അപ്പച്ചിയമ്മൂമ്മയുടെയും കൂട്ടരുടേയും വരവുകാത്തിരിക്കുകയായിരുന്നു ശശിയേട്ടനും കുടുംബവും. വളരെ നാളായി തമ്മിൽ കാണാൻ പറ്റാതിരുന്ന ബന്ധുക്കൾ കണ്ടുമുട്ടിയപ്പോഴുള്ള സന്തോഷവും കുശലപ്രശ്നങ്ങളും ഏറെ നേരം നീണ്ടുനിന്നു. അമ്മുവിനേയും ആദിയേയും കാണാൻ സാധിച്ചതിലുള്ള സന്തോഷം ശശിയേട്ടൻ മറച്ചുവച്ചില്ല. അതിനിടയിൽ എല്ലാവരുടേയും ഊണും കഴിഞ്ഞിരുന്നു…
എല്ലാവരുടേയും കൂടിയുള്ള വരവിന്റെ പ്രധാന ഉദ്ദേശ്യം അപ്പച്ചിയമ്മൂമ്മ ഫോൺ ചെയ്തപ്പോൾ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടായിരിക്കും ശശിയേട്ടൻ എന്തിനോ തിടുക്കപ്പെടുന്നതുപോലെ. എല്ലാവരും തളത്തിൽ വന്നിരുന്നു. അപ്പച്ചിയമ്മൂമ്മ പറഞ്ഞു:
“കുട്ടികൾക്കു് പുന്നപ്രവയലാർ വിപ്ലവത്തെക്കുറിച്ചു് എന്തൊക്കെയോ അറിയണമെന്നു്. അതാ ശശിയേട്ടന്റടുത്തു വന്നതു്.”
ശശിയേട്ടന്റെ മുഖം തുടുത്തു… അന്നു ഞാൻ വിദ്യാർത്ഥിയാണു്…
കുറച്ചുനേരത്തേക്കു് ശശിയേട്ടൻ നിശ്ശബ്ദനായിരുന്നു, മുഖത്തു് എന്തൊക്കെയോ ഭാവങ്ങൾ മിന്നിമറയുന്നു. താൻ ഒപ്പം നടന്ന ഓർമ്മയിൽപ്പോലും പുളകമണിയുന്ന ആ കാലഘട്ടം ഓർത്തെടുക്കാൻ വീണ്ടും അവസരം കിട്ടിയതിൽ ആവേശം കൊണ്ട അദ്ദേഹം ആ കഥകൾ കേൾക്കാൻ താല്പര്യത്തോടെ തന്റെ മുമ്പിലെത്തിയ പുത്തൻ തലമുറയെ വാത്സല്യത്തോടെ നോക്കി പുഞ്ചിരിച്ചു:
“നിങ്ങൾക്കു്-ഞാൻ പറഞ്ഞതു്, പുത്തൻതലമുറയ്ക്കു്-ഇന്നു് ചരിത്രപുസ്തകങ്ങൾ തപ്പിപ്പോകണ്ട, കഥകളായി കേൾക്കാൻ പ്രത്യേക സമയം കണ്ടെത്തേണ്ട; അവരവരുടെ സമയവും സൗകര്യവും താല്പര്യവും അനുസരിച്ചു് വിരൽത്തുമ്പുകൊണ്ടു് വിവരങ്ങളെ തോണ്ടിയെടുക്കാം. പക്ഷേ അങ്ങനെ കിട്ടുന്നതു് യാന്ത്രികമായ കുറെ സ്ഥിതിവിവരക്കണക്കുകളായിരിക്കും; വിയോജിപ്പുകളും, വിവരണങ്ങളും വ്യാഖ്യാനങ്ങളും ഒക്കെ കൂടിക്കലർന്നു കാണും.”
