“രാജസഭവിളിച്ചുകൂട്ടി പെട്ടെന്നൊരു സ്ഥാനത്യാഗ പ്രഖ്യാപനം, തിരുവസ്ത്രങ്ങൾ ഊരി, കിരീടാവകാശി പരീക്ഷിത്തിനു ദ്രുതഗതിയിലൊരു പട്ടാഭിഷേകം, മുണ്ഡനം ചെയ്ത ശിരസ്സും വൽക്കലം ധരിച്ച അർദ്ധനഗ്ന ഉടലുകളുമായി മഹാപ്രസ്ഥാനമെന്ന പേരിലൊരു വാനപ്രസ്ഥം! ഒളിച്ചോട്ടം! നാടകീയമാണല്ലോ ഹസ്തിനപുരിയിലെ അധികാരകൈമാറ്റം!”, കൊട്ടാരം ലേഖിക ചോദിച്ചു. യാത്ര അയക്കാൻ കൊട്ടാരത്തിൽ ആരോരുമില്ലാതെ ആറംഗ പാണ്ഡവ സംഘം വടക്കൻമലകളിലേക്കു ഇഴഞ്ഞിഴഞ്ഞു പദയാത്ര ചെയ്യുന്ന നേരം.
“പരസ്പര സമ്മതമില്ലാതെയായിരുന്നു ദ്രൗപദിയുമൊത്തു അഞ്ചുപേരിൽ നാലുപേരുടെയും ദാമ്പത്യം. ബന്ധം നിലനിർത്താനും പോഷിപ്പിക്കാനും ഉതകുന്നവിധം കുട്ടികളും കൂടെയാരുമുണ്ടായില്ല. ഉള്ളവരെല്ലാം കുരുക്ഷേത്രയിൽ കൊല്ലപ്പെടുകയും ചെയ്തു. ദാമ്പത്യമോ, ഏതെങ്കിലും കല്ലിൽത്തട്ടി ഞങ്ങൾ ആരെങ്കിലുമൊക്കെ എന്നും വീഴും. രാജ്യാതിർത്തികൾ ആരും അകത്തുനിന്നും പുറത്തുനിന്നും അതിക്രമിച്ചു കയറാതിരിക്കാൻ അഞ്ചാണുങ്ങളും അധ്വാനിച്ചു എന്നാൽ അതിനിടയിൽ ദ്രൗപദിയുടെ ബഹുഭർത്തൃത്വം ശിഥിലമായതൊന്നും അറിഞ്ഞില്ല. വീണ്ടെടുക്കാനാകാതെ തകർന്നുവോ പാണ്ഡവകുടുംബന്ധങ്ങൾ എന്നു് വിചിന്തനം ചെയ്തു. സമയപരിധിയില്ലാതെ കൂട്ടു് അവസാനിപ്പിക്കാമെന്ന മനഃസാക്ഷിമൊഴിയുടെ ബലത്തിൽ ഭൗതിക ജീവിതമായി ഒന്നിടഞ്ഞു. സിംഹാസനത്തിൽനിന്നും എഴുനേറ്റു. ഇനി ബന്ധം ആകാശചാരികളുമായി!”
“കൗരവരുടെ സഹോദരിയും, വിവാഹത്തിലൂടെ സൈന്ധവറാണിയുമായ അഭിവന്ദ്യ ദുശ്ശളയുടെ ഏകഭർത്താവല്ലേ ജയദ്രഥൻ? ‘ഞങ്ങൾക്കില്ലാതെ പോയ കൊച്ചനുജത്തി’യെന്നു പാണ്ഡവർ ദുശ്ശളയെ എക്കാലവും വിശേഷിപ്പിച്ചതൊക്കെ കാപട്യം എന്നുവേണോ വായിച്ചെടുക്കാൻ? ഈ വഴി പോവുമ്പോൾ കണ്ട ദ്രൗപദിയോടു്, “സുഖമോ ദേവീ” എന്നു് ജയദ്രഥൻ തേരിൽനിന്നിറങ്ങി വാത്സല്യപ്പെട്ടതിനാണോ, തല മൊട്ടയടിച്ചു പുള്ളി കുത്തി കഴുതപ്പുറത്തു് കുന്നിറക്കി തള്ളി വിട്ടതു്? ദുരഭിമാന കൊലക്കു തുല്യം എന്ന വിവേകം നിങ്ങൾക്കെങ്കിലും തോന്നിയോ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.
“വസ്ത്രാക്ഷേപം രണ്ടാം ഭാഗം എന്ന നിലയിൽ കൗരവ പരിവാറിൽ നിന്നും ‘പ്രിയതമ’ക്കുനേരെ ബലാൽക്കാരശ്രമം എന്നു് തോന്നാവുന്ന വന്യ ക്രോധത്തോടെ ഭീമനാണു്, അതെ നമ്മുടെ പ്രിയ മന്ദബുദ്ധി, അക്രമാസക്തനായി ജയദ്രഥനെതിരെ ആഞ്ഞടിച്ചതു്. വഴിനീളെ നായാട്ടുമാംസം വാരിവലിച്ചു ചവച്ചും കടിച്ചും തുപ്പൽ ഒലിക്കുന്ന ചുണ്ടുമായി ദുരൂഹ യാത്ര ചെയ്യുന്ന ജയദ്രഥൻ വഴിയിൽ കണ്ട പാഞ്ചാലിയെ കെട്ടിപ്പിടിച്ചു മുഖത്തുമ്മ വച്ചെന്നൊരു വ്യാജ വാർത്ത മെനഞ്ഞു ഞങ്ങൾ നാലു പാണ്ഡവരെയും പ്രകോപിപ്പിച്ച ഭീമൻ, സ്വയം നടപ്പാക്കിയ പ്രാകൃത ശിക്ഷാമുറയിൽ നിന്നു് ‘ഇര’ ദ്രൗപദി അർത്ഥഗർഭമായ അകലം പാലിച്ചല്ലോ”, തിരിച്ചടിയിൽ ജയദ്രഥന്റെ ഭാര്യാ സഹോദരന്മാരിൽ നിന്നും മിന്നലാക്രമണഭീഷണി നേരിടുന്ന പാണ്ഡവർ “തികച്ചും നിർഭാഗ്യകരം” എന്നു് പ്രതികരണം മിതമായി വെട്ടിച്ചുരുക്കി.
“ആ ദിനം ഓർക്കാനാവുന്നുണ്ടല്ലേ!? അഞ്ചു് ആൺകുട്ടികളുമായി പാണ്ഡുവിധവ ഹസ്തിനപുരി കോട്ടവാതിലിൽ മുട്ടിവിളിക്കുമ്പോൾ, “തുറക്കരുതു്” എന്നു് നിങ്ങൾ പാറാവുകാരോടാജ്ഞാപിക്കാഞ്ഞതു് കഷ്ടമായെന്ന തിരിച്ചറിവുണ്ടോ?”, കൊട്ടാരം ലേഖിക ചോദിച്ചു യുധിഷ്ഠിരനോടു് ചോദിച്ചു. പതിനെട്ടാം ദിവസം. ഭീമഗദാ പ്രഹരത്തിൽ തുടയെല്ലൊടിഞ്ഞു ചളിയിൽ വീണ കൗരവമുഖ്യൻ കായികമായി ക്ഷീണിതനെങ്കിലും മാനസികമായി ബോധവാനായിരുന്ന സന്ധ്യ.
“എന്തുചെയ്യാം, ഗാന്ധാരജന്മങ്ങളല്ലേ ഞങ്ങൾ! പ്രതികരണരീതി വേറൊന്നായിപ്പോയില്ലേ. അടഞ്ഞ വാതിലുകൾ സങ്കടമുണ്ടാക്കുന്നതാണെന്നും, അശരണർക്കും വേദന അനുഭവിക്കുന്നവർക്കും നേരെ വാതിലുകൾ അടയ്ക്കരുതെന്നും ഗാന്ധാരി ഓർമ്മിപ്പിക്കുന്ന ബാല്യകാലം. ഇരുകൈകളും നീട്ടി ഞാൻ ‘അർധ സഹോദര’ന്മാർക്കു വരവേൽപ്പു് നൽകി, അവർ പക്ഷേ, പിൽക്കാലത്തു എന്റെ സന്മനസ്സു് ദുരുപയോഗം ചെയ്തുവോ? ഒന്നും വെട്ടിമുറിച്ചു പറയാൻ ഞാൻ ഇപ്പോൾ ആളല്ല. കുടിക്കാൻ ഇത്തിരി വെള്ളം വായിൽ ഒഴിക്കാമോ? പാണ്ഡവർ ഇന്നുരാത്രി എവിടെയായിരിക്കുമെന്നൊരു സൂചന കിട്ടിയിട്ടുണ്ടു്. വിജയ കാഹളം മുഴക്കുന്നവരിൽ ഭീതിജനിപ്പിക്കുന്നൊരു പാതിരാ മിന്നലാക്രമണം ഞാൻ സ്വസ്ഥമായിരുന്നു വിഭാവന ചെയ്യട്ടെ!” തിരിഞ്ഞുനോക്കാതെ കൊട്ടാരം ലേഖിക, പോർമുഖത്തുനിന്നു വലിഞ്ഞുനടന്നതു് അപ്പോൾ ആയിരുന്നു.
“ഖാണ്ഡവവനത്തിലെ അഗ്നിബാധ, ഹസ്തിനപുരിയിൽനിന്നും സഹായംനേടാൻ പറ്റിയവിധത്തിൽ ‘ദേശീയദുരന്ത’മായി പ്രഖ്യാപിക്കണോ? അതോ, പാണ്ഡവർക്കെതിരെ നടപടി സ്വീകരിക്കാൻ വകുപ്പുള്ള മനുഷ്യനിർമ്മിത ദുരന്തമായി ദുര്യോധന ആഖ്യാനം സ്വാഗതം ചെയ്യണോ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.
“പ്രകൃതിദുരന്തനിവാരണനിധിയിൽ നിന്നു് നിർലോഭസഹായം കിട്ടിയാൽ, പാഞ്ചാലിയുൽപ്പെടെ ഞങ്ങൾക്കന്തിയുറങ്ങാൻ കൂരമാത്രമല്ല പണിയുക, കത്തിയെരിഞ്ഞ ഈ കൊടുംകാടിൽ യമുനയെ വഴി തിരിച്ചു വിട്ടു ഇതിഹാസയോഗ്യമായ നഗരം പണിയാൻ കഴിയും. വലിയ തോതിൽ സഹകരണമനോഭാവത്തോടെ വനം സ്വയം കത്തുമെന്നും അതൊരു ദേശീയ ദുരന്തവാർത്ത ആക്കി നിങ്ങൾ ‘കുതിരപ്പന്തി’ക്കാർ മാറ്റുമെന്നും അറിയാൻ ഞങ്ങൾ, കഷ്ടം, വിട്ടുപോയി”, നശിക്കപ്പെട്ട ഖാണ്ഡവ ആവാസ വ്യവസ്ഥയിൽ, ഒരു പക്ഷിയും മൃഗവും ബാക്കിയില്ലെന്നുറപ്പു വരുത്തി, ഇഷ്ടദാനമായി കിട്ടിയ പ്രവിശ്യയുടെ വികസനസാധ്യത മറ്റു പാണ്ഡവരുമായി അവലോകനയോഗം കഴിഞ്ഞു പുറത്തു വരികയാണു ഞാൻ!
“പ്രതിസന്ധി അതിജീവിക്കാനാവാതെ ചെന്നുചേരുന്ന അന്തിമ താവളം എന്ന നിലയിൽ ആത്മഹത്യ താലോലിച്ച ഓർമ്മയുണ്ടോ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“പീഡകകൗരവരുടെ അടിമയായി കഴിഞ്ഞ വനവാസക്കാലത്തും, അവർക്കെതിരെ മുടികെട്ടഴിച്ചിട്ടു് പോരാട്ടവീര്യം ജ്വലിപ്പിച്ചിരുന്നു. അവനവനോടു് ചെയ്യാവുന്നൊരു പരമഹിംസ എന്ന നിലയിൽ, ആത്മഹത്യ അപ്പോഴൊന്നും പരിഗണിച്ച ഓർമ്മയില്ല. പക്ഷേ, ഞാൻ ഒരിക്കൽ ഇഷ്ടപ്പെട്ടിരുന്ന അർജ്ജുനൻ, യാത്ര പറയാതെ പടിയിറങ്ങിപ്പോയ ശേഷം, നവവധു സുഭദ്രയുമൊത്തവൻ ഇന്ദ്രപ്രസ്ഥത്തിൽ വന്നപ്പോൾ, പ്രണയപ്രതികാരമെന്ന നിലയിൽ ആത്മഹത്യയെ ആ കാലത്തെ ഏകാന്തരാവുകളിൽ താലോലിച്ചു എന്നതൊരു വസ്തുതയാണു്, പിന്നെ മനസ്സിലായി, സ്വയം ഹിംസക്കു ഇരയായി ‘കഴുത്തുവെട്ടു’ന്നതിനേക്കാൾ എളുപ്പം, ‘പ്രാപ്പിടിയൻ പരുന്തി’നെ പ്രകൃതിക്കു വിട്ടുകൊടുക്കുകയാണു്. അതോടെ അർജ്ജുനനിൽ നിന്നും, നേരത്തേ മറ്റുനാലു സഹഭർത്താക്കന്മാരിൽ നിന്നെന്ന പോലെ, ഞാൻ പൂർണ്ണമായും വൈകാരികവിമുക്തി നേടി, വിവാഹമോചനം ഔപചാരികമായി സംഭവിച്ചില്ലെങ്കിലും!”
“അത്യുൽപ്പാദനശേഷിയുള്ള ധൃതരാഷ്ട്രർക്കു് ദൂരെ ഗാന്ധാരയിൽ നിങ്ങൾ കണ്ടെത്തിയതു് ഒരേ ഒരു വധു, എന്നാൽ ക്ഷയരോഗി വിചിത്രവീര്യനു മൂന്നു കാശിരാജകുമാരികളെ ഒരുമിച്ചു നിങ്ങൾ ബന്ദിയാക്കി! ലൈംഗികക്ഷമത സംശയാസ്പദമായ പാണ്ഡുവിനോ, രണ്ടു്! ചിറ്റമ്മയെ തോൽപ്പിക്കാൻ ആജീവനാന്തബ്രഹ്മചര്യം സ്വീകരിച്ച നിങ്ങൾ, കുരുവംശ രാജകുമാരന്മാർക്കു വധുക്കളെ തേടിയപ്പോൾ, ദുരന്തമായോ അവരുടെ ദാമ്പത്യം?”, കൊട്ടാരം ലേഖിക ഭീഷ്മരോടു് ചോദിച്ചു. അരമന സമുച്ചയത്തിൽനിന്നകന്നു, സംരക്ഷിത വനത്തിലെ ആഡംബര ആശ്രമത്തിനു മുമ്പിലായിരുന്നു അർദ്ധനഗ്ന പിതാമഹൻ. യുദ്ധമേഘങ്ങൾ നിറഞ്ഞ മാനം. കൗരവ സർവ്വസൈന്യാധിപതി ആരാവുമെന്നു ദുര്യോധനൻ ഇനിയും വെളിപ്പെടുത്താത്തതിനാൽ, അഭ്യൂഹങ്ങൾ നിറഞ്ഞ സായാഹ്നം.
“ശന്തനുവിനെ മാതൃകയാക്കി സ്വയം വധുക്കളെ കണ്ടെത്തുന്നതിനുപകരം, പെൺമണം അറിയാത്ത എന്നെ എന്തിനേൽപ്പിച്ചു അവരുടെ വധുവേട്ട? ജീവിതസഖിയെ തേടുന്നവർ അക്കാര്യ ത്തിൽ സ്വാശ്രയശീലരാവട്ടെ!അതല്ലേ ആൺപെൺ പൊറുതിയുടെ നേർവഴി? കിരീടാവകാശികൾക്കായി രാജകുമാരികളെ തേടി ഗാന്ധാര മുതൽ കാശിവരെ എനിക്കപ്പോൾ അലയേണ്ടി വരില്ല. ഗംഗാതീരത്തു പോയ ദുർബലഹൃദയനായ ശന്തനുവിനു്, ദേവസ്ത്രീയായ ഗംഗയെ കൂട്ടുകിട്ടി. ഞാനുൾപ്പെടെ എട്ടു പെറ്റ ഗംഗ, ഈറ്റില്ലത്തിൽ നിന്നവസാനം മടുപ്പോടെ നദിയിലേക്കു ഊളിയിട്ടിറങ്ങി. കാമം കരഞ്ഞുതീരാതെ വൃദ്ധശന്തനു പിന്നീടു് യമുനാതീരത്തലയുമ്പോൾ, അതാ പുഴങ്കരയിൽ പൂങ്കാവനം പോലൊരു പരമസുന്ദരി സത്യവതി! അവളുമായി കരാർനിബന്ധന പാലിക്കാൻ ആയുഷ്ക്കാല ബ്രഹ്മചര്യം ഏറ്റെടുത്ത എനിക്കു്, ഉത്തമസന്താനനിർമ്മിതിയുടെ അന്തഃപുര പ്രയാസങ്ങൾ എങ്ങനെ കണ്ടും കേട്ടും അറിയാനാവും? ഷണ്ഡപാണ്ഡുവിന്റെ തനിനിറം തിരിച്ചറിഞ്ഞ കുന്തിയും മാദ്രിയും, പരപുരുഷ വേട്ടക്കു് കൂസലില്ലാതെ പടിയിറങ്ങി. രാജവംശങ്ങളിൽ പിന്തുടർച്ചയോടു് ബന്ധപ്പെട്ട പ്രത്യുൽപാദനപ്രശ്നങ്ങൾ പതിവെങ്കിലും, ‘സർഗ്ഗാത്മകമായൊരു പരിഹാരം’ കാണാൻ കുരുവംശം തയ്യാറായിരുന്നോ? പ്രബുദ്ധവായനക്കാർ നിങ്ങളെ രഹസ്യമായി അറിയിക്കട്ടെ!” ചാരക്കണ്ണുകളുള്ള അരമന സുരക്ഷാഭടന്മാരെ ഒഴിവാക്കി, ഉടലഴകുള്ള കൗരവകുമാരികളുടെ തോളിൽ കൈപ്പത്തികളുമായി പിതാമഹൻ കാൽമുന്നോട്ടുവച്ചു.
“ആജീവനാന്തബ്രഹ്മചര്യം അച്ചടക്കത്തോടെ പരിപാലിക്കുന്നതിലൊന്നും നിങ്ങളെ ആരും ഇടിച്ചുകയറി ചോദ്യം ചെയ്യുന്നില്ല പക്ഷേ, സ്ത്രീവിരോധി ആവാൻ എന്തു് തെറ്റുചെയ്തു എന്നാണവരുടെ പരിദേവനം” കൊട്ടാരം ലേഖിക ചോദിച്ചു.
“കിരീടാവകാശി ഇല്ലാതെ മുൻരാജാവു് മരിച്ചപ്പോൾ, അമ്മ മഹാറാണി, പിന്തുടർച്ചക്കായി കൊട്ടാരത്തിൽ പരക്കം പായുന്നതൊക്കെ ഞാനും ഈ മൂലയിലിരുന്നു കാണുന്നുണ്ടായിരുന്നു. ഒന്നും ആഗ്രഹിച്ചപോലെ ശരിക്കു സംഭവിക്കുന്നില്ലെങ്കിൽ, ഒരു കുഞ്ഞിനെ ദത്തെടുക്കുക, പ്രായപൂർത്തി ആവും വരെ രാജപ്രതിനിധിയായി ഞാൻ ചെങ്കോൽ കൈവശം വക്കുക അത്ര ലഘുവായിരുന്നു എന്റെ നോട്ടത്തിൽ രാജ്യത്തിന്റെ ഭാവി. അഭിപ്രായം ഞാൻ പറഞ്ഞപ്പോൾ യുവവിധവകൾ രണ്ടുപേരും സമ്മതിച്ചു തരാൻ തയ്യാറായില്ല. മത്സരിച്ചുകൊണ്ടവർ, എന്നാൽ പരസ്പരം രഹസ്യാത്മകത പുലർത്തി, “എനിക്കു് ഗർഭം ധരിക്കാൻ പാകത്തിൽ നിങ്ങൾ ബീജദാനിയാവണ”മെന്നെന്നോടാവശ്യപ്പെട്ടു. ഒരു നിബന്ധന! ബീജദാനം പക്ഷേ, രാജമാതാ അറിയരുതു്. എന്നാൽ, അറിഞ്ഞിടത്തോളം ഗർഭക്ഷമതയുള്ള രാജമാത പറഞ്ഞു ഞാനവൾക്കൊരു ആൺസന്തതിയെ കൊടുക്കണം. അതിസുന്ദരികളായ ഈ മൂന്നു സ്ത്രീകളുടെയും പ്രലോഭനത്തിനു അവരർഹിക്കുന്ന രഹസ്യാത്മകതയോടെ ഞാൻ വഴങ്ങുന്നില്ലെങ്കിൽ, അരമനയിൽ എന്റെ പ്രബലശത്രുക്കളുമായി കൂട്ടുചേർന്നു എനിക്കെതിരെ ലൈംഗികാതിക്രമം അവർ ആരോപിക്കും. ധീരനെന്ന പോയകാലപ്രതിച്ഛായ ഉണ്ടെങ്കിലും, സമ്മർദ്ദം ചെലുത്തുന്ന രതിപ്രലോഭനങ്ങളെ അതിജീവിക്കാൻ ബ്രഹ്മചര്യം ഇനിയെങ്കിലും ജൈവികകരുത്തു കാണിക്കുമോ? അതോ ഞാൻ വഴങ്ങുമോ? എന്റെ ബ്രഹ്മചര്യപ്രതിച്ഛായ, തന്റേടികളായ ഈ മൂന്നു സ്ത്രീകളാൽ അങ്ങനെ എന്നെന്നേക്കുമായി കളങ്കപ്പെടുമോ? ഇതായിരുന്നു ഞാൻ നേരിട്ട ലൈംഗിക പ്രതിസന്ധി. ഇതെങ്ങനെ ഞാൻ പരിഹരിച്ചുഎന്നതു കുമ്പസാരിക്കേണ്ട വേദിയല്ല ഇതെന്നു് ഓർക്കുമല്ലോ. എന്നാൽ ആ മൂന്നു പേരെയും പിൽക്കാലത്തു മാതൃകയാക്കിയാണു് എന്റെ ഐതിഹാസിക സ്ത്രീവിരോധം മുന്നേറിയതു്. ഒന്നും വിലകുറച്ചു നിങ്ങൾ കാണരുതു്!”
“കൗരവവിലക്കു് മറികടന്നും വരുന്നല്ലോ യുധിഷ്ഠിരനെ കാണാൻ വിശിഷ്ടവ്യക്തികൾ!”, കൊട്ടാരം ലേഖിക ഇളമുറ മാദ്രീപുത്രനായ നകുലനോടു് ചോദിച്ചു. വനവാസക്കാലം.
“വന്നുകയറിയവർ തിരിച്ചുപോവുംവരെ എനിക്കുശ്വാസം മുട്ടും. ഇപ്പോഴും നാടു് ഭരിക്കുന്ന രാജാവിനെപ്പോലെ, സന്ദർശകർക്കു് ‘ദർശനം’ കൊടുക്കുന്ന കപടമൂർത്തി യുധിഷ്ഠിരനെക്കുറിച്ചു കഷ്ടം തോന്നും. ആരാണു് ഈ ‘ഇന്ദ്രപ്രസ്ഥം രാജസൂയ ചക്രവർത്തി’? അത്യാവശ്യം കാടു വെട്ടി കൃഷിചെയ്യാൻ വിത്തും കൈക്കോട്ടുമായി ഖാണ്ഡവ വനത്തിൽ പോയ പാണ്ഡവർ സംശയകരമായ വേഗതയിലായിരുന്നില്ലേ രാജസൂയയാഗം ചെയ്തതും, ഇന്ദ്രപ്രസ്ഥമെന്നൊരു ‘സാമ്രാജ്യം’ സൃഷ്ടിച്ചെടുത്തു സ്വയം ചക്രവർത്തിയായി അഭിഷിക്തനായതും? സ്വാർത്ഥതാല്പര്യത്തിൽ കാടെത്ര തീയിട്ടു. ചുളുവിൽ നേടിയ ഐശ്വര്യങ്ങൾ, ചൂതാട്ടത്തോടെ കൗരവനിലവറയിലേക്കു ഒലിച്ചുപോയില്ലേ. ഖാണ്ഡവദഹനം പോലൊരു മനുഷ്യനിർമ്മിത ദുരന്തമായിരുന്നില്ലേ യുധിഷ്ഠിരചൂതാട്ടം! ഒരിറ്റു വിയർക്കാതെ ദുര്യോധനൻ എല്ലാം പൂ പോലെ നേടി. ‘പെണ്ണിനെ പണയംവച്ച നികൃഷ്ടജന്മം യുധിഷ്ഠിരൻ’ എന്നു് സ്ത്രീസമൂഹത്തിന്റെ ആട്ടും തുപ്പും പാണ്ഡവർ മൊത്തം കേൾക്കേണ്ടിവന്നില്ലേ. വന്നവരെല്ലാം മൂടുംതട്ടി പോയ സ്ഥിതിക്കു് ചോദിക്കട്ടെ, യുധിഷ്ഠിരഅഭ്യുദയകാംക്ഷിയെന്നു് കരുതാൻ മാത്രം രാഷ്ട്രീയനിഷ്കളങ്കയാണൊ നിങ്ങൾ? പടിയിറങ്ങിയവർ ആരെന്നറിയാമോ? കൗരവപ്രശ്ചന്ന വേഷങ്ങൾ! ഹസ്തിനപുരിയുടെ പുതുപ്രവിശ്യയായി ദുര്യോധനൻ പ്രഖ്യാപിച്ച ഇന്ദ്രപ്രസ്ഥത്തിൽ, പുതുകാല അധികാരികളാവാൻ കൊതിക്കുന്ന ഇടപ്രഭുക്കൾ. വിരുന്നുവന്ന കൗരവരെ വഴുക്കിവീഴ്ത്തിയ മായികസഭാ തലങ്ങൾ വാസ്തുശിൽപ്പി മയൻ രാത്രിക്കുരാത്രി ഊരിക്കൊണ്ടുപോയി! ‘കാലാതിവർത്തി’യായ യുധിഷ്ഠിരപ്പെരുമ!” കഴുകിയുണക്കിയ ദൈനംദിന വസ്ത്രങ്ങൾ മടക്കി ഒരു മൂലയിൽ വക്കുകയായിരുന്ന ദ്രൗപദി മൗനത്താൽ സമ്മതഭാവം പ്രകടിപ്പിക്കുന്നതു് കൊട്ടാരം ലേഖിക ശ്രദ്ധിച്ചു.
“ഉത്തരയുടെ നൃത്താധ്യാപികയെന്ന നിലയിൽ, നിങ്ങൾക്കു് നിർഭയമായും ലിംഗനീതിപൂർവ്വമായും തൊഴിൽ ചെയ്യാൻ അരമന മേധാവി വിരാടൻ സാഹചര്യമൊരുക്കണമെന്ന ആവശ്യം തുറന്നുന്നയിക്കുന്നതിന്റെ ലക്ഷ്യമെന്താണു്? എന്തുണ്ടായി പ്രകോപനം?”, കൊട്ടാരം ലേഖിക ഭിന്നലിംഗ ബൃഹന്നളയോടു് ചോദിച്ചു. വിരാടരാജകുമാരി ഉത്തരയുടെ നൃത്തമണ്ഡപം. പാണ്ഡവരുടെ അജ്ഞാതവാസം. ഇന്ദ്രപ്രസ്ഥത്തിലെ അർജ്ജുനൻ തന്നെയാണോ ഈ കാണുന്ന ബൃഹന്നള എന്നു് ഹസ്തിനപുരിയിൽ അടക്കിപ്പിടിച്ചു അഭ്യൂഹം പ്രചരിക്കുന്ന കാലം.
