“പാണ്ഡവരുടെ തർക്കപിതൃത്വം ഇനിയും തീർപ്പായില്ലെ?”, കൊട്ടാരം ലേഖിക സംശയത്തോടെ മുൻമഹാറാണി കുന്തീദേവിയെ നോക്കി. പാണ്ഡവർ ഹസ്തിനപുരി അരമനയിൽ അധിനിവേശം ചെയ്ത കുരുക്ഷേത്രാനന്തരകാലം.
“വാനപ്രസ്ഥത്തിനു് ഞാൻ പടിയിറങ്ങും മുമ്പു് മനഃസാക്ഷിയെ ഒന്നു് സ്വസ്ഥമായി ഉറങ്ങാൻ അനുവദിക്കണം എന്ന തോന്നലിലാണു്, സത്യം വെളിപ്പെടുത്താൻ ഈ അഭിമുഖം തരുന്നതു്. ഷണ്ഡപാണ്ഡുവുമൊത്തു ഞാനും മാദ്രിയും അയാൾ വരുത്തിവച്ച ദുരിതജീവിതത്തിൽ കാട്ടിൽ യാതന അനുഭവിക്കുന്ന കാലം. കായികക്ഷമതയോ ഇച്ഛാശക്തിയോ ഇല്ലാത്ത ദുർബലനായ പാണ്ഡു, തറയിൽ പായ വിരിച്ചുകിടന്ന ഓർമ്മ. ഞങ്ങൾ രണ്ടു യുവതികൾ മാതൃത്വം എന്ന പെണ്ണവകാശത്തിനു വഴിവിട്ട രതി നോക്കുകയാണു്. സമീപത്തെ സന്യസ്ഥാശ്രമങ്ങളിൽ സേവനമുണ്ടായിരുന്നതുകൊണ്ടു് ആശ്രമാചാര്യനുമായി അടുത്തു. സഹായം ആശ്രമത്തിൽ നിന്നു് കിട്ടി. അവിടെ പതിവായി പോവുന്നതിനിടയിൽ അരുതാത്തതെന്തോ ഉടലിൽ സംഭവിച്ചു എന്ന തിരിച്ചറിവിൽ, പിറ്റേന്നു് പോവാതെ ഇരിക്കുമ്പോൾ ആശ്രമത്തിൽ നിന്നൊരു ‘ഹംസം’ “ഉടൻ വരൂ” എന്ന അടിയന്തിരസന്ദേശം കൈമാറി. വഴങ്ങിയില്ലെങ്കിൽ ‘ആചാര്യസംയോഗം’ പൊതു സമൂഹം അറിയുമെന്ന ഭീഷണിയിൽ പോയി വീണ്ടും വഴങ്ങി. ആശ്രമത്തിൽ വിശ്വസ്തഅനുയായികൾക്കും ഞങ്ങൾക്കുമേൽ ഉടലധിനിവേശം ഉണ്ടായി എന്നതൊരു അനുബന്ധവസ്തുത. ഒന്നും ഞങ്ങൾ ഈ ഘട്ടത്തിൽ മറച്ചുപിടിക്കുന്നില്ല. മാദ്രിയും ഞാനും ഈ പീഡനപർവ്വം പാണ്ഡുവിനെ അറിയിച്ചതു് വേറൊരു വിധത്തിലായി. കുട്ടികളില്ലാതെ പാണ്ഡു മരിച്ചുപോയാൽ കുരു വംശചരിത്രത്തിൽ നിന്നു് നാം എന്നെന്നേക്കുമായി തുടച്ചുമാറ്റപ്പെടുമെന്ന ഭീതിത ഓർമ്മപ്പെടുത്തലിൽ, വിവാഹബാഹ്യ സ്രോതസ്സുകൾ വഴി ബീജസംഭരണത്തിലൂടെ മാതൃത്വം സാധ്യമാക്കൂ എന്നു ഞങ്ങളോടു് ആ ദുർബലനിമിഷത്തിൽ പാണ്ഡു കെഞ്ചുന്ന അവസ്ഥയുണ്ടായി. ഗർഭപാത്രത്തിന്റെ നിലവിളി പാണ്ഡു കേൾക്കുന്നില്ലെങ്കിൽ, വായിൽ തുണിതിരുകി കൊല്ലാൻ പദ്ധതിയുണ്ടായിരുന്നു. അതു് വേണ്ടിവന്നില്ല. കാര്യം രതിനയതന്ത്രത്തിലൂടെ തന്നെനേടി. ഞങ്ങൾ കുളിച്ചു പൂചൂടി സന്യസ്ഥആശ്രമങ്ങളിൽ നിത്യസന്ദർശകരായി ആചാര്യനെയും അനുയായികളെയും നിയന്ത്രിത ഉടലാനന്ദംവഴി കീഴ്പ്പെടുത്തി വരച്ചവരയിൽ അവരെ വീഴ്ത്തി. അങ്ങനെ ഞാൻ മൂന്നു പ്രസവിച്ചു. മാദ്രി കുറച്ചു വൈകി, എന്നിട്ടും ഇരട്ട പെറ്റു. ആചാര്യന്റെ ആത്മീയ പിന്തുണയോടെ, മനുഷ്യനേത്രങ്ങൾക്കു പിടികിട്ടാത്ത അതീത ശക്തികളാണു് പാണ്ഡവ പിതാക്കൾ എന്നൊരു കെട്ടുകഥ സമർത്ഥമായി പൊതുമണ്ഡലത്തിൽ ഞങ്ങൾ എത്തിച്ചു. ആശ്രമാചാര്യന്റെ ആദ്യപീഡനശ്രമത്തെ ഞങ്ങൾ, ആസ്വാദനരതിയിലേക്കും, പാവനമാതൃത്വത്തിലേക്കും പറിച്ചുനട്ടശേഷം പാണ്ഡുവിനു് അധികം കിടന്നു നരകിക്കാതെ മരിക്കാൻ നേരിയതോതിൽ ബലപ്രയോഗവും ഞങ്ങൾ ഏറ്റെടുത്തു. ഭൂതകാലസത്യം കുമ്പസാരത്തിലൂടെ ആരാധകരെ അറിയിക്കുന്നതിൽ ഇപ്പോൾ ആ ശ്വാസമുണ്ടു്. ഇനിയെനിക്കു് തലമുണ്ഡനം ചെയ്തു വനവാസത്തിനു തയ്യാറെടുക്കണം. വിട!”
“ശുചിമുറിമാലിന്യമൊക്കെ അടിച്ചുവാരി തലച്ചുമടായി കൊണ്ടുപോവുന്ന ആ ഭംഗിയുള്ള സ്ത്രീ ആരാണമ്മാ?”, വിടർന്ന കണ്ണുകളുള്ള കുട്ടി ചോദിച്ചു.
“അതൊരടിമയാണു് മോനേ. യുവരാജാവു് ദുര്യോധനൻ ശിക്ഷ കൊടുത്തിരിക്കയാണു്”, അമ്മ ആശ്വസിപ്പിച്ചു.
“മാലിന്യം ചുമക്കുന്ന അടിമയാവാൻ മാത്രം എന്തു് തെറ്റു് ആ സ്ത്രീ ചെയ്തു, അമ്മാ?”.
“മദ്യ ലഹരിയിൽ ഭർത്താക്കന്മാർ അവളെ കൗരവരുമായി പ്രകൃതിവിരുദ്ധരതിക്കു് നിർബന്ധിച്ചപ്പോൾ, എതിർക്കാതെ വഴങ്ങി. അതുകണ്ട യുവരാജാ ദുര്യോധനൻ അവൾക്കു കൊടുത്ത മാതൃകാപരമായ ശിക്ഷ.”
“നിങ്ങൾ ചൂതാട്ടസഭയിൽ വസ്ത്രാക്ഷേപം ചെയ്യപ്പെടുമ്പോൾ, മൂകസാക്ഷി ആയിരുന്ന രാജപ്രമുഖരെ, അധികാരത്തിൽ വരാൻ അവസരം കിട്ടുന്നകാലത്തു പരസ്യവിചാരണ ചെയ്യുമെന്നക്കാലത്തൊരഭിമുഖത്തിൽ നിങ്ങൾ വിങ്ങിപ്പൊട്ടി പറഞ്ഞിരുന്നില്ലേ? എന്തായി?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. കുരുക്ഷേത്ര കഴിഞ്ഞു പുതുപാണ്ഡവ ഭരണകൂടം അധികാരത്തിൽ കയറിയ നാളുകൾ ആ “കാഴ്ച കണ്ടു മുഖംതാഴ്ത്തി ഇരുന്നവരിൽ ഇന്നു് ജീവിച്ചിരിപ്പുള്ളതു് എന്റെ ഭർത്താക്കന്മാർ മാത്രം!”
“ഹസ്തിനപുരി കർഷകരുടെ ധാന്യപ്പെട്ടിയിൽനിന്നും മോഷ്ടിച്ചിട്ടാണു് പ്രകൃതി, അക്ഷയപാത്രം നിറക്കുന്നതെന്നു പാഞ്ചാലി പ്രാക്കു് പറയുന്നതിൽ കാര്യമുണ്ടോ? അക്ഷയപാത്രം എന്ന ‘പാപക്കനി’യിൽ പങ്കു വേണ്ടെന്ന നിലപാടിൽ, അത്താഴപ്പട്ടിണിയുമായി അവൾ അന്തിയുറങ്ങുന്നതിൽ ഖേദമില്ലേ?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.
“ഈ ‘അക്ഷയപാത്രം’ ശരിക്കും പറഞ്ഞാൽ ഒരു വിസ്മയമാണു്. നിങ്ങൾ ഒന്നു കയ്യിട്ടു നോക്കൂ: ഒഴിഞ്ഞ ഒരു ‘പാത്രം’ അല്ലേ? ഇനി ഞാൻ കയ്യിട്ടാൽ? അപ്പവും വീഞ്ഞും! ഇപ്പോൾ മനസ്സിലായല്ലോ എന്താണു് മനുഷ്യൻ സത്യസാക്ഷിയാവുന്ന ദിവ്യാത്ഭുതമെന്നു? പാഞ്ചലിക്കതു് വ്യക്തമാവാത്തതിനു് വേറെ കാരണമുണ്ടു്—കൗരവ സ്ത്രീകൾക്കു കഴിക്കാൻ ധൃതരാഷ്ട്രർ, ഹിമാലയതാഴ്‌വരയിലെ തോട്ടങ്ങളിൽനിന്നും വാങ്ങിക്കൊടുത്ത ഉണക്കപ്പഴങ്ങൾ ദുര്യോധനൻ, ദൂതൻ വഴി പതിവായി പ്രിയപാഞ്ചാലിക്കെത്തിച്ചു കൊടുക്കുന്നുണ്ടു്. അതു് കഴിക്കുന്നവൾ ‘അക്ഷയപാത്ര’ത്തിലെ അപ്പവും വീഞ്ഞും എന്തിനു ഞങ്ങളോടൊപ്പം, അല്ലേ?” ഊട്ടുപുരയിൽ വട്ടംചുറ്റിയിരുന്നു വനവാസക്കാല ജീവിതം ആസ്വദിക്കുകയായിരുന്നു പാണ്ഡവർ. ഉച്ചനേരത്തു ജലാശയത്തിൽ അപ്സരസ്ത്രീകൾക്കൊപ്പം നീന്തിത്തുടിക്കാൻ പാഞ്ചാലി പോയനേരം.
“ചിതയിലെ ചാരത്തിൽ വെക്കാൻ ഈ പൂക്കൾ സ്വീകരിക്കൂ. മറ്റു പാണ്ഡവർ പക്ഷേ, അറിയരുതു്!”, വാടിയ ഇലയിലൊരു പൊതി, തോളിലെ ഭാണ്ഡത്തിൽനിന്നെടുത്തു ഭീമൻ, ഒരു കൊച്ചുകുട്ടിയുടെ മുഖഭാവത്തോടെ കൊട്ടാരം ലേഖികക്കു് കൈമാറി. മലനിരകളിലേക്കുള്ള ചെങ്കുത്തായ നടവഴിയിൽ കുഴഞ്ഞുവീണു നിര്യാതയായ പാഞ്ചാലിയുടെ ശവസംസ്കാരം ബഹിഷ്കരിച്ച പാണ്ഡവരെ പിന്തുടർന്നെത്തിയതായിരുന്നു കൊട്ടാരം ലേഖിക. സന്ധ്യ മയങ്ങുന്ന നേരം.
“മലഞ്ചെരുവിലെ ആദിവാസിസ്ത്രീകൾ തുണച്ചപ്പോൾ, ഓരോ കുടിലിൽനിന്നും ഉണക്കവിറകു സംഭരിക്കാൻ എളുപ്പമായി. കല്യാണസൗഗന്ധികം നിങ്ങളുടെ ഓർമ്മസഞ്ചിയിൽ തന്നെ ഇരിക്കട്ടെ പാഞ്ചാലിക്കിനി പ്രണയപുഷ്പങ്ങൾ ആവശ്യമില്ല അവൾ സ്വയം ഒരു ചെമ്പകപ്പൂവായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ടാവും! അത്ര വിചിത്രമല്ലേ നാമൊക്കെ ജീവിച്ചുപോരുന്ന ഈ ലോകം!”
“ആരാണവർ!” ആരോരും കൂടെയില്ലാതെ പടിയിറങ്ങുന്നവരെ നോക്കി കൊട്ടാരം ലേഖിക, കാഴ്ചകണ്ടു വിശ്വസിക്കാനാവാതെ അരമനയുടെ യുവവക്താവിനോടു് ചോദിച്ചു. “അവരെ യാത്രയാക്കാൻ പാണ്ഡവർ ആരെയും പിന്നിൽ കാണുന്നില്ലല്ലോ”. യുധിഷ്ഠിര ഭരണകാലം.
“ഓ അതോ! ഭിന്നശേഷിക്കാരും വയോജനങ്ങളും ആയി നാലുപേർ. അരമനവാസം സ്വയം ഉപേക്ഷിച്ചു ജീവിതസായാഹ്നം സമാധാനത്തോടെ കഴിയാൻ കാട്ടിലേക്കു് പോവുകയാണവർ. അങ്ങനെ വനവാസ കീഴ്‌വഴക്കം കുരുവംശത്തിൽ ഉണ്ടെന്നു കൊട്ടാരം ലേഖികയായ നിങ്ങൾക്കറിയാമല്ലോ. സത്യവതി, അംബിക, അംബാലിക എന്നിവരൊക്കെ ഇതുപോലെ പോയവരാണു്. ഈ നാലുപേർ, ഗാന്ധാരി, ധൃതരാഷ്ട്രർ, കുന്തി, വിദുരർ, അരമനജീവിതത്തിന്റെ കാലാവധി പൂർത്തിയായതായി രാജാവിനെ കണ്ടു അറിയിച്ചു. കൂടുതൽ ഒന്നും ഞങ്ങൾ ചെയ്യേണ്ട കാര്യമില്ല. വനവാസത്തിനു പോകുവാൻ തീരുമാനം എടുത്തതോടെ അവരുടെ ദിനചര്യയിൽ ഭരണകൂടം പിടിവിട്ടു. ഇനി അവരായി അവരുടെ പാടായി. വന്യമൃഗ ആക്രമണത്തിലോ കാട്ടുതീയിലോ അവർ മരണപ്പെട്ടു എന്നു് വിശ്വാസയോഗ്യമായ വിവരം കിട്ടിയാൽ, ബന്ധുക്കൾ ശ്രാദ്ധം ചെയ്യും അതോടെ അവർ ഹസ്തിനപുരി ചരിത്രത്തിന്റെ ഭാഗമായി. നിങ്ങളെന്താ ഒരു പുതുകൊട്ടാരം ലേഖികയുടെ ആദ്യ ജോലിദിനം പോലെ പകച്ചനോട്ടം! പുതിയ നിയമനം? അപ്പോൾ ഇതിനുമുമ്പുണ്ടായിരുന്ന കൊട്ടാരം ലേഖിക ഞങ്ങളോടു് യാത്ര പോലും പറയാതെ നാട്ടിലേക്കു് തിരിച്ചുപോയോ?” കുരുക്ഷേത്ര യുദ്ധവിജയത്തിന്റെ വാർഷിക ആഘോഷം ഇത്തവണ കേമമാക്കാൻ പൊതുസമൂഹത്തിന്റെ അസാധാരണ യോഗം വിളിച്ചിരിക്കയായിരുന്നു പുതിയ വക്താവു്.
“പരിത്യാഗികളെന്നു സ്വയം വിശേഷിപ്പിച്ചു, ഈ മിതശീതോഷ്ണ താഴ്‌വരയിൽ നിങ്ങൾക്കെല്ലാം സുഖവാസം! അവനവന്റെ ജൈവമാലിന്യം സംസ്കരിക്കുന്ന കെട്ടപണി അടിമപ്പെണ്ണിനെക്കൊണ്ടു് ചെയ്യിക്കുന്നു. ഇതൊക്കെ എവിടെ കേട്ട ന്യായമാണു്?” കൊട്ടാരം ലേഖിക ആശ്രമ കാര്യദർശിയോടു് ചോദിച്ചു.
“തൃഷ്ണ ത്യജിച്ചവരല്ലേ ഞങ്ങൾ? പരസ്ത്രീകളെ മാതാവായി കരുതുന്നില്ലേ? അസത്യം പറയാൻ ഞങ്ങൾക്കു് നാവു് ചലിക്കുമോ? ധനം ആഗ്രഹിക്കുമോ? ഭൌതിക വസ്തുക്കളോടുളള മോഹമാകുന്ന ‘മായ’യിൽ ഞങ്ങൾ അകപ്പെടുമോ? അതാണു് സർവ്വസംഗ പരിത്യാഗി. സന്യസ്തആശ്രമ സമുച്ചയത്തിലെ ശുചിമുറിമാലിന്യങ്ങൾ നീക്കാൻ നിയോഗം അടിമപ്പെണ്ണിനാണു് കൗരവരാജകുമാരൻ കല്പിച്ചുകൊടുത്തിരിക്കുന്നതു. ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി എന്ന പൂർവ്വാശ്രമം അടയാളപ്പെടുത്തലൊന്നും കേട്ടു് പരിത്യാഗികൾ കുലുങ്ങില്ല. തോളിൽ മാറാപ്പു വീഴാൻ മാളിക തടസ്സമല്ല! പ്രപഞ്ചദുരൂഹതയെക്കുറിച്ചു പേക്കിനാവു് കാണുന്ന ഞങ്ങൾക്കൊരു നീണ്ടകാല കരാറുണ്ടു്—സംരക്ഷകനായ ദുര്യോധനനുമായി. മർത്യജന്മത്തിന്റെ വ്യർത്ഥതയെ കുറിച്ചു് ഞങ്ങൾ ചിന്തിക്കുമ്പോഴും, ഒരു മൂന്നാംകണ്ണു് പാണ്ഡവ വസതിയിലേക്കായിരിക്കണം. ജാഗ്രതാ നോട്ടം തെറ്റിയാലവർ, കുരുവംശത്തിന്റെ തൽസ്ഥിതിയെ ഒറ്റുകൊടുക്കും—അതാണവൻ മുന്നറിയിപ്പായി ഞങ്ങളോടു് പറഞ്ഞതു്. അതു് ഞങ്ങൾ പാലിക്കും!”
കുരുവംശപ്പെരുമയിൽ കിരീടാവകാശി ദുര്യോധനൻ എക്കാലത്തേക്കുമായി കൗരവ രാജസഭയിൽ നിങ്ങളെ അടയാളപ്പെടുത്തിയതു് അടിമകൾ എന്നല്ലേ. അതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും വേദന തോന്നുന്നുണ്ടോ?”, മഹാറാണി പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു. ഭരണമാറ്റത്തിന്റെ ഒച്ചയും ബഹളവും നിലക്കാത്ത അന്തഃപുരം.
“സ്വസ്ഥതയില്ലായിരുന്ന ഇന്ദ്രപ്രസ്ഥക്കാലത്തു അഞ്ചു കുട്ടികൾക്കു് എന്റെ ബഹുഭർത്തൃത്വ ദാമ്പത്യം ജന്മം നൽകി. പക്ഷേ, വ്യാഴവട്ടക്കാല വനവാസത്തിൽ കുട്ടികൾ ഉണ്ടാവാഞ്ഞതിനു പ്രകൃതിയോടു നന്ദിയുണ്ടു്. അല്ലെങ്കിൽ, ആ കുട്ടികൾ കഥാവശേഷനായ ദുര്യോധനന്റെ ‘വ്യക്തിമുദ്ര’ പതിഞ്ഞ ഹസ്തിനപുരിയിൽ അവർ ‘അടിമവംശം’ എന്നറിയപ്പെടുമായിരുന്നുവോ!’
“കേട്ടപ്പോൾ ഉള്ളം പൊള്ളി. എങ്ങനെ പൊളിച്ചടുക്കും നൂറ്റുവരുടെ നുണ?”, കൊട്ടാരം ലേഖിക ചോദിച്ചു. ‘പാണ്ഡവർ’ എന്ന അരമന അംഗീകാരം പ്രതീക്ഷിച്ചു ഹസ്തിനപുരി കൊട്ടാര സമുച്ചയത്തിൽ എളിമയോടെ കഴിയുന്ന സംഘർഷദിനങ്ങൾ.
“കൗരവർ കരുതിക്കൂട്ടി കുന്തിയുടെ കുട്ടികളെക്കുറിച്ചു നുണ പറയുകയാണെന്നു ഞാൻ കരുതിയിട്ടില്ല. സ്ത്രീക്കു് മാതൃത്വം ഒരവകാശമെന്നു തോന്നുന്നെങ്കിൽ പ്രത്യുൽപ്പാദനം കാര്യക്ഷമമായി സംഭവിക്കുന്ന ദാമ്പത്യം ഉണ്ടായേ തീരൂ എന്നും ഇല്ല. കായികവെല്ലുവിളി നേരിടുന്ന ഭർത്താവിനു് പ്രത്യുൽപ്പാദനം ചെയ്യാനുള്ള ശേഷിയില്ലെന്നറിഞ്ഞ ഭാര്യ, ബദൽ പുരുഷബീജ ലഭ്യത തേടേണ്ടേ? പ്രകൃതി സമ്മാനിച്ച ഗർഭപാത്രത്തിന്റെ വിലാപം അവൾ അവഗണിക്കാമോ? പൂചൂടി ആൺവേട്ടക്കിറങ്ങുക എന്നതല്ലേ പ്രായോഗികപരിഹാരം? വൈവിധ്യ പുരുഷസ്രോതസ്സുകളിൽനിന്നും ഉത്തമബീജസമ്പാദനം കുന്തിയും മാദ്രിയും (അവളുടെ നാമം എന്നെന്നും വാഴ്ത്തപ്പെടട്ടെ) ഉറപ്പാക്കിയെന്നു കൗരവർ നേരത്തേ തിരിച്ചറിഞ്ഞുവെങ്കിൽ അതൊരു പ്രതിഷേധാർഹമായ സംഭവമാണോ? വളർന്നുവലുതായി വിവാഹം കഴിക്കുമ്പോൾ നൂറ്റുവരിലും ചിലർ നേരിടാവുന്നതല്ലേ ഷണ്ഡത്വം?”
“ചൂതാട്ടം നിയമവിധേയമാക്കുമെന്നോ? പതിമൂന്നുകൊല്ലം മുമ്പു് ആനപ്പുറത്തു ആട്ടം കാണാൻ വന്ന നിങ്ങൾ, രാത്രി കഴിഞ്ഞപ്പോൾ അടിമകളായി കാട്ടിലേക്കു് പോവേണ്ടിവന്ന ശപിക്കപ്പെട്ട ആ കളി, ദുര്യോധനഉത്സാഹത്തിൽ പിൽക്കാലത്തു നിരോധിച്ചതു് അന്നെത്ര പ്രശംസിച്ചതാണു് ചാർവാകനുൾപ്പെടുന്ന പ്രബുദ്ധപൊതു സമൂഹം?” കൊട്ടാരം ലേഖിക പാണ്ഡവവക്താവിനെ നേരിട്ടു.
“അതിവൈകാരികത! ഇതാണു് മാധ്യമ തകരാറു. ഉചിതമല്ല ചൂതാട്ടം എന്നതൊരു പുതുനിരീക്ഷണമൊന്നുമല്ല—പരിഷ്കൃതസമൂഹം ചൂതാട്ടത്തെ കാണേണ്ടതു്, ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിക്കു് ഉടുതുണി നഷ്ടപ്പെട്ടുവോ, നഗ്നപാദനായി യുധിഷ്ഠിരൻ വനവാസത്തിനു പോവേണ്ടിവന്നുവോ എന്നൊന്നും കൊട്ടാരകഥകൾ നോക്കിയല്ല. ഉള്ളതു് പണയം വച്ചു, സ്വത്തുപോയാൽ ഭാര്യയെ പണയം വച്ചു കളിക്കും. ഇല്ലാത്തവർ രക്തരഹിതസ്വത്തു കൈമാറ്റം കണ്ടാസ്വദിക്കും. ഭരണകൂട സൗകര്യങ്ങൾ വരിനിന്നും അവകാശമായും വേതനമായും കൈപ്പറ്റുന്നവർക്കു ചൂതാട്ടത്തിനു യോഗ്യതയില്ല എന്നു് നിബന്ധനവക്കുന്നതോടെ ഒഴിവാവില്ലേ ചൂഷകമുദ്രയിൽനിന്നും ഞാനും നിങ്ങളും ഉൾപ്പെടുന്ന വൻകൊള്ള സംഘം?”
“അധിനിവേശകൗരവർക്കു നഗരകവാടത്തിൽ പ്രവേശനം നിഷേധിച്ച പ്രബുദ്ധ ഇന്ദ്രപ്രസ്ഥംവാസികൾ, ഇപ്പോഴും നിങ്ങൾക്കെതിരെ ചാർവാകനേതൃത്വത്തിൽ പ്രക്ഷോഭം തുടരുന്നല്ലോ. പിഴച്ചുവോ ദുര്യോധനന്റെ ചൂതാട്ടം?”, കൊട്ടാരം ലേഖിക ഭരണകൂടവക്താവിനോടു് ചോദിച്ചു. പാണ്ഡവർ വനവാസത്തിനുപോയ അശാന്ത ദിനങ്ങൾ.
