ശശിയമ്മാവൻ സ്വീകരണമുറിയിൽ ചാരുകസേരയിൽ ചാരിക്കിടക്കുകയായിരുന്നു. എല്ലാവരും അങ്ങോട്ടു ചെല്ലുന്നതു കണ്ടപ്പോൾ പെട്ടെന്നു് നേരെയിരുന്നു; ആൾ നല്ല ഉഷാറായിരിക്കുന്നു.
ശശിയമ്മാവൻ പറഞ്ഞു: “ങാ, ഇരിക്കു് ഇരിക്കു്… നേരത്തേ നിങ്ങളെയൊക്കെക്കണ്ട സന്തോഷം ഒരു വശത്തു്; ആ സമരത്തെപ്പറ്റി ഓർമ്മിച്ചപ്പോൾ മനസ്സിനൊരു ഉലച്ചിൽ. ആ മൂഡിൽ ഞാനെന്തൊക്കെയോ പറഞ്ഞു. ഇപ്പോഴും ആ കഥകൾ ഓർക്കുമ്പോഴും അതിനെപ്പറ്റി വല്ലതും പറയുമ്പോഴും വല്ലാതെ ആവേശം കൊള്ളുന്നു.”
അമ്മാവൻ ഒരിടനിർത്തി ടീപ്പോയിൽ വച്ചിരുന്ന വെള്ളമെടുത്തു് ഒരിറക്കു കുടിച്ചു. കുറച്ചുനേരം എന്തോ ആലോചിച്ചിരുന്നു; പിന്നെ തുടങ്ങി: “അത്തരത്തിലൊരു സമരത്തിനു പശ്ചാത്തലമൊരുങ്ങിയതെങ്ങനെയെന്നറിയണ്ടേ; പറയാം. ഐതിഹാസികമായ ഒരു സമരമായിരുന്നതു്. ഇന്ത്യയുടെ-കേരളത്തിന്റേയും, സ്വാതന്ത്ര്യസമര ചരിത്രത്തിൽ രക്തം കൊണ്ടെഴുതിച്ചേർത്ത ഉജ്ജ്വലമായ ഒരേടു്-അതാണു് ‘പുന്നപ്ര വയലാർ’…”
“നിങ്ങളെന്താ പരസ്പരം നോക്കുന്നേ? അന്നു കേരളമില്ലല്ലോ എന്നല്ലേ? ശരിയാണു്. അന്നു് രാജഭരണത്തിലുള്ള തിരുവിതാംകൂർ, കൊച്ചി എന്നീ രണ്ടു നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് അധീനതയിലുള്ള മലബാറും ആയിരുന്നു; മലബാർ, മദ്രാസ് പ്രസിഡൻസിയുടെ ഭാഗം. അതുമൂന്നും കൂട്ടിച്ചേർത്താണു് കേരളമെന്ന സ്റ്റേറ്റ് ഉണ്ടായതെന്നും അതു് എന്നാണെന്നും അമ്മൂനും ആദിക്കും അറിയാമല്ലോ അല്ലേ?” ശശിയമ്മാവൻ ഞങ്ങളെ നോക്കിച്ചിരിച്ചു; ആദി ഒന്നും മനസ്സിലാകാതെ മിഴിച്ചിരിക്കുന്നു.
“അമ്മൂ, മോള് ആദിക്കു പറഞ്ഞുകൊടുക്കണെ… എവിടെയാ ഞാൻ നിർത്തീതു്. ങാ, ഇന്ത്യ സ്വതന്ത്രമായതിന്റെ സദ്ഫലങ്ങളിലൊന്നാണതു്. ഒരുപക്ഷേ ഇന്ത്യ സ്വതന്ത്രയായാലും നമ്മളിങ്ങു തെക്കു് തിരുവിതാംകൂർ എന്നൊരു നാട്ടുരാജ്യത്തിലെ രാജാവിന്റെ പ്രജകളായി അവരുടെ ദിവാൻമാരുടെ കിരാതഭരണത്തിൽ പഴയ അടിമ ജീവിതം നയിച്ചേനെ.”
