പാർക്കിൽ നിന്നെഴുന്നേറ്റു് കടൽത്തീരത്തുകൂടി വെറുതെ തമാശകൾ പറഞ്ഞു നടന്നു, അവർ. കുറച്ചു നടന്നപ്പോൾ അമ്മു പറഞ്ഞു: “നമ്മക്കിനി കുറച്ചുനേരം കടൽത്തിരയെണ്ണാം… ഇവിടിരിക്കാം.”
എല്ലാവരും ചിരിച്ചു; ഒഴിഞ്ഞ സ്ഥലം നോക്കി അപ്പച്ചിയമ്മൂമ്മയും അമ്മുവും ആദിയും ഇരുന്നു. കപ്പലണ്ടിക്കച്ചവടക്കാരൻ പയ്യന്റെ കയ്യിൽ നിന്നു വാങ്ങിയ കപ്പലണ്ടിപ്പൊതികളിൽ നിന്നു് മൂന്നെണ്ണം ആദിയുടെ കയ്യിൽ കൊടുത്തിട്ടു സാവിത്രിക്കുട്ടിയും ലേഖയും അരുണയും നേരെ നടന്നു, അവരേതോ വലിയ ചർച്ചയിലായിരുന്നു…
കപ്പലണ്ടികൾ ഓരോന്നെടുത്തു് തൊണ്ടു തിരുമ്മിക്കളഞ്ഞു് യാന്ത്രികമെന്നോണം വായിലേക്കിട്ടുകൊണ്ടിരുന്നു അപ്പച്ചിയമ്മൂമ്മ; ഏതോ അഗാധമായ ചിന്തയിലായിരുന്നു അവർ… അമ്മുവും ആദിയും പരസ്പരം കണ്ണുകൊണ്ടു് ചോദ്യങ്ങൾ കൈമാറി.
തലതല്ലിയലറുന്ന കടൽ, കാളിമ പരന്ന ആകാശം. കപ്പലണ്ടിപ്പൊടി കയ്യിൽ നിന്നു തട്ടിക്കുടഞ്ഞുകളഞ്ഞു് വെള്ളിപോലെ നരച്ച മുടിയിഴകൾ രണ്ടു കൈകൊണ്ടും മാടിയൊതുക്കി അപ്പച്ചിയമ്മൂമ്മ; പടിഞ്ഞാറൻ ചക്രവാളത്തിന്റെ കാളിമ ആ മുഖത്തു പ്രതിഫലിക്കുന്നു.
“ഞാൻ പറയാൻ പോകുന്നതു് ഒരു കഥയല്ല, ഒരു സമസ്യയാണു്.” അപ്പച്ചിയമ്മൂമ്മ പെട്ടെന്നു പറഞ്ഞു. മണലിൽ അവ്യക്തരൂപങ്ങൾ കോറിയിട്ടുകൊണ്ടിരുന്ന അമ്മു അപ്പച്ചിയമ്മൂമ്മയെ നോക്കി. ആർദ്രതയോടെ അമ്മുവിന്റെ തലയിൽ തലോടിക്കൊണ്ടു് അപ്പച്ചിയമ്മൂമ്മ ആവർത്തിച്ചു: “സമസ്യ… അതൊന്നു പെയ്തു തീരട്ടെ, അപ്പോൾ കുരുക്കു താനേ അഴിഞ്ഞോളും.”
അമ്മുവിനു് ഒന്നും മനസ്സിലായില്ല; അവൾ അപ്പച്ചിയമ്മൂമ്മയെ ചോദ്യഭാവത്തിൽ നോക്കി.
“സാവിത്രിക്കുട്ടിയമ്മൂമ്മേടെ കാര്യമാ മോളേ… കാഴ്ചകളിലും കേൾവികളിലും പെട്ടെന്നു് അസ്വാസ്ഥ്യപ്പെടുക; ഇടിമിന്നലിന്റെ ആഘാതമേറ്റപോലെ തളർന്നുപോകുക… ഏതവസ്ഥകളേയും പ്രേരണകളേയും നേരിടാനും അവഗണിക്കാനുമുള്ള കരുത്തു് നഷ്ടമാകുന്നോ എന്നവൾ ഭയപ്പെടുന്നു… നൈമിഷികമായ ഭ്രാന്തൻ ഉൾപ്രേരണകൾ. ഭൂതകാലാനുഭവങ്ങളുടെ നിഴലുകൾ അവൾക്കൊപ്പമുണ്ടു്; ആ നിഴലുകളാണവളുടെ താളം തെറ്റിക്കുന്നതു്… അവയുടെ വേട്ടയാടലിൽ നിന്നു രക്ഷപ്പെടാനാണത്രെ അവയെല്ലാം കഥകളായി അവൾ കോറി വച്ചിരിക്കുന്നതു്.” അമ്മു വെറുതെ മൂളി.