“പെൺവേഷം കെട്ടിയ നൃത്താധ്യാപികയാണു ഞാനെന്ന കീചക ആക്ഷേപം! അതു് തന്നെയാണു് പ്രകോപനം. പൂർവ്വാശ്രമത്തിൽ ആണുടലായിരുന്നു എന്നു് ലിംഗനീതിസംവാദത്തിൽ സമ്മതിച്ചാൽ പോലും, മൂന്നാംലിംഗപദവിക്കു് അംഗീകാരവും സാമൂഹ്യമേന്മയും വേണമെന്നു് ഞാൻ വാശി പിടിക്കില്ലേ? അതെങ്ങനെ കൊട്ടാരത്തിന്നെതിരെ കലാപമുയർത്താനുള്ള ഗൂഡാലോചനയാവും? പൂർവ്വാശ്രമത്തിൽ വാളും പരിചയും ഞാൻ പിടിച്ചിരുന്നു എന്നു് കരുതി, ഈ കൈകൾക്കു, മാറിയ ലിംഗസാഹചര്യത്തിൽ, രാജകുമാരിയെ തൊട്ടും തലോടിയും പഠിപ്പിക്കാൻ അവകാശമില്ലേ? വ്യത്യസ്തതൊഴിലുകളിൽ ഞാൻ നൈപുണ്യം തേടുന് തിൽ ആർക്കെന്തിനാണിത്ര അസഹ്യത? നാളെ ഗോസമ്പത്തു മോഷ്ടിക്കാൻ ഏതെങ്കിലും ശത്രുസൈന്യം, വിരാടക്കുനേരെ മിന്നലാക്രമണം നടത്തി എന്നു് സങ്കൽപ്പിക്കൂ, ഉത്തരരാജകുമാരിയെ സുകുമാരകലകൾ പഠിപ്പിക്കുന്ന ഞാൻ, വേണ്ടിവന്നാൽ, അസ്ത്രം എടുക്കില്ലെന്നാർക്കു പറയാനാവും?” ആരോരുമറിയില്ലെന്ന നാട്യത്തിൽ പാണ്ഡവർ, വിരാടയിലെത്തും മുമ്പു്, വനവാസത്തിൽ, അയൽപ്പക്കമായിരുന്ന സന്യസ്ഥാശ്രമ അന്തേവാസി, വിശ്വസ്ത കൗരവ ചാരൻ, മാറിനിന്നു ചുവർചാരി മുഖം മറച്ചു, അഭിമുഖം കേൾക്കുന്നതു കൊട്ടാരം ലേഖിക കണ്ടില്ലെന്നു നടിച്ചു.
“കൊട്ടാര നിലവറയിലെ രഹസ്യനിധി കണ്ടെടുത്തു, നവരത്നങ്ങളും സ്വർണാഭരണങ്ങളും എണ്ണിത്തിട്ടപ്പെടുത്തി, ഭരണകൂടഖജനാവിൽ സുതാര്യമായി വരവുവച്ചുവോ? ഹസ്തിനപുരിയിലെ, വിവാഹപ്രായമായ പെൺമക്കളുള്ള ഓരോ ദരിദ്രകുടുംബത്തിനും പത്തുപവൻ പാരിതോഷികമായി പാഞ്ചാലി കൊടുക്കുമെന്ന ഉറപ്പിൽ തിമിർപ്പിലാണു് ജനം!” കൊട്ടാരം ലേഖിക നവ പാണ്ഡവ ഭരണകൂടത്തിലെ ഔദ്യോഗിക വക്താവിനോടു് ചോദിച്ചു.
“കൗരവരാജവിധവകളുടെയും പുത്രവിധവകളുടെയും ആയുഷ്കാല സമ്പാദ്യമായിരുന്നു, വിവാഹത്തിൽ അവർക്കു രക്ഷിതാക്കൾ സമ്മാനിച്ച നവരത്നങ്ങൾ. നിലവറയിൽ ദുര്യോധനൻ എല്ലാം സുരക്ഷിതമായി ഒളിപ്പിച്ചു എന്ന ചാരവിവരത്തിൽ ഞങ്ങൾ ശ്രദ്ധാപൂർവ്വം പദ്ധതി തയ്യാറാക്കി, പാടുപെട്ടു് തുറന്നുനോക്കി. ഞെട്ടിപ്പോയി. കരിങ്കൽച്ചുവരുകൾക്കകത്തെ നിലവറ ശൂന്യം. എല്ലാം ദുര്യോധനവിധവയുടെ പിത്രുരാജ്യത്തിലേക്കു ദുര്യോധനൻ യുദ്ധത്തിനു് കുറച്ചുനാൾ മുമ്പുതന്നെ മാറ്റി എന്നറിഞ്ഞപ്പോൾ ഞങ്ങളുടെ ശ്വാസഗതി നിന്നു. ഹസ്തിനപുരിയിലെ ആലംബഹീനർക്കു മംഗല്യ സ്വർണ്ണം കൊടുക്കാമെന്ന യുധിഷ്ഠിരന്റെ ഉറപ്പിനേക്കാൾ ഞങ്ങളെ കുഴക്കുന്നതു്—ആർക്കു വേണ്ടിയാണപ്പോൾ ദുര്യോധന വിധവ പുനരധിവാസകേന്ദ്രത്തിലെ ദുരിതസാഹചര്യത്തിൽ കഷ്ടപ്പെട്ടു് കഴിയുന്നതു്! നിങ്ങൾക്കറിയാമോ? എങ്കിൽ, നവരത്നശേഖരം, കുറുക്കുവഴി തേടി തിരിച്ചുപിടിക്കുന്നതിൽ, ഊജ്ജിത അന്വേഷണം ഒരുകാൽ ഞങ്ങൾ മുന്നോട്ടെടുക്കാം.”
“യുധിഷ്ഠിരന്റെ മാനസികാരോഗ്യം ആശങ്കാജനകമെന്നു കേട്ടല്ലോ?”, കൊട്ടാരം ലേഖിക പഴയ സഹപ്രവർത്തകനായ യുദ്ധകാര്യ ലേഖകനോടു് ചോദിച്ചു. പാണ്ഡവഭരണത്തിന്റെ സംഘർഷ ദിനങ്ങൾ.
“ആദ്യദിവസംതന്നെ കുരുക്ഷേത്രയിൽ നിങ്ങൾ കർണ്ണനോടു് മത്സരിച്ചു മരിച്ചില്ലേ? എന്നു് വിദുരരോടു് യുധിഷ്ഠിരൻ ചോദിച്ചതിലെ പൊരുത്തക്കേടു് കേട്ടുനിന്നവർ അപ്പോൾ പെരുപ്പിച്ചില്ല. പോർക്കള നർമ്മമായി കുറേപേർ ആസ്വദിച്ചു. കുന്തിയെ കണ്ടപ്പോൾ, ‘രാജവനിതകൾ കണ്ണുകെട്ടണം എന്ന ഗാന്ധാരിയുടെ പെരുമാറ്റച്ചട്ടം നിങ്ങൾ അനുസരിക്കില്ല അല്ലേ?’ എന്നു് ചോദിച്ചപ്പോഴും പന്തികേടു് മാത്രമേ തോന്നിയുള്ളൂ. കോട്ടക്കകത്തെ രാജധാനിയിൽ നിന്നു് അർധരാത്രി കുടിയൊഴിപ്പിക്കപ്പെട്ട കൗരവരാജ വിധവകൾ അന്തസ്സായിവേണം പുനരധിവാസം എന്നാവശ്യപ്പെട്ടു നിവേദനവുമായി യുധിഷ്ഠിരന്നരികെ വന്നപ്പോൾ, ‘കൊട്ടാരത്തിൽ അനുബന്ധഅന്തഃപുരങ്ങൾ നിർമ്മിച്ചു് നിങ്ങൾക്കു ഞാൻ രാജോചിതസാന്നിധ്യമുറപ്പിക്കാം. രാജവിധവകളെ വഴിയാധാരമാക്കാതെ ഇടനെഞ്ചിൽ ചേർത്തു് നിർത്തും’ എന്നു് കവിൾതലോടി ആവർത്തിച്ചു പറഞ്ഞപ്പോൾ, ദുര്യോധനവിധവ ധൃതരാഷ്ട്രർക്കു് പരാതി കൊടുത്തു, ആവുന്ന പോലെ അർദ്ധ സത്യം പറഞ്ഞു, ലവലേശം പോറലേൽക്കാതെ, യുദ്ധ ജേതാക്കളായി, ഹസ്തിനപുരിയുടെ സാരഥ്യം ഏറ്റെടുത്തു, പുരോഗമന ഭരണപരിഷ്കാരങ്ങൾക്കു് തുടക്കം കുറിച്ച മഹാരാജാവു് യുധിഷ്ഠിരൻ, കൂടുതൽ മാനസികാരോഗ്യനിരീക്ഷണത്തിനിപ്പോൾ വിധേയനാണു്” യുദ്ധം കഴിഞ്ഞതോടെ തൊഴിൽ നഷ്ടപ്പെട്ട യുദ്ധകാര്യലേഖകൻ പാഞ്ചാലിയുടെ ഊട്ടുപുരയിൽ പാചകവിഭാഗം മേധാവിയായി ചുമതലയേറ്റ ദിനം.
“ദ്രൗപദിയുടെ ബഹുഭർത്തൃത്വത്തിൽ നിങ്ങൾ തുടർച്ചയായി ചെയ്യുന്ന അന്യായ ഇടപെടലുകളിലൂടെ യഥാർത്ഥസ്ത്രീപീഡകർ എന്ന കുപ്രസിദ്ധി സഹിക്കവയ്യാതെ, ‘പീഡിതപാണ്ഡവർ’ നിന്നെ തൂക്കി ദൂരെഎറിഞ്ഞ വേദനിക്കുന്ന ഓർമ്മയുണ്ടോ,”
“മാധ്യമപ്രവർത്തകർ നേരിടുന്ന തൊഴിൽഭീഷണി എന്ന എന്റെ ലേഖനത്തിൽ ചേർക്കാൻ?”, യുദ്ധകാര്യലേഖകൻ കൊട്ടാരം ലേഖികയോടു് ചോദിച്ചു. വനവാസക്കാലത്തിൽ കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ ‘ഹസ്തിനപുരി പത്രിക’യുടെ ചുവരെഴുത്തുപതിപ്പുകളിൽ തുടരെ പ്രത്യക്ഷപ്പെടുന്ന കാലം.
“ഊട്ടുപുര പാചകത്തിനായി ദേഹാധ്വാനം അശേഷം വേണ്ടാത്ത സമൃദ്ധ രുചിഭക്ഷണമാണു് പന്ത്രണ്ടു കൊല്ലകാലമായി അക്ഷയപാത്രം നിങ്ങളെ സൗജന്യമായി തീറ്റിക്കുന്നതു് എന്ന കൗരവ പ്രചരണം ലജ്ജാകരമായി തോന്നാറുണ്ടോ എന്നു് ഞാൻ ഭീമനോടു് താഴ്‌വരയിൽ ഒരുമിച്ചു നടക്കുമ്പോൾ ചോദിച്ച നേരിയ ഓർമയുണ്ടു്. നിന്നനിൽപ്പിൽ ഞാൻ അടിതെറ്റുകയൊ അടി ഏൽക്കുകയോ തെറിച്ചുവീഴുകയോ ചെയ്ത ഓർമ്മയുണ്ടു്. കണ്ണു് തുറന്നപ്പോൾ, അതാ പാഞ്ചാലി എന്നെ നീർച്ചാലിൽനിന്നും കഷ്ടപ്പെട്ടു് ഉടലോടെ പൊക്കുകയാണു്!”
“മഹാറാണി പാഞ്ചാലി രാജസഭയിൽ പ്രവേശിക്കുമ്പോൾ, പാണ്ഡവരും സഭാംഗങ്ങളും ക്ഷണിതാക്കളും ഉൾപ്പെടെ എല്ലാവരും ആദരപൂർവ്വം എഴുനേറ്റുനിൽക്കണം എന്ന യുധിഷ്ഠിര ഉത്തരവു് കുതിരപ്പന്തികളിൽ സംവാദമായല്ലോ!” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു, യുദ്ധാനന്തര പാണ്ഡവഭരണം തുടങ്ങിയ അശാന്ത നാളുകൾ.
“നിലവിൽ എന്റെ ബഹുഭർതൃത്വത്തിലെ പങ്കാളികളെന്നുവച്ചു ഭരണകൂടം കയ്യാളുന്ന പാണ്ഡവർക്കുമാത്രം ഇളവുനൽകിയാൽ ‘ഹസ്തിനപുരി പത്രിക’യിൽ നാളെ കാണുക ‘മഹാറാണിയുടെ സ്വജനപക്ഷപാതം’ എന്ന മുഖപ്രസംഗമാവില്ലേ.”
“രക്തസാക്ഷിദുര്യോധനനു ദേശരത്നപുരസ്കാരം മരണാനന്തര ബഹുമതിയായി യുധിഷ്ഠിരൻ സമർപ്പിക്കുന്ന പ്രൗഢ ഗംഭീരമായ കൊട്ടാരചടങ്ങിൽ, തൊട്ടടുത്തിരുന്ന ഭീമന്റെ ചെവിയിൽ നിങ്ങളെന്തോ മന്ത്രിക്കുന്നതു് കണ്ടല്ലോ. കുരുക്ഷേത്രയുടെ അവസാന ദിനം ചതിയിലൂടെ ഭർത്താവിനെ കൊലപ്പെടുത്തിയ ഘാതകനോടെന്തായിരുന്നു ഇത്രവലിയൊരു അരോചക വിനിമയം?”, ചടങ്ങുകഴിഞ്ഞു എല്ലാവരും മട്ടുപ്പാവിൽനിന്നിറങ്ങുമ്പോൾ കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു് ചോദിച്ചു.
“നിന്റെ കർമ്മഫലം നിന്നെ തേടി വരുന്നുണ്ടു്” എന്നു് മിതമായൊരോർമ്മപ്പെടുത്തൽ.
“പ്രകോപിതനായി കഴുത്തുഞെരിക്കേണ്ടതു് അവിശ്വസ്തഭാര്യയെ അല്ലേ? പകരം, വിരാടസേനാപതി കീചകനെ വകവരുത്തിയതോടെ, തേനീച്ചക്കൂടുകൾ ഇളകിയല്ലോ!”, കൊട്ടാരം ലേഖിക ചോദിച്ചു. വിരാട ഊട്ടുപുരയിൽ പാചകവകുപ്പു മേധാവിയായ രണ്ടാം പാണ്ഡവൻ പകച്ച നോട്ടത്തോടെ ചുറ്റും നോക്കുന്ന ദിനം. കീചകചിതയിൽ കാമുകിപാഞ്ചാലിയെ വിട്ടുതരണമെന്ന ആവശ്യവുമായി കീചകബന്ധുക്കൾ അരമനമുറ്റത്തു പ്രക്ഷോഭം തുടങ്ങിയിരുന്നു.
“പ്രിയ പാഞ്ചാലിയുടെ ബഹുഭർതൃത്വ ദാമ്പത്യത്തിൽ അഞ്ചിൽ ഒരംഗമെന്ന നിലയിൽ എനിക്കതു അസാധ്യമായിരിക്കും. ഉള്ളിൽ തിളയ്ക്കുന്ന രോഷം ഉണ്ടു്, പക്ഷേ, പ്രിയപ്പെട്ടവളുടെ വിവാഹ ബാഹ്യബന്ധങ്ങൾ പൊറുക്കാൻ തയ്യാറുള്ളൊരു ലോലഹൃദയനായ കാമുകനുമാണുഞാൻ. കീചകവധത്തിനു വിഴുപ്പുണ്ടാക്കാൻ ആവുമെന്നെനിക്കു പ്രകൃതിശക്തികൾ മുന്നറിയിപ്പു് തന്നിരുന്നു. വായുദേവതയാണല്ലോ പിതാവു്! യുവ കീചകന്റെ വെപ്പാട്ടിയായി ദ്രൗപദിക്കു് തുടരേണ്ടിവരുമോ എന്ന ഭീതിയുള്ളിൽ നിറഞ്ഞപ്പോൾ പരപുരുഷകഴുത്തിനായി കൈകൾ തരിച്ചു. പക്ഷേ, ഞാൻ സത്യസന്ധൻ—പരേതന്റെ കഴുത്തിലും വിരലുകളിലും അരക്കെട്ടിലും ഉണ്ടായിരുന്ന നവരത്നങ്ങൾ ചേർത്ത സ്വർണ ഉരുപ്പടികൾ ഒന്നുപോലും എടുത്തില്ല. അതുകൊണ്ടെന്തു നേട്ടം അല്ലേ? കൊട്ടാരത്തിൽ തന്നെ ജഡത്തിൽനിന്നും ആരോ അതൊക്കെ മോഷ്ടിച്ചതിന്റെ കുറ്റഭാരവും എന്റെ ചുമലിൽ. ദൈവമേ നീണ്ടകാല താൽപ്പര്യങ്ങൾക്കു് വിരുദ്ധമായ പ്രവൃത്തി എന്തിനു് ഞാൻ അജ്ഞാതവാസത്തിലും ഞാൻ തുടരുന്നു!”
“ബലിദാനിദുര്യോധനന്റെ കൊച്ചുമകൾ, അല്ലെ? രക്ഷിക്കൂ എന്നുച്ചത്തിൽ നിലവിളിക്കുന്ന വളർത്തുമൃഗത്തെ വെട്ടി, മാംസം വരട്ടി വിരുന്നുകാർക്കു് വാരിക്കോരി വിളമ്പി എന്നു് ഭീമൻ നിങ്ങൾക്കെതിരെ സാക്ഷിമൊഴിയുടെ ബലത്തിൽ ഗുരുതര ആരോപണവുമായി നീതിപീഠത്തിൽ കയറുന്നതു കണ്ടല്ലോ?” കൊട്ടാരം ലേഖിക ആശങ്കയോടെ ചോദിച്ചു. പാണ്ഡവ ഭരണകാലം.
“എന്റെ പിതാമഹനെ അധാർമ്മികമായി തുടയിലടിച്ചു ഒരിറ്റു വെള്ളം കുടിക്കാൻ കൂട്ടുപ്രതികളിൽ ആരെയും സമ്മതിക്കാതെ കൊലവിളിച്ച പാപിപാണ്ഡവൻ എന്നു് ഗുരുകുലത്തിൽ പഠിച്ചതൊഴികെ, ആളെ എനിക്കു് കണ്ടു പരിചയമില്ല എങ്കിലും ആരോപണം അവൻ കെട്ടിച്ചമച്ചതാണെന്ന ആഖ്യാനനിർമ്മിതിക്കൊന്നും ഞാൻ ഇല്ല. കാരണം, വളർത്തുമൃഗത്തെ കശാപ്പുചെയ്യരുതു് എന്നൊരു അലിഖിതനിയമം സത്യവതിയുടെ കാലം മുതൽ ഇവിടെയുണ്ടു്. എന്നാൽ ശരിക്കും സംഭവിച്ചതു് എന്തായിരുന്നു! വിവാഹാലോചനയുമായി എന്നെ കാണാൻ നാലഞ്ചുപേർ അമ്മയുടെ നാടായ കലിംഗയിൽ നിന്നും വന്നിരുന്നു. തൊഴുത്തിൽ മാംസക്കൊഴുപ്പുള്ള ഒന്നുരണ്ടു നാൽക്കാലികളെ കണ്ടപ്പോൾ അവരുടെ കൗതുകം നോട്ടം ശ്രദ്ധിച്ച പിതൃമാതാവു് (ദുര്യോധന വിധവ എന്ന പരിചിത വ്യക്തിത്വം) വിരുന്നുകാരോടു് പറഞ്ഞു ഇവൾക്കു് രുചികരമായി മാംസപാചകം ചെയ്യാനുള്ള സിദ്ധിയുണ്ടു് നമുക്കൊന്നു് പരീക്ഷിച്ചാലോ? ഞങ്ങളുടെ വർത്തമാനം കേട്ട നാൽക്കാലി അപ്പോൾ പ്രോത്സാഹിപ്പിച്ചു, കുഞ്ഞേ നിന്റെ വിവാഹത്തിനായുള്ള ഈ സന്ദർശനം വെറുതെയാവാതിരിക്കട്ടെ, എന്നെ കഴുത്തുവെട്ടി കശാപ്പിറച്ചി വിരുന്നുകാർക്കു് രുചിവിഭവമാക്കൂ. അയ്യോ ഞാൻ എതിർത്തപ്പോൾ, വളർത്തു മൃഗം പ്രോത്സാഹിപ്പിച്ചു, കറവ വറ്റി ഉപയോഗരഹിതമായ എന്നെ നന്ദിയില്ലാത്ത നീ കഴുത്തുവെട്ടി എന്നൊരാരോപണം ഞാൻ കാലനുമുമ്പിൽ അവതരിപ്പിക്കില്ല, ഞാൻ സ്വയം കഴുത്തുനീട്ടിയതാണു്. എന്റെ ജന്മം അതിന്റെ ജീവിതപരിസമാപ്തിയിൽ എത്തി, ഇനി മാംസഭോജിയായ വേട്ടമൃഗത്തിന്റെ സാധുഇരയാവുന്നതിനേക്കാൾ ഭേദം, നീ എന്റെ ജീവനെടുക്കൂ! വിരുന്നു മാംസത്തിനായി എന്നെ വധിക്കുകയല്ല ഞാൻ ആത്മഹത്യക്കു നിങ്ങളുടെ കാരുണ്യ സേവനം ആവശ്യപ്പെടുകയാണു്. ഇത്രയും നീതിപൂർവ്വമായ ഇഷ്ടമാംസനിർമ്മിതിയെ, സസ്യാഹാരിയായ ഭീമൻ നിയമവിരുദ്ധമായി കണ്ടു എന്നതിലാണെന്റെ വൈമനസ്യം!”
“അന്ത്യയാത്രാമൊഴി ചൊല്ലിയാണോ ദുര്യോധനൻ കുരുക്ഷേത്രയിലേക്കു പണിയായുധങ്ങളുമായി പടിയിറങ്ങിയതു്?”, കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തര സംഘർഷദിനങ്ങൾ.
“എനിക്കെന്തെങ്കിലും സംഭവിച്ചാൽ ദുര്യോധനവിധവ കൗരവ വിധവ കുരുക്ഷേത്രവിധവ എന്നിങ്ങനെ അധിക്ഷേപകരമായി ദാമ്പത്യാവസ്ഥ അടയാളപ്പെടുത്താൻ ആരെയും, പ്രത്യേകിച്ചു് പത്രപ്രവർത്തകരെ, അനുവദിക്കരുതെന്നവൻ ഓർമ്മിപ്പിച്ചു. മരണം കെട്ടുകഥയല്ലെന്നും, വാളോങ്ങുന്നവനു് വാളാൽ തിരിച്ചടി പ്രതീക്ഷിക്കാമെന്നും വിദൂരതയിലേക്കു് കണ്ണുംനട്ടു് പ്രവചിച്ചു. മരണം ഉറക്കത്തിൽ സംഭവിച്ചാലും, കരളിൽ ശത്രു കത്തിയിറക്കിയാണെങ്കിലും, വിശാലമായ പരിപ്രേക്ഷ്യത്തിൽ വേണം പരിഗണിക്കാൻ എന്നവൻ ആശ്വസിപ്പിച്ചു. ഞങ്ങളെ ഭൂമുഖത്തുനിന്നു നിഷ്കാസിതരാക്കി പാണ്ഡവർ ആണു് അധികാരത്തിൽ വരുന്നതെങ്കിൽ, അന്തഃപുരത്തിൽ അജ്ഞാതവാസക്കാല സൈരന്ധ്രിയെപോലെ നുഴഞ്ഞുകയറി അധിനിവേശക്കാരുടെ സ്വാസ്ഥ്യം നശിപ്പിക്കണമെന്നും, ചിതയിൽ ചാടി പാണ്ഡവ അഹന്തക്കു് വഴിപ്പെടരുതെന്നുമവൻ തന്ത്രം പറഞ്ഞുതന്നു.” കുരുക്ഷേത്രബലിദാനി പട്ടികയിൽ, ഒന്നിൽ കൂടുതൽ കൗരവരെ ഉൾപ്പെടുത്തിയാൽ അതു് ഹസ്തിനപുരിയുടെ സ്വാതന്ത്ര്യസമര പോരാളിയായ ദുര്യോധനനെ വിലകുറച്ചുകാണാനുള്ള പാണ്ഡവരുടെ കുടിലശ്രമമായി കാണുമോ എന്ന കൊട്ടാരം ലേഖികയുടെ ചോദ്യത്തിനു് നേരെ ചൊവ്വേ ഉത്തരം നൽകിയശേഷം, അനുബന്ധമായി ഉദ്യാനത്തിൽ നടന്നു ഹൃദയം തുറക്കുയായിരുന്നു, നിരാലംബയായ ദുര്യോധവിധവ.
“പാണ്ഡവ പാളയത്തിൽ, അശ്വത്ഥാമാവിന്റെ പാതിരാ മിന്നലാക്രമണത്തിലൂടെ, പാഞ്ചാലിയുടെ അഞ്ചു മക്കൾക്കു് പുറമെ പഞ്ചപാണ്ഡവരും പൂർണ്ണമായി കൊല്ലപ്പെട്ടിരുന്നെങ്കിൽ, ഹസ്തിനപുരി ഭരണക്രമത്തിൽ എന്തുസംഭവിക്കുമെന്നായിരുന്നു മടക്കയാത്രയിൽ വിഭാവന ചെയ്തതു്?”, കൊട്ടാരം ലേഖിക കൃപാചാര്യനോടു് ചോദിച്ചു. കൗരവപക്ഷത്തു പാണ്ഡവർക്കെതിരെ കുരുക്ഷേത്രയിൽ പോരാടിയ കൃപർ ആയിരുന്നു അശ്വത്ഥാമാവിന്റെ മാതൃസഹോദരൻ.
“കുരുക്ഷേത്ര അതിജീവിച്ച ഞാൻ പിന്നെ കൊട്ടാര പൗരോഹിത്യത്തിൽനിന്നും രാജകീയപട്ടാഭിഷേകത്തിലേക്കു വഴിമാറണമല്ലോ. ക്ഷദ്രിയേതര ജനവിഭാഗങ്ങളും അധികാരത്തിന്റെ തിരുവസ്ത്രങ്ങൾക്കു അർഹതപ്പെട്ടവർ എന്നു് എന്റെ ഭരണത്തിലൂടെ ഭാവിയിൽ തെളിയിക്കപ്പെടുമ്പോൾ, ഒരു പണത്തൂക്കം പോലും ജാതിപരിഗണനയില്ലാത്തൊരു ജനാധിപത്യ നവ ഭരണക്രമത്തിനു വഴി തെളിയിക്കുമായിരുന്നില്ലേ? ഒന്നും മനസ്സിൽ വക്കരുതേ, ഞാൻ ഒന്നുറക്കെ ആത്മഗതം ചെയ്തു എന്നുകരുതിയാൽ മതി” മാറിയ ഭരണസാഹചര്യത്തിൽ കൃപർക്കു ആകെ വിഭജിച്ചുകിട്ടിയ നിയോഗം, യുധിഷ്ഠിര സ്ഥാനാരോഹണത്തിന്റെ ചിട്ടവട്ടങ്ങൾ പാലിക്കുക എന്നു് മാത്രമായി.
“എവിടെ പ്രിയ അംബാലികാ, എന്റെ ഭർത്തൃമാതാവു്!” എന്നു് എങ്ങലടിച്ചു, വേച്ചുവേച്ചു നടക്കുന്ന ആ വൃദ്ധ ആരാണു്? എന്താണവർക്കിവിടെ കാര്യം?, കുലീനമായ അന്തഃപുര നിശബ്ദതയ്ക്കു പെരുമ കേട്ട ഹസ്തിനപുരി കൊട്ടാരത്തിൽ രാജ്ഞിയുടെ ക്ഷണം സ്വീകരിച്ചുവന്ന തക്ഷശില വനിതാ അദ്ധ്യാപിക കൊട്ടാരം ലേഖികയോടു് ചോദിച്ചു.
“പാണ്ഡുവിന്റെ അമ്മയായിരുന്നു അംബാലികതമ്പുരാട്ടി. പാണ്ഡുവിധവ കുന്തിയാണിപ്പോൾ, മാനസികശൈഥില്യത്തിൽ ചിത്തഭ്രമക്കാരി. അവൾ ഹസ്തിനപുരി മഹാറാണി ആയിരുന്നു എന്നൊക്കെ നിങ്ങൾക്കറിയാം. ‘ആധുനിക ഹസ്തിനപുരിയുടെ ചരിത്രം ശന്തനുമുതൽ ധൃതരാഷ്ട്രർ വരെ’ എന്ന പുസ്തകം നിങ്ങൾ എഴുതിയിട്ടുണ്ടല്ലോ. അതിനു ചരിത്ര സാമഗ്രികൾ തേടി അക്കാലത്തുവന്ന നിങ്ങൾ, യുവകുന്തിയെ കണ്ടും മിണ്ടിയും തീർച്ചയായും കുടുംബ വിവരങ്ങൾ തേടിയിരിക്കാം. ചരിത്രപുസ്തകത്തിൽ പറയാനാവാത്ത പലതും ആ ധീര വനിതയുടെ ജീവിതത്തിൽ പിൽക്കാലത്തു സംഭവിച്ചു. മക്കൾ അഞ്ചുപേരും ബഹുഭർത്തൃത്വകരാറിലെ ഇരകൾ ആയതോടെ, കുന്തി, ഗാന്ധാരിയുടെ തോഴിയായി. മക്കൾ പിന്നീടു് വ്യാജയാഗം ചെയ്തു സ്വയം ഇന്ദ്രപ്രസ്ഥം ചക്രവർത്തിയായിപ്പോൾ, ‘തോഴി’യെ രാജമാതാവാക്കാൻ ഉത്സാഹവും നഷ്ടപ്പെട്ടു. ഇപ്പോൾ കുന്തി ഗാന്ധാരിയുടെ വിഴുപ്പലക്കും, പിന്നെ ഇങ്ങനെ പാണ്ഡുമാതാവായ അംബാലികയുടെ സുഖവിവരം അറിയാൻ അന്തഃപുരത്തിൽ ഓടിനടക്കും. അംബാലികയും ധൃതരാഷ്ട്ര മാതാവായ അംബികയുമൊക്കെ എന്നോ കാട്ടുതീയിൽ എരിഞ്ഞുതീർന്നു എന്നൊന്നും അംഗീകരിക്കാതെ അവൾ ഏങ്ങലടിക്കും, പിന്നെ ഒരുമൂലയിൽ ചുരുണ്ടുകൂടും, പറഞ്ഞതിനേക്കാൾ കൂടുതൽ രഹസ്യങ്ങൾ സൂക്ഷിക്കുന്ന കുന്തി, ഉദ്യാനത്തിൽ ചെന്നിരുന്നു നീർച്ചോലയിൽ നോക്കി സമയം കഴിക്കും”.
