images/kpn-bharatham-xml-cover.jpg
The Pandavas in King Drupad’s Court, a watercolor painting on gold paper from Kangra by anonymous (na).
ഭാഗം അഞ്ചു്

കുടിപ്പകയിൽ കൌരവവംശഹത്യ ചെയ്തു്, ചതിയിൽ ചെങ്കോൽ കൈവശപ്പെടുത്തിയ പാണ്ഡവർ ഞങ്ങൾക്കു് മദ്യവും നിഷേധിക്കുന്നു, ഗാന്ധാരം മുതൽ മഗധ വരെ നൂറോളം രാജകുടുംബങ്ങളിൽ നിന്നു് വധുക്കളായി ഹസ്തിനപുരിയിൽ എത്തിയ ഞങ്ങളുടെ ബഹുസ്വരസ്വത്വം തുടക്കം മുതൽ ജനാധിപത്യപരമായി അംഗീകരിച്ച വിദുരർ, തീൻശാലയിൽ കഴിക്കാൻ ഗോമാംസവും, കുടിക്കാൻ മദ്യവും പുകക്കാൻ ലഹരിയും അനുവദിച്ചതു് ദശാബ്ദങ്ങൾക്കു് മുമ്പായിരുന്നു എന്ന ചരിത്രവസ്തുത തള്ളി, ധാർമികതയുടെ മൊത്തക്കച്ചവടം ഏറ്റെടുത്ത അനധികൃത മഹാരാജാവു് യുധിഷ്ഠിരന്റെ ഒത്താശയോടെ, ഇന്നു് മുതൽ എല്ലാവിധ ആസ്വാദനങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. സമ്മതപത്രം ഓലകളിൽ സ്വന്തം കൈപ്പടയിൽ എഴുതി രാജസഭയിൽ പരസ്യമായി കൊടുക്കാത്ത പക്ഷം, കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുമെന്നവർ താക്കീതു ചെയ്യുന്നു. കൗരവരാജ വിധവകളും അവിവാഹിത പെൺമക്കളും പുത്രവിധവകളും ഇന്നു് ഹസ്തിനപുരി കോട്ടക്കു് മുമ്പിൽ പ്രതിഷേധത്തിന്റെ വൻമതിൽ കെട്ടുമ്പോൾ തുണക്കാൻ ‘ഹസ്തിനപുരി പത്രിക’യും കൊട്ടാരം ലേഖികയും മുന്നോട്ടു വരില്ലേ?

2019-01-06

“ദൃക്സാക്ഷിയല്ലേ? വധം ആസ്വദിച്ചതല്ലേ? ചരിത്ര മുഹൂർത്തത്തിന്റെ ദൃശ്യാനുഭൂതി പങ്കിട്ടുകൂടെ?”, നകുലനോടു് കൊട്ടാരം ലേഖിക ചോദിച്ചു. കുരുക്ഷേത്രയുദ്ധം കഴിഞ്ഞു പാണ്ഡവ സംഘം വഴിയോര കേന്ദ്രത്തിൽ ലഘുഭക്ഷണം കഴിക്കുന്ന നേരം.

“വിശന്നു വലഞ്ഞ ബകനെ വൻമരം പിഴുതു തല്ലിക്കൊല്ലുന്നതും, പ്രണയിനിയെ പ്രതീക്ഷിച്ച കീചകനെ ആൾമാറാട്ടം വഴി ശ്വാസം മുട്ടിച്ചു കൊല്ലുന്നതും ഐതിഹ്യപ്പെരുമയിൽ പറഞ്ഞുശീലിച്ച ഞാൻ, പക്ഷേ, ദുഷ്ട ദുര്യോധനനെ പ്രിയഭീമൻ ആക്രമിക്കുന്നതു് കണ്ടു ഞെട്ടി. ഒരു താരതമ്യവും ഇല്ല ഈ ശത്രുസഹോദരരുടെ പോരാട്ടമികവിനു. ഓരോ ഗദാപ്രഹരവും ഉന്നം തെറ്റി മരക്കുറ്റികളിലും ചളിക്കുഴിയിലും ഭീമനോടൊപ്പം ചെന്നുവീണു. ദുര്യോധനഗദയുടെ പ്രഹരവേദന സഹിക്കാനാവാതെ ഭീമൻ മണ്ണിൽ വീണുരുണ്ടു. അതിനിടയിലൊരു മിന്നൽ പിണർസന്ദേശം ആകാശചാരികളിൽ നിന്നു് അനുസരണയോടെ ഭീമൻ സ്വീകരിക്കുന്ന പോലൊരു ഓർമയുണ്ടെനിക്കു്, ചാടിയെണീറ്റ ഭീമൻ ഗദാപ്രഹരത്തിലൂടെ ദുര്യോധനന്റെ അരക്കെട്ടു് പൊട്ടിക്കുന്നതു് കണ്ടു കണ്ണു് തിരുമ്മി മിഴിച്ചു ഞാൻ നോക്കിയപ്പോൾ, അതാ ചളിയിൽ വീണു ‘അമ്മാ അമ്മാ’ എന്നു് ദുര്യോധനൻ നിലവിളിക്കുന്നു. അതൊരു രോദനമായിരുന്നുവോ?, അതോ ഗാന്ധാരിയുടെ വരം ഫലിക്കാത്തതിലുള്ള പരിഭവമായിരുന്നുവോ? ഭീതിതമായ ആ വീഴ്ച കാണാനാവാതെ ഞങ്ങൾ ഭീമനെ വാരിപ്പെറുക്കി യുദ്ധഭൂമിയിൽ നിന്നു് പാഞ്ഞു. ചൂതാട്ടസഭയിലെ വസ്ത്രാക്ഷേപത്തിൽ പണ്ടു് കണ്ട പോലൊരു പ്രത്യക്ഷം.”

പറഞ്ഞു പറഞ്ഞു പരവശനായ നകുലൻ ചെരിഞ്ഞു. മറ്റൊരു മാദ്രീപുത്രൻ സഹദേവൻ അവനെ താങ്ങിപ്പിടിച്ചു ചൂടുള്ള പാനീയം പതുക്കെ വായിൽ ഒഴിച്ചു് കൊടുക്കുമ്പോൾ, കൊട്ടാരം ലേഖികയോടു് യാചിച്ചു, “കൂടുതലൊന്നും അവനോടിനി ചോദിക്കരുതേ. മനുഷ്യർ കാണരുതാത്ത എന്തോ അവൻ ദുര്യോധന വധത്തിന്നിടയിൽ കണ്ടു, എല്ലാമറിയുന്ന ആകാശചാരികൾ അവനോടു് പൊറുക്കേണമേ.”

2019-01-07

“ആരാധകരുടെ മുമ്പിൽ തള്ളാൻ കൊള്ളാവുന്ന തങ്കപ്പെട്ട ഒരു പ്രണയമൂല്യവും നിങ്ങളപ്പോൾ പരുക്കൻഭീമനിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല?”, തടാകത്തിലേക്കൊഴുകുന്ന നീർച്ചാലിൽ കാൽ വച്ചു് കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

വനവാസക്കാലം.

“എന്നോടു് പരിപൂർണ ആശ്രിതത്വം, ഏതർദ്ധരാത്രിയിലും കല്യാണസൗഗന്ധികം തേടി ഉൾക്കാടിലലയാൻ പ്രേരിപ്പിക്കുന്ന ഉൾക്കിടിലം, അതൊന്നു പോരെ പ്രണയാഭിലാഷങ്ങളിനിയും പൂവണിഞ്ഞിട്ടില്ലെന്ന പരിദേവനത്തിലും എന്റെ മുമ്പിൽ ഉപചാരപൂർവ്വം മുട്ടു് കുത്തി കൈമുത്തി വല്ലപ്പോഴുമൊരിക്കൽ പരമാനന്ദം യാചിക്കുന്ന ഭീമനെ എന്നെന്നേക്കും എന്റെ ഹൃദയത്തിൽ മഹത്വപ്പെടുത്താൻ.”

2019-01-08

“ഇന്നെന്താ ഒന്നൊന്നര മണിക്കൂർ വൈകി എന്നു് കേട്ടല്ലോ. ഓടിപ്പിടഞ്ഞു ഞാൻ പുറപ്പെട്ടു എങ്കിലും, ഇപ്പോഴേ എത്താനായുള്ളു. യുദ്ധവിരാമം ഒന്നും പ്രഖ്യാപിച്ചിട്ടില്ലല്ലോ. അതോ, ആദ്യദിനം പോലെ അർജ്ജുനൻ വിഷാദരോഗിയായോ?” കൊട്ടാരം ലേഖിക യുദ്ധനിർവ്വഹണ സമിതിയുടെ അധ്യക്ഷനെ അഭിവാദ്യം ചെയ്തു.

“ആരാണു് അർജ്ജുനൻ, എന്താണു് വിഷാദം എന്നതൊന്നും ഞങ്ങളുടെ പരിഗണനാവിഷയമല്ല. പോരടിക്കുന്ന ഇരുകൂട്ടരും വ്യൂഹം ചമഞ്ഞു, എറിയാൻ കുന്തം ഉയർത്തുമ്പോഴാണു് കാണുന്നതു്, അവർക്കിടയിലൊരു കൂട്ടം വെള്ളരിപ്രാവുകൾ ചിറകടിച്ചു പ്രതിഷേധിക്കുന്നു. ശംഘുനാദം മുഴക്കിയെങ്കിലും പ്രാവുകൾ പോർക്കളം വിട്ടു പോയില്ല. അപ്പോഴാണു് ഊട്ടുപുരയിൽ നിന്നു് പാചകസംഘത്തിന്റെ അറിയിപ്പു് വന്നതു് തീൻശാലയിൽ മാംസക്ഷാമം പരിഹരിക്കാൻ, ശല്യക്കാരായ വെള്ളരി പ്രാവുകളെ ഏതുവിധവും പിടികൂടാനാണു് നിർദ്ദേശം. ഇരുകൂട്ടരും ഒത്തൊരുമയോടെ എറിഞ്ഞ കുന്തങ്ങൾ ലക്ഷ്യ വേധിയായി. ഔദ്യോഗികകൃത്യം തടസ്സപ്പെടുത്തിയ പ്രാവുകളുടെ ചൂടാറാത്ത ഭൗതികശരീരങ്ങൾ ഊട്ടു പുരയിലേക്കയച്ചതോടെ, പോരാട്ടം ആരംഭിച്ചു. ചാർവാകൻ എന്നൊരു യുക്തിവാദിയാണു് വെള്ളരി പ്രാവുകളെ പോർക്കളത്തിലേക്കു വിട്ടതെന്ന പാണ്ഡവപരാതി യുദ്ധനിർവ്വഹണസമിതി ഇന്നു് രാത്രി അന്വേഷിക്കും. ഔദ്യോഗിക കൃത്യനിർവഹണത്തിൽ ദുഷ്ട ലാക്കോടെയുള്ള ഇടപെടൽ ഉണ്ടെന്നു അന്വേഷണത്തിൽ കണ്ടാൽ, മാതൃകാപരമായി ശിക്ഷിക്കും. ഇതു് വെറുമൊരു യുദ്ധമല്ല, ഇതു് കാലാതിവർത്തിയായ ഇതിഹാസത്തിന്റെ നിർണ്ണായകഘട്ടമാണു് എന്ന നിങ്ങളുടെ നിരീക്ഷണം ഞങ്ങളുടെ പ്രതികരണം അർഹിക്കുന്നില്ല.”

2019-01-09

“അയൽപക്കത്തെ പാണ്ഡവരുമായി അടുപ്പത്തിലാണോ? അതോ കൗരവ അടിമകളെന്ന നിലയിൽ അവരോടു് അയിത്തമുണ്ടോ?” കൊട്ടാരം ലേഖിക ഭിന്നശേഷിക്കാരനായ സന്യസ്ഥനോടു് ചോദിച്ചു.

“പാഞ്ചാലി നിത്യവും വന്നു ഗാർഹിക മാലിന്യം നീക്കുമെങ്കിലും, പാണ്ഡവർ പതിവു് സന്ദർശകർ അല്ല. നകുലൻ ചിലപ്പോൾ വരുമായിരുന്നു. ഞങ്ങളിൽ ആരാണു് ദുര്യോധനന്റെ ചാരൻ എന്നയാൾക്കു് അറിയാമെന്നു തോന്നിയപ്പോൾ, ചങ്ങാത്തം ഞങ്ങൾ നിർത്തി വിവരം അറിയിക്കേണ്ടവരെ അറിയിച്ചു. അടിമകളുടെ ഉടയതമ്പുരാൻ ദുര്യോധനൻ ഉണ്ടോ അടങ്ങുന്നു, ആശ്രമങ്ങളിൽ നിന്നു് ജൈവമാലിന്യശേഖരണം തുടർന്നും പാഞ്ചാലിയുടെ ചുമതല ആണെങ്കിലും, കുഴിച്ചു മൂടേണ്ട പണി നകുലനു നൽകി ഹസ്തിനപുരിയിൽ നിന്നു് ഉത്തരവായി. ഇപ്പോൾ ഞങ്ങളെ കണ്ടാൽ നകുലൻ പല്ലു് ഞെരിക്കും. പാണ്ഡവർ അധികാരം പിടിച്ചടക്കിയാൽ മതേതരരാജ്യമായി ഹസ്തിനപുരിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു്, രാഷ്ട്രീയം കളിക്കുന്ന ആശ്രമങ്ങൾക്കു് ധനസഹായവും സുരക്ഷയും നിർത്തുമെന്നു് ഇടയ്ക്കിടെ ഭീഷണിപ്പെടുത്തും.”

“അധികാരത്തിൽ കയറി ആദ്യമേ വായിക്കുന്നതെന്താണു്? മാടമ്പിയുടെ മരണപത്രമൊന്നുമല്ലല്ലോ” കൊട്ടാരം ലേഖിക ചോദിച്ചു.

“എന്റെ പരിമിതമായ സാക്ഷരതയുടെ ബലത്തിൽ ഞാൻ ഉറപ്പു തരുന്നു ഇതു് പുതിയ പാണ്ഡവഭരണകൂടത്തിനു ബലിദാനിദുര്യോധനന്റെ വ്യക്തിഗത ആശംസകളും സ്വകാര്യരത്ന ശേഖരങ്ങളിലേക്കുള്ള രഹസ്യവാക്കുമൊന്നുമല്ല, ഇതു് സഖ്യകക്ഷിരാജ്യങ്ങളിൽ നിന്നു് യുദ്ധാവശ്യത്തിനു കുരുവംശം ഔദ്യോഗികമായി വാങ്ങിയ കടങ്ങളുടെ നീണ്ട പട്ടികയാണു് സൈനികർ, ആയുധങ്ങൾ, മൃഗങ്ങൾ. യുദ്ധം ജയിച്ചു അധികാരത്തിൽ ആരു വന്നാലും, മുതലും പലിശയും ഒരു കൊല്ലത്തിനുള്ളിൽ തീർത്തില്ലെങ്കിൽ, കടക്കാർ കർമ്മസമിതി രൂപീകരിച്ചു ഹസ്തിനപുരി “വെട്ടിപ്പൊളിച്ചു” സ്വന്തമാക്കു മെന്നൊരു മുന്നറി യിപ്പും. സൂക്ഷ്മസാക്ഷര വായനക്കു ഞാനിതു സമ്പൂർണ്ണസാക്ഷരയായ പാഞ്ചാലിയെ ഏൽപ്പിക്കുന്നു. കേശപരിചരണത്തിനു കൗരവച്ചോര വേണമെന്ന അവളുടെ പെൺശാഠ്യത്തിനു അവൾ തന്നെ നേരിടട്ടെ പാർശ്വഫലങ്ങളും.”

2019-01-10

“വസ്ത്രാക്ഷേപ ഇര എന്നു് പൊതുസമൂഹം തർക്കമില്ലാതെ അംഗീകരിക്കുന്നുണ്ടെങ്കിലും, അഴിച്ചിട്ട മുടിയിനി കെട്ടണമെങ്കിൽ, ചുടുകൌരവച്ചോര പോർക്കളത്തിൽ നിന്നു് ഞങ്ങൾ കൊണ്ടു വരണം എന്ന ആവശ്യം, ഒഴുക്കൻ മട്ടിൽ പറഞ്ഞതിൽ കവിഞ്ഞൊരു പ്രതികാര തീവ്രത നീ, കൌരവരെ കുറിച്ചു് കാണിക്കുന്നില്ലല്ലോ”, പാണ്ഡവയോഗത്തിൽ അർജ്ജുനൻ അമർഷത്തോടെ ചോദിച്ചു.

വനവാസക്കാലം.

“എന്തിനു നിങ്ങൾക്കൊപ്പം സംഘം ചേർന്നു് കൗരവരെ ഞാൻ പഴി പറയണം? സൌന്ദര്യവർദ്ധകസുഗന്ധ തൈലങ്ങളും അടിവസ്ത്രങ്ങളും ആവശ്യപെടാതെതന്നെ പ്രത്യേകദൂതൻ വഴി പതിവായി എത്തിച്ചു തരുമ്പോൾ, പ്രത്യേകിച്ചും.”

2019-01-11

“പാഞ്ചാലി എന്തോ എഴുതുന്നു എന്നു് ഞെട്ടലോടെ ഞാൻ കണ്ടെത്തി, രാവിലെ അവൾ കുളിക്കാൻ പോയ നേരം, പനയോലക്കെട്ടു പുറത്തെടുത്തു. നാരായം കൊണ്ടെഴുതിയതൊക്കെ തിരിച്ചും മറിച്ചും നോക്കി. കൌമാരം വരെ കാട്ടിൽ മേഞ്ഞുനടന്ന നാം, അക്ഷരം കൂട്ടി വായിച്ചർത്ഥം മനസ്സിലാക്കാൻ ശ്രമിക്കാഞ്ഞതു് കഷ്ടമായി”, യുധിഷ്ഠിരൻ പറഞ്ഞു. “അപ്പോൾ അതാണു് കാര്യം. പാഞ്ചാലി ദുര്യോധനനെ പഴി പറയാതിരിക്കുന്നതെന്തു കൊണ്ടെന്ന ചോദ്യത്തിനുത്തരമായി. ഹസ്തിനപുരിയിൽ നിന്നു് കൗരവർ സന്യസ്ഥാശ്രമത്തിലേക്കു് ധാന്യവുമായി വന്നപ്പോൾ, പാഞ്ചാലിക്കു കൊടുക്കാൻ ഒരു കെട്ട് ഏൽപ്പിച്ചിരുന്നു. കഷ്ടിച്ചു് വായിക്കാം എന്നാൽ എഴുതാൻ നമുക്കറിയാത്തതു കൊണ്ടു്, പാഞ്ചാലിയും നിരക്ഷര എന്നു് ഞാൻ തെറ്റിദ്ധരിച്ചിരുന്നു. ഈ ‘അക്ഷരപ്രതിസന്ധി’ നേരിടാൻ ഇനിയെന്താണു് വഴി? കൊട്ടാരം ലേഖിക അറിയും മുമ്പു് പാഞ്ചാലി നമ്മെക്കുറിച്ചു എഴുതിയതെല്ലാം ഒളിപ്പിച്ചുവക്കണ്ടേ? അല്ലെങ്കിൽ നശിപ്പിക്കേണ്ടേ?

ഉപായവുമായി മുന്നോട്ടു വരാൻ ആരുണ്ടു്? പാഞ്ചാലിയുടെ ദിനാന്ത്യക്കുറിപ്പുകൾ കൗരവർ വഴി കൈവിട്ടു പോയാൽ, വ്യാസൻ പൊക്കും. രാജവംശങ്ങളുടെ ഹരിശ്രീ അറിയാത്ത ആ ജീവിക്കു മഹാഭാരതമെഴുതി എളുപ്പത്തിൽ ഇതിഹാസകാരനുമാവാം”, പുറത്തു കൊട്ടാരം ലേഖിക ചെവിയോർക്കുന്നുണ്ടു് എന്നറിയാതെ, മറ്റു നാലു പാണ്ഡവരോടു്, ശാസിക്കുന്ന വിധം നകുലൻ കത്തിക്കയറി.

2019-01-12

“നിങ്ങൾ ഒരാൾ മാത്രം ‘ധർമ്മിഷ്ഠൻ’ എന്നു് പരക്കെ പ്രകീർത്തിക്കപ്പെടുമ്പോൾ, മറ്റു നാലു പേരുടെ മനോവീര്യം തളരില്ലേ?”, കൊട്ടാരം ലേഖിക ചോദിച്ചു. സ്വർഗ്ഗരാജ്യത്തിലേക്കുള്ള നീണ്ട യാത്രക്കായി ഒരുങ്ങിയിരുന്ന രഥത്തിലേക്കു് ആദ്യം നായയെ കാരുണ്യത്തോടെ പ്രവേശിപ്പിച്ച യുധിഷ്ഠിരൻ അവസാനമായി പ്രകൃതിയോടു് യാത്ര പറയുന്ന സന്ധ്യ.

“ഞാനവരെ ക്ഷണിക്കണോ?, അവർക്കു എന്നെ അനുകരിച്ചു കൂടെ? ശ്രദ്ധിച്ചിട്ടില്ലേ നിങ്ങൾ, ഒന്നും അങ്ങനെ മറ്റുള്ളവരെ പോലെ ഞാൻ “വെറുതെ പറയുക” പതിവില്ല, എന്തു “പ്രസ്താവിക്കു”മ്പോഴും “ഇതൊരു സത്യവാങ്മൂലം” എന്ന സൂചനയോടെ, ഇടനെഞ്ഞിൽ വലതു കൈ വച്ചു് ഞാൻ ഉച്ചരിച്ചു. ഓർമ്മ വച്ചനാൾ മുതൽ പരപ്രേരണയില്ലാതെ. നിങ്ങൾക്കനുഭവവേദ്യമായതു പോലെ മൊത്തം മനുഷ്യവംശത്തിനും വരും ബോധ്യം.”

“ഭർത്താക്കന്മാരെ കവചമാക്കി തന്നിഷ്ടക്കാരിയായ ഒരു സ്ത്രീ ചെയ്യുന്ന തോന്നിവാസമാണിപ്പോൾ കുരുവംശത്തിൽ നാം കാണുന്നതെന്ന കിരീടാവകാശി പരീക്ഷിത്തിന്റെ അഭിപ്രായം ശ്രദ്ധയിൽ പെട്ടുവോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. “അരങ്ങേറ്റ മൈതാനത്തെ ഇളക്കിമറിച്ച പ്രഭാഷണത്തിൽ ആരെയും പേരു് പറഞ്ഞു പരിഹസിക്കുന്നില്ലെങ്കിലും, കിരീടാവകാശിയുടെ കൊട്ടു് കൊള്ളേണ്ടവർക്കെല്ലാം കിട്ടി എന്ന ബോധ്യം നിങ്ങൾക്കുമുണ്ടോ?”, പാണ്ഡവരെ അവലോകനം ചെയ്തു തുടർന്നും ചോദിച്ചു.

“ഈയിടെയായി പരീക്ഷിത്തു് നിത്യവും ‘വളർന്നു കൊണ്ടേയിരിക്ക’യാണെന്നു അഭിമന്യുവിന്റെ വിധവ ഉത്തര പറഞ്ഞതു് എത്ര ശരി. കൗരവരാജ വിധവകുടുംബത്തിൽ നിന്നൊരു വധുവിനെ തേടി, ഇപ്പോൾ വംശീയമായി വിഭജിച്ചു കിടക്കുന്ന കൗരവപാണ്ഡവ കുടുംബങ്ങളുടെ ഏകീകരണം അതുവഴി കഴിയുമെങ്കിൽ, ചോരയൊഴുക്കാതെ ഞങ്ങൾ ഇടമൊഴിഞ്ഞു കൊടുക്കാം.” എഴുന്നേറ്റു നിൽക്കാൻ ഉശിരില്ലാതെ, ഇരുന്നിടത്തു കുനിഞ്ഞു പോയ മഹാരാജാവു് യുധിഷ്ഠിരൻ ശ്രമപ്പെട്ടു സംസാരിക്കുമ്പോൾ, ശബ്ദം അവ്യക്തമായി. മറ്റു പാണ്ഡവർ ചെവി കൂർപ്പിക്കാൻ അശക്തരായി മുഖം താഴ്ത്തി കണ്ണടച്ചു. പാഞ്ചാലിയുടെ നോട്ടം കനത്തു.

“പിണങ്ങി പോവുകയെന്നതൊരു സുകുമാര കലയാക്കി മാറ്റിയ നിങ്ങൾ, പക്ഷേ, തിരിച്ചു വന്നാൽ, യാത്രാനുഭവങ്ങൾ പാണ്ഡവരോടൊക്കെ പങ്കുവെക്കുന്ന പതിവുണ്ടോ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു.

“വേദനയോടെ പറയട്ടെ, ജൈവിക പിതാവു് ഇന്ദ്രൻ സ്വർഗരാജ്യത്തിലേക്കു് വിരുന്നിനു കൊണ്ടു് പോയതും, ദേവനർത്തകിയുമായി വഴിവിട്ടു ഞാൻ തീവ്രപ്രണയത്തിൽ ആയതും, രതി തിരസ്കരിച്ചപ്പോൾ പ്രകോപിതയായ അവളെന്നെ ശപിച്ചതും തന്മയത്വത്തോടെ പറഞ്ഞിട്ടും, പാഞ്ചാലി വിശ്വസിച്ചില്ല. ഷണ്ഡത്വം ന്യായീകരിക്കാൻ കൗശലപൂർവ്വം മെനഞ്ഞെടുത്തൊരു കെട്ടുകഥയെന്നവൾ ചുണ്ടുകോട്ടി. വനവാസം ഒരു വിധം കഴിഞ്ഞു വിരാടത്തിൽ അജ്ഞാതവാസം തുടങ്ങുമ്പോൾ ഭിന്നലിംഗക്കാരനായി ഉത്തര രാജകുമാരിയുടെ അന്തഃപുരത്തിൽ സുരക്ഷിതമായി കഴിയാൻ ശാപം അനുഗ്രഹമായപ്പോഴാണു്, പ്രണയം സംശയാസ്പദമെങ്കിലും ഉർവ്വശീശാപം ഉപകാരമാവുന്നൊരു അപൂർവ്വ സാഹചര്യമെന്നവൾ സമ്മതിച്ചതു്. ”

2019-01-13

“പതിനെട്ടു ദിവസം കൊണ്ടു് ഇരുപതു ലക്ഷം കൗരവ/കൗരവ സഖ്യസൈനികരെ ഞങ്ങൾ കൊന്നു കൊലവിളിച്ചു എന്ന ‘ഹസ്തിനപുരി പത്രിക’യുടെ മുഖപ്രസംഗം കുരുവംശഹത്യയെ കേവലമൊരു കൂട്ടു കുടുംബവഴക്കായി അടയാളപ്പെടുത്തുന്ന ദുഷിച്ച പത്രപ്രവർത്തന പാരമ്പര്യത്തിന്റെ പ്രായോജകർ എന്നു് നമ്മെ ഓർമ്മിപ്പിക്കുന്നുണ്ടു്. വ്യവസ്ഥാപിത നിയമങ്ങൾ ഏറെക്കൂറെ പാലിച്ച മഹായുദ്ധത്തിൽ, എത്ര ശത്രുക്കൾ കൊല്ലപ്പെട്ടു എന്നൊന്നും ഞങ്ങൾ തലയെണ്ണിയിട്ടില്ല. കണക്കു തയ്യാറാക്കുന്നതു് പ്രവിശ്യാ ഭരണാധികാരിയുടെ അധ്യക്ഷതയിൽ പ്രവർത്തിക്കുന്ന നിർവ്വഹണസമിതിയാണു് പോർക്കളത്തിലെ ഓരോ മരണവും ഓരോ സവിശേഷ സാഹചര്യത്തിൽ അങ്ങനെ സംഭവിക്കുകയായിരുന്നു എന്നോർക്കണം. അതു് ഇരയും കൊലയാളിയും തമ്മിൽ പ്രതി പ്രവർത്തിച്ചപ്പോൾ സംഭവിക്കുന്ന കൊലപാതകമായിരുന്നില്ല, അതു് യുദ്ധഭൂമിയിലെ അനിവാര്യമായ ജീവഹാനിയായിരുന്നു.”

ഭരണകൂടത്തിന്റെ ഔദ്യോഗിക വക്താവു് നകുലൻ രാജസഭയിൽ വൈകാരികതയോടെ കുരുക്ഷേത്രം വിശദീകരിക്കുമ്പോൾ സദസ്സിൽ ആകെ ഉണ്ടായിരുന്നതു് വിവാദ മുഖപ്രസംഗം എഴുതിയ യുദ്ധകാര്യ ലേഖകൻ മാത്രം.

“അപ്പപ്പോൾ കഴുത്തു് മുറിച്ച കുഞ്ഞാടിന്റെ ചുടുചോര ഊറ്റിക്കുടിക്കാൻ, വായിലിട്ടമുക്കാൻ പൊരിച്ച കാളത്തുട, ഇതൊക്കെ ഈ ഹസ്തിനപുരി കൊട്ടാരം ഊട്ടുപുരയിൽ സമൃദ്ധമായി ബ്രാഹ്മണപാചകർ ആളെ അറിഞ്ഞു വിളമ്പുമ്പോഴും, നിങ്ങൾ ഒറ്റയ്ക്കു് ജാലകത്തിന്റെ ഓരം ചേർന്നിരുന്നു കഴിക്കുന്നതു് ഉണക്കപ്പഴങ്ങളും ശുദ്ധജലവും. ഇതെന്താ വിവേചനം ആഹാരത്തിൽ?”, കൊട്ടാരം ലേഖിക മഹാറാണി പാഞ്ചാലിയോടു് ചോദിച്ചു.

“ഈ ഉടൽ സമ്മാനമായി തരുമ്പോൾ പ്രകൃതി എനിക്കു് നേരെ വിരൽ ചൂണ്ടി, “ത്യാഗവും സഹനവും നിറഞ്ഞതായിരിക്കണം നിന്റെ തീൻ ശാല.”

2019-01-14

“വിരലറ്റങ്ങൾ മാത്രമുപയോഗിച്ചു പരിഷ്കൃത രീതിയിൽ പതുക്കെയാണല്ലോ ഭീമൻ ഊണു് കഴിക്കുന്നതു്? അക്ഷയപാത്രത്തിൽ രുചിഭക്ഷണ ലഭ്യത കുറഞ്ഞതാണോ കാരണം? അതോ, പ്രിയ വൃകോദരനു അന്നനാളത്തിൽ പ്രശ്നം വല്ലതും?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ആശങ്കയോടെ ചോദിച്ചു.

“ആനത്തലയോളം വലുപ്പത്തിൽ ഉരുള ഉരുട്ടി വായിലിട്ടാൽ, അന്നനാളത്തിലൂടെ അതിറങ്ങിപ്പോവാൻ സാവകാശം കൊടുക്കും മുമ്പു് തന്നെ രണ്ടാമതൊരു ആനത്തല വായിലേക്കെറിയുന്ന ഭക്ഷണരീതി നിർത്തണം എന്നു് ഈയിടെ പരസ്യമായി തന്നെ ഞാൻ കയർത്തു സംസാരിച്ചു. വേറെ തരമുണ്ടായിരുന്നില്ല. വാരിവലിച്ചു സൗജന്യഭക്ഷണം അകത്താക്കിയ ശേഷം, ഞെരിപൊരിയോടെ ‘വയറിനു സുഖമില്ല ശ്വാസം മുട്ടുന്നു’ എന്നു് പരാതി പറഞ്ഞു, മാദ്രിയുടെ മക്കളെ പച്ചിലമരുന്നു് തേടി സന്യസ്ഥാശ്രമങ്ങളിലേക്കു് ഓടിക്കുന്ന പരിപാടി അതോടെ നിർത്തി.”

2019-01-15

“പുതുമഹാറാണിയെ പൊതുപരിപാടിയിലൊന്നും കാണുന്നില്ലല്ലോ”, കൊട്ടാരം ലേഖിക ചോദിച്ചു.

“ഹസ്തിനപുരിയുടെ അഖണ്ഡത കാത്തുസൂക്ഷിക്കാനായി നൂറോളം ആൺമക്കൾ നാടിനുവേണ്ടി കുരുക്ഷേത്രയിൽ ജീവത്യാഗം ചെയ്ത ശേഷം മുഴുനീള കിടപ്പുരോഗിയാണിന്നു ഗാന്ധാരി. മഹാറാണി പദവി പാഞ്ചാലി ഔപചാരികമായി ഏറ്റെടുത്തു എങ്കിലും, ഗാന്ധാരിയിൽ നിന്നു് രാജകീയാഭാരണങ്ങൾ എല്ലാമൊന്നു് അഴിച്ചു കിട്ടണ്ടേ? ദശാബ്ദങ്ങാളായി അടിഞ്ഞ വിയർപ്പും അഴുക്കും മെഴുക്കും ഒക്കെ നീക്കി മിനുക്കാൻ സമയമെടുക്കും. ആഭരണങ്ങളിൽ കമ്പമുള്ള വനിതയല്ല പാഞ്ചാലിയെങ്കിലും, ഔദ്യോഗിക ആവശ്യങ്ങൾക്കു് എല്ലാം ഒന്നൊന്നായി അണിഞ്ഞല്ലേ പറ്റൂ. ഉറപ്പു തരുന്നു, ഇനി വൈകില്ല. നാളെ പൂർണ്ണിമയിൽ മഹാറാണി പൊതുജനങ്ങളുടെ ആരാധനയ്ക്കു് സർവാഭരണവിഭൂഷിതയായി നിന്നു് കൊടുക്കുന്നു. കൊട്ടാരം മട്ടുപ്പാവിൽ. വനാന്തരത്തിലെ സന്യസ്ഥസമൂഹവും അനുമതി തേടിയിട്ടുണ്ടു്, പന്ത്രണ്ടു കൊല്ലം അവരുടെ ഗാർഹിക മാലിന്യത്തിന്റെ സംഭരണവും സംസ്കാരവും കാര്യക്ഷമതയോടെ ചെയ്തിരുന്ന ‘കൗരവ അടിമ’യുടെ ഭാഗ്യജാതകത്തെ മഹത്വപ്പെടുത്താൻ. ആശീർവദിക്കാൻ നിങ്ങളും ഉണ്ടാവില്ലേ ആദ്യ ദർശനരാത്രിയിൽ തന്നെ, അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുമായി?”

“ജാമ്യത്തടവുകാരി എന്നതൊരു വസ്തുതയായിരിക്കാം, പക്ഷേ, കുന്തിയെ ചാവേറാക്കുമെന്നോ?” ചാർവാകൻ ചോദിച്ചു.

“അജ്ഞാത വാസത്താവളത്തിൽ നിന്നു പാണ്ഡവരെ പുകച്ചു പുറത്തു കൊണ്ടുവരാൻ കൗരവർ തയ്യാറാക്കിയ രഹസ്യ പദ്ധതിയിൽ കുന്തി ഇരയാണോ പങ്കാളിയാണോ എന്നു് വ്യക്തമല്ല. ഇന്ദ്രപ്രസ്ഥം മുതൽ പാണ്ഡവരുടെ നല്ല നടപ്പിനു ജാമ്യത്തടവുകാരിയായി ചാരനിരീക്ഷണത്തിൽ, ദശാബ്ദങ്ങളായി ഗാന്ധാരിക്കൊപ്പം പാർപ്പിച്ചിരുന്ന കുന്തിയെ തലമൊട്ടയടിച്ചു പുള്ളികുത്തി, കഴുതപ്പുറത്തു് നഗരികാണിക്കാൻ തീയതി നിശ്ചയിച്ചിരിക്കയാണു് ദുര്യോധനൻ. ഈ മാതൃപീഡനം തടയാൻ ഒരു ധീരപാണ്ഡവൻ കുതിച്ചു ചാടി മുന്നോട്ടിറങ്ങിയാൽ അതോടെ തീരും ഒളി ജീവിതത്തിലെ ‘അജ്ഞാത’ എന്ന വിശേഷണപദം. പിന്നെ വീണ്ടും തുടങ്ങണ്ടേ അടിമപദവിയിൽ വ്യാഴവട്ടക്കാല വനജീവിതം? പാഞ്ചാലിയുടെ വസ്ത്രാക്ഷേപ സമയത്തുണ്ടായി എന്നു് കരുതപ്പെടുന്ന മായികപ്രകടനം പോലെ, കൗരവകുടിലതയെ പ്രകൃതി തന്നെ കൈകാര്യം ചെയ്യട്ടെ എന്നാണു സാത്വിക യുധിഷ്ഠിരന്റെ നിലപാടു്. നിലവിൽ ഈ മുതിർന്ന പാണ്ഡവൻ കുങ്കൻ എന്ന നിർമ്മിത ബ്രാഹ്മണസ്വത്വത്തിൽ വിരാടരാജാവിന്റെ ചൂതാട്ട പരിശീലകനായി സ്വസ്ഥം ഒളിജീവിതം നയിക്കുന്നു. വിരാട ഭാര്യാസഹോദരനായിരുന്ന കീചകന്റെ അസ്വാഭാവിക മരണത്തിനു പിന്നിൽ ഭീമനാണെന്നു് സംശയിക്കുന്ന കൌരവർക്കു ‘നഗരികാണിക്കൽ’ നടപടി ദൈവകോപം വരുത്തുമോ എന്നാണു വിവേകവചനത്തിന്റെ മൃദുഭാഷി വിദുരർ ഭയക്കുന്നതു് അതിവേഗം വികസിക്കാവുന്ന ഈ കൊട്ടാര വാർത്തയുടെ വിശദാംശങ്ങൾക്കു് ‘ഹസ്തിനപുരി പത്രിക’യുടെ പതിനഞ്ചോളം ചുവരെഴുത്തു പതിപ്പുകൾക്കായി കാത്തിരിക്കൂ.”

2019-01-16

“ഘാതകൻ അധികാരത്തിൽ കയറുന്ന പട്ടാഭിഷേകം ബഹിഷ്കരിക്കാതെ സദസ്സിന്റെ മുൻപന്തിയിൽ പ്രസന്നഭാവത്തോടെ നിങ്ങളെ കാണുമ്പോൾ, കുരുക്ഷേത്രയുദ്ധം പതിനെട്ടുനാളും കണ്ട എനിക്കു് എന്തോ പോലെ തോന്നുന്നു” കൊട്ടാരം ലേഖിക ദുര്യോധനവിധവയെ അഭിവാദ്യം ചെയ്തു. അരങ്ങേറ്റ മൈതാനത്തിലെ അലങ്കാര വേദി, മൂടൽ മഞ്ഞു നിറഞ്ഞ ശീതകാല പ്രഭാതം.

“സത്യപ്രതിജ്ഞ കഴിഞ്ഞാലുടൻ അതിപ്രധാന പ്രസ്താവന നടത്തുമെന്നു് ഘാതകഭീമൻ പറഞ്ഞതു് നിങ്ങൾ അറിഞ്ഞില്ലെന്നു തോന്നുന്നു? യുദ്ധാനന്തര ഹസ്തിനപുരിയുടെ ഭാവിപ്രതിരോധത്തിനു് തക്ഷശിലയെ വെല്ലുന്ന “ദുര്യോധന സ്മാരക സൈനികശാസ്ത്ര സർവകലാശാല”ക്കു് തറക്കല്ലിടുന്ന ചടങ്ങിലാണു് എന്റെ വ്യക്തിഗതസാന്നിധ്യം അത്യാവശ്യമായി വന്നതു് ”, കലിംഗരാജാവു് ചിത്രാംഗധന്റെ മകൾ ഭാനുമതിയായി ജനിച്ചു കൗമാരത്തിൽ കുരുവംശ വധുവായി മാറിയ ദുര്യോധനവിധവ യഥാർത്ഥ മഹാറാണിയെ പോലെ ഉപചാരപൂർവ്വം അഭിവാദ്യം സ്വീകരിച്ചു.

“തിന്മക്കു മേൽ നന്മയുടെ വിജയമാണു് കുരുക്ഷേത്രം എന്നു് ഭീമൻ അരങ്ങേറ്റമൈതാന സ്വീകരണയോഗത്തിലെ കുരുക്ഷേത്ര യുദ്ധാവലോകനത്തിൽ തള്ളിയപ്പോൾ, സദസ്സു് എഴുന്നേറ്റുനിന്നു് കയ്യടിക്കുന്നതൊക്കെ ഞങ്ങളും സന്തോഷത്തോടെ കണ്ടു. പക്ഷേ, വേദിയിൽ ഇരുന്ന നിയുക്തമഹാറാണി മാത്രം മുഖം താഴ്ത്തി. എന്തായിരുന്നു സംഗതി?” ഊട്ടുപുരയിൽ കൂനിപ്പിടിച്ചിരുന്നു, പൊരിച്ച കാളത്തുട കടിച്ചു മുറിക്കുന്ന കൃപാചാര്യരെ കൊട്ടാരം ലേഖിക കണ്ടെത്തി.

“തിന്മക്കു മേൽ തിന്മയുടെ വിജയം എന്നു് പാഞ്ചാലി ഓലയിൽ നാരായം കൊണ്ടെഴുതിയതു് യുധിഷ്ഠിരൻ വായിച്ചു കൊടുത്തപ്പോൾ ഒരക്ഷരം തെറ്റി…”

2019-01-17

പൂവണിയാത്ത പ്രണയമോഹം വല്ലതുമുണ്ടോ, പിടിവിട്ടു പോവുന്ന ഈ കരളിൽ?”, തളർന്നു വീണ പാഞ്ചാലിയെ കൈകളിൽ താങ്ങിക്കിടത്തി, കൊട്ടാരം ലേഖിക നഷ്ടബോധത്തോടെ ചോദിച്ചു. നേർത്ത വിലാപം പോലെ മലങ്കാറ്റു വീശിയിരുന്ന വിജന താഴ്‌വര, സന്ധ്യ. പാണ്ഡവർ നടന്നു തീർത്ത വഴിത്താര ദൂരെ ഇരുട്ടിൽ മറഞ്ഞു തുടങ്ങിയിരുന്നു.

“എന്തിലും ഏതിലും മൂപ്പിളമയുടെ ക്രമപ്രശ്നം ഉന്നയിച്ചു, മാദ്രിമക്കളോടുള്ള എന്റെ വാത്സല്യത്തെ തടഞ്ഞു നിർത്തിയ യുധിഷ്ഠിരന്റെ മരണമായിരുന്നു പ്രകൃതി ആദ്യം നിശ്ചയിക്കേണ്ടിയിരുന്നതു് കുന്തിയുടെ മുതിർന്ന മൂന്നു മക്കളാൽ എന്റെ ബഹുഭർത്രുത്വ ദാമ്പത്യത്തിലെന്നും പാർശ്വവൽക്കരിക്കപ്പെട്ട നകുലനും സഹദേവനും അവരർഹിക്കുന്ന വിധം ലാളന വാരിക്കോരി കൊടുക്കാൻ ഇനിയും ലഭിക്കുമോ എനിക്കൊരു ജന്മം കൂടി?”

“ദുര്യോധനൻ നാമനിർദ്ദേശം ചെയ്ത അലസ കാരണവന്മാർ തന്നെയാണോ ഇപ്പോഴും രാജസഭയിൽ? യുദ്ധാവശ്യത്തിനു കൊള്ളാത്തവരെ തളച്ചിട്ടായിരുന്നു ആ കുടില കൗരവപ്രമാണി പ്രമേയങ്ങൾ അംഗീകരിപ്പിച്ചു നേടേണ്ടതൊക്കെ നേടിയിരുന്നതു്”, പാണ്ഡവ ഭരണകൂടത്തിന്റെ ആദ്യരാജസഭായോഗത്തിൽ നിന്നു് ഇറങ്ങി വരികയായിരുന്ന കൊട്ടാരം ലേഖികയോടു്, കോട്ടവാതിലിനു വെളിയിൽ ചാർവാകൻ ചോദിച്ചു.

“കുരുക്ഷേത്രയിൽ നിന്നു് ജീവനോടു് തിരിച്ചെത്തിയ കൃപാചാര്യർ ഉൾപ്പെടെ, പഴയ രാജസഭാംഗങ്ങളെല്ലാം വന്നു, ഉച്ചയൂണിനുള്ള മണിയടി കേൾക്കാൻ. മൊത്തം ഹസ്തിനപുരി അരവയർ അത്താഴവുമായി യുദ്ധക്കെടുതിയിൽ അന്തിമയങ്ങുമ്പോൾ, തീൻശാല ചെറുക്കാനാവാത്ത പ്രലോഭനം തന്നെ. യമുനയിൽ നിന്നു് പിടിച്ച മീനും, കറവ വറ്റിയ മാടിന്റെ തുടയും ഒക്കെയായി, വല്ലതും തടയും എന്ന ഉറപ്പിലവർ പുതിയ മഹാരാജാവു് സഭയിൽ കാൽ വച്ചതും എഴുന്നേറ്റുനിന്നു വരവേറ്റു. യുധിഷ്ഠിരനെ ആയുഷ്കാല സ്വേച്ഛാധിപതിയായി രാജസഭ അംഗീകരിക്കുന്നു എന്ന ഒറ്റവാചക പ്രമേയത്തിന്റെ അംഗീകാരത്തിനു് നന്ദി പറഞ്ഞ യുധിഷ്ഠിരൻ, രാജസഭ എന്നെന്നേക്കുമായി പിരിച്ചുവിട്ടു എന്നു പ്രഖ്യാപിച്ച ഉടൻ കേട്ടു, ഊട്ടുപുരയിൽ നിന്നു് ഊണു് തയ്യാറെന്ന മണിയടി.”

2019-01-18

“ചെങ്കോൽ കൈമാറാൻ യുധിഷ്ഠിരൻ നിർബന്ധിതനായി എന്നാണോ പറഞ്ഞുവരുന്നതു്?”, കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു”, ഒരേ ഒരു കിരീടാവകാശിയായിരുന്നില്ലേ പരീക്ഷിത്തു്? പിന്നെന്താ പ്രശ്നം?”

“യുധിഷ്ഠിരന്റെ ആദ്യഭാര്യ ഒളിജീവിതം അവസാനിപ്പിച്ചു് കൊട്ടാരത്തിൽ പ്രത്യക്ഷപ്പെട്ട അന്നു് തുടങ്ങി പാഞ്ചാലിയുടെ പരാക്രമം. ഏകപക്ഷീയമായി ഉപേക്ഷിക്കപ്പെട്ടിരുന്ന യുധിഷ്ഠിരഭാര്യ അച്ഛന്റെ നാട്ടിൽ പോയി ദശാബ്ദങ്ങൾക്കു ശേഷം മുതിർന്ന മകനെയും കൂട്ടി തിരിച്ചുവന്നതു് യാചിക്കാനായിരുന്നില്ല, യുധിഷ്ഠിരനെ സിംഹാസനത്തിൽ നിന്നു് പിടിച്ചു മാറ്റാനായിരുന്നു. തീരുമാനമെടുക്കാതെ, ആലോചിക്കാൻ സമയം വേണമെന്നു് പറഞ്ഞു യുധിഷ്ഠിരൻ (മുൻ) ഭാര്യയെയും ‘മക’നെയും നഗരാതിർത്തിയിലുള്ള അതിഥിമന്ദിരത്തിൽ പാർപ്പിച്ചു. പരീക്ഷിത്തിന്റെ അമ്മയും അഭിമന്യുവിന്റെ വിധവയും അർജ്ജുനന്റെ പുത്രവധുവുമായ ഉത്തര, വാടകക്കൊലയാളിയെ അതിഥിമന്ദിരത്തിലേക്കയച്ചപ്പോൾ, ആ ശപിക്കപ്പെട്ട പാതിരാവിൽ സ്വാഭാവികമായി സംഭവിക്കാവുന്നതെന്തോ അതു് സംഭവിച്ചു. കൊലചെയ്യിച്ചതു് അർജ്ജുനനും പാഞ്ചാലിയും ആണെന്ന ബോധ്യത്തിൽ, യുധിഷ്ഠിരൻ, ശവസംസ്കാരം കഴിഞ്ഞ ഉടൻ, പരീക്ഷിത്തിന്റെ പട്ടാഭിഷേക തീയതി പ്രഖ്യാപിച്ചു. സംഭവിക്കേണ്ടതൊക്കെ ‘സമാധാനപര’മായി സംഭവിച്ചു എന്നതാണു് കുരുവംശഗാഥയുടെ കമനീയത.”

“നിങ്ങൾ അധികാരത്തിന്റെ അകത്തളങ്ങളിൽ നിരങ്ങുന്നവളല്ലേ? മഹാരാജാവു് യുധിഷ്ഠിരനു് സുരക്ഷാഭടന്മാരൊന്നുമില്ലേ?”, ചാർവാകൻ ചോദിച്ചു.

“യുധിഷ്ഠിരൻ ഉറക്കമുണർന്നാൽ പകച്ചു ചുറ്റും നോക്കുന്നതു് അജ്ഞാതശത്രുവിന്റെ ഒളിയമ്പു് തറക്കുമോ നെഞ്ചിൽ എന്ന ഉൾഭീതിയിലാണെന്നു പറയുന്നതു് ‘നിരങ്ങുന്ന’ ഞങ്ങളല്ല, കൂടെ കിടന്നു രാപ്പനി യറിയുന്ന പാഞ്ചാലിയാണു് ഹസ്തിനപുരി കൊട്ടാര സമുച്ചയം മുഴുവൻ കൊലചെയ്യപ്പെട്ട കൗരവരുടെ കരിമ്പ്രേതങ്ങൾ പ്രതികാരബുദ്ധിയോടെ പാവം ‘ധർമ്മപുത്ര’രെ മാത്രം രാപ്പകൽ വേട്ടയാടുന്നതിലാണു് മറ്റു പാണ്ഡവർ വിസ്മയിക്കുന്നതു്. നിങ്ങൾക്കറിയാമോ, ഓരോ കൗരവകൊലക്കു ശേഷവും, ഭീമൻ പാളയത്തിൽ വന്നു പാഞ്ചാലിയുടെ മേൽനോട്ടത്തിൽ കൈകൾ പച്ചവെള്ളത്തിൽ ആവർത്തിച്ചു് കഴുകിയെടുക്കുന്ന പതിവു് തെറ്റിക്കാത്തതിനു് ഇപ്പോൾ ഫലം കാണുന്നില്ലേ? പേടിസ്വപ്നമില്ലാതെ കൂർക്കം വലിച്ചുറങ്ങുന്നു ഭീമൻ, പക്ഷേ, സത്യവചനത്തിന്റെ മൊത്ത വ്യാപാരിയായ യുധിഷ്ഠിരൻ കൈകൾ സൈനിക വസ്ത്രങ്ങൾക്കുള്ളിൽ സൂക്ഷിച്ചുവച്ചിട്ടും ചത്തുപോയവരുടെ ദുഷ്ടാത്മാക്കൾ യുധിഷ്ഠിരനെ വിറപ്പിക്കുന്നു. പട്ടാഭിഷേകം അക്ഷമയിൽ കാത്തിരുന്നു് മടുത്ത കിരീടാവകാശി പരീക്ഷിത്തു് ഏറ്റെടുത്ത പാണ്ഡവ വിരുദ്ധവിമതനീക്കത്തിന്റെ മേൽപ്പാട മാത്രമാണു് ഈ പ്രേതബാധയെന്നും, രാത്രിനാടകങ്ങൾ യുധിഷ്ഠിരൻ സ്ഥാനമൊഴിയും വരെ പ്രതീക്ഷിക്കാമെന്നും അകത്തളങ്ങളിലെ അഭിജ്ഞവൃത്തങ്ങളിൽ നിന്നു് സൂചനയുണ്ടു്. നിങ്ങൾ യുക്തിവാദവുമായി ലോകം ചുറ്റുക, വാർത്താനിർമ്മിതിക്കായി ഓലയും നാരായവുമായി ഞങ്ങൾ തയ്യാർ.”

2019-01-19

“സ്വത്തുവിഭജനത്തിലെ തർക്കപരിഹാരത്തിനു് അത്യുന്നതതല നയതന്ത്രനീക്കത്തിന്റെ സ്വാഭാവിക തുടർച്ചയായിരുന്ന കുരുക്ഷേത്രയുദ്ധത്തിൽ, പക്ഷേ, കൌരവർ എല്ലാ പാരസ്പര്യ സ്പർശങ്ങളും കാറ്റിൽ പറത്തി, നരനായാട്ടിനിറങ്ങിയതു് ഹസ്തിനപുരിയുടെ ചരിത്രത്തിൽ കറുത്ത അധ്യായമായി വരുംയുഗത്തിലും രാഷ്ട്രമീമാംസാവിദ്യാർത്ഥികൾ തക്ഷശിലയിൽ പഠിക്കുമെന്നു് പുതിയ ഭരണകൂട വക്താവു് നകുലൻ പറഞ്ഞുവച്ചല്ലോ, പതിനെട്ടുനാൾ പോർക്കളത്തിൽ ‘നാരായവും പനയോല’യുമായി ഓടിനടന്ന നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു?”, അരങ്ങേറ്റ മൈതാനത്തിൽ നിന്നു് മടങ്ങവേ കൊട്ടാരം ലേഖിക യുദ്ധകാര്യലേഖകനോടു് ചോദിച്ചു.

“യുദ്ധത്തിൽ പങ്കെടുത്ത ധീരപോരാളിയല്ലേ നകുലൻ? അരങ്ങേറ്റമൈതാന പൊതുവേദിയിൽ നേർസാക്ഷി മൊഴിയല്ലെ? അവിശ്വസിക്കണോ? പോരാട്ടത്തിനു കൂട്ടമണിയടിച്ചിട്ടും കുലുങ്ങാതെ, യുധിഷ്ഠിരൻ നഗ്നപാദനായി കൗരവ സർവസൈന്യാധിപനെ നമസ്കരിച്ചു ആശീർവാദം തേടുന്നതൊക്കെ ഇരുകണ്ണുകളും കൊണ്ടു് കണ്ടപ്പോൾ, ഇളമുറ മാദ്രീപുത്രനു് മിക്കവാറും വ്യക്തമായിക്കാണും, കുടിലകൗരവരെ പാണ്ഡവർ പാടുപെട്ടു ചെറുക്കുമ്പോഴും, അനിവാര്യമായി നിലനിർത്തേണ്ട അഹിംസാത്മകത”, തൊഴിൽ നഷ്ടപ്പെട്ട യുവയുദ്ധ കാര്യലേഖകൻ, ഇരുണ്ട ഭാവിയെ ഓർത്തു ഇരുട്ടിൽ ആരും കാണില്ലെന്ന ഉറപ്പിൽ പല്ലു് ഞെരിച്ചു.

2019-01-20

“യുധിഷ്ഠിരൻ കിരീടധാരണത്തിനു തലകുനിച്ചപ്പോൾ, ദുര്യോധനവിധവ ഉപചാരപൂർവ്വം നീട്ടിയ വജ്രകിരീടം വിദുരർ ഇടംകൈ വീശി തിരസ്കരിച്ചതൊരു ഞെട്ടലോടെയാണു് സദസ്സിലുണ്ടായിരുന്ന ഞങ്ങൾ കണ്ടതു്. എന്തായിരുന്നു ആ അമംഗളകൃത്യത്തിനു, പ്രകോപനം?”

കൊട്ടാരം ലേഖിക ഔദ്യോഗിക വക്താവിനോടു് ചോദിച്ചു.

“തിരസ്കരിക്കുന്നതുപോലെയാണോ? അടുത്തു നിന്നിരുന്ന എനിക്കു് തോന്നിയതു്, ഭരണകൂടഭാഗമായ വിദുരർ വജ്രകിരീടത്തിന്റെ വിശദാംശങ്ങൾ തിരക്കുന്നതായാണു്. അരനൂറ്റാണ്ടിലധികം ധൃതരാഷ്ട്രർ ധരിച്ചിരുന്ന കിരീടം അഴിച്ചുമേടിച്ചു ശുദ്ധീകരിച്ചായിരുന്നു യുധിഷ്ഠിരനു് ധരിക്കാൻ കൊട്ടാരം സർവ്വാധികാരി ക്രമീകരണം ചെയ്തതു്. അതിനിടയിൽ പെരുമാറ്റച്ചട്ടം ലംഘിച്ചു വജ്രകിരീടം ദുര്യോധനവിധവ സമ്മാനിച്ചപ്പോൾ, ശുഭകാമന അംഗീകരിക്കുമ്പോൾ തന്നെ, ഉരുപ്പടിയുടെ വിശദവിവരം ഔദ്യോഗികമായി തേടുന്നതിൽ നടപടിക്രമത്തിന്റെ അടിസ്ഥാന പ്രശ്നമല്ലേ നിങ്ങൾ കാണേണ്ടതു്? വജ്രകിരീടം എവിടെ നിന്നു് വാങ്ങിച്ചു? അതിന്റെ വിലയെങ്ങനെ കൈമാറി? ആരുടെ പേരിലായിരുന്നു വാങ്ങിച്ചതു്? മഹാരാജാവു് ധൃതരാഷ്ട്രരുടെ അനുമതിയോടെയായിരുന്നുവോ? കിരീടാവകാശിയെന്നു ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലാത്ത ദുര്യോധനൻ എങ്ങനെ അധികാര സൂചകമായ കിരീടം വാങ്ങാൻ ധൃതരാഷ്ട്രരുടെ അനുമതി തേടി? എന്നിങ്ങനെ വിവരങ്ങൾ കിട്ടും വരെ വജ്രകിരീടം യുധിഷ്ഠിരൻ ധരിക്കുന്നതിനു വിലക്കേർപ്പെടുത്തിയതിൽ നിങ്ങൾക്കുമാത്രം എന്താണിത്ര ഞെട്ടലും നീറ്റലും? കൂടുതൽ ചോദ്യം ചെയ്യുന്നതിനെ നിങ്ങളെ തടഞ്ഞു നിർത്താൻ ഞാൻ ബാധ്യസ്ഥനാണു് ഈ വാർത്ത ‘ഹസ്തിനപുരി പത്രിക’യിൽ വരുന്നതിനു നയപരമായ തടസ്സങ്ങളുണ്ടു്. സമാന്തര അധികാര സ്വരൂപം കുരുവംശത്തിൽ നിലനിന്നിരുന്നു എന്നതിന്റെ പ്രത്യക്ഷം കൂടിയാണു് വജ്രകിരീടം. കുരുക്ഷേത്രാനന്തര പാണ്ഡവഭരണകൂടം സുതാര്യതക്കാണു്, വജ്രത്തിളക്കത്തിനല്ല മുൻഗണന കൊടുക്കുക എന്നതു് നിങ്ങൾ മനസ്സിലാക്കാഞ്ഞതു് പിഴയടച്ചു തീർക്കാവുന്ന വീഴ്ചയല്ല.”

2019-01-21

“ഹസ്തിനപുരി കർഷകരുടെ അടുക്കളയിൽ നിന്നു് അവരറിയാതെ രുചിഭക്ഷണം ചോർത്തി, അക്ഷയ പാത്രത്തിലാക്കുന്ന നവസാങ്കേതികവിദ്യ, അടിമ പാണ്ഡവർക്കു് ഉടയോൻ ദുര്യോധനൻ പാരിതോഷികമായി സമ്മാനിക്കാമെങ്കിൽ, ഒരേ സമയം ഉണ്ണാൻ ആറു പാത്രങ്ങൾ കൂടി കൊടുത്തു തീൻശാല സ്വയംപര്യാപ്തമാക്കാമായിരുന്നില്ലേ?”

വനവാസക്കാലം.

ഹിമാലയതാഴ്‌വരയിലെ കാട്ടുകുടിലിൽ, കിടപ്പറ ജാലകത്തിലൂടെ കാണാവുന്ന ഊട്ടുപുരയുടെ പരുക്കൻ തറയിൽ, ചുറ്റും കൂടിയിരുന്നു, കയ്യിട്ടുവാരി വായ നിറക്കുന്ന പാണ്ഡവരെ നോക്കി കൊട്ടാരം ലേഖിക ചോദിച്ചു.

“വലുതും ചെറുതുമായി കൗരവർ കൊടുത്തയച്ച പാത്രങ്ങൾ പാണ്ഡവർ ഉപയോഗിക്കാറില്ല. അളന്നു മുറിച്ചു ഓരോ പാത്രത്തിലും ഞാൻ വിളമ്പുന്ന ഭക്ഷണമല്ല അവർ നോട്ടമിടുന്നതു് എത്രയെത്ര ഹസ്തിനപുരി കലവറകൾ ചോർന്നു ശുഷ്കമായാലും, മുന്നിലിരിക്കുന്ന അക്ഷയപാത്രം അതിരില്ലാതെ നിറഞ്ഞിരിക്കണം. ഇച്ചിൽ പാത്രം അവനവൻ കഴുകണമെന്ന എന്റെ കർശന നിർദേശവും അവരുടെ കരളിൽ തറച്ചു. ഇനിയിപ്പോൾ അഞ്ചുപേരും ഊണുകഴിഞ്ഞെഴുന്നേറ്റാൽ, പാത്രം കഴുകുന്നതിനുമുണ്ടു്, രാത്രിയിൽ കിടപ്പറയിലെന്നപോലെ, അവരഞ്ചുപേർക്കും തീൻശാലയിൽ ഊഴം.”

“ജാരസന്തതികളും വിവാഹേതര രതിയും കുരുവംശപ്പെരുമക്കു് എക്കാലവും അലങ്കാരമായിരുന്നു എന്നു് ഹസ്തിനപുരി വാണിജ്യസമൂഹം കൗതുകത്തോടെ കാണുന്നുണ്ടു്. അവരെ ചിലപ്പോഴെങ്കിലും ചിന്താക്കുഴപ്പത്തിലാക്കുന്നതു്, ദേവരൂപികളായ അഞ്ചു ഭർത്താക്കന്മാർ ഒറ്റയടിക്കു് നിങ്ങൾക്കുണ്ടായിട്ടും എന്തിനൊരു കറുത്ത കാമുകൻ? അവിഹിതമായി ഒരഭിലഷവും വേണ്ടായിരുന്നു എന്നു് തോന്നിയോ വല്ലപ്പോഴും?”, വനാന്തരത്തിലെ ആശ്രമമുറിയിൽ ശീതകാലസന്ധ്യയുടെ ഭീതിതമായ മൂടുപടം മുഖമടച്ചു വീണപ്പോൾ പാഞ്ചാലിയുടെ കണ്ണുകൾ തുളുമ്പുന്നതു് കണ്ട കൊട്ടാരം ലേഖിക വിഷയം മാറ്റാൻ പ്രകോപനപരമായി ചോദിച്ചു.

“പ്രീണിപ്പിക്കാനും കീഴ്പ്പെടുത്താനും രാവുപകൽ മുന്നൊരുക്കം ചെയ്യുന്ന നിസ്സാര പാണ്ഡവർ എവിടെ, അങ്ങകലെ കടലോര നഗരിയിൽ എനിക്കായി സുരക്ഷിതത്വത്തിന്റെ ഒരാലില, സത്യഭാമ പോലുമറിയാതെ, മറിച്ചിടുന്ന ശ്യാമസുന്ദരൻ എവിടെ.”

2019-01-22

“രാജമാതാ പദവിയൊഴിഞ്ഞ സത്യവതി പുത്രവിധവകളായ അംബികയും അംബാലികയുമൊത്തു കൊട്ടാരത്തിന്റെ പടിയിറങ്ങുമ്പോൾ, ശന്തനുവിനു് ശേഷം കുരുവംശ പൈതൃകം എന്നു് മേനി പറയാൻ നൈഷ്ഠിക ബ്രഹ്മചാരിയായ ഭീഷ്മരൊഴികെ ആരുണ്ടിനി ഹസ്തിനപുരിയിൽ? സത്യവതിയിൽ ശന്തനുവിനുണ്ടായ രണ്ടു ആൺ മക്കളും നേരത്തെ മരിച്ചു, ഒരാൾ ശത്രുവിന്റെ ഇരയായി, മറ്റെയാൾ അമിതഭോഗത്തിന്റെയും. ആദ്യ ദർശനത്തിൽ ആവേശമുണർന്ന വൃദ്ധമുനിക്കു് യുവ സത്യവതിയിൽ പിറന്ന രഹസ്യസന്തതി, കുള്ളനും വിരൂപിയുമായ വ്യാസൻ, വിചിത്രവീര്യവിധവകളിൽ ചൊരിഞ്ഞ ബീജദാനത്തിൽ പിറന്ന രണ്ടു കീടജന്മങ്ങൾ ആയിരുന്നു അന്ധധൃതരാഷ്ട്രരും ഷണ്ഡപാണ്ഡുവും. അവരുടെതെന്നു പൊതുവെ പറയപ്പെടുന്ന നൂറ്റിയഞ്ചു മക്കൾ കൂട്ടുകുടുംബസ്വത്തു എങ്ങനെ വീതം വെക്കണമെന്നറിയാതെ പരസ്പരം വാളോങ്ങുന്നു. കളങ്കിതകുരുവംശത്തെ, ഭിന്നിപ്പിച്ചു കൊല്ലാൻ വിട്ടു സത്യവതി അതാ വനവാസത്തിനു പോവുന്നു. തിരിച്ചു വരരുതേ, ഗംഗയാറൊഴുകുന്ന ഈ നാട്ടിൽ നിങ്ങൾ ഇനി കാലു കുത്തരുതേ.”

“അരമനരഹസ്യങ്ങൾ അറിയാത്ത ഹസ്തിനപുരി വാണിജ്യവീഥി സദസ്സിനോടു് കത്തിക്കയറുകയായിരുന്ന ആ ദരിദ്രബ്രാഹ്മണനെ പിന്നിൽ നിന്നു് ചടുലനീക്കത്തിൽ ദുര്യോധനൻ ആഞ്ഞു ചവിട്ടിത്തെറിപ്പിച്ചു. “ഞങ്ങൾ ഭരിക്കാൻ നിയോഗം നേടിയവർ, രാജ്യത്തിന്റെ അഖണ്ഡതക്കായി, വേണ്ടി വന്നാൽ പോർക്കളത്തിൽ മരിക്കാനും തയ്യാർ. കുരുവംശം ദൈവദത്തമായ ഭരണവംശം എന്നു് അഭിവന്ദ്യവ്യാസൻ നാളെ ഇതിഹാസത്തിൽ പറയുമ്പോൾ, മഹാഭാരതത്തിന്റെ പനയോലക്കെട്ടുകൾ കത്തിച്ചു പ്രതിഷേധിക്കാൻ നിന്നെ കണ്ടുപോവരുതു്. ”

2019-01-23

“അല്ല, ഈ വിവാദവിരലല്ലേ ഗുരുദക്ഷിണയായി നിങ്ങൾ ദ്രോണർക്കു മുറിച്ചു കൊടുത്തു എന്നു് നാടാകെ തള്ളി പാട്ടായതു്? കണ്ടാൽ, മുറിച്ചു നീക്കിയ പോലെയും, മുറിച്ചെടുത്ത ഭാഗം തിരിച്ചു വച്ചു തുന്നിക്കൂട്ടിയ പോലെയുമൊന്നും തോന്നുന്നില്ലല്ലോ”, പ്രസിദ്ധ വിദ്യാർത്ഥിയുടെ വലതുകൈയിലെ തള്ളവിരൽ തൊട്ടു, സംശയത്തിൽ കൊട്ടാരം ലേഖിക മുഖത്തു് നോക്കി.

“പരിപൂർണ്ണ സസ്യഭോജിയായ ഗുരുവിനു വേണ്ടതു് വിദൂര വിദ്യാർത്ഥിയുടെ വിരലൊന്നുമായിരുന്നില്ല, സ്വർണ നാണയമായിരുന്നു, അതു് ഞാൻ രാജമന്ദിരത്തിലെ രഹസ്യരത്നശേഖരത്തിൽ നിന്നു് പൊക്കി ആ ദരിദ്രബ്രാഹ്മണനു് നീട്ടിയപ്പോൾ ദക്ഷിണ തൃപ്തിയായി എന്നു് പുഞ്ചിരി വ്യക്തമാക്കി. മുറിച്ചു നീക്കിയ വിരൽ തിരിച്ചുവച്ചു്, കൈ പഴയ പോലെ പോരാട്ടക്ഷമമായി എന്നു് നാളെ നിങ്ങൾ ‘ഹസ്തിനപുരി പത്രിക’യിൽ വാർത്ത കണ്ടാൽ പരിഭ്രമിക്കരുതു്. മനുഷ്യാവയവങ്ങളിലെ കൊള്ളകൊടുക്ക ഒരു പുത്തൻ കായിക പരീക്ഷണമായി വരുംയുഗത്തിൽ മാറും എന്നാണു ഭാവി പ്രവചിക്കാൻ അമാനുഷ ശേഷിയുള്ള സഹദേവൻ പറഞ്ഞതു്. ”

2019-01-24

“പൗരാവകാശം നിഷേധിക്കപ്പെട്ട പാണ്ഡവരെ ഔദ്യോഗിക രേഖകളിലും പൊതുപ്രഭാഷണങ്ങളിലും “അടിമ പാണ്ഡുവംശം” എന്നു് കൌരവർ പരാമർശിക്കുന്നതിൽ പ്രതിഷേധമുണ്ടെന്ന നിങ്ങളുടെ പ്രസ്താവന ഗുരുതരമായ അച്ചടക്ക ലംഘനമായി ദുര്യോധന കാര്യാലയം നേരിടുമെന്നു കേട്ടല്ലോ. ഒറ്റവാക്യത്തിൽ ഒരുദ്ധരണി തരാമോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

വനവാസക്കാലം.

ആണുങ്ങൾ മൃഗയാവിനോദത്തിനു പോയ നേരം.

“ഔദ്യോഗിക പ്രസ്താവനയിലെ, ‘വനവാസത്തിനു പോയ പാണ്ഡവർ’ എന്ന ലിംഗനീതിനിഷേധം ചൂണ്ടിക്കാണിച്ച ഞാൻ, എല്ലാ രേഖകളിലും, ‘കള്ളച്ചൂതിൽ കബളിപ്പിക്കപ്പെട്ടു് വനവാസത്തിനു പോയ പാഞ്ചാലിയും പാണ്ഡവരും’ എന്നു് വേണം അടയാളപ്പെടുത്താൻ എന്ന ആവശ്യം മുന്നോട്ടു വച്ചാൽ എന്താണു് അച്ചടക്കം ഇത്രമേൽ ‘ഗുരുതര’മാവാൻ?”

“സദസ്സിന്റെ കരൾ പിളർക്കുന്ന വേദനയോടെ ആ രാത്രി ഗർജ്ജിച്ച നിങ്ങളുടെ വാക്കുകൾ ഞാനിന്നും ഓർക്കുന്നു.”

“നിന്റെ മാറു പിളർന്ന രക്തം പുരണ്ട കൈകൾ കൊണ്ടല്ലാതെ ഈ അഴിമുടി കെട്ടുകയില്ല ഇതു് സത്യം സത്യം.” ആ നിങ്ങൾ തന്നെയാണോ, ദുര്യോധനൻ പാരിതോഷികമായി കൊടുത്തയച്ച സുഗന്ധതൈലം തേച്ചു ഉടൽ പരിലാളിക്കുന്നതു്?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

വനവാസക്കാലം.

“ഇലച്ചാറു് തേച്ചു ഒഴുക്കുനീരിൽ കഴുകി നിവർത്തിയിടുന്ന മുടി എന്നെങ്കിലും പ്രതിജ്ഞ പാലിക്കട്ടെ, കാമനയുടെ മുമ്പിൽ മുട്ടുകുത്തുന്ന ഭർത്താക്കന്മാർക്കു് ശാരീരികസേവനം നൽകേണ്ട ഉടൽ ആ കർത്തവ്യവും പാലിക്കട്ടെ.”

2019-01-25

“പാഞ്ചാലി മലഞ്ചെരുവിൽ കുഴഞ്ഞുവീണു മരിച്ചു എന്നാണു കേട്ടതു്”, കോട്ടക്കകത്തെ ആശ്രമമുറ്റത്തിരുന്നു ശിശിരകാലവെയിൽ കൊള്ളുകയായിരുന്ന കൃപാചാര്യരെ കണ്ടപ്പോൾ കൊട്ടാരം ലേഖിക ഓട്ടം നിർത്തി “കഴിവുള്ള സ്ത്രീയായിരുന്നു. ഭർത്താക്കന്മാർ ചെയ്ത കുരുവംശഹത്യക്കു അവൾ കൊടുക്കേണ്ടി വന്നു പിഴ.”

2019-01-26

“കരൾ പറിക്കും മുമ്പു് ഇരയുടെ ‘ചെവി കടിക്കു’ന്ന പോലെ തോന്നി. എന്തായിരുന്നു ‘മുട്ടിയുരുമ്മി’ മന്ത്രിക്കാൻ മാത്രം കാര്യം?”, കൊട്ടാരം ലേഖിക ചോദിച്ചു.

“വധശിക്ഷക്കു് മുമ്പുള്ള പരിഷ്കൃതസമൂഹ നടപടിക്രമം പാണ്ഡവരും പാലിക്കണ്ടേ? അല്ലെങ്കിൽ ‘ഹസ്തിനപുരി പത്രിക’ അതിൽ പിടിച്ചു ഞങ്ങളെ കുടയില്ലേ? പ്രതിയെ കുറ്റവാളി എന്നു് മുദ്ര കുത്തി ശിക്ഷ നടപ്പാക്കും മുമ്പു് എന്തെങ്കിലും പറയാനുണ്ടോ എന്നു് ‘അർദ്ധസഹോദര’നോടു് ചോദിച്ചു. പാഞ്ചാലിയുടെ ഉടുതുണി വലിച്ചൂരി എന്ന ആരോപണം നിഷേധിക്കുന്നില്ല എന്നയാൾ. ആണുങ്ങൾ ചൂതു് കളിക്കുമ്പോൾ, അന്തഃപുരത്തിൽ നിഷ്കളങ്ക കൗരവരാജവധുക്കൾക്കു് സൗജന്യ സൌന്ദര്യ ശിക്ഷണം ചെയ്യുന്നതിന്റെ മറവിൽ, അരമന രഹസ്യങ്ങൾ പാഞ്ചാലി കൌശലത്തോടെ ചോർത്തി എന്ന ഗുരുതര ആരോപണം അതർഹിക്കുന്ന ഗൗരവത്തോടെ അവലോകനം ചെയ്തു. രഹസ്യ മുറിയിൽ അടച്ചിട്ടൊന്നുമല്ലല്ലോ, ദേഹപരിശോധന ചെയ്തതു്?, അതോ, പരസ്യമായി രാജസഭയിൽ വച്ചായിരുന്നോ? ഞങ്ങളുടെ തുറന്ന സമീപനം നടപടിയുടെ സുതാര്യതക്കു് തെളിവല്ലേ? എന്നൊക്കെ വെല്ലുവിളിക്കുന്ന പോലെ കുറ്റവാളി ചോദിച്ച ഓർമ്മയുണ്ടു്”, കൈക്കുമ്പിളിൽ ചുടുകൗരവ ചോരയുമായി, പാഞ്ചാലിയെ തേടി പാളയത്തിലേക്കു് ആ സ്ഥൂലശരീരി കുലുങ്ങിക്കുലുങ്ങി ഓടിപ്പോവുന്നതിനിടക്കു് നായാട്ടിൽ നേടിയ ഐതിഹാസിക നേട്ടത്താൽ മുഖം തെളിഞ്ഞു.

“എന്താ പുത്തൻ ‘കല്ലുകടി’യുടെ രഹസ്യം? ഭരണകൂടം തരുന്ന സൗജന്യധാന്യവിതരണത്തിൽ കുടിപ്പകയുണ്ടോ?”, ദുര്യോധനവിധവയോടു് കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തര ഭരണകൂടത്തിന്റെ ആദ്യവാർഷികത്തിൽ പ്രഖ്യാപിച്ച പുരസ്കാരങ്ങൾ തെരുവോര സംവാദങ്ങൾക്കു് തിരികൊളുത്തിയ നേരം.

“ചീഞ്ഞ ധാന്യം കഴുതപ്പുറത്തു കൊണ്ടുവന്നു ഞങ്ങളുടെ കലവറക്കു മുമ്പിൽ കമഴ്ത്തുന്ന അന്തസ്സില്ലാത്ത പതിവിപ്പോഴുമുണ്ടു് എന്നാൽ ഇപ്പോൾ വേദനിപ്പിക്കുന്നതു് പുരസ്കാര വിതരണത്തിലെ നീതിരാഹിത്യമല്ലേ? രാജ്യത്തിന്റെ അഖണ്ഡതക്കായി ബലിദാനം ചെയ്ത ദുര്യോധനനു് കുരുവംശരത്ന കൊടുക്കാതെ, ആരോരുമല്ലാത്ത അഭിമന്യുവിനെ തിരഞ്ഞെടുത്തതിൽ എന്തർത്ഥം? യുദ്ധനൈപുണ്യമില്ലാത്ത ആ ‘മുറിവൈദ്യൻ’ ആളെകൊല്ലുന്ന അജ്ഞതയോടെ കൗരവ ചക്രവ്യൂഹത്തിൽ ഇടിച്ചു കയറിയതു കൊണ്ടല്ലേ പുറത്തുചാടാനാവാതെ പകച്ചു വീണതു്? എന്നാൽ ദുര്യോധനൻ? അധാർമിക ഭീമഗദാപ്രഹരത്തിൽ അരക്കെട്ടു പൊട്ടി ചതുപ്പിൽ വീണപ്പോൾ പോലും, അന്നു് അർദ്ധരാത്രി നുഴഞ്ഞുകയറി പാഞ്ചാലീപുത്രന്മാരെ ചവിട്ടിക്കൊല്ലാൻ അശ്വത്ഥാമാവിനെ പ്രേരിപ്പിച്ചതും, ആ പാതിരാ പ്രഹരനിയോഗം വിജയിച്ചതോടെ പാണ്ഡുവംശം കുറ്റിയറ്റതും? കൊള്ളരുതാത്ത അഭിമന്യുവിനു് കുരുവംശരത്ന മരണാന്തര ബഹുമതിയായി കൊടുത്തതോടെ തീർന്നില്ലേ പവിത്ര പുരസ്കാരങ്ങളുടെ പൊള്ളത്തരം?” അതിവേഗം മാറിടം പൊങ്ങിയും താണും ഉൾ സംഘർഷത്തിൽ അവൾ കിതച്ചു.

2019-01-27

“പിടിച്ചു നിർത്തി ഉടുതുണി വലിച്ചൂരുന്ന ഭീകരനെ നിങ്ങൾ നിറമിഴികളോടെ നോക്കി എന്നാണോ ഈ കേട്ടതു്? കായികബലമുള്ള ഭർത്താക്കന്മാരെ വിരൽ ചലനത്തിലൂടെ ചൊൽപ്പടിയിൽ നിർത്താൻ ആജ്ഞാ ശക്തിയുള്ള നിങ്ങൾ, കൈ പൊക്കി പരസ്യപീഡകന്റെ ചെകിട്ടത്തു ഒന്നാഞ്ഞടിച്ചിരുന്നെങ്കിൽ. ആ ലൈംഗികാക്രമത്തിനു സാക്ഷിയായ ഞാൻ കൊതിച്ചു.”

“അതു് പീഡകനായിരുന്നുവോ? അതു് ആണധികാരത്തിന്റെ കൗരവരാജസഭയായിരുന്നുവോ? അന്തഃപുരത്തിൽ പുതുതലമുറ കൗരവരാജകുമാരികൾക്കു് സൌന്ദര്യപരിപാലനത്തിൽ വ്യക്തിഗതശിക്ഷണം കൊടുക്കയായിരുന്ന എന്നെ, പ്രണയത്താൽ പരവശനായ കൌരവൻ, ‘പ്രിയപ്പെട്ടവളെ അവിവേകം പൊറുക്കൂ’ എന്നു് യാചിച്ചു ഇടിച്ചു കയറി, വാരിപ്പുണർന്നു ചുമലിൽ കോരി പുറത്തേക്കു പാഞ്ഞ തോർമ്മിക്കുന്നു. മേൽവസ്ത്രങ്ങൾ ഉടലിൽ നിന്നവൻ ലോലലോലമായി വേർപെടുത്തി. മിക്കവാറും വിവസ്ത്രയായ എന്നെ കണ്ടു് പാണ്ഡവർ പരിഭ്രമിച്ചു മുഖം താഴ്ത്തുന്നതു് ഓർമ്മിക്കുന്നു. മറ്റു നൂറോളം കൗരവർ കാമനയോടെ തുറിച്ചു നോക്കിയിരുന്നതു് ഓർമ്മിക്കുന്നു. പൊയ്പോയ ആ കാലം എത്ര ചേതോഹരം.”

2019-01-28

“അഞ്ചു മക്കളെയും ഉറക്കത്തിൽ കഴുത്തു് ഞെരിച്ചു കൊന്ന അശ്വത്ഥാമാവിനെ പിന്തുടർന്നു് ശിരോരത്നം തട്ടിയെടുപ്പിക്കാൻ പാണ്ഡവർക്കു് നിങ്ങൾ ആജ്ഞ നൽകി. എന്നാൽ ആ ക്രൂരകൊലയാളിയെ കൊല്ലാതെ വെറുതെ വിട്ടപ്പോൾ ഞങ്ങൾ ഞെട്ടി. ക്ഷീണിച്ചുറങ്ങുന്ന മക്കൾക്കു് സുരക്ഷ ഉറപ്പു വരുത്തേണ്ട പാണ്ഡവരെ നിങ്ങൾ എന്തുകൊണ്ടു് വിചാരണ ചെയ്തില്ല?”, ശവദാഹം കഴിഞ്ഞു മടങ്ങുമ്പോൾ കൊട്ടാരം ലേഖിക പാഞ്ചാലിയെ നേരിട്ടു.

“കുട്ടികളെ കൊലയാളിക്കു് വിട്ടുകൊടുത്തരെ വിചാരണ ചെയ്താൽ തെറിക്കുക ശിരോരത്നമല്ല, പാണ്ഡവതലയായിരിക്കും.”

“മകൻ മരിച്ച ദുഃഖത്തിൽ ആയുധം താഴെയിട്ട ദ്രോണരെ കൊല്ലാൻ പാകത്തിൽ അർദ്ധസത്യം പറഞ്ഞ യുധിഷ്ഠിരന്റെ കാപട്യത്തിന്നെതിരേ അലയടിക്കുകയാണു് ഹസ്തിനപുരിയിൽ ബ്രാഹ്മണപ്രക്ഷോഭം. എങ്ങനെ പ്രതികരിക്കുന്നു?”, ഔദ്യോഗിക വക്താവിനോടു് കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി.

“നിങ്ങൾ പൊക്കിപ്പിടിക്കുന്ന ധാർമികതയെക്കാൾ കാലാതിവർത്തിയാവും, കുരുക്ഷേത്രയിൽ ‘അർദ്ധസത്യ’വാൻ അവലംബിച്ച അടവുനയം.”

“ദുർബലനായിരിക്കാം, എന്നാലും കുരുവംശനായകനല്ലേ? ശന്തനുവുമായി എന്തായിരുന്നു വാക്കു തർക്കം?”, കൊട്ടാരം ലേഖിക ഗംഗയോടു് ചോദിച്ചു.

“പ്രായം കൊണ്ടുമാത്രമല്ല വൈകാരികമായും ആളൊരു ദുർബലനെന്നറിയാമായിരുന്നു, എന്നാൽ ഇത്ര ചപലമാണു് ആ രാജഹൃദയം എന്നറിഞ്ഞിരുന്നില്ല. സ്വയം ബീജദാനം നൽകി എന്നഭിമാനിക്കുന്ന ഏഴു കുഞ്ഞുങ്ങളെയെന്നപോലെ എട്ടാമത്തെ നവജാതശിശുവിനെയും വിവാഹവ്യവസ്ഥയനുസരിച്ചു് പുഴവെള്ളത്തിൽ മുക്കി കൊല്ലാൻ എനിക്കു് അനുമതിയുണ്ടു്. കർത്തവ്യ ബോധത്തോടെ ഞാനതു അതിരാവിലെ പരിശ്രമിക്കുമ്പോൾ, അതാ വിതുമ്പിക്കരഞ്ഞു ശന്തനു.

“രാവിലെ ജനം സ്നാനഘട്ടത്തിൽ വരും മുമ്പു് തന്നെ കുഞ്ഞിന്റെ ജീവനെടുക്കാൻ കാര്യക്ഷമമായി കൊല ചെയ്യേണ്ട ഞാൻ, സ്വാഭാവികമായും, ക്ഷുഭിതയായി, ശന്തനു വിലാപഗീതം തുടർന്നപ്പോൾ വിവാഹ മോചനം ഉടനടി ഞാൻ ആവശ്യപ്പെട്ടു. കിരീടാവകാശിയില്ലാത്ത ശന്തനുവിനോടു് തോന്നിയ സഹതാപത്തിൽ എട്ടാമൻ നവജാതശിശു കഷ്ടിച്ചു് രക്ഷപ്പെട്ടു. മുങ്ങിക്കുളിച്ചു എന്നു് വരുത്തി പ്രസവ ശുശ്രൂഷയ്ക്കൊന്നും മെനക്കെടാതെ ഞാൻ സ്വർഗ്ഗ രാജ്യത്തിലേക്കൊഴുകുമ്പോഴാണു് നിങ്ങൾ അഭിവാദ്യം ചെയ്യുന്നതു് എങ്ങനെ കണ്ടില്ലെന്നു നടിക്കും.”

2019-01-29

“സഹനം തന്നെയീ വനവാസക്കാല, അടിമജീവിതം എന്നംഗീകരിക്കുമ്പോൾ തന്നെ, നിങ്ങളെ പോലൊരു സവിശേഷവ്യക്തിത്വം കൂട്ടാളിയായുള്ള വിവാഹ ജീവിതത്തിൽ, പ്രണയഭരിതം പാണ്ഡവഹൃദയം എന്നു് തോന്നിപ്പിക്കുന്ന അവസരങ്ങൾ നിത്യജീവിതത്തിലോർമ്മയുണ്ടോ?” കൊട്ടാരം ലേഖിക ചോദിച്ചു. ഉച്ചവെയിൽ കനത്തപ്പോൾ പാണ്ഡവർ കുന്നിനു കീഴെ തടാകത്തിൽ നീരാടാൻ പോയ നേരം. ദുര്യോധനൻ രഹസ്യമായി സമ്മാനിച്ച സുഗന്ധ തൈലം വിവസ്ത്രശരീരത്തിൽ ലോലമായി തേച്ചുപിടിപ്പിക്കുകയായിരുന്നു, പാതിയടഞ്ഞ ജാലകത്തിലൂടെ മഞ്ഞു മൂടിയ ഹിമാലയനിരകളിലേക്കു നോക്കി പാഞ്ചാലി.

“അപകടം പിടിച്ച ആ വാക്കു ഞങ്ങൾക്കിടയിലൊരിക്കൽ പരാമർശിക്കപ്പെട്ടു. ജീവകാലം മുഴുവൻ പായ പങ്കിടുന്നവളെ കാര്യമാത്രപ്രസക്തമായി ഭാര്യ എന്നല്ലാതെ, എങ്ങനെ പ്രണയിനി എന്നു് വിളിക്കും എന്നു് അർജ്ജുനൻ ചോദിച്ച ഓർമയുണ്ടു്. ദൂരെ ദൂരെ ദ്വാരകയിൽ സുഭദ്രയെ വിവാഹം കഴിച്ച കാലമായിരുന്നു. അതോടെ എന്റെ ഹൃദയം അയാൾക്കു് വേണ്ടി പിടക്കുന്നതു് എന്നെന്നേക്കുമായി നിന്നു.”

2019-01-30

“കുരുക്ഷേത്രയിൽ നിന്നു് പരുക്കില്ലാതെ രക്ഷപ്പെട്ടു അല്ലേ”, കൊട്ടാരം ലേഖിക പുതിയ മഹാരാജാവിനോടു് ചോദിച്ചു.

“പതിനെട്ടുദിവസ പോരാട്ടത്തിൽ ലോകജനതക്കു ഒരു കാര്യം മനസ്സിലായി. ഞങ്ങൾ ഇരയുടെ ഭാഗത്താണു് അതു് തങ്കലിപികളിൽ വ്യാസൻ അടയാളപ്പെടുത്തും. സഹനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സമന്വയത്തിൽ, കുരുവംശ ഭരണനിർവഹണം എന്ന ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടില്ല. സ്വത്തു തർക്കപരിഹാരത്തിനു് പ്രതിവിധി നയതന്ത്രമാണെന്നും, മധ്യസ്ഥചർച്ച വഴിമുട്ടുമ്പോൾ മാത്രമേ തൽപ്പരകക്ഷികളുടെ കായികബലപരിശോധന നിർണ്ണായകമാവൂ എന്നുമുള്ള യുദ്ധനിലപാടു് അർത്ഥ ശങ്കയില്ലാതെ വ്യക്തമാക്കിയതു്, പൊതുസമൂഹം അംഗീകരിച്ചു എന്നതല്ലേ, പ്രതിഷേധ പ്രകടനമൊന്നുമില്ലാതെ നൂറോളം കൗരവരാജവിധവകളെ കുടിയൊഴിപ്പിക്കാനായി എന്നതു്? കൗരവർ പറയാൻ മടിച്ച ശാശ്വതസത്യം വെളിപ്പെടുത്തട്ടെ: ഈ രാജ പദവിക്കു് യുദ്ധവിജയത്തിന്റെ ആധികാരികതക്കൊപ്പം, പശ്ചാത്തലത്തിൽ സജീവമായിരുന്ന ആകാശചാരികളുടെ അനുമതിയുണ്ടു്.” ദുര്യോധനവസതിയെ യുദ്ധസ്മാരകമാക്കുന്ന ചടങ്ങു ഉത്ഘാടനം ചെയ്യാൻ മഹാറാണിയുമൊത്തു തേരിൽ കയറുകയായിരുന്നു യുധിഷ്ഠിരൻ.

“പാണ്ഡവപിടിപ്പുകേടിനു അറുതി വരുത്താനായ ആഘോഷത്തിലാണിന്നും ചാർവാകൻ പുതിയ മഹാരാജാവു് പരീക്ഷിത്തിനെ അനുമോദിക്കാൻ വരിനിൽക്കുന്നതു്. കാവ്യനീതിയോ ഈ പടിയിറക്കം?”, കൊട്ടാരം ലേഖിക ചോദിച്ചു. അഞ്ചു ആണുങ്ങളും അവരുടെ പെണ്ണും നഗ്നപാദരായി വടക്കൻ യാത്രയിൽ കാൽ മുന്നോട്ടുവച്ചിരുന്നു. യുദ്ധത്തെ കുറിച്ചു് അഭിമന്യുപുത്രൻ പരീക്ഷിത്തു് നിരന്തരം മുനവച്ചു് ചോദ്യം ചോദിച്ചു വശം കെടുത്തിയതു് കൊണ്ടാണു് ജീവിതം മടുത്തു അധികാരമൊഴിഞ്ഞു ഞങ്ങൾ വാനപ്രസ്ഥം തിരഞ്ഞെടുത്തതു് എന്ന ചാർവാക കുപ്രചരണം അതർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു. പുതിയ പരീക്ഷിത്ത് ഭരണകൂടത്തിന്റെയും കൊട്ടാരഗുരുവായി തുടരുന്ന കൃപാചാര്യന്റെ കൗരവ വിശ്വസ്തതയാണു് പരീക്ഷിത്തിനെ പാണ്ഡവ വിരോധി ആക്കിയതു് എന്ന രണ്ടാമത്തെ ആരോപണം പക്ഷേ, അവഗണിക്കുന്നില്ല. ഭീരുത്വം കൊണ്ടു് നേതൃത്വ മികവു കാണിക്കാതെ യുധിഷ്ഠിരൻ, അഭിമന്യുവിനെ ചക്രവ്യൂഹത്തിൽ ചാവാൻ എറിഞ്ഞു കൊടുത്തു എന്ന നിങ്ങളുടെ കാഴ്ചപ്പാടു് നിർഭാഗ്യകരമെന്നു മാത്രം പറയട്ടെ. എല്ലാം വ്യാസനു് വിടുന്നു”, നീണ്ടകാലം സ്വന്തമാക്കി വച്ചിരുന്ന ദിവ്യാസ്ത്രം ആകാശചാരികൾക്കു തിരിച്ചുകൊടുത്തു തീർത്തും നിരായുധനായ അർജ്ജുനൻ വിഷണ്ണനായി എല്ലാവർക്കും പിന്നിലായിരുന്നു.

