വർത്തമാനത്തിനിടയ്ക്കു് കാപ്പികുടിക്കാനെടുത്ത ഇടവേളയിൽ അരുണ അമ്മുവിനെ മാറ്റിനിർത്തി രഹസ്യം പറഞ്ഞു:
“അച്ഛനൊന്നു നോർമലാകട്ടെ, നമുക്കൊന്നു പുറത്തിറങ്ങിയാലോ? പഴേ കാര്യങ്ങൾ പറയാനവസരം കിട്ടാറേയില്ല, അച്ഛനു്. ഇതുപോലെ താല്പര്യമുള്ള ആരെയെങ്കിലും കിട്ടിയാൽ പിന്നെ എന്തു സന്തോഷമാണെന്നോ! കഥ പറഞ്ഞു പറഞ്ഞു വല്ലാതെ ഇമോഷനലാകും… ചെറിയ ശ്വാസം മുട്ടലുമുണ്ടു്. ഇത്തിരി വിശ്രമിക്കട്ടെ.”
അമ്മു പറഞ്ഞു എല്ലാവരോടുമായി:
“നമുക്കൊന്നു നാടു കണ്ടിട്ടുവരാം, അന്നേരത്തേക്കു് ശശി വല്യമ്മാവന്റെ പതിവു് നടത്തം കഴിയുമല്ലോ.” അപ്പോഴേയ്ക്കും കിടപ്പു് കഴിഞ്ഞു ശശിയേട്ടൻ വന്നു.
“ഓ ഇന്നിനി നടപ്പൊന്നും വേണ്ടാ, നിങ്ങളിരിക്കു്… ഒരുപാടു പറയാനുണ്ടു്”, ശശിധരൻനായർ ഉത്സാഹത്തോടെ പറഞ്ഞു.
“അല്ല ചേട്ടാ, ഈ പിള്ളേരു് ആദ്യായിട്ടു വന്നതല്ലേ… നാടൊക്കെയൊന്നു കണ്ടോട്ടെ… പിന്നെ ചെറിയൊരു ഷോപ്പിംഗും. വേഗമിങ്ങെത്താം.” അപ്പച്ചിയമ്മൂമ്മ വെറുതെ പറഞ്ഞതാ ഷോപ്പിംഗെന്നു്, ഒരു ന്യായീകരണം…
…പാർക്കിലെ പുൽത്തകിടിയിൽ വിശേഷങ്ങൾ കൈമാറിയിരുന്നതിനിടയിൽ അരുണ പറഞ്ഞു:
“അച്ഛന്റെ നാട്ടിൽ പോയതു് എത്രയോ വർഷങ്ങൾക്കു മുൻപാണു്. ആകെ ഓർമ്മയിലുള്ളതു് ഓർമ്മിക്കാൻ ഒട്ടും ഇഷ്ടപ്പെടാത്ത ഒരു കാഴ്ചയാ. രാത്രിയായി ഞങ്ങൾ ടൗണിലെത്തിയപ്പോൾത്തന്നെ. പാതിവഴി ചെന്നപ്പോൾ വലിയ ബഹളം കേൾക്കാം. നാട്ടുകാർ പറഞ്ഞു കാറു് വഴീന്നു മാറ്റി ലൈറ്റും ഓഫ് ചെയ്തു് ഇട്ടോളാൻ. അടുത്തുകണ്ട ഒരു പറമ്പിലോട്ടു കാർ കയറ്റിയിട്ടു അച്ഛൻ. ഞങ്ങൾ കാറിനകത്തു തന്നെ ഇരുന്നു; അച്ഛൻ പറഞ്ഞു: ‘ആയില്യം പടേണിയാ… പുറത്തിറങ്ങണ്ട.’