“കൊട്ടക്കണക്കിനു അഴുകിയ മീൻ കോട്ടവാതിലിനു മുമ്പിൽ?”, കിരീടാവകാശം ത്യാഗം ചെയ്തു ഭീഷ്മപദവി നേടിയ ദേവവ്രതൻ അരുതാത്തതെന്തോ കണ്ടപോലെ രോഷാകുലനായി.
“എന്തും ഞങ്ങൾ സഹിക്കും, വൃദ്ധരാജാവു് ശന്തനു സത്യവതിയെ ഭാര്യയാക്കുന്നതൊഴികെ. വലയെറിയുന്നതിനിടയിൽ വീണ സ്രാവായിരിക്കും എന്നു് കരുതി, നോക്കിയപ്പോൾ, പടുകിഴവൻ, സത്യവതിയുടെ കൈ പിടിക്കുന്നു. സമ്മതിക്കില്ല ഈ അനീതി. ശന്തനുമകൻ ദേവവ്രതൻ വേണം സത്യവതിയുടെ ഏക ഭർത്താവാകാൻ. അവൻ ഗംഗയുടെ പുത്രനെങ്കിൽ, സത്യവതിയുടെ അമ്മ യമുന. കുരുവംശം പുനർനാമകരണം ചെയ്തു സത്യവതിയെ ഔദ്യോഗിക കുടുംബനാഥയെന്നു പ്രഖ്യാപിക്കണം. സമ്മതിച്ചില്ലെങ്കിൽ എന്നോ? നാളെ മുതൽ കൊട്ടാരക്കെട്ടിനകത്തു വീഴും മീൻ ചെകിള!”
“പിതാമഹനുമായെന്താ പടലപ്പിണക്കം?”, യുദ്ധകാര്യ ലേഖകൻ കൊട്ടാരം ലേഖികയോടു് ചോദിച്ചു. യുദ്ധമേഘങ്ങൾ തടിച്ച ആകാശം.
“തക്ഷശിലഗുരുവിന്റെ അഭിമുഖം രാവിലെ തരപ്പെട്ടു. സ്വയം ഉണ്ടായ പ്രപഞ്ചത്തിനു സ്വയം അവസാനിക്കാനും കെൽപ്പുണ്ടെന്നൊരു ധീരനിരീക്ഷണം കേട്ടപ്പോൾ കോരിത്തരിപ്പുണ്ടായി. മനുഷ്യൻ അജയ്യൻ എന്നാണാദ്യവും അവസാനവും ഇടക്കിടക്കും പുള്ളിക്കാരൻ നിർവൃതികൊണ്ടതു്. വരാനിരിക്കുന്ന കുരുക്ഷേത്രയിൽ പ്രപഞ്ചം മിക്കവാറും അവസാനിക്കുമെന്നായിരുന്നു അതുവരെ എന്റെ പ്രവചനം. അതാ, അപ്പോഴുണ്ടു് പിതാമഹൻ ആകുലഭാവത്തോടെ ആരോരുമില്ലാതെ അരമനഉദ്യാനത്തിൽ! പടുകിഴവനെ പൂർണ്ണമായും അവഗണിക്കാൻ തോന്നിയില്ല. കുരുക്ഷേത്രയിൽ നിങ്ങൾ നിരായുധ നിരീക്ഷകൻ മാത്രമാവുമോ, അതോ സൈനികപദവി പ്രതീക്ഷിക്കുന്നുണ്ടോ എന്ന മുനവച്ച ചോദ്യവുമായി മുട്ടുകുത്തി ഞാൻ കൈമുത്തി. പഴയ പടക്കുതിര ക്രുദ്ധനായി, “സർവ്വസൈന്യാധിപ പദവിയുമായി ദുര്യോധനൻ നിർബന്ധിക്കുകയാണെങ്കിൽ, സ്വച്ഛന്ദമൃത്യു അറ്റ കൈയ്യിനു് സ്വയം ഞാൻ പ്രയോഗിക്കും. ഏറിയും കുറഞ്ഞും ആയിരത്തിയഞ്ഞൂറു കോടി കൊല്ലം മുമ്പുണ്ടായ മഹാസ്ഫോടനത്തിലാണു് പ്രപഞ്ചം തുടങ്ങിയതു്, വ്യാസൻ എന്നെ ഒന്നു് നിസ്സാരനാക്കാൻ ഒരിക്കൽ പറഞ്ഞതപ്പോൾ ഓർത്തു. ഇത്ര കുറച്ചുകാലമേ ആയുള്ളൂ എന്നപ്പോൾ, മാമുനിയുടെ കാലഗണനയെക്കുറിച്ചപ്പോൾ നേരിയ നിരാശയും തോന്നി. എണ്ണിയാലൊടുങ്ങാത്ത” എന്ന വിറപ്പിക്കുന്ന വാക്കുപയോഗിച്ചായിരുന്നു ഗംഗാസമതലത്തിലെ രാജസദസ്സുകൾ അതുവരെ ഞാൻ നിലക്കുനിർത്തിയതു്. മനുഷ്യജന്മത്തിനുകിട്ടുന്ന കാലയളവിൽ വേണ്ടേ കാലാതിവർത്തിയായെന്തെങ്കിലും നാം ചെയ്യാൻ. യുദ്ധരഹിത സമാധാനഭൂമിയാണെന്റെ പകൽക്കിനാവെങ്കിൽ, ചോരയൊഴുകുന്ന ബലിദാനമാണു് ദുര്യോധനൻ എന്നിൽനിന്നും പ്രതീക്ഷിക്കുന്നതു്. ആ വിധം നോക്കിയാൽ എന്റെ ഉൾത്തടം അസ്ഥിരതയിലാണിപ്പോൾ. അന്നന്നത്തെ അപ്പത്തിനായി ഓടിനടന്നു വാർത്തമെനയുന്ന മാധ്യമപ്രവർത്തകർക്കെന്തിനറിയണം, പ്രപഞ്ചദുരൂഹതയുടെ മാനുഷിക വിഹ്വലതകളെക്കുറിച്ചു, അല്ലേ?” ആ നെറികെട്ട ചോദ്യവുമായി. പിതാമഹൻ വായും കണ്ണും എനിക്കുനേരെ അടച്ചപ്പോൾ ഞാൻ വിചാരിച്ചു, ഇതുതന്നെയായല്ലേ ദ്രോണാചാര്യർ ഇന്നലെ, ഇതുപോലെ, ഇതേ ഇടത്തു, ഇതേ സമയത്തു, ഇതേ ചോദ്യത്തിനു് മറുപടിയായി ആകുലതയോടെ എന്നോടു് പറഞ്ഞ ആസന്നയുദ്ധഭീതികൾ!
“ധാർമ്മികരോഷത്തിന്റെ കിരാതമൂർത്തിയായിരുന്ന യുധിഷ്ഠിരൻ എപ്പോൾ മുതലാണു് ‘ഇഴഞ്ഞിഴഞ്ഞു’ പ്രഭാഷണം ചെയ്തു തുടങ്ങിയതു്?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. ബലിദാനി യുധിഷ്ഠിരനു് ദേശരത്ന പുരസ്കാരം മരണാന്തര ബഹുമതിയായി സമർപ്പിക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങു കൊട്ടാരം മട്ടുപ്പാവിൽ.
“ഓരോ വാക്കുച്ചരിച്ചശേഷവും, ചുണ്ടുകൾ കൂട്ടിമുട്ടിച്ചു്, അടുത്ത വാക്കിന്നിടം കൊടുക്കാൻ അൽപ്പം മാത്രം, ഒരു സംശയഭാവത്തോടെ ചുറ്റും നോക്കി പതുക്കെ തുറക്കുന്ന ഈ വാമൊഴി ശൈലി അജ്ഞാതവാസക്കാലത്തു വിരാടന്റെ സേവകനായിരുന്ന കാലത്താണു് യുധിഷ്ഠിരൻ പരീക്ഷിച്ചു നൈപുണ്യം നേടിയതു്. രാഷ്ട്രീയശരിക്കു് യോജിച്ച ഈ പുതുകാലപ്രഭാഷണരീതി, ഫലം ശ്രോതാക്കളിൽ അനുകൂലമെന്നു് നേരിട്ടു് കണ്ടപ്പോൾ, ഇനിയും തുടരാമെന്നു മഹാറാണി പാഞ്ചാലി അനുമതിനൽകി.”
“കൗരവ കുടുംബാധിപത്യത്തെ ഉന്മൂലനം ചെയ്താൽ, ജനാധിപത്യത്തെ ഹൃദയപൂർവ്വം വരവേൽക്കാനാവുമെന്നു കരുതിയ ഹസ്തിനപുരിയിലെ സാധാരണക്കാരെ അപഹസിച്ചു്, യുധിഷ്ഠിരന്റെ കിരീടധാരണം പൊടിപൊടിച്ചല്ലോ! രാജകീയഘോഷയാത്ര നടക്കവെ “ഇതെന്റെ രാജാവല്ല” എന്ന മുദ്രാവാക്യമുയർത്തിയവർ, അരമനയിൽനിന്നും കുടിയൊഴിപ്പിക്കപ്പെട്ട കൗരവവിധവകളായിരുന്നില്ല രാജവംശവുമായി പുലബന്ധമില്ലാത്ത അശരണർ! നൂറുകണക്കിനാളുകൾ നിന്നും നടന്നും വഴിയിൽ കിടന്നും, പാണ്ഡവ പട്ടാഭിഷേകത്തിന്നെതിരെ പ്രതിഷേധമുയർത്തി. കിരീടധാരണം നടന്ന ജ്വാലാമുഖീ അങ്കണത്തിലും പ്രതിഷേധക്കാർ തിരുവസ്ത്രധാരിയെ ചൂണ്ടിക്കാട്ടി, ‘അയാൾ വെറും സാധാരണമനുഷ്യൻ മാത്രം’ എന്നു് തുടങ്ങുന്ന നാടോടി ഗാനവും ആലപിച്ചു. ഹസ്തിനപുരിയിൽ ജനം ന്യായമായും പ്രതീക്ഷിച്ചതു വിപ്ലവ ഭരണകൂടമാണു്. എന്നാൽ, യുദ്ധത്തിൽ സാങ്കേതിക വിജയമുണ്ടായെന്നുവകാശപ്പെട്ടു് ചെങ്കോൽ പിടിച്ചുപറിച്ച, അശേഷം ജനപിന്തുണയില്ലാത്ത നവ പാണ്ഡവ രാജഭരണത്തിനെതിരെ ആധുനിക ആര്യാവർത്ത ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പ്രതിഷേധം, പുതുമന്നൻ യുധിഷ്ഠിരൻ എങ്ങനെ അമർച്ച ചെയ്യും! ഹസ്തിനപുരി പത്രികയുടെ പതിനഞ്ചോളം ചുവരെഴുത്തുപതിപ്പിൽ നാളെമുതൽ. ആദ്യഖണ്ഡിക വരിസംഖ്യ അടച്ചും നിങ്ങൾക്കു് വായിക്കാം.”
“മനോഭാവത്തിൽ മാത്രമല്ല, നിങ്ങളുമായി പ്രായത്തിലും കാര്യമായ വ്യത്യാസമുണ്ടെന്ന പ്രതീതി പാഞ്ചാലി ഒരംഗീകൃത വസ്തുത പോലെ വിശ്വാസയോഗ്യമായി ജനിപ്പിക്കുന്നല്ലോ ഓരോ അഭിമുഖം കഴിയുമ്പോഴും. യഥാർത്ഥത്തിൽ ഉള്ളതാണോ, അതോ അതിശയോക്തിയിൽ അധിഷ്ഠിതമാണോ നിങ്ങളുടെ, ഇനിയും കൃത്യമായി അടയാളപ്പെടുത്താത്ത പ്രായത്തെക്കുറിച്ചു പാഞ്ചാലിയുടെ പരിഭവങ്ങൾ?” കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. വനവാസക്കാലം.
“പതിവുപോലെ പൊലിപ്പിച്ചു പറയുകയാണോ, അതോ കവിടി നിരത്തി ഗണിച്ചു പറയുകയാണോ എന്ന അളവിലേക്കു ഞങ്ങളുടെ പ്രായത്തർക്കം എത്തുംമുമ്പവൾ, ഇത്തരം അന്തഃസാര ശൂന്യമായ വേറൊരു ആരോപണം എനിക്കുനേരെ എറിഞ്ഞു ഇളമുറ മാദ്രേയരുമായി മമതയോടെ കൂട്ടുകൂടും. സഹവർത്തിത്വ ബോധത്തിൽ മുന്നോട്ടെടുക്കേണ്ട പരിപാവന ബഹുഭർത്തൃത്വ ജീവിതത്തിൽ നിനക്കെങ്ങനെ നഗ്നമായ വിവേചനം കാണിക്കാനാവുന്നു എന്നൊരിക്കൽ ഞാൻ അവളോടു് രോഷത്തോടെ തട്ടിക്കയറി എന്നൊരാരോപണവുമായി അവൾ കയറിയിറങ്ങാത്ത പരിദേവനത്തിന്റെ പളുങ്കുപടവുകൾ ഇല്ല. ആദ്യ ഔദ്യോഗിക ഭാര്യയെ ഹസ്തിനപുരിയിലെ പൂക്കാരത്തെരുവിൽ നിർദ്ദയം ഉപേക്ഷിച്ച നിങ്ങളെ ഞാൻ എന്തുകണ്ടാണു് വിശ്വാസത്തിലെടുക്കേണ്ടതെന്നവൾ തിരിച്ചടിച്ചു. അപ്പോൾ എനിക്കു് മനസ്സിലായി, ഇളമുറ മാദ്രേയർ ഇരുവരും എനിക്കെതിരെ, ദാമ്പത്യത്തിന്റെ ഇരുൾമൂടിയ പശ്ചാത്തലത്തിൽ വിയർത്തു പണിയെടുക്കുന്ന മുറക്കു് പാഞ്ചാലി എന്റെ ആദ്യകാല വിവാഹരഹസ്യങ്ങളും വയസ്സും ഒന്നൊന്നായി വെളിപ്പെടുത്തുന്നു. അവളെ ഞാൻ തൊഴുതു മടങ്ങി!”
“ഇക്കാണുന്ന പാളയസമുച്ചയത്തിലെ ഊട്ടുപുര ഉറക്കറ ഉൾപ്പെടെ, അത്യാവശ്യ സേവനമേഖലകളിൽ, കൗരവയുദ്ധനായകൻ നിങ്ങളെപ്പോലുള്ള സൈനികർക്കായി ഒരുക്കിയ അടിസ്ഥാന ക്രമീകരണങ്ങൾ എങ്ങനെ? തൃപ്തികരമാണോ?”, കൊട്ടാരം ലേഖിക ചോദിച്ചു. ഗുരുതരമായി പരുക്കേറ്റവർക്കിടയിൽ കഴുകനും കുറുനരിയും അന്നം തേടി വട്ടം കറങ്ങിയ മദ്ധ്യാഹ്നം.
“തൊഴിലുടമദുര്യോധനൻ ആവുമ്പോൾ സൗകര്യങ്ങളുടെ വ്യാപ്തി ഞാൻ വിസ്തരിച്ചു വിശകലം ചെയ്തുകൂടല്ലോ. ഒക്കെ സഹിക്കാം, കരാറുപ്പിച്ച നിരക്കിൽ വേതനം അനുവദിച്ചു കിട്ടാൻ ഹസ്തിനപുരിയിലെ പുതുഭരണകൂടം എത്രകണ്ടു് ഉത്സാഹം കാണിക്കും! അപ്പോൾ, ഭാവിയെക്കുറിച്ചു ഒന്നും പറയാനാവാത്ത സ്ഥിതി വരും. പാണ്ഡവസഖ്യസൈനികരുടെ കഴുത്തു വെട്ടിയിടുമ്പോൾ മനസാക്ഷി ചോദിക്കും, “ഞെട്ടറ്റു വീഴുന്ന ഈ തലയുടെ തിരിച്ചുവരവു കൊച്ചുകുട്ടികൾ കാത്തിരിക്കുന്നുണ്ടാവില്ലേ?” എന്നാൽ ഭീഷണിയുണ്ടായിട്ടും വാളെടുക്കുവാൻ വന്ന ഞങ്ങൾക്കുമുണ്ടല്ലോ പൂവണിഞ്ഞിട്ടില്ലാത്ത അഭിലാഷങ്ങൾ. അവ കിടന്നുജീർണ്ണിക്കും മുമ്പു്, കുറുനരികൾ ഞങ്ങളെ നക്കിത്തുടക്കുമോ. ഞങ്ങൾ ഇപ്പോൾ നേരിടുന്ന പ്രശ്നം ഉച്ചഭക്ഷണം വയർനിറയെ എന്നല്ല, ഉഴവുമാടുകളുടെ ഇറച്ചിയാണോ, അതോ മുറിവേറ്റുവീണ സൈനികരുടെ ഇളമാംസമാണോ!”
“നിങ്ങൾക്കുണ്ടെന്നുപറയുന്ന ‘പൗരാവകാശം’ കൗരവർ ചൂതാട്ട ശിക്ഷയുടെ ഭാഗമായി മരവിപ്പിച്ചുട്ടുണ്ടോ എന്നതൊന്നുമല്ലല്ലോ, കൺമുമ്പിൽ നിങ്ങളുടെ നിഷ്ക്രിയത്വം ഞങ്ങൾ നേരിൽ കണ്ട കാര്യം? പരിശുദ്ധയും മോഹനാംഗിയുമായ ഭാര്യയെ നീചകൗരവൻ ഉടുതുണി വലിച്ചൂരി നാണംകെട്ട ആണുങ്ങൾക്കു് മുമ്പിൽ വിവസ്ത്രയാക്കുമ്പോൾ, പിന്നിൽ ചെന്നു് നിങ്ങളിലൊരാൾ ആഞ്ഞൊരു ചവിട്ടുവച്ചുകൊടുത്തു ലൈംഗികാതിക്രമിയുടെ നടുവൊടിക്കേണ്ടതായിരുന്നില്ലേ? ഏതു തരം ദാമ്പത്യധർമ്മമാണു് ഇനിയുള്ള കാലം നിങ്ങൾക്കവളോടു് പരിപാലിക്കാനാവുക?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു ചോദിച്ചു. വസ്ത്രാക്ഷേപപിറ്റെന്നു വൽക്കലം ധരിക്കുന്ന നേരം.
“ഭരണകൂടങ്ങൾ തമ്മിൽ രാജ്യാന്തര കരാറുകളും, നയതന്ത്ര നടപടിക്രമങ്ങളും ഏതു പ്രതിസന്ധിയിലും വസ്തുനിഷ്ഠമായി വച്ചുപുലർത്താൻ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലെത്തിയ മുൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തിയോടാണോ, നിങ്ങൾ, കേവലമൊരു ചുവരെഴുത്തു ലേഖിക, പെണ്ണവകാശസംരക്ഷണത്തെക്കുറിച്ചു പ്രബോധനം ചെയ്യുന്നതു്. വനവാസമെങ്കിൽ വനവാസം, പ്രക്രിയ ഒരുപക്ഷേ, നീണ്ടതാണെങ്കിലും കൗരവർ തന്ന കഠിനശിക്ഷാവിധിയുമായി ഞങ്ങൾ നിസ്സംശയം സഹകരിക്കും. ഇപ്പോഴും, ഇനിയും, എനിക്കു് ഉത്തരവാദിത്വം വേദവ്യാസൻ എഴുതിവരുന്ന അസ്സൽമഹാഭാരതത്തോടാണു്, അല്ലാതെ ‘ഹസ്തിനപുരി പത്രിക’യോടല്ല.”
“അരക്കില്ലത്തിൽനിന്നും അർധരാത്രി പ്രാണനും കൊണ്ടോടിയൊളിച്ച നിങ്ങൾ ആറംഗപാണ്ഡവ സംഘം, ഏകചക്ര ഗ്രാമത്തിൽ തലമൊട്ടയടിച്ചു പിച്ചതെണ്ടി നാൾ കഴിക്കുമ്പോൾ ആയിരുന്നല്ലോ, നടന്നുപോവാവുന്നത്ര ദൂരത്തിൽ ഒരുത്സവസദ്യ തരമാവുമെന്ന പ്രതീക്ഷയിൽ, പാഞ്ചാല കൊട്ടാരത്തിലേക്കു വച്ചടിച്ചതും, ദ്രൗപദിയുടെ സ്വയംവരമത്സരത്തിൽ പങ്കെടുത്തു ജയിക്കുന്നതും. എന്നാൽ, അംഗരാജാവിന്റെ തിരുവസ്ത്രവും കിരീടവുമായി, സൂര്യനെപ്പോലെ തിളങ്ങുന്ന കർണ്ണനോ, ദ്രൗപദി ഏകപക്ഷീയമായി കല്പിച്ചതു അസ്ത്രവിദ്യ മത്സരത്തിൽ ചേരാൻ വ്യക്തിഗത അയോഗ്യതയും! ഇതുമായി പരിഷ്കൃതസമൂഹം എങ്ങനെ പൊരുത്തപ്പെടും?” കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. നവവധുവുമൊത്തു പാണ്ഡവകുടുംബം നീണ്ട കാലത്തിനുശേഷം ഹസ്തിനപുരിയിലേക്കു യാത്ര ചെയ്യുന്ന ദിനങ്ങൾ.
“അതിലല്ലേ ‘പൊരുത്തം’ കണ്ണുതുറന്നു കാണേണ്ടതു്? വീരാളിയായിരിക്കാം കർണ്ണൻ, പക്ഷേ, അച്ഛനാരെന്നു ചോദിച്ചപ്പോൾ തേരോട്ടക്കാരൻ എന്നു് തൊഴിലിന്റെ മഹത്വം അഭിമാനത്തോടെ അറിയിക്കാൻ ആവാഞ്ഞ ദുരഭിമാനികർണ്ണൻ എവിടെ, വളർത്തിയതു, മാതൃത്വ അവകാശസംരക്ഷണത്തിനായി വിവാഹ ബാഹ്യരതി അവലംബിച്ച മുൻ ഹസ്തിനപുരി മഹാറാണിയെ ന്നടയാളപ്പെടുത്തിയ അർജ്ജുനൻ എവിടെ! അത്രയും ലളിതമായ സ്ത്രീവിഷയവുമായി പൊരുത്തപ്പെടാനാവാത്തതല്ലേ വിചിത്രം!”
“കളിച്ചുകളിച്ചു തോറ്റു എന്ന കൗരവനിരീക്ഷണത്തോടു എങ്ങനെ പ്രതികരിക്കും?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. “സ്ഥാവരജംഗമ സ്വത്തുക്കൾ പണയംവച്ചിട്ടൊന്നുമല്ല കളിച്ചതെന്ന വാദത്തിൽ കഴമ്പുണ്ടോ?”, ഇന്ദ്രപ്രസ്ഥത്തെ ഹസ്തിനപുരിയുടെ പ്രവിശ്യയായി ധൃതരാഷ്ട്രർ ഏറ്റെടുത്തതിനുശേഷം ഹസ്തിനപുരിയിൽ വിവാദം പുകയുന്ന ദിനങ്ങൾ.
“ഞങ്ങളുമൊത്തു ചൂതാടാൻ കൊതിച്ചിരിക്കാം, എന്നാൽ, പെരുമാറ്റച്ചട്ടം പാലിക്കേണ്ട ഇന്ദ്രപ്രസ്ഥം ചക്രവർത്തി എങ്ങനെ സാമന്ത കുരുവംശവുമായി ചൂതുകളിക്കും എന്നൊരു ക്രമപ്രശ്നം, വിവേകവചനത്തിന്റെ ആൾരൂപമായ വിദുരർ സഭയിൽ ഉന്നയിച്ചതിനു, കൗരവ പ്രതികരണം കിട്ടിയിരുന്നില്ല. നേരിയൊരു സംഘർഷം സന്ദർശകരായ ഞങ്ങൾക്കും ആതിഥേയരായ കൗരവർക്കും ഇടയിൽ നേരത്തേ കണ്ടിരുന്നു, നിഷേധിക്കുന്നില്ല. അത്താഴവിരുന്നു ആരംഭിക്കും മുമ്പു്, ദുര്യോധനനും കൂട്ടരും പഴച്ചാർ മാത്രം കുടിക്കുകയും, ഞങ്ങൾക്കാകട്ടെ ലഹരികൂടിയ മദ്യം വിളമ്പുകയും ചെയ്തപ്പോൾ, വിരുന്നു കുഴഞ്ഞുമറിഞ്ഞു. പാനീയങ്ങളുടെ തിരഞ്ഞെടുപ്പിൽ വന്ന അക്ഷന്തവ്യമായ വിവേചനം ഇന്ദ്രപ്രസ്ഥം ചക്രവർത്തി ലഘുവായി കാണുന്നില്ല എന്നു് പറഞ്ഞതോടെ, ദുര്യോധനൻ എഴുന്നേറ്റുനിന്നു നാടകീയമായി, കുരുവംശത്തിന്റെ സൽപ്പേരിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും കളങ്കം വരുത്താൻ ഒരുതരത്തിലുള്ള വിദേശ ഇടപെടലും ഉണ്ടാവരുതു് എന്നായിരുന്നു ഞെട്ടിപ്പിക്കുന്ന രീതിയിൽ പ്രഖ്യാപിച്ചതു്. രാജസൂയ യാഗം ചെയ്തു ആര്യാവർത്തത്തിൽ പരമാധികാരം സ്ഥാപിച്ച ഇന്ദ്രപ്രസ്ഥം എങ്ങനെ ഈ വിഘടന പ്രസ്താവനയെ വെല്ലുവിളിക്കാതെ മുന്നോട്ടുപോകും? അങ്ങനെ ഞാൻ തെറ്റുതിരുത്താൻ അവരോടു് ആവശ്യപ്പെട്ടു. തെരുവു നാടകമായി നേരത്തെ തയ്യാറാക്കിയ പോലെ തോന്നി. ബലം പ്രയോഗിച്ചു കൗരവർ നൂറുപേരും, ഞങ്ങൾ അഞ്ചു ആണുങ്ങളെ വസ്ത്രാക്ഷേപം ചെയ്തു ഹസ്തിനപുരിയുടെ നിയമവാഴ്ചയെ നോക്കുകുത്തിയാക്കി! പാഞ്ചാലി ആ സമയത്തു അന്തഃപുരത്തിൽ കുന്തിക്കൊപ്പം ആയിരുന്നതുകൊണ്ടാവാം രക്ഷപ്പെട്ടു. അഖണ്ഡതയും പരമാധികാരവും ഒരു സാമന്തരാജ്യത്തിനെ സംബന്ധിച്ചാണു് ദുര്യോധനൻ ഉപയോഗിക്കുന്നതെന്നും, സാമന്തന്മാർക്കു പരമാധികാര അവകാശങ്ങളുണ്ടെന്നു് വ്യാജമായി സ്ഥാപിക്കാനും കുരുവംശത്തിൽ വിഘടനവാദ പ്രവർത്തനങ്ങൾക്കു് പ്രോത്സാഹനം നൽകാനുമാണു് ദുര്യോധനന്റെ, നേരത്തെ തയ്യാറാക്കിയ, പ്രസ്താവനയെന്നും ബോധ്യപ്പെട്ടതുകൊണ്ടല്ലേ പിതാമഹൻ മുതൽ വിദുരർ വരെ തലതാഴ്ത്തി ലജ്ജിച്ചതു്? ഇതു് കേവലമൊരു കൗരവ പാണ്ഡവ കൂട്ടുകുടുംബ രാഷ്ട്രീയമായല്ല നിങ്ങൾ കാണേണ്ടതു്, ഇതു് രാഷ്ട്രമീമാംസയുടെ വ്യാഖ്യാനത്തിൽ വന്ന അപഭ്രമിഷം!” മറ്റുനാലുപാണ്ഡവർ യുധിഷ്ഠിരനെ നിന്ദയോടെ നോക്കി നോട്ടം വെട്ടിച്ചു.