2019-01-31

“ഗദയെടുത്തു നടക്കുമ്പോൾ ഭാരം തോന്നാറുണ്ടോ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“അപ്പോൾ ആയുധം താഴെ വച്ചു് ഞാൻ വലതുകൈ ഇങ്ങനെ ഉയർത്തി, ഇടനെഞ്ഞിൽ ചേർത്തു് വക്കും, പിന്നെ മുഖത്തു് ചേർത്തു് നെറ്റിയിൽ പതുക്കെ തടവും, അഭ്യാസിയുടെ എല്ലാ ചലനങ്ങളും സാധ്യമാക്കുന്ന, കയ്യിനകത്തെ അസ്ഥിയെ വീണ്ടും നമിക്കും. പിന്നീടു് ഗദയെടുക്കും, അതിന്റെ മാരകപ്രഹരശേഷിക്കു് പറ്റിയ ഇരയെ അതു് തന്നെ കണ്ടെത്തും. കൂർത്ത നാരായം കൊണ്ടു് ഓലയിൽ അതിസസൂക്ഷ്മ വികാരങ്ങൾ നിങ്ങൾ ആവിഷ്കരിക്കുന്ന പോലൊരു പ്രതിഭാസം ആയുധത്തിലും അനുഭവവേദ്യമാകും”, യുദ്ധാനന്തര ഹസ്തിനപുരിയിൽ ആയോധനവിദ്യ പഠിപ്പിക്കുന്ന ഗുരുകുലത്തിൽ, ക്ഷണിക്കപ്പെട്ട പരിശീലകനായി വന്ന ഭീമൻ സംശയത്തിൽ ഇടയ്ക്കിടയ്ക്കു് ഗദ നോക്കി വിതുമ്പി.

“വിദൂരവിദ്യാർത്ഥിയിൽ നിന്നു് ഗുരുദക്ഷിണയായി തള്ളവിരൽ മുറിച്ചെടുക്കുന്നവനെന്ന കുപ്രസിദ്ധിയുണ്ടെങ്കിലും, പാവം വൃദ്ധദ്രോണരെ കൊല്ലാൻ കുരുക്ഷേത്രയിൽ തുണയായതു് കേവലമൊരു നുണയായിരുന്നോ?” കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.

“അതൊരു കാഴ്ചപ്പാടിന്റെ വൈകല്യമാണു് നിങ്ങൾ പരാമർശിക്കുന്ന കേവലനുണയും ഞാൻ പോർക്കളത്തിൽ ദ്രോണവധത്തിനായുച്ചരിച്ച അർദ്ധസത്യവും തമ്മിൽ അന്തരം ഉണ്ടു്. നുണക്കു ബന്ധം സമൂഹധാർമികതയോടാണു്, അർദ്ധസത്യത്തിനു ബന്ധം മനഃസാക്ഷിയോടും. ധാർമികതാപ്രശ്നം പൊതു വേദിയിൽ ചർച്ച വരും, എന്നാൽ അർദ്ധസത്യം ഹൃദയത്തിലാണു് കുത്തുക. വ്യക്തമാക്കിത്തരാം, ഒന്നടുത്തുവരൂ, എന്റെ ഇടനെഞ്ഞിൽ കൈവക്കൂ, അതെ അങ്ങനെ തന്നെ. ഇനി ചെവിയോർക്കൂ എന്നിട്ടു പറയൂ അശാന്തമാണോ തിരുഹൃദയം? അല്ല? അതാണു് പറഞ്ഞതു്, യുദ്ധം ജയിക്കാൻ വേണ്ട വാമൊഴി ഉള്ളടക്കം മാത്രമേ എന്റെ അർദ്ധസത്യത്തിൽ ആ നിർണ്ണായക ദിനവും ഉണ്ടായിരുന്നുള്ളൂ. ഇന്നു് തിരക്കുണ്ടു്. തേജോമയനായ ഗുരു ദ്രോണാചാര്യന്റെ പൂർണകായ കളിമൺ പ്രതിമയുടെ ഉൽഘാടനം ഇന്നു് സേനാപതി മാർഗിൽ, നിങ്ങളും വരുമല്ലോ, പതിവുപോലെ മുൻനിരയിൽ ഇരിപ്പിടമുണ്ടാവും.”

2019-02-01

“വിസ്തരിച്ചൊന്നു ഊണു കഴിക്കാൻ പോലും പാവം ഭീമനെ നിങ്ങൾ സ്വൈരം കൊടുക്കുന്നില്ലെന്ന പരാതി വരുന്നതു്, പാണ്ഡവർക്കിടയിലെ ദാർശനികൻ എന്നറിയപ്പെടുന്ന സഹദേവനിൽ നിന്നല്ലേ? കൗരവരിൽ നിന്നും ഭീമൻ തട്ടിയെടുത്ത അക്ഷയ പാത്രത്തിൽ നിന്നു് ഭക്ഷണം സ്വയം വിളമ്പിയെടുത്തു കഴിക്കുന്നതിൽ എന്തിനു നിങ്ങൾ കക്ഷിചേരണം?” കൊട്ടാരം ലേഖിക ചോദിച്ചു.

വനവാസക്കാലം.

തീൻശാലയിൽ നിലത്തു വട്ടംചുറ്റിയിരുന്നു കൗന്തേയരഞ്ചുപേരും മത്സരക്ഷമതയോടെ വൈവിധ്യരുചി പലഹാരങ്ങൾ വെട്ടിവിഴുങ്ങുന്നതു കിടപ്പറ ജാലകത്തിലൂടെ കാണാമായിരുന്നു. ഉച്ചവെയിലിൽ ഹിമാലയതാഴ്‌വര മിക്കവാറും നിശബ്ദമായി.

“അക്ഷയപാത്രത്തിലേക്കുള്ള സൗജന്യധാന്യസംഭരണമോ, വ്യക്തിഗത രുചിഭേദങ്ങൾ പിന്തുടരുന്ന ആണധികാര പാചകമോ, ഭക്ഷണം വിളമ്പലോ കഴിക്കലോ ഒന്നുമായിരുന്നില്ല, സാന്ദർഭികമായി ഭീമന്റെ ഊട്ടുപുര പെരുമാറ്റ രീതിയിലുള്ള അമർഷം, സഹദേവ സാന്നിധ്യത്തിൽ ഞാൻ വെളിപ്പെടുത്തിയതിനു പിന്നിലുള്ള ചേതോവികാരം. ഉണ്ണാതെ ഇരിക്കുമ്പോഴും കാണാം, ഭീമൻ തടിച്ച നടുവിരൽ ചുണ്ടിലും നാവിലും തൊട്ടു രഹസ്യരുചി ആസ്വദിക്കുന്നതു് ഇതൊരു അസ്വീകാര്യമായ അംഗചലനമാണെന്നു ഞാൻ ചൂണ്ടിക്കാണിച്ചു. എന്താണതിൽ ‘ദാർശനികപാണ്ഡവ’ന്റെ പരിദേവനത്തിനു കാര്യം? ഊണുകഴിഞ്ഞെഴുന്നേൽക്കുമ്പോൾ ഏമ്പക്കം വിടുന്നതു്, കൈകഴുകിയാലും കുലുക്കുഴിയാതെ തിരിച്ചുവരുന്നതു്, ഇതൊക്കെ കണ്ടിട്ടും ഭീമനെ പായക്കൂട്ടിൽ ആസ്വാദന രതിസേവന ഗുണഭോക്താവാക്കാൻ എനിക്കാവുന്നുണ്ടല്ലോ. അപ്പോൾ, ഇനി ഞാനൊന്നും പറയാതെ തന്നെ നിങ്ങൾക്കൂഹിക്കാം, അവനോടുള്ള ക്രോധത്തിന്റെ ഒരംശം പോലും ഈ കൊച്ചു ശാസനയിൽ പ്രതിഫലിക്കുന്നില്ല.”

2019-02-02

“ലോലഹൃദയരായ കവികളെ പോലെ കണ്ണീരു കൊണ്ടാണോ കുരുക്ഷേത്രവിധവകൾ പുഷ്പാർച്ചന ചെയ്യുക? പാണ്ഡവ വംശഹത്യ സാധ്യമാവുന്നൊരു യുദ്ധസാഹചര്യത്തിൽ, എന്തൊക്കെയായിരുന്നു ഹസ്തിനപുരിയുടെ ഭാവി രാജഭരണത്തെക്കുറിച്ചു ദുര്യോധന സങ്കല്പങ്ങൾ?” കൊട്ടാരം ലേഖിക ചോദിച്ചു. ആളൊഴിഞ്ഞ യമുനാതീരത്തെ കൗരവ കുഴിമാടത്തിൽ ദുര്യോധനവിധവ ധ്യാനത്തിലായിരുന്നു.

“കുരുവംശ ആസ്ഥാനം ഇന്ദ്രപ്രസ്ഥത്തിലേക്കു മാറ്റി സ്ഥാപിക്കണമെന്ന മോഹം പങ്കുവച്ചു കൊണ്ടാണവൻ അന്തഃപുരത്തിൽ നിന്നു് പോർക്കളത്തിലേക്കു യാത്രയായതു്. കുരുക്ഷേത്രയിൽ ആൺമക്കളടക്കം ബലിദാനം ചെയ്ത സ്ഥിതിക്കു് പുതുതലമുറ കൗരവബാലികകൾ വേണം മോഹം പൂവണിയിക്കാൻ എന്നു് ഇന്നു് രാവിലെ ചേർന്ന രഹസ്യയോഗത്തിൽ പരസ്പരം വിരൽ കീറി നെറ്റിയിൽ രക്ത സിന്ദൂരമിട്ടു സത്യപ്രതിജ്ഞ ചെയ്തു. വേണ്ടി വന്നാൽ എന്തെന്തു ഒളിപ്രവർത്തനങ്ങൾക്കും തയ്യാറാവും. തേൻകെണിയിൽ പാണ്ഡവരെ വീഴ്ത്തുന്നതുൾപ്പെടെ. പാഞ്ചാലിയെ പാണ്ഡവർക്കെതിരെ തിരിച്ചു പരീക്ഷിത്തിനൊപ്പം അധികാരം ആദ്യഘട്ടത്തിൽ നേടുന്നതും ആലോചനയിൽ വരും. ഹസ്തിനപുരിയിൽ നിന്നു് അഞ്ചു പാണ്ഡവരെയും ഹിമാലയചുരങ്ങൾക്കു കാവൽ നിർത്തുന്ന സൈനികദൗത്യം ഏല്പിച്ചു ഭരണസിരാകേന്ദ്രത്തിൽ നിന്നു് മാറ്റി നിർത്തും. നിങ്ങളും ഉണ്ടാവില്ലേ ഈ പെൺമുന്നേറ്റത്തിൽ?”

“മൂപ്പിളമ തർക്കം തീർക്കാൻ സായുധസംഘട്ടനമാണു് പ്രയോഗിക പരിഹാരമെന്നുറപ്പിച്ചാൽ, ഭീഷണി കുരുവംശഭാവിക്കു മാത്രമാവില്ലെന്ന താക്കീതുമായി ചാർവാകൻ ഊരുചുറ്റുന്നുണ്ടല്ലോ. പാടത്തും പണി ശാലകളിലും ജോലി ചെയ്യുമായിരുന്ന ദശലക്ഷക്കണക്കിനു യുവാക്കൾ പരസ്പരം കൊന്നുകൊല വിളിച്ചാൽ അത്രയും വിധവകൾ കോട്ടവാതിലിനു മുമ്പിൽ നാളെ ഭിക്ഷയാചിക്കേണ്ടി വരില്ലേ?”, വിരാടരാജ്യത്തിലെ ഉപപ്ലവ്യ സൈനിക പരിശീലന കേന്ദ്രത്തിൽ തന്ത്രങ്ങൾക്കു മൂർച്ചകൂട്ടുകയായിരുന്ന പാണ്ഡവരോടു് കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധമേഘങ്ങൾ കൂട്ടംകൂടിയ ശരത്കാല സന്ധ്യ.

“അനിവാര്യമായ മഹായുദ്ധങ്ങളെ അതിഭാവുകത്വത്തോടെ നിങ്ങൾ അടിച്ചമർത്തുന്നതു് അസ്വീകാര്യമായി ഞാൻ കാണുന്നു. ഗംഗയാറൊഴുകുന്ന ഹസ്തിനപുരി ഫലഭൂയിഷ്ഠമൊക്കെയാണെങ്കിലും, ഫലം തിന്നാൻ ആവശ്യത്തിലധികം ആളുകൾ കൈ നീട്ടിയാൽ പ്രകൃതി പലതും പോംവഴിയായി കാണില്ലേ? കലവറക്കു താങ്ങാനാവാത്ത പ്രജയെ ഉന്മൂലനം ചെയ്യാൻ മഹാമാരിയായും വരൾച്ചയായും ഭാരതയുദ്ധമായും പ്രകൃതി പരിഹാരം കാണുമ്പൊൾ അരുതെന്നു പറയാനാവുമോ അൽപകാലം ആയുസ്സുള്ള നാം മനുഷ്യർക്കു്?”

2019-02-03

“ക്ഷമയോടെ ഊഴം കാത്തു കിടപ്പറയിൽ പ്രവേശിക്കാൻ അവസരം കിട്ടിയ പാണ്ഡവരിലൊരാൾ, പ്രിയ പാഞ്ചാലിക്കൊപ്പം പായ പങ്കിടുമ്പോൾ, മറ്റു നാലു പാണ്ഡവർ നിങ്ങളിരുവരുടെ രതിസ്വകാര്യത മാനിച്ചു കുടിലിൽ നിന്നു് പുറത്തു പോവും എന്നതല്ലേ നിലവിലുള്ള ബഹുഭർത്തൃത്വ ധാരണ?”, കൊട്ടാരം ലേഖിക ചോദിച്ചു. വനവാസക്കാലത്തെ ഒറ്റമുറിക്കുടിൽ. പാണ്ഡവർ നായാട്ടിനു പോയ നേരം.

“അങ്ങനെ ഒരു പരിഷ്കൃത ബഹുഭർതൃത്വ ദാമ്പത്യസംഹിത ഉൾക്കൊള്ളാൻ പറ്റിയ ബാല്യകൗമാരങ്ങളിലൂടെയാണോ പാണ്ഡവജീവിതത്തിന്റെ സാംസ്കാരികഘടകങ്ങൾ അടയാളപ്പെടുത്തിയതു്. എന്തൊക്കെ ചെയ്താൽ ഈ മുറിക്കകത്തെ ആൺപെൺശാരീരിക പാരസ്പര്യത്തെ, പുറത്തുനിൽക്കുന്ന ദാമ്പത്യ കൂട്ടാളികൾക്കു ആണധികാര ധാർഷ്ട്യത്തോടെ മലിനപ്പെടുത്താമോ അതൊക്കെ നാലു പേരും ഒളിഞ്ഞും തെളിഞ്ഞും ചെയ്യുന്നതിന്റെ വിശദാംശങ്ങളൊന്നും കുത്തിക്കുത്തി ചോദിക്കരുതേ. അപമാന ബോധതോടെ ഞാനും, ആ രാത്രി ഊഴംകിട്ടിയവനും, മുറിയുടെ പരുക്കൻതറയിലെ പായിൽ കമഴ്‌ന്നു കിടക്കും. അസ്ത്രം മറന്നു വച്ചതു് എടുക്കാൻ വന്നതാണു് എന്നൊക്കെ നിഷ്കളങ്കമായി പറഞ്ഞു പാണ്ഡവരിൽ ഒരാൾ മുറിയിൽ ഇടിച്ചു കയറിയതൊന്നും ഇതുവരെ നിങ്ങളും മറന്നിട്ടില്ല എന്നു് ഞാൻ കരുതുന്നു.”

2019-02-04

“കളവുപോയ കിരീടം തിരിച്ചു കൊണ്ടുവന്നയാൾക്കു പാരിതോഷികം കഴുമരമാണോ? പരിഷ്കൃതസമൂഹമെന്നൊക്കെ കരുതിയ ഹസ്തിനപുരിയിൽ വധശിക്ഷ?” നകുലനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“വിവാദം കെട്ടടങ്ങിയ സ്ഥിതിക്കെന്തിനിനി വസ്തുത വെളിപ്പെടുത്താൻ വൈമനസ്യം? കുരുവംശത്തിന്റെ അധികാര ചിഹ്നമായ നവരത്നകിരീടം മോട്ടിച്ചു കൊണ്ടുപോയതു ദുര്യോധനവിധവയെന്നു ചാരവാർത്തയിൽ വ്യക്തമായെങ്കിലും, കൗരവരാജ വിധവകളുടെ പുനരധിവാസകേന്ദ്രത്തിൽ പോയി തൊണ്ടിമുതൽ തിരിച്ചുപിടിക്കുന്നതിൽ അപാകത തോന്നി. അന്വേഷണം രഹസ്യനീക്കത്തിലാക്കി. മൽസ്യബന്ധന തൊഴിലാളിയാണു് മിനിഞ്ഞാന്നു് കിരീടം മീൻകുട്ടയിൽ കൊണ്ടുവന്നതു്, ചോദ്യം ചെയ്തപ്പോൾ പറഞ്ഞു, ഒരു കൗരവരാജകുമാരിയതു തലയിൽ വച്ചു് യമുനയിൽ നീന്തുന്നതു കണ്ടപ്പോൾ, അപൂർവ്വയിനം സ്വർണമൽസ്യമെന്നു കരുതി ഊളിയിട്ടുചെന്നു ചാടിപ്പിടിച്ചു കരയിൽ കയറി തിരിച്ചും മറിച്ചും നോക്കി. രാജകിരീടമെന്നറിഞ്ഞപ്പോൾ, തോണിയും വലയും പാരിതോഷികമായി കിട്ടുമെന്ന പ്രതീക്ഷയിൽ എന്നെ ഏൽപ്പിച്ചു. പക്ഷേ, ധാർമികതയുടെ അവസാനവാക്കായ യുധിഷ്ഠിരൻ വേറൊരുരീതിയിൽ ആഖ്യാനം നിർമ്മിച്ചു. കൗരവ രാജവിധവകൾ നീന്തിക്കളിക്കുന്ന സ്നാനഘട്ടത്തിലെ ഒളിനോട്ട ലൈംഗികാതിക്രമം കേവലമൊരു ചാട്ടവാറടി പരിഹരിക്കയില്ലെന്ന സന്ദേശം പൊതുസമൂഹത്തെ അറിയിക്കുകയായിരുന്നു രാജനടപടി. ദുര്യോധനവിധവക്കിന്നൊരു പ്രതിപക്ഷപദവി കൊടുക്കാൻ രാജതന്ത്രം അനുശാസിക്കുമ്പോൾ, എന്തിനവരെ പ്രതിയാക്കണം? കൗരവരാജവിധവകളുടെ പരിപാലനം പാണ്ഡവ ഭരണകൂടത്തിന്റെ അഭിമാനപ്രശ്നമെന്നു തെളിയിക്കാൻ വധശിക്ഷ തുണച്ചു. കിരീടത്തിന്റെ രാത്രികാലസുരക്ഷ പാഞ്ചാലിയെയെയും ഏൽപ്പിച്ചു.”

2019-02-05

“ചുറ്റും ഒന്നു് നടന്നു നോക്കിയപ്പോഴാണു് ശ്രദ്ധിച്ചതു്, സസ്യശാമളമായ ഈ ഹിമാലയതാഴ്‌വരയിലെ അയൽപ്പക്കം മുഴുവൻ ചാരക്കണ്ണുള്ള സന്യസ്ഥാശ്രമങ്ങൾ, എന്നാൽ അവിടെ ആകെ ഉൽപ്പാദിപ്പിക്കുന്നതു്, ഒളിക്കണ്ണിൽ നേടിയ ഗാർഹിക രഹസ്യങ്ങളുടെ ദ്രവമാലിന്യം. പരിത്യാഗികൾ എന്നൊക്കെ മേനി പറയുന്നവർക്കു് അങ്ങനെ മതിയോ ജീവിതം? പ്രപഞ്ച രഹസ്യങ്ങളെ തേടി ജ്ഞാനനിർമിതി ഒന്നും വേണ്ടേ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“ഇരുപത്തിനാലു് മണിക്കൂറും പാണ്ഡവദാമ്പത്യത്തിൽ എന്തു് നടക്കുന്നു എന്നു ചാരച്ചെവികളുമായി, കൌരവർക്കു ദൂരെ ദൂരെ ഹിമാലയതാഴ്‌വരയിലിരുന്നും കിടന്നും അടിമപ്പണി ചെയ്യുന്ന സന്യാസി സമൂഹത്തിന്നെവിടെ, ദൃഷ്ടിപായിക്കാനും ചമ്രം പടിഞ്ഞിരുന്നു ദുരൂഹലോകത്തെ കുറിച്ചു് താളിയോലയിൽ എഴുത്താണി പ്രയോഗിക്കാനും സാവകാശം? ആഴ്ചയിൽ ഒരിക്കൽ ഹസ്തിനപുരിയിൽ നിന്നു് കൗരവസൈനികർ കഴുതപ്പുറത്തു് കൊണ്ടു വരുന്ന ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും നിലച്ചാൽ തീരില്ലേ പനയോളം വളർന്നു പോയ അവരുടെ ആത്മീയത”, ജാലകത്തിലൂടെ കാഴ്ചപരിധിയിൽ വന്ന യുവസന്യാസികൾക്കു് ഊഷ്മളമായി അഭിവാദ്യം അർപ്പിച്ചു നകുലൻ കൈ വീശി.

2019-02-06

“കൗരവർ നൂറുപേരും യഥാർത്ഥത്തിൽ നിങ്ങളുടെ മക്കൾ തന്നെയാണോ?” കൊട്ടാരം ലേഖിക ചോദിച്ചു.

“എന്തൊരു ചോദ്യമാണിതു് ഞാൻ ജന്മം നൽകിയവരാണെങ്കിൽ ‘ഗാന്ധാരർ’ എന്നു് വേണം വിളിക്കാൻ എന്നു് നിബന്ധന വക്കുമായിരുന്നു എന്ന പ്രാഥമിക ബോധം പോലുമില്ലാതെയാണോ അഭിമുഖം? ആദ്യരാത്രിയിൽ തന്നെ ഞാൻ അതൃപ്തി അറിയിച്ചു. ജനിതക തകരാറുള്ള വ്യാസസന്തതിയുമൊത്തൊരു പ്രത്യുൽപാദന പരീക്ഷണത്തിനു് തയ്യാറല്ല. കുരുവംശം നിലനിർത്താൻ കിരീടാവകാശികളെയാണു് വേണ്ടതെങ്കിൽ, വാടകഗർഭങ്ങൾ വഴി കൗരവർ എന്ന അംഗീകാരം നൽകാം. അങ്ങനെ കൊട്ടാരച്ചെലവിൽ ധൃതരാഷ്ട്രർ ഒരു ദശാബ്ദത്തിനുള്ളിൽ കുരുവംശാധിപത്യത്തിനായി സ്ത്രീകളെ അന്തഃപുരത്തിൽ പാർപ്പിക്കുമ്പോൾ ഞാൻ ഹിമാലയത്തിലെ സുഖവാസ കേന്ദ്രങ്ങളിൽ പഞ്ചേന്ദ്രിയങ്ങളിലൂടെ പ്രകൃതി ആസ്വദിച്ചു. ഇനി തിരിച്ചുവരൂ എന്നു് അന്ധരാജാവു് സന്ദേശമയക്കും വരെ നിശ്ചയ ദാർഢ്യത്തോടെ കൊട്ടാരത്തിൽ നിന്നു് വിട്ടു നിന്നു. എന്നെ തള്ളിപ്പറയാൻ അയാൾക്കാവില്ലായിരുന്നു. വരൻ അന്ധനാണെന്ന വിവരം മനഃപൂർവ്വം മറച്ചു വച്ചായിരുന്നു അച്ഛനെ തെറ്റിദ്ധരിപ്പിച്ചു ഭീഷ്മർ വധുവിനെ തട്ടിയെടുത്തതു് വൈവിധ്യസ്ത്രീത്വങ്ങളുടെ ലൈംഗികാസ്വാദനമറിഞ്ഞ ധൃതരാഷ്ട്രർ എന്നെ ഉപേക്ഷിച്ചാൽ, ഗാന്ധാര സൈന്യം ഹസ്തിനപുരിയെ കീഴടക്കുമെന്ന ഭീതിയിൽ ധൃതരാഷ്ട്രർ ചുരുങ്ങി. അന്തഃപുരത്തു് നിന്നു് പുറത്തു കടക്കുമ്പോൾ സുതാര്യമായൊരു തുണി കൊണ്ടു് കണ്ണു് കെട്ടി അന്ധരാജാവിനു ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന അഭിമാനിയായൊരു ഭാര്യയെന്ന പ്രതിച്ഛായ വളർത്താൻ അക്കാലത്തെ കൊട്ടാരം ലേഖികയായിരുന്ന നിങ്ങളുടെ അമ്മ തുണച്ചു. മൊത്തം പ്രകൃതിയും പ്രജയും ഗൂഢാലോചനയിൽ പങ്കാളികളായി.”

“പ്രലോഭിപ്പിച്ചു നേടിയതല്ലെങ്കിലും, പിന്നീടതൊരു ‘കഠിനശിക്ഷ’യായി കണ്ടില്ലെന്നു പാഞ്ചാലി ബഹുഭർത്തൃത്വത്തെ കുറിച്ചു് പറഞ്ഞതു നിങ്ങളെ ഇത്രമാത്രം പ്രകോപിപ്പിച്ചതിന്റെ പശ്ചാത്തലം വ്യക്തമാക്കാമോ? ഒറ്റയ്ക്കു് ഊരുചുറ്റുന്ന നിങ്ങൾ ഒന്നിലധികം വിവാഹേതരബന്ധങ്ങളിൽ അഭയം കണ്ടെത്തിയിട്ടുണ്ടല്ലോ. പാഞ്ചാലിക്കു നിങ്ങളോടു മാത്രം മതി വ്യക്തിഗതവിശ്വസ്ത എന്നാണോ ആവശ്യം?”, കൊട്ടാരം ലേഖിക ചോദിച്ചു.

“സൂക്ഷ്മാംശങ്ങൾ അവഗണിച്ചുള്ള ആദ്യചോദ്യം തന്നെ ആക്ഷേപകരമായി തോന്നുന്നു. സ്വതന്ത്രവനിതയെന്ന നിലയിൽ ഒന്നിലധികം പായക്കൂട്ടുകൾ പാഞ്ചാലി കുറ്റബോധമില്ലാതെ ആസ്വദിക്കുന്നു എന്നതല്ല പരാതി. ഒന്നിലധികം പ്രണയബന്ധങ്ങൾ ഞാൻ രഹസ്യമായി പരിലാളിക്കുന്നു എന്നതാണവൾ പ്രതികാരബുദ്ധിയോടെ പെരുമാറുന്നതിനു പിന്നിൽ. സുഭദ്രാപരിണയ വാർത്ത കേട്ടറിഞ്ഞപ്പോൾ, ഇളമുറനകുലനോടവൾ ഹൃദയം തുറന്നതു്, “കൊണ്ടുവരട്ടെ പുത്തൻ ഇണയെ, എന്നെക്കാൾ അഴകുള്ളവൾ അല്ല പുതിയ ‘ഉത്പന്ന’മെങ്കിൽ, സ്വൈരം കൊടുക്കാത്ത ഒരു ഭദ്രകാളിയെ അവൻ എന്നിൽ കാണും” എന്നായിരുന്നു. പ്രണയിനികളുടെ അഴകളവുകൾക്കുള്ള യോഗ്യതാപത്രങ്ങൾ പാഞ്ചാലിയിൽ നിന്നു് നേടണമെന്ന ഈ ആജ്ഞ, വിവാഹബാഹ്യബന്ധങ്ങളിൽ ചെലുത്തിയ അനാരോഗ്യകരമായ സ്വാധീനം ചെറുതല്ല. പ്രണയിനികൾക്കൊപ്പം രതിപരിലാളനയേൽക്കുമ്പോൾ, ഈ ‘ഭദ്രകാളി’യുടെ അഴകളവുകൾ അവർക്കുണ്ടോ എന്നു് പരീക്ഷിക്കുന്നതിലെ പ്രയാസങ്ങൾ നിങ്ങൾക്കൂഹിക്കാമോ? കയ്യിൽ മാരകായുധമുണ്ടെങ്കിലും, ഉള്ളിൽ കാമുകഹൃദയമല്ലേ എനിക്കും?”

2019-02-07

“അമ്മ, അമ്മമ്മ ഇവരൊക്കെ തലമുറകളായി കൊട്ടാരം ലേഖിക പദവി വഹിച്ചിരുന്നു എന്നൊക്കെ ഞങ്ങൾ വാർത്താകാര്യാലയത്തിൽ പറഞ്ഞു കേട്ടിട്ടുണ്ടു്. നിങ്ങളുടെ ബാല്യകൗമാരങ്ങളിൽ അവർ വാമൊഴിയായി പറഞ്ഞിരുന്ന കുരുവംശകഥകൾ ഒന്നു് പങ്കിടാമോ?”, കൊട്ടാരം ലേഖികയുടെ ജന്മദിനത്തിൽ അനുമോദിക്കാൻ കൂട്ടം കൂടിയ സഹപ്രവർത്തകരിലൊരാൾ ഉപചാരത്തോടെ ചോദിച്ചു.

“വനാശ്രമത്തിൽ ചെന്നു് കുന്തിയെയും മാദ്രിയെയും കണ്ടു അവരുടെ ഒറ്റമുറി വസതിയിലെ ദുരിതജീവിതം പുറംലോകത്തെ ആദ്യം അറിയിച്ചതു് അമ്മമ്മയായിരുന്നു. ജോലി ചെയ്തു തുടങ്ങിയിരുന്ന അമ്മ കൊട്ടാരത്തിൽ പോയാൽ, അമ്മമ്മയും, തക്ഷശിലയിൽ നിന്നു് വന്ന ഞാനും മാത്രമാവുന്ന ഒഴിവുകാലദിനങ്ങൾ. ആകാശചാരികളെ പ്രലോഭനമന്ത്രം ജപിച്ചു കുടിലിൽ വരുത്തി പ്രത്യുൽപാദനരതിയിൽ ഗർഭിണിയായി മൂന്നു സന്തതികളെ പ്രസവിക്കുമ്പോൾ, അതേ മുറിയിലൊരുമൂലയിൽ മൂകസാക്ഷിയായി കിടന്ന ശാപഗ്രസ്തൻ തന്നെയായിരുന്നു ഒരിക്കൽ ഹസ്തിനപുരി കൊട്ടാരത്തിൽ ചെങ്കോൽ പിടിച്ചിരുന്ന കുരുവംശാധിപൻ എന്നു് വിശ്വസിക്കാൻ പാടു് പെട്ടു എന്നു് അമ്മമ്മ വിലപിച്ചതു് എന്റെ ഇരുപത്തി മൂന്നാമത്തെ ഈ ജന്മദിനത്തിലും ഞാൻ വേദനയോടെ ഓർക്കുന്നു…”

“പോരാട്ട പാളയത്തിലെ പരിമിത സൗകര്യങ്ങൾക്കുള്ളിൽ, പാണ്ഡവർക്കു് വ്യക്തിഗതസേവനം നൽകുന്ന പ്രയാസകരമായ ഉത്തരവാദിത്വം പതിനെട്ടുനാൾ നിർവ്വഹിച്ച നിങ്ങൾക്കെങ്ങനെ കഴിയും, കള്ളച്ചൂതാട്ടസഭയിൽ നാണം കെടുത്താനും, തുണി പിടിച്ചു വലിക്കാനും, സംഘം ചേർന്നു് ലൈംഗികാക്രമണത്തിനും ശ്രമിച്ച മൂന്നു കുറ്റവാളികളുടെ നെഞ്ചുപിളർക്കുന്ന കാഴ്ച, ഞങ്ങളെ പോലെ ഓടിനടന്നു കണ്ടു ആനന്ദിക്കുവാൻ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

യുദ്ധാനന്തര ഹസ്തിനപുരി.

ജീവിതം ആകെ കീഴ്മേൽ മറിഞ്ഞ, വറുതിയുടെ കാലം.

“ദുര്യോധനനും ദുശ്ശാസനനും കർണ്ണനും ചെയ്ത രതിജന്യകലാപങ്ങളൊക്കെ എത്ര നിസ്സാരം, ദാമ്പത്യമെന്ന പേരിൽ ലൈംഗിക അടിമയാക്കി പരുക്കൻ പാണ്ഡവർ എന്നെ ദശാബ്ദങ്ങളായി ദുരുപയോഗം ചെയ്തിട്ടും, ആർക്കും അക്കാര്യത്തിൽ ഒന്നും ചെയ്യാനാവാതെ അവരഞ്ചുപേരും തല ഉയർത്തി ഇന്നു ഹസ്തിനപുരിയിൽ അധികാരവഴി നടക്കുമ്പോൾ.”

“ഉത്തരായണത്തിനു ജീവൻ വെടിയുമെന്നല്ലേ സ്വച്ഛന്ദമൃത്യു പറഞ്ഞതു്? എന്നിട്ടിപ്പോൾ വാക്കു് മാറ്റിയോ?” കൊട്ടാരം ലേഖിക പിതാമഹനോടു് ചോദിച്ചു. ശരശയ്യ. യുധിഷ്ഠിരനും സംഘവും യാത്ര പറഞ്ഞുപോയ നേരം.

“വെയിലും മഴയുമില്ലാതെ, തവിട്ടുനിറത്തിലുള്ള ഈ പ്രഭാതം നേരം വെളുത്തമുതൽ കണ്ണടക്കാതെ ഞാൻ നോക്കുകയാണു്, എങ്ങനെ ഇതൊക്കെ വിട്ടു അതീതലോകത്തിലേക്കു യാത്രയാകും? അൽപ്പം കൂടി സമയം തരൂ. തോൽവിയും അപമാനവും നീണ്ട ജീവിതത്തിൽ ഏറെ ഞാൻ സഹിച്ചു എന്നതു് നിങ്ങളും കണ്ടറിഞ്ഞതല്ലേ… കൗരവപക്ഷം ചേർന്നു് സർവ്വസൈന്യാധിപനായി. പാളയത്തിൽ രാത്രി ദുര്യോധനൻ പ്രായം നോക്കാതെ കഠിനപദങ്ങൾ എറിഞ്ഞെന്നെ അസ്ഥിരനാക്കും. എവിടെ പാണ്ഡവ തല? ഒന്നു് പോലും നിങ്ങൾ തെറുപ്പിപ്പിച്ചില്ലേ? എന്നവൻ വികാരാധീനനാവും. കൗന്തേയരുടെ ജീവനെടുക്കാൻ അർദ്ധമനസ്സോടെ എയ്ത ഓരോ അമ്പും ഉന്നം തെറ്റിയതിന്റെ ചാരിതാർഥ്യവുമായി ഇപ്പോഴും കുരുക്ഷേത്രയിൽ ഞാൻ ആടിക്കൊണ്ടിരിക്കയാണു്. ”

2019-02-08

“ഇതിഹാസനായകരെ ആദരിക്കുന്ന പ്രൗഢഗംഭീര ചടങ്ങു നിങ്ങൾ ബഹിഷ്കരിക്കയാണോ?”, കൊട്ടാരം ലേഖിക ദുര്യോധന വിധവയോടു് ചോദിച്ചു.

“ശത്രുനിരയിലെ ധീരദേശാഭിമാനികളെ വധിക്കുന്നതിനുപകരം, പെരുമാറ്റച്ചട്ടം കാറ്റിൽ പറത്തി ഞെക്കികൊലചെയ്ത പാണ്ഡവരഞ്ചുപേരെയും നവോത്ഥാന നായകർ എന്ന പട്ടികയിൽ പെടുത്തി വെണ്ണക്കല്ലിൽ പേർ കൊത്തിയപ്പോൾ, രാഷ്ട്രത്തിനു വേണ്ടി ജീവൻ ബലിദാനം ചെയ്ത കൗരവരിൽ നിന്നൊരാൾ പോലുമുണ്ടോ? എവിടെ ധാർമികത മുഖംമൂടിയാക്കിയ യുധിഷ്ഠിരൻ? ഗ്രാമ ഗ്രാമാന്തരങ്ങളിൽ ചെന്നു്, നൂറ്റാണ്ടുകളായി മുഖ്യധാരയിൽ വരാതെ, പാർശ്വവൽക്കരിക്കപ്പെട്ടും പീഡിപ്പിക്കപ്പെട്ടും ദുരിതമനുഭവിച്ചിരുന്ന ആദിവാസി യുവാക്കൾക്കു് പൗരാവകാശം കൊടുത്തായിരുന്നു കുരുക്ഷേത്രയിൽ ദുര്യോധനൻ അവരെ യുദ്ധസജ്ജമാക്കിയതു് ക്ഷീരകർഷകരെ വഴിയിൽ കണ്ടാൽ നാളെ രാവിലെ പാലല്ല വളർത്തു മൃഗത്തിന്റെ ഇറച്ചിയാണു് കൊണ്ടുവരേണ്ടതു് എന്നു് പേടിപ്പിക്കുന്ന ഭീമനെപ്പോലുള്ള ഘാതകരെയാണോ കുരുവംശ നവോത്ഥാനത്തിന്റെ പതാകവാഹകരായി എഴുന്നെള്ളിക്കേണ്ടതു്? പിടയുന്ന ഹൃദയമുള്ളവരെല്ലാം എന്നെ അനുഗമിക്കുന്നതും നിങ്ങൾ കണ്ടതല്ലേ.”

“ഉണങ്ങിയ കുരുക്ഷേത്ര വിധവകൾക്കൊരൂണു് എന്ന സൗജന്യപദ്ധതിയുമായി യുധിഷ്ഠിരൻ കർമ്മനിരതനായപ്പോഴും, ചെങ്കോൽ ധൃതരാഷ്ട്രർ പിടിച്ചുവച്ചുവെന്ന പരാതി പുറത്തു പറയുന്നില്ല. എന്നാൽ വലഞ്ഞ കുരുക്ഷേത്രവിധവകൾക്കൊരു കാരുണ്യഹസ്തവുമായി ആ വഴിക്കൊന്നും നിങ്ങളെ ഞാൻ കാണാറില്ലല്ലോ”, പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“ചെങ്കോൽ പണയം വച്ചും, കൂടെ പൊറുക്കുന്ന പെണ്ണിനെ കൗരവ അടിമയാക്കിയും, വ്യാഴവട്ടക്കാലം അക്ഷയപാത്രത്തിൽ കയ്യിട്ടുവാരി, അല്ലലില്ലാതെ വയർ നിറപ്പിച്ചവർ കൊലചെയ്ത സൈനികരുടെ വിധവകളും കുട്ടികളും ഒരു നേരത്തെ ധാന്യത്തിനായി കൈനീട്ടി യാചിക്കുന്നതു നേരിൽ കാണട്ടെ.”

2019-02-09

“പാണ്ഡവർ യുദ്ധം ജയിച്ചു അധികാരം പിടിച്ചെടുത്തിട്ടും, നിങ്ങളിപ്പോഴും ഗാന്ധാരിയുടെ തോഴിയാണോ? പെറ്റ തള്ളക്കർഹതപ്പെട്ട രാജമാതാ പദവി സ്ഥാപിച്ചുകിട്ടാൻ ആരും ശ്രമിച്ചില്ലേ?” കുന്തിയോടു് കൊട്ടാരം ലേഖിക ചോദിച്ചു. ഉച്ചഭക്ഷണത്തിന്റെ തിരക്കു് ശമിച്ച ധൃതരാഷ്ട്രവസതിയിൽ നിന്നു് ഗാന്ധാരിയുടെ കൺകെട്ടുതുണിയുമായി കൊട്ടാരത്തിനു പിന്നിലെ കുളവക്കത്തേക്കു നടക്കുകയായിരുന്നു മുൻ കുരുവംശ മഹാറാണി.

“അഞ്ചു ഭർത്താക്കന്മാരെ ആദ്യരാത്രിയിൽ സമ്മാനിച്ചെങ്കിലും, അവരെ ഭിന്നിപ്പിച്ചവൾ അടിമകളാക്കി. അതു് നിത്യവും കാണാൻ വയ്യെന്ന ബോധ്യത്തിൽ, ഞാനവരുമായി കൂട്ടുജീവിതത്തിൽ നിന്നകന്നു. ഈ വസതിയിൽ ഒരാൾ ജന്മനാ അന്ധൻ, മറ്റൊരാൾ അന്ധത അഭിനയിക്കുന്നു. അവരെ പേടിക്കാതെ ജീവിക്കാം. അവർക്കെന്നെ ആവശ്യമുണ്ടു്—കൺകെട്ടുതുണി പോലെ, അവർ പാണ്ഡവരോടു് ചെയ്തിരുന്ന അനീതിയുടെ കുറ്റബോധവും ഞാൻ തന്നെ വേണം കഴുകാൻ. മക്കളും അധികാരവും നഷ്ടപ്പെട്ട ധൃതരാഷ്ട്രർ എന്നെ പൂർണ്ണമായും ആശ്രയിക്കുന്ന പുരുഷൻ കൂടിയാണു് മഹാറാണിപദവി പാഞ്ചാലി അവകാശം പോലെ നേടിയതോടെ, രാജമാതാ എന്ന രണ്ടാമതൊരു അധികാരകേന്ദ്രം അന്തഃപുരത്തിൽ വേണ്ടെന്നവൾ ഒരു താക്കീതു പോലെ നിശ്ചയിച്ചു”, വിഴുപ്പുതുണി വെള്ളത്തിൽ മുക്കിയ്യെടുത്തു കല്ലിൽ വച്ചു് ഒന്നൊന്നായി തല്ലിത്തിരുമ്മി, ഗാന്ധാരിയുടെ കണ്ണീരഴുക്കു കുന്തി കഴുകി.

“ക്ഷീണം മാറ്റാൻ മുതിർന്ന പാണ്ഡവർക്കു് വിശ്രമം അനുവദിക്കുമെന്ന ഊഹം തെറ്റിച്ച നിങ്ങൾ യുദ്ധാനന്തര ഹസ്തിനപുരിയിൽ പ്രതിരോധ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല ഏറ്റെടുക്കുമ്പോൾ, മുന്തിയ പരിഗണന എന്തായിരിക്കും?” കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു.

“ആശങ്കപ്പെടുത്തുന്നൊരു വസ്തുത, ഗംഗയും യമുനയും ഇരുഭാഗങ്ങളിൽ അതിർത്തി നിശ്ചയിക്കുന്ന ഹസ്തിനപുരിക്കു് ചുറ്റുമൊരു ശത്രുരാജ്യമില്ല. കുടിയൊഴിപ്പിക്കപ്പെട്ട കൗരവരാജ വിധവകളുടെ വിമതശല്യം മുതൽ കടുത്ത ഭക്ഷ്യ ക്ഷാമം വരെ ആഭ്യന്തരപ്രശ്നങ്ങൾ അലോസരപ്പെടുത്തുമ്പോഴാണു് അയൽപ്പക്കം ശത്രുവെന്ന പൊതുബോധം ഭരണകൂടത്തിനു് ഒരനുഗ്രഹമാണെന്നറിയുന്നതു്. കുരുക്ഷേത്ര എല്ലാം കീഴ്മേൽ മറിച്ചു. പടിഞ്ഞാറു സൈന്ധവം മുതൽ കിഴക്കു കലിംഗം വരെ, വടക്കു ഗാന്ധാരം മുതൽ തെക്കു ദ്രാവിഡം വരെ ഇന്നു് ഹസ്തിനപുരിയെ വെല്ലുവിളിക്കാൻ, അതിർത്തിയിലൊന്നു നുഴഞ്ഞുകയറി മിന്നലാക്രമണം ചെയ്യാൻ, സൈന്യം ഉള്ള രാജ്യമില്ല. ആളൊഴിഞ്ഞ സൈനിക പാളയം പോലെ ശൂന്യമാകുന്നു ആയുധപ്പുരകളും. എല്ലാം കൗരവർ ഹോമിച്ചു. പതിനെട്ടു നാൾ പോരാട്ടം വഴി സ്വത്തുതർക്കത്തിൽ നിർണ്ണായക വഴിത്തിരിവുണ്ടായെങ്കിലും, ഇന്നു് ഈ പദവിയേറ്റെടുക്കുമ്പോൾ നേരിട്ടറിഞ്ഞ കാര്യം എന്നെ വിനീതവാനാക്കി—വിളിക്കാനും പറയാനും പ്രതിരോധ മന്ത്രാലയത്തിൽ ആരുമില്ല…”

“കാമനയോടെ പെണ്ണുടലിൽ തൊട്ടാൽ തല പൊട്ടി മരിക്കുമെന്ന മുനിശാപത്തിനു പ്രായശ്ചിത്തമായി പാണ്ഡുരണ്ടു ഭാര്യമാരെയും കൂട്ടി കാട്ടിൽ പോയതിന്റെ യുക്തി നമുക്കിപ്പോൾ വ്യക്തമല്ലായിരിക്കാം, പക്ഷേ, കുരുവംശത്തിന്റെ അധികാര ചിഹ്നമായ ചെങ്കോൽ പാണ്ഡു അന്ധജ്യേഷ്ടനു് എറിഞ്ഞു കൊടുത്തതു്, രാജപ്രതിനിധിയായി മാത്രം ധൃതരാഷ്ട്രർ ഇടവേള ഭരിച്ചു, തക്കസമയത്തു് പാണ്ഡുവിന്റെ അംഗീകൃത അവകാശിക്കു് സിംഹാസനം തിരിച്ചേൽപ്പിക്കാൻ ആയിരുന്നു എന്നു് മുതിർന്ന പാണ്ഡുപുത്രൻ യുധിഷ്ഠിരൻ ഊന്നിപ്പറയുന്നതു ഇന്നലെ വൈകുന്നേരവും അരങ്ങേറ്റമൈതാനത്തിൽ കേട്ടല്ലോ. സദസ്സു് എഴുന്നേറ്റുനിന്നു നിലക്കാത്ത കയ്യടിയോടെ അയാളെ സ്വാഗതം ചെയ്യുന്നതൊക്കെ നിങ്ങളുടെ ഒന്നു് രണ്ടു സഹോദരന്മാർ സൂക്ഷിച്ചു നോക്കുന്നതും ഞങ്ങൾക്കു് കാണാമായിരുന്നു”, കൊട്ടാരം ലേഖിക ധൃതരാഷ്ടരുടെ കാര്യാലയത്തിൽ കയറി ദുര്യോധനനോടു് ചോദിച്ചു.

“എവിടെ നിങ്ങൾ അത്യുക്തിയിൽ അടിവരയിട്ടു പറയുന്ന അംഗീകൃത അവകാശികൾ? പാണ്ഡു പ്രത്യുൽപ്പാദന ലൈംഗികക്ഷമത ഇല്ലാത്ത വെറുമൊരു പുരുഷശരീരിയാണെന്നു കൊട്ടാരത്തിൽ അക്കാലത്തു തന്നെ ആധികാരികമായി രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. പാണ്ഡവർ എന്നു് സ്വയം വിശേഷിപ്പിക്കുന്ന അഭയാർത്ഥികൾ അഞ്ചു പേർ യഥാർത്ഥത്തിൽ കുന്തിയുടെയും മാദ്രിയുടെയും വിവാഹബാഹ്യസന്തതികൾ ആണെന്നു് ആ മഹതികൾ തന്നെ പരസ്യമായി വെളിപ്പെടുത്തിയിട്ടുണ്ടെന്നു വിശ്വാസയോഗ്യമായ സാക്ഷിമൊഴികളുണ്ടു്. യുധിഷ്ഠിരൻ എന്നു് പരിചയപ്പെടുത്തിയ ഈ മൂത്തയാൾ സ്വയം വിശേഷിപ്പിക്കുന്നതു് മരണദേവതയുടെ മകൻ എന്നല്ലേ? എന്തൊരു പ്രഹസനം…”

2019-02-10

“കാഴ്ചപരിമിതനെങ്കിലും ചൂതാട്ടവേദിയിലെ സിംഹാസനത്തിലിരുന്ന നിങ്ങൾ കാര്യങ്ങൾ അപ്പപ്പോൾ അറിയുന്നുണ്ടാവില്ലേ? മക്കൾ സംഘം ചേർന്നു് പാഞ്ചാലിയെ തുണിവലിച്ചു വിവസ്ത്രയാക്കാൻ ശ്രമിച്ചതിനെയൊന്നും അപലപിച്ചില്ലേ?” കൊട്ടാരം ലേഖിക ചോദിച്ചു.

“പാണ്ഡവരിലൊരാൾ അവളെ പതിവുപോലെ പ്രയാസപ്പെടുത്തുന്നു എന്നേ അപ്പോൾ സംശയിച്ചുള്ളു. എന്നെ വിടൂ എന്നെ വിടൂ എന്നതു് ഒരക്രമിയോടു് വേദനയോടെ പറയുന്ന പോലെയല്ല, ഭർത്താവിനോടു് പരിഭവിക്കുന്ന പോലെയപ്പോൾ എനിക്കു് തോന്നിയോ? ഒരു പക്ഷേ, ഭീമൻ ദുരുദ്ദേശ്യത്തോടെ സമ്മാനിച്ച ലഹരിക്കടിമപ്പെട്ട ഒന്നോ രണ്ടോ വിവരം കെട്ട കൗരവർ, കയ്യിൽ തടഞ്ഞ ഉടുതുണിയൂരി പാഞ്ചാലിയെ നഗ്നയാക്കുന്നതു ചൂതാട്ടത്തിലെ കരാർ നിബന്ധനയനുസരിച്ചാണെന്നു തന്നെയെന്നു ഞാൻ പിന്നീടു് കർണ്ണനോടു് ചോദിച്ചുറപ്പാക്കേണ്ടി വന്നു. ഹസ്തിനപുരി പരിഷ്കൃതരാജ്യമെങ്കിലും, നവോത്ഥാനത്തെ പിറകോട്ടടിക്കുന്ന അടിമത്തം ഇനിയും തുടച്ചുമാക്കാൻ ആരും ശ്രമിച്ചു കാണുന്നില്ല എന്നതു് ഖേദകരം തന്നെ. കുരുവംശ നിയമസംഹിതയിൽ അടിമത്തം നിലവിലുള്ളിടത്തോളം കാലം, അതു് മുഖം നോക്കാതെ നടപ്പിലാക്കിയില്ലെങ്കിൽ, ശാന്തനുവിന്റെ കാലം മുതൽ കെട്ടിപ്പൊക്കിയ നിയമവാഴ്ച തകർന്നു എന്നു് നിങ്ങൾ നാടുനീളെ ചുവരെഴുത്തു പതിപ്പുകളിൽ നാളെ പറയില്ലേ? ഒന്നോർക്കണം ലോകാരാധ്യനായ വ്യാസനാണെന്റെ പിതാവു്. മൃഗ മാംസഭക്ഷണമോ മദ്യമോ കഴിക്കാത്ത കൗരവർ ലഹരിക്കടിമപ്പെട്ടിരുന്നു എന്ന നിങ്ങളുടെ കൗതുകകരമായ കണ്ടെത്തൽ, കുതിരപ്പന്തികളിലെ ഊഹാപോഹങ്ങളിൽ അധിഷ്ഠിതമല്ലേ? ഉടുതുണിയൂരുമ്പോൾ കൊഴിഞ്ഞുവീഴുന്നതല്ല പെണ്ണഭിമാനമെന്ന പാഞ്ചാലിയുടെ പ്രതികരണം ഞാൻ പ്രീതിയോടെ കേട്ടു. കേവലം ലൈംഗികാക്രമണഇരയിൽ നിന്നവൾ പെണ്ണവകാശപോരാളിയിലേക്കു പരിവർത്തനം ചെയ്യാൻ രാജസഭ പശ്ചാത്തലമായതിൽ മഹാരാജാവെന്ന നിലയിൽ എനിക്കു് അഭിമാനമുണ്ടു്. വ്യാഴവട്ടക്കാല വനവാസമൊക്കെ ഒന്നുറങ്ങിയെണീക്കുമ്പോഴേക്കും തീരും. എല്ലാം ദാർശനികവിരക്തിയോടെ നിങ്ങൾ കാണാൻ ശ്രമിക്കാത്തതിന്റെ ദൂഷ്യഫലമാണു് കേട്ടറിഞ്ഞിടത്തോളം ഹസ്തിനപുരി പത്രിക.”

2019-02-11

“കുടിയേറ്റത്തിനു പോയ നിങ്ങൾ ഖാണ്ഡവ വനത്തിൽ ഇക്കാണുന്ന മോഹന നഗരം പണിതു എന്നാണറിവു്. എന്നാൽ പുതുനഗരത്തിൽ പുലിയിറങ്ങി എന്നോ, പുരയിടങ്ങളിൽ കുറുക്കൻ ഓലിയിട്ടുവെന്നോ, കാട്ടാന കൃഷിയിടങ്ങൾ ചവിട്ടി നശിപ്പിച്ചുവെന്നോ ഇന്ദ്രപ്രസ്ഥം നഗരവാസികൾ പരാതി പറയുന്നതായി ഇന്നലെയും ഇന്നുമായുള്ള ജനസമ്പർക്കയാത്രയിൽ ഞങ്ങൾക്കു് ഒരു തുമ്പും കിട്ടിയിട്ടില്ല. വന്യപ്രകൃതിയും പരിഷ്കൃത മനുഷ്യനും തമ്മിൽ കൈവരിച്ച ആരോഗ്യകരമായ ഈ സന്തുലനം നിങ്ങൾ എങ്ങനെ ഇത്രവേഗം സാധിച്ചു എന്നറിയാൻ ഹസ്തിനപുരി നിവാസികൾക്കു് കൗതുകമുണ്ടു്”, പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“അത്തരം അസന്തുലിതാവസ്ഥ ഒഴിവാക്കാൻ മുൻകൂർ നടപടി എടുത്തു എന്നൊക്കെ യുധിഷ്ഠിരൻ അവകാശപ്പെടും. എന്നാൽ അവർ ഉപയോഗിച്ച ‘നൂതന സാങ്കേതികവിദ്യ’ ഞാൻ നേരിട്ടു് കണ്ടറിഞ്ഞതാണു് കാടു് വളഞ്ഞു തീയിട്ടു.” ഉദ്യാനത്തിൽ ഓടി നടന്നിരുന്ന വെള്ളമുയലുകളിലൊന്നിനെ തട്ടിയെടുക്കാനുള്ള ഭീമന്റെ പെട്ടെന്നുണ്ടായ ശ്രമത്തെ ഒരു നോട്ടം കൊണ്ടു് നിർവീര്യമാക്കിയ പാഞ്ചാലി, ഭീഷണി നേരിട്ട മുയലിനു ചുറ്റും സാന്ത്വനത്തിന്റെ രക്ഷാവലയം തീർത്തു.

“നിങ്ങൾ സാക്ഷിയായിരുന്നില്ലേ? ദുര്യോധനന്റെ സുഹൃത്തെങ്കിലും, ആത്മാവിൽ കളങ്കം കുറവല്ലേ? വെറുമൊരു വസ്ത്രാക്ഷേപത്തിൽ ഒതുങ്ങുന്ന പോലെ തോന്നിയോ ചൂതാട്ടസഭയിലെ പാഞ്ചാലീലൈംഗികാ ക്രമണം?” കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു.

“അടിമപ്പെണ്ണിനെ വിവസ്ത്രയാക്കുന്നതിനൊപ്പം വികൃതിവിരലുകൾ പെണ്ണുടലിൽ പര്യവേഷണം ചെയ്യുന്നതൊക്കെ പുരുഷകാമനയുടെ ആവിഷ്കാര വഴികളല്ലേ? അതിനിത്ര അപനിർമ്മാണം ആവശ്യമുണ്ടോ? കാണുന്നതൊക്കെ കാഴ്ചയാവുമെന്ന മുൻവിധി എന്നോടാരുതു് ഹസ്തിനപുരി നീതിന്യായ വ്യവസ്ഥയെ നിങ്ങൾ അവഹേളിക്കുകയാണു് വസ്ത്രാക്ഷേപം കൗരവർക്കു ഒരശ്ലീല കർമ്മകാണ്ഡമായിരുന്നില്ല അവകാശ പ്രഖ്യാപനമായിരുന്നു. ഹസ്തിനപുരി നീതിപീഠത്തിന്റെ തലതൊട്ടപ്പനായ ഭീഷ്മർ അധ്യക്ഷനായിരുന്ന ചൂതാട്ട സഭയിൽ, കൗരവരുടെ ഓരോ നീക്കത്തിനും നോട്ടത്തി നും നീതിപീഠപതിയുടെ ഉറപ്പുണ്ടെന്നതു് നിങ്ങൾ ഒരു നിമിഷം പോലും വിസ്മരിച്ചുകൂടാ. ഇരയുടെ പൗരാവകാശങ്ങൾ അസാധുവായതു പാഞ്ചാലിയെ പണയം വക്കാനുള്ള ആണധികാര ദുർവ്യയം കൊണ്ടായിരുന്നില്ലേ? കള്ളച്ചൂതു് എന്നൊരു വാക്കിൽ തൂങ്ങിയാണല്ലോ മൊത്തം അഭിമുഖത്തെ നിങ്ങൾ വളച്ചുവിടുന്നതു് നിങ്ങൾ ഉടമയുടെ അടിമയെങ്കിലും, അടിമത്തം ബൗദ്ധികസ്വത്തവകാശം മാത്രമേ നിഷേധിക്കുന്നുള്ളു എന്നാൽ പണയം വച്ചു് നിങ്ങളെ ഭർത്താവു് (നിങ്ങൾ യഥാർത്ഥത്തിൽ വിവാഹിതയാണോ എന്നതൊന്നും ഇവിടെ പ്രസക്തമല്ല) കളിച്ചു തോൽക്കുമ്പോൾ, ഉടമ നിങ്ങളുടെ ഉടലിൽ നേടുന്ന ആധിപത്യമുണ്ടല്ലോ അതൊന്നു വേറെ. കൗരവനീതി ബോധത്തെ മലിനപ്പെടുത്താൻ ഒരു കൂട്ടം ചോദ്യങ്ങളുമായി വഴി തടയുന്ന വിമതമാധ്യമജീവിതം നിർത്തൂ. പെറ്റ തള്ള പുഴയിലൊഴുക്കിയവനെ അംഗരാജാവാക്കിയ ദുര്യോധനൻ അടിമ എന്നല്ല, തോളിൽ കൈ വച്ചു വിളിക്കുക സഖാവേ എന്നാണു്.”

2019-02-12

“പുത്രവിധവകൾക്കൊപ്പം പടിയിറങ്ങുകയാണു് സത്യവതി. സാർത്ഥക ഭാവിജീവിതത്തിനു സാധ്യതയുള്ള ആ മൂന്നു വനിതകൾ ഹസ്തിനപുരി വിട്ടു, ചെന്നായ്ക്കളും കഴുകനുമുള്ള കാട്ടിൽ ജീവിതാന്ത്യം കഴിയാൻ പോവുന്നതിനെ നിങ്ങൾ എങ്ങനെ കാണുന്നു?” കൊട്ടാരം ലേഖിക വിമതസാംസ്കാരിക നായകൻ ചാർവാകനോടു് ചോദിച്ചു.

“ഈ സമയം ചരിത്രപ്രാധാന്യമുള്ളതാണു്, ശന്തനുവിന്റെ പൈതൃകം എന്നു് പറയാൻ, സന്താനഭാഗ്യമില്ലാത്ത ഭീഷ്മരൊഴികെ ആരുണ്ടു് ഇനി ഹസ്തിനപുരിയിൽ?സത്യവതിയിൽ ശന്തനുവിനുണ്ടായ രണ്ടു ആൺമക്കളും, കുട്ടികൾ ഇല്ലാതെ നേരത്തെ മരിച്ചു പോയി, ഒരാൾ ശത്രുവിന്റെ ഇര, മറ്റെയാൾ അമിത ഭോഗത്തിന്റെ. വിവാഹപൂർവരതിയിൽ വൃദ്ധ പരാശരമുനിക്കു് സത്യവതിയിൽ പിറന്ന സന്തതി, കുള്ളനും വിരൂപിയുമായ വ്യാസൻ, വിചിത്രവീര്യ വിധവകളിൽ ബീജദാനം ചെയ്തുണ്ടായ കീടജന്മങ്ങൾ ആയിരുന്നു, ഇപ്പോൾ ചെങ്കോൽ പിടിക്കുന്ന അന്ധ ധൃതരാഷ്ട്രരും, എന്നോ ചെങ്കോൽ വലിച്ചെറിഞ്ഞ അനുജനും. അവരുടെതെന്നു പറയപ്പെടുന്ന നൂറ്റി അഞ്ചു മക്കളാണിപ്പോൾ കുടുംബസ്വത്തു സമാധാന പരമായി വീതം വെക്കാനറിയാതെ, പരസ്പരം ചങ്കു വെട്ടുന്നതു് കളങ്കിതകുരുവംശത്തെ, തമ്മിൽ കൊല്ലാൻ വിട്ടു കൊണ്ടു് സത്യവതി അംബികയും അംബാലികയുമൊത്തു എന്നെന്നേക്കുമായി പടിയിറങ്ങുമ്പോൾ ഞാൻ മംഗളം നേരുന്നു, ഇനി തിരിച്ചു വരരുതേ, ഈ അഭിശപ്തഭൂമിയിൽ നിങ്ങൾ മൂന്നു മഹതികളും ഇനി കാലു കുത്തരുതേ.”

“ദൈവദത്ത രാജവംശങ്ങളെ നീ വിചാരണ ചെയ്യരുതു്”, പെട്ടെന്നു് ദുര്യോധനൻ പിന്നിൽ നിന്നു് ചാർവാകന്റെ മുതുകിൽ ആഞ്ഞു ചവിട്ടി, “ഞങ്ങൾ കുലീനകുരുവംശം എന്നു് അഭിവന്ദ്യവേദവ്യാസൻ ലോകത്തോടു് പറയുമ്പോൾ, അതിലൊന്നും ഇടപെടരുതു് നീ വ്യർത്ഥജന്മമേ.”

“മഹാറാണി പദവിയിൽ നിങ്ങൾക്കധികകാലം കഴിയാൻ സമ്മതിക്കാതെ പാണ്ഡു സ്ഥാനത്യാഗം ചെയ്തു കാട്ടിലേക്കു് നിങ്ങളെ കൂട്ടിക്കൊണ്ടുപോയി എന്നാണറിവു്. എന്നിരുന്നാലും, സമൂഹത്തിന്റെ മൊത്തം നവോത്ഥാനത്തിൽ എന്തെങ്കിലും എളിയ സംഭാവന പിൽക്കാലത്തു ചെയ്തു എന്നു് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാവുന്ന വല്ല ദൃഷ്ടാന്തങ്ങളും ഉണ്ടോ?”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു.

“മുനിശാപത്താൽ സമനില തെറ്റിയ പാണ്ഡു, ഭാര്യയെ ഒഴിവാക്കി നാട്ടിൽ ഭരണം തുടരുന്നതിനു പകരം, രാജപദവിയൊഴിഞ്ഞു ഭാര്യയെ കൂട്ടി വനവാസത്തിനു പോവാനെടുത്ത തീരുമാനം പരക്കെ വിമർശിക്കപ്പെട്ടിട്ടുണ്ടു് എങ്കിലും, പിൽക്കാലത്തു എന്റെ മാതൃത്വം അടയാളപ്പെടുത്തുന്നതിനു വേണ്ട ഭൗതികവും വൈകാരികവുമായ സാഹചര്യം ഉണ്ടായതു് കാട്ടിൽ കുടിയേറിയതു കൊണ്ടല്ലേ. നിഷ്കളങ്ക വിനീതഭാവത്തോടെ ഷണ്ഡത്വം ഏറ്റുപറഞ്ഞ പാണ്ഡുവിന്റെ നിസ്സഹായതയിൽ നിന്നാണു് ആദ്യമായി ഒരു രാജസ്ത്രീ വിവാഹ ബാഹ്യലൈംഗികതയെ മാതൃത്വ പരീക്ഷണത്തിനു് പ്രയോജനപ്പെടുത്തിയതു് എന്നു് ബോധ്യപ്പെടുന്നുണ്ടു്. കാട്ടിലായിരുന്നു വസതിയെങ്കിലും, ആകാശചാരികളെ ഉന്നം വച്ചുള്ള പ്രലോഭനം കാര്യക്ഷമമായി പൂർത്തിയാക്കിയതിലൂടെ, സ്ത്രീ അവളുടെ ജീവശാസ്ത്രപരമായ അവകാശം നേടിയെടുക്കാൻ പരപുരുഷരതി ഒന്നിലധികം തവണ ഉപയോഗിക്കാമെന്നു ലോകത്തെ അറിയിച്ചു എന്നതാണെന്റെ നവോത്ഥാന നേട്ടം.”

2019-02-13

“പ്രതീക്ഷാനിർഭരമായൊരു ഭാവിജീവിതം ഉത്തരയുമൊത്തു സ്വപ്നം കാണുന്നവനെന്ന നിലയിൽ, കൗരവപക്ഷത്തേക്കു കൂറുമാറാൻ അഭിമന്യു തയ്യാറായിരുന്നു എന്ന അവകാശവാദത്തെ എങ്ങനെ വിശദമാക്കാനാണു് നിങ്ങൾക്കാവുക?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. അവസാനദിനം.

“നിലപാടിൽ കാര്യമുണ്ടു്. ഏതു നിമിഷവും പ്രാണൻ പോകാവുന്നത്ര ജീവിതവുമായി ബന്ധം മുറിയുന്ന ഈ നേരത്തു എന്തിനു ഞാൻ അതു് വെളിപ്പെടുത്താതിരിക്കണം? പോരാട്ടത്തിലെ ഒരു സവിശേഷ ഘട്ടത്തിൽ, എന്നോടവൻ ഉള്ളു തുറന്നു. യുധിഷ്ഠിരനും മൂന്നു പാണ്ഡവരും, അർജ്ജുനന്റെ അസാന്നിധ്യത്തിൽ, പത്മവ്യൂഹത്തിലേക്കു മനഃപൂർവ്വം എറിയുകയായിരുന്നു എന്നാണു അഭിമന്യു അതിനു കാരണം പറഞ്ഞതു് പാണ്ഡവർ യുദ്ധം ജയിച്ചാൽ, അഭിമന്യു കിരീടാവകാശിയാവുമെന്നും, അതോടെ പാഞ്ചാലിയിൽ യുധിഷ്ഠിരനുണ്ടായ മകൻ മറ്റു പാണ്ഡവപുത്രന്മാർക്കൊപ്പം പടിക്കു പുറത്താവുമെന്നും തീരുമാനത്തിനു് പ്രചോദനമായി. കൗരവ പക്ഷത്തേക്കു അഭിമന്യുവിന്റെ കൂറുമാറ്റത്തിൽ തീരുമാനമെടുക്കാൻ, പക്ഷേ, ആ സമയത്തു എനിക്കായില്ല. സമ്മതിക്കുന്നു, എനിക്കു് വൈകിപ്പോയി. ഒരു നിമിഷം പോലും എന്റെ പ്രതികരണത്തിനു് മുഖമുയർത്താതെ കർണൻ അഭിമന്യുവിന്റെ ഇടനെഞ്ഞിൽ വാൾ ആഞ്ഞു കുത്തിയിറക്കിയില്ലായിരുന്നുവെങ്കിൽ, കുരുക്ഷേത്രയുദ്ധം കൗരവതോൽവിയിൽ അവസാനിക്കുമായിരുന്നുവോ? കൗരവപക്ഷത്തു വന്നാൽ, അഭിമന്യു ആദ്യം തലയറുക്കുക ആ നാലു ചതിയൻപാണ്ഡവരെ ആയിരുന്നില്ലേ? അഭിമന്യുവിനെ കൊല്ലണമെന്നു് ഞാനും കരുതിയിരുന്നില്ല, കർണൻ കുന്തിയുടെ മകനാണെന്ന രഹസ്യസത്യം ഇപ്പോൾ എനിക്കു് വ്യക്തമായി. കൗരവപക്ഷത്തു അഭിമന്യു വന്നാൽ, പിൽക്കാലത്തവൻ പ്രതിയോഗിയാവും എന്നു് കർണനും ഭയന്നു.”

“സഭാപതി നിങ്ങളായിരുന്നില്ലേ? എന്നിട്ടും ഒരു സ്ത്രീപീഡനം കണ്മുന്നിൽ സംഭവിച്ചു എന്നതിലിപ്പോൾ ഖേദമുണ്ടോ?”, കൊട്ടാരം ലേഖിക ഭീഷ്മരോടു് ചോദിച്ചു. ദൂരെ ദൂരെ രാജവീഥിയിലൂടെ, വടക്കൻ മലകളിലേക്കു പദയാത്ര ചെയ്യുന്ന ആറംഗ പാണ്ഡവ സംഘം കാഴ്ചയിൽ നിന്നു് മറയും വരെ മട്ടുപ്പാവി ലവർ കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ടിരുന്നു.

“ഖേദമുണ്ടു് കാര്യങ്ങൾ തെറ്റായി നിങ്ങൾ വായിച്ചെടുത്തതിൽ. പരക്കെ സ്വീകാര്യമായ നടപടിക്രമങ്ങൾ ആദ്യമേ സഭയുടെ അറിവിലേക്കായി അക്കമിട്ടു ഞാൻ നിരത്തി. കൗരവർ, പ്രത്യേകിച്ചു് ദുര്യോധനൻ, കളിയുടെ പുരോഗതിയിൽ ഓരോ ഘട്ടത്തിലും സഭാപതിയുടെ നിർദേശത്തിനു മുഖം തന്നു. കളി മാത്രമല്ല അവിടെ സംഭവിച്ചതു് ഇന്ദ്രപ്രസ്ഥം രാജസൂയ ചക്രവർത്തിയും കുടുംബവും സാമന്ത രാജ്യത്തിൽ വന്നു ചൂതാടുന്നതിന്റെ ഔചിത്യപരമായ ചട്ടലംഘനം നാം മാറ്റിവച്ചാലും കാണാം, വമ്പിച്ച സ്ഥാവരജംഗമ സ്വത്തുക്കളുടെ കൈമാറ്റം. കത്തുന്ന നിലവിളക്കിന്റെ മുമ്പിൽ, സഭാപതിയുടെ കൃത്യമായ പ്രഖ്യാപനങ്ങളോടെ പഴുതടച്ചു നീങ്ങി. ഒന്നൊന്നായി അതിനു എന്റെ പച്ചക്കൊടി നീട്ടി. സദസ്സിലുള്ളവരുടെ വ്യക്തിഗത നിരാശയുടെയോ തോറ്റവരുടെ നിർഭാഗ്യത്തിന്റെയോ ആത്മനിഷ്ഠ ബഹിർസ്പുരണങ്ങൾ നാം സംവാദത്തിൽ നിന്നു് മാറ്റിവച്ചാൽ, ഇന്നലെ രാത്രി അവിടെ നടന്നതു് രക്തരഹിത അധികാര കൈമാറ്റമായിരുന്നു. ചമ്രം പടിഞ്ഞിരുന്നാണു് ദുര്യോധനൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തിയെയും ബാക്കി അഞ്ചുപേരെയും കൗരവ അടിമകളാക്കിയതു് അതൊരു ചരിത്ര സംഭവമായിരുന്നു. അതിനെ വസ്ത്രാക്ഷേപമായി നിങ്ങൾ വില കുറച്ചു കാണരുതു്.”

2019-02-14

“നിങ്ങൾ വാടകക്കൊലയാളിയോ അതോ കൗരവ സൈനികനോ?”, കുരുക്ഷേത്രയിൽ പെട്ടെന്നു് മുന്നിൽ വന്ന മധ്യവയസ്കനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

കുരുക്ഷേത്ര. യുദ്ധ കാഹളം മുഴങ്ങാൻ നിമിഷങ്ങൾ.

“മൃഗമാംസ നിർമ്മിതിയാണെന്റെ തൊഴിൽ. ഉഴവു് മാടിനെ കാര്യക്ഷമമായി വെട്ടി തൊലി പൊളിച്ചു കുടലും കുളമ്പും നീക്കികഷണങ്ങളാക്കുന്നതു ഒരു സുമുഖ യുവാവു് കൗതുകത്തോടെ നോക്കുന്നതു് കണ്ടു ഞാൻ പുരികചലനം കൊണ്ടു് ആരെന്നന്വേഷിച്ചു. ആസന്നമായ കൂട്ടുകുടുംബസ്വത്തുതർക്കത്തിൽ പ്രഖ്യാപിത കുടുംബശത്രുക്കളെ ഇതുപോലെ കൊന്നു കാണിച്ചുതരാമെങ്കിൽ, പിന്നീടു് മരിച്ചാലും, കുടുംബത്തിനു് ആയുഷ്കാലഭക്ഷ്യവിതരണം ഉറപ്പു തരാമെന്നവൻ കൈപ്പത്തി നീട്ടി മുഖത്തുനോക്കി. നീ ആരാണു് എന്നു് ഞാൻ ചോരപുരണ്ട മടവാളുയർത്തി. ദുര്യോധനന്റെ മകനാണെന്നവൻ പറഞ്ഞു. ആരാണു് ദുര്യോധനൻ? എവിടെ നിന്നു് വരുന്നു നീ? എന്നു് മടവാള് താഴെവച്ചു വേറൊരു മൃഗത്തെ അഴിച്ചു കൊണ്ടുവന്നു തല വെട്ടാനൊരുങ്ങുമ്പോൾ ഞാൻ ചോദിച്ചു. അപ്പോൾ അവൻ പറഞ്ഞു, അതൊരു തർക്കരാജകുടുംബമാണു്, ഞങ്ങളുടെ കൂടെ നിന്നാൽ നീ തൊഴിൽമികവുകൊണ്ടു ഉയരങ്ങളിൽ എത്തും. ഒരു സ്വർണനാണയം എന്റെ ചോരപുരണ്ട കൈവെള്ളയിൽ വച്ചു. ഇതുപോലെ നീ ഞങ്ങളുടെ ശത്രുക്കളായ പാണ്ഡവർ അഞ്ചുപേരെയും കഴുത്തു വെട്ടി കുടൽ പുറത്തിടണം. നിന്റെ ഭാവി ശോഭന മാവട്ടെ, വീണ്ടും വരാം സൈനിക പരിശീലനത്തിനു് സമയമാവുമ്പോൾ. എന്നു് പറഞ്ഞവൻ അടുത്ത ഗ്രാമത്തിലേക്കു് കുതിരപ്പുറത്തു പോവുന്നതു് കണ്ടു. കൗമാരം മുതൽ കന്നുകാലികളെ വെട്ടുന്ന പണി ചെയ്ത എനിക്കിനി കുലീന പാണ്ഡവകഴുത്തുകൾ ആഞ്ഞു വെട്ടാൻ കിട്ടുമെന്ന സ്വപ്നലോകത്തിലാണിന്നു ഞാൻ.”

“സ്വയംവര മത്സരം ജയിച്ചു സ്വന്തമാക്കിയ വിശ്വസുന്ദരിയോടുള്ള പ്രണയത്തെ മുന്നോട്ടെടുക്കുന്നതു പരസ്പര്യത്തിലൂന്നിയ വൈകാരിക സാന്ത്വനമാണോ, അതോ ശാരീരികത്തിലൂന്നിയ സ്വാർത്ഥ ആസ്വാദനമാണോ?” കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. അഞ്ചു പാണ്ഡവരും ഭാര്യയും ഖാണ്ഡവപ്രസ്ഥത്തിലേക്കു ഭാഗ്യാന്വേഷികളായി പോവാൻ തീരുമാനിച്ചിരുന്ന കാലം. ഗംഗയാറിൻ തീരത്തെ ഹസ്തിനപുരിയുടെ പ്രസന്നമായ അന്തരീക്ഷം. വസന്തം പൂവിട്ടു നിന്ന ദിവസം.

പ്രേമസല്ലാപത്തിന്നിടയിൽ ഞാൻ ചോദിച്ചു,

“പാവം കുന്തിയെ പോലെ അധ്വാനിച്ചല്ല നീ ഒന്നിലധികം ഇണകളെ ബഹുഭർത്തൃത്വത്തിൽ നേടിയതു് എന്നാൽ കുന്തിയുടെ മകനായ എനിക്കു് ഒന്നിലധികം ഇണകളെ ബഹുഭാര്യാത്വത്തിൽ നേടാൻ യുവത്വം മുഴുവൻ അധ്വാനിച്ചാലും ആവില്ലെന്നു് അന്തഃരംഗം പറയുന്നു. അന്നിറങ്ങിപ്പോയതാണവൾ, പിന്നെ കിടപ്പറയിൽ വിരുന്നൂട്ടിയിട്ടില്ല.”

2019-02-15

“സത്യസന്ധൻ വിവേകശാലി മിതഭാഷി എന്നിങ്ങനെ ഉത്തമ പുരുഷന്റെ സദ്ഗുണ പട്ടിക നിരത്തി പുതിയ മഹാരാജാവു് യുധിഷ്ഠിരനെ പ്രകീർത്തിച്ച കൊട്ടാര ഗുരു കൃപാചാര്യൻ, വാ പൊത്താൻ പോലും മെനക്കെടാതെ കോട്ടുവായിട്ടു പട്ടാഭിഷേക വേദിയിൽ നിന്നിറങ്ങിപ്പോവുന്നതു് ശ്രദ്ധയിൽ പെട്ടുവോ?”, കൊട്ടാരം ലേഖിക ചോദിച്ചു. അരങ്ങേറ്റ മൈതാനത്തിൽ പാണ്ഡവ ഭരണകൂടത്തിനു് പൌരസ്വീകരണം.

“പിന്നെ അതൊക്കെ തൊഴിലുടമയുടെ ശ്രദ്ധയിൽ പെടില്ലേ? കൃപാചാര്യരെ പോലെ നാവിൽ കാപട്യം പുരട്ടി വേണ്ടതു് വേണ്ടപോലെ പറയാൻ വരുംകാലം നിങ്ങൾക്കും സാധിക്കണം. അല്ലെങ്കിൽ ഈ അഞ്ചു പാണ്ഡവരെ പേടിച്ചു നമുക്കു് ഹസ്തിനപുരിയിൽ വഴിനടക്കാനാവില്ല എന്നു് മിതമായി ബോധ്യമാവുകയും ചെയ്തു”, പെരുമാറ്റച്ചട്ടം തെറ്റിച്ചു കോട്ടുവായിട്ട കൃപാചാര്യരെ സഹായിക്കാനെന്നമട്ടിൽ വാ പൊത്തിപ്പിടിച്ചു ഭീമൻ വേദിയുടെ പിന്നിലേക്കു് വലിച്ചു കൊണ്ടുപോവുന്നതു ഒളിക്കണ്ണിൽ നോക്കി ‘ഹസ്തിനപുരി പത്രിക’യുടെ മേധാവി ശബ്ദം താഴ്ത്തി

“പോരാട്ടത്തിൽ കഷ്ടിച്ചു ജയിച്ചാലും, അഭിമന്യുവധം കൗരവ പ്രതിച്ഛായയെ മലിനപ്പെടുത്തുമെന്ന ആശങ്ക പങ്കിട്ടു കൊണ്ടാണല്ലോ നിഷ്പക്ഷ യുദ്ധനിരീക്ഷകർ ഇന്നലെ രാത്രി ശവസംസ്കാരത്തിനു് ശേഷം മടങ്ങിയതു് എവിടെയോ പിഴച്ചു എന്ന ഭീതിയുണ്ടോ?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

“അന്തസ്സില്ലാത്ത ആക്രമണത്തിന്റെ അവതാരകനായിരുന്നില്ലേ അഭിമന്യു? മുറിവൈദ്യൻ ആളെ കൊല്ലും എന്ന നാട്ടുമൊഴി അവനെ, അവനെ മാത്രം ഉദ്ദേശിച്ചാണെന്നു വ്യക്തമായി. പുറത്തുചാടാനുള്ള രഹസ്യവാക്കു് പഠിക്കാതെയവൻ പത്മവ്യൂഹത്തിൽ നുഴഞ്ഞുകയറിയെങ്കിൽ, തിരിച്ചുവരവുദ്ദേശിക്കാത്ത ചാവേർ ആക്രമണത്തിനാവില്ലെ സാധ്യത? മാരകായുധവുമായി കൈ അവൻ ഉയർത്താൻ ശ്രമിച്ച നേരം നോക്കി കർണ്ണൻ കത്തി കരളിൽ കുത്തിയിരുന്നില്ലെങ്കിൽ, സർവ്വനാശം വിതക്കുമായിരുന്നു എന്നു് ഞങ്ങൾ ശ്വാസം പിടിച്ചാണു് കണ്ടതു് കൗമാരത്തിൽ തന്നെ കർണ്ണന്റെ മനഃസാന്നിധ്യവും പോരാട്ടമികവും അംഗീകരിച്ചതാണെന്റെ നേട്ടം. അറിയാമല്ലോ, പോർക്കളപ്പെരുമാറ്റച്ചട്ടം എന്നൊന്നുണ്ടു് അതു് പാലിക്കാതെ കരിമ്പിൻതോട്ടത്തിലെ മദയാനയെ പോലെ വന്ന അഭിമന്യു, യഥാർത്ഥത്തിൽ അർഹിച്ചതിൽ കുറവു് നേരം കൊണ്ടവൻ കഥാവശേഷനായി എന്നൊരു കുറവു് മാത്രമേ ഞാൻ കണ്ടുള്ളു. കൊന്നാലും പോരാ, ചത്തവന്റെ ശവമടക്കിൽ കണ്ണടക്കാതെ നിന്നു കൊടുക്കയും വേണം എന്നു് വച്ചാൽ?”

2019-02-16

“കുലീന വസതികളിൽ, വിറകുവെട്ടാനും വെള്ളം കോരാനും, ജൈവമാലിന്യം നീക്കി വൃത്തിയാക്കാനും ഇരുപത്തിനാലു് മണിക്കൂർ പണിക്കു കൗരവരാജ വിധവകളെ പുനരധിവാസ പദ്ധതിയനുസരിച്ചു് പരിഗണിക്കാം എന്ന മഹാറാണി പാഞ്ചാലിയുടെ ഉത്തരവു് ഊഷ്മളമായി സ്വാഗതം ചെയ്യുമ്പോൾ തന്നെ, പരിപൂർണ പരിശോധനക്കു് അപേക്ഷകർ വിധേയമായിരിക്കണം എന്ന അയവില്ലാത്ത ഭരണകൂട നിബന്ധന വിധവകൾ അപലപിച്ചിരിക്കയാണു് എങ്ങനെ പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക ഔദ്യോഗിക വക്താവിനോടു് ചോദിച്ചു.

“വിവരം മുഴുവൻ പുറത്തു വന്നാൽ കൗരവരാജ വിധവകൾ അപലപിക്കുക പാണ്ഡവരെ ആവില്ല. നാണമില്ലാത്ത അഞ്ചു ആണുങ്ങൾ ഒരു പിഴച്ച പെണ്ണിനെ അന്യായമായി വച്ചു് കൊണ്ടിരിക്കുന്നു എന്നു് ലോകമെങ്ങും പരിഹസിച്ച കൌരവരുടെ ഞെട്ടിപ്പിക്കുന്ന ലൈംഗികഅരാജകത്വം ധവള പത്രത്തിലൂടെ നാളെ ആരംഭിക്കുന്ന രാജസഭയിൽ ലോകരാജ്യങ്ങളെ അറിയിക്കാൻ ഞങ്ങൾ ഒരുങ്ങുകയാണു്. ഒരു സ്ത്രീക്കു് ഔദ്യോഗിക അംഗീകാരമുള്ള അഞ്ചു ആണുങ്ങൾ എന്ന പാണ്ഡവലിംഗരീതിക്കു് പകരം, ഓരോ രാജവധുവിനും കൗരവകാലത്തു നേരിടേണ്ടി വന്നതു് ഒരു ഔദ്യോഗിക ഭർത്താവും, നൂറോളം കൗരവരതി പങ്കാളികളും. ഈ പറയുന്നതു് കൽപ്പിത ചരിത്രമല്ല, വിദുരർ നേരിട്ടു് സാക്ഷ്യപ്പെടുത്തിയ ഇരകളുടെ മൊഴി. പൊട്ടിക്കരഞ്ഞു പീഡന കഥ ഏറ്റു പറയുന്ന കൗരവ രാജവിധവകളുടെ സത്യസാക്ഷ്യം.”

“കിരീടാവകാശിയാവാനുള്ള സാധ്യത, മക്കൾക്കു പകരം അഭിമന്യുവിനാണുണ്ടാവുന്നതെങ്കിൽ, നിലപാടെന്തായിരിക്കും? ചൂതു കളിപ്പിച്ചു അഭിമന്യുവിനെയും ഉത്തരയെയും വനവാസത്തിനയക്കുമോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“അഭിമന്യുവിനെ ഗൂഡാലോചനയിൽ പങ്കാളിയാക്കി, മുതിർന്ന മൂന്നു പാണ്ഡവരെ നിർബന്ധിത വിടുതലിലൂടെ വനവാസത്തിനയക്കുക എന്ന വഴി തേടുകയല്ലേ സ്വാഭാവികം? കൗശലത്തിലൂടെ അഭിമന്യുവധം ഒരു പദ്മവ്യൂഹത്തിൽ കെട്ടിവച്ചു യുധിഷ്ഠിരൻ ലോകമനഃസാക്ഷിയെ കബളിപ്പിച്ചതൊക്കെ വാർത്തയായതല്ലേ. കാപട്യവും കുടിലതയും സമന്വയിച്ച അപൂർവ്വ വ്യക്തിത്വം എന്നല്ലേ തലക്കെട്ടു്.”

2019-02-17

“വിശിഷ്ടാതിഥിയെ പരസ്യവേദിയിൽ വിവസ്ത്രയാക്കുക, മര്യാദകേടല്ലേ എന്നു് കണ്ടുനിൽക്കുന്നവർ വിരൽ ചൂണ്ടുമ്പോൾ നാണമില്ലാതെ നാവു നീട്ടി ന്യായീകരിക്കുക-കുലീനകുരുവംശം ഇപ്പോൾ കാടൻകൗരവരുടെ പിടിയിലായോ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. വനവാസത്തിനു പാണ്ഡവസംഘം കോട്ടക്കകത്തു നിന്നു് പുറത്തേക്കു പദയാത്ര ചെയ്യുന്ന പ്രഭാതം.

“പാഞ്ചാലിയെ നിങ്ങൾ പ്രതിരോധിക്കാം, പക്ഷേ, വസ്തുത ചോർന്നു പോവാൻ സമ്മതിക്കരുതു് സൗന്ദര്യപരിശീലകയെന്ന പേരിലാണു്, ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയായല്ല, പാഞ്ചാലി അന്തഃപുരത്തിൽ പരിമിതിയില്ലാത്ത പ്രവേശനം നേടിയതു് ആണുങ്ങൾ വട്ടംചുറ്റിയിരുന്നു ചൂതാടുമ്പോൾ, കൗരവരാജ കുമാരികൾക്കുടലഴകിനുള്ള ഉപദേശം കിട്ടുമെന്നു് കരുതിയ കൗരവർ പിന്നീടു് കേട്ടതു്, ഞെട്ടിപ്പിക്കുന്ന പീഡനകഥ. മാതൃവാത്സല്യമെന്നു കരുതിയ അമിത വികാരപ്രകടനങ്ങൾക്കു പിന്നിൽ, വഴിതെറ്റിയ ബാല രതി? പെരുമാറ്റ മര്യാദയുടെ അവസാനവാക്കെന്നൊക്കെ ഞങ്ങൾ അഭിമാനിച്ചിരുന്ന (ഞാൻ ഒരിക്കൽ അവളുടെ ഇന്ദ്രപ്രസ്ഥം വസതിയിൽ വഴുക്കി വീണപ്പോൾ യുധിഷ്ഠിരൻ ഉൾപ്പെടെ പാണ്ഡവർ പൊട്ടിച്ചിരിച്ചു പാഞ്ചാലി കരുതലോടെ ഓടിവന്നെന്നെ കൈ പിടിച്ചുയർത്തി, ആ ഓർമ്മ ഒരു സാന്ത്വനമായിരുന്നു ഏറെക്കാലം) ബാലരതിയുടെ വസ്തുനിഷ്ഠ വിവരണം ഞങ്ങൾ കേട്ടതു് കുന്തിയിൽ നിന്നായിരുന്നു. പാഞ്ചാലിയുടെ ആരാധകരായ ഞങ്ങൾ വേദനയോടെ തല താഴ്ത്തി. അധികാരശ്രേണിയിൽ കുരുവംശം സാമന്തപദവിയിലായതുകൊണ്ടു ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി വന്നപ്പോൾ ഞങ്ങൾ അണിയിച്ചിരുന്ന തിരുവസ്ത്രം പ്രതിഷേധസൂചകമായി ഊരുന്ന നടപടിക്രമത്തെയാണു് നിങ്ങൾ വസ്ത്രാക്ഷേപമെന്നു തെറ്റായി അടയാളപ്പെടുത്തിയതു് തിരുവസ്ത്രമൂരുന്നതു അംഗീകൃത ശിക്ഷാ നടപടിയായി കാണാൻ ഭീഷ്മർ അധ്യക്ഷനായ ചൂതാട്ടസഭക്കായെങ്കിലും, നിങ്ങൾ മാത്രമാണതിനെ പാഞ്ചാലിക്കു മേൽ ‘അപരിഷ്കൃതകൗരവരുടെ അവഹേളനം’ എന്നു് പറയാൻ ധൈര്യപ്പെട്ടതു്. സൗന്ദര്യപരിപാലനം ഒരു ലൈംഗികചൂഷണോപാധിയായി ദുരുപയോഗം ചെയ്യുന്ന ആർക്കും ഈ ശിക്ഷാനടപടി ബാധകമായിരിക്കും. നിങ്ങൾ ഉൾപ്പെടെ.”

2019-02-18

“ഒന്നൊന്നായി അഞ്ചു നവജാതശിശുക്കളെയും ഇന്ദ്രപ്രസ്ഥയിൽ നിന്നു് പാഞ്ചാലയിലെ പിതൃ പരിരക്ഷണത്തിൽ എത്തിക്കുവാൻ വാശിയോടെ പാഞ്ചാലി പരിശ്രമിച്ച പോലെയാണു് ആ കാലഗണന നോക്കുമ്പോൾ അറിയുന്നതു്. കുട്ടികളെ മുലയൂട്ടിയും പരിലാളിച്ചും വളർത്തുന്നതൊരു രസമായി കാണാൻ പെറ്റതള്ളക്കു ആവാഞ്ഞതു് എന്തുകൊണ്ടായിരിക്കാം?” കൊട്ടാരം ലേഖിക ഇളമുറ മാദ്രീപുത്രൻ നകുലനോടു് ചോദിച്ചു.

“സംഘർഷഭരിതമായൊരു ബഹുഭർത്തൃത്വ ദാമ്പത്യ ജീവിതത്തിൽ, ഊഴം വച്ചു് ഞങ്ങളഞ്ചുപേരിൽ നിന്നും ഗർഭം ധരിച്ചു എന്നവൾ കർത്തവ്യബോധത്തോടെ അവകാശപ്പെടാറുണ്ടു് അതിന്റെ പ്രയോഗിക സാധ്യതയെ കുറിച്ചൊക്കെ ഭീതിയോടെ മാത്രമേ അഞ്ചിലൊരു പങ്കാളിയെന്ന നിലയിൽ കാണാനാവൂ. ദാമ്പത്യജീവിതത്തിന്റെ വിരസദിനചര്യയും, വിവാഹബാഹ്യ സൗഹൃദങ്ങളുടെ രഹസ്യാത്മകതയുമായി ഇന്ദ്രപ്രസ്ഥത്തിൽ രാജജീവിതം ആഘോഷിക്കുന്ന പാഞ്ചാലിക്കു് തോന്നിയിരിക്കാം, പെരുമാറ്റ കാപട്യത്തിന്റെ പ്രായോജകനായ യുധിഷ്ഠിരനെ പോലുള്ളവരുമായി ദിവസത്തിൽ പല കുറി ഏറ്റുമുട്ടേണ്ടിവരുമ്പോൾ, നിഷ്കളങ്കത വിട്ടുമാറിയിട്ടില്ലാത്ത കൊച്ചുകുട്ടികളുടെ നിരന്തരസാന്നിധ്യം അവളുടെ ലോലലോലമായ മനഃസാക്ഷിയെ കുത്തിനോവിക്കുമോ.”

