“നിങ്ങൾ ‘കുലസ്ത്രീ’ അല്ലെ? ദുശ്ശാസനൻ നിങ്ങളുടെ ഭർത്താവാണെന്നു പുറംലോകം അറിയുന്നതൊരു മോശം കാര്യം എന്ന ബോധ്യം വന്നുവോ?” കൊട്ടാരം ലേഖിക ദുശ്ശാസനവധുവിനോടു് ചോദിച്ചു, വേറൊരു ‘കുലസ്ത്രീ’യെ ബലാൽക്കാരം ചെയ്യാൻ ശ്രമിച്ച ഗുരുതര കുറ്റത്തിനു്, കുരുവംശമൂപ്പിളമശ്രേണിയിൽ രണ്ടാമനായ ദുശ്ശാസന രാജകുമാരനന്തഃപുരത്തിൽ പ്രവേശനം നിരോധിക്കാൻ ചാർവാകനേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങിയ പ്രഭാതം.
“എനിക്കും ഭർത്താവിനും പാഞ്ചാലിയെ നവവധുവെന്ന നിലയിൽതന്നെ പരിചയമുണ്ടു്. പാഞ്ചാലി ഇവിടെ വന്ന അന്നും സൗഹൃദം തുടർന്നു. രാത്രിയോടെയാണു്, പാണ്ഡവരുടെ പിടിപ്പുകേടിൽ പാഞ്ചാലിയുടെ രാജപദവി നഷ്ടപ്പെട്ടതും, യുധിഷ്ഠിരൻ എന്നിട്ടും അവളുടെ ഉടൽ പണയം വച്ചുകളിച്ചു അടിമയായതും. ഹസ്തിനപുരിയിലെ നിയമമനുസരിച്ചു അടിമയായാൽ പിന്നെ നിങ്ങളുടെ പൂർവ്വാശ്രമം നീതിപീഠം പരിഗണിക്കുകയില്ല. അവൾ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി എന്ന തലേന്നത്തെ അവസ്ഥ മാറി കൗരവഉടയോന്റെ പെൺഅടിമയായി പരിവർത്തനം ചെയ്തു. ഞാൻ ജനിച്ച വടക്കുപടിഞ്ഞാറൻ രാജ്യങ്ങളിൽ പക്ഷേ, പെൺ അടിമ എന്നല്ല വിളിക്കുക, ലൈംഗികഅടിമ എന്നാണു്. കുറെയൊക്കെ നിങ്ങൾക്കറിയാമല്ലോ. പക്ഷേ, സത്യവതി രാജമാതാവായിരുന്ന ഹസ്തിനപുരിയുടെ സാംസ്കാരിക നവോത്ഥാനത്തിൽ ലൈംഗികഅടിമ എന്ന ഹീനപരാമർശം നിയമാവലിയിൽ നിന്നും പിൻവലിച്ചു, നിയമത്തിന്റെ ദൃഷ്ടിയിൽ അങ്ങനെ അവൾ ‘അടിമ’യായി. എന്നിട്ടും അതിന്റെ അർത്ഥാന്തരങ്ങൾ അംഗീകരിക്കാതെ പാഞ്ചാലി പ്രകോപിതയായപ്പോൾ ആയിരുന്നല്ലോ ഉന്തും തള്ളും. അല്പവസ്ത്ര പാഞ്ചാലി വിവസ്ത്രയാവും മുമ്പു് തന്നെ, മയൻനിർമ്മിത സഭയിലൊരു പെണ്ണനുകൂല കൂരിരുട്ടു് പടർന്നു, പുതക്കാൻ അംഗവസ്ത്രം എറിഞ്ഞുകൊടുത്തു. പ്രകാശം പരന്നപ്പോൾ അവൾ പരിപൂർണ്ണ വസ്ത്രാലംകൃത! വസ്തുത ഭീഷ്മ നീതിപീഠത്തിൽ എത്തിച്ചുകഴിഞ്ഞാൽ ദുശ്ശാശാസൻ കുറ്റവിമുക്തനാവും. “ഒരു ഭാര്യക്കു് ഒരു ഭർത്താവു്” എന്ന സ്ത്രീനീതിമുദ്രാവാക്യം അവനല്ലേ നാടൊട്ടുക്കു് പ്രചരിപ്പിച്ചതു്! പാണ്ഡു മാദ്രിയെ വിവാഹം ചെയ്യാനുറച്ചപ്പോൾ “അരുതേ അനീതി, കുന്തി മാത്രം മതി നിങ്ങൾക്കും ഭാര്യ, ധൃതരാഷ്ട്രർക്കു് ഗാന്ധാരി പോലെ” എന്നു് നിലവിളിച്ച ബാല്യ കാലം അവനുണ്ടു്. ഒന്നും മറക്കരുതു്”.
“പത്തു തുറിച്ച കണ്ണുകൾ ആ കാളരാത്രി മുഴുവൻ എന്നെ പേടിപ്പി ച്ചു. അങ്ങനെയാണു് നവവധു പാഞ്ചാലി ആദ്യ രാത്രി ഓർമ്മിച്ചതു്. ഒന്നാംപ്രതിക്കൂട്ടിൽ നിൽക്കുന്ന ആദ്യത്തെ രണ്ടുകണ്ണുകൾ നിങ്ങളുടേതായിരുന്നോ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. ജാലകത്തിന്നപ്പുറത്തു പാഞ്ചാലി കരുതലോടെ പെരുമാറുന്ന നേരം. ഖാണ്ഡവ വനത്തിൽ പാണ്ഡവകുടുംബം കുടിയേറ്റക്കാരായ സംഘർഷകാലം.
“ആരോപണത്തെ ഖണ്ഡിക്കാനെങ്കിലും ആദ്യരാത്രി ഞാൻ ഓർമ്മിച്ചെടുക്കട്ടെ. അവളെ പേടിപ്പിച്ച അഥവാ പീഡിപ്പിച്ച ആ രണ്ടു തുറിച്ച കണ്ണുകൾ എന്റേതല്ല. മൂപ്പിളമക്രമത്തിൽ തൊട്ടടുത്തവൾ കിടന്നിട്ടും, പീഡിപ്പിക്കുക പോകട്ടെ, കെട്ടിപ്പുണരുക പോലും ചെയ്തില്ല. മറിച്ചു, കവിളിൽ തലോടി ആശ്വസിപ്പിച്ചു. അനുമതി കൂടാതെ സംയോഗമില്ലെന്നു്, ധർമ്മപുത്രർ എന്ന ഞാൻ, അവൾക്കു, കിടന്നകിടപ്പിൽ വാക്കുകൊടുത്തു. ഭാവിയിൽ ഖാണ്ഡവ പ്രസ്ഥത്തിൽ ഞാൻ രാജാവായാൽ, അവൾ, അവൾമാത്രം മഹാറാണിയാവും! അതിനവളെ പ്രോത്സാഹിപ്പിക്കുന്ന രതിപ്രതിജ്ഞയായിരുന്നു മുൻകൂർ അനുമതിയോടുകൂടിയ ശാരീരികം. വരുംദിവസങ്ങളിൽ ഊഴമനുസരിച്ചു മറ്റുനാലു പാണ്ഡവർ അവളുടെ ഉടലെങ്ങനെ ദുരുപയോഗം ചെയ്തു എന്നൊന്നും എന്നോടു് നിങ്ങൾ ചോദിക്കരുതേ. വിഭാവന ചെയ്തു ഹൃദയം പിളരുകയായിരുന്നു, കിടപ്പറയിൽനിന്നവളുടെ രതിമൂർച്ഛ, തൊട്ടപ്പുറത്തെ നിദ്രാവിഹീനമായ എന്റെ രാത്രിയിൽ, കേൾക്കുമ്പോൾ. പാഞ്ചാലിയല്ല, യഥാർത്ഥത്തിൽ ഞാനാണനുഭവിച്ചതു് ബഹുഭർത്തൃത്വത്തിലെ യഥാർത്ഥ കാളരാത്രികൾ!”, വൈകാരിക ഏറ്റുപറച്ചിൽ നാടകീയമായ ശരീരഭാഷയോടെ പൂർത്തിയാക്കിയ യുധിഷ്ഠിരൻ, ഒളികണ്ണിട്ടു ജാലകത്തിലൂടെ പാഞ്ചാലിയെ സൂക്ഷിച്ചുനോക്കുന്നതു് കൊട്ടാരം ലേഖിക തൊഴിൽപരമായ താൽപ്പര്യത്തോടെ ശ്രദ്ധിച്ചു.
“ഭീമനെ നാണംകെടുത്തി. അർജ്ജുനനും നേരിടുമോ ലൈംഗിക ആരോപണം?”, കൊട്ടാരം ലേഖിക ചോദിച്ചു.
“ബലിദാനികളുടെ ഓർമ്മപ്പെരുനാൾ ദിവസം, ക്ഷണിക്കപ്പെട്ട സദസ്സിൽ ശാസ്ത്രീയസംഗീതവിരുന്നുണ്ടായിരുന്നു. നിങ്ങളും ക്ഷണിതാവായിരുന്നല്ലോ. എന്റെ കൊച്ചുമകൾക്കു ഒന്നാം സമ്മാനം പ്രഖ്യാപിച്ചതു് മഹാറാണി പാഞ്ചാലിയായിരുന്നെങ്കിലും, വേദിയിലേക്കവളെ ആർഭാടത്തോടെ ആനയിക്കുന്ന അർജ്ജുനനിൽ നിന്നുണ്ടായ അസ്വാഭാവിക ദേഹസ്പർശമാണിപ്പോൾ ഉയർന്നുവരുന്ന ജനരോഷത്തിനു കാരണം. അല്ലാതെ ഞാനല്ല. അർജ്ജുനവിരലുകൾ പെണ്ണുടലിൽ അനാവശ്യ ഉത്സാഹത്തോടെ പെരുമാറിയെന്ന തോന്നലിലാവാം, പ്രശംസനീയമായ മനഃസാന്നിധ്യത്തോടെ, “അരുതേ” എന്നവൾ പീഢക പാണ്ഡവനുനേരെ വിരൽ ചൂണ്ടിയതു്. ഖേദം പ്രകടിപ്പിക്കുന്നതിനുപകരം, അവളെ ഒറ്റക്കയ്യിൽ കോരിയെടുത്തുയർത്തി സദസ്സിൽ ഒരു മാംസഉൽപ്പന്നം പോലെ പ്രദർശിപ്പിച്ചതു് പ്രകോപനപരമായി. “സ്വന്തം നഗ്നതുട ചൂണ്ടിക്കാട്ടി പാഞ്ചാലിയെ പണ്ടു് ചൂതാട്ടസഭയിൽ ഇരിക്കാൻ ക്ഷണിച്ച അഹങ്കാരിദുര്യോധനന്റെ കൊച്ചുമകളെ, ഒരു സംഗീതജ്ഞൻ കൂടിയായ അർജ്ജുനൻ സ്വന്തം തുടയിൽ ബലമായി ഇരുത്തുകയല്ല, പിടിച്ചുനിർത്തുകയല്ലേ അർജ്ജുനൻ ചെയ്തുള്ളു?” എന്ന ഭീമനിരീക്ഷണത്തിൽ സദസ്സു് വിറളിപിടിച്ച പോലെയായി. “ആ വൃത്തികെട്ട കാമക്കഴുതയെ കല്ലെറിഞ്ഞു കൊല്ലു് ” എന്നു് ക്രുദ്ധരായ കൗരവാനുകൂലികൾ കൂവി. നിങ്ങൾ കണ്ടുകാണും. പാഞ്ചാലി അർജ്ജുനനെയും ഭീമനെയും തിരുവസ്ത്രങ്ങളിൽ വലിച്ചു വേദിക്കു പിന്നിലൂടെ സ്ഥലം വിട്ടു. നീതിപീഠത്തിൽ അർജ്ജുനനും ഭീമനും പാഞ്ചാലിക്കുമെതിരെ ബാലികാപീഡനത്തിനു പരാതി കൊടുക്കും. സ്വഭാവശുദ്ധിയുള്ളവരുടെ ദൃൿസാക്ഷിമൊഴിയുണ്ടു് പിന്തുണക്കാൻ. അച്ഛനും അച്ഛച്ഛനും രാജ്യത്തിന്റെ അഖണ്ഡതക്കായി ബലിദാനികളായ കൗരവകുടുംബത്തിനു് നേരെ പാണ്ഡവരുടെ കടന്നാക്രമണത്തെ ചെറുക്കാതെ അനാഥവിധവകൾക്കിനി മുന്നോട്ടു വഴിയില്ല. ‘ഹസ്തിനപുരി പത്രിക’ ബാലനീതിയുടെ ശരി പക്ഷത്തു നിൽക്കുമോ? അതോ. ഉടലഴകുള്ള പാഞ്ചാലിയുടെ വാമൊഴിമികവിൽ വാർത്താകേന്ദ്രം മയങ്ങുമോ?”
“അധികാരവഴികളിൽ പിടിപാടുള്ള കൗരവകുട്ടികളുടെ ഹൃദയത്തിൽ ഇത്തിരി ഇടംനേടാൻ സ്വന്തം കുട്ടികളെ അന്യായമായി പ്രതിസ്ഥാനത്തു നിർത്തിയോ കുന്തി?”, കൊട്ടാരം ലേഖിക ചോദിച്ചു. പാണ്ഡുമരണത്തിനുശേഷം കുന്തിയും കുട്ടികളും ഹസ്തിനപുരി അരമനയിൽ അഭയംതേടിവന്ന കാലം.
“പിന്നെന്തുവേണം ഞങ്ങൾ ധരിക്കാൻ? നൂറ്റുവരും ഞങ്ങളും ഒരു പന്തിയിലിരിക്കണം ഊട്ടുപുരയിലെന്നു നിർദേശിച്ച ഭീഷ്മ പിതാമഹനു സ്തുതി, വിളമ്പിക്കിട്ടിയതൊക്കെ വിശപ്പോടെ ഞങ്ങൾ വാരിത്തിന്നുമ്പോൾ കാണാം, കുന്തിയുടെ എഴുന്നെള്ളത്തും, ഞങ്ങളഞ്ചുപേരെ തുറിച്ചുനോക്കലും! ദുര്യോധനനെ പുഞ്ചിരിയോടെ ചൂണ്ടിക്കാണിച്ചു ഞങ്ങളെ വിരൽഞൊടിച്ചു ധിക്കാരത്തോടെ ശ്രദ്ധയാകർഷിക്കും. എത്ര കൃത്യമായി കടിച്ചാണു് കാളക്കാലിൽനിന്നിറച്ചി വായിലാക്കുന്നതെന്നു ദുര്യോധനനെ നോക്കി പഠിക്കാൻ ഞങ്ങളോടു് പറയും. നഖങ്ങൾ വെട്ടി വെടിപ്പാക്കിയ ആ കൊച്ചുവിരലറ്റങ്ങൾ കൊണ്ടവൻ ഭക്ഷണം സാവധാനത്തിൽ വായിലാക്കുന്നതിനെന്തു ചന്തമെന്നു ഞങ്ങളെ ബോധ്യപ്പെടുത്തും. ചുണ്ടുകൾ, നിങ്ങളെ പോലെ, അശ്ലീലമായി ദുര്യോധനൻ തുറക്കില്ല, നിങ്ങളെപ്പോലെ, നേരത്തെ വായിലേക്കെറിഞ്ഞ ഇറച്ചി ചവച്ചു അണ്ണാക്കിൽ എത്തുംമുമ്പു് തന്നെ അടുത്ത ഇറച്ചി വായിലേക്കവൻ എറിയില്ല എന്നൊക്കെ കുന്തി പ്രതിയോഗിയെ പുകഴ്ത്തുമ്പോൾ ഞങ്ങൾ ചൂളിപ്പോവും. അപശബ്ദങ്ങളില്ലാതെ ഭക്ഷണം കഴിക്കുന്നതൊരു ആനന്ദ ദൃശ്യാനുഭവമാക്കുന്ന കൗരവക്കുട്ടി എവിടെ, കയ്യിൽ കിട്ടിയതെന്തും ഉടൻ വായിലിടുന്ന പാണ്ഡവരെവിടെ. ദുര്യോധനിലൂടെയും ദുശ്ശാസനിലൂടെയുമായിരിക്കും കുരുവംശ കുലീനതയുടെ കഥ, സമൂഹമറിയുകയെന്നു കുന്തി കണ്ണുരുട്ടി ഞങ്ങളെ ഒന്നിലധികം തവണ താക്കീതു ചെയ്യും!”
“വനവാസത്തിൽ ഇങ്ങനെ ഒതുങ്ങിക്കഴിയുന്നു പാഞ്ചാലി, എന്നാണോ ഞങ്ങൾ ജിജ്ഞാസാഭരിതരായ ഹസ്തിനപുരി വായനക്കാരെ അറിയിക്കേണ്ടതു്?”, കൊട്ടാരം ലേഖിക ചോദിച്ചു. പാണ്ഡവർ കള്ളച്ചൂതിൽ നൈപുണ്യപരിശീലനം നേടുന്ന സായാഹ്നം.
“നഗ്നനേത്രങ്ങൾ വഴി നിങ്ങൾ കാണുക, മുഷിഞ്ഞ വേഷവും നിവർത്തിയിട്ട മുടിയും പകയുള്ള നോട്ടവും ഒക്കെയല്ലേ അതാണു് പരസ്യജീവിതത്തിൽ സ്ഥായിയായ മുഖമുദ്ര എന്നാൽ അതിനകത്തൊരു രാജകുമാരി, പകിട്ടുള്ള വേഷവിതാനങ്ങളുമായി പാഞ്ചാലയിൽ പുതിയൊരു സ്വയംവരത്തിൽ അപ്പോൾ പങ്കെടുക്കുന്നുണ്ടാവും നിരവധി യുവആരാധകർ അവരുടെ സാന്നിധ്യവും താൽപ്പര്യവും അറിയിച്ചുകൊണ്ടെന്റെ വരണമാല്യത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടാവും. പുതിയൊരു ദാമ്പത്യജീവിതക്രമം അങ്ങനെ ഞാൻ ഹൃദയത്തിൽ രൂപപ്പെടുത്തുമ്പോൾ, അതാ ആ മരച്ചുവട്ടിലിരുന്നു ശത്രുവിനെ തോൽപ്പിക്കാൻ ചൂതാടിക്കളിക്കുന്ന അഞ്ചുപേരും സ്വയംവരയോഗ്യതയില്ലാതെ പടിക്കു പുറത്തായിട്ടുണ്ടാവും!” പറഞ്ഞുപറഞ്ഞു പാഞ്ചാലി പെട്ടെന്നു് ഏങ്ങലടിച്ചു. അതൊരു പൊട്ടിക്കരച്ചിലാവും മുമ്പവൾ തികഞ്ഞ രംഗബോധത്തോടെ എഴുനേറ്റു അകത്തേക്കുപോയി.
“പട്ടത്തിൽ ഓട്ട വീണു എന്ന ഭീതിയുണ്ടോ?”, കൊട്ടാരം ലേഖിക ഭീഷ്മരോടു് ചോദിച്ചു. ഭീഷ്മവസതിക്കുമുമ്പിൽ അന്തഃപുരവാസികൾ നിരാഹാരമിരിക്കുന്ന അശാന്ത നേരം.
“കരിമ്പാറക്കെട്ടാണെന്റെ നിത്യബ്രഹ്മചര്യമെന്നറിയുന്നവർ ഈ ‘പ്രകടനം’ കണ്ടാലൊന്നും കീഴടങ്ങില്ല. ലൈംഗികാസ്വാദനത്തിന്റെ പേരിൽ എന്നെ ‘അളക്കാനോ ഇളക്കാനോ’ പെണ്ണുടലിനാവില്ല. ഇതൊരവകാശവാദമല്ല, അംഗീകൃത ലോകസത്യമാണു്. കൗമാര രതിയൂർജ്ജം ഞരമ്പുകളിലോടുന്ന കാലത്തായിരുന്നു രാജമാതാ സത്യവതി പ്രലോഭിച്ചതു്. ജൈവപിതാവു് ശന്തനുവിന്റെ ഭാര്യ. എന്താണു് സംഭവിച്ചതു്! ഭീഷ്മബ്രഹ്മചര്യം ലൈംഗികപ്രലോഭനത്തെ അതിജീവിച്ചു! രാജവിധവകളുമായി സഹകരിച്ചു കുരു വംശത്തിനു സന്തതികളെ കൊടുക്കണമെന്ന അവളുടെ ആവശ്യം ഞാൻ നിസ്സങ്കോചം നിരാകരിച്ചു. അത്തരം സദാചാര നിരാകരണങ്ങളുടെ നിരയായി എക്കാലവും. പാണ്ഡവാഭിമുഖ്യം സംശയിച്ചു മാനസികമായി തളർത്താൻ കുടില ദുര്യോധനൻ തട്ടിക്കൂട്ടിയ ഈ ബലാൽക്കാര പ്രഹസനത്തിൽ, പാവം, കൗരവ രാജകുമാരികൾ ഇരകളായി. എന്നെ നമസ്കരിക്കുന്ന രാജകുമാരികളെ ‘വൃദ്ധരുടെ പാദസ്പർശം എന്ന അനാചാരം നിങ്ങൾ പിന്തുടരരുതേ’ എന്നുച്ചരിച്ചവരെ ഉയർത്തുമ്പോൾ അവരുടെ തോളിലോ കക്ഷത്തോ അരക്കെട്ടിലോ ബ്രഹ്മചാരിയുടെ ഹസ്തങ്ങൾ തൊട്ടുതൊട്ടില്ല എന്നു് വരാം എന്നതിൽ കവിഞ്ഞൊരു കെട്ടനോട്ടം, മലിനമനസ്സു എനിക്കില്ലെന്നതാണു് ലോകം അംഗീകരിച്ച കാര്യം. ‘അസ്വാഭാവികസ്പർശം’ എന്നവർ അടയാളപ്പെടുത്തുകയാണോ ശരി?, അതോ, ആരുടെ മുമ്പിലും പെണ്ണുടൽ നമസ്കരിക്കരുതു് എന്നാണോ എന്റെ വാക്കുകളിൽ വായിച്ചെടുക്കേണ്ടതു്? നിങ്ങൾ പറയൂ!”
“കുടിയേറ്റക്കാരായി ഖാണ്ഡവ പ്രസ്ഥത്തിൽ ചെന്ന നിങ്ങൾ, “കാടു് മൊത്തം വളഞ്ഞു നമുക്കു് തീയിടാം” എന്ന പദ്ധതി തയ്യാറാക്കുമ്പോൾ, അല്ലലില്ലാതെ എക്കാലവും വളരുകയായിരുന്ന സസ്യ ജാലം സമ്മർദ്ദമറിഞ്ഞു നിലവിളിച്ചിരുന്നു എന്നു്, പാണ്ഡവരിൽ അമാനുഷകഴിവുകൾ ഉള്ള, സഹദേവൻ ഒരഭിമുഖത്തിൽ ഞങ്ങളോടു് വെളിപ്പെടുത്തി. സാധാരണമനുഷ്യരുടെ ശ്രാവ്യപരിധിയിൽ വരാത്ത വിലാപം, തനിക്കൊരു സവിശേഷസിദ്ധിയാൽ വ്യക്തതയോടെ കേൾക്കാനായതു്, മറ്റു പാണ്ഡവരുമായി പാരിസ്ഥിതി പ്രശ്നമായി പങ്കിട്ടപ്പോൾ, അവർ പൊട്ടിച്ചിരിയോടെ കണ്ടെത്തൽ തള്ളി എന്നു് സഹദേവൻ വേദനയോടെ ഓർക്കുന്നു. വാസ്തവത്തിൽ എന്തായിരുന്നു ആ വിലാപഗീതം?”, കൊട്ടാരം ലേഖിക ചോദിച്ചു.
