“അർദ്ധസത്യം എന്ന വാക്കിനു കോമളശരീരം കിട്ടിയ പോലെ തോന്നുന്നല്ലോ നേരിൽ കാണുമ്പോൾ! എങ്ങനെ പ്രതിരോധിക്കും അപകീർത്തിപരമായ ഇത്തരം ആരോപണം ഉയർന്നാൽ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“ആരോപണമാണോ അതു്? അതൊരഭിപ്രായമല്ലേ? അപകീർത്തിപരമാണോ? ഒരപനിർമ്മിതി മാത്രമല്ലേ? ‘അർദ്ധസത്യവാൻ’ എന്നതൊരു അംഗീകാരമായി ഞാൻ കാണേണ്ടേ? ‘അർദ്ധസത്യം’ ഞാനുച്ചരിച്ചതെന്താ ധ്യാനം ചെയ്യുമ്പോഴാണോ? അതോ കുരുക്ഷേത്രയിൽ കൈമെയ് മറന്നു ശത്രുവിനെ വളഞ്ഞിട്ടു കൊല്ലുമ്പോഴോ? പോരാട്ടത്തിന്നിടക്കു് ഞാൻ ആർക്കും വ്യാജ ആശംസയർപ്പിക്കുകയായിരുന്നില്ല, മറിച്ചു ശത്രുവിനെ നിരായുധനാക്കുന്നതിനൊരു പൊടിക്കൈ പ്രയോഗിച്ചുനോക്കിയതായിരുന്നു. അതുച്ചരിക്കുമ്പോൾ കൗരവരും പാണ്ഡവരും ഒരുപോലെ ശ്രദ്ധിച്ചു കേട്ടു. യുദ്ധം ജയിക്കാനുള്ള ആദ്യ പടി. ചെറിയൊരു പടി. എന്നാൽ അതവിടെ വേണം എന്നതു് മനഃസാക്ഷിയുടെ പ്രേരണയുമായിരുന്നു” കൗരവ സർവ്വ സൈന്യാധിപനായിരുന്ന ദ്രോണാചാര്യന്റെ ശവസംസ്കാരത്തിൽ പങ്കുകൊണ്ട യുധിഷ്ഠിരൻ മുങ്ങിക്കുളിക്കാൻ പുഴയിലേക്കിറങ്ങുകയിരുന്നു.
“അവിവാഹിത കൗരവരാജകുമാരികളെയും കൗരവരാജവിധവകളെയും പ്രകൃതിവിരുദ്ധ പരീക്ഷണത്തിനായി ദുഷ്പ്രേരണ ചെലുത്തിയ ഭീമനെ, അരയിൽ കുരുക്കിട്ടു് നഗരികാണിക്കാൻ, കാപട്യത്തിന്റെ മുഖംമൂടി ഊരിക്കളഞ്ഞു യുധിഷ്ഠിരൻ തയ്യാറാവുന്നില്ലെങ്കിൽ, പുഴയോര കൗരവ സമാധിയിൽ, പാണ്ഡവർ കഴിഞ്ഞകൊല്ലം സ്ഥാപിച്ച ദുര്യോധനപ്രതിമ ‘വേരോടെ’ പിഴുതു നീരൊഴുക്കിൽ എറിയുമെന്നു, ദുര്യോധനവിധവയും മുൻനിര കുരുക്ഷേത്രവിധവകളും, ഭീഷണിപ്പെടുത്തുന്നുണ്ടല്ലോ. എങ്ങനെ നേരിടും, കെട്ടുവിട്ടു് പിടിവിട്ടു പോകാവുന്ന ഭരണകൂട പ്രതിസന്ധി?” കൊട്ടാരം ലേഖിക പാണ്ഡവരുടെ ഔദ്യോഗിക വക്താവിനോടു് ചോദിച്ചു.
“മുൻനിര കൗരവവിധവകൾ എന്നു് ‘വിശാലമായി’ പറയാനൊന്നുമില്ല. അവർക്കിടയിലെ അന്തഃഛിദ്രം അങ്ങാടിയിൽ പാട്ടാണു്. ദുര്യോധനപ്രതിമ പുഴയൊഴുക്കിലെറിയുന്നതിൽ ദുശ്ശാസന വിധവക്കു എതിർപ്പില്ലെന്നാണു് ഞങ്ങൾക്കു് കിട്ടിയ പ്രാഥമിക വിവരം. കൗരവവിധവകൾക്കിടയിൽ വികസിക്കുന്ന കിട മത്സരം ഏതറ്റവും പോകാൻ പാണ്ഡവർ തുണക്കും. പ്രതിപക്ഷനേതാവായി സ്വയം ഉയർത്തിക്കാണിക്കാൻ ദുശ്ശാസനവിധവ ദുര്യോധനവിധവക്കൊപ്പം ഉണ്ടു്. വ്യാജ ലൈംഗികാക്രമണ പരാതിയിൽ, ഭീമൻ അധാർമ്മികമായി ചെയ്തു എന്നവർ ആരോപിക്കുന്ന ദുര്യോധനവധത്തിനു പ്രതികാരം വീട്ടാൻ ദുര്യോധനവിധവക്കു കിട്ടിയ സുവർണ്ണാവസരം ഞങ്ങൾ എന്തിനു നിഷേധിക്കണം. പാതിരാ ഇടിച്ചു കയറൽ സംഭവിച്ചെന്നു് ദുര്യോധനവിധവ നിരത്തുന്ന ദിവസങ്ങളിൽ, ഭീമൻ പുണ്യനദീതീരങ്ങളിലൂടെ കൗരവാത്മാക്കൾക്കുവേണ്ടി തീർത്ഥയാത്ര ചെയ്യുകയായിരുന്നു എന്നതാണു് വസ്തുത. ഈ വിവരം അറിഞ്ഞാൽ ദുര്യോധനവിധവ ലൈംഗികാക്രമണത്തിന്റെ സ്ഥലവും തീയതീയും മാസവും മാറ്റിപ്പറയുമോ, അതോ ദുര്യോധനപ്രതിമക്കു് ജലസമാധി ഉറപ്പുവരുത്തുമോ എന്നു് കണ്ടറിഞ്ഞു, കാര്യം സൗകര്യം പോലെ അറിയിക്കൂ. ഒരുകാളവണ്ടി നിറയെ ധാന്യച്ചാക്കുകളുമായി കൗരവരാജവിധവകളുടെ പുനരധിവാസകേന്ദ്രത്തിലേക്കുവേണ്ട ഭക്ഷ്യസുരക്ഷ ഞങ്ങൾ ഏർപ്പാടുചെയ്തിട്ടുണ്ടു്. ധാന്യം അപ്പമാക്കേണ്ട പണി അവർ ചെയ്യട്ടെ. പുഴയോരത്തു ആഴത്തിൽ തറ പണിതു ആറടി മണ്ണിൽ യുധിഷ്ഠിരൻ സ്ഥാപിച്ച പഞ്ചലോഹ പ്രതിമ പറിച്ചെടുക്കുന്ന ശ്രമകരമായ ദൗത്യത്തിൽ മനോവീര്യം കിട്ടാൻ പ്രാർത്ഥിക്കുക—പ്രക്ഷോഭകാരികൾക്കു നമോവാകം!”
“പറഞ്ഞു പൊലിപ്പിക്കുന്നത്ര പ്രായവ്യത്യാസം യുധിഷ്ഠിരനുമായി പാഞ്ചാലിക്കുണ്ടോ? ബഹുഭർത്തൃത്വ ദാമ്പത്യത്തിന്റെ ആണിക്കല്ലു് യുധിഷ്ഠിരവാർധക്യത്തിൽ ഇളകുന്നു എന്ന ദ്രൗപദീ നിരീക്ഷണം, ഇളമുറക്കാരനായ നിങ്ങൾ എളുപ്പം വകവച്ചു കൊടുക്കുമോ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. യുദ്ധാനന്തര പാണ്ഡവജീവിതം.
“പ്രായത്തെക്കുറിച്ചവൾ വല്ലാതെ ആധിപ്പെടുന്ന സന്ദർഭങ്ങൾ ഞാൻ അസ്വസ്ഥതയോടെ ഓർക്കുന്നു. പരിചയപ്പെട്ട ഉടൻ അവൾ ചോദിച്ചതു്, “നാലാം ഭർത്താവായ നീ എന്നെക്കാൾ നന്നേ ചെറുപ്പമാണല്ലോ, അതോ, തോന്നുന്നതോ?” എന്നായിരുന്നു. “യുധിഷ്ഠിരനെ നീ പിതാവിന്റെ സ്ഥാനത്താണു് കാണുന്നതെങ്കിൽ, രാജസൂയ യാഗവേദിയിൽ നീ എന്തിനയാളുടെ ഭാര്യയുടെ സ്ഥാനത്തു ഇരുന്നു? ഔദ്യോഗികമായി അർജ്ജുനന്റെ ഭാര്യമാത്രം, ഇന്ദ്രപ്രസ്ഥംചക്രവർത്തിനി എന്ന പദവിക്കായി നിങ്ങളുടെ ഔദ്യോഗിക വധുവേഷം കെട്ടി യാഗശാലയിൽ ഇരിക്കാൻ വയ്യ” എന്ന പരസ്യനിലപാടിനുപകരം, യാഗം പൂർത്തിയായാൽ ചക്രവർത്തിനി ആവാമെന്ന മോഹത്തിൽ അവൾ ഇരിപ്പിടത്തിൽ മൂന്നുദിവസം തീയും പുകയും ശ്വസിച്ചു പല അവമതിക്കും കൂട്ടുനിന്നു. ചൂതാട്ടത്തിൽ എല്ലാം പോയി പാണ്ഡവർ വനവാസത്തിലായപ്പോൾ അവൾക്കു തോന്നി യുധിഷ്ഠിരൻ ശരിക്കും ആളൊരു വൃദ്ധൻ! വയോജനങ്ങളുടെ ആരോഗ്യവും മാനസികവുമായ പ്രശ്നങ്ങൾ പിന്തുടർന്നു് യുധിഷ്ഠിരൻ സങ്കടം പറയുമ്പോൾ പാഞ്ചാലി അതിനു ചെവികൊടുക്കാതെ മാറിപ്പോവുന്നതു ഞങ്ങളെ വേദനിപ്പിച്ചു. യുധിഷ്ഠിരന്റെയും ഭീമന്റെയും സാന്നിധ്യത്തിൽ അരക്കെട്ടിൽ കൈ ചേർത്തു് എന്നെ കിടപ്പറയിലേക്കു് കൊണ്ടുപോവുന്നു. യുദ്ധം കഴിഞ്ഞു യുധിഷ്ഠിരൻ വീണ്ടും രാജാവായപ്പോൾ, പാഞ്ചാലി വിഷാദരോഗിയായി. പകിട്ടുള്ള ആഭരണമാണു് ചെങ്കോൽ എന്ന ധാരണമാറി, നീറുന്ന പ്രശ്നങ്ങളോടുള്ള ഓർമ്മപ്പെടുത്തലാണു് കുരുവംശത്തിന്റെ അധികാരദണ്ഡു് എന്നറിഞ്ഞതോടെ, ബന്ധം പിന്നെയും അകന്നു. എല്ലാം കണ്ടിട്ടും കേട്ടിട്ടും എന്റെ ഇരട്ട സഹോദരനായ സഹദേവൻ, ‘ഇതാണു് ജീവിതാവസ്ഥ’ എന്ന തിരിച്ചറിവിൽ നെറ്റിചുളിക്കാതെ ഇതുവരെയും പഴയപോലെ കാണുന്നു.”
“ദുര്യോധനമരണം ഉറപ്പുവരുത്താതെയെങ്കിലും നിങ്ങൾ, ഞെണുങ്ങിയ ഗദയും ശിരസ്സും തൂക്കി ക്ഷീണിച്ചവശനായി, പാളയത്തിലേക്കു് പതിനെട്ടാംദിവസം സന്ധ്യക്കു് മടങ്ങിയതു് കണ്ടവരിൽ ഞങ്ങളും ഉണ്ടായിരുന്നു. അന്നു് രാത്രിയിൽ പിന്നെന്തുണ്ടായി എന്ന ആകാംക്ഷയുടെ ജാലകങ്ങൾ ആരോ ശബ്ദഘോഷത്തോടെ കൊട്ടിയടച്ചപോലെ! നീതിബോധമുള്ള വരുംതലമുറ പക്ഷേ, ഓർക്കാൻ കൊതിക്കുന്നതു, ദുശ്ശാസനവധത്തിലൂടെയെന്നു കുതിരപ്പന്തി ചർച്ചകളിൽനിന്നറിയുന്നു. എങ്ങനെയായിരുന്നു, വസ്ത്രാക്ഷേപത്തിലൂടെ കുപ്രസിദ്ധിയാർജ്ജിച്ച ദുശ്ശാസനൻ എന്ന ലൈംഗികാക്രമിയെ നിങ്ങൾ നിരായുധനായി പോർക്കളത്തിൽ ഓടിച്ചിട്ടു് പിടികൂടി, വിരൽനഖങ്ങൾ കൊണ്ടു് കരൾതുരന്നു ചുടുചോര കൈക്കുമ്പിളിൽ കോരി പാളയത്തിൽ പ്രത്യാശയോടെ കാത്തിരിക്കയായിരുന്ന പ്രിയപ്പെട്ടവളുടെ മുടിയിൽ തേച്ചു പതിമൂന്നുകൊല്ലം മുമ്പുണ്ടായ ഐതിഹാസിക ഭീമപ്രതിജ്ഞ പാലിച്ചതു്? ഒന്നോർത്തെടുക്കാമോ?”, പാണ്ഡവരുടെ സ്മൃതിനാശസാധ്യത തള്ളിക്കളയാനാവില്ലെന്ന അഭ്യൂഹത്തിൽ ഒന്നൊന്നായി അഭിമുഖം ചെയ്യുന്ന ശ്രമകരമായ പണിയിൽ ഏർപ്പെട്ട കൊട്ടാരം ലേഖിക ചോദിച്ചു. ഭാരിച്ച ശരീരവും ശിശുമുഖവുമായി അർദ്ധനഗ്നഭീമൻ അരമനഉദ്യാനത്തിൽ പുതുതലമുറ ജീവനക്കാരുടെ കൊച്ചുകുട്ടികൾക്കു് കൗതുകക്കാഴ്ചവസ്തുവാകുന്ന അവസാനഘട്ട യുധിഷ്ഠിരഭരണകാലം. കിരീടാവകാശി പരീക്ഷിത്തു് ചെങ്കോൽ കൈവശപ്പെടുത്തുന്നതിനുവേണ്ടി മഹാറാണി ദ്രൗപദിയുമായി അധികാരം പങ്കിടാനുള്ള ഗൂഡാലോചനയിൽ ഏർപ്പെട്ടിരിക്കുന്ന അരമനരഹസ്യം ചാര വനിതകളിലൂടെ തോണ്ടിയെടുത്ത വകുപ്പുമേധാവി നകുലൻ സ്വാർഥതാല്പര്യത്തിൽ ആ വിമതനീക്കത്തെ കരുതലോടെ പിന്തുടരുന്ന നേരം.
“ഭർത്തൃമാതാവിനാൽ ഏകപക്ഷീയമായി അടിച്ചേല്പിക്കപ്പെട്ട ബഹുഭർത്തൃത്വത്തോടു് നവവധു എങ്ങനെ പ്രതികരിച്ചു എന്നാണു് നിങ്ങൾ കാര്യാലയത്തിലിരുന്നു കണ്ടെത്തുന്നതു്?”, കൊട്ടാരം ലേഖിക പത്രാധിപരോടു് ചോദിച്ചു. മത്സരവിജയിയെ പരിണയം ചെയ്തു ഹസ്തിനപുരിയിൽ എത്തിയ പാഞ്ചാലി, വന്ദ്യ ധൃതരാഷ്ട്രരുടെ അതിഥിമന്ദിരത്തിൽ കഴിയുന്ന അശാന്തകാലം.
“അതിനു നിങ്ങളുടെ അഭിമുഖങ്ങൾ വായിച്ചാൽ വസ്തുതകൾ പലതും പിടിവിട്ടു് പോവും. ചുറ്റും ഞാൻ കണ്ണോടിച്ചു. നേരിട്ടവൾ എന്നോടിതുവരെ കുമ്പസരിച്ചിട്ടില്ലാത്തതു കൊണ്ടു് ദ്രൗപദിയുടെ ഹൃദയാന്തരങ്ങളിൽ മറഞ്ഞു കിടക്കുന്ന ലൈംഗിക രഹസ്യങ്ങളിൽ എനിക്കു് വലിയ പിടിപാടില്ല. എങ്കിലും അവസരം കിട്ടിയാൽ, അന്തസ്സില്ലാതെ ഇരവാദം ചമയുന്ന പാണ്ഡവരുടെ പരാമർശങ്ങൾ പരിഗണിക്കുമ്പോൾ, നാം പത്രപ്രവർത്തകർ കൂട്ടിവായിക്കേണ്ടൊരു ഹൃദയഭേദകമായ കുടുംബക്കാര്യമുണ്ടു്—പാണ്ഡവരുടെ ലിംഗവിശപ്പു്! ഭർത്താക്കന്മാർക്കെതിരെ ദ്രൗപദി പ്രതീകാത്മകമായി കൊട്ടിയടക്കുകയായിരുന്നില്ല കിടപ്പറ വാതിൽ, അടച്ചുറപ്പു ഭദ്രമാക്കിയ കോട്ടവാതിലെന്നപോലെയാണവൾ പാണ്ഡവർക്കു്, പരിപാവന പെണ്ണുടലിലേക്കു പ്രവേശനം നിഷേധിച്ചതു്. പൊതുവെ നിശബ്ദം ആണവളുടെ നീക്കം, എന്നാൽ ദൃഢനിശ്ചയമുണ്ടു് പ്രതിരോധപ്രവർത്തനത്തിൽ. പാണ്ഡവരെ ഒതുക്കുക മാത്രമല്ല ഉന്നം, മക്കൾക്കു് കഠിനഹൃദയ രതിനിരാസത്തിലൂടെ പെറ്റതള്ള കുന്തിയെയും മെരുക്കണം. മക്കളുടെ ലൈംഗികദൈന്യത കണ്ടു മനം തകർന്ന കുന്തിയോ, ഒറ്റക്കിരുന്നും കൗന്തേയരോടു് കൂട്ടം കൂടിയും, ഒരൊറ്റവ്യക്തിയെ കുടിലകൂരമ്പിനു ലക്ഷ്യമായി കാണുന്നു—എങ്ങനെ ഒരുമ്പെട്ടവളുടെ ഉടുതുണിയൂരാൻ മക്കളെ ലൈംഗികമായി പ്രാപ്തരാക്കണം.”
“അനീതി ചോദ്യം ചെയ്യുന്നവന്റെ കഴുത്തിലേക്കു് വാരിക്കുന്തമെറിയുന്നവനെന്താണു് കന്നുപൂട്ടി വിത്തെറിയേണ്ട കൃഷിഭൂമിയിൽ കാര്യം?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. ഗംഗയാറിൻ കൈവഴികളിലൊന്നിൽ, സൂക്ഷ്മതയോടെ നീരൊഴുക്കു് തടസ്സം നീക്കി, ഗ്രാമീണർക്കു് വേനലിൽ കുടിനീർലഭ്യത എളുപ്പമാക്കുകയിരുന്നു, ഉച്ചവെയിലിൽ ഒരു സംഘം കൗരവർ.
“തൂമ്പ മാരകായുധമാക്കിയ കൊലയാളികളാണോ ഞങ്ങൾ! ഇലപ്പച്ചകളുടെ ഉൾത്തുടിപ്പായിരുന്നല്ലോ കൊച്ചുനാൾ മുതൽ ഞങ്ങളുടെ കരൾനിറയെ! ഖാണ്ഡവപ്രസ്ഥമെന്ന അതിലോല ആവാസവ്യവസ്ഥയെ പാണ്ഡവർ കത്തിച്ചാമ്പലാക്കിയെന്നറിഞ്ഞപ്പോൾ, വെന്തുനശിച്ച ജീവജാലങ്ങൾക്കായി ബലിഘട്ടങ്ങളിൽ തർപ്പണം ചെയ്ത ഞങ്ങൾ ജലപ്രതിജ്ഞയുമെടുത്തു. രാജവസതിക്കു പിന്നിലെ സംരക്ഷിതവനത്തിൽ ചുറ്റിക്കറങ്ങിയാൽ നിങ്ങൾക്കിന്നും കാണാം, ഓരോ കൗരവവധുവും സ്വന്തം നാട്ടിൽ നിന്നും വേരുമുറിയാതെ പറിച്ചുകൊണ്ടുവന്നു നട്ടുപരിപാലിച്ചു വളർത്തിയെടുത്ത ഫലവൃക്ഷങ്ങൾ. ഹസ്തിനപുരി അരമന അന്തേവാസികൾ ഊട്ടുപുര ഭക്ഷണനിർമ്മിതിയിൽ സ്വാശ്രയശീലർ. അതാണു് ഗാന്ധാരസ്വാധീനത്തിൽ തെളിഞ്ഞ കുരുവംശത്തനിമ! പച്ചിലപ്പടർപ്പുകളുടെ രോഗശാന്തിശുശ്രൂഷയിലാണു് കൗരവർ കരുത്തുനേടിയതു്. ‘നീ, നീയാണു് മക്കളെ വിശ്വപ്രകൃതി’ എന്നു് ഗാന്ധാരി വികാരാധീനയായി ഗാന്ധാര മലഞ്ചെരുവുകളിൽ പറയുമ്പോൾ, അതൊരു സാംസ്കാരിക ചുമതലയാണെന്നു കരുതി, കുട്ടിക്കാലത്തൊക്കെ മാതൃഭൂമിയിൽ പോവാൻ ഞങ്ങൾക്കു് ഉൾഭീതിയായിരുന്നു. അക്ഷരാഭ്യാസമുണ്ടായപ്പോൾ അന്തഃസത്ത വ്യക്തമായി, അമ്മ പറഞ്ഞതിന്റെ അകംപൊരുൾ ആയിരുന്നു അതു്. കാട്ടിൽ പിറന്ന കൗന്തേയർ വന്യപ്രകൃതിയോടു് മാന്യത കാണിച്ചുവോ എന്നു് ഇന്ദ്രപ്രസ്ഥം തുടർന്നും പറയട്ടെ!”