‘എന്തൊരു കാഴ്ചയാരുന്നു അതു്, പേടീം അറപ്പും… ഞങ്ങൾ പേടിച്ചു വിറങ്ങലിച്ചു് ഇരുന്നു… വലിയ ചൂട്ടുമടലുകൾ അങ്ങനെ തന്നെ കത്തിച്ചു് ഉയർത്തിപ്പിടിച്ചു്… കത്തുന്ന ഓല തീക്കനലുകളായി പാറി വീഴുന്നുണ്ടു്… പിന്നെ കത്തിച്ച വലിയ പന്തങ്ങളുമായി കുറേപ്പേർ. തീക്കനലുകൾ ദേഹത്തു വീഴുന്നതൊന്നും അറിയണമട്ടില്ല; കുടിച്ചു ലവലുകെട്ടു് ആടിയാടി… രണ്ടോ മൂന്നോ സെറ്റായിട്ടാ… റോഡു നിറഞ്ഞു്… എന്തൊക്കെയോ തുടർച്ചയായി വിളിച്ചുപറഞ്ഞു് അട്ടഹസിച്ചു് തുള്ളിച്ചാടി. അവർ വിളിച്ചുകൂവുന്ന ഭാഷ എന്താണെന്നു് ഞങ്ങൾ പിള്ളേർക്കു പിടികിട്ടിയില്ല. ഇടയ്ക്കു് സെറ്റുകൾ തമ്മിൽ ഉന്തും തള്ളും ചവിട്ടും തൊഴിയും ഞങ്ങൾ പേടിച്ചു് കണ്ണും ചെവിയും പൊത്തിയിരുന്നു…’
‘അവരെല്ലാം പോയിത്തീർന്നശേഷമാ ഞങ്ങൾ കാറു് റോഡിലേക്കിറക്കിയതു്. അപ്പളല്ലേ അച്ഛൻ പറയണേ, അതു് ആയില്യം പടയണി മേളമാണെന്നു്. ചേർത്തല കാർത്ത്യായനി ദേവീക്ഷേത്രത്തിലെ പൂരം ഉത്സവമാണത്രെ. അതിന്റെ ഭാഗമാണത്രെ ആയില്യം പടയണിയെന്ന ആ ആഭാസത്തുള്ളൽ. അവരു് വിളിച്ചുപറയുന്നതെല്ലാം തെറിയാണെന്നു്. തെറി എന്നു വച്ചാൽ അശ്ലീല വാക്കുകളാണെന്നറിയാം, പക്ഷെ ദേവിയുടെ ഉത്സവത്തിനു്… അതല്ലേ തമാശ, ദേവിയെ പ്രീതിപ്പെടുത്താനാണത്രെ തെറിപ്പാട്ടു പാടണതു്; ദേവിക്കിഷ്ടം തെറിയാണത്രെ. ഞങ്ങൾ ശരിക്കും ഞെട്ടിപ്പോയി… സാംസ്ക്കാരമില്ലാത്തവരും തെമ്മാടികളുമൊക്കെയല്ലെ തെറിവാക്കു പറയുന്നേ, അതു കേൾക്കുന്നതുപോലും അരോചകമല്ലേ… അപ്പോൾ പിന്നെ ഒരു ദൈവത്തിനു്… അതും ഒരു പെൺദൈവം…’
“അപ്പോളാണ് അച്ഛൻ പറഞ്ഞതു് കൊടുങ്ങല്ലൂർ ഭരണിയെപ്പറ്റി. ഭരണിപ്പാട്ടു് എന്ന വാക്കുതന്നെ തെറിപറയുക എന്ന അർത്ഥത്തിലുള്ള ഒരു ശൈലിയാണെന്നു്. അവിടെ കൊടുങ്ങല്ലൂരമ്പലത്തിൽ കുടുംബങ്ങളൊന്നടങ്കം കൂടിയിരുന്നു് പച്ചത്തെറി തന്നെ വിളിച്ചുപറയുമെന്നു്. അതാണത്രെ പ്രാർത്ഥന.”
അപ്പച്ചിയമ്മൂമ്മ ചിരിച്ചുകൊണ്ടു് അരുണയുടെ മുതുകിൽ തട്ടി: “അരുണ ആ തമാശകളൊന്നും കേട്ടിട്ടില്ല, അല്ലേ. ഇപ്പോ തെറിപ്പാട്ടൊക്കെ നിരോധിച്ചിരിക്കുന്നു… പണ്ടൊക്കെ ചേർത്തല ഉത്സവത്തിനു് സ്ത്രീകൾ പോകുന്നതു് മകം നാളിൽ മാത്രമാണു്. ആയില്യം പടയണീടന്നു് വീട്ടിനു വെളിയിൽ പോലും പെണ്ണുങ്ങളാരും ഇറങ്ങില്ല. കുടീം തല്ലും കൊല്ലുമൊക്കെയുണ്ടാകുമത്രെ. തെക്കുംമുറിക്കാരും വടക്കുംമുറിക്കാരും തമ്മിലുള്ള വൈരാഗ്യങ്ങളൊക്കെ തീർക്കുന്നതു് ആയില്യം പടയണീടന്നാണത്രെ. ഉടുതുണി ഊരിപ്പോണപോലും അവരറിയില്ല, അത്രയ്ക്കും ലവലിലാ. പോരാത്തേനു് വാശീം വൈരാഗ്യോം. രണ്ടും മൂന്നും ശവം ഒറപ്പാരുന്നത്രെ. അതൊക്കെ പക്ഷെ കുറേ പണ്ടാരുന്നു. അന്നൊന്നും ഞങ്ങളാരും ഇവിടെ സ്ഥിരതാമസമില്ലാതിരുന്നതുകൊണ്ടു് ഒന്നും കണ്ടിട്ടില്ല.”
