സാവിത്രിക്കുട്ടിയുടെ ശശിയേട്ടൻ കഥ തുടർന്നു:
“മീനാക്ഷിച്ചിറ്റമ്മേം നാരായണൻ ചിറ്റപ്പനുമെത്തിയപ്പോൾ രാത്രിയായി. രവീന്ദ്രനന്നു് കൈക്കുഞ്ഞാ. ഞങ്ങൾ തലേന്നു് എത്തിയിരുന്നു. ദാക്ഷായണിയമ്മൂമ്മേടെ മോളില്ലേ അമ്മാളു, അമ്മാളുച്ചേച്ചീടെ കല്യാണം. അതിനാണു് എല്ലാരും എത്തീതു്. ലീവെടുക്കാൻ പറ്റാത്തതുകൊണ്ടു് നാരായണൻ ചിറ്റപ്പൻ പിറ്റേന്നു രാവിലെ തന്നെ പോയി.”
“എനിക്കന്നു പത്തോ പന്ത്രണ്ടോ വയസ്സുകാണും. രാവിലെ എഴുന്നേറ്റു് ഉമിക്കരീം മാവിലേമായിട്ടു് കുളക്കടവിലേക്കു ചെന്നപ്പോഴാ കേട്ടതു്:
‘കണ്ടില്ലേ… വല്യമനയ്ക്കലെ വിഷ്ണ്വമ്പൂരീം എടത്തട്ടേലെ വാസ്വമ്പീശനും ഒക്കേണ്ടു് വന്നിട്ടു്. എന്താണ്ടോ കൊഴപ്പം തന്നേണു്.’ പാത്രം തേപ്പുകാരി പാറുക്കുട്ടി പാത്രം കഴുകുന്നതിനിടിയിൽ തിരിഞ്ഞുനിന്നു് അടുക്കളക്കാരൻ ശിവരാമനോടു പറയുന്നു.
‘ങൂം ഊം… കേട്ടില്ലേ… തെക്കേലെ കൊച്ചുമൂപ്പിലു് തകർക്ക്ണന്നു്’, ശിവരാമന്റെ കമന്റു്.
“അപ്പോഴാ ഞാൻ ശ്രദ്ധിച്ചതു്… മുൻവശത്തെ തളത്തിൽ ആരുടെയൊക്കെയോ ഉച്ചത്തിലുള്ള സംസാരം. വടക്കേ ജന്നലരികിൽ ചെന്നു നോക്കി.”
‘ശ്രീചിത്തിരതിരുനാളിന്റെ ഉത്തരവാണു്. എന്നുവച്ചാൽ രാജശാസനം. നാളെമുതൽ എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രങ്ങളിൽ കയറി പ്രാർത്ഥിക്കാം. ജാതി പറഞ്ഞു് മാറ്റി നിർത്താനാകില്ല. രാജാവിന്റെ അനുവാദം-ക്ഷേത്രപ്രവേശന വിളംബരം… എല്ലാരും അറിഞ്ഞിട്ടുണ്ടാവൂല്ലോ.’