“ചൂതാട്ടവിദഗ്ദരോടേറ്റുമുട്ടാൻ, അരമനയിലെത്തിയ വിശിഷ്ടാതിഥി യുധിഷ്ഠിരൻ, ഓരോ കൗരവനെയും, മുഖത്തുനോക്കി ഹസ്തദാനം ചെയ്യുന്നതിനുപകരം, ചേർത്തുനിർത്തി പുറം തലോടുന്നൊരു പുതു ആശംസാരീതി താങ്കളുടെ കഴുകാൻ നോട്ടത്തിൽപെട്ടിരുന്നോ? ഔപചാരികതയുടെ ആൾരൂപമായ ഇന്ദ്രപ്രസ്ഥം ചക്രവർത്തി പെട്ടെന്നു് കുടിലകൗരവർക്കൊരു ജ്യേഷ്ടസഹോദരനുമായോ? എന്താ ഈ മറിമായം?” കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു.
“മുഖത്തുനോക്കി ആശീർവദിക്കാൻ പറ്റിയ ആത്മാർത്ഥ കൗരവർ ആരും ഇല്ലെന്നു ഇന്ദ്രപ്രസ്ഥം ചക്രവർത്തിക്കു് പൊടുന്നനെ തോന്നിയിട്ടുണ്ടാവും? അല്ലെങ്കിൽ നാളെ സന്ധ്യക്കു് ചൂതാട്ടത്തിൽ എന്നെ കബളിപ്പിച്ചു നിസ്വനാക്കാൻ, ഒരുമ്പെട്ട അവിശുദ്ധ കൂട്ടുകെട്ടാണല്ലോ ഈശ്വരാ ഈ കൗരവനൂറ്റുവർ എന്നു് തോന്നിയിട്ടുണ്ടാവുമോ? പുറംതലോടുന്നതിൽകവിഞ്ഞേതു് കൗരവാവയത്തെ തലോടിയാലും, ചുഴിഞ്ഞിറങ്ങുന്ന കൗരവക്കണ്ണിലേക്കുമാത്രം എന്റെ കണ്ണു് നോക്കരുതേ എന്നൊരു പുതിയ കാഴ്ചപ്പാടിലെത്തിയിട്ടുണ്ടാവും. ഇന്നുവൈകുന്നേരമാണല്ലോ ചൂതാട്ടം. അർധരാത്രിയോടെ ഫലം അറിയാമെന്നാണു് പ്രതീക്ഷ!” ഊട്ടുപുരയിൽ പ്രാതൽ കഴിക്കാൻ കാത്തിരിക്കുന്ന നേരം.
“സഭാതലത്തിലെ സ്തോഭജനകമായ സംഭവവികാസത്തിനു ശേഷം, ‘സുരക്ഷാകാരണ’ങ്ങളാൽ രണ്ടുദിവസം അരമന പാറാവിന്റെ കരുതൽതടങ്ങലിൽ വച്ചിരുന്ന രണ്ടാം കൗരവ സഹോദരനെ, ‘രാജാവിന്റെ രണ്ടാമത്തെ പ്രിയപുത്രൻ’ എന്ന കുരുവംശ ഇടപെടലിലൂടെ വിട്ടയച്ചപ്പോൾ, പുറത്തു പൂമാലകളുമായി നൂറ്റുവരും അവരുടെ രാജവധുക്കളും ഊഷ്മളസ്വീകരണത്തിനായി കാത്തുനിൽക്കുന്നതു് കണ്ട നിങ്ങൾക്കെന്തു തോന്നി?”, നീതിമാൻ എന്ന സുസ്ഥിരപ്രതിച്ഛായ ദശാബ്ദങ്ങളായി പരിപാലിക്കുന്ന ഭീഷ്മരോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“അതു് അവരുടെ അമ്മ പ്രിയഗാന്ധാരിയുടെ തനതു വംശീയ സ്വാധീനത്തിനൊരു എളിയ ദൃഷ്ടാന്തമായി വേണം നിങ്ങൾ വിശാലമായി കണക്കിലെടുക്കാൻ. കൗരവ കുട്ടികളുടെ, എന്തു ചെറിയതോ വലുതോ ആയ വീഴ്ചയിലും, ഒറ്റക്കെട്ടായി വേണം ഐക്യദാർഢ്യം പ്രദർശിപ്പിക്കാൻ എന്നു് അവൾ ‘കുഞ്ഞു’ങ്ങളെ ഉദ്ബോധിപ്പിച്ചതു് നിങ്ങൾ ഇന്നു് ഫലത്തിൽ കണ്ടു. ഭാര്യയെ അനുമതികൂടാതെ പണയം വച്ച വസ്ത്രാക്ഷേപ വിവാദത്തിലെ സ്ത്രീപീഡകരെ വനവാസത്തിനു കിരീടാവകാശി ദുര്യോധനൻ അയച്ചതു് കണ്ടപോലെ, അത്തരം കൗരവപാരസ്പര്യങ്ങൾക്കു പറ്റിയ സാഹോദര്യപ്രത്യക്ഷങ്ങൾ ഇനിയും സാക്ഷ്യപ്പെടുത്താൻ ഹസ്തിനപുരി കൊട്ടാരം ലേഖികക്കു് തൊഴിലവസരങ്ങൾ ഉണ്ടാവട്ടെ!”
“ഭീതിയുണർത്തുന്ന നിശാകാമിനിയാണോ നവവധു ദ്രൗപദി എന്ന സംശയം പിന്നെ എപ്പോഴാണു് നിങ്ങൾക്കൊക്കെ തോന്നിയതു്?”, കൊട്ടാരം ലേഖിക ചോദിച്ചു. പത്തു പാണ്ഡവക്കണ്ണുകൾ ജാലകത്തിലൂടെ ഇടവഴിയിലേക്കു് നീങ്ങി. താഴ്‌വരയിലെ ജലാശയത്തിൽ നിന്നു് പാഞ്ചാലി കുളികഴിഞ്ഞു ഇനിയും എത്താറായിട്ടില്ല എന്നു നിഴൽ നോക്കി ഉറപ്പു വരുത്തി.
“പാഞ്ചാലിയുമൊത്തു ഹസ്തിനപുരിയിൽ ഞങ്ങൾ എത്തുമ്പോൾ, കാമനയെക്കാൾ പേടിയായിരുന്നു. അരക്കില്ലം കത്തിച്ചു പൊതുമുതൽ നശിപ്പിച്ചതിനു് ‘പിടികിട്ടാപ്പുള്ളികൾ’ എന്നു് വഴിയമ്പലങ്ങളിലും കുതിരപ്പന്തികളിലും ദുര്യോധനൻ ചുവരെഴുത്തു പരസ്യങ്ങൾ കൊടുത്തതറിഞ്ഞിരുന്നു. എന്നാൽ പാഞ്ചാലിയെ ഒരുനോക്കു കണ്ട കൗരവർ, അതിഥിമന്ദിരം ഉടൻ വിട്ടുതന്നു. അന്നു് രാത്രി ആറുപേരും (കുന്തിയെ വിദുരർ സ്വന്തം വസതിയിലേക്കു് കൂട്ടി കൊണ്ടുപോയി) സംസാരിക്കുമ്പോൾ, യുധിഷ്ഠിരൻ പന്തം കെടുത്തി, ഇരുട്ടിൽ മുഖം കാണാതെ പരസ്പരം ഇരിപ്പിടം മാറാൻ മറ്റുനാലുപേരോടു് ആജ്ഞാപിച്ചു. ഞങ്ങൾക്കിടയിൽ വന്നു പാഞ്ചാലി ആരെ ആദ്യം തൊടുന്നുവോ, അയാൾ അതിഥി മന്ദിരത്തിലെ ആഡംബരകിടപ്പറയിൽ അവളെ ഇന്നു സന്തോഷിക്കാം. ആ നിർദ്ദേശം കേൾക്കേണ്ട താമസം, നവവധു ഇടിച്ചു കയറി ശബ്ദമുയർത്തി. നിങ്ങൾ കുറച്ചുപേരുടെ സൗജന്യത്തിലും പരസ്പര്യത്തിലും അനുവദിച്ചു കിട്ടേണ്ട ഒന്നല്ല എനിക്കു് ആൺപെൺ രതി. ബഹുഭർതൃത്വ ദാമ്പത്യത്തിന്റെ ചുക്കാൻ പിടിക്കുന്ന എനിക്കു് നീതിപൂർവ്വം പ്രതീക്ഷിക്കാവുന്ന വ്യക്തിഗത, ശാരീരിക, ആസ്വാദനസേവനമെന്ന നിലയിൽ രതി നിങ്ങൾ മത്സരത്തിനും പരസ്യചർച്ചക്കും വിഷയമാക്കരുതു്. അവിവേകമായി ഇക്കാര്യം നിർദേശിച്ച മുതിർന്ന പാണ്ഡവൻ യുധിഷ്ഠിരൻ ഒരുവിധത്തിലും ഇന്നു് എനിക്കു് പായ പങ്കിടാനുള്ള കൂട്ടാളിയാവില്ല.”
“വയോജനങ്ങൾ എന്ന പ്രായപരിഗണനാ വിഭാഗത്തിൽ വന്ന പാണ്ഡവരിൽ നിങ്ങൾ കണ്ട വ്യക്തിത്വപരിമിതികളും പ്രത്യക്ഷ ന്യൂനതകളും എന്തൊക്കെയാണു്?”, കൊട്ടാരം ലേഖിക പാഞ്ചാലി യോടു് ചോദിച്ചു. മഹാപ്രസ്ഥാനത്തിനു മുമ്പുള്ള സംഘർഷദിനങ്ങൾ.
“അവരഞ്ചുപേരും അപ്പോൾ കിടമത്സരിക്കുന്നതു്, പ്രായം മുപ്പതുകളിൽ ഓടുന്ന കിരീടാവകാശി പരീക്ഷിത്തിനോടാണു്! അഭിമന്യുപുത്രനായ പരീക്ഷിത്തു് അത്രയൊന്നും പാണ്ഡവർക്കഭിമത നല്ല എന്നറിഞ്ഞതോടെ അവൻ, ‘അമ്മ ഉത്തരയുടെ മകൻ’ എന്നവർ പരിഹാസത്തോടെ പരാമർശിക്കാൻ തുടങ്ങി. ചെങ്കോലിനായി അക്ഷമ കാണിക്കുന്ന ഈ ഏകകിരീടാവകാശിയെ അവർ ഊട്ടുപുരയിൽ കണ്ടാൽ പോലും മിണ്ടാതായി. അവൻ പതിവായി കാണുന്നവരെയൊക്കെ നകുലചാരക്കണ്ണുകളുടെ ഒളിനോട്ടപരിധിയിൽ ഉൾപ്പെടുത്തി. ഹസ്തിനപുരി എന്ന ഗംഗാതട സംസ്കാരത്തെ മലിനപ്പെടുത്താൻ തുനിയുന്നൊരു ദുരധികാരമോഹിയെന്നവരിൽ ചിലർ തുറന്നു വിശേഷിപ്പിച്ചു. പരീക്ഷിത്തിന്റെ നവവധുക്കളെ വയോജനപാണ്ഡവർ അനുഗ്രഹാശിസ്സുകൾക്കെന്നപോലെ ‘സ്പർശചികിത്സ’ക്കു് എന്നും വിധേയയാക്കി. ഞെട്ടി അവർ പിൻവലിഞ്ഞപ്പോൾ, ഇതിഹാസനായകന്മാരായ പാണ്ഡവരെ അധിക്ഷേപം ചെയ്യുകയാണെന്നവർ പ്രചരിപ്പിച്ചു. ഇന്നലെ ബഹുഭർത്തൃത്വ കുടുംബത്തിന്റെ നേതൃത്വം വഹിക്കുന്ന മഹാറാണി എന്ന നിലയിൽ പാണ്ഡവർ അഞ്ചുപേർക്കും മുന്നറിയിപ്പു് കൊടുത്തു.”
“പാദരക്ഷയും തിരുവസ്ത്രങ്ങളും ഊരി മഹാപ്രസ്ഥാനത്തിനു പടിയിറങ്ങേണ്ട നേരമായി. രാജഭരണം പരീക്ഷിത്തുമായി ഞാൻ പങ്കിട്ടുകൊള്ളാം” അപ്പോൾ മുങ്ങിയതാണവർ പിന്നെ പൊങ്ങിയിട്ടില്ല.
“യുദ്ധം നയിച്ചതു് നിങ്ങളുടെ ഭർത്താവല്ലേ? പോരാട്ട പരാജയത്തിലപ്പോൾ നിരാശയുണ്ടോ?”, കൊട്ടാരം ലേഖിക ദുര്യോധന വിധവയോടു് ചോദിച്ചു.
“പദവിയൊന്നും വഹിക്കാത്ത ദുര്യോധനന്റെ തലയിൽ കുറ്റം കെട്ടി വക്കുമോ വ്യാസൻ! സർവ്വസൈന്യാധിപനെന്ന നിലയിൽ ആദ്യപത്തുദിവസം യുദ്ധം നയിച്ച പിതാമഹനപ്പോൾ ഈ രക്തത്തിലപ്പോൾ പങ്കില്ലേ? പാണ്ഡവതല കൊയ്യാനാവാതെ, ഭീഷ്മർ ശരശയ്യയിൽ വീണശേഷം പടനയിച്ച ദ്രോണർ, മകൻമരിച്ചെന്ന യുധിഷ്ഠിരമൊഴി മുഖവിലക്കെടുത്തു പുത്രദുഃഖത്തിൽ ആയുധം വലിച്ചെറിഞ്ഞതാണോ മഹായുദ്ധം ജയിപ്പിക്കാൻ ഊർജ്ജിത വീര്യം? പരസ്പരം പരസ്യമായി കലഹിച്ച ശല്യനും കർണ്ണനും ഈ കൗരവകൂട്ടത്തോൽവിയിൽ അശേഷം പങ്കില്ലേ? അഴകിയ രാവണന്മാരെപോലെ സൈന്യാധി പവേഷം ധരിച്ചപ്പോഴെങ്കിലും ദുര്യോധനനെ കണ്ട ഓർമ്മയുണ്ടോ? അവനവിടെ ജോലി പാണ്ഡവരെ ഓടിനടന്നു കുത്തിമലർത്തുകയായിരുന്നുവോ? അതോ, രാജ്യത്തിന്റെ അഖണ്ഡതക്കു് ഭീഷണി ഉയർത്തുന്നവർക്കെതിരെ ദേശീയതലത്തിൽ സൈനിക ശക്തികളെ സംഘടിപ്പിക്കുകയും പോർക്കളത്തിൽ അണിനിരത്തുകയുമായിരുന്നില്ലേ! സൈനികസേവനങ്ങളുടെ കാര്യക്ഷമമായ ഏകോപനം—പാണ്ഡവ കൗരവപാളയങ്ങളുടെയും ഊട്ടുപുരകളുടെയും, തിരശീലക്കു പിന്നിൽ എന്തെല്ലാം കർത്തവ്യബോധത്തോടെ ചെയ്താൽ പോരാട്ടത്തിലേർപ്പെട്ടവർക്കവരുടെ ജോലി സുഗമമായി ചെയ്യാമോ അതെല്ലാം, ദുര്യോധനൻ, ആരുമറിയാതെ ചെയ്തു എന്നതല്ലേ കാര്യം? അവസാന ദിവസം അധാർമ്മികഭീമഗദാ പ്രഹരത്തിൽ തുടയെല്ലൊടിഞ്ഞവൻ വീണപ്പോഴും, ഇരുട്ടിന്റെ മറവിൽ ചെയ്യാവുന്ന വിധ്വംസനത്തിനവൻ രൂപം കൊടുത്തില്ലേ? അശ്വത്ഥാമാവിനു സൈന്യാധിപ പദവി കൊടുത്തു പാണ്ഡവപാളയത്തിൽ പാതിരാമിന്നലാക്രമണത്തിന്റെ ഐതിഹാസിക നിയോഗം വിശ്വ സ്തതയോടെ ഏൽപ്പിച്ച ശേഷമല്ലേ എന്നെന്നേക്കുമായി എന്റെ പ്രിയപ്പെട്ടവൻ കണ്ണടച്ചതു്. പാഞ്ചാലിയുടെ അഞ്ചുമക്കളെയും അച്ഛനെയും രണ്ടു സഹോദരന്മാരെയും അശ്വത്ഥാമാവു് രാത്രിയിൽ ചവിട്ടിക്കൊന്നപ്പോൾ പതറി നിലവിട്ടവൾ വിലപിക്കുന്നതും നിങ്ങൾ കണ്ടതല്ലേ? എന്നിട്ടും നിങ്ങൾ ഹൃദയശൂന്യമായി ചോദിക്കുന്നു പോരാട്ട തോൽവിയിൽ ദുര്യോധനവിധവക്കു നിരാശയുണ്ടോ!”
“നീ വിധവ എന്നറിയപ്പെടും മുമ്പു് പുനർവിവാഹത്തിനു് ശ്രമിക്കണം” എന്നന്ത്യയാത്രാമൊഴിയോടെ പോയവനാണു് ദുര്യോധനൻ.
“വസ്ത്രാക്ഷേപത്തിൽ രണ്ടാം പ്രതി, കുരുക്ഷേത്ര കഴിഞ്ഞതോടെ ബലിദാനിയായി. ദുര്യോധനനെ കുറിച്ചു സാമൂഹ്യനന്മയുള്ളൊരു ഓർമ്മ പങ്കിടാമോ ആദ്യവർഷ ചരമദിനത്തിൽ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. അരികെ കുരുക്ഷേത്ര വിധവകൾ രാജദമ്പതികൾക്കുചുറ്റും കൂട്ടംകൂടിനിന്നപുനരധിവാസകേന്ദ്രം.
“ഹസ്തിനപുരിയുടെ ഉൾനാടുകളിൽ വരണ്ടു കിടന്ന കുളങ്ങളും കിണറുകളും വൃത്തിയാക്കി ശുദ്ധജലസംഭരണി തയ്യാറാക്കുകയായിരുന്നു കൗമാരം മുതൽ അവന്റെ വേനൽക്കാലവിനോദം. കിളക്കാനും ചളികോരി നീക്കാനും അറിയാത്തവന്റെ കയ്യിൽ ചെങ്കോൽ കൊടുക്കരുതേ എന്നവൻ ഹൃദ്യമായി രാജാവിനെ താക്കീതു് ചെയ്യുമായിരുന്നു. യുദ്ധത്തലേന്നു് കൊട്ടാരം വക കൃഷിയിടത്തിൽ ജലസേചനം ചെയ്തു പ്രകൃതിയോടു കരുണ യാചിച്ചാണവൻ, രാജ്യസ്വാതന്ത്ര്യം പരിരക്ഷിക്കാൻ, കുരുക്ഷേത്ര രണാങ്കണത്തിൽ ഇറങ്ങിയത് എന്നു് എന്നോടു് പറഞ്ഞതു് വിദുരർ. ഭീമ ഗദക്കു മുമ്പിൽ ജീവത്യാഗം ചെയ്യുമ്പോൾ തടാകതീരത്തായിരുന്നു എന്നോർക്കണം. നിണമണിഞ്ഞ ഭൌതികാവശിഷ്ടം തടാകജലത്തെ മലിനപ്പെടുത്തരുതു്, അതുകൊണ്ടു് മുടിയിൽ വലിച്ചു കരകയറ്റി തുടയിൽ അടിച്ചു, വേണ്ടിവന്നാൽ അധാർമ്മികമായി പോലും എത്രയും വേഗം കൊല ചെയ്യൂ എന്നു് പ്രിയ പിതൃസഹോദരപുത്രൻ ഞങ്ങളെ പ്രേരിപ്പിച്ചു” ഓർമ്മയുടെ ദുഃഖം തടയണപൊട്ടി.
“അർജ്ജുനോർവ്വശീയം?”, പാഞ്ചാലി ചോദിച്ചു. അജ്ഞാതവാസക്കാലത്തു തിരിച്ചറിയപ്പെടാതിരിക്കാനൊരുപായമായി ഉർവ്വശി തന്ന ‘ഭിന്നലിംഗവേഷം’ അണിഞ്ഞു നോക്കുകയായിരുന്നു അയാൾ.