“പിന്നെപ്പിന്നെ പല കോണീന്നും പരാതികളായത്രെ. അങ്ങനെ സർക്കാരോ കോടതിയോ ഒക്കെ ഇടപെട്ടു. ആചാരങ്ങളല്ലേ, അതെന്തു തെമ്മാടിത്തരമായാലും മതം, ആചാരം, വിശ്വാസം എന്നൊക്കെ പറയുമ്പോൾ സർക്കാരിനും മുട്ടുവിറയ്ക്കും. എന്തായാലും ഇപ്പ വെറും ചടങ്ങുകളേയുള്ളൂ, തെറിപ്പാട്ടും തല്ലുംകൊല്ലുമൊന്നുമില്ല. കോടതി നിരോധിച്ചതാണത്രേ.”
“അതെന്തു ആചാരമായിരുന്നു, ദേവിയെ തെറി വിളിക്കുന്നെ; അതെങ്ങനെ വിശ്വാസമാകും?” അമ്മു അതിശയിച്ചു.
“ഇതിനെല്ലാം ഓരോ കഥകളുണ്ടു്, ഐതിഹ്യകഥകൾ… മോള് കേട്ടിട്ടുണ്ടോ ‘ഐതിഹ്യമാല’ എന്ന പുസ്തകത്തെപ്പറ്റി. ങാ… കേട്ടിട്ടുണ്ടാകും. അതിൽ ഒത്തിരി കോമഡികളുണ്ടു്, ഇതുപോലെ… പക്ഷെ അതിലെ വൈരുദ്ധ്യം എന്താണെന്നറിയാമോ… അതിലെല്ലാം ഒരുപാടു ചരിത്രസത്യങ്ങളുണ്ടു്… പക്ഷെ പല പല സ്വാർത്ഥ താല്പര്യങ്ങൾ അതിൽ പല ചരിത്രവസ്തുക്കളേയും വളച്ചൊടിച്ചും അലകും പിടിയും മാറ്റിയും അലങ്കാരങ്ങളും തൊങ്ങലും ചാർത്തിക്കൊടുത്തും തങ്ങൾക്കനുകൂലമായ മിത്തുകളാക്കി; എന്നു വച്ചാൽ അവയിൽ പ്രധാനപ്പെട്ടതെല്ലാം ബ്രാഹ്മണ്യത്തിന്റേയും പൗരോഹിത്യത്തിന്റേയും പ്രഭാവവും അധികാരാവകാശങ്ങളും അപദാനങ്ങളും ഊട്ടിയുറപ്പിക്കുന്ന കഥകളാക്കി… മിത്തുകളും ഐതിഹ്യങ്ങളും… അവ വെളിപാടുകളും പ്രവചനങ്ങളുമായി. ജാതിബലമുള്ള ഐതിഹ്യങ്ങളെല്ലാം മതമായി… എന്നുവച്ചാൽ ശാസ്ത്രവിധി പ്രകാരമുള്ള ആചാരങ്ങളാക്കി മാറ്റി.”
“മണ്ണിൽ ചവിട്ടിനിന്നു കവിതയെഴുതിയ മഹാകവികളായിരുന്നില്ലേ കുമാരനാശാൻ, ചങ്ങമ്പുഴയും പിന്നെ വയലാറുമൊക്കെ. ചിന്താവിഷ്ടയായ സീതയും ചണ്ഡാലഭിക്ഷുകിയും സ്പന്ദിക്കുന്ന അസ്ഥിമാടവുമൊക്കെ അക്കാലത്തു് അവർക്കേ എഴുതാൻ പറ്റൂ. എന്നുവച്ചാൽ ആ തന്റേടം അവർക്കേ ഉണ്ടായുള്ളൂ എന്നു്.”
അപ്പച്ചിയമ്മൂമ്മേ, എനിക്കറിയാം ‘ചണ്ഡാലഭിക്ഷുകി’-സ്ക്കൂളിൽ അഹാനച്ചേച്ചീം ഞാനും ആ കവിതകൾ ചൊല്ലി എത്രതവണ സമ്മാനം വാങ്ങീട്ടൊണ്ടെന്നോ! ചങ്ങമ്പുഴേടെ ചില വരികൾ എനിക്കു വലിയ ഇഷ്ടമാണു്, പക്ഷെ സ്ക്കൂളിൽ ചൊല്ലാൻ പറ്റില്ല:
തെണ്ടിയല്ലേ മതം തീർത്ത ദൈവം’,
പിന്നെ.
