“ഭർത്താവിന്റെ ജഡം ചിതയിലേക്കെടുത്തിട്ടില്ല, അതിനുമുമ്പു് പൂ ചൂടി സുന്ദരിയായി സതിയനുഷ്ഠിക്കാൻ തയ്യാറായല്ലോ! കൊട്ടാരം ലേഖിക മാദ്രിയോടു് ചോദിച്ചു.
“കുന്തി നിർബന്ധിച്ചതുകൊണ്ടു് പാണ്ഡുചിതയിൽ ഞാൻ സതി അനുഷ്ഠിക്കയാണെന്ന മുൻവിധിയുണ്ടെങ്കിൽ ഇതാ: ചിതയിലല്ല, കാട്ടുതീയിലാണു് ഈ ജന്മം ഞാൻ ഒതുക്കുന്നതു്. പ്രകൃതിയോടുള്ള പ്രതിഷേധമാണു്, പാണ്ഡുവിനോടു വിശ്വസ്തതയോ, ആചാരങ്ങളോടനുസരണയോ. കുന്തിയോടു കീഴടങ്ങലോ അല്ല. എന്നോടുള്ള അതൃപ്തിയാണു് കാര്യം. ഭർത്താവു പാണ്ഡുവിനു് കായികക്ഷമതയില്ലാത്തതുകൊണ്ടു് ആദ്യഭാര്യ കുന്തിയെങ്ങനെയൊക്കെ പ്രലോഭനങ്ങളിലൂടെ പരപുരുഷന്മാരെ ആനന്ദിപ്പിച്ചു മൂന്നു കുട്ടികളെ നേടിയതെന്നു് ഞാൻ കേട്ടിരുന്നു. എനിക്കും വേണ്ടിവന്നു സന്ധ്യക്കു് പൂചൂടി പുറത്തുപോയി ആണിനെ തേടാൻ. അഭിമാനം അടിയറവു വച്ചുനേടിയ രണ്ടു കുട്ടികളെയും, കുന്തിയുടെ മൂന്നു മക്കളെയും കൂട്ടി ഹസ്തിനപുരിയിൽ അഭയാർഥികളായി ചെല്ലാൻ എനിക്കു് ആവില്ലെനിക്കെന്ന ഉത്തമബോധ്യത്തിലാണു്, വധുവിനെപോലെ വേഷം കെട്ടി അണിഞ്ഞൊരുങ്ങി കാട്ടുതീയിൽ ജീവനൊടുക്കുക!”
“മൃത്യുചിഹ്നങ്ങൾ നിങ്ങൾ കണ്ടുവോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“എപ്പോഴെങ്കിലും ഉള്ളിൽഉള്ളതവൾ തുറന്നു പറഞ്ഞിരുന്നോ? എനിക്കുറപ്പില്ല. ബഹുഭർത്തൃത്വസേവനം, ഊഴത്തിനപ്പുറം പരമാനന്ദം തന്നപ്പോഴും, ദൂരെ ദൂരെ കടലോരനഗരിയിലെ ശ്യാമസുന്ദരനെ അവൾ സ്വപ്നം കണ്ടിരുന്നോ? അങ്ങനെ സംശയം വന്നാൽ, ഭീതി തോന്നും. ഉടയാടയൂരി കിടക്കുമ്പോഴും, അവളുടെ മനസ്സു്, അങ്ങനെയൊന്നവൾക്കുണ്ടെങ്കിൽ, ഇടനെഞ്ചിൽനിന്നും അകലെയകലെ! ഇന്നവളുടെ വീഴ്ച മാരകമായിരിക്കാമെന്നറിഞ്ഞിരുന്നു. വിലാപസ്വരം എന്നിൽ നിന്നു് ഞാനറിയാതെ വീണെങ്കിലും, മുന്നിൽ നടന്നവർ വച്ചകാൽ പിന്നോട്ടെടുത്തില്ലെന്നതെനിക്കൊരു നിശബ്ദതാക്കീതായി. പദയാത്ര തുടർന്നു. വനവാസക്കാലത്തു നിങ്ങളോടവൾക്കു സംസാരിക്കാൻ അവസരം കിട്ടിയതുകൊണ്ടാവാം, വിഷാദരോഗഭീഷണി നേരിടാനായതെന്ന പരാമർശങ്ങൾ അവളിൽ നിന്നക്കാലത്തു കേട്ടു. ആദിവാസികളുടെ സഹായത്തോടെ ജഡം ചിതയിലെടുക്കാനുള്ള നിങ്ങളുടെ ശ്രമം ഫലിച്ചു എന്നു് കരുതട്ടെ? ഞങ്ങളഞ്ചുപേർ എത്രകാലം ആ ഉടൽ കണ്ടുമോഹിച്ചു, ഉടലിൽ കൈവക്കാൻ ഭ്രമിച്ചു! കഴുകൻ കൊത്താതെ, കത്തിത്തീർന്നവൾ എന്നെന്നേക്കുമായി ചാമ്പലായി എങ്കിൽ, അതായിരിക്കും നന്ദിപ്രകടനം!” പറഞ്ഞുപറഞ്ഞു ഇളമുറ പാണ്ഡവൻ സഹദേവൻ കാലിടറി, കുഴഞ്ഞുവീഴുന്നതും, അവന്റെ ശരീരം പ്രകൃതിയുടെ താണ്ഡവത്തിൽ നിശ്ചലമാവുന്നതും, അതു് ശ്രദ്ധിക്കാതെ മറ്റു പാണ്ഡവർ കാൽ മുന്നോട്ടു വക്കുന്നതും കൊട്ടാരം ലേഖിക ശ്രദ്ധിച്ചു.
“പൊതുവേദിയിൽ പ്രസംഗിക്കുമ്പോൾ മഹാരാജാവു് യുധിഷ്ഠിരൻ വിതുമ്പി മുഖംതാഴ്ത്തുന്നു. കണ്ണു് തുടക്കുന്നു ശബ്ദം ഇടറുന്നു എന്തു് പറ്റി ‘ധർമ്മിഷ്ഠ’നെ നൊമ്പരപ്പെടുത്താൻ മാത്രം?”, യുദ്ധകാര്യലേഖകൻ, പിൻവരിയിൽ അലസമായി കിടന്ന ചാർവാകനോടു് ചോദിച്ചു.
“സ്വാഭാവിക കാരണത്താൽ വീട്ടിൽ കിടന്നു മരിച്ചവരുടെ വിധവകൾ, കുരുക്ഷേത്രവിധവകൾക്കുള്ള പ്രത്യേക സാമ്പത്തിക സഹായം വ്യാജസത്യവാങ്മൂലങ്ങൾ നൽകി തട്ടിയെടുക്കുന്നു എന്നറിഞ്ഞ സത്യസന്ധനായ ഭരണാധികാരിയുടെ മനോവേദന! അതൊക്കെ ഇനിയും നാം പരിചയപ്പെടും.”
“പൂവണിയാത്ത അഭിലാഷങ്ങൾ വല്ലതും ഉണ്ടോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. പാണ്ഡവഭരണത്തിന്റെ മുപ്പത്തിയഞ്ചാം വർഷം. കിരീടാവകാശി പരീക്ഷിത്തു് കൊട്ടാരവിപ്ലവത്തിനായി പാണ്ഡവരെ വംശീയമായി പിളർത്താൻ ശ്രമിക്കുന്ന സംഘർഷ കാലം.
“മഹാറാണിപദവി കിട്ടിയിട്ടു് മൂന്നുദശാബ്ദങ്ങൾ കഴിഞ്ഞു. അല്ലലില്ലാതെ കഴിഞ്ഞു എന്നാണോ സങ്കല്പം! പരീക്ഷിത്തിനെ പട്ടാഭിഷേകം ചെയ്യിക്കണം. സ്മൃതിനാശം സംഭവിച്ച യുധിഷ്ടിരനുൾപ്പെടെ രോഗാതുര പാണ്ഡവരെ മഹാപ്രസ്ഥാനത്തിൽ വടക്കൻ മലകളിലേക്കയക്കുന്ന നിർണ്ണായകദൗത്യവും ഫലപ്രദമായി പൂർത്തിയാക്കാനുണ്ടു്. അധികാരവഴിയിൽ ഞാൻ രാജമാതാപദവി തുടരണ മെന്നും, മരണംവരെ മഹാറാണിപദവി തന്റെ ഭാര്യക്കു് കൊടുക്കാതെ ഒഴിച്ചിടുമെന്നും, മുട്ടുകുത്തി പരീക്ഷിത്തു് എനിക്കു് വാക്കുതന്നിട്ടുണ്ടു്. പാണ്ഡവരില്ലാത്തൊരു സ്വതന്ത്ര സ്വകാര്യ ജീവിതത്തിലാണു് ഈ ലോകത്തിൽ നിന്നു് യാത്ര പറയുന്നതായി ഞാൻ പകൽകിനാവു് കാണുക. ഭൗതികശരീരം രാജസഭയിൽ പൊതുദർശനത്തിനു വെക്കുന്നതും, ഹസ്തിനപുരിയാകെ വിങ്ങിപ്പൊട്ടി വരിനിന്നു അന്ത്യോപചാരമർപ്പിക്കുന്നതും, മേഘരഹിതമായൊരാകാശത്തിനു താഴെ ഗംഗയുടെ തീരത്തൊരുക്കിയ ചിതയിൽ അതിവേഗം ചാരമായി ഞാൻ മാറുന്നതും ആ വിശുദ്ധകിനാവിന്റെ കാരുണ്യങ്ങളാണു്.”
“അഞ്ചുകുട്ടികളുമായി അഭയം യാചിച്ചു വന്ന കുന്തി ഇപ്പോൾ, രാജഭരണത്തിൽ മഹാറാണിപദവി അവകാശപ്പെടുന്നുണ്ടല്ലോ. എങ്ങനെ നേരിടും കുരുവംശ ഭൂപടത്തിൽ ഈ അസാധാരണ വനിതയെ?”, കൊട്ടാരം ലേഖിക വിദുരരോടു് ചോദിച്ചു.