“എന്താ കുട്ടീ മോങ്ങുന്നതു്?”, കൊട്ടാരം ലേഖിക ദുര്യോധനന്റെ മകളോടു് ചോദിച്ചു. യുദ്ധാനന്തര യുധിഷ്ഠിര ഭരണകൂടം.
“പോരാട്ടത്തിൽ ചതിച്ചുകൊന്നു അച്ഛനെ അവർ, ഞങ്ങൾ ഒന്നും പറഞ്ഞില്ല. അനുസ്മരണയോഗത്തിൽ ഭീമൻ ദുര്യോധനവധം അഭിനയിച്ചുരസിക്കുമ്പോൾ ഞങ്ങൾ കുട്ടികൾ വാവിട്ടു് നിലവിളിച്ചു. ഇന്നലെ പൊതുയോഗത്തിൽ പാഞ്ചാലി എന്റെ അമ്മയെ അവമതിക്കുന്നതു നിങ്ങൾ കേട്ടില്ലേ? കലിംഗദേശക്കാരിയായ അമ്മ പതിനെട്ടുവയസ്സിൽ ഹസ്തിനപുരിയിൽ ദുര്യോധനവധുവായി വന്നശേഷം, ഗംഗ യമുന കാർഷിക സംസ്കാരത്തെ മാതൃഭൂമിയായി അംഗീകരിച്ചതല്ലേ? തൊണ്ണൂറ്റി ഒമ്പതു കൗരവരാജ സ്ത്രീകളോടും അമ്മ, ഹസ്തിനപുരിയുടെ നാടൻഭാഷയിൽ ഇടപഴകി. വ്യക്തിഗത ത്യാഗം ചെയ്തു. രാഷ്ട്രത്തിന്റെ അഖണ്ഡത രക്ഷിക്കാനായി വിശുദ്ധയുദ്ധത്തിൽ ഭർത്താവു് കൊല്ലപ്പെട്ടു. രാജമന്ദിരത്തിൽ നിന്നു് ഞങ്ങളെ പുതുഭരണകൂടം പുകച്ചു പുറത്തു ചാടിച്ചു. അടിസ്ഥാനസൗകര്യമില്ലാത്ത പുനരധിവാസകേന്ദ്രത്തിൽ പൊറുക്കാൻ പ്രേരിപ്പിച്ചു. കുടിവെള്ളം ചോദിച്ചു കോട്ടക്കകത്തു ചെന്നപ്പോൾ വേട്ടപ്പട്ടികളെ വിട്ടു വിരട്ടി. ഇപ്പോൾ മഹാറാണി വേഷമിടുന്ന പാഞ്ചാലി പറയുന്നു, കുരുക്ഷേത്രയുദ്ധത്തിനു് മുമ്പു് തന്നെ ഭൂഗർഭഅറയിലെ കുരുവംശ രത്നശേഖരം കലിംഗ നാട്ടിലേക്കു് ദുര്യോധനൻ കടത്തി! ഇതാണോ ദുര്യോധനവിധവയെ കുറിച്ചു് ചുരുങ്ങിയ മാസങ്ങൾ മാത്രം ഈ നാട്ടിൽ താമസിച്ച പാഞ്ചാലി പറയേണ്ടതു്? ദുഃഖത്തിൽ പങ്കുചേരാതെ ഞങ്ങളുടെ ശത്രുക്കളെ പോലെ ആഹ്ലാദിക്കാൻ എങ്ങനെ മനസ്സു് വരുന്നു? എന്തെല്ലാം സൗജന്യങ്ങളും പാരിതോഷികങ്ങളും ഞങ്ങളുടെ സുവർണകാലത്തു അച്ഛൻ തന്നതാണു്! അതുമാത്രമേ ഞങ്ങൾ സുരക്ഷക്കായി അമ്മയുടെ നാട്ടിലേക്കു് കൊണ്ടുപോയിട്ടുള്ളു.”
“വിഭാവന ചെയ്തപോലെത്തന്നെ ആയിരുന്നുവോ പതിനെട്ടു നാൾ കുരുക്ഷേത്ര? അതോ, അതീതശക്തികളുടെ ഇടപെടലിൽ, നീ അറിയാതെ വന്നുചേർന്നുവോ, അടിയൊഴുക്കുകൾ?”, ഭീമ ഗദാ പ്രഹരത്തിൽ തുടയെല്ലുപൊട്ടിയ ദുര്യോധനന്റെ അരികെ യുധിഷ്ഠിരൻ ‘ദുഃഖം സ്പുരിക്കുന്ന’ ശബ്ദത്തിൽ ചോദിച്ചു. കഴുകനും കുറുനരിയും കുപ്രസിദ്ധ ഇരയെ കൗതുകത്തോടെ നിരീക്ഷിച്ചു.
“പാളയനിർമ്മിതിക്കു നേതൃത്വം കൊടുത്ത ഞാൻ രാത്രി ഏകനായിരുന്നപ്പോൾ, പനയോലയിൽ രേഖപ്പെടുത്തിയപോലെത്തന്നെ, കൃത്യമായി! പോരാട്ടത്തിന്റെ അവസാനമുഹൂർത്തത്തിലും, എന്നെ തളക്കാനാവാതെ പാണ്ഡവർ കുരുക്ഷേത്രക്കപ്പുറം ആശയറ്റലഞ്ഞുതിരിയുമ്പോൾ, ജലാശയത്തിൽ കണ്ടെത്തുമെന്നും, പിൻമുടിവലിച്ചു ചളിനിലത്തിലേക്കിഴച്ചു, പ്രതിരോധിക്കാൻ ആയുധം തരാതെ, അധാർമ്മികപ്രഹരത്തിലൂടെ വീഴ്ത്തുമെന്നും എഴുതിയതിനിപ്പോൾ പ്രവചനസ്വഭാവം കൈവന്നല്ലോ, അഭിവന്ദ്യ ധർമ്മപുത്രാ! മറ്റു നാലുപാണ്ഡവർ പരുക്കൻ വിജയാരവങ്ങളുമായി പാളയത്തിലേക്കു് കുതിക്കുമ്പോൾ നീ മാത്രം ‘ക്ഷേമാന്വേഷണം’ ചെയ്യുമെന്നും, സാന്ദർഭികമായി ഞാൻ രേഖപ്പെടുത്തി. എല്ലാം സൂക്ഷ്മതലത്തിൽ സാധ്യമാക്കിയതിനു വിശ്വപ്രകൃതിക്കു നമോവാകം. ഹസ്തിനപുരിയിലെത്തി അന്ധരാജാവിനെ അർദ്ധസത്യങ്ങൾ പറഞ്ഞു കീഴ്പ്പെടുത്തി ചെങ്കോൽ തട്ടിയെടുത്തു നിങ്ങൾ നാളെ അധികാരമേൽക്കുമ്പോൾ, അന്തഃപുരവസതികളിൽനിന്നും ഭീമൻ പ്രതികാരബുദ്ധിയോടെ കുടിയൊഴിപ്പിക്കുന്ന കൗരവരാജവിധവകൾക്കു്, പുനരധിവാസ കേന്ദ്രത്തിൽ നീ, പാഞ്ചാലിയും മറ്റു പാണ്ഡവരും അറിയാതെ, അവരാവശ്യപ്പെടുന്ന സഹായം ചെയ്യുമെങ്കിൽ, നീയിപ്പോൾ ചെവി കൂർപ്പിച്ചു ഈ പാതിരാ പദ്ധതി കേൾക്ക, ഇന്നു അശ്വത്ഥാമാവിന്റെ ആക്രമണത്തിൽ ചാവാതെ എങ്ങനെ നിങ്ങൾ ആറുപേർക്കു് നാളെ ഹസ്തിനപുരിയിൽ ജീവനോടെ എത്താം! ആ വഴി ഞാൻ പറഞ്ഞുതരാം! പാഞ്ചാലിയുടെ അഞ്ചുമക്കളെയും, പാഞ്ചാലൻ ധൃഷ്ടധ്യുമ്നൻ എന്നിവരെയും പാണ്ഡവ പാളയത്തിൽ കിടത്തിയുറക്കിയശേഷം, പാഞ്ചാലിയുമൊത്തു പാണ്ഡവർ അഞ്ചുപേരും, നിങ്ങൾക്കു് ബോധ്യമുള്ളൊരു രഹസ്യതാവളത്തിലേക്കു നേരത്തേ മാറിക്കിടക്കാൻ ഒരു പദ്ധതി.”
“തുടപൊട്ടി കുഴഞ്ഞുവീണു് കാലം ചെന്ന കൗരവപോരാളി, വടിയായി നീണ്ടുനിവർന്നു നിശ്ചേതനനായി കിടക്കുമ്പോഴും, സായുധരായി തന്നെ വേണോ, കൊലയാളി പാണ്ഡവർ ചുറ്റും കാവൽ നിൽക്കാൻ”, കൊട്ടാരം ലേഖിക ചോദിച്ചു. പാടുപെട്ടു് ദുര്യോധന ജഡം കുരുക്ഷേത്രക്കരികെ ചളിയിൽ നിന്നും ഉയർത്തി, വലിച്ചു പുറത്തെടുത്തു, കേശാദിപാദം നീർച്ചാലിൽ തേച്ചുകഴുകി വൃത്തിയാക്കി, സൈനികവസ്ത്രങ്ങൾ ധരിപ്പിച്ചു സുഗന്ധലേപനങ്ങൾ പുരട്ടി, ഹസ്തിനപുരി കൊട്ടാരത്തിന്റെ യമുനാതീര കല്ലറയിൽ, പ്രിയആയുധം ഗദയോടൊപ്പം, അടക്കം ചെയ്യും മുമ്പു്, പുതു ഭരണകൂടത്തിന്റെ പ്രായോക്താക്കൾ എന്ന നിലയിൽ, രാജകീയ യാത്രാമൊഴി നൽകുകയായിരുന്നു, വിവാദവംശബന്ധമുള്ള പാണ്ഡവർ. ഓരോ പാണ്ഡവനും അവനവന്റെ മുഖ്യആയുധം ഒരുകയ്യിൽ ആവുന്നത്ര ഉയർത്തിപ്പിടിച്ചായിരുന്നു, അടിമുടി ആചാരബദ്ധമായ അന്ത്യാഞ്ജലി.
“നശ്വരമായ ഉടലിനോടുമാത്രമല്ലല്ലോ, പരേത ദുര്യോധനന്റെ സ്വർഗീയ ആത്മാവിനോടല്ലേ ഞങ്ങൾ ഉപചാരപൂർവ്വം യാത്ര പറയുന്നതു്! എന്തിനു ഞങ്ങൾ പിന്നെ ആയുധം പ്രദർശിപ്പിക്കുന്നു? എള്ളും പൂവും കൈകാര്യം ചെയ്യേണ്ട ബലിയർപ്പണത്തിൽ അതുഞങ്ങൾ പുണ്യനദിയിൽ നാളെ ശരിക്കും ചെയ്യും, എന്നാൽ കുടുംബകല്ലറയിൽ വക്കാനുള്ള ഈ ഭൗതികശരീരത്തോടു അന്ത്യമൊഴി ചൊല്ലുമ്പോൾ, ജീവിതകാലം മുഴുവൻ കൊണ്ടുനടന്ന അവരവരുടെ ആയുധം വേണ്ടേ ഞങ്ങൾ പ്രദർശിപ്പിക്കാൻ! എഴുത്താണിയിൽ കവിഞ്ഞൊരു ദിവ്യായുധമില്ലെന്നറിയുന്ന നിങ്ങളെപോലുള്ള നിഷ്കളങ്ക പത്രപ്രവർത്തകർ എങ്ങനെ അറിയാനാണു്, അസ്ത്രം, കുന്തം, ഗദ തുടങ്ങിയ ശാശ്വതമൂല്യമുള്ള യുദ്ധഉരുപ്പടികൾ അർദ്ധസഹോദരരെ വധിക്കാൻ മാത്രമുള്ളതല്ല, പ്രൗഢ ഗംഭീരമായ അനുഷ്ടാനകർമ്മങ്ങളിൽ അർപ്പണബോധത്തോടെ അവതരിപ്പിക്കാൻ കൂടിയാണു്! യുദ്ധസാമഗ്രികൾ നിർമ്മിക്കുന്ന കലാകാരന്മാർക്കു ആദരസൂചകമായ ആയുധസമർപ്പണം കൂടിയാകുന്നു ഇതു്. ദിവ്യാസ്ത്രമെന്നഭിമാനിച്ചിരുന്നഗാണ്ടീവം കുലക്കാൻ അർജ്ജുനൻ അഭിമാനപൂർവ്വം ശ്രമിച്ചതും, വില്ലുമുറിഞ്ഞു നേർത്ത വിലാപ സ്വരത്തിൽ അപശബ്ദമുയർന്നതും അപ്പോൾ ആയിരുന്നു.”
“ഉടലാക്രമണത്തെ ചെറുത്തുനിൽക്കാറില്ലേ നിങ്ങൾ! അതോ ‘കുന്തിയുടെമോൻ’ ബലം പ്രയോഗിക്കുമോ?” കൈപ്പനുഭവങ്ങളെക്കുറിച്ചു നകുലനും സഹദേവനും മനം തുറക്കുമ്പോൾ അസ്വസ്ഥത. അരക്കില്ലത്തുനിന്നു പാതിരാവിൽ ഓടിരക്ഷപ്പെട്ടു് ഏക ചക്ര ഗ്രാമത്തിൽ അജ്ഞാതജീവിതം നയിക്കുന്ന അശാന്തകാലം.
“സാഹചര്യങ്ങൾ അനുകൂലമാവുന്നില്ലെന്നു കണ്ടാൽ, ഭീമൻ അനുതാപത്തിനു ശ്രമിക്കും. യാചനയുടെ സ്വരത്തിൽ ഏറ്റു പറയും, “എന്റെ രക്തത്തിൽ കാമനയുടെ അളവു് കൂടുതലാവുമ്പോൾ നിങ്ങൾ തുണക്കണം. മദപ്പാടുണ്ടായാൽ തീർന്നില്ലേ പാണ്ഡവ എന്ന വംശീയ മഹിമ!” “കുലീന പാണ്ഡവർ ഞങ്ങളാൽ നശിക്കാതെയിരിക്കട്ടെ” എന്നാശ്വസിപ്പിച്ചു കൊണ്ടു് ഞങ്ങളിലൊരാൾ അവനുവഴങ്ങും. ഒരാളെ ഇരയാക്കുമ്പോൾ തന്നെ, മറ്റേ മാദ്രേയനെ പിടിവിടാൻ സമ്മതിക്കാതെ പിടിച്ചിരുത്തും, അമ്മയില്ലാത്ത ഞങ്ങൾ രണ്ടുപേർ കുന്തിയെ മാതാവായി സങ്കൽപിപ്പിച്ചതു് ഇക്കാര്യത്തിൽ, കാമന തൃപ്തിപ്പെടുത്താനൊരു എളുപ്പവഴിയായി അവൻ കണ്ടു. അലഞ്ഞു നടക്കുന്ന കാലത്തു കാട്ടാളത്തിയുമായവനു് കാമം തോന്നിയപ്പോൾ, പ്രത്യക്ഷത്തിൽ അസ്വസ്ഥയായ കുന്തി അവനു പക്ഷേ, സമ്മതം മൂളി എന്നിട്ടവൾ ഞങ്ങളെ വിളിച്ചിരുത്തി മധുരം തന്നു ആശ്വസിപ്പിച്ചു, “അങ്ങനെയെങ്കിലും പിടിച്ചാൽ പിടി കിട്ടാത്ത ഭീമകാമന കൂലംകുത്തിയൊഴുകി നിങ്ങളെ ഭാവിയിൽ പീഡനത്തിൽനിന്നും അവൻ ഒഴിവാക്കട്ടെ.” ഒഴിവില്ലാതെ തുടർന്ന ഈ മാദ്രേയദുരന്തം കണ്ടിട്ടും, മുതിർന്ന കൗന്തേയൻ യുധിഷ്ഠിരൻ ഇടപെടാതിരിക്കും, അർജ്ജുനൻ പരിഹസിക്കാനോ പ്രതിരോധിക്കാനോ വരാതെ, അവനവൻ സ്വാർത്ഥത വ്യക്തിത്വത്തിന്റെ മുഖമുദ്രയാക്കും” കാട്ടുപന്നിയുടെ ആക്രമണത്തിൽ, അടിവയറ്റിൽ മുറിവേറ്റ ഭീമൻ കീറപ്പായിൽ തൊട്ടരികെ കിടന്നുമോങ്ങുന്നുണ്ടായിരുന്നു. കുന്തിയും രണ്ടു കൗന്തേയരും വീട്ടകവിഴുപ്പുമായി ഗ്രാമത്തിലെ ശുദ്ധജലസ്രോതസ്സു് തേടി വീട്ടിൽനിന്നും ഇറങ്ങിപ്പോയ നേരം.
“കുരുക്ഷേത്രവിധവകൾ അരമനക്കുമുമ്പിൽ പ്രതിഷേധപ്രകടനം ചെയ്യുന്നല്ലോ. പഞ്ചപാണ്ഡവരിൽ ഒരാൾ പോലും ചെവികൊടുത്തു കണ്ടില്ല എന്നാണവർ പരിഭവം പറഞ്ഞതു്. അതെന്താ അങ്ങനെ? മഹാരാജാവു് യുധിഷ്ഠിരൻ ഇന്നവർക്കു കൊടുത്ത ‘വാഗ്ദാനം’ രക്തസാക്ഷി ദുര്യോധനന്റെ ദീർഘകായലോഹപ്രതിമ കൗരവരുടെ അടുത്ത ആണ്ടുശ്രാദ്ധത്തിനു മുമ്പു് പൂർത്തിയാക്കുമെന്നും. മരിച്ചുപോയവരുടെ പ്രതിമ കണ്ടാൽ തീരുമോ, ജീവിച്ചിരിക്കുന്നവരുടെ വിശപ്പും ദാഹവും?”, കൊട്ടാരം ലേഖിക ചോദിച്ചു.
“നീണ്ടനീണ്ട വാക്യങ്ങളിൽ ഞങ്ങളെ നിങ്ങൾ പറഞ്ഞുഫലിപ്പിക്കേണ്ട കാര്യമില്ല. കൗരവരെപോലെ ഒരു വ്യർത്ഥജന്മം കൊണ്ടു് കൊഴിഞ്ഞുപോവുന്ന ധൂമകേതുക്കളല്ല പാണ്ഡവർ. കൗന്തേയർക്കു ആകാശചാരികളുമായി കൂടിയാലോചനയുണ്ടു്. അതീത ശക്തികളുടെ അതിവിശിഷ്ട നിയോഗം കിട്ടിയ, അഭിജാതജന്മങ്ങളാണു് പാണ്ഡവർ എന്നു് പറഞ്ഞതു് കുതിരപ്പന്തികളിലെ താര സംവാദകരല്ല, സാക്ഷാൽ വേദവ്യാസനാണു്. പാണ്ഡവജീവിത പാതയിലൂടെ രഥമോടിച്ചുനോക്കിയ നിങ്ങൾക്കും കുറച്ചൊക്കെ അറിയാം, എന്തെന്തു പ്രതിസന്ധികളിൽ തളരാതെ പിടിച്ചുനിന്നാണവർ കൂട്ടുകുടുംബസ്വത്തു തിരിച്ചുപിടിച്ചതെന്നു. യുദ്ധം ജയിച്ചാൽ യുദ്ധക്കെടുതിയുണ്ടാവും, ക്ഷാമമുണ്ടു്, അത്ഭുതം, ഗംഗയും യമുനയും ഒഴുകുന്ന ഈ നാട്ടിൽ കുടിനീരിനു കടിപിടിയുണ്ടു്. സൗജന്യധാന്യ വിതരണം, ശുചിമുറിനിർമ്മിതി, അത്യാവശ്യ ഊട്ടുപുര സാധനങ്ങൾ വിലകുറച്ചു വിൽപ്പന, ഇതൊന്നുമല്ല പാണ്ഡവ രണകൂടം നേരിടുന്ന അടിസ്ഥാനവെല്ലുവിളി. ഇതിഹാസ സമാനമായ പാണ്ഡവജീവിതം, വരുംയുഗത്തിലും സാക്ഷരലോകം താളിയോലയിൽ വായിച്ചും ദൃശ്യാവിഷ്കാരത്തിൽ കണ്ടും കാലാതിവർത്തിയായി മാറേണ്ടതിനെ കുറിച്ചു് ഞങ്ങൾ മാറിയിരുന്നു വിലയിരുത്തുമ്പോൾ, കൗരവവിധവകൾ എന്താണു് ചെയ്യുന്നതു്? ഊട്ടുപുരയിൽ ഞങ്ങളെ തളച്ചിടുന്നു. കഷ്ടമല്ലേ ഇതൊക്കെ?”
“അന്തസ്സുള്ള ആൺപെൺ ദാമ്പത്യ ബന്ധം തീർത്തും അസാധ്യമെന്ന വ്യഥിതസന്ദേശമാണോ നിങ്ങളുടെ ബഹുഭർത്തൃത്വം കൊടുക്കുന്നതു്?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ‘കുപ്രസിദ്ധ’ കൗരവരുടെ ഉന്മൂലനം പതിനെട്ടുനാൾ കൊണ്ടു് കുരുക്ഷേത്രയിൽ നേടിയ ‘ധീര’ പാണ്ഡവരെ അനുമോദിക്കാൻ പൊതുസമൂഹം ഒരുക്കിയ യോഗത്തിൽ പങ്കെടുക്കാതെ പാഞ്ചാലി പ്രതിഷേധിച്ച നേരം.
“അന്തസ്സുള്ളആൺപെൺസൗഹൃദമൊക്കെ എനിക്കു് വിവാഹത്തിനു് മുമ്പും പിന്നെയും, ദാമ്പത്യബാഹ്യമായി പരസ്പര്യത്തോടെ സാധിച്ചിരുന്നല്ലോ. അത്തരം ആൺപെൺ കൊള്ളക്കൊടുക്കയോടു് പാണ്ഡവർ പക്ഷേ, എങ്ങനെ പ്രതികരിച്ചു എന്നു് അവരോടുതന്നെ നിങ്ങൾ ചോദിക്കുക.”
“നറുക്കു വീണതു് ഭീമനുതന്നെയല്ലേ?”, യുദ്ധ നിർവ്വഹണ കരാർ കിട്ടിയ പ്രവിശ്യാഭരണാധികാരിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“പ്രവേശന ഗോപുരനട ഊക്കിനു തള്ളിത്തുറന്നു പോർക്കളത്തിലേക്കു പ്രവേശിക്കാനുള്ള അവസരം ശത്രുസൈന്യത്തിനു കൊടുക്കുക എന്നതൊരു കൗരവആശയമായിരുന്നു. എന്നാൽ ഭീമന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം കണക്കിലെടുത്തു, വൈദ്യപരിശോധനക്കു് വിധേയമാക്കണമെന്ന നിർദേശം വച്ചതു ദുര്യോധനനല്ല പാഞ്ചാലി! കൂടെക്കിടക്കുന്നവൾക്കു രാപ്പനിയറിയാമെന്ന വിശദീകരണം എല്ലാവരും സ്വീകരിച്ചു. ഉയരം പ്രായം തൂക്കം കൈകാലുകളുടെ ബലം മുഖത്തെ ശിശുഭാവം ഇതൊക്കെ കഴിഞ്ഞ പത്തുപതിമൂന്നു കൊല്ലത്തെ പ്രവാസജീവിത പ്രയാസത്തിലും പരിപാലിച്ച പാഞ്ചാലിയുടെ ഗൃഹഭരണമൊരുത്തമ ദാമ്പത്യമാതൃകയെന്നും പരക്കെ അംഗീകരിക്കപ്പെട്ടു. അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്ന യുധിഷ്ഠിരപ്രസ്താവന യാഥാർഥ്യബോധത്തോടെയുള്ള ഞങ്ങളുടെ ‘പ്രതീക്ഷ’ക്കൊപ്പം ആയിരുന്നതുകൊണ്ടു്, ആരും വാക്കാൽ പ്രതികരിച്ചില്ല. എന്നാൽ കൺകോണുകൾ കഥ പറഞ്ഞു. ഗോപുരവാതിൽ തള്ളിത്തുറന്നു ഭീമൻ അകത്തു പ്രവേശിക്കുമ്പോൾ നാൽപ്പതു ലക്ഷത്തോളം സൈനികരുടെ ഹർഷാരവം ഭീമനുള്ള വ്യക്തിഗത പിന്തുണയായി കാണില്ലെന്ന ധാരണയായി. നാലു് പാണ്ഡവർ ഭീമനുചുറ്റും സുരക്ഷാവലയം തീർക്കട്ടെയെന്ന ഭീഷനിർദേശം ചോദ്യം ചെയ്യാതെ സ്വീകരിച്ചു. ഈ ദൃശ്യവിസ്മയത്തിനു സാക്ഷിയാവാൻ തക്ഷശില സർവ്വകലാശാലയിൽ നിന്നുഗവേഷക, നിരീക്ഷക.”
“കുടിയൊഴിപ്പിക്കൽ?” കൊട്ടാരം ലേഖിക ചോദിച്ചു. കൗരവ അന്തഃപുരസമുച്ചയം ബലം പ്രയോഗിച്ചു ഭീമൻ കുടിയൊഴിപ്പിക്കുന്നതിനെതിരെ മഹാറാണി വീറോടെ പ്രതിഷേധിക്കുന്ന പ്രഭാതം, യുദ്ധാനന്തര പാണ്ഡവഭരണകൂടം.
“വിധവകളായിരിക്കാം, എന്നാലവരിപ്പോഴും കുരുവംശകുടുംബ നാമമുള്ളവരല്ലേ? എനിക്കു് ഹസ്തിനപുരി രാജധാനിയിൽ ഭരണകൂട അനുമതിയോടെ താമസിക്കാമെങ്കിൽ, രാഷ്ട്രത്തിന്റെ അഖണ്ഡതക്കായി ഭർത്താക്കന്മാർ ബലിദാനം ചെയ്തത വിധവകൾ പൗരാവകാശം നഷ്ടപ്പെട്ടു് ഇപ്പോഴേ നേരിടണോ കുടിയൊഴിപ്പിക്കൽ? പാഞ്ചാലയിൽ ജനിച്ചു കാട്ടിലും ഒളിവിലും ജീവിച്ച എനിക്കറിയാനാവും, അന്തിക്കൂരയുടെ മഹത്വം! കൗരവരുടെയോ കൗരവവിധവകളുടെയോ രക്ഷകയല്ല ഞാൻ, വക്താവുമല്ല, ഏഴു ദിവസങ്ങൾക്കുള്ളിൽ പുനരധിവാസ കേന്ദ്രത്തിലേക്കു കൗരവവിധവകളും കുടുംബാംഗങ്ങളും കെട്ടു കെട്ടണം എന്നു കാത്തിരിക്കാതെ, ആൺ സാന്നിധ്യമില്ലാത്ത അന്തഃപുരത്തിൽ ചാടിക്കയറി ചട്ടിയും കലവും പുറത്തേക്കെറിയുന്ന കാടൻരീതി, സമ്മതിക്കില്ല എന്നു് വിരൽചൂണ്ടി ഓർമ്മപ്പെടുത്തുന്നതെങ്ങനെ ‘പ്രഹസന’മാവും? കുരുക്ഷേത്ര യുദ്ധം മുൻകൂർ ഞങ്ങളെ അറിയിച്ചല്ലേ ദുര്യോധനൻ എല്ലാം തുടങ്ങിവച്ചതു്? അത്രയും പരിഗണന പാണ്ഡവഭരണകൂടം വിധവകളോടു കാണിക്കേണ്ടേ?” പ്രതിഷേധ ‘പ്രഹസനം’ കാര്യക്ഷമമായി അവതരിപ്പിച്ചു എന്നു് നകുലൻ കൺകോണുകളിലെ ദ്രുതചലനത്താൽ അടയാളപ്പെടുത്തുന്ന തുകണ്ട മഹാറാണിപാഞ്ചാലി, തൃപ്തിയോടെ തിരിച്ചു രാജവസതിയിലേക്കു നടക്കുന്നതു് കൊട്ടാരം ലേഖിക പനയോലയിൽ നാരായം കൊണ്ടടയാളപ്പെടുത്തി.