അപ്പച്ചിയമ്മൂമ്മ തുടർന്നു:
“വേറൊരു തമാശ കേൾക്കണോ… ചിലപ്പോളൊക്കെ വിദൂരമായ ചില മുറിവുകളുടെ ഓർമ്മ കനൽച്ചീളുകൾ പോലെ മനസ്സിലേക്കു പാഞ്ഞെത്തി അവളോടു മന്ത്രിക്കുമത്രെ; ‘നീ കുറ്റവാളിയാണു്, നീ കൊലപാതകിയാണു്!’ തലച്ചോറിൽ കടന്നൽക്കൂടിളകും, മുൻപിലുള്ളതെന്തും തകർത്തെറിയാനുള്ള ഒരു നിമിഷത്തെ തീവ്രമായ പ്രേരണ… എങ്ങനെയോ ആ പ്രേരണകളെ കുടഞ്ഞുകളഞ്ഞു രക്ഷപ്പെടുന്നു… പക്ഷേ… എപ്പോളും അതിനു കഴിഞ്ഞില്ലെങ്കിൽ!”
“പ്രിയപ്പെട്ടവരുടെ സാമീപ്യം അവൾ വല്ലാതെ മോഹിക്കുന്നു, മോഹമല്ല, ദാഹിക്കുന്നു എന്നാണവൾ പറഞ്ഞതു്… സ്വയം മറന്നുപോകുന്ന ആഹ്ലാദം, ആത്മനിർവൃതിയാണത്രെ ആ സാമീപ്യം… അതു സ്വാഭാവികം… അതേ സമയം അവൾ ഭയന്നു പിൻവലിയുന്നു, തന്നിലൊരു കുറ്റവാളി ഒളിച്ചിരിപ്പുണ്ടെന്ന ഭീതിയിൽ… ബാല്യത്തിലേല്പിക്കപ്പെടുന്ന ആഘാതങ്ങൾ എങ്ങനെയൊക്കെയാണു് മനുഷ്യമനസ്സുകളെ ബാധിക്കുന്നതു്… അറിയാതെ സ്വയം കുറ്റവാളിയായി സങ്കല്പിക്കുന്നു അവൾ. വല്ലാത്തൊരു സമസ്യ, അല്ലേ?”
“എന്റെ മുഖവുര ഒരുപാടു നീണ്ടുപോയി. നിങ്ങളോടു് ഇക്കാര്യം ചർച്ചചെയ്യണമെന്നു വിചാരിച്ചിരുന്നില്ല. പക്ഷെ നമ്മുടെ നാടിന്റേയും കുടുംബത്തിന്റേയും പഴയകാല ചരിത്രങ്ങൾക്കു ചെവിയോർക്കാൻ നിങ്ങളെപ്പോലെ വിവരമുള്ള തലമുറ താല്പര്യം കാണിച്ചപ്പോൾ എനിക്കുറപ്പായി സാവിത്രിയുടെ കഥകളും നിങ്ങൾ കേൾക്കുമെന്നു്. അവളുടെ ജീവിതവുമായി, എന്നുവച്ചാൽ ബാല്യത്തിന്റേയും കൗമാരത്തിന്റേയും-അച്ഛന്റേയും അമ്മയുടേയും നാടുകളിൽ, ശുദ്ധനാട്ടുമ്പുറങ്ങളിൽ ജീവിച്ചതു് അക്കാലത്താണല്ലോ-ഓർമ്മകളൊക്കെ ആ നാടുകളുടെ ചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്നവയാണു്… വെറുതെ കെട്ടുപിണഞ്ഞതെന്നും പറയാൻ പറ്റില്ല-അന്നേ അവൾ കൂട്ടിക്കെട്ടി, കൂട്ടിക്കെട്ടി സൂക്ഷിച്ചവ; അവളുടെ ഭാവന ഓർമ്മകളെ നിറം പിടിപ്പിച്ചിട്ടുമുണ്ടാകാം.”
“അത്രയ്ക്കു വിഷമിക്കാൻ മാത്രം എന്തു പ്രശ്നങ്ങളാ സാവിത്രിക്കുട്ടി അമ്മൂമ്മയ്ക്കു്. കൊച്ചിലത്തെ കാര്യങ്ങളല്ലേ… അമ്മ അടിച്ചതോ, അച്ഛൻ വഴക്കു പറഞ്ഞതോ, ചേട്ടന്മാരു് മിട്ടായി തട്ടിപ്പറിച്ചതോ… അതോ സ്ക്കൂളീന്നു് വിനോദയാത്രയ്ക്കുപോകാൻ സമ്മതിക്കാത്തതോ… എന്താ പ്രശ്നം?” അമ്മു ചോദിച്ചു.