“അടയാളപ്പെടുത്തണമല്ലോ. മഹാരാജാവു് പാണ്ഡു പരപ്രേരണ ഇല്ലാതെ സ്വയം സ്ഥാനം ത്യജിച്ചു വനവാസത്തിനുപോയി എന്നാണു് കൊട്ടാരംരേഖകളിൽ ഇപ്പോഴും കാണുന്നതു്. ചെങ്കോൽ സ്വയം ത്യജിച്ചാൽ, ഒപ്പം ഊരിപ്പോവില്ലേ ചെങ്കോലിൽ പിന്തുടർച്ചക്കാരുടെ അവകാശം? അപ്പോൾ കുന്തി മഹാറാണിപദവിക്കു് എങ്ങനെ യോഗ്യയാവും? കാഴ്ചപരിമിതനെന്ന പരിഗണയിൽ, ധൃതരാഷ്ട്രർ അധികാരത്തിൽനിന്നും നേരത്തെ ഒഴിഞ്ഞുപോയിരുന്നെങ്കിലും, പാണ്ഡു ബദൽക്രമീകരണമില്ലാതെ സ്ഥാനത്യാഗം ചെയ്താൽ, രാജ്യംഭരിക്കുക എന്നല്ലാതെ, ‘എനിക്കു് കാഴ്ചയില്ല’ എന്നു് ആവർത്തിക്കാൻ ആവുമോ? ഞാൻ മന്ത്രിയായി, മഹാരാജാവു് ധൃതരാഷ്ട്രർ നന്നായി ഭരിച്ചു, സാമ്രാജ്യത്തിൽ ജനം ഇപ്പോൾ സന്തുഷ്ടർ. കുന്തിയുടെ അവകാശസംരക്ഷണത്തേക്കാൾ വലുതല്ലേ സദ്ഭരണത്തിനായി ധൃതരാഷ്ട്രഭരണത്തിന്റെ തുടർച്ച? സാഹചര്യം അറിഞ്ഞു കുന്തി സ്വയം കുട്ടികളെ വളർത്തി എടുക്കുന്ന കാര്യത്തിൽ മാതാവിന്റെ ശ്രദ്ധ ചെലുത്തട്ടെ. ഇട്ടെറിഞ്ഞുപോയവന്റെ വിധവ കുന്തിയുടെ പ്രതിച്ഛായ നിലവിൽ അത്ര മികവുള്ളതല്ല. കുന്തിയുടെ മക്കളുടെ പിതൃത്വത്തെക്കുറിച്ചു പറയാൻ ഞാൻ ആളല്ല. എങ്കിലും ഞാൻ കൊട്ടാരകാര്യങ്ങൾ ചുരുക്കിപ്പറഞ്ഞു എന്നു് മാത്രം. സിംഹാസനത്തിൽ അവകാശവുമായി കുന്തി വാശിപിടിച്ചാൽ, ഇടപെടുക ഗാനധാര ഭൂപതിയായിരിക്കും. അവന്റെ പൂർവ്വാശ്രമം ഗാന്ധാരരാജകുമാരൻ ശകുനി! പേർ കേട്ടപ്പോൾ തന്നെ നിങ്ങൾ പകച്ചുപോയി അല്ലെ, അപ്പോളവനെ നിത്യവും അരമനയിൽ ഇടപഴകുന്ന എന്നെപോലുള്ളവരുടെ കാര്യമോ?”
ഹസ്തിനപുരിയിൽ ഭരണഘടനാ പ്രതിസന്ധി. ധൃതരാഷ്ട്രർ സ്ഥാനം ഒഴിയാൻ വയ്ക്കുന്ന ഉപാധികൾ!
“നിങ്ങൾ യുധിഷ്ഠിരനെ വാമൊഴിയിൽ നിസ്സാരവൽക്കരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടു്. വ്യക്തിപരമായ ദുരനുഭവങ്ങളാലാണോ ദുഷിക്കുന്നതു്?”,കൊട്ടാരം ലേഖിക, മുൻ മഹാറാണി പാഞ്ചാലിയോടു് ചോദിച്ചു, മഹാപ്രസ്ഥാനക്കാലം, വടക്കൻ മലഞ്ചെരുവിൽ പാണ്ഡവകുടുംബം ‘ഛിന്നഭിന്ന’മായി ആറു പേരും വെവ്വേറെ തീ കത്തിച്ചു ഹിമാലയതണുപ്പകറ്റുന്ന സന്ധ്യ.
“ഉച്ചരിക്കുന്ന വാക്കിലല്ല, മറ്റുള്ളർവർക്കുവേണ്ടി ചെയ്യുന്ന പ്രവൃത്തിയിലാണു് ഒരാൾ സത്യവാനാവേണ്ടതു് എന്നയാൾ ആവർത്തിക്കുമ്പോഴും, ആ വെറുംവാക്കിൽ സത്യംപുലർത്താനാവാതെ അയാൾ കിതക്കുന്നതു് ഞാൻ കണ്ടിട്ടുണ്ടു്. നിങ്ങൾ തൊലിപ്പുറമേ കാണുന്ന സുന്ദരരൂപൻ ‘ധർമ്മപുത്രർ’ ഉണ്ടല്ലോ, അതു് മിത്താണെന്നൊന്നും ഞാൻ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നില്ല. എന്നാൽ വ്യാസൻ മഹാഭാരതമെഴുതുമ്പോൾ യുധിഷ്ഠിരന്റെ സാത്വിക ഭാവവും സംഭാഷണമികവും കണ്ടു ആളൊരു ധർമ്മിഷ്ഠൻ എന്ന മിഥ്യാധാരണയിൽ പതിക്കരുതു് എന്നെനിക്കു താൽപ്പര്യമുണ്ടു്. കാരണം, എന്റെ കർത്തവ്യം അയാളോടല്ല, അയാളുടെ ഭാവിഇരകളായ നിങ്ങളെപോലുള്ളവരോടാണു്!”
“തോൽപ്പിച്ചാൽ പോരാ, കൗരവരെ ഭൂമുഖത്തുനിന്നും നിഷ്കാസനം ചെയ്യണം എന്ന ആത്യന്തികയുദ്ധലക്ഷ്യം നേടിയാണോ കുരുക്ഷേത്രയിൽനിന്നും ഹസ്തിനപുരിയിലേക്കു മടക്കം?” കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. യുധിഷ്ഠിരനിൽനിന്നും നടിപ്പുനിറഞ്ഞ പ്രഭാഷണം കേൾക്കാനുള്ള മാനസികാവസ്ഥയിൽ അല്ലാതെ, മുമ്പിലായിരുന്നു യുദ്ധത്തിൽ അഭിമന്യുവിനെ നഷ്ടപ്പെട്ട ആ പിതാവു്.
“നൂറുകൗരവരുടെയും ജഡങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി യുദ്ധനിർവഹണസമിതി അവയെ പ്രദർശനയോഗ്യമാക്കുമ്പോൾ ഞാൻ ഇടപെട്ടു് ആശ്വസിപ്പിച്ചു ഗാന്ധാരിയുടെ കണ്ണീർ കാണാൻ എനിക്കിനി ആവില്ല അതുകൊണ്ടു് ഭൗതികാവശിഷ്ടങ്ങൾ എങ്ങനെയോ അങ്ങനെ എന്ന നിലയിൽ ഉടൻ പുഴയിൽ തള്ളൂ ഇന്നാർധരാത്രിയോടെ ഹിമാലയത്തിൽനിന്നും മഞ്ഞുരുകി വരുന്ന പ്രളയജലകുത്തൊഴുക്കിൽ നാളെ ഉച്ചയോടെ ജഡങ്ങൾ പ്രയാഗിലെത്തും. അതോടെ അവ ഗംഗ വഴി കാശിയിൽ ചേരുന്നതോടെ കൗരവാത്മാക്കൾ സ്വർഗ്ഗരാജ്യപ്രവേശനത്തിനു ആത്മീയയോഗ്യരാകും. എന്റെ വിശദീകരണം യുദ്ധനിർവഹണസമിതി, യോഗം ചേർന്നു് സ്വീകരിച്ചു അതുപോലെ ചെയ്തു എന്നാണറിവു്. ഇനി ഹസ്തിപുരി കോട്ടപിടിച്ചാൽ, കൊട്ടാരത്തിൽ നിന്നും കൗരവരാജ വിധവകുടുംബങ്ങളെ ഭീമൻ കാര്യക്ഷമതയോടെ കുടിയൊഴിപ്പിക്കും. അതു് രണ്ടാം ഘട്ടം. ധൃതരാഷ്ട്രരും ഗാന്ധാരിയും ഉൾപ്പെടുന്ന വയോജനസംഘത്തെ വനവാസത്തിനയക്കേണ്ട ഉത്തരവാദിത്വം മിതഭാഷി സഹദേവനാണു്. അവന്റെ ദാർശനികമാനങ്ങൾ കൊച്ചുപ്രഭാഷണത്തിലൂടെ വനവാസത്തെ ആകർഷകമാക്കും. വ്യാസനെക്കണ്ടു നകുലൻ കർശനമായി താക്കീതു നൽകും കൗരവരെ ‘കൃമികീട’ങ്ങൾ പോലെ കൈകാര്യം ചെയ്യാൻ അറപ്പു കാണിക്കരുതു്. പാഞ്ചാലിയെ കൗരവർ ലൈംഗികാക്രമണം ചെയ്യാൻ വസ്ത്രാക്ഷേപം സ്തോഭജനകരംഗം കൂട്ടിച്ചേർക്കാമോ എന്നു് ‘കേണപേ’ക്ഷിക്കും. മഹാഭാരത ആദ്യകരടുവെട്ടിമാറ്റുന്നതും വളച്ചൊടിക്കുന്നതും മാത്രമല്ല ഞങ്ങളുടെ കുടുംബചിത്രം, ചില കൂട്ടിച്ചേർക്കലുകളും ആണെന്നു്, വരുംതലമുറയിൽ ചിലരൊക്കെ തിരിച്ചറിഞ്ഞാലും പൊതുസമൂഹം അവയെല്ലാം ‘സത്യം സത്യമല്ലാതെ മറ്റൊന്നുമല്ല’ എന്ന നിഗമനത്തിൽ തുടർന്നും വായിച്ചുകൊണ്ടിരിക്കും!”
