സീറ്റിനു മുൻപിലെ സ്ക്രീനിൽ കാജോളും ഷാരുഖ്ഖാനും തകർത്തഭിനയിച്ച പഴയ പ്രണയ സിനിമ. തന്റെ മുൻപിലെ സ്ക്രീനിൽത്തന്നെ ബദ്ധശ്രദ്ധനായി ഇംഗ്ലീഷ് സബ്ടൈറ്റിൽ വായിച്ചു് സിനിമ ആസ്വദിക്കാനുള്ള ശ്രമത്തിലായിരുന്നു ആദി. ഹിന്ദി കേട്ടാൽ കുറച്ചൊക്കെ മനസ്സിലാകും; പക്ഷേ സിനിമയിലെ ഡയലോഗ് ആദിക്കു് കടുകട്ടി…
അമ്മുവിനു് ഒന്നും ശ്രദ്ധിക്കാൻ തോന്നിയില്ല; സീറ്റിൽ ചാരി വിമാനത്തിന്റ വിൻഡോഗ്ലാസ്സിലൂടെ ആകാശം നോക്കിയിരുന്നു.
ഇടയ്ക്കെപ്പോഴോ ആദി ശ്രദ്ധിച്ചു: “എന്താ എന്തുപറ്റി അമ്മൂ? സിനിമയൊന്നും വേണ്ടേ, അതോ കാഴ്ച കാണുന്നോ?” ആദി ചോദിച്ചു.
അമ്മു വെറുതെ മൂളി… പുറത്തെ കാഴ്ചകൾ കാണുന്നതെങ്ങനെ! മനസ്സപ്പോൾ രസകരമായ ഒരോർമ്മയെ വിഷ്വലൈസു് ചെയ്യുകയായിരുന്നു.
…പാണ്ഡവരും കുന്തിയും ഏതോ ഗ്രാമത്തിൽ ബ്രാഹ്മണ വേഷത്തിൽ അജ്ഞാതവാസം ചെയ്യുന്ന കാലം; ദൂരെയെവിടെയോ ബ്രാഹ്മണർക്കു സദ്യയുണ്ടെന്നറിഞ്ഞു് ഗ്രാമവാസികളായ മറ്റു ചില ബ്രാഹ്മണർക്കൊപ്പം പുറപ്പെട്ടു. നടന്നുനടന്നു രാത്രിയായി… കാട്ടിലെ ഒറ്റയടിപ്പാതയിലൂടെയാണു് യാത്ര. മുൻപേ ചൂട്ടുവീശി ഒരാൾ… ഭീമനു പുറകെ നടന്നിരുന്ന ബ്രാഹ്മണർക്കു ചൂട്ടിന്റെ വെളിച്ചം കിട്ടുന്നില്ല.
‘എടാ നാലാസനക്കാരാ, ഒന്നുമാറി നടന്നേ. ഞങ്ങക്കു വെളിച്ചം കിട്ടണ്ടേ!’
പറഞ്ഞയാളും മറ്റു ബ്രാഹ്മണരും ആർത്തു ചിരിച്ചു, തമാശകേട്ടു്. ഭീമൻ ഒന്നും മിണ്ടിയില്ല. മാറി നടന്നു. അങ്ങനെ ചെന്നപ്പോൾ ഒരു വലിയ പുഴ, അതുകടന്നു വേണം പോകാൻ… അമ്മയേയും സഹോദരങ്ങളേയും തോളിലിരുത്തി ഭീമൻ പുഴകടന്നു് അക്കരെയെത്തി. ബ്രാഹ്മണർ പുഴകടക്കാനാകാതെ വിഷമിച്ചു, നിലയില്ലാത്ത വെള്ളം, നല്ല ഒഴുക്കും. ‘അമ്മേ, അമ്മേ!’ അവർ ഒന്നിച്ചു് ഉച്ചത്തിൽ വിളിച്ചു; കൂട്ടത്തിൽ പ്രായമായ ആൾ ദയനീയമായി അപേക്ഷിച്ചു: ‘അമ്മേ, മോനോടു പറയൂ ഞങ്ങളെക്കൂടി…’ ‘പാവങ്ങൾ, അവരെ സഹായിക്കൂ ഭീമാ’ കുന്തിയും ജ്യേഷ്ഠനായ യുധിഷ്ഠിരനും ഒന്നിച്ചു പറഞ്ഞു. ഭീമൻ ഒരുമിനിട്ടു് ആലോചിച്ചു നിന്നു; പിന്നെ പെട്ടെന്നു് പുഴകടന്നു് ഇക്കരെയെത്തി ബ്രാഹ്മണരെയെല്ലാം തോളത്തും, തലയിലും, ചെവിയിലുമൊക്കെയായി ഇരുത്തി പുഴയിലേക്കിറങ്ങി.
