“സാവിത്രിയമ്മൂമ്മ എവിടെപ്പോയീന്നാ പറഞ്ഞതു്? ഫ്രണ്ട്സിനെയോ റിലേറ്റീവ്സിനേയോ കാണാൻ പോയതാരുന്നോ?” അമ്മു ചോദിച്ചു.
“ഫ്രണ്ട്സും റിലേറ്റീവ്സുമൊന്നും അവിടെയില്ല. ഞാൻ പോയതു്; പല തവണ പറഞ്ഞുകേട്ടു് മനസ്സിന്റെ ഭിത്തികളിൽ കോറിയിട്ട ചില ചിത്രങ്ങളുണ്ടു്, ഏഴു പതിറ്റാണ്ടുകൾ പഴക്കമുള്ള ചിത്രങ്ങൾ! എന്റെ അമ്മ ഒരു സന്ധ്യക്കു് ഏഴുമാസം പ്രായമുള്ളൊരു കുഞ്ഞിനെ വയറ്റിലും മൂന്നു വയസ്സുള്ളൊരു കുഞ്ഞിനെ കൈത്തണ്ടയിലും താങ്ങി ഒരു ബോട്ടിൽ നിന്നിറങ്ങുന്നു. പുറകെ അപരിചിതത്വത്തിന്റെ അമ്പരപ്പോടെ ഒരു പതിനാറുകാരൻ പയ്യനും. ആ ബോട്ടുകടവും തളർന്നു് ആകെ പരിശ്രമിച്ചു് നിന്ന ആ അമ്മയേയും കുട്ടികളേയും സുരക്ഷിതരായി അവരുടെ ബന്ധുവീട്ടിലെത്തിച്ച ഏതോ ഒരു ബസ് പോയ വഴികളും ഏതാണ്ടു ഗൃഹാതുരതയോടെ കണ്ടു; ഒപ്പം പണ്ടു് ബുദ്ധവിഹാരങ്ങളായിരുന്ന സ്ഥലങ്ങളും. ഓ, അതു ഞാൻ നേരത്തേ എപ്പോളോ പറഞ്ഞു അല്ലേ!”
“അതിനൊപ്പം തന്നെ ഞാൻ കാണാൻ ആഗ്രഹിച്ചിരുന്നതാണു് പുന്നപ്രവയലാർ സമരത്തിൽ വെടിവയ്പു നടന്ന സ്ഥലങ്ങളും ആ നിരപരാധികളായ മനുഷ്യസ്നേഹികളുറങ്ങുന്ന രക്തസാക്ഷി മണ്ഡപങ്ങളും. ബാലകലോത്സവം നടത്തിപ്പിന്റെ മുഴുവൻ ചാർജ്ജുമുള്ള വിജയടീച്ചർ കുറച്ചു സമയത്തേക്കു് ഉത്തരവാദിത്വം മറ്റൊരു ടീച്ചറിനെ ഏല്പ്പിച്ചു് എനിക്കൊപ്പം സന്തോഷത്തോടെ വന്നു, വയലാർ രക്തസാക്ഷി മണ്ഡപവും, പ്രിയപ്പെട്ട വയലാർ രാമവർമ്മയുടെ സ്മൃതിമണ്ഡപവും കാണാൻ.”
“മേനാച്ചേരി വെടിവയ്പു നടന്ന ഒരു വീട്ടുമുറ്റത്തിന്റെ കഥ ഒരുപാടു തവണ കേട്ടിരുന്നു. അവിടെ പോകണമെന്നതു് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ഡ്രൈവർക്ക് അവിടമൊക്കെ പരിചിതമാണെന്നു പറഞ്ഞതുകൊണ്ടു് ടീച്ചർ തിരിച്ചുപോയി.”