“ഇന്ദ്രപ്രസ്ഥക്കാരുടെ തെറ്റിദ്ധാരണ നീക്കും. പാണ്ഡവരെ കാട്ടിലേക്കയച്ചതു് സ്വത്തു പണയംവച്ചു കളിച്ചതിനൊന്നുമല്ലെന്നു തുറന്നുപറയും. വസ്ത്രാക്ഷേപം പെൺതട്ടിപ്പെന്നു ലോകമനഃസാക്ഷിക്കു മുമ്പിൽ ദുര്യോധനൻ അറിയിക്കും. ബഹുഭാര്യാത്വം സമ്മതിക്കുന്ന ഹസ്തിനപുരി നിയമസംഹിത, ബഹുഭർത്തൃത്വം ശിക്ഷാർഹമായി കാണുന്നുണ്ടു്. അപ്പോൾ നിങ്ങൾ ചൊടിച്ചു ചോദിക്കും, പത്തുവർഷമായി ലോകം മുഴുവൻ സ്വാഭാവികമായി സ്വീകരിച്ച പാഞ്ചാലിയുടെ ബഹുഭർതൃത്വം എന്തുകൊണ്ടു് കൗരവർ ഇതുവരെ അറിഞ്ഞില്ല? അറിയാമായിരുന്നു, പക്ഷേ, വധുവുമൊത്തവർ ഹസ്തിനപുരിയിൽ കഴിഞ്ഞ ഇടവേളയിൽ അവൾ പരസ്യമായി പറഞ്ഞില്ല! ചൂതാട്ടസഭയിൽ അല്പവസ്ത്രയായി, ക്ഷണിക്കപ്പെടാതെ ഇടിച്ചുകയറിവന്ന ഉടൻ അവൾ ദുര്യോധനനോടു് തട്ടിക്കയറി, “നിലത്തു കുന്തിച്ചിരിക്കുന്ന അഞ്ചു അർദ്ധനഗ്നർ എന്റെ ഭർത്താക്കന്മാർ! അവർ എന്തു് തെറ്റു് ചെയ്തു ഇങ്ങനെ അപമാനിക്കപ്പെടാൻ? അഭിജാത ചൂതാട്ട സദസ്സു് അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു. ഇന്ദ്രപ്രസ്ഥം മഹാറാണിപട്ടം നഷ്ടപ്പെട്ടു സാധാരണ പൗരയായി മാറിയ പാഞ്ചാലി ഇതാ, ഞങ്ങൾക്കു് മുമ്പിൽ കുറ്റസമ്മതം ചെയ്യുന്നു, ഇവർ എന്റെ ഭർത്താക്കന്മാർ! വ്യക്തതക്കായി ചോദ്യം ആവർത്തിച്ചപ്പോൾ അവൾ അതാ നെഞ്ചിൽ കൈവച്ചുപറയുന്നു ഓരോരുത്തരിൽനിന്നും എനിക്കു് കുട്ടി ഉണ്ടു്. ബഹുഭർതൃത്വം ഹസ്തിനപുരിയിൽ നിയമവിരുദ്ധമെന്നു് നിനക്കറിയാമോ എന്നു് കൃപാചാര്യൻ ഇടപെട്ടപ്പോൾ, “അതിനെന്താ ഞങ്ങൾ ഇന്ദ്രപ്രസ്ഥം രാജസൂയ ചക്രവർത്തികുടുംബം”. ഇത്രയും പോരെ അവൾക്കു നേരെ തിരിയാൻ. “കല്ലെറിയൂ ആ പാപിയെ” എന്നട്ടഹസിക്കാൻ. എന്നാൽ സമാധാനപ്രിയനായ ദുര്യോധനൻ പുഞ്ചിരിയോടെ പറഞ്ഞു, പ്രകോപനമരുതു് സ്ത്രീസുരക്ഷ നാം പാലിക്കും മാതൃകാപരമായി അവളെയും പാണ്ഡവരെയും വ്യാഴവട്ടക്കാലം കാട്ടിലേക്കയക്കും. അർജ്ജുനൻ ഒഴികെ നാലുപേർ ഭർത്താക്കന്മാർ അല്ലെന്നും, വെറും അംഗരക്ഷകർ മാത്രമെന്നും അവൾ സത്യവാങ്മൂലം തരുമ്പോൾ പൗരാവകാശം തിരിച്ചു കൊടുക്കും, പണയവസ്തു തിരിച്ചുനൽകാൻ അതിൽ ഇടമില്ല.”
“നിന്നു് തിരിയാൻ ഇടമില്ലാത്ത ഈ വനാശ്രമത്തിൽ, ഇവരഞ്ചുപേർ രാവുപകൽ മുറിക്കകത്തു പൊയ്പോയ വസന്തകാലം തിരിച്ചുപിടിക്കുന്നതിനെക്കുറിച്ചു പുതിയ ആഖ്യാനനിർമ്മിതിയുമായി ചടഞ്ഞുകൂടുമ്പോൾ, എങ്ങനെ കൈകാര്യം ചെയ്യും നിങ്ങൾ ഓരോനിമിഷവും നേരിടുന്ന ഗാർഹിക വിരസത?”, കൊട്ടാരം ലേഖിക ചോദിച്ചു.
“ഒരു പൂവിന്റെ പേർ ഞാൻ പെട്ടെന്നു് പറയും. അതോടെ എന്നെ പ്രീതിപ്പെടുത്തിയെ ഇനി യുദ്ധമുള്ളു എന്നമട്ടിൽ പോവും, കാടിളക്കി വേരോടെ ചെടിയടക്കം പറിച്ചു വരുമ്പോഴേക്കും ദിവസങ്ങൾ കഴിയും!”
“വനവാസദുരിതം ഒഴിവാക്കാൻ വഴിവിട്ടൊരു കുറുക്കുവഴിയും നിങ്ങൾ കണ്ടില്ലേ?”, കൊട്ടാരം ലേഖിക ചോദിച്ചു. പാഞ്ചാലി കുടിലിൽ ഒറ്റക്കായിരുന്നു. നരനായാട്ടിനു് വഴികാണാതെ പാണ്ഡവർ മൃഗനായാട്ടിനു പോയനേരം.
“വിവസ്ത്ര ഉടലുമായി അന്തഃപുരത്തിൽ ഉടുതുണിതേടി ഞാൻ കയറിയപ്പോൾ, അതാ തലയിൽ മുണ്ടിട്ടു മുഖംമറച്ച പീഡകൻ ദുര്യോധനൻ! നീണ്ടകാല ആരാധകനെങ്കിലും, ഇപ്പോൾ അടിമയുടലിന്റെ ഉടയോൻ എന്ന നിലയിൽ ഞാൻ അവനു മുമ്പിൽ തലകുനിച്ചു മുട്ടുകുത്തി. എന്നെ അവൻ കൈപിടിച്ചെഴുനേൽപ്പിച്ചു പട്ടുടുപ്പിച്ചു. ഖാണ്ഡവ വനത്തിൽ കുടിയേറുമ്പോൾ കാടുവെട്ടി അതിശയവീടു വെക്കാൻ പാണ്ഡവർക്കായി എങ്കിലും നാളെ നിങ്ങൾ ആറുപേരും കാട്ടിൽ പോവുമ്പോൾ ഒരു കൊച്ചുകുടിൽ കെട്ടാൻ മാത്രമേ അനുമതിയുണ്ടാവൂ എന്നവൻ അനുകമ്പയോടെ ഓർമ്മിപ്പിച്ചു. വനവാസം ദുരിതമായിരിക്കും എന്നർത്ഥം. നീ മാത്രം എന്നോടൊപ്പം നിന്നാൽ, എന്റെ മുൻഭാര്യമാരിൽ നിന്നും വിവാഹമോചനം നേടി ഞാൻ നിന്നെ ഭാവിറാണിയാക്കാം. ദുര്യോധനപ്രലോഭനത്തെ നീ ധാർമ്മിക ഔദ്ധത്യത്തോടെ തിരസ്കരിച്ചില്ലേ എന്നു് പിന്നീടു് യുധിഷ്ഠിരൻ ആശങ്കപ്പെട്ടപ്പോൾ, തിളയ്ക്കുന്ന മൗനം കൊണ്ടയാളെ ഞാൻ നിശ്ശബ്ദനാക്കി പിന്നീടു് ഒറ്റക്കുറങ്ങുമ്പോൾ എനിക്കു് ദർശനമുണ്ടായി. വനവാസം പരീക്ഷണമായിരിക്കും. സഹനം നിനക്കു വിധിച്ചതു പ്രകൃതിയാണു്. ഭാവിയിൽ മഹാഭാരതം ഞാൻ എഴുതാൻ ശ്രമിക്കുന്നെങ്കിൽ, മുഖ്യകഥാപാത്രം ഒരുപക്ഷേ, നീ! പീഡാനുഭവത്തിലൂടെ മാത്രമേ നിന്റെ അനശ്വരകഥ പൂർണ്ണമാവൂ. പാണ്ഡവർക്കതിൽ പ്രതികാരക്കൊലയാളികളുടെ ഭാഗമേ അഭിനയിക്കാനുണ്ടാവൂ. ഇത്രയും വ്യാസൻ എന്നോടു് ദർശനത്തിൽ പറഞ്ഞതോടെ, ദുര്യോധന പ്രലോഭനത്തിനു തൽക്കാലം ഞാൻ തടയിട്ടു.”
“യുദ്ധജേതാക്കൾക്കായി ക്ഷണിക്കപ്പെട്ട അനുമോദന സദസ്സിൽ ആരുടെയൊക്കെ സാന്നിധ്യം ശ്രദ്ധേയമായി?”, കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി.
“ഞാൻ തലയെണ്ണി. അഞ്ചു പാണ്ഡവരും ഉണ്ടായിരുന്നു. എന്നാൽ ശ്രദ്ധിക്കപ്പെട്ടതു് പാഞ്ചാലിയുടെ അസാന്നിധ്യമായിരുന്നു ശുഷ്കസദസ്സിനെക്കാൾ!”
“നൂറോളം കൗരവരാജവിധവകളെ പാതിരാകുടിയൊഴിപ്പിക്കലിലൂടെ അരമന അന്തഃപുരത്തിൽനിന്നും പുകച്ചുപുറത്തുചാടിച്ചു നേടിയ അത്രയും ആഡംബര വസതികളെ എന്തു് ചെയ്യാനാണു് നിങ്ങൾ ഭാവം?”, കൊട്ടാരം ലേഖിക മിക്കവാറും വിജനമായ അരമനയിലേക്കു നോക്കി ഔദ്യോഗിക വക്താവിനോടു് ചോദിച്ചു. യുദ്ധാനന്തര ഭരണകൂടം അധികാരത്തിൽ കയറിയ നാളുകൾ.
“നമുക്കതു ഐതിഹാസിക യുദ്ധസ്മാരകം ആക്കണ്ടേ? ഭാവിയോടു പലതും അതിന്നപ്പോൾ പ്രവചനസ്വരത്തിൽ പറയാനുണ്ടാവില്ലേ? ബ്രഹ്മചാരിയെങ്കിലും, കുരുവംശത്തിൽ നിക്ഷിപ്ത കുടുംബതാൽപ്പര്യമുള്ള കവി വ്യാസനു എല്ലാം ആത്മകഥയിലെന്നപോലെ തുറന്നു പറയാൻ ആവുമോ?”, നകുലന്റെ ശബ്ദത്തിൽ അക്ഷമ കലർന്നു.
“കീചകനെക്കുറിച്ചു അഭിമുഖങ്ങളിൽ പറഞ്ഞുകേട്ടതൊക്കെ ‘പരസ്ത്രീപീഡകൻ’ എന്നാണല്ലോ. അവന്റെ ലൈംഗികഇരയോ പ്രതികാരകൊലപ്പുള്ളിയോ ആയ നിങ്ങൾ അവനെ യഥാർത്ഥത്തിൽ എങ്ങനെ കണ്ടു എന്നോർത്തെടുക്കാമോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. മഹാപ്രസ്ഥാനത്തിനു യാത്രതിരിക്കുന്ന ദിനങ്ങൾ.
“അജ്ഞാതവാസത്തിനു അഭയം തന്ന വിരാടന്റെ രാജ്ഞി സുദേഷ്ണയുടെ അനുജൻ എന്ന നിലയിലാണു്, അപ്പവും വീഞ്ഞുമായി കീചകവസതിയിൽ രാത്രി എനിക്കു് പോവേണ്ടിയിരുന്നതു്. എല്ലാം കഴിഞ്ഞു മടങ്ങിവരാൻ പുലർച്ചയാവും. യുവാവെങ്കിലും, അവൻ അവിവാഹിതൻ. ചെറുപ്പത്തിലേ വിരാടസേനാപതിയായി. അയൽരാജ്യങ്ങളുമായി വ്യക്തിഗത നയതന്ത്രബന്ധം പുലർത്തി. വിരാടരാജാവു് കുറച്ചുകാലമായി കീചകനിൽ ഭീഷണി മണത്തിരുന്നു. സുദേഷ്ണയും അനുജൻ കീചകനും, കൊട്ടാരവിപ്ലവത്തിലൂടെ വിരാടനെ സ്ഥാനഭൃഷ്ടനാക്കുമോ എന്ന ഭീതിയായിരുന്നു കീചകവധഗൂഡാലോചനയുടെ പ്രേരകശക്തി. ഭാവിയിലൊരു ശത്രുവെന്നങ്ങനെ മനസാവരിച്ച കീചകനെ, സേവകർ വഴി, ‘മദ്യപാനിയും പെൺവേട്ടക്കാരനും ദുരഭിമാനിയും അധികാരമോഹി’യുമെന്നു ഊട്ടുപുര മുതൽ കുതിരപ്പന്തിവരെ ഇല്ലാക്കഥകൾ എത്തിക്കാൻ വിരാടനു് കഴിഞ്ഞു എന്നതാണയാളുടെ പ്രതികരണതന്ത്രം. തരംകിട്ടിയപ്പോൾ കീചകനെ കൊല്ലാൻ വിരാടൻ കൗശലപൂർവ്വം ഭീമനെ ഉപയോഗിച്ചു, കൊലക്കു കാരണം പറഞ്ഞതു്, സൈരന്ധ്രിയെന്ന പാഞ്ചാലിയെ കീചകൻ അന്നു് രാത്രി പീഡനഇരയാക്കാൻ നൃത്തമണ്ഡപത്തിലെ സ്വകാര്യമുറി ഉപയോഗിക്കുമെന്നു രഹസ്യവിവരം പറഞ്ഞായിരുന്നു. കൊട്ടാരത്തിൽ അജ്ഞാതവാസക്കാല തൊഴിലിനു ആറംഗ പാണ്ഡവസംഘത്തെ നേരിട്ടഭിമുഖം ചെയ്ത വിരാടനു്, ‘മുഖംമൂടി’ ധരിച്ച ഞങ്ങൾ യഥാർത്ഥത്തിൽ ആരെന്നറിയാമായിരുന്നിട്ടും, സൗകര്യപൂർവ്വം അറിഞ്ഞില്ലെന്നഭിനയിച്ചതാണയാളുടെ പ്രായോഗിക രാജധർമ്മം. പിറ്റേന്നു് രാവിലെ ഞെട്ടലോടെ ഞാൻ അറിഞ്ഞു, പ്രിയപ്പെട്ട കീചകനെ ക്രൂരകൊലയാളി ശ്വാസംമുട്ടിച്ചു കൊന്നു. “ചേച്ചി സുദേഷ്ണയുടെ പ്രായമുള്ളവളെങ്കിലും നീ എനിക്കു് ആയുഷ്ക്കാല പ്രണയിനി” എന്നു് ഉടൽ ചേർത്തുനിർത്തി മധുരപദങ്ങൾ പറഞ്ഞിരുന്ന യുവകീചകന്റെ അകാലമരണത്തോടെ, ഭീമനെ ഞാൻ അവഹേളിക്കുവാൻ തുടങ്ങി. പലപ്പോഴും നിങ്ങൾ അഭിമുഖങ്ങളിൽ ചോദിച്ചതോർക്കുന്നു, നിങ്ങൾക്കുമുമ്പിൽ താണുകേഴുന്ന ഭീമനെ എന്തിനിങ്ങനെ കഠിനമായി നിങ്ങൾ പരീക്ഷിക്കുന്നു. ഓരോ തവണ ഭീമൻ മുട്ടിൽ ഇഴഞ്ഞു കൈകൾ കൂപ്പി എന്നോടു് മാപ്പുചോദിച്ചു വിലപിക്കുമ്പോഴും, ഞാനവനെ നിന്ദിച്ചു, അങ്ങനെ കീചകാത്മാവിനെ മഹത്വപ്പെടുത്തി!” ദൂരെ ദൂരെ, വിരാടരാജധാനി പെട്ടെന്നു് കാഴ്ചയിൽ തെളിഞ്ഞപോലെ പാഞ്ചാലി എഴുന്നേറ്റുനിന്നു, കീചകനോടെന്ന പോലെ മധുരമധുരമായ വേദനയോടെ പറഞ്ഞു, ‘സ്വർഗ്ഗസ്ഥനായ പ്രിയപ്പെട്ടവനേ, ദിവസങ്ങൾക്കുള്ളിൽ ഞാനും നിന്നോടൊപ്പം ചേരുകയായി.”
“അഭിമുഖങ്ങളിൽ വായിച്ചെടുത്തതൊക്കെ തിരുത്താൻ ഉതകുമോ പുതുവിശദീകരണം? പ്രീണിപ്പിക്കാനും പ്രലോഭിപ്പിക്കാനും നിങ്ങളഞ്ചുപേർ ശ്രമിച്ചിട്ടും, അടിമപ്പണിചെയ്യിക്കുന്നു എന്ന ഖേദമുണ്ടോ മനസ്സിൽ?”, കൊട്ടാരം ലേഖിക ചോദിച്ചു. നായാട്ടിൽ തലക്കടിച്ചു വീഴ്ത്തിയ കാട്ടുപോത്തിന്റെ തലവെട്ടി തോലുരിക്കയായിരുന്നു മൃഗമാംസപ്രിയരായ പാണ്ഡവർ.
“വനവാസക്കാലത്തു പൊട്ടിമുളച്ച വിഷബീജമല്ല പാണ്ഡവരുടെ പെണ്ണാഭിമുഖ്യം. ഓരോ വഴിയിൽ സ്വാഭാവികമായി പരസ്ത്രീ ബന്ധം പുലർത്തിയ ഭൂതകാലം വസ്തുതയാണെങ്കിലും, സന്ധ്യക്കു് കൂടണയുക പതിവാണു്. ഇതൊരു ദൗർബല്യമായി ഹസ്തിനപുരിയിലെ പ്രബുദ്ധസമൂഹം കാണുന്നു എന്നാണോ നിങ്ങൾ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞുവരുന്നതു്? എന്നാൽ ഞങ്ങൾക്കതൊരു ഹരവും കൂടിയാണു്. ഇനി എന്നെക്കുറിച്ചു പറഞ്ഞാൽ, ഒരു കയ്യിൽ ഗദയും മറുകയ്യിൽ കല്യാണസൗഗന്ധികവുമായി പ്രിയപ്പെട്ടവളെ കാണാൻ ഓടിക്കിതച്ചു വരുന്നതിലൊരു സമാനതയില്ലാത്ത കാൽപ്പനിക പ്രണയതീവ്രതയുണ്ടു്. ആവശ്യത്തിലധികം പുരുഷവൈവിധ്യലഭ്യതയാൽ, ആസ്വാദനരതിയിൽ പാഞ്ചാലി ചിലപ്പോഴെങ്കിലും നിസ്സംഗത കാണിച്ചിട്ടുണ്ടാവാം എന്നതാണോ ഇത്രദൂരം ഹസ്തിനപുരിയിൽ നിന്നു് നിങ്ങൾ പലകുറി പദയാത്ര ചെയ്തുവന്നു ചൂഴ്‌ന്നെടുത്ത പാഞ്ചാലീദാമ്പത്യരഹസ്യം?” പിടഞ്ഞുകൊണ്ടിരുന്ന കാട്ടുപോത്തിൽ നിന്നു് ഭീമൻ ആഞ്ഞുവലിച്ചപ്പോൾ മാത്രമേ തോൽവേറിട്ടുള്ളു. മറ്റു പാണ്ഡവർ ഇറച്ചി, കഷണങ്ങളാക്കുന്നതിനു മടവാളുകൾക്കായി പാഞ്ചാലിയെ നോക്കി. അവൾ കനിയണം, ഇറച്ചി ഭക്ഷ്യയോഗ്യമാക്കാൻ.
“ആയുഷ്ക്കാലബ്രഹ്മചര്യമെന്ന പരസ്യപ്രതിജ്ഞയിലൂടെ വിശ്വവിഖ്യാതനായൊരു പിതാമഹൻ ഇപ്പോഴും ഹസ്തിനപുരിയിലുണ്ടു്, കൂടുതലൊന്നും ഭീഷ്മപ്രതിജ്ഞയെക്കുറിച്ചു ഇപ്പോൾ പറയാത്തതു്, അഭിമുഖവിഷയം മറ്റൊരു പ്രതിജ്ഞയാണല്ലോ—പാഞ്ചാലിയുടെ കേശപ്രതിജ്ഞ! നിങ്ങളുടെ പ്രിയഭാര്യയുടെ പ്രതിജ്ഞ! കൗരവച്ചോര തേക്കാതെ മുടികെട്ടില്ലെന്നതിനു പുറമെ, ചീകില്ലെന്നും പറഞ്ഞിരുന്നു രൗദ്രപാഞ്ചാലി? വസ്ത്രാക്ഷേപക്കാലത്തു പാണ്ഡവരുടെ ചോര തിളപ്പിച്ച രക്തപ്രതിജ്ഞ വനവാസജീവിതത്തിലെ ഭൗതികപരിമിതിക്കുള്ളിലും വർഷം തോറും പുതുക്കപ്പെടുന്നു എന്നു നിങ്ങൾക്കവകാശപ്പെടാനാവുമോ, ആൾരൂപം നേരിൽ കണ്ടാൽ?”, കൊട്ടാരം ലേഖിക ചോദിച്ചു. ജാലകത്തിന്നപ്പുറത്തു പ്രഭാതവെയിലിൽ നീന്തിക്കുളിച്ചു ഈറൻതുണി അയയിൽ ഉണക്കാനിടുന്നു ശാലീനരൂപത്തിലൊരു പാഞ്ചാലി!
“ബ്രഹ്മചര്യം എങ്ങനെ അണുവിടതെറ്റാതെ പരിപാലിക്കുന്നു ഭീഷ്മർ! അതു് വസ്തുനിഷ്ഠമായി വിലയിരുത്താനുള്ള അരമനവാർത്ത കൈവശമുണ്ടോ? എന്നാൽ നേർസാക്ഷിയെന്നനിലയിൽ അടിവരയിട്ടു് പറയട്ടെ മുടിയടക്കം സമ്പൂർണ്ണ ഉടൽപരിപാലനം എങ്ങനെ ആയിരുന്നോ ഇന്ദ്രപ്രസ്ഥത്തിൽ, അതിൽ കുറവല്ലാത്ത ഗുണമേന്മയോടെ ഈ കൊടുംകാട്ടിലും ആവുന്നുണ്ടെന്നതാണു് ഞങ്ങൾക്കഞ്ചുപേർക്കും നിലക്കാത്ത വിസ്മയം. ഹസ്തിനപുരി കൊട്ടാരവിരുന്നുകളിൽ കാണുന്ന പരിഷ്കൃത വനിതകൾക്കാവുമോ, ക്ലേശകരമായ ഈ കേശപരിപാലനം, ഉടലഴകുകളുടെ ദൃശ്യപ്പൊലിമ?—ഞങ്ങളുടെ ബലമായ സംശയം ദ്രൗപദിക്കു് ആകാശചാരികളുടെ അകമഴിഞ്ഞ സഹായമുണ്ടു്, എന്നാൽ പ്രതിയോഗിദുര്യോധനൻ രഹസ്യദൂതൻ വഴിയവളുടെ ഉടലഴകിന്റെ സംരക്ഷണത്തിനു, സ്വന്തം ഭാര്യ ഉപയോഗിക്കുന്നതെന്തെല്ലാമോ അതൊക്കെ, മിന്നുന്ന സമ്മാനപ്പെട്ടിയിൽ പാരിതോഷികമായി പാഞ്ചാലിക്കെത്തിക്കും, ഞങ്ങൾ കണ്ടാലും കുഴപ്പമില്ലെന്ന നാട്യത്തിൽ അവൾ അതൊക്കെ കിടപ്പറയിൽ സൂക്ഷിക്കുന്നുണ്ടു്. കൂടുതൽ എന്തെങ്കിലും ഞാൻ പറഞ്ഞാൽ ഒളിക്കണ്ണുള്ള ആകാശചാരികൾ മാത്രമല്ല അസൂയക്കാരായ മറ്റുപാണ്ഡവരും അസ്വസ്ഥരാവും!”
“ഭാര്യയും നാലു സഹോദരന്മാരും ഒന്നൊന്നായി വഴിയിൽ കുഴഞ്ഞുവീണു മരിച്ചിട്ടും തിരിഞ്ഞുനോക്കാതെ, കാൽ മുന്നോട്ടു് വച്ച നിങ്ങൾക്കിപ്പോൾ ഈ നാൽക്കാലി മാത്രമായോ കൂട്ടു് ?” നിന്ദ മറച്ചുവയ്ക്കാതെ കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. മഹാപ്രസ്ഥാനം.
“നിങ്ങൾക്കിതു് അനിഷ്ടക്കാഴ്ച, അനാഥനായ, സഹോദരങ്ങളും ഭാര്യയും നഷ്ടപ്പെട്ട എനിക്കോ, അത്യുന്നതങ്ങളിൽ സ്ഥിതി ചെയ്യുന്ന സ്വർഗ്ഗരാജ്യത്തിലേക്കൊരു വഴികാട്ടി. സ്വാർത്ഥ പാഞ്ചാലിയുടെ പരിദേവനങ്ങളോ, ദുർബല പാണ്ഡവരുടെ മദമാത്സര്യമോ തൊട്ടുതീണ്ടാത്തൊരു സംതൃപ്തജീവി, പാവം നാൽക്കാലി. കുന്നിൻമുകളിൽ ഞാൻ ഈ കൂട്ടുനായക്കൊപ്പം സന്ധ്യ ചെലവഴിക്കുമ്പോൾ മലഞ്ചെരിവാകെ പുഷ്പിച്ചു മനോഹരതീരമാവും. നിങ്ങൾ വലിഞ്ഞുകയറിവന്നു എന്റെ ഹൃദയന്തരാളത്തിലേക്കു എത്തിനോക്കുംവരെ ഞാൻ ഇരുകൈകളും മേലോട്ടുയർത്തി, “സ്വാഗതം, ആരാധകരായ ആകാശചാരികളേ” എന്നു് ക്ഷണിച്ചുകൊണ്ടിരുന്നു. ഉള്ളിൽ നിറഞ്ഞിരുന്ന ശാന്തി ഒഴുകിപ്പോയതു് നിങ്ങൾ വലിഞ്ഞുകയറിവന്നപ്പോൾ. ഇനിയും എന്നെ വിട്ടു വന്നിടത്തിലേക്കു നീ മടങ്ങിപ്പോവുക, നായ അതിന്റെ തനിനിറം നിന്നെ കാണിക്കും!” ആകാശത്തുനിന്നൊരു കോണി ഇറങ്ങിവരുന്നതുകണ്ട യുധിഷ്ഠിരൻ അതില്പിടിച്ചു കയറാനായി നാൽക്കാലിയുടെ ശിരസ്സിൽ വലതുകാൽ ബലംപിടിച്ചു വച്ചു.
“അത്യാധുനിക നഗരനിർമ്മിതിയായ ഇന്ദ്രപ്രസ്ഥത്തിൽ ഇല്ലാത്ത എന്തു് അത്യുന്നത വിദ്യാസ്ഥാപനങ്ങൾ അന്വേഷിച്ചാണു് അഞ്ചു ആൺകുട്ടികളെയും ഇത്ര ദൂരെ പാഞ്ചാലയിൽ കൊണ്ടുപോയി പാർപ്പിക്കാൻ പാണ്ഡവതീരുമാനം എന്നാണു് കൗരവർ പരിഹസിക്കുന്നതു്! എന്തായിരുന്നു പ്രകോപനം, അഥവാ പ്രചോദനം?”, അതിഥികളെ വഴുക്കിവീഴ്ത്തുന്ന ഇന്ദ്രപ്രസ്ഥം സഭാതലങ്ങളെ ഓർത്തു കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. കൗരവക്ഷണമനുസരിച്ചു ഹസ്തിനപുരിയിലേക്കു ചൂതു് കളിക്കാൻ തയ്യാറെടുക്കുകയിരുന്നു ഇന്ദ്രപ്രസ്ഥത്തിൽ പാണ്ഡവർ.