“വംശീയമഹിമ പറഞ്ഞു ദുര്യോധനൻ പാണ്ഡവർക്കുമേൽ കുരുവംശ അധിനിവേശത്തിനു കിണഞ്ഞുശ്രമിക്കുന്നു എന്ന യുധിഷ്ഠിര ആരോപണത്തോടെങ്ങനെ നിങ്ങൾ പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. പാഞ്ചാലിയുമായി ഹസ്തിനപുരിയിൽ എത്തിയശേഷം, ഒരന്തിക്കൂര നേടിയെടുക്കാൻ സാഹോദര്യരാഷ്ട്രീയത്തിലൂടെ ശ്രമിക്കുന്ന പാണ്ഡവർ ഹസ്തിനപുരി കൊട്ടാരത്തിൽ പാഞ്ഞുനടക്കുന്ന സംഘർഷദിനങ്ങൾ.
“മൂന്നു് പാണ്ഡവർ, കൗന്തേയർ എന്ന വംശീയമഹിമ അവകാശപ്പെട്ടു്, മാദ്രേയരായ ഞങ്ങൾ രണ്ടുപേരെ, തരം കിട്ടുമ്പോഴെല്ലാം കീഴ്പ്പെടുത്തുന്നതൊരു നിത്യക്കാഴ്ചയല്ലേ, അപ്പോൾ, പഞ്ചപാണ്ഡവർക്കുമേൽ നൂറ്റുവരായ കൗരവർ കിണഞ്ഞു ശ്രമിക്കുന്ന ഭൂരിപക്ഷഅധിനിവേശശ്രമത്തെ അപലപിക്കാൻ ധാർമ്മികതയുടെ മഹാപുരോഹിതനായ യുധിഷ്ഠിരനു് എന്തവകാശം?”
“ശാന്തസുന്ദരമായ പുൽമേടിലെ ഈ ആശ്രമത്തിലാണു് നിങ്ങൾ ആറുപേരും, പന്ത്രണ്ടുകൊല്ല അടിമജീവിതം, പക്ഷേ, ആശ്രമമൃഗങ്ങൾ?, മാൻ മുയൽ ഒന്നും മുറ്റത്തു് കാണുന്നുമില്ല” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“ഞാനില്ലേ”, അറവു കത്തിക്കു് മുമ്പിൽ ബലിമൃഗത്തെ പോലെ പാഞ്ചാലി മുട്ടു് മടക്കി കുനിഞ്ഞു ഇരുകൈകൾ ഉയർത്തി നീട്ടി, “പട്ടിണിയിടാനും ഭാരം ചുമക്കാനും അഞ്ചു കാളകൂറ്റൻമാർക്കു് കീഴ്പ്പെടുത്താനും.”
“ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി ആയിരുന്നപ്പോൾ ദാസിപ്പണിക്കു് കൊട്ടാരത്തിൽ വേണ്ടത്ര ആളുണ്ടായിരുന്നു എന്നാൽ വനവാസത്തിൽ എത്തിയപ്പോൾ? വീട്ടുജോലി ‘നരക’മായി കണ്ടുവോ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“വീട്ടുജോലിയല്ല വീട്ടുകാരെ! അമർച്ച ചെയ്യാൻ ഞാനൊന്നു നോക്കിയാൽ മതി എന്നാൽ അഞ്ചു ആണുടലുകളുടെ നിരന്തരസാമീപ്യം, വീട്ടകത്തവരുടെ അലസസാന്നിധ്യം, ഇത്രയൊക്കെ എന്നും പരിചയപ്പെട്ടിട്ടും, എന്നെ തകർക്കാൻ ആവാത്തതു്, ഭാവിയെക്കുറിച്ചു ആറുപേരും ഒരുപോലെ പുലർത്തുന്ന ആശങ്കയാണു്. കുടിയേറ്റക്കാരായി ഖാണ്ഡവപ്രസ്ഥത്തിലേക്കുപോയി, ഒന്നുമാവാതെ മുഷിയുമ്പോൾ നേർവഴി നയിച്ചതു് രാജസൂയ യാഗം ചെയ്യാൻ പ്രേരണനൽകിയല്ലേ. അവർ ഇന്നതൊക്കെ നിഷേധിക്കും, സ്വാധീനശക്തി അതീതശക്തിയാണെന്നു അടയാളപ്പെടുത്തണം. യാഗത്തിലെ സ്ത്രീവിരുദ്ധ ആചാരങ്ങൾ സംയമനത്തോടെ സഹിച്ചുവേണമായിരുന്നു യുധിഷ്ടിരഭാര്യായി യാഗശാലയിൽ രണ്ടുനാൾ പുകയും പട്ടിണിയും സഹിച്ചുകഴിയാൻ. പിന്നീടു് ചക്രവർത്തിനി എന്ന അലങ്കാരപദവി കിട്ടിയതോടെ പാണ്ഡവർക്കതെല്ലാം കൗരവരെ ക്ഷണിച്ചുവരുത്തി മതിപ്പുനേടണം. അതിനിടയിൽ എനിക്കഞ്ചു പ്രാവശ്യം ഓരോരുത്തരുടെയും ഗർഭവും സഹിച്ചുപ്രസവിക്കണം കുഞ്ഞിനെ പോറ്റാൻ പാഞ്ചാലയിൽ എത്തിക്കണം ശരിയാണു് നിങ്ങൾ പരാമർശിച്ച നരകം. അതു് തന്നെയായി പാഞ്ചാലിയുടെ ബഹുഭർതൃത്വ ജീവിതം!”
“പാഞ്ചാലപോലൊരു ആണധികാര പ്രമത്തതയുള്ള രാജ്യത്തിൽ നിന്നുവരുന്ന നിങ്ങൾക്കെങ്ങനെ ‘സ്ത്രീസമത്വം’ എന്ന വാക്കു പോലും പേടികൂടാതെ ഉച്ചരിക്കാനാവും എന്നായിരുന്നു, കൗരവ സഹോദരിയും ഹസ്തിനപുരി പെണ്ണവകാശ പോരാളിയുമായ ദുശ്ശള ഒരിക്കൽ എന്നോടു് പറഞ്ഞതു്. ഇന്ദ്രപ്രസ്ഥക്കാലത്തും, വനവാസക്കാലത്തും, അജ്ഞാതവാസക്കാലത്തും നിങ്ങൾ പുരുഷാധിപത്യപ്രവണതക്കെതിരെ മൂർച്ചയുള്ള വാക്കുകൊണ്ടെങ്കിലും ഇടപെട്ട സംഭവങ്ങൾ ഓർത്തെടുക്കാൻ എനിക്കു കഴിയും. എന്താണു് നിങ്ങളുടെ പ്രതിരോധഗാഥയുടെ ഊർജ്ജ സ്രോതസ്സു്?”, കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരിയിൽ പാഞ്ചാലി മഹാറാണിപദവി വഹിക്കുന്ന കാലം.
“കവിപാടിയപോലെ, ജനിച്ചതുതന്നെ മുതിർന്നസ്ത്രീ ആയിട്ടല്ലേ. കുഞ്ഞായാണു് വളർന്നുവലുതായെങ്കിൽ സ്വഭാവരൂപീകരണകാലത്തെ പരാശ്രയബോധത്തിൽ അധികാരപുരഷനു വിധേയപ്പെടാൻ സ്വാഭാവിക അവസരങ്ങൾ ഉണ്ടാവും എന്നാൽ പ്രകൃതി അതെനിക്കു് ‘നിഷേധി’ച്ചു. സ്വയംപര്യാപ്തരീതിയിൽ വളർച്ചയെത്തിയ സ്ത്രീശരീരവുമായി, യാഗാഗ്നിയിൽ നിന്നുയർന്നുവന്ന എനിക്കു് ബാല്യകൗമാരങ്ങളിൽ ആൺആശ്രയത്വം ഇല്ലാതെ പോയതു പ്രകൃതിയുടെ ലീലയല്ലേ, അതോ നിങ്ങളുടെ പുതിയ പത്രഭാഷയിൽ ഞാനൊരു മിത്താണോ!”
“ഹസ്തിനപുരിയിലെ വഴിയമ്പലങ്ങളിലും കുതിരപ്പന്തികളിലുമൊക്കെ കഴിഞ്ഞ ദിവസങ്ങളായി പതിവില്ലാത്തതോതിൽ ആൾത്തിരക്കുകാണുന്നല്ലോ, എന്താണു് കാര്യം, മൊത്തം ജനതയുടെ കണക്കെടുക്കാൻ തീരുമാനിച്ചുവോ?”, യുദ്ധക്കെടുതി നേരിട്ടറിയാൻ വന്ന ദേശാന്തര പഠനസംഘത്തിലെ തക്ഷശില അധ്യാപകൻ, വക്താവു് നകുലനോടു് ചോദിച്ചു. കൊട്ടാരം ലേഖിക ചെവിയോർത്തു.
