകീയയാത്രയുടെ ആൾതിരക്കിലായിരുന്നു ഇന്ദ്രപ്രസ്ഥം രാജാവും സംഘവും.
“പ്രത്യേകമായി രാജമാതാ സത്യവതിയിൽനിന്നും രഹസ്യപുത്രൻ വ്യാസൻ ഏറ്റെടുത്ത രതിനിയോഗം വിചിത്രവീര്യവിധവകൾ, അംബികയും അംബാലികയുമാണെങ്കിലും, പൂർണ്ണസംയോഗ തൃപ്തികൊടുത്ത രാജതോഴിയിൽ ആയിരുന്നു നിങ്ങളുടെ തിരുപ്പിറവി എന്നു്, അരമനത്തിണ്ണ നിരങ്ങുന്ന മുൻ കൊട്ടാരം ലേഖികമാർ എഴുതിയ പനയോല കുറിപ്പുകളിൽ വായിച്ചിട്ടുണ്ടു്. വിദുരനീതി എന്ന വിശിഷ്ടഗ്രന്ഥവും എഴുതിഎന്നറിഞ്ഞു. രക്തച്ചൊരിച്ചിൽ ഉണ്ടാവും എന്നറിഞ്ഞിട്ടും, കുരുക്ഷേത്ര എന്ന ദുരന്തം ഒഴിവാക്കാൻ, കുരുവംശത്തിൽ മുന്തിയ മന്ത്രിപദവി വഹിച്ച നിങ്ങൾക്കാവേണ്ടതല്ലേ? കഠിനപ്രയത്നം ഒന്നുമുണ്ടായില്ല എന്നാണോ പൊതുസമൂഹം മനസ്സിലാക്കേണ്ടതു്?”, കൊട്ടാരം ലേഖിക ചോദിച്ചു. വിദുരർ വാനപ്രസ്ഥത്തിനൊരുങ്ങുന്ന നേരം, യുദ്ധക്കെടുതി നേരിട്ട ഹസ്തിനപുരിയിൽ സംഘർഷകാലം.
“ഇരുവിഭാഗങ്ങളിൽ യുദ്ധം സൃഷ്ടിക്കുക ഇരകളെ മാത്രമെന്നു് അവരോടു് പറഞ്ഞപ്പോൾ, വിശ്വപ്രസിദ്ധി നേടിയ വിദുരനീതി വലിച്ചു ചവറ്റുകൊട്ടയിലിടും എന്ന ഘട്ടം വന്നു. ഞാൻ കണ്ണടച്ചു് ധ്യാനത്തിലിരുന്നു. ഉണർത്തിയതു് അന്ധധൃതരാഷ്ട്രർ, എന്റെ അർധസഹോദരൻ.! അപ്പോൾ വിരൽ ഉയർത്തി കൗരവരോടു് പറഞ്ഞു, ആക്രമിക്കപ്പെടുമ്പോൾ പ്രതിരോധിക്കാൻ ആർക്കും അവകാശമുണ്ടു് എന്നാൽ സൂചികുത്താനിത്തിരി മണ്ണുചോദിച്ച പാണ്ഡവരോടു് നിങ്ങൾ പറഞ്ഞു, ഗംഗാതടത്തിൽ പാണ്ഡവർക്കു് വേണ്ടതു് സൂചികുത്താനുള്ള മണ്ണല്ല, അടക്കം ചെയ്യാനുള്ള ആറടിമണ്ണാകുന്നു, അതു് നിങ്ങൾ കുരുക്ഷേത്രയിൽ വന്നു നേടുക.” ഞാൻ ഭാവിയിലേക്കുറ്റു നോക്കി. ആയിരമായിരം വർഷങ്ങൾക്കു ശേഷം ഗംഗയാറൊഴുകുന്ന ഈ നാട്ടിൽ ഹിമാലയത്തിന്നപ്പുറത്തുനിന്നും ‘വെളുത്ത തൊലിയും കറുത്ത ഹൃദയവുമുള്ള ഒരു സംഘം അക്രമികൾ’ വാണിജ്യത്തിനെന്നും പറഞ്ഞു, പ്രകൃതിയെയും മനുഷ്യരെയും ബന്ദിയാക്കി ചൂഷണം ചെയ്യുമ്പോൾ, ദ്വാരകക്കടുത്തൊരു പോർബന്ധറിൽ ജനിച്ച, ബ്രാഹ്മണനോ ക്ഷത്രിയനോ അല്ലാത്ത, സാധാരണക്കാരൻ അവരെ തുരത്താനൊരു ആയുധം വികസിപ്പിച്ചു. അഹിംസ! സമയം കൂടുതൽ എടുത്തു ഫലപ്രാപ്തിയിൽ എങ്കിലും, അക്രമികൾ തുച്ഛവിലക്കു വിറ്റുപെറുക്കി പടിഞ്ഞാറൻ കടൽ വഴി മടങ്ങിപ്പോയതാണു് ഇത്ര നേരം കണ്ട സ്വപ്നം. അതു് നിങ്ങളും അനുവർത്തിക്കൂ. ഭാവി നിങ്ങളെ ആ നിലയിലും മൂല്യത്തിലും വിലയിരുത്തട്ടെ. എന്നെ വിട്ടു് അവർ അപ്പോൾ പോർബന്ദറിലെ അഹിംസാവാദിയെ അവഹേളിക്കാൻ തുടങ്ങിയപ്പോൾ, ഞാനുറച്ചു യുദ്ധത്തിൽ കൊല്ലപ്പെടുന്ന കൗരവരുടെ അന്ത്യസ്ഥലിയൊരുക്കാൻ ഇടം പോരാതെ വരുമോ?
“എന്താണു് പ്രശ്നം?”, കൊട്ടാരം ലേഖിക ദുശ്ശളയോടു് ചോദിച്ചു.
“കൗരവരുടെ ഏകസഹോദരിയായ ഞാൻ പൊതുസമൂഹത്തിനു മുമ്പിൽ ചോദ്യചിഹ്നമായതുകൊണ്ടാണല്ലോ എന്താണു് പ്രശ്നം എന്ന ആദ്യചോദ്യവുമായി നിങ്ങൾ എന്നെ സ്വാഗതം ചെയ്തതു്? കൗരവസഹോദരി എന്നാൽ, എല്ലാവരെയും ഉൾക്കൊള്ളാനാവാത്തവിധം വംശീയമേന്മ വച്ചുപുലർത്തുന്നൊരു അടഞ്ഞ നിലപാടുള്ള ഗാന്ധാരപുത്രി എന്ന പേരുദോഷം മാറ്റിയെടുക്കാൻ പൊതു സമ്പർക്കത്തിലൂടെയും ശുഭദിനആശംസകളിലൂടെയും പാണ്ഡവർക്കില്ലാതെപോയ കൊച്ചനുജത്തി എന്ന ഓമനപ്രതിച്ഛായ നിർമ്മിച്ചെടുത്തു എന്നതല്ലേ നിങ്ങൾ സമ്മതിച്ചുതരാത്തതും, ഞാൻ ഓർമ്മിപ്പിക്കുന്നതും? ഓരോ പാണ്ഡവനുമുണ്ടല്ലോ സഹോദരീ വാത്സല്യത്തിനൊരു ഇടം, കരളിൽ! ഞാനവിടെ നിറഞ്ഞു എന്നതാണു് കാര്യം. അവർ നാളെ സായുധരായാലും എന്നെ ഈ ജന്മം കയ്യൊഴിയില്ല എന്ന സാധ്യത കൗരവർക്കും ഉയർത്തി വെല്ലുവിളി. എന്നെനൂറോളം കൗരവരാജസ്ത്രീകൾ ഇന്നു് കാണുന്നതു് വിഷം പുരണ്ട ഭർതൃസഹോദരിയെയല്ല സ്നേഹമയിയായ ഭർത്തൃമാതാവായാണു്. കൊച്ചനുജത്തി എങ്ങനെ അപ്പോൾ രാജമാതാവായി? അതാണു് തക്ഷശിലവിദ്യാർത്ഥിനിയായ നിങ്ങൾ ഗവേഷണം ചെയ്തു പൊതുസമൂഹത്തെ അറിയിക്കേണ്ടതു്. ഇന്നു് ഞാൻ സംവിധായകയായ പുതിയ ഏകാങ്കനാടകം വസ്ത്രാക്ഷേപം. യഥാർത്ഥപീഡകൻ ഒന്നുപുറത്തുവരുമോ?”
“അല്ല, നിങ്ങൾ പാണ്ഡുവിധവ മാദ്രിയുടെ ജ്യേഷ്ഠനല്ലേ? മാദ്ര രാജ്യത്തിന്റെ അധിപൻ! എങ്ങനെ നിങ്ങൾ പാണ്ഡവ സഖ്യത്തിൽ ചേരാതെ ശത്രുകൗരവരുടെ സൈന്യാധിപനായി?”, കൊട്ടാരം ലേഖിക മാദ്രരാജാവു് ശല്യനോടു് ചോദിച്ചു. കുരുക്ഷേത്ര.