ഉണ്യേട്ടനായിരുന്നു അതു്. ദാക്ഷായണിയമ്മൂമ്മയുടെ മൂത്തമകൻ ഉണ്ണിക്കൃഷ്ണൻ. ഡൽഹീലാരുന്നു. സാവിത്രിക്കുട്ടി കണ്ടിട്ടുണ്ടാവില്ല. ഉണ്യേട്ടൻ ഇരുന്നയുടൻ അവിടെ കൂടെയിരിക്കുന്നവർ തമ്മിൽ തമ്മിൽ എന്തൊക്കെയോ പറയുന്നു. പെട്ടെന്നാണൊരാൾ ചാടിയെഴുന്നേറ്റതു്. ഊന്നുവടി നിലത്തു ശക്തിയായിടിച്ചു് അട്ടഹസിച്ചു:
‘ഹായ്… ഹായ്… എനിക്കു കേക്കണ്ട ഒരൂട്ടം നെയമങ്ങളേയ്! ഒള്ള ഹീനജാതിക്കാരൊക്കേം നമ്മളേ കൂട്ടിത്തൊട്ടു് ശ്രീകോവിലിനു മുമ്പീ നിന്നു തൊഴുംത്രെ… ദാമൂം, കോന്തീം, കാളിപ്പൊലക്കള്ളീം… ഛീ… ഛീ… ദ്ന്താ ഞാൻ കേക്കണേ! തീണ്ടലൂംല്ല, തൊടീലൂംല്ല… ശിവ… ശിവ… ദ്ക്കെ നമ്മളാൽച്ചെലരു് സമ്മതിക്കൂലാന്നു് അങ്ങടു് തൊറന്നു പറഞ്ഞേക്കൂ ശ്രീധരാ;’ “അതു കൊച്ചപ്പൂച്ചനാര്ന്നു; അന്നെനിക്കറിയില്ലാരുന്നു കേട്ടോ അങ്ങേരേ… കൊച്ചപ്പൂപ്പൻ പറഞ്ഞതു് അമ്മൂമ്മേടെ ഒരു കസിനായ ശ്രീധരൻ പിള്ളയോടാണു്, പുന്നശ്ശേരിത്തറവാട്ടിലെയാണത്രെ. ആളൊരു പ്രമാണിയാണു്.”
ഉണ്യേട്ടൻ എഴുന്നേറ്റു: ‘ആവശ്യമില്ലാത്ത കാര്യങ്ങളൊന്നും എടുത്തിടണ്ട. രാജാവിന്റെ ഉത്തരവായതുകൊണ്ടു മാത്രമല്ലെന്നറിയാമല്ലോ. രാജാവിനു സ്വയമേവ തോന്നിയതുമല്ല. അതവരുടെ അവകാശമാ. അതിനുവേണ്ടി സമരം നടക്കുന്നതൊന്നും ആരും അറിയാത്തതല്ലല്ലോ. അവരു കേറും, നടയ്ക്കൽ നിന്നു തൊഴുതു പ്രാർത്ഥിക്കും’ ഉണ്യേട്ടന്റെ ഉറച്ച ശബ്ദം.
“അവിടന്നുമിവിടന്നുമൊക്കെ ഉറക്കെയുറക്കെ തർക്കിക്കുന്നു… ഇടയ്ക്കു് ഗാന്ധിജി, കോൺഗ്രസ്എന്നൊക്കെ കേട്ടപ്പോൾ എനിക്കു കാര്യം മനസ്സിലായി. സ്വാതന്ത്ര്യസമരകഥകൾ കുറച്ചൊക്കെ ഞാൻ പേപ്പറിൽ നിന്നുമൊക്കെ അറിയാൻ തുടങ്ങിയിരുന്നു.”
“ജന്നലരികിൽ നിന്നിറങ്ങി പടിഞ്ഞാറെ മുറ്റത്തേക്കു നടക്കുന്നതിനിടേലാ കണ്ടതു് ഒരപ്പെരേലെന്തോ അനങ്ങുന്നു. ആരാന്നു നോക്കാൻ ചെന്നപ്പോ വാതിൽ അടച്ചിരിക്കുന്നു: പക്ഷെ അകത്തു് ആളനക്കം. മരയഴിയുടെ വിടവിൽക്കൂടി ഞാൻ നോക്കിയപ്പോ മീനാക്ഷിച്ചിറ്റമ്മേം, ഭാരതിച്ചിറ്റമ്മേം, നളിനിച്ചിറ്റമ്മേം പിന്നെ വേറെ അഞ്ചാറു പെണ്ണുങ്ങളും. അക്കൂട്ടത്തിൽ വടക്കൂട്ടുതറേലെ ദേവയാനിയെ എനിക്കു മനസ്സിലായി, തൊണ്ടെടുക്കാൻ വരാറുള്ള ദാമോദരച്ചോന്റെ മോള്.”
“ദാമോദരച്ചോനോ, അതെന്താ അങ്ങനെ പറഞ്ഞേ?” അമ്മുവിന്റെ മുഖം ചുളിഞ്ഞു.