“യുധിഷ്ഠിരകുടുംബം അതിർത്തിയിൽ എത്തിയ മുതൽ ഹസ്തിനപുരി വരെ തേരോടിച്ചതു നിങ്ങളായിരുന്നല്ലോ. ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞു പാണ്ഡവസംഘം വനവാസത്തിനു പോവുമ്പോൾ നഗരാതിർത്തി വരെയെങ്കിലും അനുഗമിക്കാൻ തയ്യാറാവാഞ്ഞതു് എന്തു കൊണ്ടാണു്?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. മട്ടുപ്പാവിൽ നിൽക്കുകയായിരുന്ന അവരുടെ കാഴ്ചപരിധിയിൽ പാണ്ഡവർ നഗ്നപാദരായി വടക്കോട്ടു നീങ്ങുന്നതു് തെളിഞ്ഞ പ്രഭാതവെയിലിൽ കാണാമായിരുന്നു.

“രാജസൂയ ചക്രവർത്തിപദവി വഹിക്കുന്ന യുധിഷ്ഠിരൻ കൗരവ അതിഥിയായി വരുമ്പോൾ, സാമന്ത രാജ്യത്തിലെ അംഗം എന്ന നിലയിൽ ചെയ്ത ആതിഥ്യമര്യാദ ആണോ വിമർശിക്കാൻ നിങ്ങൾ ആയുധമാക്കുന്നതു്? രാജ്യാതിർത്തി മുതൽ ചൂതാട്ടസഭ വരെ, ചക്രവർത്തിയെ കൂട്ടിക്കൊണ്ടുവരുന്ന ഉത്തര വാദിത്വം കാര്യക്ഷമമായി ഞങ്ങൾ ചെയ്തു. എന്നാൽ പാണ്ഡവർ വ്യാഴവട്ടക്കാല ശിക്ഷക്കായി ഹിമാലയത്തിലേക്കു് പദയാത്ര ചെയ്യുന്നതു് കുരുവംശനിയമ സംഹിതയനുസരിച്ചു ‘കൗരവ അടിമ’ എന്ന പദവിയിലാണു് പൗരാവകാശങ്ങൾ പിൻവലിക്കപ്പെട്ട അടിമകൾക്കു് അകമ്പടി പോവാൻ ദുര്യോധനൻ തയ്യാറായി എന്നറിഞ്ഞാൽ, ആചാര ലംഘനത്തിനു പരമോന്നതനീതിപതി ഭീഷ്മർ എന്നെ നീതിപീഠം പിരിയും വരെ മൂലയിൽ ഇരുത്തി ശിക്ഷിക്കില്ലേ”, ഇന്ദ്രപ്രസ്ഥത്തിലെ സ്വത്തുക്കൾ കണ്ടെടുക്കാൻ ഒരു സംഘം കൗരവരെ യാത്രയാക്കുന്ന തിരക്കിലായിരുന്നു ദുര്യോധനൻ.

2019-02-19

“മുഖം താഴ്ത്തി ദുര്യോധനൻ പുറത്തേക്കു പോകുന്നതു കണ്ടാണു് ഞാനിങ്ങോട്ടു കയറിയതു്, വിരൽനഷ്ടത്തിൽ ഖേദം പ്രകടിപ്പിക്കാൻ വന്നതാണോ കുടില കൗരവൻ?” ആരണ്യ നിവാസ് എന്ന നിഷാദ മന്ദിരത്തിലെ ജാലകത്തിന്നരികെ ഇരുന്ന ഏകലവ്യനോടു് കൊട്ടാരം ലേഖിക ഉപചാരത്തോടെ ചോദിച്ചു.

“കർണ്ണനെ അംഗരാജാവായി പുനരധിവാസം ചെയ്ത പോലെ നിന്നെയും ഒരു വിദൂരരാജ്യത്തിന്റെ നാമ മാത്ര രാജാവാക്കാം എന്നു് ദുര്യോധനൻ വാഗ്ദാനം ചെയ്തു. നിലവിൽ ഞാൻ നിഷാദരാജാവിന്റെ മകനായതുകൊണ്ടു് പുതിയ രാജ്യം എന്ന നിർദ്ദേശം സ്വീകാര്യമല്ലെങ്കിൽ കുരുവംശക്ഷേമനിധിയിൽ നിന്നൊരു സംഭാവന തരാൻ ധൃതരാഷ്ട്രരെ പ്രേരിപ്പിക്കാമെന്നു അപ്പോളവൻ വാക്കുതന്നു. അതും ഹൃദയപൂർവ്വം തിരസ്കരിച്ചപ്പോൾ, എന്തു് നന്മ ചെയ്തുകൊണ്ടാണു് തള്ളവിരൽ നഷ്ടപ്പെട്ട ദുർവിധിയുമൊത്തു ഐക്യപ്പെടേണ്ടതെന്നവൻ ചോദിച്ചു. സവർണ്ണ ബ്രാഹ്മണ്യത്തെ നിങ്ങൾ വിധേയപ്പെട്ടു ജീവിക്കുന്നവരാണെന്നു, ഭാവിയിലൊരു മഹായുദ്ധമുണ്ടാവുകയാണെങ്കിൽ, ബ്രാഹ്മണദ്രോണരെ കൗരവ സർവ്വ സൈന്യാധിപനാക്കുക വഴി നിങ്ങൾ പ്രവചനം സാർഥകമാക്കുമോ എന്നു് കാത്തിരുന്നു് കാണാം എന്നു് ഉപചാരപൂർവ്വം മന്ത്രിച്ചു. ഉണക്കപ്പഴങ്ങളുടെ പൊതിയുമെടുത്തു ദുര്യോധനൻ യാത്ര പറയാതെ ഇറങ്ങിപ്പോയപ്പോൾ ആണു് തള്ളവിരലില്ലാത്ത കയ്യിന്റെ വിശേഷമറിയാൻ നിങ്ങൾ ഇങ്ങോട്ടു വരുന്നതു്.”

“കൗരവരാജവിധവകൾക്കൊരു കൈത്താങ്ങു്” എന്ന പദ്ധതിആനുകൂല്യങ്ങൾ നിർത്തലാക്കിയതായി പരാതിയുണ്ടല്ലോ? വിധവകൾ ഭരണകൂടത്തിന്റെ കുഴലൂത്തുകാരല്ല എന്ന തിരിച്ചറിയലിന്റെ ബലത്തിലാണോ അന്നം മുട്ടിക്കൽ? എങ്ങനെ പ്രതികരിക്കുന്നു?”, മഹാറാണി പാഞ്ചാലിയുടെ കാര്യാലയത്തിന്റെ ചുമതല വഹിക്കുന്ന സഹദേവനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“പരാതിയുണ്ടാവാനിടയുണ്ടു് എന്ന അറിവിൽ വസ്തുതകൾ ഞങ്ങൾ സംഭരിച്ചു. കൈത്താങ്ങു വിധവകൾക്കു് മാത്രമായിരിക്കെ, കൗരവരാജ വിധവകൾ കഴുത്തിൽ മിന്നു കെട്ടിയതോടെ ‘വിവാഹിത’ എന്ന പദവി നേടി. ചെലവിനു് കൊടുക്കാൻ ഉത്തരവാദിത്വമുള്ള ഓരോ നവവരനും കഴിക്കുന്ന ഭക്ഷണം, പരേത ഭർത്താവിന്റെ സൈനികസേവനത്തിനു അർഹതപ്പെട്ടതാണെന്ന ബോധ്യം രുചികരമാവില്ല എന്നു് പുതു ഭർത്താക്കന്മാർ രേഖാമൂലം ഭരണകൂടത്തെ അറിയിച്ചതിനെ തുടർന്നായിരുന്നു നടപടി. ദാമ്പത്യത്തിൽ പുരോഗമന ചിന്താഗതി പുലർത്തുന്ന പാഞ്ചാലി, യുദ്ധവിധവകളുടെ പുനർവിവാഹത്തോടെ ആനുകൂല്യങ്ങൾക്കു് തടസ്സം നിൽക്കരുതെന്ന നിലപാടെടുത്തതു് വെറുതെയായി.”

“ഭൂരഹിത ആദിവാസികളോടു് നിങ്ങൾക്കെന്താ പെട്ടെന്നൊരു ഭൂതദയ? “ഇനിയരുതു് അത്താഴപ്പട്ടിണി” എന്ന കുരുവംശ ഭക്ഷ്യസുരക്ഷാ പദ്ധതി നിങ്ങൾ വാരണാവതത്തിൽ ഉത്ഘാടനം ചെയ്തതിനെ കുറിച്ചു് പ്രാദേശിക ലേഖകൻ അയച്ച വാർത്ത ഇന്നു് കിട്ടി”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

“കൌമാരം വരെ കാട്ടിൽ കഴിഞ്ഞ പാണ്ഡവകുട്ടികൾക്കു് കളിക്കൂട്ടു് ആദിവാസികുടുംബങ്ങൾ ആയിരുന്നു. തോന്നുമ്പോൾ തോന്നുമ്പോൾ കയ്യിട്ടു വാരിത്തിന്നാൻ അന്നു് കുന്തിയുടെ കുടിലിൽ അക്ഷയപാത്രമൊന്നുമില്ല. ഒരു നേരത്തെ അന്നത്തിനു ഊട്ടുപുരയിൽ കുന്തിയും മാദ്രിയും പാടുപെടുമ്പോൾ, ആദിവാസിക്കുട്ടികൾ കെണി വച്ചും മുയലിനെ പിടിച്ചും തീൻശാല സമൃദ്ധമാക്കി. പിന്നീടവർ അഭയാർഥികളായി ഹസ്തിനപുരിയിൽ എത്തിയശേഷം, വാരണാവാതം സുഖവാസമന്ദിരം ഗൂഢപദ്ധതിയിൽ അരക്കും, മെഴുകും ചേർത്തു് കുന്തി കത്തിച്ചു. ഇതൊക്കെ മാധ്യമങ്ങൾ പതുക്കെ അറിയുന്നതേയുള്ളു. കത്തിക്കരിഞ്ഞതു് പാണ്ഡവർ എന്ന വ്യാജ ആഖ്യാനമുണ്ടാക്കാൻ, കുന്തി ഇരയായി കൗശല പൂർവ്വം കണ്ടെത്തിയതു് അന്നം ചോദിച്ചുവന്ന ആറംഗ ആദിവാസികുടുംബത്തെ. വിഷം കലർത്തിയ അത്താഴം അറിഞ്ഞു വിളമ്പി, ആറു പേരും മരിച്ചെന്നുറപ്പാക്കി മന്ദിരം തീയിട്ടു്, തല മൂടി, കുന്തിയും മക്കളും ഭൂഗർഭ ഇടനാഴിയിലൂടെയിലൂടെ സുരക്ഷിത താവളത്തിലേക്കു് ഒളിച്ചു കടന്നു. വിവരമറിഞ്ഞ ഞങ്ങൾ ഭീഷ്മരുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു് തീരുമാനിച്ചു, കുരുവംശത്തിനു പാണ്ഡുവിധവ വഴി സംഭവിച്ച ഈ കൊടും പാപത്തിനു പരിഹാരമായി ആദിവാസികൾക്കു് സൗജന്യഭക്ഷ്യവിതരണം ഉടനടി.”

2019-02-20

“നിരായുധനായി നിലത്തുവീണ അഭിമന്യുവിനെ വയറിൽ വാളിറക്കി കർണ്ണൻ കൊന്നു എന്നാണല്ലോ പരേതന്റെ പിതൃസഹോദരൻ വിലപിക്കുന്നതു്?” കൊട്ടാരം ലേഖിക ചോദിച്ചു.

“യുദ്ധനീതിയുടെ ആദ്യാക്ഷരമറിയുന്ന ആരെങ്കിലും അങ്ങനെ ചെയ്യുമോ? സ്തോഭജനകമായ ഒരു പോർക്കള മരണം എന്നു് നിങ്ങൾക്കു് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കണം എന്നു് ചോദ്യാവതരണത്തിൽ നിന്നു് വ്യക്തമല്ലേ. കൗമാരപോരാളികളെ കൊല ചെയ്യുന്ന പ്രാകൃതസിദ്ധാന്തത്തിനു പരിഷ്കൃത സമൂഹത്തിൽ സ്ഥാനമില്ലെന്ന നിലപാടു് തന്നെയാണിപ്പോഴും പ്രഖ്യാപിക്കുക. പക്ഷേ, അതിനു അഭിവന്ദ്യ കർണ്ണനെതിരെ കുറ്റപത്രമെഴുതുന്നതിനോടു് യോജിപ്പില്ല. ഹസ്തിനപുരി ഉന്നതതല സമ്മേളനത്തിൽ അംഗീകരിച്ച പോരാട്ട ചട്ടങ്ങളുടെ നിർദോഷമായൊരു ലംഘനമെന്നതിൽ കവിഞ്ഞു വാർത്താപ്രാധാന്യം ഇതിനില്ല. ശവസംസ്കാരത്തിൽ ഞാൻ പങ്കെടുക്കുമോ എന്നതൊരു അനുബന്ധചോദ്യമാണു് ഏറ്റവും പ്രസക്തമായ വേറൊരു ചോദ്യമാണിന്നു നമ്മെ തുറിച്ചു നോക്കുന്നതു്: എവിടെ പാണ്ഡവർ? അഭിമന്യുവിനെ അപകടകരമായ പദ്മവ്യൂഹത്തിലേക്കു സ്വാർത്ഥ താൽപ്പര്യത്തോടെ വലിച്ചെറിഞ്ഞ പാണ്ഡവഭീരുക്കൾ ഏതു മാളത്തിലുണ്ടെങ്കിലും മുടിയിൽ പിടിച്ചു പുറത്തേക്കു വലിച്ചുകൊണ്ടുവരുന്നവനു്, ഞങ്ങൾ യുദ്ധം ജയിച്ചു ഹസ്തിനപുരിയിലെത്തിയാൽ, യുദ്ധരത്ന പുരസ്കാരം നൽകി ആദരിക്കും.”

“മുൻമഹാറാണിമാരായ ഗാന്ധാരിയും കുന്തിയും അമ്മദൈവങ്ങളായാണു് ഹസ്തിനപുരിയുടെ പൊതുമനസ്സിൽ കുടികൊള്ളുന്നതു്, അവരുടെ വ്യക്തിത്വം അത്രമേൽ മാതൃബിംബങ്ങളായി. എന്നാൽ അഞ്ചു പ്രസവിച്ചിട്ടും, അഞ്ചു ഭർത്താക്കന്മാർക്കു് ദാമ്പത്യസേവനദാതാവായിട്ടും നിങ്ങളെ ഇവിടെ ആരും ഒരു അമ്മയായി കാണാത്തതു് എന്തു കൊണ്ടാണു്? ഒരു കന്യകാപരിവേഷത്തിലാണിപ്പോഴും പാഞ്ചാലിയെന്ന നാമം ഉച്ചരിക്കപ്പെടുന്നതു്?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“അജ്ഞാതവാസത്തിനു തയ്യാറെടുക്കുമ്പോൾ സ്ത്രൈണത എത്രയൊക്കെ മനുഷ്യപ്രയത്നത്താൽ മറച്ചു വക്കാമോ അത്രയൊക്കെ ചെയ്തിട്ടും, യുവ കോമളനായൊരു സേനാപതിയെന്നിൽ അനിയന്ത്രിതമായ ആരാധനയോടെ പ്രണയാഭ്യർത്ഥന ചെയ്തിരുന്നു. അഞ്ചു പെറ്റവളാണു് ഞാനെന്നും, പായിൽ കൂടെ കിടക്കുന്ന അഞ്ചു ആണുങ്ങളെ ദശാബ്ദങ്ങളായി രമിപ്പിക്കാൻ രാവേറെ ചെല്ലും വരെ പ്രയത്നിക്കുന്നവളാണു് ഞാനെന്നും അവനെ നിരുത്സാഹപ്പെടുത്താൻ ഞാൻ പറഞ്ഞു നോക്കി. അപ്പോളവൻ മുമ്പിൽ മുട്ടുകുത്തി ഇരുകൈകളും എന്റെ അരക്കെട്ടിൽ ചുറ്റി മുഖമമർത്തി കേണു, ആ കഥകളൊക്കെ ഞാൻ തള്ളിക്കളയുന്നു. അമ്മയേക്കാൾ പ്രായമുള്ളവളായിരിക്കാം നീ, എന്നാൽ സങ്കൽപ്പരതിയിൽ നീയിന്നും സ്വയംവര കന്യകയാണു് കത്തിപ്പടരുന്ന പുരുഷ കാമനയിൽ നീയെനിക്കു പരിമളവാഹിയായ സൗഗന്ധികമാണു് അത്രയും കേട്ടാൽ അവനെ പിടിച്ചെഴുനേൽപ്പിച്ചു. ആ ദാഹം ശമിപ്പിക്കുകയല്ലാതെ എന്നെ നീ ‘അമ്മ എന്നു് വിളിക്കൂ എന്നെന്റെ പെണ്ണുടലിനു പറഞ്ഞൊഴിയാ നാവുമോ’, പറഞ്ഞുപറഞ്ഞവൾ ഭൂതാതുരതയിൽ നിന്നു് പുറത്തുകടക്കുന്ന പോലെ തോന്നി. “പ്രിയപ്പെട്ടവനേ കുടിലപാണ്ഡവരുടെ ചതിയിൽ നിന്നെ ഹോമിക്കാൻ ഞാൻ നിമിത്തമായല്ലോ.”

2019-02-22

“പാഞ്ചാലിയുടെ നിർദേശങ്ങളനുസരിച്ചാണു് വാസ്തു ശിൽപ്പി മായൻ ഇന്ദ്രപ്രസ്ഥംനഗര സൗധങ്ങളുടെ സർഗാത്മക ആവിഷ്കാരം ഇത്ര മനോഹരമാക്കിയതെന്നു കേട്ടിരുന്നു എങ്കിലും, വിസ്തരിച്ചു ചുറ്റി നടന്നു കണ്ടു ഹസ്തിനപുരിയിൽ കാൽ കുത്തിയ ആദ്യ കൌരവനല്ലേ? എന്തുണ്ടു് ആ മോഹനനഗരിയെ കുറിച്ചു് തേനൂറുന്ന ഓർമ?”, തേരിൽ നിന്നു് ഗോപുര വാതിലിനു മുമ്പിൽ കൃത്യതയോടെ ചാടി യിറങ്ങുന്ന ദുര്യോധനനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“ഓർമയിൽ നിന്നു് പോകാത്തവിധം കുളിരനുഭവം തരുന്ന മനോഹരസൌധങ്ങളുടെ അത്യാധുനിക വാസ്തുശിൽപ്പസമുച്ചയം പാഞ്ചാലിയുടെ ഉടലഴകു പോലെ ചേതോഹരമായിരുന്നു. കാഴ്ചയുടെ ഉത്സവം തീർത്ത ഇന്ദ്രപ്രസ്ഥം. സൗന്ദര്യശാസ്ത്രപരമായ കൊച്ചുകൊച്ചു കൗതുകങ്ങൾ ഒപ്പം നടന്നു പങ്കിടുകയായിരുന്ന പാഞ്ചാലിക്കെന്തോ സ്ഥലജല ഭ്രമം ഉണ്ടാവുകയും മുന്നോട്ടുവച്ചകാൽ തടഞ്ഞു വീഴുകയും ചെയ്തതു് എല്ലാവരെയും ഞെട്ടിച്ചു. എന്നാൽ ഭാഗ്യമെന്നു പറയട്ടെ, നിരന്തരം കായിക പരിശീലനം കൊണ്ടു് നേടിയെടുത്ത പ്രതികരണ ജാഗ്രതയിൽ ഞാൻ, ആ മഹതിയെ കോരിയെടുത്തു വീഴ്ചയുടെ ആഘാതഭീഷണിയിൽ നിന്നു് രക്ഷിച്ചതായിരുന്നു. ഇരുവശങ്ങളിലും നിറഞ്ഞു കവിഞ്ഞ വിശിഷ്ടാതിഥികളുടെ കരഘോഷത്തിൽ വ്യക്തമായതു് എന്നെ ആപത്തിൽ നിന്നു് രക്ഷിച്ചവൻ എന്നർത്ഥം വരുന്ന പാഞ്ചാലദേശ ഭാഷയിലെ പ്രാർത്ഥന ഉച്ചരിച്ചു, ചക്രവർത്തിയെന്ന നിലയിലുള്ള അംഗീകൃത പെരുമാറ്റച്ചട്ടത്തിൽ പെടാത്ത വിധം, കോട്ടവാതിലിനു പുറത്തു വന്നു യാത്രയാക്കി. അവളുടെ അഞ്ചോളം ഭർത്താക്കന്മാർ സ്തബ്ദരായി ഈ കാഴ്ചകളൊക്കെ നോക്കി നിന്നതാണു് തേനൂറുന്ന ഒരോർമ്മ.”

“സ്വച്ഛ ഹസ്തിനപുരി എന്ന പ്രചാരണവുമായി നാടുനീളെ ഓടിനടക്കുന്നതിനിടയിൽ പെട്ടെന്നൊരു വനവാസമോഹം? അതോ, പരീക്ഷിത്തിനു് ചെങ്കോൽ കൈമാറിയതോടെ, ആഡംബരവും അധികാരവും കൈ വെടിഞ്ഞു, പാണ്ഡവർ മുഴുനീള പരിത്യാഗികളായോ?” കൊട്ടാരം ലേഖിക ചോദിച്ചു.

“കാടോർമ്മ കൈമാടി വിളിക്കുന്നു. പക്ഷികളും പ്രാവുകളും, കരിമൂർഖനും മുള്ളൻ പന്നിയും, നീർചാലും പുൽമേടുകളും ഉള്ള കാട്ടിലായിരുന്നല്ലോ ബാല്യകൗമാരങ്ങൾ. ഇല്ലായ്മയിൽ പിച്ച വെക്കുന്ന പ്രായമായതിനാൽ, അന്നതിന്റെ ഹരിത മൂല്യമറിഞ്ഞില്ല. കുടിയേറ്റക്കാർ എന്ന നിലയിൽ കരുണയില്ലാതെ ഖാണ്ഡവവനം കത്തിച്ചു, തീ ആളിപ്പടർന്നപ്പോൾ പ്രാണഭീതിയിൽ പുറത്തു ചാടുന്ന കാട്ടുജീവികളെ ചുട്ടു കൊല്ലാൻ മാരകായുധങ്ങൾ മതിമറന്നു പയോഗിച്ചു. അടിമജീവിതത്തിൽ കാട്ടിൽ കഴിഞ്ഞ വ്യാഴവട്ടക്കാലം അവമതിയിലായിരുന്നതുകൊണ്ടു് അന്നും പ്രകൃതിയെ പുണരാനല്ല പ്രതിയോഗികളെ എങ്ങനെ കീഴ്പ്പെടുത്തുമെന്നായിരുന്നു ഉള്ളം മുഴുവൻ. ഇന്നു് ഞങ്ങൾ തീർത്തും നിരായുധർ മിക്കവാറും വിവസ്ത്രർ. നരിക്കും ഇഴജീവിക്കും പ്രകൃത്യാതീത ശക്തികൾക്കും എളുപ്പം ഇര”, സ്വത്തുതർക്കത്തിനുത്തരം കരൾ പിളർന്നു വേണം എന്ന യുദ്ധഭാവനയെ ഉത്തേജിപ്പിച്ച ആ ധീര പോരാളികൾ നഗ്നപാദരായി കാട്ടിലേക്കു് കാൽ വച്ചപ്പോൾ അവർക്കിത്രയും കാലം പായക്കൂട്ടായിരുന്ന പാഞ്ചാലി അപരിചിതയെ പോലെ അകലം പാലിച്ചു.

2019-02-23

“കർണ്ണനോടു് ജാതിവിവേചനം കാണിച്ചതിൽ ഇപ്പോഴെങ്കിലും ഖേദം തോന്നുന്നുണ്ടോ?” കൊട്ടാരം ലേഖിക ദ്രോണാചാര്യനോടു് ചോദിച്ചു. അംഗരാജാവായി കർണ്ണനെ ദുര്യോധനൻ പട്ടാഭിഷേകം ചെയ്യുകയായിരുന്ന അരങ്ങേറ്റ മൈതാനത്തിൽ ഒരു ദേശീയ ഉത്സവം പോലെ ഹസ്തിനപുരി പ്രസന്നമായിരുന്നു.

“അവൻ ‘കീഴ്ജാതി’ക്കാരനാണോ, ആകാശചാരികളുടെ ജനിതകധാരിയാണോ എന്നൊന്നും നോക്കിയായിരുന്നില്ല ശിഷ്യത്വം നിഷേധിച്ചതു്, ആദ്യദർശനത്തിൽ അറപ്പു തോന്നും വിധം ശരീരത്തിൽ കണ്ട ജൈവ മാലിന്യം കൊണ്ടുമായിരുന്നില്ല. ഹ്രസ്വമായ അഭിമുഖത്തിൽ അവനെടുത്ത നിലപാടു കൊണ്ടായിരുന്നു. ഏതു സാമാന്യചോദ്യത്തോടും മുഖം തിരിക്കുന്ന ഭാവവും, സ്വയം ഒരു വിമതനാണെന്നു് സമർത്ഥിക്കാനുള്ള വെമ്പലും, ശിഷ്യത്വ നിരാകരണമുണ്ടായാൽ ‘താണജാതി’യോടു ബന്ധപ്പെടുത്തുമെന്ന ദുഃസ്സൂചനയും പിന്നിലുണ്ടു്. ഭരണകൂടവിരുദ്ധ വികാരം നിറഞ്ഞ അന്നത്തെ ഭാവാവിഷ്കാരമൊക്കെ വെറും പടമായിരുന്നു എന്നു് വ്യാജപട്ടം അവനു സമ്മാനിച്ച ദുര്യോധനന്റെ മുമ്പിൽ അടിമത്വം പ്രഖ്യാപിച്ചതിൽ വ്യക്തമായല്ലോ. വരുംകാലങ്ങളിലും ഈ ‘അംഗരാജ്യബഹു മതി’യിൽ മതിമറന്നുള്ള കൗരവവിധേയത്വം വ്യക്തമാവുന്ന സന്ദർഭങ്ങൾ ഉണ്ടാവുമ്പോൾ എന്നെ സമീപിക്കൂ.”

“വിമതനെങ്കിലും ബൗദ്ധികസ്വത്തല്ലേ? ശിക്ഷിക്കാൻ മാത്രം ആ യുക്തിവാദി എന്തു് പാപം ചെയ്തു?”, കൊട്ടാരം ലേഖിക ഔദ്യോഗിക വക്താവിനോടു് ചോദിച്ചു.

“കോട്ടവാതിലിനു പുറത്തുള്ള കൽച്ചുവരിൽ കണ്ട താക്കീതുകൾ ആദ്യം അവഗണിച്ചു പിന്നെ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോഴാണു്, നിങ്ങൾ പറഞ്ഞുണ്ടാക്കുന്നവിധം നിരുപദ്രവമല്ല ആ നെറികെട്ടവന്റെ രാഷ്ട്രീയആവശ്യങ്ങൾ എന്നറിഞ്ഞതു് തൂക്കിയെടുത്തു കൊണ്ടുപോയി രഹസ്യമായി പെരുമാറി, പാണ്ഡവരെ എങ്ങനെ അറിയാമെന്നു ചോദിച്ചപ്പോൾ പക്ഷം പറയുകയല്ല ഉദ്ദേശ്യമെന്നും, സാമൂഹ്യതിന്മയായ ചൂതാട്ടം രാജമുദ്രയിലൂടെ നിയമവിരുദ്ധമെന്നു് പ്രഖ്യാപിക്കണമെന്നും ധാർഷ്ട്യത്തോടെ ആവശ്യപ്പെട്ടു. ഞെട്ടി ഞങ്ങൾ മൗനം പാലിച്ചപ്പോൾ, ധൈര്യം സംഭരിച്ചു അവൻ കടുപ്പിച്ചു പറഞ്ഞു, മുൻകാലപ്രാബല്യത്തോടെ വേണം നിരോധനം. ധൃതരാഷ്ട്രർ ഒപ്പിട്ടാൽ ചൂതാട്ട തലേന്നെങ്ങനെയൊ അങ്ങനെയാവും പാണ്ഡവ ജീവിതം. എന്നു് പറഞ്ഞാൽ, പൗരാവകാശങ്ങളും സ്ഥാവരജംഗമ സ്വത്തുക്കളും ഇന്ദ്രപ്രസ്ഥം ചക്രവർത്തി പദവിയും, കൂട്ടത്തിൽ നഷ്ടപരിഹാരവും തിരിച്ചു കിട്ടും. കുരുവംശത്തെ കുളംതോണ്ടുന്ന ഇത്തരം ആവശ്യവുമായി വന്ന ചാർവാകനു ഞങ്ങൾ മാതൃകാപരമായി ശിക്ഷ വിധിച്ചു-വെളിയിട വിസർജ്ജനം ചെയ്യുന്ന കൗരവരാജ സ്ത്രീകളുടെ ജൈവ മാലിന്യം വിശപ്പുള്ള പന്നിക്കുട്ടികളുമായി വന്നു അന്നന്നു് വൃത്തിയാക്കണം. വീഴ്ച വരുത്തിയാൽ പന്നികൾ ചെയ്യേണ്ടതു് ചാർവാകൻ ചെയ്യേണ്ടിവരും. മഹാ ബ്രാഹ്മണനല്ലേ, ജാതിയിൽ താണ ഞങ്ങൾ ക്ഷത്രിയരെ വധിക്കാൻ പാടില്ലല്ലോ.”

2019-02-24

“ബലം പ്രായോഗിച്ചുവേണോ അർജ്ജുനനെ കുളിപ്പിച്ചെടുക്കാൻ?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.

“ഒരിക്കൽ നീന്തിക്കുളിച്ചിരുന്ന ഈ ശുദ്ധജലാശയം ഇപ്പോൾ അവനെ ഭയപ്പെടുത്തുന്നു. വെള്ളത്തിലിറങ്ങി, ആഴങ്ങളിലേക്കു് ഞാനവനെയൊന്നുന്തിയിട്ടാൽ അരുതേ, അതിനടിയിൽ നാഗരാജ്യത്തിൽ നിന്നു എന്നെ വലിച്ചു കൊണ്ടുപോവാൻ ഉലൂപി വരുന്നു എന്നു് വാവിടും. അങ്ങനെ ഒരു പ്രണയാനുഭവം അരനൂറ്റാണ്ടു് മുമ്പുണ്ടായതല്ലേ എന്നു് ചോദിച്ചപ്പോൾ ഒന്നും ഓർമ്മിപ്പിക്കരുതേ എന്നോർമ്മിപ്പിക്കുന്നു. കുളത്തിലിറങ്ങേണ്ട, കൽപ്പരപ്പിലിരുന്നാൽ ശിരസ്സിൽ ജലധാര ചെയ്യാമെന്നു പറയുമ്പോൾ, എവിടെ എന്നെ എന്നും തേച്ചുകുളിപ്പിച്ചിരുന്ന സുഭദ്ര എന്നവൻ പകച്ചു നോക്കുന്നു. അവളോടൊത്തു നീന്തിക്കുളിച്ചതൊക്കെ തിരിച്ചു വരുന്നു എന്നു് വിതുമ്പുന്നു. അഭിമന്യു മരിച്ചതോടെ സുഭദ്ര ദ്വാരകയിലേക്കു തിരിച്ചുപോയില്ലേ അർജ്ജുനാ എന്നു് ഓർമ്മിപ്പിക്കുമ്പോൾ എന്നെ നീ അനാഥനാക്കിയോ പ്രിയസുഭദ്രാ എന്നു് പൊട്ടിക്കരയുന്നു. ഇതു് വിഷാദരോഗത്തിന്റെ തുടക്കമാണെന്നു പാഞ്ചാലി രോഗനിർണ്ണയം ചെയ്യുന്നു. രോഗം പിടിവിടും മുമ്പു് അവനെ കാട്ടിലേക്കയക്കാമെന്നു പാഞ്ചാലി നിർദേശിച്ചപ്പോൾ. അവളെ ആദ്യം വനവാസത്തിനാക്കൂ, ചെന്നായയും കരിമ്പൂച്ചയും തിന്നു എല്ലിൻകൂടു് മാത്രമാവുമ്പോൾ മതി എന്റെ ജീവിതാന്ത്യം എന്നു് അർജ്ജുനൻ ക്രുദ്ധനാവുന്നു.” ഭീമൻ കൊട്ടാരം ലേഖികയോടു് സംസാരിക്കുമ്പോൾ, മാരകായുധങ്ങൾ വജ്രാഭരണങ്ങൾ പോലെ അലങ്കാരമായി ഒരിക്കൽ കൊണ്ടു നടന്നിരുന്ന അർജ്ജുനൻ ഒരു കൊച്ചുകുട്ടിയെ പോലെ അഭിമന്യുവിനോടു് സല്ലപിച്ചു കൊണ്ടിരുന്നു.

2019-02-25

“വനവാസക്കാലത്തും അജ്ഞാതവാസക്കാലത്തും നിങ്ങൾ എല്ലാവരോടും വിനയപൂർവ്വം പെരുമാറുന്ന അപൂർവ്വ സാഹചര്യം ഉണ്ടായിരുന്നു എന്നതൊക്കെ ശരി തന്നെ. കൗരവഅടിമയെന്ന പദവിയിൽ വേറെ തരമുണ്ടായിരുന്നില്ല. എന്നാൽ യുദ്ധജേതാവായി ഹസ്തിനപുരിയുടെ അധികാരമേറ്റെടുത്തിട്ടും, ദുര്യോധനവിധവ കാര്യം കാണാൻ മുട്ടിൽ ഇഴഞ്ഞു നിവേദനം നീട്ടുമ്പോൾ, നിങ്ങൾ ഉപചാരപൂർവ്വം എഴുന്നേറ്റുനിന്നു അവരെ സ്വീകരിക്കുന്നതിന്റെ ഔചിത്യം വ്യക്തമല്ല.” കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.

“സംശയരോഗിയായ നിങ്ങൾ ഒരുപക്ഷേ, അനുമാനിക്കും, എന്നെക്കാൾ വിനയപൂർവ്വം പെരുമാറുന്ന വേറൊരാൾ ഈ ലോകത്തുണ്ടാവാൻ പാടില്ല എന്ന നിർബന്ധം എനിക്കുണ്ടെന്നു്. എന്നാൽ വാസ്തവം മറ്റൊന്നാണു് രാജ്യസ്നേഹിയായ ദുര്യോധനൻ ഹസ്തിനപുരിയുടെ അഖണ്ഡതക്കു വേണ്ടി കുരുക്ഷേത്രയിൽ ജീവൻ ബലിദാനം ചെയ്യുന്നതിനു് ഞാൻ ദൃക്സാക്ഷിയാണു്. അടിമയായിരുന്ന എന്റെ ഉടയോൻ എന്ന നിലയിൽ ഞങ്ങളുടെ വനവാസക്കാലജീവിതം ദുരിതമയമാക്കി എന്നതൊന്നും പക്ഷേ, ദുര്യോധനവിധവക്കറിയില്ലല്ലോ. അർദ്ധസഹോദരപത്നി എന്ന നിലയിൽ എനിക്കു് മാതൃതുല്യയുമാണു്. കുരുക്ഷേത്രവിധവ എന്ന നിലയിലാവട്ടെ, സാമൂഹ്യമായി സവിശേഷ പരിഗണന കിട്ടേണ്ട മഹദ് വ്യക്തി. പാണ്ഡവാഭരണ കൂടത്തിന്റെ നടപടിക്രമമനുസരിച്ചു കുടിയൊഴിക്കപ്പെട്ട ദുര്യോധനവിധവയും മറ്റു കൗരവരാജ സ്ത്രീകളും ഇന്നു് ധാന്യവും വെള്ളവും ഇല്ലാതെ കഷ്ടപ്പെടുമ്പോൾ, മഹാരാജാവു് എന്ന നിലയിൽ ഞാൻ നിവേദനം സ്വീകരിക്കുമ്പോഴെങ്കിലും വിനീതഭാവം പ്രകടിപ്പിക്കുന്നില്ലെങ്കിൽ, ധർമ്മപുത്രർ എന്ന അപൂർവ്വ ബഹുമതിക്കു ഞാൻ അയോഗ്യനാവില്ലെ? ആവിഷ്കാര സ്വാതന്ത്ര്യത്തിനു അതിരുകളില്ലാത്ത സമൂഹമാണിതെന്നു ഇതിനിടയിൽ ഞാൻ നിങ്ങൾക്കുറപ്പു തരുന്നു. ഓരോ തവണ കോട്ടക്കകത്തെ തിണ്ണനിരങ്ങി തിരിച്ചു ‘ഹസ്തിനപുരി പത്രിക’ കാര്യാലയത്തിലേക്കു പോവുമ്പോഴും, ഓരോ കെട്ടു് അരമനരസ്യങ്ങൾ നിങ്ങൾക്കു് കിട്ടട്ടെ എന്നാശംസിക്കുന്നു.”

“ഭർത്താവു് കളിയിൽ തോറ്റാൽ ഭാര്യ അടിമയാവുമോ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“ചൂതാട്ടവുമായി എനിക്കു് ബന്ധമില്ല. സംഘടിത ലൈംഗികാക്രമണവും മാനനഷ്ടവും ചൂതാട്ടസഭയിൽ എനിക്കുനേരെയുണ്ടായി. കൗരവരാണോ പാണ്ഡവരാണോ, ഇരുകൂട്ടരും ചേർന്നതാണോ, എന്നതിപ്പോൾ തർക്കവിഷയമാണെന്നറിയുന്നു. വാക്കാൽ ഞാൻ ഇരുകൂട്ടരോടും പ്രതിഷേധിച്ചപ്പോൾ, പ്രതിരോധത്തിലായ അക്രമികൾ സ്വാധീനമുപയോഗിച്ചു എന്റെ പൗരാവകാശങ്ങൾ നീക്കം ചെയ്തിരിക്കുകയാണു് ഫലത്തിൽ ഞാനിന്നു് അടിമ. നൂറ്റാണ്ടുകളായി ഹസ്തിനപുരിയിൽ കാര്യക്ഷമമായ ഒരു നീതിന്യായവ്യവസ്ഥ ഉണ്ടെന്ന ഉത്തമ ബോധ്യത്തിൽ ഞാൻ ഒരവസരം കാത്തിരിക്കും. അതിനിടയിൽ പ്രശ്നമാവുക, സത്യവതിയുടെ കാലത്തു കൂട്ടിച്ചേർത്ത ഒരു വകുപ്പനുസരിച്ചു ഇരയുടെ പേരു പൊതുസമൂഹം അറിയരുതു് പാഞ്ചാലിയാണു് ഇര എന്നു് ലോകം അറിയില്ലെങ്കിൽ, പിന്നെ ഐതിഹാസികമാനമുള്ള ഈ നീതിന്യായ വിചാരണക്കെന്തു ആഗോള താൽപ്പര്യം? വിചിത്രവീര്യന്റെ യുവവിധവകളായിരുന്ന അംബികയെയും അംബാലികയെയും, സത്യവതിയുടെ രഹസ്യ പുത്രൻ വ്യാസൻ ബലാൽസംഗം ചെയ്തതിനെക്കുറിച്ചുള്ള അരമന വിഴുപ്പു് അങ്ങാടിപ്പാട്ടാവാതിരിക്കാൻ ഭീഷ്മർ കൗശലപൂർവ്വം കൊണ്ടുവന്ന നിയമഭേദഗതി എനിക്കിപ്പോൾ നീതിവഴിയിൽ തടസ്സമായി. ഏതുവിധത്തിൽ ‘ഹസ്തിനപുരി പത്രിക’ക്കു് എന്നെ തുണക്കാനാവും?”

2019-02-26

“സന്യസ്ഥർക്കു് സേവനം എന്ന ദൗത്യമാണു് അടിമ പാണ്ഡവർക്കു് ഉടയോൻ ദുര്യോധനൻ വിധിച്ചതു് പരിത്യാഗികളായി, ഈ ഹിമാലയ താഴ്‌വരയിൽ കഴിയുന്ന നിങ്ങളുടെ ഭൗതികാവശ്യങ്ങൾ നിറവേറ്റാനൊക്കെ അവർ നിത്യവും ഈ വഴി വരാറില്ലേ?” പാണ്ഡവർ ശിക്ഷ അനുഭവിക്കുന്ന ഹിമാലയ താഴ്‌വരയിലെ ഒരു കൂട്ടം സന്യാസാശ്രമങ്ങളുടെ കാര്യദർശിയോടു് കൊട്ടാരം ലേഖിക ചോദിച്ചു. അംഗപരിമിതനായ ആ യുവാവു് ജാലകത്തിന്നരികെ ജാഗ്രതയിലായിരുന്നു.

“കണ്ടാലൊരു ദേവസ്ത്രീയെ പോലെ തോന്നുന്ന പാഞ്ചാലി നിത്യവും വന്നു കാര്യക്ഷമമായി മാലിന്യം നീക്കുമെങ്കിലും, പാണ്ഡവർ പതിവു് സന്ദർശകർ അല്ല. നകുലൻ ആദ്യമൊക്കെ വരുമായിരുന്നു. സന്യസ്ഥരിൽ ആരാണു് ദുര്യോധനന്റെ മുഖ്യചാരൻ എന്നയാൾക്കു് അറിയാമെന്നു പെരുമാറ്റത്തിൽ തോന്നിയപ്പോൾ, ഞങ്ങൾ രഹസ്യയോഗം ചേർന്നു് തീരുമാനമെടുത്തു. അങ്ങനെ അയാളുമായി സംസർഗ്ഗം നിർത്തി വിവരം അറിയിക്കേണ്ടവരെ നടപടിക്രമമനുസരിച്ചു രഹസ്യപദാവലിയിലൂടെ അറിയിച്ചു. ഉടയതമ്പുരാൻ ദുര്യോധനനുണ്ടോ ഇതൊക്കെ അറിഞ്ഞാൽ അടങ്ങുന്നു, ആശ്രമങ്ങളിൽ നിന്നു് ജൈവമാലിന്യശേഖരണം തുടർന്നും പാഞ്ചാലിയുടെ ചുമതല തന്നെ ആണെങ്കിലും, അന്തരീക്ഷ മലിനീകരണമില്ലാതെ ആഴത്തിൽ കുഴിച്ചു മൂടേണ്ട പണി നകുലനു നൽകി ഹസ്തിനപുരിയിൽ നിന്നു് ഉത്തരവായി. ഇപ്പോൾ ഞങ്ങളെ തടാകതീരത്തു കണ്ടാൽ നകുലൻ പല്ലു് ഞെരിക്കുന്നതു് കാണാം. പാണ്ഡവർ അധികാരം പിടിച്ചടക്കിയാൽ മതേതര രാജ്യമായി ഹസ്തിനപുരിയെ ഔദ്യോഗിക മായി പ്രഖ്യാപിച്ചു്, ആചാരണസംരക്ഷണരാഷ്ട്രീയം കളിക്കുന്ന സന്യസ്ഥ ആശ്രമങ്ങൾക്കു് സൗജന്യ ധാന്യസഹായവും ദേഹസുരക്ഷയും നിർത്തുമെന്നു് ഭീഷണിപ്പെടുത്തും. ഭൂമിയിലെ സൗഭാഗ്യങ്ങൾ എല്ലാം ഉപേക്ഷിച്ചു ഈ പ്രപഞ്ചം ആരെന്തിനു വേണ്ടി സൃഷ്ടിച്ചു എന്നറിയാൻ വേണ്ടി ഹൃദയാന്ത രാളങ്ങളിലേക്കു നോട്ടം പതിപ്പിക്കുന്ന ഞങ്ങളെ പീഡിപ്പിക്കാൻ എന്തിനു പ്രകൃതി ഈ പാപി പാണ്ഡവ ജന്മങ്ങൾക്കു പിറവി നൽകി.”

2019-02-27

“പോർക്കളത്തിൽ പരതി അവിടെയൊന്നും നിങ്ങളെ കാണാതെ വന്നാൽ, ഭീമനും കൂട്ടരും കറങ്ങിച്ചുറ്റി വെള്ളത്തിൽ കഴുത്തറ്റം മുങ്ങിക്കിടക്കുന്ന നിങ്ങളെ പിന്നിൽ നിന്നു് പതുങ്ങിവന്നു മുടിയിൽ വലിച്ചു പൊക്കും എന്നൊക്കെ ദശാബ്ദങ്ങളോളം കൊമ്പു കുലുക്കി പരിചയമുള്ള നിങ്ങൾക്കറിയാമായിരുന്നില്ലേ?”, തുടയിൽ ഭീമഗദാപ്രഹരമേറ്റു ചളിയിൽ വീണ ദുര്യോധനൻ, അടുത്തു് ആരോരുമില്ലാതെ കിടന്നു മോങ്ങുമ്പോൾ കൊട്ടാരം ലേഖിക ചോദിച്ചു.

“അഭിമന്യുവിന്റെ മരണം ഇത്രവലിയ അഭിമാന പ്രശ്നമാവു മെന്നാരോർത്തു? പദ്മവ്യൂഹത്തിൽ അവനെ ഞങ്ങൾ വളഞ്ഞിട്ടു കൊന്നപ്പോൾ കരുതി, അതോടെ പാണ്ഡവരുടെ ആവി പോവുമെന്നു്. ഈ ജലാശയത്തിലെ സ്വകാര്യതയിൽ ഭാവിപരിപാടി ആസൂത്രണം ചെയ്തിരുന്ന എന്നെ വലിച്ചു കരയിൽ കേറ്റി പാഞ്ചാലിയുടെ മുമ്പിൽ വച്ചു് തുടയിൽ അവൻ അടിച്ചു വീഴ്ത്തി. പാണ്ഡവരെ തിരിച്ചടിക്കാനുള്ള എന്റെ അവകാശം ഞാൻ ഏതുവിധവും നിലനിർത്തും”, കുരുക്ഷേത്രയിലെ കുറ്റിക്കാടുകളിൽ നിന്നെത്തിയ കഴുകനും കുറുനരിയും ഇരയെ ക്ഷമയോടെ നോക്കിക്കൊണ്ടിരുന്നു

2019-02-28

“എവിടെ നകുലൻ? ഭരണകൂടവക്താവ്?”, കൊട്ടാരം ലേഖിക ചോദിച്ചു.

“ഔദ്യോഗികവക്താവിന്റെ പ്രധാനകാര്യാലയത്തിൽ ജോലി ചെയ്യുന്നവരിൽ ഒരാളാണു് ഞാൻ. എന്നെയാണു് നിങ്ങൾ വിവരം തേടി ഇന്നുമുതൽ കാണേണ്ടതു് നിലവിലുള്ള വിവരാവകാശ ചട്ടങ്ങൾ പരിഷ്കരണത്തിനു് വിധേയമായതോടെ, പുതിയ നടപടിക്രമമനുസരിച്ചു നിങ്ങൾ രേഖാമൂലംകളുസമർപ്പിക്കുന്ന അപേക്ഷ ഞങ്ങൾ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കു എത്തിച്ചു കൊടുക്കും. വിവരം കിട്ടുമ്പോൾ കൈമാറും. അതല്ലാതെ, വനവാസക്കാലത്തെ അനൗപചാരിക സൗഹൃദബന്ധങ്ങളെ ദുരുപയോഗം ചെയ്തു, തോന്നുമ്പോൾ കയറി ഭരണകൂട താൽപ്പര്യങ്ങൾ നോക്കാതെ, ഓരോന്നു് കുത്തിക്കുത്തി ചോദിച്ചു സമയം മെനക്കെടുത്തുന്ന സമ്പ്രദായത്തിനു് മുമ്പിൽ എന്നെന്നേക്കുമായി കറുത്ത തിരശ്ശീല വീണു. വിവരമറിയാൻ നിങ്ങൾ നേരിട്ടിവിടെ വരുന്നതിനും ഞങ്ങളുടെ പ്രോത്സാഹനമില്ല. പനയോലയിൽ, തെളിഞ്ഞ അക്ഷരത്തിൽ നാരായം കൊണ്ടെഴുതിയ വിവരാവശ്യം ‘ഔദ്യോഗിക പാണ്ഡവ ഭരണകൂട ഔദ്യോഗിക വക്താവിന്റെ മുഖ്യ കാര്യാലയം, അതീവ സുരക്ഷാ മേഖല, കൊട്ടാരസമുച്ചയം (മുൻ ദുര്യോധനവസതി) കോട്ടയ്ക്കകം ഹസ്തിനപുരി’ എന്നു് മേൽവിലാസമെഴുതി സന്ദേശവാഹകൻ വഴി അയക്കണം. താങ്കൾക്കു് ശുഭദിനം.”

“അല്ല പാലിനിപ്പോൾ അത്ര ക്ഷാമമുണ്ടോ നാട്ടിൽ? ഹസ്തിനപുരിയിൽ നിന്നു് ഇക്കണ്ട ദൂരമത്രയും പാടുപെട്ടു വിരാടയിൽ വന്നു വേണോ പത്തു പശുക്കളെ മോഷ്ടിച്ചു് നാട്ടിലേക്കു് കടത്താൻ?” കൊട്ടാരം ലേഖിക കൗരവ വക്താവിനോടു് ചോദിച്ചു.

“അക്ഷരാർത്ഥത്തിൽ എടുക്കുമോ യുദ്ധതന്ത്രത്തിലെ ആലങ്കാരികങ്ങൾ? പറഞ്ഞുവന്നാൽ, പശു ഒരു പടം മാത്രം. അജ്ഞാതവാസക്കാലത്തു പാണ്ഡവർ വിരാട രാജധാനിയിൽ ഒളിവിലാണെന്നറിഞ്ഞു കൊണ്ടേറ്റെടുത്ത മിന്നലാക്രമണമായിരുന്നു. പാണ്ഡവരിലൊരാളെങ്കിലും വിരാടപശുക്കളെ രക്ഷിക്കാൻ ആയുധമെടുത്തു ഞങ്ങൾക്കു് നേരെ തിരിഞ്ഞാൽ, കൗരവരും കർണ്ണനും ചേർന്നു് പാണ്ഡവനെ ബന്ദിയാക്കി വില പേശി പല കാര്യങ്ങളും പാണ്ഡവരിൽ നിന്നു് നേടിയെ ടുക്കാനായിരുന്നു ഉന്നം. പക്ഷേ, വിരാട രാജകുമാരനു മൊത്തു യുദ്ധം ചെയ്യാൻ വന്നതു് മൂന്നാം ലിംഗക്കാരിയായ ഒരു യോദ്ധാവായിരുന്നു. അമ്പെയ്യുന്ന രീതി കണ്ടപ്പോൾ ‘അർജ്ജുനൻ’ എന്നു് കർണ്ണൻ സംശയിച്ചെങ്കിലും, അർജ്ജുനൻ അത്ര വേഗം മൂന്നാം ലിംഗമാവാൻ സാധ്യമല്ലെന്നു ഭീഷ്മർ കൽപ്പിച്ചു. ലിംഗപദവി എന്തായാലും, അസാധ്യ പോരാളി ഒറ്റയ്ക്കു് ഞങ്ങളെ മുട്ടുകുത്തിച്ചു. ഞങ്ങൾ ആയുധം വച്ചു് കീഴടങ്ങേണ്ടി വന്നു. അതിലും ഒരു മിന്നൽപിണർ ഞങ്ങൾക്കുണ്ടായി. ശുദ്ധമണ്ടനായ വിരാടൻ, വിജയ ലഹരിയിൽ ഞങ്ങൾക്കു് പൊതുമാപ്പ്തന്നതോടെ ഞങ്ങൾ ഹസ്തിനപുരിയിലേക്കു മന്ദം മന്ദം മടക്കയാത്ര തിരിച്ചു.”

“മൊത്തം പാണ്ഡവപരിവാരം കൂടെ വേണോ, ഒരൊറ്റ കൗരവനെ ഗദകൊണ്ടടിച്ചു കൊല്ലാൻ?” കൊട്ടാരം ലേഖിക ചോദിച്ചു.

“ശത്രു ഇപ്പോഴും ഒളിവിലല്ലേ? കഴുത്തറ്റം മുങ്ങി ക്കിടക്കുന്നവനെ തടാകത്തിൽ നിന്നു് കൗശലത്തോടെ പിന്നിൽ നിന്നു് മുടിയിൽ പിടിച്ചു വേണ്ടേ വലിച്ചു കരയടുപ്പിക്കാൻ? ദ്രവരൂപത്തിലുള്ള ലഹരി കൃത്യം അളവിൽ വായിൽ ഒഴിച്ചു് തരാൻ തൊട്ടുപിന്നിലു ണ്ടാവും മൺകുടവുമായി വിശ്വസ്ത മാദ്രിപുത്രൻ സഹദേവൻ. വലിഞ്ഞു നടക്കുന്ന വഴിയിൽ ചതിക്കുഴി കളില്ലെന്നുറപ്പിക്കുവാൻ, കുറച്ചു നേരത്തെയിറങ്ങില്ലേ ഇളമുറ നകുലൻ? മാരക ഗദാപ്രഹരമേറ്റു നടുവൊടി ഞ്ഞു ദുര്യോധനൻ മണ്ണിൽ വീണാൽ, ഇരയുടെ അരികെ ചെന്നു് സാന്ത്വനത്താൽ പുഷ്പാർച്ചന ചെയ്യാൻ യുധി ഷ്ഠിരൻ ജാഗ്രതയോടെ ഉണ്ടല്ലോ ഒപ്പം? യുദ്ധരംഗത്തി ലെന്റെ ഗദാ മികവറിയാൻ തക്ഷശിലാ വിദ്യാർത്ഥി സംഘവുമൊത്തുണ്ടാവും അർജ്ജുനൻ. പ്രതീക്ഷാ നിർഭരമായ കോമളമുഖഭാവങ്ങളോടെ എന്നിൽ പ്രണയവാത്സല്യങ്ങളുണർത്തുന്ന പാഞ്ചാലിയൊപ്പമുണ്ടെങ്കിൽ മാത്രമേ ചൂതാട്ടസഭയിലെ ഭീമപ്രതിജ്ഞയുടെ ആഴങ്ങൾ ഇതിഹാസത്തിൽ പ്രതിഫലിക്കൂ. ലോകജനതയെ പോർക്കള സാക്ഷിമൊഴിയിലൂടെ അറിയിക്കുവാൻ കല്ലും മുള്ളും ചവിട്ടി എന്നോടൊപ്പം കൂട്ടം ചേർന്നു് നടക്കുന്ന കൊട്ടാരം ലേഖികയുടെ കാഴ്ചപ്പാടിൽ ഈ ഐതിഹാസിക ദ്വന്ദയുദ്ധം വായിച്ചറിയാൻ ജീവനോടെ ഉണ്ടാവുക ദുര്യോധനനോ ഭീമനോ? പ്രകൃതി തീരുമാനിക്കട്ടെ.”

2019-03-01

“അവസാനത്തെ അത്താഴം കണ്ടിരുന്നോ?”, ഭീമനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“വിളമ്പാൻ ഞാനും കുന്തി ക്കൊപ്പം കൂടി. പേടമാ നിറച്ചി പൊരിച്ചതു് ഇടനേരത്തു ആരുമറിയാതെ അകത്താക്കിയതു് കൊണ്ടു്, ഭാഗ്യം, കുന്തി തയ്യാറാ ക്കിയ അത്താഴം രുചിക്കാൻ അപ്പോൾ തോന്നിയില്ല, കുന്തിച്ചിരുന്നു ആദിവാസി കുടുംബം കൂട്ടായ്മയോടെ ഭക്ഷണം കഴിക്കുന്നതു് കാണാൻ മങ്ങിയ വെളിച്ചത്തിലും കൌതുകമുണ്ടായിരുന്നു. വിഭവങ്ങൾ ഓരോന്നെടുത്തു തിരിച്ചും മറിച്ചും നോക്കി വായിലിട്ടും, രുചിയനുഭവം മുഖഭാവങ്ങളോടെ പങ്കിട്ടും, സമൃദ്ധമായി തലകുലുക്കി രുചി ആസ്വദിച്ചും കൈ കഴുകും മുമ്പു് തന്നെ ഒന്നൊന്നായി കുഴഞ്ഞു വീണു. പ്രഥമശുശ്രൂഷയ്ക്കൊന്നും സമയം കളയാനില്ലെന്നു കുന്തി ചൂണ്ടു വിരൽ ചുണ്ടുകൾക്കു് കുറുകെ വച്ചു് കർശനമായി ഓർമ്മിപ്പിച്ചു. അതോടെ ഞങ്ങൾ അകാരണഭീതിയോടെ ധൃതിപിടിച്ചു. എന്നിട്ടും പതറാതെ അർജ്ജുനൻ കാര്യക്ഷമമായി ചുറ്റും പതുങ്ങി പുറത്തെ അന്തരീക്ഷം ശ്രദ്ധിച്ചു. കുന്തിയുടെ കിടിലൻ (അതോ കുടില?) പദ്ധതിയനുസരിച്ചു് അരക്കില്ലം പല ഭാഗങ്ങളിൽ തീയിട്ടു. നരിച്ചീറുകളും ഇഴജീവികളും നിറഞ്ഞ ഭൂഗർഭഇടനാഴിയിലൂടെ ജീവനും കൊണ്ടു് ആ രാത്രി ഒളിച്ചോടിയതെല്ലാം, തിരിഞ്ഞു നോക്കുമ്പോൾ, ഇന്നൊരുമായക്കാഴ്ച.”

“ഊട്ടുപുരകളൊക്കെ ഉഷാറിലല്ലേ? ശുചിമുറികൾ ഒന്നിലധികം, വെളിയിട വിസർജ്ജനവും ഒഴിവായല്ലോ, എന്നിട്ടും തീരുന്നില്ല പ്രതിഷേധം?” കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു് ചോദിച്ചു.

“പരേത കൗരവരുടെ പട്ടടയിൽ പുക കെട്ടില്ല, തുടങ്ങി ദുര്യോധന നിന്ദ. കേട്ടാൽ കരൾ പൊള്ളില്ലേ. ഹസ്തിനപുരിയെ കുടിലകൗരവരിൽ നിന്നു് മോചിപ്പിക്കാൻ ആയിരുന്നു കുരുക്ഷേത്രയെന്ന കള്ളപ്രഖ്യാപനവുമായി പാണ്ഡവർ നഗരകേന്ദ്ര ങ്ങളിൽ വചനപ്രഘോഷണമാണു് ചിലതൊക്കെ നിങ്ങളും കാണാറുണ്ടല്ലോ. കൊട്ടാരസമുച്ചയത്തിലെ ദുര്യോധനവസതി അവർ ചാരകാര്യാലയമാക്കി യതിലൊരു കൗരവ നിന്ദയുണ്ടു്. സ്വത്തുതർക്ക പരിഹാരത്തിനു് കൗരവർ നയതന്ത്രം പരീക്ഷിക്കുമ്പോൾ, കായികബലമാണു് കാര്യം എന്നു് പ്രഖ്യാപിച്ചു പാണ്ഡവർ ആയുധമെടുത്തു. ജീവൻ ബലിദാനം ചെയ്തും രാജ്യത്തിന്റെ അഖണ്ഡത കാപ്പാത്തുമെന്ന വീര്യത്തിൽ പൊലിഞ്ഞുപോയ ധീര ദുര്യോധനനു് മരിച്ചാലും കൊടുക്കില്ല നിത്യശാന്തി എന്നു് വച്ചാൽ? വനവാസക്കാലം മുതൽ പാണ്ഡവർ ചെയ്തുപോന്ന രാജ്യദ്രോഹങ്ങളുടെ പട്ടിക തയ്യാറാക്കാൻ വേണ്ട രേഖകൾ ദിനന്തകുറിപ്പു കളിലൂടെ ദുര്യോധനൻ ആധികാരികതയോടെ അടയാളപ്പെടുത്തിയിരുന്നു. ഔദ്യോഗിക വസതിയിൽ നിന്നു് ഞങ്ങളെ പാതിരാവിൽ കുടിയൊഴിപ്പിക്കും മുമ്പു് തന്നെ അതെല്ലാം ചാർവാകനെ ഏൽപ്പിക്കാൻ തോന്നിപ്പിച്ച പ്രകൃതിക്കു നമോവാകം. പനയോലക്കെട്ടുകൾ പരിശോധിച്ചു് ധവളപത്രമിറക്കാൻ ഏതറ്റം വരെയും ഞാൻ മുന്നോട്ടുപോകും. ഭർത്താവു് മരിച്ചതോടെ ഭാര്യ തലമൊട്ടയടിച്ചു കാശിയിലേക്കു പോവുമെന്ന ഗംഗാതട സമ്പ്രദായമല്ല കലിംഗരാജകുമാരിയായ എന്റെ മാതൃക.”

2019-03-02

“മറ്റു പാണ്ഡവക്കുട്ടികൾ ഇനിയും ജനിച്ചിട്ടില്ലാത്ത, വിദൂരകാലം ഒന്നോർത്തെടുക്കാമോ? കിടപ്പുരോഗി പാണ്ഡുവും, ഉടുത്തൊ രുങ്ങിയ കുന്തിയും, എല്ലാം പ്രത്യാശയോടെ നിരീക്ഷിക്കുന്ന മാദ്രിയും കൊച്ചു കുടിലിൽ കഴിഞ്ഞ ബാല്യം?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. ചെങ്കോൽ പരീക്ഷിത്തി നെ ഏൽപ്പിച്ചു ‘ജീവിതാന്ത്യം വനാന്തരത്തിൽ’ എന്ന പ്രഖ്യാപനവുമായി ആറംഗ പാണ്ഡവ സംഘം കോട്ട ക്കകത്തു നിന്നു് പടിയിറങ്ങിയിരുന്നു.

“ഇര തേടി, ഉടുത്തൊരുങ്ങി, പൂചൂടി പുറത്തു പോയിരിക്കയാണു് അമ്മയും ചിറ്റമ്മയും. ബീജദാതാവു ആരെന്നറിയില്ലേ?”മുടിയും താടിയും നരച്ചുവളർന്ന പാണ്ഡുമുഖമപ്പോൾ ഭീതിതമാവും. എന്നിട്ടയാൾ ചിറി കോട്ടും, നാവു പുറത്തിടും, കണ്ണുരുട്ടും, ഇരുകൈകളും വളച്ചു ബന്ദിയാക്കാൻ ശ്രമിക്കും. “കാലന്റെ മകനാണു് നീ. കുന്തി പറഞ്ഞു. നിരാഹാരം കിടന്നു അവളെക്കൊണ്ടു് സത്യം പറയിച്ചു. ഒന്നിനും ആവാതെ ഇങ്ങനെ ചുരുണ്ടു് കിടന്നു പേസ്വപ്നം കാണുന്നവനെ കയറിൽ കുരുക്കി, പരലോകത്തേക്കു കൊണ്ടുപോവുന്ന ചാവുദേവതയുടെ മകനാണു് നീ. കളിച്ചുനടക്കാതെ പോ, പോയി മുയലിനെയൊ മാനി നെയോ പിടിച്ചു കഴുത്തറത്തു് ചുടുചോര വായിൽ ഒഴിക്കു്, ഹസ്തിന പുരത്തിന്റെ മഹാരാജാവായിരുന്ന എന്നെ നോക്കി ഇതേ മുറിയിൽ കുന്തിയു മൊപ്പം കിടക്കുകയായിരുന്ന കാലൻ, ചുണ്ടിനു കുറുകെ ചൂണ്ടുവിരൽ വച്ചൊരിക്കൽ പേടിപ്പിച്ചു, കാത്തിരുന്നോ നീ, കെട്ടിവലിച്ചു കൊണ്ടുപോവാൻ വരും, പോത്തുമായി. ഭരിക്കാൻ നിന്നെ അനുവദി ച്ചിട്ടും, ചെങ്കോൽ അന്ധസഹോദരനെ ഏൽപ്പിച്ചു സ്ഥാനത്യാഗം ചെയ്ത നീ മോശം ഭരണാധികാരിയായി വിധാതാവു് ശിക്ഷിക്കും. ബന്ധം ഒഴിഞ്ഞു കുന്തിയെയും മാദ്രിയെയും പുനർവിവാഹത്തിനു് പ്രോത്സാഹിപ്പി ക്കാതെ, ആ മനോഹരികളുടെ ജീവിതം എലിയും തേരട്ടയും നിറഞ്ഞ പരുക്കൻ കുടിലിൽ ഹോമിച്ച ഷണ്ഡപാണ്ഡുവിനെ കാലനാ വുന്നത്ര വിധം ഞാൻ കഷ്ടപ്പെടുത്തും.” കുരച്ചും കരഞ്ഞും, കഫം തുപ്പി നിറച്ചും, ബീജദാതാവിനെ അവഹേളിച്ച ആ ശാപഗ്രസ്തൻ ആയിരുന്നുവോ, ഗംഗയാറിൻ തീരത്തെ മോഹന ഹസ്തിനപുരിയുടെ ഭൂപതി?” യുധിഷ്ഠിരന്റെ മുഖത്തു് ഭൂതകാലം ഒരു ഖാണ്ഡവ പ്രസ്ഥം പോലെ പുകഞ്ഞു.

“അടിവയർ നോക്കി ഗദ കൊണ്ടടിച്ചപ്പോൾ തെറിച്ചു ചളിയിൽ വീണ ഇരയുടെ അരികിൽ ചെന്നു് നിങ്ങൾ കുന്തിച്ചിരുന്നെന്തോ ചെവിയിൽ മന്ത്രിക്കുന്ന പോലെ, അൽപ്പം ദൂരെ പാഞ്ചാലിയുടെ പിന്നിലായിരുന്ന ഞാൻ കണ്ടു. അധാർമിക ഗദാപ്രഹരം അപലപിക്കുകയായിരുന്നോ മനഃസാക്ഷിക്കുത്തിൽ?” കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.

“പതിമൂന്നു കൊല്ലമായി കരളിനുള്ളിലൊരു നെരിപ്പോടു് പുകയുന്നു. പാണ്ഡവഭാര്യ എന്നതിന്റെ പേരിൽ, പാഞ്ചാലിയെ കൗരവഅടിമയെന്നു പ്രഖ്യാപിച്ചു, പിന്നീടുള്ള വ്യാഴവട്ടക്കാലം സമീപത്തെ സന്യസ്ഥാശ്രമങ്ങളിലെ ജൈവവിസർജ്യങ്ങൾ സംഭരിച്ചു, തലച്ചുമടായി ദൂരെ കൊണ്ടുപോയി കുഴി കുത്തി മൂടണമെന്ന ആജ്ഞ ഓരോ ദിവസവും അവൾ അനുസരിക്കുന്നതും, തിരിച്ചു മലിനവസ്ത്രങ്ങളുമായി കുളിക്കാൻ തോട്ടിലേക്കു് പോവുന്നതും നിസ്സഹായമായി നോക്കിനിൽക്കുമ്പോഴെല്ലാം ഞാനുറച്ചു, ഒരു ദിവസം വരും. അന്നു് നിന്റെ തുടയിടുക്കിൽ ആഞ്ഞടിച്ചു അന്തരാളങ്ങൾ തകർക്കും. മൂത്രവും മലവും പോവാതെ ദുഷിച്ച ജൈവമാലിന്യങ്ങളുമായി നീ അന്ത്യശ്വാസം വലിക്കുമ്പോൾ, കഴുകനും കുറുനരിയും കൊത്തിവലിക്കുന്നതു കൈകൊട്ടി ആഘോഷിക്കും. പ്രിയ പാഞ്ചാലീ, സൗഗന്ധികം കൊണ്ടു് പ്രീതിപ്പെടുത്താൻ ഞാൻ കൊതിച്ചപ്പോൾ, ദുര്യോധനൻ എങ്ങനെ നിന്നെ ഈ വിധം അവമതിച്ചു മലിനപ്പെടുത്തി.” ഹസ്തിനപുരിയിലേക്കുള്ള യാത്ര. പത്തിനു് താഴെ വരുന്ന പാണ്ഡവസംഘം നീർച്ചോലയിൽ കുളിച്ചുവൃത്തിയാവുന്ന നേരം.

2019-03-03

“ദുര്യോധനൻ ചെയ്യാനറച്ച ക്രൂരകൃത്യം എന്തിനു നിങ്ങൾ ഏറ്റെടുത്തു? ഇരയുടെ നെഞ്ചിൽ വാൾ കുത്തിയിറക്കാൻ എന്തായിരുന്നു പ്രചോദനം?” കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു.

“ഞാനുമൊരു കൗന്തേയനല്ലേ? കണ്ടാൽ മുഖം തിരിക്കുമെങ്കിലും, ജനിതകധാര ഒന്നല്ലേ? ഭീഷ്മർ നയിച്ച ആദ്യ പത്തു ദിവസങ്ങളിൽ, യുധിഷ്ഠിരതല ഉരുണ്ടില്ലെങ്കിലും, പാണ്ഡവഭാഗത്തൊരു നിർജ്ജീവത വ്യക്തമായതല്ലേ? മൂന്നാംലിംഗ പോരാളിയുടെ മുമ്പിൽ ആക്രമണവിധേയനായ ഭീഷ്മർ, ശരശയ്യയിലേക്കു പോയത്തോടെ ദ്രോണർ സൈന്യം നയിച്ചു. ഞാൻ ആദ്യമായി പോർക്കളത്തിൽ ഇറങ്ങി. അതൊരൊന്നൊന്നൊര ആക്രമണനിര തന്നെയായി. പാണ്ഡവർ അടിയറവു വക്കാൻ പാടുപെടേണ്ടതില്ല എന്ന കൗരവബോധ്യം ശക്തമായപ്പോൾ, എന്നിലെ കൗന്തേയപക്ഷക്കാരൻ അഭിമന്യുവധം മഹാസംഭവമാക്കി. പാണ്ഡവർ ‘ഉറക്കമുണർന്നു’ വാളും കുന്തവുമായി കൗരവർക്കു നേരെ കുതിച്ചു. കൗരവ ആട്ടും തുപ്പുമേറ്റു് മിക്കവാറും ജീവരഹിതശവത്തിലാണു് വാൾ കുത്തിയതെങ്കിലും, ഭൗതികാവശിഷ്ടം പാണ്ഡവർക്കു് നേരെ എറിഞ്ഞുകൊടുത്തതാണു് സ്തോഭജനകമായി നിങ്ങൾ കൊണ്ടാടിയതു് അങ്ങനെ ഞാൻ എറിഞ്ഞു കൊടുത്തില്ലായിരുന്നെങ്കിൽ? യമുനാതീരത്തു വമ്പിച്ചൊരു ജനാവലിയുടെ സാനിധ്യത്തിൽ ‘അഭിമന്യു അഭിമന്യു’ എന്നു് ഓരോ പാണ്ഡവസഖ്യ സൈനികനും വിരൽ കീറി ചോര നെറ്റിയിൽ തൊട്ടു പ്രതിജ്ഞ എടുക്കുമായിരുന്നുവോ? ഊട്ടുപുരയിലെ മൃഗ മാംസലഭ്യതയെ കുറിച്ചും, പാളയത്തിൽ മദിരാക്ഷി സേവനം കിട്ടാത്തതിനെ കുറിച്ചും പരാതി പറഞ്ഞിരുന്ന പാണ്ഡവസഖ്യ കക്ഷിമേധാവികൾ കൂർത്ത വിരലുകളുമായി കൗരവ കണ്ണുകളിൽ കുത്താൻ ഓടിവന്നതു കാണുന്നില്ലേ? ദ്വാരകയിൽ പിറന്നു വളർന്ന അഭിമന്യു, ഹ്രസ്വകാല ജീവിതത്തിൽ, പാണ്ഡവർക്കന്യനായിരുന്നെങ്കിലും, മരണത്തിലവൻ കൂട്ടുകാരാക്കി. അഭിമന്യുമരണം ഓരോ യുദ്ധകാലത്തും വിശ്വമാകെ ഓർക്കപ്പെടും. അതാണു് ജഡത്തിൽ വാളിറക്കിയ കൗന്തേയത്വം.”

“അർജ്ജുനന്റെ മകനെ അപായപ്പെടുത്താൻ കൗരവർ ഉത്സാഹിക്കുന്നതു മനസ്സിലാക്കാം എന്നാൽ ആ കൗമാര പോരാളിയെ മാനസികമായി പീഡിപ്പിച്ചതു് നിങ്ങളിൽ ചിലരാണെന്നു കേൾക്കുന്നുണ്ടല്ലോ. എങ്ങനെ പറ്റി അമളി?”, ദ്വാരകയിൽ നിന്നുള്ള സൈന്യത്തിന്റെ മേധാവിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“അമളിയായിരുന്നോ? അതോ. ചെലവു തരുന്ന കൗരവരോടുള്ള കൂറോ? ദ്വാരകയിലെ സൈന്യമായിരുന്നു ഞങ്ങൾ യുദ്ധത്തിനു് മുമ്പെന്നു എന്നു് നിങ്ങൾ അടിവരയിട്ടല്ലോ. അതൊരു ചരിത്രവസ്തുത മാത്രമായല്ലേ നിലവിൽ കാണാനാവൂ? ദുര്യോധനൻ ദ്വാരകയിൽ വന്നു, മകളുടെ ഭർത്താവു് കൂടിയായ രാജാവിനോടു് ചോദിച്ചപ്പോൾ, അലകും പിടിയുമായി ഞങ്ങളെ കൗരവർക്കു കൈമാറി. ഞങ്ങളുടെ പരിപാലനവും വിശ്വസ്തതയും അതോടെ കൈമാറ്റം ചെയ്തില്ലേ? മാസങ്ങളായി ദ്വാരകയിൽ വേതനവും വേണ്ടത്ര ഭക്ഷണവും കിട്ടാതെ ദുരിതത്തിലായിരുന്ന ഞങ്ങളുടെ മൗനപ്രതിഷേധം കണ്ട രാജാവു്, ഭാര്യയുടെ അച്ഛനായ ദുര്യോധനനു കൊടുത്ത എട്ടിന്റെ പണിയായിരുന്നു സൈന്യത്തിന്റെ ഉടമസ്ഥത കൈമാറ്റം. അതോടെ ഞങ്ങൾ ഹസ്തിനപുരി പൗരത്വം സ്വീകരിച്ചു. ചത്താലും, യുദ്ധംജയിച്ചാലും, ഹസ്തിനപുരി പൗരന്മാർ. ദുര്യോധനൻ കാണിക്കുന്ന പിതൃവാത്സല്യം അറിയാൻ, പാളയത്തിൽ ഞങ്ങൾക്കനുവദിക്കുന്ന ആഡംബരങ്ങൾ നിങ്ങൾ ഓടിച്ചു നോക്കിയാൽ മതി. വ്യത്യസ്തയിനം വളർത്തുമൃഗങ്ങളുടെ ചുടുചോരയും മാംസവും മൂന്നുനേരം ഊട്ടുപുരയിൽ, കുളിക്കാൻ ശുദ്ധജലമൊഴുകുന്ന യമുന, രാത്രി പാളയത്തിൽ ആസ്വാദനമികവുള്ളവരുടെ പായക്കൂട്ടു്-അഭിമന്യുവിനെ മനസികപീഡനത്താൽ ഞങ്ങൾ ‘കൊന്ന’തൊക്കെ മേനി പറയാനുള്ളതല്ല, അതു് ഒരു പണത്തൂക്കം കൃതജ്ഞത മാത്രമല്ലേ.”

2019-03-04

“പന്ത്രണ്ടുവർഷം അന്തിയുറങ്ങിയ കാട്ടുകുടിലിൽ നിന്നേതോ അജ്ഞാതവസതിയിലേക്കു് യാത്രയായപ്പോൾ, വിരഹവേദനയൊന്നും തോന്നിയില്ലേ? നട്ടു വളർത്തി വലുതായ പൂമരങ്ങൾ, പരിപാലിച്ച മാനും മുയലും, ഒന്നുമുണ്ടായിരുന്നില്ലേ തിരിഞ്ഞു നോക്കുമ്പോൾ ആർദ്രസ്മൃതിയുണർത്തുവാൻ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“വേട്ടയാടിക്കിട്ടിയ നാൽക്കാലികളെ വെട്ടിപ്പൊളിച്ചു എല്ലും തോലും കൂട്ടിയിട്ടതൊക്കെ മറവു ചെയ്യുന്ന തിരക്കിലായിരുന്നു പാണ്ഡവർ അഞ്ചു പേരും. എന്റെ നഷ്ടപ്പെട്ട ദിനങ്ങളും അവരറിയാതെ ഞാനതിൽ കുഴിച്ചുമൂടി.”

“രാജാവിന്റെ പ്രേമഭാജനമായ സത്യവതിയോ, രാജാവിനോടു് വിലപേശി ഹസ്തിനപുരി കൊട്ടാരത്തിൽ കുടുംബനാഥ എന്ന മകളുടെ ഭാവി സുരക്ഷിതമാക്കിയ അച്ഛനോ നാളത്തെ ചുവരെഴുത്തുപതിപ്പിൽ മുഖ്യ കഥാപാത്രം?”, യുദ്ധകാര്യ ലേഖകൻ കൊട്ടാരം ലേഖികയോടു് ചോദിച്ചു. ഭീഷ്മപ്രതിജ്ഞക്കു മുമ്പുള്ള അധികാര പ്രതിസന്ധിയാൽ ശന്തനു-സത്യവതി വിവാഹം വഴിമുട്ടിയ ദിനം.

“ആർത്തിയോടെ നിൽക്കുന്ന ശന്തനുവിന്റെ നാണമില്ലാത്ത ശരീരഭാഷയാണു് എന്നെ ഇപ്പോഴും കൌതുകപ്പെടുത്തുന്നതു് ദുർബലശന്തനു പ്രണയിനിയുടെ മുമ്പിൽ ഇഴയുന്നു. കുരുവംശത്തിൽ ഇനിയുമുണ്ടാവുമോ ഇതു് പോലെ പെണ്ണാധിപത്യത്തിനു വഴങ്ങുന്നവർ? അവരെയൊക്കെ ‘എഴുന്നെള്ളിച്ചു’ നടത്താൻ, ചുറുചുറുക്കുള്ള ആനക്കുട്ടികളെ പോലെ, കുനിഞ്ഞു കാൽ മടക്കി നിൽക്കുന്ന പത്രപ്രവർത്തകരും?”

2019-03-05

“അക്ഷൗഹണിയുടെ എണ്ണവും, മാരകായുധവ്യാപ്തിയും, പ്രഹരശേഷിക്കുള്ള നൈപുണ്യവികസന പരിശീലനവും ഒന്നൊന്നായി പരിശോധിക്കുമ്പോൾ, കൗരവ സൈന്യവിജയമായിരുന്നു കുരുക്ഷേത്രയിൽ പ്രതീക്ഷിച്ചതു് എന്നു തക്ഷശിലയിൽ നിന്നെത്തിയ സ്വതന്ത്ര യുദ്ധ നിരീക്ഷകസംഘം അഭിപ്രായപ്പെട്ടല്ലോ. എന്നിട്ടും, നിങ്ങൾ എങ്ങനെ പോറലേൽക്കാതെ തിരിച്ചെത്തി?”, പോരാട്ടജേതാക്കളുടെ നേതാവായ യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“ഞാൻ വാളെടുത്താൽ അസാധ്യമായതൊക്കെ സാധിക്കും എന്നു് ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞില്ലേ?”

“പാഞ്ചാലിയുടെ കണങ്കാലിൽ തങ്കവളയുണ്ടല്ലോ. ദേഹ പരിശോധന ചെയ്തപ്പോൾ കണ്ടില്ലേ?” കൊട്ടാരം ലേഖിക ഭരണകൂട വക്താവിനോടു് ചോദിച്ചു. തോളിൽ മാറാപ്പിട്ട മുൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തി, നഗ്നപാദ പാണ്ഡവസംഘവുമായി രാജവീഥിയിലൂടെ വനവാസ ശിക്ഷയനുഭവിക്കാൻ പോവുന്നതു് മാളികമുകളിൽ നിന്നു് നോക്കുകയായിരുന്നു. പ്രഭാത വെയിലിൽ വളമിന്നുതവൾ പെൺ കൗതുകത്തോടെ വിരൽ ചൂണ്ടി വക്താവിന്റെ ശ്രദ്ധയാകർഷിച്ചു.

“ആരാധനയോടെ ദുര്യോധനൻ കൊടുത്ത ആഭരണമൊന്നുമല്ല. രഹസ്യദൗത്യ ഉപകരണമാണു് അടിമകളിൽ നിന്നും രാജ്യദ്രോഹികളിൽ നിന്നും നിലവിലുള്ള രാജ്യരക്ഷാ നിയമമനുസരിച്ചു വിവര സംഭരണം ആരോരുമറിയാതെ സാധ്യമാക്കുന്ന ഇതിന്റെ ശില്പി വേറെ ആരുമല്ല. വിശിഷ്ടാതിഥികളെ വഴുക്കി വീഴ്ത്താൻ സ്ഥലജല വിഭ്രമ സഭ പണിത പാതാള വാസ്തുശിൽപ്പി. കേമൻ എന്നു് നിങ്ങളൊക്കെ വാർത്തകളിൽ പൊലിപ്പിക്കുന്ന സാക്ഷാൽ അർജ്ജുനൻ വിചാരിച്ചാൽ പോലും കാൽ വെട്ടി മാറ്റാതെ തങ്കവള അഴിച്ചു കളയാനാവില്ല. നിർമ്മിതിയിൽ വേറൊരു കൗതുകം കൂടിയുണ്ടു്. പാഞ്ചലിക്കറിയില്ല ഉടലിൽ തങ്കവളയുടെ രഹസ്യസ്പർശം. ഇനിയവൾ എവിടെയായിരുന്നാലും, രാപ്പകൽ കൗരവ നിരീക്ഷണ പരിധിയിൽ നിന്നു് പുറത്തുപോവില്ല. ദുര്യോധനൻ സ്ഥലഭ്രമത്തിൽ വഴുക്കിവീണപ്പോൾ ചിരിച്ചതിനുള്ള മധുരപ്രതികാരമാണിതെന്നു കൂട്ടിവായിക്കണം.”

“മിന്നലാക്രമണത്തിൽ വയസ്സൻ കൌരവരെ അഭിമന്യു വെള്ളം കുടിപ്പിക്കുമെന്ന നകുല പ്രസ്താവന പിടിവിട്ടു പോർക്കളത്തിൽ വിവാദമായല്ലൊ”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

“ഉള്ളതു് പറഞ്ഞാൽ പിന്നെ യുദ്ധകാലത്തു ‘വെള്ളംകുടി’ വിവാദമാവില്ലെ? അനാഥ കൌരവബീജങ്ങൾ നൂറു മൺഭരണികളിൽ നിന്നു് ഒന്നൊന്നായി ഹസ്തിനപുരി അന്തഃപുരത്തിൽ ഉയരും മുമ്പുതന്നെ, കാട്ടിൽ ആദ്യ പുത്രൻ യുധിഷ്ഠിരൻ ജനിച്ചിരുന്നു എന്ന മുൻ മഹാറാണി കുന്തിയുടെ സത്യവാങ് മൂലത്തിന്റെ ബലത്തിലല്ലേ കുരുവംശ മൂപ്പിളമ അധികാര തർക്കമായതു്? കുരുക്ഷേത്രയിലെത്തിയാൽ ആയിരം പൂർണ ചന്ദ്രന്മാരെ കണ്ട കൗരവരെ വെള്ളം കുടിപ്പിക്കാൻ ചക്രവ്യൂഹത്തിൽ തന്നെ നാളെ ഇടിച്ചു കയറട്ടെ പതിനാറെത്താത്ത പുതുതലമുറ പാണ്ഡവൻ. ഒന്നുകിൽ ഞങ്ങൾ അല്ലെങ്കിൽ അഭിമന്യു.”

2019-03-06

“കൗമാരപോരാളിയെ കൊലക്കത്തിയിലേക്കു എറിഞ്ഞ പാണ്ഡവർ, തിരിച്ചടിയിൽ കൗരവതല വല്ലതും ഉരുട്ടിയോ എന്നല്ലേ കർണ്ണൻ ചിതത്തീ ഉയരുമ്പോൾ പരിഹസിക്കുന്നതു്?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. കുരുക്ഷേത്ര യുദ്ധത്തിന്റെ പതിമൂന്നാം ദിവസം വൈകിയ രാത്രിയിൽ, നദീതീരത്തു അഭിമന്യുവിന്റെ ഭൗതികാവശിഷ്ടങ്ങൾ എരിഞ്ഞുകൊണ്ടിരുന്ന നേരം.

“കൗരവർ ചതച്ചുകൊന്ന അഭിമന്യുവിന്റെ ശവത്തിൽ കുത്തുക എന്നതായിരുന്നില്ലേ പോർക്കളത്തിൽ ഇന്നു് അടിമകർണ്ണന്റെ അഭിമാന നേട്ടം?”

“ഒരു ദശാബ്ദത്തോളം ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി പദവിയിൽ ജീവിച്ച ശേഷം, ഈ കൊടും കാട്ടിനുള്ളിലെ ഒറ്റമുറികുടിലിൽ രാത്രി കഴിയുന്നതിൽ പേടിയൊന്നും നിങ്ങൾക്കു് തോന്നാറില്ലേ?”, കൊട്ടാരം ലേഖിക ചോദിച്ചു. നിശബ്ദ വനമേഖല ഭീതിതമായിരുന്നു.

“ഊഴമനുസരിച്ചു അവസരം കിട്ടുമ്പോൾ ഓരോ പാണ്ഡവനും എന്റെ ചെവിയിൽ മുട്ടിയുരുമ്മി മന്ത്രിക്കും, കൂടെ ഞാൻ എന്നും കിടക്കാൻ നീ കനിഞ്ഞാൽ സ്വൈരമായി നിനക്കു രാപാർക്കാം. അത്തരം മാസഭോജികൾ അഞ്ചെണ്ണമാണു് കിടപ്പറക്കു മുമ്പിൽ കാത്തുകിടക്കുന്നതു്. അവരെ തള്ളിമാറ്റി അകറ്റിക്കിടത്താൻ പാടുപെടുന്ന എന്റെ നിശാജീവിതത്തിൽ, കാട്ടിലെ ഹിംസ്ര ജന്തുക്കൾക്കെന്തു പ്രത്യേക സ്ഥാനം.”

2019-03-07

“കുടിലകൗരവരുടെ നീണ്ട ദുർഭരണകാലത്തു് ഹസ്തിനപുരിയിലെ ഏകാംഗ പ്രതിപക്ഷമായിരുന്നു ജനാധിപത്യവാദി ചാർവാകൻ. കുരുക്ഷേത്ര യുദ്ധം കഴിഞ്ഞു അധികാരചിഹ്നമായ ചെങ്കോൽ നിങ്ങൾ അന്ധവൃദ്ധനിൽ നിന്നു് തട്ടിയെടുത്തപ്പോൾ, വിമർശിക്കാൻ ആകെ ഉണ്ടായതും ചാർവാകൻ. ഇന്നൊരു പൊള്ളുന്ന കാഴ്ച ഞാൻ വാണിജ്യത്തെരുവിൽ കണ്ടു. അർദ്ധനഗ്നചാർവാകനെ അരയിൽ കയറിട്ടു മുറുക്കി ചാരവകുപ്പു മേധാവി നകുലൻ കഴുതപ്പുറത്തു കൊണ്ടു പോവുന്നു. എന്തായിരുന്നു ഇങ്ങനെയൊരു അവഹേളനം അർഹിക്കാൻ ചാർവാകൻ പ്രകോപനപരമായി പറഞ്ഞതു്? പാഞ്ചാലിക്കു കൗരവർ പൗരാവകാശം നിഷേധിച്ചു എന്നു് ലോകം മുഴുവൻ കേൾക്കെ പരാതി പറഞ്ഞ പാണ്ഡവർ, പാഞ്ചാലിയെ ദശാബ്ദങ്ങളായി ബഹുഭർത്തൃത്വം എന്ന ഓമനവാക്കിലൂടെ ലൈംഗികഅടിമയാക്കി പീഡിപ്പിക്കുന്നതിൽ കറ കളഞ്ഞ കാപട്യമുണ്ടു് എന്നല്ലേ പൊതുവേദിയിൽ ആ വിഭാര്യൻ പരിഹസിച്ചുള്ളു? നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നോ, എതിർസ്വരങ്ങളോടുള്ള ഈ ഭരണകൂട അസഹിഷ്ണുത?” കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു.

“കൗരവരാജവിധവകളെ ദുരുപയോഗം ചെയ്തു ഭീമൻ കൊട്ടാരമാലിന്യങ്ങൾ കോരിപ്പിക്കുന്നു എന്നു് നിങ്ങൾ ‘ഹസ്തിനപുരി പത്രിക’യിൽ എഴുതിയതിനു തക്ക പുരസ്കാരം പരിഗണിക്കാൻ നകുലൻ പുതിയ ഒരു കയറും കഴുതയും തേടുന്നുണ്ടു് എന്നും ശ്രദ്ധയിൽ പെട്ടിട്ടുണ്ടു്. അതു് വരെ നിങ്ങൾ ഒന്നു് സമാധാനമായിരിക്കൂ.”

“നിസ്സാര കാര്യങ്ങൾക്കു നിങ്ങൾ ഭീമനെ ഇടിച്ചു താഴ്ത്തുന്നതു് ഞാൻ വേദനയോടെ കണ്ടിട്ടുണ്ടു്. പ്രായശ്ചിത്തം പോലെ അവനോടു് ഒരു പിടി നന്ദി നിറഞ്ഞ പരിലാളനയും. എന്തായിരുന്നു ഭീമനെ ഇരയാക്കിയും ഓമനയാക്കിയും ഒരുപോലെ കബളിപ്പിക്കുന്ന ആ കുടില ദാമ്പത്യതന്ത്രം?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“ചിലപ്പോൾ അതിരാവിലെ, ഭീമൻ വിഴുപ്പുകെട്ടു ചുമന്നു ജലാശയത്തിലേക്കു് കുന്നിറങ്ങി പോവുന്നതു് കാണാം. സന്യസ്ഥാശ്രമത്തിലെ മാലിന്യനീക്കം കഴിഞ്ഞു ഞാൻ കുളിക്കാൻ പോവുമ്പോൾ, വിഴുപ്പു ഒന്നൊന്നായി അടിച്ചു തിരുമ്മി, ഉണക്കി മടക്കി, ഒരു തലച്ചുമടായി തിരിച്ചു ഭീമൻ കുന്നു കയറുന്നുണ്ടാവും. ഞാൻ ചെയ്തതു് ഇഷ്ടമായോ എന്നൊരു ബാല നോട്ടമുണ്ടു് ഭീമമുഖത്തു്. ഞാനൊന്നും വാമൊഴിയായി പറയില്ലെങ്കിലും, “ഉന്മാദം ഉന്മാദം” എന്നു് അവൻ പായിൽ മലർന്നു കിടന്നു രാത്രിയിൽ ആർമാദിക്കുന്നതു് വരെ അതിസൂക്ഷ്മ വ്യക്തിഗത ശാരീരിക സേവനത്തിനു അവനെ ഞാൻ സവിശേഷ ഗുണഭോക്താവാക്കും.”

2019-03-08

“അർജ്ജുനൻ വിവാഹം കഴിച്ച സ്ത്രീയെങ്ങനെ യുധിഷ്ഠിരന്റെ ഔദ്യോഗിക ഭാര്യയായി? എന്നാണു ദുര്യോധനവിധവ അഭിമുഖത്തിൽ ഇന്നലെയും ഓർത്തെടുത്തതു്. കുലീന ‘കലിംഗരാജകുമാരി’ക്കു് ബഹുഭർത്തൃത്വം സ്ത്രീപീഡനത്തിനു സമം എന്നറിയാമല്ലോ”, കൊട്ടാരം ലേഖിക ചാർവകനോടു് ചോദിച്ചു.

“എങ്ങനെ ആ വിധമാവാതിരിക്കാൻ മറ്റു നാലു് പാണ്ഡവർ നാലുവഴികളിൽ പാടുപെട്ടു എന്നറിയുമ്പോൾ ബോധ്യമാവുന്നു, യുധിഷ്ഠിരനെ എന്നെന്നും തുണച്ചതു് വ്യക്തിത്വ യോഗ്യതയല്ല ആകസ്മികതയായിരുന്നു. നിങ്ങളൊക്കെ എടുത്തുപയോഗിക്കുന്ന വാക്കുണ്ടല്ലോ സൗഭാഗ്യം അതുതന്നെ. ധാർമികതയുടെ ആദർശമുഖംമൂടി, ഗാന്ധാരിയുടെ കൺകെട്ടുപോലെ, രാവും പകലും അണിഞ്ഞണിഞ്ഞു യുധിഷ്ഠിരഹൃദയത്തിലും വന്നുവോ തുല്യവേഷപ്പകർച്ച. “ഹൃദയപൂർവ്വം ഞാൻ ആശംസിക്കുന്നു” എന്നു് യുധിഷ്ഠിരൻ നിങ്ങളോടു പറഞ്ഞാൽ ഊഹിക്കാം, കബളിപ്പിക്കലിനു് ഇടനെഞ്ചു് അനുമതി നൽകി. ഇങ്ങനെ ഒരാൾ മഹാരാജാ പദവി വഹിക്കുന്ന ഹസ്തിനപുരിയാണു് നമ്മുടെ നാടെന്നോർക്കുമ്പോൾ കരളിലൊരു നൊമ്പരം കണ്ണിണകളിൽ ഈർപ്പം.”

