“ഇരുമ്പുപ്രതിമ ആലിംഗനംചെയ്തു ‘തവിടുപൊടി’യാക്കിയോ, അതോ?”, കൊട്ടാരം ലേഖിക മുട്ടുകുത്തി കൈമുത്തി ഉപചാരത്തോടെ ചോദിച്ചു. കുരുക്ഷേത്രയിൽ കൗരവവംശഹത്യക്കു് മുഖ്യകാർമ്മികനായ ഭീമനെ ആലിംഗനംവഴി വകവരുത്താൻ ആവാതെ ധൃതരാഷ്ട്രർ നീറിപ്പുകയുന്ന രംഗങ്ങൾ പാണന്മാർ പാടിരസിക്കുന്ന ദിനങ്ങൾ.
“ഇരുമ്പുപ്രതിമയെന്ന ‘ആലിംഗനആശയം’ തന്നെ എത്ര അബദ്ധജടിലം! ഞാൻ അന്ധനെങ്കിൽ, സ്പർശനേന്ദ്രീയവും ഉപയോഗരഹിതമാവുമോ? നൂറു വാടകഗർഭങ്ങളിലൂടെ അത്രയും കുട്ടികൾക്കു് മരണംവരെ അമ്മയായ ഗാന്ധാരി ഓരോ കൗരവനെയും കൃത്യമായി ആളറിഞ്ഞതു്, പെരുമാറിയതു് ഓരോരുത്തരുടെയും സവിശേഷമായ മണം അറിഞ്ഞായിരുന്നില്ലേ. ഭീമശരീരഗന്ധമെനിക്കു് ഹൃദിസ്ഥമാണു്. അതുകൊണ്ടുതന്നെ, കുടിലപദ്ധതിയിൽ യുധിഷ്ഠിരൻ എന്റെ മുമ്പിൽ നിർത്തിയ ഇരുമ്പുപ്രതിമയെ ഞാൻ ഈ പ്രായത്തിലും ആലിംഗനംചെയ്തു പൊട്ടിച്ചതു് കേവലമൊരു കായികശക്തി പ്രകടനമായി വേണ്ടേ കാണാൻ? പ്രതിമ തകരുന്നതു് നേരിൽ പഞ്ചപാണ്ഡവർ കണ്ടിട്ടുണ്ടെങ്കിൽ മനസിലാക്കിയിട്ടുണ്ടാവും, മക്കൾ നൂറും കാലപുരിയിൽ പോയിട്ടും ഈ കൗരവസിംഹത്തിന്റെ ഉൾക്കരുത്തു മാഞ്ഞുപോയിട്ടില്ല.”
“അംബിക, അംബാലിക എന്നീ രണ്ടു നിർഭാഗ്യവതികളായ പുത്രവിധവകൾക്കൊപ്പം രാജമാതാ സത്യവതി പടിയിറങ്ങുന്ന ഈ സമയം, ശന്തനുവിന്റെ ‘അഭിജാതപൈതൃകതുടർച്ച’ എന്നു് പറയാൻ, ‘സന്താനഭാഗ്യമില്ലാത്ത ഭീഷ്മ’രൊഴികെ ആരുണ്ടു്, ഹസ്തിനപുരി അരമനയിലേക്കു് നാം ഒരു ‘ചെരിഞ്ഞുനോട്ടം’ പായിക്കുമ്പോൾ? സത്യവതിയിൽ, പാവം ശന്തനുവിനുണ്ടായ രണ്ടുആൺമക്കളും കുട്ടികൾ ഇല്ലാതെ നേരത്തെ മരിച്ചുപോയി, ഒരാൾ അവിവാഹിതനായിരിക്കെ പോരാട്ടത്തിൽ കൊല്ലപ്പെട്ടു, മറ്റെയാൾ ഭോഗത്തിന്റെ കടന്നാക്രമണത്തിലും. സത്യവതിയുടെ വിവാഹപൂർവരതിയിൽ പരാശരമുനിയുടെ അവിഹിതസന്തതിയായിരുന്നു വ്യാസൻ. വൈരൂപ്യത്താൽ ഇരകളെ ബോധംകെടുത്തി, വിചിത്രവീര്യവിധവകളിൽ ബീജദാനം ചെയ്തുണ്ടായ ‘കീട’ജന്മങ്ങൾ—ധൃതരാഷ്ട്രരും അനുജൻ പാണ്ഡുവും. അവരുടെതെന്നു പറയപ്പെടുന്ന നൂറ്റിഅഞ്ചുമക്കളാണിപ്പോൾ ഭൂസ്വത്തു സത്യസന്ധമായി വീതം വെക്കാനറിയാതെ, പരസ്പരം ചങ്കുവെട്ടുന്നതു്. ശപിക്കപ്പെട്ട കുരുവംശത്തെ, തമ്മിൽകൊല്ലാൻ വിട്ടു സത്യവതി അതാ ആരും യാത്ര അയക്കാനില്ലാതെ പടിയിറങ്ങുന്നു. “തിരിച്ചുവരരുതേ, ഈ ശപിക്കപ്പെട്ട നാട്ടിൽ ഇനി കാലു കുത്തരുതേ” “ദൈവദത്തമായ രാജവംശങ്ങളെ നീ വിചാരണ ചെയ്യരുതു്”, പെട്ടെന്നു് പിന്നിൽനിന്നും ദുര്യോധനൻ ചാർവാകമുതുകിൽ ആഞ്ഞുചവിട്ടി. ‘നിങ്ങൾ കുലീനർ’ എന്നു് അഭിവന്ദ്യവ്യാസൻ കൗരവരെ കാര്യമാത്രപ്രസക്തമായി പരാമർശിക്കുമ്പോൾ ഇടപെടരുതു് നീ, ചരിത്രത്രരചനയിൽ, വ്യർത്ഥജന്മമേ!” തെരുവിൽ ആരും പിടിച്ചെഴുനേൽപ്പിക്കാൻ ഇല്ലാതെ വേദനയിലും അപമാനത്തിലും ഞെരങ്ങുന്ന യുക്തിവാദി ചാർവാകനു കുടിക്കാൻ മൺപാത്രത്തിൽ കരിമ്പുനീരുമായി കൊട്ടാരം ലേഖിക വന്നതു് അപ്പോളായിരുന്നു.
“അന്തഃപുരത്തിൽ തോഴിജോലിചെയ്യുന്ന നിങ്ങൾ എങ്ങനെ സൈനികമേധാവി കീചകനുമായി പരിചയപ്പെട്ടു?”, വിരാടരാജ്ഞിയുടെ കേശാലങ്കാരചുമതല വഹിച്ചിരുന്ന ‘സൈരന്ധ്രി’യോടു് കൊട്ടാരം ലേഖിക ചോദിച്ചു. അജ്ഞാതവാസക്കാലം.
“രാജ്ഞി സുദേഷ്ണയുടെ കൊച്ചനിയനു സൈനികമേധാവിയെന്ന നിലയിലും ഉണ്ടൊരു വിശിഷ്ടമേൽവിലാസം! സുദേഷ്ണയുടെ മനഃസാക്ഷിസൂക്ഷിപ്പുകാരിയെന്ന നിലയിൽ അതുഞാൻ മാനിക്കണമല്ലോ. അത്താഴത്തിനുവേണ്ട മേൽത്തരം ഊട്ടുപുരവിഭവങ്ങൾ അവന്റെ ഔദ്യോഗികമന്ദിരത്തിൽ ഞാൻ വേണം അണിഞ്ഞൊടുങ്ങി എത്തിക്കാൻ. അന്തഃപുരത്തിൽ നിന്നുവേണം മദ്യവും മാംസവിഭവങ്ങളും സംഭരിക്കാൻ. ആശ്രമങ്ങളിലെ ഗാർഹികമാലിന്യം സംസ്കരിക്കുന്ന പ്രേഷിതദൗത്യം കാര്യക്ഷമമായി ഒരു വ്യാഴവട്ടക്കാലം ചെയ്ത എനിക്കുണ്ടോ കീചകനത്താഴം എത്തിക്കുന്ന അമിതഭാരം! വെറുതെ വിളമ്പിക്കൊടുത്താലൊന്നും വാരിത്തിന്നുന്ന ആർത്തിപ്രകൃതമായിരുന്നില്ല, വായിൽ കൊടുക്കുമ്പോൾ കഴിച്ചെന്നിരിക്കും. മതിയെന്നു പറയുന്നതിനുപകരം, എന്റെ കൈ മൃദുവായിപിടിച്ചു ഭാവിരേഖകൾ നോക്കും, “നീണ്ടകാലമായി നീ പ്രവാസിയാണല്ലേ? ആപത്തിൽ നിന്നെ സഹായിക്കാമെന്നൊരുറപ്പുതരാം, നീ പ്രത്യുപകാരത്തിൽ സഹകരിക്കുമെങ്കിൽ? ദൂരെദൂരെ നിന്റെ ശത്രു വലവീശിയിട്ടുണ്ടു്. ഒപ്പമുള്ള അഞ്ചുപേരെയും ദുര്യോധനൻ ബന്ദിയാക്കും ഹസ്തിനപുരിയുടെ ചങ്ങാത്തരാഷ്ട്രമായ വിരാടയുടെ സൈനികമേധാവിയെന്ന നിലയിൽ നിങ്ങൾ ആറു പേരെയും കൗരവർക്കു കൈമാറാൻ ഞാനപ്പോൾ ഉടമ്പടിയനുസരിച്ചു ബാധ്യസ്ഥനാവും. നിന്നെമാത്രം തലപോവാത്ത വിധം രക്ഷിക്കാൻ ശ്രമിക്കാം. പകരം ഈ പൊന്നുടൽ എനിക്കു് വിട്ടുതരൂ. അവിവാഹിതനെങ്കിലും ഞാൻ അശേഷം സ്ത്രീവിരുദ്ധനല്ല. കൂട്ടു് കൂടാമോ? എന്നുപറഞ്ഞുകൊണ്ടവൻ എന്റെ കൈപ്പത്തിയിൽ മുഖമമർത്തി. എങ്ങനെ നിരാകരിക്കും അത്രയും കരുതൽ കാണിക്കുന്ന കീചകന്റെ പ്രലോഭനം!” കീചകജഡം ചിതയിലെടുക്കുമ്പോൾ, “സതി ചെയ്യാൻ അവളെയും കീചകചിതയിലെറിയുക, കീചക–സൈരന്ധ്രി കമിതാക്കളുടെ മരണാനന്തരജീവിതം ആ വിധം എന്നും എന്നെന്നും മഹത്വപ്പെടട്ടെ”, ഈറനുടുത്ത സൈരന്ധ്രിയുടെ ഉടലിനായി സൈനികർ ബഹളംവച്ചു. അവളുടെ ഭർത്താക്കന്മാർ എന്നു് രാജധാനിയിൽ സംശയിക്കപ്പെട്ട അഞ്ചുപേരിൽ ‘തടിച്ചുകുറുകിയവൻ’ ഒളിഞ്ഞിരുന്നു ആശങ്കയോടെ രംഗം നിരീക്ഷിച്ചു.”
“അടികൊണ്ടുവീണ ദുര്യോധനന്റെ ചെവിയിൽ നിങ്ങൾ വികാരഭരിതനായി മന്ത്രിക്കുന്നപോലെ ഞങ്ങൾ ദൂരെനിന്നും കണ്ടു. ഇരയുടെമേൽ നിങ്ങളുടെ ഗദയിൽനിന്നുണ്ടായ അധാർമികപ്രഹരം തിരിച്ചറിഞ്ഞു സ്വയം അപലപിക്കുകയായിരുന്നോ, മനഃസാക്ഷിക്കുത്തിൽ?” കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു. പതിനെട്ടാം ദിവസം സന്ധ്യ.
“പതിമൂന്നുകൊല്ലമായി കരളിനുള്ളിലൊരു നെരിപ്പോടു് പുകയുന്നുണ്ടായിരുന്നു. പാണ്ഡവഭാര്യ എന്നതിന്റെ പേരിൽ, പാഞ്ചാലിയെ കൗരവഅടിമയെന്നവൻ പ്രഖ്യാപിച്ചു, പിന്നീടുള്ള വ്യാഴവട്ടവനവാസക്കാലം സമീപത്തെ സന്യസ്ഥാശ്രമങ്ങളിലെ ജൈവവിസർജ്യങ്ങൾ, തലച്ചുമടായി ദൂരെകൊണ്ടുപോയി കുഴി കുത്തി മൂടണമെന്ന കൗരവആജ്ഞ ഓരോ ദിവസവും അവൾ അനുസരിക്കുന്നതും, തിരിച്ചു മലിനവസ്ത്രങ്ങളുമായി തോട്ടിലേക്കു് പോവുന്നതും നിസ്സഹായമായി നോക്കിനിൽക്കുമ്പോഴെല്ലാം ഞാനുറച്ചു, ഒരു ദിവസം വരും. അന്നു്, ദുര്യോധനാ, നിന്റെ തുടയിടുക്കിൽ ആഞ്ഞടിച്ചു അന്തരാളങ്ങൾ തകർക്കും. ദുഷിച്ച ജൈവമാലിന്യങ്ങളുമായി നീ അന്ത്യശ്വാസം വലിക്കുമ്പോൾ, കഴുകനും കുറുനരിയും കൊത്തിവലിക്കുന്നതു കൈകൊട്ടി ഞങ്ങൾ ഭർത്താക്കന്മാർ ആഘോഷിക്കും. പ്രിയപാഞ്ചാലീ, സൗഗന്ധികം കൊണ്ടു് നിന്നെ പ്രീതിപ്പെടുത്താൻ ഞാൻ കൊതിച്ചപ്പോൾ, ദുര്യോധനൻ എങ്ങനെ നിന്നെ ഈ വിധം അവമതിച്ചു മലിനപ്പെടുത്തി!” ഹസ്തിനപുരിയിലേക്കുള്ള യാത്ര. പത്തിനു് താഴെ വരുന്ന പാണ്ഡവസംഘം നീർച്ചോലയിൽ കുളിച്ചു വൃത്തിയാവുന്ന നേരം.
“മഹാഭാരത കഥാപാത്രങ്ങളെ ഞാൻ പക്ഷേ, വായിച്ചെടുക്കുന്നതു് അസാധാരണ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോയ പരുക്കൻ മനുഷ്യപ്രകൃതങ്ങൾ എന്ന നിലയിലാണു്… തിരുവസ്ത്രമൂരി കഥാപാത്രങ്ങൾ അവരുടെ ഉള്ളിലുള്ളതു് പറയുന്നു എന്നതാണു് കാര്യം. ആഭിജാത്യത്തിന്റെയും രാജാധികാരത്തിന്റെയും തിരുവസ്ത്രങ്ങൾ ധരിക്കുന്നതു് കൊണ്ടു് അവർക്കു് അതിമാനുഷ ജീവികൾ എന്ന പദവി കൊടുക്കാൻ എഴുത്തുകാരൻ എന്ന നിലയിൽ ഞാൻ തയ്യാറല്ല. പുനരാഖ്യാനത്തിൽ അവരുടെ യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുന്ന സ്വാഭാവിക പ്രതികരണങ്ങൾ അഭിമുഖ വേളയിൽ കൊട്ടാരം ലേഖികയുടെ കൊച്ചു ചോദ്യങ്ങൾ നേടിയെടുക്കുന്നു എന്നതാണു് കാര്യം. കഴിഞ്ഞ 12 വർഷങ്ങളായി കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ വഴി ഞാൻ മഹാഭാരത കഥാപാത്രങ്ങളെ മനുഷ്യപ്രകൃതിയിൽ മനസ്സിലാക്കുന്നു. ജീവിതാവസ്ഥ സൂക്ഷ്മതലത്തിൽ മനസ്സിലാക്കാൻ ഈ വഴി എന്നെ തുണക്കുന്നു. ഇതിലധികം എന്താണു് രചന എനിക്കായി ചെയ്യേണ്ടതു്”—(കെ. പി. നിർമ്മൽകുമാർ).
“വിശ്വമാകെ വനിത മഹത്വപ്പെടുന്ന ഇന്നു വേദവ്യാസനുമായി നിങ്ങൾക്കെന്താ വാക്കുതർക്കം? വംശാവലിനോക്കി കൗരവരുടെ ചരിത്രകാരനാവാൻ സത്യവതിയിൽനിന്നും നിയോഗം നേടിയ ദാർശനികനല്ലേ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“അതു് തന്നെയാണു് തർക്കം. ദ്രൗപദിയുടെ ജീവിതം കരൾനോവിക്കുന്ന കദനകഥയായല്ല, സാംസ്കാരിക പഠനം എന്ന നിലയിൽ വേണം ഇതിഹാസത്തിൽ അവതരിപ്പിക്കാൻ എന്ന നിലപാടവൾ ആദ്യകരടു് വായിച്ചപ്പോൾ തന്നെ കനപ്പിച്ചിരുന്നു. ഒരൊഴുക്കൻ ജീവിതാനുഭവം എന്ന പെണ്ണനുകൂല രചനാശൈലി അസ്വീകാര്യമെന്നവൾ അനിഷ്ടം അറിയിച്ചു. വസ്ത്രാക്ഷേപത്തിന്നിടയിൽ ഊരിപ്പോകുന്നതൊന്നുമല്ല പാഞ്ചാലിയുടെ രണോർജ്ജം എന്നുമവൾ മൃദുവായി ഓർമ്മിപ്പിച്ചു. മലയടിവാരത്തിലെ വ്യാസാശ്രമത്തിൽ, ഇതിഹാസത്തിന്റെ രണ്ടാം കരടെഴുതാൻ ശിഷ്യന്മാർക്കൊപ്പം പാടുപെടുകയായിരുന്ന വ്യാസൻ നിലത്തുനിന്നും എഴുനേറ്റുനിന്നാണവൾക്കു ചെവികൊടുത്തതും, “നീ കാലാതിവർത്തിയായ ഇതിഹാസനായിക” എന്നു തലയിൽ കൈവച്ചനുഗ്രഹിച്ചതും. അഭിമുഖങ്ങളുടെ പനയോലക്കെട്ടു വ്യാസാശംസകളോടെ പ്രസിദ്ധീകരിക്കാനാവട്ടെ എന്നു പറഞ്ഞു രചനയിലേക്കു ശ്രദ്ധതിരിക്കുമ്പോഴേക്കും, പാഞ്ചാലി മടക്കയാത്രക്കായി രഥത്തിൽ കയറി. ഇവിടെ എന്നെ കൂട്ടിനുവിളിച്ചു മത്സരിച്ചുനീന്താൻ ഉടുതുണിയൂരി.”
“കൗരവരാജവധുക്കളുടെ പ്രായനിബന്ധനയില്ലാത്ത കൂട്ടായ്മ ‘തീവ്രതകുറഞ്ഞ’ സ്ത്രീവിരുദ്ധതക്കെതിരെപോലും പീഡകമുഖം നോക്കാതെ കാര്യക്ഷമമായി പ്രതികരിച്ച ഓർമ്മയുണ്ടു്. ഒരിളമുറ കൗരവവധുവിനെ കവിളിൽ തലോടി അശ്ളീലധ്വനിയോടെ കിന്നാരം പറഞ്ഞ ദുശ്ശാസന രാജകുമാരനു പരസ്യഖേദ പ്രകടനത്തിലൂടെ വേണ്ടിവന്നു തടിയൂരാൻ. ആ കഥ ഞങ്ങൾ ചുവരെഴുത്തുപതിപ്പിലൂടെ പ്രസിദ്ധീകരിച്ചപ്പോൾ, വിദൂര നാടുവാഴികുടുംബത്തിൽനിന്നും നവവധുവായി വന്നവൾ എത്രവേഗം എല്ലാവർക്കും പ്രിയപ്പെട്ടവളായി! എന്നിട്ടും, ഹസ്തിനപുരിയിൽ വിരുന്നുവന്ന ഇന്ദ്രപ്രസ്ഥംരാജ്ഞി പാഞ്ചാലിയെ അതേ ദുശ്ശാസനൻ ഉടുതുണിയൂരി ചൂതാട്ടസഭയിൽ അപമാനിച്ചപ്പോൾ, പ്രതിഷേധത്തിലൊരു വാക്കു നിങ്ങൾ ആരും മിണ്ടിയില്ല. എന്താകാര്യം?” ദുശ്ശാസന ലൈംഗികാക്രമണം അതിജീവിച്ച കൗരവ രാജകുമാരിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“ഓ ആ കൂട്ടായ്മ! ഹസ്തിനപുരിയിലേക്കു നവവധുക്കളായി വന്നുകൊണ്ടിരുന്ന നൂറോളം കൗരവവധുക്കളുടെ ചാരിത്ര്യസംരക്ഷണം ഉറപ്പാക്കാനായിരുന്നല്ലോ പെൺകൂട്ടായ്മയുടെ നിർമ്മിതി. പ്രിയദുശ്ശാസനൻ ആൾ ശരിക്കും ആരെന്നറിയാതെയുണ്ടായ നേർസാക്ഷി മൊഴി, ‘അതിജീവിത’ എന്ന നിലയിൽ എന്റെ ആയിരുന്നതു കൊണ്ടു്, കള്ളനെ മുട്ടുകുത്തിച്ചു. പ്രായശ്ചിത്തം ചെയ്തു ദുശ്ശാസനൻ അരമനയിലും അന്തഃപുരത്തിലും ആദരവും നേടി. ചൂതാട്ടസഭയിൽ ആണുങ്ങൾ കളിക്കുന്നിടത്തു ഞങ്ങളാരും ഒരിക്കലും പോയില്ലല്ലോ. പാഞ്ചാലി അവിടെ ക്ഷണിക്കപ്പെടാതെ എന്തിനുപോയെന്നൊന്നും ഞാൻ ഇപ്പോൾ ചോദിക്കുന്നില്ല. ഒരുപിടി സമ്മാനങ്ങളുമായി ദുര്യോധനൻ ഇന്ദ്രപ്രസ്ഥം കൊട്ടാരത്തിൽ ചതിക്കുഴി പോലുള്ള സ്ഥലജലഭ്രമത്തിൽ വഴുക്കിവീണപ്പോൾ കാണാത്ത ധാർമ്മികപ്രതിഷേധം എന്താണു് പാഞ്ചാലിയുടെ വസ്ത്രാക്ഷേപത്തിൽ ഞങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നതു്? പാണ്ഡവരുടെ അവിവേകചൂതാട്ടഭ്രമത്താൽ പൗരാവകാശം നഷ്ടപ്പെട്ട പാഞ്ചാലിയിപ്പോൾ കൗരവഅടിമയല്ലേ? അടിമമൊഴിക്കു് ഹസ്തിനപുരി നിയമവ്യവസ്ഥയിൽ സാധുത ഉണ്ടോ? അന്യദേശത്തു നിന്നു കൗരവവധുക്കളായി വന്ന ഞങ്ങളൊക്കെ ഗാന്ധാരിയെ പോലെ നിരക്ഷര എന്നാണോ ധരിച്ചുവച്ചതു്! തിരക്കുണ്ടു്, തക്ഷശില, നാളന്ദ സർവ്വകലാശാലകളിൽനിന്നും വന്ന അധ്യാപകർ പങ്കെടുക്കുന്ന വിരുന്നിൽ സ്ത്രീവിമോചനത്തെക്കുറിച്ചു ചെയ്യുന്ന സംവാദത്തിൽ, കൗരവവധുക്കളുടെ പ്രതിനിധി എന്ന നിലയിൽ ചെയ്യുന്ന പ്രഭാഷണം ഞാനാണു് തയ്യാറാക്കിയതു്. വരുന്നോ? വിഭവസമൃദ്ധമായ അത്താഴം കഴിഞ്ഞാൽ ആൺപെൺ വേർതിരിവില്ലാതെ ‘തൊട്ടും തലോടിയും’ കിന്നരിക്കാൻ ഉദ്യാനത്തിൽ അവസരം കിട്ടും!”