“യുദ്ധം ഒരുവർഷം മുമ്പു് കഴിഞ്ഞതല്ലേ, പുരുഷജനസംഖ്യയിൽ കുറവു് കാണുമല്ലോ, എന്നാൽ ഇതതല്ല, തീർത്ഥാടനകേന്ദ്രമായി എത്രക്ഷണം ഹസ്തിനപുരി വികസിച്ചുഎന്നോർക്കുമ്പോൾ അല്ലേ ഈ തിരക്കു് നമുക്കെത്ര ആത്മവിശ്വാസം തരുന്നു എന്നു ഞങ്ങൾ അഭിമാനത്തോടെ അറിയുന്നതു്! കുരുക്ഷേത്രനായകൻ ദുര്യോധനൻ അന്ത്യവിശ്രമം ചെയ്യുന്ന യമുനാതീര ശക്തിസ്ഥലത്തിലേക്കു് പ്രവേശനം പ്രതീക്ഷിക്കുന്ന ദേശവിദേശ തീർത്ഥാടകരുടെ പ്രവാഹം. ഞങ്ങളുടെ ചാരിതാർഥ്യം ചെറുതല്ല, തിരുമേനീ, ഓരോ വെളുത്തവാവിനും, ആത്മീയയാത്രാ പദ്ധതിക്കു് പാഞ്ചാലിരൂപം കൊടുക്കുന്നു. സ്വതന്ത്ര പത്രപ്രവർത്തകയും യുക്തിവാദിയുമായ കൊട്ടാരം ലേഖികയെ ഞങ്ങൾ പഠനസംഘത്തിലേക്കു നാമനിർദേശം ചെയ്യുന്നു!”
“വേനൽക്കാല സുഖവാസത്തിനുപയോഗിച്ചിരുന്ന വാരണാവതം കൊട്ടാരം സുഖചികിത്സക്കായി കുന്തിക്കും കൗന്തേയർക്കും വിട്ടുകൊടുത്തതു് രാജാവിന്റെ വിവേചനാധികാരത്തിൽ ആയിരുന്നല്ലോ. എന്നിട്ടും അതിഥികൾ സൗകര്യം ദുരുപയോഗം ചെയ്തു തീയിട്ടുനശിപ്പിച്ചു എന്നാണു് കണ്ടതു്. മാത്രമോ, അത്താഴം ചോദിച്ചുവന്ന ആറംഗ ആദിവസകുടുംബത്തെ ഇരകളാക്കി. കത്തിക്കരിഞ്ഞതു് കുന്തിയും മക്കളുമാണെന്ന വ്യാജതെളിവുമുണ്ടാക്കി. അഗ്നിബാധ വിവാദമായിട്ടും കുറ്റാന്വേഷണമില്ലാതെ കണ്ടപ്പോൾ ചാർവാകൻ നീതിപീഠത്തിൽ പരാതികൊടുത്തു. ധൃതരാഷ്ട്രർ അന്വേഷണത്തിനു് ഉത്തരവിടേണ്ടിവന്നു. പ്രതി ഒളിവിൽ എന്ന രണ്ടുവാക്കു് മറുപടിയോടെ, അന്വേഷണവും നിലച്ചു. പ്രതി ഒളിവിലായാൽ അവരുടെ അഭാവത്തിലും നീതിപീഠം ഹസ്തിനപുരിനീതിസംഹിത അനുസരിച്ചു ശിക്ഷ വിധിക്കാമായിരുന്നു എന്നു് നിയമജ്ഞർ നിരീക്ഷിച്ചപ്പോൾ, അവരുടെ നേരെ ഭരണകൂടം കുതിര കയറുന്നു. ഈ നാട്ടിൽ കുന്തിക്കു് മാത്രമായുണ്ടോ ശിക്ഷാനിയമത്തിൽ ഇളവു്?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
“മുൻരാജാവും മുൻ രാജ്ഞിയും ശിക്ഷയിൽനിന്നും മുൻകാല പ്രാബല്യത്തോടെ ഒഴിവാക്കപ്പെടും എന്നു് നിയമസംഹിതയിൽ എഴുതിവച്ചതു കുരുവംശാധിപനായ ശന്തനുവല്ലേ? അല്ലെങ്കിൽ, ഭാര്യ ഗംഗ ശിശുഹത്യയുടെ പേരിൽ കൊലപാതക പ്രതിയാവുമായിരുന്നില്ലേ? ആ ഇളവു് മുൻ മഹാറാണി കുന്തിക്കു് മാത്രം കിട്ടാതിരുന്നാൽ നാളെ നിങ്ങൾ പറയില്ലേ കൗരവർ കുന്തിയെ നിയമവിരുദ്ധമായി പീഡിപ്പിക്കുന്നു?”
“പാണ്ഡവക്കുട്ടികളെ വിഷം തീറ്റിക്കാൻ പോലും ധൃതരാഷ്ട്രരുടെ പണപ്പെട്ടിയിൽ കയ്യിട്ടുവാരണമെന്ന പണസംബന്ധമായ ദുസ്ഥിതി നിലവിലുണ്ടായിരുന്ന നിങ്ങളുടെ വിദ്യാർഥി ജീവിതത്തിൽ, അരങ്ങേറ്റ ദിവസം പാണ്ഡവർ ജാതീയമായി അവമതിച്ച കർണ്ണനെ “അംഗരാജാവായി” പ്രഖ്യാപിക്കാൻ വേണ്ട സാഹസികത നിങ്ങൾ പ്രദർശിപ്പിച്ചു. ഈ അസാധാരണ നടപടിക്കു, മുൻകാല പ്രാബല്യത്തോടെ രാജകീയഅനുമതി പിന്നീടു് കിട്ടിയോ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
“സാഹചര്യത്തിനൊന്നുയർന്നു. സാഹസികമായി ഞാനും ഇടപെടേണ്ടി വന്നു. പാണ്ഡവവിരുദ്ധമനോഭാവമുള്ള ഒരു അധഃകൃത യോദ്ധാവിനെ ആജീവനാന്ത അടിമയായി നേടിയെടുക്കാൻ, അംഗരാജ്യം എന്ന സാങ്കല്പ്പികദേശനാമം ആധികാരികമായി ഞാൻ ഉച്ചരിച്ചു. അതിനു ഭീഷ്മരുടെയോ വിദുരരുടെയോ മനഃസമ്മതം ചോദിക്കാതിരിക്കാനുള്ള ഗാന്ധാരധാർഷ്ട്യം അന്നേ എന്റെ പെരുമാറ്റത്തിലുണ്ടു്. അതിൽ കവിഞ്ഞെന്തു മുൻകാല പ്രാബല്യവും രാജകീയഅനുമതിയും?”
“യുധിഷ്ഠിരൻ, എല്ലാം ഇട്ടെറിഞ്ഞു നഗ്നപാദനാവുമ്പോൾ, ഒപ്പം നിങ്ങളും പടിയിറങ്ങുന്നു?, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. മഹാപ്രസ്ഥാനം തുടങ്ങിയ നേരം.
“അയാൾ പടിയിറങ്ങുന്നതിന്റെ കാര്യം അയാളോടുതന്നെ ചോദിക്കണം, ഞാൻ ഇറങ്ങിത്തിരിക്കുന്ന ലക്ഷ്യം, അതുവേറെ!”
“അരമന ഊട്ടുപുര തന്നെ അന്നമൊടുങ്ങാത്ത അക്ഷയപാത്രമല്ലേ? അപ്പോൾ പാവപ്പെട്ടവനുകിട്ടേണ്ട സൗജന്യധാന്യം വരിനിന്നു വാങ്ങുകയോ മഹാറാണി?”, കൊട്ടാരം ലേഖിക ചോദിച്ചു. ശിരസ്സും മുഖവും മറച്ച പാഞ്ചാലി വിതരണകേന്ദ്രത്തിനു മുമ്പിൽ ക്ഷമയോടെ.
“ഹസ്തിനപുരി റാണിയാണെങ്കിലും, കുരുക്ഷേത്രവിധവയാണെങ്കിലും പൗരാവകാശം പൊതുവല്ലേ?”
“ഭാവിയെക്കുറിച്ചൊരു ആശങ്കയൊന്നുമില്ലാതെ ഇങ്ങനെ സ്വതന്ത്രയായി കാട്ടിൽ നടക്കുമ്പോൾ, പൊന്മാൻ പ്രലോഭിപ്പിക്കുന്നപോലെ തോന്നാറുണ്ടോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വനവാസക്കാലം. കാട്ടരുവികളുടെ ഇരമ്പൽ ഒഴികെ നിശബ്ദമായ താഴ്‌വര.
“ഏതുനിമിഷവും ഉരുൾപൊട്ടുമെന്നു അഞ്ചു ‘ധീരോദാത്ത’ന്മാർ മാറി മാറി ‘ലക്ഷ്മണരേഖ’ വരക്കുമ്പോഴോ?”
“അമ്മാ, ഈ യുവയോദ്ധാവു് എന്റെ അച്ഛനായിരുന്നെങ്കിൽ! വൃദ്ധനും രോഗിയുമായ ശന്തനു എന്തിനു എന്റെ അച്ഛനായി”, അമ്മയെക്കാൾ പ്രായം കുറഞ്ഞ ‘ദേവവ്രതൻ’ എന്ന ഭീഷ്മരേയും, അമ്മയുടെ അച്ഛനെക്കാൾ പ്രായമുള്ള മഹാരാജാവു് ശന്തനുവിനെയും മാറി മാറി ചൂണ്ടിക്കാട്ടി, കിരീടാവകാശിയായ വിചിത്ര വീര്യൻ, മഹാറാണി സത്യവതിയോടു ചോദിച്ചു, ഹസ്തിനപുരി അരമനയിൽ ഭീഷ്മർ ദീർഘയാത്രക്കു് തയ്യാറെടുക്കുന്ന സമയം.