2019-03-09

“കുറഞ്ഞൊരു കാലമല്ലേ ഹസ്തിനപുരിയിൽ നിങ്ങൾ കഴിഞ്ഞിട്ടുള്ളൂ? പാഞ്ചാലയിൽ നിന്നു് നവവധുവായി ഭർത്താക്കന്മാരുമൊത്തു വന്ന നിങ്ങൾ താമസിച്ചിരുന്ന, നഗരാതിർത്തിയിലുള്ള അതിഥിമന്ദിരത്തിൽ. പലപ്പോഴും വന്നു അഭിമുഖം ചെയ്തിട്ടുണ്ടു്. പിന്നെ ഖാണ്ഡവപ്രസ്ഥത്തിലേക്കു കുടിയേറ്റക്കാരിയായി പാണ്ഡവർക്കൊപ്പം പോവും മുമ്പുള്ള ഒരു ഇടവേളയിൽ, ഒരു പക്ഷേ, വിരുന്നുസൽക്കാരങ്ങളിൽ മാത്രം പരിചയപ്പെട്ട കൌരവരെ നിങ്ങൾ പേർ വിളിച്ചു സ്വാഗതം ചെയ്തിരുന്നു എന്നോ? അവിശ്വസനീയം. കൊള്ളാം, പെറ്റ തള്ള ഗാന്ധാരിക്കു് പോലും ആവുമോ, കണ്ടാൽ ഒരു കൗരവനെ മറ്റൊരു കൗരവനെന്നു തെറ്റിദ്ധരിക്കാവുന്നത്ര രൂപസാദൃശ്യമുള്ള നൂറോളം ‘തെമ്മാടി’കളെ ഓമനപ്പേർ വിളിച്ചു പരിലാളിക്കുവാൻ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“മിഴികളിലൂടെ വേണം കുട്ടികളോടു് വിനിമയം ചെയ്യാനെന്നറിയാതെ, മനഃപൂർവ്വം കാഴ്ചപരിമിതയായ ഗാന്ധാരിയെ പോലെയാണോ, ആരാധകരെ ആനന്ദിപ്പിക്കുവാൻ പ്രകൃതിദത്ത പഞ്ചേന്ദ്രിയങ്ങൾ പൂർണ്ണമായും പ്രവർത്തനക്ഷമമാക്കിയ പാഞ്ചാലി?”

2019-03-10

“അല്ല, കുരുക്ഷേത്രം തന്നെ വേണോ, കുരുവംശ സ്വത്തുതർക്കത്തിന്റെ കുരുക്കഴിക്കാൻ? കുറ്റിക്കാടുകളും ജലസ്രോതസ്സുകളും നശിപ്പിച്ചു പത്തു നാൽപ്പതു ലക്ഷത്തോളം സൈനികരുടെ ജൈവമാലിന്യങ്ങൾ ആഴ്ചകളോളം നീണ്ടു നിന്നേക്കാവുന്ന മഹായുദ്ധത്തിന്നിടക്കു് നിക്ഷേപിച്ചാൽ, പുഴ കുപ്പത്തൊട്ടി ആവില്ലേ? ചാർവാക നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു ഇന്നലെ രാത്രി എത്തിയതേയുള്ളു.” കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധമേഘങ്ങൾ നിറഞ്ഞ ആകാശം.

“ഭരണകൂടത്തിന്നെതിരെ വാർത്ത നിർമ്മിക്കുന്ന നിങ്ങൾ പരിപ്രേക്ഷ്യത്തിൽ കാണുന്നില്ല. ഹസ്തിനപുരി കൊട്ടാരസമുച്ചയത്തിൽ, നൂറോളം കൗരവ വസതികൾക്കു മുന്നിൽ, പരിപാലിക്കുന്ന ഔഷധ സസ്യ ഉദ്യാനങ്ങൾ ചുറ്റിനടന്നു കണ്ടവരാരും ഞങ്ങളുടെ പരിസ്ഥിതി നിലപാടു് സംശയിക്കില്ല. വീരമൃത്യു പ്രാപിക്കുന്ന ഓരോ പാണ്ഡവ സഹോദരന്റെയും ജ്വലിക്കുന്ന സ്മരണക്കു ജൈവവൈവിധ്യ ഉദ്യാനങ്ങൾ കുരുക്ഷേത്ര യുദ്ധഭൂമിയിൽ, ഞങ്ങൾ നിർമ്മിക്കും, പൊതുയോഗത്തിൽ മഹാരാജാവു് ധൃതരാഷ്ട്രർ മനുഷ്യരാശിക്കു് സമർപ്പിക്കും. കുരുവംശ പരിസ്ഥിതി കാര്യാലയത്തിന്റെ കർശന വ്യവസ്ഥകൾ അക്ഷരം പ്രതി പാലിക്കുകയും ചെയ്യും. നിങ്ങൾ ചുവരെഴുത്തുപതിപ്പു ദുഷിച്ചു നിറക്കുമ്പോൾ, ഞങ്ങൾ ഈ നാടിനെ വരും യുഗത്തിലേക്കായി മാതൃകാ ഉദ്യാനമാക്കും.” സ്ഥിതിഗതികൾ നേരിൽ കണ്ടു വിലയിരുത്താൻ കുരുക്ഷേത്രയിലേക്കു് യാത്ര തിരിക്കുന്ന നേരത്തു കോട്ടക്കു് വെളിയിൽ കൂടി നിന്നിരുന്ന ജനം, “ഇവൻ ഞങ്ങൾക്കു് രക്ഷകൻ, എന്നും എന്നെന്നും നമ്മുടെ രക്ഷകൻ” എന്നു് ദുര്യോധനനെ വിളിച്ചു കൊണ്ടിരുന്നു.

“ചക്രവർത്തിനി ആയശേഷം നിങ്ങളുടെ ഈ വസതിയിൽ പാഞ്ചാലി ക്ഷേമാന്വേഷണത്തിനു വന്നിട്ടുണ്ടോ, അതോ, ഇന്ദ്രപ്രസ്ഥത്തിൽ നിങ്ങൾ പോയി കാണുകയായിരുന്നുവോ? പാണ്ഡവർക്കു് അവളിൽ കുട്ടികൾ ജനിച്ചതു് അവിടെയല്ലേ?”, കൊട്ടാരം ലേഖിക കുന്തീദേവിയോടു് ചോദിച്ചു.

“കുട്ടികളെ പാഞ്ചാലയിൽ വളർത്താൻ കൊണ്ടു് പോയിഇന്ദ്രപ്രസ്ഥത്തിലേക്കവൾ മടങ്ങുമ്പോൾ, മുന്നറിയിപ്പൊന്നുമില്ലാതെ ഒരു പ്രാവശ്യം ഇവിടെ സന്ദർശനം നടത്തി. ഉണ്ണാൻ ഞാൻ വിളിച്ചപ്പോൾ, ഭക്ഷണവും, വിളമ്പി ക്കഴിക്കാൻ വെള്ളിപ്പാത്രങ്ങളും, കുടിക്കാൻ തിളപ്പിച്ചാറ്റിയ കുടിനീരും പാഞ്ചാലയിൽ നിന്നു് കൊണ്ടു് വന്നിരിക്കുന്നു”, പകൽ അന്തഃപുരത്തിൽ ഗാന്ധാരിയുടെ തോഴിയായും, രാത്രി ആശ്രമതുല്യമായൊരു കൊച്ചുകുടിലിൽ ഒറ്റക്കും ജീവിതസായാഹ്നം ചെലവഴിക്കുന്ന കുന്തി പെട്ടെന്നു് ചുറ്റും ഭീതിയോടെ നോക്കി മേൽവസ്ത്രം കൊണ്ടു് ശിരസ്സു് മൂടി.

2019-03-11

“നൂറു മക്കളെ പെറ്റ സ്ത്രീയാണിപ്പോൾ ഹസ്തിനപുരി മഹാറാണി. വ്യാഴവട്ടക്കാല വനവാസത്തിൽ, എന്തുകൊണ്ടു് മത്സരക്ഷമതയോടെ നിങ്ങൾക്കും, കൈനിറയെ പുനരുൽപ്പാദനം എന്ന ബഹുഭർത്തൃത്വ ദാമ്പത്യനയം പരിഗണിച്ചുകൂടാ? ചുറ്റും നോക്കിയാൽ കാണുന്ന കൊടുംകാട്ടിൽ തന്നെയല്ലേ, എളുപ്പം പേടിക്കുന്ന പേടമാനുകൾ ഇണയെ കണ്ടെത്തുന്നതും, പ്രസവിച്ച കുഞ്ഞുങ്ങളെ പോറ്റി വലുതാക്കുന്നതും? ഇരയെ കഴുത്തിൽ കടിച്ചു തിന്നുന്ന മാംസഭോജികൾ ഒളിഞ്ഞിരുന്നു ചാടാൻ കാട്ടിലുണ്ടായിട്ടും, പേടമാനു കൾക്കതൊന്നും തടസ്സമാവുന്നില്ലല്ലോ” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“വിശപ്പകറ്റാൻ മാത്രമേ മൃഗങ്ങൾ ഇരയെ പിടിക്കൂ. എന്നാൽ പ്രജനനക്ഷമതയില്ലാതെ, കേവലം വിനോദത്തിനു മാത്രം ഇരയെ ബന്ദിയാക്കുന്ന അഞ്ചോളം മാംസഭോജികൾ പായ പങ്കിടാൻ ഈ കാട്ടുകുടിലുണ്ടു്.”

“ഒന്നല്ല അഞ്ചു ഭർത്താക്കന്മാർ മകൾക്കുണ്ടാവുമെന്നു കുന്തിയിൽ നിന്നറിഞ്ഞ പാഞ്ചാലൻ, യാത്രാമൊഴിയായി ചെവിയിലെന്തോ മന്ത്രിക്കുന്നതു് കണ്ടല്ലോ. പ്രിയപുത്രിക്കു് സർവ്വ മംഗളം ആശംസിക്കുന്നതിൽ കവിഞ്ഞെന്തേങ്കിലും വ്യഥിതസന്ദേശം?” കൊട്ടാരം ലേഖിക ചോദിച്ചു.

“സുസ്ഥിര ദാമ്പത്യ ജീവിതത്തിനായി നീ അഞ്ചിരട്ടി അദ്ധ്വാനിക്കേണ്ടിവരുമല്ലോ എന്നു് പറഞ്ഞ അച്ഛൻ, പ്രതികരണത്തിനു് കാത്തുനിൽക്കാതെ മടക്കയാത്രയായതുകൊണ്ടു, ഭാവികർമ്മ പരിപാടി വിവാഹ ദിവസം തന്നെ വെളിപ്പെടുത്തേണ്ടി വന്നില്ല.”

2019-03-12

“രക്തരൂഷിതയുദ്ധത്തിലൂടെ ഹസ്തിനപുരി പിടിച്ചടക്കിയ നിങ്ങൾ, സ്ഥാനാരോഹണത്തിന്റെ ആദ്യവാർഷികം ആഘോഷിക്കുകയാണു് എന്നാൽ പത്തു വർഷത്തോളം ‘രാജസൂയ ചക്രവർത്തി’ ആയിരുന്ന ഇന്ദ്രപ്രസ്ഥം, ഇതിനിടയിൽ ഒന്നു് പോയി കണ്ടു, എന്തുണ്ടവിടെ നാടിനും നാട്ടുകാർക്കും വിശേഷം എന്നു് തിരക്കിയില്ലല്ലേ?”, ആഘോഷവേദിയിൽ നിന്നിറങ്ങി, പാഞ്ചാലിക്കൊപ്പം രഥത്തിൽ കയറുകയായിരുന്ന യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“ഇന്ദ്രപ്രസ്ഥം? രാജസൂയ ചക്രവർത്തി? അതൊന്നും മറന്നില്ലേ? കാലികപ്രസക്തി മാത്രമുള്ള വാസ്തു നിർമിതി മാത്രമായിരുന്നില്ലേ ആ മായികസൗധങ്ങൾ? വിരുന്നു വന്നവരെയെല്ലാം വഴുക്കി വീഴ്ത്തുന്ന ദുഷിച്ച കൊട്ടാരസമുച്ചയം ഇനിയാർക്കു വേണം? ചക്രവർത്തി എന്നതു് വെറുമൊരു ആലങ്കാരിക പദവി എന്നതിനു് ദൃഷ്ടാന്തമല്ലേ, ആനപ്പുറത്തു ചൂതാടാൻ വന്ന ഞങ്ങൾ കാൽനടയായി കാട്ടിൽ പോവേണ്ടി വന്നതു്. പാണ്ഡവ കുടുംബത്തിനു രാപാർക്കാൻ കുരുവംശ ഹസ്തിനപുരി മതി. ഗംഗയുടെയും സത്യവതിയുടെയും, അംബികയുടെയും അംബാലികയുടെയും, നാടു്. ഗാന്ധാരിയുടെയും കുന്തിയുടെയും നാടു്…”

“ഇഷ്ടവിഭവ പാചകവും, അന്തഃപുരവാസികളെ കുറിച്ചുള്ള ദൂഷണ വാർത്താവിതരണവുമായി കോട്ടക്കകത്തു ദശാബ്ദങ്ങളായി ഒതുങ്ങിക്കഴിഞ്ഞിരുന്ന കൗരവരാജവധുക്കൾ എപ്പോഴാണു് പരസ്യവേദിയിൽ തീപ്പൊരിയായതു്?” കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി. നെഞ്ഞത്തടിച്ചു വെല്ലുവിളിച്ചു നൂറോളം കൗരവവിധവകളും പുത്രവിധവകളും കോട്ടവാതിലിനുവെളിയിൽ പ്രതിഷേധം നടത്തുന്നതു് ഊട്ടുപുരജാലകത്തിലൂടെ കാണാമായിരുന്നു.

“പോരാട്ട ജേതാക്കൾ കോട്ട പിടിച്ചാൽ രാജവിധവകളെ ബലാൽസംഗം ചെയ്യും എന്നു് കൌരവർ പറഞ്ഞു പരത്തി. യുദ്ധം ജയിച്ചു ജീവനോടെ ഹസ്തിനപുരിയിൽ എത്തിയതു് പക്ഷേ, വയോജനങ്ങളായ പാണ്ഡവർ. കുരുക്ഷേത്ര സമ്മാനിച്ച ഒടിവും ചതവും കൊണ്ടു് നിവർന്നു നടക്കാൻ വയ്യാതെ, ആടി യുലഞ്ഞുവന്ന എന്റെ മക്കൾ എങ്ങനെ യുദ്ധപൂർവ്വ കൗരവഭീഷണി നടപ്പിലാക്കും?”, ഊട്ടുപുരയിലെ ധാന്യപ്പെട്ടി, പാണ്ഡവമാതാവിന്റെ ഭാവി ജീവിതം പോലെ, ഒഴിഞ്ഞു കിടന്നിരുന്നു.

“യുദ്ധവറുതിയിൽ ജനം എരിപൊരി കൊള്ളുമ്പോഴും, കൊട്ടാരം ഊട്ടുപുരയിൽ പാണ്ഡവർക്കു് രുചിവിഭവങ്ങൾ വിളമ്പുന്നുണ്ടു്. പക്ഷേ, നിങ്ങൾ ഒറ്റയ്ക്കു് ജാലക പടിയിൽ ഓരം ചേർന്നിരുന്നു കഴിക്കുന്നതു് ഉണക്കപ്പഴ ങ്ങളും ശുദ്ധജലവും. ഇതെന്താ ഇങ്ങനെ?”, കൊട്ടാരം ലേഖിക മഹാറാണിയുടെ മുമ്പിൽ മുട്ടുകുത്തി.

ഈ ഉടൽ പാഞ്ചാലയിലെ യാഗാഗ്നിയിൽ പാരിതോഷികമായി തരുമ്പോൾ, പ്രകൃതിയെനിക്കു് നേരെ വിരൽ ചൂണ്ടി, “ഉപവാസവും സഹനവും നിറഞ്ഞതായിരിക്കട്ടെ, അഴകളവുകൾ പരിപാലിക്കുന്നവളുടെ തീൻശാല.”

2019-03-13

“ഇടവും സമയവും പ്രഖ്യാപിച്ചതു് ദുര്യോധനൻ ആയിരുന്നെങ്കിലും, നിങ്ങൾ വെല്ലുവിളി ഉടൻ സ്വീകരിച്ചതു് കണ്ടപ്പോൾ ഞങ്ങൾക്കു് വല്ലായ്മ തോന്നി. ‘യുധിഷ്ഠിരനും യുദ്ധവെറിയനോ?’ എന്നായിരുന്നു ചാർവാകൻ നിരീക്ഷിച്ചതു് എങ്ങനെ ഓർത്തെടുക്കുന്നു ആ വിമ്മിഷ്ട കാലം?” കൊട്ടാരം ലേഖിക ഹസ്തിനപുരി മഹാരാജാവിനോടു് ചോദിച്ചു.

“എന്താണിത്ര പാടുപെട്ടു ഓർത്തെടുക്കാൻ മാത്രം? കുരുക്ഷേത്ര യുദ്ധം ജയിച്ചു വർഷം ഒന്നു് കഴിഞ്ഞതല്ലെയുള്ളൂ? യുദ്ധവെറിയനല്ല യുധിഷ്ഠിരൻ എന്നു ചാർവാകനെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം ഇപ്പോൾ എനിക്കില്ലെങ്കിലും, നിങ്ങളോടു് ഏറ്റുപറയട്ടെ കൗരവ പ്രഖ്യാപനം ഞങ്ങൾ സ്വീകരിച്ചതു് നിബന്ധനയോടെയായിരുന്നു. നയതന്ത്രതലനീക്കത്തിന്റെ സ്വാഭാവിക തുടർച്ചയായി ബലപ്രയോഗം എന്ന നിലയിൽ പോരാട്ടത്തെ സ്വാഗതം ചെയ്യുമ്പോൾ തന്നെ, യുദ്ധം പ്രകൃതി സൗഹൃദമാവണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന ഞങ്ങളുടെ നിലപാടിനെ തുടർന്നായിരുന്നു കൗരവർ പുഴയോരം ജൈവമാലിന്യ നീക്കത്തിനു് യോജിച്ച വിധം പോരാട്ടസമയം ക്രമപ്പെടുത്തിയതു് യുദ്ധം കഴിഞ്ഞു ഞാൻ പിതാമഹനെ പ്രണമിക്കാൻ പോർക്കളത്തിൽ ചെന്നപ്പോൾ, യുദ്ധത്തിനു് മുമ്പു് എങ്ങനെയായിരുന്നുവോ കുരുക്ഷേത്ര, ആ സ്ഥിതിയിൽ ആയിത്തീർന്നിരുന്നു പോരാട്ടവേദി. എന്റെ ചാരിതാർഥ്യം ചെറുതല്ല.”

“പാഞ്ചാലി എനിക്കു് സ്വന്തം എന്നു് നിങ്ങൾ അഭിമാനിക്കുന്നതു സ്വാഭാവികം, എന്നാൽ ഊഴം കാത്തു് ക്ഷമയോടെ മറ്റു നാലു പാണ്ഡവർ പായക്കൂട്ടിനായി പാഞ്ചാലിയെ കാത്തിരിക്കുമ്പോൾ, ആ പതിവു കാഴ്ചയുമായി പൊരുത്തപ്പെടാനാവാതെ നിങ്ങളുടെ ഉള്ളം തപിക്കുന്നു. രോഗനിർണ്ണയം ചെയ്യുന്നതിനു് പകരം നിങ്ങൾ നിസ്സഹായനാവുമ്പോഴാണു്, സ്വന്തമെന്ന പദത്തിന്റെ ദുരർത്ഥങ്ങൾ പൊതുസമൂഹത്തിനു വ്യക്തമാവുക. പിറ്റേന്നു രാവിലെ, പായിൽ നിന്നെഴുന്നേറ്റ പാണ്ഡവൻ പുറത്തുവരുമ്പോൾ, വിശദാംശങ്ങൾ ഒന്നും പിടിച്ചുവക്കാതെ നിശാനുഭവങ്ങൾ പങ്കിടണമെന്നു നിങ്ങൾ ശഠിക്കുമ്പോൾ, ധാരണയിൽ തുടങ്ങിയ ബഹുഭർത്തൃത്വം ആഭ്യന്തരസ്രോതസ്സുകളിൽ നിന്നു് പ്രതിസന്ധി നേരിടുന്നു. ഓരോ പാണ്ഡവനിലും ഞാനൊരു ഭാവികീചകനെയാണു് കാണുന്നതെന്നു് നിങ്ങൾ വീർപ്പടക്കുമ്പോൾ, കൗന്തേയരുടെ ദൗർഭാഗ്യത്തെ ഓർത്തു പെറ്റ തള്ള കുന്തി വിലപിക്കുന്നു. ഇത്ര മാത്രം മാനസികപ്രശ്നങ്ങളുണ്ടോ ഈ വാചാല ഹൃദയത്തിനുള്ളിൽ?” ഇടനെഞ്ചിൽ വിരൽ മുട്ടി കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.

വിജന ഹിമാലയ താഴ്‌വര.

“ഇപ്പോൾ നിങ്ങൾ കണ്ടല്ലോ. കുഴഞ്ഞുവീണപ്പോൾ ഞങ്ങൾ അഞ്ചു സഹോദരന്മാർ സംഘടിതബോധത്തോടെ അവൾക്കു ചരമശുശ്രൂഷ നിഷേധിച്ചതു് എന്തുകൊണ്ടെന്നു് …”

2019-03-14

“പാണ്ഡവതോളിൽ കൗരവർ മാറാപ്പു കെട്ടിയ ചൂതാട്ടസന്ധ്യ വ്യക്തതയോടെ ഓർക്കുന്നവർ ഇതേ അരമനയിൽ ഇന്നുമുണ്ടു്, പക്ഷേ, കൊല്ലം പതിമൂന്നു കടന്നുപോയി. ചുറുചുറുക്കുണ്ടായിരുന്ന പാണ്ഡവർ എല്ലും തൊലിയുമായി. വയോജനങ്ങൾ എന്ന നിലയിൽ, നിങ്ങൾ അഞ്ചുപേരും ഇപ്പോൾ അധികാരമേറ്റെടുക്കുമ്പോൾ, തടസ്സം നിൽക്കുക കൗന്തേയരുടെ അധികാരമോഹമോ, അതോ യുദ്ധക്കെടുതിയിൽ വലയുന്ന തെരുവോര ജീവികളുടെ പ്രതിഷേധമോ?” കൊട്ടാരം ലേഖിക ചോദിച്ചു. ശരശയ്യയിൽ മരണ ദിവസത്തിനായി കാത്തുകിടക്കുന്ന പിതാമഹനെ സന്ദർശിച്ചു, രാജ്യതന്ത്ര ബാലപാഠങ്ങൾ നേടി മടക്കയാത്രയിലായിരുന്നു യുധിഷ്ഠിരനും സംഘവും.

“ഖാണ്ഡവപ്രസ്ഥമെന്ന കൊടുംകാടിനെ വെട്ടിനിരത്തി മായികസൗധങ്ങൾ പണിത ഞങ്ങൾക്കുണ്ടോ ആശങ്ക? എന്നാൽ ഹസ്തിനപുരി ജനതയോടും കുരുവംശ പൈതൃകത്തോടും അനീതി കാണിച്ചാണു് കൗരവർ മണ്ണടിഞ്ഞതു് എന്നു് നിങ്ങൾ മറന്നു. അവർ ഏൽപ്പിച്ച പരുക്കിൽ നിന്നു് കരകയറാൻ നിങ്ങൾ കഷ്ടപ്പെടും. ആകസ്മിക കുരുക്ഷേത്ര വിജയത്തെ ദുരുപയോഗം ചെയ്തു ഞങ്ങൾ കൗരവരാജവിധവകളെ പീഡിപ്പിക്കുന്നു എന്ന തരത്തിലാണു് ‘ഹസ്തിനപുരി പത്രിക’ ആവിഷ്കാര സ്വാതന്ത്ര്യമുപയോഗിച്ചു വാർത്ത കൊടുക്കുന്നതു് ബാഹ്യശത്രുക്കളുടെ കയ്യിലൊരു കളിപ്പാവയായി നിങ്ങൾ നിന്നുകൊടുക്കുമെന്നാരോർത്തു. പതിനെട്ടു നാളും നിങ്ങൾ പോർക്കളത്തിൽ വെള്ളവസ്ത്രങ്ങൾ ധരിച്ചു പനയോലയും നാരായവുമായി യുദ്ധഗതിയെ അടയാളപ്പെടുത്തുന്നതു് ഞങ്ങൾ കണ്ടിട്ടുണ്ടു്. അർജ്ജുന ആവനാഴിയിലെ ഒരമ്പു് ഉന്നം തെറ്റി നിങ്ങളുടെ കഴുത്തിൽ തറച്ചിരുന്നെങ്കിൽ എന്നു് ഞങ്ങളിലൊരു സഹോദരൻ ക്രോധമടക്കി പറഞ്ഞപ്പോൾ, ഞാൻ വാ പൊത്തി. ഭാവിയിൽ ജനാധിപത്യത്തിലൊരു നാലാംതൂണായി പരിഗണിക്കപ്പെടാവുന്ന ‘ഹസ്തിനപുരി പത്രിക’ കൊട്ടാരം ലേഖികയുടെ സുരക്ഷാഭടനായിരിക്കണം നീ. അങ്ങനെയാണു് വെള്ളയിൽ ചോര തെറിക്കാതെ ഇപ്പോൾ നീ എന്റെ മുമ്പിൽ നെഞ്ചുവിരിക്കുന്നതു്.”

“നൂറോളം ധൃതരാഷ്ട്രപുത്രർ. അവരിൽ ഒരു കൗരവനെങ്കിലും യുദ്ധത്തിനു് മുമ്പു് പാണ്ഡവഭാഗത്തേക്കു് കൂറുമാറി എന്നു് ഭാവിതലമുറയോടു് നമുക്കു് മേനി പറയാനുണ്ടാവില്ലേ?” കൊട്ടാരം ലേഖിക നകുലനോടു് ആകുലതയോടെ ചോദിച്ചു. അജ്ഞാത വാസത്തിനു ശേഷമുള്ള യുദ്ധപൂർവ്വ വിരാടകാലം.

“വിരാടഗൂഢാലോചനയിൽ സംഭവിച്ച കീചകവധത്തിൽ വെറുമൊരു കൂലി കൊലപ്പുള്ളിയാക്കിയതിൽ പ്രതിഷേധിച്ചു ഭീമൻ കൗരവപക്ഷത്തേക്കു അനുയായികളുമൊത്തു കൂറുമാറാൻ അന്നേ തുനിഞ്ഞതാണു് രൗദ്രഭീമനെ പിടിച്ചുനിർത്താൻ പാഞ്ചാലി തന്നെ വേണ്ടിവന്നു, അവൻ പണ്ടെങ്ങോ കൊണ്ടുവന്നു കൊടുത്ത സൗഗന്ധികത്തിനു പാരിതോഷികം പോരെന്ന ആഖ്യാനവുമായി ദിവസങ്ങളോളം പാഞ്ചാലിയെ അവൻ, ആ കണക്കു തീർക്കാൻ, കിടപ്പറയിൽ ബന്ദിയുമാക്കി. അറ്റ കയ്യിൽ യുധിഷ്ഠിരൻ പെട്ടെന്നൊരുച്ചക്കു് ഹസ്തിനപുരിയിൽ ചെന്നു് ദുര്യോധനനെ ആലിംഗനം ചെയ്തു സ്വന്തം കൂറുമാറ്റം പ്രഖ്യാപിക്കുമോ എന്നു് മാത്രമേ ഞങ്ങൾ, അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ എന്നു്, രഹസ്യമായി മോഹിക്കുന്നുള്ളു.”

2019-03-15

“നേരം വെളുത്തപ്പോഴേക്കും പാത്രവുമായി ഉണ്ണാനിറങ്ങിയോ രണ്ടു മുൻ മഹാറാണിമാരും? അന്തപുരത്തിലേക്കു തോഴിമാർ നേരിട്ടു എത്തിച്ചു തന്നിരുന്നില്ലേ പ്രിയവിഭവങ്ങൾ?”, കൊട്ടാരം ലേഖിക ചോദിച്ചു. കോട്ടക്കകത്തെ ഊട്ടുപുരയിൽ, പരുക്കൻ മൂലയിലൊതുങ്ങി ഗാന്ധാരിയും കുന്തിയും.

“കുറച്ചു ദിവസമൊക്കെ ഭക്ഷണം കരുതി വച്ചിരുന്നു പിന്നെ കേട്ടു നേരത്തേ വരാത്തവർക്കു് ഭക്ഷണ വിതരണം മുടങ്ങിയാൽ പാചകക്കാരെ പഴി പറഞ്ഞിട്ടു് കാര്യമില്ല. അതൊരു താക്കീതു പോലെ തോന്നി. നേരം പുലർന്നാൽ വിശപ്പു് മാടി മാടി വിളിക്കുകയാണു്, ഉച്ചയാവുമ്പോഴേക്കും ഊട്ടുപുരയിലേക്കു ഉന്തിത്തള്ളുകയാണു് വയോജനങ്ങളായിരിക്കാം ഞങ്ങൾ, പക്ഷേ, വിശപ്പിന്റെ വിളി-അതൊരു വാവിട്ട നിലവിളിതന്നെയല്ലേ.”

“കുടിലകൗരവരുടെ ഭീഷണസാനിധ്യമില്ലാത്ത കോട്ടയ്ക്കകം ഉദ്യാനത്തിലൂടെയിങ്ങനെ ഏകയായി നടക്കുമ്പോൾ തോന്നുന്നതു് ആശ്വാസമാണോ?”, കൊട്ടാരം ലേഖിക ചോദിച്ചു. നിയന്ത്രിത പ്രവേശനത്തിനു മാത്രം അനുമതിയുള്ള അന്തഃപുര ഔഷധസസ്യത്തോട്ടത്തിൽ വസന്തം, സുഗന്ധം വിതറിയിരുന്ന ഹസ്തിനപുരി പ്രഭാതം.

“എന്തൊക്കെയോ തെറ്റുകൾ ഭൂതകാലത്തു ചെയ്തവളുടെയും, ശരികൾ ചെയ്യാത്തവളുടെയും നീറിപ്പുകയുന്ന അശാന്തിയാണിപ്പോൾ, കുറ്റബോധത്തോടെ മനഃസാക്ഷി നൂറുമേനി കൊയ്യുന്നതു് മുട്ടുകുത്തി കൈമുത്തുന്നതിൽ കവിഞ്ഞൊരു ഹൃദയ പരസ്പര്യത്തിൽ ആരാധനയെ തളക്കാൻ വേണ്ട ആവിഷ്കാര കൗശലം കൗരവരിൽ പലർക്കുമുണ്ടായിരുന്നില്ല. ഇഷ്ടപ്പെട്ടാൽ പൂമൂടുക, രോഷം തോന്നിയാൽ അടിവസ്ത്രം വലിച്ചുകീറുക, അങ്ങനെ രണ്ടു ധ്രുവങ്ങൾക്കിടയിൽ കാമന തെന്നിത്തെറിച്ചു. അടിയറവിനും ബലാത്സംഗത്തിനുമിടയിലൊരു പ്രണയോത്സവമുണ്ടെന്നറിയാനുള്ള പരിഷ്കൃത മനസ്സവർക്കുണ്ടായിരുന്നില്ലെന്നതാണെന്റെ ഖേദം. ഹൃദ്യമായി മുഖത്തു നോക്കി സല്ലപിക്കാനും, പെണ്ണുടലിൽ പര്യവേഷണം ചെയ്യാനും അവർക്കായില്ലെന്നതാണെന്റെ ദൗർഭാഗ്യം. അങ്ങനെ ഒരിക്കലെങ്കിലും അവർക്കായിരുന്നെങ്കിൽ, വാക്കിലും നോക്കിലും തുളുമ്പുന്ന പ്രണയവിനിമയങ്ങളാൽ ഞാൻ ഓരോരുത്തരെയും പുത്തൻ പാഞ്ചാലീ സ്വയംവരത്തിൽ വിജയിയെന്നു ആഘോഷിക്കുമായിരുന്നു.”

“ഭാഗ്യാന്വേഷികളായി ഖാണ്ഡവ വനം തീയിടാൻ പാണ്ഡവർ പോവുമ്പോൾ, ദുര്യോധനൻ നിങ്ങളെ മക്കളുടെ നല്ലനടപ്പിനു് ജാമ്യ തടവുകാരിയാക്കി ഗാന്ധാരിയുടെ അന്തഃപുരത്തിൽ പാർപ്പിച്ചു എന്നാണു അരമനരഹസ്യം. ദശാബ്ദങ്ങൾ കഴിയുമ്പോൾ ഒന്നു് ചോദിക്കട്ടെ, എന്തായിരുന്നു നിങ്ങൾക്കവിടെ ജോലി?” കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു.

“ധൃതരാഷ്ട്രരും ഭാര്യയും കാഴ്ചപരിമിതരായതു കൊണ്ടു ഞാൻ വേണമായിരുന്നു തീൻശാലയിൽ ഓരോ രുചി വിഭവവും പേർ പറഞ്ഞു വായിലിട്ടു കൊടുക്കാൻ. ധൃതരാഷ്ട്രർ കൊച്ചുകുഞ്ഞിനെ പോലെ എന്റെ വിരൽ കടിക്കും അല്ലെങ്കിൽ കുടിക്കും, എന്നിട്ടു കുസൃതിയോടെ പുഞ്ചിരിക്കും. ഗാന്ധാരിയുടെ മുഖത്തേക്കൊന്നു ഞാൻ ഉടൻ കരുതലോടെ നോക്കുമ്പോൾ, കാഴ്ച മൂടുന്ന കൺകെട്ടുണ്ടെങ്കിലും, അവൾ കാണേണ്ടതു് കാണുന്നു, അതോടെ മുഖം ചുവക്കുന്നു. പുറത്തു പറയാവുന്നതൊക്കെ ഇത്രമാത്രം, എന്നാൽ കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കുള്ളിൽ അന്തഃപുരത്തിൽ സംഭവിച്ചതൊക്കെയും പുറത്തു പറയാനുള്ളതല്ല. ഞങ്ങൾ മൂന്നു പേർ നാളെ കാട്ടിലേക്കു് പോവുകയാണു് കാട്ടുതീ കീഴ്പ്പെടുത്തുമ്പോൾ, ആ കഥകളും ചാമ്പലാവട്ടെ എന്നെന്നേക്കുമായി എന്നോടൊപ്പം.”

2019-03-16

“കൗമാരം വിട്ടൊഴിഞ്ഞിട്ടില്ലാത്ത ഏകമകനെ, പോർക്കളഭീഷണി പരിഗണിക്കാതെ, പത്മവ്യൂഹത്തിലേക്കെറിഞ്ഞു, സ്വയം ഒളിവിൽ പോയ യുധിഷ്ഠിരനെതിരെ, അവസരം കിട്ടിയാൽ നിയമനടപടിക്കൊരുങ്ങുമോ നിങ്ങൾ?” അഭിമന്യുവിന്റെ അമ്മ സുഭദ്രയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“അതിനു മുമ്പു് യുധിഷ്ഠിരന്റെ ഒരു വിചിത്ര പ്രസ്താവന ശ്രദ്ധയിൽ പെട്ടു. ജീവനോടെ അഭിമന്യു പത്മവ്യൂ ഹത്തിൽ നിന്നു് പുറത്തുചാടി പാണ്ഡവ പാളയത്തിൽ തിരിച്ചെത്തിയിരുന്നെങ്കിൽ, ആജീവ നാന്ത യുദ്ധവിലക്കിനു വഴി വച്ചേക്കാവുന്ന സൈനിക വിചാരണക്കു വിധേയനാവാൻ സാധ്യതയുണ്ടായിരുന്നു. പദ്മവ്യൂഹ സൈനികതന്ത്രത്തിൽ വേണ്ടത്ര ഗ്രാഹ്യമില്ലാതെയും, മുതിർന്നവരുടെ താക്കീതു അവ ഗണിച്ചും, കൗരവ സൈന്യവ്യൂഹത്തിൽ അവിവേകമായി തലയിട്ടുകൊടുത്ത അഭിമന്യു ഒരു മോശം സൈനിക മാതൃകയാണു് എന്നും. ദിവ്യായുധങ്ങൾ ഒന്നിലധികം കൈവശമുണ്ടായിട്ടും, അഭിമന്യുവിന്റെ അച്ഛൻ അർജ്ജുനൻ എത്ര അലസമായാണു് പ്രകോപന പരമായ യുധിഷ്ഠിരപ്രസ്താവനയെ കൈകാര്യം ചെയ്തതു് എന്നോർക്കുമ്പോൾ, ആയുധമെടുത്തു പാണ്ഡവ പാളയത്തിൽ ഇടിച്ചുകയറി രണ്ടു പാണ്ഡവരുടെയും തല വെട്ടാനാണു് ഉള്ളം തുടിക്കുന്നതു്”, പെറ്റതള്ളയുടെ വൈകാരികതയോടെ സുഭദ്ര വിലപിച്ചു.

“പട്ടാഭിഷേകം പതുക്കെ പോരെ? എന്നാണു പൊതു സമൂഹത്തിന്റെ വികാരം. അവരുടെ വക്താവു് ചാർവാകൻ. യുദ്ധജേതാക്കളെന്നവകാശപ്പെടുന്നവരെ തിരിച്ചറിയൽ പരിശോധനക്കു് നിലവിൽ ഭരണകൂടം വിധേയമാക്കിയിട്ടുണ്ടോ? പാണ്ഡവമാതാവു് കുന്തി അവരെ തിരിച്ചറിഞ്ഞുവോ? സ്വയം പാണ്ഡവരെന്നു പരിചയപ്പെടുത്തിയവർക്കു വെറുതെയങ്ങു കൈമാറുമോ കുരുവംശ ചിഹ്നമായ ചെങ്കോൽ? പോരാട്ടവേദിയിൽ കൊല്ലപ്പെട്ടെന്നു് പറയുന്ന നൂറോളം കൗരവരുടെ ശവശരീരങ്ങൾ ഔദ്യോഗിക വൈദ്യ പരിശോധനക്കു് വിധേയമാക്കിയോ? യഥാർത്ഥത്തിൽ കൗരവർ മരിച്ചുവോ?, അതോ, ഒളിവിൽ പോയോ? ജേതാക്കൾക്കു് അധികാരം കൈമാറണമെന്ന മുൻ ധാരണയുണ്ടായിരുന്നുവോ? ഉണ്ടെങ്കിൽ തന്നെ അതു് തള്ളി, വറുതിയിൽ വലയുന്ന പാവങ്ങൾക്കു് ഒരുനേരം സൗജന്യഭക്ഷണമെന്ന പദ്ധതിയല്ലേ ഭരണകൂടം അടിയന്തിരമായി തുടങ്ങേണ്ടതു്? എന്തുകൊണ്ടു് ധൃതരാഷ്ട്രർ രാജാധികാരം പ്രയോഗിച്ചു ജനപക്ഷത്തു ശക്തമായി നിൽക്കുന്നില്ല?”, കൊട്ടാരം ലേഖിക ചോദിച്ചു.

“സിംഹാസനത്തിനു ചുറ്റും പത്തു പാണ്ഡവ കൈകൾ എന്നെ വളയുന്ന പോലെ അകക്കണ്ണു് പറയുന്നുണ്ടു്. ചെങ്കോൽ തരാമെന്നു പറഞ്ഞാൽ ഉടൻ ആ കൈവിരലുകൾ എന്റെ നെറ്റിയിൽ തടവും, ചെങ്കോൽ തരില്ലെന്നു് ശഠിച്ചാൽ അമ്പതു വിരൽ നഖങ്ങൾ കുന്തമുനകളായി കരൾ പിളർക്കും.”

2019-03-17

“ആജീവനാന്ത സംരക്ഷകൻ എന്നൊക്കെ വിശേഷിപ്പിച്ചിരുന്ന ദുര്യോധനന്റെ തനിനിറം അറിയാൻ, അഭിമന്യുവധം വരെ കാത്തിരിക്കേണ്ടി വേണ്ടി വന്നു അല്ലെ?”, കർണ്ണനോടു് കൊട്ടാരം ലേഖിക ചോദിച്ചു. പുഴയുടെ തീരത്തു് അർജ്ജുനപുത്രന്റെ ചിത കത്തി തീരുന്ന വൈകിയ രാത്രി. യുദ്ധത്തിന്റെ പതിമൂന്നാം ദിവസം.

“ഒടുങ്ങാത്ത സഖ്യം പ്രതീക്ഷിക്കുന്നു എന്നുച്ചരിച്ചു അരങ്ങേറ്റമൈതാനത്തിൽ ആലിംഗനം ചെയ്ത ദുര്യോധനൻ, അന്നെനിക്കു് തന്നതു് പ്രത്യാശയായിരുന്നു. തല താഴ്ത്തി നടക്കേണ്ടി വന്ന കീഴാള വിദ്യാർത്ഥി മാത്രമായിരുന്ന എന്നെ, അംഗരാജ്യത്തിലെ നാടുവാഴിയായി ദുര്യോധനൻ അഭിഷേകം ചെയ്തപ്പോൾ, അതിരഥപുത്രനായ ഞാൻ മുട്ടുകുത്തി രക്ഷകന്റെ കൈ മുത്തി. വിധേയത്വമായിരുന്നു ദുര്യോധനന്റെ ആവശ്യം. പ്രലോഭനങ്ങളെയും ചതികളെയും യുദ്ധത്തിനു് മുമ്പു് അതിജീവിച്ചു. അതാ ആ ചിതയിൽ ദഹിക്കുന്ന, കൗമാരപോരാളിയെ, ചക്രവ്യൂഹത്തിൽ വളഞ്ഞു കുന്തം നെഞ്ചിൽ കുത്തി ശവം പാണ്ഡവർക്കു് നേരെ വലിച്ചെറിയണം എന്നു് ‘രക്ഷകൻ’ ആജ്ഞാപിച്ചപ്പോൾ, ആജീവനാന്തവിധേയത്വം ജീവിതദർശനമാക്കിയിരുന്ന ഞാൻ കൃത്യം നിർവഹിച്ചു എന്നതിൽ കവിഞ്ഞെന്തു അപനിർമ്മാണമാണിപ്പോൾ നിങ്ങൾ ചെയ്യുന്നതു്? കൗരവരോടേറ്റുമുട്ടി നിലത്തുവീണിരുന്ന അഭിമന്യുവിന്റെ കരൾ പിളർക്കുമ്പോൾ ആഘോഷത്തിനു് പകരം മുഖത്തു് കനിവു് കണ്ടു എന്നു് അപ്പോൾ തന്നെ പരിഹസിച്ച ദുര്യോധനൻ, ‘കർണ്ണൻ അവിശ്വസ്തൻ’ എന്നു് പരസ്യമായി വിധിയെഴുതി കൗരവസൈനികർക്കു് മുമ്പിൽ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്തു. അതൊക്കെയല്ലേ അടിമയോടു് ഉടയോന്റെ സമ്പ്രദായം? അതിലെന്താണു് നിങ്ങൾ കുത്തിക്കുത്തിപ്പറയുന്ന ആജീവനാന്ത സംരക്ഷണത്തിന്റെ സാംഗത്യം?”

2019-03-18

“പുതുതലമുറ കൗരവരാജകുമാരികൾക്കു ചർമ്മ പരിപാലനത്തിൽ നൈപുണ്യവികസനമൊരുക്കുന്ന സൗന്ദര്യശിക്ഷകയാണു് പാഞ്ചാലി എന്നായിരുന്നു ഹസ്തിനപുരി അന്തഃപുരത്തിൽ കേട്ടിരുന്നതു് പക്ഷേ, പാണ്ഡവർക്കു് മാത്രം മൃദുപരിചരണം അനുവദിക്കാത്തതു് എന്തുകൊണ്ടാണു്? ഭർത്താക്കന്മാരുടെ സ്വകാര്യ ശുചിത്വം പാഞ്ചാലിക്കൊരു പരിഗണനാ വിഷയമല്ലേ?”, പാണ്ഡവരെ ഒരുമിച്ചു കണ്ടപ്പോൾ കൊട്ടാരം ലേഖിക ചോദിച്ചു, “ആകാശചാരികളുടെ മക്കളാണു് നിങ്ങളെന്നു കരുതിയ ഞങ്ങൾക്കു് തെറ്റിയോ? അതോ, അനിയന്ത്രിതകാട്ടുജീവിതത്തിൽ ആകർഷക രൂപികളല്ലാതായോ? നരച്ച താടി, കറ വീണ പല്ലു്, ചുണങ്ങു വ്യാപിച്ച തൊലി, താരൻ പൊഴിയുന്ന മുടി, ആളൊന്നടുത്തു് വരുമ്പോൾ മുഷിഞ്ഞ മണവും,”

“പ്രതിവിധിയൊന്നും പറയാതെ, പായിൽ കൂടെ കിടത്തുന്നതിൽ നിന്നു് എന്നെന്നേക്കുമായി ഞങ്ങളെ അകറ്റാനാണവൾ ഉന്നം വക്കുന്നതു് ആദ്യരാത്രിയിൽ പാരിതോഷികമായി കൊടുക്കുമ്പോൾ ഞങ്ങൾ എങ്ങനെയായിരുന്നുവോ, അതിലേക്കു തിരിച്ചു കൊണ്ടുപോവാൻ ധാർമികബാധ്യതയുണ്ടെന്നവൾ മറന്നുപോവുന്നു” പാഞ്ചാലിയുടെ പ്രത്യക്ഷ നീതി രാഹിത്യത്തിൽ അമർഷത്തോടെ പാണ്ഡവർ കൈകൾ ഞെരിച്ചു.

“ഗാന്ധാരിയുടെ തോഴിയായി അന്തഃപുരത്തിൽ നിയമനം കിട്ടിയ കുന്തി നിങ്ങൾക്കൊപ്പം ഇവിടെയല്ലേ താമസിക്കുന്നതു്? കഴിഞ്ഞ തവണ വന്നപ്പോഴും കാണാനാവാതെ ഞാൻ മടങ്ങി. ഇന്ദ്രപ്രസ്ഥം ചക്രവർത്തിയുടെ അമ്മ കൂടിയായ കുന്തിക്കു് അന്തഃപുരത്തിൽ തോഴിയെന്ന നിലയിൽ എന്താണിപ്പോൾ ജോലി?”, അപ്പോൾ പരിചയപ്പെട്ട ഒരു ഗാന്ധാരവംശജയെ കൊട്ടാരം ലേഖിക അഭിവാദ്യം ചെയ്തു.

“ഒരു ഗാന്ധാര സ്ത്രീയുടെ പ്രത്യേക ആവശ്യങ്ങൾ അറിഞ്ഞു ഓരോന്നു് ചെയ്യാൻ ഞാനുണ്ടു്. കൗരവ ബന്ദിയായ കുന്തിയെ (അവരുടെ മകൻ ഇന്ദ്രപ്രസ്ഥത്തിൽ രാജസൂയചക്രവർത്തി എന്ന ‘കോലാഹല’ മൊന്നും ഞങ്ങൾ അറിയേണ്ട കാര്യമല്ല) രാപ്പകൽ നിരീക്ഷിക്കുന്ന ചാരജോലിയാണു്, കുന്തി ഗാന്ധാരിക്കു വേണ്ടി ചെയ്യുന്ന ഗാർഹിക ജോലി നിരീക്ഷിക്കുന്നതിനേക്കാൾ പ്രധാനം. ഗാന്ധാരിയുടെ കൺകെട്ടു തുണികൾ നിത്യവും ശുദ്ധജലത്തിൽ കഴുകി, നിഴലിൽ ഉണക്കി, മടക്കുന്ന ശ്രമകരമായ ദൗത്യം കുന്തി ക്ഷമയോടെ ചെയ്യും. ഗാന്ധാരി ധരിക്കുന്ന വസ്ത്രങ്ങൾ ഞാനും കഴുകും. കൺകെട്ടു തുണികൾ, ധരിക്കുന്ന വസ്ത്രങ്ങളുമായി കൂട്ടിച്ചേർക്കരുതെന്നു കുന്തി വിരലുയർത്തി താക്കീതോടെ നിഷ്കർഷിക്കും. ധരിക്കുന്ന വസ്ത്രങ്ങൾ ശരീരത്തെ തണുപ്പിൽ നിന്നും ചൂടിൽ നിന്നും രക്ഷിക്കു ന്നതിനൊപ്പം, ശരീരസൗന്ദര്യം സമ്മാനിക്കുമ്പോൾ, കൺകെട്ടു തുണികൾ കളവു പറയുന്നത്തിലൂടെ, ഹൃദയത്തിന്റെയും കാഴ്ച നിഷേധിക്കുന്നു എന്നു് കുന്തി ഇരുകൈകളും മലർത്തി പരിതപിക്കും. ലോകത്തെ കാണാനാവാത്തതു പോലെ, ഗാന്ധാരിക്കു് കേൾക്കാനുമാവില്ലെന്ന ധൈര്യത്തിൽ കുന്തി, ഞങ്ങളെ മസ്തിഷ്ക പ്രക്ഷാളനം ചെയ്യുന്ന കുടിലരീതിയൊക്കെ അന്നന്നു് ഞങ്ങൾ ദുര്യോധനനെ ഗാന്ധാരഭാഷയിൽ നേരിട്ടു് അറിയിക്കും, നിങ്ങൾ വന്നു കുത്തിക്കുത്തി വിവരം ചോർത്തിയെടുക്കുന്നതുൾപ്പെടെ.”

2019-03-19

“പരീക്ഷിത്തിനെ പട്ടാഭിഷേകം ചെയ്യും മുമ്പു് തന്നെയെന്താ ചെങ്കോലും കിരീടവും താഴെ വക്കുന്നതു്?” കൊട്ടാരം ലേഖിക യുധിഷ്ഠിരനോട്ചോദിച്ചു. ജനസമ്പർക്കത്തിനായി പാഞ്ചാലി ഏറ്റെടുത്ത പ്രയാഗരാജ് കാശി ഗംഗാനദി തോണിയാത്രയിലെ ഗ്രാമീണജീവിതക്കാഴ്ചകളുമായി രാജസഭ മുന്നോട്ടുപോവുമ്പോഴായിരുന്നു, മുപ്പത്തിയാറു വർഷങ്ങളായി ‘ധർമ്മപുത്രർ’ എന്ന ഖ്യാതി നേടിയ ഹസ്തിനപുരി മഹാരാജാവിന്റെ വിചിത്ര നടപടി.

“കാടു വിളിക്കുന്നു.”

“തർക്കം വരുംതലമുറകൾക്കായി രേഖപ്പെടുത്തുവാൻ പോവുന്ന വ്യാസനെ നിങ്ങൾ ഉപചാരപൂർവ്വം വണങ്ങുന്നതു് ദൂരെ നിന്നു ഞാൻ കണ്ടു. അത്ര മതിയോ? നിങ്ങളെ നന്മയുടെ കേദാരമെന്നു അടയാളപ്പെടുത്തേണ്ട ആളല്ലേ. കുന്തിയുടെ ഔദ്യോഗിക ഭർത്താവായിരുന്ന പാണ്ഡു, വ്യാസന്റെ രഹസ്യസന്തതിയാണെന്നു അരമനയിൽ കേൾക്കാറുണ്ടു്. ” കൊട്ടാരം ലേഖിക നവപാണ്ഡവ ഭരണകൂടത്തിന്റെ ചാരവകുപ്പുമേധാവിയും, ഇളമുറ മാദ്രീ പുത്രനുമായ നകുലനോടു് ചോദിച്ചു. ശരത്കാലത്തിൽ പൊഴിഞ്ഞ ഇലകൾ, വസന്തകാല പൂക്കൾ പോലെ മിന്നിയിരുന്ന താഴ്‌വരയിൽ, ആസ്വാദ്യകരമായ ഹിമാലയഗന്ധം.

“അരമണിക്കൂർ ശ്രോതാവായി ഞാൻ വിധേയപ്പെട്ടു. അറിവിന്റെ പുത്തൻപാതകൾ വെട്ടിത്തുറക്കുന്ന തിരക്കിൽ, വ്യാസൻ, ഞാനവിടെ ഉണ്ടെന്ന കാര്യം ശ്രദ്ധിച്ചില്ല. സംഭരിച്ച അറിവിന്റെ സൗജന്യ വിതരണമാണു് കാര്യമെന്നു് ഒന്നു മിതമായി ഞാൻ സൂചിപ്പിച്ചപ്പോൾ തന്നെ, ആ തടിച്ചു കുറിയ ശരീരം ആകെ ഒന്നു് കുലുങ്ങി. പറയുന്നതെന്തും ആധികാരികമെന്നു വിധേയ ശരീരഭാഷയോടെ മൗനത്തിൽ അംഗീകരിക്കുന്നവരുടെ മുമ്പിൽ മാത്രമേ മഹാത്മാവു് തൃപ്തനാവൂ. തിരക്കുണ്ടെന്നു പറഞ്ഞു എഴുന്നേൽക്കാൻ ഞാൻ ശ്രമിച്ചപ്പോൾ, കോപാകുലനായ വ്യാസൻ നാരായമെടുക്കുന്നതു കണ്ടു ഞാൻ നടുങ്ങി. മഹാഭാരതകഥ വസ്തുതാപരമായി എഴുതണമെന്നു അതിലെ കഥാപാത്രങ്ങളായ ഞങ്ങൾ തുറന്നു ആവശ്യപ്പെട്ടില്ലെങ്കിലും, ഭീഷണമുഖത്തോടെ ഉയർത്തിയ ആ നാരായം, തൂലികയായല്ല, കുടുംബ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന നാവു പോലെ തോന്നി.”

2019-03-20

“വംശീയമായി അധിക്ഷേപിച്ചു എന്നോ?” കൊട്ടാരം ലേഖിക അർജ്ജുനനെ സംശയത്തിൽ ചോദ്യം ചെയ്തു. ദൃശ്യശ്രാവ്യ അനുഭൂതിയായിരുന്ന കർണന്റെ അരങ്ങേറ്റം കഴിഞ്ഞു കാണികൾ മൈതാനത്തിൽ നിന്നു് ആവേശത്തോടെ പിരിയുന്ന നേരം.

“അഭയാർത്ഥികൾ എന്ന നിലയിൽ അകൽച്ചയോടെയാണു കൗരവർ ഞങ്ങളെ എതിരേറ്റതു്. അർദ്ധ സഹോദരർ (പാണ്ഡുവും ധൃതരാഷ്ട്രരും രണ്ടു കാശിരാജസഹോദരികളിൽ വ്യാസനുണ്ടായ രഹസ്യസന്തതികളാണെന്ന അരമനരഹസ്യം ഇന്നും നിഷേധിക്കപ്പെട്ടിട്ടില്ല) എന്ന പരിഗണന തന്നില്ലെങ്കിലും ഞങ്ങൾ അക്ഷമയില്ലാതെ ഹസ്തിനപുരിയുമായി ഒത്തുപോകാനുറച്ചു. ഞങ്ങളഞ്ചുപേർക്കും വ്യത്യസ്ത രൂപങ്ങളുണ്ടെങ്കിലും, ശ്രദ്ധേയമായ രൂപ ലാവണ്യമുണ്ടെന്നറിഞ്ഞപ്പോൾ, കുന്തിയുടെ അവിഹിത ഗർഭങ്ങൾ എന്ന ദുരർഥസൂചനയോടെ വംശീയ ന്യൂനപക്ഷം എന്നു് കൗരവർ പരസ്യമായി ഞങ്ങളെ ഗുരുകുലത്തിൽ വിശേഷിപ്പിച്ചതു്, പാണ്ഡവ കരളിൽ മുറിവുണ്ടാക്കി. പിതൃത്വം ആകാശചാരികളിൽ ആരോപിക്കപ്പെട്ടിരുന്നതു് കൊണ്ടാവാം, സാധാരണ മനുഷ്യരിൽ കവിഞ്ഞൊരു ദേവസൗന്ദര്യം ഞങ്ങളിൽ ഇത്ര അപകടകരമായ വിധത്തിൽ പ്രകടമായതു് പൂക്കളും സ്നേഹസന്ദേശങ്ങളും കൊണ്ടു് ഹസ്തിനപുരി പൊതുസമൂഹം പാണ്ഡവക്കുട്ടികൾക്കു തന്ന അഭിവാദ്യങ്ങൾ കൗരവ‘സ്വത്വം’ മറനീക്കി പുറത്തുകൊണ്ടുവന്നു. ബാല, കൗമാരങ്ങളിലൂടെ കൗരവർ അവരുടെ കുടില ഹൃദയത്തെ ഞങ്ങൾക്കെതിരെ തിരിച്ചിട്ടു. കർണ്ണനെ അംഗരാജാവാക്കിയ ദുര്യോധനനിലൂടെ അതൊക്കെയാണിപ്പോൾ നിങ്ങൾ, അറിഞ്ഞു വരുന്നതു് മടിശീലയിൽ ഒരു സ്വർണ്ണ നാണ്യം പോലുമില്ലെങ്കിലും, പട്ടാഭിഷേകപ്രഹസനം നിങ്ങൾ മുഖ്യവാർത്തയാക്കാനുറച്ചു എന്നതിൽ നിന്നു് വ്യക്തമല്ലേ, വസ്തുതക്കു് ബന്ധമില്ലാത്തൊരു സത്യാനന്തര സമൂഹമാണിന്നു ഹസ്തിനപുരിയെന്നു് ? പ്രഹരശേഷിയുള്ള ആയുധങ്ങൾ തേടുന്ന അലച്ചിലിലാണു് ഞാൻ. നിങ്ങളെ ഒതുക്കാൻ നകുലൻ പോലുള്ള ഇളമുറക്കാർ വേണം, കർണ്ണനെ കഥാവശേഷനാക്കാൻ ഞാൻ മതി.”

2019-03-21

“ഇവരൊക്കെ ആരാ?”, വിരുന്നിനു വന്ന അഞ്ചു ആൺകുട്ടികളെ ചൂണ്ടി യുധിഷ്ഠിരൻ പാഞ്ചാലിക്കു് നേരെ അലസമായി നോട്ടമെറിഞ്ഞു. വിരാടയിലെ ഉപപ്ലാവ്യ പാളയം. അജ്ഞാതവാസത്തിനുശേഷ മുള്ള ഇടവേള. കൗരവരുമായി നയതന്ത്രചർച്ചക്കു് അവസരം തേടുന്ന കാലം.

“എന്റെ മക്കൾ. അല്ലാതാരാ. പാഞ്ചാലയിൽ അച്ഛന്റെ കൂടെയാണവർ ഇക്കാലവും വളർന്നതു്. ”

“അതല്ല, ഓരോരുത്തരുടെയും അച്ഛൻ ആരെന്നാണു് ചോദിച്ചതു്”, യുധിഷ്ഠിരന്റെ ഒച്ച കനത്തു. മറ്റു പാണ്ഡവർ ആശങ്കയോടെ തറച്ചുനോക്കി.

“കിടപ്പറയിൽ അഞ്ചു് പുരുഷന്മാർ എത്രയോ കാലമായി എന്നോടൊപ്പം ശയിക്കാറുണ്ടു്. നിങ്ങൾ ഉൾപ്പെടെ. കൂടെ കിടക്കുന്നവരുടെ നാളും പിതൃത്വവും ഓരോ പ്രാവശ്യവും ഞാൻ അന്വേഷിക്കാറുണ്ടോ.” മക്കളെ ഊട്ടുപുരയിലേക്കു പാഞ്ചാലി നയിക്കുമ്പോൾ മറ്റുനാലു പാണ്ഡവർ അനുഗമിച്ചു.

2019-03-22

“പ്രണയം നടിച്ചു പ്രതി ബലാത്സംഗം ചെയ്തുവോ, അതോ നിങ്ങൾ പ്രലോഭിപ്പിച്ചു സ്വയം സമർപ്പിച്ചുവോ എന്നൊന്നും പരിഗണനാ വിഷയമല്ല. നവജാത ശിശുവിനെ പുഴയിലൊഴുക്കി എന്നാണു പൊള്ളുന്ന ആരോപണം. കുഞ്ഞു രക്ഷപ്പെട്ടതു് ആകസ്മികമായാണു്, കൊല്ലാൻ ഉദ്ദേശിച്ചുള്ള നിങ്ങളുടെ കുറ്റത്തിനു് ഇളവനുദിക്കില്ല. ഇത്രയുമാണു് ശിശുഹത്യാ ശ്രമത്തിനെതിരെ ഉയരുന്ന ജനരോഷത്തിന്നിടയിൽ, ചികഞ്ഞപ്പോൾ, കിട്ടിയ ഔദ്യോഗികഭാഷ്യം, എങ്ങനെ നേരിടും വിചാരണ?” കൊട്ടാരം ലേഖിക ചോദിച്ചു.

“ബലാത്സംഗമെന്ന സംജ്ഞ ഞാൻ ഉപയോഗിച്ചിട്ടില്ല. അവനുമായി ബന്ധപ്പെടും മുമ്പു് മയക്കം തോന്നി എന്ന പോലെ യാഥാർത്ഥമാണു്, കാര്യക്ഷമമായി ബന്ധപ്പെട്ടു എന്നതും. പ്രതിയെന്നല്ല പുരുഷൻ എന്നു് മാത്രമേ ഞാൻ പരാമർശിക്കൂ. പുരുഷ സ്വത്വം വെളിപ്പെടുത്തുന്നതു കൊണ്ടു എനിക്കോ സമൂഹത്തിനോ പ്രത്യേകിച്ചൊരു പ്രയോജനവുമില്ല. കൊലയായിരുന്നില്ല ഉദ്ദേശിച്ചതു് കുഞ്ഞിനെ ഉപേക്ഷിച്ചതിൽ എന്റെ തെറ്റു് ആകസ്മികതയെ ആശ്രയിച്ചു എന്നതാണു് അതൊരു തെറ്റാണോ? കുഞ്ഞു രക്ഷപ്പെട്ടതിൽ ആശ്വാസമുണ്ടെങ്കിലും, കുഞ്ഞു എവിടെയാണിപ്പോൾ എന്നൊന്നും എനിക്കറിയേണ്ട കാര്യമില്ല. അതൊക്കെ സൗജന്യമധുരമായി പ്രകൃതിയുടെ കനിവിനു വിടട്ടെ. പട്ടുതുണിയിൽ കിടത്തി വായുസഞ്ചാരമുള്ള പനങ്കുട്ടയിലാണു് കുഞ്ഞിനെ പരസഹായമില്ലാതെ, പേറ്റുനോവുണ്ടായിട്ടും ദൂരം നടന്നു ചെയ്തതു് ഒഴുക്കിയതു് എന്നു് പറഞ്ഞാൽ കരുതലോടെ എന്നർത്ഥം. ഞാനിപ്പോൾ വിവാഹ പൂർവ്വ കിനാവിന്റെ പിടിയിലാണു് ആ സുന്ദരരാത്രികളിൽ കാടൻപൂച്ചയെ പോലെ ജനം നിലവിളിച്ചു എനിക്കെതിരെ ബഹളം വെക്കരുതു് ലൈംഗിക പ്രലോഭനം, രതി ആസ്വാദനം, അബദ്ധഗർഭധാരണം, ഏകാന്തപ്രസവം, മനഃപൂർവമല്ലാത്ത ശിശുഹത്യാ ശ്രമം ഇതൊക്കെ തീർത്തും തേഞ്ഞുമാഞ്ഞുപോയ കന്യകാവസ്ഥ ഉടലിനു തിരിച്ചുകിട്ടിയ ഈ ഉന്മാദാവസ്ഥയിൽ ഞാൻ പ്രതീക്ഷാനിർഭരമായി ഉറ്റുനോക്കുന്നതു് ഹസ്തിനപുരി മഹാരാജാവുമായുള്ള പരിണയത്തിലാണു്. ഇതു് വെറുമൊരു രാജകീയ വിവാഹ ജീവിതമല്ല, ഐതിഹാസിക കുടുംബപുരാണത്തിന്റെ ആദ്യ അദ്ധ്യായം മാത്രമെന്നു് ഉള്ളം മന്ത്രിക്കുന്നു.”

2019-03-23

“യുദ്ധ നിർവ്വഹണസമിതിയുടെ അധ്യക്ഷൻ പാണ്ഡവർക്കെതിരെ ആരോപണവുമായി തിരിഞ്ഞല്ലോ. വിഷാദരോഗിയായ അർജ്ജുനനെ പ്രബോധനത്തിലൂടെ രണോർജ്ജിതനാക്കാൻ തേരാളി ചെയ്ത, പതിനെട്ടോളം പ്രഭാഷണ പരമ്പര ലക്ഷക്കണക്കിനു് സായുധ സൈനികരെ പൊരിവെയിലത്തു മണിക്കൂറുകളോളം നിർത്തുകവഴി, യുദ്ധ ക്ഷമതക്കു് ഇടിവുണ്ടായെന്ന കണ്ടെത്തലിനോടെങ്ങനെ പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക ചോദിച്ചു. പാഞ്ചാലിയുടെ സഹോദരനും, പാണ്ഡവ സേനാപതിയുമായ ധൃഷ്ടധ്യുമ്നൻ നീരൊഴുക്കിലേക്കു് വന്ന രാത്രി.

“വിഷാദം ഭീതിതമായ രോഗാവസ്ഥയല്ലെന്നും, വചന പ്രഘോഷണത്തിലൂടെ പരിചരിച്ചു മാറ്റാവുന്ന വൈകാരികതയാണെന്നും ലോകമറിഞ്ഞില്ലേ? യുദ്ധഭൂമിയിൽ അതീതശക്തികളുടെ സാന്നിധ്യമുണ്ടെന്നു് സംശയിക്കേണ്ടിയിരിക്കുന്നു എന്നു് യുക്തിവാദി ചാർവാകൻ സമ്മതിച്ചില്ലേ? ഇതൊരു കൂട്ടുകുടുംബ സ്വത്തുതർക്കമെന്ന പ്രചാരണം വ്യർത്ഥമെന്നു തെളിഞ്ഞില്ലേ? മനുഷ്യാവസ്ഥയുടെ അടിയൊഴുക്കുകൾ ഈ യുദ്ധത്തിൽ ഉണ്ടെന്ന അപനിർമ്മാണവുമായി, തക്ഷശില സർവ്വകലാശാല ഗവേഷകർ വന്നതോടെ തീർന്നില്ലേ അപവാദം? ഹിമാലയത്തിൽ നിന്നു രാപ്പകൽ വീശുന്ന തണുത്ത കാറ്റിൽ, നട്ടുച്ചക്കും തണുത്തുവിറക്കുന്ന ഈ ശീതകാലത്തിൽ, സൈനികർ വിയർത്തു എന്നതൊക്കെ കാലാവസ്ഥയെ കുറിച്ചുള്ള പൊതുബോധത്തെ പരിഹസിക്കലായി സമൂഹം കാണില്ലേ? അത്യാവശ്യം സൈനിക പദാവലി മാത്രമറിയുന്ന കൂലിപ്പട്ടാളത്തിനിപ്പോൾ, പ്രപഞ്ച വിജ്ഞാനീയവും പ്രയോഗികകാഴ്ചപ്പാടും ആരോഗ്യകരമായ അളവിൽ കിട്ടിയ ‘ഉന്മാദ’മായിരുന്നില്ലേ പ്രഭാഷണപരമ്പര? വരും യുഗങ്ങളിൽ ഈ പ്രഭാഷണങ്ങൾ മഹാസംഭവമെന്ന നിലയിൽ ഉദ്ധരണികളിലും ടിപ്പണികളിലും യുദ്ധ ക്ഷമത വർധിപ്പിക്കാനായി ഉപയോഗിക്കപ്പെടില്ലെന്നാർക്കറിയാം? എനിക്കോ നിങ്ങൾക്കോ അറിയില്ലെന്നു് വ്യക്തമല്ലേ?” കൊടും തണുപ്പിലും, അർദ്ധനഗ്ന ധൃഷ്ടധ്യുമ്നൻ പുഴയൊഴുക്കിലേക്കു കൂപ്പുകുത്തുന്നുതു, മങ്ങിയ നിലാവിൽ പാണ്ഡവരും പാഞ്ചാലിയും പിൻജാലക ത്തിലൂടെ നോക്കി നിന്നു.

“നിറഞ്ഞൊഴുകുന്ന പുഴയിലിറങ്ങി നീന്തിക്കുളിക്കുന്നതിനു പകരം എന്തിനാണു് നിങ്ങൾ ഒരു കൊച്ചു മൺകുടത്തിൽ നിന്നു് അൽപ്പാപ്പം വെള്ളമെടുത്തു ദേഹം കഴുകുന്നതു്?”, കൊട്ടാരം ലേഖിക ചോദിച്ചു. ഹസ്തിനപുരി കൊട്ടാരത്തിൽ നിന്നു് വിളിപ്പാടകലെ ഗംഗാസ്നാനഘട്ടം. സന്ധ്യ.

“കടലിലേക്കു് ഒഴുകിപ്പോവുന്ന വെള്ളമൊക്കെ തടയണ കെട്ടി വരൾച്ചക്കാലത്തു കൃഷിയിടങ്ങളിലേക്കെത്തിക്കാമെന്നു പറഞ്ഞ അഭിമന്യു കുരുക്ഷേത്രയുദ്ധത്തിൽ ബലിദാനിയായപ്പോൾ എല്ലാം നാം മറന്നതായിരുന്നു. എന്നാൽ കൊട്ടാരങ്ങളിൽ നിന്നു് കുടിയൊഴിപ്പിക്കപ്പെട്ടു പുനരധിവാസകേന്ദ്രത്തിലേക്കു വെപ്പും കുടിയും മാറ്റിയ കൗരവരാജസ്ത്രീകളെ ഞാനിന്നു സന്ദർശിച്ചപ്പോൾ, തടയണയെക്കുറിച്ചെല്ലാം നഷ്ടബോധത്തോടെ ഓർത്തു. കുളിക്കാനോ തുണി കഴുകാനോ വെള്ളമില്ലാതെ വിലപിച്ചു. യാചിച്ചു. നിലവിലുള്ള നിയമവ്യവസ്ഥയനുസരിച്ചവർക്കു സ്നാനഘട്ടത്തിൽ സുരക്ഷാകാരണങ്ങളാൽ പ്രവേശനമില്ല. കുരുക്ഷേത്ര വിധവകളുടെ കദനകഥ കേട്ടപ്പോൾ കരളലിഞ്ഞു. പ്രായശ്ചിത്തമായി ഞാൻ കുളിക്കുക ഈ മൺകുടത്തിൽ കരുതിയ കുറച്ചു വെള്ളം കൊണ്ടുമാത്രമെന്നുമുറച്ചു. ഇല്ല ഇതൊന്നും നന്മ കണ്ടാൽ തിരിച്ചറിയാത്ത പത്രപ്രവർത്തകർക്കറിയില്ല. നിങ്ങൾ ചോദിക്കും എന്തിനു ആ വിധവകളെ ഞങ്ങൾ വഴിയാധാരമാക്കി? തുറന്നു പറയട്ടെ, നിങ്ങൾക്കു് ഞാൻ രാഷ്ട്രീയകാപട്യത്തിന്റെ നിറകുടമാണു്. ”

2019-03-24

“ദുര്യോധനപുരിയെന്നു നാമകരണം ചെയ്യണമെന്ന സമ്മർദവുമായി ഹസ്തിനപുരികോട്ടക്കു് മുമ്പിൽ കൗരവരാജവിധവകൾ ഇന്നലെ രാവിലെ മുതൽ പ്രക്ഷോഭത്തിലാണല്ലോ. വിയർത്തൊഴുകുന്നുണ്ടെങ്കിലും, നിശ്ചയദാർഢ്യമുണ്ടു്. എങ്ങനെ നേരിടും?”, കൊട്ടാരം ലേഖിക ഔദ്യോഗിക വക്താവിനോടു് ചോദിച്ചു.

“സത്യവതി എന്തുകൊണ്ടാണു് കാട്ടിൽ പോയതു്? ‘ശന്തനുപുരി’യെന്നെന്തുകൊണ്ടു് പേർ മാറ്റിയില്ല എന്നായിരുന്നു കൊട്ടാരം ഉപേക്ഷിച്ചു പടിയിറങ്ങുമ്പോൾ ശന്തനുവിധവാവിലാപം. ആരും ഒന്നും മിണ്ടിയില്ല. പാണ്ഡു രാജാവായപ്പോൾ, സത്യവതിയുടെ പേരിൽ നഗരം അറിയണമെന്നു രഹസ്യപുത്രൻ വ്യാസൻ ആവശ്യപ്പെട്ടു. വിലപേശൽ വിദഗ്ദയായ ‘മീങ്കാരി’യുടെ സ്മരണയ്ക്കു് ‘കുലീന’ കുരുവംശം നിന്നു് കൊടുക്കരുതെന്നു് ‘സവർണ്ണ മാടമ്പി’കൾ പ്രചാരണം അഴിച്ചുവിട്ടപ്പോൾ, കൈ തലയിൽ വച്ചാണു് പാണ്ഡു ചെങ്കോൽ ധൃതരാഷ്ട്രരെ ഏൽപ്പിച്ചു നാടുവിട്ടതു് ശതാബ്ദിയാഘോഷിക്കുന്ന പിതാമഹാനൊരു പാരിതോഷികമെന്ന നിലയിൽ, ‘ഭീഷ്മനഗരി’യെന്നു ഔദ്യോഗികമായി നാമകരണം ചെയ്യാൻ വിദുരർ ആവശ്യപ്പെട്ടതു് നിരാകരിച്ചുകൊണ്ടല്ലേ, ദുര്യോധനൻ നേതൃസ്ഥാനം ഏറ്റെടുത്തതു്? യുദ്ധം കഴിഞ്ഞു ഞങ്ങൾ അധികാരത്തിൽ കയറി. ‘ധീരകൗമാരപോരാളി’യുടെ പേരിൽ ഹസ്തിനപുരി അറിയപ്പെടണമെന്നു അർജ്ജുനൻ ആവശ്യപ്പെട്ടപ്പോൾ എതിർത്തതു് പാഞ്ചാലി? അധികാരകൈമാറ്റത്തിനു് പരീക്ഷിത്തിന്റെ മുമ്പിൽ ഉപാധി വച്ചിരിക്കയാണിപ്പോൾ യുധിഷ്ഠിരൻ. പ്രതിച്ഛായക്കു് യോജിച്ച വിധം ‘ധർമ്മപുരി’ എന്നു് പേരിടണം. അതോടെ നാമനിർദേശപ്പട്ടിക പുതുക്കേണ്ട സ്ഥിതി വന്നിരിക്കുന്നതിനിടയിലാണു് ദുര്യോധനവിധവയുടെ പ്രക്ഷോഭം. ഭൂഗർഭ അറകളിൽ കുഴിച്ചിട്ട കൗരവരത്ന ശേഖരങ്ങൾ പുറത്തെടുക്കാനുള്ള രഹസ്യവാക്കു് ഭരണ കൂടത്തിനവർ ആദ്യം കൈമാറട്ടെ, ‘ധീരദേശാഭിമാനി’യുടെ ബലിദാനത്തെ കാലാതിവർത്തിയായി അടയാളപ്പെടുത്താൻ ദുര്യോധനസ്മരണക്കായി ഹസ്തിനപുരിയെ ചവിട്ടിത്താഴ്ത്തും മുമ്പു്.”

2019-03-25

“ആകാശത്തിലെ പറവകൾക്കായി ആയിരം നീർക്കുടങ്ങൾ എന്ന മധ്യവേനൽ പദ്ധതി നടപ്പിലാക്കുന്ന പാഞ്ചാലിയോടെന്താ നിങ്ങൾക്കൊക്കെ ഇത്ര പക? ആവാസവ്യവസ്ഥയെ പരിപാലിക്കുകയെന്നതുമല്ലേ സംവേദനശീലമുള്ള ഒരു മഹാറാണിയുടെ ചുമതല?”, കോട്ടവാതിലിനു മുമ്പിൽ നിരാഹാര സത്യാഗ്രഹമനുഷ്ഠിക്കുന്ന കൗരവരാജവിധവകളോടു് കൊട്ടാരം ലേഖിക ചോദിച്ചു. മുഷിഞ്ഞ മേൽവസ്ത്രങ്ങൾ, വിയർത്തൊഴുകുന്ന കഴുത്തും കക്ഷവും, എന്നിട്ടും അവരുടെ സൗന്ദര്യം ഉച്ചവെയിലിൽ ജ്വലിച്ചു.

“ഖാണ്ഡവ വനമെന്ന ആവാസവ്യവസ്ഥയെ അവളും ഭർത്താക്കന്മാരും ചേർന്നു് എങ്ങനെ കത്തിച്ചാമ്പലാക്കി എന്നതൊക്കെ അക്കാലത്തെ കൊട്ടാരംലേഖികയായിരുന്ന നിങ്ങളുടെ അമ്മയിൽ നിന്നു് കേട്ടറിഞ്ഞിട്ടുണ്ടു്. ആ കഥയൊന്നും ഇനി നിങ്ങൾ ദയവായി ആവർത്തിക്കരുതേ. നീർക്കുടങ്ങൾ പറവകൾക്കു സമ്മാനിച്ചശേഷം, മഹാറാണി ഞങ്ങളുടെ പുനരധിവാസകേന്ദ്രത്തിൽ വന്നിരുന്നു. കുടിക്കാനും കുളിക്കാനും ജലമില്ലെന്നു വിലപിച്ച ഞങ്ങളോടവൾ വിരൽ ചൂണ്ടി തട്ടിക്കയറി. കോട്ടക്കകത്തെ നൂറോളം രാജമന്ദിരങ്ങൾക്കു പിന്നിൽ കൗരവർ പൊതുചെലവിൽ പണിതെടുത്ത നീന്തൽ കുളങ്ങളിൽ ദശാബ്ദങ്ങളോളം ഞങ്ങൾ നീന്തിത്തിമിർത്തു എന്നവൾ പ്രാകി. ഞങ്ങൾ വിരണ്ടു. വേനലിൽ ഹിമാലയം ഉരുകി ജലമൊഴുകുന്ന രണ്ടു മഹാനദികൾക്കിടയിലെ ഹരിതഭൂമിയാണു് ഹസ്തിനപുരി എന്ന വ്യാജപ്രചാരണം കേട്ടാണു് വ്യത്യസ്ത ഭൂവിഭാഗങ്ങളിൽ നിന്നു് കൗമാരകാലത്തു നവവധു ക്കളായി ഇവിടെ വന്നതു്, ഞങ്ങളെ കൗരവർ സ്നേഹത്തോടെ പരിലാളിച്ചു എന്നതിനു് തെളിവാണു് ആ നൂറു നീന്തൽകുളങ്ങൾ. കൗരവർ കോട്ടക്കകത്തു നിർമ്മിച്ചതു കൊണ്ടല്ലേ പാഞ്ചാലി നിത്യവും നീന്തിക്കുളിച്ചു ഈ കൊടും വേനലിലും മിന്നുന്ന തൊലിയും തിളങ്ങുന്ന തുണിയുമായി തിമിർക്കുന്നതു്?”

“അജ്ഞാതവാസത്തിനു തിരിക്കുമ്പോൾ എന്തു് ചെയ്യും ഈ വ്യാഴവട്ടക്കാല ഓർമകുടീരം? ഇട്ടെറിഞ്ഞു പോവുമോ? അതോ, ഹസ്തിനപുരിയിൽ നിങ്ങൾ മഹാറാണിയായാൽ, പൈതൃകമന്ദിരമായി പരിപാലിക്കുവാൻ നിർദ്ദേശിക്കുമോ?”, ചൂതാട്ടത്തിൽ പൗരാവകാശവും സ്വത്തും നഷ്ടപ്പെട്ടു കൗരവ അടിമകളായി പന്ത്രണ്ടുവർഷം സഹനത്തിൽ കഴിഞ്ഞ ഹിമാലയ താഴ്‌വര നോക്കി കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. അയൽപക്ക സന്യസ്ഥ സമൂഹത്തോടു യാത്ര പറയാൻ ഭർത്താക്കന്മാർ പോയ നേരം.

“അരക്കില്ലം പോലെ പാണ്ഡവർ തീയിടട്ടെ ഇതും.”

2019-03-26

“കായികക്ഷമതയുള്ള ഭർത്താവിനെ ന്യായമായും പ്രതീക്ഷിച്ച നിങ്ങൾ കിടപ്പറയിൽ പക്ഷേ, നേരിടേണ്ടി വന്ന അപമാനം, ഒരു സ്ത്രീയെന്ന നിലയിൽ ഞാൻ ഊഹിച്ചെടുക്കുമ്പോഴും, കുന്തിയുടെ പങ്കെന്താണു് ഈ ദുരിതദാമ്പത്യത്തിലെ മുതിർന്ന പങ്കാളിയെന്ന നിലയിൽ?”, കൊട്ടാരം ലേഖിക ചോദിച്ചു. (ഈ അഭിമുഖം ‘ഹസ്തിനപുരി പത്രിക’യുടെ ചുവരെഴുത്തിൽ വരും മുമ്പു് മാദ്രി പാണ്ഡുചിതയിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടിരുന്നു).

“എത്ര വിധേയപ്പെട്ടു് രമ്യമായി കൂടെ പൊറുക്കാൻ ശ്രമിച്ചാലും, എന്നെ വഴുക്കി വീഴ്ത്തും. വിവാഹ ബാഹ്യബന്ധങ്ങൾ തേടുന്നതിലും, അതു് വഴി മാതൃത്വം എന്ന പെണ്ണവകാശം നിസ്സംശയം നേടിയെടുക്കുന്ന തിലും, അവൾ പ്രകടിപ്പിച്ച കഴിവും കൗശലവും പതിവായി കണ്ട ഞാൻ അവസാനം യാചിക്കേണ്ടി വന്നു, പരപുരുഷ പ്രലോഭന വഴികളെന്തെങ്കിലും കൈവശമുണ്ടെങ്കിൽ, എനിക്കും അനുവദിക്കൂ നൈപുണ്യ പരിശീലനം. ഓർത്താൽ അപമാനം തോന്നുന്ന പല വൃത്തികെട്ട പ്രവർത്തികൾക്കും സാക്ഷിയും പങ്കാളിയുമാക്കി, വിധേയത്വം പൂർണ്ണമെന്നുറപ്പായപ്പോൾ, രണ്ടു പുരുഷന്മാരെ ഒരേ സമയം പ്രലോഭിച്ചു വശത്താക്കുന്നൊരു പദ്ധതി പഠിപ്പിച്ചു. ആവുന്നവിധം കാര്യക്ഷമമായി പ്രവർത്തികമാക്കിയപ്പോൾ ഉണ്ടായ സന്തതികളാണു്, പൂർണ്ണ നഗ്നരായി ആ കുന്നിൻ മുകളിൽ കളിക്കുന്ന നകുലനും സഹദേവനും. വാസ്തവത്തിൽ കളിക്കുകയല്ല, കുന്തിയുടെ മക്കൾ വേട്ടയിറച്ചിയുമായി വരുന്നതു് കാത്തിരിക്കയാണു് അശ്വനിദേവതകൾ എന്നറിയപ്പെട്ടിരുന്ന ഇരട്ടസഹോദരന്മാർ വീട്ടിൽ മിക്ക രാത്രികളിലും വരാൻ തുടങ്ങിയപ്പോൾ, നീ മിടുക്കി എന്നു് കുന്തി ഒരാരോപണം പോലെ ഉച്ചരിച്ചു. കീറപ്പായിൽ നിന്നെണീറ്റ പാണ്ഡു, ബീഭത്സമായ മുഖഭാവങ്ങളോടെ, ‘എനിക്കു് മാത്രം നീ വഴങ്ങില്ലേ?’ എന്നു് വിലാപസ്വരത്തിൽ പരിഭവിച്ചപ്പോൾ തോന്നി, പ്രലോഭന ശ്രമമില്ലാതെയും എന്റെ ഉടലിൽ അയാൾ ഭ്രമിച്ചു തുടങ്ങിയോ. അങ്ങനെ ഒരു അപായമണി മുഴങ്ങി ക്കേൾക്കുമ്പോഴാണു് നിങ്ങളും ഈ സമയത്തെന്നെ സമീപിക്കുന്നതു്. ”

2019-03-27

“തിന്മയുടെ മേൽ നന്മയുടെ വിജയമാണു് കുരുക്ഷേത്രം എന്നു് യുധിഷ്ഠിരൻ പട്ടാഭിഷേകത്തിനുശേഷം പൊതു യോഗത്തിൽ ഇരുകൈകളും ഉയർത്തി നിരീക്ഷിച്ചപ്പോൾ, സദസ്സു് എഴുന്നേറ്റുനിന്നു് കയ്യടിക്കുന്നതു് കണ്ടു. പക്ഷേ, വേദിയിൽ ഇരുന്ന നിങ്ങൾ മുഖം താഴ്ത്തി. എന്തായിരുന്നു കാര്യം?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“തിന്മക്കു മേൽ തിന്മയുടെ വിജയം എന്നു് പനയോലയിൽ നാരായം കൊണ്ടെഴുതിക്കൊടുത്തതു് യുധിഷ്ഠിരൻ തിരക്കിട്ടു വായിച്ചപ്പോൾ ഉച്ചാരണം തെറ്റി.”

“ചൂതാട്ടം വേണമായിരുന്നോ യുധിഷ്ഠിരനെ സ്ഥാന ഭ്രഷ്ടനാക്കാൻ? സമൂഹമനഃസാക്ഷിയായി അറിയപ്പെടുന്ന ചാർവാകൻ ഇന്നലെ തെരുവോര യോഗത്തിൽ പറയുന്നതു് കേട്ടു. എങ്ങനെ പ്രതികരിക്കുന്നു?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

“ചൂതാട്ടം വിനോദമായിരുന്നില്ല, വിമോചന സമരം തന്നെയായിരുന്നു. അതിന്റെ ബീജാവാപം അധികാര ലഹരിയിലല്ല, പരിസ്ഥിതി സംരക്ഷണത്തിലായിരുന്നു. ഖാണ്ഡവവനം പാണ്ഡവർ കത്തിച്ചെന്നറിഞ്ഞപ്പോൾ ദേശീയദുരന്തമായി ഞങ്ങൾ പ്രഖ്യാപിച്ചു. അത്ര നൊന്തു ഹൃദയം. അടിക്കാടു് വെട്ടി, പണിയെടുത്തു ജീവിക്കൂ എന്ന സാത്വിക ആശംസയോടെ ധൃതരാഷ്ട്രർ ആവാസവ്യവസ്ഥ തീറെഴുതിക്കൊടുക്കുമ്പോൾ, ഞങ്ങൾ അറിയണമായിരുന്നു, വാരണാവതം സുഖവാസ മന്ദിരം എങ്ങനെ പാതിരാവിൽ പാണ്ഡവർ ചുട്ടെരിച്ചു, അതുപോലൊന്നിനിയും ഉണ്ടാവും. ഏതുനിമിഷവും സൂര്യതാപത്തിൽ നിങ്ങൾ തെരുവിൽ കുഴഞ്ഞു വീഴുമെന്നറിയുമ്പോളാണു്, ആവാസവ്യവസ്ഥയെ നഗരം പണിയാൻ കൗന്തേയർ കത്തിച്ചാമ്പലാക്കിയ ബുദ്ധി എത്ര കുടിലം. മധ്യവേനൽ സൂര്യരശ്മികൾ, ഹരിത കവചത്തിൽ തട്ടി, ചിതറിത്തെറിച്ചു, തീവ്രത കുറയുന്ന പ്രകൃതിദത്ത സംവിധാനമാണു് ഖാണ്ഡവ വനം. എന്നെന്നേക്കുമായി അതു് തകരാൻ അനുവദിക്കരുതെന്നു് തക്ഷശിലയിലെ പരിസ്ഥിതി പഠനകേന്ദ്ര മേധാവി ഇവിടെ വന്നപ്പോൾ താക്കീതു നൽകി. ഇതൊരു പരിഷ്കൃത ഭരണകൂടമല്ലേ. ഞങ്ങൾ അതൊക്കെ കേൾക്കണ്ടേ? കാടുകത്തിച്ചും നഗരം പണിയുമെന്ന പാണ്ഡവ അഭിലാഷമുണ്ടല്ലോ, അതിനു തുരങ്കം വക്കാൻ അൽപ്പം വൈകി എങ്കിലും, പരിഹാരത്തിനായി ഗൂഢപദ്ധതി തയ്യാറാക്കി. ഒരിറ്റു ചോരത്തുള്ളി വീഴാതെ അക്രമരാഹിത്യത്തിലൂടെ ചൂതാട്ടം എന്ന ആശയം പൂവണിഞ്ഞു. ചമ്രം പടിഞ്ഞിരുന്നു രാജ സൂയ സാമ്രാജ്യത്തെ കട പുഴക്കി, പാണ്ഡവർക്കു് പൗരാവകാശം നിഷേധിച്ചു കാട്ടിലയച്ചു. പാഞ്ചാലിപ്പെണ്ണിനെ പരസ്യമായി പൊന്നരഞ്ഞാണം അണിയിച്ചു, ‘അവൾക്കിനി ഉടയോൻ ഞങ്ങൾ’ എന്നു് പാണ്ഡവരെ ബോധ്യപ്പെടുത്തി. ഇനിയവർ വെട്ടരുതു് മരം.”

2019-03-28

“കണ്ടാൽ വിക്കുണ്ടെന്നു തോന്നുന്ന യുധിഷ്ഠിരനു് ഇത്രയൊക്കെ ആവിഷ്കാരമികവുണ്ടോ, പെറ്റ തള്ളയെ പറഞ്ഞു പറ്റിച്ചു അനുജന്റെ ഭാര്യയെ തട്ടിയെടുക്കാൻ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. താഴ്‌വരയിലെ തടാകത്തിൽ നീന്തിത്തുടിക്കാൻ പാണ്ഡവർ പോയ വനാശ്രമം.

“കുടുംബാംഗങ്ങളുടെ വിവാഹപൂർവ രതിസാഹസത്തെ കുറിച്ചു് യുധിഷ്ഠിരൻ രഹസ്യങ്ങൾ കെട്ടു കെട്ടായി സൂക്ഷിച്ചു വെച്ചിട്ടുണ്ടു്. അർജ്ജുനൻ പുതുതായി കെട്ടിയ പെണ്ണിനെ കൈവശപ്പെടുത്താൻ വിഴുപ്പുകെട്ടു ഒരെണ്ണം പുറത്തെടുത്താൽ മതി.”

“കുരുക്ഷേത്രയിലെ ആദ്യദിവസം നിങ്ങൾ രോഗാതുരമെന്നു തോന്നും വിധം വിഷാദവാനായിരുന്നെങ്കിൽ, അവസാന ദിനമായപ്പോഴേക്കും ദാർശനികനായി എന്നാണോ ഞങ്ങൾ മനസ്സിലാക്കേണ്ടതു്?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. യുദ്ധം ജയിച്ചെന്ന അവകാശവാദവുമായി ആറംഗ പാണ്ഡവസംഘം ഹസ്തിനപുരി രാജപാതയിലൂടെ നീങ്ങുന്ന ശിശിരകാലരാത്രി.