“പടക്കുതിരയെപോലെ കുതിക്കുന്ന എന്റെ പുരുഷത്വം ഓരോ വേഷം മാറ്റത്തിനിടയിലും നിന്നെ ഞാൻ ബോധ്യപ്പെടുത്തണം എന്നതൊരു വല്ലാത്ത ദാമ്പത്യനിബന്ധന തന്നെ, ദ്രൗപദീ. ഇന്ദ്രന്റെ അതിഥിയായി സ്വർഗ്ഗരാജ്യത്തിൽ വിരുന്നുണ്ടു് താമസിക്കുന്ന ആ സ്മരണീയ കാലം. ദേവനൃത്തമണ്ഡപത്തിലേക്കായി ഒരുങ്ങിക്കഴിഞ്ഞാൽ ഉർവ്വശി നൃത്തപങ്കാളിയായി ക്ഷണിക്കുന്നതൊരു നിത്യസംഭവമായി. ഇന്ദ്രന്റെ രഹസ്യ കിടപ്പറക്കൂട്ടായിരുന്നവളേ കർത്തവ്യബോധത്തോടെ മാതൃസ്ഥാനത്തിൽ കണ്ട ഞാൻ, ‘അഗമ്യഗമനത്തിനു ക്ഷണിക്കുന്നതൊരു പാപമല്ലേ’ എന്ന ചെറുത്തുനിൽപ്പിനു വിലകല്പിക്കാത്തവൾക്കു മുമ്പിൽ പലപ്പോഴും വഴങ്ങി. മനമുരുകിയ എന്റെ കാമനയെ പാഞ്ചാലിയുടെ സദാചാരഭ്രമത്താൽ പാതിമനസ്സോടെ ചെറുത്ത നീ, പാണ്ഡുവിനെ പോലെ മൂന്നാം ലിംഗക്കാരനായി മാറിയാലും, ആപൽഘട്ടത്തിൽ പെൺവേഷപ്പകർച്ചയിലൂടെ പ്രതിസന്ധികളെ നീ അതിജീവിക്കും എന്നവൾ ഉപാധികളോടെ അനുഗ്രഹിച്ചു. പ്രിയഉർവ്വശിയുടെ ശാപം അജ്ഞാതവാസത്തിൽ തുണയാവുമോ, ആൺപെൺ അല്ലാത്ത ലിംഗാവസ്ഥയെനിക്കൊരു നൃത്താധ്യാപകയായി ആരോരുമറിയാതെ അജ്ഞാതവാസം കഴിയാൻ ഒളിജീവിതത്തിൽ പ്രകൃതി അവസരം തരുമോ. അതോ, എന്റെ സ്വർഗ്ഗരാജ്യ സന്ദർശനവും ഉർവ്വശീശാപവും അശ്വിനീ ദേവതകളാൽ ചികിൽസിച്ചു മാറ്റേണ്ട അർജ്ജുനവിഷാദയോഗമെന്നു ഇളമുറ സഹദേവൻ അന്തിമമായി രോഗനിർണ്ണയം ചെയ്യുമോ!”
“ഗുരുവിനെ ചതിച്ചുകൊല്ലാൻ നിങ്ങൾ “ദ്രോണപുത്രൻ അശ്വത്ഥാമാവു് കൊല്ലപ്പെട്ടു” എന്നൊരു നുണ വ്യാപകമായി പറഞ്ഞു എന്നു് കൌരവർ സംഘടിച്ചു നിങ്ങൾക്കെതിരെ ഊട്ടുപുരയിൽ ഒച്ചവക്കുന്നുണ്ടല്ലോ”, കൊട്ടാരം ലേഖിക ചോദിച്ചു, “നാവെടുത്താൽ സത്യമേ പറയൂ എന്ന നിങ്ങളുടെ ദുർവാശി കുരുക്ഷേത്രയിൽ മാത്രമാണോ, അതോ മറ്റെവിടെയെങ്കിലും ധാർമ്മികഭാരമായി തോന്നിയിരുന്നോ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനെ പുഴക്കടവിൽ കണ്ടെത്തി.
“നിറം പിടിപ്പിച്ച അർദ്ധസത്യങ്ങൾ യുദ്ധം ജയിക്കാൻ പറയും. പൂർണ്ണഅസത്യങ്ങൾ പറഞ്ഞതു്, യുധിഷ്ഠിരൻ എന്ന അറിയപ്പെടുന്ന സദാചാരവ്യക്തിയായി അല്ല, അജ്ഞാതവാസക്കാലത്തു വിരാടയിൽ ഒളിവുജീവിതം നയിക്കുന്ന വിദഗ്ദൻ എന്ന നിലയിൽ, വിരാടരാജാവിന്റെ ചൂതാട്ടഗുരുവും കളിക്കൂട്ടുകാരനുമായി കഴിയുന്ന കാലത്താണു്. കൗരവർ ഒച്ചവെച്ചു പറയുന്നതിൽ അർദ്ധസത്യമുണ്ടെന്നൊരു പൂർണസത്യം ഇപ്പോഴെങ്കിലും നിങ്ങൾക്കു് വായിച്ചെടുക്കാൻ ആവുന്നുണ്ടല്ലോ?”
“വിദേശ പഠനസംഘം അരുതാത്തതെന്തോ പാണ്ഡവരെക്കുറിച്ചു പറഞ്ഞെന്ന പരാതിയിൽ, അവരുടെ സഞ്ചാരസ്വാതന്ത്ര്യം നിങ്ങൾ മരവിപ്പിച്ചു എന്നുകേട്ടല്ലോ. ആഗോളതലത്തിൽ അംഗീകാരമുള്ളൊരു വിശ്വവിദ്യാലയമല്ലേ തക്ഷശില, അവരെ പിണക്കിയാൽ!” കൊട്ടാരം ലേഖിക ഇളമുറ മാദ്രീപുത്രനായ നകുലനോടു് ചോദിച്ചു. പാണ്ഡവഭരണത്തിന്റെ അവസാന വർഷങ്ങളിൽ കിരീടാവകാശി പരീക്ഷിത്തു് തിരുവസ്ത്രത്തിനായി തിരക്കുകൂട്ടുന്ന സംഘർഷ ദിനങ്ങൾ.
“അരുതാത്തതെന്തോ? അങ്ങനെയാണോ വകുപ്പുതലമേധാവിയുടെ അനവസരത്തിലുള്ള പ്രസ്താവനയെ നിങ്ങൾ ലഘൂകരിക്കുന്നതു്? വിമർശനം ഞങ്ങൾ വിലക്കില്ല എന്നാൽ പ്രായം പരാമർശിച്ചുള്ള ‘പ്രാക്കു്’ ഞങ്ങൾ പൊറുക്കുകയുമില്ല. അരമനയിൽ നിന്നും ആരാധനയത്തിലേക്കുള്ള ഞങ്ങൾആറുപേരുടെ സായാഹ്നയാത്ര ജനങ്ങൾക്കൊരു പുതുകാഴ്ചയൊന്നുമല്ലെങ്കിലും ധാരാളം പേർ മട്ടുപ്പാവിൽനിന്നും മത്സരിച്ചു ഞങ്ങൾക്കുനേരെ പൂക്കൾ എറിയും. പെട്ടെന്നാരോ വൈദേശിക ഉച്ചാരണത്തോടെ ആ നിശബ്ദതയിൽ മന്ത്രിക്കുന്നപോലെ, “കോമളരൂപിയായ റാണിയൊഴികെ കൂടെനടക്കുന്ന ബാക്കിയഞ്ചു ആണുങ്ങളും, ആധുനിക ഹസ്തിനപുരിയിൽ കാലഹരണപ്പെട്ടവർ!” രാജാവിനെ സ്ഥാനഭ്രഷ്ടനാക്കാൻ ക്ഷുദ്രശക്തികളുമായി മൈത്രി പുലർത്തുന്ന കിരീടാവകാശി പരീക്ഷിത്തിനു്, ഇതിലധികം എന്തുവേണം ചെങ്കോൽ തട്ടിയെടുക്കാനൊരു ‘കൗരവ’ പ്രക്ഷോഭം നയിക്കാൻ. അതൊരു നിഷ്കളങ്ക നിരീക്ഷണമായല്ല തോന്നിയതു്, രാജ്യത്തിന്റെ അഖണ്ഡതക്കുനേരെ വിദേശസർവ്വകലാശാലയുടെ വിഷലിപ്തമായ ഇടപെടലായിരുന്നു. സന്ദർഭം ഞാൻ സൂചിപ്പിച്ചു. അർഥം വിശദീകരിക്കേണ്ട പണി നിങ്ങളുടെ വാർത്താ കാര്യാലയം ഏറ്റെടുക്കട്ടെ.”
“പ്രിയ അനുജത്തി മാദ്രിയുടെ പുത്രന്മാർക്കു ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ സൈന്യവുമായി വന്ന മാദ്രരാജാവു് ശല്യനെ എത്ര അനായാസമായി നിങ്ങൾ കൗരവസഖ്യ കക്ഷിയാക്കി! എങ്ങനെ ഒപ്പിച്ചെടുത്തു ഈ നയതന്ത്രവിജയം?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. യുദ്ധമേഘങ്ങൾ നിറഞ്ഞ ആകാശം.
“അനായാസമായി? അതോ മനഃസാന്നിധ്യത്തോടുകൂടിയോ? മാദ്രിയെ നിർദ്ദയം പാണ്ഡുചിതയിൽ തള്ളിയ കുന്തിയോടയാൾക്കു നീണ്ടകാല പകയുണ്ടു് എന്നു് ഞാൻ ഊഹിച്ചിരുന്നു. മാദ്രി പുത്രന്മാരായ നകുലനെയും സഹദേവനെയും കുരുക്ഷേത്ര യുദ്ധത്തിൽ സഹായിക്കാൻ കുടുംബപരമായ ചുമതലയുമുണ്ടു്. എന്നാൽ, പറയാതെ വയ്യ, ആളൊരു ‘മന്ദ’നുമാണു്. ആദ്യസന്ദർശനത്തിൽ ഞാൻ യുധിഷ്ഠിരനാണെന്ന അയാളുടെ മുൻവിധി തിരുത്തിയില്ലെന്നതാണെന്റെ പിടിവള്ളി. ‘യുദ്ധത്തിൽ നിങ്ങൾക്കൊപ്പം’ എന്ന അയാളുടെ വാക്കു ഒരുടമ്പടി പോലെ ഞാൻ ഇരുകൈകളും നീട്ടി ഔപചാരികമായി സ്വീകരിച്ചു. കൗരവസഹോദരർ എല്ലാവരും അതിനു സാക്ഷികളായി. അന്തരീക്ഷത്തിനു ഇതിഹാസമാനം നൽകാൻ ഉപചാരപൂർവ്വമായ അവരുടെ പെരുമാറ്റം തുണച്ചു. പ്രതീകാത്മകമായി ഞങ്ങളിരുവർ ആലിംഗനം ചെയ്തു കൈകൊടുത്തശേഷം, ഇനി വാക്കുമാറ്റിയാൽ അപ്പോൾ അറിയും കുരുവംശസംസ്കാരത്തിന്റെ തനി നിറം എന്നുഞാനുറപ്പിച്ചു. ഒന്നേ അയാൾ വിചിത്രമായ മുഖഭാവത്തോടെ സ്വരം താഴ്ത്തി എന്നോടു് ചോദിച്ചുള്ളൂ—പോർക്കളത്തിൽ അയാൾക്കു് കർണസാരഥിയാവണം. സൂതപുത്രന്റെ തേരോടിക്കാൻ മാദ്ര രാജാവു് അവസരം ചോദിക്കുകയാണു്! മഹാരാജാവു് സാരഥിയാവുന്നതിൽ പാർശ്വവത്കൃതകർണ്ണൻ ആഹ്ലാദിക്കുമെന്ന പൊതു മോഹവും അങ്ങനെ പൂവണിയട്ടെ എന്നു് ഞാൻ സന്തോഷിക്കുന്നു. മാദ്രിപുത്രന്മാരായ നകുലനും സഹദേവനും ശല്യന്റെ മുമ്പിൽ വരാത്ത വിധം വേണം യുദ്ധഭൂമിയിൽ സൈനിക വിന്യാസം എന്നൊരു കഠിനപരീക്ഷണം കൂടിയുണ്ടു്. നോക്കട്ടെ.” പെട്ടെന്നു് വിരാടയിലെ പാണ്ഡവരുടെ ഭാഗത്തുനിന്നും രഹസ്യവുമായി വരുന്ന ചാരനെ കണ്ടതോടെ അഭിമുഖം മുറിഞ്ഞു.
“ദാമ്പത്യ‘ഭാര’മായിരുന്നില്ലേ നിങ്ങൾ ചൊരിഞ്ഞതു്? ലജ്ജാകരമല്ലേ അടിച്ചേൽപ്പിക്കുന്ന ബഹുഭർത്തൃത്വം?”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. ഹസ്തിനപുരി അന്തഃപുരത്തിലെ ജീവിത സായാഹ്നം.
“വിവാഹപൂർവ്വജീവിതത്തിലെ വീണ്ടുവിചാരമില്ലാത്ത അവിഹിത രതിയും, അനാവശ്യ ഗർഭധാരണവും, ചോരക്കുഞ്ഞിനെ പുഴയിലൊഴുക്കലും, കുറ്റബോധത്താൽ നീറുന്ന മനസും ഉള്ളപ്പോഴും, വിവാഹജീവിതാനുഭവം പരിഗണിക്കുമ്പോൾ ഉള്ളിൽ എനിക്കു് മതിപ്പു തോന്നി: ഞാൻ വന്ധ്യയല്ല. പാണ്ഡുവിനു കായികക്ഷമതയില്ലെങ്കിലും, എനിക്കമ്മയാവാം. അങ്ങനെ ഔദ്യോഗിക അംഗീകാരമുള്ള ആൺമക്കൾ എന്ന ലക്ഷ്യം തേടി ഞാൻ പരപുരുഷന്മാരെ പ്രലോഭിപ്പിക്കാൻ പൂ ചൂടി പടിയിറങ്ങിയ ജീവിതാവസ്ഥ പാഞ്ചാലിക്കുണ്ടാവാതിരിക്കാൻ അഞ്ചു പുത്രന്മാരെ അവൾക്കൊപ്പം കിടത്തിയ ചേതോവികാരം കൃതജ്ഞതയോടെ തിരിച്ചറിയുന്നില്ലെങ്കിൽ, ആ കഠിനഹൃദയയെ പ്രകൃതി പാഠം പഠിപ്പിച്ചു എന്നതിന്റെ പ്രത്യക്ഷ തെളിവല്ലേ, അവൾ പെറ്റ അഞ്ചു മക്കളും ഇന്നു് ജീവിച്ചിരിപ്പില്ല എന്നതു് ? എന്റെ അഞ്ചുമക്കൾ ജീവിച്ചിരിക്കുന്നു എന്നതും?”
“തക്ഷശിലയിൽ ആദ്യപതിപ്പിറങ്ങി ആഴ്ചയൊന്നു കഴിഞ്ഞില്ല പനയോലപ്പകർപ്പെടുക്കുന്ന തിരക്കിലാണല്ലോ ഹസ്തിനപുരിയിലെ അറിയപ്പെടുന്ന സാക്ഷരരെല്ലാം. വഴിയിൽ കണ്ടപ്പോൾ ചാർവാകനും പറഞ്ഞു, ആസ്വാദനം എഴുതുന്ന തിരക്കിലാണെന്നു. എങ്ങനെ വായിച്ചെടുത്തു കുരുവംശഗാഥ? വസ്ത്രാക്ഷേപം വിവരിച്ചതൊക്കെ നോക്കിയപ്പോൾ ഇടനെഞ്ഞു കലങ്ങിയോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“സംഭവബഹുലമായ മൂപ്പിളമത്തർക്കം പച്ചജീവിതത്തിന്റെ നേര റിവില്ലാത്തൊരു ‘ഗുഹാജീവി’ അവതരിപ്പിച്ചതിൽ ശിശുസഹജമായൊരജ്ഞത കണ്ടപ്പോളാണു് നെഞ്ചു് വിങ്ങിയതു്. എന്നെ മഹത്വവൽക്കരിക്കാൻ വ്യാസൻ പെടാപാടു പെടുന്നതു കൗരവരെ കറുത്ത ചായത്തിൽ തേക്കാൻ വേണ്ടിയായിരുന്നു. മനുഷ്യ മനസ്സിനെ വെളുപ്പിലും കറുപ്പിലും പ്രദർശിപ്പിക്കുന്ന ഇവരൊക്കെ എന്തു് പരിത്യാഗികൾ! യുദ്ധരംഗങ്ങൾ വർണിച്ചതു വായിച്ചപ്പോൾ, പതിനെട്ടുനാളും കുരുക്ഷേത്ര പാളയത്തിൽ കഴിഞ്ഞ ഞാൻ സ്വയമറിയാതെ പൊട്ടിച്ചിരിച്ചുപോയി. വികലരചന മനസ്സിലാക്കാം എന്നാൽ അറിവില്ലാത്ത കാര്യങ്ങൾ ആധികാരികതയോടെ നെഞ്ചുവിരിച്ചു പറയുമ്പോൾ ഓർത്തു, ഒരിക്കലെങ്കിലും വ്യാസൻ കുരുക്ഷേത്രയുദ്ധം കണ്ടിരുന്നെങ്കിൽ. വൈകുന്നേരം ചോരയും ജൈവമാലിന്യവും നിറഞ്ഞ ശരീരങ്ങളും ഇടിഞ്ഞ മനസുമായി കൂടാരത്തിന്നകത്തേക്കു അഞ്ചു ഭർത്താക്കന്മാരും അഞ്ചു ആണ്മക്കളും വരുമ്പോൾ അവർക്കു സാന്ത്വനം നൽകേണ്ട സ്ത്രീയുടെ നിസ്സഹായത വ്യാസൻ കണ്ടിരുന്നെങ്കിൽ. ധൃതരാഷ്ട്രഭൃത്യനു് കൊടുത്തു എന്നു് മഹാഭാരതം അവകാശപ്പെടുന്ന ‘ദിവ്യദൃഷ്ടി’കൊണ്ടു് യുദ്ധം മുഴുവൻ കാണാൻ വ്യാസൻ സംയമനം കാച്ചൊന്നുമല്ല, ഭാവിയിൽ, ഈ വിലക്ഷണഭാഷ്യം വായിക്കേണ്ടി വരുന്നവരെ ഓർത്താണു്. ആർക്കറിയാം, ഒരു പത്രപ്രവർത്തകയെന്ന നിലയിൽ ഹസ്തിനപുരിയും വനമേഖലകളും പോരാട്ടഭൂമിയും സന്ദർശിച്ചു ചോദ്യങ്ങളാൽ ഞങ്ങളെ വീർപ്പു മുട്ടിച്ച നിങ്ങളുടെ അഭിമുഖങ്ങൾക്കു തന്നെയായിരിക്കും സൂക്ഷ്മ വായനക്കാരുണ്ടാവുക എന്നുഞാൻ പ്രവചിക്കുന്നു.”
“കാമനയോടെ പെണ്ണുടലിൽ തൊട്ടാൽ നിന്റെ തലപൊട്ടിപ്പോട്ടെ എന്നൊരു രതിവിരുദ്ധശാപം എറ്റേണ്ടിവന്ന ഷണ്ഡൻ ആയിരുന്നല്ലോ പരേതഭർത്താവു് പാണ്ഡു. “നിങ്ങൾ രാജ്യം തുടർന്നും ഭരിക്കൂ ഞാനും മാദ്രിയും കൊട്ടാരം വിട്ടു് പുനർവിവാഹം ചെയ്തു എവിടെയെങ്കിലും തൊഴിൽചെയ്തു ജീവിക്കാം” എന്നു് മൃദുവായി പറഞ്ഞു അയാൾക്കൊപ്പമുള്ള വനവാസത്തിൽനിന്നും പിന്തിരിയുകയല്ലേ സാമാന്യബുദ്ധിക്കു് ഖ്യാതികേട്ട നിങ്ങൾ ചെയ്യേണ്ടിയിരുന്നതു്?” കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു.