“കൊച്ചുകുട്ടിയാണെങ്കിലും ഇപ്പോഴേ വ്യക്തമായില്ലേ മകനെ, എത്രമാത്രം സ്ത്രീവിരുദ്ധരാണു് ഞങ്ങളുടെ ഭാഗധേയം നിർണയിക്കുന്ന അതീതശക്തികൾ? നിന്റെ പ്രശംസ കേട്ടു് സുന്ദരയോദ്ധാവു് ഭീഷ്മർ പ്രസാദിച്ച പോലെ തോന്നുന്നു. നിനക്കവൻ ഒന്നിലധികം സുന്ദരിക്കുട്ടികളെ കിടക്കക്കൂട്ടിനായി, സ്വയംവരത്തിൽ ബലം പ്രയോഗിച്ചും തട്ടിയെടുത്തു കൊണ്ടു് വരും” ക്ഷയരോഗിയായ കിരീടാവകാശി വിചിത്രവീര്യനെ, അമ്മ മഹാറാണി സത്യവതി ചുമലിൽ കൈവച്ചു് ആശ്വസിപ്പിച്ചു. അകലെ കാശിരാജ്യത്തിലേക്കു കിരീടാവകാശിക്കുവേണ്ടി വധുവിനെത്തേടി ഇറങ്ങിത്തിരിക്കുകയായിരുന്നു സായുധഭീഷ്മർ.
“കീചകൻ പാഞ്ചാലിയോടു് പ്രണയാഭ്യർത്ഥന ചെയ്തു എന്ന അപവാദം വസ്തുതയെന്നു തർക്കത്തിനു് സമ്മതിച്ചാലും, കഴുത്തു ഞെരിച്ചവനെ കൊലപ്പെടുത്താൻ മാത്രം വലിയ അപരാധമാണോ നിങ്ങൾ അവനിൽക്കണ്ടതു്? പരസ്യമായി അരക്കെട്ടിൽ കൈവച്ചു ദ്രൗപദിയെ വിവസ്ത്രയാക്കിയ ദുശ്ശാസനൻ പോലും പോറലേൽക്കാതെ ചൂതാട്ടസഭയിൽ അഞ്ചു ആണുങ്ങളെ വെല്ലുവിളിയോടെ നേരിട്ടൊരു ഭൂതകാലം നിങ്ങൾക്കുണ്ടു്!” കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.
“നിത്യവും രാത്രിയായാൽ സൈരന്ധ്രിയെന്ന പാഞ്ചാലി, മദ്യവും മാംസാഹാരവുമായി റാണി സുദേഷ്ണയുടെ അനുഗ്രഹാശിസ്സുകളോടെ കീചകവസതിയിൽ പതുങ്ങിച്ചെന്നു അർധരാത്രി വരെ ആസ്വാദനക്കൂട്ടു് കൊടുക്കുന്നുണ്ടു് എന്നറിഞ്ഞപ്പോൾ, യുവസൈനികമേധാവിയിൽ കാമന കാണുന്ന അവൾക്കും, അവളിൽ രതിയുടെ അമിതാധികാരം പ്രയോഗിക്കുന്ന അവനും നേരെ ഈ കൈത്തരിച്ചു. അരമനഊട്ടുപുരയിൽ മാംസപാചകം ചെയ്യുന്ന എന്നെ കരുവാക്കി, വിരാടരാജാവു്, ഭീഷണി നേരിടാൻ നെയ്തെടുത്തൊരു വധമായിരുന്നു അതെന്നു തിരിച്ചറിയാൻ ഞാൻ വൈകി. നൃത്തമണ്ഡപത്തിലെ രഹസ്യമുറിയിൽ കാത്തു കിടക്കുന്നതു പാഞ്ചാലിയെന്ന മോഹത്തിൽ അവൻ, കുളിച്ചു സുഗന്ധം മേലാസകലം പുരട്ടിയതുകൊണ്ടു്, കൊല രസകരമായിരുന്നു എന്നുമാത്രം ഈ കൊലപ്പുള്ളി, ഔദാര്യത്തോടെ ഓർക്കട്ടെ. നിയമവ്യവസ്ഥ പാലിക്കാനല്ലല്ലോ ഞങ്ങൾ ആകാശചാരികളുടെ മക്കളായി ഭൂമിയിൽ താരോദയം ചെയ്തതു്. ഞങ്ങളെ സാദാമനുഷ്യരായി നിങ്ങൾ തരംതാഴ്ത്തി ചോദ്യം ചെയ്യരുതു്!”
“ആൽമരച്ചുവട്ടിലിരുന്നു ആറുപേരും ‘ചൂതാട്ടപരിശീലനം’ ചെയ്യുന്നതു്, വനാശ്രമജാലകത്തിലൂടെ നോക്കുമ്പോൾ, പരസ്പരം ചൂണ്ടുവിരലുയർത്തി കയർക്കുന്നതു കാണാം. അതും കൗരവരോടു് പോരാടാനുള്ള നൈപുണ്യവികസനത്തിന്റെ ഭാഗമാണോ?” കൊട്ടാരം ലേഖിക ചോദിച്ചു. മഴപെയ്തു തെളിഞ്ഞ ഹിമാലയ താഴ്‌വര.
“കള്ളച്ചൂതിൽ ഭർത്താക്കന്മാരാൽ കബളിക്കപ്പെട്ട പാഞ്ചാലി കളിബഹിഷ്കരിക്കുമ്പോൾ, വിരൽചൂണ്ടി ആണുങ്ങൾ പഴിചാരും, നിന്നെയാണു് നിന്നെമാത്രമാണു് പാഞ്ചാലിയിന്നു കോപത്താൽ ഉന്നംവച്ചതു. മറ്റു മൂന്നുപേരപ്പോൾ ‘അല്ല, നിന്നെ നിന്നെ’ എന്നു് വിറയലോടെ തിരിച്ചു ഒച്ചവക്കും. എനിക്കു് പ്രശ്നമില്ല! ഞാൻ അവൾക്കു ഇടയ്ക്കിടെ മറ്റുഭർത്താക്കന്മർ അറിയാതെ കിടപ്പറയിൽ തലയിണ പങ്കിടുന്ന നേരത്തു കല്യാണസൗഗന്ധികം കാഴ്ചവെക്കും!”, ഭീമശബ്ദത്തിൽ, കളിജയിച്ച കുഞ്ഞിന്റേതുപോലെ കൊഞ്ചൽ കലർന്നു.
“പരാതി പറയുന്നല്ലോ? എന്താണവളുടെ യഥാർത്ഥപ്രശ്നം!”, അഞ്ചാമത്തെ കുഞ്ഞിനെയും വളർത്താൻ പാഞ്ചാലയിൽ അമ്മയെ ഏൽപ്പിച്ചു, ഇന്ദ്രപ്രസ്ഥത്തിൽ തിരിച്ചെത്തിയ ചക്രവർത്തിനിയുടെ പുതിയ അഭിമുഖം ‘ഹസ്തിനപുരി പത്രിക’യുടെ കോട്ടയ്ക്കകം ചുവരെഴുത്തുപതിപ്പിൽ വായിച്ച ചാർവാകൻ, കൊട്ടാരം ലേഖികയോടു് ചോദിച്ചു.
“നാലുപേരെ കുന്തിയിൽനിന്നും പാരിതോഷികമായി, അർജ്ജുനനുമൊപ്പം, പായക്കൂട്ടിനു കിട്ടിയപ്പോൾ, പാഞ്ചാലിയതൊരു ‘പരാതി’യായി തുറന്നുപറഞ്ഞതു് കുന്തിക്കെതിരെ ആയിരുന്നു, ഊഴംവച്ചു അഞ്ചു കുഞ്ഞുങ്ങളെ പിന്നീടു് പ്രസവിച്ചുകഴിഞ്ഞപ്പോഴേക്കും അവൾക്കു തിരിച്ചറിവുണ്ടായി, നാമമാത്ര ചക്രവർത്തിനീ പദവികൊടുത്തു അവളുടെ ചിറകു രണ്ടും പാണ്ഡവർ മുറിച്ചിട്ടിരിക്കുന്നു!”
“അപ്പോൾ നിങ്ങൾ പാഞ്ചാലിയുമായി കൂടിയാലോചിച്ചെടുത്തതല്ല, മറിച്ചു യുധിഷ്ഠിരന്റെ തീർത്തും വൈകാരികമായ തീരുമാനമായിരുന്നുവോ വാനപ്രസ്ഥം? അതോ, കുതിരപ്പന്തി ചർച്ചയിൽ ഇപ്പോൾ കേട്ടപോലെ, ആത്മനിന്ദയാൽ നിങ്ങൾക്കു് വെളിപ്പെടുത്താനാവാത്തവിധം അരമനപ്രകോപനം, അഭിമന്യുപുത്രനും കിരീടാവകാശിയുമായ പരീക്ഷിത്തിൽ നിന്നുണ്ടായോ?”, അധികാരത്തിന്റെ അകത്തളത്തിൽ നിന്നു് പുറത്തുചാടി വടക്കൻ മലകളിലേക്കു യാത്രയായ പാണ്ഡവരെ നോക്കി കൊട്ടാരം ലേഖിക, മുൻഔദ്യോഗിക വക്താവു നകുലനോടു് ചോദിച്ചു.
