പാവം വയസ്സൻ കരിവണ്ടി. ഏങ്ങിയും വലിഞ്ഞും ഓടുന്നതിനിടയിൽ പെട്ടെന്നു് ഒരു കുലുക്കത്തോടെ മുന്നോട്ടും പിന്നോട്ടും ഒന്നുലഞ്ഞു് ബസ് നിന്നു.
എവിടെനിന്നോ ബസ്സിനു മുൻപിലേയ്ക്കു് ചാടിവീണു രണ്ടു പോലീസുകാർ. അതിലൊരാൾ ബസ്സിലേയ്ക്കു ചാടിക്കയറി ആകെയൊന്നു വീക്ഷിച്ചു. സീറ്റിന്റെ അരികുചേർന്നു് ചൂളിക്കൂടി പകച്ച കണ്ണുകളുയർത്തി ദയനീയമായി നോക്കുന്ന രണ്ടുവയസ്സന്മാർ; എല്ലും തോലുമല്ലാതെ ഒരു കഴഞ്ചുമാംസം ശരീരത്തിലില്ല. അതിലൊരു വയസ്സന്റെ നട്ടെല്ലോടൊട്ടിയ പുക്കിൾക്കുഴിക്കു നേരെ പോലീസുകാരൻ ലാത്തിനീട്ടിയൊരു കുത്തും ശബ്ദമുയർത്തി ഭീഷണിയുടെ സ്വരത്തിലൊരു ചോദ്യവും:
‘എന്താടാ… മോനേ! നെനക്കൊന്നും ക്യാമ്പും സംഘോമൊന്നുമില്ലേടാ… മോനേ.’
വയസ്സന്റെ തൊണ്ടയിൽ നിന്നുവന്ന വിചിത്രശബ്ദം അയാൾ വാപൊത്തി അടക്കി.
പോലീസുകാരൻ സ്ത്രീയുടെ നേരേതിരിഞ്ഞു ശൃംഗാരച്ചിരിയോടെ. അഞ്ചെട്ടുമാസം ഗർഭിണിയായ മധ്യവയസ്ക, കൂടെ ഒരു പയ്യനും കുഞ്ഞും. പോലീസുകാരന്റെ ചുണ്ടുകൾ എന്തോ തെറിവാക്കു് മന്ത്രിച്ചു.
വാക്കൈയും പൊത്തി നില്ക്കുന്ന കണ്ടക്ടറും തിരിഞ്ഞുനോക്കാൻ ധൈര്യമില്ലാതെ നിശ്ചലമിരിക്കുന്ന ഡ്രൈവറും. ആ പ്രതിമകളെ നോക്കി മീശപിരിച്ചു് വളച്ചുവച്ചു് ഒന്നു മൂളിയിരുത്തി പോലീസുകാരൻ. പിന്നെ ഡ്രൈവറുടെ മുതുകിൽ ആഞ്ഞൊരടികൊടുത്തു് ‘വേഗം ഷെഡ്ഡിക്കേറ്റിയിടടാ… മോനേ’ എന്നലറി ഇറങ്ങിപ്പോയി.
വണ്ടി വിട്ടു…
‘അമ്പലത്തിന്റവടെവരെ പോകും ബസ്സ്. അതിനടുത്തു് പരിചയക്കാരാരേലും ഒണ്ടോ?’ കണ്ടക്ടർ മീനാക്ഷിയമ്മയോടു ചോദിച്ചു. ‘ഒണ്ടു്, അമ്പലത്തിനു കൊറച്ചപ്പുറം അമ്മാവന്റെ വീടൊണ്ടു്, വക്കീലാ; ആർ. ബി. പിള്ള.’
‘കർത്താവേ നീ വലിയവൻ!’ കണ്ടക്ടർ മേല്പോട്ടു കയ്യുർത്തി എന്തോ സ്തോത്രം ഉരുവിട്ടു് കുരിശുവരച്ചു. പിന്നെ ഭവ്യതയോടെ മീനാക്ഷിയമ്മയെ നോക്കിപ്പറഞ്ഞു:
‘അറിഞ്ഞിരുന്നില്ല. സാറിന്റെ അനന്തിരവളാല്ലേ. കർത്താവീശോമിശിഹായ്ടെ വേണ്ടതൊണ്ടായോണ്ടാ ബസ് പൊറപ്പെടാൻ വൈകീതു്. അതല്ലേ നിങ്ങളെ ഈ ബസ്സീ കേറ്റിക്കൊണ്ടുപോരാൻ പറ്റീതു്… എന്തായാലും ഈ രാത്രീല്… സാരല്ല, ദാ നമ്മളിപ്പ എത്തും.’ അയാൾ തിടുക്കത്തിൽ ഡ്രൈവറുടെ അടുത്തുചെന്നു് എന്തോ പറഞ്ഞു.