“വീട്ടുമുറ്റത്തും നിലവറയിലുമായി നൂറിലേറെപ്പേർ വെടിയേറ്റു വീണ, കൂരാപ്പിള്ളി വീടു്; പുരയിടത്തിലേക്കു കയറുന്നതിനു് ഇടതുവശത്തായി ചത്തും ചാകാതെയും കത്തിക്കപ്പെട്ട സമരഭടന്മാരുറങ്ങുന്ന രക്തസാക്ഷി മണ്ഡപം. ആ വെടിവയ്പ്പിനും കൂട്ടക്കൊലയ്ക്കും ദൃക്സാക്ഷിയായ ഖദീശാ ഉമ്മയുടെ മകൾ സൈനബയും അവരുടെ മകളും പേരക്കുട്ടിയുമാണവിടെ താമസം. അന്നു് വെടിവയ്പ്പു് നടക്കുന്നയന്നു് സൈനബയ്ക്കു് അഞ്ചോ ആറോ വയസ്സാണു്. പക്ഷെ അന്നു് ഖദീശാ ഉമ്മയും മൂത്തമകൻ അബ്ദുൾഖാദറും മാത്രമേ അവിടുണ്ടായിരുന്നുള്ളൂ. മറ്റുള്ള മക്കൾ അവരുടെ ഉപ്പായുടെ വീട്ടിലായിരുന്നു. മൂന്നുനാലു ദിവസം കഴിഞ്ഞാണു് സൈനബയും മറ്റും വരുന്നതു്. സംഭവം മുഴുവൻ നേരിട്ടുകണ്ട ഉമ്മയും ചേട്ടനും പറഞ്ഞ സംഭവങ്ങളും സൈനബ വന്നപ്പോൾ ആ മുറ്റത്തും പറമ്പിലും നിലവറയിലും കണ്ട കൂട്ടക്കൊലയുടെ ബാക്കിപത്രങ്ങളും സൈനബയുടെ മനസ്സിൽ ഇന്നും തെളിമയോടെ ഉണ്ടു്. പക്ഷേ പറയുമ്പോൾ ഇടയ്ക്കിടെ അവരുടെ ശബ്ദം ഇടറിയിരുന്നു.” ഒരിട സാവിത്രിക്കുട്ടി നിർത്തി.
ആയിരം തവണ പറഞ്ഞുകേട്ടും വിശദമായ വിവരണങ്ങളടങ്ങിയ പുസ്തകങ്ങൾ വായിച്ചും ചർച്ചചെയ്തും, വെടിവയ്പ്പിനെയും തടവറയെയും അതിജീവിച്ച പ്രായമേറെച്ചെന്നിട്ടും ഓർമ്മവറ്റാത്ത ചില സമരഭടന്മാരിൽ നിന്നു നേരിട്ടുകേട്ടും, പഴകിയ ചരിത്രമായിട്ടും സാവിത്രിക്കുട്ടിയുടെ നെഞ്ചിലെന്തോ തടയുംപോലെ; അവരുടെ കണ്ണുനിറഞ്ഞു. സാവിത്രിക്കുട്ടി സങ്കടം ഉള്ളിലൊതുക്കാനൊരു ശ്രമം നടത്തി. അതു ശ്രദ്ധിച്ച അപ്പച്ചിയമ്മൂമ്മ പറഞ്ഞു: “ഇല്ല പാടില്ല. തങ്ങൾക്കു വേണ്ടി മാത്രമല്ല, വരും തലമുറകൾക്കു വേണ്ടിക്കൂടി ധൈര്യത്തോടെ പൊരുതി മരിച്ച വീരന്മാരാണവർ. ആ ധീരസഖാക്കളുടെ ഓർമ്മകളെ നീ അപമാനിക്കരുതു്.”
സാവിത്രിക്കുട്ടി പെട്ടെന്നു് ഉഷാറായി: “കൂരാപ്പിള്ളി വീട്ടുമുറ്റത്തു് വീണ ചോരയെത്രയെന്നോ, എല്ലാ ജാതിമതസ്ഥരുടേയും ചോര ഒന്നിച്ചൊഴുകിപ്പരന്നു മണ്ണിലലിഞ്ഞു ചേർന്നു. ശരീരത്തിൽ വെടിയുണ്ട കൊണ്ടതിന്റെ മറുവശത്തുനിന്നും തെറിച്ചുവീണു കിടക്കുന്ന രക്തം കിനിയുന്ന മാംസത്തുണ്ടുകൾക്കും ജാതീം മതോമില്ലായിരുന്നു. ആ മുറ്റത്തും പറമ്പിലും വീടിന്റെ നിലവറക്കുഴിയിലും കമിഴ്‌ന്നു വീണുകിടക്കുന്ന സമരഭടന്മാരുടെ കയ്യിൽ മുറുക്കിപ്പിടിച്ച വാരിക്കുന്തമോ, ചേറ്റുകത്തിയോ ചാട്ടുളിയോ ഓലാംവട്ടിയിലെ കരിങ്കൽച്ചീളുകളോ ഉണ്ടായിരുന്നു, ചങ്കുപിളർക്കുന്ന കാഴ്ച.”