“പ്രിയസഹോദരി മാദ്രിയുടെ മക്കളായ നകുലനും സഹദേവനും ചോദിച്ചപ്പോൾ വെളിപ്പെടുത്താത്ത ആ രഹസ്യം നിങ്ങളോടും, ലോകമനഃസാക്ഷിയോടും, ഞാൻ ഇപ്പോൾ പറയട്ടെ!—പാണ്ഡു ദുരൂഹസാഹചര്യത്തിൽ മരിച്ചപ്പോൾ, ചിതയിൽ സതിയനുഷ്ടിക്കില്ലെന്ന നിലപാടിൽ ഒഴിഞ്ഞുമാറിയ കുന്തി, എന്റെ കൊച്ചനുജത്തിയെ ചിതയിൽ തള്ളി എന്നറിഞ്ഞപ്പോൾ മാദ്രദേശം നെഞ്ചത്തടിച്ചു വിലപിച്ചു. ഇടനെഞ്ചിൽ ആയുധമമർത്തി ചോരയെടുത്തു ഞാനവർക്കപ്പോൾ വാക്കുകൊടുത്തു. പ്രതികാരത്തിനവസരം എനിക്കു് കിട്ടിയാൽ, കൊലയാളികുന്തിക്കു, യുധിഷ്ഠിര ഭരണത്തിൽ രാജമാതാപദവി നിഷേധിക്കുന്ന ഏതു സഖ്യത്തിലും ഞാൻ ചേരും. മാദ്രിമക്കളെ കൊല്ലില്ലെങ്കിലും കുന്തിമക്കൾ ജയിക്കാതിരിക്കാൻ ആവുന്നത്ര ശ്രമിക്കും.” യുദ്ധത്തിന്റെ അവസാനദിനം. സതിയനുഷ്ഠിക്കേണ്ടിവന്ന അനുജത്തിയുടെ നിലവിളി കേട്ടപോലെ അയാളുടെ മുഖം വിറച്ചു കണ്ണുകൾ കലങ്ങി. ആയുധം താഴെവീണ തക്കംനോക്കി യുധിഷ്ഠിരൻ ശല്യന്റെ നെഞ്ചിലേക്കു കുന്തം എറിഞ്ഞു. ‘രാജ്യതാൽപ്പര്യത്തിനു കൗശലത്തോടെ കൂട്ടു് നിന്ന കൊട്ടാരം ലേഖികക്കു് പുതിയ പാണ്ഡവഭരണകൂടത്തിൽ മാധ്യമ പദവിവാഗ്ദാനവും!’
“വൈകാരികദൗർബല്യമുള്ള ‘പാവത്താ’നായി നിങ്ങളെ അവമതിക്കുന്ന അതിഭാവുകത്വപ്രകടനം അരങ്ങേറ്റമൈതാനിയിൽ ഇന്നലെ പത്രാധിപർക്കൊപ്പം കാണാനിടയായി.”
“ഹാ ദൈവമേ, യെൻ ജന്മദാതാക്കളാരോ? കാണുമോ ഞാനവരെ?” എന്നു്, പൂർണ്ണശരീരവളർച്ചയെത്തിയ പുരുഷൻ മുട്ടുകുത്തി സൂര്യനിലേക്കു നോക്കി വിലപിക്കുന്ന കാഴ്ച കദനഭാരത്താൽ വീർപ്പുമുട്ടിച്ചല്ലോ! കരുത്തൻസൈനികപ്രതിച്ഛായ പൊളിച്ചടുക്കാൻ, ആരോ കരുതിക്കൂട്ടി ചെയ്തതാണെന്ന തോന്നലുണ്ടു്. കർണ്ണനായി വേഷമിട്ട നടനു്, പറഞ്ഞുവന്നാൽ, നിങ്ങളുമായി എന്തൊരു രൂപസാദൃശ്യം!, ഇരട്ടസഹോദരനോ മറ്റോ ആണോ ആ നടൻ?, കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു “എന്തിഹ മന്മാനസേ സന്ദേഹം വളരുന്നൂ എന്ന പദം അരങ്ങിൽ ചൊല്ലുന്ന രൂപസാദൃശ്യമുള്ള ആ അഭിനേതാവിനെ കുറിച്ചാണു് നിങ്ങളിങ്ങനെ പരവശപ്പെടുന്നതെങ്കിൽ, രഹസ്യം അറിയുന്ന ഞാൻ, ആശ്വസിപ്പിക്കാൻ തുറന്നുപറയട്ടെ ആ ‘പ്രതി’ ഇരട്ട സഹോദരനൊന്നുമല്ല, ഞാൻതന്നെ! പിതൃശൂന്യൻ എന്ന അവമതി പാണ്ഡവരെപോലെ ഞാനും കേൾക്കേണ്ടിവന്നിട്ടുണ്ടു് എങ്കിലും, ‘പിഴച്ചുപെറ്റ’ ആ ‘അവൾ’ ആരെന്ന ആകാംക്ഷ അസഹനീയമായി തോന്നിയപ്പോളാണു്, സ്വയം എഴുതി കർണ്ണവിലാപം, കൗരവരെപോലും അറിയിക്കാതെ, അഭിനയിച്ചതു്. ഞാൻ പൊതുവേദിയിൽ ഹൃദയം പൊട്ടി വിലപിക്കുന്ന ദൃശ്യം അന്തഃപുരത്തിലെ ലോലഹൃദയർക്കു് താങ്ങാനാവില്ലെന്നു, നാടകസംവിധായകയും സൈന്ധവറാണിയുമായ ദുശ്ശളരാജകുമാരി സ്നേഹപൂർവ്വം മുന്നറിയിപ്പുതന്നെങ്കിലും, നിങ്ങളെപ്പോലുള്ള ‘കഠിനഹൃദയ’രെ ഉലച്ചു കർണ്ണജന്മരഹസ്യമെന്നതു് ഭീതിതമായി തോന്നുന്നു! ഹസ്തിനപുരിയിൽ സ്നേഹാദരങ്ങളോടെ അറിയപ്പെടുന്ന മുൻരാജസ്ത്രീയാണു് കർണ്ണമാതാവെന്നു നാളെ പുറംലോകം അറിയാനിടവന്നാൽ, ആ മഹതി നേരിട്ടേക്കാവുന്ന മാനഹാനിയോർക്കുമ്പോൾ, ഈശ്വരാ, ശപിക്കപ്പെട്ട കർണ്ണന്റെ ജന്മരഹസ്യം ഒരിക്കലും വെളിപ്പെടാതിരിക്കട്ടെ!” പ്രഭാതവെയിൽ മാഞ്ഞു കൊട്ടാരം മട്ടുപ്പാവിൽ ഇരുൾ പടർന്നു!
“ശിരോവസ്ത്രത്താൽ മുഖം മറച്ചു അർദ്ധരാത്രി, സമീപത്തെ സന്യസ്ത മഠത്തിൽനിന്നു് മറ്റാരുമറിയാതെ കടത്തി, നീരൊഴുക്കിന്നരികിൽ കെട്ടി, കഴുത്തുവെട്ടി തോലുരിച്ചു കൊമ്പും കുടലും നീക്കി ഭക്ഷ്യയോഗ്യമാക്കിയ കാളക്കുട്ടനെ എന്തു് സ്വാഗതഗീതം പാടിയാണു് പ്രിയപത്നിയുടെ അടുത്തേക്കു് പുലർച്ചയോടെ തലച്ചുമടായി കൊണ്ടുപോയതു്”?, കൊട്ടാരം ലേഖിക ചോദിച്ചു.
“ഇഷ്ടമൃഗമാംസഭക്ഷണം, വേണ്ടിവന്നാൽ മോഷ്ടിച്ചും കഴിക്കാൻ കൗരവഅടിമകൾക്കുമുണ്ടു് അവകാശമെന്ന ഐതിഹാസിക പ്രഖ്യാപനമായിരുന്നില്ലേ പ്രതീകാത്മകമായി ചെയ്തതു്? ഗോമാംസത്തെ നാം ആറുപേരും അത്യുത്തമ പോഷകാഹാരമെന്നു മഹത്വപ്പെടുത്തുക, ഗോമാംസത്താൽ നാം ആറുപേർ എന്നെന്നും മാംസളമായി ഐക്യപ്പെടുക എന്നുച്ചരിച്ചുകൊണ്ടു് സസ്യാഹാരിയായ പാഞ്ചാലിയുടെ മുമ്പിൽ യുധിഷ്ഠിരൻ ആചാരപൂർവ്വം മുട്ടുകുത്തിയ തോർമ്മയുണ്ടു്. കണ്ണുതുറന്നപ്പോൾ പാഞ്ചാലി അപ്രത്യക്ഷമായിരുന്നു!”
“അന്ധഭർത്താവിനോടു് ഐക്യദാർഢ്യം പ്രദർശിപ്പിക്കാൻ സ്വയം കാഴ്ചപരിമിതയായ ഗാന്ധാരിയുടെ മകൻ എങ്ങനെ പീഡകനെന്ന നിലയിൽ കുപ്രസിദ്ധനായി?”, കൊട്ടാരം ലേഖിക ചോദിച്ചു.