“പെൺപീഡനം ഒച്ചപ്പാടുണ്ടാക്കിയല്ലോ. എന്താണതിലെ വൃത്തികെട്ട രാഷ്ട്രീയം?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“വിവാഹംവരെ ഓരോ വസന്തകാലത്തും പാഞ്ചാലയിൽ കൂട്ടംചേർന്നുചെയ്യുന്ന മാലിന്യനിർമ്മാർജ്ജനമുണ്ടു്. കൊട്ടാരസമുച്ചയങ്ങളിലെ സേവനദാതാക്കളായ സ്ത്രീകൾ മാത്രം പങ്കെടുക്കുന്നൊരു കർമ്മസേന, അകവും പുറവും സ്വയം ചുറ്റിനടന്നു പെറുക്കി മാറ്റി മാലിന്യമുക്ത അരമനയാക്കുന്നതു അങ്ങനെ നാടുഭരിക്കുന്ന ‘ആൺപിറന്നവർ’ക്കൊരു ആനന്ദക്കാഴ്ചയായി. ഇവിടെ അതുപോലെ ആശ്രമങ്ങളിലെ നിഷ്ക്രിയ മാലിന്യങ്ങൾ നീക്കുന്നതിനിടയിൽ, ഒന്നോ രണ്ടോ സന്യസ്തരെയും അതിൽ ഞാൻ കൂട്ടത്തിൽ പെടുത്തി എന്നാരോപിച്ചു, ആശ്രമങ്ങളുടെ കാര്യദർശി യുധിഷ്ഠിരനോടു് പരാതി പറഞ്ഞു. കുറച്ചു നാളായി ആശ്രമങ്ങളിൽ ദർശനം തരാത്ത സന്യസ്തരെ പാഴ്‌വസ്തുക്കൾക്കൊപ്പം മാലിന്യക്കുഴിയിൽ മറവുചെയ്തു എന്നായിരുന്നു കാര്യദർശിയുടെ കൗതുകകരമായ കണ്ടെത്തൽ. വാർത്ത അങ്ങനെ വളഞ്ഞവഴിയിൽ കുതിരപ്പന്തികളിലൂടെ, ദേശീയശ്രദ്ധ ആകർഷിച്ചു എന്നല്ലേ നിങ്ങളുടെ വാമൊഴി വിശ്വസിക്കാമെങ്കിൽ നാം അനുമാനിക്കേണ്ടതു്?”
“കർണ്ണപ്രണയത്തെ ജാതിയോടു ബന്ധപ്പെടുത്തിയെന്നൊരു ഗുരുതരആക്ഷേപം ചാർവാകൻ പേർപറഞ്ഞുയർത്തുന്നതു് ഇന്നലെ കണ്ടു. ജാതിമഹിമയെ കുറിച്ചെന്തെങ്കിലും ഇക്കാലത്തു ഹസ്തിനപുരിയിൽ പറഞ്ഞാൽ, രാഷ്ട്രീയശരിയെമാനിക്കുന്ന കൗരവർ പരിഭ്രമിക്കും. ദ്രൗപദീപരിണയത്തിനായി കർണ്ണൻ പാഞ്ചാലയിലെ ആയുധമത്സരത്തിൽ പങ്കെടുക്കാൻ എഴുന്നേറ്റപ്പോൾ, കർണ്ണജാതിയെ കുറിച്ചു് നിങ്ങളുടെ പരാമർശം അവനെ തളർത്തുന്നപോലെ തോന്നി എന്നായിരുന്നു ദുര്യോധനന്റെ വേദനയോടെയുള്ള നിരീക്ഷണം. ഒരുപക്ഷേ, അർജ്ജുനനെ വെല്ലുന്ന ആയുധമികവുള്ള ‘സൂത’യോദ്ധാവിനെ നിങ്ങൾ നയപരമായി ഒഴിവാക്കുന്നതിനുപകരം, സൂതജാതിയിൽ വെറുപ്പു് കേന്ദ്രീകരിക്കുന്ന യാഥാസ്ഥിതികരീതിയാണോ, പരിഷ്കൃതയെന്നു ഒറ്റനോട്ടത്തിൽ തോന്നുന്ന നിങ്ങൾ അവലംബിക്കേണ്ടതു്?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. നഗരാതിർത്തിയിലെ അതിഥി മന്ദിരത്തിലായിരുന്നു പാണ്ഡവവധു ആ ദിവസങ്ങളിൽ, ഔദ്യോഗികമായി കോട്ടക്കകത്തൊരു അരമനവസതി അനുവദിച്ചുകിട്ടും വരെ, താമസം.
“ഈ ജാലകത്തിലൂടെ ഒളികണ്ണിട്ടൊന്നു നിങ്ങൾ നോക്കൂ വരിവരിയായി, കയ്യിൽ പൂക്കളും കണ്ണിൽ പ്രണയവുമായി നിൽക്കുന്നവർ ഇളമുറകൗരവരാണു്. നിത്യവും ഒരു സംഘം വരും, ആചാരപരമായി മുട്ടുകുത്തി കൈമുത്തും, ചെറിയൊരു സ്പർശലാളനക്കായി തൊട്ടുരുമ്മി കവിൾ ഉയർത്തും കിട്ടിക്കഴിഞ്ഞാലവർ സംതൃപ്തിയോടെ കൈകുലുക്കി യാത്രപറയും. എന്നാൽ കർണ്ണൻ? ആരാധകൻ എന്ന പ്രണയപദവി വിട്ടു പ്രകോപകൻ എന്ന മട്ടിലൊരു നോട്ടപ്പുള്ളിയായപ്പോൾ, പാഞ്ചാലയിലെ പരിണയപ്പന്തലിൽ അവനെ ഒതുക്കാൻ, ജാതിസൂചനയല്ലാതെ വേറെ തരമില്ലായിരുന്നു. “അതിസുന്ദരിയായ ക്ഷത്രിയരാജകുമാരിയിൽ, പ്രകാശത്തിന്റെ തമ്പുരാനുണ്ടായ വിവാഹപൂർവ രഹസ്യസന്തതിയാണു് ഞാൻ” എന്നവൻ പരിണയവേദിയിൽ തൊട്ടടുത്തുനിന്നു മറ്റാരും കേൾക്കാതെ മേനി പറഞ്ഞപ്പോൾ, നിലവിട്ടു ഞാനൊന്നുറക്കെ ആസ്വദിച്ചു് “പെറ്റതള്ളയേയും ബീജദാനിയെയും നമുക്കൊരുമിച്ചു വലവിരിച്ചു പിടിക്കാം, പ്രിയപ്പെട്ടവനേ” എന്നു് ഞാനവനെ ആലിംഗനംചെയ്തു പ്രോത്സാഹിപ്പിക്കും എന്നായിരുന്നോ ദുരഭിമാനിയുടെ ശുഭപ്രതീക്ഷ?”
“വേറെ ആരും കുരുവംശചരിത്രമെഴുതാൻ ഇതുവരെ നിങ്ങളെ സമീപിച്ചിട്ടില്ലേ?”, അംഗീകൃതചരിത്രകാരനായ സത്യവതീപുത്രനിൽനിന്നും പരേതകൗരവർക്കു നീതികിട്ടില്ലെന്ന ഉത്തമബോധ്യത്തിൽ ദുര്യോധനവിധവ ഭാവിയെക്കുറിച്ചു ആശങ്കപ്പെടുന്ന ദിനങ്ങൾ.
“തക്ഷശിലയിൽനിന്നുമൊരു ചരിത്ര അദ്ധ്യാപിക കുറച്ചുനാൾ ഹസ്തിനപുരിയിൽ, എന്റെകൂടെ പരിമിതസൗകര്യങ്ങളിൽ പ്രസന്നതയോടെ താമസിസിച്ചു ദുര്യോധനജീവിതത്തിലെ പരുക്കൻവശങ്ങൾ ഉൾപ്പെടെ പനയോലയിൽ പകർത്താൻ പാകത്തിൽ പലവട്ടം അഭിമുഖം ചെയ്തു. കലിംഗദേശത്തിൽ നിന്നും ഹസ്തിനപുരിയിൽ നവവധുവായിവന്ന ഞാൻ കണ്ട യുവകോമളൻ എങ്ങനെ നാൾക്കുനാൾ കിരീടാവകാശി എന്ന അംഗീകൃതപദവിയിൽനിന്നും തികച്ചുമൊരു രാഷ്ട്രതന്ത്രജ്ഞൻ ആവുന്നതു് അന്തഃപുരകാഴ്ചപ്പാടിൽ എങ്ങനെ വിലയിരുത്തി എന്നു ഞാൻ വസ്തുനിഷ്ഠമായി ഓർത്തെടുത്തു. പക്ഷേ, കഷ്ടം, എല്ലാം കേട്ടറിഞ്ഞശേഷം, അവൾ എന്റെ കൈപിടിച്ചു് പറഞ്ഞു, ചാരവകുപ്പുമേധാവി നകുലൻവഴി ഒരു സന്ദേശവാഹകൻ മുന്നറിയിപ്പു് തന്നു, “നാളന്ദ തക്ഷശിലയെന്നൊന്നും കേട്ടു് കുരുക്ഷേത്ര ജയിച്ച പാണ്ഡവർ ഭയപ്പെടില്ല ഉടൻ നിങ്ങൾ പനയോലക്കെട്ടുകൾ സൂതനെ ഏൽപ്പിച്ചു അതിർത്തിവിട്ടു പോയില്ലെങ്കിൽ രണ്ടിലൊരു പുഴകളിൽ അനാഥശവം ഒഴുകും”. അബലക്കുമില്ലേ കുടുംബം കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ, ഇതാണോ പാണ്ഡവഭരണകൂടത്തിൽ നേതൃത്വം വഹിക്കുന്ന പാഞ്ചാലിയുടെ സ്ത്രീപക്ഷനയം?”
“പതിമൂന്നുവർഷം യുധിഷ്ഠിരൻ രാജഭരണത്തിൽനിന്നു് വിട്ടുനിന്നിട്ടും, കൈമോശംവരാതെ വ്യക്തിത്വത്തിൽ നിലനിർത്തിയ ഒരേ ഒരു സ്വഭാവഗുണം രാഷ്ട്രീയകാപട്യമാണെന്നു് ദുര്യോധനവിധവ വാണിജ്യത്തെരുവിലെ പൊതുയോഗത്തിൽ ഇന്നു് തുറന്നടിച്ചല്ലോ. എങ്ങനെ പ്രതികരിക്കുന്നു”, കൊട്ടാരം ലേഖിക ഭരണകൂടവക്താവിനെ നേരിട്ടു.
“ഊട്ടുപുരയിൽ സൗജന്യഭക്ഷണം ഉറപ്പുവരുത്തുന്ന ക്ഷണിതാവു് പദവിയിൽ രാജസഭസാന്നിധ്യം അനുവദിച്ചാൽ അതോടെ അപ്രത്യക്ഷമാവും കുരുക്ഷേത്രവിധവയുടെ വിഷപ്പുക!”
“ഒരേഒരു ബീജദാതാവിൽനിന്നും നൂറുമക്കൾക്കു് ജന്മംനൽകി, പരിലാളനയോടെ പോറ്റിവളർത്തിയ ഗാന്ധാരവംശജയല്ലേ ഹസ്തിനപുരി മഹാറാണി! വനവാസത്തിൽ, എന്തുകൊണ്ടു് മത്സരക്ഷമതയോടെ നിങ്ങൾക്കും പരിമിതിയില്ലാതെ പുനരുൽപ്പാദനം എന്ന ബഹുഭർത്തൃത്വദാമ്പത്യനയം പരിഗണിച്ചുകൂടാ? ചുറ്റും നോക്കിയാൽ മാംസഭോജികളെ കാണുന്ന ഈ കൊടുംകാട്ടിൽതന്നെയല്ലേ, പേടമാനുകൾ ഇണയെ കണ്ടെത്തുന്നതും, കുഞ്ഞുങ്ങളെ പോറ്റിവലുതാക്കുന്നതും? ഇരയെ കഴുത്തിൽ കടിച്ചുതിന്നുന്ന വന്യമൃഗങ്ങൾ ഒളിഞ്ഞിരുന്നു ചാടാൻ ചുറ്റും കാട്ടിലുണ്ടായിട്ടും, മാനുകൾക്കതൊന്നും തടസ്സമാവുന്നില്ലല്ലോ” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“വിശപ്പകറ്റാൻ മാത്രമേ വന്യമൃഗങ്ങൾ ഇരയെ പിടിക്കൂ. എന്നാൽ പ്രജനനക്ഷമതയില്ലാതെ, കേവലം നിശാവിനോദത്തിനു ഇരയെ ബന്ദിയാക്കുന്ന അഞ്ചോളം മാംസഭോജികൾ പരസ്പരം കുതി കാൽവെട്ടി എന്റെ കീറപ്പായപങ്കിടാൻ രാപ്പകൽ ഈ കാട്ടുകുടിലുണ്ടു്!”
“അഞ്ചുഭർത്താക്കന്മാർ ദ്രൗപദിക്കുണ്ടാവുമെന്നു പാണ്ഡുവിധവയിൽനിന്നറിഞ്ഞ ദ്രുപദൻ, പാഞ്ചാലയിലേക്കുള്ള മടക്കയാത്രാമൊഴിയായി പ്രിയപുത്രിയുടെ ചെവിയിലെന്തോ മന്ത്രിക്കുന്നതു് കണ്ടല്ലോ. ദാമ്പത്യത്തിനു സർവ്വമംഗളം ആശംസിക്കുന്നതിൽ കവിഞ്ഞെന്തേങ്കിലും ഗൂഢസന്ദേശം?”, കൊട്ടാരം ലേഖിക ചോദിച്ചു.
“സുസ്ഥിരദാമ്പത്യജീവിതത്തിനായി നീ അഞ്ചിരട്ടി അദ്ധ്വാനിക്കേണ്ടിവരുമല്ലോ എന്നു് പറഞ്ഞ അച്ഛൻ, പ്രതികരണത്തിനു് കാത്തുനിൽക്കാതെ കാൽമുന്നോട്ടുവച്ചു പടിയിറങ്ങിയതുകൊണ്ടു് ഭാവിപരിപാടി വിവാഹദിവസംതന്നെ അവൾക്കു വെളിപ്പെടുത്തേണ്ടിവന്നില്ല.”
“കുരുക്ഷേത്രത്തിൽ കുരുതിച്ചോര ഒഴുക്കിത്തന്നെവേണമായിരുന്നു കൂട്ടുകുടുംബത്തിലെ സ്വത്തുതർക്കം തീർക്കാൻ? കുറ്റിക്കാടുകളും ജലസ്രോതസ്സുകളും ഉൾപ്പെടെ ആവാസവ്യവസ്ഥ നശിപ്പിച്ചു, പരേതസൈനികരുടെ ജൈവമാലിന്യനിക്ഷേപത്താൽ പുഴനീരൊഴുക്കിനെ കുപ്പത്തൊട്ടി ആക്കിയില്ലേ എന്നാണു് പ്രവിശ്യാഭരണകൂടത്തെ നേരിൽ കണ്ട പരിസ്ഥിതിവാദി പരിതപിക്കുന്നതു്”, കൊട്ടാരം ലേഖിക വിലപിച്ചു.
“കൊടിയവേനലിലും ഞങ്ങൾ നനച്ചുപരിപാലിക്കുന്ന കൊട്ടാര ഉദ്യാനങ്ങൾ കണ്ടവർ കൗരവരുടെ പരിസ്ഥിതിപ്രേമം സംശയിക്കില്ല. പോർക്കളത്തിൽ വീരമൃത്യു പ്രാപിച്ച പാണ്ഡവരുടെ ജ്വലിക്കുന്ന ത്യാഗസ്മരണക്കു ജൈവവൈവിധ്യ ഉദ്യാനങ്ങൾ കുരുക്ഷേത്രയിൽ നിർമ്മിച്ചു് പുതിയ രാജാവു് ദുര്യോധനൻ രാഷ്ട്രത്തിനു സമർപ്പിക്കും. ഖാണ്ഡവവനം എന്ന അതിലോല ആവാസ വ്യവസ്ഥ കത്തിച്ചാമ്പലാക്കിയ പാപഭാരം പാണ്ഡവ ആത്മാവുകൾക്കു് ചുമക്കാനുണ്ടു്. കുരുവംശപരിസ്ഥിതികാര്യാലയത്തിന്റെ വ്യവസ്ഥ ഉദ്യാനപാലനത്തിൽ ഞങ്ങൾ ഇനിയും മാതൃകാപരമായി ഉറപ്പുവരുത്തും. ഭൗതികാതീതസമസ്യയെ നെഞ്ചോടു് നെഞ്ചു് പോരിടാൻ ഭൗതികമായി ചെയ്യേണ്ടതൊക്കെ ബദ്ധശ്രദ്ധയോടെ ചെയ്യും. യുദ്ധക്കെടുതി വിലയിരുത്താൻ ദുര്യോധനൻ കുരുക്ഷേത്രയിലേക്കു്.”
“ആരുജയിച്ച സന്തോഷത്തിലാണു് നിങ്ങൾ? ജേതാക്കൾ പാണ്ഡവരല്ലേ? അവരെ നിങ്ങൾ ‘പാതാള’ത്തിലേക്കയച്ചുവോ! എന്നു് വിലപിച്ചുകൊണ്ടു് കൊട്ടാരം ലേഖിക കൈമാടി ജനശ്രദ്ധ ആകർഷിച്ചതു് അപ്പോഴായിരുന്നു.”
“പതിനെട്ടുദിവസം നീണ്ട രക്തരൂഷിത‘വിപ്ലവ’ത്തിലൂടെ ഹസ്തിനപുരിയുടെ സിംഹാസനം പിടിച്ചടക്കിയ നിങ്ങൾ മഹാരാജാവായി ആദ്യവാർഷികം ആഘോഷിക്കുന്നു. നല്ലതു! എന്നാൽ പത്തുവർഷം നിങ്ങൾ രാജസൂയചക്രവർത്തി ആയിരുന്ന ഇന്ദ്രപ്രസ്ഥം ഒന്നുപോയി കണ്ടു ‘എന്തുണ്ടവിടെ വിശേഷം’ എന്നു് തിരക്കിയില്ലേ?”, വേദിയിൽ നിന്നിറങ്ങി കൊട്ടാരത്തിലേക്കു മടങ്ങാൻ രഥത്തിൽ കയറുകയായിരുന്ന യുധിഷ്ഠിരനെ കൊട്ടാരം ലേഖിക അഭിവാദ്യം ചെയ്തു.
“ഇന്ദ്രപ്രസ്ഥം? രാജസൂയ ചക്രവർത്തി? നിങ്ങൾ പത്രപ്രവർത്തകർ അതൊന്നും മറന്നില്ലേ. കാലികപ്രസക്തി മാത്രമുള്ള മയൻനിർമിതി മാത്രമായിരുന്നില്ലേ, വിരുന്നുവന്നവരെ വഴുക്കിവീഴ്ത്തുന്ന ഇന്ദ്രപ്രസ്ഥം? ചക്രവർത്തി എന്ന ആലങ്കാരികപദവിയും. യമുനതീരനഗരിയിൽ കഴിഞ്ഞ പതിനാലു വർഷങ്ങൾക്കുള്ളിൽ വളർന്ന കുറ്റിക്കാടുകൾ വെട്ടിനിരപ്പാക്കാനും ജൈവവൈവിധ്യങ്ങൾ നശിപ്പിക്കാനും, ഖാണ്ഡവവനംകുടിയേറ്റക്കാരെ, പരിസ്ഥിതി സംരക്ഷകരായ ഞങ്ങൾ സമ്മതിക്കില്ല.”
“നൂറോളം വ്യത്യസ്തദേശത്തനിമയുള്ള നാടുവാഴികുടുംബങ്ങളിൽനിന്നു ഇഷ്ടവിഭവപാചകവും ദൂഷണവാർത്താ വിതരണവുമായി കോട്ടക്കകത്തു ദശാബ്ദങ്ങളായി ഒതുങ്ങി ക്കഴിഞ്ഞ കൗരവരാജവധുക്കൾ എപ്പോഴാണു് പരസ്യവേദിയിൽ തീപ്പൊരിയായതു്?”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി. നെഞ്ഞത്തടിച്ചു വെല്ലുവിളിച്ചു കുരുക്ഷേത്ര വിധവകളും പുത്രവിധവകളും കോട്ടവാതിലിനുവെളിയിൽ പ്രതിഷേധം നടത്തുന്നതു് കൊട്ടാരം ഊട്ടുപുര ജാലകത്തിലൂടെ കാണാമായിരുന്നു.
“പാഞ്ചാലിയിൽനിന്നും അഞ്ചിലൊന്നു കിട്ടുന്ന പായക്കൂട്ടിൽ ലിംഗവിശപ്പു മാറാത്ത പാണ്ഡവർ ഹസ്തിനപുരി കോട്ടപിടിച്ചാൽ, രാജവിധവകളെ ലൈംഗികഅടിമകളാക്കും എന്നു് യുദ്ധകാലത്തു കൌരവസൈനികരോടു് ദുര്യോധനൻ പറഞ്ഞുപരത്തി. യുദ്ധംജയിച്ചു ജീവനോടെ ഹസ്തിനപുരിയിൽ എത്തിയതു് പക്ഷേ, വയോജനങ്ങളായ പാണ്ഡവർ! കുരുക്ഷേത്ര സമ്മാനിച്ച ഒടിവും ചതവും, നിവർന്നുനടക്കാൻ വയ്യാതെ, ആടിയുലഞ്ഞുവന്ന എന്റെ പാവം മക്കൾ എങ്ങനെ കൗരവരുടെ യുദ്ധകാലഭീഷണി നടപ്പിലാക്കും!”, ഊട്ടുപുരയിലെ ധാന്യപ്പെട്ടി, പാണ്ഡവമാതാവിന്റെ ജീവിതം പോലെ, ഒഴിഞ്ഞു കിടന്നു.
“വറുതിയിൽ ജനം എരിപൊരികൊള്ളുമ്പോഴും, പാണ്ഡവർക്കു് അരമനഊട്ടുപുരയിൽ മാംസ(ള)രുചിവിഭവങ്ങൾ മുറയ്ക്കു് കിട്ടുന്നുണ്ടു്. പക്ഷേ, നിങ്ങൾ! ഉണക്കപ്പഴങ്ങളും ശുദ്ധജലവും. ഇതെന്താ ഇങ്ങനെ?”, കൊട്ടാരം ലേഖിക പാഞ്ചാലിയുടെ മുമ്പിൽ മുട്ടുകുത്തി. യുദ്ധാനന്തര ഹസ്തിനപുരി.
“ഈ ഉടൽ പാരിതോഷികമായിതരുമ്പോൾ, പ്രകൃതി എനിക്കുനേരെ താക്കീതോടെ വിരൽചൂണ്ടി,”
“ഉപവാസവും സഹനവും നിറഞ്ഞതായിരിക്കട്ടെ, ആയുഷ്ക്കാലം, അഴകളവുകൾ പരിപാലിക്കുന്നവളുടെ തീൻശാല!”