‘അന്നു തുലാം പത്തു്. പുന്നപ്രേം, ഒളതലേം, വയലാറും, കടക്കരപ്പള്ളീലും പിന്നെ മേനാച്ചേരീലും തൊഴിലാളികളുടെ ക്യാമ്പുകൾ തുറന്നിരുന്നു. ഒരുപാടു് ആളുകൾ ഇവിടത്തെ ക്യാമ്പിലും ഉണ്ടായിരുന്നു. പണിമുടക്കുന്ന തൊഴിലാളികൾ, കമ്യൂണിസ്റ്റുകാരു മാത്രമല്ല, ചില കോൺഗ്രസ്സുകാരും, പട്ടിണി കിടന്നുമടുത്ത നാട്ടുകാരും അവരെ സഹായിക്കാനും സമരത്തിൽ പങ്കെടുക്കാനും തയ്യാറായി. കൊയ്ത്തരിവാളുമായി ധാരാളം സ്ത്രീകളും.’
‘ചേർത്തലയിൽ പലേടത്തും ഒരാഴ്ച മുൻപു മുതൽ പട്ടാളം ക്യാമ്പു ചെയ്തു തുടങ്ങിയിരുന്നു. ബോട്ടുകളിലാണു് വന്നിറങ്ങുന്നതു്. മുതലാളിമാരുടെ വീടുകളിലാണു് പട്ടാളക്കാർ ക്യാമ്പു് ചെയ്തതു്. ദിവസോം ഒരു തവണ മാർച്ച് പാസ്റ്റു് നടത്തും, ചിലപ്പോൾ രണ്ടു തവണയും. ആ മാർച്ചിനിടയിൽ പാവപ്പെട്ടവരുടെ വീടുകളിൽ കയറി പുരുഷന്മാരെ മർദ്ദിക്കും, അവരുടെ മുൻപിലിട്ടു് സ്ത്രീകളെ ബലാത്സംഗം ചെയ്യും. കിട്ടിയതെല്ലാം കൊള്ളയടിച്ചു് ആടിനേം കോഴിയേം വരെ എടുത്തു് കൊണ്ടുപോകും. ജനങ്ങൾക്കുള്ള താക്കീതാണത്രെ. ഇതു ഭയന്നു് സ്ത്രീകളും കുട്ടികളും വയസ്സായവരും പല വീടുകളിൽ നിന്നും ദൂരെയുള്ള ബന്ധുവീടുകളിൽ അഭയം പ്രാപിച്ചു. ആണുങ്ങൾ ക്യാമ്പുകളിൽ ഒന്നിച്ചു എന്തിനേയും നേരിടാനുറച്ചു്; അത്രയ്ക്കും സഹിച്ചുകഴിഞ്ഞിരുന്നു അവർ.’
‘മേനാച്ചേരിയിലും ബോട്ടിൽ പട്ടാളം വന്നിറങ്ങി. മേടയിൽ കർത്താവിന്റെ വീട്ടിലാണു് ക്യാമ്പു ചെയ്തതു്. അവിടെ നിന്നാൽ കൂരാപ്പിള്ളി വീടു് നേരെ കാണാം. ഇടയ്ക്കു് ഒരു പുരയിടമുണ്ടു്. കൂരാപ്പിള്ളി വീടിനു സമീപത്തായിരുന്നു മേനാച്ചേരി ക്യാമ്പു്. മറ്റു ക്യാമ്പുകളിലുള്ളവരുടെ നേർക്കു് വെടിവയ്പു നടക്കുന്ന വിവരം മേനാച്ചേരി ക്യാമ്പിലറിഞ്ഞയുടനെ തോളത്തു് കരിങ്കൽ ചീളുകൾ നിറച്ച ഓലാങ്കൊട്ടയും തൂക്കിയിട്ടു് കയ്യിൽ വാരിക്കുന്തങ്ങളും കൊയ്ത്തരിവാളും ഒക്കെയായി പട്ടാളത്തെ എതിരിടാൻ സമരഭടന്മാർ തയ്യാറായി, കൂരാപ്പിള്ളി വീട്ടുമുറ്റത്തും പറമ്പിലുമായി അണിനിരന്നു.’ സാവിത്രിക്കുട്ടി ഒന്നു നിർത്തി.