“പുന്നപ്രവയലാർ സമരത്തിനു് വിദേശാധിപത്യത്തിൽ നിന്നുള്ള മോചനം മാത്രമായിരുന്നില്ല ലക്ഷ്യം. രാജാധികാരത്തിൽ ദിവാന്റെ കിരാതഭരണമായിരുന്നു അന്നു നിലനിന്നതു്; കൊച്ചിരാജ്യം സമാധാന ഉടമ്പടിപ്രകാരം തിരുവിതാംകൂറിനു വിട്ടുകൊടുത്ത ‘കരപ്പുറം ദേശ’ മാണല്ലോ ചേർത്തലയും ആലപ്പുഴയും. കരപ്പുറം ദേശത്തു് അന്നു് വലിയ ജന്മി മാടമ്പികുടുംബങ്ങൾ ധാരാളം ഉണ്ടായിരുന്നു. നയവിശാരദനായ ദിവാൻ സി. പി. രാമസ്വാമി അയ്യർ ജന്മിമാരെയും മുതലാളിമാരെയും-അന്നു വലിയ കയർ ഫാക്ടറികളുണ്ടായിരുന്നു; പിന്നെ സുഗന്ധദ്രവ്യങ്ങളും, കയറും, കൊപ്രയും തുടങ്ങി ഒരുപാടു കയറ്റുമതി ഇടപാടുകളും. ആലപ്പുഴ വലിയൊരു വാണിജ്യകേന്ദ്രമായിരുന്നല്ലോ. ഈ ഫാക്ടറിഉടമകളും വലിയ കച്ചവടക്കാരുമാണു് അന്നത്തെ മുതലാളിമാർ-സ്വാധീനിച്ചു കൂടെ നിർത്തി. തൊഴിലാളികളെയും അടിയാളരെയും മൃഗതുല്യം കരുതിയിരുന്ന ജന്മിമാരും മുതലാളിമാരും സി. പി. യുടെ മർദ്ദനഭരണത്തിനു് ചൂട്ടുപിടിച്ചു. പാവപ്പെട്ട കർഷകരും തൊഴിലാളിസമൂഹവും സാധാരണക്കാരും സഹിക്കേണ്ടിവന്ന പീഡനങ്ങളും ദാരിദ്ര്യവും പട്ടിണിയും, നേരിടേണ്ടിവന്ന ക്രൂരമായ ജനദ്രോഹനിയമങ്ങളും മർദ്ദനമുറകളും ജനങ്ങളെ രോഷാകുലരാക്കി.”
‘അതിനിടെ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഭക്ഷ്യക്ഷാമം കൂടുതൽ രൂക്ഷമായി; എല്ലാം യുദ്ധാവശ്യത്തിനെന്നായി. വിളവുകളെല്ലാം ബലമായി ലെവി അളപ്പിച്ചു് അധികൃതർ കൊണ്ടുപോകും. അതോടെ ജന്മിമാർ ഭക്ഷ്യധാന്യങ്ങൾ പൂഴ്ത്തിവച്ചു. ഒരുനാഴി അരിയോ നെല്ലോ ആരെങ്കിലും കൊണ്ടുപോകുന്നതു പിടിച്ചാൽ അറസ്റ്റു ചെയ്യും. എല്ലാത്തിനും വില കേറി; പക്ഷെ കരിഞ്ചന്തയിൽപ്പോലും ധാന്യങ്ങൾ കിട്ടാനില്ല. കൂടുതൽ പേർക്കും വാങ്ങാനുള്ള ശേഷിയുമില്ല. രൂക്ഷമായ തൊഴിലില്ലായ്മ, തൊഴിൽ ചെയ്യുന്നവർക്കോ നിസ്സാരകൂലി. അതും പലപ്പോഴും കൊടുക്കില്ല. ചോദിച്ചാൽ ക്രൂരമർദ്ദനം, പിരിച്ചുവിടൽ അങ്ങനെ… കർഷകത്തൊഴിലാളികളെ പാടത്തെ ചെളിയിൽ ചവിട്ടിത്താഴ്ത്തിയ സംഭവങ്ങൾ ധാരാളം.’
