കൂരാപ്പിള്ളി വീട്ടിൽ നിന്നു് യാത്ര പറഞ്ഞു് ഇറങ്ങിയപ്പോൾ അവരുടെ പുരയിടത്തിന്റെ ഒരു സൈഡിൽ കുറച്ചു താഴ്‌ന്നു കിടക്കുന്ന ഭാഗത്തു് കുടങ്ങളിൽ വെള്ളവുമായി മൂന്നുനാലു സ്ത്രീകൾ.
‘എല്ലാവരും വീടുകളിൽ പച്ചക്കറി നടണം. ഭൂമി വെറുതെയിടരുതു് എന്നൊക്കെ സർക്കാർ പറയുന്നെന്നു് കുടുംബശ്രീ സെക്രട്ടറിച്ചേച്ചി പറഞ്ഞു. മാരാരിക്കൊളത്തൊക്കെ ഒരുപാടു് കൃഷിയുണ്ടു്. ഞങ്ങൾ കുടുംബശ്രീക്കാരാ. സൈനബത്താത്ത സമ്മതിച്ചു ഈ പറമ്പിൽ ചെയ്തോളാൻ. ഞങ്ങൾക്കു് ആ കൂരയിരിക്കുന്നത്ര സ്ഥലമേയുള്ളൂ. കപ്പയും മുളകുചെടിയും ചേമ്പും ചീരയുമൊക്കെയുണ്ടു്. രണ്ടുനേരവും കുളത്തിൽ നിന്നു് വെള്ളം കോരിക്കൊണ്ടുവന്നു നനയ്ക്കും…’
“എനിക്കു സങ്കടവും നിരാശയും തോന്നി. അവിടെ ചുറ്റുപാടും കണ്ടവരെല്ലാം ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ വല്ലാതെ പാടുപെടുന്നവരാണു്. അടച്ചുറപ്പുള്ള വീടുപോലുമില്ല. ഒരു വികസനവും കടന്നുചെല്ലാത്ത ഒരു പാവം നാട്ടിൻപുറം.”
ഡ്രൈവർ പറഞ്ഞു: ‘അടുത്തൊരു സഖാവിന്റെ വീടുണ്ടു്. സമരത്തിൽ പങ്കെടുത്തു വെടികൊണ്ടു വീണു. എങ്ങനെയോ രക്ഷപ്പെട്ടു. ഇപ്പം ചെറിയ ഓർമ്മക്കുറവൊക്കെയുണ്ടു്. തൊണ്ണൂറു വയസ്സെങ്കിലും കാണും. പക്ഷെ സമരത്തിന്റെ കാര്യം പറഞ്ഞാൽ പിന്നെ ആവേശമാ.’
‘ഞങ്ങൾ ആ വീട്ടിലെത്തി. അദ്ദേഹത്തിന്റെ പേരുമറന്നു. സ്നേഹം തോന്നുന്ന നല്ല ഒരു മനുഷ്യൻ; കണ്ണിനു് അല്പം കാഴ്ചക്കുറവുണ്ടു്. ഞങ്ങളെ അറിയാൻ വയ്യെങ്കിലും ആ കഥകൾ കേൾക്കാൻ വന്നതാണെന്നു പറഞ്ഞപ്പോൾ ഉഷാറായി. പത്തറുപതു വയസ്സു തോന്നിക്കുന്ന ഒരാൾ വന്നു പറഞ്ഞു: ‘അച്ഛനെ ഒരുപാടു സംസാരിപ്പിക്കരുതു്. ആവേശം കേറിയാൽ പിന്നെ നിർത്തുകേല. കുറേശ്ശെ വലിവുണ്ടു്. അതുകൂടിയാ ആശൂത്രി പോകണ്ടിവരും… അതുകൊണ്ടാ, സഖാവിനു വിഷമം തോന്നരുതു്. ഓർമ്മക്കുറവുണ്ടു്… ചെലപ്പോ പറഞ്ഞു പറഞ്ഞു കാടുകേറും.’
