images/kpn-bharatham-xml-cover.jpg
The Pandavas in King Drupad’s Court, a watercolor painting on gold paper from Kangra by anonymous (na).
ഭാഗം നാലു്

“ജഢം ചിതയിലേക്കെടുത്തിട്ടില്ല പൂ ചൂടി സുന്ദരിയായല്ലോ എങ്ങോട്ടാണു് യാത്ര?”, കൊട്ടാരം ലേഖിക മാദ്രിയോടു് ചോദിച്ചു.

“കുന്തി നിർബന്ധിപ്പിച്ചു പാണ്ഡുചിതയിൽ സതി അനുഷ്ഠിപ്പിക്കയാണെന്ന മുൻവിധിയുണ്ടെങ്കിൽ ഇതാ: ഞാൻ പാണ്ഡുവിന്റെ ചിതയിലല്ല എനിക്കു് കിട്ടിയ ആ കാട്ടു തീയിലാണു് ജന്മം ഒതുക്കുന്നതു്. പ്രകൃതിയോടുള്ള പ്രതിഷേധമാണു്, പാണ്ഡുവിനോടു വിശ്വസ്തതയോ, ആചാരങ്ങളോടു അനുസരണയോ. കുന്തിയോടു കീഴടങ്ങലോ അല്ല. എന്നോടുള്ള അതൃപ്തിയാണു് കാര്യം. സുന്ദരനെന്നു കരുതിയ ഭർത്താവു പാണ്ഡുവിനു് കായികക്ഷമതയില്ലാത്തതു കൊണ്ടു് ആദ്യഭാര്യ കുന്തിയെങ്ങനെയൊക്കെ പ്രലോഭനങ്ങളിലൂടെ പരപുരുഷന്മാരെ ആനന്ദിപ്പിച്ചു മൂന്നു കുട്ടികളെ നേടിയതെന്നു് ഞാൻ കേട്ടിരുന്നു. എനിക്കും വേണ്ടിവന്നു സന്ധ്യക്കു് പൂ ചൂടി ആണിനെ തേടാൻ. അഭിമാനം അടിയറവു വച്ചു് നേടിയ കുട്ടികളെയും, കുന്തിയുടെ മൂന്നു മക്കളെയും കൂട്ടി ഹസ്തിനപുരിയിൽ അഭയാർത്ഥികളായി ചെല്ലാൻ ആവില്ലെനിക്കെന്ന ഉത്തമ ബോധ്യത്തിലാണു് ഒരു വധുവിനെ പോലെ അണിഞ്ഞൊരുങ്ങി അഗ്നിയിൽ ഞാൻ അവസാനിക്കുന്നതു്.”

“അഭിമന്യുവിനെ ഭീകരൻ എന്നു് ദുര്യോധനൻ വിശേഷിപ്പിച്ചതു് പാണ്ഡവരെ ചൊടിപ്പിച്ചിട്ടുണ്ടല്ലോ” യുദ്ധകാര്യ ലേഖകൻ കർണനോടു് ചോദിച്ചു.

“കൗരവ സുരക്ഷാവലയം തകർത്തു കണ്ണിൽ കണ്ടവരെയെല്ലാം വെട്ടിയും ചവിട്ടിയും കൊന്നു കൊലവിളിച്ചു ഹസ്തിനപുരം ഇനി ഞങ്ങൾക്കു് എന്നു് ഉച്ചത്തിൽ ആർമാദിക്കുന്നവനെ പിന്നെ ഞങ്ങൾ ധീരോദാത്തൻ എന്നാണോ വിളിക്കേണ്ടതു്? ഞങ്ങളും തിരിച്ചു കൊടുത്തിട്ടുണ്ടാവും കൈ മെയു് മറന്നു കുറെ.” ദേഹമാസകലം ചോരപ്പാടു് നിറഞ്ഞ കർണൻ പാണ്ഡവവിഘടനവാദികളുടെ ഒരു കൗമാരവീരനെ കൊന്നു കൊലവിളിച്ച ഉത്സാഹത്തിൽ യമുനയിൽ നീന്തിക്കുളിക്കാൻ, മെയ്യൊതുക്കത്തോടെ നിലാവു് പെയ്യുന്ന പുഴ വെള്ളത്തിലേക്കു് എടുത്തുചാടി.

“ബഹളമില്ലാതെ പാഞ്ചാലിക്കു് കുത്തുവാക്കു് പറയാനാവുമെന്നു ഇളമുറ മാദ്രിക്കുട്ടികൾ പരിഭവിക്കാറുണ്ടു്. അങ്ങനെ ഒരു ദുരനുഭവം പങ്കിട്ടുകൂടെ?” കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. വനവാസക്കാല അടിമപർവ്വം.

“കുടിലിരിക്കുന്ന മൊട്ടക്കുന്നിൽ നിന്നു് കുത്തനെ ഇറക്കത്തിലൂടെ ഞങ്ങൾ പുലർച്ചക്കും സന്ധ്യയിലും ജലാശയത്തിലേക്കു പോവുന്നതൊക്കെ നിങ്ങൾ കാണുന്നതല്ലേ. രണ്ടുദിവസം മുമ്പു് വഴിയോര മരക്കൊമ്പിൽ നിന്നൊരു മലമ്പാമ്പു് തോളിൽ വീണു ചുറ്റിവരിഞ്ഞപ്പോൾ, ഞെട്ടലോടെയുള്ള എന്റെ പ്രതികരണം നിലവിളിയായി. ആവുന്നത്ര ഞാനതിന്റെ കുരുക്കഴിച്ചു ആഞ്ഞെറിഞ്ഞതൊക്കെ നകുലൻ വഴി അറിഞ്ഞ പാഞ്ചാലി പറഞ്ഞു, ഇങ്ങനെയാണെങ്കിൽ യുദ്ധഭൂമിയിൽ എതിർവശത്തു നിന്നു് കർണ്ണൻ അയക്കുന്ന നാഗാസ്ത്രങ്ങളും ആഗ്നേയാസ്ത്രങ്ങളും ഏറ്റാൽ, വായിട്ടടിച്ചു നിലവിളിച്ചു പാണ്ഡവ സൈന്യത്തിന്റെ മാനം കെടുത്തുമല്ലോ. അതുകേട്ടപ്പോൾ മറ്റു പാണ്ഡവർ എന്നെ തുറിച്ചുനോക്കുന്നതിനിടക്കു് ജാള ്യതയോടെ, “നിന്റെ ഭാവന എത്ര ക്രൂരം പാഞ്ചാലീ” എന്നുമാത്രമേ എനിക്കു് പ്രതികരിക്കാനായുള്ളു. ഉള്ളിൽ ഉള്ളതു് എങ്ങനെ ഞാൻ മറ്റുള്ളവരോടു് വെളിപ്പെടുത്തും?, അതുകൊണ്ടല്ലേ സത്യം നാവിലുള്ളവൻ എന്നു് ജനം എനിക്കു് ബഹുമതി തന്നതു്?”

2018-08-02

“കൗരവരോടുള്ള പെരുമാറ്റം നന്നാക്കാൻ പാണ്ഡവർക്കു് ‘സ്വഭാവശുദ്ധിപരിശീലനം’ കൊടുക്കാൻ കൃപാചാര്യരെ പിതാമഹൻ നിയോഗിച്ചു എന്നു് കേട്ടല്ലോ. എന്താ നിലവിൽ സ്വഭാവശുദ്ധിക്കു് കുഴപ്പം?” കൊട്ടാരം ലേഖിക കൊട്ടാരം ഗുരുവിനോടു് ചോദിച്ചു. ചൂരലുകൾ വളച്ചും നിവർത്തിയും പരിശോധിക്കുകയായിരുന്നു, ചിരഞ്ജീവി എന്നു് സംശയിക്കപ്പെട്ടിരുന്ന ആ വൃദ്ധബ്രാഹ്മണൻ.

“ഈയിടെ ദുര്യോധനരാജകുമാരനെ ഗംഗാനദിയിൽ നീന്തിക്കളിക്കുമ്പോൾ ഭീമൻ മുക്കിക്കൊല്ലാൻ ശ്രമിച്ചതു് നിമിത്തമായി എന്നു് കരുതൂ. കാട്ടിൽ കൗമാരം വരെ സാമൂഹ്യമര്യാദകൾ ഇല്ലാതെ കഴിഞ്ഞതല്ലേ. തിരിച്ചു കടിക്കാത്ത ജീവികളെയൊക്കെ കൊന്നു കൊലവിളിച്ചു നടന്ന പാണ്ഡവർക്കു്, ഹസ്തിനപുരിയിലെ ഈ രണ്ടാംജന്മത്തിൽ, പരിഷ്കൃത പെരുമാറ്റമുറയില്ലെങ്കിൽ, എന്റെ സഹോദരീ ഭർത്താവു കൂടിയായ ദ്രോണർ കൊടുക്കുന്ന സായുധപരിശീലനം കൊണ്ടെന്തു ധാർമികബലം എന്നൊരു തിരുത്തൽ ചിന്താധാര, ഭരണകൂടത്തിന്റെ അത്യുന്നത തലങ്ങളിൽ ഉണ്ടായി എന്നതു് തന്നെ കുരുവംശത്തിന്റെ പുണ്യം എന്നേ പൂണൂലിട്ട പോരാളികൾ പറയൂ”, പരിശീലനപരിപാടിക്കു് അന്തിമരൂപം നൽകുന്ന അർദ്ധനഗ്ന ആചാര്യൻ എളിമയുടെ നിറകുടം പോലെ ഇരു കൈകളും നിവർത്തി. ശരീരം ആവുന്നത്ര കുനിഞ്ഞു.

“ഭർത്താക്കന്മാർ മരിച്ചതോടെ രാജമന്ദിരങ്ങൾ ഒഴിഞ്ഞു നിങ്ങൾ വൃദ്ധസദനങ്ങളിലേക്കു് മാറിതാമസിക്കേണ്ടി വന്നു എന്നതു് സമീപകാല വിവാദം. പ്രതിഷേധത്തോടെ അതു് ഞങ്ങൾ കാണുമ്പോഴും, നിങ്ങൾ ഏറ്റെടുത്ത ഈ സമരം, നിത്യവും തുടരുന്ന പ്രകടനങ്ങളും പൊതുയോഗങ്ങളും എവിടം വരെ കൊണ്ടുചെന്നെത്തിക്കും?”, വൈകിയ സന്ധ്യ, ഇരുട്ടു് മൂടിയ ഉൾപ്രദേശം, ചൂടിൽ പഴുത്ത അന്തരീക്ഷം.

“രാജവിധവകളും പുത്രവിധവകളും അവിവാഹിത പുത്രിമാരും താമസിക്കുന്ന വൃദ്ധസദനത്തിൽ ശുചിമുറി ഇല്ല. ഓരോ സന്ധ്യയിലും വെളിയിടവിസർജ്ജനത്തിനു പോവേണ്ടി വരുന്നതു്, യുദ്ധത്തിൽ കൊല്ലപ്പെട്ട കൌരവരുടെ ഭൌതികാവശിഷ്ടങ്ങൾ അടക്കിയ പൊതുശ്മശാനത്തിൽ.”

“മാദ്രിയുടെ ജ്യേഷ്ഠൻ മാദ്ര ചക്രവർത്തി ദുര്യോധനന്റെ വലയിൽ വീണല്ലോ. ശത്രുസൈനികരിൽ നിന്നു് നിങ്ങൾക്കൊന്നും വലവീശി കിട്ടിയില്ലേ? കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. ആസന്നമായ യുദ്ധത്തിനു് മുമ്പുള്ള ഉപപ്ലാവ്യ പാണ്ഡവ പാളയം.

“നകുലൻ അതിലപ്പുറവും ഇടപെട്ടിട്ടുണ്ടു്. ഭീഷ്മരും ദ്രോണരും കൃപാചാര്യനും കർണ്ണനും കയ്യിൽ തൊട്ടു വാക്കു് തന്നു-തല വെട്ടാൻ ആരെയും കിട്ടിയില്ലെങ്കിലും പാണ്ഡവരെ അവർ കൊല്ലില്ല. കർണ്ണൻ മാത്രം അർജ്ജുനനെ കൊല്ലാൻ നീണ്ടകാലമോഹം ഉള്ളിൽ ഉണ്ടെന്നു സൂചന നൽകി. നോക്കട്ടെ എന്നു് ചെറുവിരൽ ഒന്നനക്കി നകുലൻ ധാരണയുമായി മടങ്ങി.

“അരക്കില്ലം-അത്ര അകർഷമോ ഇന്നും ആ പൊള്ളുന്ന ഓർമ്മ?” കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി.

“കുന്തി സംശയരോഗിയെന്നു ഞങ്ങൾ അറിഞ്ഞതു് അരക്കില്ലത്തിലായിരുന്നു. തേക്കും വീട്ടിയും കൊണ്ടു് പണിത വേനൽക്കാല വസതിയായിരുന്നിട്ടും അമ്മ അതിലോരു കെണി പേക്കിനാവു് കണ്ടു. ഗംഗയെ വിവാഹം കഴിച്ച (മഹാരാജാവു് ശന്തനു, പ്രിയഭാര്യക്കു് വേണ്ടി പണിത വനാന്തരത്തിലെ ആ മോഹനസൗധം പക്ഷെ ആവോളം ആസ്വദിച്ചതു് സത്യവതിയായിരുന്നു). അർദ്ധരാത്രി ആരോ വന്നു അരക്കില്ലം തീയിടുമെന്നു കുന്തി ഞങ്ങളെ വിശ്വസിപ്പിച്ചിട്ടും, ആ കൊട്ടാരത്തിലെ സൗകര്യങ്ങളും സുഭിക്ഷതയും അയൽപ്പക്കത്തിന്റെ ആശ്രിതത്വവും ഒക്കെ അഭയാർഥികളായി ഞങ്ങൾക്കൊരു ആനന്ദമായി. തീയിടാൻ ആരും വരാതെ വരാതെ, അവസാനം കുന്തി തന്നെ ഒരു ഗൂഢപദ്ധതി നടപ്പിലാക്കി ഞങ്ങളെ പെരുവഴിയിലാക്കി. തേളും കരിക്കുന്നനും നിറഞ്ഞ ഭൂഗർഭ ഇടുക്കിലൂടെ പാതിരാവിൽ ഒളിച്ചോടിയ ഞങ്ങൾ എത്തിച്ചേർന്ന ഏകച്ചക്രാ ഗ്രാമത്തിൽ എത്രകാലം ഞങ്ങൾ ഒരു കുടിലിൽ ഉടുതുണിക്കു് മറുതുണിയില്ലാതെയും ഒരു നേരം ഭക്ഷണത്തിനു വകയില്ലാതെയും ഒളിച്ചുതാമസിക്കേണ്ടി വന്നു.” പറഞ്ഞുപറഞ്ഞു ഭീമൻ ഇടയ്ക്കിടെ വിതുമ്പി.

2018-08-03

“ആ പുതുസന്യസ്തൻ അപമര്യാദയായി എന്തോ പറഞ്ഞു എന്നു് കേട്ടല്ലോ.” കാട്ടുകുടിലിലെ ജാലകത്തിലൂടെ ആശ്രമ മുറ്റത്തു മണ്ണിളക്കിയും നനച്ചും ജോലി ചെയ്തിരുന്ന യുവാവിനെ ചൂണ്ടി കൊട്ടാരം ലേഖിക ഇളമുറ പാണ്ഡവൻ നകുലനോടു് ചോദിച്ചു.

“വാല്മീകിരാമായണം വായിക്കുന്ന ഓർമ്മയിൽ അയാൾ യുധിഷ്ഠിരനോടു് ചോദിച്ചു രാമൻ ഒറ്റയ്ക്കു് പോയി വേട്ടയാടി വന്നിരുന്നില്ലേ ലക്ഷ്മണനും സീതക്കും വേണ്ടി പിന്നെ നിങ്ങൾ അഞ്ചു ആണുങ്ങൾക്കെന്തിനാണു് ഈ അക്ഷയപാത്രം? മേലനങ്ങി മുയലിനെയോ മാനിനെയോ വേട്ടയാടി കൊന്നു തിന്നുകൂടെ. കാടു് എന്ന ആവാസവ്യവസ്ഥക്കൊരു പ്രഹരമല്ലേ അക്ഷയപാത്രത്തിൽ കയ്യിട്ടു വരുന്ന കിട്ടുന്ന ധാന്യം? ആ സന്യസ്ഥ നിരീക്ഷണം കേട്ടു് പാഞ്ചാലി പൊട്ടിച്ചിരിച്ചതു ലോലചിത്തനായ മുൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തിയുടെ അഭിമാനത്തെ നൊമ്പരപ്പെടുത്തി. ഇതൊന്നും നിങ്ങൾ ഹസ്തിനപുരിയിൽ പോയി കൗരവരോടു് ചെന്നു് കൊളുത്തരുതേ.”

2018-08-04

“എന്നെ തൊടരുതെന്നു അരങ്ങേറ്റ മണ്ഡപത്തിൽ ഭീമനോടു് പറഞ്ഞ ആ യുവതി ആരായിരുന്നു?, കണ്ടാൽ കൗരവരാജകുമാരിയെ പോലുണ്ടു്. എന്താണിങ്ങനെയൊരു അസാധാരണ സംഭവം? ഞാനവിടെ ഓടിപ്പിടിച്ചെത്തുമ്പോഴേക്കും യോഗം കലങ്ങിപ്പിരിഞ്ഞിരുന്നു”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.

മുന്നറിയിപ്പു് നേരത്തേ കൊടുത്തിരുന്നു. പുതുതലമുറ ദുര്യോധനകുടുംബാംഗത്തെ കരുതലോടെ മതി സ്തുതിക്കാനും കൂടെ നിർത്താനും. കിട്ടേണ്ടതിപ്പോൾ കിട്ടി. ഭരണകൂടസൗജന്യങ്ങൾ തള്ളി അവൾ മുൻ മഹാറാണി സത്യവതിയെ പോലെ യമുനയിൽ തോണി തുഴഞ്ഞു വരുമാനമുണ്ടാക്കിയാണു് വീട്ടിലേക്കിപ്പോൾ ധാന്യം വാങ്ങിക്കുന്നതെന്നു പറഞ്ഞു കേട്ടപ്പോൾ, ഭീമനു് പൊതു വേദിയിൽ ക്ഷണിച്ചിരുത്തി ആദരിക്കണം എന്നു് മോഹമായി.

“സുഖലോലുപരായ മറ്റു കൗരവരാജവിധവ കൾക്കൊരു പാഠമായിരിക്കട്ടെ നിന്റെ സ്വാശ്രയശീലമെന്നു പറഞ്ഞു അനുഗ്രഹിക്കാൻ ഭീമൻ കൈ ഉയർത്തിയപ്പോൾ, അവൾ തട്ടിമാറ്റി വികാരഭരിതയായി-ഞങ്ങളുടെ നാഥനെ തുടയിൽ ഗദ കൊണ്ടടിച്ചു കൊന്ന കൈ ദുര്യോധനന്റെ കൊച്ചുമകളുടെ ശിരസ്സിൽ വക്കരുതേ!. യുധിഷ്ഠിരനുമാത്രം ആധികാരികതയോടെ ചെയ്യാനാവുന്ന രാഷ്ട്രീയകാപട്യങ്ങൾ ഭീമൻ ചെയ്താൽ ഇങ്ങനെയൊക്കെ ഇരിക്കും എന്നു് സദസ്സിലുണ്ടായിരുന്ന പാഞ്ചാലി കൊള്ളിവാക്കു പറഞ്ഞതു് ഭീമനു് പിന്നെയും അടിയായി. രണ്ടുദിവസം മോങ്ങി നടക്കും പിന്നെ വേറെന്തെങ്കിലും കുഴികാണും കാലിടറി വീഴാൻ.”

2018-08-05

“ഒരൊറ്റ ഗദ കൊണ്ടു് തന്നെയാണോ കൗരവരെ തല്ലിക്കൊന്നതു്?” കൊട്ടാരം ലേഖിക രൗദ്ര ഭീമനെ പ്രശംസിച്ചു.

“കൗരവരുടെ നട്ടെല്ലു് പൊട്ടിക്കാൻ ഗദയൊന്നും വേണ്ട. ബലമുള്ള ഈ മുല്ലപ്പൂപല്ലുകൾ നോക്കൂ. പുഞ്ചിരിക്കാത്തപ്പോൾ അവ മാരകായുധമാവില്ലേ? ഇരകൾക്കറിയാം. എനിക്കു് ശിശുവിന്റെ കോമള മുഖമാണെന്നു ആരാധകർ ചിലപ്പോഴൊക്കെ പറയുന്നതു് ഉള്ളിൽ തട്ടിയാണെങ്കിൽ അവർക്കുറപ്പു നൽകട്ടെ, എന്റെ കീഴ്ത്താടിയുടെ ബലപിന്തുണയും അവർ കുറച്ചു കാണിക്കരുതു്. ശരീരം ‘ഭീമാകൃതി’യിൽ എന്നാണു പാഞ്ചാലി പൊട്ടിച്ചിരിച്ചു കിടപ്പറയിൽ നിന്ദിക്കുക എങ്കിലും, ചെന്നായയുടെ വയറുള്ളവൻ എന്നാണു കുന്തി തീൻശാലയിൽ പ്രകീർത്തിക്കുക. ഒളിഞ്ഞിരുന്നു ഇരയെ ചാടിപ്പിടിക്കുന്ന ആ സാമ്പ്രദായിക കാട്ടുനീതിയുണ്ടല്ലോ, അതെനിക്കു് എത്രയോ കാലം കാട്ടിൽ കഴിഞ്ഞിട്ടും വശമില്ല. ഓടുന്ന ഇരയെ കണ്ടെത്തിയാൽ, വച്ചു് പിടിക്കും. അതിനു ശരീരം തടസ്സമല്ല. കളി ആദ്യം കണ്ടാൽ നിങ്ങൾ ചിരിക്കുമെങ്കിലും പിന്നെ നോട്ടം കാര്യമാവും. ശത്രുകൗരവന്റെ വയറിനാണു് ചാടി കടിക്കുക. കരൾ വലതു ഭാഗത്താണു് എന്നു് നകുലൻ പറഞ്ഞു തന്നതു് പോർക്കളത്തിൽ മറന്നിട്ടില്ല. നൂലാമാലകൾ വയറിൽ നിന്നു് പുറത്തുചാടി. ഒരടി മുന്നോട്ടു വക്കാനാവാതെ ആ ‘അർദ്ധസഹോദരൻ’ മണ്ണിൽ മലർന്നു വീഴുമ്പോൾ, എനിക്കവനെ വാസ്തവത്തിൽ തിന്നാനാണു് തോന്നുക, പക്ഷെ രാവിലെ പേടമാനിന്നെ ജീവനോടെ കടിച്ചു പൊളിച്ചു തിന്ന യുദ്ധദിവസങ്ങളിൽ കൗരവമാംസം ഞാൻ കാത്തുനിൽക്കുന്ന കഴുകനു് വലിച്ചെറിഞ്ഞു കൊടുക്കും, ചുടുചോര കൊണ്ടു് പ്രിയപാഞ്ചാലിയുടെ മുടി കഴുകും, അതെനിക്കൊരു അഭിഷേകമല്ല പ്രണയപ്രകടനമാണു്.”

കൗരവവംശഹത്യക്കു യുധിഷ്ഠിര ഭരണകൂടത്തിന്റെ അതിവിശിഷ്ട പുരസ്കാരം നേടിയ ഭീമൻ മട്ടുപ്പാവിൽ ആനന്ദനൃത്തത്തിലായിരുന്നു. പാഞ്ചാലി മാത്രം മുഖം തിരിച്ചു.

2018-08-06

“ഉന്നതാധികാര സമിതിയിൽ അധ്യക്ഷനു തൊട്ടു താഴെ വരേണ്ടതു് ഭീമനല്ലേ? പിന്നെ ആരുടെ ഇടപെടൽ കൊണ്ടാണയാളെ ഒഴിവാക്കിയതു്? തുടങ്ങിയോ മൂപ്പിളമ പ്രശ്നം പാണ്ഡവരിലും?” കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തര പാണ്ഡവഭരണകൂടത്തിലെ കല്ലുകടി.

“പലതും കൂട്ടിവായിക്കേണ്ട രാജ്യതന്ത്രത്തിൽ അജ്ഞത നിറഞ്ഞ ഈ കോലാഹലമൊക്കെ എത്ര ലളിതം. വകുപ്പു് മേധാവിയെന്ന നിലയിൽ ഭീമൻ നിരന്തരം വേഷം മാറി നാലതിരുകളിലെ ഗ്രാമാന്തരങ്ങളിൽ താമസിച്ചു, ബാഹ്യ ശക്തികൾ നുഴഞ്ഞുകയറുന്നതു ചെറുക്കാനുള്ള നീണ്ട കാല പ്രതിരോധദൗത്യമല്ലേ ഏറ്റെടുത്തിരിക്കുന്നതു്? നിരന്തരം ചേരേണ്ട സമിതിയോഗങ്ങളിൽ എങ്ങനെ പങ്കെടുക്കും എന്ന ചോദ്യം വന്നതു് അയാളിൽ നിന്നു് തന്നെ.

പകരം പാഞ്ചാലിയുടെ നാമനിർദ്ദേശം വന്നതും ഭീമനിൽ നിന്നു്. എല്ലാം കൊണ്ടും ഭീമന്റെ ആശീർവാദത്തോടെ പുനഃസംഘടിപ്പിച്ച ഉന്നതാധികാരസമിതിയുടെ ഉള്ളടക്കത്തെ കുറിച്ചു് കുതിരപ്പന്തികളിൽ നിന്നു് കേൾക്കുന്ന ബഹളം, മൂല്യം നോക്കിയാൽ കുതിരച്ചാണകത്തിൽ കുറഞ്ഞ ഒന്നുമല്ലെന്നു് പത്രപ്രവർത്തകർ തിരിച്ചറിയേണ്ടേ? കാലമെത്രയായി നേരം പുലർന്നാൽ കുനുഷ്ടു ചോദ്യവുമായി അധികാരയിടങ്ങളിൽ കയറിയിറങ്ങുന്നു!.

2018-08-08

“പെണ്ണും പോരാളിയാണോ?”, കുളിച്ചു ഈറനുടുത്തു പാണ്ഡവപാളയത്തിലേക്കു് കരുതലോടെ നടക്കുകയായിരുന്ന പാഞ്ചാലിയെ കൊട്ടാരം ലേഖിക അഭിവാദ്യം ചെയ്തു.

“തകർന്നു തരിപ്പണമായി കൂടണയുന്ന പാണ്ഡവർക്കു് സാന്ത്വന സ്പർശനത്തിനൊരു പെൺകൂട്ടു് വേണ്ടേ?” അഴകളവുകൾ അർത്ഥഗർഭമായി പ്രദർശിപ്പിച്ച പാഞ്ചാലി പാളയത്തിലേക്കു് കയറി.

2018-08-09

“അഞ്ചു ഭർത്താക്കന്മാരിൽ പാഞ്ചാലിക്കു പ്രത്യേക പ്രിയം ഇളമുറക്കാരനായ നിങ്ങളോടാണു് അല്ലെ”, കൊട്ടാരം ലേഖിക നകുലനെ കവിളിൽ തലോടുന്ന പോലെ ചോദിച്ചു. വനവാസക്കാലം.

“പാണ്ഡവരെ പല തട്ടുകളിൽ ഇട്ടു കളിപ്പിക്കാൻ പ്രലോഭനസ്വരത്തിൽ ഇടക്കൊന്നു പ്രശംസിക്കുന്നതാണോ മുഖവിലക്കെടുത്തതു്? പത്രപ്രവർത്തകർക്കൊക്കെ ഇത്ര നിഷ്കളങ്കത വേണോ?” കൊട്ടാരം ലേഖികയുടെ കൈ തട്ടി നീക്കി ആ മാദ്രിപുത്രൻ മരത്തണലിൽ ചൂതാട്ട നൈപുണ്യപരിശീലനത്തിൽ മുഴുകിയിരുന്ന മറ്റു സഹോദരർക്കടുത്തേക്കു പ്രതിരോധശരീരഭാഷയോടെ നീങ്ങുന്നതു് പാഞ്ചാലി, കിടപ്പറയുടെ സ്വകാര്യതയിൽ പാതിയടഞ്ഞ ജാലകത്തിലൂടെ നിർദ്ദയം നോക്കി.

“പരാതി എഴുതി എന്ന കുറ്റത്തിനു് നിങ്ങളെ കൗരവർ തല മൊട്ടയടിച്ചു ചങ്ങലക്കിട്ടുവെന്നോ? വേർപെട്ടുപോയ ആത്മാവുകൾക്കു പരലോകത്തു നിത്യശാന്തി ലഭിക്കാൻ ബലികർമത്തിൽ സഹായിക്കുന്ന പരികർമ്മിയല്ലേ നിങ്ങൾ?” കൊട്ടാരം ലേഖിക ചോദിച്ചു.

“സ്ത്രീപീഡനപ്രതികളായ കൗരവർ എന്ന പരാമർശത്തിൽ അവർ കയറിപ്പിടിച്ചു, ‘കുറ്റം നിഷേധിച്ച ആരോപണവിധേയർ’ എന്നല്ലേ സംശയാതീതമായി നീതിപീഠത്തിൽ തെളിയുംവരെ പറയേണ്ടതു് എന്നു് ചോദിച്ച ദുര്യോധനൻ ഈ നിലയിൽ എന്നെ തളച്ചിട്ടു.”

2018-08-11

“കണങ്കാലിലൊരു തങ്കവള? ഉടുതുണി വലിച്ചൂരുമ്പോൾ കൌരവർ കണ്ടില്ലേ?” പാഞ്ചാലിയുടെ കാലിലേക്കു് കൊട്ടാരം ലേഖിക തുറിച്ചു നോക്കി.

“വനവാസത്തിനിറങ്ങും മുമ്പു് കൗരവർ രഹസ്യമുറിയിൽ കൊണ്ടുപോയി ബലം പ്രയോഗിച്ചു അണിയിക്കുകയായിരുന്നു, എതിർത്തപ്പോൾ ‘നീ എനിക്കു് അടിമ’ എന്നു് ദുര്യോധനൻ ചെവിയിൽ മന്ത്രിച്ചു: ഇന്ദ്രപ്രസ്ഥത്തിൽ വിശിഷ്ടാതിഥികളെ വഴുക്കി വീഴ്ത്താൻ സഭാതലം പണിതയാൾ തന്നെയാണു് നിന്നെ രാപ്പകൽ നിരീക്ഷിക്കാൻ ഈ തങ്കവള നിർമ്മിച്ചതു്. പാണ്ഡവർ വിചാരിക്കട്ടെ ഇതു് നിനക്കു് ഗാന്ധാരി തന്ന പാരിതോഷികമാണെന്നു. ജനം വിചാരിക്കട്ടെ ഉടുതുണിയൂരൽ വെറുമൊരു കെട്ടുകഥ” ഞാനിനി അവരുടെ നിരീക്ഷണവലയത്തിലായിരിക്കും. എന്നു് പറഞ്ഞാൽ, ദൂരെ ദൂരെ ഭൂഗർഭഅറയിൽ കൌരവർ രാപ്പകൽ എന്നെ ആസ്വദിക്കുന്നു.”

“ഗംഗയുടെ കുത്തൊഴുക്കിൽ കുട്ടികളടക്കം നിരവധി പേർ മരിച്ചിട്ടും, ദുരിതാശ്വാസത്തിനു തിരിഞ്ഞുനോക്കിയില്ലേ യുധിഷ്ഠിരൻ?” മഹാറാണി പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു. പെരുമഴക്കാലം വിറങ്ങലിച്ച അന്തരീക്ഷം.

“ധീരോദാത്തന്മാരായ പാണ്ഡവർ നൂറോളം കൗരവരെ കുരുക്ഷേത്രയിൽ ചതിച്ചു കൊല്ലുമ്പോൾ യുധിഷ്ഠിരൻ കൈ കൊട്ടി ആസ്വദിച്ചു എന്നാൽ, മരണഭീഷണിയുള്ള പ്രളയജലം കാണാൻ, സിംഹാസനത്തിൽ ഇരിപ്പിടം കിട്ടിയ യുധിഷ്ഠിരൻ ജീവനിൽ കൊതികാരണം വിസമ്മതിക്കും. ഓർമ്മിപ്പിച്ചപ്പോൾ ‘തിരുമനസ്സ്’ പറയുന്നു, ഒഴുക്കിൽ കാൽവഴുതി വീണു മുങ്ങിമരിച്ചാൽ അണപൊട്ടിയൊഴുകുന്ന ജനദു:ഖം എങ്ങനെ നിങ്ങൾ പറഞ്ഞൊതുക്കും? നീയും നകുലനും പോയി വിവരമറിഞ്ഞുവന്നു, ഞാൻ വിളിച്ചുകൂട്ടുന്ന അവലോകനയോഗത്തിൽ കാര്യങ്ങൾ വിശദീകരിക്കണം. എനിക്കു് വ്യാസനുമായി അഭിമുഖമുണ്ടു്. കൗരവാനുകൂല പരാമർശങ്ങൾ മഹാഭാരതത്തിൽ കടന്നുകൂടാതിരിക്കാൻ ശ്രദ്ധിക്കണം എന്നു് മാമുനിയിൽ പ്രേരണ ചെലുത്തും, വേണ്ടി വന്നാൽ, പനയോല ലഭ്യതയിൽ നിയന്ത്രണം കൊണ്ടുവന്നു ആവിഷ്കാര സ്വാതന്ത്ര്യത്തെ വരുതിയിലാക്കും.” തുണിയും മരുന്നും അന്നവുമായി പ്രളയബാധിത ഗ്രാമങ്ങളിലേക്കു് പോവാൻ തയ്യാറെടുക്കുകയായിരുന്നു പാഞ്ചാലിയും നകുല നേതൃത്വത്തിലുള്ള സംഘവും.

“നഗ്നപാദയായി കോട്ടക്കകത്തു നിന്നു് പടിയിറങ്ങുമ്പോൾ, ഓരോ കൌരവനേയും ഒന്നൊന്നായി കൈപിടിച്ചു് നിങ്ങൾ യാത്ര ചോദിച്ചു എന്ന ഒരു വാർ ത്ത ഹസ്തിനപുരിയിൽ മൊത്തം പരക്കുന്നുണ്ടല്ലോ. വസ്ത്രാക്ഷേപം നിങ്ങളൊരു സ്ത്രീപീഡനപ്രശ്നമാക്കിയില്ല എന്നു് പൊതുസമൂഹത്തെ ബോധിപ്പിക്കാൻ ദുര്യോധനൻ നാടായ നാടൊക്കെ കുതിരപ്പന്തികളിലും വഴിയമ്പലങ്ങളിലും ചർച്ച ചൂടാറാതെ നിർത്തുന്നുമുണ്ടു്. ഇതു് തീർത്തും അടിസ്ഥാനരഹിതമാണോ? അതോ ശരിക്കും നിങ്ങൾ കൗരവരോടു് യാത്ര ചോദിച്ചിരുന്നോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“അടിസ്ഥാനത്തിനു് എന്താ കുഴപ്പം?, ഒരു വഴിക്കു പോവുമ്പോൾ വരി നിൽക്കുന്നവരോടു് യാത്ര ചോദിക്കേണ്ടേ?, പറഞ്ഞുവന്നാൽ, അവരെല്ലാം എന്റെ ആരാധകരുമല്ലേ.”

2018-08-12

“ഇഷ്ടം കൂടാൻ ചക്രവർത്തി എന്തൊക്കെ മന്ത്രിക്കും?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“മറ്റു പാണ്ഡവരെ കുറിച്ചു് കുത്തി കുത്തി ചോദിക്കും. പ്രണയസല്ലാപത്തിൽ മികവു കുറവാണു് എന്നു് ദുരനുഭവങ്ങൾ നിർമ്മിച്ചു് സാക്ഷ്യപ്പെടുത്തും. എനിക്കപ്പോൾ യുധിഷ്ഠിരൻ വിധേയപ്പെടും.”

“പാണ്ഡവക്കുട്ടികളെ വിഷം തീറ്റിക്കാൻ ധൃതരാഷ്ട്രരുടെ പണപ്പെട്ടിയിൽ കയ്യിട്ടു വാരണമെന്ന ദുഃസ്ഥിതി നിലവിലുണ്ടായിരുന്നു നിങ്ങളുടെ വിദ്യാർത്ഥി ജീവിതത്തിൽ. എന്നിട്ടും, അരങ്ങേറ്റ ദിവസം പാണ്ഡവർ അവമതിച്ച കർണ്ണനെ “അംഗരാജാവായി” പ്രഖ്യാപിക്കാൻ സാഹസികത നിങ്ങൾ പ്രദർശിപ്പിച്ചു. ഈ അസാധാരണ നടപടിക്കു, മുൻകാല പ്രാബല്യത്തോടെ രാജകീയ അനുമതി കിട്ടിയോ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

“സാഹചര്യത്തിനൊന്നുയർന്നു. സാഹസികമായി ഇടപെടേണ്ടി വന്നു. പാണ്ഡവവിരുദ്ധമനോഭാവമുള്ള അധഃകൃത യോദ്ധാവിനെ ആജീവനാന്ത അടിമയായി നേടിയെടുക്കാൻ സാങ്കല്പ്പികദേശനാമം ആധികാരികമായി ഉച്ചരിച്ചു. അതിനു ഭീഷ്മരുടെയോ വിദുരരുടെയോ സമ്മതം ചോദിക്കാതിരിക്കാനുള്ള ധാർഷ്ട്യം അന്നേ എന്റെ പെരുമാറ്റത്തിലുണ്ടു്. അതിൽ കവിഞ്ഞെന്തു മുൻകാല പ്രാബല്യവും രാജകീയ അനുമതിയും?”

2018-08-13

“ഇനിയെങ്കിലും വസ്ത്രാക്ഷേപം നിന്ദാർഹമെന്നു ഏറ്റുപറഞ്ഞാലെന്താ?” ഭീമഗദാപ്രഹരമേറ്റു ചളിയിൽ വീണു് ഞെളിപിരി കൊള്ളുന്ന ദുര്യോധനനോടു് യുദ്ധകാര്യ ലേഖകൻ ചോദിച്ചു കുരുക്ഷേത്ര അന്ത്യദിനം. യുദ്ധജേതാക്കളായ പാണ്ഡവർ വിശ്രമത്തിനായി പാളയത്തിലേക്കു് പോയ സന്ധ്യ.

“സ്ത്രീകളെ വഴിയാധാരമാക്കുന്ന തരം വിറളി പിടിച്ച പുരുഷത്വം എനിക്കല്ല, യുധിഷ്ഠിരനായിരുന്നു എന്നു് ഇതുവരെ അറിഞ്ഞില്ലേ? അതോ, അടുത്ത ഭരണാധികാരിയെ ഇപ്പോഴേ പേടിയായോ? നിങ്ങളുടെ പത്രകാര്യാലയം പ്രവർത്തിക്കുന്ന വാണിജ്യവീഥിയോടു് ചേർന്ന പൂക്കാര തെരുവിൽ പകലൊക്കെ കാണുന്ന ആ വിഷാദരോഗി വൃദ്ധ യഥാർത്ഥത്തിൽ ആരാണു്? യുധിഷ്ഠിരന്റെ ആദ്യ ഔദ്യോഗിക ഭാര്യ! കണ്ണിൽ ചോരയില്ലാത്ത പണിയല്ലേ കപടപാണ്ഡവൻ ചെയ്തതു്? അന്യനാട്ടുകാരിയായ അവളെ വഴിയിൽ ഉപേക്ഷിച്ചു മറ്റു പാണ്ഡവരുമൊത്തു സുഖവാസത്തിനു പോയി. വരണാവതം, ഏകച്ചക്രാ, പാഞ്ചാല വഴി തിരിച്ചു ഹസ്തിനപുരിയിൽ വരുമ്പോഴേക്കും, അനുജൻ പരിണയിച്ച പാഞ്ചാലിയെ ചതിയിൽ സ്വന്തമാക്കി. അതിൽ കവിഞ്ഞെന്തെങ്കിലും ആയിരുന്നുവോ, അടിമപ്പെണ്ണിന്റെ ഭാഗിക നഗ്നതപ്രദർശനം എന്ന ചൂതാട്ടവിവാദം കൊഴുപ്പിച്ചു സ്ത്രീപീഡനമാക്കി അഭിവന്ദ്യ വ്യാസനെ തെറ്റിദ്ധരിപ്പിച്ചതു്?” ഒരിറ്റു വെള്ളത്തിനായി ആ കൗരവയോദ്ധാവു് കൈ നീട്ടി യാചിക്കുമ്പോൾ, യുദ്ധകാര്യ ലേഖകൻ ചുറ്റും കുറുനരികളെ കണ്ടു അതിവേഗം സ്ഥലം വിട്ടു.

“ആറംഗ ആദിവാസി കുടുംബത്തിനു് അന്ത്യഅത്താഴം വിളമ്പാൻ കുന്തി മാത്രമേ ഉണ്ടായിരുന്നുള്ളു? എവിടെയായിരുന്നു ആ സമയം നിങ്ങളഞ്ചുപേരും?” അരക്കില്ലത്തിലെ അന്തർനാടകം എന്ന അന്വേഷണാത്മക പരമ്പരക്കുവേണ്ടി ഓടിനടക്കുകയായിരുന്ന കൊട്ടാരം ലേഖിക ചോദിച്ചു.

“രഹസ്യമായി പണിത ഭൂഗർഭ ഇടനാഴിയിൽ മണ്ണിടിച്ചിൽ ഉണ്ടാക്കി ഞങ്ങളുടെ പാതിരാ ഒളിച്ചോട്ടം തടയാൻ വേഷം മാറി വന്ന കൗരവ ചാരസംഘമായിരുന്നില്ലേ അവർ? അവരെ കുടിപ്പിച്ചു ബോധം കെടുത്തേണ്ട ചുമതല കുന്തി ഏറ്റെടുത്തപ്പോൾ, മണ്ണു് നീക്കി തുരങ്കം ഞങ്ങൾ സഞ്ചാരയോഗ്യമാക്കി.” ഏകച്ചക്രയിൽ ബ്രാഹ്മണവേഷം ധരിച്ചു ഭിക്ഷ യാചിക്കുന്ന ആറംഗ പാണ്ഡവ സംഘത്തിലെ ഇളമുറക്കാരൻ നകുലൻ പറഞ്ഞു.

“കിരീടാവകാശിയായ ഈ കുട്ടിയെ കണ്ടില്ലെന്ന മട്ടിൽ പോവുന്നതെന്താണു്?’ കൊട്ടാരം ലേഖിക പരീക്ഷിത്തിനെ ചൂണ്ടിക്കാട്ടി ഭീമനോടു് ചോദിച്ചു.

“തലമുറ വിടവില്ലാത്ത സൗഹൃദകാലം ഞങ്ങൾക്കുണ്ടായിരുന്നു. എന്നെ പോലെ മാന്ദ്യം ഉള്ള കുട്ടിയായിരുന്നു. കൗരവ പാണ്ഡവ യുദ്ധം എന്നൊക്കെ പറഞ്ഞു ഞങ്ങൾ നേരിയ തോതിൽ കായിക ബലവും പരീക്ഷിക്കും. അങ്ങനെ ഒരു രാവിലെ കൗതുകപ്പെട്ടിരിക്കുമ്പോൾ, അവന്റെ അമ്മ വിരാടരാജകുമാരി വിരൽ ചൂണ്ടി പറഞ്ഞു, ‘എന്റെ അമ്മാവൻ കീചകനെ ഞെക്കിക്കൊന്നപോലെ ഈ കുഞ്ഞിനെ ദേഹോപദ്രവം ഏൽപ്പിക്കല്ലേ? നിങ്ങളുടെ ജീവൻ രക്ഷിക്കാൻ സ്വയം ചക്രവ്യൂഹത്തിൽ ബലി കൊടുത്ത അഭിമന്യുവിന്റെ മകനാണവൻ’. അതിനുശേഷം പരീക്ഷിത്തു് എനിക്കു് കിരീടാവകാശി മാത്രമായി.” ഭീമന്റെ ശരീരം ശോഷിച്ചിരുന്നു. വിഷാദഭരിതമായ ശബ്ദത്തിൽ ഇടർച്ചയുണ്ടായിരുന്നു. ചലനം മൃദുവായിരുന്നു.

2018-08-14

“ഉറങ്ങിക്കിടന്ന അഞ്ചു കൗമാരപോരാളികളെയും നിങ്ങൾ ഒറ്റയ്ക്കു് കഴുത്തിൽ ചവുട്ടി കൊന്നു എന്നോ? ഒരാളെ ചവിട്ടുമ്പോൾ അടുത്തു് കിടന്ന മറ്റു നാലു പേർ ബഹളം കേട്ടു് ഉണർന്നില്ലേ?” അവസാനത്തെ ‘കൗരവ സർവസൈന്യാധിപതി’ എന്ന പദവിയുണ്ടായിരുന്ന അശ്വത്ഥാമാവിനോടു് കൊട്ടാരം ലേഖിക ചോദിച്ചു. മഹാരോഗിയായി, എവിടെയും കാൽ ഉറക്കാതെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ രാവുപകൽ അലയുകയായിരുന്ന ആ ചിരഞ്ജീവിയെ കണ്ടെത്താൻ പാടുപെടേണ്ടി വന്നു.

“ദ്രോണപുത്രനായ എനിക്കു് അഞ്ചു പേരെ അറുകൊല ചെയ്യാൻ വേറെ സഹായം വേണോ? പാണ്ഡവരെ പോലെ ഭീരുക്കൾ ആയിരുന്നു അഞ്ചു പാഞ്ചാലീപുത്ര ന്മാരും എന്നതു് എന്റെ രാത്രി ജോലി എളുപ്പമാക്കി. ആദ്യം കണ്ടവനെ കഴുത്തിൽ ചവിട്ടിയപ്പോൾ (ആയുധം കൊണ്ടു് കഴുത്തറത്തു് കൊന്നാൽ അവനു സ്വർഗ്ഗ രാജ്യ പ്രവേശനം എളുപ്പമാവും) മറ്റു നാലു് പേരും ഉണർന്നു കാര്യം മനസ്സിലാക്കി ചുരുണ്ടു് കിടന്നു ഉറക്കം നടിച്ചു. ഒരാളെ കൊന്ന ക്ഷീണത്തിൽ ഞാൻ സ്ഥലം വിടുമെന്നൊ മറ്റോ കരുതിയ അവരുടെ മോഹം പൂവണിയാതെ അഞ്ചു പേരെയും ആസ്വദിച്ചു കൊന്നു.”

“സൗജന്യധാന്യം വാങ്ങുകയോ മഹാറാണിയും?” കൊട്ടാരം ലേഖിക വിസ്മയിച്ചു. പൊള്ളുന്ന വെയിലിൽ ശിരസ്സും മുഖവും മറച്ച പാഞ്ചാലി വിതരണകേന്ദ്രത്തിനു മുമ്പിലെ നീണ്ട വരിയിൽ ക്ഷമയോടെ കാത്തുനിന്നു.

“മഹാറാണിയാണെങ്കിലും അല്ലെങ്കിലും പൗരാവകാശം പൊതുവായുള്ളതല്ലേ?”

“അമ്മാ, ഈ യുവയോദ്ധാവു് എന്റെ അച്ഛനായിരുന്നെങ്കിൽ! പകരം, വൃദ്ധരോഗി ശന്തനു എന്തിനച്ഛനായി”, അമ്മയെക്കാൾ പ്രായം കുറഞ്ഞ ദേവവ്രതൻ എന്ന ഭീഷ്മരേയും, അമ്മയുടെ അച്ഛനെക്കാൾ പ്രായമുള്ള മഹാരാജാവു് ശന്തനുവിനെയും മാറി മാറി ചൂണ്ടിക്കാട്ടി കിരീടാവകാശി വിചിത്രവീര്യൻ ചുമച്ചു തുപ്പുന്നതിനിടയിൽ മഹാറാണി സത്യവതിയോടു ചോദിച്ചു.

“കൊച്ചുകുട്ടിയാണെങ്കിലും നിനക്കു് ഇപ്പോഴേ വ്യക്തമായില്ലേ മകനെ, എത്രമാത്രം സ്ത്രീവിരുദ്ധരാണു് ഞങ്ങളുടെ ഭാഗധേയം നിർണയിക്കുന്ന അതീതശക്തികൾ? നിന്റെ പ്രശംസ കേട്ടു് ആ സുന്ദര യോദ്ധാവു് ഭീഷ്മർ പ്രസാദിച്ച പോലെ തോന്നുന്നു. നിനക്കവൻ ഒന്നിലധികം സുന്ദരിക്കുട്ടികളെ കിടക്കക്കൂട്ടിനായി ഏതെങ്കിലും സ്വയംവരങ്ങളിൽ നിന്നു് തട്ടിയെടുത്തെങ്കിലും കൊണ്ടു് വരും.” ക്ഷയരോഗി വിചിത്രവീര്യനെ വൃത്തിയുള്ള തുണി കൊണ്ടു് പരിചാരിക മൃദുവായി ചുണ്ടു തുടക്കുമ്പോൾമഹാറാണി സത്യവതി ചുമലിൽ കൈ വച്ചു് ആശ്വസിപ്പിച്ചു.

2018-08-21

“നിങ്ങളുടെ പിടിപ്പുകേടുകൊണ്ടു് പാഞ്ചാലി വനവാസക്കാലത്തു പല നികൃഷ്ട ജോലിയും കൗരവഅടിമയെന്ന നിലയിൽ ചെയ്യുന്നുണ്ടു് എന്നറിയാം, എന്നാലുമുണ്ടാവുമല്ലോ അവൾക്കും സർഗ്ഗാത്മക നിമിഷങ്ങൾ. അവളപ്പോൾ കൂട്ടം കൂടിയിരുന്നു നിങ്ങളോടു് മത്സരിച്ചു കഥ പറയുമോ, നൃത്തം ചെയ്യുമോ, പാട്ടു പാടുമോ?” കൊട്ടാരം ലേഖിക ചോദിച്ചു. നീരാടാൻ പാഞ്ചാലി പോയതോടെ, പാണ്ഡവർ മാത്രം കുടിലിൽ ഉള്ള പ്രഭാതം. അന്തരീക്ഷം പ്രസന്നമായിരുന്നു.

“സ്വകാര്യനിമിഷങ്ങളിൽ മാറിയിരുന്നു എഴുത്താണി കൊണ്ടു് പനയോലയിൽ എന്തൊക്കെയോ എഴുതുന്നതു് കാണാം. ഭാര്യ അഭ്യസ്തവിദ്യയായിരിക്കുക, എന്നാൽ കൗമാരം വരെ കാട്ടിൽ വളർന്നു അക്ഷരദേവതയെ പരിചയപ്പെടാൻ വൈകിയ ഭർത്താക്കന്മാർ അവളുടെ ഈ ഒഴിവുസമയ രചനാലോകം വായിച്ചറിയാനാവാതെ അന്ധാളിച്ചു നിൽക്കുക, ഞങ്ങൾ കൗന്തേയർ സാധുജീവികൾ” ഭീമൻ വിരൽ കടിച്ചു, വാക്കു മുറിഞ്ഞു, കണ്ണുകൾ ഈറനായി. മറ്റു പാണ്ഡവർ ഭീമനെ ഈർഷ്യയോടെ നോക്കി.

2018-08-25

“ദുര്യോധനൻ ഇന്ദ്രപ്രസ്ഥംകൊട്ടാരം കൊള്ളയടിച്ചു പാഞ്ചാലിയുടെ അമൂല്യരത്നശേഖരം നിങ്ങൾക്കു് വീതിച്ചു തന്നു എന്നല്ലേ പാണ്ഡവ വനവാസക്കാലത്തെ അരമനരഹസ്യം? പിന്നെ എന്താ അന്നന്നത്തെ അപ്പത്തിനു ദേഹാദ്ധ്വാനം എന്നു് മേനി പറഞ്ഞു നിങ്ങൾ പൂക്കാരതെരുവിൽ മാലകോർത്തു് വിൽക്കുന്നതു്?” കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി.

“പോരാട്ടം ആരു ജയിച്ചു എന്നു് കുരുക്ഷേത്ര പ്രവിശ്യാഭരണാധികാരി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു് മുമ്പു് തന്നെ, പാണ്ഡവർ ഇടിച്ചു കയറി ഹസ്തിനപുരി കോട്ട ഭേദിച്ചു് അന്ധരാജാവിനെ ബന്ദിയാക്കിയതു് നിങ്ങളുടെ പത്രത്തിൽ വാർത്തയായില്ലേ? വാർത്തയാവാത്ത ഒന്നിതാ-അധികാരത്തിൽ കയറിയ അന്നു് രാത്രി തന്നെ കുരുവംശ രഹസ്യഅറകളുടെ അതീവസുരക്ഷ തകർത്തു് യുധിഷ്ഠിര ഭരണകൂടത്തിന്റെ ചാരവകുപ്പു് മേധാവി നകുലൻ, വാരി വലിച്ചു എല്ലാം ഒളിയിടത്തേക്കു കടത്തി. രാവിലെ ഞങ്ങൾ, കൗരവരാജവിധവകൾ, അവിടെ സ്ഥിതിയറിയാൻ സമ്മേളിച്ചപ്പോൾ, രഹസ്യഅറയിൽ ആകെ കണ്ടതു് കരിക്കട്ടയും തലനാരും.”

“മുതിർന്ന പൗരനല്ലേ? സംസാരിക്കുമ്പോൾ സാമാന്യമര്യാദ നിഷേധിക്കാമോ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“ചൂതാടി കൗരവഅടിമയായെങ്കിലും, യുധിഷ്ഠിരനെ ഞങ്ങൾ ആദ്യകാലത്തൊക്കെ വിളിച്ചിരുന്നതു് ‘അഭിവന്ദ്യ മഹാരാജാവേ’ എന്നു് തന്നെയായിരുന്നു. അക്ഷയപാത്രത്തിൽ നിന്നു് പച്ചനാക്കിലയിൽ രുചിഭക്ഷണം വിളമ്പി ഞാൻ വച്ചു് കൊടുക്കും. ‘മഹാരാജാവു്’ ഉണ്ടെണീക്കും വരെ ബാക്കി നാലു ആണുങ്ങളും ഞാനും ഒറ്റക്കാലിൽ ആജ്ഞ കാത്തു നിൽക്കും. ഉരുള ഉരുട്ടുന്നതും, നാക്കു് പുറത്തിട്ടു വാതുറന്നു അകത്തേക്കു് ഉന്നം തെറ്റാതെ എറിയുന്നതും, ചുണ്ടുകൾ പൂട്ടി, താടി ഉയർത്തി, ‘അമുക്കു’ന്നതും, പാടു് പെട്ടു് ഇറക്കുന്നതും, വയർ ചലിപ്പിച്ചു ഇടം കൂട്ടുന്നതും ഒക്കെ എത്ര നാൾ ആദരവോടെ കണ്ടു നിൽക്കും? വിശക്കുന്നു വയറു കാളുന്നു എന്നൊക്കെ അയാൾ ഈയിടെയായി നിലവിളിച്ചാൽ, ഊട്ടുപുരയിൽ ഞാൻ അക്ഷയപാത്രം വക്കും. പിന്നെ അവരഞ്ചു പേരും വാരി വലിച്ചു തിന്നുന്നതു് കാണാനൊന്നും മെനക്കെടാതെ എന്റെ പാട്ടിനു താഴ്‌വരയിലെ ജലാശയത്തിൽ നീന്താൻ പോവും” വ്യാഴവട്ടക്കാലവനവാസത്തിൽ, പഴയ ഇന്ദ്രപ്രസ്ഥം ചക്രവർത്തിയുടെ ആഹാരരീതിയെ കുറിച്ചു് മുൻ രാജമാതാവു് പാഞ്ചാലി കൊട്ടാരം ലേഖികയുമായുള്ള അഭിമുഖം നാളെ ഇറങ്ങുന്ന ‘ഹസ്തിനപുരി പത്രിക’യിൽ.

“പോർക്കളം കുരുക്ഷേത്രയിലായിരുന്നെങ്കിലും യുദ്ധക്കെടുതി ഹസ്തിനപുരിയിലാണല്ലോ. ഒരു നേരം അന്നം കിട്ടാതെ തെരുവുകളിൽ പതിനായിരങ്ങൾ തമ്പടിക്കുന്ന കാഴ്ച കണ്ടു മനസ്സിടിഞ്ഞാണു ഞാൻ ഇവിടെ വന്നതു്. പതിമൂന്നിനും അമ്പത്തിയൊമ്പതിനും ഇടക്കുള്ള പുരുഷജനസംഖ്യ നശിച്ചു എന്നാണു വിദുരർ അറിയിക്കുന്നതു്. എങ്ങനെ നിങ്ങൾ ഹസ്തിനപുരി കെട്ടിപ്പടുത്തു പൊയ്പോയ ഐശ്വര്യസമൂഹം വീണ്ടെടുക്കും?” കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. പാണ്ഡവരും പാഞ്ചാലിയും രാജസഭയിൽ ഉണ്ടായിരുന്ന പ്രഭാതം.

“സഖ്യകക്ഷികളായിരുന്ന രാജവംശങ്ങളോടു് യുദ്ധച്ചെലവിന്റെ ഓഹരി ആവശ്യപ്പെടും. ചോദിച്ചത്ര തരുന്നില്ലെങ്കിൽ, കൗരവസഖ്യരാജവംശങ്ങളെ കൊള്ളയടിക്കും. അതിനു പറ്റിയ അശ്വമേധയാഗം ഉണ്ടെന്നു കൃപാചാര്യൻ അറിയിച്ചു. ഒരു കുതിരയെ കിട്ടിയാൽ മൊത്തം ഭാരതഖണ്ഡം അർജ്ജുനൻ വരുതിയിലാക്കാമെന്നു ഏറ്റു. കളപ്പുരകളിലുള്ള വിത്തടക്കം എല്ലാ ജംഗമസ്വത്തും ഭീമൻ എത്തിച്ചു തരും എന്ന ചോരയിൽ ചാലിച്ച വാക്കു കിട്ടി. നകുലനും സഹദേവനും അതൊക്കെ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി കലവറ നിറയ്ക്കും. ഭാവിയെ കുറിച്ചു് പ്രതീക്ഷാനിർഭരമാണു് ഹൃദയം, അല്ലേ പാഞ്ചാലീ?”

“പാഞ്ചാലിയുടെ മരണ മൊഴി നേരിട്ടു് കേട്ട ഏക വ്യക്തി? അല്ലേ?”, കൊട്ടാരം ലേഖിക മുന്നിൽ നിൽക്കുന്ന സ്ത്രീയെ ചോദ്യം ചെയ്തു.

“കാട്ടിൽ എത്തും വരെ മാത്രം ഞാൻ തോഴിയായി കൂടെയുണ്ടാവും എന്ന തീരുമാനം സമ്മതിച്ചാണു് പാണ്ഡവർക്കു് പിന്നിൽ അകലം പാലിച്ചു നടന്ന പാഞ്ചാലി എന്നെ കൂടെ കൂട്ടിയതു്. കുറെ നീങ്ങിയപ്പോൾ പാഞ്ചാലി ചുറ്റും കൂടുതൽ ശ്രദ്ധയോടെ, എന്നാൽ ഭീതിയോടെ, നോക്കിത്തുടങ്ങി. ഒന്നും ഞാൻ ചോദിച്ചില്ല. പുൽത്തകിടിയുള്ള സന്യസ്ഥാശ്രമങ്ങൾ കണ്ടപ്പോൾ ഭീതിയിൽ പാഞ്ചാലി മുട്ടു് കുത്തി മേൽപ്പോട്ടു നോക്കി കൈ കൂപ്പി.