അമ്മുവിന്റെ മുഖത്തു് ഒരു വാടിയ ചിരി. അവൾ പതുക്കെ പറഞ്ഞു: “ഇതു് തങ്ങളെ ആക്രമിക്കാൻ വരുന്ന ഇസ്രായേൽ ടാങ്കറുകളുടേയും ബോംബർ വിമാനങ്ങളുടെയും നേർക്കു് പാലസ്തീൻ കുട്ടികൾ ചെറിയ കല്ലുകൾ പെറുക്കി ആഞ്ഞെറിഞ്ഞു് നേരിടുന്നതു് ടിവിയിൽ കണ്ട പോലെയുണ്ടു്… കഷ്ടം!”
ആ മുറിയാകെ നിശ്ശബ്ദത പരന്നു. നിശ്ശബ്ദതയ്ക്കു വിരാമമിട്ടു് സാവിത്രിക്കുട്ടി പറഞ്ഞുതുടങ്ങി: ‘മേടയിൽ കർത്താവിന്റെ വീട്ടിൽ തമ്പടിച്ചിരുന്ന പട്ടാളം മുറ്റത്തിറങ്ങി നിരന്നുനിന്നു് മുകളിലോട്ടു വെടിവച്ചു. കൂരാപ്പിള്ളി വീട്ടുമുറ്റത്തു നിന്നവർ അനങ്ങിയില്ല, അവിടെത്തന്നെ നിരന്നു നിറഞ്ഞുനിന്നു, അനങ്ങാതെ. പെട്ടെന്നു് പട്ടാളക്കാർ മുന്നോട്ടു മാർച്ചുചെയ്തു് വെടിതുടങ്ങി, നേരെതന്നെ ഉന്നംപിടിച്ചു്, ഓർക്കാപ്പുറത്തു് തുടങ്ങിയ ഇടതടവില്ലാത്ത വെടിവയ്പ്പിൽ ആളുകൾ തുരുതുരാ വെടികൊണ്ടു വീണു. എന്നിട്ടും പിൻതിരിഞ്ഞോടാൻ കൂട്ടാക്കാത്ത സമരഭടന്മാർ, കുറച്ചുപേർ കൂരാപ്പിള്ളി വീടിന്റെ പടിഞ്ഞാറുഭാഗത്തു് ചൂട്ടും വിറകും സൂക്ഷിക്കുന്ന നിലവറയ്ക്കുള്ളിൽ ഓടിക്കയറി പതുങ്ങിയിരുന്നു. പട്ടാളക്കാർ വെടിയുതിർത്തു കൊണ്ടു പാഞ്ഞുവന്നു. മുറ്റത്തും പുരയിടത്തിലും നിറയെ വെടിയേറ്റു വീണവർ, പുരയ്ക്കുചുറ്റും പരതിയ പട്ടാളക്കാർ എന്തോ അനക്കം കേട്ടപാടെ നിലവറയിലേക്കു വെടിവച്ചു. അതിനകത്തുണ്ടായിരുന്നവർ എല്ലാം ചത്തുവെന്നു് ബോധ്യം വരുംവരെ അവർ വെടിയുതിർത്തു. നിലവറയിലും മുറ്റത്തും പറമ്പിലുമായി മരിച്ചു കിടന്നവർ എത്രപേരുണ്ടായിരുന്നെന്നോ അവരാരൊക്കെയായിരുന്നെന്നോ ആർക്കും അറിയില്ല. ക്യാമ്പു തുടങ്ങിയതറിഞ്ഞപ്പോൾ ഓരോ ക്യാമ്പിലേക്കും ആളുകൾ സ്വയം ഒഴുകിയെത്തുകയായിരുന്നുവത്രെ. തോളിൽ തൂക്കിയ ഓലാംകുട്ടയും കയ്യിൽ മുറുക്കിപ്പിടിച്ച വാരിക്കുന്തവും അരിവാളും ചേറ്റു കത്തിയുമായി കമിഴ്‌ന്നു കിടക്കുന്ന ജീവനറ്റ മനുഷ്യരായിരുന്നു അവിടം മുഴുവൻ.’
