ബോട്ടുകടവിലെറങ്ങിയപ്പോഴേയ്ക്കും മീനാക്ഷിയമ്മ തീർത്തും തളർന്നു. ഒരിടനിന്നു തിരിഞ്ഞുനോക്കി. തവണക്കടവു ബോട്ടുജട്ടി; ഒരു മാറ്റവുമില്ല, മൂന്നു വർഷം കഴിഞ്ഞു വന്നിട്ടു്.
പടിഞ്ഞാറെ ചക്രവാളത്തിൽ ചെഞ്ചോരപ്രളയം; മുങ്ങിത്താഴുന്നു സൂര്യബിംബം… ഒരു നിമിഷം മീനാക്ഷിയമ്മയുടെ കണ്ണുകൾ ആ കാഴ്ചയിലുടക്കി, കുഴിഞ്ഞുതാണ കണ്ണുകൾ വിടർന്നു… പിന്നെ പെട്ടെന്നു് തിരിഞ്ഞുനടന്നു, കാൽ വലിച്ചുവച്ചു് നടന്നിട്ടു് ഒപ്പമെത്താൻ പാടുപെടുന്ന മൂന്നു വയസ്സുകാരിയുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ടു്.
ഹാവൂ… ശങ്കരച്ചാര്ടെ മാടക്കടേടെ മുൻപിൽ ബസ് കിടപ്പുണ്ടു്… തവണക്കടവിനു് ഇന്നെന്താ പണ്ടെങ്ങുമില്ലാത്ത മൂകത! ആളുമനക്കോമില്ല, കാളവണ്ടീം ചരക്കുകളും ഒന്നും കാണാനില്ല… അവടവടെ മൂന്നുനാലാളുകൾ; മിണ്ടാട്ടമില്ല. അവർ പരസ്പരം നോക്കുന്നുകൂടിയില്ല. ആണ്ടിലൊരിക്കലാണേലും പണ്ടും ഇതിലേതന്നെയല്ലേ വരവും പോക്കും. ഇപ്പോളെന്തായിതു്… കേറ്റെറക്കിനൊക്കെ വല്യേകടവു വല്ലതും ഒണ്ടാക്കിക്കാണും… ‘ആ… എന്തു കുന്തോമെങ്കിലുമാട്ടെ.’ മീനാക്ഷിയമ്മ പിറുപിറുത്തു.
കടയിലെ പഴക്കുല ചൂണ്ടി ‘അമ്മേ ഒരു പയം’ എന്നുള്ള കുഞ്ഞിന്റെ ചിണങ്ങലിനു ചെവികൊടുക്കാതെ നേരെ ബസ്സിനടുത്തേയ്ക്കു തിരക്കിട്ടു നടന്നു മീനാക്ഷിയമ്മ.
ബസ്സിന്റെ പുറകുവശത്തു് ചതുരത്തിലുള്ള അറയിലേയ്ക്കു് കരികോരിയിട്ടു, ഒരാൾ. പിന്നെ കുഴലുകൊണ്ടു് ഊതിയൂതി കനലെരിയിച്ചു… ബസ്സ് പുറപ്പെടാറായിക്കാണും…
“ബസ്സിനകത്തു് തീ കത്തിക്കുന്നോ, അതെന്തു പരിപാടി?”
പൊട്ടിച്ചിരിച്ചുകൊണ്ടു് അമ്മു ചോദിച്ചു. അമ്മുവിനു് ചിരിയടക്കാനാകുന്നില്ല, എന്തൊരു തമാശ, ബസ്സിനകത്തൊന്നും ഒരു സിഗററ്റു് ലൈറ്റർ പോലും കത്തിക്കാൻ പാടില്ല… എന്നിട്ടു് കരി ഊതികത്തിക്കുന്നു!
ശശിയമ്മാവനു് അമ്മുവിന്റെ ചിരി ഇഷ്ടപ്പെട്ടു. അമ്മാവൻ വിശദീകരിച്ചു:
“നിങ്ങക്കിപ്പം തമാശ… അങ്ങനൊരു കാലമുണ്ടായിരുന്നു. കരിബസ്സ് യാത്ര കഴിയുമ്പം കരിംഭൂതം പോലാകും… പെട്രോളും ഡീസലും സ്വിച്ചിട്ടാൽ സ്റ്റാർട്ടാകുന്ന മോട്ടോറെഞ്ചിനുമൊന്നും നമ്മുടെ നാട്ടിലെത്തീരുന്നില്ല, അന്നു്. ബസ്സുകൾക്കു് അടച്ചൊറപ്പൊള്ള ബോഡിയും വാതിലുമൊന്നുമില്ലായിരുന്നു. വെറും കമ്പിയഴിയാ ചുറ്റിലും. സീറ്റൊക്കെ കമ്പികൾ; നടുവും പൊറോം വേദനിക്കും.”
വലിയ ജിജ്ഞാസയൊന്നും തോന്നിയില്ലെങ്കിലും അമ്മു ചെറിയ കൗതുകത്തോടെ കഥ ശ്രദ്ധിച്ചു; ആദിക്കു് തർജ്ജമ ചെയ്തു കൊടുക്കുകയും ചെയ്തു.