“ഭാവിപ്രവചിക്കുന്നവൻ സഹദേവൻ എന്നു് നകുലൻ ഇരട്ടസഹോദരനെ തരംകിട്ടുമ്പോൾ പരിഹസിക്കുന്നതു് കേൾക്കാറുണ്ടു്. കാര്യമറിയാൻ സഹദേവനോടു് പ്രവചനം ചോദിച്ചാൽ, “എനിക്കു് വിക്കുണ്ടു് ഉള്ളിൽ വിലക്കുണ്ടു് രാവിലെമുതൽ നാവനങ്ങുന്നില്ല” എന്നൊക്കെ ഇരയുടെ മുഖഭാവങ്ങളോടെ ഒന്നും മിണ്ടാതെ പിന്മാറും. “ആദ്യമൊക്കെ നീ വേട്ടമൃഗങ്ങളുടെ ഇറച്ചി എനിക്കു് വേണ്ട, അവയുടെ നിലവിളി അത്ര ഞാൻ കേട്ടു എന്നാണല്ലോ പറഞ്ഞിരുന്നതു്. ഇപ്പോൾ നീ സസ്യങ്ങളുടെ കരച്ചിലും കേൾക്കാൻ തുടങ്ങിയോ?”, എന്നു് ഞങ്ങൾ മുനവച്ചുചോദിച്ചു. നായാട്ടിനിടക്കൊക്കെ അമ്പുകുലക്കുന്നതുകാണുന്ന മാനും മുയലും ഓടിമാറും മുമ്പു് നിലവിളിക്കാറുണ്ടല്ലോ, അതൊക്കെ കേട്ടു് മൃഗസ്നേഹത്തിൽ മനമുരുകി കൂരമ്പുകൾ ആവനാഴിയിൽ ഞങ്ങൾ അപ്പോൾ നിക്ഷേപിക്കുമോ. അതോ കരുതലോടെ നോക്കി അമ്പെയ്തു ഉച്ചഭക്ഷണത്തിനു ഇറച്ചിയാക്കുമോ? പിടിച്ചാൽ തിരിച്ചുകടിക്കാത്ത എന്തും ഭൂമിയിൽ നിങ്ങളുടെ ഇഷ്ടഭക്ഷണമായിരിക്കട്ടെ എന്നല്ലേ ജ്വാലാമുഖീവനദേവത കാട്ടിൽ നമ്മെ കുട്ടിക്കാലം മുതൽ കാരുണ്യപൂർവ്വം അഴിച്ചുവിട്ടതു്. ഇതൊന്നും ശരിയായി മനസ്സിലാക്കാതെ, തെറ്റായ പ്രവചനം വഴി കുടിയേറ്റക്കാരെ കുറ്റബോധത്തിൽ വീഴ്ത്തുവാൻ ശ്രമിച്ച സഹദേവനെ, മാതൃകാപരമായ ശിക്ഷ എന്ന നിലയിൽ, “സമ്മതം ചോദിക്കാതെ സ്വവർഗ്ഗരതിക്രീഡക്കുപയോഗിക്കാൻ ഭീമനു് ഉപാധിയില്ലാത്ത” അനുമതികൊടുത്തു, അതോടെ നിലച്ചു കുടിയേറ്റക്കാരന്റെ മുമ്പിൽ സസ്യലോകത്തിന്റെ വിലാപം. വനംവളഞ്ഞു തീയിട്ടു. മരങ്ങളും മൃഗങ്ങളും വെന്തുവെണ്ണീറായി ഖാണ്ഡവ വനം നിന്നയിടത്തൊരു മോഹനനഗരം നിർമ്മിക്കാൻ പാതാളഗൃഹത്തിലെ അസുരശില്പിയായ മയനുമൊത്തു ഉന്മാദ ചർച്ചയിലായിരുന്നു യുധിഷ്ഠിരനേതൃത്വത്തിൽ മറ്റു പാണ്ഡവർ. ഭീമന്റെ ബലാൽക്കാരശ്രമത്തിൽ ഇരയാക്കപ്പെടുന്ന സഹദേവന്റെ വിലാപം ഉയർന്നപ്പോൾ കൊട്ടാരം ലേഖിക മുഖം തിരിച്ചു. പാഞ്ചാലി മാറിനിന്നു പാണ്ഡവരെ നിസ്സംഗതയോടെ നോക്കി.”
“ആരാണു് നിങ്ങൾ, എന്താണു് പ്രശ്നം? ദിവസവും ഞാൻ ‘തിണ്ണ നിരങ്ങാൻ’ കൊട്ടാരത്തിലേക്കു കയറുമ്പോൾ, കാണാം പ്രതീക്ഷയോടെ എന്നാൽ ഒരു പാവം പ്രതിമ പോലെ നിശ്ചലമായി! അതി സുരക്ഷാമേഖയല്ലെ, വാപൊളിച്ചിങ്ങനെ നോക്കിനിൽക്കാൻ വേറെ പണിയൊന്നുമില്ല? പാറാവുകാർ ‘ചെവിക്കുപിടി’ക്കില്ലേ അരുതാത്ത ചാരനിരീക്ഷണം അവർക്കരികിൽ ചെയ്താൽ?” കൊട്ടാരം ലേഖിക ചോദിച്ചു.
“ഞാനൊരു സദാചാരവാദിയായ ഏകപത്നീവ്രതക്കാരനാണു്. പാഞ്ചാലി അഞ്ചുസഹോദരന്മാരെ കൂട്ടിക്കെട്ടി, ബഹുഭർതൃത്വ പരീക്ഷണം ചെയ്യുകയാണെന്നുകേട്ടപ്പോൾ ചോര തിളച്ചു. ഇവരെയൊക്കെ അധികാരത്തിൽനിന്നും നീക്കി, അവിവാഹിതനായ കിരീടാവകാശി പരീക്ഷിത്തിനെ പട്ടാഭിഷേകം ചെയ്യാൻ എന്തു വഴി. എന്റെ ഉടുതുണിയുൾപ്പെടെ എല്ലാ സ്വത്തും ഞാൻ ഹസ്തിനപുരി പത്രികക്കു് ഇഷ്ടദാനം ചെയ്യാം. യുധിഷ്ഠിരഭരണകൂടത്തെ കെട്ടുപൊട്ടിച്ചു കാട്ടിലേക്കയക്കാൻ ചുവരെഴുത്തുപതിപ്പുകൾക്കെന്തെങ്കിലും മറിമായം ചെയ്യാൻ ആവുമോ?” പെട്ടെന്നു് പിന്നിൽ നിന്നും കയർകുരുക്കു അയാളുടെ തലയിലൂടെ താഴേക്കിറങ്ങി അരയിൽ കുടുങ്ങി, ഒന്നു് വലിച്ചപ്പോൾ കെട്ടു മുറുകി, പെട്ടെന്നു് തേരിൽനിന്നും ചാടിയിറങ്ങിയ ചാരവകുപ്പു മേധാവി മുഖംമൂടിധരിച്ചു അപകടകാരിയായ ആ വിഘടനവാദിയെ ആട്ടിത്തെളിയിച്ചു തുറുങ്കിലേക്കു രഥം വിട്ടു.
“നിങ്ങളും വാങ്ങി സൂക്ഷിക്കുന്നുണ്ടോ, വ്യാസനെഴുതിയ ഭാരതം പനയോലപ്പതിപ്പു്?” കൊട്ടാരം ലേഖിക ചോദിച്ചു. സൈന്ധവദേശത്തിൽ ജയദ്രഥ മരണത്തിനുശേഷം, അർജ്ജുനന്റെ സൗജന്യത്തിൽ, നാമമാത്ര രാജാമാതാപദവി വഹിക്കുകയായിരുന്നു, ഒരിക്കൽ അസാധാരണ രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്ന ഈ ഗാന്ധാരിപുത്രി.
“എഴുത്തുകാരൻ എങ്ങനെ ആവിഷ്കാരത്തിനായി വസ്തുതകളെ വളച്ചൊടിച്ചു എന്നു് വരുംതലമുറയെ അറിയിക്കാൻ ഈ കെട്ടു് തൊട്ടടുത്തുതന്നെ വേണമെന്നുതോന്നി. അത്രമേൽ അജ്ഞതകൊണ്ടോ, മനോഭാവത്തിൽ അന്ധകാരം കൊണ്ടോ, കൗരവരെ കറുത്ത ചായംമുക്കി വികൃതമായി വരച്ചുവച്ചു. ഭാവിയിൽ, പരേതകൗരവരുടെ പിന്തുടർച്ചക്കാർ, ഇതു വായിച്ചും കേട്ടറിഞ്ഞും തീരുമാനിക്കട്ടെ, വ്യാസസ്പർശമേൽക്കാത്തൊരു കുരുവംശഗാഥ എന്നെങ്കിലും സ്വതന്ത്രമായി എഴുതപ്പെടാനാവുമോ!”
“ചട്ടപ്രകാരം പരസ്പരം പോരടിക്കേണ്ട കുരുക്ഷേത്രയിൽ നരബലി? ഈ ചാർവാകനിരീക്ഷണത്തോടെങ്ങനെ നിങ്ങൾ പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക ചോദിച്ചു. സൈനികപാളയനിർമ്മിതിയുടെ മിനുക്കുപണിക്കു ഊർജ്ജം പകരുകയായിരുന്നു കൗരവനായകൻ ദുര്യോധനൻ.
“സൂക്ഷ്മതലങ്ങൾ ഒഴിവാക്കിയ പരുക്കൻ പ്രതിഷേധങ്ങളാണോ ചാർവാകൻ ഇത്തവണയും ഏറ്റെടുത്തതു്? യുദ്ധം തീരുമ്പോൾ പുറത്തു വരിക മരിച്ചവരുടെ പട്ടികയല്ല, എത്ര വേഗം നീതിദേവത വിധി പറഞ്ഞു എന്ന മംഗളവാർത്തയാണു്. കുരുവംശ പൈതൃകം കുതന്ത്രങ്ങളിലൂടെ തട്ടിയെടുക്കാൻ വന്ന കൗന്തേയരെ അകറ്റുവാൻ ഞങ്ങൾക്കു് പ്രചോദനമായതു് പ്രകൃതിയുടെ ആഹ്വാനമായിരുന്നു. ദൈവവിളി എന്നൊക്കെ ഞങ്ങൾ സ്വകാര്യമായി പറയും. ദൈവവിളിയുടെ അവസാനഘട്ടമാകുന്നു കുരുക്ഷേത്ര. ഹസ്തിനപുരിയെ പാണ്ഡവചോര മലിനപ്പെടുത്തരുതെന്ന തീരുമാനമായിരുന്നു, പോർക്കളം, ദൂരേകിടക്കുന്ന കുരുക്ഷേത്രയിലാവട്ടെ! ഇവിടെ കൗരവർ പോരടിക്കുകയല്ല, ദൈവത്തിനു ഉടലുകൾ സ്വയം വിട്ടുകൊടുക്കുകയാണു്. കുരുവംശകിരീടം നവരത്നങ്ങൾ പതിച്ചതെന്നായിരിക്കാം നിങ്ങൾ തക്ഷശിലയിൽ പഠിച്ചതു്, എന്നാൽ മുള്ളാണി തലയോട്ടിയിൽ അടിച്ചിറക്കിയാണതു രാജശിരസ്സിൽ സ്ഥാപിക്കുക. മുൾക്കിരീടമെന്നൊക്കെ കവി പാടുന്നതുകേട്ടിട്ടില്ലേ. കൗന്തേയർ അഭയാർഥികളായി ഹസ്തിനപുരിയിൽ വന്നപ്പോൾ, ‘നൈപുണ്യമില്ലാത്ത തൊഴിലന്വേഷകരുടെ കുടിയേറ്റ’മായി കണ്ടാൽ മതിയെന്നൊരു പണ്ഡിതാഭിപ്രായം ഉണ്ടായി. ഞാനതു തള്ളി, കോട്ടവാതിലിൽ ചെന്നു് കൗന്തേയരെയും പാണ്ഡുവിധവയെയും കൈനീട്ടി ഞാൻ സ്വീകരിച്ചു, കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടുവന്നു. ആ കൈകളിലാണിപ്പോൾ യുധിഷ്ഠിരൻ കുന്തമെറിയാൻ ഉന്നം വക്കുന്നതു് ” പരിശീലനക്കളരിയിൽ നിന്നെറിഞ്ഞ പാണ്ഡവത്രിശൂലം, പിടികൂടി അലസമായി തിരിച്ചെറിഞ്ഞു ദുര്യോധനൻ ശുഭരാത്രി നേർന്നു.
“പേടമാനിനെ കല്ലെറിഞ്ഞുവീഴ്ത്തിയ രസത്തിൽ ഞങ്ങൾ നിൽക്കുമ്പോളാണു്, പച്ചപ്പുല്ലിനുള്ളിൽ പതുങ്ങുന്ന വെള്ളമുയലിനെ ശ്രദ്ധിച്ചതു്. നെറ്റിക്കുമേൽ കൈവച്ചു മേലോട്ടു് കണ്ണെറിഞ്ഞപ്പോൾ, അതാ, ലക്ഷ്യം തെറ്റാതെ ഇരയെ കൊത്തിപ്പറക്കാൻ, നീലവാനിൽ നിന്നതിവേഗം താഴോട്ടിറങ്ങുന്നു കഴുകൻ! പക്ഷേ, ഒറ്റച്ചാട്ടത്തിൽ കഴുകന്റെ കഴുത്തിൽ കൃത്യം കടിമുറുക്കിയ വേട്ടപ്പട്ടി തന്നെയായി ഇന്നത്തെ മൃഗയാവിനോദത്തിലെ മികച്ച താരം”, തിരിച്ചെത്തി, പാഞ്ചാലിയോടു് നായാട്ടിലെ ദൃശ്യാനുഭവം വിശദീകരിക്കുകയായിരുന്നു അർജുനൻ. വനവാസക്കാലം.
“വേട്ടപ്പട്ടിയുടെ കടിയിൽ കഴുത്തുമുറിഞ്ഞുവീണ കഴുകനെ ചെടിക്കൂട്ടങ്ങൾക്കിടയിൽ ഒളിപ്പിപ്പിക്കയും, വെള്ളമുയലിനെ കടിച്ചു തൊലിയുരിക്കയും—രണ്ടും മികച്ച രീതിയിൽ ചെയ്യുന്ന ‘മാംസകലാകാരൻമാർ’ ഈ വനാശ്രമത്തിൽ തന്നെ ഉണ്ടല്ലോ”, കിടപ്പറമൂലയിൽ, വെളിച്ചം വീഴാത്ത ഇടത്തു്, ചുവർ ചാരിയിരിക്കയായിരുന്ന പാഞ്ചാലി പറഞ്ഞു.
“യമുനക്കുപുറമെ ഗംഗയാറുമൊഴുകുന്നൊരപൂർവ്വനഗരമല്ലേ നമ്മുടെ ഹസ്തിനപുരി? ഒരു കുടം കുടിവെള്ളത്തിനിങ്ങനെ യുദ്ധവിധവകൾ അധികാരിവർഗ്ഗത്തെ പഴിപറഞ്ഞു നഗര വീഥികളിൽ പരക്കം പായണോ?” കൊട്ടാരം ലേഖിക ചോദിച്ചു.
“സ്നേഹജലം പദ്ധതിയിൽ കൗരവരാജവിധവകളെ ഗുണഭോക്താക്കളാക്കാമെന്നു, ശുദ്ധജലസ്രോതസ്സുകളുടെ അധികച്ചുമതല വഹിക്കുന്ന ഭീമൻ, വേനലാരംഭത്തിൽ പുനരധിവാസ കേന്ദ്രത്തിൽ പോയി വാക്കുകൊടുത്തതല്ലേ. ദുര്യോധനവിധവയുടെ നേതൃത്വത്തിൽ സമരം ചെയ്യുന്ന കുരുക്ഷേത്രവിധവകൾ ആ വാക്കു മാനിച്ചുവോ? വേനലിൽ കുടിനീർദുരിതമനുഭവിക്കുന്നവരുടെ കൂടെയാണു് പാണ്ഡവഭരണകൂടം, കുരുക്ഷേത്ര വിധവകളുടെ നേതൃത്വത്തിനു, ദുശ്ശാസനവിധവയുമായി കൊമ്പു കോർക്കുന്ന ദുര്യോധനവിധവ മറിച്ചൊരു നിലപാടെടുത്തതല്ലേ കാര്യം. അവിശുദ്ധസൗജന്യമെന്ന പരിഗണനയിൽ “അരുതു ശുദ്ധജല വിതരണ”മെന്നവൾ കൊട്ടാരമുറ്റത്തു ഭീമനുമായി തർക്കിച്ചു. വ്യക്തികേന്ദ്രിതമല്ലാത്തൊരു ശാശ്വത പ്രശ്നപരിഹാരത്തിനു് സുസ്ഥിരജലവിതരണപദ്ധതിയാണു് അഭിമാനികളായ കൗരവ വിധവകൾ പ്രതീക്ഷിക്കുന്നതെന്നവൾ തുടർന്നും ശഠിച്ചാൽ, നീർക്കുടങ്ങൾ ദാഹാർത്തരെ തേടി പുനരധിവാസകേന്ദ്രങ്ങളിലേക്കു നിത്യവും നീങ്ങുമോ? ദാഹജലം പദ്ധതിയിൽ കൗരവരാജ വിധവകളെ ഉൾപ്പെടുത്തിയാൽ തന്നെ, നാളെ നിങ്ങൾ ചുവരെഴുത്തുപതിപ്പുകളിൽ പരാതി പറയില്ലേ, “വിഘടനവാദികളെ ചെറുക്കുമ്പോൾ കുരുവംശഅഖണ്ഡതക്കായി സ്വജീവൻ ബലികൊടുത്ത കൗരവരുടെ വിധവകളോടു് സ്നേഹപരിലാളനമില്ലാത്തൊരു ജലവിതരണം എത്ര യാന്ത്രികം!””
“കൗരവരാജവധുക്കൾ, പ്രത്യേകിച്ചും പുരോഗമന നാട്യങ്ങളുള്ള ദുര്യോധനവധു, സുവ്യക്തതക്കായി വീണ്ടും ചോദിച്ച ഓർമ്മയുണ്ടു് സ്ഥലജലഭ്രമത്തിൽ ‘വിശിഷ്ടാതിഥി’ വഴുക്കിവീണപ്പോൾ, നിങ്ങൾ പൊട്ടിച്ചിരിച്ചില്ല എന്നതാണോ വസ്തുത? അതോ, സ്വയം അറിയാതെ, ഒന്നു് ചിരിച്ചുപോയി എന്നോ?”, കൊട്ടാരം ലേഖിക ചോദിച്ചു. ആശ്രമത്തിനു സമീപം വൻമരത്തണലിൽ ആയിരുന്നു അവർ.
“വിശിഷ്ടാതിഥി സഭാതലത്തിൽ വഴി നടക്കുമ്പോൾ വഴുക്കി വീണാൽ, ആതിഥേയയുടെ പണി ആർത്തുചിരിക്കലാണോ? ദുഷ്പ്രചരണമായിരുന്നില്ലേ! ചിരിച്ചു എന്നു് ഭീമനിൽനിന്നും കേട്ടറിഞ്ഞ ദുര്യോധനൻ പിണങ്ങിയാണു് ഹസ്തിനപുരിയിലേക്കു മടങ്ങിയതെന്നു് ചാരവകുപ്പു മേധാവി നകുലൻ പറഞ്ഞറിഞ്ഞപ്പോൾ, ഒരു കൊട്ടു് ഞാൻ ഭീമനും തിരിച്ചു കൊടുത്തു. പിന്നെ അവനെ കിടപ്പറയിൽ ഒരുകൊല്ലത്തോളം കാലുകുത്താൻ അനുവദിച്ചില്ല. എന്നോ ഒരു കല്യാണസൗഗന്ധികം സമ്മാനിച്ചു എന്നതിന്റെ പേരിൽ കൊള്ളരുതാത്തവനെ എത്ര നാൾ ചുമന്നു നടക്കണം!” ഉണക്കപ്പൂക്കൾ പ്രതീകാൽമകമായി ചുരുട്ടിക്കൂട്ടി മാലിന്യപ്പെട്ടിയിലേക്കെറിഞ്ഞു പാഞ്ചാലി കൈകഴുകുമ്പോൾ ആയിരുന്നു, ഇരു കൈനിറയെ പുതുസൗഗന്ധിക പൂക്കളുമായി ആ നിത്യകാമുകൻ അവളുടെ ‘നിശാനികുഞ്ജ’ത്തിലേക്കു വലതുകാൽവച്ചു പ്രവേശിച്ചതു്!
“ഇവരൊക്കെ ആരാ?”, വിരാടയിലെ പാണ്ഡവ പാളയത്തിൽ വിരുന്നിനു വന്ന അഞ്ചു കൗമാരപ്രായക്കാരെ വിരൽചൂണ്ടി, യുധിഷ്ഠിരൻ പാഞ്ചാലിക്കു് നേരെ നോട്ടമെറിഞ്ഞു.
“എന്റെ മക്കൾ. അല്ലാതാരാ. പാഞ്ചാലയിലാണു് അവർ ഇക്കാലവും വളർന്നതു്.”
“അതല്ല, ഓരോരുത്തരുടെ പിതൃത്വം ആർക്കെന്നാണു് ചോദിച്ചതു്”, അനിഷ്ടം കാണിച്ചു യുധിഷ്ഠിരന്റെ ഒച്ച കനത്തു.
“അഞ്ചു് പുരുഷന്മാർ എന്നോടൊപ്പം മത്സരിച്ചുശയിക്കുമ്പോൾ ഞാൻ അവർ ഒരുത്തരുടേയും നാളും പിതൃത്വവും അന്വേഷിക്കാറുണ്ടോ. അതുപോലെ ഈ കുട്ടികൾ ഓരോരുത്തരെയും പ്രസവിച്ചു വളർത്താൻ പാഞ്ചാലയിൽ ഞാൻ എത്തിക്കുമ്പോൾ അവരും ചോദിച്ചില്ല ഇവരെല്ലാം ആരുടെ മക്കൾ”, പാഞ്ചാലി മക്കളെ വാത്സല്യത്തോടെ ഊട്ടുപുരയിലേക്കു നയിച്ചു.
“മത്സരാർത്ഥികളെ കൺമുമ്പിൽ തോൽപ്പിച്ച നിങ്ങളെ സ്വയംവരം ചെയ്ത ദ്രൗപദി, ഹൃദയംഗമമായി തുടർന്നും ജീവിതകാലം പെരുമാറിയ ഓർമ്മയുണ്ടോ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. മഹാപ്രസ്ഥാനയാത്രക്കിടയിൽ കുഴഞ്ഞുവീണു പാഞ്ചാലി മരിച്ച സന്ധ്യ.
“ഹൃദയജാലകം എനിക്കായി മാത്രം പ്രണയപൂർവ്വം പാഞ്ചാലി തുറന്നിടാറുണ്ടോ എന്നാണോ ചോദിക്കുന്നതു്? വിധിവിളയാട്ടത്തിൽ ഞാൻ ആകുലപ്പെടുമ്പോൾ സാന്ത്വനിപ്പിച്ചവൾ ചേർത്തു നിർത്തുമോ എന്നാണോ? വിരഹത്തിൻ ഓർത്തു നൊമ്പരപ്പെടാൻമാത്രം ഈ അനുസ്മരണത്തിലും ഒന്നുമില്ല!”
“ഏഴുസുന്ദരരാത്രികൾ കഴിയും മുമ്പു് തന്നെ ദ്രൗപദി അർജ്ജുനനോടു് ധാർഷ്ട്യം കാണിച്ചുതുടങ്ങി എന്നാണോ പറഞ്ഞുവന്നതു്! സുന്ദരിയും സുന്ദരനും തമ്മിലുണർന്ന ഐതിഹാസിക പ്രണയം ഉടഞ്ഞുപോവാൻ യാഥാസ്ഥിതിക ഹസ്തിനപുരിയിൽ എന്തുണ്ടായി പ്രകോപനം?”, കൊട്ടാരം ലേഖിക ചോദിച്ചു. ദേശീയശ്രദ്ധ യാകർഷിച്ച പാഞ്ചാലീ സ്വയംവരത്തിനുശേഷം, പാണ്ഡവർ ഹസ്തിനപുരി അതിഥി മന്ദിരത്തിൽ, വരാനിരിക്കുന്ന ഖാണ്ഡവ പ്രസ്ഥത്തിനു മുമ്പു, അന്തിയുറങ്ങുന്ന ഇടവേള.
“ഒന്നൊന്നായി എണ്ണിനോക്കിയാൽ നൂറോളം കൗരവരാജവധുക്കളിൽ ആരുടെയെങ്കിലുമൊക്കെ ജന്മദിനമുണ്ടാവും കോട്ടക്കകത്തെ അരമന അങ്കണത്തിൽ, ആഘോഷിക്കാൻ. കൗരവകൂട്ടു കുടുംബനാഥനെന്ന മത്സരക്ഷമത നിലനിർത്താൻ ദുര്യോധനൻ അത്താഴവിരുന്നിനു ഉത്സാഹത്തോടെ വട്ടംകൂട്ടും. അതിഥിമന്ദിരത്തിൽ പോയി ദ്രൗപദിയെയും, കൂട്ടത്തിൽ പാണ്ഡവരെയും, നേരിട്ടു് ക്ഷണിക്കും. ദ്രൗപദിക്കുമാത്രമായി കൊട്ടാരത്തിൽ നിന്നും ദുര്യോധനന്റെ ആഡംബര രഥം വരും. മടങ്ങിയാൽ, അർജ്ജുനൻ വിരുന്നിൽ കൂടെയിരുന്ന കൗരവവധുക്കളുടെ കമനീയരൂപം കേശാദിപാദ വർണ്ണനക്കെടുക്കുന്നതോടെ, പാഞ്ചാലി നിലത്തു ചവിട്ടി അമർഷം പ്രകടിപ്പിക്കാൻ തുടങ്ങും. മറ്റു പാണ്ഡവർ അപകടം മണത്തു മുറിവിട്ടു പോയാലും ആദ്യഭർത്താവെന്ന സവിശേഷ അധികാരമുപയോഗിച്ചു അർജ്ജുനൻ പരസ്ത്രീപുകഴ്ത്തൽ വിസ്തരിക്കും. ഓരോ അത്താഴവിരുന്നിനു ശേഷവും പാഞ്ചാലി, അതിഥിമന്ദിരത്തിൽ ‘ഭദ്രകാളി’യാവുന്നൊരു ഭീതിത രംഗം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞതോടെ, ഇരുവരെയും അവരവരുടെ ദാമ്പത്യവിധിക്കുവിട്ടു ഞാനും പുറത്തിറങ്ങും.”
“കൗന്തേയരും മാദ്രെയരും എന്ന വംശീയ വിവേചനമില്ലാതെ ‘ഈ കൈകളിലൂടെ ഒരുപോലെ വളർന്നവരാണു് അഞ്ചുപേരും’ എന്നുകുന്തി പറയുമ്പോൾ നിങ്ങൾ മുഖം തിരിച്ച ഓർമ്മ! ചോദിക്കട്ടെ, കുന്തി നിങ്ങൾ രണ്ടു മാദ്രെയരെയും വാത്സല്യത്തോടെ പരിപാലിച്ചുവോ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. ധൃതരാഷ്ട്രർ ഗാന്ധാരി വിദുരർ എന്നിവർക്കൊപ്പം കുന്തി അരമനയുടെ പടിയിറങ്ങി കാട്ടിലേക്കു് പോയ ദിനം.