“ഗാന്ധാരിയെ ധൃതരാഷ്ട്രർ വിവാഹം കഴിച്ചു, കുരുവംശപിന്തുടർച്ചക്കായി നൂറോളം സന്തതികളെ ഉൽപ്പാദിപ്പിക്കാനവൾ ആഞ്ഞുപരിശ്രമിക്കുന്ന നാളുകൾ. മത്സരം വിട്ടുകൊടുക്കാൻ എനിക്കും മനസ്സുവന്നില്ല. പാണ്ഡു ഷണ്ഡനെന്നതൊരു അരമന രഹസ്യമൊന്നും അല്ലായിരുന്നു. സമയം കളയാതെ ഞാൻ പരപുരുക്ഷപ്രീണനം തുടങ്ങിവച്ചു. വിശ്വസിച്ചു സ്വയം സമർപ്പിക്കാൻ കണ്ട ഏക വ്യക്തി വിദുരർ. വ്യാസൻ തന്നെ അയാൾക്കും പിതൃത്വം എന്നാൽ ജാതിയിൽ സൂതനും. ഗർഭധാരണം സദാചാര സംരക്ഷകനായ വിദുരരിൽനിന്നും ഒന്നുരണ്ടുമാസങ്ങൾക്കകം ഞാൻ പരിശ്രമിച്ചുനേടി. മാസമുറതെറ്റിയ വേളയിൽ ഞാൻ പാണ്ഡുവിനെവിട്ടെങ്ങനെ പുനർവിവാഹം ചെയ്യും. പിന്തുടർച്ചക്കായി എന്റെ കുഞ്ഞുങ്ങൾ യോഗ്യതനേടണമെങ്കിൽ പാണ്ഡവകുടുംബനാമം ഔദ്യോഗികഅംഗീകാരമുള്ള പാരിതോഷികമായി പാണ്ഡു എനിക്കു് നൽകി വിശ്വാസ്യതയുള്ള സാക്ഷിമൊഴി പനയോലകളിൽ രേഖപ്പെടുത്തണം. അങ്ങനെ വിദുരർ ബീജദാതാവായി ഞാൻ പ്രസവിച്ച മകൻ തന്നെയായിരിക്കും, ഗാന്ധാരി കൗരവർക്കു ജന്മം നൽകുംമുമ്പുതന്നെ യോഗ്യത നേടുക എന്നു് ഉറപ്പുവരുത്തിയപ്പോൾ, പിന്തുടർച്ചക്കൊരു തീർപ്പുണ്ടായി. ഞാനും മാദ്രിയും വനവാസത്തിനു പാണ്ഡുവുമൊത്തു പോയി.” ഭൂതകാലക്കുളിരിൽ കുന്തിയുടെ മുഖം തിളങ്ങുന്നുണ്ടായിരുന്നു. ജീവിതസായാഹ്നത്തിലും ആ മുഖത്തിന്റെ ആകർഷകത്വം അസാധാരണമായിരുന്നു.
“എന്തു് പാഠം പഠിച്ചു പതിനെട്ടുനാൾ ചത്തും കൊന്നും? നയതന്ത്രം ഒട്ടും തുണച്ചില്ലേ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു.
“ചാവലും കൊല്ലലും പോരാട്ടത്തിൽ പതിവല്ലേ? യുദ്ധലക്ഷ്യങ്ങൾ ‘ചത്തും കൊന്നും’ എന്ന പദപ്രയോഗങ്ങളാൽ നിങ്ങൾ കളങ്കപ്പെടുത്തരുതേ. നമ്മുടെ ആൾനാശം ചുരുക്കിപ്പറയണം, ശത്രു നഷ്ടങ്ങൾ അത്യുക്തിയിൽ അഭിരമിക്കണം. പ്രതികാര കൊലയും പോരാട്ടവധവും കൂട്ടിക്കുഴക്കരുതു്. പകയുടെ സ്വരത്തിലല്ല ഞങ്ങൾ പോർക്കളത്തിൽ സംസാരിക്കുക. കർണ്ണൻ മരിക്കുന്ന അന്നു് രാവിലെ ഞാനും അവനും കൂടിയാണു് പ്രാതലിനു കാളയെ വെട്ടിമുറിച്ചു തോലും കുടലും നീക്കി കഷണങ്ങളാക്കി കഴുകി ഉപ്പും മുളകും തേച്ചു എണ്ണയിൽ പൊരിച്ചു ഒരു പാത്രത്തിൽ നിന്നു് തിന്നതു്. ‘ഇന്നു് സന്ധ്യയോടെ ഗാണ്ഡീവം നിന്റെ കഴുത്തു വെട്ടും’ എന്നൊക്കെ ഭീമൻ അപ്പോൾ പറയുമ്പോൾ ഞങ്ങൾ പൊട്ടിച്ചിരിക്കും. ചുരുക്കിപ്പറയാം, യുദ്ധഭൂമിയിലെ പ്രശസ്തവധങ്ങൾ മനുഷ്യനിർമ്മിതമല്ല അതിലൊക്കെ അതീതശക്തികളുടെ കൈ കടത്തലുകൾ ഉണ്ടു്. ഞങ്ങൾക്കു് പാഞ്ചാലിയിൽ ഉണ്ടായ കുട്ടികൾ കൗമാരസഹജമായ പ്രത്യാശയോടെയാണു് ജേതാക്കളായി മടക്കയാത്രക്കു തയ്യാറായതു്. പക്ഷേ, പാതിരാമിന്നലാക്രമണത്തിൽ അശ്വത്ഥാമാവു് അവരെ ചവിട്ടിക്കൊന്നു. അതിനുടൻ പ്രതികാരം ചെയ്യാൻ ഞങ്ങൾ വാളെടുത്തപ്പോൾ സാരഥി പറഞ്ഞു “ഇതു് യുദ്ധം. ഇതിൽ വ്യക്തിഗത പ്രതികാരമില്ല”. അപ്പോൾ കൗരവരെ കൊന്നു കരൾ പറിച്ചു ഭീമൻ പാഞ്ചാലിക്കു് കൊടുത്തതു്? അതു് യുദ്ധവിരോധികൾ കൂട്ടിച്ചേർത്ത കഥ ഇപ്പോൾ ‘പ്രക്ഷിപ്തം’. ഓരോ കൗരവനെയും അഭിജാത പെരുമാറ്റമുറയോടെയാണു് ഭീമൻ ഗദാപ്രഹരത്തോടെ യാത്രയയച്ചതു് എന്നു് വേണം വ്യാസൻ എഴുതാൻ. ജേതാക്കളാണു് ചരിത്രം എഴുതുക, വേണ്ടിവന്നാൽ പിന്നീടു് തിരുത്തുക എന്നതു് നാം ആചാരമായി തുടർന്നും നിലനിർത്തണം.”
“സത്യവതി എന്റെ അമ്മയെന്ന പ്രത്യേക സ്നേഹപരിചരണത്തിലാണോ രഹസ്യപുത്രൻ വ്യാസൻ നിങ്ങളുടെ ഉടൽ സവിശേഷമായൊരനുഗ്രഹത്താൽ സുഗന്ധിയാക്കി മാറ്റിയതു്?, അതോ വരം നേരിട്ടു് ചെയ്യാതെ, ഋഷിയായ അച്ഛന്റെ പാരിതോഷികമായി മാറ്റിപ്പറഞ്ഞതു്?”, കൊട്ടാരം ലേഖിക പുതിയ മഹാറാണി സത്യവതിയോടു് ചോദിച്ചു. ആദ്യഭാര്യ ഗംഗയാൽ തിരസ്കരിക്കപ്പെട്ട വൃദ്ധ രാജാവു് ശന്തനു പിന്നീടവളുടെ പ്രണയബന്ദിയായി സത്യവതിയെന്ന മീൻകാരിയെ കേട്ടുകേൾവിയില്ലാത്ത വിധം പരിണയം ചെയ്ത കാലം.
“അത്തരം ശാരീരിക സൗജന്യങ്ങൾ തന്നാലൊന്നും ഞാൻ സ്വീകരിക്കുകയില്ലെന്നറിയുന്ന ബീജദാനി പരാശരനും, വിവാഹപൂർവ സന്താനമായ വ്യാസനും പിന്നീടു് കെട്ടിപ്പൊക്കിയൊരു ഐതിഹ്യത്തിൽ കവിഞ്ഞെന്തു വാർത്താപ്രാധാന്യമാണു് സുഗന്ധപ്പെരുമയിൽ? മീൻമണമുള്ള ഉടൽ കണ്ടുഭ്രമിച്ചാണല്ലോ, ദേവസുന്ദരി ഗംഗയുടെ മുൻ പായക്കൂട്ടുകാരനായ ശന്തനു, എന്നെ മുക്കുവക്കുടിലിൽനിന്നും കുരുവംശ കൊട്ടാരത്തിലേക്കു പുനരധിവാസം ചെയ്തതു്. ഗംഗയാറൊഴുകുന്ന മണ്ണിന്റെ മണമില്ലാത്ത രാജാവിനു് മീൻമണമുള്ള ഭാര്യ ഭാവിയിൽ ഒരു പ്രായോഗിക ജീവിത പാഠമായിരിക്കട്ടെ. തോണി തുഴഞ്ഞും വലയെറിഞ്ഞും അച്ഛനമ്മമാർ പട്ടിണി കിടക്കാതിരിക്കാൻ അന്തിയാവും വരെ യമുനയിൽ പണിയെടുത്തു അന്നം സമ്പാദിച്ചു. അനുരാഗകഥയിൽ വലയെറിയുന്നവളുടെ വളകിലുങ്ങി, വൃദ്ധശന്തനുവിന്റെ കരൾ സത്യവതിയുടെ വലയിൽ കുരുങ്ങി!”
“ഈ ഗദയാണോ കൗരവരുടെ ഉയിരെടുത്തതു്?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.
“ഇതോ! ഇതൊരലങ്കാരം മാത്രം. ശത്രുവിന്റെ നട്ടെല്ലു് പൊട്ടിക്കാൻ എനിക്കു് ആയുധമൊന്നും വേണ്ട. കണ്ടവരൊക്കെ കൗതുകത്തോടെ ഇന്നും നോക്കുന്ന ഈ മുല്ലപ്പൂ പല്ലുകൾ പുഞ്ചിരിക്കാത്തപ്പോൾ മാരകായുധമാവില്ലേ? അതൊക്കെ ഇരകൾക്കറിയാം. ശിശുമുഖമാണെനിക്കെന്നു ആരാധകർ പറയുന്നതു് ഉള്ളിൽ തട്ടിയാണെങ്കിൽ, അവർക്കുറപ്പു ഞാൻ നൽകട്ടെ, ശത്രുസംഹാരത്തിൽ എന്റെ കീഴ്താടിയുടെ ബലപിന്തുണയും നിങ്ങൾ ലവലേശം കുറച്ചു കാണരുതു്. ‘ഭീമാകൃതി’ എന്നാണു ശരീരഭാരം ചുമക്കുന്ന പാഞ്ചാലി കിടപ്പറയിൽ എന്നെ നിന്ദിക്കുക. എങ്കിലും, ചെന്നായയുടെ വയറുള്ളവൻ എന്നാണു കുന്തി തീൻശാലയിൽ മാംസാഹാരം വിളമ്പുമ്പോൾ പ്രകീർത്തിക്കുക. ഒളിഞ്ഞിരുന്നു ഇരയെ ചാടിപ്പിടിക്കുന്ന സാമ്പ്രദായിക കാട്ടുനീതി, അതെനിക്കു്, എത്രയോ കാലം വ്യത്യസ്തയിനം കാട്ടിൽ കഴിഞ്ഞിട്ടും, വശമില്ല. ഓടുന്ന ഇരയെ കണ്ടെത്തിയാൽ, ഞാൻ വച്ചുപിടിക്കും. ദുർമേദസ്സുള്ള ഈ ശരീരം ഓട്ടത്തിനു് തടസ്സമല്ല. പോർക്കളത്തിലെ എന്റെ ‘കളി’ കണ്ടാൽ നിങ്ങൾ ആദ്യം ഒന്നു് ചിരിക്കുമെങ്കിലും, പിന്നെ നോട്ടം കാര്യമാവും. ശത്രുകൗരവന്റെ വയറിലാണുകടിക്കുക. നൂലാമാലകൾ വയറിൽനിന്നു് പുറത്തു ചാടി ഒരടി മുന്നോട്ടുവക്കാനാവാതെ മണ്ണിലവൻ മലർന്നു വീഴുമ്പോൾ, എനിക്കവനെ പച്ചക്കു തിന്നാനാണുതോന്നുക, പക്ഷേ, രാവിലെ പേടമാനിനെ ജീവനോടെ കടിച്ചു പൊളിച്ചു തിന്ന കുരുക്ഷേത്ര ദിവസങ്ങളിൽ കൗരവമാംസം വാത്സല്യത്തോടെ കഴുകനു് വലിച്ചെറിഞ്ഞു കൊടുക്കും, ചുടുചോര കോരി പ്രിയപാഞ്ചാലിയുടെ മുടി തേച്ചു മിനുക്കും,അതു് കേശപരിചരണമല്ല, പ്രണയപ്രകടനമാണു്”, കൗരവവംശഹത്യക്കു യുധിഷ്ഠിരഭരണകൂടത്തിന്റെ അതിവിശിഷ്ട സൈനിക പുരസ്കാരം നേടിയ ഭീമൻ ആനന്ദനൃത്തത്തിലായിരുന്നു. ഇഷ്ടക്കേടു് മറച്ചുവയ്ക്കാതെ പാഞ്ചാലി മുഖം തിരിച്ചു.
“യുദ്ധകാലത്തു് സംയമനം കാണിക്കേണ്ട രാജാവു് ഒച്ചവെച്ചു ആഭാസകരമായി നൃത്തം ചെയ്യുകയും, ഗാന്ധാരഭാഷയിലൊരുത്സവഗീതം, മഹാറാണി കൺകെട്ടഴിച്ചാലപിക്കയും ചെയ്യുന്നതു് കണ്ടു എന്നാണു നിങ്ങൾ പറഞ്ഞു നിർത്തിയതു്. ശ്രദ്ധിച്ചു കേൾക്കാത്തതു് കൊണ്ടാണോ, പറഞ്ഞതിൽ അവ്യക്തത ഉള്ളതു കൊണ്ടാണോ, അഭിമുഖവാർത്ത വായിച്ചപ്പോൾ ഇവിടെ വന്നു വിശദീകരണം ചോദിക്കണമെന്നു് തോന്നി. സന്ദർഭം കൃത്യമായി ഒന്നോർത്തെടുക്കാമോ? യുദ്ധകാര്യലേഖകൻ ധൃതരാഷ്ട്രഭൃത്യനോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരിയിൽ പാണ്ഡവ ഭരണകൂടം അധികാരത്തിൽ വന്നപ്പോൾ കുടിയൊഴിപ്പിക്കപ്പെട്ടവരിൽ ഒരാളായിരുന്നു, സ്ഥാനമൊഴിഞ്ഞ ധൃതരാഷ്ട്രരിൽ ദുസ്വാധീനം ചുമത്തിയ സൂതഭൃത്യൻ സഞ്ജയൻ.”
“കൗരവ കുത്തും ചവിട്ടുമേറ്റു അഭിമന്യു പിടഞ്ഞു നിലത്തു വീണപ്പോൾ, ഇരയുടെ കഴുത്തിൽ ചവുട്ടി കർണൻ, വിജയചിഹ്നമായി തള്ളവിരലടയാളം കാണിച്ചു് ‘ശത്രു മരിച്ചു’ എന്നു് ദുര്യോധനനെ അറിയിച്ച വിവരം തത്സമയം കണ്ട ഞാൻ ശബ്ദം താഴ്ത്തി അറിയിച്ചപ്പോൾ, അതുവരെ കൂനിപ്പിടിച്ചിരിക്കയായിരുന്ന ധൃതരാഷ്ട്രർ, സഹിക്കവയ്യാത്ത ആഹ്ലാദം കൊണ്ടു് ഗാന്ധാരിയെ വലിച്ചടുപ്പിച്ചു ‘തിരുവായിൽ തിരുവാ’ ചേർക്കുന്ന ജുഹുപ്സാവഹമായ കാഴ്ച—അതാണോ നിങ്ങൾ പരാമർശിക്കുന്ന രാജകീയനൃത്തവും ഗാനാലാപവും? വനിതാ പത്രപ്രവർത്തകയായതുകൊണ്ടു് വാമൊഴിയിൽ അശ്ലീലം വരാതിരിക്കാൻ നേരിയതോതിൽ ഭാഷ ഞാൻ മാറ്റി എന്നും സംശയമുണ്ടു്. അരമനയിൽ കണ്ടതു് കൃത്യമായി പരസ്യമായി പറയാൻ മുൻവിധി സമ്മതിക്കുകയില്ലല്ലോ” ഇതിഹാസരചനക്കു് പനയോലക്കെട്ടുമായി കൊട്ടാരത്തിൽ തമ്പടിച്ചിരുന്ന വ്യാസനു മഹാഭാരതയുദ്ധകഥ തത്സമയം കണ്ടതും കേട്ടതും പറഞ്ഞു കൊടുക്കാൻ, ഇടയ്ക്കിടെ ഇരുചെന്നികളിലും മുഷ്ടികൊണ്ടു് ഇടിച്ചു ഓർമപ്പേടകം തുറക്കുകയായിരുന്നു ജീവിതസായാഹ്നത്തിൽ വൃദ്ധഭൃത്യൻ.
“ഊതിവീർപ്പിച്ചുവോ കൗരവപാണ്ഡവ സൈന്യസംഖ്യ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു “മൊത്തം നാൽപ്പതുലക്ഷം സൈനികർ ഇരുപക്ഷത്തുമായുണ്ടു് എന്നതൊക്കെ തട്ടിപ്പെന്നു ചാർവാകൻ!”
“ആദ്യദിവസം തന്നെ എല്ലാ സൈനികരെയും പോർക്കളത്തിൽ ഇറക്കുമോ ‘സർവ്വസൈന്യാധിപൻ’ ചാർവാകൻ? സായുധ പോരാളികളെ മാത്രമേ ‘സൈനികർ’ എന്ന വകുപ്പിൽ അയാൾ ചേർക്കൂ എന്നുണ്ടോ? ഒരു പോർക്കളപോരാളിക്കു് വേണ്ടേ പാളയങ്ങളിൽ പിൻസേവനദാതാക്കളായി ചുരുങ്ങിയതു് രണ്ടുപേർ? ഊട്ടുപുരയും, സൈനികരുടെ തൊഴിൽവസ്ത്രങ്ങൾ കഴുകിയുണക്കലും ഉല്ലാസ ഉറക്കറ ഒരുക്കുലും—അതിനൊക്കെ സൈനികർ എന്ന വിഭാഗം അല്ലാതെ ചാർവാകൻ ഉൾപ്പെടുന്ന പൊതുസമൂഹം അംഗസംഖ്യ തികക്കുമോ? രാത്രി പോരാളികൾക്കും വേണ്ടേ ആസ്വാദനരതിക്കു പായക്കൂട്ടു്? ശ്ലോകം ചെല്ലിക്കിടന്നാൽ കിട്ടുമോ സുഖനിദ്ര? കുലസ്ത്രീകൾ സേവനദാതാക്കൾ എന്ന മുദ്രചാർത്തി ഗർഭധാരണത്തിനു പാളയങ്ങളിൽ സ്വന്തം ചെലവിൽ സാന്നിധ്യമുറപ്പിച്ചിട്ടുണ്ടു്. അവരെയൊക്കെ ഞങ്ങൾ പുറത്തേക്കെറിയണോ? കുരുക്ഷേത്രയിലെ ഒഴിവാക്കാനാവാത്ത ജീവഹാനിക്കു് പകരം വക്കാൻ, ജനസംഖ്യയിൽ ഞങ്ങൾ യുദ്ധാസൂത്രകർ, ആവുന്നത്ര വർധനവുണ്ടാക്കണ്ടേ? ഞാൻ ഉറപ്പു തരുന്നു അവരുടെ നിസ്വാർത്ഥ നിശാസേവനം യുദ്ധചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെടും. ചാർവാകൻ ചവറ്റുകൊട്ടയിലും!”
“മേനിയിൽ കൊഴുപ്പുണ്ടെങ്കിലും, കണ്ണിൽ കാരുണ്യമില്ലാത്തവൻ എന്നു് ദുര്യോധനൻ നിങ്ങളെ വിശേഷിപ്പിക്കുന്നതിൽ രോഷമുണ്ടോ? അഥവാ അവൻ പറയുന്നതിൽ കാര്യമുണ്ടോ?” കൊട്ടാരം ലേഖിക ചോദിച്ചു.
“നയതന്ത്രചാതുരി പ്രകൃതിയെന്നിൽ ചൊരിഞ്ഞില്ലെന്നതു് ആരും കാര്യമായെടുത്തിട്ടില്ല കാരണം, ഏറ്റെടുക്കുന്ന ദൗത്യം കാര്യക്ഷമമായി ചെയ്യുന്നവൻ ഞാനെന്നു, കെട്ടിപ്പുണർന്നാദ്യം പ്രശംസിച്ചതു് പെറ്റതള്ള. അതാണെനിക്കു് കാര്യം. പാണ്ഡുചിതയിൽ മാദ്രി വേണം സതിചെയ്യാനെന്ന കുന്തിയുടെ ആജ്ഞ, ബലംപ്രയോഗിച്ചു ഞാൻ ഒറ്റക്കു് ചെയ്തുകാണിച്ചപ്പോഴായിരുന്നു പ്രശംസ. അന്നു് ഞാൻ വെറുമൊരു കുട്ടിഭീമൻ. ഇന്നെന്ന പോലെ തുടയിലും അരക്കെട്ടിലും ദുർമേദസ്സുള്ളവൻ. “എനിക്കു് ജീവിക്കണം എനിക്കിനി പുതുജീവിതം ജീവിക്കണം” എന്നു് വാവിട്ടു നിലവിളിച്ച മാദ്രി കത്തിക്കരിക്കട്ടയാവുംവരെ ചിതക്കരികെ ഉണക്ക വിറകുമായി ഞാൻ നിൽക്കുന്നതു കണ്ടു മാദ്രിമക്കൾ നകുലനും സഹദേവനും ഭയന്നുവിറച്ചു ഓടിപ്പോയിട്ടും, എന്റെ ക്ഷാത്രവീര്യം അടങ്ങിയില്ല. ഇന്നു് കുരുക്ഷേത്ര പതിനേഴാം ദിവസം കർണ്ണനെ അർജ്ജുനൻ ‘ചുരുട്ടിക്കൂട്ടി’. എപ്പോഴാണു് ദുര്യോധനനെ അതു പോലെ കൈകാര്യം ചെയ്യാൻ കിട്ടുക എന്നു് തരം നോക്കി നടക്കുകയാണു് ഞാൻ. കിട്ടിയാൽ അവൻ തിരിച്ചറിയും, രൗദ്രഭീമന്റെ കണ്ണിൽ എരിയുന്നതു കനലുള്ള തീയാണോ വെറും നയതന്ത്ര പുകയാണോ ഭീമഗദക്കു മാരകപ്രഹരശേഷിയുണ്ടോ!”, കൊന്നുകൂട്ടിയ നൂറിൽ താഴെ കൗരവരുടെ പേരുകൾ കൊച്ചു കുട്ടിയെ പോലെ തെറ്റിപ്പറഞ്ഞും സ്വയം തിരുത്തിയും പോരാട്ട തിമിർപ്പിലായിരുന്നു പാളയത്തിൽ ഭീമൻ.