നിർദ്ധനച്ചെറുക്കന്നുമിനീരും,
ഈശ്വരേച്ഛയാണെങ്കിലമ്മട്ടുള്ളോ-
രീശ്വരനെ ചവിട്ടുക നമ്മൾ!’
വാഴക്കുലേം പ്രകൃതിവർണനേമൊക്കെ പാടീട്ടൊണ്ടു്. വയലാറിന്റെ പല കവിതകളും പിന്നെ കുമാരനാശാന്റേം… ങാ, ‘ചണ്ഡാലഭിക്ഷുകീ’ ലെ ഈ വരികളോർക്കുന്നോ അപ്പച്ചിയമ്മൂമ്മേ:
ക്കിന്നത്തെയാചാരമാവാം;
നാളത്തെ ശാസ്ത്രമതാവാം…’
“എത്ര റെലവന്റാ”, അമ്മു ആഹ്ലാദത്തോടെ പറഞ്ഞു. അതെല്ലാം ഓർമ്മവന്നതിന്റെ അഭിമാനമുണ്ടായിരുന്നു അമ്മുവിന്റെ മുഖത്തു്. ആദി അമ്മുവിനെ നോക്കി അഭിനന്ദനഭാവത്തോടെ ചിരിച്ചു മുതുകത്തു തട്ടി. അരുണയും ലേഖയും സാവിത്രിക്കുട്ടിയും അപ്പച്ചിയമ്മൂമ്മയ്ക്കൊപ്പം കയ്യടിച്ചു. ഗീതച്ചേച്ചി അമ്മുവിനെ അഭിനന്ദിച്ചു: “മിടുക്കി. ഐ. ഐ. റ്റീലായിട്ടും തന്റെ മൂടു മറന്നിട്ടില്ല. കൊച്ചിലേ തന്നെ യുക്തിചിന്ത കടന്നുകൂടിട്ടൊണ്ടല്ലേ:”
അപ്പച്ചിയമ്മൂമ്മ പെട്ടെന്നു് ഇടയ്ക്കുകേറിപ്പറഞ്ഞു:
“അവളെന്റെ മോളാ, അല്ലേടാ! എന്തുപറയാനാ-സ്വന്തം നിലനില്പിനും കാര്യലാഭത്തിനും തല്പരരായവർ എന്തെങ്കിലും വിഡ്ഢിത്തം വല്ലടത്തും കണ്ടാമതി; ഒടനെ അതിനെ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു്… യുക്തിബോധമോ സാമാന്യബോധമോ ഉള്ളവർക്കതു ദഹിക്കില്ല. പക്ഷെ വലിയ വിവേചനശക്തിയൊന്നുമില്ലാത്തവർ, അല്ലെങ്കിൽ പ്രയോഗിക്കാത്തവർ ചോദ്യം ചെയ്യാതെ ഏതോ വലിയ ശാസ്ത്രസത്യമായി അങ്ങു സ്വീകരിക്കും… അടുത്ത കാലത്തു വന്നതല്ലേ ‘അക്ഷരതൃതീയ.’ കുറച്ചുകൊല്ലങ്ങൾക്കുമുമ്പു് സ്വർണക്കച്ചവടക്കാരു് ബിസിനസ് ഡള്ളായ സമയത്തു് ജ്യോത്സ്യന്മാരെയോ പൂജാരിമാരേയോ മറ്റോ കൂട്ടുപിടിച്ചു് ഉണ്ടാക്കിയെടുത്ത ആചാരമാണു്… എന്തായാലും അതങ്ങു ഹിറ്റായി. കടം വാങ്ങിച്ചും ആ ദിവസം സ്വർണ്ണം വാങ്ങാനോടുന്നവർ. എന്തൊരു വിഡ്ഢിത്തം. ആർക്കാണതിൽ നേട്ടമെന്നു് ഒരു നിമിഷം ഓടുന്നവർ ചിന്തിക്കുന്നില്ല.”
“അതുപോകട്ടെ. നിങ്ങൾക്കു വേണ്ടതു് ദേവി തെറി കേൾക്കാൻ തുടങ്ങിയ കഥയല്ലേ?”
ഒന്നല്ല, പല കഥകളുണ്ടു്… ദേ സാവിത്രിക്കുട്ടി പറയും… അവൾ കുറച്ചുനാൾ ചില ഗവേഷണയാത്രയൊക്കെ നടത്തീരിക്കുന്നു… ഇന്നു നമുക്കു് ആ കഥ കേൾക്കാം, എന്താ?’
പാർക്കിൽ നിന്നിറങ്ങി കടൽത്തീരത്തുകൂടി അവർ പതുക്കെ നടന്നു.