‘പട്ടാളത്തിൽ ചേർന്നാൽ കിട്ടാവുന്ന ജീവിതസൗകര്യങ്ങളെക്കുറിച്ചും യുദ്ധം കഴിഞ്ഞാലും വീണ്ടും ജോലികിട്ടുമെന്നും പിരിഞ്ഞുപോരുമ്പോൾ കിട്ടാൻ പോകുന്ന പണത്തെപ്പറ്റിയും എല്ലാം നിറം പിടിപ്പിച്ച പരസ്യങ്ങളാണു് പത്രത്തിൽ വന്നുകൊണ്ടിരുന്നതു്. ആ പ്രലോഭനങ്ങളിൽ ഒരുപാടു പട്ടിണിക്കുന്തങ്ങൾ വീണു. ഒരുപാടു നാട്ടുകാർ പട്ടാളത്തിൽ ചേർന്നു. മിക്കവാറുംപേർ കൂലിപ്പട്ടാളമായിരുന്നു. ആസ്സാം കാടുകളിലൂടെ ബർമ്മയിലേക്കും മറ്റുമുള്ള റോഡുവെട്ടലാണു് പണി. കൊടുംശൈത്യവും മലമ്പനിയും മറ്റുമായി ഒരുപാടുപേർ ചത്തൊടുങ്ങി…’
‘രണ്ടാം ലോകമഹായുദ്ധം തീർന്നപ്പോൾ സ്ഥിതി വീണ്ടും വഷളായി. യുദ്ധം തീർന്നതും എല്ലാവരേയും വെറും കൈയോടെ പിരിച്ചുവിട്ടു. അതോടെ തൊഴിലില്ലായ്മ കൂടുതൽ രൂക്ഷമായി. യുദ്ധം തീർന്നെങ്കിലും ഭക്ഷ്യക്ഷാമത്തിനു അറുതി വന്നില്ല. കൊടും പട്ടിണി, ഒപ്പം ദിവാന്റെയും ജന്മിമാരുടെയും മുതലാളിമാരുടെയും മർദ്ദനഭരണത്തിന്റെ തീവ്രതയും. സമാനമായ അവസ്ഥകളൊക്കെത്തന്നെയായിരുന്നു കൊച്ചിയിലും മലബാറിലും. കമ്യൂണിസ്റ്റുപാർട്ടി പ്രവർത്തകർ ജനങ്ങളെ അണിനിരത്തി, അടിച്ചമർത്തലിനെതിരേയും ഭക്ഷ്യക്ഷാമം പരിഹരിക്കാനായും വ്യാപകമായി സമരങ്ങൾ നടത്തി. പക്ഷെ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതു് ഭീകരമായ മനുഷ്യവേട്ടയാണു്. വിദേശാധിപത്യത്തിനെതിരെ മലബാറിൽ ഇതിനകം പല സമരങ്ങളും അരങ്ങേറിയിരുന്നു. വൈദേശികമായാലും രാജവാഴ്ചയുടേതായാലും അടിമത്തവും അടിച്ചമർത്തലും അവസാനിപ്പിക്കേണ്ടതാണെന്നുള്ള തിരിച്ചറിവു് തൊഴിലാളി സമൂഹത്തിൽ മാത്രമല്ല മറ്റു സാധാരണക്കാരിലും സൃഷ്ടിക്കാൻ കമ്യൂണിസ്റ്റുപാർട്ടി പ്രവർത്തകർക്കു സാധിച്ചു…’
‘തിരുവിതാംകൂറിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആദ്യകാലങ്ങളിൽ അത്രയ്ക്കൊന്നും സജീവമായിരുന്നില്ല. പക്ഷേ 1938-ൽ തിരുവിതാംകൂർ സ്റ്റേറ്റു കോൺഗ്രസ് രൂപീകരിച്ചതോടെ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ഉഷാറാക്കി. മലബാറിലാണല്ലോ കമ്യൂണിസ്റ്റുപാർട്ടി ആദ്യം രൂപംകൊണ്ടതു്. അവിടെ നിന്നും പി. കൃഷ്ണപിള്ളയും എ. കെ. ജി. യും ഇ. എം. എസ്സും കെ. ദാമോദരനും തിരുവിതാംകൂറിലേക്കു വന്നിരുന്നു. അവരും ആദ്യകാല കോൺഗ്രസ് പ്രവർത്തകരാണു്. ഇന്ത്യ സ്വതന്ത്രയാകുന്നതു പോലെ തന്നെ പ്രാധാന്യമുള്ളതാണു് രാജവാഴ്ചയുടേയും ജന്മിത്വത്തിന്റേയും ചൂഷണങ്ങളിലും പീഡനങ്ങളിലും നിന്നു് കൃഷിക്കാരുടെയും തൊഴിലാളികളുടെയും മോചനവും സവർണമേധാവിത്വത്തിന്റെ കെട്ടുപാടിൽ നിന്നു് അധഃകൃതവർഗ്ഗങ്ങളുടെ മോചനവുമെന്നു് കമ്മ്യൂണിസ്റ്റുകാർ തിരിച്ചറിഞ്ഞു.’
