“എനിക്കിപ്പഴും മനസ്സിലായിട്ടില്ല കെട്ടോ ദൈവങ്ങൾക്കു് തെറി ഇഷ്ടമാകുന്നതെങ്ങനെയാണെന്നു്, അതും പെൺദൈവങ്ങൾക്കു്! തീരെ സംസ്ക്കാരമില്ലാത്തവരെ തെറി പറയൂ… അതു കേൾക്കുന്നതുപോലും അരോചകമാണു്. പിന്നെങ്ങനെയാ ദൈവസന്നിധിയിൽ, അതും കുടുംബാംഗങ്ങളൊന്നിച്ചിരുന്നു്…”
ദൈവവിശ്വാസിയായ ലേഖ അതുപറഞ്ഞതു കേട്ടപ്പോൾ അതുവരെ നിശ്ശബ്ദയായിരുന്ന സാവിത്രിക്കുട്ടി ചിരിച്ചു. “സാവിത്രിയപ്പച്ചി ചിരിക്കണ്ട… എനിക്കു് അന്ധവിശ്വാസങ്ങളൊന്നുമില്ല. അമ്പലം നിരങ്ങാറുമില്ല. എനിക്കറിയാൻ പറ്റാത്ത ഏതോ ഒരു ദിവ്യശക്തിയുണ്ടാകാമെന്നൊരു വിശ്വാസം മാത്രം… ഇത്തരം ഗോഷ്ടികളും നാട്യങ്ങളുമൊന്നും എനിക്കിഷ്ടമല്ല”, ലേഖ പറഞ്ഞു.
“ഐതിഹ്യമാലേലൊണ്ടു് ഇങ്ങനെ കുറേ കഥകൾ… വായിക്കാൻ നല്ല രസമാണു്… തമാശകളാ. ചേർത്തല ക്ഷേത്രത്തിലെ ദേവിയെ വില്ല്വമംഗലത്തു സ്വാമിയാർ എന്നൊരു ബ്രാഹ്മണൻ പ്രതിഷ്ഠിച്ചതാണു്… ദേവി ഇരിക്കാൻ കൂട്ടാക്കാഞ്ഞപ്പം തെറിവിളിച്ചോണ്ടു് മുടിക്കുത്തിൽ പിടിച്ചമർത്തി ചെളീലിരുത്തിയത്രെ… അതിന്റെ പേരും ‘പ്രതിഷ്ഠ’ എന്നാ കേട്ടോ.” ലേഖ ചിരിച്ചു; “ശുദ്ധ അസംബന്ധം”, അപ്പച്ചിയമ്മൂമ്മ ഏറ്റുപിടിച്ചു; “ബ്രാഹ്മണമേധാവിത്വത്തിനെ അരക്കിട്ടുറപ്പിക്കാൻ എന്തെല്ലാം കഥകളാ ഒണ്ടാക്കിയേക്കുന്നേ. അതൊക്കെ ഐതിഹ്യങ്ങളാക്കി; ആ ഐതിഹ്യങ്ങൾക്കു പതുക്കെപ്പതുക്കെ ചരിത്രത്തിന്റെ മേലാട ചാർത്തി മഹത്തായ കർമ്മങ്ങളാക്കി ആഘോഷിക്കുന്നു… ചരിത്രയാഥാർത്ഥ്യങ്ങളെ തമസ്ക്കരിച്ചു് തദ്ദേശീയരായ ചില ഭൂപ്രഭുക്കളുടെ ഒത്താശയോടെ ബ്രാഹ്മണ്യത്തിന്റെ അധീശത്വം ഉറപ്പിക്കാനുണ്ടാക്കിയ കഥകൾ! ഹീനമായ കൊള്ളയും കൊലയും നടത്തിത്തന്നെയാണു് ബ്രാഹ്മണസമൂഹം അധിനിവേശം നടത്തിയതു്; ഒപ്പം ദൈവവുമായി നേരിട്ടിടപെടുന്നവരെന്ന അവകാശവാദം തൊണ്ടതൊടാതെ വിഴുങ്ങിയ വിഡ്ഢികളായ ചില ഫ്യൂഡൽ പ്രഭുക്കളും രാജാക്കന്മാരും! ദൈവത്തിന്റെ ചലനങ്ങളെപ്പോലും