“വധു സുന്ദരിയും അഭ്യസ്തവിദ്യയുമായിരിക്കുക, സ്വയംവര പ്രതിയോഗികളുടെ ‘ഭീഷണ’സാന്നിധ്യം കണ്മുന്നിൽ അറിയുക, മത്സരജേതാവെന്നനിലയിൽ അവളിൽ ഭ്രമിച്ചും, ഭർത്താവെന്ന നിലയിൽ അവളെക്കണ്ടു പരിഭ്രമിച്ചും വിവാഹം കഴിക്കുക—‘വികാരജീവി’ അർജ്ജുനനു എപ്പോഴാണു് ഈ വിശ്വമോഹിനിയിൽ കൗതുകം നഷ്ടപ്പെട്ടതു്?”. ആരോരുമറിയാതെ ദ്വാരകവധു സുഭദ്രയുമൊത്തു ഇന്ദ്രപ്രസ്ഥത്തിൽ വന്ന അർജ്ജുനനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“മത്സരിച്ചുനേടിയെടുത്ത പെണ്ണുടലിൽ ‘പരമാധികാരം’ നിങ്ങൾ സ്ഥാപിച്ചുകഴിഞ്ഞാൽ, പ്രണയാവേശം അണയുമെന്നതൊരു സാമാന്യബോധമല്ലേ! അർജ്ജുനൻ എന്ന കാമുകൻ പുതിയ മേച്ചിൽ പുറങ്ങളിൽ പുതുപെണ്ണുടൽ നേടി വന്നപ്പോൾ, പാഞ്ചാലി ഞങ്ങളുടെ വിരുന്നു ബഹിഷ്കരിച്ചതു നിങ്ങൾ കണ്ടില്ലേ? അതിൽനിന്നു് വ്യക്തമായല്ലോ പ്രണയം ഉടമസ്ഥാവകാശവുമായി അവളെങ്ങനെ എക്കാലവും കൂട്ടിവായിച്ചു!”
“ഇത്രയും അസന്തുഷ്ടമാണു് ദ്രൗപദിയുമൊത്തുള്ള ദാമ്പത്യജീവിതമെങ്കിൽ, ഇനിയും വച്ചുനീട്ടാതെ ആ കെട്ടുപൊട്ടിച്ചുകൂടെ?” കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. വനവാസക്കാലം. കുളികഴിഞ്ഞു വന്ന പാഞ്ചാലി ഈറൻ തുണി വെയിലത്തിടുന്നതു് ജാലകത്തിലൂടെ കാണാമായിരുന്നു. അക്ഷയപാത്രത്തിൽ നിന്നും വിശപ്പടക്കിയ മറ്റുപാണ്ഡവർ ചൂതാട്ടത്തിൽ നൈപുണ്യ വികസനം നേടുന്ന മദ്ധ്യാഹ്നം.
“ഊഴം തെറ്റിച്ചും ഉടൽസേവനം നേടാൻ, പാഞ്ചാലിയുമായി അതിരുവിട്ടു് ഇഷ്ടംകൂടുന്ന ആദ്യകാലങ്ങളിൽ ഞങ്ങൾ അഞ്ചുപേർക്കും അബദ്ധം പറ്റി. ഹൃദയം തുറന്ന ഏറ്റുപറച്ചിലുകൾക്കിടയിൽ, പാണ്ഡു/കുന്തി/മാദ്രി കുടുംബരഹസ്യങ്ങൾ ഞങ്ങളുടെ ഓർമപ്രകാശനത്തിലൂടെ അവളുടെ പക്കൽ ഉണ്ടു്. കാലാന്തരത്തിൽ കുമിഞ്ഞുകൂടിയ അസ്വാരസ്യമുണ്ടെങ്കിലും, വിവാഹബന്ധം വേർപെട്ടു പാഞ്ചാലി സ്വതന്ത്രയായി പോയാൽ, പൗരാവകാശത്തോടൊപ്പം രാജസ്ത്രീപദവിയും കൊടുത്തു ദുര്യോധനൻ ആ “വിഴുപ്പു” തട്ടിയെടുക്കും എന്നതാണു് ഞങ്ങളുടെ ഭീതി.”
“പാണ്ഡവർക്കെതിരെ വന്യജീവിസംരക്ഷണ നിയമ നടപടി! കൃഷിഭൂമിക്കായി പാഴ്മരങ്ങൾ മുറിക്കുന്നതിനിടെ പക്ഷികൾചത്തുപോയ സംഭവത്തിലവരെ പ്രതിചേർക്കാൻ നിങ്ങൾക്കെന്തവകാശം എന്നാണു് നകുലൻ ചോദിക്കുന്നതു്? മഹാരാജാപദവി സ്ഥാനത്യാഗം ചെയ്തിട്ടില്ലാത്ത ധൃതരാഷ്ട്രർ, കുരുവംശ രാജമുദ്രയിൽ, പാണ്ഡവർക്കു് ഔദ്യോഗികമായി ചാർത്തിക്കൊടുത്ത ഇഷ്ടദാനമല്ലേ ഖാണ്ഡവ പ്രസ്ഥം? അതിലിനി എന്തുമേൽ നടപടിക്കാണു് നിയമസാധുത? കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. ഒരിക്കൽ ഗംഗാതടത്തിന്റെ ശ്വാസകോശം എന്നറിയപ്പെട്ട കൊടുംകാടു്, പാണ്ഡവർ തീ വയ്ക്കുന്ന സംഘർഷ ദിനങ്ങൾ.”
“അമ്പതിലേറെ നീർക്കാക്ക കുഞ്ഞുങ്ങൾക്കു പാണ്ഡവരുടെ ആദ്യഘട്ട മരംവെട്ടലിൽ ജീവൻനഷ്ടമായെന്നാണു് പ്രാഥമിക നിഗമനം. ഹസ്തിനപുരി വന്യജീവി സംരക്ഷണ നിയമപ്രകാരം തന്നെയാണു് നടപടി. മുട്ടവിരിഞ്ഞശേഷം, പക്ഷിക്കുഞ്ഞുങ്ങൾക്കു് പറക്കാനായ ശേഷമേ ഖാണ്ഡവ പ്രസ്ഥത്തിൽ മരം മുറിക്കാവൂ എന്ന കർശന നിബന്ധന ഇഷ്ടദാനരേഖയിൽ നിലനിൽക്കുന്നു! ഒരിക്കൽ ഖാണ്ഡവ വനമേഖല, ഹസ്തിനപുരിയുടെ അവിഭാജ്യ ഘടകമായിരുന്നു എന്ന വസ്തുതയുടെ പിൻബലം ഈ നടപടിയെ സാധൂകരിക്കും. നിയന്ത്രിത മരംമുറിക്കൽ എന്ന കർശന നിബന്ധന പാണ്ഡവർ മനഃപൂർവ്വം ലംഘിച്ചെന്നു് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു് ഹസ്തിനപുരി വനം വകുപ്പിന്റെ നടപടി. ഉദ്യോഗസ്ഥർ പ്രദേശവാസികളിൽനിന്നും വിശദമൊഴി എടുത്തു വരുമ്പോൾ നകുലനേതൃത്വത്തിൽ ഒരു സംഘം സാമൂഹ്യവിരുദ്ധർ വഴിതടഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്ന വാർത്ത നിങ്ങൾ തമസ്കരിച്ചെങ്കിലും ഞങ്ങൾക്കതു നിസ്സാരമായി കാണാനാവില്ല. കാടുവളഞ്ഞു മാരകായുധങ്ങൾ ഉപയോഗിച്ചു് അർജ്ജുനനേതൃത്വത്തിൽ വനം അഗ്നിക്കിരയാക്കാനുള്ള പദ്ധതിയുണ്ടെന്നു് തദ്ദേശവാസികളുടെ സാക്ഷിമൊഴിയുണ്ടു്. സുരക്ഷാകാരണങ്ങളാൽ പേരൊന്നും നിങ്ങൾ ചാടിക്കയറി വെളിപ്പെടുത്തരുതേ. ധർമ്മപുത്രർ എന്നറിയപ്പെടുന്ന കപടനാട്യ യുധിഷ്ഠിരനെ അഴിയെണ്ണിക്കാൻ ഇതൊക്കെ ധാരാളം. ഖാണ്ഡവപ്രസ്ഥം സ്വന്തം പതാകയും ഭരണഘടനനയുമുള്ള പരമാധികാരരാജ്യമാക്കാൻ പാണ്ഡവർ യാഗം നടത്തുമെന്നറിയുന്നു. അതിലോല ആവാസവ്യവസ്ഥയോടുള്ള അക്രമിപാണ്ഡവരുടെ ഏതു നീക്കവും സംശയത്തോടെ കാണാൻ കൊട്ടാരം ലേഖികയെപ്പോലുള്ളവർ ഒരു നിമിഷം പോലും സംശയിക്കരുതേ!”
“വിവാദമാവാൻമാത്രമെന്തുണ്ടായി അനുസ്മരണ പ്രഭാഷണത്തിൽ? വസ്ത്രാക്ഷേപ‘വിങ്ങൽ’ തീർന്നില്ലേ?”, മടക്കയാത്ര, രഥത്തിൽ കയറിയ പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ‘ആശങ്ക’യോടെ ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി കൗരവവംശഹത്യയുമായി പൊരുത്തപ്പെടാത്ത കാലം.
“ദുര്യോധനഅനുസ്മരണയോഗത്തിൽ വിധവയുടെ വ്യക്തിഗത ആവശ്യമായിരുന്നു: ബലിദാനിയെക്കുറിച്ചു ഞാൻ ‘ഉള്ളിലുള്ളതു്’ തുറന്നുപറയണം”. പുതുതലമുറ കൗരവകൗമാരങ്ങളായിരുന്നു അധികവും സദസ്സിൽ. ചൂതാട്ടസഭയിലെ ഉടുതുണിക്ഷാമമൊന്നുമായിരുന്നില്ല അപ്പോൾ എന്റെ നാവിൽ. കാട്ടിലെ അടിമജീവിതത്തിൽ നിലാവെളിച്ചം തന്ന കൊച്ചുകൊച്ചു കൗതുകങ്ങൾ ഞാനപ്പോൾ പുഞ്ചിരിയോടെ ഓർത്തെടുത്തു. വൃത്തിയുള്ള പരുത്തിത്തുണി മുതൽ സുഗന്ധതൈലങ്ങൾവരെ ദുര്യോധനൻ പ്രണയപരിപാലനത്തോടെ ദൂതൻ വഴി എനിക്കയച്ചുതന്നതെല്ലാം അതർഹിക്കുന്ന ഓമനത്തത്തോടെ ഞാൻ കൗരവകുമാരികളോടു് പങ്കുവച്ചു. പാണ്ഡവ സ്വത്തുതർക്കത്തിൽ ഞാൻ കൗരവർക്കനുകൂലമായി നിലപാടെടുക്കുമെന്നു ഭയന്നഭീമൻ, ചുടുകൗരവ ചോര എന്റെ മുടിയിൽ പുരട്ടും എന്നു് പേടിപ്പിച്ചപ്പോൾ, ഇടപെടാൻ തക്ക പ്രതികാരത്തിനു് സമയമായി എന്നു് ദുര്യോധനൻ എനിക്കുറപ്പുതന്നു. അധാർമിക ഭീമഗദാപ്രഹരത്തിൽ വീണ പ്രിയപ്പെട്ടവനെ കോരിയെടുത്തു സാന്ത്വനിപ്പിക്കുന്നതിനു പകരം, ഉന്മത്ത പാണ്ഡവർക്കൊപ്പം ഹസ്തിനപുരിയിലേക്കു കാൽമുന്നോട്ടു വച്ചപ്പോൾ, സ്ത്രീത്വത്തെയും മാതൃത്വത്തെയും ഞാൻ വാസ്തവത്തിൽ അവഹേളിക്കുകയായിരുന്നു! പ്രകൃതി നമുക്കായി പങ്കുവച്ചതിൽ ദുര്യോധനനുകിട്ടിയ നായകപ്രതിച്ഛായ ഇന്നത്തെ പ്രഭാഷണത്തോടെ, പുതുതലമുറ പ്രസന്നരായി, അതെങ്ങനെ വിവാദമാവണം?”
“പ്രിയഅധ്യാപകൻ എന്നോർമ്മിക്കാൻ നിങ്ങൾക്കാരുണ്ടു്? അതിനുശേഷം ഞാൻ തക്ഷശില രാജ്യതന്ത്ര വകുപ്പിലെ പ്രഗൽഭരെ അനുസ്മരിക്കാം!”, കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു. ഗുരുകുലവിദ്യാഭ്യാസത്തിന്റെ ദേശീയമാതൃകയെന്നറിയപ്പെടുന്ന ദ്രോണാചാര്യരെ ആദരിക്കുന്ന വാർഷികോത്സവത്തിൽ പങ്കെടുക്കാൻ കിരീടാവകാശി ദുര്യോധനനുമൊപ്പം അരങ്ങേറ്റ മൈതാനിയിൽ എത്തിയതായിരുന്നു, അംഗരാജ്യത്തിന്റെ നാമമാത്ര രാജാവെന്ന വ്യാജകിരീടം ധരിക്കുന്ന കർണ്ണൻ.
“അധ്യാപകനായിരുന്ന രണ്ടു മഹാബ്രാഹ്മണരെ വ്യത്യസ്തരീതികളിൽ ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു, ഒരാളെ നീരസത്തോടേ, മറ്റെയാളെ അസഹിഷ്ണുതയോടെ. സൈനികശാസ്ത്രം പഠിക്കാൻ ഞാൻ ആദ്യം ചെന്നതു് ദ്രോണഗുരുകുലത്തിലാണു്. മുഖതേജസ്സും ആരോഗ്യവും കാണുമ്പോൾ, സൂര്യനെപ്പോലെ ശോഭിക്കുന്ന നീ അഭിജാത”നെന്ന മുൻവിധിയോടെ ദ്രോണർ പ്രവേശനം നൽകാനിരിക്കുമ്പോഴാണു്, ഞാൻ ജനിച്ചുവെന്നു സങ്കല്പിക്കപ്പെടുന്ന സൂതവംശത്തെക്കുറിച്ചു ഗുരുവിനു, മത്സരബുദ്ധിയായ അർജ്ജുനൻ രഹസ്യവിവരം കൈമാറിയതു്. “ജാതിയിൽതാണ നിന്നെ ഗുരുകുലത്തിൽ ചേർത്തു് കൗരവ പാണ്ഡവർക്കൊപ്പം പഠിപ്പിച്ചാൽ ഞാൻ ധൃതരാഷ്ട്ര കോപത്തിനു ഇരയാവുമെന്നു പറഞ്ഞു അപ്പോൾത്തന്നെ പടിക്കു പുറത്താക്കിയ ദ്രോണരോടുള്ളതു്, ഭീരുവിനോടുള്ള സഹതാപം മാത്രം. എന്നാൽ, പിന്നീടു് ഞാൻ കയറി ചെന്നതു് പരശുരാമശിഷ്യനാവാൻ! നീണ്ടകാല സൈനികവിദ്യാഭ്യാസം കഴിഞ്ഞു ദിവ്യായുധ മന്ത്രങ്ങളുമായി പുറത്തുവരുമ്പോളായിരുന്നു, കേവലം അശ്രദ്ധ കൊണ്ടെന്റെ സൂതവംശം പരശുരാമനു് വെളിപ്പെട്ടതും, “കബളിപ്പിക്കാൻ ശ്രമിച്ച നിന്റെ വിദ്യ, ജീവന്മരണപോരാട്ടത്തിൽ ഫലിക്കാതെ പോട്ടെ” എന്നു് ശപിച്ചതും. ദശാബ്ദം നീണ്ട സൈനിക വിദ്യാഭ്യാസം, ഒരൊറ്റ ശാപവാക്കുകൊണ്ടയാൾ റദ്ദു ചെയ്തു. ജാതിക്കോമരമായ ബ്രാഹ്മണനുമുമ്പിൽ നിസ്സഹായയായ വിദ്യാ ദേവി അവഹേളിക്കപ്പെട്ട ആ ദുർദിനമാണു് ഇപ്പോഴും കയ്ക്കുന്ന ഓർമ്മ!”
“ചെറുക്കാനുള്ളതാണു് വാക്കു്, പാടി പുകഴ്ത്താനുള്ളതല്ല” പാഞ്ചാലി യുധിഷ്ഠിരനോടു്.
പ്രണയം അറിയിക്കാൻ വാടാത്ത സൗഗന്ധികങ്ങൾ മാത്രം മതി, ഇനി വാക്കു വേണ്ട: പാഞ്ചാലി ആരാധകരോടു്.
“മഹാപ്രസ്ഥാനത്തിന്നിടയിൽ കുഴഞ്ഞുവീണു എന്നുഞാനൊന്നഭിനയിക്കേണ്ടിവന്നു സ്വാർത്ഥർപാണ്ഡവർ എന്നവരെ ബോധ്യപ്പെടുത്താൻ!”
“കന്യാപുത്രനായ കർണ്ണനു ശ്രാദ്ധം ചെയ്യാൻ കൗന്തേയർക്കൊപ്പം പോയതൊഴിച്ചാൽ, ഇല്ല, എനിക്കു പാണ്ഡവരുമായി സമ്പർക്കമില്ല.”
“എന്താ മുഖത്തു കലങ്ങിമറിഞ്ഞൊരു വിഷാദഭാവം? ഹസ്തിനപുരിയുടെ അതിർത്തിക്കപ്പുറത്തുനിന്നു് നുഴഞ്ഞുകയറ്റ ഭീഷണിയുണ്ടോ?”, ഗംഗയാറിലേക്കു നോക്കുന്ന മഹാരാജാവു് ശന്തനുവിനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“ദൂരവ്യാപക പ്രത്യാഘാതങ്ങൾ പാടേ അവഗണിച്ചായിരുന്നില്ലേ ഞങ്ങളുടെ വിവാഹഉടമ്പടി? ഹൃദയശൂന്യമായ കരാർ വ്യവസ്ഥകളിലായിരുന്നില്ലേ ദേവസ്ത്രീഗംഗയെ ഞാൻ മഹാറാണിയാക്കിയതു്? എന്തനിഷ്ടം അവൾ ആരോടു് കാട്ടിയാലും ഒരക്ഷരം ഞാൻ എതിർക്കരുതു് എന്ന കുഞ്ഞക്ഷരങ്ങൾ നിറഞ്ഞ പനയോല നീട്ടിയപ്പോൾ, പ്രണയാന്ധനായ ഞാൻ നീട്ടിവലിച്ചു ഒപ്പിട്ടു. നവജാത ശിശുക്കളെ നദിയിൽ മുക്കിക്കൊല്ലുന്നതാണു് മാതൃത്വത്തിനു ഒരു പണത്തൂക്കം മൂല്യം കൊടുക്കാത്ത ഒരുമ്പെട്ടവളുടെ പ്രസവാനന്തര പ്രഭാതവിനോദം എന്നപ്പോൾ അശേഷം ഞാൻ പ്രതീക്ഷിച്ചില്ല. “അരുതേ ഇനിയും!” എന്നു് എട്ടാം ശിശുഹത്യക്കവൾ ശ്രമിക്കുമ്പോൾ ഞാൻ, ഉള്ളം പൊള്ളിപ്പറഞ്ഞതോടെ ഉടമ്പടിയിൽ വിള്ളൽ വീണു എന്നവൾ വിരൽചൂണ്ടി. എന്താണു് അതിന്റെയൊക്കെ ഗുണപാഠമെന്നോ?: ശിശുഹത്യ ആയാലും തൊഴിലിടവേതനപ്രശ്നമായാലും, കരാർകുഞ്ഞക്ഷരങ്ങൾ വായിച്ചു തിരുത്തൽ വരുത്തിയില്ലെങ്കിൽ ഇത്തരം ദാമ്പത്യ വിഷാദദൃശ്യങ്ങൾ ഇനിയും കാണേണ്ടിവരും. ദൈവമേ! ആരെയാണു് ഞാനിപ്പോൾ കൺമുമ്പിൽ ഈ കാണുന്നതു്! ഗംഗാനദിയിൽ നിന്നും ഉയർന്നുവരുന്ന തേജോമയയായ ദേവസ്ത്രീയെനോക്കി ശന്തനു നദിയിലേക്കു അതിവേഗം ഇറങ്ങിച്ചെന്നു, കൂടെയുണ്ടായിരുന്ന ബാലനാരെന്നറിയാൻ കൊട്ടാരം ലേഖിക പിടയുന്ന മൽസ്യം പോലെ നോക്കിനിന്നുരുന്ന തേജോമയയായ ദേവസ്ത്രീയെനോക്കി ശന്തനു നദിയിലേക്കു അതിവേഗം ഇറങ്ങിച്ചെന്നു, കൂടെയുണ്ടായിരുന്ന ബാലനാരെന്നറിയാൻ കൊട്ടാരം ലേഖിക പിടയുന്ന മൽസ്യം പോലെ നോക്കിനിന്നു.”
“ഹസ്തിനപുരിയുടെ വടക്കുപടിഞ്ഞാറൻ മലമ്പ്രദേശത്തേക്കിപ്പോൾ ദേശീയപാതയിൽ കനത്ത വാഹനനീക്കമാണല്ലോ. എന്താണിതിന്റെ പിന്നിലെകച്ചവടരഹസ്യം?”, കൊട്ടാരം ലേഖികയും യുദ്ധകാര്യലേഖകനും ഒരുമിച്ചെത്തി, മാംസഭക്ഷണശാല ഉടമയോടു് ശബ്ദം താഴ്ത്തി ചോദിച്ചു.
“വൈവാഹികമാണു് കാര്യം. യുവരാജാ ധൃതരാഷ്ട്രർ വിവാഹം കഴിച്ച ഗാന്ധാര എന്ന ഉൾപ്രദേശത്തെക്കാണിപ്പോൾ ഈ കാണുന്ന തിരക്കായ തിരക്കൊക്കെ. ഓരോ കാളവണ്ടിയിലും ഒരു മാസത്തേക്കുള്ള ധാന്യവും വിറകും വെള്ളവും സഹായികളും കാണും. ആരോ കുതിരപ്പന്തികളിൽ വിചിത്രവിവരം എത്തിച്ചു ഗാന്ധാരദേശക്കാരിയായ ധൃതരാഷ്ട്രവധു ഒരൊറ്റ പ്രസവത്തിൽ നൂറു ആൺകുട്ടികൾക്കു് ജന്മംനൽകി നൂറും ഒന്നിനൊന്നു ആരോഗ്യവും സൗന്ദര്യവും ഉള്ളവർ, ഗാന്ധാരദേശത്തിനായി പെരുമ! എന്തുകൊണ്ടു് ഗാന്ധാരയിൽനിന്നായിക്കൂടാ നമ്മുടെ മകനു വധു? കൃഷി ആയാലും കന്നുകാലി വളർത്തൽ ആയാലും കച്ചവടമായാലും, നിലവിൽ നേരിടുന്ന കടുത്ത ആൾക്ഷാമം പരിഹരിക്കാൻ മറ്റുദേശങ്ങളിൽനിന്നും അതിഥി തൊഴിലാളികളെ ഇറക്കുമതി ചെയ്താണു് കാര്യങ്ങൾ നടത്തിയതെങ്കിലും, വരുംകാലങ്ങളിൽ അതൊന്നും പോരെന്നായി, കടന്നുചിന്തിക്കുന്ന ഗ്രാമസഭകൾ. ഓരോ ഗ്രാമത്തിൽനിന്നും രണ്ടോ മൂന്നോ സാമ്പത്തികശേഷിയുള്ള ആണുങ്ങൾക്കു് വധു, ഗാന്ധാരയിൽനിന്നാവട്ടെ എന്ന ഗ്രാമസഭയുടെ അനുമതിയോടെ ബന്ധുക്കൾ ഈ വഴി കടന്നുപോവുമ്പോൾ, ഞങ്ങൾ അതിലൊരവസരം കണ്ടു: കറവ വറ്റിയ മാടുകളെ ഞങ്ങൾ ഇറച്ചിവിലയ്ക്കു വിട്ടുകൊടുക്കും, കൊന്നു പാചകം ചെയ്താൽ അവർക്കു ഭക്ഷണരുചി ഉറപ്പിക്കാം, ഞങ്ങൾക്കതൊരു അധിക വരുമാനവുമായി. അല്ല, വിശപ്പില്ലെ?, നിങ്ങൾക്കെന്താണു് കഴിക്കാൻ വേണ്ടതു്, മേനിക്കൊഴുപ്പുള്ള വളർത്തുപക്ഷിയെ വേണോ, വിലക്കുറവിൽ കറവ വറ്റിയ നാൽക്കാലിയെത്തന്നെ മതിയോ?”
“എന്റെ തുടയിൽ ഇരിക്കൂ പ്രിയപാഞ്ചാലീ എന്നു് ചൂതാട്ടസഭയിൽ ദുര്യോധനൻ പ്രലോഭിപ്പിക്കുമ്പോൾ, നിങ്ങളുടെ ചോര തിളച്ചില്ലേ?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു. പാണ്ഡവരും പാഞ്ചാലിയും ചൂതാട്ടപ്പിറ്റേന്നു് കാട്ടുവഴിയിലൂടെ വടക്കൻമല കളിലേക്കു നടക്കുന്ന നേരം.