“കൗരവരാജവധുക്കളുടെ കുടുംബക്കൂട്ടായ്മയിൽ നിങ്ങൾ, സ്ത്രീകൾക്കുനേരെയുള്ള പുരുഷാധിപത്യത്തെ എങ്ങനെ പ്രതിരോധിക്കാമെന്നു ബോധനം നടത്തുവാൻ സ്ഥിരം ക്ഷണിതാവായിരുന്നു എന്നു് ദുര്യോധനവധുവിൽനിന്നുമറിഞ്ഞപ്പോൾ അക്കാര്യത്തിൽ ആശയവ്യക്തത വരുത്തണമെന്നുതോന്നി. സ്ത്രീകൂട്ടായ്മയിൽ ‘ജനകീയഗുരു’വായ നിങ്ങൾ വസ്ത്രാക്ഷേപ വിവാദത്തിൽ പ്രതിയായ വിചിത്രസാഹചര്യമോർത്തു ഖേദമുണ്ടോ?” കൊട്ടാരം ലേഖിക ചോദിച്ചു. പരമോന്നത നീതിപീഠത്തിൽ, പേരു് വെളിപ്പെടുത്തിക്കൂടാത്ത അതിജീവിതയുടെ പരാതിയനുസരിച്ചു കൗരവരാജകുമാരൻ വിചാരണ നേരിടുന്ന സംഘർഷദിനങ്ങൾ.
“ക്ഷണിതാവായി പോവുന്ന പ്രഭാഷണത്തിൽ അവതരിപ്പിക്കാനൊരു ‘പിടയുന്ന ഇര’യെ കണ്ടെത്താൻ എന്റെ ശ്രമം ചൂതാട്ട സഭയിലാണു് ഫലപ്രാപ്തിയായതു്. തുറന്നുപറയട്ടെ, നൂറോളം ആര്യാവർത്തസുന്ദരികൾ കൗമാരപ്രായത്തിലുള്ള പെണ്മക്കൾ അങ്ങനെ ഒരു വലിയ പെൺപരിവാരം പകൽമുഴുവൻ നീന്താനും കളിക്കാനും ഇടനാഴികളിലും അരമനക്കുപിന്നിലെ ജലാശയങ്ങളിലും വെളിമ്പുറങ്ങളിലും അലയുമ്പോൾ, ഒരു കൗരവനെന്ന നിലയിൽ തോന്നും, ഇവരൊക്കെ ‘ഒളിഞ്ഞിരിക്കുന്ന വന്യമൃഗങ്ങളെ’ക്കുറിച്ചു വേണ്ടത്ര ബോധവതികളാണോ? ബോധവതികളാക്കാൻ വഴിയെന്തു്? അങ്ങനെ പെണ്ണവകാശപ്പോരാളിയായ പാഞ്ചാലിയെക്കണ്ടപ്പോൾ ഒരു സാഹസിക പരീക്ഷണത്തിനു് ‘ഇര’യായി നിന്നുതരാമോ എന്നു്, എന്റെ ഭാര്യയുടെ സാന്നിധ്യത്തിൽ അനുമതി വാങ്ങി ചെയ്ത ‘ബലാൽക്കാര പ്രഹസന’ത്തിലാണു് ഈ ആരോപണത്തിന്റെ അടിസ്ഥാനമായ വസ്ത്രാക്ഷേപം അംഗീകരിക്കപ്പെട്ടതും, തുടർന്നവൾ പരാതി എഴുതി എന്നെ നിയമക്കുരുക്കിൽ കുടുക്കിയതും. അനുമതിതരുമ്പോൾ പാഞ്ചലിക്കറിയില്ല പാണ്ഡവർ അവളെ ആൾപണയം വച്ചു തോറ്റപ്പോൾ, സ്ഥാനഭ്രഷ്ടനായ വിവരം. പിറ്റേന്നുചെയ്യാനുള്ള പ്രഭാഷണം തയ്യാറാക്കുന്ന തിരക്കിൽ ഞാനും അറിഞ്ഞില്ല ചൂതാട്ടത്തിൽ ദുര്യോധനന്റെ പരോക്ഷവിജയവും പാണ്ഡവപതനവും ഉൾപ്പെടുന്ന കള്ളച്ചൂതിന്റെ മിന്നലാട്ടങ്ങൾ. ഇതൊക്കെ ഞാൻ ഹൃദയംതുറന്നു വിലപിച്ചാൽ, പിതാമഹൻ നീതിപതിയായ ഹസ്തിനപുരി നീതിപീഠം സ്വീകരിക്കുമോ? എന്നോടു് ചോദിച്ചാൽ, അവർ പുച്ഛത്തോടെ തള്ളും ഈ പച്ച പ്പരമാർത്ഥം!”
“മഹാപ്രസ്ഥാനത്തിനു ഇറങ്ങിത്തിരിക്കും മുമ്പു, ഹസ്തിനപുരി മഹാറാണിപദവിയിൽ ജീവിതം സുരഭിലമായിരുന്നകാലത്തു, പാഞ്ചാലി നിങ്ങളോടു് ഭാവിയെക്കുറിച്ചെന്തെങ്കിലും പ്രതീക്ഷാ നിർഭരമായി മനസ്സുതുറക്കുന്ന ഓർമ്മവല്ലതുമുണ്ടോ, അവളുടെ അനുസ്മരണത്തിന്റെ ഭാഗമായി ഞങ്ങൾ ചുവരെഴുത്തുപതിപ്പിൽ കൊടുക്കാൻ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. ദ്രൗപദിയുടെ ചിത കത്തിത്തീരുന്നതവൾ മലയിടുക്കിൽ കണ്ടു. രാത്രി. നാളെ ഈ സമയത്തു അഞ്ചുപേരിലൊരു പാണ്ഡവജഡവും ചരമശുശ്രൂഷക്കായി ഒരുങ്ങുമെന്നു അകാരണമായി ഏവരും ഒരുപോലെ ഭയന്നനേരം.
“ഭർത്താവായി എന്നെ പൂർണ്ണമായും ഉൾക്കൊള്ളാൻ ഞങ്ങൾക്കിടയിലെ പ്രകടമായ പ്രായവ്യത്യാസം അവളെ തടഞ്ഞപോലെ പലപ്പോഴും എനിക്കു് ഖേദംതോന്നും. ഒരിക്കൽ അവൾ പറഞ്ഞു. നിങ്ങളൊക്കെ ഇന്നല്ലെങ്കിൽ നാളെ കാലംചെന്നാലും എനിക്കു ഇനിയുണ്ടൊരു ചമൽക്കരഭരിതമായൊരു ഭാവിജീവിതം. അഞ്ചു ആണുങ്ങൾ കയറിയ ദാമ്പത്യ(ഭാര)മൊഴിഞ്ഞിട്ടുവേണം ശുഭ ഭാവിയുടെ വൈവിധ്യസാധ്യതകൾ ഒന്നൊന്നായെടുത്തു ഓമനിക്കാനും പരീക്ഷിക്കാനും എന്നവൾ പറയുമ്പോൾ, അവളുടെ നോട്ടം അതിന്റെ പ്രത്യക്ഷ്യത്തിൽ കൈവന്ന അപരിചിതഭാവം അവളിൽ നിന്നും എന്നെ എന്നെന്നേക്കുമായി അകറ്റി എന്നാണു അവളുടെ മരണം ബഹിഷ്കരിക്കാൻ എന്നെ പ്രേരിപ്പിച്ച ദുരവസ്ഥ!”
“ഇതെന്താണു് ജ്വാലാമുഖീ ഉദ്യാനത്തിലൊരപൂർവ്വദൃശ്യം! നൂറു കൗരവരാജസ്ത്രീകളും, ഔദ്യോഗികവിരുന്നുകളിൽമാത്രം പ്രദർശിപ്പിക്കാറുള്ള വിശിഷ്ടവസ്ത്രങ്ങൾ ധരിച്ചു, യുദ്ധദേവതക്കു ദീപപ്രണാമം? അതിനുമാത്രം എന്തുണ്ടായി അന്തഃപുരത്തിൽ ശത്രുഭീഷണി?”, കൊട്ടാരം ലേഖിക ചോദിച്ചു. കോട്ടക്കകത്തെ ദേവാലയ മൈതാനം.
“പ്രത്യാശാദിനമായി ആഘോഷിക്കാൻ, വിശ്വപ്രകൃതിയായ ജ്വാലാമുഖീദേവത ഞങ്ങൾക്കടയാളങ്ങൾ കാണിച്ചുതന്നു. പോരാട്ട വേദിയായി തിരഞ്ഞെടുത്ത കുരുക്ഷേത്രയിലെ അടിക്കാടുകൾ, നേരംപുലർന്നപ്പോൾ, പൂർണ്ണമായും അപ്രത്യക്ഷമായി! ഓരം ചേർന്നൊഴുകുന്ന ശുദ്ധജലപ്രവാഹം സന്ധ്യവരെ കുളിക്കാനും തുണികഴുകാനും, അർധരാത്രിയോടെ, പുലർച്ചക്കുമുമ്പായി, ജൈവമാലിന്യനീക്കത്തിനും. ഇരുസൈന്യങ്ങൾക്കന്തിയുറങ്ങാൻ അടിസ്ഥാനസൗകര്യങ്ങളോടെ ആഡംബരപാളയങ്ങൾ. ആയിരമായിരം നാൽക്കാലികളെ വെട്ടിമുറിച്ചു മാംസം ശുചിയായി പാകംചെയ്തു ചൂടോടെ ഊട്ടുപുരകളിലെത്തിക്കാൻ അറവുകാരും പാചകക്കാരും. വധശ്രമങ്ങൾക്കിടയിൽ ഉണ്ടാവുന്ന ദൈനംദിന സംഘർഷം നീക്കി മനസ്സിനെ യുദ്ധകേന്ദ്രിതമാക്കാൻ പാതിരാസേവനവുമായി കൗരവപാളയങ്ങളിൽ പോകുന്ന ഞങ്ങൾക്കു പകൽവിശ്രമിക്കാൻ ആരാമങ്ങൾ. ഹസ്തിനപുരിയിൽ നിന്നും കുരുക്ഷേത്രയിലേക്കു ആളും അർത്ഥവും എത്തിക്കാൻ അതിവേഗപ്പാത—അങ്ങനെ എവിടെയൊക്കെ നിങ്ങൾ ചുറ്റിത്തിരിഞ്ഞാലും കാണാം, അതീതശക്തികളുടെ അടയാളങ്ങൾ! അഭിവന്ദ്യ ദുര്യോധനൻ പറഞ്ഞു ഇതു് നാം മുട്ടുകുത്തി അസുരശില്പിമായനു നന്ദിപ്രകടിപ്പിക്കേണ്ട യുദ്ധകാല പാരിതോഷികം. യുദ്ധ ദേവതയായ ജ്വാലാമുഖി സാക്ഷിയായി നമ്രശിരസ്കരായി പ്രത്യാ ശാദിനം!” നിയുക്ത സൈനികമേധാവി ഭീഷ്മർ ദുശ്ശകുനംപോലൊരു ഭീതിദനോട്ടവുമായി മട്ടുപ്പാവിൽ നടക്കുന്നതു് കൊട്ടാരം ലേഖിക കണ്ടു.
“പോരാട്ടത്തിനു് ഇടവും സമയവും പ്രഖ്യാപിച്ചതു് ദുര്യോധനൻ ആയിരുന്നെങ്കിലും, കാര്യപരിപാടി നിങ്ങൾ ഉടൻ സ്വീകരിച്ചതു് കണ്ടപ്പോൾ ഞങ്ങൾക്കു് വല്ലായ്മതോന്നി. ‘ധർമ്മപുത്രനായ യുധിഷ്ഠിരനും കേവലമൊരു യുദ്ധവെറിയനോ?’ എന്നായിരുന്നു ചാർവാകൻ നിരീക്ഷിച്ചതു്. എങ്ങനെ ഓർത്തെടുക്കുന്നു വിമ്മിഷ്ടക്കാലം?”, കൊട്ടാരം ലേഖിക പുതിയ ഹസ്തിനപുരി മഹാരാജാവിനോടു് ഉപചാരത്തോടെ മുട്ടുകുത്തി കൈമുത്തി ചോദിച്ചു.
“എന്താണിത്ര അനുഷഠാനപരമായി ഓർത്തെടുക്കാൻ? വർഷം ഒന്നു് കഴിഞ്ഞതല്ലെയുള്ളൂ? യുദ്ധവെറിയനല്ല യുധിഷ്ഠിരൻ എന്നു നാസ്തികചാർവാകനെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വമൊന്നും എനിക്കില്ലെങ്കിലും, ഏറ്റുപറയട്ടെ കൗരവപ്രഖ്യാപനം ഞങ്ങൾ സ്വീകരിച്ചതു് നിബന്ധനയോടെ. നയതന്ത്രതല നീക്കത്തിന്റെ സ്വാഭാവികതുടർച്ചയായി ബലപ്രയോഗം എന്ന നിലയിൽ പോരാട്ടത്തെ സ്വാഗതം ചെയ്യുമ്പോൾ തന്നെ, യുദ്ധം പ്രകൃതിസൗഹൃദമാവണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന കടുത്ത നിലപാടിനെ തുടർന്നു കൗരവർ, ജൈവമാലിന്യനീക്കത്തിനു് യോജിച്ച വിധം പോരാട്ടസമയം ക്രമപ്പെടുത്തി. യുദ്ധം കഴിഞ്ഞു ഞാൻ പിതാമഹനെ പ്രണമിക്കാൻ പോരാട്ടമൂലയിലുള്ള ശരശയ്യയിൽ ചെന്നപ്പോൾ, യുദ്ധത്തിനു് മുമ്പു് എങ്ങനെയായിരുന്നുവോ കുരുക്ഷേത്ര, ആ സ്ഥിതിയിൽ ആയിത്തീർന്നിരുന്നു പോരാട്ടവേദി! ഈ പ്രപഞ്ചത്തിനൊരു നാഥനുണ്ടു് എന്നു് ബാല്യം മുതൽ വിശ്വസിക്കുന്ന ചാരിതാർഥ്യം ചെറുതല്ല! ഹിമാലയത്തിൽ നിന്നുത്ഭവിക്കുന്നപുണ്യനദി, പതിനെട്ടാംനാൾ അർധരാത്രിയോ ടെ പ്രളയജലമൊഴുകി മൊത്തം കുരുക്ഷേത്രയിൽനിന്നും ജൈവ, അജൈവ മാലിന്യങ്ങൾ പൂർണ്ണമായും കുത്തൊഴുക്കിൽ അനന്തതയിലേക്കു് വലിച്ചുകൊണ്ടുപോയി എന്നു് വേണ്ടേ വിശ്വാസികൾ വിശദീകരിക്കാൻ!”
“ധാർമ്മികതയിലൂന്നിയ നേതൃത്വം വഴിയോരങ്ങളിൽ അഭിനന്ദനം നേടുന്ന ജൈത്രയാത്രയാണല്ലോ ഹസ്തിനപുരിയിലേക്കു! എന്താണു് യുദ്ധജേതാക്കളുടെ ആദ്യപ്രതികരണം?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.
“കുരുക്ഷേത്രവിജയം എന്റെ നേതൃത്വനേട്ടമെന്നൊന്നും ആവേശത്തോടെ കാണരുതു്. തിന്മക്കുമേൽ നന്മയുടെ വിജയമാണു് കുരുക്ഷേത്ര എന്നു ഭാവിയിൽ വേദവ്യാസൻ ഞങ്ങളുടെ ജീവചരിത്രമെഴുതുമ്പോൾ, വായനക്കാരോടായി തുറന്നു പറയുമെന്നാണു് മനഃസാക്ഷിമൊഴി, പോർക്കളത്തിൽ ധാർമ്മികത ഓരോ കൗരവ വധനിർവ്വഹണത്തിലും വെല്ലുവിളി നേരിടുമ്പോഴൊക്കെ നിയമ സാധുതയുള്ള വധത്തിൽനിന്നും നിയമവിധേയമല്ലാത്ത കൊലപാതകത്തിലേക്കു് തെന്നിവീഴാതിരിക്കാൻ സാഹചര്യജാഗ്രത കാണിക്കുക വഴി ധാർമ്മികതയുടെ സമനില ഉടനീളം കാത്തു സൂക്ഷിച്ചു എന്നുമാത്രമേ എളിമയോടെ അവകാശപ്പെടാനാവൂ. കൗരവവംശഹത്യക്കു് ഞങ്ങൾ അർധസഹോദരർ കൂട്ടുനിന്നു എന്ന മാധ്യമനിരീക്ഷണം ഒഴിവാക്കാമായിരുന്നു. അന്തഃപുരത്തിൽ വധുവെന്ന ദാമ്പത്യനിലയിൽനിന്നും, വിധവ എന്ന നിയമ പദവിയിലേക്കു് പരിവർത്തനം ചെയ്യപ്പെട്ട കൗരവരാജസ്ത്രീകൾക്കു, നവപാണ്ഡവഭരണകൂടത്തിൽ സേവനദാതാക്കൾ എന്ന തൊഴിൽനിയമനം നൽകുന്ന ‘ചേർത്തുപിടിക്കൽ’ അതാണു് ഞങ്ങൾ ഈ യാത്രയിലും സ്വപ്നം പങ്കിടുക. അല്ലെ ദ്രൗപദീ?”, സംഘത്തിൽ കൗരവനുകൂലിയായ കൃപാചാര്യൻ കറുത്തതുണി കൊണ്ടു് ഉടൻ മുഖം മറച്ചു. ദ്രൗപദി യുധിഷ്ഠിരന്റെ പിടിവിട്ടു പിൻനിരയിലേക്കു ഇരിപ്പു മാറി.
“ദ്രൗപദിയെനിക്കു് സ്വന്തമെന്നഭിമാനിക്കുന്നതു ഓരോ ഇണയുടെയും സ്വാഭാവികഹൃദയവികാരം, ക്ഷമയോടെ മറ്റുനാലു പാണ്ഡവർ, അവർക്കവൾ അനുവദിച്ച അഞ്ചിലൊന്നു് ഊഴംകാത്തിരിക്കുമ്പോൾ, അത്തരം നിയന്ത്രണവുമായി പൊരുത്തപ്പെടാനാവാതെ നിങ്ങളുടെ ഉള്ളംതപിക്കുമ്പോഴാണു്, സ്വന്തമെന്നപദത്തിന്റെ ‘ദുരർത്ഥ’ങ്ങൾ നിങ്ങൾക്കും വ്യക്തമാവുക. രാവിലെ പാണ്ഡവൻ പാഞ്ചാലിയുടെ കിടപ്പറയിൽനിന്നും പുറത്തുവരുമ്പോൾ, നിശാനുഭവങ്ങൾ മറ്റുനാലുപാണ്ഡവരുമായി കലവറയില്ലാതെ പങ്കിടണമെന്നു നിങ്ങൾ ദുർവാശിയോടെ ശഠിക്കുമ്പോൾ, ദ്രൗപദിയുടെ ബഹുഭർത്തൃത്വത്തിൽ സ്വകാര്യത പ്രതിസന്ധിനേരിടുന്നു. ഓരോ പാണ്ഡവനിലും ഞാനൊരു പീഡകദുശ്ശാസനനെയാണു് കാണുന്നതെന്നു് നിങ്ങൾ വികാരഭരിതനാവുമ്പോൾ, കൗന്തേയരുടെ ദാമ്പത്യദൗർഭാഗ്യത്തെ ഓർത്തു വത്സലമാതാവു് കുന്തി വിലപിക്കുന്നു. ഇത്രമാത്രം വ്യഥിതമാനസികപ്രശ്നങ്ങളുണ്ടോ നിങ്ങളുടെ ഇടനെഞ്ചിനകത്തെ ശിശുഹൃദയത്തിനുള്ളിൽ?”, വഴിയോരമരച്ചുവട്ടിൽ മറ്റു നാലു പാണ്ഡവർക്കൊപ്പം വിശ്രമിക്കുകയായിരുന്ന ഭീമനോടു് കൊട്ടാരം ലേഖിക ചോദിച്ചു. മഹാപ്രസ്ഥാനത്തിൽ വിജനഹിമാലയ താഴ്‌വര.
“ഇപ്പോളെങ്കിലും നിങ്ങൾ കാര്യം പാണ്ഡവ പരിപ്രേക്ഷ്യത്തിൽ കണ്ടറിഞ്ഞല്ലോ. ദ്രൗപദി ഇന്നുരാവിലെ കുഴഞ്ഞു വീണു മരിച്ചപ്പോൾ നീണ്ടകാല ദാമ്പത്യത്തിലുടനീളം സഹയാത്രികരായിരുന്ന ഞങ്ങളഞ്ചുപേർ അവൾക്കു ചരമശുശ്രൂഷ നിഷേധിച്ചതു് എന്തു കൊണ്ടെന്നു്.”
“അന്തഃപുരഉദ്യാനത്തിൽ കാറ്റുകൊള്ളുകയായിരുന്ന മഹാറാണിഗാന്ധാരിയുടെ മുമ്പിൽ മൂത്രമൊഴിച്ച കുട്ടിഭീമനെ രാജാവു് മാതൃകാപരമായി ശിക്ഷിച്ചു എന്നു് അരമനവാർത്ത കേട്ടല്ലോ”, അരങ്ങേറ്റമൈതാനത്തു് പരിശീലനംനേടുന്ന സൈനികവിദ്യാർത്ഥി അർജുനനെ കൊട്ടാരം ലേഖിക ചോദ്യം ചെയ്തു.
“വ്യാജമാണു് ഗാന്ധാരിയുടെ കുപ്രസിദ്ധകൺകെട്ടു് എന്നു് സംശയമില്ലാതെ തെളിയിക്കാൻ ഒരെളുപ്പവഴി ബാലഭീമൻ നിഷ്കളങ്കമായി കണ്ടെത്തിയതല്ലേ. അവനു് നഗ്നതാപ്രദർശനം അങ്ങനെ വിനോദമൊന്നുമല്ല.”
“അന്ധവിശ്വാസിയാണല്ലേ! മൃതാത്മാക്കളെ ഭീമൻ ഭയപ്പെടുന്നു! “മരണത്തിനുശേഷം എന്തു്?” എന്ന പ്രഭാഷണപരമ്പരയിലായിരുന്നു ദുശ്ശാസനവിധവയുടെ ദുരാരോപണം. ഭീമനെ ഉന്നംവെച്ച അവഹേളനമായി നിങ്ങൾക്കും തോന്നിയോ?”, കൊട്ടാരം ലേഖിക ചോദിച്ചു. അന്തഃപുര ജാലകത്തിനോരം ചേർന്നു ആലോചനയിലായിരുന്നു പാഞ്ചാലി.