“പാഞ്ചാലിയുടെ വസ്ത്രാക്ഷേപമാണോ നിങ്ങൾ തൊട്ടും തലോടിയും ഗാന്ധാരയുമായി ബന്ധപ്പെടുത്താൻ ശ്രമിക്കുന്നതു്? എത്ര ലളിതഹൃദയർ ഹസ്തിനപുരിയിലെ മാപ്രകൾ! അതു അരമനചൂതാട്ടവേദിയിലെ വിനോദനാടകമായിരുന്നില്ലേ? ‘അതിജീവിത’യായി അഭിനയിച്ചവൾ അറിയപ്പെടുന്നൊരു രാജസ്ത്രീ, തുടക്കത്തിൽ ഉടുതുണിയാലവളും മൂടിയല്ലോ ഓമനമുഖം. അറച്ചും പതുങ്ങിയും നിങ്ങൾ പാടുപെട്ടാരോപിക്കുന്ന ‘വസ്ത്രാക്ഷേപം’ ഭീതിതമായില്ല, സംഭ്രമജനകമായ ‘ആകാശ ഇടപെടലുകൾ’ ഉണ്ടായി, അതു് ജനം പ്രകൃതിനിയമവിരുദ്ധം എന്നുതള്ളി. ഇന്ദ്രപ്രസ്ഥം ‘നാടുവാഴി’ (കളിയാക്കാൻ പോലും ‘രാജസൂയ ചക്രവർത്തി’ എന്നു നാം പാണ്ഡവമുഖ്യനെ വിളിച്ചുകൂട) യുധിഷ്ഠിരൻ പരിപൂർണ്ണനിസ്വനായ ചൂതാട്ടസഭവാർത്തയേക്കാൾ കുരുവംശ സദസ്സിനെ ഞെട്ടിപ്പിച്ചില്ലേ ഈ ഹാസ്യനാടകാന്ത്യം? ഇരയുടെ ഉടുതുണി ഭദ്രം, വസ്ത്രാക്ഷേപമോ, ദൃശ്യമിഥ്യ, അതാണു് ഒഴിവുകാലത്തു അമ്മയുടെ നാട്ടിൽ പഠിച്ച ഗാന്ധാര തനതുകലയുടെ തന്മയത്വം, സ്വയമൊരു വീരഗാന്ധാരനായ ഞാനതു ‘ഇന്ദ്രപ്രസ്ഥം സാമ്രാജ്യം കീഴടക്കാൻ’ പരസ്യമായി തെളിയിച്ചു. മനോധർമ്മമനുസരിച്ചു മാറ്റംവരുത്തിയ ഉടുതുണിയൂരൽ, വരുംകാല പരിഷ്കൃതസമൂഹങ്ങളിലും പ്രസിദ്ധിനേടുമെന്നതാണെന്റെ നടന നേട്ടം. അതിജീവിത മുഖംമൂടിയതു കൊണ്ടെന്താണവൾക്കുണ്ടായ കോട്ടമെന്നല്ലേ? അവൾ ആരെന്നു നിങ്ങൾക്കും കൃത്യമായി പറയാനാവില്ല! വിനോദനാടകസംവിധായനായ എന്നെ പരമോന്നത നീതിപീഠം പ്രതിസ്ഥാനത്തു നിർത്തുമെങ്കിൽ, പരസ്യവിചാരണ നേരിടാൻ തയ്യാർ, പ്രിയപേരക്കുട്ടികളായ ഞങ്ങളെ വ്യാസൻ ഇതിഹാസരചനയിൽ പരിലാളിക്കുമോ, അതോ വിപണിക്കുവേണ്ടി ചവിട്ടിത്തേക്കുമോ?”
“നട്ടാൽ കിളിർക്കാവുന്ന അവകാശവാദമുണ്ടോ പാണ്ഡവ ഭരണവാർഷികത്തിൽ?”, ഒറ്റയ്ക്കു് ഊഞ്ഞാലാടി ആഘോഷിക്കുന്ന പാഞ്ചാലിയോടു് കൊട്ടാരം ലേഖികചോദിച്ചു.
“യുധിഷ്ഠിരൻ രാജാവായ ശേഷം, കിടപ്പുരോഗികളൊഴികെ നാട്ടിലാരും മരിക്കുന്നില്ലെന്ന വസ്തുത നിങ്ങൾ ശ്രദ്ധിച്ചില്ലേ? പരിസ്ഥിതി മന്ത്രാലയത്തിന്റെ അധിക ചുമതല ഭീമൻ ഏറ്റെടുത്തതോടെ, എക്കാലവും തീരാശാപമായിരുന്ന പുകമഞ്ഞു നീങ്ങി അന്തരീക്ഷം തെളിഞ്ഞു, ഇളംകാറ്റു് വീശുന്നതു് നാട്ടിലൊക്കെ ഓടിനടക്കുന്ന നിങ്ങൾ അറിയാറില്ലേ? നഗരവികസനം അർജുനൻ ഏറ്റെടുത്തതോടെ, തക്ഷശിലയിൽ നിന്നു വിദഗ്ധ പഠനസംഘം ഹസ്തിനപുരി നഗരവീഥികൾ ചുറ്റി നടന്നു, തലയിൽ കൈവച്ചു് ‘ഭൂമിയിലെ സ്വർഗം’ എന്നു് വിസ്മയിക്കുന്നതും നിങ്ങൾ കണ്ടതല്ലേ. നകുലനും സഹദേവനും പൊതുജനാരോഗ്യവകുപ്പു പകുത്തെടുത്തതോടെ, രാജ്യത്തു സാംക്രമികരോഗ ബാധിതർ ഇല്ലാതായില്ലേ. കൂട്ടിവായിക്കുമ്പോൾ എന്താണു് സൂചന? പാണ്ഡവരും, സ്വർഗ്ഗസ്ഥരായ വന്ദ്യപിതാക്കളും തമ്മിൽ പാരസ്പര്യം! കാലനും വായുവും ഇന്ദ്രനും അശ്വിനി ദേവതകളും ഒരുമിച്ചു ഞങ്ങളെ അനുമോദിക്കാൻ വന്നു.—നിങ്ങളിൽ ഞങ്ങൾ പ്രസാദിച്ചിരിക്കുന്നു, അതിന്റെ പ്രയോജനം ജനങ്ങൾക്കു് കിട്ടിത്തുടങ്ങും. ഇതൊക്കെ അല്ലാതെ, ദേവസന്തതികൾ ചെങ്കോൽ പിടിക്കുന്ന കുരുവംശത്തിൽ വേറെ എന്തു് നേട്ടപ്പട്ടിക ഉണ്ടാക്കണം പാണ്ഡവർ?” ഊക്കോടെ പാഞ്ചാലിയുടെ ഊഞ്ഞാൽ ആകാശത്തിലേക്കുയർന്നു.
“പാണ്ഡവകൊടുങ്കാറ്റു വീശുന്നല്ലോ. ഭയമുണ്ടോ?”, കൊട്ടാരം ലേഖിക ധൃതരാഷ്ട്രരോടു് ചോദിച്ചു.
“ജനിതകവൈകല്യത്താൽ ഭിന്നശേഷിക്കാരനായി വളരാൻ ആയിരിക്കണം പ്രകൃതി നിനക്കു് തന്ന വെല്ലുവിളി. എന്റെ അമ്മ അംബിക (കാശിരാജകുമാരികളിൽ അംബയെ നിങ്ങൾ ഓർക്കും), എന്നിലൊരു അസാധാരണ പ്രതിഭയുണ്ടെന്നു നേരത്തെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചു. കാഴ്ചസൂക്ഷ്മത ആവശ്യപ്പെടുന്ന അസ്ത്രവിദ്യയെക്കാൾ അന്ധനു് ചേരുക കൈപ്പത്തി ആയുധമാക്കുന്ന നൈപുണ്യമാണെന്നവൾ ഓർമ്മിപ്പിക്കും. വ്യത്യസ്തതരം അഞ്ചുവിരലുള്ളൊരു സാധാരണ കൈപ്പത്തി! എന്നാലവ നീ ദൃഢതയോടെ ചുരുട്ടുമ്പോൾ കാണാം, കാരിരുമ്പിന്റെ കരുത്തുള്ള മാരകായുധം! ജ്വാലാമുഖീക്ഷേത്രത്തിലേക്കു പോവുന്ന അംബികക്കു നേരെ ചീറിയടുത്ത ആനയെ ഞാൻ തളച്ച കഥ സൂതന്മാർ പാടാൻതുടങ്ങി. ക്രമംതെറ്റാതെ കയറി മസ്തകത്തിൽ മുഷ്ടികൊണ്ടടിച്ചപ്പോൾ, “അംബികക്കുമുമ്പിൽ നമസ്കരിക്കുന്ന പോലെ ആനഇരുന്നു” എന്നു ഭീഷ്മർ ആധികാരികതയോടെ പറഞ്ഞുവച്ചതു എന്റെ പ്രതിച്ഛായക്കു തുണയായി. അംബികത്തമ്പുരാട്ടിയെ ആക്രമിക്കാൻ വന്ന മദയാന പിന്നെ എഴുന്നേറ്റില്ല എന്നറിഞ്ഞപ്പോൾ മൃഗസ്നേഹിയായ എന്റെ ഹൃദയം നൊന്തു. കുരുക്ഷേത്രയിൽ ഇന്നെന്നെ ആക്രമിക്കാൻ തയ്യാറായി വരുന്നതു് ‘ഇരുമ്പുപ്രതിമ’ കൗന്തേയനാണെന്നറിഞ്ഞു. ഞാൻ അവനു നേരെ ‘ചാടിക്കയറേണ്ട’ കാര്യമില്ല, കൈമുഷ്ടി വേണ്ട, കൈപ്പത്തി നിവർത്തി ആഞ്ഞടിച്ചാൽ തകരും ഭീമന്റെ ദന്തനിര! തീരും യുദ്ധം ജയിച്ചെന്ന പാണ്ഡവ പ്രചാരണം!”