“ഖാണ്ഡവ വനം കത്തിച്ചും മണ്ണു് ചുരന്നും സമ്പാദിച്ചതെല്ലാം ചൂതാടി നഷ്ടപ്പെട്ട ഞങ്ങൾക്കു് ദുരഭിമാനത്തിലൊഴുക്കാൻ ചോര സ്വൽപ്പം കുറവുണ്ടു്. ‘അടിമ’പാഞ്ചാലിക്കു വഴിതെറ്റിയ ബന്ധം ‘ഉടയോൻ’ ദുര്യോധനനോടുണ്ടോ എന്നു് എന്തിനു തല പുണ്ണാക്കണം, പാഞ്ചാലിക്കു ഭർത്താക്കന്മാരോടു് നേർവഴി ബന്ധം ഉണ്ടെന്നു ദുര്യോധനൻ വല്ലപ്പോഴും അംഗീകരിക്കാറുണ്ടോ?”, വന്മരങ്ങൾ കടപുഴക്കുന്ന പോലെ ഭീമൻ ശ്രമപ്പെട്ടുച്ചരിച്ചു.
“ഇന്നെന്താ മൗനം?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു “അതോ, ഉള്ളിൽ കെട്ടുപൊട്ടുന്നൊരു കൊടുംകാറ്റുണ്ടോ?”
“ദുര്യോധനനു നിങ്ങൾ, ഉള്ളിന്റെ ഉള്ളിലൊരു ആരാധ്യദേവത, എന്നാൽ ഈ കാട്ടിൽ? വെറുമൊരു കൗരവഅടിമ! എന്താ ഈ വൈരുധ്യം?” കൊട്ടാരം ലേഖിക ചോദിച്ചു. വനവാസക്കാലം.
“അന്നന്നത്തെ അപ്പത്തിന്നായി നായാട്ടിൽ ഇരതേടി പോവേണ്ടതില്ലാത്ത അഞ്ചു മടിയൻഭർത്താക്കൻമാർക്കൊപ്പം, സമനില തെറ്റാതെ അടിമയുടെ തടവനുഭവിക്കാൻ എനിക്കു്, കൗരവ പ്രാർത്ഥനയാൽ കഴിയുന്നു എന്നതല്ലേ കൗതുകകരമായി കാണേണ്ടതു്?” പുറംജോലി കഴിഞ്ഞു, താഴെ നീരൊഴുക്കിൽ മലർന്നു കിടന്നു നീന്തുകയായിരുന്നു പാഞ്ചാലി. ഒച്ചവയ്ക്കുന്ന നിശബ്ദതയിൽ ഉച്ചവെയിൽ!
“പ്രിയ പാഞ്ചാലി ഇതാ കുഴഞ്ഞുവീണെന്നു പ്രണയഭീമൻ നിങ്ങൾക്കരികിലേക്കൊരു കൊച്ചുകുട്ടിയെ പോലെ വാവിട്ടു വന്നു വിലപിച്ചപ്പോൾ, ‘അർജുനനുമായി അഞ്ചിലൊന്നിലധികം അനർഹമായി അഭിരമിച്ചതുകൊണ്ടെ’ന്നു നിങ്ങൾ ‘ദാർശനികമായ’ നോട്ടത്തോടെ നിരീക്ഷിച്ചതിൽനിന്നെന്താണു് പൊതുസമൂഹം വായിച്ചെടുക്കേണ്ടതു്?, മഹാപ്രസ്ഥാനത്തിലും പരിത്യാഗികളാവാതെ പാണ്ഡവ ‘തിരുഹൃദയ’ങ്ങൾ കുഴഞ്ഞുമറിയുന്നതു് ദ്രൗപദിയുടെ ബഹുഭർത്തൃത്വരതിമാത്സര്യത്തിലെന്നോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“ജീവിതകാലം അവൾ ഞങ്ങളെ നിഷ്ടൂരമായി മോഹിപ്പിച്ചതൊന്നും നിങ്ങൾ അംഗീകരിച്ചമട്ടില്ലല്ലോ. എല്ലാം മറന്നു ഞാൻ അവൾക്കു നേരെ ഇരുകൈകളും നീട്ടിയപ്പോളവനെന്നെ ‘കപടനാട്യക്കാരൻ’ എന്നവമതിച്ചു. ഇതാ, യാത്ര പറയാതെ പൊടുന്നനെ ആ ജീവിതം അവസാനിക്കുമ്പോൾ, ഞങ്ങൾക്കങ്ങനെ തിരിച്ചടിക്കാൻ വിശ്വപ്രകൃതിയിൽനിന്നും ഒരു പിടിവള്ളി കിട്ടി. അർജുനനുമായി മറ്റുനാലുപാണ്ഡവരറിയാതെ അവൾ എക്കാലവും പുലർത്തിയ അവിഹിതബന്ധം ഉച്ചത്തിൽ പരസ്യമാക്കുക!, അത്രയല്ലേ ‘ധർമ്മപുത്രർ’ക്കിപ്പോൾ ചെയ്യാനാവൂ!”
“അരമനസമുച്ചയത്തിൽ കൊട്ടാരംലേഖികക്കു് സൗജന്യവസതി അനുവദിച്ചതു് എന്തു് പരിഗണനയിലാണു്?”, ഏകാംഗ പ്രതിപക്ഷമായ ചാർവാകൻ കൗരവ വക്താവിനെ ചോദ്യം ചെയ്തു.
“ദൈവദത്തമെന്നു കരുതപ്പെടുന്ന കുരുവംശ രാജാവാകാശത്തെ അപമാനിക്കുന്നതു്, ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ പൊറുക്കാം, പക്ഷേ, ഗംഗയാറൊഴുകുന്ന ഈ ഹരിതഭൂമി വെട്ടി, പാതിഭാഗം തരണമെന്നു് ശഠിച്ചു യുദ്ധത്തിനു് കോപ്പുകൂട്ടുന്ന വിഘടനവാദി പാണ്ഡവർക്കു് ഒത്താശ ചെയ്തുകൊടുക്കുന്ന ഈ രാജ്യദ്രോഹിയെ രാപ്പകൽ കൗരവചാരനേത്രങ്ങൾക്കുള്ളിൽ തളക്കാൻ ഞങ്ങൾക്കു് വേറെന്തു പോംവഴി?”
“സ്വകാര്യദുഃഖം ആണോ മഹാപ്രസ്ഥാനത്തിനു പ്രേരകം?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. “യുധിഷ്ഠിരൻ കാരണമായി പറയുന്നതെല്ലാം അതിഭൗതികമാണു്, എന്നു് പറഞ്ഞാൽ അവിശ്വസനീയം!”, നഗ്നപാദരായിരുന്നു പാണ്ഡവർ എല്ലാവരും. കൗരവ ചോര കുരുക്ഷേത്രയിൽ പുരട്ടിയശേഷം കറുത്തു് തഴച്ചുവളർന്ന മുടി എണ്ണമയമില്ലാതെ പാഞ്ചാലി വിടർത്തിയിട്ടിരുന്നു. മട്ടുപ്പാവിൽ മഹാരാജാവു് പരീക്ഷിത്തു് അവരെ ഒളിഞ്ഞുനോക്കുന്നു എന്നവൾക്കു ബലമായ സംശയം തോന്നിയപ്പോൾ ശബ്ദം താഴ്ത്തി.
“സുഖജീവിതക്കാരിൽ അറിയപ്പെടുന്ന രോഗങ്ങൾ ഒന്നും വരാത്തവിധം ഞാൻ യുധിഷ്ഠിരന്റെ ആരോഗ്യം പരിപാലിച്ചതിന്റെ തിക്തഫലമാണു്, ഒരു ദിവസമെങ്കിലും അധികാരത്തിൽ നിന്നൊഴിഞ്ഞുനിൽക്കാതെ അവൻ ഏകാധിപതിയായ യുദ്ധാനന്തര ഹസ്തിനപുരി. പാണ്ഡുവിനെപോലെ ചെങ്കോൽ എനിക്കുനേരെ എറിഞ്ഞു, അഞ്ചു ഷണ്ഡന്മാരും പടിയിറങ്ങിപ്പോവുന്നതൊരു പകൽക്കിനാവു് മാത്രമായി ചുരുങ്ങി. മരണാനന്തര ജീവിതത്തെക്കുറിച്ചും വരാനിരിക്കുന്ന പുനരപിജനനത്തെക്കുറിച്ചും യുധിഷ്ഠിരൻ, യമപുത്രനെന്നനിലയിലായിരുന്നു, തന്റെ ശ്രേഷ്ഠത രാജാവാകാശനിലനിൽപ്പിനുമറ്റുപാണ്ഡവരിൽ അവകാശപ്പെട്ടതു്. കൊല്ലപ്പെടാനൊരു യുദ്ധമോ അപകടപ്പെടാനൊരു നായാട്ടോ ഇല്ലാതെ, അരമനയിൽ അപ്രമാദിത്വം അവൻ തുടർന്നപ്പോൾ എനിക്കു് ബോധ്യമായി ഈ അന്തമില്ലാത്ത അധികാര വടംവലിയിൽ അവനെ ഒതുക്കണമെങ്കിൽ ഞാനും എടുക്കണം തീരുമാനം:” മുടി അറ്റം വരെ സ്വയം മുറിച്ചു പാഞ്ചാലി ദിവ്യബലിചെയ്യുന്ന മഹാപുരോഹിതനെപോലെ പോലെ പെട്ടെന്നു് ‘ദൈവ’രൂപം ആർജ്ജിച്ചു.
“പടിഞ്ഞാറു ഗാന്ധാരം മുതൽ കിഴക്കു കലിംഗം വരെ, ഇത്രയധികം പ്രശസ്ത രാജവംശങ്ങളിൽനിന്നും അരമന പ്രതിനിധികൾ ഹസ്തിനപുരിയിൽ വന്നിട്ടും, നിങ്ങളെ അഭിനന്ദിക്കാൻ ആരും എത്തിയില്ല?”, കൊട്ടാരം ലേഖിക നിയുക്ത മഹാരാജാവു് പരീക്ഷിത്തിനോടു് ചോദിച്ചു. അമ്മ ഉത്തരയും, അച്ഛൻഅഭിമന്യുവിന്റെ അമ്മ സുഭദ്രയും, അവനരികെ ഉണ്ടായിരുന്ന അന്തഃപുരം.
“അവരുടെ സന്ദർശനം എന്റെ പട്ടാഭിഷേകം കാണാൻ ആയിരുന്നോ, അതോ മഹാപ്രസ്ഥാനത്തിൽ പടിയിറങ്ങുന്ന പാഞ്ചാലിയെ കണ്ണീരോടെ യാത്ര അയക്കാനോ?”
“എത്ര ധാന്യം മുതിർന്നവർ ഇന്നു വിളവെടുത്തു എന്നല്ല എത്ര പുതുനാമ്പുകൾ നട്ടുവളർത്തി എന്ന സംസ്കാരം ഹസ്തിനപുരി ഗ്രാമഗ്രാമാന്തരങ്ങളിൽ ജീവിതക്രമമാക്കിയ കൗരവർക്കു സ്വൈരജീവിതം നിഷേധിക്കുന്ന പ്രവാസി പാണ്ഡവവിഘടനവാദികളെ ഖാണ്ഡവവനം കത്തിക്കുന്നതിൽനിന്നും പിന്തിരിപ്പിക്കാൻ വേണ്ട പാരിസ്ഥിതി അവബോധമില്ലാത്ത പിതാമഹൻ, ഹസ്തിനപുരി കൊട്ടാരത്തിൽ ഇങ്ങനെ ദശാബ്ദങ്ങളായി ചടഞ്ഞുകൂടി പുതുതലമുറക്കു് ശകുനം മുടക്കാതെ, തെക്കറ്റംവരെ നീണ്ട ഹരിതോത്സവ തീർഥയാത്രക്കു് പോകണമെന്നു് നിങ്ങൾ വാണിജ്യത്തെരുവിൽ കൊട്ടിപ്പാടി വിമർശിച്ചതാണിപ്പോൾ കുതിരപ്പന്തി സംവാദം!” കൊട്ടാരം ലേഖിക കർണ്ണനെ നേരിട്ടു. കുടിയേറ്റക്കാരായ പാണ്ഡവർ ഖാണ്ഡവപ്രസ്ഥം എന്ന അതിലോല ആവാസവ്യവസ്ഥയെ വളഞ്ഞുതീയിടുന്ന ഹൃദയഭേദകമായ വിവരം നഗരവീഥികളിൽ പുകയുന്ന ദിനങ്ങൾ.
“കാർഷികവിളകൾക്കു ഭരണകൂടം താങ്ങുവില നിശ്ചയിക്കണമെന്ന സ്ഥിതിസമത്വവാദി ചാർവാകന്റെ പ്രക്ഷോഭത്തിൽ എന്റെ കർഷകാനുകൂല അഭിപ്രായത്തെ അടർത്തിമാറ്റി തെറ്റിദ്ധരിപ്പിക്കുന്നതിൽ നിങ്ങൾ ഇത്തവണയും വിജയിച്ചു! സഭാഷ്! തെരുവോര പ്രഭാഷണങ്ങളിൽ കത്തിക്കയറുന്ന അഭിനയപരിശീലനമില്ലാത്ത എനിക്കു് ഹൃദയമറിയാതെ വന്ന വായബദ്ധം ഇത്രവേഗം അങ്ങാടിപ്പാട്ടായോ? ഞാനൊരു വികാരജീവി ആയതുകൊണ്ടു് പാപപരിഹാരം ചെയ്യാം. പാണ്ഡവരുമായി കൗരവയുദ്ധം നാളെ വനസംരക്ഷണത്തിനായി സംഭവിക്കുന്നു എങ്കിൽ, ഭീഷ്മർ മുറിവേറ്റു വീണശേഷം മാത്രമേ, ഞാൻ ഖാണ്ഡവവനം കത്തിച്ച അർജ്ജുനനു നേരെ കൂരമ്പെയ്യൂ!”
“കുരുവംശ ഭരണത്തിൽ രാജ്യസ്നേഹികൾക്കും ‘കാർക്കോടക’ന്മാർക്കും ‘സ്വതന്ത്രജീവി’ പദവി കിട്ടുമ്പോൾ, നിങ്ങൾ ഒരു നിസ്സാരപ്രക്ഷോഭകാരിയെന്തിനവരുടെ പതനം കിനാവു കാണണം?”, കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു. പ്രഖ്യാപിതയുദ്ധത്തിൽ ദുര്യോധനനോടു് ഐക്യദാർഢ്യം പ്രഖ്യാപിക്കാതെ ചാർവാകൻ ഒഴിഞ്ഞുനടക്കുന്ന ദിനങ്ങൾ.
“മരണക്കിടക്കയിൽ കിടന്നു അച്ഛൻ എനിക്കു് ചാർവാകപദവി തരുമ്പോൾ ഓർമ്മിപ്പിച്ചു, മകനെ, യുവത്വം വിടും മുമ്പു് നിനക്കു് സൗജന്യവസതിയും ഊട്ടുപുരയിൽ മൂന്നുനേരം ഭക്ഷണവും ഭരണകൂടം തരുന്നില്ലെങ്കിൽ, ഓർക്ക, അവർ നിന്റെ ശത്രുപട്ടികയിലെന്നുറപ്പായി എന്നുവേണം നീ കാണാൻ. വാമൊഴികൊണ്ടു തൊഴിച്ചാൽ പോരാ, ശത്രുപക്ഷം ചേർന്നു് നീ ആഞ്ഞടിക്കണം, നിർദ്ദയം! യുദ്ധം കഴിഞ്ഞു പുതിയൊരു ഭരണകൂടം വരുമ്പോൾ ചോദിച്ചതിനപ്പുറം അവർ പാരിതോഷികമായി നിനക്കു് തരുമ്പോൾ, എളിമ വേണ്ട!”
“അരമനയിൽ മഹാറാണി ഗാന്ധാരിയുടെ കൺകെട്ടു വിഴുപ്പലക്കുന്ന വിടുപണിയാണു് മുൻ മഹാറാണി കുന്തിക്കു് സ്വയം പ്രഖ്യാപിത കിരീടാവകാശി ദുര്യോധനൻ ഏൽപ്പിച്ചതെന്നു യുക്തിവാദി ചാർവാകൻ അഭിമുഖത്തിൽ ഖേദത്തോടെ പറഞ്ഞല്ലോ—പ്രകോപിതയായോ ‘കൊട്ടു’കൊണ്ടപ്പോൾ?” കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. മക്കൾ കുടിയേറ്റക്കാരായി ഖാണ്ഡവപ്രസ്ഥത്തിൽ കാടു കത്തിക്കുന്ന കാലം.
“വെള്ളത്തിൽനിൽക്കുന്ന ഗാന്ധാരിയോടു് ഞാൻ പറയും, നീന്തുമ്പോഴെങ്കിലും നീ കണ്ണുകെട്ടിയ കീറത്തുണി കഴുകാൻ എനിക്കു തരൂ, മലർന്നുകിടന്നു എല്ലാം മറന്നൊന്നു നീന്തൂ—മേലെ നീല മാനവും താഴെ കുളിരുള്ള വെള്ളവും തുറന്ന കണ്ണുകളിലൂടെ നീ ആസ്വദിക്കൂ. കാഴ്ചപരിമിതിയുള്ള ഭർത്താവിനു് ജൈവികമായ ഐക്യപ്പെടാൻ, സ്വയം കൺകെട്ടി കാഴ്ചനിഷേധിക്കുന്ന ആണധികാരകോയ്മയെ ധിക്കരിച്ചു അടിമത്തത്തിൽ നിന്നു് ഒന്നുനീന്തി അക്കര പറ്റൂ, ഓടി രക്ഷപ്പെടൂ. കൺകെട്ടു് നീക്കി ഗാന്ധാരി തുടിച്ചു നീന്തിക്കുളിക്കുമ്പോൾ ഗാന്ധാരയിൽ വളർന്ന സുന്ദരി പെൺകുട്ടിയെ ഞാൻ സങ്കൽപ്പിക്കും.
“കുന്തീ നീ എത്ര സ്വതന്ത്ര”, ഗാന്ധാരി കിതച്ചു പടവിൽ ഇരുന്നു നെടുവീർപ്പിടും, “വിവാഹത്തിനു് മുമ്പു് നീ രതിയനുഭവം പരീക്ഷിച്ചറിഞ്ഞു. വിവാഹത്തിനു് ശേഷം പാണ്ഡുവിനെ കിടപ്പറയിൽ നിന്നു് നീക്കി, ഭാവനാസമ്പന്നമായ ദാമ്പത്യേതര രതി പരീക്ഷണങ്ങളിലൂടെ അമ്മയായി., പുത്രവധു പാഞ്ചാലി പാണ്ഡവരെ കായികമായും മാനസികമായും കീഴ്പ്പെടുത്തി എന്നറിഞ്ഞപ്പോൾ, അവരെ ഖാണ്ഡവപ്രസ്ഥത്തിൽ കുടിയേറ്റത്തിനയച്ചു, എനിക്കു് നീയിപ്പോൾ കൂട്ടുകാരിയും വഴികാട്ടിയുമാവുന്നു. നീ തന്നെ എനിക്കു് മാതൃകാ സ്വതന്ത്രവനിത! നൂറു മക്കളിൽ ദുശ്ശളയെ മാത്രമേ ഞാൻ പ്രസവിച്ചുള്ളു. ആൺകൗരവർ ധൃതരാഷ്ട്രരുടെ വിവാഹബാഹ്യസൃഷ്ടികൾ എന്നറിഞ്ഞിട്ടും, കുടില കൗരവരെ സ്വന്തം മക്കൾ എന്നു് അംഗീകരിക്കേണ്ടി വരുന്ന ഭീരു ഞാൻ! ഗാന്ധാരി പൊട്ടിക്കരയുന്നു.”
“അല്ല, നിങ്ങളും തുടങ്ങിയോ ചിത്രരചന?”, കൊട്ടാരം ലേഖിക പാണ്ഡവഭരണകൂടത്തിലെ ചാരവകുപ്പുമേധാവി നകുലനോടു് ചോദിച്ചു.
“ഭീമൻ സ്മൃതിനാശരോഗി എന്നുനിങ്ങൾ അരമനവാർത്ത പൊലിപ്പിച്ചശേഷം, ഞാനും സഹദേവനും, ഞങ്ങളുടെ ജൈവപിതൃക്കളും സ്വർഗ്ഗരാജ്യത്തിലെ ആസ്ഥാനവൈദ്യന്മാരുമായ അശ്വിനിദേവതകളെക്കണ്ടു ഇനിയെന്തു തുടർചികിത്സ വേണമെന്നു ചോദിച്ചിരുന്നു. ഭീമന്റെ ഭൂതകാലജീവിതവുമായി ബന്ധപ്പെട്ടവരുടെ ഛായാചിത്രങ്ങൾ നിറക്കൂട്ടോടെ വരക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ അവരുപദേശിച്ചു. പിതാമഹന്റെയും ദ്രോണരുടെയും വിദുരരുടെയും കുരുക്ഷേത്രസൈനികപാളയ ചിത്രങ്ങൾ കാണിച്ചു, ഭീമൻ ആരെയും തിരിച്ചറിഞ്ഞില്ല. പോരാട്ടഭൂമി പശ്ചാത്തലത്തിലുള്ള മുഖ്യകഥാപാത്രങ്ങളുടെ ചിത്രരചന പിൻവലിക്കും മുമ്പു്, ഘടോൽക്കചന്റെ ചിത്രം ഒരുൾപ്രേരണയിൽ, ഞങ്ങൾക്കിടയിലെ ദാർശനികൻ കൂടിയായ സഹദേവൻ വരച്ചു കാണിച്ചു. അതിൽ തറച്ച ഭീമനേത്രങ്ങൾ പെട്ടെന്നു് ജലാർദ്രങ്ങളായി. മുഖം ചുവന്നുതുടുത്തു, “മകനെ, പ്രിയപ്പെട്ടവനെ, അർജ്ജുനനെ കർണ്ണന്റെ കൂരമ്പിൽ നിന്നും രക്ഷിക്കാൻ നിന്നെ ഇരയായി പോർക്കളത്തിൽ തന്ത്രശാലികൾ കൊണ്ടുവന്നു. ചതിക്കപ്പെടുകയാണെന്നറിഞ്ഞിട്ടും നീ എന്റെ സഹോദരന്റെ സുരക്ഷക്കായി സ്വയം ബലിദാനിയാവാൻ ശത്രുകർണ്ണനു മുമ്പിൽ വീറോടെ പോരാടി, കർണ്ണൻ എയ്ത അപൂർവ്വ ദിവ്യാസ്ത്രത്തിൽ നീ അങ്ങനെ ഞങ്ങളുടെ കൺമുമ്പിൽ കത്തിയമർന്നു.” എന്നുവിലപിച്ചു കൊണ്ടവൻ കൊട്ടാരത്തിനുപിന്നിലെ സംരക്ഷിതവനത്തിലൂടെ ‘മകനേ എന്റെ പ്രിയപ്പെട്ടവനേ’ എന്ന തോരാത്ത നിലവിളിയോടെ ഓർമ്മയുടെ താളം വീണ്ടും തെറ്റിയിരിക്കയാണു്. അറ്റകൈയ്യിനു് വരക്കാൻ ഇനിയുള്ളതു് ദുശ്ശാസനമുഖവും ദ്രൗപദീവസ്ത്രാക്ഷേപവും. ഭീമന്റെ സ്മൃതിനാശചികിത്സക്കായി, സ്ത്രീവിരുദ്ധ ദുശ്ശാസനനെ പാണ്ഡവർ ചിത്രകഥാപാത്രമാക്കുന്നതിൽ മഹാറാണി പാഞ്ചാലിക്കെതിർപ്പുണ്ടെങ്കിലും ഈ പരീക്ഷണവരയെങ്കിലും തുണക്കുമോ, ഉണർത്തു പാട്ടാക്കാൻ!”
“നൂറോളം കൗരവരിൽ, യുദ്ധം കഷ്ടിച്ചു് അതിജീവിച്ചവർ, അടിയന്തിരചികിത്സക്കുശേഷം ഹസ്തിനപുരിയിൽ ഓടിക്കിതച്ചെത്തിയപ്പോൾ, അധികാരത്തിൽ തുടരാനാവാതെ പാണ്ഡവഅടിമകളായി തടവിലാക്കപ്പെട്ടാൽ, രാജവധുക്കളിൽ പലരും വിവാഹമോചനം നേടി നിലവറയിലെ രത്നഹാരങ്ങളുമായി പിതൃഗൃഹങ്ങളിലേക്കുപോകാൻ തീരുമാനിച്ചിരുന്നു എന്ന അന്തഃപുര രഹസ്യം പുറത്തുവിട്ടതു് ‘അധാർമ്മിക’ പാണ്ഡവ ഭരണകൂടമാണെന്ന നിങ്ങളുടെ ഇന്നലത്തെ ആരോപണം വസ്തുതാപരമായി നിലനിൽക്കുന്നതല്ലെന്നു ചാരവകുപ്പുമേധാവി നകുലൻ പരിഹസിക്കുന്നുണ്ടല്ലോ. എങ്ങനെ പ്രതികരിക്കുന്നു?” കൊട്ടാരം ലേഖിക ദുര്യോധന വിധവയോടു് ചോദിച്ചു.