‘രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സമൂഹത്തിലെ മേൽത്തട്ടിലുള്ളവരും ബുദ്ധിജീവികളുമടങ്ങുന്നവരുടെ നേതൃത്വത്തിലുള്ള സമരവും ഒപ്പം കർഷകരേയും തൊഴിലാളികളേയും ചൂഷണത്തിൽ നിന്നും അധഃകൃതസമൂഹത്തെ ജാതിയടിമത്തത്തിൽനിന്നും മോചിപ്പിക്കുന്നതിനുള്ള സമരങ്ങളും പലയിടത്തും നടന്നിരുന്നു. ക്രൂരമർദ്ദനങ്ങളും അറസ്റ്റുമായി ആ സമരങ്ങളെ അടിച്ചമർത്താനാണു് അധികാരികൾ തുനിഞ്ഞതു്. മദ്യപാനികളേയും ഗുണ്ടകളേയും കൊണ്ടു് സമരക്കാരെ മർദ്ദിപ്പിക്കുക, സമരക്കാരുടെ വീടുകൾ കൊള്ളയടിക്കുക, കള്ളക്കേസുകൾ കെട്ടിച്ചമയ്ക്കുക അങ്ങനെ പലവിധത്തിൽ ഉപദ്രവിക്കുകയായിരുന്നു. സി. പി. യുടെ കുതിരപ്പട്ടാളവും പോലീസും കോളേജുകളിൽ കയറി വിദ്യാർത്ഥികളെ പോലും മാരകമായി തല്ലിച്ചതച്ചു; പ്രകടനങ്ങളും യോഗങ്ങളും നിരോധിച്ചു… അതിനെതിരെ നിയമലംഘന സമരം നടത്തുമെന്ന സ്റ്റേറ്റു കോൺഗ്രസിന്റെ മുന്നറിയിപ്പു വന്നതോടെ സ്റ്റേറ്റു കോൺഗ്രസ്സിനെയും നിരോധിച്ചു സി. പി.’
‘അതിനെത്തുടർന്നു് നിയമലംഘന സമരങ്ങളുടെ ഘോഷയാത്രയായി. ഒരുപാടു അക്രമസംഭവങ്ങളും വെടിവെപ്പും ക്രൂരമർദ്ദനങ്ങളും കസ്റ്റഡിക്കൊലപാതകങ്ങളും ഉണ്ടായി. സമരം രൂക്ഷമായി. സമരത്തിനു് ആവേശം പകരാൻ നിരവധി വാളണ്ടിയർമാർ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും എത്തി. നേതാക്കന്മാർ വളരെപ്പേർ ഇരുമ്പഴിക്കുള്ളിലായിക്കഴിഞ്ഞിരുന്നു. പതിനായിരക്കണക്കിനു് തൊഴിലാളികൾ ഒറ്റക്കെട്ടായി കമ്യൂണിസ്റ്റുപാർട്ടിയുടെ കൊടിക്കീഴിൽ അണിനിരന്നു. ആലപ്പുഴയിലെ ബോട്ടുകളിലെ നാവികത്തൊഴിലാളികളും പണിമുടക്കി. തുലാം ഏഴിനു് ചിത്തിരതിരുനാൾ മഹാരാജാവിന്റെ ജന്മദിനത്തിൽ കയർഫാക്ടറി തൊഴിലാളി വാളണ്ടിയർമാർ നിരാഹാരം കിടന്നു. അന്നു തിരുവനന്തപുരത്തു് സ്റ്റേറ്റു കോൺഗ്രസ് മഹാരാജാവിന്റെ കൊട്ടാരത്തിലേക്കു് നടത്തിയ ജാഥയിൽ ആലപ്പുഴയിലെ തൊഴിലാളികളും പങ്കെടുത്തിരുന്നു.’