“വയ്യ എനിക്കീ മടിയൻ സന്യാസികളുടെ ജൈവമാലിന്യം വീണ്ടും ഒരു വ്യാഴവട്ടക്കാലം ചുമക്കാൻ” എന്നു് വിതുമ്പി പാഞ്ചാലി കുഴഞ്ഞു വീണു. മുന്നേ പോയിരുന്ന പാണ്ഡവർ സന്യാസികളോടു് ഉപചാരം പറയുന്നതിനിടക്കു് തിരിഞ്ഞു നോക്കാൻ വിട്ടു പോയി. പാഞ്ചാലിയുടെ അനാഥ ശരീരം വലിച്ചിഴച്ചപ്പോൾ, “കണ്ണിൽ പെട്ട ഗുഹയിൽ അടക്കം ചെയ്തു ഞാൻ കുളിച്ചു ഈറനുടുത്തു തിരിച്ചു പോന്നു.”

2018-08-26

“കൗരവരെയെല്ലാം ഞെക്കിക്കൊന്നു കുടുംബസ്വത്തു തട്ടിയെടുത്ത നിങ്ങളുടെ കരളിലെ മോഹമെന്താണു്?” കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.

“മേലനങ്ങാതെ മൂന്നു നേരം ഊണു കഴിക്കാൻ ഓരോ ഹസ്തിനപുരി കുടുംബത്തിനും അക്ഷയപാത്രം സൗജന്യമായി വീട്ടിലെത്തിക്കുക എന്നതാണു് പാണ്ഡവ ഭരണകൂടത്തിന്റെ മോഹം.”

“പാഞ്ചാലിയെ തിരിഞ്ഞു നോക്കാൻ പോലും യുധിഷ്ഠിരനു് മനഃസാന്നിധ്യം ഉണ്ടായില്ലെന്നോ?”, വാനപ്രസ്ഥത്തിലേക്കു് നീങ്ങിയ ഭീമനോടു് കൊട്ടാരം ലേഖിക ചോദിച്ചു. പാണ്ഡവജന്മങ്ങളുടെ അവസാനം. ഹിമാലയ താഴ്‌വര.

“താൻ കാലന്റെ മകൻ ആണെന്നു് പോലും അറിയാത്ത വിധം മറവി രോഗം ബാധിച്ച ഈ ‘കുരുവംശ ചക്രവർത്തി’ക്കു് എങ്ങനെയിത്രയും കാലം കൂടെ പൊറുത്ത പെണ്ണിനു് പ്രഥമശുശ്രൂഷ ചെയ്യാൻ മനഃസാന്നിധ്യം തോന്നും?”, പിന്തിരിഞ്ഞു പാഞ്ചാലിയുടെ ഭൗതിക ശരീരം ഒന്നു് നോക്കി ഭീമൻ കൈ വീശി.

2018-08-27

“നൂറോളം കൗരവരും ആരാധകരാണെന്നു നിങ്ങൾ അവകാശപ്പെടുന്നു?”, കൊട്ടാരം ലേഖിക ചോദിച്ചു.

“പ്രണയത്തോടെ നോക്കുന്നതു് തിരിച്ചറിവൊന്നുമല്ല. വാർത്ത തേടി നടക്കുന്നതിനിടയിൽ നിങ്ങളും കണ്ടുപോവാവുന്നതല്ലേ. ആരാധകരുടെ കടാക്ഷങ്ങൾ അംഗീകരിക്കാറൊന്നുമില്ല. ആ പ്രണയമിഴികളിൽ കാണാം, രതിജന്യ ആവേശവും, പെൺമനം കീഴ്പ്പെടുത്താൻ തിമിർപ്പുള്ള പ്രശംസയും, പെണ്ണുടലിൽ ഉടമ സ്ഥാവകാശം നിഴലിക്കുന്ന നോട്ടവും.”

2018-08-28

“ഇതെന്താണിതു്?”, അക്ഷയപാത്രത്തിൽ കണ്ട ആകർഷക വിഭവങ്ങൾ നോക്കി കൊട്ടാരം ലേഖിക കൈ തലയിൽ തട്ടി. പാണ്ഡവരുടെ വനവാസക്കാലം.

“വേറൊന്നുമല്ല. ഏതോ ഹസ്തിനപുരി കർഷകർ കന്നു പൂട്ടി നിലമൊരുക്കി വിതച്ചു വിളഞ്ഞു കൊയ്തു് മെതിച്ച ധാന്യം വേവിച്ച ഭക്ഷണം. മടിയന്മാരായ പാണ്ഡവർക്കു് വേണ്ടി പ്രകൃതി നിത്യവും ഒരുക്കിത്തരുന്ന കൊള്ളമുതൽ.” ഊട്ടുപുരയിൽ വരാതെ അകലം പാലിച്ച പാഞ്ചാലി പറഞ്ഞു.

2018-08-29

“മുന്നൊരുക്കമില്ലാതെ പരീക്ഷിത്തിനു് ചെങ്കോൽ കൊടുത്തു നിങ്ങളാറുപേരും പടിയിറങ്ങിയാൽ ഹസ്തിനപുരിയുടെ ഭാവിസുരക്ഷാഭീഷണി പിന്നെ ആരു നേരിടും?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു.

“ആശീർവദിക്കുന്നതിനു പകരം ആശങ്ക? കുടിയേറ്റ കൃഷിക്കാരായി ഖാണ്ഡവപ്രസ്ഥത്തിൽ ഇന്ദ്രപ്രസ്ഥം പണിതപ്പോൾ ‘ഇനി ഞാൻ തന്നെ ചക്രവർത്തി’ എന്നു് പ്രഖ്യാപിക്കാൻ വേണ്ട രാഷ്ട്രീയ സാക്ഷരത യുധിഷ്ഠിരൻ കാണിച്ചതല്ലേ? അഭിമന്യുവിനെ പോലെ അല്ല പരീക്ഷിത്തു്-ചക്രവ്യൂഹത്തിൽ നുഴഞ്ഞു കയറാനും ഉയിരും കൊണ്ടു് പുറത്തു ചാടാനും മുപ്പത്തിയാറു വയസ്സിനിടെ അയാൾ പഠിച്ചല്ലോ.”

വനവാസത്തിനു പോവാൻ പുതിയ വസ്ത്രരീതികളുമായി പരിചയപ്പെടുകയായിരുന്ന മറ്റു പാണ്ഡവർ കുരുവംശഭാവി അഭിമന്യുപുത്രന്റെ കൈകളിലാണു് എന്ന വിവരം അർജ്ജുനൻ ആവർത്തിച്ചതിൽ നീരസം പ്രകടിപ്പിച്ചു നോട്ടം തിരിച്ചു.

“ശ്രദ്ധിക്കാതിരിക്കാനായില്ല. കാഴ്ച സൂക്ഷ്മവും ആയിരുന്നില്ല. എങ്കിലും വരാനിരിക്കുന്ന പോരാട്ടത്തിൽ എന്തോ നിർണ്ണായക സ്വാധീനമുള്ളഒന്നെന്നും തോന്നി. എന്തായിരുന്നു താങ്കളുടെ സംഭാഷണം?” ദുര്യോധനൻ കർണ്ണനോടു് ചോദിച്ചു. ഭൂഗർഭ അറയിൽ പന്തം പുകഞ്ഞു.

“നീ പാണ്ഡവകുടുംബം എന്നവൻ എന്നെ ഓർമ്മിപ്പിച്ചു. നീ അവിടെ ചേരണം എന്നവൻ ചൂണ്ടു വിരൽ ആകാശത്തേക്കുയർത്തി. ആകസ്മികമായൊരു സമാന ജനിതകധാരയേക്കാൾ ആജീവനാന്തവിശ്വസ്തത, ആപത്തിൽ കാപ്പാത്തിയ സൗഹൃദമെന്നു ഞാൻ കൈപിടിച്ചു് ആ വ്യർത്ഥ സംഭാഷണം ഉപസംഹരിച്ചു.”

2018-08-30

“എന്റെ കൗമാരകാലം നിങ്ങൾ ചുഴിഞ്ഞു ചോദിക്കുമ്പോൾ ഞാൻ വിചാരിക്കുകയാണു് അഭിവന്ദ്യ വ്യാസൻ എഴുതിയ ഔദ്യോഗിക ജീവചരിത്രം എന്തുകൊണ്ടു് നിങ്ങൾ നിർബന്ധമായും വായിച്ചുകൂടാ?”, കുന്തീദേവി കൊട്ടാരം ലേഖികയോടു് ചോദിച്ചു. പാണ്ഡവഭരണകാലത്തിലും മുൻ മഹാറാണി ഗാന്ധാരിയുടെ തോഴിയായി ധൃതരാഷ്ട്ര വസതിയിൽ കഴിയുന്ന കാലം.

“എന്തിനു അതൊക്കെ വായിച്ചു ഞാൻ സമയം കളയണം? കർണൻ എന്നു് സാന്ദർഭികമായി ഒന്നു് പരാമർശിച്ചപ്പോൾ തന്നെ, ഇനിയും എഴുതപ്പെടാത്ത ഒരു വലിയ ഇതിഹാസത്തെ അല്ലെ നിങ്ങളുടെ മുഖം ഒളിപ്പിക്കാൻ ശ്രമിച്ചതു്?”

“തടഞ്ഞുനിർത്തി കവചകുണ്ഡലങ്ങൾ ആരോ ദാനം ചോദിച്ചപ്പോൾ ഊരിക്കൊടുത്തു എന്നു് ഹസ്തിനപുരിയിലെ കുതിരപ്പന്തികളിലും വഴിയമ്പലങ്ങളിലും ഓടി നടന്നു ബോധ്യപ്പെടുത്തുന്ന ആ വ്യക്തി തന്നെയാണോ ശരിക്കും ദാനശീലൻ എന്ന പേരിൽ പ്രശസ്തിനേടിയ കർണ്ണൻ?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

“ജീവന്മരണ പോരാട്ടത്തിൽ ഭീഷണിക്കു കാരണമാവുമെന്നറിഞ്ഞിട്ടും ദുഷ്ടലാക്കോടെ വഴി തടഞ്ഞു ചോദിച്ചവനു് ദിവ്യകവചം ഊരിക്കൊടുത്ത കാര്യം കൗരവവക്താവു് അറിയിച്ചിട്ടും, നിങ്ങൾക്കതു മുഖ്യവാർത്തയാക്കാൻ ഇഷ്ടമില്ലെങ്കിൽ പിന്നെ കർണ്ണൻ വേറെന്തു ചെയ്യും?”

“കല്യാണസൌഗന്ധികം, പാതിരാത്രി പ്രിയതമയെ ഏൽപ്പിച്ചപ്പോൾ വാരിപ്പുണർന്നുമ്മവച്ചുവോ പാഞ്ചാലി? അതോ നന്ദിപ്രകടനത്തിൽ ഒതുക്കിയോ പ്രതികരണം?”

“വാടിയ പൂവൊക്കെ വലിച്ചെറിയൂ മനുഷ്യാ, ആണ്‍കുട്ടികൾ എന്നോ പറിച്ചു കൊണ്ടു് വന്നെന്നെ പൂ ചൂടി, എന്നു് ഇരുവശവും ചേർന്നു് കിടന്നുറങ്ങിയ മാദ്രിപുത്രന്മാരെ തലോടി പാഞ്ചാലി. ആട്ടിപ്പുറത്താക്കപ്പെട്ട പോലെ ഞാൻ കാൽ പിന്നോട്ടടിച്ചു” സ്ഥലകാലബോധമില്ലാതെ പ്രണയ തിരസ്കൃതൻ വിതുമ്പി.

“ഭർത്താക്കന്മാരെ അപനിർമ്മിക്കുന്നതിൽ പാഞ്ചാലി അപാകത കാണിക്കുന്നില്ലെങ്കിലും നിങ്ങൾ ദുര്യോധനനെ പ്രതിചേർക്കുന്ന ഓർമ്മയില്ല. ഇതൊരു മാനസിക പരിശീലനമാണോ?”, കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു് ചോദിച്ചു. രാജമന്ദിരങ്ങളിൽ നിന്നു് പുറത്താക്കപ്പെട്ട കൗരവരാജവിധവകൾ പുനരധിവാസകേന്ദ്രത്തിൽ ദുരിതജീവിതം നയിക്കുന്ന കാലം.

“പാണ്ഡവരുടെ ദാമ്പത്യേതരജീവിതത്തിൽ പാഞ്ചാലി നേരിട്ട പോലൊരു ദുരന്തം എന്റെ വിവാഹജീവിതത്തിൽ ഉണ്ടായില്ലെന്നതു് ദുര്യോധനന്റെ മാനസിക പരിശീലനം കൊണ്ടായിരുന്നു. നൂറോളം സഹോദരഭാര്യമാർ വിധേയത്വം കാണിക്കുന്ന കൂട്ടുകുടുംബ സാഹചര്യങ്ങൾ നേരിടുമ്പോഴും, രതിപരീക്ഷണത്തിനു പ്രണയഭാഷ കൗതുകപ്പെടുത്തുന്നതായി കണ്ടിട്ടില്ല. പിന്നെ എന്തിനയാളുടെ പാണ്ഡവവിരുദ്ധ രാജകീയാഭിലാഷങ്ങൾ എന്നെ മടുപ്പിക്കണം?”

2018-08-31

“ശിരോരത്നം നഷ്ടപ്പെങ്കിലും എന്തൊക്കെയോ യുദ്ധാന്ത്യത്തിൽ നേടിയ പോലെയാണല്ലോ നിങ്ങൾ ഇപ്പോഴും ഞെളിയുന്നതു്? ‘ദ്രോണപുത്രൻ അശ്വഥാമാവിനെ കൊട്ടാരം ലേഖിക കാട്ടുപാതയിൽ കണ്ടെത്തി.

“ഞാനൊന്നും നേടിയില്ലേ? ശത്രുപാഞ്ചാലിയുടെ അഞ്ചു മക്കളെയും കഴുത്തിൽ ചവിട്ടി കൊന്നില്ലേ? ദുര്യോധന ന്റെ വീഴ്ചയോടെ യുദ്ധം അവസാനിക്കും എന്നു് പറഞ്ഞ പാണ്ഡവർ എന്റെ പാതിരാ സൈനികതന്ത്രം ഫലിക്കുന്നതു കണ്ടു ഞെട്ടിയില്ലേ. ഉത്തരയുടെ ഗർഭസ്ഥശിശുവിനു നേരെ ദിവ്യാസ്ത്രം പ്രയോഗിച്ചു്, പാണ്ഡവരെ വിറപ്പിച്ചില്ലേ, ക്ഷത്രിയപോരാളികളോടു് ഏറ്റുമുട്ടാൻ ബ്രാഹ്മണനും കഴിയും എന്നു് നിങ്ങൾ പത്രപ്രവർത്തകർ വിസ്തരിച്ചു കണ്ടില്ലേ? മഹാഭാരത യുദ്ധരത്ന പുരസ്കാരത്തിനു് വ്യാസൻ എന്റെ പേർ നിർദ്ദേശിക്കാൻ നിങ്ങൾ ഒരു കൈ തരൂ. അതിനിടയിൽ എനിക്കൊരു ആയിരം കൊല്ലത്തെ വനവാസത്തിനു കൃഷ്ണശാപമുണ്ടു്. മനുഷ്യജന്മം കിട്ടിയാൽ വരവും ശാപവും ഒക്കെ പതിവല്ലെ, അങ്ങ് ദൂരെ ദ്വാരകയിൽ കൃഷ്ണനെ കൊല്ലാനും ഒരു വേടൻ ആയുധം മൂർച്ച കൂട്ടുകയല്ലേ”, അഭിശപ്ത ദ്രോണപുത്രൻ ആഘോഷിക്കുകയായിരുന്നു ഏകാന്തജീവിതം.

“ഉദ്യാനവളർച്ച ഊഹിച്ചതിലും മുന്നിൽ.” കൊട്ടാരം ലേഖിക പാഞ്ചാലിയെ അഭിവാദ്യം ചെയ്തു. രാജമന്ദിരങ്ങൾക്കകലെ ശ്രദ്ധാപൂർവ്വം നില നിർത്തിയ ആശ്രമാന്തരീക്ഷത്തിലായിരുന്നു ഔഷധസസ്യത്തോട്ടങ്ങൾ.

“ഭർത്താക്കന്മാരുടെ ആയുസ്സോ ആരോഗ്യമോ ഉറപ്പു വരുത്താനൊന്നുമല്ല ഈ അധ്വാനഭാരം ഞാൻ ഏറ്റെടുത്തതു് എന്നു് നിങ്ങൾക്കറിയാം. ദേവസന്തതികളെന്നു അവകാശപ്പെട്ടു കുറച്ചുകാലമായി യുവത്വം കൂടെയുണ്ടെന്നു് മേനി പറയുന്ന ആ വയോജനങ്ങളെ ചിലതൊക്കെ പഠിപ്പിക്കാൻ ഞാനിതിന്റെ പരിപാലനം നിർവ്വഹിക്കുന്നു. ഊഴമനുസരിച്ചവരുടെ തലയെന്നും രാത്രി എന്റെ വസതിയിൽ കാണാം. അവരുടെ മുഖം എനിക്കു് കാണാനും എന്നാൽ എന്റെ മുഖം ഇരുളിൽ മറയ്ക്കാനുമാവുന്ന വെളിച്ചവും നിഴലും മനഃപൂർവ്വം അന്തഃപുരത്തിൽ നിലനിർത്തുന്നതു് കൊണ്ടു്, നേരത്തെ പറിച്ചെടുത്ത ഈ പച്ചിലമരുന്നുകൾ എത്രയും വേഗം ചവച്ചിറക്കാൻ കൊടുക്കും. അല്പസമയത്തിനുള്ളിൽ കാണാം, അവർ മലർന്നടിച്ചു വീണുറങ്ങുന്നതു. അതോടെ ഞാൻ പുരുഷ ഗന്ധമേൽക്കാത്ത പായിലേക്കു ചെരിയും. യുദ്ധകാര്യ ലേഖകനെ വരുതിയിലാക്കാൻ വിശേഷ സിദ്ധിയുള്ള ഇലച്ചാർത്തു നിനക്കും തരട്ടെ?”

2018-09-03

“കാട്ടുമൃഗങ്ങളെ പിച്ചിച്ചീന്തിയിരുന്ന പാണ്ഡവർക്കെന്താ വളർത്തുമൃഗങ്ങളെ നേരിടാനൊരു വിമ്മിട്ടം?” കൊട്ടാരം ലേഖിക ചോദിച്ചു. കോട്ടവാതിലിനു പുറത്തു കൂട്ടം കൂടി നിന്ന കൗരവ നായകളെ അനുതാപപൂർവ്വം നോക്കുകയായിരുന്നു ചാർവാകൻ.

“യുദ്ധകാലത്തു പതിനെട്ടു നാളും ഈ നായകൾ ഇവിടെ നിൽക്കുമായിരുന്നു. ഊട്ടുപുരയിൽ നിന്നു് കിട്ടുന്ന എല്ലിൻ കഷണം ഞാൻ എറിഞ്ഞു കൊടുക്കും പക്ഷെ അവ ചാടിപ്പിടിക്കില്ല. ആ മൗനവും ഹതാശമായ നോട്ടവും വിഷാദരോഗത്തിന്റെ ആരംഭമെന്നെനിക്കു തോന്നി. കൗരവരെന്നു കരുതിയാണവർ ഇപ്പോഴും രഥം വന്നു നിൽക്കുമ്പോൾ ആകാംക്ഷയോടെ വളയുന്നതു്. ചാടി ഇറങ്ങിയതു് പക്ഷെ യുധിഷ്ഠിരൻ-അവർക്കപരിചിതൻ. നൈരാശ്യത്തോടെ യുധിഷ്ഠിരനെയും കൂടെയുള്ള പാണ്ഡവരെയും നോക്കി പക്ഷെ വാലാട്ടിയില്ല. പെട്ടെന്നു് പിന്നെ നാം കാണുന്നതെന്താണു്? പ്രതിഷേധസൂചകമായി കാൽ പൊക്കി മൂത്രമൊഴിക്കുന്നതിപ്പോൾ നിങ്ങൾക്കു വേണമെങ്കിൽ കാണാം. അതു് അലസനായകളുടെ വെറുമൊരു മൂത്രമൊഴിക്കലാണോ, മുഖം തിരിക്കുന്ന പത്രപ്രവർത്തക സുഹൃത്തേ? യജമാനനെ കൊന്ന പാണ്ഡവരോടുള്ള പ്രതിഷേധവും ചെറുത്തുനിൽപ്പുമല്ലേ? നമ്മളൊക്കെ കൊട്ടാരം ഊട്ടുപുരയിൽ ഇടം കിട്ടാൻ അക്ഷമയോടെ കാത്തുനിൽക്കുമ്പോൾ, ആ വളർത്തുമൃഗങ്ങൾ എന്തിനാണൊരുങ്ങുന്നതു്? പുതിയ യജമാനന്മാരെ നിന്ദയോടെ തിരസ്കരിച്ചു കൗരവരുടെ ദേഹവിയോഗത്തിൽ ദുഃഖസൂചകമായി നിരാഹാരം അനുഷ്ഠിക്കുന്നു.”

2018-09-06

“എല്ലാം നീ കണ്ടതല്ലേ. രാജസൂയം ചെയ്തു ഞാൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തിയായി. എട്ടിന്റെ പണി തന്നിരുന്ന കൌരവർ നമുക്കിനി പദവിയിൽ താണ സാമന്തർ. എന്നിട്ടും ഒരു വാക്കു് പ്രശംസ നിന്നിൽ നിന്നുണ്ടായില്ലല്ലോ പാഞ്ചാലീ?”, യുധിഷ്ഠിരന്റെ സ്വരത്തിൽ ഖേദം നിറഞ്ഞു.

“വാക്കു് പ്രതിരോധിക്കാൻ ഉള്ളതാണു്. പുകഴ്ത്താനുള്ളതല്ല.”

“പെണ്ണുടലിൽ മാത്രമല്ല ഹൃദയത്തിലും പുരുഷൻ ഏൽപ്പിക്കാവുന്ന പരുക്കുകളെ കുറിച്ചു് വാചാലമാവുമ്പോഴും, പാണ്ഡവമാതാവിനാൽ ബഹുഭർത്തൃത്വം അടിച്ചേൽപ്പിക്കപ്പെട്ട നിസ്സഹായവധു വിനെ പോലെ കൗരവരാജവധുക്കളുടെ അന്തഃപുരസദസ്സിനെ വിടർന്ന കണ്ണുകളോടെ നിങ്ങൾ നോക്കുമ്പോൾ, സദസ്സു് കരുണാർദ്രമായി കാണുന്നതിനു് ഞാൻ സാക്ഷി. എന്നാൽ, നിങ്ങൾ ബഹുഭർതൃത്വത്തിനു എന്തിനു വഴങ്ങി എന്നു് കൗരവരാജവധു ചോദിച്ചപ്പോൾ, ആദ്യം ‘അനീതി’ എന്നുച്ചരിച്ച നിങ്ങൾ ‘നിയതി’ എന്നു് സ്വയം തിരുത്തി. വ്യക്തമാക്കാമോ ബഹുഭർതൃത്വത്തോടുള്ള നിലപാടു്?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“അർജ്ജുനന്റെ കൂടെ നിന്ന നാലു പുരുഷന്മാരെ നോക്കിയപ്പോൾ, യാചനാ ഭാവം എന്നെ സ്പർശിച്ചുവോ? സ്വവർഗ്ഗരതിയിലേക്കു ഇനിയും തള്ളി വിടരുതേ, കൈ കൂപ്പിടുന്നു ഞങ്ങൾ, എന്നവർ മുട്ടുകുത്തി പ്രാർത്ഥിക്കുന്നതു്, കിടപ്പറക്കൂട്ടുകാരായി അവരെ സ്വീകരിക്കാൻ എന്നെ പ്രലോഭിപ്പിച്ചുവോ?’

2018-09-07

“കൗരവരാജവധുക്കൾ പാഞ്ചാലിയുടെ വീട്ടുമുറ്റത്തു് വരി നിൽക്കുകയോ? കൗരവരും പാണ്ഡവരും നേരിൽ കണ്ടാൽ ‘കൊത്തിക്കീറുന്ന’ ഈ ഹസ്തിനപുരിയിൽ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“അഞ്ചു ഭർത്താക്കന്മാരെ ആദ്യരാത്രിയിൽ തന്നെ ഒരു നുകത്തിൽ കെട്ടിയ ഈ ‘കറുത്ത യക്ഷി’യിൽ നിന്നു് രഹസ്യ പാഠങ്ങൾ പഠിച്ചു വേണം, ഏകശിലാ ദാമ്പത്യത്തിന്റെ പ്രത്യക്ഷങ്ങളായിരുന്ന ഞങ്ങളെ ഉന്മാദിനികളാക്കിയ ആ നൂറോളം ഭർത്താക്കന്മാരെ നുകത്തിൽ കെട്ടി ദാമ്പത്യപരിചരണത്തിന്റെ ചില പരസ്യ പാഠങ്ങൾ പഠിപ്പിക്കുവാൻ.”

“ഒറ്റപ്പെട്ടു എന്ന പേടിയുണ്ടോ?’ പിന്നെ എന്താ വഴിനീളെ വിശദീകരണയോഗങ്ങൾ സംഘടിപ്പിക്കാൻ ആസൂത്രിത കൗരവ നീക്കം?” കൊട്ടാരം ലേഖിക ചോദിച്ചു. നീണ്ട യാത്രക്കൊരുങ്ങാൻ രഥങ്ങൾ പരിശോധിക്കുകയായിരുന്നു അതിരാവിലെ ദുര്യോധനൻ ഉൾപ്പെടുന്ന മുതിർന്ന കൗരവർ.

“കളിയിൽ തോറ്റ നാണക്കേടു് മറയ്ക്കാൻ ചാർവാകൻ ഉപദേശിച്ച കുറുക്കുവഴിയാണു് പാഞ്ചാലിക്കു് നേരെ ലൈംഗികാക്രമണമുണ്ടായെന്ന കുപ്രചരണം. കയ്യും കെട്ടി നിൽക്കാൻ പൈതൃകം ഞങ്ങളെ അനുവദിക്കുമോ? ആറംഗസംഘം വനവാസത്തിനു പോകാൻ തിരഞ്ഞെടുത്ത വഴി ജനവാസമുള്ളതാണെന്നറിഞ്ഞപ്പോൾ, നിർമ്മിത ആഖ്യാനത്തെ ഖണ്ഡിക്കാൻ വിശദീകരണ യോഗങ്ങൾ വിളിച്ചു കൂട്ടണമെന്ന പൊതുവികാരം മാനിക്കേണ്ടേ? പൗരാവകാശങ്ങൾ നിഷേധിക്കപ്പെട്ട അടിമ പദവിയാണിപ്പോൾ പാണ്ഡവർക്കെങ്കിലും, അസാധുവായ ഇന്ദ്രപ്രസ്ഥം ചക്രവർത്തി പദവി ദുരുപയോഗം ചെയ്തു നിഷ്കളങ്ക ഗ്രാമീണരിൽ അനുകമ്പ സൃഷ്ടിക്കാനുള്ള കുൽസിതനീക്കത്തിനു് ഓട്ടയടച്ച മറുപടിയായിരിക്കും, നികുതിയിളവു് പ്രഖ്യാപനത്തിനെന്ന പേരിൽ വിളിച്ചു ചേർക്കുന്ന ഗ്രാമസഭകളുടെ ലക്ഷ്യം. കൗരവർക്കെതിരെയുള്ള ഓരോ പാണ്ഡവകുപ്രചാരണവും രാഷ്ട്രത്തിന്റെ പരമാധികാരത്തിനെതിരെ വിരൽ ചൂണ്ടുന്ന വെല്ലുവിളിയാണെന്നു് ബോധ്യപ്പെടുത്താൻ കൗരവർ ആഞ്ഞു ശ്രമിക്കും. പൂർണ്ണമായും പുരുഷസാന്നിധ്യം മാത്രമുണ്ടായിരുന്ന ചൂതാട്ടസഭയിൽ ഇടിച്ചുകയറി ‘ഞാൻ രജസ്വല ഞാൻ അല്പവസ്ത്ര’ എന്നൊക്കെ പാഞ്ചാലി പ്രകോപനപരമായ ലൈംഗിക പ്രസ്താവന ചെയ്തതു് ബ്രഹ്മചര്യം ഒരു മതമായി സ്വീകരിച്ച ഭീഷ്മരെ യഥാർത്ഥത്തിൽ പ്രലോഭിപ്പിക്കാൻ എന്ന വെളിപ്പെടുത്തലുമുണ്ടാവും. പ്രഭാത ഭക്ഷണം കഴിഞ്ഞാൽ ഇറങ്ങുകയായി. വരുന്നോ ഭരണകൂട ചെലവിൽ വാർത്ത ഹസ്തിനപുരിയെ അപ്പപ്പോൾ അറിയിക്കാൻ?”

“ഭീമഗദ ഞെണുങ്ങിയെങ്കിലും ശത്രു തുട ഒടിഞ്ഞു-ഇന്നു് ദിവസം പതിനെട്ടു. നാളെ ഹസ്തിനപുരി കോട്ട. ചെങ്കോൽ യുധിഷ്ഠിരനു്. ആദ്യതീരുമാനം എന്തായിരിക്കുമെന്നാണു് വിഭാവന ചെയ്യുന്നതു്?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. നിലവിളിക്കുന്ന ദുര്യോധനന്റെ അരികിൽ അനുകമ്പയുമായി യുധിഷ്ഠിരൻ പോവുന്നതു് അവർ ഒരുനിമിഷം നോക്കി.

“ഉന്നതാധികാരസമിതിയുടെ ആദ്യയോഗത്തിൽ പരിഗണിക്കുന്ന പ്രമേയങ്ങളിൽ ഒന്നു് ഭീഷ്മരെ കുറിച്ചായിരിക്കണമല്ലോ. മനുഷ്യാവകാശ ലംഘനം അയാളിൽ ആരോപിക്കുന്നതു് സഖ്യകക്ഷിയായ പാഞ്ചാലയിലെ പോരാളിയാണു്. ആക്രമിക്കാൻ വരുന്നതു് ശിഖണ്ഡിയാണെങ്കിൽ ആയുധം താഴെയിടുമെന്ന ഭീഷ്മഭീഷണി അവഗണിച്ച ഞങ്ങൾ അയാളെ ശരശയ്യയിൽ കിടത്തിയിരിക്കയാണെങ്കിലും, അപമാനിക്കപ്പെട്ട പോരാളിയോടുള്ള ഐക്യദാർഢ്യത്തിൽ പുതുപാണ്ഡവ ഭരണകൂടത്തിന്റെ സാമൂഹ്യ സുരക്ഷാ വകുപ്പിന്റെ മേധാവിയായി ശിഖണ്ഡിയെ നിയമിക്കണമെന്ന പാഞ്ചാലിയുടെ നിർദ്ദേശം മാനിക്കും. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇണയെ ലിംഗവിവേചനമില്ലാതെ തിരഞ്ഞെടുക്കാനും ശിഖണ്ഡിക്കു സ്വാതന്ത്ര്യമുണ്ടാവും. ഭിന്നലിംഗ പോരാളിയെ യുദ്ധഭൂമിയിൽ അവഹേളന പരാമർശം ചെയ്ത ഭീഷ്മർ ഖേദം പ്രകടിപ്പിക്കുന്നില്ലെങ്കിൽ, ശവസംസ്കാരം ബഹിഷ്കരിക്കാനും പാണ്ഡവർ നിർബന്ധിതരാവും.”

“ഇവർ ഭർത്താക്കന്മാരാണു് എന്നെപ്പോഴെങ്കിലും പാഞ്ചാലി വിശിഷ്ടവ്യക്തികൾക്കു് പാഞ്ചാലയിൽ പരിചയപ്പെടുത്തിയ ഓർമ്മയുണ്ടോ?” കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.

“സ്ഥലത്തെ പ്രധാന ദിവ്യന്മാർ പാരിതോഷികങ്ങളും പാൽപ്പുഞ്ചിരിയുമായി അവൾക്കരികെയെത്തിയാൽ, ഇളമുറ നകുലന്റെ അരക്കെട്ടിൽ കൈചേർത്തു നിൽക്കും, ആവേശത്തോടെ പ്രിയ കൂട്ടുകാരൻ എന്നു് തിളങ്ങുന്ന കണ്ണുകളോടെ പരിചയപ്പെടുത്തും. ഞങ്ങൾ നാലുപേർ ദരിദ്രബന്ധുക്കളെ പോലെ പല്ലക്കു് ചുമക്കാനും അകമ്പടിക്കും ദേഹസുരക്ഷക്കും ഓരോയിടങ്ങളിൽ ഓടിനടക്കും.” പറഞ്ഞു പറഞ്ഞു പെട്ടെന്നു് ദൂരെ പാഞ്ചാലിയെ ഒരു നോക്കു് കണ്ടപ്പോൾ, അസംതൃപ്ത ഭീമൻ മുട്ടിൽ ഇഴഞ്ഞു കൈകൾ കൂപ്പി കണ്ണുകൾ മേലോട്ടുയർന്നു.

“കൗരവരെ ചതച്ചു കൊന്നു ഇതിഹാസമായി മാറിയ നിങ്ങൾ എന്നാണൊന്നു ആർമ്മാദിക്കുക?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു. ശത്രു ദുര്യോധനനും തുട പൊട്ടി കിടക്കുന്ന സന്ധ്യ.

“സംശയമുണ്ടോ?, അവസാനത്തെ കൗരവരാജവിധവ യുടെയും കണ്ണുനീർ ഈ വിരലുകൾ കൊണ്ടു് തുടച്ചു മാത്രം.”

2018-09-08

“അഞ്ചു ആൺമക്കളുണ്ടായിട്ടും നിങ്ങൾ ഗാന്ധാരിയുടെ ദാസിയാണോ?” കൊട്ടാരം ലേഖിക ചോദിച്ചു.

“വനം കത്തിച്ചു കൃഷിയിടമുണ്ടാക്കാനെന്നു പറഞ്ഞു കുടിയേറ്റക്കാരായി പാഞ്ചാലിയുമൊത്തു അവർ പടിയിറങ്ങുമ്പോൾ ഞാൻ ഓർമ്മിപ്പിച്ചു, അരുതു്, അതൊരാവാസവ്യവസ്ഥയാണു് അതു് നിങ്ങൾ കത്തിക്കരുതു്. അന്നവർ പടിയിറങ്ങിയശേഷം കേട്ടു യുധിഷ്ഠിരൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തിയായെന്നു. പാഞ്ചാലി. അഞ്ചു പ്രസവിച്ചു. ഞാനവരെ കാണാൻ പോയില്ല. പിന്നെ ഹസ്തിനപുരിയിൽ അവർ വന്നു എന്നറിഞ്ഞത്ചൂതാട്ടത്തിനു ആറംഗ പാണ്ഡവ സംഘം ആനപ്പുറത്തു എഴുന്നെള്ളിയപ്പോൾ. പിറ്റേന്നവർ കാട്ടിലേക്കു് കൗരവഅടിമകളായി പോവുന്നതു് കണ്ടു, ഗാന്ധാരിയുമൊപ്പം മാളികപ്പുറത്തു നിൽക്കുമ്പോൾ. പതിമൂന്നു വർഷത്തിനു് ശേഷം ഇപ്പോളവർ കുരുവംശ രാജാക്കളായി ഹസ്തിനപുരിയിൽ. യുദ്ധത്തിൽ കൊല്ലപ്പെട്ട കർണ്ണനു ശ്രാദ്ധം ചെയ്യാൻ ഞാനവർക്കൊപ്പം പോയതൊഴിച്ചാൽ, സമ്പർക്കമില്ല. കാൽ നൂറ്റാണ്ടു മുമ്പുണ്ടായിരുന്ന തൊഴിൽ ചെയ്തു ഞാൻ അന്നന്നത്തെ അപ്പമുണ്ടാക്കുന്നു.”

2018-09-09

“പ്രതിസ്ഥാനത്തു നിൽക്കുന്നതു് ഭർത്താവല്ലേ? പിന്നെ എന്താ ഇരയ്ക്കു ഐക്യദാർഢ്യമെന്ന പേരിൽ ഉപവാസ സമരം ഉത്ഘാടനം ചെയ്യാൻ നിങ്ങൾ?” കൊട്ടാരം ലേഖിക ദുര്യോധനവധുവിനോടു് ചോദിച്ചു. നൂറോളം കൗരവസ്ത്രീകളും അവരുടെ പെൺമക്കളും “പാഞ്ചാലി ധീര, ഞങ്ങൾക്കവൾ മാതൃക” എന്ന മുദ്രാ വാക്യം വിളിച്ചു കൊണ്ടിരുന്ന പ്രഭാതം.

“ഇന്നു് ഞങ്ങൾ പ്രതിഷേധപ്പന്തലിൽ സാന്നിധ്യമറിയിച്ചില്ലെങ്കിൽ, അധികാരത്തിൽ കയറി ഭീമൻ മാതൃകാപരമായ പ്രതികാരനടപടിക്കു് കൈനീട്ടിയാൽ ഊരിപ്പോവില്ലേ ഞങ്ങളുടെ ഉടയാടകൾ? പാഞ്ചാലി പരാതി എഴുതി തന്നിട്ടുണ്ടോ? പരാതിക്കാരി ഇപ്പോൾ ഹസ്തിനപുരിയിൽ ഉണ്ടോ? വനവാസത്തിൽ പോയോ? ഹസ്തിനപുരി ശിക്ഷാനിയമം അനുസരിച്ചു ചൂതാട്ടത്തിൽ തോറ്റു പൗരാവകാശം നിഷേധിക്കപ്പെട്ട പാണ്ഡവർക്കു് നീതി തേടാനുള്ള വകുപ്പുണ്ടോ? ഇത്തരം ചോദ്യങ്ങൾക്കു ഇരക്കൊപ്പം നിൽക്കുന്ന ഞങ്ങൾ മറുപടി പറയുന്നില്ല. രോഷം പ്രകടിപ്പിക്കാൻ സമരപ്രകടനത്തിനു അവസരം കൊടുത്തില്ലെങ്കിൽ അനിയന്ത്രിത പെൺരോഷം തെരുവുകളിൽ തിളച്ചു മറിയുമെന്ന കൗരവഭീതിയിൽ, ദുര്യോധനന്റെ ഉത്സാഹത്തിലാണു് ഈ സമരപരിപാടി ഞങ്ങൾ കൊണ്ടുനടക്കുന്നതു് എന്നതും പ്രതികരണയോഗ്യമല്ല. വഴിതെറ്റി ചൂതാട്ടസഭയിൽ കയറിയ വിശിഷ്ടാതിഥിക്കുണ്ടായ വസ്ത്രമോഷണത്തിൽ ഖേദിക്കുന്നു എന്ന കൗരവ പ്രസ്താവന വരട്ടെ, പെണ്ണഭിമാനത്തിനതു സ്വീകാര്യമോയെന്നു അപ്പോൾ നോക്കാം.”

2018-09-10

“ആദ്യയോഗം ബഹിഷ്കരിക്കാൻ എന്തുണ്ടായി രാജസഭയിൽ?” ക്ഷുഭിതയായ മഹാറാണിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“മോടിപിടിപ്പിച്ച രാജസഭയിൽ കാൽവച്ചപ്പോൾ ആദ്യം നോക്കിയതു് ചുവരിലാണു്. കുന്തിയുടെ വർണ്ണചിത്രം പ്രതീക്ഷിച്ച എന്നെ തിരിഞ്ഞുകൊത്തുന്ന പോലെ തോന്നി, ദുര്യോധനചിത്രം! വിരൽ ഞൊടിച്ചു നകുലനെ വിളിച്ചു കാര്യം തിരക്കി. കൗരവരാജവിധവകൾ കുടിയൊഴിപ്പിക്കലിനെതിരെ തുറന്നുവച്ച സമരമുഖത്തേക്കു ജനപ്രവാഹം തടുക്കാൻ വഴിയൊന്നും വേറെ കാണുന്നില്ലെന്നു് നകുലൻ. രാജദ്രോഹികളിൽ നിന്നു് ഹസ്തിനപുരിയെ രക്ഷിക്കാൻ ജീവത്യാഗം ചെയ്തു.

“ദുര്യോധനൻ നമ്മുടെ കുരുവംശസംരക്ഷകൻ” എന്നെഴുതിയതു് വീണ്ടുവിചാരത്തിൽ നകുലൻ മായ്ച്ചു. എന്താണു് കുന്തിക്കു് രാജമാതാപദവി കൊടുക്കാൻ പ്രതിബന്ധമായി പാണ്ഡവ ഭരണകൂടം കാണുന്നതു് എന്നു് ചോദിച്ചപ്പോൾ, മക്കൾ നാടു് ഭരിക്കുമ്പോഴും കുന്തി മുൻ മഹാറാണി ഗാന്ധാരിയുടെ തോഴിയെന്ന ഉത്തരവാദിത്വം ഒഴിഞ്ഞില്ല എന്ന ഗുരുതരമായ ക്രമക്കേടു് കൊണ്ടെന്നു പറഞ്ഞതോടെ, സമനില തെറ്റി ഞാൻ ഇറങ്ങിപ്പോന്നു. മാസമുറ തെറ്റിയ പാഞ്ചാലി ക്ഷുഭിതയാണോ എന്നൊക്കെ നിങ്ങൾ കൊടുക്കുന്ന വിശേഷണങ്ങൾ.”

“ഒറ്റക്കിരുന്നു കുടിക്കാൻ മാത്രം ‘കുഞ്ഞിക്കരളി’നെ നോവിക്കുന്നതെന്താണു്?” കൊട്ടാരം ലേഖിക സഹദേവനോടു് ചോദിച്ചു. താഴ്‌വരയിലെ ജലാശയത്തിന്നരികെ മരച്ചുവട്ടിൽ ഇളമുറ മാദ്രീപുത്രൻ.

“മറക്കാനല്ല, പറയാനുണ്ടു് പാഞ്ചാലിയെ കുറിച്ച്. വിവാഹം കഴിഞ്ഞശേഷം ഭിന്നിപ്പിച്ചും, വിലകുറച്ചും, പരസ്പരം ദുഷിച്ചും രാപ്പകൽ മേൽക്കോയ്മ പുലർത്തിയും, ബഹുഭർത്തൃത്വ ദാമ്പത്യജീവിതം അസഹനീയമാക്കുന്നതിൽ വിജയിച്ച മഹതി. അഞ്ചു പുരുഷന്മാരെ പായക്കൂട്ടിനു കിട്ടിയിട്ടും താങ്ങാനാവാത്ത ഭാരമാണെന്ന മട്ടിൽ ഞങ്ങളെ കുറ്റബോധത്തിൽ കെട്ടിയിട്ടടിക്കുകയാണെന്നു വ്യാസനെയൊന്നറിയിക്കാനെന്തു വഴി? ഇളമുറ പാണ്ഡവരെ വാത്സല്യമാണെന്ന വായ്ത്താരിയിനി വില പ്പോവില്ല. ഞങ്ങളെ അവളുടെ വന്യരതിഭാവനാക്കിരയാക്കുന്നതിൽ കവിഞ്ഞൊരു സ്നേഹവാത്സല്യങ്ങളുടെ കൊള്ളകൊടുക്ക ആ ബന്ധത്തിലില്ലെന്നു ദുരനുഭവസ്ഥനായ എനിക്കു് പറയാനാവും. നകുലൻ ഈ ‘പീഡന പർവ്വം’ പങ്കുവെക്കുമോ എന്നു് ചോദിച്ചാൽ, രണ്ടുപേരും രണ്ടു വ്യക്തികൾ എന്നു് എല്ലാ അർത്ഥത്തിലും കണ്ടാൽ മതി.” പറഞ്ഞുപറഞ്ഞയാൾ പിച്ചും പേയും പറയാൻ തുടങ്ങി, നെറ്റിയിൽ തൊട്ടുനോക്കിയപ്പോൾ പൊള്ളിപ്പനിക്കുന്നു.

2018-09-23

“സ്ത്രീവിരുദ്ധ സന്യസ്ഥ ആശ്രമങ്ങളിലെ മാലിന്യസംസ്കരണത്തിനു പാഞ്ചാലിയെ നിങ്ങൾ നിയോഗിച്ചു എന്ന ആരോപണത്തോടു് എങ്ങനെ പ്രതികരിക്കുന്നു? വിരാടത്തിൽ ഈ വിഷയമാണു് നിങ്ങൾക്കെതിരെ പാണ്ഡവർ പ്രചരണ ആയുധമാക്കുന്നതു്”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

“സഹവർത്തിത്വത്തോടെ ജീവിച്ച നൂറോളം കൗരവരാജവധുക്കൾക്കു സൗന്ദര്യ പരിശീലനമെന്ന പേരിൽ രഹസ്യയോഗത്തിലൂടെ ‘ഭർത്താക്കന്മാരെ എങ്ങനെ വരുതിയിലാക്കാം?’ എന്ന നൈപുണ്യവികസനത്തിൽ സംസാരിച്ചു വിഷം കുത്തിവച്ച പാഞ്ചാലി നവവധു എന്ന പദവി ചൂഷണം ചെയ്യുകയായിരുന്നു. നിങ്ങൾ ഓർക്കുന്നുണ്ടോ? “ഇനി കൗരവവധു എന്ന വിശേഷണം സ്വീകാര്യമല്ലെ”ന്നു പാരസ്പര്യം വിട്ടു കൗരവ സ്ത്രീകൾ ധിക്കാരത്തോടെ തുറന്നടിച്ചു. ദേശം വേഷം നാട്ടുമൊഴി സംസ്കാരം എന്നിവയുമായി ആ നൂറോളം സ്ത്രീകൾ ഹസ്തിനപുരി കൊട്ടാരജീവിതത്തിൽ നിന്നു് കുരുവംശ കൊടിക്കൂറ തൂത്തുവാരി. ഞങ്ങൾ ഞെട്ടിത്തെറിച്ചു. കൗരവവധുക്കൾ സമരമുഖത്തു എന്നതൊരു പതിവു് കാഴ്ചയായി. രാജ്യം ഭരിക്കേണ്ട കൗരവർ ഗാർഹിക പീഢകരെന്നവർ ആക്ഷേപിച്ചു. അവരെ അമർച്ച ചെയ്യാൻ വൈദ്യപരിശോധന വഴി ഉന്മാദികൾ എന്നു് മുദ്ര ചാർത്തി സുഖവാസ കേന്ദ്രങ്ങളിലേക്കയക്കേണ്ടി വന്നു. ഇടവേളയ്ക്കു ശേഷം ഖാണ്ഡവ വനത്തിലേക്കു് കുടിയേറ്റക്കാരായ പാണ്ഡവർക്കൊപ്പം ഭാഗ്യാന്വേഷണത്തിനവൾ പോവുമ്പോൾ ഞാനുറച്ചു നീ വിതച്ച വിഷവിത്തുകൾ വളർന്നു നിന്നെ കൊണ്ടവ ഞങ്ങൾ കൊയ്യിക്കും. ഒരുനാൾ നിന്നെ അടിമയാക്കി പകരം വീട്ടും. ആ പകരം വീട്ടൽ കഴിഞ്ഞു. പാഞ്ചാലിയിപ്പോൾ വിരാടദേശത്തു വിശ്രമിക്കുന്നു എന്നറിഞ്ഞു സന്തോഷം. കാണുമ്പൊൾ ആശംസകൾ അറിയിക്കൂ. വൈരാഗ്യമൊന്നും അവളോടില്ല എന്നു് പറയൂ.”

ശത്രുക്കളെ കായികമായി നേരിടാൻ തദ്ദേശവാസികൾക്കു സൈനിക പരിശീലനം പ്രഖ്യാപിക്കുന്ന പുഴയോര സംഗമത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു ആ ധീര പോരാളി.

2018-09-20

“ഇത്തവണ അച്ഛനെ എവിടെയെങ്കിലും കണ്ടുവോ?” സുഭദ്ര അഭിമന്യുവിനോടു് ചോദിച്ചു. ദ്വാരക. സന്ധ്യ. അമ്മയും മകനും കടൽത്തീരത്തു് നടക്കുകയായിരുന്നു.

“വിരാടത്തിൽ കണ്ടു അമ്മാ. സ്ത്രീവേഷം ധരിച്ച അച്ഛൻ നൃത്തം പഠിപ്പിക്കുന്ന രാജകുമാരി ഉത്തരയെ ‘ഭാവിവധു’ എന്നു് പരിചയപ്പെടുത്തി. ‘മുഖംമൂടി’ ധരിച്ച പാണ്ഡവരെ കണ്ടു ഉപചാരം ചൊല്ലി പിരിയുമ്പോൾ, അച്ഛൻ നഗരാതിർത്തി വരെ വന്നു യാത്രയാക്കി. “കുരുക്ഷേത്ര ജയിപ്പിക്കാൻ നീ സ്തോഭജനകമായ ഒരപൂർവ്വ യുദ്ധസാഹചര്യമുണ്ടാക്കിയാൽ, ഉത്തരയിൽ പിറക്കുന്ന മകനെ ഹസ്തിനപുരിയുടെ ഭാവി രാജാവാക്കാം എന്നു് കൈപിടിച്ചു് അനുമതി ചോദിച്ചു. ആ മുഖത്തെ ദൈന്യത കണ്ടു ഞാൻ വാക്കുകൊടുത്തുപോയി അമ്മാ.”

2018-09-21

“ഇതാണോ നിയുക്ത ഹസ്തിനപുരി ചക്രവർത്തിനിക്കുള്ള ഔദ്യോഗികവസതി?”, നിലവിലുള്ള ധൃതരാഷ്ട്ര ഭരണകൂടത്തിലെ കൊട്ടാരം സർവാധികാരിക്കു് നേരെ പാഞ്ചാലി വിരൽ ചൂണ്ടി.

“പദവി സംബന്ധിച്ച തെറ്റു് ആദ്യം തിരുത്തട്ടെ. യുധിഷ്ഠിരൻ ധൃതരാഷ്ട്രരിൽ നിന്നു് ചെങ്കോൽ ഏറ്റുവാങ്ങാൻ നിയോഗമുണ്ടാവുന്നെങ്കിൽ, നിങ്ങൾക്കു അർഹതപ്പെട്ട പട്ടം മഹാറാണി എന്നു് മാത്രമാണു്. ഇന്ദ്രപ്രസ്ഥത്തിൽ നിങ്ങൾ സ്വയം ചക്രവർത്തിനി എന്നു് വിളിച്ചിരുന്നു എന്നു് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ടു്. ഇനി ‘വിരൽ ചൂണ്ടി’യുള്ള ചോദ്യത്തിലേക്കു് വന്നാൽ, നിങ്ങൾക്കായി കരുതി വച്ച ഔദ്യോഗിക വസതിക്കെന്താ കുഴപ്പം? സൂക്ഷിക്കുക, എന്റെ നേരെ നിങ്ങൾ കുതിര കയറണ്ട. ഞാൻ അംഗപരിമിതൻ അതുകൊണ്ടു യുദ്ധസേവനത്തിനു യോഗ്യതയില്ലാതെ കൊട്ടാര ഭരണം ചെയ്യുന്നു. ഈ വസതിയിലാണു് എന്റെ അച്ഛനും കൗരവരാജകുമാരനുമായിരുന്ന ദുര്യോധനൻ കഴിഞ്ഞ അമ്പതു കൊല്ലം ഭാര്യയുമൊത്തു് അന്തിയുറങ്ങിയത്. അറിയാമല്ലോ ഏക ഭാര്യക്കു് ഒരു ഭർത്താവും. കൌതുകം തോന്നുന്നുണ്ടല്ലേ? ശത്രുനാശത്തിനു കാളിപ്രീതിക്കായി മൃഗബലി ചെയ്തിരുന്നെങ്കിലും, ശുചീകരണ തൊഴിലാളിക്കു് കുരുക്ഷേത്രയിൽ നിർബന്ധിത സൈനികസേവനം ആയിരുന്നതു കൊണ്ടു്, ഒരു മാസമായി അടിച്ചുകഴുകൽ ഉണ്ടായില്ല, അതു കൊണ്ടെന്താ? പന്ത്രണ്ടു വർഷം ഹിമാലയ സന്യസ്ഥാശ്രമങ്ങളിലെ ജൈവമാലിന്യം നീക്കി നിങ്ങൾ ശുചീകരണ തൊഴിലിൽ നൈപുണ്യവികസനം നേടിയ പരിചയസമ്പന്നയല്ലെ? ആഞ്ഞു പിടിച്ചാൽ നിങ്ങൾക്കും ഭർത്താക്കന്മാർക്കും സുഖ വാസയോഗ്യമാക്കിക്കൂടെ ചരിത്ര പ്രാധാന്യമുള്ള ദുര്യോധന വസതി? ഇതു് ഔദ്യോഗികമായി എന്നെന്നും അറിയപ്പെടെണ്ടതും ‘ദുര്യോധന നിവാസ്’ എന്ന ആ പേരിൽ തന്നെ”, കൊട്ടാരതാക്കോൽ സൂക്ഷിപ്പുകാരന്റെ വാക്കുകൾ പുരോഹിത മന്ത്രോച്ചാരണം പോലെ ആചാരസമ്പുഷ്ടമായി.

2018-09-23

“സ്ത്രീവിരുദ്ധ സന്യസ്ഥ ആശ്രമങ്ങളിലെ മാലിന്യസംസ്കരണത്തിനു പാഞ്ചാലിയെ നിങ്ങൾ നിയോഗിച്ചു എന്ന ആരോപണത്തോടു് എങ്ങനെ പ്രതികരിക്കുന്നു? വിരാടത്തിൽ ഈ വിഷയമാണു് നിങ്ങൾക്കെതിരെ പാണ്ഡവർ പ്രചരണ ആയുധമാക്കുന്നതു്”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

“സഹവർത്തിത്വത്തോടെ ജീവിച്ച നൂറോളം കൗരവരാജവധുക്കൾക്കു സൗന്ദര്യ പരിശീലനമെന്ന പേരിൽ രഹസ്യയോഗത്തിലൂടെ ‘ഭർത്താക്കന്മാരെ എങ്ങനെ വരുതിയിലാക്കാം?’ എന്ന നൈപുണ്യവികസനത്തിൽ സംസാരിച്ചു വിഷം കുത്തിവച്ച പാഞ്ചാലി നവവധു എന്ന പദവി ചൂഷണം ചെയ്യുകയായിരുന്നു. നിങ്ങൾ ഓർക്കുന്നുണ്ടോ? ‘ഇനി കൗരവവധു എന്ന വിശേഷണം സ്വീകാര്യമല്ലെ’ന്നു പാരസ്പര്യം വിട്ടു കൗരവ സ്ത്രീകൾ ധിക്കാരത്തോടെ തുറന്നടിച്ചു. ദേശം വേഷം നാട്ടുമൊഴി സംസ്കാരം എന്നിവയുമായി ആ നൂറോളം സ്ത്രീകൾ ഹസ്തിനപുരി കൊട്ടാരജീവിതത്തിൽ നിന്നു് കുരുവംശ കൊടിക്കൂറ തൂത്തുവാരി. ഞങ്ങൾ ഞെട്ടിത്തെറിച്ചു. കൗരവവധുക്കൾ സമരമുഖത്തു എന്നതൊരു പതിവു് കാഴ്ചയായി. രാജ്യം ഭരിക്കേണ്ട കൗരവർ ഗാർഹിക പീഢകരെന്നവർ ആക്ഷേപിച്ചു. അവരെ അമർച്ച ചെയ്യാൻ വൈദ്യപരിശോധന വഴി ഉന്മാദികൾ എന്നു് മുദ്ര ചാർത്തി സുഖവാസകേന്ദ്രങ്ങളിലേക്കയക്കേണ്ടി വന്നു. ഇടവേളയ്ക്കു ശേഷം ഖാണ്ഡവ വനത്തിലേക്കു് കുടിയേറ്റക്കാരായ പാണ്ഡവർക്കൊപ്പം ഭാഗ്യാന്വേഷണത്തിനവൾ പോവുമ്പോൾ ഞാനുറച്ചു നീ വിതച്ച വിഷവിത്തുകൾ വളർന്നു നിന്നെ കൊണ്ടവ ഞങ്ങൾ കൊയ്യിക്കും. ഒരുനാൾ നിന്നെ അടിമയാക്കി പകരം വീട്ടും. ആ പകരം വീട്ടൽ കഴിഞ്ഞു. പാഞ്ചാലിയിപ്പോൾ വിരാടദേശത്തു വിശ്രമിക്കുന്നു എന്നറിഞ്ഞു സന്തോഷം. കാണുമ്പൊൾ ആശംസകൾ അറിയിക്കൂ. വൈരാഗ്യമൊന്നും അവളോടില്ല എന്നു് പറയൂ.” ശത്രുക്കളെ കായികമായി നേരിടാൻ തദ്ദേശവാസികൾക്കു സൈനിക പരിശീലനം പ്രഖ്യാപിക്കുന്ന പുഴയോരസംഗമത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു ആ ധീര പോരാളി.

2018-09-24

“യുധിഷ്ഠിരനു് അഭിവാദ്യങ്ങൾ അർപ്പിക്കാൻ വിശിഷ്ട വ്യക്തിത്വങ്ങൾ ആരുമില്ലേ?” കൊട്ടാരം ലേഖിക വിദുരരോടു് ചോദിച്ചു.

“അനുഗ്രഹപ്രഭാഷണത്തിൽ വ്യാസൻ:

“വരാനിരിക്കുന്ന കലിയുഗം മഹാഭാരതയുദ്ധത്തെ എന്നുമോർക്കും. കൗരവപാണ്ഡവകഥാപാത്രങ്ങൾ രാഷ്ട്രീയപ്രഭാഷണത്തിലും പൊതുജീവിതത്തിലും ഉപമകളായും രൂപകങ്ങളായും, സാങ്കേതിക വിദ്യയിൽ ചലിക്കുന്ന ചിത്രങ്ങളായും, പരിചരണത്തിൽ വൈവിധ്യത നിറഞ്ഞ പുനരാഖ്യാനങ്ങളായും നിറയും, ചത്താലും ജീവിച്ചാലും കുരുവംശജർ അനുഗ്രഹീത ജന്മങ്ങൾ.”

2018-09-25

“പ്രമുഖ പാണ്ഡവന്റെ സംസാരശേഷി നഷ്ടപ്പെട്ടു എന്നൊരു വാർത്ത ഹസ്തിനപുരിയിൽ പുകയുന്നല്ലോ. ഓടി ഇന്ദ്രപ്രസ്ഥത്തിൽ വന്നതു് നേരിട്ടു് കാര്യം ചോദിച്ചറിയാൻ. വാർത്താ പരിചരണത്തിൽ പരുഷപദങ്ങൾ ഒഴിവാക്കാം, വസ്തുതാപരമായി കാര്യം വിശദീകരിക്കാമോ?” കൊട്ടാരം ലേഖിക ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയോടു് ചോദിച്ചു.