“നാളെ ഈ സമയത്തു ഞങ്ങൾ കോട്ടപിടിച്ചെടുത്തു പാണ്ഡവ പതാക ഉയർത്തുമെന്നു് നിങ്ങൾക്കറിയാം എന്നാൽ ഈ വിറയ്ക്കുന്ന തണുപ്പിൽ ഞങ്ങൾ ഒരുപാത്രം ചൂടുള്ള പാനീയം കിട്ടിയാൽ, ആ കുരുവംശ അധികാരം വേണ്ടെന്നു വക്കാം. മുന്നിൽ നടക്കുന്നതു് പാഞ്ചാലി, പിന്നിലിപ്പോൾ യുധിഷ്ഠിരൻ. അപ്പോൾ എന്തുസംഭവിച്ചു കഴിഞ്ഞ പതിനെട്ടു ദിവസങ്ങളിൽ എന്നോ? ഓരോ വൈകിയ രാത്രിയും പുഴയിൽ കുളിച്ചു നനഞ്ഞ തുണിയുമായി, പാളയത്തിലെത്തുമ്പോൾ, മറ്റു പാണ്ഡവർ തറയിൽ കിടന്നു ഉറങ്ങിയിട്ടുണ്ടാവും. എന്നാൽ ഉറങ്ങാതെ പാഞ്ചാലി എന്നെ കാത്തിരിക്കുന്നതു് യുദ്ധവാർത്ത കേൾക്കാനോ ക്ഷേമാന്വേഷണത്തിനോ അല്ല, അവളുടെ അഞ്ചുമക്കളെ ഞാൻ കരുതലോടെ അന്നും പാർപ്പിച്ചുവോ എന്നറിയാനാണു്, അവർ കുളിച്ചു ഭക്ഷണം കഴിച്ചുറങ്ങിയിട്ടാണു് ഞാൻ ഇവിടെ വന്നതെന്ന മറുപടി കേട്ടാൽ, അവളിൽ വരുന്ന രൂപഭാവ പരിണാമം നിങ്ങളെ വിസ്മയിപ്പിക്കും. പിന്നെ അവൾ ആ കൗമാരപോരാളികളുടെ അമ്മയല്ല, എന്റെ ഊഷ്മള ആതിഥേയയാണു് എന്നെ ആസ്വാദന നിശീഥിനിയിലൂടെ പുലർച്ചയിലേക്കു നയിക്കുന്ന കാമനയാണവൾ. പിന്നീടൊരിക്കൽ മറ്റു പാണ്ഡവരോടു് സാന്ദർഭികമായി ഞാൻ സംസാരിക്കുമ്പോൾ വ്യക്തമായി, ഓരോ പാണ്ഡവനെയും അവൾ അഞ്ചു കുട്ടികളുടെ രക്ഷാധികാരിയായി നിയമിച്ചിട്ടുണ്ടു്, അവരെയും കൃതജ്ഞതയോടെ രാവേറെ ചെല്ലും വരെ പരിലാളിച്ചിട്ടുണ്ടു്. അപ്പോഴാണെനിക്കു് സംശയം തോന്നിയതു് പാഞ്ചാലി എന്ന സ്ത്രീ എണ്ണത്തിൽ അഞ്ചായിരിക്കുമോ? അങ്ങനെയെങ്കിൽ യഥാർത്ഥ പാഞ്ചാലി ആരുടെ കൂടെയാണു്?”

2019-03-29

“അരമനയിൽ മണിക്കൂറൊന്നു കഴിഞ്ഞല്ലോ. എങ്ങനെയുണ്ടു് ഞങ്ങളുടെ പുതിയ മഹാറാണി? മിണ്ടിപ്പറഞ്ഞു പരിചയപ്പെട്ടപ്പോൾ ആളെങ്ങനെ?”, കുരുക്ഷേത്രക്കു ശേഷമുള്ള ഹസ്തിനപുരിയിൽ പുതുതായെത്തിയ തക്ഷശില ഗവേഷകനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“പാണ്ഡവരെ അളന്ന പോലെ, കൃത്യം വിശേഷണ പദങ്ങളിൽ പാഞ്ചാലിയെ തളക്കാൻ അവൾ നിന്നു തരുന്നില്ല. കുരുക്ഷേത്രയിൽ പാഞ്ചാലിയുടെ സാന്നിധ്യമുണ്ടെന്നു് കേട്ടിരുന്നു. കാണാൻ ആവാത്ത വിധം സുരക്ഷാവലയത്തിൽ ആയിരുന്നതു് കൊണ്ടു്, കേട്ടറിവൊക്കെ പനയോലയിൽ സൂക്ഷിച്ചു വച്ചു. ഐതിഹ്യങ്ങൾ അടയാളപ്പെടുത്തിയ ഒരു പാഞ്ചാലിയുണ്ടു്, പക്ഷേ, നേരിൽ കാണുമ്പൊൾ ഒന്നും നമുക്കോർമ്മ വരില്ല. അഞ്ചുമക്കളെ ഒരൊറ്റ പുലർച്ചയിൽ നഷ്ടപ്പെട്ട അമ്മയാണോ അവൾ? അഞ്ചു ആണുങ്ങളെ കാലാകാലമായി രമിപ്പിക്കുന്ന കാമനയാണോ അവൾ? യുധിഷ്ഠിരനെ ആചാരപരമായ ഔപചാരികതയോടെ മാത്രം കൈകാര്യം ചെയ്യുന്ന മഹാറാണിയാണോ അവൾ? ഒരു ആദ്യ സന്ദർശകനെന്ന നിലയിൽ, അവൾക്കു മുമ്പിൽ നിന്നപ്പോൾ എന്നെ എതിരേറ്റതു് അലങ്കാരങ്ങൾ ഒന്നുമില്ലാതെ ഒരു പുത്തൻ പെണ്ണുടൽ.”

2019-01-30

“കൊച്ചുകുട്ടികളെ പാണ്ഡു പീഡിപ്പിക്കുമ്പോൾ അരുതെന്നു പറയാൻ നാവു പൊന്താറില്ലേ?”, കൊട്ടാരം ലേഖിക ചോദിച്ചു. ജീവിതസായാഹ്നത്തിൽ കുന്തി കോട്ടക്കകത്തു ആശ്രമജീവിതം നയിക്കുന്ന കാലം.

“നീ പിഴച്ചു പെറ്റതല്ലേ ഈ മൂന്നും എന്നു് പാണ്ഡു വാവിട്ടു നിലവിളിക്കും. ‘ഞാൻ കന്യക ഞാൻ ചാരിത്രവതി’ എന്നു് ഇരുകൈകളും മലർത്തി മുഖത്തുനോക്കി പറയാൻ ആവശ്യപ്പെടും. കുട്ടികൾ എന്നെ പകച്ചു നോക്കും, ‘അതെ അതെ’ എന്നു് ഞാൻ ഉറപ്പിച്ചു പറയുമ്പോൾ, അർത്ഥമറിയില്ലെങ്കിലും കുട്ടികൾ കൈകൊട്ടി സന്തോഷിക്കും. പാണ്ഡു അപ്പോൾ വിറളിപിടിച്ചു കുട്ടികളുടെ ചെകിട്ടത്തടിക്കും. എന്നെ ചതിച്ചിട്ടല്ലേ ഇവൾ വേറെ ആണിനെ തേടി പോയിരുന്നതു് എന്നു് കുട്ടികളോടു് ശ്വാസം മുട്ടലോടെ സഞ്ചാരപ്പെടും. അപ്പോൾ കുട്ടികൾ ‘ആവേ’ എന്ന അവഗണയോടെ പുറത്തുപോവാൻ ഒരുങ്ങും. പാണ്ഡു മരക്കൊമ്പെടുത്തു കുട്ടികളുടെ നേരെ ഏറിയും. ഉന്നം കൊണ്ടാലയാൾ ഉച്ചത്തിൽ പ്രീതിപ്പെടും ഉന്നം തെറ്റിയാൽ, അശ്ലീല ആംഗ്യങ്ങളോടെ ‘പോ പോ’ എന്നു് ഗർജ്ജിക്കും. ഗർഭിണിയായ മാദ്രി ഇതു് നോക്കി ഒന്നും മിണ്ടാതെ ഇരിക്കുന്നുണ്ടാവും. ഒരിക്കൽ ക്ഷീണത്തോടെ മുറിക്കു പുറത്തു വന്നപ്പോൾ മാദ്രി കൂടെ വന്നു. ഇനി അയാൾ നമുക്കെതിരെ ശബ്ദിച്ചാൽ, വായിൽ കീറത്തുണി ആഞ്ഞുതിരുകി മരിച്ചു എന്നുറപ്പുവരുത്തിയ ശേഷം, തുണി നീക്കി ചുണ്ടുകൾ ചേർത്തു വക്കുന്ന കൃത്യം ഞാനേറ്റു. പെണ്ണുടൽ തൊടുന്നതു് മരണകാരകമാവുമെന്ന മുനിശാപം മറന്നു മാദ്രിയെ കെട്ടിപ്പിടിച്ചപ്പോഴായിരുന്നു കുഴഞ്ഞുവീണു പാണ്ഡു നാടുനീങ്ങിയതെന്നു നിങ്ങൾ തന്മയത്വത്തോടെ അയൽപക്ക സന്യസ്ഥരെ ബോധ്യപ്പെടുത്തുക. മാദ്ര ദേശക്കാരിയായിരുന്നു, കത്തുന്ന സൗന്ദര്യമുള്ള ആ യുവ രണ്ടാം ഭാര്യ. പക്ഷേ, എനിക്കവളെ പാണ്ഡുവിന്റെ ചിതയിൽ, ദീർഘ കാല പ്രയോജനങ്ങൾക്കായി, സതിയനുഷ്ഠിപ്പിക്കേണ്ടി വന്നു”, ഭൂതകാല സ്മരണകളിൽ വൃദ്ധകുന്തി വിറച്ചു വിലപിക്കുന്നതു് സഹിക്കവയ്യാതെ കൊട്ടാരം ലേഖിക. “വ്യാസൻ തന്നെ വ്യാജമായി എഴുതട്ടെ എനിക്കെഴുതാനാവാത്ത പൊള്ളുന്ന സത്യങ്ങൾ” എന്നുച്ചരിച്ചു ആശ്രമത്തിൽ നിന്നു് പുറത്തു വന്നു.

2019-04-01

“വേനൽക്കാലമല്ലേ, അഴിയില്ലാജാലകം അശ്രദ്ധമായി തുറന്നിട്ടാൽ, ഇഴജീവികൾ അകത്തു കടക്കില്ലേ?, തൊട്ട പ്പുറത്തൊരു നീരൊഴുക്കുള്ളതല്ലേ?”, കൊട്ടാരം ലേഖിക ചോദിച്ചു. ഹസ്തിനപുരിയുടെ പൊള്ളുന്ന ചൂടില്ലെങ്കിലും, താഴ്‌വരയിലെ പാണ്ഡവവസതിക്കു ചുറ്റും വെയിലുള്ള മദ്ധ്യാഹ്നം. പാണ്ഡവർ അക്ഷയ പാത്രത്തിൽ കൈവച്ച നേരം.

“പുറത്തുള്ള ജീവികൾക്കു അകത്തു പ്രവേശിക്കാനുള്ളതല്ല മായൻ നിർമ്മിച്ച ഈ വിചിത്രജാലകം. വീട്ടു പണി കഴിഞ്ഞു ഞാൻ കിടക്കും മുമ്പു്, ഉറങ്ങിപ്പോവുന്ന ‘അഞ്ചു ഇഴജീവികൾ’ക്കു ഞാനറിയാതെ നിശാവിനോദത്തിനു പുറത്തു പോവാനും, ഞാനുണരും മുമ്പു് നുഴഞ്ഞു കയറി കൂട്ടുകിടക്കാനും സൗകര്യമുള്ള മായികജാലകമാണു് ഒളിഞ്ഞിരുന്നു നോക്കാമെങ്കിൽ, ഇന്നു് രാത്രിയും പ്രഹസനം നേരിൽ കാണാം, അവരുമായി മത്സരിക്കാൻ ‘പുറത്തെ ഇഴജീവികൾ’ അങ്ങനെ ധൈര്യപ്പെടുകയില്ല.”

“പാണ്ഡവർ യുദ്ധം അതിജീവിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ലെന്ന പാഞ്ചാലിയുടെ അഭിമുഖ പ്രസ്താവന പെട്ടെന്നു് പൊതുസമൂഹം പരിഹാസത്തോടെ ഏറ്റെടുത്തല്ലോ. പാഞ്ചാലിയുടെ ആ വാക്കുകൾ അവളുടെ ഹൃദയവികാരത്തെ ഉൾക്കൊള്ളുന്നില്ല എന്ന മറിച്ചൊരു നിലപാടുണ്ടോ? ഉടലിന്റെയും ഉണ്മയുടെയും സത്യാന്വേഷിയാണല്ലോ നിങ്ങൾ”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു. യുദ്ധത്തിനു് മുമ്പു് അഭിമന്യു തുടങ്ങി വച്ച തടയണ നിർമ്മിതി സ്വന്തം നിലയിൽ വികസിപ്പിക്കുകയായിരുന്നു അയാൾ.

“മണിക്കൂറുകളുടെ ദേഹാധ്വാനത്തിനുശേഷം ദുര്യോധനനെ മാരകമായി തുടയിൽ മുറിവേൽപ്പിച്ചു ചാവാൻ വിട്ടശേഷം ഞാൻ കിതച്ചുകൊണ്ടു് ആദ്യം നോക്കിയതു് ഒരു പ്രശംസക്കായി പാഞ്ചാലിയുടെ മുഖത്തേക്കായിരുന്നു. എന്നാൽ കണ്ടതെന്തായിരുന്നു.”

2019-04-02

“നിലവിട്ടു പെരുമാറുക ഭീമൻ എന്ന പൊതുബോധത്തിൽ നിന്നു് മാറി, അർജ്ജുനനും നേരിടുമോ ഇത്തവണ ആക്രമണം?”, കൊട്ടാരം ലേഖിക ദുര്യോധന വിധവയോടു ചോദിച്ചു.

“കുരുക്ഷേത്രബലിദാനികളുടെ ഓർമ്മക്കായുള്ള സംഗീതവിരുന്നിൽ, എന്റെ കൊച്ചുമകൾക്കു ഒന്നാം സമ്മാനം പ്രഖ്യാപിച്ചതു് പാഞ്ചാലിയായിരുന്നെങ്കിലും, വേദിയിലേക്കവളെ ആർഭാടത്തോടെ ആനയിക്കുന്ന അർജ്ജുനനിൽ നിന്നുണ്ടായ ദേഹസ്പർശമാണിപ്പോൾ ജനരോഷത്തിനു കാരണം. അർജ്ജുന വിരലുകൾ പെണ്ണുടലിൽ അനാവശ്യ ഉത്സാഹത്തോടെ പെരുമാറിയെന്ന തോന്നലിലാവാം, മനഃസാന്നിധ്യത്തോടെ അരുതെന്നവൾ പീഢകനുനേരെ വിരൽ ചൂണ്ടിയതു്. ഖേദം പ്രകടിപ്പിക്കുന്നതിനുപകരം, അവളെ ഒറ്റക്കയ്യിൽ കോരിയെടുത്തുയർത്തി പ്രദർശിപ്പിച്ചതു് പ്രകോപനപരമായി സദസ്സിനു തോന്നി. നഗ്നതുടയിൽ പാഞ്ചാലിയെ ചൂതാട്ടസഭയിൽ ഇരിക്കാൻ ക്ഷണിച്ച ദുര്യോധനന്റെ കൊച്ചുമകളെ, അർജ്ജുന തുടയിൽ ഇരുത്തുകയല്ല, നിർത്തുകയല്ലേ അർജ്ജുനൻ ചെയ്തതെന്ന ഭീമനിരീക്ഷണത്തിൽ സദസ്സു് വിറളിപിടിച്ച പോലെയായി. “ആ വൃത്തികെട്ട കിഴവനെ കല്ലെറിഞ്ഞു കൊല്ലു്” എന്നു് ക്രുദ്ധകൗരവാനുകൂലികൾ കൂവി. പാഞ്ചാലി അർജ്ജുനനെയും ഭീമനെയും വലിച്ചു വേദിക്കു പിന്നിലൂടെ സ്ഥലം വിട്ടു. കുറ്റത്തിനു് പറ്റിയ ശിക്ഷ എന്ന ചാർവാകസാന്ത്വനം ആണധികാരത്തെ പ്രോത്സാഹിപ്പിക്കുന്നതായി എനിക്കു് തോന്നി, ഇന്നു് ഹസ്തിനപുരി നീതിപീഠത്തിൽ അർജ്ജുനനും ഭീമനും പാഞ്ചാലിക്കുമെതിരെ ബാലികാപീഡനത്തിനു പരാതി കൊടുക്കും. സാക്ഷിമൊഴിയുണ്ടു്. അച്ഛനും അച്ഛച്ഛനും രാജ്യത്തിന്റെ അഖണ്ഡതക്കായി ബലിദാനികളായ കൗരവകുടുംബത്തിനു് നേരെ പാണ്ഡവരുടെ കടന്നാക്രമണത്തെ ചെറുക്കാതെ അനാഥ വിധവകൾക്കിനി മുന്നോട്ടു വഴിയില്ല. ‘ഹസ്തിനപുരി പത്രിക’ ബാലനീതിയുടെ പക്ഷത്തു നിൽക്കുമോ? അതോ, പാഞ്ചാലിയുടെ വാമൊഴിമികവിൽ മയങ്ങുമോ?”

“കൗരവഹൃദയത്തിൽ ഇടം നേടാൻ പാവം പാണ്ഡവക്കുട്ടികളെ നിർദ്ദയം പ്രതിസ്ഥാനത്തു നിർത്തിയോ കുന്തി?” കൊട്ടാരം ലേഖിക ചോദിച്ചു.

“ഒന്നിലധികം തവണ കണ്ടാൽ പിന്നെന്തുവേണം ധരിക്കാൻ? നൂറ്റുവരും ഞങ്ങളും ഒരു പന്തിയിലിരിക്കണം ഊട്ടുപുരയിലെന്നു നിർദേശിച്ച പിതാമഹനു സ്തുതി, പക്ഷേ, വിളമ്പിക്കിട്ടിയതൊക്കെ വാരിത്തിന്നുമ്പോൾ കാണാം, കുന്തിയുടെ എഴുന്നെള്ളത്തും ഞങ്ങളഞ്ചുപേരെ തുറിച്ചു നോക്കലും. ദുര്യോധനനെ ചൂണ്ടി ഞങ്ങളെ വിരൽ ഞൊടിച്ചു ശ്രദ്ധയാകർഷിക്കും. എത്ര കൃത്യം ഇടത്തു കടിച്ചാണു് പൊരിച്ച കാളക്കാലിൽ നിന്നിറച്ചി വായിലാക്കുന്നതെന്നു നോക്കി പഠിക്കാൻ പറയും. നഖങ്ങളില്ലാത്ത ആ കൊച്ചുവിരലറ്റങ്ങൾ കൊണ്ടു മാത്രം ഭക്ഷണം വായിലാക്കുന്നതിനെന്തു ചന്തം. അവന്റെ ചുണ്ടുകൾ നിങ്ങളെ പോലെ അശ്ലീലമായി തുറക്കില്ല, നേരത്തെ വായിൽ എറിഞ്ഞ ഭക്ഷണം അണ്ണാക്കിൽ എത്തും മുമ്പു് അടുത്ത ഉരുള വായിലേക്കമുക്കില്ല. അപശബ്ദങ്ങളില്ലാതെ ഭക്ഷണം കഴിക്കുന്നതൊരു ദൃശ്യാനുഭവമാക്കുന്ന കൗരവക്കുട്ടികൾ എവിടെ, കയ്യിൽ കിട്ടിയതെന്തും വായിലിടുന്ന പാണ്ഡവരെവിടെ. ദുര്യോധനിലൂടെയും ദുശ്ശാസനിലൂടെയുമായിരിക്കും കുരുവംശ കുലീനതയുടെ കഥ, വരും യോഗങ്ങളിൽ പൊതു സമൂഹമറിയുകയെന്നു കുന്തി കണ്ണുരുട്ടി താക്കീതു ചെയ്യും.”

2019-04-04

“അസ്വാഭാവിക ശരീരസ്പർശ’ത്തിന്നെതിരെ പ്രതിഷേധവുമായി കോട്ട വാതിലിനു മുമ്പിൽ കൗരവ രാജകുമാരികൾ നിരാഹാരമിരിക്കുമ്പോൾ, ‘ആജീവനാന്ത ബ്രഹ്മചാരി’ എന്ന പട്ടത്തിൽ ചതവു് വീണു എന്ന തോന്നലുണ്ടോ?”, കൊട്ടാരം ലേഖിക ഭീഷ്മരോടു് ചോദിച്ചു.

“കരിമ്പാറക്കെട്ടാണെന്റെ ബ്രഹ്മചര്യമെന്നറിയുന്നവർ ഈ പ്രകടനങ്ങൾ കണ്ടാലൊന്നും കീഴടങ്ങില്ല. ലൈംഗികാ സ്വാദനത്തിന്റെ പേരിൽ എന്നെ അളക്കാനോ ഇളക്കാനോ പെണ്ണുടലിനാവില്ല. എന്നതൊരു അവകാശ വാദമല്ല, അംഗീകൃത സത്യമാണു് രതിയൂർജ്ജം കലർന്ന കൗമാരകാലരക്തം ഞരമ്പുകളിൽ ഓടുന്ന കാലത്തായിരുന്നു ഉർവശിയെ പോലൊരു സുന്ദരി ആദ്യമായി പ്രലോഭിപ്പിച്ചതു് വൃദ്ധശന്തനുവിന്റെ യുവഭാര്യ. പക്ഷേ, ബ്രഹ്മചര്യം വിജയിച്ചു. ‘വിചിത്രവീര്യന്റെ വിധവക’ളുമായി സഹകരിച്ചു കുരുവംശത്തിനു സന്തതികളെ കൊടുക്കണ’മെന്നു്, രാജമാതാവെന്ന നിലയിൽ സത്യവതി ചെയ്ത യാചന ഞാൻ നിരാകരിച്ചു. പിന്നെ നിരാകരണങ്ങളുടെ നീണ്ട നിരയായിരുന്നു, പാണ്ഡവാഭിമുഖ്യം സംശയിച്ചു എന്നെ തളർത്താൻ കുടിലദുര്യോധനൻ തട്ടിക്കൂട്ടിയ കപടനാടകത്തിൽ, കൗരവരാജകുമാരികൾ ഇരകളായി. കാലിൽ വീണു നമസ്കരിക്കുന്ന പെൺകുട്ടികളെ ‘അരുത്’ എന്നുച്ചരിച്ചുയർത്തുമ്പോൾ തോളിലോ കക്ഷത്തോ അരക്കെട്ടിലോ ആകസ്മികമായി തൊട്ടു തൊട്ടില്ല എന്നു് വരാം, എന്നതിൽ കവിഞ്ഞൊരു കെട്ടനോട്ടം എനിക്കില്ലെന്നതാണു് നേരു്. അതിനെ ആ കുഞ്ഞുങ്ങൾ ‘അസ്വാഭാവികസ്പർശം’ എന്നടയാളപ്പെടുത്തുകയാണോ വേണ്ടതു്?, അതോ, ആരുടെ മുമ്പിലും നമസ്കരിക്കരുതു് എന്നാണോ പുതുതലമുറ കാണേണ്ടതു്?”

2019-04-05

“മുഖ്യധാരയിൽ നിന്നു് മാറി നിൽക്കുന്ന ഈ ആശ്രമം പരിപാലിക്കാൻ കോടികൾ ചെലവുവരുമെന്നു പറയുന്നതു് ആരു വിശ്വസിക്കും?”, കൊട്ടാരം ലേഖിക ഔദ്യോഗിക വക്താവിനോടു് ചോദിച്ചു.

“ആദ്യം കണ്ടാൽ ലാളിത്യത്തിന്റെ പര്യായമെന്നു തോന്നാവുന്ന കുടിൽ ആഡംബരത്തിന്റെ ഒളിത്താവളമാകുന്നു. ഉറക്കമുണർന്നാലുടൻ ഗംഗാതീരത്തേക്കുള്ള പ്രഭാതസവാരിക്കു ഇരുകൈകളും തോളിൽ വക്കാൻ കൗരവകുമാരികൾ കൂട്ടു വേണം. സുരക്ഷാഭടനും ഊന്നുവടിയും മാത്രം പോരെ? പോരാ എന്നു് തർക്കഭാവത്തിലൊരു നോട്ടമുണ്ടു്. നിങ്ങൾ ചൂളിപ്പോവും. നൂറോളം കൗരവരുടെ, നാനൂറിലധികം പെണ്മക്കളെ അടിമപ്പണിക്കു് വിട്ടുതരാനാവില്ലെന്നു പറയാൻ ഒരു കൗരവ രാജവധു മുന്നോട്ടുവന്നു. ദുര്യോധനൻ അവളെ മാതൃകാപരമായി ശിക്ഷിച്ചു. ആസന്നമായ പാണ്ഡവാക്രമണത്തെ കായികശക്തികൊണ്ടു നേരിടാനുറച്ച പ്രതിസന്ധികാലത്തു, എല്ലാവരുടെയും പൂർണ്ണസഹകരണം വേണമെന്ന ഊന്നൽ അന്തഃപുരം വിധേയത്വത്തോടെ അംഗീകരിച്ചു. ഇപ്പോൾ പിതാമഹനൊരു കഠിന പരീക്ഷണം ചെയ്യാൻ താൽപര്യമുണ്ടെന്നു് പറയുന്നു. ബ്രഹ്മചര്യത്തിന്റെ തീവ്ര പരിശുദ്ധി എരിതീയിൽ തെളിയിക്കാൻ ഇരകളെ ആവശ്യമുണ്ടു്. ആശ്രമത്തിലെ കിടപ്പറയിൽ, പിതാമഹന്റെ പായിൽ ഇരുവശങ്ങളിലും വിവസ്ത്രരായി പ്രലോഭന പരീക്ഷണത്തിനു് കൂടെ കിടക്കാൻ സന്മനസ്സുള്ള കൗരവരാജകുമാരികളുടെ പട്ടിക തയ്യാറാക്കുകയാണു് ഞങ്ങൾ. നിശാപരീക്ഷണത്തിനു് ശേഷം, പായിൽ നിന്നു് ‘പീഡകനും പീഡിതകളും’ രാവിലെ എഴുന്നേൽക്കുമ്പോൾ, ഒളിഞ്ഞോ തെളിഞ്ഞോ ഉള്ള ലൈംഗികാനുഭവത്തിനു താനും, രതിയാക്രമണത്തിനു പെൺകുട്ടികളും, ഇരയായിട്ടില്ലെന്നു പരിശോധിക്കാൻ വിദഗ്ധസംഘവും ആശ്രമ മുറ്റത്തു നിത്യവും സാന്നിധ്യമുറപ്പിക്കണം. ‘തകർക്കാനാവില്ല ഈ ബ്രഹ്മചര്യം പ്രലോഭിപ്പിച്ചാലു മെത്ര നിങ്ങൾ’ എന്നാണു നവതി കഴിഞ്ഞ പിതാമഹന്റെ വെല്ലുവിളി. ആയുധനിർമ്മിതിക്കായി ഗ്രാമ ഗ്രാമാന്തരങ്ങളിലെ ആലകൾ സന്ദർശിക്കുന്ന ദുര്യോധനൻ ഈ ചുമതല ഏൽപ്പിച്ചതോടെ എന്റെ നിശീഥിനികളും.

2019-04-06

“പ്രണയാഭ്യർത്ഥന തിരസ്കരിച്ചതിലുള്ള പ്രതികാരത്തിലാണു് പാഞ്ചാലിയെ നിങ്ങൾ പരസ്യ വസ്ത്രാക്ഷേപത്തിൽ ഇരയാക്കിയതെന്നു പറഞ്ഞതു് പാണ്ഡവരല്ല, വിദുരർ. എങ്ങനെ പ്രതികരിക്കുന്നു?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

വടക്കോട്ടുള്ള രാജവീഥിയിലൂടെ നഗ്നപാദരായി ആറംഗ പാണ്ഡവസംഘം പന്ത്രണ്ടു വർഷത്തെ കാട്ടുജീവിതത്തിനായി വഴിനടക്കുന്നതു മട്ടുപ്പാവിൽ നിന്നു് കാണാമായിരുന്നു. രക്തച്ചൊരിച്ചിൽ ഇല്ലാതെ ഇന്ദ്രപ്രസ്ഥം സ്വന്തമാക്കിയ കൗരവഭരണകൂടത്തിനു് ആശംസകൾ അർപ്പിച്ചുകൊണ്ടു് ആൾക്കൂട്ടം ആഹ്ലാദത്തിമിർപ്പിൽ ദുര്യോധനനെ പ്രകീർത്തിക്കുന്ന പാട്ടുപാടി.

“വിവേകവചനത്തിന്റെ ആൾരൂപമാണോ വിദുരർ? അതോ, തിന്ന ഉപ്പിനു നന്ദിയില്ലാത്ത സൂതനോ? എനിക്കു് പാഞ്ചാലിയോടു് പ്രണയമുണ്ടെന്നു തന്നെ വക്കുക അവൾ അഭ്യർത്ഥന തിരസ്കരിച്ചതിൽ എനിക്കു് പ്രതികാരദാഹമുണ്ടെങ്കിൽ, അവളെ പാണ്ഡവർക്കൊപ്പം പോവാൻ ഞാൻ വിടുമോ? ഭീഷ്മർ അധ്യക്ഷനായ സഭയാണു് ചൂതാട്ടത്തിൽ പണയം വച്ച സ്ഥാവരജംഗമങ്ങളെല്ലാം നിയമവഴിയിൽ ഇനി കൗരവസ്വത്തെന്നു് പ്രഖ്യാപിച്ചതു് പൗരാവകാശം നിഷേധിക്കപ്പെട്ട പാഞ്ചാലിയെ ലൈംഗിക അടിമയെന്ന നിലയിൽ ഹസ്തിനപുരി അതിഥിമന്ദിരത്തിൽ സേവനദാതാവായി താമസിപ്പിക്കാമായിരുന്നില്ലേ? എന്റെ ഉദ്ദേശ്യം ദുഷ്ടലാക്കില്ലാത്ത സൗഹൃദമാണെന്നും, അതോടെ വിദുരവചനത്തെ റദ്ദാക്കുന്നു എന്നതല്ലേ ശരി? പാഞ്ചാലിയോടുള്ള പ്രണയം ഞാൻ മറച്ചുവക്കുന്നില്ല. അതുകൊണ്ടു തന്നെയാണു് വിറകും അടുപ്പും പുകയും ചൂടുമില്ലാത്തൊരു ഊട്ടുപുര അവൾക്കുണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ, അക്ഷയപാത്രം അവളെ കാത്തിരിക്കുന്നതു്.”

“അരങ്ങേറ്റ ദിനത്തിൽ കർണ്ണനെ പാണ്ഡവർ ജാതീയമായി അവഹേളിച്ചപ്പോൾ, ദുര്യോധനൻ, അംഗരാജ്യത്തിലെ രാജാവായി കർണ്ണനെ വാഴിച്ചതോടെ, ‘താണജാതി’യെന്ന അടിയാള ബോധത്തിൽ നിന്നു് ആ പോരാളിയെ എന്നെന്നേക്കുമായി രക്ഷിച്ചു എന്നാണു ഐതിഹ്യം. ദുര്യോധനനും കർണ്ണനും ബലിദാനികളായ സ്ഥിതിക്കു്, വസ്തുത ഇനിയെങ്കിലും വെളിപ്പെടുത്തിക്കൂടേ വരുംതലമുറക്കായി?” കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. വടക്കൻ മലകളിലേക്കു വലിഞ്ഞു നടക്കുന്ന ആറംഗ പാണ്ഡവ സംഘം ഉച്ചവിശ്രമത്തിനു വഴിയോര മരത്തണലിൽ എത്തിയ നേരം.

“ഹസ്തിനപുരിയിൽ ഞങ്ങൾ വിദ്യാർത്ഥികളായിരുന്ന കാലത്തു തന്നെ നകുലൻ അരമനരഹസ്യങ്ങൾ ചോർത്തുന്നതിൽ കഴിവു് തെളിയിച്ചിരുന്നു. ഞങ്ങൾക്കതുകൊണ്ടു അംഗരാജ്യ യാഥാർഥ്യം അന്നേ ബോധ്യമായി. കണ്ണുകെട്ടി കാഴ്ച നിഷേധിക്കുകയല്ല, കാഴ്ച നിലനിർത്തി, കുന്തിയുടെയും കൗന്തേയരുടെയും സ്വാർത്ഥത കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന ഗാന്ധാരിയുടെ കാഴ്ച നശിപ്പിക്കുകയാണു് വേണ്ടതെന്നു ദുര്യോധനൻ മറ്റു വിശ്വസ്ത കൗരവരുമൊത്തു ഗൂഢാലോചന നെയ്യുമ്പോൾ, കർണ്ണൻ, ജാലകത്തിനപ്പുറത്തു ഒളിഞ്ഞുനിന്നെങ്കിലും, സംഭവത്തിനു് സത്യസാക്ഷിയായി. കർണ്ണൻ വാതുറന്നാലുള്ള ഭാവിഭീഷണി തിരിച്ചറിഞ്ഞ ദുര്യോധനൻ ഒത്തുതീർപ്പിനു മുതിർന്നു. സൂതന്റെ മകനെന്ന പരാമർശവുമായി പാണ്ഡവർ അപമാനിക്കാൻ ശ്രമിക്കുമ്പോൾ, സൂര്യപുത്രനാണു് ഈ സൂതപുത്രൻ നീ എന്നു് പ്രഖ്യാപനത്തിലൂടെ നിങ്ങളെന്നെ തുണക്കുമെങ്കിൽ, ഇന്നു് കണ്ട കാഴ്ച എന്നോടൊപ്പം ആരുമറിയാതെ നശിക്കും എന്നവർക്കു കർണ്ണൻ വാക്കുകൊടുത്തു. ഏതോ ഒരു അംഗരാജ്യത്തിലെ വ്യാജകിരീടം ധരിപ്പിച്ചു അരങ്ങേറ്റഭൂമിയിൽ ദുര്യോധനൻ കാണികളെ ഒന്നു് കളിപ്പിച്ചു എന്നതിൽ കവിഞ്ഞു വ്യാസൻ അതിനെ ഞങ്ങളുടെ ജീവചരിത്രത്തിൽ അംഗീകരിക്കുകയാണെങ്കിൽ, എന്റെ ഈ അവസാനഅഭിമുഖം നിങ്ങൾക്കൊരു ചരിത്രരേഖയാക്കാം.”

2019-04-07

“പേടമാനിനെ അമ്പെയ്തുവീഴ്ത്തിയ രസത്തിൽ നിൽക്കുമ്പോളാണു്, പച്ചപ്പുല്ലിനുള്ളിൽ പതുങ്ങുന്ന വെള്ളമുയലിനെ ശ്രദ്ധിച്ചതു് ഒന്നു് മേലോട്ടു് കണ്ണെറിഞ്ഞപ്പോൾ, അതാ ലക്ഷ്യം തെറ്റാതെ ഇരയെ കൊത്തിപ്പറക്കാൻ, നീലവാനിൽ നിന്നു് താഴോട്ടിറങ്ങുന്നു കഴുകൻ. പക്ഷേ, ഒറ്റച്ചാട്ടത്തിൽ കഴുകന്റെ കഴുത്തിൽ കൃത്യം കടിമുറുക്കിയ വേട്ടപ്പട്ടി തന്നെയായിരുന്നു ഇന്നത്തെ മൃഗയാവിനോദത്തിലെ മികച്ച താരം”, പാഞ്ചാലിയോടു് നായാട്ടിലെ ദൃശ്യാനുഭവം വിശദീകരിക്കുകയായിരുന്നു അർജ്ജുനൻ.

“കഴുത്തു മുറിഞ്ഞു വീണ കഴുകനെ ചെടിക്കൂട്ടങ്ങൾക്കിടയിൽ ഒളിപ്പിപ്പിക്കുകയും, വെള്ളമുയലിനെ കടിച്ചു തൊലിയുരിക്കുകയും-രണ്ടും മികച്ച രീതിയിൽ ചെയ്യുന്ന ‘മാംസകലാകാരൻ’ ഈ വനാശ്രമത്തിൽ ഉണ്ടല്ലോ”, കിടപ്പറ മൂലയിൽ, വെളിച്ചം വീഴാത്ത ഇടത്തു്, ചുവർ ചാരിയിരിക്കുകയായിരുന്ന പാഞ്ചാലി പറഞ്ഞു.

“അധികാരം നിലനിർത്താൻ തൊഴിൽ രഹിത യുവാക്കളെ നിങ്ങൾ കുരുക്ഷേത്രയിൽ ബലി കൊടുക്കുന്നു എന്ന ചാർവാക നിരീക്ഷണത്തോടെങ്ങനെ പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക ചോദിച്ചു. പാളയ നിർമ്മിതിയുടെ അവസാനഘട്ട മിനുക്കുപണിക്കു ഓടിനടന്നു ഊർജ്ജം പകരുകയായിരുന്നു, കുളിക്കടവിലേക്കു നടക്കുന്ന അർദ്ധനഗ്ന ദുര്യോധനൻ.

“സൂക്ഷ്മതലങ്ങൾ ഒഴിവാക്കിയുള്ള പ്രതിഷേധങ്ങളാണു് ചാർവാകൻ ഏറ്റെടുത്തിരിക്കുന്നതു് ഇതൊരു പോർക്കളമാണോ? ചുറ്റും നോക്കൂ? അതോ തീർത്ഥ കേന്ദ്രമാണോ? യുദ്ധം തീരുമ്പോൾ പുറത്തുവരിക എത്ര പേർ മരിച്ചു എന്ന നീണ്ട പട്ടികയല്ല, എത്ര വേഗം നീതിദേവത വിധി പറഞ്ഞു എന്ന മംഗളവർത്തയാണു് കുരുവംശത്തിന്റെ സ്വത്തുതട്ടിയെടുക്കാൻ കൂട്ടം കൂടി വരുന്ന പാണ്ഡവരെ അകറ്റുവാൻ പ്രചോദനമായതു് പ്രകൃതിയുടെ ആഹ്വാനമാണു് ദൈവവിളി എന്നൊക്കെ ഞങ്ങൾ വീട്ടിൽ സ്വകാര്യമായി പറയും. കുരുക്ഷേത്ര, ദൈവവിളിയുടെ അവസാനഘട്ടമാകുന്നു. ഞാൻ ഇവിടെ പോരടിക്കുകയല്ല, എന്നെ ദൈവത്തിനു സ്വയം വിട്ടുകൊടുക്കുകയാണു് കുരുവംശ കിരീടം ഒറ്റനോട്ടത്തിൽ നവരത്നങ്ങൾ പതിച്ചതാവാം, പക്ഷേ, ശിരസ്സിൽ അതു് സ്ഥാപിക്കുക ഉത്തരവാദിത്വത്തിന്റെ മുള്ളാണികൾ തലയോട്ടിയിൽ അടിച്ചിറക്കിയാണു് മുൾക്കിരീടമെന്നൊക്കെ മഹാകവികൾ പാടും. പാണ്ഡവർ അഭയാർഥികളായി ഹസ്തിനപുരിയിൽ വന്നപ്പോൾ, ‘നൈപുണ്യമില്ലാത്ത തൊഴിലന്വേഷകരുടെ കുടിയേറ്റ’മായി മാത്രം കണ്ടാൽ മതിയെന്നൊരു പണ്ഡിതാഭിപ്രായം ഉണ്ടായി. ഞാനതു തള്ളി, ഓടി കോട്ടവാതിലിൽ ചെന്നു് കൗന്തേയരെയും പാണ്ഡു വിധവയെയും സ്വീകരിച്ചു, കെട്ടിപ്പിടിച്ചു കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടുവന്നു. ആ കൈകളിലാണിപ്പോൾ പാണ്ഡവർ കുന്തമേറിയാൻ ഉന്നം വക്കുന്നതു്. ”

സായുധപാണ്ഡവർ നദീതീരത്തെ പരിശീലനക്കളരിയിൽ നിന്നെറിഞ്ഞ ത്രിശൂലം, ദുര്യോധനൻ ഇടതുകൈ കൊണ്ടു് പിടികൂടി അലസമായി തിരിച്ചെറിഞ്ഞു അർദ്ധസഹോദരർക്കു ശുഭരാത്രി നേർന്നു.

2019-04-08

“ഗംഗയാറൊഴുകുന്ന ഹസ്തിനപുരിയിൽ കുടിവെള്ളത്തിനിങ്ങനെ പഴി പറഞ്ഞു പരക്കം പായണോ?” കൊട്ടാരം ലേഖിക ചോദിച്ചു.

“സ്നേഹജലം പദ്ധതിയിൽ കൗരവരാജവിധവകളെ ഗുണഭോക്താക്കളാക്കാമെന്നു ശുദ്ധജലസ്രോതസ്സുകളുടെ അധികച്ചുമതല വഹിക്കുന്ന ഭീമൻ വേനലാരംഭത്തിൽ വാക്കു് കൊടുത്തതല്ലേ. അതു് മാനിച്ചു കൂടെ? വേനലിൽ കുടിനീർ ദുരിതമനുഭവിക്കുന്ന വരുടെ കൂടെത്തന്നെയാണു് പാണ്ഡവർ, പക്ഷേ, ദുര്യോധനവിധവ മറിച്ചൊരു നിലപാടെടുത്തു. വ്യക്തികേന്ദ്രിത സൗജന്യമെന്ന പരിഗണനയിൽ അരുതു ജലവിതരണമെന്നവൾ അറത്തു മുറിച്ചു തർക്കിച്ചു. പ്രശ്നപരിഹാരത്തിനു് സുസ്ഥിര ജല വിതരണ പദ്ധതിയാണു് യുദ്ധാനന്തരസമൂഹം പ്രതീക്ഷിക്കുന്നതെന്നവൾ ശഠിച്ചാൽ, നീർക്കുടങ്ങൾ ദാഹാർത്തരെ തേടി നീങ്ങുമോ? ദാഹജലം പദ്ധതിയിൽ കൗരവരാജവിധവകളെ ഉൾപ്പെടുത്തിയാൽ നാളെ നിങ്ങൾ പരാതി പറയില്ലേ സ്നേഹ പരിലാളനമില്ലാത്തൊരു ജലവിതരണം എത്ര യാന്ത്രികം.”

“കൗരവരാജവധുക്കൾ വ്യക്തതക്കായി കുത്തിക്കുത്തി ചോദിക്കുന്നു, സ്ഥലജലഭ്രമത്തിൽ വിശിഷ്ടാതിഥി വഴുക്കി വീണപ്പോൾ, നിങ്ങൾ പൊട്ടിച്ചിരിച്ചില്ല എന്നതാണോ വസ്തുത?, അതോ വാപൊത്തിയെങ്കിലും അറിയാതെ ഒന്നു് ചിരിച്ചു എന്നോ?”, കൊട്ടാരം ലേഖിക ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയോടു് ചോദിച്ചു.

“ദുര്യോധനൻ ഉൾപ്പെടുന്ന ഉന്നതതല കൗരവസംഘം, ക്ഷണിക്കപ്പെട്ട അതിഥികളായി ഹസ്തിനപുരിയിൽ നിന്നു് ഇന്ദ്രപ്രസ്ഥത്തിലേക്കു അത്താഴവിരുന്നിനു വന്നതല്ലേ? വഴി നടക്കുമ്പോൾ അവരൊന്നു വഴുക്കി വീണാൽ, ആതിഥേയയുടെ പണി ആർത്തു ചിരിക്കലാണോ? അതൊക്കെ ആ മന്ദബുദ്ധി ഭീമന്റെ ദുഷ്പ്രചരണമായിരുന്നില്ലേ. ദുര്യോധനൻ എന്നോടു് പിണങ്ങിയാണു് ഹസ്തിനപുരിയിലേക്കു മടങ്ങി പോയതെന്നു് ചാരവകുപ്പു മേധാവി നകുലൻ പറഞ്ഞറിഞ്ഞപ്പോൾ, വേണ്ടത്ര കൊട്ടു് ഞാൻ ഭീമനു് കൊടുത്തു. പിന്നെ അവനെ ഈ കിടപ്പറ വാതിലിൽ കാലുകുത്താൻ അനുവദിച്ചിട്ടില്ല. എന്നോ ഒരു കല്യാണസൗഗന്ധികം സമ്മാനിച്ചു എന്നതിന്റെ പേരിൽ ഈ കൊള്ളരുതാത്തവനെ ഞാൻ എത്ര നാൾ ചുമന്നു നടക്കണം.”

ഭീമന്റെ അടിവസ്ത്രങ്ങൾ പ്രതീകാൽമകമായി പാഞ്ചാലി വലിച്ചു പുറത്തേക്കെറിഞ്ഞു.

2019-04-09

“പല തവണ വിവിധ ഇടങ്ങളിൽ അഭിമുഖം ചെയ്തെങ്കിലും, പെറ്റ കുഞ്ഞുങ്ങൾ അഞ്ചെണ്ണമുള്ളതിൽ ഒന്നിനെയെങ്കിലും മുലയൂട്ടുന്ന രംഗം ഓർമയില്ല”, കൊട്ടാരം ലേഖിക ചോദിച്ചു.

“സ്വയംവര മത്സരത്തിൽ ജയിച്ചവനെയാണു ഇഷ്ടത്തോടെ പരിണയിച്ചതെങ്കിലും, ആദ്യരാത്രിയിൽ ഭർത്തൃമാതാവു് കിടപ്പറയിലേക്കു് തള്ളിയിട്ട മറ്റു നാലു പുരുഷൻമാരുടെ ലൈംഗികാതിക്രമങ്ങൾക്കു ഇരയായി ജന്മം നൽകിയ ആ പാവം കുഞ്ഞുങ്ങളെ പരസ്യമായി പരിലാളിക്കുന്നതു പീഡകരെ മഹത്വപ്പെടുത്തുന്നതിനു തുല്യമല്ലേ.”

“പോർക്കളത്തിൽ നിന്നു് മിക്കവാറും ഒളിച്ചോടിയ അവസാനത്തെ കൗരവനെ നിങ്ങൾ ഗദയും തൂക്കി പിന്തുടർന്നതു ശ്വാസം പിടിച്ചു ഞങ്ങൾ നോക്കുകയായിരുന്നു. കുളത്തിൽ കഴുത്തറ്റം മുങ്ങിക്കിടന്ന ദുര്യോധനനെ നിങ്ങൾ പിന്നിലൂടെ പതുങ്ങിച്ചെന്നു മുടിയിൽ ആഞ്ഞു വലിച്ചു കരയിൽ കയറ്റി, ആദ്യം ചെയ്തതു് നിങ്ങളുടെ സ്വന്തം ഗദ അവനെറിഞ്ഞുകൊടുക്കുന്നതാണു്. യുധിഷ്ഠിരൻ നിങ്ങൾക്കു് എത്തിച്ചു തരും മുമ്പു് ദുര്യോധനൻ നിങ്ങളുടെ വലതു തോളിലടിക്കുന്നതാണു് കണ്ടതു്ശരീരം ഭാരിച്ചതായിരുന്നിട്ടും, കാര്യക്ഷമമായ കൂപ്പുകുത്തലിൽ പ്രഹരത്തിൽ നിന്നൊഴിഞ്ഞുമാറുന്നതിനൊപ്പം, യുധിഷ്ഠിരൻ എറിഞ്ഞുതന്ന ഗദ കൃത്യം അവന്റെ വലതു തോൾ ലക്ഷ്യമാക്കി എറിയുന്നതു് കണ്ടപ്പോൾ ഞാൻ കൊതിച്ചു, നിങ്ങളുടെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ”, യുദ്ധകാര്യ ലേഖകൻ ഭീമനോടു് ചോദിച്ചു. ജേതാക്കളായ പാണ്ഡവർ ജയഭേരി മുഴക്കി കുരുക്ഷേത്രയിൽ നിന്നു് ഹസ്തിനപുരിയിലേക്കു കുതിക്കുന്ന തണുത്തുറഞ്ഞ അപരാഹ്നം.

“ഏറിൽ നിന്നൊഴിഞ്ഞുമാറിയ ദുര്യോധനൻ, ഗദ പലവട്ടം ചുഴറ്റി എനിക്കു് നേരെ അടുത്ത പ്രഹരത്തിന്റെ മാരക ഗതി പരിഗണിക്കുമ്പോൾ, ഞാൻ മോഹിച്ചു, പനയോലയും നാരായവുമായി പോരാട്ടം വാർത്തയാക്കാൻ വരുന്ന യുദ്ധകാര്യലേഖകന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ.”

2019-04-10

“അർജ്ജുനൻ ആളെങ്ങനെ? വീട്ടു കാര്യങ്ങളിലൊക്കെ ശ്രദ്ധിക്കുമോ? അതോ ഗാണ്ടീവവുമായി ഊരു ചുറ്റുമോ?” കൊട്ടാരം ലേഖിക ചോദിച്ചു.

“നിസ്സാര ആവർത്തനജോലി കുടുംബത്തിനു വേണ്ടി ചെയ്താൽ പോലും, അളവിലധികം പരിഗണന പ്രതീക്ഷിക്കും. കാറ്റത്തു് മേൽക്കൂരയിൽ മരക്കൊമ്പു വീണതു് നീക്കം ചെയ്യാൻ, ഉറക്കറയിൽ ചുരുണ്ടു് കിടക്കുന്ന വട്ടക്കൂറയെ കഴുത്തിനു് പിടിച്ചു തോടു് കടത്തി വിടാൻ, ചീരയില പറ്റിപ്പിടിക്കാതെ അക്ഷയ പാത്രം തേച്ചു വെളുപ്പിക്കാൻ, സന്യസ്ഥാശ്രമങ്ങളിലെ മാലിന്യനീക്കത്തിൽ ഒരു കൈ സഹായിക്കാൻ, അവന വനുടുക്കുന്ന തുണി അടിച്ചുതിരുമ്മി കഴുകിയുണക്കി മടക്കിവക്കാൻ, നിഷ്ക്രിയനാവാതെ ആസ്വാദനരതിയിൽ പാരസ്പര്യത്തോടെ പങ്കാളിയാവാൻ, ഓരോന്നിലും വ്യക്തിഗത കൃതജ്ഞത ആവശ്യപ്പെടും. അതു് കിട്ടിയില്ലെന്നു തോന്നിയാൽ ഇടഞ്ഞു പടിയിറങ്ങിപ്പോയി അവിഹിതബന്ധം വികസിപ്പിച്ചെടുക്കും.”

“പരേതപോരാളിയുടെ വ്യക്തിത്വത്തെ യുധിഷ്ഠിരൻ എങ്ങനെ അടയാളപ്പെടുത്തി?”, ഭരണനിർവ്വഹണം പാണ്ഡവർ ഏറ്റെടുത്ത ദിനം.

“ഹസ്തിനപുരി രാഷ്ട്രീയത്തിലെ അതികായനെന്നയാൾ അർത്ഥശങ്കയില്ലാത്തവിധം ആംഗ്യചലനത്തോടെ ദുര്യോധനനെ വിശേഷിപ്പിച്ചു. പ്രിയ അർദ്ധ സഹോദരന്റെ വേർപാടിൽ വ്യക്തിപരമായ വേദനയുണ്ടെന്നു ഇടനെഞ്ചിൽ വലതുകൈപ്പത്തി വച്ചു ഏറ്റുപറഞ്ഞു. കുടുംബാംഗങ്ങളെയും അനുയായികളെയും കൂപ്പിയ കൈകളോടെ അനുശോചനം അറിയിച്ചു. പിന്നെ വാക്കു കിട്ടാതെ, പരുങ്ങലോടെ, ‘അതികായ’പരാമർശം ആവർത്തിച്ചപ്പോൾ, സദസ്സു് ഒന്നിളകി. കുരുവംശത്തിനൊരു ‘പുത്തൻ പാത’ വെട്ടിത്തുറന്ന കാര്യം, രഹസ്യം വെളിപ്പെടുത്തുന്നപോലെ യുധിഷ്ഠിരൻ പറഞ്ഞപ്പോൾ, സദസ്സു് എഴുന്നേറ്റു നിന്നു, ‘ഹർഷാരവം’ മുഴക്കി. ചാരിതാർഥ്യത്തോടെ യുധിഷ്ഠിരൻ തേരിൽ കയറാൻ ഒരുങ്ങുമ്പോഴേക്കും, അതുവരെ വേദിയിൽ തലതാഴ്ത്തിയിരുന്ന പാഞ്ചാലി സ്വയം തേരാളിയായി രഥം മുന്നോട്ടു നീങ്ങി.”

2019-04-11

“ഭൗതികശരീരവുമായി വിലാപയാത്ര നയിക്കുന്നതു് നിങ്ങളാണോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. കുരുക്ഷേത്ര.

“അത്യപൂർവ്വ വ്യക്തി-അങ്ങനെയാണിന്നു രാവിലെ യുധിഷ്ഠിരൻ പരേത പോരാളിയെ വിശേഷിപ്പിച്ചതു്. രാഷ്ട്രത്തിന്റെ അഖണ്ഡതക്കായി ദുര്യോധനൻ ബലി ദാനം ചെയ്യുമ്പോൾ, താൽക്കാലിക യുദ്ധ നേട്ടത്തിന്നതീതമായൊരു അന്താരാഷ്ട്രതല ദുഃഖാചരണമല്ലേ ജേതാക്കളൊരുക്കുക? എത്രയും വേഗം കൊട്ടാരത്തിലെത്തി, നടപടിക്രമമനുസരിച്ചു രാജാവകാശത്തിനുള്ള പത്രിക അംഗീകരിച്ചുകിട്ടിയശേഷം, ഔപചാരിക പട്ടാഭിഷേകത്തിലൂടെ ചെങ്കോൽ കിട്ടിയാലേ സംസ്കാരത്തിനു വേണ്ട ക്രമീകരണങ്ങൾ പാണ്ഡവർക്കു് പൂർത്തിയാക്കാനാവൂ. പൊട്ടിത്തകരുകയാണപ്പോൾ വ്യക്തിഗത പിണക്കങ്ങൾ. ചൂതാട്ടവും വസ്ത്രാക്ഷേപവും വനവാസവുമൊന്നുമായി, ഇതൊന്നും കൂട്ടിക്കലർത്താതിരിക്കാൻ വേണ്ട ദാർശനികാവസ്ഥയിലെത്തുമ്പോഴാണു്, പോർക്കളത്തിൽ മാത്രമല്ല, ശ്രാദ്ധഘട്ടത്തിലും കനിവു കാണിക്കുന്ന മനീഷികളെന്നു നാളെ വ്യാസൻ ഞങ്ങളെ അടയാളപ്പെടുത്തുക. തിരക്കുണ്ടു്. ശത്രുവിന്റെ നിഷ്ടൂരമായ മാരക ഗദാപ്രഹരത്തിൽ ഒടിവും ചതവും ഏറ്റ മൃതശരീരത്തിൽ സൗന്ദര്യ പരിചരണത്തിലൂടെ മൊത്തം രൂപപരി വർത്തനം ചെയ്തു ഞാൻ പൂമൂടും-‘ഇവൻ എന്റെ പ്രിയ ദുര്യോധനൻ’ എന്നു് വഴിയോരങ്ങളിൽ ആരാധകർ വിലപിച്ചു കൊണ്ടായിരിക്കും ജഡം വഹിച്ചു കൊണ്ടുള്ള രഥയാത്ര മുന്നോട്ടുനീങ്ങുക.”

“ഭർത്താവിന്റെ ഘാതകർ അധികാരത്തിൽ കയറുന്ന പട്ടാഭിഷേകം ബഹിഷ്കരിക്കുകയല്ലേ ദുര്യോധന വിധവ ന്യായമായും ചെയ്യേണ്ടതു്? സദസ്സിന്റെ മുൻ നിരയിൽ തന്നെ നിങ്ങളെ കണ്ടപ്പോൾ എന്തോ പോലെ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“സത്യപ്രതിജ്ഞ കഴിഞ്ഞാലുടൻ യുധിഷ്ഠിരൻ അതി പ്രധാന ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നു് പാഞ്ചാലി മുൻകൂർ എന്നോടു് പറഞ്ഞതു് എങ്ങനെ നിങ്ങൾ അറിയാനാണു്? യുദ്ധാനന്തര ഹസ്ഥിനപുരിയുടെ സുസ്ഥിര പ്രതിരോധത്തിനു് തക്ഷശിലയെ വെല്ലുന്ന അടിസ്ഥാന സൗകര്യങ്ങളോടെ, നിയുക്ത പ്രതിരോധവിഭാഗം മേധാവി ഭീമൻ നേതൃത്വം കൊടുക്കുന്ന, ഒരത്യാധുനിക “ദുര്യോധന സ്മാരക സൈനികശാസ്ത്ര സർവകലാശാല”ക്കു് തറക്കല്ലിടുന്നതിലാണു് എന്നോടവൾ വ്യക്തിഗതസാന്നിധ്യം അത്യാവശ്യമായി പറഞ്ഞതു്. ഒരുമാസം മുമ്പു് വരെ കൗരവ വിധേയയായിരുന്ന പാഞ്ചാലിയെ എങ്ങനെ ഞാൻ ഈ ദുഃഖാചരണത്തിലും അനുസരിക്കാതിരിക്കും?”

2019-04-12

“ഇതെന്താ പ്രതിരോധവകുപ്പു് മേധാവി പ്രാതലിനു വരുമ്പോൾ ധാന്യഭക്ഷണമാണല്ലോ? കാളത്തുട പൊരിച്ചതൊന്നുമില്ലേ?”, ഭീമ കാര്യസ്ഥൻ ചോദിച്ചു.

“അന്നദാതാവായ ചാരവകുപ്പു് മേധാവിക്കു് വിളമ്പാൻ രണ്ടു ദിവസമായി പോത്തിൻ തുട കിട്ടിയിട്ടില്ല, എന്നിട്ടാണോ സൈനികർ ആരും ഇല്ലാത്ത പ്രതിരോധ മന്ത്രാലയത്തിനു പ്രത്യേക മാംസ പരിഗണന? ഉപയോഗരഹിത ഉഴവുമൃഗത്തെ എവിടെനിന്നെങ്കിലും ഉടമസ്ഥനറിയാതെ ഭീമൻ അർദ്ധരാത്രിയിൽ അഴിച്ചു കൊണ്ടു വരട്ടെ. അറക്കലും തൊലിയുരിക്കലും പൊരിച്ചു ചുടുചൂടായി വിളമ്പുന്നതും ഊട്ടുപുര ഏറ്റു. വനവാസക്കാലത്തു സന്യസ്ഥരുടെ തൊഴുത്തിൽ നുഴഞ്ഞു കയറി വളർത്തുമൃഗങ്ങളെ തട്ടിക്കൊണ്ടു പോയി മറ്റു പാണ്ഡവരുമൊത്തു ഭീമൻ വെട്ടിത്തിന്നതൊക്കെ ‘ഹസ്തിനപുരി പത്രിക’ അക്കാലത്തു പൊലിപ്പിച്ചെഴുതിയിരുന്നല്ലോ. നമ്മളോരുമിച്ചല്ലേ ചുവരെഴുത്തു വായിച്ചു രസിച്ചിരുന്നതു്? എവിടെപ്പോയി മോട്ടിച്ചു തിന്നാനുള്ള ഭീമന്റെ അടങ്ങാത്ത മാംസദാഹം?”

2019-04-13

“അധികാരം മടുത്തെങ്കിൽ നിങ്ങൾ മാത്രം വാനപ്രസ്ഥത്തിനു പോയാൽ പോരെ? എന്തിനു പാഞ്ചാലിയെയും അനുജന്മാരെയും കൂടെ കൂട്ടുന്നു?”, കൊട്ടാരം ലേഖിക ചോദിച്ചു. നഗ്നപാദരായി ആറംഗ പാണ്ഡവസംഘം വടക്കൻ മലകളിലേക്കു വലിഞ്ഞുനടക്കുന്ന സന്ധ്യ.

“കുറുനരികൾക്കു ഈ ഉടൽ ഇരയാവുമ്പോൾ, പാഞ്ചാലിയും നാലു ഭർത്താക്കന്മാരും രാജകീയ സമൃദ്ധിയിൽ ജീവിതം തുടർന്നും ആർമാദിക്കണം അല്ലേ?”

2019-04-16

“ഇന്നലെ അത്താഴവിരുന്നിലും കണ്ടു, കർണ്ണൻ വിശിഷ്ടാതിഥികളോടു് രോഷാകുലനാവുന്നതു് കൊട്ടാരചടങ്ങുകളിൽ കർണ്ണനെ വിളിക്കേണ്ട എന്നു് തോന്നിയോ?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

“പോരാളിയും വിശ്വസ്തനും എന്ന നിലയിലാണവൻ വേണ്ടപ്പെട്ടവനായതു് വളർത്തച്ഛൻ തേരാളിയാണെങ്കിലും, കർണ്ണഞരമ്പുകളിൽ ഓടുന്ന രക്തം ആകാശചാരിയുടേതാണെന്നറിയുന്ന ചിലരെങ്കിലും ഇവിടെയുണ്ടു്. പക്ഷേ, കുലീനമാടമ്പികൾ എന്ന രാജമുദ്ര തട്ടിയെടുത്തവർ അവനോടു്, “ഏതു ഗുരുകുലത്തിലായിരുന്നു സൈനികാഭ്യാസ”മെന്നും, “അച്ഛൻ എന്തു് ചെയ്യുന്നു” എന്നും ചോദിച്ചുതുടങ്ങിയാൽ?”

2019-04-17

“അധികാരപർവ്വം മതിയായി, വാനപ്രസ്ഥം ഞങ്ങളെ ഇതാ കൈമാടി വിളിക്കുന്നു എന്നു് നാടകീയമായി രാവിലെ രാജസഭയിൽ പറയിപ്പിക്കാൻ മാത്രം, ഇന്നലെ രാത്രി അന്തഃപുരത്തിൽ എന്തു് കൊടുംകാറ്റു് വീശി?”, കിതച്ചു നടന്ന നകുലനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“ഭർത്താക്കന്മാർ കുരുക്ഷേത്രയുദ്ധം അതിജീവിച്ചതു് വെറും ഭാഗ്യം കൊണ്ടായിരുന്നു, എന്നാൽ എന്റെ അഞ്ചു മക്കൾ കൊല്ലപ്പെട്ടതു് പാണ്ഡവരുടെ പൊറുക്കാനാവാത്ത അശ്രദ്ധ കൊണ്ടും എന്ന പാഞ്ചാലിയുടെ അഭിമുഖപ്രസ്താവന ‘ഹസ്തിനപുരി പത്രിക’യിൽ വന്നതു് ഞങ്ങൾ ഞെട്ടലോടെ വായിച്ചു. ജീവിത സായാഹ്നത്തിൽ ഭർത്താക്കന്മാരെ വഞ്ചിച്ച ഭാര്യയെ ഇനി കുരുവംശ മഹാറാണി പദവിയിൽ ഇരുത്തി ല്ലെന്ന നിശ്ചയദാർഢ്യം ഞങ്ങളോടപ്പോൾ യുധിഷ്ഠിരൻ പങ്കിട്ടു”, ചെങ്കോൽ കിരീടാവകാശി പരീക്ഷിത്തിനെ ഏൽപ്പിക്കാൻ നെട്ടോട്ടം ഓടുകയായിരുന്നു കൊട്ടാര ഭരണത്തിന്റെ അധിക ചുമതല വഹിക്കുന്ന നകുലൻ.

“എന്തുതരം മരണമാണു് കാത്തിരിക്കുന്നതെന്ന ഭയമാണോ? സത്യവതിയും പുത്രവിധവകളും കുറുനരികൾക്കിരയായി എന്നു് കേട്ടിട്ടുണ്ടു്, കുന്തിയും ഗാന്ധാരിയും കാട്ടുതീയിൽ വെന്തുമരിച്ചു എന്നും. കാത്തിരിക്കുന്ന മരണത്തിന്റെ പ്രകൃതം ഭാവനയിൽ കാണുന്നുണ്ടോ?”, അന്ത്യപദയാത്രക്കായി കൊട്ടാരത്തിൽ നിന്നു് പടിയിറങ്ങുന്ന പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“എന്റെ ജീവനെടുക്കാൻ എന്തിനാണു് കുറുനരികളും കാട്ടുതീയും? ഈ അഞ്ചംഗ സംഘം പോരെ?”

2019-04-18

“ജഡം കണ്ടപ്പോൾ, തൊഴിൽപരമായി മൃദുലവികാരങ്ങളില്ലാത്ത ഞങ്ങൾ പോലും വിതുമ്പി. നേർക്കുനേർ പോരാട്ടത്തിൽ വധിക്കപ്പെട്ടവന്റെ മൃതദേഹമായിരുന്നില്ല. കൗരവ കാട്ടുപൂച്ചകൾ കീറിമുറിച്ചു വികൃതമാക്കിയ നിലയിലായിരുന്നു കൗമാരപോരാളിയുടെ ഭൗതികാവശിഷ്ടങ്ങൾ. ഇതൊക്കെയാണോ ദ്രോണാചാര്യന്റെ ഗുരുകുല വിദ്യാഭ്യാസത്തിൽ നേടിയെടുത്ത പോർക്കള ചട്ടങ്ങൾ?”, കൊട്ടാരം ലേഖിക ചോദിച്ചു. ദൂരെ നദീതീരത്തു കത്തിപ്പിടിച്ചുയർന്നിരുന്നു ചക്രവ്യൂഹത്തിൽ ഞെരിക്കപ്പെട്ടവന്റെ ചിത.

“വയലിൽ പണിക്കുവന്നാൽ വിപണിനിരക്കിൽ കൊടുക്കേണ്ടേ വരമ്പത്തു കൂലി?”, മെയ്വഴക്കത്തോടെ ദുര്യോധനൻ, മിക്കവാറും വിവസ്ത്രമായ ശരീരം, നിലാവു് പടർന്ന പുഴവെള്ളത്തിലേക്കെറിഞ്ഞു.

“പട്ടാഭിഷേകം വൈകിപ്പിച്ചു കൊണ്ടെന്താണിപ്പോൾ ധൃതിയിലൊരു പാപനാശിനി?”, കൊട്ടാരം ലേഖിക പരീക്ഷിത്തിനോടു് ചോദിച്ചു.

“പിതൃക്കൾ ചെയ്ത പതിനെട്ടുനാൾ പോരാട്ടത്തിലെ ചോരയും നീരും പുഴവെള്ളത്തിൽ വേണ്ടേ പിൻഗാമിയായ ഞാൻ ഒഴുക്കാൻ? ഒപ്പം, കുരുവംശനായിക സത്യവതി മുതൽ, മുൻതലമുറകളിലെ, മരിച്ചിട്ടും മരിക്കാതെയുമിരിക്കുന്ന പൂർവ്വികർക്കു ശ്രാദ്ധഘട്ടത്തിൽ പുതിയ കിരീടാവകാശിഎന്ന നിലയിൽ ബലിയിടുന്നതിലെന്താണു് ഇത്ര വൈകാരിക ദൗർബല്യം നിങ്ങൾ കാണാൻ? പിതൃക്കൾക്കു് സഹോദരതുല്യരായിരുന്ന ദുര്യോധനനും ദുശ്ശാസനനും, എനിക്കു് പിതാവായിരുന്ന അഭിമന്യുവിനും, വീരമൃത്യു വരിച്ച സാധാരണ കൗരവസഖ്യ സൈനികർക്കും ഇന്നു് ഉപചാരത്തോടെ ബലിയിട്ടു. യുദ്ധമില്ലാത്തൊരു ശാന്തലോകമാണു് ദിവാസ്വപ്നമെന്നു മന്ത്രിച്ചു കൊണ്ടു് വിസ്തൃതമായ ജലരാശിയിലേക്കു നോക്കി ഗംഗയിൽ മുങ്ങിനിവർന്നു. ഒന്നും മനഃപൂർവ്വമായിരുന്നില്ല, പ്രിയ പരേതർ കൈമാടി വിളിക്കുകയായിരുന്നു.”

2019-04-19

“കുതിരപ്പന്തികളിലും വഴിയമ്പലങ്ങളിലും നിറം പിടിപ്പിച്ച നുണക്കഥകൾ ഉൽപാദിപ്പിക്കപ്പെടുന്ന ഈ ആസുരകാലത്തു, കൊട്ടാരം വകയിൽ ഒരൗദ്യോഗിക ജീവചരിത്രകാരൻ ഉണ്ടായിരുന്നെങ്കിൽ എന്നു് നിങ്ങൾ മോഹിക്കുന്നുണ്ടോ”, വാനപ്രസ്ഥത്തിനു പാണ്ഡവരുടെ കൂടെ പടിയിറങ്ങിയ പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“വ്യാജ പ്രശംസകളും അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങളും ഇല്ലാത്ത എന്തു് ഔദ്യോഗിക ജീവചരിത്രമാണു് ഭാവിതലമുറകൾ പാണ്ഡവരെ കുറിച്ചു് വായിക്കാൻ ഇഷ്ടപ്പെടുക?”

“കുടിവെള്ളവും ധാന്യവും നിഷേധിക്കപ്പെട്ട കൗരവരാജ വിധവകൾ, പ്രതിഷേധം അറിയിക്കാൻ അരമനയിൽ വന്നപ്പോൾ, കൂട്ടത്തിലൊരു ഇളമുറ രാജകുമാരിയുടെ കവിളിൽ ലൈംഗികാതിക്രമമെന്നു തോന്നും വിധം, യുധിഷ്ഠിരൻ തോണ്ടുകയോ തലോടുകയോ ചെയ്തു എന്നാണു കുന്നായ്മക്കൂട്ടങ്ങളുടെ ആരോപണനിർമ്മിതി. പെണ്ണുടൽ സ്പർശനത്തിൽ രാജപദവി വഹിക്കുന്നവർക്കൊക്കെ മാതൃകാ പെരുമാറ്റച്ചട്ടമൊന്നുമില്ലേ?”കൊട്ടാരം ലേഖിക ചോദിച്ചു.

“കുടിനീരും ധാന്യവും ആയിരുന്നോ ആവശ്യങ്ങൾ? ‘എന്റെ അച്ഛനു ഒരച്ഛൻ മാത്രമേ ഉള്ളു എന്നാൽ പാണ്ഡവരുടെ വൈവിധ്യപിതൃത്വം കുരുവംശത്തിനു അപമാനം’ എന്നവൾ മന്ത്രിച്ച ശേഷം, നാടകീയമായി ഒച്ചവെച്ചു, “ധാന്യം തരൂ കുരുക്ഷേത്ര വിധവകളുടെ പട്ടിണിയകറ്റൂ.” ആംഗ്യവിക്ഷേപങ്ങളോടെ നിലവിളിച്ചാൽ ആരും ചെവിതരില്ലേ? ആവിഷ്കാര സാമർഥ്യം കണ്ടനുമോദിച്ചു കവിളിലൊന്നു തലോടിയതാണോ സകലവിധ രതിപരീക്ഷണങ്ങളുടെയും കൂത്തരങ്ങായ ഹസ്തിനപുരി തെരുവുകളിൽ പുതിയ അരമനരഹസ്യം? ആജീവനാന്ത ബ്രഹ്മചാരിയെന്നു നേരം വെളുത്താലുടൻ അട്ടഹസിച്ചിരുന്ന പിതാമഹൻ (അഭിവന്ദ്യ ഭീഷ്മനാമം തങ്കലിപിയിൽ കോറിയിടട്ടെ വേദവ്യാസൻ), പുതു തലമുറ കൗരവരാജകുമാരികളെ ഇരുവശത്തും കൈത്താങ്ങായി കൂട്ടി മണിക്കൂറുകളോളം തെരുവുകളിൽ നടക്കുന്നതു് നിങ്ങളുടെ പത്രപ്രവർത്തക സുഹൃത്തുക്കൾക്കൊന്നും കണ്ട ഓർമയില്ലേ?”

“ആരുടെ അത്താഴത്തിനുവേണ്ടിയാണു് ഒന്നിലധികം മാനുകളെ കല്ലെറിഞ്ഞു വീഴ്ത്തുന്നതു് ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു.

“കയ്യിലുള്ളതു് ഉച്ചയൂണിനു പൊരിച്ചെടുക്കും. ദ്വാരകയിലുള്ള സുഭദ്ര പരിലാളനമിഴിയോടെ വിളമ്പിത്തരുന്നതായി സങ്കൽപ്പിക്കും. അടുത്ത ഇരയെ ചുമന്നു ക്ഷീണമഭിനയിച്ചു ആശ്രമത്തിലെത്തി പാഞ്ചാലിയുടെ മുമ്പിൽ ഏറിയും.” ഒരു കയ്യിൽ കഴുത്തൊടിഞ്ഞ മാനും മറുകയ്യിൽ കൽച്ചീളുമായി ഉന്നം നോക്കിയിരുന്ന അർജ്ജുനൻ, ഓടിത്തളർന്ന പുലിയെ പോലെ കിതച്ചു.

2019-04-20

“തത്സമയ യുദ്ധവാർത്ത മെനഞ്ഞു ധൃതരാഷ്ട്രരെ രസിപ്പിക്കുകയാണോ ഇഷ്ടവിനോദം?”, കൊട്ടാരം ലേഖിക സഞ്ജയനോടു് ചോദിച്ചു. ഹസ്തിനപുരി രാജമന്ദിരം.

“കണ്ടപോലെ വേണം കുരുക്ഷേത്ര വിവരണമെന്നു വ്യാസൻ താക്കീതു തന്നതു് ഒന്നു രണ്ടു ദിവസം എന്നെ കുഴപ്പത്തിലാക്കി. ആരോടു് ചോദിച്ചറിയും, അന്നന്നത്തെ തലയറുക്കൽ? മൂന്നാം ദിവസം മുതൽ യുദ്ധവാർത്ത ‘ഹസ്തിനപുരി പത്രിക’യിൽ വന്നു തുടങ്ങിയതോടെ ‘കണക്കെടുപ്പ്’ എളുപ്പമായി. മുഖം മൂടി ധരിച്ചു ‘പത്രിക’യുടെ ചുവരെഴുത്തുപതിപ്പു ശ്രദ്ധിച്ചു ഞാൻ കുറിപ്പെടുത്തു. കൗരവർക്കനുകൂലമായി, അപ്പപ്പോൾ കാണുന്ന പോലെ, ധൃതരാഷ്ട്രർക്കു് മുമ്പിൽ നേർസാക്ഷിയെ പോലെ വിളമ്പും. പുത്തൻ വധവാർത്ത കൈവശമുണ്ടെങ്കിൽ തരൂ. പാണ്ഡവതലയൊന്നും ഉരുളാത്തതിൽ ഉറക്കം വരാതെ ഞെളിപിരിയിലാണന്ധൻ.”

“പന്ത്രണ്ടു വർഷവും ജൈവമാലിന്യങ്ങൾ കാര്യക്ഷമമായി നീക്കം ചെയ്തു എന്നാണോ ഇപ്പോൾ ആദ്യമായി നിങ്ങൾ സമ്മതിക്കുന്നതു്?” കൊട്ടാരം ലേഖിക സന്യസ്ഥ ആശ്രമകാര്യദർശിയോടു് ചോദിച്ചു. അജ്ഞാതവാസത്തിനു പാഞ്ചാലിയും ഭർത്താക്കന്മാരും ആരോരു മറിയാതെ ഒളിവിൽ പോയ കാലം.

“അങ്ങനെ കൊതിച്ചാൽ പോലും, പാണ്ഡവർ പണി ചെയ്തു തീർക്കുമോ? കൗരവ ചാരസംഘം പാണ്ഡവരുടെ നല്ലനടപ്പന്വേഷിക്കുവാൻ മുമ്മൂന്നുമാസം കൂടുമ്പോൾ ഹസ്തിനപുരിയിൽ നിന്നു് കാട്ടിൽ വരും. പാണ്ഡവപെരുമാറ്റം കുഴപ്പമില്ലെന്നു് ഞങ്ങൾ രേഖാമൂലം അറിയിക്കണം. മാലിന്യനീക്കം പാണ്ഡവർ കാരണമൊന്നും പറയാതെ സ്തംഭിപ്പിക്കും. അവർ ചോദിച്ചതെന്തും ഞങ്ങളപ്പോൾ വാരിക്കൊടുക്കാൻ നിർബന്ധിതരാവും. പരിത്യാഗികളെങ്കിലും, ജൈവ വിസർജ്ജ്യങ്ങൾ മൂലയിൽ കൂടിക്കിടക്കുന്നതു കണ്ടാൽ ഞങ്ങൾ ആകെ വിരണ്ടുപോവും. പാണ്ഡവരെ പ്രകീർത്തിച്ചു ഞങ്ങൾ പനയോലയിൽ അടയാളപ്പെടുത്തിയ രഹസ്യരേഖ കാണിച്ച ശേഷം മാത്രമേ കൗരവസംഘത്തിനു കൈമാറാവൂ എന്ന നിബന്ധന വക്കും. ഞങ്ങൾ അടിയറവു വക്കും വരെ തുടരും വിലപേശൽ.”

2019-04-21

“മെല്ലെ, മെല്ലെയാണല്ലോ ഭക്ഷണം കഴിക്കുന്നതു്? അക്ഷയ പാത്രത്തിലെ ഭക്ഷണലഭ്യത കുറഞ്ഞതാണോ കാര്യം? അതോ, അന്നനാളത്തിൽ പ്രശ്നം വല്ലതും?” കിടപ്പറ ജാലകത്തിലൂടെ കാണാവുന്ന ഊട്ടുപുരയിൽ, നിലത്തു ചമ്രം പടിഞ്ഞിരുന്ന ഭീമനെ നോക്കി കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“ആനത്തലയോളം ഉരുട്ടി വായിലിട്ടാൽ, അന്നനാളത്തിലൂടെ അതിറങ്ങും മുമ്പു് രണ്ടാമതൊരു ‘ആനത്തല’ വായിലേക്കെറിയുന്ന പതിവു് നിർത്തണം എന്നു് ഞാൻ കയർത്തു. വാരിവലിച്ചു സൗജന്യഭക്ഷണം അകത്താക്കി, ‘അഗ്നിമാന്ദ്യം, ദഹനക്ഷയം’ എന്നു് പറഞ്ഞു നകുലനെ മരുന്നു് തേടി സന്യസ്ഥാശ്രമങ്ങളിലേക്കു് ഓടിക്കുന്ന സ്ഥിരം പരിപാടി അതോടെ നിന്നു.”

2019-04-23

“സന്യാസ സമൂഹങ്ങളല്ലേ അയൽക്കാർ? പൗരാവകാശം നഷ്ടപ്പെട്ടു കാട്ടുകുടിലിൽ കഴിയേണ്ടി വരുന്ന നിങ്ങളുടെ വ്യഥകളൊന്നും സഹാനുഭൂതിയോടെ ചോദിച്ചറിയാറില്ലേ?”, വസന്തകാല നിറങ്ങൾ വ്യാപിച്ച കുന്നിൻമുകളിലെ ആശ്രമങ്ങളിലേക്കു് കൊട്ടാരം ലേഖിക വിരൽ ചൂണ്ടി.

“കള്ളച്ചൂതു് കളിച്ചിട്ടും രാജകീയ സൌഭാഗ്യങ്ങൾ ഒരൊറ്റ സന്ധ്യയിൽ നഷ്ടപ്പെടുത്തിയ പാണ്ഡവർ, അല്ലെ? എന്ന അവരുടെ ആദ്യ ചോദ്യം തന്നെ അന്തേ വാസികളുടെ കൂട്ടച്ചിരിയോടെ ആയിരുന്നു. ഭക്ഷ്യ ധാന്യം, മരുന്നു്, വസ്ത്രങ്ങൾ ഒക്കെ പതിവായി കൌരവർ ഹസ്തിനപുരിയിൽ നിന്നു് കഴുതപ്പുറത്തു് എത്തിക്കും. പകരം കൗരവ ഭാവിസുരക്ഷയെ ബാധിക്കുന്ന പാണ്ഡവ രഹസ്യങ്ങൾ താളിയോലയിൽ ഉടയോനവർ തിരിച്ചും അയക്കും”, ആശ്രമങ്ങളിലെ ജൈവമാലിന്യം ദൂരെ കൊണ്ടു് പോയി സംസ്കരിച്ചു കുന്നിനു താഴെ ജലാശയത്തിൽ തുണി തിരുമ്മി കുളിച്ചു ഈറൻ മുടിയുമായി പടി കയറി വരുന്ന പാഞ്ചാലിയുടെ നിഴൽ വീണപ്പോൾ, പാണ്ഡവർ മാരകായുധങ്ങൾ മൂർച്ച കൂട്ടുന്ന പണിയിൽ പെട്ടെന്നു് തിരക്കു് കാണിച്ചു.

“വിശ്വവിഖ്യാത തള്ളവിരൽ? വിദൂരവിദ്യാഭ്യാസത്തിനു ‘ഗുരുദക്ഷിണ’യായി ഈ വിരൽ ആയിരുന്നില്ലേ കുടില ദ്രോണർ മുറിച്ചു വാങ്ങിച്ചതു്?”, കൊട്ടാരം ലേഖിക ചോദിച്ചു.

“മുറിച്ചു നീക്കിയ ഇടം മുഖത്തേക്കാൾ ജനം തിരിച്ചറിഞ്ഞിരുന്ന കാലമുണ്ടായിരുന്നു. വിരൽനഷ്ടം അവർ വൈകാരികമായി ഏറ്റെടുത്തു. പ്രത്യേക പരിഗണന കുരുവംശചരിത്രത്തിൽ തരാമെന്നു കീഴാളകവി വ്യാസനും സമ്മതിച്ചു. വിരൽ ഇല്ലാതെ അമ്പെയ്യാനും പഠിച്ചു. വിരൽനഷ്ടം ഞാൻ മറന്നു. ഒരു നാൾ രാവിലെ ഉറക്കമുണർന്നു നോക്കിയപ്പോൾ കണ്ടതെന്തായിരുന്നു എന്നോ? പണ്ടു ഗുരുവിനു സമർപ്പിച്ച തള്ളവിരലുണ്ടു്, തിരിച്ചെത്തിയിരിക്കുന്നു!. പരിചയക്കേടു് തോന്നിയപ്പോൾ പഴംതുണിയെടുത്തു് ഞാൻ കൈ മൂടിക്കെട്ടി”, ഏകലവ്യൻ കൈ വീണ്ടും ഒളിപ്പിച്ചു.

2019-04-24

“ആളൊരു സൗമനസ്യക്കാരനായ വഴികാട്ടിമാത്രമാണോ? അതോ, പരുക്കൻ രീതിയിലൊരു തിരുത്തൽശക്തിയോ?” കൊട്ടാരം ലേഖിക ചോദിച്ചു.

“അഭയാർഥികളായി കുന്തിയും മക്കളും ഹസ്തിനപുരിയിൽ വരും വരെ, ഭീഷ്മർ, പോയകാല പൊങ്ങച്ചക്കഥകൾ പറഞ്ഞു, ആഡംബര സമൃദ്ധമായ ആശ്രമ മുറ്റത്തു രാജ്യതന്ത്രം പഠിപ്പിക്കുമ്പോൾ ഞങ്ങളെ, ശബ്ദം ഘനഗംഭീരമെങ്കിലും, കുടുകുടെ രസിപ്പിക്കുമായിരുന്നു. ക്ഷയരോഗിയെന്നു ലോകം മുറുമുറുപ്പില്ലാതെ അംഗീകരിച്ച മുൻരാജാവു് വിചിത്രവീര്യനു പായകൂട്ടു കിടക്കാൻ, എന്തിനാണു് മൂന്നു കാശിരാജ കുമാരികളെ തട്ടിക്കൊണ്ടുവന്നതു്? രോഗശുശ്രൂഷക്കായി വാരണാവതം മലഞ്ചെരുവിലെ വേനൽക്കാല വസതിയിൽ താമസിപ്പിക്കുകയല്ലേ ഉത്തരവാദിത്വത്തോടെ വേണ്ടിയിരുന്നതു്? നിങ്ങളുടെ അവിവേക നടപടി കൊണ്ടല്ലേ കാശിരാജകുമാരി അംബ ആത്മഹത്യ ചെയ്തതും, കുരുവംശ രാജാവു് മക്കളില്ലാതെ മരിച്ചുപോയതും?, ധാർമ്മിക രോഷത്തോടെ, കൗമാരകാലത്തങ്ങനെ ചോദിച്ചതിൽ പിന്നെ ഞാൻ, ദുരഭിമാനിയായ കാരണവരുടെ സ്ഥിരം നോട്ടപ്പുള്ളിയാണ്”, ‘ജനഹിതായ പദ്ധതി’യനുസരിച്ചു ഗ്രാമഗ്രാമാന്തരങ്ങളിൽ ചെന്നു് സാധാരണക്കാരുടെ ‘നാഡി പിടി’ക്കാൻ നൂറ്റുവർ യാത്ര തുടങ്ങുന്ന നേരമായിരുന്നു.

“പാഞ്ചാലിയുടെ ബഹുഭർത്തൃത്വത്തെ കുറിച്ചു് കൗരവ വധുക്കൾ ഇത്രമാത്രം പരിഭ്രമിക്കുന്നതിന്റെ പ്രസക്തി വ്യക്തമാക്കാമോ? ‘ഒരു ദാമ്പത്യം ഒരു ഭർത്താവ്’ എന്ന തത്വസംഹിതയുടെ ബലിയാടുകളായ നിങ്ങൾക്കെന്തറിയാം, അഞ്ചു ദേവസന്തതികളെ നിത്യവും പരിലാളിക്കേണ്ടതിലെ പ്രയാസങ്ങൾ?”, കൊട്ടാരം ലേഖിക ദുര്യോധനവധുവിനോടു് ചോദിച്ചു. ഖാണ്ഡവപ്രസ്ഥത്തിലേക്കു കുടിയേറും മുമ്പു് പാണ്ഡവർ നവവധുവുമൊത്തു ഹസ്തിനപുരിയിൽ കഴിഞ്ഞിരുന്ന ഇടവേള.

“ബഹുഭർത്തൃത്വം പാഞ്ചാലി ആഘോഷിക്കട്ടെ എന്നാണു അന്തഃപുരയോഗത്തിൽ മറ്റു കൗരവവധുക്കളുമായി ഹൃദയം തുറക്കുമ്പോൾ ഞാൻ ആശംസിച്ചതു്. എന്നാലവൾ യഥാർത്ഥത്തിൽ ചെയ്യുന്നതോ? കുറ്റിയടിച്ചു ഭർത്താക്കന്മാരെ കെട്ടിയിട്ടു, ഒന്നൊന്നായി തന്നിഷ്ടത്തിൽ മാത്രം കെട്ടഴിക്കുന്നതിൽ, സേവനദാതാവായ ഒരു ഭാര്യ എന്ന നിലയിൽ ഞാൻ നിശബ്ദമായി പ്രതിഷേധിക്കുന്നുണ്ടു്. അറിയാമോ, പരസ്പരം പാണ്ഡവരെ പോരടിപ്പിക്കുകയാണവൾ. തൊണ്ണൂറ്റിഒമ്പതു കൗരവരാജസ്ത്രീകളും ദുര്യോധനനു് രഹസ്യമായി ‘കപ്പം’ കൊടുക്കുന്നുണ്ടു് എന്നെനിക്കറിയാം. അതെന്തിനെന്നോ? പരിപൂർണസഹവർത്തിത്വം ഉറപ്പു വരുത്താൻ. ദുര്യോധനൻ എന്റെ അംഗീകൃത ഇണയായി രുന്നിട്ടും, നൂറു കൗരവരും നൂറു ഇണകളും പാരസ്പര്യത്തോടെ പായിൽ കിടന്നുള്ള ഗുണഭോക്താക്കളാണു് എന്ന വസ്തുത പാഞ്ചാലിയെ വിലയിരുത്തുമ്പോൾ അടയാളപ്പെടുത്തി. അതു് നിങ്ങൾ രാജ്യദ്രോഹമായി പൊക്കിക്കാട്ടേണ്ട കാര്യമൊന്നുമില്ല.”

2019-04-25

“ലോലലോലമായ ഈ കൈകൾ കൊണ്ടു് നിങ്ങൾ അവനെ ഒറ്റയ്ക്കു് കൊന്നു എന്നാണോ പറഞ്ഞു വരുന്നതു്?”, കൊട്ടാരം ലേഖിക ചോദിച്ചു. പാണ്ഡവ ഭരണകൂടത്തിന്റെ അവസാന വർഷം. ചെങ്കോൽ തട്ടിയെടുക്കാൻ കിരീടാവകാശി പരീക്ഷിത്തു്, മൂർക്കൻ പാമ്പിനെ കൊണ്ടു യുധിഷ്ഠിരനെ കടിപ്പിക്കാനുള്ള സാധ്യത തെളിഞ്ഞ കറുത്ത ദിനങ്ങൾ. വിഷമേറ്റുമരിക്കുന്നതിനേക്കാൾ, സ്ഥാനത്യാഗം ചെയ്തു വനവാസത്തിനു പാണ്ഡവർ തയ്യാറാവുമെന്ന അഭ്യൂഹങ്ങൾ പരന്ന കൊട്ടാരഭൂമിക.

“കീചകനെ ഞാൻ കൊല്ലുകയൊന്നുമായിരുന്നില്ല യുവശരീരത്തിൽ നിന്നു് ആത്മാവിനെ വേർപെടുത്തുകയായിരുന്നു. എന്നാൽ കൊലയുടെ കർത്താവു എന്ന ദേശീയ പ്രശസ്തി ഭീമനു് വേണം കിട്ടാനെന്നു ഞാൻ നേരത്തെ ഉറച്ചു. ഔദ്യോഗിക കീചകവസതി ആഡംബരപൂർണ്ണമെങ്കിലും, ചാരസാന്നിധ്യം ശക്തമെന്ന പൊതുധാരണയിൽ, ഒഴിവാക്കാനാവാത്ത നിശാവിനോദങ്ങൾ നൃത്തമണ്ഡപത്തിനോടു് ചേർന്ന വിശ്രമ സങ്കേതത്തിലേക്കു കീചകൻ കൗശലപൂർവ്വം മാറ്റിയിരുന്നു. രതിസേവനദാതാക്കൾക്കു രഹസ്യമായി വന്നു പോവാനുള്ള സൗകര്യം നിർണ്ണായക രാത്രിയിൽ തുണയായി. കീചകൻ എന്നെ പായക്കൂട്ടിനു ക്ഷണിച്ചു, ക്ഷണം നന്ദിപൂർവ്വം സ്വീകരിച്ചു. കീചകവസതിയിൽ പതിവായി അത്താഴം കൊണ്ടു കൊടുക്കുന്ന ഞാൻ (അവന്റെ സഹോദരിയും വിരാടരാജ്ഞിയുമായ സുദേഷ്ണയുടെ വ്യക്തിഗത തോഴിയെന്ന നിലയിൽ എന്റെ ദിനചര്യയിൽ പെടുമായിരുന്നു അവിവാ ഹിതകീചകന്റെ തീൻശാല പരിചരണം) ലഹരിപാനീയത്തിൽ മദ്യം അളവു കൂട്ടിയതു കാര്യങ്ങൾ എളുപ്പമാക്കി. സാഹചര്യങ്ങൾ തുണച്ചു എന്നർത്ഥം. അർദ്ധരാത്രിയോടെ നൃത്തമണ്ഡപത്തിൽ ആടിയാടി വന്ന കീചകൻ, ശയ്യയിൽ കിടക്കുന്നതും ഉറങ്ങിപ്പോവുന്നതും ശ്രദ്ധിച്ച എനിക്കു്, പിന്നീടുള്ള നടപടി നിസ്സാരമായി. മൂക്കും വായും പിടിച്ചു ശ്വാസം മുട്ടിക്കാൻ തക്ക ആയുധമായി മാറി, പട്ടിൽ തീർത്ത തലയിണകൾ. തളർന്നുറങ്ങിയ യുവകോമളനെ തീരെ ദേഹാധ്വാനമില്ലാതെ ഞാനങ്ങനെ ശവമാക്കി. രാവിലെ പരിചാരകർ വന്നപ്പോൾ കാണുന്നതു് ഉറക്കത്തിലെന്നപോലൊരു കീചകജഡം. തിരക്കു് കൂടും മുമ്പു് ഭീമൻ ഊട്ടുപുരയിൽ നിന്നു് പുറത്തു വന്നു ഇരുകൈകളും നാടകീയമായി ഉയർത്തി, പാതിരാകൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു. ‘സൈരന്ധ്രി’യെന്ന എന്നെ കടന്നു പിടിക്കാൻ ശ്രമിച്ച കുടിലകീചകൻ ഈ കൈകളിൽ പിടഞ്ഞാണു് നിശ്ചലനായതു് എന്നവൻ വികാരഭരിതനായി അവകാശപ്പെട്ടപ്പോൾ, ദൂരെ ദൂരെ കൗരവസഭയിലെ നീതിമാൻ ഭീഷ്മരും ‘ശരി ശരി’ എന്നുറക്കെ പറഞ്ഞതു് നിങ്ങളും ഒരുപക്ഷേ, കേട്ടിരിക്കും. എന്തിനു ഞാൻ കീചകൻ കൊന്നു, എന്തു കൊണ്ടു് ഭീമൻ കൊലക്കുറ്റം ഏറ്റെടുത്തു എന്നതൊരു ചോദ്യചിഹ്നമല്ല, വേനൽ മഴ പെയ്യുന്ന ഈ തണുത്ത രാത്രിമുഴുവൻ പറഞ്ഞാലും തീരാത്ത കാമനയുടെ കഥയാണു് ‘പ്രണയപർവ്വം’ എന്ന ആത്മകഥയിൽ അതു് നിങ്ങൾക്കു് വായിക്കാനാകും, അതുവരെ കാത്തിരിക്കൂ.”