“ബീജപിതാവാരെന്നറിയാത്ത അനാഥകുട്ടികൾ എന്നു വിളിച്ചു പാഞ്ചാലി ആ കൊച്ചു കുട്ടികളെ ഞങ്ങൾക്കു് മുമ്പിൽ നിർത്തി മാനസികമായി ദ്രോഹിക്കും. ആ നിർദ്ദയപെരുമാറ്റം അശേഷം സഹിക്കാനാവാതെ ഞങ്ങൾ മാന്യമായി ഇടപെട്ടാൽ, ചോദിച്ചതു് ഞാനാണെങ്കില്പോലും ചക്രവർത്തിയെന്ന പരിഗണനയില്ലാതെ തുറിച്ചുനോക്കി, ചൂണ്ടുവിരൽ കണ്ണിനുനേരെ നിർത്തി അവൾ ഞങ്ങളെ നിശ്ശബ്ദരാക്കും.”
“ഇരക്കുമേൽ കൗരവസഹോദരന്മാർ ചാടിവീണു എന്നുനിങ്ങൾ നിരീക്ഷിച്ചതായി കേട്ടപ്പോൾ തോന്നി, നിങ്ങളുടെ നിയന്ത്രണത്തിൽ ആയിരുന്നില്ലേ കള്ളച്ചൂതും, കുലസ്ത്രീയുടെ തുണിയഴിക്കലും വഴി കൗരവർ രഹസ്യലക്ഷ്യങ്ങൾ നേടിയെടുത്തതു്? നിങ്ങളുടെ വന്യമൃഗങ്ങൾ എങ്ങനെ ‘ആശ്രമമൃഗങ്ങൾ’ എന്ന നിരുപദ്രവ പദവി നേടി! ചൂതാട്ടസഭയുടെ സിംഹാസനത്തിൽ നിവർന്നിരിക്കുമ്പോഴൊന്നും തോന്നാത്ത പൊള്ളുന്ന നീതിബോധം എങ്ങനെ ശരശയ്യയിൽ കിടക്കുമ്പോൾ ഉണ്ടായി?”, കൊട്ടാരം ലേഖിക ചോദിച്ചു. പാണ്ഡവസംഘം ഭീഷ്മരിൽ നിന്നു് രാഷ്ട്രതന്ത്രത്തിൽ ബാലപാഠങ്ങൾനേടി ഹസ്തിനപുരിയിലേക്കു മടങ്ങാൻ മൈതാനത്തു തയ്യാറെടുക്കുന്ന ഇടവേള.
“ചട്ടപരിപാലനത്തിന്റെ പരിമിതമായ സഭാഉത്തരവാദിത്വം ധൃതരാഷ്ട്രർ തന്നപ്പോൾ, ഭീഷ്മനീതിബോധത്തിന്നു് എന്തു് സമ്മർദ്ദപ്രസക്തി? സഭയിൽ അധ്യക്ഷഅനുമതിയില്ലാതെ ഇടിച്ചു കയറിയ ദ്രൗപദിയുടെ അല്പവസ്ത്രം, ലൈംഗിക പ്രലോഭനമായെടുത്ത കൗരവരുടെ പ്രതികരണത്തിൽ ഞാൻ കണ്ടതു് പരിഷ്കൃത ഹസ്തിനപുരിസമൂഹത്തെയല്ലവന്യപ്രകൃതിയുടെ ബലതന്ത്രത്തെ ആയിരുന്നു എന്ന അർത്ഥത്തിൽ വന്യമൃഗപ്രയോഗം ആലങ്കാരികമായി പറഞ്ഞതു് നിങ്ങൾ, കഷ്ടം, പ്രത്യക്ഷത്തിൽ മുഖവിലക്കെടുത്തല്ലോ! ഇത്രയൊക്കെ ഭാഷ ഉപയോഗിച്ചിട്ടും, മാധ്യമപ്രവർത്തകരുടെ ആശയവിനിമയസാമഗ്രി എത്ര അപര്യാപ്തം? നിങ്ങൾക്കാണു് യുധിഷ്ഠിരനല്ല ബാലപാഠങ്ങൾ വേണ്ടതു്. അതൊക്കെ നോക്കുമ്പോൾ ഒന്നു പറഞ്ഞുരണ്ടാമതു മാത്രം ശത്രുവിനുനേരെ ആയുധം പ്രയോഗിക്കുന്ന ഞങ്ങൾ എത്ര ലളിതജീവികൾ!”
“അർദ്ധസത്യങ്ങൾ മനഃസാക്ഷിക്കുനേരെ അട്ടഹസിക്കുന്ന പോർക്കളം വിട്ടു് പാളയത്തിൽ നിങ്ങൾ അവശനായി എത്തുമ്പോൾ പ്രചോദനം തരുന്ന വാക്കുകളുമായി ‘ഭാവി ഹസ്തിനപുരിരാജാ’വിനെ ‘ഭാവി മഹാറാണി’ പാഞ്ചാലി പരിചരിക്കുമോ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.
“പ്രായം പട്ടാഭിഷേകസാധ്യതയെ പ്രതികൂലമായി ബാധിക്കുമോ എന്നൊരവ്യക്തഭീതി, അവൾ ആശങ്കയോടെ പങ്കുവച്ചതോർക്കുന്നുണ്ടു്. പിതാമഹൻ ശരശയ്യയിൽ മലർന്നടിച്ചുവീണ ആ ദിവസം. ബാല്യം മുതൽ സൈനികാഭ്യാസം ചെയ്തുവരുന്ന നിങ്ങൾക്കെവിടെ പ്രായപ്രശ്നം എന്നു് പരിലാളനസ്പർശത്തോടെ അവളെന്റെ ഉൾഭീതിയകറ്റുമെന്നു ഞാൻ പ്രതീക്ഷിച്ചു. ശരീരത്തെയും മനസ്സിനെയും പ്രായം തളർത്തുന്നതൊക്കെ പ്രകൃതിനിയമമല്ലേ അതിലെന്താണിത്ര പരിദേവനം, ഇളമുറ മാദ്രിക്കുട്ടികൾ യുവഊർജ്ജത്തിൽ തുള്ളിച്ചാടി കൗരവതലവെട്ടാൻ വാളുമായി ഓടിനടക്കുന്നുണ്ടല്ലോ. അവർ തന്നെ ഏറ്റെടുക്കട്ടെ കുരുവംശ ചെങ്കോൽ എന്നാണവൾ നകുലന്റെ അരക്കെട്ടിൽ കൈചുറ്റി കിടപ്പറയിലേക്കു് പോവുമ്പോൾ അപ്പോൾ പ്രതികരിച്ചതു്. അന്നു് രാത്രി ഞാൻ കണ്ടതെല്ലാം പേക്കിനാവുകളായിരുന്നു!”
“വനവാസക്കാലത്തും, അതിനുമുമ്പു് ഇന്ദ്രപ്രസ്ഥം കാലത്തും മഹാറാണി പാഞ്ചാലിയുമായുള്ള നേർമൊഴിഅഭിമുഖങ്ങളിൽ, അവൾ ഇടക്കൊക്കെ മുനവച്ചുനിരീക്ഷിക്കുന്ന സംഘർഷ ദാമ്പത്യവിനിമയങ്ങൾ ഉണ്ടു്. അങ്ങനെ, തൊഴിലിന്റെ ഭാഗമായികേട്ട ഒരു വെളിപ്പെടുത്തൽ എന്നെ അപ്പോൾ വിസ്മയപ്പെടുത്തുക മാത്രമല്ല, ദാമ്പത്യജീവിതങ്ങളെക്കുറിച്ചു പിന്നീടു് നിരാശ ഉണർത്തുകയും ചെയ്തു. നിങ്ങൾ അവൾക്കുമുമ്പിൽ മുട്ടുകുത്തിയിട്ടുണ്ടു് എന്നതപ്പോൾ ശരിക്കും വാസ്തവമാണോ, അതോ കേവലമൊരു അലങ്കാരപ്രയോഗമോ?”, കൊട്ടാരം ലേഖിക ചോദിച്ചു. മഹാരാജാവു് എന്ന നിലയിൽ യുധിഷ്ഠിരൻ ഹസ്തിനപുരിയിൽ അഭിഷിക്തനായ നാളുകൾ.
“ശിരസ്സിൽ കുരുവംശത്തിന്റെ കിരീടമാണെങ്കിലും, ഈ ഹൃദയത്തിൽ ആർജ്ജവം ഇനിയും നിലച്ചിട്ടില്ലാത്തൊരു ധാർമ്മികവ്യക്തിത്വം എനിക്കുണ്ടെന്നു നിങ്ങൾക്കുമറിയാം. അതുകൊണ്ടു് ഞാൻ കുമ്പസരിക്കട്ടെ, ഉവ്വു് ഞാൻ മുട്ടുകുത്തിയിട്ടുണ്ടു്, എന്നാലതു് പാഞ്ചാലിയുടെ മുമ്പിൽ അല്ല, കുരുക്ഷേത്രയിൽ ശത്രുമിത്ര സേനകൾ നോക്കാതെ, മുഴുവൻ മനുഷ്യസഹനത്തിനും മുമ്പിൽ ആണു് എന്നുമാത്രം. കൂടുതലൊന്നും ഇപ്പോൾ ചോദിക്കരുതേ, പൊട്ടിച്ചിതറും എന്റെ ഹൃദയം ഒരു പളുങ്കുപാത്രം പോലെ!”
“ഇന്നു് രാജസഭയിൽ അവതരിപ്പിക്കുന്നതു് നിർദ്ധിഷ്ടചൂതാട്ട നിരോധന നിയമമാണല്ലോ. ഈ തെറ്റുതിരുത്തൽ ഒരു നല്ല മാതൃക എന്ന തിരിച്ചറിവുണ്ടോ?” കൊട്ടാരം ലേഖിക കൃപാചാര്യനോടു് ചോദിച്ചു. അടുത്ത കിരീടാവകാശിയായ പരീക്ഷിത്തിനു് ആദ്യാക്ഷരം പറഞ്ഞുകൊടുക്കാൻ പാടുപെടുകയായിരുന്നു ആ ചിരഞ്ജീവി.
“അതിനു മുമ്പു് വേണ്ടിയിരുന്നതു് വിവാഹബാഹ്യരതിബന്ധങ്ങൾ മുൻകാലപ്രാബല്യത്തോടെ നിയമവിധേയമാക്കണം എന്ന മുൻ മഹാറാണി കൂടിയായ കുന്തിയുടെ നിർദ്ദേശമല്ലേ? ചാർവാകൻ തരം കാത്തിരിക്കയാണു് കൗന്തേയരുടെ പാണ്ഡുപിതൃത്വം എന്നതു് കുന്തി കെട്ടിച്ചമച്ച ഒരു കഥ മാത്രം എന്നു് തെരുവിൽ ആളെക്കൂട്ടി കൊട്ടിഘോഷിക്കാൻ. ആരോപണത്തിനു് കരുത്തുപകരാൻ കൗരവരാജവിധവകൾ നൂറുകണക്കിനു് ‘കരിനാവു’കൾ തെരുവിൽ ഇറക്കുമെന്നാണു് കേട്ടതു്. കുന്തിയുടെ വാക്കല്ലാതെ പാണ്ഡവപിതൃത്വം ഔദ്യോഗികമാക്കാൻ ആധികാരികതയുള്ള രേഖയൊന്നുമില്ല. പാണ്ഡു, രാജപദവിയുടെ ഒസ്യത്തൊന്നും അയൽപക്കസന്യസ്ഥരുടെ സാന്നിധ്യത്തിൽ ഒപ്പിട്ടുമില്ല. ചൂതാട്ടത്തിനു ആരും വന്നില്ലെങ്കിലും യുധിഷ്ഠിരനെ “അനധികൃതമഹാരാജാവു്” എന്നാക്ഷേപിച്ചു താഴെയിറക്കാൻ ചാർവാകൻ ഒരാൾ മതി എന്നർത്ഥം!”
“ഞാനും യുദ്ധകാര്യലേഖകനും രാവിലെ മുതൽ കുരുക്ഷേത്ര ചുറ്റിനടന്നുകണ്ടു. എത്ര സൂക്ഷ്മമായ അടിസ്ഥാനസൗകര്യ നിർമ്മിതി എന്നു് വിസ്മയിക്കാതെ നിങ്ങൾക്കു് മടങ്ങിവരാനാവില്ല. അപ്പോൾ നിങ്ങൾ യുദ്ധം ചെയ്യാൻ തന്നെ ഉറച്ചു? അക്ഷരാർത്ഥത്തിൽ ഒരു മഹാഭാരതയുദ്ധം തന്നെ അല്ലേ, എത്രയെത്ര ആയുധങ്ങൾ, ഭാഷകൾ സംസ്കാരങ്ങൾ?”, കൊട്ടാരം ലേഖിക യുദ്ധഭൂമിയിലേക്കു ഒന്നു് കൂടി വിശാലമായി കണ്ണോടിച്ചുനോക്കി ദുര്യോധനനോടു് ചോദിച്ചു. ഇരുവശത്തും നേരത്തെ വന്നു ചേർന്ന സഖ്യകക്ഷി സൈന്യങ്ങളുടെ പാളയങ്ങളിൽ ഗ്രാമീണ ഉത്സവത്തിന്റെ ശമിക്കാത്ത ആരവം നിറഞ്ഞിരുന്നു. ഹേമന്ത സൂര്യൻ പുകമറക്കുള്ളിൽ ഒളിഞ്ഞു.
“ഉദ്ദേശ്യലക്ഷ്യങ്ങൾ നേടിത്തരുന്നവിധം പാണ്ഡവർക്കുമേൽ ഫലപ്രദമായ യുദ്ധവിജയത്തോടെ, ഹസ്തിനപുരിയിൽ വരുന്ന സമാധാനകാലം—ആ സാധ്യതയാണെന്നെ അസ്വസ്ഥനാക്കുന്നതു്”
“നിങ്ങളെ കണ്ട ഉടൻ വിരാടരാജാവിനു ആളെ മനസ്സിലായി എന്നു് കീചകൻ നിങ്ങളെ ഭീഷണിപ്പെടുത്തിയപ്പോൾ ആയിരുന്നോ, ഭീഷണി മണത്തു കീചകനെ കാലപുരിയിലേക്കു അയക്കാൻ നിങ്ങൾ ഭീമനെ തന്നെ ഏർപ്പാടാക്കിയതു്? അങ്ങനെ ഒരു നിർമ്മിതികഥയുമായി ചാർവാകൻ വഴിയമ്പലങ്ങളിൽ അന്തിയുറങ്ങുന്നുണ്ടല്ലോ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു, കീചകവധത്തിൽ വിരാടനഗരം കലങ്ങിയ നാളുകൾ.
“അങ്ങനെ ചിന്തിക്കാൻ മാത്രം രാജ്യതന്ത്രം വിരാടനുണ്ടോ? നിങ്ങൾ അയാളെ അഭിമുഖം ചെയ്തില്ലേ? എന്തു് വെളിപാടു് കിട്ടി? ഒന്നും കിട്ടിയില്ല! അത്രയേ അപ്പോൾ ഉള്ളൂ വിരാടൻ! അജ്ഞാതവാസത്തിനു ആരോരുമറിയാത്തൊരു ഇടം നോക്കിവന്ന ഞങ്ങൾ ആറുപേരെയും, ഒരേ ദിവസമാണു് വിരാടൻ ഒറ്റയ്ക്കു് അഭിമുഖം ചെയ്തതു്. ഓരോരുത്തരോടും ആരാ എന്താ എന്നൊക്കെ മുഖത്തുനോക്കാതെ ചോദിച്ചതിനുകിട്ടിയ വാലും തലയുമില്ലാത്ത ഉത്തരങ്ങളും താങ്ങി അയാൾ പാഞ്ചാലിയുടെ മുടി നോക്കിമിഴിച്ചിരുന്നു. പിന്നീടെങ്കിലും അയാൾ ആലോചിക്കില്ലേ ഇന്നു് പണിയന്വേഷിച്ചുവന്ന ദേവരൂപികൾ, ഇവരൊക്കെ ശരിക്കും ആരാ? അതോ, ഞങ്ങളെക്കുറിച്ചുള്ള വിരാട ചാരവാർത്ത ഞാൻ ആ ദിവസങ്ങളിൽ കാണാതെപോയോ, അതോ കീചകൻ എന്നെ ചാരവാർത്തകൾ കാണിക്കാതെ ഒളിപ്പിച്ചുവോ, ഇങ്ങനെ തലച്ചോറിനു് പണികൊടുക്കുന്ന പതിവില്ലാത്തതുകൊണ്ടല്ലേ, ഭാര്യ സുദേഷ്ണയുടെ അനുജനായ കീചകൻ വിരാട സേനാപതിയായതും, സുദേഷ്ണക്കൊപ്പം അവിശുദ്ധകൂട്ടു ചേർന്നു, വിരാടനെതിരെ കൊട്ടാരവിപ്ലവത്തിനു രൂപം കൊടുക്കുകയും ചെയ്തതു്. തിരനാടകനിർമ്മിതിയിൽ കീചകവധം ചെയ്താലുള്ള നേട്ടങ്ങൾ വിരാടനോടും പാണ്ഡവരോടും വേറെ വേറെ യോഗം കൂടി വിവരിച്ചപ്പോൾ പ്രസന്നമുഖത്തോടെ എല്ലാവരും പ്രതികരിക്കുന്നതു് ഞാൻ കണ്ടല്ലോ. സദ്വാർത്ത ഇതാ: കീചക ശവദാഹം കഴിഞ്ഞു, ഇന്നു് അനുസ്മരണത്തിൽ ആ യുവ അവിവാഹിതന്റെ ദാരുണമരത്തിൽ ഞാനും പ്രണാമം അർപ്പിക്കും!”
“മരം മുറിക്കുന്ന പണി ഉണ്ടോ?”, തലചായ്ക്കാൻ വഴിയമ്പലം തേടുകയായിരുന്ന കൊട്ടാരം ലേഖിക, ചൂടിക്കട്ടിലിലിരുന്ന വൃദ്ധ കർഷകന്റെ തിരക്കിട്ടപണിയിൽ പന്തികേടു് തോന്നി, നടത്തം നിർത്തി. ഹസ്തിനപുരി നഗരാതിർത്തിയിലെ ഗ്രാമത്തിൽ, വാതിലുകൾ അടഞ്ഞുകിടന്ന വസതി അമംഗളകരമായ വിധത്തിൽ നിശബ്ദമായിരുന്നു.
“നിങ്ങൾ ആരാണു് എന്നെനിക്കറിഞ്ഞുകൂടാ, കണ്ടാൽ ഒരു യക്ഷിക്കുട്ടിയുടെ സൗന്ദര്യമുണ്ടു്. കയർ ഞാൻ ബലം നോക്കുന്നതു് എന്തിനാണെന്നോ? മുറിക്കാനുള്ള മരത്തിൽ കെട്ടാനല്ല, ജീവനൊടുക്കാൻ മക്കൾ തന്നതാണു്. അന്ത്യയാത്രാമൊഴി പറഞ്ഞു വിളക്കണച്ചവർ കിടന്നു. കർഷകാത്മഹത്യക്കു നഷ്ടപരിഹാരമായി വിധവക്കും മക്കൾക്കും കൗരവഭരണകൂടം കയ്യയച്ചു ധനസഹായം നൽകും എന്നു യുവരാജാ ദുര്യോധനൻ പറഞ്ഞിരുന്നു. വരുമാനം കുറഞ്ഞ കൂട്ടുകുടുംബത്തിലെ ആവർത്തനച്ചെലവിനു കടുത്ത നാണ്യക്ഷാമം നേരിടുന്ന കൊച്ചുമക്കൾ എന്നിൽ ഒരു സാധ്യതകണ്ടു. അവർ പറയുന്ന രീതിയിൽ ഞാൻ ജീവനൊടുക്കാൻ പോവുകയാണു്. ഭരണകൂട സഹായത്തിനു തടസ്സം ഉണ്ടാക്കുന്ന ഒന്നും നിങ്ങൾ, പ്രിയ യക്ഷിക്കുട്ടീ, നാളെ ഗ്രാമപ്രധാനുമുമ്പിൽ മൊഴി കൊടുക്കരുതേ!” കുരുക്കിട്ട കയർ വരണമാലയായി കഴുത്തിലണിഞ്ഞു കർഷകൻ ദൃഢനിശ്ചയത്തോടെ എഴുനേറ്റു് വീടിനു പിന്നിലെ മരത്തിലേക്കു് കാൽവച്ചു.
“ഹസ്തിനപുരി സന്ദർശിച്ച നിങ്ങൾ നിരാശനായി മടങ്ങിപ്പോയെന്നതൊരു കൗരവകഥയാണോ, അതോ നിങ്ങൾക്കതൊരു നീറുന്ന നേരനുഭവമാണോ?” കൊട്ടാരം ലേഖിക അർജ്ജുനപുത്രനായ അഭിമന്യുവിനെ വിരാടയിലെ പാണ്ഡവപാളയത്തിൽ കണ്ടപ്പോൾ ചോദിച്ചു. വിരാടപുത്രി ഉത്തരയെ വിവാഹം കഴിക്കാൻ പ്രബലബന്ധുക്കൾക്കൊപ്പം വന്ന അഭിമന്യു, സൈനികവേഷത്തിൽ പരിശീലനം തുടരുന്ന ഉല്ലാസവേള.
“അച്ഛനും മറ്റു പാണ്ഡവരും വനവാസത്തിലായിരുന്നപ്പോൾ, ഞാൻ ഹസ്തിനപുരിയിൽ മുഖംമൂടിയില്ലാതെ പോയി. ഓരോ കുതിരപ്പന്തിയിലും വഴിയമ്പലത്തിലും എന്റെ തേരാളി, സ്വത്വം അധികാരികൾക്കു് വെളിപ്പെടുത്തും. ആരും എന്നെ വഴിയിൽ തടഞ്ഞില്ല എന്നതൊരു അപ്രധാനവാർത്തയാണു് എന്നാൽ ആരെങ്കിലുമൊക്കെ തിരിച്ചറിഞ്ഞിരുന്നെങ്കിൽ എന്ന മോഹം പൂവണിഞ്ഞില്ല. ഞാൻ കർമ്മനിരതനായി നഗരാതിർത്തിയിലെ ഗ്രാമത്തിൽ ജലസംഭരണി പണിതു. മുതിർന്ന സ്ത്രീകൾ ചോദിച്ചു, ദ്രൗപദിയുടെ മകനാണോ? സുഭദ്രയുടെ എന്നുപറഞ്ഞപ്പോൾ അവരുടെ മുഖം പ്രസന്നമായി. സംഭരണിയുടെ നിർമ്മാണം കഴിഞ്ഞു ഞാൻ ശുദ്ധജലം കോരി ആദ്യകർഷകനു് ഒഴിച്ചു കൊടുക്കുമ്പോൾ പെട്ടെന്നവിടെ പ്രത്യക്ഷപ്പെട്ടു ദുര്യോധനൻ എന്ന കൗരവൻ. പണികഴിഞ്ഞോ എന്ന ചോദ്യത്തോടെ അയാൾ സംഭരണി മണ്ണിട്ടു് തൂർക്കാൻ കൂടെവന്നവരോടു് ആജ്ഞാപിച്ചു എന്നിട്ടെന്നെ നോക്കി ഒന്നു് പുഞ്ചിരിച്ചു, ഹസ്തിനപുരിയിൽ വന്ന നിങ്ങൾ അതിഥിയോ തൊഴിലാളിയോ അല്ല എന്നു കണ്ടാൽ അറിയാം, ശേഷം നമുക്കു പോരാട്ടവേദിയിൽ വച്ചു് കണക്കു പറയാം എന്നു് മന്ത്രിച്ചു കുതിരപ്പുറത്തു പാഞ്ഞുപോയി.”
“വിവാഹബാഹ്യബന്ധങ്ങളുടെ ദേശാന്തരരൂപഭാവങ്ങളിൽ അർജ്ജുനനു ഭ്രമമുണ്ടെന്നാരും സമ്മതിച്ചുതരുന്ന രതികേന്ദ്രിത സമൂഹത്തിൽ ജീവിക്കുന്ന നിങ്ങൾ, എങ്ങനെ മൂക്കുകയറൊന്നുമില്ലാതെ അവനെ വരച്ചവരയിൽ നിർത്തി?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. മഹാപ്രസ്ഥാനത്തിനുമുമ്പ്, പാണ്ഡവ ഭരണത്തിന്റെ അവസാനദിനങ്ങൾ.
“സുഭദ്രയുമായി അർജ്ജുനൻ ഇന്ദ്രപ്രസ്ഥത്തിൽ വന്നപ്പോൾ, ഞാൻ അനിഷ്ടം കടിച്ചിറക്കി പൊതുമാപ്പുകൊടുത്തു. ഒപ്പം താക്കീതും. ഇനിയിതാവർത്തിച്ചാൽ നിർബന്ധിതരതിക്കായി എന്നെ നീ ബലാത്സംഗം ചെയ്തു എന്നു് ആരോപിച്ചു വിവാഹമോചനം തേടും. ഞാൻ, അർജ്ജുനനൊപ്പം വർഷങ്ങൾ കഴിഞ്ഞതും, ദാമ്പത്യബന്ധം നിലനിർത്തിയതും, സ്വന്തം ഇഷ്ടപ്രകാരമാണെന്നു് അർജ്ജുനൻ തർക്കിച്ചാലും, എന്റെ വാദം നിയമപരമായി അംഗീകരിക്കപ്പെടും. കാരണം അർജ്ജുനനെതിരെ വിവാഹമോചനപരാതിക്കായി കാത്തിരിക്കയാണല്ലോ, യുധിഷ്ഠിരൻ. വാക്കാലുള്ള താക്കീതോടെ അർജ്ജുനൻ ‘വയസറി’യിച്ചു! താമസം സുഭദ്രയുടെ നാട്ടിലേക്കു് മാറ്റി, ചൂതാട്ടത്തിൽ പങ്കെടുക്കാൻ മാത്രമേ വന്നുള്ളൂ. പിന്നെ കേൾക്കേണ്ടിവന്നില്ല പെൺവേട്ടക്കാരന്റെ അവിഹിതരതി സാഹസകഥകൾ! വനവാസക്കാലത്തവൻ വലഞ്ഞു, സഹനത്തിലും അതെനിക്കൊരു ആഹ്ലാദദൃശ്യമായി. അജ്ഞാതവാസക്കാലത്തവൻ ആണല്ലാതായതും തുണച്ചു!”