ബസ് ആകാവുന്നത്ര സ്പീഡിൽ പാഞ്ഞു.
വക്കീലിന്റെ വീടിന്റെ തുറന്നുകിടന്ന ഗേറ്റിനകത്തേയ്ക്കു് വന്ന സ്പീഡിൽ തന്നെ ബസ് വളച്ചുകേറ്റി നിർത്തി:
‘വേഗം എറങ്ങിക്കൊണ്ടാട്ടെ.’ കണ്ടക്ടർ പെട്ടെന്നു് കുഞ്ഞിനെ എടുത്തു് താഴെ നിർത്തി. മീനാക്ഷിയമ്മയും സുകുവും ഇറങ്ങിയതും ബസ് പുറകോട്ടെടുത്തു് റോഡിലിറങ്ങി അതേ സ്പീഡിൽ വിട്ടുപോയി.
വണ്ടിയുടെ ശബ്ദം കേട്ടതും അമ്മായിയും രണ്ടാമത്തെ മകൾ രാജവും അടുക്കളക്കാരൻ കേശവൻകുട്ടിയും ഓടി പുറത്തുവന്നു. ആഗതരെ കണ്ടതും പെട്ടെന്നു് അകത്തേയ്ക്കു കയറ്റി. വാതിലടയ്ക്കാൻ തുടങ്ങുമ്പോഴേയ്ക്കും മുറ്റത്തു് ബൂട്ട്സിന്റെ ചടപടാ ശബ്ദം.
അമ്മായിയും രാജവും പെട്ടെന്നു പുറത്തേയ്ക്കു വന്നു.
‘ഇവടാരാ ഇപ്പോൾ വന്നതു്? സത്യം പറയണം, എവിടെ അവർ? ഞങ്ങൾ വീടുകയറി തപ്പാനിടയാക്കരുതു്.’ പട്ടാളക്കാരിലൊരാൾ കനത്ത ശബ്ദത്തിൽ പറഞ്ഞു.
മീനാക്ഷിയമ്മയേയും കുഞ്ഞിനേയും സുകുവിനേയും രാജം വരാന്തയിലേയ്ക്കു വിളിച്ചു; ‘ഇതു് ഇവടത്തെ അനന്തിരവളും കുഞ്ഞുങ്ങളുമാ. പാലായിൽ നിന്നുവന്നതാ; തറവാട്ടിലേയ്ക്കു പോണം-ഇന്നിനി പോകാൻ പറ്റാത്തകൊണ്ടു് ഇവിടെറങ്ങി.’ അമ്മായി വിശദീകരിച്ചു.
രണ്ടുമൂന്നു മിനിട്ടുകൂടി പരിസരം ശ്രദ്ധിച്ചു്, സുകുവിനെ ഒന്നൂന്നി നോക്കി പട്ടാളക്കാർ ഗേറ്റിനു പുറത്തിറങ്ങി.
പട്ടാളക്കാർ പോയ ഉടനെ അകത്തുകയറി വാതിലടച്ചു അമ്മായി. പാരവശ്യം താങ്ങാനാവാതെ ഊണുമുറിയുടെ അരികിലിട്ടിരുന്ന ദിവാനിൽ ചാരിക്കിടന്നു മീനാക്ഷിയമ്മ. വിശന്നു തളർന്ന കുഞ്ഞിനെ രാജം കൂട്ടിക്കൊണ്ടുപോയി കയ്യും മുഖവും കഴുകിച്ചു് ആഹാരം കൊടുക്കുന്നതു നോക്കിക്കിടന്ന മീനാക്ഷിയമ്മയ്ക്കു സങ്കടം പൊട്ടിപ്പോയി. ഏങ്ങിക്കരഞ്ഞുകൊണ്ടു് അവർ ചോദിച്ചു.
‘ഇവ്ടെയിതെന്തൊക്കെയാ അമ്മായീ നടക്കുന്നേ! ഞങ്ങളൊന്നുമറിഞ്ഞില്ല. ഒരു കാര്യോം പത്രത്തിൽ കണ്ടതായും ഓർക്കുന്നില്ല. ഞാനെന്തു ചെയ്യും ഈ രണ്ടുപിള്ളേരേം കൊണ്ടു്, വീടുവരെ എത്തണ്ടേ!’