“മാലിന്യസംഭരണത്തിനു് വന്നപ്പോൾ, തൊഴുത്തിൽ ഒരു കാളക്കുട്ടനുണ്ടായിരുന്നു. ഇന്നു് കയറിയപ്പോൾ കാണാനില്ല”, നിത്യപരിചയഭാവത്തിൽ പാഞ്ചാലി സന്യസ്ഥാശ്രമ അന്തേവാസിയോടു പറഞ്ഞു. പാണ്ഡവരുടെ വനവാസക്കാലം. കഠിനതടവിന്റെ വ്യാഴവട്ടക്കാലം. പാഞ്ചാലിയുടെ പീഡനകാലം.
“അക്ഷയപാത്രത്തിലെ സ്ഥിരം സസ്യഭക്ഷണലഭ്യതയിൽ പോഷകാഹാരക്കുറവു പ്രകടമായി കണ്ടെത്തിയ ഭർത്താക്കന്മാർ മിനിഞ്ഞാന്നു രാത്രി വിലപിച്ചു് അനുമതി വാങ്ങി കാളക്കുട്ടനെ കയറഴിച്ചു കൊണ്ടുപോയി. തോലും കൊമ്പും എല്ലും അതാ ആ മൂലയിൽ. ജൈവമാലിന്യം കൊണ്ടുപ്പോവുമ്പോൾ കുഴിച്ചുമൂടൂ, കൗരവചാരന്മാർ വരുമ്പോൾ അതു് കാണണ്ട.” അന്തേവാസി പ്രഭാതപൂജക്കു് പൂപറിക്കാൻ മുറ്റത്തെക്കിറങ്ങുകയായിരുന്നു തയ്യാറാവുകയായിരുന്നു.
“പണിയായുധങ്ങൾ മൂർച്ചകൂട്ടേണ്ട പാണ്ഡവർ പുറംതിരിഞ്ഞിരിക്കുന്നുവോ, യുദ്ധമേഘങ്ങൾ നിറഞ്ഞ കുരുക്ഷേത്രയിൽ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“അഞ്ചുപേരിലൊരാൾ ഇന്നർദ്ധരാത്രിയോടെ കൗരവപക്ഷത്തേക്കു് കൂറുമാറുമെന്നു വാർത്ത കേട്ട മുതൽ, അഞ്ചുപേരും പരസ്പരം ഒളികണ്ണിട്ടു സംശയിക്കയാണു്!”
“പെരുമാറ്റച്ചട്ടങ്ങളുടെ പഠനസംഹിത ഭാവിരാജാക്കന്മാർക്കായി എഴുതാൻ താത്വികബോധമുള്ള താങ്കൾക്കന്ത്യപദയാത്രയിൽ ജീവനോടെ കൂടെകിട്ടിയതു തെരുവുനായ!” പരിതാപത്തോടെ കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. മഹാപ്രസ്ഥാനത്തിൽ പാഞ്ചാലിയും മറ്റുനാലു പാണ്ഡവരും ഒന്നൊന്നായി കുഴഞ്ഞുവീണു മരിച്ചു, പറുദീസയിലേക്കു മുതിർന്ന പാണ്ഡവൻ വാഹനം കാത്തുനിൽക്കുന്ന നേരം.
“അതുവായിച്ചെടുക്കുന്നതിലും പറ്റിയോ നിങ്ങൾക്കു് പാളിച്ച? വെളിയിടവിസർജ്ജന ഇടങ്ങളിൽ അലഞ്ഞുനടക്കുന്ന അഗതിയല്ല, ഇതുശരിക്കും കാലൻ, പറഞ്ഞുവന്നാലെനിക്കു ജൈവിക പിതാവായി നിങ്ങൾ കാണണം. പാണ്ഡുപുത്രനെന്ന നിലയിൽ ഹസ്തിനപുരി രാജാവായ എനിക്കെങ്ങനെ കാലൻ അച്ഛനായിട്ടു് വരുമെന്നല്ലേ നിങ്ങളുടെ കൗതുകം, അങ്ങനെ നിരവധി ദ്വാപരയുഗ വിസ്മയങ്ങളിലൂടെയാണു് യുധിഷ്ഠിരൻ അഗതിയായും ഖാണ്ഡവപ്രസ്ഥത്തിൽ കുടിയേറ്റക്കാരനായും ഇന്ദ്രപ്രസ്ഥത്തിൽ ചക്രവർത്തിയായും വനവാസത്തിൽ കൗരവഅടിമയായും യാത്രചെയ്തു ഇതാ സ്വർഗ്ഗരാജ്യത്തിലേക്കൊരു വാതിൽ തുറന്നുകിട്ടിയതും. കാലൻ ഉറപ്പുതന്ന, ശ്രേണീബദ്ധ നടപടിക്രമമനുസരിച്ചു, കുഴഞ്ഞുവീണുമരിക്കൽ പാഞ്ചാലിയിൽനിന്നു തുടങ്ങി ഭീമനിൽ അവസാനിക്കുന്നതും. പിന്നെ വിശ്വപ്രകൃതിക്കുമുമ്പിൽ മുട്ടുമടക്കിയും മുട്ടുകുത്തിയും ഒരു ചോദ്യം ചോദിക്ക—എക്കാലവും വെല്ലുവിളിയും അവമതിയും തന്ന മോശംസഹോദരങ്ങളും പരിവേദനക്കാരി പാഞ്ചാലിയും മണ്മറഞ്ഞതോടെ നീ സ്വാതന്ത്രൻ, ഹസ്തിനപുരിയിലേക്കു തിരിച്ചുപോയി, നിലവിൽ രാജാവായ പരീക്ഷിത്തിൽനിന്നും പിടിച്ചുവാങ്ങിക്കുമോ നീ ചെങ്കോൽ? ആ ചോദ്യത്തിനുത്തരം തേടുകയാണെൻ മനം. നിശ്ശബ്ദത പാലിക്കുക, കപടമെന്നു നീ കരുതുന്ന എന്റെ മനസാക്ഷി ഇതാ ഉണർന്നിരിക്കുന്നു!”
“ഇതെന്താ കുരുവംശ രാജമുദ്രയുള്ള സമ്മാനപ്പെട്ടികൾ തീയിടാൻ ശ്രമിക്കുന്നതു്?”, ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി രോഷം നിയന്ത്രിച്ചു ഭീമനോടു് ചോദിച്ചു.
“നിന്റെ ജന്മദിനത്തിനു കൌരവർ കൊടുത്തയച്ച നൂറു സമ്മാനപ്പെട്ടികൾ യുധിഷ്ഠിരൻ കാണാമറയത്തു ഒളിപ്പിച്ചിരുന്നു. ‘അതൊന്നും ആരും തുറക്കരുതു്, അതിനകത്തു് വിഷജീവികളെ കൌരവർ വച്ചിട്ടുണ്ടു്’ എന്നു് ഞാൻ താക്കീതു് കൊടുത്തപ്പോൾ, ‘എന്നാൽ നീയതു പാഞ്ചാലി കാണും മുമ്പു് തന്നെ വാരിക്കൂട്ടി തീയിടൂ’ എന്നു് യുധിഷ്ഠിരൻ തിരക്കുപിടിച്ച കല്പ്പിച്ചു! അധാർമ്മികമെങ്കിലും ധർമ്മപുത്രരുടെ ഹിതം നോക്കിയല്ലേ പറ്റൂ.”
“ഈ ഭാഗത്തൊക്കെ വരുന്നതു് ആദ്യമായാണോ?”, അന്യദേശക്കാരനെന്നു വ്യക്തമായും തോന്നിയ യുവസൈനികനോടു് കൊട്ടാരം ലേഖിക അതിശയോക്തി കലർന്ന ആംഗ്യചലനങ്ങളോടെ ആഹ്ലാദ ഭാവത്തിൽ ചോദിച്ചു, “പാളയത്തിലും പോർക്കളത്തിലും നിങ്ങളുടെ പദവിക്കനുസൃതമായ തോതിൽ സൗകര്യങ്ങളൊക്കെ കിട്ടുന്നുണ്ടോ?”
“നിങ്ങളുടെ പ്രിയരാജകുമാരൻ ദുര്യോധനന്റെ സംഘാടകമികവു് പോർക്കളത്തിൽ നേരിട്ടു് കണ്ടപ്പോൾ ‘ഞെട്ടിത്തെറിച്ചു’. ഏതിനം പോരാട്ടവേദിയിൽ പോയാലും, മാരകായുധങ്ങൾ അമ്പു, കുന്തം, വാൾ, ഗദ കാര്യക്ഷമമായ ശത്രുസംഹാരത്തിനവിടെ ക്രമീകരണം കാണും. അതുകൊണ്ടു് വധോർജ്ജം ഊക്കിൽ ഞങ്ങൾ ഉള്ളനേരമൊക്കെ പ്രയോഗിക്കും. കിടക്കാൻ വൃത്തിയുള്ള പായ, ഉണ്ണാൻ കാള ഇറച്ചി പൊരിച്ചതു്, നീന്താൻ ശുദ്ധജല കുളിക്കടവുകൾ, രാത്രി ഉടുതുണിയാൽ കണ്ണു് രണ്ടും കെട്ടുമ്പോൾ, ആസ്വാദനരതി. തുറന്നു പറയട്ടെ, സൈന്യത്തിൽ ചേർന്നശേഷം ഇപ്പോഴാണു് കാലനു കുടപിടിക്കുന്ന പണി ശരിക്കും ആർമാദിക്കലാണെന്നു അന്തഃരംഗം പറയുന്നതു്. ധൃതിയുണ്ടു് ഇന്നു് കൊയ്ത തലകളുടെ കണക്കുബോധിപ്പിച്ചു വേണം, നെഞ്ചിൽ പറ്റിപ്പിടിച്ച ശത്രുചോര, യമുനയിൽ ഒന്നു് മനംനിറയെ നീന്തി തേച്ചുമാച്ചുകളയാൻ, ആസ്വാദനരതിചെയ്യാൻ വരുന്നവൾക്കെന്തോ, ചോരപ്പാടുകണ്ടാൽ ഒരു വിറങ്ങലിപ്പു്!”