“താരപരിവേഷമുള്ളവരുടെ തലയുരുളുന്ന വാർത്തയൊന്നും കേൾക്കുന്നില്ലല്ലോ”, കുരുക്ഷേത്ര പ്രവിശ്യാഭരണാധികാരിയും യുദ്ധനിർവഹണ സ്വതന്ത്രസമിതിയുടെ അധ്യക്ഷനും ആയ കൗരവബന്ധുവിനോടു് കൊട്ടാരം ലേഖിക ചോദിച്ചു. വൈകിയ രാത്രിയിലും അയാൾ ഗോപുരമേടയിലെ കാര്യാലയത്തിൽ, പിറ്റേന്നു് രാവിലെ തുടങ്ങേണ്ട യുദ്ധത്തിനുള്ള ആചാരസൗകര്യങ്ങൾ ക്രമീകരിക്കുന്ന തന്ത്രജ്ഞരുടെ കൂടെ തിരക്കിലായിരുന്നു. ശബ്ദമുഖരിതമായ പകൽപോരാട്ടത്തിനു് ശേഷം, അന്തരീക്ഷത്തിൽ കേൾക്കുന്നതു് പുഴയിൽ ചാടിക്കളിക്കുന്നവരുടെ ഉല്ലാസആരവം മാത്രം.
“ഉന്നം തെറ്റുന്ന യുധിഷ്ഠിരകുന്തങ്ങൾ, പൊള്ളയായ ഭീമഗദകൾ, വിനിമയഭാഷ വ്യക്തമാവാതെ ആയുധം വച്ചു് കീഴടങ്ങുന്ന പാണ്ഡവസഖ്യകക്ഷിസൈനികർ, പുലർച്ചെ ഒഴിഞ്ഞുകാണുന്ന പോർക്കളം വെളിയിടവിസർജ്ജനത്തിനുപയോഗിക്കുന്ന പഞ്ചപാണ്ഡവർ—ഇത്തരം കൗതുകക്കാഴ്ചകൾ ഇല്ലാതെ നിങ്ങൾ എങ്ങനെ ചുവരെഴുത്തുപത്രങ്ങൾ ഹസ്തിനപുരിയിലെ പ്രബുദ്ധ നഗരവാസികൾക്കു യുദ്ധം വായനായോഗ്യമാക്കും?”
“ഈ കുഞ്ഞിന്റെ ബീജപിതാവു്! നിങ്ങൾ തന്നെ അല്ലെ?”, ഇളമുറ മാദ്രീപുത്രനും, പാഞ്ചാലിയുടെ ബഹുഭർത്തൃത്വത്തിലെ അഞ്ചാം അംഗവുമായ സഹദേവനോടു് കൊട്ടാരം ലേഖിക ചോദിച്ചു, നവജാതശിശുവിനെ വളർത്താൻ പിതൃഭൂമിയായ പാഞ്ചാലയിലേക്കു കൊണ്ടുപോകുകയായിരുന്നു, അംഗരക്ഷകരുമൊത്തു ഇന്ദ്രപ്രസ്ഥം മഹാറാണി. പാണ്ഡവർ ആരും, അത്ഭുതം, യാത്രാസംഘത്തിൽ ഉൾപ്പെട്ടിരുന്നില്ല.
“എന്നാണു സങ്കൽപ്പം, അഞ്ചുഭർത്താക്കന്മാരും ഒരേ മേൽവിലാസമുള്ള വസതിയിൽ അവൾക്കൊപ്പം അന്തഃപുരത്തിൽ കഴിയുമ്പോൾ, ആൺപെൺ സംയോഗത്തിൽ ഉറപ്പുണ്ടാവുമോ, ബീജദാനികൾക്കു്? പാഞ്ചാലിയുമൊത്തു ഊഴം വച്ചൊരു സംയോഗ ‘പഞ്ചാംഗം’ ഒരു അഭ്യുദയകാംക്ഷി തയ്യാറാക്കിയതനുസരിച്ചു ഞാൻ പട്ടികയിൽ അഞ്ചാമൻ തന്നെയെങ്കിലും, അവളുടെ ചാഞ്ചാടുന്ന മനോനിലയനുസരിച്ചു അന്നന്നത്തെ പായക്കൂട്ടിനു പരിഗണന, പൊതുധാരണ ‘ഊഴ’മായിരുന്നില്ല, തന്നിഷ്ടമായിരുന്നു. എനിക്കും നകുലനും അവസരങ്ങൾ എത്ര കൂടുന്നുവോ, അത്രയും കുറയും യുധിഷ്ഠിരനും ഭീമനും. ഉടലവകാശം വീതംവെക്കലിൽ അർജ്ജുനൻ അനുഭവിച്ച വ്യഥ അത്രമേൽ വലുതായതുകൊണ്ടു്, അവന്റെ സംയോഗം വിനിയോഗിച്ചു കഴിഞ്ഞാൽ, പടിയിറങ്ങിപ്പോവും. “ഇളമുറ മാദ്രീപുത്രന്മാർ കൊടുങ്കാറ്റിലും കൊടുംകാട്ടിലും എന്നെ രക്ഷിക്കുന്നവർ” എന്നു് പാഞ്ചാലി നിങ്ങളോടു് അഭിമുഖത്തിൽ പറഞ്ഞതിൽകൂടുതലോ കുറവോ പറയാൻ എനിക്കില്ല ഇനിയെങ്കിലും പേറ്റുമുറിയുടെ വിവരാവകാശവുമായി നിങ്ങൾ എന്നിൽ ഭീതിനിറക്കരുതു്. അവൾ മടങ്ങിവന്നാൽ ഊഴം വീണ്ടും ആരംഭിക്കുകയായി.”
“കുന്തിയുടെ രതിപ്രലോഭനത്തിനുവഴങ്ങി വിത്തെറിഞ്ഞതു് ആകാശചാരികൾ ആണെങ്കിലും, പാണ്ഡവർ തളിരിട്ടതു് ഭൂമിയിലല്ലേ! കിടപ്പറയിലെ സ്വകാര്യതയിൽ, അവരുടെ അസൂയാഭരിതമായ ആണ്‍കോയ്മ പായക്കൂട്ടുകളുമായി കിടമത്സരത്തിലാവുമ്പോൾ, എളുപ്പം തീപിടിക്കാവുന്ന ദാമ്പത്യസാഹചര്യം നിങ്ങൾ എങ്ങനെ പൂപോലെ കൈകാര്യം ചെയ്തു?”, ഇരവാദത്തോടെയെങ്കിലും ബഹുഭർത്തൃത്വം സ്വീകരിച്ച പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു. ഖാണ്ഡവ പ്രസ്ഥക്കാലം.
“നിന്നെപ്പറ്റി മറ്റു് നാലുപേരോടു് ഞാൻ ഒന്നും സംസാരിക്കാറില്ലാത്തതു് പോലെ, അവരെപറ്റി നിന്നോടും ഞാൻ സംസാരിക്കുകയില്ല എന്നു് രതിലീലക്കിടയിൽ ചെവിയിൽ ഓരോരുത്തരോടും താക്കീതു് പോലെ ഞാൻ മന്ത്രിച്ചു. അവർ അന്നു് വെട്ടിവീഴ്ത്തി കൗന്തേയജിജ്ഞാസയുടെ വളർന്നുപന്തലിച്ച നാവുമരം.” കാര്യക്ഷമതയുള്ള ദാമ്പത്യ സേവനദാതാവിനെ പോലെ, അന്തിയുറക്കത്തിനായി കിടപ്പറ തുടച്ചുവൃത്തിയാക്കുകയായിരുന്നു പാഞ്ചാലി.
“അരങ്ങേറ്റദിനത്തിൽ തന്നെ അഭിജാത ഹസ്തിനപുരി സദസ്സിനു മുമ്പിൽ, അംഗരാജാപദവി നേടിയ അഭിവന്ദ്യകർണ്ണനെ നിങ്ങൾ മനഃപൂർവ്വം അനുമോദിക്കാതിരുന്നതു്, അവൻ സൂതപുത്രനെന്ന കീഴാളനായതുകൊണ്ടാണെന്നു, കൗരവർ വഴിയമ്പലങ്ങളിൽ കൗശലത്തോടെ, പാണ്ഡവരെ കരിവേഷമാക്കാൻ കഥ പ്രചരിപ്പിക്കുന്നുണ്ടല്ലോ. എങ്ങനെ പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു.
“ആരുടെ അരങ്ങേറ്റം? ഗാന്ധാരയിലെ തക്ഷശില നടത്തിയ പഠനത്തിൽ ശ്രേഷ്ഠപദവിനേടിയ ദ്രോണഗുരുകുലത്തിലെ മികച്ച സൈനികവിദ്യാർത്ഥി എന്നു് ഗുരുദ്രോണർ സ്വയം മുദ്രചാർത്തിയ എന്നെ അനുമോദിക്കാൻ സന്മനസ്സില്ലാതെ, ദുര്യോധനൻ കൽപ്പിച്ചുകൂട്ടിയുണ്ടാക്കിയ വെറുമൊരു നേരംപോക്കു് പ്രഹസനമായിരുന്നില്ലേ, ‘അംഗരാജാ’വായി കർണ്ണ തട്ടിക്കൂട്ടു് പട്ടാഭിഷേകം! ആ കൗരവനിർമ്മിത വിനോദനാടകം കർണ്ണൻ, പാവം, അതിഭാവുകത്വത്തോടെ അഭിനയിച്ചപ്പോൾ ഞങ്ങൾ അന്തസ്സായി മൗനം പാലിച്ചതാണോ കുലസിത കൗരവപ്രചരണത്തിന്റെ കാതൽ? മടിശീലയിൽ, കളിപ്പാട്ടം വാങ്ങാൻ പോലും കാൽപണമില്ലാത്ത കൗരവർക്കെവിടെയോ കിടക്കുന്ന ആരുടെയോ അംഗരാജ്യം സമ്മാനിക്കാൻ നാണമില്ലെങ്കിൽ ബുദ്ധിമാനായ കർണനെങ്കിലും ദുര്യോധനനോടു് ചോദിക്കേണ്ടേ, “അല്ല ആജീവനാന്തമിത്രമേ, നീ എനിക്കു് സൗജന്യമായി സമ്മാനിച്ച ഈ അംഗരാജ്യത്തിന്റെ അടിയാധാരം കൊട്ടാരത്തിൽ ഉണ്ടെങ്കിൽ ഒന്നു് കാണട്ടെ, ഭൂപടം ഉണ്ടെങ്കിൽ അതും!”
“അന്ത്യനിമിഷങ്ങളിലെങ്കിലും അവൾ എന്നെ ഓർത്തുവോ?”, ഇടംകണ്ണാൽ ഒളിഞ്ഞുനോക്കി യുധിഷ്ഠിരൻ കേൾവിപരിധിയിലില്ലെന്നുറപ്പു് വരുത്തിയ അർജ്ജുനൻ കൊട്ടാരം ലേഖികയോടു്, മന്ത്രിക്കുന്നപോലെ മൃദുവായി ചോദിച്ചു. ശവസംസ്കാരം കഴിഞ്ഞു കൊട്ടാരം ലേഖിക, പിന്തുടർന്നു് പാണ്ഡവരെ പിടികൂടിയിരുന്നു. വിലാപഗീതം പോലെ മലഞ്ചെരുവിൽ കാറ്റു് വീശിയ അപരാഹ്നം.
“ആരെയോ പ്രതീക്ഷിക്കുന്നപോലെ ആകാശനീലിമയിലേക്കു നോക്കി അവൾ കണ്ണടക്കുന്നതു ഞാൻ തൊട്ടടുത്തിരുന്നു ശ്രദ്ധിച്ചു. “പിടിവിട്ടു് പോയോ നീ പാഞ്ചാലീ?”, പരിഭ്രാന്തിയോടെ ഞാൻ ചോദിച്ചു, ചൂതാട്ടസഭയിലെ ആണധികാരധാർഷ്ട്യത്തിനു മുമ്പിലും ബഹുഭർത്തൃത്വത്തിലെ സ്വാർത്ഥബന്ധനങ്ങളോടും വിട്ടു വീഴ്ചയില്ലാതെ പ്രതിരോധിച്ചവനിതയെന്നു യുഗാന്തരങ്ങളിലും അറിയപെടേണ്ട അസാധാരണവ്യക്തിത്വമേ, എന്തുണ്ടെന്നോടു് നിനക്കവസാനമായി ഏറ്റുപറയാൻ?”, എന്നു ഞാൻ അവളുടെ മുഖം തലോടി ചോദിച്ചപ്പോൾ, മൃദുവായി അവളുടെ ചുണ്ടനങ്ങിയോ, ‘വിജയസാരഥേ, വിട!’. അപ്പോൾ ഞാൻ ആ യാഥാർഥ്യം തിരിച്ചറിഞ്ഞു, ഒരിതിഹാസ കഥാപാത്രം കൂടിയിതാ മുടിക്കെട്ടഴിഞ്ഞപോലെ കൊഴിഞ്ഞുവീഴുന്നു.”
“വിവാദപരാമർശം നീക്കാൻ യുധിഷ്ഠിരൻ വ്യാസനോടു് ആവശ്യപ്പെട്ടു! അചിന്ത്യം”, കൊട്ടാരം ലേഖിക ഔദ്യോഗിക വക്താവായ നകുലനോടു് ചോദിച്ചു, “ആഖ്യാനത്തിന്റെ ഏതു ഭാഗമാണു് പാണ്ഡവപിതാമഹൻ കൂടിയായ വേദവ്യാസൻ നിങ്ങളെ ഇത്രമാത്രം മുറിപ്പെടത്തുന്ന വിധം വിവാദമായി എഴുതിയതു്?”
“അർദ്ധനഗ്നരാക്കി കൗരവർ ഞങ്ങളെ ചൂതാട്ടസഭയിൽ നിലത്തിരുത്തി എന്നതൊരവഹേളനമായി ഞങ്ങൾ എടുത്തിട്ടില്ല എന്നു് നിങ്ങൾ ഓർക്കണം. കാരണം, അതു് ചൂതാട്ടഭ്രമപുരുഷന്മാർക്കുള്ള കൊട്ടാണു് എന്നു് സൗജന്യമനസ്ഥിതിയോടെ നാം കരുതുക. എന്നാൽ വസ്ത്രാക്ഷേപം പൊലിപ്പിക്കാൻ മാന്യതക്കു് നിരക്കാതെ വ്യാസൻ ചെയ്ത പരാമർശം അടുത്ത പതിപ്പിൽ നിന്നുനീക്കണം എന്നാണു യുധിഷ്ഠിരൻ വ്യാസനോടു് രേഖാമൂലം ആവശ്യപ്പെട്ടതു്. ചൂതാട്ടസഭയിലേക്കു പാഞ്ചാലി വലിച്ചിഴക്കപ്പെട്ടു എന്ന വിവരണം അടിസ്ഥാനരഹിതമാണെങ്കിൽ, “ഞാൻ രജസ്വല ഞാൻ അൽപ്പവസ്ത്ര” എന്ന പാഞ്ചാലിയുടേതായി കണ്ട പരാമാർശം നിന്ദിക്കപ്പെടണം എന്നാണു പാണ്ഡവരും പാഞ്ചാലിയും സംയുക്തമായി കൊടുത്ത നിർദേശം. പെരുമാറ്റത്തിലും വാമൊഴിയിലും, മിതത്വവും അച്ചടക്കവും പാലിക്കുന്ന പാഞ്ചാലിയെ ഈ വിധം ഗ്രാമീണമായി തോന്നുന്ന ഉടൽപ്രഖ്യാപനം ചെയ്യിച്ച വ്യാസരചനയെ പാണ്ഡവർ അപലപിക്കുന്നതോടൊപ്പം, വ്യാസൻ പശ്ചാത്തപിച്ചില്ലെങ്കിൽ, പിതാമഹനെന്നൊന്നും നോക്കാതെ, കയർത്തുസംസാരിക്കേണ്ടിവരുമെന്നു യുധിഷ്ഠിരൻ വ്യാസാശ്രമത്തെ അറിയിച്ചിട്ടുണ്ടു്. പാണ്ഡവർ അർദ്ധ സാക്ഷരർമാത്രമെന്ന പൊതുബോധത്തിനും യുധിഷ്ഠിരന്റെ ഈ ശക്തമായ നിലപാടു് പ്രഹരമായിരിക്കും എന്നാണു് ഞങ്ങളുടെ വിലയിരുത്തൽ. അല്ല, നിങ്ങൾക്കിന്നു വലിച്ചുമുറുക്കാൻ വേറൊന്നും തടഞ്ഞില്ലേ?”
‘കൺകെട്ടഴിച്ചു പെറ്റതള്ള സ്വയം, മക്കളുടെ ഭൗതികാവശിഷ്ടങ്ങൾ ഒന്നൊന്നായിനുള്ളിപ്പെറുക്കി പരിശോധിച്ചു് തിരിച്ചറിഞ്ഞല്ലോ നൂറു കൗരവ ജഡങ്ങളും? ഗാന്ധാരീവിലാപവും കണ്ടുനിന്നവരുടെ കണ്ണുനിറച്ചു.”, അരമന വക്താവിനോടു് കൊട്ടാരം ലേഖിക ചോദിച്ചു, “എന്നിട്ടും മാറിയില്ലേ ധൃതരാഷ്ട്രരുടെ മുറുമുറുപ്പു്?
“അരക്കില്ലത്തിൽ കത്തിക്കരിഞ്ഞതു പാണ്ഡവരെന്നു വ്യാജ തെളിവുണ്ടാക്കാൻ, അന്നം ചോദിച്ചുവന്ന ആദിവാസികളെ മനഃപൂർവ്വം ഇരകളാക്കിയ കുന്തിയെ കുറിച്ചു് മനഃസാക്ഷി ഇപ്പോഴും നിങ്ങളെ കുത്തുന്നുണണ്ടോ?”, വാനപ്രസ്ഥത്തിനു പടിയിറങ്ങുന്ന യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“മനഃസാക്ഷി? ഏറെ കാലം മുഖംമൂടിയായി ഞാനതു ഗാന്ധാരിയുടെ കൺകെട്ടു പോലെ നിർലജ്ജം പ്രദർശിപ്പിച്ചു ഒരുപാടു് പ്രതിസന്ധികെള അതിജീവിച്ചു. പക്ഷേ, വലിയ വില കൊടുത്തു. ഇന്നു് ഞാൻ ‘വധശിക്ഷ’ക്കു് വിധേയനായ പരിത്യാഗി! പാണ്ഡവകഥ എഴുതുന്ന ഇതിഹാസകാരൻ വ്യാസൻ എല്ലാം ഒന്നൊന്നായി ഓർക്കട്ടെ. അതല്ലെങ്കിൽ നിങ്ങളെപോലുള്ള വിമത എഴുത്തുകാർ വ്യാസാശ്രമത്തിൽനിന്നും പനയോലക്കെട്ടു തട്ടിയെടുത്തു വരുംയുഗത്തിൽ പരിപൂർണ്ണസത്യം വായനക്കാരോടു് തുറന്നു പറയട്ടെ.”
“പാണ്ഡവഅവഗണനയിൽ നീറിയെരിഞ്ഞുവോ പരീക്ഷിത്തിന്റെ ബാല്യം?”, അഭിമന്യുപുത്രനായ കിരീടാവകാശിയോടു് കൊട്ടാരം ലേഖിക ചോദിച്ചു. മാദ്രേയനായ നകുലനും, അധികാരമോഹിയായ ദ്രൗപദിയും, അക്ഷമനായ പരീക്ഷിത്തും ഉൾപ്പെടുന്ന ഒരു കൂറുമുന്നണി അരമന വിപ്ലവത്തിലൂടെ മഹാരാജാവു് യുധിഷ്ഠിരനെ ഏതു ദിവസവും വനവാസത്തിനയക്കുമെന്ന അഭ്യൂഹങ്ങൾ നിറഞ്ഞ കോട്ടയ്ക്കകം.
“പതിനാറുവയസ്സിൽ പിതാവു് അഭിമന്യു ദാരുണമായി കൊല്ലപ്പെട്ടു എന്നതിനേക്കാൾ, ‘മുറിവൈദ്യൻ ആളെക്കൊല്ലു’മെന്ന കർണ്ണമൊഴി, ഗുരുകൃപരിൽനിന്നും പിൽക്കാലത്തു കേട്ടറിഞ്ഞപ്പോൾ ഖേദം തോന്നി. ചക്രവ്യൂഹനിർമ്മിതിയെക്കുറിച്ചു സാങ്കേതികഗ്രാഹ്യമില്ലാതെ, കേവലം കൗമാരസാഹസികതക്കായി പോർക്കളത്തിൽ എടുത്തുചാടുന്നവർക്കൊരു പാഠമാകട്ടെ അഭിമന്യുവധം എന്നാണെന്റെ ആശ്വാസം! മുപ്പത്തിയാറുവയസ്സു് എനിക്കു് തികയാറായിട്ടും, കിരീടപ്രലോഭനത്തിലൂടെ എന്നെ എക്കാലവും നിരായുധനാക്കിയ യുധിഷ്ഠിരനെ ഒരു പാഠം ഞങ്ങൾ ഇത്തവണ പഠിപ്പിക്കും. ആർക്കറിയാം നിങ്ങൾ പടിയിറങ്ങും മുമ്പതു നടന്നിരിക്കും. സ്തോഭജനകമായ സംഭവവികാസങ്ങൾക്കു സാക്ഷ്യം വഹിക്കാൻ പോവുന്ന ഹസ്തിനപുരി പ്രബുദ്ധസമൂഹത്തിനു, പരിഗണനയും പരിലാളനയും ഓർത്തു മിടിക്കാൻ എവിടെ ഒരു തിരുഹൃദയം!”
“ശന്തനു സത്യവതിക്കായി പണിത വാരണാവതം സുഖവാസ കൊട്ടാരം കത്തിച്ചതു പോകട്ടെ, അന്നം ചോദിച്ചു വന്ന ആറംഗ ആദിവാസി കുടുംബത്തെ വിഷം കൊടുത്തു തീയിൽ ചുട്ടുകൊന്നു്, മരിച്ചതു് പാണ്ഡവർ ആണെന്നു് വ്യാജ തെളിവുണ്ടാക്കാൻ ശ്രമിച്ച ഗുരുതരമായ ആരോപണത്തിനു് നാടുകടത്തൽ ശിക്ഷയാക്കാമെങ്കിലും അരമനയിൽ താമസിക്കാൻ അനുമതി കൊടുത്ത ധൃതരാഷ്ട്രർ എവിടെ, ഷണ്ഡപാണ്ഡുവിന്റെ മക്കളാണു് ഞങ്ങൾ എന്ന അവകാശവാദവുമായി നാട്ടുകാരെ പറ്റിച്ചു് അനുകമ്പ നേടുന്ന ഈ അഞ്ചു വയോജനങ്ങൾ എവിടെ!” പുതിയ മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന കെ പി നിർമൽകുമാറിന്റെ Kp Nirmalkumar കഥയിലെ ഒറ്റവരിയാണു്. ഈ ഒറ്റവരിയിൽ വ്യാസൻ പറഞ്ഞു ഗണപതിയെഴുതിയതാണെങ്കിലും ബ്രഹദ് ഇതിഹാസം മുഴുവൻ ഇല്ലാതായി. അതേച്ചൊല്ലി രണ്ടു സഹസ്രാബ്ദങ്ങൾക്കു ശേഷവും തുടരുന്ന തർക്കങ്ങളും അവസാനിച്ചു. ഖാണ്ഡവ പ്രസ്ഥത്തിൽ അതിലോല ആവാസ വ്യവസ്ഥയെ കത്തിച്ചുകളഞ്ഞു് ആറു് ആദിവാസികളെ കൊന്നു് അതിലിട്ടു് ചുട്ടു് കടന്നുപോകുന്നവരുടെ ചരിത്രം ധീരന്മാരുടേതായി വാഴ്ത്തപ്പെടുന്നതു് അധികാരയുദ്ധം ജയിക്കുന്നതുകൊണ്ടു മാത്രമാണു് എന്ന തിരിച്ചറിവു വരുന്നതോടെ ഭാരതകഥ ഇല്ലാതാവുകയാണു്. ഇതുപോലെ ഒറ്റവരിയിൽ രാമായാണം ഇല്ലാതാതാകുന്നതു് വായിച്ചു് വിസ്മയിച്ചതു് വിജയലക്ഷ്മിയുടെ കവിതയിലെ ഒറ്റവരിയിലാണു്: “കൂട്ടുകാരാ ഞെരിയുന്ന കൈവിരൽ കോർത്തു ഞാൻ നിന്റെ തേരുരുൾ കാക്കിലും ഓർത്തുവയ്ക്കില്ലൊരിക്കലും ആ കടം.” ദശരഥന്റെ തേരുകാത്ത കടം ഓർത്തുവച്ചിരുന്നില്ലെങ്കിൽ രാമായണം എന്ന ഇതിഹാസവും രാമൻ എന്ന ഇതിഹാസപുരുഷനും ഉണ്ടാകുമായിരുന്നില്ല. നിർമൽകുമാറിലും വിജയലക്ഷ്മിയിലും വലിയ വ്യത്യാസമുണ്ടു്. വിജയലക്ഷ്മി ആശ്രമമൃഗത്തിന്റെ അനുസരണയും ഭയപ്പാടും കൊണ്ടു് എഴുതുന്നതാണു് ആ വരികൾ. നിർമൽകുമാർ വ്യാസന്റെ പൂർവമുക്കുവ ജീവിതത്തിലെ പങ്കായം പിടിച്ച കൈക്കരുത്തുകൊണ്ടാണു് ഈ പുതിയ കഥയുടെ ആദ്യ വരിപോലും എഴുതിയിരിക്കുന്നതു്. “കൺകെട്ടഴിച്ചു പെറ്റതള്ള സ്വയം, മക്കളുടെ ഭൗതികാവശിഷ്ടങ്ങൾ ഒന്നൊന്നായി നുള്ളിപ്പെറുക്കി പരിശോധിച്ചു് തിരിച്ചറിഞ്ഞല്ലോ നൂറു കൗരവ ജഡങ്ങളും?” ഇക്കഥ വായിച്ചുകഴിഞ്ഞപ്പോൾ പതിറ്റാണ്ടു മുൻപു് വായിച്ച “ഇന്നത്തെ അതിഥി അതീത ശക്തി ഓർമയിലേക്കു വന്നു.” അതെടുത്തു മറിച്ചു നോക്കി: “ഇരതേടാനാകാതെ വന്നാൽ,” ഗാന്ധാരഭൂപതി ഇടതുകൈവിരൽ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ ഗാന്ധാരദേശത്തേക്കു നീട്ടി. “ഹിംസ്രജന്തുക്കൾ, ദൃഢനിശ്ചത്തോടെ, കൂർത്തകരിമ്പാറക്കെട്ടിൽ തല ആഞ്ഞടിച്ചു് പ്രാണൻ കളയും. പ്രകൃതി അനുശാസിക്കുന്നതു സൃഷ്ടിചെയ്യുന്നു. എന്നാൽ ആ സമൃദ്ധ ഗംഗാതീരത്തു് കാർഷികഹസ്തിനപുരിയിൽ, അരോഗദൃഢഗാത്രരായ അഞ്ചു് അഭ്യാസികൾ, ബീജം അമാനുഷരുടേതാണെന്നു പരക്കെ സംശയിക്കപ്പെടുന്നവർ, ഇരുന്നു യാചിച്ചു വാങ്ങിച്ചില്ലേ അക്ഷയപാത്രം? അധ്വാനത്തിന്റെ മഹത്വം അതോടെ അവർ ഇടിച്ചുതാഴ്ത്തിയില്ലേ?” കെ പി നിർമൽ കുമാറിന്റെ ഇന്നത്തെ അതിഥി അതീതശക്തിയിൽ പറയുന്ന ഈ പ്രയോഗത്തെ തീവ്രവും മധ്യമവുമായ ഇടതുപക്ഷം മാത്രമല്ല സെക്കുലർ എന്നും യുണൈറ്റഡ് എന്നുമൊക്കെ ബ്രാക്കറ്റിലിട്ടു് സോഷ്യലിസം പറയുന്നവർ പോലും കടുത്ത ഭാഷയിൽ വിമർശിച്ചു കളയും. ഇതു റേഷൻ പോലെയും സ്കൂളുകളിലെ ഉച്ചഭക്ഷണം പോലെയുമുള്ള എല്ലാ സങ്കൽപങ്ങളേയും അപ്രസക്തമാക്കുന്ന പ്രസ്താവനയാണു്. എല്ലാവരും അധ്വാനിച്ചു് തുല്യമായി കിട്ടുന്ന പ്രതിഫലം കൊണ്ടു മാത്രം ജീവിക്കുന്ന ഒരു ലോകമാണെങ്കിൽ മാത്രമാണു് ഈ ചോദ്യത്തിനു് പ്രസക്തി. ഇത്തരം ചോദ്യങ്ങളിലെല്ലാം കെ പി നിർമൽകുമാർ കൊണ്ടു നടക്കുന്ന ഒരു രാഷ്ട്രീയമുണ്ടു്. അച്ഛൻ അരചനായാൽ മക്കൾക്കും അരചനായല്ലാതെ ജീവിക്കാൻ കഴിയില്ലേ എന്ന ചോദ്യം. പഞ്ചപാണ്ഡവൻമാരോടുചോദിക്കുന്ന മട്ടിൽ അതു് മുതുമുതുമുത്തച്ഛൻ മുതൽ തുടങ്ങുന്ന രാഷ്ട്രീയ പാരമ്പര്യത്തിന്റെ തഴമ്പുമായി ഭരിക്കാൻ വരുന്നവരോടെല്ലാം ചോദിക്കും. ഇത്തരം ഒരു ചോദ്യം എന്റെ ഇൻബോക്സിലും സംഭവിച്ചു പോയവാരം. മിലൻ കുന്ദേരയെക്കുറിച്ചുള്ള കുറിപ്പിനു് വന്ന ചോദ്യമാണു് “നാൽപത്തിയഞ്ചു വയസ്സുവരെ നാട്ടിലും, പിന്നെ പ്രവാസിയായി ഫ്രാൻസിലും. എവിടെയാണു് പുള്ളിക്കാരൻ കഷ്ടപ്പെട്ടതു്?” പ്രാഗിൽ സ്വപ്നം കണ്ട വസന്തം പാരീസിൽ പൂത്തു എന്നു് മറുപടി നൽകി രക്ഷപെട്ടു. ചേലക്കരയുടെ അതീത സ്വപ്നമാണു് ആദ്യം വായിച്ച കെ പി നിർമൽ കുമാർ കഥ. അന്നു് കാണാതെ പഠിച്ച നാലുവരി സുഹൃദ് സദസ്സുകളിൽ പറഞ്ഞു് അർത്ഥം ചോദിച്ചു് കേട്ടിരിക്കുന്നവരെ കുഴക്കിയിട്ടുണ്ടു്.