‘സി. പി. കുറുക്കനായിരുന്നു. സ്റ്റേറ്റു കോൺഗ്രസ്സിന്റേയും യൂത്തു് ലീഗിന്റേയും നിരോധം നീക്കി. തടവിലാക്കിയിരുന്ന നേതാക്കന്മാരെ വിട്ടയച്ചു. ഇതും സമരക്കാരുടെ ആവശ്യത്തിലുള്ള കാര്യമായിരുന്നല്ലോ. പക്ഷെ, ആലപ്പുഴയിലെ സമരക്കാരെ സി. പി. നോക്കിവച്ചിരുന്നു. രാത്രി ആലപ്പുഴ കടപ്പുറത്തു് യോഗം കഴിഞ്ഞിറങ്ങിയ തൊഴിലാളികളേയും വാളണ്ടിയർമാരേയും അതിഭീകരമായി മർദ്ദിച്ചു് കാലും കയ്യും നെഞ്ചും തല്ലിത്തകർത്തു് വലിച്ചെറിഞ്ഞു. യൂണിയനാഫീസ് തല്ലിപ്പൊളിച്ചു, അതിനകത്തുണ്ടായിരുന്നവരെ തല്ലി ജീവച്ഛവമാക്കി. പ്രതിഷേധിച്ചു് ജാഥ നടത്തിയവർക്ക് നേരെ വെടിവച്ചു. രണ്ടുപേർ അവിടെത്തന്നെ മരിച്ചുവീണു. പിറ്റേന്നു് ഫാക്ടറിപ്പടിക്കലെത്തിയ സമുന്നതരായ നേതാക്കന്മാരെ അതിക്രൂരമായി മർദ്ദിച്ചു. പി. കൃഷ്ണപിള്ളയും എ. കെ. ജി. യും കെ. കെ. വാരിയരും യൂത്തു് ലീഗ് പ്രവർത്തകരും സമരത്തെ കൂടുതൽ ശക്തമാക്കി മുന്നോട്ടുകൊണ്ടുപോയി. അതേസമയം സ്റ്റേറ്റു കോൺഗ്രസ് നേതാക്കളായ പട്ടംതാണുപിള്ള, ടി. എം. വർഗീസ് തുടങ്ങിയവരൊന്നും പണിമുടക്കു് ഭാഗത്തേക്കു നോക്കിയതേയില്ല. കോൺഗ്രസ്സുകാരും കമ്യൂണിസ്റ്റുകാരും ഒന്നിച്ചുനിന്ന ആ പോരാട്ടത്തിനെ ചില നേതാക്കൾ ദിവാനും മുതലാളിമാരുമായി ഒത്തുതീർപ്പുണ്ടാക്കി വഞ്ചിച്ചു. പക്ഷെ ഭൂരിഭാഗം തൊഴിലാളികളും പിന്മാറിയില്ല. സമരത്തിന്റെ ഫലമായി കൂലിയിൽ ചെറിയ വർധനവ് നൽകാൻ മുതലാളിമാർ തയ്യാറായി. തുടർന്നു യൂണിയൻ തന്നെ സമരം പിൻവലിച്ചു.’
“അതുപോട്ടെ; ചുരുക്കിപ്പറയാം… ഞാൻ കാടുകേറുന്നു. സ്റ്റേറ്റുകോൺഗ്രസ്സിലും, പിന്നീടു് രൂപീകരിച്ച കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റുപാർട്ടിയിലും പ്രവർത്തിച്ചിരുന്ന പലരും പതുക്കെപ്പതുക്കെ കമ്യൂണിസ്റ്റുകാരായി മാറിയിരുന്നു. അങ്ങനെയാണു് അവസാനം 1939-ൽ കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റു പാർട്ടി കമ്മിറ്റി അപ്പാടെ കമ്യൂണിസ്റ്റുപാർട്ടിയായിത്തീർന്നതു്. തൊഴിലാളി സമരങ്ങൾ നടക്കുമ്പോൾ തന്നെ ട്രേഡ് യൂണിയൻ പ്രവർത്തനം വിപ്ലവാടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടന്നു. കമ്മ്യൂണിസ്റ്റു് പാർട്ടിയുടെ ചെറുഗ്രൂപ്പുകൾ, രാഷ്ട്രീയ ക്ലാസ്സുകൾ, വിപ്ലവ ട്രേഡ് യൂണിയൻ പ്രവർത്തന ശൈലി… അങ്ങനെയങ്ങനെ ചിട്ടയായ ട്രേഡ് യൂണിയൻ പ്രവർത്തനം പരിശീലിപ്പിച്ചു; ഒപ്പം അവർ സ്വാതന്ത്ര്യസമര പോരാളികളുമായി.”