നിയന്ത്രിക്കുവാൻ കഴിയുന്നവനാണു് ബ്രാഹ്മണൻ… ദൈവത്തിന്റെ ചിന്തകളും ഇഷ്ടാനിഷ്ടങ്ങളും പിണക്കങ്ങളും അറിയുന്നവനും, അതിനു് എന്തു മറുകൃതി ചെയ്താൽ ദൈവം പ്രീതനാകുമെന്നു് അറിയുന്നവനും ബ്രാഹ്മണൻ… അതുകൊണ്ടു് ബ്രാഹ്മണനു് ദാനം കൊടുത്തു് പുണ്യം നേടണം, മരണമായാലും മറ്റെന്തു ചടങ്ങായാലും… ഭൂമിയും പശുവും പണവും ദ്രവ്യങ്ങളും ദാനം കൊടുക്കണമായിരുന്നു, പട്ടിണി കിടന്നു ചത്തവന്റെ കുടുംബങ്ങൾ പോലും; ഇല്ലെങ്കിൽ പരേതാത്മാവു് ഇവിടെത്തന്നെ ചുറ്റിക്കറങ്ങും… എന്തെല്ലാം അന്ധവിശ്വാസങ്ങളാണു് ചൂഷണം ചെയ്യാനുള്ള മാർഗ്ഗമായി പ്രചരിപ്പിച്ചിരുന്നതു്. രാജാക്കന്മാർ പോലും അത്തരം അന്ധവിശ്വാസങ്ങളുടെ അടിമകളായിരുന്നതു കൊണ്ടല്ലേ ദേവസ്വം, ബ്രഹ്മസ്വം എന്നൊക്കെ പേരിൽ കരമൊഴിവായി ഒരുപാടു വസ്തുവകകൾ പണ്ടുകാലത്തു് ബ്രാഹ്മണരുടെ അധീനതയിൽ എത്തിപ്പെട്ടതു്.”
“ദൈവങ്ങളെപ്പോലും ബ്രാഹ്മണൻ വരുതിക്കു നിർത്തും; എന്താന്നല്ലേ… ദൈവങ്ങൾ ഏതു വേഷം മാറി നടന്നാലും ബ്രാഹ്മണനു കണ്ടാൽ മനസ്സിലാകും; കല്ലായിക്കിടന്നാലും അറിയാം ദൈവചൈതന്യം ഉള്ള കാര്യം. ഉടനെ ആ ബാഹ്മണൻ തീരുമാനിക്കും ആ ദൈവത്തിനെ എവിടെ ഇരുത്തണമെന്നു്… അനുസരിച്ചില്ലെങ്കിൽ പുലയാട്ടു് വിളിച്ചു് അടിച്ചിരുത്തും…”
എല്ലാവരും ചിരിച്ചു; ആദിക്കുമാത്രം ഇത്രയുംനേരം അപ്പച്ചിയമ്മൂമ്മ പറഞ്ഞതും മറ്റുള്ളവർ ചിരിച്ചതും ഒന്നും പിടികിട്ടിയില്ല. അവൻ ആകാംക്ഷയോടെ അമ്മുവിനെ നോക്കിച്ചോദിച്ചു:
“എന്തു കഥയാ പറഞ്ഞതു്?” “ഞാൻ പിന്നെ പറഞ്ഞുതരാം” അമ്മു പറഞ്ഞു.
“അസ്സംബന്ധകഥകളാ മോനേ എല്ലാം… ഐതിഹ്യം എന്നും പറഞ്ഞു് എല്ലാമങ്ങ് നേരാണെന്നു വിശ്വസിക്കും കൊറേപ്പേര്… എന്നിട്ടു് അതൊക്കെ ആചാരമാക്കും. ശരിക്കുള്ള ദൈവവിശ്വാസിക്കു് ഇത്തരം അവഹേളനം സഹിക്കാൻ പറ്റില്ല. പക്ഷേ ‘വിശ്വാസ‘ത്തെ തൊടാൻ എല്ലാർക്കും പേടിയാ… ഏതു ‘വിശ്വാസം’ എന്നതാണു് പ്രശ്നം.”