“അന്നങ്ങനെയാ മോളേ. ഒറ്റപ്പേരു വിളിക്കുകേല, പ്രായമായ ആണായാലും പെണ്ണായാലും ജാതിപ്പേരു ചേർത്താ വിളിക്കുന്നേ… എന്നുവച്ചാൽ അവരേക്കാൾ പ്രായം കുറഞ്ഞവർ… മത്തായിമാപ്പള, ഏലിപ്പെമ്പ്ള, ചാത്തൻ പൊലേൻ അങ്ങനെ… അതേ സമയം നായന്മാരെയൊക്കെ-കൊച്ചുകുട്ടികളായാലും-തമ്പുരാൻ, തമ്പുരാട്ടീ എന്നൊക്കെയാണു് ഹിന്ദുക്കളിലെ ‘താണജാതിക്കാർ’ വിളിക്കുക. ക്രിസ്ത്യാനികളും മറ്റും അങ്ങുന്നേന്നും വല്യമ്മേന്നും പിള്ളേരെ കൊച്ചു്, കുഞ്ഞു് എന്നൊക്കെച്ചേർത്തും… ഇപ്പോ അതൊക്കെ കുറ്റമാ… പഴേ കാര്യങ്ങൾ പറയുമ്പോൾ അങ്ങനെയങ്ങു വന്നുപോകും.” ശശിയേട്ടൻ ക്ഷമാപണസ്വരത്തിൽ പറഞ്ഞു. ഉടനെ സാവിത്രിക്കുട്ടി ഇടപെട്ടു:
“എനിക്കൊക്കെ പത്തുപതിനേഴു വയസ്സാകും വരെ കൊച്ചുപിള്ളേരു വരെ ഞങ്ങളെ തമ്പുരാട്ടീന്നു വിളിച്ചു. ഞങ്ങളവരെ ഓരോ പ്രാവശ്യോം തിരുത്തും. ചേച്ചീ, ചേട്ടാന്നൊക്കെ വിളിപ്പിച്ചു… ശശിയേട്ടനല്ലാരുന്നോ മോഡൽ. വല്യേ കഥകളാ അമ്മുക്കുട്ടീ… അതൊക്കെ ഞാനെഴുതി വച്ചിട്ടൊണ്ടു്.”
“അതു പിന്നെ നോക്കാം… ശശിയേട്ടൻ കഥ പറയട്ടെ.” അപ്പച്ചിയമ്മൂമ്മ പറഞ്ഞു.
“ദേവയാനിയെ ഓർക്കുമ്പോ സങ്കടം തോന്നും… മെടഞ്ഞെടുത്ത ഓലകൊണ്ടു മേഞ്ഞ, ഓലത്തുമ്പുകൾ കുത്തിമറച്ച, ആവശ്യത്തിനു മാത്രം മറവില്ലാത്ത ആ കൊച്ചുകുടിലിലെ തിങ്ങിനിറഞ്ഞ പ്രാരാബ്ധങ്ങൾക്കിടയിലും ചിരിക്കാൻ മറക്കാത്ത ദേവയാനി. ദേവയാനിയുടെ അമ്മ കിടപ്പാണു്. ഇളയതായി ആറുപേർ… തൊണ്ടഴുക്കിയും ചകിരി തല്ലിയും കയർ പിരിച്ചും ദേവയാനിയുടെ കൈ മുഴുവൻ ചകിരിക്കറ… എന്നിട്ടും മുഖത്തു് എന്തു ഭംഗിയുള്ളതായിരുന്നെന്നോ… എന്നെ വലിയ ഇഷ്ടമായിരുന്നു. വട്ടക്കുളത്തിൽ നിന്നു് കൈ നിറയെ ആമ്പൽപ്പൂക്കൾ പറിച്ചുതരും, ഓലപ്പീപ്പിയും, ഓലത്തൊപ്പിയുമുണ്ടാക്കിത്തരും. ആരും കാണാതെയാണേ. അല്ലേൽ തീണ്ടി, തൊട്ടൂന്നൊക്കെയാകും… അതൊക്കെ ഒരു കാലം… ങാ, ഉരപ്പുരേലെ കാര്യല്ലേ പറഞ്ഞോണ്ടിരുന്നേ… അരണ്ട വെളിച്ചത്തിൽ കണ്ടു, ചിറ്റമ്മമാർ അവരെ മുണ്ടുടുപ്പിക്കുന്നു… ആരെയോ പേടിക്കുന്നതുപോലെ തിക്കും പക്കും നോക്കി തിരക്കിട്ടു്.”