“പക്ഷെ അനുഭവങ്ങളുടെ നേർസ്സാക്ഷ്യം ഏതു പുസ്തകത്തിനേക്കാളും മീതെയാണു്. ആ സമരത്തിന്റെ കഥകൾ പലരും ഏറെക്കുറെ സത്യസന്ധമായിത്തന്നെ എഴുതിയിട്ടുണ്ടു്; ചരിത്രമായും നോവലായും ഒക്കെ. പക്ഷെ ആ ഐതിഹാസിക വിപ്ലവത്തിന്റെ യഥാർത്ഥവും സമ്പൂർണവുമായ ചരിത്രം ഇനിയും എഴുതപ്പെടാനിരിക്കുന്നതേയുള്ളൂ എന്നുതന്നെയാണു് ഞാനും എന്നെപ്പോലുള്ളവരും വിശ്വസിക്കുന്നതു്. നൂറുകണക്കിനു തൊഴിലാളികളും മറ്റു സാധാരണക്കാരും ആയ പാവപ്പെട്ടവരാണു് മനുഷ്യനെന്നുള്ള അവകാശങ്ങളും അന്തസ്സും അഭിമാനവും സ്വാതന്ത്ര്യവും നേടിയെടുക്കാൻ സ്വയം ബലികൊടുത്തതു്-പുന്നപ്ര, വയലാർ, കാട്ടൂർ, മാരാരിക്കുളം, ഒളതല, മേനാശ്ശേരി… നിങ്ങളിതു വരെ കേട്ടിട്ടുപോലുമുണ്ടാകില്ല ഈ സ്ഥലപ്പേരുകൾ അല്ലേ! അവിടെ അവർ, ആ രക്തസാക്ഷികൾ ഉറങ്ങുന്നു… അവരുടെ ചോര വീണു പവിത്രമായ ആ മണ്ണിലാണു് നമ്മുടേയും വേരുകൾ!”
ശശിയേട്ടൻ ഒന്നു നിർത്തി… പ്രായം അദ്ദേഹത്തിന്റെ ശബ്ദത്തിനോ ചിന്തകൾക്കോ തളർച്ച വരുത്തീട്ടില്ല. അദ്ദേഹം തുടർന്നു:
“നിങ്ങൾക്കറിയാമോ, രേഖപ്പെടുത്തപ്പെട്ട വിവരങ്ങളേക്കാളും എഴുതപ്പെട്ട ചരിത്രങ്ങളേക്കാളും എത്രയോ ദാരുണവും ബീഭത്സവുമായിരുന്നെന്നോ അവിടെ നടന്ന യാഥാർത്ഥ്യങ്ങൾ! നൂറുകണക്കിനു മനുഷ്യരാണു് ഓരോ ക്യാമ്പിലും മരണമടഞ്ഞതു്. വെടിയുണ്ടയേറ്റു തുളഞ്ഞ ശരീരവും ഒടിഞ്ഞുതൂങ്ങിയ കൈകളും മാംസം തൂങ്ങുന്ന കാലുകളുമായി സ്വന്തം സഖാക്കളുടെ ശവശരീരങ്ങൾക്കിടയിലൂടെ പുഴുവിനെപ്പോലെ ഇഴഞ്ഞുനീങ്ങി തോട്ടിലും കുളങ്ങളിലും കപ്പപ്പായലിനടിയിൽ ഒന്നുംരണ്ടും ദിവസം മുഴുവൻ മുങ്ങിക്കിടന്നു് എങ്ങനെയൊക്കെയോ രക്ഷപ്പെട്ടു് ജീവിതത്തിലേക്കുതിരിച്ചു കേറിയ ചിലർ അനുഭവങ്ങളുടെ നേർസാക്ഷ്യവുമായി നമുക്കു് മുന്നിലുണ്ടായിരുന്നു. നടുങ്ങി വിറച്ചു് ശ്വാസമെടുക്കാതെ കണ്ണിമവെട്ടാതെ കുടിലിന്റെ ഓലമറക്കീറിലൂടെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ കൂട്ടക്കുരുതി കണ്ടിരിക്കേണ്ടി വന്ന സ്ത്രീകളും കൊച്ചുകുട്ടികളും പകർന്നു നൽകിയ ഞെട്ടിപ്പിക്കുന്ന ഭീകരതകളുടെ കഥകൾ… ഇന്നും കാണാനാകുന്ന അന്നത്തെ നരനായാട്ടിന്റെ ബാക്കിപത്രങ്ങൾ…”
“കുളങ്ങൾ കുന്നുകളായി-ശവക്കുന്നുകൾ! നേരിട്ടു കാണണോ, വയലാർ രക്തസാക്ഷി മണ്ഡപം നിൽക്കുന്ന മണൽക്കുന്നു്… ശവക്കൂനയാണതു്. അതൊരു കുളമായിരുന്നു അന്നു്… പേരും വയസ്സും ജാതിയും മതവും രാഷ്ട്രീയവും ഒന്നും രേഖപ്പെടുത്തി വച്ചിട്ടില്ലാത്ത എത്രയോ ത്യാഗികളായ മനുഷ്യരുടെ നിശ്ശബ്ദമായ മുദ്രാവാക്യം വിളികേൾക്കാം അതിനുള്ളിൽ നിന്നു്: മനുഷ്യരാശി ജീവിക്കാൻ വേണ്ടി മരിച്ചവർ ഞങ്ങൾ!”