“ഭീഷ്മർ ശരശയ്യയിൽ! പാണ്ഡവ സൈന്യാധിപൻ ധൃഷ്ടധ്യുമ്നൻ ഓടിനടന്നു ഉരുട്ടുന്നു കൗരവതലകൾ. യുദ്ധഗതി നിർണ്ണയിക്കുന്നതിൽ കൗരവർക്കുണ്ടെന്നു കരുതിയ ഭീഷ്മമേൽക്കൈ പൊയ്പ്പോയോ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
“വിദ്വേഷത്തെ തോൽപ്പിക്കാനും, സ്നേഹസന്ദേശം പ്രചരിപ്പിക്കാനും കുരുക്ഷേത്രയുദ്ധഭൂമി ഒരാധനാലയമാവുമെന്നാണു് ഞങ്ങളുടെ വിലയിരുത്തൽ. അതിനിടയിൽ പാണ്ഡവതല കയ്യിൽ തടഞ്ഞാൽ കാര്യക്ഷമമായി കൈകാര്യം ചെയ്യും. ചതിയിലൂടെയെങ്കിൽ അങ്ങനെ, അഭിമന്യുവിനെ അരങ്ങത്തുകൊണ്ടു വരാൻ ആഞ്ഞുശ്രമിക്കും. അർജ്ജുനവയറിൽ കുത്തുന്ന പോലെ കർണ്ണനു ആസ്വാദ്യകരമാവും, കൗമാരപോരാളിയുടെ കരൾ പിളർന്നാൽ. ഈ യുദ്ധത്തോടെ, ദേവസന്തതികളെ നരകത്തിലേക്കയക്കാൻ മനുഷ്യപുത്രനായ ദുര്യോധനനു കഴിയുമെന്ന കാര്യം പുറംലോകം അറിയും” തൊട്ടടുത്തിരുന്ന കർണ്ണനോടു് അർത്ഥഗർഭമായെന്തോ മിഴികളിലൂടെ വിനിമയം ചെയ്തു ദുര്യോധനൻ, പാചകക്കാരൻ നീട്ടിയ മൺപാത്രത്തിലെ കരിമ്പുനീർ ലാഘവത്തോടെ ചുണ്ടോടടുപ്പിച്ചു.
“വെറുതെ ഇരിക്കാൻപോലും സമ്മതിക്കാതെ നിങ്ങൾ മാനസിക സമ്മർദം ചെലുത്തുന്നു എന്നാണല്ലോ പാണ്ഡവരുടെ പരാതി!” കൊട്ടാരം ലേഖിക പാഞ്ചാലിയെ അഭിവാദ്യം ചെയ്തു. അക്ഷയ പാത്രത്തിലെ വൈവിധ്യഭക്ഷണസമൃദ്ധിയിൽ ഉച്ചയൂണു കഴിഞ്ഞു കുടിലിനു പുറത്തെ ആൽമരചുവട്ടിൽ ജയപരാജയങ്ങൾ വലക്കാതെ ചൂതാടുകയായിരുന്നു പാണ്ഡവർ.
“പ്രതിഫലം പണമായി അപ്പപ്പോൾ ചോദിക്കുന്ന ഇടക്കാല പായക്കൂട്ടുകാരികളെയാണവർക്കു പ്രിയം, കടപ്പാടില്ലാതെ ഇടപാടു് തീരും. പ്രതിഫലം ചോദിക്കാതെ വ്യക്തിഗത സേവനം രാപ്പകൽ കൊടുക്കുന്ന ഭാര്യയെ ആണവർക്കു് പേടി, വിരൽ ചൂണ്ടി അവരോടവൾ പറയേണ്ടതൊക്കെ പേടികൂടാതെ പറയുമോ?”
“ദ്രൗപദിയുടെ തിരുവസ്ത്രത്തിൽ ദുശ്ശാസനൻ ദുഷ്ടലാക്കോടെ കൈവക്കുമ്പോൾ, പാണ്ഡവർ, സഭയിൽ വെറും കാഴ്ചക്കാരായി നിന്നുവോ, അതോ പ്രതിഷേധിച്ചുവോ, അല്ലെങ്കിൽ എങ്ങനെ തീവ്രമായി പ്രതികരിച്ചു എന്നറിയാൻ എന്തുവഴി? ഉള്ളകാര്യം അവർ തുറന്നുപറയുമോ?”, കൊട്ടാരം ലേഖിക ചാർവാകനോടു ചോദിച്ചു. “ആ വിവരം കൃത്യമായി അറിയാതെ, നമുക്കൊരടി മുന്നോട്ടെടുക്കാൻ ആവില്ല എന്നല്ലേ യുദ്ധകാര്യ ലേഖകൻ പറയുന്നതു്!”
“അല്ല, ‘വൈകാരികപരിസര’മുള്ള കാര്യം എങ്ങനെ തുറന്നു പറയും, ലജ്ജാശീലന്മാരായ പാണ്ഡവർ? വിവാദസംഭവത്തിന്നവർ ദൃൿസാക്ഷികളാവുമ്പോൾ, ഇന്ദ്രപ്രസ്ഥംഭരണാധികാരികളോ, കുരുവംശത്തിന്റെ വിശിഷ്ടാതിഥികളോ അല്ല, നമ്മെ പോലെ പ്രക്ഷോഭചിത്തരായ പൗരന്മാർ പോലുമല്ല. സ്വയം പണയംവച്ചു കളിച്ചു യുധിഷ്ഠിരൻ തോറ്റപ്പോൾ, പണയവസ്തു ഉഭയകക്ഷി ധാരണയനുസരിച്ചു, കൗരവരിൽ നിക്ഷിപ്തമായി. പാണ്ഡവരുടെ പൗരാവകാശവും, കൗരവർ ശിക്ഷാവിധിക്കാലം മുഴുവൻ മരവിപ്പിച്ചതോടെ, അവർ നീതിരഹിതനിയമത്തിന്റെ ന്യായക്കണ്ണിൽ, അടിമകൾ എന്ന വിഭാഗത്തിലായി. ഉടമ എന്തവരോടു് ആജ്ഞാപിച്ചാലും അതനുസരിക്കുന്നതിൽ ഇടപെടൽ ഉണ്ടായാൽ, ധാരണ പിൻകാല പ്രാബല്യത്തോടെ അസാധുമാവുമെന്ന ഉത്തമബോധ്യം പാണ്ഡവർക്കുണ്ടു്. പൂർണ്ണമായും അവരെ നിരക്ഷരൻ എന്നു് നമുക്കു് ചാപ്പകുത്താനാവില്ലല്ലോ. അവരും ഇന്ദ്രപ്രസ്ഥത്തിൽ അടിമകളെ ക്രയ വിക്രയം ചെയ്തിരുന്നു. ‘മെരുങ്ങാത്ത’വരെ ലൈംഗികഅടിമയാക്കും, പാഞ്ചാലി പ്രതിഷേധിക്കും, അങ്ങനെ പ്രായോഗികമായി നോക്കുമ്പോൾ ദ്രൗപദിയുടെ അവഹേളനം അവർക്കെങ്ങനെ ജീവന്മരണപ്രശ്നമാവും? ഭീമനെപ്പോലെ മണ്ണും ചാണകവും അറിയാത്തവർ മാത്രം പ്രതിജ്ഞ എടുത്തു കൗരവതല വെട്ടുമോ എന്നാണു് നിങ്ങളുടെ ചോദ്യമെങ്കിൽ, ആ മറുവാദം എങ്ങനെ ഈ കഥയെ മുന്നോട്ടെടുക്കും എന്നു് കുതിരപ്പന്തിയിലെ സംവാദകർ പറഞ്ഞു തീർക്കട്ടെ. കൗരവരാജസഭയിൽ ക്ഷണിതാവായ എനിക്കു് മൂന്നു നേരം ഊട്ടുപുരയിൽ ഭക്ഷണമുണ്ടു് അതിൽനിന്നും പുറത്താക്കാനുള്ള നിങ്ങളുടെ നീക്കത്തിനൊന്നും ഞാൻ അത്ര എളുപ്പം നിന്നു തരില്ല, കൊച്ചനുജത്തീ!”
“പാഞ്ചാലിയുടെ അഞ്ചുമക്കളും കൊല്ലപ്പെട്ടപ്പോൾ മാത്രമല്ലേ, നിങ്ങളുടെ മകൻ പരീക്ഷിത്തു് കിരീടാവകാശിയായുള്ളു? അതിൽ കവിഞ്ഞെന്തധികാരമേൽക്കോയ്മയാണു് യുദ്ധാനന്തര കുരുവംശത്തിൽ നിങ്ങളുടെ ഭർത്താവു അഭിമന്യുവിനുണ്ടായിരുന്നതു്? ധർമ്മപുത്രർ എന്നു് ജനം അഭിമാനത്തോടെ അഭിസംബോധന ചെയ്യുന്ന യുധിഷ്ഠിരൻ, കുരുക്ഷേത്രയിൽ നിന്നും ഹസ്തിനപുരി കൊട്ടാരത്തിലെത്തിയപ്പോൾ, ധൃതരാഷ്ട്രർ ഉടൻ കൈമാറിയില്ലേ ചെങ്കോൽ? ജയിച്ചു എന്നവകാശപ്പെട്ടു പാണ്ഡവർ വന്നാലൊന്നും അധികാരകൈമാറ്റത്തിനു് ഒരുക്കമല്ലെന്നു യുദ്ധകാലത്തു ശഠിച്ച ധൃതരാഷ്ട്രർ, യുധിഷ്ഠിരനെക്കണ്ടപ്പോൾ ‘വനവാസത്തിനു പോവാൻ ഞാനും ഗാന്ധാരിയും തയ്യാർ’ എന്നു് കൈകൂപ്പി സമ്മതിച്ചില്ലേ? യുധിഷ്ഠിരനു് അകന്ന ബന്ധമല്ലേ പരീക്ഷിത്തിനോടുളളു? അർജ്ജുനനു വ്യത്യസ്തയിനം ഭാര്യമാരുണ്ടായിരുന്നതിൽ ഒരാൾ മാത്രമായ സുഭദ്രയുടെ മകൻ അഭിമന്യുവായിരുന്നു നിങ്ങളുടെ ഭർത്താവു എന്നൊക്കെ വൈകാരികമായ അകൽച്ചയോടെയാണു് പൊതുസമൂഹം കാണുന്നതു്! അഭിമന്യു എന്ന പരാമർശം കുരുക്ഷേത്രയിൽ ഒന്നോരണ്ടോ ദിവസം സ്തോഭഭജനകമായിരുന്നെങ്കിലും, ഹസ്തിനപുരിയിൽ ആർക്കറിയാം ചക്രവ്യൂഹസാഹസങ്ങൾ?”, കൊട്ടാരം ലേഖിക അഭിമന്യുവിന്റെ ഭാര്യ ഉത്തരയോടു് ചോദിച്ചു. പാണ്ഡവർ അജ്ഞാതവാസം ചെലവഴിച്ച വിരാടരാജ്യത്തിലെ രാജകുമാരിയായിരുന്നു, അഭിമന്യു പരിണയിച്ച ഉത്തര.
“യുധിഷ്ഠിരൻ അഭിമന്യുവിനെ ചക്രവ്യൂഹത്തിലേക്കു തള്ളിയിടുകയായിരുന്നു എന്നു് യുദ്ധകാലത്തു കണ്ടെത്തിയ നിങ്ങളിപ്പോൾ കൊലയാളിപാണ്ഡവനനുകൂലമായി ഇപ്പോൾ എന്നെ തള്ളിപ്പറയുന്നല്ലോ മാതൃകാപത്രപ്രവർത്തക നിങ്ങൾ! മരണമൊഴിയിൽ അഭിമന്യു പറഞ്ഞതല്ലേ, ‘ചക്രവ്യൂഹത്തിൽ യുധിഷ്ഠിരൻ എന്നെ മനഃപൂർവ്വം ഇരയാക്കി അമ്മാ!’. ‘ധർമ്മ’പുരാണം അല്ല നിങ്ങൾ പറയേണ്ടതു്. കിരീടാവകാശിയായി നിലവിൽ ഒരാളല്ലേ ഉള്ളു? എന്റെ മകൻ പരീക്ഷിത്തു്. ആണധികാരത്തിലൂടെയല്ലേ യുധിഷ്ഠിരൻ സിംഹാസനത്തിൽ കയറിപറ്റിയതു്? കിരീടാവകാശി പരീക്ഷിത്തിന്റെ അമ്മയായ ഞാൻ വേണ്ടേ മഹാറാണിപദവിയിൽ, അവനുപ്രായപൂർത്തിയാവുംവരെ, ഭരണനിർവഹണം ചെയ്യാൻ? എന്നെ മഹാറാണിയാക്കുന്നതിൽ നിന്നും പാണ്ഡവർ എന്തിനു പിന്നെ പിന്നോട്ടടിച്ചു? കുന്തിയെ ഖാണ്ഡവപ്രസ്ഥക്കാലത്തു ഗാന്ധാരിയുടെ അന്തഃപുരത്തിൽ ദാസ്യപ്പണിക്കുവിട്ടു് “പാഞ്ചാലി മഹാറാണിയായാൽ മതി, രാജമാതാ പദവി കുന്തിക്കു് വേണ്ട” എന്നു് ശഠിച്ച അധികാരമോഹി പാഞ്ചാലിയെ പോലെ, നിർദ്ദയ ആവാൻ എനിക്കുവയ്യ. എന്നെയും പാഞ്ചാലിയെയും ഒരേ തുലാസിൽ ഇടരുതേ! ഭർത്താക്കന്മാരെ ലൈംഗികഅടിമകളാക്കി, ബഹുഭർത്തൃത്വരതിജീവിതം മധ്യവയസ്സിലും ആഘോഷിക്കുന്ന പാഞ്ചാലി എവിടെ, പതിനാറു വയസ്സിൽ പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ട ഉത്തര എവിടെ!”
കുറുക്കുവഴി കൊള്ളാം! “വെന്തുമരിച്ചതു കുന്തിയും പാണ്ഡവരുമെന്നു മനഃപൂർവ്വം വരുത്തിത്തീർക്കാൻ, അത്താഴം ചോദിച്ചു വന്ന ആറംഗ ആദിവാസികുടുംബത്തിനു്, ഭക്ഷണത്തിനൊപ്പം വിഷം കൊടുത്തു വീഴ്ത്തി, ഭൂഗർഭ ഇടനാഴിയിലൂടെ അർദ്ധരാത്രിയിൽ ഒളിച്ചോടും മുമ്പു്, രാജമന്ദിരത്തിനകത്തു തീയിടുക. ദൃസാക്ഷി ആരുമില്ലാതെയിരുന്നിട്ടും, സത്യാവസ്ഥ തെളിഞ്ഞ തോടെ, തോന്നിയോ നിങ്ങൾക്കെല്ലാം ജാള ്യത? കുതിരപ്പന്തി കളിലും വഴിയമ്പലങ്ങളിലും കൗരവർ സംഘടിത പ്രചാരണമാണു് ‘ആദിവാസിഘാതക കുന്തി’ക്കെതിരെ അഴിച്ചുവിട്ടിരിക്കുന്നതു്. എങ്ങനെ നേരിടും അവമതി?”, കൊട്ടാരം ലേഖിക ചോദിച്ചു ഏകചക്ര ഗ്രാമത്തിൽ മക്കളുമൊത്തവർ ‘മുഖംമൂടി’ ധരിച്ചു കഴിയുന്ന കാലം.
“ദൂരെ നിന്നു് നോക്കുമ്പോൾ നരഹത്യ! പക്ഷേ, കൗന്തേയർ കാണുന്നതു് ആത്മരക്ഷക്കായി ചെയ്ത ഉപായങ്ങൾ. വ്യാസനും കുന്തിക്കനുകൂലമായിരിക്കും അരക്കില്ലചരിത്രം രചിക്കുക. അത്താഴം ചോദിച്ചുവന്നവർ നിഷ്കളങ്ക ആദിവാസികളായിരുന്നില്ല. കൗരവ കൂലിപടയാളികളായിരുന്നു. പാണ്ഡവസംഘത്തെ തീകൊളുത്തി കൊല്ലാനുള്ള ഉപകരാർ ഏറ്റെടുത്ത അവർക്കെതിരെ ആഞ്ഞടിച്ചു ‘കരിക്കട്ട’കളാക്കിയതിൽ തിമിർപ്പിലാണു്. “ഒരൊറ്റ തീക്കൊള്ളികൊണ്ടാണു് അമ്മ ആറുതടിമാടന്മാരെ അരക്കില്ലത്തിൽ അന്ത്യശ്വാസം വലിപ്പിച്ചതു്” എന്നവർ പ്രശംസിക്കുമ്പോൾ, നന്മയെ പുകഴ്ത്തുന്നവർക്കു കൃതാർഥത തോന്നും. നിങ്ങൾ പുകഴ്ത്തുക നന്മയെയോ, അതോ?”
“മകളെ അർജ്ജുനനു് കൊടുത്ത ശേഷമാണോ അറിയുന്നതു, വരൻ ഉൾപ്പെടെ അഞ്ചു പാണ്ഡവരും കുന്തിയും ‘പിടികിട്ടാപ്പുള്ളികൾ’ എന്നു നേരത്തേ ഹസ്തിനപുരി നീതിപീഠം പ്രഖ്യാപിച്ചവർ! വേണ്ടത്ര മുൻകരുതലും വിവരശേഖരണവും ഇല്ലാതെയായിരുന്നുവോ ഈ ആറംഗ കുറ്റവാളി കൂട്ടായ്മക്കു് പ്രിയപുത്രിയെ പാഞ്ചാലകുടുംബം വിട്ടുകൊടുത്തതെന്ന വീണ്ടുവിചാരമുണ്ടോ? അവൾക്കുമുണ്ടോ അച്ഛനോടു് പറഞ്ഞാൽ തീരാത്ത പരിഭവം?”, കൊട്ടാരം ലേഖിക പാഞ്ചാലരാജാവു് ദ്രുപദനോടു് ചോദിച്ചു. ഏകചക്രഗ്രാമത്തിലെ അഴുക്കുചാലിന്നരികെ, വാടകക്കുടിലിൽ, നിർമ്മിതി സ്വത്വത്തിൽ, കുരുവംശ നീതിന്യായ വകുപ്പിന്റെ കഴുകൻകണ്ണിൽ നിന്നും ഒളിച്ചുകഴിയുന്ന കുറ്റവാളികളെ അവസാനമായൊന്നു ഒളികണ്ണിട്ടുനോക്കി, രാജരഥത്തിൽ മടക്ക യാത്രക്കായി കയറുകയായിരുന്നു, മകൻ ധൃഷ്ടധ്യുമ്നനൊപ്പം, വ്യഥിതപിതാവു് ദ്രുപദൻ.
“സ്വയംവര മത്സരാർത്ഥികളുടെ സ്വത്വം സംശയാതീതമായി, വേണ്ടിവന്നാൽ രേഖകൾ സഹിതം, ഞങ്ങളോടു് വെളിപ്പെടുത്തണം എന്ന അടിസ്ഥാന ഉപാധിവെക്കാതെ, പരിണയമത്സരത്തിൽ ആരെയും, സമ്മർദ്ദത്തിൽ പങ്കെടുപ്പിക്കരുതെന്ന ബാലപാഠം അവഗണിച്ചെന്ന അപരാധബോധത്തിൽ, തലകുനിച്ചു പാഞ്ചാലിയോടു് യാത്ര പറയാൻ കുടിലിൽ ഞാൻ ഇപ്പോൾ ചെന്നു. അർജ്ജുനൻ ഉൾപ്പെടുന്ന അഞ്ചു ബ്രാഹ്മണവേഷ സംഘാംഗങ്ങളുമായി ബഹുഭർതൃത്വത്തിനു് സന്നദ്ധത ഏറ്റെടുത്തു, പ്രായോഗിക ദാമ്പത്യപരീക്ഷണങ്ങൾ വിഭാവനചെയ്യാൻ പാഞ്ചാലി ഒരുക്കമായ സ്ഥിതിക്കു്, ഇനിയൊരുടക്കു്, അഥവാ ഇടപെടൽ, എന്റെ ഭാഗത്തുനിന്നും വേണ്ട എന്ന കൃത്യം താക്കീതുമായി അവൾ, ഭീമൻ കൊടുത്ത സുഗന്ധപ്പൂക്കൾ മുടിയിൽവച്ചു്, ഉടൽ ഒരുക്കുകയായിരുന്നു. എല്ലാമൊന്നു് മാറിനിന്നു കണ്ടപ്പോൾ എനിക്കും വ്യക്തമായി, ആരോഗ്യമുള്ള അഞ്ചു സുന്ദരന്മാരെ ആദ്യരാത്രിയിൽ കിട്ടിയ പാഞ്ചാലപുത്രിക്കു് പാഞ്ചാലൻ ഇനി തിരസ്കരണയോഗ്യൻ!”.
“പ്രതിയോഗിയുടെ ഗദ നിങ്ങളുടെ തുടയിലും അടിക്കും എന്ന സംശയം നിങ്ങൾക്കു് ഒരിക്കലും തോന്നിയില്ലേ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. അധാർമിക ഭീമ ഗദാപ്രഹരമേറ്റു പൊട്ടിയ തുടയെല്ലുമായി ചതുപ്പു നിലത്തിൽ, വീണു എഴുനേൽക്കാനാവാതെ വിമ്മിട്ടപ്പെടുകയായിരുന്നു, തിന്മയുടെ അവതാരമൂർത്തി.
“എന്നെ മുടിയിൽ പിടിച്ചു ജലാശയത്തിൽനിന്നും കൊണ്ടുവരുമ്പോൾ നോട്ടവും ശരീരചലനങ്ങളും അസാധാരണമായി തോന്നി. ഭീതിയും പ്രതികാരവും ഭീമമുഖത്തെ ക്രൂരമൃഗമാക്കിയ ഓർമ്മയുണ്ടു്. അവൻ എനിക്കുനേരെ ലക്കും ലഗാനുമില്ലാതെ ആയുധമോങ്ങി. ദുശ്ശാസനൻ പാഞ്ചാലിയുടെ ഉടുതുണിയൂരിയതിലായിരുന്നില്ല ഭീമന്റെ ഹൃദയനൊമ്പരം. എന്റെ നഗ്നതുടയിൽ അവൾക്കിരിക്കാൻ ഞാൻ ഇടം കൊടുത്തതായിരുന്നു. “രോമം നിറഞ്ഞ വെളുത്ത തുട കാണിച്ചു എന്റെ പെണ്ണിനെ ഈ ജന്മം നീ മോഹിപ്പിക്കരുതു്”, എന്നു് പറഞ്ഞുകൊണ്ടവൻ ഗദ, അതിന്റെ ലക്ഷ്യത്തിലേക്കെടുത്തതോർമ്മയുണ്ടു് കുറുനരികളും കഴുകനും കൊത്തിപ്പറിക്കും മുമ്പു് പാണ്ഡവവംശനാശത്തിനു് വേണ്ടി ചെയ്യാവുന്ന അവസാനതന്ത്രവും മെനഞ്ഞു മാത്രമേ ഈ ലോകത്തിൽ നിന്നു് ഞാൻ പക്ഷേ, യാത്രയാവൂ! ഇതൊക്കെ അവൻ എങ്ങനെ അറിയാനാണു്!”
“വിഴുപ്പുകെട്ടു് കൊട്ടാരരഹസ്യങ്ങളുമായി കൗരവരിൽ ചില പ്രമുഖർ ‘കൂറുമാറാനിടയുണ്ടെന്നു കുതിരപ്പന്തികളി’ൽ അടക്കിപ്പിടിച്ച വർത്തമാനമുണ്ടല്ലോ. യുദ്ധരഹസ്യങ്ങൾ പുറത്തു പോവാതിരിക്കാൻ പുറംലോകവുമായി ബന്ധം നിഷേധിച്ചു ദുര്യോധനൻ അവരെ അജ്ഞാതകേന്ദ്രത്തിൽ ബന്ദികളാക്കി എന്നാണു വഴിയമ്പലങ്ങളിൽ കേൾക്കുന്നതു്”, കൊട്ടാരം ലേഖിക കൗരവ ഭരണകൂടത്തിന്റെ പ്രതിരോധവകുപ്പു് വക്താവിനോടു് ചോദിച്ചു.
“മാനസിക പീഡനവും അപമാനവും സഹിക്കുകയാണെന്നു കൗരവർ പറഞ്ഞതായി കുതിരപ്പന്തികളിൽ കേട്ടിരുന്നു എന്നു് കൂടി പറയൂ. വിശ്വാസം തോന്നും. തീർത്തും മനുഷ്യത്വരഹിതമായ രീതിയിലാണു് കൗരവർ സ്വന്തം സഹോദരന്മാരെ ഒളിവിൽ പാർപ്പിച്ചിരിക്കുന്നതു് എന്നും, ജീവിതപങ്കാളിയെ കാണാൻ സമ്മതിക്കാതെ ദുര്യോധനൻ വിലങ്ങിട്ടിരിക്കയാണെന്നും പറഞ്ഞുനോക്കൂ. സുഹൃത്തേ, കൗരവർ സുഖചികിത്സയിലാണു്. നീണ്ടതും കഠിനവുമായ സൈനിക പരിശീലനത്തിനു ശേഷം കുരുക്ഷേത്രയിൽ കൗരവയുദ്ധക്ഷമത ഇരട്ടിയാകും എന്ന പ്രതീക്ഷയാണു് ഞങ്ങൾക്കുള്ളതു്. പന്ത്രണ്ടു വർഷം പാണ്ഡവർ വനാശ്രമത്തിൽ ‘തിന്നും കളിച്ചും’ കഴിഞ്ഞ പോലെ അല്ല, ശരീരത്തിന്റെ കായികചലന ശക്തി നാലിരട്ടിയാക്കുന്ന അപൂർവ്വയിനം ഭക്ഷണരീതി. അതും പൂർണ്ണബ്രഹ്മചര്യത്തോടെ. അവരെ പാർപ്പിച്ചിരിക്കുന്നതു് ശ്വാസം കിട്ടാത്ത ഭൂഗർഭഅറയിലല്ല, സുഖശീതള ഹിമാലയ താഴ്‌വരയിലെ ആശ്രമങ്ങളിൽ! ചെല്ലൂ പോയി കുതിരപ്പന്തികളിൽ ഉറക്കെ ചൊല്ലൂ ഈ സദ്വാർത്ത!”
“എല്ലാം ഞാനാണു് എന്നുതുടങ്ങിവച്ചാണല്ലോ ഓരോ അസംബന്ധവും നിങ്ങൾ തട്ടിമൂളിക്കുന്നതു്!” കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു, “എല്ലാ വകുപ്പുകളും നിങ്ങൾ കൈവശം വച്ചാൽ, യുധിഷ്ഠിരൻ എങ്ങനെ സമയം ചെലവഴിക്കും?” യുദ്ധാനന്തര ഹസ്തിനപുരിയിൽ പാണ്ഡവർക്കു് ചെങ്കോൽ കൈവശം വന്ന ദിനങ്ങൾ.
“രാജസൂയ യാഗം ചെയ്യാൻ ഏക തടസ്സമായിരുന്ന ജരാസന്ധനെ ഞാൻ മഗധയിൽ പോയി ആ ‘തടസ്സം നീക്കി’യതുകൊണ്ടല്ലേ യുധിഷ്ഠിരൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തിപദവി നേടിയതു് ? ഞാൻ മുറുമുറുത്തുവോ? അഞ്ചിലൊരു പങ്കുമാത്രം പാഞ്ചാലിയിൽ ഉണ്ടായിരുന്ന യുധിഷ്ഠിരൻ പാഞ്ചാലിയെ മഹാറാണിയാക്കി ഞങ്ങളെ ദാമ്പത്യത്തിലെ ‘അരികുജീവി’കളാക്കിയപ്പോൾ, അടച്ചുവോ ഞാനയാൾക്കുമുമ്പിൽ ‘ഭീമ’കാരുണ്യത്തിന്റെ ശ്രീകോവിൽ? ചൂതാടി എല്ലാം നഷ്ടപ്പെടുത്തി, ഉടുതുണിക്കു് മറുതുണിയില്ലാതെ കാട്ടിൽ കുടിൽ പണിതുകഴിയുമ്പോൾ, ഒരക്ഷരം അപമര്യാദയായി ഞാൻ ഉച്ചരിച്ചുവോ? അജ്ഞാതവാസക്കാലത്തു കീചകനെന്നൊരു ഭീകരൻ പാഞ്ചാലിയെ കടന്നുപിടിക്കുന്നതൊരു നിശാവിനോദമാക്കിയ കാലം, വിരാടരാജാവുമൊത്തു ചൂതാടി യുധിഷ്ഠിരൻ രസിക്കുമ്പോൾ ഞാൻ വേണ്ടിവന്നില്ലേ പാതിരാ മിന്നലാക്രമണത്തിൽ പെണ്ണാഭിമാനം കാക്കാൻ? കുരു ക്ഷേത്രയിൽ നൂറു കൗരവരെയും ഈ കൈകൾകൊണ്ടു് ഞെരിച്ചുകൊല്ലുമ്പോൾ യുധിഷ്ഠിരൻ അർദ്ധസത്യം പറഞ്ഞു അധ്യാപകനെ ചതിച്ചുകൊല്ലാൻ ചട്ടുകമായില്ലേ? നാളെ ഹസ്തിനപുരിയുടെ നാലതിരുകൾക്കപ്പുറത്തുനിന്നു വിദേശ ആക്രമണമുണ്ടായാൽ? ഞാൻ, ഈ ഞാൻ വേണ്ടേ, ഗദ വീണ്ടും പൊടിതട്ടാൻ? കൗരവർ കാലപുരിയിലേക്കു പോയെങ്കിലും, വിധവകളും സന്താന പരമ്പരകളും ഗ്രഹണസമയത്തുപോലും തല പോക്കാതിരിക്കണമെങ്കിൽ, അപ്പോഴും ഈ ഗദ തന്നെ വേണ്ടേ അവരെ നിർവീര്യമാക്കാൻ? അപ്പോൾ, നിങ്ങൾ പറയൂ, ആരായിരിക്കണം പുതു നാടുവാഴി? എന്നിട്ടും മൂപ്പിളമ നോക്കി താഴുമ്പോൾ എനിക്കു് വേണം ഇഷ്ടവകുപ്പുകൾ!—പ്രതിരോധം സാമ്പത്തികം കുറ്റാന്വേഷണം രഹസ്യാന്വേഷണം വിധവാപുനരധിവാസം ഇവയൊക്കെ ഞാൻ അല്ലാതെ വേറെ ആരു കൈകാര്യം ചെയ്യും. യുധിഷ്ഠിരൻ? ചൂതാട്ടമൊഴികെ മറ്റെന്തു വകുപ്പും!”