“ധർമ്മയുദ്ധത്തിൽ കൊല്ലപ്പെടുന്നവനു സ്വർഗ്ഗരാജ്യം അവകാശപ്പെടാമെന്നതൊരന്ധവിശ്വാസമൊന്നുമല്ലല്ലോ? പിന്നെന്താ ശാസ്ത്രീയാഭിരുചിയുള്ള ദുശ്ശാസനവിധവക്കിപ്പോൾ ഭീമനില്ലാത്തതോതിൽ ആശങ്ക? ദുശ്ശാസനൻ ഹസ്തിനപുരിയുടെ അഖണ്ഡതക്കു വേണ്ടിയല്ല പോരാടിയതെന്നവൾ ഒരുപക്ഷേ, സംശയിക്കുന്നുണ്ടോ? തിരുഹൃദയം പാരിതോഷികമായാണു ദുശ്ശാസനൻ ഭീമനു് നീട്ടിയതെന്ന കാര്യം ഒരു നിമിഷം പോലും നിങ്ങൾ മറക്കരുതു്. ‘പ്രിയതമയുടെ കേശപരിചരണത്തിനു നിന്റെ ഇടം നെഞ്ചിൽ നിന്നൊരു കുമ്പിൾ ചുടുചോര വേണമല്ലോ ദുശ്ശാസനാ’ എന്നു് ഭീമൻ മാറിൽ നഖമിറക്കാൻ ശ്രമിച്ചപ്പോൾ, ദുശ്ശാസനൻ പുഞ്ചിരിയോടെ പറഞ്ഞു, ‘നവവധുവായി പാഞ്ചാലി ഹസ്തിനപുരിയിൽ വന്ന നാൾ മുതൽ അവളുടെ അഴകളവുകളിൽ ഭ്രമിച്ച സൗന്ദര്യാരാധകനാണു ഞാൻ. വസ്ത്രാക്ഷേപമെന്ന പ്രതിസന്ധിയിലൂടെ ഞങ്ങളുടെ മമത കടന്നുപോയിട്ടും, പാഞ്ചാലി എനിക്കൊരു മധുരക്കിനാവായി. അങ്ങനെ ഞാനവൾക്കു സുഗന്ധതൈലങ്ങളും പരുത്തിത്തുണികളും വിശ്വസ്തൻ വഴി പാണ്ഡവർ അറിയാതെ അയച്ചു കൊടുക്കുമായിരുന്നു. മുടിയഴകിനു ദുശ്ശാസനന്റെ മാത്രം ചോരയാണു് പാഞ്ചാലി തേടിയതെങ്കിൽ, അതു് കേശാലങ്കാരബഹുമതിയായി ഞാൻ കാണും’ എന്നു് പറഞ്ഞുകൊണ്ടവൻ കിടന്നകിടപ്പിൽ പടച്ചട്ടയൂരി മാറിടം നഗ്നമാക്കി, കത്തി ഹൃദയത്തിൽ ഇറക്കുന്നതൊക്കെ കണ്ടു നിൽക്കയായിരുന്ന നകുലൻ, “രക്തസംഭരണിയിൽ കയ്യിട്ടു, ചുടു ചോര കോരിയെടുക്കേണ്ട ‘ഭൃത്യൻ’ മാത്രമായോ ഭീമൻ?” എന്നായിരുന്നു സംശയിച്ചതു്. രാജ്യ സുരക്ഷക്കായി ജീവൻവെടിയുമ്പോഴും, ഹൃദയരക്തം പ്രണയപുരസ്സരം വിട്ടുതന്ന ദുശ്ശാസനൻ എന്തിനു പിന്നെ നരിയായും പിശാചായും ആ പാവം ‘ഭൃത്യ’ന്റെ ഉറക്കംകെടുത്തണം?”
“പാണ്ഡവരിൽനിന്നും ഒരുവനെങ്കിലും ശത്രുപക്ഷത്തേക്കു കൂറുമാറി എന്നു് കൗരവർക്കു മേനിപറയാനുണ്ടാവില്ലേ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.
“കീചകവധത്തിൽ കൊലപ്പുള്ളിയായപ്പോൾ ഭീമൻ, ജീവൻ രക്ഷിക്കാൻ കൗരവപക്ഷത്തേക്കു കൂറുമാറാൻ തുനിഞ്ഞതാണു്. ‘രൗദ്ര’ഭീമനെ പിടിച്ചുനിർത്താൻ ആ പരീക്ഷണഘട്ടത്തിൽ സൈരന്ധ്രിവേഷത്തിലുള്ള സാക്ഷാൽ പാഞ്ചാലി വേണ്ടിവന്നു, സൗഗന്ധികത്തിനു തക്ക പാരിതോഷികം പോരെന്ന ആഖ്യാനവുമായി പാഞ്ചാലിയെ അവൻ, കണക്കുതീർക്കാൻ, കിടപ്പറയിൽ അവന്റെ ബന്ദിയുമാക്കി. ഭീമനിലപാടു് അത്രയും സുതാര്യമായിരിക്കെ, യുധിഷ്ഠിരൻ ഹസ്തിനപുരിയിൽ രഹസ്യസന്ദർശനത്തിൽ ദുര്യോധനനെ ആലിംഗനം ചെയ്തു സ്വന്തം കൂറു നിർവ്യാജമായി പ്രഖ്യാപിക്കുമോ എന്നു് മാത്രമേ ഞങ്ങൾ മോഹിക്കുന്നുള്ളു!”
“കൗരവസാനിധ്യമില്ലാത്ത ഉദ്യാനത്തിലൂടെ നടക്കുമ്പോൾ, ആശ്വാസമാണോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. നിയന്ത്രിതപ്രവേശനത്തിനു അനുമതിയുള്ള ഔഷധസസ്യത്തോട്ടത്തിൽ വസന്തകാലം.
“തെറ്റുചെയ്തവളുടെയും, ശരിചെയ്യാത്തവളുടെയും നീറിപ്പുകയുന്ന അശാന്തിയാണിപ്പോൾ, മനഃസാക്ഷി നൂറുമേനി കൊയ്യുന്നതു്. മുട്ടുകുത്തി കൈമുത്തുന്നതിൽ കവിഞ്ഞൊരു ഹൃദയപാരസ്പര്യത്തിൽ ആരാധനയെ തളക്കാൻ വേണ്ട പ്രണയാവിഷ്കാര കൗശലം കൗരവർക്കുണ്ടായില്ല. പ്രശംസകളാൽ പൂമൂടുക, രോഷംതോന്നിയാൽ അരക്കെട്ടിൽ പിടിമുറുക്കുക, അങ്ങനെ രണ്ടു ധ്രുവങ്ങൾക്കിടയിൽ കൗരവകാമന തെന്നിത്തെറിപ്പിച്ചു അടിയറവിനും പേപിടിച്ച ബലാത്സംഗത്തിനുമിടയിൽ പെൺമനം കുളുർപ്പിക്കുന്ന പ്രണയോത്സവമുണ്ടെന്നറിയാനുള്ള പരിഷ്കൃതമനസ്സവർക്കുണ്ടായിരുന്നില്ലെന്നതാണു് പ്രകൃതിയോടെന്റെ പരിഭവം. ഹൃദ്യമായി മുഖത്തു നോക്കി സല്ലപിക്കാനും, പെണ്ണുടലിൽ പര്യവേഷണം ചെയ്യാനും അവർക്കായില്ലെന്നതാണെന്റെ ദൗർഭാഗ്യം. ഒരിക്കലെങ്കിലും അവർക്കായിരുന്നെങ്കിൽ, വാക്കിലും നോക്കിലും തുളുമ്പുന്ന പ്രണയവിനിമയങ്ങളാൽ കൗരവർ ഓരോരുത്തരെയും പുത്തൻപാഞ്ചാലീസ്വയംവരത്തിൽ ‘വിജയി’യെന്നു ഞാൻ ആഘോഷിക്കുമായിരുന്നു!”
“വനനശീകരണത്തിനായി ഖാണ്ഡവപ്രസ്ഥം ചുറ്റിവളഞ്ഞു തീയിടാൻ ദുരുദ്ദേശ്യമുള്ള പാണ്ഡവരുടെ നല്ലനടപ്പിനു് നിങ്ങളെ കൗശലപൂർവ്വം ജാമ്യതടവുകാരിയാക്കി, കുടിലദുര്യോധനൻ ഗാന്ധാരിയുടെ തോഴിയായി പാർപ്പിച്ചു എന്നാണു അരമനരഹസ്യം. ഒരിക്കൽ ഹസ്തിനപുരി രാജാവായിരുന്ന പാണ്ഡുവിന്റെ വധുവെന്ന നിലയിൽ, നിങ്ങൾക്കു്, മാറിയ കരുതൽതടങ്കൽ വ്യവസ്ഥയിൽ, കൃത്യം എന്തായിരുന്നു അന്തഃപുരത്തിൽ ജോലി?” കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു.
“ഞാൻ തന്നെ വേണമായിരുന്നു തീൻശാലയിൽ ഓരോ വിഭവവും പാചകസവിശേഷത മന്ത്രിച്ചു ധൃതരാഷ്ട്രരുടെ വായിലിട്ടുകൊടുക്കാൻ. കൊച്ചുകുഞ്ഞിനെ പോലെ അവൻ കുസൃതിയോടെ എന്റെ വിരൽ കടിക്കും അല്ലെങ്കിൽ കുടിക്കും, എന്നിട്ടു പുഞ്ചിരിക്കും. തൊട്ടപ്പുറത്തു ഗാന്ധാരിയുടെ മറയിട്ട മുഖത്തേക്കൊന്നു ഞാൻ ഉടൻ പരിഭ്രമത്തിൽ നോക്കുമ്പോൾ, കാഴ്ചനിഷേധിക്കാനൊരു തട്ടിക്കൂട്ടു് കൺകെട്ടുണ്ടെങ്കിലും, കാണേണ്ടതൊക്കെ സൂക്ഷ്മപ്രകൃതി കാണിച്ചു കൊടുക്കുന്ന പോലെ കൃതാർത്ഥത തോന്നും. പരിമിതസ്വാതന്ത്ര്യത്തിനുള്ളിൽ പുറത്തുപറയാവുന്നതു ഇത്രമാത്രം, എന്നാൽ കഴിഞ്ഞ ദശാബ്ദങ്ങൾക്കുള്ളിൽ ഹസ്തിനപുരി കൊട്ടാരത്തിലെ അന്തഃപുരത്തിൽ സംഭവിച്ചതൊക്കെയും പുറത്തുപറയാനുള്ളതല്ല. ഞങ്ങൾ മൂന്നുനാലു വയോജനങ്ങൾ നാളെ കാട്ടിലേക്കു് പോവുകയാണു്. കാട്ടുതീയോ കുറുനരിയോ ഞങ്ങളെ കീഴ്പ്പെടുത്തുമ്പോൾ, ആ വൃത്തികെട്ട അരമനകഥകളും ചാമ്പലാവട്ടെ: എന്നോടൊപ്പം!”
“കൗമാരം വിട്ടൊഴിഞ്ഞിട്ടില്ലാത്ത അഭിമന്യുവിനെ, ഭീഷണസാഹചര്യം പരിഗണിക്കാതെ, പത്മവ്യൂഹത്തിലേക്കെറിഞ്ഞു, സ്വയം ഒളിവിൽ പോയ യുധിഷ്ഠിരനെതിരെ, അവസരം കിട്ടിയാൽ പ്രതികാരനടപടിക്കൊരുങ്ങുമോ നിങ്ങൾ?”, അഭിമന്യുവിന്റെ അമ്മ സുഭദ്രയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“യുധിഷ്ഠിരന്റെ പ്രസ്താവന ശ്രദ്ധയിൽ പെട്ടു. ജീവനോടെ അഭിമന്യു പത്മവ്യൂഹത്തിൽ നിന്നു് പുറത്തുചാടി പാണ്ഡവപാളയത്തിൽ തിരിച്ചെത്തിയിരുന്നെങ്കിൽ, യുദ്ധവിലക്കിനു വഴിവച്ചേക്കാവുന്ന സൈനികവിചാരണക്കു വിധേയനാവാൻ സാധ്യതയുണ്ടായിരുന്നു! പദ്മവ്യൂഹസൈനികതന്ത്രത്തിൽ വേണ്ടത്ര ഗ്രാഹ്യമില്ലാതെയും, മുതിർന്നവരുടെ സദുദ്ദേശ്യതാക്കീതു അവഗണിച്ചും, കൗരവനിർമ്മിത സൈന്യവ്യൂഹത്തിൽ അവിവേകമായി തലയിട്ടുകൊടുത്ത അഭിമന്യു ‘ഒരു മോശം സൈനികമാതൃക’ എന്നും യുധിഷ്ഠിരൻ നിരീക്ഷിച്ചതായി കേട്ടു. ദിവ്യായുധങ്ങൾ ഒന്നിലധികം കൈവശമുണ്ടായിട്ടും, അർജ്ജുനൻ അലസമായാണു് പ്രകോപനപരമായ യുധിഷ്ഠിരപ്രസ്താവനയെ കൈകാര്യം ചെയ്തതു് എന്നോർക്കുമ്പോൾ, ആയുധമെടുത്തു പാണ്ഡവപാളയത്തിൽ ഇടിച്ചുകയറി രണ്ടു പാണ്ഡവരുടെയും തലവെട്ടാനാണു്, ഏകപുത്രനെ ബലികൊടുക്കേണ്ടിവന്ന എന്റെ ഉള്ളം തുടിക്കുന്നതു്.”
“യുദ്ധജേതാക്കളെന്നവകാശപ്പെടന്ന ‘പാണ്ഡവ’രെ ഔദ്യോഗികതിരിച്ചറിയൽ പരിശോധനക്കു് വിധേയമാക്കിയിട്ടുണ്ടോ?” പാണ്ഡവമാതാവു് കുന്തി രാജസഭയിൽ, മഹാരാജാവു് ധൃതരാഷ്ട്രർക്കു് മുമ്പിൽ.
“‘ഇവർ എന്റെ മക്കൾ പാണ്ഡവർ’ എന്നു് സത്യം ചെയ്തിട്ടുണ്ടോ? അതോ, സ്വയം പാണ്ഡവരെന്നു പരിചയപ്പെടുത്തിയവർക്കു കൈമാറുമോ കുരുവംശചിഹ്നമായ ചെങ്കോൽ? കൊല്ലപ്പെട്ടെന്നു് ഈ ‘ജേതാക്കൾ’ പറയുന്ന നൂറോളം കൗരവരുടെ ശവശരീരങ്ങൾ ഔദ്യോഗികവൈദ്യപരിശോധനക്കു് വിധേയമാക്കിയോ? യഥാർത്ഥത്തിൽ കൗരവർ പോർക്കളത്തിൽ മരിച്ചുവോ?, അതോ, ഒളിവിൽ പോയോ? ജേതാക്കൾക്കു് അധികാരം കൈമാറണമെന്ന മുൻധാരണയുണ്ടായിരുന്നുവോ? ഉണ്ടെങ്കിൽ തന്നെ അതു് തള്ളി, വറുതിയിൽവലയുന്ന പാവങ്ങൾക്കു് ഒരു നേരം സൗജന്യഭക്ഷണമെന്ന പദ്ധതിയല്ലേ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ഭരണകൂടം തുടങ്ങേണ്ടതു്? എന്തുകൊണ്ടു് ധൃതരാഷ്ട്രർ രാജാധികാരം നീതിനിർവ്വഹണത്തിനായി പ്രയോഗിച്ചു, ജനപക്ഷത്തു ശക്തമായി നിൽക്കുന്നില്ല?”, കൊട്ടാരം ലേഖിക ധൃതരാഷ്ട്രരോടു് ചോദിച്ചു.
“എന്റെ സിംഹാസനത്തിനു ചുറ്റും പത്തുപാണ്ഡവകൈകൾ വളയുന്ന പോലെ തോന്നുന്നു. ചെങ്കോൽ തരാമെന്നു ഞാനവർക്കു് ഉറപ്പുകൊടുത്താൽ, ആ കൈവിരലുകൾ നെറ്റിയിൽ സാന്ത്വനത്തോടെ തടവും, ചെങ്കോൽ തരില്ലെന്നു് ഞാനൊന്നു ശഠിച്ചാൽ, അമ്പതു വിരൽനഖങ്ങൾ കുന്തമുനകളായി കരൾ പിളർക്കും!”
“ജേതാക്കൾ എന്നതുകൊണ്ടു് മാത്രം മറികടക്കാനാവുമോ, പരാജിതരോടു കാണിക്കാൻ വിട്ടുപോവുന്ന പ്രാഥമികപരിഗണന?”, കൊട്ടാരം ലേഖിക ചോദിച്ചു. ഭീമഗദയുടെ മാരകപ്രഹരശേഷിയിൽ തുടയെല്ലൊടിഞ്ഞു ശത്രു നിലംപതിച്ചപ്പോൾ, ശരിക്കും മരിച്ചുവോ എന്നുപോലും നോക്കാതെ വിജയോന്മാദത്തിൽ ഇടംകാലിയാക്കുന്ന തിരക്കിലായിരുന്നു പാണ്ഡവസംഘം.
“ദുര്യോധനൻ ചാവാൻകിടക്കുമ്പോൾ, ചുണ്ടുനനക്കാനിത്തിരിമുലപ്പാൽ പാഞ്ചാലി ചൊരിഞ്ഞില്ല എന്നാണോ നിങ്ങളുടെ പരിഭവം? അതോ, ആകാശത്തിലെ പറവകൾക്കും മണ്ണിലിഴയുന്ന ജീവികൾക്കും ദാഹജലമായി തണ്ണീർക്കുടങ്ങൾ ഓരോ തെരുവിലും ഒരുക്കുന്നദുര്യോധനനു്, എന്തുകൊണ്ടിത്തിരി കുടിവെള്ളവുമായി ധർമ്മപുത്രർ ചെന്നില്ല എന്നോ? മനസ്സില്ല അതുതന്നെ!” പതിനെട്ടാം ദിവസത്തെ അന്തിമപോരാട്ടത്തിൽ പരുക്കേറ്റവശനായ ഭീമനെ താങ്ങിപ്പിടിച്ചു നടക്കുകയായിരുന്നു, പാണ്ഡവരുടെ ‘വെള്ളംകോരികൾ’ എന്നു് കൗരവർ എക്കാലവും നിന്ദിച്ച മാദ്രേയർ.
“നീരാടി, സൂര്യനെ നമിച്ചുവരുന്ന നിങ്ങളെ പാണ്ഡവമാതാവു് വഴിതടഞ്ഞതു കണ്ടല്ലോ. ആകസ്മികമായിരുന്നോ അഭിമുഖം?”. കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു. യുദ്ധമേഘങ്ങൾ കനക്കുന്ന ഹസ്തിനപുരി.
“പെറ്റതള്ളയാരെന്ന പാണ്ഡുവിധവയുടെ വാഗ്ധോരണി കേൾക്കേണ്ടിവന്നു! ജന്മരഹസ്യം എന്ന ബാധ എന്നെ ‘പിടികൂടി’യതു്, കുഞ്ഞിനെ ഉപേക്ഷിച്ച അമ്മയാരെന്നറിയാനല്ല, ബീജദാതാവു് ആരെന്നറിയാനുള്ള നീണ്ടകാലത്വരയായിരുന്നു. വിവാഹപൂർവ്വ ജീവിതത്തിൽ, പരീക്ഷണാടിസ്ഥാനത്തിൽ സംഭവിച്ച ലൈംഗികബന്ധത്തിൽ പിറന്ന, അസൗകര്യകര സന്തതിയെ എന്തുചെയ്തു എന്നല്ല എനിക്കറിയേണ്ടിയിരുന്നതു്. ഹസ്തിനപുരിസമൂഹത്തിൽ, നിവർന്നുനിന്നഭിമാനിക്കാൻ പറ്റിയൊരുന്നതകുലജാതനായ പോരാളിയാണോ ബീജദാതാവു്? ഉദ്ദേശ്യശുദ്ധിയേക്കാൾ കുന്തിയിൽ കണ്ടതു്, കർണ്ണമാതൃത്വം അവകാശബോധത്തോടെ ഏറ്റെടുക്കാനുള്ള പാഴ്ശ്രമം! മുഷിഞ്ഞ ഉടലും തുണിക്കെട്ടുമായി അവൾ അപ്പോൾ സ്നാനഘട്ടത്തിലേക്കു പോവുകയായിരുന്നു. ഞാൻ കുളിച്ചു വരികയും. മാനസിക വ്യത്യാസമുണ്ടാകും ഞങ്ങൾക്കപ്പോൾ വീക്ഷണത്തിൽ. എന്നാൽ അതൊന്നും അറിഞ്ഞമട്ടില്ല സ്വാർത്ഥകുന്തി. ‘പനംകൊട്ടയിലൊരു പഴംതുണിവിരിച്ചു ഞാൻ ‘സുരക്ഷിതമായി’ നീരൊഴുക്കിൽ വിടുമ്പോൾ, വിശ്വപ്രകൃതി നിന്നെ തുണക്കട്ടെ!’ എന്നവൾ എന്നെന്നേക്കുമായി പറഞ്ഞതോടെ, ഞാനവളുടെ വൈകാരികമാതൃത്വത്തിന്റെ ദുസ്വാധീനവലയത്തിൽനിന്നും പുറത്തുചാടി എന്നവൾ അറിയുന്നില്ല. നവജാതശിശുഅവസ്ഥയിൽ അതൊരുവല്ലാത്ത പലായനമായിരിക്കണം. ഇപ്പോൾ പുഴവെള്ളത്തിലവൾ ഒരുപാടു് ജൈവമാലിന്യം ഒലുമ്പി കളയുന്നുണ്ടാവും, എന്നാൽ പുണ്യനദിയുടെ നീരൊഴുക്കിൽ അലിഞ്ഞുപോവാത്ത ഓർമ്മമാലിന്യങ്ങൾ പെറുക്കാൻ എനിക്കിനി അധികം നേരമില്ല!”
“ആജീവനാന്തസുഹൃത്തു് എന്നൊക്കെ നിങ്ങൾ അടിമബോധത്തോടെ വിശേഷിപ്പിച്ച ദുര്യോധനന്റെ തനിനിറം അറിയാൻ, അഭിമന്യുവധംവരെ കാത്തിരിക്കേണ്ടിവന്നു അല്ലെ?”, കർണ്ണനോടു് കൊട്ടാരം ലേഖിക ചോദിച്ചു. വൈകിയ രാത്രി. യുദ്ധത്തിന്റെ പതിമൂന്നാം ദിവസം.
“ഒടുങ്ങാത്ത സഖ്യം ഇച്ഛിക്കുന്നു എന്നുച്ചരിച്ചു അരങ്ങേറ്റമൈതാനത്തിൽ ഹൃദയപൂർവ്വം ആലിംഗനം ചെയ്ത ദുര്യോധനൻ സമ്മാനിച്ചതു് ‘പദവി’മാത്രമായിരുന്നില്ല, ഭാവിയെക്കുറിച്ചു പ്രത്യാശയായിരുന്നു. തലതാഴ്ത്തി നിങ്ങളുടെ മുമ്പിൽ നടക്കേണ്ടിവന്ന വെറുമൊരു ‘സൂതപുത്രൻ’ മാത്രമായിരുന്ന എന്നെ, ഉള്ളതോ ഇല്ലാത്തതോ, ‘അംഗരാജ്യനാടുവാഴി’യായി ദുര്യോധനൻ തന്നിഷ്ടത്തോടെ അഭിഷേകം ചെയ്തപ്പോൾ, കീഴാളകർണ്ണൻ മുട്ടുകുത്തി ‘രക്ഷക’ന്റെ കൈമുത്തി. ഒടുങ്ങാത്ത വിധേയത്വമായിരുന്നു എന്നിൽനിന്നും ദുര്യോധനന്റെ ആവശ്യം. എന്റെ ജൈവികഅമ്മയെന്നവകാശപ്പെട്ട കുന്തിയുടെ പ്രലോഭനങ്ങളെയും, ബ്രാഹ്മണനെന്നവകാശപ്പെട്ടു് എന്റെ ദാനശീലത്തെ കബളിപ്പിച്ച ‘അർജ്ജുനപിതാവു്’ ദേവേന്ദ്രനെയും, യുദ്ധത്തിനു് മുമ്പു് ഞാൻ ഇച്ഛാശക്തിയാൽ അതിജീവിച്ചു. ചിതയിൽ ദഹിക്കുന്ന, കൗമാരപോരാളിയെ, ചക്രവ്യൂഹത്തിൽ വളഞ്ഞു നെഞ്ചിൽ കുത്തി, ശവം പാണ്ഡവർക്കുനേരെ വലിച്ചെറിയണം എന്നു് ‘രക്ഷകൻ’ എന്നോടു് ആജ്ഞാപിച്ചപ്പോൾ, ആജീവനാന്തവിധേയത്വം ജീവിതദർശനമാക്കിയ ഞാൻ കൃത്യം വിജയകരമായി നിർവഹിച്ചു എന്നതിൽകവിഞ്ഞെന്തു ധാർമ്മികതയുടെ അപനിർമ്മാണമാണിപ്പോൾ ചെയ്യുന്നതു്? കൗരവരോടേറ്റുമുട്ടി നിലത്തുവീണ അഭിമന്യുവിന്റെ കരൾ പിളർക്കുമ്പോൾ, ആഘോഷത്തിനു് പകരം കർണ്ണമുഖത്തു് കനിവു് കണ്ടു എന്നു് പരിഹസിച്ച ദുര്യോധനൻ, ‘ഈ കുലംകുത്തി കൗരവർക്കുതീർത്തും അവിശ്വസ്തൻ!’ എന്നു് പരസ്യമായി വിധിയെഴുതി കൗരവസൈനികർക്കു് മുമ്പിൽ മാതൃകാപരമായി എന്നെ ശിക്ഷിക്കുകയും ചെയ്തു. അതൊക്കെയല്ലേ അടിമയോടു് ഉടയോൻ കാണിക്കുന്ന എക്കാലത്തെയും സമ്പ്രദായം? അതിലെന്താണു് നിങ്ങൾ കുത്തിക്കുത്തിപ്പറയുന്ന ആജീവനാന്തസംരക്ഷണത്തിന്റെ യുദ്ധകാലസാംഗത്യം?”.