അപ്പച്ചിയമ്മൂമ്മ ആവേശഭരിതയായിത്തുടർന്നു:
‘ചേർത്തലയിലെ ദേവീപ്രതിഷ്ഠയുടെ കഥതന്നെയെടുക്കാം… വില്ല്വമംഗലത്തു സ്വാമിയാർ ജ്ഞാനിയായ മഹാബ്രാഹ്മണനായിരുന്നു. അദ്ദേഹം സ്ഥിരം ദേശാടനത്തിലാണു്… അങ്ങനെ ചേർത്തല എന്നു് ഇപ്പോൾ പറയുന്ന ഈ കരപ്പുറം ദേശത്തെത്തിയത്രെ… അടുത്തെങ്ങാനും വീടുകൾ വല്ലതുമുണ്ടോ എന്നന്വേഷിച്ചു് നടക്കുമ്പോൾ ആ വിജനപ്രദേശത്തു് ഒരു യുവതി പൊന്നൂഞ്ഞാലിൽ ആടിക്കൊണ്ടിരിക്കുന്നു… ആരും ചിരിക്കണ്ട-ദൈവങ്ങൾക്കു് പണ്ടേ സ്വർണത്തിനോടു് കമ്പമുണ്ടായിരിക്കും! സർവ്വാംഗസുന്ദരിയായ ഒരു പെണ്ണു്, വിജനപ്രദേശം… സ്വാമിയാർ നേരേ പെണ്ണിനടുത്തേക്കു ചെന്നു. സ്വാമിയാരെക്കണ്ടതും പെണ്ണു് പേടിച്ചു് ഊഞ്ഞാലിൽ നിന്നു ചാടിയിറങ്ങിയോടി; അതിനിടയിൽ അവളുടെ ഉടുവസ്ത്രം അഴിഞ്ഞു് കാറ്റത്തു പാറിപ്പോയി… പുറകേ ഓടിവരുന്ന സ്വാമിയാരെക്കണ്ടു് പെണ്ണു് മുൻപിൽ കണ്ട കുളത്തിൽ ചാടി… സ്വാമിയാരുണ്ടോ വിടുന്നു… പിടിക്കാൻ ചെല്ലുമ്പോളേക്കും അവൾ ചാടിക്കേറിയോടി അടുത്ത കുളത്തിൽ ചാടും… നിങ്ങൾ വിചാരിക്കും അത്രയേറെ കുളമോന്നു്, എന്റെ ചെറുപ്പത്തിൽ പോലും ഒരു പറമ്പിൽ ഒരു മൂന്നു കുളമെങ്കിലും കാണും…”
“എന്നിട്ടു് സ്വാമിയാരു് പെണ്ണിനെ പിടിച്ചോ?” അമ്മു അക്ഷമയോടെ ചോദിച്ചു.