പെട്ടെന്നു് പടിഞ്ഞാറെപ്പടിക്കൽ നിന്നും ഒരലർച്ച:
‘എവടാടീ ആ എന്ധ്യനിച്ചികള്… എറക്കിവിടെടീ അവറ്റകളെ ഇങ്ങോട്ടു്.’
‘ശേഖരൻ കൊച്ചച്ഛന്റെ ഒച്ച കേട്ടതും ആ പെണ്ണുങ്ങൾ ചിറ്റമ്മമാരുടുത്തുകൊടുത്ത ഒന്നരയ്ക്കുമീതെ കള്ളിമുണ്ടു പുതച്ചു് പുറത്തുചാടി വടക്കേപ്പടി കടന്നോടി. ഒരപ്പെരേടവടെ ഒരെടവേലിയൊണ്ടാര്ന്നില്ലേ, അതുകാരണം കൊച്ചച്ഛനതു കണ്ടില്ല.
ചിറ്റമ്മമാരു് മുറ്റത്തേക്കിറങ്ങിയതും കൊച്ചച്ഛൻ ചാടി അകത്തു കയറി. കയ്യിലൊരു വലിയ പുളിവടി. അതേ വീറോടെ കൊച്ചച്ഛൻ പുറത്തുചാടി:
‘എവടേടീ ആ കൂത്തിച്ചി മക്കളു്… ഒറ്റച്ചവിട്ടിനു തീർക്കും ഞാനെല്ലാത്തിനേം… ങാഹാ. പെണ്ണുങ്ങള് കേറിക്കേറി തലേക്കേറ്വേ? കണ്ട ചോത്തിയേം പെലക്കള്ളിയേമൊക്കെ അടിച്ചേന്റകത്തു് വിളിച്ചു കേറ്റ്വേ! ഇബ്ടെന്താ ആണുങ്ങളില്ലാണ്ടായോ… ആരോടു് ചോദിച്ചിട്ടാടീ കണ്ട പൊലയാടി മക്കളെ…’ കൊച്ചച്ഛൻ കലിതുള്ളി മീനാക്ഷിച്ചിറ്റയുടെ നേരേ വടിയോങ്ങി അടുത്തു. ദൂരേക്കുമാറി ചിറ്റമ്മ.
‘നിക്കെടീ അവ്ടെ. നീയാ ഇതിന്റേക്കേം പൊറകിലെന്നെനിക്കറിയാം. നിന്റവന്റെ കാൺക്രസൊന്നും ഇബ്ടെ വേണ്ടാ… ഇത്തറവാട്ടിലെന്നു മൊതലാ പെണ്ണുങ്ങളു ഭരിക്കാൻ തൊടങ്ങ്യേന്നൊന്നറിയണല്ലോ… ഇന്നത്തെക്കൊണ്ടു് നെന്റെ ഭരണം ഞാൻ തീർക്കും കഴുവേർട മോളേ…’
‘തൊട്ടുപോകരുതു്!’