“പോരാട്ടം കഴിഞ്ഞു പാളയത്തിലെത്തിയ പിതാമഹൻ കുളിച്ചു ലഘുഭക്ഷണം കഴിച്ച ഉടൻ എടുത്തല്ലോ പനയോലയും നാരായവും. കുരുക്ഷേത്രയുദ്ധം ഭാവി തലമുറയ്ക്കായി അടയാളപ്പെടുത്താൻ ഉറച്ചുവോ, കൗരവസർവ്വസൈനിക മേധാവി?”, കൊട്ടാരം ലേഖിക ചോദിച്ചു.

“ഇന്നലെ വൈകുന്നേരം യുദ്ധം ചെയ്തു തളർന്നാണു് കൂടണഞ്ഞതു് പുഴയിൽ നീന്തി ചോരയും നീരും കഴുകിക്കളഞ്ഞു മടങ്ങിയെത്തി ഞാൻ പഴച്ചാർ ചുണ്ടോടടുപ്പിച്ചില്ല, ഇടിച്ചുകയറി വന്ന ദുര്യോധനൻ മുഖത്തേക്കു് വിരൽചൂണ്ടി ചോദിക്കുന്നു, എത്ര പാണ്ഡവ തല ഇന്നു് വെട്ടി? ഒന്നും വെട്ടിയില്ലെന്നു വിശദീകരിക്കാൻ ഞാൻ വാ തുറന്നില്ല, കയ്യിൽ കയറിപ്പിടിച്ചവൻ കളിയാക്കുന്നു ഒരു പാണ്ഡവ തല പോലും ഉരുട്ടാത്ത നിങ്ങൾക്കെങ്ങനെ ഒരു കുടം പഴച്ചാർ മോന്താൻ കഴിയുന്നു? അപ്പോളുറച്ചു, നിത്യവും പനയോലയിൽ മാനവികതക്കായി രേഖപ്പെടുത്തട്ടെ, ഓമനിച്ചു വളർത്തിയ പാണ്ഡവക്കുട്ടികളുടെ കഴുത്തുവേട്ടേണ്ട നിയോഗം ഞാനെങ്ങനെ കൈകാര്യം ചെയ്യുന്നു.”

2019-04-26

“ലൈംഗിക കുറ്റവാളിയെന്ന നിലയിൽ ശിക്ഷാനിയമമനുസരിച്ചു പരസ്യ വിചാരണ നേരിടേണ്ട നിങ്ങൾക്കെവിടെ നിന്നു് കിട്ടി, അഭിവന്ദ്യപാഞ്ചാലിയെ നാടു കടത്താൻ അധികാരം? ചോദിക്കുന്നതു് ചാർവാകൻ. നീതിബോധത്തിന്റെ അവസാന വാക്കെന്നൊക്കെ അറിയപ്പെടുന്ന വിദുരർ രൂക്ഷഭാഷയിൽ വസ്ത്രാക്ഷേപത്തെ അപലപിച്ചെങ്കിലും, ഒന്നും കണ്ട ഭാവമില്ലല്ലോ, മുൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയെ കൗരവഅടിമയാക്കി കാട്ടിലയക്കാൻ?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. കാലവർഷ പ്രതീതിയുണർത്തുന്ന അന്തരീക്ഷം. ഇടിയും മിന്നലുമായി, രാത്രി പെയ്ത മഴ തോർന്നു അശാന്തമായൊരു മൗനം നീറിപ്പിടിച്ച കോട്ടക്കകത്തെ മട്ടുപ്പാവിൽ നിന്നു് കാണാമായിരുന്നു, മഴവെള്ളമൊഴുകുന്ന പെരുവഴിയിലൂടെ ആറംഗ പാണ്ഡവ സംഘം നഗ്നപാദരായി വടക്കൻ മലകളിലേക്കു കാൽ മുന്നോട്ടു വക്കുന്നതു്.

“തെറ്റിപ്പോയി പതിവുപോലെ നിങ്ങൾക്കും ചാർവാകനും. ഞാൻ ഭരണകൂട വക്താവു് മാത്രമാണു്, ഭരണകൂടമല്ല. കാഴ്ച പരിമിതനെങ്കിലും, ഉൾക്കാഴ്ചയുള്ള ധൃതരാഷ്ട്രർ തന്നെയാണു് ഏകാംഗ ഭരണകൂടം. ഇന്നലെ ചൂതാട്ടസഭയിലുണ്ടായതൊക്കെ ഇന്നു്, ഭാഗ്യം, ഹസ്തിനപുരി ഔദ്യോഗിക രേഖയാണു് പനയോലയൊന്നിനു് നിശ്ചിത സംഖ്യ ധനമന്ത്രാലയത്തിൽ അടച്ചാൽ, ഏതണ്ടനും അടകോടനും നേടാം ഒരു കൈപ്പിടി കുരുവംശ രേഖകൾ. രഹസ്യാത്മകതക്കു് വിധേയമല്ല ഒന്നും. അതുകൊണ്ടൊരു ഗുണമുണ്ടായി, കുതിരപ്പന്തികളിൽ കാലാകാലമായി വിഴുപ്പുകഥ മെനയുന്നവർക്കു ഇപ്പോൾ ശ്രോതാക്കളില്ല. രാജമുദ്രയുള്ള ഔദ്യോഗിക രേഖകൾ നാടുനീളെ കിട്ടുമ്പോൾ എന്തിനു വായിക്കണം ‘ഹസ്തിനപുരി പത്രിക’യുടെ ചുവരെഴുത്തുകൾ? സുതാര്യതക്കുവേണ്ടിയുള്ള വിപ്ലവത്തിൽ ഞങ്ങളെ തുറന്നു അനുമോദിച്ചതു തക്ഷശില സർവ്വകലാശാലയിലെ രാജ്യതന്ത്ര ഗവേഷകരാണു് അതൊക്കെയല്ലേ ഈ കുരുവംശത്തിന്റെ കമനീയത, പത്രപ്രവർത്തക സുഹൃത്തേ? ‘മാറി നിൽക്കു് അങ്ങോട്ട്’ എന്നൊന്നും ഈ മാധ്യമ സൗഹൃദ ദുര്യോധനൻ ആരോടും പറയില്ല.”

“പ്രണയമിഴികളിലൂടെ ഭർത്താക്കന്മാരോടു സംസാരിച്ചിട്ടില്ല എന്നാണോ, ഭർത്തൃനിന്ദയുടെ വെഞ്ചാമരങ്ങൽ പ്രദർശിപ്പിക്കുന്ന അഭിമുഖങ്ങൾ വായിച്ചു നിഗമനത്തിൽ എത്തേണ്ടതു്?” കൊട്ടാരം ലേഖിക ചോദിച്ചു.

“ആർക്കറിയാം. സാന്ദർഭികമായി പ്രതികരിച്ചിട്ടുണ്ടാവാം, എന്നാൽ സന്ദർഭം മാറുമ്പോൾ, ‘പ്രണയ മിഴി’യുടെ സാധുത തീരില്ലേ”, അന്തഃപുരത്തിൽ വരും മുമ്പു് രേഖാമൂലം പാണ്ഡവർ അനുമതി നേടിയിരിക്കണം എന്ന പ്രഖ്യാപനത്തിൽ ഒപ്പിടുകയായിരുന്നു മഹാറാണി പാഞ്ചാലി.

“എല്ലാവരെയും ആട്ടിത്തെളിച്ചു വീണ്ടും കാട്ടിലേക്കു്? യുധിഷ്ഠിരന്റെ ഈ പോക്കു്, നിങ്ങളോടൊക്കെ ആലോചിച്ചെടുത്ത തീരുമാനം ആയിരുന്നോ?” കൊട്ടാരം ലേഖിക ചോദിച്ചു. രാജവസ്ത്രങ്ങൾ അഴിച്ചു വൽക്കലം ധരിക്കുകയായിരുന്നു മുൻ മഹാറാണി പാഞ്ചാലി.

“സ്വാഭാവിക കാരണങ്ങളാൽ വൃദ്ധഭർത്താവു് അധികം വൈകാതെ കാലം ചെയ്യുമെന്നും, മഹാറാണിയെന്ന നിലയിൽ അധികാരം എനിക്കു് വന്നു ചേരുമെന്നും ഇളമുറനകുലൻ പലപ്പോഴും ധൈര്യം തന്നതു് മറക്കുന്നില്ല. ഭർത്താവിന്റെ മരണശേഷം ആർജ്ജിതകുടുംബ സ്വത്തും പദവിയും ഭാര്യക്കു് വന്നു ചേർന്നാൽ മാത്രമേ അവളുടെ വ്യക്തിത്വം ലോകത്തിനു വ്യക്തമാവൂ എന്നറിയാത്ത, സരളഹൃദയനായ യുധിഷ്ഠിരനെ കുറിച്ചു് മാറിയ ജീവിതാവസ്ഥയിൽ കൂടുതൽ പറയുന്നില്ല.”

2019-04-27

“അന്തിമപദയാത്രയിലും അവസാനമാണല്ലോ ഇടം? ആരെല്ലാം കൂടെയുണ്ടു് എന്നു് നോക്കാതെ യുധിഷ്ഠിരൻ കാൽ മുന്നോട്ടെടുക്കുന്നതിൽ, ആണധികാരപർവ്വം തുടിച്ചു നിൽക്കുന്നതു് കാണാതെ പോയോ?”, പാഞ്ചാലി പടിയിറങ്ങുകയായിരുന്നു. പട്ടാഭിഷേകം ചെയ്തു അധികാരത്തിൽ കയറിയ പരീക്ഷിത്തിന്റെ അമ്മ, ഉത്തര, മട്ടുപ്പാവിൽ ഉദാസീനതയോടെ ഒതുങ്ങി “കുഴഞ്ഞുവീഴുമ്പോൾ, വാരിക്കോരി മരണദേവത പരിലാളിക്കുന്നതു കണ്ടുവേണം, ലോകവുമായുള്ള ബന്ധം വിടാൻ. പത്തു പാണ്ഡവക്കണ്ണുകൾ തുറിച്ചു നോക്കുന്നതായിരിക്കും, മരണമുഹൂർത്തത്തിലെ അമംഗള കാഴ്ച.”

“വീണില്ലായിരുന്നെങ്കിൽ, മരണാഭിമുഖ്യം ഉണ്ടാവുമായിരുന്നുവോ, അതോ?”, കൊട്ടാരം ലേഖിക ചോദിച്ചു. ശരശയ്യക്കു് ചുറ്റും പാണ്ഡവ സാന്നിധ്യമില്ലാത്ത രാത്രി. നക്ഷത്രങ്ങൾ മിന്നിയിരുന്നെങ്കിലും, കാഴ്ച പരിമിതമായിരുന്നു.

“കുരുക്ഷേത്രവും മരണചിന്തയും കൂട്ടിക്കുഴക്കുക വഴി മൊത്തം ഭീഷ്മജീവിതത്തെ നിങ്ങൾ സാഹചര്യങ്ങളിലേക്കൊതുക്കുകയാണു് പോരാട്ടത്തിൽ കിട്ടിയ മുറിപ്പാടുകൾ ആകസ്മികതയായി വേണ്ടേ കാണാൻ? സുരക്ഷിതകോട്ടക്കകത്തെ മരക്കൂട്ടങ്ങൾ ക്കിടയിലെ ആശ്രമ ഉദ്യാനത്തിൽ, ഏകനായി ഇരിക്കുമ്പോൾ, ഒരു സമാന്തര ലോകത്തിൽ എനിക്കുണ്ടാവാമായിരുന്ന സൗഭാഗ്യങ്ങൾ പകൽക്കിനാവു് കാണാറുള്ള പോലൊരു സ്വാഭാവിക അനുഭവമാണു്, നക്ഷത്രങ്ങളെണ്ണി ഈ വിജനഭൂമിയിൽ മരണസ്വപ്നങ്ങൾ നെയ്യുന്നതും.”

“പതിനെട്ടുനാൾ പോരടിച്ചിട്ടും, പോറലേൽക്കാതെ രക്ഷപ്പെട്ട നിങ്ങൾ യുദ്ധചരിത്രത്തിൽ ഇടം പിടിക്കുമോ എന്നറിഞ്ഞുകൂടാ, പക്ഷേ, തിരിഞ്ഞു നോക്കുമ്പോൾ, ഒരു മായക്കാഴ്ച എന്ന നിലയിൽ ഉള്ളുതുറന്നു് വിലയിരുത്താൻ കഴിയുന്നുണ്ടോ?”, ഹസ്തിനപുരിയിൽ പുതിയ കിരീടാവകാശി പരീക്ഷിത്തിന്റെ ഏകാധ്യാപകനായി കൊട്ടാരക്കെട്ടിലെ ആശ്രമത്തിൽ കഴിഞ്ഞു കൂടുന്ന കൃപാചാര്യനോടു് കൊട്ടാരം ലേഖിക ചോദിച്ചു. ഇടിവെട്ടിപ്പെയ്ത വേനൽ മഴയിൽ പൊടിയടങ്ങി അന്തരീക്ഷം തെളിഞ്ഞ പ്രഭാതം.

“ഇടയ്ക്കിടെ ആ ദുർമ്മരണങ്ങൾ ഒന്നൊന്നായി ഞാൻ വിസ്തരിച്ചു കാണും. ഒരിക്കൽ കൂടി യുദ്ധം ആവർത്തിച്ചിരുന്നെങ്കിൽ എന്നു് മോഹിക്കും. മനുഷ്യ മനസ്സിന്റെ ചാഞ്ചാട്ടങ്ങൾ നോക്കുമ്പോൾ, ഭാവിയിലിനിയും വരും യുദ്ധസാദ്ധ്യത എന്നോർത്തു് ഹൃദയം ശാന്തമാകും…”

2019-04-28

“അസ്തിത്വ ദുഃഖം സഹിക്കാനാവാതെ ആയിരുന്നോ പാണ്ഡവർ അന്തിമപദയാത്ര ചെയ്തതു്?”, പുതിയ മഹാരാജാവു് പരീക്ഷിത്തിനോടു് കൊട്ടാരം ലേഖിക ചോദിച്ചു, “അതോ ചെങ്കോൽ തരാതെ കളിപ്പിച്ച യുധിഷ്ഠിരനെ, കൗരവരാജവിധവകളുമായി രഹസ്യ നീക്കത്തിൽ, നിങ്ങൾ സ്ഥാനഭൃഷ്ടനാക്കിയോ?”

“കായികബലം കൊണ്ടു് കൌരവരെ നേരിടുന്നതിനു പകരം, ചതിച്ചു കൊന്ന പാണ്ഡവരെ വലിച്ചിഴച്ചു, കണ്ണു് കെട്ടി മുട്ടു കുത്തിച്ചു, തലവെട്ടുമെന്നു്, പുതു തലമുറ കൗരവബാലന്മാർ ദുര്യോധനന്റെ ഓർമപ്പെരുനാൾ ദിവസം, ആലങ്കാരികമായി ഭീഷണിപ്പെടുത്തി. അതു് പാണ്ഡവർ, പക്ഷേ, അക്ഷരാർത്ഥത്തിൽ എടുത്തു. വേറെ ദാർശനിക വ്യഥയൊന്നും കണ്ടില്ല.”

“കുട്ടികൾക്കു് പാണ്ഡവ കുടുംബനാമം അകമറിഞ്ഞു കൊടുത്ത താണോ?”, കൊട്ടാരം ലേഖിക പാണ്ഡുവിനോടു് ചോദിച്ചു. കാട്ടു കുടിലിൽ ചൂളിക്കൂടിയിരുന്ന വൃദ്ധൻ, ഒരിക്കൽ ഹസ്തിനപുരി രാജാവായിരുന്നു എന്നു് വിശ്വസിക്കാൻ പ്രയാസം തോന്നി.

“ആരോ പഠിപ്പിച്ചു കൊടുത്തപോലെ, അഞ്ചു കുട്ടികളും എന്നെ പുറത്തിരുത്തി കുളിപ്പിച്ചു്, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിപ്പിക്കുന്നതു വിസ്മയത്തോടെ ഞാൻ ശ്രദ്ധിക്കുകയായിരുന്നു. യുധിഷ്ഠിരനും ഇളമുറ സഹദേവനും പതിനഞ്ചു കൊല്ലത്തെ പ്രായ വ്യത്യാസമുണ്ടു്. അവർ ഇതുവരെ പരിചരിക്കുകയോ എന്റെയരികെ വരുകയോ കണ്ടിട്ടില്ല. കുളി കഴിഞ്ഞ എന്നെയവർ ആദ്യമായി ‘അച്ഛാ’ എന്നു് വിളിച്ചു. പ്രശസ്ത പാണ്ഡുനാമം ഔപചാരികമായി തന്നു ഞങ്ങളെ കുരുവംശാധിപരാക്കൂ എന്നവർ ഉച്ചരിച്ചു. അനിശ്ചിതമായൊരു മനുഷ്യ ജന്മത്തിൽ ചെയ്യേണ്ട തെല്ലാം നിങ്ങൾ ചെയ്യണം എന്നു് ഭീമൻ ചൂണ്ടുവിരലുയർത്തി പറഞ്ഞപ്പോൾ, പിന്നെ എനിക്കൊന്നേ ആശംസിക്കാനുണ്ടായിരുന്നുള്ളു-രക്തബന്ധമില്ലെങ്കിലും നിങ്ങൾ ഇനി ഔദ്യോഗിക പാണ്ഡവർ. എന്റെ അധികാരാവകാശത്തിൽ തുല്യ പങ്കാളികൾ. എന്റെ മരണശേഷം നിങ്ങൾ ഹസ്തിനപുരിയിൽ അവകാശം നേടിയെടുക്കേണ്ടവർ. കണ്ണു് തുറന്നു നോക്കുമ്പോൾ ഉണ്ടു്, രണ്ടു സന്യാസിമാർ സാക്ഷികൾ എന്ന നിലയിൽ ആ രംഗം പനയോലയിൽ നാരായമുന കൊണ്ടു് രേഖയാക്കുന്നു. എല്ലാം അതീവ ശ്രദ്ധയോടെ നേരത്തെ പറഞ്ഞുറപ്പിച്ചവൾ കുന്തി.”

2019-04-29

“ഒരുമിച്ചിരുന്നു സംസാരിച്ചു തീർക്കേണ്ട മൂപ്പിളമത്തർക്കം വാളും ഗദയുമുള്ള പോരാട്ടം വഴി പരിഹരിക്കാൻ, ദേശീയപ്രശ്നമായി വികസിപ്പിച്ചെടുത്തതിനെതിരെ ജനരോഷമിരമ്പുന്നുണ്ടല്ലോ. ഒരു മഹായുദ്ധത്തിന്റെയൊക്കെ ആവശ്യമെന്തായിരുന്നു?” കൊട്ടാരം ലേഖിക ചോദിച്ചു.

“ആരാദ്യം ജനിച്ചു എന്ന ജനനത്തീയതിയിലേക്കൊ തുക്കുകയാണോ ആഗോള ശ്രദ്ധയാകർഷിച്ച കൊട്ടാര പ്രതിസന്ധി? അരാജക പാണ്ഡവരുടെ ഭീകരവാദം അത്ര എളുപ്പം നിങ്ങൾ തള്ളിക്കളയുമോ? കൗരവാനുകൂലിയായിരുന്ന വിരാട സൈനിക മേധാവിയായിരുന്നു ആറംഗ പാണ്ഡവസംഘത്തിന്റെ അജ്ഞാതവാസം പൊളിച്ചെടുത്തതു്. പക്ഷേ, പൊള്ളുന്ന ആ അരമന രഹസ്യം അങ്ങാടിപ്പാട്ടാക്കാൻ ആ കറകളഞ്ഞ ദേശാഭിമാനി ശ്രമിച്ചില്ല. ചാരസവിധാനം വഴി ഞങ്ങൾക്കു് തുമ്പു് തന്നു. ഭീഷണി മണത്ത ഭീമൻ പാതിരാ മിന്നലാക്രമണത്തിൽ കീചകനെ (വിരാടരാജ്ഞിയുടെ അനുജനുമാണു് ആ അവിവാഹിതയുവാവു്) കൊന്നതു് മതിയായിരുന്നു ശത്രുപദവി നൽകി നൽകി പാണ്ഡവരെ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യാൻ. എന്നാൽ പരിഷ്കൃത സമൂഹമെന്നു പൊതുസമൂഹം വിശ്വസിക്കുന്ന കുരുവംശം അത്തരം എളുപ്പവഴിക്കു പോയില്ല പകരം സൂക്ഷ്മതലത്തിൽ അടിസ്ഥാനസൗകര്യ വികസനത്തോടെ കുരുക്ഷേത്രയെ കായികബല പരീക്ഷക്കു് അണിയിച്ചൊരുക്കി. അപ്രതീക്ഷിത യുദ്ധനീക്കം പാണ്ഡവർ ഹസ്തിനപുരി കോട്ടക്കെതിരെ രഹസ്യമായി തുടങ്ങിവെക്കാതിരിക്കാൻ, സ്ഥലവും തീയതിയും ഞങ്ങൾ പരസ്യമാക്കിയതോടെ സ്വീകരിക്കുകയല്ലാതെ പാണ്ഡവർക്കു് വേറെ വഴിയില്ലാതായി. ചുറ്റും നടന്നു ഒന്നു് നോക്കി വരൂ, എല്ലാവരും എത്തിക്കഴിഞ്ഞു. ഇനി നേരം വെളുത്തു ശംഖു മുഴങ്ങുന്നതോടെ പാണ്ഡവ തലകൾ ഒന്നൊന്നായി കൊയ്യാൻ ഒരുങ്ങുകയായി.”

പോർക്കളത്തിന്റെ നാലതിരുകളിലൂടെ കുതിരയോട്ടം വഴി കുരുക്ഷേത്രയുടെ മികച്ച യുദ്ധക്ഷമത ഒരിക്കൽ കൂടി തക്ഷശില ഗവേഷകവിദ്യാർത്ഥികൾക്കു വേണ്ടി ഉറപ്പു വരുത്തുകയായിരുന്നു ദുര്യോധനൻ.

“കാട്ടിൽ പോവും മുമ്പു് ചൂതാട്ടസഭയിലെ ലൈംഗികാതിക്രമം പരാതിയാക്കി സത്യവാങ്മൂല സഹിതം പരമോന്നത നീതിപീഠത്തിനു് പാഞ്ചാലി ഔപചാരികമായി കൈമാറിയിട്ടും, നിങ്ങൾക്കെതിരെ ഒരു കൗരവൻ പോലും കോട്ടവാതിലിനു വെളിയിൽ വന്നു വിമത ശബ്ദമുയർത്തിയില്ല എന്നതൊരു ദുഃസ്സൂചന നൽകുന്നുണ്ടെന്നു ചാർവാകൻ മുനവച്ചു പറയുന്നുണ്ടല്ലോ. എങ്ങനെ പ്രതികരിക്കുന്നു ഈ പ്രതിഭാസത്തോടിപ്പോൾ?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

“സുതാര്യമായിരിക്കണം രഹസ്യയോഗങ്ങൾ പോലുമെന്ന രാജനീതി, എന്നെന്ന പോലെ ഇന്നലെ എന്നെ തുണച്ചു. വനിതകൾക്കു് പൂർണ്ണമായും പ്രവേശനാനുമതി നിഷേധിക്കണം ചൂതാട്ടസഭയിൽ, എന്ന കർശന നിബന്ധന വച്ചതു യുധിഷ്ഠിരനായിരുന്നു. സഭാധ്യക്ഷന്റെ അനുമതിയില്ലാതെ അകത്തു കയറിയവർക്കെതിരെ, ജീവഹാനിയിൽ താഴെ മാതൃകാപരമായ ശിക്ഷ കൊടുക്കാമെന്നും സഭ ഒറ്റശബ്ദത്തിൽ അംഗീകരിച്ചു. അല്പവസ്ത്രയായി സഭയിൽ പ്രത്യക്ഷപ്പെട്ട പാഞ്ചാലിക്കു് ലൈംഗികമോ അതിക്രമപരമോ ആയ പരാതിയുണ്ടെങ്കിൽ, നീതിപീഠത്തിന്റെ പരസ്യ വിചാരണയിൽ ആദ്യം പ്രതിക്കൂട്ടിൽ കയറുക അവളായിരിക്കും. അതിലും ഞങ്ങൾക്കു് പരിരക്ഷയുണ്ടു്. പറയാം: മൊത്തം ചൂതാട്ടസഭയിൽ സംഭവിച്ചതൊക്കെ രേഖയാക്കി പിതാമഹന്റെ കയ്യൊപ്പോടുകൂടി കൈവശമുണ്ടു്. പൗരാവകാശങ്ങൾ തീർത്തും നിഷേധിക്കപ്പെട്ട പാഞ്ചാലിക്കു് പരാതി പറയാനുള്ള യോഗ്യതയില്ലെന്നു സഭാതല രേഖ വായിച്ചാൽ ചാർവ്വാകനും ഏകദേശം മനസ്സിലാവും. ഇതൊക്കെ മനസ്സിലാവുന്ന ഇളമുറ കൗരവക്കുട്ടികൾ കട്ട പിന്തുണ തരില്ലേ ഈ സാംസ്കാരിക പ്രതിസന്ധിയിൽ?” വനവാസത്തിൽ പോയ പാഞ്ചാലിക്കു് വൃത്തിയുള്ള പരുത്തി തുണികളും രുചിവൈവിധ്യമുള്ള ഹിമാലയ പഴവർഗ്ഗങ്ങളും മേനീപരിചരണത്തിനു പരിമള ലേപനങ്ങളും പാരിതോഷികപ്പെട്ടിയിൽ മുദ്ര വച്ചു് പ്രത്യേകദൂതൻ വഴി കൊടുത്തയക്കുന്ന തിരക്കിലായിരുന്നു ദുര്യോധനൻ.

“നൂറു കൗരവരും ആരാധകർ എന്നഭിമാനിക്കുന്നവൾ നിങ്ങൾ. കാട്ടുജീവിതത്തിലെ കഷ്ടപ്പാടു് നേരിൽ കാണാൻ ഒരാളെങ്കിലും പന്ത്രണ്ടു വർഷക്കാലം ഈ വഴി വന്ന ഓർമ്മയുണ്ടോ?” കൊട്ടാരം ലേഖിക ചോദിച്ചു. കിടപ്പറ ജാലകത്തിലൂടെ വേനൽ വെയിലിന്റെ അലകൾ വനമേഖലയിലെ കുന്നിൻ പുറത്തു ഒഴുകുന്നുണ്ടായിരുന്നു. പാണ്ഡവർ ഇളമാംസരുചിയറിയാൻ നായാട്ടിനു പോയ നേരം.

“ഓരോ വെളുത്തവാവിനും ധാന്യവും വസ്ത്രവും പരിമളലേപനവുമായി ഹസ്തിനപുരിയിൽ നിന്നും കുതിരപ്പുറത്തു വന്നിരുന്നവർ പിന്നെ ആരായിരുന്നു എന്നാണു നിങ്ങൾ അനുമാനിക്കുന്നതു്?” കുളി കഴിഞ്ഞു ഈറനുടുത്ത പാഞ്ചാലി, തലേന്നു് കിട്ടിയ സമ്മാനപ്പൊതിയിൽ നിന്നു് സുഗന്ധതൈലമെടുത്തു നഗ്നമേനിയിൽ സാവകാശം പുരട്ടി.

2019-05-30

“നീന്തിക്കുളിക്കുന്നതിനിടയിൽ ദുര്യോധനനെ പിന്നിൽ നിന്നു് ചുമലിലമർത്തി മുക്കിക്കൊല്ലാൻ നീ ശ്രമിച്ചു എന്ന കൗരവപരാതി പിതാമഹനു മുമ്പിൽ എത്തി കഴിഞ്ഞല്ലോ. ഇത്തവണ എങ്ങനെ തലയൂരും?” കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.

“ഉന്മൂലനാശം എന്നൊരു വാക്കുപയോഗിച്ചു ദുര്യോധനൻ ഭീഷണിപ്പെടുത്തുകയായിരുന്നു. ഞാൻ ആകെ വിവശനായി. കയ്യിൽ തടഞ്ഞ ചുമലിൽ ഇരു കൈകളും കൊണ്ടാഞ്ഞമർത്തി, ‘നോക്കട്ടെ എത്ര നേരം മുങ്ങിക്കിടന്നു നിനക്കു് ശ്വാസം പിടിച്ചുനിൽക്കാനാവു’മെന്നൊരു പരീക്ഷണം മാത്രമായിരുന്നില്ലേ? ‘വെള്ളത്തിനടിയിൽ നൂറെണ്ണും വരെ ശ്വാസം പിടിക്കാൻ ഞാൻ പഠിച്ചു’ എന്നുരുവിട്ടു കൊണ്ടായിരുന്നില്ലേ ആർത്തുവിളിച്ചു കര കയറിയതു്? സുരക്ഷാ സൈനികർ അഭിനന്ദിച്ചതൊക്കെ മറന്നു അല്ലേ? ഞാനും പഠിച്ചു പാഠം. വലിയൊരവസരം വീണുകിട്ടിയാൽ, നീരൊഴുക്കിൽ ഒളിഞ്ഞുകിടക്കുന്ന ദുര്യോധനനെ മുടിയിൽ വലിച്ചു കരകയറ്റി ഈ കൈകൾ കൊണ്ടു് ഉന്മൂലനാശം ഉറപ്പു വരുത്തും.”

“അരങ്ങിൽ നിറഞ്ഞാടിയ അതിസാഹസിക നായകരല്ലേ ഈ കാണുന്നതു്? ഒരൊറ്റ വേദിയിലവരെ അണി നിരത്താനായതൊരപൂർവ്വ കാഴ്ച തന്നെ”, കൊട്ടാരം ലേഖിക പുതിയ മഹാരാജാവു് പരീക്ഷിത്തിനെ മുട്ടുകുത്തി കൈമുത്തി.

“സ്ഥലകാലബോധമില്ലാത്തൊരപൂർവ്വയിനം മറവി രോഗം ബാധിച്ച അവർ, അധികാരമൊഴിഞ്ഞ ശേഷം മിണ്ടാട്ടമില്ലാതായെങ്കിലും, ഇതിഹാസത്തിൽ വ്യാസൻ അവർക്കു നൽകിയ ഇടം മാനിച്ചു യാത്രയയപ്പു നൽകുകയാണു് നാളെ അവരെ കാട്ടിലേക്കയക്കുന്നു. കുരുവംശ കുടുംബനാഥ സത്യവതിയും, തലമുറകൾക്കു ശേഷം കൗരവകുല ഗാന്ധാരിയും പാണ്ഡവകുല കുന്തിയും പോയ അതേ കാട്ടിലേക്ക്. പദയാത്ര സാധ്യമല്ലാത്തവിധം ആരോഗ്യം, കഴിഞ്ഞ ഒരു മാസം കൊണ്ടു് തകർന്ന ഇവരെ സൈനികവാഹനങ്ങളിലും കഴുതപ്പുറത്തുമായി വേണം വടക്കൻ മലമടക്കുകളിൽ എത്തിക്കാൻ.”

“പാഞ്ചാലയിൽ സുഖമായിരിക്കുന്നോ പാണ്ഡവർക്കു് നിങ്ങളിൽ ജനിച്ച അഞ്ചു കുട്ടികൾ? അതോ, ശന്തനു പരിണയിച്ച ഗംഗയെ പോലെ, നവജാതശിശുക്കളെ ഒന്നൊന്നായി വാമൂടി ശ്വാസം മുട്ടിച്ചു കൊന്നുവോ ഈ ‘ഭയങ്കരി’? എന്നാണു ചാർവാകൻ ചോദിക്കുന്നതു്”, കൊട്ടാരം ലേഖിക ചോദിച്ചു.

വനവാസക്കാലം.

“ശാന്തനുവിനെ പോലെ കൊള്ളരുതാത്ത ഏഴു ആൺ മക്കൾ ഈ ലോകത്തുണ്ടായാൽ, അതു് പുരുഷവർഗ്ഗത്തിനൊരു അപമാനമാവുമെന്നു ഗംഗ ന്യായമായും കരുതിയോ? എന്തോ. ഞാൻ അതു് പോലെ ചെയ്യാതിരുന്നതു് അനുകരണ വിദഗ്ധയോ ഈ അയോനിജ? എന്ന പാണ്ഡവ ആരോപണം ഒഴിവാക്കാൻ ആയിരുന്നു. ‘പാണ്ഡവർക്കു് നിന്നിൽ ഉണ്ടായെന്നു പറയുന്ന കുട്ടികളെ ഞങ്ങൾ പാഞ്ചാലർ എന്തിനു ചുമക്കണം?’ എന്നച്ഛനമ്മമാർ പറയും വരെ അവരവിടെ പിതൃ ശല്യമില്ലാതെ വളരട്ടെ.”

“പീഡാനുഭവ സ്മൃതിയാണെന്നറിയാം, എങ്കിലും ചോദിക്കട്ടെ, ‘എന്തു് പറ്റി ഉണ്ണീ’ എന്നു് വിലപിച്ചു നിങ്ങൾ ദുര്യോധനന്റെ അടുത്തേക്കോടി ചെല്ലുന്നതിനു ഞങ്ങൾ സാക്ഷി. ഭീമഗദാപ്രഹരത്തിൽ നടു വൊടിഞ്ഞ ‘അർദ്ധസഹോദര’നപ്പോൾ നിങ്ങളോടെന്താണു് പറഞ്ഞതു?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. ദേശരത്നപുരസ്കാരം പരേത കൗരവപോരാളികൾക്കു് സമർപ്പിക്കുന്ന യുദ്ധാനന്തര പൊതുവേദിയിൽ കൗരവരാജവിധവകൾ കറുത്ത ശിരോവസ്ത്രങ്ങൾ ധരിച്ചു നിലത്തിരുന്നു.

“നിങ്ങൾക്കു് സമാധാനം. അവൻ പറഞ്ഞു. അതോടെ പതിനെട്ടുനാൾ പോരാട്ടം റദ്ദു ചെയ്യപ്പെട്ട പോലെ തോന്നി. എളിമയോടെ അവനു അന്ത്യചുംബനം നൽകി, തിരിച്ചുവന്നു, ‘മാരകമായി അവനു മുറിവേറ്റതോടെ യുദ്ധം ജയിച്ചു എന്നു് നാം ഇനി വൈകാതെ പ്രഖ്യാപിക്കാം’ എന്നു് ഞാൻ മറ്റു പാണ്ഡവരോടു് പറഞ്ഞു.”

2019-05-01

“നിർഭയമായും ലിംഗനീതിപൂർവ്വമായും തൊഴിൽ ചെയ്യാൻ അരമനമേധാവി സാഹചര്യമൊരുക്കണമെന്ന ആവശ്യം തുറന്നുന്നയിക്കുന്നതിന്റെ ലക്ഷ്യമെന്താണു്? എന്തുണ്ടായി പ്രകോപനം?”, കൊട്ടാരം ലേഖിക ബൃഹന്നളയോടു് ചോദിച്ചു. വിരാടരാജകുമാരിയുടെ നൃത്തമണ്ഡപം. പാണ്ഡവ അജ്ഞാത വാസക്കാലം.

“പെൺവേഷം കെട്ടി നൃത്താധ്യാപികയായെന്ന കീചക ആക്ഷേപം അസഹ്യമായി. പൂർവ്വാശ്രമത്തിൽ എനിക്കാണുടലായിരുന്നു എന്നു് തർക്കത്തിനു് സമ്മതിച്ചാൽ പോലും, നിലവിൽ മൂന്നാംലിംഗ പദവിക്കു് അംഗീകാരവും സാമൂഹ്യമേന്മയും വേണമെന്നു് ശഠിച്ചാൽ അതെങ്ങനെ ഗൂഡാലോചനയാവും? വാളും പരിചയും പിടിച്ചിരുന്നു എന്നു് കരുതി, ഈ കൈകൾക്കു നൃത്തമുദ്ര പഠിപ്പിക്കാൻ അവകാശമില്ലേ? വ്യത്യസ്ത തൊഴിലുകളിൽ നൈപുണ്യം തേടുന്നതിൽ ആർക്കെന്തിനാണിത്ര അസഹ്യത? നാളെ വിരാട ഗോസമ്പത്തു മോഷ്ടിക്കാൻ ശത്രുക്കൾ മിന്നലാക്രമണം നടത്തിയാൽ, നിലവിൽ ഉത്തരരാജകുമാരിക്കു് നൃത്തം പഠിപ്പിക്കുന്ന ഞാൻ തന്നെ, വേണ്ടിവന്നാൽ, അസ്ത്രം എടുക്കയില്ലെന്നാർക്കു പറയാനാവും?” അജ്ഞാതവാസത്തിനു പാണ്ഡവർ വിരാടയിലെത്തും മുമ്പു്, വ്യാഴവട്ടക്കാല വനവാസത്തിൽ, അയൽപ്പക്കമായിരുന്ന സന്യസ്ഥാശ്രമത്തിലെ മുതിർന്ന അന്തേവാസി, ഒരു കൗരവ ചാരൻ, മാറിനിന്നു ചുവർ ചാരി മുഖം മറച്ചു സംഭാഷണം കേൾക്കുന്നതു കൊട്ടാരം ലേഖിക കണ്ടില്ലെന്നു നടിച്ചു.

2019-05-02

“ഇന്ദ്രപ്രസ്ഥത്തിലെ ‘അധികാരപാണ്ഡവർ’ പഴയ ‘അഭയാർത്ഥിപാണ്ഡവര’ല്ല എന്നു തോന്നാറുണ്ടോ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“അനുവാദമില്ലാതെ അന്തഃപുരത്തിൽ കയറരുതു് എന്നു് ഇടക്കൊന്നു പേടിപ്പിച്ചാൽ താഴുന്ന പത്തിയേ ‘ഇന്ദ്രപ്രസ്ഥം പാണ്ഡവർ’ക്കുള്ളു.”

2019-05-03

“അത്യുൽപ്പാദനശേഷിയുള്ള ധൃതരാഷ്ട്രർക്കു് ഒരു ഭാര്യ. ക്ഷയരോഗബാധിത വിചിത്രവീര്യനു മൂന്നു. ലൈംഗിക ക്ഷമതയെ കുറിച്ചു് അരമനയിൽ അടക്കിപ്പിടിച്ച സംശയങ്ങൾ ഉണ്ടായിരുന്ന പാണ്ഡുവിനു് രണ്ടു-ആജീവനാന്ത ബ്രഹ്മചാരിപദവി സ്വീകരിച്ച നിങ്ങൾ കുരുവംശ രാജകുമാരന്മാർക്കു പായക്കൂട്ടു തേടിയാൽ പരിതാപകരമാവില്ലേ സ്ഥിതി?”, കൊട്ടാരം ലേഖിക ഭീഷ്മരോടു് ചോദിച്ചു. അരമനസമുച്ചയത്തിൽ നിന്നകന്നു, സംരക്ഷിതവനത്തിലെ ആഡംബര ആശ്രമത്തിനു മുമ്പിലായിരുന്നു അർദ്ധനഗ്നപിതാമഹൻ. യുദ്ധമേഘങ്ങൾ നിറഞ്ഞ മാനം. ആരായിരിക്കും സർവ്വ സൈന്യാധിപതിയെന്നു ദുര്യോധനൻ വെളിപ്പെടുത്താത്തതിനാൽ, അഭ്യൂഹങ്ങളും നിറഞ്ഞിരുന്നു അന്തരീക്ഷത്തിൽ.

“ശന്തനുവിനെ മാതൃകയാക്കി എല്ലാവരും സ്വാശ്രയ ശീലരായാവട്ടെ. അതല്ലേ വഴിയുള്ളു? പെണ്ണിനെ തേടി ഗാന്ധാര മുതൽ കാശി വരെ എനിക്കപ്പോൾ അലയേണ്ടി വരില്ല. ഗംഗയുടെ തീരത്തു പ്രണയഹൃദയത്തോടെ സായാഹ്ന സവാരിക്കു പോയപ്പോൾ ദേവനർത്തകി ഗംഗയെ ശന്തനുവിനു് കൂട്ടു കിട്ടി. ഞാനുൾപ്പെടെ എട്ടു പ്രസവിച്ച ഗംഗ, ഈറ്റില്ലത്തിൽ നിന്നു് മടുപ്പോടെ നദിയിലേക്കു ഇറങ്ങിപ്പോയി. മോഹം തീരാതെ വൃദ്ധശന്തനു വേറൊരു നദീതീരത്തു നടക്കുമ്പോൾ, പൂങ്കാവനം പോലൊരു സത്യവതിയെ കിട്ടി. അവൾ വച്ച ദാമ്പത്യ നിബന്ധന പാലിക്കാൻ ബ്രഹ്മചര്യം ഏറ്റെടുത്ത എനിക്കു്, പ്രത്യുൽപ്പാദനത്തിന്റെ അന്തഃപുരപ്രയാസങ്ങൾ ആ വിധം എന്നെന്നേക്കുമായി ഒഴിവായി. ഷണ്ഡപാണ്ഡുവിനെ തിരിച്ചറിഞ്ഞ കുന്തിയും മാദ്രിയും, പൂചൂടി പരപുരുഷനെ തേടി പടിയിറങ്ങി. പ്രത്യുൽപാദനപ്രശ്നങ്ങൾ ഉണ്ടെങ്കിലും, സർഗ്ഗാത്മക പരിഹാരം കാണാനും കുരുവംശം തയ്യാർ എന്നു് ‘ഹസ്തിനപുരി പത്രിക’യുടെ പ്രബുദ്ധ വായനക്കാരോടു് പറയൂ.” സംരക്ഷിതവനത്തിൽ സുരക്ഷാഭടന്മാരെ ഒഴിവാക്കിയുള്ള സായാഹ്നയാത്രയിൽ, കൂട്ടിനായി, ഉടലഴകുള്ള രണ്ടു കൗരവകുമാരികൾ പിതാമഹന്റെ ഇരു കൈകളും തോളിലിട്ടു്, പതുക്കെ ഗീതമാലപിച്ചു ലോലലോലമായി നടക്കാൻ തുടങ്ങി.

“ആത്മഹത്യ എന്നൊരാശയം താലോലിച്ചിരുന്ന ഓർമ്മയുണ്ടോ? പ്രതിസന്ധി അതിജീവിക്കാനാവാതെ നാമൊക്കെ ചെന്നുചേരുന്ന അന്തിമതാവളം എന്ന നിലയിൽ?”, കൊട്ടാരം ലേഖിക ഹസ്തിനപുരി മഹാറാണി പാഞ്ചാലിയോടു് ചോദിച്ചു.

“അടിമയായി കഴിഞ്ഞ വനവാസക്കാലത്തും പോരാട്ട വീര്യം ഉള്ളിൽ ജ്വലിച്ചിരുന്നു. അവനവനോടു് ചെയ്യുന്ന പരമഹിംസ എന്ന നിലയിൽ ആത്മഹത്യ അപ്പോഴൊന്നും പരിഗണിച്ച ഓർമ്മയില്ല. പക്ഷേ, ഞാൻ ഇഷ്ടപ്പെട്ടിരുന്നവൻ യാത്ര പറയാതെ പടിയിറങ്ങിപ്പോയ ശേഷം, നവവധു സുഭദ്രയുമൊത്തു ഇന്ദ്രപ്രസ്ഥത്തിൽ വന്നപ്പോൾ, പ്രണയപ്രതികാരമെന്ന നിലയിൽ ആത്മഹത്യയെ ഏകാന്തരാവുകളിൽ താലോലിച്ചു എന്നതൊരു വസ്തുതയാണു്, പിന്നെ മനസ്സിലായി, സ്വയം ഹിംസക്കു നിന്നു് കൊടുക്കുന്നതിനേക്കാൾ എളുപ്പം, അർജ്ജുനൻ എന്ന ആ പ്രാപ്പിടിയൻ പരുന്തിനെ വിട്ടുകൊടുക്കുകയാണു. അതോടെ അർജ്ജുനനിൽ നിന്നും, മറ്റു നാലു സഹഭർത്താക്കന്മാരിൽ നിന്നെന്ന പോലെ, ഞാൻ വൈകാരിക വിമുക്തി നേടി, വിവാഹ മോചനം സംഭവിച്ചില്ലെങ്കിലും.”

2019-05-04

“ഒരേ ഒരു ഭർത്താവു എന്നതൊരു പ്രതിജ്ഞ പോലെ അനുഷ്ഠിച്ച ഗാന്ധാരിയുടെ കൂടെയാണു്, ഖാണ്ഡവപ്രസ്ഥത്തിലേക്കു മക്കൾ പോയ നാൾ മുതൽ നിങ്ങൾ പൊറുക്കുന്നതു. കന്യകാത്വം പാതിവ്രത്യം ചാരിത്ര്യം തുടങ്ങിയ കഠിനപദങ്ങൾ നിത്യസംഭാഷണത്തിൽ തിരുകിക്കയറ്റി ഗാന്ധാരി നിങ്ങളെ വേദനിപ്പിക്കാറുണ്ടോ?”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു.

“ഒരുമ്പെട്ടവൾ കുന്തി!. അവളുടെ രതിഭൂതകാലം വ്യാസൻ പരപുരുഷകഥകൾ കൂട്ടി ഇതിഹാസം കൊഴുപ്പിക്കുന്നുണ്ടെന്നു വ്യാസാശ്രമ ചാരന്മാരിൽ നിന്നു് കേൾക്കാറുണ്ടു്. ഗാന്ധാരിയപ്പോൾ വിസ്മയ ഭാവത്തോടെ പ്രതി കരിക്കും. കണ്ണുകെട്ടി അസൗകര്യകാഴ്ചകൾ കാണാതെ വിട്ട ഗാന്ധാരിയെ പോലെ വ്യാസൻ, സൗകര്യപൂർവ്വം പലതും കണ്ടില്ലെന്നു നടിച്ചു ഗാന്ധാരിയെയും ചാരിത്ര്യത്തെയും തപഃശക്തിയെയും മഹത്വപ്പെടുത്തുന്നെങ്കിൽ ആർക്കാണു് അതിലൊക്കെ പരാതി?”

കൺകെട്ടു തുണികൾ കഴുകാൻ കൊട്ടാരത്തിനു പിന്നിലെ ജലാശയത്തിലേക്കു പോവുകയായിരുന്നു, ഒരിക്കൽ കുരുവംശമഹാറാണിയായിരുന്ന പാണ്ഡുവിധവ.

2019-05-05

“ഊഴം കിട്ടിയ പാണ്ഡവരിലൊരാൾ പായ പങ്കിടാൻ മുറിയിൽ വരുമ്പോൾ, മറ്റു നാലു പേർ രതിസ്വകാര്യത മാനിച്ചു കുടിലിൽ നിന്നു് പുറത്തു പോവും എന്നതായിരുന്നില്ലേ ബഹുഭർത്തൃത്വത്തിലെ പൊതു ദാമ്പത്യധാരണ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“എന്തൊക്കെ ചെയ്താൽ കിടപ്പറയിലെ ആൺപെൺ ശാരീരിക പാരസ്പര്യത്തെ കളങ്കപ്പെടുത്താമോ അതൊക്കെ ബാക്കി നാലു പേരും ഒളിഞ്ഞും തെളിഞ്ഞും ചെയ്യും. അസ്ത്രം മറന്നു വച്ചതു് എടുക്കാൻ വന്നതാണു് എന്നു് പറഞ്ഞു പാണ്ഡവരിലൊരാൾ ഇതിനകത്തു ഇടിച്ചു കയറിയതിനു ശേഷം, “മാരകായുധങ്ങൾ മറന്നുവെക്കരുതു്” എന്നെഴുതിവെക്കാൻ മാത്രം ഏകദേശം ധാരണയായിട്ടുണ്ടു്.”

2019-05-06

“രക്തസാക്ഷി ദുര്യോധനനു ദേശരത്നപുരസ്കാരം മരണാനന്തര ബഹുമതിയായി സമർപ്പിക്കുന്ന കൊട്ടാര ചടങ്ങിൽ, തൊട്ടടുത്തിരുന്ന ഭീമന്റെ ചെവിയിൽ നിങ്ങളെന്തോ മന്ത്രിക്കുന്നതു് കണ്ടല്ലോ. ഭർതൃഘാതകനോടെന്തായിരുന്നു ഇത്രവലിയൊരു രഹസ്യവിനിമയം?” കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു് ചോദിച്ചു.

“കർമ്മഫലം നിന്നെ തേടിവരുന്നുണ്ടു് എന്നു് ഒരോർമ്മപ്പെടുത്തൽ.”

“ആരും മഹാറാണി പാഞ്ചാലിയുടെ സാന്നിധ്യത്തിൽ ഇരിക്കാൻ പാടില്ല എന്ന ഉത്തരവു് വിവാദമായല്ലോ.” കൊട്ടാരംലേഖിക ചോദിച്ചു.

“പാണ്ഡവർക്കു് ഇളവു നൽകിയാൽ ‘ഹസ്തിനപുരി പത്രിക’യിൽ കാണുക സ്വജനപക്ഷപാതം എന്ന മുഖപ്രസംഗമാവില്ലേ.”

“ഏതു നിമിഷവും തെറിക്കും കൗരവതല എന്നു കാണികൾ എരിപൊരി കൊള്ളുമ്പോൾ, അതാ, രഥത്തിൽ നിന്നിറങ്ങി പാദരക്ഷയും പടച്ചട്ടയുമൂരി ഭീഷ്മരുടെ മുമ്പിൽ വിധേയ ഭാവത്തോടെ നിങ്ങൾ എന്തോ മന്ത്രിക്കുന്നു. ആദ്യദിന ബലാബലത്തിൽ ക്ഷമ പരീക്ഷിക്കുന്നൊരു വചനപ്രഘോഷണത്തിനു തുനിയേണ്ട കാര്യം?”, കൊട്ടാരം ലേഖിക ചോദിച്ചു. പാണ്ഡവപാളയം.

“സംഘർഷ സാഹചര്യത്തിലും സംയമനത്തോടെ ധാർമ്മിക പെരുമാറ്റച്ചട്ടം പാലിച്ചതാണോ ഹൃദയവ്യഥ? അങ്ങനെ ചെയ്തു ശീലിച്ചതു കൊണ്ടല്ലേ, ആരണ്യപർവ്വത്തിൽ നരകിക്കുമ്പോഴും, വിശിഷ്ട സന്ദർശകർ ‘ധർമ്മപുത്രർ’ എന്നെന്നെ മഹത്വപ്പെടുത്തിയതു്? പാണ്ഡവകുന്തമുന ഭീഷ്മചങ്കിൽ തറക്കുമ്പോഴും പാണ്ഡവ വിജയത്തിനായി പിതാമഹൻ പ്രാർത്ഥിക്കേണമേ എന്ന യുധിഷ്ഠിരയാചന ഫലം കാണും. നയതന്ത്രത്തിന്റെ അനുബന്ധമാണു് യുദ്ധമെങ്കിലും, പോരാട്ടത്തിൽ നയതന്ത്രം അരുതെന്നാരും പഠിപ്പിച്ചിട്ടില്ല. അരമന രഹസ്യങ്ങൾക്കായി തിണ്ണ നിരങ്ങുന്ന നിങ്ങൾക്കിത്തരം മേൽത്തരം മര്യാദ എങ്ങനെ മനസ്സിലാവാനാണല്ലേ?”

2019-05-07

“ലൈംഗികാരോപണ പരാതി പിതാമഹൻ അധ്യക്ഷനായുള്ള സമിതി തള്ളി എന്നാണല്ലോ അറിയുന്നതു്? പരാതിയിൽ കഴമ്പൊന്നും കണ്ടില്ലേ?” കൊട്ടാരം ലേഖിക ചോദിച്ചു.

“രാജകുമാരി ദുശ്ശള, മഹാറാണി ഗാന്ധാരി എന്നിവർ ഉൾപ്പെടുന്ന സമിതി, പരാതി സൂക്ഷ്മപരിശോധനക്കു വിധേയമാക്കി. ധൃതരാഷ്ട്രർ സ്വയം നിയോഗിച്ച സമിതിയാണിതു് അന്വേഷണ കണ്ടെത്തലുകൾ ധൃതരാഷ്ട്രർക്കു് കൈമാറി. അനൗദ്യോഗിക അന്വേഷണമെന്നു് മുദ്രയുള്ളതിനാൽ രേഖകൾ പൊതുമണ്ഡലത്തിൽ വരേണ്ട കാര്യമില്ലെന്നു സമിതി തീരുമാനിച്ചു. പരാതിയിൽ കഴമ്പുണ്ടോ എന്നു് ചോദിച്ചാൽ, ഇല്ല എന്നാണുത്തരം. എന്നാൽ ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടോ? സമിതി അന്വേഷണം തുടരുകയാണു്.

“ഗൂഢാലോചന പ്രത്യേകമായി അന്വേഷിക്കുമെന്നു അന്വേഷണസമിതി വ്യക്തമാക്കുകയും, പ്രമുഖ യുക്തിവാദി ചാർവകനാണു് ആരോപണമുന്നയിച്ച പാഞ്ചാലിയുടെ പിന്നിലെന്നു് വെളിപ്പെടുകയും ചെയ്തതോടെ, സമിതിയുമായി സഹകരിക്കില്ലെന്നു് പ്രഖ്യാപിച്ചു് പാഞ്ചാലി, നിലവിൽ ‘അടിമ’, വനവാസത്തിലാണു് അതു കൊണ്ടു, ലൈംഗികാരോപണം അന്വേഷിച്ച സമിതിക്കു മുന്നില്‍ വന്നു മൊഴി നല്‍കിയിരുന്നില്ല. ഗൂഢാലോചന അന്വേഷിക്കുന്ന സമിതിക്കു മുന്നിലും പാഞ്ചാലി വരില്ലെന്നാണു് സൂചന. അന്വേഷണം വഴിമുട്ടും, അങ്ങനെ പരാതിക്കു പിന്നിലെ ബുദ്ധിരാക്ഷസൻ രക്ഷപ്പെടുമെന്നാണു് കണക്കു കൂട്ടല്‍ എങ്കിൽ, നിങ്ങൾക്കു് ഹാ കഷ്ടം. സ്ത്രീവിരുദ്ധമായൊരു വാക്കോ, നോട്ടമോ, കൈവിരൽ ചലനമോ ഉണ്ടായെന്നു തെളിഞ്ഞാൽ, കുരുവംശ നിയമസംഹിത വിധിക്കുന്ന ഏതു ശിക്ഷയും സ്വീകരിക്കാൻ ഇരുകൈകളും നീട്ടുമെന്ന ദുര്യോധന പ്രഭാഷണത്തോടെ, ആ അദ്ധ്യായം എന്നെന്നേക്കുമായി അടഞ്ഞു…”

“സ്വവർഗ്ഗഭോഗികൾക്കു തൂക്കുകയർ എന്ന നിയമ സംഹിത, നൂറ്റാണ്ടുകളായി സദാചാരഹസ്തിനപുരിക്കൊരു സ്വകാര്യ അഹങ്കാരമായിരുന്നു എന്നു് കേട്ടിട്ടുണ്ടു്. ചാർവാകനെപ്പോലുള്ള തലതിരിഞ്ഞ പുരോഗമനവാദികൾ വാതുറന്നലറിയിട്ടും, യാഥാസ്ഥിതികതയുടെ സുരക്ഷാഭടനായ ദുര്യോധനൻ ലവലേശം അനങ്ങിയില്ല. കുരുക്ഷേത്ര ജയിച്ചു അധികാരത്തിൽ കയറി ആഴ്ചയൊന്നു കഴിഞ്ഞില്ല വധശിക്ഷ ഇളവു് ചെയ്തു യുധിഷ്ഠിരഭരണകൂടം വിജ്ഞാപനമിറക്കി. മാത്രമല്ല, ആൺപെൺരതി പോലെ സ്വാഭാവികമായി കാണണം സ്വവർഗ്ഗരതിയുമെന്നു രാജസഭയിൽ, നിങ്ങളുടെ സാന്നിധ്യത്തിൽ, പ്രഖ്യാപിക്കയും ചെയ്തു. പാണ്ഡവതീരുമാനം അവിവേകമായി എന്ന തിരിച്ചറിവുണ്ടോ?, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“ഒറ്റമുറിയിൽ വർഷങ്ങളോളം ഒരുമിച്ചുറങ്ങേണ്ടി വന്ന പാണ്ഡവർക്കു് സ്വാനുഭവത്തിന്റെ അടിസ്ഥാനത്തിൽ തോന്നിയിരിക്കാം, ആണുടലുകളുടെ പരസ്പര കാമന, തലവെട്ടുന്ന വധശിക്ഷക്കൊന്നും പരിഷ്കൃത സമൂഹത്തിൽ കാരണമാവരുതെന്നു്. അതിലെന്താണിത്ര വിവേകവും അവിവേകവും പെണ്ണെന്നനിലയിൽ ഞാൻ വേർതിരിക്കാനുള്ളതു്? ഭർത്താവു് ഭാഗികമായി സ്വവർഗ്ഗാനുരാഗിയുമാവാമെന്ന സാധ്യത, ബഹുഭർത്തൃത്വത്തിൽ രമിക്കുന്ന സ്ത്രീകളെ പ്രതികൂലമായി ബാധിക്കുന്ന കാര്യമോ മറ്റോ ആണോ?”

“ദുര്യോധനനേതൃത്വത്തിൽ കൗരവർ ചൂതാട്ടസഭയിൽ പാഞ്ചാലിയെ വിവസ്ത്രയാക്കി എന്ന രേഖാമൂലമുള്ള പരാതിയിൽ കഴമ്പില്ലെന്നു് കണ്ടു അന്വേഷണസമിതി ജോലി പൂർത്തിയാക്കി പിരിഞ്ഞല്ലോ, എങ്ങനെ പ്രതികരിക്കുന്നു?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

വനവാസക്കാലം.

“പൗരാവകാശം നിഷേധിക്കപ്പെട്ട കൗരവഅടിമയെങ്കിലും, പരാതിക്കാരിയായ എന്നെ വിളിച്ചു മൊഴിയെടുക്കാതെ പൂർത്തിയാക്കുമോ, പരിഷ്കൃത ഹസ്തിനപുരിയിലൊരു ലൈംഗികആരോപണ അന്വേഷണം? എത്രയെത്ര പ്രമുഖർ അന്നു് ചൂതാട്ടസഭയിൽ വിവസ്ത്രശരീരം തുറിച്ചുനോക്കിയിട്ടും, സത്യമറിയാൻ സമിതി അവരിൽ എത്രപേരുടെ മൊഴിയെടുത്തു? സ്വാഭാവികനീതിയുടെ നഗ്നമായ നിഷേധമെന്നു ഇരയെന്ന നിലയിൽ പ്രതിഷേധിക്കുന്ന ഈ സന്ദർഭത്തിൽ, പരാതിക്കാരി, പരാതി, പരാതിയുടെ മൊഴി, എതിർസാക്ഷിമൊഴികൾ എന്നിവ വായിക്കാനുള്ള അവസരം നിഷേധിച്ചു, പിതാമഹൻ അധ്യക്ഷനായ സമിതി പിരിഞ്ഞു എന്നു് നിങ്ങൾ പറയുമ്പോൾ, മഹാറാണി ഗാന്ധാരി, കന്യകാത്വം, ചാരിത്ര്യം, പാതിവ്രത്യം തുടങ്ങിയ പാതി വെന്ത മനുഷ്യമാംസപെരുമ പറഞ്ഞു പൊതു മണ്ഡലത്തിൽ കണ്ടുപോവരുതു് പാഞ്ചാലി പറഞ്ഞതായി നിങ്ങൾ ചുവരെഴുത്തു പതിപ്പുകളിൽ പ്രഖ്യാപിക്കുക. അല്ല, ഭരണകൂടത്തെ ഭയമാണെങ്കിൽ പാഞ്ചാലിയെ ഇനിയൊരു വ്യാഴവട്ടക്കാലം തമസ്കരിക്കുക.”

2019-05-08

“ഇഴഞ്ഞിഴഞ്ഞും മൃദുവായുമുച്ചരിക്കുന്ന കൊച്ചു വാക്കുകൾ യുധിഷ്ഠിര പ്രസംഗത്തിൽ?”, കൊട്ടാരം ലേഖിക ചോദിച്ചു. “ഓരോ വാക്കുച്ചരിച്ച ശേഷവും, ചുണ്ടുകൾ കൂട്ടിമുട്ടിച്ചു്, അടുത്ത വാക്കിന്നിടം കൊടുക്കാൻ അൽപ്പം തുറക്കുന്ന ഈ ശൈലി വനവാസക്കാലത്തു് പരീക്ഷിച്ചു നൈപുണ്യം നേടി. ഫലം അനുകൂലമെന്നു് കണ്ടാൽ തുടരും.”

“അഴുകിയ മീനൊക്കെ കോട്ടവാതിലിനു മുമ്പിൽ?”, കിരീടാവകാശം ത്യാഗം ചെയ്തു ഭീഷ്മപദവി നേടിയ ദേവവ്രതൻ രോഷാകുലനായി.

“എന്തും ഞങ്ങൾ സഹിക്കും, വൃദ്ധരാജാവു് ഞങ്ങളുടെ പ്രിയ സത്യവതിയെ ഭാര്യയാക്കുന്ന തൊഴികെ. പാവം, ഞങ്ങൾക്കൊപ്പം വലയെറിയുന്നതിനിടയിൽ വീണ സ്രാവായിരിക്കും എന്നു് നോക്കിയപ്പോൾ പടുകിഴവൻ ശന്തനു സത്യവതിയുടെ കൈ പിടിക്കുന്നു. സമ്മതിക്കില്ല ഈ അനീതി. ശാന്തനുമകൻ ദേവവ്രതൻ വേണം സത്യവതിയുടെ ഏക ഭർത്താവാകാൻ. അവൻ ഗംഗയുടെ പുത്രനെങ്കിൽ, സത്യവതിയുടെ അമ്മ യമുന. കുരുവംശം പുനർനാമകരണം ചെയ്തു സത്യവതിയെ ഔദ്യോഗിക കുടുംബനാഥയെന്നു പ്രഖ്യാപിക്കണം. സമ്മതിച്ചില്ലെങ്കിൽ? നാളെ മുതൽ കൊട്ടാരക്കെട്ടിനകത്തു മീൻചെകിള.”

2019-05-09

“അങ്ങനെ കുരുക്ഷേത്ര കഴിഞ്ഞു?”, കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു. ജേതാക്കളായ പാണ്ഡവർ കോട്ടവാതിൽ വലിച്ചു തുറക്കുന്ന ഐതിഹാസിക മുഹൂർത്തം. ഊർജ്ജം പ്രസരിക്കുന്ന ഹസ്തിനപുരി.

“വംശഹത്യ ചെയ്യേണ്ടി വരുന്ന ഭൗതിക സാഹചര്യം ഒഴിവാക്കാൻ വിശ്വപ്രകൃതിക്കാവില്ലെങ്കിൽ, എന്തിനിത്ര ആലഭാരത്തോടെ നിത്യവും ഉദിക്കുന്നു അസ്തമിക്കുന്നു!.”

“ദുര്യോധനൻ സംവിധാനം ചെയ്ത കുടില നാടകത്തിലൂടെ, നിങ്ങൾ, ’അംഗരാജ്യ’ത്തിലെ രാജാവായി. എന്തായിരുന്നു ഗൂഢലക്ഷ്യം?”, കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു. പോരാട്ടത്തിനിടയിൽ നീരാടാൻ വന്നതായിരുന്നു ദുരൂഹജന്മത്തിൽ ജീവിക്കുന്ന പോരാളി.

“അരങ്ങേറ്റത്തിൽ ഭീമൻ എന്റെ പിതൃത്വം വില കുറച്ചു കണ്ടപ്പോൾ, സ്വകാര്യ ചെലവിനു ഒരു ലോഹ നാണയം പോലും കിട്ടാനില്ലാതിരുന്ന ഗുരുകുല വിദ്യാർത്ഥി ദുര്യോധനൻ, കാണികളെ കബളിപ്പിച്ചു, എന്നെ രാജാവാക്കി. എന്തു് തിരിച്ചു ഞാൻ നിനക്കു് ചെയ്യണം?, എന്നു് ചോദിച്ചപ്പോൾ ‘ഒടുങ്ങാത്ത സഖ്യം’ എന്നു് ദുര്യോധനൻ രണ്ടുവാക്കുകളിൽ ആവശ്യപ്പെട്ടു. ആ വാക്കു് പാലിക്കാൻ ഞാൻ ബാധ്യസ്ഥൻ. അംഗ രാജ്യം എവിടെയാണു് സുഹൃത്തേ എന്നു് തിരിച്ചു ദുര്യോധനനോടു് ചോദിക്കാതിരുന്ന അധൈര്യമാണു്, തിന്മയുടെ മൂർത്തിയായ ദുര്യോധനന്റെ അടിമയായി, സർവ്വ കൊള്ളരുതായ്മകൾക്കും കൂട്ടുപ്രതിയായി ജന്മം വ്യർത്ഥമാക്കാൻ കാരണമായതു്” അർജ്ജുനനുമായുള്ള അന്ത്യയുദ്ധം വിഭാവന ചെയ്യുന്ന പോലെ ആ ക്ഷീണിച്ച മുഖം ജലപ്പരപ്പിൽ ഇരുണ്ടു.

2019-05-10

“കരാറനുസരിച്ചുള്ള അടിസ്ഥാനസൗകര്യ നിർമ്മിതിയും ഊട്ടുപുര സേവനവും നാൽപ്പതു ലക്ഷം സൈനികർക്കു കൊടുക്കുകയെന്ന ദൗത്യം പരാതികളില്ലാതെ പൂർത്തിയാക്കി എന്ന ചാരിതാർഥ്യമുണ്ടോ?” പോർക്കളത്തിൽ ശുചീകരണത്തിലേർപ്പെട്ടിരുന്ന തൊഴിലാളികൾക്കു് നേതൃത്വം കൊടുക്കുന്ന യുവമേധാവിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“കയ്യും കാലും നഷ്ടപ്പെട്ടിട്ടില്ലെന്നുറപ്പാക്കി യുദ്ധജേതാക്കൾ ഹസ്ഥിനപുരിയിലേക്കു് പോവുന്നതു് കുറച്ചുമുമ്പു് കണ്ടു. കരാറനുസരിച്ചു യുദ്ധകാലാടിസ്ഥാനത്തിൽ വേണം, കുരുക്ഷേത്ര അടിച്ചു വാരി, ജൈവമാലിന്യമുക്തമാക്കി, കിളച്ചു മറിച്ചു, കൃഷി ചെയ്തു, ധാന്യം വിളയിച്ചു ഹസ്തിനപുരി കൊട്ടാരത്തിലെ പുതുഭരണാധികാരികളുടെ ഊട്ടുപുരയിൽ ‘അക്ഷയപാത്ര’ങ്ങൾ നിറക്കാൻ. എല്ലാം കരാറിൽ ഉൾപ്പെടുത്തിയായിരുന്നു ദുര്യോധനൻ കരാർ അനുവദിച്ചതും മുൻകൂർ പണം തന്നതും.”

“മാദ്രി മരിച്ചിട്ടു കുറെയായി എന്നറിയാം, ഹൃദയ സ്പർശിയായ ഓർമ്മ വല്ലതുമുണ്ടോ പങ്കിടാൻ?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി. കൊട്ടാരസമുച്ചയത്തിനു പിന്നിലെ ജലാശയം. സന്ധ്യ.

“മലിനജലം കുടിച്ചതുകൊണ്ടാണെന്നു പിന്നീടറിഞ്ഞു, ഞാൻ രോഗബാധിതനായി. പാണ്ഡു കിടന്നിരുന്ന മുറിയോടു് ചേർന്നൊരു ചാച്ചുകെട്ടിയിൽ. യുധിഷ്ഠിരൻ ആ മുറിയിൽ വന്ന ഓർമ്മയില്ല. അർജ്ജുനൻ കൈക്കുഞ്ഞായിരുന്നതു് കൊണ്ടു് കുന്തി, മുൻകരുതൽ എന്ന നിലയിൽ ഒഴിഞ്ഞുമാറി. മാദ്രിയെന്നെ പരിചരിക്കും, ശുദ്ധജലം വായിൽ മൃദുചലനത്തോടെ ഒഴിച്ചുതരും, സ്നേഹ വചനങ്ങൾ ചൊല്ലും. പനി മാറിത്തുടങ്ങിയപ്പോൾ മാദ്രി പറഞ്ഞു, ഇനി നീ അതിവേഗം വലുതാവും, ആഗോളതലത്തിൽ ശക്തിയുടെ പ്രതീകമാവും. മാദ്രി പരപുരുഷ രതിക്കായി നിത്യവും പടിയിറങ്ങിപ്പോവാൻ തുടങ്ങി. രാത്രി വരുമ്പോൾ വസ്ത്രങ്ങളിൽ കോരിത്തരിപ്പിക്കുന്ന സുഗന്ധമുണ്ടാവും. ആ പ്രലോഭനത്തിൽ വീണ പാണ്ഡുവിന്റെ രതി പരീക്ഷണത്തിനു മാദ്രി വഴങ്ങി. പാണ്ഡുമരണത്തിനു കാരണമതാണെന്നു വിരൽ ചൂണ്ടി കുന്തി മാദ്രിയോടു് ചിതത്തീയിൽ ചാടാൻ ഒച്ചവെച്ചു. മാദ്രി സമ്മതിച്ചില്ല. പെട്ടെന്നു് കുന്തി എന്നെ വിളിച്ചു ചെവിയിൽ കർശനമായി ആജ്ഞാപിച്ചതു ഞാൻ വിറയ്ക്കുന്ന കൈകളോടെ ചെയ്തു. പ്രിയമാദ്രിയെ വാരിക്കോരിയെടുത്തു ആളിക്കത്തുന്ന പാണ്ഡുചിതയിൽ എറിഞ്ഞു. പാപം ചെയ്ത കൈകൾ ഈ ശപിക്കപ്പെട്ട കൈകൾ”, പറഞ്ഞു പറഞ്ഞു ഭീമൻ വാവിട്ടു കരഞ്ഞു. പലയിടങ്ങളിൽ നിന്നായി പാറാവുകാർ ഓടിവന്നു ബലം പ്രയോഗിച്ചയാളുടെ വാപൊത്തി കൊട്ടാരക്കെട്ടിലേക്കു കൊണ്ടു പോയി.

“എന്നോ മുറിച്ചുമാറ്റിയതല്ലേ? ഇപ്പോഴും കിനിയുന്നല്ലോ ചോര?, വലതുകൈ നിവർത്തി, ഒരിക്കൽ തള്ളവിരൽ ആയിരുന്ന ഇടം കർണ്ണൻ തൊട്ടുനോക്കി.” മുറിച്ചു കൊടുത്തപ്പോൾ, ദ്രോണർ കൈ നീട്ടി സ്വീകരിച്ചു ഗുരുദക്ഷിണ അല്ലെ?

“തള്ളവിരൽ മുറിച്ചു കൊടുക്കേണ്ടിവന്നതു് നിഷാദ ജാതിയെന്നു ഞാൻ സത്യം പറഞ്ഞതു കൊണ്ടായിരുന്നു. ആവശ്യം വരുമ്പോൾ പഠിച്ചതൊന്നും ഉപകരിക്കാതിരിക്കട്ടെ എന്ന ഗുരുശാപം നിങ്ങളിൽ വീണതു്, ജാതിമേന്മ വ്യാജമായി നിങ്ങൾ അവകാശപ്പെട്ടതു കൊണ്ടും. ഏതുവിധത്തിൽ നോക്കിയാലും, പരാജിതരാവാൻ വേണ്ടി ഗുരുക്കളെ തേടിയവർ നാമിരുവരും.”

2019-05-11

“യുധിഷ്ഠിരന്റെ മാനസികാരോഗ്യം സംശയാസ്പദം?” കൊട്ടാരം ലേഖിക അതിരഹസ്യമായി യുദ്ധകാര്യ ലേഖകനോടു് ചോദിച്ചു.

“നിങ്ങൾ യുദ്ധത്തിൽ മരിച്ചില്ലേ? എന്നു് യുധിഷ്ഠിരൻ വിദുരരോടു് ചോദിച്ചതിലെ പൊരുത്തക്കേടു് ആരും പെരുപ്പിച്ചില്ല, കുന്തിയെ കണ്ടപ്പോൾ ‘എന്താ ഇപ്പോൾ നിങ്ങൾ കണ്ണു് കെട്ടാറില്ലെ?’ എന്നു് ചോദിച്ചപ്പോഴും, കേട്ടുനിന്ന ഗാന്ധാരിക്കു് മാത്രമേ പന്തികേടു് തോന്നിയുള്ളൂ. കുടിയൊഴിപ്പിക്കപ്പെട്ട കൗരവരാജവിധവകൾ പുനരധിവാസം ആവശ്യപ്പെട്ടു നിവേദനവുമായി വന്നപ്പോൾ, ‘പാഞ്ചാലിയുടെ അന്തഃപുരത്തിൽ ഒപ്പത്തിനൊപ്പം നിങ്ങൾക്കു സാനിധ്യ മുറപ്പിക്കാം’ എന്നു് പറഞ്ഞപ്പോൾ മാത്രമാണു് ദുര്യോധനവിധവ രേഖാ മൂലം പരാതി കൊടുത്തതു്”, പതിനെട്ടു ദിവസം പോരാടി, അർദ്ധസത്യം അസ്സലായി പറഞ്ഞു, പോറലേൽക്കാതെ ജേതാക്കളായി, യുദ്ധക്കെടുതിയിൽ വീണ ഹസ്തിനപുരിയുടെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്തു പുരോഗമന ഭരണപരിഷ്കാരങ്ങൾക്കു് തുടക്കം കുറിച്ച മഹാരാജാ അങ്ങനെ ഔപചാരികമായൊരു നിരീക്ഷണത്തിനു വിധേയനാണു്. ” യുദ്ധം കഴിഞ്ഞതോടെ യുദ്ധകാര്യലേഖകൻ കൊട്ടാരം ഊട്ടുപുരയിൽ പാചകവിഭാഗം മേധാവിയായിരുന്നു.

2019-05-12

“വിളംബരത്തിനപ്പോൾ നറുക്കു വീണതു് ഭീമനു തന്നെയല്ലേ?”, യുദ്ധനിർവ്വഹണത്തിന്റെ കരാർ കിട്ടിയ പ്രവിശ്യാ ഭരണാധികാരിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“പ്രവേശന ഗോപുരനട ഊക്കിനു തള്ളിത്തുറന്നു പോർക്കളത്തിലേക്കു പ്രവേശിക്കാനുള്ള അവസരം ശത്രു സൈന്യത്തിനു കൊടുക്കുകയെന്നതൊരു കൗരവ ആശയമായിരുന്നു. ഭീമന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം, വൈദ്യപരിശോധനക്കു് വിധേയമാക്കണമെന്നു് നിർദ്ദേശം വച്ചതു ദുര്യോധനനല്ല പാഞ്ചാലിയായിരുന്നു. കൂടെക്കിടക്കുന്നവൾക്കു രാപ്പനിയറിയാമെന്ന വിശദീകരണം സ്വീകരിച്ചു. ഉയരം, പ്രായം, തൂക്കം കൈകാലുകളുടെ ബലം മുഖത്തെ ശിശുഭാവം ഇതൊക്കെ കഴിഞ്ഞ പത്തു പതിമൂന്നു കൊല്ലത്തെ പ്രവാസജീവിത പ്രയാസത്തിലും പരുക്കേൽക്കാതെ പരിപാലിച്ച പാഞ്ചാലിയുടെ ഗൃഹഭരണമൊരുത്തമ മാതൃകയെന്നും അംഗീകരിക്കപ്പെട്ടു. അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്ന യുധിഷ്ഠിര പ്രസ്താവന പ്രതീക്ഷക്കൊപ്പം ആയിരുന്നതു കൊണ്ടു് ആരും പ്രതികരിച്ചില്ല. ഗോപുരവാതിൽ തള്ളിത്തുറന്നു ഭീമൻ അകത്തു പ്രവേശിക്കുമ്പോൾ നാൽപ്പതു ലക്ഷത്തോളം സൈനികരുടെ ഹർഷാരവം ഭീമനുള്ള വ്യക്തിഗത പിന്തുണയായി കാണില്ലെന്ന ധാരണയായി. നാലു് പാണ്ഡവർ ഭീമനു ചുറ്റും സുരക്ഷാ വലയം തീർക്കട്ടെയെന്ന ഭീഷനിർദ്ദേശം ചോദ്യം ചെയ്യാതെ സ്വീകരിച്ചു. ഈ ദൃശ്യവിസ്മയത്തിനു സാക്ഷിയാവാൻ തക്ഷശില സർവ്വകലാശാലയിൽ നിന്നു് ഗവേഷക നിരീക്ഷകസംഘവും എത്തിയിട്ടുണ്ടു്.” അരികെയിരുന്ന ദുര്യോധനൻ അലസമായി ഇടക്കൊന്നു കണ്ണോടിച്ചു ആയുധം മൂർച്ച കൂട്ടി.

“ഉടലിൽ ഉടമക്കു് പരമാധികാരം നഷ്ടപ്പെടുന്നൊരു ജീവിതാവസ്ഥയാണു് അടിമത്തമെന്ന പാണ്ഡവ കാഴ്ചപ്പാടു് നിലനിൽക്കുമ്പോൾ തന്നെ, അയൽപക്കങ്ങളിൽ നിന്നു് മാലിന്യം സംഭരിച്ചു കുഴിവെട്ടി മറവു ചെയ്യുന്ന പണി നിങ്ങൾ പരാതിയില്ലാതെയാണോ ചെയ്തിരുന്നതു്? അതോ, അമർഷം മറച്ചു വയ്ക്കാതെയോ?”, കൊട്ടാരം ലേഖിക മഹാറാണി പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി. കാലവർഷക്കാറ്റു വീശുന്ന പ്രഭാതം.

“വഴിനീളെ ആത്മീയമാലിന്യങ്ങൾ സംഭരിച്ചു ഒന്നൊന്നായി ശുദ്ധി ചെയ്തു തിരിച്ചേൽപ്പിക്കാൻ അവർക്കു മടിയില്ലെങ്കിൽ, വിസർജ്ജ്യങ്ങൾ വാരിക്കൂട്ടി കുഴിച്ചിടുന്നതൊരു അന്യായജോലിയാണെന്നു ഞാനെന്തിനു് വ്യാകുലപ്പെടണം?”

“ത്യാഗമൂർത്തിയായ കുന്തി പടിയിറങ്ങുമ്പോൾ നിങ്ങളുടെ ഹൃദയം തേങ്ങുന്നില്ലേ?”, കൊട്ടാരം ലേഖിക ഇളമുറ കൗന്തേയനായ സഹദേവനോടു് ചോദിച്ചു. ഗാന്ധാരിയും വിദുരരും ഉൾപ്പെടുന്ന മൂവർ സംഘം അരമനജീവിതം മടുത്തു അന്ത്യജീവിതത്തിനായി ആരണ്യകത്തിലേക്കു കാൽ മുന്നോട്ടു വെക്കുകയായിരുന്നു.

“കൊച്ചു കുഞ്ഞായിരുന്ന കാലത്താണു്, പെറ്റതള്ള മാദ്രിയെ കുന്തിയുടെ ആജ്ഞയിൽ ഭീമൻ പാണ്ഡുചിതയിലെറിയുന്നതിനു ഞാൻ സാക്ഷിയായതു്-തീ ആളിക്കത്തി, മാദ്രി ചാരമാവുന്നതു കണ്ടു ‘അമ്മാ അമ്മാ’ എന്നു് കൈകൾ നീട്ടി ഞാൻ നിലവിളിച്ചപ്പോൾ, കുന്തി വന്നെന്റെ വായ പൊത്തി, ശാസിച്ചു കുടിലിലേക്കു കൊണ്ടുപോയി, മൂലയിൽ ബലം പ്രയോഗിച്ചിരുത്തി. അമ്മാ എന്നു് മന്ത്രിച്ചു കൊണ്ടു് ഞാൻ പിറ്റേന്നു് ഒറ്റയ്ക്കു് പോയി, ചിതയിലെ ചാരക്കൂനക്കു മുമ്പിൽ പരിഭ്രമിച്ചു നിന്ന ഓർമ്മയുണ്ടു്. ആരോടു് ചോദിച്ചാണു് നീ ഇവിടെ വന്നതു് എന്നു് പറഞ്ഞു യുധിഷ്ഠിരൻ വലിച്ചു കൊണ്ടു പോയതോർമ്മയുണ്ടു്. ‘അമ്മാ അമ്മാ’ എന്നു് വിളിച്ചു പിന്നെയും ദിവസങ്ങൾ അലഞ്ഞു നടന്നതും ഓർമ്മയുണ്ടു്. മാദ്രിയെ ചിതയിൽ തള്ളാൻ ഭീമനു് ആജ്ഞ നൽകിയ കുന്തിയിപ്പോൾ എന്നോടു് ചോദിക്കുകയായിരുന്നു, ഭാവി പറയുന്ന സിദ്ധിയുള്ളവനല്ലേ നീ, നിനക്കെന്റെ അന്ത്യം പ്രവചിക്കാൻ ആവുമോ? പ്രകൃതി നിങ്ങൾക്കൊരു കാട്ടുതീമരണം അന്നേ വിധിപറഞ്ഞു കഴിഞ്ഞതാണു് ആ വിധിനടപ്പുമായി സഹകരിക്കൂ എന്നു് യാത്ര പറഞ്ഞവരെ പടിയിറങ്ങാൻ വിട്ടു.”

2019-05-13

“ഭരണകൂടത്തിൽ ചമ്മട്ടി പിടിക്കേണ്ട അഞ്ചുപാണ്ഡവരും കൗരവരുടെ ആണ്ടുശ്രാദ്ധത്തിനു പുഴയിലേക്കു് പോവുന്നതു് കണ്ടു. വികാര വിക്ഷോഭത്താൽ വഴിവിട്ടു പലതും ചെയ്ത ആ നൂറോളം കൗരവരെ നിങ്ങളെങ്ങനെ ഈ ഏകാന്തതയിൽ ഓർത്തെടുക്കുന്നു?” കൊട്ടാരം ലേഖിക ചോദിച്ചു. ശീതകാലമായിരുന്നിട്ടും, കുളിച്ചു ഈറൻ മാറാതെ പ്രഭാതപൂജക്കു പൂ പറിക്കുകയായിരുന്നു മഹാറാണി.

“കളങ്ക രഹിതമായിരുന്നു നൂറു കൗരവർക്കും എന്നോടുള്ള ആരാധന. എനിക്കും ആരാധകർക്കും ഇടയിൽ ഒരു അപശകുനമേ ഉണ്ടായിരുന്നുള്ളൂ. എന്റെ ഭർത്താക്കന്മാർ.”

“മാതൃപൂജ ചെയ്യുന്ന ഈ ദിവസങ്ങളിൽ, ‘കുന്തി കാട്ടിൽ പോട്ടെ’ എന്നു് പറഞ്ഞതു് പാഞ്ചാലിയാണോ? അതോ നിങ്ങൾ ഒറ്റക്കെട്ടായാണോ?”, നകുലനോടു് കൊട്ടാരം ലേഖിക ചോദിച്ചു. മറ്റു മൂന്നു വയോജനങ്ങൾക്കൊപ്പം പാണ്ഡുവിധവ ‘ജീവിതസായാഹ്നം വനത്തിൽ’ എന്ന തീരുമാനം അനുസരിച്ചു കോട്ടവാതിലിനു പുറത്തേക്കു കടക്കുന്നതു് മട്ടുപ്പാവിൽ നിന്നു് നോക്കുകയായിരുന്നു ഇരുവരും.

“അരക്കില്ലത്തിൽ ആദിവാസി കുടുംബത്തെ ബലികൊടുത്തു ഭൂഗർഭതുരങ്കം വഴി ഓടി രക്ഷപ്പെടാനുള്ള സാഹസികയാത്രക്കു് നേതൃത്വം കൊടുത്ത കുന്തിയല്ല പിന്നീടു് ഞങ്ങളുടെ ജീവിതം താറുമാറാക്കിയ സ്ത്രീ. കാഴ്ചപരിമിതിയുള്ള ധൃതരാഷ്ട്ര ദമ്പതികൾ, കൊള്ളരുതാത്ത നൂറു കൗരവർക്കു വേറെ വേറെ രാജവധുക്കളെ കണ്ടെത്തിയപ്പോൾ, കുന്തി ഞങ്ങളെ ഒരൊറ്റ തൊഴുത്തിൽ കെട്ടി. അതൊരടിയായിരുന്നു പാണ്ഡവാഭിമാനബോധത്തിനു്. ഭാവി ജീവിതത്തിനായി ഖാണ്ഡവപ്രസ്ഥം എന്ന കൊടുംകാട്ടിലേക്കു ഭാഗ്യാന്വേഷികളായി ഞങ്ങൾ യാത്ര തിരിച്ചപ്പോൾ, ‘നിങ്ങളുടെ നല്ലനടപ്പിനു് ജാമ്യമായി ഞാൻ ഗാന്ധാരിയുടെ തോഴിയായി കൊട്ടാരത്തിൽ കഴിയും’ എന്നു് കുന്തി പറഞ്ഞതു്, ‘പാണ്ഡവർ പ്രതികൾ’ എന്ന ഊന്നലോടെ ആയിരുന്നു. എന്നാൽ പ്രിയപാഞ്ചാലിയോ? കുടിയേറ്റ ഭൂമിയെ പരിഷ്കൃത നഗരമാക്കുവാൻ നഗരമന്ദിര നിർമിതിയിൽ, രാജസൂയ യാഗത്തിൽ, ഔദ്യോഗിക ചക്രവർത്തിനി പദവി ഏറ്റെടുക്കുന്നതിൽ, ഒപ്പം ഞങ്ങളിൽ നിന്നു് കൃത്യമായൂഴം അനുസരിച്ചു ഗർഭം ധരിച്ചു നവജാതശിശുക്കളെ പാഞ്ചാലയിൽ പരിചരണത്തിനയക്കുന്നതിൽ എല്ലാറ്റിലും കാണാമായിരുന്നു കുന്തിക്കൊന്നും ഭാവനയിൽ എത്തിനോക്കാനാവാത്ത കാര്യശേഷി, മികവു്. കുന്തിയെ ഒട്ടും ആശ്രയിക്കാതെ ഞങ്ങളുടെ അഭിലാഷങ്ങൾ പൂവണിയാൻ തുടങ്ങിയപ്പോൾ, കുന്തി ഇനി കാട്ടിൽ പോവുന്നെങ്കിൽ പോട്ടെ എന്ന ഏകകണ്ഠമായ അഭിപ്രായം ഞങ്ങൾ ആറു പേരിലുണ്ടായതു് ഒരു സുപ്രഭാതത്തിലല്ല, കാലക്രമേണയാണു് പുരുഷന്റെ വിജയത്തിനു് പിന്നിൽ സ്ത്രീയുണ്ടു് എന്ന കവിവചനത്തെ സാർത്ഥകമാക്കുന്നതായിരുന്നു ഞങ്ങളുടെ ജീവിതത്തിൽ നിന്നു് കുന്തിയുടെ എന്നെന്നേക്കുമായുള്ള തിരോധാനം. പോട്ടെ തിരക്കുണ്ടു്. തുന്നൽക്കാരനെ കണ്ടു നാളെ വൈകുന്നേരത്തെ വിരുന്നിനു മുമ്പു് പാഞ്ചാലിയുടെ പട്ടുടുപ്പുകൾ തുന്നിക്കിട്ടണം കിട്ടണം എന്നുടൻ പോയി പറയട്ടെ, ഇന്നു് രാത്രി ഊഴം എനിക്കാണു്. ”

“അലസതയിൽ അഭിരമിക്കാനനുവദിക്കാതെ പാണ്ഡവരിൽ നിങ്ങൾ മാനസിക സമ്മർദം ചെലുത്തുന്നു എന്ന ഭീമപരാതിയിൽ കാര്യമുണ്ടോ?”, കൊട്ടാരം ലേഖിക ചോദിച്ചു. മഴ പെയ്തു വെയിൽ വീണ ഉച്ച. ഭർത്താക്കന്മാർ ഊട്ടുപുരയിൽ അക്ഷയപാത്രവുമായി തിരക്കിലായിരുന്നു.

“ശാരീരികസേവനത്തിനു പ്രതിഫലം പണമായി മതിയെന്നു് ഉപാധിവക്കുന്ന ആൺപെൺ ഇടത്താവളങ്ങളാണു് പാണ്ഡവർക്കു് പ്രിയം. ദീർഘകാല കടപ്പാടില്ലാതെയുള്ള കൊള്ളക്കൊടുക്ക എന്നാൽ പ്രതിഫലം മോഹിക്കാതെ രാവും പകലും വ്യക്തിഗത സേവനം കൊടുക്കുന്ന ഭാര്യയെ അവർക്കു പേടിയുമാണു്, കാരണം ചൊടിപ്പിച്ചാൽ അവൾ തിരിഞ്ഞു വിരൽ ചൂണ്ടി സംസാരിക്കും.”

“നിങ്ങളുടെ സർവ്വ സൈന്യാധിപനല്ലേ ശരശയ്യയിൽ മലർന്നടിച്ചു കിടക്കുന്നതു്? പാണ്ഡവസർവ്വ സൈന്യാധിപൻ ധൃഷ്ടധ്യുമ്നൻ ഓടിനടന്നു കൗരവതലകൾ ഉരുട്ടുന്നു. യുദ്ധഗതി നിർണ്ണയിക്കുന്നതിൽ നിങ്ങൾക്കുണ്ടെന്നു കരുതിയ മേൽക്കൈ പൊയ്പ്പോയോ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

“വിദ്വേഷത്തെ തോൽപ്പിക്കാനും സ്നേഹസന്ദേശം പ്രചരിപ്പിക്കാനും കുരുക്ഷേത്രയുദ്ധഭൂമി ഒരാധനാലയമാവുമെന്നാണു് വിലയിരുത്തൽ. അതിനിടയിൽ സൗകര്യപ്പെടുന്ന രീതിയിൽ പാണ്ഡവതലകൾ കയ്യിൽ തടഞ്ഞാൽ കാര്യക്ഷമമായി കൈകാര്യം ചെയ്യും. ചതിയിലൂടെയെങ്കിൽ അങ്ങനെ, അഭിമന്യുവിനെ അരങ്ങത്തു കൊണ്ടുവരാൻ ആഞ്ഞു ശ്രമിക്കും. അർജ്ജുനന്റെ അടിവയറിൽ കുത്തുന്ന പോലെ കർണ്ണനു ആസ്വാദ്യകരമാവും ആ കൗമാരക്കാരന്റെ കരൾ പിളർന്നാൽ.”

തൊട്ടടുത്തിരുന്ന കർണ്ണനോടു് അർത്ഥഗർഭമായെന്തോ മിഴികളിലൂടെ വിനിമയം ചെയ്തു ദുര്യോധനൻ, പാചകക്കാരൻ നീട്ടിയ മൺപാത്രത്തിലെ കരിമ്പുനീർ ലാഘവത്തോടെ ചുണ്ടോടടുപ്പിച്ചു.

2019-05-15

“കാട്ടുകുടിലിലെ പരുക്കൻ തറയിൽ, ഹസ്തിനപുരിക്കാർക്കു കണ്ടാലറിയാവുന്ന നാലു വയോജനങ്ങൾ മരണം കാത്തു കിടന്നു-അങ്ങനെയാണോ, തിരിച്ചു നാട്ടിലെത്തി ഞാൻ നിങ്ങളെ കുറിച്ചു് വാർത്ത കൊടുക്കേണ്ടതു്?” കൊട്ടാരം ലേഖിക വിദുരരോടു് ചോദിച്ചു. വനവാസത്തിനായി ധൃതരാഷ്ട്രർ, ഗാന്ധാരി, കുന്തി, വിദുരർ എന്നിവർ കൊട്ടാരം വിട്ടു പോയി മാസം മൂന്നു കഴിഞ്ഞിരുന്നു. ഒരാഴ്ചയോളം അലഞ്ഞശേഷം ആദിവാസികളുടെ സഹായത്തോടെ അവൾ താവളം കണ്ടെത്തി.