“ന്ന്ട്ടു്?” ആ കഥകൾക്കു പുറകിലെ യാതനകളുടെയും വേദനകളുടെയും ചരിത്രം കുറെയൊക്കെ കേട്ടിട്ടുള്ള അമ്മുവിന്റെ അമ്മ ലേഖ ആകാംക്ഷയോടെ ചോദിച്ചു.
‘ബസ്സിനരികിൽ ബീഡിവലിച്ചു നിന്നിരുന്ന ചെറുപ്പക്കാരൻ ബസ്സിനടുത്തേയ്ക്കു നീങ്ങിയ യാത്രക്കാരിയെ സൂക്ഷിച്ചുനോക്കി. മീനാക്ഷിയമ്മ സാരിവലിച്ചിട്ടു് വീർത്തവയർ മറച്ചു.’
‘നിങ്ങളീ രണ്ടും കെട്ട നേരത്തു്? എവ്ടെപ്പോകാനാ? അതും ഈ പരുവത്തീ… പോരാത്തേനു് കൊച്ചും… എങ്ങോട്ടു പോകാനാ?’ അയാൾ ചിലമ്പിച്ച സ്വരത്തിൽ ചോദിച്ചു. അതു ചോദ്യമായിരുന്നില്ല, ഭയപ്പാടോടെയുള്ള സ്വഗതം. ‘ങും. എന്താ? ഞങ്ങക്കു ഒറ്റപ്പുന്നക്കവലേലെറങ്ങണം, പടിഞ്ഞാട്ടാപോണ്ടെ. അതിലേയുള്ള ബസ്സല്ലേ, പിന്നെന്താ?’
‘അയാടൊരു ചോദ്യം’ മീനാക്ഷിയമ്മയുടെ ശബ്ദത്തിൽ അക്ഷമയും വെറുപ്പുമുണ്ടായിരുന്നു. അവരുടെ പാരവശ്യം മനസ്സിലായ ഡ്രൈവർ പരിഭ്രമത്തോടെ പറഞ്ഞു:
‘അയ്യോ പോകുകേല, ബസ്സു പോകുകേല; അങ്ങോട്ടൊന്നും പോകുകേല… ആളെയെടുക്കുന്നില്ല. ഷെഡ്ഡീക്കേറ്റാം പോകുവാ.’
‘പോകുകേലേ… എനിക്കുപോയേ പറ്റ്വൊള്ളൂ… പോകുകേലന്നോ, വണ്ടി വിടടോ.’ മീനാക്ഷിയമ്മേടെ ശബ്ദമുയർന്നു.
‘അയ്യോ അതല്ല, എല്ലാടോം പോലീസാ. പുന്നപ്രേ പോലീസുകാരു ക്യാമ്പു ചെയ്തേക്കുന്നു, അപ്ലോൻ അറൗജിന്റെ വീട്ടിലാ… പട്ടാളത്തേ എറക്കീട്ടൊണ്ടു്. സംഘടനക്കാര്ടെ നേതാക്കന്മാരെ അറസ്റ്റു ചെയ്തു. ആകെ കൊഴപ്പാ; പട്ടാളം റോന്തു ചുറ്റുകാ.’ ഡ്രൈവറുടെ ശബ്ദം പതറിയിരുന്നു.
മീനാക്ഷിയമ്മ ഞെട്ടിപ്പോയി; വെറുതെ ഞെട്ടുകയല്ല, സർവ്വാംഗം തളർന്നു…
രാവിലെ പുറപ്പെട്ടതാണു്. വൈക്കത്തെത്തിയപ്പോൾത്തന്നെ ഉച്ചയായി. പിന്നെ ബോട്ടിനുള്ള കാത്തിരിപ്പായിരുന്നു. വിശപ്പും ക്ഷീണവും; ബസ്സിന്റെ പടിയിൽ ഒരുകാൽ കയറ്റിവച്ചപടി നിന്നുപോയി. എന്തെങ്കിലും ചോദിക്കാൻ നാവുപൊന്തിയില്ല.