“ബുദ്ധിവൈകല്യം വീണ അങ്ങാടിക്കുരുവികൾ ആൽമരച്ചില്ലയിൽ നിന്നു പറന്നു. ചെമ്മരിയാടുകളെ മേച്ചു പരദേശികൾ പാലസ് റോഡിലേക്കു പ്രവേശിക്കുകയായിരുന്നു. വെങ്ങാനല്ലൂർ റബർ എസ്റ്റേറ്റിൽ ഒട്ടകപ്പക്ഷികൾ കഴുത്തുകളാട്ടി അങ്ങാടിത്തെരുവിൽ കരഞ്ഞു. ഓവുചാലുകളുടെ തീവ്രഗന്ധം ചേലക്കരയിലേക്കു പൊങ്ങി.”
“രാജ്യത്തിന്റെ അഖണ്ഡതക്കായി കുരുക്ഷേത്രയിൽ വിഘടനവാദികൾക്കെതിരെ പൊരുതി സ്വജീവൻ ബലിദാനം ചെയ്ത ധീരദേശാഭിമാനിയാണെന്റെ ‘ഏക’ ജീവിതപങ്കാളിയെന്നു ദുര്യോധനവിധവ, പോർക്കളത്തിൽ പാഞ്ചാലിയെ നോക്കി അർത്ഥഗർഭമായി അവകാശപ്പെടുമ്പോഴൊന്നും അത്തരം അതിശയോക്തികൾ തിരസ്കരിച്ച നിങ്ങൾ എങ്ങനെ ഹസ്തിനപുരിയുടെ യമുനാതീര ദുര്യോധന ശവസംസ്കാരത്തിൽ പങ്കെടുത്തപ്പോഴേക്കും മട്ടും മൊഴിയും പാടേ മാറി?” കൊട്ടാരം ലേഖിക പുതിയ മഹാരാജാവു് യുധിഷ്ഠിരനോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിന പുരിയുടെ ആദ്യ ദിനങ്ങൾ.
“അന്തിമോചാരമർപ്പിക്കാൻ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി വരിനിന്ന ഹസ്തിനപുരിയിലെ ജനത മാത്രമല്ല, പോരാട്ടത്തിൽ എതിർഭാഗത്തു നിൽക്കേണ്ടി വന്ന ഞാനും ഇപ്പോൾ വിശ്വസ്ത ദുര്യോധനഭക്തൻ! തിരക്കുണ്ടു്, മഹാഭാരത യുദ്ധനായകന്റെ ആളുയരത്തിലുള്ള പഞ്ചലോഹപ്രതിമ ഹസ്തിനപുരി കോട്ടക്കു് മുമ്പിലെ നഗരചത്വരത്തിൽ എത്രയും വേഗം സ്ഥാപിക്കുക എന്നതാണെന്റെ പട്ടാഭിഷേകപ്രതിജ്ഞ, അതു് നിറവേറ്റാൻ കുറച്ചുകൂടി പരിശ്രമം വേണം. ഒരു കൈ ‘ഹസ്തിനപുരി പത്രിക’യും എന്നെ തുണക്കാമോ? പാഞ്ചാലിയെ അതുവരെ നീ അഭിമുഖം ചെയ്യരുതു്!”
“കിരീടാവകാശി പരീക്ഷിത്തിനെ നേരിടാനാവാകാതെ ഒതുങ്ങിക്കഴിയുന്ന പാണ്ഡവരെ ഒന്നൊന്നായഭിമുഖം ചെയ്തപ്പോൾ തോന്നി—ബഹുഭർത്തൃത്വദാമ്പത്യത്തിൽ നിങ്ങൾ പുരുഷാധിപത്യത്തിനടിയറവുവെച്ചതിലവർ സന്തുഷ്ടർ. എന്തെല്ലാം നിങ്ങൾ വാശിയോടെ നിഷേധിച്ചുവോ, അതെല്ലാം പരിമിതിയില്ലാതെ കിട്ടുന്നതിലാണവരുടെ ചാരിതാർഥ്യം. എന്താണിതിന്റെ പൊരുൾ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. പാണ്ഡവഭരണത്തിന്റെ അവസാനവർഷങ്ങൾ.
“വിശിഷ്ടാതിഥികളെ വഴുക്കിവീഴ്ത്തുന്ന മായികസഭാതലം ഇന്ദ്രപ്രസ്ഥത്തിൽ പണിതു സമ്മാനിച്ച വാസ്തുഗുരു മയൻ വിരുന്നു വന്നപ്പോൾ ഞാനവനോടു് ചോദിച്ചു, ഉടൽലാളനക്കായി ജീവൻ തുടിക്കുന്ന ദ്രൗപദീപാവ നിർമ്മിച്ചുതരാമോ? “ഉദ്ദേശ്യലക്ഷ്യം നേരിടാവുന്നത്ര പണിമികവോടെ ഞാൻ സമ്മാനിക്കട്ടെ” എന്നവൻ വാക്കുതന്നു. ദ്രൗപദീപാവകളെ രഹസ്യമായി ഓരോ പാണ്ഡവവസതിയിലും എത്തിക്കാനവനു കഴിഞ്ഞതു് കൊണ്ടാവാം, തുറന്നുപാണ്ഡവർ നിങ്ങളോടു പ്രീതിപ്പെട്ടതു്. എന്തെല്ലാം രതിലീലാമോഹങ്ങൾ പാണ്ഡവകരളിൽ പൂവണിയാതെ കിടന്നിരുന്നുവോ, മയൻനിർമ്മിത ‘മായാദ്രൗപദി’ മറയില്ലാത്ത സേവനസന്നദ്ധതയോടെ രാപ്പകൽ ചെയ്തു കൊടുക്കുമ്പോൾ, ആർമാദിക്കില്ലേ, ആൺ മനം!”
“ശന്തനു സത്യവതിക്കായി പണിത വാരണാവതം സുഖവാസ കൊട്ടാരം കത്തിച്ചതു പോകട്ടെ, അന്നം ചോദിച്ചുവന്ന ആറംഗ ആദിവാസി കുടുംബത്തെ വിഷം കൊടുത്തു തീയിൽ ചുട്ടുകൊന്നു്, മരിച്ചതു് പാണ്ഡവർ ആണെന്നു് വ്യാജ തെളിവുണ്ടാക്കാൻ ശ്രമിച്ച ഗുരുതരമായ ആരോപണത്തിനു് നാടുകടത്തൽ ശിക്ഷയാക്കാമെങ്കിലും അരമനയിൽ താമസിക്കാൻ അനുമതികൊടുത്ത ധൃതരാഷ്ട്രർ എവിടെ, ഷണ്ഡപാണ്ഡുവിന്റെ മക്കളാണു് ഞങ്ങൾ എന്ന അവകാശവാദവുമായി നാട്ടുകാരെ പറ്റിച്ചു് അനുകമ്പനേടുന്ന ഈ അഞ്ചു വയോജനങ്ങൾ എവിടെ!”
“രാജമാതാ സത്യവതി കാട്ടിൽ തീപ്പെട്ടിട്ടും, നാട്ടിൽ ദുഃഖാചരണന്നും കാണുന്നില്ലല്ലോ.” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
“സത്യവതിയുടെ മരണം ‘അനുശോചിക്കാ’നുള്ളതല്ല. ആദരാഞ്ജലികളും പ്രണാമവും കൊണ്ടു് അവസാനിപ്പിക്കുവാവുകയുമില്ല, ആ മരണം ‘ആഘോഷിക്ക’പ്പെടണം. മത്സ്യബന്ധനം ചെയ്താണവൾ വിവാഹത്തിനുമുമ്പു് അന്നന്നത്തെ അന്നം സമ്പാദിച്ചതു്. ‘മീൻനാറുന്ന സത്യവതി’യെ മഹാരാജാവു് ശന്തനു വിവാഹം കഴിച്ചു. അല്ല, ആരാണു് ഈ ശന്തനു? ദേവനർത്തകി ഗംഗയെ ഉപേക്ഷിച്ചവൻ എന്നുറക്കെ പറയണം ഈ ‘മഹനീയവ്യക്തിത്വ’ത്തെ അടയാളപ്പെടുത്തുവാൻ. അപ്പോൾ ‘വെപ്പാട്ടി’ മാത്രമായി കൊട്ടാരത്തിൽ തുടങ്ങിയ സത്യവതിയെങ്ങനെ ഹസ്തിനപുരിയുടെ ഭരണനിർവഹണം ഏറ്റെടുത്ത മഹാറാണിയും, രാജമാതാവുമായി? കുരുവംശപ്പൊലിമ നിലനിർത്തുവാൻ വേണ്ട ജനസ്വാധീനമുള്ള ചാലകശക്തിയായി? അങ്ങനെ വേണം നിങ്ങൾ വിലയിരുത്താൻ. ഒന്നേ എനിക്കറിയൂ, കുലീനതയുടെ ജാടകളിൽനിന്നു് രാജവംശത്തെ സത്യവതി രക്ഷിച്ചു. അതല്ലേ നൂറുനൂറായിരം നാടുവാഴികൾ ഉള്ള ആര്യാവർത്തത്തിൽ ഹസ്തിനപുരി മാത്രം ഐതിഹാസികമാനം കൈവരിച്ചതു്? ‘സത്യവതി സാമൂഹ്യവിപ്ലവത്തിന്റെ കാഹളം’ എന്നുച്ചരിച്ചതു വേറെ ആരുമല്ലല്ലോ സാംസ്കാരികനായകനായ ചാർവാകൻ. മൽസ്യബന്ധനത്തെ ഹസ്തിനപുരിയുടെ നിത്യവരുമാനമുള്ള ദേശീയഉത്സവമായി പ്രഖ്യാപിക്കാൻ രാജസഭയിൽ പ്രമേയം ഞാൻ അവതരിപ്പിക്കും. അതോടെ ഈ നദീതടസംസ്കാരത്തിന്റെ ഔദ്യോഗികതൊഴിൽ ജലകേന്ദ്രിതമാവും സത്യവതിയിന്നൊരു കരിക്കട്ടയായി മാറി എന്നതൊരു ഭൗതിക യാഥാർഥ്യമായിരിക്കാം, എന്നാലവൾ ഞങ്ങൾക്കെന്നും നവോത്ഥാന നായിക! ആയിടം തട്ടിയെടുക്കാനാണു് പാഞ്ചാലിയുടെ നേതൃത്വത്തിൽ പാണ്ഡവർ ഇപ്പോൾ ഇന്ദ്രപ്രസ്ഥത്തിൽ ആഞ്ഞു കളിക്കുന്നതു്. അതിനു തടയിടാൻ നീ തരില്ലേ ചുവരെഴുത്തുപതിപ്പിന്റെ തലവാചക ഇടം?”
“പാണ്ഡവപക്ഷത്തേക്കു കർണ്ണൻ സ്വാർത്ഥമോഹത്തോടെ കൂറു മാറിയാൽ, ‘ആജീവനാന്തസുഹൃത്തെ’ന്നുനോക്കാതെ, അവനെ ഓടിച്ചിട്ടുപിടികൂടി ദുര്യോധനൻ കുത്തിമലർത്തുമെന്നറിയാതെയാണോ, കുന്തി ‘ആദ്യപുത്ര’നെ വീണ്ടും പാണ്ഡവപക്ഷത്തേക്കു പ്രലോഭിപ്പിക്കാൻ കിണഞ്ഞു ശ്രമിച്ചതു്?”, കൊട്ടാരം ലേഖികയോടു് യുദ്ധകാര്യ ലേഖകൻ ചോദിച്ചു, കുരുക്ഷേത്ര അവസാനദിനങ്ങൾ.
“അർജ്ജുനനെ കർണ്ണൻ വധിക്കുന്നതെങ്ങനെ ഒഴിവാക്കണമെന്നാണു് കുന്തിയുടെ ഉള്ളിലിരുപ്പെങ്കിലും, വാതുറന്നുച്ചരിക്കാൻ പുറത്തെടുത്തതു്, ‘പാണ്ഡവപക്ഷത്തേക്കു കൂറുമാറിവന്നാൽ നീയാവും ഒരുപക്ഷേ, കുരുവംശകിരീടത്തിനു ആദ്യഅവകാശി. നാമമാത്ര അംഗരാജാവെന്ന വ്യാജപദവി തന്നു ദുര്യോധനൻ നിന്നെ ഏറെക്കാലം കബളിപ്പിച്ചപോലെയാണോ ദേശീയപ്രശസ്തിനേടിയ ഹസ്തിനപുരം? അതായിരുന്നു ദുരഭിമാനിയായ കർണ്ണനെ വീഴ്ത്താൻ കുന്തിയുടെ ആദ്യചൂണ്ട. അതിൽ കർണ്ണൻ കൊത്താതെ, നീണ്ടകാല ദുര്യോധനസൗഹൃദത്തിന്റെ കാണാച്ചരടുമായി കൗരവർ എന്നെ എന്നെന്നേക്കുമായി കെട്ടിയിട്ടല്ലോ അമ്മാ, എന്നുപരിതപിച്ചു. അപ്പോൾ കുന്തി ചുവടൊന്നു മാറ്റിപ്പിടിച്ചു വേറെ ചൂണ്ടയിട്ടു. നിനക്കു് ദ്രൗപദിയോടുള്ള പ്രത്യക്ഷ ശത്രുതക്കുപിന്നിൽ ഒടുങ്ങാത്ത രതിതൃഷ്ണയുണ്ടെന്നറിയാം. നീ ഞങ്ങൾക്കൊപ്പം വന്നാൽ പാഞ്ചാലി നിനക്കുവേണ്ടിയാവും ആദ്യപായ വിരിക്കുക. രതിയിൽ കൊത്തിയില്ലെങ്കിലും, കർണ്ണൻ ഇപ്പോൾ അർത്ഥഗർഭമായ മൗനത്തിലാണു്. ഇന്നറിയാം അർജ്ജുനനെ കൊല്ലാൻ കർണ്ണൻ ആത്മാർത്ഥമായും ശ്രമിക്കുമോ, പ്രണയിനിയുടെ പായക്കൂട്ടിൽ ഭ്രമിച്ചു പാണ്ഡവനാവുമോ!”
“ലൈംഗികാതിക്രമം കഴിഞ്ഞിട്ടു് കാലമെത്രയായി! ചെയ്തതാരെന്നു പരാതിയിൽ പരാമർശവുമില്ല. എവിടെനിന്നു, എങ്ങനെ നീതി കിട്ടുമെന്നാണു് നിങ്ങൾ വിചാരിക്കുന്നതു്?”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. വിവാഹപൂർവരതിയിൽ ജനിച്ച കർണ്ണൻ, അർജ്ജുനനെ പ്രതിയോഗിയായി വിഭാവനചെയ്യുന്ന കാലം.
“പണസംബന്ധമായ കൊടുക്കൽ വാങ്ങലുകൾ മാത്രമല്ലെ കാലഹരണപ്പെടൂ? ഇതിൽ നാണയത്തിനെന്തു സാംഗത്യം? സ്ത്രീത്വത്തിനു നേരെയുണ്ടായ കടന്നാക്രമണം, ആൾമാറാട്ടം തുടങ്ങി, വധശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാവുമ്പോൾ തുടർനടപടി വൈകരുതെന്നു ഞാൻ ആവശ്യപ്പെട്ടു. വ്യവസ്ഥാപിത നിയമവാഴ്ചയുണ്ടോ കുരുവംശത്തിൽ എന്നു് ഇരയെന്ന നിലയിൽ എനിക്കു് നേരിട്ടു് കണ്ടെത്തുകയും ചെയ്യാം. വിവാഹപൂർവ്വകാലത്തെ നിഷ്കളങ്കാവസ്ഥയിൽ, ശാരീരികവളർച്ചയോടുബന്ധപ്പെട്ട അനിയന്ത്രിത ചോരയോട്ടത്തിൽ ഞാൻ, അപരിചിതപുരുഷ പ്രലോഭനത്തിനു വഴങ്ങി എന്ന യാഥാർഥ്യം നീതിപീഠം അംഗീകരിച്ചാൽ പോലും, വേഷംമാറി വന്നു എന്റെ ശരീരത്തിൽ അധീശത്വം പുലർത്തി, ആസ്വാദനരതിയിലൂടെ ഉദ്ദേശ്യലക്ഷ്യം നേടി ഒളിച്ചോടിയവനെ പ്രതിക്കൂട്ടിൽ പൊരിപ്പിക്കാൻ എനിക്കുമുണ്ടാവില്ലേ പ്രേരണ, മനസാക്ഷിസമ്മർദ്ദം? അസാധാരണ പുരുഷശരീരത്തിനു കീഴ്പ്പെടുമ്പോൾ സംസാരശേഷി നഷ്ടപ്പെട്ടതുകൊണ്ടു്, “ആരാണു് നിങ്ങൾ?” എന്നു് മുഖത്തു് നോക്കി ചോദിക്കാൻ കഴിഞ്ഞില്ലെങ്കിലും, ‘വെളിച്ചങ്ങളുടെ തമ്പുരാൻ’ എന്നാണയാളുടെ പകൽപദവി എന്നറിയാൻ സൗകര്യമായി സാഹചര്യം. കാര്യം നടന്നയാൾ തിരുവസ്ത്രം ധരിച്ചു ആയിരം വെള്ളക്കുതിരകളെ പൂട്ടിയ രഥത്തിൽ കയറുംമുമ്പെന്റെ ചെവിയിൽ മന്ത്രിച്ചു, പ്രസവിക്കുന്നെങ്കിൽ ചോരക്കുഞ്ഞിനെ മുലപ്പാൽ കൊടുക്കാതെ പനംകുട്ടയിലിട്ടു നീ പുഴയിലൊഴുക്കണം. പ്രകുതി ഉറപ്പുവരുത്തട്ടെ നവജാതശിശുപരിപാലനവും പരിരക്ഷയും. കന്യകയല്ലെന്നുമനഃസാക്ഷിയോടു കുമ്പസാരിക്കാതെ വേണം യുവഹസ്തിനപുരിരാജാവു് പാണ്ഡുവുമായി വിവാഹത്തിനു് വസ്ത്രങ്ങൾ ധരിക്കാൻ. അങ്ങനെ മധുരപദങ്ങൾ പറഞ്ഞു, ഒരു പെണ്ണുടൽ ചതിച്ചുകീഴ്പ്പെടുത്തിയവൻ ഹസ്തിനപുരി നിയമസംഹിതയുടെ മുമ്പിൽ കൈകെട്ടി തലകുനിച്ചു നിന്നു് വേണ്ടേ ശിക്ഷ സ്വീകരിക്കാൻ?” പെട്ടെന്നൊരു വൻയുദ്ധമേഘത്തിനു വഴിമാറിക്കൊടുക്കാനാവതെ വെളിച്ചങ്ങളുടെ തമ്പുരാൻ പൊടുന്നനെ അപ്രത്യക്ഷനായി, അവിടം ഇരുൾ നിറഞ്ഞു.
“ദ്രോണശിക്ഷയിൽ കടന്നുപോയിട്ടും, നിവർന്നുനടന്നു തിരിച്ചു വന്നല്ലോ ബാലഭീമൻ!” കൊട്ടാരം ലേഖിക ചോദിച്ചു, “ദ്രോണന്റെ മുമ്പിൽ മാപ്പപേക്ഷിച്ചു അല്ലേ.”
“തിരിച്ചുവിളിപ്പിച്ചതു് ഭീഷ്മആജ്ഞയിൽ ഗുരുദ്രോണർ തന്നെ. അഭയം തേടിവന്ന പാണ്ഡവർ ദ്രോണന്റെ സ്വകാര്യഅടിമകൾ അല്ലെന്നും, മുൻ മഹാരാജാവു് പാണ്ഡുവിന്റെ പിന്തുടർച്ച അവകാശം ഔദ്യോഗികമായി നേടിയ പാണ്ഡവർ ആണെന്നും ദ്രോണർക്കു ഭീഷ്മർ നയചാതുര്യമൊന്നും കലർത്താതെ വ്യക്തമാക്കിക്കൊടുത്തു. ജാതിമേന്മ കാണിക്കുന്ന ചിഹ്നങ്ങൾ വേഷത്തിലും ഭാഷയിലും കാണിക്കുന്നതിനു് ദ്രോണർക്കിപ്പോൾ പുതിയ വിലക്കുണ്ടു്. കൗരവരും പാണ്ഡവരും തമ്മിലുള്ളതു് സമാന കൗമാരപ്രായക്കാരുടെ സൗഹൃദമത്സരമാണെന്നും, നാളെ ഹസ്തിനപുരിക്കൊരു പൊതുശത്രുവുണ്ടായാൽ, അവരെ സംയുക്തമായി നേരിടാൻ വേണ്ട കുരുവംശീയതയിലൂന്നിയ പോരാട്ടഊർജ്ജം അവരിൽ ഉണ്ടെന്നും ഭീഷ്മർ ചൂണ്ടിക്കാട്ടി. അധ്യാപകൻ എന്നതൊരു വെറുക്കപ്പെട്ട വ്യക്തി ആവാതിരിക്കാൻ അധികാരപ്രകടനങ്ങൾ പെരുമാറ്റത്തിൽ വേണ്ട എന്നും ഉപദേശിച്ചു. രാവിലെ പഠനം തുടങ്ങാനായി വിദ്യാർത്ഥികളും ദ്രോണസഹപ്രവർത്തകരും ഉള്ള സദസ്സിൽ ആയിരുന്നു ഭീഷ്മർ ദ്രോണരെ ഗുണദോഷിച്ചതു്. ഭീഷ്മർക്കു് മുമ്പിൽ ദ്രോണർ സാഷ്ടംഗം നമസ്കരിക്കാൻ തുടങ്ങിയപ്പോൾ ഭീഷ്മർ എന്നെ വാത്സല്യത്തോടെ ചൂണ്ടിക്കാട്ടി, കുഞ്ഞിന്റെ പിതൃത്വം ശരീരവലുപ്പം ഭക്ഷണരീതി മന്ദബുദ്ധി ശിശുപ്രകൃതം ഇവയെക്കുറിച്ചൊന്നും പരിഷ്കൃതപെരുമാറ്റമുറവിട്ടൊരു വാക്കോ മുഖഭാവമോ ദ്രോണമുഖത്തു കണ്ടുകൂടെന്നും ഓർമ്മിപ്പിച്ചു. ഞാനും അപ്പോൾ വിട്ടുവീഴ്ചയോടെ ദ്രോണരെ ഇടതു കൈകൊടുത്തുയർത്തി.”
“കുന്തിയിൽ ബീജം വിതച്ചതു് പാവം പാണ്ഡുവല്ല, ദേവത വായുവാണെന്നു ഐതിഹ്യമുണ്ടു് എന്നാൽ വായുപുത്രൻ ഭീമൻ ഇപ്പോൾ കൊയ്യുന്നതു് കൊടുംകാറ്റാണല്ലോ. വാർത്ത കേട്ടു, മാലിന്യം പരത്തുന്ന വായുപുത്രനെ ദ്രോണർ, നഗരാതിർത്തിയിലെ ഗുരുകുലത്തിൽനിന്നും മാതൃകാപരമായി നാടുകടത്തി!” കൊട്ടാരം ലേഖിക കൗരവ അരമനവക്താവിനോടു് ചോദിച്ചു, പാണ്ഡവരും കൗരവരും ദ്രോണഗുരുകുലത്തിൽ സൈനിക പരിശീലനം നേടുന്ന മത്സരകാലം.