“മുഖമടച്ചു നിങ്ങൾ കൗരവനെ രഥത്തിൽനിന്നും, പോരാട്ടച്ചട്ടം പാലിക്കാതെ മറിച്ചിടുന്നതിനു പുറമെ, സൈനികവസ്ത്രം വലിച്ചുകീറി നഗ്നമാക്കിയ ഇടനെഞ്ചിൽ നഖങ്ങൾ താഴ്ത്തി, കോരിയെടുത്ത ദ്രവീകൃത ഹൃദയം പാളയത്തിൽ ഓടിക്കിതച്ചെത്തി വേണമായിരുന്നോ, പ്രിയ പാഞ്ചാലിയുടെ മുടി തേച്ചു മിനുക്കാൻ? പറഞ്ഞുവന്നാൽ അവളൊരു പരിഷ്കൃത വനിതയല്ലേ?”, കൊട്ടാരം ലേഖിക രൗദ്രഭീമനോടു് ചോദിച്ചു. കുരുക്ഷേത്ര.
“കാര്യമറിയാതെ നിങ്ങൾ വീണ്ടും പാണ്ഡവമഹത്വത്തെ വിലകുറച്ചു പറയുന്നു! പോർക്കളത്തിൽ മുഖമടച്ചുവീണു മരിക്കുമെന്നുറപ്പായപ്പോൾ, പതിമൂന്നുകൊല്ലം മുമ്പു് വസ്ത്രാക്ഷേപ വിചാരണയിൽ പ്രതിസ്ഥാനത്തായിരുന്ന കൗരവനു ആദ്യമായി കുറ്റബോധമുണ്ടായി എന്നാണു് കരുതേണ്ടതു്. പാഞ്ചാലിയുടെ മുടിയഴകിനു തേച്ചുപിടിപ്പിക്കാൻ, അന്ത്യാഭിലാഷമെന്ന നിലയിൽ, അങ്ങനെ ദുശ്ശാസനൻ രക്തദാനം ചെയ്തു എന്നതാണു കാര്യം. പീഡകകൗരവരുടെ പ്രതിച്ഛായ ഏറിയും കുറഞ്ഞും മോശമായിരിക്കാം, പക്ഷേ, ചത്തവന്റെ ഉദ്ദേശ്യശുദ്ധി! അതെങ്കിലും കളങ്കരഹിതമായി കണ്ടുകൂടെ?”
“പാണ്ഡവർ നായാട്ടിനുപോയ തക്കം നോക്കി പാഞ്ചാലിയെ ലൈംഗികാക്രമണം ചെയ്യാൻ മാത്രം മന്ദബുദ്ധിയാണോ നിങ്ങൾ?”, കൗരവസഹോദരി ദുശ്ശളയുടെ ഭർത്താവും സൈന്ധവ നാടുവാഴിയുമായ ജയദ്രഥനോടു് കൊട്ടാരം ലേഖിക ചോദിച്ചു. ഹസ്തിനപുരി. പാണ്ഡവരുടെ വനവാസക്കാലം.
“പരമോന്നത നീതിപതിയുടെ നിർദേശമനുസരിച്ചോരന്വേഷണ ദൗത്യവുമായാണു് കാട്ടിൽപോയതു. സന്മനസ്സോടെ അത്തരം ദൗത്യം ഏറ്റെടുക്കുക സുതാര്യ പൊതുജീവിതത്തിൽ അസാധാരണമല്ല. വിചാരണയിൽ സത്യം കണ്ടെത്താനൊരവസാനശ്രമമെന്നനിലയിൽ, നീതിപതി പറഞ്ഞു, സ്വതന്ത്രമെന്ന അംഗീകൃത പദവിയുള്ള സൈന്ധവരാജാവാണല്ലോ നിങ്ങൾ. വനവാസത്തിൽ പോയ പാണ്ഡവരുടെ ആശ്രമത്തിൽ ചെന്നു് ദ്രൗപദീ വസ്ത്രാക്ഷേപം ‘ലൈംഗികാക്രമണം’ സൂക്ഷ്മാംശങ്ങളിൽ ഊന്നി പുനഃസൃഷ്ടിക്കാമോ? പ്രയോഗിക വിധിതീർപ്പിനായിരുന്നു ആ നിർദേശം. വസ്ത്രാക്ഷേപം ഇരയുടെ പൂർണ്ണ സഹകരണമില്ലാതെ അസാധ്യമെന്നൊരു വാദം ദുശ്ശാസനനുവേണ്ടി അംഗരാജാവായ കർണ്ണൻ നീതിപീഠത്തിൽ ഉന്നയിച്ചതിനൊരു യുക്തിസഹമായ സമാപ്തിവരുത്തണം. അതിനു് കർത്തവ്യബോധത്തോടെ ഞാൻ ദ്രൗപദിയുടെ വസതിയിൽ ചെന്നു് തുറന്ന മനസ്സോടെ അവളെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചപ്പോൾ പിന്തുടർന്നു വന്ന രൗദ്ര ഭീമനുമുമ്പിൽ ഞാനൊരു ‘ലൈംഗികാക്രമി’യായി. അവനെന്നെ രഥത്തിൽനിന്നും വീഴ്ത്തി മരത്തിൽ കെട്ടിയിട്ടു. ചോരപൊടിയുന്നവിധം തല മുണ്ഡനം ചെയ്തു. കഴുതപ്പുറത്തിരുത്തി തിരിച്ചയച്ചു. എന്റെ രാജരഥവും അതിലെ മികച്ച ഭൗതികസൗകര്യങ്ങളും തീവച്ചു. വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത കുതിരകളെ കണ്ടുകെട്ടി. മനസ്താപത്തോടെ ഹസ്തിനപുരിയിലെത്തിയ ഞാൻ അശേഷം വിട്ടുകൊടുക്കാതെ പാണ്ഡവരുടെ നിയമവിരുദ്ധ നടപടി നീതിപീഠത്തിൽ അവതരിപ്പിക്കും. പാണ്ഡവരും പാഞ്ചാലിയും പൗരാവകാശങ്ങൾ നിഷേധിക്കപ്പെട്ട കേവലം അടിമകൾ ആണെന്ന വസ്തുത അവരെ നീതിപീഠം തന്നെ ഓർമ്മിപ്പിക്കട്ടെ!” സംസാരിക്കുമ്പോൾ, നീറുന്ന ശിരസ്സിൽ സ്വയം സാന്ത്വന സ്പർശം ചെയ്തുകൊണ്ടിരുന്ന അർദ്ധനഗ്ന ജയദ്രഥനെ പുറത്തുനിന്നു ശാസനാഭാവത്തോടെ കൗരവസഹോദരിയും ഭാര്യയുമായ ദുശ്ശള കൈമാടി വിളിക്കുന്നതു് കാണാമായിരുന്നു. കൊട്ടാരം ലേഖിക ആ കാഴ്ച സൗകര്യപൂർവ്വം കണ്ടില്ലെന്നു നടിച്ചു.
“പെറ്റ കുട്ടികളെ പാഞ്ചാലി മര്യാദക്കു് പോറ്റി വളർത്താത്തതു കണ്ടു മനം തപിച്ചാണവരെ പാഞ്ചാലയിൽ വളർത്താൻ നിങ്ങൾ ഏൽപ്പിച്ചതു് എന്നാണോ നിങ്ങൾ പറഞ്ഞുവരുന്നതു്? അപ്പോൾ പാണ്ഡവരുടെ പണിയെന്താ?”, അവിശ്വാസം നിഴലിക്കുന്ന ശബ്ദത്തിൽ കൊട്ടാരം ലേഖിക ചോദിച്ചു.
“നേരത്തിനു ഭക്ഷണം കൊടുക്കാതെയും കുളിപ്പിച്ചു് വസ്ത്രം മാറ്റാതെയും എന്തിനാണു് നീ കൊച്ചുകുഞ്ഞുങ്ങളെ കഷ്ടപ്പെടുത്തുന്നതു് എന്നു ഞങ്ങൾ ആരെങ്കിലും വിമ്മിഷ്ടത്തോടെ ചോദിച്ചാൽ “ഇതു് നിങ്ങളുടെ കുട്ടിയല്ലല്ലോ, പിന്നെന്താ?”, എന്നവൾ അഞ്ചു പേരോടും ഊഴം വച്ചു തുറിച്ചുനോക്കി തിരിച്ചടിക്കും. കുട്ടികൾ ആരുടെ ആയാലും വിശന്നു വാവിട്ടു നിലവിളിക്കുന്നതു് കാണാൻ ആവാതെ അവസാനം അവളറിയാതെ ഞങ്ങൾ സുരക്ഷിതസ്ഥാനത്തു ഏൽപ്പിച്ചു” പറഞ്ഞു തീരുമ്പോൾ നകുലന്റെ കണ്ണുകൾ നിറഞ്ഞു ശബ്ദം ഇടറി. യുധിഷ്ഠിരൻ മുഖം താഴ്ത്തി. ജാലകത്തിന്നപ്പുറത്തു രണ്ടു പെൺകണ്ണുകൾ ഇമതല്ലാതെ ആ രംഗം നിരീക്ഷിച്ചുകൊണ്ടിരുന്നു.
“മനുഷ്യാവസ്ഥയെ കുറിച്ചെന്തെങ്കിലും വെളിപാടു് കുരുക്ഷേത്രാനുഭവം നൽകിയോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരിയിലെ അന്തഃപുരത്തിനു പിന്നിലെ ജലാശയത്തിൽ നീന്തിക്കുളിക്കുകയായിരുന്നു സായാഹ്നവെയിലിൽ അവരിരുവരും.
“യുദ്ധാവസാനദിനം അഞ്ചുമക്കൾ പാതിരാതിയാക്രമണത്തിൽ കൊല്ലപ്പെടുക, പഞ്ചപാണ്ഡവർ പോറലേൽക്കാതെ പോരാട്ട ഭൂമിയിൽ നിന്നു് ജേതാക്കളായി പുറത്തു ചാടുക—മറിച്ചായിരുന്നു യുദ്ധഫലം എന്നാണപ്പോഴും, ഇപ്പോഴും, മോഹിച്ചതു്. ആ മാതൃമോഹം പൂവണിഞ്ഞിരുന്നെങ്കിൽ, പ്രപഞ്ചം ദൈവസൃഷ്ടി എന്നു് പോലും ഞാൻ ഇരുകൈകളും ഉയർത്തി ആകാശത്തേക്കു് നോക്കി മഹത്വപ്പെടുത്തുമായിരുന്നു. എന്നാൽ ഇന്നു് ഞാൻ ആൺവേദിയിൽ ഉടുതുണി വലിക്കപ്പെട്ട അടിമ. പെറ്റകുഞ്ഞുങ്ങളുടെ ശവമടക്കിനു സാക്ഷിയാവേണ്ടി വന്ന അമ്മ. അഞ്ചുപുരുഷന്മാരുടെ ഭാരം ചുമക്കേണ്ടി വന്ന പതിത. എന്റെ കുരുക്ഷേത്ര ഇനിയും തുടങ്ങിയിട്ടില്ലെന്നു കരുതുന്നൊരു പെൺ പോരിമ!”
“അഭിമാനപോരാട്ടത്തിനു വേദിയെന്നുകരുതി ആദ്യാവസാനം കാണാൻ ഹസ്തിനപുരിയിൽനിന്നും കുരുക്ഷേത്രയിൽ ഓടിക്കിതച്ചുവന്നപ്പോൾ ഞെട്ടിപ്പിക്കുന്ന കാഴ്ച—സംഹാരതാണ്ഡവമാടേണ്ട ഇരുഭാഗസൈനികർ താടിക്കു കൈവച്ചു നിൽക്കുന്നു, ഭാരം ഒരു കാലിൽനിന്നും മറ്റേതിലേക്കു മാറ്റുന്നു. എന്തുസംഭവിച്ചു?” കൊട്ടാരം ലേഖിക യുദ്ധനിർവ്വഹണസമിതിയുടെ കാര്യദർശിയായ പ്രാദേശികഭരണകർത്താവിനോടു് ചോദിച്ചു. ഗോപുര വാതിലിനു മേലെ രഹസ്യമായി ഒരുക്കിയ നിരീക്ഷണമുറിയിലായിരുന്നു പ്രത്യേക സൈനികവേഷം ധരിച്ച ഉദ്യോഗസ്ഥർ.
“ഒന്നാദ്യം അന്തംവിട്ടു എങ്കിലും കൗശലത്തിൽ ആളെവിട്ടു് കാര്യമറിഞ്ഞപ്പോൾ സംശയം കൂടുകയാണുണ്ടായതു്. തേരാളിയും യോദ്ധാവും തമ്മിലാണു് മന്ത്രോച്ചാരണം പോലുള്ള വാമൊഴിയിൽ എന്തൊക്കെയോ അതിവേഗം പറഞ്ഞുതീർക്കുന്നതു എന്നറിയുന്നു. രസം എന്തെന്നു് ചോദിച്ചാൽ, അധികം സംസാരിക്കുന്നതു തേരാളി!, മനസ്സിനു് തീരെ വയ്യെന്ന ശരീരഭാഷാസൂചന നൽകുന്നതു് യോദ്ധാവു്. തേരാളിയിൽനിന്നും ഇത്രയധികം വാചകക്കസർത്തു നേരിടാൻ മാത്രം എന്തു് കടപ്പാടാണു് അയാളോടു് യോദ്ധാവിനുള്ളതു് എന്നറിയുന്നില്ല. യോദ്ധാവു് കൗരവർക്കെതിരെ മത്സരിക്കുന്ന വംശീയവിഭാഗത്തിൽ മുതിർന്ന പോരാളിയാണെന്നറിഞ്ഞു. വിഘടനവാദികൾ എന്ന നിലയിൽ ഹസ്തിനപുരിയിൽ വന്നു കൗരവരുമായി കള്ളചൂതു കളിച്ചപ്പോൾ പിടികൂടി അവരെ ധൃതരാഷ്ട്രർ മാതൃകാപരമായി ശിക്ഷിച്ചു. നീണ്ട കാലം വനവാസം കഴിഞ്ഞതേ ഉള്ളു. യുദ്ധനിർവ്വഹണത്തിന്റെ അഭിമാനകരാർ ഞങ്ങൾക്കു് തന്ന കിരീടാവകാശി ദുര്യോധനൻ പക്ഷേ, പരിചയപ്പെടുത്തിയവരിൽ തേരാളിയും വിഷാദരോഗിയും ഇല്ലായിരുന്നു എന്നാണോർമ്മ. അന്വേഷിച്ചു കൂടുതൽ കിട്ടിയാൽ അറിയിക്കാം. എല്ലാവരെയും പോലെ ഞങ്ങളും നിരാശയിലാണു്. മികച്ച പോരാട്ടപ്രകടനം കാഴ്ചവെക്കാൻ കൗരവർക്കാവുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങൾ. അപശകുനം പോലൊരു വിഷാദരോഗി എല്ലാ പ്രതീക്ഷകളും തകർക്കുമോ!”
“നിയമക്കുരുക്കിൽ നിന്നു ആരോരുമറിയാതെ രക്ഷപ്പെട്ടുവോ പീഡക ദുശ്ശാസനൻ? രാജസഭയിൽ നിങ്ങളുടെ പ്രസ്താവന കണ്ടില്ല!?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. പാണ്ഡവർ വനവാസത്തിനു പോയ കാലം.
“അതിജീവിതയുടെ അസാന്നിധ്യത്തിലും, ന്യായാധിപൻ പരാതി പരിശോധിച്ചു. പ്രതിയെയും സാക്ഷികളെയും വിസ്തരിച്ചു വസ്തുതകൾ തേടി. നീതിദേവതയുടെ നിരന്തര സാന്നിധ്യം വിചാരണയിൽ അനുഭവപ്പെട്ടു. ഇരയുടെ അടിവസ്ത്രത്തിൽ പ്രതി കൈവച്ചതുകൊണ്ടു സ്ത്രീത്വത്തിന്നെതിരായ ലൈംഗിക അതിക്രമം ഉണ്ടായി എന്ന നിഗമനത്തിനു സാധുതയില്ലെന്നു തിരിച്ചറിഞ്ഞു. ആണുങ്ങൾക്കു് ഇരിപ്പിടാനുമതിയുള്ള ചൂതാട്ടസഭയിൽ അല്പവസ്ത്രയായി വന്ന ഇര, ചൂതാട്ടത്തിന്റെ ഏകാഗ്രതയിൽ അയവു വരുത്തുവാൻ ഇടവരരുതെന്നു ഊന്നിപ്പറയാൻ പ്രതി അപേക്ഷിച്ചപ്പോൾ, കെട്ടുവിട്ടു ഇരയുടെ ഉടലിൽ നിന്നു ഉടുതുണി വേർപെടുകമാത്രമാണുണ്ടായതെന്ന പ്രതിവാദത്തിൽ നീതിപീഠം കഴമ്പു കണ്ടു. ഇരയുടെ മാനം തകർക്കുകയെന്ന ഉദ്ദേശ്യം പ്രതിക്കുണ്ടായിരുന്നില്ലെന്നും ന്യായാധിപനു് ബോധ്യമായി. പ്രതിയെ വെറുതെ വിട്ടു. കൗരവ കിരീടാവകാശത്തിനു രണ്ടാമനായ പ്രതിയെ സമൂഹത്തിന്റെ മുമ്പിൽ താഴ്ത്തി ക്കെട്ടാൻ ഇരനെയ്തെടുത്തൊരു വ്യാജപരാതിയാണിതെന്ന ന്യായാധിപകണ്ടെത്തലിൽ പരാതിക്കാരിക്കു് വനവാസക്കാലത്തു, സന്യസ്ഥ ആശ്രമങ്ങളിലെ മാലിന്യം സംഭരിച്ചു സംസ്കരിക്കാനുള്ള ദൗത്യം ഏൽപ്പിച്ചുത്തരവായി.”
“ആളൊരു കുപ്രസിദ്ധ കുറുക്കനെന്നറിഞ്ഞിട്ടും, കോഴിയായി നിങ്ങൾ കൂടെ പോയോ?”, കൊട്ടാരം ലേഖിക ചോദിച്ചു. വിരാട റാണിയുടെ സൗന്ദര്യപരിശീലകയായി പാഞ്ചാലി അജ്ഞാത വാസം ചെയ്യുന്ന സംഘർഷദിനങ്ങൾ.