“ദുര്യോധനൻ വഴുക്കി വീണ അന്നു് തുടങ്ങി അർജ്ജുനൻ ദുരർഥം വച്ചു് ഓരോന്നു് പറയാൻ. ആദ്യ കൂരമ്പു്, എന്തിനു ശത്രുദുര്യോധനനെ ക്ഷണിക്കാൻ ഞാൻ അത്യുത്സാഹം കാട്ടി? അന്തഃപുര വസതിക്കരികെയുള്ള ആഡംബരമന്ദിരം ദുര്യോധനനു് അനുവദിച്ചതിലായി പിന്നെ കുത്തൽ. ഒക്കെ സഹിച്ചു. ദുര്യോധനൻ കാൽ വഴുക്കി വീണതു്, അർജ്ജുനൻ സഭാതലത്തിൽ മെഴുക്കൊഴുക്കിയതു് കൊണ്ടാണെന്ന കാര്യം വിശ്വസ്തചാരൻ നകുലൻ പിന്നീടറിയിച്ചിട്ടും അലമ്പുണ്ടാക്കാതെ ഞാൻ മിണ്ടാതിരുന്നു. മുറിപ്പെട്ട വികാരങ്ങളോടെ വിശിഷ്ടാതിഥി ഹസ്തിനപുരിയിലേക്കു മടങ്ങിപ്പോയ ദിവസം, അർജ്ജുനൻ ഊഴം തെറ്റിച്ചു കിടപ്പറയിൽ അതിക്രമിച്ചു കയറി ‘വിശിഷ്ടാതിഥി’ എന്ന അനർഹപരികൽപ്പന കൗരവനു കൊടുക്കുക വഴി അസ്വീകാര്യമായ കീഴ്‌വഴക്കം ഞാൻ സൃഷ്ടിച്ചു എന്നു് ഒച്ചവെച്ചു. കുറെ ചെന്നപ്പോൾ, പവിത്രദാമ്പത്യ വിശ്വസ്തത കൗരവനു് ഞാൻ അടിയവവു് വച്ചുവെന്ന ദുഃസ്സൂചന സഹിക്കാനാവാതെ, തിരിച്ചടിക്കു് ഞാൻ തയ്യാറായി. പെണ്ണിന്റെ അന്തസ്സു് ഹനിക്കുന്ന നാവു പിഴുതുകളായാൻ കിടപ്പറയുടെ ഇരുട്ടിൽ പറ്റാത്തതു് കൊണ്ടു്, ശരീരസംഗമത്തിനു മുമ്പുള്ള ചുണ്ടുകോർക്കലിൽ, തരം കിട്ടിയപ്പോൾ നാവു കടിച്ചെടുത്തു. ആൺപെൺ ആസ്വാദനരതിയുടെ ഗുണഭോക്താവായി പരമാനന്ദമനുഭവിക്കുമ്പോൾ തന്നെ, ഭാര്യയുടെ ആത്മാഭിമാനത്തെ അവഹേളിക്കുന്ന ഭാഷ ഉപയോഗിക്കുന്നവർക്കുള്ള താക്കീതായി കാണണം പ്രതീകാത്മകമായ ഈ നടപടി. വാതുറന്നു നിലവിളിച്ച അർജ്ജുനനെ അതോടെ മുറിക്കു പുറത്തേക്കു തള്ളി. പായക്കൂട്ടിനു വരി നിന്നിരുന്ന ഒരു രണ്ടു പാണ്ഡവർ, ‘മാരകായുധമായ പെൺപല്ലുപയോഗിച്ചു മനഃപൂർവ്വം ഇണയെ ഗുരുതരമായി മുറിവേൽപ്പിച്ചു എന്ന കുറ്റത്തിനു് ഇന്ദ്രപ്രസ്ഥം ശിക്ഷാനിയമം വകുപ്പനുസരിച്ചു നീ പ്രതിസ്ഥാനത്തു നിൽക്കേണ്ടി വരു’മെന്നവർ പേടിപ്പിക്കാൻ ശ്രമിച്ചെങ്കിലും, പുലരും മുമ്പു് ഞാനവരെ വ്യക്തിഗത സേവനമികവിൽ പിന്തുണക്കാരാക്കി. കുറച്ചു നാൾ, മുറിഞ്ഞ നാവുമായി അർജ്ജുനൻ മൗനം പാലിച്ചപ്പോൾ അവനു മനസ്സിലായി എന്നു് തോന്നുന്നു, എന്താണു് കരളിൽ മുറിവേറ്റ പെണ്ണിനു പ്രണയകേളിയിൽ പുരുഷനോടു് ചെയ്യാനാവുക. ഇപ്പോൾ ഒന്നോ രണ്ടോ വാക്കുകളൊക്കെ മുക്കിയും മൂളിയും അവ്യക്തമായെങ്കിലും സംസാരിക്കുന്നുണ്ടു് എന്നാണു നകുലൻ കുറച്ചുമുമ്പു പറഞ്ഞതു്. ഇതാണു് സംഭവം. നിങ്ങൾ ഇതൊക്കെ എങ്ങനെ എഴുതിയാലും ഹസ്തിനപുരിയിൽ ആരും അന്തം വിടില്ല എന്നെനിക്കറിയാം, കാരണം, നൂറോളം കൗരവരിൽ എത്രപേർ ഒന്നിലധികം നാവുണ്ടായിട്ടും വാ തുറക്കുന്നതായി നിങ്ങൾ കണ്ടിട്ടുണ്ടു്? പായിൽ കൂടെ കിടക്കുന്നവരോടു് കൂറു് കാണിക്കുന്നവർ കൗരവർ.”

“കായികബലമുള്ള നിങ്ങളെ കൗമാര അർജ്ജുനൻ ഗുരുദക്ഷിണയായി ദ്രോണാചാര്യന്റെ മുമ്പിൽ പുല്ലുപോലെ എറിഞ്ഞുകൊടുത്തു എന്നോ?” കൊട്ടാരം ലേഖിക പാഞ്ചാല രാജാവിനോടു് ചോദിച്ചു.

“രാജ്യതന്ത്രം അറിയുന്ന ഏവർക്കുമറിയാം രൂപസാദൃശ്യമുള്ള മൂന്നുനാലു പേരെ രാജാവു് രഹസ്യസങ്കേതത്തിൽ തീറ്റിപ്പോറ്റി നിർത്തുമെന്നും, ആപത്തുകാലത്തവരെ തരം പോലെ ‘കളിക്കള’ത്തിലിറക്കുമെന്നും. പ്രതികാരദാഹി ദ്രോണർ എന്നെ പിടിക്കാൻ വിശ്വസ്തശിഷ്യൻ അർജ്ജുനനെ വിടുമെന്നു് ചാരവിവരം കിട്ടിയപ്പോൾ രഹസ്യനീക്കത്തിൽ തയ്യാറെടുത്തു, കൃത്യം സമയത്തയാൾക്കു രാജ വസ്ത്രങ്ങൾ നൽകി, അർജ്ജുനനു് മുമ്പിൽ എറിഞ്ഞുകിട്ടി യവനെയും കൂട്ടി പാണ്ഡവക്കുട്ടി ഹസ്തിനപുരിയിൽ എത്തി. ‘കീഴടങ്ങി’യ ‘പാഞ്ചാല വേഷംകെട്ടുകാ’രനെ കണ്ടു ദ്രോണരും സംപ്രീതനായി. യഥാർത്ഥ ഞാനപ്പോൾ ഭൂഗർഭ അറയിൽ അപ്പപ്പോൾ വിവരം അറിഞ്ഞു ഭാവി തന്ത്രങ്ങൾ മെനഞ്ഞു. അല്ല, നിങ്ങൾ പത്രപ്രവർത്തകരിലും ഉണ്ടല്ലോ ഭീഷണിജോലി ചെയ്യാൻ മുഖം മൂടികളും പൊയ്ക്കാലുകളും അല്ലെ?”

2018-09-26

“നിങ്ങൾ ആറുപേരുടെയും ഗാർഹികസംഭാഷണങ്ങൾ ആകസ്മികമായി ചെവിയോർക്കാൻ തൊഴിൽ സാഹചര്യങ്ങളിൽ അവസരം ഉണ്ടായപ്പോഴൊന്നും, അന്നന്നത്തെ കാര്യങ്ങൾ അല്ലാതെ, ദൂരെ ദൂരെ പാഞ്ചാലയിൽ വളരുന്ന അഞ്ചു കുട്ടികളെ കുറിച്ചോ, പാഞ്ചാലബന്ധുക്കളെ കുറിച്ചോ പങ്കിടുന്നില്ല എന്നു് വിസ്മയിക്കാറുണ്ടു്. അതെന്താ അങ്ങനെ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ആണുങ്ങൾ കുടിലിനു പുറത്തെ അരയാലിൻ തണലിൽ, ചൂതാട്ട പരിശീലനം നേടുന്ന ഉച്ച. ചുറ്റും വന നിശബ്ദത.

“വധുവിന്റെ മനസ്സമ്മതം ചോദിച്ചറിയാതെ, കുന്തിയുടെ ദുഷ്പ്രേരണയിൽ നാലു പാണ്ഡവർ, അർജ്ജുനന്റെ കൂടെ കിടപ്പറയിൽ വന്നെന്നെ കീഴ്പ്പെടുത്തിയ ആദ്യരാത്രി മുതൽ, കുടുംബത്തെ കുറിച്ചു് ഞാൻ അവരോടോ, അവർക്കു കുടുംബം ഉണ്ടെങ്കിൽ അതിനെ കുറിച്ചു് എന്നോടോ, സംസാരിക്കാൻ ഞാൻ അവസരം നിഷേധിച്ചു. അതൊരു ശീലമായി. ആ വിധം നോക്കിയാൽ, മൗനം ഞങ്ങളുടെ കുടുംബജീവിതത്തെ രേഖപ്പെടുത്തൽ കൂടിയാണു്.”

“ഇന്ദ്രപ്രസ്ഥത്തിൽ ജീവിക്കേണ്ട പാണ്ഡവരെ കാട്ടിൽ വ്യാഴവട്ടക്കാലം നരകിക്കാൻ കാരണക്കാരായ കൗരവർ കൊല്ലപ്പെട്ടു എന്ന കുരുക്ഷേത്ര പ്രവിശ്യാ ഭരണകൂട സ്ഥിരീകരണം വന്നു കഴിഞ്ഞ സ്ഥിതിക്കു് ചോദിക്കട്ടെ-പീഢകകൗരവരുടെ അസാന്നിധ്യം നിങ്ങൾക്കു ആശ്വാസമായോ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“ലൈംഗികചേഷ്ടയോടെ പരസ്യമായി ഉടുതുണിയൂരി എന്നിങ്ങനെ തെരുവോര ആൾക്കൂട്ടത്തെ ആനന്ദിപ്പിക്കാനുള്ള വ്യാസനിർമ്മിതിയായിരുന്നു വസ്ത്രാക്ഷേപം എന്ന വസ്തുത പൊതുസമൂഹം അംഗീകരിച്ചു കഴിഞ്ഞ സ്ഥിതിക്കു്, പാണ്ഡവഅടിമജീവിതം അവർ അർഹിക്കുന്ന ഒന്നായിരുന്നു എന്നാണു ചൂതാട്ടക്കാല സാഹചര്യങ്ങളുടെ നേർസാക്ഷിയായ എന്റെ വിലയിരുത്തൽ. എന്നാൽ കൗരവർ? ഉപാധികളില്ലാതെയായിരുന്നു എന്നോടു ആയുഷ്കാല ആരാധന. എനിക്കും അവർക്കും ഇടയിൽ അമംഗളകരമായി തോന്നിയ ഒരു വഴിതടസ്സമേ ഉണ്ടായിരുന്നുള്ളൂ. നിങ്ങൾക്കൂഹിക്കാം, പാണ്ഡവർ.” കൊട്ടാരം ലേഖിക ഒന്നു് തിരിഞ്ഞു നോക്കിയപ്പോൾ: ഹസ്തിനപുരി മഹാറാണി കൌരവസ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന ചെയ്യുന്നതു് മരക്കൂട്ടങ്ങളിൽ ഒളിഞ്ഞു പാണ്ഡവർ അമർഷത്തോടെ നോക്കുന്നു.

2018-09-27

“കൊള്ളസംഘമായി കൗരവർ ചിത്രീകരിക്കപ്പെടുന്നുണ്ടല്ലോ. ഒന്നും അറിയാറില്ലേ?” കൊട്ടാരം ലേഖിക ചോദിച്ചു.

“വിദുരരും ഭീഷ്മരും കൗരവ തോന്നിവാസത്തിനു പച്ചക്കൊടി വീശുമെന്നു കരുതിയോ? ചൂതാട്ടമായിരുന്നില്ല പാണ്ഡവ പതനത്തിനു കാരണം. സദാചാരബോധത്തെ വേദനിപ്പിച്ച ബന്ധമായിരുന്നു. അർജ്ജുനഭാര്യയുമായി മറ്റു പാണ്ഡവർ പുലർത്തിയ അവിഹിത ബന്ധം ഹസ്തിനപുരി ശിക്ഷാനിയമമനുസരിച്ചു നടപടി നേരിടണമെന്നു് കാരണവന്മാർക്കു ബോധ്യപ്പെട്ടപ്പോൾ, പെരുമാറ്റച്ചട്ടത്തിന്റെ കാവൽക്കാരായ ഭീഷ്മരും വിദുരരും അംഗീകരിച്ചു. ചൂതാട്ടത്തിൽ യുധിഷ്ഠിരൻ ഒന്നിനൊന്നു മോശം മാതൃകയായിരുന്നപ്പോളും പണയവസ്തുക്കൾ തിരിച്ചു കൊടുത്തു യാത്രയാക്കി. പോവാനൊരുങ്ങുമ്പോഴാണു് ശിക്ഷാനിയമത്തിലെ ദാമ്പത്യേതര ബന്ധവകുപ്പു വലയിട്ടതു്. ഭർത്താവു് അർജ്ജുനൻ എങ്ങനെ ശിക്ഷിക്കപ്പെട്ടു അടിമയായി അല്ലെ? ലൈംഗികാതിക്രമത്തിൽ നിന്നു് ഭാര്യയെ രക്ഷിക്കാനാവാത്ത ഭർത്താവിന്റെ തലവെട്ടാൻ വകുപ്പില്ലാതിരുന്നത്കൊണ്ടാണയാളുടെ കഴുത്തിനു മേൽ ഇപ്പോഴും ശിരസ്സു്. യുദ്ധമുണ്ടായാൽ, ആ പണി തനിക്കു തരണമെന്ന കർണ്ണന്റെ ആവശ്യം പരിഗണനയിലുണ്ടു്. എന്തും ഞങ്ങൾ പൊറുക്കും-ദാമ്പത്യത്തിലെ അവിശ്വസ്തത ഒഴികെ. കൗരവർ കൊലപ്പുള്ളികളെന്നു പ്രചരിപ്പിക്കുന്ന പാണ്ഡവരോടു് പറയട്ടെ കൗരവർ ഓരോരുത്തരും സഹോദരഭാര്യമാരെ അഭിസംബോധന ചെയ്യുന്നതു് ‘അമ്മ’ എന്നാണു്. എന്നാൽ ഇളമുറ മാദ്രിപുത്രൻ സഹദേവൻ പോലും വയസ്സുമൂത്ത പാഞ്ചാലിയെ അധികാരത്തോടെ നീ എന്നു് വിളിക്കുന്നതു് കേട്ടപ്പോൾ ചോര തിളച്ചു. തിരക്കുണ്ടു്, യമുനയിൽ നിന്നു് നീർച്ചാലുകൾ വലിച്ചു കൃഷിയിടങ്ങളിലെ ജലക്ഷാമത്തിനു പരിഹാരം കാണുന്നൊരു ജലസാക്ഷരത സംരംഭത്തിലാണു് ഞങ്ങൾ. കൂടെ വരുന്നോ? അതോ, ദൂഷണകഥകൾ തേടി നിരങ്ങാനുണ്ടോ അന്തഃപുര തിണ്ണകൾ?”

“അഞ്ചു കുട്ടികളെയും കൂട്ടി നീണ്ട യാത്ര കഴിഞ്ഞു ഹസ്തിനപുരിയിൽ അഭയം തേടി എത്തിയപ്പോൾ വഴിയിലാരെങ്കിലും നിങ്ങളെ തിരിച്ചറിഞ്ഞുവോ?” മുൻ മഹാറാണിയും പാണ്ഡു വിധവയുമായ കുന്തിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“കാൽ നൂറ്റാണ്ടു കഴിഞ്ഞിരുന്നല്ലോ കാട്ടിലേക്കു് പോയിട്ട്. ഈ കുട്ടികളെ നോക്കിയാൽ അറിയാം ആ നീണ്ട കാലയളവു്. അന്ധധൃതരാഷ്ട്രർ തിരിച്ചറിയുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല. കണ്ണുകെട്ടി കാഴ്ച മറച്ച ഗാന്ധാരിയും എന്നെ തിരിച്ചറിഞ്ഞില്ല. ഭീഷ്മർ ആ സമയം കോട്ടക്കകത്തുണ്ടായിരുന്നില്ല എന്നതായിരുന്നു നീണ്ടുനിന്ന സംഘർഷത്തിനു് കാരണം. എന്നെ ഒരു നിമിഷം തിരിച്ചറിഞ്ഞെങ്കിലും, വിവേകത്തിന്റെയും ശരിപെരുമാറ്റത്തിന്റെയും മാതൃകയായ വിദുരർ കൈപ്പത്തി കൊണ്ടു് വാ മറച്ചു പിൻവാങ്ങി. കോട്ടവാതിൽക്കൽ നിന്ന കാവൽക്കാർ ഞങ്ങളെ അകത്തുവന്നു പിടികൂടി അനാഥാലയത്തിലേക്കയക്കാൻ ആളെക്കൂട്ടുമ്പോഴാണു്, ഒരു നായ അടുത്തേക്കു് കുതിച്ചതു്. കുട്ടികളെ കൂട്ടിപ്പിടിച്ചു ഞാൻ വിങ്ങലോടെ ഒതുങ്ങി. അടുത്തു് വന്ന നായ ആക്രമിക്കുന്നതിനു പകരം, വിധേയത്വത്തോടെ വാലാട്ടാൻ തുടങ്ങിയപ്പോൾ പെട്ടെന്നു് വിദുരർ സംശയം മാറിയ പോലെ മുറ്റത്തേക്കു് ധൃതിയിൽ വന്നു. ഭീഷ്മ പിതാമഹന്റെ ഈ നായ അന്നു് കുട്ടിയായിരുന്നു. നിങ്ങൾ അതിനെ അക്കാലത്തു പരിചരിച്ച ആർദ്ര ഓർമ്മ കാലമെത്ര ചെന്നിട്ടും മറന്നിട്ടില്ല. പാണ്ഡുവുമൊത്തു നിങ്ങൾ കാട്ടിൽ പോയ ദിവസം മുതൽ നിത്യവും കോട്ടക്കു് പുറത്തു ചെന്നു് വടക്കൻ ഭാഗത്തേക്കു് നോക്കി രാത്രി വൈകും വരെ കാത്തുനിൽക്കും, മനുഷ്യർ തരള ബാല്യാനുഭവം പെട്ടെന്നു് മറക്കുമെങ്കിലും. വരൂ ആളെ തിരിച്ചറിഞ്ഞു എന്നു് ഞാൻ അകത്തളങ്ങളിൽ മിതമായ സൂചന കൊടുത്തു കഴിഞ്ഞു.”

2018-09-28

“ആയുഷ്കാല ബഹുമതിയല്ലേ ഭീഷ്മ പദവി? പിന്നെ എന്താ ബ്രഹ്മചര്യം പരീക്ഷണത്തിനു വിധേയമാക്കു ന്നതു്?”, മരക്കൂട്ടങ്ങൾക്കിടയിലെ ആശ്രമത്തിൽ നിലത്തു വിരിച്ച പായയിൽ പെണ്ണുടലുകൾക്കിടയിൽ കിടന്ന പിതാമഹനോടു് കൊട്ടാരം ലേഖിക ചോദിച്ചു. മൂലയിൽ ചെറുതിരി പ്രകാശം.

“സമപ്രായക്കാരി സത്യവതിയുടെ പ്രലോഭനം ചെറുക്കാനായിരുന്നു ബ്രഹ്മചര്യം എന്ന ബ്രഹ്മാസ്ത്രം എയ്തതു്. അവളുടെ സന്തതിക്കു കിരീടാവകാശം നഷ്ടപ്പെടാതിരിക്കാൻ ഈ ആയുധം പ്രയോഗിച്ചു. ഗർഭധാരണത്തിനു് മുമ്പു് അംബികയും അംബാലികയും വിധവകളായപ്പോൾ, അവരുമായി ബന്ധപ്പെടാനുള്ള സത്യവതിയുടെ പ്രോത്സാഹനം ചെറുത്തുകൊണ്ടായിരുന്നു ബ്രഹ്മചര്യം വീണ്ടും തൊടുത്തതു്. വെറുമൊരു പ്രതീകമല്ല ബ്രഹ്മചര്യം, വ്യക്തിഗത അച്ചടക്കമാണു് എന്നു് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തി. മധ്യവയസ്സു കഴിഞ്ഞതോടെ, കൈ കാലുകൾക്കു സംഭവിക്കാവുന്ന തേയ്മാനം മറികടക്കുവാൻ, വിശ്വസ്ത രാജകുമാരികൾ കൂടെ വന്നു. ഒപ്പം നടക്കാൻ അവസരം കിട്ടാത്തവർ ആശ്രമത്തിന്നകത്തു കൂട്ടായ്മ കാണിച്ചു. രാത്രി കിടക്കുമ്പോൾ ഞാൻ മന്ത്രിച്ചു: പായിൽ ഇരുവശത്തും വിവസ്ത്ര പെണ്ണുടലുകൾ രാവേറെ കൂട്ടു് കിടന്നാലും പ്രതിജ്ഞ കൊണ്ടു് സാധ്യമാവുമോ ബ്രഹ്മചര്യമെന്ന കഠിനപ്രതിജ്ഞ? അതു് നിത്യവും തെളിയിക്കപ്പെടണമെങ്കിൽ പ്രലോഭനമികവുള്ള പെൺ ശരീരലഭ്യത ഉറപ്പാവണം. നിങ്ങൾ കാണുന്ന ഈ പെൺ കുട്ടികൾ എന്നെ പരീക്ഷിക്കുകയാണു്. പോരാ. അവർ എന്നെ സ്ത്രൈണപരിചരണത്താൽ പ്രലോഭിപ്പിക്കുകയാണു്. എന്നെ ബ്രഹ്മചര്യത്തിൽ നിന്നു് പുറത്തുചാടിക്കാൻ പ്രവർത്തിക്കുകയാണു്. പരപ്രീണനയില്ലാതെ സ്വയം ഈ കായികപരീക്ഷണത്തിൽ സജീവ പങ്കാളികളാണു്. ബ്രഹ്മചര്യം തകർക്കാനാവില്ലെന്നവരെ തെളിയിക്കണം. ശരിക്കും പറഞ്ഞാൽ ഇതൊരു കിടപ്പറയല്ല രതിയും രതിനിഷേധവും ബലാബലത്തിൽ പോരടിക്കുന്ന രണഭൂമിയാണു്. പങ്കെടുക്കണമെന്നുണ്ടോ നിനക്കും?”

“അഞ്ചു വെളുത്ത ആണുങ്ങളും ഒരു കറുത്ത സ്ത്രീയും കഴുതപ്പുറത്തു്!. ആരാണിതു്?”, പുതുതായി അറവുശാലയിൽ ചേർന്ന യുവാവു് തൊഴിലുടമയുടെ ചെവിവട്ടത്തിൽ പിറുപിറുത്തു.

“അഭിവന്ദ്യദുര്യോധനൻ ചൂതാടി നേടിയ ആറു് അടിമകളെ ആചാരമനുസരിച്ചു് നഗരികാണിക്കയാണു്, അതു് കഴിഞ്ഞാൽ കാട്ടിലെക്കയക്കും. തെരുവോരക്കാഴ്ച നോക്കി സമയം കളയാതെ ആ വെള്ളമുയലുകളെ തൊലിയുരിച്ചു കഷണങ്ങളാക്കി ഒരുക്കിവക്കു്, ധൃതരാഷ്ട്രർക്കു് പ്രാതലിനു നിന്റെ വക ആവട്ടെ മാംസ സംസ്കരണം.”

“ജനരോഷമൊന്നും അറിയുന്നില്ലേ? ലൈംഗികാക്രമണത്തിൽ പ്രതി ചേർക്കപ്പെട്ട ദുര്യോധനനെ ശിക്ഷാനിയമം അനുസരിച്ചു എന്തു് തുടർനടപടിക്കു് വിധേയമാക്കി എന്നാണു മനസ്സിലാക്കേണ്ടതു്?” കൊട്ടാരം ലേഖിക വക്താവിനോടു് ചോദിച്ചു.

“നീതിപീഠത്തിൽ സമർപ്പിച്ച സത്യവാങ്മൂലം വായിച്ചില്ലേ? പ്രതിക്കു് മാരകരോഗം പിടിപെട്ടിട്ടുണ്ടോയെന്ന പരിശോധന പൂർത്തിയാക്കി. അരോഗദൃഢഗാത്രൻ. പ്രതിയുടെ ശരീരവളർച്ച പ്രായത്തിനു് ആനുപാതികമാണോ? അന്തര്‍ഗ്രന്ഥി സ്രവവ്യതിയാനം അവയവ വളർച്ചയെ ബാധിച്ചിട്ടുണ്ടോ? ശ്രമകരമായ ആ ദൗത്യവും കഴിഞ്ഞു. കായികക്ഷമതയെ സംശയത്തിലാക്കുന്ന ഒന്നും കണ്ടെത്തിയില്ല. മനസ്സുകൊണ്ടും ശരീരം കൊണ്ടും പ്രതി ഒരു പുരുഷൻ തന്നെയാണോ? ദേഹപ്രകൃതിയിൽ എന്തെങ്കിലും വ്യതിയാനമുണ്ടോ? പ്രതിയുടെ ശരീരത്തിൽ നടത്തുന്ന സൂക്ഷ്മ പരിശോധന വിജയകരമായി. അടുത്തതു് കൊലയാളിയെക്കുറിച്ചു സൂചനകണ്ടെത്താൻ, മൃതദേഹത്തെ എങ്ങനെയാണോ പരിശോധിക്കുന്നതു് സമാനമായ ബാഹ്യപരിശോധനകളാണു പ്രതിയുടെ ജീവനുള്ള ശരീരത്തിലും നടത്തുന്നതു്. പ്രതി കുറ്റം ചെയ്തതിന്റെ തെളിവുകൾ ശരീരത്തിൽ തന്നെ കണ്ടെത്താനുള്ള പരിശോധന. കുറ്റകൃത്യം നടന്നു് ഏതാനും മണിക്കൂറുകൾക്കുള്ളിൽ പരിശോധന സാധിക്കണം എന്നുള്ളതു കൊണ്ടു് ചൂതാട്ടസഭയിൽ നിന്നു് നേരിട്ടു് ദുര്യോധനനെ പരിശോധനാമുറിയിലേക്കു നയിച്ചു. പാണ്ഡവരും പാഞ്ചാലിയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒന്നു് കൂടി: പ്രതിയുടെ അവയവങ്ങളിലേക്കുള്ള രക്തയോട്ട തോതറിയാനുള്ള പരിശോധന ഒരു രാത്രി മുഴുവൻ പ്രതിയുടെ ശാരീരിക പെരുമാറ്റങ്ങൾ ഉറക്കത്തിൽ നിരീക്ഷിക്കാനും പരിശോധിക്കാനുമുള്ള, മാർഗങ്ങളും സ്വീകരിച്ചു. മാധ്യമങ്ങൾ തേടുന്നതു് ഇവയൊന്നുമല്ലെന്നു ഞങ്ങൾക്കറിയാം. പ്രതിയിൽ കൃത്രിമ ഉത്തേജനമുണ്ടാക്കുന്ന മരുന്നു പ്രയോഗിക്കുക, ലൈംഗിക ചിത്രങ്ങൾ കാണിക്കുക, അശ്ലീല കവിതകൾ വായിപ്പിക്കുക, സ്ത്രീകളെ ഉപയോഗിച്ചു പരിശോധന നടത്തുക തുടങ്ങിയ തെറ്റിദ്ധാരണകൾ ഇതുസംബന്ധിച്ചു പ്രചരിപ്പിക്കാനുള്ള നിങ്ങളുടെ നടപടിക്കു് പിന്തുണ തരാൻ ഒന്നുമില്ല ഈ നടപടിയിൽ. ദുര്യോധനൻ സഹകരിച്ചു. മാത്രമല്ല ഹസ്തിനപുരി ഒരു പരിഷ്കൃതസമൂഹമെന്നു അന്വേഷണ സംഘത്തെ അനുമോദിക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞു ദുര്യോധനൻ നൂറോളം കൗരവരാജ വധുക്കളുടെ പിതൃഗൃഹങ്ങളിലേക്കു മാസങ്ങൾ നീണ്ടേ ക്കാവുന്ന സൗഹൃദസന്ദർശനത്തിനു് പോയി.” വാതിൽ കൊട്ടിയടക്കുന്ന പോലെ വക്താവു് പുറം തിരിഞ്ഞു.

2018-09-29

“ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ വനവാസക്കാലത്തു യുധിഷ്ഠിരൻ. പരിഹസിക്കുന്നരീതിയിൽ മഹാരാജാവേ എന്നൊക്കെ അഭിസംബോധന ചെയ്താൽ, ‘എന്റെ വിധി’ എന്നു് വിനീതനാവുമായിരുന്നു. അധികാരം കിട്ടിയപ്പോൾ ആളൊന്നു മാറിയോ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. മഹാരാജാവിന്റെ ഔദ്യോഗിക വസതിയിൽ ഉന്നതതല യോഗം കഴിഞ്ഞു അസഹിഷ്ണുതയോടെ ഇറങ്ങുകയായിരുന്നു ഊട്ടുപുര ലക്ഷ്യമാക്കി നാലു പാണ്ഡവരും പാഞ്ചാലിയും. മട്ടുപ്പാവിൽ മഹാരാജാവു് അവരെ ഇടം കണ്ണിട്ടു നിരീക്ഷിക്കുന്നതു് കൊണ്ടവർ സംസാരിക്കുമ്പോൾ ശബ്ദം താഴ്ത്തി.” അത്യുന്നതതലസമിതിയുടെ പ്രതിദിന ചർച്ചയിൽ അയാളുടെ നിർദ്ദേശത്തിൽ ഞങ്ങൾ നാലു പേർ എതിരഭിപ്രായം പറഞ്ഞാൽ ആളാകെ അസ്വസ്ഥനാവും. വിശ്വാസവഞ്ചന സംശയിക്കും. പാഞ്ചാലിയിൽ നിന്നു് ഞങ്ങളെ പിളർത്താൻ രഹസ്യമായി അവളെ പ്രലോഭിപ്പിക്കും, ഒന്നും നടക്കാതെ വന്നാൽ, പാർശ്വവത്കൃത സമൂഹത്തിനുവേണ്ടിയുള്ള വികസനകാര്യത്തിൽ ഇവരാരും മഹാരാജാവിനോടു് സഹകരിക്കുന്നില്ല എന്നു് സന്ദർശകരുടെ മുമ്പിൽ ചുണ്ടു പിളർത്തും.”

2018-09-30

“പാണ്ഡവർക്കൊപ്പമുള്ള അസംതൃപ്തദാമ്പത്യത്തെ കുറിച്ചു് കലവറയില്ലാതെ നിങ്ങൾ സംസാരിക്കുമ്പോൾ, ദൂരെ ഹസ്തിനപുരിയിൽ കൗരവരാജവധുക്കളോ? കൈപ്പുള്ള ഒരോർമയും അവർ പങ്കിടുന്നില്ല. എങ്ങനെ കാണുന്നു പെൺ പ്രകൃതത്തിലെ വൈജാത്യം?”, കാട്ടു ചോലയിൽ കുളിച്ചു, ഈറൻതുണിയുമായി തിരിച്ചു നടക്കുകയായിരുന്ന പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു. വനവാസക്കാലം.

“തെളിഞ്ഞ മാനമുള്ള പൌർണമിരാത്രികളിൽ, മട്ടുപ്പാവിൽ, വിവസ്ത്രകളായി സംഘനൃത്തം ചെയ്തു പൊട്ടിച്ചിരിക്കയും, കെട്ടിപ്പിടിച്ചു വിങ്ങിപ്പൊട്ടുകയും ചെയ്യുന്ന ആ പാവം പെണ്ണുങ്ങൾ എന്തിനു നിങ്ങളോടു് മിണ്ടണം?”

2018-10-01

“അമ്മമാരുടെ കാമുകന്മാരെ കണ്ടും മിണ്ടിയ ഓർമ വല്ലതും ‘ഹസ്തിനപുരി പത്രിക’യുമായി പങ്കുവെക്കാമോ? മാദ്രിപുത്രന്മാരും നിങ്ങളും തമ്മിൽ വ്യാഴവട്ടക്കാല പ്രായവ്യത്യാസമുണ്ടെന്നു് ആദ്യ നോട്ടത്തിൽ പാഞ്ചാലി പറഞ്ഞതല്ലേ.”

“കുരുവംശത്തിലെ ദാമ്പത്യേതര സന്തതികൾ” എന്ന പ്രത്യേക പതിപ്പിനായി യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

കേട്ടറിഞ്ഞിടത്തോളം പതിനഞ്ചു വയസ്സു് മൂപ്പുണ്ടു്. എന്റെ ബീജദാതാവു് കാലനെ ഞാൻ കാണുകയോ, കാണാൻ ഇനി ആഗ്രഹിക്കയും ചെയ്യുന്നില്ലെങ്കിലും, മറ്റു മാതൃകമിതാക്കൾ വാത്സല്യം ചൊരിഞ്ഞു. അവർ വരുമെന്നറിഞ്ഞാൽ വീടാകെ വസന്തകാലമാവും. കിടപ്പുരോഗി പാണ്ഡുവിനെ തൂക്കി ഞങ്ങൾ പിന്നിലെ ചാച്ചുകെട്ടിയിൽ കിടത്തി കിടപ്പറ ശുദ്ധി ചെയ്തു, ചെമ്പകപ്പൂക്കൾ എറിഞ്ഞലങ്കരിക്കും. വായു, ഇന്ദ്രൻ, അശ്വനി ദേവതകൾ ഇവരൊക്കെ പതിവായി വരുമ്പോഴും പോവുമ്പോഴും, മിണ്ടിപ്പറയാൻ കൂടെ ഞാനുണ്ടാവുമെങ്കിലും, അണിഞ്ഞൊരുങ്ങിയ പെണ്ണുങ്ങൾക്കൊപ്പം അവർ കിടപ്പറയിൽ പ്രവേശിച്ചാൽ, പുറത്തു ആശ്രമപ്പടിയിൽ ജാഗ്രതയോടെ ഞാൻ കാവൽ നിൽക്കും. പ്രണയപർവ്വം കഴിഞ്ഞു വീടു് വിട്ടിറങ്ങുമ്പോൾ കാമുകർ പതിവായി എന്നോടു് ചോദിക്കുന്ന കുസൃതി ചോദ്യമുണ്ടു്, പോരുന്നോ കൂടെ, “കാലന്റെ വീട്ടിലേക്കു്?”

2018-10-02

“പാരിതോഷികമായി നാലു പേരെ ഭർത്താക്കന്മാരായി കുന്തിയിൽ നിന്നു് കിട്ടിയിരുന്നില്ലെങ്കിൽ, നിങ്ങൾ പിൽക്കാലത്തവരുമായി പരിചയപ്പെട്ടാൽ വിവാഹ ബാഹ്യരതിക്കു് ഉത്സാഹം കാണിക്കുമായിരുന്നോ?” കൊട്ടാരം ലേഖിക ചോദിച്ചു.

“നൂറോളം വിവാഹിതകൗരവർ കൊട്ടാര സമുച്ചയത്തിൽ ദശാബ്ദങ്ങളായി കൂട്ടം ചേർന്നു് ജീവിതം ആസ്വദിക്കുമ്പോഴും, അവർക്കിടയിൽ വ്യാപകമായോ ഒറ്റപ്പെട്ടതോ ആയ പ്രകൃതി വിരുദ്ധരതിയെ കുറിച്ചൊരു ഊഹവും വാർത്തയും പൊലിപ്പിക്കാത്ത നിങ്ങൾ, എന്തുകൊണ്ടു് ബഹുഭർതൃത്വത്തിലേക്കു സാഹചര്യങ്ങളാൽ ഇരചേർക്കപ്പെട്ട എന്റെ മാത്രം ദാമ്പത്യത്തിലെ ലൈംഗിക രഹസ്യങ്ങൾ ചൂഴ്‌ന്നെടുക്കാൻ ഹസ്തിനപുരിയിൽ നിന്നു് കല്ലും മുള്ളും ചവിട്ടി ഇവിടെ വരുന്നു എന്നതെനിക്കു് ദുരൂഹമായി തോന്നുന്നു. പാണ്ഡവർ ഭർത്താക്കൾ അല്ല എന്നു് തന്നെ സങ്കല്പികമായി കരുതിയാലും, അവരാരെങ്കിലുമായി ഞാൻ വിവാഹബാഹ്യ ലൈംഗികതയ്ക്കു് ഉന്മേഷം കാണിക്കുമോ എന്നാണു് നിങ്ങളുടെ ചോദ്യമെങ്കിൽ, ഉത്തരം വസ്തുതാപരമായി പറയാനുള്ള മനോനില എനിക്കില്ല. കാരണം, കൂടെ കിടന്നു രാപ്പനിയറിഞ്ഞവരെ ആരാണു് സങ്കൽപ്പരതിയിൽ ഇഷ്ടപങ്കാളിയാക്കുക?”

“കുരുക്ഷേത്ര ജയിച്ച യുധിഷ്ഠിരൻ മുപ്പത്തിആറു് വർഷം ഹസ്തിനപുരി ഭരിച്ചു എന്നു് രേഖങ്ങളിൽ കാണുന്നു. രാഷ്ട്രമീമാംസയിലും ദാമ്പത്യത്തിലും വിരുദ്ധ നിലപാടുകളുള്ള നാലു സഹോദരന്മാർ ഉണ്ടായിട്ടും, ഒളിഞ്ഞും തെളിഞ്ഞും വിമതശല്യം ഉണ്ടാക്കിയില്ല എന്നോ? അതോ യുധിഷ്ഠിരൻ അമർച്ച ചെയ്തു എന്നോ?” കൊട്ടാരം ലേഖിക ചോദിച്ചു.

“അഞ്ചുപേരുടെ വ്യക്തിഗത രഹസ്യങ്ങൾ ദശാബ്ദങ്ങളായി സംഭരിച്ച പാഞ്ചാലിയുടെ മുമ്പിൽ മുട്ടുകുത്തി ശീലിച്ച ഞങ്ങൾ പക്ഷെ, അവളുടെ സമഗ്രാധിപത്യ പ്രവണതക്കെതിരെ രഹസ്യ ചെറുത്തുനിൽപ്പിനു് ഐക്യമുന്നണി ആയി പ്രവർത്തിച്ചിരുന്നു. ഇത്രകാലവും ഞങ്ങൾ സഹകരിച്ചു എങ്കിൽ, പ്രതിയോഗി പാഞ്ചാലിക്കു് പറയണം നന്ദി.”

“അവൾ കരുതലോടെ ചെയ്ത ഒരു കാര്യം പെട്ടെന്നൊർക്കാമൊ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“അധികാരം പരീക്ഷിത്തിനു് കൈമാറി പടിയിറങ്ങാൻ നേരമായി എന്ന തിരിച്ചറിവിലേക്കെന്നെ നയിച്ച കാര്യം പറയാം. വയോജനങ്ങൾ വനവാസത്തിനു പോവേണ്ടവരല്ല എന്ന സംവാദത്തിൽ പങ്കെടുത്തു ഞാനും പാഞ്ചാലിയും കൊട്ടാരത്തിലേക്കു കയറുമ്പോൾ, ഉദ്യാനത്തിന്റെ ഒരു ഭാഗത്തു പുതുതായി പണിത പന്തലിൽ വിറകു കെട്ടുകൾ അട്ടിയട്ടിയായി കണ്ടു. ഇതെന്താ പതിവില്ലാതെ എന്നു് ഞാൻ പാഞ്ചാലിക്കു് നേരെ വിരൽ ചൂണ്ടിയപ്പോൾ, മഴക്കാലമല്ലേ വരുന്നതു്, പെട്ടെന്നു് നിങ്ങളിൽ ഒരാൾ കുഴഞ്ഞുവീണു കാലം ചെന്നാൽ പുക ഉയരാതെ ദഹിപ്പിക്കെണ്ടതല്ലേ? എന്നു് തിരിച്ചു ചോദിച്ചവൾ അകത്തേക്കു് കയറി. ആ നിമിഷം ഞാൻ തീരുമാനിച്ചു, ഇനിയൊരു ദിവസമെങ്കിൽ ഒരു ദിവസം വൈകാതെ ഇവിടെ നിന്നു് രക്ഷപ്പെടണം.” ഭാര്യയും സഹോദരങ്ങളും വഴിയിൽ മറഞ്ഞ യുധിഷ്ഠിരനു കൂട്ടിനുണ്ടായിരുന്ന നായ ആ വ്യഥിതനു യാത്ര തുടരാനുള്ള മലമ്പാത മുന്നിൽ കാണിച്ചു.

“ജീവിതാന്ത്യം ഭർത്തൃമാതാവു് പാമ്പും പന്നിയും വിഹരിക്കുന്ന കാട്ടിലേക്കു് അല്ലേ? പോവരുതേ, ഞങ്ങൾ പൊന്നുപോലെ നോക്കാം എന്നു് പറയേണ്ടതാണു് നിങ്ങൾ-ആകെയുള്ളൊരു പുത്രവധു?”, വയോജനങ്ങളോടു് പാഴ്‌വാക്കു് പോരാ എന്ന പൊതുസംവാദത്തിലായിരുന്ന മഹാറാണിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“കുന്തിയെന്നും സ്വതന്ത്ര ജീവിതം നയിച്ച വനിതയല്ലേ? കാട്ടുകുടിലിലെ തറയിൽ പാ വിരിച്ചു ഷണ്ഡൻ ഭർത്താവു് രോഗിയായി കിടക്കുമ്പോഴല്ലേ, ഈ മർത്യജീവിതം ഇങ്ങനെ വന്ധ്യമായി തുടർന്നാൽ പോരാ എന്ന പ്രബുദ്ധ തിരിച്ചറിവിൽ, കുട്ടികളുണ്ടാവാൻ പരപുരുഷരതി പ്രായോഗികതലത്തിൽ കൊണ്ടുവന്നതു്? ഞങ്ങൾ ഖാണ്ഡവവനത്തിലേക്കു് കുടിയേറാൻ നിർബന്ധിതരായപ്പോൾ, ഞാനും കൂടെ വരാം എന്നു് ഉത്സാഹിച്ചുവോ?, അതോ, ഇനിയുള്ള കാലം ഞാൻ ഗാന്ധാരിക്കു് തുണ എന്നു് പറഞ്ഞു മക്കളിൽ നിന്നു് പിൻവാങ്ങിയോ? നിങ്ങൾ കുന്തിയെ മൂല്യം കുറച്ചു വിലയിരുത്തരുതു്. മിതമായി പ്രശംസിച്ചു കൊണ്ടു് തന്നെ ഈ സംവാദം ഞാൻ അവസാനിപ്പിക്കട്ടെ, എന്നെന്നേക്കുമായി പടിയിറങ്ങിപ്പോവുന്ന രാജമാതാവിനെ പിടിച്ചു നിർത്തിയപ്പോൾ, പ്രതിരോധിക്കാനാവാതെ കുന്തി കീഴടങ്ങി എന്നു് വരും യുഗത്തിലാരും ആ മഹതിയെ കുറിച്ചു് പഴി പറയാതിരിക്കട്ടെ.”

2018-10-03

“ദുരഭിമാനികളുടെ മുമ്പിൽ കൊട്ടിഘോഷിക്കാൻ പറ്റിയ അഭിജാത പൈതൃകമൊന്നും ഇല്ലാതെ, തേരാളിപുത്രനെന്ന നിലയിൽ കൊട്ടാര മൈതാനിയിൽ ചുരുങ്ങിപ്പോയ കർണ്ണനെ ആത്മാർത്ഥത കൊണ്ടൊന്നുമല്ല നിങ്ങൾ അംഗരാജാവാക്കിയതു് എന്നു് പൊതുസമൂഹത്തിന്നറിയാം. എന്നാൽ, ഇല്ലാത്ത ഒരു രാജ്യത്തിന്റെ അവകാശം നിങ്ങൾ ആ പാർശ്വവത്കൃതനു് പാരിതോഷികമായി കൈമാറിയതു് ശുദ്ധ തട്ടിപ്പായിരുന്നു എന്നിപ്പോൾ യുക്തിവാദി ചാർവാകൻ പറഞ്ഞു കഴിഞ്ഞു. പ്രായത്തിൽ കവിഞ്ഞ പ്രായോഗികബുദ്ധി പ്രദർശിപ്പിക്കുന്ന നിങ്ങൾക്കറിയാമായിരുന്നില്ലേ, അംഗരാജ്യം ഉണ്ടെങ്കിൽ തന്നെ അതു് തീറെഴുതിക്കൊടുക്കാൻ അധികാരം കേവലമൊരു വിദ്യാർത്ഥി മാത്രമായ നിങ്ങൾക്കില്ല എന്ന സാമാന്യ ബോധം?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

ഇല്ല എന്നു് അയാൾക്കങ്ങനെ പറയാനാവില്ല. മഗധക്കരികെ അംഗരാജ്യമുണ്ടു്. ആൺമക്കളില്ലാത്ത രാജാവു് കൗരവർക്കതു സമ്മാനമായി തന്നു എന്നതും കേവലമൊരു വസ്തുത. അവിടെ കുരുവംശത്തിനു ക്രയവിക്രയ അവകാശമുണ്ടോ എന്നതല്ലല്ലോ കാമ്പുള്ള കാര്യം. “നീ ആരുടെ മകൻ?” എന്നു് രാധേയനായ കർണ്ണനോടു് പരസ്യമായി ഭീമൻ ചോദിക്കുമ്പോൾ, അതൊരു അവഹേളനമായി കണ്ട ഞാൻ, ഉടനടി പട്ടാഭിഷേകപ്രഹസനം വഴി അംഗരാജാവായി കർണ്ണനെ വാഴിച്ചപ്പോൾ.

“എന്നും എന്നെന്നും നിങ്ങൾക്കു് മിത്രം എന്നവൻ പ്രതിജ്ഞ തന്നില്ലേ? കർണ്ണൻ അതിനുശേഷം കിരീടവും രാജവസ്ത്രവും ധരിക്കുന്നുണ്ടെങ്കിലും, അംഗരാജ്യത്തിലേക്കു അധികാരമുറപ്പിക്കാനുള്ള പടയോട്ടത്തിനൊന്നും ഉദ്ദേശ്യമില്ല. നാളത്തെ കൊട്ടാരം ഊട്ടുപുര മാംസമേളയിൽ വന്നാൽ അംഗരാജാവിനൊപ്പം വയർ നിറയെ പൊരിച്ച കാളത്തുട തിന്നാമെന്നു ആ ദരിദ്ര ചാർവാകനോടു് പറയൂ. ഇടക്കൊക്കെ ഒന്നു് വിളിച്ചു അഭിജാത കൗരവർക്കൊപ്പം തിന്നാൻ അവസരം കൊടുത്താൽ ഒതുങ്ങുന്ന പ്രതിപക്ഷമാണു് ‘ഹസ്തിനപുരി പത്രിക’ പോലെ ചാർവാകനും. തിരക്കുണ്ടു്-അംഗരാജ്യത്തിന്റെ രാജധാനി കുരുവംശ കോട്ടക്കകത്തു പണി പൂർത്തിയാക്കി വേണം ആണ്ടുപിറവിയോടെ ആഘോഷിക്കാൻ.”

“ഊണു കഴിച്ചു കൈ മാത്രം കഴുകിയാൽ പോരാ എന്ന ഗതി വന്നു അല്ലേ?” ഊട്ടുപുരക്കരികെ പാത്രം കഴുകുന്ന ആണുങ്ങളോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“ഞങ്ങൾ ഉണ്ട പാത്രങ്ങളാണിതു് എന്നു് കരുതിയോ? ഇന്നു് രക്തസാക്ഷി ദുര്യോധനന്റെ ജന്മദിനാഘോഷത്തിൽ വിശിഷ്ടാതിഥികളായെത്തിയതു് കൗരവരാജവിധവകളായിരുന്നു. അവർ ഉണ്ടെണീക്കുമ്പോൾ ഞങ്ങൾ യാചിച്ചു, ആ “ഇച്ചിൽ ഞങ്ങൾ എടുക്കട്ടേ?” പാഞ്ചാലി ഉണ്ണാൻ വരും മുമ്പു് ഇതൊക്കെ കഴുകിയെടുത്തില്ലെങ്കിൽ, അവൾ ഉണ്ട പാത്രങ്ങളും ഞങ്ങൾ കഴുകേണ്ടി വരും. ഭീമസ്വരത്തിൽ ആശങ്കയുണ്ടായിരുന്നു.

“ചക്രവർത്തിനിയായിരുന്നകാലത്തു് പാഞ്ചാലി ഇന്ദ്രപ്രസ്ഥത്തിൽ തന്ന അഭിമുഖങ്ങൾ, ഇവിടെ വരും മുമ്പു് പനയോലകൾ തപ്പി വായിച്ചു. നിങ്ങളെ സമചിത്തതയോടെയും കൗതുകത്തോടെയും ഓർക്കുന്നവയാണെല്ലാം. ഭർത്താക്കന്മാർ കൊള്ളാം എന്ന ധ്വനിയുണ്ടു് ഓരോ പ്രതികരണത്തിലും. എന്നാൽ ചൂതുകളിയിൽ തോറ്റു കാട്ടിൽ നിങ്ങളെല്ലാം കൗരവ അടിമകളായി പാർത്തു തുടങ്ങിയ ശേഷം എനിക്കനുവദിച്ച അഭിമുഖങ്ങളിൽ കാണുന്നതു് പതഞ്ഞു പൊങ്ങുന്ന ഭർത്തൃനിന്ദയാണു്, അതെന്താ അങ്ങനെ?” യുധിഷ്ഠിരൻ ആരും കൂട്ടില്ലാതെ മുറ്റത്തു നടക്കുന്ന ഹിമാലയ പ്രഭാതം.

“യാഗം ചെയ്തു ചക്രവർത്തിയായ ഞാൻ അവൾക്കന്നു പ്രത്യാശ നൽകുന്ന ഉദയസൂര്യനായിരുന്നു എന്നാൽ ഇന്നു് ഞാനവൾക്കു നാശചിഹ്നമായ ധൂമകേതു.” അയാൾക്കരികിലൂടെ ഓടി വന്ന വളർത്തു മുയലിന്റെ നെറുകയിൽ കാലുകൊണ്ടു് ആഞ്ഞടിച്ചു യുധിഷ്ഠിരൻ നിലവിളിക്കാനെന്ന പോലെ വാ പൊളിച്ചു ഇരുകൈകളും വായുവിൽ ഉയർത്തി അട്ടഹസിച്ചു. പൊടുന്നനെ മരക്കൂട്ടങ്ങൾക്കിടയിൽ നിന്നു് ഓടി വന്ന ഭീമൻ ജ്യേഷ്ഠനെ താങ്ങിയെടുത്തു അകത്തു കൊണ്ടുപോയി പായിൽ കിടത്തി, കൊട്ടാരം ലേഖികയെ തള്ളിപ്പുറത്താക്കി വാതിലടച്ചു.

2018-10-04

“കൊട്ടാരജീവിതവുമായും ആയുധപോരാട്ടവുമായും ബന്ധമില്ലാതെ കഴിയുന്ന നിങ്ങൾ കുരുവംശ ഇതിഹാസ മെഴുതുന്നതിൽ അപാകതയുണ്ടെന്നാണല്ലോ ചാർവാകൻ പ്രചരിപ്പിക്കുന്നതു്?” കൊട്ടാരം ലേഖിക വേദവ്യാസനു മുമ്പിൽ മുട്ടുകുത്തി കൈ കൂപ്പി.

“മഹാഭാരതകഥയെഴുതാനുള്ള അടിസ്ഥാന യോഗ്യതക്കായി വേറെ ആരായി വേണം ഞാൻ പുനർജനിക്കാൻ? അമ്മ സത്യവതി വഴിയാണു് കുരുവംശവുമായി ജൈവികബന്ധം സ്ഥാപിച്ചതു്. അവരെന്നോ കാട്ടിൽ കുറുനരികളുടെ ഇരയായി. മരിക്കും മുമ്പവർ ഈ ദൗത്യം എന്നെ ഏൽപ്പിച്ചു. മൂന്നു മക്കളിൽ ധൃതരാഷ്ട്രരും പാണ്ഡുവും വിദുരരും മരിച്ചു. മരിക്കാൻ അധികം താമസമില്ലാത്ത പാണ്ഡവരിലാകട്ടെ എന്റെ രക്തമില്ല. കേട്ടറിവുളള കാര്യങ്ങളിൽ, പുറത്തു പറയാവുന്നവ ഞാൻ പൊലിപ്പിക്കുന്നുണ്ടു്, അരുതാത്തതു അവ്യക്തമായി പറഞ്ഞൊപ്പിച്ചു വിവാദം ഒഴിവാക്കും. എന്നാൽ, വരും യുഗത്തിലെ എഴുത്തുകാർക്കായി രചനയിൽ സ്ഥലം ഒഴിച്ചിടുമെന്നുറപ്പു്.

2018-10-05

“ഗാന്ധാരി അപമാനകരമായി സംസാരിച്ചു എന്നു് കേൾക്കുന്നല്ലോ. കാര്യം പറയാമോ?” കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു് ചോദിച്ചു. കുടിയൊഴിപ്പിക്കലിനു് ശേഷം പുനരധിവാസകേന്ദ്രത്തിൽ കുനിഞ്ഞിരിക്കയായിരുന്നു, തേജസ്വിനിയായ കലിംഗരാജകുമാരി.

യുധിഷ്ഠിരൻ യുദ്ധം ജയിച്ചുവോ? സംശയമുണ്ടു്. ദുര്യോധനമാതൃരാജ്യമായ ഗാന്ധാരയിൽ നവവിവാഹിതരെന്ന നിലയിൽ വിരുന്നുതാമസിക്കുമ്പോൾ, ചെങ്കുത്തായ മലഞ്ചെരുവിലൂടെ സാഹസികമായി യാത്ര ചെയ്യാൻ ഇഷ്ടപ്പെട്ട ഭർത്താവു് കുരുക്ഷേത്രയിലെ ചതുപ്പു നിലത്തിൽ കാലുകൾതാണു് മേലനങ്ങാനാവാതെ മാംസഭുക്കുകൾക്കു തീറ്റയാവേണ്ട ആളായിരുന്നില്ല. അധികാരമോഹ ത്തിന്റെ മലമടക്കുകളിൽ നിന്നു് ഏതു നിമിഷവും വീഴാവുന്ന കരിമ്പാറകളെ കുറിച്ചു് ഭീതിയില്ലാതെ, കോട്ടക്കത്തും പുറത്തും തലയുയർത്തിപ്പിടിച്ചു പ്രതിയോഗികളെ ശിക്ഷിച്ച ദുര്യോധനൻ, ഭീമഗദയുടെ പ്രഹരശേഷിയിൽ തുടയെല്ലു് പൊട്ടി കുഴഞ്ഞു വീണു അമ്മാ അമ്മാ എന്നു് കരളലിയിക്കുന്ന വിധം നില വിളിച്ചു എന്ന യുധിഷ്ഠിര അവകാശവാദം അംഗീകരിക്കാൻ ആവുകയില്ല. എന്നു് രാജസഭയിൽ പറഞ്ഞുകരയുമ്പോഴാണു് സദസ്സിലുണ്ടായിരുന്ന ഗാന്ധാരി എന്നോടാജ്ഞാപിച്ചതു്, “നീ സൂക്ഷിച്ചു വാക്കുപയോഗിക്കണം നീ നിലക്കു് നിൽക്കണം, അല്ലെങ്കിൽ നിർത്തേണ്ടയിടത്തു നിർത്തും, വിശ്വപ്രസിദ്ധമാവുമെന്നു വിശ്വസിക്കപ്പെടുമെന്ന ഗാന്ധാരീ വിലാപത്തെക്കാൾ ഉയരരുതു് ദുര്യോധനവിധവാ വിലാപം എന്നെനിക്കു നിർബന്ധമുണ്ട്.”

“പാണ്ഡവർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണു് എന്നു് നിങ്ങൾ അടച്ചാക്ഷേപിക്കാനുള്ള പ്രചോദനം? അഥവാ പ്രകോപനം?”, കൊട്ടാരം ലേഖിക കൃപാചാര്യനോടു് ചോദിച്ചു.

“ഗുരു എന്ന പദവി ഞാൻ വഹിക്കുന്നുണ്ടെങ്കിലും, ഭൂതകാലം ഓർമ്മിപ്പിക്കുന്നതു് പറയേണ്ടേ? തുറന്നു പറഞ്ഞില്ലെങ്കിൽ, രാഷ്ട്രീയ സാക്ഷരത നേടി, വരുംയുഗത്തിലെ സാമൂഹ്യനിരീക്ഷകർ എന്നെ പ്രതിക്കൂട്ടിൽ നിർത്തിപ്പൊരിക്കില്ലെ?”

2018-10-06

“വനത്തിൽ ബാല്യകൗമാരങ്ങൾ കഴിഞ്ഞ പാണ്ഡവരുടെ ജീവിതരീതി പരിഷ്കൃതപാഞ്ചാലയിൽ ജീവിച്ച നിങ്ങൾക്കൊരു ആഘാതമായിരുന്നിരിക്കാം. കാലം കഴിഞ്ഞിട്ടും കലിപ്പു് തീരാത്ത ദുരനുഭവം വല്ലതുമുണ്ടോ പങ്കുവെക്കാൻ?”, കൊട്ടാരം ലേഖിക ചോദിച്ചു. വനവാസക്കാലം. വേവുന്ന വേനലിൽ വാടിയ പ്രകൃതി.

“വാരിത്തിന്നുന്നതിനിടയിൽ സൗജന്യഭക്ഷണത്തിനു രുചി പോരെന്നു പറഞ്ഞവർ അക്ഷയപാത്രം എനിക്കുനേരെ വലിച്ചെറിഞ്ഞു. ആകെയുള്ള പന്തവും എടുത്തു എന്തോ നിശ്ചയിട്ടെന്ന പോലെ ഒരുമിച്ചവർ കുടിലിൽ നിന്നു് പുറത്തേക്കു ചാടി. ആ കാളരാത്രി മുഴുവൻ ഞാൻ ഇരുട്ടിൽ പകച്ചു നിന്നു. രാവിലെ, പാണ്ഡവർ ദേഹമിളക്കി അട്ടഹസിക്കുന്നു. സന്യസ്ഥാശ്രമത്തിലെ കറവപ്പശുവിനെ കവർന്നു ദൂരെ കൊണ്ടു് പോയി കഴുത്തറത്തു് തൊലിയുരിച്ചവർ ഇറച്ചി ചുട്ടു തിന്നതിന്റെ ബാക്കി, കുടലും തലയും, പശുത്തോലിൽ പൊതിഞ്ഞു കൊണ്ടുവന്നെന്റെ മുമ്പിൽ എറിഞ്ഞു, “കാമുകി പട്ടിണി കിടക്കാതിരിക്കാൻ ദുര്യോധനൻ നിനക്കു് സമ്മാനിച്ച അക്ഷയപാത്രം ഞങ്ങൾക്കു് വേണ്ട. സസ്യഭക്ഷണം നീ തന്നെ തിന്നു തീർക്കു. ചീരയില ബാക്കി വച്ചാൽ ജാരനും കൊടുക്കാം. ഞങ്ങളെ പോലെ സാഹസിക ജീവിതം നയിച്ചവരിൽ രതിയുണർത്തുന്ന വിധം കൊഴുക്കട്ടെ വിറകുകൊള്ളി പോലുള്ള മേനി”, മദ്യപിച്ചു വെളിവു് കെട്ട യുധിഷ്ഠിരൻ ഒച്ച വെക്കുമ്പോൾ മറ്റു നാലുപേർ നിന്ദയോടെ എന്നെ നോക്കി.