“ആരോപണ വിധേയരായ തെമ്മാടിക്കൂട്ടത്തെ ഗാന്ധാരി വഴിവിട്ടു് സംരക്ഷിക്കുന്നു! മുഖപ്രസംഗം ശ്രദ്ധയിൽ പെട്ടുവോ?”, യുദ്ധകാര്യ ലേഖകൻ ഹസ്തിനപുരി നീതിപതിയോടു് ചോദിച്ചു.
“ആണുങ്ങൾക്കു് പ്രവേശനം പരിമിതപ്പെടുത്തിയ ചൂതാട്ടസഭയിൽ ഇടിച്ചുകയറി, അഭിജാതപുരുഷസാന്നിധ്യത്തെ പ്രലോഭിപ്പിച്ച ലൈംഗികആരോപണം നേരിട്ട ‘അല്പവസ്ത്ര ദ്രൗപദി’യെ കുറിച്ചാണോ സംസാരിക്കുന്നതു? പെരുമാറ്റദൂഷ്യത്താൽ പൗരാവകാശം നഷ്ടപ്പെട്ടു വനവാസത്തിനുപോയ, അവളും ഭർത്താക്കന്മാരും നിലവിൽ അടിമകളായതുകൊണ്ടു് നീതിന്യായപരിധിയിൽ വരുന്നവരല്ല. നിങ്ങളുടെ മാധ്യമസ്ഥാപനത്തിൽ ‘സ്വഭാവദൂഷ്യ’മുള്ള ആൺ പത്രപ്രവർത്തകർ ഉണ്ടെങ്കിൽ, പരാതി അയക്കൂ. പരിശോധിക്കാം. സുരക്ഷിതതൊഴിലിടം കൊട്ടാരം ലേഖികക്കു് ആണധികാരികൾ നിഷേധിക്കുന്നതു് കൊണ്ടല്ലേ ആ പാവം, പകൽ മുഴുവൻ ഹസ്തിനപുരി കൊട്ടാരസമുച്ചയത്തിൽ തിണ്ണനിരങ്ങി കുലീനരാജസ്ത്രീകളെ കുറിച്ചു് അപവാദങ്ങൾ നിത്യവും നഗരവീഥികളിലെ. ആൾത്തിരക്കിനെ സന്തുഷ്ടരാക്കാൻ ചുവരെഴുത്തുപത്രത്തിൽ എഴുതിവക്കുന്നതു?”
“സദസ്സു് ശുഷ്കമെന്നു തോന്നിയപ്പോൾ പ്രഭാഷണവേദിയിൽ കയറാൻ പ്രതിരോധവകുപ്പുമേധാവി തയാറായില്ല? കണ്ണുരുട്ടിയും യാചിച്ചും കൗരവരാജവിധവകളെ സദസ്സിൽ എത്തിച്ചശേഷമേ ഭീമൻ ചടങ്ങു തുടങ്ങിയുള്ളൂ എന്നൊക്കെ ശരിയെങ്കിൽ എങ്ങനെ വായിച്ചെടുക്കണം?”, കൊട്ടാരം ലേഖിക ചാരവകുപ്പുമേധാവി നകുലനോടു് ചോദിച്ചു.
“ദുര്യോധന ജീവത്യാഗത്തിന്റെ വികാരനിർഭര അനുസ്മരണമായിരുന്നല്ലോ. പാഞ്ചാലി അധ്യക്ഷ എന്നു് കേട്ടപ്പോൾ ധാരാളം പേരെത്തി. ഭീമനാണു് മുഖ്യപ്രഭാഷകനെന്നറിഞ്ഞപ്പോൾ കുരുക്ഷേത്രവിധവകൾ പാത്തും പതുങ്ങിയും ഇറങ്ങിപ്പോയി. സൗജന്യധാന്യം വാഗ്ദാനം ചെയ്താണു് അമ്പതോളം കൗരവരാജ വിധവകളെ കൊണ്ടുവന്നതു്. കൗരവരെ ഒന്നൊന്നായി കൊന്നുകൊലവിളിച്ച പോരാട്ടസ്മരണകൾ ഗദ ഉയർത്തിപിടിച്ചു നാടൻ ചേരുവകളോടെ വർണ്ണിച്ചപ്പോൾ, യുദ്ധവിധവകൾ ബോധം കെട്ടു എന്നുപറയുന്നുണ്ടു് ചിലർ. അതൊന്നും ശ്രദ്ധിക്കാതെ കത്തിക്കയറിയതോടെ, പാഞ്ചാലി ഇറങ്ങിപ്പോയി, യുദ്ധസ്മരണയിൽ പരിസരബോധം നഷ്ടപ്പെട്ട ഭീമനു് ശ്രോതാവായി ഈ മാദ്രിപുത്രനും!” യുധിഷ്ഠിര ഭരണകൂടത്തിന്റെ ഭാഗമല്ല ഭീമൻ എന്ന അപായകരമായ ധ്വനിയായിരുന്നു നകുലപ്രതികരണത്തിന്റെ കാതൽ.
ഗംഭീരമായൊരു കഥയുണ്ടു് എന്നു് നാടകീയമായി അവകാശപ്പെട്ടതുകൊണ്ടു് ഒരു കാര്യവുമില്ല, ഉള്ളിൽ ഉള്ളതു് എഴുതി തുടങ്ങുമ്പോൾ, ഓരോ നിമിഷവും ഞെട്ടലോടെ, ഒരു കാഴ്ചക്കാരനെ പോലെ, അറിയുകയാണു്, എനിക്കിത്രയുംനാൾ നന്നേ പരിചിതരായിരുന്ന ഓരോ കഥാപാത്രവും, ഇപ്പോൾ പുതുതായി നിർമ്മിക്കപ്പെടുന്നതിനൊപ്പം, കുതറിയും ദിശമാറിയും, എന്റെ പിടിവിട്ടുപോവുന്നല്ലോ. കഥ ആദ്യകരടു എഴുതിത്തീരുമ്പോൾ ഞാൻ വിസ്മയത്തോടെ മനസ്സിലാക്കുന്നു, പുകമൂടിയ കഥാപാത്രങ്ങളല്ല, ഇവർ, സ്വയംഭരണാവകാശമുള്ള സ്വതന്ത്രജീവികൾ!
“എല്ലാവർക്കും ഒരുപോലെ കിട്ടാവുന്നതല്ലേ ധാന്യാഹാരം? ഭീമനു മാത്രം എന്താ മൃഗമാംസം?”, കൊട്ടാരം ലേഖിക ചോദിച്ചു. വനവാസക്കാലത്തെ ഊട്ടുപുര.
“ഹസ്തിനപുരിയിലെ കാർഷികഭവനങ്ങളിൽ ധാന്യശേഖരം കുറയുമ്പോൾ, പാണ്ഡവരുടെ അക്ഷയപാത്ര ഭക്ഷണലഭ്യതയിൽ കാണുന്ന കാലികമായ പ്രതിഭാസം എന്നതിൽ കവിഞ്ഞൊരു ‘മായികപ്രദർശനം’ ഭീമൻ അതിലൂടെ നടത്തി എന്നൊന്നും നിങ്ങൾ കൗരവരുടെ മുമ്പിൽ പ്രചരിപ്പിക്കരുതതേ. വിത്തു് തിന്നിട്ടും പട്ടിണി മാറാതെ, കർഷകർ, മൃഗങ്ങളെ വെട്ടി ഇറച്ചി വേവിക്കുമ്പോൾ. ഒരു ഭാഗം ഈ അക്ഷയപാത്രത്തിൽ പ്രകൃതി നിയമമനുസരിച്ചു സ്വാഭാവികമായും വന്നു ചേരും”, മറ്റുള്ളവരുമായി പങ്കിടാൻ മെനക്കിടാതെ മാട്ടിറച്ചി ആർത്തിയോടെ ചവക്കുന്നഭീമനു് വേണ്ടി നകുലൻ മാംസളമായൊരു ദർശനം വിശദീകരിച്ചു.
“പ്രിയപ്പെട്ടവൻ കൊല്ലപ്പെട്ട രീതിയിൽ പരാതിയുണ്ടോ? ഇപ്പോഴും?”, ദുഖമാചരിക്കുന്ന ദുര്യോധനവിധവയോടു കൊട്ടാരം ലേഖിക ചോദിച്ചു.