“ഉച്ചഭക്ഷണം പാകംചെയ്യാൻ ധാന്യം മറ്റു കുരുക്ഷേത്രവിധവകളുമായി എളിമയോടെ പങ്കിടുന്ന നിങ്ങളെ, മുഖംമൂടിധരിച്ചൊരു പാണ്ഡവൻ ചുമലിൽ പിടിച്ചുനിർത്തി പിറുപിറുക്കുന്ന സ്വരത്തിൽ പേടിപ്പിക്കുന്നതു് കണ്ടല്ലോ? എന്തുകുറ്റം ചെയ്തു പാവംവിധവകൾ?”, കൊട്ടാരം ലേഖിക ചോദിച്ചു. ഉണക്കഇലകൾ പൂഴിക്കൊപ്പം അന്തരീക്ഷത്തിൽ പറന്നുകളിക്കുന്ന വേനൽക്കാല സന്ധ്യയിൽ, കൗരവരാജവിധവകളുടെ പുനരധിവാസകേന്ദ്രം.
“ശബ്ദംകൊണ്ടവനെ തിരിച്ചറിയാമെങ്കിലും, ഇപ്പോളവൻ അധികാരത്തിലല്ലേ, പേർ ഉച്ചരിച്ചുകൂടല്ലോ. വന്നപാടെ എന്റെ അഴിഞ്ഞുകിടക്കുന്ന മുടിക്കെട്ടിൽ പിടിച്ചുലച്ചു, ഗർജ്ജിച്ചു, എന്തു കൊണ്ടു് നീ ഇനിയും ശിരസ്സു് മുണ്ഡനംചെയ്തു വിധവകൾക്കു മാതൃകയാവുന്നില്ല എന്നു് വിരൽചൂണ്ടി ചോദിച്ചു. വൈധവ്യത്തോടെ ചിതയിൽ എറിയണോ, വിശ്വപ്രകൃതിയുടെ പാരിതോഷികമായ ഈ ഉടൽ എന്നു ഞാൻ ശാന്തമായി തിരിച്ചുചോദിച്ചു എന്നതാണു് എനിക്കോർമ്മിച്ചെടുക്കാവുന്ന ഒരേഒരു പ്രകോപനം. വിധവയായാൽ എന്തിനു നീ പ്രലോഭനമായി ജീവിച്ചിരിക്കണം? ഭരണകൂടം സംഭരിക്കുന്ന ഓരോ ധാന്യമണിയിലും, ശ്രദ്ധിച്ചോ, ഞങ്ങൾ ഇനിയും ഇതുപോലെ സൂക്ഷിച്ചുനോക്കും കൗരവരാജവിധവകളുടെ പേരുണ്ടോ? ഇല്ലെങ്കിൽ, കാലപുരിയിലേക്കു പോവാൻ പ്രകൃതിയുടെ നാമത്തിൽ നിന്നോടു് ആജ്ഞാപിക്കും! അതൊഴിവാക്കണമെങ്കിൽ വഴിയുണ്ടു്, നിങ്ങൾ ‘സേവനദാതാക്കൾ’ ആവണം. മഹാറാണിപ്പട്ടം കിട്ടിയപ്പോൾ പാഞ്ചാലി പഴയപോലെ ഞങ്ങൾക്കു് പായ വിരിക്കുന്നില്ല”.
“കുന്തി താമസം ഇവിടെയല്ലേ? ഇന്ദ്രപ്രസ്ഥ യുധിഷ്ഠിരന്റെ അമ്മ കുന്തിക്കു്, ഗാന്ധാരിയുടെ അന്തഃപുര സമുച്ചയത്തിൽ അന്തിയുറങ്ങാൻ മാത്രം എന്താണിപ്പോൾ കാര്യം?”, മുൻപരിചയം തോന്നിയ ഗാന്ധാരവംശജയെ കൊട്ടാരം ലേഖിക അഭിവാദ്യം ചെയ്തു.
“വംശീയമായി രാജതോഴികളെ നിങ്ങൾ അടയാളപ്പെടുത്തിയാൽ, ഗാന്ധാരഭാഷ സംസാരിക്കുന്ന സ്ത്രീ എന്ന നിലയിൽ മഹാറാണി ഗാന്ധാരിയുടെ വ്യക്തിഗതആവശ്യങ്ങൾ അറിഞ്ഞു അന്തഃപുരത്തിൽ കാര്യക്ഷമസേവനം ചെയ്യാൻ ഞാൻ ഒരാൾ മാത്രം മതി. എന്നാൽ, കുടിയേറ്റത്തിനുപോയ പാണ്ഡവരുടെ നല്ലനടപ്പിനായി കൗരവബന്ദിയാക്കപ്പെട്ട കുന്തിയെ (ഇന്ദ്രപ്രസ്ഥ ചക്രവർത്തി/ മുൻ മഹാറാണി/ പാണ്ഡുവിധവ തുടങ്ങിയ പദവിസംബന്ധമായ കോലാഹലമൊന്നും കേവലമൊരു അന്യനാട്ടുകാരിയായ ഞാൻ അറിയേണ്ട കാര്യമല്ല) രാപ്പകൽ നിരീക്ഷിക്കുന്ന പരിപാവനഅരമനജോലിയാണു് പ്രധാനം. അനിഷ്ടകാഴ്ചകൾ അന്തസ്സോടെ ഗാന്ധാരിയുടെ ദൃശ്യപരിധി യിൽ നിന്നും മറയ്ക്കുന്ന കൺകെട്ടുതുണിക്കെട്ടു് ശുദ്ധജലത്തിൽകഴുകി, നിഴലിൽഉണക്കി, ചുളിവില്ലാതെ മടക്കുന്ന ‘ശ്രമകരമായ’ മണ്ണാത്തിദൗത്യം ക്ഷമയോടെ ചെയ്യും എന്നു് കുന്തി അവസരം കിട്ടുമ്പോഴൊക്കെ ഗാന്ധാരിയോടു് അവകാശപ്പെടാറുണ്ടു്. ഗാന്ധാരിയുടെ തിരുവസ്ത്രങ്ങൾ പക്ഷേ, ഞാൻ തന്നെ കഴുകും. ത്യാഗത്തിന്റെ പ്രതീകമായ കൺകെട്ടുതുണി, ജൈവമാലിന്യമുള്ള തിരുവസ്ത്രങ്ങളുമായി കൂട്ടിക്കലർത്തരുതെന്നു കുന്തി അമംഗളകരമായി വിരലുയർത്തി നിഷ്കർഷിക്കും. വസ്ത്രങ്ങൾ ശരീരത്തെ തണുപ്പിൽ നിന്നും ചൂടിൽനിന്നും രക്ഷിക്കുന്നതിനൊപ്പം, ചിലർക്കെങ്കിലും ബാഹ്യസൗന്ദര്യവും സമ്മാനിക്കുമത്രേ! സത്യം തന്നോടുതന്നെ കൺകെട്ടുതുണി മറച്ചുവെക്കുന്നതിലൂടെ, ഹൃദയഭാഷയുടെ സ്വാഭാവികവിനിയോഗം നിഷേധിക്കുന്നു എന്നു് കുന്തി കൈ മലർത്തി അപ്പോൾ എന്നോടു് മുനവച്ചു പരിതപിക്കും. പുറംലോകത്തെ കാണാനാവാത്തതു പോലെ, ഗാന്ധാരിക്കു് കേൾക്കാനുമാവില്ലെന്ന ധൈര്യത്തിൽ കുന്തി, ഞങ്ങളെ മസ്തിഷ്കപ്രക്ഷാളനം ചെയ്യുന്ന രീതി ദുര്യോധനനെ, കുന്തിക്കറിയാത്ത ഗാന്ധാരഭാഷയിൽ, ഞാനപ്പോൾ അറിയിക്കും, വ്യാജസൗഹൃദവുമായി നിങ്ങൾ എന്നോടു് കുത്തിക്കുത്തി അരമനരഹസ്യം ചോർത്തിയെടുക്കുന്നതുൾപ്പെടെ ചാരസന്ദേശങ്ങളിൽ ഞാൻ ഉൾപ്പെടുത്തും!”
“കിരീടാവകാശിയെ തിരുവസ്ത്രം ധരിപ്പിക്കുംമുമ്പു് തന്നെയെന്താ നിങ്ങൾ ചെങ്കോലും കിരീടവും താഴെ വക്കുന്നതു്?”, കുരുക്ഷേത്രക്കുശേഷം മുപ്പത്തിയാറുവർഷങ്ങളായി രാജപദവിവഹിച്ച യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“കാടു വിളിക്കുന്നു!”
“വേനൽച്ചൂടിൽ ഗംഗയും യമുനയും തിളച്ചുമറിയുമ്പോൾ, വീട്ടകത്തൊതുങ്ങാതെ നിങ്ങൾ എന്താണു് ഭാരിച്ചൊരു ലോഹഗദയും ഉയർത്തിപിടിച്ചു കല്ലുംമുള്ളും ചവിട്ടി യുദ്ധഭൂമിയിൽ വഴിനടക്കുന്നതു്?”,കൊട്ടാരം ലേഖിക ചോദിച്ചു. കുറ്റിച്ചെടികൾ വീണ്ടും വളർന്നുപടർന്ന പഴയ പോരാട്ടഭൂമിയിൽ ആയിരുന്നു ദുര്യോധനവിധവയും പുതുതലമുറ കൗരവബാലികമാരും.
“രൗദ്രഭീമനുമായുള്ള അന്തിമഗദായുദ്ധത്തിൽ ദുര്യോധനൻ പാണ്ഡവഗൂഡാലോചനയുടെ ഇരയായി, സ്വജീവൻ ബലിദാനം ചെയ്ത ജലാശയതീരത്തു സഹനംനിറഞ്ഞ ഈ കാൽനടയാത്ര സമാപിക്കും. അവരുടെ പ്രിയപിതാമഹനായ ദുര്യോധനന്റെ ഓർമ്മക്കു കൗരവബാലികമാരുടെ പ്രതിജ്ഞയായിരുന്നു, പീഡാനുഭവസ്മരണകളുമായൊരു കുരുക്ഷേത്രയാത്ര. തീർത്ഥാടനത്തിന്റെ സമാപനത്തിനു ഞങ്ങൾ ഒരുക്കുന്ന സ്നേഹവിരുന്നിൽ പങ്കെടുക്കാൻ നിങ്ങളെ ഞങ്ങൾ സാദരം ക്ഷണിക്കട്ടെ. എത്ര എത്ര കഠിനചോദ്യങ്ങൾ അവനോടു് ചോദിക്കുമ്പോഴും, പ്രസന്നമുഖത്തോടെ കുരുക്ഷേത്രാനന്തരഹസ്തിനപുരിയുടെ ഭാവിയെക്കുറിച്ചവൻ ഉള്ളുതുറന്നിട്ടുള്ളതു് നിങ്ങളോടല്ലേ!”
“കൃപാചാര്യന്റെ ‘അവസ്ഥ’യെന്താണു്?”, ഊട്ടുപുരയുടെ മൂലയിൽ, ഒറ്റക്കിരുന്നു സസ്യാഹാരം നിർവൃതിയോടെ കഴിക്കുന്ന, ‘ചിരഞ്ജീവി’യെ കൺകോണു കൊണ്ടു് യുക്തിവാദി ചാർവാകന്റെ ശ്രദ്ധയാകർഷിച്ചു കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തരഹസ്തിനപുരിയിൽ ഏകകൗരവസൈനികൻ എന്ന നിലയിൽ പൊതുശ്രദ്ധപിടിച്ച വൃദ്ധൻ, സമകാലികർ പോർക്കളത്തിൽ കൊല്ലപ്പെട്ടിട്ടും, സമചിത്തതയോട ഉദ്യാനത്തിലും ഊട്ടുപുരയിലും വിഹരിക്കുന്ന നാളുകൾ.
“മരണമില്ലെനിക്കു് എന്നു് അശ്വത്ഥാമാവിനെപോലെ അഹങ്കരിക്കാൻ കഴിയുന്നൊരു നിസ്സാരആത്മാവു്. ഇപ്പോൾ പരീക്ഷിത്തിന്റെ പ്രാഥമികഗുരു, എങ്കിലും രക്ഷിതാക്കളായ പാണ്ഡവർക്കയാളോടു് അശേഷമില്ല ആത്മബന്ധം. ‘മഹാബ്രാഹ്മണ’നാണു് താനെന്ന അവകാശവാദമുന്നയിക്കുമ്പോഴും, കൗരവകുലഗുരുവായി! ബ്രാഹ്മണസ്വത്വരാഷ്ട്രീയത്തിൽ തൽപ്പരൻ, അങ്ങനെ ഭാര്യാസഹോദരനായ ദ്രോണരെ, കൊട്ടാരത്തിൽ കൊണ്ടുവന്നു. ഭീഷ്മരെ പറഞ്ഞുപറ്റിച്ചു കൗരവക്കുട്ടികളെ ദ്രോണഗുരുകുലത്തിലാക്കി കൊട്ടാരബന്ധത്തിൽ പിടിമുറുക്കി. കീഴ്ജാതി ബോധം കർണ്ണനെ ഇത്രമാത്രം പിടികൂടിയതിനുപിന്നിലെ കുരുട്ടുബുദ്ധിയാണെങ്കിലും കൂട്ടുകൂടിയതോ, ജാതിബോധം തീരെയില്ലാത്ത ദുര്യോധനന്റെ കൂടെ! യുദ്ധത്തിൽ കൗരവർ തോറ്റതോടെ, പിറ്റേന്നുരാവിലെമുതൽ കൃപർ വിജയിയെപോലെ പാണ്ഡവപക്ഷത്തായി. പാണ്ഡവർ അഞ്ചുപേരും ജാതിബോധമുള്ളവർ, ദേവലോകസന്തതികൾ എന്ന വംശീയമഹിമയും! അവർ ഉടലഴകു് കാട്ടി ജനങ്ങളെ ഇന്നും പറ്റിക്കുന്നു. മൊത്തം ഹസ്തിനപുരി കൊട്ടാരം, ആൾമാറാട്ടങ്ങളുടെ കളിയരങ്ങാണു്. നിങ്ങൾക്കു് രാപ്പകൽ തിണ്ണനിരങ്ങി വിഴുപ്പു പൊക്കാൻ പറ്റിയ ഇടം അഭിനന്ദനങ്ങൾ!”
“ഹസ്തിനപുരി പത്രികയുടെ ചുവരെഴുത്തു തൂത്തുമാച്ചു കൗരവാനുകൂലചേരുവ വരച്ചുചേർത്ത അജ്ഞാതചിത്രകാരിക്കു നമോവാകം. എങ്ങനെ നിങ്ങൾ ഇതൊക്കെ സാധിച്ചെടുത്തു? നകുലചാരന്മാർ ശിരോവസ്ത്രങ്ങൾധരിച്ചു നഗരവീഥികളിൽ നിരീക്ഷണക്കണ്ണുമായി രാപ്പകൽ ചുറ്റുമ്പോൾ!”, കൊട്ടാരം ലേഖിക ദുര്യോധന വിധവയോടു് ചോദിച്ചു.
“കുരുക്ഷേത്രവാർഷികമായി യുധിഷ്ഠിരഭരണകൂടം ഈ ദിനം ആഘോഷിക്കുമ്പോൾ, ‘ഹസ്തിനപുരി പത്രിക’ പാണ്ഡവപ്രതിച്ഛായ, പാഞ്ചാലിനവീകരിക്കുമെന്നറിഞ്ഞു. കൗരവരാജവിധവകൾ രഹസ്യയോഗം ചേർന്നു് ‘മിന്നലാക്രമണ’ത്തിനു പദ്ധതിയിട്ടു. ചാരനിരീക്ഷണത്തെ ചെറുക്കാൻ രതിപ്രലോഭനം, (അഥവാ ഞങ്ങളുടെ നാട്ടുമൊഴിയിൽ തേൻകെണി) ലക്ഷ്യവിജയം കണ്ടു. പാണ്ഡവാനുകൂലചുവരെഴുത്തുകൾ തുടച്ചുനീക്കാനും, ദുര്യോധനവധത്തിലെ അധാർമികതമാത്രം മതി, യുധിഷ്ഠിരകാപട്യം ജനങ്ങൾക്കുമുമ്പിൽ അനാവരണം ചെയ്യാനെന്നു ഞങ്ങൾ തിരിച്ചറിഞ്ഞു. യുദ്ധനിയമങ്ങൾ അശേഷം പാലിക്കാതെ ദുര്യോധനനെ ഭീമൻ തുടയിലടിച്ചു കൊലപ്പെടുത്തി എന്ന വിപൽസന്ദേശം വ്യക്തമാക്കുന്ന ഈചിത്രമെഴുത്തിലൂടെ ഞങ്ങൾ കൃത്യമായി ലക്ഷ്യമിടുന്നതെന്തെന്നോ? കുറ്റവാളിഭീമൻ തെരുവോരപ്രതിക്കൂട്ടിൽ ഞങ്ങളുടെ വിചാരണ നേരിടണം. തീ അവർ കെടുത്തിയാലും, നീറിപ്പുകയും!”
“യുദ്ധവിരാമമായോ? അതോ, ആദ്യദിനം പോലെ അർജ്ജുനൻ പൊടുന്നനെ വിഷാദരോഗിയായോ?”, കുരുക്ഷേത്ര യുദ്ധനിർവ്വഹണസമിതി അധ്യക്ഷനെ കൊട്ടാരം ലേഖിക അഭിവാദ്യം ചെയ്തു.
“ആരാണു് വിഷാദരോഗിഅർജ്ജുനൻ, എന്താണു് വിഷാദം എന്നതൊന്നും എന്റെ ജോലിക്കു പരിഗണനാവിഷയമല്ല. ഇരുകൂട്ടരും വ്യൂഹംചമഞ്ഞു, എറിയാൻ പരസ്പരം കുന്തം ഉയർത്തുമ്പോഴാണു്, അവർക്കിടയിലൊരു കൂട്ടം വെള്ളപ്രാവുകൾ ചിറകടിക്കുന്നു. പക്ഷിക്കൂട്ടത്തെ പേടിപ്പിക്കാൻ ഞങ്ങൾ ശംഖനാദം മുഴക്കി, പ്രാവുകൾ പോർക്കളം വിട്ടുപോയില്ല. അപ്പോഴാണു് ഊട്ടുപുരയിൽ നിന്നു് പാചകസംഘത്തിന്റെ അടിയന്തിരഅറിയിപ്പു് വന്നതു്. മൃഗമാംസക്ഷാമം പരിഹരിക്കാൻ, ശല്യക്കാരായ വെള്ളരിപ്രാവുകളെ പിടികൂടാനാണവരുടെ പ്രായോഗികനിർദേശം. ചാരിതാർഥ്യത്തോടെ പറയട്ടെ ഇരുകൂട്ടരും എറിഞ്ഞ കുന്തങ്ങൾ അപ്പോൾ ലക്ഷ്യവേധിയായി! കൃത്യം തടസ്സപ്പെടുത്തിയ പ്രാവുകളുടെ ചൂടാറാത്ത ‘ഭൗതികശരീര’ങ്ങൾ ഊട്ടുപുരയിലേക്കയച്ചതോടെ, കൗരവപാണ്ഡവ പോരാട്ടം ആരംഭിച്ചു. ചാർവാകൻ എന്നൊരുയുക്തിവാദിയാണു് പ്രാവുകളെ പോർക്കളത്തിലേക്കു വിട്ടതെന്ന പാണ്ഡവപരാതി യുദ്ധനിർവ്വഹണസമിതി അന്വേഷിക്കും. ഔദ്യോഗികകൃത്യനിർവഹണത്തിൽ ഇത്തരം ദുഷ്ടലാക്കോടെയുള്ള ഇടപെടൽ ഉണ്ടെന്നു അന്വേഷണത്തിൽ കണ്ടാൽ, മാതൃകാപരമായി മുണ്ഡനം ചെയ്തു ശിക്ഷിക്കും. കുരുക്ഷേത്ര വെറുമൊരു യുദ്ധമല്ല, ഇതു് കാലാതിവർത്തിയായ ഒരു ഇതിഹാസത്തിന്റെ നിർണ്ണായകഘട്ടമാണു് എന്ന നിങ്ങളുടെ നിരീക്ഷണം ഞങ്ങളുടെ പ്രതികരണം അർഹിക്കുന്നില്ല.”
“ഭാര്യയെ പണയംവെക്കുമ്പോൾ യുധിഷ്ഠിരൻ, സ്വയം നിസ്വനും കൗരവഅടിമയുമായിരുന്ന സ്ഥിതിക്കു്, പൗരാവകാശയോഗ്യത ഇല്ലെന്നാണല്ലോ കുതിരപ്പന്തിയിൽ കേൾക്കുന്നതു്. പാഞ്ചാലിയെ വനവാസത്തിൽ അയച്ച നിയമവിരുദ്ധനടപടിക്കെതിരെ, സഹോദരൻ ധൃഷ്ടധ്യുമ്നൻ പരമോന്നത നീതിപീഠംത്തെ സമീപിച്ചാൽ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
“കൗരവഅടിമ, വസ്ത്രാക്ഷേപം ഇതെല്ലാം അസംബന്ധ ആഖ്യാനമല്ലേ? ആണുങ്ങൾ ചൂതാടുമ്പോൾ, പാഞ്ചാലി അന്തഃപുരത്തിൽചെന്നു് കൗരവരാജവധുക്കളുമായി പരിചയം പുതുക്കുന്നു. കുഴപ്പമില്ല. എന്നാൽ പിന്നീടവൾ സമർത്ഥമായൊരു കൂട്ടം ചോദ്യങ്ങളോടെ പാവംകൗരവവധുക്കളുടെ ഉള്ളംതുറപ്പിക്കുന്നു. “ഭർത്താക്കന്മാരല്ലാത്ത കൗരവരാൽ ഇണചെയ്യാൻ ഞങ്ങൾനിർബന്ധിതർ” എന്ന ആഖ്യാനനിർമ്മിതി! അന്തഃപുരതോഴികൾവഴി വിവരമറിഞ്ഞ ദുശ്ശാസനൻ, പാഞ്ചാലിയോടു് വിശദീകരണം ചോദിച്ചു. ആഖ്യാനനിർമ്മിതി അവൾ ആവർത്തിച്ചു. ബലാൽക്കാരവിവരം ഗാന്ധാരിയെ അറിയിക്കട്ടെ എന്നു് പാഞ്ചാലി കൗരവവധുക്കളോടു് ചോദിച്ചപ്പോൾ, “അരുതേ! ദുര്യോധനൻ ഞങ്ങളെ വിവസ്ത്രയാക്കി തെരുവിലിറക്കു”മെന്ന മറുപടിയാണു് കൗരവവധുക്കളിൽനിന്നും കിട്ടിയതെന്നുമവൾ സഭാതലത്തിൽഎല്ലാവരും കേൾക്കെ! അപകീർത്തികരമായ അസത്യപ്രചാരണത്തിനു ശേഷമായിരുന്നു ഉന്തും തള്ളും, അല്പവസ്ത്ര പാഞ്ചാലി വിവസ്ത്രആവുന്നതും. കിരീടാവകാശിയുടെ വിവേചനാധികാരമുപയോഗിച്ചു പാഞ്ചാലിയുടെ പൗരാവകാശം പിൻവലിച്ചു ആഖ്യാനത്തിനു നീതിപീഠത്തിൽ അവതരണാനുമതി നിഷേധിച്ചു. സംഗതി ഇതായിരിക്കെ, പാണ്ഡവർ മെനഞ്ഞെടുത്ത കഥയായിരുന്നു ‘അജ്ഞാതൻ’ അവൾക്കു അപ്പപ്പോൾ ഉടുതുണി മുകളിൽ നിന്നും എറിഞ്ഞുകൊടുത്തതു. തിരക്കുണ്ടു് ഇന്ദ്രപ്രസ്ഥത്തിലെ പാണ്ഡവനിധി വീണ്ടെടുത്തു് വേണം ഹസ്തിനപുരിയിൽ ഹരിതവനം നിർമ്മിക്കുവാൻ. ഖാണ്ഡവ വനം പാണ്ഡവർ കത്തിച്ചതിനു കൗരവർ ചെയ്യുന്ന പാപപരിഹാരം!”