അപ്പച്ചിയമ്മൂമ്മ പൊട്ടിച്ചിരിച്ചു് അമ്മുവിന്റെ താടിക്കു തട്ടി:
“മോളേ, അന്നു വിനോദവുമില്ല, യാത്രയുമില്ല, മിട്ടായിയുമില്ല… ഓ. നാരങ്ങാമിട്ടായി… ഓറഞ്ചല്ലിയുടെ ആകൃതിയിൽ, മഞ്ഞമിട്ടായി. എന്തു സ്വാദായിരുന്നു… പിന്നെ വല്ലപ്പോളും അമ്പലത്തിലെ ഉത്സവത്തിനൊരു ദിവസം കൊണ്ടുപോയാലായി… മഹാബോറടി… അന്നു ആൺകുട്ടികൾക്കു് മണ്ണപ്പം ചുട്ടുകളിക്കാം, ഉണ്ടയിട്ടു് ഓടിക്കളിക്കാം, കുട്ടീം കോലും കളിക്കാം… അങ്ങനെ. പക്ഷേ പെമ്പിള്ളേർക്കു് മണ്ണപ്പം ചുടലും, ഒളിച്ചുകളീം മാത്രാ… സാവിത്രിക്കുട്ടിയുമൊക്കെ അതും നിഷേധിക്കപ്പെട്ടവരാ മോളേ… പച്ചയായ ജീവിതത്തിന്റെ ചവർപ്പും പുളിപ്പും മാത്രം; മധുരം സ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു. വേദനയുടെ മഹാസമുദ്രങ്ങൾ നീന്തിക്കയറേണ്ടിയിരുന്നു… കാലം അതായിരുന്നു. തങ്ങളുടെ ബുദ്ധിയും കഴിവുകളും ഈടുവച്ചു് നീന്തിക്കയറാനായി ചിലർക്കു്… ചതിവും വഞ്ചനയും കൈമിടുക്കും കൊണ്ടു് സമൂഹത്തെ കാൽക്കീഴിലാക്കിയ സാമൂഹ്യവഞ്ചകരെ നേരിട്ടുകൊണ്ടുതന്നെ.” അപ്പച്ചിയമ്മൂമ്മയുടെ ശബ്ദം പതറിയിരുന്നു.
അമ്മു അപ്പച്ചിയമ്മൂമ്മയുടെ കൈപിടിച്ചമർത്തി സാന്ത്വനിപ്പിച്ചു. കാര്യമൊന്നും മനസ്സിലായില്ലെങ്കിലും ആദിയുടെ മുഖം മ്ലാനമായി.
കുറച്ചുനേരത്തെ മൗനത്തിനുശേഷം അപ്പച്ചിയമ്മൂമ്മ പറഞ്ഞു:
“ആ കാലഘട്ടത്തിന്റെ ചരിത്രമെന്നൊന്നും പറയാൻ പറ്റില്ല കേട്ടോ. പറഞ്ഞുവന്നപ്പോൾ ആ തലമുറകൾ അനുഭവിച്ചുതീർത്ത സംഘർഷഭരിതമായ ജീവിതത്തിന്റെ ഓർമ്മകൾ തലനീട്ടി… ഇത്തിരി ആലങ്കാരികമായി അവതരിപ്പിച്ചു, അത്രേയുള്ളൂ.”
“സാവിത്രിയമ്മൂമ്മ, അപ്പോ ആത്മകഥയായിട്ടാണെഴുതുന്നതു് അല്ലേ?’ അമ്മു ചോദിച്ചു.
“ഓ… എന്നു പറയാൻ പറ്റില്ല. സാവിത്രിക്കുട്ടി ജീവിതത്തിലൊരിക്കലും വെറുമൊരു കാഴ്ചക്കാരിയോ കേൾവിക്കാരിയോ വഴിപോക്കയോ ആയിരുന്നില്ല. എല്ലാം, എല്ലാം ഹൃദയത്തിൽ ആഴത്തിൽ കോറിയിട്ടു അവൾ… അവളെഴുതുന്നതു് ഏതോ സാവിത്രിക്കുട്ടിയെന്ന ഒരു കഥാപാത്രത്തിന്റെ ബാല്യകൗമാര ജീവിതപരിസരങ്ങളും ജീവിതവും-അതിൽ കാഴ്ചകളും കേൾവികളും ഇടപെടലുകളും എല്ലാംപെടും… ആ കഥ പറച്ചിലിനു് ഒരു നിയതരൂപരേഖയില്ല… സാവിത്രിക്കുട്ടിയെന്ന കഥാകാരി കഥ പറയുന്നു, സാവിത്രിക്കുട്ടിയെന്ന കഥാപാത്രം കഥ പറയുന്നു, മറ്റൊരാൾ സാവിത്രിക്കുട്ടിയെന്ന വ്യക്തിയോടു പറയുന്ന കഥകൾ റിപ്രൊഡ്യൂസ് ചെയ്യുന്നു… അങ്ങനെയങ്ങനെ.”
“അവൾ പറയുന്നു, എത്ര എഴുതിയാലും തീരാത്തത്ര ഇനിയുമുണ്ടെന്നു്, ഓർമ്മകളുടെ ഒരു മഹാവനം…”