“പാണ്ഡുവിനെ കൈകാര്യം ചെയ്ത വിധത്തിൽ, അമ്മയില്ലാത്ത ഞങ്ങളെയും കുന്തി “പരിപാലിച്ചു!”. കുഞ്ഞുന്നാളിൽ തന്നെ അർജ്ജുനനുമൊപ്പം നായാട്ടിനു വിടും. മൃഗവധത്തിനുവേണ്ട പരുക്കൻ ആയുധങ്ങൾ ഞാൻ ചുമക്കണം, അർജ്ജുനൻ ചോദിക്കുമ്പോൾ കൃത്യമായും അതിവേഗത്തിലും കൊടുത്തില്ലെങ്കിൽ എന്നെ അവമതിച്ചു അർജ്ജുനൻ കുന്തിയോടു് ‘അലസൻ ഉറക്കം തൂങ്ങി’ എന്നൊക്കെ പറയും. അസുഖം വന്നുകിടപ്പിലായ എനിക്കു് കുടിക്കാൻ സഹദേവൻ വെള്ളം കൊണ്ടുവരുന്നതു് ഓർമ്മിക്കുന്നു. അതു് കുന്തി ചോദ്യം ചെയ്തു. എന്നിട്ടു് എന്നെ നിരീക്ഷിച്ചു. ആ പരുഷനോട്ടം എനിക്കു് പരിചയമുണ്ടു്, കിടപ്പുരോഗിയായിരുന്ന ആർക്കുനേരെയും കുന്തിയുടെ പതിവു് നോട്ടമാണതു്. വേട്ട ഇറച്ചിവിഭവങ്ങൾ വിളമ്പുമ്പോൾ അർജ്ജുനനു് കൊടുക്കുന്നതിന്റെ പകുതി ഞങ്ങൾക്കുതരും. ഇനിയും തരൂ എന്നോ മറ്റോ ഞാനും സഹദേവനും പറഞ്ഞാൽ ദിവസങ്ങളോളം അപ്രിയം കാണിക്കും. പാഞ്ചാലിയെ വിവാഹം കഴിച്ചപ്പോൾ കുന്തി പാഞ്ചാലിയെക്കുറിച്ചു ചാരവാർത്ത സംഭരിക്കാൻ എന്നെ ദുരുപയോഗം ചെയ്തു. ഞാൻ ആത്മാർഥമായി ആ വൃത്തികെട്ട ഒളിനോട്ടം നിത്യവും ചെയ്തപ്പോൾ കുന്തിക്കു് മനസ്സിലായി പാഞ്ചാലി അവളെ പുറത്തുനിർത്തും. ഖാണ്ഡവ പ്രസ്ഥത്തിലേക്കു പോവുമ്പോൾ പാഞ്ചാലി പാണ്ഡവരോടു് പറഞ്ഞു “കുന്തി നിങ്ങൾക്കൊപ്പം ഉണ്ടെങ്കിൽ ഞാൻ പാഞ്ചാലയിലേക്കു മടങ്ങിപ്പോകും.” അവർ പെറ്റതള്ളയെ ഗാന്ധാരിയുടെ ദാസിയാക്കി ഹസ്തിനപുരി കൊട്ടാരത്തിൽ അടിമവേല ചെയ്യിച്ചു.” പറഞ്ഞുപറഞ്ഞു നകുലൻ ആലോചനയിലായി. അഭിമുഖം ഒളിഞ്ഞുനോക്കുകയായിരുന്ന പാഞ്ചാലി നകുലന്റെ പ്രതികരണത്തിൽ അനുകൂലമായി ജാലകത്തിന്നപ്പുറത്തു നിൽക്കുന്നതു് കൊട്ടാരം ലേഖിക ശ്രദ്ധിച്ചു.
“കൊതിച്ചുസ്വന്തമാക്കിയ അർജ്ജുനൻ നിത്യജീവിത വീട്ടുകാര്യങ്ങളിൽ മറ്റുപാണ്ഡവരേക്കാൾ തുണക്കുമോ?”, കൊട്ടാരം ലേഖിക ചോദിച്ചു. ഖാണ്ഡവപ്രസ്ഥം കാട്ടിലെ സഹനം നിറഞ്ഞ കുടിയേറ്റക്കാലം.
“നിസ്സാര ജോലി എനിക്കു വേണ്ടി ചെയ്താലും ഞാൻ എന്നെന്നേക്കും അവനു കടപ്പെടണം എന്നുവച്ചാൽ? നിന്നു തിരിയാൻ ഇടമില്ലാത്ത ഈ കുടിലിലിന്റെ മേൽക്കൂരയിൽ വീണ മരം നീക്കം ചെയ്യാൻ, ഉറക്കറയിൽ പായക്കരിക ചുരുണ്ടു് കിടക്കുന്ന വട്ടക്കൂറയെ പിടികൂടി തോടു് കടത്തി വിടാൻ, ആറുപേർ ഭക്ഷണം കഴിച്ച പാത്രങ്ങൾ തേച്ചുവെളുപ്പിക്കാൻ, ജൈവമാലിന്യ നീക്കത്തിൽ മുൻകൈഎടുക്കാൻ, വിയർപ്പും മണ്ണും കലർന്ന ഉടുതുണികൾ കഴുകിയുണക്കി വേർതിരിച്ചു ആറായി മടക്കി വക്കാൻ, ശിരസ്സിനുപിന്നിൽ ഇരുകൈകളും ചേർത്തുവച്ചു പായിൽ മലർന്നുകിടക്കുന്ന നിഷ്ക്രിയ രീതിവിട്ടു് ആസ്വാദന രതിയിൽ പാരസ്പര്യപങ്കാളിയാവാൻ, ഓരോന്നിലും ആനുപാതികമായല്ലാത്ത രീതിയിൽ നന്ദിയും വിധേയത്വവും വേണമെന്നവൻ നിർല്ലജ്ജം ആവശ്യപ്പെടുമ്പോൾ, എന്തുചെയ്യാം! ഞാൻ നിർബന്ധിതയാവും!”
“മുലയൂട്ടിയാൽ പെറ്റ തള്ളയുടെ ഉടലഴകിടിയുമോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വിരാടയിലെ താൽക്കാലിക പാളയം. ആസന്നമായ യുദ്ധത്തിനു് സഖ്യകഷികളെ സംഭരിക്കുന്ന തിരക്കിലായിരുന്നു പാണ്ഡവർ. ഖാണ്ഡവ ദഹനത്തിനും വസ്ത്രാക്ഷേപത്തിനും ഇടയിലൊരു ദശാബ്ദക്കാലത്തു പാഞ്ചാലി അഞ്ചുകുട്ടികളുടെ അമ്മയായി എന്നു് കേട്ടറിവുണ്ടെങ്കിലും, അവൾ മുലയൂട്ടുന്ന രംഗം, അഭിമുഖത്തിനു് പല കുറി ഇന്ദ്രപ്രസ്ഥത്തിൽ വന്ന ‘ഹസ്തിനപുരി പത്രിക’ പ്രതിനിധിക്കു് ഓർമ്മിക്കാനായില്ല.
“പൊതുഭാര്യയെന്നു സ്വാർത്ഥതയോടെ മുദ്രകുത്തി, എന്നെ മാറി മാറി പരസ്പരം കാഴ്ച വച്ചു് പാണ്ഡവർ പീഡിപ്പിച്ചതിൽ പിറന്ന ‘ഉപോൽപ്പന്ന’ങ്ങളെ പരസ്യമായി ഞാൻ പരിലാളിക്കുന്നതു കുട്ടികളുടെ പാണ്ഡവത്വം അനർഹമായി മഹത്വപ്പെടുത്തുന്നതിനു തുല്യമല്ലേ എന്നന്തഃരംഗം മന്ത്രിച്ചപ്പോൾ, കുഞ്ഞുങ്ങൾ സുരക്ഷിതമായി വളരാൻ, പാഞ്ചാലയിൽ ഞാൻ എത്തിച്ചു! അഭിമന്യുവിന്റെ വിവാഹത്തിനു് അവർ ഇവിടെ രണ്ടുദിവസത്തിനകം വരുമ്പോൾ എന്നെ തിരിച്ചറിയുമെന്നാണു് പ്രതീക്ഷ!”
“ഭീമൻ പ്രാതലിനു വരുമ്പോൾ, വിളമ്പുന്നതു് ധാന്യഭക്ഷണമാണോ? പൊരിച്ചതൊന്നുമില്ലേ?”, അരമന സമുച്ചയത്തിലെ ഊട്ടുപുര പാചകമുഖ്യനോടു് കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി.
“ഞങ്ങളുടെ ഇപ്പോഴത്തെ അന്നദാതാവായ നകുലനു വിളമ്പാൻ രണ്ടുദിവസമായി ഒരു പോത്തിൻതുടപോലും കിട്ടിയിട്ടില്ല, എന്നിട്ടാണോ സൈനികർ ആരും ഇല്ലാത്ത പ്രതിരോധമന്ത്രാലയത്തിനു പ്രത്യേക പരിഗണന? ഉപയോഗരഹിതമായ ഉഴവുമൃഗത്തെ എവിടെനിന്നെങ്കിലും ഉടമസ്ഥനറിയാതെ ഭീമൻ രാത്രി അഴിച്ചു കൊണ്ടുവരട്ടെ. ആരുമറിയാതെ അറക്കലും തൊലിയുരിക്കലും പൊരിച്ചു ചുടുചൂടായി വിളമ്പുന്നതും, ഈ ഊട്ടുപുര ഏറ്റു. വനവാസക്കാലത്തു സന്യസ്തരുടെ തൊഴുത്തിൽ നുഴഞ്ഞുകയറി വളർത്തുമൃഗങ്ങളെ മറ്റു പാണ്ഡവരറിയാതെ ഭീമൻ വെട്ടിത്തിന്നതൊക്കെ ‘ഹസ്തിനപുരി പത്രിക’ അക്കാലത്തു പൊലിപ്പിച്ചെഴുതിയിരുന്നല്ലോ. എവിടെപ്പോയി മോട്ടിച്ചു തിന്നാനുള്ള ഭീമന്റെ അടങ്ങാത്ത മാംസദാഹം?” ഒരിക്കൽ ദുര്യോധനന്റെ പ്രിയപ്പെട്ടവനായിരുന്ന പാചകമുഖ്യൻ ഈറയോടെ തിരിഞ്ഞുനടന്നു.
“കളിച്ചതു യഥാർത്ഥത്തിൽ നിങ്ങളല്ല മാതൃസഹോദരനായ ഗാന്ധാരഭൂപതിയാണെന്നു വെളിപ്പെടുത്തിയതുകൊണ്ടു് മര്യാദകേടിനെ മറച്ചുവെക്കാനാവില്ലല്ലോ. വാക്കിനുവിലയുള്ള കൗരവൻ എന്ന നിങ്ങളുടെ ഖ്യാതി അപ്പോൾ വെറും ഒരു അരമന നിർമ്മിതിയാണോ?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. വസ്ത്രാക്ഷേപപ്പിറ്റേന്നു്.
“വാഗ്ദാനം എന്തുവിലകൊടുത്തും പാലിച്ച സുവർണ്ണ ഭൂതകാലമേ എനിക്കുള്ളൂ. കളിയിലും കാര്യത്തിലും. നിങ്ങൾ വിശ്വസിക്കുന്നവൻ എന്ന നിലയിൽ ഞാൻ തിരിച്ചു ചതിക്കില്ലെന്നതൊരു വിശ്വാസപ്രമാണമാണെനിക്കു്. അസത്യം ഞാൻ പറയില്ലെന്നു് മാത്രമല്ല, എന്നോടു് പറയുന്നവനെ അവമതിക്കാനും എനിക്കൊരു ബലഹീലനതയുണ്ടു്. ധർമ്മപുത്രർ എന്ന പ്രതിച്ഛായ പളുങ്കുപാത്രം പോലെ പൊട്ടിച്ചിതറുന്ന കാഴ്ചയാണു് നിങ്ങൾ ചൂതാട്ടസഭയിൽ ഇന്നലെ കണ്ടതു്. സഭാനടപടികളുടെ പരിപൂർണ്ണ നിയന്ത്രണം ഭീഷ്മർ ആയിരുന്നു. സാക്ഷികളായി ദ്രോണരും കൃപാചാര്യരും. കളിയിൽ തോറ്റതു് പാണ്ഡവർ ആയിരിക്കാം, എന്നാൽ കളിയുടെ ചട്ടം പരിപാലിച്ചതു കൗരവർ ആയിരുന്നില്ല. ഇനി ഞാൻ സ്വകാര്യം വെളിപ്പെടുത്തട്ടെ. കളിയുടെ ചട്ടം നിയന്ത്രിച്ചതു് ഭീഷ്മർക്കു് പകരം ഞാൻ ആയിരുന്നെങ്കിൽ എന്തു് സംഭവിക്കാം? തീർച്ചയായും അടിമപ്പെൺപദവിനേടി പൗരാവകാശങ്ങൾ പിൻവലിക്കപ്പെട്ടിരുന്നെങ്കിലും ദ്രൗപദിയെ വനവാസത്തിൽ അയക്കാതെ ഇന്ദ്രപ്രസ്ഥം ഭരണകൂടത്തിന്റെ സ്വതന്ത്ര ചുമതതലയുള്ള അടിമരാജകുമാരിയാക്കുമായിരുന്നു. പാഞ്ചാലയിലെ സ്വയംവര മത്സരം മുതൽ എനിക്കവൾ പ്രിയപ്പെട്ടവൾ. എന്റെ ഭാര്യയും ഈയിടെ പറഞ്ഞു നിങ്ങളുടെ വിവാഹബാഹ്യപ്രണയം ദ്രൗപദിയെപ്പോലൊരു സുന്ദരിയോടെങ്കിൽ ഞാൻ ഒഴിഞ്ഞുപോവാം എന്നാൽ നിങ്ങളോടുള്ള മതിപ്പു അപ്പോഴും നിലനിൽക്കും. എന്നിട്ടും പാഞ്ചാലി എങ്ങനെ കാട്ടിൽ പോവാൻ നിർബന്ധിതയായി? അതാണു് പറഞ്ഞതു് പ്രത്യക്ഷത്തിൽ കളിച്ചതോ ഒളിവിൽ കളിപ്പിച്ചതോ ഞാനല്ല. അതുകൊണ്ടെന്തുണ്ടായി എന്നോ? ദൂരെ ഖാണ്ഡവ വനം കത്തിച്ചിടത്തു പാണ്ഡവർ നിർമ്മിച്ച രാജധാനിയുടെ പരിപാലനവും എന്റെ ഭരണചുമതലയായി വാക്കിനു വിലയില്ലാത്ത വ്യാജവ്യക്തിത്വത്തിന്റെ ഉടമയും കാലന്റെ മകനുമായ യുധിഷ്ഠിരൻ ഒരാളാണു് പാണ്ഡവ പതനത്തിന്റെ പ്രായോജകർ!”
“നിങ്ങളുടെ അച്ഛൻ അശ്വിനി, ദേവലോകത്തെ ഭിഷഗ്വരന്മാർ ആണെന്നു് കുന്തിപറഞ്ഞു ഞാൻ കേട്ടിട്ടുണ്ടു്. ഈ പന്ത്രണ്ടു വർഷ വനവാസക്കാലത്തെ ദുരിതജീവിതത്തിന്നിടയിൽ ആറംഗ പാണ്ഡവകുടുംബം രോഗപീഡയിലും ഹൃദയവ്യഥയിലും ഞെരുങ്ങുമ്പോൾ, ഒന്നുവിളിച്ചാൽ വരില്ല അശ്വിനിദേവത എങ്കിൽ, അവരിൽ വിശുദ്ധപിതൃത്വം ആരോപിച്ചതു് കൊണ്ടെന്തു നേട്ടം കൊയ്യാനാണു്?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.
“മാദ്രി പറഞ്ഞതാണു് കാതലായ കാര്യം. നിന്റെ അച്ഛൻ പാണ്ഡുവല്ല എന്നതിനൊരു ബദൽപ്രഖ്യാപനമായി മാത്രം അശ്വിനിദേവത എന്ന, ഒറ്റയോ ഇരട്ടയോ എന്നിനിയുംവ്യക്തമാക്കാത്ത അടയാളസംജ്ഞയായി നീയും സഹദേവനും എടുത്താൽമതി. നീ പാണ്ഡുപുത്രൻ ആണെന്നു് നിഷ്കളങ്കമായി പറഞ്ഞാൽ ഹസ്തിനപുരിയിലെ തേരാളികൾ അർഥംവച്ചു പുഞ്ചിരിക്കും, മകനെ, അതുതാങ്ങാനാവില്ല നിനക്കു് എന്നു ആശ്വസിപ്പിച്ചു കൊണ്ടാണു് മാദ്രി (ആ നാമം വാഴ്ത്തപ്പെടട്ടെ എന്നും എന്നെന്നും!) ഈ വ്യാജപിതൃത്വത്തിൽ മനഃപൂർവ്വം കയറിപ്പിടിച്ചതു. മനുഷ്യഭാഷ അറിയാത്ത ദേവലോകത്തെ ഭിഷഗ്വരൻ, ഭാഗ്യം, ഒന്നും അറിഞ്ഞമട്ടില്ല എന്നുപറഞ്ഞ മാദ്രിയെ പിന്നെ ഞാൻ കണ്ടതു് പാണ്ഡുചിതയിൽ എരിയുന്നതാണു്.” സന്യസ്ത ആശ്രമത്തിൽനിന്നും ഭീമൻ മോട്ടിച്ചുകൊണ്ടുവന്ന വളർത്തുമൃഗത്തെ വേട്ടയിറച്ചിയാക്കുന്ന ശ്രമകരമായ വീട്ടുപണിയിയിലായിരുന്നു, അക്ഷയപാത്ര സസ്യാഹാരം മൂന്നുനേരം തിന്നുമടുത്ത കൗന്തേയർ. ഇരട്ടസഹോദരൻ സഹദേവൻ മരംചാരിയിരുന്നു പാഞ്ചാലിയുമൊത്തു പ്രകാശപൂരിതമായൊരു ദാമ്പത്യഭാവി നിരൂപിച്ചു.
“ജനപിന്തുണ നഷ്ടപ്പെണ്ടെങ്കിൽ, ഭാണ്ഡം തോളിലിട്ടു് ഒറ്റയ്ക്കു് പടിയിറങ്ങിയാൽ പോരെ? യുവത്വം നഷ്ടപ്പെടാത്ത മാദ്രേയർക്കൊപ്പം മദിച്ചു ജീവിച്ചു ഉടലാനന്ദങ്ങളുടെ കൊതിതീരാത്ത പാഞ്ചാലിയെയും, സിംഹാസനത്തിനായി ക്ഷമയോടെ ഇക്കാലവും അവസരം പ്രതീക്ഷിച്ച മറ്റനുജന്മാരെയും എന്തിനു സമ്മർദ്ദം ചെലുത്തി കൂടെ കൂട്ടുന്നു?”, കൊട്ടാരം ലേഖിക ‘ധർമ്മപുത്ര’രോടു് ചോദിച്ചു. പാഞ്ചാലിയുടെ രഹസ്യ പ്രോത്സാഹനത്തിൽ, യുധിഷ്ഠിരനെതിരെ കൊട്ടാരവിപ്ലവത്തിനു അങ്കംകുറിച്ച അഭിമന്യുപുത്രൻപരീക്ഷിത്തിനു് ചെങ്കോൽ പെട്ടെന്നൊരുനാൾ നാടകീയമായി കൈമാറി, ‘വടക്കൻ മലകളിൽ ഞങ്ങൾക്കു് ജീവിതാന്ത്യം’ എന്ന മഹാപ്രസ്ഥാനത്തിനായി ആറംഗ പാണ്ഡവസംഘം ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഇരുവശങ്ങളിലും കൈവീശി യാത്രയയക്കാൻ ആരോരുമില്ലാത്ത സന്ധ്യ.
“കുറുനരികൾ എന്നെ നക്കിക്കൊല്ലുമ്പോൾ ഇളമുറ മാദ്രീപുത്രന്മാരുമായി ഇനിയും അവൾക്കൊരു നവയുഗം ആർമാദിക്കണം അല്ലേ!”
“പറഞ്ഞുവരുന്നതു്, ദുരുദ്ദേശ്യമായിരുന്നോ ഖാണ്ഡവ വനം ഇഷ്ടദാനം?”, കൊട്ടാരം ലേഖിക ദ്രൗപദിയോടു് ചോദിച്ചു. അന്തഃപുര പരിപാലനവുമായി പെൺ സഹായികൾ തിരക്കിലായിരുന്ന പ്രഭാതം.
“സദുദ്ദേശ്യം കണ്ടെത്താനൊന്നുമല്ലല്ലോ നിങ്ങൾ ഓടിവന്നതു്. അമ്മദൈവമായി കൗരവർ ഭയഭക്തിയോടെ കാണുന്ന സത്യവതി തീപ്പെട്ടു എന്നറിഞ്ഞപ്പോൾ, ദുര്യോധനൻ കാശിയിൽ പോയ തക്കംനോക്കിയായിരുന്നു ധൃതരാഷ്ട്രർ ഖാണ്ഡവപ്രസ്ഥം, കൂട്ടു കുടുംബസ്വത്തിൽ പാണ്ഡവർക്ക ഓഹരിയായി സമ്മാനിച്ചതു. അന്ധ ധൃതരാഷ്ട്രരുടെ അകക്കണ്ണു് യുധിഷ്ടരന്റെ പുറംകണ്ണിനേക്കാൾ ഉൾക്കാഴ്ചയോടെ കാര്യങ്ങൾ കാണുന്നു എന്ന സംശയമെനിക്കുമുണ്ടായി. മേലനങ്ങാതെ കൗരവഅതിഥികളായി ഗംഗാ യമുനകളിൽ കുളിച്ചുണ്ടു് കഴിയുന്ന പാണ്ഡവരെ അധ്വാനശീലരാക്കാൻ ഘോരവനം തുണച്ചു. ദേവസന്തതികളെന്നു നാഴികക്കു് നാല്പതുവട്ടം മേനി പറഞ്ഞിരുന്നവർ ദേഹാധ്വാനത്തിലൂടെ ഇതു പോലെ കറുത്തു് കരുവാളിച്ചു എല്ലും തോലുമായ കാലം, കളിയിൽ തോറ്റു വനവാസത്തിൽ പോയപ്പോൾപോലും കണ്ട ഓർമ്മയില്ല. വിഷജീവികളും ഹിംസമൃഗങ്ങളും മാത്രമല്ല പാണ്ഡവർക്കെതിരെ ഗൂഡാലോചനയിൽ ഏർപ്പെട്ടതു്, കുട്ടിക്കാലമൊക്കെ പാണ്ഡുവുമൊത്തു കഴിഞ്ഞ കാടു്, ഇതുനോക്കുമ്പോൾ പറുദീസാ എന്നവർ വിഷാദത്തോടെ പറയും. ആത്മനിന്ദ സഹിക്കവയ്യാതായപ്പോൾ അർജ്ജുനൻ കൈ മേലോട്ടുയർത്തി, ‘അശരീരി’ കേട്ട പോലെ പറഞ്ഞു, ആകാശങ്ങളിലെ അത്യുന്നതങ്ങളിൽനിന്നും ഇതാ എനിക്കൊരു രഹസ്യനിർദേശം!, പരിസ്ഥിതിപ്രശ്നം നോക്കാതെ, അതിലോല ആവാസവ്യവസ്ഥയായ ഖാണ്ഡവ വനം വളഞ്ഞു നാം തീയിടുക. സ്ത്രീധനമായി അച്ഛൻ തന്ന സ്വർണ്ണ ഉരുപ്പടി തട്ടിയെടുത്തു കാടുകത്തിക്കാൻ ആളും അർത്ഥവും ഭീമൻ അതിവേഗം സംഭരിച്ചു. ഖാണ്ഡവ വനം ചാരമാക്കി ഇന്ദ്രപ്രസ്ഥം, പാണ്ഡവർ കരാർ വഴി, പണിയുമ്പോൾ, മണ്ണും കട്ടയും ഉൾപ്പെടെ മാലിന്യം അടിച്ചു മാറ്റേണ്ട പണി, ഏതോ ഒരു കൊള്ളരുതാത്ത പാണ്ഡവന്റെ ഗർഭം ചുമക്കുന്ന എനിക്കു ആകാലത്തു കിട്ടി!” അന്തഃപുരത്തിൽ പണിയെടുക്കുന്ന തോഴികളിൽ ഒരാൾ ജാലകത്തിന്നപ്പുറത്തുനിന്നു വിരൽ ആംഗ്യങ്ങളിലൂടെ ദ്രൗപദിയുടെ തലയ്ക്കു സുഖമില്ല എന്ന സന്ദേശം കിട്ടിയപ്പോൾ അഭിമുഖം നിർത്തി യാത്രചോദിക്കാതെ പുറത്തേക്കിറങ്ങി.
“കൗരവഅടിമകൾ എന്നൊരുവശത്തു നിങ്ങൾ പാണ്ഡവരെ പകയോടെ മുദ്രകുത്തുമ്പോൾ, അടിമഅർജ്ജുനൻ അതാ, ദിവ്യായുധമായ ഗാണ്ഡീവം ആരുംകാണേ ചുമലിലിട്ടാണല്ലോ പടിയിറങ്ങിയതു്?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. വനവാസത്തിനു യുധിഷ്ഠിരനും കുടുംബവും പദയാത്ര തുടങ്ങുന്നതു് മട്ടുപ്പാവിൽനിന്നും നിശബ്ദം നിരീക്ഷിക്കുകയായിരുന്നു മുതിർന്ന കൗരവർ.