“പരസ്ത്രീകാമനയിൽ പ്രതിപത്തിയുള്ളവർ എന്ന പദസങ്കലനമുപയോഗിച്ചു നിങ്ങൾ ഭർത്താക്കന്മാരെ പൊരിക്കുന്നു എന്ന പാണ്ഡവ പരിദേവനത്തിൽ കാര്യമുണ്ടോ?” കൊട്ടാരം ലേഖിക ചോദിച്ചു. പാഞ്ചാലിയുടെ ഇന്ദ്രപ്രസ്ഥം കൊട്ടാരജീവിതത്തിന്റെ അന്ത്യനാളുകൾ.

“രതിവേളയിൽ സ്വയമറിയാതെ പാണ്ഡവ അധരങ്ങൾ വെളിപ്പെടുത്തുന്ന പേരുകൾ മാത്രമേ എനിക്കറിയാവൂ. അവരുടെ ഇരുൾ മൂടിയ അന്തർമണ്ഡലത്തിൽ സ്വൈര്യമായി വിഹരിക്കുന്നവർ തീർത്തും എനിക്കജ്ഞാതർ.”

“ഒന്നിനൊന്നു മെച്ചപ്പെട്ട അഞ്ചു വ്യത്യസ്ത ജന്മദിന സമ്മാനങ്ങൾ ഓരോ വർഷവും ഭർത്താക്കന്മാർക്കായി കണ്ടെത്തണം, തീരുമാനമെടുക്കാനാവാതെ സംഘർഷം തോന്നാറുണ്ടോ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“എന്റെ ജന്മദിനത്തെ കുറിച്ചു് പാണ്ഡവതീരുമാനം സംഘർഷ രഹിതമായിരുന്നു. വളർച്ചയെത്തിയ ശരീരത്തോടെ യാഗാഗ്നിയിൽ നിന്നുയർന്ന നിനക്കു് പറയത്തക്ക ജന്മദിനമൊന്നുമില്ലെന്നവർ പ്രസ്താവിച്ചതോടെ, എന്തു് ജന്മദിനസമ്മാനം വാങ്ങണമെന്നു ഓർക്കേണ്ട ബാധ്യത യില്ലെന്നവർആർമാദിക്കുന്നു.”

2018-10-07

“ഹസ്തിനപുരിയുടെ സൈനികമേധാവിത്വത്തിനു നേതൃത്വം നൽകിയ ദുര്യോധനനെ കുരുവംശദാസൻ എന്ന വിശിഷ്ടപദവിയിലേക്കുയർത്തുവാൻ ഉന്നതാധികാരസമിതി തീരുമാനിച്ചു എന്നു് കേട്ടല്ലോ.” കൊട്ടാരം ലേഖിക പ്രതിരോധമന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല വഹിക്കുന്ന ഭീമനെ ഉപചാരപൂർവ്വം നേരിട്ടു. കൗരവരാജവിധവകൾക്കുള്ള ധാന്യവും വസ്ത്രവും നേരിട്ടെത്തിച്ചു മടങ്ങി വരികയായിരുന്നു അധികാരശ്രേണിയിലെ രണ്ടാമൻ.

“എന്റെ പൊതുജീവിതത്തിലെ അഭിമാന നിമിഷം. ഒരാഴ്ചമുമ്പു് ഞാൻ യമുനാതീരത്തെ അന്ത്യവിശ്രമ സ്ഥലിയിൽ പോയി ഒരു ദിവസം ഏകനായി ശ്രമദാനം ചെയ്തു. കല്ലും കരടുമൊക്കെ നീക്കി തിരി കത്തിച്ചു. കുലദ്രോഹികളിൽ നിന്നു് കുരുവംശത്തെ രക്ഷിക്കാൻ കുരുക്ഷേത്രയിൽ ആത്മബലി ചെയ്ത വീരനായകൻ ഇവിടെ ആരോരുമറിയാതെ കിടക്കുന്നതെന്റെ കരൾ നോവിച്ചു. പിറ്റേന്നത്തെ ഭരണസമിതിയോഗത്തിൽ എന്റെ നിർദ്ദേശം പൂർണ്ണമായും അംഗീകരിച്ചതനു സരിച്ചു വിശുദ്ധപദവിയിലേക്കുള്ള ആദ്യഘട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാവും. കുരുവംശദാസൻ എന്ന പദവി അർത്ഥമാക്കുന്നതു് പരേത പോരാളിയുടെ എളിമയും സ്വഭാവ പരിശുദ്ധിയും. അടുത്ത ഘട്ടത്തിൽ കൗരവരാജ വിധവകളെ ഉൾപ്പെടുത്തിയുള്ള കുടുംബയോഗത്തിൽ ‘അവൻ ഞങ്ങൾക്കു് അഭിവന്ദ്യൻ’ എന്ന പട്ടം നൽകും. അവസാനം, പൊതുവേദിയിൽ വിവിധ രാഷ്ട്രത്തലവൻമാരുടെ സാന്നിധ്യത്തിൽ, എല്ലാവരും എഴുനേറ്റു നിന്നു് കൈ കൊട്ടി ‘നീ ഞങ്ങൾക്കു് വഴികാട്ടി, നീയെന്നും വാഴ്ത്തപ്പെട്ടവൻ’ എന്ന അത്യുന്നത പദവി നൽകി ആദരിക്കും. ഹസ്തിനപുരി കോട്ടവാതിലിനു പുറത്തു രക്ഷകൻ ദുര്യോധനന്റെ അതികായ പ്രതിമ അനാശ്ചാദനം ചെയ്യും. കിരീടാവകാശി പരീക്ഷിത്തു് ദുര്യോധനദാസൻ എന്നു് രാഷ്ട്രത്തിനു മുന്നിൽ സമപ്പിക്കുന്നതോടെ കൃതജ്ഞതയുടെ ഒരു പണത്തൂക്കം എന്ന നിലയിൽ തിരശീല വീഴും, ഈ നീണ്ട ആഘോഷപരിപാടിയുടെ ഔദ്യോഗിക ഏകോപനം സ്വാഭാവികമായും മഹാറാണി പാഞ്ചാലിയുടെ അധികാരപരിധിയിൽ ആയിരിക്കും.”

2018-10-08

“പതിവായി നിങ്ങൾ യാത്ര ചെയ്തു ഹിമാലയ താഴ്‌വരയിലെ വനാശ്രമത്തിൽ പാഞ്ചാലിയെ അഭിമുഖം ചെയ്തുവരുന്നതായി ഭരണകൂടത്തിന്റെ ശ്രദ്ധയിൽ പെട്ടിരിക്കുന്നു. എങ്ങനെയുണ്ടവരുടെ ശിക്ഷാജീവിതം?”, ദുര്യോധനൻ കൊട്ടാരം ലേഖികയെ കാര്യാലയത്തിൽ വിളിച്ചു വിസ്തരിച്ചു.

“നരകയാതന. നിത്യവും സന്യസ്ഥാശ്രമങ്ങളിൽ നിന്നു് തലച്ചുമടായി ജൈവവിസർജ്യങ്ങൾ ദൂരെ കൊണ്ടുപോയി കുഴിവെട്ടി സംസ്കരിക്കേണ്ട പണി ചെയ്തവൾ വലഞ്ഞു. ഒരിക്കൽ സുന്ദരിയായിരുന്ന ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി ഇന്നു് ശരിക്കും ഒരു മലിനവസ്തു”, കൊട്ടാരം ലേഖിക മുട്ടുകുത്തി യാചനാഭാവത്തിൽ കൈ കൂപ്പി, “അവൾക്കു ഇനിയെങ്കിലും മോചനം കൊടുക്കൂ. പകരം ഞാൻ വേണമെങ്കിൽ നിങ്ങളുടെ ലൈംഗിക അടിമയാവാം.”

“ഏകശിലാദാമ്പത്യജീവിതം നയിക്കുന്ന എന്നെ ആ വിധം നീ പ്രലോഭിപ്പിച്ചതു് ഞാൻ തൽക്കാലം വിടുന്നു. പരിഷ്കൃതസമൂഹമെങ്കിലും ഹസ്തിനപുരിയുടെ വ്യവസ്ഥാപിത അടിമവ്യവഹാര നിയമത്തിന്റെ അന്തഃസത്തയെ അധിക്ഷേപിക്കുന്ന അഭിമുഖങ്ങൾ ഇനി നിന്റെ ചുവരെഴുത്തു പതിപ്പുകളിൽ അരുതു് എന്നു് താക്കീതു തരുന്നു. ആവർത്തിച്ചാൽ, ഇനിയൊരു മുന്നറിയിപ്പിനു് സാധ്യത ഇല്ലാതെ, ഹസ്തിനപുരി കൊട്ടാരത്തിനു പിന്നിലെ വിസർജ്ജനഇടങ്ങളിൽ നിന്നും ജൈവമാലിന്യം നീക്കുന്ന പണി എല്പ്പിക്കുക നിന്നെ ആയിരിക്കും.”

“പ്രണയത്തേക്കാൾ അഭിനിവേശമായിരുന്നുവോ? അതോ, അവൻ മൃദുലവികാരമില്ലാത്തൊരു വേട്ടക്കാരൻ മാത്രമോ?” കൊട്ടാരം ലേഖിക ചോദിച്ചു. ദുര്യോധനന്റെ അന്ത്യവിശ്രമസ്ഥലിയിൽ പുഷ്പാർച്ചന ചെയ്തു മഹാറാണി കൊട്ടാരത്തിലേക്കു മടങ്ങിയ സന്ധ്യ.

“ലൈംഗിക ദുരനുഭവങ്ങളുടെ പട്ടികയിൽ ഇനിയുമുണ്ടോ എന്നു് നിങ്ങൾ ചോദിച്ചപ്പോൾ വസ്ത്രാക്ഷേപം ആവർത്തിക്കാൻ മാത്രം നിഷ്കളങ്കരല്ലല്ലോ നാം. നവവധുവെന്ന നിലയിൽ പാണ്ഡവരുമൊത്തു ഹസ്തിനപുരിയിൽ എത്തിയപ്പോൾ, താമസിക്കാൻ അനുവദിച്ചതു് അതിഥിമന്ദിരമായിരുന്നു. പ്രഭാതഭക്ഷണം കഴിച്ചാൽ പാണ്ഡവർ പടിയിറങ്ങും. രാജവസ്ത്രങ്ങൾ ധരിച്ചു ദുര്യോധനൻ പ്രത്യക്ഷപ്പെടും. എവിടെ നിന്നോ എങ്ങോട്ടോ പോവുന്നതിനിടയിൽ പാഞ്ചാല രാജകുമാരിയോടു് ക്ഷേമാന്വേഷണം ചെയ്യാൻ എന്ന പോലെ തന്മയത്വത്തോടെ എന്റെ മുമ്പിൽ ആജ്ഞ സ്വീകരിക്കാൻ നിറഞ്ഞു നിൽക്കും. ആശംസപോലെ ഗാഢമായി ആലിംഗനം ചെയ്യും. പിൻകഴുത്തിൽ മുഖം അമർത്തിപ്പിടിക്കും. എന്റെ ഗന്ധം ഇഷ്ടമാണെന്നു പറയും. നഖങ്ങളില്ലാത്ത അവന്റെ വിരലുകൾക്കപ്പോൾ പര്യവേഷണത്തിനു എന്റെ ഉടൽ അനുമതി നല്കിയിട്ടുണ്ടാവും. അതിഥിമന്ദിരത്തിന്റെ ആഡംബരവും ഏകാന്തതയും മരങ്ങളുടെ നിഴലും, അവന്റെ മുഖത്തെ യാചനാഭാവവും, അതു് പോലെ ഞാൻ കണ്ടിട്ടുണ്ടെങ്കിൽ, അതു് അജ്ഞാതവാസക്കാലത്തു കീചകനിലായിരുന്നു. എന്നെ കൊതിച്ചു വന്ന ആ യുവകോമളന്റെ നെഞ്ചിൽ കയറിയിരുന്നു വായും മൂക്കും കുത്തിപ്പിടിച്ചു ഭീമൻ അവനെ ശ്വാസം മുട്ടിച്ചു കൊന്നതു് എന്റെ മുമ്പിൽ വച്ചായിരുന്നു ആ പാപം ചെയ്ത ഭീമഹസ്തങ്ങൾക്കെന്റെ ശരീരം സ്പർശനാനുമതി എന്നെന്നേക്കും നിഷേധിച്ചു. ആ ശിക്ഷ പോരാ പോരാ എന്നെനിക്കു പിന്നെയും പിന്നെയും തോന്നി.”

2018-10-10

“ചൂതാട്ടത്തിൽ തോറ്റ പാണ്ഡവരുടെ പണയവസ്തുവായിരുന്നു ഒരു നിമിഷമെങ്കിൽ, ഉടൻ നിങ്ങൾ കൗരവഅടിമയായി. ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി പദവിയിൽ നിന്നു് ലൈംഗികാതിക്രമ ഇരയായുള്ള പരിണാമം ഒരൊറ്റ അമംഗള സന്ധ്യയിലായിരുന്നു. ജീവിതത്തിൽ മാറ്റം ഉൾക്കൊള്ളാനാവാതെ അറ്റ കയ്യിനു നിങ്ങൾ പിൽക്കാലത്തു ആത്മഹത്യ ആലോചിച്ചുവോ?”, കൊട്ടാരം ലേഖിക ചോദിച്ചു. വ്യാഴവട്ടക്കാല വനവാസത്തിനു ശേഷം അജ്ഞാത വാസത്തിനു രഹസ്യമായി തയ്യാറെടുക്കുകയായിരുന്നു പാണ്ഡവർക്കൊപ്പം പാഞ്ചാലി.

“അതിനുമുമ്പു് ദൃഢനിശ്ചയത്തോടെ ചെയ്യേണ്ട നരഹത്യകൾ ചിലതു ബാക്കിയുണ്ട്.”

2018-10-11

“പന്ത്രണ്ടു കൊല്ലവും നിങ്ങൾ നിരീക്ഷിച്ചിരുന്നു എന്നോ? എന്നിട്ടും അവൾ പ്രതിഷേധിച്ചില്ലേ? പരിത്യാഗികളല്ലേ സന്യസ്ഥർ? അതോ, രാപ്പകൽ എരിയുന്നുണ്ടോ പ്രണയ ഹൃദയം?” കൊട്ടാരം ലേഖിക അംഗപരിമിതനായ യുവസന്യസ്ഥനോടു് ചോദിച്ചു.

“ഇരുന്നു ചെയ്യാവുന്ന ആശ്രമജോലിയാണു് ഗുരു തന്നതു്. ഒറ്റക്കിരുന്നു ചെയ്യുമ്പോൾ ജാലകത്തിലൂടെ നോട്ടം തിരിയും-കാഴ്ച തടസ്സപ്പെടാത്ത പാണ്ഡവാശ്രമത്തിൽ പാഞ്ചാലിയുടെ ഒരു ചലനത്തിനായി ഹൃദയം തുടിക്കും. രാവിലെ കുളി കഴിഞ്ഞു വന്നു അയയിൽ ഈറൻ ഉണക്കാൻ ഇടുമ്പോൾ കാഴ്ച മറയും. അപ്പോൾ ഞാൻ അസ്വസ്ഥനാവും. വൈകുന്നേരം തുണി എടുക്കാൻ വരുമ്പോൾ തുടിക്കുന്ന നെഞ്ചുമായി ഞാനവളെ തുറിച്ചു നോക്കും. അവൾ എന്നെ കാണാറില്ല. രാത്രി പാണ്ഡവരിലൊരാൾ വന്നു വേലിക്കെട്ടു കൂട്ടിയിടുമ്പോൾ ഞാനാകെ തളരും. അഞ്ചു ബലിഷ്ഠകായന്മാർ അവളിൽ ശാരീരിക ആധിപത്യം പുലർത്തുന്നതു് വേട്ടയാടും. ഈശ്വരാ എന്തെല്ലാം പരീക്ഷകൾ നീ കൊടുത്തിട്ടും, പാഞ്ചാലി ചിന്നിച്ചിതറാതെ പിടിച്ചുനിൽക്കാൻ അപാരതയോടു പ്രാർത്ഥിക്കും.”

2018-10-12

“പദവികളൊക്കെ സ്വന്തക്കാർക്കു് വീതിച്ചു അല്ലേ? പ്രബുദ്ധ ഹസ്തിനപുരിയിലപ്പോൾ പ്രജകൾക്കു് തൊഴിലവസരമില്ല” കൊട്ടാരം ലേഖിക യുധിഷ്ഠിരനെ മുട്ടുകുത്തി കൈ മുത്തി.

“നഗ്നഹസ്തങ്ങൾ കൊണ്ടു് നൂറോളം കുടില കൗരവരെ വക വരുത്തിയ ഭീമനു് കൊടുക്കേണ്ടേ പ്രതിരോധ മന്ത്രാലയം? ആഭ്യന്തര സുരക്ഷ അർജ്ജുനനു എന്ന നിയമനം, നൃത്താധ്യാപിക ബൃഹന്നള എന്ന മൂന്നാം ലിംഗ വേഷധാരിയായി ഒറ്റക്കവ(ൾ)ൻ കൗരവ അക്രമികളെ തുരത്തി വിരാട ഗോക്കളെ സംരക്ഷിച്ചപ്പോൾ ഉയർന്ന പൊതുസമ്മതിയല്ലേ? ഇന്ദ്രപ്രസ്ഥം മുതൽ രണ്ടു കണ്ണുകളിൽ ഒന്നു് ചാരനോട്ടത്തിനു ഉഴിഞ്ഞു വച്ച നകുലനു തന്നെ വേണ്ടേ രഹസ്യാന്വേഷണ വകുപ്പു്?, വരാനിരിക്കുന്ന കലിയുഗത്തിൽ പാണ്ഡവരാജഭരണത്തിന്റെ ഭാവിയെന്തു് എന്നു് കണ്ടെത്തണമെങ്കിൽ ആ ദൗത്യം നിറവേറ്റാൻ പ്രവചനസിദ്ധിയുള്ള സഹദേവൻ തന്നെ വേണ്ടേ? ലിംഗനീതി മന്ത്രാലയം എന്നുച്ചരിക്കുമ്പോൾ തന്നെ നാവിൽ വരുന്ന പേര് പാഞ്ചാലിയല്ലേ?, സ്ത്രീകൾക്കു് നേരെയുള്ള ഗാർഹിക പീഢനത്തിനു നീതിന്യായ വിചാരണാധികാരമുള്ള മന്ത്രിതല പദവി കുന്തിക്കു വേണ്ടേ കൊടുക്കാൻ? ഇതിൽ പിന്നെ ഏതു വകുപ്പാണു് നിങ്ങൾ പറയുന്ന ഹസ്തിനപുരിയിലെ ‘സാധാരണ പ്രജ’ക്കു് കൊടുക്കാനാവുക?”

“മാരകായുധം കൊണ്ടല്ല, മൂല്യാധിഷ്ഠിത നിലപാടു കൊണ്ടാണു് രക്തച്ചൊരിച്ചിലിനിടയിലും നീണ്ടകാല സ്വത്തുതർക്കം നിർണ്ണായകമായ ദിശാപരിണാമത്തിനു വിധേയമായതെന്നു യുധിഷ്ഠിരൻ പറഞ്ഞതു് ശ്രദ്ധയിൽ പെട്ടില്ലേ?” സിംഹാസനത്തിൽ അള്ളിപ്പിടിച്ചിരുന്ന ധൃതരാഷ്ട്രരോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“ഓടിക്കിതച്ചുവന്നു യുധിഷ്ഠിരൻ, ചെങ്കോൽ തരാമോ എന്നു് ചോദിച്ചു. ധൃതി വേണ്ട, നൂറ്റാണ്ടുകളായി കുരുവംശം പാലിക്കുന്ന രാജകീയ നടപടിക്രമം ഉണ്ടല്ലോ, അധികാരക്കൈമാറ്റം പിന്നീടു് പരിഗണിക്കാം എന്നു് ആശ്വസിപ്പിച്ചപ്പോൾ, മുഖഭാവം കണ്ടില്ലെങ്കിലും, മുരളിൽ നിന്നു് ‘മൂല്യാധിഷ്ഠിത നിലപാടെ’ന്തെന്നു മനസ്സിലായി.”

“വരാനിരിക്കുന്ന ദുരന്തത്തെ കുറിച്ചു് എന്തെങ്കിലും പ്രവചനസ്വഭാവമുള്ള വാക്കു അഭിമന്യുവിൽ നിന്നുണ്ടായോ?”, ഉത്തരയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“യുദ്ധത്തിന്റെ പതിമൂന്നാം ദിവസം പുലർച്ചെ അഭിമന്യു എന്നെ ഏറെ നേരം പരിലാളിച്ച തോർക്കുന്നു. ഗർഭസ്ഥശിശു രാജാവായാൽ അത്ഭുതപ്പെടരുതു് എന്നോർമ്മിപ്പിച്ചു. നീ വിധവയായാൽ, ജൈവികദാഹശമനത്തിനു് സുഭദ്രയെ പോലെ സഹനത്തിന്റെ വഴിയിൽ പോകാതെ, പുതിയ ഇണയെ മാറി മാറി തേടാൻ കുന്തിയെ മാതൃകയാക്കണം എന്നവൻ പോർക്കളത്തിലേക്കു പോവും മുമ്പു് മന്ത്രിച്ചതോർക്കുന്നു. അമംഗളകരമായ എന്തൊക്കെയോ പറഞ്ഞുകൊണ്ടായിരുന്നു അഭിമന്യുവിന്റെ ജീവിതം, ചക്രവ്യൂഹത്തിൽ അന്നുച്ചയോടെ അരഞ്ഞു തകർന്നതു്.”

2018-10-13

“നിങ്ങളെ ചുട്ടു കൊല്ലാൻ ഗൂഢപദ്ധതിയിട്ടു ധൃതരാഷ്ട്രരും മക്കളും വരണാവതം സുഖവാസമന്ദിരത്തിൽ?” വിവാഹവിരുന്നിൽ വധൂവരന്മാരെ അനുഗ്രഹിക്കാൻ എത്തിയ പാഞ്ചാലരാജാവു് ചോദിച്ചു.

“അത്താഴം യാചിച്ചു വന്ന ആറംഗ ആദിവാസി കുടുംബത്തെ കുന്തി ആകസ്മിക ആൾമാറാട്ട സാധ്യതയായി കണ്ടു, കൗശലത്തോടെ വിഷമദ്യം കുടിപ്പിച്ചുറക്കിക്കിടത്തി, നേരത്തെ ഞങ്ങൾ പണിതിരുന്ന ഭൂഗർഭ തുരങ്കത്തിലൂടെ നുഴഞ്ഞു അരക്കില്ലത്തിൽ വെന്തുമരിക്കാതെ സാഹസികമായി രക്ഷപ്പെട്ടു.” ആ ഭീതിത പലായനം കയ്യാംഗ്യങ്ങളോടെ പാഞ്ചാലകുടുംബത്തിനു് ഭീമൻ വിശദീകരിച്ചു. വരൻ ഉൾപ്പെടെ മറ്റു നാലു പാണ്ഡവർ ഭീമനെ നീരസത്തോടെ നോക്കി.

“ഹസ്തിനപുരി രാജാവിനാൽ ഇത്രയും വെറുക്കപ്പെടുന്ന ഒരു നികൃഷ്ട കുടുംബത്തിലേക്കാണോ, അതീതശക്തികളുടെ അനുഗ്രഹത്തോടെ നേടിയ എന്റെ പൊന്നുമകളെ ഞാൻ വധുവായി അയക്കുന്നത്!” കേട്ടുനിന്ന പാഞ്ചാലരാജ്ഞി മുഖം പൊത്തി.

“മാറ്റിമറിക്കുമെന്ന മട്ടിൽ വെല്ലുവിളിയോടെ നടന്ന നിങ്ങളുടെ മുഖത്തെന്താ വാട്ടം?” കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു. ചുവരെഴുത്തുപതിപ്പിലെ മുഖംമൂടിധാരിയുടെ ചിത്രം നോക്കുകയായിരുന്ന യുക്തിവാദിയുടെ ശരീരവും ക്ഷീണിച്ചിരുന്നു.

“ഹസ്തിനപുരിക്കും വേണം ജനാധിപത്യഭരണകൂടം എന്നു് പൊതുസമ്മേളനങ്ങൾ നഗരത്തിൽ ശക്തമാക്കാന്‍ ഇറങ്ങിയപ്പോള്‍, ചാർവാകൻ പാണ്ഡവർക്കു കൊള്ളാത്തവനായി. ജനാധിപത്യത്തിൽ അധികാരവഴി ഒരു കുടുംബത്തിൽ ഒതുങ്ങില്ല, ഇനി പാണ്ഡവരുടെ താളത്തിനൊത്തു് തുള്ളാന്‍ ചാർവാകനെ കിട്ടില്ലെന്നുറപ്പായപ്പോള്‍, അവനെ കള്ളനും കൊലപാതകിയുമാക്കാനായി നവഭരണകൂട ശ്രമം. എന്റെ മുഖത്തെ താൽക്കാലിക നൈരാശ്യമോ ശോഷിച്ച ശരീരമോ ഒന്നുമല്ല കാര്യം. രാജവാഴ്ച ചോര വീഴാതെ തന്നെ ഞങ്ങൾ അവസാനിപ്പിക്കും, യുക്തി ബോധം ഊട്ടി വളർത്തും, രാജവാഴ്ചയിൽ ദുരിതമനുഭവിക്കുന്ന ‘വെള്ളംകോരികളും വിറകുവെട്ടികളും’ നാളെ രാജസഭയിൽ ജനാധിപത്യത്തിന്റെ അധികാര ദണ്ഡ് പിടിക്കും.” ശ്വാസം മുട്ടുന്നതിനിടെ പറഞ്ഞു തീരും മുമ്പു്, കയർ കുരുക്കു് ചാർവാകന്റെ അരക്കെട്ടിൽ കുടുങ്ങി. ഇരുട്ടുവീണു് തുടങ്ങിയ പൊതുവാണിജ്യനിരത്തിലൂടെ ആ ദരിദ്ര ബ്രാഹ്മണ യുക്തിവാദിയേയും വലിച്ചു മുഖം മൂടി ധാരി പാണ്ഡവ ചാരവകുപ്പു് മേധാവി ധിക്കാരത്തോടെ നീങ്ങുന്നതു് കൊട്ടാരം ലേഖിക നോക്കി നിന്നു.

“കൗരവ വംശനാശം തന്നെ വേണ്ടി വന്നു അല്ലേ, കുടുംബസ്വത്തിൽ ഓഹരി നേടാൻ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.

“ഏതു വിശുദ്ധനും ഒരു കളങ്കിതഭൂതകാലം ഉള്ള പോലെ ഏതു പാപിക്കും വേണ്ടേ പ്രതീക്ഷാ നിർഭരമായ ഭാവി? തെറ്റിദ്ധാരണ നീക്കട്ടെ-പോരാടിയ പുരുഷകൗരവർ മാത്രമേ ജീവൻ ത്യജിക്കേണ്ടി വന്നുള്ളൂ. വമ്പിച്ചൊരു വിധവകൂട്ടുകുടുംബം ഇന്നും കഴിയുന്നതു് ജേതാക്കളുടെ ചെലവിലാണു്.”

2018-10-14

“യുദ്ധം ജയിച്ചെങ്കിലും മുഖം തെളിഞ്ഞില്ലല്ലോ.” കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.

“യുദ്ധവിജയികൾക്കു ന്യായമായും കിട്ടേണ്ടതൊന്നും കിട്ടിയില്ല. കുരുവംശത്തിന്റെ അപൂർവ്വ രത്നശേഖരം ഇനി തിരയാൻ ഭൂമിയിലും ഭൂഗർഭത്തിലും ഇടമില്ല. ദുര്യോധനൻ അതെവിടെ ഒളിപ്പിച്ചു വച്ചു എന്നതാണു് കുരുക്ഷേത്ര വിജയത്തേക്കാൾ അവന്റെ മുൻകരുതൽ. കൊള്ളമുതലില്ല. എന്നാൽ അടിമസ്ത്രീകൾ? നൂറോളം കൗരവർ കൊല്ലപ്പെട്ടതോടെ അന്തഃപുരത്തിലെ എല്ലാ രാജസ്ത്രീകളും, വിവാഹിത പുത്രവിധവകളും, അവിവാഹിത പുത്രിമാരും സ്വാഭാവികമായി പാണ്ഡവരുടെ ലൈംഗികഅടിമകൾ ആവേണ്ടതായിരുന്നു. എന്നാൽ പാഞ്ചാലിയുടെ സ്വാധീനം കൊണ്ടായിരിക്കാം, കുരുക്ഷേത്രവിധവകൾ പാണ്ഡവർക്കു് വഴങ്ങാൻ തയ്യാറല്ല. അവരെ ഞങ്ങൾ അർദ്ധരാത്രി കുടിയൊഴിപ്പിച്ചു. അവർ വഴങ്ങിയില്ല ഞങ്ങൾ അവർക്കു പുനരധിവാസകേന്ദ്രത്തിൽ സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്തു. വഴങ്ങുന്നില്ല. ഇങ്ങനെ ഓരോരോ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചു നവപാണ്ഡവ ഭരണകൂടത്തെ യുദ്ധാനന്തര സാഹചര്യങ്ങൾ നിർജ്ജീവമാക്കിയാൽ ഞങ്ങളുടെ മുഖം തെളിയുമോ?”

2018-10-15

“വരുമ്പോഴൊക്കെ വിചാരിക്കും, ഹസ്തിനപുരിയിലേക്കു മടങ്ങും മുമ്പു് നിങ്ങളോടെന്തെങ്കിലും മിണ്ടിപ്പറയണമെന്നു. പാഞ്ചാലിയുമായുള്ള സഹവർത്തിത്വമൊക്കെ എങ്ങനെ? ഇളമുറ പാണ്ഡവരോടവൾക്കു ഇഴയടുപ്പമുണ്ടെന്നു തോന്നിയിട്ടുണ്ട്.” പാഞ്ചാലിയുമായുള്ള അഭിമുഖങ്ങളുടെ പനയോലക്കെട്ടുകളുമായി മടങ്ങുമ്പോൾ വഴിയിൽ വിഷണ്ണനായിക്കണ്ട സഹദേവനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“എന്റെ ജന്മം അവൾ പാഴാക്കി.”

“നാവിന്റെ നുഴഞ്ഞുകയറ്റം എന്നാണല്ലോ ഇന്ദ്രപ്രസ്ഥം ചുവരെഴുത്തുപത്രത്തിലെ മുഖ്യവാർത്ത. സ്ഥലജല വിഭ്രാന്തിയിൽ വഴുക്കിവീഴും മുമ്പു് നിങ്ങൾ ചെന്നു് കണ്ട പാഞ്ചാലിയെ ഉപചാരപൂർവ്വം മുട്ടുകുത്തി കൈമുത്തി എന്നേ ഞങ്ങൾ വാർത്ത ഹസ്തിനപുരിയിൽ പരിചരിച്ചുള്ളു. ഏതാണു് ശരി?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. ‘നുഴഞ്ഞുകയറ്റ’ക്കാരെ ചെറുക്കാൻ സൈനികരെ വിന്യസിപ്പിച്ചു കൊട്ടാരത്തിൽ മടങ്ങി വന്ന പ്രഭാതം.

“ആരോപണം വ്യാജം മാത്രമല്ല ബോധപൂർവ്വവുമാണു്. ആതിഥേയ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി, കുരുവംശ കിരീടാവകാശി എന്ന എന്റെ പദവി പരിഗണിച്ചു തന്ന അന്തഃപുരം സ്വീകരണത്തിൽ, ഉപചാരപൂർവ്വം ഞാൻ പാഞ്ചാലിയുടെ കൈമുത്തിയതിനെ പാണ്ഡവർ എങ്ങനെ ഇളക്കിമറിച്ചു അശ്ലീലമാക്കി എന്നു് നോക്കൂ. സ്ഥലജല വിഭ്രാന്തിയെന്ന ഭ്രാന്തൻ നിർമ്മിതിയിൽ എന്റെ വീഴ്ച കണ്ടവരുടെ അത്യാഹ്ലാദത്തിന്നെതിരെ ധൃതരാഷ്ട്രർ യുധിഷ്ഠിരനെഴുതിയ പരാതി മറച്ചു വക്കാൻ നകുലൻ തട്ടിക്കൂട്ടിയുണ്ടാക്കിയ അശ്ലീല കഥ. ഏകശിലാ ദാമ്പത്യം പുലർത്തുന്ന എന്നെ ലൈംഗികാതിക്രമിയാക്കാൻ വെമ്പുന്ന പാണ്ഡവമനസിന്നെതിരെ വേണ്ടിവരും മിന്നലാക്രമണങ്ങൾ-അവർ ചക്രവർത്തിയും ഞങ്ങൾ സാമന്തരാജാവും എന്ന സ്ഥിതി ഇനി അംഗീകരിക്കില്ല.”

“തിരിഞ്ഞു നോക്കാനാരുമില്ലാതെ വിജനവഴിയിൽ കുഴഞ്ഞു വീഴുന്ന മരണമാണോ ഒരിതിഹാസ കഥാപാത്രമാവാൻ നിയോഗമുള്ള നിങ്ങൾക്കു് പ്രകൃതി തന്നതു്?”, അവശയായിരുന്ന പാഞ്ചാലിയെ മൃദുവായി പിടിച്ചിരുത്തി കൊട്ടാരം ലേഖിക വായിൽ ഒരിറ്റു വെള്ളം ഒഴിച്ചു് കൊടുത്തു. സായാഹ്നവെയിൽ താണു തുടങ്ങിയ മലഞ്ചെരുവിൽ അവസാനത്തെ പാണ്ഡവനും അപ്രത്യക്ഷമായിരുന്നു. അമംഗളകരമായൊരു താഴ്‌ന്ന ശബ്ദത്തിൽ മലങ്കാറ്റു വീശി.

“അന്ത്യവിധിയിൽ ഞാൻ തളർന്നു വീഴുമ്പോൾ, തിരിഞ്ഞു നോക്കാതെ അവരഞ്ചു പേരും കാൽ മുന്നോട്ടു തന്നെ വച്ചതാണെന്റെ കൊച്ചു നേട്ടം. വിവാഹരാത്രിയിലെന്ന പോലെ, അവസാന നിമിഷത്തിലും പത്തു തുറിച്ച പാണ്ഡവക്കണ്ണുകൾ എന്റെ മുഖത്തു് വീഴുമെന്ന ആ പേടിസ്വപ്നം അങ്ങനെ ഒഴിഞ്ഞു പോയില്ലേ.”

2018-10-18

“വ്യാസൻ കൊടുത്തയച്ച പനയോലക്കെട്ടുകൾ ഞാനൊന്നോടിച്ചു നോക്കി. വസ്ത്രാക്ഷേപ കേന്ദ്രിതമായി എന്റെ സ്വതന്ത്രവ്യക്തിത്വത്തെ പാണ്ഡവരുടെ ദുരിത ജീവിതാവസ്ഥയുമായി ഈ വിധം ബന്ധപ്പെടുത്തുന്നതു് അസ്വീകാര്യവും അവഹേളനപരവുമാണെന്നു ഞാൻ പറഞ്ഞു. എക്കാലവും പെണ്ണുടലിന്റെ അഴകളവുകളിൽ ആകൃഷ്ടരായിരുന്ന കൗരവർ, നിർണ്ണായകദിവസം എന്റെ വിവസ്ത്ര ശരീരത്തെ മുൻനിർത്തി പാണ്ഡവരെ അടിമപദവിയിലേക്കു നടപടിക്രമമനുസരിച്ചു നയിക്കുകയായിരുന്നപ്പോൾ വിദുരരും ഭീഷ്മരും ലജ്ജിച്ചു തലതാഴ്ത്തിയോ, കഴുത്തു വെട്ടിയോ, ചെവി പൊത്തിയോ എന്നതൊന്നും എന്നെ അലട്ടുന്ന ശരീരഭാഷ അല്ല. മുഖത്തുനോക്കി സംസാരിക്കാൻ എക്കാലവും മെനക്കെടാത്ത വ്യാസൻ, ആണധികാര ഭാവനയിൽ പെണ്ണിനെ അനുകമ്പയുടെ കെണിയിൽ വീഴ്ത്തിയതിൽ പ്രതിഷേധമുണ്ടെന്നു ഞാൻ അല്ലാതെ ആരാണു് ഈ ലോകത്തിൽ എനിക്കുവേണ്ടി പറയാനുള്ളതു്? കഥാനിർമ്മിതിയിൽ വ്യാസനെടുത്ത ദുസ്സ്വതന്ത്ര്യത്തിൽ ഞാൻ എതിർപ്പു പ്രകടിപ്പിച്ചതിനു ശിക്ഷയായി ‘നിന്റെ മരണം മലഞ്ചെരുവിൽ ഏകാന്തഭീകരമാക്കും’ എന്നു് വ്യാസശിഷ്യന്മാർ ഭീഷണി മുഴക്കിയതു് ഞാൻ പുച്ഛത്തോടെ തള്ളുന്നു.” കൊട്ടാരം ലേഖികയുടെ പിടി വിട്ട പാഞ്ചാലി, വരി നിന്നിരുന്ന ചാർവാകനെ കൈകൊടുത്തു ഊഷ്മളമായി സ്വീകരിച്ചു.

2018-10-19

“പീഡിപ്പിച്ചു കൊന്നു ജഢം വലിച്ചെറിയാമെന്നു കരുതിയ കുടിലകൌരവനീക്കത്തെ കടപുഴക്കാനായിരുന്നു, വാൾ ഇടനെഞ്ചിലിറക്കി അഭിമന്യുവിന്റെ പ്രാണനെടുത്തതെന്നു് കർണൻ എറ്റു പറയുന്നതു ഞാനും കേട്ടു. എന്തു് തോന്നുന്നു കർണന്റെ അന്ത്യമൊഴിയെ കുറിച്ച്?” ഭീമപ്രഹരത്തിൽ തുടയെല്ലു് പൊട്ടി ചളിയിൽ പുതഞ്ഞു കിടന്ന ദുര്യോധനനോടു് യുദ്ധകാര്യ ലേഖകൻ ചോദിച്ചു.

“ജീവൻ പോവുമ്പോഴെങ്കിലും താൻ സൂതപുത്രനല്ല, കുന്തിയുടെ കന്യാപുത്രനാണു്, ആ വിധം അഭിമന്യുവിന്റെ പിതൃസഹോദരനും കൂടിയാണു് എന്നു് നാവു പിഴയില്ലാതെ കർണൻ എത്ര എളുപ്പം നമ്മെ ബോധ്യപ്പെടുത്തി. ചോരക്കു സൌഹൃദത്തെക്കാൾ മൂല്യമുണ്ടെന്നു മരണമുഹൂർത്തത്തിലും കർണൻ തെളിയിച്ചു. വ്യാസൻ എഴുതാൻ പോവുന്ന ഇതിഹാസത്തിൽ ഉത്തമപുരുഷനെന്ന ഇടം നേടാൻ എന്റെ ആജീവനാന്ത സുഹൃത്തു് കർണനു അങ്ങനെ സാധിക്കട്ടെ.” ഒരിറ്റു വെള്ളത്തിനു് നാവു പുറത്തിട്ടു ദുര്യോധനൻ കെഞ്ചിയപ്പോൾ തിരക്കു് നടിച്ചു യുദ്ധകാര്യ ലേഖകൻ സ്ഥലം വിട്ടു.

2018-10-20

“ദാമ്പത്യവിശ്വസ്തത എന്നൊരു പുതുആശയം കൗരവരാജ വധുക്കൾ ഈയിടെയായി മുന്നോട്ടുവക്കുന്നുണ്ടു്. ഹസ്തിനപുരി പോലൊരു യാഥാസ്ഥിതിക സമൂഹത്തിൽ, കൌരവപ്രോൽസാഹനത്തിലൂടെ പാണ്ഡവരെ ആക്രമിക്കാനും വില കുറച്ചു് കാണാനും പൊതു സംവാദങ്ങളിൽ അതവർ മറയില്ലാതെ ആയുധമാക്കുന്നതു് നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടാവും. ഇത്തരം ‘സമസ്യ’കളെ ഒരു പരിഷ്കൃതവനിത എന്ന നിലയിൽ നിങ്ങൾ സ്വജീവിതത്തിൽ എങ്ങനെ കൈകാര്യം ചെയ്യുന്നു?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“ഒരാളെ പരിണയിച്ചപ്പോൾ, നാലു പേരെ വെറുതെ കിട്ടി. അവരഞ്ചു പേർക്കും വ്യക്തിഗത വിശ്വസ്തത ദാമ്പത്യത്തിൽ ഞാൻ ഉറപ്പു കൊടുത്തിട്ടില്ല. പാണ്ഡവരുടെ വിവാഹേതര ആനന്ദസ്രോതസ്സുകൾ കളങ്കപ്പെടുത്താൻ ഞാൻ ശ്രമിക്കാത്തതു് പോലെ, അവരും എന്റെ അന്തർമണ്ഡലങ്ങളിൽ അതിക്രമിച്ചു കയറാൻ ധൈര്യപ്പെടുകയില്ല എന്നതു് മാത്രമാണു് ഞങ്ങളുടെ ദാമ്പത്യത്തിലെ പരസ്പര വിശ്വസ്തത” ദൂരെ ദൂരെ സുഹൃത്തിനു സന്ദേശം എഴുതി പ്രാവിന്റെ കാലിൽ കെട്ടി സ്നേഹപൂർവ്വം ദ്വാരകയിലെ ആകാശത്തിലേക്കു യാത്രയാക്കുകയായിരുന്നു പാഞ്ചാലി.

2018-10-21

“പാണ്ഡവരുടെ കൗമാരകാല കായികാധ്വാനങ്ങളെ ഹാസ്യാത്മകമായി കൗരവർ അവതരിപ്പിച്ചപ്പോൾ, മുൻവരിയിലിരുന്ന നിങ്ങൾ ആസ്വദിച്ചതു് ഹൃദയവേദനയുണ്ടാക്കിയെന്ന യുധിഷ്ഠിര നിരീക്ഷണമാണു് ഞങ്ങൾ അഭിമുഖത്തിനു് വിഷയമാക്കുന്നതു്. കൗരവരുടെ ‘അശ്ലീലഭാഷ’യിൽ നിങ്ങൾ ആനന്ദം അനുഭവിച്ചതു് ഭീമൻ പകയോടെ ഓർക്കുന്നു. പാണ്ഡവരെ പിണക്കിയാലും, നിങ്ങൾ കൗരവരോടു് കൂട്ടുകൂടും എന്ന ബോധ്യം അർജ്ജുനൻ ചുണ്ടുകൾ വിടർത്താതെ തന്നെ അമർത്തി പറയുന്നുണ്ടു്. എങ്ങനെ പ്രതികരിക്കുന്നു?” നവവധു പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

ഹസ്തിനപുരി നഗരാതിർത്തിയിലെ അതിഥിമന്ദിരം.

“പ്രതികൂല പ്രതികരണങ്ങൾ എന്തുകൊണ്ടു് മൂന്നു മുതിർന്ന പാണ്ഡവരിൽ പരിമിതപ്പെടുത്തി? ഇളമുറ നകുലനും സഹദേവനും അഭിപ്രായം പറഞ്ഞില്ലേ? അതോ, ആ രസികൻ മാദ്രിക്കുട്ടികൾ നിങ്ങളുടെ വായടപ്പിക്കുന്ന മറുപടി വല്ലതും പറഞ്ഞുവോ? ഒരു വിഭാഗം പാണ്ഡവരുടെ മാത്രം പ്രതിയോഗികളായിരിക്കാം കൗരവർ എന്നാണു സഭയിൽ നിന്നിറങ്ങുമ്പോൾ എനിക്ക്തോന്നിയതു്. അഞ്ചു പാണ്ഡവരും കൗരവർക്കെതിരെ ആണെങ്കിൽ എനിക്കെന്താ?, എന്നോടാരാധന പുലർത്തുന്ന കൗരവരെ ഞാൻ വെറുത്തുശീലിക്കണോ? വിരലൊന്നു മീട്ടിയാൽ കൗരവർ വാലാട്ടി വരും, എന്നാൽ മാദ്രിക്കുട്ടികൾ ഒഴികെ മൂന്നു പാണ്ഡവരും വന്നു കാര്യം തിരക്കാൻ സമയം പിടിക്കും.”

2018-10-23

“അധികാരം നിങ്ങൾക്കൊപ്പമായിരുന്നിട്ടും യുദ്ധം തോൽക്കാൻ എന്തായിരുന്നു കാരണം?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. നിലത്തുവീണ കൗരവനേതാവു് ചുണ്ടു പിളർത്തി ദാഹജലം യാചിച്ച സന്ധ്യ. പാണ്ഡവസംഘം പാളയത്തിലേക്കു് ആടിപ്പാടി നീങ്ങുന്നതു് കാണാമായിരുന്നു.

“തൽപരകക്ഷികളുടെ ദുഷ്പ്രചരണം. കൗരവർ കുതന്ത്രരാണെന്നു സഖ്യകക്ഷിസേനകൾക്കിടയിൽ പ്രചരണം നടന്നു. നിങ്ങളും കണ്ടതല്ലേ? നഷ്ടപ്പെട്ടതൊക്കെ തിരിച്ചു പിടിക്കും. അഭയാർഥികളായി അന്നം ചോദിച്ചുവന്ന പാണ്ഡവർ സിംഹാസനത്തിൽ ഇരിക്കാൻ ഞാൻ സമ്മതിക്കില്ല. ശരീരത്തിനു് ചലനസാധ്യത നഷ്ടപ്പെട്ടെങ്കിലും മനസ്സു് പ്രത്യാശയോടെ ഒരവസരം പ്രതീക്ഷിക്കു ന്നുണ്ടു്. ചെങ്കോൽ ഞാൻ യുധിഷ്ഠിരനിൽ നിന്നു് തട്ടിയെടുക്കുന്ന സമയം നിങ്ങളും ഉണ്ടാവില്ലേ ആ ഐതിഹാസിക മുഹൂർത്തം പൊതുസമൂഹത്തെ അറിയിക്കാൻ?”

“മാദ്രിയുടെ ജ്യേഷ്ഠനല്ലേ? പാണ്ഡവസഖ്യത്തിൽ വരേണ്ട നിങ്ങൾ എങ്ങനെ കൗരവസൈന്യാധിപനായി?”, കൊട്ടാരം ലേഖിക മാദ്രരാജാവു് ശല്യനോടു് ചോദിച്ചു.

“മാദ്രിക്കുട്ടികളായ നകുലനും സഹദേവനും ചോദിച്ചപ്പോൾ കൊടുക്കാത്ത മറുപടി നിങ്ങളോടും, ലോക മനഃസ്സാക്ഷിയോടും, ഞാൻ പറയട്ടെ-പാണ്ഡു മരിച്ചപ്പോൾ ചിതയിൽ ചാടാതെ ഒഴിഞ്ഞുമാറിയ കുന്തി, എന്റെ കൊച്ചനുജത്തിയെ സതിയിൽ ദഹിപ്പിച്ചു എന്നറിഞ്ഞപ്പോൾ മാദ്രദേശം വിലപിച്ചു. ഇടനെഞ്ചിൽ ആയുധമമർത്തി ചോരയെടുത്തു ഞാനവർക്കപ്പോൾ വാക്കുകൊടുത്തു. പ്രതികാരത്തിനവസരം കിട്ടിയാൽ, കുന്തിക്കു യുധിഷ്ഠിര ഭരണത്തിൽ രാജമാതാപദവി നിഷേധിക്കുന്ന ഏതു സഖ്യത്തിലും ചേരും. മാദ്രിമക്കളെ ഞാൻ കൊല്ലില്ലെങ്കിലും, കുന്തിമക്കൾ യുദ്ധം ജയിക്കാതി രിക്കാൻ ശ്രമിക്കും.” യുദ്ധത്തിന്റെ അവസാനദിനം. ചിതയിലേക്കു് തെറിച്ചു വീണ അനുജത്തിയുടെ നിലവിളി കേട്ടപോലെ അയാളുടെ മുഖം വിറച്ചു കണ്ണുകൾ കലങ്ങി. ആയുധം താഴെവീണ തക്കംനോക്കി യുധിഷ്ഠിരൻ ശല്യനെഞ്ചിലേക്കു കുന്തം എറിഞ്ഞു. രാജ്യതാൽപ്പര്യത്തിൽ കൂട്ടു് നിന്ന കൊട്ടാരം ലേഖികക്കു് പുതിയ ഭരണകൂടത്തിൽ പദവി വാഗ്ദാനവും!.

2018-10-25

“അവകാശവാദം വല്ലതുമുണ്ടോ ആദ്യവാർഷികത്തിൽ?”, ഊഞ്ഞാലാടി ആഘോഷിക്കുകയായിരുന്ന മഹാറാണി പാഞ്ചാലിയോടു് കൊട്ടാരം ലേഖികചോദിച്ചു.

“യുധിഷ്ഠിരൻ രാജാവായ ശേഷം, കിടപ്പുരോഗികളൊ ഴികെ നാട്ടിലാരും മരിക്കുന്നില്ലെന്നു നിങ്ങൾ ശ്രദ്ധിച്ചില്ലേ? പരിസ്ഥിതി മന്ത്രാലയത്തിന്റെ അധിക ചുമതല ഭീമൻ ഏറ്റെടുത്തതോടെ, തീരാശാപമായിരുന്ന പുകമഞ്ഞു് നീങ്ങി അന്തരീക്ഷം തെളിഞ്ഞു, ഇളംകാറ്റു് വീശുന്നതു് നാട്ടിലൊക്കെ ഓടിനടക്കുന്ന നിങ്ങൾ അറിയാറില്ലേ? നഗരവികസനം അർജ്ജുനൻ ഏറ്റെടുത്തതോടെ, തക്ഷശിലയിൽ നിന്നുള്ള പഠനസംഘം ഹസ്തിനപുരി നഗരവീഥികൾ ചുറ്റിനടന്നു, തലയിൽ കൈവച്ചു് ‘ഭൂമിയിലെ സ്വർഗം’ എന്നു് വിസ്മയിക്കുന്നതും നിങ്ങൾ ഒരുപക്ഷെ കണ്ടതല്ലേ. നകുലനും സഹദേവനും പൊതുജനാരോഗ്യവകുപ്പു് പകുത്തെടുത്തതോടെ, രാജ്യത്തു സാംക്രമിക രോഗബാധിതരുടെ തിരക്കു് മിക്കവാറും ഇല്ലാതായില്ലേ. എല്ലാം കൂട്ടിവായിക്കുമ്പോൾ എന്താണു് സൂചന? പാണ്ഡവരും വന്ദ്യപിതാക്കളും തമ്മിൽ പാരസ്പര്യം. കാലനും വായുവും ഇന്ദ്രനും അശ്വിനി ദേവതകളും ഒരുമിച്ചു ഞങ്ങളെ പട്ടാഭിഷേകത്തിൽ അനുമോദിക്കാൻ വന്നു. നിങ്ങളിൽ ഞങ്ങൾ പ്രസാദിച്ചിരിക്കുന്നു, അതിന്റെ പ്രയോജനം ജനങ്ങൾക്കു് കിട്ടിത്തുടങ്ങും. ഇതൊക്കെ അല്ലാതെ, ദേവസന്തതികൾ ചെങ്കോൽ പിടിക്കുന്ന കുരുവംശത്തിൽ വേറെ എന്തു് നേട്ടപ്പട്ടിക ഉണ്ടാക്കണം പാണ്ഡവർ?”

2018-10-27

“ഈ ഭാഗത്തൊക്കെ ആദ്യമായാണോ?”, അന്യദേശക്കാരനെന്നു തോന്നിയ യുവസൈനികനോടു് കൊട്ടാരം ലേഖിക ആംഗ്യചലനങ്ങളോടെ ചോദിച്ചു, “പാളയത്തിലും പോർക്കളത്തിലും സൗകര്യങ്ങളൊക്കെ കിട്ടുന്നുണ്ടോ?”

“നിങ്ങളുടെ പ്രിയരാജകുമാരൻ ദുര്യോധനന്റെ സംഘാടകമികവു് കണ്ടപ്പോൾ ഞാനാകെ ഞെട്ടിത്തെറിച്ചു. കുരുക്ഷേത്രയിലെ ഏതിനം പോരാട്ടവേദിയിൽ പോയാലും, ആയുധങ്ങൾ അമ്പു്, കുന്തം, വാൾ, ഗദ എന്തുമായാലും, കാര്യക്ഷമമായ ശത്രുസംഹാരത്തിനവിടെ ക്രമീകരണം കാണും. അതുകൊണ്ടു് വധോർജ്ജം ഊക്കിൽ ഞങ്ങൾ പ്രയോഗിക്കും. കിടക്കാൻ വൃത്തിയുള്ള പായ, ഉണ്ണാൻ കാള ഇറച്ചി പൊരിച്ചതു്, നീന്താൻ കുളിക്കടവുകൾ, അർദ്ധരാത്രി ഉടുതുണി കൊണ്ടു് കണ്ണു് കെട്ടുമ്പോൾ ആസ്വാദനരതി. തുറന്നു പറയട്ടെ, സൈന്യത്തിൽ ചേർന്നശേഷം ഇപ്പോഴാണു് കാലനു് കുടപിടിക്കുന്ന മരണജോലി ശരിക്കും ആർമാദിക്കലാണെന്നു അന്തഃരംഗം പറയുന്നതു്. ധൃതിയുണ്ടു് ഇന്നു് കൊയ്ത പാണ്ഡവതലയുടെ കണക്കു ബോധിപ്പിച്ചു വേണം, നെഞ്ചിൽ പറ്റിപ്പിടിച്ച ശത്രുചോര യമുനയിൽ നീന്തി തേച്ചു കളയാൻ.”

“അതിഥിക്കു് നേരെ ഉണ്ടായ ലൈംഗിക അതിക്രമത്തിന്റെ പേരിൽ ആരോപണവിധേയരായ സംഘത്തെ മഹാറാണി സംരക്ഷിക്കുന്നു എന്ന മുഖപ്രസംഗം ശ്രദ്ധയിൽ പെട്ടുവോ?” യുദ്ധകാര്യ ലേഖകൻ നീതിപതിയോടു് ചോദിച്ചു.

“ചൂതാട്ടസഭയിൽ ഇടിച്ചുകയറി പുരുഷസാന്നിധ്യത്തെ പ്രലോഭിപ്പിച്ചു എന്ന ആരോപണം നേരിട്ട അല്പവസ്ത്രയെ കുറിച്ചാണോ സംസാരിക്കുന്നതു്? പെരുമാറ്റദൂഷ്യത്താൽ പൗരാവകാശം നഷ്ടപ്പെട്ടു വനവാസത്തിനു പോയ അവളും ഭർത്താക്കന്മാരും നിലവിൽ എന്റെ നീതിന്യായ പരിധിയിൽ വരുന്നവരല്ല. നിങ്ങളുടെ സ്ഥാപനത്തിൽ സ്വഭാവദൂഷ്യമുള്ള പത്രപ്രവർത്തകർ ഉണ്ടെങ്കിൽ പരാതി അയക്കൂ പരിശോധിക്കാം. സുരക്ഷിത തൊഴിലിടം കൊട്ടാരം ലേഖികക്കു് ആണധികാരികൾ നിഷേധിക്കുന്നതു് കൊണ്ടല്ലേ ആ പാവം പകൽ മുഴുവൻ ഹസ്തിനപുരി കൊട്ടാരസമുച്ചയത്തിൽ തിണ്ണ നിരങ്ങി കുലീന രാജസ്ത്രീകളെ കുറിച്ചു് നട്ടാൽ മുളക്കാത്ത അപവാദങ്ങൾ നിത്യവും നഗരവീഥികളിലെ ആൾത്തിരക്കിനെ സന്തുഷ്ടരാക്കാൻ ചുവരെഴുത്തുപത്രത്തിൽ എഴുതിവക്കുന്നതു്?”

“സദസ്സു് ശുഷ്കമായതിനാൽ വേദിയിൽ കയറാൻ ഭീമൻ തയാറായില്ല എന്നു കുതിരപ്പന്തികളിൽ കേട്ടല്ലോ. നെട്ടോട്ടമോടി കൗരവരാജവിധവകളെ നകുലനും സഹദേവനും ‘ബലപ്രയോഗ’ത്തിലൂടെ എത്തിച്ച ശേഷമാണു ഭീമൻ ചടങ്ങു തുടങ്ങിയതു്. എങ്ങനെ വായിച്ചെടുക്കണം കുതിരപ്പന്തിവാർത്ത?” അവധി കഴിഞ്ഞു തിരിച്ചെത്തിയ കൊട്ടാരം ലേഖിക യുദ്ധകാര്യലേഖകനോടു് ചോദിച്ചു.

“ദുര്യോധനജീവത്യാഗത്തിന്റെ ആദ്യ അനുസ്മരണമായിരുന്നു. പാഞ്ചാലി അധ്യക്ഷ എന്നു് വാർത്ത പ്രചരിപ്പിച്ചപ്പോൾ ധാരാളം പേരെത്തി. ഭീമനാണു് പ്രഭാഷകനെന്നറിഞ്ഞപ്പോൾ വന്നവരെല്ലാം ഇറങ്ങിപ്പോയി. സൗജന്യധാന്യം വാഗ്ദാനം ചെയ്തു നകുലൻ കൊണ്ടുവന്നതു് അമ്പതോളം കൗരവരാജ വിധവകളെ. കൗരവരെ ഒന്നൊന്നായി കൊന്നു കൊലവിളിച്ച യുദ്ധസ്മരണകൾ ഭീമൻ ഗദ ഉയർത്തി വർണ്ണിക്കാൻ തുടങ്ങിയപ്പോൾ, മിക്ക വിധവകളും ബോധം കെട്ടു. അതൊന്നും ശ്രദ്ധിക്കാതെ ഭീമൻ കുരുക്ഷേത്രാനുഭവം വിവരിച്ചതൊക്കെ കാണേണ്ടി വന്നതു് ഈ ഞാനും.”

2018-10-28

“ധാന്യാഹാരത്തിനു് പകരം ഭീമനു മൃഗമാംസം?”, കൊട്ടാരം ലേഖിക ചോദിച്ചു.