“വരട്ടെ, പറയട്ടെ… ങാ… എന്നിട്ടു് ആ പെങ്കൊച്ചു് അങ്ങനെ അയാളിൽ നിന്നു് രക്ഷപ്പെട്ടോടിയോടി അഞ്ചു കുളങ്ങളിൽ ചാടി… അവിടന്നും കേറിയോടി ആറാമത്തെ കുളത്തിൽ ചാടി… സ്വാമിയാർ അടുത്തെത്തി… വെള്ളം വറ്റി കുളം മുഴുവൻ ചെളിനിറഞ്ഞിരുന്നു. കഴുത്തുവരെ മൂടി… സ്വാമിയാർ തലയിൽ പിടികൂടി… പിടിവിടുവിക്കാൻ പെണ്ണു് ആകുന്നതു ശ്രമിച്ചു. വില്ല്വമംഗലത്തിനു ദേഷ്യം വന്നു, ഇത്രേം ഇട്ടു് ഓടിച്ചിട്ടു് പിന്നേം കുതറുന്നോ… അയാൾ പെണ്ണിന്റെ മുടിക്കു കുത്തിപ്പിടിച്ചു് ‘അവിടെയിരിയെടീ പുംശ്ചലീ, ഇരിയവിടെ’ എന്നലറി പുലയാട്ടു വിളിച്ചു ചേറിൽ ബലമായി തലയമർത്തി ഉറപ്പിച്ചിരുത്തി. പെണ്ണിന്റെ തലയും ചേറിൽ പുതഞ്ഞു. ജ്ഞാനിയായ വില്ല്വമംഗലത്തിനു് മനസ്സിലായത്രെ അതു ദേവിയാണെന്നു്; അതുകൊണ്ടു് ദേവിയെ ഈ സ്ഥലത്തുതന്നെ പ്രതിഷ്ഠിക്കണമെന്നു തോന്നിയത്രെ… അതിനാണു് ചേറിൽ പൂഴ്ത്തിയതു്… തമാശയല്ലേ കാര്യം-ദേവിക്കറിയില്ലേ എവിടെയിരിക്കണം, ഏതു നാടിനാണു് തന്റെ സാന്നിധ്യം വേണ്ടതെന്നു്… അതുപോട്ടെ… ഒരു സന്യാസിവര്യൻ ഒരു പെണ്ണിനെ കണ്ടപ്പോൾ പുറകേ ഓടുക; അതും ആ പെണ്ണു് തുണിയെടുത്തു് ഉടുക്കാനൊള്ള സാവകാശം പോലും കൊടുക്കാതെ… ദേവിയാണെന്നറിഞ്ഞോണ്ടാണെങ്കിൽ അതിലും വല്യ വിടത്തരമല്ലേ… മഹാവിദ്വാനായ ആ സ്വാമിയാർക്കു് പ്രാർത്ഥിച്ചാൽ പോരായിരുന്നോ ‘ദേവീ, ഈ സ്ഥലത്തു് താങ്കളുടെ സാന്നിധ്യം വേണം, ഇവിടെ എവിടെയാണെന്നു വച്ചാൽ അടിയൻ സ്ഥലം ശരിയാക്കാം’ എന്നു്… ഒന്നിലും ചോദ്യമില്ലല്ലോ… ങാ, ആ ഭഗവതിയുടെ പേരു് കാർത്ത്യായനി എന്നാണത്രെ… ദേവിയുടെ തല ചേറിൽ പൊതിഞ്ഞതുകൊണ്ടു് നാടിനു് ചേർത്തല (ചേറിൽതല) എന്നു പേരു വന്നത്രെ. അതാണു് ചേർത്തല കാർത്ത്യായനി.” (പാർവ്വതീദേവിയുടെ മറ്റൊരു പേരാണു് കാർത്ത്യായനി.)
“ആ കുളത്തിനു ചുറ്റും ക്ഷേത്രം പണിതു. അനുസരിക്കാത്തവളെ പുലയാട്ടു വിളിച്ചു് ഇരുത്തിയതുകൊണ്ടു് ദേവിയെ പിന്നെ സ്തുതിക്കുന്നെന്ന നാട്യത്തിൽ തെറിയഭിഷേകമായി, എന്തൊരു വിരോധാഭാസം, ഒരു സാധാരണക്കാരിക്കുപോലും തെറിവിളി സഹിക്കില്ല. പിന്നെയല്ലേ ദേവി. ഇതിന്റെ മറ്റൊരു പതിപ്പാണു് കൊടുങ്ങല്ലൂർ ക്ഷേത്രവും അവിടത്തെ മീനഭരണി ഉത്സവവും.”