“രണ്ടുകാര്യങ്ങൾ നിങ്ങൾ അറിയാതെ പോയി. ഖാണ്ഡവപ്രസ്ഥക്കാലത്തു ദേവരൂപികൾ സമ്മാനിച്ചതെന്നൊരു ഐതിഹ്യം പ്രചരിപ്പിച്ചു കൊണ്ടാണർജ്ജുനൻ ഇതക്കാലത്തു രാപ്പകൽ ചുമലിൽ ഇടാൻ തുടങ്ങിയതു്. ദ്രൗപദിയുടെ കിടപ്പറയിലേക്കു് ഊഴമനുസരിച്ചു വിരുന്നിനു പോകുമ്പോഴും ഉണ്ടായിരുന്നല്ലോ, കട്ടിലിനടിയിൽ മറന്നുവക്കാൻ പാകത്തിൽ “ദിവ്യായുധം”! അതിവിടെ ഞങ്ങൾ പിടിച്ചു വച്ചു് അവർ പോയാൽ, മാരകായുധത്തിനു ‘ഇര’യായി മനുഷ്യരെയോ മൃഗങ്ങളെയോ പൂമരങ്ങളെയോ ഞങ്ങൾ വേണ്ടിവരും ഒരുക്കാൻ. അങ്ങനെ ഞങ്ങൾ ചെയ്തില്ലെങ്കിൽ? ആയുധം എന്ന നിലവിട്ടു അതൊരു ‘ഇരുമ്പുമാലിന്യം’ ആയി കാലാന്തരത്തിൽ രൂപം മാറും. പാണ്ഡവരുടെ ചിതലും തുരുമ്പും ഒക്കെ എന്തിനു ഓർമ്മവസ്തുവായി അരമനയിൽ സൂക്ഷിച്ചു വക്കണം. ഇനി നിയമകാര്യമുണ്ടു് പൗരാവകാശമുള്ള സൈനികനുമാത്രമേ ദിവ്യായുധം വഴങ്ങൂ എന്നാണു് കൃപാചാര്യർ പറയുന്നതു്. ഇപ്പോൾ മനസ്സിലായല്ലോ പൗരാവകാശം പിൻവലിക്കപ്പെട്ട സ്ഥിതിക്കു് അടിമഅർജ്ജുനൻ ചുമലിലിട്ടുനടക്കുന്നതു് പ്രവർത്തനക്ഷമായ പഴയ ഗാണ്ഡീവമല്ല വഴിപ്പോക്കരെ പേടിപ്പിക്കാനൊരു ശവ‘ഘോഷയാത്ര’!”
“വീട്ടുജോലിയൊന്നും പാഞ്ചാലിയുമായി പങ്കിടാറില്ലേ?”, പാണ്ഡവരോടു് കൊട്ടാരം ലേഖിക ചോദിച്ചു. വന്മരത്തണലിൽ തോൽവിഭയം ഇല്ലാതെ ചൂതാടി, നേരംപോക്കുന്ന പ്രഭാതം, വനവാസക്കാലം.
“നവവധുവായി ഞങ്ങൾക്കൊപ്പം ഹസ്തിനപുരിയിൽ കഴിഞ്ഞ ഇടവേളയിൽ, ആരാധകരുടെ ആതിഥ്യം സ്വീകരിക്കാനും, സംഗീതം ചിത്രമെഴുത്തു നൃത്തം തുടങ്ങിയ ‘കാൽപ്പനിക’ കാര്യങ്ങൾ അവരുമായി സംവദിക്കാനും എടുത്ത അമിതമായ താൽപ്പര്യം കണ്ടപ്പോൾ ഞങ്ങൾക്കു് സംശയം ഉണ്ടായിരുന്നു. ഈ ധനികസ്ത്രീയുടെ ഔദാര്യത്തിൽ വേണോ ഇനി ഞങ്ങൾക്കു് ദാമ്പത്യജീവിതം! കുടിയേറ്റക്കാരായി ഞങ്ങൾ ഖാണ്ഡവപ്രസ്ഥത്തിൽ എത്തിയപ്പോൾ മനസ്സിലായി, എത്രയെളുപ്പം വെട്ടുകത്തിയും അരിവാളുംകൊണ്ടു് സസ്യലോകത്തെ ആക്രമിക്കാൻ പാഞ്ചാലിക്കാവുന്നു. വസ്ത്രാക്ഷേപത്തിനുശേഷം ഇവിടെ വനവാസത്തിനു വന്നപ്പോൾ ഞങ്ങളുടെ ഇച്ഛാശക്തിയെ പരിലാളിച്ചുകൊണ്ടവൾ കുടിൽനിർമ്മിതി മുതൽ വിഴുപ്പു കഴുകൽ വരെ, ചെറുതും വലുതുമായ ഓരോ ഗാർഹികകാര്യത്തിലും, അറിവും അർപ്പണബോധവും ഉള്ള ആദ്യാവസാനക്കാരി! വാസ്തവത്തിൽ ആ ‘ബഹുമുഖ’പ്രതിഭ ഞങ്ങളഞ്ചുപേരെയും പാർശ്വവൽക്കരിച്ചു.” അപകടകരമായ രീതിയിൽ കുടുംബരഹസ്യങ്ങൾ വെളിപ്പെടുത്തുന്ന നകുലനെ മറ്റുനാലുപാണ്ഡവർ തുറിച്ചു നോക്കിയപ്പോൾ കൊട്ടാരം ലേഖിക അടുത്ത ‘ഇര’യെ തേടി കുടിലിനകത്തേക്കു പ്രവേശിച്ചു.
“നിശാനികുഞ്ജത്തിൽ കണ്ടെത്തിയ കീചകജഡം ചിതയിൽ വക്കണമെങ്കിൽ സൈരന്ധ്രി സതിയനുഷ്ഠിക്കണമെന്നവന്റെ ബന്ധുക്കൾ ബഹളം വച്ചപ്പോൾ, ഭീമനും മറ്റുനാലുപേരും എങ്ങനെ നിങ്ങളുടെ ജീവൻ രക്ഷിച്ചു?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വിരാട സൈനികപാളയത്തിൽ ഉത്തര–അഭിമന്യു വിവാഹം ആഘോഷിക്കുന്ന ദിവസം.
“പ്രിയകീചകന്റെ ആത്മാവിനെങ്കിലും എന്നോടൊപ്പം കഴിയാൻ തുണക്കുമെങ്കിൽ ഈ പാഴ് ഉടൽ ചിതത്തീയിലെറിയാൻ ഞാൻ സന്നദ്ധ എന്നറിയിച്ചപ്പോൾ തുടങ്ങി പാണ്ഡവ വിലാപഗീതം. “ഊട്ടുപുരയിൽ ഞാൻ രാപ്പകൽ ജീവിക്കുമ്പോഴും പാഞ്ചാലീ, നീ അരമനയിൽ ‘ചാരിത്ര്യം’ കാത്തുസൂക്ഷിച്ചു എന്ന പകൽക്കിനാവു് നീ തകർത്തല്ലോ. അവനൊരു വിഷയലമ്പടൻ എന്ന ബോധ്യത്തിൽ ഞാനവനെ കബളിപ്പിച്ചു കൊല്ലുമ്പോൾ അറിയില്ല, നീ ആസ്വാദനരതിയിൽ അവന്റെ സേവനദാതാവു്! അവനെ പാടുപെട്ടു് കൊന്നതു് മരണാനന്തരം രണ്ടു ആത്മാവുകൾ തമ്മിൽ സമ്മേളിക്കാനല്ല, എന്നെന്നേക്കുമായി നമുക്കിടയിൽനിന്നും അകറ്റാൻ ആയിരുന്നു” എന്നു് നിലവിളിച്ചുകൊണ്ടവൻ തുടങ്ങിയ വിലാപം യുധിഷ്ഠിരനും ഏറ്റുപിടിച്ചു. ലിംഗമാറ്റം വന്ന അർജ്ജുനൻ കാഴ്ചക്കാരനായി. കീചകൻ ലൈംഗിക പങ്കാളി എന്ന നിലയിൽ യാഥാർഥ്യമാണെന്നും, അവനെ വധിച്ചവനു ഒരു വർഷം എന്റെ കിടപ്പറയിൽ പ്രവേശനം ഇല്ലെന്നും ഞാൻ തുറന്നടിച്ചു. രാത്രി അവർ എന്നിൽ സമ്മർദ്ദം ചെലുത്തി. നിലപാടിൽ അയവില്ലെന്നറിഞ്ഞപ്പോൾ കീചകബന്ധുക്കളെ ഇരുട്ടടിയിൽ നിശ്ശബ്ദരാക്കി എന്നറിഞ്ഞു. കൂടുതലൊന്നും വസ്തുതാപരമായി സംസാരിക്കാൻ ആവാത്തവിധം ദുഃഖം എന്നെ മൂടുന്നു. കടന്നുപോ വൃത്തികെട്ടവളേ, നീ മനുഷ്യസ്ത്രീയല്ല നീ യക്ഷി!” പാഞ്ചാലിയുടെ അനിയന്ത്രിത ബോധധാര കേട്ടു് നടുക്കമൊന്നും കാണിക്കാതെ, തൊഴിൽമികവിൽ രണ്ടു ആരോഗ്യപ്രവർത്തകരെപോലെ നകുലനും സഹദേവനും ബലം പ്രയോഗിച്ചു കോരിയെടുത്തു അകത്തേക്കു് പോയി.
“വലതുകൈ പൊക്കി ആ കൊള്ളരുതാത്തവന്റെ ചെകിട്ടത്തു നിങ്ങൾ ഒന്നാഞ്ഞടിച്ചിരുന്നെങ്കിൽ”, കൊട്ടാരം ലേഖിക മഹാറാണി പാഞ്ചാലിയെ, പതിമൂന്നു കൊല്ലം മുമ്പു് ഇതേ രാജസഭയിലെ അമംഗളസന്ധ്യയിലേക്കു കൊണ്ടുപോയതു അങ്ങനെ ആയിരുന്നു. യുദ്ധാനന്തര പാണ്ഡവ ഭരണകൂടം.
“അതു് ‘പീഡക’നായിരുന്നുവോ? അതു് ഈ രാജസഭയായിരുന്നുവോ? അന്തഃപുരത്തിൽ പുതുതലമുറ കൗരവരാജകുമാരികൾക്കു് സൌന്ദര്യപരിപാലനത്തിൽ വ്യക്തിഗതശിക്ഷണം കൊടുക്കയായിരുന്ന എന്നെ, പ്രണയത്താൽ പരവശനായ ഒരു പരിചിതകൌരവൻ ഇടിച്ചു കയറി വാരിപ്പുണർന്നു പുറത്തേക്കു പാഞ്ഞതോർമ്മിക്കുന്നു. വേനൽപുഴുക്കത്തിൽ നനഞ്ഞിരുന്ന എന്റെ മേൽവസ്ത്രങ്ങൾ ഒന്നൊന്നായി അവൻ വേർപെടുത്തിയതു് കൗതുകത്തോടെ ഓർമ്മിക്കുന്നു. എല്ലാം കണ്ടു് പരാജിത പാണ്ഡവർ പരിഭ്രമിച്ചു പതറുന്നതു് ഞാനിപ്പോഴും ഓർമ്മിക്കുന്നു.” പാഞ്ചാലിയുടെ മിഴികൾ പതുക്കെ ഓർമക്കൊപ്പം വിദൂരതയിലേക്കു് നീങ്ങി.
“എന്തായിരുന്നു ഈ കൊട്ടാരവിപ്ലവത്തിനു പ്രചോദനം, അഥവാ പ്രകോപനം? പാമ്പുകളെ പേടിയുള്ള പാവം ഒരു കിരീടാവകാശി എന്ന നിലയിൽ നിങ്ങൾ പേരെടുത്തിരുന്നു എങ്കിലും, പാണ്ഡവർക്കെതിരെ പടപൊരുതി കുരുവംശ ചെങ്കോൽ തട്ടിയെടുക്കാൻ മാത്രമുള്ള കരുത്തുനിങ്ങൾക്കുണ്ടെന്നു ആരും അംഗീകരിച്ചിരുന്നില്ലല്ലോ!”, കൊട്ടാരം ലേഖിക പുതിയ മഹാരാജാവു് പരീക്ഷിത്തിനെ വരിനിന്നു മുട്ടുകുത്തി കൈമുത്തി സ്നേഹാഭിവാദ്യം ചെയ്തു.
“അരമന കുടിയൊഴിഞ്ഞു അഞ്ചു കൗന്തേയരും കാട്ടിലേക്കു് പോയി എന്നതു് ശരിതന്നെ, എന്നാൽ യുധിഷ്ഠിരൻ സ്ഥാനം സ്വയം ഒഴിയുകയിരുന്നു, ഞാൻ പിടിച്ചുമാറ്റിയതല്ല. ദുര്യോധനന്റെ ജന്മവാർഷികം ആഘോഷിക്കണമെന്നു് ഞാൻ ഇത്തവണയും ശഠിച്ചു എന്നാൽ ആശംസാപ്രസംഗം ചെയ്യാൻ വേദിയിൽ കയറിയ യുധിഷ്ഠിരൻ പെട്ടെന്നു് കണ്ണുതിരുമ്പി “ആരാ ഞാൻ? എനിക്കെന്താ കാര്യം? ചോദിച്ചതുകേട്ടില്ലേ?” എന്നു് രണ്ടുപ്രാവശ്യം പാഞ്ചാലിക്കുനേരെ ‘കുരക്കു’ന്നതുകണ്ടപ്പോൾ, അവൾ സ്വന്തം സുരക്ഷാഭടന്മാർക്കു, നേരത്തെ ഉണ്ടായിരുന്ന രഹസ്യ ധാരണ അനുസരിച്ചു, ആംഗ്യം കാട്ടി. അങ്ങനെ സമ്മർദ്ദത്തിൽ അരമനയിൽ എത്തിയ യുധിഷ്ഠിരൻ, ഓർമ്മവന്നപ്പോൾ മുട്ടു കുത്തി പാഞ്ചാലിയോടു് യാചിച്ചു, “നീ കൂടെവരാമെങ്കിൽ വനവാസത്തിനു ഞങ്ങൾ പാണ്ഡവർ തയ്യാർ”. യുധിഷ്ഠിരനെ സ്ഥാനഭ്രഷ്ടനാക്കി എന്റെ രാജപ്രതിനിധിയായി പാഞ്ചാലി രാജ്യം ഭരിക്കുമെന്നായിരുന്നു, ചാരൻനകുലൻ വഴി യുധിഷ്ഠിരൻ അറിഞ്ഞിരുന്നതു്. ‘കൂടെവരാമല്ലോ’ എന്നു് പാഞ്ചാലി കുടിലതയോടെ സമ്മതിച്ചു. മഹാപ്രസ്ഥാനത്തിൽ ആദ്യം യുധിഷ്ഠിരൻ കുഴഞ്ഞു വീഴുമെന്നായിരുന്നു അവളുടെ കണക്കുകൂട്ടൽ. കുഴഞ്ഞുവീഴുന്നില്ലെങ്കിൽ അതിനുള്ള ‘രാസപ്രക്രിയ’ കൈവശമുണ്ടു്. കണക്കുകൂട്ടൽ പാളി. ആദ്യം കുഴഞ്ഞുവീണതു് കൊട്ടാരവിപ്ലവത്തിന്റെ ഉപജ്ഞാതാവായ സാക്ഷാൽ ദ്രൗപദി! അവളുടെ അനാഥജഡം സംസ്കരിക്കാൻ നിങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നു് ‘ഹസ്തിനപുരി പത്രിക’ കൊട്ടാരം ചുവരെഴുത്തുപതിപ്പിൽ വായിച്ചപ്പോൾ വ്യഥയോടെ ഞാൻ ഓർത്തു, വ്യർത്ഥം ഈ മാനവമൂല്യങ്ങൾ!” ഫണം വിടർത്തുന്നൊരു നാഗത്താനെക്കണ്ട പരീക്ഷിത്തു് പെട്ടെന്നു് വാമൂടി സിംഹാസനത്തിൽ ഓരം ചേർന്നിരുന്നു.
“പാഞ്ചാലിയുടെ പ്രകോപന വ്യക്തിത്വം അരോചകമായി പാണ്ഡവർക്കുമൊത്തം അനുഭവപ്പെടുന്നൊരു ദൈനംദിന സന്ദർഭം, അങ്ങനെ ഒന്നുണ്ടെങ്കിൽ, പെട്ടെന്നോർമ്മിക്കാമോ?”, കൊട്ടാരം ലേഖിക ചോദിച്ചു. ദാർശനികൻ എന്ന ആചാരപരമായ പരിചയപ്പെടുത്തൽ അവഹേളനമായി കാണുന്നവൻ ആയിരുന്നു ഇളമുറ മാദ്രീപുത്രൻ.
“ഞാനുൾപ്പെടെ അഞ്ചുപാണ്ഡവരുടെയും മുഖം ഏറിയും കുറഞ്ഞും കറുപ്പിക്കുന്നൊരു കാഴ്ചയുണ്ടു്—ആറുപേരും പരസ്പരം ഉടലാസ്വാദനത്തിൽ മുഴുകാൻ നേരമായല്ലോ എന്നു കരുതുമ്പോൾ കാണാം അവൾ ഒരു താഴികക്കുടം പോലെ ഒഴുകി ദൂരെ പോയി ഒരുകെട്ടു് പനയോലയിൽ മുഖമൊളിപ്പിക്കുന്നതു. അതൊരു ദുസ്വാതന്ത്ര്യ പ്രഖ്യാപനമായി ഞാൻ അപ്പോൾ കാണും, കാരണം ഞങ്ങൾക്കില്ലാത്തതെന്നവൾ മുൻവിധിയോടെ കാണുന്ന സാഹിത്യ സാക്ഷരത അവൾ ഒരലങ്കാരമായി അണിഞ്ഞു പ്രദർശിപ്പിക്കുകയാണു്. മാത്രമല്ല, അവൾ വായനയെ വേൾക്കുകവഴി അഞ്ചുഭർത്താക്കന്മാരെയും കുറേനേരത്തേക്കെങ്കിലും അകറ്റി നിർത്തുന്നതിലും വിജയിച്ചിരിക്കുന്നു. നിങ്ങളെല്ലാം ഒന്നു് ഈ മുറിവിട്ടു് പുറത്തുപോകണം എന്നല്ല അവൾ പ്രഖ്യാപിക്കുന്നതു, ഈ പനയോല ഞാൻ തുറന്നുവായിക്കാൻ തുടങ്ങുമ്പോൾ നിങ്ങൾ അഞ്ചുപേരും എന്റെ സ്വകാര്യതയിൽ കടന്നുകയറ്റക്കാരായി മാറുന്നല്ലോ എന്നവൾ ഓർമ്മിപ്പിക്കുകയാണു്. എങ്ങനെ മറക്കും ഈ നിശബ്ദ അവമതി, മൂപ്പിളമനോക്കാതെ ഞങ്ങൾ മത്സരിച്ചു പ്രണയിക്കുന്നവളിൽനിന്നും!”
“പോരാട്ടം കഴിഞ്ഞു പാളയത്തിൽ തളർന്നുറങ്ങുകയായിരുന്ന അഞ്ചുപുത്രന്മാരെ, ദുര്യോധനപ്രേരിത പാതിരാമിന്നലാക്രമണത്തിൽ കഴുത്തു് ഞെരിച്ചു കൊന്ന ദ്രോണപുത്രൻ അശ്വത്ഥാമാവിനെ പിന്തുടർന്നു് പിടികൂടി ശിരോരത്നം തട്ടിയെടുത്തു, ബ്രാഹ്മണപരിഗണനയിൽ പാണ്ഡവർ കൊല്ലാതെ വിട്ടു എന്നു കേട്ടപ്പോൾ രോഷാകുലരായ ഞങ്ങൾ നിങ്ങൾക്കനുകൂലമായി പക്ഷംപിടിച്ചു. ക്ഷീണിച്ചുറങ്ങുന്ന മക്കളുടെ ജീവനു സുരക്ഷ ഉറപ്പു വരുത്തേണ്ട പാണ്ഡവർ യുദ്ധവിജയത്തിൽ മതിമറന്നു തൊട്ടടുത്ത പാളയത്തിൽ മദ്യപിക്കുകയായിരുന്നു എന്നറിഞ്ഞപ്പോൾ ഞെട്ടി! പെറ്റതള്ള എന്ന നിലയിൽ എന്തു് കൊണ്ടു പാണ്ഡവരെ നിങ്ങൾ കുറ്റവിചാരണ ചെയ്തുകൂടാ?”, മക്കളുടെ ശവദാഹം കഴിഞ്ഞു പാളയത്തിലേക്കു് ഒറ്റയ്ക്കു് മടങ്ങുന്ന പാഞ്ചാലിയെ കൊട്ടാരം ലേഖിക നേരിട്ടു.
“മക്കളെ രക്ഷിക്കാത്ത പാണ്ഡവരെ വിചാരണ ചെയ്താൽ തെറിക്കുക ശിരോരത്നമാവില്ല, ലഹരിവിട്ടുപോവാത്ത തലയാവും!”
“ലിംഗസമത്വ പരിഗണനയില്ലാതെ, ഔദ്യോഗികരേഖകളിലും പ്രഭാഷണങ്ങളിലും ‘പാണ്ഡവർ’ എന്നു് അടച്ചു പരാമർശിക്കുന്ന തിൽ പ്രതിഷേധമുണ്ടെന്ന നിങ്ങളുടെ പ്രസ്താവന, സ്വയം അടിമയായ നിങ്ങളുടെ ഭാഗത്തു വന്ന ഗുരുതര അച്ചടക്കലംഘനമായി ദുര്യോധന കാര്യാലയം നേരിടുമെന്നു കേട്ടല്ലോ. ഒറ്റവാക്യത്തിൽ ഒരുദ്ധരണി തരാമോ?”, കൊട്ടാരം ലേഖിക ചോദിച്ചു. ജലാശയത്തിൽ അവർ മാത്രമായിരുന്നു.
“വനവാസത്തിനു പോയ പാണ്ഡവർ എന്ന ഔദ്യോഗിക പ്രസ്താവനയിലെ ലിംഗനീതിനിഷേധം ചൂണ്ടിക്കാണിച്ച ഞാൻ, ഇനി എല്ലാ അറിയിപ്പുകളിലും രേഖകളിലും, “വനവാസത്തിനുപോയ പാഞ്ചാലിയും പാണ്ഡവരും” എന്നു് വേണം കൃത്യമായി അടയാളപ്പെടുത്താൻ എന്ന പെണ്ണവകാശം സാന്ദർഭികമായി മുന്നോട്ടുവച്ചാൽ, അതിൽ ‘ഉടയോൻദുര്യോധനൻ’ കാണുന്ന ‘അച്ചടക്ക ലംഘനം’ എന്താണിത്ര ഗുരുതരമാവാൻ?”, ദുര്യോധനൻ രഹസ്യമായി കൊടുത്തയച്ച സുഗന്ധതൈലം, കുളിച്ചുനിവർന്ന സ്വശരീരത്തിൽ തേച്ചുപിടിപ്പിച്ചു പാഞ്ചാലി നാടകീയമായി ഹസ്തിനപുരിസാമ്രാജ്യത്തെ വെല്ലുവിളിച്ചു.
“എന്തുതരം ദുർമരണമാണു് കാത്തിരിക്കുന്നതെന്ന ഭയമാണോ? രാജമാതാ സത്യവതിയും പുത്രവിധവകളും കുറുനരികൾക്കിരയായി എന്നു് കേട്ടിട്ടുണ്ടു്, കുന്തിയും ഗാന്ധാരിയും കാട്ടുതീയിൽ വെന്തുമരിച്ചു എന്നറിഞ്ഞു. ഭാവനയിൽ കാണുന്നുണ്ടോ?”, മഹാപ്രസ്ഥാനം എന്ന അന്ത്യവിധിക്കായി പാണ്ഡവർക്കൊപ്പം കൊട്ടാരത്തിൽ നിന്നു് പടിയിറങ്ങുന്ന പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“ഈ ഉടലെടുക്കാൻ എന്തിനാണു് വന്യപ്രകൃതി? ‘അഞ്ചംഗ’ മരണവ്യാപാരികൾ പോരെ?”
“മരണംവരെ അധികാരത്തിൽ കടിച്ചുതൂങ്ങും എന്നു് ജനം കരുതിയ യുധിഷ്ഠിരൻ പെട്ടെന്നു് സ്ഥാനത്യാഗം പ്രഖ്യാപിക്കാൻ മാത്രം എന്തുണ്ടായി, അരുതാത്തതെന്തോ, കുരുവംശ കുടുംബ രാഷ്ട്രീയത്തിൽ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. കിരീടാവകാശിക്കു തിരുവസ്ത്രം തുന്നാൻ ഓടിനടക്കുകയായിരുന്നു, പട്ടാഭിഷേക ചുമതല വഹിക്കുന്ന മാദ്രീപുത്രൻ.