“വെടികൊണ്ടു വീണുകിടന്നിരുന്നവർക്കിടയിലൂടെ പട്ടാളം പരതി നടന്നു. ജീവന്റെ തുടിപ്പു് ഉണ്ടെന്നു തോന്നിയവരെ തോക്കിന്റെ പാത്തിക്കിടിച്ചും ബയണറ്റുകുത്തിയിറക്കിയും മരണം ഉറപ്പാക്കി. എന്നിട്ടും മരിക്കാതെ കിടന്നവരെ ശവങ്ങൾക്കൊപ്പം വലിച്ചെടുത്തു് കുളത്തിലിട്ടു. കുളമൊരു കുന്നായി. കുന്നിനു മീതെ പുണ്യാഹം തളിക്കുംപോലെ പെട്രോൾ തളിച്ചു് തീകൊടുത്തു. മുകളിൽ കിടന്നവരുടെ ശരീരങ്ങളിൽ തീപ്പോളകളുണ്ടാക്കി അല്പനേരം പെട്രോൾ കത്തി, അതണഞ്ഞു. വീണ്ടും അതിനു മേൽ ശവങ്ങളിട്ടു.”
“തീർന്നില്ല… നാട്ടുകാർക്കു് കണ്ടു പാഠം പഠിക്കാൻ ശവക്കൂമ്പാരങ്ങൾ രണ്ടുമൂന്നു ദിവസം അങ്ങനെ തന്നെ ഇട്ടിരുന്നു; പ്രായമായവർ മുതൽ കൗമാരക്കാർ വരെയുള്ള പോരാളികളുടെ ജീവനറ്റ ശരീരങ്ങൾ കടൽത്തീരത്തും വീട്ടുമുറ്റങ്ങളിലും അങ്ങനെ അനാഥമായിക്കിടന്നു. ആർക്കും അടുക്കാൻ പറ്റുമായിരുന്നില്ല; അല്ലെങ്കിൽ ആരുണ്ടായിരുന്നു ബാക്കിയായിട്ടു്! പള്ളാത്തുരുത്തിയാറും, അറബിക്കടലും അതിലേറെയും ഏറ്റുവാങ്ങി. ബാക്കിയുള്ളവ കൂട്ടിയിട്ടു് ചെറ്റമാടങ്ങൾ പൊളിച്ചിട്ടു് പെട്രോളൊഴിച്ചു് അവിടത്തന്നെ കത്തിച്ചു, തീ കത്തുമ്പോഴും ആ മനുഷ്യക്കൂനയിൽ ജീവനുള്ളവർ ഉണ്ടായിരുന്നു… അവരുടെ പിടച്ചിലും നാട്ടുകാർ കാണട്ടെ… ഇനിയാരും അവകാശം പറഞ്ഞു രാജാവിനേയും ജന്മിമാരേയും അലോസരപ്പെടുത്തരുതു്…”
“പക്ഷെ അവർക്കു തെറ്റി; എത്രയോ കൊടിയ മർദ്ദനങ്ങൾ നേരിട്ടാണു് തൊഴിലാളികളുടെ പ്രസ്ഥാനം-അടിച്ചമർത്തപ്പെട്ടവരുടെ പ്രസ്ഥാനം-അവിടെ വരെയെത്തിയതു്.”
“പുന്നപ്രവയലാർ സമരം അടിച്ചമർത്തിയ രീതിയും അതിനെത്തുടർന്നു് കോൺഗ്രസ്സുകാരുടെയും ജന്മിമാരുടെയും മുതലാളിമാരുടെയും ഒത്താശയോടെയുള്ള അതിക്രൂരമായ വേട്ടയാടലും… അതു് തൊഴിലാളി പ്രസ്ഥാനത്തിനു് കൂടുതൽ ഊർജ്ജം പകരുകയാണുണ്ടായതു്. ‘പതിമ്മൂന്നര സെന്റു്’ ഭൂമിക്കു വേണ്ടിയുള്ള സമരമാണു് പുന്നപ്രവയലാർ സമരമെന്നു് സർ സി. പി. യും കാൺഗ്രസ്സും കള്ളപ്രചരണം അഴിച്ചുവിട്ടു. പക്ഷെ എല്ലാം കണ്ടും അനുഭവിച്ചും അറിഞ്ഞ സാധാരണക്കാർ കൂടുതൽ കൂടുതൽ പ്രസ്ഥാനത്തോടടുത്തു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു തൊട്ടുമുൻപുള്ള വർഷങ്ങളിൽ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വിപ്ലവകരമായ ബഹുജനമുന്നേറ്റങ്ങൾക്കു്-പ്രത്യേകിച്ചും തിരുവിതാംകൂറിൽ, നേതൃത്വം നൽകിയതു് കമ്യൂണിസ്റ്റുപാർട്ടിയാണു്, തൊഴിലാളി പ്രസ്ഥാനമാണു്. സ്റ്റേറ്റ്കോൺഗ്രസ് നേതാക്കന്മാർ സി. പി. യുമായി ചങ്ങാത്തമുണ്ടാക്കി ഒളിച്ചുകളി നടത്തുകയായിരുന്നു.’