“ധാന്യശേഖരം കുറയുമ്പോൾ അക്ഷയപാത്ര ഭക്ഷണ ലഭ്യതയിൽ കാണുന്ന കാലിക പ്രതിഭാസം എന്നതിൽ കവിഞ്ഞൊരു മായികപ്രദർശനം ഭീമൻ നടത്തി എന്നൊന്നും നിങ്ങൾ കൗരവരുടെ മുമ്പിൽ പ്രചരിപ്പിക്കരുത്. വിത്തു് തിന്നിട്ടും പട്ടിണി മാറാതെ കർഷകർ പാൽ ചുരക്കുന്ന മൃഗങ്ങളെ വെട്ടി വേവിക്കുമ്പോൾ ഒരു ഭാഗം അക്ഷയപാത്രത്തിൽ വന്നു ചേരും.” മാട്ടിറച്ചി മറ്റുള്ളവരുമായി പങ്കിടാൻ മെനക്കിടാതെ ആർത്തിയോടെ വായിലിട്ടു ചവക്കുന്ന ഭീമനു് വേണ്ടി നകുലൻ മാംസ ദർശനം വിശദീകരിച്ചു.

2018-10-29

“രക്തച്ചൊരിച്ചിലിനു ശേഷം തരപ്പെട്ട സിംഹാസനത്തിൽ അമർന്നിരിക്കുമ്പോൾ നിങ്ങൾക്കത്രമേൽ ആഹ്ലാദം അനുഭവപ്പെടുന്നുണ്ടോ?”, കൊട്ടാരം ലേഖിക ചോദിച്ചു. പാണ്ഡവ ഭരണകൂടത്തിന്റെ ആദ്യവാർഷികാഘോഷം കഴിഞ്ഞു യുധിഷ്ഠിരൻ കോട്ടക്കകത്തേക്കു പോകാൻ രഥത്തിൽ കയറുകയായിരുന്നു.

“കാട്ടിൽ കഴിഞ്ഞ കുട്ടിക്കാലത്തു വിശന്നു വലഞ്ഞിരുന്നപ്പോഴും ഒരു മാനിനെയോ മുയലിനെയോ വെട്ടിപ്പൊരിച്ചു തിന്ന ഓർമയില്ല. അഹിംസ, ശാന്തി, സാഹോദര്യം ഈ മൂല്യങ്ങൾ എനിക്കിന്നും വിലപ്പെട്ടതു്. സ്വത്തുതർക്ക പരിഹാരശ്രമങ്ങളുടെ കുരുക്ഷേത്രയുടെ പേരിൽ നിങ്ങളെന്നെ കൊലപാതകിയെന്നു വിളിക്കരുതു്. പോർക്കള സാഹചര്യത്തിൽ ഞാനുച്ചരിച്ച അർദ്ധസത്യം ദ്രോണ വധത്തിൽ എത്തിച്ചു എന്നതിന്റെ പേരിൽ നുണയൻ എന്നൊന്നും വിശേഷിപ്പിക്കരുതു്. ഓർക്കേണ്ടതു് ഒന്നേയുള്ളു, ഈ ലോകത്തു നിങ്ങൾ ജീവിക്കുമ്പോൾ പലതും സംഭവിക്കുന്നു-ചിലതു ആഗ്രഹപ്രകാരം, ചിലതു ആകസ്മികമായി.”

“മഹാറാണിയെന്നു ഉപചാരപൂർവ്വം കൊട്ടാരഭാഷയിൽ പരാമർശിക്കേണ്ട നിങ്ങൾ ‘മുത്തശ്ശി’ എന്ന ഗാർഹിക പദമുപയോഗിച്ചു പരസ്യമായി അപമാനിച്ചു എന്ന പരാതിയുമായി പുകയുകയാണല്ലോ പാവം പാണ്ഡവ ഹൃദയങ്ങൾ. കുരുവംശ കൊട്ടാരത്തിൽ വളർന്നു വലുതായിട്ടും, കറതീർന്ന പെരുമാറ്റ ക്രമം കൃപാചാര്യനിൽ നിന്നു് പഠിച്ചില്ലേ?”, കൊട്ടാരം ലേഖിക പരീക്ഷിത്തിനോടു് ചോദിച്ചു.

“കൊച്ചനുജത്തി എന്നു് വിളിക്കാനാവുമോ അച്ഛന്റെ അച്ഛൻ അർജ്ജുനന്റെ ഭാര്യയെ? കാലമൊക്കെ കുതിച്ചു മുന്നേറി. എനിക്കു മുപ്പത്തിയഞ്ചു കഴിഞ്ഞില്ലേ. അന്നന്നത്തെ അപ്പത്തിനു് വേണ്ടിയുള്ള നെട്ടോട്ടത്തിൽ കൊല്ലങ്ങൾ പറക്കുന്നതു് ശ്രദ്ധയിൽ പെട്ടില്ല അല്ലെ? മുത്തശ്ശി പരാമർശമൊന്നുമല്ല പാഞ്ചാലീപരിഭവത്തിനു പിന്നിൽ. പ്രായക്കൂടുതൽ കാരണം സുഖചികിത്സക്കു് പോവേണ്ടി വരുന്ന യുധിഷ്ഠിരനെ അധികാരത്തിൽ നിന്നു് വലിച്ചു താഴെയിടാൻ മറ്റു പാണ്ഡവരുടെ രഹസ്യസഹായം തേടുകയാണു് പാഞ്ചാലി. കിരീടാവകാശി എന്ന പദവി ഞാൻ സ്ഥാനത്യാഗം ചെയ്തു കിട്ടിയാൽ പാഞ്ചാലീ പട്ടാഭിഷേകം എളുപ്പത്തിലാവും. രാജ സ്നേഹിയായ അമ്മ വിരാടരാജകുമാരി ഉത്തര പക്ഷെ ഈ നീക്കം മഹാരാജാവു് യുധിഷ്ഠിരനെ രഹസ്യമായി അറിയിച്ചപ്പോൾ, പാഞ്ചാലിയെ തൽക്ഷണം വീട്ടുതടങ്കലിൽ ആക്കി. ‘പുകയുന്ന’ മറ്റു പാണ്ഡവഹൃദയങ്ങളെ യുധിഷ്ഠിരൻ ഹിമാലയ ചുരം കാവൽക്കാരാക്കി അയക്കാനും പദ്ധതിയിട്ടിട്ടുണ്ടു്. അതോടെ ഹൃദയങ്ങളുടെ പുകച്ചിൽ മാറും.”

“പഠനയാത്രക്കെത്തിയ രാജ്യതന്ത്ര വിദ്യാർത്ഥികൾക്കു് കൊടുത്ത കൊട്ടാര വിരുന്നിൽ. പൊതുരംഗത്തെ ലിംഗ നീതിയെ കുറിച്ചു് ആശങ്കയോടെ നിങ്ങൾ സംസാരിക്കുന്നതു് ഇന്നലെ കേട്ടു. ലിംഗനീതി നിർവഹണത്തിൽ സ്വന്തം കാര്യം എങ്ങനെ? പാണ്ഡവർ അഞ്ചുപേരും ദേഹി ദേഹം വിടും വരെ നിങ്ങൾ വിരൽനഖം കടിച്ചു കാത്തിരിക്കേണ്ടേ, സ്വയം മഹാറാണിയാവാൻ? അതോ, കിരീടാവകാശി പരീക്ഷിത്തിന്റെ പിന്നിൽ വേണ്ടിവരുമോ ഒതുങ്ങി നിൽക്കാൻ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. പാണ്ഡവർ രാജഭരണസേവനം നാടിനു പുനർസമർപ്പിച്ച ദിവസം.

“വാർദ്ധക്യസഹജമായ വല്ലായ്മയില്ലാത്തവർ വാനപ്രസ്ഥത്തിനു് പോയ കീഴ്‌വഴക്കം നാട്ടിൽ ഇല്ലേ? പാണ്ഡു എങ്ങനെയാണു് സിംഹാസനം ഉപേക്ഷിച്ചു പോയതു്? കിരീടാവകാശി ദേവവൃതനു് ചെങ്കോൽ കൊടുക്കാൻ ശന്തനുവിനു് സാധിച്ചോ? അധികാരം ഏറ്റെടുക്കാൻ തക്ക അവസരം വരുമ്പോൾ പാരമ്പര്യത്തിനു് വഴങ്ങിക്കൊടുക്കാതെ, സാധ്യതകൾ പരിശോധിച്ചു് മുന്നോട്ടു പോയ മീൻകാരി സത്യവതിയാണു്, എല്ലാം ഉപേക്ഷിച്ച ഭീഷ്മരല്ല, ആധുനിക രാജ്യതന്ത്രത്തിന്റെ ഉദാത്തമാതൃക എന്നേ തക്ഷശിലയിൽ നിന്നു് വന്ന ആ കുട്ടികളോടു് ഞാൻ സാന്ദർഭികമായി പറഞ്ഞുള്ളു. പാണ്ഡവർക്കിടയിൽ കിരീടത്തിനായി വടംവലിയുള്ളപ്പോൾ പാഞ്ചാലി അധികാരമോഹി എന്ന പ്രതീതിനിർമിതി വേണ്ട.”

“ധൃതരാഷ്ട്രർക്കെതിരെ ലൈംഗികആരോപണം! ഇന്നത്തേടക്കം നാലു പുതുതലമുറ രാജ കുമാരികൾ. കഴമ്പുണ്ടോ? അതോ, പാപിപാണ്ഡവർ എഴുതി വാങ്ങിയോ പരാതി?” അന്തിമയാത്രക്കൊരുങ്ങുന്ന മുൻ മഹാരാജാവിനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“അന്ധനെന്ന നിലയിൽ ആനുകൂല്യമൊന്നും പ്രതീക്ഷിക്കുന്നില്ല. വയോജന സൗഹൃദമായിരിക്കട്ടെ അന്വേഷണം എന്നും പറയുന്നില്ല. രാഷ്ട്രസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാൻ മക്കളെ ബലി കൊടുത്തവൻ എന്നു് മേനിയും പറയുന്നില്ല. സ്നേഹവിരുന്നിനു കൊട്ടാരത്തിൽ ഓടിച്ചാടി കുട്ടികൾ കൂട്ടം കൂടി വായിൽ മധുരം നുള്ളി തരുമ്പോൾ അരുതാത്തയിടങ്ങളിൽ കൈ നുഴഞ്ഞു കയറിയതൊന്നും മനഃപൂർവ്വമായിരുന്നില്ല. വാനപ്രസ്ഥത്തിൽ പടിയിറങ്ങാൻ പോവുന്ന പോവുന്ന ഞാൻ. വായനക്കാർക്കുറപ്പു തരുന്നു-പാണ്ഡവഭരണകൂടം കെട്ടിച്ചമച്ച ആരോപണം സത്യമെങ്കിൽ, കാട്ടുതീയിൽ പെട്ടു് അഭിശപ്തവ്യാസപുത്രൻ കരിക്കട്ടയാവട്ടെ.”

2018-10-30

“ദാമ്പത്യബാഹ്യസ്രോതസ്സുകളിൽ നിന്നാണു് വ്യത്യസ്തപാണ്ഡവനാമധാരികളുടെ ബീജസമ്പാദനമെന്ന കൗരവപ്രചാരണം നിങ്ങൾ നിഷേധിച്ചതായി കാണുന്നില്ല. വ്യക്തത വരാൻ ചോദിക്കട്ടെ, മക്കളുടെ ‘പാണ്ഡവത്വ’ത്തെ കുറിച്ചുള്ള കൗരവ ആരോപണം അടിസ്ഥാനരഹിതമോ? അതോ, വസ്തുതാപരമോ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“മാതൃത്വമായിരുന്നു ലക്ഷ്യം. ബീജഉറവിടം ദാമ്പത്യത്തിന്റെ അതിർത്തി കടക്കുന്നുവോ എന്ന ചോദ്യത്തിനു്, അത്ര മതി ഉത്തരം. പക്ഷെ, അറിഞ്ഞിടത്തോളം, നിങ്ങൾ അടങ്ങുകയില്ല. അതുകൊണ്ടു് ചുരുക്കി പറയാം. പാണ്ഡുവിന്റെ ലൈംഗികക്ഷമതയെ കുറിച്ചു് ആദ്യരാത്രി മുതൽ സംശയം ഉണ്ടായെങ്കിലും, മഹാരാജാ പദവി വഹിക്കുമ്പോൾ, ഷണ്ഡനെന്നു മുദ്രകുത്തി വിവാഹമോചനം നേടാവുന്ന സാഹചര്യം ഉണ്ടായില്ല. ചെങ്കോൽ ധൃതരാഷ്ട്രർക്കു് കൊടുത്തു പരിത്യാഗിയായി പാണ്ഡു കാട്ടിലേക്കെന്നു പറഞ്ഞു പോവുമ്പോൾ, എന്നെ കൂടെ കൊണ്ടു പോയി. കഠിനവനവാസത്തിൽ വന്യഭാവന തുണച്ചു. എന്തുകൊണ്ടെന്റെ ശാരീരികതയുടെ ആകർഷണം പ്രയോജനപ്പെടുത്തി, പ്രലോഭനത്തിലൂടെ ഗഹനചാരികളെ ക്ഷണിച്ചു, സന്താനഭാഗ്യത്തിനു ശ്രമിച്ചുകൂടാ? അഭിലാഷം പൂവണിഞ്ഞു, പാണ്ഡു മരിച്ചു, ചിതയിൽ മാദ്രിയെ എറിഞ്ഞു അഞ്ചു കുട്ടികളുമായി ഹസ്തിനപുരി കോട്ടവാതിലിനു മുമ്പിൽ നിരാഹാരം കിടന്നു ജന ശ്രദ്ധയാകർഷിച്ചു. അഞ്ചു പേർക്കും പാണ്ഡുഛായ ഇല്ലെന്ന കൗരവ ആരോപണം നിറഞ്ഞു. വഴി വിട്ട രതിയുടെ കഥകൾ കൗരവർ മെനയുമ്പോഴും, ധൃതരാഷ്ട്രർ ഔദ്യോഗികമായി എന്റെ കുട്ടികളെ കുരുവംശത്തിൽ ഉൾപ്പെടുത്തും വരെ ഞാൻ നയപരമായ മൗനം പാലിച്ചു. പാണ്ഡവർ ഖാണ്ഡവപ്രസ്ഥത്തിലേക്കു പോയി കാടു് വെട്ടി നാടു് സ്ഥാപിച്ചതോടെ, വാ ഞാൻ തുറക്കുന്നു. ഇനി നിങ്ങൾ രാജമാതാക്കളുടെ ഈറ്റില്ലത്തിൽ തെളിവു് പെറുക്കാൻ ചുറ്റിക്കറങ്ങുന്നതു് കണ്ടാൽ…” നഖമുള്ള ചൂണ്ടു വിരൽ കൊട്ടാരം ലേഖികയുടെ കണ്ണിനു നേരെ നേരെ കുന്തി നീട്ടി.

“എന്താ ഒരു പകച്ച നോട്ടം?” ഇന്ദ്രപ്രസ്ഥം രാജധാനി സമുച്ചയത്തിന്റെ ചുമതല വഹിക്കുന്ന യുവസർവാധികാരിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“ഞെട്ടൽ മാറിയിട്ടില്ല. ഇന്നലെ ഈ സമയത്താണു് ചക്രവർത്തി യുധിഷ്ഠിരനും കൂട്ടരും ചൂതാടാൻ ഹസ്തിനപുരിയിലേക്കു പോയതു്. നൂറുകണക്കിനു് കഴുതപ്പുറത്തായി കൗരവരാജവധുക്കളുടെ രത്നശേഖരവുമായി മടങ്ങിവരുമെന്നു ഭീമൻ പറഞ്ഞതു് അക്ഷരാർത്ഥത്തിൽ ഞങ്ങൾ വിശ്വസിച്ചു. രാത്രി മുഴുവൻ ആ സുന്ദരസ്വപ്നങ്ങളായിരുന്നു. ഇന്നു് രാവിലെ പക്ഷെ കണ്ണു് തുറന്നപ്പോൾ മുഖപരിചയമുള്ള മൂന്നു നാലു് കൗരവർ വാളോങ്ങുന്നു. സ്വത്തെല്ലാം ചൂതു് കളിയിൽ നഷ്ടപ്പെട്ടു നിയമപ്രകാരം കൗരവ അടിമകളായി യുധിഷ്ഠിരനും സഹോദരന്മാരും പോയ സ്ഥിതിക്കു് ഇന്ദ്രപ്രസ്ഥം ധൃതരാഷ്ട്രരുടെ അധീനതയിലാണെന്നവർ വാൾ മേലോട്ടുയർത്തി പ്രഖ്യാപിച്ചു. പേക്കിനാവെന്നു കരുതി രണ്ടു കണ്ണും അമർത്തി തുടച്ചു. ഇനി ഞങ്ങൾ ഇന്ദ്രപ്രസ്ഥം ഭരിക്കുമെന്നു് കൗരവസൈനികർ പറഞ്ഞപ്പോഴും എനിക്കു് പൂർണമായും അതിന്റെ അർത്ഥാന്തരങ്ങൾ ബോധ്യമായില്ല. ഇപ്പോൾ നിങ്ങൾ കോട്ടവാതിൽ കടന്നു ദുര്യോധനനു് വിജയാശംസ ചെയ്യുന്നതു് കണ്ടപ്പോൾ എന്റെ കരൾ കലങ്ങി.”

2018-10-30

“ഒന്നിലധികം വിവാഹം നിങ്ങളും കഴിച്ചിട്ടുണ്ടു്. ആ നിലക്കു് ഒന്നിനൊന്നു താരതമ്യം ചെയ്തു നോക്കുമ്പോൾ ദാമ്പത്യത്തിൽ പാഞ്ചാലിയുടെ ശ്രദ്ധേയമായ ഒരു വ്യക്തിഗത ന്യൂനത, അങ്ങനെ ഒന്നുണ്ടെങ്കിൽ, എന്താണു്?” കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. ഉർവ്വശിയുമായുള്ള അസാധ്യബന്ധനത്തിൽ, മനമുരുകുന്ന നേരം.

“പ്രണയപരീക്ഷണത്തിൽ നിങ്ങളെ ‘പാഞ്ചാലി’ ഇരയാക്കുന്നു എന്നതാണവളിൽ കാണുന്ന പരിമിതി. പ്രണയിക്കുന്നു എന്നു് ഞാനവളോടു് ഏറ്റുപറയുന്നു എന്നു് തർക്കത്തിനു് സങ്കൽപ്പിക്കുക. സന്തുഷ്ടി പ്രകടിപ്പിക്കുകയോ, പാരിതോഷികമായി ആനന്ദശാരീരികസേവനം നിർവ്വഹിക്കുകയോ അല്ല, നാം സ്വാഭാവികമായി പ്രതീക്ഷിക്കുന്ന തരത്തിൽ, അവൾ ചെയ്യുന്നതു്; മറിച്ചു മറ്റു കൂട്ടുകാരികളെ കൽപ്പിത സാഹചര്യങ്ങളിലൂടെ താഴ്ത്തിക്കെട്ടുവാൻ നിർബന്ധിക്കപ്പെടുന്നു. കഥാ നിർമ്മിതിയിൽ പാഞ്ചാലിയുടെ പ്രതീക്ഷക്കൊപ്പം ഉയരുവാൻ എന്നിൽ അവൾ നോട്ടം, ചലനം, സ്പർശനം തുടങ്ങിയ പെണ്ണാകർഷക പ്രലോഭനമുറകളിലൂടെ കടത്തിവിടുമ്പോൾ നിങ്ങളും, ഒരു പുരുഷനാണെങ്കിൽ ഇടക്കൊന്നു കാലിടറി വീണു പോവില്ലേ.”

2018-11-01

“അരമനയിൽ വിഴുപ്പലക്കുന്ന പണിയാണു് ദുര്യോധനൻ ഏൽപ്പിച്ചതെന്നു ചാർവാകൻ അഭിമുഖത്തിൽ പറഞ്ഞല്ലോ-പ്രകോപിതയായോ ആ പരദൂഷണം കേട്ടു്?” കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. മക്കൾ കുടിയേറ്റക്കാരായി ഖാണ്ഡവപ്രസ്ഥത്തിൽ കാടു കത്തിക്കുന്ന കാലം.

“കല്ലിൽ അടിച്ചു വിഴുപ്പു കഴുകുമ്പോൾ, ഒപ്പം കുളിക്കാനിറങ്ങുന്ന ഗാന്ധാരിയോടു് ഞാൻ പറയും നീന്തുമ്പോഴെങ്കിലും കണ്ണു് കെട്ടിയ കീറത്തുണി അഴിച്ചിട്ടു മലർന്നു കിടന്നു നീന്തൂ-മേലെ നീല മാനവും താഴെ കുളിരുള്ള വെള്ളവും തുറന്ന കണ്ണുകളിലൂടെ ആസ്വദിക്കൂ. കാഴ്ചപരിമിതിയുള്ള ഭർത്താവിനു് ഐക്യപ്പെടാൻ, കാഴ്ച നിഷേധിക്കുന്ന അടിമത്തത്തിൽ നിന്നു് രക്ഷപ്പെടൂ. കൺകെട്ടു് നീക്കി വിവസ്ത്ര ഗാന്ധാരി തുടിച്ചു നീന്തിക്കുളിക്കുമ്പോൾ ഗാന്ധാരയിൽ വളർന്ന പെൺകുട്ടിയെ ഞാൻ സങ്കൽപ്പിക്കും.”

“നീ എത്ര സ്വതന്ത്ര”, ഗാന്ധാരി കിതച്ചു പടവിൽ ഇരുന്നു നെടുവീർപ്പിടും, “വിവാഹത്തിനു് മുമ്പു് നീ രതിയനുഭവം പരീക്ഷിച്ചറിഞ്ഞു. വിവാഹത്തിനു് ശേഷം നീ പാണ്ഡുവിനെ കിടപ്പറയിൽ നിന്നു് നീക്കി, ഭാവനാസമ്പന്നമായ ദാമ്പത്യേതര രതി പരീക്ഷണങ്ങളിലൂടെ അമ്മയായി. പുത്രവധു പാഞ്ചാലി പാണ്ഡവരെ കീഴ്പ്പെടുത്തി എന്നറിഞ്ഞപ്പോൾ അവരെ കുടിയേറ്റത്തിനയച്ചു എനിക്കു് കൂട്ടുകാരിയും വഴികാട്ടിയുമാവുന്നു. നീ തന്നെ സ്വതന്ത്ര വനിത. നൂറു മക്കളിൽ ദുശ്ശളയെ മാത്രമേ ഞാൻ പ്രസവിച്ചുള്ളു. ആൺകൗരവർ ധൃതരാഷ്ട്രരുടെ വിവാഹബാഹ്യസൃഷ്ടികൾ എന്നറിഞ്ഞിട്ടും, സ്വന്തം മക്കൾ എന്നു് അംഗീകരിക്കേണ്ടി വരുന്ന ഭീരു”, ഗാന്ധാരി പൊട്ടിക്കരയുന്നു.

2018-11-02

“താരമൂല്യമുള്ള പാണ്ഡവ തല ഒന്നു് പോലും വെട്ടാതെ, പിതാമഹൻ, പത്താം ദിവസം, ശത്രു ഒരുക്കിയ ശരശയ്യയിൽ നീണ്ടു നിവർന്നു കിടക്കുമ്പോൾ, ഒരു സൈനിക പ്രതിസന്ധി നിങ്ങൾ മുന്നിൽ കാണുന്നുണ്ടോ?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

“പ്രതിസന്ധിയാണോ? അതോ, അവസരമോ? നിങ്ങൾ കണ്ടതല്ലേ, പോർക്കളത്തിൽ ഭീഷ്മസാനിധ്യം നിസ്സാരമായിരുന്നു. കർണ്ണൻ നേരത്തെ തന്ന മുന്നറിയിപ്പു് തള്ളിയതാണെന്റെ വീഴ്ച. ഭീഷ്മതേരാളിയുടെ വാക്കു വിശ്വസിക്കാമെങ്കിൽ, പിതാമഹൻ പലപ്പോഴും ചുറ്റും നോക്കി.

“ഒരു വിഭിന്നലിംഗ പോരാളി മുമ്പിൽ വന്നിരുന്നെങ്കിൽ ആയുധം താഴെയിട്ടു യുദ്ധം ബഹിഷ്കരിക്കാമായിരുന്നു” എന്നാണു് പിറുപിറുത്തിരുന്നതു്. ശിഖണ്ഡി വന്നതും ഭീഷ്മർ അടിതെറ്റിവീണതും ഒക്കെ കണ്ടിട്ടും ഞാൻ മുഖം തിരിച്ചു. ആചാരമനുസരിച്ചു ഞാൻ സേനാധിപത്യം ഏറ്റെടുക്കാൻ ഭീഷ്മരെ ക്ഷണിച്ചപ്പോൾ, നായകപദവി പുതു തലമുറയ്ക്കു് കൊടുക്കൂ എന്ന കുലീന പ്രതികരണം ഞങ്ങൾ പ്രതീക്ഷിച്ചു. ഉടനെ സൈനികവേഷം ധരിച്ചു പിതാമഹൻ, ഇടതും വലതും ആജ്ഞയുമായി, സംയുക്ത സഖ്യകക്ഷിയോഗം വിളിച്ചപ്പോൾ രോഷം നിയന്ത്രിക്കാൻ ഞാൻ പാടുപെട്ടു. എല്ലാം കഴിഞ്ഞു. ഇനി കർണ്ണനെ സേനാപതിയാക്കാൻ സാധിക്കുമോ? “അതോ ഗുരു ദ്രോണർ തടസ്സവാദവുമായി ഇടപെടുമോ? കാത്തിരിക്കൂ നാളെ രാവിലെ വരെ.” അരക്കെട്ടു മുതൽ നഗ്നമായ ശരീരം നിറയെ വെട്ടും ചതവുമായിരുന്നിട്ടും, ആ ധീരസേനാനി ഒരു വട്ടം യമുനയിൽ നീന്തി വീണ്ടും ചാടാൻ തയ്യാറെടുക്കുകയായിരുന്ന സന്ധ്യ.

2018-11-03

“ആദ്യ പ്രശംസ ആരുടേതായിരുന്നു? എളുപ്പമല്ല ആ തിരക്കിനിടയിൽ ഒന്നൊന്നായി ഓർത്തെടുക്കാൻ എന്നറിയാം”, കൊട്ടാരം ലേഖിക ചോദിച്ചു.

“ഒളിച്ചിരുന്ന ശത്രുവിനെ പാഞ്ചാലിയുടെ മുമ്പിൽ മുട്ടു് കുത്തിച്ചു കഴുത്തുവെട്ടുകയായിരുന്നു പതിമൂന്നു കൊല്ലമായി മോഹം. യുധിഷ്ഠിരൻ പക്ഷെ ദുര്യോധനനു് അനുകൂലമായി സംസാരിച്ചപ്പോൾ, അടിച്ചു വീഴ്ത്താൻ നേരമെടുത്തു. കാഴ്ചക്കാരായി ആറേഴുപേർ. തളർന്നു ഞാൻ വീഴും മുമ്പു് ഗദ അതിന്റെ ജോലി ചെയ്തു. ഒടിഞ്ഞ തുടയെല്ലുമായി ശത്രു ചളിയിൽ വീഴുമ്പോൾ കേട്ട ആദ്യ പ്രശംസ പാഞ്ചാലിയുടേതായിരുന്നു.

“ദേ വീണു ദുര്യോധനൻ.”

ഹസ്തിനപുരി കൊട്ടാര യോഗത്തിൽ മഹാരാജാവു് അത്യുന്നത സൈനിക പുരസ്കാരം തരുമ്പോൾ പോലും ആ പ്രകമ്പനം പിന്നീടു് ഉണ്ടായിട്ടില്ല.

“നിഷിദ്ധതുടയിൽ അടിച്ചുതന്നെ കൊല്ലണോ, കുടുംബസ്വത്തിൽ ഓഹരി നേടാൻ?”, ചളിയിൽ പുതഞ്ഞു വാവിട്ടു നിലവിളിക്കുന്ന ദുര്യോധനനെ നോക്കി കുന്തി പരിതപിച്ചു.

“എനിക്കു് നിർബന്ധമൊന്നും ഉണ്ടായിരുന്നില്ല. ഗാന്ധാരി അനുഗ്രഹിച്ചു നൽകി എന്നു് പറയപ്പെടുന്ന എന്തോ ദിവ്യബലം ഉള്ളതു് കൊണ്ടു്, നിഷിദ്ധമല്ലാത്ത മറ്റു ശരീരഭാഗങ്ങളിൽ ഭീമഗദാപ്രഹരം മാരകമാവില്ലെന്നു ദുര്യോധനൻ പരസ്യമായി വെല്ലുവിളിച്ചാൽ പിന്നെ പോരാട്ടം ജയിക്കാൻ ഞാനെന്തു ചെയ്യും”, ഭീമൻ കൊച്ചു കുട്ടിയെ പോലെ കൊഞ്ചി.

2018-11-04

“വിവാഹബാഹ്യപ്രണയം വിവാദവിഷയമാക്കുന്നതിൽ വല്ലായ്മയുണ്ടെങ്കിലും, അഭിമുഖങ്ങളിൽ പാഞ്ചാലി അവകാശപ്പെടുന്ന പോലെ കൗരവർ അവളുടെ കാമുകരാണോ?”, കുരുക്ഷേത്രയിലെ സൈനിക പാളയനിർമ്മിതിക്കു് മരങ്ങൾ മുറിക്കുന്ന സംഘത്തിനു് നേതൃത്വം കൊടുക്കുന്ന ഇളമുറകൗരവനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“അഞ്ചോളം അംഗീകൃത ഭർത്താക്കന്മാർ അകമ്പടിക്കു കൂടെയുള്ള പാഞ്ചാലിക്കു് അഞ്ചിലധികം മനഃസ്സാക്ഷികളുണ്ടു് എന്നതാണു് ഞങ്ങളെ വലക്കുന്ന കാര്യം. അവളുടെ ആകർഷണ വലയത്തിൽ മിക്കപ്പോഴും സ്തംഭിച്ചു ഞങ്ങൾ ‘മൂക’സാക്ഷികളാവും, പരുക്കേൽക്കാതെ രക്ഷപ്പെടാൻ കുറുക്കുവഴിയെന്ന നിലയിൽ ചിലപ്പോൾ ‘മാപ്പു’ സാക്ഷിയുമാവും.”

“പ്രതിച്ഛായ പോലെ പവിത്രമാണോ കൊല ചെയ്യുന്ന രീതിയും?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. ഒരർദ്ധസത്യം കൊണ്ടു് ദ്രോണരെ വധിക്കാൻ സാധിച്ച സംതൃപ്തിയിലായിരുന്നു, നീരാടിക്കൊണ്ടിരുന്ന ധർമ്മപുത്രർ.

പ്രതിസന്ധിയിലും ശാന്തമായിരിക്കും മുഖഭാവങ്ങൾ എന്നു് പാഞ്ചാലി പ്രശംസിച്ചിട്ടുണ്ടു്. ആർമാദിക്കില്ല. കുന്തമാണെന്റെ ആയുധം. ശത്രുവിന്റെ ഇടനെഞ്ഞു നോക്കി ആഞ്ഞെറിഞ്ഞാൽ, സാവധാനം നടന്നു ചെന്നു് വലിച്ചൂരിയെടുക്കുമ്പോൾ ഇരയുടെ ശ്വാസം നിലക്കു ന്നതു കരുണയോടെ കാണും. അടയുന്ന കണ്ണുകൾ നോക്കി മന്ത്രിക്കും, എന്റെ കൈകളാൽ വീരമൃത്യു വരിച്ച നിനക്കു് സ്വർഗ്ഗരാജ്യം എളുപ്പം. ആ നിലയിൽ നോക്കിയാൽ, ചോരക്കറയുള്ള കുന്തവുമായി അടുത്ത ശത്രുസംഹാരത്തിനായി തിരിഞ്ഞുനടക്കുമ്പോൾ ശുഭയാത്ര പറഞ്ഞുപിരിഞ്ഞ പോലെ ദൈവസാന്നിധ്യം തോന്നും.

“ആദ്യഭാര്യ എന്ന നിലയിൽ നിങ്ങളല്ലേ ചിതയിൽ ചാടാൻ യോഗ്യ? ആ പ്രത്യേകവകാശം പിന്നെ മാദ്രി എങ്ങനെ തട്ടിയെടുത്തു?” കൊട്ടാരം ലേഖിക ചോദിച്ചു. കൗമാരപ്രായത്തിലുള്ള അഞ്ചു അർദ്ധനഗ്നർ കുന്തിക്കു് ചുറ്റും നിലവിളിച്ചു കൊണ്ടിരുന്ന ശ്മശാനം.

“അന്തരീക്ഷമലിനീകരണം ഒഴിവാക്കാൻ പാണ്ഡു ജഢം തീകത്തിക്കുന്നതിനു പകരം രഹസ്യമായി കാട്ടിൽ കുഴിച്ചിടാം എന്ന നീക്കത്തിൽ ഞങ്ങൾ ശ്രമിക്കുമ്പോൾ, ഇടിച്ചു കയറി വന്ന സന്യാസികൾ, കുരുവംശത്തിന്റെ യമുനാതീര അന്ത്യവിശ്രമഘട്ടിൽ തന്നെ വേണം ഔദ്യോഗിക ബഹുമതികളോടെ ശവത്തിനു തീ കൊളുത്താൻ എന്നു് ആചാരപരമായി നിർബന്ധിച്ചു. ഒപ്പം, ചിതയിൽ ചാടാൻ നിങ്ങൾ രണ്ടു പേരും ഹൃദയപൂർവ്വം തയ്യാറാവണം എന്നു് ഒച്ചവെച്ചു അവർ ആളെക്കൂട്ടി. ചിത കത്തിപ്പിടിച്ചപ്പോൾ, ‘എന്നെ തീയിൽ എറിയരുതേ എനിക്കു് മരിക്കണ്ട, എനിക്കിനിയും പുനർവിവാഹം ചെയ്തു ആനന്ദിച്ചു ജീവിക്കണം, ഈ ഷണ്ഡന്റെ ചിതയിൽ എന്നെ കരിപ്പിക്കരുതേ എന്നെ കൊല്ലരുതേ’ എന്നു് വാവിട്ടു് നിലവിളിച്ചാണു് മാദ്രി കത്തിയമർന്നതു്. കുട്ടികൾ അഞ്ചു പേരും എന്നെ ഭീതിയിൽ വളഞ്ഞു, അമ്മാ തീയിൽ ചാടി ഞങ്ങളെ അനാഥരാക്കരുതെ എന്നവർ കാട്ടുഭാഷയിൽ യാചിക്കുന്നതാണു് ഇപ്പോൾ നിങ്ങൾ കാണുന്നതു്.”

2018-11-05

“പേരും പദവിയും നാവിൻതുമ്പിൽ തത്തിക്കളിക്കുന്നുണ്ടു്. എന്നാൽ അതു് നാടകീയമായി പൊതുവേദിയിൽ ഒരു സംഭവമാക്കി അവനെയും കൂട്ടരെയും സമൂഹമധ്യത്തിൽ നാണം കെടുത്താൻ നിങ്ങൾക്കെന്താണിത്ര മടി?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു, “ലൈംഗികാതിക്രമം ചെയ്തു പൊതുവേദിയിൽ ഞെളിയുന്നവനെ പിന്നെ എങ്ങനെ ശിക്ഷിക്കാനാണു്? ചൂതാട്ടസഭയിൽ മാധ്യമ വിലക്കുണ്ടായിരുന്നു എന്നറിയില്ലേ?” പാണ്ഡവർ അഞ്ചുപേരുമൊത്തു നഗ്നപാദപാഞ്ചാലി പന്ത്രണ്ടു വർഷ വനവാസത്തിനു പുറപ്പെടുന്ന നേരം.

“ഹസ്തിനപുരി സാമ്രാജ്യത്തിൽ അടിമവ്യാപാരവും ചൂതാട്ടവും നൂറ്റാണ്ടുകളായി തുടരുന്നതല്ലേ കാരണം? പാഞ്ചാലി എന്ന ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയാണോ വസ്ത്രാക്ഷേപത്തിലൂടെ ഇന്നലെ അപമാനിക്കപ്പെട്ടതു്? അതോ, അരനിമിഷത്തിൽ പദവി മാറിയ പാഞ്ചാലിയോ? എന്നെ കൗരവ അടിമയാക്കിയ യുധിഷ്ഠിരനാണോ പ്രതിക്കൂട്ടിൽ പൊരിക്കപ്പെടേണ്ടതു്? അതോ, നിയമവിധേയമായി അടിമയുടെ ഉടുതുണിയിൽ കൈവച്ച ഉടയോനോ?”

“യുദ്ധത്തിനു് തയ്യാറെടുക്കുകയാണോ?”, കൊട്ടാരം ലേഖിക ചോദിച്ചു, “എവിടെ തിരിഞ്ഞൊന്നു നോക്കിയാലും വാടിയ മുഖങ്ങളും ഒട്ടിയ വയറും കാണുന്ന നാടിനു രണ്ടാമതൊരു യുദ്ധക്കെടുതി സഹിക്കാനാവുമോ?”

“അടിച്ചേൽപ്പിക്കുകയല്ലേ ഞങ്ങളിൽ യുദ്ധം? കുരുക്ഷേത്രയിൽ കൗരവർക്കൊപ്പം യുദ്ധം ചെയ്ത നാട്ടുരാജ്യങ്ങൾ ഞങ്ങൾക്കെതിരെ സംഘടിച്ചിരിക്കയാണു്. സൈനിക വിധവകൾക്കും കുടുംബങ്ങൾക്കും ജീവിത ചെലവു് ഹസ്തിനപുരി ഏറ്റെടുക്കുമെന്നു് വാഗ്ദാനം കൊടുത്താണു് ദുര്യോധനൻ ഓടി നടന്നു സഖ്യകക്ഷി സൈനികരെ കുരുക്ഷേത്രയിൽ കൂടെ കൂട്ടിയതു്. അവകാശവാദങ്ങളുമായി നിത്യവും ഓരോ നാട്ടിൽ നിന്നു് പ്രതിനിധികൾ ഇവിടെ കുതിരപ്പന്തികളിൽ പ്രചരിപ്പിക്കുന്ന കഥകളൊന്നും പകേൾക്കാറില്ല? അതോ, കൊട്ടാരം ഊട്ടുപുരയിൽ മാട്ടിറച്ചി തിന്നു കഥ മെനയുകയാണോ? ഹസ്തിനപുരിയുടെ അഖണ്ഡതക്കു വേണ്ടി ജീവത്യാഗം ചെയ്തവർ എന്നാണവർ മേനി പറയുന്നതു്. യുദ്ധത്തിൽ തോറ്റ രാജ്യത്തിൽ നിന്നു് ജേതാക്കൾ കപ്പം നേടുന്നതു് പതിവായിരിക്കാം, തോറ്റ രാജ്യങ്ങൾ സംഘടിച്ചു ജേതാക്കളിൽ നിന്നു് നഷ്ടപരിഹാരം തേടുമ്പോൾ ഞങ്ങൾ അഹിംസ മന്ത്രിച്ചു താടിക്കു കയ്യും വച്ചിരിക്കണോ?”

2018-11-07

“ഏതു കുഴഞ്ഞുമറിഞ്ഞ ആവാസ വ്യവസ്ഥയിലും കാണാം ഒരു സ്വതന്ത്ര വനിതക്കു്, ആരും അതിക്രമിച്ചു കയറാൻ ധൈര്യം വരാത്ത ഇടം. അത്തരം ഏകാന്ത നിമിഷങ്ങളിൽ പാഞ്ചാലി മൂളിപ്പാട്ടു് പാടുമോ?, വായിക്കുമോ, എഴുതുമോ, അതോ മതിമറന്നു നൃത്തം ചെയ്യുമോ?” കൊട്ടാരം ലേഖിക ചോദിച്ചു.

“സ്വകാര്യ ഇടം എന്ന പെണ്ണവകാശം പാഞ്ചാലിയുടെ കാര്യത്തിൽ എനിക്കു് പരിചയമുണ്ടു്. നേരിൽ കാണാൻ ഒരിക്കൽ രണ്ടും കല്പ്പിച്ചു ഒരു ചാരനെ പോലെ പതുങ്ങി പതുങ്ങി പാഞ്ചാലിക്കു പിന്നിൽ ചെന്നു് അവൾ എന്താണു് ഇത്തവണ പതുക്കെ പാടുന്നതു് എന്നു് ഞാൻ ചെകിടോർത്തു. കേട്ടപ്പോൾ, ഞെട്ടി പിന്തിരിഞ്ഞു. പിന്നെ ഞാൻ അവളുടെ ഏകാന്തതയിൽ കയറി ചെന്നിട്ടില്ല. എന്തായിരുന്നു അതെന്നോ? അതൊരു കുഴപ്പം പിടിച്ച പാടൽ ആയിരുന്നു. ഭർത്താവു് കേൾക്കാൻ പാടില്ലാത്ത ഒന്നു്. പടിഞ്ഞാറു കടലോരനഗരത്തിലേക്കു നോട്ടമെറിഞ്ഞു മോഹന രാഗത്തിൽ സ്വാഗതം കൃഷ്ണാ പാടി പ്രിയപ്പെട്ടവനെ അവൾ സ്വാഗതം ചെയ്യുകയായിരുന്നു. അവളുടെ ഭർത്താവു് മാത്രമല്ല ഇഷ്ടകാമുകനെന്നു തെറ്റിദ്ധരിച്ച ഞാൻ നിസ്സഹായനായ നേരം. ചിതയുണ്ടായിരുന്നെങ്കിൽ ദേഹത്യാഗം ചെയ്യാൻ തോന്നിയ അഭിശപ്തമുഹൂർത്തം.”

“സത്യഭാമയെ നിങ്ങൾ തേച്ചൊട്ടിച്ച കഥ കേട്ടറിഞ്ഞിട്ടുണ്ടു്. എന്നാൽ അർജ്ജുനഭാര്യ സുഭദ്ര ആദ്യദർശനത്തിൽ തന്നെ നിങ്ങളുടെ വായടച്ചുവോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വനവാസക്കാലം.

“അടവുകൾ പയറ്റിത്തെളിഞ്ഞ സത്യഭാമയെവിടെ? ശിശുഹൃദയമുള്ള സുഭദ്രയെവിടെ?” എങ്കിലും എന്നെ ഒന്നടിതെറ്റിക്കാൻ സുഭദ്രക്കായി എന്നു് ഞാൻ സമ്മതിക്കുന്നു. അതും ഞാൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയായിരിക്കുമ്പോൾ. അർജ്ജുനൻ പുറത്തുപോയപ്പോൾ സുഭദ്ര എന്നെ മുടി മുതൽ കാലടി വരെ നോക്കി അത്ഭുതപ്പെട്ടു, “കൊച്ചുസുന്ദരീ, അഞ്ചു പ്രസവിച്ച ശരീരമാണോ ഇതു്?”

2018-11-08

“സ്വത്തുതർക്കത്തിന്നതീതമായി പാണ്ഡവർക്കും കൌരവർക്കുമിടയിലൊരു സംഘർഷഭൂമികയുണ്ടെന്നു നേരനുഭവത്തിലൂടെ നിങ്ങൾ തിരിച്ചറിഞ്ഞതെപ്പോഴായിരുന്നു?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“വിവാഹം കഴിഞ്ഞു ഹസ്തിനപുരി കൊട്ടാരസമുച്ചയത്തിൽ വീടു് പ്രതീക്ഷിച്ചു ഞങ്ങൾ നഗരാതിർത്തിയിലെ അതിഥിമന്ദിരത്തിൽ കഴിയുമ്പോൾ, ദുര്യോധനൻ നിത്യവും സന്ധ്യക്കു് വന്നു ഞങ്ങൾക്കനുവദിക്കാൻ പോവുന്ന രാജകീയവസതിയിൽ പുതുതായി വേണ്ടുന്ന സൌകര്യങ്ങളെ കുറിച്ചു് സരസമായി ഓരോന്നു് ചോദിക്കും. ഇക്കാര്യങ്ങളെ കുറിച്ചൊന്നും അറിവോ അനുഭവമോ ഇല്ലാത്ത പാണ്ഡവർ, അപ്പോൾ ഒളിഞ്ഞു നിന്നു് ഞങ്ങളെ നിരീക്ഷിക്കും. പുതുസൌകര്യങ്ങളെ കുറിച്ചു് ഞാൻ മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശങ്ങൾ മതിപ്പോടെ ദുര്യോധനൻ കേട്ടു് സമ്മതഭാവത്തിൽ തലയാട്ടും. ആഹ്ലാദവും അഭിമാനവും തോന്നുന്നത്ര ഹൃദ്യമായ പെരുമാറ്റമായിരുന്നു ദുര്യോധനന്റെതു് എന്നതിൽ എനിക്കപ്പോൾ തോന്നിയ ഊഷ്മളത, യാത്ര പറയുന്ന സമയം വളരെ നീളും. യാത്രയാക്കി മടങ്ങി വന്നാൽ, പത്തു കണ്ണുകൾ തുറിച്ചും മറിച്ചും നോക്കി രാത്രി ഭീതിതമാക്കും.”

2018-11-09

“ദാമ്പത്യത്തിലെ പ്രണയം വിചിത്ര സങ്കൽപ്പമാണെന്നു പറയുന്നവരുണ്ടു്. നിങ്ങൾക്കിടയിൽ പ്രണയം ഒരു നിറസാന്നിധ്യമായിരിക്കാം, എന്നാൽ അതു് എപ്പോഴെങ്കിലും തർക്കവിഷയമായിട്ടുണ്ടോ? ദാമ്പത്യ അവിശ്വസ്തത പാണ്ഡവർക്കിടയിൽ പതിവാണെങ്കിലും, പ്രണയപാഞ്ചാലിയെ പൂർണ്ണമായും സ്വന്തമാക്കാൻ മോഹിക്കുന്ന ഒന്നിലധികം പാണ്ഡവഹൃദയങ്ങളെ എനിക്കറിയാം.” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ജലാശയത്തിൽ പാണ്ഡവർ മലർന്നു നീന്തുന്നതു് ദൂരെ നിന്നു് കാണാമായിരുന്നു. വനവാസക്കാലം.

“ഒരു പ്രാവശ്യം ഞങ്ങളുടെ നീണ്ട ദാമ്പത്യത്തിൽ പ്രണയം എന്ന പദം പരാമർശിക്കപ്പെട്ടു. ഒരേ പായ പങ്കിടുന്നവളുമായുള്ള നിത്യകുടുംബബന്ധത്തിൽ പ്രണയത്തിനെന്തു പ്രസക്തി എന്നു് അർജ്ജുനൻ നിർജ്ജീവശബ്ദത്തിൽ അപ്പോൾ ചോദിച്ചു. മറ്റു നാലു പേരും അനുകൂല മുഖഭാവത്താൽ ശരി വച്ചു. അതോടെ പ്രണയം എന്ന വികാരം, അങ്ങനെ ഒന്നുണ്ടെങ്കിൽ, ഞങ്ങൾക്കിടയിൽ നിന്നു് എന്നെന്നേക്കുമായി അപ്രത്യക്ഷമായി.”

“പോറലേൽക്കാതെ പാണ്ഡവർ രക്ഷപ്പെട്ടതു് കുന്തിയുടെ സഞ്ചിത പുണ്യം കൊണ്ടാണെന്നു വിദുരർ ഇന്നലെ പറയുന്നതു് കേട്ടല്ലോ. മിതഭാഷിയെന്നു പേരുകേട്ടയാൾ അത്യുക്തിയിൽ അഭിരമിക്കുന്നു എന്ന തോന്നലുണ്ടോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധാനന്തര അനിശ്ചിതത്വത്തിന്റെ നാളുകൾ.

തൊലിപ്പുറമേ ചോര പൊടിയാതെ അഞ്ചുപേരും പോർക്കളത്തിൽ നിന്നു് പുറത്തു ചാടി എന്നതൊരു ആകസ്മിതയെന്നു കരുതിയ എനിക്കൊരു പക്ഷെ തെറ്റി. എന്നാൽ, പാണ്ഡവർ അഞ്ചു പേരും, എന്റെ മേൽനോട്ടത്തിൽ, മാനസിക രോഗത്തിനു് രഹസ്യ ചികിത്സ നേടുന്നവരാണെന്ന സത്യം.

“സഞ്ചിത പുണ്യവതി” അറിയാതിരിക്കട്ടെ.

2018-11-10

“ദൂരെ ദൂരെ, ഗംഗാ സമതലത്തിൽ നിന്നു് ഇടയ്ക്കിടെ നിങ്ങൾ ഞങ്ങളെ വന്നു കണ്ടു തിരിച്ചു പോവുന്നതിന്റെ രഹസ്യമെന്തു്?”, നകുലൻ കൊട്ടാരം ലേഖികയോടു് ചോദിച്ചു.

“നാലു ചുവരെഴുത്തു് പതിപ്പുകൾ ഉള്ളതിൽ ഒന്നു് കൗരവ രാജസ്ത്രീകളുടെ നൂറോളം വസതികളിലെ അന്തേവാസികളെ വായനക്കാരായി ലക്ഷ്യമാക്കുന്നു. അവർക്കു് ഗംഗയോ ഹിമാലയമോ കൗതുകവാർത്തയല്ല, ‘കൗരമ അടിമ പാഞ്ചാലി’യുടെ പരിദേവനങ്ങൾ മതി. കൊട്ടാര സമുച്ചയത്തിലെ ചുവരെഴുത്തുപതിപ്പു് മാത്രമാണു് ‘ഹസ്തിനപുരി പത്രിക’ എനിക്കു് അനുവദിച്ചു തന്നതെങ്കിലും, കുരുവംശഹത്യ ഒരിതിഹാസത്തിനു ഭാവിയിൽ വിഷയമാവുമെങ്കിൽ, എന്റെ ‘പാഞ്ചാലീ അഭിമുഖങ്ങളി’ൽ വ്യക്തമാവുന്ന പെണ്ണവകാശ പോരാട്ടങ്ങൾക്കു്, കൗരവപാണ്ഡവരുടെ സ്വത്തവകാശത്തർക്കത്തെക്കാൾ സാമൂഹ്യശാസ്ത്രപരമായ ലോകശ്രദ്ധ കിട്ടുമെന്നാണു് പ്രത്യാശ. അതാ, കുളി കഴിഞ്ഞു ഈറനുമായി പാഞ്ചാലി മുറ്റത്തെത്തിക്കഴിഞ്ഞു, ഒരു കൈ ഞാൻ സഹായിക്കട്ടെ?”

“നിങ്ങൾ ആളൊരു വിമതനാണെന്നറിയാം പക്ഷെ മദ്യപിച്ചു കെട്ടുകഥ പറയാനുള്ള നേരമാണോ ഇതു്?”, ചാർവാകനോടു് കൊട്ടാരം ലേഖിക ചോദിച്ചു. കുരുക്ഷേത്ര പതിമൂന്നാം ദിവസം.

“എന്തുകൊണ്ടായിരുന്നു ചിതയിൽ വച്ചിരുന്ന അഭിമന്യുജഢം കുഴി കുത്തി പാണ്ഡവർ മറവു ചെയ്തതു് എന്നു് നിങ്ങൾ അന്വേഷിച്ചുവോ? അർജ്ജുനനാണു് ഈ കൃത്രിമ ശരീരനിർമിതിയുടെ ഉപജ്ഞാതാവു് എന്നൊന്നും നിങ്ങൾ തിരിച്ചു പോയി എഴുതിക്കളയരുതു്. അയോധ്യയിൽ നിന്നു് വനവാസത്തിൽ പോവുമ്പോൾ സീതയെ ഇങ്ങനെ ഒളിപ്പിച്ചുവച്ചു, ഒരു ‘നിർമ്മിതിസീത’യെ കാട്ടിലേക്കയച്ചിരുന്നു. മഹാഭാരതയുദ്ധത്തിന്റെ ഗതി മാറ്റാൻ അതിവൈകാരിക സമ്മർദ്ദമുണ്ടാക്കുന്നൊരു ചതിക്കൊല വേണമെന്നൊരു യുദ്ധതന്ത്രആവശ്യം രഹസ്യമായി നടപ്പിലാക്കിയതിന്റെ ഭീകരമായ ഫലം, വരും ദിവസങ്ങളിൽ നാമൊക്കെ കാണും. സുഭദ്രയുടെ മകൻ അഭിമന്യു ഇപ്പോൾ ബലരാമനൊപ്പം പുണ്യസ്ഥലികളിൽ തീർത്ഥയാത്രയിലാണു്.”

2018-11-12

“ഇന്ദ്രപ്രസ്ഥം കാലത്തു് ക്രമമനുസരിച്ചു് പാണ്ഡവരിൽ നിന്നു് ഗർഭം ധരിച്ചു ജന്മം നൽകിയ ആണ്‍കുട്ടികളഞ്ചു പേരെയും പോറ്റി വളർത്താൻ പാഞ്ചാലയിലേക്കു് നവജാതശിശുവിനെ സ്വയം കൊണ്ട്പോയ നിങ്ങൾ, പക്ഷെ, വഴിയിലുള്ള ഹസ്തിനപുരിയിൽ സ്ഥിരതാമസമാക്കിയിരുന്ന പാണ്ഡവമാതാവു് കുന്തിയെ ഒരിക്കലും ചെന്നു് കണ്ടില്ല എന്നാണു ചക്രവർത്തി യുധിഷ്ഠിരൻ പരിഭവിക്കുന്നതു്. കുന്തിക്കു് കൊച്ചുമക്കളെ ഒന്നു് കാണണ്ടേ?” കൊട്ടാരം ലേഖിക ചോദിച്ചു.

“പനംകുട്ടയിൽ വച്ചു പുഴയിലൊഴുക്കിയും, ഗംഗയിൽ മുക്കിക്കൊന്നും പേറ്റുചൂരുള്ള കുഞ്ഞുങ്ങളെ ‘പരിചരണം’ ചെയ്യുന്ന സ്നേഹനിധികളായ അമ്മമാർ വസിച്ച ഹസ്തിനപുരി കൊട്ടാരത്തിൽ കയറാതിരിക്കുന്നതല്ലേ പാവം എന്റെ കുട്ടികൾക്കു് നല്ലതു്?”

2018-11-13

“സുഖമില്ലെന്നു നീ പറഞ്ഞതു് കൊണ്ടു് ഞങ്ങളഞ്ചുപേരും ഊട്ടുപുരയിലാണു് കിടന്നതു്. ക്ഷുദ്രജീവികൾ കാരണം ഉറക്കം തടസ്സപ്പെട്ടിരുന്നു. രാത്രി പതിവില്ലാത്ത ശബ്ദം കേട്ടു് എഴുന്നേറ്റിരുന്നു ചെവിയോർത്തു-വേണുഗാനവും കളിയും ചിരിയും. ശരീരത്തിനു് സുഖമില്ലാത്തപ്പോഴും, അത്തരം പരമാനന്ദങ്ങൾ നിനക്കുണ്ടു് അല്ലേ?” നിർവൃതിയിൽ അർച്ചന ചെയ്തിരുന്ന പാഞ്ചാലിയോടു്, മറവിൽ നിന്നു് പുറത്തു വന്ന ഭീമൻ ചോദിച്ചു.

“ദുര്യോധനാ നിന്റെ കഥ ഞാനിന്നു കഴിക്കും” എന്നു് മുഷ്ടി ചുരുട്ടി എന്റെ അരക്കെട്ടിലിടിച്ചു നിങ്ങൾ അർദ്ധരാത്രി കൊലവിളിക്കുമ്പോൾ, വഴങ്ങുകയാണോ ഞാൻ പതിവ്?, അതോ നിങ്ങളുടെ സ്വകാര്യതയിൽ ഇടപെട്ടു ചോദ്യം ചെയ്യുകയാണോ?

“കബളിപ്പിക്കപ്പെട്ടു എന്ന തോന്നലുണ്ടായോ കൗരവൻ നിങ്ങളെ അംഗരാജാവായി വാഴിച്ചപ്പോൾ?” കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു.

“പ്രച്ഛഹ്നവേഷമെന്നറിഞ്ഞുതന്നെയാണു് പട്ടാഭിഷേകത്തിനു വഴങ്ങിയതു്. വിദ്യാർത്ഥികളായിരുന്ന ഞാനും ദുര്യോധനനും പരിസമാപ്തിയിലെത്തിച്ച ആ തട്ടിപ്പു പക്ഷെ, പാണ്ഡവർ മുഖവിലക്കെടുത്തു എന്നതാണു് ഞങ്ങളുടെ വിജയം. ആയുധമത്സരത്തിൽ പങ്കെടുക്കാൻ എത്തിയ എന്നെ, ജാതി ചോദിച്ചു നാറ്റിക്കാനല്ലാതെ കാട്ടിൽ ജനിച്ചു വളർന്ന ഭീമനുണ്ടോ അംഗരാജ്യം എവിടെയാണെന്നു് നെഞ്ചുവിരിച്ചു വെല്ലുവിളിക്കാൻ ധൈര്യം? ഒരു പണത്തൂക്കം പൊന്നില്ലാത്ത വ്യാജകിരീടം ധരിച്ചു ഞാൻ വാണിജ്യവീഥിയിൽ പോവുമ്പോൾ, ഭീമൻ ഇന്നലെ കൂടി ഓച്ചാനിച്ചു നിൽക്കുന്നതു് ഒളിനോട്ടത്തിൽ കാണാമായിരുന്നു.”

“കൂറു മാറാൻ പ്രലോഭനമുണ്ടായിട്ടും, പാണ്ഡവ പക്ഷത്തേക്കു പോവില്ലെന്നുറപ്പിക്കാൻ മാത്രം ദുര്യോധനനോടു് നിങ്ങൾ അടിമപ്പെട്ടിരുന്നോ?” കൗരവ സൈന്യാധിപ പദവിയേറ്റ കർണ്ണനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“ഒടുങ്ങാത്ത സഖ്യം വേണമെന്ന ദുര്യോധനന്റെ ആദ്യ ആവശ്യത്തിനു് ആയുഷ്കാല അംഗീകാരം കൊടുത്തു. അവൻ എന്നോടു് ഐക്യപ്പെട്ടു, വളർച്ചക്കായി തുണച്ചു. പ്രലോഭനത്തിനു വഴങ്ങി പാണ്ഡവ പക്ഷത്തേക്കു് പോയാൽ, കുന്തി ജീവിച്ചിരിക്കുന്നിടത്തോളം മഹാരാജാ പദവി വഹിക്കുമായിരിക്കാം, പക്ഷെ പിന്നെ നേരിടുക പാഞ്ചാലിയുൾപ്പെടെ ആറു പ്രതിയോഗികളെ ആയിരിക്കും. ഇന്നു് രാത്രിയോടെ നിങ്ങൾക്കറിയാനാവും, പ്രകൃതി എന്നെ കൈവിടുമോ? അർജ്ജുനനെ നിലനിർത്തുമോ?”

2018-11-14

“ഖാണ്ഡവ വനത്തിലേക്കു് കുടിയേറും മുമ്പു് ഹസ്തിനപുരിയിലെ ഇടക്കാലത്തിൽ കൌരവ പ്രേമാഭ്യർത്ഥന തിരസ്കരിച്ചിട്ടും, ‘അവർ കൂട്ടം ചേർന്നോ ഒറ്റക്കോ എന്നെ വക വരുത്താൻ ശ്രമിച്ച ഓർമയില്ലെ’ന്നു് നിങ്ങൾ സത്യവാങ്മൂലം കൊടുത്തതായി കേട്ടു. ‘ഹീനവ്യക്തി’കളെ മഹത്വപ്പെടുത്തേണ്ട കാര്യം?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. പാണ്ഡവർ തീ വച്ച വനത്തിൽ പുക ഉയർന്നു വായു മലിനപ്പെട്ടിരുന്നു.