“കൌരവരുടെ കിരാതഭരണത്തിൽ നിന്നു് കുരുവംശത്തെ കുരുക്ഷേത്രയിലൂടെ രക്ഷിച്ച പാണ്ഡവരുടെ ഐതിഹാസിക യുദ്ധവിജയത്തിന്റെ മുപ്പത്തിആറാം വാർഷികം ആയിരുന്നല്ലോ ഇക്കഴിഞ്ഞ ദിവസം. ഈ ദേശീയ സ്വാതന്ത്ര്യദിന ആഘോഷത്തിൽ പങ്കെടുക്കാൻ പക്ഷേ, കോട്ടമൈതാനയോഗത്തിൽ പങ്കെടുക്കാൻ വന്നതു് അഞ്ചു വൃദ്ധപാണ്ഡവർ മാത്രം. ചെങ്കോലും തിരുവസ്ത്രവും, അക്ഷമനായ കിരീടാവകാശിക്കു ഉടനടി കൈമാറാൻ, കാലഘട്ടത്തിന്റെ നൊമ്പരപ്പെടുത്തുന്നൊരു ഓർമ്മപ്പെടുത്തൽ കൂടിയായി, ലക്ഷണമൊത്ത കൊട്ടാരവിപ്ലവമൊന്നു മായിരുന്നില്ല, ഒരിറ്റു് രക്തച്ചൊരിച്ചിൽ പോലും ഇല്ലാത്ത, അധികാരകൈമാറ്റം മാത്രം!”
“പാഞ്ചാലിയെ നിത്യവും അതിഥിമന്ദിരത്തിൽ പൂകൊടുത്തു നിങ്ങൾ ആദരിക്കുന്നതു്, അഭിമാനികൗരവരുടെ അന്തസ്സിനു യോജിച്ചതല്ലെന്നും, സൂക്ഷിച്ചില്ലെങ്കിൽ അവളുടെ തേൻകെണിയിൽ വീഴുമെന്നോർമ്മിക്കണമെന്നും ഗാന്ധാരഭൂപതി ഉപദേശിച്ചെന്നുകേട്ടല്ലോ. നവവധുപാഞ്ചാലി ഇത്രക്ഷണം പേടിപ്പിക്കുന്നൊരു യക്ഷിസാന്നിധ്യമായോ?” കൊട്ടാരം ലേഖിക ഇളമുറ കൗരവനോടു് ചോദിച്ചു. പാഞ്ചാലിയും പാണ്ഡവരും സ്വന്തമെന്നു പറയാൻ ഒരിടമില്ലാതെ ദുര്യോധനന്റെ ഔദാര്യത്തിൽ അരമന അതിഥിമന്ദിരത്തിൽ കഴിയുന്ന സംഘർഷദിനങ്ങൾ.
“ആദ്യം ഭൂപതി പാഞ്ചാലിയുടെ ഉടൽ വർണ്ണിക്കാൻ ആവശ്യപ്പെട്ടു. ചെറുപ്പമല്ലേ ഉള്ളിൽ ഉള്ളതു് തീവ്ര ആരാധനയെന്നറിഞ്ഞപ്പോൾ, ഭീഷണിപ്പെടുത്താൻ തുനിഞ്ഞു. പിന്നെ പാഞ്ചാലിയെ പേടിപ്പെടുത്തൊരു പ്രതിച്ഛായയിൽ കെട്ടാൻ തുനിഞ്ഞു. ഒരു കൊട്ടാരവസതി അനുവദിച്ചുകിട്ടാൻ ശ്രമിക്കുന്ന പാഞ്ചാലി, തിരിച്ചു നിങ്ങൾക്കു് മാന്ത്രിക കണ്ണാടി തരാമെന്നു പറയും ഉടലവസരങ്ങൾ പ്രദർശിപ്പിക്കുക വഴി, പ്രലോഭിപ്പിക്കും തേൻകെണിയിൽ ഞങ്ങൾ വീണാൽ, മുതിർന്ന കൗരവരുമായി അവൾ സ്വയം വിലപേശും. ഗാന്ധാരിയുടെ സഹോദരൻകൂടിയായ ഭൂപതിക്കു ഞങ്ങളിൽ നിയന്ത്രണമുണ്ടെന്നാണു് അരമനവൃത്താന്തം. അവളിൽ ഭ്രമിച്ചുപോയ ഞങ്ങൾക്കുണ്ടോ അരക്കഴഞ്ചു ഭാവിയെക്കുറിച്ചു അരക്ഷിതാവസ്ഥ! പൂക്കൾ കൈമാറി ഞങ്ങൾ അവളുടെ കാൽക്കൽ തൊട്ടു എഴുന്നേൽക്കുമ്പോൾ, അവൾ ഉപചാര ആലിംഗനത്താൽ ഞങ്ങളെ കോരിത്തരിപ്പിക്കുന്നതു എങ്ങനെ ഗാന്ധാരഭൂപതിയെ അറിയിക്കും. എന്തുകെണിയിൽ വീണാലും അതൊരു ദർശന, സ്പർശന സായൂജ്യം എന്ന നിലയിൽ വിശ്വപ്രകൃതിക്കപ്പോൾ നന്ദിചൊല്ലും.”
“പാണ്ഡവ സഖ്യകക്ഷി ആവേണ്ടിയിരുന്ന മദ്ര രാജവു് (എന്നെന്നും പരേതമാദ്രിയുടെ ഓർമ്മ നമുക്കു് പവിത്രം) ദുര്യോധനനുമായി കൂട്ടുചേർന്നു കർണ്ണന്റെ തേരാളിയായി മാറിയല്ലോ. എങ്ങനെ നേരിടും ഈ ‘അപശകുനം’?”, കൊട്ടാരം ലേഖിക പാണ്ഡവ സൈന്യത്തിന്റെ നേതാവും, പാഞ്ചാലിയുടെ സഹോദരനുമായ ധൃഷ്ടധ്യുമ്നനോടു് ചോദിച്ചു. കുരുക്ഷേത്ര താരയുദ്ധം അർജ്ജുനനും കർണ്ണനും തമ്മിലെന്നു് യുദ്ധനിർവഹണസമിതി അധ്യക്ഷൻ വെളിപ്പെടുത്തിയ നേരം.
“നകുലനും സഹദേവനും ഞാനും പ്രഭാതഭക്ഷണം കഴിച്ചതു് ഒപ്പം. ഒരു അസ്വാരസ്യവും എവിടെയും പുകയുന്നതായി ഞങ്ങളാരും കണ്ടില്ല. ചാഞ്ചാട്ടം എന്നൊക്കെ മദ്രചക്രവർത്തിയുടെ നിലപാടിനെ കാണാനും ഞങ്ങൾ തയ്യാറല്ല. സഹോദരിയോടു് വാത്സല്യവും മാദ്രേയരായ നകുല സഹദേവനു നേരെ ഉത്തരവാദിത്വബോധവും ഉള്ള മദ്രചക്രവർത്തിയെ, തെറ്റിദ്ധാരണയുടെ പേരിൽ ദുര്യോധനൻ തട്ടിയെടുത്തു എന്നതായിരിക്കും കൂറുമാറ്റത്തിൽ കാര്യം. തൽക്കാലം ഞങ്ങൾ നയതന്ത്രത്തേക്കാൾ ആശ്രയിക്കുക മാരകായുധത്തെ! നാളെ മദ്രഹൃദയം വെട്ടിപ്പൊളിക്കാൻ ഉതകുന്നൊരു വേലുമായി രംഗത്തിറങ്ങുക സാക്ഷാൽ ധർമ്മപുത്രർ! ഇനി ഗോപുരനടയിൽ പോയി കർണ്ണഅർജുന ഐതിഹാസിക പോരാട്ടം കൺകുളിരെ കാണൂ!”
“പരമാധികാര രാഷ്ട്രത്തിന്റെ രാജാവല്ലേ? ദൈവദാനമായ മനുഷ്യജീവിതത്തിനുള്ള അവകാശം അനിഷേധ്യമായ ഒന്നാണെന്നും, അതിനെ ഇല്ലാതാക്കി നവജാതശിശുക്കളുടെ ഹത്യക്കായി നമ്മുടെ പുഴകളെ ആരും ദുരുപയോഗം ചെയ്യാൻ അനുവദിക്കരുതെന്നും, സാമാന്യമായെങ്കിലും നിങ്ങൾ അറിയേണ്ടതല്ലേ. ഏഴു കുഞ്ഞുങ്ങളെ ഗംഗയിൽ മുക്കിക്കൊന്ന ക്രൂര എന്നു് സ്ത്രീസമൂഹം ശപിക്കുന്ന ഗംഗയെ, ‘വത്സലമാതാ പുരസ്കാരം’ കൊടുത്തു നിങ്ങൾ ആദരിക്കുന്നതിൽ നീതിയുടെ നിഷേധം തോന്നിയില്ലേ?”, കൊട്ടാരം ലേഖിക മഹാരാജാവു് ശന്തനുവിനോടു് ചോദിച്ചു.
“വിവാഹകരാർ അനുസരിച്ചു ഭാര്യചെയ്യുന്നതൊന്നും തടയാനോ വിമർശിക്കാനോ പാടില്ല എന്ന നിബന്ധന പാലിച്ചു എന്നല്ലേ ഉള്ളൂ. ആദ്യ ഏഴു പ്രസവങ്ങളിലെ നവജാതശിശുക്കളെ പുഴയിൽ ഒഴുക്കി എന്നതു് ആ കാരണത്താൽ, ചോദ്യം ചെയ്യാൻ അധികാരം ഉണ്ടായിരുന്നില്ല. എന്നാൽ എട്ടാമത്തെ കുഞ്ഞിനെ പുഴയിൽ ഒഴുകുമ്പോൾ, ‘അരുതേ’ എന്നാക്രോശിക്കാൻ എന്നിലെ വൃദ്ധരാജാവു് മുതിർന്നു. കരാർ ലംഘനത്തെക്കാൾ പിന്തുടർച്ചക്കൊരു കിരീടാവകാശിവേണം എന്ന യാഥാർഥ്യബോധമായിരുന്നു. അതുകൊണ്ടെന്താ പ്രശ്നം, ദേവവ്രതൻ എന്നൊരുത്തമ ദേവസന്തതിയെ യുവരാജാവായി അഭിഷിക്തനാക്കാൻ അവസരവുമായി. കുത്തിക്കുത്തി അരമനപ്പേറ്റുവിവരങ്ങൾ ചോദിക്കാതെ, പുണ്യനദികളായ യമുനയും ഗംഗയും ഒഴുകുന്ന ഈ ഹരിത ഭൂമി ഹസ്തിനപുരിയുടെ, ആഗോള പെരുമ നിലനിർത്തൂ, കൊച്ചനുജത്തീ!”