അദ്ദേഹം കഥ പറയാൻ തുടങ്ങി: ‘എന്റെ കൂട്ടുകാരനാരുന്നു രാഘവൻ. മേനാച്ചേരി വെടിവയ്പിലാ മരിച്ചേ. അന്നവനു് 17 വയസ്സാ… നിങ്ങക്കു കേക്കണോ, അവന്റനിയൻ മാധവൻ-അവനന്നു കൊച്ചുചെറുക്കനാ-അവര്ടെ വീടിന്റെ ഓലവിടവിക്കൂടെ എല്ലാം നോക്കിയിരിക്കാര്ന്നു, പേടിച്ചുവിറച്ചു്. കൊച്ചേമാര്ടെ-എന്നു വച്ചാ യഹൂദമ്മാര്-മാളികേ വീഴാതാണെ വെടിവയ്ക്കുന്നേ. പൊന്നാംവെളീന്നു് വള്ളത്തേലാര്ന്നു പട്ടാളം വന്നെറങ്ങീതു്. അവരെ കണ്ടപാടെ സഖാക്കളങ്ങ് ഒച്ചത്തിൽ മുദ്രാവാക്യം വിളിച്ചു് നേരെ ചെന്നു. അവരു് വെടീം തൊടങ്ങി. കൊറേപ്പേരു് വെടികൊണ്ടു വീണു. പക്ഷേങ്കിലു് ആരും പിന്തിരിഞ്ഞോടിയില്ല. താഴെ കമിഴ്‌ന്നു കിടന്നു. തൽക്കാലത്തേക്കു് വെടിനിർത്തി പട്ടാളക്കാരു്; വിശ്രമിക്കാനാരിക്കും, അവ്ടെ നിന്നു. ഒടനെ അവർക്ക് കരിക്കിട്ടു് തൊണ്ടുചെത്തി കുടിക്കാൻ സഹായിച്ചതാരാന്നറിയണോ, ആനക്കോട്ടിൽ കർത്താവും കൂട്ടരും. അല്ല, അതെന്തിനാ പറയണെ, അവരൊക്കെയല്ലേ സി. പി. ക്കു് ആ കൂട്ടക്കൊലയൊക്കെ നടത്താൻ ഒത്താശ ചെയ്തു കൊടുത്തതു്!’
‘കൊറച്ചു കഴിഞ്ഞപ്പോഴൊണ്ടു് ഉച്ചത്തിലങ്ങനെ മുദ്രാവാക്യം വിളിച്ചു് ഘോഷയാത്രയായി സഖാക്കൾ വരുന്നു; തെക്കേ ക്യാമ്പിൽ നിന്നാരുന്നു. അവരുടെ കയ്യിൽ ഇഷ്ടംപോലെ ആയുധമൊക്കെയൊണ്ടാരുന്നു-ഓലാംകൊട്ടകൾ നെറയെ കരിങ്കൽ ചീളുകളും, വാരിക്കുന്തോം അരിവാളും… ആനക്കോട്ടിൽ കർത്തായുടെ പൊരയിടത്തിലൂടെ അപ്പോളൊണ്ടു് വേറൊരു സംഘം പട്ടാളക്കാരു്; ചട്ടിത്തൊപ്പീം കാൽച്ചട്ടേമിട്ടോണ്ടു്. അവര്ടെ കയ്യീ മെഷീൻ ഗണ്ണാര്ന്നു. പിന്നെയങ്ങു തുരുതുരാ വെടിയല്ലാര്ന്നോ… നമ്മടെ സഖാക്കക്കു് ആയുധങ്ങളെടുത്തു പെരുമാറാനെവടാ സമയം! വരിയായി വന്ന സഖാക്കൾ വരിയായിത്തന്നെ വെടികൊണ്ടു വീണു. അക്കൂട്ടത്തിലാര്ന്നു രാഘവൻ’
അദ്ദേഹം ഒരിടനിർത്തി. നിറഞ്ഞുവന്ന കണ്ണുതുടച്ചു് മകൻ കൊണ്ടുവന്ന ചൂടുവെള്ളം കുടിച്ചു. ഒരു ദീർഘശ്വാസമെടുത്തശേഷം തുടർന്നു:
‘അവന്റെ തലച്ചോറു ചിതറി… പതിനേഴു വയസ്സേ ഒണ്ടാര്ന്നൊള്ളൂ അവനു്. തലേന്നും ആ സഖാക്കളെല്ലാം പട്ടിണിയായിരുന്നു. ഒന്നുമില്ലായിരുന്നു കഴിക്കാൻ. ക്യാമ്പിലൊണ്ടാരുന്നവർക്ക് പലർക്കും കഴിക്കാൻ പറ്റിയില്ല. ഒണ്ടാക്കിയതു് വേഗം തീർന്നു, അത്രേം പട്ടിണിക്കുന്തങ്ങളല്ലേ ക്യാമ്പിലേക്കു എത്തിക്കൊണ്ടിരുന്നേ. വിശന്ന വയറോടെ തന്നെ അവരുപോയി… നിങ്ങക്കറിയാമോ സഖാവേ, അവടെത്തന്നെ നൂറിൽക്കൂടുതൽ ശവങ്ങളൊണ്ടാര്ന്നു. എന്നിട്ടു നമ്മളു പിന്മാറിയോ; ഇല്ല. കുറച്ചു കഴിഞ്ഞപ്പോഴേയ്ക്കും രണ്ടാമതൊരു ജാഥ വന്നു. വരുന്ന വഴി തന്നെ പട്ടാളം മെഷീൻ ഗണ്ണുകൊണ്ടു നേരിട്ടു… എല്ലാം കഴിഞ്ഞപ്പം ചത്തവരേം പാതി ജീവനൊണ്ടാര്ന്നവരേം വലിച്ചു് വള്ളത്തേലിട്ടു് കൊണ്ടുപോയി വയറുകീറി കടലിലെറിഞ്ഞൂന്നാ പറഞ്ഞു കേട്ടതു്.’
അന്നു് ഒരുപാടു സ്ത്രീകളുമൊണ്ടാര്ന്നു ക്യാമ്പുകളിൽ… ഒക്കെ മറന്നു… ചീരമ്മ, കമലാക്ഷി, കാർത്ത്യായനി ഒക്കെയൊണ്ടാര്ന്നു. വെടിയുണ്ടയേറ്റിട്ടും തോട്ടിൽചാടി കപ്പപ്പായലിന്നടിയിൽ മുങ്ങിക്കിടന്നു രക്ഷപ്പെട്ടവരിൽ ചില പെണ്ണുങ്ങളുമൊണ്ടാര്ന്നു. അന്നു് ചത്തവര്ടെ ശരിക്കൊള്ള കണക്കു് തീർച്ചപ്പെടുത്താനൊന്നും പറ്റില്ല. കണ്ണും മൂക്കുമില്ലാത്ത കൂട്ടക്കുരുതി.’
‘സ്വന്തം പ്രജകളായ അടിയാളവർഗ്ഗത്തെ കൊന്നൊടുക്കിയിട്ടും ജനങ്ങളുടെ പൊന്നുതമ്പുരാൻ ഒന്നും കണ്ടില്ല, കേട്ടില്ല. തുലാം ഏഴു് ചിത്തിരതിരുനാൾ മഹാരാജാവിന്റെ-എന്നുവച്ചാ നമ്മടെ രാജാവിന്റെ-ജന്മദിനമായിരുന്നു. അന്നാരുന്നു ആദ്യത്തെ കൂട്ടുക്കുരുതി. പുന്നപ്ര വെടിവയ്പു്. രാജാവിന്റെ ദീർഘായുസ്സിനു വേണ്ടി നടത്തിയ മനുഷ്യക്കുരുതിയാരിക്കും…’
അദ്ദേഹം ഒരാവേശത്തിൽ പറഞ്ഞുനിർത്തി. വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. മകൻ ഞങ്ങളെ അപേക്ഷാ ഭാവത്തിൽ നോക്കി. ഞങ്ങളെഴുന്നേറ്റു. നന്ദി പറഞ്ഞിറങ്ങി. നെഞ്ചിൽ കരിങ്കല്ലു കേറ്റിവച്ച ഭാരവുമായിട്ടു്.