“വടക്കേ മലബാറിലും ഉണ്ടു് സമാനമായൊരു ചരിത്രം. ആറങ്ങോട്ടുകര കാർത്ത്യായനീക്ഷേത്രം. ആ ക്ഷേത്രത്തിന്റെ ഉല്പത്തിക്കു് മറ്റൊരു ഐതിഹ്യമാണു്. അഷ്ടാവക്രൻ എന്ന അസുരൻ ദേവിയെ കേറിപ്പിടിക്കാൻ ശ്രമിച്ചത്രെ. ദേവി നടക്കാനിറങ്ങിയതാരിക്കും കേട്ടോ, ദേവി പെട്ടെന്നു് അന്തർദ്ധാനം ചെയ്തു…”
“നിൽക്കണേ അപ്പച്ചിയമ്മൂമ്മേ… ദേവി എന്നാൽ ഈശ്വരൻ തന്നെയല്ലെ… നമ്മുടെ മുനിമാർക്കുപോലും ആരെ വേണമെങ്കിലും ശപിച്ചു ഭസ്മമാക്കാനുള്ള ശക്തിയുണ്ടായിരുന്നെന്നല്ലേ! അപ്പോ ദേവിക്കു് ആ അസുരനെ ശപിച്ചു് വല്ല കല്ലോ പ്രതിമയോ ആക്കാമായിരുന്നില്ലേ. അയാളെ പേടിച്ചു് ഒളിച്ചതെന്തിനാ?” അമ്മു ചോദിച്ചു; മറ്റുള്ളവർ ചെറുചിരിയോടെ ശ്രദ്ധിച്ചു.
“ദേ മോളേ, കഥയിൽ ചോദ്യമില്ല, പറഞ്ഞേക്കാം.” അപ്പച്ചിയമ്മൂമ്മ കൃത്രിമ ഗൗരവം നടിച്ചു് കഥ തുടർന്നു: “പറഞ്ഞു വന്നതെന്താ… ങാ, ദേവി അന്തർദ്ധാനം ചെയ്തു. ആ സ്ഥലത്തും പ്രതിഷ്ഠയൊന്നുമില്ല; ഒരു കുഴിമാത്രം. ആ ക്ഷേത്രത്തിനും മേൽക്കൂരയില്ല. ശ്രീകോവിലിനകത്തുനിന്നു വളർന്നുവന്ന ‘മാധവീലത’ യെന്ന വൃക്ഷം അമ്പലത്തിനു മുകളിൽ പടർന്നു പന്തലിച്ചു നിൽക്കുന്നു.”
“ഇതിലെ തമാശ മനസ്സിലായോ അമ്മൂ?” സാവിത്രിക്കുട്ടി ചോദിച്ചു. അമ്മുവും ലേഖയും ചോദ്യഭാവത്തിൽ നോക്കി. അപ്പച്ചിയമ്മൂമ്മ ചിരിച്ചു, സാവിത്രിയെന്തോ കുനിഷ്ടു് പറയാൻ പോകുന്നു:
“സാക്ഷാൽ ദേവിയായിട്ടെന്താ കാര്യം… പുരുഷന്റെ ആക്രമണോം തെറിവിളീം; എന്നിട്ടു് മുടിക്കുത്തു ചുറ്റിപ്പിടിച്ചു് ചെളിയിൽ തല ഇടിച്ചു താഴ്ത്തിക്കളഞ്ഞു. അവനവനെ രക്ഷിക്കാൻ പോലും ദേവിക്കു സാധിച്ചില്ല… എന്നിട്ടു് തെറിവിളിച്ചു് പ്രാർത്ഥിക്കുന്നു. ദേവീസങ്കല്പത്തെത്തന്നെ അപമാനിക്കുന്ന കഥ… ഐതിഹ്യമാണത്രെ. ദൈവങ്ങൾക്കും മീതെയാണു് ബ്രാഹ്മണൻ എന്നു വിളംബരം ചെയ്യാനൊരൈതിഹ്യം!” സാവിത്രിക്കുട്ടി വെറുപ്പോടെ പറഞ്ഞുനിർത്തി.
അപ്പച്ചിയമ്മൂമ്മ ചിരിച്ചുകൊണ്ടു് കഥ തുടർന്നു: “എന്നാ കേട്ടോ അമ്മൂ; കേരളത്തിലങ്ങോളമിങ്ങോളം സദാ സഞ്ചരിക്കുന്നയാളായിരുന്നത്രെ വില്ല്വമംഗലം; അങ്ങനെയുള്ള യാത്രകളിലാണത്രെ മിക്ക ദേവീപ്രതിഷ്ഠകളും നടത്തിയിട്ടുള്ളതു്. പക്ഷെ, ഇതിനെപ്പറ്റി വേറൊരു കഥയുമുണ്ടു്. ഐതിഹ്യമല്ല, അറിവുള്ളവർ ഒരുപാടു അന്വേഷണങ്ങളും ഗവേഷണങ്ങളും നടത്തിക്കിട്ടിയ വിവരങ്ങളാണു്.”