“ഭീമൻ ദുര്യോധനവധം പാടിനടന്നരീതിയിൽ രോഷമുണ്ടു്. ധീരയുദ്ധനായകൻ ഭീമഗദാപ്രഹരത്തിൽ നടുവൊടിഞ്ഞുവീണു എന്ന പാണ്ഡവരുടെ അവകാശവാദം അതിശയോക്തികലർന്നതായി. ചതുപ്പുനിലത്തു പുതഞ്ഞുവീണു ഉടൽ ചലിക്കാനാവാതെ, ദുര്യോധനൻ പാഞ്ചാലിയുടെ സാന്നിധ്യത്തിൽ വാവിട്ടുനിലവിളിച്ചു എന്ന വെളിപ്പെടുത്തലിനുമുണ്ടൊരധാർമികത. വിഷവസ്തു സൈനികവസ്ത്രത്തിൽ കരുതിമാത്രമേ ദുര്യോധനൻ സമാധാനകാലത്തുപോലും വീടുവിട്ടുപുറത്തേക്കിറങ്ങാറുള്ളു. വിട്ടുവീഴ്ചയില്ലാത്ത ആത്മാഭിമാനത്തോടെ വേണം മരണവുമെന്ന നിശ്ചയദാർഢ്യത്തോടെയുള്ള ആ സാഹസിക ജീവിതത്തെ കേവലമൊരു ഭീരുമരണമായി പൊതുയോഗങ്ങളിൽ കൊലയാളിഭീമൻ ആടിപ്പാടി ആസ്വദിക്കുന്നു എന്നതാണു് കുരുക്ഷേത്ര വിധവകളുടെ യാതന!”
“മഹാറാണി പാഞ്ചാലിയെന്നുപചാരപൂർവ്വം കൊട്ടാരഭാഷയിൽ പരാമർശിക്കേണ്ട നിങ്ങൾ ‘മുത്തശ്ശി’ എന്ന സാധാരണക്കാരുടെ ഗാർഹികപദമുപയോഗിച്ചു പരസ്യമായി അപമാനിച്ചു എന്ന പരാതിയുമായി പുകയുകയാണല്ലോ പാവം പാണ്ഡവഹൃദയങ്ങൾ. കുരുവംശ കൊട്ടാരത്തിൽ വളർന്നു ഇത്രമാത്രം വലുതായിട്ടും, കറതീർന്ന കുലീന പെരുമാറ്റക്രമം കൃപാചാര്യനിൽ നിന്നു് നിങ്ങൾ പഠിച്ചില്ലേ?”, കൊട്ടാരം ലേഖിക പരീക്ഷിത്തിനോടു് ചോദിച്ചു.
“കൊച്ചനുജത്തി എന്നെനിക്കു വിളിക്കാനാവുമോ, അച്ഛന്റെ അച്ഛൻ അർജ്ജുനന്റെ ആദ്യഭാര്യയെ? കാലമൊക്കെ എല്ലാവർക്കും കുതിച്ചു മുന്നേറി. ഞാനിപ്പോൾ കൃപാചാര്യന്റെ ശിഷ്യനൊന്നുമല്ല വയസ്സു് മുപ്പത്തിയഞ്ചു കഴിഞ്ഞില്ലേ. അന്നന്നത്തെ അപ്പത്തിനു് നിങ്ങളുടെ നെട്ടോട്ടത്തിൽ കൊല്ലങ്ങൾ പറക്കുന്നതു് ശ്രദ്ധയിൽപെട്ടില്ല അല്ലെ? എന്നാൽ മുത്തശ്ശി എന്ന പരുക്കൻ പരാമർശമൊന്നുമല്ല പാഞ്ചാലീപരിഭവത്തിനു പിന്നിൽ. പ്രായക്കൂടുതൽ കാരണം നീണ്ട സുഖചികിത്സക്കു് മലഞ്ചെരുവിൽ പോവേണ്ടിവരുന്ന യുധിഷ്ഠിരനെ, അധികാരത്തിൽ നിന്നു് വലിച്ചു താഴെയിടാൻ മറ്റു പാണ്ഡവരുടെ രഹസ്യസഹായം തേടുകയാണു് പാഞ്ചാലി. കിരീടാവകാശി എന്ന പദവി ഞാൻ സ്ഥാന ത്യാഗം ചെയ്തു കിട്ടിയാൽ, പാഞ്ചാലിപട്ടാഭിഷേകം എളുപ്പത്തിലാവും എന്നറിയുന്നു. രാജസ്നേഹിയായ എന്റെ അമ്മ വിരാടരാജകുമാരി ഉത്തര, പക്ഷേ, ഈ കുടിലനീക്കം യുധിഷ്ഠിരനെ രഹസ്യമായി അറിയിച്ചപ്പോൾ, പാഞ്ചാലിയെ തൽക്ഷണം വീട്ടു തടങ്കലിൽ ആക്കിഎന്നതാണു് ആശ്വാസം. ‘പുകയുന്ന’ മറ്റു പാണ്ഡവഹൃദയങ്ങളെ യുധിഷ്ഠിരൻ ഹിമാലയ ചുരംകാവൽക്കാരാക്കി അയക്കാനും പദ്ധതിയിട്ടിട്ടുണ്ടു്. അതോടെ കൗന്തേയ ഹൃദയങ്ങളുടെ പുകച്ചിൽ മാറും ഞാൻ അധികാരത്തിലും വരും!”
“കൊട്ടാരവിരുന്നിൽ ലിംഗനീതിയെ കുറിച്ചു് നിങ്ങൾ സംസാരിക്കുന്നതു് ഇന്നലെ കേട്ടു. ലിംഗനീതിനിർവഹണത്തിൽ, സ്വന്തം കാര്യം എങ്ങനെ? പാണ്ഡവർ അഞ്ചുപേരും ‘ദേഹി ദേഹം വിടും വരെ’ വിരൽനഖംകടിച്ചു കാത്തിരിക്കേണ്ടേ, സ്വയം മഹാറാണിയാവാൻ? അതോ, കിരീടാവകാശി പരീക്ഷിത്തിന്റെ പിന്നിൽ വേണോ ഒതുങ്ങിനിൽക്കാൻ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. പാണ്ഡവർ രാജഭരണസേവനം നാടിനു പുനർസമർപ്പിച്ച ദിവസം.
“വാർധക്യസഹജമായ വല്ലായ്മയില്ലാത്തവർ വാനപ്രസ്ഥത്തിനു് പോയ കീഴ്‌വഴക്കം ഇല്ലേ? പാണ്ഡു എങ്ങനെയാണു് സിംഹാസനം ഉപേക്ഷിച്ചു വനത്തിൽ പോയതു്? കിരീടാവകാശി ദേവവൃതനു് ചെങ്കോൽ കൊടുക്കാൻ മഹാരാജാവു് ശന്തനുവിനു് സാധിച്ചോ? അധികാരം ഏറ്റെടുക്കാൻ തക്ക അവസരം വരുമ്പോൾ, രാജപാരമ്പര്യത്തിനു് വഴങ്ങിക്കൊടുക്കാതെ, പുതുസാധ്യത പരിശോധിച്ചു് മുന്നോട്ടു പോയ മീൻകാരി സത്യവതിയാണു്, പ്രതിജ്ഞ പാലിച്ച ഭീഷ്മരല്ല, ആധുനിക രാജ്യതന്ത്രത്തിന്റെ ഉദാത്തമാതൃക എന്നേ തക്ഷശിലയിൽ നിന്നു് വന്ന വിദ്യാർത്ഥികളോടു് സാന്ദർഭി കമായി പറഞ്ഞുള്ളു. പാണ്ഡവർക്കിടയിൽ കിരീടത്തിനായി വടംവലിയുള്ളപ്പോൾ, പാഞ്ചാലി അധികാരമോഹി എന്ന നിങ്ങളുടെ പ്രതീതിനിർമിതി വേണ്ട!”
“കാഴ്ചപരിമിതിയുള്ളവർക്കെതിരെ ആരോപണം! കൗരവരാജ കുമാരികളിൽ നിന്നും ചാരവകുപ്പുമേധാവി നകുലൻ ‘നിർമ്മിച്ചെ’ടുത്തുവോ പരാതി?”, അരനൂറ്റാണ്ടുകാലം ഹസ്തിനപുരിയെ നയിച്ചു് വാർധക്യത്തിൽ കാട്ടിലേക്കു് അന്തിമയാത്രക്കൊരുങ്ങുന്ന മുൻമഹാരാജാവിനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“അന്ധനെന്ന നിലയിൽ അർഹതയില്ലാത്ത ആനുകൂല്യമൊന്നും ധർമ്മപുത്രരുടെ ഭരണകൂടത്തിൽനിന്നും പ്രതീക്ഷിക്കുന്നില്ല. വയോജനസൗഹൃദമായിരിക്കട്ടെ പാണ്ഡവഅന്വേഷണം എന്നും പറയുന്നില്ല. രാഷ്ട്രത്തിന്റെ പരമാധികാരം കാത്തുസൂക്ഷിക്കാൻ നൂറു മക്കളെ ബലികൊടുത്ത അച്ഛൻ എന്നു് യുദ്ധമേനിയും പറയുന്നില്ല. ജന്മദിനത്തിൽ ഗാന്ധാരി ഒരുക്കിയ സ്നേഹവിരുന്നിനു കൊട്ടാരത്തിൽ വന്നു ഓടിച്ചാടി കുറെ കുട്ടികൾ കൂട്ടം കൂടി ചുറ്റും നൃത്തം ചെയ്തു മധുരം നുള്ളിത്തരുമ്പോൾ, അരുതാത്തയിടങ്ങളിൽ വിരലുകൾ സ്പർശിച്ചെങ്കിൽ മനഃപൂർവ്വമായിരുന്നില്ല. വാനപ്രസ്ഥത്തിൽ പോവുന്ന ഞാൻ പ്രബുദ്ധവായനക്കാർക്കുറപ്പു തരുന്നു—പാണ്ഡവഭരണകൂടത്തിലെ കുബുദ്ധികൾ കെട്ടിച്ചമച്ച ആരോപണം സത്യമെങ്കിൽ, അഭിശപ്തവ്യാസപുത്രൻ കരിക്കട്ടയാവട്ടെ!”, ഗാന്ധാരി കുന്തി വിദുരർ എന്നിവർക്കൊപ്പം പടിയിറങ്ങുമ്പോൾ, മട്ടുപ്പാവിൽ ഒരാൾ നാലുവൃദ്ധരുടെയും വനവാസയാത്ര കരുതലോടെ നിരീക്ഷിച്ചു. വയസ്സായവരിൽനിന്നും കൊട്ടാരം ഒഴിഞ്ഞു കിട്ടി എന്നുമാത്രമല്ല, ശവമടക്കിനു വരാവുന്ന പണച്ചെലവും സമയനഷ്ടവും ഒഴിവാക്കിക്കിട്ടിയതിൽ സന്തുഷ്ടനായിരുന്നു മാദ്രിപുത്രൻ!