“പാണ്ഡവർ കുരുക്ഷേത്രയുദ്ധം പോറലേൽക്കാതെ അതിജീവിച്ചതു് ഭാര്യയുടെ ഭാഗ്യം കൊണ്ടായിരിക്കാം, എന്നാൽ പാഞ്ചാലിയുടെ അഞ്ചു മക്കളുടെ ജീവൻ പൊലിഞ്ഞതു പാണ്ഡവരുടെ അശ്രദ്ധ കൊണ്ടും, എന്നു് മഹാഭാരതമെഴുതുന്ന വ്യാസനുമായുള്ള കൂടിക്കാഴ്ചയിൽ പാഞ്ചാലി പറഞ്ഞെന്നറിഞ്ഞപ്പോൾ, സമനിലതെറ്റിയ യുധിഷ്ഠിരൻ ഉടനെ തിരുവസ്ത്രം ഊരി, പേടിക്കാനില്ല സമനില ഇനിയും തെറ്റിയിട്ടില്ലാത്ത പരീക്ഷിത്തിനെ ഞങ്ങൾ കണ്ടെത്തിക്കഴിഞ്ഞു!”
“നീരാടുമ്പോൾ കർണ്ണൻ നിങ്ങളോടെന്താ പരവശനായി പിറുപിറുക്കുന്നതുകണ്ടല്ലോ. പാണ്ഡവനിന്ദ പറഞ്ഞു തീർന്നില്ലേ ഇനിയും അയാൾ?”, യുദ്ധകാര്യലേഖകൻ ഒരു കരിമ്പിൻതണ്ടു കൊട്ടാരം ലേഖികക്കു് നീട്ടി. മിക്കവാറും ആളൊഴിഞ്ഞ പോർക്കളത്തിൽ അവർ ഇരുവരും കാലിൽ ശവം തട്ടാതെ നടന്നുപോവുകയായിരുന്നു.
“അടുത്ത അരനൂറ്റാണ്ടിലൊന്നും ധൃതരാഷ്ട്രവംശജർ അധികാരത്തിലെത്തില്ലെന്ന്കർണ്ണൻ അരമനരഹസ്യം പോലെ സ്തോഭജനകമായി അവകാശപ്പെട്ടു കുമ്പസാരം തുടങ്ങി. കൗരവരെക്കാൾ വിശാലമായ മനസുള്ളതു് യുധിഷ്ഠിരനാണു്. എന്റെ ജൈവ സഹോദരൻ ആയതുകൊണ്ടല്ല, ശത്രുപക്ഷത്തുള്ളവരോടു് പോലും കാണിക്കുന്ന പെരുമാറ്റത്തിലെ പരിഗണന! ദുര്യോധനനോടു് വർഷങ്ങളായുള്ള സമർപ്പിത സേവനത്തിനു് ധൃതരാഷ്ട്രരുടെ രാജസേവകരിൽനിന്നും വേണ്ടത്ര അംഗീകാരം ലഭിച്ചില്ല. ഹസ്തിനപുരി പത്രികയുടെ കൊട്ടാരം ലേഖികയോടു് ഹൃദയം തുറക്കുകയല്ലാതെ രക്ഷയില്ല. ഇന്ദ്രപ്രസ്ഥം ചക്രവർത്തി യുധിഷ്ഠിരന്റെ കൊട്ടാര വിരുന്നുകളിലെല്ലാം, ദുര്യോധനവിശ്വസ്തൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വ്യക്തിഗത ക്ഷണം നിരസിക്കുകയാണു് ഞാൻ ചെയ്തതു്. ഓർത്തുനോക്കുമ്പോൾ, എന്റെ ഭാഗത്തുനിന്നുണ്ടായ അനുചിതമായ പെരുമാറ്റമായിരുന്നു അതു്. വസ്ത്രാക്ഷേപ സമയത്തു പാണ്ഡവർക്കെതിരെയും, സഹോദരപത്നി എന്ന നിലയിൽ ദ്രൗപദിക്കെതിരെയും ഞാൻ മ്ലേച്ചമായി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. എന്നാൽ അതെല്ലാം അവഗണിച്ചു് യുധിഷ്ഠിരൻ വളരെ നല്ല രീതിയിലാണു് എന്നോടു് പെരുമാറിയതു്. ജീവിതത്തിൽ ഒരു രാഷ്ട്രതന്ത്രജ്ഞനെപ്പോലെ രാജാക്കന്മാർ പെരുമാറേണ്ട സന്ദർഭങ്ങളുണ്ടു്, എന്നു് എന്റെ ഗുരു പരശുരാമൻ കൗമാരത്തിൽ പഠിപ്പിച്ചപ്പോൾ അതിന്റെ ഗൗരവം അറിയാൻ യുധിഷ്ഠിരനുമായി ഇടപഴകേണ്ടിവന്നു. കൗരവസൈന്യവ്യൂഹനിർമ്മിതിയിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഞാൻ ശ്രമിച്ചപ്പോൾ ദുശ്ശാസനൻ, ‘പാണ്ഡവദല്ലാൾ’ എന്നു് അവഹേളിച്ചു. ആ ദുഷ്ട മനോനിലയിൽനിന്നും ഉയരാൻ പൊതുവെ കൗരവർക്കാവില്ല. അർജ്ജുനന്റെ ആവനാഴിയിൽ വിഷം പുരട്ടിയ കൂരമ്പും, എന്റെ തേരാളി മദ്രരാജാവിന്റെ ചമ്മട്ടിയിൽ അനിഷ്ടവും നാളെ ഈ സമയത്തുണ്ടെങ്കിൽ ഞാൻ ജഡമായിട്ടുണ്ടാവും—കഴുകനു കണ്ടറിയാനാവട്ടെ നാളത്തെ അത്താഴം എന്റെ ഉടൽ!”
“നാളെ ഈ സമയം കർണ്ണൻ കാലപുരിയിൽ പോയെന്നറിഞ്ഞാൽ ഈ അഭിമുഖം മുഖ്യവാർത്ത, അല്ലെങ്കിൽ ചവറ്റുകൊട്ട!” യുദ്ധകാര്യലേഖകൻ കരിമ്പിൻചണ്ടി വലിച്ചെറിഞ്ഞു, അതുചെന്നുവീണ ശവത്തെനോക്കിയപ്പോൾ, കൊട്ടാരം ലേഖികയുടെ കരൾ നൊന്തു.
“കുരുക്ഷേത്രവിധവകളുടെ പ്രക്ഷോഭം കാണാൻ വന്ന ഞങ്ങൾക്കു് ഇടം തെറ്റിയോ?, യുധിഷ്ഠിരൻ നേതൃത്വം കൊടുക്കുന്ന പാണ്ഡവ ഭരണകൂടത്തെ നിർത്തിപ്പൊരിപ്പിക്കുവാൻ നൂറോളം കൗരവരാജ വിധവകൾ തെരുവിൽ ഇറങ്ങിയ വേനൽക്കാല പ്രഭാതത്തിൽ, എന്തിനാണൊരു ‘നിത്യവിശുദ്ധയുടെ കാൽപ്പനിക’ സാന്നിധ്യം? വഴിവിട്ടരതിയുടെ ഉപാസകരായ സത്യവതിയുടെ കൂട്ടുകുടുംബമല്ലേ, മിക്കവാറും മണ്ണടിഞ്ഞ കുരുവംശം?” കൊട്ടാരം ലേഖിക ചോദിച്ചു. ഹസ്തിനപുരി കോട്ടക്കു് പുറത്തുള്ള നഗരചത്വരം.
“പെറ്റതള്ളഗാന്ധാരിയെക്കാൾ പ്രിയദുര്യോധനനു മമത രാജമാതാ സത്യവതിയോടായിരുന്നു. എന്നുപറഞ്ഞാൽ പിതാവു് ധൃതരാഷ്ട്രരുടെ നീലരക്തബന്ധുവൊന്നുമല്ലെങ്കിലും, മഹാരാജാ ശന്തനുവിന്റെ വിധവ സത്യവതി, പൂർവ്വാശ്രമത്തിൽ മീൻകാരിയായിരുന്നിട്ടും രാജവധുവായി ഹസ്തിനപുരിയിൽ വന്നപ്പോൾ, വൃദ്ധഭർത്താവടക്കം എല്ലാവരെയും വരച്ചവരയിൽ നിർത്തി. സത്യവതിക്കൊരു പ്രതേകതയുണ്ടായിരുന്നു, കൊട്ടാരത്തിൽ വിലപേശലിന്റെ ഒരു കൊച്ചുകാറ്റു വിതച്ചുകൊണ്ടവൾ എക്കാലവും നേട്ടങ്ങളുടെ കൊടുങ്കാറ്റു കൊയ്തു. ‘അവിശുദ്ധ’യെങ്കിലും ഭരണനിപുണയായിരുന്ന സത്യവതി, നിൻ തിരുനാമം ദേശാന്തരങ്ങളിൽ എന്നെന്നും വാഴ്ത്തപ്പെടട്ടെ എന്നു് അന്തഃപുരത്തിൽ, എന്റെമുമ്പിൽ മുട്ടുകുത്തുന്ന നേരത്തു ദുര്യോധനൻ മിതമായി മഹത്വപ്പെടുത്തും. എന്നാൽ ഇപ്പോഴത്തെ റാണി പാഞ്ചാലിയോ? മക്കളഞ്ചുപേരും കൊല്ലപ്പെട്ടു. ഇനി പ്രസവിക്കാനാവാത്ത വിധം, മാതൃത്വമോഹത്തിൽ മൂല്യശോഷണവും സംഭവിച്ചു. എന്നാലൊരു രാജമാതാവിന്റെ തിരുഹൃദയം ഉണ്ടോ? സൂക്ഷിച്ചു നോക്കുക ആ കാണുന്ന യുവകിരീടാവകാശി പരീക്ഷിത്തിനെ! കുരുവംശത്തിനൊരു കാര്യക്ഷമമായ പിന്തുടർച്ചക്കായി വേണമെങ്കിൽ, കായികക്ഷമതയുള്ള കൗരവവിധവകളുമായോ പുതുതലമുറ കൗരവ യുവതികളുമായോ സംയോഗസാധ്യത പരീക്ഷിത്തിനെക്കൊണ്ടു് പരീക്ഷിക്കുന്നതിനുപകരം, പാഞ്ചാലി എല്ലാ കൗരവസ്ത്രീകളെയും പടിക്കുപുറത്താക്കി. ഞങ്ങൾക്കൊരിടയനെ വേണം എന്നു് കൗരവവിധവകൾ ഈ നഗരചത്വരത്തിൽ യാചിക്കുമ്പോൾ അവളാകട്ടെ കുഞ്ഞാടിൻ പറ്റങ്ങളെ ത്തന്നെ ആട്ടിപ്പുറത്താക്കുന്നു. വൃത്തികെട്ട കുടുംബാരാഷ്ട്രീയം കളിക്കുന്ന പാഞ്ചാലിക്കു് എങ്ങനെ രാജമാതാപദവി യോഗ്യത നേടാനാവും!”
“ഗംഗയാറൊഴുകുന്ന ഈ ഹരിതഭൂമിയിൽ കുടിനീർ നിഷേധിക്കപ്പെട്ട കൗരവ വിധവകൾ, ഉള്ളിലിരമ്പുന്ന പ്രതിഷേധം അറിയിക്കാൻ അരമനയിൽ വന്നപ്പോൾ, കൂട്ടത്തിലൊരു കൗരവകുമാരിയുടെ കവിളിൽ ലൈംഗികാതിക്രമമെന്നു തോന്നുംവിധം യുധിഷ്ഠിരൻ തോണ്ടുകയോ തലോടുകയോ ചെയ്തു എന്നാണു കൊട്ടാരം കുന്നായ്മക്കൂട്ടങ്ങളുടെ ആരോപണനിർമ്മിതി. അത്തരം അവിഹിത പെണ്ണുടൽ സ്പർശനത്തിൽ, മേൽനടപടിയെക്കുറിച്ചു പെരുമാറ്റച്ചട്ടമൊന്നുമില്ലേ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“കുടിനീരും ധാന്യവും ആയിരുന്നോ യഥാർത്ഥത്തിൽ അവരുടെ ആവശ്യങ്ങൾ? ‘എന്റെ അച്ഛനു ഒരച്ഛൻ മാത്രമേ ഉള്ളു എന്നാൽ പാണ്ഡവരുടെ വൈവിധ്യപിതൃത്വം കുരുവംശത്തിനു അപമാനം’ എന്നു നാടകീയമായി മന്ത്രിച്ച ശേഷം, ഒച്ചവെച്ചു, “ധാന്യം തരൂ കുരുക്ഷേത്ര വിധവകളുടെ പട്ടിണിയകറ്റൂ”. ആംഗ്യവിക്ഷേപങ്ങളോടെ നിലവിളിച്ചാൽ ‘കുന്നായ്മക്കൂട്ടങ്ങൾ’ ചെവിതരില്ലേ? അവളുടെ ആവിഷ്കാര സാമർഥ്യം കണ്ടനുമോദിച്ചു കവിളിലൊന്നു യുധിഷ്ഠിരൻ തലോടിയതാണോ രതിപരീക്ഷണങ്ങളുടെ കൂത്തരങ്ങായ ഹസ്തിനപുരി കൊട്ടാരത്തിൽ നിന്നുപുറത്തുചാടുന്ന അരമനരഹസ്യം? ആജീവനാന്ത ബ്രഹ്മചാരിയെന്നു നേരം വെളുത്താലുടൻ മേനിപറഞ്ഞിരുന്ന പിതാമഹൻ (അഭിവന്ദ്യ ഭീഷ്മനാമം തങ്ക ലിപിയിൽ കോറിയിടട്ടെ വേദവ്യാസൻ), പുതുതലമുറ കൗരവരാജകുമാരികളെ ഇരുവശത്തും കൈത്താങ്ങായി തെരുവുകളിൽ നടക്കുന്നതു് പത്രപ്രവർത്തകക്കൊന്നും ഇപ്പോൾ ഓർമയില്ല അല്ലേ?”
“ആരുടെ അത്താഴം കൊഴുപ്പിക്കാനാണു് നിങ്ങൾ മാനുകളെ കല്ലെറിഞ്ഞു വീഴ്ത്തുന്നതു് ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. വനവാസക്കാലം.
“ഇറച്ചി ഇടതുകയ്യിലുള്ളതു് ഉച്ചയൂണിനു ഞങ്ങൾ തീക്കൂട്ടി പൊരിച്ചെടുക്കും. ദ്വാരകയിലുള്ള സുഭദ്ര പരിലാളന മിഴിയോടെ എനിക്കു് മാത്രം ഭക്ഷണം വിളമ്പിത്തരുന്നതായി ഞാനപ്പോൾ കിനാവുകാണും. ഇപ്പോൾ കല്ലെറിഞ്ഞു വീഴ്ത്തിയ ഇരയെ ചുമന്നു ക്ഷീണമഭിനയിച്ചു കുടിലിലെത്തി പാഞ്ചാലിയുടെ മുമ്പിൽ നീരസത്തോടെ ഏറിയും.” ഒരു കയ്യിൽ കഴുത്തൊടിഞ്ഞ മാനും മറുകയ്യിൽ കൽച്ചീളുമായി ഇനിയും ഉന്നം നോക്കുകയായിരുന്നു അർജ്ജുനൻ. ഇരക്കുപിന്നിൽ ഓടിത്തളർന്ന പുലിയെ പോലെ അയാൾ കിതക്കുന്നുണ്ടായിരുന്നു.
“മെല്ലെ, മെല്ലെയാണല്ലോ രൗദ്രഭീമൻ ആഹാരം കഴിക്കുന്നതു്! അക്ഷയപാത്രത്തിലെ ഭക്ഷണലഭ്യത കാലികമായി കുറഞ്ഞതാണോ കാര്യം? അതോ, അന്നനാളത്തിൽ അമ്ലംനീറുന്ന ദഹന പ്രശ്നം വല്ലതും?”, കിടപ്പറജാലകത്തിലൂടെ കാണാവുന്ന ഊട്ടുപുരയിൽ, ചമ്രംപടിഞ്ഞിരുന്ന ഭീമനെ നോക്കി കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വനവാസക്കാലം.
“അക്ഷയപാത്രത്തിൽനിന്നും, അശേഷം ദേഹാധ്വാനം ഇല്ലാതെ വാരിക്കിട്ടാവുന്ന സൗജന്യ ധാന്യാഹാരം ആനത്തലയോളം ഉരുട്ടി വായിലിട്ടാൽ, അന്നനാളത്തിലൂടെ അതിറങ്ങും മുമ്പു് രണ്ടാമതൊരു ‘ആനത്തല’ വായിലേക്കെറിയുന്ന പതിവു് നിർത്തണം എന്നു് ഞാൻ ചെറുതായൊന്നു ഊട്ടുപുരയിൽ കയർത്തു. വാരി വലിച്ചകത്താക്കി, ‘അഗ്നിമാന്ദ്യം, ദീപനക്ഷയം’ എന്നു് നകുലനെ, പച്ചിലമരുന്നു് തേടി സന്യസ്ഥാശ്രമങ്ങളിലേക്കു് ഓടിക്കുന്ന പരിഹാസ്യ പരിപാടി അതോടെ നിന്നു! ഇപ്പോൾ, ഊണുകഴിക്കുമ്പോൾ എന്റെ ആഹാരരീതി അനുകരിക്കും, അനുകരണം അഭിനന്ദനത്തിന്റെ സൂചനയാണെന്നപ്പോൾ സഹദേവൻ സൗജന്യമായി അടയാളപ്പെടുത്തും!”
“‘മനുഷ്യക്കുരുതിയുടെ മാമാങ്കം’ എന്നാണല്ലോ കുരുക്ഷേത്രയെക്കുറിച്ചു ചാർവാകൻ പറഞ്ഞുനടക്കുന്നതു. “എങ്ങനെ നേരിടും വിമത നിരീക്ഷണം?” കൊട്ടാരം ലേഖിക ചോദിച്ചു. പത്തൊമ്പതാം ദിവസം അസത്യം വിതച്ചു പത്തുമേനി കൊയ്യുന്ന ചാർവാകനെന്തറിയാം യുദ്ധനിർവ്വഹണസമിതിയുടെ ഉത്തരവാദിത്വം? ഞങ്ങൾ ഒരുക്കിയതു് പോരാട്ടഭൂമിയാണു്. പോരടിക്കുന്നവർ ആരെല്ലാമെന്നു പരിശോധിക്കുന്നില്ല. സന്ധ്യക്കു് പോരാട്ടം നിർത്തുമ്പോൾ പോർക്കളത്തിൽ ഒരറ്റം മുതൽ ഞങ്ങൾ നടന്നുനോക്കും. മുറിവേറ്റവരുടെ അന്ത്യവും മരിച്ചവരുടെ ശവമടക്കും ഞങ്ങൾ ഏറ്റെടുത്തിട്ടില്ല. യുദ്ധവിജയം അവകാശപ്പെടാൻ ജീവനോടെ ഒരാൾ എങ്കിലും ബാക്കി ഉണ്ടെങ്കിൽ, ഒന്നുരണ്ടുദിവസം കഴിഞ്ഞു ചുരുക്കം വാക്കുകളിൽ അഭിനന്ദിക്കും. യുദ്ധലക്ഷ്യം നേടിയോ എന്നതു ഞങ്ങൾക്കൊരു കാര്യമല്ല. കരാർ അനുസരിച്ചു ഞങ്ങളുടെ പ്രതിഫലം യുദ്ധ പ്രായോജകരിൽനിന്നും നേരത്തേ ഈടാക്കും. ആർ യുദ്ധം ജയിച്ചു തോറ്റു എന്ന അറിയിപ്പൊന്നും ഔദ്യോഗികമായി കൊടുക്കില്ല, ഒരു പ്രത്യേക കാര്യപരിപാടി നടത്തിക്കൊടുക്കുന്നു എന്ന പരിമിത നിർവ്വഹണദൗത്യമേ ഞങ്ങൾക്കുള്ളു. കുരുക്ഷേത്ര പ്രവിശ്യ മൊത്തം പോരാട്ടവേദിയൊന്നുമല്ലെന്നു പത്തിരുപതുദിവസം യുദ്ധകാര്യലേഖകനുമൊത്തു കഴിഞ്ഞ നിങ്ങൾക്കറിയാമല്ലോ. തൊട്ടടുത്ത ഗ്രാമങ്ങളിൽനിന്നും പാളയത്തിലെ ഊട്ടുപുരകളിലേക്കു മാംസവിഭവങ്ങളും സസ്യഭക്ഷണവും നിരന്തരം തയ്യാറാക്കി എത്തിക്കുമായിരുന്നു. ആ നിലക്കുനോക്കിയാൽ വിശാല കുരുക്ഷേത്രയുടെ സാമ്പത്തിക മുരടിപ്പുമാറി, കൈവന്ന വികസനകുതിപ്പു് ശ്രദ്ധേയം. കുരുക്ഷേത്രപോലുള്ള മാമാങ്കങ്ങൾ തുടർന്നും വേണം ഈ അവികസിത ഭൂമികയുടെ ഭൗതികനേട്ടങ്ങൾക്കു ആക്കം കൂട്ടാൻ. പല്ലുഞെരിക്കാതെ ധൈര്യമായിരിക്കാൻ പറയൂ ഇടഞ്ഞുനിൽക്കുന്ന ദരിദ്ര യുക്തിവാദിയോടു്. നല്ലൊരു നാളെ ഈ യുദ്ധത്തിൽനിന്നും അയാൾക്കുമുണ്ടാവട്ടെ! ആർക്കറിയാം യുദ്ധജേതാക്കൾ, അങ്ങനെ ഒരു വിഭാഗം ഉണ്ടെന്നു യുധിഷ്ഠിരൻ എന്നൊരാൾ അവകാശവാദം ഉന്നയിച്ചു കണ്ടു.”
“ചെങ്കോൽ ധൃതരാഷ്ട്രർക്കുമുമ്പിൽ കൂസലില്ലാതെ വലിച്ചെറിഞ്ഞു, പരിത്യാഗിയായി കാട്ടിൽ സ്ഥിരതാമസമാക്കിയ പാണ്ഡു എങ്ങനെ കൊലപാതകശ്രമത്തിൽ സന്യസ്തരുടെ പിടിയിലായി?” കൊട്ടാരം ലേഖിക കാര്യദർശിയോടു് ചോദിച്ചു.
“കുന്തി മാദ്രി എന്നീ രണ്ടു യുവഭാര്യമാർക്കു് അന്യപുരുഷന്മാരുമായി അവിഹിതരതി ബന്ധമുണ്ടെന്നു് പ്രതിക്കു് സംശയമുണ്ടായിരുന്നുവത്രേ! ഇതിന്റെ പേരിൽ പതിവായി ഇരുവർക്കുമിടയിൽ വഴക്കുണ്ടാവാറുണ്ടു്. ആ രണ്ടു രാജസ്ത്രീകളെ ദേഹോപദ്രവം ഏൽപ്പിക്കുന്ന സംഭവം ആദ്യമായാണു് ഞങ്ങളുടെ ശ്രദ്ധയിൽപെടുന്നതു്. സ്ത്രീസുരക്ഷക്കുണ്ടാവുന്ന ഭീഷണി എതിർക്കപ്പെടണമല്ലോ. സ്വന്തം ലൈംഗിക ക്ഷമതയെക്കുറിച്ചു ഭാര്യമാർക്കിടയിലുള്ള സംശയം സൃഷ്ടിച്ച പകയാണു് വധശ്രമത്തിലേക്കു് നയിച്ചതെന്നാണു് ഞങ്ങൾക്കുകിട്ടിയ രഹസ്യവിവരം. ഒന്നോർക്ക. ലൗകികകാര്യങ്ങളിൽ വിരക്തി നടിക്കുന്ന ഞങ്ങൾ സന്യസ്തർ. എത്ര നാൾ പാണ്ഡുപരിവാരത്തിലെ പാപക്കറ ദൈവനാമത്തിൽ പൊറുക്കും. ഉടയോൻധൃതരാഷ്ട്രരെ വിവരമറിയിച്ചു. വധശ്രമം കാര്യക്ഷമയില്ലെങ്കിലും ഭീഷണി ലഘൂകരിക്കരുതല്ലോ. അങ്ങനെ ഞങ്ങൾ നാലഞ്ചുപേർ ചേർന്നു് പ്രതിയുടെ ശരീരചലനം പൂർണ്ണ നിയന്ത്രണത്തിലാക്കി. ദാമ്പത്യ ആരാമത്തിൽ പുഴുക്കുത്തുകൾ അസാധാരണമല്ലെന്നും അതു് സന്യസ്തർ ഊതിവീർപ്പിക്കരുതെന്നും ഇളമുറഭാര്യ മാദ്രി ഞങ്ങളെ വന്നുകണ്ടു അറിയിച്ചപ്പോൾ ഞങ്ങൾ ഉടൻ സഹകരിച്ചു. മറ്റെന്തുവഴി, എന്തൊരു തേജസ്സാണു് ആ മുഖത്തു് എത്ര കമനീയം ആ ഉടൽ!”
“നിങ്ങളുടെ ഭർത്താവായിരുന്ന ശന്തനുവിന്റെ അന്ത്യവും അസ്വാഭാവികമായിരുന്നോ?”, കൊട്ടാരം ലേഖിക ചോദിച്ചു. റാണിയായും, രാജമാതാപദവിയിലും ദശാബ്ദങ്ങൾ അരമനയിൽ ജീവിച്ച ശന്തനുവിധവ സത്യവതി, ജീവിതാന്ത്യം ചെലവഴിക്കാൻ കാട്ടിലേക്കു് പോവുന്നു എന്ന ശ്രുതി പരന്ന ദിനം.