“നിങ്ങൾ ഇവിടെ വരുമ്പോൾ കാണുന്നതു് ചോരുന്ന മേൽക്കൂരയും, മണ്ണിളകിയ ചുവരും, മുഷിഞ്ഞ തുണികളും, ഒഴിഞ്ഞ വയറും ഒക്കെയല്ലെ? എന്നാൽ, അന്ത്യദിനങ്ങൾങ്ങൾക്കായി ഞങ്ങൾ സ്വയം തിരഞ്ഞെടുത്ത ഈ കാട്ടുകുടിലിൽ, നാലുപേർ നീണ്ട തിരക്കു് പിടിച്ച ഭൗതിക ജീവിതത്തിനുശേഷം ഇപ്പോൾ അനുഭവിക്കുന്നതു് മൗനത്തിന്റെ സങ്കീർത്തനം, കവി പാടിയ പോലെ ശൂന്യമാകെ മുഴങ്ങുന്ന പ്രണവത്തിന്റെ മര്‍മ്മരം.”

“നവജാതശിശുക്കളുമായി സമരവഴിയിലാണോ?” കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു് ചോദിച്ചു. മഴമേഘങ്ങൾ നിറഞ്ഞിട്ടും ആവി പൊങ്ങുന്ന വേനൽ പ്രഭാതം.

“ഹസ്തിനപുരി മാതൃദിനം ആഘോഷിക്കുമ്പോൾ, പുതുജന്മങ്ങളും വേണ്ടേ സജീവമായി പങ്കെടുക്കാൻ? ഭർത്താവും ആണ്മക്കളും കൊല്ലപ്പെട്ട കുരുക്ഷേത്ര വിധവയല്ലേ ഞാൻ? പുത്രവിധവ പ്രസവിച്ച ഇരട്ടക്കുട്ടികളെ കോട്ട കാണിച്ചുകൊടുക്കാൻ കൊണ്ടു വന്നതിലെന്താണു് കുറ്റം? പാണ്ഡവസ്വേച്ഛാധിപത്യത്തിൽ ഞങ്ങളെ, പാതിരാനീക്കത്തിലൂടെ കുടിയൊഴിപ്പിച്ചതോടെ, കൗരവരാജവിധവകൾ അഭയാർഥി കേന്ദ്രത്തിൽ നരകിക്കുന്നതു നിങ്ങൾ കാണാറില്ലേ? പുത്രവിധവ പ്രസവിച്ചപ്പോൾ മുതിർന്ന വിധവ മൊട്ടച്ചികൾ യോഗം ചേർന്നു. ഈ കുട്ടികൾ വളരും, വളർന്നു വലുതായി ഒരുനാൾ പാണ്ഡവരുമായി ചൂതാടും, എല്ലാം പണയം വെപ്പിച്ചു പാഞ്ചാലിയെ കാട്ടിലയക്കും”, പറഞ്ഞു പറഞ്ഞവൾ നാവകത്തേക്കെടുക്കും മുമ്പു്, പതുങ്ങിവന്ന ചാരൻ ശിരോവസ്ത്രം കൊണ്ടവളുടെ വായും മുടിയും മൂടി, അരയിൽ കുടുക്കിട്ടു് കഴുതപ്പുറത്തേക്കു കയറ്റി.

“അത്യുന്നത പദവി ദുര്യോധനൻ കുരുക്ഷേത്രയിൽ നീട്ടുമ്പോൾ, ‘വേണ്ട, ഞാനൊരു യുദ്ധനിരീക്ഷകനാവാം, വാൾ പുതുതലമറക്കു കൈമാറൂ’ എന്നു് രാജ്യതന്ത്രജ്ഞത്തോടെ നിങ്ങൾ പറഞ്ഞൊഴിഞ്ഞിരുന്നെങ്കിൽ”, ഇടം വലം തിരിയാനാവാതെ ശരശയ്യയിൽ ഞെളിപിരി കൊള്ളുന്ന പിതാമഹനോടു് കൊട്ടാരം ലേഖിക, തൊട്ടരികിലിരുന്നു ക്ഷേമാന്വേഷണം പോലെ മൃദുവായി ചോദിച്ചു.

“കർണ്ണനു കൈമാറാനായിരുന്നു ദുര്യോധനന്റെ ആദ്യ തീരുമാനം, എന്നെ പിണക്കാതിരിക്കാൻ പിന്നീടതെനിക്കു് തന്നെങ്കിലും, സന്ധ്യക്കു് ഞാൻ പാളയത്തിലെത്തിയപ്പോൾ, അവൻ അടുത്തുവന്നു പറഞ്ഞു, നിങ്ങൾക്കു് കുന്തിയോടു് കാമനയുള്ളതു കൊണ്ടു് കൗന്തേയരിൽ ആരോ നിങ്ങളുടെ മകനാണെന്നു് കേട്ടിട്ടുണ്ടു്. അതു കൊണ്ടാണോ ഇന്നും പാണ്ഡവതല ഉരുട്ടാതെ പാളയത്തിൽ നാണമില്ലാതെ തിരിച്ചുവന്നതു്? നിഷ്ക്രിയ ആസ്തിയാണു നിങ്ങളെന്നു കർണ്ണൻ അന്നു് പറഞ്ഞതു് വെറുതെയായില്ല.”

“വെന്തുമരിച്ചതു നിങ്ങളും മക്കളുമെന്നു വരുത്തിത്തീർക്കാൻ കണ്ട കുറുക്കുവഴി കൊള്ളാം. അത്താഴം ചോദിച്ചു വന്ന ആറംഗ ആദിവാസികുടുംബത്തിനു് ഭക്ഷണത്തിനൊപ്പം വിഷം കൊടുത്തു വീടു് കത്തിച്ചു ഭൂഗർഭ ഇടനാഴിയിലൂടെ അർദ്ധരാത്രിയിൽ ഒളിച്ചോടും മുമ്പു്, ആ രാജമന്ദിരത്തിനകത്തുനിന്നു തീയിടുക. ദൃക്സാക്ഷിയില്ലാതെയും അവസാനം, സത്യാവസ്ഥ തെളിഞ്ഞതോടെ തോന്നിയോ ജാള ്യത? കുതിരപ്പന്തികളിലും വഴിയമ്പലങ്ങളിലും കൗരവർ സംഘടിത പ്രചാരണമാണു് ‘ഘാതകകുന്തി’ക്കെതിരെ അഴിച്ചുവിട്ടിരിക്കുന്നതു് എങ്ങനെ നേരിടും ഈ ഭരണകൂട അവമതി?”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. ഏകചക്ര ഗ്രാമത്തിൽ മക്കളുമൊത്തവർ ‘മുഖംമൂടി’ ധരിച്ചു കഴിയുന്ന കാലം.

“ദൂരെ നിന്നു് നോക്കുമ്പോൾ കൗരവർക്കു ഞാൻ ചെയ്തതു് നരഹത്യ എന്നു് തോന്നാം. പക്ഷേ, അതു് കൗന്തേയർ കാണുന്നതു് ആത്മരക്ഷ. അത്താഴം ചോദിച്ചു വന്നവർ അശേഷം ആദിവാസി കളായിരുന്നില്ല. കൗരവരുടെ വരണാവതം പ്രവിശ്യാ ഭരണകൂടത്തിലെ കൂലിപടയാളികളായിരുന്നു. പാണ്ഡവ സംഘത്തെ തീകൊളുത്തി കൊല്ലാനുള്ള കരാർ ഏറ്റെടുത്തവരെ തിരിച്ചടിച്ചു. ‘കരിക്കട്ട’കളാക്കിയതിൽ നകുലസഹദേവന്മാരടക്കം അഞ്ചുപേരും തിമിർപ്പിലാണു് “ഒരു തീക്കൊള്ളി കൊണ്ടാണു് അമ്മ ആറുതടിമാടന്മാരെ അരക്കില്ലത്തിൽ അന്ത്യശ്വാസം വലിപ്പിച്ചതു്” എന്നവർ പ്രശംസിക്കുമ്പോൾ, കൃതാർത്ഥത തോന്നും. കൗരവകരളിലെ നീറ്റൽ മാറാൻ സമയം കൊടുക്കൂ.”

2019-05-16

“ഹരിതചട്ടം എന്നാദ്യം കേട്ടപ്പോൾ അവഗണിച്ച ഞാനിപ്പോൾ ഓടിക്കിതച്ചു വന്നതു് ‘പരിലാളന’മാണു് എന്നറിഞ്ഞപ്പോളാണു് ആരാണു് നിങ്ങൾ? എന്താണു് ഈ കാട്ടിക്കൂട്ടുന്നതൊക്കെ?”, കുരുക്ഷേത്ര പ്രവിശ്യയുടെ യുവഭരണാധികാരിയോടു് കൊട്ടാരം ലേഖികചോദിച്ചു.

“കൃഷിയിടത്തോളം പോന്ന ഈ കുറ്റിക്കാടു് വെട്ടി ഭൂഖണ്ഡ ജനസംഖ്യയുടെ പാതി യുവാക്കളെ പതിനെട്ടു നാൾ കൊണ്ടു് ഹോമിച്ച യുദ്ധപശ്ചാത്തലം ഭാവി തലമുറക്കെങ്ങനെ രൂപമാറ്റത്തിലൂടെ വരുത്തിയെടുക്കാമെന്നായിരുന്നു മനസ്സിൽ. എല്ലാ ജൈവ മാലിന്യങ്ങളും വൻകുഴി തോണ്ടി അടുക്കി, മണ്ണിട്ടു് മൂടിയ സമതലത്തിലാണു് നാമിപ്പോൾ. കുഴിമാടഭീതിയൊന്നും തോന്നുന്നില്ല അല്ലേ? അവിടെയാണു് ഹരിത ചട്ടം ‘ചട്ട’പ്രകാരത്തേക്കാൾ ‘പരിലാളന’മികവു് തെളിയിച്ചതു് തുറിച്ചു നോക്കുന്നതു് കൗരവപാണ്ഡവ പ്രേതങ്ങളാണോ? അല്ല? പിന്നെ? ഔഷധ സസ്യങ്ങളുടെ വൈവിധ്യശേഖരം, പിടിച്ചാൽ പിടി കിട്ടാത്ത വളർച്ച? സൈനിക യുദ്ധാഭിലാഷങ്ങളുടെ അന്തിമസാക്ഷാത്കാരം എന്നൊക്കെ തോന്നിയാൽ അതായിരിക്കും സത്യത്തോടടുത്ത സംഗതി. ജഡങ്ങൾ ചീയുന്ന ഗന്ധം? ഇല്ലേയില്ല അല്ലെ? അതാണു് കാര്യം. വരുംയുഗ വിനോദ സഞ്ചാരികൾ കുരുക്ഷേത്രത്തിലെ ഔഷധസസ്യങ്ങൾ വരിനിന്നു് വിലകൊടുത്തു മടങ്ങുമ്പോൾ, ആർക്കു വേണ്ടി, യെന്തിനെന്നറിയാതെ ജീവത്യാഗം ചെയ്ത സൈനിക ആത്മാവു മന്ത്രിക്കും-ഇതെനിക്കു് മനുഷ്യ വംശം അർപ്പിക്കുന്ന നിത്യശ്രാദ്ധം, കുടുംബ സ്വത്തു തർക്കത്തിനു് പ്രതിവിധി പോർക്കളമാണെന്ന നാടുവാഴി അഹന്തക്കു് കിട്ടിയ ‘പിണ്ഡ’ പ്രഹരം.”

“തുടയിലും അടിക്കും എന്നു് സംശയം തോന്നിയില്ലേ?”, കൊട്ടാരം ലേഖിക ചോദിച്ചു.

ഗദാപ്രഹരമേറ്റു പൊട്ടിയ തുടയെല്ലുമായി ചതുപ്പു നിലത്തിൽ, ഇച്ഛാശക്തി കൊണ്ടുമാത്രം, ഇരിക്കാൻ ശ്രമിക്കുകയായിരുന്നു കൗരവപോരാളി.

“എന്നെ മുടിയിൽ പിടിച്ചു കൊണ്ടുവരുമ്പോൾ ഭീമനോട്ടവും ശരീരചലനങ്ങളും അസാധാരണമായി. ഭീതിയും പ്രതികാരവും ഭീമമുഖത്തെ ക്രൂരമൃഗമാക്കി. അവൻ ആയുധമോങ്ങി. പാഞ്ചാലിയുടെ ഉടുതുണിയൂരിയതിലായിരുന്നില്ല ഭീമനൊമ്പരം. നഗ്നതുടയിൽ അവൾക്കിരിക്കാൻ ഞാൻ ഇടം കൊടുത്തതായിരുന്നു. “രോമം നിറഞ്ഞ വെളുത്ത തുട കാണിച്ചു പെണ്ണിനെ ഈ ജന്മം നീ മോഹിപ്പിക്കു്” എന്നു് പറഞ്ഞുകൊണ്ടവൻ ഗദ, അതിന്റെ ലക്ഷ്യത്തിലേക്കെടുത്തതോർമ്മയുണ്ടു് കുറുനരികളും കഴുകനും കൊത്തിപ്പറിക്കും മുമ്പു് പാണ്ഡവ വംശനാശത്തിനു് വേണ്ടി ചെയ്യാവുന്ന അവസാന തന്ത്രവും മെനഞ്ഞു മാത്രമേ ഈ ലോകത്തിൽ നിന്നു് ഞാൻ യാത്രയാവൂ.”

“നവവധുക്കളായി വന്നു നാളധികമായില്ല ഗാന്ധാരിയും കുന്തിയും നിങ്ങൾക്കെതിരെ തിരിഞ്ഞല്ലോ” കൊട്ടാരം ലേഖിക ഭീഷ്മരോടു് ചോദിച്ചു.

“ഞാൻ നീതിമാനാണു് അവിഹിതബന്ധങ്ങൾക്കു അനുഗ്രഹ പ്രഭാഷണം മറയാക്കൂന്ന ആധ്യാത്മിക നേതാവല്ല. കാഴ്ച പരിമിതനായ ധൃതരാഷ്ട്രർക്കും കായികക്ഷമതയില്ലാത്ത പാണ്ഡുവിനും പാടുപെട്ടു വധുവിനെ കൊണ്ടുവന്നു എന്നതിൽ കവിഞ്ഞവർ കാണരുതു് ഞാൻ പിതൃതുല്യൻ എന്നവരോടു് പറഞ്ഞതിന്റെ സാരാംശം ഉൾക്കൊള്ളാതെയവർ പ്രലോഭിച്ചാൽ വഴങ്ങുമെന്നു് കരുതിയോ നവവധുക്കൾ? സത്യവതിയും കാശിരാജകുമാരികളും സുന്ദരികളായിരുന്നു. ബ്രഹ്മചര്യം എന്നെ വഞ്ചിച്ചു വോ? പെണ്ണുടലിനുമുമ്പിൽ മുട്ടുമടക്കുമോ ഭീഷ്മാചാര്യൻ? കൊട്ടാരം ലേഖികയല്ലേ? കാത്തിരുന്നു് കാണുക.”

2019-05-21

“തടാകതീരത്തെ മരങ്ങൾക്കു താഴെ, ഹസ്തിനപുരിയിലൊന്നും കണ്ടിട്ടില്ലാത്ത തരം ചുവന്ന പഴങ്ങൾ. ഒന്നെടുത്തു കടിച്ചു നോക്കി. എത്രമേൽ ഹൃദ്യം രുചിയും മണവും. നിങ്ങൾക്കും ഇടക്കൊക്കെ കുറച്ചു പെറുക്കിക്കൊണ്ടുവന്നുകൂടെ, കൂട്ടംകൂടിയിരുന്നു സംസാരിക്കുമ്പോൾ വായിലേക്കെറിയാൻ? അക്ഷയപാത്രത്തിൽ നിന്നു് വാരിത്തിന്നുന്ന ധാന്യ ഭക്ഷണം കൊണ്ടു് തികയുമോ സൈനികക്ഷമതക്കു വേണ്ട കായികപോഷണം? അതോ, വവ്വാലുകൾ കടിച്ച പഴം തിന്നാൽ പനിവരുമെന്നു സന്യസ്ഥർ നിങ്ങളെയും പേടിപ്പിച്ചുവോ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“കൂട നിറയെ പഴം കൊണ്ടുവന്നശേഷം പാണ്ഡവർ കൈകൾ എറിഞ്ഞു പറഞ്ഞു, ഇനിയില്ല ഞങ്ങൾ പഴം പെറുക്കാൻ. കാരണം ചോദിച്ചപ്പോൾ, ചിതറിക്കിടക്കുന്ന ഓരോ പഴം പെറുക്കാനും ഭൂമിയോളം നിങ്ങൾ താഴണം. ഭൂമിയിൽ ആധിപത്യം സ്ഥാപിക്കാൻ, അതീതശക്തികളുടെ അധികാരപ്പെടുത്തൽ കിട്ടിയ പാണ്ഡവർക്കെങ്ങനെ കഴിയും, നിവർന്നു നിൽക്കേണ്ടവർ കുനിഞ്ഞു പെറുക്കണം ഓരോ പഴവും എന്നു് വച്ചാൽ?”വനവാസത്തിലും സ്വയം, പ്രവാസിമഹാരാജാവായി അഭിനയിക്കുന്ന യുധിഷ്ഠിരൻ, അക്ഷയപാത്രത്തിൽ നിന്നു് ഒരു പിടി ഭക്ഷണം വായിലേക്കെറിഞ്ഞു.

“നിങ്ങളുടെ ഭാവിയെന്താണു്?” കുരുക്ഷേത്രം ഒമ്പതാം ദിവസം രാത്രി സർവ്വസൈന്യാധിപൻ ഭീഷ്മരെ അതീവസുരക്ഷാ പാളയത്തിൽ യുദ്ധകാര്യലേഖകൻ കണ്ടെത്തി.

“കൌരവർ ഒരുക്കുന്ന വൃദ്ധസദനമെത്തയേക്കാൾ നല്ലതല്ലേ പാണ്ഡവർ തരാവുന്ന ശരശയ്യ?”

2019-05-22

“അനുശോചനത്തിനു കൊച്ചുവെളുപ്പാൻ കാലത്തു തന്നെ എത്തിയോ?”, കൊട്ടാരം ലേഖിക ചോദിച്ചു. യമുനാതീരത്തെ ശക്തിസ്ഥലിൽ, ശിരോവസ്ത്രങ്ങൾ ധരിച്ച ദുര്യോധനപുത്രിമാർ ധ്യാനത്തിലായിരുന്നു.

“രക്തസാക്ഷിദിനത്തിലും വേണോ കണ്ണിൽ ചോരയില്ലാത്ത ചോദ്യങ്ങൾ? ഹസ്തിനപുരിയെ സായുധ വിപ്ലവത്തിലൂടെ ധൃതരാഷ്ട്രരിൽ നിന്നു് തട്ടിയെടുക്കാനായിരുന്നു പാണ്ഡവർ, കുരുക്ഷേത്രയെ ദുരുപയോഗം ചെയ്തതു് ആയുധം വച്ചു് കീഴടങ്ങാനൊരു പൊതുവേദിയായി ദുര്യോധനൻ പാടുപെട്ടു പണിത കീഴടങ്ങൽ ഗ്രാമത്തെ ചോരപ്പുഴയാക്കിയതിന്റെ ഉത്തരവാദിത്വം ‘അനധികൃത’ രാജാവു് യുധിഷ്ഠിരൻ ഏറ്റെടുക്കണം. ആരെയും വെറുക്കരുതെന്നു പഠിപ്പിച്ച ദുര്യോധനൻ, ശത്രുക്കളെ കണ്ടാൽ ക്ഷമിക്കുമായിരുന്നു. മാരകമായി തുടയിലടിച്ച ഭീമനു കൈ കൊടുത്താണു് അച്ഛൻ യാത്രയായതു് ഇതൊരു സമാധി സ്ഥലമല്ല. രണോർജ്ജം പകരുന്ന ആയുധപ്പുര. ശിരോവസ്ത്രങ്ങൾ ധരിച്ചു പതുങ്ങി പ്പതുങ്ങി ഇവിടെ വന്ന ഞങ്ങളല്ല ഇപ്പോൾ വിവസ്ത്ര ശിരസ്സുമായി തിരിച്ചു പോവുന്ന ഞങ്ങൾ. പാണ്ഡവ ഭരണകൂടത്തെ പൊളിച്ചൊട്ടിക്കാൻ ഈ പെൺപട മതി.”

“യുധിഷ്ഠിരനെ കാണാൻ പൂച്ചെണ്ടുമായി രാജസഭയിൽ എത്തിയ ഈ മുഖം പരിചയമുണ്ടല്ലോ”, കൊട്ടാരം ലേഖിക ചാരവകുപ്പു മേധാവി നകുലനോടു് ചോദിച്ചു.

“യുദ്ധത്തിൽ ഉയിർ പോവാതെ രക്ഷപ്പെട്ട ഏക കൗരവ സൈനികൻ എന്ന ദേശീയ ബഹുമതിക്കർഹതയുള്ള കൃപാചാര്യൻ? രാജ്യം പിടിച്ചടക്കിയ പാണ്ഡവ ഭരണാധികാരിക്കു് ആശംസയുമായി വന്നതാണു് രാഷ്ട്രീയകാപട്യത്തിൽ യുധിഷ്ഠിരനെക്കാൾ ഒരു പണത്തൂക്കം മുമ്പിൽ. അയാളുടെ ലക്ഷ്യം അഭിമന്യുവിന്റെ മകൻ പരീക്ഷിത്തിന്റെ ഏകഗുരു എന്ന പദവി. താമസിക്കാൻ ആഡംബര മന്ദിരവും.”

2019-05-23

“മിണ്ടിപ്പറയാൻ സാവകാശം കിട്ടിയാൽ ഉത്തരം കിട്ടേണ്ട ഒരു ചോദ്യമുണ്ടു്-പാഞ്ചാലിയുടെ രാഗദ്വേഷങ്ങൾ ആദ്യത്തെ മൂന്നു് പാണ്ഡവവേഷങ്ങളോടാണു് ഈ ഗർവ്വിടങ്ങളിൽ നിങ്ങൾ, മാദ്രിയുടെ മകൻ, എവിടെ നിൽക്കുന്നു?”, കൊട്ടാരം ലേഖിക സഹദേവനോടു് ചോദിച്ചു. വേനൽ വറ്റിച്ചുതുടങ്ങിയ ജലാശയത്തിനു ചുറ്റുമുള്ള മരക്കൂട്ടങ്ങളിൽ അവർ നടന്നു.

“വിട്ടുപറയില്ല അവൾ ആഗ്രഹങ്ങളും അഭിലാഷങ്ങളും. ആ കണ്ണുകൾ പിടിച്ചെടുക്കാൻ നിങ്ങൾ ശ്രമിച്ചാലും, യഥാർത്ഥ മാനസികനില കാണില്ല. കൈവിരൽ ചലനങ്ങളും, മുഖഭാവങ്ങളും പരിഷ്കൃതവനിത എന്ന നിലയിൽ പ്രതികരണോപാധികളായി ഉപയോഗിക്കുന്നുണ്ടു്. കുറെയൊക്കെ നിങ്ങളും അഭിമുഖങ്ങളിൽ കാണുന്നതല്ലേ. ഉപാധിരഹിതപ്രണയത്തിന്റെ ഉപഭോക്താക്കളാവാൻ കുന്തിമാദ്രീ വ്യത്യാസമില്ലാതെ അഞ്ചുപേരും പാടുപെടുമ്പോൾ, അവളുടെ എണ്ണിച്ചുട്ട പ്രതികരണം, പൊറുക്കാൻ ഞങ്ങൾക്കാവുമോ?. അതുകൊണ്ടവൾ എന്താണെനിക്കു് പതിവായി വിധിക്കുന്ന ശിക്ഷ എന്നോ? മുട്ടുമടക്കി ഞാൻ അടിയറവു പറയും വരെ പെണ്ണാധിപത്യത്താലും അവഗണനയാലും, ചിലപ്പോൾ കെണിവച്ച രതിസമ്മാനങ്ങളാലും, പ്രലോഭിപ്പിച്ചു കൊണ്ടിരിക്കും. കീഴടങ്ങാതെ വയ്യ.”

“യുദ്ധവിജയം തർക്കവിഷയമായോ? അതോ അവകാശവാദം അരമന അംഗീകരിച്ചുവോ” കൈമുത്തി മുട്ടുകുത്തി കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.

“തോറ്റു ഒന്നെന്നേറ്റു പറയാൻ പ്രതിയോഗി ആരുമില്ലെന്നതൊരു വസ്തുതയല്ലേ? കൗരവ ജഡങ്ങൾ തിരിച്ചറിഞ്ഞു ശവസംസ്കാരത്തിനയച്ചില്ലേ? ഞങ്ങളഞ്ചുപേരും പോറലേൽക്കാതെയല്ലേ പോർക്കളം വിട്ടതു്? അതിൽ നിന്നൂഹിച്ചു കൂടെ ശത്രു എത്ര നിസ്സാരൻ?” പട്ടാഭിഷേകത്തിനു പുത്തനുടുപ്പുമായി വന്ന തയ്യൽക്കാരനോടു് അകത്തുവരാൻ വലതുകൈ നീട്ടിയ നിയുക്ത മഹാരാജാവു് പെട്ടെന്നു് കൊട്ടാരം ലേഖികയെ ഇടതുകൈ ആട്ടി കയ്യൊഴിഞ്ഞു.

“അവശനെന്നു തോന്നുന്നെങ്കിലും, സംസാരിച്ചു തുടങ്ങിയാൽ നാവും നോട്ടവും തീഷ്ണമാണല്ലോ”, കൊട്ടാരം ലേഖിക ചോദിച്ചു. സ്ഥാനത്യാഗം ചെയ്ത മുൻ ഹസ്തിനപുരി രാജാവിപ്പോൾ കാട്ടുകുടിലിൽ, കീറത്തുണി കൾക്കിടയിൽ കിടന്നു, “വൈകുന്നേരമായാൽ, കുന്തിയും മാദ്രിയും മേക്കഴുകി പൂചൂടി പടിയിറങ്ങുമ്പോൾ കുത്തിനോവിക്കുന്ന അസൂയ തോന്നാറില്ലേ?”

“അവിഹിതരതി സുതാര്യമായി ചെയ്യണമെന്നു് ശഠിക്കുന്ന കുന്തിക്കെന്റെ നമോവാകം. കായിക ക്ഷമതയില്ലാത്ത നിങ്ങൾക്കൊപ്പം കഴിഞ്ഞാൽ, രാജാവകാശം ചോദിച്ചുവാങ്ങാനുള്ള കുട്ടികളില്ലാതെ, പാണ്ഡുകുടുംബം നശിക്കാണോ, അതോ ‘ദേവരൂപി’കളായ പരപുരുഷന്മാരെ പ്രലോഭിപ്പിച്ചു ബീജസംഭരണം ചെയ്യണോ എന്നൊരു യുക്തിഭദ്രമായ ചോദ്യത്തിലൂടെയവൾ പ്രത്യാശ നൽകി. അരുതെന്നെങ്ങനെ ഞാനപ്പോൾ പറയും? പ്രകൃതി കനിഞ്ഞു നൽകിയ ഉടലഴകുകൾ മിനുക്കി സന്ധ്യക്കു് പുറത്തു പോവുമ്പോൾ, ആസ്വാദനരതിയെ കുറിച്ചല്ല ഞാൻ സ്വാർത്ഥയോടെ വിഭാവന ചെയ്യുക, മറിച്ചു പ്രകൃതിയുടെ കാരുണ്യത്തിലവർ നേടുന്ന ഉത്തമവിത്തുകളുടെ സംഭരണത്തെക്കുറിച്ചാണു്. ”

2019-05-24

“ഈ പൂവിനുവേണ്ടി അവനെ കാടായ കാടൊക്കെ ഓടിച്ചെന്നോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“നിങ്ങൾ മൊത്തം തെറ്റിദ്ധരിച്ചെന്നു വ്യക്തം. എന്നോടവൻ ഭർത്താവിൽ കവിഞ്ഞു പ്രണയം നടിക്കുന്ന പതിവുണ്ടു്. ഗാർഹികസാഹചര്യങ്ങളിൽ ഒരു സ്ത്രീക്കു അതൊക്കെ എത്ര തിരക്കിലും ശ്രദ്ധിക്കാനാവും. ഞാനതിൽ പ്രതിഷേധിക്കാറില്ല. എന്നാൽ ഒന്നും വിട്ടുകൊടുക്കാറുമില്ല. പായിൽ വിലപേശാനുള്ള സൗകര്യമായി പ്രണയത്തെ ഭർത്താക്കന്മാർ ദുരുപയോഗം ചെയ്യുന്നു എന്നതൊരു ലജ്ജാകരമായ പ്രലോഭനമെന്നൊന്നും കരുതുന്നുമില്ല. പ്രണയം ഞാൻ തിരസ്കരിച്ചില്ല എന്നതു് തന്നെയവൻ ചമൽക്കാരത്തോടെ പ്രദർശിപ്പിക്കാറുണ്ടു്. അതിനിടയിലാണു് ഈ പൂമണം, എനിക്കൊരു വിവാഹ പൂർവ്വ പ്രണയാനുഭവമായി വന്നതു് പൂമരം തന്നെ പിഴുതുകൊണ്ടു വരാമല്ലോ എന്ന കായികബല കേന്ദ്രിതമായ പ്രതികരണത്തിൽ നിന്നൂഹിക്കാം ആ ഹൃദയം എത്ര സരളം. പൂ തേടി വരാമോ എന്നൊന്നും ഞാൻ ചോദിക്കും മുമ്പു് തന്നെ പാദരക്ഷയോ ആയുധമോ ഇല്ലാതെയവൻ പടിയിറങ്ങുന്നതു് കണ്ടപ്പോൾ, ഇവരെയൊക്കെയാണോ കുന്തി ദേവ സന്തതികൾ എന്നു് വിശേഷിപ്പിക്കുക എന്നു് വിസ്മയിച്ചു”, കിടപ്പറയുടെ കൊച്ചുജാലകത്തിലൂടെ കാണാമായിരുന്നു, ഭീമൻ മരത്തിനു പിന്നിൽ ഒളിഞ്ഞുനിന്നവരെ തുറിച്ചുനോക്കി ചെവിയോർക്കുന്നതു്.

2019-05-25

“സമരമുഖത്തെ സജീവമാക്കിയ മുന്നണിപ്പോരാളി ഇപ്പോൾ രോഗിയാണെന്നു് കാണുമ്പോൾ വല്ലായ്മ തോന്നുന്നു. വിശന്നു കരയുന്ന കുട്ടികൾക്കു് അന്നം തയ്യാറാക്കാൻ പോലുമാവാതെ വിങ്ങുമ്പോഴും, കണ്ണുകളിൽ മിന്നലാട്ടമുണ്ടല്ലോ അതെന്താണു്?”, കൊട്ടാരം ലേഖിക സാന്ത്വനസ്പർശം ചെയ്തു.

“കൗരവരാജസ്ത്രീകളെ പതിനെട്ടുനാൾ കൊണ്ടു് അനാഥവിധവകളാക്കിയ ആ ‘കൊടുംഭീകര’നെ പിന്നിൽ നിന്നു് കയർ കുരുക്കിട്ടു് മുറുക്കി, തല മുണ്ഡനം ചെയ്തു പുള്ളികുത്തി, കഴുതപ്പുറത്തു നഗരികാണിക്കലിനു് കൊണ്ടുപോവാൻ പുതുതലമുറ കൗരവക്കുട്ടികൾക്കു സ്വപ്നങ്ങൾ നേരുകയായിരുന്നു. പ്രിയ മിത്രമേ, എത്രയെത്ര അഭിമുഖങ്ങൾ അന്തഃപുരത്തിൽ ചെയ്തു ഞങ്ങളെ ഹസ്തിനപുരിക്കു് പരിചയപ്പെടുത്തിയതാണു് ഇരിക്കൂ എന്നു് ക്ഷണിക്കാൻ ഈ പുനരധിവാസകേന്ദ്രത്തിൽ ഇരിപ്പിടം ഇല്ലല്ലോ.”

“ജ്വലിക്കുന്നല്ലോ കണ്ണുകൾ? രോഷമുയരാൻ എന്താണിത്ര വലിയ പ്രകോപനം?” കൊട്ടാരം ലേഖിക മഹാറാണിയുടെ കൈമുത്തി.

“നിങ്ങളൊക്കെ ലോകവാർത്തയാക്കിയ വസ്ത്രാക്ഷേപമൊക്കെ എത്ര നിസ്സാരം. ദുര്യോധനൻ അന്തഃപുരത്തിൽ നടപ്പാക്കിയ സ്ത്രീവിരുദ്ധ നടപടികൾ നേരിട്ടു് തെളിവെടുപ്പിലൂടെ കണ്ടപ്പോൾ ഞെട്ടിപ്പോയി. സ്ത്രീത്വത്തെ അവഹേളിക്കുന്നതെന്തെല്ലാം പരിഷ്കൃത ഹസ്തിനപുരി നിയമ സംഹിത പട്ടികയാക്കിയിട്ടുണ്ടോ അതെല്ലാം കുടിലകൗരവൻ എന്നോ തുടങ്ങി. ഇവനാണല്ലോ ദേശരത്നപുരസ്കാരം കൊടുത്തു രാജ്യം ആദരിച്ചതെന്നോർക്കുമ്പോൾ ആ അനീതിയോർത്തു ഞാൻ വിയർക്കുന്നു. കൗരവർ വിവാഹമാലോചിക്കുന്ന പെൺകുട്ടികൾ കന്യകമാരായിരിക്കണം എന്ന നിബന്ധന കണ്ടപ്പോൾ ചോര തിളച്ചു. വിവാഹിതകൾ ചാരിത്ര്യം സംരക്ഷിക്കണമെന്നും അവൻ നിഷ്കർഷിക്കുന്നു. ഇതൊക്കെ പ്രായോഗിക തലത്തിൽ ഉറപ്പുവരുത്തിയിരുന്നതു് ദുര്യോധനവിധവ. പ്രതിപക്ഷനേതാവെന്ന പദവി വഹിക്കുന്ന മഹിളാരത്നം ആൾ കൊള്ളാം. കുറച്ചു കാലമായി അവൾ പാണ്ഡവരുടെ പേർ പറഞ്ഞു എന്നെ സഹതാപ പൂർവ്വം പൊതുവേദിയിൽ പരാമർശിക്കുന്നുണ്ടു്. ബഹുഭർതൃത്വം ഞാൻ ചുളിവിൽ നേടിയെടുത്ത സൗഭാഗ്യമല്ല. ഭർത്തൃമാതാവു് ആദ്യരാത്രിയിൽ സ്വർണ്ണത്തളികയിൽ നീട്ടിയതാണു. ആദ്യരാത്രി എന്നോടൊപ്പം കിടക്കും മുമ്പു് പാണ്ഡവർ കന്യകാത്വം തെളിയിക്കണമെന്നു് ഞാൻ ആവശ്യപ്പെട്ടിട്ടില്ലാത്തതു പോലെ തന്നെ, വിവാഹശേഷം ആരോടൊപ്പം അവർ പായ പങ്കിടുന്നു എന്നോ, സ്വവർഗ്ഗഭോഗികളായിരുന്നോ എന്നതൊന്നും എനിക്കു് പരിഗണനാവിഷയമല്ല. വ്യത്യസ്ത ആവശ്യത്തിനുപയോഗിക്കാവുന്ന ജൈവിക ഉരുപ്പടികൾ എന്നതിൽ കവിഞ്ഞൊരു ആത്മീയനിർവൃതിയും അവരിൽ നിന്നു് പ്രതീക്ഷിക്കുന്നില്ല. കാരണം ഞാൻ ദുര്യോധന വിധവയെ പോലെ ആരോ പ്രസവിച്ച ഏതോ മനുഷ്യജന്മമല്ല, അയോനിജയാണു്, യാഗാഗ്നിയിൽ നിന്നുയർന്ന അപൂർവ്വയിനം സ്ത്രീയാണു്. ”

2019-05-26

“ഭർത്താവിലൊരാൾ കാലം ചെന്നാൽ ബാക്കി നാലു പേരെ ഓർത്തു നിങ്ങൾ ജീവിതം തുടരുമോ?, അതോ പരേതന്റെ ചിതയിൽ സതിയനുഷ്ഠിക്കുമോ?” കൊട്ടാരം ലേഖിക ചോദിച്ചു.

“ഭർത്താക്കന്മാർ ജീവിച്ചിരിക്കുന്നോ, മരിച്ചുപോയോ എന്നതൊന്നും വർത്തമാനകാല ജീവിതത്തിലെ പരിഗണനാ വിഷയമോ, ഭാവിജീവിത ആശങ്കയോ അല്ല. ജീവിതസാഹചര്യത്തിൽ അവരെനിക്കു് കൂട്ടായി എന്നതൊഴിച്ചാൽ, കരാറോ കരാർ ലംഘനമോ സതിയുമായി ഞങ്ങളെ ബന്ധപ്പെടുത്താനില്ല. ആ നിൽക്കുന്ന ഭീമനെ നോക്കൂ, കുന്തിയുടെ കുടിലനീക്കത്തിൽ, മാദ്രിയെ വലിച്ചെടുത്തു പാണ്ഡുചിതയിലെറിയേണ്ടി വന്നവന്റെ ദുഃഖഭാരം പാതിരാ നിലവിളികളിൽ ഒന്നിലധികം തവണ ഞാൻ കേട്ടതാണു്. ”

2019-05-27

“പാണ്ഡവതലയൊന്നും വെട്ടാത്തതിൽ പരിഭവിച്ചു പിതാമഹനോടു് കയർത്തുസംസാരിക്കുന്നതൊക്കെ ശരി, എന്നാൽ പോർക്കളത്തിൽ മികവു് കാണിക്കാത്ത അനുജന്മാരെ ശാസിച്ച അനുഭവമുണ്ടോ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

“എന്താ സംശയം? നിത്യവും രാത്രി പോരാട്ടപ്രകടനം വസ്തു നിഷ്ഠമായി വിലയിരുത്തിയേ ഒരു പോള കണ്ണടക്കൂ. ഇന്നലെ രാവിലെ ഒരു ഇളമുറ കൗരവർ വിതുമ്പി വന്നു സങ്കടം പറഞ്ഞു, കളിക്കൂട്ടുകാരായിരുന്ന പാണ്ഡവരുടെ ഇടനെഞ്ചിൽ ഞാനെങ്ങനെ വാൾ വീശും. യുദ്ധക്ഷമമല്ലാത്ത അത്തരം മൃദുലവികാരങ്ങൾ തുടച്ചുനീക്കാൻ, കൗരവമനോഭാവത്തിൽ തിരുത്തലിനായി അവനെ അപ്പോൾ തന്നെ അറവുശാലയിൽ വിട്ടു. കറവ വറ്റിയ വളർത്തു മൃഗങ്ങളെ ചോര ചീന്താതെ തലക്കടിച്ചു കൊന്നു തൊലി പൊളിച്ചു ഭക്ഷ്യയോഗ്യമായ ഇറച്ചിയാക്കി ഊട്ടുപുരയിലെത്തിക്കുന്ന പണിയിൽ മികവു് നേടിയാൽ മാത്രമേ, പോർക്കളത്തിൽ നിയമനം കൊടുക്കൂ. മാതൃകാപരമായിരുന്നു ശിക്ഷയെന്നു തെളിഞ്ഞു. എല്ലാ കൗരവരും ആയുധം മൂർച്ച കൂട്ടി.”

2019-05-29

“കുറ്റവാളികൾ പെരുകിയോ ഹസ്തിനപുരിയിൽ? ക്രമസമാധാന ചുമതല വഹിക്കുന്ന ഭീമന്റെ പരാതി ഇതാണ്: ആവശ്യത്തിനു് തികയുന്നില്ല. ഇനിയും വേണം വിലങ്ങുകൾ”, കൊട്ടാരം ലേഖിക ഭരണകൂട വക്താവിനോടു് ചോദിച്ചു.

“ആറു വിലങ്ങുകളാണു് ദുര്യോധന കാര്യാലയത്തിൽ ആകെ ഉണ്ടായിരുന്നതു് പാണ്ഡവരും പാഞ്ചാലിയും വന്നാൽ കയ്യോടെ പിടിച്ചു അകത്തിടാൻ. ഇന്നു് സ്ഥിതി അതാണോ? നിത്യവും കോട്ടവാതിലിനു മുമ്പിൽ നിങ്ങൾ കാണാറില്ലേ, കുരുക്ഷേത്രവിധവകളുടെ പ്രക്ഷോഭം അക്രമാസക്തമാവുന്നതു്? ഒന്നും ഞാൻ വിസ്തരിക്കേണ്ടല്ലോ നിങ്ങൾ നേർസാക്ഷിയല്ലേ. കാരാഗൃഹത്തിൽ എത്തിക്കും മുമ്പു് പ്രക്ഷോഭകാരികളെ കൂച്ചുവിലങ്ങിടേണ്ടേ? അരയിൽ കയറു കെട്ടി കൗരവവിധവകളെ വലിക്കാമോ? കള്ളച്ചൂതിൽ പൗരാവകാശം നഷ്ടപ്പെട്ടവരെ കൗരവർ അന്നു അങ്ങനെ ചെയ്തു എങ്കിലും, ഞങ്ങൾ അതു് കൗരവവിധവകളോടു് ചെയ്യാമോ? ഇപ്പോൾ ഉള്ള ആറു വിലങ്ങുകൾ ഒന്നു് മുറുക്കാൻ ശ്രമിച്ചാൽ കാണാം, അഴിയുന്നതു് ഭക്ഷ്യക്ഷാമം കാരണം മെലിഞ്ഞ കൈത്തണ്ടയുള്ള കൗരവവിധവകൾക്കു എളുപ്പം ഊരിയെടുത്തു ഓടി രക്ഷപ്പെടാൻ കഴിയുന്ന വിലങ്ങുകളും കൊണ്ടു് ഇനി ഞങ്ങൾ നടക്കുന്നതു് നാണക്കേടല്ലേ. ഇതു് നാം മാറ്റണം. കൗരവസ്ത്രീകളുടെ മൃദു കൈത്തണ്ടയിൽ മുറിവുണ്ടാക്കാത്തതും, ഭാരം കുറഞ്ഞതും, സ്വർണവളയുടെ നിറമുള്ളതും, ഇരുവശത്തും പൂട്ടിടാവുന്നതുമായ നവതലമുറ വിലങ്ങുകൾക്കു വേണ്ടി ഭീമൻ കർത്തവ്യബോധത്തോടെ ഓടിനടക്കുമ്പോൾ, നിങ്ങൾ അതൊരു പരിഹാസ വിഷയമാക്കുന്നതു രാജ്യദ്രോഹത്തിനു സമമല്ലേ? യുദ്ധാനന്തര യുധിഷ്ഠിരഭരണകൂടത്തെ പ്രതിരോധത്തിലാക്കുന്ന വിധം ക്രമസമാധാന പ്രശ്നം നിങ്ങൾ വക്രീകരിച്ചാൽ, കോട്ടക്കകത്തെ സൗജന്യവസതിയും ഊട്ടുപുരയിൽ സമൃദ്ധ ഭക്ഷണവും പുനഃപരിഗണനക്കു വിധേയമാകുമേ.”

2019-05-30

“മരണവാർത്ത നിങ്ങൾ എങ്ങനെയാണു അറിയിച്ചതു്?”, ധൃതരാഷ്ട്രഭൃത്യനായ സഞ്ജയനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“തിന്ന ഉപ്പിനു നന്ദി കാണിക്കാത്ത സൂതൻ എന്ന ആരോപണം നേരിടേണ്ടി വന്നാലും, ഇപ്പോൾ ഏറ്റു പറയട്ടെ, കൗരവാക്രമണത്തിൽ കൗമാരപോരാളി പൂപോലെ ഞെരിയുന്നതു വിതുമ്പിക്കൊണ്ടറിയിച്ചപ്പോൾ ‘ബലേ ഭേഷു്’ എന്നു് പറഞ്ഞു സിംഹാസനത്തിൽ നിന്നു് ചാടിയെണീറ്റു തുടങ്ങിയ ധൃതരാഷ്ട്ര ‘ഇളകിയാട്ടം’ നിലക്കാൻ വിദുരർ ഇടപെടേണ്ടിവന്നു. കർണ്ണൻ അഭിമന്യുവിന്റെ ഇടനെഞ്ചിലേക്കു വാൾ കുത്തി കയറ്റിയപ്പോൾ, “ശവത്തിൽ കുത്താതെടാ തന്തക്കു പിറക്കാത്തവനേ” എന്നു് വിങ്ങിപ്പൊട്ടി ധൃതരാഷ്ട്രരുടെ സമ്മതം ചോദിക്കാതെ ഞാൻ വീട്ടിലേക്കു പോയി.”

“മത്സരം ജയിച്ച അർജ്ജുനൻ ഭർത്താവായപ്പോൾ നിങ്ങളുടെ കണ്ണുകളിൽ മിന്നിയ പ്രണയോർജ്ജം ഞാൻ ഓർക്കുന്നു. പിന്നെ എപ്പോഴാണു് അയാളെ കാണുമ്പോഴേക്കും മുഖം തിരിക്കാൻ തുടങ്ങിയതു്? രാജസൂയ യാഗത്തിൽ യുധിഷ്ഠിരപങ്കാളിയായാൽ മാത്രമേ ഇന്ദ്ര പ്രസ്ഥം ചക്രവർത്തിനിയാവൂ എന്ന ആചാരവിധിയിൽ കുടുങ്ങിയപ്പോൾ, പ്രിയപ്പെട്ടവനെ നിങ്ങൾ തിര സ്കരിച്ചുവോ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. അന്തഃപുര ജാലകത്തിലൂടെ കാണാമായിരുന്നു, കാല വർഷത്തിന്റെ കുത്തൊഴുക്കിൽ യമുനാതീരത്തെ വൻമരക്കൂട്ടങ്ങൾ.

“ഊഴം വച്ചു് ബീജദാനത്തിനായി കിടന്ന ദിവസങ്ങളിൽ ഈർഷ്യയോടെ ഞാൻ ശ്രദ്ധിച്ചു, നവവധുവായിരിക്കുമ്പോൾ തന്നിരുന്ന കേശാദിപാദപരിലാളന ഇപ്പോൾ ഇല്ല. മറ്റുനാലു പാണ്ഡവരിൽ നിന്നെന്ന പോലെ പ്രത്യേക പരിഗണനയൊന്നുമില്ലാതെയാണു് ഞാനവനിൽ നിന്നും ബീജസംഭരണം ചെയ്യുന്നതെന്ന അറിവാണവനെ അവശനാക്കിയതെന്നുണ്ടോ? ‘ദാമ്പത്യവഞ്ചനയാണു് ബഹുഭർത്തൃത്വം’ എന്നവൻ മുനവച്ചു സൂചിപ്പിച്ചപ്പോൾ, ശരിക്കും കുന്തിയുടെ കുബുദ്ധിയല്ലേ അതെന്നു ഞാൻ തിരിച്ചടിച്ചു. ‘ഇണചേരുമ്പോഴും നീ അമ്മയെ വലിച്ചിഴക്കുന്നോ?’ എന്നു് പ്രതിഷേധിച്ചു കിടപ്പറയുടെ ഇരുട്ടിൽ എനിക്കെതിരെ അവൻ ‘വെളിച്ചപ്പെ’ടാൻ തുടങ്ങി. നാവിൽ നിന്നു് എന്തൊക്കെ പുറത്തുവന്നു എന്നറിയാൻ സ്വനഗ്രാഹിയന്ത്രമൊന്നും ഇല്ലാത്തതു കൊണ്ടു്, ഓർമ്മയെ ആശ്രയിക്കണം. അർജ്ജുന പുരുഷത്വത്തെ പരിഹസിച്ചു എന്നാണോർമ്മ. നിന്നെക്കാൾ സ്പർശനമികവോടെ കിന്നരിക്കാൻ നകുലനും സഹദേവനും ഉണ്ടെന്ന തിരിച്ചടിയിൽ പുരുഷത്വം തകർന്നു. ഊഴമനുസരിച്ചു പ്രത്യുൽപ്പാദന രതി പ്രയോജനപ്പെടുത്താതെ, ഒരു പുരുഷനു് ഭാര്യയോടു് ചെയ്യാവുന്ന ഹീനപ്രതികാരത്തിനു് പടിയിറങ്ങി, പിന്നെ കേട്ടതു് കടലോരദ്വാരകയിൽ സുഭദ്രയെന്നൊരു വധുവിനെ തരപ്പെടുത്തി എന്നാണു. അറിഞ്ഞു എന്നു് അന്നു് നടിച്ചില്ല ഇന്നും നടിക്കുന്നില്ല. ‘വിഴുപ്പുകെട്ടു’ ചുമന്നു നിങ്ങൾ വശം കെട്ടു എങ്കിൽ, പനയോലക്കെട്ടുകൾ മാറ്റി, മണ്ണിളക്കിപിടിക്കൂ. ഇന്നു് പകൽ മുഴുവൻ യമുനയുടെ തീരത്തു ഗർഭകാലശുശ്രൂഷക്കുള്ള പച്ചില മരുന്നു ചെടികളുടെ മഴക്കാലപരിചരണമാണു്.”

2019-05-31

“നവജാതശിശുക്കളെ മുക്കിക്കൊല്ലുന്ന ഭീകരജീവിയായി ശന്തനു നിങ്ങളെ ഹസ്തിനപുരിയിൽ ചിത്രീകരിക്കുന്നതിൽ കാര്യമുണ്ടോ? ഏഴു കുഞ്ഞുങ്ങളെ വകവരുത്തിയെന്നാണു് മഹാരാജാവു് പരസ്യമായി ഏറ്റുപറഞ്ഞതു്”, കൊട്ടാരം ലേഖിക ഗംഗയോടു് ചോദിച്ചു.

“പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നു പോവുന്ന നിർഭാഗ്യവതികളായ അമ്മമാരുടെ ശാരീരികവും വൈകാരികവുമായ പ്രശ്നങ്ങളെ കുറിച്ചെന്തെങ്കിലും അയാൾക്കറിയാമോ? പാലൂട്ടാ നിഷ്ടപ്പെടുന്നോരമ്മയെങ്ങനെ അയാളുടെ കരിങ്കണ്ണിൽ കൊലയാളിയായി? തീവ്രവൈകാരികവ്യതിയാനമുണ്ടാകാൻ സാധ്യതയുള്ള പ്രസവാനന്തര പ്രതിസന്ധിയെ അയാൾ എത്ര കൗശലപൂർവ്വം ഭീകരപ്രവർത്തനത്തിനുള്ള ഭൂമികയായി പ്രഖ്യാപിച്ചു. തൂങ്ങിക്കിടക്കുന്ന വയറും കറുത്തിരുണ്ട കഴുത്തുമൊക്കെ കാണുമ്പോള്‍ ഉണ്ടാകുന്ന നിരാശ പലര്‍ക്കും മനസ്സിലാകണമെന്നില്ല എന്നൊക്കെ ഒഴുക്കൻ രീതിയിൽ നിങ്ങൾ പറഞ്ഞാൽ ഞാൻ നേരിട്ട പ്രശ്നത്തിനു് പരിഹാരമാവുമോ? ഗര്‍ഭകാലത്തെല്ലാം വാരിവലിച്ചു കഴിച്ചിരുന്ന എനിക്കു് പ്രസവം കഴിഞ്ഞപ്പോൾ വിശപ്പു് തീരേയില്ലെന്ന അവസ്ഥയായി എന്നയാൾ തന്നെ സമ്മതിക്കുന്നുണ്ടല്ലോ. എന്നാൽ എനിക്കു് അതിനെക്കാളൊക്കെ വിഷമം, കുഞ്ഞിനുവേണ്ട മുലപ്പാല്‍ കിട്ടുന്നില്ലല്ലോ എന്നോര്‍ത്തായിരുന്നു. കുഞ്ഞു കിടന്നു കരയുമ്പോൾ പെറ്റതള്ളക്കു നോവില്ലേ. ബീജദാതാവു് മാത്രമായ അലസരാജാവിനെ ചടുലമായി ഒന്നു് ഓർമ്മിപ്പിക്കാൻ കുഞ്ഞിനെ പുഴയിൽ എടുത്തെറിയുമെന്നു് ഞാൻ ഭീഷണിപ്പെടുത്തിത്തുടങ്ങി. ‘അരുതേ അരുതേ’ എന്നു് വിലപിക്കാനല്ലാതെ അയാൾ എന്തു് ചെയ്തു എന്നന്വേഷിക്കൂ. ഓരോ പ്രസവത്തിനു ശേഷവും ഞാൻ ആത്മഹത്യക്കു ശ്രമിച്ചു. അപ്പോൾ അയാൾ കാലിൽ വീഴും, പകരം കുഞ്ഞിനെ പുഴയിലൊഴുക്കാൻ പരോക്ഷമായി പ്രേരിപ്പിക്കും. വിരസമായ ശാരീരികബന്ധം കഴിഞ്ഞാൽ മാസമുറ തെറ്റിയോ എന്ന പ്രത്യാശാഭരിതമായ ചോദ്യവുമായി എന്നെ ഇടയ്ക്കിടെ അന്തഃപുരത്തിൽ പിടികൂടും. എല്ലാറ്റിനുമില്ലേ അതിരു്? ഏഴു കുഞ്ഞുങ്ങളുടെ കാര്യത്തിലും അതുണ്ടായി എന്നതിൽ കവിഞ്ഞൊരു ക്ഷമാപണവും തരാൻ ഞാനാളല്ല. മാതൃത്വത്തേക്കാൾ വലിയ മാനവസങ്കല്പങ്ങൾ ഉണ്ടു്. അതൊക്കെ മാടമ്പി ശന്തനു എങ്ങനെ അംഗീകരിക്കാനാണു് അല്ലെ.”

“ദശാബ്ദങ്ങളോളം കൂട്ടായിരുന്നവർ തിരിഞ്ഞു നോക്കാതെ കാൽ മുന്നോട്ടു വെക്കുമ്പോൾ, അവസാനമായി ചോദിക്കട്ടെ, പാണ്ഡവർ നിങ്ങൾക്കെന്തായിരുന്നു?”, സന്ധ്യാദീപ്തി മുഖത്തു് തെളിഞ്ഞു. നേർത്ത വിലാപം പോലെ, ഹിമാലയ താഴ്‌വരയിൽ കാറ്റു വീശി. വടക്കൻ മലകളിലേക്കുള്ള അന്തിമപദയാത്ര തുടർന്ന പാണ്ഡവർ കാഴ്ച്ചയിൽ നിന്നു് മറഞ്ഞു. സന്ധ്യ കനക്കുകയാണു് പാഞ്ചാലി മരിക്കുകയാണു്.

“അവർക്കിഷ്ടപ്പെട്ട ശരീരഭാഗങ്ങൾ മത്സരിച്ചോമനിച്ചു. അവർ തിരസ്കരിച്ച ഹൃദയം കത്തിച്ചാമ്പലാകട്ടെ.”

2019-06-01

“ഈ വിചിത്ര വനിതയുമായുള്ള സ്മരണകൾ പങ്കിടാൻ പറയുമ്പോൾ മുഖം കറുപ്പിക്കുന്നതെന്തിനാണു്?” കുഴഞ്ഞുവീണു മരിച്ച പാഞ്ചാലിയുടെ ജഡം ആവുന്നത്ര ആഴത്തിൽ മറവു ചെയ്തു, അരുവിയിൽ കുളിച്ചു പാണ്ഡവരെ പിന്തുടർന്നെത്തിയ കൊട്ടാരം ലേഖിക, വഴിയിൽ വിശ്രമിക്കുകയായിരുന്ന മാദ്രിപുത്രനോടു് ചോദിച്ചു.

“വിപൽസൂചകമായിരുന്നു വിവാഹം. ഭംഗി കണ്ടു സ്വന്തമാക്കാൻ രഹസ്യമായി കൊതിച്ചു എന്നതാണു് ആദ്യദുരന്തം. സമഭാവനയോടെ പങ്കിടാൻ കുന്തി നിർദേശിച്ചതായിരുന്നു രണ്ടാമത്തെ ദുരന്തം. ആണുങ്ങളഞ്ചുപേരും ഊഴം കാത്തു കിടപ്പറക്കു വെളിയിൽ ഒറ്റക്കാലിൽ നിൽക്കണമെന്നവൾ നടപടിക്രമം ഉണ്ടാക്കി. അപമാനമാണിതെന്നു പറയാൻ ആരും മുതിർന്നില്ല. കൗരവരുമൊത്തു കള്ളച്ചൂതാടുമ്പോൾ ‘ഞാൻ രജസ്വല ഞാൻ അല്പവസ്ത്ര’ എന്നു് നിർല്ലജ്ജം പ്രഖ്യാപിച്ചു കൗരവസഭയിൽ ഇടിച്ചു കയറി, ദുര്യോധനന്റെ പ്രലോഭനത്തിനു വഴങ്ങി, നഗ്നതുടയിൽ കയറിയിരിക്കാൻ മുതിർന്ന പാഞ്ചാലി പിന്നീടു്, അടിമജീവിതത്തിൽ, കൗരവചാരയായി പന്ത്രണ്ടു വർഷ വനപർവ്വത്തിൽ മാനസിക പീഡനത്താൽ ഞങ്ങൾക്കു് നിത്യോപദ്രവ പീഡകയായി എന്നതാണു് പാണ്ഡവ സഹോദരർക്കേറ്റ യാതന. പാപഭാര ത്താൽ കുഴഞ്ഞുവീണു മരിച്ചു എന്നതാണു്, മേലെ മേലെ മേഘമാലകൾക്കു മുകളിലൊരു ന്യായാധിപനുണ്ടെന്നതിന്റെ ദൃഷ്ടാന്തം. ഇനി ഞങ്ങളെ വെറുതെ വിടൂ. ഈ ഭൂമിയുമായുള്ള ബന്ധം ഒന്നൊന്നായി വിച്ഛേദിക്കട്ടെ.” അപമാനബോധത്താൽ ആ മാദ്രിപുത്രൻ മുഖം പൊത്തി.

“നിങ്ങൾ നോക്കി നിൽക്കുമ്പോഴല്ലെ ചവിട്ടിയും കുത്തിയും കൌരവർ ആ കുട്ടിയെ പച്ചക്കു് കൊന്നതു്? ഗദയും കുന്തവും ഉണ്ടായിരുന്നില്ലേ, ചക്രവ്യൂഹം ഭേദിച്ചു് അവനെ പൊക്കി പുറത്തുചാടാമായിരുന്നില്ലേ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. അഭിമന്യുവിന്റെ ശവദാഹം കഴിഞ്ഞു പാണ്ഡവർ യമുനയിൽ മുങ്ങി നിവരുന്ന രാത്രി. മകൻ മരിച്ച ദുഃഖത്തിൽ സുഭദ്രക്കൊപ്പമായിരുന്നു അർജ്ജുനൻ.

“വ്യത്യസ്ത പിതൃത്വമുള്ള പാണ്ഡവക്കുട്ടികൾ അന്യായമായി കൊല്ലപ്പെട്ടാലും, ഒരൊറ്റ അച്ഛനിൽ പിറന്ന കൗരവർ പ്രതികാര വധത്തിനു ഇരയാവരു തെന്ന ദ്രോണവചനം ഓർമ്മവന്നതാണപ്പോൾ തടസ്സമായതു്. ”

“അനുസ്മരണ പ്രഭാഷണം കേൾക്കാൻ ഇന്നലെ സന്ധ്യക്കു് നിങ്ങൾ പോയിരുന്നു അല്ലെ?”, ഗംഗയിലെ ചിറ്റോളങ്ങൾ തെറുപ്പിച്ചു് യുദ്ധകാര്യ ലേഖകൻ ചോദിച്ചു, “ഹസ്തിനപുരിയുടെ അഖണ്ഡത സംരക്ഷിക്കാൻ ജീവൻ ബലികൊടുത്ത ധീരദേശാഭിമാനി ദുര്യോധനനെ കുറിച്ചു് മഹാരാജാവു് യുധിഷ്ഠിരൻ എന്തൊക്കെ വികാരഭരിതനായി പറഞ്ഞു എന്നൊന്നും ഞാൻ ചോദിക്കുന്നില്ല. എന്തൊക്കെ പറയാതെ വിട്ടു?”

“ഉള്ളിൽ ഉള്ളതൊന്നും തുറന്നു പറയാത്ത ഭരണാധികാരി വാചാലത കൊണ്ടു് വേണം പ്രഭാഷണത്തിൽ ഓട്ടകളടയ്ക്കാൻ എന്നു് തക്ഷശിലയിൽ വിദ്യാർത്ഥിയായിരുന്നപ്പോൾ കേട്ടതു് യുധിഷ്ഠിരന്റെ അനു സ്മരണപ്രഭാഷണം എന്നെ ഓർമ്മിപ്പിച്ചു.”

“നിങ്ങളെ കണ്ടാൽ അർദ്ധസത്യം എന്ന വാക്കിനു കോമളശരീരം കിട്ടിയ പോലെ തോന്നും. എങ്ങനെ പ്രതിരോധിക്കും അപകീർത്തിപരമായ ഇത്തരം ആരോപണം ഉയർന്നാൽ?” കൊട്ടാരം ലേഖിക ചോദിച്ചു.

“ആരോപണമാണോ? വെറുമൊരു അഭിപ്രായമല്ലേ? അതപകീർത്തിപരമാണോ? അപനിർമ്മിതി മാത്രമല്ലേ? ‘അർദ്ധസത്യവാൻ’ എന്നതൊരു അംഗീകാരമായി കാണേണ്ടേ? ‘അർദ്ധസത്യം’ ഞാനുച്ചരിച്ചതു ധ്യാനം ചെയ്യുമ്പോഴാണോ? അതോ കുരുക്ഷേത്രയിൽ കൈമെയു് മറന്നു ശത്രുവിനെ വളഞ്ഞിട്ടു കൊല്ലുമ്പോഴോ? പോരാട്ടത്തിന്നിടക്കു് ആശംസയർപ്പിക്കുകയായിരുന്നില്ല, മറിച്ചു ‘അജയ്യ’നായ ശത്രുവിനെ വീഴ്ത്തും മുമ്പു് നിരായുധനാക്കുന്നതിനൊരു പൊടിക്കൈ നോക്കിയതായിരുന്നു. അതുച്ചരിക്കുമ്പോൾ കൗരവരും പാണ്ഡവരും പരിപൂർണ്ണ നിശബ്ദതയിൽ നിന്നു കേട്ടു. യുദ്ധം ജയിക്കാനുള്ള ആദ്യ പടി. ചെറിയൊരു പടി. എന്നാൽ അതവിടെ വേണം എന്നതു് മനഃസാക്ഷിയുടെ പ്രേരണയുമായിരുന്നു.” കൗരവ സർവ്വ സൈന്യാധിപനായിരുന്ന ദ്രോണാചാര്യന്റെ ശവസംസ്കാരത്തിൽ പങ്കുകൊണ്ട ശേഷം മുങ്ങിക്കുളിക്കാൻ പുഴയിലേക്കിറങ്ങുകയിരുന്നു യുധിഷ്ഠിരൻ.

2019-06-02

“ജീവിതസായാഹ്നത്തിലാണല്ലോ ജീവപര്യന്തം തടവു ശിക്ഷ കിട്ടാവുന്ന ആരോപണങ്ങൾ? പാണ്ഡുമരണവും മാദ്രിസതിയും അസ്വാഭാവികമായിരുന്നു എന്നവർ വാദിക്കുമ്പോൾ, കുഴഞ്ഞു പോവുമോ? വെറുതെ വിടില്ല ദുര്യോധനൻ”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. മക്കൾ ഖാണ്ഡവ വനത്തിലേക്കു് കുടിയേറിയപ്പോൾ, മുൻ കുരുവംശ മഹാറാണി ഹസ്തിനപുരിയിൽ ഒതുങ്ങിയിരുന്നു.

“കിടപ്പുരോഗി പാണ്ഡുവിനു് അന്നം കൊടുത്തിരുന്ന മാദ്രി, പ്രത്യുൽപ്പാദനത്തിനായി പൂചൂടി പുറത്തു പോവാൻ തുടങ്ങിയപ്പോൾ, മൂന്നു ആൺകുട്ടികൾ ഉണ്ടായിരുന്നിട്ടും ഞാൻ രോഗീ ശുശ്രൂഷ ചെയ്തതൊക്കെ സന്യസ്ഥ സമൂഹത്തിന്റെ പ്രശംസ നേടിയിരുന്നതല്ലേ. പ്രസവത്തിനും നവജാതശിശു പരിചരണ ഇടവേളകഴിഞ്ഞു മാദ്രി ശുശ്രൂഷ ഏറ്റെടുത്ത കാലത്താണു് പാണ്ഡു പിടഞ്ഞുവീണു മരിച്ചതു്. സന്യസ്ഥർ വന്നു ജഡം കണ്ടപ്പോൾ “സ്വന്തം വസതിയിൽ കിടന്നു മരിക്കാൻ അവസരം കിട്ടിയ ഭാഗ്യജന്മം” എന്നല്ലേ അനുസ്മരിച്ചതു്? പാണ്ഡുചിതയിലേക്കു സതിയനുഷ്ഠിക്കാൻ മാദ്രിയെ കൊണ്ടുപോവുമ്പോൾ, അവൾ നിലവിളിച്ചതു പ്രതിഷേധം കൊണ്ടായിരുന്നു എന്നല്ല കണ്ടുനിന്ന ജനത്തിനു് തോന്നിയതു് ഭർത്താവിന്റെ ദേഹവിയോഗത്തിൽ അനിയന്ത്രിത ദുഃഖം അനുഭവിക്കുന്നവളുടെ നിസ്സഹായതയായിരുന്നു. അവളെ ചിതയിലേക്കു് നേർവഴി നയിക്കുകയായിരുന്ന പ്രവർത്തിയിൽ നിങ്ങൾ കൊലപാതകശ്രമം കാണുന്നതു് പോലെ ദുര്യോധനൻ കാണുമെന്നെനിക്കു തോന്നുന്നില്ല. അവൻ നീതിമാൻ, അവൻ വിധിപറയും പ്രകൃതിയുടെ കൽപ്പന കുന്തി നിർവ്വഹിച്ചു.

2019-06-03

“അരമണിക്കൂറായി അക്ഷമയോടെ കാത്തിരിക്കുന്നു. അർദ്ധരാത്രിയോടെ യാത്ര തിരിച്ചാലേ നാളെ രാവിലെ ഹസ്തിനപുരി ചുവരെഴുത്തുപതിപ്പുകളിൽ പുത്തൻ യുദ്ധവർത്ത കൊടുക്കാനാവൂ. അതൊക്കെ നിങ്ങൾ ക്കറിയാവുന്നതല്ലേ? ഇരുപക്ഷവും ഉരുട്ടിയ തലകൾ എത്രയെന്നു മാത്രമല്ല, ആരുടെയൊക്കെ തലകൾ എന്നും വ്യക്തമായി അറിയണം’, കുരുക്ഷേത്രയിൽ പാണ്ഡവ വക്താവായ നകുലനോടു് കൊട്ടാരം ലേഖിക പരാതിപ്പെട്ടു. ഒമ്പതാം ദിവസം.

“ശ്വാസം പിടിച്ചു ചെവിയോർക്കുക. ദുര്യോധനൻ ഭീഷ്മപാളയത്തിലേക്കു കുതിച്ചുകയറുന്നതു കണ്ടാണു് ഞാനും നിങ്ങളെപ്പോലെ ഇങ്ങനെ ഒളിഞ്ഞിരുന്നു കാത്തിരിപ്പു തുടങ്ങിയതു് എന്തോ അവിടെ സംഭവിച്ചിട്ടുണ്ടു്. കഴിഞ്ഞ എട്ടൊമ്പതു ദിവസങ്ങളിൽ ദുര്യോധനസന്ദർശനം ഇങ്ങനെ വൈകുമായിരുന്നില്ല. പിതാമഹന്റെ പോർക്കളമികവു് മെച്ചപ്പെടുത്താൻ മധുരം കലക്കിയ പ്രചോദന പ്രഭാഷണത്തിനല്ല ദുര്യോധനൻ ഇവിടെ വരിക. വിരൽ ചൂണ്ടി സർവ്വ സൈന്യാധിപനെ ഒന്നു് വിറപ്പിക്കാനാണു് ഇന്നെന്തുസംഭവിച്ചു എന്ന തറിയും വരെ എനിക്കും കൂടണയാനാവില്ല. ഭീഷ്മരെ സൈന്യാധിപ പദവിയിൽ നിന്നു് ദുര്യോധനൻ മാറ്റിയോ? അതോ, ഇടഞ്ഞെല്ലാം ഇട്ടെറിഞ്ഞു ഭീഷ്മർ കടന്നു പോവുമോ. ഒമ്പതു ദിവസം കഴിഞ്ഞിട്ടും ഒരു പാണ്ഡവതല പോലും ഭീഷ്മർക്കുരുട്ടാനായിട്ടില്ല എന്നതോർക്കുമ്പോൾ ദുര്യോധനൻ ആകെ നിന്നു് കുലുങ്ങുകയാണു് കാത്തിരിക്കൂ-അപൂർണ്ണവാർത്തയുമായി നിങ്ങൾ പൊയ്ക്കളയരുതു് നാളെ പിതാമഹൻ ആയുധം താഴെയിട്ടു കൂരമ്പേൽക്കാൻ നെഞ്ചു് വിരിച്ചു ശത്രുവിനു മുമ്പിൽ നിന്നു് കൊടുക്കുമെന്നാണു് സഹദേവൻ ഊഹിക്കുന്നതു്. ആത്മഹത്യ ചെയ്ത അംബയുടെ പ്രതികാരജന്മം ഭീഷ്മരെ കീഴ്പ്പെടുത്തുമോ? അതോ സഹദേവന്റെ പ്രവചനസ്വരം ഇത്തവണയും തെറ്റുമോ?”

“വിവാഹ വാർഷികത്തിനു് അനുമോദിക്കാൻ പോവുകയാണോ?” കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു ചോദിച്ചു. “പാരാവാരങ്ങൾ പുകഴ്ത്തിയ പ്രശസ്ത ദാമ്പത്യമല്ലേ. അംഗീകൃത ഭർത്താക്കന്മാർ അഞ്ചു പേർ മാത്രമാണെങ്കിലും പാഞ്ചാലിയുടെ കമിതാക്കൾ നൂറു പേരും കൌരവർ ആയിരുന്നില്ലേ.”

പുനരധിവാസകേന്ദ്രത്തിലെ തൊണ്ണൂറ്റി ഒമ്പതു് കൗരവ വിധവകളും അനുകൂലഭാവത്തിൽ തലയാട്ടി.

“പാണ്ഡവതല കൊയ്യാൻ കൗരവർക്കൊപ്പം വാളെടുത്ത കൃപാചാര്യൻ ഇതാ രാജസഭയിൽ വാ നിറയെ നിങ്ങൾക്കു് ആശംസ പറയുന്നു. ഇതെന്താ ഭരണമാറ്റത്തിൽ ഇങ്ങനെയൊരു മനംമാറ്റം?” സഭ പിരിഞ്ഞു അംഗങ്ങൾ ഊട്ടുപുരയിലേക്കു ധൃതിയിൽ നീങ്ങുമ്പോൾ കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.

“ഇന്നു് ഹസ്തിനപുരിയിൽ ഏറ്റവും വില പിടിച്ച വസ്തു കൊട്ടാരം ഊട്ടുപുരയിൽ കിട്ടുന്ന സൗജന്യ ഭക്ഷണമാണു്, നിലപാടുതറയല്ല. എന്നറിയാമായിരിക്കും, നിങ്ങളെ പോലെ കൃപാചാര്യനും.”

“കൗരവപക്ഷത്തെ ചിലർ ഗുരുതരമായി പരുക്കേറ്റയിടത്തേക്കു അത്യാവശ്യ മരുന്നുമായി ഓടിക്കിതച്ചെത്തിയ വനിതാ ആരോഗ്യപ്രവർത്തകയെ കുന്തമെറിഞ്ഞു കൊന്നതിൽ മനുഷ്യത്വമുള്ളവരെല്ലാം കോപം കൊണ്ടു് ജ്വലിക്കുന്നല്ലോ. യുധിഷ്ഠിരൻ എറിഞ്ഞ കുന്തം കയറിയാണവളുടെ നെഞ്ചു് പിളർന്നതെന്ന വാസ്തവം എങ്ങനെ ഞങ്ങൾ വെളിപ്പെടുത്താതിരിക്കും? മാധ്യമപ്രവർത്തനം ശരിക്കും മാരകം”, കൊട്ടാരം ലേഖിക പാണ്ഡവസൈനിക വക്താവായ നകുലനോടു് ചോദിച്ചു.

“എന്തിനു മാധ്യമങ്ങൾ സത്യം മുഴുവൻ പറഞ്ഞു കൂടാ? കൺവെട്ടത്തിലുണ്ടായിരുന്ന സ്ത്രീയാണു് കൊല്ലപ്പെട്ടതു് നീലയും ചുവപ്പും ധരിക്കുന്ന കൗരവ പാണ്ഡവസൈന്യങ്ങളിൽനിന്നു് വ്യത്യസ്തമായി, അവൾ വെളുത്ത വസ്ത്രമാണു് ഉടുത്തിരുന്നതു് അവൾ പക്ഷം നോക്കാതെ രാപ്പകൽ മുറിവേറ്റവർക്കു മരുന്നും സാന്ത്വനവും നൽകി. ഇതൊക്കെയല്ലേ ഒരു വിഭാഗം സത്യങ്ങൾ? ഇനി ഞങ്ങളുടെ സത്യങ്ങൾ നിങ്ങൾ അറിയണം. യുധിഷ്ഠിരനെ ബന്ദിയായി പിടിക്കാൻ കൗരവ സംഘം ഓടിവരുമ്പോൾ നിങ്ങൾ പരാമർശിക്കുന്ന ഈ ‘ശുഭ്രവസ്ത്രധാരി’ അവർക്കു പ്രോത്സാഹനം നൽകി യുദ്ധകാഹളമാണുയർത്തിയിരുന്നതു്. ഉച്ച ഭക്ഷണത്തിനു പോരാട്ടം നിർത്തിയിരുന്ന വിശ്രമ വേളയിലാണ്അക്രമം. സ്ഥിതി നയതന്ത്രത്തിനു വഴങ്ങുന്നതല്ലെന്ന തിരിച്ചറിവിൽ, യുധിഷ്ഠിരൻ കയ്യിൽ ഉണ്ടായിരുന്ന കുന്തം ആത്മരക്ഷയിൽ കൊലയാളി സംഘത്തിന്നെതിരെ എറിഞ്ഞപ്പോൾ, ഉന്നം തെറ്റി തറച്ചതു് ‘ശുഭ്ര വസ്ത്ര വനിത’യുടെ നെഞ്ചിൽ ആയിരുന്നു എന്ന ആകസ്മികതയെ നിങ്ങൾ എങ്ങനെ ഒരായുധമാക്കി യുധിഷ്ഠിരനെ സ്ത്രീവിരുദ്ധനാക്കാൻ ഉറച്ചു? പോരാട്ട ഭൂമിയിലെ ഗോപുരത്തിനു് മുകളിൽ നാലിടത്തായി യുദ്ധ നിർവഹണചുമതലയുള്ള പ്രവിശ്യാഭരണകൂടത്തിന്റെ പ്രതിനിധികൾ തരുന്ന സാക്ഷിമൊഴികളിൽ വൈരുധ്യമുണ്ടെങ്കിൽ അപ്പോൾ നമുക്കു് വീണ്ടും കാണാം. ഞങ്ങൾ ജീവിച്ചിരുപ്പുണ്ടെങ്കിൽ.”

2019-06-04

“ഒന്നു് പറഞ്ഞാൽ കഴുത്തിൽ കത്തിവക്കുന്നവനെന്താണു് കൃഷിഭൂമിയിൽ കാര്യം?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. ഗംഗയാറിൻ കൈവഴികളിലൊന്നിനു്, കിളച്ചു മണ്ണു് നീക്കി കൃഷിയിടത്തിലേക്കു് നീരൊഴുക്കു് എളുപ്പമാക്കുകയിരുന്നു പ്രഭാത വെയിലിൽ അർദ്ധനഗ്നകൗരവർ.

“ഞാൻ കൊലയാളിയാണോ? ഇലപ്പച്ചകളുടെ ഉൾത്തുടിപ്പായിരുന്നു കൊച്ചുനാൾ മുതൽ കരൾ നിറയെ. ഖാണ്ഡവപ്രസ്ഥമെന്ന ആവാസവ്യവസ്ഥയെ പാണ്ഡവർ കത്തിച്ചാമ്പലാക്കിയെന്നറിഞ്ഞപ്പോൾ, വെന്തുനശിച്ച ഫലവൃക്ഷങ്ങൾക്കു വേണ്ടി ബലിഘട്ടങ്ങളിൽ തർപ്പണം ചെയ്തവൻ ഞാൻ. കോട്ടക്കകത്തൊന്നു ചുറ്റിക്കറങ്ങിയാൽ കാണാം, രാജവസതികൾക്കു ചുറ്റും വച്ചുപിടിപ്പിച്ച ഗാന്ധാരദേശസസ്യങ്ങൾ. അതിന്റെ രോഗശാന്തി ശുശ്രൂഷയിലാണു് കൗരവർ കരുത്തു നേടിയതു് ‘നീയാണു് പ്രകൃതി’ എന്നു് ‘അമ്മ പറയുമ്പോൾ അതൊരു ചുമതലയാണെന്നു കരുതി കുട്ടിക്കാലത്തൊക്കെ ഭീതിയായിരുന്നു പിന്നെ പിന്നെ അക്ഷരാഭ്യാസമുണ്ടായപ്പോൾ അമ്മ പറഞ്ഞതിന്റെ അകംപൊരുൾ വ്യക്തമായി.”

“ഇതെല്ലാം സ്വയം എഴുതിയതാണോ?”, തറ മുതൽ മേൽക്കൂര വരെ ചിതലെടുക്കാനാവാത്ത വിധം കരുതലോടെ, കൃത്യമായി വച്ചിരുന്ന പനയോലക്കെട്ടുകൾ നോക്കി കൊട്ടാരം ലേഖിക ചോദിച്ചു. മലയടി വാരത്തിലെ സുരക്ഷിത ആശ്രമാന്തരീക്ഷത്തിൽ നിൽക്കുമ്പോൾ, കുരുക്ഷേത്രയും ഹസ്തിനപുരിയും അസ്വാഭാവികമെന്നു തോന്നി.

“കഥയെഴുതുമ്പോൾ ആവുന്നത്ര പാണ്ഡവരെ പൊലിപ്പിച്ചു, കൗരവരെ വെട്ടിത്താഴ്ത്തി. അംബികയും അംബാലികയും ബീജദാനത്തിനായി എന്നെ ആശ്രയിച്ചിരുന്നു എന്നു് മാത്രമാണെനിക്കവരോടുള്ള ജൈവിക ബന്ധം. ഇന്നും എനിക്കു് തെറ്റും, അംബികയാണോ ധൃതരാഷ്ട്രരുടെ അമ്മ? അംബാലികയാണോ പാണ്ഡു മാതാവു്? എന്നാൽ തെറ്റാത്ത ഒന്നേ ഉള്ളൂ: വ്യർഥജന്മങ്ങൾ ഇരുവരും എന്ന തിരിച്ചറിവു്.”

2019-06-05

“വയോജനങ്ങളെ സൈന്യാധിപ പദവികളിൽ നിന്നു് നീക്കിയില്ലെങ്കിൽ, അവരുടെ കീഴിൽ പോരാടാൻ തന്നെ കിട്ടില്ലെന്നു് കർണ്ണൻ ദുര്യോധനനോടു് തറപ്പിച്ചു പറയുന്നുണ്ടല്ലോ. അയാൾ ഉന്നം വക്കുന്നതു് പിതാമഹനാണെങ്കിലും, ബഹിഷ്കരണതലകളിൽ നിങ്ങളും ദ്രോണരും പെടുമോ?”, കൃപാചാര്യനോടു് കൊട്ടാരം ലേഖിക ചോദിച്ചു. പോരാട്ടഭൂമിയിലെത്തിയ മഹാരഥന്മാരുടെ സാന്നിധ്യം ആ ശീതകാല പ്രഭാതത്തിൽ ഒരുത്സവഛായ പകർന്നു.

“വയോജനങ്ങൾ എന്ന വാക്കു കൗമാര പോരാളി അഭിമന്യുവാണു് ഉച്ചരിച്ചിരുന്നതെങ്കിൽ നമുക്കു് മനസ്സിലാക്കാം. എന്നാൽ കർണ്ണൻ? കർണ്ണനൊക്കെ വയസ്സെത്രയായി എന്നാണു നിങ്ങൾ കരുതിയതു്? യുധിഷ്ഠിരൻ തന്നെ ഇതിനകം കണ്ടു കഴിഞ്ഞില്ലേ ആയിരത്തിൽ താഴെ പൂർണചന്ദ്രന്മാരെ?”

2019-06-06

“ഉണക്ക വിറകു കത്തിച്ചു ഭീമജഡം കാട്ടാളർ സംസ്കരിച്ചു. അല്ലെങ്കിൽ കുറുനരിയും കഴുകനും കൊത്തിവലിക്കുമായിരുന്നു. തിരിഞ്ഞുനോക്കാതെ അഞ്ചാമത്തെ മരണവും കൗശലപൂർവ്വം ഒഴിവാക്കി അല്ലെ?” കൊട്ടാരം ലേഖിക ചോദിച്ചു. മേഘമാലകൾക്കപ്പുറത്തു സ്വർഗ്ഗരാജ്യത്തുനിന്നൊരു പിരിയൻ കോണി തൊട്ടടുത്തു് കാണുന്ന പോലെ യുധിഷ്ഠിര ശരീരഭാഷ വാചാലമായി.

“ഈയടുത്തകാലത്തും അവൻ പറഞ്ഞു, സ്വാഭാവിക മരണമാണു് പ്രിയം. സൈനികവേഷം ധരിച്ചവർ അങ്ങനെ പറയരുതാത്തതാണെങ്കിലും, ആ ശുദ്ധ ഹൃദയൻ ഉള്ളിൽ ഉള്ളതു് പറയും. സത്യാനന്തര പ്രസ്താവനകളോ അസത്യമോ, എന്തിനു അർദ്ധ സത്യമോ നാവിൽ വരില്ല. ആ ശിശുഹൃദയം അത്തരം ഓമനത്തങ്ങൾ നിറഞ്ഞതാണു് പക്ഷെ, കഷ്ടം, മഹാ പ്രസ്ഥാനത്തിനിറങ്ങുമ്പോഴേക്കും വ്യാഴവട്ടക്കാല വനവാസവും അജ്ഞാതവാസവും കുരുക്ഷേത്രവും മറന്നിരുന്നു. സ്മൃതിനാശരോഗിയെന്ന പരിതാപനിലയിൽ, ഭൂതകാലം അവനിൽ നിന്നു് ഒലിച്ചു പോയെന്നു നകുലൻ പറഞ്ഞപ്പോളാണു്, അർത്ഥവ്യാപ്തി അറിഞ്ഞതു് ഭൂതകാലം അവനെ വേട്ടയാടില്ലല്ലോ. ഞാൻ അൽപ്പം വ്യത്യസ്തനാണു് പാണ്ഡവരെയും പാഞ്ചാലിയെയും വസ്തുനിഷ്ഠമായി വിലയിരുത്താൻ ഗതകാലസ്മരണകൾ സുരക്ഷിതം. അതുകൊണ്ടാണു് പാഞ്ചാലിയും നാലു പാണ്ഡവരും വിട്ടുപിരിയുമ്പോൾ, അവരെ സംബന്ധിക്കുന്ന ഓർമ്മകളും ഒന്നൊന്നായി എന്നിൽ നിന്നൂരിപ്പോവുന്നതു. പാഞ്ചാലി എന്നു് മന്ത്രിച്ചു നോക്കൂ, പ്രതികരണത്തിൽ നിന്നു് തന്നെ നിങ്ങൾക്കതു് ബോധ്യമാവും”, തൂങ്ങിക്കിടന്ന പിരിയൻ കോണിയിലേക്കു പിടിച്ചുകയറാൻ അവസാനത്തെ പാണ്ഡവൻ ഉത്സാഹത്തോടെ കൈകൾ ഉയർത്തി

“കളരിഗുരുവിനെ ചതിച്ചു കൊല്ലാൻ പോരാട്ടഭൂമിയിൽ വഴിവിട്ടു നുണ പറഞ്ഞു എന്നു് കൌരവർ ഒച്ചവക്കുന്നുണ്ടല്ലോ”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു, “നാവെടുത്താൽ സത്യമേ പറയൂ എന്ന വാശി ഭാരമായിട്ടൊന്നും തോന്നിയിട്ടില്ല, അല്ലെ?”

“ഭാരം ഇടക്കൊന്നിറക്കി വെക്കാൻ, നിറം പിടിപ്പിച്ച അർദ്ധസത്യങ്ങൾ ആവേശത്തോടെ പറയും”, ദ്രോണവധത്തിന്റെ ആനന്ദലഹരിയിലായിരുന്നു അപ്പോഴും പാണ്ഡവൻ.

“ബലിദാനി ദുര്യോധനനെ കുറിച്ചൊരു ഓർമ്മ പങ്കിടാമോ ആദ്യവർഷ ചരമദിനത്തിൽ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. അരികെ കുരുക്ഷേത്ര വിധവകൾ ഉണ്ടായിരുന്നു.

“ഹസ്തിനപുരിയുടെ ഉൾനാടുകളിൽ വറ്റി വരണ്ടു കിടന്ന കുളങ്ങളും കിണറുകളും വൃത്തിയാക്കി മഴവെള്ളം സംഭരിച്ചു ശുദ്ധജലസംഭരണികൾ ആക്കുന്നതായിരുന്നു കൗമാരം മുതൽ വേനൽക്കാല വിനോദം. കിളക്കാനും ചളി കോരി നീക്കാനും അറിയാത്തവന്റെ കയ്യിൽ ചെങ്കോൽ കൊടുക്കരുതു് എന്നവൻ ഹൃദ്യമായി താക്കീതു് ചെയ്യുമായിരുന്നു. യുദ്ധത്തലേന്നു് കൊട്ടാരം വക കൃഷിയിടത്തിൽ ജലസേചനം ചെയ്തു പ്രകൃതിയോടു കരുണ യാചിച്ചാണവൻ, രാജ്യത്തിന്റെ സ്വാതന്ത്ര്യം പരിരക്ഷിക്കാൻ, കുരുക്ഷേത്രരണാങ്കണത്തിൽ ഇറങ്ങിയതു് എന്നു് എന്നോടു് പറഞ്ഞതു് വിദുരർ ആയിരുന്നു. ഭീമഗദക്കു മുമ്പിൽ ജീവത്യാഗം ചെയ്യുമ്പോഴും, അവൻ തടാകതീരത്തായിരുന്നു എന്നോർക്കണം. ഭൌതികാവശിഷ്ടം തടാകജലത്തെ മലിനപ്പെടുത്തരുതു്, അതു കൊണ്ടു് മുടിയിൽ വലിച്ചു കരകയറ്റി തുടയിൽ അടിച്ചു, വേണ്ടിവന്നാൽ അധാർമ്മികമായി പോലും, ‘എത്രയും വേഗം കൊല ചെയ്യൂ’ എന്നു് പിതൃസഹോദരപുത്രൻ ഞങ്ങളെ പ്രേരിപ്പിച്ചു.”

“രാജസിംഹാസനത്തിന്റെ വലതു വശത്തു ഇരിക്കുന്നയാളും, ഇടതുവശത്തു നിൽക്കുന്നയാളും മഹാരാജാവിന്റെ ആരാണു് അച്ഛമ്മാ?”, രാജസഭ കൂടിയശേഷം നടപടികൾ നോക്കിയിരുന്ന കുട്ടി രഹസ്യം പോലെ ചോദിച്ചു.

“കൃത്യമായി പറയാമോയെന്നു നോക്കട്ടെ, എനിക്കും അവരെ അധികം നേരിട്ടുകണ്ട പരിചയമില്ല. സിംഹാസനത്തിന്റെ വലതുവശത്തിരിക്കുന്ന ഭീഷ്മരുടെ അച്ഛൻ ശാന്തനുവിനു്, രണ്ടാം ഭാര്യ സത്യവതിയിൽ ഉണ്ടായ രണ്ടു ആണ്മക്കളിൽ ഒരാൾ, ക്ഷയരോഗി വിചിത്രവീര്യൻ, വിവാഹം ചെയ്ത രണ്ടു കാശിരാജകുമാരികൾ പിന്നീടു് വിധവകളായപ്പോൾ, അവരുടെ ഇഷ്ടത്തിന്നെതിരായി ഭർത്തൃ മാതാവു് സത്യവതി ഏർപ്പാടു് ചെയ്ത ബീജദാനി വ്യാസനു് പിറന്ന രണ്ടു അംഗീകൃത പുത്രന്മാരിൽ ഒരാളാണു്, നീ സിംഹാസനത്തിൽ കാണുന്ന ധൃതരാഷ്ട്രർ, നിന്റെ അച്ഛന്റെ അച്ഛൻ. മറ്റെയാൾ പാണ്ഡു, കാട്ടിൽ വച്ചു് മരിച്ചുപോയി. ബീജദാനി വ്യാസനു് അനൗദ്യോഗികമായി ഒരു രാജതോഴിയിൽ രഹസ്യമായി ജനിച്ചയാളാണു് ഇടതുവശത്തു നിൽക്കുന്ന മന്ത്രി വിദുരർ. അമ്മ അച്ഛൻ എന്നിവരെ മാത്രം അടുത്തറിയുന്ന നിനക്കു് ഈ ബന്ധങ്ങൾ ഇപ്പോൾ അൽപ്പം അകന്നു തോന്നാമെങ്കിലും, അവരെ ഒരുമിക്കുന്നതു് അധികാര ലഹരിയാണു് അതു് നഷ്ടപ്പെട്ടാൽ പിന്നെ ഇവിടെ തുടരാനാവാതെ വനവാസത്തിൽ പോയി കാട്ടുതീയിൽ ചാടി മരിക്കാനും മടിക്കില്ല. കാത്തിരുന്നാൽ നിനക്കു് പലതും കാണാം, ഇനി ഗുരുകുലത്തിലേക്കു പോവൂ, നല്ലവണ്ണം വിജയിച്ചാൽ മാത്രമേ തക്ഷശില സർവ്വകലാശാലയിൽ രാഷ്ട്രമീമാംസ പഠിക്കാൻ പ്രവേശനം കിട്ടുകയുള്ളു.”

2019-06-07

“കുരുവംശത്തിന്റെ കീഴിലുള്ള പ്രവിശ്യ മാത്രമല്ലേ കുരുക്ഷേത്രം? പിന്നെ എന്താ നിങ്ങൾ ഒരിടഞ്ഞ അയൽ രാജ്യത്തെ പോലെ വിരൽ ചൂണ്ടി സംസാരിക്കുന്നതു്?” കൊട്ടാരം ലേഖിക പ്രവിശ്യാ ഭരണാധികാരിയോടു് ചോദിച്ചു.

“കുടിനീർ സ്രോതസ്സായ യമുനയുടെ തീരത്തു് പത്തു പതിനെട്ടു ദിവസം അഴിഞ്ഞാടിയ വഴക്കാളി അർദ്ധ സഹോദരർ, കൂലിക്കൊലയാളികളെ നേർക്കുനേർ നിർത്തി സൃഷ്ടിച്ച പരിസ്ഥിതിനാശം, അനാഥശവം എണ്ണുന്ന തിരക്കിൽ നിങ്ങളൊക്കെ ശ്രദ്ധിക്കാഞ്ഞതു് ഞങ്ങളുടെ തകരാറാണോ? പുതിയ പാണ്ഡവഭരണ കൂടം നീണ്ടകാല നഷ്ടപരിഹാരം തരണമെന്ന തദ്ദേശീയ വികാരം വളച്ചുകെട്ടില്ലാതെ പറഞ്ഞതിനാണോ രാജ്യദ്രോഹകുറ്റം ചുമത്തി വായടപ്പിക്കാൻ ശ്രമം?”

“നേട്ടം വെട്ടിച്ചുരുക്കാൻ ശ്രമം ഉണ്ടല്ലോ. ചളിയിൽ താണ രഥചക്രം പണിപ്പെട്ടുയർത്തുന്ന കർണനെയാണു് തരം നോക്കി തലവെട്ടിയതെന്നു പറഞ്ഞതു് സൈനികവക്താവു് നകുലനായിരുന്നു. അങ്ങനെ വെട്ടിത്തുറന്നു പറയരുതായിരുന്നു എന്നു് പിന്നീടവനെ ശാസിച്ചുവോ?”, ശവസംസ്കാരത്തിനു ശേഷം ഒഴുക്കുവെള്ളത്തിൽ മുങ്ങിക്കുളിച്ചുകയറിയ അർജ്ജുനനോടു് കൊട്ടാരം ലേഖിക ചോദിച്ചു. വൈകിയ രാത്രി.