“അടിമപ്പെൺപദവി നൽകി ഔദ്യോഗികമായി കുടിലകൗരവർ പാഞ്ചാലിയെ ഇന്നലെ രാത്രി ചൂതാട്ടസഭയിൽ അന്താരാഷ്ട്ര പെരുമാറ്റച്ചട്ടം ലംഘിച്ചു അപമാനിക്കുമ്പോൾ, സത്യസന്ധനെന്നു് പേരെടുത്ത നിങ്ങൾ അക്ഷോഭ്യനായിരുന്നു എന്നാണോർമ. എങ്ങനെ നേടി, പരീക്ഷണഘട്ടത്തിലും പതറാതെ നിലനിർത്തിയ മനോനിയന്ത്രണം? ചൂതാട്ടഭ്രമക്കാരായ ഞങ്ങളഞ്ചുപേരെ പച്ചക്കു കത്തിക്കുവിൻ, എന്നാൽ നിഷ്കളങ്കപാഞ്ചാലിയെ വെറുതെ വിടൂ, എന്നൊക്കെ വൈകാരികമാവേണ്ട രംഗമായിരുന്നില്ലേ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.
“ഇന്ദ്രപ്രസ്ഥത്തിൽ ചക്രവർത്തിപദവി വഹിക്കുന്ന കാലം. ശ്വാസകോശരോഗം ബാധിച്ചു അവശനായി കുറച്ചുനാൾ കിടപ്പിലായപ്പോൾ, പാഞ്ചാലി, ഇളമുറപാണ്ഡവരുമായി ഒത്തുകളിച്ചു, വേണ്ടത്ര വൈദ്യസഹായം എത്തിക്കാതെ ദിവസങ്ങളോളം കളിപ്പിച്ചു എന്ന പരുക്കൻ ഓർമ എന്നെ ചൂതാട്ട സഭയിൽ സ്വാധീനിച്ചുവോ?”, ദിക്കറിയാത്ത മട്ടിൽ വനവാസ യാത്രക്കിറങ്ങിയ യുധിഷ്ഠിരൻ, വടക്കോട്ടു കാൽവെക്കുന്നതിനു പകരം തെക്കോട്ടു തിരിഞ്ഞു.
“അർഹിക്കുന്ന അനുപാതത്തിൽ കവിഞ്ഞ അളവിൽ പാഞ്ചാലി നിങ്ങളഞ്ചുപേരിൽ ആരെയോ രഹസ്യമായി പരിലാളിക്കുന്നുണ്ടു് എന്ന ദുസ്സംശയം നിങ്ങളിൽ ആദ്യമുയർത്തിയതാരായിരുന്നു?”, കൊട്ടാരം ലേഖിക മാദ്രീപുത്രനായ നകുലനോടു് ചോദിച്ചു.
“അഞ്ചുപേരും ആരോപണനിർമ്മിതിയുടെ ആസ്ഥാനകലാകാരന്മാർ എന്നോർക്ക നീ! ഒരു പണത്തൂക്കമെങ്കിലും മറ്റുനാലുപേരേക്കാൾ പ്രണയപരിഗണനക്കായി ഒറ്റക്കൊറ്റയ്ക്കും കുറുമുന്നണിയുണ്ടാക്കിയും ഞങ്ങൾ നിർലജ്ജം ഒറ്റുകൊടുത്തു എന്നതല്ലേ ബഹുഭർത്തൃത്വത്തിലെ കിടപ്പറയാഥാർഥ്യം? ആ നിലക്കു് നോക്കിയാൽ പാഞ്ചാലിയുടെ ഉടലടിമകൾ ഞങ്ങൾ, ആറടി ഉയരമുള്ള ഈ ദേവസന്തതികൾ!”
“ഇങ്ങനെയൊന്നുമല്ല അല്ലെ നിങ്ങൾ കുരുക്ഷേത്രയുദ്ധഫലം വിഭാവന ചെയ്തതു് ?”, നൂറു മക്കളെയും, ഇപ്പോൾ പുത്രവിധവകളെയും, കൊട്ടാരത്തിൽനിന്നും നഷ്ടപ്പെട്ട ഗാന്ധാരിയോടു് കൊട്ടാരം ലേഖിക ചോദിച്ചു, യുദ്ധാനന്തര പാണ്ഡവ ഭരണകൂടം ഹസ്തിനപുരിയിൽ കൗരവരാജവിധവകളെ പാതിരാവിൽ കുടിയൊഴിപ്പിച്ച ദിനങ്ങൾ.
“അമ്മാ, ഇന്നു് ഞാൻ കുട്ടിഭീമനു് ചുടുമാൻചോരയിൽ കുറച്ചു വിഷം കൊടുത്തു എന്നു് ദുര്യോധനൻ എന്നോടു് രഹസ്യമായി പറഞ്ഞപ്പോൾ, അവനെ ഞാൻ ശാസനയോടെ അഹിംസയിലേക്കു കൈപിടിച്ചു് നടത്തി. നാളെ മറ്റുനാലു പാണ്ഡവർക്കും അതു പോലെ നല്ലവണ്ണം കലക്കി കൊടുക്കൂ” എന്നു് അമ്മയെന്ന നിലയിൽ ദീർഘദൃഷ്ടിയോടെ ദുര്യോധനനിൽ ഹിംസ പ്രോത്സാഹിപ്പിക്കാഞ്ഞതാണെന്റെ വൻവീഴ്ച”, കൺകെട്ടു് അൽപ്പം നീക്കി പാണ്ഡവചാരൻ ഇല്ലെന്നുറപ്പിച്ച ഗാന്ധാരി പിറുപിറുത്തു.
“അഭിമന്യുവിന്റെ ചരമശ്രുശ്രൂഷയിൽ ഞാനും ‘ഹസ്തിനപുരി പത്രിക’യുടെ ഉടമയും പങ്കെടുത്തിരുന്നു, എന്നാൽ ‘അകംപൊരുൾ’ പൂർണ്ണമായും വ്യക്തമായില്ല. ചിതക്കരികിലേക്കു കയറി കുന്തി ആരോടോ കയർക്കുന്നു! ഞാൻ ആ വഴി ചെന്നപ്പോഴേക്കും, കുന്തി പാളയത്തിലേക്കു് മടങ്ങി. ആരോടു് അവരെന്താണു് ശാസിച്ചു പറഞ്ഞതെന്നു് അടുത്തു് നിന്ന നിങ്ങൾ കണ്ടിരുന്നോ?”, യുദ്ധകാര്യ ലേഖകൻ കൊട്ടാരം ലേഖികയോടു ചോദിച്ചു.
“യുധിഷ്ഠിരന്റെ ചുമലുകളിൽ ഇരുകൈപ്പത്തിവച്ചു കുന്തി പറഞ്ഞ വാക്കുകളിൽ മാതൃഹൃദയത്തിന്റെ നീറ്റലുണ്ടായിരുന്നു. കുന്തിരിക്കപ്പന്തം പോലെ അർജ്ജുനപുത്രൻ ജ്വലിച്ചു, ചാരമാവുന്നു. എന്നാൽ, ഷഷ്ടിപൂർത്തിയെത്താറായ നീയോ? ജീവനിൽ കൊതി തീരാതെ, ഉമിത്തീപോലെ മൂന്നു നാലു പതിറ്റാണ്ടുകൾ പാഞ്ചാലിയുടെ ആട്ടും തുപ്പുമേറ്റു് ഭീരുവായി, നീ ഇനിയും ദശാബ്ദങ്ങളോളം ജീവിക്കട്ടെ,” കരളിലെ കൊടുംകാറ്റു് ശമിക്കാത്ത കുന്തിയെ, ഭീമൻ പാളയത്തിനകത്തേക്കു വലിച്ചു കൊണ്ടു പോയി. കൗമാരപോരാളിയുടെ ഭൗതികശരീരം കത്തിപ്പടരുന്ന വൈകിയ രാത്രിയിൽ, ‘അകംപൊരുൾ’ തേടേണ്ട വിലാപമായി എനിക്കപ്പോൾ തോന്നിയില്ല. ചിലപ്പോഴെങ്കിലും നേരിൽ കണ്ട അധാർമ്മികതക്കെതിരെ പൊട്ടിത്തെറിക്കുമ്പോഴല്ലേ പെണ്ണു് അമ്മയും അച്ഛമ്മയുമൊക്കെയാവുന്നതു്!”
“എന്തുപറ്റി അർജ്ജുനന്റെ കണ്ണിനു താഴെ കലങ്ങിയ ചോര?”, മൂലയിൽ ഇരുന്നു ജാലകത്തിലൂടെ പുറത്തേക്കുനോക്കി നെടുവീർപ്പിടുന്ന അർജ്ജുനനെചൂണ്ടി കൊട്ടാരം ലേഖിക നകുലനോടു് തൊഴിൽപരമായ കരുതലോടെ ചോദിച്ചു. പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥ കുടിയേറ്റക്കാലം.