“ദ്രൗപദിയെ കൗരവർ വഴിവിട്ടു് എങ്ങനെ എക്കാലവും അവമതിച്ചു എന്നാണു്, പാണ്ഡവസൈന്യാധിപനായി ചുമതലയേറ്റ നിങ്ങൾ വിലയിരുത്തുന്നതു്?”, കൊട്ടാരം ലേഖിക പാഞ്ചാലകിരീടാവകാശി കൂടിയായ ധൃഷ്ടധ്യുമ്നനോടു് ചോദിച്ചു.
“ആയിരമായിരം ധീരവനിതകൾ അവരുടെ ഭർത്താക്കന്മാർക്കു് വിജയാശംസനേർന്നു പോർക്കളത്തിലേക്കവരെ യാത്ര പറഞ്ഞിട്ടുണ്ടെങ്കിലും, കഴിഞ്ഞ പതിമൂന്നുവർഷങ്ങളായി കുഞ്ഞുങ്ങളെയും, പോറ്റിവളർത്തിയ മാതാപിതാക്കളെയും, കൂടപ്പിറപ്പുകളെയും കാണാനാവാതെ കാട്ടിൽ ദുരിതജീവിതം നയിച്ച സഹോദരിയുടെ ജീവിതം സഹനത്തിന്റെ പരമോന്നതമാതൃകയായി വരുംകാലങ്ങളിൽ ഓർക്കപ്പെടട്ടെ. പാഞ്ചാലിയെ കുരുവംശത്തിന്റെ സാംസ്കാരികസ്വത്തു എന്നനിലയിൽ കാത്തുസൂക്ഷിക്കാനുള്ള വംശീയകർത്തവ്യം, അധികാരപദവിവഹിച്ച കൗരവർ കാറ്റിൽ പറത്തി എന്നതാണു് ദുര്യോധനനോടെനിക്കുള്ള പരിഭവം. എന്നാൽ അതിന്റെപേരിൽ ഞാനവന്റെ തലവെട്ടാനൊന്നും നാളെ തുടങ്ങുന്ന യുദ്ധത്തിൽ ഉദ്ദേശിക്കുന്നില്ല കാരണം, പതിമൂന്നുവർഷത്തെ പ്രവാസജീവിതത്തിൽ കുഴിച്ചുമൂടപ്പെട്ട സംസ്കാരങ്ങളുടെ പുനഃസ്ഥാപനത്തിനുവേണ്ടി പാണ്ഡവർ ആളെക്കൂട്ടി ചെയ്യുന്നൊരു ദൃശ്യശ്രാവ്യ പ്രദർശനനഗരിയൊന്നുമല്ല കുരുക്ഷേത്രം, ആറംഗ പാണ്ഡവകുടുംബത്തിനു് അന്തിയുറങ്ങാനുള്ള ഭൂമിക്കുവേണ്ടി ജീവന്മരണ പോരാട്ടം എന്ന പരിമിത ലക്ഷ്യമേ അതിനുള്ളു.”
“ചോരയിറ്റുന്ന തള്ളവിരൽ തളിർവെറ്റിലയിൽ നിങ്ങൾ ഗുരുവിനു കൈമാറുന്നതിനിടക്കെന്തോ പുഞ്ചിരിയോടെ ഉച്ചരിക്കുന്നതുകേട്ടു് ദ്രോണർ തുടയിലടിച്ചു കുലുങ്ങിക്കുലുങ്ങി ചിരിക്കുന്നു! എന്തു് പറഞ്ഞായിരുന്നു ആ കഠിനഹൃദയനെ ചെറുതായെങ്കിലും രസിപ്പിക്കാൻ, വിരൽമുറിഞ്ഞ വേദനയിലും നിങ്ങൾക്കായതു്?”, കൊട്ടാരം ലേഖിക ഏകലവ്യനോടു് ചോദിച്ചു.
“ഞങ്ങൾ വേട്ടമാംസം കഴിക്കുന്നവരാണെങ്കിലും, സസ്യാഹാരികളായ വന്യമൃഗങ്ങളെ സ്വന്തം കൈകൊണ്ടു് കഴുത്തുവെട്ടി മാത്രമേ ഇറച്ചി പൊരിച്ചുകഴിക്കൂ. എന്നാൽ മഹാബ്രാഹ്മണരായ നിങ്ങൾക്കിഷ്ടം നിഷാദവിദ്യാർത്ഥി ഗുരുദക്ഷിണയായി മുറിച്ചു തരുന്ന തള്ളവിരലാണല്ലേ എന്നു് വിനയത്തോടെ ചോദിച്ചതിൽ നർമ്മംകാണാൻ മാത്രം നിങ്ങൾക്കെന്താണപാകത?”
“ഇന്ദ്രപ്രസ്ഥം മോഹനനഗരം ഇനി എന്തുചെയ്യാനാണു് ഭാവം? വിളിച്ചുവരുത്തിയ അതിഥികളെ അങ്കലാൽപ്പിലാക്കുന്ന വഴുക്കു സഭാതലങ്ങൾ വിനോദസഞ്ചാരികൾക്കു് തുറന്നുകൊടുക്കുമോ? അതോ, അവമതി ആവർത്തിക്കാതിരിക്കാൻ, അടച്ചിടുമോ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. പാണ്ഡവർ വനവാസത്തിനു പദയാത്ര തുടങ്ങിയ നേരം.
“ഞങ്ങളൊരു പരിഷ്കൃതസമൂഹമായിപ്പോയില്ലേ, ഹരിതചട്ടം പാലിക്കേണ്ടേ വിഖ്യാതകുരുവംശം! പരിസ്ഥിതിലോല പ്രദേശമാണു് ഖാണ്ഡവപ്രസ്ഥമെന്നു ‘അന്ധ’പിതാവിനറിയില്ല. കിടപ്പാടം പണിയാൻ ഇടംയാചിച്ച യുധിഷ്ഠിരനു് ദുർബല മുഹൂർത്തത്തിൽ വനമേഖലപ്രവിശ്യ ധൃതരാഷ്ട്രർ ഇഷ്ടദാനം ചെയ്യുമ്പോൾ, ഞാൻ സ്ഥലത്തില്ല. ഭൂമിയിലുള്ള എല്ലാത്തരം സസ്യങ്ങളും വന്യജീവികളും സമരസപ്പെട്ട ആവാസവ്യവസ്ഥ, കണ്ണിൽ ചോരയില്ലാത്ത പാണ്ഡവർ കത്തിച്ചൊടുക്കി. ആകൊടുംപാപം ചുമന്നയിടത്തല്ലേ വാസ്തുശിൽപ്പി മയനെക്കൊണ്ടവർ ഇന്ദ്രപ്രസ്ഥം നഗരംനിർമ്മിച്ചു്, രാജസൂയമെന്നപേരിലൊരു യാഗംചെയ്തു, ഞങ്ങളടക്കം ഗംഗാസമതലത്തിലെ നാടുവാഴികളെയെല്ലാം സാമന്തന്മാരാക്കി, രത്നശേഖരം ഓരോ ആണ്ടുപിറപ്പിലും കപ്പമായി കൊടുക്കാൻ വിധിയുണ്ടായതു്. അന്നതൊക്കെ നെടുവീർപ്പോടെ ഞങ്ങൾ പുതുതലമുറരാജകുമാരന്മാർ അംഗീകരിക്കേണ്ടിവന്നെങ്കിലും, ഉള്ളിലൊരു നെരിപ്പോടുയരുന്നതു് അവരറിഞ്ഞില്ല. ചൂതാടാൻഓടിവന്ന പാണ്ഡവർ അതാ, ഉടുത്ത തുണിക്കു മറുതുണിയില്ലാതെ, കാട്ടിലേക്കു പോവുന്നു. പതിമൂന്നു വർഷം കഴിഞ്ഞവർ മടങ്ങിവന്നാൽ? എല്ലാംമുൻകൂട്ടിക്കണ്ടു് ഉടൻ ഇന്ദ്രപ്രസ്ഥത്തിലേക്കു!—പാണ്ഡവർ ഒളിപ്പിച്ചുവച്ച രത്നശേഖരങ്ങൾ കണ്ടെടുത്തു വേണം അഭിശപ്തനഗരിയെ വന്യപ്രകൃതിക്കു തിരിച്ചു കൈമാറാൻ!”
“ദാമ്പത്യവിശ്വസ്തതവിട്ടു പുരുഷസൗഹൃദം എനിക്കുണ്ടാവില്ല എന്ന ദൃഢപ്രതിജ്ഞ നിങ്ങൾ ആദ്യകാലത്തു ചെയ്യാത്തതിൽ പാണ്ഡവരിലെ മുതിർന്ന മൂന്നുഅംഗങ്ങളും അക്കാലത്തു അസംതൃപ്തി പ്രകടിപ്പിച്ചിരുന്നല്ലോ. വഴിവിട്ട പരപുരുഷബന്ധങ്ങളിൽനിന്നൊഴിഞ്ഞുമാറിയാൽമാത്രം പോരാ, ഇച്ഛാശക്തിയോടെ, പുനഃസമാഗമങ്ങളിൽ നിന്നും പിന്മാറണമെന്ന ഉദ്ബോധനവും നിങ്ങൾ പിൽക്കാലത്തു ചെവികൊണ്ടില്ലെന്നതാണവരുടെ പരിദേവനം. ജീവിതസായംസന്ധ്യയിൽ, എങ്ങനെ പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക ‘മഹാറാണി’ പാഞ്ചാലിയോടു് ചോദിച്ചു. അർജ്ജുനന്റെ പരോക്ഷസഹായത്തിൽ, കിരീടാവകാശിയും അഭിമന്യുവിന്റെ മകനുമായ പരീക്ഷിത്തു കൊട്ടാരഅട്ടിമറിയിലൂടെ ചെങ്കോൽ തട്ടിയെടുത്ത സംഘർഷദിനങ്ങൾ. മഹാപ്രസ്ഥാനം സജീവപരിഗണനയിൽ ആയിരുന്ന കാലം.
“തരംകിട്ടിയാൽ പാഞ്ചാലിയോടു് തുടങ്ങും കൗന്തേയർ, ചാരിത്ര്യപ്രസംഗം! കുന്തിയുടെയോ കൗന്തേയരുടെയോ വിവാഹബാഹ്യബന്ധങ്ങളുടെ സ്ഥിതിവിവരക്കണക്കു ഞാൻ അന്നും ഇന്നും സൂക്ഷിച്ചിട്ടില്ല. എങ്കിലും, പെണ്ണുടലഴകിൽ പുരുഷപ്രലോഭനസാധ്യത തിരിച്ചറിഞ്ഞവരിൽ ഓരോരുത്തർക്കുമുണ്ടായിരുന്നു വിവാഹത്തിനു് മുമ്പും പിമ്പും രഹസ്യക്കാരികൾ. കൊട്ടാരംവിഴുപ്പിൽ നിന്നല്ല ഇതൊക്കെ ഞാൻ പെറുക്കിയെടുത്തതു, പായക്കൂട്ടിൽ ഊഴംകിട്ടിവരുന്ന അഞ്ചുആണുങ്ങളുടെയും ഉറക്കപ്പേച്ചിലൂടെ! എന്റെ പരപുരുഷസൗഹൃദക്കൂട്ടായ്മയെക്കുറിച്ചു കൗന്തേയഅപവാദങ്ങൾക്കു മറുപടി പറയുന്നില്ല. എന്നാൽ പച്ചപ്പാവമെന്നു നാമൊക്കെ കരുതിയ ഭീമൻ (അവനിന്നു സ്മൃതിനാശരോഗത്തിന്റെ പിടിയിലാണു്) താക്കീതു പോലെ വനവാസക്കാലത്തു വികാരഭരിതനായി പറഞ്ഞതോർക്കുന്നു. “കൗരവരുമായി ഭാവിയിലൊരു യുദ്ധം ഉണ്ടാവുകയാണെങ്കിൽ, അപ്പോൾമാത്രം, നിങ്ങൾക്കറിയാനാവും, ഏതു പാണ്ഡവന്റെ ഏതു വിവാഹബാഹ്യരഹസ്യപുത്രനാണു്, പാണ്ഡവവംശം നിലനിർത്താൻ, സ്വയംബലികൊടുത്തു പോർക്കളത്തിൽ നമ്മുടെ ജീവൻ രക്ഷിക്കുക!” ഘടോൽക്കചൻ എന്നോ മറ്റോ ‘രാക്ഷസീയ’മായൊരു വിവാഹബാഹ്യബന്ധത്തെക്കുറിച്ചു കേട്ടനാൾ മുതൽ ഭീമനുമായി പായക്കൂട്ടു ഞാൻ നിർത്തിയിരുന്നു. വല്ലാത്ത ‘ദേവ’സന്തതികൾ ഈ കാമാവേശകൗന്തേയർ! എന്നക്കാലത്തു തോന്നി. ഘടോൽക്കചൻ പിന്നീടു് കുരുക്ഷേത്രയിൽ ചെയ്ത വിസ്മയകരമായ പോരാട്ടപ്രകടനവും, കൗന്തേയരുടെതന്നെ യുദ്ധകുതന്ത്രത്തിൽ ആ കൗമാരക്കാരൻ നേരിട്ട വേദനാനിർഭരമായ അന്ത്യവും കണ്ടപ്പോൾ തോന്നി ആൾനാശസാധ്യതയുള്ള വിമോചനസമരങ്ങൾ പരിസമാപ്തിയിൽ എത്തിക്കാൻ, വിവാഹബാഹ്യബന്ധങ്ങളിലെ രഹസ്യസന്തതികൾതന്നെ വേണം മുൻനിരയിൽ! ഞങ്ങളെ നിർദ്ദയം സ്ഥാനഭ്രഷ്ടരാക്കിയ പരീക്ഷിത്തിനെ വീരഘടോൽക്കചൻ തൂക്കിയെടുത്തു യമുനയിൽ എറിയുമായിരുന്നില്ലേ!”പാഞ്ചാലി വിതുമ്പി.
“പാണ്ഡുവംശഹത്യ, അരക്കില്ലം, എന്തസംബന്ധം! അന്ധനെന്തറിയാം പിടികിട്ടാപ്പുള്ളി പാണ്ഡവരുടെ അങ്ങാടിവാണിഭം!”, കൊട്ടാരം ലേഖിക ചോദിച്ചു. വാരണാവതം വനമേഖല. കുന്തിയും മക്കളും ഏകച്ചക്രഗ്രാമത്തിൽ ഒളിച്ചുകഴിയുന്ന കാലം.
“പറഞ്ഞാൽ ഗാന്ധാരി കലാപമുണ്ടാക്കില്ലേ. വാരണാവതം സുഖവാസമന്ദിരത്തിൽ പാണ്ഡവകുടുംബം വെന്തുചാവണം എന്ന കല്പന ഞാൻ ഏറ്റെടുത്തു. ധൃതരാഷ്ട്രർക്കു് കണ്ണുകാണില്ലെന്ന കടംകഥ തൊണ്ടനനയാതെ ഞാൻ വിഴുങ്ങിയിട്ടില്ല, കണ്ടെന്നുറപ്പുവരുത്താനും, കണ്ടില്ലെന്നു നടിക്കാനും കുഞ്ഞുനാളിൽ ഭീഷ്മർ ഉപദേശിച്ചുകൊടുത്ത കാഴ്ചപരിമിതിയെന്ന കുടിലകാഴ്ചപ്പാടിൽ മനസ്സു് ഉറച്ചു പോയോകുരുവംശനാഥനു്? തൊഴിൽ പരമായി ഞങ്ങൾ കേവലംകരാറുകാരാണെങ്കിലും, കരൾ മൃദുവായതുകൊണ്ടാവണം ഞാൻ ചോദിച്ചു, “മഹാത്മൻ, എന്തുതെറ്റു അനാഥവിധവകുന്തിയും പറക്കമുറ്റാത്ത മക്കളും നിങ്ങളോടു് ചെയ്തു്?” ധൃതരാഷ്ട്രർ കണ്ണിമയിളക്കാതെ പറഞ്ഞു, “ശാപഗ്രസ്തപാണ്ഡു വേണമെങ്കിൽ സ്ഥാനമൊഴിഞ്ഞു പോട്ടെ കാട്ടിൽ, നീയും മാദ്രിയും എന്റെകൂടെഅന്തഃപുരത്തിൽ നിന്നാൽ, ഗാന്ധാരിയെക്കാൾ ഒരുപണത്തൂക്കം കുറവല്ലാതെ ഞാൻ നോക്കാം”. വിശ്വസ്തപാണ്ഡുഭാര്യയെന്ന അരമനഖ്യാതി നിലനിർത്തിയ കുന്തി, ഭർത്താവുമൊത്തു വനവാസത്തിനുപോയപ്പോൾ, കലുഷിതധൃതരാഷ്ട്രഹൃദയം കല്ലിച്ചു. വംശഹത്യ എന്ന ആശയം രൂപംകൊണ്ടു. ക്ഷമയോടെ വർഷങ്ങൾ കാത്തിരുന്നു. ഹൃദയംപിടക്കുന്നു, ക്ഷമിക്കൂ അരമനരഹസ്യത്തിന്റെ വിഴുപ്പുകെട്ടഴിക്കാൻ നിങ്ങൾക്കു് അക്ഷമയുണ്ടെന്നറിയാം, കൂടുതൽ വിചാരണയിൽമാത്രം ഞാൻ പരമസത്യം വെളിപ്പെടുത്തും, പരിഭവമരുതേ, അപ്പോൾ നിങ്ങളും, ആർക്കറിയാം, ഒരു പക്ഷേ, പ്രതിക്കൂട്ടിൽ വരും!”
“അരമനയിൽനിന്നും പാഞ്ചാലി പതിവായി നിങ്ങൾക്കു് എത്തിക്കുന്നില്ലേ ധാന്യം, കുടിനീർ, പരുത്തിവസ്ത്രം, പിന്നെ വായിച്ചാസ്വദിക്കാൻ വ്യാസൻ രചിച്ച മഹാഭാരതം, പിന്നെയും തുടരുന്നുവോ യുദ്ധാനന്തര സൽഭരണത്തിന്നെതിരെ കുരുക്ഷേത്രവിധവകളുടെ കുത്തിത്തിരുപ്പു്?”, കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു് ചോദിച്ചു. യുധിഷ്ഠിരനേതൃത്വത്തിന്റെ ആദ്യവാർഷികആഘോഷദിനങ്ങൾ.
“ധൃതരാഷ്ട്രപിതാവായറിയപ്പെടുന്ന അഭിവന്ദ്യവ്യാസൻ കൊച്ചുമകനായ ദുര്യോധനനോടു് ആഖ്യാനത്തിൽ ഇത്തിരി കരുണകാണിക്കുമെന്നുകരുതിയ എനിക്കുതെറ്റിയോ! കുരുവംശത്തിന്റെ അഖണ്ഡത സംരക്ഷിക്കാനായി സ്വജീവൻ കുരുക്ഷേത്രയിൽ ബലികൊടുത്ത എന്റെ ഭർത്താവിനെ ആദിമധ്യാന്തം വേട്ടക്കാരനായും, എന്നാൽ പിതൃശൂന്യപാണ്ഡവരെ അനുകമ്പാർഹമായ ഇരകളായും വ്യാസൻ ചിത്രീകരിക്കുന്നതു്, മീൻകാരി സത്യവതിയുടെ പുത്രനായ കവിയുടെ കീഴാളനീതിക്കു യോജിച്ചതാണോ? കുറെയൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും ഞങ്ങൾ വായനക്കിടെ പൊറുത്തു, എന്നാൽ ദുര്യോധനവധത്തിൽ വ്യാസൻ എടുത്ത പ്രകോപനപരമായ ഭീമാനുകൂലനിലപാടു് കണ്ടപ്പോൾ, കൂർത്ത നാരായം കൊണ്ടു് വ്യാസൻ ഈ വിധവയുടെ കരൾ കൊത്തിവലിക്കുന്നപോലെ തോന്നി. സമ്മതിക്കില്ല സത്യാനന്തരപാണ്ഡവയുഗത്തിന്റെ ചരിത്രനിർമ്മിതിയിൽ കാണുന്ന അനീതി. മഹാഭാരതം, സത്യകഥനത്തിനു യോജിക്കുന്ന രീതിയിൽ ഉടച്ചു വാർക്കാൻ പാണ്ഡവർ കവിയെ ദൈവനാമത്തിൽ പ്രേരിപ്പിക്കുന്നില്ലെങ്കിൽ ഹിമാലയഅടിവാരത്തിലുള്ള വ്യാസാശ്രമത്തിനു മുമ്പിൽ കുരുക്ഷേത്രവിധവകൾ ആത്മാഹൂതിചെയ്യും. വയ്യ ഞങ്ങൾക്കു് രക്തസാക്ഷിദുര്യോധനനെക്കുറിച്ചു വരുംതലമുറകളുടെ അവമതി കേൾക്കാൻ” യുദ്ധജേതാക്കളായ പാണ്ഡവർ ഹസ്തിനപുരിയിൽ എത്തുമ്പോൾ ജനം അവരെ ഊക്ഷ്മളമായി സ്വീകരിക്കുന്ന വ്യാസരചനയുടെ പനയോലക്കെട്ടുകളുമായി നകുലൻ പുനരധിവാസ കേന്ദ്രത്തിൽ ഓടിക്കിതച്ചു എത്തുന്നതു് അപ്പോഴായിരുന്നു.
“ചൂതാട്ടസഭയിൽ, ഉടുതുണിയൂരി നിങ്ങളെ കൗരവർ വിവസ്ത്രയാക്കുമ്പോൾ മൂകസാക്ഷികളായിരുന്നവരെ, യുദ്ധംജയിച്ചു അധികാരത്തിലെത്തിയാലുടൻ പരസ്യവിചാരണചെയ്യുമെന്നഭിമുഖത്തിൽ അന്നേപറഞ്ഞിരുന്നില്ലേ? എന്തായി”, കൊട്ടാരം ലേഖിക മഹാറാണി പാഞ്ചാലിയോടു് ചോദിച്ചു.
“വസ്ത്രാക്ഷേപം കണ്ടുരസിച്ചവരിൽ, ഇന്നു് ജീവിച്ചിരിപ്പുള്ളതു് എന്റെ ഭർത്താക്കന്മാർ മാത്രം!”, ചുവർ ചാരിയിരുന്നു ആലോചനയിൽ പാഞ്ചാലി പറഞ്ഞു.