‘രണ്ടാംലോക മഹായുദ്ധം കഴിഞ്ഞ സമയത്തു് സമരങ്ങൾ കൊടുമ്പിരിക്കൊണ്ടു. തൊഴിലാളികളും കൃഷിക്കാരുമെല്ലാം സ്വാതന്ത്ര്യബോധവും വർഗ്ഗബോധവുമുള്ളവരായി മാറിയിരുന്നു… അപ്പോഴാണു് ജനങ്ങളുടെ ശ്രദ്ധയെ ആകർഷിക്കാനും അനുഭാവവും സഹകരണവും പിടിച്ചുപറ്റാനും ദിവാൻ സി. പി. മഹാരാജാവിനെ മുന്നിൽ നിറുത്തി ഒരു പുതിയ തന്ത്രം പ്രയോഗിച്ചതു്: സ്വതന്ത്രതിരുവിതാംകൂറും അമേരിക്കൻ മോഡൽ ഭരണസമ്പ്രദായവും.’
“അമേരിക്കൻ മോഡൽ എന്നുവച്ചാൽ എന്തായിരുന്നു എന്നറിയാമോ അമ്മൂ?” ശശിയമ്മാവൻ ചോദിച്ചു. “അപ്പച്ചിയമ്മൂമ്മ പണ്ടു് പറഞ്ഞതു കേട്ടിട്ടുണ്ടു് ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്നൊക്കെ മുദ്രാവാക്യം വിളിച്ചോണ്ടായിരുന്നു അന്നു് തൊഴിലാളികൾ സമരം ചെയ്തതെന്നു്.” അമ്മു പറഞ്ഞു.
“ങാ… പക്ഷേ അമേരിക്കൻ മോഡൽ എന്നു് ദിവാൻ ഉദ്ദേശിച്ചതു് രാജഭരണത്തിന്റെ കീഴിൽ പ്രായപൂർത്തി വോട്ടവകാശത്തോടുകൂടിയ തെരഞ്ഞെടുപ്പിലൂടെ അസംബ്ലിയും ദിവാന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവടങ്ങുന്ന ഗവൺമെന്റെന്നുമാണു്. പക്ഷെ അസംബ്ലിക്കു് എക്സിക്യൂട്ടീവിനെ നിയന്ത്രിക്കാൻ അധികാരമില്ല. എന്നുവച്ചാൽ ജനങ്ങളുടെ പ്രതിനിധികളായി കുറച്ചുപേർക്കു് അവിടെ പോയിരിക്കാം. ദിവാന്റെ ഇഷ്ടം പോലെ ഭരിക്കും. ചുരുക്കത്തിൽ ഇന്ത്യാരാജ്യം സ്വതന്ത്രയാകുമ്പോൾ തിരുവിതാംകൂർ ഒരു പരമാധികാര രാജ്യമായി നിലനിൽക്കും. തൊഴിലാളികളും കർഷകരും പഴയപടി ജീവിതത്തിന്റെ പുറംപോക്കിൽ പുഴുക്കളെപ്പോലെ തുടരും…”
‘തൊഴിലാളികൾക്കു് ഇതു സ്വീകരിക്കാനാവുന്നതായിരുന്നില്ല. തിരുവിതാംകൂറിൽ ഉത്തരവാദഭരണ പ്രക്ഷോഭം മുന്നോട്ടു കൊണ്ടുപോകുമെന്ന പ്രഖ്യാപനത്തിൽ നിന്നു് പട്ടം പ്രഭൃതികൾ ഒഴിഞ്ഞു മാറി. എന്നാൽ സി. പി. യെ എതിർത്ത കോൺഗ്രസ്നേതാക്കളായ സി. കേശവൻ, കുമ്പളത്തു ശങ്കുപ്പിള്ള, ആനിമസ്ക്രീൻ തുടങ്ങിയവരെ സർക്കാർ ഒറ്റപ്പെടുത്തി. ദിവാൻ പട്ടത്തെ വിളിച്ചു സംസാരിച്ചുകൊണ്ടു് അദ്ദേഹത്തെ മാന്യനായി അംഗീകരിച്ചു വശത്താക്കി. സി. പി. ഇന്ത്യൻ ഭരണാധികാരികളിൽ സമർത്ഥനായ ആളാണെന്നും അമേരിക്കൻ മോഡൽ ഭരണപരിഷ്ക്കാരം പരീക്ഷിച്ചു നോക്കണമെന്നും പട്ടം നിലപാടെടുത്തു. സി. പി. സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപിച്ചുകൊണ്ടു് സ്വാതന്ത്ര്യസമരഭടന്മാരായ സോഷ്യലിസ്റ്റുകളേയും കമ്യൂണിസ്റ്റുകളേയും വേട്ടയാടാൻ തുടങ്ങി. സി. പി. യുടെ പോലീസിന്റെ വേട്ടയാടലിനു് പട്ടം തുടങ്ങിയ കോൺഗ്രസ് നേതാക്കളും മുതലാളിമാരും ജന്മിമാരും അവരുടെ ഗുണ്ടാപ്പടയും ഒത്താശ ചെയ്തു.’