“രാജാവിനെ മുഖംകാണിക്കാൻ എളിമയോടെ വരിനിന്ന കർഷക പെൺകുട്ടികളോടെന്താ ധർമ്മപ്രഭാഷണം?”, മുട്ടുകുത്തി കൈമുത്തി കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. യുദ്ധാനന്തര പാണ്ഡവ ഭരണകൂടത്തിന്റെ ആദ്യദിനങ്ങൾ.
“കഷ്ടപ്പാടു് കേട്ടു് കദനഭാരത്താൽ ഞാനൊന്നു് കണ്ണുവെട്ടിച്ചതിൽ ആ പാവങ്ങൾ എന്തുപിഴച്ചു! കർഷകകുടുംബം നേരിട്ട ദൗർഭാഗ്യത്തെക്കുറിച്ചവർ പറയുന്നതുകേട്ടു് ഞാൻ ഞെട്ടി. ആകെ വരുമാനസ്രോതസ്സായിരുന്നു കരിമ്പുകൃഷിയിടങ്ങൾ, ആലോചനയില്ലാതെ, ദുന്മാർഗിയായ അച്ഛൻ പണയംവച്ചു് ചൂതാടി തോറ്റപ്പോൾ, രക്തബന്ധുകൂടിയായ വിജയി ആവശ്യപ്പെടുന്നു പണയഭൂമിയുടെ അവകാശം കൈമാറി കുടുംബം നാടുവിടണം! കുടുംബനാഥനെന്ന ഉത്തരവാദിത്വബോധമില്ലാതെ ഭൂസ്വത്തു പണയംവച്ചു് ചൂതാടി, ഭാര്യയെയും മക്കളെയും വഴിയാധാരമാക്കുന്ന കൊള്ളരുതാത്തവർക്കു മേയാനുള്ളതല്ല ധർമ്മപുത്രരുടെ ഹസ്തിനപുരി സാമ്രാജ്യം എന്നവരെ ബോധ്യപ്പെടുത്തി കുട്ടികളെ വീട്ടിലേക്കയച്ചു. എന്താ, ഇത്രയൊക്കെ വിശദീകരിച്ചിട്ടും ചോദ്യഭാവം, അവിശ്വാസത്തിന്റെ കരിനിഴലാട്ടം? ചൂതാട്ടം അപലപനീയമായ സാമൂഹ്യതിന്മ എന്നു് ഞാൻ ഇടനെഞ്ചിൽ പ്രഖ്യാപിക്കുമ്പോൾ, ‘ഹസ്തിനപുരി പത്രിക’യുടെ ചോര തിളക്കേണ്ടതല്ലേ?”
“വീരമൃത്യുവരിച്ച സൈനികരുടെ അവകാശികൾക്കു് കൊട്ടാരവരുമാനത്തിന്റെ ആദ്യപങ്കു കൃതജ്ഞതയോടെ വീതിച്ചുകൊടുക്കുന്നൊരു വിശിഷ്ട സമ്പ്രദായം നിലവിലുള്ള ഗംഗാതടത്തിൽ, പാണ്ഡവർ എന്താണു് കൗരവരാജവിധവകളോടു് ചെയ്തതു്? പാതിരാമിന്നലാക്രമണത്തിലൂടെ സ്ത്രീകളെയും കുട്ടികളെയും കുടിയൊഴിപ്പിച്ചു, കാരാഗൃഹത്തിൽ പുനരധിവാസം! വെള്ളവും വെളിച്ചവും ഇല്ലാതെ നൂറോളം വിധവകളും പുത്രവിധവകളും അവിവാഹിതപുത്രിമാരും ചക്രശ്വാസം വലിക്കുക! കണ്ണിൽ ചോരയില്ലാത്ത ക്രൂരത പാണ്ഡവർ ചെയ്യുന്നതിൽ കുഴപ്പമില്ല എന്നാൽ നിങ്ങളെപ്പോലൊരു സംസ്കാരസമ്പന്നയായ സ്ത്രീ എങ്ങനെ വച്ചുപൊറുപ്പിക്കുന്നു?” കൊട്ടാരം ലേഖിക നിയുക്തറാണി പാഞ്ചാലിയോടു് ചോദിച്ചു. രാജ്യഭരണത്തിൽ ഉന്നത വിദ്യാഭ്യാസം നേടാൻ കുരുക്ഷേത്രജേതാക്കൾ, യുധിഷ്ഠിരനും സംഘവും, ഭീഷ്മ ശരശയ്യയിൽ തമ്പടിക്കുന്ന സംഘർഷദിനങ്ങൾ.
“അഞ്ചു മക്കളെയും പിതാവിനെയും സഹോദരനെയും പാതിരാവിൽ പാളയത്തിലെ കിടപ്പറയിൽ ഇടിച്ചുകയറി കൊല്ലാൻ ആജ്ഞകൊടുത്തല്ലേ അവസാനത്തെ കൗരവനായ ദുര്യോധനൻ അന്ത്യശ്വാസം വലിച്ചതു്? ഞങ്ങളെ പോർക്കളത്തിൽ ബന്ദികളാക്കി ജീവിതാന്ത്യംവരെ പാർപ്പിക്കാൻ വേണ്ടിയായിരുന്നില്ലേ വെള്ളവും വെളിച്ചവുമില്ലാത്ത കാരാഗൃഹം അതിവേഗം നിർമ്മിച്ചെടുത്തതും, ഇരുളറ ഓരോ പാണ്ഡവനു നാമകരണം ചെയ്തതും? മൊത്തം ഹസ്തിനപുരിയുടെ ഭണ്ഡാരം കൊള്ളയടിച്ചായിരുന്നില്ലേ കൗരവഭാര്യമാരുടെ നാടുകളിലേക്കു, കുരുക്ഷേത്രയുദ്ധം തുടങ്ങുംമുമ്പു് തന്നെ, സുരക്ഷിതമായി എത്തിച്ചതു്? ഞങ്ങൾ വന്നു അരമനയിൽ കറങ്ങിനോക്കുമ്പോൾ എന്താണു് കണ്ടതു് ? ഞെണുങ്ങിയ ചോർച്ചപ്പാത്രങ്ങളും ആർക്കും വേണ്ടാത്ത വൃദ്ധജനങ്ങളും. എന്നിട്ടും, ആചാരംപാലിച്ചു യുധിഷ്ഠിരൻ ധൃതരാഷ്ടർ ഉൾപ്പെടെ വൃദ്ധജനങ്ങൾക്കു മുമ്പിൽ സാഷ്ടാംഗം നമസ്കരിക്കുമ്പോൾ, കൺകെട്ടുനീക്കി ഗാന്ധാരി ഞങ്ങളോടു് പരുക്കൻഭാഷയിൽ കാര്യം പറയുന്നു: കൗരവവംശഹത്യചെയ്ത ഭീമനെ നാടുകടത്തും വരെ അധികാരദണ്ഡ് യുധിഷ്ഠിരനു് ധൃതരാഷ്ട്രർ കൈമാറില്ല! ജേതാക്കളായ പാണ്ഡവരെ തോൽപ്പിക്കാനാവുന്നതെല്ലാം നേരത്തെ ചെയ്തിട്ടും, ഞങ്ങൾ കുലീനമൗനത്തോടെ നിന്നാൽ പോരാ, കുരുക്ഷേത്രവിധവകൾക്കു, (അതാ ഭീമൻ ധാന്യവും ശുദ്ധജലവുമായി പുനരധിവാസകേന്ദ്രത്തിൽ പോകുന്നു), അങ്ങനെ നിത്യവും എത്തുകയും വേണം!” മനസ്സില്ലാമസ്സോടെ മഹാരാജാവു് ഊരിക്കൊടുത്ത തിരുവസ്ത്രങ്ങൾ കഴുകിയുണക്കുന്ന ശ്രമകരമായ വിടുപണിയിലായിരുന്നു നിയുക്തമഹാറാണി പാഞ്ചാലി. തികഞ്ഞ നിസ്സഹകരണ മനോഭാവത്തിൽ മാറിനിന്നു, അവളെ നോക്കിക്കൊണ്ടിരുന്ന കുന്തി, കൊട്ടാരം ലേഖികയുടെ ഉപചാരപ്രകടനം ഉപേക്ഷയോടെ തള്ളി.