‘ഭീമാ, കുസൃതിയൊന്നും കാട്ടല്ലേ കുട്ടാ.’ കുന്തി വിളിച്ചു പറഞ്ഞു. നിറഞ്ഞൊഴുകുന്ന പുഴ; ഭീമനു് മുട്ടോളം വെള്ളമേയുള്ളൂ… നടുക്കെത്തി.’
‘ഓ… ഞാനിന്നു കുളിച്ചില്ലാര്ന്നു.’ പറഞ്ഞുതീരും മുൻപു് ഒറ്റമുങ്ങ് ഭീമൻ!’
അമ്മു അറിയാതെ ചിരിച്ചുപോയി.
ആദി പെട്ടെന്നു് തിരിഞ്ഞു ചോദിച്ചു: “എന്താ ചിരിച്ചേ?” “ഒന്നുമില്ല, വെറുതെ.” ഊറിച്ചിരിച്ചു് അമ്മു മനോരാജ്യത്തിലേക്കു തിരിച്ചുപോയി…
…പിടിവിട്ടു് വെള്ളത്തിൽ മുങ്ങിപ്പൊങ്ങി കൈകാലിട്ടടിക്കുന്ന ബ്രാഹ്മണർ; ആവോളം കലക്കവെള്ളം കുടിച്ചു… അക്കരെ നിന്ന അനുജന്മാർ പൊട്ടിച്ചിരിക്കുന്നു. പക്ഷെ അമ്മയും ചേട്ടനും പരിഭ്രമിച്ചു; ഭീമന്റെ കുസൃതികൾ അറിയാത്തവരല്ല; പോരാത്തതിനു് ഭയങ്കര അഭിമാനിയും. മോനേ ഭീമാ, മഹാപാപം ചെയ്യാതെ. വേഗം അവരെ രക്ഷിച്ചു കരയിലെത്തിക്കൂ. ചേട്ടനും വിളിച്ചു പറഞ്ഞു: ‘വേഗം.’ ഒന്നും സംഭവിക്കാത്തതുപോലെ വെള്ളത്തിൽ വീണ എല്ലാവരേയും പെറുക്കിയെടുത്തു് തലയിലും തോളിലും ചെവിയിലുമൊക്കെ വച്ചു് ഊറിച്ചിരിച്ചു് പുഴകടക്കുന്ന ഭീമൻ… ‘നാലാസനക്കാ‘രനെന്നു പരിഹസിച്ചതിനു് ചെറിയൊരു ശിക്ഷ…’
അപ്പച്ചിയമ്മൂമ്മയുടെ എല്ലാ പുരാണ കഥകളിലും ഇങ്ങനെ എന്തെങ്കിലും തമാശ കാണും. എന്തൊരു നർമ്മബോധമാണു്; എന്തു രസകരമായ കഥ പറച്ചിൽ…
പക്ഷെ ഒരു ദിവസം താൻ കഥകേൾക്കൽ നിർത്തി… അപ്പച്ചിയമ്മൂമ്മയോടു് പിണങ്ങി… എന്നാണതു്?
മൂന്നാം ക്ലാസ്സിലാണന്നു്. അപ്പച്ചിയമ്മൂമ്മയ്ക്കു് സ്പെഷ്യൽ ഡ്യൂട്ടിയിൽ ഡെപ്യൂട്ടേഷനാണു് തിരുവനന്തപുരത്തു്. തങ്ങൾക്കൊപ്പം താമസം. എന്നും കുട്ടികൾ മൂന്നുപേരും, താനും അമ്മാവന്റെ മക്കൾ അനിലേട്ടനും അഹാനച്ചേച്ചിയും കഥ കേട്ടുകേട്ടാണു് ഉറക്കം. പതിവുകഥകൾ പലതും പറഞ്ഞു. പിന്നെയും നിർബന്ധിച്ചപ്പോൾ: ‘ശരി… ഒരു പുതിയ കഥ പറയാം… അമ്മയെ അനുസരിക്കാത്ത ആട്ടിൻ കുട്ടീടെ കഥ.’ അപ്പച്ചിയമ്മൂമ്മ പറഞ്ഞു. തങ്ങൾ ഉത്സാഹത്തോടെ മൂളി.