“അവൻ പറഞ്ഞതു് കൃത്യമല്ലേ? പത്തു ലക്ഷം പോരാളികൾ പരസ്പരം പതിനെട്ടുദിവസം യുദ്ധോർജ്യത്തിൽ കുലുങ്ങിയിട്ടും മണ്ണിളകാത്ത കുരുക്ഷേത്രത്തിൽ, കർണന്റെ രഥചക്രം മാതമെങ്ങനെ താഴാൻ ചളി കണ്ടെത്തി? തേരാളിശല്യൻ നിന്ദയോടെ മുഖം തിരിച്ചപ്പോൾ, കർണൻ വേറെ തരമില്ലാതെ ചക്രമുയർത്താൻ രഥത്തിൽ നിന്നിറങ്ങേണ്ടി വന്നതു് നിങ്ങളൊക്കെ വാപൊളിച്ചു കണ്ടതല്ലേ. ഒറ്റക്കവൻ ചക്രമുയർത്തുമ്പോൾ ഞാൻ കൈകൂപ്പി ആ പ്രഖ്യാപിതശത്രുവിനു വിജയാശംസകൾ നേരണോ? അതോ, തക്കം നോക്കി കഴുത്തു വെട്ടണോ? ചക്രവ്യൂഹത്തിൽ തകർന്നുവീണ അഭിമന്യുവിന്റെ കുടലിൽ വാളിറക്കാൻ അവസരം കിട്ടിയപ്പോൾ, ‘അരുതു് ഇവൻ എന്റെ അനുജന്റെ മകനെ’ന്നു കർണ്ണമനഃസാക്ഷി കൗമാരപോരാളിക്കു് മാപ്പുകൊടുത്തുവോ? അസാധാരണ സാഹചര്യമല്ലേ പ്രകൃതിയെനിക്കു് അനുഗ്രഹിച്ചു തന്നതു്? സാരഥിശല്യൻ കർണനോടു് നിസ്സഹകരണം പ്രഖ്യാപിച്ചു കർണ്ണന്റെ പെടാപ്പാടു കണ്ടു അർമാദിക്കുന്നതൊക്കെ നിങ്ങളും കണ്ണു് മിഴിച്ചു കണ്ടതല്ലേ? എന്റെ സാരഥിയപ്പോൾ എന്താണുചെയ്തതെന്നോ? കൺകോണു കൊണ്ടെന്നെ കർമധീരനാക്കി-അതോടെ ആയുധം ഉന്നം കണ്ടു.”

“രതിവിനോദമായിരുന്നില്ല വസ്ത്രാക്ഷേപം എന്നോ? പിന്നെ എന്തായിരുന്നു രാജസഭയിൽ കാട്ടിക്കൂട്ടിയതു്?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. കള്ളച്ചൂതിൽ പൗരാവകാശം നഷ്ടപ്പെട്ട പാണ്ഡവർ ശിക്ഷയനുഭവിക്കാൻ വടക്കൻമലമ്പാതയിലൂടെ നീങ്ങുന്ന പ്രഭാതം.

“പാഞ്ചാലിയെ വിവാഹം കഴിച്ചു പാണ്ഡവർ ഹസ്തിനപുരിയിൽ എത്തിയശേഷം പണിയൊന്നു മെടുക്കാതെ അതിഥിമന്ദിരത്തിൽ തിന്നുകൊഴുക്കുന്ന കാലത്തു അർജ്ജുനൻ വിദേശ പട്ടുവസ്ത്രങ്ങളുടെ പ്രദർശന നഗരി തുറന്നു. സൈന്ധവം മുതൽ കലിംഗ വരെ വാണിഭക്കാർ വരുന്നതും ചുങ്കം കിട്ടുന്നതും ഭരണകൂടം സ്വാഗതം ചെയ്തപ്പോൾ, അർജ്ജുനൻ അസാധാരണ നിബന്ധന വച്ചു രാജസ്ത്രീകൾക്കും പ്രഭുകുടുംബിനികൾക്കും മാത്രമേ പ്രവേശനമുള്ളൂ. അതും നേരായ വഴിയിൽ ഞാൻ സ്വാഗതം ചെയ്തു. പിന്നെ ചാരവിവരം കിട്ടി പാണ്ഡവർ അതിൽ പതിവായി പ്രവേശനം നേടുന്നു. ഓരോ വിൽപ്പനകേന്ദ്രത്തിലുമെത്തി കുലീനസ്ത്രീകൾക്കു ആഭരണം സ്വയം അണിയിച്ചു കൊടുക്കുന്നു പട്ടുടുപ്പിക്കുന്നു ഭർത്താക്കന്മാർക്കു് പോലും ലഭിക്കാത്ത വിധേയശാരീരിക സാമീപ്യം എളുപ്പത്തിൽ നേടുന്നു. കേട്ടപ്പോൾ ചോര തിളച്ചു. പക്ഷേ, കരുതലോടെ കൂടുതൽ വിശ്വാസയോഗ്യമായ രഹസ്യവിവരം തേടി. നിത്യവും വരും ഓരോ പാണ്ഡവൻ നിത്യവും ആവർത്തിക്കും പെണ്ണുടലിൽ പിടിക്കലും, ഉടലഴകുള്ളവരെ പട്ടുടുപ്പിക്കലും. അങ്ങനെയൊരു ദിവസം ഏക സഹോദരി ദുശ്ശളയും ഭർതൃരാജ്യമായ സൈന്ധവത്തിൽ നിന്നു് വിരുന്നിനു വന്നു, അർജ്ജുനൻ അവളെ കടന്നു പിടിച്ചു അരയിൽ ഒഡ്യാണം കെട്ടിക്കൊടുക്കാൻ തുനിഞ്ഞപ്പോൾ, അവൾ ഒറ്റത്തട്ടിനവനെ കീഴ്പ്പെടുത്തി അരയിൽ നിന്നൂരിയ കത്തി പീഡകകഴുത്തിൽ വച്ചു പരസ്യമായി മാപ്പപേക്ഷിക്കാൻ ആജ്ഞാപിച്ചു. അതവൻ നിവൃത്തികേടു കൊണ്ടു അനുസരിക്കേണ്ടിവന്നതിനു മറ്റുനാലു പാണ്ഡവർ മൂകസാക്ഷി. ദുശ്ശള ഞങ്ങൾക്കു് രാജസഭയിൽ വന്നു അസാധാരണ പ്രഖ്യാപനത്തിലൂടെ ആ വിവരം തന്നു. “അടച്ചുപൂട്ടൂ ഭരണകൂടസൗജന്യത്തിലുള്ള ഈ സ്ത്രീവിരുദ്ധ വിൽപ്പന കേന്ദ്രം. പറഞ്ഞയക്കൂ ആ പീഡകരെ കരിനാഗങ്ങൾ പായുന്ന ഖാണ്ഡവവനത്തിലേക്കു.” അവർ ഇന്ദ്രപ്രസ്ഥത്തിൽ ചക്രവർത്തിയായപ്പോൾ ഞങ്ങൾ ഉറച്ചു, അവർ പഠിക്കണം ഇനിയും. ആ പാഠമായിരുന്നു ഇന്നലെ നിങ്ങൾ രാജസഭയിൽ കണ്ടതു്. ”

2019-06-08

“മാദ്രിപുത്രന്മാർക്കു ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ വന്ന മാദ്രരാജാവു് ശല്യനെ എത്ര അനായാസമായി നിങ്ങൾ കൗരവസഖ്യകക്ഷിയാക്കി. എങ്ങനെ ഒപ്പിച്ചെടുത്തു ഈ നയതന്ത്ര വിജയം?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. യുദ്ധമേഘങ്ങൾ നിറഞ്ഞുതുടങ്ങിയ ആകാശം.

“അനായാസമായി? അതോ മനഃസാന്നിധ്യത്തോടുകൂടിയോ? പ്രിയഅനുജത്തി മാദ്രിയെ പാണ്ഡുചിതയിൽ തള്ളിയ കുന്തിയോടയാൾക്കു പകയുണ്ടു് എന്നു് ഞാൻ ഊഹിച്ചിരുന്നു. മാദ്രിപുത്രന്മാരായ നകുലനെയും സഹദേവനെയും യുദ്ധത്തിൽ സഹായിക്കാൻ കുടുംബപരമായ ചുമതലയുമുണ്ടു്. എന്നാൽ, പറയാതെവയ്യ, ഭീമനെപ്പോലെ ആളൊരു മന്ദനുമാണു് ആദ്യസന്ദർശനത്തിൽ ഞാൻ യുധിഷ്ഠിരനാണെന്ന അയാളുടെ മുൻവിധി ഞാൻ പിന്നെ തിരുത്തിയില്ലെന്നതാണെന്റെ പിടിവള്ളി. യുദ്ധത്തിൽ നിങ്ങൾക്കൊപ്പം എന്ന അയാളുടെ വാക്കു ഒരുടമ്പടി പോലെ ഞാൻ ഇരുകൈകളും നീട്ടി ഔപചാരികമായി സ്വീകരിച്ചു. കൗരവസഹോദരർ സാക്ഷികളായി. അന്തരീക്ഷത്തിനു ഇതിഹാസ മാനം നൽകാൻ ഉപചാരപൂർവ്വമായ അവരുടെ പെരുമാറ്റം തുണച്ചു. പ്രതീകാത്മകമായി ആലിംഗനം ചെയ്തു കൈ കൊടുത്തശേഷം, ഇനി വാക്കുമാറ്റിയാൽ അപ്പോൾ അറിയും കുരുവംശസംസ്കാരത്തിന്റെ തനിനിറം എന്നുഞാനുറപ്പിച്ചു. ഒന്നേ അയാൾ വിചിത്രമായ മുഖഭാവത്തോടെ സ്വരം താഴ്ത്തി എന്നോടു് ചോദിച്ചുള്ളൂ-പോർക്കളത്തിൽ കർണസാരഥിയാവണം. സൂതപുത്രന്റെ തേരോടിക്കാൻ മാദ്രരാജാവു് അവസരം ചോദിക്കുകയാണു്. മഹാരാജാവ് സാരഥിയാവുന്നതിൽ പാർശ്വവത്കൃത കർണ്ണൻ ആഹ്ലാദിക്കുമെന്ന പൊതുമോഹവും അങ്ങനെ പൂവണിയട്ടെ എന്നു് ഞാൻ സന്തോഷിക്കുന്നു. മാദ്രിപുത്രന്മാരായ നകുലനും സഹദേവനും ശല്യന്റെ മുമ്പിൽ വരാത്തവിധം വേണം യുദ്ധഭൂമിയിൽ സൈനികവിന്യാസം എന്നൊരു കഠിന പരീക്ഷണം കൂടിയുണ്ടു്. നോക്കട്ടെ.” കുരുക്ഷേത്രയിൽ നിന്നു് കുതിരപ്പുറത്തു അതിവേഗം വന്ന ചാരനെ കണ്ടതോടെ അഭിമുഖം മുറിഞ്ഞു

“എന്താണു് കോട്ടക്കകത്തൊരു ശ്മശാനമൂകത?”, കൃപാചാര്യന്റെ ചെവിയിൽ, കൊട്ടാരം ലേഖിക മന്ത്രിച്ചു. തടിച്ചുകൂടിയ പാറാവുകാരും കുതിരപ്പട്ടാളവും തലകുനിച്ചു മൗനത്തിലായിരുന്നു. പാണ്ഡവരെ മുൻനിരയിൽ കാണാമായിരുന്നു.

“ആയുധമത്സരവും പോർവിളികളുമില്ലാത്തൊരു നവലോക ക്രമത്തിനായി പ്രാർത്ഥന എന്ന ആശയം യുധിഷ്ഠിരന്റെതാണു് അതുകഴിഞ്ഞേ കാളത്തുടക്കായി ഊട്ടുപുരയിലേക്കു കുതിക്കാനാവൂ. കൗരവരാജക്കുട്ടികൾ ഭരണകൂടത്തിന്നെതിരെ ഒളിപ്പോരാട്ടത്തിനു ശ്രമിക്കുന്നു എന്നറിഞ്ഞ പാണ്ഡവർ, ലോകസമാധാനത്തിനു് ചെയ്യുന്നൊരു മഹനീയമാതൃക എന്നു് ‘ഹസ്തിനപുരി പത്രിക’യിൽ വാർത്ത കൊടുക്കൂ ഊട്ടുപുരയിൽ നിങ്ങൾക്കും കിട്ടും ഇരിപ്പിടം.”

2019-06-09

“പത്തു പാണ്ഡവക്കണ്ണുകൾ തുറിച്ചു നോക്കുന്നതു പാഞ്ചാലി ഒരിക്കൽ അഭിമുഖത്തിൽ ഓർത്തെടുത്തു. ശരിക്കും ദാമ്പത്യ ‘ഭാര’മായിരുന്നില്ലേ അവളിൽ ചൊരിഞ്ഞതു്? ലജ്ജാകരമല്ലേ ബഹുഭർത്തൃത്വം?”, കൊട്ടാരം ലേഖിക ചോദിച്ചു. ഹസ്തിനപുരി അന്തഃപുരത്തിൽ കുന്തിയുടെ ജീവിതസായാഹ്നം.

“വിവാഹപൂർവ്വജീവിതത്തിലെ അവിഹിതരതിയും, അനാവശ്യഗർഭധാരണവും, ചോരക്കുഞ്ഞിനെ പുഴയിലൊഴുക്കലും, കുറ്റബോധത്താൽ നീറുന്ന മനസും ഒക്കെ ഉള്ളപ്പോഴും, ഒരു കാര്യത്തിൽ മതിപ്പു തോന്നി. ഞാൻ വന്ധ്യയല്ല. പാണ്ഡുവിനു കായിക ക്ഷമതയില്ലെങ്കിലും, എനിക്കു മാതൃത്വശേഷിയുണ്ടു്. മക്കൾ എന്ന ലക്ഷ്യം തേടി ഞാൻ പരപുരുഷന്മാരെ പ്രലോഭിപ്പിക്കാൻ പൂചൂടി പടിയിറങ്ങിയ ജീവിതാവസ്ഥ പാഞ്ചാലിക്കുണ്ടാവാതിരിക്കാൻ, അഞ്ചു പുത്രന്മാരെ പായക്കൂട്ടാക്കിയ ചേതോവികാരം കൃതജ്ഞതയോടെ പാഞ്ചാലി തിരിച്ചറിയുന്നില്ലെങ്കിൽ, ആ കഠിനഹൃദയയെ പ്രകൃതി ഒരു പാഠം പഠിപ്പിച്ചു എന്നതിന്റെ പ്രത്യക്ഷ തെളിവല്ലേ അവൾ പെറ്റ അഞ്ചുമക്കളും ജീവിച്ചിരിപ്പില്ല എന്നതു്? ഞാൻ വളർത്തിയ അഞ്ചു മക്കളും ജീവിച്ചിരിക്കുന്നുണ്ടു് എന്നതെന്റെ ദർശനത്തെ സാധൂകരിക്കുന്നപോലെ?”

“പരിത്യാഗികൾക്കു പരിമിതിയില്ലാതെ വ്യക്തിഗതസേവനം നൽകണമെന്ന കർശന ഉപാധിവെച്ചാണു് കൗരവർ നിങ്ങൾക്കു് വനവാസശിക്ഷ തന്നതു് ഒരു ദശാബ്ദത്തോളം ഇന്ദ്രപ്രസ്ഥം ചക്രവർത്തിപദം വഹിച്ച പാണ്ഡവർ ഏതുവിധത്തിലാണു് സന്യസ്ഥാശ്രമങ്ങളിലെ അന്തേവാസികളോടു് സീമയില്ലാതെ വിധേയപ്പെട്ടതു്?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“ഒരാളെ ഓർക്കുന്നു. നകുലൻ. പരിചയപ്പെട്ടു പുത്തനുത്സാഹം പോവും മുമ്പവൻ ഓരോരുത്തരുടെയും പൂർവ്വാശ്രമം തിരക്കും. അതോടെ പരിത്യാഗികളിൽ മദമാത്സര്യം പുകയും.”

2019-06-10

“കോട്ട പിടിച്ചെടുക്കാൻ പദയാത്ര ചെയ്യുന്ന ഈ ചരിത്ര മുഹൂർത്തത്തിൽ കുറുക്കുവഴിയിലൂടെ മുന്നിൽ വന്നു വഴിതടയുന്നതിന്റെ യുക്തി എന്താണു്?” കൊട്ടാരം ലേഖിക മുഖപരിചയമുള്ള കുരുക്ഷേത്ര പ്രവിശ്യാ ഭരണാധികാരിയോടു് ചോദിച്ചു.

“കരാർ അനുസരിച്ചു പുഴയോരത്തെ കുറ്റിക്കാടുകൾ വെട്ടി നിരപ്പാക്കിക്കൊടുക്കുമ്പോൾ ദുര്യോധനനോടു് രേഖാമൂലം പറഞ്ഞിരുന്നു, ഖാണ്ഡവ വനം പോലെ ഇതുമൊരു മാതൃകാ ആവാസവ്യവസ്ഥ. ‘യജ്ഞം’ കഴിഞ്ഞു തിരിച്ചുപോവുമ്പോൾ, മൈതാനം പൂർവ്വ സ്ഥിതിയിലെത്തിക്കാൻ സഹരിക്കുമെന്ന ഉറപ്പിലാണു് കരാറിൽ ഒപ്പിട്ടു ഇടം കൗരവർക്കു കൈമാറിയതു് പിന്നീടു് കണ്ടതു് യജ്ഞമായിരുന്നില്ല കൂട്ടക്കൊലയായിരുന്നു. പതിനെട്ടുനാൾ കുരുക്ഷേത്രയിൽ കുമിഞ്ഞു കൂടിയ ജൈവമാലിന്യങ്ങൾ, ശരശയ്യയിൽ കിടക്കുന്ന പടുകിഴവനുൾപ്പെടെ, ആരുനീക്കം ചെയ്യണം? കരാർ അനുസരിച്ചു ജേതാക്കൾ. ആരാണു് ഈ ജേതാക്കൾ? പെരുമ്പറ കൊട്ടി പോരാട്ടവിജയം ആഘോഷിക്കുന്ന പാണ്ഡവർ. എന്തു് ചെയ്യണമെന്നാണു് പറയുന്നതു്? ഒരടി കിഴക്കോട്ടിനി കാൽവക്കും മുമ്പു് ‘യജ്ഞ’ത്തലേന്നു കുരുക്ഷേത്ര എങ്ങനെയായിരുന്നുവോ അങ്ങനെ ആക്കി വേണം തിരികെ തരാൻ. അല്ലെങ്കിൽ? സ്വയംഭരണാവകാശമുള്ള കുരുക്ഷേത്രഭരണാധികാരിയെയും കുടുംബത്തെയും കൂടി കൊന്നു കുഴിച്ചു മൂടണം. നാം നാളെയുടെ നാണക്കേടു് എന്നു് പാണ്ഡവർ പറയിപ്പിക്കരുതു്. ”

“പ്രിയമാംസകലാകാരാ സ്വസ്തി” എന്നു് ഏതെങ്കിലും പോരാളി, ആശംസയർപ്പിക്കാറുണ്ടോ?”, അറവുകാരിൽ ഒരാളെ സമീപിച്ചു കൊട്ടാരം ലേഖിക ചോദിച്ചു.

“ഭക്ഷണശാലയിൽ പോയി കാണാൻ എനിക്കധികാരമില്ല. എന്നാൽ ഞാൻ അറക്കുന്ന മാടുകൾ പൊരിച്ച ഇറച്ചിയായി അവരുടെ തീൻശാലയിൽ ചെല്ലുന്നുണ്ടെന്നെനിക്കറിയാം. ഭക്ഷണം കഴിക്കാൻ വരുന്നവർ ഭൂമിയിൽ ശാശ്വതസമാധാനം പുലർത്താനായി യുദ്ധം ചെയ്യുകയാണെന്നു് പ്രബോധനം ചെയ്ത കൃപാചാര്യർക്കു സ്തുതി.” അതിനിടയിലൊരിക്കൽ ദീർഘകായനായൊരു സൈനികൻ തോളിൽ തട്ടി ശിശുഭാവത്തോടെ ചോദിച്ചു, “സഹോദരാ ഒറ്റ വെട്ടിനു കഴുത്തു പിളർക്കുന്ന ആ കലാവിരുതു് എന്നെയുമൊന്നു പഠിപ്പിക്കൂ. നൂറോളം കൗരവരെ പച്ചക്കു കൊന്നു കൊലവിളിക്കാനൊരു നിയോഗവുമായി ഇറങ്ങിയിരിക്കയാണു് ഞാൻ. ദൗത്യം പിഴച്ചാൽ പ്രണയിനി എന്നെ എന്നെന്നേക്കുമായി തിരസ്കരിക്കും. ഒരു കല്യാണസൗഗന്ധികം കൊണ്ടൊന്നുമാവില്ല കെട്ടിവെക്കാൻ, പതിമൂന്നു വർഷമായി അഴിച്ചിട്ടിരിക്കുന്ന ആ മുടി.”

2019-06-11

“തൊണ്ണൂറ്റിഒമ്പതു് കൗരവരാജവിധവകൾക്കും സമാധാനപരമായി ഔദ്യോഗികരാജമന്ദിരങ്ങളിൽ നിന്നു് കുടിയൊഴിയാമെങ്കിൽ നിങ്ങൾക്കു് മാത്രമെന്താ പടിയിറങ്ങാൻ ഇത്ര മനഃ പ്രയാസം?”, അന്തഃപുരത്തിന്റെ അകത്തേക്കു് നോക്കി നിയുക്തഭരണാധികാരി യുധിഷ്ഠിരൻ വെല്ലുവിളിച്ചു.

“ധൃതരാഷ്ട്രരെ പോലെ നിങ്ങളും കാഴ്ചപരിമിതനായോ? നിങ്ങൾ വിരൽ ചൂണ്ടുന്ന ആ സ്ത്രീ കൗരവ രാജവിധവയാണോ? അതോ പെറ്റതള്ള കുന്തിയോ?”, പാഞ്ചാലി ചോദിച്ചു.

“പരുക്കൻ ഭാവങ്ങളുള്ള ഒന്നോ രണ്ടോ കൗരവരൊഴികെ, ബാക്കിയുള്ളവരെല്ലാം പരിലാളനയോടെ തരം കിട്ടുമ്പോഴൊക്കെ സ്പർശിക്കുന്നതായി തോന്നിയിട്ടുണ്ടെന്നു നിങ്ങളൊരിക്കൽ പറഞ്ഞു. എങ്ങനെ ഇത്ര വലിയൊ‘രാൾക്കൂട്ട’ത്തെ, മുള്ളിനും ഇലക്കും കേടില്ലാതെ, കൈകാര്യം ചെയ്തു എന്നതാണെന്റെ വിസ്മയം”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“അവരുടെ രതികേന്ദ്രിത ആരാധനയെ നിരുത്സാഹപ്പെടുത്താതെ, അരുതുകളുടെ പട്ടിക പ്രസിദ്ധീകരിക്കാൻ തടസ്സമുണ്ടായില്ല. വാത്സല്യത്തോടെ അവരെ തിരിച്ചു നോക്കുമ്പോൾ, വിലക്കുമായി വിരൽ ചൂണ്ടും. നവവധുവായി ഹസ്തിനപുരിയിൽ വന്നു ഖാണ്ഡവ വനത്തിലേക്കു് കുടിയേറ്റക്കാരായി പോവും മുമ്പുള്ള ഇടവേളയിലാണവരുമായി ഞാൻ കൈകോർത്തതെങ്കിലും, പിൽക്കാലത്തു ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയായി കഴിയുമ്പോഴും, വേഷം മാറി കച്ചവട സംഘത്തോടൊപ്പം വന്നു സുഗന്ധതൈലങ്ങൾ സമ്മാനിച്ചിരുന്ന ആ കാലം എങ്ങനെ മറക്കും ഞാൻ, പ്രിയപ്പെട്ടവരേ.”

2019-06-12

“പരിസ്ഥിതിനാശം ഒഴിവാക്കി സ്വത്തു തർക്കം തീർക്കാൻ, വീട്ടുമുറ്റത്തൊരു ഭീമ ദുര്യോധന മല്ലയുദ്ധം മതിയായിരുന്നില്ലേ?”, കുരുക്ഷേത്രയിലെ ശരശയ്യയിൽ മരണം കാത്തുകിടന്ന പിതാമഹനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“കൈകാലുകൾ വലിച്ചു ഉടൽ വേർപെടുത്തുന്ന ‘ജരാസന്ധവധം’ ആരാണാദ്യം പൂർത്തിയാക്കുകയെന്നു കൗരവരും പാണ്ഡവരും ഭയന്നു.”

“നിത്യബ്രഹ്മചാരിയാണെന്ന അവകാശവാദം മുഖവിലക്കെടുക്കുമ്പോഴും, ശിഖണ്ഡി മുന്നിൽ നിന്നാൽ ആയുധം താഴെയിടുമെന്ന ഭീഷ്മഭീഷണി ലിംഗസമത്വത്തിനു യോജിച്ചതാണോ? ഇതൊരു പരിഷ്കൃത സമൂഹമല്ലേ?”, ശരശയ്യയിൽ കിടക്കുന്ന പിതാമഹനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“കുരുക്ഷേത്ര യുദ്ധത്തിന്റെ ആദ്യത്തെ ഒമ്പതുദിവസവും ക്ഷീണിച്ചവശനായി ഞാൻ പാളയത്തിൽ സന്ധ്യക്കു് കുളി കഴിഞ്ഞു വിശ്രമത്തിനായി എത്തുമ്പോൾ കണ്ടതു് ‘എത്ര പാണ്ഡവതല ഇന്നുരുട്ടി?’ എന്ന ചോദ്യവുമായി അക്ഷമയിൽ കുലുങ്ങുന്ന ദുര്യോധനനെയാണു് ഇന്നും നരാധമൻ വഴിതടയുമെന്നു തോന്നി, ജീവിതം മടുത്ത ഞാനൊരു പൊടിക്കൈ അറ്റകൈയ്യിനു് പ്രയോഗിച്ചു, ആയുധവുമായി മൂന്നാം ലിംഗക്കാരൻ മുമ്പിൽ വന്നാൽ പോരാട്ടത്തിനില്ലെന്നൊരു മുൻകൂർ രഹസ്യധാരണ ശിഖണ്ഡിയുമായി.”

2019-06-13

“ഊതിവീർപ്പിച്ചുവോ നിങ്ങൾ സൈന്യസംഖ്യ?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു “മൊത്തം നാൽപ്പതുലക്ഷം സൈനികർ ഇരുപക്ഷത്തുമായുണ്ടു് എന്നതൊക്കെ ശുദ്ധതട്ടിപ്പെന്നു ചാർവാകൻ ചുണ്ടുകോട്ടി പറയുന്നുണ്ടല്ലോ.”

“അല്ല, ആദ്യദിവസം തന്നെ മൊത്തം സൈനികരെ പോർക്കളത്തിൽ ഇറക്കുമോ അഭിവന്ദ്യ ചാർവാകൻ? സായുധപോരാളികളെ മാത്രമേ അയാൾ സൈനികർ എന്ന വകുപ്പിൽ ചേർക്കൂ എന്നുമുണ്ടോ? ഒരു പോർക്കളപോരാളിക്കു് വേണ്ടേ പാളയങ്ങളിൽ പിൻ സേവനദാതാക്കളായി ചുരുങ്ങിയതു് രണ്ടുപേർ? ഇരുപത്തി നാലുമണിക്കൂർ ഊട്ടുപുരയും, സൈനികരുടെ വസ്ത്രങ്ങൾ കഴുകിയുണക്കലും ഉറക്കറ ഒരുക്കുലും-അതിനൊക്കെ പിന്നെ സൈനികർ അല്ലാതെ ചാർവാകൻ ഉൾപ്പെടുന്ന പൊതുസമൂഹം വരുമോ? പോരാട്ടം കഴിഞ്ഞു രാത്രി വിശ്രമിക്കുന്ന പോരാളിക്കു് ആസ്വാദനരതിക്കു കൂട്ടു് വേണ്ടേ? അതോ ശ്ലോകം ചെല്ലിക്കിടന്നാൽ കിട്ടുമോ ഉറക്കം? പതിനായിരക്കണക്കിനു് പായക്കൂട്ടുസേവനദാതാക്കൾ ഗർഭധാരണത്തിനുവേണ്ടി പാളയങ്ങളിൽ സ്വന്തം ചെലവിൽ സാന്നിധ്യമുറപ്പിച്ചിട്ടുണ്ടു് അവരെ പട്ടികയിൽ നിന്നു് പുറത്തേക്കെറിയണോ? കുരുക്ഷേത്രയിലെ ഒഴിവാക്കാനാവാത്ത ജീവഹാനിക്കു് പകരം വക്കാൻ, ജനസംഖ്യയിൽ ആവുന്നത്ര വർധനവുണ്ടാക്കണ്ടേ? ഞാൻ ഉറപ്പു തരുന്നു അവരുടെ നിസ്വാർത്ഥ നിശാസേവനം ഹസ്തിനപുരിയുടെ യുദ്ധചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെടും. ചാർവാകൻ ചവറ്റുകൊട്ടയിലും.”

“മേനിയിൽ കൊഴുപ്പുണ്ടെങ്കിലും കണ്ണിൽ തീയില്ലാത്തവനെന്നു ദുര്യോധനൻ വിശേഷിപ്പിക്കുന്നതിൽ രോഷമുണ്ടോ? അഥവാ അവൻ പറയുന്നതിൽ കാര്യമുണ്ടോ?” കൊട്ടാരം ലേഖിക ചോദിച്ചു.

“നയതന്ത്രചാതുരി പ്രകൃതിയെന്നിൽ ചൊരിഞ്ഞില്ലെന്നതു് കാര്യമായെടുത്തിട്ടില്ല കാരണം, ഏറ്റെടുക്കുന്ന ദൗത്യം കാര്യക്ഷമമായി ചെയ്യുന്നവൻ ഞാനെന്നു, കെട്ടിപ്പുണർന്നാദ്യം പെറ്റ തള്ള പ്രശംസിച്ചതായിരുന്നു കാര്യം. പാണ്ഡുചിതയിൽ മാദ്രി വേണം സതിചെയ്യാനെന്ന കുന്തിയുടെ ആജ്ഞ ബലം പ്രയോഗിച്ചു ഞാൻ ഒറ്റക്കു് ചെയ്തുകാണിച്ചപ്പോഴായിരുന്നു അതു് അന്നു് ഞാൻ വെറുമൊരു കൗമാരക്കാരൻ. ഇന്നെന്ന പോലെ തുടയിലും അരക്കെട്ടിലും ദുർമേദസ്സുള്ളവൻ. ജീവിക്കണം എനിക്കിനിയും ജീവിക്കണം എന്നു് വാവിട്ടു നിലവിളിച്ചുകൊണ്ടിരുന്ന മാദ്രി കത്തിക്കരിക്കട്ടയാവും വരെ ചിതക്കരികെ ഉണക്കവിറകുമായി നിൽക്കുന്നതു കണ്ടു മാദ്രിമക്കൾ നകുലനും സഹദേവനും ഭയന്നുവിറച്ചു ഓടിപ്പോയിട്ടും, ലവലേശം ഞാൻ അടങ്ങിയില്ല. ഇന്നു് കുരുക്ഷേത്ര പതിനേഴാം ദിവസം കർണ്ണനെ അർജ്ജുനൻ ചുരുട്ടിക്കൂട്ടിയ ദിവസം. എപ്പോഴാണു് ദുര്യോധനനെ അതുപോലെ കൈകാര്യം ചെയ്യാൻ കിട്ടുക എന്നു് തരം നോക്കി നടക്കുകയാണു് ഞാൻ. കിട്ടിയാൽ അവൻ തിരിച്ചറിയും, കണ്ണിൽ എരിയുന്നതു തീയാണോ എന്നും ഭീമഗദക്കു മാരകപ്രഹരശേഷിയുണ്ടോ എന്നും”, കൊന്നു കൂട്ടിയ നൂറിൽ താഴെ കൗരവരുടെ പേരുകൾ കൊച്ചുകുട്ടിയെ പോലെ തെറ്റിപ്പറഞ്ഞും സ്വയം തിരുത്തിയും ആകെ തിമിർപ്പിലായിരുന്നു പാളയത്തിൽ ഭീമൻ.

2019-06-14

“മൃദുലവികാരങ്ങൾക്കു പ്രദർശനമൂല്യം കുറവെങ്കിലും, വിരൽ ചൂണ്ടി പറയാതെ വയ്യ, മാരകമായി നെഞ്ഞിൽ ആഞ്ഞടിച്ചു മറിച്ചിടുന്നതിനു പുറമെ ദ്രവീകൃതഹൃദയം കൈക്കുമ്പിളിൽ കോരി ഓടിക്കിതച്ചെത്തിത്തന്നെ വേണോ പാഞ്ചാലിയുടെ മുടി തേച്ചു മിനുക്കാൻ? പറഞ്ഞുവന്നാൽ, അവളൊരു പരിഷ്കൃത വനിതയല്ലേ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.

“പതിവുപോലെ കാര്യമറിയാതെ നിങ്ങൾ കുരുവംശത്തെ കുറ്റം പറയുന്നു. പോർക്കളത്തിൽ ഗുരുതരമായി പരുക്കേറ്റു മരിക്കുമെന്നുറപ്പായപ്പോൾ, പതി മൂന്നു കൊല്ലം മുമ്പു് ചൂതാട്ടസഭയിൽ വസ്ത്രാക്ഷേപ വിചാരണയിൽ പ്രതിസ്ഥാനത്തായിരുന്ന കൗരവനു നേരിയതോതിൽ കുറ്റബോധമുണ്ടായി. പ്രിയ പാഞ്ചാലിയുടെ മുടിയഴകിനു തേച്ചുപിടിപ്പിക്കാൻ, അന്ത്യാഭിലാഷമെന്ന നിലയിൽ രക്തദാനം ചെയ്തു. ചത്തവന്റെ പ്രതിച്ഛായ മോശമായിരിക്കാം, പക്ഷേ, ഉദ്ദേശ്യശുദ്ധി-അതെങ്കിലും കളങ്കരഹിതമായി കണ്ടുകൂടെ?”

2019-06-15

“സൗന്ദര്യാരാധകനാണല്ലേ? പാഞ്ചാലീസ്വയംവരത്തിൽ നിങ്ങളെയും കണ്ടല്ലോ മുൻനിര മത്സരാർത്ഥിയായി?” കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു.

“ഒളിവിൽ പോയ കുറ്റവാളികളെ കയ്യോടെ പിടികൂടാനുള്ള കൊച്ചുകെണിയായിരുന്നില്ലേ? വാരണാവതം സുഖവാസ മന്ദിരം കത്തി പാണ്ഡവർ മരിച്ചെന്നു കരുതി, കൗരവർ ശ്രാദ്ധം ചെയ്തതല്ലേ. ആദിവാസികുടുംബത്തെ ഇരകളാക്കി ഭൂഗർഭ പാതയിലൂടെ രക്ഷപ്പെട്ട ആ ‘പാപി’കൾ പിന്നെ പൊങ്ങിയതു് ഏകച്ചക്ര ഗ്രാമത്തിലായിരുന്നെങ്കിലും, അവരെ പരസ്യമായി തന്നെ വേണം പൊളിച്ചടുക്കാനെന്നു ദുര്യോധനൻ പറഞ്ഞപ്പോൾ ഞങ്ങൾ പാഞ്ചാല വേദിയാക്കി. കുടുംബചരിത്രകാരൻ വ്യാസനെ കണ്ടു പാണ്ഡവരെ സ്വയംവരത്തിലേക്കു പോവാൻ പ്രേരിപ്പിക്കണമെന്നു ദുര്യോധനൻ ആവശ്യപ്പെട്ടു. ദുര്യോധനസ്വരം കനത്തു എന്നറിഞ്ഞപ്പോൾ അച്ഛച്ചൻ കൂടിയായ വ്യാസൻ ദൗത്യം ഏറ്റെടുത്തു. കുറച്ചുകാലമായുള്ള ബ്രാഹ്മണവേഷംകെട്ടും യാചകജീവിതരീതിയും ഒന്നും തുണച്ചില്ല. ഒറ്റനോട്ടത്തിൽ അഞ്ചു തസ്കരന്മാരെയും ഞാൻ തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞെന്നു പാണ്ഡവർക്കും മനസ്സിലായെന്നു അവരുടെ ശരീരഭാഷയിൽ നിന്നു് തെളിഞ്ഞു. മത്സരത്തിൽ ഞാൻ നാമമാത്രമായി പങ്കെടുത്തതു്, പരിഷ്കൃതവനിതയെന്നു പേരെടുത്ത പാഞ്ചാലി അവർണ്ണ കർണ്ണനോടെങ്ങനെ സ്വയംവര നിലപാടെടുക്കുന്ന എന്നറിയാനുള്ളൊരു പ്രഹസനം മാത്രമായിരുന്നില്ലേ.”

2019-06-17

“പച്ചക്കു കത്തിക്കുമെന്നു് കേട്ടപ്പോൾ ഞെട്ടിപ്പോയി. നിങ്ങളുടെ സഹോദരിയും മഹാറാണിയുമായ സുദേഷ്ണയുടെ വിശ്വസ്ത തോഴിയായി അന്തഃപുരത്തിൽ ഒതുങ്ങിക്കഴിയുന്ന ആ സ്ത്രീയെ സമ്മതം കൂടാതെ തൊടാൻ പോലും എന്തധികാരം?”, കൊട്ടാരം ലേഖിക ചോദിച്ചു.

“തൊടുന്നതും തലോടുന്നതും ഒക്കെയുണ്ടു്. അറിയാമോ, അത്താഴവും മദ്യവും എനിക്കെത്തിക്കുന്ന ജോലി അവളെ സുദേഷ്ണ കൗശലപൂർവ്വം ഏൽപ്പിക്കുക വഴി, അത്തരം പ്രാഥമിക ഇടപാടുകൾ എളുപ്പവുമാണു് എന്നാൽ അവളെ വിവാഹം കഴിക്കുക എന്ന ആവശ്യത്തിൽ കുറഞ്ഞ ഒരൊത്തുതീർപ്പിനും ഞാനില്ല. അവൾക്കഞ്ചോളം ഭർത്താക്കന്മാരുണ്ടെന്നു കേൾക്കുന്നുണ്ടു്, നേരിട്ടു് പരിചയമില്ലെങ്കിലും അവരിപ്പോൾ വിരാടരാജധാനിയിൽ നിർമ്മിതസ്വത്വങ്ങളിൽ കരുതലോടെ അജ്ഞാതവാസം കഴിക്കുന്നു എന്നറിയാം. കള്ളി വെളിച്ചത്താവുമെന്ന ഭീതിയുണ്ടെങ്കിൽ അവർ മുൻകൈയെടുത്തു ഒരുക്കിത്തരട്ടെ വിവാഹം. അല്ല, പാതിരാ മിന്നലാക്രമണത്തിലൂടെ ഞാനുമായി സംഘട്ടനമാണവർ ഉദ്ദേശിക്കുന്നതെങ്കിൽ, അജ്ഞാതവാസരഹസ്യം ഞാൻ പൊളിക്കും. ആറംഗ പാണ്ഡവസംഘത്തിന്റെ പൂർണ്ണ വിവരങ്ങളുള്ള രേഖ ചാരനെ ഞാൻ ഏൽപ്പിച്ചിട്ടുണ്ടു്. എനിക്കെന്തെങ്കിലും ആപത്തുണ്ടായാൽ, അപ്പോൾ പറക്കുമവൻ ഹസ്തിനപുരിയിലേക്കു. ഇനിയൊരു വ്യാഴവട്ടക്കാല വനവാസം അവർ ക്ഷണിച്ചു വരുത്തുമോ എന്നു് നോക്കാം. ഒന്നും നേരെചൊവ്വേ നടക്കുന്നില്ലെങ്കിൽ, സൈരന്ധ്രിയെ നൃത്തമണ്ഡപത്തിൽ പരസ്യമായി ഞാൻ കത്തിക്കും-ഇത്ര ചെറുപ്പത്തിൽ തന്നെ ഞാനെങ്ങനെ വിരാടസേനാപതിയായി എന്നപ്പോൾ നിങ്ങൾക്കും കാണാം. വിട്ടുകൊടുക്കില്ല അവളെ ഞാൻ കഴിവുകെട്ട പാണ്ഡവർക്കിനിയും.”

2019-06-18

“ഇന്നുമൊരു നവജാത ശിശുമരണം-ചേരിപ്രദേശത്തെ കുടിലിലല്ല, ഹസ്തിനപുരി കൊട്ടാരത്തിൽ. അന്തഃപുരവേലക്കാരുടെ വസതിയിലല്ല, മഹാറാണി ഗംഗയുടെ പ്രസവത്തിൽ-തുടർച്ചയായ ഏഴാമത്തെ കുഞ്ഞും ശ്വാസം മുട്ടി മരിച്ചു. ദുരൂഹതയൊന്നും തോന്നിയില്ലേ?”, മഹാരാജാവു് ശാന്തനുവിനോടു് കൊട്ടാരം ലേഖികചോദിച്ചു.

“കണ്ണുതുറന്നു നോക്കിയാൽ കാണുന്ന ഈ പാരാവാരത്തിൽ എന്തെങ്കിലും ദുരൂഹമല്ലാതുണ്ടോ? തെരുവായ തെരുവെല്ലാം ഓടിനടന്നു ഇല്ലാത്ത കഥകൾ നെയ്യുന്ന നിങ്ങൾ നാളെ ഇതേ സമയത്തു ഒരു പിടി ചാരമായി മാറിയാൽ അതും ദുരൂഹമാവുമോ? ഇന്നലെ ഈ സമയത്തു ‘ഗർഭശ്രീമാ’നായിരുന്ന കിരീടാവകാശി ഇപ്പോൾ നദിയൊഴുക്കിലെവിടെയോ പൊങ്ങിയ കുഞ്ഞുജഡമായതിൽ ദുരൂഹതയില്ലേ? ഉണ്ടല്ലോ. അതിലധികം ദുരൂഹമല്ലേ ഇന്നു് പുലർച്ചക്കു ചോരക്കുഞ്ഞിനെ പുഴയിൽ ‘കഴുകിയെടു’ക്കും മുമ്പു് കൈവിരലുകൾക്കിടയിലൂടെ ഒഴുക്കിൽ വീണുപോയ കുഞ്ഞിനെ പ്രസവിച്ച മഹാറാണി ഗംഗയിതാ, കൊട്ടാര ഉദ്യാനത്തിൽ ഊഞ്ഞാലാടുന്നതു നോക്കൂ. ഇന്നു് രാത്രിയവൾ എന്റെ കൂടെ സുഗന്ധിയായി കിടക്കുമ്പോൾ വീണ്ടുമൊരു ഗർഭം ധരിക്കാൻ വേണ്ട ശാരീരികക്ഷമതയുണ്ടാവും. നാളെയവൾ ഗർഭവതിയാകും. മറ്റന്നാൾ വീണ്ടും, പെറ്റ കുഞ്ഞു പുഴവെള്ളത്തിൽ മുങ്ങി മരിക്കും -ഒന്നും ഈ ലോകത്തിൽ ദുരൂഹമല്ല. എന്തു് ഹീനപ്രവർത്തിക്കും നിങ്ങളോടു് വാതുറന്നു ലളിതമായി വിശദീകരിക്കാനുണ്ടാവും പരമാർത്ഥം. ദുരൂഹതയകറ്റുന്ന ‘പിന്നാമ്പുറ കഥ’കൾക്കു ചെവികൊടുക്കാതെ നിങ്ങൾ ചോദ്യം ചോദിച്ചതിൽ അഭംഗിയുണ്ടു്. കൊച്ചുസഹോദരീ, ദൈവമാണു് സൃഷ്ടിക്കു പിന്നിലെന്ന ലളിത വിശദീകരണത്തിലൂടെ പ്രപഞ്ചദുരൂഹത എന്നോ പൂർവ്വികർ മാറ്റിയിട്ടും, ദൈവാസ്തിത്വം ചോദ്യം ചെയ്യുന്ന ചാർവാകനെ പോലെയാണോ നിങ്ങൾ പത്രപ്രവർത്തകരും?”

“നിയമക്കുരുക്കിൽ നിന്നപ്പോൾ രക്ഷപ്പെട്ടുവോ പീഡകൻ? രാജസഭയിൽ പ്രസ്താവന കാണുന്നില്ലല്ലോ? ഒത്തുകളിയാണോ?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. പാണ്ഡവർ വനവാസത്തിനു പോയ കാലം.

“ഇരയുടെ അസാന്നിധ്യത്തിലും ന്യായാധിപൻ പരാതി പരിശോധിച്ചു. പ്രതിയെയും സാക്ഷികളെയും വിസ്തരിച്ചു വസ്തുതകൾ തേടി. നീതിദേവതയുടെ നിരന്തര സാന്നിധ്യം വിചാരണയിൽ അനുഭവപ്പെട്ടു. ഇരയുടെ ദേഹത്തു് പ്രതി കൈവച്ചതുകൊണ്ടു സ്ത്രീത്വത്തിന്നെതിരായ അതിക്രമം ഉണ്ടായി എന്ന നിഗമനത്തിനു സാധുതയില്ലെന്നു തിരിച്ചറിഞ്ഞു. ആണുങ്ങൾക്കു് ഇരിപ്പിടാനുമതിയുള്ള ചൂതാട്ടസഭയിൽ അല്പവസ്ത്രയായി വന്ന ഇര ചൂതാട്ടത്തിന്റെ ഏകാഗ്രതയിൽ അയവു വരുത്തുവാൻ ഇടവരരുതെന്നു ഊന്നിപ്പറയാൻ പ്രതി അപേക്ഷിച്ചപ്പോൾ, കെട്ടുവിട്ടു ഇരയുടെ ഉടലിൽ നിന്നു ഉടുതുണി വേർപെടുക മാത്രമാണുണ്ടായതെന്ന പ്രതിവാദത്തിൽ കഴമ്പു കണ്ടു. ഇരയുടെ മാനം തകർക്കുകയെന്ന ഉദ്ദേശ്യം പ്രതിക്കുണ്ടായിരുന്നില്ലെന്നും ന്യായാധിപനു് ബോധ്യമായി. അങ്ങനെ പ്രതിയെ വെറുതെ വിട്ടു. കൗരവരിൽ കിരീടാവകാശത്തിനു രണ്ടാമനായ പ്രതിയെ സമൂഹത്തിന്റെ മുമ്പിൽ താഴ്ത്തിക്കെട്ടാൻ ഇരനെയ്തെടുത്തൊരു വ്യാജപരാതിയാണിതെന്ന ന്യായാധിപന്റെ കണ്ടെത്തലിൽ പരാതിക്കാരിക്കു് വനവാസക്കാലത്തു കഠിനശിക്ഷയെന്ന നിലയിൽ, സന്യസ്ഥ ആശ്രമങ്ങളിലെ ജൈവിക മാലിന്യം സ്വയം സംഭരിച്ചു കൊണ്ടുപോയി സംസ്കരിക്കാനുള്ള ദൗത്യം ഏൽപ്പിച്ചുത്തരവായി.”

2019-06-19

“ഗാർഹികപീഡനത്തിനു മകൾ ഇരയെന്ന ആരോപണവുമായി പാഞ്ചാലമഹാറാണി പടവാൾ ഉയർത്തിയപ്പോൾ വിരണ്ടുവോ പാണ്ഡവർ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു.

വനവാസക്കാലം.

“ഗുരുദക്ഷിണയായി തള്ളവിരൽ കടിച്ചുമുറിച്ചെടുക്കുന്ന ദ്രോണർ എനിക്കു് പണി തന്നു-പാഞ്ചാലനെ വരിഞ്ഞുകെട്ടി മുമ്പിൽ വക്കണം. അന്നു് ഞാൻ വിദ്യാർത്ഥി. ആ ക്ലേശകരമായ ദക്ഷിണജോലി ചെയ്തു. പാഞ്ചാലീ പരിണയത്തിൽ പാഞ്ചാലൻ എന്നോടു് മന്ത്രിച്ചു, അന്നു് ഞാൻ നിനക്കു് വഴങ്ങിത്തന്നതു്, ഗുരുദ്രോണശാപം നിനക്കുണ്ടാവാതിരിക്കാനാണ്. അത്രമേൽ പ്രിയപ്പെട്ട പാഞ്ചാല പരസ്യമായിപ്പോൾ ചൂടാവണമെങ്കിൽ, ആരോ ഞങ്ങളെക്കുറിച്ചു സത്യം പ്രചരിപ്പിക്കുന്നുണ്ടാവും. സന്യസ്ഥർക്കു് സേവനം നൽകാൻ കർശന കൗരവാജ്ഞയുള്ളപ്പോൾ യുധിഷ്ഠിരൻ, പാഞ്ചാലിയെ ആ ‘പുറം ജോലി’ക്കു നിത്യവും തള്ളിവിടുന്നതു് കണ്ടു ഞാനും മുഷ്ടിചുരുട്ടി പ്രതിഷേധിച്ചിട്ടുണ്ടു്. ‘ഇന്ദ്രപ്രസ്ഥം ചക്രവർത്തിയായിരുന്ന ഞാൻ തന്നെ വേണം ആശ്രമ മാലിന്യങ്ങൾ സംസ്കരിക്കാൻ അല്ലേ?’, എന്നയാൾ വിലാപത്തോടെ തിരിച്ചടിച്ചപ്പോൾ മറ്റു പാണ്ഡവർ അയാളെ പിന്തുണച്ചു. ഞാൻ ചൂളിപ്പോയി. പീഡകയുധിഷ്ഠിരനെ ഗാർഹികസ്ത്രീനീതിയിൽ പാഞ്ചാലറാണി ബാലപാഠം പഠിപ്പിക്കട്ടെ. ആ വിധം വിഭാവന ചെയ്യുന്നതിൽ പോലുമുണ്ടൊരു കാവ്യനീതി.”

2019-06-20

“പ്രതികാരബോധത്തിൽ പതിമൂന്നുകൊല്ലമായി അഴിച്ചിട്ട മുടിയിൽ തേക്കാൻ, ഇതാ, പാഞ്ചാലീ, ചുടുകൗരവചോര”, കൈക്കുമ്പിളിൽ കൊഴുത്തു തിളയ്ക്കുന്ന ദ്രാവകവുമായി, കിതച്ചോടി പാണ്ഡവ പാളയത്തിൽ പ്രണയിനിയുടെ മുമ്പിൽ കൊച്ചുകുട്ടിയെ പോലെ അഭിനന്ദനത്തിനായി ഭീമൻ കൈനീട്ടി.

“ആലങ്കാരികമായി ഞാനെന്നോ എവിടെയോ പ്രതിജ്ഞ ചെയ്ത ഒരു ചോരക്കാര്യം ഇത്രയും കാലം അക്ഷരാർത്ഥത്തിൽ ഓർമയിൽ വച്ചു്, അർദ്ധസഹോദരന്റെ കരൾ തുരന്നു ചോര കോരി വരുന്ന നിങ്ങൾ ആളെത്ര മന്ദൻ. നിങ്ങൾക്കു് അറിയാമോ മനുഷ്യാ, ആരാധകരായിരുന്നു കൊല്ലപ്പെട്ട ആ ധീരകൌരവർ” നിന്ദയോടെ ഭർത്താവിനെ ഒന്നു് നോക്കി, മുടി കെട്ടിവച്ചു, തിരിച്ചു കൂടാരത്തിലേക്കു് കയറി പാഞ്ചാലി വാതിലടച്ചു.

“ജീവിതസായാഹ്നം ഇങ്ങനെ ദുരിതത്തിൽ കഴിയേണ്ടവരാണോ നിങ്ങൾ ഇതിഹാസ കഥാപാത്രങ്ങൾ?”, ധൃതരാഷ്ട്രർ, ഗാന്ധാരി വിദുരർ എന്നിവർ നാളെണ്ണിക്കഴിയുന്ന ഹിമാലയവനാശ്രമത്തിൽ വഴിനടന്നെത്തിയപ്പോൾ കൊട്ടാരം ലേഖിക ചോദിച്ചു.

“മാംസഭോജികൾ, എല്ലും തൊലിയുമായ ഈ വൃദ്ധശരീരങ്ങൾ കണ്ടു മടുപ്പോടെ ഓരോ തവണയും മടങ്ങുന്നു. അങ്ങനെയൊരു അസ്തിത്വ പ്രതിസന്ധി നേരിടുകയാണിപ്പോൾ. പരസ്പരം ജീവനൊടുക്കാൻ ആയുധമോ കരുത്തോ ഇല്ല. നേരം പുലരുമ്പോൾ പ്രത്യാശയോടെ മാനത്തേക്കു് നോക്കും-ഒരു ആകസ്മിക കാട്ടുതീ, അതാണു് പ്രാർത്ഥിക്കുന്നതു് ഞങ്ങൾ ഉറങ്ങുന്ന നേരത്തു നിങ്ങളുടെയൊക്കെ ഉത്സാഹത്തിൽ മനുഷ്യനിർമ്മിതമായൊരു അഗ്നിബാധയായാൽ, അതു് പ്രകൃതിയുടെ ദാനമായി തന്നെ കാണും.”

2019-06-21

“കൊള്ളിവാക്കു പറഞ്ഞു ഭർത്താക്കന്മാരെ വേദനിപ്പിക്കുക, സുഗന്ധതൈലങ്ങൾ സമ്മാനിക്കുന്ന പരപുരുഷന്മാരെ പ്രശംസിക്കുക-ദാമ്പത്യജീവിതത്തിൽ പ്രകടമായ ഈ ദുഷ്പ്രവണതക്കു പിന്നിൽ ജനിതക വൈകല്യമാണോ?, അതോ, വളർന്ന പാഞ്ചാലയോ?”, കൊട്ടാരം ലേഖിക ചോദിച്ചു.

വനവാസക്കാലം.

“വളർച്ചയെത്തിയ സ്ത്രീശരീരവുമായി യാഗാഗ്നിയിൽ നിന്നുയർന്ന എനിക്കെങ്ങനെ ജനിതകം അവകാശപ്പെടാനാവും? ചുറ്റും നടന്നു പരിചയപ്പെടും മുമ്പു് വിവാഹം കഴിഞ്ഞ എനിക്കെങ്ങനെ പാഞ്ചാലയിൽ നിന്നു് പ്രായോഗിക ദാമ്പത്യപാഠം സ്വീകരിക്കാനാവും? വേണം സ്വകാര്യത എന്നു് കൊതിക്കുന്ന നേരത്തു, അതിക്രമിച്ചു വസ്ത്രാക്ഷേപം ചെയ്യുന്ന പഞ്ചപാണ്ഡവരെ ചെറുക്കാൻ ഈ പെണ്ണുടലിനാവേണ്ടതല്ലേ? അപ്പോൾ എന്റെ വാക്കിൽ മുള്ളുണ്ടെന്നവർ വിലപിക്കുക സ്വാഭാവികം. എന്നോടു് കരുണകാണിക്കുന്ന കൗരവരെ പാണ്ഡവർ ഇകഴ്ത്തുന്നു. ഇടക്കൊന്നു ഭർത്താക്കന്മാരോടു് മുള്ളുവാക്കു പറഞ്ഞില്ലെങ്കിൽ ആരാധകകൗരവർ എന്ന പദത്തിനെന്തർത്ഥം? നിശാജീവിതം അഞ്ചു ലൈംഗിക ഉപഭോക്താക്കൾ ഒരേ സമയം കയ്യടക്കിയിട്ടു കാലമെത്രയായി. കിടപ്പറക്കു വെളിയിൽ കാത്തു കാത്തുറങ്ങിപ്പോയെന്നു പാണ്ഡവർ വിലപിക്കാറുണ്ടു്. ഊഴം വച്ചു് അച്ചടക്കത്തോടെ കിടപ്പറക്കു മുമ്പിൽ കാത്തിരിക്കും എന്നു് പറയുന്ന പാണ്ഡവർ പക്ഷേ, ഇതുവരെ പറയാത്ത വേറൊരു കാര്യം ഇതാ, ഞാൻ തന്നെ വേണം ബഹു ഭർത്തൃത്വ വൈവിധ്യത്തിലും ഉത്തരവാദിത്വത്തോടെ ഓരോരുത്തരെ വലിച്ചിഴച്ചു കൊണ്ടുവന്നു് പായിൽ കിടത്തി പരിചരിച്ചും ലാളിച്ചും ഊർജ്ജസ്വലരാക്കാൻ.”

2019-06-22

“കുരുക്ഷേത്രവിജയത്തിന്റെ ആദ്യവാർഷികം കുടുംബസമേതം ആഘോഷിക്കുമ്പോൾ, പാണ്ഡവർ മതിമറന്നുവോ? പത്തുവർഷത്തോളം രാജസൂയ ചക്രവർത്തിനി ആയിരുന്ന ഇന്ദ്രപ്രസ്ഥത്തു പോയി ‘എന്തുണ്ടവിടെ വിശേഷം?’ എന്നിതുവരെ തിരക്കിയില്ലേ?”, അരങ്ങേറ്റ മൈതാനത്തിലെ ആഘോഷ വേദിയിൽ നിന്നിറങ്ങി രഥത്തിൽ കയറുകയായിരുന്ന പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“കാലിക പ്രസക്തി മാത്രമുള്ള താൽക്കാലിക മായൻ നിർമിതി മാത്രമായിരുന്നില്ലേ, വിരുന്നുവന്നവരെ അന്ധാളിപ്പിച്ചു വഴുക്കി വീഴ്ത്തുന്ന ആ ചതിയൻ മന്ദിരസമുച്ചയം? കഴിഞ്ഞ പത്തുപതിനാലു വർഷങ്ങൾക്കുള്ളിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രകൃതിയുടെ സ്വാഭാവിക പരിഗണനയിൽ വളർന്ന കുറ്റിക്കാടുകളുണ്ടു് എന്നു് നകുലൻ വായിച്ചിരുന്നു. അതു് വെട്ടി നിരപ്പാക്കാനും, ജൈവ വൈവിധ്യങ്ങൾ നശിപ്പിക്കാനും ആരെയും സമ്മതിക്കില്ല. കുടിയേറ്റത്തിനു മുമ്പു് ഖാണ്ഡവ ആവാസവ്യവസ്ഥ എങ്ങനെ ആയിരുന്നുവോ അതു് പുനഃസൃഷ്ടിക്കും. അതിനു ഞങ്ങൾ ഇന്ദ്രപ്രസ്ഥത്തിൽ പോവേണ്ട കാര്യമില്ല. പ്രകൃതിക്കു വിട്ടുകൊടുത്താൽ മതി. അത്രയും പാരിസ്ഥിതിക പ്രതിബദ്ധത ഹസ്തിനപുരി പൊതുസമൂഹം എന്നിൽ നിന്നു് പ്രതീക്ഷിക്കുന്നുണ്ടു് എന്നും നിങ്ങൾക്കറിയാം.”

“ധീരസ്ത്രീയെന്ന നിലയിൽ പാഞ്ചാലി ആഗോളശ്രദ്ധ നേടിയപ്പോൾ മറ്റൊരു പാഞ്ചാലപുത്രിയെന്ന നിലയിൽ നിങ്ങൾ പക്ഷേ, നാടൊട്ടുക്കു് പരിഹാസ്യകഥാപാത്രമായി എന്ന പരാതിയുണ്ടോ?” കൊട്ടാരം ലേഖിക ചോദിച്ചു. കുരുക്ഷേത്ര പത്താം ദിവസം. പോരാട്ടത്തിനു് പെണ്ണൊരുമ്പെട്ടാൽ ആയുധം താഴെയിടുമെന്നു പിതാമഹൻ പ്രഖ്യാപിച്ചതുകൊണ്ടു് പോർക്കളത്തിൽ വിങ്ങിപ്പിടിച്ച പരപരപ്പുണ്ടായിരുന്നു.

“ഒറ്റനോട്ടത്തിൽ കാശിരാജകുമാരി അംബയെന്നെന്നെ ഭീഷ്മർ തിരിച്ചറിയുമെന്ന തോന്നൽ സാർവ്വർത്രികമായതുകൊണ്ടു്, ദശാബ്ദങ്ങളായി ഞാൻ പാടുപെട്ടു തയ്യാറെടുത്തതൊക്കെ പാഴായിപ്പോവുമെന്ന പേടി യൊന്നുമില്ല. ഭീഷ്മവധത്തിനുവേണ്ടി അവമതിയുടെ ഏതറ്റവും ഞാനിന്നു പോവും. പ്രണയിയിൽ നിന്നെ ന്നെ ബലം പ്രയോഗിച്ചു തട്ടിയെടുത്തു ഹസ്തിനപുരിയിലേക്കു അംബികയും അംബാലികയുമൊത്തു പാഞ്ഞ പിതാമഹനൊരു കൊല്ലുന്ന കൊട്ടുകൊടുക്കാതെ തീരുമോ അംബയുടെ പ്രതികാരദാഹം? ആൺ പെൺ ലക്ഷണങ്ങൾ നിയന്ത്രിക്കുന്ന അതിസൂക്ഷ്മ ഗ്രന്ഥിസ്രാവങ്ങൾ രക്തത്തിൽ കലരുമ്പോൾ എന്തൊക്കെ ഈ വിസ്മയഉടലിൽ സംഭവിക്കാമോ അതൊക്കെ പ്രകൃതിയെന്നിൽ പരിമിതിയില്ലാതെ പരീക്ഷിച്ചിട്ടുണ്ടാവാം, എന്നാൽ ഇന്നു് ഞാൻ സ്ത്രൈണ ലക്ഷണങ്ങൾ കാണിക്കുന്ന പുരുഷനെന്നു ഇത്തരം കാര്യങ്ങളിൽ ഗ്രാഹ്യമുള്ള മാദ്രിപുത്രൻ സഹദേവൻ കൃത്യമായി പറഞ്ഞുകഴിഞ്ഞു. ഭീഷ്മവധത്തിനുശേഷം ഇനി നമുക്കു് വീണ്ടും കാണാം, പൂർവ്വജന്മത്തിൽ എനിക്കു് കൂടപ്പിറപ്പുകളായിരുന്ന അംബികയും അംബാലികയും ജന്മം കൊടുത്ത ധൃതരാഷ്ട്രരുടെയും പാണ്ഡുവിന്റെയും മക്കൾ സ്വത്തുതർക്കം എങ്ങനെ തീർക്കുമെന്നറിയാൻ എനിക്കുമുണ്ടു് നേരിയൊരു കൗതുകം. കാരണം, വിശ്വവിഖ്യാതസഹോദരിയുടെ ഭാഗ ധേയവും നിർണ്ണയിക്കപ്പെടുക ഈ യുദ്ധത്തിലാണല്ലോ.”

“പോറലില്ലാതെ പോർക്കളത്തിൽനിന്നു് തിരിച്ചെത്തിയ ഏക കൗരവസൈനികൻ അല്ലെ?” കൊട്ടാരം ലേഖിക കൃപാചാര്യനോടു് ചോദിച്ചു, “എങ്ങനെ വിശാലമായി നിങ്ങൾ വിലയിരുത്തുന്നു കുരുക്ഷേത്ര യുദ്ധം?”

“ചൂതാട്ടസഭയിൽ ദുര്യോധനൻ ചെയ്ത കളവും നെറികേടുമൊക്കെ എത്ര ലളിതം, യുദ്ധഭൂമിയിൽ പാണ്ഡവർ പരസ്യമായി ചെയ്തു കൂട്ടിയ പരാക്രമങ്ങൾ നോക്കുമ്പോൾ. ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയുടെ തിരുവസ്ത്രമഴിഞ്ഞതാണു് വസ്ത്രാക്ഷേപമെന്ന നിലയിൽ ചൂതാട്ടസഭ പിൽക്കാലത്തു കുപ്രസിദ്ധമായതെങ്കിൽ, കുരുക്ഷേത്രയിലെ ഓരോ കൗരവവധവും കണ്ണിൽ ചോരയില്ലാത്തതായിരുന്നു. അഭിമന്യുഭാര്യ ഉത്തരയുടെ ഗർഭസ്ഥശിശുവിനുനേരെ, ദ്രോണപുത്രനും ചിരഞ്ജീവിയും കൗരവ സർവ്വസൈന്യാധിപനുമായ അശ്വത്ഥാമാവു് ബ്രഹ്മാസ്ത്രം തൊടുമെന്നൊന്നു വെറുംവാക്കു പറഞ്ഞതെ ഉള്ളൂ, എന്തായിരുന്നു അയാൾക്കുനേരെ പ്രകൃത്യാതീത ശക്തികളുടെ പ്രതികരണം. ചൂതാട്ടത്തിൽ തോറ്റവർക്കു് വനവാസത്തിൽ അടിമപ്പണിയായിരുന്നെങ്കിൽ, കുരുക്ഷേത്രയിൽ ജീവത്യാഗം ചെയ്തവർക്കു് മേലെ മേലെ നീലാകാശം കഴിഞ്ഞാൽ സ്വർഗ്ഗരാജ്യത്തിലേക്കു പ്രവേശനം സുഗമമാണെന്നറിഞ്ഞപ്പോൾ ജീവഹാനിയില്ലാതെ ഹസ്തിനപുരിയിലെത്തിയ എനിക്കും ബോധ്യമായി, ഈ കാണുന്ന പ്രപഞ്ചത്തിൽ ചോദിക്കാനും പറയാനും ആളുണ്ടു്.”

2019-06-23

“രാജമാതാ സത്യവതിയെപോലുള്ള ശക്ത സ്ത്രീസാന്നിധ്യമുണ്ടായിരുന്ന ഈ ഹസ്തിനപുരി കൊട്ടാരത്തിൽ നിങ്ങൾ അർദ്ധ സഹോദരഭാര്യ പാഞ്ചാലിയെ അന്തഃപുരത്തിൽ നിന്നു് തട്ടിക്കൊണ്ടു പോയി ചൂതാട്ടസഭയിൽ പരസ്യമായി അസഭ്യം പറഞ്ഞു അവഹേളിക്കുകയും അവളുടെ ഉടുതുണി വലിച്ചു വിവസ്ത്രയാക്കുന്നതുമൊക്കെ ജനം കണ്ടും കേട്ടും വിറക്കുന്നുണ്ടല്ലോ. ലോകമനഃസാക്ഷിയുടെ മുമ്പിൽ കുരുവംശത്തെ മൊത്തം പ്രതിക്കൂട്ടിലാക്കിയ ഈ ആഭാസത്തരം നിങ്ങൾ എങ്ങനെ പ്രതിരോധിക്കുന്നു?” കൊട്ടാരം ലേഖിക ചോദിച്ചു. പൗരാവകാശം നഷ്ടപ്പെട്ട ആറംഗപാണ്ഡവസംഘം വടക്കൻ മലനിരകളിലേക്കു് അതിരാവിലെ പദയാത്ര തുടങ്ങിയിരുന്നു.

“എന്തോ സംഭവിച്ചു എന്നൊക്കെ അവ്യക്തമായ ഓർമ്മയുണ്ടു്. എന്നാൽ ഒന്നൊന്നായി ആലോചിക്കുമ്പോൾ അത്ര വ്യക്തതയൊട്ടില്ല താനും. ചൂതാട്ടത്തിൽ അഭിവന്ദ്യ ദുര്യോധനൻ വച്ചടി വച്ചു് ജയിച്ചു മുന്നേറുമ്പോൾ ഞങ്ങൾ ഇളമുറക്കാർ മദ്യലഹരിയിലായിരുന്നു എന്നതായിരിക്കുമോ കാരണം?” കണ്ണു് തിരുമ്മി കൗരവർ സ്ഥലകാലവിഭ്രമത്തിൽ പകച്ചു ചുറ്റും നോക്കികൊണ്ടിരുന്നു

2019-06-24

“അരക്കില്ലത്തിലെ ആകസ്മിക അഗ്നിബാധയിൽ വെന്തുമരിച്ച കുന്തിയുടെയും പാണ്ഡവരുടെയും ഭൗതികാവശിഷ്ടങ്ങൾ ഔദ്യോഗികബഹുമതികളോടെ നദീതീരത്തു സംസ്കരിക്കുന്ന നേരത്തു, പരേതരോടു് രക്തബന്ധമുള്ള വേറെ ആരെങ്കിലും കൗരവസദസ്സിൽ ഉണ്ടോ എന്ന മഹാപുരോഹിതന്റെ മുന വച്ച ചോദ്യം സാമാന്യ മര്യാദയുടെ സീമ ലംഘിച്ചതായി നിങ്ങൾക്കും തോന്നിയോ?”, തിരിച്ചു കൊട്ടാരത്തിലേക്കു നടക്കുമ്പോൾ വിഷണ്ണനായി കണ്ട കർണ്ണനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“അതെന്നെ ഉദ്ദേശിച്ചതാണെന്നു ആ ചോദ്യം നേരിൽകണ്ട നിങ്ങൾക്കും സംശയം തോന്നിയതല്ലേ? കത്തിക്കരിഞ്ഞ ജഡങ്ങൾ ആരുടെയെന്നു പൂർണ്ണമായും തിരിച്ചറിയും മുമ്പു് കൗരവർക്കു പുറമെ രക്തബന്ധുക്കൾ വേറെയുമുണ്ടോ എന്നു് അത്യുക്തി നിറഞ്ഞ ശരീരഭാഷയിൽ ചോദിക്കാൻ കൃപാചാര്യർ മുതിർന്നതു് എന്റെ ജനിതകധാരയെ കുറിച്ചയാൾക്കെന്തോ രഹസ്യവിവരം അതീതശക്തികളിൽ നിന്നു് കിട്ടി എന്ന വിപൽ സൂചനയായിരിക്കുമോ?. കുരുവംശ കൊട്ടാരത്തിലെ തലമുറകളായുള്ള വിഴുപ്പുകെട്ടുകൾ ‘ഹസ്തിനപുരി പത്രിക’യെക്കാൾ കൂടുതൽ ഒന്നൊന്നായി ഇഴകീറി പരിശോധിച്ച വേറെ ആരുണ്ടു് രണ്ടു നൂറ്റാണ്ടുകളായി ഈ മഹാനഗരത്തിൽ?”

“വെറുമൊരു സാമന്തരാജ്യമായ ഹസ്തിനപുരിയിലേക്കു പെരുമാറ്റച്ചട്ടം തെറ്റിച്ചു ചൂതാട്ടത്തിനു ഓടിക്കിതച്ചു യുധിഷ്ഠിരൻ വരുമ്പോൾ, ഇന്ദ്രപ്രസ്ഥം ചക്രവർത്തിയുടെ രാജമുദ്ര കൊണ്ടുവന്നില്ലേ? കള്ളച്ചൂതു് കളിച്ച കൗരവരുടെ പൗരാവകാശങ്ങൾ ഇനിയൊരറിയിപ്പുണ്ടാവും വരെ നിഷേധിച്ചിരിക്കുന്നു എന്നൊരു കൽപ്പന, തരം നോക്കി ഇന്നലെ തന്നെ പുറപ്പെടുവിച്ചിരുന്നെങ്കിൽ പുഷ്പം പോലെ അതിജീവിക്കാമായിരുന്നില്ലേ, പന്ത്രണ്ടുവർഷ വനവാസവും അടിമത്തവും?” കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. വടക്കൻ മലകളിലേക്കുള്ള പദയാത്രക്കിടെ നഗരാതിർത്തിയിൽ പാണ്ഡവസംഘത്തെ ദേഹപരിശോധനചെയ്യുകയായിരുന്നു സൈനികർ.

“വേണ്ടതൊന്നും ആട്ടഭ്രമത്തിൽ തോന്നിയില്ല. പകരം വിപണിമൂല്യമുള്ള രത്നമാലകൾ മാത്രം കൊണ്ടുവന്നു. ഞങ്ങളെ അലട്ടുന്നതു് പാണ്ഡവരുടെ അടിമത്തമല്ല കുന്തിയുടെ നിഷ്പക്ഷതയാണു് ഐശ്വര്യത്തിൽ കഴിഞ്ഞിരുന്ന അഞ്ചുമക്കൾ ഒരൊറ്റ സന്ധ്യയിൽ ഒന്നുമല്ലാതാവുന്നതൊക്കെ കണ്ടിട്ടും കേട്ടിട്ടും സാന്ത്വനസ്പർശിയായ ഒരക്ഷരം പോലും മിണ്ടാതിരിക്കാനാവർക്കു കഴിഞ്ഞപ്പോൾ, ഞങ്ങൾ സ്വാഭാവികമായും കവിവചനം ഓർത്തുപോയി, നിഷ്പക്ഷത മനഃശക്തിയല്ല അതൊരു മുഖം മൂടിയാണു്. ”

“വിശിഷ്ടാതിഥികൾക്കു പാഞ്ചാലി നൽകിയ അത്താഴവിരുന്നു് കൃപാചാര്യൻ ബഹിഷ്കരിച്ചല്ലോ. തുടങ്ങിയോ യുധിഷ്ഠിരസ്ഥാനാരോഹണത്തിൽ തന്നെ കല്ലുകടി?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.

“കൗരവരുടെ കൊള്ളരുതായ്മകൾക്കു കൂട്ടു് നിന്ന കൃപാചാര്യൻ, ആയുസ്സിന്റെ ബലം കൊണ്ടു കുരുക്ഷേത്രയുദ്ധം അതിജീവിച്ചു. ഞങ്ങൾക്കൊപ്പം ഹസ്തിനപുരിയിൽ തിരിച്ചെത്തിയപ്പോൾ, നാമമാത്ര പദവിയിൽ തളക്കണം എന്നതു് പാണ്ഡവരുടെ ഹൃദയവികാരമായിരുന്നു. ഊണു കഴിക്കാതെ മാറി നിന്നു എന്നതു് വസ്തുതയാണോ? സംശയമുണ്ടു്. രഹസ്യഅറയിൽ വിളമ്പിക്കൊടുത്ത കാളയിറച്ചി വെടിപ്പായി തിന്നു ഇല നക്കിത്തുടച്ചതൊക്കെ ചാരവകുപ്പു കണ്ടെത്തിയല്ലോ.”

2019-06-25

“വിരണ്ടോടി ഏകച്ചക്രയിലെത്തി തല മുണ്ഡനം ചെയ്തു പൂണൂലിട്ടു ഭിക്ഷ യാചിച്ചും ഇച്ചിലുണ്ടും ഏച്ചുകെട്ടിയിൽ ഒളിഞ്ഞുകഴിയുമ്പോളാണു്, പെറ്റള്ളയോടുപോലും പറയാതെ മത്സരത്തിൽ പങ്കെടുക്കാൻ പാഞ്ചാലയിൽ പോയതു് ദുര്യോധനനും കർണ്ണനും ഒറ്റനോട്ടത്തിൽ ആളെ അറിഞ്ഞു. ദരിദ്രവേഷത്തിൽ പാഞ്ചാലിയെ കെട്ടിയ നിങ്ങൾക്കെത്രനാൾ കഴിയേണ്ടിവന്നു വിശ്വസുന്ദരിയെ നെഞ്ചോടൊന്നു ചേർക്കാൻ?” കൊട്ടാരം ലേഖിക ചോദിച്ചു.

“മൂന്നാമത്തെ രാത്രി എറിഞ്ഞുതരുമ്പോൾ, പാഞ്ചാലി പിച്ചിച്ചീന്തപ്പെട്ടിരുന്നു. അത്രയും അവളെ അവശയാക്കിയ രണ്ടുസഹോദരന്മാരെ കശാപ്പു ചെയ്യാൻ ഈ കൈവിരലുകൾ ത്രസിച്ചു. പക്ഷേ, ഞാൻ നിസ്സഹായനായി. ഇരുണ്ട രാത്രിയിൽ ആകെ പ്രകാശിച്ചിരുന്ന കരിന്തിരിയിൽ ഞാനവളെ സൂക്ഷിച്ചു നോക്കി. അരുതേ എന്നവൾ കൈകൂപ്പുന്നപോലെ. സാന്ത്വനസ്പർശത്തോടെ മടിയിൽകിടത്തി ചുവർചാരിയിരുന്നു. ഉറങ്ങുംമുമ്പു് പ്രതികാരം പ്രോത്സാഹിപ്പിക്കുന്ന പരുഷപദങ്ങളാണു് ഞാനുച്ചരിച്ചതു്. കഴിഞ്ഞ രണ്ടു രാത്രികളിൽ ലൈംഗികാക്രമണത്തിനു ഇരയാക്കിയവരെ ഇനിയൊരവസരം കിട്ടിയാൽ വിധിക്കുന്ന എന്തു് ശിക്ഷക്കും പൂർണ്ണപിന്തുണ എന്നിൽ നിന്നുണ്ടാവും. ആ ദൗത്യം അവൾ അഹിംസാത്മകമായി പാലിച്ചു എന്നല്ലേ നിങ്ങളുടെ അഭിമുഖങ്ങളിൽ നിന്നറിയുന്നതു്?”

“ഗാന്ധാരീവിലാപം’ വർഷങ്ങൾക്കു മുമ്പു് തന്നെ നിങ്ങൾ പരിശീലിപ്പിച്ചിരുന്നു എന്നോ?”, കൊട്ടാരം ലേഖിക ചോദിച്ചു. മക്കളുടെ ജഡങ്ങളാണു് ചിതറിക്കിടക്കുന്നതെന്നറിഞ്ഞ ഗാന്ധാരി പൊട്ടിക്കരഞ്ഞു കൃഷ്ണനെ ശപിച്ച ഗാന്ധാരീവിലാപത്തിൽ പാണ്ഡവർ പകച്ചുപോയ നേരം.

“യുദ്ധമേഘങ്ങൾ കറുത്ത സന്ധ്യയിൽ കുന്തിയെ കണ്ടശേഷം ഹസ്തിനപുരി കൊട്ടാരത്തിൽ നിന്നു് പുറത്തുകടക്കുമ്പോൾ വിദുരർ പറഞ്ഞു, ഗാന്ധാരിക്കെന്നെ കാണണമെന്നു്. കണ്ടു സംസാരിച്ചു. അവിശ്വസനീയമെന്നിപ്പോൾ കരുതാവുന്ന പലതും നാളെ സംഭവിക്കാമെന്നും, മക്കളെ പിന്തിരിയിപ്പിക്കാൻ കൺകെട്ടഴിച്ചുണർന്നില്ലെങ്കിൽ വിലപിക്കേണ്ടിവരുമെന്നും ഓർമ്മിപ്പിച്ചു. മാതൃപ്രേരണക്കു വഴങ്ങുന്നവരല്ല മക്കൾ എന്നു ഗാന്ധാരി പറഞ്ഞപ്പോൾ, കൗരവ വംശഹത്യ ഭാവിയിലുണ്ടായാൽ എന്നെ ശപിക്കാനായി വിലാപഗീതം രഹസ്യമായി പഠിപ്പിച്ചുതരാമെന്നു ആ മാതൃമനസ്സിനെ ഞാൻ ആശ്വസിപ്പിച്ചു. ശോകമുഹൂർത്തത്തിൽ, വാക്കുകൾ കൃത്യമായി ഓർമ്മിക്കാൻ, നിത്യവും നാമജപത്തിനൊപ്പം ചൊല്ലണം എന്നുപദേശിച്ചതവർ ഉത്തരവാദിത്വത്തോടെ ചെയ്തു എന്നു് വേണം കാണാൻ. എന്നെ ഗാന്ധാരി ‘ശപിച്ച’പ്പോൾ, ഒന്നേ എനിക്കു് തിരിച്ചു പറയേണ്ടി വന്നുള്ളൂ. അമ്മാ, ഞാൻ പണ്ടു് ചൊല്ലിത്തന്ന ഒരു വാക്കു പോലും തെറ്റാതെ ഗാന്ധാരീശാപം നിങ്ങളിപ്പോൾ ഉച്ചരിച്ചതിനു നന്ദി. ഈ ജീവിതത്തിലെ കെട്ടുപാടുകളിൽ നിന്നു് വിട്ടുമാറാൻ എന്നെയും അതു് തുണക്കട്ടെ.”

2019-06-26

“ഔഷധസസ്യത്തോട്ടത്തിനുള്ളിൽ പണിത വയോജനവിശ്രമകേന്ദ്രം ഉത്ഘാടനം ചെയ്യും മുമ്പു് തന്നെ പടിയിറങ്ങിയല്ലോ അന്തേവാസികളാവേണ്ടിയിരുന്ന നാലുപേരും?”, കാടിന്റെ വഴി തിരഞ്ഞെടുത്തു അരമന വിട്ടിറങ്ങുന്ന ധൃതരാഷ്ട്രർ ഗാന്ധാരി വിദുരർ കുന്തി എന്നിവരെ മട്ടുപ്പാവിൽ നിന്നു് നോക്കുമ്പോൾ കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“അതിനെന്താ. മുതിർന്ന മൂന്നു പാണ്ഡവർ അന്തേവാസികളാവാൻ പ്രായയോഗ്യത നേടിയല്ലോ. ഹസ്തിനപുരിയുടെ ഭരണം മാദ്രിയുടെ ‘ഇരട്ടക്കുട്ടികൾ’ ഒന്നായി ഏറ്റെടുക്കട്ടെ.”

“പോരാളികൾ ഊട്ടുപുരയിലേക്കു കുതിക്കുന്ന നേരത്തു, പിന്തുടർന്നു് പിടികൂടി ശത്രുവിന്റെ കരൾ പിളർക്കാൻ കത്തി നിങ്ങൾ ഓങ്ങിയപ്പോൾ കാണുന്നതു്, എന്തോ മിണ്ടിപ്പറയുന്നതാണു്? എന്തായിരുന്നു ആ രഹസ്യ മരണമൊഴി?” കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.

“പ്രിയപാഞ്ചാലിക്കു് സുഖമല്ലേ ഭീമാ എന്നവൻ ചോദിച്ചു. കാട്ടിൽ പത്രണ്ടുകൊല്ലവും മുടിയിൽ തേക്കാൻ സുഗന്ധ തൈലവുമായി ഞാൻ മുഖംമൂടി ധരിച്ചു കാട്ടിലേക്കു വരുമായിരുന്നു. ‘നന്ദി’ എന്ന കൊച്ചു മറുപടി ഒരു സന്ദേശകാവ്യം പോലെ മടക്കയാത്രയിൽ ഞാൻ നെഞ്ചോടുചേർത്തു. മുടിയഴിച്ചിട്ടാൽ പിന്നെന്തിനു വേറെ ഉടയാട എന്നു് ചോദിച്ചുകൊണ്ടായിരുന്നു ചൂതാട്ടസന്ധ്യയിൽ വസ്ത്രാക്ഷേപം ചെയ്തതു് അതൊരു പ്രണയ സല്ലാപമായിരുന്നെന്നവൾക്കറിയാം. സുഗന്ധതൈലം ഉപചാരപൂർവ്വം ഞാൻ കൈമാറുമ്പോൾ അവളുടെ മുഖത്തൊരു കൃതജ്ഞത തെളിയും. നിങ്ങളഞ്ചുപേരും ഒറ്റ മുറിക്കുടിലിൽ വിഷാദരോഗികളെപോലെ ഞങ്ങളെ നിരീക്ഷിക്കുന്ന ഓർമ്മയുണ്ടു്. എന്തുകൊണ്ടായിരുന്നു പ്രത്യാശ എന്നോ? അതെനിക്കൂഹിക്കാനേ കഴിയൂ-ആരാധകരായ കൗരവരുടെ കരുതലിലും പ്രണയത്തിലും ലോകസുന്ദരിയുടെ പരിപൂർണ്ണ വിശ്വാസപ്രഖ്യാപനമാണോ? ഏറ്റെടുത്ത ദൗത്യം ഇനി വൈകണ്ട. ഇരുകൈകളും ശുദ്ധജലത്തിൽ കഴുകി ശുദ്ധമാക്കി വേണം നീ എന്റെ ഹൃദയം തുരന്നു പുറത്തുചാടുന്ന ചുടുചോര സംഭരിച്ചു പാളയത്തിലെത്തി അവളുടെ മുടിയിൽ തേക്കാൻ. എന്റെ അഭിവാദ്യങ്ങളോടെ. വയറിന്റെ വലതുവശത്തല്ല നീ കത്തിതാഴ്ത്തേണ്ടതു് ഭീമാ, ഇതാ ഇടനെഞ്ചിലാണു്ഉയർത്തിയ കത്തി ഇനിയതിന്റെ പുതു ലക്ഷ്യം കൃത്യമായി കാണട്ടെ.

2019-06-27

“അരമന അറവുശാലയിലേക്കു കറവ വറ്റിയ മാടുകളെ പതിവായെത്തിക്കുന്നതിൽ പിടിപ്പുകേടു് കാട്ടിയ മൃഗമാംസ മേധാവിയെ പൊതുനിരത്തിലിട്ടു ഭീമൻ പ്രഹരിച്ച വാർത്തയാണല്ലോ ഇന്നലെ കുതിരപ്പന്തികളിലെ അന്തിച്ചർച്ച. രൗദ്രഭീമന്നു് മദം പൊട്ടിയോ എന്നാണു് ചാർവാകൻ മുന വച്ചു് ചോദിച്ചതു് എങ്ങനെ പ്രതികരിക്കുന്നു ഈ അപഭ്രംശം?” കൊട്ടാരം ലേഖിക ഔദ്യോഗിക വക്താവിനോടു് ചോദിച്ചു.

“അപഭ്രംശം? തൊഴിലിൽ അലംഭാവം കാണിക്കുന്നവരെയൊന്നും തരം കിട്ടിയാൽ ആഞ്ഞൊന്നു തൊഴിക്കാതെ അവനങ്ങനെ വിടില്ലല്ലോ. തുറന്നു പറയട്ടെ യുദ്ധം കഴിഞ്ഞതോടെ, ഭീമ ഗദ അലങ്കാര ആയുധമായി എന്നതാണനുഭവം അവൻ കഷ്ടം അതറിഞ്ഞ മട്ടില്ല. ഉദ്യോഗസ്ഥൻ നട്ടെല്ലൊടിഞ്ഞു അടിയന്തര ചികിത്സ തേടി എന്നോ മറ്റോ പന്തിയിലെ പടക്കുതിരകൾ പറയുന്നതു് കേട്ടോ? അതോ, മൂടും തട്ടി എഴുന്നേറ്റു ഭീമനു് പ്രണാമം അർപ്പിച്ചു വകുപ്പുമേധാവി വഴിനടന്നുപോയോ? അതാണു് പറഞ്ഞതു്, ഭരണാധികാരിയും ജീവനക്കാരനും തമ്മിലുള്ള രാഗദ്വേഷങ്ങളുടെ കാലികത ചന്ദ്രനും സൂര്യനും നിലനിൽക്കുന്ന കാലത്തൊക്കെ കാണും. മഴ തുടങ്ങിയ സ്ഥിതിക്കു് മരച്ചെടികൾ വളർത്തുന്ന പുതിയ കർമ്മ പരിപാടിക്കു് നേതൃത്വം കൊടുക്കൂ. എത്രനാൾ ഇങ്ങനെ പാണ്ഡവഭരണകൂടത്തിന്നെതിരെ പര ദൂഷണവുമായി ‘ഹസ്തിനപുരി പത്രിക’ കൊണ്ടുനടക്കാനാവും.”

2019-06-28

“നീതിനിർവ്വഹണത്തിന്റെ വിരൽ കുറ്റാരോപിതനു നേരെ ഒരിക്കലെങ്കിലും ചൂണ്ടുന്നതിനു പകരം, പരമോന്നത പീഠത്തിലിരുന്നു ഇരയെ കഠിനതടവിനു കാട്ടിലേക്കയക്കുന്ന അസാധാരണവിധിക്കു പൂർണ്ണപിന്തുണ നൽകി എന്നാണല്ലോ വഴിയമ്പലങ്ങളിലും കുതിരപ്പന്തികളിലും ചർച്ച. വസ്ത്രാക്ഷേപത്തിൽ ഒന്നാം പ്രതി ഒരു കൂസലും കൂടാതെ ഹസ്തിനപുരിയുടെ ഭരണകൂടം നിയന്ത്രിക്കുക, എന്നാൽ ഇരയുടെ പരാതി സ്വീകരിക്കാൻ വകുപ്പില്ലെന്നു പറഞ്ഞു നീതിപീഠവാതിൽ കൊട്ടിയടക്കുക. നീതിനിഷേധത്തിലെ ദുരവസ്ഥ കണ്ടു കരൾ കലങ്ങിയ നാലോളം ഇളമുറ കൗരവരാജസ്ത്രീകൾ വാണിജ്യത്തെരുവിലെ പ്രഭാഷണമണ്ഡപത്തിൽ പ്രതിഷേധസമരത്തിലാണു് താങ്കൾ പോയി അവരെ കണ്ടിരുന്നോ? ദ്രോണരും വിദുരരും ഒളിവിലാണു് അവരുടെ ചോരക്കു വേണ്ടി ഹസ്തിനപുരി കിതക്കുന്നുണ്ടു്.” കൊട്ടാരം ലേഖിക ഭീഷ്മരോടു് ചോദിച്ചു. ദുര്യോധനൻ വീണ്ടും കൊട്ടാരം ഭരണാധികാരിയായി എത്തിയ പ്രഭാതം.

“മൗനമാണു് കീർത്തനം എന്ന കവിവചനമാണെന്റെയിനിയുള്ളകാല രക്ഷകൻ”

2019-06-29

“ആരാധകർ കേൾക്കാൻ കൊതിക്കുന്ന സ്വകാര്യം വല്ലതുമുണ്ടോ വായനക്കാരുമായി പങ്കുവെക്കാൻ?”പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

വനവാസക്കാലം.

“ഇന്നു് മുതൽ നീ ദുര്യോധനന്റെ പുരുഷാധികാര പരിധിയിൽ വരുന്ന പെണ്ണടിമയല്ല, പൂർണസ്വതന്ത്ര എന്ന നിശാഭാവന ഉന്മാദം പടർത്തും. അതോടെ ഈ കാരാഗൃഹത്തിൽ നിന്നു് ആരോരുമറിയാതെ പുറത്തു ചാടി കാട്ടരുവിയിൽ സ്വർണമത്സ്യമായി, പീഡക പാണ്ഡവരില്ലാത്ത വിദൂരലോകത്തിലേക്കു് ഞാൻ ഒഴുകിപോവും.”

2019-06-30

“അവസരം കിട്ടിയ പാണ്ഡവരിലൊരാൾ പായ പങ്കിടാൻ ചങ്കിടിപ്പോടെ വരുമ്പോൾ, മറ്റു നാലു പാണ്ഡവർ രതിസ്വകാര്യത മാനിച്ചു മുറിയിൽ നിന്നു് പുറത്തു പോവണം എന്നതല്ലേ പെരുമാറ്റച്ചട്ടം? അതോ അത്തരം പരിഷ്കൃത ധാരണയൊന്നും പാണ്ഡവർക്കു് ബാധകമല്ലേ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“എന്തൊക്കെ താറുമാറാക്കിയാൽ ആൺപെൺശാരീരികത മലിനപ്പെടുത്താമോ അതൊക്കെ ബാക്കി നാലു പേരും ഒളിഞ്ഞും തെളിഞ്ഞും ചെയ്യും. അപമാനബോധതോടെ പായക്കൂട്ടുകാരനും ഞാനും കമഴ്‌ന്നു കിടക്കും. അസ്ത്രം മറന്നുവച്ചതെടുക്കാൻ വന്നതാണു് എന്ന വാദവുമായി പാണ്ഡവരിലൊരാൾ ഇടിച്ചു കയറിയതും, ‘കടക്കു പുറത്തു്’ എന്നു് പറയാതെ തന്നെ പുറത്തു പോയതും മറന്നിട്ടില്ല.”

Colophon

Title: Koṭṭāram lēkhikayuṭe abhimukhaṇgaḷ (ml: കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ).

Author(s): K P Nirmalkumar.

First publication details: Facebook as daily posts; Internet; 2016.

Deafult language: ml, Malayalam.

Keywords: Mahabharata retold, K P Nirmalkumar, Kottaram lekhikayude abhimughangal, കെ പി നിർമ്മൽകുമാർ, കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 15, 2022.

Credits: The text of the original item is copyrighted to K P Nirmalkumar. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: The Pandavas in King Drupad’s Court, a watercolor painting on gold paper from Kangra by anonymous (na). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: K P Nirmalkumar; Proofing: KB Sujith; Typesetter: Sayahna Foundation; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.