‘പലരുടെയും ശരീരത്തിൽ വെടികൊണ്ടിടത്തു് ഒരു പൊട്ടുമാത്രം, അപ്പുറം പാഞ്ഞ വെടിയുണ്ടകൾ ശരീരത്തിൽ വലിയ ദ്വാരം സൃഷ്ടിച്ചു, തെറിച്ചു വീണു ചോരയൊലിപ്പിച്ചു തുടിക്കുന്ന മാംസത്തുണ്ടുകൾ, ചിതറിത്തെറിച്ച തലച്ചോർ…’
സാവിത്രിക്കുട്ടി പെട്ടെന്നു് അടിവയറ്റിൽ ഉരുണ്ടു കേറിയ ഛർദ്ദി അടക്കിപ്പിടിച്ചു് അകത്തേയ്ക്കോടി. വാഷ്ബേസിനിൽ വായും മുഖവും കഴുകി, കെറ്റിലിൽ നിന്നു് ഒരിറക്കു വെള്ളം കുടിച്ചു് ദീർഘശ്വാസം വിട്ടു് സമനില വീണ്ടെടുത്തു: ‘അടുത്തൊരു തെങ്ങിൻചോട്ടിൽ ഒരു അറുപതു കഴിഞ്ഞ വൃദ്ധ കുത്തിയിരിക്കുന്നു. വലതുകൈ വെടികൊണ്ടു് ചിതറിപ്പോയി. ഇടതു കയ്യിൽ അരിവാൾ മുറുക്കിപ്പിടിച്ചു് വേദന കടിച്ചുപിടിച്ചു് ഇരിക്കുന്നു. അപ്പുറത്തൊരു തൈത്തെങ്ങിൻ കുഴിയിൽ വെടികൊണ്ടു് തുളകൾ വീണ രണ്ടു കുട്ടികളുടെ ശവശരീരങ്ങൾ. അവരുടെ തോളിലും ഓലാംകൊട്ട. കുറച്ചുമാറി മറ്റൊരാൾ മരിച്ചുകിടക്കുന്നു. പട്ടാളത്തിൽ നിന്നു ലീവിനു വന്നതായിരുന്നത്രെ അദ്ദേഹം.’
‘ആരൊക്കെയാണു് ഓരോ ക്യാമ്പിലും രാജഭരണത്തിന്റേയും ജന്മിത്തത്തിന്റേയും ധാർഷ്ട്യം നിറഞ്ഞ ക്രൂരതയ്ക്കെതിരെ പൊരുതി മരിച്ചവർ? തൊഴിലില്ലാതായ ആയിരങ്ങൾ, തൊഴിലുണ്ടെങ്കിലും അധികാരത്തിന്റെ മുഷ്ക്കിൽ ഒരു നേരത്തെ അന്നത്തിനു വകയില്ലാതായവർ, യുദ്ധം തീർന്നപ്പോൾ പിരിച്ചുവിടപ്പെട്ട പട്ടാളക്കാർ, വിശന്ന വയറും മുറിവേല്പിക്കപ്പെടുന്നതിന്റെ അപമാനവും പേറി വലഞ്ഞവർ, പിന്നെ നാടിന്റെ സ്വാതന്ത്ര്യവും നാട്ടുകാരുടെ മനുഷ്യാവകാശവും നേടിയെടുക്കാൻ പ്രതിജ്ഞാബദ്ധരായവർ… ന്യായത്തിനും നീതിക്കും വേണ്ടി സ്വമേധയാ സമരത്തിൽ അണിചേർന്ന നാട്ടുകാർ…’
‘കൂരാപ്പിള്ളി പുരയിടത്തിനരികിലെ കുഴിയിൽ ചത്തവരേയും പാതിജീവൻ വിടാതെ കിടന്നവരേയും എല്ലാം വാരിയിട്ടു. കുഴിയൊരു കുന്നായി. അതിനടുത്തുണ്ടായിരുന്ന ഒരു വീടുപൊളിച്ചു് ഓലയും വാരിയും ശവക്കൂനയ്ക്കു മുകളിലിട്ടു് പെട്രോളൊഴിച്ചു് കത്തിച്ചു പട്ടാളക്കാർ.’