“പ്രണയതിരസ്കാരത്തിലും പ്രതികാര ബുദ്ധിയില്ലാത്തതു ഗാന്ധാര കുലീനതയല്ലേ? പ്രലോഭനമുണ്ടായി. വൈകാരികമോ ശാരീരികമോ ആയ പരാക്രമം ഉണ്ടായില്ല, നേരിട്ടു് കയ്യിൽ തന്ന സന്ദേശങ്ങളിൽ എല്ലാറ്റിലും കാണാമായിരുന്നു സംശയാതീതമായ ആധികാരികത. ഇതൊന്നുമില്ലാത്ത പാണ്ഡവരെ പായക്കൂട്ടിൽ പങ്കുകാരാക്കുന്ന ഞാൻ ഏതു ഭാഷ കൊണ്ടു വേണം കൗരവരെ അടയാളപ്പെടുത്തുവാൻ?”

2018-11-15

“നിങ്ങളഞ്ചു പേരോടും പാഞ്ചാലി ഒരുപോലെ ഹൃദ്യമായി പെരുമാറുന്നൊരു പൊതുസന്ദർഭമുണ്ടോ?” കൊട്ടാരം ലേഖിക ചോദിച്ചു. പാണ്ഡവർ മാത്രമുണ്ടായിരുന്ന നേരം.

“പരിപൂർണ്ണ ആധിപത്യവും നിയന്ത്രണവും ഉണ്ടെന്നവൾക്കുത്തമബോധ്യം വരുന്ന അപൂർവ്വം സാഹചര്യത്തിൽ, ഞങ്ങളോടു് കാണിക്കുന്ന ഊഷ്മളതയും ഉല്ലാസഭാവവും എങ്ങനെ മറക്കും. എന്നാൽ, ഞങ്ങളിൽ ആരെങ്കിലുമൊരാൾ കരുതലില്ലാതെ അവളോടു് കലഹിക്കാനോ, വിയോജിക്കാനോ ശ്രമിച്ചാൽ, തകർന്നു വീഴുകയായി ആ ‘ഹൃദ്യ’ ചില്ലുകൊട്ടാരം.”

“ഉച്ചഭക്ഷണം കഴിഞ്ഞ ഉടൻ മറ്റു പാണ്ഡവർ മന്ത്രാലയങ്ങളിലേക്കു് പോവുമ്പോൾ, ഭീമനും നകുലനും മാത്രമെന്താ ആട്ടുകട്ടിലിൽ സ്വൈരസല്ലാപം?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധാനന്തര നവ പാണ്ഡവ ഭരണകാലം.

“ഉച്ചയുറക്കത്തിനുമുമ്പു് ദുര്യോധനവധം നേർസാക്ഷിമൊഴി നകുലനിൽ നിന്നയാൾക്കു് നിത്യവും കേൾക്കണം. മഹാറാണിയുടെ അന്തഃപുരത്തിലേക്കു അനുമതിയില്ലാതെ കയറി, ദാമ്പത്യരഹസ്യം ചോർത്തുന്ന പത്രപ്രവർത്തകരേ, നിങ്ങൾ മറന്നുപോവരുതേ, ആയിരം പൂർണചന്ദ്രന്മാരെ കണ്ടു കഴിഞ്ഞ ഭീമനിപ്പോൾ ഹസ്തിനപുരിയുടെ ഭാവിസുരക്ഷയെക്കാൾ കൗതുകം ഭൂതകാലത്തിലെ വർണോജ്ജ്വലമായ കുരുക്ഷേത്രമാണു്.”

“കേഴുന്നുവോ കൊട്ടാരഗുരു?” കൊട്ടാരം ലേഖിക ചോദിച്ചു.

“പാണ്ഡവവംശഹത്യക്കു് കൗരവകൊലയാളികളുടെ കൂടെ കത്തി മൂർച്ച കൂട്ടി കുരുക്ഷേത്രയിൽ പതിനെട്ടു നാൾ ഞാൻ പോരാടി എന്നു് നിങ്ങൾ എഴുതിപ്പിടിപ്പിച്ചല്ലേ? സ്വത്തുതർക്ക പരിഹാരത്തിനു് നയതന്ത്രതലത്തിൽ ചർച്ച വഴിമുട്ടിയപ്പോൾ, നേരിയ ബലപരീക്ഷണം നടത്തിയെന്നല്ലേ ഉള്ളൂ? ജീവഹാനി സ്വാഭാവികമല്ലേ? യുദ്ധം ചെയ്താലും തപസ്സിരുന്നാലും, എല്ലാം വിശാല കാഴ്ചപ്പാടിൽ വേണ്ടേ വിലയിരുത്താൻ? എന്റെ യുദ്ധപരിചരണത്തിനു് ദുരർത്ഥം ‘ഹസ്തിനപുരി പത്രിക’ കൊടുക്കുമ്പോൾ, നിലത്തു ചമ്രം പടിഞ്ഞിരുന്നു ഹരിശ്രീ പഠിക്കുന്ന ഈ കുട്ടിയെ നോക്കൂ. പരീക്ഷിത്തു്, അഭിമന്യുവിന്റെ ഏക മകൻ. മന്ദബുദ്ധിയാണെന്നു കരുതി ഞാനവനെ ശിക്ഷിക്കാൻ തുടങ്ങിയാൽ കുരുവംശത്തിൽ രാജാവില്ലാതെ പോവില്ലേ.”

2018-11-16

“സമയം കിട്ടിയില്ലെന്നു് വരും. അജ്ഞാതവാസം കഴിഞ്ഞ സ്ഥിതിക്കു് യുദ്ധകാഹളത്തിന്റെ ബഹളമായിരിക്കും. ഈ മരം ചാരിയിരുന്നു അടുക്കും ചിട്ടയും നോക്കാതെ ബോധധാരാ രീതിയിൽ ഭൂതകാലത്തിലേക്കു് ഊളിയിട്ടാൽ മതി, വരുംയുഗത്തിലേക്കു് നിങ്ങളുടെ ഔദ്യോഗിക ആത്മകഥ ആധികാരികതയോടെ കൈമാറാം, സഹകരിച്ചുകൂടെ?”, വിരാട സൈനികമേധാവിയായിരിക്കെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട യുവകീചകന്റെ അന്ത്യവിശ്രമസ്ഥലിയിൽ പുഷ്പാർച്ചന ചെയ്യുകയായിരുന്ന പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“ഇന്ദ്രപ്രസ്ഥത്തിലും വനവാസത്തിലും നിങ്ങൾക്കു് കിട്ടിയതു് നാഴികക്കല്ലുകൾ മാത്രം, ഇനി അവക്കടിയിലെ കരിക്കുന്നൻമാരെയും പഴുതാരകളെയും ഞാൻ തന്നെ വേണോ പുറത്തെടുക്കാൻ?”

2018-11-17

“വിരണ്ടുവോ സ്ത്രീഹൃദയം? കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു് ചോദിച്ചു.

“ഗദ കുലുക്കി വന്നതു് ഭീമനാണോ ഭീഷ്മരാണോ എന്നൊന്നുമല്ല കാര്യം. ദശാബ്ദങ്ങളായി രാജവധുക്കളും കൗരവകുടുംബങ്ങളും അന്തിയുറങ്ങിയ ഇടങ്ങളിൽ നിന്നു് അർദ്ധരാത്രി മുടികുത്തിപ്പിടിച്ചു പുറത്തേക്കെറിഞ്ഞപ്പോൾ നിലത്തു ചമ്രം പടിഞ്ഞിരുന്നു ദുര്യോധനനാമം ജപിച്ചതാണു് ഭരണകൂടകിങ്കരന്മാരെ ചൊടിപ്പിച്ചതു്. നാമജപം നിർത്തി പാണ്ഡവ സുവിശേഷത്തിനു ചെവിയോർക്കാൻ ചാരമേധാവിയെന്ന പദവിയിൽ ഞങ്ങളിലേക്കു് പാലം പണിയുന്ന നകുലൻ പറഞ്ഞു. അവന്റെ വാക്കുകളിൽ തേനുണ്ടെങ്കിലും ഉള്ളിൽ വിഷമാണെന്നറിയുന്ന കൗരവ അനാഥകൾ ജപശബ്ദം നിലനിർത്താത്തതവരെ ക്രുദ്ധരാക്കി. ഭരണകൂടത്തെ പ്രകോപിപ്പിച്ചാൽ എന്നു് മുരണ്ടുകൊണ്ടവർ ഒരു പാവം പുതുതലമുറ കൗരവകുമാരിയുടെ മടിക്കുത്തിൽ കടന്നു പിടിച്ചപ്പോൾ കേട്ടു, ആകാശത്തു നിന്നു അശരീരിപോലൊരു ദിവ്യശബ്ദം, തുടർന്നതാ അടികൊണ്ടു ചളിവെള്ളത്തിലേക്കു തെറിച്ചുവീഴുന്ന ഭീമനും-അപ്പോൾ ഞങ്ങൾക്കു് മനസ്സിലായി, മുറിവേറ്റ ശരീരം ദുര്യോധനൻ കുരുക്ഷേത്രയിൽ എന്നോ ഉപേക്ഷിച്ചെങ്കിലും, ആശ്രിതരോടുള്ള കരുണയും കരുതലും അവൻ സൂക്ഷ്മലോകത്തിൽ ഇന്നും തുടരുന്നു.”

“രാജമാതാ സത്യവതി ചെയ്ത അവിവേകമായിരുന്നു മനോഹാരികളായ നിങ്ങൾ ഇരുവരെയും ക്ഷയരോഗി വിചിത്രവീര്യന്റെ കിടക്കയിലേക്കു് എറിഞ്ഞു കൊടുത്തതു്. അയാൾ ചോര തുപ്പി മരിച്ചപ്പോൾ, സത്യവതി ഇനിയൊരു അക്രമം ചെയ്തു, തടിച്ചു കുറിയ ഒരു സന്യാസിക്കു പ്രവേശനം നൽകി. കാശിരാജകുമാരികളായിരുന്ന നിങ്ങളുടെ സ്വയംവരത്തിൽ വന്നു തട്ടിക്കൊണ്ടു വന്നു, ഹസ്തിനപുരി കൊട്ടാരത്തിലെ അശ്ലീല രതിക്കു ഇരയാക്കിയ ഭീഷ്മരെ നിങ്ങൾ പൊറുത്തുവോ? അതോ, ഉള്ളിൽ കനൽ വിടാതെ എരിഞ്ഞുവോ?” കൊട്ടാരം ലേഖിക അംബിക അംബാലിക എന്നീ രാജസ്ത്രീളോടു് ചോദിച്ചു. കൊട്ടാരക്കെട്ടിനു പിന്നിലെ മാന്തോപ്പുകളിൽ അവർ നടന്നു.

“വിചിത്രവീര്യൻ ഷണ്ഡനായിരിക്കാം എന്നു് ഞങ്ങൾ സത്യവതിയോടു് പറഞ്ഞപ്പോൾ, ഭീഷ്മരെ പ്രലോഭിപ്പിക്കാനാണു് നിർദ്ദേശിച്ചതു്. ആ ദൗത്യവും അപമാനകരമായിരുന്നു. താടിയും മുടിയും നരച്ചു പിതാമഹപദവിയിലെത്തിയിരുന്ന ഭീഷ്മരെ, ഇനിയും വിധവകളായിട്ടില്ലാത്ത രണ്ടു പേർ നിത്യജീവിതസാഹചര്യങ്ങളിൽ നിർല്ലജ്ജം പരിപാലി ക്കേണ്ടി വന്നതു് പെണ്ണഭിമാനത്തിനേറ്റ പ്രഹരമായി. ഒരു വശത്തു വിചിത്രവീര്യൻ പേപിടിച്ച പായിൽ ഞങ്ങളെ രാത്രി മുഴുവൻ വട്ടം കറക്കി. പകൽ പിതാമഹനെ പ്രലോഭിപ്പിക്കാൻ ഞങ്ങൾ വേഷം കെട്ടി പരാജയപ്പെട്ടു. കൃത്യനിർവ്വഹണത്തിൽ അനാസ്ഥ കാട്ടിയെന്നാരോപിച്ചു സത്യവതി പിന്നീടു് ഞങ്ങളുടെ കിടക്കയിലേക്കെറിഞ്ഞ ആൾരൂപമായിരുന്നു തടിച്ചു കുറുകിയ ശരീരവും, നരച്ചു ജടപിടിച്ച താടിയും ഉള്ള വ്യാസൻ. അതോടെ ഞങ്ങൾ മനോരോഗികളായി. ഞങ്ങൾക്കുണ്ടായ അഭിശപ്ത സന്തതികൾ കുരുവംശനാശത്തിനു കാരണമാവട്ടെ എന്നു് പേടിപ്പിച്ചാണു് കോപിഷ്ഠമുനി കാട്ടിലേക്കു് തിരിച്ചുപോയതു്.”

2018-11-18

“പോർക്കളത്തിൽ അർജ്ജുനന്റെ അസാന്നിധ്യം മുതലെടുത്തായിരുന്നു സാഹസികസൈനിക ദൗത്യത്തിനു് അഭിമന്യു മുതിർന്നതെന്നൊക്കെ പറഞ്ഞു കൈകഴുകാനാവുമോ നിങ്ങൾക്കു്? പ്രായപൂർത്തിയെത്താത്ത കൗമാരപോരാളിയുടെ രക്ഷാകർത്താവല്ലേ നിങ്ങൾ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.

“ദ്വാരകയിലെ സൈനികപരിശീലനകാലത്തു ചക്രവ്യൂഹരഹസ്യം അഭ്യസിച്ചിട്ടുണ്ടോ എന്നു് വ്യക്തതയോടെ അഭിമന്യുവിനോടു് ഞങ്ങൾ ചോദിച്ചിരുന്നു. ഗർഭസ്ഥശിശുയായിരിക്കുമ്പോൾ അമ്മ സുഭദ്രയോടു് അർജ്ജുനൻ പറയുന്നതു് കേട്ട പരിചയമാണെന്നവൻ പറഞ്ഞപ്പോൾ ബോധ്യമായി ആ കൗമാര മനസ്സിന്റെ ദുരഭിമാനവ്യാപ്തി. ചുഴലിയായി പാഞ്ഞു ചെന്നു് കൗരവരിൽ നാശം വിതക്കാനുള്ള ഇച്ഛശക്തിയുണ്ടെന്നവകാശപ്പെട്ടു പടിയിറങ്ങുമ്പോൾ, മുതിർന്നവരുടെ അനുഗ്രഹം തേടാനൊന്നും അവൻ മുതിർന്നില്ല. അമ്മ സുഭദ്രയോടു യാത്ര പറയുന്നതു് കണ്ടു. അകാലമരണം അവൻ ചോദിച്ചു വാങ്ങി എന്നതാണു് ഞങ്ങളുടെ നിഗമനം. ഒന്നേ എന്നെ കുഴക്കുന്നുള്ളു എവിടെ അവന്റെ അച്ഛൻ? യുദ്ധം ജയിച്ചാൽ അടുത്ത കിരീടാവകാശിയായി അഭിമന്യു അവകാശമുയർത്തുമെന്ന ആശങ്കയിൽ അധികാരമോഹി പാഞ്ചാലിയുടെ കുടിലനീക്കമാണോ അപകടസാധ്യതയുള്ള ചക്രവ്യൂഹദൗത്യം എന്നൊന്നും ചോദിക്കരുതേ. ഇന്നലെ മുതൽ പാഞ്ചാലി താമസം ഇവിടെയല്ല. ഞങ്ങൾക്കു് അവളിൽ ഉണ്ടായി എന്നൊക്കെ പറഞ്ഞു ശീലിച്ച അഞ്ചു മക്കളെ പരിചരിച്ചു അടുത്തൊരു പാളയത്തിലാണു്.”

“അസാധാരണ ഗുരുദക്ഷിണയുടെ ഔപചാരിക സമർപ്പണം ദൂരെ ഒരു മരത്തിന്റെ പിന്നിൽ ഒളിച്ചു നിന്നാണു് ഞങ്ങൾ കണ്ടതു്. നിങ്ങൾ സംസാരിക്കുന്നതിന്റെ ശബ്ദം കേട്ടില്ലെങ്കിലും, ദൃശ്യം സൂചിപ്പിച്ചതു്, ചോരയിറ്റുന്ന തള്ളവിരൽ തളിർവെറ്റിലയിൽ ഗുരുവിനു നിങ്ങൾ കൈമാറുമ്പോൾ ഉച്ചരിച്ചതെന്തോ കേട്ടു് ദ്രോണർ കുലുങ്ങിക്കുലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു. എന്തു് നർമ്മം പറഞ്ഞായിരുന്നു കഠിന ഹൃദയനെ ഇത്രമാത്രം രസിപ്പിക്കാൻ ആ വേദനയിലും നിങ്ങൾക്കായതു്?” കൊട്ടാരം ലേഖിക ഏകലവ്യനോടു് ചോദിച്ചു.

“ഞങ്ങൾ നിഷാദർ പരമ്പരാഗതമായി മാംസം കഴിക്കുന്നവരാണെങ്കിലും സസ്യാഹാരികളായ വന്യമൃഗങ്ങളെ സ്വന്തം കൈ കൊണ്ടു് വേട്ടയാടിക്കിട്ടുന്നതു മാത്രമേ പൊരിച്ചു കഴിക്കൂ. എന്നാൽ മഹാബ്രാഹ്മണരായ നിങ്ങൾക്കിഷ്ടം നിഷാദർ ദക്ഷിണയായി മുറിച്ചുതരുന്ന തള്ളവിരലാണല്ലേ എന്നു് ഞാൻ നിഷ്കളങ്കമായി ചോദിച്ചതിൽ നർമ്മം കാണാൻ മാത്രം എന്താണിത്ര അപാകത?”

“കടുംപിടുത്തതിൽ നിന്നു് ഒന്നയഞ്ഞിട്ടുണ്ടു് കൌരവർ എന്നാണു് കൊട്ടാരം ലേഖിക പറഞ്ഞു കേട്ടതു്. നിലവിലുള്ള സാഹചര്യങ്ങൾ വച്ചു് നോക്കുമ്പോൾ നമുക്കു് അനുകൂലമായ ഒരു ഒത്തുതീർപ്പിനു മിക്കവാറും ഒന്നിലധികം മുൻ നിര കൗരവർ തയാറാണു്. വരാനിരിക്കുന്ന രാജസഭയോഗത്തിൽ നിർദ്ദേശം അംഗീകരിക്കും എന്നാണവരുടെ പ്രതീക്ഷ. പാഞ്ചാലീ. നീയൊന്നു സമ്മതിച്ചാൽ, അട്ടയും പെരുച്ചാഴിയും നിറഞ്ഞ ഈ അഭിശപ്ത വനത്തിലെ പന്ത്രണ്ടുവർഷ കഠിനതടവിൽ നിന്നു് നമുക്കു് രക്ഷപ്പെടാം. സന്യസ്ഥരുടെ ഗാർഹികമാലിന്യം സംസ്കരിക്കുന്ന നിത്യദുരിതത്തിൽ നിന്നു് നിനക്കും മോചനമാവും. ഇപ്പോൾ കൗരവഭരണത്തിൽ ഉള്ള നമ്മുടെ പഴയ ഇന്ദ്രപ്രസ്ഥത്തിൽ തന്നെ, ഒരു അതിഥി മന്ദിരം നമുക്കവർ ദീർഘകാലത്തേക്കു് സൗജന്യമായി തരും. വാടക നമ്മളവിടെ കൃഷിഭൂമി പാട്ടത്തി നെടുത്തു ധാന്യം കൗരവർക്കു കൊടുത്തു വീട്ടണം”, യുധിഷ്ഠിരൻ സംസാരിക്കുമ്പോൾ മറ്റു പാണ്ഡവർ മുട്ടുകുത്തി യോജിച്ചു.

“എന്താണു് നിബന്ധന?”, സംശയം നിറഞ്ഞ കണ്ണുകൾ അഞ്ചുപേരിലും പാഞ്ചാലി എറിഞ്ഞു.

“’വന്ദ്യദുര്യോധനൻ ഈ വീടിന്റെ ഐശ്വര്യം” എന്നു് വസതിക്കു മുമ്പിൽ നാം ആറു പേരും വേറെ വേറെ ചുവരുകളിൽ ഓരോ മാസവും എഴുതി വക്കണം.

“വിദ്യാർത്ഥി ജീവിതത്തിലാണു് ദുര്യോധനൻ എന്നെ അംഗരാജ്യത്തിലെ രാജാവാക്കി വാഴിച്ചതു് ഞാനതു നിന്നോടു് ചിലപ്പോഴൊക്കെ പറഞ്ഞിട്ടുമുണ്ടു്. കൊട്ടാരത്തിലെ യാഥാസ്ഥിതികർക്കു ദഹിക്കുന്ന കാര്യമായിരുന്നില്ല അതിരഥപുത്രൻ ചെങ്കോൽ പിടിക്കുന്നതു്. അതു് കൊണ്ടു് വിദുരർ ഉൾപ്പെടെ അറിവുള്ള ആരും ഞാൻ എങ്ങനെ അവിടെ ചെന്നു് ഔപചാരികമായി അധികാരമേൽക്കും എന്നുപദേശിച്ചില്ല. ഞാനും അന്വേഷണം നടത്താനാവാതെ കുറെ കാലം പരുങ്ങി. പാണ്ഡവരിപ്പോൾ ഖാണ്ഡവപ്രസ്ഥത്തിൽ കാടു വെട്ടി നഗരം പണിതു രാജാവാകുമ്പോൾ ഞാൻ ആലോചിക്കുകയാണു് എന്തുകൊണ്ടു് നാം അംഗരാജ്യത്തിലേക്കു കുടിയേറിക്കൂടാ? ദുര്യോധനൻ ഇവിടെ വന്നു ഞാനില്ലാത്തപ്പോൾ നിന്നെ അരുതാത്തയിടത്തു തൊട്ടു എന്നു് നീ പറഞ്ഞതിനുശേഷം ഞാൻ വീണ്ടും അതിനെ കുറിച്ചു് ആലോചിച്ചു. അവിടത്തെ സ്നേഹസമ്പന്നരായ ജനങ്ങളോടു് സംസാരിക്കാനും ഒക്കെ അവസരം കിട്ടുന്നതു് നിനക്കും നല്ലതല്ലേ?” കിണറിൽ നിന്നു് കർത്തവ്യബോധത്തോടെ വെള്ളം കോരുകയായിരുന്ന ഭാര്യയോടു് കർണ്ണൻ അനുനയത്തിൽ പറഞ്ഞു.

“ജനിച്ചുവളർന്ന ഹസ്തിനപുരിയിൽ പോലും ജനങ്ങളോടു് സമരസപ്പെടാതെ, വിമതവ്യക്തിത്വം വളർത്തിയെടുത്ത നിങ്ങളാണോ ഇതുവരെ കണ്ടും കേട്ടും പരിചയമില്ലാത്ത ഏതോ ഒരു അംഗരാജ്യത്തിൽ സ്വയം രാജാവായി പട്ടാഭിഷേകത്തിനു ഉത്സാഹിക്കുന്നതു്? ദുര്യോധനൻ എന്നെ തൊട്ടതു രഹസ്യമായിട്ടൊന്നുമല്ല എന്നു് നിങ്ങൾക്കറിയാം. കണ്ടിട്ടും കണ്ടില്ലെന്ന മട്ടിൽ നിങ്ങൾ തിരക്കു് പിടിച്ചു പുറത്തു പോയപ്പോൾ എന്നെ ഒന്നു് നോക്കാൻ പോലും മെനക്കെടാത്ത നിങ്ങളാണോ അന്യഭൂമിയിൽ ലൈംഗികാതിക്രമത്തിനു് ശ്രമിക്കുന്നവരിൽ നിന്നു് എന്നെ രക്ഷിക്കുക?” കുതിരച്ചാണകം മണക്കുന്ന മുറ്റത്തു നിന്നവൾ മൺപാത്രത്തിലെ വെള്ളവുമായി അകത്തേക്കു് കടന്നു.

2018-11-19

“ഇന്നും കണ്ടു, വെളുത്തു നീണ്ട താടിയും മുടിയുമായി ഋഷിതുല്യനായ ഒരു പടുവൃദ്ധൻ തൈലം തേച്ചു സാവധാനം നീരാടുന്നതു. ഞാനിങ്ങനെ മിഴിച്ചു നോക്കി ആ വിചിത്ര കാഴ്ച. പോരാളികൾ തിരക്കു് കൂട്ടുന്ന നീരൊഴുക്കിൽ എന്താണു് ഈ പരിത്യാഗിക്കു് പ്രസക്തി എന്നയാളോടു് ചോദിക്കണമെന്നു് ഉള്ളം പിടച്ചു, പക്ഷെ സൂക്ഷ്മതയോടെ കുളിച്ചു ഈറനുടുത്തയാൾ പാളയത്തിലേക്കു് പോവുമ്പോൾ മന്ത്രിക്കുന്നതു് കേട്ടു ഞാൻ നടുങ്ങി, അമ്മാ എപ്പോഴാണു് നീ ആഴക്കയങ്ങളിലേക്കു എന്നെ വലിച്ചെടുക്കുക, തടവിൽ നിന്നു് സ്വാതന്ത്ര്യം ലഭിക്കുക” രാത്രി വരെ ജോലി ചെയ്തു തളർന്ന യുദ്ധ നിർവ്വഹണ സമിതി അംഗം ശുഭരാത്രി ആശംസിക്കേ കുരുക്ഷേത്ര പ്രവിശ്യാ ഭരണാധികാരിയോടു് മൃദുവായി ചോദിച്ചു.

“യുദ്ധമാലിന്യനീക്കം ചെയ്യുന്ന യുവനേതാവെന്ന നിലയിൽ നീ അയാളെ തിരിച്ചറിയാത്തതിൽ അത്ഭുതമില്ല കുഞ്ഞേ. ആ പരിത്യാഗി രാവിലെ മുതൽ വൈകുന്നേരം വരെ പോർക്കള പരാക്രമങ്ങളിൽ പാണ്ഡവസഖ്യസൈനികമേധാവികളുടെ കരളെത്ര പിളർന്നിട്ടും മതിയാവാതെ, ദുര്യോധനൻ നീരസത്തിൽ വൃദ്ധനോടു് ഇന്നും വിരൽ ചൂണ്ടി ചോദിച്ചു, വ്യക്തമാക്കണം ഒത്തുകളിക്കയാണോ നിങ്ങൾ പാണ്ഡവരുമായി? ഒരു പാണ്ഡവതല പോലും ഉരുട്ടാൻ, ഒമ്പതു ദിവസങ്ങളായി സർവ്വസൈന്യാധിപനായ നിങ്ങൾക്കു് സാധിച്ചുവോ? നാളെ പത്താം ദിവസം നിങ്ങളുടെ വിധി നിർണ്ണയിക്കുന്ന അന്ത്യപോരാട്ട ദിനമായിരിക്കും. ഒന്നുകിൽ നിങ്ങൾ എന്നെന്നേക്കും ലോകം മാനിക്കുന്ന കുരുക്ഷേത്ര നായകൻ, അല്ലെങ്കിൽ രാത്രിയോടെ നീക്കം ചെയ്യേണ്ട യുദ്ധമാലിന്യം.”

2018-11-20

“ഒറ്റയ്ക്കു് നീന്തുന്നതിൽ കമ്പമുണ്ടല്ലേ?” കൊട്ടാരം ലേഖിക ചോദിച്ചു. ഊട്ടുപുരജാലകത്തിലൂടെ തെളിഞ്ഞു കാണാമായിരുന്നു, ഉച്ചവെയിലിൽ പാഞ്ചാലി നീന്തിത്തുടിക്കുന്ന ജലാശയം.

“അതീതശക്തികൾ ആറാടുന്ന നീർക്കെട്ടിലെ അപായ സാധ്യതയേക്കാൾ ഞങ്ങളെ അസ്വസ്ഥരാക്കുന്നതു്, കുളത്തിനു ചുറ്റുമുള്ള മരങ്ങൾക്കു് പിന്നിൽ ഒളിച്ചിരുന്നു്, നഗ്നമേനി പൊങ്ങിയും താണും സ്വർണ മത്സ്യത്തെ പോലെ പാഞ്ചാലി ഉച്ച വെയിലിൽ സൃഷ്ടിക്കുന്ന ദൃശ്യവിരുന്നാസ്വദിക്കുന്ന സന്യസ്ഥരുടെ സാന്നിധ്യമാണു്”, നകുലൻ പറഞ്ഞു. “എന്നിട്ടവരുടെ ജൈവമാലിന്യങ്ങൾ പിറ്റേന്നു് രാവിലെ സംഭരിച്ചു ദൂരെ കൊണ്ടു് പോയി കുഴിച്ചു മൂടുന്ന നിത്യജോലി അവൾ തന്നെ ചെയ്യണമെന്നതാണടിമത്തം.”

2018-11-21

“കർണ്ണനെ വലവീശാൻ പാണ്ഡവപക്ഷം ധൈര്യപ്പെട്ടപ്പോൾ, തിരിച്ചു പാണ്ഡവരിലൊരു വിരുതനെ കൂടെക്കൂട്ടാൻ കൗരവർ കെണി വച്ചുവോ? അതോ, ധാർമ്മികത വിട്ടുള്ള കളിയൊന്നും കുരുവംശ കുടുംബം കളിക്കില്ലെന്നു വാശിപിടിച്ചുവോ?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

“പാണ്ഡവരിൽ നിന്നു്, കഴിയുമെങ്കിൽ, ചാരവകുപ്പു് മേധാവി നകുലനെ കിട്ടാനായിരുന്നു മോഹം. പാണ്ഡവരുടെയും സഖ്യ കക്ഷികളുടെയും അവനറിയാത്ത വിഴുപ്പു രഹസ്യങ്ങളില്ല. കൗരവരുടെ കൂടെ നിക്കാമെങ്കിൽ, ഇപ്പോൾ കുരുവംശത്തിന്റെ സ്വന്തമായ, ഇന്ദ്രപ്രസ്ഥ പ്രവിശ്യാഭരണാധികാരിയാക്കാമെന്നു വിലപേശലിൽ മോഹിപ്പിച്ചു. പ്രവിശ്യ പോരാ പരമാധികാരരാജ്യമെന്ന മുൻപദവിയോടെ ഇന്ദ്രപ്രസ്ഥം തരണമെന്നവൻ അന്യായമായി വാശി പിടിച്ചു. അതിലും ഭേദം യുധിഷ്ഠിരനെ തന്നെ വലയിട്ടാൽ പോരേയെന്നു ഞങ്ങളും തിരിച്ചടിച്ചു. രാഷ്ട്രീയകാപട്യമുണ്ടെങ്കിലും, കരാർലംഘനം ചെയ്യാത്തവനെ കൂടെ നിർത്തുന്നതല്ലേ നല്ലതു് എന്നും ചോദിച്ചതോടെ നകുലൻ ഇടഞ്ഞു തിരിച്ചുപോയി. ഇനി വലയല്ല ഉണ്ടാവുക. ബന്ദിയാക്കൽ, അതു് യുദ്ധഭൂമിയിൽ നോക്കാം.”

“കരിമ്പനയെക്കാൾ ഉയരത്തിൽ പൂർണകായ പ്രതിമകൾ? കുരുക്ഷേത്രയിൽ, ആർക്കു വേണ്ടിയെന്നറിയാതെ, പതിനെട്ടുനാൾ പോരാട്ടത്തിൽ ജീവത്യാഗം ചെയ്ത അജ്ഞാതസൈനികരുടെ പാവനസ്മരണക്കൊന്നുമല്ലല്ലോ?”, യാത്ര കഴിഞ്ഞു ഹസ്തിനപുരിയിൽ മടങ്ങിയെത്തിയ കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു.

“കൂട്ടുഭർത്താക്കൾ എന്ന നിലയിൽ എന്നോ പാഞ്ചാലിയാൽ തല്ലിപ്പിരിയേണ്ട പഞ്ചപാണ്ഡവരെ, കള്ളച്ചൂതുകളിയിൽ നിസ്വരാക്കി ജീവകാലം മുട്ടുകുത്തിച്ച ധീരസേനാനികളായ കൗരവർക്കു കുരുക്ഷേത്രവിധവകളുടെ മംഗല്യസൂത്രങ്ങൾ ലേലം ചെയ്തു കിട്ടിയ പണം കൊണ്ടു് മഹാരാജാവു് യുധിഷ്ഠിരൻ രണ്ടുദിവസം മുമ്പു് രാഷ്ട്രത്തിനു സമർപ്പിച്ച ഉപകാരസ്മരണ”, പറഞ്ഞു വായടക്കും മുമ്പു്, ചാരവകുപ്പു് മേധാവി നകുലൻ എറിഞ്ഞ കയർകുരുക്കിൽ കുടുങ്ങിയ യുക്തിവാദിയെ രണ്ടു സൈനികർ ബലമായി കഴുത്തിൽ അള്ളിപ്പിടിച്ചു കഴുതപ്പുറത്തിരുത്തി കൊണ്ടു് പോയി.

“ദുര്യോധനൻ താമസിച്ചിരുന്ന രാജമന്ദിരം, വിധവ കുടിയൊഴിഞ്ഞിട്ടും, നിങ്ങൾ വേണ്ടെന്നു പറഞ്ഞല്ലോ. എന്താ പ്രശ്നം, സൗകര്യം കുറവാണോ?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.

“രാത്രി ഞാൻ ഒറ്റക്കവിടെ കിടന്നു. “ ഭീമൻ എന്റെ തുടയെല്ലൊടിച്ചു അമ്മാ” എന്ന നിലവിളി വ്യക്തമായി കേട്ടു് ഞാൻ തരിച്ചിരുന്നു. എങ്ങനെ നിത്യവും വിലാപം കേൾക്കും. അതുകൊണ്ടു് ആലോചിച്ചുറച്ചൊരു തീരുമാനമെടുത്തു. കുരുക്ഷേത്ര യുദ്ധത്തിൽ ഉപയോഗരഹിതമായ എല്ലാ വിധ ആയുധങ്ങളും, (ദുര്യോധനതുടയിൽ തല്ലിയപ്പോൾ ഞെണുങ്ങിയ ഭീമഗദയുൾപ്പെടെ) എല്ലാം, ഭാവി തലമുറക്കു് വേണ്ടി കാത്തു സൂക്ഷിക്കുന്ന പ്രദർശനശാലയായി അതു് വികസിപ്പിക്കും. ഞങ്ങളുടെ കുടുംബകഥയെ ഇതിഹാസമാക്കി മാറ്റുന്ന വേദവ്യാസനും അറിയട്ടെ, എന്താണു് കൂരമ്പു എന്താണു് ത്രിശൂലം എന്താണു് യുദ്ധ വിജയം. വരും യുഗത്തിലെ സാക്ഷര ജനതക്കും മഹാഭാരത ഇതിഹാസം കേട്ടും വായിച്ചു മറിയണമല്ലോ, പാണ്ഡവർ യുദ്ധവിജയം ആഘോഷിക്കുമ്പോഴും, കൊല്ലപ്പെടുന്നവന്റെയും കൊല്ലുന്നവന്റെയും ഹൃദയവേദന.”

2018-11-22

“എന്റെ മടിയിൽ ഇരിക്കൂ എന്നു് ദുര്യോധനൻ പാഞ്ചാലിയെ ചൂതാട്ടസഭയിൽ ക്ഷണിക്കുമ്പോൾ, കൗരവഅടിമകളായി നിലത്തു കുന്തിരിച്ചിരുന്ന പാണ്ഡവരുടെ ചോര പ്രതിഷേധത്തിൽ തിളച്ചു പതഞ്ഞുവോ?” കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു. പാണ്ഡവരും പാഞ്ചാലിയും ചൂതാട്ടപ്പിറ്റേന്നു് കാട്ടുവഴിയിലൂടെ നടക്കുന്ന നേരം.

“വേറെ പണിയൊന്നുമില്ലേ? പാഞ്ചാലിക്കു വഴി തെറ്റിയ ബന്ധം ദുര്യോധനനോടുണ്ടോ എന്നു് ഞങ്ങൾ എന്തിനു തല പുണ്ണാക്കണം, പാഞ്ചാലിക്കു ഞങ്ങൾ അഞ്ചു ഭർത്താക്കന്മാരോടു് നേർവഴി ബന്ധം ഉണ്ടോ എന്നു് ദുര്യോധനൻ വല്ലപ്പോഴും ചോദിക്കുന്നുണ്ടോ?” വന്മരങ്ങൾ കട പുഴക്കുന്ന പോലെ ഭീമൻ പറഞ്ഞു.

2018-11-23

“മുഖംമൂടി ധരിച്ചുയാത്ര ചെയ്യാറുണ്ടോ? പരുക്കൻ ജനജീവിതമറിയാൻ? അതോ, പ്രഭാഷണങ്ങൾ പൊതുവേദിയിൽ യാന്ത്രികമായി വായിക്കുമോ?” കൊട്ടാരം ലേഖിക മഹാറാണി പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി.

“തിരിച്ചറിയാതിരിക്കാൻ മഹാരാജാവു് എന്തിനു ധരിക്കണം മുഖം മൂടി? വേഷംകെട്ടു് വേണ്ടെന്നു വച്ചാൽ പോരെ?”

“വ്യാജ തെളിവുണ്ടാക്കാൻ, ആൾമാറാട്ടത്തിനു് പറ്റിയ സ്ത്രീയെയും ആണ്‍മക്കളെയും തരത്തിനു് കിട്ടിയതു് കൊണ്ടു് വാരണാവതം അരക്കില്ലം കൃത്യസമയത്തിനു തീ കൊളുത്തി, പുനർജനിഗുഹ നുഴഞ്ഞു എല്ലാവരും രക്ഷപ്പെട്ടു അല്ലെ?” അന്തിമ വനവാസത്തിനു തയ്യാറെടുക്കുന്നതിന്റെ ഭാഗമായി തല മൊട്ടയടിക്കുകയായിരുന്ന കുന്തിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“വ്യാകരണം തെറ്റിയാലും വാക്കു് തെറ്റരുതു്. സുഖവാസ കേന്ദ്രത്തിൽ ആൾമാറാട്ടമൊന്നും ഉണ്ടായിരുന്നില്ല. ആദിവാസികുടുംബത്തിന്റെ ആത്മത്യാഗം ആയിരുന്നു. അപായം നേരിടുന്ന രാജകുടുംബങ്ങളുടെ രക്ഷക്കായി, സ്വജീവൻ സമർപ്പിക്കുന്നതിൽ ആനന്ദം കാണുന്ന വിശ്വസ്ത ജനതയുണ്ടായിരുന്നു അക്കാലത്തു എന്നതാണു് മഹനീയ കാര്യം. ഞങ്ങൾ അത്താഴപട്ടിണി കിടന്നും, സന്ദർശകർക്കു് വയർ നിറയെ മദ്യവും പൊരിച്ച മാംസവും വിളമ്പി കൊടുത്തപ്പോൾ ഏതറ്റവും പോവാമെന്നവർ ഉറച്ചു.”

2018-11-24

“കിരാതകൗരവരിൽ നിന്നു് കുരുവംശത്തെ ധർമ്മയുദ്ധത്തിലൂടെ കീഴ്പ്പെടുത്തി, ജനതയ്ക്കു് പൂർണ്ണ പൗരസ്വാതന്ത്ര്യം ഉറപ്പാക്കിയ പാണ്ഡവർ നാടുനീളെ ഗ്രാമീണർ സംഘടിപ്പിച്ച സ്വീകരണങ്ങൾ ഏറ്റുവാങ്ങാൻ പുറപ്പെടേണ്ട ഈ സമയത്തു എവിടെ പാഞ്ചാലി?”, മഹാരാജാവു് യുധിഷ്ഠിരൻ മുറിവേറ്റ ദുരഭിമാനം മറച്ചുവയ്ക്കാതെ ചോദിച്ചു.

“ഇന്നലെ രാത്രി എനിക്കായിരുന്നല്ലോ അന്തഃപുരത്തിൽ പായക്കൂട്ടിനു ഊഴം. എന്തോ വൃതമുണ്ടെന്നു പറഞ്ഞു പാഞ്ചാലി വേറൊരു പായയിൽ കിടന്നു. രാവിലെ ഞാൻ എഴുന്നേൽക്കു മ്പോൾ ജാലകത്തിലൂടെ ഒരു നോക്കു കണ്ടു-കുളി കഴിഞ്ഞു വെള്ളവസ്ത്രങ്ങൾ ധരിച്ചു ഉദ്യാനത്തിൽ പൂക്കൾ പറിക്കുന്നു. രാവിലെ നേരത്തെ തുടങ്ങുന്ന പൊതുസ്വീകരണത്തിനു് വരുമല്ലോ എന്നു് ഞാൻ ധൃതിയിൽ യാത്ര ചോദിച്ചപ്പോൾ, ഇല്ല ഒറ്റയ്ക്കു് ആചരിക്കേണ്ട വ്യാകുലദിനമാണിന്നു എന്നു് മാത്രം അവൾ പറഞ്ഞു. സഹദേവനുമായി പിന്നീടാലോചിച്ചപ്പോൾ പിടി കിട്ടി, കഴിഞ്ഞ കൊല്ലം അജ്ഞാത വാസകാലത്തു കീചകൻ എന്നൊരു സൈനികൻ ദുരൂഹസാഹചര്യത്തിൽ ഇതേ ദിവസം കൊല്ലപ്പെട്ടിരുന്നു.”

2018-11-25

“ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന പഴയ പതിവൊക്കെ മാറിയോ, പോരാട്ടം ജയിച്ചു ഭരണം പിടിച്ചെടുത്തപ്പോൾ?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.

“കാട്ടുകുടിലിലെ വെറും നിലത്തു ചുറ്റിയിരുന്നു് ഒന്നു കയ്യിട്ടാൽ ചൂടുള്ള ഭക്ഷണം കിട്ടിയിരുന്ന അക്ഷയപാത്രം, അടിമജീവിതത്തിൽ അന്നൊരനുഗ്രഹമായിരുന്നു, അത്താഴപ്പട്ടിണി കിടക്കേണ്ടി വന്നു പാഞ്ചാലിക്കെങ്കിലും. കൊട്ടാര ഊട്ടുപുരയിൽ പോവാറില്ല, കാരണം ധൃതരാഷ്ട്രരും ഗാന്ധാരിയും അവിടെയിരുന്നു പൊയ്പോയ കാലത്തെ കുറിച്ചു് കുന്തിയോടു് ഏങ്ങലടിച്ചു ഓരോന്നു് പറയുന്നുണ്ടാവും. അന്തഃപുര ഭക്ഷണമുറിയിൽ വിളമ്പാൻ ആളില്ലാത്തതു കൊണ്ടു് കാര്യമാത്രപ്രസക്തമായ നിർദ്ദേശം ഞാൻ വച്ചു, പുതുതലമുറ കൗരവരാജകുമാരികളെ തൊഴിലുറപ്പിന്റെ ഭാഗമായി മൂന്നു നേരം വിളമ്പാൻ നിർത്തിക്കൂടെ? ഭീഷണമായ താക്കീതു പോലെ പാഞ്ചാലിയിൽ നിന്നൊരു ‘മൂളൽ’ കേട്ടു, നിർദ്ദേശം ‘ഏകകണ്ഠമായി’ ഞങ്ങൾ പിൻവലിച്ചു. നിങ്ങൾ കാണേണ്ടതെല്ലാം കാണുന്നുണ്ടല്ലോ, ഊഴം വച്ചു് മാറിമാറി ഞങ്ങൾ വിളമ്പും, പക്ഷെ യുധിഷ്ഠിരൻ ഭക്ഷണം കഴിക്കേണ്ട നേരം കൃത്യം നോക്കി മാത്രമേ ഊണു മുറിയിൽ വരൂ.”

“നിങ്ങൾക്കയാൾ തിന്മയുടെ ശവക്കുഴിയായിരിക്കാം പക്ഷെ കുരുക്ഷേത്രവിധവകൾക്കു നന്മ നിറഞ്ഞവൻ ദുര്യോധനൻ. കണ്ണീരു കൊണ്ടു് പുഷ്പാർച്ചന ചെയ്യാനവർ യമുനാതീരത്തെ സ്മാരകമണ്ഡപത്തിലേക്കു യാത്രാനുമതി ചോദിക്കുമ്പോൾ, അഴിക്കകത്താക്കുമെന്നു പേടിപ്പിക്കുന്നതിന്റെ സങ്കുചിത പൗരബോധം വ്യക്തമാവുന്നില്ല”, കൊട്ടാരം ലേഖിക ഔദ്യോഗിക വക്താവു് നകുലനോടു് ചോദിച്ചു.

“എവിടെ ദുര്യോധന ശവകുടീരം? എവിടെ വിധവകളുടെ പുഷ്പാർച്ചന? ഇതൊക്കെയല്ലേ യുദ്ധാനന്തരഹസ്തിനപുരിയുടെ സാമ്പത്തിക സാമൂഹ്യപുനരധിവാസത്തെ തടസ്സപ്പെടുത്തുന്ന ചാർവാകമാതൃക വിധ്വംസനം? ശക്തിപ്രകടനമാണു് വിധവകൾ, പ്രത്യേകിച്ചു് പുതുതലമുറ രാജകുമാരികൾ, ലക്ഷ്യമിടുന്നതു്. ഹസ്തിനപുരി നഗരപരിധിയിൽ നിരോധനാജ്ഞയുണ്ടു് അതു് മറി കടന്നവർക്കു വേണം പൊതുസമൂഹത്തെ കയ്യിലെടുക്കാൻ. ദുര്യോധനനെന്ന ‘ദൈവപുത്ര’ന്റെ ഓർമ്മപ്പെരുന്നാൾ അവർക്കു നിശബ്ദ പ്രാർത്ഥനയിലൂടെ ആചരിച്ചാൽ പോരാ, മുഷ്ടി ചുരുട്ടി നെഞ്ചത്തടിച്ചു വിലാപത്തിലൂടെ ആഘോഷിക്കണം. പിന്നിൽ നേതൃത്വം കൊടുക്കുന്നതു് ചാർവാകൻ. ഞങ്ങൾ കയ്യും കെട്ടി ഈ പതനത്തിനു മൂകസാക്ഷിയാവണോ? അതോ നവോത്ഥാനസംരക്ഷകരായി ചാട്ട വീശണോ?”

2018-11-26

“നിങ്ങൾക്കും ഉണ്ടോ അച്ഛനോർമ്മ?”, കൊട്ടാരം ലേഖിക സഹദേവനോടു് ചോദിച്ചു. ഭാവി പ്രവചിക്കുന്നവൻ സഹദേവൻ എന്ന പൊതുഭീതി ഭീമൻ പിറുപിറുത്തിരുന്ന കാലം.

“ഞാൻ മാത്രമേ പാണ്ഡുവിനു് കൂട്ടുണ്ടായിരുന്നുള്ളു. കുന്തിയും നാലു പാണ്ഡവരും കുളിക്കാൻ പോയിരുന്നു. മാദ്രി കുളി കഴിഞ്ഞു വരാനും നേരമായി. കൈമാടിയെന്നെ പാണ്ഡു വിളിച്ചപ്പോൾ, ചൂണ്ടുവിരൽ ഇളക്കി ഞാൻ, ‘വേണ്ട വേണ്ട’ എന്നു്, ഈറനുടുത്തു കുടിലിലേക്കു് വരുന്ന മാദ്രിയെ നോക്കി പറഞ്ഞതാനെന്റെ ആദ്യത്തെ അച്ഛനോർമ്മ. ആരാണു് അച്ഛനെന്നു ഭീഷണമായി പാണ്ഡു ചോദിച്ചു. അശ്വിനിദേവതകൾ എന്നു് കേട്ടറിവിൽ കൈകൂപ്പി പറഞ്ഞപ്പോൾ, ‘നകുലനെ പോലെ നിനക്കും രണ്ടു ദുർദേവതകൾ വേണ്ടി വന്നോ ശാപജന്മം തരാൻ?’ എന്നു് നിന്ദിച്ചതോർമ്മയുണ്ടു്. ഭയന്നു് പുറത്തു കടക്കുമ്പോൾ, അകത്തേക്കു് വരികയായിരുന്ന മാദ്രിയോടു് ‘അരുതേ അമ്മാ അയാൾക്കരികെ പോവരുതേ, കാലന്റെ സാന്നിധ്യം ഞാൻ അറിയുന്നു’ എന്നു് ഇരുകൈകളും വീശി വിലക്കിയതോർമ്മയുണ്ടു്. അൽപ്പം കഴിഞ്ഞപ്പോൾ മാദ്രി നിലവിളിച്ചു പുറത്തേക്കു വന്നു, ‘മകനേ എന്റെ കൈകളിൽ കിടന്നു പാണ്ഡു മരിച്ചു’ എന്നു് അയൽവാസികളെ വിളിച്ചു അറിയിക്കാൻ എന്നെ പുറത്തേക്കു ഓടിക്കുന്നതോർമ്മയുണ്ടു്.”

“അമ്മക്കൊപ്പം കുടുംബ ജീവിതവും മധ്യവയസ്സിലെ പാഞ്ചാലിക്കൊപ്പമുള്ള ഈ അടിമ ജീവിതവും താരതമ്യപ്പെടുത്തിയാൽ?” കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.

“കാളുന്ന വയറുമായി കുട്ടിക്കാലത്തു അതിരാവിലെ കാട്ടിലേക്കിറങ്ങും, ഉച്ചയാവും വിശപ്പ് മാറ്റി കയ്യിൽ പേരക്കയോ കഴുത്തു് മുറിച്ച കലമാൻ കുഞ്ഞോ ആയി തിരിച്ചെത്താൻ. ‘പ്രകൃതിയുമായി സഹവർത്തിത്വത്തിൽ കഴിയുന്ന രാജകുമാരന്മാർ’ എന്നു് ചെറിയമ്മ മാദ്രി ആശീർവദിക്കുമ്പോൾ, കുന്തി കാര്യക്ഷമതയോടെ മാനിന്റെ തൊലി പൊളിച്ചു ഇറച്ചി കനലിൽ വച്ചു് കഴിഞ്ഞിരിക്കും. എന്നാൽ ഇന്നു് ഈ വനാശ്രമത്തിൽ പാഞ്ചാലി? വിശപ്പിൽ, പാരവശ്യത്തോടെ അക്ഷയപാത്രത്തിൽ ഞങ്ങൾ അഞ്ചു പേരും ഒരുമിച്ചു കയ്യിട്ടു വാരിത്തിന്നുമ്പോൾ, അതിൽ പങ്കു ചേരാതെ ഊട്ടുപുരക്കപ്പുറത്തെ കിടപ്പറയിൽ നിന്ദയോടെ മുഖം തിരിക്കും.”

2018-11-27

“പുറത്തിറങ്ങാൻ ആവാതെ ഒതുങ്ങി ഇരിക്കുമ്പോഴും, നിങ്ങൾ ആറു പേരും ഒന്നും പരസ്പരം മിണ്ടിപ്പറയുന്നില്ലല്ലോ.” ആശ്രമത്തിനു മുമ്പിലുള്ള കാട്ടുവഴിയിലൂടെ കാലവർഷം കുതിച്ചു ചാടിക്കൊണ്ടിരുന്ന ഇരുണ്ട സായാഹ്നം. വനവാസക്കാലത്തിന്റെ ആദ്യവർഷം.

“ഖാണ്ഡവപ്രസ്ഥത്തിൽ കുടിയേറ്റക്കാരായിരുന്നപ്പോഴും, ഇന്ദ്രപ്രസ്ഥത്തിൽ അധികാരമോഹമുദിച്ചപ്പോഴും അവർ എന്നോടു് വാതോരാതെ വിങ്ങിപ്പൊട്ടി മാറി മാറി സംസാരിക്കുമായിരുന്നു. കൂടെ പൊറുക്കുന്നവളെ പണയം വച്ചു് സ്വത്തെല്ലാം നഷ്ടപ്പെട്ടു അടിമജീവിതത്തിനു കാട്ടിൽ വന്നതോടെ അവർക്കു പരസ്പരം മനസ്സിലായി. അപ്പോൾ ആശയവിനിമയവും അവസാനിച്ചു. ആത്മകഥ എഴുതാൻ നിങ്ങളുടെ ക്ഷണം ഞാൻ നിരസിച്ചതു് എന്തു് കൊണ്ടാണു് എന്നു് ഇപ്പോൾ വ്യക്തമായില്ലേ”, മുറിയുടെ മുക്കും മൂലയും ചൂലു കൊണ്ടടിച്ചു പൊടിയും പ്രാണിയും നീക്കി കൊട്ടാരം ലേഖികക്കു് കിടക്കാൻ പായ വിരിക്കുകയായിരുന്ന പാഞ്ചാലി പറഞ്ഞു.

“പ്രകൃതി വാത്സല്യം കാണിച്ചു എന്നു വ്യക്തമല്ലേ?” കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരിയിൽ, മുപ്പത്തിയാറുവർഷ ഭരണത്തിനു് ശേഷം, ചെങ്കോൽ അഭിമന്യുപുത്രനായ പരീക്ഷിത്തിനെ ഏൽപ്പിച്ചു അന്തിമപദയാത്രക്കു് വേഷം മാറുകയായിരുന്നു പാണ്ഡവർ.

“ഊഴം പാലിച്ചു പെണ്ണുടലിനായി ഒറ്റക്കാലിൽ വിവാഹ ജീവിതം മുഴുവൻ കാത്തു നിൽക്കേണ്ടി വന്ന എത്ര പോരാളികളെ കുറിച്ചു് തക്ഷശിലയിൽ നിങ്ങൾ വായിച്ചറിഞ്ഞിട്ടുണ്ടു്? എന്നാൽ, ഒന്നിലധികം പാണ്ഡവരെ ഊഴം തെറ്റി കൂടെ കിടത്തിയും എത്ര സ്ത്രീകൾ അരനൂറ്റാണ്ടോളം കാലം ഇഷ്ടരതിജീവിതം ആസ്വദിച്ചു? പാഞ്ചാലി മാത്രം? അല്ലെന്നവൾ പ്രതിഷേധിക്കുമ്പോൾ, ഓർമ്മിപ്പിക്കൂ എങ്ങനെയായിരുന്നു കാശിരാജകുമാരികളായി ഹസ്തിനപുരിയിൽ വന്ന വിചിത്രവീര്യവധുക്കൾ അംബികയും അംബാലികയും നരകിച്ചു ജീവിച്ചതെന്നു്? എങ്ങനെയാണു മാതൃത്വത്തിനു വേണ്ടി പാണ്ഡുവധുക്കൾ, കുന്തിയും മാദ്രിയും, ബീജദായകരെ തേടി വീടുവിട്ടിറങ്ങിയതെന്നു്? എങ്ങനെയാണു് ആദ്യപ്രസവത്തിനു മുമ്പു് തന്നെ അഭിവന്യുവധു ഉത്തര എന്നെന്നേക്കുമായി വിധവയായി അന്തഃപുരത്തിൽ ഒതുങ്ങിയതെന്നു്? എന്നിട്ടും ഞങ്ങളുടെ, ഇനിയൊരു തിരിച്ചുവരവില്ലാത്ത, യാത്രാവേളയിൽ ദയാരഹിതമായി നിങ്ങൾ ചോദിക്കുന്നു, പാഞ്ചാലിയെ എന്തിനു ഞങ്ങൾ ജീവകാലം മുഴുവൻ ലൈംഗിക അടിമയാക്കി?”

2018-11-28

“പാണ്ഡവരിൽ നിന്നു് ഗാർഹികപീഡനം ഉണ്ടായാലും രേഖാമൂലം പരാതി ആദ്യം കൊടുക്കുക ദുര്യോധനനാണെന്ന നിങ്ങളുടെ മുൻ അഭിമുഖം കൊട്ടാരം ചുവരെഴുത്തുപതിപ്പിൽ പ്രസിദ്ധീകരിച്ച ഉടൻ ഹസ്തിനപുരി അന്തഃപുരത്തിലും രാജസദസ്സിലും വിവാദമായല്ലോ. ഏകശിലാദാമ്പത്യത്തിന്റെ വർത്തമാനകാല പ്രതീകമായ കൗരവരാജസ്ത്രീകൾ ഈ പ്രകോപനത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്നു് ദുര്യോധനവധു വെളിപ്പെടുത്തിക്കഴിഞ്ഞു. പാണ്ഡവദാമ്പത്യം കൗരവരാജസഭയിൽ പൊതുചർച്ചാ വിഷയമാക്കിയതിന്റെ പൊരുളെന്തായിരുന്നു?” കൊട്ടാരം ലേഖിക ചോദിച്ചു. വനവാസക്കാലം.

“നിലവിൽ കൗരവഅടിമയായ എനിക്കു് നിയമ പരിരക്ഷ സ്വാഭാവികമായും ഉടയോനിൽ നിന്നല്ലേ? അപ്പോൾ, എന്റെ നേരെ പാണ്ഡവർ വനവാസക്കാലത്തു അതിക്രമം നടത്തിയാൽ ആർക്കു മുമ്പിൽ ഞാൻ പരാതി കൊടുക്കണം? എന്റെ പെണ്ണഭിമാനത്തിന്റെ സംരക്ഷണം ഞാൻ ഉടയോന്റെ നീതിപീഠത്തിൽ അർപ്പിക്കുന്നെങ്കിൽ, ദുര്യോധനവധുവെന്തിനു് വിറളി പിടിച്ചു വെളിച്ചപ്പെടണം? ഹസ്തിനപുരി ശിക്ഷാ നിയമമനുസരിച്ചു് എന്റെയും പാണ്ഡവരുടെയും പൗരാവകാശങ്ങൾ പന്ത്രണ്ടു കൊല്ലത്തേക്കു് രാജസഭയിൽ ഭീഷ്മർ നിഷേധിച്ചതു് ചൂതാട്ടത്തിൽ പാണ്ഡവരുടെ പിടിപ്പുകേടു് കൊണ്ടല്ലേ? അതിൽ ദുര്യോധനൻ എന്തു് പിഴച്ചു?”

2018-11-29

“പാഞ്ചാലി നിങ്ങൾക്കെതിരെ കൊട്ടാരവിപ്ലവത്തിനു ശ്രമിക്കുന്നു എന്നോ? അതും പരീക്ഷിത്തിനെ കൂട്ടു പിടിച്ചു്? യുധിഷ്ഠിരനു് വിവരമൊന്നും കൊടുത്തില്ലേ ചാരവകുപ്പു് മേധാവി? അതോ അയാൾ സുഖവാസത്തിനു പോയോ?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.