“യുദ്ധകാര്യ ലേഖകനോടു് നകുലൻ വിവരാവകാശമനുസരിച്ചു അപേക്ഷ കൊടുക്കാൻ രഹസ്യധാരണയുണ്ടാക്കിയതു് കൊണ്ടാണു്, സ്ഥിരീകരിക്കപ്പെടാത്ത അന്തഃപുര പിന്നാമ്പുറങ്ങളിലേക്കു ‘ഹസ്തിനപുരി പത്രിക’ക്കു് കടന്നു ചെല്ലാനായതു് എന്നു് ഇപ്പോൾ വ്യക്തമായില്ലേ? കൗരവരാജവിധവകളുടെ ഏകപക്ഷീയമായ കുടിയൊഴിപ്പിക്കലിനെതിരെ, വേണ്ടിവന്നാൽ മരണംവരെ പ്രക്ഷോഭവുമായി ഞങ്ങൾ മുന്നോട്ടു പോവുമെന്നു് പാപിപാണ്ഡവർക്കു് മനസ്സിലായപ്പോൾ, യുധിഷ്ഠിരഭരണകൂടം വിറളിപിടിച്ചു പറയുന്നതിനൊക്കെ ഉടനടി ഓടിവന്നു പ്രതികരണം തേടുന്ന നിങ്ങളെ പോലുള്ള പത്രപ്രവർത്തകരാണു് പുരാതന കുരുവംശ സംസ്കാരത്തിന്റെ അടിത്തറമാന്തുന്ന പെരുച്ചാഴികൾ!”
“അയല്പക്കത്തെ സന്യസ്ഥാശ്രമങ്ങളിലെ സമർപ്പിത ജീവിതങ്ങളെ നിങ്ങൾ സത്യമായും മഹത്വപ്പെടുത്താറില്ലേ?”, വിരൽചൂണ്ടി ശ്രദ്ധയാകർഷിച്ചു യുധിഷ്ടിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു പാണ്ഡവരുടെ വനവാസക്കാലം.
“പാഞ്ചാലീപരിണയകാലത്തെ പഴയകഥകൾ ചികഞ്ഞെടുത്തവളെന്നെ ഒരു ദിവസം നിർദ്ദയം കുടഞ്ഞപ്പോൾ പതിവുപോലെ തലതാഴ്ത്തി ഞാൻ സന്ദർഭോചിതമായ മൌനം പാലിച്ചു. ആർത്തവകാല ബന്ധിതമായ ആ ‘ഇടിവെട്ടു്’ അങ്ങനെ നീങ്ങിയപ്പോൾ, പരുങ്ങിയും പതുങ്ങിയും ആശ്രമത്തിൽനിന്നും പുറത്തേക്കിറങ്ങി. മാംസദാഹികളായ മറ്റുനാലുപേർ നായാട്ടിനുപോയ നേരം. അങ്ങനെ നീങ്ങുമ്പോൾ, അയൽപക്ക ആശ്രമാതിർത്തിയിലെ വളർന്നുയർന്ന പൂമരത്തിനു പിന്നിൽ, അതാ കോമളരൂപനായ ഒരു യുവസന്യാസി! കണ്ണടച്ചു് എന്തോ രഹസ്യ സന്ദേശത്തിന്നായി അവൻ ചെവിയോർക്കുന്നു! എന്നെ അടുത്തു് കണ്ടപ്പോൾ, “അപ്പോൾ ഇങ്ങനെയൊക്കെയാണു് നിങ്ങളുടെ പൂർവാശ്രമം, അല്ലേ!” എന്നു് അർത്ഥഗർഭമായി പിറുപിറുത്തു, വേറെന്തോ ചെയ്യുന്ന മട്ടിൽ, കയ്യെത്തുന്ന കൊമ്പിൽ നിന്നു് പൂക്കൾ പൊട്ടിച്ചു, പ്രത്യേകിച്ചു് കൂടുതൽ ഉപചാരമൊന്നും ചൊല്ലാതെ ആശ്രമക്കൂട്ടത്തിലേക്കു തിരിച്ചു കടന്നുപോയതാണു്, പിന്നെ ആ സന്യസ്തരുമായി എനിക്കു് നേർക്കുനേർ മിണ്ടാട്ടം ഒന്നും ഉണ്ടായില്ല”, ഉടുതുണി അഴിച്ചു ആഞ്ഞുകുടഞ്ഞു വീണ്ടും കൃത്യമായി ഉടുത്തു, കൊട്ടാരം ലേഖികയെ മുൻപു് കണ്ട പരിചയം തുടരാതെ. മുതിർന്ന പാണ്ഡവസഹോദരനു് വഴി മാറിപോയി.
“അംഗരാജാവായ കർണനെ നീ ഇന്നലെ രാത്രി കോട്ടക്കകത്തെ രാജവസതിയിൽ, ഞങ്ങളെയൊന്നും അറിയിക്കാതെ, അഭിമുഖം ചെയ്തെന്നോ, അതോ നിന്നെ പിടിച്ചുനിർത്തി ചെയ്തുവോ അഭിമുഖം?”, യുദ്ധകാര്യ ലേഖകൻ അവിശ്വാസത്തോടെ കൊട്ടാരം ലേഖികയോടു് ചോദിച്ചു. കൊട്ടാരം ഊട്ടുപുരയിൽ പ്രഭാതഭക്ഷണം കഴിക്കുകയായിരുന്നു ഇരുവരും.
“കാലിന്മേൽ കാൽകയറ്റിവച്ചു് കൈകൾ വിറപ്പിച്ചു തിരുവസ്ത്രധാരി കർണ്ണൻ എനിക്കുനേരെ, അത്രയൊന്നും രാഷ്ട്രീയശരിയല്ലാത്തവിധം കണ്ണുതുറിച്ചു. “നീ ഏതു സൂതന്റെ മകൾ”? എന്നായിരുന്നു വിരൽ ചൂണ്ടി ആദ്യ ചോദ്യം, സൂതകുടുംബമല്ലെന്നു വിനയത്തോടെ പറഞ്ഞപ്പോൾ, മറച്ചുവെക്കാത്ത ആകാംക്ഷയോടെ, “എന്നാൽ നീ ഏതു കൗരവരാജകുമാരന്റെ മകൾ?” എന്നായി. കൌരവകുടുംബാംഗമല്ലെന്നു അനിഷ്ടത്തോടെ പറഞ്ഞപ്പോൾ, “പിന്നെ നീ?” എന്നു് കാൽ ഇറക്കിവച്ചു് എനിക്കുനേരെ അക്ഷമയോടെ വിരൽ ചൂണ്ടി. ഹസ്തിനപുരി ജ്വാലാമുഖീ ക്ഷേത്രത്തിലെ മഹാപുരോഹിതനു ദേവനർത്തകിയിൽ ജനിച്ചവൾ ആയിരുന്നു, ആദ്യ കൊട്ടാരം ലേഖിക കൂടിയായ എന്റെ അമ്മ എന്നു് ഞാൻ കുടുംബവൃക്ഷം വിസ്തരിച്ചപ്പോൾ, ചാടി എഴുന്നേറ്റു കർണൻ കെട്ടിപ്പിടിച്ചു ചുണ്ടിൽ മുത്തമിട്ടു. “എങ്കിൽ പ്രിയേ, നാം ഇരുവർക്കും അതീതശക്തികളുടെ അതിവിശിഷ്ട ജനിതകം! ദിവ്യകവചങ്ങൾ വലിച്ചൂരി അപരിചിതനു് എന്നോ ദാനം ചെയ്തിട്ടും, ആഭിജാത്യത്തിന്റെ അടിവസ്ത്രം അഴിച്ചുമാറ്റാത്ത, മറ്റൊരു ശുമ്പൻ സഭാപതി!” കുടുംബപുരാണം കേട്ടു് വലഞ്ഞ യുദ്ധകാര്യ ലേഖകൻ പനയോലയും എഴുത്താണിയുമായി തൊഴിലിടത്തേക്കു നീങ്ങി.”
“മുടിചൂടിയ മന്നനല്ലേ നിങ്ങൾ? മദ്ര രാജാവു്! എന്നിട്ടുമെന്താ വെറുമൊരു ‘സൂതപുത്ര’നായ കർണ്ണന്റെ തേരാളിയായതു എന്നു ചോദിക്കുന്നു ഗോപുരത്തിലിരുന്നു പോരാട്ടം കാണുന്ന കുലീന കുരുക്ഷേത്രവാസികൾ? യുദ്ധരംഗത്തിലുമില്ലേ, രാജവംശങ്ങളുമായി ബന്ധപ്പെട്ട ശ്രേണീബന്ധങ്ങളിലെ വലുപ്പച്ചെറുപ്പങ്ങൾ? അതോ, കിരീടാവകാശി മാത്രമായ ദുര്യോധനൻ നിങ്ങളെ കുരുക്കിയോ?” മാദ്രിയുടെ സഹോദരനായ ശല്യനോടു് കൊട്ടാരം ലേഖിക ചോദിച്ചു. വൈകിയ രാത്രി.
“എന്റെ പരേതസഹോദരി മാദ്രിയുടെ പുത്രന്മാരായ നകുലനെയും സഹദേവനെയും മറന്നിട്ടൊന്നുമല്ല, കൗരവസഖ്യ കക്ഷിയായി കുരുക്ഷേത്രത്തിൽ, എന്തു് ജോലി ചെയ്യാനും, ഞാൻ സൈന്യത്തോടൊപ്പം ഇറങ്ങിയതു്. യുവമാദ്രിയെ പാണ്ഡുവിന്റെ ചിതയിലെറിഞ്ഞ കൗശലക്കാരിയായ കുന്തിയോടെനിക്കുള്ള നീരസം മറച്ചുവക്കുന്നില്ലെങ്കിലും, മാദ്രിപുത്രന്മാർ യുദ്ധാനന്തരം നേരിടാവുന്ന അധികാരപർവ്വഭീഷണി ഞാൻ കണക്കിലെടുക്കേണ്ടേ? കർണ്ണൻ യുദ്ധത്തിൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടാൽ, പാണ്ഡവർക്കുമേലെ മൂപ്പിളമഅവകാശം ഉന്നയിച്ചു, നകുലനെയും സഹദേവനെയും പാർശ്വവൽക്കരിക്കുമെന്നതാണു് സാധ്യത. പ്രിയ മാദ്രിപുത്രന്മാർ ഈ കഥയൊന്നുമറിയാതെ എന്നെ പോർക്കളത്തിൽ നാളെ വധിച്ചാലും, കുരുക്ഷേത്രക്കുശേഷം അവരുടെ ദീർഘകാല രാജാധികാരതാൽപ്പര്യം സംരക്ഷിക്കുകയെന്നതല്ലേ മാദ്രിസഹോദരൻ എന്ന നിലയിൽ ഞാൻ ഏറ്റെടുക്കേണ്ട നിയോഗം? അതു് സൂക്ഷ്മതയോടെ ചെയ്യുമ്പോൾ, ചില ‘യുദ്ധമുറ’കൾ കർണനുനേരെ, തേരാളിയെന്ന നിലയിൽ, ഞാൻ പ്രയോഗിക്കും. സർവ്വസൈന്യാധിപനാണവൻ എന്ന ശ്രേഷ്ഠപരിഗണന കൊടുക്കാതെ, ഞാനവനെ പരിഹസിക്കും അവന്റെ ആജ്ഞ ഞാൻ തിരസ്കരിക്കും, ആപത്തിൽ അവനെ പിന്തുണക്കാതെ ഞാൻ മാറിനിൽക്കും, കൊലചെയ്യപ്പെടുന്നതു് കൗതുകത്തോടെ ഞാൻ നോക്കി നിൽക്കും. മാദ്രരക്തം ഗംഗാജലത്തേക്കാൾ സാന്ദ്രത കൂടിയതാണെന്നപ്പോൾ പുറംലോകം അറിയും!”
“പരമാധികാരം ഏതു പവിത്ര അധികാരപദവിയേയും ദുഷിപ്പിക്കുന്നു എന്നു് നിങ്ങൾ ഇപ്പോൾ വിദൂരതയിലേക്കു് നോക്കി നിരീക്ഷിച്ചതുകൊണ്ടു് മാത്രം ചോദിക്കട്ടെ, മഹാറാണിപദവിയുടെ അധികാരം പോരാ എന്നു് തോന്നിയതുകൊണ്ടാണോ സത്യവതി തീരുമാനിച്ചതു്, മഹാരാജാവു് ശന്തനുവിനു് അന്ത്യരഥയാത്രക്കു് സമയമായി!”, കൊട്ടാരം ലേഖിക ഭീഷ്മരോടു് ചോദിച്ചു. രാജമാതാ സത്യവതി, പുത്രവിധവകളായ അംബിക, അംബാലിക എന്നിവർക്കൊപ്പം വനവാസത്തിനു പടിയിറങ്ങുന്നതു കൊട്ടാരം മട്ടുപ്പാവിൽനിന്നും കാണുന്ന പ്രഭാതം.
“അതുകൊണ്ടല്ലേ എന്റെ അച്ഛൻ ശന്തനുവിന്റെ മരണത്തിൽ തോന്നിയ ദുരൂഹത ഇതുവരെ അന്വേഷിക്കാൻ എനിക്കാവാതെ പോയതും? സത്യവതി എന്റെ ചിറ്റമ്മയാണെങ്കിലും (എന്റെ അമ്മ ഗംഗയെ ഇതിൽ നിങ്ങൾ കൂട്ടിപ്പറയരുതു്!) പ്രായത്തിൽ ഇളമുറ. അധികാരമോഹി അവളെന്നു ഞാൻ വിളിക്കുന്നതു് അവഹേളനപരമായിട്ടൊന്നുമല്ല അവളുടെ അഭിലാഷം സൂചിപ്പിക്കാൻ. പരിഭവം അതൊന്നുകൊണ്ടുമല്ല. പവിത്രമെന്നു ഞാൻ അതുവരെ സ്വകാര്യഅഹങ്കാരമായി മേനിനടിച്ച ആജീവനാന്ത ബ്രഹ്മചര്യത്തിൽ അവൾ എത്ര നിഷ്പ്രയാസം വിള്ളൽ വീഴ്ത്തി. നോട്ടം സ്പർശം വാമൊഴി ഓരോന്നിലും കത്തുന്ന സ്വാധീനമായിരുന്നു മധ്യവയസ്സിലും. പാണ്ഡുചിതയിൽ ബലിയായ മാദ്രിയെയൊക്കെ നിങ്ങൾ മഹത്വപ്പെടുത്തുമ്പോൾ, ഉള്ളിൽ ഞാൻ ചോദിക്കും സഹോദരീ എത്ര നിസ്സാരമായാണു് വിധവയായപ്പോൾ അവൾ ചിതയിലൊന്നും ചാടാതെ എന്നെ അവളുടെ അന്തഃപുരത്തിൽ സ്ഥിരം ക്ഷണിതാവാക്കി വരുതിയിലാക്കിയതും അങ്ങനെ ഹസ്തിനപുരിയുടെ ഭരണചക്രം തിരിക്കുന്ന റാണിയായതും, ഗംഗയാറൊഴുകുന്ന ഈ നാട്ടിലെ ഏകാധിപതിയായതും. കൂടുതൽ ഒന്നും ഓർമ്മിപ്പിക്കരുതേ ഞാൻ പൊട്ടിച്ചിതറും!”
“ഒരുമാസം മുമ്പുവരെ, അജ്ഞാതവാസക്കാല വിരാട രാജധാനിയിൽ പാചകക്കാരൻ ആയിരുന്നയാൾ ഇപ്പോൾ യുദ്ധാനന്തര ഹസ്തിനപുരി ഭരണകൂടത്തിൽ പ്രതിരോധ വകുപ്പു് മേധാവി! എങ്ങനെ വിലയിരുത്തുന്നു ഊട്ടുപുരയിൽ തിളച്ചുമറിയുന്ന ആ കാലഘട്ടം?” കൊട്ടാരം ലേഖിക ചോദിച്ചു.
“വിയർത്തദ്ധ്വാനിച്ചു വേണം നീ മൂന്നുനേരവും വിശപ്പടക്കാൻ എന്നതോടെ ബോധോധയമുണ്ടായി. പന്ത്രണ്ടുകൊല്ല വനവാസക്കാലത്തു, അക്ഷയപാത്രം വഴി രാപ്പകൽ കിട്ടിയ സൗജന്യ ഭക്ഷണത്തിന്റെ വിപണിവില, വിരാട ഊട്ടുപുരയിൽ വിശ്രമമില്ലാതെ ദേഹാദ്ധ്വാനം ചെയ്തു, കൂട്ടുപലിശയടക്കം ഞാൻ പ്രകൃതിക്കു തിരിച്ചടച്ചു.”
“ആവിഷ്കാരസ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു, നേരം വെളുത്താൽ അരമന ഊട്ടുപുരയിൽ സൗജന്യഭക്ഷണവും കഴിച്ചു അന്തഃപുരത്തിണ്ണ നിരങ്ങി കൊട്ടാരം ലേഖിക നാണമില്ലാതെ ചോദിക്കുന്ന ഓരോ തലതിരിഞ്ഞ ചോദ്യത്തിനും നീ വസ്തുതക്കു് ചേരാത്ത മറുപടി പറയുന്നു എന്നു് മൊത്തം ഞങ്ങൾ അഞ്ചു പേർക്കും കുറച്ചുകാലമായി പരിഭവമുണ്ടു്. കൗരവരാജവധുക്കൾക്കു് ഹസ്തിനപുരിയിൽ വായിച്ചു രസിക്കാൻ മാത്രം ഉപകരിക്കുന്ന അരമനവിഴുപ്പു് ഞങ്ങളുടെ ചെലവിൽ നിർമ്മിക്കാൻ നീ പാണ്ഡവരെ ഇങ്ങനെ ദുഷിക്കണോ?”, യുധിഷ്ഠിരൻ പാഞ്ചാലിയോടു് ചോദിച്ചു. മറ്റുനാലു പാണ്ഡവർ സന്ദർഭത്തിനു് യോജിച്ച ഗൗരവമുഖഭാവങ്ങളോടെ ജ്യേഷ്ഠനെ പിന്തുണച്ചു.
“സന്തുഷ്ട ദാമ്പത്യമാണിവിടെയെന്നു ‘വസ്തുത’ക്കു ചേരുന്ന വിധം ഓരോ അഭിമുഖത്തിലും ഉദാഹരണങ്ങൾ നിരത്തി ഞാൻ തറപ്പിച്ചു പറഞ്ഞാൽ, പാണ്ഡവർക്കു് തിരിച്ചുകിട്ടുമോ, ചൂതുകളിയിൽ നഷ്ടപ്പെട്ട സ്വത്തും പൗരാവകാശവും?”
“പാഞ്ചാലയിൽനിന്നും നവവധുയായി നിങ്ങൾ ഹസ്തിനപുരി അരമന വിരുന്നുകളിൽ പങ്കെടുത്ത ആദ്യദിനങ്ങൾ ഞങ്ങളുടെ നഗര വായനക്കാരുമായി ഈ ആഘോഷവേളയിൽ ഒന്നു പങ്കിടാമോ? കൗരവകുറുനരികൾ രാവുപകൽ പാണ്ഡവർക്കെതിരെ അധ്വാനിക്കുന്ന ഇടമാണല്ലോ അന്തഃപുരം”. കൊട്ടാരം ലേഖിക ചോദിച്ചു.
“ഊഷ്മളമായ ആരാധനയിൽ കുറഞ്ഞൊന്നും സന്ദർശകരിൽ ഞാൻ കണ്ടില്ല. ഗാന്ധാരം മുതൽ കലിംഗംവരെ ചെറുതും വലുതുമായി നൂറോളം രാജവംശങ്ങളിൽ നിന്നു് വന്ന മനോഹരികളായ കൗരവരാജവധുക്കൾ എന്റെ ആഭരണങ്ങളിലും ഉടയാടകളിലും മുടിയിലും, എന്തിനു ഉടലിലും തൊട്ടു ഉപചാരപൂർവ്വം കൌതുകം കാണിച്ചെങ്കിൽ, നിങ്ങൾ പറഞ്ഞ ആ ‘നൂറു ആൺ കുറുനരികൾ’ കമ്പം കാണിച്ചതു് എന്റെ അഴകളവുകളിൽ! ഇരുനൂറു കൊതിപ്പിക്കുന്ന കുരുവംശ കാമാക്ഷികൾ നീന്തൽ കുളത്തിലും ഊഞ്ഞാലിലും ഗംഗയാറിൻ തീരത്തും ആരാധനയോടെ നിങ്ങളെ പിന്തുടരുക, കോരിത്തരിപ്പിക്കുന്ന സ്മരണകളുടെ പൊന്നിൻ ചെപ്പു തന്നെ ആ ദിനങ്ങൾ. പക്ഷേ, ആ ഉൽസവാന്തരീക്ഷതിനു യോജിക്കാത്ത പന്ത്രണ്ടു കഴുകൻ കണ്ണുകൾ എന്നെയപ്പോൾ വേട്ടയാടി: പാണ്ഡവരും കുന്തിയും.”
“തിരുവസ്ത്രം അണിയാൻ വരട്ടെ! പരമോന്നത നീതിപീഠത്തിൽ കൗരവരാജവിധവയുടെ പരാതി പരിഗണിക്കുന്ന ദിവസമല്ലേ! ധൃതരാഷ്ട്രരുടെ അതിഥിയായി കുടുംബസമേതം വന്നു, പദവിശ്രേണിയിൽ നന്നേ താഴ്‌ന്ന ദുര്യോധനനോടൊപ്പം, ചൂതാട്ടത്തിൽ ഏർപ്പെട്ടു പുതുതലമുറയിൽ സദാചാരവിരുദ്ധ സന്ദേശം നൽകിയ ആൾ, നിയുക്തരാജാവു് യുധിഷ്ഠിരൻ, ലോകത്തിനു മാതൃകയായിരിക്കേണ്ട ഹസ്തിനപുരിയുടെ ഭരണചക്രം തിരിക്കാൻ ധർമ്മികമായി അയോഗ്യൻ എന്നാണു് പരാതി. എല്ലാ വിധത്തിലുള്ള ധനനഷ്ടത്തിനും, ഒരു സ്ത്രീക്കെതിരെ ചൂതാട്ടസഭയിൽ അന്നുണ്ടായ ലൈംഗികാക്രമണത്തിനും ഉത്തരവാദി യുധിഷ്ഠിരൻ ആണെന്നു് അക്കമിട്ടു, നടന്ന സംഭവങ്ങൾ വസ്തുതാപരമായി ചേർത്ത ഗുരുതരമായ ആക്ഷേപമല്ലേ. വിവേകത്തോടെ പാണ്ഡവർ മാറ്റിവക്കുമോ പട്ടാഭിഷേകം? നീതിപീഠത്തിന്റെ വിധിവരുംവരെയെങ്കിലും?” കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു.
“വിധി യുധിഷ്ഠിരനു് അനുകൂലമല്ലെങ്കിൽ, നീതിപതിയെ പിരിച്ചുവിട്ടു് പാണ്ഡവരിൽ ഒരാളെ നിയമിക്കാൻ കുരുക്ഷേത്ര ജയിച്ച ‘അർദ്ധസത്യവാൻ’ മടിക്കില്ല എന്നുവേണ്ട നാം, സാഹചര്യങ്ങൾ ഒറ്റനോട്ടത്തിൽ ചുരുക്കുമ്പോൾ വായിച്ചെടുക്കേണ്ടതു്? അതോ ഇന്നു് നീതിപീഠം തന്നെ അപ്രത്യക്ഷമാകുമോ? ഇന്നലെ കൊട്ടാരം അന്തഃപുരത്തിൽ നടന്ന പാതിരാ കുടിയൊഴിപ്പിക്കലിൽ നൂറോളം വിധവകളെയല്ലേ പുനരധിവാസത്തിലേക്കു മാറ്റിപ്പാർപ്പിച്ചതു്. നീതിപീഠം അപ്രത്യക്ഷമാക്കാൻ വേണ്ട സാങ്കേതിക സഹായം ചെയ്യാൻ മയൻ എത്തിക്കഴിഞ്ഞു എന്നർത്ഥം!”
“അച്ഛനും അമ്മയും ഇല്ലാതെ, യാഗാഗ്നിയിൽ നിന്നുയർന്ന അപൂർവ്വയിനം മനുഷ്യജീവിയാണു് നിങ്ങളെന്നറിവുള്ളവർ പറഞ്ഞു ഞങ്ങൾ കേട്ടിട്ടുണ്ടു്. നിങ്ങൾ ആർക്കുവേണ്ടിയാണു്, പരികർമിയില്ലാതെ ശ്രാദ്ധം ചെയ്യുന്നതു്?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. കുരുക്ഷേത്ര പാണ്ഡവപാളയത്തിൽ പാതിരാ നീക്കത്തിലൂടെ അശ്വത്ഥാമാവു് എന്ന കൗരവ സേനാപതി നാശം വിതച്ച ദിനം.
“യുദ്ധജേതാക്കളായി ഹസ്തിനപുരിയിൽ എത്തുമ്പോൾ പാണ്ഡവർ അഞ്ചുപേർക്കും വേണ്ടത്ര അധികാരം വീതിച്ചെടുക്കാൻ സ്വയം അശ്വത്ഥാമാവിനുമുമ്പിൽ അപമൃത്യുവരിച്ച എന്റെ അഞ്ചു മക്കൾക്കു്!” പൂവും എള്ളും ചന്ദനവും വെള്ളം താലിച്ചവൾ നെഞ്ചിൽ വച്ചു് പ്രാർത്ഥനയോടെ ബലിച്ചോറിലേക്കിട്ടു.
“വടക്കു ഗാന്ധാരം, മാദ്ര, പടിഞ്ഞാറു ദ്വാരക മുതൽ കിഴക്കു കലിംഗ വരെ—നാടുവാഴികളും സൈനികരും കുരുക്ഷേത്ര പോർക്കളത്തിലിറങ്ങിയാൽ, ഒരു പൊതുഭാഷ വേണ്ടേ പരസ്പരം യുദ്ധതന്ത്രം വിനിമയം ചെയ്യാൻ?”, കൊട്ടാരം ലേഖിക പാണ്ഡവ സൈന്യാധിപനോടു് ചോദിച്ചു.