“ചേന്ദമംഗലം എന്ന സ്ഥലത്തു് ആയോധനമുറയൊക്കെ പഠിച്ച ഒരു ബ്രാഹ്മണനുണ്ടായിരുന്നു. അയാൾ വില്ല്വമംഗലത്തു സ്വാമിയെന്നാണു് അറിയപ്പെട്ടിരുന്നതു്. മഹാചട്ടമ്പിയും വഴക്കാളിയുമായിരുന്നത്രെ. ചട്ടമ്പിത്തരവും അടിപിടിയുമൊക്കെയായി നാടുചുറ്റലായിരുന്നു പണി. അങ്ങനെ അയാൾ ചേർത്തലയിലുമെത്തി. പഴയ നാട്ടുരാജാക്കന്മാർക്കെല്ലാം പടയാളികളുണ്ടായിരുന്നല്ലോ, നായർ പടയാളികൾ. നാടുവാഴികളുടെ രാജാധികാരം അവസാനിക്കയും യുദ്ധത്തിന്റെ ആവശ്യം ഇല്ലാതാകുകയും ചെയ്തപ്പോൾ നായർ പടയാളികൾ വഴിയാധാരമായി. അവർക്കാണേൽ മറ്റൊരു പണി ചെയ്തു ശീലവുമില്ല. അങ്ങനെയുള്ളവർ കൂടുതലും ചാവേറു പടയാളികളായിരുന്നു. അക്കാലത്തു് ചേർത്തലയിലെ വലിയ മാടമ്പി/ജന്മി കുടുംബങ്ങൾക്കു് ഓരോരുത്തർക്കും സ്വന്തമായി ഗുണ്ടാപ്പടയുണ്ടായിരുന്നു. ഇന്നത്തെപ്പോലെ അംഗരക്ഷകരായും ക്വട്ടേഷൻ സംഘങ്ങളായും ജോലിയില്ലാതായ നായർ പടയാളികളായിരുന്നു ഗുണ്ടാപ്പടയായതു്. ചേന്ദമംഗലത്തുകാരൻ വില്ല്വമംഗലം സ്വാമിയും അവർക്കൊപ്പം കൂടി.”
“ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ പ്രദേശങ്ങളിലൊക്കെ ബുദ്ധമതം ഏറ്റവും അഭിവൃദ്ധി പ്രാപിച്ചിരുന്ന കാലമായിരുന്നു അതു്. മരുത്തോർവട്ടം വൈദ്യപാഠശാല, ധന്വന്തരി മഠം, തിരുവിഴാക്ഷേത്രം തുടങ്ങി അനേകം ബുദ്ധവിഹാരങ്ങളും സന്യാസിനീമഠങ്ങളും നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു. ചേർത്തലയിലെ ചില പ്രഭുകുടുംബങ്ങൾക്കു് ബുദ്ധമതാനുയായികളോടു് വിരോധമായിരുന്നു. പ്രധാനകാരണം ആ കുടുംബങ്ങളിലെ ബ്രാഹ്മണസംസർഗ്ഗം തന്നെ. ബുദ്ധമതശാസനങ്ങളും അവരുടെ ആചാരങ്ങളും ബ്രാഹ്മണരുടെ ജാതിചിന്തയും അധികാരക്കൊതിയും അധീശത്വചിന്തയുമായി ഒരിക്കലും പൊരുത്തപ്പെടുന്നവയല്ലല്ലോ. സ്വാഭാവികമായും ജന്മിമാർ ബ്രാഹ്മണരുടെ അധീശത്വത്തിനു വശംവദരായിത്തീർന്നിരുന്നു.”