“നിങ്ങളാറംഗ പദയാത്രികരിൽ, ആർക്കു ആരായിട്ടു വരും ഈ അനാഥപ്രേതം? വഴിയാത്രയിൽ കുഴഞ്ഞുവീണവൾക്കു കുടിനീർ കൊടുക്കാനോ, ബോധരഹിതയെന്നറിഞ്ഞപ്പോൾ അടിയന്തര ശുശ്രൂഷ ചെയ്യാനോ, മരിച്ചെന്നറിഞ്ഞപ്പോൾ ചരമശുശ്രൂഷ ചെയ്തു ശവമടക്കിനു തയ്യാറാവാതെയോ, തന്നിഷ്ടത്തോടെ നിങ്ങളെല്ലാവരും കടന്നുകളഞ്ഞപ്പോൾ, ഞങ്ങളിൽ ചില വാശിക്കാരായ മനുഷ്യാവകാശപ്രവർത്തകർ ഓടിച്ചിട്ടുപിടികൂടി നിങ്ങളെ കൊണ്ടുവരികയായിരുന്നല്ലോ. ഒരുമിച്ചു യാത്രതുടങ്ങിയവരിൽ, ഏക സ്ത്രീ മരിച്ചിട്ടും, ഒന്നുതിരിഞ്ഞു നോക്കാതെ, നിങ്ങൾ അഞ്ചു് പേരും കാൽ മുന്നോട്ടുവച്ചുവെന്നു ആദിവാസിവനിതാവകാശ പ്രവർത്തകയുടെ ഗുരുതരമായ പരാതി ഉയർന്നിട്ടുണ്ടല്ലോ. വയോജനങ്ങൾ എങ്കിലും, പ്രത്യക്ഷത്തിൽ ആരോഗ്യവാന്മാരായ നിങ്ങളുടെ നഗ്നമായ മനുഷ്യാവകാശ അവഗണനക്കുമെന്തു വിശദീകരണമാണ് പറയാനുള്ളതു്. പറയുന്നതും, വായടച്ചുപറയാതിരിക്കുന്നതും നിങ്ങൾക്കെതിരെ നടപടിക്കു് കാരണമാവാം എന്നു് താക്കീതു ചെയ്യുന്നു”, മലഞ്ചെരുവിലെ ജനസഭയിലേക്കു് ബലംപ്രയോഗിച്ചു പിടിച്ചുകൊണ്ടുവന്നു് പ്രതിക്കൂട്ടിൽ നിർത്തിയ അഞ്ചുപേരോടു് ആദിവാസിമൂപ്പൻ ചോദിച്ചു.
“വയോജന ശാരീരികഅസുഖങ്ങൾ ഉണ്ടായിരുന്നവൾ പരേത. വഴിനടക്കുമ്പോൾ ഇടക്കൊക്കെ വീഴാറുണ്ടു് എന്നാണറിവു്. കിടന്നകിടപ്പിൽ കുറച്ചുനേരം സ്വസ്ഥമായി കഴിഞ്ഞാൽ, ഞെട്ടിയെഴുനേറ്റു് ജോലിപൂർത്തിയാക്കുന്ന പതിവുണ്ടായിരുന്നു. പ്രാഥമിക പ്രേതപരിശോധനയിൽ പരിക്കൊന്നും നിങ്ങൾ തൊലിപ്പുറമേ കണ്ടില്ലല്ലോ. വസ്തുനിഷ്ഠമായി നോക്കുമ്പോൾ, അസ്വാഭാവികത സംശയിക്കാനാവാത്ത സാധാരണ മരണം എന്നുമാത്രമല്ലേ ആർക്കും പറയാനാവൂ? ഞങ്ങൾക്കിടയിലൊരു ദാമ്പത്യധാരണയുണ്ടായിരുന്നു. ആരു ബോധംകെട്ടു വഴിയിൽ കുഴഞ്ഞുവീണാലും, കിടന്നാലും, ഭാവിജീവിതത്തിന്റെ ഉത്തരവാദിത്വം പ്രകൃതിക്കുവിട്ടുകൊടുത്തു, ബാക്കിയുള്ളവർ സ്വർഗ്ഗരാജ്യയാത്ര തുടരുക. അതു് മാനിക്കാതെ, സംഘാംഗങ്ങളെ വിചാരണ ചെയ്യുന്നതിൽ ഒറ്റ വാക്കേ പറയാനുള്ളു—നിർഭാഗ്യകരം!” വാൽ പൊക്കിയും മണ്ണിൽ മാന്തിയും കൂടെയുണ്ടായിരുന്ന അനാഥപ്പട്ടി അക്ഷമകാണിച്ചു.
“ദൂരെ നിന്നും നോക്കുമ്പോൾ നിങ്ങൾ പരുഷമായി പ്രതികരിക്കുന്ന പോലെ തോന്നി. അന്യായമായ ആവശ്യങ്ങൾ വല്ലതും ആളറിയാതെ കുന്തി ഉന്നയച്ചതാണോ പ്രകോപനം?”, കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു. പുഴയോര പ്രഭാതവെയിൽ വീണ ആ സുന്ദരമുഖം അശാന്തമായിരുന്നു. ചുണ്ടുകൾ വിറച്ചിരുന്നു. കണ്ണുകൾ ഈറനായിരുന്നു.
“എന്നെ പ്രസവിച്ച സ്ത്രീ എന്നവർ പരിചയപ്പെടുത്തി. നവജാത ശിശുവിനെ നീരൊഴുക്കിൽ മരിക്കാൻ വിട്ട കഠിനഹൃദയയെ നേർക്കുനേർ കണ്ടു ഞാൻ ഞെട്ടി, തുറിച്ചുനോക്കിയപ്പോൾ അവർ പ്രതീക്ഷിച്ചുവോ ആകസ്മികമായി വഴിയിൽ കണ്ടെത്തിയ പെറ്റ തള്ളയോടു നിർവ്യാജസ്നേഹമാണെന്നു? അതിൽ പിടിച്ചവർ സ്വാധീനം ചെലുത്താൻ ശ്രമിച്ചു. എക്കാലവും ഹസ്തിനപുരി വിദ്യാലയങ്ങളിൽ, കീഴ്ജാതിക്കാരനെന്നു് അവമതിക്കുകയും സാമൂഹ്യമായി പാർശ്വവൽക്കരക്കയും ചെയ്തിരുന്ന അർജുനനെയും നിങ്ങൾ പെറ്റതാണോ എന്നു് ചോദിക്കാൻ ഞാൻ മുഖം ഉയർത്തിയപ്പോൾ, അവർ ഒരുപക്ഷേ, കരുതി, നവ സാഹോദര്യം തളിരിട്ടു! കുരുക്ഷേത്രയുദ്ധത്തിൽ പാണ്ഡവസുരക്ഷ ഞാൻ ഉറപ്പുകൊടുക്കണമെന്നു അനുകൂല സാഹചര്യം ചൂഷണം ചെയ്തു വൈകാരികതയോടെ ആവശ്യപ്പെട്ടു. നോട്ടം മാറ്റാതെ, മാതൃത്വത്തിന്റെയും സാഹോദര്യത്തിന്റെയും മൃദുലവികാരമുപയോഗിച്ചവർ, കുളി കഴിഞ്ഞുവരുന്ന എന്റെ ഹൃദയശാന്തത തരപ്പെടുത്താൻ ശ്രമിച്ചപ്പോൾ ഞാൻ ഇടപെട്ടു—ജീവനൊടുങ്ങുംവരെ സൗഹൃദം നിലനിർത്തുമെന്നു് വാക്കു കൊടുത്താണു് ഞാൻ ദുര്യോധനന്റെ കൂട്ടാളിയായതു. അതാണെനിക്കഭിമാനം. പെറ്റകുഞ്ഞിനെ പുഴയൊഴുക്കിൽ മരിക്കാൻ വിട്ട തള്ളയല്ല എന്റെ ‘അമ്മമാതൃക’, അരങ്ങേറ്റമൈതാനത്തിലെ പൊതുവേദിയിൽ പാണ്ഡവവർ എന്നെ അവഹേളിക്കുകയും നിസ്സാരവൽക്കരിക്കയും ചെയ്യുന്നതു് അവിടെ കൂടിയിരുന്ന അഭിജാതസദസ്സു കണ്ടിട്ടും കണ്ടില്ലെന്നമട്ടിൽ ഇരുന്നപ്പോൾ, അവസരോചിതമായി ഇടപെട്ടു എന്റെ സ്വാഭിമാനം കാത്തതു, നിങ്ങൾ കൊല്ലാൻ കരുതി വച്ച ദുര്യോധനനാണു. അവൻ എനിക്കു് സംരക്ഷകൻ, എന്നെന്നും വേണ്ടപ്പെട്ടവൻ, അവന്റെ ശത്രുക്കൾ എനിക്കു യുദ്ധത്തിൽ പ്രതിയോഗികൾ.”
“ഗാന്ധാരീവിലാപം നേരിട്ടുകണ്ട ഒരമ്മയെന്ന നിലയിൽ എങ്ങനെ നിങ്ങൾ പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. കുരുക്ഷേത്ര.
“ഗാന്ധാരി ഇക്കാലവും തുണികെട്ടി മറയ്ക്കേണ്ടതു് സ്വന്തം കാഴ്ച ആയിരുന്നോ?, അതോ, ഘനീഭവിച്ച മൗനത്തിന്റെ പ്രഹരമൂല്യം ഉൾക്കൊള്ളാതെ, അതിവൈകാരികതക്കു് ഹൃദയ ജാലകങ്ങൾ മലർക്കെ തുറന്നുകൊടുത്ത സ്വന്തം ചുണ്ടുകൾ ആയിരുന്നോ?”
“നവവധുവായി അതിഥിമന്ദിരത്തിൽ കഴിഞ്ഞ ഇടവേളയിൽ, കൈവിരലുകളിൽ പൂച്ചെണ്ടും, കവിളിണകളിൽ ശോണിമയു മായി ‘ദർശനം’ കാത്തുനിൽക്കുന്ന കൗരവരെ ഞാൻ ഓർക്കുന്നു. ആ പ്രണയഹൃദയമെങ്ങനെ ഈ വിധം പീഡകനായി?”, കൊട്ടാരം ലേഖിക ചോദിച്ചു. വസ്ത്രാക്ഷേപത്തിന്റെ അലകൾ അടിച്ചുതീർന്നിട്ടില്ലാത്ത ദിനങ്ങൾ.
“ഇന്നും ആരാധകൻ! ഉടലഴകിൽ മാത്രമല്ല ഭ്രമം, കൈവിരലുകളുടെ കലാപരമായ ചലനങ്ങളും പുഞ്ചിരിയും ഉച്ചാരണശുദ്ധിയുള്ള പദാവലിയും ഒന്നും, ആരാധനയോടെയല്ലാതെ കണ്ടിട്ടില്ല. അതുകൊണ്ടായില്ലല്ലോ, ഒരിക്കലവളെ വിരുന്നിനു ക്ഷണിക്കാൻ പോയപ്പോൾ, പച്ചക്കാടിനകത്തെ അതിഥിമന്ദിരം വിരലനക്കത്തിലൂടെ ചൂണ്ടിക്കാട്ടിയവൾ പറഞ്ഞു, “ഇതെനിക്കിവിടെ സ്ഥിരതാമസത്തിനു ഇഷ്ടദാനമായി ധൃതരാഷ്ട്രർ പതിച്ചുനൽകുമോ?”. ആ മുഖം നോക്കിയപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി. കൗരവരാജവധുക്കളുടെ പിതൃകുടുംബങ്ങൾ സന്ദർശനത്തിനു് വരുമ്പോൾ ദിവസങ്ങളോളം പാർക്കാൻ സൗകര്യമായ രാജവസതിയാണതു്. എങ്ങനെ പാഞ്ചലിക്കതു് പാരിതോഷികമായി നൽകും! അവളുടെ മനസ്സു വായിച്ചതോടെ ആരാധകഹൃദയം നൊന്തു. വിശദീകരിക്കാൻ ഞാൻ ശ്രമിച്ചു. ഓരോന്നുപറഞ്ഞു അവൾ വിരൽചൂണ്ടി എന്നെ പുറത്താക്കി. പ്രഭാതദർശനത്തിനു സ്വീകരിക്കാതായി. അത്താഴവിരുന്നിനു മഹാറാണി ഗാന്ധാരിയുടെ ക്ഷണം അറിയിച്ചപ്പോൾ, വേറെ തിരക്കുണ്ടെന്നവൾ നിരാകരിച്ച ദുരനുഭവമുണ്ടു്. ഒന്നുംഞാനാരോടും, ദുര്യോധനനോടു് പ്രത്യേകിച്ചും, അറിയിച്ചില്ല. എങ്കിലും അവളുടെ കമനീയരൂപം കാണാൻ നിർലജ്ജം പൂക്കളുമായി അതിഥിമന്ദിരം സന്ദർശിക്കും. ദൂരെ തേജോമയമായ രൂപം കണ്ടാൽ കരൾ തുടിക്കും, കാണാനാവാതെ മടങ്ങുമ്പോൾ കണ്ണു നിറയും. ആ എന്നെയാണു്, ഉടുതുണിയൂരിയവനെന്നു നീതിപീഠത്തിൽ പരാതി കൊടുത്തു് കൗരവസ്ത്രീകൾക്കു മുമ്പിൽ അപമാനിച്ചതു്!” കണ്ണുകൾ സജലങ്ങളായി. ചുണ്ടുകൾ കോടി. മുഖം ഇരുകൈപ്പത്തികൾകൊണ്ടു് മൂടി.
“കൂട്ടുകുടുംബസ്വത്തു പങ്കിടുന്നതിൽ ഇരുകൂട്ടരും തമ്മിൽ തല്ലി കുരുക്ഷേത്രത്തിൽ ചാവുന്നതൊക്കെ ശരി, ഹസ്തിനപുരിയുടെ ആരോഗ്യരംഗത്തു എന്തുണ്ടു് നിങ്ങളുടെ ഭരണകൂടത്തിനു് മേനി പറയാൻ?”, കൊട്ടാരം ലേഖിക മഹാറാണി പാഞ്ചാലിയോടു് ചോദിച്ചു.
“പേറ്റുചൂരു് മാറാത്ത നവജാതശിശുക്കളെ പുഴയൊഴുക്കിൽ മുക്കിക്കൊല്ലുന്നൊരു യക്ഷിക്കുട്ടി ഈ നാട്ടിൽ മഹാറാണി ഗംഗ ആയിരുന്നു എന്നറിയാമോ? മനസികരോഗബാധിതയായ ഗംഗാ ദേവിയെ ചികിൽസിക്കാൻ തുടങ്ങിയ ആതുരാലയമാണു് ആദ്യം ഹസ്തിനപുരി ചരിത്രത്തിൽ ഇടം പിടിച്ചതു്. അവൾക്കോ നാടിനോ ഗുണം ഉണ്ടായില്ല. എട്ടാമത്തെ ഇളംകുഞ്ഞുമായി അവൾ ഓടിപ്പോയി പിന്നെ ആരും അവളെ കണ്ടവർ ഇല്ല. ശന്തനു കണ്ടു എന്നൊക്കെ പറഞ്ഞതു് ആരും ഗൗരവത്തിൽ എടുത്തില്ല. സത്യവതിയുടെ മകൻ രാജാവായപ്പോൾ, ക്ഷയരോഗിയുമായി. അവനു വിശ്രമിക്കാൻ മലനാടിൽ ഒരു അരമന പണിതു. രോഗം മൂർച്ഛിച്ചു വിചിത്രവീര്യൻ കാലം ചെന്നപ്പോൾ, അതൊരു കുരുവംശ വേനല്ക്കാലവസതിയായി, കുന്തി അതിനെ അരക്കില്ലം എന്നു പരിഹാസത്തിൽ വിളിച്ചു അർധരാത്രി തീയിട്ടപ്പോൾ, അവളെ പിടികിട്ടാപ്പുള്ളിയായി രാജാവു് പ്രഖ്യാപിച്ചു. പാഞ്ചാലപുത്രിയായ ഞാനുമൊത്തു കൊട്ടാരത്തിൽ വരുന്നതും കണ്ടു. ധൃതരാഷ്ട്രർ ഒറ്റ അടിക്കു നൂറുകുട്ടികളുടെ പിതൃസ്ഥാനം നേടിയപ്പോൾ ഗർഭസ്ഥശിശു, നവജാതശിശു, എന്നൊക്കെ ചികിത്സാരീതികളിൽ മാതൃപരിചരണവിഭാഗം പ്രവർത്തിച്ചുതുടങ്ങി. കുരുക്ഷേത്രകഴിഞ്ഞു, ആരുമാരും ഇപ്പോൾ പ്രസവത്തെക്കുറിച്ചൊന്നും മിണ്ടാട്ടമില്ല, അപ്പോൾ വേണ്ടിവന്നു പാണ്ഡവർക്കു വയോജനചികിത്സാകേന്ദ്രവും എനിക്കുള്ള സൗന്ദര്യ പരിലാളനകേന്ദ്രവും. അധികം വൈകാതെ വിഷവൈദ്യശാലകൂടി വേണ്ടിവരുമെന്നു് ‘പാമ്പുപിടുത്ത’ക്കാരനായ പരീക്ഷിത്തു് എന്ന അഭിമന്യുപുത്രൻ അർത്ഥഗർഭമായി പറഞ്ഞുതുടങ്ങിയിട്ടുണ്ടു് അതൊരു പ്രവചനമാണു് എന്നു് സഹദേവൻ അർത്ഥഗർഭമായ സൂചനയും തന്നു!”
“സൈനികരുടെ പോരാട്ടം നിന്നാൽ, പോർക്കളത്തിൽ നിങ്ങളുടെ ‘പരാക്രമം’ ഉടൻ തുടങ്ങും അല്ലെ?”, യുദ്ധനിർവ്വഹണസമിതിയുടെ അധ്യക്ഷനോടു് കൊട്ടാരം ലേഖിക ചോദിച്ചു. കുരുക്ഷേത്ര.
“രാവിലെ സൈനികർ പോരാടാൻ വരുമ്പോൾ, ഒരു മുറി മാംസമോ ഒരു തുള്ളി ചോരയോ ഇല്ലാതെ, പുത്തൻ പുതുഭൂമി പോർക്കളം! ഭാഗ്യം, ഒഴുക്കുള്ള പുഴയുടെ സാന്നിധ്യം, ശുഭ പ്രതീക്ഷ. അർദ്ധപ്രാണരും പൂർണ്ണജഡങ്ങളും നിറഞ്ഞ ജൈവമാലിന്യം ഒരുപോലെ ഏറ്റെടുക്കും പുഴ. എന്നാലും ഞങ്ങൾ വേണം ഓരോ ഉടലും പലയിടങ്ങളിൽനിന്നും വാരിക്കോരിയെടുത്തു പാതിരാവിൽ പുഴയിൽ ഒഴുക്കാൻ. കഠിന അധ്വാനം തന്നെയാണതു്. ജഡഭാരം കുറക്കാൻ, പരേതസൈനികരുടെ വസ്ത്രാക്ഷേപം ഉണ്ടാവും. ഊരിയെടുത്ത സൈനികവസ്ത്രങ്ങളിൽ നിന്നും വിപണി മൂല്യമുള്ള പലതും കിട്ടും. നിശാനിയോഗത്തിനു ലഭിക്കാവുന്ന പാരിതോഷികം. ഒഴുക്കിയ ജഡങ്ങൾ പുലർച്ചയോടെ തെക്കോട്ടൊഴുകി പ്രയാഗിൽ ഗംഗയുമായി ചേർന്നു് സംഗം കടവിൽ എത്തുമ്പോൾ, അന്ത്യകർമ്മങ്ങൾ ചെയ്തു ആത്മാവുകൾ അർഹിക്കുന്ന ഇടങ്ങളിലേക്കു് യാത്രയാക്കും. പ്രാണൻ പോകാതെ പരിഭ്രമിക്കുന്നൊരു സൈനികൻ, കേട്ടോ, ഞങ്ങൾക്കുനേരെ ഇരുകൈകളും നീട്ടി യാചിച്ച ഓർമ്മയുണ്ടു്—“കഴുത്തിൽ ചവിട്ടി എന്റെ പ്രാണനെടുക്കൂ, ഇവിടെ വരുമ്പോൾ എനിക്കറിയാമായിരുന്നില്ല ഇതൊരു കൂട്ടുകുടുംബ സ്വത്തുതർക്കം മാത്രമാണെന്നു്. വൈദേശികാക്രമണം നേരിടുന്ന ഹസ്തിനപുരിയുടെ അഖണ്ഡത പരിപാലിക്കാൻ എന്നായിരുന്നു കൗരവ കരാറുകാർ ബോധ്യപ്പെടുത്തിയതു്.” ഞങ്ങൾ നേരിടുന്നതു് കരാർ തന്ന കൗരവർ ചതിക്കുമോ എന്ന ഭീതിയാണു്. യുദ്ധം കഴിഞ്ഞാൽ ജേതാക്കൾ വേതനം തരാതെ ഞങ്ങളെ തള്ളിപ്പറയുമോ?”
“സ്ത്രീവിരുദ്ധത ഹസ്തിനപുരിയിൽ ഞങ്ങൾ കണ്ണുനിറയെ കണ്ടിട്ടുണ്ടു്, എന്നാൽ ഇത്ര ഹീനമായൊരു സ്ത്രീവിരുദ്ധപ്രവൃത്തിക്കു് നിങ്ങൾ എങ്ങനെ കുരുക്ഷേത്രയിൽ പ്രദർശനാനുമതി കൊടുത്തു എന്നാണു് കുതിരപ്പന്തികളിൽ നിറഞ്ഞുകവിയുന്ന സംവാദം.” കൊട്ടാരം ലേഖിക കുരുക്ഷേത്ര യുദ്ധനിർവ്വഹണ അധികാരിയോടു് ചോദിച്ചു. പോരാട്ടത്തിന്റെ പതിനെട്ടാം നാൾ അന്ത്യയാമം.
“കാശിരാജകുമാരി അംബയുടെ തിരുവവതാരമെന്നു അന്ധവിശ്വാസികൾ കരുതുന്ന ശിഖണ്ടിയെക്കുറിച്ചാവില്ല നിങ്ങളുടെ രോഷപ്രകടനമെങ്കിൽ, അതു് കുറച്ചുമുമ്പു് കണ്ട അശ്വത്ഥാമാവിന്റെ അസ്ത്രപ്രയോഗത്തെക്കുറിച്ചായിരുന്നുവോ? ശരിയാണു്, പ്രതിയോഗിയുടെ കരളിൽ കൂരമ്പു തറക്കുന്നതെല്ലാം പതിവു കാഴ്ചയെങ്കിലും കൗമാരയോദ്ധാവിന്റെ വിധവയായ പൂർണ്ണ ഗർഭിണിയുടെ ഗർഭപാത്രം അവളുടെ സമ്മതമില്ലാതെ നീക്കം ചെയ്യുന്നൊരുതരം തരംതാണ അസ്ത്രപ്രയോഗം ഇപ്പോൾ സംഭവിച്ചു എന്നു് ഞാൻ സമ്മതിക്കുന്നു. എന്തുകൊണ്ടവനെ നാടുകടത്തുന്നതിനപ്പുറം, തലവെട്ടിയില്ല എന്നുചോദിച്ചാൽ, ജാതിശ്രേണിയെക്കുറിച്ചു ഞാനും ചിലതു പൊട്ടിത്തെറിച്ചു പറഞ്ഞുപോകും. ദ്രോണപുത്രനായ ബ്രാഹ്മണഅശ്വത്ഥാമാവു് ആയിരുന്നു ദൈവദത്ത അസ്ത്രം ഉപയോഗിച്ചു് ഉത്തര രാജകുമാരിയുടെ ഗർഭപാത്രം നീക്കിയതു്, അഥവാ നീക്കും മുമ്പു് ഞങ്ങളവനെ നിഷ്ക്രിയനാക്കി വിചാരണ ചെയ്തു നാടുകടത്തിയതു്. അതിൽകവിഞ്ഞെന്തെങ്കിലും അരുതാത്തതു അവിടെ ഉണ്ടായെങ്കിൽ പട്ടിക തരൂ ഞങ്ങൾ പരിശോധിക്കാം. യുദ്ധനിര്വഹണത്തിന്റെ കൗരവ കരാർ അനുസരിച്ചു വേതനം, കൗരവർ തന്നെ തരുമെന്നാണു് പറഞ്ഞിരുന്നതു്, അവസാനത്തെ കൗരവനും ജഡമായ സ്ഥിതിക്കു്, യുധിഷ്ഠിരൻ തരുമോ, അതോ ‘അർദ്ധസത്യത്തിന്റെ അവതാരം’ ഞങ്ങളുടെ ഹൃദയം തന്നെ പിച്ചിയെടുത്തു പറിച്ചുമാറ്റുമോ!”
“കുരുക്ഷേത്ര യുദ്ധഫലം പ്രസിദ്ധീകരിച്ചല്ലോ. പരാജയത്തിന്റെ വെളിച്ചത്തിൽ നിങ്ങളുടെ സ്ഥാനത്യാഗം പ്രതീക്ഷിക്കാമോ? ജേതാക്കൾ കാണാൻ കാത്തിരിക്കുന്നു! കൗരവരാജവധുക്കൾ എല്ലാവരും വൈധവ്യത്തിന്റെ വെള്ളവേഷമണിഞ്ഞു ദുഃഖാചരണം ആരംഭിച്ചിട്ടും രാജാവു് അറിഞ്ഞ മട്ടില്ലല്ലോ.” കൊട്ടാരം ലേഖിക ധൃതരാഷ്ട്രരോടു് ചോദിച്ചു.
“ഞാൻ സിംഹാസനത്തിൽ ഇരിക്കുന്നതു് കുരുവംശ ഭരണകൂടത്തിനുവേണ്ടിയല്ലേ? ഇക്കഴിഞ്ഞ പതിനെട്ടുനാൾ ഹസ്തിനപുരി കോട്ട ഭേദിക്കാനോ, കോട്ടവാതിലിൽ ആഞ്ഞൊന്നടിച്ചു സ്ത്രീകളെ ഭീഷണിപ്പെടുത്താനോ ശത്രുപക്ഷത്തുള്ള ആർക്കും സാധിച്ചില്ല എന്നതാണെന്റെ ഭരണനേട്ടം. അതല്ലാതെ ഞാൻ എങ്ങനെ എവിടെയോ സംഭവിച്ച കുരുക്ഷേത്ര യുദ്ധദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കും? നിങ്ങൾ പറയുന്നതു് എന്റെ മക്കളുടെയും പ്രിയജനങ്ങളുടെയും ബലിദാനത്തെക്കുറിച്ചാണെങ്കിൽ അവർ മരിച്ചു എന്നു് ആധികാരികമായി യുദ്ധനിർവ്വഹണസമിതിയുടെ ഔദ്യോഗിക അറിയിപ്പു് കിട്ടട്ടെ. അല്ല ആരാണു് ജേതാക്കൾ എന്നു് നിങ്ങൾ പറയുന്ന ഈ പാണ്ഡവർ? അവരെ കണ്ടാൽ അവർ ഇന്ന ആളുടെ മക്കൾ, അവർ യുദ്ധം നിർണ്ണായകവിജയം നേടിയ സ്ഥിതിക്കു് കുരുവംശപിന്തുടർച്ചക്കു ഭരണ യോഗ്യത നേടിയവർ എന്നുറപ്പിക്കാൻ ഈ കൊട്ടാരത്തിൽ കൃപാചാര്യൻ ഒഴികെ ഗുരു ഉണ്ടോ? എല്ലാം ഞാൻ തന്നെ നോക്കണം എന്നുവച്ചാൽ! എന്നാൽ കാര്യം പറയാൻ കാഴ്ചപരിമിതി തടസ്സമാവരുതല്ലോ. തിരക്കുണ്ടു് ഉച്ചഭക്ഷണത്തിനു വിശ്രമത്തിനും സമയമായി.”