“പിന്നെ വാർത്ത കേൾക്കില്ലേ! ഗുരുകുല സൈനിക പരിശീലനത്തിൽ ഇരു അർദ്ധസഹോദരരും ഉത്സാഹത്തോടെ പങ്കെടുക്കുമ്പോൾ, മത്സരവഴിയിൽ അന്യായമായി തടസ്സം സൃഷ്ടിക്കുക, ലജ്ജാശീലരായ കൗരവക്കുട്ടികളിൽ ദേഹോപദ്രവം ഏൽപ്പിക്കുക, കുറ്റകരമായി ഗുരുകുലവസ്തുക്കൾ കയ്യേറ്റം ചെയ്യുക, ദ്രോണപുത്രിമാരെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കയ്യേറ്റവും ബലപ്രയോഗവും ചെയ്യുക അപകീർത്തി വരുത്തുന്ന രീതിയിൽ ദ്രോണരുടെ ധനമോഹത്തെ പരസ്യമായി പരിഹസിക്കുക എന്നിവയൊക്കെ, താക്കീതിനുശേഷവും തുടർന്നാൽ, പിന്നെ അനാഥകൗന്തേയരെന്ന പേരിൽ കരുണ നഷ്ടപ്പെട്ടു, നാടുകടത്തലിനു സാഹചര്യമുണ്ടാവില്ലേ. വെറുതെയാണോ ബീജദാനം വായു ഭഗവാനിൽനിന്നല്ല കാട്ടാളനിൽനിന്നായിരിക്കാമെന്നു കൊട്ടാരഗുരു കൃപർ, കുന്തിയുടെ സാന്നിധ്യത്തിൽ നിരീക്ഷിച്ചതു്. അന്നം കിട്ടാതെ അലയട്ടെ അപ്പോൾ പാഠം പഠിച്ചു തിരിച്ചുവരും മുടിയനായ പുത്രൻ.”
“ആൾക്കൂട്ടവിധി’യുണ്ടായല്ലോ, രണ്ടു പർവ്വങ്ങൾ പ്രസിദ്ധീകരിച്ചപ്പോഴേക്കും! ഭയന്നോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“കൗരവരും പാണ്ഡവരും വാളോങ്ങുമെന്നാരോർത്തു? വിചിത്ര വീര്യന്റെ രണ്ടു വിധവകളിൽ എനിക്കുണ്ടായ വിലക്ഷണസന്തതികളാണു് ധൃതരാഷ്ട്രരും പാണ്ഡുവുമെന്ന ചരിത്രരചന ഉടച്ചുവാർത്തില്ലെങ്കിൽ, സുരക്ഷ ഏറ്റെടുക്കില്ലെന്ന ഔദ്യോഗിക പ്രസ്താവന ‘വന്നതോടെ, ചാർവാകൻ ഈ കുടിലിലേക്കു് എന്നെ സ്വാഗതം ചെയ്തു. താടിയും മുടിയും വടിച്ചുവരുത്തിയ രൂപമാറ്റരഹസ്യം അങ്ങനെത്തന്നെ നിൽക്കട്ടെ, നിങ്ങളും അക്ഷരം കൊണ്ടു അന്നം തേടുന്ന വ്യക്തിയല്ലേ. കൗരവരും പാണ്ഡവരും കൂട്ടുകൂടി ഒരൊറ്റ വഞ്ചിയിൽ ഇരുന്നാണു് എന്നെ ‘വലവീശി’പിടിക്കാൻ ശ്രമിക്കുന്നതു്. ആദിപർവ്വം പിൻവലിച്ചു തീയിലിട്ടു എന്നു് നിങ്ങൾ സാക്ഷ്യപത്രം പ്രസിദ്ധീകരിച്ചാൽ ഞാൻ ധന്യൻ! അധികാരവഴിയിൽ പോരടിച്ചു ഇവരുടെയൊക്കെ ദുരന്തം സംഭവിക്കുന്ന സാഹചര്യമുണ്ടായാൽ, പതിനെട്ടു പർവ്വങ്ങളിൽ മഹാഭാരതം എഴുതുമ്പോൾ, നിങ്ങൾ വേണം യഥാർത്ഥകഥ വെളിച്ചം കാണിക്കാൻ” ദക്ഷിണാപഥത്തിൽ നിന്നു് യുക്തിവാദി ചാർവാകൻ കൊണ്ടു വന്നു സൂക്ഷിച്ച ആനത്തലയോളം പനയോലക്കെട്ടുകളിലേക്കു പ്രത്യാശയോടെ തിരിഞ്ഞു. നാരായം വിരലുകൾക്കിടയിൽ കവിപരിലാളിച്ചു.
“ഗൂഢലക്ഷ്യത്തോടെയാണുചൂതാട്ടത്തിനു നിങ്ങൾ പാണ്ഡവരെ ഹസ്തിനപുരിയിലേക്കു ക്ഷണിച്ചതെന്നൊക്കെ ഇന്നു് കൊട്ടാര രഹസ്യമൊന്നുമല്ലെങ്കിലും, എന്തായിരുന്നു ചൂതാട്ടത്തിലൂടെ ‘രാജസൂയചക്രവർത്തി’ യുധിഷ്ഠിരനെ കൗരവ അടിമയാക്കണമെന്ന ദൃഢനിശ്ചയത്തിനു പിന്നിൽ?” കൊട്ടാരം ലേഖിക ചോദിച്ചു. തെളിഞ്ഞ പ്രഭാതവെയിലിൽ കോട്ടക്കപ്പുറത്തെ രാജവീഥിയിലൂടെ മരവുരി ധരിച്ചും, മുഖം മറച്ചും, തലതാഴ്ത്തി കാട്ടിലേക്കു് നഗ്നപാദരായി നടന്നിരുന്ന ആറംഗ പാണ്ഡവസംഘത്തെ മട്ടുപ്പാവിൽ നിന്നു് അവർക്കു കാണാമായിരുന്നു.
“ഇന്ദ്രപ്രസ്ഥം കൊട്ടാരത്തിലെ സഭാതലത്തിൽ സ്ഥലജലഭ്രമത്തിൽ വഴുക്കിവീണതൊക്കെ പൊറുക്കാൻ, സാമന്തപദവിയിലേക്കു താഴ്ത്തപ്പെട്ടിരുന്ന ഞങ്ങൾക്കായി. പക്ഷേ, പിന്നീടുള്ള കഴിഞ്ഞ എട്ടൊമ്പതു വർഷങ്ങളിൽ പാഞ്ചാലി ഞങ്ങളെ പ്രകോപിച്ചിരുന്നതു കേട്ടാൽ നിങ്ങൾ ഞെട്ടും. കുറെ ഭരണകൂട മണിമന്ദിരങ്ങൾ അല്ലാതെ വ്യവസ്ഥാപിതരാഷ്ട്രം ആയിരുന്നില്ലല്ലോ ഇന്ദ്രപ്രസ്ഥം. നിങ്ങളും അവിടെയൊക്കെ ചുറ്റിക്കറങ്ങിയതല്ലേ. രാഷ്ട്രതന്ത്ര വിദ്യാഭാസമോ ധനസമാഹരണമോ ഇല്ല. ഭാരിച്ച നിത്യച്ചെലവൊക്കെ ഹസ്തിനപുരി വഹിക്കണം എന്നൊരു പരുക്കൻ തീരുമാനത്തിലവർ ഇന്ദ്രപ്രസ്ഥം ഊട്ടുപുര ദൈനംദിന ആഘോഷമാക്കാനും, വിദേശത്തുനിന്നു കുതിരകളെ വാങ്ങാനും, ഗോശാല നിറക്കാനും പുത്തൻ ആവശ്യങ്ങളുടെ നീണ്ട പനയോലപട്ടികയുമായി രാജദൂതൻ വന്നു എന്റെ കാര്യാലയത്തിൽ ഇടിച്ചുകയറി ഞങ്ങളോടു് തട്ടിക്കയറും. പല്ലു ഞെരിക്കുന്ന ഇരമ്പൽ പുറത്തു വരാതെ ഞങ്ങളതൊക്കെ എളിമയോടെ ഏറ്റെടുത്തു ചെയ്തു. എന്നിട്ടും അവർ ഞങ്ങളെ വിട്ടില്ല. അഞ്ചോളം വരുന്ന പാഞ്ചാലിക്കുട്ടികളെ ഇന്ദ്രപ്രസ്ഥത്തിൽ നിന്നു് പാഞ്ചാലയിലേക്കു കൊണ്ടുപോകാൻ കൗരവരാജസ്ത്രീകൾ പത്തുപേർ എങ്കിലും പാഞ്ചാലിക്കൊപ്പം ദാസികളായി കൂടെ പോണം എന്ന ആവശ്യവുമായി ഭീമൻ ആളെ അയച്ചു. അനുസരിക്കേണ്ടിവന്നു. ഒരു മാസം പിടിച്ചു, പത്തു കൗരവ രാജസ്ത്രീകൾ, ആദ്യം ഇന്ദ്രപ്രസ്ഥത്തിൽ പോയി കുട്ടികളുടെ പരിപാലന ചുമതയേറ്റെടുത്തു, പാഞ്ചാലിയുടെ ദാസിപദവിയിൽ പാഞ്ചാലയിൽ എത്തി, കുട്ടികളെ കൊട്ടാരത്തിൽ ഏൽപ്പിച്ചു മടങ്ങി, വീണ്ടും ഇന്ദ്രപ്രസ്ഥത്തിൽ പാഞ്ചാലിയെ എത്തിച്ചു, ഉപചാരത്തോടെ യാത്ര പറഞ്ഞു ഹസ്തിനപുരിയിൽ എത്താൻ. എന്റെ ഭാര്യ പൊട്ടിക്കരഞ്ഞു—ഇതിനാണോ കലിംഗദേശത്തിൽ നിന്നു് എന്റെ അച്ഛൻ നിങ്ങളുടെ വധുവായി എന്നെ കുരുവംശത്തിലേക്കയച്ചതു്? കൗരവരാജസഭയിലെത്തിയാണവൾ കൈകൾ നീട്ടി ധൃതരാഷ്ട്രർക്കു് മുമ്പിൽ വാവിട്ടു വിലപിച്ചതു. അന്നു് ഞാൻ എഴുനേറ്റുനിന്നു് മഹാരാജാവിനു വാക്കുകൊടുത്തു—അനുമതി തന്നാൽ, അടുത്ത വാവിനു് മുമ്പു് ഞാൻ പാണ്ഡവരെ അടിമകളാക്കി ഈ കോട്ടക്കകത്തുനിന്നു് തലമൊട്ടയടിച്ചു, പുള്ളികുത്തി, കഴുതപ്പുറത്തിരുത്തി കാട്ടിലേക്കു് എന്നെന്നേക്കുമായി യാത്രയാക്കും നിങ്ങൾ അഭിമുഖത്തിനു് വരുന്നതിനു അൽപ്പം മുമ്പു് ഭാര്യ എന്നോടു് പ്രകോപനപരമായി ചോദിച്ചു.”
“വാക്കു പാലിച്ചില്ലല്ലോ ഭീരൂ, എവിടെ നിങ്ങൾ പറഞ്ഞ കഴുതപ്പുറസവാരി? പാഞ്ചാലിയോടുള്ള പ്രണയം കാരണം ആ അവമതി നിങ്ങൾ ഒഴിവാക്കിയോ?”
“നിങ്ങൾ കുളിച്ചു ഉടുത്തൊരുങ്ങുമ്പോൾ മറ്റുനാലു പാണ്ഡവർക്കുള്ളം നീറുകയാണു് എന്നോ? എന്തുണ്ടായി?”, കൊട്ടാരം ലേഖിക ഇളമുറ മാദ്രിപുത്രൻ സഹദേവനോടു് ചോദിച്ചു. പാണ്ഡവരും പാഞ്ചാലിയും ഇന്ദ്രപ്രസ്ഥത്തിൽ വെപ്പും പൊറുതിയും തുടങ്ങിയ കാലം. ജാലകത്തിന്നപ്പുറത്തു പുതുകുടിയേറ്റ കുടുംബങ്ങൾ വെള്ളവുമായി പോവുന്നതു് കാണാമായിരുന്നു.
“ഇന്നു് രാത്രിയും, പ്രിയപാഞ്ചാലി ഊഴ ക്രമം തെറ്റിച്ചു എന്നോടൊപ്പം പായപങ്കിടുന്നു എന്നറിഞ്ഞാൽ ആരുടെ ഉള്ളവും നീറില്ലേ!”
“നിങ്ങൾ അധികാരശ്രേണിയിലൊരു സാമന്തരാജകുടുംബമല്ലേ, എങ്ങനെ രാജസൂയഇന്ദ്രപ്രസ്ഥത്തിൽ കയറി അധികാരം പിടിച്ചു? വസ്ത്രാക്ഷേപവിവാദം കുതിരപ്പന്തിചർച്ചകളിൽ സഹിക്കവയ്യാതെ, ജനശ്രദ്ധതിരിക്കാനൊരു മിന്നൽ ആക്രമണം, അങ്ങനെയാണോ ഞങ്ങൾ വായിച്ചെടുക്കേണ്ടതു്?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. കൂടുതൽ ആയുധങ്ങളും സന്നാഹവുമായി രണ്ടാംഘട്ട കൗരവസൈന്യം ഇന്ദ്രപ്രസ്ഥത്തിലേക്കു തിരിക്കുന്ന സംഘർഷ ദിനം.
“അർദ്ധനഗ്നഅടിമപ്പെൺ ചൂതാട്ടസഭയിൽ ഇടിച്ചുകയറി ബഹളം വച്ചപ്പോൾ, ഉന്തുംതള്ളിലും തുണിയൂരിപ്പോയപോലെയാണോ, ഇന്ദ്രപ്രസ്ഥത്തിൽ അധികാരം കയ്യാളിയ അഞ്ചു സ്വേച്ഛാധിപതികൾ, ഉന്മത്തരായി, വഴിയിൽ കാണുന്ന കുലീനസ്ത്രീകളെ കടന്നുപിടിക്കുന്നതും, പാതിവ്രത്യം കളങ്കപ്പെടുത്തുന്നതും? ഇന്ദ്രപ്രസ്ഥം എന്ന കുടിയേറ്റനാട്ടിൽ ഒതുങ്ങിയില്ല പാണ്ഡവരുടെ സ്ത്രീ വിരുദ്ധപരാക്രമങ്ങൾ എന്നോർക്കണം. ദ്വാരകയിൽ എനിക്കായി ഗുരുനാഥൻ ബലരാമൻ ഒരുക്കിയ വിവാഹത്തെ തടസ്സപ്പെടുത്തി, അർജ്ജുനൻ സുഭദ്രയെതട്ടിക്കൊണ്ടുപോയപ്പോൾ ഞാൻ ഉറച്ചു, വൈകില്ല അഞ്ചോളം വരുന്ന പാണ്ഡവഅക്രമികൾക്കുള്ള സദാചാര ബോധവൽക്കരണം. ചൂതാടാൻ ക്ഷണിച്ചു ആ കെണിയിൽ അവർ വീണു. അഭിജാതസ്ത്രീകൾക്കു നേരെ അക്രമമുണ്ടാ യാൽ, ഗാന്ധാരിയുടെ നൂറുമക്കൾ കയ്യും കെട്ടി നിൽക്കില്ല എന്നു് ബോധ്യം വന്നു, ഞങ്ങളുടെ പിതാമഹനും കുടുംബചരിത്രകാരനുമായ വ്യാസനു. നന്മ ഞങ്ങൾക്കൊപ്പം എന്നുതെളിഞ്ഞല്ലോ, ആഘോഷിക്കൂ ജഗത്തിന്നുത്സവവേള,യിന്നു, വേല നാളെ മതി!”
അരമനവക്താവു്, തക്ഷശിലയിലെ പൂർവ വിദ്യാർത്ഥി, യുദ്ധത്തിൽ നിന്നും, അധികാര സംഘർഷങ്ങളിൽ നിന്നും അകന്നു നടന്നു കൊണ്ടു് മറഞ്ഞുനിന്ന ആൾ സിംഹാസനത്തിൽ കണ്ണു് വെച്ചിരിക്കുന്നു? പാണ്ഡവരുടെ അവകാശവാദത്തിന്റെ മർമ്മത്തിൽ തന്നെയാണയാൾ തക്ഷശിലയിൽ പഠിച്ച രാഷ്ട്രതന്ത്രപാഠങ്ങൾ പരീക്ഷിക്കുന്നതു്. ഹസ്തിനപുരിയിൽ D N A ലാബുകൾ ഇല്ലാത്തതു് ഒരു അനുകൂല ദൃക്സാക്ഷിയുടെ സാധ്യത അവശേഷിപ്പിക്കുന്നു. മാതൃവാക്യത്തിലും വലിയ തെളിവെന്തുണ്ടു് എന്നു് അവസാനശ്രമം നടത്തുന്ന വിദുരരുടെ സ്വത്വപ്രതിസന്ധി ലേഖികയുണ്ടോ അറിയുന്നു! സംഭവബഹുലമായ യുദ്ധത്തിനു് ശേഷവും ഹസ്തിനപുരി അശാന്തമാണു് കെ പി നിർമൽ കുമാറിന്റെ കഥ മാധ്യമം വാരികയിൽ.
“ചതിച്ചുകൊന്ന കർണ്ണനു ബലിയിടുമോ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. കുളിച്ചു ഈറനുടുത്ത പാണ്ഡവർ കുന്തിയുടെ സാന്നിധ്യത്തിൽ, പുരോഹിതാജ്ഞക്കായി കാത്തു നിൽക്കുന്നനേരം. പുണ്യനദിയിലെ ബലിയിടം.
“നിങ്ങൾക്കു ഭൗതികമായി മാത്രമേ ഈ ലോകത്തിൽ ചിന്തിക്കാനാവൂ എന്നുണ്ടോ? പോരാട്ടത്തിൽ സംഭവിക്കാവുന്ന ജീവഹാനി കർണ്ണശരീരത്തിനല്ലേ? രണ്ടിലൊരാൾ വധിക്കപ്പെടുന്നതൊക്കെ യുദ്ധത്തിൽ നാം കണ്ടുപരിചയിച്ചതല്ലേ? കൗന്തേയരെന്ന നിലയിൽ എനിക്കും കർണ്ണനും പ്രകൃതി തന്നതു് ഒരേ മാതാവിന്റെ ജീവകോശമല്ലേ? പോരാട്ടവധത്തിൽ ഒതുങ്ങുമോ മനുഷ്യനേത്രങ്ങൾക്കു വഴങ്ങാത്ത സൂക്ഷ്മലോകം? കേവലമൊരു അധികാരതർക്കത്തിൽ അവസാനിക്കുമോ കർണ്ണനുമായുള്ള ജനിതകബന്ധം? മാരകായുധങ്ങൾ കൊണ്ടു് ഉന്മൂലനം ചെയ്യാനാവുമോ അന്തമില്ലാപ്രപഞ്ചത്തിൽ എന്നെന്നും ഒളിഞ്ഞും തെളിഞ്ഞും നിലനിൽക്കാൻ വിധിക്കപ്പെട്ട നാം മനുഷ്യാത്മാക്കൾ!”
“വിഘടനവാദികളെ നേരിടുന്നതിനിടയിൽ സ്വജീവൻ ബലിദാനം ചെയ്ത ധീരദേശാഭിമാനി ദുര്യോധനന്റെ വിധവയല്ലേ നിങ്ങൾ?” ഹസ്തിനപുരി കൊട്ടാരത്തിലെ അന്തഃപുരത്തിൽ കണ്ടു മിണ്ടി പരിചയിച്ചിരുന്ന സ്ത്രീയെ ആകസ്മികമായി വൃദ്ധസദനത്തിൽ കണ്ട ഞെട്ടലിൽ കൊട്ടാരം ലേഖിക കൈപിടിച്ചു് ചോദിച്ചു. പാണ്ഡവർ അധികാരത്തിൽവന്ന അന്ധകാര യുഗം.
“ഒരു കുരുക്ഷേത്രവിധവ!”
“പണയം എന്ന പദം കേട്ടാലുടൻ ക്ഷോഭിക്കുന്ന ഭാര്യയെ എങ്ങനെ സഹിക്കുന്നു ഭർത്താക്കളായ നിങ്ങളഞ്ചുപേരും?”, പാണ്ഡവർ നിറനിലാവിൽ അലയുന്നതു് കണ്ട കൊട്ടാരം ലേഖിക പരിതാപത്തോടെ അന്വേഷിച്ചു. വനവാസക്കാലം.
“ആരെ കുറിച്ചാണു് നിങ്ങൾ കാര്യമറിയാതെ അഭിപ്രായം ചോദിക്കുന്നതു്? പ്രതിഷേധവും ഹർഷോന്മാദവും മിതമായ കൗശലത്തോടെ ബഹുഭർതൃത്വവേദിയിൽ ആവിഷ്കരിക്കുന്ന അഭിനേത്രി പാഞ്ചാലി എവിടെ, അന്തഃപുര മട്ടുപ്പാവിൽ നിലാവു് പെയ്യുന്ന വേനൽക്കാല രാത്രികളിൽ, വസ്ത്രരഹിതശരീരങ്ങൾ ഇളക്കിയും ആടിയും, വടക്കൻ നിരകളെ നോക്കി ഉന്മാദത്തിൽ പൊട്ടിച്ചിരിക്കയും, ഭീതിതമായി നിലവിളിക്കയും ചെയ്യുന്ന കൗരവരാജവധുക്കൾ എവിടെ!”
“ആകെയുള്ള കിരീടാവകാശിയെ ആദ്യാക്ഷരം പഠിപ്പിക്കുന്ന വിടുപണിയാണപ്പോൾ ‘ചിരഞ്ജീവി കൃപാചാര്യ’നു് വകുപ്പുമേധാവി നകുലൻ വീതിച്ചു തന്നതു് അല്ലെ”, യുദ്ധകാര്യ ലേഖകൻ അർത്ഥം വച്ചു അന്വേഷിച്ചു.
“അങ്ങനെയാണോ ‘ഹസ്തിനപുരി പത്രിക’ യുദ്ധാനന്തര ഭരണകൂടത്തിൽ എന്റെ കൊട്ടാരപദവി നിർവചിക്കുന്നതു്? സ്ഥാനമൊഴിയുന്ന ധൃതരാഷ്ട്രർക്കും മഹാറാണിക്കും കഴിയുന്നത്ര രാജകീയ സൗകര്യങ്ങൾ മുമ്പെന്നപോലെ നിലനിർത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വം വിലപേശലിലൂടെ യുധിഷ്ഠിര ഭരണകൂടത്തിൽ നിന്നു നേടിയെടുക്കാൻ എനിക്കാണു് നിയോഗം. കൂട്ടത്തിൽ അഭിമന്യുമകൻ പരീക്ഷിത്തിനെ രണ്ടക്ഷരം പഠിപ്പിക്കും, ഭാവിരാജാവല്ലേ!” മുറിപ്പെട്ട അഹന്ത താലോലിച്ചു മുഖം നോക്കാതെ കൃപാചാര്യൻ പറഞ്ഞു.
“എന്തു് പറ്റി? പാഞ്ചാലിയെ പോലെ ഭർത്താക്കന്മാർക്കു് പാളയത്തിൽ സേവനം ചെയ്യാൻ പോയി, പെട്ടെന്നു് പോർക്കളത്തിൽ നിന്നും മടങ്ങിയല്ലോ.” കൊട്ടാരം ലേഖിക ചോദിച്ചു.
“നിക്ഷിപ്തതാല്പര്യമുള്ള പാണ്ഡവർ ആണെന്നു് പിന്നീടു് മനസ്സിലായി, സന്ധ്യക്കു് പതുങ്ങിവന്നു ഞങ്ങളെ റാഞ്ചി. വിവസ്ത്രരാക്കിയും അവമതിച്ചും ഭീഷണിപ്പെടുത്തിയാൽ, ജീവനും കൊണ്ടു് മടങ്ങുകയല്ലാതെ, വാളെടുത്തവരുടെ നേരെ ഞങ്ങൾ അബലകൾക്കു വെളിച്ചപ്പെടാനാവുമോ.”
“അർജ്ജുനൻ കർണ്ണനെ കൊല്ലുന്നതും, ഭീമൻ ദുര്യോധനനെ കൊല്ലുന്നതും ഞാൻ വാർത്തകളാക്കി. എന്നാൽ ‘ഗാന്ധാര ഭൂപതി’ശകുനിയെ കൊല്ലാൻ അവസരം കിട്ടിയ നിങ്ങൾ ആ കുരുട്ടുബുദ്ധിയുടെ നെഞ്ഞുപിളർത്താൻ ആഞ്ഞുവെട്ടണം എന്നായിരുന്നുവോ നിയോഗം? എങ്ങനെ ഓർക്കുന്നു ഐതിഹാസിക കൊല?” കൊട്ടാരം ലേഖിക സഹദേവനോടു് ചോദിച്ചു. പാണ്ഡവർ ഹസ്തിനപുരി കീഴടക്കാൻ പദയാത്ര ചെയ്യുന്ന നേരം.
“അറവുശാലയിൽ ഉഴവുമാടിനെ വെട്ടുന്ന മഴുവായി ശകുനിവധത്തിനു ആയുധം. ഞാനതയാൾക്കുനേരെ എറിഞ്ഞപ്പോൾ അറിയുമായിരുന്നില്ല, ഉന്നം അത്രമേൽ കൃത്യമാവും. പതിനെട്ടാം ദിവസമായപ്പോഴേക്കും പോരാട്ടവേദിയിൽ സൈനികസാന്നിധ്യം നന്നേകുറവായിരുന്നു. മഴു കരൾ പിളർന്നു. അതൊക്കെ പിന്നീടു് ജഡം പരിശോധിക്കുമ്പോഴാണു് വ്യക്തമാവുന്നതു്. സാഹചര്യം വിലയിരുത്തുമ്പോൾ, പാണ്ഡവ തന്ത്രമികവിനല്ല, ആകസ്മികതക്കായി സാധ്യത. ഞാൻ അയാളുടെ തല തകർക്കും എന്നാരും കുരുക്ഷേത്രയിൽ വിശ്വസിക്കില്ല. അയാളെ ഞങ്ങൾക്കു് പേടിയായിരുന്നു. ശകുനി കാണാൻ കോമളനെങ്കിലും, അവനു ചെയ്യാനാവുന്ന ഭീകരത, അതായിരുന്നു ദൂരെ ദൂരെ വനവാസക്കാലത്തും ഞങ്ങൾ ഭയന്നതു. മാറിടം മഴുവിനു് ലക്ഷ്യമായി മാറ്റിയതു് പ്രകൃതിയുടെ വിളയാട്ടമായിരുന്നു. അങ്ങനെ നോക്കിയാൽ, കുരുക്ഷേത്ര ആകസ്മികതകളുടെ കർമ്മഭൂമിയല്ലേ!”