“പുന്നപ്രവയലാർ സംഭവത്തിനു പ്രധാനമായും വഴിവച്ച പൊതുപണിമുടക്കു തുടങ്ങുന്നതിനു തൊട്ടുമുൻപു് കുറച്ചു നേതാക്കന്മാർ ഒളിവിൽ പോയിരുന്നു. സമരരംഗത്തുള്ളവർക്കും കുടുംബങ്ങൾക്കും സഹായമെത്തിക്കാൻ ആരെങ്കിലുമുണ്ടാകണമല്ലോ… കാരണം കോൺഗ്രസ്സുകാരുടേയും ജന്മിമാരുടേയും ഒറ്റുകൊടുക്കൽരീതി തൊഴിലാളിനേതാക്കന്മാർക്കെതിരെ മാത്രമല്ല അവർക്കിഷ്ടമല്ലാത്ത ആരേയും എന്നതായിരുന്നു; പോലീസിന്റേയോ പട്ടാളത്തിന്റേയോ കയ്യിൽപ്പെട്ടാൽ തിരിച്ചുവരവുണ്ടാകില്ല, അഥവാ വന്നാലും വെറും ജീവച്ഛവമായിരിക്കും… ആയിരക്കണക്കിനു തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും നാട്ടിൽനിന്നും പലായനം ചെയ്തിരുന്നു: ജയിലിലാകുന്നവർക്കുള്ള നിയമസഹായങ്ങൾ… അവർക്കു തുണനൽകാൻ കുറേപ്പേർ പ്രത്യക്ഷസമരത്തിൽ നിന്നുമാറിനിന്നിരുന്നു.”
“പക്ഷെ സമരം കഴിഞ്ഞതോടെ തൊഴിലാളി സംഘടനകൾ നിരോധിക്കപ്പെട്ടു. സമരക്കാർക്കും കുടുംബങ്ങൾക്കും സഹായികളായി നിന്ന തൊഴിലാളികൾക്കും അനുഭാവികൾ പോലുമല്ലാത്ത തൊഴിലാളികൾക്കും ഒളിവിൽ പോകേണ്ടിവന്നു. അതിനുമുൻപുതന്നെ വളരെപ്പേർ തടവിലാക്കപ്പെട്ടു… ബാക്കിയായവർ ഒളിവിലിരുന്നുകൊണ്ടും സജീവമായിത്തന്നെ സ്വാതന്ത്ര്യസമരത്തിൽ ഇടപെട്ടിരുന്നു. ദൂരവ്യാപകമായ സാമൂഹ്യമാറ്റത്തിനു് കമ്യൂണിസ്റ്റുപാർട്ടി നേതൃത്വം കൊടുത്ത പുന്നപ്രവയലാർ സമരവും തുടർന്നുള്ള പ്രവർത്തനങ്ങളും കാരണമായി എന്നതു് വസ്തുതയാണു്. അതു നിങ്ങൾ മനസ്സിലാക്കണം.”
ശശിയേട്ടൻ തളർന്നുപോയിരുന്നു; ഒരേ ഇരിപ്പിൽ ഏതാണ്ടൊരു പ്രസംഗം പോലെ ആവേശഭരിതനായാണു് സംസാരിച്ചതു്… അമ്മുവിനു് സംശയങ്ങളുണ്ടായിരുന്നിട്ടും ഇടപെടാൻ തോന്നിയില്ല. ഒരേ ഒഴുക്കിലങ്ങുപോകട്ടെന്നു വച്ചു.
എല്ലാവരേം നോക്കി ചെറുതായൊന്നു ചിരിച്ചു: “ഞാനിത്തിരിനേരം കിടക്കട്ടെ. ബാക്കി പിന്നെപ്പറയാം.” അരുണ കൊണ്ടുവന്നുകൊടുത്ത ചായ കുടിച്ചു് ശശിയേട്ടൻ മുറിക്കകത്തേക്കു പോയി.