“ചേന്ദമംഗലത്തുനിന്നും കുടിയേറിയ ചട്ടമ്പി വില്ല്വമംഗലവും ചേർത്തലയിലെ രണ്ടു പ്രമുഖ പ്രഭുകുടുംബങ്ങളും അവരുടെ ഗുണ്ടാസംഘങ്ങളും ചേർന്നു് ബുദ്ധവിഹാരങ്ങളും സന്യാസിനീമഠങ്ങളും ആക്രമിച്ചു കീഴ്പ്പെടുത്തി. ബുദ്ധസന്യാസിമാരേയും സന്യാസിനിമാരേയും പിടികൂടി കൊന്നുകളയുകയോ അടിച്ചോടിക്കുകയോ ചെയ്തു. ആറു സന്യാസിനീമഠങ്ങൾ ഉണ്ടായിരുന്നത്രെ. അധിനിവേശക്കാരായ ബ്രാഹ്മണർ പ്രഭുകുടുംബങ്ങളെയും രാജാവിനെത്തന്നെയും വശീകരിച്ചു് ഒപ്പംകൂടി തങ്ങളുടെ അധീശത്വം ഉറപ്പിച്ചു.”
“അക്കൂട്ടത്തിൽ ഒരു ബുദ്ധസന്യാസിനിയെ പിടിക്കാനോടിച്ച വില്ല്വമംഗലം, ആ സ്ത്രീ രക്ഷതേടി കുളത്തിൽ ചാടിയപ്പോൾ ആ ചെളിക്കുളത്തിൽ തന്നെ അവരെ മുക്കിത്താഴ്ത്തി. അത്തരം ഹിംസകൾക്കും അക്രമങ്ങൾക്കും മറയിടാനുള്ളതാണു് ഐതിഹ്യങ്ങൾ!”
“ചേർത്തലയിലെ പല ക്ഷേത്രോല്പത്തികളേയും കുറിച്ചു് ഒരുപാടു് അന്വേഷണങ്ങളും ഗവേഷണങ്ങളും പഠനങ്ങളും നടത്തി കണ്ടുപിടിച്ച കൂടുതൽ വിശ്വസനീയമായ ചരിത്രകഥകളുണ്ടു്. പരിണിതപ്രജ്ഞനായ ഒരു ചേർത്തലക്കാരന്റെ പരിശ്രമഫലമാണതു്. പക്ഷെ ആ കണ്ടെത്തലുകൾക്കു് അർഹമായ അംഗീകാരവും പ്രചാരവും പ്രശസ്തിയും കിട്ടാതെ പോയതു് മലയാളക്കരയ്ക്കു വലിയ നഷ്ടമാണു്. പ്രശസ്ത സാഹിത്യകാരനും ഗവേഷകനുമായ ശ്രീ. ചേലങ്ങാട്ടു ഗോപാലകൃഷ്ണൻ എന്ന മഹദ്വ്യക്തിയാണു് സ്വന്തം നാടിന്റെ പൗരാണിക ചരിത്രത്തെയും, കൂടാതെ മലയാളസിനിമയുടെ ചരിത്രത്തെയും ഒക്കെപ്പറ്റി ഒരുപാടു ഗവേഷണം നടത്തിയതും വിലപിടിച്ച സംഭവങ്ങൾ കണ്ടെത്തിയതും. അദ്ദേഹത്തിന്റെ ഗവേഷണക്കുറിപ്പുകൾ പഠനവിധേയമാക്കിയാൽ ഒരുപാടു് സത്യസന്ധമായ അറിവുകൾ ലഭിച്ചേക്കാം, പക്ഷേ…”
അപ്പച്ചിയമ്മൂമ്മ രോഷത്തോടെയാണു് ആ ‘പക്ഷേ’ പറഞ്ഞതു്. അപ്പച്ചിയമ്മൂമ്മയുടെ ആവേശവും രോഷവും മറ്റുള്ളവരെ രസം പിടിപ്പിച്ചു. അവരെന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും അരുണ വിളിച്ചു.
“ദാ അച്ഛൻ വിളിക്കുന്നുണ്ടു കേട്ടോ.”