“ആയുധധാരികൾക്കെന്താണിത്ര ആശയവിനിമയം ചെയ്യാനുള്ളതു്? സൂര്യനസ്തമിക്കും മുമ്പു് ആവുന്നത്ര ശത്രുതല ഉരുട്ടുന്നതിൽ കവിഞ്ഞെന്തു പൊതുവിനിമയഭാഷ, കൊല്ലുന്നവനും ചാവുന്നവനും മരണദേവതയെ കൺമുമ്പിൽ കണ്ടും മിണ്ടിയും പിരിയുമ്പോൾ!”
“സമാനതയില്ലാത്തൊരഭിമുഖം! അങ്ങനെ ഒന്നു് ഇത്തവണ പ്രതീക്ഷിക്കുന്നു, തരാമോ?,” കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു, “ഞങ്ങൾ ഉടനെയൊന്നും പ്രസിദ്ധീകരിക്കില്ലെങ്കിലും, തയ്യാറാക്കിയ ഒരു അഭിമുഖം പനയോലയിൽ രേഖയായി വേണം എന്നു് പുതിയ പത്രാധിപർ.” “ചരമക്കുറിപ്പല്ലേ നിങ്ങൾക്കിപ്പോൾ ‘സമാനതയില്ലാത്ത’ എന്ന വിശേഷണം നേടിയതു് ! വരുംയുഗത്തിൽ സർവ്വർത്രികമാകാവുന്ന ഇത്തരം ‘തയ്യാറെടുപ്പു’ പുതിയ പത്രാധിപർ ചെയ്തതിൽ ‘ഹസ്തിനപുരി പത്രിക’യുടെ ദീർഘവീക്ഷണവും മുന്നൊരുക്കവും പ്രശംസനീയം! വരൂ. അവസാനത്തെ അത്താഴം എന്ന അഭിമുഖം നമുക്കൊരുമിച്ചു അന്തഃപുരത്തിൽ കഴിക്കാം. പാഞ്ചാലിയുടെ തീൻശാലയിൽ വച്ചു തന്നെയാവട്ടെ ഹസ്തിനപുരി രാജാവിന്റെ അന്ത്യമൊഴിയും!”
“ആത്മനിന്ദയോടെ പരിഭവിക്കാൻ അവസരം കിട്ടുമ്പോഴെല്ലാം നിങ്ങൾ ആർദ്രമായി പരിഭവിക്കുന്നുണ്ടല്ലോ, ഞാൻ പാർശ്വവത്കൃതൻ! എന്നിട്ടും, നിങ്ങളെ, സ്വന്തം കിരീടാവകാശം പോലും തർക്കവിഷയമായ കുരുവംശത്തിൽ, ദുര്യോധനൻ അംഗരാജ്യത്തിന്റെ നാടുവാഴിയായി നിങ്ങളെ അഭിഷേകം ചെയ്തു എന്നും ഓർക്കുന്നു, എങ്ങനെ കൈകോർക്കും ഈ വൈരുധ്യങ്ങൾ?”, കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു. പാണ്ഡവർ ഖാണ്ഡവ പ്രസ്ഥത്തിൽ കാടുകത്തിക്കുന്ന കാലം.
“എവിടെയാണു് ഈ ‘അംഗരാജ്യ’മെന്നു ചോദിച്ചറിയാൻ അന്നും പിന്നെയും ഞാൻ വിട്ടുപോയി. മണ്ണും മരവും അടിമകളും ഉള്ള ഇടമാണതെങ്കിൽ, പാണ്ഡവർ ഇന്ദ്രപ്രസ്ഥം കൊട്ടാരം പണിയുന്നപോലെ അംഗരാജാവായ എനിക്കും സ്ഥാപിക്കാമായിരുന്നു ഒരു പുതുയുഗ സൂര്യവംശം!”
“സസ്യാഹാരിയാണോ യുധിഷ്ഠിരൻ? ഊട്ടുപുരയിൽ ഉച്ചഭക്ഷണത്തിനുചെന്ന നിങ്ങളുടെ അരികെ വന്നിരുന്നു എന്തൊക്കെയോ ‘ഉള്ളുതുറക്കു’ന്നതു കണ്ടല്ലോ. എനിക്കവിടെ നിക്കാൻ അനുവാദമില്ലായിരുന്നു.” കൊട്ടാരം ലേഖിക ചാർവകനോടു് ചോദിച്ചു, “ധാർമ്മികതയുടെ ‘അപ്പസ്തോലൻ’ ഇന്നും അരങ്ങുനിറഞ്ഞുവോ?”
“തൊട്ടടുത്തിരുന്നു ഞാൻ യുധിഷ്ഠിര‘പ്രകടനം’ ആദ്യമായി കാണുകയല്ലേ! ഒന്നുവ്യക്തമായി. യുധിഷ്ഠിരനു് കാപട്യം വാമൊഴിയിൽ മാത്രമേ ഉള്ളു എന്നു് ഈ ഊട്ടുപുര അനുഭവം എന്നെ ബോധ്യപ്പെടുത്തി. എന്റെ സാന്നിധ്യത്തിലും പുള്ളിക്കാരൻ മാംസാഹാരിയായിരുന്നു, എന്നു് മാത്രമല്ല പുഴമൽസ്യം വളർത്തുപക്ഷി കറവവറ്റിയ നാൽക്കാലി അങ്ങനെ വിവിധ ഇനം ഇഷ്ടമാംസവിഭവങ്ങൾ പാചകക്കാരോടു് വീണ്ടും വീണ്ടും ചോദിച്ചു വാങ്ങികഴിക്കുന്നതിൽ കാപട്യത്തിന്റെ ഒരു ചെകിള പോലുമില്ല. സത്യസന്ധൻ!”
“നായാടാൻ പറ്റിയ മൃദുമാംസമൃഗങ്ങളൊന്നും പുറത്തു വരാതെയൊളിച്ചിരിക്കുന്ന ഈ മരവിച്ച മഴക്കാലദിനങ്ങളിൽ, നേരം പോവാൻ നിങ്ങളഞ്ചാണുങ്ങളെന്തു ചെയ്യും?”, കൊട്ടാരം ലേഖിക, പാഞ്ചാലി കൊടുത്ത മധുരക്കിഴങ്ങു് തൊലിനീക്കി പച്ചക്കു് കടിക്കുമ്പോൾ ചോദിച്ചു, വനവാസക്കാലം.
“യുധിഷ്ഠിരൻ ദുശ്ശാസനവേഷം കെട്ടി പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യാൻ ആഞ്ഞു ശ്രമിക്കും. അതിജീവിതയുടെ ‘ആട്ടും തുപ്പും’ സഹിക്കാനാവാതെ അവശനായി ആ ‘വേഷം’ കുഴഞ്ഞു നിലത്തുവീഴുമ്പോൾ, തൂക്കി എടുത്തുമാറ്റി ഭീമൻ കൗരവവേഷം ഊരിയണിഞ്ഞു സ്വയം വസ്ത്രാക്ഷേപത്തിനു് ഒരു കൈ സ്വന്തമായി നോക്കും. ഊഴം വച്ചു് വസ്ത്രാക്ഷേപ അവസരം കാത്തിരിക്കുന്ന മറ്റു മൂന്നു പേർ കൂടി അങ്ങനെ ഒന്നൊന്നായി കുഴഞ്ഞു നിലത്തുവീഴുമ്പോൾ കാണാം, തൊട്ടുമുമ്പിൽ ഊട്ടുപുരയിലിരിക്കുന്ന അക്ഷയപാത്രത്തിൽ അത്താഴം വേവുന്നതു്, നകുലൻ കാലവർഷത്തിലെ ആ പ്രിയ തീറ്റമത്സരം അഭിനയിച്ചു.”
“ഇതിഹാസത്തിന്റെ ആദ്യകരടു ശ്രദ്ധയിൽപെട്ടുവോ?”, കൊട്ടാരം ലേഖിക വരിനിന്നു നേടിയ ഒരു നിമിഷത്തിൽ മഹാറാണിയോടു് ചോദിച്ചു.
“വ്യാസൻ കൊടുത്തയച്ച പനയോലക്കെട്ടു ഞാനൊന്നോടിച്ചു നോക്കി. ആകസ്മികമായുണ്ടായ വസ്ത്രാക്ഷേപത്തെ മുൾമുനയിൽ നിർത്തി, ഒരു വനിത എന്ന നിലയിൽ എന്റെ സ്വതന്ത്രവ്യക്തിത്വത്തെ പാണ്ഡവരുടെ ദുരിതജീവിതാവസ്ഥയുമായി ഈ വിധം വ്യാസൻ ഒരു സഹനമാതൃകയാക്കാൻ ശ്രമിക്കുന്നതു് എനിക്കു് അസ്വീകാര്യവും അവഹേളനപരവുമാണെന്നു പറഞ്ഞു. പെണ്ണുടലിന്റെ അഴകളവുകളിൽ ആകൃഷ്ടരായ കൗരവർ, നിർണ്ണായകദിവസം എന്റെ വിവസ്ത്ര ശരീരത്തെ മുൻനിർത്തി പാണ്ഡവരെ അടിമപദവിയിലേക്കു, (ഭീഷ്മർ സഭാനടി ചൂതാട്ട വേദിയിൽ നടപടിക്രമമനുസരിച്ചു) നയിക്കുകയായിരുന്നപ്പോൾ, വിദുരരും ദ്രോണരും ലജ്ജിച്ചു തലതാഴ്ത്തിയോ, കഴുത്തു വെട്ടിയോ, ചെവി പൊത്തിയോ എന്നതൊന്നും എന്നെ അലട്ടുന്ന കാര്യമേ അല്ല. ആരുടേയും മുഖത്തുനോക്കി നേരെചൊവ്വേ സംസാരിക്കാൻ എക്കാലവും മെനക്കെടാത്ത വ്യാസൻ, ആധിബാധിച്ചൊരു ആണധികാരഭാവനയിൽ, പെണ്ണിനെ അനുകമ്പയുടെ തേൻകെണിയിൽ വീഴ്ത്തിയതിൽ പ്രതിഷേധമുണ്ടെന്നു ഞാൻ അല്ലാതെ ആരാണു് ഈ ലോകത്തിൽ എനിക്കുവേണ്ടി പറയാനുള്ളതു്? മഹാഭാരതകഥാനിർമ്മിതിയിൽ വ്യാസനെടുത്ത ദുസ്സ്വാതന്ത്ര്യത്തിൽ എതിർപ്പു പ്രകടിപ്പിച്ചതിനു ശിക്ഷയായി.”
“നിന്റെ മരണം മലഞ്ചെരുവിൽ പ്രകൃതി ഏകാന്തഭീകരമാക്കും എന്നു് വ്യാസശിഷ്യന്മാർ എനിക്കുനേരെ ഭീഷണി മുഴക്കിയതു് ഞാൻ പുച്ഛത്തോടെ തള്ളുന്നു” കൊട്ടാരം ലേഖികയുടെ പിടിവിട്ട പാഞ്ചാലി, ചാർവാകനെ കൈകൊടുത്തു ഊഷ്മളമായി സ്വീകരിച്ചു.
“സതിയനുഷ്ഠിക്കാൻ ഔദ്യോഗികഭാര്യയില്ലാത്ത കീചകന്റെ ശവസംസ്കാരവും അങ്ങനെ വീണ്ടുമൊരു സ്ത്രീപീഡനമൊന്നുമില്ലാതെ കഴിഞ്ഞുപോയി, കൊലയാളി തൊട്ടടുത്ത ഊട്ടുപുരയിലുണ്ടായിട്ടും കയ്യോടെ പിടികൂടി കീചകവധത്തിന്റെ പിന്നിൽ ഉണ്ടെന്നു കരുതപ്പെടുന്ന ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരാൻ, കഷ്ടം തന്നെ, വിരാടരാജാവിനു് ഊർജ്ജസ്വലതയുണ്ടായില്ല, പരേതകീചകൻ വിരാടസൈനികമേധാവിയും, യുവാവും അവിവാഹിതനും സർവ്വോപരി വിരാടരാജ്ഞിയുടെ കൊച്ചനുജനുമല്ലേ?, കൊലയാളിയുടെ കൈകളാൽ ശ്വാസംമുട്ടി മരിച്ച അനുജന്റെ പരേതാത്മാവു് പൊറുക്കുമോ മഹാറാണികൂടിയായ ജ്യേഷ്ഠത്തിയുടെ ഈ അവഗണന?”, കൊട്ടാരം ലേഖിക വിരാടരാജ്ഞി സുദേഷ്ണയോടു് ചോദിച്ചു. ഉറ്റതോഴി സൈരന്ധ്രി വാതിലിപ്പുറത്തു നിന്നവരെ അസാധാരണമായ കരുതലോടെ നോക്കി.
“അനുജനെ കൊന്നതാരെന്നു ദൂരെ ഹസ്തിനപുരി കൊട്ടാരത്തിലിരുന്നു ആയുഷ്കാലബ്രഹ്മചാരി ഭീഷ്മർ തുടയിലടിച്ചു രാജസഭയിൽ നേരത്തേ പ്രഖ്യാപിച്ച വിവരം നിങ്ങളല്ലേ കഴിഞ്ഞതവണ പറഞ്ഞതു്? വിരാട കുറ്റാന്വേഷണ മേധാവിക്കറിയാത്ത കൊട്ടാര രഹസ്യം അങ്ങനെ ഫലിതോക്തിയോടെ വെളിപ്പെടുത്തിയ പിതാമഹൻ, ഒന്നു് കൂടി സാന്ദർഭികമായി പ്രവചിക്കാമായിരുന്നില്ലേ, ചത്ത കീചകന്റെ അനന്തരവൾ ഉത്തര രാജകുമാരി ഭാവിയിൽ വിവാഹം കഴിക്കുക, കൊലയാളിഭീമന്റെ സഹോദരപുത്രനായ അഭിമന്യുവിനെ ആയിരിക്കും?”
“നിങ്ങളുടെ വിലപ്പെട്ട ജീവനും സ്വത്തിനും മതിയായ സുരക്ഷ ഉറപ്പു വരുത്താൻ, കൌരവർ പന്ത്രണ്ടുകൊല്ലത്തേക്കു നിയോഗിച്ച പഞ്ചപാണ്ഡവർ, ഏറ്റെടുത്ത ചുമതല ശരിക്കും ചെയ്യുന്നില്ലേ?, അതോ?”, കൊട്ടാരം ലേഖിക മുഖ്യസന്യസ്ഥനോടു് ചോദിച്ചു. ഉച്ചമയങ്ങിയ ഇടവേള. താഴ്‌വരയിലെ നീരൊഴുക്കിൽ കുളിക്കാൻ വിഴുപ്പുമായി പോവുകയായിരുന്നു, വനവാസക്കാല പാണ്ഡവരുടെ അയൽക്കാർ കൂടിയായ ഒരു സംഘം പരിത്യാഗികൾ.
“സുരക്ഷയെ കുറിച്ചു് ഒന്നും പറയുന്നില്ല. എന്നാൽ, പാടുപെട്ടു ഞങ്ങൾ പോറ്റിവളർത്തുന്ന മൃദുമാംസമൃഗങ്ങൾ, മുയലും മാനും, രാത്രി കൂടണയുമ്പോൾ ഞങ്ങൾ എണ്ണി തിട്ടപ്പെടുത്തിയതും, പിറ്റേന്നു് രാവിലെ തുറന്നുവിടുമ്പോൾ കാണുന്നതും പൊരുത്തപ്പെടുന്നില്ല. എങ്ങനെ പൊരുത്തപ്പെടും, അല്ലേ?, കുറുക്കന്റെ മുഖം വരച്ച ശിരോവസ്ത്രവുമായി പാണ്ഡവർ ഇളമാംസപ്രിയർ, സന്ധ്യ മയങ്ങിയാൽ ഇര തേടി ഇങ്ങോട്ടിറങ്ങുകയല്ലേ!”
“കൗരവസർവ്വസൈന്യാധിപ പദവി മാറ്റിവച്ചാലും, ആദരവോടെ ആരും കാണേണ്ട വിശിഷ്ടഗുരുവല്ലേ ദ്രോണർ! എന്നിട്ടും ആ ജ്ഞാനവൃദ്ധന്റെ പിന്നിൽനിന്നും വാളോങ്ങി ചതിയിൽ കഴുത്തു വെട്ടിയോ നിങ്ങൾ?”, കൊട്ടാരം ലേഖിക പാണ്ഡവ സർവ്വസൈന്യാധിപനും പാഞ്ചാലപുത്രനുമായ ധൃഷ്ടധ്യുമ്നനോടു് ചോദിച്ചു. കുരുക്ഷേത്ര പതിനഞ്ചാം ദിവസം രാത്രി ദ്രോണരുടെ ചരമശുശ്രൂഷ.
“ആരുടെ ഗുരു ആരുടെ ആചാര്യൻ? അർജ്ജുനനു് അയാൾ ആരാധ്യഗുരുനാഥനായിരിക്കാം പാണ്ഡവർക്കും കൗരവർക്കും സൈനികവിദ്യാഭ്യാസം നൽകിയ പരിശീലകനും, എന്നാൽ എനിക്കയാൾ പ്രതികാരനിർവഹണത്തിനു് എന്നോ മനസ്സിൽ പ്രതിജ്ഞ എടുത്തടയാളപ്പെടുത്തിയ കുടുംബശത്രു. എന്റെ അച്ഛന്റെ ഗുരുകുലവിദ്യാർത്ഥിജീവിതകാലത്തെ സഹപാഠി എന്ന താൽക്കാലികസൗഹൃദം ദുരുപയോഗം ചെയ്തു പിൽക്കാലത്തൊരവകാശം പോലെ പാതി പാഞ്ചാലഭൂമി ഇഷ്ടദാനം വേണം തുടങ്ങി അന്യായമായ ആവശ്യങ്ങൾ ഉയർത്തുകയും, അതു് നിരാകരിക്കപ്പെട്ടപ്പോൾ അച്ഛനെ ബന്ദിയാക്കാൻ, ശിഷ്യൻ അർജ്ജുനനെ നിയോഗിക്കുകയും ചെയ്ത ‘നാണയദുര’യുടെ ഇര! ദ്രോണർക്കു കഴുത്തു ഒന്നേ ഉണ്ടായിരുന്നുള്ളു എന്നാണെന്റെ ഖേദം ഒറ്റവെട്ടിനു തല ഉരുണ്ടു എന്നതാണെന്റെ വാളിന്റെ നിരാശ. എന്റെ അച്ഛനെ കൊന്നവനെന്ന നിലയിൽ അവനെ ഒന്നുകൂടി വെട്ടാൻ രക്തദാഹിയായ വാളിനു് അവസരം ഉണ്ടായിരുന്നെങ്കിൽ!” ചരമശുശ്രൂഷയിൽ തുടർന്നു് പങ്കെടുക്കാതെ ദ്രോണകൊലയാളി നീരാടാൻ പുഴയിലേക്കു് കുതിച്ചുചാടി.
“വിരുന്നുവന്നവരെ വഴുക്കിവീഴ്ത്തുന്ന മായികസഭാതലങ്ങൾ ഒഴികെ, മനുഷ്യപ്രയത്നത്തിന്റെ മഹിമയൊന്നും കാണാനില്ലാത്ത ഇന്ദ്രപ്രസ്ഥത്തിൽ, ഭരണചക്രം തിരിക്കേണ്ട പണി പൊതുവെ കുറവായതു് കൊണ്ടു്, പാണ്ഡവരിൽ നാലു പേരും കാലാവസ്ഥ അനുകൂലമെങ്കിൽ ഓരോ വഴിക്കിറങ്ങുകയാണെന്നു ആശങ്കയോടെ നാട്ടുകാർ പറയുന്നല്ലോ. നിങ്ങൾ അന്തഃപുരത്തിൽ ശരാശരി മഹാറാണിയുടെ അലസജീവിതം നയിച്ചാൽ, അവരുടെ സാഹസികയാത്രകളിൽ എന്തും സംഭവിക്കാം എന്നു് പിന്നെ നിങ്ങൾ എങ്ങനെ കൃത്യമായി അറിയും?” കൊട്ടാരം ലേഖിക ചോദിച്ചു. കിടപ്പറക്കുവെളിയിൽ ചുറ്റിക്കറങ്ങാൻ ഭർത്താക്കന്മാർ ആരും ഇല്ലാത്തൊരു ശുഭരാത്രി.
“താടിയും തലയും വളർത്തിയ കുട്ടിക്കുറുമ്പൻ അർജ്ജുനൻ, ഞാനറിയാതെ സുഭദ്രയെ ദ്വാരകയിൽ രഹസ്യവിവാഹം ചെയ്ത ദുരനുഭവമാണോ, ആഗോളയാത്രകളിൽ എന്തും സംഭവിക്കാം എന്ന മുന്നറിയിപ്പായി ഉദ്ദേശിച്ചതു്? അത്തരം കരുതലിനു നന്ദി. വിവാഹബാഹ്യബന്ധങ്ങളെക്കുറിച്ചു ചാരസേവനത്തിന്റെ നിലക്കാത്ത വിവരലഭ്യത ഉറപ്പുവരുത്താതെ ഇക്കാലത്തു ഒരു സ്ത്രീക്കു് ബഹുഭർത്തൃത്വം സാധ്യമാണോ? സുഭദ്ര ഇനി ഇന്ദ്രപ്രസ്ഥത്തിൽ വരാതെ നോക്കാൻ ക്രമീകരണം നിലവിലവിൽ വന്നു കഴിഞ്ഞല്ലോ.”
“പിതൃത്വം അവകാശപ്പെടാൻ അഞ്ചുപേരുണ്ടെങ്കിലും പാഞ്ചാലിയുടെ കടുംപിടിത്തത്തിൽ കലങ്ങിയോ പാണ്ഡവഹൃദയങ്ങൾ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.
“ഇഷ്ടക്കേടുണ്ടെങ്കിൽ ആദ്യരാത്രിയിൽ തന്നെ അംഗീകൃത ഭർത്താവായ അർജ്ജുനനെ പായിൽ കൂടെകിടത്തി, കിടപ്പറവാതിൽ മറ്റു നാലു് ഗുണഭോക്താക്കൾക്കുനേരെ കൊട്ടിയടക്കാമായിരുന്നില്ലേ? പകരം, തരം കിട്ടുമ്പോഴൊക്കെ ഭർത്തൃമാതാവു് കുന്തിയെ കുറ്റം പറയുന്നതൊരു ഹരമാണവൾക്കു. ഞാനും ഭീമനും കൈക്കുഞ്ഞുങ്ങളായിരിക്കുമ്പോൾ, കുന്തി പൂചൂടി സന്ധ്യക്കു് പുരുഷപ്രലോഭനത്തിനായി പടിയിറങ്ങുന്നതു് മാദ്രി പറഞ്ഞു കേട്ടിട്ടുണ്ടു്. അതു് മഹനീയമായ മാതൃത്വത്തിനുവേണ്ടിയായിരുന്നു. ആദ്യഗർഭം കുന്തിക്കു് കാലനിൽ നിന്നായിരുന്നു എന്നറിഞ്ഞപ്പോൾ ഞെട്ടിയ പാണ്ഡു, സന്യസ്തർ വഴി നേടിയ പച്ചിലമരുന്നുകൾ കൊടുത്തു അലസിപ്പിക്കാൻ പ്രേരിപ്പിച്ചു. ഗർഭം സ്ത്രീക്കു് ജൈവികശിക്ഷയല്ല, വിശിഷ്ടമാതൃത്വത്തിലേക്കുള്ള തീർത്ഥയാത്രയാണെന്നു പറഞ്ഞു, പച്ചില തട്ടിയെറിഞ്ഞ സ്ത്രീരത്നമായ കുന്തിയെവിടെ, ബീജദാനിയെ മുൾമുനയിൽ നിർത്തുന്ന പാഞ്ചാലിയെവിടെ? ആണുങ്ങളോടു് ഔദാര്യം ചെയ്യുന്നപോലെയാണവൾ ഗർഭധാരണത്തിൽ ഏർപ്പെട്ടതു്. ഞങ്ങളോടു് വിവേചനമോ അർജ്ജുനനോടു് പക്ഷപാതമോ കണ്ടില്ല. കുഞ്ഞുങ്ങൾ ഭാവിയിൽ കിരീടാവകാശികൾ ആവുമെന്ന പ്രത്യാശയില്ലാതെയാണവൾ ഗർഭധാരണത്തെ അലസൽ ഭീഷണിക്കു മുമ്പിൽ മുട്ടുകുത്തിച്ചതു്. ഒന്നും മറക്കില്ല ഞങ്ങൾ”, യുധിഷ്ഠിരൻ പതിവില്ലാത്തവിധം സത്യം സംസാരിക്കുന്നപോലെ ഇടനെഞ്ചിൽ കൈപ്പത്തിച്ചേർത്തു.