‘എന്തുപറയാനാ ന്റെ മീനാക്ഷി. ദാ നമ്മ്ടെ വീടിനു ചുറ്റും പട്ടാളം റോന്തുചുറ്റുകാ. കേറി തപ്പാത്തെ അമ്മാവന്റെ സ്ഥാനോം മോളിലൊള്ള പിടീം കൊണ്ടാ. ലഹ്ളക്കാര്ടെ നേതാവാ മുരളീംന്നു പറഞ്ഞു പട്ടാളോംണ്ടു് ഇന്നലെ കേറി വന്നേക്കണു, അറസ്റ്റു ചെയ്യാൻ. അവനെ ചൂണ്ടിക്കൊടുത്തിട്ടുണ്ടെന്നു് മിനിയാന്നേ അറിഞ്ഞേ; അതുകാരണം രക്ഷപ്പെട്ടു. മിനിയാന്നു രാത്രീലാ അവൻ തിരുവനന്തപുരത്തൂന്നു വന്നേ, ടി. വി. [1] കൊണ്ടെ വിട്ടു. അതു ചൂണ്ടിക്കൊടുക്കാൻ നമ്മടെ സ്വന്തക്കാരു് തന്നേണ്ടല്ലോ. അതുപോലെ നമ്മളെ അപ്പത്തന്നെ അറീക്കാനും ആളൊണ്ടായീന്നു കണ്ടോ.’
‘ന്ന്ട്ടെന്താ; ഇന്നലെ രാവിലെ തന്നെ അവൻ ഒരുങ്ങി നിക്ക്വാണേ, പാർട്ടി കമ്മിറ്റിക്കു പോണംന്നൊറ്റ വാശീലു്. അമ്മാവൻ അവനെ പിടിച്ചു് മുറീലിട്ടുപൂട്ടി, താക്കോലും കൊണ്ടൊരു പോക്കു്. അവര്ടെ കയ്യീക്കിട്ടിയാ… ഉണ്ണിക്കൃഷ്ണൻ മദിരാശീലായോണ്ടു് ആ പേടീല്ല, അല്ലെങ്കിലും അവനീ ലഹളേം, സമരോം സംഘടനേം പണിമൊടക്കുമെന്നൊക്കെ കേട്ടാൽ കലിയാ…’
‘എന്തു സമരമാ, എന്തിനാ പണിമുടക്കുന്നേ, ആരാ ലഹളയൊണ്ടാക്കുന്നേ?’ മീനാക്ഷിയമ്മ പരിഭ്രമത്തോടെ ചോദിച്ചു.
അമ്മായി അവരുടെ അറിവിന്റെ വാതിലുകൾ തുറന്നു:
‘തൊഴിലാളികളൊക്കെ പണിമൊടക്കിലാ; എല്ലാരും ക്യാമ്പുകളിലാ താമസം. ഒളതലേം, വയലാറിലും കളവംകോടത്തും എല്ലാം ക്യാമ്പൊണ്ടു്. തൊഴിലാളികൾ മാത്രല്ല ഒരുപാടു നാട്ടുകാരും ക്യാമ്പിലെത്തുന്നൊണ്ടു്; വേളോർവട്ടത്തൂന്നും കടക്കരപ്പള്ളീന്ന്വൊക്കെ ആളോളൊണ്ടു്; ഇഷ്ടം പോലെ പെണ്ണുങ്ങളൂണ്ടു്. കൂടുതലും കമ്യൂണിസ്റ്റുകളാ; കാൺഗ്രസ്സുകാരുമുണ്ടു്. ഒന്നൂല്ലാത്തോരും, ഇപ്പം നാട്ടുകാരും അവര്ടെ കൂടെ കൂടിയേക്കണു. കുടികളിലൊന്നൂപ്പോ ആൺതരികളൊന്നുമില്ല. പോലീസിനെ പേടിച്ചു് നാടുവിട്ടോരുണ്ടു്. യുദ്ധോം, ക്ഷാമോം, പട്ടിണീം… ഇപ്പളാണേ പണീമില്ല. ക്യാമ്പിൽ ചെന്നാൽ കഞ്ഞിയേലും കിട്ടും. കഞ്ഞീം പുഴുക്കും ചെല്ലുന്നവർക്കെല്ലാം നെറെ കൊടുക്കൂംന്നു് മുരളി പറഞ്ഞു. നാളേപ്പം ന്താ ഒണ്ടാവ്വേന്നാ. പോലീസ് പുന്നപ്രേലു് അപ്ലോനറൗജെന്നു പറയണ മൊതലാളീടെവീട്ടി ക്യാമ്പാ. തോക്കും തെരേമൊക്കെ ആവശ്യം പോലെ കരുതീട്ടൊണ്ടു്. പോരാത്തേനു് സി. പി. പട്ടാളത്തിനും ഓഡറു കൊടുത്തേക്ക്ന്നൂ. അരിവാളും, ചേറ്റുകത്തീം, വാരിക്കുന്തോം, കല്ലും കവണേമായിട്ടങ്ങു ചെല്ലട്ടെ, ഈ പട്ടിണിക്കുന്തങ്ങള്; സി. പി. യോടാ കളി. വെടിവെപ്പൊറപ്പാത്രെ. എത്രേണ്ണാ ചത്തേന്നു നോക്കിയാമതീന്നാ ഇവിടെ അമ്മാവൻ പറേണെ…’