“പരിഷ്കൃതലോകം ആദരിക്കുകയും, ധാർമ്മികതയിലൂന്നി പറയുന്നതു് ശ്രദ്ധിക്കയും ചെയ്യുന്ന യുധിഷ്ഠിരനോടു് നിങ്ങൾക്കു മാത്രമെന്താണൊരു ശീതസമരം?” മുട്ടുകുത്തി കൈമുത്തി, ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദി ച്ചു. ഹസ്തിനപുരി ഉൾപ്പെടെ ആര്യാവർത്തനാടുവാഴികളെ തന്ത്രപരമായി പൂർത്തിയാക്കിയ രാജസൂയയാഗത്തിലൂടെ സാമന്തന്മാരാക്കിയ പാണ്ഡവരുടെ രാജ്യതന്ത്രക്കാലം.
“അങ്ങനെയാണോ നിങ്ങൾ എന്നെ വായിച്ചെടുക്കുന്നതു! യുധിഷ്ഠിരൻ സംസാരിക്കുന്നതിൽ സത്യം ഉണ്ടോ എന്നതല്ല, ഭാര്യ എന്ന നിലയിൽ എന്റെ പരിഗണനാവിഷയം. നേട്ടം കൊയ്യാൻ അതെല്ലാം സൗകര്യപൂർവ്വം ചവിട്ടുപടികൾക്കുമാത്രമായി സ്വരൂപിക്കുകയും, ഹൃദയശൂന്യമായി വാക്കുകൾ ഉച്ചരിക്കുകയും ചെയ്യുന്നതിലാണെന്റെ കരൾനൊമ്പരം. പാരിസ്ഥിതിപ്രശ്നങ്ങളോടുള്ള പാണ്ഡവരുടെ പ്രഖ്യാപിതനിലപാടു്, “എന്തുവിലകൊടുത്തും വിശ്വപ്രകൃതിയുടെ പരിപാലനം” എന്നുപറയുക, കുടിയേറ്റത്തിനു ഇഷ്ടദാനമായി നേടിയ ഖാണ്ഡവപ്രസ്ഥം തീയിടുക—ഇരട്ടത്താപ്പു തുറന്നുകാട്ടിയ ‘ഹസ്തിനപുരി പത്രിക’യിൽ നിന്നും കേൾക്കണം എനിക്കു് പഴി!”, വരിനിൽക്കുകയായിരുന്ന അടുത്തപടി സന്ദർശകരെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്ന പൊതു സമ്പർക്കത്തിലായിരുന്ന യുധിഷ്ഠിരൻ, കൊട്ടാരം ലേഖികയെ ഒളിനോട്ടപരിധിയിൽ ചെവിയോർക്കുന്നതവൾ ശ്രദ്ധിച്ചു.
“ഈ പൂവിനുവേണ്ടി കാടായ കാടൊക്കെ നിങ്ങൾ അവനെ ഓടിച്ചെന്നോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“എന്നോടവൻ ശരാശരി ഭർത്താവിൽ കവിഞ്ഞു പ്രണയം നടിക്കുന്ന പതിവുണ്ടു്. ഗാർഹിക സാഹചര്യങ്ങളിൽ സ്ത്രീക്കു എത്ര തിരക്കിലും അതൊക്കെ ശ്രദ്ധിക്കാനാവും. എന്നാലൊട്ടു പ്രതിഷേധിക്കാറുമില്ല. വിട്ടുകൊടുക്കാറുമില്ല. വിലപേശാനുള്ള സൗകര്യമായി പ്രണയത്തെ ഭർത്താക്കന്മാർ ദുരുപയോഗം ചെയ്യുന്നു എന്നതൊരു ലജ്ജാകരമായ പ്രലോഭനമെന്നൊന്നും ഞാൻ കരുതുന്നുമില്ല. ഭീമപ്രണയം ഞാൻ തിരസ്കരിച്ചില്ല എന്നതു് തന്നെയവൻ ചമൽക്കാരത്തോടെ പാണ്ഡവർക്കുമുമ്പിൽ പ്രദർശിപ്പിക്കാറുണ്ടു്. കൊതിപ്പിക്കുന്ന പൂമണം, എനിക്കൊരു വിവാഹപൂർവ്വ പ്രണയാനുഭവമായി. എന്തിനുപൂ മാത്രം, പൂമരം പിഴുതുകൊണ്ടുവരാമല്ലോ എന്ന കായികബലകേന്ദ്രിതമായൊരു പ്രണയപ്രതികരണത്തിൽ നിന്നൂഹിക്കാം ആ തരളഹൃദയം എത്ര സരളം. പൂ തേടി വരാമോ എന്നു ഞാൻ ചോദിക്കുംമുമ്പു് തന്നെ പാദരക്ഷയോ ആയുധമോ ഇല്ലാതെയവൻ പടിയിറങ്ങുന്നതു് കണ്ടപ്പോൾ, ഇവരെയൊക്കെയാണോ കുന്തി ‘ദേവസന്തതികൾ’ എന്നു് മേനിപറയുക എന്നുഞാൻ വിസ്മയിച്ച ഓർമ്മയുമുണ്ടു്.”
“ഭീഷ്മർ നിയന്ത്രിക്കുന്ന ചൂതാട്ടസഭയിൽ, നിങ്ങൾ അനധികൃതമായി കയറി ഇടപെടേണ്ട കാര്യം എന്തായിരുന്നു?” കൊട്ടാരം ലേഖിക ചോദിച്ചു. നീതിപീഠത്തിലേക്കു ഇളമുറ കൗരവർക്കൊപ്പം ഇടിച്ചുകയറുകയായിരുന്നു കുപ്രസിദ്ധ പ്രതി.
“ആണുങ്ങൾക്കു മാത്രമേ ചൂതാട്ടം കാണാൻ പ്രവേശനം അനുവദിക്കൂ എന്നു് സഭാധ്യക്ഷൻ (അച്ഛൻ അവിടെ ഉണ്ടായിരുന്നു എന്നതൊരു നിസ്സാരകാര്യം) ഭീഷ്മർ നേരത്തെ പെരുമാറ്റച്ചട്ടത്തിൽ വ്യക്തമാക്കിയ സ്ഥിതിക്കു, സഭാതലത്തിലേക്കു പ്രവേശിക്കാൻ അല്പവസ്ത്ര പാഞ്ചാലി ശ്രമിക്കുന്നത്പാറാവുകാർ ആംഗ്യഭാഷയിൽ എന്നെ അറിയിച്ചപ്പോൾ, ആചാരപൂർവ്വം അക്കാര്യം ബോധ്യപ്പെടുത്താൻ ശ്രമിച്ച എന്നെ തട്ടിമാറ്റി. കരൾ നൊന്തു. നവവധുവായിപാഞ്ചാലയിൽ നിന്നവൾ വന്നതുമുതൽ, കഴിഞ്ഞ ഒരു ദശാബ്ദക്കാലം, ഇന്ദ്രപ്രസ്ഥത്തിൽ ചക്രവർത്തിനി പാഞ്ചാലിയെയും അവളുടെ പുഷ്പപാദുകത്തെയും ആരാധനയോടെ കണ്ടിരുന്ന കവിയായ എന്നെയവൾ, വെറുമൊരു പാറാവുകാരനെപോലെ കണ്ടുവോ! അവൾക്കുമുമ്പിൽ അവഗണന നേരിടേണ്ടിവന്നപ്പോൾ, മുറിവേറ്റ ആൺമനം തേനീച്ചക്കൂടു പോലെ ഒന്നിളകി. അതിൽ കവിഞ്ഞവൾക്കുനേരെ ഞാൻ ലൈംഗികദാഹത്തോടെ അക്രമാസക്തയായി എന്നതൊക്കെ മാധ്യമങ്ങളുടെ മായക്കാഴ്ച. സ്ത്രീസൗഹൃദ ഹസ്തിനപുരി നിയമം അതിന്റെ നേർവഴിക്കുപോവട്ടെ. കൗരവഅടിമയായെങ്കിലും അവളെ കൗരവർ, ലൈംഗികഅടിമയാക്കിയില്ല. ഭർത്താക്കന്മാരുമൊത്തവൾ വനവാസത്തിനുപോയ സ്ഥിതിക്കു് എനിക്കെതിരെ ചാർവാകൻ കൊടുത്ത പരാതിയുടെ ബലത്തിൽ വിചാരണ എങ്ങനെ നീങ്ങുമെന്നു് കണ്ടറിയണം. നിയമവാഴ്ചയുള്ള നാടല്ലേ, സ്ത്രീവിരുദ്ധരെ കർശനമായി കൈകാര്യം ചെയ്യുന്ന ദുശ്ശളനിർമ്മിത പെൺനീതിനിയമം കൗരവർക്കും ബാധകമല്ലേ. അതുകൊണ്ടു് ഞാൻ നീതിപീഠത്തിൽ വന്നു ഇരു കൈകളും നീട്ടി വിലങ്ങുവെക്കാൻ, നീതിമാനായ ഭീഷ്മർക്കു മുമ്പിൽ തലകുനിക്കും. വെട്ടുകയോ ചങ്ങലക്കെട്ടഴിക്കുകയോ ചെയ്യട്ടെ!” കുരുവംശദേവതയായ ജ്വാലാമുഖിക്കു് ശരണം വിളിച്ചു ഒരു സംഘം കൗരവർ നീതിപതിയുടെ മുമ്പിൽ അണിനിരന്നു. ചാർവാകൻ അവർക്കെതിരെ തയ്യാറാക്കിയ വസ്ത്രാക്ഷേപ പരാതിയുടെയും സാക്ഷിമൊഴികളുടെയും പനയോലക്കെട്ടഴിച്ചു വച്ചു.
“നിങ്ങൾക്കിനിയും വയസ്സു് മുപ്പത്തിയാറു കഴിഞ്ഞിട്ടെല്ലെന്നു അരമനരേഖ പറയുന്നു. പിന്നെ എന്താ ചെങ്കോൽ പിടിക്കാൻ ധൃതി? യുധിഷ്ഠിരനോക്കെ എത്ര കഷ്ടപ്പെട്ടും ത്യാഗം ചെയ്തുമാണു് ഹസ്തിനപുരി സിംഹാസനം നേടിയെടുത്തതു് എന്നോർ ക്കുമ്പോൾ!” കൊട്ടാരം ലേഖിക, കിരീടാവകാശിയും ധീരഅഭിമന്യുവിന്റെ ദുർബലപുത്രനുമായ പരീക്ഷിത്തിനെ നേരിട്ടു.
“കിരീടാവകാശി എന്നൊരു നാമമാത്ര പദവിക്കപ്പുറം, ഔദ്യോഗിക ചുമതലയൊന്നും തരാതെയും, സൈനികശാസ്ത്രത്തിൽ ഉന്നതപരിശീലനം സൗകര്യപ്പെടുത്താതെയും, കാലമെത്ര യുധിഷ്ഠിരനും കൂട്ടരും എന്നെ അധികാരവഴിയിൽ കൂടെച്ചേർക്കാതെ പാർശ്വവൽക്കരിച്ചു. സ്വാഭാവികമല്ലേ അപ്പോൾ ഞാൻ അയാളെ സ്ഥാനഭ്രഷ്ടനാക്കാൻ ആരിൽനിന്നും പല്ലും നഖവും ഉപയോഗിക്കും, വേണ്ടിവന്നാൽ അധികാരമോഹി പാഞ്ചാലിയുമായി ഐക്യം പ്രഖ്യാപിച്ചു അവൾവഴിയും കൊട്ടാരവിപ്ലവത്തിനു ശ്രമിക്കും, എന്നിട്ടും ‘പടുവൃദ്ധൻ’ പടിയിറങ്ങില്ലെങ്കിൽ, ഒരു ശരശയ്യ അയാൾക്കായി ഞാൻ നിർമ്മിക്കും!”
“മുറിച്ചുനീക്കിയ വിവാദമുടി ചാർവാകനെ ഏൽപ്പിച്ചിരുന്നെങ്കിൽ, ഏകാംഗപ്രതിപക്ഷമെന്ന നിലയിൽ ഹസ്തിനപുരിയുടെ വിഖ്യാതവേദികളിൽ അതുയർത്തിക്കാട്ടി, പീഡക കൗരവരുടെ ആണധികാര പ്രമത്തതക്കുനേരെ പ്രതിരോധത്തിന്റെ പടച്ചട്ട നിർമ്മിക്കുമായിരുന്നില്ലേ? വെറുതെ അഴിച്ചിട്ടതോടെ അവസാനിച്ചില്ലേ മുടിക്കർഹതപ്പെട്ട അവസരം!” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വസ്ത്രാക്ഷേപത്തിന്റെ പിറ്റേന്നു് ആറംഗ പാണ്ഡവസംഘം വനവാസത്തിനായി പടിയിറങ്ങുന്ന നേരം.
“സഹനത്തിന്റെയും പെണ്ണഭിമാനത്തിന്റെയും യുഗാതീത പ്രതീകമായി മുടി പറ്റെ മുറിച്ചുനീക്കാൻ ഞാൻ പ്രിയ നകുലനോടു് ആവശ്യപ്പെട്ടതല്ലേ, എന്തുചെയ്യാം, ആളാകെ വികാരവിവശനായി മുട്ടു കുത്തി കൈകൂപ്പി, “അരുതേ പ്രിയപ്പെട്ടവളെ!” എന്നവൻ കെഞ്ചി. “നിന്റെ ബഹുഭർത്തൃത്വത്തിന്റെ അഞ്ചംഗ ഗുണഭോക്താക്കളായ ഞങ്ങൾ നിന്നോടൊപ്പം നിർവൃതിയിൽ കിടക്കുമ്പോൾ നാണം മറക്കാനും, സാന്ത്വനം തേടാനും, മുഖാവരണമാക്കിയ ഐതിഹാസിക മുടി നീ മുറിച്ചുമാറ്റരുതേ. വെല്ലുവിളിപോലെ നിവർത്തിയിടൂ, കുരുവംശമാകെ അലയടിക്കട്ടെ മുറിവേറ്റ പെണ്ണഭിമാനത്തിന്റെ പോരാട്ടകാഹളം.” എന്നോടൊപ്പം പത്തുവർഷമായി പായക്കൂട്ടു കിടക്കുന്ന പാണ്ഡവർ ആവശ്യപ്പെട്ടാൽ എങ്ങനെ ഞാൻ അരുതെന്നു പറയും. അഴിച്ചിട്ട മുടി കെട്ടാൻ ചുടുകൗരവചോര തേക്കണം എന്നൊരു നിബന്ധന കൂട്ടിച്ചേർത്തുകൂടെ എന്ന ഭീമയാചനക്കും ഞാൻ ചെവികൊടുത്തു. പ്രതിജ്ഞ എടുക്കുന്ന കാര്യത്തിലവൻ ഭീഷ്മരെയും തോൽപ്പിക്കും!”
“ജ്വലിക്കുന്നല്ലോ കരിനീലക്കണ്ണുകൾ! രോഷമുയരാൻ മാത്രം എന്താണിത്ര പ്രകോപനം?” കൊട്ടാരം ലേഖിക പാഞ്ചാലിയുടെ കൈമുത്തി.
“ഇപ്പോൾ കേട്ട കാര്യം നോക്കുമ്പോൾ വസ്ത്രാക്ഷേപമൊക്കെ എത്ര നിസ്സാരമായി തോന്നുന്നു! ഭരണഘടനാബാഹ്യമായ അധികാരദുർവിനിയോഗത്തിൽ ദുര്യോധനയുവത്വം അന്തഃപുരത്തിൽ നടപ്പാക്കിയ സ്ത്രീവിരുദ്ധനടപടി, തെളിവെടുപ്പിലൂടെ കണ്ടപ്പോൾ ഞെട്ടിപ്പോയി. സ്ത്രീത്വത്തെ അവഹേളിക്കുന്നതെന്തെല്ലാം പരിഷ്കൃത ഹസ്തിനപുരി നിയമസംഹിതയിൽ പട്ടിക തിരിച്ചു രേഖയാക്കിയിട്ടുണ്ടോ, അതെല്ലാം ആ കുടിലകൗരവൻ എന്നോ തുടങ്ങിയിരുന്നു. ഇവനാണല്ലോ ദേശരത്നപുരസ്കാരം കൊടുത്തു പാണ്ഡവഭരണകൂടം ആദരിച്ചതെന്നോർക്കുമ്പോൾ സാമൂഹ്യമായ അനീതിയോർത്തു ഞാൻ വിയർക്കുന്നു. കൗരവർക്കു വേണ്ടി വിവാഹമാലോചിക്കുന്ന പെൺകുട്ടികൾ കന്യകമാരായിരിക്കണം എന്ന ദുര്യോധനനിബന്ധന കണ്ടപ്പോൾ ചോര തിളച്ചു. വിവാഹിതകൾ ചാരിത്ര്യം സംരക്ഷിക്കണമെന്നും അവൻ നിഷ്കർഷിക്കുന്നു. ഇതൊക്കെ പ്രായോഗികതലത്തിൽ ഉറപ്പു വരുത്തിയിരുന്നതോ ദുര്യോധനവിധവ. ഇപ്പോൾ പ്രതിപക്ഷ നേതാവെന്ന പദവി വഹിക്കുന്ന സ്ത്രീപക്ഷവാദി ആൾ കൊള്ളാം. കുറച്ചു കാലമായി അവൾ പാണ്ഡവരുടെ പേർ ആരോപണസ്വരത്തിൽ പറഞ്ഞു എന്നെ സഹതാപപൂർവ്വം പൊതുവേദിയിൽ സൗജന്യമധുരമായി പരാമർശിക്കുന്നുണ്ടു്. ബഹുഭർതൃത്വം ഞാൻ ചുളിവിൽ നേടിയെടുത്ത ദാമ്പത്യ സൗഭാഗ്യമല്ല. ഭർത്തൃമാതാവു് സ്വർണ്ണത്തളികയിൽ വച്ചുനീട്ടിയതാണു്. ആദ്യരാത്രി എന്നോടൊപ്പം കിടക്കും മുമ്പു് പാണ്ഡവർ കന്യകാത്വം തെളിയിക്കണമെന്നു് ഞാൻ ആവശ്യപ്പെട്ടിട്ടില്ലാത്തതു പോലെ, വിവാഹശേഷം ആരോടൊപ്പം അവർ പായ പങ്കിടുന്നു എന്നോ, സ്വവർഗ്ഗഭോഗികളായിരുന്നോ എന്നതൊന്നും എനിക്കു് പരിഗണനാവിഷയമല്ല. വ്യത്യസ്ത ശാരീരിക, വൈകാരിക ആവശ്യത്തിനുപയോഗിക്കാവുന്ന ജൈവികഉരുപ്പടികൾ എന്നതിൽ കവിഞ്ഞൊരു രതിമൂർച്ഛയും പാണ്ഡവരിൽനിന്നും നിന്നു് പ്രതീക്ഷിക്കുന്നില്ല. കാരണം ഞാൻ ദുര്യോധനവിധവയെ പോലെ ആരോ പ്രസവിച്ച ഏതോ ഹീന മനുഷ്യജന്മമല്ല, അയോനിജ! യാഗാഗ്നിയിൽ നിന്നുയർന്ന അപൂർവ്വയിനം!”
“നിങ്ങളുടെ മരണശേഷം ഭാര്യ പുനർവിവാഹസാധ്യത വിട്ടുകളയരുതെന്നുപദേശിക്കാൻ, മരിച്ചുപോയ നിങ്ങൾക്കെന്തുകാര്യം, താല്പര്യമുണ്ടെങ്കിൽ അവരതു ചെയ്യും എന്നല്ലേ സ്ത്രീപക്ഷവാദികൾ കാണേണ്ടതു്?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. കുരുക്ഷേത്രയിൽ യുദ്ധമേഘങ്ങൾ നിറയുന്ന കാലം.
“ഭർത്താവിന്റെ പകരക്കാരനായി ഒരാളെ കിടപ്പറയിൽ പ്രതിഷ്ഠിക്കാനാവില്ല എന്നവൾ ശാഠ്യ നിലപാടെടുത്തെങ്കിൽ അതു് പുനഃപരിശോധിക്കണം എന്നല്ലേ പറഞ്ഞുള്ളു? കിടപ്പറയിൽ ആരോഗ്യമുള്ള ആണിന്റെ സാന്നിധ്യം പിന്നീടു് മോഹിച്ചാൽ, അതാണു് സ്വാഭാവികം എന്നല്ലേ നിലപാടെടുത്തതു്? സാമ്പത്തിക തടസ്സമില്ലെങ്കിൽ ഒന്നോഅതിലധികമോ കൂട്ടുകാരുമായൊരു ബഹുഭർത്തൃത്വം അത്രമോശമല്ലെന്നു ദ്രൗപദി എന്നോ തെളിയിച്ചില്ലേ. ‘രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാൻ ജീവൻ ബലിദാനം ചെയ്തു അവൻ അവന്റെ പാട്ടിനു പോയി അതോടെ എനിക്കു് പുനർവിവാഹസാധ്യതയുള്ളൊരു ശോഭനഭാവി സാധ്യമാവട്ടെ’ എന്നവൾ ധീരതയോടെ പ്രഖ്യാപിച്ചാൽ, നിങ്ങൾക്കും ആശ്വസിക്കാം, വൈധവ്യത്തിലും, രതി അഭിലാഷങ്ങളുടെ ആൺപെൺ പൂർത്തീകരണത്തിനു് ആണുങ്ങൾ വേണോ എന്നല്ല, എത്ര ആണുങ്ങൾ ആവാം എന്നുമാത്രമേ വിധവ കണക്കുകൂട്ടേണ്ട തുള്ളൂ. ബാക്കി കാര്യങ്ങൾ യുദ്ധം കഴിയട്ടെ വിശദമാക്കാം”, സൈനിക പാളയ നിർമ്മിതിയുടെ അവസാനഘട്ട പരിശോധനക്കായി കൗരവ സംഘങ്ങൾക്കൊപ്പം യുദ്ധഭൂമിയിലേക്കു രഥ യാത്രക്കൊരുങ്ങുകയായിരുന്നു, അച്ഛനെയും അമ്മയെയും രാജ്യസഭയിൽ ചെന്നു് കണ്ടു, ഏകപത്നീവ്രതകാരനായ ഇതിഹാസകൗരവൻ.
“പാണ്ഡവതലയൊന്നും വെട്ടാത്തതിൽ ഭീഷ്മപിതാമഹനോടു് നിങ്ങൾ കയർത്തു സംസാരിക്കുന്നതൊക്കെ ശരി, എന്നാൽ പോർക്കളത്തിൽ പോരാട്ടമികവു് കാണിക്കാത്ത ഇളമുറകൗരവരെ അതുപോലെ ശാസിച്ച അനുഭവമുണ്ടോ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. മുതിർന്ന സൈനികമേധാവികളുമായി ചർച്ച തുടരുകയായിരുന്നു ധീരകൗരവൻ.
“എന്താ സംശയം? നിത്യവും രാത്രി പോരാട്ടപ്രകടനം വിലയിരുത്തിയേ ഞാൻ ഒരു പോള കണ്ണടക്കൂ. ഇന്നലെ രാവിലെ ഒരു ‘ഇളമുറ’ സങ്കടം പറഞ്ഞു, കളിക്കൂട്ടുകാരായിരുന്ന പാണ്ഡവരുടെ ഇടനെഞ്ചിൽ ഞാനെങ്ങനെ വാൾ വീശും! യുദ്ധക്ഷമമല്ലാത്ത അത്തരം മൃദുലവികാരങ്ങൾ തുടച്ചുനീക്കാൻ, കൗരവമനോഭാവത്തിൽ തിരുത്തലിനായി അവനെ അറവുശാലയിൽ വിട്ടു. കറവ വറ്റിയ വളർത്തുമൃഗങ്ങളെ തലക്കടിച്ചുകൊന്നു, തൊലി പൊളിച്ചു ഭക്ഷ്യയോഗ്യമായ ഇറച്ചിയാക്കി ഊട്ടുപുരയിലെത്തിക്കുന്ന പണിയിൽ പ്രശംസ നേടിയാൽ മാത്രമേ, പോർക്കളത്തിൽ ഇനി സായുധനിയമനം കൊടുക്കൂ. മാതൃകാപരമായി ശിക്ഷയെന്നു തെളിഞ്ഞല്ലോ. ആയുധം മൂർച്ച കൂട്ടിയാണിപ്പോൾ പോരാട്ടത്തിനു് യാത്രപോവുന്നതു്!”
“ഇത്തവണ യാത്രകളിൽ അച്ഛനെ എവിടെയെങ്കിലും നീ കണ്ടുവോ, മകനേ?” സുഭദ്ര അഭിമന്യുവിനോടു് ചോദിച്ചു. സന്ധ്യ. കുറെ കാലത്തെ അസാന്നിധ്യത്തിനുശേഷം ദ്വാരകയിൽ മടങ്ങിയെത്തിയ മകൻ, അമ്മയുമൊത്തു കടൽത്തീരത്തു് നടക്കുകയായിരുന്ന പ്രഭാതം.
“വിരാടത്തിൽ കണ്ടു അമ്മാ. പാഞ്ചാലിയുൾപ്പെടെ ആറുപേരും കരുതലോടെ വേഷംകെട്ടി കഴിയുന്ന അജ്ഞാതവാസക്കാലം. സ്ത്രീവേഷം ധരിച്ച അച്ഛൻ, നൃത്തം പഠിപ്പിക്കുന്ന രാജകുമാരി ഉത്തരയെ ‘നിന്റെ ഭാവിവധു’ എന്നു് എനിക്കു് പരിചയപ്പെടുത്തി. ‘മുഖംമൂടി’ ധരിച്ച മറ്റു പാണ്ഡവരെയും രഹസ്യമായി കണ്ടു ഉപചാരം ചൊല്ലി ഞാൻ പിരിയുമ്പോൾ, അച്ഛൻ ശിരോവസ്ത്രം ധരിച്ചു നഗരാതിർത്തിവരെ വന്നു എന്നെ യാത്രയാക്കി. “കുരുക്ഷേത്രയിൽ, കൗരവർക്കെതിരെ പാണ്ഡവസൈന്യത്തെ ജയിപ്പിക്കാൻ നീ സ്തോഭജനകമായ ഒരപൂർവ്വയുദ്ധസാഹചര്യമുണ്ടാക്കുമോ എന്നവൻ അർത്ഥഗർഭമായി ചോദിച്ചു.” നിനക്കെന്തെങ്കിലും ദൈവഹിതത്താൽ സംഭവിച്ചാലോ, ഉത്തരയിൽ നിനക്കു് പിറക്കുന്ന മകനെ ഞാൻ ഹസ്തിനപുരിയുടെ ഭാവിരാജാവാക്കാം എന്നു് കൈപിടിച്ചു് ചേർത്തുനിർത്തി അനുമതി ചോദിച്ചു. പ്രത്യാശാഭരിതമായി കാണാറുള്ള ആ സുന്ദര മുഖത്തെ ദൈന്യത കണ്ടു ഞാൻ ‘അങ്ങനെ ആവട്ടെ അച്ഛാ’ എന്നു് വാക്കുകൊടുത്തുപോയി, അമ്മാ”.
“ആ ചതിയിൽ നീ വീഴരുതായിരുന്നു മകനേ!” ഭീതി നിറഞ്ഞ മുഖത്തോടെ അവൾ ആകാശത്തേക്കുനോക്കി.
“നവവധുവായി നിങ്ങൾ വന്നകാലം ഞാൻ ഓർത്തെടുക്കട്ടെ! ഹസ്തിനപുരിക്കും, ഭാവിയിൽ കുടിയേറാനുള്ള ഇന്ദ്രപ്രസ്ഥത്തിനും ഇടക്കൊരു ചുരുങ്ങിയ കാലയളവിൽ, ഒന്നൊന്നായി പരിചയപ്പെട്ട നൂറു കൌരവരേയും നിങ്ങൾ, പിന്നീടു് കാണുമ്പോൾ പേർപറഞ്ഞു, അതിഥിമന്ദിരത്തിലെ സ്വീകരണമുറിയിലേക്കു ഊഷ്മളമായി സ്വാഗതം ചെയ്തിരുന്നു. പെറ്റ തള്ള ഗാന്ധാരിക്കാവുമോ, നൂറ്റുവരായ മക്കളെ തെറ്റാതെ പേർ വിളിക്കാൻ?”, പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“കണ്ണു് കെട്ടി സ്വയം കാഴ്ച നിഷേധിച്ച ഗാന്ധാരിയെ പോലെയാണോ പ്രവർത്തനക്ഷമമായ പഞ്ചേന്ദ്രിയങ്ങൾ ഉള്ള പ്രണയിനി?”