“ഹൃദയം ‘പൊട്ടിച്ചിതറി’യാണു് പാണ്ഡു കാലംചെന്നതെന്നൊരു വ്യാഖ്യാനം സന്യസ്തരിൽ നിന്നുണ്ടായല്ലോ. മുനിശാപം കൂട്ടുപലിശയോടെ ഇരയെ കണ്ടെത്തി! മരണവൃത്താന്തം അംഗീകൃത വസ്തുതയുമായി ബന്ധപ്പെടുത്തി എങ്ങനെ ബോധ്യപ്പെടുത്തും, അരമന സംശയരോഗികളെ?”, കൊട്ടാരം ലേഖിക ചോദിച്ചു. പാണ്ഡുചിതയിൽ മാദ്രി വെന്തുതീർന്നപ്പോൾ, പാണ്ഡവരുമൊത്തു കുന്തി കുടിലിലേക്കു് മടങ്ങുന്ന നേരം.
“ഒരു അവയവമെന്ന നിലയിൽ ഹൃദയത്തിന്റെ ശക്തിദൗർബല്യങ്ങൾ രതിവികാരങ്ങൾക്കു് വിധേയമെന്ന നവീനകാഴ്ചപ്പാടിൽ നിങ്ങൾക്കു് വേണ്ടതു് രണ്ടു സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന ഒരു മലിന ആഖ്യാനമാണെന്നു വ്യക്തം. ഭാര്യമാർ പരപുരുഷരതി ആസ്വദിക്കുന്നതു് കണ്ട പാണ്ഡുഹൃദയം നുറുങ്ങുകളായി എന്നു് വെട്ടിമാറ്റാതെ എഴുതിപ്പിടിപ്പിക്കൂ. ഹസ്തിനപുരിയിൽ അഭയാർഥികളായി ചെല്ലുമ്പോൾ, സദാചാരസംരക്ഷകരായ നാട്ടുകാർ ഞങ്ങളെ തെരുവോരങ്ങളിൽ കൂട്ടം കൂടി കൂക്കിവിളിക്കട്ടെ. മാദ്രി മഹതി, അവൾ ഭാഗ്യവതി, സതി അനുഷ്ടിച്ചവൾ, ചാരിത്ര്യവതിയായി ലോകമെങ്ങും അവളുടെ ജീവത്യാഗം മഹത്വപ്പെടും. അഞ്ചു ആൺകുട്ടികളുടെ പരിപാലനചുമതലയുള്ള ഞാനോ? പരിഷ്കൃതയെന്നു മേനിനടിക്കുന്ന നിങ്ങളുടെ മുമ്പിൽ ശപിക്കപ്പെട്ട വ്യഭിചാരിണി!”
“വൈകാരികപരിസരത്തിൽ സവിശേഷമായൊരു പൂതേടിയ വിദൂരഭൂതകാലം സൂതന്മാർ പാടിപ്പുകഴ്ത്തി. പ്രിയപ്പെട്ടവളെത്ര മേൽ അന്നു പ്രസന്ന! മറ്റുപാണ്ഡവരപ്പോൾ അസഹിഷ്ണുതയോടെ വിഭാവന ചെയ്തിട്ടുണ്ടാവും, ഉപാധികളില്ലാതെ അവൾ നിങ്ങൾക്കു പൂർണ്ണമായും വിധേയ! ജീവിതസായാഹ്നത്തിൽ ഒന്നോർത്തെടുക്കാമോ, ആ സുരഭിലസ്മരണ?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു. മഹാപ്രസ്ഥാനത്തിൽ പാഞ്ചാലിയുടെ പ്രാണൻ നഷ്ടപ്പെട്ട ദിനം.
“സവിശേഷാധികാരങ്ങൾ അവൾ പാരിതോഷികമായി വാരിക്കോരി എനിക്കു് തന്നതോർമ്മയുണ്ടു്, അതെന്നും ഊഷ്മളതയോടെ നിലനിൽക്കണേയെന്നു് ഞാൻ വിധാതാവിനോടു് യാചിച്ചുകൊണ്ടാണുറങ്ങിയതു്. പക്ഷേ, തുടർന്നും, പൂവഴിയിൽ എനിക്കവകാശപ്പെട്ട ഊഴം പിറ്റേന്നു തെറ്റിച്ചവൾ ഇളമുറ മാദ്രിപുത്രനെ കൈമാടി പായക്കൂട്ടിനു ക്ഷണിച്ചപ്പോൾ എനിക്കു് തിരിച്ചറിവുണ്ടായി, കല്യാണസൗഗന്ധികം, ഒരുരാത്രി കഴിഞ്ഞാൽ, വെറുമൊരു വീണപൂവു്!”
“ദാമ്പത്യബാഹ്യസ്രോതസ്സുകളിൽ നിന്നാണു്, പാണ്ഡവ കുടുംബ നാമധാരികളുടെ ബീജസമ്പാദനമെന്ന കൗരവപ്രചാരണം നിങ്ങൾ നിഷേധിച്ചതായി കാണുന്നില്ല. കുന്തിമാദ്രീ മക്കളുടെ ‘പാണ്ഡവത്വ’ത്തെ കുറിച്ചുള്ള കൗരവആരോപണം അടിസ്ഥാനരഹിതമാണോ? അതോ, വസ്തുതാപരമോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“മാതൃത്വമായിരുന്നു ഞങ്ങളുടെ മഹനീയ ലക്ഷ്യം. ബീജഉറവിടം ദാമ്പത്യത്തിന്റെ വ്യവസ്ഥാപിത അതിർത്തി കടക്കുന്നുവോ എന്ന ചോദ്യത്തിനു്, അത്ര മതി ശരിയുത്തരം. ഭർത്താവിന്റെ ലൈംഗിക ക്ഷമതയെ കുറിച്ചു് ആദ്യരാത്രി മുതൽ എനിക്കു് സംശയം ഉണ്ടായെങ്കിലും, പാണ്ഡു, മഹാരാജാപദവി വഹിക്കുമ്പോൾ, ഷണ്ഡനെന്നു മുദ്രകുത്തി വിവാഹമോചനം നേടാവുന്ന ഭൗതികസാഹചര്യം എനിക്കുണ്ടായില്ല. ചെങ്കോൽ അന്ധധൃതരാഷ്ട്രർക്കു് എറിഞ്ഞു കൊടുത്തു, കാട്ടിലേക്കെന്നു പറഞ്ഞു പാണ്ഡു പോവുമ്പോൾ, എന്നെ വലിച്ചുകൊണ്ടു് പോയി. കഠിന വനവാസത്തിൽ വന്യഭാവന എന്നെ തുണച്ചു. ലാവണ്യശാരീരികതയുടെ ലൈംഗികാകർഷകത്വം പരമാവധി പ്രയോജനപ്പെടുത്തി, രതി പ്രലോഭനത്തിലൂടെ ഗഹനചാരികളെ ഞാൻ ക്ഷണിച്ചു, എന്തുകൊണ്ടു് അപൂർവ്വയിനം വൈവിധ്യ സന്താനഭാഗ്യത്തിനു ഞങ്ങൾ രഹസ്യമായി ശ്രമിച്ചുകൂടാ? അഭിലാഷം പൂവണിഞ്ഞു, പാണ്ഡു മരിച്ചു, ചിതയിൽ മാദ്രിയെ എറിഞ്ഞു, മൊത്തം അഞ്ചു ആൺകുട്ടികളുമായി ഹസ്തിനപുരി കോട്ടവാതിലിനു മുമ്പിൽ നിരാഹാരം കിടന്നു ലോകശ്രദ്ധയാകർഷിച്ചു. ഒരു കുട്ടിക്കും പാണ്ഡുമുഖഛായ ഇല്ലെന്ന ക്ഷുദ്രആരോപണം കൗരവഅന്തഃപുരത്തിൽ നിറഞ്ഞു. വഴിവിട്ട കുന്തിരതിയുടെ സാഹസികകഥകൾ ‘സർഗാത്മക’ കൗരവർ ആ വിധം മെനയുമ്പോഴും, ധൃതരാഷ്ട്രർ ഔദ്യോഗികമായി പാണ്ഡവക്കുട്ടികളെ കുരുവംശകൂട്ടുകുടുംബത്തിൽ ഉൾപ്പെടുത്തും വരെ, ശ്രമകരമായെങ്കിലും ഞാൻ, നയപരമായ മൗനം പാലിച്ചു. പാണ്ഡവർ ഖാണ്ഡവപ്രസ്ഥത്തിലേക്കു പോയി കാടു് വെട്ടി സ്വന്തം നാടു സ്ഥാപിച്ചതോടെ, ഇതാ വാ തുറക്കുന്നു. ഇനി നിങ്ങൾ രാജമാതാക്കളുടെ ഈറ്റില്ലത്തിൽ തെളിവു് പെറുക്കാൻ ചുറ്റിക്കറങ്ങുന്നതു് കണ്ടാൽ…” നഖമുള്ള ചൂണ്ടു വിരൽ കൊട്ടാരം ലേഖികയുടെ കണ്ണിനു നേരെ കൃത്യം നേരെ കുന്തി കുറ്റകൃത്യത്തിനെന്നപോലെ നീട്ടി!
“ഭർത്തൃമാതാവിനെ പ്രകീർത്തിക്കുന്നൊരു പരിപാടി ചെയ്യാൻ മാത്രം കുന്തി നിങ്ങൾക്കു് ഇപ്പോഴും അത്രമേൽ പ്രിയങ്കരിയാണോ, അതോ?” കൊട്ടാരം ലേഖിക മഹാറാണി പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി.
“വൈകാരികവും ഭൗതികവുമായ അകലം പാലിച്ചു ആവുന്നത്ര ഞങ്ങളിൽ നിന്നും മാറി നില്ക്കാൻ വിവേകം കാണിച്ച വനിതയാണവർ എന്നതിൽ അഭിപ്രായസമന്വയമുണ്ടു്. പക്ഷേ, ഇന്നു് അരങ്ങേറ്റ മൈതാനത്തിൽ എന്റെ അവതരണത്തിൽ വരുന്ന നൃത്ത സംഗീത നാടകം അവരെ പറ്റിയല്ല. കാലാതിവർത്തിയാവാൻ കാരണമുള്ള ഗാന്ധാരീ വിലാപമാണു്, സദസ്സിൽ നിങ്ങളും ഉണ്ടാവില്ലേ?”, പുത്തൻ നൃത്ത വസ്ത്രങ്ങളുമായി തയ്യൽക്കാർ ശ്രദ്ധയാകർഷിച്ചപ്പോൾ അഭിമുഖം നിലച്ചു.
“അശ്വത്ഥാമാവു് മരിച്ചു എന്ന നിങ്ങളുടെ കല്ലുവച്ച നുണ വിശ്വസിച്ച പാവം ദ്രോണർ, കൊല്ലപ്പെട്ടതു് ഏകപുത്രനെന്നറിഞ്ഞ ദുഃഖം സഹിക്കാൻ മേലാതെ ഹതാശനായി അമ്പും വില്ലും താഴെ യിട്ടതോടെ, കൗരവ സർവ്വസൈന്യാധിപനായ ദ്രോണരുടെ വധം പാണ്ഡവ സർവ്വസൈന്യാധിപനായ ധൃഷ്ടധ്യുമ്നനു് എളുപ്പമായി എന്നു് പാണ്ഡവസാക്ഷിമൊഴി കേട്ടല്ലോ”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. കുരുക്ഷേത്ര.
“നുണ? അതൊരു പരിപൂർണ്ണ നുണയാണോ? ആ വിധം നട്ടാൽ കിളിർക്കാത്ത അസത്യം പറഞ്ഞില്ല എന്നാണറിവു്. അശ്വത്ഥാമാവു് എന്നൊരു കൗരവആനയെ പാണ്ഡവരിൽ ചിലർ ആ വിധം വിളിക്കാറുണ്ടായിരുന്നു. ആന പോർക്കളത്തിൽ ഇന്നു് സാന്ദർഭികമായി കൊല്ലപ്പെട്ടപ്പോൾ, “ആന അശ്വത്ഥാമാവു് ചെരിഞ്ഞു” എന്നുച്ചരിക്കുന്നതിനു പകരം, “അശ്വത്ഥാമാവു് മരിച്ചു” എന്നു് ഉള്ളറിയാതെ ഉച്ചരിക്കുമ്പോൾ, അഭിവന്ദ്യ ദ്രോണർ അടുത്തുണ്ടായിരുന്നു! കൗതുകകരമായി തോന്നാവുന്നൊരു ആകസ്മികത എന്നതിൽ കവിഞ്ഞെന്തേങ്കിലും ദുരർത്ഥം അതിനുണ്ടെന്നു വ്യാഖ്യാനിക്കുന്നതിനോടു് എനിക്കെന്തായാലും യോജിപ്പില്ല. സർവജീവജാലങ്ങൾക്കും ജീവിക്കാൻ ഒരു പോലെ അവകാശം കൊടുക്കുന്ന ഒരാവാസവ്യവസ്ഥ കിനാവുകാണുന്ന എന്നെ പോലൊരു പ്രകൃതിസ്നേഹിക്കു പ്രത്യകിച്ചും!, യുധിഷ്ഠിരൻ കളവുപറഞ്ഞു കുരുക്ഷേത്രയിൽ കാര്യം നേടി എന്നോ, വിശദീകരണം ചോദിച്ചപ്പോൾ അർദ്ധസത്യങ്ങളുടെ അകമ്പടിയുമായി വന്നു എന്നൊക്കെ നിങ്ങൾ നാളെ എഴുതിപ്പിടിക്കുക്കുവാൻ എന്തെളുപ്പം!”
“ഇതാണോ യുദ്ധാന്തര ഹസ്തിനപുരി ചക്രവർത്തിനിക്കുള്ള ഔദ്യോഗികവസതി?”, നിലവിലുള്ള ധൃതരാഷ്ട്ര ഭരണകൂടത്തിലെ കൊട്ടാരം സർവാധികാരിക്കു് നേരെ പാഞ്ചാലി ക്രോധം മറച്ചുവച്ചു വിരൽ ചൂണ്ടി.
“രാജകീയ പദവി സംബന്ധിച്ചു് നിങ്ങൾക്കു് പറ്റിയ തെറ്റു് ആദ്യം ഞാൻ തിരുത്തട്ടെ. പാണ്ഡവർ യുദ്ധം ജയിച്ചു എന്നു് യുദ്ധ നിർവഹണ സമിതിയുടെ അധ്യക്ഷൻ രേഖാമൂലം കൊടുക്കേണ്ട സാക്ഷ്യപത്രം കിട്ടിയിട്ടില്ല. കിട്ടിയാൽ, ‘എല്ലാം’ പരിശോധിച്ചു് ധൃതരാഷ്ട്രരിൽ നിന്നു് ചെങ്കോൽ ഏറ്റുവാങ്ങാൻയുധിഷ്ഠിരനു് യോഗ്യതാവിലക്കൊന്നും ഇല്ലെങ്കിൽ, (വനവാസ ശിക്ഷകാലാവധി കഴിഞ്ഞാലും, പൗരാവകാശം സംബന്ധിച്ചു വ്യക്തത വരണം) നിങ്ങൾക്കു അർഹതപ്പെട്ട പട്ടം ‘മഹാറാണി’ എന്നു് മാത്രമാണു്. അതും, വേറെ ഭാര്യ ഇല്ലെന്നു നിയുക്തരാജാവു് യുധിഷ്ഠിരൻ സത്യവാങ്മൂലം തരണം. ഇന്ദ്രപ്രസ്ഥത്തിൽ നിങ്ങൾ സ്വയം ചക്രവർത്തിനി എന്നു് വിളിച്ചിരുന്നു എന്നു് ഞങ്ങൾ പറഞ്ഞുകേട്ടിട്ടുണ്ടു്. ‘വിരൽ ചൂണ്ടി’യുള്ള ചോദ്യത്തിലേക്കു് വന്നാൽ, നിങ്ങൾക്കായി കരുതിവച്ച ഔദ്യോഗിക വസതിക്കെന്താ ഒരു കുഴപ്പം? സൂക്ഷിക്കുക, എന്റെ നേരെ നിങ്ങൾ കുതിരകയറണ്ട. ഞാൻ അംഗപരിമിതൻ, അതുകൊണ്ടു പാണ്ഡവവിഘടനവാദികൾക്കെതിരെ കുരുക്ഷേത്രയിൽ യുദ്ധസേവനത്തിനു ശാരീരികയോഗ്യത യില്ലാതെ ഇപ്പോൾ കൊട്ടാര ഭരണം ചെയ്യുന്നു. ഈ കാണുന്ന രാജവസതിയിലാണു് എന്റെ അച്ഛനും, കൗരവ രാജകുമാരനുമായിരുന്ന ദുര്യോധനൻ കഴിഞ്ഞ അമ്പതു കൊല്ലം ഭാര്യയുമൊത്തു് അന്തിയുറങ്ങിയതു്. അറിയാമല്ലോ ഏകഭാര്യ ഏക ഭർത്താവു. കൌതുകം തോന്നുന്നുണ്ടല്ലേ? ശത്രുനാശത്തിനു കാളിപ്രീതിക്കായി ഈ വസതിയിൽ മൃഗബലി ചെയ്തിരുന്നെങ്കിലും, സ്ഥിരം ശുചീകരണ തൊഴിലാളിക്കു് കുരുക്ഷേത്രയിൽ നിർബന്ധിത സേവനം ആയിരുന്നതുകൊണ്ടു്, ഒരു മാസമായി അടിച്ചുകഴുകൽ ഉണ്ടായില്ല, അതു് കൊണ്ടെന്താ? പന്ത്രണ്ടുവർഷം സന്യസ്ഥാശ്രമങ്ങളിലെ ജൈവമാലിന്യം സ്വയം കോരിനീക്കി നിങ്ങൾ വിസർജ്ജ ശുചീകരണതൊഴിലിൽ നൈപുണ്യവികസനം നേടിയ പരിചയസമ്പന്നയല്ലെ? ആഞ്ഞുപിടിച്ചാൽ നിങ്ങൾക്കും ഭർത്താക്കന്മാർക്കും സുഖവാസയോഗ്യമാക്കിക്കൂടെ ചരിത്രപ്രാധാന്യമുള്ള ദുര്യോധനവസതി? ഇതു് ഔദ്യോഗികമായി എന്നെന്നും അറിയപ്പെടെണ്ടതും ‘ദുര്യോധന നിവാസ്’ എന്ന ആ പേരിൽ തന്നെ”, കൊട്ടാര താക്കോൽസൂക്ഷിപ്പുകാരന്റെ വാക്കുകൾ പുരോഹിത മന്ത്രോച്ചാരണം പോലെ ആചാരസമ്പുഷ്ടമായിരുന്നു.
“ഭീമനല്ല കീചകകൊലയാളി എന്നു പറയാൻ തെളിവുണ്ടോ?” പത്രപ്രവർത്തകരുടെ പെരുമാറ്റച്ചിട്ട പാലിച്ചു കൊട്ടാരം ലേഖിക ചോദിച്ചു. ‘ചത്തതു് കീചകനെങ്കിൽ കൊന്നതു് ഭീമൻ തന്നെ’ എന്ന ഭീഷ്മ വായ്ത്താരി ഹസ്തിനപുരി നഗരവാസികൾ ആവേശത്തോടെ ആവർത്തിക്കുന്ന അശാന്തദിനങ്ങൾ.
“കീചകമണ്ഡപം ചുറ്റിനടന്ന പത്രപ്രവർത്തകയല്ലേ നിങ്ങൾ? നേരിൽ കണ്ടതൊക്കെ മനസ്സിന്റെ മുൻനിരയിലേക്കു് കൊണ്ടു വരൂ. ഉണ്ടെണീറ്റാൽ നിലത്തു വറ്റും ചാറും, എല്ലും മുള്ളും, ചിതറിക്കിടക്കുന്ന ഒന്നല്ലേ ഭീമന്റെ തീൻമുറിമര്യാദ? ഒരു മാലിന്യപ്രിയനെങ്ങനെ ശുചിയായി നിർവഹിച്ച കീചകക്കൊലയുടെ കാർമികത്വം മികവോടെ ചെയ്യാനാവും? കൊട്ടാരം വൈദ്യൻ ജഡം വെട്ടിമുറിച്ചൊന്നും നോക്കിയില്ലെങ്കിലും വിവസ്ത്രഉടൽ തിരിച്ചും മറിച്ചും വെളിച്ചത്തിൽ പരിശോധിച്ചു. ഗാഢമായി ഉറങ്ങുന്നവനെ പോലെ ആ പച്ചപ്പരിഷ്ക്കാരി ജീവൻമുക്തിയിൽ. കങ്ങിയ കഴുത്തോ, ചുണ്ടിൽ കട്ടകെട്ടിയ ചോരയോ, തുറിച്ച കണ്ണുകളോ പൊട്ടിയ നെഞ്ചിൻകൂടോ, മാത്രമോ, അവന്റെ അടിവസ്ത്രത്തിൽ വിസർജ്ജ്യം പണത്തൂക്കം പോലുമില്ല, എന്നല്ലേ ശരീരപരിശോധകൻ അഭിമാനത്തോടെ അവകാശപ്പെട്ടതു്. എന്നുപറഞ്ഞാൽ, പരപീഡനമേറ്റപാടു് ഒന്നുമില്ല. കൊലയാളി വേറെ ആരായാലും, ഞങ്ങളുടെ ഊട്ടുപുരപാചകക്കാരൻ കൂടിയായ നിങ്ങളുടെ ഭീമനല്ല എന്നു് ലോകത്തോടു് വിളിച്ചു പറയുന്ന പോലെ! അറക്കാൻ ഒരു കാളക്കുട്ടിയെ കിട്ടിയാൽ പോലും കാട്ടുപോത്തിനെ കൊല്ലാനുള്ളത്ര ബലം ഉപയോഗിക്കുന്നൊരു പരുക്കൻ പോരാളിയുടെ ഭീഷണസാന്നിധ്യം കീചകജഡത്തിൽ ഇല്ല എന്നു ഞാൻ പറഞ്ഞാൽ കാണികൾ എന്തുകരുതണം? കൊലയുടെ ഉദ്ദേശ്യ ലക്ഷ്യം ദേശീയസുരക്ഷയിൽ ഞങ്ങൾ പുറത്തുവിടുന്നില്ല, എന്നാൽ കൊലയുടെ നാഥൻ ഭീമനല്ല എന്നതൊരു സാമാന്യയുക്തി, വേറെ തെളിവൊന്നും മനഃസ്സാക്ഷി ചോദിച്ചില്ല”, കീചകസഹോദരിയും മഹാറാണിയുമായ സുദേഷ്ണയുടെ ഭർത്താവു് വിരാടരാജാവു് ഒഴുകുന്ന വെള്ളത്തിൽ കൈകൾ വീണ്ടും കഴുകി കുടഞ്ഞു.
“യുദ്ധം മുഴുവൻ മെനക്കെട്ടു് കണ്ടപ്പോൾ ഒരുകാര്യം ഞങ്ങൾക്കു് വ്യക്തമായിരുന്നു. നിങ്ങളഞ്ചുപേരും നൈപുണ്യവികസനം നേടിയതു ദ്രോണ സൈനികപരിശീലനകേന്ദ്രത്തിലെങ്കിലും പ്രിയ മാരകായുധങ്ങൾ വേറെ വേറെ. ഗദ കൊണ്ടു് ശത്രുതുടയെല്ലു് പൊട്ടിക്കുന്ന ഭീമനും, ചതിയിൽ കൂരമ്പെയ്തു കർണ്ണന്റെ കരൾ പൊളിക്കുന്ന അർജുനനും, കുന്തംകൊണ്ടു് ശത്രുഹൃദയം തുളയ്ക്കുന്ന നിങ്ങളും. ദ്രോണ കർണ ദുര്യോധന, ഇവരോടൊക്കെ ഏറ്റുമുട്ടി ഉയിർ പോകാതെ രക്ഷപ്പെട്ടെങ്കിലും, കുപ്രസിദ്ധ യുധിഷ്ഠിരശൂലം കൊന്നു കൊലവിളിച്ചതു കൗരവരെയല്ല, കർണ്ണ തേരാളി ശല്യനെ ആണെന്നറിഞ്ഞപ്പോൾ നിരാശയും തോന്നി. കൗരവവധം നിങ്ങൾ ശരിക്കും ചെയ്തെങ്കിൽ, ഉദ്ധരണിയായി ‘ഹസ്തിനപുരി പത്രിക’യിൽ ഉപയോഗിക്കാൻ കുരുക്ഷേത്ര സ്മരണ പങ്കിടാമോ?”, കൊട്ടാരം ലേഖിക ചോദിച്ചു. പോരാട്ട വിജയത്തിന്റെ വാർഷികാഘോഷം.
“യുദ്ധമികവിനു ആഗോളതല പ്രശംസനേടിയ മഹാരാജാവിനെ കനിവില്ലാതെ ഇനി അഭിമുഖം ചെയ്യരുതേ. രാത്രി വിളക്കു് കെടുത്തിയാൽ, ചത്തു് പോയ കൗരവരുടെ ഗതികിട്ടാത്ത ആത്മാക്കൾ, “കണ്ണിൽ നഖം ആഴ്ത്തിയും, കഴുത്തു ഞെരിച്ചും എന്നെ വേദനിപ്പിക്കുന്നല്ലോ” എന്നു് യുധിഷ്ഠിരൻ പച്ചക്കു നിലവിളിക്കും. മുഖത്തു് വെള്ളം തളിച്ചു് ബോധം വരും വരെ ക്ഷമയോടെ കാത്തിരിക്കാൻ ഞാൻ മാത്രമേ അപ്പോൾ പാതിരാവിൽ കൂട്ടു് കാണൂ”, പാഞ്ചാലി ഒരു കൈ കൊണ്ടു് കൊട്ടാരം ലേഖികയെ തടയുന്നപോലെ പ്രതീകാത്മകമായി വാപൊത്തി. കണ്ണുതുറന്നു കിടന്നു മഹാരാജാവു് യുധിഷ്ഠിരൻ ഉച്ചയുറക്കത്തിലായിരുന്നു.