‘ഈ സാഹചര്യത്തിലാണു് ദിവാൻ ഭരണം അവസാനിപ്പിക്കുക, ഉത്തരവാദഭരണം അനുവദിക്കുക, അമേരിക്കൻ മോഡൽ പിൻവലിക്കുക, രാഷ്ട്രീയത്തടവുകാരെ വിട്ടയക്കുക, നാട്ടുകാരെ വേട്ടയാടാൻ തുറന്ന പോലീസ് ക്യാമ്പുകൾ പിൻവലിക്കുക തുടങ്ങി കുറെ ആവശ്യങ്ങൾ മുൻനിർത്തി അമ്പലപ്പുഴ-ചേർത്തല താലൂക്കുകളിലെ തൊഴിലാളിസംഘടനകൾ ഒന്നടങ്കം പണിമുടക്കിനിറങ്ങിയയതു്.’
“പത്രങ്ങളിൽ വാർത്ത വന്നതു് ‘തിരുവിതാംകൂറിൽ ലഹള… കൊള്ളയും കൊലയും തീവെപ്പും നിർബ്ബാധം നടക്കുന്നു. പട്ടാളനിയമം പ്രഖ്യാപിച്ചു.’ എന്നാണു്. ‘കമ്യൂണിസ്റ്റുകാരാണു് ഇതിന്റെയെല്ലാം പിറകിൽ; പട്ടാളത്തീന്നു പിരിഞ്ഞു വന്ന ചിലരെ ലഹളയ്ക്കുവേണ്ടി സംഘടിപ്പിച്ചിട്ടുണ്ടു്. പോലീസിന്റേയും പട്ടാളത്തിന്റേയും കയ്യിൽ നിന്നു് ഒരുപാടു് ആയുധങ്ങൾ അവർ പിടിച്ചെടുത്തിട്ടുണ്ടു്. അവർ അതു കൃത്യമായി ഉപയോഗിക്കുന്നു’ എന്നൊക്കെ കമ്യൂണിസ്റ്റുകാർക്കെതിരെ ഒന്നുരണ്ടു വാർത്ത വന്നുവെന്നു് പിന്നീടു് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ടു്”, സാവിത്രിക്കുട്ടി വിശദീകരിച്ചു.
“അതു്…” ശശിയമ്മാവൻ പറഞ്ഞുതുടങ്ങി: “പത്രങ്ങൾക്കു് കർക്കശമായ സെൻസർഷിപ്പായിരുന്നു. പരമപ്രധാനമായ 27 ആവശ്യങ്ങൾ മുൻനിർത്തിയാണു് തൊഴിലാളികൾ സമരം തുടങ്ങിയതു്. പാരലലായിട്ടു് ജന്മികളും അവരുടെ ഗുണ്ടാ റൗഡിസെറ്റും ചേർത്തല നഗരം ചുറ്റി ദിവാനും രാജാവിനും ജയ് വിളിച്ചു ജാഥ നടത്തി. ഞങ്ങൾ അന്നു് സ്ക്കൂൾഫൈനൽ ക്ലാസ്സിലുൾപ്പെടെയുള്ള വിദ്യാർത്ഥികളും സമരത്തെ അനുകൂലിച്ചും ‘ദിവാൻ ഗോ ബാക്ക്’ വിളിച്ചും ഉഗ്രൻ പ്രകടനം നടത്തി. അത്രയും വലിയ ഒരു വിദ്യാർത്ഥി ജാഥ അന്നാദ്യമായിരുന്നു.”