…ഒരു ഭയങ്കരശബ്ദം; ആര്ടെ? തല്ലാനോങ്ങിയ കയ്യിൽ ബലമായി പിടിച്ചുനിൽക്കുന്നതു് നളിനിച്ചിറ്റമ്മയാണു്. കൊച്ചച്ഛൻ സ്തംഭിച്ചു നിൽക്കുന്നു. നളിനിച്ചിറ്റമ്മ ചീറി:
പ്രായമായ അനുജത്തിമാരെ നനഞ്ഞൊട്ടിയ ഒറ്റത്തോർത്തോടെ കുളത്തിൽ നിന്നു വലിച്ചുകേറ്റി കേട്ടാലറയ്ക്കുന്ന തെറി വിളിച്ചു് തലങ്ങും വെലങ്ങും പുളിവടി കൊണ്ടടി; നീന്തിത്തുടിക്ക്യേം ഒച്ചത്തിൽ ചിരിക്കേം ചെയ്തത്രെ… പിന്നെയോ… ഒളിച്ചുനിന്നു റൗക്കയിട്ടുനോക്കിയ മീനാക്ഷിച്ചേച്ചീടെ റൗക്ക പൂണ്ടടക്കം പിടിച്ചു് വലിച്ചുകീറി പൂരത്തെറീം… എന്താര്ന്നൂ ഇയാൾടെ അഭ്യാസങ്ങൾ! അന്നു ഞാൻ കൊച്ചാര്ന്നു… അല്ലേ കാണാര്ന്നു കാരണവരുകളീടെ അവസാനം… നളിനിച്ചിറ്റമ്മ ഭദ്രകാളിതുള്ളി. അതിനിടെ സ്വന്തം കയ്യും വടിയും വലിച്ചെടുത്തു സ്വതന്ത്രമാക്കി കൊച്ചച്ഛൻ; എന്നിട്ടും വിടാനൊള്ള ഭാവമല്ല.
‘നെന്നെ ഞാൻ’ എന്നു് കൊച്ചച്ഛൻ മുന്നോട്ടാഞ്ഞതും ഉണ്യേട്ടൻ കൈക്കു കയറിപ്പിടിച്ചതും ഒന്നിച്ചായിരുന്നു.
‘എന്താ, എന്താ ഇവ്ടെ. എന്താകാര്യം ശേഖരേട്ടാ?’ ഉണ്യേട്ടൻ ചോദിച്ചു.
‘അതേയ് ക്ഷേത്രപ്രവേശനം തന്നാ. നാളെ നമ്മടെ ജാനുച്ചോത്തീം, ദമയന്തീമൊക്കെ ക്ഷേത്രത്തിൽ പോകുന്നുണ്ടു്. അതിനു്…’ നളിനി പരുങ്ങി. മീനാക്ഷിച്ചിറ്റമ്മയാണു് വിശദീകരിച്ചതു്. ‘സ്ത്രീകള് ക്ഷേത്രമതിൽക്കെട്ടിനകത്തു കേറണേലു് തറ്റുടുക്കണം. അതേതു ജാതിയായാലും, അതാ ആചാരം ഉണ്ണ്യേട്ടാ. അതില്ലാണ്ടെ ചെന്നാ അതുങ്ങളെ ഗോപുരവാതുക്കേന്നേ അടിച്ചോടിക്കും. ഞങ്ങളവരെ ഒന്നരയുടുക്കാൻ പടിപ്പിക്ക്യാരുന്നേ.’
‘അതുശരി… എന്റെ ശേഖരേട്ടാ, കാലം മാറുന്നതു കാണുന്നില്ലേ. മാടമ്പികളിയൊക്കെ ഇനി അവസാനിപ്പിച്ചാൽ അവനോനു കൊള്ളാം… പെങ്ങമ്മാരു ക്ഷമിച്ചെന്നിരിക്കും, ചേട്ടനല്ലേന്നു വിചാരിച്ചു്… പക്ഷെ അവരുടെ ആണുങ്ങടെ കൈക്കരുത്തു പരീക്ഷിക്കണ്ടാ’, ഉണ്യേട്ടൻ ഗൗരവത്തിലാ പറഞ്ഞതു്.
“ഒന്നും മറുപടി പറയാതെ വടി ദൂരെ വലിച്ചെറിഞ്ഞു് ചവിട്ടിത്തെറിപ്പിച്ചു് പടിഞ്ഞാറെപ്പടി കടന്നു പാടത്തിറങ്ങി തിരക്കിട്ടു നടന്നു കൊച്ചച്ഛൻ.”
“നല്ല കഥ” അമ്മു ചിരിച്ചു. കാര്യമായിട്ടാണോ കളിയാക്കിയതാണോ എന്നു സാവിത്രിക്കുട്ടിക്കു മനസ്സിലായില്ല.