“അജ്ഞാതവാസത്തിനായി ഇറങ്ങിയ പാണ്ഡവർക്കു് നിങ്ങൾ അരമനയിൽ അഭയം കൊടുക്കുന്നു എന്ന സ്തോഭജനക വിവരം, ദുര്യോധനൻ കീചകനു് കൈമാറിയതോടെയാണു് നിങ്ങൾ, ഭാവിയിൽ അത്തരം വഞ്ചന ഉണ്ടാവാതിരിക്കാൻ, ഭാര്യാസഹോദരൻ കൂടിയായ സേനാപതിയെ വകവരുത്താൻ, ഭീമനെ നിയോഗിച്ചതു് എന്നാണു് പ്രാദേശിക സ്രോതസ്സു് വഴി കിട്ടിയ പുത്തനറിവു്. അരമന പാചകക്കാരനായി ഒളിച്ചുതാമസിക്കുന്നഭീമനെ നിങ്ങൾ വിളിച്ചുവരുത്തി ഭയപ്പെടുത്തി, ആറംഗ പാണ്ഡവ അഭയാർത്ഥികളെ ശത്രുകൗരവിൽനിന്നും വർഷം മുഴുവൻ മറച്ചുവെക്കാൻ നിങ്ങൾ സഹായിക്കണമെങ്കിൽ, ഭീമൻ ആരുമറിയാതെ കീചകനെ ഒളിച്ചിരുന്നു് കൊല്ലണം. സ്ത്രീപീഡന പരാതി സൃഷ്ടിക്കാൻ, റാണി സുദേഷ്ണയുടെ തോഴിയായി അന്തഃപുരത്തിൽ ഒളിവിൽ കഴിയുന്ന ‘അതിജീവിത’ പാഞ്ചാലിയുടെ സഹകരണവും നേടണം. ഭാര്യയെന്ന നിലയിൽ അനുജനെ കൊല്ലാൻ സുദേഷ്ണ നിങ്ങളുടെ പദ്ധതിയുമായി സഹകരിക്കുന്നുണ്ടു്, മദ്യവും മാംസ ഭക്ഷണവുമായി രാത്രി കീചകവസതിയിലേക്കു അണിഞ്ഞൊരുങ്ങിപ്പോവാൻ പാഞ്ചാലിയും സന്നദ്ധ. വ്യത്യസ്ത ശാക്തികചേരികളെ കൂടെനിർത്തി വധവുമായി സഹകരിപ്പിക്കാൻ മാത്രം, യുവകീചകൻ നിങ്ങളോടു് എന്തിനു ശത്രുത?” കൊട്ടാരം ലേഖിക ചോദിച്ചു.
“സിംഹാസനത്തിനു ഭീഷണി ഉണ്ടു് ഭാര്യാസഹോദരനിൽ നിന്നും! പ്രതിവിധി കണ്ടല്ലേ പറ്റൂ. കുതിരപ്പന്തിയിൽ നിർമ്മിക്കപ്പെടുന്ന വാർത്താവിഴുപ്പു് തോണ്ടിയെടുത്ത നീ, വിരാടരാജ്യം വിട്ടുപുറത്തു ചാടാതിരിക്കാൻ ഏർപ്പാടു് നേരത്തെ ചെയ്തുകഴിഞ്ഞു. ദൈവത്തിന്റെ ഇടപെടൽ നിനക്കനുകൂലമായില്ലെങ്കിൽ, തേവിടിശ്ശികൾ കൂട്ടുള്ള തുറുങ്കിൽ നീ കിടക്കും. വച്ചതും തിന്നതുമൊക്കെ വാർത്തയാകുന്ന ദിനചര്യ വിട്ടു്, രാജ്യതന്ത്രത്തിൽ കയറിയോ നീ, മാധ്യമകീടമേ?”
“പതിനെട്ടു ദിവസവും മരണത്തെ കുരുക്ഷേത്രയിൽ മുഖാമുഖം കണ്ടതു് കൊണ്ടാണോ ദാർശനികവ്യഥ നിഴലിക്കുന്ന വിദൂര നോട്ടം?” ആശംസയർപ്പിക്കാൻ വരിനിന്ന കൊട്ടാരം ലേഖിക യുധിഷ്ഠിരന്റെ മുമ്പിൽ എത്തിയപ്പോൾ ഉപചാരപൂർവം മുട്ടു് കുത്തി കൈമുത്തി.
“വിശ്വപ്രകൃതിയിൽനിന്നും അനുവദിച്ചുകിട്ടുന്ന ഓരോ പുതുദിനത്തിലും വിധാതാവിനു കൃതജ്ഞതയുടെ പൂച്ചെണ്ടു് എന്നു് ശിരസ്സു് കുനിച്ചു വിനീതവാനാണു് മനഃസാക്ഷി എന്നെ എക്കാലവും പ്രേരിപ്പിക്കുന്നതെങ്കിലും, യുദ്ധാനന്തരഭരണകൂടം നേരിടുന്ന ജീവന്മരണപോരാട്ടം ഞങ്ങൾ നേരിടാൻ പോവുന്നു! കൗരവരാജവിധവകളെ അരമനയിൽനിന്നും, വേണ്ടിവന്നാൽ ബലപ്രയോഗത്തിൽ, കുടിയൊഴിപ്പിച്ചു വേണം, പത്തുപതിമൂന്നു കൊല്ലമായി സ്വന്തമായൊരു മേൽക്കൂരയില്ലാത്ത ഞങ്ങൾ അഞ്ചു സഹോദരർക്കും നീണ്ടുനിവർന്നു കിടന്നൊന്നു അന്തിയുറങ്ങാൻ. കുടിയൊഴിപ്പിക്കപ്പെട്ട വിധവകൾ ഞങ്ങൾക്കെതിരെ പ്രക്ഷോഭം തുടങ്ങുമ്പോൾ, മാദ്രി അന്നുചെയ്ത സതി അനുഷ്ഠിക്കാൻ അവരെ നീ പ്രേരിപ്പിക്കണം. നീ തുണക്കില്ലേ? അത്താഴവിരുന്നിനു ക്ഷണിക്കുമ്പോൾ യുദ്ധകാര്യ ലേഖകനും പത്രാധിപരും നിന്നോടൊപ്പം വരുമെന്നുറപ്പിക്കുമല്ലോ.”
“സ്ത്രീവിരുദ്ധ ആശ്രമങ്ങളിലെ മാലിന്യസംസ്കരണത്തിനു, മുൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി പാഞ്ചാലിയെ നിങ്ങൾ, വെറുപ്പിന്റെ കൺകണ്ട കുത്തക, നിയോഗിച്ചു എന്ന പാണ്ഡവ ആരോപണത്തോടു് എങ്ങനെ പ്രതികരിക്കുന്നു? വിരാട സൈനിക പാളയത്തിൽ ഈ വിഷയമാണു് നിങ്ങൾക്കെതിരെ പ്രചരണആയുധമാക്കുന്നതു”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
“സഹവർത്തിത്വത്തോടെ ജീവിച്ച നൂറോളം കൗരവരാജവധുക്കൾക്കു ‘സൗന്ദര്യപരിശീലന’മെന്ന പേരിൽ സംഘടിപ്പിച്ച രഹസ്യയോഗത്തിലൂടെ ‘ഭർത്താക്കന്മാരെ എങ്ങനെ മനഃശാസ്ത്ര പരമായ വരുതിയിലാക്കാം?’ എന്ന നൈപുണ്യവികസനത്തിൽ വിഷം കുത്തിവച്ച പാഞ്ചാലി, പാണ്ഡവരുടെ നവവധു എന്ന അതിഥി പദവി, ചൂഷണം ചെയ്യുകയായിരുന്നു. നിങ്ങൾ ഓർക്കുന്നുണ്ടാവും. “ഇനി കൗരവവധു എന്ന നാമരഹിത വിശേഷണം സ്വീകാര്യമല്ലെ”ന്നു, അതുവരെയുണ്ടായിരുന്ന പാരസ്പര്യം വിട്ടു, കൗരവസ്ത്രീകൾ ധിക്കാരത്തോടെ കൗരവരോടു് തുറന്നടിച്ചു. ദേശം വേഷം നാട്ടുമൊഴി സംസ്കാരം എന്നിവയുമായി നൂറോളം സ്ത്രീകൾ ഹസ്തിനപുരി കൊട്ടാരജീവിതത്തിൽ നിന്നു് കുരുവംശ കൊടിക്കൂറ തൂത്തുവാരി. ഞങ്ങൾ ഞെട്ടിത്തെറിച്ചു. കൗരവവധുക്കൾ സമരമുഖത്തു എന്നതൊരു പതിവു് കാഴ്ചയായി. രാജ്യം ഭരിക്കേണ്ട കൗരവർ, ഗാർഹികപീഡകരെന്നവർ ആക്ഷേപിച്ചു. സംയമനത്തോടെ ഞാൻ അവസാനം ഇടപെട്ടു. നേതൃത്വം വഹിക്കുന്ന രണ്ടുമൂന്നുപേരെ മാറ്റിനിർത്തി പ്രക്ഷോഭം അമർച്ച ചെയ്യാൻ, വൈദ്യപരിശോധനവഴി ചിത്തഭ്രമമുദ്ര ചാർത്തി, ദൂരെ ഹിമാലയ താഴ്‌വരയിലെ കൊട്ടാരംവക സുഖവാസകേന്ദ്രങ്ങളിലേക്കയക്കേണ്ടി വന്നു. ഖാണ്ഡവ വനത്തിലേക്കു് കുടിയേറ്റക്കാരായി പാണ്ഡവർക്കൊപ്പം ഭാഗ്യാന്വേഷണത്തിനു പാഞ്ചാലി പോവുമ്പോൾ ഞാനുറച്ചു, നീ ഹസ്തിനപുരിയിലെ ഇടവേളയിൽ വിതച്ച വിഷവിത്തുകൾ വളർന്നു വലുതായതൊക്കെ നിന്നെകൊണ്ടു തന്നെ ഞങ്ങൾ കൊയ്യിക്കും. ഒരുനാൾ നിന്നെ കൗരവഅടിമയാക്കി, നഗ്നപാദയാക്കി പകരം വീട്ടും. ഇപ്പോൾ തുറന്നു പറയട്ടെ, ആ പകരംവീട്ടൽ കഴിഞ്ഞു. പാഞ്ചാലിയിപ്പോൾ വിരാടദേശത്തു വിശ്രമിക്കുന്നു എന്നറിഞ്ഞു സന്തോഷം. ഇനി നിങ്ങൾ അവളെ കാണുമ്പൊൾ ഈ ആരാധകന്റെ ആശംസകൾ അറിയിക്കൂ.” ശത്രുക്കളെ തന്ത്രപരമായി നേരിടാൻ തദ്ദേശവാസികൾക്കു സൈനികപരിശീലനം പ്രഖ്യാപിക്കുന്ന പുഴയോരസംഗമത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു മിതഭാഷിയായി ആ ധീരപോരാളി.
“പോരാട്ടഭൂമിയിൽ ഉരുളുന്ന കൗരവതലകൾ തത്സമയം ധൃതരാഷ്ട്രരെ അറിയിക്കുന്നില്ലേ?”, വിദുരർ ഔദ്യോഗിക തിരക്കിനിടയിലും, തന്നെപ്പോലെ സൂതവംശജനും, രാജാവിന്റെ സേവനദാതാവുമായ സഞ്ജയനോടു് രഹസ്യമായി ചോദിച്ചു.
“ഓരോ കൗരവനെയും കൊല്ലുമ്പോഴും ഭീമൻ, മദയാനയെ പോലെ ചിന്നം വിളിക്കുന്നതു് അരോചകമായി തോന്നിയിരുന്ന എനിക്കു് ഈ ‘ശിക്ഷ’ നിർത്താൻ മോഹമുണ്ടായിരുന്നു. അതിനിടയിലാണു് തത്സമയവാർത്താവതരണം വ്യാജപരിപാടിയാണെന്നു രാജാവിനു് രഹസ്യവിവരം കിട്ടി. ഓരോ ദിവസവും പുലർച്ചക്കു ‘ഹസ്തിനപുരി പത്രിക’യുടെ കൊട്ടാരം ചുവരെഴുത്തുപതിപ്പിൽ, തലേന്നു് സന്ധ്യവരെ ഉരുണ്ട മൊത്തം തലകളുടെ പേർവിവരം, യുദ്ധകാര്യലേഖകൻ, കുരുക്ഷേത്രയിൽനിന്നും അർധരാത്രിയോടെ ഹസ്തിനപുരിയിൽ എത്തി, പുലർച്ചയോടെ ചുവരെഴുത്തു പൂർത്തിയാക്കി വായനക്കു തുറന്നുകൊടുക്കുന്നപുത്തൻ പതിപ്പിൽ ചേർക്കുകയായിരുന്നു പതിവു്. കൊച്ചുവിളക്കും മുഖം മൂടിയുമായി ഞാൻ ആദ്യവായനക്കാരനാവും. ‘തത്സമയ’ വാർത്തയായി, രാജാവിനു് ഹിതകരമായ രീതിയിൽ നാടകീയമായി അവതരിപ്പിക്കും. എന്നാൽ തത്സമയംഎന്ന വാക്കിനു വിലയില്ലാത്ത ആസുരകാലം എന്നുപറഞ്ഞു രാജാവതു് നിർത്താൻ എന്നോടു് പറഞ്ഞു. കൗരവരുടെ ആയുധമികവിൽ തെറിച്ചുരുണ്ട പാണ്ഡവരുടെ തലയെണ്ണി പറഞ്ഞാൽ മതി എന്നു ആജ്ഞാപിച്ചതോടെ ഒന്നെങ്കിൽ ഒന്നു് ഉരുളൻ പ്രാർഥിക്കുകയാണുഞാൻ.”
“ഒരു പ്രമുഖ പാണ്ഡവന്റെ സംസാരശേഷി നഷ്ടപ്പെട്ട വാർത്ത പുകയുന്നല്ലോ! വിശദീകരിക്കാമോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ആശങ്കയോടെ ചോദിച്ചു.
“ദുര്യോധനൻ മായികസഭാതലത്തിൽ വഴുക്കി വീണ അന്നു് തുടങ്ങി, അർജുനൻ ദുരർഥം വച്ചു് ഓരോന്നു് പറയാൻ. എന്തിനു ശത്രുദുര്യോധനനെ ഇന്ദ്രപ്രസ്ഥത്തിലേക്കു ക്ഷണിക്കാൻ ഞാൻ അത്യുത്സാഹം കാട്ടി? അന്തഃപുര വസതിക്കരികെയുള്ള മന്ദിരം ദുര്യോധനനു് അനുവദിച്ചതിലായി പിന്നെ കുത്തൽ. സഹിച്ചു. ദുര്യോധനൻ വഴുക്കി വീണതു്, അർജ്ജുനൻ സഭാതലത്തിൽ അശ്രദ്ധമായി മെഴുക്കൊഴുക്കിയതുകൊണ്ടാണെന്ന കാര്യം വിശ്വസ്തചാരൻ നകുലൻ പിന്നീടറിയിച്ചിട്ടും അലമ്പുണ്ടാക്കാതെ ഞാൻ മിണ്ടാതിരുന്നു. മുറിപ്പെട്ട വികാരങ്ങളോടെ വിശിഷ്ടാതിഥി ദുര്യോധനൻ ഹസ്തിനപുരിയിലേക്കു മടങ്ങിപ്പോയ ദിവസം, അർജ്ജുനൻ ഊഴം തെറ്റിച്ചു കിടപ്പറയിൽ അതിക്രമിച്ചു കയറി ‘വിശിഷ്ടാതിഥി’ എന്ന അനർഹപരികൽപ്പന കുടിലകൗരവനു കൊടുക്കുക വഴി അസ്വീകാര്യമായ കീഴ്‌വഴക്കം ഞാൻ സൃഷ്ടിച്ചു എന്നു് ഒച്ചവെച്ചു. കുറെ ചെന്നപ്പോൾ, പവിത്രദാമ്പത്യ വിശ്വസ്തത കൗരവനു് ഞാൻ അടിയറവു് വച്ചുവെന്ന ദുസ്സൂചന സഹിക്കാനാവാതെ, തിരിച്ചടിക്കു് ഞാൻ തയ്യാറായി. പെണ്ണിന്റെ അന്തസ്സു് ഹനിക്കുന്ന നാവു പിഴുതുകളായാൻ കിടപ്പറയുടെ ഇരുട്ടിൽ പറ്റാത്തതു് കൊണ്ടു്, ശരീരസംഗമത്തിനു മുമ്പുള്ള ചുണ്ടുകോർക്കലിൽ, തരം കിട്ടിയപ്പോൾ അർജ്ജുനനാവു കടിച്ചെടുത്തു. ആൺപെൺ ആസ്വാദനരതിയുടെ ഗുണഭോക്താവായി പരമാനന്ദമനുഭവിക്കുമ്പോൾ തന്നെ, ഭാര്യയുടെ ആത്മാഭിമാനത്തെ അവഹേളിക്കുന്ന ഭാഷ ഉപയോഗിക്കുന്നവർക്കുള്ള താക്കീതായി കാണണം ഈ പ്രതീകാത്മക നടപടി. വാ തുറന്നു നിലവിളിച്ച അർജ്ജുനനെ മുറിക്കു പുറത്തേക്കുഞാൻ തള്ളി. പായക്കൂട്ടിനു വരി നിന്ന മറ്റുചില പാണ്ഡവർ, ‘മാരകായുധമായ പെൺപല്ലുപയോഗിച്ചു മനഃപൂർവ്വം ഞാൻ ഇണയെ മുറി വേൽപ്പിച്ചു എന്ന കുറ്റത്തിനു് ഇന്ദ്രപ്രസ്ഥം ശിക്ഷാനിയമം വകുപ്പനുസരിച്ചു നീ പ്രതിസ്ഥാനത്തു നിൽക്കേണ്ടി വരു’മെന്നവർ പേടിപ്പിക്കാൻ ശ്രമിച്ചെങ്കിലും, പുലരും മുമ്പു് ഞാനവരെ വ്യക്തിഗത സേവനമികവിൽ പിന്തുണക്കാരാക്കി. കുറച്ചുനാൾ, മുറിഞ്ഞ നാവുമായി അർജ്ജുനൻ മൗനം പാലിച്ചപ്പോൾ അവനു മനസ്സിലായി എന്താണു് കരളിൽ മുറിവേറ്റ പെണ്ണിനു പ്രണയകേളിയിൽ പുരുഷനോടു് അറ്റകൈയ്യിനു് ചെയ്യാനാവുക. ഇപ്പോൾ ഒന്നോ രണ്ടോ വാക്കുകളൊക്കെ മുക്കിയും മൂളിയും അവ്യക്തമായെങ്കിലും സംസാരിക്കുന്നുണ്ടു് എന്നാണു നകുലൻ കുറച്ചുമുമ്പു പറഞ്ഞതു്. ഇതാണു് യഥാർത്ഥ സംഭവം. നിങ്ങൾ ഇതൊക്കെ എങ്ങനെ തലതിരിച്ചു എഴുതിയാലും ഹസ്തിനപുരി അന്തഃപുരങ്ങളിൽ ആരും അന്തം വിടില്ല എന്നെനിക്കറിയാം, കാരണം, നൂറോളം കൗരവരിൽ എത്ര പേർ ഒന്നിലധികം നാവുണ്ടായിട്ടും വാ തുറക്കുന്നതായി നിങ്ങൾ കണ്ടിട്ടുണ്ടു്? പായിൽ കൂടെ കിടക്കുന്നവരോടു് കൂറ് കാണിക്കുന്നവർ കുടില കൗരവർ.”
“കായികബലമുള്ള നിങ്ങളെ അർജ്ജുനൻ ഗുരുദക്ഷിണയായി ദ്രോണാചാര്യന്റെ മുമ്പിൽ എറിഞ്ഞുകൊടുത്തു!”, കൊട്ടാരം ലേഖിക പാഞ്ചാലരാജാവിനോടു് ചോദിച്ചു, “അങ്ങനെയാണോ അന്നുണ്ടായ ബന്ദിപുരാണം?”
“ഏവർക്കുമറിയാം, കുറച്ചൊക്കെ രൂപസാദൃശ്യമുള്ളരെ പാഞ്ചാല രഹസ്യസങ്കേതത്തിൽ തീറ്റിപ്പോറ്റി നിർത്തുമെന്നും, ആപത്തുകാലത്തവരെ തരം പോലെ കളിക്കളത്തിലിറക്കുമെന്നും. പ്രതികാരദാഹിദ്രോണർ എന്നെ കുരുക്കിട്ടു് പിടിക്കാൻ വിശ്വസ്ത അർജ്ജുനനെ വിടുമെന്നു് രഹസ്യ ചാരവിവരം കിട്ടിയപ്പോൾ ഞാനും കരുതലോടെ എതിർനീക്കത്തിനു തയ്യാറെടുത്തു, കൃത്യസമയത്തു രൂപസാദൃശ്യമുള്ളവരിൽ, ഒരുവനെ, അർജ്ജുനനു് മുമ്പിലേക്കു് എറിഞ്ഞു. കിട്ടിയവനെ കൂട്ടി പാവം പാണ്ഡവക്കുട്ടി ഹസ്തിനപുരിയിൽ എത്തി. വിദ്യാർത്ഥിക്കുമുമ്പിൽ ‘കീഴടങ്ങി’യ ‘പാഞ്ചാലവേഷംകെട്ടുകാ’രനെ കണ്ടു മന്ദൻദ്രോണരും സംപ്രീതനായി. ഞാനപ്പോൾ അരമനയുടെ ഭൂഗർഭഅറയിൽ അപ്പപ്പോൾ വിവരം അറിഞ്ഞു ഭാവി തന്ത്രങ്ങൾ മെനഞ്ഞു. അല്ല, നിങ്ങൾ പത്രപ്രവർത്തകരിലും ഉണ്ടല്ലോ ഉടമ നേരിടുന്ന അടിയന്തരാവസ്ഥ നേരിടാൻ പറ്റിയ ‘മുഖംമൂടികളും പൊയ്ക്കാലുകളും’?”
“ഗംഗയും സത്യവതിയും! ആ രണ്ടു മാതൃബിംബങ്ങളെ വ്യത്യസ്തരീതികളിൽ നേരിട്ടറിഞ്ഞ നിങ്ങൾ, തിരിഞ്ഞു നോക്കുമ്പോൾ, എങ്ങനെ അവരുടെ അന്തഃപുരസാന്നിധ്യവും, രാജാവിലുള്ള ദുസ്വാധീനവും വിലയിരുത്തുന്നു?, ശന്തനുവുമൊത്തവരുടെ അസാധാരണ ദാമ്പത്യം നിങ്ങളോടല്ലാതെ വേറെ ആരോടു് ഞാൻ ചോദിച്ചറിയും!?”, രാജ്യതന്ത്രത്തിൽ നിയുക്ത രാജാവു് യുധിഷ്ഠിരനു് ധാർമ്മികബോധനം ചെയ്തശേഷം, ശരശയ്യയിൽ മാനം നോക്കിക്കിടന്ന പിതാമഹനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“കർശന ഉപാധിവച്ചാണവർ ശന്തനുവുമൊത്തുറങ്ങിയ തെങ്കിലും ഗംഗക്കു് ദാമ്പത്യനിയോഗം ശിശുഹത്യയായി. ഓരോ പ്രസവത്തിനുശേഷവും വിഷാദരോഗബാധ നേരിട്ട ഗംഗ, ആരോരുമറിയാതെ നവജാതശിശുവിനെ പുഴയിൽ ഒഴുക്കുമ്പോൾ, ശന്തനു, വിവാഹനിബന്ധനയനുസരിച്ചു മൗനം പാലിച്ചു. ഗംഗ പെറ്റ എട്ടാമനായ എന്നെ മുക്കിക്കൊല്ലാൻ ശ്രമിച്ച അവളുടെ കൈകളിൽ നിന്നു് ശന്തനു നിലവിളിച്ചു തട്ടിയെടുത്തതോടെ, ദാമ്പത്യചട്ടം തെറ്റിച്ചെന്ന പരാതിയിൽ ഗംഗ, അവിശ്വാസം രേഖപ്പെടുത്തി സ്വർഗ്ഗരാജ്യത്തിലേക്കു യാത്രയായി. സ്വന്തം മകനെ രാജാവാക്കണം എന്ന ഒറ്റക്കാര്യത്തിൽ എക്കാലവുംപിടിച്ചുനിന്ന സത്യവതിയോ? ശന്തനുവിന്റെ എന്തു് രതിദൗർബല്യത്തിനും സമ്മതം മൂളി, അന്തഃപുര രാഷ്ട്രീയത്തിനു പുതിയ ദിശാബോധം നൽകി. അവകാശിയില്ലാതെ മകൻ വിചിത്രവീര്യൻ അകാലത്തിൽ മരിച്ചപ്പോൾ, “കന്യകാത്വം നഷ്ടപ്പെടാത്ത വിധവകൾക്കു് നീ, ഗാംഗേയാ, പായക്കൂട്ടിൽ മാതൃത്വം നൽകി കുരുവംശത്തെ കൂടെ നിർത്തൂ”, എന്നുകെട്ടിപ്പിടിച്ചു കെഞ്ചി. ദുരഭിമാനിയായ ഞാൻ ആജീവനാന്ത ബ്രഹ്മചര്യം ഒരു പതാക പോലെ ഉയർത്തിക്കാട്ടി രാജവിധവകളായ അംബികയെയും അംബാലികയെയും അവർക്കിഷ്ടമില്ലാത്ത വ്യാസനു കിടപ്പറവാതിൽ തുറന്നുകൊടുത്തന്നു തുടങ്ങി എന്റെ പതനം! ഇനി ഏകാന്തമായി വിലപിക്കാൻ എന്നെ അനുവദിക്കൂ, ഈ വ്യർഥജന്മത്തെക്കുറിച്ചു കൂടുതൽ രഹസ്യങ്ങൾ പുറത്താരും അറിയാതിരിക്കട്ടെ!”