“യുധിഷ്ഠിര ഭരണനേട്ടത്തെ കുറിച്ചൊന്നും തൽക്കാലം ചോദിക്കുന്നില്ല. എന്നാൽ, നിങ്ങളഞ്ചുപേരുടെ നീണ്ട വ്യക്തിജീവിതത്തിൽ വല്ലതുമുണ്ടോ പൊതുസമൂഹവുമായി ഹൃദയരഹസ്യം പങ്കിടാൻ?”, കൊട്ടാരവിപ്ലവത്തിലൂടെ ഭരണപദവികൾ നഷ്ടപ്പെട്ടു്, വാനപ്രസ്ഥത്തിനു പടിയിറങ്ങുന്ന വൃദ്ധപാണ്ഡവരോടു് കൊട്ടാരം ലേഖിക ചോദിച്ചു. നഗരാതിർത്തിവരെ കൂടെ നടക്കാൻ വിസമ്മതിച്ച പുതിയ ഭരണാധികാരി പരീക്ഷിത്തു്, മട്ടുപ്പാവിൽ നിന്നവരെ പുരികം വളച്ചു നോക്കി
“ആയിരം പൂർണചന്ദ്രന്മാരെ ഏറിയും കുറഞ്ഞും കണ്ടശേഷവും ഞങ്ങൾ സുന്ദരരൂപികളായി നിങ്ങൾക്കു് തോന്നുന്നെണ്ടെങ്കിൽ എന്തായിരുന്നിരിക്കണം, പാഞ്ചാലിയെപ്പോലൊരു വിശ്വമോഹിനിക്കു ആകർഷകമായി തോന്നിയ ഞങ്ങളുടെ തീപിടിച്ച യുവത്വം! കാറും മിന്നലും വെണ്ണിലാവും പെരുമാറ്റത്തിൽ കലർന്നതെങ്കിലും, ആ സവിശേഷവ്യക്തിത്വത്തെ നാട്ടിലും കാട്ടിലും പായക്കൂട്ടായി സ്വീകരിച്ചു ഒരായുഷ്ക്കാലം സഹവർത്തിത്തത്തോടെ, ശിശുപരിപാലനത്തിന്റെ വൈഷമ്യങ്ങൾ അശേഷം അറിയാതെ, അവളുമൊത്തു ആസ്വാദനരതി ഞങ്ങൾ ആർമാദിച്ചു എന്നതു്, പാണ്ഡവദാമ്പത്യം പാരസ്പര്യത്തിന്റെ ലക്ഷണമൊത്ത ഇതിഹാസമെന്നതിനുകൂടി പ്രത്യക്ഷമല്ലേ? ഇനി അവളായി അവളുടെ പാടായി.”
“കളങ്കപ്പെടാത്ത ദാമ്പത്യവിശ്വസ്തത എന്നൊരു പുതുആശയം കൗരവരാജവധുക്കൾ ഈയിടെയായി മുന്നോട്ടു വക്കുന്നുണ്ടു്. ഹസ്തിനപുരി പോലൊരു യാഥാസ്ഥിതിക സമൂഹത്തിൽ കൌരവപ്രോൽസാഹനത്തിലൂടെ, പാണ്ഡവരെ ആക്രമിക്കാനും വിലകുറച്ചു് കാണാനും പൊതുസംവാദങ്ങളിൽ അതവർ മറയില്ലാതെ ആയുധമാക്കുന്നതു നിങ്ങളും കേട്ടറിഞ്ഞിട്ടുണ്ടാവും. ഇത്തരം സദാചാര ‘സമസ്യ’കളെ ഒരു പരിഷ്കൃതവനിത എന്ന നിലയിൽ നിങ്ങൾ സ്വജീവിതത്തിൽ എങ്ങനെ കൈകാര്യം ചെയ്യുന്നു?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു, പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥക്കാലം.
“ഒരാളെ ഞാൻ സ്വയംവരത്തിലൂടെ പരിണയിച്ചപ്പോൾ, നാലു പേരെ കൂട്ടത്തിൽ വെറുതെ കിട്ടി. എന്നാൽ അവരഞ്ചുപേർക്കും വ്യക്തിഗത വിശ്വസ്തത, എന്റെ ബഹുഭർത്തൃത്വ ദാമ്പത്യത്തിൽ ഞാൻ ഉറപ്പുകൊടുത്തിട്ടില്ല. പാണ്ഡവരുടെ വിവാഹേതര ആനന്ദസ്രോതസ്സുകൾ കളങ്കപ്പെടുത്താൻ ഞാൻ മിക്കപ്പോഴും ശ്രമിക്കാത്തതു് പോലെ, അവരും എന്റെ അന്തർമണ്ഡലങ്ങളിൽ അതിക്രമിച്ചു കയറാൻ ധൈര്യപ്പെടുകയില്ല എന്നതു് മാത്രമാണു് ഞങ്ങൾക്കിടയിലെ ഈ അസാധാരണ ദാമ്പത്യത്തിൽ നിലനിൽക്കുന്ന പരസ്പരധാരണ” ദൂരെ ദൂരെ പടിഞ്ഞാറു, കടലോരനഗരത്തിലെ ആത്മസുഹൃത്തിനു പ്രണയസന്ദേശം എഴുതി, വളർത്തുപക്ഷിയുടെ കാലിൽ കെട്ടി സ്നേഹപൂർവ്വം യാത്രയാക്കുകയായിരുന്നു ഇന്ദ്രപ്രസ്ഥം ചക്രവർത്തിനികൂടിയായ പാഞ്ചാലി.
“പാഞ്ചാലിയുടെ ശവമടക്കിനു നിങ്ങൾ മനഃപൂർവ്വം വന്നില്ലെങ്കിലും, വികാരാധീനനായി അനുസ്മരണ യോഗത്തിൽ എന്തൊക്കെയോ അസ്പഷ്ടമായി മന്ത്രിച്ചല്ലോ. ഇതു്, ഇതുതന്നെയായിരുന്നുവോ നിങ്ങൾ വിശുദ്ധിയോടെ പരാമർശിച്ച പാഞ്ചാലിയുടെ തിരുശേഷിപ്പു്?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു. പാഞ്ചാലി കുഴഞ്ഞുവീണു മരിച്ച ദിവസം. മഹാപ്രസ്ഥാനം.
“അതെ, ഇതുതന്നെ രക്തക്കറയുള്ള ആ പരുത്തിത്തുണി! വനവാസക്കാലത്തു ദുര്യോധനൻ പതിവായി അവൾക്കെത്തിക്കുമായിരുന്നു, പെണ്ണുടൽപരിരക്ഷക്കു തുണിയും കോപ്പുമെന്നു നകുലൻ ഒരിക്കൽ സാന്ദർഭികമായി പറഞ്ഞറിയുമ്പോൾ ആദ്യം ഞാൻ ഒന്നു ക്ഷോഭിച്ചെങ്കിലും, ആ പരിഷ്കൃതവനിതയുടെ ആർത്തവശുചിത്വം ദുര്യോധനൻ എത്ര കരുതലോടെ എന്നും കാത്തു! എന്നിട്ടും ചോരക്കറ ആദ്യം കണ്ടപ്പോൾ ഞെട്ടി. ദേവലോകചികിത്സകരായ അശ്വിനീദേവതകളുടെ മകനായ നകുലൻ, ഗർഭപാത്രത്തിന്റെ വിലാപരഹസ്യം സരളമായി പറഞ്ഞുതന്നു. അജ്ഞാതവാസത്തിനു പോവുമ്പോൾ, ഉപേക്ഷിക്കപ്പെട്ടുപോവുമായിരുന്ന പാഴ്‌വസ്തുക്കൾക്കിടയിലായിരുന്നു, ഈ തുണി. ഉടമസ്ഥാവകാശത്തോടെ, ആരും കാണാതെ ഞാനതു കൈവശം വച്ചു! ‘ജൈവമാലിന്യ’മെന്നനിലയിൽ, കുഴിച്ചുമൂടുകയോ കത്തിക്കുകയോ ചെയ്യാതിരുന്നതിലും നിങ്ങൾ കാണണം, ഭീമന്റെ പ്രണയ പ്രതിബദ്ധത. കുഴഞ്ഞുവീണവൾ മരിക്കുമ്പോൾ, അവളുടെ കൈപിടിച്ചുയുർത്താൻ എനിക്കു് യുധിഷ്ഠിരവിലക്കുണ്ടായിരുന്നെങ്കിലും, ഈ പവിത്ര തിരുശേഷിപ്പു് സ്വകാര്യഭാണ്ഡത്തിൽ ഞാൻ ഒളിപ്പിച്ചു. ആരാധനാർഹമായ ഭൗതികഅവശിഷ്ടങ്ങളെ പൈതൃകസ്വത്തായി പ്രഖ്യാപിക്കാൻ ഞാൻ കൊതിച്ചു. “ആ ജൈവമാലിന്യം കത്തിച്ചുകളയൂ പ്രിയഭീമാ” എന്നു് പാഞ്ചാലി അജ്ഞാതവാസക്കാലത്തു ശഠിച്ചു. ഞാൻ വഴങ്ങിയില്ല. ചിതത്തീയിൽ പാഞ്ചാലിയുടെ ഭൗതികശരീരം ചാരമായാലും, പ്രഖ്യാപിത ‘മാലിന്യം’ ഭീമചരമത്തിനുശേഷം ‘ഹസ്തിനപുരി പത്രിക’ വഴി ബാഹ്യലോകം കണ്ടറിയട്ടെ! വെറുമൊരു വ്യാസഭാവനാസൃഷ്ടിയല്ല പാഞ്ചാലി. പല്ലും നഖവും മുടിയും പോലെ, മാംസവും മാസമുറയും ചുടുചോരയുമുള്ളൊരു ധീരവനിത പ്രണയപാഞ്ചാലി!”
“ഒന്നും ചെയ്യാനില്ലെങ്കിൽ പാണ്ഡവർ ഒരു കാടു കത്തിക്കും!” ഖാണ്ഡവ വനം ചാമ്പലായി എന്നു് കേട്ടപ്പോൾ കർണ്ണൻ.
“ഖാണ്ഡവപ്രസ്ഥം കാടായിരിക്കാം, കൗന്തേയർക്കതൊരു പുത്തരിയൊന്നുമല്ല, ജനിച്ചതും വളർന്നതും കൊടുംകാട്ടിൽ, എന്നാൽ നിങ്ങൾ! പാഞ്ചാലയിൽ വളർന്ന നിങ്ങൾ ഖാണ്ഡവപ്രസ്ഥത്തിൽ കുടിയേറ്റക്കാരായി ചെന്നപ്പോൾ, ഭയന്നു് വനദേവതമാരെ ശരണം വിളിച്ചു എന്നാണോ പറയുന്നതു്?”, കൊട്ടാരം ലേഖിക ദ്രൗപദിയോടു് ചോദിച്ചു. മഹാപ്രസ്ഥാനത്തിനു മുമ്പു്.
“ഖാണ്ഡവപ്രസ്ഥം കാടാണോ മേടാണോ എന്നൊന്നുമല്ല എന്നെ സ്പർശിച്ചതു്, യമുന ഒഴുകുന്ന ആ മഹാവിപിനം ആണ്ടുപിറപ്പിനുമുമ്പു് “കൗമാരം വരെ കാട്ടിൽ വളർന്ന പാണ്ഡവർ” ചാമ്പലാക്കുമെന്ന വ്യാസപ്രവചനമായിരുന്നു ഭയപ്പെടുത്തിയതു്. “പ്രകൃതി അതിൽ നിന്നൊക്കെ വൈകാരികമുക്തി നേടി, മക്കളെ” എന്നൊക്കെ മഹാമുനിയായിഅഭിനയിക്കുന്ന കൗതുകവേഷമാണു് വ്യാസൻ ഞങ്ങൾക്കു് മുമ്പിൽ, അന്നും പിന്നെയും ആടിയതു, രാജവിധവകളായ അംബിക, അംബാലിക എന്നിവരെ അവരുടെ മനഃസമ്മതം കൂടാതെ, പിച്ചിച്ചീന്തിയ ശേഷം, “എന്തുചെയ്യാം കുട്ടികളെ, സുരതക്രിയയിൽ സഹകരിക്കാത്ത നിങ്ങൾക്കു് പിറക്കുന്ന കുട്ടികൾ അംഗപരിമിതരാവട്ടെ” എന്നു് ശപിച്ചതിനു പിന്നിലെ സ്ത്രീവിരുദ്ധത, അതുമതിയായി വ്യാസപ്രവചനത്തോടു് പ്രതികരിക്കാതെ മുഖം തിരിക്കാൻ. ഞാൻ വ്യാസപ്രഭാഷണവുമായി സഹകരിച്ചില്ലെന്ന പരിഭവമാണു്, പിന്നീടു് ഹസ്തിനപുരി ചൂതാട്ടത്തിൽ എന്നെ നഗ്നയാക്കാനുള്ള തീരുമാനം. കൂട്ടിച്ചേർക്കൽ അസ്വീകാര്യമെന്നു ഞാൻ ശബ്ദമുയർത്തിയപ്പോൾ, വസ്ത്രാക്ഷേപം കാലഘട്ടത്തിന്റെ ആവശ്യം, വേണ്ടിവന്നാൽ നിന്റെ അനാഥമരണത്തിൽ സന്തോഷിക്കുന്ന ഭർത്താക്കന്മാരേയും ഞാൻ ഭാരതകഥയിൽ ചേർക്കും എന്നു ശപിച്ചു!””
“നവജാതശിശുക്കളെ കരുതലോടെ കൈകാര്യം ചെയ്യുന്നതിൽ മാപ്പർഹിക്കാത്ത വിധം അശ്രദ്ധ ഏഴുതവണ ആവർത്തിച്ച പെറ്റതള്ളയല്ലേ നിങ്ങൾ! ഓരോ കുഞ്ഞിനേയും മനഃപൂർവ്വം നീരൊഴുക്കിൽ മുക്കിക്കൊല്ലുന്നതു കണ്ട സത്യസാക്ഷിമൊഴിയുണ്ടല്ലോ, നിങ്ങളെ ആ സമയം കർത്തവ്യനിർവ്വഹണത്തോടെ പിന്തുടർന്ന അന്തഃപുരം സേവനദാതാക്കളുടെ?”, ശിശുഹത്യ ആരോപണം നേരിടുന്ന ഗംഗയോടു് ഹസ്തിനപുരി മഹാരാജാവു് ശന്തനു ചോദിച്ചു. എട്ടാമത്തെ കുഞ്ഞിനെ മുക്കിക്കൊല്ലാൻ ഗംഗ ശ്രമിക്കുമ്പോൾ, അരുതു് എന്ന വാമൊഴി വിലക്കോടെ ഇടപെട്ടതായിരുന്നു കുരുവംശനായകൻ.
“നവജാതശിശുപരിചരണത്തിന്റെ ഭാഗമായി പുണ്യനദിയിൽ ആചാരമനുസരിച്ചു വിശുദ്ധസ്നാനം ചെയ്യാൻ ഞാൻ അതിരാവിലെ വന്നപ്പോൾ, കൈവഴുതി, യാദൃച്ഛികമായി ദുർമരണമുണ്ടായ ഏഴോളം ദുഃഖസംഭവങ്ങൾ നേരിൽ കണ്ടു എന്നു് പറയുന്ന അവിശ്വസ്ത തോഴികളുടെ സാക്ഷിമൊഴി തെളിവായി സ്വീകരിച്ചു കൊണ്ടാണോ, ഹസ്തിനപുരി മഹാറാണിപദവിയിൽ നിന്നെന്നെ പുകച്ചുപുറത്തു ചാടിക്കാൻ പുതിയൊരാഖ്യാനനിർമ്മിതിയിൽ ഈ വാർധക്യത്തിലും നിങ്ങൾ പിടിച്ചുകയറുന്നതു്?”
“നിങ്ങളുടെ സഹോദരീ ഭർത്താവും സൈന്ധവരാജാവുമായ ജയദ്രഥനെ പാണ്ഡവർ ലൈംഗികാക്രമി എന്നു് വ്യാജമുദ്രകുത്തി കൈകൾകെട്ടി തലമൊട്ടയടിച്ച കഴുതപ്പുറത്തു കുന്നിന്മുകളിൽനിന്നും ഇറക്കിവിട്ടു എന്നൊരു കഥ പുറത്തുവന്നിട്ടുണ്ടു്. ആശങ്ക തോന്നുന്നില്ലേ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. പാണ്ഡവരുടെ വാവാസക്കാലം.
“സംശയകരമായി എന്തോ ഉണ്ടു്! പ്രിയ സഹോദരിയും ജയദ്രഥ ഭാര്യയുമായ ദുശ്ശള ഞങ്ങളെ അറിയിച്ചതു്, പെൺവേട്ടയിൽ കമ്പം കാണിക്കുന്ന ജയദ്രഥനെ പാഞ്ചാലി തേൻകെണിയിൽ വീഴ്ത്തി എന്നതാണു്. അത്രയും വിശ്വാസ്യതയുള്ള കാര്യങ്ങൾ. അതുകൊണ്ടായില്ല. സംശയരോഗിയായ ഭീമൻ ഇടപെട്ടു ജയദ്രഥനെ സ്ത്രീ പീഡകനാനായി അവതരിപ്പിക്കുന്നതിൽ വിജയം കണ്ടിരിക്കുന്നു എന്നുവേണം നാം മനസ്സിലാക്കാൻ. പാണ്ഡവ വനവാസം നേരിട്ടു് കണ്ടറിയാൻ ഞങ്ങൾ ജയദ്രഥനെ പറയച്ചതായിരുന്നു. അവൻ പാണ്ഡവാശ്രമത്തിന്നരികെ എത്തിയപ്പോൾ, കെണിയിൽ വീഴ്ത്താൻ പാഞ്ചാലി, തേൻകുടുക്കയായി എന്നതാണു് ഞെട്ടിപ്പിയ്ക്കുന്നകാര്യം അവൾ ജയദ്രഥനെ ക്ഷണിച്ചു അകത്തേക്കുകൊണ്ടുവന്നു അക്ഷയപാത്രത്തിൽനിന്നും ഭക്ഷണം വിളമ്പുമ്പോൾ തന്നെ സ്വയം വസ്ത്രാക്ഷേപം ചെയ്തു ജയദ്രഥനെ പ്രലോഭിപ്പിച്ചു. പാവം ജയദ്രഥൻ പാഞ്ചാലിയുടെ ആതിഥേയത്വത്തിലും ഉടലഴകിലും ഭ്രമിച്ചു പാണ്ഡവകെണിയിൽ വീണു. ശരിയാണു്, വീഴ്ച വീഴ്ച തന്നെ. കൂട്ടുപലിശയടക്കം ഈ ബാധ്യത തീർക്കുന്ന നിയോഗം ഞാൻ ഏറ്റെടുത്തുകഴിഞ്ഞു!”
“കൂരമ്പുമുറിവുകളിൽ പച്ചിലമരുന്നു ഫലിച്ചു, എല്ലാം ഉണങ്ങി, ഇനി നമുക്കു് ഹസ്തിനപുരിയിലേക്കു പോകാം”, നിയുക്ത രാജാവു് യുധിഷ്ഠിരൻ പിതാമഹനെ ക്ഷണിച്ചു. അർജ്ജുനൻ രോഗീപരിചരണത്തിനു പണിത ശരശയ്യ അഴിച്ചുമാറ്റുന്ന തിരക്കിലായിരുന്നു ഭീമനും രണ്ടു മാദ്രെയരും. കുരുക്ഷേത്രയിൽ കൊല്ലപ്പെട്ടവരുടെ ഭൗതികാവശിഷ്ടങ്ങൾ അടിച്ചുവാരി ആരു് നീക്കം ചെയ്യുമെന്നതിനെക്കുറിച്ചു യുദ്ധനിർവ്വഹണസമിതി ഉദ്യോഗസ്ഥരുമായി അർജ്ജുനൻ തർക്കത്തിലായിരുന്നു.
“ധൃതരാഷ്ട്രരും ഗാന്ധാരിയും കുന്തിയുമൊക്കെ അരമനയിൽ അത്യാവശ്യങ്ങൾക്കുപോലും കഷ്ടപ്പെടുന്ന ഹസ്തിനപുരി കൊട്ടാരത്തിലേക്കു ഇനി ഞാൻ ഇല്ല. വയോജനസൗഹൃദരല്ല കുരുവംശീയർ എന്നുവ്യക്തം. മനംമടുത്തല്ലേ സത്യവതി മുതൽ പല രാജപ്രമുഖരും വയസ്സായപ്പോൾ വനവാസത്തിനു പോവേണ്ടിവന്നതു്. ഞാനോ അവിവാഹിതൻ. പുതുതലമുറയിൽ ആരെങ്കിലും ‘പിതാമഹാ നിങ്ങളും യുധിഷ്ഠിരനും തമ്മിലെന്തുബന്ധം?’ എന്നോമറ്റോ ചോദിച്ചാൽ തീർന്നില്ലേ എന്റെ അഹന്ത. ഹസ്തിനപുരിയിൽ എന്തിനും ഏതിനും ഞാൻ പാഞ്ചാലിയെ ആശ്രയിക്കേണ്ടിവരും. സ്വേച്ഛാധിപതിയായ അവളാകട്ടെ പണ്ടു് വസ്ത്രാക്ഷേപത്തിൽ എന്റെ മൗനത്തെക്കുറിച്ചു നീതിപീഠത്തിൽ പരാതി കൊടുത്തവളുമാണു്. ഞാൻ കുരുക്ഷേത്രയിൽ കൂര കെട്ടി ശിഷ്ടകാലം ദാർശനികസമസ്യക്കൊരു ലളിത പരിഹാരം തേടാൻ ഇവിടെത്തന്നെ വെപ്പും ഉറക്കവുമായി ഉണ്ടാവും. കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും യുദ്ധജേതാക്കളുടെയും “മണമൊന്നും എനിക്കു് ഇനി പ്രശ്നമല്ല. പത്താം ദിവസം വീണ ഞാനിന്നും ഉയിരോടെ ഇരിക്കുന്നതിൽ തന്നെയുണ്ടു് അവിശ്വസനീയത അല്ലേ! എന്നാൽ അതിജീവിതൻ എന്ന നിലയിൽ ഞാൻ ഇനി പഴയ ഭീഷ്മപ്രതിച്ഛായയിൽ തുടർന്നുകൂടാ. ആജീവനാന്ത ബ്രഹ്മചര്യം എന്ന അനാവശ്യ പ്രതിജ്ഞയാണെന്റെ ജീവി തപരാജയത്തിനു കാരണം എന്നു് വ്യാസനെ കണ്ടാൽ പറയൂ.”
“ദാമ്പത്യബാഹ്യസ്രോതസ്സുകളിൽ നിന്നാണു് പാണ്ഡവ കുടുംബ നാമധാരികളുടെ ബീജസമ്പാദനമെന്ന കൗരവ പ്രചാരണം നിങ്ങൾ നിഷേധിച്ചതായി കാണുന്നില്ല. മക്കളുടെ ‘പാണ്ഡവത്വ’ത്തെ കുറിച്ചു കൗരവആരോപണം അടിസ്ഥാനരഹിതമാണോ? അതോ, വസ്തുതാപരമോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“മാതൃത്വമായിരുന്നു മഹനീയ ലക്ഷ്യം. ബീജഉറവിടം ദാമ്പത്യത്തിന്റെ വ്യവസ്ഥാപിത അതിർത്തി കടക്കുന്നുവോ എന്ന ചോദ്യത്തിനു്, അത്ര മതി ശരിയുത്തരം. ഭർത്താവിന്റെ ലൈംഗികക്ഷമതയെ കുറിച്ചു് ആദ്യരാത്രി മുതൽ സംശയം ഉണ്ടായെങ്കിലും, പാണ്ഡു, മഹാരാജാപദവി വഹിക്കുമ്പോൾ, ഷണ്ഡനെന്നു മുദ്രകുത്തി വിവാഹമോചനം നേടാവുന്ന ഭൗതികസാഹചര്യം ഉണ്ടായില്ല. ചെങ്കോൽ ധൃതരാഷ്ട്രർക്കു് എറിഞ്ഞു കൊടുത്തു, കാട്ടിലേക്കെന്നു പറഞ്ഞു പാണ്ഡു പടിയിറങ്ങി പോവുമ്പോൾ, എന്നെ കൂടെ വലിച്ചു കൊണ്ടു് പോയി. കഠിന വനവാസത്തിൽ വന്യഭാവന തുണച്ചു. ലാവണ്യശാരീരികതയുടെ ലൈംഗികാകർഷകത്വം പ്രയോജനപ്പെടുത്തി, പ്രലോഭനത്തിലൂടെ ഗഹനചാരികളെ ക്ഷണിച്ചു, എന്തുകൊണ്ടു് അപൂർവ്വയിനം സന്താനഭാഗ്യത്തിനു ശ്രമിച്ചുകൂടാ? അഭിലാഷം ആ വിധം പൂവണിഞ്ഞു, പാണ്ഡു മരിച്ചു, ചിതയിൽ മാദ്രിയെ എറിഞ്ഞു, മൊത്തം അഞ്ചു ആൺകുട്ടികളുമായി ഹസ്തിനപുരി കോട്ടവാതിലിനു മുമ്പിൽ നിരാഹാരം കിടന്നു ലോകശ്രദ്ധയാകർഷിച്ചു. ഒരു കുട്ടിക്കും പാണ്ഡുമുഖഛായ ഇല്ലെന്ന ക്ഷുദ്രആരോപണം കൗരവഅന്തഃപുരത്തിൽ നിറഞ്ഞു. വഴിവിട്ട കുന്തിരതിയുടെ സാഹസികകഥകൾ ‘സർഗാത്മക’ കൗരവർ മെനയുമ്പോഴും, ധൃതരാഷ്ട്രർ ഔദ്യോഗികമായി പാണ്ഡവക്കുട്ടികളെ കുരുവംശകൂട്ടുകുടുംബത്തിൽ ഉൾപ്പെടുത്തും വരെ, ശ്രമകരമായെങ്കിലും ഞാൻ, നയപരമായ മൗനം പാലിച്ചു. പാണ്ഡവർ ഖാണ്ഡവപ്രസ്ഥത്തിലേക്കു പോയി കാടു് വെട്ടി സ്വന്തം നാടു സ്ഥാപിച്ചതോടെ, ഇതാ, വാ ഞാൻ തുറക്കുന്നു. ഇനി നിങ്ങൾ രാജമാതാക്കളുടെ ഈറ്റില്ലത്തിൽ തെളിവു് പെറുക്കാൻ ചുറ്റിക്കറങ്ങുന്നതു് കണ്ടാൽ…” നഖമുള്ള ചൂണ്ടുവിരൽ കൊട്ടാരം ലേഖികയുടെ കണ്ണിനു നേരെ നേരെ കുന്തി നീട്ടി!
“തീറ്റപ്പുൽ വെട്ടിഎടുത്തു അടുത്തുള്ള ക്ഷീരകർഷകർക്കു് കൊണ്ടുപോയി വിറ്റാലും, സൗജന്യ ധാന്യവിതരണമെന്ന ഭരണകൂടഔദാര്യത്തിനു കൈനീട്ടില്ലെന്നു ശഠിക്കുന്ന പുതുതലമുറ കൗരവബാലിക അതിവേഗം കുതിരപ്പന്തി ചർച്ചകളിൽ താരമായല്ലോ”, കൊട്ടാരം ലേഖിക ചോദിച്ചു. പുൽമേട്ടിൽ ദശപുഷ്പപ്രദർശനത്തിനു ഒരുക്കങ്ങൾ പരിശോധിക്കുകയായിരുന്നു പാണ്ഡവഭരണകൂടത്തിലെ രാജ്ഞി പാഞ്ചാലി.
“ഗംഗയാറൊഴുകുന്ന ഈ നാട്ടിൽ, കുറച്ചു പണിയെടുത്തു വളർത്തിയാലെങ്കിലും, തീറ്റപ്പുൽ ധാരാളം വളരുമെന്നറിഞ്ഞിരുന്നെങ്കിൽ, ആ ‘താര’ത്തിന്റെ മുൻഗാമി കൗരവർ, കുരുക്ഷേത്രയിൽ തലപോയും നെഞ്ചു് കലങ്ങിയും അനാഥ ജഡങ്ങൾ ആവാതെ തന്നെ, ഹസ്തിനപുരി തെരുവുകളിൽ പാലും തേനും ഒഴുക്കുമായിരുന്നില്ലേ?”