“യുവസൈനികമേധാവി, അവിവാഹിതൻ, സുന്ദരൻ, പച്ചപ്പരിഷ്കാരി, അധികാരവും ആകർഷകത്വവുമുള്ള കീചകനെ അക്കാരണങ്ങൾ കൊണ്ടു് അകറ്റിനിർത്തേണ്ട കാര്യമില്ലല്ലോ. എന്റെ തൊഴിലുടമ റാണി സുദേഷ്ണയുടെ കൊച്ചനിയനല്ലേ, ആ നിലയിൽ, ഏൽക്കുന്ന ജോലി ഞാൻ ചെയ്തല്ലേ പറ്റൂ. പടയോട്ടങ്ങൾക്കു ശേഷം ഔദ്യോഗിക വസതിയിലവൻ വിശ്രമത്തിനും വിനോദത്തിനും വന്നപ്പോൾ, ഒന്നുചെന്നു കാണാൻ തോന്നി. നേരിൽ കണ്ടപ്പോൾ കൗതുകവും. രൂപഭാവങ്ങളൊക്കെ സഹോദരിയിൽനിന്നും പാടെ വിഭിന്നം. സൈനികവേഷവും, വാളുമായൊരു ഔദ്യോഗികരൂപമൊക്കെയാണെങ്കിലും, ആ വിനീത മുഖത്തുകാണുക സംഗീതം നൃത്തം മാന്ത്രികവിദ്യ, സുകുമാര കലകളിൽ താൽപ്പര്യം! വിശേഷ വിഭവങ്ങളും മദ്യവും വസതിയിൽ രാത്രി കൊണ്ടുപോകാമോ എന്നു് സുദേഷ്ണ ചോദിച്ചപ്പോൾ, ആ ജോലി സന്തോഷത്തോടെ സ്വീകരിച്ചു. മദ്യലഹരിയിൽ കെട്ടുവിട്ടു പെണ്ണിന്റെ അരക്കെട്ടിൽ പിടിക്കുന്ന വിധമൊരു വിഷയലമ്പടനായിരുന്നില്ല കീചകൻ. പക്ഷിത്തൂവൽ സ്പർശമുള്ളൊരു പരിലാളനയോടെ എന്നെയവൻ എഴുന്നേറ്റു നിന്നു അഭിസംബോധന ചെയ്തു. എന്റെ മൂത്ത മകനാവാനുള്ള പ്രായമല്ലേ നിനക്കു എന്നു് ഞാൻ അകറ്റാൻവേണ്ടി അവനെയൊന്നു പരീക്ഷിച്ചപ്പോൾ ‘ആൺപെൺ പ്രണയത്തിനെത്ര വയസ്സായി’ എന്ന അവന്റെ ശിശുഭാവങ്ങൾ നിറഞ്ഞ പുഞ്ചിരി, സദാചാരപ്രതിബന്ധങ്ങളെ അകറ്റി. ഉഭയകക്ഷിസമ്മതത്തോടെ മുന്നേറിയ സ്വാഭാവികശാരീരികത പിന്നീടു്, തെറ്റായ ഭീമവായനയിലൂടെ ദുരഭിമാനകൊലയായി രൂപാന്തരം ചെയ്തു. പ്രിയപ്പെട്ടവനേ, അഞ്ചാണുങ്ങൾ വർഷങ്ങളോളം തിരിച്ചും മറിച്ചും അധ്വാനിച്ചിട്ടും ഉണരാത്ത ഈ ഉടലിനെ എത്ര നൈസർഗികമായ രതി നൈപുണ്യത്തോടെ തന്ത്രിവാദ്യമാക്കി നീ മാറ്റി!”. സൈരന്ധ്രിയുടെ മുഖം വിവർണ്ണമായി. ചുണ്ടു വിറച്ചു. കൺപീലികൾ നനഞ്ഞു.
“ഇങ്ങനെ ദുരിതത്തിൽ കഴിയേണ്ടതാണോ നിങ്ങളുടെ ജീവിത സായാഹ്നം?”, ധൃതരാഷ്ട്രർ, ഗാന്ധാരി, വിദുരർ എന്നിവർക്കൊപ്പം നാളെണ്ണിക്കഴിയുന്ന വിദൂര വനാശ്രമത്തിൽ വഴിനടന്നെത്തിയ കൊട്ടാരം ലേഖിക മനഃസാന്നിധ്യമുള്ള കുന്തിയോടു് ചോദിച്ചു. പാണ്ഡവർ ഭരിക്കുന്ന ഹസ്തിനപുരി കൊട്ടാരത്തിലെ സൗകര്യങ്ങൾ ത്യജിച്ചു വനവാസത്തിനുവന്നതായിരുന്നു അവർ.
“എല്ലും തൊലിയുമായ ഈ ശരീരങ്ങൾ കണ്ടു മാംസഭോജികൾ മടുപ്പോടെ മടങ്ങുന്നു. അങ്ങനെ അസ്തിത്വ പ്രതിസന്ധി നേരിടുകയാണിപ്പോൾ. പരസ്പരം ജീവനൊടുക്കാൻ ആഗ്രഹമുണ്ടു് എന്നാൽ ആയുധമോ കരുത്തോ ഇല്ല. നേരം പുലരുമ്പോൾ പ്രത്യാശയോടെ മാനത്തേക്കു് ഉറ്റു നോക്കും—ആകസ്മിക കാട്ടുതീ, അതിനാണു് ഞങ്ങൾ പ്രാർത്ഥിക്കുന്നതു്. ഉറങ്ങുന്ന നേരത്തു നിങ്ങളുടെ ഉത്സാഹത്തിൽ മനുഷ്യനിർമ്മിതമെങ്കിലുമായ അഗ്നിബാധ, അതു് പ്രകൃതിയുടെ ‘ദാന’മായി തന്നെ ഞങ്ങൾ കാണും!”
“ഗാർഹികപീഡനത്തിനു പാഞ്ചാലി ‘ഇര’യെന്ന ഗുരുതര ആരോപണവുമായി പാഞ്ചാലരാജാവു് പരസ്യമായി നിങ്ങളെ വെല്ലുവിളിക്കുന്നല്ലോ. വേണ്ടിവന്നാൽ, സ്ത്രീ പീഡകർക്കെതിരെ പടവാൾ ഉയർത്തുമെന്ന ഭാര്യാപിതാവിന്റെ ആയുധഭീഷണിയിൽ ഭയന്നുപോയോ വില്ലാളി അർജ്ജുനൻ!”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. വനവാസക്കാലം.
“ദക്ഷിണയായി തള്ളവിരൽ കടിച്ചുമുറിച്ചെടുക്കുന്നൊരു ഗുരുദ്രോണർ പണ്ടെനിക്കു് ശിക്ഷ തന്നു—ദ്രോണസഹപാഠി പാഞ്ചാലനെ വരിഞ്ഞുകെട്ടി ദക്ഷിണയായി മുമ്പിൽ വക്കണം. കൗമാരവിദ്യാർത്ഥിയാണപ്പോൾ ഞാൻ. ജോലി കാര്യക്ഷമമായി ചെയ്തു. പക്ഷേ, ദ്രൗപദീപരിണയത്തിൽ ബ്രാഹ്മണവേഷംകെട്ടി ഞാൻ മത്സരാർഥിയായപ്പോഴും എന്നെ തിരിച്ചറിഞ്ഞ പാഞ്ചാലൻ ചെവിയിൽ മന്ത്രിച്ചു “അന്നു് ബന്ദിയായി ഞാൻ നിനക്കു് വഴങ്ങിത്തന്നതു്, ഗുരുശാപം നിനക്കുണ്ടാവാതിരിക്കാനായിരുന്നു.” എന്നോടന്നു പ്രത്യേകമായി കരുണകാണിച്ച പാഞ്ചാലനിപ്പോൾ ചൂടാവണമെങ്കിൽ, ഞങ്ങളെക്കുറിച്ചു പൊള്ളുന്ന എന്തോ സത്യം ആരോ പ്രചരിപ്പിക്കുന്നുണ്ടാവും. സന്യസ്തർക്കു് സേവനം നൽകാൻ കൗരവാജ്ഞയുള്ളപ്പോൾ, യുധിഷ്ഠിരൻ, പാഞ്ചാലിയെ തള്ളിവിടുന്നതു് കണ്ടു ഞാനും മുഷ്ടിചുരുട്ടി പ്രതിഷേധിച്ചിട്ടുണ്ടു്. ഇന്ദ്രപ്രസ്ഥം ചക്രവർത്തിയായ ഞാൻ തന്നെ വേണം പ്രവാസസഹനത്തിൽ ആശ്രമമാലിന്യങ്ങൾ സംസ്കരിക്കാൻ അല്ലേ?, എന്നയാൾ എന്നോടു് തിരിച്ചടിച്ചപ്പോൾ, മറ്റു പാണ്ഡവർ അയാളെ പിന്തുണച്ചു. ഞാൻ ചൂളി. എന്തെല്ലാം പ്രകോപനങ്ങൾ പാഞ്ചാലദേശത്തുനിന്നുണ്ടായാലും ഭാര്യാപിതാവിനെതിരെ ഞാൻ അസ്ത്രമെടുക്കില്ല. പീഡകയുധിഷ്ഠിരനെ ഗാർഹിക സ്ത്രീനീതിയിൽ ബാലപാഠം പഠിപ്പിക്കട്ടെ, പ്രിയപാഞ്ചാലൻ. അതൊക്കെ വിഭാവന ചെയ്യുന്നതിൽ പോലുമുണ്ടൊരു കാവ്യനീതി!”
“അഭയാർത്ഥികളോടെന്താ നിങ്ങൾക്കിത്ര വെറുപ്പു്? നിങ്ങളുടെ അച്ഛന്റെ അനുജനല്ലേ കുന്തിയുടെ ഭർത്താവു്? പാണ്ഡു ഹസ്തിനപുരിയുടെ രാജാവായിരുന്നു എന്നും, മുനിശാപം കിട്ടിയപ്പോൾ മതിഭ്രമത്തിൽ ചെങ്കോൽ ജ്യേഷ്ടനുനേരെ വലിച്ചെറിഞ്ഞു, പരിത്യാഗിയായി കാട്ടിൽ പോയതാണെന്നും പറഞ്ഞുകേട്ടിട്ടുമുണ്ടു്. അഞ്ചുകുട്ടികളെയും കൂട്ടി പാണ്ഡുവിധവ ഒരന്തിക്കൂരക്കായി കോട്ടവാതിലിൽ മുട്ടുമ്പോൾ, “കടക്കു പുറത്തു” എന്നു പറയുന്നതാണോ കുരുവംശസംസ്കാരം?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
“അനധികൃതമായി ഹസ്തിനപുരിയിൽ കഴിയുന്നതു കൊണ്ടല്ല ആറംഗ കുന്തികുടുംബത്തെ പാറാവുകാർ വിരട്ടിയതു. തിരിച്ചറിയൽ രേഖയോ സാക്ഷിമൊഴിയോ മറ്റു ഔദ്യോഗിക പിൻബലമോ ഇല്ലാതെ അരമനയിൽ കയറി കാഴ്ചപരിമിതിയുള്ള ധൃതരാഷ്ട്രരോടു്, “ഞാൻ കുന്തി ഇവർ അഞ്ചുപേർ പാണ്ഡവർ” എന്നു് ബഹളം വച്ചാൽ, വകവച്ചുകൊടുക്കുമോ കൗരവർ? പരപുരുഷാതിക്രമത്തിനു ഇരയായി കുന്തി മൂന്നും, മാദ്രി രണ്ടും പ്രസവിച്ച കുട്ടികളെ പാണ്ഡു ഔദ്യോഗികമായി അംഗീകരിച്ചു എന്നു് കുന്തി വാക്കാൽ പറഞ്ഞാൽ കുരുവംശീയപിന്തുടർച്ചയുടെ കുരുക്കു് അഴിയുമോ? പാണ്ഡുവിധവ എന്ന തർക്കപദവിക്കു് ഏക പരിഹാരം ഹസ്തിനപുരി നീതിപീഠത്തിനു് മുമ്പിൽ തെളിവു് നിരത്തലാണു്. ധൃതരാഷ്ട്രരും ഗാന്ധാരിയും രണ്ടു ദശാബ്ദം മുമ്പു് കുന്തിയെ വ്യക്തിപരമായി അറിഞ്ഞിരുന്നു എന്ന പരിചയം മാത്രം മതിയോ, പാണ്ഡുപിന്തുടർച്ച കൗന്തേയർക്കു പതിച്ചുനൽകാൻ? അഭയാർത്ഥികൾ എന്നല്ല, അഭിജാത പിതൃത്വമില്ലാത്തവരോടും കൗരവർ കരുണകാണിക്കുമെന്നതിനു സാക്ഷ്യമല്ലേ, കർണനു ദാനംചെയ്ത അംഗരാജ പദവി? സൂതപുത്രനെന്നനിലയിൽ കുലത്തൊഴിലായി രഥമോടിക്കേണ്ടവൻ നവരത്നം പതിച്ച കിരീടം വച്ചല്ലേ എന്റെ മുമ്പിൽ നടക്കുന്നതു്? രണ്ടു് ഇളമുറ കൗന്തേയരെ ശിശുകേന്ദ്രത്തിൽ ഞങ്ങൾ ബലം പ്രയോഗിച്ചു മാറ്റിപ്പാർപ്പിച്ചു എന്ന കുന്തിയുടെ ആരോപണവും വസ്തുതയുടെ ബലമില്ലാത്തതല്ലേ. ഇരട്ടകളുടെ അമ്മ മാദ്രിയെ പാണ്ഡുചിതയിലേക്കു കുന്തി കുറ്റകരമായ ലക്ഷ്യത്തോടെ തള്ളിയിട്ടുകൊന്നു എന്ന ആരോപണം വ്യവസ്ഥാപിതഭരണകൂടം അന്വേഷിക്കേണ്ടതിന്റെ ഭാഗമായി ആ കൊച്ചുകുട്ടികൾക്കു് സംരക്ഷണം കൊടുത്തതാണോ ഞങ്ങളുടെ അപരാധം? കൊടുംകുറ്റവാളിക്കുചുവന്ന പരവതാനി വിരിച്ചാണു് കൗരവർ സ്വീകരണം കൊടുത്തതെന്നു നിങ്ങൾ തന്നെ ചുവരെഴുത്തുകളിൽ നാളെ കരിവാരി എഴുതില്ലേ?” ഗംഗാ യമുനാ നദികളിൽ നീരോട്ടം ഉയർന്നതോടെ ഇരുവശങ്ങളിലും കഴിയുന്നവരുടെ കൃഷിസ്ഥലങ്ങൾ സന്ദർശിക്കുവാൻ ഊർജ്ജസ്വലരായ ഇളമുറകൗരവരുമായി ഇറങ്ങാൻ ഒരുങ്ങുകയായിരുന്നു കൗമാരം വിട്ടിട്ടില്ലാത്ത കൗരവരാജകുമാരൻ.
“കൊള്ളിവാക്കു പറഞ്ഞു ഭർത്താക്കന്മാരെ വേദനിപ്പിക്കുക, സുഗന്ധതൈലങ്ങൾ സമ്മാനിക്കുന്ന പരപുരുഷന്മാരെ പ്രശംസി ക്കുക—ബഹുപുരുഷദാമ്പത്യത്തിലെ ഈ ദുഷ്പ്രവണത ജനിതകവൈകല്യമാണോ?, അതോ, വളക്കൂറുള്ള പാഞ്ചാലയോ?”, കൊട്ടാരം ലേഖിക ചോദിച്ചു. വനവാസക്കാലം.
“വളർച്ചയെത്തിയ സ്ത്രീശരീരവുമായി യാഗാഗ്നിയിൽ നിന്നുയർന്ന എനിക്കെങ്ങനെ ജനിതകം അവകാശപ്പെടാനാവും? കണ്ണുതുറന്നു ചുറ്റും നടന്നു പുറംലോകം പരിചയപ്പെടും മുമ്പു് സ്വയംവരം കഴിഞ്ഞ എനിക്കെങ്ങനെ പാഞ്ചാലയിൽ നിന്നു് പ്രായോഗിക ദാമ്പത്യപാഠം സ്വീകരിക്കാനാവും? വേണം സ്വകാര്യത എന്നു് കൊതിക്കുന്ന നേരത്തു, അതിക്രമിച്ചു ‘ദാമ്പത്യനിയമവിധേയ’ വസ്ത്രാക്ഷേപം ചെയ്യുന്ന പഞ്ചപാണ്ഡവരെ ചെറുക്കാൻ ഈ പെണ്ണുടലിനാവേണ്ടതല്ലേ? അപ്പോൾ എന്റെ വാക്കിൽ മുള്ളുണ്ടെന്നവർ വിലപിക്കുക സ്വാഭാവികം. എന്നോടു് കരുണകാണിക്കുന്ന കൗരവരെ പാണ്ഡവർ ഇകഴ്ത്തുന്നു. ഇടക്കൊന്നു ഭർത്താക്കന്മാരോടു് മുള്ളുവാക്കു പറഞ്ഞില്ലെങ്കിൽ ആരാധകകൗരവർ എന്ന അഭിവന്ദ്യപദത്തിനെന്തർത്ഥം? നിലവാണെങ്കിലും കൂരിരുട്ടാണെങ്കിലും എന്റെ നിശാജീവിതം ആർത്തിയുള്ള അഞ്ചു ലൈംഗിക ഉപഭോക്താക്കൾ ഒരേസമയം കയ്യടക്കിയിട്ടു കാലമെത്രയായി. കിടപ്പറക്കു വെളിയിൽ ഒഴിവുകാത്തു കാത്തുറങ്ങിപ്പോയെന്നു പാണ്ഡവർ വിലപിക്കാറുണ്ടു്. ഊഴം വച്ചു് അച്ചടക്കത്തോടെ കിടപ്പറക്കുമുമ്പിൽ കാത്തിരിക്കും എന്നു് പറയുന്ന പാണ്ഡവർ പക്ഷേ, ഇതുവരെ പറയാത്ത വേറൊരു കാര്യം ഇതാ: മുള്ളുവാക്കു പറയുന്ന ഞാൻ തന്നെ വേണം ഈ ബഹുഭർത്തൃത്വവൈവിധ്യത്തിലും, ഉത്തരവാദിത്വത്തോടെ ഓരോരുത്തരെയും ക്ഷണിച്ചു അകത്തുകൊണ്ടുവന്നു മടിയിൽ കിടത്തി പരിചരിച്ചും ലാളിച്ചും അല്പനേരത്തേക്കു ഊർജ്ജസ്വലരാക്കാൻ.”
“കുരുക്ഷേത്രവിജയത്തിന്റെ ആദ്യവാർഷികം പൊടിപൊടിക്കുമ്പോൾ, യുദ്ധനേട്ടത്തിൽ മതിമറന്നുവോ പാണ്ഡവർ? പഴയ ലാവണമായ ഇന്ദ്രപ്രസ്ഥത്തുപോയി ‘എന്തുണ്ടു് വിശേഷം?’ എന്നിതുവരെ നിങ്ങൾ തിരക്കിയില്ലേ?”, അരങ്ങേറ്റ മൈതാനത്തിലെ വാർഷിക ആഘോഷവേദിയിൽ നിന്നിറങ്ങി രാജരഥത്തിൽ കയറുകയായിരുന്ന മഹാറാണി പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“കാലികപ്രസക്തി മാത്രമുള്ള താൽക്കാലിക മയൻനിർമിതി മാത്രമായിരുന്നില്ലേ, വിശിഷ്ടവിരുന്നുവന്നവരെ വഴുക്കിവീഴ്ത്തുന്ന ആ ചതിയൻ മന്ദിരസമുച്ചയം? കഴിഞ്ഞ പത്തുപതിനാലുവർഷങ്ങൾക്കുള്ളിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രകൃതിയുടെ സ്വാഭാവിക പരിഗണനയിൽ വളർന്ന പുഴയോര കുറ്റിക്കാടുകളുണ്ടു് എന്നു് പ്രിയ നകുലൻ കേട്ടറിഞ്ഞപ്പോൾ, അതു് വെട്ടിനിരപ്പാക്കാനും, ജൈവവൈവിധ്യങ്ങൾ നശിപ്പിക്കാനും ആരെയും സമ്മതിക്കില്ല എന്ന തീരുമാനമെടുത്തു. പാണ്ഡവ കുടിയേറ്റത്തിനു മുമ്പു് ഖാണ്ഡവ ആവാസവ്യവസ്ഥ എങ്ങനെ ആയിരുന്നുവോ ആ നില പുനഃസ്ഥാപിച്ചുകിട്ടാൻ വിശ്വപ്രകൃതിയോടു് ആവശ്യപ്പെടും. അത്രയും പാരിസ്ഥിതികപ്രതിബദ്ധത ഹസ്തിനപുരിയിലെ പൊതു സമൂഹം എന്നിൽ നിന്നു് പ്രതീക്ഷിക്കുന്നുണ്ടു് എന്നും നിങ്ങൾക്കറിയാം.”
“കാര്യം മുഴുവൻ മനസ്സിലായപ്പോൾ പാണ്ഡവർക്കാശ്വാസമായി എന്നാണല്ലോ ഭീമൻ ആശ്വസിച്ചതു്. അങ്ങനെ തോന്നാൻ, എന്താ ലൈംഗികകുറ്റവാളി ജയദ്രഥനെ നിങ്ങൾ ഒറ്റയ്ക്കു് കൈകാര്യം ചെയ്തു എന്നാണോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വനാശ്രമത്തിനു ചുറ്റും നിരീക്ഷണഗോപുരങ്ങൾ പണിതു അന്തേവാസികളുടെ സുരക്ഷ ഉറപ്പുവരുത്താൻ അഞ്ചാണുങ്ങളും തിരക്കിലായിരുന്ന നേരം.