“എന്നോ വഴുക്കിവീണ മുള്ളോർമ്മ ഇന്നും കുത്തിനോവിക്കുന്നൊരു നൊമ്പരം, അല്ലെ!” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. പാഞ്ചാലിയും ഭർത്താക്കന്മാരും വനവാസത്തിനായി വടക്കൻ മലമ്പാതയിലൂടെ നീങ്ങുന്ന പ്രഭാതം. ഇന്നലെ ഈ സമയത്തവർ ഹസ്തിനപുരിയിലേക്കു ഇന്ദ്രപ്രസ്ഥത്തിൽനിന്നും ആനപ്പുറത്തും പല്ലക്കിലുമൊക്കെയായി യാത്ര തുടങ്ങിയിട്ടേ ഉള്ളു എന്നവൾ ഓർത്തു.
“നടക്കുമ്പോൾ വഴിയിൽ ചളി വഴുക്കിയും കൂർത്ത കല്ലിൽതട്ടിയും വീണു കാലുളുക്കുന്നതൊന്നും പുറംജീവിതത്തിൽ ഞങ്ങൾക്കു് പുതുഅനുഭവമൊന്നും അല്ലല്ലോ. എന്നാൽ അന്നു് സഭാതലത്തിൽ സംഭവിച്ചതു് അതുപോലൊരു നിഷ്കളങ്ക വഴുക്കലായിരുന്നോ? സഭാതലനിർമ്മിതിതന്നെ ആതിഥ്യമര്യാദയുടെ നികൃഷ്ടലംഘനമല്ലേ? വിളിച്ചുവരുത്തി കബളിപ്പിക്കുന്നൊരു കുതികാൽവെട്ടലായിരുന്നില്ലേ മായികഭാവം പൂണ്ട സഭാതലം. അടുത്തുണ്ടായിരുന്ന പാണ്ഡവരിൽ ചിലർ വാമൂടിയും, ചിലർ വാതുറന്നും ദുരനുഭവത്തിൽ അന്ധാളിപ്പുകാണിച്ചെങ്കിൽ, നേരെ മുകളിൽ മട്ടുപ്പാവിൽനിന്നൊരു കരളിൽ കുത്തുന്നൊരു കാഴ്ച ഞാൻ ഒറ്റനോട്ടത്തിൽ കണ്ടു. ചില്ലുമേടയിലിരുന്നു പ്രണയിനി പാഞ്ചാലി എനിക്കുനേരെ കൂർത്ത കല്ലെറിയുന്നപോലെ പൊട്ടിപ്പൊട്ടി ചിരിക്കുന്നു. വിവശനായി ഞാൻ വെറുംനിലത്തിരുന്നുപോയി. കൈപിടിക്കാൻ അവൾ ചാടിയിറങ്ങിവരുമെന്നു ഞാൻ ഒരു നിമിഷം വിഭവനചെയ്തുവൊ. ഇല്ല യക്ഷിച്ചിരിക്കുശേഷം അപ്രത്യക്ഷയായി. ഒരുവിധം എഴുനേറ്റു ഞാൻ ഇന്ദ്രപ്രസ്ഥം കൊട്ടാരത്തിൽ നിന്നു് യാത്ര ചോദിക്കാൻ അന്തപുരത്തിൽ പോയപ്പോൾ, അവൾ മുഖം കഴുകി മിനുക്കി വാതിൽക്കൽ! ഗൂഢപരിഹാസത്തിന്റെ ധൂമകേതുക്കൾ മിന്നിപ്പായുന്ന ആ സുന്ദരമുഖത്തേക്കുനോക്കി ഞാൻ അപ്പോൾ പുഞ്ചിരിയോടെ പറഞ്ഞു, മികച്ച ആതിഥ്യത്തിനു നന്ദി. ആർക്കറിയാം ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയുടെ പട്ടുപുതച്ച ഈ തോളിൽ മാറാപ്പുകേറുമോ? ആ മാറാപ്പുമായാണു് പാഞ്ചാലി വഴിനടക്കുന്നതു് ഇപ്പോൾ നിങ്ങൾ കാണുന്നതു്!”
“ആസ്വദിച്ചു കൊല്ലുമോ ധൃതരാഷ്ട്രരുടെ മക്കളെ?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു. നിറഞ്ഞ വയറും ആളിപ്പുകയുന്ന ഹൃദയവുമായി കുരുക്ഷേത്രയിൽ കുലുങ്ങിക്കുലുങ്ങിയോടി, ആയുഷ്ക്കാല വൈരാഗ്യത്തോടെ അർധസഹോദരരെ ഒന്നൊന്നായി പിടികൂടി നഗ്നഹസ്തങ്ങളാൽ വകവരുത്തുകയായിരുന്നു രൗദ്രഭാവത്തിൽ അഭിരമിക്കുന്ന പാണ്ഡവൻ.
“നിങ്ങൾക്കറിഞ്ഞുകൂടാ, ഇരയും ഞാനും തമ്മിലുള്ള സരസ വാമൊഴിലീല! മലർത്തിക്കിടത്തി നെഞ്ചിൽ ഇരുകാലുകളും കവച്ചുവച്ചു പതുക്കെ ഇരിക്കുമ്പോൾ തന്നെ, കീഴ്പ്പെട്ടു തുടങ്ങിയ ഇരക്കുമനസ്സിലാവും, ഇതു് മാരകായുധം കൊണ്ടുള്ള തീക്കളിയല്ല. ഒന്നും രണ്ടും കുടുംബവിശേഷങ്ങൾ ചോദിച്ചറിഞ്ഞു ഞാൻ തുടക്കത്തിലൊന്നു പരിഭവിക്കും. “ഇനിയെങ്കിലും ഞാൻ എന്റെ ജോലിചെയ്യെട്ടെടാ” എന്നുപറഞ്ഞുകൊണ്ടവന്റെ കഴുത്തിൽ ആഞ്ഞുപിടിക്കും. ഞെട്ടലുണ്ടാവും മുഖത്തപ്പോൾ. പരിഭ്രമത്തോടെ ആ ഉടലൊന്നു ഇളകും എന്നെ കുടഞ്ഞുമാറ്റാൻ അവൻ ശ്രമിക്കുമ്പോൾ ഓമനമുഖം മറുകൈപ്പത്തികൊണ്ടു ഞാൻ അള്ളിപ്പിടിക്കും. “ഭീമാ അവനെ വിടൂ, മകൻ യുദ്ധത്തിൽ മരിച്ചു ശവസംസ്കാരം ഇന്നുരാത്രി കഴിഞ്ഞിട്ടു് നീ വേണമെങ്കിൽ ധാർമ്മികമായി വധം ചെയ്യൂ”, എന്നു് കൃപാചാര്യർ കൗരവനു വേണ്ടി കേഴുമ്പോൾ പിടി ഞാൻ വിടും. കൗരവമുഖമപ്പോൾ തുറിച്ചുനോക്കി ഉടൽകുടഞ്ഞു ചാടി എണീക്കുമ്പോൾ കർശനമായ നോട്ടത്തോടെ ഞാൻ ഇടപെടും. വളർത്തിപ്പരിപാലിക്കുന്ന വലതുകൈ വിരൽനഖങ്ങൾ അവന്റെ കരൾഭാഗം നോക്കി, ഒരു നരസിംഹത്തെപ്പോലെ അവതാരലക്ഷ്യം നിർവ്വഹിക്കും. വധലീലകളിൽ സമയം പോയതറിയാതെ ചുറ്റും പകച്ചു ഞാൻ നോക്കുമ്പോൾ, ശരിയാണല്ലോ പോർക്കളി നിർത്തി കൂലിപ്പടയാളികൾ ആയുധങ്ങളും ചുമന്നു പാളയത്തിലേക്കു് അപ്പോൾ മടങ്ങിപ്പോവുന്നുണ്ടാവും. കുളിക്കണം ഉടൽ ശുദ്ധമല്ലെങ്കിൽ പാഞ്ചാലി എന്നെ പായക്കൂട്ടിൽ നിന്നും ബഹിഷ്കരിക്കും വരുന്നോ ഒപ്പം നീന്താൻ?”
“കൊള്ളസംഘമായി കുതിരപ്പന്തികളിലും വഴിയോര ഭക്ഷണ ശാലകളിലും ചിത്രീകരിക്കപ്പെടുന്നുണ്ടല്ലോ. അറിയാറില്ലേ?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
“ചൂതാട്ടമായിരുന്നില്ല പാണ്ഡവ പതനത്തിനു കാരണം. സദാചാര ബോധത്തെ വേദനിപ്പിച്ച കാര്യങ്ങൾ ആയിരുന്നു. അർജ്ജുന ഭാര്യയുമായി മറ്റു നാലു പാണ്ഡവർ പുലർത്തിയ അവിഹിത ബന്ധം ഹസ്തിനപുരി ശിക്ഷാനിയമമനുസരിച്ചു നടപടി നേരിടണമെന്നു് ബോധ്യപ്പെട്ടപ്പോൾ, പെരുമാറ്റച്ചട്ടത്തിന്റെ കാവൽക്കാരായ ഭീഷ്മരും വിദുരരും അംഗീകരിച്ചു. ചൂതാട്ടത്തിൽ യുധിഷ്ഠിരൻ ഒന്നിനൊന്നു മോശം മാതൃകയായിരുന്നപ്പോളും പണയ വസ്തുക്കൾ തിരിച്ചു കൊടുത്തു ഞങ്ങൾ അവരെ യാത്രയാക്കി. പോവാനൊരുങ്ങുമ്പോഴാണു്, ശിക്ഷാനിയമത്തിലെ ദാമ്പത്യേതര രതിബന്ധവകുപ്പു അവരെ തിരിഞ്ഞുകുത്തിയതു്. അർജുനൻ എന്തിനു ശിക്ഷിക്കപ്പെട്ടു അല്ലെ? സഹോദരന്മാരുടെ ലൈംഗികാതിക്രമത്തിൽ നിന്നു് ഭാര്യപാഞ്ചാലിയെ രക്ഷിക്കാനാവാത്ത ഭർത്താവിന്റെ തലവെട്ടാൻ വകുപ്പില്ലാതിരുന്നതുകൊണ്ടാണയാളുടെ കഴുത്തിനുമേൽ ഇപ്പോഴും ശിരസ്സു്. യുദ്ധമുണ്ടായാൽ, അർജ്ജുനകഴുത്തു തനിക്കു തരണമെന്ന കർണ്ണന്റെ ആവശ്യം പരിഗണനയിലുണ്ടു്. എന്തു അപരാധവും ഞങ്ങൾ പൊറുക്കും—ദാമ്പത്യഅവിശ്വസ്തത ഒഴികെ. കൗരവർ കൊലപ്പുള്ളികളെന്നു പ്രചരിപ്പിക്കുന്ന പാണ്ഡവരോടു് ആത്മാർത്ഥമായി പറയട്ടെ, കൗരവർ ഓരോരുത്തരും മറ്റു സഹോദരന്മാരുടെ ഭാര്യമാരെ അഭിസംബോധന ചെയ്യുന്നതു് ‘അമ്മ’ എന്നാണു. എന്നാൽ ഇളമുറ മാദ്രിപുത്രൻ സഹദേവൻ വയസ്സുമൂത്ത പാഞ്ചാലിയെ അധികാരത്തോടെ നീ എന്നു് വിളിക്കുന്നതു് കേട്ടപ്പോൾ കൗരവ ചോര തിളച്ചു. തിരക്കുണ്ടു്, യമുനയിൽ നിന്നു് നീർച്ചാലുകൾ വലിച്ചു പരിഹാരം കാണുന്നൊരു ജലസാക്ഷരത സംരംഭത്തിലാണു് ഞങ്ങൾ. കൂടെ വരുന്നോ? അതോ, ദൂഷണകഥകൾ തേടി നിരങ്ങാനുണ്ടോ അന്തഃപുര തിണ്ണകൾ?”
“പോർക്കളത്തിൽ പടവാളുയർത്തുമ്പോഴും യുധിഷ്ഠിരൻ, പോരാട്ടധാർമ്മികത അശേഷം വിടാത്ത കുരുക്ഷേത്രഓർമ വല്ലതുമുണ്ടോ, വായനക്കാരുമായി പങ്കുവക്കാൻ?”, പാണ്ഡവ വക്താവും, ഇളമുറ മാദ്രീപുത്രനുമായ നകുലനോടു് കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി.
“ഉടലും താങ്ങി ഭീമൻ കൗരവർക്കുപിന്നാലെ ഓടിയോടി തളർന്നിരുന്നെങ്കിലും, വീര്യം വിടാതെ, ഒരു പ്രമുഖകൌരവനെ ഓടിച്ചിട്ടു് പിടിച്ചു്, ഞെക്കിക്കൊല്ലാനുള്ള മോഹം കരളിൽ തിളക്കുമ്പോൾ, ഇരയുടെ അരക്കെട്ടിലാരോ ഊരാകുടുക്കിട്ടു, കയർ പിന്നിലേക്കു് വലിക്കുന്നു! വിസ്മയത്തിൽ തിരിഞ്ഞു നോക്കിയപ്പോൾ, ‘അതാ, ഒളിവിൽ പോയ സാക്ഷാൽ യുധിഷ്ഠിരൻ!’ വാളുള്ളപ്പോൾ നീ നഗ്നഹസ്തങ്ങൾ കൊണ്ടു് പ്രതിയോഗിയെ ‘അധാർമ്മികമായി’ ഞെക്കിക്കൊല്ലാമോ?” എന്നു് ഒരു നേതൃപാടവമുള്ള ജ്യേഷ്ഠനെപ്പോലെ ശാസനയുടെ സ്വരത്തിൽ ചോദിച്ച യുധിഷ്ഠിരൻ, ബന്ദി കൌരവനെ തട്ടിപ്പറിച്ചെടുത്തു, മലർത്തിക്കിടത്തി കഴുത്തറത്തു ചോര കലർന്ന വാൾ ചുഴറ്റി, വെല്ലുവിളിച്ചു.
“ഭീമാ ഇന്നു് കൌരവമാറു നീ എത്ര പിളർത്തി?”
“ബഹുഭർത്തൃത്വമെന്നൊരു സ്ത്രീവിരുദ്ധസംരംഭത്തിൽ ദുഷ്ടലാക്കോടെ ഇടിച്ചുകയറി, മൂപ്പിളമആധിപത്യത്തിനായി വളഞ്ഞവഴി തേടുന്നതിനിടക്കു് യുധിഷ്ഠിരൻ, പാഞ്ചാലരാജാവിനോടു് സ്ത്രീധനം ചോദിച്ചു എന്നു് കുടിലകൗരവർ കുതിരപ്പന്തികളിൽ പ്രചരിപ്പിക്കുന്നല്ലോ?”, നവവധു പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“ഹസ്തിനപുരിയിൽ ഞങ്ങൾ കഴിയുന്നതിനിടക്കു്, കൌരവരോടു് കടം ചോദിക്കേണ്ടിവരാവുന്ന മാനഹാനി ഒഴിവാക്കാൻ, സ്ത്രീധനമായി കിട്ടിയ ആഭരണങ്ങളിൽ ചിലതു് വിൽക്കട്ടെ എന്നു് യുധിഷ്ഠിരൻ മറ്റുപാണ്ഡവരുടെ അനുമതിയില്ലാതെ അച്ഛനോടു് ചോദിച്ചതൊക്കെ വാസ്തവം. ‘ഓ അതോ,’ അതു് ഞാൻ അവൾക്കു വാങ്ങിച്ചു കൊടുത്തതൊന്നുമല്ല, അംഗരാജാവു് കർണന്റെ ദിവ്യങ്ങളായ കവചകുണ്ഡലങ്ങൾ പോലെ, അഴിച്ചു മാറ്റാനാവാത്ത രണ്ടാംചർമ്മമാണല്ലോ മകളുടെ ആഭരണങ്ങൾ. യാഗാഗ്നിയിൽ നിന്നു് വളർച്ചയെത്തിയ ഉടലുമായി ഉയർന്നുവന്നപ്പോഴേ ഉണ്ടായിരുന്നതാണു്”, അച്ഛൻ ലോലലോലമായി സ്ത്രീധന വിൽപ്പന കൈകാര്യം ചെയ്തു. യാഗാഗ്നിയില്നിന്നും ഉയർന്ന ഉടൽ എന്നൊക്കെ കേട്ടപ്പോൾ തന്നെ വിരണ്ടുപോയ യുധിഷ്ടിരൻ പിന്നെ പൊന്നിൽ ദുഷ്ടലാക്കോടെ തൊട്ടിട്ടില്ല!
“ഭീമൻ എന്നെ കണ്ടാൽ ഈയിടെയായി മുറുമുറുക്കുന്നു, ഇങ്ങോട്ടു് വിളിച്ചാൽ എതിർദിശയിൽ പോവുന്നു, ഇടഞ്ഞു സംസാരിക്കുന്നു, എന്താ കാര്യം?”, ഖാണ്ഡവ വനം തെളിയിച്ച കുടിയേറ്റകുടുംബത്തിലെ നേതാവു് ചമയുന്ന യുധിഷ്ഠിരൻ പാഞ്ചാലിയോടു് ധാർഷ്ട്യത്തോടെ ചൊടിച്ചു.
“നേരിട്ടു് നിങ്ങൾ തന്നെ അവനോടു് ചോദിക്കൂ. എന്നോടു് കുതിര കയറുന്നതിൽ എന്തു് കാര്യം? നവ പാണ്ഡവ ഭരണകൂടം ഇനി സസ്യാഹാരമായിരിക്കും കൊട്ടാരവിരുന്നുകളിൽ വിളമ്പുക വളർത്തുമൃഗമാംസമല്ല, എന്നൊക്കെ നിങ്ങൾ രാജമുദ്രവെച്ചു മാംസഭോജ്യം നിർത്തുമെന്നറിയിച്ചാൽ, വൃകോദരവയർ വ്യസനിക്കില്ലേ? ഇഷ്ടമാംസഭക്ഷണം നിങ്ങൾ തിരിച്ചുകൊണ്ടുവന്നാൽ അവന്റെ പെരുമാറ്റത്തിലും കാണും ഇഷ്ടം”, വളർത്തു മൃഗങ്ങൾക്കു ഭക്ഷണം ഒരുക്കുകയായിരുന്നു പാഞ്ചാലി.
“ആയുഷ്കാലബ്രഹ്മചര്യത്തെ പ്രകീർത്തിക്കുന്നൊരു ‘ബഹുമതി’യല്ലേ ‘ഭീഷ്മ’പദവി? പിന്നെന്താ, ബ്രഹ്മചര്യം കഠിനമുറയിൽ ഇങ്ങനെ പരീക്ഷണത്തിനു വിധേയമാക്കുന്നതു്?”, അരമനയിൽനിന്നും വിട്ടുമാറി മരക്കൂട്ടങ്ങൾക്കിടയിലെ ആഡംബരആശ്രമത്തിൽ, നിലത്തു വിരിച്ച മെത്തയിൽ പെണ്ണുടലുകൾക്കിടയിൽ കിടന്ന പിതാമഹനോടു് കൊട്ടാരം ലേഖിക ചോദിച്ചു. ചെറുതിരി പ്രകാശം.
“സമപ്രായക്കാരിയും ചിറ്റമ്മയും ആയ രാജമാതാ സത്യവതിയുടെ പ്രലോഭനം ചെറുക്കാനായിരുന്നു ബ്രഹ്മചര്യം എന്ന ഈ ബ്രഹ്മാസ്ത്രം ഞാൻ ആദ്യം എയ്തതു്. രോഗപീഡയിൽ കഴിഞ്ഞ യുവരാജാവു് വിചിത്രവീര്യൻ ചെങ്കോൽ നിലനിർത്താൻ, ഈ ‘ആയുധം’ ഞാൻ പ്രയോഗിച്ചിട്ടുണ്ടു്. ഗർഭധാരണത്തിനു് മുമ്പുതന്നെ അംബികയും അംബാലികയും രാജവിധവകളായപ്പോൾ, അവരുമായി ശാരീരികമായി ഞാൻ ബന്ധപ്പെടാനുള്ള സത്യവതിയുടെ പ്രോത്സാഹനം ചെറുത്തുകൊണ്ടായിരുന്നു ബ്രഹ്മചര്യം വീണ്ടും തൊടുത്തതു്. വെറുമൊരു പ്രതീകമല്ല ഭീഷ്മരുടെ ആജീവനാന്ത ബ്രഹ്മചര്യം, വ്യക്തിഗത അച്ചടക്കമാണു് എന്നു് പൊതുസമൂഹത്തെ ഞാൻ ബോധ്യപ്പെടുത്തി. മധ്യവയസ്സു കഴിഞ്ഞതോടെ, കൈകാലുകൾക്കു സംഭവിക്കാവുന്ന തേയ്മാനം മറികടക്കുവാൻ, വിശ്വസ്തരാജകുമാരികൾ എനിക്കു് കൈത്താങ്ങായി കൂടെ വന്നു. ഒപ്പം നടക്കാൻ അവസരം കിട്ടാത്തവർ, ആശ്രമത്തിന്നകത്തു ‘കൂട്ടായ്മ’ കാണിച്ചു. രാത്രി കിടക്കുമ്പോൾ ഞാൻ എന്നോടു് മന്ത്രിച്ചു: ഇരുവശത്തും വിവസ്ത്ര പെണ്ണുടലുകൾ രാവേറെ കൂട്ടു് കിടന്നാൽ സാധ്യമാവുമോ എനിക്കു് പാലിക്കാൻ, ഈ കഠിനപ്രതിജ്ഞ? അതു് നിത്യവും സംശയാതീതമായി തെളിയിക്കപ്പെടണമെങ്കിൽ, രതിപ്രലോഭനമികവുള്ള പെൺശരീരലഭ്യത ഉറപ്പാവണം. നിങ്ങൾ കാണുന്ന ഈ രാജകുമാരികൾ എന്റെ ബ്രഹ്മചര്യം പൊള്ള എന്നുതെളിയിക്കാൻ ആവുന്നത്ര ശ്രമിക്കും. പോരാ. അവർ എന്നെ ഉടൽ പരിചരണത്താൽ പ്രലോഭിപ്പിക്കുകയാണു്. ബ്രഹ്മചര്യത്തിൽ നിന്നു് എന്നെ പുറത്തു ചാടിക്കാൻ ആഞ്ഞു പ്രവർത്തിക്കുകയാണു്. പരപ്രീണനയില്ലാതെ സ്വയം ഈ കായികപരീക്ഷണത്തിൽ അവർ സജീവപങ്കാളികളാണു്. ബ്രഹ്മചര്യം തകർക്കാനാവില്ലെന്നവരെ ഞാൻ തെളിയിക്കണം. ശരിക്കും പറഞ്ഞാൽ, ഇതൊരു വൃദ്ധന്റെ കിടപ്പറയല്ല, രതിയും രതിനിഷേധവും ബലാബലത്തിൽ പോരടിക്കുന്ന കൗമാരകാമനയുടെ രണഭൂമിയാണു്. പങ്കെടുക്കണമെന്നുണ്ടോ നിനക്കും?”
“അഞ്ചു വെളുത്ത ആണുങ്ങളും ഒരു കറുത്ത സ്ത്രീയും കഴുത പ്പുറത്തു! ആരാണിതു്?”, പുതുതായി അറവുശാലയിൽ തൊഴിൽ പരിശീലകനായി ചേർന്ന ഗ്രാമീണയുവാവു് കോപിഷ്ഠനായ തൊഴിലുടമയുടെ ചെവിവട്ടത്തിൽ പിറുപിറുത്തു.
“അഭിവന്ദ്യദുര്യോധനൻ ഒരുനേരം മുഴുവൻ ചൂതാടി നേടിയ ആറു് അടിമകളെ, ആചാരമനുസരിച്ചു് ഹസ്തിനപുരി നഗരികാണിക്കയാണു്, അതു് കഴിഞ്ഞാൽ നാടുകടത്തി കാട്ടിലെക്കയക്കും. തെരുവോരക്കാഴ്ച നോക്കി സമയം കളയാതെ ആ വെള്ളമുയലുകളെ തൊലിയുരിച്ചു കഷണങ്ങളാക്കി വേഗം ഒരുക്കിവക്കു്, ദുര്യോധനന്റെ ചൂതാട്ടവിജയത്തിൽ ഭക്ഷണത്തിനു വരുന്ന വിശിഷ്ടാതിഥികൾക്കു വിളമ്പാൻ ആവട്ടെ മൃദു മാംസസംസ്കരണം.”
“ആളിക്കത്തുന്ന ജനരോഷമൊന്നും അരമനയിൽ കഴിയുന്ന നിങ്ങൾ അറിയുന്നില്ലേ? ലൈംഗികാക്രമണത്തിൽ പ്രതി ചേർക്കപ്പെട്ട ദുര്യോധനനെ, നിയമവാഴ്ചയുള്ള നാട്ടിലെ ശിക്ഷാനിയമം അനുസരിച്ചു എന്തു് തുടർനടപടിക്കു് വിധേയമാക്കി എന്നാണു മനസ്സിലാക്കേണ്ടതു്?”, കൊട്ടാരം ലേഖിക ഔദ്യോഗിക വക്താവിനോടു് ചോദിച്ചു.