“ഇന്ദ്രവെപ്പാട്ടിയെന്നറിയപ്പെടുന്ന ദേവനർത്തകിഉർവശിയുമായി അർജ്ജുനൻ അവിഹിതബന്ധം സ്ഥാപിച്ചു എന്ന ദുരാരോപണം, അച്ഛന്റെ അതിഥിയായി സ്വർഗ്ഗരാജ്യത്തിൽ നേരിടുന്നതിനിടെ, ആരൊക്കെയോ മർദിച്ചവശനാക്കി ഭൂമിയിലേക്കു് തള്ളിയിട്ടു എന്നാണറിയുന്നതു്. ‘ആയിരം കണ്ണുള്ള’ ഇന്ദ്രൻ തന്നെയാണോ ഇരുട്ടടിയുടെ പിന്നിൽ എന്നുപോലും ശ്രുതിയുണ്ടു്. അർജ്ജുനന്റെ സ്വർഗ്ഗരാജ്യസന്ദർശനം മനോരോഗിയുടെ കെട്ടുകഥയെന്നു സംശയിക്കുന്ന പാഞ്ചാലിയുടെ അർത്ഥഗർഭമായ മൗനമാണു്, യോദ്ധാവിനേറ്റ മുറിപ്പാടിനെക്കാൾ നോവിക്കുന്നതും. അർജ്ജുനനെതിരായി ഈ സംഭവം വ്യാസൻ കുടുംബകഥയിൽ എഴുതുമോ? അതോ ‘ഉർവ്വശീ’ശാപം ഉപകാരമെന്നു പ്രത്യക്ഷം വഴി വിവിധോദ്ദേശ്യഅർജ്ജുനൻ വരുംകാലങ്ങളിൽ തെളിയിക്കുമോ? ഞങ്ങൾ ദേവസന്തതികളുടെ ഒരു കാര്യം!”
“ദ്രോണവധത്തിൽ പറയേണ്ടിവന്ന അർദ്ധസത്യം, അതിന്റെ അനന്തര ഫലത്താൽ നൊമ്പരപ്പെടുത്തുന്നുവോ യുധിഷ്ഠിര മനഃസാക്ഷിയെ?”, കൊട്ടാരം ലേഖിക ചോദിച്ചു. ഗുരു ദ്രോണരുടെ ഒന്നാം ചരമദിനത്തിൽ അനുസ്മരണപ്രഭാഷണം ചെയ്തു വേദിയിൽനിന്നിറങ്ങി പാഞ്ചാലിയുടെ തേരിൽ കയറുകയായിരുന്നു ഹസ്തിനപുരി മഹാരാജാവു്.
“എന്റെ കുരുക്ഷേത്രമനഃസാക്ഷിയെ, സമാധാനകാലത്തെ അനുസ്മരണ പ്രഭാഷണത്തിലൊന്നും നിങ്ങൾ വലിച്ചിഴക്കരുതേ. വാമൊഴി അർദ്ധസത്യം സ്വന്തം പ്രതിച്ഛായ നേരിടുന്ന മാധ്യമ ഭീഷണിയെ പ്രതിരോധിക്കാൻ മാത്രമേ ഉപയോഗിക്കാവൂ എന്ന ഉപാധി ഞാൻ വെച്ചു!”
“ലൈംഗികാതിക്രമികളെന്ന കുപ്രസിദ്ധിയുള്ള നൂറോളം കൗരവരും ആരാധകരാണെന്നു നിങ്ങൾ അവകാശപ്പെടുന്നു!”, കൊട്ടാരം ലേഖിക ആക്ഷേപം പോലെ പാഞ്ചാലിയോടു് ചോദിച്ചു. നവവധുവും പാണ്ഡവരും പാഞ്ചാലയിൽനിന്നെത്തി അന്തിയുറങ്ങാൻ കൗരവകരുണതേടുന്ന അശാന്തകാലം.
“പ്രണയത്തോടെ എന്നെ നോക്കുന്നതു് അപരാധമൊന്നുമല്ല. വാർത്തതേടി നടക്കുന്നതിനിടയിൽ, കാണാൻ കൊള്ളാവുന്ന നിങ്ങളും കണ്ടുപോവാവുന്നതല്ലേ വഴിയോരവായനക്കാരുടെ കടാക്ഷങ്ങൾ! എന്നാൽ അതു് ഞാൻ പെട്ടെന്നൊന്നും അംഗീകരിക്കാറൊന്നുമില്ല. പ്രണയമിഴികളിൽ കാണാം, രതിജന്യ ആവേശവും, പെൺമനം കീഴ്പ്പെടുത്താൻ തിമിർപ്പുള്ള പ്രശംസയും, പെണ്ണുടലിൽ ഉടമസ്ഥാവകാശം ലക്ഷ്യമിടുന്ന വേട്ടനോട്ടവും!”
“ഉരുട്ടാനുണ്ടോ ഇനിയും ‘ധർമ്മസംസ്ഥാപന’തലകൾ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.
“വീണ്ടും പോയതു്, പൂർണ്ണ കുരുവംശീയഉൽമൂലനം ഉന്നമാക്കി വാളെടുക്കാനല്ല, പരേതകൗരവരോടു് അന്തിമയാത്ര ചോദിക്കാനായിരുന്നു. കുരുവംശഅഖണ്ഡതക്കായി ജീവത്യാഗം ചെയ്ത കൗരവസഖ്യകക്ഷിസൈനികർക്കു ഉപചാരപൂർവ്വം കൈകൂപ്പി പുതിയ രാജാവു് എളിമയോടെ വിടചൊല്ലുന്നതിനു ആകാശച്ചെരുവിൽ അതീതശക്തി സാക്ഷി! ധൃതരാഷ്ട്രരിൽനിന്നു് ചെങ്കോൽ ഏറ്റുവാങ്ങുമ്പോഴും മുഖത്തുകണ്ടില്ലേ, കുലീന കുരുവംശ ഉപചാരങ്ങൾ? ജീവിച്ചിരുന്നകാലത്തു ‘ധർമ്മപുത്രർ’ എന്നവനെ പൊതുസമൂഹം മഹത്വപ്പെടുത്തുന്നതിന്റെ പൊരുൾ ഇപ്പോഴെങ്കി ലും, സംശയരോഗിയായ കൊട്ടാരം ലേഖികക്കു് വ്യക്തമായോ?”
“കുടിയൊഴിപ്പിക്കപ്പെട്ട കൗരവരാജവിധവകൾക്കു നിങ്ങളുടെ ഐഖ്യദാർഢ്യമൊന്നും ഇതുവരെ കണ്ടില്ലല്ലോ. സൈന്ധവദേശത്തു നിന്നും നിങ്ങൾ മടങ്ങിയെത്താൻ വൈകിയോ, അതോ, യുദ്ധജേതാക്കളെ അരമനയിൽ കണ്ടപ്പോൾ മനം മാറിയോ?”, കുരുക്ഷേത്രക്കു ശേഷം ആദ്യമായി ഹസ്തിനപുരിയിൽ എത്തിയ കൗരവസഹോദരി ദുശ്ശളയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“ഭർത്താവു് ജയദ്രഥൻ കുരുക്ഷേത്രയിൽ ബലിദാനിയായതോടെ എനിക്കു് സൈന്ധവരാജമാതാ പദവിയേറ്റെടുക്കേണ്ടിവന്നു എന്നുവെച്ചു ഞാൻ നൂറോളം സഹോദരവിധവകളോടു് സാഹോദര്യം നിലനിർത്തിയില്ല എന്നുനിങ്ങൾ അന്യായനിഗമനത്തിൽ എത്തിയാൽ ഞങ്ങൾ സ്ത്രീകൾ എന്തുചെയ്യും! സ്വത്തു് തിരിച്ചുപിടിക്കുക എന്നതായിരുന്നു പാണ്ഡവരുടെ യഥാർത്ഥലക്ഷ്യം എന്നു തോന്നുന്നില്ല കാരണം, അങ്ങനെയെങ്കിൽ പാണ്ഡവർ സ്വന്തം നാടായ ഇന്ദ്രപ്രസ്ഥത്തിലേക്കല്ലേ പോവേണ്ടതു്? പകരം ഹസ്തിനപുരിയിലെത്തി അന്ധനും വൃദ്ധനുമായ ധൃതരാഷ്ട്രർക്കു് മനുഷ്യാവകാശം നിഷേധിച്ചു. ഇരുമ്പുമുള്ളു പിടിപ്പിച്ച പ്രതിമയെ ധൃതരാഷ്ട്രർക്കു് ആലിംഗനം ചെയ്യാൻ ഏർപ്പാടാക്കിയ മൗലിക പ്രതിഭക്കു കൊടുക്കണം ‘അഹിംസാപുരസ്കാരം’! പടിഞ്ഞാറൻ കടലോരദേശമായ സൈന്ധവദേശത്തെ ജനതക്കു എന്നെ അവരുടെ രാജമാതാവായി സ്വീകരിക്കാമെങ്കിൽ കലിംഗദേശക്കാരിയായ ദുര്യോധനവിധവക്കു എന്തുകൊണ്ടു് ഹസ്തിനപുരി ആ പദവികൊടുത്തുകൂടാ? അപ്പോൾ നിങ്ങൾ പറയും, മരിക്കുംവരെ ദുര്യോധനൻ, അഭിഷിക്തനാവാത്ത വെറുമൊരു കിരീടാവകാശി മാത്രം! ഞാൻ ഇവിടെ വന്നതു് ഹസ്തിനപുരി വനിതാവകാശ സമിതിയുടെ അധ്യക്ഷ എന്ന നിലയിലാണു്. സ്വതന്ത്ര നീതിപീഠമാണെന്നെ നിയമിച്ചതു് അതുകൊണ്ടു് ഭരണമാറ്റത്തിൽ അസാധുവാകുന്ന പദവിയല്ല എന്റേതെന്നു പാണ്ഡവരും പാഞ്ചാലിയും ഓർത്താൽ നന്നു്!” താക്കീതുപോലെ ദുശ്ശള, വിരൽ ഹസ്തിനപുരിയുടെ അധികാര ഇടമായ കോട്ടക്കുനേരെ ഭീഷണനോട്ടത്തോടെ ചൂണ്ടി. നകുലനേത്രങ്ങൾ അവളെ പിന്തുടർന്നു.