“കാര്യമറിയാതെയാണല്ലോ തൊഴിൽചെയ്തു ജീവിക്കുന്ന പെൺ പത്രപ്രവർത്തക്കു നേരെ നിങ്ങൾ പൊതുനിരത്തിൽ ഒച്ചവെച്ചുമെക്കട്ടു് കയറുന്നതു്”, കൊട്ടാരം ലേഖിക അടിയറവുപോലെ ഒന്നു നാടകീയമായി തലകുനിച്ചു.
“പാണ്ഡവർ ഭിന്നശേഷിക്കാരെന്നു നിങ്ങൾ എഴുതിയോ? ഒന്നോർക്കണം, എനിക്കു് ‘ഹസ്തിനപുരി പത്രിക’ പോലുള്ള അരമന വിഴുപ്പുകൾ വായിക്കാനറിയില്ലെങ്കിലും, എന്റെ ഭാര്യ സാക്ഷര!”, പ്രതിരോധവകുപ്പു് മേധാവി ‘ഹസ്തിനപുരി പത്രിക’ ചുവരെഴുത്തിലേക്കു വിരൽ ചൂണ്ടി. കണ്ണു് തുറിച്ചു. ശബ്ദം ഉയർന്നു.
“പാണ്ഡവർ പൂർണ്ണമായും ഭിന്നശേഷിക്കാരാണെന്നുഞാൻ തുറന്നു പറഞ്ഞോ? വിഭിന്നപിതൃത്വമായിട്ടും നിങ്ങളിലൊരാൾ മാത്രമേ ഷണ്ഡപാണ്ഡുവേ പോലെ പ്രത്യക്ഷമല്ലാത്ത രീതിയിലുള്ള ഭിന്നശേഷി പരിഗണന അർഹിക്കുന്നുള്ളൂ എന്നിരിക്കെ, മറ്റു നാലുപാണ്ഡവർക്കു് കിട്ടിവരുന്ന ഭിന്നശേഷി ആനുകൂല്യ പരിഗണനയെങ്കിലും ഉടൻ പിൻവലിക്കണം എന്നൊരു ആവശ്യം പൊതുസമൂഹത്തിൽ ഉയർന്നുകേട്ട വിവരമല്ലേ ഞങ്ങൾ വാർത്തയിൽ സൂചിപ്പിച്ചതു്? ഇതിലെന്താണു് സ്വയം പ്രഖ്യാപിത നിരക്ഷകർക്കിത്ര പ്രത്യക്ഷനീരസം തോന്നാൻ? ഭിന്നശേഷിയൊക്കെ വിശ്വപ്രകൃതിയുടെകൈതെറ്റല്ലേ?”
“കൗരവ ചെവികളുടെ ശ്രവണപരിധിക്കപ്പുറം, ഈ വനാന്തരത്തിൽ കഴിയുമ്പോഴും, നിങ്ങളെന്താ, ദുര്യോധനനെ ‘ഉടയോൻ’ എന്നു് പരാമർശിക്കുന്നതു്? മറച്ചുവക്കാത്ത വെറുപ്പോടെ വേണ്ടേ, ലൈംഗികാതിക്രമിയുടെ പേരുച്ചരിക്കാൻ?”, കൊട്ടാരംലേഖിക ചോദിച്ചു. കാട്ടുകുടിലിൽ പാഞ്ചാലിയുടെ പീഡനപർവ്വം.
“കുടിലിനു ചുറ്റും നമ്മൾ കണ്ടു വണങ്ങിയ സന്യസ്ഥാശ്രമങ്ങളിൽ വേവുന്നതു് ‘ശുദ്ധആത്മീയത’ ആണെന്നു് നിങ്ങൾ കരുതിയോ? അവരൊക്കെ ഗൂഢവ്യക്തിത്വങ്ങളല്ലേ? ഹസ്തിനപുരിയിൽ നിന്നു് കൗരവചാരൻ അവർക്കു് ഭക്ഷ്യവസ്തുക്കളും പൂജാസാമഗ്രികളും കൊണ്ടു് വരും, ഈ പാണ്ഡവ വസതിയിലെ ബഹുഭർത്തൃത്വ അന്തർനാടകങ്ങൾ എന്തെന്നവരിൽനിന്നും വിശദമായി ചുഴിഞ്ഞറിയാൻ”.
“ദിവ്യാസ്ത്രങ്ങൾ തേടി പാണ്ഡവർ ‘ഗോളാന്തര’യാത്ര ചെയ്യുമ്പോൾ, ഇരുമ്പുപണിക്കാരുടെ ആലയിൽ നിങ്ങളിങ്ങനെ കൂനിപ്പിടിച്ചിരുന്നാൽ, കൗരവർ ജയിക്കുമോ കുരുക്ഷേത്ര?’,’ കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
“സ്വത്തുതർക്കം പരിഹരിക്കാൻ പാണ്ഡവർ ആകാശചാരികളെ ആശ്രയിക്കുന്നതിലെന്തോ ആത്മവിശ്വാസത്തിന്റെ അഭാവമുണ്ടു് എന്നുവ്യക്തമായില്ലേ? എന്നാൽ ഞങ്ങളോ! പ്രകൃതിദത്ത ലോഹവിഭവങ്ങൾ, നഗ്നഹസ്തങ്ങളിലൂടെ, അഗ്നിയിൽ രൂപം മാറി വരുന്ന അമ്പും കൊലക്കത്തിയും കുന്തമുനയുമാണു് കൗരവ സൈന്യം ആശ്രയിക്കുക, ആനയും കുതിരയും ഞങ്ങളെ ഈ യുദ്ധത്തിൽ ഏതറ്റവും തുണക്കും!”
“മായക്കാഴ്ച!” അഭിമന്യുവധം പേക്കിനാവിൽ കണ്ടു എന്നവകാശപ്പെടുന്ന പാഞ്ചാലിയോടു്, കൊട്ടാരം ലേഖിക ചോദിച്ചു. ചക്രവ്യൂഹത്തിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ചിതയെരിയുന്ന രാത്രി.
“അവിശ്വസിക്കാനുള്ള ഒന്നും നിശാദർശനത്തിനുണ്ടായിരുന്നില്ലെങ്കിലും, ചിതയിലിപ്പോൾ കത്തിച്ചാമ്പലാവുന്ന കൗമാരപോരാളിയുടെ വധം സ്വപ്നത്തിൽ കണ്ടവിവരം ഇന്നതിരാവിലെ ഉണർന്നപ്പോൾ ഞാൻ പനയോലയിൽ അടയാളപ്പെടുത്തി. യാഥാർഥ്യമേതു് ഭാവനയേതു് എന്ന ചിന്താക്കുഴപ്പം ഭൗതികവാദികളിലും ഉണ്ടാക്കാവുന്ന സൂക്ഷ്മദൃശ്യസമാനതകളാൽ പരസ്പരം ബന്ധപ്പെട്ടിരിക്കയാണിന്നത്തെ കുരുക്ഷേത്രപോർക്കളവും പേക്കിനാവും. അഭിമന്യുവിന്റെ ദുർമരണവാർത്തയറിഞ്ഞർജ്ജുനൻ പരിഭ്രാന്തനായി പാളയത്തിൽ മടങ്ങിയെത്തിയപ്പോൾ, യുധിഷ്ഠിരനിൽ നിന്നും മരണസാഹചര്യത്തെക്കുറിച്ചു കേട്ടറിയാൻ, കഴിഞ്ഞ പോരാട്ടവിവരങ്ങളിൽ, അസത്യങ്ങളും അർദ്ധസത്യങ്ങളും വളച്ചൊടിക്കലുകളും കണ്ടതപ്പപ്പോൾ വിരൽചൂണ്ടി തിരുത്തലോടെ ഞാൻ പൂരിപ്പിച്ചു. മറ്റുനാലുപാണ്ഡവർക്കൊന്നേ അപ്പോൾ ചെയ്യാനുണ്ടായിരുന്നുള്ളു—വരുംവരായ്കകളെക്കുറിച്ചു ഭീഷണഭാവത്തോടെ എന്നെ നോക്കിപ്പേടിപ്പിക്കുക. മുൻകാലങ്ങളിൽ ചൂതാട്ടത്തെക്കുറിച്ചും വസ്ത്രാക്ഷേപത്തെക്കുറിച്ചും എന്റെ പകൽക്കിനാവുകളെ പാണ്ഡവർ കൂട്ടംചേർന്നു പരിഹാസവിഷയമാക്കിയിരുന്നെങ്കിലും, കുരുക്ഷേത്രയിൽ ‘പാഞ്ചാലിയുടെ സ്വപ്നദർശനം’ കുറ്റബോധത്താൽ യുധിഷ്ഠിരനെ വിറളി പിടിപ്പിക്കുന്ന പാണ്ഡവരഹസ്യമാണു് തുറന്നു കാട്ടേണ്ടതു്!”
“നകുലനും സഹദേവനുമായി മുതിർന്ന കൗന്തേയർക്കു് എന്തോ കുടിപ്പക ഉണ്ടെന്നു തോന്നുന്നല്ലോ പെരുമാറ്റം അടുത്തുനിന്നും കാണുമ്പോൾ? ഇളമുറയെങ്കിലും അവർ നിങ്ങളുടെ അർധസഹോദരർ അല്ലേ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“അർധസഹോദരർ? പെറ്റതള്ളയും ബീജദാനിയും വെവ്വെറെ ആയ ഞങ്ങൾ എങ്ങനെ അർദ്ധരും പൂർണരും ആവും? ബഹുഭർത്തൃത്വം ആചരിക്കുന്ന പാഞ്ചാലിയുടെ പായക്കൂട്ടിൽ ഊഴപ്പങ്കാളികൾ എന്ന നിലയിൽ ഞങ്ങൾ നിശാബന്ധിതരായി എന്നതല്ലേ കൂടുതൽ ശരി? ഒരു ദിവസം ഊഴമനുസരിച്ചു ഞാൻ കിടപ്പറയിൽ കയറിയപ്പോളുണ്ടു്, നകുലനും സഹദേവനും അവൾക്കൊപ്പം ഇരുവശങ്ങളിലും ചേർന്നു് കിടന്നു ആർമാദിക്കുന്നു. എന്തുണ്ടു് വിശേഷം എന്നു് വെപ്രാളം മറച്ചു ഞാൻ കുശലം ചോദിച്ചപ്പോൾ, “ഈ രണ്ടു മാദ്രിക്കുട്ടികളുടെ ഓരോ കുസൃതി” എന്നു് മധുരമധുരമായി പരാതി പറഞ്ഞു, അലസമായി ഉടുതുണി വാരിയുടുത്തു പാഞ്ചാലി മുറിവിട്ടിറങ്ങി. ആ നീണ്ട രാത്രി, മാദ്രേയരുടെ മത്സരപ്രകടനത്താൽ തകർന്നുടഞ്ഞതു് എക്കാലവും ഞാൻ നിങ്ങളുടെയൊക്കെ പിന്തുണയിൽ കെട്ടിപ്പൊക്കി നിർത്തിയ ദുരഭിമാനമായിരുന്നു”, യുധിഷ്ഠിരൻ ഇരുകൈകളും കൊണ്ടു് മുഖം പൊത്തി.
“ചെങ്കോൽ എവിടെ? യുദ്ധം ജയിച്ചെന്ന അവകാശവാദവുമായി ഹസ്തിനപുരി കോട്ടവാതിലിൽ, ധൃതരാഷ്ടരിൽനിന്നും കുരുവംശ ചെങ്കോൽ കിട്ടും വരെ, രാപ്പകൽ ജനപിന്തുണയോടെ പ്രക്ഷോഭം തുടർന്ന നിങ്ങളുടെ കയ്യിൽ ഇപ്പോൾ, പരമാധികാരത്തിന്റെ ചിഹ്നമായ ആ ‘വിശുദ്ധദണ്ഡ്’ കാണുന്നില്ലല്ലോ”, കൊട്ടാരം ലേഖിക പുതിയ മഹാരാജാവിനെ കണ്ടപ്പോൾ ആചാരപൂർവ്വം മുട്ടുകുത്തി കൈമുത്തി. നഗരപ്രാന്തത്തിലുള്ള അഭയാർത്ഥി പുനരധിവാസകേന്ദ്രത്തിൽ ദുരിതമനുഭവിക്കുന്ന കൗരവരാജസ്ത്രീകൾക്കു കുരുക്ഷേത്രവിധവാനുകൂല്യം പ്രഖ്യാപിക്കാൻ, പാഞ്ചാലിയുമൊത്തു എത്തിയതായിരുന്നു യുധിഷ്ഠിരൻ.
“കുരുവംശത്തിന്റെ ദുഷിച്ച ശേഷിപ്പുകൾ ചിലതൊക്കെ ഉപേക്ഷിക്കേണ്ട സമയമായി എന്നുചാർവാകൻ ഞങ്ങളെ കാണാൻ വരുമ്പോൾ പറയുമായിരുന്നു. അതിലൊന്നാണു് അധികാരദണ്ഡ്. വലിച്ചെറിയില്ല. കാര്യാലയത്തിൽ സൂക്ഷിക്കും. അധികാരകൈ മാറ്റത്തിൽ ചെങ്കോൽ, പുതിയ രാജാവിനു് പഴയപോലെ പട്ടാഭിഷേകത്തിൽ കൈമാറും, ചെങ്കോലിനു പകരം വെള്ളരിപ്രാവുകളെ കാൽകെട്ടി തേരിൽ കൊണ്ടുനടത്തുന്നതു് രാജകീയ ആചാരമായി തുടങ്ങാൻ മഹാറാണി പാഞ്ചാലിയുടെ കൽപ്പനയുണ്ടു്. കുടുംബസ്വത്തു തിരിച്ചുപിടിക്കാൻ പൊതുജനം ചോര ഒഴുക്കണമെന്ന കുരുവംശരീതി അതോടെ എന്നെന്നേക്കുമായി അവസാനിക്കും. നാടിന്റെ യുദ്ധാനന്തരവികസനം ചർച്ചചെയ്യാൻ വാതുറക്കാനിരുന്ന എന്റെ ചുണ്ടിൽ, തേനീച്ച കുത്തിയപോലെ തിക്താനുഭവമായല്ലോ തടഞ്ഞുനിർത്തിയുള്ള അഭിമുഖം!”, മുറിപ്പെട്ട മഹാരാജാവു് മുഖം തിരിച്ചു.
“മൂത്ത ജ്യേഷ്ഠനാണെന്നറിഞ്ഞിട്ടും തലവെട്ടാൻ കിട്ടിയ അവസരം അർജ്ജുനൻ ശരിക്കും മുതലെടുത്തു എന്നാണോ?”, കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു. കഴുത്തിൽ കൂരമ്പു തറച്ചു പോർക്കളത്തിൽ കൊല്ലപ്പെട്ട കർണ്ണൻ പുഴയോരചിതയിൽ കത്തിത്തീരുന്ന വൈകിയ രാത്രി. കുരുക്ഷേത്ര.
“കർണ്ണവധം ചെയ്യാൻ മാത്രം മറ്റു പാണ്ഡവർക്കു് അയാളോടു് നീണ്ടകാല സ്പർദ്ധയൊന്നും ഉണ്ടായിരുന്നില്ല എന്നാൽ അർജ്ജുനനു് അതൊരു ദുരഭിമാന കൊലയായിരുന്നു!”
“രഹസ്യസ്വഭാവമുള്ള പാണ്ഡവദാമ്പത്യപ്രശ്നങ്ങൾ നീ കരുതൽ കൂടാതെ കൊട്ടാരം ലേഖികയുടെ ഓരോ സന്ദർശനത്തിലും നിർല്ലജ്ജം പങ്കുവെക്കുന്നതു് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. വീണ്ടുവിചാരമില്ലാത്ത ഇത്തരം അഭിമുഖങ്ങൾ എങ്ങനെ നീ സാധൂകരിക്കുന്നു, പാഞ്ചാലീ? നീതിപീഠത്തിന്റെ പ്രത്യേക പ്രതിനിധിയൊന്നുമല്ലല്ലോ ഈ ചുവരെഴുത്തു പത്രപ്രവർത്തക? എങ്കിൽ മനസ്സിലാക്കാം, വിവാഹമോചനത്തിനാണു് നീ അവൾക്കുമുമ്പിൽ ഉള്ളുതുറക്കുന്നതെന്നു. എന്നാൽ ജിജ്ഞാസാഭരിതരായ ഹസ്തിനപുരി പൊതുസമൂഹത്തിനുവേണ്ടി പാണ്ഡവ ദാമ്പത്യ രഹസ്യം ചോർത്തുന്ന കൊട്ടാരം ലേഖികയോടു് സംസാരിച്ചാൽ വിവാഹമോചനം പോകട്ടെ, നേരിയതോതിൽ ഹൃദയ വിശുദ്ധീകരണം തരമാവുമെന്നു മോഹിക്കാൻ മാത്രം സരളഹൃദയുമല്ല നീ. ആ ‘ഒരുമ്പെട്ടവ’ളുടെ നിത്യവൃത്തി ‘കുലസ്ത്രീകളുടെ വിഴുപ്പുകെ’ട്ടഴിച്ചുനോക്കുകയല്ലേ. പനയോലകളിൽ നാരായം കൊണ്ടെഴുതി, എല്ലാം മാധ്യമപ്രവർത്തനത്തിന്റെ ഔദ്യോഗിക രേഖയാക്കിയാണവൾ ഹസ്തിനപുരിയിലേക്കു മടങ്ങി, പതിനഞ്ചോളം ചുവരെഴുത്തുപതിപ്പുകളിലൂടെ, ‘കൊട്ടാരവിഴുപ്പിൽ’, രോഗാതുര സാക്ഷരരെ അവൾ നിന്റെ അതിശയോക്തി കലർന്ന ബഹുഭർത്തൃത്വവിശേഷങ്ങൾ കൗതുകവാർത്തയാക്കി അറിയിക്കുന്നതു്. വനവാസം ഇന്നല്ലെങ്കിൽ നാളെ കഴിയും ഹസ്തിനപുരിയിൽ പാണ്ഡുവംശം അധികാരം പിടിച്ചടക്കും, മഹാറാണിയാവാൻ മോഹമുണ്ടു് എങ്കിൽ ആ മോഹം പൂവണിയാൻ നീ പാണ്ഡവസ്തുതി വേണം തുടങ്ങാൻ, ഇതൊരു മുന്നറിയിപ്പു്!” യുധിഷ്ഠിരന്റെ ശബ്ദത്തിൽ രോഷത്തെക്കാൾ ഖേദമായിരുന്നു. വനജീവിതത്തിലെ ദുരിത പർവ്വം.
“ഇരയെന്ന നിലയിൽ വസ്തുതകളും കാഴ്ചപ്പാടുകളുമാണു് ഞാൻ അവളുമായി പങ്കുവെക്കുന്നതു്. നിങ്ങൾ സാക്ഷരത നേടി പനയോലയും നാരായവുമായി ബഹുഭർത്തൃത്വം മറിച്ചെങ്ങനെ രേഖപ്പെടുത്തിയാലും, എന്റെ പ്രതികരണം അതായിരിക്കും. തൽപ്പരകക്ഷിയെന്ന നിലയിൽ വസ്തുതകൾ നിങ്ങൾ കുഴികുത്തി ആഴത്തിൽ കുഴിച്ചിട്ടാലും, കെട്ടഴിച്ചു പറക്കാൻ വിട്ടാലും!”
“പാണ്ഡവർക്കുപോലും വയർനിറയെ കഴിക്കാൻ കാളത്തുടയില്ലത്ത വറുതിയിലാണോ നിങ്ങൾ, മാംസദാഹികളായ അഞ്ചു പോക്കിരി സിംഹങ്ങളെ കോട്ടക്കകത്തു മാൻകുട്ടികളെ പോലെ വളർത്തുന്നതു്?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“അവരുടെ പ്രണയലീല കാണാനൊക്കെ രസമുണ്ടു്, പക്ഷേ, കൂട്ടംകൂടി നിങ്ങൾക്കുനേരെ അവരിൽ ആരെങ്കിലും ഗർജ്ജിച്ചാൽ, കൈവശം തുടയും കുടലുമുണ്ടോ അവക്കെറിഞ്ഞു കൊടുക്കാൻ?” നവപാണ്ഡവഭരണകൂടത്തിന്റെ ആദ്യതീരുമാനമായി ഗോവധം നിരോധിച്ചതു് ഉർവ്വശീശാപം പോലെ ഉപകാരമായി. ക്ഷീരകർഷകർ ആദ്യമൊക്കെ പരിഭവിച്ചു, എന്നാൽ സിംഹങ്ങളെ കണ്ടപ്പോൾ, അവർക്കുത്സാഹമായി. കറവവറ്റിയ മാടുകളുമായി അതിരാവിലെ കോട്ടവാതിലിനു മുമ്പിൽ അവരിപ്പോൾ വരിനിൽക്കും. പുല്ലും വക്കോലുമില്ലാതെ കർഷകകുടുംബത്തെ പെടാപാടിലെത്തിച്ച നാൽക്കാലികളെ എന്തു് തീറ്റ കൊടുത്തു പരിപാലിക്കും എന്ന ഭയം ഇനിയവർക്കു വേണ്ട. ഒരു സൗജന്യം മാത്രമേ ഗ്രാമീണർ കാലിൽ വീണു ചോദിക്കൂ, സിംഹങ്ങൾ നൽക്കാലിയെ പിന്നിൽ നിന്നു കടിച്ചും, കഴുത്തിൽ തൂങ്ങിയും തിന്നുതുടിച്ചു വീണ്ടും ഇണയുമായി കളിക്കാൻ പോവുംവരെ, ദൃശ്യാനുഭവം അടുത്തുനിന്നു കാണാൻ പാറാവുകാർ കർഷകരെ അനുവദിക്കണം. നിങ്ങൾ നാളെ പുലർച്ചക്കുവരാമോ, മനക്കരുത്തുണ്ടെങ്കിൽ പച്ചമാംസക്കാഴ്ച തൊട്ടുമുന്നിൽ കാണാം!”
“ജീവിതകാലം മുതൽ കൂടെനിന്ന കുടുംബാംഗങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞുവീണിട്ടും, തിരിഞ്ഞുനോക്കാതെ സ്വർഗ്ഗരാജ്യത്തിലേക്കു രഥം വരുമെന്ന മോഹനപ്രതീക്ഷയിൽ കാൽ മുന്നോട്ടുവച്ച യുധിഷ്ഠിരനെയൊക്കെ ഒരു പാഠം പഠിപ്പിക്കാൻ നമുക്കിടയിൽ ആരുമില്ലേ?”, ഭീമന്റെ ശവസംസ്കാരം കഴിഞ്ഞു മടങ്ങിവന്ന കൊട്ടാരം ലേഖിക, കഴിഞ്ഞ ദിവസങ്ങളിൽ കണ്ടകാര്യങ്ങൾ ‘ഹസ്തിനപുരി പത്രിക’യിൽ വാർത്തയാക്കും മുമ്പു് എന്തുകൊണ്ടങ്ങനെ സംഭവിച്ചു എന്നു ചാർവാകനുമായി ചിന്തിക്കുകയായിരുന്നു. പുതിയ രാജാവു് പരീക്ഷിത്തിന്റെ രാജരഥം ആ വഴി കടന്നുപോവാൻ ഇരുവശത്തും സുരക്ഷാഭടന്മാർ ക്രമീകരണം ചെയ്യുന്ന നേരം.
“വാ തുറന്നാൽ അർദ്ധസത്യം മാത്രം പറയുക, പറയുന്ന അർദ്ധസത്യം മറ്റുള്ളവർ കുതിരപ്പന്തികളിൽ പ്രചരിപ്പിക്കണം എന്നു് നിഷ്കർഷിക്കുക, അർദ്ധസത്യവും സത്യവും തമ്മിൽ വേർതിരിച്ചറിയാൻ ചിന്താശേഷി നഷ്ടപ്പെടുക, എങ്ങനെ ഈ വിധം ഒരാൾ ഇന്ദ്രപ്രസ്ഥത്തിലും ഹസ്തിനപുരിയിലും ഇതുവരെ ഭരിച്ചു എന്നതാണു് ഭാവിയിൽ തക്ഷശില രാജ്യതന്ത്രജ്ഞന്മാർ കണ്ടെത്താനുള്ളതു്. നമ്മളൊക്കെ അന്നന്നത്തെ ഭരണകൂടഅനീതി ചൂണ്ടിക്കാണിക്കുന്നതിനു അപ്പപ്പോൾ ‘വധശിക്ഷ’ നേടാൻ സാധ്യതയുള്ളവർ” രാജാക്കന്മാർക്കെതിരെ അസത്യം പ്രചരിപ്പിക്കുന്നു എന്ന ഗുരുതര ആരോപണത്തോടെ, യുക്തിവാദിചാർവാകനു് നേരെ പുതിയ രാജാവു് പരീക്ഷിത്തിന്റെ ചാരന്മാർ, “കിട്ടിപ്പോയി നിന്നെ!” എന്നാക്രോശിച്ചു, ചുറ്റും വളഞ്ഞു, അരയിൽ കയറിട്ടുമുറുക്കി വലിച്ചുകൊണ്ടുപോയതു അപ്പോളായിരുന്നു.
“നൂറുപേരെ കൊല്ലാൻ അവർ അഞ്ചുപേർ, എന്തു് കണക്കാണിതു്!”, കൊട്ടാരം ലേഖിക അവസാന കൗരവനോടു് അന്തംവിട്ടു് ചോദിച്ചു, പതിനെട്ടാം ദിനം സന്ധ്യ കുരുക്ഷേത്രം.
“വിഘടനവാദിപാണ്ഡവരെ വഴിയാധാരമാക്കാൻ ജീവിതകാലം കൂട്ടിയും കിഴിച്ചും എത്ര സൂക്ഷ്മതയോടെ ഞാനും ധീര ദേശാഭിമാനികളായ കൂട്ടാളികളും അച്ചടക്കത്തോടെ ശ്രമിച്ചുവോ, അത്രയും കുടിലതയോടെ വിമതപാണ്ഡവർ വനവാസക്കാലത്തു് ഞങ്ങൾക്കെതിരെ കളംവരച്ചിരുന്നു എന്നു് കണ്ടെത്താൻ ഞങ്ങളുടെ ചാരസംവിധാനത്തിനു ഒത്തില്ലെന്നതാണെന്റെ പാളിച്ച”, തുടയിൽ മാരക ഭീമഗദപ്രഹരമേറ്റു് ചളിയിൽ വീണ ദുര്യോധനൻ ഒരു നിമിഷം ഹസ്തിനപുരി സിംഹാസനത്തിൽ നിവർന്നു ഇരിക്കുന്നപോലെ ആയാസത്തോടെ അഭിനയിച്ചു. അപ്പൊഴാണു് ദ്രോണപുത്രനും കൗരവവിശ്വസ്തനുമായ അശ്വത്ഥാമാവു്, സുഹൃത്തിനെ തേടി ആ വഴിവന്നതും, പാണ്ഡവർക്കെതിരെ അവസാന മിന്നലാക്രമണത്തിനവർ ഇരുവരും രൂപം കൊടുത്തതും.