“നീതിപീഠത്തിൽ ഭരണകൂടം സമർപ്പിച്ച സത്യവാങ്മൂലം വായിച്ചില്ലേ? ആരോപിതപ്രതിക്കു് മാരകരോഗം പിടിപെട്ടിട്ടുണ്ടോയെന്ന പ്രാഥമികപരിശോധന പൂർത്തിയാക്കി. അരോഗദൃഢഗാത്രൻ! പ്രതിയുടെ ശരീരവളർച്ച പ്രായത്തിനു് ആനുപാതികമാണോ? അന്തർഗ്രന്ഥി സ്രവവ്യതിയാനം അവയവവളർച്ചയെ പ്രതികൂലമായി ബാധിച്ചട്ടുണ്ടോ? ശ്രമകരമായ ആ പരീക്ഷണദൗത്യവും കഴിഞ്ഞു. കായികക്ഷമതയെ സംശയത്തിലാക്കുന്ന ഒന്നും ഇതുവരെ കണ്ടെത്തിയില്ല. മനസ്സുകൊണ്ടും ശരീരം കൊണ്ടും പ്രതി ഒരു പുരുഷൻ തന്നെയാണോ? ദേഹപ്രകൃതിയിൽ എന്തെങ്കിലും പ്രകടമായ വ്യതിയാനമുണ്ടോ? പ്രതിയുടെ ശരീരത്തിൽ നടത്തുന്ന സൂക്ഷ്മ വൈദ്യപരിശോധനയും വിജയകരമായി. അടുത്തതു്, ഒരു കൊലയാളിയെക്കുറിച്ചു തുടർ സൂചനകണ്ടെത്താൻ, ഇരയുടെ മൃതദേഹത്തെ എങ്ങനെയാണോ പരിശോധിക്കുന്നതു്, സമാനമായ ബാഹ്യപരിശോധനകളാണു പ്രതിയുടെ ജീവനുള്ള ശരീരത്തിലും ഞങ്ങൾ നടത്തുന്നതു്. പ്രതി കുറ്റം ചെയ്തതിന്റെ തെളിവുകൾ ശരീരത്തിൽ തന്നെ കണ്ടെത്താനുള്ള പരിശോധന, താമസമില്ലാതെ സാധിക്കണം എന്നുള്ളതു കൊണ്ടു്, ചൂതാട്ടസഭയിൽ നിന്നു് നേരിട്ടു് ദുര്യോധനനെ പരിശോധനാമുറിയിലേക്കു അന്വേഷകസംഘം നയിച്ചു. പാണ്ഡവരും പാഞ്ചാലിയും ഇതൊക്കെ സസൂക്ഷ്മം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒന്നു് കൂടി: പ്രതിയുടെ പ്രസക്തഅവയവങ്ങളിലേക്കുള്ള രക്തയോട്ടതോതറിയാനുള്ള പരിശോധന ഒരു രാത്രി മുഴുവൻ പ്രതിയുടെ ശാരീരിക പെരുമാറ്റങ്ങൾ ഉറക്കത്തിൽ നിരീക്ഷിക്കാനും പരിശോധിക്കാനുമുള്ള, മാർഗങ്ങളും ഞങ്ങൾ സ്വീകരിച്ചു. എന്നാൽ മാധ്യമങ്ങൾ തേടുന്നതു് ഇവയൊന്നുമല്ലെന്നു ഞങ്ങൾക്കറിയാം. പ്രതിയിൽ കൃത്രിമഉത്തേജനമുണ്ടാക്കുന്ന മരുന്നു പ്രയോഗിക്കുക, ലൈംഗിക ചിത്രങ്ങൾ കാണിക്കുക, അശ്ലീല കവിതകൾ വായിപ്പിക്കുക, സ്ത്രീകളെ ഉപയോഗിച്ചു പോലും പരിശോധന നടത്തുക തുടങ്ങിയ തെറ്റിദ്ധാരണകൾ ഇതു സംബന്ധിച്ചു പ്രചരിപ്പിക്കാനുള്ള നിങ്ങളുടെ നടപടിക്കു് പിന്തുണ തരാൻ ഞങ്ങളുടെ കയ്യിൽ ഒന്നുമില്ലല്ലോ ഈ നടപടിയിൽ. ദുര്യോധനൻ സാർഥകമായി സഹകരിച്ചു. മാത്രമല്ല ഹസ്തിനപുരി ശരിക്കും ഒരു നിയമവാഴ്ച നിലവിലുള്ള പരിഷ്കൃതസമൂഹമെന്നു അന്വേഷണ സംഘത്തെ അനുമോദിക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞു ദുര്യോധനൻ നൂറോളം കൗരവരാജ വധുക്കളുടെ പിതൃഗൃഹങ്ങളിലേക്കു മാസങ്ങൾ നീണ്ടേക്കാവുന്ന സൗഹൃദസന്ദർശനത്തിനു് പോയി.” വാതിൽ കൊട്ടിയടക്കുന്ന പോലെ കൊട്ടാരം ലേഖികക്കു് നേരെ വക്താവു് പുറം തിരിഞ്ഞു.
“ഈ ശത്രു എന്നോ കൊല്ലപ്പെട്ടതല്ലേ? ചരമശുശ്രൂഷയിലും ശവമടക്കിലും അനുസ്മരണയോഗത്തിലും സ്മൃതിമണ്ഡപനിർമ്മിതിയിലും സജീവസാന്നിധ്യമായിരുന്ന ‘ശാന്ത’ഭീമനെ ഓർക്കുന്നു. എന്നിട്ടിപ്പോൾ, പണിപൂർത്തിയായി വരുന്ന ദുര്യോധനപ്രതിമയെ ചാട്ടവർകൊണ്ടടിച്ചു ‘രൗദ്ര’ വൈകാരികതയോടെ ഇങ്ങനെ വിചാരണ ചെയ്യുന്നതു്?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. കുരുക്ഷേത്രയുടെ പാർശ്വഫലങ്ങൾ പാണ്ഡവർ അനുഭവിക്കുന്ന കാലം.
“ദുര്യോധനവധം പൂർണ്ണമാവും മുമ്പു് പാണ്ഡവജേതാക്കൾക്കു പോർക്കളം വിടേണ്ടിവന്നതു നിങ്ങളും കണ്ടതല്ലേ. ഉള്ളിൽ ഉള്ള ക്ഷോഭം വേണ്ടത്ര ആവിഷ്കരിക്കാനായില്ലെന്നു ഭീമൻ അന്നേ ഖേദിച്ചിരുന്നു. വയോജനവിഭാഗത്തിൽ വീണ ഭീമൻ ഈയിടെ വിഷാദരോഗികൂടിയായപ്പോൾ, സ്ഥിതിമാറി.ഇപ്പോഴാണു് വധിക്കാൻ അവസരം കിട്ടുന്നതെങ്കിൽ, ജീവനെടുക്കുംമുമ്പു് ഉച്ചരിക്കാൻ ഉള്ളിൽ കൊതിക്കുന്ന പ്രതികാരവചനങ്ങൾ അവനോടു് എണ്ണിയെണ്ണിപ്പറയൂ എന്ന ഉദ്ദേശ്യശുദ്ധിയോടെ ഈ അപൂർണ്ണ പ്രതിമ ഞാൻ അന്തഃപുരത്തിൽ തന്നെ ഒരുക്കിക്കൊടുത്തു. കുരുക്ഷേത്ര പോരാട്ടങ്ങൾ ഭീമ പരിപ്രേക്ഷ്യത്തിലൂടെ നിങ്ങൾക്കും നേരിൽ കാണാം, സർഗാത്മക പുനരാവിഷ്കാരം വ്യാസഭാരത സഭാചിട്ടയിൽ മുന്നോട്ടു പോകുന്നതോടെ, രോഗവിമുക്തി ഉണ്ടാവും എന്നാണു ഇക്കാര്യങ്ങളിലൊക്കെ താത്വികബോധ്യമുള്ള സഹദേവൻ ഉറപ്പുതരുന്നതു. ആ കാഴ്ചപ്പാടിൽവേണം നിങ്ങളും വാർത്തയൊരുക്കാൻ!”
“സ്വയംവരത്തിനും ഖാണ്ഡവകുടിയേറ്റത്തിനും ഇടക്കൊരിടവേളയിലെ അന്തഃപുര പരിചയം കൊണ്ടു് നിങ്ങൾ നൂറോളം കൗരവരാജവധുക്കളെ കയ്യിലെടുത്തു! കൗരവപാണ്ഡവ സംഘർഷം നിറഞ്ഞ സ്വത്തുതർക്കത്തെപറ്റി അത്ര നിഷ്കളങ്കരാണോ അവർ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വനവാസക്കാലം.
“കുരുവംശസ്വത്തിൽ പാണ്ഡവർക്കു് ഓഹരി മേടിച്ചുതരാൻ, കൗരവരെ തലയിണമന്ത്രത്തിലൂടെ നിങ്ങൾ ദയവായി പ്രേരിപ്പിക്കൂ എന്നല്ല ഞാനവരോടു് ചെവിയിൽ മന്ത്രിച്ചതു്, മറിച്ചു, പെണ്ണുടൽ കരുതലോടെ രാഷ്ട്രീയആയുധമായി പരിപാലിച്ചാൽ എങ്ങനെ ഏകപത്നീവ്രതക്കാരായ ഭർത്താക്കന്മാർ നിങ്ങൾക്കടിമപ്പെടും എന്നായിരുന്നു.”
“ആട്ടിപ്പുറത്താക്കിയോ?”, കൊട്ടാരം ലേഖിക ചോദിച്ചു ഭാര്യയും കുന്തിയുമൊത്തു ഹസ്തിനപുരി കൊട്ടാരം വിട്ടിറങ്ങുകയായിരുന്നു ധൃതരാഷ്ട്രർ.
“പരിത്യാഗികളായി കാട്ടിൽ കുരുവംശപാളയം സ്ഥാപിച്ചു അന്നന്നത്തെ അപ്പത്തിനുവേണ്ട ധാന്യം കൃഷിചെയ്തുണ്ടാക്കി ഇപ്പോഴും കൗരവർ(!) നൂറു പേരും ഭൂമിയിൽ ജീവിക്കുന്നുണ്ടു് എന്നറിഞ്ഞപ്പോൾ എനിക്കുത്സാഹമായി. തത്സമയ യുദ്ധവാർത്തയിൽ സഞ്ജയൻവഴി ഞാൻ കേട്ടതു്, അവരെയെല്ലാം ഭീമൻ കുരുക്ഷേത്രയിൽ ജീവൻ പോവുംവരെ ദ്രോഹിച്ചുകൊന്നു. മരിച്ചതു് പക്ഷേ, ‘മായാ കൗരവ’രാണെന്നിപ്പോൾ വിവരം കിട്ടിയതോടെ, കൊലയാളി ഭീമൻ വിഷാദരോഗിയായി. പാണ്ഡവർക്കു് അന്തഃപുരത്തിൽ പ്രവേശനാനുമതി നിഷേധിച്ചു പാഞ്ചാലിയിപ്പോൾ ‘ഭദ്രകാളി വേഷ’മാടുന്നു. ഒരു നേരത്തെ ഭക്ഷണത്തിനായി ഞങ്ങൾ പൊരിവെയിലത്തു വരിനിൽക്കണം, കാട്ടിലേക്കു് അങ്ങനെ പടിയിറങ്ങാൻ പ്രേരണയായി. ഭൗതികനേട്ടങ്ങളിൽ കുടുങ്ങിയ പാണ്ഡവർ എവിടെ, അതീതലോകത്തെ കുറിച്ചു് ഇപ്പോഴേ വിഭാവന ചെയ്യുന്ന കൗരവരെവിടെ!”
“യുധിഷ്ഠിരന്റെ പട്ടാഭിഷേക ദിവസം താങ്കൾ, നാലു പ്രാവശ്യം തിരുവസ്ത്രം മാറി ഇന്ദ്രപ്രസ്ഥത്തിലെ രാജസഭയിൽ പാഞ്ചാലിയുടെ മുമ്പിൽ ‘പ്രദർശനവസ്തു’ ആയി എന്നല്ലേ ചേദിരാജാവു് ശിശുപാലൻ മുനവച്ചു പറഞ്ഞതു്? എങ്ങനെ പ്രതികരിക്കുന്നു?”, ഒരു ഗോപികയുടെ ആകർഷകസ്വരത്തിൽ കൊട്ടാരം ലേഖിക ദ്വാരക നാടുവാഴിയോടു് ചോദിച്ചു.
“ആജീവനാന്ത ശത്രു മാത്രമേ നിങ്ങളെ അസഹിഷ്ണുതയോടെ കാഴ്ചപരിധിയിൽ നിലനിർത്തി സൂക്ഷിച്ചുനോക്കിയും കേട്ടും പ്രതിലോമ നിരീക്ഷണങ്ങൾ പുറത്തു വിടൂ. എന്നാൽ ജന്മാന്തര സുഹൃത്തു? അവൻ നിങ്ങളെ നിങ്ങളുടെ പാട്ടിനു തുറന്നു വിടും. എന്റെ രക്തബന്ധുവും അകാരണശത്രുവുമായ ശിശുപാലൻ നമ്മുടെ പ്രതീക്ഷക്കപുറം അന്നു് പ്രവർത്തിച്ചപ്പോൾ, ന്യായമായും കിട്ടേണ്ട മുഴുവൻ വേതനവും വിശ്വപ്രകൃതി വരമ്പത്തു തന്നെ കൊടുത്തതും നിങ്ങൾ അന്നു കണ്ടതല്ലേ!”
“നവവധു ഉൾപ്പെടെ നിങ്ങൾ ആകെ ആറുപേരല്ലേ ഖാണ്ഡവ പ്രസ്ഥത്തിൽ ആദ്യകാലകുടിയേറ്റക്കാരായി ഉണ്ടായിരുന്നുള്ളു? ‘അഞ്ചു വീടു് ഒരു വീടു് സൂചി കുത്താൻ ഇടം’ എന്നിങ്ങനെ പടി പടിയായി ഭൗതിക അഭിലാഷങ്ങൾ പരിമിതപ്പെടുത്താൻ പരിശീലിച്ച നിങ്ങൾ, എങ്ങനെ മൊത്തം ഖാണ്ഡവവനം എന്ന അതിലോല ആവാസവ്യവസ്ഥയെ വളഞ്ഞു തീയിട്ടു കത്തിക്കാൻ ധൈര്യപ്പെട്ടു?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. യുദ്ധാനന്തര പാണ്ഡവ ഭരണകാലം.
“ദീർഘദൃഷ്ടിയോടെ വേണ്ടേ ദേവസന്തതികൾ മേൽത്തരം തീരുമാനമെടുക്കാൻ? ഖാണ്ഡവവനം പരിപാലിച്ചു ആറുപേർ കിളച്ചും കന്നുപൂട്ടിയും മരണംവരെ കഴിയണോ? അതോ വനമേഖല മൊത്തം വെട്ടിതെളിയിച്ചു യമുനയുടെ തീരത്തു അത്യാധുനിക മോഹന നഗരി പണിയാണോ? മറക്കരുതേ, ഞങ്ങൾ ഓരോ കല്ലും ഈ കൈകൾ കൊണ്ടു് വെട്ടി, പണിത ഇന്ദ്രപ്രസ്ഥം, കൗരവദുർഭരണത്തിൽ പാടെ തകർന്നെങ്കിലും, ഇനിയുള്ള കാലത്തു എന്തുവിലകൊടുത്തും പുനർനിർമ്മിക്കും. ഞങ്ങളുടെ ജീവിതകാലത്തു മാത്രം തിളങ്ങുന്നൊരു ഐതിഹ്യനഗരിയല്ല, ഇന്ദ്രപ്രസ്ഥം! വരാനിരിക്കുന്ന യുഗത്തിലും ദേശവിദേശ പടയോട്ടങ്ങൾക്കും അധികാരവഴികൾക്കും ആഗോള ശ്രദ്ധക്കും ഇന്ദ്രപ്രസ്ഥം ഭൂമികയാവും”, ഭാവിയിലേക്കു് കണ്ണെറിഞ്ഞു അർജുനൻ ശബ്ദം താഴ്ത്തി.
“ഇന്നും ഞാൻ ആ ‘ഓമനമുഖം’ ഓർക്കുന്നു, നവവധുവായിരിക്കെ, പാണ്ഡവർക്കൊപ്പം വന്ന പാഞ്ചാലിയെ ഹസ്തിനപുരിയിൽ വരവേൽക്കാൻ, ആരാധകനെപോലെ ദുര്യോധനൻ കൊട്ടാര മൈതാനത്തൊരുക്കിയ അത്താഴവിരുന്നിൽ എന്തൊരു വിനയവും പ്രസന്നതയും ആയിരുന്നു യുധിഷ്ഠിരനോടവൾ ചേർന്നിരിക്കുമ്പോൾ കാണിച്ചിരുന്നതു്. ഖാണ്ഡവപ്രസ്ഥത്തിലേക്കു കുടിയേറ്റക്കാരായി പോവേണ്ടിവന്നതുകൊണ്ടു രാപ്പകൽ ദേഹാധ്വാനം വന്നതാണോ പിൽക്കാലത്തവളുടെ പരുക്കൻ മനോഭാവത്തിനു് കാരണം?”, വനവാസക്കാലത്തു പാണ്ഡവരോടും, പ്രത്യേകിച്ചു് യുധിഷ്ഠിരനോടും, ഒരുമറയും ഇല്ലാതെ ഇടഞ്ഞുപെരുമാറുന്നൊരു പതിവു് അഭിമുഖവിഷയമായപ്പോൾ, കൊട്ടാരം ലേഖിക ചോദിച്ചു.
“ഈ കാണുന്ന ‘ഇടഞ്ഞുപെരുമാറുന്ന’വളെ കാണാൻ സൈന്ധവ റാണി ദുശ്ശളയുടെ ഭർത്താവും നാടുവാഴിയുമായ ജയദ്രഥൻ ഇവിടെ പാത്തും പതുങ്ങിയും അതിക്രമിച്ചു വരുമ്പോൾ എന്തായിരുന്നു പാഞ്ചാലിയുടെ ഉടുത്തൊരുങ്ങലും ആതിഥ്യമര്യാദയും. ഞങ്ങൾ അഞ്ചുപേരും നായാടാൻ പോയ ദിവസമാണു് അവളുടെ കള്ളി വെളിച്ചത്തായതു്. അവർ വിനോദയാത്രക്കെന്നും പറഞ്ഞു നാടുവിടാൻ ശ്രമിക്കുമ്പോൾ സംശയം തോന്നിയ അയൽക്കാരൻ പരിത്യാഗി, ഞങ്ങളെ ഉടൻ വിവരം അറിയിക്കാനുള്ള ജാഗ്രത കാട്ടി. ഓടിവന്നപ്പോൾ ജയദ്രഥരഥം അതാ മുന്നോട്ടു പോവുന്നു. പിന്തുടർന്നുണ്ടായ സംഘടിത പാണ്ഡവശ്രമത്തിൽ ജയദ്രഥനെ കീഴ്പ്പെടുത്തി അവന്റെ ഉടലിൽ പ്രതികാരം ചെയ്യുമ്പോൾ, “വിട്ടയക്കൂ അവനെ, അവന്റെ ഭാര്യ ദുശ്ശള വനിതാവകാശസമിതിയുടെ അധ്യക്ഷ, നിങ്ങൾക്കെതിരെ ദുര്യോധനനെ സ്വാധീനിക്കാൻ അവൾ മതി” എന്നു് നിരുത്സാഹപ്പെടുത്തുന്നതു ഞങ്ങളെ പ്രകോപിതരാക്കി. വീട്ടിൽ അടങ്ങിയൊതുങ്ങി കഴിയേണ്ട ഭാര്യ, ആറാമതൊരു പുരുഷനെ പ്രലോഭിപ്പിക്കുന്ന ഭീഷണ യാഥാർഥ്യം നിസ്സംഗതയോടെ കണ്ടുനിൽക്കാനാവില്ലെന്നുറപ്പിച്ച ഞങ്ങൾ ജയദ്രഥനെ തലമൊട്ടയടിച്ചു പുള്ളികുത്തി കെട്ടിയിട്ടു് പാഞ്ചാലിയുടെ മുമ്പിൽ നിർത്തി ചോദ്യം ചെയ്തു, പിന്നെയും അപമാനിച്ചു. മാസങ്ങൾ വേണ്ടിവന്നു അക്കാര്യത്തിൽ ഞങ്ങളോടു് പാഞ്ചാലിയുടെ അമർഷവും ക്ഷോഭവും മാറാൻ. അവളെപ്പറ്റി ഒന്നേ പറയാനാവൂ ഇന്നു് നിങ്ങളെ ഊഷ്മളമായി കാണുന്നവൾ നാളെ നിങ്ങളെ കണ്ടാൽ കണ്ടു എന്നു് നടിക്കില്ല. നമ്മെ പോലെ ‘അമ്മ പ്രസവിച്ചു വളർത്താത്തതിന്റെ കുഴപ്പം. യാഗാഗ്നിയിൽനിന്നും വളർച്ചപ്രാപിച്ച പെണ്ണുടലുമായി ഉയർന്നുവന്നവൾ എന്ന ഐതിഹ്യ പ്രതിച്ഛായയ്ക്കൊത്ത യക്ഷി!’”
“എവിടെ അർജ്ജുനൻ? സൂര്യപുത്രനെ ചതിച്ചുകൊന്നതിൽ ധർമ്മിഷ്ഠനായ നിങ്ങൾക്കിപ്പോൾ നൊമ്പരമുണ്ടോ?”, കുന്തിയുടെ കന്യാപുത്രനെന്നു അംഗീകരിക്കപ്പെടുകയും, കുരുക്ഷേത്രയിൽ കൗരവ സർവ്വസൈന്യാധിപനുമായിരുന്ന കർണ്ണന്റെ മകളുടെ വിവാഹസൽക്കാരത്തിൽ പങ്കെടുത്തു, തിരിച്ചുപോവാൻ ആനപ്പുറത്തുകയറാൻ ഒരുങ്ങുന്ന മഹാരാജാവിനോടു് കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തര പാണ്ഡവ ഭരണകാലം.
“കാറുമൂടിയ കുരുക്ഷേത്രസന്ധ്യയിൽ പ്രിയഅർജ്ജുനനും പ്രതിയോഗി കർണ്ണനും നേർക്കുനേർ അമ്പെയ്യാൻ ഒരുങ്ങി പോർക്കളത്തിൽ പരസ്പരം നേരിട്ടു എന്നതു് നേരു തന്നെ. ദുരൂഹ സാഹചര്യത്തിൽ ചളിയിൽ താണ രഥചക്രങ്ങൾ ഉയർത്താൻ കർണ്ണതേരാളി ശല്യൻ വിസമ്മതിച്ചതും കൗതുകകരമായി കണ്ട കാര്യം. നിവൃത്തിയില്ലാതെ സ്വയം മണ്ണിലിറങ്ങിനിന്നു് രഥചക്രം ഉയർത്താൻ പാടുപെടുന്ന കർണ്ണനെ അനുകമ്പയോടെ ഞങ്ങൾ നോക്കുമ്പോൾ ആയിരുന്നില്ലേ, മാനം വിണ്ടുകീറിയ ഇടിമിന്നലിൽ ആ ധീരസൈ നികമേധാവി തൽക്ഷണം മരണമടഞ്ഞതു്? അതു് കണ്ടു മനമിടിഞ്ഞ ഞാൻ നോക്കുമ്പോൾ തലകുനിച്ചു ഭവ്യതയോടെ അഭിവാദ്യം ചെയ്തു ആവനാഴിയിലേക്കു അർജ്ജുനൻ, പാഴായ അമ്പു തിരിച്ചിടുന്നു. വേദനാകരമായി തോന്നി കർണ്ണ ജീവിതത്തിന്റെ ദുരന്തം. ജന്മരഹസ്യം ചരമശുശ്രൂഷയിൽ കുന്തിമുഖത്തുനിന്നറിഞ്ഞപ്പോൾ പരേതാത്മാവിനു സ്വർഗ്ഗരാജ്യം അനുവദിച്ചുകിട്ടാൻ അഞ്ചു പാണ്ഡവരും ശ്രാദ്ധം ചെയ്തതും സ്മരണീയമായ വസ്തുത. അതുകൊണ്ടു തന്നെ അവന്റെ കൊച്ചുമകളുടെ വിവാഹം കൗന്തേയർ ഏറ്റെടുത്തു. മാത്രമല്ല അവൾക്കു കൊട്ടാരത്തിൽ പാഞ്ചാലിയുടെ കേശപരിലാളനത്തിന്റെ പ്രത്യേക ശുശ്രൂഷക എന്ന ജോലിയും സമ്മാനമായി നൽകി. അതാണു് പാണ്ഡവ മാതൃക. സത്യാവസ്ഥ അതായിരിക്കെ, കഥയറിയാതെ നിങ്ങൾ അർജ്ജുനസ്വഭാവഹത്യക്കു ഇനി കൂട്ടുനിന്നാൽ, നിന്റെ അഴകളവുകളിൽനിന്നും ഒരുപക്ഷേ, തെറിക്കുക ആ തലയായിരിക്കും.”