അമ്മായി പറഞ്ഞതെല്ലാമൊന്നും മീനാക്ഷിയമ്മയുടെ ബോധത്തിലേയ്ക്കെത്തിയില്ല; വായിലൊഴിച്ച വെള്ളം തൊണ്ടയിൽ നിന്നിറങ്ങാൻ കൂട്ടാക്കുന്നില്ല. ‘മൂത്ത മൂന്നുമക്കളും കുട്ടികളുടെ അച്ഛനും എന്തു കഴിച്ചിട്ടുണ്ടാകും… അരികിട്ടിയിട്ടു മൂന്നാലു ദിവസമായി. ഗോതമ്പും ബജറയും… ഒന്നും ഓർമ്മിക്കണ്ട… ഇവിടത്തെ ബഹളം അറിഞ്ഞിരുന്നെങ്കിൽ പുറപ്പെടില്ലായിരുന്നു… എന്നും ബാങ്കിൽ നിന്നുവരുമ്പോൾ മാതൃഭൂമി പത്രം കൊണ്ടുവരുന്നതാണു്. പത്രത്തിലൊന്നും ഒരു വാർത്തയും കണ്ടില്ലായിരുന്നല്ലോ.’
മുറ്റത്തു കാർ വന്നുനിന്ന ശബ്ദം മീനാക്ഷിയമ്മയെ ചിന്തയിൽ നിന്നുണർത്തി.
കാറിനു പുറകെ രണ്ടുമൂന്നു പട്ടാളക്കാർ മുറ്റത്തെത്തി. അമ്മാവൻ കാറിൽ നിന്നിറങ്ങി അകത്തു കയറുന്നതു വരെ നോക്കിനിന്ന പട്ടാളക്കാർ കാറിനകത്തു ഡ്രൈവർ മാത്രമേയുള്ളൂവെന്നു് ഉറപ്പുവരുത്തി ഗേറ്റിനു പുറത്തിറങ്ങി.
അകത്തേയ്ക്കു കയറിയ അമ്മാവൻ അനന്തിരവളെ കണ്ടുനടുങ്ങി:
‘നീയിവിടെ, ഈ രാത്രീല്! എങ്ങനെയെത്തി? ഇവ്ടെ ലഹളയാ നടക്കുന്നേ, ലഹള; കമ്യൂണിസ്റ്റു ലഹള, ആർക്കെതിരെയാ! മഹാരാജാവിനും ദിവാൻ സർ സി. പി. യ്ക്കുമെതിരെ! കല്ലും കവണേമായിട്ടെറങ്ങിയേക്കുന്നു തെണ്ടിപ്പരിഷകള്… അതിനെടേ നീയും… നീയും ലഹളയ്ക്കു കൂടാൻ വന്നതാ?’
‘എന്താണിങ്ങനെ! ഇവരൊക്കെ എത്ര ക്രൂരമായിട്ടാണു് സംസാരിക്കുന്നതു്!’
മീനാക്ഷിയമ്മയ്ക്കു് തളർച്ചയുടെയിടയിലും രക്തം തിളച്ചുവന്നു.
‘രാത്രി എട്ടു മണിയാകുന്നതേയുള്ളൂ; എന്നിട്ടും അമ്മാവന്റെ പേടിപ്പിക്കുന്ന ചോദ്യം. ഈ രാത്രിയിൽ എന്തിനെന്നു്… ഇവിടത്തെ രാത്രികൾ ഇത്രയ്ക്കും ഭയാനകമായതു് എന്നു മുതലാണു്! നിറവയറുമായിരിക്കുന്ന താനെന്തിനു് കുഞ്ഞുമായി ഇത്രദൂരം സഞ്ചരിച്ചെത്തി എന്നു ചോദിക്കാൻ തന്റെ അമ്മാവനു തോന്നിയില്ലല്ലോ…’
പെട്ടെന്നു മീനാക്ഷിയമ്മയ്ക്കു തോന്നി; ‘ഇതുലഹളയല്ല, ഇതു ജീവിക്കാൻ വേണ്ടിയുള്ള സമരമാണു്. താനും പങ്കാളിയാകേണ്ട സമരം…’
മീനാക്ഷിയമ്മയ്ക്കു രാത്രി ഒരുപോള കണ്ണടയ്ക്കാനായില്ല, നേരം പുലരുന്നതിനു കാതോർത്തു്. ചെമ്പകശ്ശേരിയിലേക്കെത്തുന്നതോർത്തു്…
ടി. വി.-സഖാവു് ടി. വി.തോമസ്