“നിങ്ങളുടെ ജ്യേഷ്ഠനാണല്ലോ പാഞ്ചാലിയുടെ ക്രൂരപീഡകൻ? വസ്ത്രാക്ഷേപക്കാര്യങ്ങൾ കണ്ടമട്ടില്ലല്ലോ, നിങ്ങൾ വനിതാവകാശ സമിതിയുടെ അധ്യക്ഷയല്ലേ!”, കൊട്ടാരം ലേഖിക ദുശ്ശളയോടു് ചോദിച്ചു.
“ആണുങ്ങൾക്കു് മാത്രം സാന്നിധ്യം അനുവദിച്ച ചൂതാട്ടസഭയിൽ, ഇടിച്ചുകയറിയതൊരു ആചാരലംഘനം എങ്കിൽ, അതിലൂടെ പാഞ്ചാലിക്കു് നവോത്ഥാനം കൊണ്ടുവരാനാവുമെന്ന തോന്നൽ വേണ്ട. വിവാഹം കഴിച്ച ഒരു പാണ്ഡവനുപുറമെ നാലു പേരെ കൂടി കുന്തി അവളിൽ അടിച്ചേൽപ്പിച്ചപ്പോൾ, നവവധുവിന്റെ മുൻകൂർ അനുമതി തേടിയില്ല എന്ന ന്യൂനതയാൽ ഞാൻ ബഹുഭർത്തൃത്വത്തെ തന്നെ ചോദ്യം ചെയ്തിരുന്നു. ചൂതാട്ടസഭയിൽ നടപടിക്രമങ്ങളുടെ നഗ്നമായ ലംഘനം അവളിൽനിന്നും മനഃപൂർവ്വം ഉണ്ടായതോടെ, ഖേദം പ്രകടിപ്പിക്കുന്നതിനു പകരം അടിമവ്യവസ്ഥിതിയെ പാഞ്ചാലി അധികക്ഷേപിച്ചു എന്നതു കൊണ്ടും സ്ത്രീസ്വാതന്ത്ര്യവാദികളുടെ ആരാധ്യയാവുന്നില്ല, കാരണം, അവളുടെ അച്ഛനും അടിമപ്പെൺക്രയവിക്രയം ചെയ്തിരുന്നു, പാണ്ഡവരും അവളറിയാതെ അടിമപ്പെണ്ണുങ്ങളിൽ അധീശത്വം പുലർത്തി. അവളും പാണ്ഡവരെ അടിമകളായി കണക്കാക്കുന്നു എന്നതൊന്നും ജനം അറിയാത്തതല്ല. സ്വത്തും പദവിയും നഷ്ടപ്പെട്ട പാണ്ഡവർക്കുവേണ്ടി അവളൊരു പ്രഹസനം അരങ്ങേറി എന്നേയുള്ളു. പത്തുവർഷം കാട്ടിൽ കുറുനരികൾക്കുമൊപ്പം കഴിയട്ടെ, തിരിച്ചുവരുന്നതൊരു സമ്പൂർണ്ണ പെണ്ണവകാശ പോരാളിയായിട്ടാവും. ക്ഷമിക്കണം തിരക്കുണ്ടു് സൈന്ധവദേശത്തേക്കു തിരിച്ചുപോവാൻ സന്നാഹങ്ങൾ ആയി.”
“അന്തസ്സുള്ള ആൺപെൺ പൊറുതി ഒരു വ്യക്തിയിൽ കേന്ദ്രീകരിച്ചാൽ സാധ്യമാവില്ലെന്ന മുൻവിധിയിലാണോ, ബഹുഭർത്തൃത്വ പരീക്ഷണത്തിനായി പാണ്ഡവരുമൊത്തു ഖാണ്ഡവപ്രസ്ഥത്തിലേക്കു പടിയിറങ്ങിപ്പോയതു്?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ഇന്ദ്രപ്രസ്ഥത്തിൽ സജീവദാമ്പത്യക്കാലം.
“അതൊക്കെ വിവാഹത്തിനുമുമ്പും പാഞ്ചാലയിൽ സാധിച്ചിരുന്നല്ലോ. എന്നാൽ ഏകപക്ഷീയമായി എന്നിൽ അടിച്ചേല്പിക്കപ്പെട്ട ആൺപെൺപൊറുതി മലിനപ്പെടുത്തുന്നതിൽ, ബഹുഭർത്താക്കന്മാരുടെ ‘ജൈവികപങ്കെ’ന്നു് അവരോടു് നേരിട്ടു് ചോദിച്ചറിഞ്ഞാൽ മതി.”
“ചക്രവ്യൂഹത്തിൽ പനയോലയും എഴുത്താണിയുമായി പ്രവേശിക്കാൻ അനുമതി കിട്ടിയ ഏക വനിത ഞാനായിരുന്നു. ഹസ്തിനപുരിയിലെ ധൃതരാഷ്ട്രവസതിയിൽ ചാരിക്കിടന്നു പോരാട്ടം നിങ്ങൾ നേരിൽ കണ്ടു എന്ന അവകാശവാദം ചോദ്യം ചെയ്യാതെ വിടുന്നു. എന്നാൽ എങ്ങനെയാണു് അഭിമന്യുമരണവാർത്ത നിങ്ങൾ അന്ധരാജാവിനെ അറിയിച്ചതു് എന്നറിയാൻ വായനക്കാർക്കു് കൗതുകമുണ്ടാക്കും!? ഒന്നോർത്തെടുക്കാമോ?” കൊട്ടാരം ലേഖിക സഞ്ജയനോടു് ചോദിച്ചു.
“ഏറ്റുപറയട്ടെ, ആ കൗമാര പാണ്ഡവപോരാളി, സംഘടിത കൗരവാക്രമണത്തിൽ പൂപോലെ ഞെരിയുന്നതു ഞാൻ വിതുമ്പിക്കൊണ്ടറിയിച്ചപ്പോൾ ‘ബലേ ഭേഷ്’ എന്നു് ധൃതരാഷ്ട്രർ പ്രതികരിച്ച ഓർമ്മയുണ്ടു്. സിംഹാസനത്തിൽനിന്നയാൾ ചാടിയെണീറ്റു തുടങ്ങിവച്ച അശ്ലീലമായ ‘ഇളകിയാട്ടം’ നിലക്കാൻ, വിദുരർ ഇടപെടേണ്ടിവന്നു. അവസാനം കർണ്ണൻ അഭിമന്യുവിന്റെ ഇടനെഞ്ചിലേക്കു കത്തി കയറ്റിയപ്പോൾ, “ശവത്തിൽ കുത്താതെടാ തന്തക്കു പിറക്കാത്തവനേ” എന്നു് വിങ്ങിപ്പൊട്ടി ഞാൻ തത്സമയവാർത്താ പ്രക്ഷേപണം നിർത്തി വീട്ടിലേക്കു പോയി.”
“ഭരണകൂടഭീകരതയെന്നു വസ്ത്രാക്ഷേപത്തെക്കുറിച്ചു പൊതു സമൂഹം കുതിരപ്പന്തികളിൽ വിവാദമുയർത്തുമ്പോഴെല്ലാം, ക്ഷമാപണം ചെയ്യുന്നതിനുപകരം, ദുര്യോധനൻ അവിടെവച്ചു ‘നിർമ്മിച്ചെ’ടുക്കുന്നൊരു കപടആഖ്യാനമുണ്ടു്—ചൂതാട്ടസഭയിലെ അധ്യക്ഷൻ ഭീഷ്മർ! കള്ളച്ചൂതെങ്കിൽ കൂട്ടുനിൽക്കുമോ പിതാമഹൻ? എന്നാണു് ദുര്യോധനന്റെ പ്രതിരോധം. അതിലെത്ര കാര്യമുണ്ടു്?” കൊട്ടാരം ലേഖിക ചോദിച്ചു.
“ആജീവനാന്ത ബ്രഹ്മചര്യം പാലിക്കുമെന്നു് ആകാശങ്ങളെ സാക്ഷിയായി ഭീഷ്മർ പ്രതിജ്ഞ എടുത്തില്ലായിരുന്നു എന്നു് അര നാഴികനേരം സങ്കൽപ്പിക്കുക, ഭീഷ്മസന്തതിപരമ്പരയുമായി സത്യവതി സന്തതിപരമ്പര എന്നോ പോരാട്ടത്തിൽ തീർക്കുമായിരുന്നു ഹസ്തിനപുരി സ്വത്തുതർക്കം. ധൃതരാഷ്ട്രരും പാണ്ഡുവും എത്രവധുക്കളെ എവിടെനിന്നും കൊണ്ടുവരണമെന്നൊക്കെ ഭീഷ്മർക്കുണ്ടായിരുന്നതു് സന്മനസ്സിനെക്കാൻ മുൻവിധി മാത്രം. എന്തുകാര്യവും ഭീഷ്മർ കൈവീശി സമ്മതിക്കണം. സഭയിൽ സംഭവിച്ചതു് അധാർമ്മിക ചൂതാട്ടമെന്നും, സത്സംഗമല്ലെന്നും പിതാമഹൻ ഇനിയെങ്കിലും അറിയണം. ചൂതാട്ടസഭാധ്യക്ഷനായി ഭീഷ്മരെ ധൃതരാഷ്ട്രർ നാമനിർദേശം ചെയുമ്പോൾ വേണ്ടാ എന്നു് ശബ്ദമുയർത്തി പറഞ്ഞുവോ? “ഒരു നീതിമാനെ പോലെ ഞാൻ നിരീക്ഷിക്കാം” എന്നു് പറഞ്ഞായിരുന്നില്ലേ ദന്ത സിംഹാസനത്തിൽ കയറിപ്പറ്റിയതു്? എന്നിട്ടിപ്പോൾ പറയുന്നോ, വസ്ത്രാക്ഷേപം കുരുവംശചരിത്രത്തിലെ ഒരു കറുത്ത അധ്യായം!”
“കണ്ടാൽ കുലീന! അവൾക്കെതിരെ പരാതി ഗുരുതരം എന്നാണു് നീതിപീഠപ്രഖ്യാപനം. എന്തു് ‘ഗുരുതരം’ ആ ‘കുലീന വനിത’ ചെയ്തു എന്നാണു നാം മനസ്സിലാക്കേണ്ടതു്?” കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു.
“നീരാടാൻ ആകാശചാരികൾ മനുഷ്യരൂപമെടുത്തു ഉച്ചമയങ്ങും നേരത്തു താഴ്‌വരയിലെ ജലാശയത്തിൽ വരാറുണ്ടെന്നു് നിങ്ങൾക്കറിയാമോ എന്നാണു്, ഞാൻ അന്വേഷിച്ചപ്പോൾ കുന്തി പറഞ്ഞതു്. സൗഹൃദമത്സരത്തിൽ അവർക്കൊപ്പം പ്രസന്നയായി നീന്തി പ്രശംസനേടുമ്പോൾ, നീന്തൽക്കാരിലൊരാളെ പ്രീണിപ്പിച്ചവൾ ബീജം യാചിക്കും. ദുർബലനിമിഷത്തിൽ ആകാശചാരികൾ തയ്യാറാവുമ്പോൾ, ദിവ്യഗർഭത്തിനവൾ വഴങ്ങിക്കൊടുക്കും. മൂന്നു പ്രാവശ്യം ഈ ദുരൂഹ ബീജസംഭരണം ഫലപ്രാപ്തിയിൽ സുഖപ്രസവത്തിലേക്കു നയിച്ചപ്പോൾ, കുന്തി പിന്നീടു് നീന്താൻ മറ്റൊരു സുന്ദരിയെ പറഞ്ഞയച്ചു. ഒറ്റത്തവണഗർഭത്തിൽ ഇരട്ടക്കുഞ്ഞുങ്ങൾക്കുവേണ്ട ബീജം സഹോദരദാതാക്കളിൽനിന്നവൾ സംഭരിച്ചു. ‘മംഗലം ചെയ്ത പുരുഷൻ ആളൊരു ഷണ്ഡൻ’ എന്നു് മുദ്രകുത്തിയാണവർ മാതൃത്വം എന്ന പെണ്ണവകാശത്തിനു അസാധാരണ ബീജസ്രോതസ്സുകളെ കണ്ടെത്തിയതു്. സ്വാഭാവികമായും സ്ത്രീ വേറെ വഴി നോക്കും എന്നൊരു അർത്ഥഗർഭമായ പ്രതികരണം മാത്രമേ കുന്തി, വിചാരണയിൽ പറഞ്ഞുള്ളു. ഇപ്പോൾ അവൾ സ്വതന്ത്ര എന്നാണറിഞ്ഞതു്. നട്ടാൽ കിളിർക്കാത്ത കെട്ടുകഥകൊണ്ടവർ സ്വർഗ്ഗജാ.”
“കുറ്റവാളികൾ പെരുകിയോ? ആവശ്യത്തിനു് തികയുന്നില്ല കൈ വിലങ്ങുകൾ എന്നാണല്ലോ ക്രമസമാധാന ചുമതല വഹിക്കുന്ന ഭീമന്റെ പരാതി!”, കൊട്ടാരം ലേഖിക ഭരണകൂട വക്താവിനോടു് ചോദിച്ചു.
“ആറു വിലങ്ങുകളാണു് ദുര്യോധന കാര്യാലയത്തിൽ ഉണ്ടായിരുന്നതു്. പാണ്ഡവരും പാഞ്ചാലിയും തിരിച്ചു വന്നാൽ കയ്യോടെ പിടിച്ചു അകത്തിടാൻ. ഇന്നു് സ്ഥിതി അതാണോ? നിത്യവും കോട്ട വാതിലിനു മുമ്പിൽ കാണാറില്ലേ, കുരുക്ഷേത്രവിധവകളുടെ പ്രക്ഷോഭം അക്രമാസക്തമാവുന്നതു്? ഒന്നും ഞാൻ വിസ്തരിക്കേണ്ടല്ലോ നിങ്ങൾ സാക്ഷിയല്ലേ. കാരാഗൃഹത്തിൽ എത്തിക്കും മുമ്പു് പ്രക്ഷോഭകാരികളെ കൂച്ചുവിലങ്ങിടേണ്ടേ? കള്ളച്ചൂതിൽ പൗരാവകാശം നഷ്ടപ്പെട്ടവരെ കൗരവർ അങ്ങനെ ചെയ്ത കീഴ്‌വഴക്കമില്ലേ? എങ്കിലും, കുരുക്ഷേത്രവിധവകളോടു് ഞങ്ങൾ അങ്ങനെ ചെയ്യാമോ? ഇപ്പോൾ ഉള്ള ആറു വിലങ്ങുകൾ ഒന്നു് മുറുക്കാൻ ശ്രമിച്ചാൽ കാണാം, അഴിയുന്നതു്. ഭക്ഷ്യക്ഷാമം കാരണം മെലിഞ്ഞ കൈത്തണ്ടയുള്ള കൗരവവിധവകൾക്കു എളുപ്പം കൈ ഊരിയെടുത്തു ഓടി രക്ഷപ്പെടാൻ കഴിയുന്നതരം വിലങ്ങുകളും കൊണ്ടു് ഇനി നടക്കുന്നതു് നാണക്കേടല്ലേ. ഈ സ്ഥിതി നാം മാറ്റണം. കൗരവസ്ത്രീ കളുടെ മൃദുകൈത്തണ്ടയിൽ മുറിവുണ്ടാക്കാത്തതും, ഭാരം കുറഞ്ഞതും, സ്വർണവളയുടെ നിറമുള്ളതും, ഇരുവശത്തും പൂട്ടിടാവുന്നതുമായ നവതലമുറ വിലങ്ങുകൾക്കു വേണ്ടി ഭീമൻ കർത്തവ്യബോധത്തോടെ നഗര പണിശാലകളിൽ ഓടിനടക്കുമ്പോൾ, നിങ്ങൾ അതൊരു പരിഹാസവിഷയമാക്കുന്നതു രാജ്യദ്രോഹത്തിനു സമമല്ലേ? യുദ്ധാനന്തര യുധിഷ്ഠിരഭരണകൂടത്തെ പ്രതിരോധത്തിലാക്കുന്ന വിധം ക്രമസമാധാന പ്രശ്നം നിങ്ങൾ തുടർന്നും വക്രീകരിച്ചാൽ, കോട്ടക്കകത്തെ സൗജന്യവസതിയും ഊട്ടുപുരയിൽ ഭക്ഷണവും പുനഃപരിഗണനക്കു വിധേയമാകുമേ!”
“അന്നു നിങ്ങളുടെ പ്രണയോർജ്ജം ഞാൻ ഓർക്കുന്നു. സംഘർഷഭരിതമായ സ്വയംവര മത്സരത്തിൽ തൽപരകക്ഷികളുടെ ഇടപെടലുകൾ അതിജീവിച്ചു അസ്ത്രവിദ്യയിൽ അർജ്ജുനൻ ജയിച്ചപ്പോൾ! പിന്നെ എപ്പോഴാണു് അയാളെ കാണുമ്പോഴേക്കും നിങ്ങൾ മുഖം തിരിക്കാൻ തുടങ്ങിയതു്? രാജസൂയ യാഗത്തിൽ യുധിഷ്ഠിരന്റെ ജീവിതപങ്കാളിയായാൽ മാത്രമേ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയാവൂ എന്ന ആചാരവിധിയിൽ നിങ്ങൾ കുടുങ്ങിയപ്പോൾ, സ്വയംവരജേതാവിനെ നിങ്ങൾ ഏകപക്ഷീയമായി തിരസ്കരിച്ചുവോ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“ഊഴം വച്ചു് കിടന്ന ദിവസങ്ങളിൽ ഈർഷ്യയോടെ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു, നവവധുവായിരിക്കുമ്പോൾ അവനെനിക്കു് തന്ന കേശാദിപാദപരിലാളന ഇപ്പോൾ ഇല്ല. മറ്റു നാലു പാണ്ഡവരിൽ നിന്നെന്ന പോലെ പ്രത്യേക പരിഗണനയൊന്നുമില്ലാതെയാണു് ഞാനവനിൽ നിന്നും ബീജസംഭരണം ചെയ്യുന്നതെന്ന അറിവാണവനെ അവശനാക്കിയതെന്നുണ്ടോ? ‘ദാമ്പത്യവഞ്ചനയാണു് ബഹുഭർത്തൃത്വം’ എന്നവൻ മുനവച്ചു സൂചിപ്പിച്ചപ്പോൾ, കുന്തി കുബുദ്ധിയല്ലേ അതെന്നു ഞാൻ തിരിച്ചടിച്ചു. ‘ഇണചേരുമ്പോഴും നീ അമ്മയെ വലിച്ചിഴക്കുന്നോ?’ എന്നു് പ്രതിഷേധിച്ചു ഇരുട്ടിൽ എനിക്കെതിരെ അവൻ ‘വെളിച്ചപ്പെ’ടാൻ തുടങ്ങി. നാവിൽ നിന്നു് അരുതാത്ത കാര്യങ്ങൾ പുറത്തുവന്നു എന്നറിയാൻ ഞാൻ ഓർമ്മയെ ആശ്രയിക്കണം. അർജ്ജുനപുരുഷത്വത്തെ കണക്കിനു് പരിഹസിച്ചു എന്നാണോർമ്മ. നിന്നെക്കാൾ സ്പർശനമികവോടെ കിന്നരിക്കാൻ നകുലനും സഹദേവനും ഉണ്ടെന്ന എന്റെ തിരിച്ചടിയിൽ പാർത്ഥപുരുഷത്വം തകർന്നു. ഊഴമനുസരിച്ചു. പ്രത്യുൽപ്പാദനരതി പ്രയോജനപ്പെടുത്താതെ, ഒരു പുരുഷനു് ഭാര്യയോടു് ചെയ്യാവുന്ന ഹീനപ്രതികാരത്തിനവൻ പടിയിറങ്ങി, പിന്നെ കേട്ടതു് കടലോരദ്വാരകയിൽ കൃഷ്ണസഹോദരി സുഭദ്രയെ തരപ്പെടുത്തി! അറിഞ്ഞു എന്നു് നടിച്ചില്ല ഇന്നും നടിക്കുന്നില്ല. ‘വിഴുപ്പുകെട്ടു’ ചുമന്നു നിങ്ങൾ വശം കെട്ടു എങ്കിൽ, പനയോലക്കെട്ടു മാറ്റി, മണ്ണിളക്കി ഒന്നു് പിടിക്കൂ. ഇന്നു് പകൽ മുഴുവൻ യമുനയുടെ തീരത്തു എന്റെ ഗർഭകാലശുശ്രൂഷക്കുള്ള പച്ചില മരുന്നു ചെടികളുടെ മഴക്കാലപരിചരണമാണു്.”
“അപ്പോൾ ശരിക്കും, വഴുക്കി വീണില്ല ദുര്യോധനൻ എന്നാണോ നിങ്ങൾ പറഞ്ഞുവരുന്നതു്”, ‘കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. ഇന്ദ്രപ്രസ്ഥം മായികസഭാതലത്തിൽ, ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥി കൗരവരാജകുമാരൻ കാൽവഴുക്കി വീണ’പ്പോൾ, ആതിഥേയ പാഞ്ചാലി പൊട്ടിച്ചിരിച്ചു എന്ന വാർത്ത ഹസ്തിനപുരി കുതിരപ്പന്തികളിൽ ചൂടൻ സംവാദമാവുന്ന ദിനങ്ങൾ.
“ഇന്ദ്രപ്രസ്ഥത്തിലേക്കു കാൽവച്ച മുതൽ കൗരവമുഖം ‘കുനുഷ്ടു്’ കൊണ്ടു് കരുവാളിച്ചിരുന്നു എന്നാണു് ഞങ്ങളുടെ പാറാവുകാർ നൽകിയ രഹസ്യവിവരം. ചുറ്റുംനോക്കി തേരാളിയോടവൻ ഓരോന്നു് വിളിച്ചു പറയും, തേരാളി ചെവികൊടുക്കാതെ, ആരാധനയോടെ വിസ്മയക്കാഴ്ച ഓരോന്നും മിഴിച്ചു നോക്കും, തിളയ്ക്കുന്ന അസഹിഷ്ണുതയിൽ ദുര്യോധനൻ തേരാളിക്കുനേരെ കുരച്ചു അപശബ്ദമുണ്ടാക്കും. പിറ്റേന്നവൻ നൂറുനൂറു വിദേശ രാജ്യ സന്ദർശകർക്കൊപ്പം മായികസഭാതലങ്ങൾ കണ്ടു സ്തംഭിച്ചപ്പോൾ, ഉണർന്ന ‘കുരുട്ടുമന’ത്തിലാണു് ‘വീഴ്ച’ എന്ന പ്രഹസനം അരങ്ങേറിയതു്. അതിഥിമന്ദിരത്തിൽ സഹായിയായി ഉണ്ടായിരുന്നൊരു കുടിയേറ്റക്കാരിവനിത, ആ ‘വീഴ്ച’യുടെ ആപാദചൂഡ കൃത്രിമത്തം കണ്ടു ഒന്നു് ചുമച്ചു എന്നേയുള്ളു, കൗരവപ്രമാണി അതു് പാഞ്ചാലിയായി നിരൂപിച്ചു കഥാനിർമ്മിതി പ്രചരിപ്പിച്ചു. പുത്തൻപുതു ഇന്ദ്രപ്രസ്ഥത്തെക്കുറിച്ചു നല്ലതൊന്നും പറയില്ലെന്നൊരു ശാഠ്യമുണ്ടായിരുന്ന ദുര്യോധനനു് പിന്തുണ കൊടുക്കാൻ ഹസ്തിനപുരിയിൽ ആരുണ്ടായിരുന്നു? നിങ്ങൾ പോയി അന്വേഷിക്കേണ്ട കാര്യം തന്നെ.”
“നവജാതശിശുക്കളെ മുക്കിക്കൊല്ലുന്നൊരു ഭീകരജലജീവിയായി മഹാരാജാവു് ശന്തനു നിങ്ങളെ ഹസ്തിനപുരിയിൽ ചിത്രീകരിക്കുന്നതിൽ നീരസമുണ്ടോ? പ്രസവിച്ച ഏഴു കുഞ്ഞുങ്ങളെയും നിങ്ങൾ സ്വയം വകവരുത്തി എന്നാണു് രാജസഭയിൽ, സ്തോഭജനകമായ ആംഗ്യങ്ങളോടെ നിലവിളിച്ചുകൊണ്ടദ്ദേഹം പ്രഖ്യാപിച്ചതു്! ആകാശചാരിയെന്നവകാശപ്പെടുന്ന മഹാറാണിയെ ഗംഗയാറിന്റെ തീരത്തു സംശയകരമായ രീതിൽ കണ്ടപ്പോൾ ചോദിച്ചു.”
“പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നു പോവുന്ന നിർഭാഗ്യവതികളായ അമ്മമാരുടെ ശാരീരികവും വൈകാരികവുമായ പ്രശ്നങ്ങളെകുറിച്ചെന്തെങ്കിലും ആ മനുഷ്യനു അറിവോ അനുകമ്പയോ ഉണ്ടോ? പെറ്റകുഞ്ഞിനു പാലൂട്ടാനിഷ്ടപ്പെടുന്നോരമ്മയെങ്ങനെ അയാളുടെ കരിങ്കണ്ണിലൊരു കൊലയാളിയായി? തീവ്ര വൈകാരികവ്യതിയാനമുണ്ടാകാൻ സാധ്യതയുള്ള പ്രസവാനന്തരപ്രതിസന്ധിയെ ആ കിരീടധാരി എത്ര കൗശലപൂർവ്വം ഭീകരപ്രവർത്തനത്തിനു ഭൂമികയായി പ്രഖ്യാപിച്ചു! തൂങ്ങിക്കിടക്കുന്ന വയറും കറുത്തിരുണ്ട കഴുത്തുമൊക്കെ കാണുമ്പോൾ, കാമാസക്തനുണ്ടാവുന്ന നിരാശയാണു് ആ വാക്കുകളിൽ ഒളിച്ചുകിടക്കുന്നതു്. പെണ്ണുടലിനുമാത്രമല്ല പെൺമനത്തിനും എന്തെല്ലാം പ്രശ്നങ്ങൾ വരാമെന്നൊക്കെ ഒഴുക്കൻ രീതിയിൽ പറഞ്ഞാൽ ഞാൻ നേരിട്ട പ്രശ്നത്തിനു് പരിഹാരമാവുമോ? ഗർഭകാലത്തെല്ലാം വാരിവലിച്ചു കഴിച്ച എനിക്കു് പ്രസവം കഴിഞ്ഞപ്പോൾ വിശപ്പു് തീരേയില്ലെന്ന അവസ്ഥയായി എന്നയാൾ സമ്മതിക്കുന്നുണ്ടല്ലോ. എനിക്കു് അതിനെക്കാളൊക്കെ വിഷമം, മുലപ്പാൽ കിട്ടുന്നില്ലല്ലോ എന്നോർത്തായിരുന്നു. കുഞ്ഞു കിടന്നുകരയുമ്പോൾ പെറ്റതള്ളക്കു നോവില്ലേ. ബീജദാതാവു് മാത്രമായ രാജാവിനെ എന്റെ മുലപ്പാൽപ്രശ്നം ചടുലമായി ഓർമ്മിപ്പിക്കാൻ കുഞ്ഞിനെ പുഴയിൽ എടുത്തെറിയുമെന്നു് ഞാനൊന്നു് ഭീഷണിപ്പെടുത്തി. അരുതേ അരുതേ എന്നു് വിലപിക്കാനല്ലാതെ, രാജാവു് ചെയ്യേണ്ടതു് പിന്നെ അയാൾ എന്തു് ചെയ്തു എന്നന്വേഷിക്കൂ. ഓരോ പ്രസവത്തിനു ശേഷവും ഞാൻ ആത്മഹത്യക്കു ശ്രമിച്ചു. അപ്പോൾ അയാൾ നിസ്സഹായത നടിച്ചു എന്റെ കാലിൽ വീഴും, പകരം കുഞ്ഞിനെ പുഴയിലൊഴുക്കാൻ പരോക്ഷമായി പ്രേരിപ്പിക്കും. ശാരീരികബന്ധം കഴിഞ്ഞാൽ മാസമുറ തെറ്റിയോ എന്ന പ്രത്യാശാഭരിതമായ ചോദ്യവുമായി ഇടയ്ക്കിടെ അന്തഃപുരത്തിൽ എന്നെ പിടികൂടും. എല്ലാറ്റിനുമില്ലേ അതിരു് ? ഏഴു കുഞ്ഞുങ്ങളുടെ കാര്യത്തിലും അതുണ്ടായി എന്നതിൽ കവിഞ്ഞൊരു ക്ഷമാപണവും തരാൻ ഇപ്പോൾ ഞാനാളല്ല. മാതൃത്വത്തേക്കാൾ വലിയ മാനവസങ്കല്പങ്ങൾ ഉണ്ടു്. അതൊക്കെ മാടമ്പി ശന്തനു എങ്ങനെ അംഗീകരിക്കാനാണു് അല്ലെ!”