“വിഷാദരോഗിയെ പ്രബോധനത്തിലൂടെ രണോർജ്ജിതനാക്കാൻ തേരാളി ചെയ്ത പ്രഭാഷണപരമ്പര ലക്ഷക്കണക്കിനു് സായുധസൈനികരെ പൊരിവെയിലത്തു നിർത്തുകവഴി, ആദ്യദിവസം യുദ്ധക്ഷമതക്കു ഇടിവുണ്ടായെന്ന യുദ്ധസമിതി അധ്യക്ഷന്റെ കണ്ടെത്തലിനോടെങ്ങനെ പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക ചോദിച്ചു. പാഞ്ചാലിയുടെ സഹോദരനും, പാണ്ഡവസേനാപതിയുമായ ധൃഷ്ടധ്യുമ്നൻ നീരൊഴുക്കിലേക്കു് മുങ്ങിക്കുളിക്കാൻവന്ന രാത്രി.
“വിഷാദം ഭീതിതമായ രോഗാവസ്ഥയല്ലെന്നും, വചനപ്രഘോഷണത്തിലൂടെ പരിചരിച്ചുമാറ്റാവുന്ന വൈകാരികതയാണെന്നും പുറംലോകമറിഞ്ഞില്ലേ? യുദ്ധഭൂമിയിൽ അതീതശക്തികളുടെ സാന്നിധ്യമുണ്ടെന്നു് സംശയിക്കേണ്ടിയിരിക്കുന്നു എന്നു് യുക്തിവാദി ചാർവാകൻപോലും സമ്മതിച്ചില്ലേ? ഇതൊരു നിസ്സാരകൂട്ടുകുടുംബസ്വത്തുതർക്കമെന്ന ദുഷ്പ്രചാരണം വ്യർത്ഥമെന്നതോടെ തെളിഞ്ഞില്ലേ? മനുഷ്യാവസ്ഥയുടെ അടിയൊഴുക്കുകൾ ഈ മഹായുദ്ധത്തിൽ ഉണ്ടെന്ന അപനിർമ്മാണവുമായി, തക്ഷശില സർവ്വകലാശാലഗവേഷകർ സന്ദർശനത്തിനു വന്നതോടെ തീർന്നില്ലേ അപവാദം? ഹിമാലയത്തിൽനിന്നു രാപ്പകൽ വീശുന്ന തണുത്ത കാറ്റിൽ, നട്ടുച്ചക്കും തണുത്തുവിറക്കുന്ന ഈ ശീതകാലത്തിൽ, സൈനികർ വിയർത്തു എന്നതൊക്കെ കാലാവസ്ഥയെ കുറിച്ചുള്ള പൊതുബോധത്തെ പരിഹസിക്കലായി സമൂഹം കാണില്ലേ? അത്യാവശ്യം സൈനികപദാവലി മാത്രമറിയുന്ന കൂലിപ്പട്ടാളത്തിനിപ്പോൾ, പ്രപഞ്ചവിജ്ഞാനീയവും പ്രയോഗികകാഴ്ചപ്പാടും ആരോഗ്യകരമായ അളവിൽ കിട്ടിയ ‘ഉന്മാദ’മായിരുന്നില്ലേ സാരഥിയുടെ പ്രഭാഷണപരമ്പര? വരുംയുഗങ്ങളിൽ ഈ പ്രഭാഷണങ്ങൾ മഹാസംഭവമെന്ന നിലയിൽ ഉദ്ധരണികളിലും ടിപ്പണികളിലും യുദ്ധക്ഷമത വർധിപ്പിക്കാനായി ഉപയോഗിക്കപ്പെടില്ലെന്നാർക്കറിയാം? എനിക്കോ നിങ്ങൾക്കോ അറിയില്ലെന്നു് വ്യക്തമല്ലേ?” കൊടുംതണുപ്പിലും, അർദ്ധനഗ്ന ധൃഷ്ടധ്യുമ്നൻ പുഴയൊഴുക്കിലേക്കു കൂപ്പുകുത്തുന്നുതു, മങ്ങിയ നിലാവിൽ പാണ്ഡവരും പാഞ്ചാലിയും പിൻജാലകത്തിലൂടെ നോക്കിനിന്നു.
“പന്ത്രണ്ടുവർഷം അന്തിയുറങ്ങിയ ഈ ഓർമകുടീരം ഇനി എന്തു ചെയ്യും? അക്ഷയപാത്രം ഉൾപ്പെടെ എല്ലാം ഇട്ടെറിഞ്ഞു അജ്ഞാത വാസത്തിലേക്കു അർധരാത്രിയിൽ അപ്രത്യക്ഷരാവുമോ, അതോ, വിധിയുടെ വിളയാട്ടത്തിൽ നിങ്ങൾ ഹസ്തിനപുരിമഹാറാണിയായാൽ, പാണ്ഡവപൈതൃകമായി ആളൊഴിഞ്ഞ ആശ്രമം പരിപാലിക്കുമോ?”, പൗരാവകാശവും സ്വത്തും നഷ്ടപ്പെട്ടു കൗരവ അടിമകളായി സഹനത്തിൽ കഴിഞ്ഞ ആശ്രമം നോക്കി കൊട്ടാരം ലേഖിക അനുതാപത്തോടെ ചോദിച്ചു.
“പൊള്ളുന്ന ഓർമ്മകളിൽനിന്നും പാതിരാവിൽ ഒളിച്ചോടുമ്പോൾ, അരക്കില്ലം പോലെ തീയിടട്ടെ പാണ്ഡവർ ഇതും!”
“മൂപ്പിളമ ശ്രേണിയിൽ നിങ്ങൾക്കു് തൊട്ടുതാഴെ കിരീടാവകാശത്തിനു യോഗ്യതയുണ്ടായിരുന്ന പാണ്ഡവനല്ലേ ചുണ്ടിൽ നീരൊഴിച്ചുകൊടുക്കാൻ നിങ്ങൾ മെനക്കെടാതെ കാലംചെന്നതു്! എന്തായിരുന്നു ഇത്രമാത്രം വൈകാരിക അകൽച്ച തോന്നാൻ ഇടനെഞ്ഞിൽ നീറിക്കൊണ്ടിരുന്ന അനിഷ്ടം?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. ആകാശയാത്രക്കായി കൊടുമുടിയിൽ ഊർന്നിറങ്ങുന്നൊരു സ്വർണ്ണത്തേരിനായി ഒറ്റക്കാലിൽ കാത്തു നിൽക്കുകയായിരുന്നു ഈയടുത്തദിവസംവരെ ഹസ്തിനപുരിയുടെ പ്രിയങ്കരനായ ധർമ്മപുത്രർ.
“അറിയപ്പെടുന്നൊരു കുലപുരുഷനല്ല ഭീമന്റെ അവിഹിത ബീജധാനി എന്നതുകൊണ്ടാവാം, അശ്ലീലമെന്നൊറ്റനോട്ടത്തിൽ ആരും നിന്ദിക്കുന്നൊരു വാമൊഴിരീതിയുണ്ടു് ഭീമ പെരുമാറ്റത്തിൽ. കേട്ടുകേട്ടു് വേറെവഴിയില്ലാതെ സമരസപ്പെടുകയായിരുന്നു എങ്കിലും, ഉള്ളിൽ പൊരുത്തപ്പെട്ടിരുന്നില്ല ആ പരുക്കൻനാവുമായി നാളിതുവരെ. മുതിർന്ന രാജപത്നിയെന്ന നിലയിൽ കുന്തി ചാടേണ്ട സതിയിൽ, ഇളമുറ മാദ്രിയെ എറിയാൻ അവൻ രാക്ഷസീയമായ വ്യഗ്രതയിൽ പ്രയത്നിച്ചു, വാരണാവതം അരക്കില്ലത്തിൽ അത്താഴം ചോദിച്ചുവന്ന ആദിവാസികളെ ചുട്ടുകൊല്ലാൻ അവൻ കുന്തിക്കൊപ്പം കുറ്റബോധമില്ലാതെ കൂട്ടുനിന്നു, അവന്റെ പെരുമാറ്റത്തിലെ കാടൻരീതിമാത്രം ഞാൻ വഴിക്കുവഴി പരാമർശിച്ചാൽ പോരാ, ആ വാമൊഴിയുടെ, അശേഷം മനുഷ്യത്വമില്ലാത്ത വിധം വിലക്ഷണമായ വ്യക്തിമുദ്രയും എന്നെ അവ നിലനിന്നും അകറ്റി. ജഡം നിങ്ങളുടെ ശ്രമദാനത്തിൽ പൂർണ്ണമായും ദഹിപ്പിച്ചു എന്നുകരുത്തട്ടെ? ഉവ്വു്? ആശ്വാസമായി. ഞാൻ പറുദീസയിൽ പ്രവേശിക്കുമ്പോൾ മാത്രമല്ല, അവൻ നരകയാതനയിൽ നിലവിളിക്കുന്നതു് സ്വർഗ്ഗസ്ഥനായ എനിക്കു് എന്നും കേൾക്കണം” വാലാട്ടി നായ വിശ്വസ്തത അറിയിച്ചു.
“ഭീഷ്മരുമായി തല്ലിപ്പിരിഞ്ഞെന്ന വാർത്ത പരന്നല്ലോ?”, കൊട്ടാരം ലേഖിക അഭിവാദ്യം ചെയ്തു.
“ഗാന്ധാരരാജ്യത്തിന്റെ കിരീടാവകാശം ത്യജിച്ചു ഞാൻ ഹസ്തിനപുരിയിൽ വന്നതു് സഹോദരിക്കൊരു ആൾസഹായം ആവാനായിരുന്നു. ആൾദൈവംഭീഷ്മരെ മുഖംകാണിക്കാൻ ഉപചാരങ്ങൾ പാലിച്ചു ചെന്നു, കൊട്ടാരഭരണത്തിന്റെ ദൈനംദിന ചുമതല ഏൽപ്പിക്കുമെന്നുകരുതിയ എനിക്കുതെറ്റിയോ. വരണാവതം പ്രവിശ്യയുടെ സുരക്ഷാ പരിപാലനചുമതല തന്നപ്പോൾ ഞെട്ടി. കൈമുത്തി കെണിയിൽ കുരുങ്ങാതെ, തങ്കപ്പെട്ട ആ ബ്രഹ്മചാരിയോടു് യാത്ര പറഞ്ഞു പിരിഞ്ഞു. യഥാർത്ഥത്തിൽ ഇതിലധിലധികം അവിടെ വല്ലതും സംഭവിച്ചുവോ. കുതിരപ്പന്തിയിൽ നിന്നും പുതുവിവരം കിട്ടാൻ എന്തു് വഴി!” ഗാന്ധാരഭൂപതി എന്നൊരു പുതുവേഷംകെട്ടുമായി, അയഞ്ഞ ഉടയാടകളണിഞ്ഞു ജ്വാലാമുഖീ ക്ഷേത്രത്തിൽ ആത്മീയ പ്രഭാഷണത്തിനു് തയ്യാറെടുക്കുകയായിരുന്നു മഹാറാണി ഗാന്ധാരിയുടെ പ്രിയസഹോദരൻ.
“വിവാഹിതയെങ്കിലും ഒരു സ്ത്രീ സ്വതന്ത്രവ്യക്തികൂടിയാണെന്ന പരിഗണന പാഞ്ചാലിക്കു് നിഷേധിച്ചുകൊണ്ടായിരുന്നില്ലേ, “കിട്ടിയ ദാനം ഒരുപോലെ വീതിക്കൂ” എന്നു്, ദുഷ്ടലാക്കോടെ നിങ്ങൾ മക്കളോടാജ്ഞാപിച്ചതു്?”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. ഗാന്ധാരിയുമൊപ്പം വനവാസത്തിനായി അന്ത്യപദയാത്രക്കൊരുങ്ങുകയായിരുന്നു, പാണ്ഡവഭരണത്തിൽ രാജമാതാപദവി പാഞ്ചാലിയാൽ എന്നെന്നും നിഷേധിക്കപ്പെട്ട പാണ്ഡുവിധവ.
“അരക്കില്ലത്തുനിന്നു് പ്രാണനും കൊണ്ടു് ഒളിച്ചോടിയ ഞങ്ങൾ, അഗതികളായി ദേശാന്തരങ്ങളിൽ കഴിയുമ്പോഴും, നിത്യമെന്നോണം യുവപാണ്ഡവശരീരങ്ങളുടെ ജൈവികാവശ്യങ്ങൾ എന്നെ ചിന്താകുലയാക്കിയിരുന്നു. രമിക്കാൻ പെൺസാന്നിധ്യം ഇല്ലാത്ത ദൈന്യാവസ്ഥയിലായിരുന്നു പാണ്ഡവർ. ദേവസന്തതികളെങ്കിലും പിച്ചപ്പാത്രവുമായി ഇച്ചിൽ തേടുന്നവർക്കു എവിടെ വധുക്കളെ കണ്ടെത്തുമെന്ന ചിന്തയിൽ ഞാൻ കുഴഞ്ഞു. അഞ്ചു ആണുങ്ങൾക്കറിയാവുന്ന ഏകസ്ത്രീസാന്നിധ്യം ഞാനാണെന്ന തിരിച്ചറിവെന്നെ സദാചാരനിരീക്ഷണത്താൽ അസ്വസ്ഥയാക്കുന്ന ആ കാലത്തു, യാദൃച്ഛികമെന്നോണം, സ്വയംവരമത്സരാർത്ഥിയായി അർജ്ജുനൻ പാഞ്ചാലിയെ പരിണയിച്ചു. അഞ്ചുപേർക്കും പായ പങ്കിടാവുന്നരീതിയിൽ, ദാമ്പത്യസാഹചര്യം ആവശ്യപ്പെടുന്ന പരിഹാരവഴി സ്വാഭാവികമായി തെളിഞ്ഞെന്ന ശുഭപ്രതീക്ഷയിൽ, ഉടനടി ‘രചിക്കപ്പെട്ട’ പ്രഹസനമായിരുന്നു, ‘അഞ്ചുപേരും ഒരുപോലെ ആസ്വദിക്കണം ഈ പെണ്ണുടൽ’ എന്ന ആജ്ഞ. ദൈവമാതാവിന്റെ കൽപനപോലെ പാണ്ഡവർ എന്റെ വചനം മുഖവിലക്കെടുക്കുമ്പോഴും, രണ്ടുഭാഗങ്ങളിൽനിന്നുമുണ്ടായ ‘പ്രതിഷേധങ്ങളും ആശ്ചര്യ’വുമൊക്കെ എന്റെ പ്രഹസനത്തിനു യോജിച്ച വൈകാരികപ്രതികരണമെന്നു സംതൃപ്തിയോടെ ഞാൻ വിലയിരുത്തി. ബഹുഭർത്തൃത്വ ദാമ്പത്യത്തിൽ പാഞ്ചാലി പ്രതിഷേധിച്ചു എന്നുകേട്ടപ്പോൾ പരിഹാസമല്ല പുഞ്ചിരിക്കാനാണു് തോന്നിയതു്. അരക്കെട്ടിൽ കാമനയുള്ള ഏതു സ്ത്രീ വേണ്ടെന്നു പറയും, ഭർത്താവിനൊപ്പം നാലു പുത്തൻ ഭർത്താക്കന്മാരെ ആദ്യരാത്രി ഭർത്തൃമാതാവിന്റെ ഭാവുകങ്ങളുമായി വിവാഹസമ്മാനമായി കിട്ടിയാൽ? സുന്ദരിയായ സഹോദരഭാര്യയെ, കിനാവിലെങ്കിലും ഓമനിക്കാത്ത പരപുരുഷനുണ്ടോ!”
“അഞ്ചുഭർത്താക്കന്മാരേയും മാറിമാറി കിടപ്പറക്കകത്തും പുറത്തും ‘അപനിർമ്മിക്കുന്ന’തിൽ പാഞ്ചാലി അപാകത കാണുന്നില്ലെങ്കിലും നിങ്ങൾ ദുര്യോധനനെ ‘പ്രതിചേർക്കു’ന്ന തരത്തിൽ ഒന്നും കേട്ടതായി ഓർമ്മിക്കാനാവുന്നില്ല. ഭർതൃനിന്ദ ചെയ്യില്ല എന്നതൊരു സവിശേഷ മാനസിക പരിശീലനമാണോ?”, കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു് ചോദിച്ചു. കുരുക്ഷേത്രയുടെ ആഘാതത്തിൽ, പുണ്യനദികളിൽ വിധവ സാന്ത്വനം തേടുന്ന അശാന്തകാലം.
“പാണ്ഡവരുടെ ദാമ്പത്യേതര രതിജീവിതത്തിൽ പാവം പാഞ്ചാലി ജീവിതകാലം മുഴുവൻ നേരിട്ട പോലൊരു സ്വകാര്യദുരന്തം എന്റെ വിവാഹജീവിതത്തിൽ ഉണ്ടായില്ലെന്നതു്, വാസ്തവത്തിൽ ദുര്യോധനന്റെ മാനസിക പരിശീലനം കൊണ്ടായിരുന്നില്ലേ? ഉടലഴകുള്ള നൂറോളം സഹോദരഭാര്യമാർ അവനോടു് വിധേയത്വം കാണിക്കുന്ന കൂട്ടുകുടുംബ സാഹചര്യങ്ങൾ പതിവായി നേരിടുമ്പോഴും, വീവാഹ ബാഹ്യ രതിപരീക്ഷണത്തിനവൻ ഇടക്കൊക്കെ സ്വാഭാവികമായി വഴിപ്പെട്ടു എന്നാരും മന്ത്രിക്കുന്നതായി എന്റെ അറിവിലില്ല. അന്തഃപുരങ്ങളിലെ അന്തച്ഛിദ്രങ്ങൾക്കു മാസവേതനത്തിൽ ചെവിയോർക്കുന്ന നിങ്ങൾക്കങ്ങനെ വല്ലപ്പോഴും തോന്നിയിട്ടുണ്ടോ?”
“യുദ്ധാരംഭ ദിനം തുടക്കത്തിൽ നിങ്ങൾ വിഷാദവാനായിരുന്നെങ്കിൽ, അന്ത്യദിനമായപ്പോഴേക്കും ആളൊരു ദാർശനികനായി എന്നാണോ ഞങ്ങൾ മനസ്സിലാക്കേണ്ടതു്?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. കുരുക്ഷേത്രയുദ്ധം ജയിച്ചെന്ന അവകാശവാദവുമായി ആറംഗപാണ്ഡവസംഘം രാജപാതയിലൂടെ നീങ്ങുന്ന നേരം.
“നാളെ ഈ സമയത്തു ഞങ്ങൾ ഹസ്തിനപുരി കോട്ടപിടിച്ചെടുത്തു, പാണ്ഡവ പതാക ഉയർത്തുമെന്നു് നിങ്ങൾക്കറിയാം, എന്നാൽ ഈ വിറയ്ക്കുന്ന തണുപ്പിൽ ഒരുപാത്രം ചൂടുള്ള പാനീയം കിട്ടിയാൽ, കുരുവംശഅധികാരം തന്നെ ഞാൻ വേണ്ടെന്നു വക്കാം. മുന്നിൽ നടക്കുന്നതു് പാഞ്ചാലി, പിന്നിലിപ്പോൾ യുധിഷ്ഠിരൻ. അപ്പോൾ എന്തുസംഭവിച്ചു കഴിഞ്ഞ പതിനെട്ടുദിവസങ്ങളിൽ എന്നോ? ഓരോ വൈകിയ രാത്രിയും കുളിച്ചു പാളയത്തിലെത്തുമ്പോൾ, മറ്റു പാണ്ഡവർ കിടന്നുറങ്ങിയിട്ടുണ്ടാവും. ഉറങ്ങാതെ പാഞ്ചാലി കാത്തിരിക്കുന്നതു് യുദ്ധവാർത്ത കേൾക്കാനോ ക്ഷേമാന്വേഷണത്തിനോ അല്ല, അവളുടെ അഞ്ചുമക്കളെ ഞാൻ കരുതലോടെ രാപാർപ്പിച്ചുവോ എന്നറിയാനാണു്. അവർ കുളിച്ചു ഭക്ഷണം കഴിച്ചുറങ്ങിയിട്ടാണു് ഞാൻ ഇവിടെ പാളയത്തിൽ വന്നതെന്ന മറുപടി കേട്ടാൽ, അവളിൽ വരുന്ന രൂപഭാവപരിണാമം എന്നെയെന്നപോലെ നിങ്ങളെയും ഒരുപക്ഷേ, വിസ്മയിപ്പിക്കും. പിന്നെ അവൾ ആ കൗമാര പോരാളികളുടെ അമ്മയല്ല, എന്റെ ഊഷ്മളആതിഥേയയാണു് ആസ്വാദന നിശീഥിനിയിലൂടെ പുലർച്ചയിലേക്കു നയിക്കുന്ന വന്യ കാമന! മറ്റു പാണ്ഡവരോടു് സംസാരിക്കുമ്പോൾ വ്യക്തമായി, ഓരോ പാണ്ഡവനെയും ഒന്നൊന്നായി അവൾ അഞ്ചു കുട്ടികളുടെ രക്ഷാധികാരിയായി നിയമിച്ചിട്ടുണ്ടു്, അവരെയും കൃതജ്ഞതയോടെ രാവേറെ ചെല്ലുംവരെ, എന്നെയെന്നപോലെ പരിലാളിച്ചിട്ടുണ്ടു്. അപ്പോഴാണെനിക്കു് സംശയം തോന്നിയതു്, ഞാൻ സ്വയംവരം ചെയ്ത പാഞ്ചാലി എന്ന സ്ത്രീ എണ്ണത്തിൽ അഞ്ചായിരിക്കുമോ? അങ്ങനെയെങ്കിൽ യഥാർത്ഥ പാഞ്ചാലി ആരുടെ കൂടെ?”
“വസ്ത്രാക്ഷേപം കണ്ടുരസിച്ചവരിൽ, ഇന്നു് ജീവിച്ചിരിപ്പുള്ളതു് എന്റെ ഭർത്താക്കന്മാർ മാത്രം”!, ചുവർ ചാരിയിരുന്നു ആലോചനയിൽ പാഞ്ചാലി പറഞ്ഞു…
“അഞ്ചുഭർത്താക്കന്മാരേയും മാറിമാറി കിടപ്പറക്കകത്തും പുറത്തും ‘അപനിർമ്മിക്കുന്ന’തിൽ പാഞ്ചാലി അപാകത കാണുന്നില്ലെങ്കിലും നിങ്ങൾ ദുര്യോധനനെ ‘പ്രതിചേർക്കു’ന്ന തരത്തിൽ ഒന്നും കേട്ടതായി ഓർമ്മിക്കാനാവുന്നില്ല. ഭർതൃനിന്ദ ചെയ്യില്ല എന്നതൊരു സവിശേഷ മാനസിക പരിശീലനമാണോ?”, കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു് ചോദിച്ചു. കുരുക്ഷേത്രയുടെ ആഘാതത്തിൽ, പുണ്യനദികളിൽ വിധവ സാന്ത്വനം തേടുന്ന അശാന്തകാലം.
“പാണ്ഡവരുടെ ദാമ്പത്യേതര രതിജീവിതത്തിൽ പാവം പാഞ്ചാലി ജീവിതകാലം മുഴുവൻ നേരിട്ട പോലൊരു സ്വകാര്യദുരന്തം എന്റെ വിവാഹജീവിതത്തിൽ ഉണ്ടായില്ലെന്നതു്, വാസ്തവത്തിൽ ദുര്യോധനന്റെ മാനസിക പരിശീലനം കൊണ്ടായിരുന്നില്ലേ? ഉടലഴകുള്ള നൂറോളം സഹോദരഭാര്യമാർ അവനോടു് വിധേയത്വം കാണിക്കുന്ന കൂട്ടുകുടുംബ സാഹചര്യങ്ങൾ പതിവായി നേരിടുമ്പോഴും, വീവാഹബാഹ്യ രതിപരീക്ഷണത്തിനവൻ ഇടക്കൊക്കെ സ്വാഭാവികമായി വഴിപ്പെട്ടു എന്നാരും മന്ത്രിക്കുന്നതായി എന്റെ അറിവിലില്ല. അന്തഃപുരങ്ങളിലെ അന്തച്ഛിദ്രങ്ങൾക്കു മാസവേതനത്തിൽ ചെവിയോർക്കുന്ന നിങ്ങൾക്കങ്ങനെ വല്ലപ്പോഴും തോന്നിയിട്ടുണ്ടോ?”