ചോദിക്കേണ്ടി വന്നില്ല, കണ്ടക്ടർ വിവരിച്ചു:
‘ആലപ്പുഴയിലും ചേർത്തലയിലുമെല്ലാം കയർത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും എന്നുവേണ്ട എല്ലാത്തൊറേലേം തൊഴിലാളികളും പണിമൊടക്കിയേക്കുന്നു. ഇന്നലെത്തൊട്ടാ. ചേർത്തലേം, വയലാറിലുമെല്ലാം തൊഴിലാളികള് ക്യാമ്പുകളിലാ. ഒരുപാടു നാട്ടുകാരുമൊണ്ടു്… വെറുതെയല്ല പാവങ്ങളൊത്തുകൂട്യേതു്… കഴിഞ്ഞ ദിവസമൊണ്ടായതു കേക്കണോ… അഞ്ചുവണ്ടി പോലീസാ വന്നെറങ്ങീതു്. കലവൂരു തൊടങ്ങി അരൂര് വരെ വഴിയിൽ കണ്ടവരെയെല്ലാം തല്ലിച്ചതച്ചു് നടുവൊടിച്ചു. അവരു് പോയ വഴീലൊള്ള കുടിലും ചെറ്റേമെല്ലാം വലിച്ചുപൊളിച്ചു തീയിട്ടു. വീട്ടുസാധനങ്ങളും ചട്ടീംകലോം വരെ നശിപ്പിച്ചു. വയസ്സായവരേം കൊച്ചുങ്ങളേം വരെ പതം വരുത്തി. കൊച്ചുപെമ്പിള്ളാരേം നെറവയറായിട്ടുനിന്ന ഗർഭിണികളേം വരെ അവമ്മാര്…’
പെട്ടെന്നു് ‘മിണ്ടല്ലേ’ എന്നു് ആംഗ്യം കാണിച്ചു ഡ്രൈവർ, പരിഭ്രമത്തോടെ ചുറ്റുംനോക്കി. ആരും കേൾക്കുന്നില്ലെന്നുറപ്പാക്കി, മീനാക്ഷിയമ്മയോടു പറഞ്ഞു:
‘ഇവിടത്തെ വിശേഷങ്ങളൊന്നും അറിഞ്ഞില്ല, അല്ലേ? ഈ അവസ്ഥേല്… ഏതായാലും ഇവിടിങ്ങനെ നിക്കണ്ട. ചേച്ചിയിങ്ങു കേറു്. ടൗണിലെറക്കിത്തരാം. ഇന്നേതായാലും പടിഞ്ഞാട്ടു പോണ്ട, അപകടാ… ചേച്ചി കേറു്.’
പരവശയായ, നിസ്സഹായതയുടെ ആൾരൂപം പോലെ നിന്ന മീനാക്ഷിയമ്മ ഡ്രൈവറെ സ്നേഹത്തോടെ നോക്കി. പിന്നെ വയർ താങ്ങിപ്പിടിച്ചു് ബസ്സിലേയ്ക്കു കയറി. കണ്ടക്ടർ കുഞ്ഞിനെ മീനാക്ഷിയമ്മയുടെ അരികിൽ കയറ്റിയിരുത്തി.
പുറകേ കയറിയ പയ്യനെ സംശയത്തോടെ നോക്കി കണ്ടക്ടർ ചോദിച്ചു:
‘ഇയാളെങ്ങോട്ടാ? ഇവടെങ്ങും ഇതിനു മുമ്പു് കണ്ടിട്ടില്ലല്ലോ. ആൺതരിയെക്കണ്ടാൽ അപ്പ പൊക്കും പോലീസ്.’
വെളുത്തുമെലിഞ്ഞ ആ പതിനാറുകാരൻ കണ്ടക്ടറെ മിഴിച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല; അവന്റെ കണ്ണുകളിൽ കണ്ട ഭയം കണ്ടക്ടറെ വിഷമിപ്പിച്ചു:
‘പോലീസും പട്ടാളോം എപ്പളാ ചാടി വീഴാന്നറീല്ല. അതല്ലേ വണ്ടി ടൗണു വരേള്ളൂന്നു് പറഞ്ഞെ. ആരാന്നറിഞ്ഞാ എന്തേലും പറഞ്ഞു നിക്കാ. പറ… കൊച്ചവനെവ്ട്ന്നു വരണൂ?’ കണ്ടക്ടറുടെ സ്വരത്തിൽ ഭയവും സംശയവും നിഴലിച്ചു.
മീനാക്ഷിയമ്മ അപ്പോഴാണു് കണ്ടക്ടറുടെ ചോദ്യം കേട്ടതു്. ‘എന്റെ കൂടൊള്ളതാ. ചേട്ടന്റെ മോനാ; കൂട്ടിനുവന്നതാ.’ അതും പറഞ്ഞു് മീനാക്ഷിയമ്മ പെട്ടെന്നു് സുകുവിനെ അടുത്തു പിടിച്ചിരുത്തി, പേടിയോടെ ചുറ്റും നോക്കി.
‘ഇന്നു് എല്ലാടത്തും എന്തു വല്യേ മീറ്റിംഗുകളാ നടന്നേന്നോ, ഇനീപ്പം എന്താ ഒണ്ടാവ്വേന്നാ… നാളെ പൊന്നുതമ്പുരാന്റെ തിരുനാളാ… തൊഴിലാളികള് എന്താണ്ടൊക്കെ പ്ലാൻ ചെയ്തേക്കുന്നത്രെ… ഇവടെയീ യുദ്ധം നടക്കുമ്പം അതിന്റെ നടുവിലേയ്ക്കു്…’ കണ്ടക്ടർ മുഴുമിപ്പിച്ചില്ല, ബസ്സിനെ കടന്നു് മൂന്നുനാലു പട്ടാളവണ്ടികൾ ചാഞ്ഞുപോയി.
ബസ്സിനുള്ളിൽ ശ്വാസോച്ഛ ്വാസത്തിന്റെ ശബ്ദം പോലും കേൾക്കാനില്ലായിരുന്നു.