“തീവ്രപ്രണയവും ഭീഷ്മപ്രതിജ്ഞയുമൊക്കെ എത്രനാൾ നാം മനുഷ്യർ മേനി പറഞ്ഞു നടക്കും! എന്നിൽ ശന്തനു വിനുണ്ടായ രണ്ടു ആണ്മക്കളും ‘പാഴ് വിത്തുകൾ’ ആയെന്ന വേദനാജനകമായ തിരിച്ചറിവിൽ, “വൃദ്ധശന്തനുവും യുവഭീഷ്മരും വേണ്ടായിരുന്നു, മുക്കുവപെണ്ണായി, യമുനയിൽ വലയെറിഞ്ഞു ജീവിച്ചാൽ മതിയായിരുന്നില്ലേ”, എന്നുതോന്നി! അധികാരത്തിലെത്തുന്നതിനു മുമ്പു്, കിരീടാവകാശി മണ്ണടിഞ്ഞു, രണ്ടാമൻ വിചിത്രവീര്യൻ രാജാവാകുംമുമ്പു് ക്ഷയരോഗബാധിതനായി. എന്നിട്ടും ഭീഷ്മർ ആ ‘ക്ഷയ രോഗി’ക്കായി തട്ടിക്കൊണ്ടുവന്ന കാശിരാജകുമാരികളെ ബലാൽക്കാരം ചെയ്തു ഉടലും മനസ്സും വിചിത്ര വീര്യൻ എന്ന ദുർബലസന്തതി വൃണപ്പെടുത്തി. സമ്പൂർണ്ണബീജ രഹിതനായ ആ ഭോഗവീര്യൻ ചോരതുപ്പി അന്ത്യശ്വാസം വലിച്ചപ്പോൾ, വിധവകളായ അംബികയും അംബാലികയും, അകാല വൈധവ്യം ആർത്തുകൊട്ടിപ്പാടി. ‘ബീജങ്ങൾ പാഴ് വിത്തുകൾ’ എന്ന പെൺപരിഹാസത്തിൽ പരുക്കേറ്റ വൃദ്ധശന്തനു അതോടെ കിടപ്പുരോഗിയായി. പുത്രവിധവകളെ ചോരയും നീരുമുള്ള ആണുങ്ങളുമായി ചേർത്തു കുരുവംശ അവകാശികളെ കണ്ടെത്തുന്ന തിരക്കിൽ ശന്തനുവിനെ വേണ്ടത്ര പരിചരിക്കാനായില്ല. എന്റെ വിവാഹപൂർവബന്ധത്തിലെ രഹസ്യപുത്രനായ വ്യാസൻ കനിഞ്ഞപ്പോൾ, വിധവകളുടെ ഗർഭധാരണം ‘എങ്ങനെയോ അങ്ങനെ’ എന്ന നിലയിൽ സംഭവിച്ചു. ധൃതരാഷ്ട്രരും പാണ്ഡുവും, വകക്കു് കൊള്ളരുതാത്തവരായി. വംശവർദ്ധനവിനു വേണ്ട സവിശേഷപുരുഷബീജത്തിനു പ്രകൃതിദത്തമേന്മയുണ്ടാവണമെന്നും, നിങ്ങൾ തന്നെയാണോ ഇതിഹാസപുരുഷനായ ഭീഷ്മരുടെ യഥാർത്ഥ ബീജദാതാവെന്നും, രോഗക്കിടക്കുമുമ്പിൽ ഞാൻ വാവിട്ടു് നിലവിളിച്ച രാത്രിയിൽ, കാലൻകോഴി പ്രവചനാത്മകമായി കൂവി, അശാന്ത ശന്തനു അവസാനം സ്വർഗ്ഗരാജ്യത്തിലേക്കു യാത്രയായി. തിരിഞ്ഞു നോക്കുമ്പോൾ എന്താണു് കാണുന്നതെന്നോ! വാടകഗർഭങ്ങൾ വഴി നൂറോളം കുട്ടികളുടെ മാതാവായ ഗാന്ധാരിയും, ആകാശചാരികളെ ആനന്ദിപ്പിച്ചു മൂന്നിലധികം ദേവസന്തതികൾക്കു പിതാക്കളെ കണ്ടെത്തിയ കുന്തിയും എത്ര മിടുക്കികൾ!”
“പാണ്ഡവ പാളയത്തിൽ പാഞ്ചാലി വിളിച്ചുകൂട്ടിയ ഉന്നതയോഗത്തിൽ പറഞ്ഞു കേട്ടതു് ശരിയെങ്കിൽ, കൗരവപക്ഷത്തിനു ഈ ആയുധമോഷണം നാണക്കേടാവും. പോർക്കളത്തിൽനിന്നും ഒറ്റയ്ക്കു് മടങ്ങിയ അർജ്ജുനൻ, സന്ധ്യക്കു് നീന്താൻ പുഴയിൽ ഇറങ്ങിയപ്പോൾ അലക്കുകല്ലിൽ ദിവ്യാസ്ത്രം വച്ചിരുന്നു. ആരോ അതു് വെള്ളത്തിൽ എറിഞ്ഞു എന്നുവ്യക്തം. ഒഴുക്കിൽപെട്ടതെന്തും ഉടമസ്ഥാവകാശം ഇല്ലാതെയാവുമെന്ന പൊതുബോധത്തിൽ കർണ്ണൻ അതു് മോഷ്ടിച്ചെടുത്തു സ്വന്തമാക്കി. ഇത്ര അധമനാണോ ആകാശചാരിയുടെ ആരോമലുണ്ണിയെന്നൊക്കെ പറയപ്പെടുന്ന കർണ്ണൻ?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. കുരുക്ഷേത്ര.
“ദൈവകൃപയാൽ ദിവ്യാസ്ത്രം എന്ന ബഹുമതിനേടിയ ഗാണ്ടീവം പുഴക്കരയിൽ അർജ്ജുനൻ മറന്നുവച്ചതു, തിരയിളകിയപ്പോൾ പെട്ടെന്നു് ഒലിച്ചുപോയിരുന്നു. പിന്നാലെ നീന്തി അസ്ത്രം പാടുപെട്ടു് കർണ്ണൻ കരക്കണച്ചു. എന്നെ വിവരമറിയിച്ചു. പാണ്ഡവ പാളയത്തിൽ പരിഭ്രാന്തനായിരുന്ന അർജ്ജുനനെയും ആളെ വിട്ടു് പോർക്കളത്തിലേക്കു വിളിച്ചിറക്കിക്കൊണ്ടുവന്നു ഇരുപക്ഷങ്ങളുടയും സേനാനായകന്മാരുടെ സാന്നിധ്യത്തിൽ കർണ്ണൻ അസ്ത്രം ഉടമക്കുനല്കി. ദാനശീല കർണ്ണനെ സംബന്ധിച്ചിടത്തോളം ഇതൊക്കെ സർവ്വസാധാരണം. എങ്ങനെ പ്രതികരിക്കുന്നു എന്നു് ഞാൻ അവനോടു് ചോദിച്ചപ്പോൾ കർണ്ണൻ എളിമയോടെ പറഞ്ഞു അന്തിമഘട്ടത്തിൽ ഈ അസ്ത്രം വേണം എന്റെ കഴുത്തൊടിക്കാൻ എന്നറിഞ്ഞു തന്നെ ഞാൻ യുദ്ധധാർമ്മികത ആവശ്യപ്പെട്ടപ്പോൾ, ദിവ്യാസ്ത്രം ഉടമക്കു് തിരിച്ചുകൊടുത്തു. അല്ല പത്രപ്രവർത്തക സുഹൃത്തേ, ഇതിലൊക്കെ എന്താണു് വാർത്താ പ്രാധാന്യം? മുഖ്യവാർത്തയായി ഇന്നു് താര ശിരസ്സൊന്നും ഉരുണ്ടില്ലേ?”
“നിങ്ങൾ ഏകാംഗപ്രതിപക്ഷമെന്നതെല്ലാം ശരി, എന്നാൽ പറയാതെ വയ്യ, പാണ്ഡവർ കൗരവരാജ വിധവകളുമായി സന്ധിസംഭാഷണം തുടങ്ങിയാൽ നിങ്ങൾക്കെന്തിനാണു് ചൊറിച്ചിൽ?” കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു. പാണ്ഡവഭരണത്തിൽ പാതിരാകുടിയൊഴിപ്പിക്കലിനു് ഇരകളായി ഒരിടുക്കു തൊഴുത്തിൽ പുനരധിവാസം ചെയ്യപ്പെട്ട കൗരവസ്ത്രീകൾ പാണ്ഡവർക്കെതിരെ ശക്ത പ്രതിപക്ഷമായി മാറാൻ ചാർവാകൻ ആഞ്ഞുശ്രമിക്കുന്ന ദിനങ്ങൾ.
“എങ്ങനെ എന്നെപ്പോലൊരാൾ കൈനീട്ടി സ്വാഗതം ചെയ്യും കപടശാന്തിസന്ദേശം? രൗദ്രഭീമനും ചാരൻനകുലനും ചേർന്നാണു് അനുരഞ്ജനത്തിന്റെ ‘പാത’ വെട്ടുന്നതു് എന്നറിഞ്ഞപ്പോൾ ആശയറ്റിയിരുന്നു. പാണ്ഡവ ലക്ഷ്യം വ്യക്തം സഹനത്തിന്റെ അറ്റം കണ്ട നൂറോളം കൗരവസ്ത്രീകളെയും അവരുടെ പുത്ര വിധവകളെയും പ്രലോഭിപ്പിച്ചും വ്യാജപ്രത്യാശ നൽകിയും, ‘ചാർവാകപ്രേരിത’ എന്ന മുദ്ര ചാർത്തി, പ്രക്ഷോഭങ്ങളിൽ നിന്നും പിന്തിരിയിപ്പിച്ചു, പാണ്ഡവരുടെ ആളൊഴിഞ്ഞ അന്തഃപുരത്തിൽ സേവനദാതാക്കളാക്കുക! ദുരോധനവധം കീചകവധം എന്നിവ അധാർമ്മികമായിരുന്നു എന്ന ബലമായ സംശയത്തിൽ പാഞ്ചാലി പാണ്ഡവരെ കുറച്ചുകാലമായി അന്തഃപുരത്തിൽ കയറ്റാറില്ല. അപ്പോൾ പാണ്ഡവർക്കു് വേണം ഉടലഴകുള്ള കൗരവസ്ത്രീകളുടെ അർപ്പിത സേവനം. ധാന്യവും കുടിനീരും കൊടുത്തു അഭിമാനിസ്ത്രീകളെ ഭീമൻ വലിച്ചുകൂടെക്കൂട്ടുമ്പോൾ ഹൃദയമുള്ളവർ അവർക്കെതിരെ ഹാലിളക്കില്ലേ?”
“ദ്രൗപദിയുടെ വ്യഥ സഹാനുഭൂതിയോടെ അവർ ചോദിച്ചറിയാറില്ലേ? പറഞ്ഞുവന്നാൽ സന്യസ്ത സമൂഹങ്ങളല്ലേ ചുറ്റുമുള്ള അയൽക്കാർ? സ്വത്തും പൗരാവകാശവും നഷ്ടപ്പെട്ടു കാട്ടുകുടിലിൽ കഴിയേണ്ടി വരുന്ന ഇന്ദ്രപ്രസ്ഥം ചക്രവർത്തിയുടെ കുടുംബമല്ലേ നിങ്ങൾ?” വസന്തകാല നിറങ്ങൾ വ്യാപിച്ച കുന്നിൻമുകളിലെ അയൽപക്ക ആശ്രമങ്ങളിലേക്കു് കൊട്ടാരം ലേഖിക വിരൽ ചൂണ്ടി ചോദിച്ചു.
“കള്ളച്ചൂതു് കളിച്ചിട്ടു രാജകീയസൌഭാഗ്യങ്ങൾ നഷ്ടപ്പെടുത്തിയ പാണ്ഡവർ, അല്ലെ? എന്ന ചോദ്യം നിന്ദയോടെ ആയിരുന്നു. ഭക്ഷ്യധാന്യം മരുന്നു് വസ്ത്രങ്ങൾ, ഒക്കെ പതിവായി കൌരവർ ഹസ്തിനപുരിയിൽ നിന്നു് കഴുതപ്പുറത്തു് സന്യസ്തർക്കെത്തിക്കുന്നുണ്ടു്. പകരം കൗരവ ഭാവിസുരക്ഷയെ ബാധിക്കാവുന്ന പാണ്ഡവ രഹസ്യങ്ങൾ കണ്ടതും നിരൂപിച്ചതും താളിയോലയിൽ എഴുതി തിരിച്ചു ദുര്യോധനനും അവർ അയക്കും.” ആശ്രമങ്ങളിലെ ജൈവമാലിന്യം ദൂരെ കൊണ്ടു് പോയി സംസ്കരിച്ചു കുന്നിനു താഴെ ജലാശയത്തിൽ തുണി തിരുമ്മി കുളിച്ചു ഈറൻ മുടിയുമായി പടി കയറി വരുന്ന പാഞ്ചാലിയുടെ നിഴൽ കുടിലിനു മുമ്പിൽ വീണപ്പോൾ, പാണ്ഡവർ മാരകായുധങ്ങൾ മൂർച്ചകൂട്ടുന്ന പതിവു് പ്രഹസനം ആരംഭിച്ചു.
“ഒന്നുകൂടി നോക്കട്ടെ, തക്ഷശില വരെ പഠനവിഷയമായ വിശ്വവിഖ്യാത തള്ളവിരൽ! ‘ഗുരുദക്ഷിണ’യായി, പാവം ഈ വിരൽ ആയിരുന്നില്ലേ പണ്ടു് കുടിലദ്രോണർ മുറിച്ചെടുത്തതു്?”, കൈ നീട്ടിയ യോദ്ധാവിനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“മുറിച്ചു നീക്കിയ കൈവിരലിടം, എന്റെ മുഖത്തേക്കാൾ ജനം, ഗുരുദക്ഷിണയുടെ ജാതികേന്ദ്രിത ചെറുത്തുനിൽപ്പായി പെട്ടെന്നു് തിരിച്ചറിഞ്ഞ കാലമുണ്ടായിരുന്നു. സ്വന്തം അംഗഭംഗം പോലെ വൈകാരികമായി ജനം വിരൽനഷ്ടം അക്കാലത്തു ഏറ്റെടുത്തു. കീഴാള പരിപ്രേക്ഷ്യത്തിലുള്ള പുതുആഖ്യാനരീതി ഉപയോഗിച്ചു് മഹാഭാരതരചനയിൽ പ്രത്യേകപരിഗണന തരാമെന്നു വ്യാസനും ശിഷ്യൻവഴി സമ്മതിച്ചു. വിരൽ ഇല്ലാതെ കാര്യക്ഷമമായി അമ്പെയ്യാനും ഞാൻ സ്വയം പഠിച്ചു. വിരൽനഷ്ടം ഞാൻ മിക്കവാറും മറന്നു. ഒരു നാൾ ഉറക്കമുണർന്നു നോക്കിയപ്പോൾ കണ്ടതെന്തായിരുന്നു? വിദൂര വിദ്യാഭ്യാസത്തിന്റെ പ്രതിഫലമായി ഗുരു നിർദ്ദയം കടിച്ചെടുത്ത തള്ളവിരലുണ്ടു്, കയ്യിൽ തിരിച്ചെത്തിയിരിക്കുന്നു! എന്തോ പരിചയക്കേടു് തോന്നി. അമ്പെയ്യുമ്പോൾ, മറ്റുവിരലുകൾ തിരിച്ചുവന്ന പഴയവിരലിനെ തിരസ്കരിക്കുന്ന പോലെയും! അപ്പോൾ, പഴംതുണിയെടുത്തു് കൈമൂടിക്കെട്ടി, മറ്റുവിരലുകളുടെ സംഘടിത അവഗണനയിൽനിന്നും രക്ഷപ്പെടുത്തി!”
“കുരുക്ഷേത്ര ഇപ്പോഴും ഹസ്തിനപുരി സാമ്രാജ്യത്തിന്റെ അവിഭാജ്യ പ്രവിശ്യയല്ലെ? യുദ്ധച്ചെലവു് കരാറനുസരിച്ചു കൊടുക്കാത്തതിൽ പ്രതിഷേധിച്ചു വിഘടിച്ചുപോയിട്ടൊന്നുമില്ലല്ലോ. ദുര്യോധനൻ നിയമിച്ച ഭരണാധികാരിയെ പാണ്ഡവഭരണകൂടം അംഗീകരിക്കാത്തതിന്റെ പ്രശ്നമാണോ? കുതിരപ്പന്തിയിൽ ചർച്ച പോവുന്നതു് ആ വിധംമാവുമ്പോൾ ചോദ്യം ഇതാണു്, മഹാറാണി പാഞ്ചാലിയുടെ കുരുക്ഷേത്ര സന്ദർശനത്തിൽ, ഔപചാരികമായി സ്വീകരിക്കാൻ ഭരണാധികാരിയെ കാണുന്നില്ല!”, രാജ്ഞിയുടെ വ്യക്തിഗത പ്രതിനിധിയായി സംഘത്തിൽ കൂടെ വന്ന നകുലനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“വിശുദ്ധ ദുര്യോധനന്റെ ഓർമ്മപ്പെരുന്നാൾ ദിവസം, പ്രാർത്ഥനായോഗങ്ങളിൽ പങ്കെടുക്കാൻ പാഞ്ചാലി ഏറ്റെടുത്ത അനൗദ്യോഗിക സന്ദർശനമല്ലേ? ഭരണാധികാരിയുടെ ‘വചനസന്ദേശം’ ഞാൻ പാഞ്ചാലിക്കു് വായിച്ചുകൊടുത്തു. പരേതാത്മാവിന്റെ സ്വർഗാരോഹണത്തിനുവേണ്ടി പ്രാർത്ഥിക്കുന്ന പാഞ്ചാലിക്കു പ്രവിശ്യാഭരണാധികാരിയുടെ സാന്നിധ്യവും അസാന്നിധ്യവും എന്തു് പ്രശ്നം! കഷ്ടം ഇതൊക്കെ ലജ്ജയില്ലാതെ ചോദിക്കുന്ന പത്രപ്രവർത്തകരുടെ ബൗദ്ധിക നിസ്സാരത! പിതൃഭൂമിക്കുവേണ്ടി ജീവൻ ബലിദാനം ചെയ്ത തടാകതീരത്തു പൊന്നും വെള്ളിയും പൂശിയ ദുര്യോധനപ്രതിമകളുമായി മൗനപ്രദക്ഷിണം ചെയ്യാൻ പുതുതലമുറ കൗരവ രാജകുമാരികൾ പാഞ്ചാലിയുടെ കൂടെയുണ്ടു് എന്നതാണു് കാര്യം. സ്നേഹവിരുന്നിൽ നിങ്ങൾ കൂട്ടുകാരനുമൊത്തു പങ്കെടുക്കാം, പാഞ്ചാലിയുടെ സമീപ ഭൂതകാലം കുത്തിക്കുത്തി ഓർമ്മപ്പെരുന്നാൾ മലിനപ്പെടുത്തരുതേ!”
“കെട്ടഴിച്ചിടാതെ മുറിച്ചു ചാർവാകനെ ഏൽപ്പിച്ചിരുന്നെങ്കിൽ, വിഖ്യാതവേദികളിൽ മുടി ഉയർത്തിക്കാട്ടി ആണധികാരപ്രമത്തതക്കുനേരെ സ്ത്രീ പ്രതിരോധത്തിന്റെ പടച്ചട്ട നിർമ്മിക്കുമായിരുന്നല്ലോ? നഷ്ടപ്പെട്ടല്ലോ സുവർണാവസരം!” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വസ്ത്രാക്ഷേപപ്പിറ്റേന്നു് ആറംഗ പാണ്ഡവ സംഘം വനവാസത്തിനായി പടിയിറങ്ങുന്ന നേരം.
“സഹനത്തിന്റെയും പെണ്ണഭിമാനത്തിന്റെയും യുഗാതീതപ്രതീകമായി മുടി പറ്റെ മുറിച്ചുതരാൻ വിശ്വസ്ത നകുലനോടു് ആവശ്യപ്പെട്ടതല്ലേ, എന്തുചെയ്യാം, ആളാകെ വികാരവിവശനായി മുമ്പിൽ മുട്ടു കുത്തി കൈകൂപ്പി, “അരുതേ പ്രിയപ്പെട്ടവളെ!” എന്നവൻ കാൽതൊട്ടു കെഞ്ചി. “നിന്റെ സൗജന്യമധുരമായ ബഹുഭർത്തൃത്വസേവനങ്ങളുടെ അഞ്ചംഗ ഗുണഭോക്താക്കളായ ഞങ്ങൾ ഊഴം കിട്ടി നിന്നോടൊപ്പം കൂടെ കിടക്കുമ്പോൾ, നാണം മറക്കാനും, സാന്ത്വനം തേടാനും, മുഖാവരണമാക്കിയ ഈ മുടി നീ മുറിച്ചുമാറ്റരുതേ. വെല്ലുവിളിപോലെ നീണ്ട കേശഭാരം നീ കൗരവർക്കുനേരെ നിവർത്തിയിടൂ, കുരുവംശ അന്തഃപുരമാകെ അലയടിക്കട്ടെ മുറിവേറ്റ പെണ്ണഭിമാനത്തിന്റെ പോരാട്ടകാഹളം.” കഴിഞ്ഞ പത്തുവർഷമായി എനിക്കു് പായക്കൂട്ടുള്ളവൻ അങ്ങനെ കേണുയാചിച്ചാൽ എങ്ങനെ അരുതെന്നു ഞാൻ പറയും! അഴിച്ചിട്ട മുടി കെട്ടാൻ ചുടുകൗരവചോര തേക്കണം എന്നൊരു നിബന്ധന കൂട്ടിച്ചേർത്തുകൂടെ? എന്ന ഭീമയാചനക്കും ഞാൻ വഴങ്ങി! പ്രതികാര പ്രതിജ്ഞ എടുക്കുന്ന കാര്യത്തിലവൻ പിതാമഹനെ പിന്നിലാക്കും!”
“ലോലലോല! ഈ ലോല വിരലുകൾകൊണ്ടായിരുന്നോ ഞെക്കിഞെക്കിക്കൊല?”, വിരലുകൾ തൊട്ടുതലോടി കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“ഞെക്കുകയായിരുന്നുവോ? അതോ ദുഷ്ടാത്മാവിനെ ഉടലുൺമയിൽനിന്നും വേർപെടുത്തുകയോ? കീചകക്കൊലയാളിയെന്ന കുപ്രസിദ്ധി വേണമെന്നതൊരു ഭീമന്റെ അതിമോഹമായി. അതു് സാധിച്ചു കിട്ടരുതെന്ന ദൃഢവാശി എനിക്കും. ഔദ്യോഗിക മന്ദിരത്തിൽ വിരാടചാര സാന്നിധ്യം മണത്തറിഞ്ഞ സൈന്യാധിപൻ കൂടിയായ കീചകൻ, ഞങ്ങളുടെ ‘നിശാവിനോദ’ങ്ങൾ, ഉത്തരയുടെ നൃത്തമണ്ഡപത്തിനോടു് ചേർന്ന വിശ്രമസങ്കേതത്തിലേക്കു മാറ്റിയതു് വധം എളുപ്പമാക്കി. രതിസേവനദാതാക്കൾക്കു രഹസ്യമായി വന്നുപോവാൻ കുറുക്കുവഴി ഉണ്ടായിരുന്നു. എന്നെ പായക്കൂട്ടിനു ക്ഷണിച്ച നിർണ്ണായക രാത്രി, ലഹരിപാനീയത്തിൽ ഞാൻ മയക്കുമരുന്നു ചേർത്തു. സാഹചര്യങ്ങൾ ഒന്നൊന്നായി തുണച്ചപ്പോൾ തോന്നി, പ്രകൃതിയും കീചകവധത്തെ പ്രോത്സാഹിപ്പിക്കയാണല്ലോ. ലഹരിയിൽ ആടിയാടി എന്നെ ആലിംഗനം ചെയ്യുന്നതും, പ്രാപിക്കുന്നതും, തളർന്നു കിടക്കുന്നതും, ഉറങ്ങിപ്പോവുന്നതും ശ്രദ്ധിച്ച എനിക്കു്, മൂക്കും വായും അടച്ചു ശ്വാസം മുട്ടിക്കാൻ അവന്റെ പട്ടുതലയിണ മരകായുധമായി. ആ യുവ കോമളനെ ദേഹാധ്വാനമില്ലാതെ ശവമാക്കിയ ഞാൻ, മേക്കഴുകി അന്തഃപുരത്തിൽ ചെന്നു് കിടന്നുറങ്ങി. പിറ്റേന്നറിഞ്ഞു, പരിചാരകർ മണ്ഡപത്തിൽ അടിച്ചുവൃത്തിയാക്കാൻ വന്നപ്പോൾ, ഉറക്കത്തിലെന്നപോലൊരത്യുജ്വലകീചകജഡം! ജിജ്ഞാസാഭരിതരായ അരമനദാസികൾ തടിച്ചു കൂടുംമുമ്പു്, ഊട്ടുപുരയിൽ നിന്നും ഭീമൻ പുറത്തുവന്നു പാതിരാ കീചകകൊലയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തു. ‘സൈരന്ധ്രി’യെ മോശവിചാരത്തോടുകൂടി കടന്നുപിടിക്കാൻ ശ്രമിച്ച കുടിലകീചകൻ ഈ പരുക്കൻകൈകളിൽ പിടഞ്ഞു പിടഞ്ഞാണു് ചത്തെന്നവൻ കണ്ണിമപൂട്ടാതെ അവകാശപ്പെട്ടു. ഞാൻ ഒന്നും നിഷേധിച്ചില്ല. കീചകൻ തക്കസമയത്തു കാലം ചെന്നു എന്നതാണു് കാര്യം. ഒളിജീവിതം നയിക്കുന്ന പാണ്ഡവരുടെ വിരാട അരമന സാന്നിധ്യം, ദുര്യോധനനെ അറിയിക്കാൻ കീചകൻ ഏർപ്പാടാക്കുമെന്നറിഞ്ഞ ഞാൻ ചെയ്ത സുരക്ഷാ വധം എവിടെ! പെൺവിഷയത്തിൽ പ്രതികാരമായി ചെയ്തതാണെന്ന ഭീമആഖ്യാനനിർമ്മിതിയിൽ സ്ത്രീവിരുദ്ധ മനോഭാവമുണ്ടെന്നൊക്കെ നാളെ വായനക്കാർ അവനെ സംശയിച്ചാൽ? വിരാടയിലെ പാണ്ഡവസാന്നിധ്യം കീചകദൂതൻ വഴി കൗരവർ അറിഞ്ഞാൽ, ആവർത്തിക്കേണ്ടിവരില്ലേ വ്യാഴവട്ടക്കാല വനവാസമെന്ന ദുരിതപർവ്വം ഞങ്ങൾ വീണ്ടും? ഭീമൻ കൊലക്കുറ്റം ഏറ്റെടുത്തു എന്നതപ്പോൾ ചോദ്യചിഹ്നമേയല്ല, രാത്രി മുഴുവൻ പറഞ്ഞാലും തീരാത്ത എന്റെ പുതിയ ആത്മകഥ “പ്രണയപർവ്വ കീചകൻ” നിങ്ങൾക്കടുത്തുതന്നെ വായിക്കാനാകും, കാത്തിരിക്കൂ.”