“സമാഗമം എനിക്കു് പീഡാനുഭവം ആയി എന്നോ? പാണ്ഡവരിൽ ചിലർ അടഞ്ഞ മനസ്സോടെ അങ്ങനെയൊക്കെ പറഞ്ഞെന്നിരിക്കും. ജയദ്രഥ സന്ദർശനം ഒരു ‘വനമഹോത്സവം’ എന്നാണെനിക്കു തോന്നിയതു്. മുട്ടുകുത്തി കൈമുത്തിയുള്ള അവന്റെ സ്വയം പരിചയപ്പെടുത്തലും, പിരിയുമ്പോൾ ഉപചാരം ചൊല്ലലും ഓർക്കുമ്പോൾ, എത്ര കുലീനമായിരുന്നു ജയദ്രഥ പെരുമാറ്റമെന്നോ! ബലാൽക്കാരശ്രമത്തിൽ പോലും കാണാമായി ആ പ്രശസ്ത സൈന്ധവവൈകാരികത. ആതിഥ്യമര്യാദയോടെ ഞാൻ പായിൽ ഇരുത്തി സൽക്കരിച്ചശേഷം പെട്ടെന്നുണ്ടായ കായിക കടന്നുകയറ്റം പ്രത്യേകിച്ചൊരു പരിഭ്രമവും കൂടാതെ ഞാൻ ചെറുത്തു തോൽപ്പിച്ചു എന്ന വസ്തുത അയാൾക്കെതിരായി ഒന്നും തെളിയിക്കാനല്ല. ചെയ്യേണ്ടതു് ചെയ്തു എന്നു് മാത്രം പറയാനാണു്. ഏതുവിധം നോക്കുമ്പോഴും ജയദ്രഥൻ പ്രതിക്കൂട്ടിലല്ല. വേണമെങ്കിൽ ‘ആനന്ദമാർഗ’ത്തിലൂടെ എനിക്കയാളെ ബന്ദിയാക്കി, അരയിൽ കുടുക്കിട്ടു മരയഴിക്കൂടിൽ കുന്തിച്ചിരുത്തി, ഭാര്യാസഹോദരനായ ദുര്യോധനനോടു് വിലപേശി വനവാസത്തിൽ ഞങ്ങൾക്കു് ഇളവു നേടാമായിരുന്നില്ലേ? അതൊന്നും ഞാൻ ചെയ്തില്ല, പാണ്ഡവർ എന്റെ ചെലവിൽ അങ്ങനെ സുഖിക്കേണ്ട എന്നു തോന്നി. ഭാര്യയെ പണയം വച്ചു് കളിച്ചു തോറ്റ കൊള്ളരുതാത്ത ഭർത്താവും കിങ്കരന്മാരും കൊടുംകാട്ടിൽ കഴിയട്ടെ വ്യാഴവട്ടക്കാലം എന്നെനിക്കപ്പോൾ തോന്നിയാൽ, എന്നെയും കയറ്റുമോ നിങ്ങൾ ജയദ്രഥനൊപ്പം പ്രതിക്കൂട്ടിൽ?”
“കീഴാള കുടുംബപശ്ചാത്തലത്തിൽനിന്നും, തോണി തുഴഞ്ഞും മീൻപിടിച്ചും സ്വാശ്രയശീലയായ വിവാഹപൂർവ ജീവിതമുണ്ടായിരുന്ന രാജമാതാ സത്യവതിയെപോലുള്ള സ്ത്രീസാന്നിധ്യം ഒരു പെൺകരുത്തായിരുന്ന കൊട്ടാരത്തിൽ നിങ്ങൾ, അർദ്ധസഹോദരരുടെ ഭാര്യഎന്ന പരിഗണന കൊടുക്കാതെ, ഇന്ദ്രപ്രസ്ഥം മഹാറാണി പാഞ്ചാലിയെ, കൗരവ അന്തഃപുരത്തിൽ നിന്നു് തോളിലിട്ടു് തട്ടിക്കൊണ്ടുപോയി, ചൂതാട്ടസഭയിൽ വേശ്യ എന്നു് അവഹേളിക്കുകയും, അടിവസ്ത്രം വലിച്ചു വിവസ്ത്രയാക്കുന്നതുമൊക്കെ കണ്ടും കേട്ടും പൗരസമൂഹം ഭയന്നു വിറക്കുന്നുണ്ടല്ലോ. ലോക മനഃസാക്ഷിയുടെ മുമ്പിൽ പരിഷ്കൃത ഹസ്തിനപുരിയെ പ്രതിക്കൂട്ടിലാക്കിയ ആഭാസത്തരം എങ്ങനെ പ്രതിരോധിക്കുന്നു?” കൊട്ടാരം ലേഖിക ചോദിച്ചു. പൗരാവകാശം നഷ്ടപ്പെട്ട ആറംഗ പാണ്ഡവസംഘം വടക്കൻ മലനിരകളിലേക്കു് പദയാത്ര ചെയ്യുന്നതു് മാളികപ്പുറത്തുനിന്നു നോക്കി രസിക്കുകയായിരുന്നു ഇളമുറ.
“രസകരമായി കളി മുന്നോട്ടു നീങ്ങുമ്പോൾ, ഒഴുക്കു് തടസ്സപ്പെടുത്തുവാൻ ഒരുമ്പെട്ടവൾ മനഃപൂർവ്വം ശ്രമിച്ച ഓർമ്മയിൽ വ്യക്തതയുണ്ടു്. ഒന്നൊന്നായി കളിയുടെ തുടക്കം മുതൽ ബന്ധപ്പെടുത്തി ആലോചിക്കുമ്പോൾ, കള്ളച്ചൂതിൽ കൗന്തേയരുടെ കാലിടറുന്നതിൽ കൗതുകവുമുണ്ടു്. എങ്ങനെ യുധിഷ്ഠിരൻ ആവർത്തിച്ചു് തോൽക്കുന്നു എന്ന ഓർമ്മയ്ക്കു് വ്യക്തതയൊട്ടില്ല താനും. ചൂതാട്ടത്തിൽ അഭിവന്ദ്യ ദുര്യോധനൻ വച്ചടിവച്ചു് ജയിച്ചു മുന്നേറുമ്പോൾ ഞങ്ങൾ ഇളമുറക്കാർ, ആഘോഷാവസരത്തിൽ പതിവുള്ള പോലെ ലഹരിയിലായിരുന്നു എന്നതായിരിക്കുമോ കാരണം?”, കണ്ണു് തിരുമ്മി കൗരവർ സ്ഥലകാല വിഭ്രമത്തിൽ പകച്ചു ചുറ്റും നോക്കി, യാത്ര പറയാതെ പിൻവലിഞ്ഞു. അമ്മയുടെ സഹോദരൻ, അർത്ഥഗർഭമായ ആജ്ഞാസൂചന, ചുണ്ടുകളിൽ.
“തക്ഷശിലയിൽനിന്നും വന്ന മുതിർന്ന അധ്യാപകരുടെ പഠനസംഘം അരുതാത്തതെന്തോ പറഞ്ഞെന്ന പരാതിയിൽ, സഞ്ചാരസ്വാതന്ത്ര്യം മരവിപ്പിച്ചിരിക്കയാണെന്നുകേട്ടല്ലോ. ആഗോളതലത്തിൽ തക്ഷശിലയുടെ ബൗദ്ധികസംഭാവന അകമഴിഞ്ഞു് ആദരിക്കപ്പെടുന്നൊരു വർത്തമാനകാല അവസ്ഥയിൽ, നിങ്ങളുടെ നടപടി ഹസ്തിനപുരിയുടെ നീണ്ടകാല താൽപ്പര്യങ്ങളെ ഹനിച്ചാൽ?”, കൊട്ടാരം ലേഖിക പുതുപാണ്ഡവഭരണകൂടത്തിലെ ചാരവകുപ്പുമേധാവി നകുലനോടു് ചോദിച്ചു.
“പുരോഗമന ചിന്തയിൽനിന്നുള്ള വിമർശനമായിരുന്നുവോ? അതോ കുരുക്ഷേത്രജേതാക്കളെ കണ്ണിൽക്കുത്തി അവഹേളിക്കലോ. അരമനയിൽനിന്നും ആരാധനാലയത്തിലേക്കു സന്ധ്യയിൽ വഴിനടക്കുകയായിരുന്ന ആറംഗ പാണ്ഡവകുടുംബത്തെ കോട്ടകൊത്തളത്തിൽനിന്നും നോക്കി സുന്ദരിയായൊരു വനിത ഒഴികെ പിന്നിൽ കാണുന്ന അഞ്ചു മധ്യവയസ്കർ ആധുനിക സമൂഹത്തിൽ അസാധുവായപോലെ! എന്നു് നിരുത്തരവാദപരമായി നിരീക്ഷിച്ചാൽ, ഒളിച്ചെവിയിൽ കേട്ട ചാരൻ പോലും ഉടൻ ധാർമ്മികരോഷത്തിൽ തട്ടിക്കേറിയില്ലേ. ഇതാണു് സന്ദർഭം. അർഥം വിശദീകരിക്കുന്ന പണി പത്രപ്രവർത്തകർക്കു്. രാത്രി വെളുക്കുമ്പോഴേക്കും, കോഴികൂവുമ്പോഴേക്കും അറിയാം ആരാണു് അസാധു ആരാണു് സാധു!”
“പത്തുകൊല്ലം നിങ്ങൾ ആറുപേരെ ഒരു മാനുഷികപരിഗണനയും കൂടാതെ കാട്ടിൽ പറഞ്ഞയച്ചു കഷ്ടപ്പെടുത്തിയ കുടിലകൗരവർക്കെതിരെ മാദ്രീപുത്രന്മാർ പോലും ഒളിപ്പോർ ചെയ്ത വാർത്ത കേട്ടില്ലല്ലോ? പാഞ്ചാലീവസ്ത്രാക്ഷേപത്തിന്റെ പതിനൊന്നാം വാർഷികദിനം രഹസ്യമായി ആചരിക്കുമ്പോൾ, ചാർവാകൻ അനുയായികളുമായി ദുഃഖംപങ്കുവച്ചു, ഒരു ധീര പോരാളിയെങ്കിലും മന്തൻപാണ്ഡവർക്കിടയിലുണ്ടെന്ന മുൻവിധി നാം ഇനി മാറ്റണം, പ്രതികരണശേഷിയും പ്രതികാരബോധവും അവരിൽ നിന്നും ഒലിച്ചുപോയെന്നു വ്യക്തം! അങ്ങനെയാണു് ഹസ്തിനപുരിയുടെ വിമത നായകൻ വിലപിച്ചതു്. എങ്ങനെ പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. അജ്ഞാതവാസം കഴിഞ്ഞു വിരാടരാജ്യത്തിലെ സൈനികപാളയത്തിൽ പാണ്ഡവർ ഭാവിനയതന്ത്രപദ്ധതി തയ്യാറാക്കുന്ന കാലം.
“ഒളിയുദ്ധം ചെയ്താൽ നഷ്ടപ്പെടുക നാട്ടുകാരുടെ സന്മനസ്സായിരിക്കുമെന്നു ‘ധർമ്മപുത്ര’രെന്ന ദേശീയഖ്യാതിക്കായി പരിശ്രമിക്കുന്ന യുധിഷ്ഠിരൻ മുന്നറിയിപ്പുതന്നു, കൗരവകടുവകളെ മടയിൽ കയറി വേട്ടയാടാൻ ഞങ്ങൾ രണ്ടു മാദ്രിമക്കൾ മതി എന്ന ഉത്തമബോധ്യത്തിൽ അതുകൊണ്ടു് മിന്നലാക്രമണം ചെയ്തു ഗാന്ധാരിയെ എളുപ്പം ബന്ദിയാക്കാമെന്നു ഞാൻ കുടുംബയോഗത്തിൽ മുതിർന്ന മൂന്നു കൗന്തേയരെ സമാശ്വസിപ്പിച്ചു. ഖാണ്ഡവത്തിലേക്കു കുടിയേറുന്ന കാലത്തു തന്നെ ദുര്യോധനൻ എടുത്തൊരു മുൻകരുതൽ അപ്പോൾ അർജ്ജുനൻ എന്നെ വേദനയോടെ ഓർമ്മിപ്പിച്ചു. പാണ്ഡവരുടെ നല്ലനടപ്പിനു് കുന്തിയെ കൗരവബന്ദിയാക്കിയിരിക്കയാണു് അന്നുമുതൽ ദുര്യോധനൻ. കൗരവർക്കെതിരെ ഞങ്ങൾ ഇടം തിരിഞ്ഞാൽ, കുന്തിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു് കൗരവർക്കറിയാം. അതു കേട്ടതോടെ ഞങ്ങൾ പത്തിതാഴ്ത്തി!”
“വൈകാരികപരിസരമുള്ള ഈ പ്രഹസനം വർഷങ്ങൾക്കുമുമ്പു് തന്നെ ഗാന്ധാരിയെ നിങ്ങൾ പരിശീലിപ്പിച്ചിരുന്നു എന്നാണോ ഞങ്ങൾ സൂചനകളിൽനിന്നും വായിച്ചെടുക്കേണ്ടതു്?”, കൊട്ടാരം ലേഖിക ചോദിച്ചു. മക്കളുടെ ജഡങ്ങളാണു് ചുറ്റും ചിതറിക്കിടക്കുന്നതെന്നറിഞ്ഞ ഗാന്ധാരി വീണ്ടും കൺകെട്ടു് കെട്ടി പൊട്ടിക്കരഞ്ഞു ഒച്ചവെച്ചു ശപിച്ച വിലാപത്തിൽ പാണ്ഡവർ ആകെ പകച്ചുപോയ നേരം.
“യുദ്ധമേഘങ്ങൾ കറുത്ത ഒരു സന്ധ്യയിൽ, പിതൃസഹോദരിയായ കുന്തിയെ കണ്ടശേഷം, ഹസ്തിനപുരി കൊട്ടാരത്തിൽ നിന്നു് ഞാൻ പുറത്തു കടക്കുമ്പോൾ മന്ത്രി വിദുരർ പറഞ്ഞു, ഗാന്ധാരിക്കെന്നെ കാണണമെന്നു്. അങ്ങനെ അവരെ കണ്ടു, സംസാരിച്ചു. അവിശ്വസനീയമെന്നിപ്പോൾ കരുതാവുന്ന പലതും നാളെ സംഭവിക്കാമെന്നും, മക്കളെ ചോരപ്പുഴ ഒഴുക്കുന്ന പോരാട്ടത്തിൽ നിന്നും പിന്തിരിയിപ്പിക്കാൻ നിങ്ങൾ കൺകെട്ടഴിച്ചുണർന്നില്ലെങ്കിൽ, പിന്നീടു് വിലപിക്കേണ്ടിവരുമെന്നും ഞാൻ ഗാന്ധാരിയെ മൃദുവചനങ്ങളാൽ ഓർമ്മിപ്പിച്ചു. മാതൃപ്രേരണക്കു വഴങ്ങുന്നവരല്ല കൗരവർ എന്നു ഗാന്ധാരി പറഞ്ഞപ്പോൾ, ‘കൗരവവംശഹത്യ ഭാവിയിലുണ്ടായാൽ, എന്നെ പ്രതിസ്ഥാനത്തുനിർത്തി ശപിക്കാനായി ഒരു വിലാപഗീതം രഹസ്യമായി പഠിപ്പിച്ചു തരാ’മെന്നു ആ വൃണിത മാതൃമനസ്സിനെ ഞാൻ ആശ്വസിപ്പിച്ചു. യുദ്ധാനന്തര ശോകമുഹൂർത്തത്തിൽ, വാക്കുകൾ കൃത്യമായി ഓർമ്മിക്കാൻ, നിത്യവും നാമജപത്തിനൊപ്പം ഇതും ചൊല്ലണം എന്നുപദേശിച്ചതവർ ഉത്തരവാദിത്വത്തോടെ ചെയ്തു എന്നു് വേണം നാം കാണാൻ. എന്നെ ഗാന്ധാരി ‘ശപിച്ച’പ്പോൾ, ഒന്നേ എനിക്കു് തിരിച്ചു പ്രശംസിച്ചു പറയേണ്ടിവന്നുള്ളൂ. അമ്മാ, ഞാൻ പണ്ടു് ചൊല്ലിത്തന്നതെല്ലാം, ഒരു വാക്കു പോലും തെറ്റാതെ, ഗാന്ധാരീ ശാപം എന്നു് പിൽക്കാലത്തറിയപ്പെടാവുന്നതായിരുന്നു നിങ്ങളിപ്പോൾ ഉച്ചരിച്ചതു്. അതിനു നന്ദി. ഈ നീണ്ട ജീവിതത്തിലെ കെട്ടുപാടുകളിൽ നിന്നു് വിട്ടുമാറാൻ അതു് എന്നെ തുണക്കട്ടെ!”
“വല്ലാത്തൊരു കാഴ്ച! നിങ്ങളോടു് സംസാരിക്കുന്ന അർജ്ജുനന്റെ പിന്നിൽ പതുങ്ങിനിന്നു ചക്രവർത്തിനി പാഞ്ചാലി നകുലനോടെന്തോ രഹസ്യസന്ദേശം വിനിമയം ചെയ്യുന്നതു കണ്ടല്ലോ” കൊട്ടാരം ലേഖിക, പാണ്ഡവർക്കിടയിൽ ‘ഭാവിപ്രവചിക്കുന്നവൻ’ എന്ന ഖ്യാതി നേടിയ സഹദേവനോടു് മന്ത്രിച്ചു. ഇന്ദ്രപ്രസ്ഥക്കാലം.
“ജൈവികപിതാവിന്റെ അതിഥിയായി സ്വർഗ്ഗരാജ്യത്തിൽ വിരുന്നിനു പോയി മടങ്ങിവന്ന അർജ്ജുനൻ, ഞാനുൾപ്പെടെ മറ്റുപാണ്ഡവരോടു് ആകാശയാത്രാനുഭവങ്ങൾ വർണ്ണിക്കുമ്പോൾ, അതിൽ ചേരാതെ മാറിനിന്നു പാഞ്ചാലി പ്രിയനകുലനു സാന്ദർഭികമായി ആംഗ്യം കാണിച്ചതാണു്, പാഞ്ചാലിയോടു് ഇടഞ്ഞു അർജ്ജുനൻ നാടൊട്ടുക്കു് അലഞ്ഞുതിരിഞ്ഞു, തിരിച്ചുവന്നു മതിഭ്രമം കാണിക്കുന്നു ചികിൽസിക്കണം! എത്രവർഷം ഇനി അവൾ കാത്തിരിക്കണം സ്വർഗ്ഗരാജ്യത്തിലെ ദുരനുഭവമായ ഉർവ്വശീശാപം ഭാവി ജീവിതത്തിലൊരിക്കൽ അർജ്ജുനനു് ഉപകാരമായി മാറാനും അതെങ്ങനെ സംഭവിച്ചു എന്നറിയാനും!”
“ആദ്യരാത്രിയിൽ പായക്കൂട്ടിനെത്തിയ ഒന്നാംഊഴക്കാരനെ എങ്ങനെ, സേവനദാതാവെന്ന നിലയിൽ നിങ്ങൾ നേരിട്ടു?”, കൊട്ടാരം ലേഖിക ദ്രൗപദിയോടു് ചോദിച്ചു. അടിച്ചേല്പിക്കപ്പെട്ട ബഹുഭർത്തൃത്വത്തിൽ പാഞ്ചാലപുത്രി പതിത്വം നേരിടുന്ന ആദ്യ ദിനങ്ങൾ. കുരുവംശ കൊട്ടാരത്തിന്റെ അതിഥിമന്ദിരത്തിൽ കഴിയുന്ന ഇടവേള.
“അനുജന്റെ ഭാര്യയെ നിർലജ്ജം തട്ടിയെടുത്തവൻ കിടപ്പറയിൽ എന്നോടൊപ്പമായപ്പോൾ വാചാലനായ ന്യായീകരണ ധർമ്മിഷ്ഠനായി. ബഹുഭർത്തൃത്വത്തെക്കുറിച്ചയാളുടെ പുത്തനാഖ്യാനം കേട്ടപ്പോൾ, നിന്ദമറച്ചു വെക്കാനാവാതെ ഞാൻ ചോദിച്ചു, “ആദ്യവിവാഹമാണോ?”. അല്ലെന്നയാൾ പറഞ്ഞപ്പോൾ, “വിവാഹമോചിതനാണോ?, അതോ വിഭാര്യനോ?”. വാമൊഴി നിർത്തി രണ്ടുമല്ലെന്നയാൾ ആംഗ്യം കാണിച്ചപ്പോൾ ഞാൻ പിന്തുടർന്നു ചോദിച്ചു, “നിങ്ങളെ അവൾ ഉപേക്ഷിച്ചുപോയോ, അതോ നിങ്ങൾ അവളെ വഴിയിൽ തള്ളിയോ?” പൂക്കാരത്തെരുവിൽ മാലകെട്ടി അന്നന്നത്തെ ധാന്യം വാങ്ങുന്ന, അനാഥ രാജകുമാരിതന്നെയാണോ നിങ്ങളുടെ ആദ്യഭാര്യ?, അരമനവിഴുപ്പു് ഞാൻ പുറത്തിട്ടപ്പോൾ, കട്ടിലിൽനിന്നും ഇറങ്ങി യുധിഷ്ഠിരൻ മുട്ടുകുത്തി. “അരുതേ, ഭവതീ! ഈ പ്രായത്തിൽ അതൊന്നും എന്നെ ഓർമ്മിപ്പിക്കരുതേ. നിനക്കുഞാനൊരു വിശ്വസ്തവിധേയനായിരിക്കും. മൂപ്പിളമ തർക്കം നീങ്ങി ഞാൻ രാജപദവി നേടിയാൽ നീ ഏക റാണി”. വിളക്കൂതി, മൃദുവായി കൈ കൊടുത്തു ഞാനയാളെ കർമ്മനിരതനാക്കാൻ എഴുന്നേൽപ്പിച്ചതോർമ്മയുണ്ടു്. എന്റെ മടിക്കുത്തിൽ പിടിച്ചു വിവസ്ത്രയാക്കുന്നതിനു പകരം, പുറത്തുപോവുന്നതുകണ്ടു ഞാൻ സമാധാനത്തോടെ. ഉറങ്ങിപ്പോയി. ഉണർന്നപ്പോൾ, അതാ! നിലത്തൊരു പായവിരിച്ചുറങ്ങുന്നു ആദ്യരാത്രിയിൽ തന്നെ വിധേയവിശ്വസ്തൻ!” ജാലകത്തിനു വെളിയിൽ പത്തു പാണ്ഡവക്കണ്ണുകൾ ദുസ്സംശയത്തോടെ പാഞ്ചാലിയെ നിരീക്ഷിച്ചുകൊണ്ടിരുന്നു.