“യുധിഷ്ഠിരനെയും എന്നെയും വയോജനങ്ങൾ എന്ന വിഭാഗത്തിൽ പെടുത്തി ഞങ്ങൾക്കനുകൂലമല്ലാത്ത ആജ്ഞ ഊട്ടുപുരയിലും അന്തഃപുരത്തിലും കൊടുക്കുന്ന പ്രവണത കുറച്ചുകാലമായി പാഞ്ചാലിക്കുണ്ടായിരുന്നെങ്കിലും, ഞങ്ങളുടെ മരണം ലക്ഷ്യംവച്ചുള്ള കുടിലനീക്കങ്ങൾ പാഞ്ചാലി പരീക്ഷിത്തിനൊപ്പം നടപ്പിലാക്കുന്നതു്, ഞാൻ നേരിൽ കണ്ടു, പക്ഷെ രഹസ്യം പുറത്തു പറയാൻ ഭയന്നു. രാവിലെ യുധിഷ്ഠിരൻ എഴുനേൽക്കാൻ അൽപ്പം വൈകിയാൽ, ഉണർത്താനൊന്നും ശ്രമിക്കാതെ, അന്തഃപുരത്തിലെ സേവനദാതാക്കൾക്കിടയിൽ പരപരപ്പുണ്ടാക്കും വിധം “രാജാവു് മരിച്ചു” എന്നു് വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിൽ കിരീടാവകാശി പരീക്ഷിത്തിന്റെ അധികാരമോഹം അവൾ ദുരുപയോഗം ചെയ്തു. യുധിഷ്ഠിരനെ കൊട്ടാരവാസികൾ അവിശ്വാസത്തോടെ നോക്കുന്ന അനുഭവം ഉണ്ടായി. അതു് യുധിഷ്ഠിരനെ വേദനിപ്പിച്ചു. എണ്ണ തേച്ചു പിടിപ്പിച്ചു ശിരസ്സിൽ ജലധാര ചെയ്തു ശ്വാസം മുട്ടിപ്പിക്കുന്ന ഒരു പുതിയ പ്രകൃതി ചികിത്സാ രീതി പാഞ്ചാലി യുധിഷ്ഠിരനിൽ പ്രയോഗിച്ചപ്പോൾ, എനിക്കതു കണ്ടു സങ്കടം പിടിച്ചുനിൽക്കാനായില്ല. കിടപ്പുരോഗി പാണ്ഡുവിനെ നിശ്ശബ്ദനാക്കാൻ, കുന്തിയും മാദ്രിയും കാട്ടിൽ ചെയ്ത ‘കുളിപ്പിച്ചു് കുളിപ്പിച്ചു് ആളെ കൊല്ലുന്ന കളി’ ഞങ്ങൾ കുട്ടിക്കാലത്തു കണ്ടതാണു്. ‘നിർത്തൂ ഈ പേക്കൂത്തു്’ എന്നു് ഞാൻ നെഞ്ചത്തടിച്ചു പൊട്ടിത്തെറിച്ചതോർമ്മയുണ്ടു്. ഉണരുമ്പോൾ, അഴിക്കുള്ളിൽ അടിവസ്ത്രം മാത്രം ധരിച്ചു കിടക്കുകയാണു്. മനോരോഗിയെന്നു് പാഞ്ചാലിയെന്നെ പരസ്യമായി മുദ്രകുത്തി. പിന്നെയവൾ എന്നെ സ്വാധീനവും ഇച്ഛാശക്തിയും ഉപയോഗിച്ചു് എണ്ണക്കുളിയിൽ തളച്ചിട്ടു. ബീജദാതാവു് അതീത ശക്തിയെന്ന ഉത്തമബോധ്യം ഉള്ളതു് കൊണ്ടു് മാത്രമാണു് ജീവൻ പോവാതെ പിടിച്ചു നിൽക്കാനായതു്. ഹസ്തിനപുരിയിൽ ഇനി തുടരുക അസാധ്യം.” വിങ്ങിപ്പൊട്ടുന്ന ഭീമനുമേൽ പരീക്ഷിത്തിന്റെ കൈകൾ വീണു. “ചികിത്സയുമായി സഹകരിക്കണം. പത്രപ്രവർത്തകരെ കണ്ടാൽ മുഖം തിരിക്കണം” എന്ന താക്കീതുമായി, കൈ പിടിച്ചു കുളവക്കിലേക്കു കൂട്ടിക്കൊണ്ടുപോയി.

“മഹാറാണിപദവിയിൽ പാഞ്ചാലി എത്തുമ്പോൾ എങ്ങനെ നോക്കിക്കാണുന്നു അവളുടെ വ്യാഴവട്ടക്കാല ആശ്രമസേവനം?”, വന്ദിക്കാൻ വരി നിന്നിരുന്ന സന്യസ്ഥനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“കാര്യക്ഷമമായും പരാതിരഹിതമായും അടിമപ്പണി നിർവഹിച്ചുവന്ന വനിത ഹസ്തിനപുരി മഹാറാണിയായി എന്നു് കേട്ടപ്പോൾ ഞങ്ങളാരും അവിശ്വസിച്ചില്ല. കാരണമുണ്ടു്, ശുചിത്വത്തിനു പുറമെ ആശ്രമത്തിലെ കർശന ആരാധനാ ക്രമത്തിൽ അവസരോചിതമായ ഇടപെടലിലൂടെ സന്യസ്ഥമനം അവൾ കവർന്നു. കൗരവഅടിമയായിരുന്നു അക്കാലത്തവൾ. എങ്കിലും, കുലീനമായ ശരീരഭാഷയും വാമൊഴിയും ഞങ്ങളിൽ ഉണ്ടാക്കിയതു് നിത്യവിസ്മയമായി: എന്തുകൊണ്ടാവാം ദേവസ്ത്രീയെ പോലെ സുന്ദരിയായ ഈ സ്ത്രീക്കിങ്ങനെ ഒരു ശിക്ഷ, ധൃതരാഷ്ട്രർ കല്പ്പിച്ചതു് എന്നെനിക്കു ഒരു പിടിയുമുണ്ടായിരുന്നില്ല.”

2018-11-30

“അരുതാത്തതെന്തോ അഭിമുഖത്തിനിടയിൽ പത്രാധിപരോടു് നിങ്ങൾ പറഞ്ഞു എന്ന പരിഭവം കാരണം ഇന്നു് എന്നെയാണു് അയച്ചതു്.” കൊട്ടാരം ലേഖിക മഹാറാണിയോടു് ചോദിച്ചു. പാണ്ഡവ ഭരണത്തിന്റെ അവസാന വർഷങ്ങൾ.

“ആയിരം പൂർണചന്ദ്രന്മാരെ കണ്ടതുകൊണ്ടാവാം മഹാരാജാവിനു വാർദ്ധക്യത്തിന്റെ വിഷമങ്ങൾ ഉണ്ടെന്നു സംഭാഷണത്തിൽ ഞാനൊന്നു സാന്ദർഭികമായി സൂചിപ്പിച്ച ഉടൻ നിങ്ങളുടെ ‘തല മുതിർന്ന’ പത്രാധിപർ അതിൽ കൈവച്ചു് ചോദിച്ചു, രാത്രി യുധിഷ്ഠിരൻ പലതവണ ഞെട്ടി ഉണരാറുണ്ടോ? പായിൽ ഊഴമനുസരിച്ചു കൂടെ കിടക്കുന്നൊരാൾ എപ്പോഴൊക്കെ ഉറക്കമുണരുന്നുണ്ടു് എന്നു് കണ്ണിൽ എണ്ണയൊഴിച്ചു നോക്കിയിരിക്കലാണോ എന്റെ നിശാവിനോദം എന്നു് ഞാൻ ആ ചോദ്യത്തെ നീരസത്തോടെ നേരിട്ടതോടെ, വികാരഭരിതനായി യുധിഷ്ഠിരൻ എഴുന്നേറ്റു നിന്നു് വിങ്ങിപ്പൊട്ടുന്നതും ഞങ്ങൾ കണ്ടു.”

2018-12-01

“വിളക്കണയും വരെ വായന നീണ്ടു. ഇതിൽ പറയുന്ന പലതും തൊഴിലിന്റെ ഭാഗമായി കണ്ട ഒരാളെന്ന നിലയിൽ, ഏതോ മലയടിവാരത്തു ആശ്രമം കെട്ടി ജീവിക്കുന്ന പരിത്യാഗിയായ നിങ്ങൾക്കെങ്ങനെ അറിയാം അരമനകളിലെ വിഴുപ്പുവാർത്തകൾ?” കൊട്ടാരം ലേഖിക വേദവ്യാസനോടു് ചോദിച്ചു.

“പരിത്യാഗിയാണു് ഞാൻ, നഗരവാസിയല്ല, അതും സമ്മതിച്ചു, ജനസമ്പർക്കം കുറവാണു്, അന്തഃപുര ജീവിതം അടുത്തറിയാൻ വയ്യ. വിചിത്രവീര്യവിധവകൾക്കു ബീജദാനം ചെയ്യാൻ കൊട്ടാരത്തിൽ പോയതു പോലും ഞാനായിരുന്നില്ല പകരക്കാരായിരുന്നു. അതുകൊണ്ടു് സമ്മതത്തിനൊന്നും മെനക്കെടാതെ ആവുന്നത്ര പനയോല രേഖകൾ സംഭരിച്ചു വിവരങ്ങൾ ഉപയോഗിച്ചു. വിട്ടുവീഴ്ചകൾക്കു് വഴങ്ങിയിട്ടും ഇത്രയും ബൃഹത്തായ ആഖ്യാനം, ദക്ഷിണാ പഥത്തിൽ നിന്നു് കഴുതച്ചുമടായി കൊണ്ടുവന്ന പനയോലയിൽ എഴുതി എന്നതാണു് നിങ്ങൾ കൈകൊട്ടി ആഘോഷിക്കേണ്ടതു്. മറിച്ചുള്ള കുപ്രചാരണത്തിനു വഴിമരുന്നിടുകയല്ല. തിരക്കുണ്ടു്. നിങ്ങൾ കരടു് പൂർണ്ണമായി വായിക്കുമ്പോഴേക്കു് ഞങ്ങൾ പത്തുനൂറുപേർ അസ്സൽ മഹാഭാരതം രചിക്കുകയാണു്. സ്വാഭാവികമായും കഥാപാത്രങ്ങൾ കൂടുതൽ കരുത്തു പ്രാപിക്കും ആഖ്യാനകല പരിപൂർണതയിലേക്കു് നീങ്ങും.”

2018-12-02

“പരിത്യാഗികൾ എന്നു് സ്വയം മേനി പറയുന്ന നിങ്ങൾ സന്യാസികൾ, സംഘം ചേർന്നു് ഇടിച്ചു കയറുന്നതെന്തിനാണു്?” കോപത്തെക്കാൾ വിസ്മയത്തോടെ സൈനികൻ ആഗതരെ കോട്ടവാതിലിൽ വഴി തടഞ്ഞു.

“ജിജ്ഞാസ സഹിക്കാനാവുന്നില്ല. കേട്ടു കേൾവി ഇല്ലാത്ത ഒരു ജനാധിപത്യസംഭവം ഇവിടെ ഉണ്ടായെന്നു ഗുരു പറഞ്ഞറിഞ്ഞ ഉടൻ പുറപ്പെടുകയായിരുന്നു. കൊല്ലങ്ങളായി ഞങ്ങളുടെ ഹിമാലയ സന്യസ്ഥാശ്രമങ്ങളിൽ നിത്യവും രാവിലെ വലിയ മൺകുടവുമായി വന്നു വിസർജ്യം കാര്യക്ഷമതയോടെ സംഭരിച്ചു ദൂരെ കൊണ്ടുപോയി പരാശ്രയമില്ലാതെ കുഴിച്ചിട്ടിരുന്ന ഒരു കറുത്ത പെൺഅടിമ ഉണ്ടായിരുന്നു. ഒരു മാസം മുമ്പു് അവൾ ഹസ്തിനപുരം മഹാറാണി ആയെന്നു കേട്ടു് അനുമോദിക്കാൻ വന്നതാണു്. ഒപ്പം മടിയൻ ഭർത്താക്കന്മാരെ ഒന്നു് കുടയുകയും വേണം.”

“യുധിഷ്ഠിരൻ വ്യക്തമായി അനുകൂലിച്ച മുൻഗണനാ പദ്ധതിയായിട്ടും നിങ്ങൾ കുരുക്ഷേത്ര വിധവാ പുനരധിവാസത്തെ പിന്തുണക്കില്ലെന്നു വച്ചാൽ?”, കൊട്ടാരം ലേഖിക മഹാറാണിയോടു് ചോദിച്ചു. ദുര്യോധനവിധവയുടെ നേതൃത്വത്തിൽ, കോട്ട വാതിലിനു മുമ്പിൽ കൗരവരാജസ്ത്രീകൾ സമരമുഖം തുറന്നു നിരാഹാരം തുടങ്ങിയ പ്രഭാതം.

“പദ്ധതി ഞാൻ നേരിട്ടു് പരിഗണിക്കും മുമ്പു് തന്നെ അതിലെ രാഷ്ട്രീയപരിസരം മണത്തറിഞ്ഞു മഹാരാജാവു് നിരുപാധിക പിന്തുണ തരുന്നതു് ആശ്വാസ്യമല്ല. മറിച്ചു, ആശ്വാസ്യമായ കാര്യം, ഞാൻ അവതരിപ്പിക്കുന്ന നിർദ്ദേശം തർക്കമില്ലാതെ ഭരണകൂടതീരുമാനം നടപ്പിലാക്കാൻ യുധിഷ്ഠിര കാര്യാലയം ഉത്സാഹിക്കുകയാണു്. മറ്റുവാക്കുകളിൽ പറഞ്ഞാൽ, ഹസ്തിനപുരി മഹാറാണിയുടെ അധികാരയിടങ്ങളിൽ വന്നു യുധിഷ്ഠിരൻ നിരങ്ങേണ്ട കാര്യമില്ല.”

2018-12-05

“ഗദയും വില്ലുമൊന്നുമല്ല ഈ മടവാളാണോ ആയുധം?” യമുനയുടെ സ്നാനഘട്ടത്തിൽ ചോരയും നീരും കഴുകുന്ന സൈനികനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“കൃത്യമായി പറഞ്ഞാൽ ഞാൻ സൈനികനല്ല. പാണ്ഡവരെയും കൗരവരെയും ഒരുപോലെ ഇടപാടുകാരായി കാണുന്ന കരാർ തൊഴിലാളിയാണു്. കറവ വറ്റിയ മാടുകളെയും പൂട്ടിത്തളർന്ന കാളകളെയും തീൻശാലയിലേക്കെത്തിക്കുന്ന മാംസദൗത്യമാണു് എനിക്കു് കുരുക്ഷേത്രം കനിഞ്ഞു തന്നതു്. മടവാളുമായി അറവുകേന്ദ്രത്തിലേക്കു പോവുമ്പോൾ ഇരുസൈന്യങ്ങളിലെയും ഉയർന്ന സൈനികമേധാവികൾ എന്നെ അഭിവാദ്യം ചെയ്യുന്നതിന്റെ കാരണവും അതാണു്. പകൽ മുഴുൻ പരസ്പരം അമ്പെയ്തും ശൂലമെറിഞ്ഞും പോരടിപ്പിക്കുമ്പോഴും അവരിൽ പ്രത്യാശ നിലനിർത്തുന്നതു് ഞാൻ വെട്ടിയൊരുക്കുന്ന ഗോമാംസത്തിന്റെ രുചിയാണു്. തിരക്കുണ്ടു്. മടവാൾ അതിന്റെ ഇരകൾക്കായി തിരക്കു് കൂട്ടുന്നു.”

2018-12-06

“ഉടുതുണിക്കു് മറുതുണിയില്ലാതെ കാട്ടിൽ പോയതോടെ, പാണ്ഡവർ ഭരിച്ചിരുന്ന മോഹനഭൂമി എന്തു് ചെയ്യാനാണു് കൌരവർ ഉദേശിക്കുന്നതു്?”, ചുവരിൽ പ്രദർശിപ്പിച്ചിരുന്നു ഭൂപടം നോക്കി കൊട്ടാരം ലേഖിക വിരൽ ചൂണ്ടി.

“ഖാണ്ഡവപ്രസ്ഥം എന്ന പ്രകൃതിസൌഹൃദ ആവാസ വ്യവസ്ഥ കത്തിച്ചുണ്ടാക്കിയ ദുരന്ത കുടിയേറ്റഭൂമിക എന്ന നിലയിൽ, പരിസ്ഥിതി വിനാശത്തിന്റെ യുഗാതീത ഓർമ്മക്കായി ഹസ്ഥിനപുരിയുടെ നേരിട്ടു ഭരണത്തിലുള്ള പ്രത്യേക പ്രവ്യശ്യയായി നില നിർത്തും. വരും യുഗങ്ങളിൽ, ആർക്കറിയാം, അധികാരത്തിന്റെയും ദുരഭിമാനത്തിന്റെയും ഐതിഹ്യങ്ങൾ പേറുന്ന മഹാനഗരമായി ഇന്ദ്രപ്രസ്ഥം മാറുമോ എന്നു് പ്രകൃതി തീരുമാനിക്കട്ടെ വിശിഷ്ടാതിഥികൾ നടക്കുമ്പോൾ വഴുക്കിവീഴ്ത്തുന്ന മായൻ നിർമിത അസ്വാഭാവിക മന്ദിരങ്ങളിൽ കൊടും കുറ്റവാളികളെ തടവിലിടും.”

“നിങ്ങളായിരുന്നോ ഗംഗയുടെ ഏഴു കുഞ്ഞുങ്ങളുടെയും ആരാച്ചാർ?” കൊട്ടാരം ലേഖിക ചോദിച്ചു.

“പ്രസവിക്കാൻ മാത്രം ഹസ്തിനപുരി കൊട്ടാരത്തിൽ വന്ന ഒരു ദേവസ്ത്രീ എന്നേ എനിക്കക്കാലത്തു തോന്നിയുള്ളൂ. പരീക്ഷിച്ചറിഞ്ഞ തോഴി എന്ന നിലയിൽ എന്നിൽ ഗംഗ (ശാന്തനുവിന്റെ ഭാര്യയായിരുന്നിട്ടും അവൾ കുരുവംശ മഹാറാണി പദവി സ്വീകരിച്ചിരുന്നില്ല) വിശ്വാസമർപ്പിച്ച ദൗത്യങ്ങൾ കാര്യക്ഷമമായി ചെയ്തു എന്നതിനു് തെളിവല്ലേ, നീരൊഴുക്കിൽ മുക്കിക്കൊന്ന ഒരൊറ്റ നവജാതശിശുവിന്റെയും ജഢം, അഥവാ ഭൗതിക ശരീരം, മീൻവലയിൽ കുടുങ്ങിയ ദുരനുഭവം മുക്കുവർ പങ്കിട്ടില്ലെന്നതു്? തുണിയിൽ പൊതിഞ്ഞ കുഞ്ഞുമായി പ്രസവമുറിയിൽ നിന്നു് ഗംഗ എന്നെ പുഴയിലേക്കു് പറഞ്ഞുവിടും, നിശബ്ദം ആ ജോലി ചെയ്തു, നീന്തിക്കുളിച്ചു പാപം കഴുകി, ഈറനുടുത്തു മടങ്ങിവരും. വിവരം പറയാൻ അന്തഃപുരത്തിൽ കയറുമ്പോൾ, ശന്തനുവിന്റെ അടക്കിപ്പിടിച്ച നിലവിളി കേൾക്കും, ഞാനൊന്നു കാണും മുമ്പു് ഇത്രവേഗം എന്തു് ചെയ്തു നീ ഗംഗാ, നമുക്കു് പിറന്ന ആ കുഞ്ഞിനെ? വിതുമ്പി വിതുമ്പി, ശന്തനു കുഴഞ്ഞുവീണു മരിക്കുമെന്നു് ഭയന്നെങ്കിൽ തെറ്റി-വീണ്ടും തിരക്കുപിടിച്ചൊരു ശാരീരികതക്കായി ആ ദൈന്യതയിലും മഹാരാജാവു് വട്ടം കൂട്ടുകയാണു്.” കൊട്ടാരം ലേഖിക തിരിഞ്ഞു നടന്നിട്ടും, ചിത്തഭ്രമത്തിന്റെ പിടിയിലായിരുന്ന ആ രാജതോഴി ഭൂതകാലക്കുളിരിൽ രസിച്ചുകൊണ്ടിരുന്നു.

2018-12-07

“കേട്ടിരുന്നത്ര കുടിലമനസ്സുകളാണോ യഥാർത്ഥത്തിൽ കൗരവർ?”, കൊട്ടാരം ലേഖിക ചോദിച്ചു. പാഞ്ചാലയിൽ നിന്നെത്തിയ വധൂവരന്മാർക്കനുവദിച്ചിരുന്ന അതിഥിമന്ദിരത്തിലെ സ്വീകരണമുറിയിലായിരുന്നു, മിക്കവാറും അർദ്ധനഗ്നയായ പാഞ്ചാലി ആ വസന്തകാല പ്രഭാതത്തിൽ.

“മൃഗയാവിനോദങ്ങൾ എന്ന ചെല്ലപ്പേരിട്ടവർ ഹസ്തിനപുരി പെണ്ണുടലുകളെ കൗമാരം മുതൽ വേട്ടയാടിയിരുന്നതായി ഭീമൻ യാത്രക്കിടെ തന്നിരുന്ന മുന്നറിയിപ്പുകൾ മുഖവിലക്കെടുക്കാൻ, എന്തോ അന്തഃരംഗം മടിച്ചിരുന്നു. സുഖമല്ലേ എന്നൊരു ഇളമുറ കൗരവബാലൻ നിഷ്കളങ്കമായി തോന്നുന്ന വിധം പൂക്കൾ തന്നു ചോദിക്കുമെന്നും, അപ്പോൾ കൂടെയുള്ള മുതിർന്ന കൗരവരുടെ വേട്ടക്കണ്ണുകൾ നീയറിയാതെ മാറിലായിരിക്കുമെന്നും അർജ്ജുനൻ ഭീഷണിയുടെ സ്വരത്തിൽ താക്കീതു നൽകി. ദേവ സന്തതികളായ നിങ്ങൾക്കുമുണ്ടാവില്ലേ അതു പോലുള്ള വേട്ടയനുഭവങ്ങൾ എന്നു് തിരിച്ചു ചോദിച്ചപ്പോൾ യുധിഷ്ഠിരൻ ധാർമ്മികരോഷത്താൽ തുള്ളുന്നുണ്ടായിരുന്നു. അതെന്നെ ചൊടിപ്പിച്ചു. കാമാതുരമായ കൗരവക്കണ്ണുകൾ വീഴാതിരിക്കാൻ മുലകൾ പറിച്ചെറിയണോ എന്നു് തിരിച്ചു ചോദിച്ചപ്പോൾ, വില്ലും ഗദയും വാരിയെടുത്തവർ ഹസ്തിനപുരി കൊട്ടാരത്തിലേക്കു അന്തഃപുരവേട്ടക്കെന്നും പറഞ്ഞു യാത്രയായി.” അഭിമുഖം കഴിഞ്ഞു കൊട്ടാരം ലേഖിക പുറത്തു കടക്കുമ്പോൾ പരിമളവാഹികളായ പൂച്ചെണ്ടുകളുമായി, പ്രണയം നിറഞ്ഞ മിഴികളോടെ, നാലഞ്ചു ഇളമുറ കൗരവർ പാഞ്ചാലിയെ വിറയ്ക്കുന്ന ചുണ്ടുകളോടെ കാത്തു് നിൽക്കുന്നുണ്ടായിരുന്നു.

“കൊലയാളികളെല്ലാം പുഴയിൽ കുളിക്കാൻ പോയിട്ടും നിങ്ങൾ കൂലിക്കാരെന്താ ഇരുട്ടിൽ കൂട്ടംകൂടി?” പോർക്കളത്തിൽ കൊട്ടാരം ലേഖിക ചോദിച്ചു.

“കുന്തമെറിഞ്ഞിട്ടും അമ്പയച്ചിട്ടും അവകാശവാദങ്ങളുമായി രാത്രി അവർക്കാർമാദിച്ചാൽ മതിയല്ലോ, മരിച്ചവർ എത്രയെന്നു എണ്ണിത്തിട്ടപ്പെടുത്തേണ്ടതു് യുദ്ധനിർവാഹകസമിതി കരാറുകാരുടെ രാപ്പകൽ പണിയാണു്. മുറിവേറ്റ ഈ സൈനികനെ നോക്കൂ, തലങ്ങും വിലങ്ങും പകൽ മുഴുവൻ പേപിടിച്ചോടി നടന്നു മരണം വിതച്ച പാണ്ഡവമേധാവിയാണിവൻ. അവന്റെ ചാവു് ഇനിയും കഴിഞ്ഞിട്ടില്ല. വെള്ളത്തിനാണവൻ നാവു പുറത്തു നീട്ടുന്നതു്. വൃദ്ധമാതാവും കുടുംബവും പ്രാർത്ഥനയോടെ വീട്ടിലുണ്ടു് എന്നാണവന്റെ പരിദേവനം. വൃത്തികെട്ടവന്റെ അന്ത്യ ശ്വാസം നിൽക്കാൻ കാത്തിരിക്കയാണു് ഞങ്ങൾ. ശബ്ദത്തിൽ അക്ഷമ തോന്നുന്നെങ്കിൽ ക്ഷമിക്കൂ. രാവിലെ മുതൽ മൃതപ്രായരെ മൃതരാക്കുകയെന്ന മഹാദൗത്യത്തിലാണു്. എത്രയെത്ര മരണമൊഴികൾ ഞങ്ങൾ കേട്ടു, വിലാപങ്ങളും ഭീതിയും പൊട്ടിക്കരച്ചിലും ഈ തൊഴിലിന്റെ ഭാഗമായി. ആർക്കുവേണ്ടിയാണു് യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടതെന്നു് അറിയാത്ത ജന്മങ്ങളുടെ അന്തമില്ലാത്ത കണക്കെടുപ്പു് കഴിഞ്ഞിട്ടുവേണം പുഴയിൽ ഒന്നു് നീന്തിക്കുളിച്ചു ഞങ്ങൾക്കും, പുലരും വരെയൊന്നു യുദ്ധമില്ലാത്ത കാലം കിനാവു് കാണാൻ.”

2018-12-08

“നിസ്സാര ആണുടലുകളല്ല നിങ്ങൾ, എന്നിട്ടും പാഞ്ചാലി യിൽ നിന്നൊരു പ്രണയപുഞ്ചിരിക്കായി ഏതറ്റം പ്രീണനത്തിനും വഴങ്ങുന്നതെന്തു കൊണ്ടു്? എങ്ങനെ വന്നു ചേർന്നു, ഊണിലും ഉറക്കത്തിലും പാഞ്ചാലിയുടെ പൂർണ്ണ സ്ത്രൈണാധിപത്യം?”, മാദ്രീപുത്രനും പാണ്ഡവനുമായ സഹദേവനോടു് കൊട്ടാരം ലേഖിക ചോദിച്ചു. മറ്റുനാലുപേർ അടക്കിപ്പിടിച്ച ജിജ്ഞാസയോടെ ചെവിയോർത്തു.

“ലക്ഷ്യം നേടാനുള്ളയൊരുക്കത്തിനു് അനുകൂല സാഹചര്യമൊരുക്കാനവളുടെ പെണ്ണുടൽ എത്ര മാത്രം തുണക്കുന്നു എന്നതാണു് ആ സർവ്വാധിപത്യത്തിനു കാരണം. ആൺപെൺ പാരസ്പര്യത്തിൽ പരിചിതമായതേതെടുത്താലും അപ്പപ്പോൾ അവളുടെ കണ്ണും ചുണ്ടും തെളിഞ്ഞു സഹകരിക്കുകയാവും. ഏറ്റു പറയട്ടെ ഇതു് ചെറുക്കാൻ പാണ്ഡവർക്കാവുകയില്ല. അവൾ ആവശ്യപ്പെടുന്നതു മാത്രം ചെയ്തു കൊടുത്താൽ മതിയെന്നു് കൂട്ടം ചേർന്നു് പ്രതിജ്ഞയെടുത്താലും, ആവശ്യമറിഞ്ഞവളെ സന്തോഷിപ്പിക്കാൻ രഹസ്യമോഹം ഞങ്ങളിൽ തുടിക്കും. ഭീമനോടൊന്നു ചോദിച്ചുനോക്കിയാലറിയാം കല്യാണസൗഗന്ധികം ഇന്നുമെത്ര വന്യമായൊരു പ്രണയാനുഭൂതിയാണവനു്.”

“വല്ല വിധേനയും യുധിഷ്ഠിരൻ സിംഹാസനത്തിൽ കയറി ഇരുന്നില്ല, അതിനുമുമ്പു് തുടങ്ങിയോ ദുര്യോധനവിധവയെ കുടിയൊഴിക്കുമെന്നു ഭീഷണിപ്പെടുത്താൻ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“യുദ്ധജേതാക്കളായി ഹസ്തിനപുരിയിൽ എത്തിയ പാണ്ഡവർ അന്നു് രാത്രിയും പിന്നീടും അന്തിയുറങ്ങിയതു് കുന്തിയുടെ കുടിലിൽ ആണെന്നു് നിങ്ങൾക്കറിയാമോ? ദുര്യോധനവസതി ഒഴിപ്പിച്ചു കിട്ടാൻ, നകുലൻ ചെന്നപ്പോളാണു് കുടിലകൗരവരുടെ ഭൂമിതട്ടിപ്പിന്റെ രഹസ്യവിവരം വന്ദ്യവിദുരരിൽ നിന്നറിയുന്നതു്, യുദ്ധത്തിനു മുമ്പു് തന്നെ കൊട്ടാര സമുച്ചയം പൂർണ്ണമായും ദുര്യോധനൻ വ്യാജരേഖയുണ്ടാക്കി ഭാര്യക്കു് ഇഷ്ടദാനം കൊടുത്തിരിക്കുന്നു. കാഴ്ചപരിമിതിയുള്ള ധൃതരാഷ്ട്രരുടെ ഒപ്പും രാജ മുദ്രയും സംഘടിപ്പിക്കാനാണോ പാടു്? സ്ഥിതി അതായിരിക്കെ, അനധികൃതമായി കുരുവംശ സ്ഥാവരസ്വത്തുക്കൾ കൈവശം വച്ചിരിക്കുന്ന ദുര്യോധനവിധവയെ നേരിയ തോതിൽ ബലം പ്രയോഗിച്ചു അർദ്ധരാത്രി ആരോരുമറിയാതെ കുടിയൊഴിപ്പിക്കാതെ, പുതിയ മഹാരാജാവു് യുധിഷ്ഠിരൻ പിന്നെ എവിടെ താമസിക്കണം? കുന്തിയുടെ കുടിലിൽ തന്നെ കണ്ടെത്തിയാൽ മതിയോ പായ വിരിക്കാൻ അൽപ്പം ഇടം?”

2018-12-09

“അഭിമുഖത്തിനു് അർജ്ജുനൻ സമയം തന്നതു് അതിരാവിലെ ആയതുകൊണ്ടു് മന്ത്രാലയത്തിൽ പോവാതെ ഞാൻ അന്തഃപുരത്തിൽ വന്നു കാത്തിരിക്കാൻ തുടങ്ങിയിട്ടു് നേരം കുറച്ചായി. പാറാവുകാരനോടു് ചോദിച്ചപ്പോൾ കേട്ടു, മുതിർന്ന മൂന്നു പാണ്ഡവരും താമസം നിങ്ങൾക്കൊപ്പമല്ല. ഞെട്ടിപ്പോയി. കാരണം വല്ലതും?” കൊട്ടാരം ലേഖിക മഹാറാണിയോടു് ചോദിച്ചു.

“ധൃതരാഷ്ട്രരും ഗാന്ധാരിയും വനജീവിതം തിരഞ്ഞെടുത്തു വസതിയൊഴിഞ്ഞപ്പോൾ, കുരുവംശാധിപന്റെ ഔദ്യോഗികമന്ദിരം നൂറ്റാണ്ടിനുശേഷം ഒഴിവുവന്നു. അതു് രണനായകൻ ദുര്യോധനന്റെ സ്മൃതിയിടമാക്കണമെന്നു കൗരവരാജവിധവകൾ കലമ്പൽ കൂട്ടി. പിടിവിടും മുമ്പു് ഞാനൊരു പരിഹാരം നിർദ്ദേശിച്ചു യുധിഷ്ഠിരനും മുതിർന്ന രണ്ടു സഹോദരന്മാരും ഉടൻ താമസം അങ്ങോട്ടു മാറ്റുക. നരച്ചുനീണ്ട മുടിയും താടിയുമായി ആ മൂന്നു പാണ്ഡവർ എനിക്കൊപ്പം കിടക്കുന്നതു ഞാൻ പലപ്പോഴും സ്വാഗതം ചെയ്തില്ല എന്ന മട്ടിൽ ദുഷ്ടലാക്കോടെ മാധ്യമങ്ങൾക്കിടയിൽ ഐതിഹ്യം പ്രചരിപ്പിക്കാനിടയുണ്ടു്. വീണുപോവരുതു്. നിങ്ങളുടെ അന്തഃപുരം കണ്ടാലൊരു വൃദ്ധസദനം പോലുണ്ടല്ലോ എന്നു് ദ്വാരകയിൽ നിന്നു് വിരുന്നിനു വന്ന സത്യഭാമ പറഞ്ഞതെന്റെ കരളിൽ കൊത്തി, നിഷേധിക്കുന്നില്ല. ഇളമുറ മാദ്രീമക്കൾ നകുലനും സഹദേവനും രാപ്പകൽ കൂട്ടുണ്ടു്. സ്വർഗ്ഗരാജ്യശുശ്രൂഷകരായ അശ്വിനിദേവതകളുടെ അംശാവതാരങ്ങൾ ആയതുകൊണ്ടവരുടെ രൂപഭാവങ്ങളൊക്കെ ഇന്നും ദേവയുവത്വം പ്രസരിപ്പിക്കുന്നു. ചോദിക്കാതെ തന്നെ കല്യാണ സൗഗന്ധികം കൊണ്ടുവരാൻ പുറപ്പെട്ടിറങ്ങിയ ഇരുവരും വരാൻ നേരമായി, ഞാൻ കുളിച്ചൊരുങ്ങട്ടെ.”

2018-12-10

“അന്തഃപുരത്തിൽ എന്താണൊരടിയന്തരാവസ്ഥ? നൂറ്റാണ്ടിന്റെ മണമുള്ള ധൃതരാഷ്ട്രവസതിയൊന്നടിച്ചു കഴുകാൻ സാവകാശമില്ലാതെ നിങ്ങൾ മൂന്നു മുതിർന്ന പാണ്ഡവരെ അവിടെ പിറ്റേന്നു് പുലർച്ചക്കു തന്നെ പുനരധിവാസം ചെയ്യിച്ചു എന്നാണു കേൾവി”, കൊട്ടാരം ലേഖിക അജ്ജുനനോടു് ചോദിച്ചു.

“അത്ര ലളിതമായി കാണാമോ പാഞ്ചാലിയുടെ അന്തഃപുരത്തിൽ നിന്നു് ഞങ്ങളുടെ കുടിയൊഴിപ്പിക്കൽ? ധൃതരാഷ്ട്രരും ഗാന്ധാരിയും കാട്ടിൽ പോയെങ്കിലും, കൊട്ടാരത്തിന്റെ ഭൂഗർഭ അറയിൽ, നൂറോളം കൗരവ രാജവധുക്കൾ കഴിഞ്ഞ അരനൂറ്റാണ്ടിൽ കൊണ്ടുവന്ന സ്ത്രീധനം നവരത്നങ്ങളാക്കിയതൊക്കെ, രഹസ്യവാക്കുകൾ ഉച്ചരിച്ചാൽ മാത്രം തുറക്കുന്ന പേടകങ്ങളിൽ ഒളിപ്പിച്ചു വച്ചതിലായിരുന്നു ദുര്യോധന വിധവയുടെ കണ്ണു്. ദുര്യോധന സ്മൃതിമന്ദിരമാക്കണമെന്ന കൗരവവിധവകളുടെ ആവശ്യം തള്ളി പാഞ്ചാലിക്കു് മുമ്പിൽ പ്രായോഗിക നിർദ്ദേശം വച്ചതു ഞാനാണു്. മൂന്നു ‘തല നരച്ച’ പാണ്ഡവർ, ഒരു നിമിഷം പോലും വെറുതെ കളയാതെ ധൃതരാഷ്ട്രവസതിയിൽ താമസം തുടങ്ങട്ടെ. അവൾ സമ്മതിച്ചു. നിധിവേട്ടക്കങ്ങനെ പാഞ്ചാലിയുടെ അനുഗ്രഹവുമുണ്ടു്. നരച്ച താടിയും മുടിയുമാണു് പ്രകൃതി ഇപ്പോൾ തന്നതെങ്കിലും, പ്രതികൂല പരിതഃസ്ഥിതികളെ നേരിടാൻ കാരിരുമ്പിൻ കരുത്തുണ്ടു് കരളിനു്.”

“മഹാറാണിയായശേഷം നിങ്ങൾ ദുര്യോധനവിധവയുമായി പൊതുവേദിയിൽ രഹസ്യസംഭാഷണം ചെയ്തതു് കുതിരപ്പന്തികളിലും കൊട്ടാരക്കെട്ടുകളിലും അഭ്യൂഹങ്ങൾക്കു് വഴിവച്ചല്ലോ. എന്തുപറ്റി ഇങ്ങനെയൊരു അവിവേകമായൊരു ആശയവിനിമയത്തിനു്?” കൊട്ടാരം ലേഖിക ചോദിച്ചു.

“എന്നെ കാണാൻ പരസ്യമായി ദുര്യോധനവിധവ വേദിയിൽ വന്നപ്പോൾ അൽപ്പസമയം അവൾക്കു പറയാനുള്ളതു് ഞാൻ കേട്ടു എന്നതു് ലജ്ജിക്കേണ്ട ഒന്നാണോ? ചൂതാട്ടത്തിൽ എല്ലാം നഷ്ടപ്പെട്ടു കൗരവ അടിമകളായി വനവാസത്തിനുപോവുമ്പോൾ, നിങ്ങളുടെ അടിമത്തം മാത്രം ഉടനടി പിൻവലിച്ചു പൂർണ്ണ പൗരാവകാശം പുനഃസ്ഥാപിച്ചുതന്ന കുരുവംശ രാജകല്പന കൗരവദൂതനിൽ നിന്നു് തട്ടിയെടുത്തു പാണ്ഡവർ രഹസ്യമായി നശിപ്പിച്ചതു് കൊണ്ടാണു് പത്തുപതിമൂന്നു കൊല്ലം നിങ്ങൾക്കു് കാട്ടിൽ നരകിക്കേണ്ടിവന്നതെന്നു ദുര്യോധനവിധവ എന്നെ സൂക്ഷ്മ വിശദാംശങ്ങളോടെ അറിയിക്കുകയായിരുന്നു. അടിമപാണ്ഡവരുടെ കീഴിൽ മനുഷ്യത്വഹീനമായ ജീവിതം നയിക്കേണ്ടിവന്ന പതിമൂന്നു വർഷങ്ങളെ കുറിച്ചൽപ്പം വൈകാരികതയോടെ ഞാൻ അപ്പോൾ മൗനം പാലിച്ചതാണോ ഇപ്പോൾ ഹസ്തിനപുരിയെ പ്രകോപിപ്പിക്കുന്നതു്?”

2018-12-12

“നിലം തരിശിട്ടതു് എന്തുകൊണ്ടാണു്? ആരോടാണു് ജീവിത സായാഹ്നത്തിൽ സമരം?”, കൊട്ടാരം ലേഖിക ചോദിച്ചു. വല നെയ്യുന്നൊരു പെൺസംഘത്തിനു നേതൃത്വം കൊടുക്കുകയായിരുന്നു ശരീരം ശോഷിച്ച വൃദ്ധൻ.

“കന്നുപൂട്ടാനും കിളക്കാനും സഹായിച്ചിരുന്ന കുട്ടികളെ ദുര്യോധനനു് വിട്ടു കൊടുക്കുമ്പോൾ അറിഞ്ഞില്ല, ദുഷ്ടശക്തികൾ കൌരവരെ കൊന്നു ഹസ്തിനപുരി പിടിച്ചെടുക്കുമെന്നു. ആൾനാശത്തിനു നഷ്ടപരിഹാരം തരാതെ പാണ്ഡവർ വിടാതെ പിന്തുടർന്നു. യുവവിധവകളെ പാടത്തു പണിയെടുപ്പിക്കാൻ ചാട്ട വീശി. സ്വാഭാവികമായും ഞങ്ങൾ ചൊടിച്ചു, പ്രതിഷേധത്തിൽ നിലം തരിശിട്ടു, വിശപ്പു് സഹിക്കാനാവാതെ വന്നപ്പോൾ സംഘം ചേർന്നു് ഉഴവുമാടുകളെ ഒന്നൊന്നായി വെട്ടിത്തിന്നു. ഇന്നലെയുണ്ടു് ഒരു തടിച്ച പാണ്ഡവൻ വിരൽ ചൂണ്ടുന്നു, കൊട്ടാരം ഊട്ടുപുരയിലേക്കു എവിടെ ധാന്യം?, കൃഷി വയ്യെങ്കിൽ വിധവക്കുട്ടികൾ കുടുംബനാഥ സത്യവതിയെപോലെ ഇറങ്ങണം യമുനയിൽ മീൻ പിടിക്കാൻ.”

“നവവധുവെന്ന നിലയിൽ പാണ്ഡവർക്കൊപ്പം കണ്ട ആ പഴയ ഹസ്തിനപുരി ഇപ്പോഴുമുണ്ടോ? അതോ, കാൽനൂറ്റാണ്ടിൽ എല്ലാം മാറിമറഞ്ഞുവോ?” കൊട്ടാരം ലേഖിക ചോദിച്ചു.

“കാളവണ്ടികളിൽ കൊണ്ടുവന്നിരുന്ന ധാന്യച്ചാക്കുകൾ കൊട്ടാരസമുച്ചയത്തിനോടു് ചേർന്ന കലവറകളിൽ അട്ടിയട്ടിയായിടുന്നതാണെന്റെ ആദ്യ ഓർമ്മ. ഗംഗക്കും യമുനക്കുമിടയിലെ കാർഷിക സംസ്കാരം എന്തെന്നതെന്നെ പഠിപ്പിച്ചു. കറവ വറ്റിയ മാടുകളെ ക്ഷീരകർഷകർ കോട്ടക്കകത്തെ ഊട്ടുപുരയോടു് ചേർന്ന അറവുശാലയിൽ കൊണ്ടുവരുന്നതും മറന്നിട്ടില്ല. കാരണം, കൗരവർ ആർപ്പുവിളിച്ചാണു് മാടുകളെ സ്വാഗതം ചെയ്യുക. മണിക്കൂറുകൾക്കുള്ളിൽ അറത്തു കുടലും തൊലിയും നീക്കി പ്രിയ മാംസാഹാരമായി കൊട്ടാരം തീൻശാലകളിക്കു വിളമ്പാൻ തയ്യാറാക്കുന്നതും ഏകീകൃത മനുഷ്യപ്രയത്നത്തിന്റെ മഹനീയദൃശ്യം തന്നെയായിരുന്നു. ഇന്നോ, പുകയുയരാത്ത ഒഴിഞ്ഞ ഊട്ടുപുരയിലേക്കു ഇടയ്ക്കിടെ എത്തിനോക്കി പാണ്ഡവർ എന്നെ പെട്ടെന്നു് കാണുമ്പോൾ മുഖം താഴ്ത്തി നടക്കുന്നതാണു് പതിവു കാഴ്ച. കൂട്ടു കുടുംബത്തിലെ സ്വത്തുതർക്കം തീർക്കാൻ കായിക ബലം വേണമെന്നു് ഏതു അഭിശക്ത മുഹൂർത്തത്തിലാവാം തീരുമാനത്തിലെത്തിയതെന്നു മുട്ടുകുത്തി വിധാതാവിനോടു് ചോദിക്കുന്ന കാലം.”

“നിങ്ങളും യുധിഷ്ഠിരനും മിണ്ടിപ്പറഞ്ഞിരിക്കുമ്പോൾ ആയുധം തേടി വന്ന അവിവേകത്തിനു അർജ്ജുനൻ വില കൊടുക്കേണ്ടി വന്നു എന്നൊക്കെ സൂതന്മാർ പാടുന്നതു് വഴിയമ്പലങ്ങളിൽ കേട്ടിട്ടുണ്ടു് പക്ഷെ ദുര്യോധനനും പാഞ്ചാലിയും കിടപ്പറയിലിരിക്കുമ്പോൾ ഇടിച്ചുകയറിയ ഭീമൻ അർത്ഥം വച്ചെന്തോ പറഞ്ഞു എന്നതു് കെട്ടുകഥ പോലെയാണു് കേട്ടതു്”, കൊട്ടാരം ലേഖിക ചോദിച്ചു.

“അതൊരു പ്രവചനം പോലെയാണിപ്പോൾ തോന്നുന്നതു്. നവവധുവായി ഹസ്തിനപുരി നഗരാതിർത്തിയിലെ അതിഥിമന്ദിരത്തിൽ കഴിയുന്ന കാലം. ക്ഷേമാന്വേഷണത്തിനു മധുരവുമായി ദുര്യോധനൻ വന്നതും വീട്ടിൽ പാണ്ഡവർ ആരുമില്ലെന്നറിഞ്ഞു പോവാൻ ഒരുങ്ങിയതും ഒരുമിച്ചായിരുന്നു. അവർ വരാൻ നേരമായി എന്നു് പറഞ്ഞു കൊണ്ടവനെ അകത്തേക്കു് ഉപചാരപൂർവ്വം ക്ഷണിച്ചപ്പോൾ, കിടപ്പറയുടെ ജാലകത്തിലൂടെ കാണുന്ന യമുനാദൃശ്യത്തിൽ മയങ്ങി കിടക്കയിലവൻ ഇരുന്നു എന്നതാണോർമ്മ. ശന്തനുവധുവായി വന്ന സത്യവതി കുറച്ചുകാലം ഈ മുറിയിലായിരുന്നു എന്നവൻ പറയുന്നതു് കേട്ടാണു് ലഘുപാനീയവുമായി ഞാൻ വന്നതു്. അടിയുടുപ്പുകൾ ചിതറിക്കിടന്ന കിടക്കയിൽ ഒരപരിചിതനെ കണ്ടു ഞാൻ ഞെട്ടി നില തെറ്റിയതോർമ്മിക്കുന്നു. കമനീയമായൊരു കായികക്ഷമതയോടെ ദുര്യോധനൻ എന്നെ വാരിക്കോരി പിടിച്ചില്ലായിരുന്നെങ്കിൽ, അതെനിക്കു് സങ്കല്പിക്കാനാവുന്നില്ല. അതിലേറെ എന്നെ നടുക്കിയതു് കൃത്യം ആ നേരത്തു ഭീമൻ അകത്തു കടന്നതാണു്. ദുര്യോധനന്റെ കര വലയത്തിൽ വീണ ഞാൻ പ്രതിഷേധിക്കാതെ കിടന്നതാണു് ഭീമനെ ചൊടിപ്പിച്ചതു്. ആ കൊച്ചു സമയപരിധിക്കുള്ളിൽ. സംഭവിച്ചതാണോ ഭീമ ദുര്യോധന ശത്രുതയുടെയും പ്രതികാരദാഹത്തിന്റെയും ബീജാവാപം? ആർക്കറിയാം, പെണ്ണുടലിന്റെ ഉടമയെന്നഭിമാനിക്കുന്ന ആണധികാരത്തിന്റെ രഹസ്യചേരുവകൾ.”

2018-12-13

“മാദ്രിക്കുട്ടികൾക്കു ഊഴം തെറ്റിച്ചും നിങ്ങൾ വിവേചനപരമായ പായക്കൂട്ടനുവദിക്കുന്ന തിനേക്കാൾ ഭീമനെ ചൊടിപ്പിക്കുന്നതു നിങ്ങളുടെ വനവാസക്കാല പെണ്ണുടൽ പരിചരണം പൂർണ്ണമായും, ദൂരെ ദൂരെ ഹസ്തിനപുരിയിലിരുന്നു, ദുര്യോധനൻ നിർവ്വഹിച്ചു എന്ന നിങ്ങളുടെ ധിക്കാരത്തോടെയുള്ള അവകാശമാണു്. ഏതു ഭർത്താവിനു് സഹിക്കാനാവും സുന്ദരിയായ ഭാര്യയുടെ പരസ്യ പരപുരുഷാഭിമുഖ്യം” കൊട്ടാരം ലേഖിക ചോദിച്ചു.

“കൗരവ അടിമയല്ലേ ഇന്നും ഞാൻ? അപ്പോൾ ഉടയോനല്ലേ പെണ്ണുടലിന്റെ അധിപതി? ഉടൽ ദുരുപയോഗം ചെയ്യാനാണെങ്കിൽ എന്നെ കൊട്ടാരത്തിൽ കൂടെ പാർപ്പിച്ചു പാണ്ഡവരെ മാത്രം കാട്ടിലേക്കയച്ചാൽ പോരെ? ഈ വ്യാഴവട്ടക്കാലം മുഴുവൻ ദൂരമത്രയും ദൂതനെ വിട്ടു എനിക്കുവേണ്ട സൗന്ദര്യ പരിചരണങ്ങൾക്കുള്ള തൈലവും തുണിയും, പുറത്തിനിയും ഞാൻ വെളിപ്പെടുത്തിയിട്ടില്ലാത്ത ഒട്ടനവധി സൗന്ദര്യ പരിപാലക വസ്തുക്കളും ഉപകരണങ്ങളും, കൃത്യമായി രഹസ്യസ്വഭാവം നിലനിർത്തി, എനിക്കെത്തിക്കുന്നതിൽ വാക്കു സൂക്ഷിച്ചില്ലേ അവൻ? ഒന്നൊന്നായി കൃതജ്ഞതയോടെ സൂക്ഷിക്കേണ്ട രഹസ്യങ്ങൾ. എന്നാൽ പാണ്ഡവർ പകയോടെയല്ലേ അവനോടു് അന്നും ഇന്നും പെരുമാറിയതു്? പോരാട്ടമുണ്ടായാൽ ഏതറ്റവും ധാർമികതയെ വളച്ചൊടിച്ചു അവന്റെ അരക്കെട്ടിൽ മാരകമായ ഗദാപ്രഹരം എന്നതാണു് നിത്യവും എന്റെ മുമ്പിൽ ഭീമന്റെ ദൃഢപ്രതിജ്ഞ. നടുവൊടിഞ്ഞു നിലവിളിക്കുന്ന പ്രിയ ദുര്യോധനന്റെ നിസ്സഹായതയിൽ മനം തളരുന്നു, പ്രിയപ്പെട്ടവനേ, പ്രിയപ്പെട്ടവനേ.”

“ഇത്രവേഗം ഹസ്തിനപുരി വിട്ടുപോകാൻ എന്തായിരുന്നു തിടുക്കം? കിടപ്പറ ജാലകത്തിലൂടെ കാണാവുന്ന യമുനയും, വീട്ടുമുറ്റത്തെ വേപ്പുമര ക്കൂട്ടവും, പൊരിച്ച ഗോമാംസമുള്ള സൗജന്യ ഊട്ടുപുരയും ഒക്കെയായി പാഞ്ചാലിയുമൊത്തു പാണ്ഡവ ദാമ്പത്യജീവിതം സുന്ദരവും സുരഭിലവുമായി എന്ന തോന്നലുള്ളപ്പോൾ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. ഖാണ്ഡവപ്രസ്ഥത്തിലേക്കുള്ള കുടിയേറ്റത്തിനു തയ്യാറെടുക്കുകയായിരുന്നു കുന്തിയുടെയും മാദ്രിയുടെയും അഞ്ചു മക്കൾ.

“കിടപ്പറ ജാലകത്തിലൂടെയുള്ള സുന്ദരദൃശ്യവും പാഞ്ചാലിയുടെ ‘സുരഭിലസാന്നിധ്യ’വും തന്നെയാണു് കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അപായമണി മുഴക്കിയതു്. നിത്യവും വരും ആണുങ്ങൾ ഇല്ലാത്ത പ്പോൾ ദുര്യോധനൻ ഒരു പെട്ടി നിറയെ സൗരഭ്യ വസ്തുക്കളും ഹിമാലയ പഴങ്ങളുമായി. പ്രീണനം എന്ന ആദ്യദിന സൗഹൃദനിലവിട്ടു അവൻ ഓരോന്നോരോന്നു പാഞ്ചാലിയെ പറഞ്ഞു പ്രേരിപ്പിച്ചു. പാണ്ഡവർ സ്വകാര്യനിമിഷങ്ങളിൽ ബഹുമാനമില്ലാതെ വാക്കുകൾ ഉപയോഗിച്ചാൽ, അവർക്കെതിരെ ‘സ്ത്രീത്വത്തെ അവഹേളിച്ചു’ എന്ന ഗൗരവകുറ്റം ചുമത്തി നീതിപീഠത്തിൽ വിചാരണക്കു് വിധേയരാക്കാൻ പാഞ്ചാലി നിർബന്ധിതയാവും എന്നു് ഞങ്ങൾ സംശയിച്ചാൽ തെറ്റുപറയാൻ ആവുമോ? പെരുമാറ്റത്തിൽ ഗ്രാമീണമായ ഞങ്ങളുടെ വാമൊഴിസ്വാഭാവികത ഒലിച്ചു പോവില്ലേ അത്തരം നിയമക്കുടുക്കുകൾ ആൺപെൺ പാരസ്പര്യത്തെ വിടാതെ പിടിച്ചാൽ? യുധിഷ്ഠിരൻ പക്ഷെ കൗരവരുമായുള്ള മുഖാമുഖത്തിൽ സംയമനത്തോടെ പറഞ്ഞതു്, കൗരവരുടെ ഉയർന്ന ആതിഥ്യ മര്യാദക്കു് നന്ദിയുണ്ടെങ്കിലും സ്വന്തമായൊരു മേൽവിലാസമുണ്ടാക്കാൻ അനുവദിക്കൂ. ധൃതരാഷ്ട്രർ യമുനയുടെ തീരത്തുള്ള ഘോരവനം ഇഷ്ടദാനമായി ഉടൻ എഴുതിത്തന്നു.”

2018-12-14

“എന്തു് ആഭിചാരക്രിയക്കാണു് നീ ഹസ്തിനപുരിയിൽ തയ്യാറെടുക്കുന്നതു് കൊട്ടാരഗുരു കൃപാചാര്യനുമായി വിദുരർ കൂടിയാലോചിക്കാതെ? യുദ്ധാനന്തര പാണ്ഡവഭരണകൂടത്തിലെ നിയുക്ത മഹാരാജാവു് ദീനസ്വരത്തിൽ പാഞ്ചാലിയോടു് ചോദിച്ചു, “ഇതൊരു പരിഷ്കൃതനഗരമല്ലേ. ചാർവാകനെ പോലുള്ള യുക്തിവാദികൾ കാത്തിരിക്കയാണു് വീഴ്ച കാണാൻ.”

“കാശിയിൽ പോയി ശ്രാദ്ധം ചെയ്തതു് കൊണ്ടൊന്നും കൗരവപ്രേതങ്ങൾ വിട്ടൊഴിയുന്നില്ലെന്നതിനു തെളിവല്ലേ നിങ്ങൾ അഞ്ചു പേരും അർദ്ധരാത്രിയിൽ നിലവിളിച്ചുണർന്നു പുലരും വരെ ഓരോരോ മൂലയിൽ ഇരുന്നു കിതക്കുന്നതു്? സഹിക്കവയ്യാതെ വേറെ മുറിയിൽ പോയി കിടന്നിട്ടും ഞാൻ ഉറങ്ങിയിട്ടു് നാളെത്രയായി എന്നു് വല്ല പിടിയുമുണ്ടോ. അങ്ങനെയിരിക്കുമ്പോഴാണു് ദക്ഷിണഭാരതത്തിൽ നിന്നൊരു ബ്രാഹ്മണ മാന്ത്രികൻ വന്നു എന്നോടു് ദ്വിഭാഷി മുഖേന രഹസ്യമായി പറഞ്ഞതു്, കൗരവപ്രേതങ്ങളെ പൂർണ്ണമായും ആവാഹിച്ചു കൊണ്ടു് പോയി ചെമ്പുകുടങ്ങളിൽ എന്നെന്നേക്കുമായി കുടിയിരുത്താം, പിന്നെ ഹസ്തിനപുരിയിൽ അവരുടെ നിശാ താണ്ഡവം ഉണ്ടാവില്ല. വിഗ്രഹ പ്രതിഷ്ഠയില്ലാത്ത ക്ഷേത്രം എന്ന നിലയിൽ നാം മലനട സമുച്ചയം അഭിവന്ദ്യ ദുര്യോധനനു് സമർപ്പിക്കും. അതോടെ തീരും ഹസ്തിനപുരി കൊട്ടാരത്തിലെ ഭൂതബാധ. ചെങ്കോൽ തരാതെ കളിപ്പിക്കാനാണു് ഇനിയും ധൃതരാഷ്ട്രർ ഭാവമെങ്കിൽ ഒന്നു് വിറപ്പിക്കാൻ ഒടിയൻ എന്നൊരു മാന്ത്രികസൃഷ്ടിയെ ഹസ്തിനപുരി കൊട്ടാരത്തിൽ ഇന്നു് രാത്രി തന്നെ അവതരിപ്പിക്കാനും, ആകൃതിയിൽ കൗതുകം തോന്നുന്ന ഈ ബ്രാഹ്മണനു് കഴിയുമെന്നു് കേൾക്കുന്നു.” ശിശിരം വിടാത്ത അന്തരീക്ഷത്തിലും അർദ്ധനഗ്നനായിരുന്ന ആ ബ്രാഹ്മണൻ വെറ്റില മുറുക്കി ചുവന്നീറനായ ചുണ്ടുകൾ തുറന്നും അടച്ചും തുടയിൽ താളം പിടിച്ചു.

“കുളിച്ചു കയറുമ്പോൾ ദുര്യോധനൻ നിങ്ങളോടെന്തോ കൂട്ടിപ്പിടിച്ചു പറയുന്ന പോലെ തോന്നി. എന്തായിരുന്നു ഖാണ്ഡവപ്രസ്ഥത്തിൽ പോവുന്ന പ്രണയിനിക്കവൻ നൽകിയ അന്ത്യോപചാരം?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. കാടു കത്തിക്കാൻ പാണ്ഡവർ ഹസ്തിനപുരി വിട്ടിറങ്ങിയ നേരം.

“നൂറു നൂറായിരം ജീവകോശങ്ങൾ കൊണ്ടാണു് ഈ ഉടൽ നിർമ്മിച്ചിരിക്കുന്നതെന്നു നിനക്കെന്നെപോലെ എനിക്കുമറിയാം. എന്നാൽ ആ കോശങ്ങളിൽ ഒന്നിനു് പോലും അറിയില്ല പാഞ്ചാലി ആരാണെന്നു്. അതറിയുന്നതു ഞാൻ മാത്രം. അങ്ങനെ എന്തോ ഉപചാരം പറഞ്ഞു എങ്കിലും ഞാൻ ശ്രദ്ധിച്ചതു് ചലിക്കുന്ന ചുണ്ടുകളായിരുന്നില്ല നിറയുന്ന കണ്ണുകളായിരുന്നു.”

2018-12-15

“ശവത്തിൽ കൊത്താൻ കഴുകൻ മടിക്കുന്ന പോലെ തോന്നിയപ്പോൾ ഞാൻ സ്ഥലം വിട്ടു നിങ്ങളെ പിന്തുടർന്നു. കുഴികുത്തി മറവു ചെയ്യാനൊന്നും ഒരു പത്രപ്രവർത്തകക്കാവുന്ന ഭൗതിക ശരീരമല്ല ഭീമൻ ഉപേക്ഷിച്ചു പോയതു്. എന്തായിരുന്നു അയാളുടെ ജീവിതാന്ത്യത്തിലെ ആരോഗ്യപ്രശ്നം?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. വിജന ഹിമാലയ താഴ്‌വരയിലെ വഴിത്താരയിൽ മുൻ ഹസ്തിനപുരി മഹാരാജാവിനിപ്പോൾ കൂട്ടു് ഒരു പട്ടി.