“പട്ടാഭിഷേകം കാണാൻ മുൻവരിയിൽ കൗരവരാജവിധവകളെയും പുത്രവിധവകളെയും പുതുതലമുറ കൗമാരങ്ങളെയും അണിഞ്ഞൊരുങ്ങി കാണാമായിരുന്നല്ലോ. അല്ല, ‘അധിനിവേശ’ക്കാരായ പാണ്ഡവർ എങ്ങനെ ഒപ്പിച്ചെടുത്തു ഈ ആൾക്കൂട്ടം?”, യുധിഷ്ഠിര ഭരണകൂടത്തിൽ ചാരവകുപ്പുമേധാവിപദവി പ്രതീക്ഷിക്കുന്ന നകുലനോടു് കൊട്ടാരം ലേഖിക ചോദിച്ചു. കഴിഞ്ഞ മാസം ഇതേദിവസംപോരാട്ട വേദിയുടെ മുന്നൊരുക്കം കാണാൻ യുദ്ധകാര്യലേഖകനുമൊത്തു കുരുക്ഷേത്ര ഔദ്യോഗികമായി സന്ദർശിക്കുകയായിരുന്നു എന്നവൾ ഓർത്തു.
“പെണ്ണുടലിൽ അനുമതിയില്ലാതെ തൊട്ട കൗരവരുടെ കരൾ പറിക്കാൻ മാത്രമല്ല, പെണ്ണുടലിൽ തൊടാതെതന്നെ കൗരവ വിധവകളുടെ ഹൃദയം കീഴടക്കാനും യുധിഷ്ഠിരനേതൃത്വത്തിലുള്ള പാണ്ഡവ ജേതാക്കൾ പൂർണ്ണസജ്ജം എന്നിപ്പോഴെങ്കിലും നിങ്ങൾക്കു് തിരിച്ചറിവുണ്ടായല്ലോ, സ്വസ്തി! വാടകക്കെടുക്കാവുന്ന ആൾക്കൂട്ടത്തെ എങ്ങനെയാണു് ദുര്യോധനൻ നേരത്തോടു നേരം ഹസ്തിനപുരിയിൽ ഒരുക്കിയിരുന്നതു് എന്നു് നിങ്ങളും കണ്ടുപരിചയപ്പെട്ടതല്ലേ!”
“പനയോലയും നാരായവും! ഇപ്പോഴും നിങ്ങൾ സർവ്വസൈന്യാധിപനല്ലേ? നാളത്തെ പോരാട്ടം ആസൂത്രണം ചെയ്യാൻ എവിടെ സഖ്യകക്ഷികളുടെ മേധാവികൾ? അതോ, കുരുക്ഷേത്രയുദ്ധം സ്വതന്ത്രമായി അടയാളപ്പെടുത്താൻ വ്യാസൻ വേണ്ടാ, ഭീഷ്മർ മതി എന്നു് സ്വയം ഉറച്ചുവോ?”, പിതാമഹനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“ചോരയും നീരും കഴുകി പുഴയിൽ നീന്തിക്കുളിച്ചു് ഇവിടെ വന്നു് പഴച്ചാർ ചുണ്ടോടടുപ്പിച്ചില്ല, ഇടിച്ചു കയറി വന്ന ദുര്യോധനൻ ചൂണ്ടുവിരൽ കുത്തി നോട്ടം തറപ്പിച്ചു ചോദിക്കുന്നു എത്ര പാണ്ഡവതല വെട്ടി? ഞാൻ വാതുറന്നില്ല, കയ്യിൽ കയറിപ്പിടിച്ചവൻ കളിയാക്കുന്നു, ഒരു പാണ്ഡവതല ഉരുട്ടാത്ത നിങ്ങൾക്കെങ്ങനെ ഒരു കുടം പഴച്ചാർ മോന്താൻ കഴിയുന്നു? അപ്പോളുറച്ചു, പനയോലയിൽ വരും തലമുറയ്ക്കായി രേഖപ്പെടുത്തട്ടെ, ഓമനിച്ചുവളർത്തിയ പാണ്ഡവക്കുട്ടികളുടെ കഴുത്തുവെട്ടേണ്ട നിയോഗം വാർധക്യത്തിൽ സംയമനത്തോടെ എങ്ങനെ ഞാൻ കൈകാര്യം ചെയ്യുന്നു!”
“പാണ്ഡുവും മാദ്രിയും നിങ്ങളെ വിട്ടുപോയശേഷം അഞ്ചു കുട്ടികളുമായി നിങ്ങൾ കാടിറങ്ങി ഹസ്തിനപുരി കൊട്ടാരവാതിലിൽ തട്ടി അഭയംതേടും വരെ ഏതുമനുഷ്യനാണു് നിങ്ങളെ ഉടനീളം രക്ഷിച്ചതു്?”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു.
“പ്രകൃതി! അതിലും വലിയ ശക്തിയുണ്ടോ? നാം മനുഷ്യർക്കൊക്കെ പരിമിതിയില്ലേ കുഞ്ഞേ. എനിക്കു് കൂട്ടായതു വിശ്വപ്രകൃതി തന്നെ. പാണ്ഡുവുമൊത്തുള്ള ജീവിതം പീഡാനുഭവം എന്നതൊരു വിരസ വസ്തുതയാണെങ്കിലും, ആ സഹനകാലം ജീവിച്ചു തീർത്തു എന്നതാണെന്റെ വ്യക്തിഗത നേട്ടം. കുട്ടികൾ മിക്കവാറും ദേവസന്തതികളായതു സൗകര്യമായി. സാധാരണ മനിതരെ പോലെ അല്ലല്ലോ അവർ. മാദ്രിയെ പാണ്ഡുചിതയിൽ കിടത്താൻ, മാനസികസമ്മർദ്ദവും ബലപ്രയോഗവും വേണ്ടിവന്നു. നിലവിളിയും ആളെക്കൂട്ടലും ഉണ്ടാവാതിരിക്കാൻ കൃത്യസമയത്തു ലഹരി എത്തിച്ച സന്യസ്തൻ ധന്യൻ! രണ്ടുജഡങ്ങളും ചാരമായപ്പോൾ ഒന്നേ എനിക്കു് കരഞ്ഞുകിടക്കാതെ ചെയ്യാൻ ഉണ്ടായുള്ളൂ ഇത്രയും കാലം കഴിച്ചുകൂട്ടിയ കുടിലും ചുട്ടെരിക്കുക അതിനൊക്കെ ഭീമൻ തന്ന പിന്തുണ വലുതു്. അതവനെ പിൽക്കാലത്തു തുണച്ചു—ഖാണ്ഡവ വനം വളഞ്ഞു തീയിടാൻ. അപ്പോളവൻ കുടിയേറ്റക്കാരൻ ആയിരുന്നില്ല. പ്രകൃതിയെ കൂട്ടു പ്രതിയാക്കുന്ന അപൂർവ്വസിദ്ധിയായിരുന്നു!” ധൃതരാഷ്ട്രരും ഗാന്ധാരിയും വിദുരരും കുന്തിയെ കാത്തു ഉദ്യാനത്തിൽ ഇരുന്നു. അവരുടെ മഹാപ്രസ്ഥാനം പൂർണ്ണമാവാൻ കരുത്തുള്ള കുന്തി കൂടെവേണം എന്ന വാശിയിലായിരുന്നു മൂന്നു പേരും.
“നഗ്നപാദരായി തുടങ്ങിയോ നിങ്ങൾ ആറുപേരും സഹനത്തിന്റെ മറ്റൊരു വനവാസം? യുധിഷ്ഠിരന്റേതു ആലോചിച്ചെടുത്ത തീരുമാനം ആയിരുന്നോ, അതോ ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചതോ?”, കൊട്ടാരം ലേഖിക ചോദിച്ചു. വൽക്കലം ധരിച്ച മുൻമഹാറാണി പാഞ്ചാലിയുടെ മുഖം വിവർണ്ണമായിരുന്നു.
“എല്ലാവരുമായി ചർച്ച ചെയ്താൽ ഓരോ തവണയും യോഗം കലങ്ങി മാറ്റിവക്കേണ്ടിവരില്ലേ! മറിച്ചു, ഈ നീണ്ട ആത്മീയ യാത്രയിൽ സ്വാഭാവിക കാരണങ്ങളാൽ വൃദ്ധഭർത്താവു് ഒന്നുരണ്ടുദിവസങ്ങൾക്കുള്ളിൽ കാലം ചെയ്യുമെന്നും, ചെങ്കോൽ മഹാറാണിക്കു് വന്നു ചേരുമെന്നും, പരീക്ഷിത്തു് അധികാരം പങ്കിടുന്നതു് താൽക്കാലിക ക്രമീകരണമെന്നും ഇളമുറനകുലൻ ധൈര്യം തന്നതു് ഞാൻ മറക്കുന്നില്ല. സ്വത്തും പദവിയും വിധവയ്ക്കു് വന്നുചേർന്നാൽ മാത്രമേ അവളുടെ യഥാർത്ഥഭരണവ്യക്തിത്വം പുറംലോകത്തിനു വ്യക്തമാവൂ എന്നറിയാത്ത, സരളഹൃദയനായ യുധിഷ്ഠിരനെ കുറിച്ചു്, മാറിയ ജീവിതാവസ്ഥയിൽ കൂടുതൽ പറയണോ?” ജാലകത്തിന്നപ്പുറത്തു ഇടനാഴിയിൽ, തിരുവസ്ത്രം ധരിച്ചു ചെങ്കോൽ ഒരു കയ്യിൽനിന്നും മറുകൈയ്യിലെക്കെറിഞ്ഞു അലസമായി നടക്കുകയായിരുന്ന പുതുഭരണാധികാരി പരീക്ഷിത്തു്, പാഞ്ചാലിയുടെ പ്രതികരണത്തിന്നായി ചെവി കൂർപ്പിച്ചു.
“ദുര്യോധനവധം കണ്ട ആളല്ലേ? നാടുവിട്ടു് പോവുംമുമ്പു് ആ ദുരനുഭവം ചരിത്രത്തിനായി ഒന്നോർത്തെടുക്കാമോ?”, കൊട്ടാരം ലേഖിക മുൻയുദ്ധകാര്യ ലേഖകനോടു് ചോദിച്ചു.
“കൊലവിളിച്ചുവരുന്ന ഭീമനെ, മുഖം ഉയർത്തി അവൻ നേരിട്ടു. വസ്ത്രാക്ഷേപത്തിൽ നിനക്കിപ്പോൾ പശ്ചാതാപമുണ്ടോ എന്നു് യുധിഷ്ഠിരൻ ചോദിച്ചപ്പോൾ, നിഷേധാർത്ഥത്തിൽ തലയാട്ടി. പാണ്ഡവർ വാളോങ്ങിവളഞ്ഞിട്ടും ഭയകണിക ദുര്യോധനമുഖത്തു കാണാനായില്ല. അലസജീവിയായ അർദ്ധസഹോദരാ, നിന്റെ കയ്യിൽ എങ്ങനെ ഈ ആയുധമെത്തി? ആണുങ്ങൾക്കുള്ളതല്ലേ ചതി? എന്നവൻ ഭീമഗദ ചൂണ്ടി ചോദിച്ചു. ആജീവനാന്തശത്രുവിനെ തുടയിലടിച്ചു ചളിയിൽ വീഴ്ത്തുമ്പോൾ, കൈകൾ മേലോട്ടുയർത്തി ദുര്യോധനൻ താക്കീതിന്റെ സ്വരത്തിൽ എല്ലാവരെയും ഓർമ്മിപ്പിച്ചു: ‘പാണ്ഡവർ വംശീയമായി വിഘടിക്കും, മാദ്രേയരും കൗന്തേയരുമായി അധികാരമോഹത്തോടെ കലഹിക്കും. കുരുവംശ കിരീടം യുധിഷ്ഠിരനു് മുൾക്കിരീടമാവും. വസ്ത്രാക്ഷേപം എന്ന ഭീമാരോപണത്തിൽ നീ, പാഞ്ചാലി, വീണുപോകരുതേ, ആൺപെൺ പെരുമാറ്റശീലുകളുടെ പരുക്കൻപാണ്ഡവരീതികൾ ഇതിനകം നീ നന്നേ പരിചയപ്പെട്ടിട്ടുണ്ടാവും, ചൂതാട്ടസഭയിലെ ദ്രൗപദീ വസ്ത്രാക്ഷേപം ലൈംഗികാതിക്രമം ആയിരുന്നില്ല അതൊരമിതപ്രണയാവിഷ്കാരം!’ ഭീമഗദക്കു പ്രഹരിക്കാൻ പാകത്തിൽ ദുര്യോധനൻ സ്വയം അരക്കെട്ടു വിവസ്ത്രമാക്കുമ്പോൾ, അരികെവന്നു പാഞ്ചാലി ഏങ്ങലടിച്ചു “പ്രിയപ്പെട്ടവനേ, ഞാൻ, ഞാൻ മാത്രം അനുഭവിക്കട്ടെ ഈ പീഡാനുഭവം! കൊതിച്ച പെണ്ണിനെ പ്രലോഭിപ്പിക്കുവാനെന്നപോലെ, അവളുടെ ഉടൽപരിപാലിക്കുവാനും, ചിലപ്പോൾ പരിലാളിക്കുവാനും സാധിച്ച നീയല്ലാതൊരു മാതൃകാപുരുഷ ഭാവന എനിക്കില്ല”. “ചിത്തഭ്രമം ചിത്തഭ്രമം” എന്നുറക്കെ ഇടപെട്ടു യുധിഷ്ഠിരനും നകുലനും പാഞ്ചാലിയെ ബന്ധനസ്ഥയാക്കി. യുദ്ധം പരിസമാപ്തിയിലെത്തിയതായി വെളിപാടുണ്ടായി. എന്നാൽ, വരാനിരിക്കുന്ന രാത്രി, പാണ്ഡവപാളയത്തിലെ മിന്നലാക്രമണത്തിൽ പ്രകൃതിദേവത പാണ്ഡവർക്കു് കടുത്ത ശിക്ഷ ഒരുക്കിവച്ചിരുന്നു. ഹസ്തിനപുരിയിലേക്കു പാഞ്ഞ ഞാൻ ആ നിർണ്ണായക വിവരമറിയാൻ അൽപ്പം വൈകിയോ!” കുരുക്ഷേത്രക്കുശേഷം ഹസ്തിനപുരിയിൽ സൈനിക മന്ത്രാലയം യുധിഷ്ഠിരൻ പിരിച്ചുവിട്ടപ്പോൾ തൊഴിൽരഹിതനായ യുദ്ധകാര്യലേഖകൻ നാടുവിടാൻ ഒരുങ്ങുന്ന നേരം.
“പതിനെട്ടുനാൾ പാണ്ഡവർക്കെതിരെ കൗരവപക്ഷത്തു പോരടിച്ചിട്ടും, പോറലേൽക്കാതെ രക്ഷപ്പെട്ട നിങ്ങൾ, കുരുക്ഷേത്രയുദ്ധ ചരിത്രത്തിൽ ഇടം പിടിക്കുമോ! അറിഞ്ഞുകൂടാ, പക്ഷേ, ഇടക്കൊന്നു തിരിഞ്ഞു നോക്കുമ്പോൾ, ‘ആ മായക്കാഴ്ച’ ഫലപ്രദമായി വിലയിരുത്താൻ നിങ്ങൾക്കു് കഴിയുന്നുണ്ടോ?”, പുതിയ കിരീടാവകാശി പരീക്ഷിത്തിന്റെ ഏകാധ്യാപകനായി കൊട്ടാരത്തിൽ അല്ലലില്ലാതെ കഴിഞ്ഞുകൂടുന്ന കൃപാചാര്യനോടു് കൊട്ടാരം ലേഖിക ചോദിച്ചു. ഇടിവെട്ടിപ്പെയ്ത വേനൽ മഴയിൽ പൊടിയടങ്ങി അന്തരീക്ഷം തെളിഞ്ഞ പ്രഭാതം.
“ഇടയ്ക്കിടെ പോർമുഖത്തെ ‘വിശേഷപ്പെട്ട ദുർമ്മരണ’ങ്ങൾ ഒന്നൊന്നായി ഞാൻ ഓർമ്മയിൽ വിസ്തരിച്ചു കാണും. ഒരിക്കൽ കൂടി മഹാഭാരതയുദ്ധം ആവർത്തിച്ചിരുന്നെങ്കിൽ മരിച്ചവർക്കൊരുപക്ഷേ, തിരിച്ചുവരാം എന്നു് ഗൃഹാതുരതയോടെ മോഹിക്കും. സ്വത്തിനും അധികാരത്തിനും മനുഷ്യമനസ്സിന്റെ സ്വാർത്ഥ ചാഞ്ചാട്ടങ്ങൾ മാറിനിന്നു നോക്കുമ്പോൾ, ഇനിയുമൊരു യുദ്ധ സാദ്ധ്യതയോർത്തു ഈ വൃദ്ധഹൃദയം ശാന്തമാകും.”
“യുധിഷ്ഠിരന്റെ ‘സ്വർഗാരോഹണ’ത്തെക്കുറിച്ചു സത്യസാക്ഷിയെന്ന നിലയിൽ വാർത്ത പ്രസിദ്ധീകരിച്ചതു് നിങ്ങളും കേട്ടിരിക്കുമല്ലോ. കൊട്ടാരം ലേഖിക വരിനിന്നു പുതിയ മഹാരാജാവു് പരീക്ഷിത്തിന്റെ മുമ്പിൽ മുട്ടുകുത്തി കൈമുത്തി. മറ്റുനാലു പാണ്ഡവരുടെയും ദ്രൗപദിയുടെയും ശവസംസ്കാരം മലയടിവാരത്തിൽ ആചാരപൂർവ്വം നിർവ്വഹിച്ചശേഷമാണു യുധിഷ്ഠിരനു് സ്വർഗ്ഗവാതിൽ തുറന്നുകിട്ടിയതു എന്നൊരു കുഴപ്പം പിടിച്ച ചോദ്യത്തിനു ഉത്തരം ഇപ്പോഴും കിട്ടാതെ നിങ്ങൾ കാണുന്നുണ്ടോ?”
“മുപ്പത്തിയാറു വർഷം വിമതനീക്കമില്ലാതെ ഭരിക്കാൻ യുധിഷ്ഠിരനു് എങ്ങനെ സാധിച്ചു എന്നതാണു് എന്നെ വിസ്മയിപ്പിക്കുന്നതു. ദ്വാരകവാസിയായിരുന്ന അഭിമന്യുവിന്റെ മകൻ എന്ന നിലക്കു് ഞാൻ തുറന്നുപറയട്ടെ, പാണ്ഡവർ എന്നോ പടിയിറങ്ങേണ്ടതായിരുന്നു. കാലപ്രവാഹത്തെക്കുറിച്ചു കാലികമായ പരികല്പന ഇല്ലാതെ അവർ എന്നെ ഒരു അസ്വീകാര്യനായ കിരീടാവകാശിയായും, ബുദ്ധിവികാസമില്ലാത്ത മന്ദനായും രാഷ്ട്രവ്യവഹാരത്തിൽ അജ്ഞനായും അധികാരമോഹിയായ ദ്രൗപദിയുടെ അവിശുദ്ധകൂട്ടുകാരനായും ഒക്കെ ഇകഴ്ത്തുമ്പോൾ, ചുരുങ്ങിയ പക്ഷം അഭിമന്യുവിന്റെ പിതാവായ അർജ്ജുനൻ എങ്കിലും, എന്നെ പിന്തുണക്കാമായിരുന്നു. കുന്തി എന്നോ കാട്ടുതീയിൽ മരിച്ചിട്ടും കൗന്തേയർ കുന്തിയുടെ പ്രേതപൂജയിൽ, പിന്നെ ആശയപരമായി വളർന്നില്ല. ആധുനിക ഹസ്തിനപുരി ചരിത്രത്തിൽ അവരുടെ സാന്നിധ്യം എത്ര വേഗം റദ്ദാക്കാമോ അതായിരിക്കും എന്റെ നേതൃത്വത്തിലുള്ള പുതുഭരണകൂടത്തിന്റെ ആദ്യ പരിഗണന. പാവം യുധിഷ്ഠിരൻ ആളൊരു ധർമ്മിഷ്ഠനായിരുന്നു, ഹൃദയകാപട്യത്തിൽ അദ്വിദീയനും!”
“പാണ്ഡവർ പെരുമ്പറകൊട്ടി യുദ്ധകാഹളം മുഴക്കുമ്പോൾ, പതുങ്ങിപ്പതുങ്ങിയാണല്ലോ കൗരവ പട?”, കൊട്ടാരം ലേഖിക ചോദിച്ചു. പാളയത്തിലെ കുടുസ്സുമുറിയിൽ കൗരവസഖ്യകക്ഷി സേനാധിപരുമായി ആദ്യദിനയുദ്ധതന്ത്രം ആവിഷ്കരിക്കുകയായിരുന്നു ദുര്യോധനൻ. സർവ്വ സൈന്യാധിപ പദവിയുള്ള പിതാമഹൻ ഭീഷ്മർ നിശബ്ദം തൊട്ടടുത്തിരുന്നു.
“ഞങ്ങൾ കൂട്ടപ്രാർത്ഥന ചെയ്താൽ പാണ്ഡവപിശാചുക്കളെ പാളയത്തിൽനിന്നും പുറത്താക്കാൻ കഴിയുമോ! വംശീയവിഭജനത്തിന്റെയും വ്യക്തിവിദ്വേഷത്തിന്റെയും പൈശാചികശക്തിക്കെതിരെ സമരം തുടരൂ, എന്നാലതു് അഹിംസാത്മകമായി വേണം എന്നായിരുന്നു ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും ഹൃദയവികാരം. കയ്യിൽ വാളെടുത്ത അനുഭവമില്ല ശാന്തിപ്രിയനായ ഹസ്തിനപുരി രാജാവിനു്. വിരാടയിലെ പാണ്ഡവ ഒളിത്താവളം ഊഹിച്ചും വിഭാവന ചെയ്തും ഞാൻ ഒരുവിധം കണ്ടെത്തിയപ്പോൾ, പാണ്ഡവർക്കിടയിലെ കൗന്തേയനേതൃത്വത്തിനായി വീണ്ടുമൊരങ്കം കുറിക്കുന്ന യുധിഷ്ഠിരനു വിറളി പിടിച്ചുവോ. സംശയിക്കണം. കാരണം മനുഷ്യർ തമ്മിൽ കൊന്നു തീർക്കേണ്ട പോർക്കളത്തിലേക്കവൻ അതീതശക്തികളെ പ്രലോഭിപ്പിച്ചു ഞങ്ങളെ അവർക്കുമുമ്പിൽ തള്ളിയിട്ടു! എന്നിട്ടും, പ്രാർത്ഥനാ നിർഭരമായ അന്തരീക്ഷത്തിൽ ഞാനവനു മൃദുവായ താക്കീതു നൽകി. പ്രിയമുള്ളവനേ, നിന്നിൽ ബാല്യം മുതൽ കുടികൊള്ളുന്ന ഈ വഞ്ചനയും അസൂയയും ദ്രവ്യാസക്തിയും വർജ്ജിക്കാൻ, നിന്നെ ചെവിപിടിച്ചു പുറത്താക്കാൻ, അറ്റകൈയ്യിനു് വാളെടുക്കണോ ഞങ്ങൾ? നീ നീ തന്നെ പറയണം! മനുഷ്യസ്നേഹത്തിലൂന്നിയ കുരുവംശയാചന ആ പരമാധികാരമോഹി പുച്ഛിച്ചു. ആകാശങ്ങളിലെ ആയുധപ്പുരകളിൽ നിന്നും, ഭൂമിയിലെ ശാശ്വത സമാധാനത്തിനെന്നു പറഞ്ഞു ദിവ്യായുധരഹസ്യങ്ങൾ അവർ തട്ടിയെടുത്തു ഇപ്പോൾ ഞങ്ങളെയവർ ഇതാ പെരുമ്പറ കൊട്ടി ‘പേടിപ്പി’ക്കുന്നു. പാണ്ഡവർ കുരുക്ഷേത്രയിൽ യുദ്ധം ജയിക്കണോ? സത്യവതി കുടുംബമാതാവായ കുരുവംശം, പാണ്ഡവകൂരമ്പേറ്റു് നാമാവശേഷമാവണോ? നിങ്ങൾ പറയൂ!”