‘ആ വെടിവയ്പ്പു നടക്കുമ്പോൾ കൂരാപ്പിള്ളി വീട്ടുടമസ്ഥയായ ഖദീശൂമ്മയും മൂത്തമകനും കൂട്ടിനു വിളിച്ച ഒരു സ്ത്രീയും ആ വീട്ടിലുണ്ടായിരുന്നു. സമരക്കാരെ വെടിവച്ച ആ നിലവറയ്ക്കു മുകളിലത്തെ മുറിയിൽ പേടിച്ചു ശ്വാസമടക്കിപ്പിടിച്ചു് വാതിലിന്റെ വിടവിലൂടെ ആ ഭീകരതകളെല്ലാം കാണുകയായിരുന്നു. നിലവറയിലേക്കു വച്ച ചില വെടികൾ ഉമ്മയുടെ കയ്യിലുരസി, ഇല്ല എന്ന മട്ടിലാണു് കടന്നുപോയതു്. വെടിയൊച്ചയെല്ലാം ശമിച്ചപ്പോൾ ഖദീശുമ്മ ധൈര്യമായി പുറത്തിറങ്ങി. തോക്കും ചൂണ്ടിവന്ന പട്ടാളക്കാരോടു് അവർ പറഞ്ഞു, ‘ഇതെന്റെ വീടാണു്, ഭർത്താവും മറ്റു മക്കളും ദൂരെയൊരു വീട്ടിലാണു്, സാധനങ്ങൾ എടുക്കാൻ എത്തിയതാണു്’ എന്നു്. വേഗം പൊക്കോളാൻ പറഞ്ഞു് പട്ടാളക്കാർ ഭീഷണിപ്പെടുത്തി. അന്നേരം പോയെങ്കിലും വൈകിട്ടു് അവർ വീണ്ടും വന്നു. കൂട്ടക്കുരുതിയുടെ കണക്കെടുക്കാനാകുമോ, ജീവനുള്ള വല്ലവരും അവശേഷിച്ചിട്ടുണ്ടോ എന്നൊക്കെ പരിശോധിക്കാൻ… ആരും അവശേഷിച്ചിരുന്നില്ല.’
‘മൂന്നാലു ദിവസം കഴിഞ്ഞാണത്രെ കുട്ടികളെ കൊണ്ടുവന്നതു്. വന്ന പിറ്റേന്നു് സൈനബയെന്ന ആറുവയസ്സുകാരി കണ്ട കാഴ്ച അവർ പറഞ്ഞപോലെ പറയാം: ‘ഓ, ആ കാഴ്ച കണ്ടു് ഞാൻ അലറിവിളിച്ചു കരഞ്ഞു. ഞങ്ങളുടെ പറമ്പിൽ രണ്ടു മൂന്നു പട്ടികൾ ഒരു മനുഷ്യക്കൈ കടിച്ചു പറിക്കുന്നു. ഇപ്പോഴും ഓർക്കുമ്പം… ആ മണ്ഡപം പണിയുന്നതിനു കുറച്ചുനാൾ മുൻപുവരെ പല ആളുകളും വന്നു് അസ്ഥിക്കഷ്ണം മാന്തിയെടുത്തു കൊണ്ടുപോകും. നെറ്റിയിൽ അരച്ചിട്ടാൽ തലവേദന കുറയുമെന്നു് വിശ്വാസം. അതുകഴിഞ്ഞു് ഏതാണ്ടു പത്തുവർഷത്തിനു ശേഷം വീടു നന്നാക്കുന്ന സമയത്താണു് നിലവറ പൊളിച്ചതു്. അന്നും നിലവറേലെ മണ്ണിനു കടുംചുവപ്പു നിറമായിരുന്നു. നിലവറയിലെല്ലാം നേരത്തെ പഞ്ചാരമണലായിരുന്നൂന്നു് ഓർക്കണം. ആ മണ്ണു് മുഴുവൻ തൂത്തുവാരി പറമ്പിലിട്ടു. കുറച്ചുനാൾ കഴിഞ്ഞാണു് പറമ്പിൽ പച്ചക്കറി കൃഷി ചെയ്തതു്. ആ ചോരമണ്ണിട്ടിടത്തും നടുതലയുണ്ടായിരുന്നു… അവിടെ പാവലാരുന്നു. നിറയെ പാവയ്ക്ക. പക്ഷേ ചോരചുവച്ചിട്ടു് തിന്നാൻ വയ്യായിരുന്നു.’
“സൈനബയുടെ നേരനുഭവങ്ങളാണു് ഇപ്പറഞ്ഞതെല്ലാം. ഭാരം തൂങ്ങിയ മനസ്സുമായാണു് ഞാൻ അവിടന്നിറങ്ങിയതു്. എന്തു സ്നേഹമായിരുന്നെന്നോ അവർക്ക്. ചായയും പലഹാരങ്ങളും തന്നു് ഇനിയും കാണണമെന്നു പറഞ്ഞു. വരാമെന്നു ഞാനും.”