“പക്ഷെ ജാഥ കഴിഞ്ഞെത്തിയ ഗുണ്ടാ റൗഡിസംഘങ്ങൾ പോലീസിനോടൊപ്പം ചേർന്നു് വീടുകളും കടകളും കൊള്ളയടിക്കുകയും ആളുകളെ മർദ്ദിക്കുകയും വീടുകൾ പൊളിച്ചു തീയിടുകയും മറ്റും ചെയ്തു. ഓ, ഞാൻ നേരത്തെ അക്കാര്യം പറഞ്ഞു അല്ലേ?”
“അതിനിടെ ഒരു കഥയുണ്ടു്. നമ്മുടെ ബന്ധുവായ ഒരു ജന്മിയുടെ ഗുണ്ടാത്തലവനായിരുന്നു കണ്ടത്തിൽ പാച്ചുപിള്ള. കണ്ടത്തിൽ കുടുംബം അന്തസ്സും ആഭിജാത്യവുമുള്ള സമ്പന്ന കുടുംബമാണു്. വിദ്യാസമ്പന്നരും ആ കുടുംബത്തിൽ ധാരാളമുണ്ടു്. പക്ഷെ ഇയാൾ റൗഡിയായി ജീവിക്കാനാണു് ഇഷ്ടപ്പെട്ടതു്. ഭാര്യേം കുട്ടികളേം ഉപേക്ഷിച്ചു് ഒറ്റയ്ക്കൊരു വീട്ടിലാണു് താമസം. താമസമെന്നു പറഞ്ഞാൽ വല്ലപ്പോഴും തങ്ങുന്നൊരിടം. ബാക്കി സമയമൊക്കെ വെട്ടും കുത്തും അടിപിടീം. ഇതിനിടെ ജന്മിയുടെ ശത്രുക്കളായ വാലന്മാരെ ഓടിക്കാൻ ചെന്നു പാച്ചുപിള്ളയും കൂട്ടരും. എതിർത്തുനിന്ന വാലന്മാരിൽ ചിലരെ കടലാവണക്കിൻ പത്തലിനു് അടിച്ചുകൊന്നു് കായലിലെറിഞ്ഞു. തടയാൻ ചെന്ന പോലീസിന്റെ കൈ മഴുവിനു വെട്ടിമുറിച്ചു.”
“വാളെടുത്തവൻ വാളാൽ എന്നല്ലെ. അവസാനം ഏതോ ചതിവിലാ ചത്തതു്. പാച്ചുപിള്ളയ്ക്കു് ഒരു തട്ടാത്തി സ്ത്രീയിലുണ്ടായ മകൻ തട്ടാൻവേലു ഒറ്റിക്കൊടുത്തതാണത്രെ. പാച്ചുപിള്ള മരിച്ചു കഴിഞ്ഞപ്പം അയാടെ വീട്ടിലെ അരപ്പെട്ടി (അന്നു് ട്രങ്കൊന്നും സാധാരണയല്ല. പല അളവിലെ തടിപ്പെട്ടികളാണു്) നിറയെ ആയുധങ്ങൾ-വടിവാള്, കഠാരി, മഴു, വെട്ടുകത്തി, ഇടിക്കട്ട അങ്ങനെ…”
“സാവിത്രിക്കുട്ടിയെന്തോ പറയാനോങ്ങിയപോലെ… ഓ നീ മേനാച്ചേരീലും രക്തസാക്ഷി മണ്ഡപങ്ങളിലുമൊക്കെ അടുത്തിടെ പോയല്ലോ. അക്കാര്യം പറയാനാ അല്ലേ? പറഞ്ഞോ പറഞ്ഞോ… അത്ര നേരം ഞാനൊന്നു കെടക്കാം.” ശശിയമ്മാവൻ അകത്തെ മുറിയിലേക്കു പോയി. ‘ക്ഷീണിച്ചുകാണും.’