“അസ്തിത്വദുഃഖം തന്നെയായിരുന്നല്ലേ പ്രകോപനം?” മഹാപ്രസ്ഥാനയാത്ര തുടങ്ങിയ പാണ്ഡവർ കണ്മുന്നിൽനിന്നും അകന്നപ്പോൾ, പുതിയ ഭരണാധികാരി പരീക്ഷിത്തിനോടു് കൊട്ടാരം ലേഖിക ചോദിച്ചു, “അതോ, വിമത മഹാറാണി പാഞ്ചാലിയുമായി നിങ്ങൾക്കുള്ള അവിശുദ്ധബന്ധമായിരുന്നുവോ കൊട്ടാര വിപ്ലവത്തിനുപിന്നിൽ?”
“പിതൃക്കളെ ചതിച്ചു കൊന്നധികാരത്തിൽ തൂങ്ങിയ പാണ്ഡവരെസിംഹാസനത്തിൽനിന്നും വലിച്ചിഴച്ചു, കണ്ണുകെട്ടി തെരുവിൽമുട്ടുകുത്തിനിർത്തി തലവെട്ടുമെന്നു്, പുതുതലമുറകൗരവർ ദുര്യോധനന്റെ മുപ്പത്തിയാറാം ഓർമ്മപ്പെരുന്നാൾ ദിവസം വിരൽ കീറി ചോരതൊട്ടു് വിരട്ടി. വയോജനപാണ്ഡവർ ഭീഷണി മണത്തു മഹാപ്രസ്ഥാനം ഏറ്റെടുത്തു തിരുവസ്ത്രം ഊരി എനിക്കുതന്നു. അതല്ലാതെ മനുഷ്യജീവിതത്തിന്റെ ദാർശനികവ്യർത്ഥതയെ ക്കുറിച്ചു എന്തെങ്കിലും ‘വ്യഥ’ ആ മുഖങ്ങളിൽ കണ്ടില്ല. തിരക്കുണ്ടു്. മുഖ്യധാരയിൽ നിന്നകറ്റിനിർത്തപ്പെട്ട കൗരവപിൻഗാമികളുടെ വൻനിര ഇക്കഴിഞ്ഞ മൂന്നുദശാബ്ദങ്ങൾക്കുള്ളിൽ നിയമവ്യസ്ഥയെ വെല്ലുവിളിച്ചു സമാന്തരഭരണകൂടം സ്ഥാപിക്കാൻ ഹീനശ്രമം തുടരുന്നുണ്ടു്. കണ്ടില്ലെന്നുനടിച്ചാൽ അഭിമന്യുപുത്രനാണെന്ന പരിഗണനയെന്നും എനിക്കിനി കിട്ടില്ല. നേരിട്ടിറങ്ങി കൈപിടിച്ചു കൂടെനിർത്തുന്നൊരു “വരൂ പ്രിയഅർദ്ധ സഹോദരാ” എന്ന നവനിർമ്മാണ സാമൂഹ്യപദ്ധതി പ്രഖ്യാപിക്കുകയാണിന്നു അരങ്ങേറ്റമൈതാനിയിൽ. എന്റെഉദ്ദേശ്യശുദ്ധി പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ ഹസ്തിനപുരി പത്രിക ശ്രമിക്കില്ലേ! ഊട്ടുപുരയിൽ കാളത്തുട ബ്രാഹ്മണ പാചകത്തിൽ പൊരിച്ചതും കൂട്ടി വിഭവസമൃദ്ധമായ സദ്യ നിത്യവും സൗജന്യമായി കുരുവംശനാമത്തിൽ നിങ്ങൾക്കും കൂട്ടുകാരനും ഉറപ്പു!”
“പാണ്ഡുരക്തത്തിൽ കൗന്തേയർക്കു പങ്കില്ലെങ്കിൽ, ‘പാണ്ഡവ’ വംശീയമുദ്ര നിങ്ങൾ സ്വയം ചാർത്തി കൊടുത്തതാണോ?”, കൊട്ടാരം ലേഖിക പാണ്ഡുവിനോടു് ചോദിച്ചു. കാട്ടുകുടിലിൽ ചൂളിക്കൂടിയിരുന്ന വൃദ്ധൻ, ഒരിക്കൽ ഹസ്തിനപുരി രാജാവായിരുന്നു എന്നു് വിശ്വസിക്കാൻ എല്ലാ സന്ദർശകർക്കുമെന്നപോലെ അവൾക്കും പ്രയാസം തോന്നി.
“പഠിപ്പിച്ചുകൊടുത്തപോലെ, വിവാഹബാഹ്യസന്തതികൾ അഞ്ചുപേരും എന്നെ കുളിപ്പിച്ചു്, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിപ്പിക്കുന്നതു ഞാൻ സംശയത്തോടെ ശ്രദ്ധിക്കുകയായിരുന്നു. യുധിഷ്ഠിരനും ഇളമുറസഹദേവനും പത്തു കൊല്ലത്തെ പ്രായവ്യത്യാസമുണ്ടു്. അവർ ഇതുവരെ എന്റെ ഉടൽ പരിചരിക്കുകയോ ക്ഷേമാന്വേഷണത്തിനു അരികെ വരുകയോ കണ്ടിട്ടില്ല. ‘അച്ഛാ’ എന്നു് ഉപചാരത്തോടുകൂടി വിളിച്ചു. “പ്രശസ്തപാണ്ഡുനാമം നിയമ സാധുതയോടെ തന്നു ഞങ്ങളെ കുരുവംശാധിപരാവാൻ അടിസ്ഥാന യോഗ്യത നേടിത്തരൂ” എന്നവർ ഒരേസ്വരത്തിൽ ഉച്ചരിച്ചു. അനിശ്ചിതമായ മനുഷ്യജന്മത്തിൽ ചെയ്യേണ്ടതെല്ലാം നിങ്ങൾ ഇപ്പോൾ ചെയ്യണം എന്നു് ഭീമൻ ചൂണ്ടുവിരലുയർത്തി പറഞ്ഞപ്പോൾ, അതൊരോർമ്മപ്പെടുത്തലല്ല ഭീഷണിയാണു് എന്നു് വ്യക്തമായി. എനിക്കൊന്നേ ആശംസിക്കാനുണ്ടായിരുന്നുള്ളു—ഞരമ്പിൽ ഓടുന്ന ചോര ഒന്നല്ലെങ്കിലും നിങ്ങൾ ഇനിമുതൽ ഔദ്യോഗികപാണ്ഡവർ. രാജാധികാരാവകാശത്തിൽ കൗരവർക്കൊപ്പം തുല്യ പങ്കാളികൾ. എന്റെ മരണശേഷം ഹസ്തിനപുരിയിൽ ചെന്നു് ചെങ്കോലിനു അവകാശം നേടിയെടുക്കേണ്ടവർ. കണ്ണു് തുറന്നു നോക്കുമ്പോൾ, രണ്ടു സന്യാസിമാർ! സാക്ഷികൾ എന്ന നിലയിൽ ആ രംഗം പനയോലയിൽ നാരായമുനയാൽ ശ്രദ്ധാപൂർവ്വം എഴുതി എക്കാലത്തേക്കും നിയമബലമുള്ള രേഖയാക്കുന്നു. എല്ലാം അതീവ ശ്രദ്ധയോടെ, നേരത്തെ പറഞ്ഞുറപ്പിച്ചപോലെ! കുന്തി കുറച്ചു മാറി നിന്നു രംഗം തൃപ്തിയോടെ അവലോകനം ചെയ്യുന്നുണ്ടു്. അണിഞ്ഞൊരുകിയ മാദ്രി ഞങ്ങൾക്കരികെ വന്നു ആണ്ടറുതിയിലെ പഴങ്ങൾ ഒരു മംഗളകൃത്യം പോലെ നിലത്തുവക്കുന്നുണ്ടു്. സന്യസ്തർ ഉറക്കെ വായിച്ചു തീരുമ്പോൾ ഇടനെഞ്ചിൽ കൈവച്ചു ഞാൻ അതെ അതെ എന്നുച്ചരിക്കുന്നുണ്ടു്.”
“പരാതി സത്യവാങ്മൂലത്തോടൊപ്പം നീതിപീഠത്തിനു് പാഞ്ചാലി കൈമാറിയിട്ടും, നിങ്ങൾക്കെതിരെ ഒരു കൗരവൻ പോലും വിമത ശബ്ദമുയർത്തിയില്ല എന്നതൊരു ദുസ്സൂചന നൽകുന്നുണ്ടെന്നു ചാർവാകൻ. എങ്ങനെ പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
“സുതാര്യമായിരിക്കണം യോഗങ്ങൾപോലുമെന്ന രാജനീതി ഇന്നലെയും തുണച്ചു. വനിതകൾക്കു് പ്രവേശനാനുമതി നിഷേധിക്കണം ചൂതാട്ടസഭയിൽ, എന്ന നിബന്ധന വച്ചതു ഇന്ദ്രപ്രസ്ഥം ചക്രവർത്തിയായിരുന്ന യുധിഷ്ഠിരനായിരുന്നു. സഭാധ്യക്ഷന്റെ അനുമതിയില്ലാതെ അകത്തുകയറിയവർക്കെതിരെ, ജീവഹാനിയിൽ താഴെ മാതൃകാപരമായ ശിക്ഷ കൊടുക്കാമെന്നും സഭ ഒറ്റശബ്ദത്തിൽ അംഗീകരിച്ചു. അല്പവസ്ത്രയായി സഭയിൽ പ്രത്യക്ഷപ്പെട്ട മുൻ ചക്രവർത്തിനി പാഞ്ചാലിക്കു്, ‘ലൈംഗികമോ അതിക്രമപരമോ മിശ്രിതമോ’ ആയ പരാതിയുണ്ടെങ്കിൽ, നീതിപീഠ പരസ്യവിചാരണയിൽ ആദ്യം പ്രതിക്കൂട്ടിൽ കയറുക അവളായിരിക്കും. ചൂതാട്ടസഭയിൽ സംഭവിച്ചതൊക്കെ പനയോലയിൽ നാരായരേഖയാക്കി ഭീഷ്മകയ്യൊപ്പോടുകൂടി കൈവശമുണ്ടു്. പൗരാവകാശങ്ങൾ തീർത്തും നിഷേധിക്കപ്പെട്ട പാഞ്ചാലിക്കു്, നീതിപീഠത്തിൽ പരാതി പറയാനുള്ള യോഗ്യതയില്ലെന്നു സഭാരേഖ വായിച്ചാൽ ‘സാക്ഷര ചാർവ്വാക’നും മനസ്സി ലാവും. ഇതൊക്കെ മനസ്സിലാവുന്ന ഇളമുറകൗരവക്കുട്ടികൾ എനിക്കു് പിന്തുണ തരില്ലേ? ഹസ്തിനപുരി ചോരവീഴ്ത്താതെ നേടിയ ഇന്ദ്രപ്രസ്ഥം രാജധാനി, ഞങ്ങളുടെ വന്ദ്യമാതാവു് ഗാന്ധാരിക്കു് ഇന്നു് സമർപ്പിക്കും!”
“കുപ്രസിദ്ധ ‘വേട്ട’ക്കാർ മുതൽ പെറ്റതള്ള ഗാന്ധാരിക്കു് പേരോർമ്മയില്ലാത്ത മറ്റനേകം കിഴങ്ങൻകൗരവരും നിങ്ങളുടെ നീണ്ടകാല ആരാധകർ എന്നു അഭിമുഖങ്ങളിൽ നിങ്ങൾ അഭിമാനിക്കാറുണ്ടു്. വനവാസക്കാല കഷ്ടപ്പാടു് നേരിൽ കാണാൻ ഒരാളെങ്കിലും പന്ത്രണ്ടു വർഷക്കാലമായി ഈവഴി വന്ന ഓർമ്മയുണ്ടോ?”, കൊട്ടാരം ലേഖിക ചോദിച്ചു. കിടപ്പറ ജാലകത്തിലൂടെ വെയിലലകൾ വനമേഖലയിലെ കുന്നിൻ പുറത്തു ഒഴുകുന്നുണ്ടായിരുന്നു. പാണ്ഡവർ ഇളമാംസരുചിയറിയാൻ നായാട്ടിനു പോയ നേരം.
“ഓരോ വെളുത്തവാവിനും ധാന്യവും വസ്ത്രവും പരിമളലേപനവുമായി ഹസ്തിനപുരിയിൽ നിന്നും വന്നിരുന്നവർ പിന്നെ ആരെന്നാണു് നിങ്ങൾ അനുമാനിക്കുന്നതു്?” കുളി കഴിഞ്ഞു ഈറനുടുത്ത പാഞ്ചാലി, കൗരവ സമ്മാനപ്പൊതിയിൽനിന്നു് സുഗന്ധതൈലമെടുത്തു നഗ്നമേനിയിൽ സാവകാശം പുരട്ടി.
“പീഡാനുഭവത്തിന്റെ പിൽക്കാല സ്മൃതി ഹൃദയത്തിനു കൊടും യാതനയാണെന്നറിയാം, എങ്കിലും ചോദിക്കട്ടെ, ‘എന്തു് പറ്റി ഉണ്ണീ’ എന്നു് വിലപിച്ചു നിങ്ങൾ ദുര്യോധനന്റെ അടുത്തേക്കോടി ചെല്ലുന്നതിനു ഞങ്ങൾ സാക്ഷി. ഭീമഗദാപ്രഹരത്തിൽ നടുവൊടിഞ്ഞ അഹങ്കാരിയായ ‘അർധസഹോദര’നപ്പോൾ നിങ്ങളോടെന്താണു് രഹസ്യം പറഞ്ഞതു്?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. ദേശരത്ന പുരസ്കാരം പരേത കൗരവ പോരാളികൾക്കു് സമർപ്പിക്കുന്ന യുദ്ധാനന്തര പൊതുവേദിയിൽ കൗരവരാജവിധവകൾ കറുത്ത ശിരോവസ്ത്രങ്ങൾ ധരിച്ചു നിലത്തിരുന്നു.
“ഗംഗയാറൊഴുകുന്ന നാട്ടിൽ നിങ്ങൾക്കു് ഇനി സമാധാന പർവ്വം.” അവൻ അനുഗ്രഹിക്കുന്ന കൈചേഷ്ടയോടെ എന്നോടു് മൃദുവായി പറഞ്ഞു. അതോടെ പതിനെട്ടുനാൾപോരാട്ടം റദ്ദു ചെയ്യപ്പെട്ട പോലെ എനിക്കു് ഉൾവിളി തോന്നി. എളിമയോടെ അവനു ഞാൻ മുട്ടിൽ ഇഴഞ്ഞു അന്ത്യചുംബനം നൽകി, പാണ്ഡവപക്ഷത്തേക്കു തിരിച്ചുവന്നു, ‘മാരകമായി അവനു മുറിവേറ്റിരിക്കുന്നു. പാണ്ഡവരുടെ നന്മപക്ഷം മഹാഭാരത യുദ്ധം ജയിച്ചു എന്നു് നാം ഇനി വൈകാതെ ലോകത്തോടു് പ്രഖ്യാപിക്കാം’ എന്നു് ഞാൻ മറ്റു പാണ്ഡവരോടു് അടക്കം പറഞ്ഞു. ഇതിലെന്താണു് ധർമ്മപുത്രർക്കു് യോജിക്കാത്ത പദവിന്യസനം? മാധ്യമപ്രവർത്തകർ എന്നുകരുതി എന്തു് മലീമസ ചോദ്യവും മഹാരാജാവിനോടു് ചോദിക്കാമെന്നോ?
“കൗരവകാലത്തു അന്തഃപുരവാസികളായിരുന്നപ്പോൾ ധാന്യവും മാംസവും, കൊട്ടാരത്തിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടതോടെ പകുതിയായി. ഇപ്പോൾ കേൾക്കുന്നു ഗുരുകുലത്തിൽ പുതു കൗരവബാല്യങ്ങളെ ഹസ്തിനപുരിയുടെ ചരിത്രം എത്ര പഠിപ്പിക്കണം എന്നതു മഹാറാണി പാഞ്ചാലിയുടെ വിവേചനാധികാരം!”, കൊട്ടാരം ലേഖിക ഔദ്യോഗിക വക്താവായ നകുലനോടു് ചോദിച്ചു. ചൂതാട്ടം, ഭാര്യയെ പണയം വക്കൽ, സ്ഥാവര ജംഗമ സ്വത്തുനഷ്ടം, വസ്ത്രാക്ഷേപം വനവാസം കുരുക്ഷേത്ര കൗരവകരൾകീറി ചോര മുടിയിൽ തേക്കുന്നപാഞ്ചാലിയുടെ കേശപരിപാലനം, അശ്വത്ഥാമാവിന്റെ മിന്നലാക്രമണത്തിൽ പാഞ്ചാലിയുടെ പിതാവു് സഹോദരൻ അഞ്ചുമക്കൾ ദുർമരണം ഹസ്തിനപുരി ഗുരുകുലങ്ങളിൽ പഠിപ്പിക്കുന്നതു് ഭരണകൂടം വിലക്കിയതിനുപിന്നിലെ ‘കറുത്ത കൈ’ പാഞ്ചാലിയുടേതെന്ന സംശയം പൊതുസമൂഹത്തിൽ ഞെട്ടൽ ഉണ്ടാക്കിയ ദിനങ്ങൾ.
“യുദ്ധക്കെടുതിയാൽ ഇഷ്ടമാംസവിതരണത്തിൽ കുറവു് നേരിടുന്ന കൗരവരാജവിധവകളുടെ കൊച്ചുമക്കൾക്കു പാഠശാലയിലെങ്കിലും സമീപഭൂതകാലത്തിന്റെ ചരിത്രഭാരം ലഘുവാകട്ടെ എന്നേ പാഞ്ചാലി കരുതിയുള്ളൂ. അതിലധികം ഭാവന കാടു് കയറരുതു്!”
“കുന്തിഗർഭങ്ങളുടെ ബീജഉറവിടം അതീതശക്തികളിൽ ആരോപിക്കപ്പെടുന്നൊരപൂർവ മാതൃത്വ സാഹചര്യം കുരുവംശത്തിൽ കാണുന്നത്തിൽ ആശങ്കക്കു് അടിസ്ഥാനമുണ്ടോ?”, കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു. രാജയോഗ്യതയുള്ള അഞ്ചു കുട്ടികളുമായി പാണ്ഡുവിധവ കുന്തി ഹസ്തിനപുരി കൊട്ടാരത്തിൽ കടന്നുകൂടിയ വിവാദ ദിനങ്ങൾ.
“കുന്തി തുടങ്ങിവച്ചതല്ലേ ‘ആകാശചാരി’കളുടെ ആശങ്കാജനകമായ ബീജദാനം? പാണ്ഡുവിന്റെ കായികക്ഷമതയെക്കുറിച്ചു പൊതുജനത്തെക്കാൾ പരിജ്ഞാനം രാപ്പനി അറിയുന്ന ഭാര്യക്കായിരിക്കാം എന്ന സാമാന്യബോധത്തിൽ നോക്കുമ്പോൾ, മാതൃത്വം എന്ന മഹത്തായ അവകാശസംരക്ഷണത്തിനായി കുന്തി വിവാഹബാഹ്യരതിയിലൂടെ ബീജസംഭരണം ചെയ്തു എന്നതിൽ ഗാന്ധാരിയോ ധൃതരാഷ്ട്രരോ പരാതിപ്പെട്ടിട്ടില്ലല്ലോ. പഞ്ചപാണ്ഡവരുടെ ജൈവികപൈതൃത്വം ആർക്കെന്നതല്ല കാര്യം, പാണ്ഡവ എന്ന ഈ അഞ്ചുകുട്ടികളുടെ വംശീയനാമം കുരുവംശീയതയുടെ പിൻതുടർച്ചയായി കാണാമോ എന്നതാണു് കൗരവർക്കുള്ള അവകാശതർക്കം. പാണ്ഡു നിയമസാധുതക്കായി നടപടിക്രമം ശരിയായി ചെയ്തിട്ടുണ്ടു് എങ്കിൽ, അതു് അയാളുടെ കരുതൽ. എന്നാൽ ഇതിൽ കുന്തി സ്വീകരിച്ച വഴി അനാവശ്യമായ രഹസ്യാത്മകത നിറഞ്ഞതായി. യുധിഷ്ഠിര പിതൃത്വം കാലനിൽ അല്ല, വിദുരരിൽ ആണെന്ന കൗരവ കണ്ടെത്തൽ തെളിവിന്റെ ബലത്തിലാണോ? എനിക്കറിയില്ല. അതുപോലെ ഭീമന്റെ അച്ഛനൊരു കാട്ടാളവംശജൻ എന്നും ഇടക്കാലത്തു കേട്ടിരുന്നു. വൈകുന്നേരമായാൽ കുളിച്ചുശുദ്ധമായി മുടിയിൽ പൂ ചൂടി കുന്തി പടിയിറങ്ങിപ്പോവുന്ന ഓർമ്മച്ചിത്രം ഭീമൻ പങ്കിടുന്നതു് കേട്ടവരുണ്ടു്. ബാല്യനിഷ്കളങ്കത നഷ്ടപ്പെട്ടപ്പോൾ ആ കഥ പിന്നെ ആരും കേൾക്കാതായി. തേച്ചു മാച്ചു കളയാവുന്ന വിധത്തിലൊരു ഐതിഹ്യപ്പെരുമയുടെ ആവശ്യം എന്തായിരുന്നു? ധൃതരാഷ്ട്രർ എന്നൊരു ‘കുറുമ്പൻ ആന’യുടെ വന്യ രതിപരീക്ഷണങ്ങൾക്കു വഴങ്ങാൻ ഗാന്ധാരാഭിമാനം സമ്മതിക്കില്ലെന്നു് ഭാര്യ ഗാന്ധാരി തുറന്നു പറഞ്ഞപ്പോൾ, വഴിവിട്ട രതിയുടെ ഉപാസകനായ ധൃതരാഷ്ട്രർ കൊട്ടാര സേവനദാതാക്കളിൽ പെണ്ണുടലുള്ള ആരുമായും സുരതക്രിയക്കു് തയ്യാറായി. അങ്ങനെ തിരുപ്പിറവിയെടുത്ത നൂറു ദാമ്പത്യബാഹ്യകുട്ടികൾക്കു കുരുവംശീയമുദ്ര നിയമസാധുതയോടെ സമ്മാനിച്ചു് ധൃതരാഷ്ട്രർ സാധാരണക്കാർക്കായി ഐതിഹ്യങ്ങൾ സൂതന്മാരെ പഠിപ്പിച്ചു. അതുപോലെ സുതാര്യമായ പിന്തുടർച്ചക്കായി വസ്തുത കൊട്ടാരത്തിലെങ്കിലും വെളിപ്പെടുത്താൻ കുന്തി തയ്യാറാവുമോ?”
“ഗംഗയിൽ നീന്തിക്കുളിക്കുന്നതിനിടയിൽ, ദുര്യോധനനെ, പതുങ്ങി പിന്നിൽ ചെന്നുനിങ്ങൾ ചുമലിൽ ഇരുകൈകളും ബലമായമർത്തി പട്ടാപ്പകൽ മുക്കിക്കൊല്ലാൻ ശ്രമിച്ചു എന്ന കൗരവപരാതി പിതാമഹനു മുമ്പിൽ എത്തിക്കഴിഞ്ഞല്ലോ. ഇത്തവണ നരഹത്യാ പരാതിയിൽനിന്നും എങ്ങനെ തലയൂരും?” കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.
“ഉന്മൂലനാശം എന്നൊരു അസാധാരണ വാക്കുപയോഗിച്ചവൻ, കുറച്ചുനേരമായി എന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു. അർത്ഥമറിയാതെ ഞാൻ വിവശനായി. എന്തോ അപകടം മണത്തു. കയ്യിൽ തടഞ്ഞ അവന്റെ ചുമലിൽ ഞാൻ ഇരുകൈകളും കൊണ്ടാഞ്ഞമർത്തി, ‘നോക്കട്ടെ എത്ര നേരം മുങ്ങിക്കിടന്നു നിനക്കു് ശ്വാസം പിടിച്ചുനിൽക്കാനാവു’മെന്നൊരു പരീക്ഷണം മാത്രമായിരുന്നില്ലേ? ‘വെള്ളത്തിനടിയിൽ നൂറെണ്ണും വരെ ശ്വാസം പിടിക്കാൻ ഞാൻ പഠിച്ചു’ എന്നുരുവിട്ടു കൊണ്ടായിരുന്നില്ലേ ആർത്തുവിളിച്ചു ദുര്യോധനൻ കരകയറിയതു്? സുരക്ഷാ സൈനികർ അഭിനന്ദിച്ചതൊക്കെ അവൻ മറന്നു അല്ലേ? ഞാനും അങ്ങനെ പഠിച്ചു ചെറിയൊരു പാഠം. വലിയൊരവസരം വീണുകിട്ടിയാൽ, ജലാശയത്തിൽ കഴുത്തറ്റം ഒളിഞ്ഞുകിടക്കുന്ന ദുര്യോധനനെ മുടിയിൽ വലിച്ചു കരകയറ്റി ഈ കൈകൾ കൊണ്ടു് ‘ഉന്മൂലനാശം’ ഞാൻ ഉറപ്പു വരുത്തും!” മാരകമായ അഭിലാഷങ്ങളുമായി ബാല ഭീമൻ നെഞ്ചുവിരിച്ചു വിദൂര ഭാവി പ്രവചിച്ചു.