“അഴിമതി ‘തുടച്ചു’നീക്കി അരമന അടിമുടി നവീകരിക്കുമെന്നു താങ്കൾ ആദ്യദിനം അവകാശപ്പെട്ടല്ലോ. എന്തായി?”, കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി. കായികക്ഷമതയുള്ള ആണുങ്ങളെല്ലാം കൊല്ലപ്പെട്ടിരുന്നു. കോട്ടയ്ക്കുള്ളിൽ ആൾചലനം സാവധാനത്തിലായിരുന്നു.
“ഭരണകൂടം എന്നുറപ്പിച്ചു പറയാൻ നിലവിൽ ഞങ്ങൾ നാലഞ്ചു് പാണ്ഡവർ മാത്രമല്ലേ ഉള്ളൂ. സിംഹാസനം പൊടിതട്ടി വൃത്തിയാക്കുന്നതു് പോലും ഞങ്ങളാണു്. പതിമൂന്നുവയസ്സിനു മേലെ ഉള്ളവരെയെല്ലാം ദുഷ്ടദുര്യോധനൻ കുരുക്ഷേത്രയിൽ ബലികൊടുത്തില്ലേ? പതിമൂന്നിനു് താഴെയുള്ള ജനസംഖ്യയിലാണു് ഭാവിതൊഴിലാളിമണ്ഡലം അണിയിച്ചൊരുക്കേണ്ടതു്. ഞങ്ങൾക്കും പ്രായത്തിന്റെ പ്രശ്നമുണ്ടല്ലോ. ആരോഗ്യമുണ്ടായിരുന്ന കാലത്തു കാട്ടിൽ സാഹസികമായി അലഞ്ഞുജീവിച്ചതൊക്കെ നിങ്ങളും വായിച്ചറിഞ്ഞിട്ടുണ്ടാവും. ആയുസ്സിന്റെ ബലത്താൽ നടന്നു വന്നു. രക്തച്ചൊരിച്ചിൽ ഇല്ലാതെ ചെങ്കോൽ ധൃതരാഷ്ട്രരിൽ നിന്നും കൈവശപ്പെടുത്താൻ കഴിഞ്ഞതാണെന്റെ ആദ്യ നയതന്ത്ര നേട്ടം. പോരാട്ടഭൂമിയിൽ ജയിക്കാൻ പെട്ടപാടൊന്നും ഹസ്തിനപുരി കോട്ട പിടിച്ചെടുക്കാൻ ഞങ്ങൾക്കു് വേണ്ടിവന്നില്ല. ‘ഞങ്ങളെ കൊല്ലരുതു്, പാണ്ഡവരുടെ എന്തു് ദാസ്യവൃത്തിക്കും ഞങ്ങൾ തയ്യാർ’ എന്നു് ധൃതരാഷ്ട്രരുടെ വ്യക്തിഗതസേവനദാതാക്കൾ ഇരുകൈകളും മലർത്തി പറഞ്ഞതു് മൊത്തം അരമനയുടെ അനുമതിയായി. നിലവിൽ ഭരണകൂടം നേരിടുന്ന വെല്ലുവിളി ഭാര്യയുടേതാണു്. കുന്തിയെയും ഗാന്ധാരിയെയും വനവാസത്തിനയച്ചുവേണം അവൾക്കു രാജമാതാപദവി ആവശ്യപ്പെടാൻ. പാഞ്ചാലിക്കെതിരെ അഭിമന്യു വിധവ എത്തിയതാണു് കഷ്ടം. കൈക്കുഞ്ഞായ പരീക്ഷിത്തിനെ കിരീടാവകാശിയായി പ്രഖ്യാപിച്ചുവേണം ഉത്തരക്കു് കൊട്ടാരത്തിൽ അവകാശത്തോടെ കാലുകുത്താൻ. പ്രശ്നങ്ങളുടെ നടുക്കടലിലും വെള്ളിവെളിച്ചം എന്താണെന്നുവച്ചാൽ പാഞ്ചാലിയുടെ അഞ്ചു മക്കൾ മരിച്ചതുകൊണ്ടു, ഭാവിയിൽ പരീക്ഷിത്തും അവരും തമ്മിൽ സംഘട്ടനസാധ്യത ഒഴിഞ്ഞുപോയി. ഒരാലോചനയുമില്ലാതെയല്ലേ ഭീഷ്മർ കുരുവംശത്തിൽ ഓരോരോ കാര്യങ്ങൾ ആദ്യകാലത്തു ചെയ്തതു്. ഇനി ശരശയ്യയിൽ ചെന്നുകണ്ടു രാജഭരണ ‘ബാലപാഠങ്ങൾ’ ഞാൻ ഭിഷ്മമുഖത്തുനിന്നു നേരിട്ടു പടിക്കണമെന്നു കൃപാചാര്യർ! രഥമോടിക്കാനുള്ളവരെല്ലാം കൊല്ലപ്പെട്ടതുകൊണ്ടു ഭീമൻ ആയിരിക്കും സാരഥി!” യുധിഷ്ഠിരൻ കൊട്ടാരം ലേഖികയോടല്ല സംസാരിച്ചു കൊണ്ടിരുന്നതു്. ചെന്നിയിൽ തല്ലിയും, കാലുകൾ മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചും, സ്വയം സംസാരിക്കുകയായിരുന്നു. ജാലകത്തിന്നപ്പുറത്തു അയാളുടെ ചേഷ്ടകൾ മറ്റു പാണ്ഡവർ നീരസത്തോടെ നോക്കി, പാഞ്ചാലി അനിഷ്ടത്തോടെ യുധിഷ്ഠിരചേഷ്ടകളിൽ നിന്നും മുഖം തിരിച്ചു.
“സ്ഥിതപ്രജ്ഞനെന്നു് മുൻവിധിയോടെ നാം കണ്ടിരുന്ന പിതാമഹനു മാനസികപ്രശ്നം വല്ലതുമുണ്ടോ? ഭീഷ്മരുടെ ‘ആത്മഭാഷണം’ നേരിൽ കണ്ടു ഞാൻ ശരിക്കും പതറി. ഏങ്ങലടിച്ചു കൈവീശി, ഇരുൾവീഴുമ്പോൾ ഭീഷ്മർ സ്വയം തേരോടിച്ചു പോവുന്നതു് എങ്ങോട്ടാണു്?”, കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു. യുദ്ധമേഘങ്ങൾ തിങ്ങുന്ന സായാഹ്നം.
“അവിവാഹിതന്റെ നേരനുഭവം നിങ്ങൾ വെറുമൊരു ‘അമിത ഭാവാഭിനയ’മായി മാത്രം വായിച്ചെടുത്തുവോ! സ്നേഹവാത്സല്യങ്ങൾ കൊതിക്കുന്ന ആ മകൻ, പെറ്റതള്ളയോടു് ഹൃദയം തുറന്നു മിണ്ടിപ്പറയുകയല്ലേ? എട്ടുവയസ്സുവരെ വളർത്തിയശേഷമല്ലേ കിരീടാവകാശിയാവാൻ ദേവവ്രതനെന്ന ഈ ബാലനെ ഗംഗാദേവി ഏൽപ്പിച്ചതു്. നിങ്ങളെ പോലെ ഞാനും കണ്ടു ‘മാതൃ പുത്രസമാഗമം’ നേരിൽ. കാര്യം ചോദിക്കാനുള്ള ലഹരിയപ്പോൾ എന്റെ ഉള്ളിലുണ്ടായിരുന്നു. അപ്പോൾ ദേവവ്രതൻ എന്ന പിതാമഹൻ പറഞ്ഞു: “ഭൂവാസിയായ നിങ്ങൾ യുക്തിവാദിക്കു പിടികിട്ടാത്തൊരതീതലോകത്തിൽനിന്നാണു് ഞാൻ!” ഇടക്കൊക്കെ കാത്തുനിൽക്കും. ഭഗീരഥകരാർ അനുസരിച്ചു ഭൂമിയിൽ അപ്പോൾ ഗംഗ വരും. നീരൊഴുക്കിന്റെ തിരക്കൊഴിഞ്ഞാൽ എന്നെ കാണാൻ അവൾ സാവകാശം കണ്ടെത്തും. ഞാൻ അപ്പോൾ ആ പഴയ എട്ടു വയസ്സുകാരനാവും. മഞ്ഞുമല ഉരുകി നദിയിൽ ജലപാതം വർധിപ്പിക്കുന്ന ഛിദ്രശക്തികളെ ചെറുക്കാനാവാതെ ഗംഗ മടങ്ങുമ്പോൾ, ആ എട്ടുവയസുകാരൻ ഹസ്തിനപുരി ഭൂമികയിലേക്കു തിരിച്ചുവരും. സമയമെടുക്കും ‘താടിയും തലയും നരച്ച പിതാമഹവേഷപ്പകർച്ച’ പൂർത്തിയാവാൻ! ഭൂമിയിൽ ചില ജന്മങ്ങൾ നമ്മെ പോലെയല്ല എന്നു് മനസ്സിലാക്കിയാൽ മതി.”
“പാണ്ഡു പിറന്ന കുരുവംശത്തിലെ നാറുന്ന കിടപ്പറക്കഥകൾ ‘ഹസ്തിനപുരി പത്രിക’യുടെ മുമ്പിൽ നിങ്ങൾ കഴുകിയിട്ടു എന്തു് കാര്യം?”, മാദ്രീപുത്രനായ നകുലനോടു് ഒന്നും രണ്ടും പറഞ്ഞു കൊട്ടാരം ലേഖികയുടെ സ്വരം കനത്തു. വിരാടയിലെ സൈനിക പാളയം.
“കഴുകിയതല്ലേ ഉള്ളു! കഴുകിയ വിഴുപ്പു ഉണക്കിമടക്കുന്ന കാര്യത്തിലേക്കു ഇനി കടക്കാം. പന്ത്രണ്ടു കൊല്ലം കാട്ടിൽ അന്യായ ശിക്ഷ നേരിട്ടെങ്കിലും, പാണ്ഡവർ നിസ്സാരന്മാരല്ല എന്നു് നിങ്ങൾ ധൃതരാഷ്ട്ര അരമനയിൽ ചെന്നു് അഭിപ്രായസ്വാധീനം ഉള്ളവരോടെല്ലാം പറയണം. ചുവരെഴുത്തു പത്രപ്രവർത്തകരെ രാജധർമത്തിൽ മധ്യവർത്തി ആക്കുന്ന രീതി അടുത്ത യുഗത്തിൽ സാർവർത്രികമാവും, ഉത്തരയുമായുള്ള വിവാഹത്തിനു് സുഭദ്രയുമൊത്തു വന്ന അഭിമന്യു പറയുന്നതു് കേട്ടു. കുറഞ്ഞ ചെലവിൽ വലിയ കാര്യങ്ങൾ നടത്തിക്കിട്ടാൻ നയതന്ത്രവിദഗ്ദരെ ദ്വാരകയിൽനിന്നും എഴുന്നെള്ളിച്ചുകൊണ്ടുവരുന്നതിനേക്കാൾ എളുപ്പവും ലാഭവും, മദ്യവും മദിരാക്ഷിയും കിട്ടിയാൽ എന്തുപോക്രിത്തരത്തിനും പിന്തുണതരുന്ന നിങ്ങളെപോലുള്ളവരാണു്!”
“പടിഞ്ഞാറു ദ്വാരക മുതൽ കിഴക്കു അംഗരാജ്യം വരെ, വടക്കു ഹസ്തിനപുരി മുതൽ ദക്ഷിണാപഥം വരെ, മനുഷ്യർ മുതൽ അതിമാനുഷർ വരെ, നിങ്ങളുടെ നീണ്ടകാല വൈവിധ്യ ആരാധകർ ഇന്നും കേൾക്കാൻ കൊതിക്കുന്ന സ്വകാര്യവാർത്ത വല്ലതുമുണ്ടോ, ഞങ്ങളുടെ ചുവരെഴുത്തു വായനക്കാരുമായി പങ്കുവെക്കാൻ?”, പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു. വസ്ത്രാക്ഷേപത്തിനുശേഷമുള്ള വേദനിപ്പിക്കുന്ന വനവാസക്കാലം.
“ഇന്നു് മുതൽ നീ പീഡകപുരുഷന്റെ അമിതാധികാരപരിധിയിൽ വരുന്ന കേവലമൊരു പെണ്ണടിമയല്ല, നീ ഇപ്പോൾ ഉടലിലും മനസ്സിലും ആർക്കും അധിനിവേശ ഇടമില്ലാത്ത വിധം പൂർണ സ്വതന്ത്ര എന്ന ഒരു നിശാഭാവന, ജലാശയത്തിൽ ഉച്ചക്കു് നീന്തിത്തുടിക്കുമ്പോൾ എന്നിൽ ഉന്മാദം പടർത്തും. അതോടെ, ഈ കാരാഗൃഹത്തിൽ നിന്നു് ആരോരുമറിയാതെ ഞാൻ പുറത്തുചാടി, കാട്ടരുവിയിൽ സ്വർണമത്സ്യമായി, പീഡകപാണ്ഡവരില്ലാത്ത വിദൂരലോകത്തിലേക്കു ഒറ്റക്കൊഴുകി പോവും. കൂടെപോരുന്നോ നീയും!”
“നിയുക്ത രാജാവു് യുധിഷ്ഠിരനോടു് നിങ്ങൾ അപമര്യാദയായി പെരുമാറി എന്ന ഗുരുതര പരാതി ഉയർന്നിട്ടുണ്ടല്ലോ. അരമന മാധ്യമപ്രവർത്തകക്കു് പെരുമാറ്റച്ചട്ടം ബാധകമല്ലേ?”, കൊട്ടാരം ലേഖികയോടു് പാണ്ഡവ ഭരണകൂടത്തിലെ ചാരവകുപ്പുമേധാവി നകുലൻ ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി.
“വനവാസക്കാല പാണ്ഡവരെ അഭിമുഖം ചെയ്ത പരിചയത്തിൽ ചോദിച്ചു, “ഒരു ദശാബ്ദക്കാലം ഇന്ദ്രപ്രസ്ഥം ചക്രവർത്തിയായിരുന്ന ഭരണപരിചയം പോരാതെ തോന്നിയതു കൊണ്ടാണോ, ഒരിക്കലും ചെങ്കോൽ പിടിച്ചിട്ടില്ലാത്ത ഭീഷ്മരെ ശരശയ്യയിൽ കണ്ടു രാജ്യഭരണത്തിന്റെ ബാലപാഠങ്ങൾ പഠിക്കാൻ പോവുന്നതു്?” അങ്ങനെ ഞാൻ ‘പെരുമാറ്റ ലംഘനം’ ചെയ്തെങ്കിൽ അതു് മുഖത്തുനോക്കി പറഞ്ഞാൽ പോരെ, “ആളറിഞ്ഞുവേണം നിയുക്ത രാജാവിനോടു് സംസാരിക്കാൻ?, ഒന്നുമില്ലാത്ത അവസ്ഥയിലും ആളും അർത്ഥവും സംഭരിച്ചു കൗരവ ഉൻമൂലനം ചെയ്തു ഹസ്തിനപുരി പിടിച്ചെടുത്ത ‘ധർമ്മപുത്ര’രാണു് ഞാൻ എന്ന യാഥാർഥ്യം മറക്കരുതു്,” എന്നൊക്കെ എന്നോടു് പരിഭവിക്കണോ?”
“നിങ്ങൾ എന്തു് മറുപടി പറഞ്ഞു, പ്രകോപിപ്പിക്കാൻ?” നകുലൻ ചോദിച്ചു.
“മാധ്യമപ്രവർത്തകക്കു് മാറ്റിമറിക്കാനുള്ളതല്ല ഹസ്തിനപുരി എന്ന മുൻവിധിയെ എന്നോ മറികടന്നവളാണു് ഞാൻ എന്നു് പ്രതികരിച്ചു മുട്ടുകുത്തി. കൈമുത്തി, പ്രസന്നമുഖത്തോടെയാണല്ലോ യുധിഷ്ഠിരൻ പിന്തിരിഞ്ഞതു്?”
“പാരിതോഷികമായി ഓരോ ജന്മദിനത്തിലും കിട്ടുന്ന എഴുത്താണികളൊന്നും ഉപയോഗിക്കാനാവില്ലെന്നു എന്തോ ദുരൂഹമായി മഹാകവി ആവർത്തിക്കുന്നുണ്ടല്ലോ. എന്താണതിന്റെ ഉള്ളറ രഹ സ്യം? ഇപ്പോൾ കവി എഴുതുന്നതു് കുരുവംശത്തിന്റെ നൂറ്റാണ്ടുകൾ വരുന്ന ജീവചരിത്രവും, അതിൽത്തന്നെ നാലിൽ ഒരു ഭാഗം മഹാഭാരതയുദ്ധവുമല്ലേ. അപ്പോൾ എഴുത്താണി ഒന്നുമതിയോ?” കൊട്ടാരം ലേഖിക ചാർവകനോടു് ചോദിച്ചു. മലയടിവാരത്തിൽ മഹാകവിയുടെ തിരക്കുപിടിച്ച ആശ്രമം സന്ദർശിച്ചു മടങ്ങിവരികയായിരുന്നു ഇരുവരും. ശിഷ്യന്മാർ കാര്യം വിശദീകരിക്കാതെ അവരേറ്റെടുത്ത ജോലി തുടരുകയായിരുന്നു.
“യുദ്ധം കഴിഞ്ഞു ഹസ്തിനപുരിയിൽ വംശീയഭരണം കൗരവരിൽനിന്നും പാണ്ഡവരിലേക്കു മാറിയപ്പോൾ ഞങ്ങൾ ചരിത്ര രചന നേരിടാവുന്ന പാണ്ഡവ ഇടപെടലുകൾ എന്തൊക്കെ പ്രതീക്ഷിക്കണമെന്നു ചർച്ചചെയ്തു. അപ്പോഴും, പിന്നീടും ഉയർന്ന പ്രതികരണങ്ങളിൽ ഒന്നായിരുന്നു ഇപ്പോൾ ഇതിഹാസകവി ഉപയോഗിക്കുന്ന എഴുത്താണിയുടെ സവിശേഷ പിൻബലം ഇനിയും കവിക്കു് കിട്ടേണ്ടിവരും പുതുപാണ്ഡവ ഭരണകൂടം, കവിയുടെ കുരുവംശആഖ്യാനത്തിൽ പാണ്ഡവാഭിമുഖ്യം ശക്തിപ്പെടുത്താൻ പാഞ്ചാലിയിലൂടെ കവിയിൽ സമ്മർദ്ദം ചെലുത്തുമ്പോൾ, ഒരുപാടൊരുപാടു് നിർണ്ണായക വാക്കുകളും ഖണ്ഡികകളും, എന്തിനു മൊത്തം ആഖ്യാനരീതി തന്നെ പാണ്ഡവർക്കു് അനുകൂലമായി മാറ്റേണ്ടിവരും എന്നാണു് ഞങ്ങൾ സംശയിക്കുന്നതു്. നിലവിൽ കവി ഉപയോഗിക്കുന്ന മയൻ നിർമ്മിത എഴുത്താണിക്കൊരു സാങ്കേതിക മികവു് നേരത്തേ കിട്ടിയിട്ടുണ്ടു്—ഇതുവരെ എഴുതിയ ഭാഗങ്ങൾ പാണ്ഡവസമ്മർദ്ദത്തിൽ മാറ്റാൻ നേരം, ഇതിഹാസത്തിന്റെ ഓലക്കെട്ടുകൾ മുഴുവൻ നശിപ്പിക്കാതെ തന്നെ വിവാദഭാഗം മാത്രം മായ്ച്ചുകളയാൻ അങ്ങനെ സാധ്യ തയുണ്ടെന്നതാണു് മയൻ നിർമ്മിത എഴുത്താണിയുടെ സവിശേഷത. വരുംകാലത്തിൽ, നിങ്ങളെപ്പോലുള്ള മാധ്യമപ്രവർത്തകർക്കും വേണ്ടിവരും, എഴുതിയതു് എളുപ്പം മായ്ച്ചു പുതുആഖ്യാന നിർമ്മിതി എളുപ്പമാക്കാൻ തുണക്കുന്നൊരു എഴുത്താണി—മയൻ നിർമ്മിച്ചാലും മനുഷ്യൻ നിർമ്മിച്ചാലും, പുതുഭരണകൂടങ്ങളെ പേടിക്കുമ്പോൾ പ്രത്യേകിച്ചും.”