“കിടപ്പറയിൽ നിങ്ങൾക്കു് പ്രവേശനമില്ലെന്നു പാഞ്ചാലി അറത്തു മുറിച്ചു പറഞ്ഞതോടെ തുടങ്ങി ഭീമശരീരത്തിന്റെ അപചയം. ഊട്ടുപുരയുടെ മൂലയിൽ പാചകക്കാരെ പ്രീണിപ്പിച്ചു് അറവു മൃഗങ്ങളുടെ വാലും തലയും വരെ തട്ടിയെടുക്കുന്നതു് പതിവായി. ശരീരശുചിത്വത്തിൽ മുമ്പുണ്ടായിരുന്ന അശ്രദ്ധ, അവഗണനയായി മാറി. ഞാൻ അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗത്തിൽ ഭീമസാന്നിധ്യം അസഹനീയമെന്നു പറഞ്ഞു പാഞ്ചാലി വരാതായി. പ്രേരിപ്പിച്ചു നേർവഴി നടത്താൻ എന്തുകൊണ്ടു് ഞാൻ ഇടപെടില്ലെന്നു് ചോദിച്ചാൽ, ഒന്നോർക്കണം, കുരുക്ഷേത്രയുദ്ധം കഴിഞ്ഞു ഞങ്ങൾ അധികാരത്തിൽ കയറിയിട്ടു കൊല്ലം മുപ്പത്തിയാറായിരുന്നു. ഓരോ പാണ്ഡവനും അവനാവുന്ന വിധത്തിൽ സമകാലീന ഭൂമികയിൽ അസാധുവായിക്കഴിഞ്ഞിരുന്ന ആ കാലത്തിലാണെനിക്കു് ബോധോദയമുണ്ടായതു്-എന്തുകൊണ്ടൊരു മഹാപ്രസ്ഥാനം? ജനിച്ചതും കൗമാരം വളരെ വളർന്നതുമായ ഹിമാലയത്തിലേക്കു് ജീവിതാന്ത്യത്തിൽ എന്തു് കൊണ്ടു് മടക്കമില്ലാത്ത ഒരു പദയാത്ര കൂടി?”

“കുടുംബനാമം തുണയായോ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“ആകാശചാരികളാണു്, ഭൂവാസികളല്ല പിതൃക്കൾ എന്നു് കുന്തിയും മാദ്രിയും മേനി പറഞ്ഞതു് കൊണ്ടു് മാത്രം കാര്യമുണ്ടോ? വൈവിധ്യബീജസമ്പാദനത്തിനുള്ള ദാമ്പത്യസാഹചര്യം അറിയാൻ ആകാംക്ഷ കാണിക്കുന്നവരോടെത്ര സത്യം വെട്ടിത്തുറന്നു ഞങ്ങൾ പറയും? കായികക്ഷമതയില്ലാത്ത ഭർത്താവിനെ നോക്കുകുത്തിയാക്കി രണ്ടു രാജസ്ത്രീകൾ, മുടിയിൽ പൂ ചൂടി പ്രലോഭനമന്ത്രവുമായി ആൺവേട്ടക്കു് ഇറങ്ങിത്തിരിക്കുന്ന കാഴ്ച, ഭാവനയിൽ കണ്ടപ്പോഴൊക്കെ, ലജ്ജയിൽ മുഖം മുങ്ങി. ദാമ്പത്യത്തിനുശേഷം, പരിചയപ്പെടാൻ വേണ്ടി സ്വാഭാവികമായി പാഞ്ചാലി ചോദിക്കാവുന്ന അന്വേഷണങ്ങൾ പോലും തടയാൻ ഞങ്ങൾ നിർബന്ധിതരായി. ‘പാഞ്ചാലനല്ല ബീജദാതാവു് യാഗാഗ്നിയിൽ വളർച്ചയെത്തിയ പെണ്ണുടലോടെ ഉയർന്നു വന്ന ദേവസ്ത്രീയാണു് ഞാൻ’ എന്നു് സ്വയം അഭിമാനത്തോടെ പരിചയപ്പെടുത്തുമ്പോൾ, ‘പാണ്ഡുവല്ല ഞങ്ങളുടെ പിതാവു്’ എന്നു് സമാനബോധത്തോടെ എങ്ങനെ ഞങ്ങൾ പറയും? പൊതുസ്വീകാര്യതയുള്ള പദാവലിയിൽ ഞങ്ങളെങ്ങനെ പാണ്ഡവർ ആയി എന്ന്നിർല്ലജ്ജം വിശദീകരിക്കേണ്ടി വന്നപ്പോഴൊക്കെ, കർണ്ണൻ നേരിട്ട അതേ, ഒരു പക്ഷെ കൂടുതൽ, അസ്തിത്വ അവഹേളനം ഞങ്ങളും നേരിട്ടു. ‘ഒരു പക്ഷെ കൂടുതൽ’ എന്നതിനു് കാരണം ഉണ്ടു്. ശ്രോതാക്കൾ കർണ്ണനോടു് കരുണ കാട്ടിയപ്പോൾ, ഞങ്ങളോടു് ഒറ്റക്കൊറ്റക്കു് വിവരം തേടിയതു് കള്ളി വെളിച്ചത്താക്കി ഉള്ളിൽ നിന്ദിക്കാനായിരുന്നു. അറിയാമോ, ആരാണു് നിങ്ങൾ എന്നു് അഭിമന്യുവിനോടു് വഴിയമ്പലങ്ങളിൽ ചോദിക്കു മ്പോൾ ‘ഞാൻ അർജ്ജുനന്റെ മകൻ അഭിമന്യു’ എന്നു് അഭിമാനത്തോടെ പറഞ്ഞിരുന്ന മകനോടെനിക്കു് അസൂയ തോന്നിയിരുന്നു. ഞങ്ങളഞ്ചു പേർക്കു് പാണ്ഡവർ എന്നതൊരു കുലീല കുടുംബനാമമായിരുന്നില്ല കുറ്റസമ്മതത്തിനുള്ള പ്രതിക്കൂടായിരുന്നു.”

“ഏകാന്തജീവിതം കിനാവു് കണ്ടിരുന്നുവോ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വനവാസക്കാലം.

“ഭർത്താക്കന്മാർ സ്ഥലത്തുണ്ടെങ്കിൽ കുതിരപ്പന്തി പോലെ ബഹളമയമായിരിക്കും പക്ഷെ ആശ്വാസമുണ്ടു്, സസ്യാഹാരികളായ കാട്ടുമൃഗങ്ങളെ കൊന്നു തൊലിയുരിച്ചു ചുട്ടു തിന്നാൻ ആർത്തിയുള്ള സംഘമായി വേട്ടക്കിറങ്ങിയാൽ തിരിച്ചു വരാൻ നേരമിരുട്ടും. അപ്പോൾ വീണുകിട്ടുന്ന ഏകാന്തതയെനിക്കു് അന്തരാത്മാവിലേക്കൊരു പാലം പണിയും. ഇന്ദ്രപ്രസ്ഥത്തിൽ ചക്രവർത്തിനി എന്ന പദവി തന്നതു് അഭിനയ മുഹൂർത്തങ്ങളാണു്. പാലം കുലുങ്ങുന്ന പോലെ തോന്നുന്നു. അടുത്ത ഒരു മണിക്കൂറിനകം പാണ്ഡവർ അകത്തു പ്രവേശിക്കും എന്ന സമയബോധ്യത്തിൽ ഞാൻ തകർന്നിരിക്കുന്നു.”

2018-12-16

“ഭർത്താക്കന്മാർ അഞ്ചുപേരും കൊല്ലപ്പെടുന്ന അപൂർവ്വ സാഹചര്യം ഉണ്ടായാൽ വൈധവ്യം എങ്ങനെ ഭാവിജീവിതത്തെ ബാധിക്കുമെന്നാണു് സങ്കല്പ്പിക്കുന്നതു്?”, കൊട്ടാരം ലേഖിക ചോദിച്ചു, “പാഞ്ചാല രാജ്യത്തിലേക്കു് മടങ്ങുമോ?”

“പാണ്ഡവക്കൂട്ടക്കൊലകൾ ഭാവിജീവിതസാധ്യതകളെ പ്രതികൂലമായി ബാധിക്കാനാവാത്തിടത്തോളം സജീവമായൊരു ആന്തരികജീവിതം എക്കാലവും ഞാനെന്നിൽ വളർത്തിയതു് തുണയാകുമെന്നു തന്നെയാണു് ഊഹിക്കുന്നത്. ആരാധകരെ നിരാശപ്പെടുത്താതിരിക്കാൻ, വേണ്ടിവന്നാൽ, പുനർ വിവാഹവും പരിഗണിക്കും. കുരുക്ഷേത്രവിധവയുടെ വിവാഹസൽക്കാരം ‘ഹസ്തിനപുരി പത്രിക’യിലൂടെ ലോകത്തെ അറിയിക്കാൻ കണ്ണും തുറന്നു കൂട്ടുകാരനൊപ്പം ഉണ്ടാവില്ലേ നിങ്ങളും?”

“വാക്കു് ഞാൻ പാലിച്ചു, മുടിയിൽ തേക്കാൻ ഇതാ ചുടു കൗരവചോര”, പോരാട്ടത്തിൽ മുറിവേറ്റ ഭീമൻ ഓടിക്കിതച്ചു പാഞ്ചാലിയുടെ മുമ്പിൽ കൊച്ചു കുട്ടിയെ പോലെ അനുമോദനത്തിനായി കൈക്കുമ്പിളിൽ ചോര നീട്ടി.

“ആലങ്കാരികമായി ഞാനെന്നോ പറഞ്ഞുപോയ ഒരു കാര്യം ഇത്രയും കാലം ഓർമയിൽ വച്ചു് ശത്രുവിന്റെ കരൾ തുരന്നു ചോര കോരി വരുന്ന നിങ്ങൾ ആളെത്ര മന്ദൻ. നിങ്ങൾക്കു് അറിയാമോ മനുഷ്യാ, എന്റെ ആരാധകരായിരുന്നു നിങ്ങൾ ചതിച്ചുകൊന്ന ധീര കൌരവർ”, നിന്ദയോടെ ഭർത്താവിനെ നോക്കി മുടി കെട്ടിവച്ചു അവൾ കൂടാരത്തിലേക്കു് കയറി.

2018-12-17

“ഇതെന്നു് മുതൽ? ആസന്നമായ കുരുക്ഷേത്രയിൽ കൗരവസർവ്വ സൈന്യാധിപനാവുമെന്നു കുതിരപ്പന്തികളിൽ ഊഹാപോഹങ്ങൾ പ്രചരിക്കുമ്പോഴും, രാജവീഥിയിൽ വഴി നടക്കുമ്പോൾ പിതാമഹനു കൈത്താങ്ങായി പെണ്‍ചുമൽ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“പിറന്നാൾ ആഘോഷിച്ചപ്പോൾ ഒറ്റക്കിനി വഴി നടക്കരുതെന്നു ദുര്യോധനൻ നിർദ്ദേശിച്ചു. കേട്ടപാതി രാജകന്യകകൾ ബ്രഹ്മചാരിക്കു സന്നദ്ധതോളുകളുമായി കൂടെ നടക്കാൻ മുന്നോട്ടു വന്നു. ഉഷ്ണമുള്ളപ്പോൾ വീശാൻ, കൊട്ടാരം ഊട്ടുപുരയിൽ സ്നേഹ വിരുന്നു് വിളമ്പാൻ, കിടപ്പറയിൽ വ്യക്തിഗത സൌകര്യങ്ങൾ ഒരുക്കാൻ, നൈഷ്ഠികബ്രഹ്മചാരിയുടെ വിശ്വഖ്യാതി നേടിയ മനോനിയന്ത്രണം ഉറപ്പു വരുത്താൻ സഹശയനത്തിനും അവർ തയ്യാറായി എന്നതാണു് ചാരിതാർത്ഥ്യം. ഗംഗേയനായ ദേവദത്തന്റെ യുദ്ധകാലസഹകരണത്തിനു് കൌരവ പരിവാരം രാവുപകൽ വ്യക്തിഗത പരിലാളന കൊടുക്കുന്നു എന്നു് ചാർവാകൻ വാത്സല്യത്തോടെ നന്ദി പറഞ്ഞു പിരിഞ്ഞതേയുള്ളു”, ഭീഷ്മചലനങ്ങൾ കൌതുകത്തോടെ കൊട്ടാരം ലേഖിക നോക്കുമ്പോൾ ദുര്യോധനവധു വസ്തുതാപരമായ കൃത്യതയോടെ പറഞ്ഞു.

“ശല്യക്കാരനായ വ്യവഹാരിയെന്നു ദാമ്പത്യത്തിൽ യുധിഷ്ഠിരനു ചെല്ലപ്പേരുണ്ടെന്നറിയാം, എന്നാൽ മഹാരാജാവായ ശേഷം രാജസഭയിൽ ആളെങ്ങനെ? മാന്യൻ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“സിംഹാസനത്തിന്നരികെ എനിക്കും ഒരിരിപ്പിടമൊക്കെ തയ്യാറാക്കിയിരുന്നു. പക്ഷെ സഭാ നടപടികൾ നിരീക്ഷിക്കാൻ സാവകാശം തരാതെ നിസ്സാര ചോദ്യങ്ങൾ എറിഞ്ഞു ചിന്താനീക്കത്തെ തടസ്സപ്പെടുത്തും. സഭ നിയന്ത്രിക്കുന്ന വിദുരർ കുറെയൊക്കെ കൃത്രിമമെന്നു തോന്നിപ്പിക്കുന്ന ഔപചാരികതയോടെ സഭാ അംഗങ്ങളെ ക്ഷണിക്കും. പരിഭ്രമത്തോടെ ക്ഷണിതാക്കൾ പ്രഭാഷണം തുടങ്ങുമ്പോൾ നിർമ്മര്യാദകരമായ അവഗണനയോടെ കഴുത്തുനീട്ടി നിസ്സാരവും സന്ദർഭത്തിനു യോജിക്കാത്തതുമായ ചോദ്യങ്ങൾ കൊണ്ടെന്നെ വിറളി പിടിപ്പിക്കും. ഒരു കൂർത്ത നോട്ടം കൊണ്ടൊക്കെ ഞാൻ പണ്ടു് യുധിഷ്ഠിരനെ നിശ്ശബ്ദനാക്കിയിരുന്നു എങ്കിൽ, ചെങ്കോൽ കിട്ടിയതോടെ അയാൾ അങ്ങനെ എളുപ്പത്തിലൊന്നും പിൻവാങ്ങുകയില്ല. പിറ്റേന്നു് ഉന്നതാധികാര സമിതിയിൽ മറ്റു നാലു പാണ്ഡവർ എന്തൊക്കെ നിർദ്ദേശങ്ങൾ കൊണ്ടുവരാനിടയുണ്ടെന്നൊക്കെ ആലോചിച്ചുണ്ടാക്കി എന്റെ നിലപാടു് ആവശ്യപ്പെടും. മൗനം സമ്മതമെന്ന നിലയിൽ പിറ്റേന്നു് യോഗത്തിൽ എന്നെ ഹീനമായി ദുരുപയോഗം ചെയ്തു മറ്റു നാലു പാണ്ഡവർക്കെതിരെ മതിലുകൾ തീർക്കും.”

2018-12-18

“വിദേശ ആക്രമണമോ ആഭ്യന്തര കലാപമോ ഇല്ലാതെ, മൂന്നു ദശാബ്ദങ്ങൾ യുധിഷ്ഠിര നേതൃത്വത്തിൽ ഹസ്തിനപുരി മിക്കവാറും ഐശ്വര്യത്തിലെത്തി എങ്കിലും, രാപ്പകൽ കൂടെ നിന്ന നിങ്ങൾക്കെന്തു പാരിതോഷികം മഹാരാജാവു് തന്നു എന്നാണു ചോദ്യം?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“ദേശരത്ന പുരസ്കാരം നേടിയ നിർവൃതിയിൽ യുധിഷ്ഠിരൻ, അയാൾക്കാവുന്നത്ര ഉദാരമായി, എന്നോടു് പറഞ്ഞു, കൊട്ടാരസമുച്ചയം നിന്റെ പേരിലാക്കട്ടെ? കുരുവംശാ ധിപന്മാരുടെ ഈ പൈതൃകസ്വത്തിൽ ഒരു കാലഘട്ടത്തിന്റെ കൈവശാവകാശം മാത്രമല്ലെ നമുക്കിടയിൽ നിയമാനുസൃതം ഉണ്ടാവൂ, അതെങ്ങനെ ആ സ്വത്തിന്റെ സംരക്ഷകനായ നിങ്ങൾ ഭാര്യയുടെ പേരിൽ ജന്മം ചാർത്തിത്തരും എന്നു് ഞാൻ നടപടി ക്രമമനുസരിച്ചു തിരിച്ചു ചോദിച്ചു. മർത്യ ജീവിതത്തിലെ കടങ്ങളെയും കടപ്പാടുകളെയും കാലാകാലം വീട്ടാൻ ബാധ്യസ്ഥനായ ഞാൻ മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശത്തെ നീ കാലഘട്ടങ്ങളിലേക്കു പരിമിതപ്പെടുത്തുക വഴി ഇനിയൊരു മനുഷ്യജന്മം കൂടി ഞാൻ ജീവിച്ചുവേണ്ടിവരില്ലേ ഈ ജീവിതത്തിലെ കെട്ടുപാടുകൾ നീക്കാൻ എന്നു് വിതുമ്പിക്കൊണ്ടയാൾ നെറ്റിയിൽ വിരലുകളൂന്നി സിംഹാസനത്തിൽ നിന്നു് എഴുന്നേറ്റു.”

2018-12-19

“ആരും അത്ര മോശമല്ല എന്നവർ വാക്കുകൊണ്ടു് തെളിയിച്ചിട്ടുണ്ടെങ്കിലും, ഏറ്റവും അവഹേളനപരമായ പരാമർശത്തോടെ പാണ്ഡവർ നിങ്ങളോടു് പെരുമാറിയ സംഭവം ഒന്നോർത്തെടുക്കാമോ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

കാലമിത്ര കഴിഞ്ഞിട്ടും, ഓർമ്മയിൽ കിടന്നു പുളയുന്ന ഒന്നുണ്ടു്. ഇളമുറ സഹദേവനോടു് ആളോഹരിയിൽ കവിഞ്ഞു പരിലാളന ഞാൻ കാണിക്കുന്നു എന്നു് പരിദേവനം ചെയ്യുന്ന ആ ദിനങ്ങളിൽ, അർജ്ജുനൻ എനിക്കുനേരെ വിരൽ ചൂണ്ടി മറ്റു നാലു പേരോടു് പറഞ്ഞു, “ആരോഗ്യമുള്ള എന്റെ ശരീരം പാഞ്ചാലിക്കു് ഞാൻ എന്നോ നിരുപാധികം വിട്ടുകൊടുത്തു ആനന്ദ സ്രോതസ്സായി. ആ ഒരൊറ്റ പരാമർശം മതിയായിരുന്നു ഒരു സ്ത്രീക്കു് പൊങ്ങച്ചമുള്ള ആ ശരീരം എന്നെന്നേക്കുമായി മതിയാവാൻ.”

2018-12-20

“പാണ്ഡവരോ സുരക്ഷാഭടന്മാരോ കൂടെയില്ലാതെ, ഇതെന്താ കാടുമൂടിയ ശവക്കോട്ടയിൽ?” മഹാറാണി പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു. മൂടൽ മഞ്ഞു നിറഞ്ഞ ശിശിരകാലം, യുദ്ധാനന്തര ഹസ്തിനപുരി.

“കുറ്റബോധം സഹിക്കാനാവാതെ ഉറക്കം നഷ്ടപ്പെടുന്ന രാവിനു ശേഷം, ആരോരുമറിയാതെ ഞാൻ ഇറങ്ങിത്തിരിച്ചു. ആദ്യസമാഗമം മുതൽ ആഴത്തിലെന്നെ പ്രണയിക്കയും, പരുക്കൻ പാണ്ഡവർ എന്നെ അർഹിക്കുന്നില്ല എന്നു് വിശ്വസിക്കയും, വികാരാവിഷ്കാരത്തിനു് വേണ്ടി എന്റെ ഉടലിൽ ആധിപത്യം പുലർത്തുകയും ചെയ്ത ധീരകൌരവരുടെ അന്ത്യവിശ്രമസ്ഥലിയിൽ ഇന്നും അർപ്പിക്കട്ടെ, സ്വകാര്യ ഉദ്യാനത്തിൽ വിരിഞ്ഞ ഈ വെളുത്ത പൂക്കൾ.”

മൂടൽ മഞ്ഞു നീങ്ങി തെളിവെയിൽ വീണു്. വസന്തകാലത്തിന്റെ ആവേശകരമായ സുഗന്ധം ചിതറി, കഥാവശേഷരായ കൌരവർക്കു നേരെ പാഞ്ചാലി കൈക്കുമ്പിളിലെ പൂക്കൾ എറിഞ്ഞു. ശവക്കോട്ടക്കു് പുറത്തു, ശിരസ്സു് ഭാഗികമായി മൂടിയ നകുലൻ ശ്വാസം അടക്കിപ്പിടിച്ചു.

2018-12-21

“മഹാരാജാവു് ജലസമാധി ചെയ്യുകയാണെങ്കിൽ പിന്തുടർച്ച ആർക്കായിരിക്കും?”, കൊട്ടാരത്തിനു പിന്നിലെ ശുദ്ധജലാശയത്തിന്നരികെ നിൽക്കുകയായിരുന്ന പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി എന്ന പദവിയിൽ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനൊപ്പം, അഞ്ചോളം വരുന്ന ഭർത്താക്കന്മാരിൽ നിന്നു് ഊഴം തെറ്റിക്കാതെ ഗർഭംധരിച്ചു നവജാതശിശുക്കളെ പാഞ്ചാലയിൽ പോറ്റാൻ ഏൽപ്പിച്ചു. ഇതൊക്കെ എന്തിനു എണ്ണിയെണ്ണി പറയുന്നു എന്നോ? രാജസൂയ യാഗത്തിലെ സ്ത്രീവിരുദ്ധ ആചാരങ്ങൾ അക്ഷരാർത്ഥത്തിൽ പാലിച്ചു പദവി നേടിയതു് വൃദ്ധഭർത്താവിന്റെ ചിതയിൽ ചാടി മാദ്രിയെ പോലെ ഭാവി ഹോമിക്കാനല്ല. യാഗാഗ്നിയിൽ നിന്നുയർന്ന ദേവസ്ത്രീയാണു് ഞാനെങ്കിൽ, ഭൂമിയിലെ ഭരണയന്ത്രം തിരിക്കാനും തയ്യാർ”, ഭാരിച്ച ശരീരവുമായി വ്യായാമത്തിനായി പണിപ്പെട്ടു നീന്തിക്കൊണ്ടിരുന്ന യുധിഷ്ഠിരൻ നിലയില്ലാത്ത വെള്ളത്തിൽ മുങ്ങിപ്പൊങ്ങുന്നതു ശ്രദ്ധിച്ചപ്പോൾ കര കയറാൻ കയർ കൃത്യമായി പാഞ്ചാലി എറിഞ്ഞു കൊടുക്കുന്നതു കൊട്ടാരം ലേഖിക കൗതുകത്തോടെ നോക്കി.

2018-12-22

“ക്ഷണിച്ചുവരുത്തി സ്ഥാനഭൃഷ്ടനാക്കി എന്ന ആഖ്യാന രീതിയിലാണിപ്പോൾ നാട്ടിലാകെ കഥകൾ പ്രചരിപ്പിക്കുന്നതു്. കൃത്യമായി സംഭവിച്ചതെന്തായിരുന്നു” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

“നാട്ടുകാരെ കബളിപ്പിച്ചു ചക്രവർത്തി പദവി നേടിയ യുധിഷ്ഠിരൻ നേരിട്ടു ഞങ്ങളെ അപമാനിച്ചു എന്നതിനൊന്നും തെളിവില്ല പക്ഷെ കൗരവരെ ലോകജനതക്കു മുമ്പിൽ കരിവാരി തേക്കാൻ പാണ്ഡവരിൽ ചിലർ ചെയ്ത പ്രചരണങ്ങൾ ഞങ്ങളെ പ്രകോപിതരാക്കും വിധം വേദനിപ്പിച്ചു എന്നതു് വസ്തുതയാണു്. കൗരവർ ചെയ്തു എന്നു് പറഞ്ഞു നാണം കെടുത്തുന്ന വിഴുപ്പു പ്രചരിപ്പിക്കുന്നതായിരുന്നു രോഗഗ്രസ്ത പാണ്ഡവരീതി. കുരുവംശം കപ്പം കൊടുക്കുന്നതിൽ വീഴ്ച വരുത്തി എന്ന അസത്യവാർത്ത ആദ്യം നാടാകെ പ്രചരിപ്പിച്ചു കുതിരപ്പന്തികളിൽ കോലാഹലമുണ്ടാക്കിയ ശേഷം, പിന്നീടു് തീയതി കാണിക്കാതെ കപ്പം പലിശയടക്കം കിട്ടിയെന്ന വസ്തുത ഒരു തിരുത്തു എന്ന പേരിൽ നിർജ്ജീവമായി വെളിപ്പെടുത്തുക, കൗരവരാജ സ്ത്രീകളുടെ വിവാഹ പൂർവജീവിതത്തിൽ നിന്നു് കുന്തി മാതൃകയിലുള്ള സാഹസികരതികഥകൾ ചികഞ്ഞെടുത്തു സൂതന്മാരെ കൊണ്ടു് നാടൊട്ടുക്കു് പാടിപ്പിക്കുക-ഇതൊക്കെ മഞ്ഞു പാളിയുടെ മേൽപ്പാട മാത്രം. അതിനുശേഷമാണു് വിശിഷ്ടാതിഥികളെ വഴുക്കി വീഴ്ത്തുന്ന പരപീഡന ചാപല്യത്തിൽ പാണ്ഡവർ അഭിരമിച്ചതു്. ഇരകളായവർ കടുത്ത നടപടി ശുപാർശ ചെയ്തപ്പോൾ ഭരണകൂടം, ചൂതാട്ടമെന്ന രക്തരഹിതയുദ്ധത്തിലൂടെ പാണ്ഡവരെ അധികാരത്തിൽ നിന്നു് ഒരൊറ്റ നിറസന്ധ്യയിൽ നീക്കി. കൗരവരെ കുത്തി നോവിച്ചാൽ വെറുതെ വിടില്ല ഞങ്ങൾ, എന്ന ജനകീയ ഗാഥ അടിവസ്ത്രം ഊരി പഠിപ്പിച്ചതും കൗരവരുടെ ചരിത്രനിയോഗമായിരുന്നു.”

ഇന്ദ്രപ്രസ്ഥം ഭരിക്കാൻ മൂന്നു പേർ ഉൾപ്പെടുന്ന ഒരു കൗരവ സംഘത്തെ യാത്രയയക്കുകയായിരുന്നു ദുര്യോധനൻ.

2018-12-23

“പ്രശസ്ത പാഠശാലകളിൽ പോയ കൗരവർക്കു കുലീനഭാഷ സംസാരിക്കാനാവുമെന്നറിയാം, കിടപ്പു രോഗി പാണ്ഡുവിന്റെ ശാപവാക്കുകൾ നിത്യവും കാട്ടിൽ പരിചയിച്ച പാണ്ഡവരിൽ പരുക്കൻ പദാവലി പതിവുമായിരിക്കാം പക്ഷെ ദേവസന്തതിയെന്നു ലോകത്താൽ അംഗീകരിക്കപ്പെട്ട വിശിഷ്ട പൈതൃകമുണ്ടു് അഞ്ചുപേർക്കും. എന്നിട്ടും നിങ്ങൾ ഭീമനെ വന്യമൃഗത്തോടു് താരതമ്യം ചെയ്തു നിന്ദിച്ചതിന്റെ യുക്തി വ്യക്തമാക്കാമോ?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

“അതു് കൗരവവികാരമായിരുന്നില്ലേ? യുക്തിയൊന്നുമല്ലെന്നു നിങ്ങൾക്കുമറിയാം, കൗരവർ അനധികൃത ജന്മങ്ങൾ എന്ന അർത്ഥം വരുന്ന ഈറ്റില്ലഭാഷ പാണ്ഡവർ സംസാരിച്ചതും ആ വാർഷിക കുടുംബ യോഗത്തിലായിരുന്നില്ലേ? രാജസഭയിൽ ധൃതരാഷ്ട്രരും ഗാന്ധാരിയും, കാഴ്ച പരിമിതിയുണ്ടെങ്കിലും, കേൾവിപരിധിയിലായിരുന്നില്ലേ? വേദന തോന്നി പക്ഷെ ഞങ്ങൾ പ്രതിഷേധിച്ചില്ല എന്നതാണു് നിങ്ങൾ ശ്രദ്ധിക്കാതെ പോയതു്. കൗമാരം വരെ കാട്ടിൽ വളർന്ന പാണ്ഡവർക്കു് ജീവിതാരംഭം പരിഷ്കൃതസമൂഹത്തിലായിരുന്നില്ലെന്ന പ്രത്യേക പരിഗണന കൊടുക്കുന്നുണ്ടു്. അന്തഃപുരതോഴികളെ വർഷങ്ങളോളം ധൃതരാഷ്ട്രർ ലൈംഗികമായി ദുരുപയോഗം ചെയ്യുക വഴിയായിരുന്നു അഭിശപ്ത കൗരവ ജന്മങ്ങളെന്നു പാണ്ഡവർ ആരോപിക്കണമെങ്കിൽ നുണനിർമ്മിതിയിൽ കിട്ടിയ അധോലോക പിന്തുണ എത്ര സജീവമായിരുന്നു. എന്നിട്ടും ഞാൻ പ്രകോപിതനായില്ല. യോഗമൊക്കെ കഴിഞ്ഞു കൊട്ടാരം ഊട്ടുപുരയിൽ ചെന്നപ്പോൾ ഭീമൻ ഇഷ്ടവിഭവം കാട്ടുപോത്തിന്റെ ചൂടു് വിടാത്ത ഇറച്ചിയാണെന്നു അഭിമാനത്തോടെ പറഞ്ഞപ്പോഴാണു് വെളിപ്പെടുത്തൽ ഉണ്ടായതു്. വേട്ടനായകളെ വിട്ടു കാട്ടുപോത്തിന്റെ പിന്നിൽ കടിപ്പിച്ചു വീഴ്ത്തുമ്പോൾ കഴുത്തുവെട്ടി ചുടുചോര ഭീമൻ കൈക്കുമ്പിളിൽ നിറച്ചു കുടിക്കുന്ന രംഗം സൂതന്മാർ പാടി നടക്കുന്ന കഥ മാത്രമായിരുന്നു, അല്ലാതെ അവഹേളിക്കാൻ കൊണ്ടുവന്ന പാണ്ഡവകുടുംബ ചരിത്രമൊന്നുമായിരുന്നില്ല. ഭാവിയിലൊരു കൗരവ-പാണ്ഡവ യുദ്ധമുണ്ടായാൽ, ആർക്കറിയാം, ഭീമൻ ഞങ്ങളുടെ നെഞ്ചു് കലക്കി രക്തദാഹം തീർക്കുകയില്ലേ എന്നൊരു സൂചനയാണപ്പോൾ നിങ്ങളുടെ മഹനീയ സാന്നിധ്യത്തിൽ ഞാൻ പുഞ്ചിരിച്ചു പറഞ്ഞതു്. അതു് പ്രവചനമൊന്നുമായിരുന്നില്ല, തീൻശാലയിലെ വർത്തമാനം മാത്രം.”

2018-12-24

“അച്ഛനെ കുടുക്കാൻ കഴിയാത്തതു കൊണ്ടായിരുന്നോ കുരുന്നു പോരാളിയെ കുത്തിയതു്?”, സുരക്ഷാഭടന്മാരുടെ നടുവിൽ കുനിഞ്ഞിരിക്കുകയായിരുന്ന കർണ്ണനോടു് കൊട്ടാരം ലേഖിക ചോദിച്ചു. ശിശിരകാല രാത്രിയിൽ യമുനയുടെ തീരത്തു ചിത കത്തുന്ന വെളിച്ചം തെളിഞ്ഞു. കുരുക്ഷേത്രയുദ്ധത്തിന്റെ പതിമൂന്നാം ദിവസം.

“കൗരവർക്കിടയിൽ കൂടുതൽ കുഴപ്പം ഉണ്ടാക്കും മുമ്പു് കുട്ടിക്കുറ്റവാളിയെ വേണ്ടപോലെ കൈകാര്യം ചെയ്തു് ഭൌതികാവശിഷ്ടം, ചക്രവ്യൂഹത്തിന്നപ്പുറം കൃത്യമായി എറിഞ്ഞു കൊടുക്കുകയെന്ന കർത്തവ്യം മാത്രമേ ഞാൻ നിർവ്വഹിച്ചുള്ളു, ഒളിഞ്ഞിരിക്കയായിരുന്ന പാണ്ഡവർ എത്രയും വേഗം ഭൗതികാവശിഷ്ടങ്ങൾ പെറുക്കിക്കൊണ്ടു പോയി എന്നതു് കത്തിത്തുടങ്ങിയ ചിത കണ്ടാൽ അറിയില്ലേ? കൊച്ചു കുഞ്ഞുങ്ങളെ വച്ചു് ആരും കൊടുംകുറ്റകൃത്യം ചെയ്യാൻ ശ്രമിക്കരുതു് എന്ന ദുര്യോധനന്റെ താക്കീതു് പാണ്ഡവർ മറക്കരുതു്.”

2018-12-25

“ശത്രുപക്ഷത്തു നിർത്തി കുരുക്ഷേത്രയിൽ കൗരവ വംശഹത്യ ചെയ്തധികാരം നിങ്ങൾ പിടിച്ചടക്കിയതോടെ, ഹസ്തിനപുരി സാമ്രാജ്യം പാണ്ഡവർക്കു് പ്രിയ ജന്മഭൂമിയായി അല്ലേ?”, മഹാറാണി പാഞ്ചാലി എഴുതി ചിട്ടപ്പെടുത്തി അരങ്ങേറ്റ മൈതാനിയിലെ പൊതുവേദിയിൽ അവതരിപ്പിച്ച പുതിയ ദേശീയഗാനം മുൻ കൗരവരാജകുമാരികൾ വൈകാരിക ഈണത്തോടെ പാടിക്കഴിഞ്ഞു സദസ്സു് കയ്യടിച്ചു പിരിയുമ്പോൾ കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“ഇന്ദ്രപ്രസ്ഥത്തിൽ ഞങ്ങൾ തയ്യാറാക്കി പ്രചരിപ്പിച്ചിരുന്ന ദേശീയഗാനം ഖാണ്ഡവപ്രസ്ഥത്തിന്റെ ആവാസ വ്യവസ്ഥക്കു പ്രണാമം അർപ്പിച്ചായിരുന്നില്ലേ? ദേശ, കുടുംബ, സംസ്കാര ഭേദഗതിയോടെ ഇവിടെ അവതരിപ്പിച്ചതു് അതുപോലൊരു വൈകാരിക ഉള്ളടക്കമാണു്. കുടുംബനാഥ അംബാലിക മുതൽ കിരീടാവകാശിയുടെ പിതാവു് അഭിമന്യു വരെയുള്ള പാണ്ഡുകുടുംബ പരാമർശങ്ങളോടെ തിരുത്തിയെഴുതിയ പുതു ദേശീയഗാനത്തിന്റെ ജനപ്രീതിയിപ്പോൾ നിങ്ങൾ കണ്ടറിഞ്ഞതല്ലേ. മുൻ കൗരവ ഭരണകൂടം ധൃതരാഷ്ട്ര കേന്ദ്രീകൃതമായ ദേശീയഗാനത്തിനു ഓരോ പൊതു വേദിയിലും നിർബന്ധിത ആലാപനം ഉറപ്പുവരുത്തുമ്പോൾ ഇല്ലാതിരുന്ന സംശയരോഗം ഇപ്പോൾ പാണ്ഡുവിനെ തിരിച്ചു പിടിച്ചെഴുതിയ പുത്തൻ ദേശീയഗാനം പാടിക്കേൾക്കുമ്പോൾ മാത്രം എന്തുകൊണ്ടു് നിങ്ങൾ ആവാഹിച്ചെടുക്കുന്നു?”

2018-12-26

“അക്ഷരാർത്ഥത്തിൽ കത്തിച്ചു അല്ലേ? കൊട്ടാരം ലേഖിക ചോദിച്ചു, “ഖാണ്ഡവപ്രസ്ഥത്തിൽ കുടിയേറ്റ കുടിലത എന്നാണു ദുര്യോധനൻ വിശേഷിപ്പിക്കുന്നതു്.”

“കാടുവളഞ്ഞു തീയിട്ടു ജീവജാലങ്ങളെ കൊന്നു ഞങ്ങൾ കൊലവിളിച്ചു എന്നാണോ കൗരവർ പറഞ്ഞു നടക്കുന്നതു്? അങ്ങനെയാണ്എങ്കിൽ വ്യത്യസ്ത ദേശങ്ങളിൽനിന്നു് കുടിയേറിയവർ മാപ്പു തരുമോ? എത്ര പരിമിതമായ തോതിലാണു് ഞങ്ങൾ ഖാണ്ഡവ പ്രസ്ഥത്തിലെ മൃഗമാംസലഭ്യത ദൈനംദിന ജീവിതത്തിനായി പ്രയോജനപ്പെടുത്തിയതു് എന്നന്വേഷിക്കൂ എന്നിട്ടു ഹസ്തിനപുരിയിലെ ചുവരെഴുത്തു പതിപ്പുകളിൽ, ‘കണ്ടതും കേട്ടതും നേർസാക്ഷി മൊഴി’യായി അവതരിപ്പിക്കൂ. സസ്യാഹാരി മൃഗങ്ങളെ തീൻശാലയിലേക്കു വിശിഷ്ട മാംസ രുചിക്കായി ഞങ്ങളും മറ്റു അംഗീകൃത കുടിയേറ്റക്കാരും കൈ വച്ചപ്പോൾ കൃഷികേന്ദ്രിതമായ സാമ്പ്രദായിക ഗ്രാമീണജീവിതത്തിനൊരു പുത്തൻ മാനം, അതായിരുന്നില്ലേ കാർഷികവിപ്ലവം എന്നു് പറയുന്നതു്? മാംസാഹാരികളായ വന്യമൃഗങ്ങൾക്കു മുമ്പിൽ സസ്യാഹാരി ജീവികൾ ‘ഞങ്ങളെ തിന്നൂ’ എന്ന യാചനയോടെ തല കുനിച്ച കാലമുണ്ടായിരുന്നു. മാംസഭോജികളായ വന്യമൃഗങ്ങൾ ഞങ്ങളെ കണ്ടതോടെ യമുനയിൽ ചാടി. ഖാണ്ഡവ തീർത്തും ഒരു മൃഗമാംസ കലവറയായി. കന്നു പൂട്ടിയും കൃഷി ചെയ്തും നടുവൊടിഞ്ഞ രാജ്യരാജ്യാന്തരങ്ങളിലെ കൃഷിക്കാർ ഈ പുത്തൻ മാംസ‘ഖനി’കളിലേക്കു ഇടിച്ചുകയറി ഇരമൃഗങ്ങളുടെ മാംസോൽപ്പാദനത്തിൽ പങ്കാളികളായി. എന്നു് പറഞ്ഞാൽ ഓടിച്ചു കൊല്ലേണ്ട കാര്യമില്ല നിത്യവും അറക്കാൻ തല കുനിക്കും. മൂന്നു നേരം ആഹാരം എന്നതു് സ്വപ്നമല്ല യാഥാർഥ്യമാണെന്നറിഞ്ഞപ്പോൾ ‘ഇനി ലക്ഷ്യംവീട്’ എന്ന ഉറപ്പിൽ രമ്യഹർമ്മ്യങ്ങളുടെ നിർമ്മിതിക്കായി വാസ്തു ശില്പികളെ തേടി ചെല്ലുകയാണിപ്പോൾ. ഖാണ്ഡവവനം അഗ്നിയുടെ താണ്ഡവമല്ല യമുനാതട സംസ്കാരത്തിന്റെ ആരംഭമാണു്.”

2018-12-27

“ചക്രവർത്തിപദവി ചെറുപ്പത്തിൽ വഹിച്ച ആളിപ്പോൾ മഹാരാജാപദവിയിലെത്തിയപ്പോൾ ചുരുങ്ങിപ്പോയോ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ചു നേടി യെടുത്തതൊക്കെ ഒറ്റയ്ക്കു് എന്ന മട്ടിൽ ആദ്യദിനങ്ങളിൽ ചെയ്ത പ്രഭാഷണം ആവർത്തിക്കാതിരിക്കാൻ, സഹികെട്ടു ഗദ ചൂണ്ടി രൗദ്രഭീമൻ ഇടപെട്ടപ്പോൾ, ഇനി യുധിഷ്ഠിരൻ എളിമയിൽ നീങ്ങും എന്നു് കരുതിയ എനിക്കു് തെറ്റി. ഇന്ദ്രപ്രസ്ഥത്തിലേക്കു കുടിയേറ്റത്തിനുള്ള അപേക്ഷകൾ പരിഗണിക്കുമ്പോൾ, മുടന്തുന്യായങ്ങൾ പറഞ്ഞു പാഞ്ചാലഭാഗത്തുള്ള വർക്കു അനുമതി നിഷേധിക്കുന്നതു് കണ്ടിട്ടും ഒന്നു് രണ്ടു തവണ ചുണ്ടു് കൂട്ടിപ്പിടിച്ചു ഞാൻ പ്രതികരിക്കാതിരുന്നു. എന്നിട്ടും അപേക്ഷ വെട്ടൽ തുടർന്നപ്പോൾ, അന്തഃപുരത്തിൽ നേരിട്ടു. പാഞ്ചാലയിൽ നിന്നുള്ള കുടിയേറ്റക്കാർ ആരെങ്കിലും എന്നെ പരാതിയുമായി സമീപിക്കേണ്ട ഗതികേടിൽ എത്തിച്ചാൽ, രാജസൂയ യാഗത്തിൽ നിങ്ങൾ അധികാരത്തിനുവേണ്ടി എന്നെക്കൊണ്ടു് ചെയ്യിച്ച മനുഷ്യത്വരഹിതമായ കർമ്മങ്ങളും ക്രിയകളും ഭീമന്റെ മുമ്പിൽ എണ്ണിയെണ്ണി പറയുമെന്നു് വിരൽ ചൂണ്ടി. ആൾ ഒതുങ്ങി. പിന്നെ കുലുക്കിയിട്ടില്ല പുരുഷാധിപത്യത്തിന്റെ കൊമ്പു്. പകരം ആട്ടിയതു വാൽ മാത്രം. ഇപ്പോൾ ഹസ്തിനപുരിയിൽ വിരുന്നു വരുന്ന സന്യസ്തരോടു്, കൈപ്പത്തി മലർത്തി വിനയപ്പെടുന്നതു് കേൾക്കാം, ഭൂമിയിൽ പരപ്രേരണയില്ലാതെ ദുരഭിമാനത്തെ നിയന്ത്രിക്കാൻ കഴിഞ്ഞതാണു് കാലപുത്രനെന്ന നിലയിൽ തന്റെ നേട്ടമെന്നു്. പരിത്യാഗികൾ പൊട്ടിച്ചിരിക്കും.”

2018-12-28

“തെന്നി വീണു കാലുളുക്കി എന്നൊരു വാർത്ത അരമനയിൽ നിന്നു് പരക്കുന്നുണ്ടല്ലോ”, ഭരണകൂടത്തിന്റെ ഔദ്യോഗിക വക്താവിനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“സംഭവം നടന്നതല്ല സ്വപ്നമാണെന്ന പാഞ്ചാലിയുടെ വിശദീകരണം അസാധുവാക്കാൻ സമയമായില്ല. ഉപയോഗിക്കാതെ അടച്ചു കിടന്ന രാജസഭയിൽ യുധിഷ്ഠിരൻ പട്ടാഭിഷേകത്തിനു ശേഷം വൈകിയ രാത്രിയിൽ കയറി ചെന്നപ്പോൾ സിംഹാസനത്തിലിരുന്നു ദുര്യോധനൻ കൗരവയോഗം നിയന്ത്രിക്കുന്നു. കൂടെയുണ്ടായിരുന്ന മന്ത്രി വിദുരർ അതു് ശരിവച്ചതോടെ വാതിലടച്ചു കുറ്റിയിട്ടു പൂട്ടി മുദ്രവെച്ചു നാലുഭാഗത്തും സുരക്ഷ ശക്തമാക്കി. കുരുക്ഷേത്രയിലെ ‘യഥാർത്ഥ ആൾനാശ’ത്തെക്കുറിച്ചു ധവളപത്രമിറക്കാതെ ഭരണം സുഗമമാവില്ലെന്നു ദുര്യോധന വിധവ. യഥാർത്ഥ കൗരവരല്ല കൊല്ലപ്പെട്ടതു് എന്ന സൂചനയിൽ ചാർവാകൻ പാണ്ഡവവിരുദ്ധ സാദ്ധ്യതകൾ മെനയുകയാണു്. കാലുളുക്കി എന്നതൊക്കെ കൊട്ടാരം വിഴുപ്പു പരാമർശങ്ങൾ, അവ ഭരണ പ്രതിസന്ധി തരണം ചെയ്യുന്ന കാര്യത്തിൽ അപ്രസക്തമാണു്. സ്വതന്ത്രസമൂഹമാണു് ഹസ്തിനപുരിയെങ്കിലും കുരുക്ഷേത്ര യുദ്ധത്തിനു മുമ്പു് ധൃതരാഷ്ട്രർ നടപ്പിലാക്കിയ അടിയന്തരാവസ്ഥ പിൻവലിച്ചിട്ടില്ലെന്നതു് മറക്കരുതേ.”

“പന്ത്രണ്ടു കൊല്ലം വനജീവിതത്തിൽ നിങ്ങൾ അടിമത്തത്തോടു ഐക്യപ്പെട്ടിരുന്നോ? അതോ ഉടയോനെതിരെ സംഘടിത ചെറുത്തുനിൽപ്പുണ്ടായിരുന്നോ?” കൊട്ടാരം ലേഖിക ചോദിച്ചു. ഹസ്തിനപുരിയിൽ പാണ്ഡവരുടെ ജീവിത സായാഹ്നം.

“ദുര്യോധനൻ മുന്നോട്ടുവച്ച നിബന്ധനകൾ കാറ്റിൽ പറത്താനായിരുന്നു ഭീമനിർദ്ദേശം, പക്ഷെ അയൽപ്പക്കത്തെ സന്യസ്ഥസമൂഹം രാജ്യാന്തര കൗരവ ചാരശൃംഖലയിൽ ഉണ്ടെന്ന സംശയത്തിൽ, കരുതലോടെ, ഉൾക്കാട്ടിൽ കയറി സംരക്ഷിത മൃഗങ്ങളെ വേട്ടയാടുകയെന്ന സാഹസത്തിൽ ഞങ്ങൾ കൂട്ടായി ഏർപ്പെട്ടു. പേടമാനുകളെ വ്യത്യസ്ത രീതികളിൽ കൊന്നു ഇറച്ചി ചുട്ടും, വെച്ചും കൗരവവിരുദ്ധനീക്കത്തിനു് ആക്കം കൂട്ടി. വ്യാഴവട്ടക്കാല മാൻവേട്ട കഴിഞ്ഞു ആശ്രമം കത്തിച്ചു തെളിവുകളെല്ലാം നശിപ്പിച്ചശേഷം അജ്ഞാത വാസത്തിനു മുഖംമൂടി ധരിക്കുമ്പോഴാണു് കണ്ടതു്, കുന്നോളം കുമിഞ്ഞു കിടക്കുന്നു മാംസാഘോഷത്തിന്റെ തിരുശേഷിപ്പുകൾ. ഖാണ്ഡവവനം പോലെ അതും വളഞ്ഞു തീയിട്ടാണു് സ്വച്ഛ മനഃസ്സാക്ഷിയോടെ വിരാടയിലേക്കു വച്ചടിച്ചതു്”, ഇരുകൈകളും കൂട്ടിപ്പിടിച്ചു ശിരസ്സിനു പിന്നിൽ താങ്ങായി വച്ചു് ഭീമൻ മലർന്നു കിടന്നു ഭൂതകാലസ്മരണയിൽ രമിക്കുമ്പോൾ, പാഞ്ചാലിയുടെ താക്കീതുനോട്ടം തിരിച്ചറിഞ്ഞ മറ്റു നാലു പാണ്ഡവർ തല താഴ്ത്തി അന്തഃപുരം വിട്ടു പുറത്തിറങ്ങി.

2018-12-29

“രക്തച്ചൊരിച്ചിലുള്ള യുദ്ധമൊഴിവാക്കാൻ കുടുംബ സ്നേഹിയായ അച്ഛൻ ബദൽനിർദ്ദേശങ്ങളൊന്നും വച്ചില്ലേ?”, കൊട്ടാരം ലേഖിക ചോദിച്ചു. കുരുക്ഷേത്രയിൽ പാളയനിർമ്മിതിയുടെ പുരോഗതി വിലയിരുത്തുന്ന ഉന്നതതലയോഗം കഴിഞ്ഞു ലഘുപാനീയവുമായി മരത്തണലിൽ വിശ്രമിക്കുകയായിരുന്നു ദുര്യോധനൻ ഉൾപ്പെടുന്ന കൗരവസംഘം.

“എന്തിനൊഴുക്കണം മനുഷ്യച്ചോര കൂട്ടുകുടുംബത്തിലെ സ്വത്തുതർക്കം തീർക്കാൻ? വരൂ ഭീമാ നമുക്കൊരു ആലിംഗന സമരത്തിലേർപ്പെടാം എന്നൊരു വെല്ലുവിളിയിൽ ഒതുക്കിക്കൂടെ യുദ്ധകാഹളം എന്നാണച്ഛൻ ചോദിച്ചതു്. ആളുയരത്തിലുള്ള പ്രതിമകൾ ആലിംഗനം ചെയ്തു തവിടുപൊടിയാക്കുന്നതായിരുന്നു അച്ഛന്റെ വിനോദം.”

“മൂന്നു നേരവും ഭക്ഷണം കഴിക്കാനുള്ള വകയൊക്കെ ഭർത്താവു് സമ്പാദിച്ചു തരുമോ?” വന്മരങ്ങൾക്കു പിന്നിലെ എളിയ കുടിലിൽ കൊച്ചു കുട്ടികൾക്കൊപ്പം ക്ഷീണിച്ചു കിടക്കുകയായിരുന്ന ചാർവാകവധുവിനു നവവത്സര സമ്മാനപ്പൊതി ഹൃദ്യമായി നീട്ടി കൊട്ടാരം ലേഖിക ചോദിച്ചു.

“ഇന്നലെ ചാർവാകൻ രാത്രിയിൽ വന്നതു് ഒരു തലച്ചുമടു് പനയോലക്കെട്ടുകളുമായായിരുന്നു. എന്താണിതൊക്കെയെന്നു ഞാൻ അസഹ്യതയോടെ ചോദിച്ചപ്പോൾ, ഈ നാടു് ഭരിക്കുന്നവരുടെ കുടുംബകഥ പൊടിപ്പും തൊങ്ങലും വച്ചു് വ്യാസമുനി എഴുതിയ മഹാഭാരതമെന്ന കാവ്യമാണെന്നു പറഞ്ഞു. ഇപ്പോൾ കൗരവരെ പിന്തുണക്കുന്ന രചന പാണ്ഡവർക്കനുകൂലമായി സൂക്ഷ്മതയോടെ തിരുത്തിക്കൊടുത്താൽ ആയുഷ്കാല വേതനം തരാമെന്നു ഭീമൻ വാക്കു തന്നിട്ടുണ്ടു്. പാണ്ഡവ വിരുദ്ധമായ ഓലകൾ ശ്രദ്ധാ പൂർവ്വം നീക്കണം, അവിടെ പാണ്ഡവാനുകൂല ഓലകളിൽ നാരായം കൊണ്ടു് മാറ്റിയെഴുതി കൃത്യതയോടെ വക്കണം, എല്ലാറ്റിനും നീ സഹകരിക്കണം എന്നു് പരിഭ്രാന്തിയോടെ അയാൾ പറഞ്ഞു. ആകെയുള്ള എണ്ണയും വിളക്കും കിടപ്പുമുറിയും അയാൾക്കു് ഞാൻ കൈമാറി. ഈ പഴങ്ങളും അയാൾക്കു് തിന്നാൻ മാറ്റിവെക്കണം. ആരാണു് കൗരവർ ആരാണു് പാണ്ഡവർ എന്നൊന്നും എനിക്കുറപ്പില്ലെങ്കിലും, ഈ കളവിനു് കൂട്ടു് നിന്നാൽ കുട്ടികൾക്കു് മൂന്നു നേരം ഭക്ഷണം കൊടുക്കാനാവും.”

2018-12-31

“കണ്ടവരെല്ലാം അക്ഷരസ്പുടതയോടെ അപലപനീയമെന്നു വിശേഷിപ്പിച്ച വസ്ത്രാക്ഷേപം, കർണ്ണനു മാത്രം മറ്റുവിധത്തിൽ അവ നിർമ്മിക്കാനാവുന്നതെന്തുകൊണ്ടു്? സവർണ്ണ മാടമ്പികളുടെ സംരക്ഷണയിൽ തിന്നു കൊഴുത്ത ‘കീഴാളഅടിമ’ എന്നാണു ചാർവാകൻ ആഞ്ഞടിക്കുന്നതു്. പാർശ്വവത്കൃതനെന്ന പരിഗണന നിങ്ങൾക്കനുവദിച്ച പൊതു സമൂഹത്തെ നിങ്ങൾ വഞ്ചിച്ചുവോ?”, കൊട്ടാരം ലേഖിക ചോദിച്ചു. മട്ടുപ്പാവിൽ നിന്നു് നോക്കുമ്പോൾ രാജവീഥിയിലൂടെ വടക്കൻ മലനിരകളിലേക്കു അടിവച്ചുനടക്കുന്ന ആറംഗ പാണ്ഡവ സംഘത്തെ മുഖമുയർത്താതെ നോക്കുകയായിരുന്നു അതിരഥപുത്രൻ.

“ഹസ്തിനപുരി ജനതയുടെ സ്വകാര്യഅഹങ്കാരമാണു് ഞാനെന്ന പ്രശസ്തി നിലനിർത്താൻ, കണ്ട കാര്യം കണ്ടില്ലെന്നു നടിക്കണോ? ‘ഞാൻ രജസ്വല ഞാൻ അല്പവസ്ത്ര’ എന്ന പ്രഖ്യാപനത്തോടെയല്ലേ പാഞ്ചാലി ആൺസാന്നിധ്യം മാത്രമുള്ള ചൂതാട്ടസഭയിൽ ഇരച്ചു കയറിയതു്? ഒരു പണത്തൂക്കം തലച്ചോറുള്ള ഏതെങ്കിലും കൗരവൻ ഭീഷ്മദ്രോണ സാന്നിധ്യത്തിൽ വസ്ത്രാക്ഷേപം ചെയ്യാൻ കൈ പൊക്കുമോ? കൗരവരുടെ അറിയപ്പെടുന്ന അച്ഛൻ ഏകഭാര്യനും, അച്ഛൻ പരിത്യാഗിയുമല്ലേ? അൽപ്പ വസ്ത്രം സ്വയം ഉരിഞ്ഞു പൂർണ്ണനഗ്നതാപ്രകടനത്തിനു് തയ്യാറെടുത്താണു് പാഞ്ചാലി ചൂതാട്ടസഭയിൽ അനധികൃതമായി ഇടിച്ചു കയറിയതെന്ന സംശയം ബലപ്പെടുത്തുന്നതായിരുന്നില്ലേ പിന്നീടവളുടെ ഓരോ ചലനവും, ഗൂഢനീക്കവും? തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഗാന്ധാരിയുടെ മേൽവസ്ത്രം ഒരിളമുറ കൗരവൻ നഗ്നപാഞ്ചാലിയെ അണിയിപ്പിച്ചപ്പോൾ, അവൾ എന്താണു് ചെയ്തതെന്നോ? ഇടംകൈ കൊണ്ടു് രഹസ്യമായി ആ പട്ടുപുതപ്പു് വഴുക്കിവീഴ്ത്തി. മനഃസാന്നിധ്യമുള്ള ദുര്യോധനൻ ഉടൻ ഇടപെട്ടു ബലമായി പാഞ്ചാലിയെ പിടിച്ചു സ്വന്തം സിംഹാസനത്തിൽ ഇടമുണ്ടാക്കി ഇരുത്തിയതോടെ അവൾ വഴങ്ങി. ഈ സത്യസാക്ഷിമൊഴി ഞാൻ വെളിപ്പെടുത്താതെ കുഴിച്ചു മൂടിയാൽ ചരിത്രം മാപ്പു തരുമോ?”

“ദ്രോണവധത്തിൽ ലക്ഷ്യംനേടിയ ചാരിതാർത്ഥ്യമുണ്ടോ, അതോ, വീണു കിട്ടിയ അവസരം നിങ്ങൾ കീഴ്പ്പെടുത്തി എന്നതാണോ ശരി?”, കൊട്ടാരം ലേഖിക ചോദിച്ചു. എന്തോ അമളി പറ്റിയ പോലെ മുഖം താഴ്ത്തിയിരിക്കുകയായിരുന്നു പാളയത്തിൽ പാണ്ഡവ സർവ്വസൈന്യാധിപനും പാഞ്ചാല രാജാവിന്റെ മകനുമായ ധൃഷ്ടധ്യുമ്നൻ. യുദ്ധത്തിന്റെ പതിനഞ്ചാം ദിവസം, സന്ധ്യ.

“അച്ഛനെ അപമാനിച്ച ദ്രോണരെ ഞാൻ വക വരുത്തി എന്നതൊരു തലവെട്ടൽ നടപടിക്രമം മാത്രം. കൊന്നു കൊല വിളിക്കാനുള്ള പോരാട്ട കൗതുകം ഉണ്ടാവാൻ ഞാൻ ഒരു സങ്കൽപ്പവധം നീണ്ടകാലമായി കരളിൽ കാത്ത്സൂക്ഷിച്ചിരുന്നു. കെട്ടുകുതിരയിൽ ഏകലവ്യനെ എഴുന്നെള്ളിച്ചു, ദ്രോണരെ കീഴ്പ്പെടുത്തി, ആചാര്യന്റെ തള്ളവിരൽ ഏകലവ്യൻ ബലം പ്രയോഗിച്ചു മുറിച്ചെടുക്കുന്ന രംഗം-കഷ്ടം, അതുണ്ടായില്ല എന്ന ഖേദം ജീവകാലം മുഴുവൻ എന്നെ ലജ്ജിപ്പിക്കും.”

Colophon

Title: Koṭṭāram lēkhikayuṭe abhimukhaṇgaḷ (ml: കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ).

Author(s): K P Nirmalkumar.

First publication details: Facebook as daily posts; Internet; 2016.

Deafult language: ml, Malayalam.

Keywords: Mahabharata retold, K P Nirmalkumar, Kottaram lekhikayude abhimughangal, കെ പി നിർമ്മൽകുമാർ, കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 15, 2022.

Credits: The text of the original item is copyrighted to K P Nirmalkumar. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: The Pandavas in King Drupad’s Court, a watercolor painting on gold paper from Kangra by anonymous (na). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: K P Nirmalkumar; Proofing: KB Sujith; Typesetter: Sayahna Foundation; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.