“ചോദ്യങ്ങളും സംശയങ്ങളുമൊക്കെ പിന്നെ…” അതുപറഞ്ഞു് എഴുന്നേറ്റ അരുണയ്ക്കൊപ്പം മറ്റുള്ളവരും എഴുന്നേറ്റു. അരുണ പറഞ്ഞു:
“അച്ഛൻ, അച്ഛന്റെ ജീവിതകഥ-അച്ഛന്റെയും കുടുംബത്തിന്റെയും കഥകൾ-നിങ്ങളോടു പറയാനിരിക്കുകാ. സമരത്തിന്റെ കഥ ചോദിച്ചപ്പോ അതങ്ങു പറഞ്ഞതാ ആദ്യം. അന്നു്-1946 ഒക്ടോബർ ഇരുപത്തിനാലു മുതൽ ഇരുപത്തേഴുവരെയായിരുന്നു ആ വെടിവെപ്പെല്ലാം ഒണ്ടായതു്-ദിവാൻ സി. പി. രാമസ്വാമി അയ്യരുടെ ഉത്തരവനുസരിച്ചു് പട്ടാളോം പോലീസും നേരത്തേതന്നെ ചില ജന്മിവീടുകളിൽ താവളമടിച്ചു; അവിടത്തെ ജന്മിമാരുടെ പരാതിയിലും ഒത്താശയോടെയും ആയിരുന്നു. അച്ഛന്റെ ഒരു ബന്ധുവീടായ കളരിക്കലും പട്ടാളത്താവളമായിരുന്നത്രെ… അച്ഛനും കൂട്ടുകാരും വിദ്യാർത്ഥികളായിരുന്നു. പട്ടാളം തൊഴിലാളികളേയും നാട്ടുകാരേയും ആക്രമിച്ചു. പെണ്ണുങ്ങളെ ബലാത്സംഗം ചെയ്തു കുടിലുകൾ കൊള്ളയടിച്ചു. ആടും കോഴിയുമുൾപ്പെടെ വളർത്തുമൃഗങ്ങളെ വരെ പിടിച്ചുകൊണ്ടുപോയത്രെ. കുടിലുകൾ വലിച്ചുപൊളിച്ചു തീയിട്ടു വെലസി; വടക്കു് അരൂരു് വരെ…”
“അക്കാലത്തു് റെയ്ഡിനുള്ള സി. പി. യുടെ ഉത്തരവിനെതിരെ പ്രതിഷേധിച്ചു അച്ഛനും മറ്റു കുട്ടികളും ജാഥ തുടങ്ങി… കണ്ടും കേട്ടും വന്നവരെല്ലാം ജാഥയിൽ ചേർന്നു. അത്രയും വലിയൊരു ജാഥ അന്നുവരെ ആ നാടുകണ്ടിട്ടില്ലാത്രെ. അക്കാര്യം പറഞ്ഞപ്പോൾ അച്ഛൻ വല്ലാതെ ഇമോഷനലായതോർക്കുന്നു. അതല്ലാതെ അധികം സമരകഥകൾ ഞങ്ങളോടു പറഞ്ഞിട്ടില്ല. കുടുംബകഥകൾ തീരേം പറഞ്ഞിട്ടില്ല.”
“നിങ്ങൾ വരുന്നെന്നു പറഞ്ഞപ്പോൾ ഭയങ്കര സന്തോഷം… എന്നിട്ടുപറയുകയാ: ‘സാവിത്രിക്കുട്ടി വരുന്നുണ്ടെന്നല്ലേ പറഞ്ഞതു്… എനിക്കു് എന്റെ കുടുംബചരിത്രം മുഴുവൻ പറയണം, ഒരുപാടുനാളായി ഞാൻ ആഗ്രഹിക്കുന്നു അവളോടൊന്നു വരാൻ പറയാൻ… ഞങ്ങളെപ്പോലെ തന്നെ വേദനകൾ ഒരുപാടു് അനുഭവിച്ചവളാണവൾ; അതുമാത്രമല്ല, ആത്മാർത്ഥതയോടെ കേൾക്കുന്ന ഒരാളിനോടു് മനസ്സിലടക്കി വച്ചിരിക്കുന്ന വേദനകൾ പങ്കുവയ്ക്കുമ്പോഴേ മനസ്സു സ്വസ്ഥമാകൂ… അവരു വരട്ടെ’ എന്നു്. നിങ്ങളോടു പറയുമ്പോൾ ഞങ്ങൾക്കും കേൾക്കാമല്ലോ.”