“എന്തു് പറ്റി മകനേ, ഇന്നും ഗുരുകുലത്തിൽ കൃപാചാര്യർ നിന്നെ കാരണമില്ലാതെ ശിക്ഷിച്ചുവോ?”, വിങ്ങിപ്പൊട്ടി അന്തഃപുരത്തിൽ ഓടിവരുന്ന മകനെ ചേർത്തു് പിടിച്ചു അഭിമന്യുവിധവ, ഉത്തര, കിരീടാവകാശി പരീക്ഷിത്തിനോടു് ചോദിച്ചു. യുദ്ധാനന്തര പാണ്ഡവഭരണകൂടത്തിൽ, ആഭ്യന്തരമന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന അർജുനന്റെ പേരക്കുട്ടികൂട്ടിയായിരുന്നു പഞ്ചപാവമെന്നുകരുതപ്പെടുന്ന പരീക്ഷിത്തു്.
“നിന്റെ അമ്മ ഉത്തര, സ്വന്തം കൈ കൊണ്ടു് ഓമന വളർത്തുമൃഗത്തെ കഴുത്തുവെട്ടി മാംസം വരട്ടി ഇലയിൽ പൊതിഞ്ഞു നീ എനിക്കു് നാളെ രാവിലെ മറ്റാരും കാണാതെ കൊണ്ടുവന്നില്ലെങ്കിൽ, നീ രാജാവായ ശേഷം വിഷപ്പാമ്പു് കടിച്ചു നീ മരിക്കട്ടെ എന്നു് കൃപാചാര്യൻ എന്നെ ഭീഷണിപ്പെടുത്തി അമ്മാ!”
“മറ്റു പാണ്ഡവർ പരസ്യമായി ബഹിഷ്കരിക്കുന്ന യുധിഷ്ഠിര പ്രഭാഷണങ്ങളിൽ, പക്ഷേ, നിങ്ങൾ പതിവു് സാന്നിധ്യമാണല്ലോ. അത്രക്കിഷ്ടമാണോ ധർമ്മപുത്രരുടെ ‘പെരുമ’യാർന്ന അർദ്ധസത്യങ്ങൾ?”, അഭിമന്യുവിന്റെ വിധവയും, കിരീടാവകാശി പരീക്ഷിത്തിന്റെ അമ്മയുമായ വിരാടരാജകുമാരി ഉത്തരയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“ഓരോ വാക്കിനുശേഷവും ഒരു മുഴം നിശബ്ദത പതിവുള്ള യുധിഷ്ഠിര പ്രസംഗങ്ങൾ കേട്ടു പൊതുവേദിയിൽ തലകുനിച്ചു ഇരിക്കേണ്ടിവരുന്നതു ‘പെൺസൗഹൃദ’ പ്രഖ്യാപനത്തിനു ശേഷമല്ലേ? വേദിയിൽ പുരുഷാധിപത്യം വേണ്ട എന്നു് യുധിഷ്ഠിരൻ നിഷ്കർഷിച്ചപ്പോൾ, സ്ത്രീപ്രാതിനിധ്യ സംരക്ഷണത്തിനു് വേദിയിൽ ഇനി ഇരുന്നു കൊടുക്കാൻ ആവില്ലെന്നു് പാഞ്ചാലി കയ്യൊഴിഞ്ഞു. രാജാവിനെ പിണക്കരുതെന്ന കരുതലോടെ, പരീക്ഷിത്തു് പറഞ്ഞു, അമ്മാ, വേദിയിൽ ‘വെറുതെ’ ഇരുന്നാൽ മതി, യുധിഷ്ഠിരപ്രഭാഷണത്തെ കുറിച്ചു് ആസ്വാദനമൊന്നും അമ്മ ആവിഷ്കരിക്കേണ്ടിവരില്ല.” പെൺസൗഹൃദപ്രസംഗവേദിയിൽ ഞാൻ സ്ഥിരം സാന്നിധ്യമായതോടെ തുടങ്ങിയതല്ലേ മഹാറാണി പാഞ്ചാലി മുറുമുറുപ്പു്, “പരീക്ഷിത്തു് ചെങ്കോൽ നേടും മുമ്പു് തന്നെ രാജമാതാവായി ഉത്തര അഭിനയിച്ചുതുടങ്ങിയോ!”
“വനവാസത്തിൽപോയ പാണ്ഡവർ “നുഴഞ്ഞുകയറ്റ”ത്തിനും ശ്രമിക്കാറുണ്ടോ? അതോ, അഞ്ചുപേരും കൂട്ടംചേർന്നിരുന്നു ഉൾത്തടം നീറിപ്പുകയുകയാണോ, പൊയ്പോയകാലത്തെ നഷ്ടസൗഭാഗ്യമോർത്തു?”, കൊട്ടാരം ലേഖിക ചോദിച്ചു.
“മാദ്രിപുത്രനായ നകുലൻ, ‘ചാരമേധാവി’ എന്നു് സ്വയം അവരോധിച്ചെങ്കിലും, വനാതിർത്തികടന്ന ‘സാഹസികനീക്കം’ ഭീമനിൽ നിന്നായിരുന്നു. മലയോര ഗ്രാമങ്ങളിൽ ഭീമൻ ‘ജീവകാരുണ്യപ്രവർത്തനം’ ചെയ്യന്നു! കിടപ്പുരോഗികളെ ചുമന്നു ബന്ധുക്കളെ സഹായിക്കുന്നു, മൂർക്കൻ പാമ്പുകളെ പിടികൂടി വളർത്തുപക്ഷികളെ രക്ഷിക്കുന്നു. എന്നാൽ ഇതൊക്കെ കഴിഞ്ഞു ‘കൗരവർ’ എന്ന പദം പ്രീതിയില്ലാതെ പാണ്ഡവരിൽ ആരെങ്കിലും ഉച്ചരിച്ചാൽ, ഗ്രാമത്തിലെ ആണുങ്ങൾ ഭീമനുനേരെ ഫണമുയർത്തും.”
“ദുര്യോധനൻ ഞങ്ങൾക്കു് രക്ഷകൻ, അവൻ കുരുവംശ കിരീടാവകാശി, എന്നും എന്നെന്നും”, എന്നൊരു മുദ്രാവാക്യം ഭീമനെ ക്കൊണ്ടു് വിളിപ്പിക്കും!
“രോഷം വരാൻ മാത്രമെന്തായിരുന്നു വീഴ്ച? ‘തിന്മയുടെ ഇതിഹാസം’ എന്നതു് പ്രശ്നമായോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“ഞാനൊരംഗീകൃത പരിത്യാഗിയെന്നോർക്ക. ഒരവിഹിതരതിയിൽ ജന്മംതന്ന സത്യവതി, വിധിയുടെ വിളയാട്ടത്തിൽ, കുരുവംശ രാജമാതാവായപ്പോൾ, പിന്തുടർച്ചയുടെ നിർണ്ണായകഘട്ടത്തിൽ എന്നോടാവശ്യപ്പെട്ടു, “എന്റെ പുത്രവിധവകൾക്കു നീ ബീജദാനം ചെയ്യാമോ?”. കർത്തവ്യബോധത്തോടെ ബീജദാനം ചെയ്തു കൊട്ടാരം വിട്ടു എന്നതിൽ കവിഞ്ഞു, ‘ധൃതരാഷ്ട്രർ’, ‘പാണ്ഡു’ തുടങ്ങിയ ജൈവികസന്തതികളിൽ അവകാശമോ വൈകാരിക നിക്ഷേപമോ ഇല്ല എന്നിരിക്കെ, അവരിരുവരും ജനസംഖ്യയിൽ അക്കം. കുരുക്ഷേത്രയുദ്ധം ഞാൻ ദൂരക്കാഴ്ചപോലും കണ്ടിട്ടില്ല എന്നപോലെ രാജമന്ദിരങ്ങളിലെ കൗരവജീവിതവും എനിക്കന്യമാകുന്നു. കഥകൾ കുറെ വാമൊഴിയായി കേട്ടു, അറിയാത്തതെല്ലാം ഭാവനയിൽ പൊതിഞ്ഞു. ഈ കഥാപാത്രങ്ങൾ വരുംയുഗത്തിലും പ്രത്യക്ഷപ്പെടും! ഒരാൾക്കതു അക്ഷര‘മാലിന്യ’മെന്നു തോന്നും. വേറൊരാൾക്കതു മനുഷ്യപ്രകൃതിയുടെ ‘ഖനി’യായും. സൂതന്മാർ വഴിനീളെ പാടിത്തുടങ്ങിയതോടെ, ‘പൊതുമുതൽ’ എന്നു് ബോധ്യമായി. വിസ്തൃതമഹാഭാരതം മത്സരിച്ചു സ്വയം നിലനിൽപ്പിനു സാധുതതേടണം. തിരക്കുണ്ടു്. മനസ്സിനെ ഈയിടെയായി മഥിക്കുന്നതു് കൗരവരാജവിധവകളുടെ കഷ്ടപ്പാടുകളല്ല ഈ കാണുന്ന അനാഥപ്രപഞ്ചത്തിന്റെ ആവശ്യമെന്തെന്നാണു്!”