“കനിവു് കാണിച്ചതുകൊണ്ടെന്തു നേട്ടമുണ്ടാക്കി പാഞ്ചാലി എന്നല്ലേ കാലമിത്രകഴിഞ്ഞിട്ടും, അർജ്ജുനൻ കനിവില്ലാതെ ചോദിക്കുന്നതു്!” കൊട്ടാരം ലേഖിക ചോദിച്ചു. പാണ്ഡവഭരണത്തിന്റെ അന്ത്യവർഷം, കിരീടാവകാശി പരീക്ഷിത്തു് ചെങ്കോലിനായി അരമന വിപ്ലവത്തിനു് ആളൊരുക്കുന്ന സംഘർഷദിനങ്ങൾ.
“വിവാഹം കഴിഞ്ഞു ഹസ്തിനപുരിയിൽ എത്തുമ്പോൾ സ്വന്തമെന്നുപറയാൻ പാണ്ഡവർക്കൊരിടമില്ല. കുരുവംശത്തിന്റെ വാരണാവതം സുഖവാസമന്ദിരം തീയിട്ടെന്ന കുറ്റത്തിനു് പാണ്ഡവരെ പിടികിട്ടാപ്പുള്ളികൾ ആയി പ്രഖ്യാപിച്ചിരുന്നു. പരിഭ്രാന്തയായ ഒന്നാംപ്രതി കുന്തി, ഗാന്ധാരിയുടെ മടയിൽ അഭയം നേടി, പരുക്കൻ പാണ്ഡവരെ പായിലും തീൻശാലയിലും പരിചരിക്കേണ്ട ഗതികേടു് എനിക്കുമാത്രമായ ആ ദുർദിനങ്ങളിൽ, നിത്യവും രാവിലെ കുളിച്ചുവൃത്തിയായി പുതുപൂക്കളുമായി വന്നുകണ്ടു മുട്ടുകുത്തി വ്യക്തിഗതസേവനം വാഗ്ദാനം ചെയ്തിരുന്ന യുവദുര്യോധനനെ ഓർക്കുന്നു. വാക്കുമാത്രമായിരുന്നില്ല ആപൽഘട്ടത്തിൽ ഹൃദയഭാഷ എന്നോടവൻ കൈമാറിയതു്, ഇനിയുമെന്തിനു് ഞാനൊളിപ്പിച്ചുവെക്കണം, ഹൃത്തടത്തിൽ കിടക്കുന്നു പലതും! എന്നാൽ അവനുവേണ്ടി നോവുന്ന എന്നെ, നെഞ്ചോടുചേർത്തു ഓമനിക്കാൻ അവനാവുംമുമ്പു് ഭീമൻ തുടയിലടിച്ചവനെ എന്നെന്നേക്കുമായി നിശ്ശബ്ദനാക്കുന്നതു നേരിൽ കാണേണ്ടിവന്ന നിർഭാഗ്യവതി ഞാൻ!”, ഏങ്ങലടിച്ചു കരയുന്ന ഭാര്യയെ നകുലനും സഹദേവനും, താങ്ങിയെടുത്തു അന്തഃപുരത്തിലേക്കു പോവുംമുമ്പു് തിരിഞു നിന്നൊരു നിർദയനോട്ടത്താൽ, കൊട്ടാരം ലേഖികയെ ശിക്ഷിച്ചു.
“നെറിയില്ലാത്ത നാഗരീകജീവിതം മടുത്തു ഇനി ജീവിതസായാഹ്നം കാട്ടിൽ എന്ന നിർമ്മിതലക്ഷ്യത്തോടെ അരമനയുടെ പടിയിറങ്ങുന്ന ഭർത്തൃമാതാവിനെ, തിരിഞ്ഞുനോക്കുമ്പോൾ, എങ്ങനെ നിങ്ങൾ അടയാളപ്പെടുത്തുന്നു?” കൊട്ടാരം ലേഖിക മഹാറാണി പാഞ്ചാലിയോടു് ചോദിച്ചു. പാണ്ഡവർ ഹസ്തിനപുരി ഭരിക്കുന്ന കാലം.
“ഭീതിയോടെ! യാഗാഗ്നിയിൽനിന്നും അയോനിജയെന്ന നിലയിൽ ഈ ലോകത്തുവന്ന ജന്മസവിശേഷത അരഞ്ഞാണം പോലെ രഹസ്യമാക്കി വക്കുകയാണു് പതിവെങ്കിലും, പുറംലോക ചതികളെക്കുറിച്ചു വേണ്ടത്ര ഗ്രാഹ്യമില്ലാതിരുന്ന കൗമാരത്തിലായിരുന്നു സ്വയംവരം. അർധരാത്രിയോടെ ഞാൻ, സർവ്വാംഗവും ക്ഷീണിച്ചവശയായി ചാരിക്കിടക്കാനൊരു സ്വകാര്യഇടം തേടുകയായിരുന്നപ്പോൾ, അഞ്ചു ആണുങ്ങൾ വാത്സല്യത്തോടെ എന്നെ അടുത്തുവിളിച്ചിരുത്തി. എന്തിനാണവർ തൊടുന്നതെന്നോ സ്നേഹത്തോടെ പെരുമാറുന്നതെന്നോ എനിക്കു തിരിച്ചറിയാനായില്ല. അവർ എന്റെ അടിവസ്ത്രമഴിച്ചപ്പോഴാണു വല്ലായ്മ തോന്നിയതു്. അപ്പോൾ തന്നെ ഞാൻ പരിഭ്രാന്തിയോടെ ആ മുറിയിൽനിന്നും ഓടിരക്ഷപ്പെട്ടു. അഥവാ രക്ഷപ്പെടാൻ ശ്രമിച്ചു. ഉടൻ എത്തി ശാസനാരൂപത്തിൽ കുന്തി മുമ്പിൽ. ചൂണ്ടുവിരൽ ചുണ്ടുകൾക്കു് മേലെ വിലങ്ങനെ ഒരായുധംപോലെ നിർത്തി അവൾ വിധി നിർണ്ണയിച്ചു, “അവർ നിനക്കു് ഭർത്താക്കന്മാർ! നിന്റെ ഉടലിൽ പരമാധികാരമുള്ള പാണ്ഡവ സഹോദരന്മാർ. അവരെ പാരിതോഷികമായാണു് തന്നതു്, അവരെ സ്വീകരിച്ചു ആനന്ദിപ്പിക്കുകയാണു് നിന്റെ കർത്തവ്യം.” അങ്ങനെ പറഞ്ഞുകൊണ്ടവൾ എന്നെ മുറിയിൽ തള്ളിയിട്ടതോർമ്മയുണ്ടു്. ഇന്നും, രാത്രിയായാൽ എന്നിലൊരു കുട്ടി ഭീതിയോടെ ചുറ്റും നോക്കും, വിവാഹപൂർവ ലൈംഗിക ബന്ധങ്ങളിൽ അനുഭവമുള്ള അഞ്ചുആണുങ്ങളുടെ ലജ്ജയില്ലാ കൈവിരലുകൾ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു വസ്ത്രാക്ഷേപം രസിക്കുന്നുണ്ടോ!”
“കുന്തിയും മാദ്രിയും പിഴച്ചുപെറ്റവരെന്നു പാണ്ഡു പുലമ്പുമ്പോൾ, അരുതെന്നു വിരൽചൂണ്ടാൻ രണ്ടുസ്ത്രീകൾക്കും നാവു പൊന്താറില്ലേ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“ഞാൻ കന്യക, ഞാനും സുചരിത, ഞങ്ങളിരുവർ എന്നെന്നും ദാമ്പത്യവിശ്വസ്തർ എന്നിരുകൈകളും മലർത്തിക്കാട്ടി സത്യം ചെയ്യാൻ പാണ്ഡു ബഹളംവച്ചു ഞങ്ങളോടു് ആവശ്യപ്പെടും. വിരണ്ടുപോയ ഞങ്ങളെ അഞ്ചു കുട്ടികൾ പകച്ചു നോക്കും, ‘അതെ അതെ’ എന്നു് പതറി പറയുമ്പോൾ, അർത്ഥമറിയില്ലെങ്കിലും, കുട്ടികൾ സന്തോഷിക്കും. ഞങ്ങളുടെ ‘സത്യപ്രസ്താവന’യാൽ പാണ്ഡു വിറളി പിടിച്ചു കുട്ടികളുടെ കവിളിൽപിടിച്ചു തിരുമ്മും. ‘മയക്കിക്കിടത്തി എന്നെ ചതിച്ചിട്ടല്ലേ, കായികക്ഷമതയുള്ള ആണിനെ തേടി രണ്ടു തേവിടിശ്ശികളും പൂ ചൂടി പടിയിറങ്ങിയതു്’ എന്നു് ശ്വാസംമുട്ടലോടെ സഞ്ചാരപ്പെടും. കയ്യിൽ തടഞ്ഞ എന്തുമെടുത്തു കുട്ടികളുടെ നേരെ ഏറിയും. ഉന്നം കൊണ്ടാൽ ഉച്ചത്തിൽ പ്രീതിപ്പെടും ഉന്നം തെറ്റിയാൽ, അശ്ളീല ആംഗ്യങ്ങളോടെ ഗർജ്ജിക്കും. ക്ഷീണത്തോടെ ഞാൻ അന്നൊരുനാൾ മുറിക്കു പുറത്തുവന്നപ്പോൾ, മാദ്രിയും പതുക്കെ കൂടെ വന്നു. “ഇനി അയാൾ നമുക്കെതിരെ ഒരുവാക്കു് ശബ്ദിച്ചാൽ, വൃത്തികെട്ടവന്റെ വായിൽ തീണ്ടാരിത്തുണി തിരുകി മുൻ ഹസ്തിനപുരിരാജാവു് പാണ്ഡു നിദ്രയിൽ കാലംചെന്നു” എന്നുറപ്പുവരുത്തിയശേഷം, തുണിനീക്കി ചുണ്ടുചേർത്തു വക്കുന്ന കൃത്യം കാര്യക്ഷമമായി ചെയ്യുന്നതു് ഞാനേറ്റു. പെണ്ണുടൽ തൊടുന്നതു് മരണകാരണമാവുമെന്ന മുനിശാപം മറന്നു മാദ്രിയെ കെട്ടിപ്പിടിച്ചപ്പോഴായിരുന്നു കുഴഞ്ഞുവീണു പാണ്ഡു നാടുനീങ്ങിയതെന്നു നിങ്ങൾ പതിവുപോലെ തന്മയത്വത്തോടെ അയൽപക്കസന്യസ്തരെ ബോധ്യപ്പെടുത്തുക. നിശ്ചയദാർഢ്യത്തോടെ മാദ്രി പറഞ്ഞതെല്ലാം ചെയ്തു. വടക്കു പടിഞ്ഞാറൻ പർവ്വതനിരകളോടു് ചേർന്ന മാദ്രദേശക്കാരിയായിരുന്നു, കത്തുന്ന സൗന്ദര്യമുള്ള യുവരണ്ടാംഭാര്യ മാദ്രി. പൊതുവെ അവൾ നിശബ്ദയെങ്കിലും നിർണ്ണായകദിനത്തിൽ പീഡക പാണ്ഡുവിനെ കൊന്ന രീതി എന്നെ ആഹ്ലാദിപ്പിച്ചു. പക്ഷേ, കഷ്ടം, എനിക്കവളെ അതേ പാണ്ഡുവിന്റെ ചിതയിൽ, ഭാവി പ്രയോജനങ്ങൾക്കായി, ബലം പ്രയോഗിപ്പിച്ചു തള്ളി സതിയനുഷ്ഠിപ്പിക്കേണ്ടി വന്നു!” മാതൃത്വം എന്ന പെണ്ണവകാശസംരക്ഷണത്തിനായി അവിഹിത ബന്ധങ്ങളിൽ ഏർപ്പെട്ട യുവകുന്തിയുടെ കെട്ടുവിട്ടൊഴുകിയ ഭൂതകാല സ്മരണകളിൽ മുഴുകിയ വൃദ്ധകുന്തി വിറച്ചു വിറച്ചു വിലപിക്കുന്നതു് സഹിക്കവയ്യാതെ കൊട്ടാരം ലേഖിക.
“പെൺ മനം അറിയാത്ത ഹേ അഭിവന്ദ്യ വ്യാസൻ, എങ്ങനെ നിങ്ങൾക്കെഴുതാനാവും അകം പൊള്ളുന്ന പെണ്ണിന്റെ സത്യങ്ങൾ!” എന്നുച്ചരിച്ചു ആശ്രമത്തിൽ നിന്നു് പുറത്തു വന്നു.
“ഒന്നു് നീട്ടിവിളിച്ചാൽ, മരണം പുഞ്ചിരിച്ചു ഓടിവരുന്നൊരപൂർവ്വ സിദ്ധി നിങ്ങൾക്കുണ്ടെന്നുകേട്ടല്ലോ. പോരാട്ടംജയിച്ച ശത്രു, സൗജന്യമനസ്ഥിതിയോടെ ഒരുക്കിത്തന്ന ശരശയ്യയിൽ കിടന്നു നരകിക്കുന്നതിനേക്കാൾ നല്ലതല്ലേ ആ അപൂർവ്വ സിദ്ധി! സ്വച്ഛന്ദമൃത്യു?”, കൊട്ടാരം ലേഖിക ചോദിച്ചു. പോർക്കളത്തിലെ, ഇപ്പോൾ ആളനക്കമില്ലാത്ത മൂലയിൽ, അശാന്തനായി ആകാശം നോക്കി കിടക്കുകയായിരുന്നു, സ്വർഗ്ഗജാത ഗംഗയുടെയും കുരുവംശ രാജാവിന്റെയും മകനായി നൂറ്റാണ്ടുമുമ്പു് ജനിച്ച ദേവവ്രതൻ എന്ന ഭീഷ്മ പിതാമഹൻ.
“അമ്മാ, എനിക്കു് ജീവിച്ചു മതിയായി എന്നു് വിശ്വപ്രകൃതിയോടു് ഏറ്റുപറയുന്ന ഏകാന്തനിമിഷങ്ങൾ ഉണ്ടു്, ഓരോ പുലരിയിലും. പക്ഷേ, ആഗ്രഹം സാധിച്ചുതരാമെന്നു പ്രകൃതി ആശ്വസിപ്പിക്കുന്ന നേരത്തു, “അരുതേ, നിർദ്ദയമെങ്കിലും, കണ്ടും മിണ്ടിയും പരിചയമുള്ള ഈ ലോകം വിട്ടു്, അപരിചിതമായൊരു മരണാനന്തര ലോകം നേരിടാൻ, പ്രത്യാശ നഷ്ടപ്പെട്ട അവസ്ഥയിൽ എനിക്കാവുന്നില്ലല്ലോ”, എന്നു് ഞാൻ രാത്രി വിലപിക്കുമ്പോൾ പ്രകൃതി ആശ്വസിപ്പിക്കും,” “അങ്ങനെയെങ്കിൽ പ്രാരാബ്ധങ്ങളുടെ ശരശയ്യയിൽ തുടരൂ മകനെ, ഈ രാത്രിയും നീ!”
“ചിലപ്പോഴൊക്കെ സ്വേച്ഛാധിപത്യ പ്രവണതയുടെ അപഹാരത്തിലെങ്കിലും, ആളൊരറിയപ്പെടുന്ന ധർമ്മിഷ്ഠനും ഏകപത്നീ വ്രതക്കാരനുമല്ലേ. എന്നിട്ടും നിങ്ങൾ മാനസികമായും ശാരീരികമായും സമ്മർദ്ദത്തിലാക്കി മാത്രമേ ഊഴമനുസരിച്ചു ഇണചേരാൻ സമ്മതിക്കൂ എന്നുവച്ചാൽ!”, കൊട്ടാരം ലേഖിക ദ്രൗപദിയോടു് ചോദിച്ചു. കുടിയേറ്റക്കാരായി പാണ്ഡവ കുടുംബം ഖാണ്ഡവ പ്രസ്ഥത്തിലേക്കു പോയ സംഘർഷ ദിനങ്ങൾ.
“കരുത്തുള്ള പുതുതലമുറയെ ഉൽപ്പാദിപ്പിക്കാൻ അപ്പോൾ പരിണാമപരമായ തിരഞ്ഞെടുപ്പു പരീക്ഷണങ്ങൾ ഒന്നും പ്രസവ യോഗ്യയായ ഭാര്യയുടെ ഭാഗത്തു വേണ്ടേ? ശരിക്കും അവൻ ധർമ്മിഷ്ഠൻ ആണോയെന്നല്ല, കൗന്തേയരിൽ കരുത്തൻ ആരെന്നാണു് സുരതയോഗ്യത നിർണയിക്കാനുള്ള പ്രഥമ പരിഗണന. നാളിത്രയായിട്ടും ഒരു പാണ്ഡവനെയും അക്കാര്യത്തിൽ ഞാൻ ‘പരമയോഗ്യ’നെന്നടയാളപ്പെടുത്തിയിട്ടില്ല. വിവാഹ ജീവിതം ഈയിടെ തുടങ്ങിയതല്ലേ ഉള്ളു. ഹസ്തിനപുരി പത്രിക കാത്തിരിക്കൂ ഇനിയും സമയമുണ്ടല്ലോ. അതിനിടയിൽ ധൃതരാഷ്ട്രരിൽനിന്നും ഇഷ്ടദാനമായി പതിച്ചുകിട്ടിയ ഖാണ്ഡവ വനം പാണ്ഡവർ രഹസ്യമായി തീയിടുമോ, അതോ, അതിലോല ആവാസവ്യവസ്ഥയുടെ അവസ്ഥാന്തരം അനുകമ്പയോടെ പരിഗണിക്കുമോ എന്നും നോക്കട്ടെ. പ്രസവിക്കാൻ അഞ്ചു പേരുമായി മാറി മാറി ഇണ ചേരുക മാത്രമല്ലല്ലോ എന്നെ പോലെ സാമൂഹ്യബോധമുള്ളൊരു വ്യക്തിയുടെ ജീവിതാഭിലാഷം!”
“ചുവരെഴുത്തു പതിപ്പുകളെല്ലാം ശൂന്യമാണല്ലോ. പാണ്ഡവർക്കിടയിലെ അധികാരകേന്ദ്രിതമായ അന്തഃഛിദ്രം മറനീക്കി കിരീടാവകാശി പരീക്ഷിത്തു് നിത്യവും പുറത്തുകൊണ്ടുവരുമ്പോൾ, ജനാധിപത്യവാദിയായ യുവകലാപകാരിക്കു് അക്ഷരപിന്തുണ കൊടുക്കുകയല്ലേ ശരിക്കും വേണ്ടതു്?, പിന്നെ ഇടം ഒഴിച്ചിട്ടതിന്റെ പ്രസക്തി?”, ചാർവാകൻ കൊട്ടാരം ലേഖികയോടു് ചോദിച്ചു.
“ചുവരെഴുത്തുപതിപ്പുകൾ ‘പറയാതെ പറയു’മെന്നാണു് നിലപാടു്. ഭരണകൂടവിരുദ്ധവാർത്ത കൊടുത്താൽ പത്രപ്രവർത്തകരെ പാണ്ഡവർ തെരുവിൽ നേരിടുമെന്ന പ്രചാരണം വിശ്വാസയോഗ്യമല്ല. പുതുതലമുറ കൗരവ രാജകുമാരികളെ പാണ്ഡവർ അടിമപ്പണിക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി ദുര്യോധനവിധവയിൽനിന്നും ഉയർന്നപ്പോൾ പ്രതിഷേധസൂചകമായി ചുവരെഴുത്തുകൾ ശൂന്യമാക്കിയിരുന്നല്ലോ. ഭരണവർഗ്ഗത്തെ വിറളിപിടിപ്പിച്ച ‘ഹസ്തിനപുരി പത്രിക’യുടെ “വാചാലമായ മൗനം”, വരുംയുഗങ്ങളിൽ പൗരാവകാശം നിഷേധിക്കുന്ന ഏകാധിപതികളോടുള്ള മാധ്യമവിധേയത്വം ആയി തെറ്റിദ്ധരിക്കാമെന്നറിഞ്ഞിട്ടും, വരുംകാല മാധ്യമങ്ങൾ സ്വീകരിക്കുമെന്നുതന്നെയാണു് തക്ഷശില സർവ്വകലാശാല പ്രവചിച്ചിരിക്കുന്നതു്!”
“കുരുക്ഷേത്രയിൽ രക്തസാക്ഷികളായ കൗരവരുടെ ജഡങ്ങൾ എണ്ണിത്തിട്ടപ്പെടുത്തിയശേഷം അധികാര ചിഹ്നമായ ചെങ്കോൽ പാണ്ഡവർക്കു് ഉപചാരപൂർവ്വം കൈമാറാം എന്ന മഹാരാജാവു് ധൃതരാഷ്ട്രരുടെ നിർദേശം തള്ളി, സ്ഥാനചിഹ്നം തട്ടിപ്പറിച്ചു, സിംഹാസനത്തിൽ കയറിഇരുന്നു ആദ്യമെടുത്ത തീരുമാനമനുസരിച്ചു് കൗരവരാജവിധവകളെ അരമനസമുച്ചയത്തിൽനിന്നും അർധരാത്രി കുടിയൊഴിപ്പിച്ചു, വാണിജ്യരതി വീഥിയിൽ പുനരധിവാസം ചെയ്യിച്ചു. ഞെട്ടലോടുകൂടിയാണു് നവഭരണകൂടത്തിന്റെ ഹൃദയശൂന്യത മനുഷ്യമനഃസാക്ഷി കാണുന്നതു്?”, കൊട്ടാരം ലേഖിക പൊതുവികാരം പങ്കുവച്ചു.
“ഇതിലെവിടെയാണു് നിങ്ങളുടെ ‘പാവംമാനവഹൃദയ’ത്തിനു ഇത്രമാത്രം ശൂന്യതയും ഞെട്ടലും അനുഭവപ്പെടാനുള്ളതു്? കൗരവഅടിമ എന്ന നിലയിൽ വ്യാഴവട്ടക്കാലം പാഞ്ചാലി ചെയ്ത കൗരവശിക്ഷ ഉണ്ടല്ലോ, അയൽപക്ക സന്യസ്ഥരുടെ ജൈവമാലിന്യനീക്കം എന്ന കുപ്രസിദ്ധ ദിനചര്യ, അതു് വേണോ, അതോ വിനോദ രതിസേവനത്തിലൂടെ ഭൌതികസമൃദ്ധിയിൽ ജീവിക്കണോ എന്ന ഭീമന്റെ ചോദ്യത്തിനു്, ‘രണ്ടാമത്തേതു് മതി’ എന്നു് ഇടനെഞ്ഞിൽ കൈവച്ചു് നിങ്ങളുടെ മുമ്പിൽ പരസ്യമായി പറഞ്ഞതു് കൗരവരാജസ്ത്രീകളല്ലേ”, വാണിജ്യരതിയിൽ വ്യക്തിഗത ശരീരശുചിത്വത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണത്തിനു് പോവുകയായിരുന്ന പാഞ്ചാലിയുടെ സുരക്ഷക്കായി കൂടെപോവുകയായിരുന്നു, ജോലിത്തിരക്കിനിടയിലും ചാര വകുപ്പു് മേധാവി നകുലൻ.