‘മഹാകുസൃതിയും തന്റേടിയുമായിരുന്നു മണികണ്ഠൻ എന്ന ആട്ടിൻകുട്ടി. അമ്മ എപ്പോഴും പറയും-മോനേ മണികണ്ഠാ, നീ എപ്പോളും നിന്റെ ചേട്ടന്റേം ചേച്ചീടേം അമ്മേടേമൊക്കെ കൂടെത്തന്നെ നിക്കണേ. ഒറ്റക്കിങ്ങനെ ഓടിപ്പോയാ അപകടം പറ്റും, ചുറ്റും ശത്രുക്കളുണ്ടു്-ഒറ്റയ്ക്കു് കാട്ടിലും കുന്നിലുമൊക്കെ നടന്നു് സാഹസം കാട്ടാൻ അവനു വലിയ ഇഷ്ടമാ. എന്നെ നോക്കാൻ എനിക്കറിയാമെന്നു് ചേട്ടനോടും ചേച്ചിയോടും കൂട്ടുകാരോടുമെല്ലാം അഹങ്കാരത്തോടെ പറയും… നിലാവുള്ള ഒരു ദിവസം രാത്രി. മണികണ്ഠൻ പതുക്കെ കൂടിന്റെ വിടവിൽക്കൂടി ആരും കാണാതെ നൂണ്ടിറങ്ങി… ഹാ… നിലാവത്തു് ഒറ്റയ്ക്കിങ്ങനെ ഓടിനടക്കാനും കുത്തിമറിയാനും എന്തുരസം… കളിച്ചു കളിച്ചു ക്ഷീണിച്ചപ്പോൾ മണികണ്ഠൻ അടുത്തുകണ്ട അരുവിയിലിറങ്ങി വെള്ളം കുടിക്കാൻ തുടങ്ങി.
അപ്പോൾ ഒരു ഭയങ്കര ശബ്ദം. അരുവിയുടെ കുറച്ചു് മുകൾഭാഗത്തു് അവനെത്തന്നെ നോക്കി ഒരു ഭയങ്കരൻ ചെന്നായ. ചുവന്ന കണ്ണുകൾ. നല്ല കൊഴുത്തുതുടുത്ത ആട്ടിൻകുട്ടിയെ കണ്ടു് കൊതിയൂറിയ ചെന്നായയുടെ പിളർന്ന വായ മണികണ്ഠനെ ഒന്നു പേടിപ്പിച്ചു. എന്നിട്ടും അവൻ ധൈര്യം വിട്ടില്ല. അവൻ ഒന്നും സംഭവിക്കാത്തതുപോലെ വീണ്ടും വെള്ളം കുടിക്കാൻ ഭാവിച്ചപ്പോഴേയ്ക്കും ഒരലർച്ചയോടെ ചെന്നായ പറഞ്ഞു; ‘എടാ ധിക്കാരീ… ഞാനിനിയെങ്ങനെ വെള്ളം കുടിക്കും. എനിക്കു കുടിക്കാനുള്ള വെള്ളം നീ കലക്കി നാശമാക്കി. അതിനുള്ള ശിക്ഷ ഞാൻ തരുന്നുണ്ടു്.’ ആട്ടിൻകുട്ടിയെ ശാപ്പിടാൻ ചെന്നായ ഒരു കാരണം കണ്ടെത്തി.
ചെന്നായയുടെ അലർച്ച കേട്ടിട്ടും അഹങ്കാരിയായ മണികണ്ഠനു് അപകടം മനസ്സിലായില്ല. താൻ വെള്ളം കലക്കിയില്ല, പിന്നെന്തിനു പേടിക്കണം എന്നായിരുന്നു അവന്റെ ചിന്ത. മണികണ്ഠൻ നേരെ നിന്നു് ചെന്നായയോടു് ചോദിച്ചു: ‘അതെങ്ങനെയാ? നിങ്ങൾ അരുവിയുടെ മുകൾ വശത്തു് നിൽക്കുന്നു. ഞാനാണേ വളരെ താഴെ. അരുവിയിലെ വെള്ളം മേലോട്ടൊഴുകുകില്ലല്ലോ. നിങ്ങൾ കള്ളം പറയുന്നു.’
ചെന്നായ അലറിക്കൊണ്ടു്… താൻ പെട്ടെന്നു് പൊട്ടിക്കരഞ്ഞുകൊണ്ടു് അപ്പച്ചിയമ്മൂമ്മയുടെ വാപൊത്തി… ഇപ്പോൾ പോലും തനിക്കു സങ്കടം വരുന്നുണ്ടു്… വീട്ടിൽ ആദ്യം വളർത്തിയിരുന്ന ആടുകളിൽ ഒന്നിന്റെ പേരു് മണിക്കുട്ടനെന്നായിരുന്നു. നോക്കാനാളില്ലാതായപ്പോൾ എല്ലാത്തിനേം വിറ്റു. അന്നു മുറിയടച്ചിരുന്നു കുറേക്കരഞ്ഞതാണു്… അപ്പച്ചിയമ്മൂമ്മേടെ കഥ അവിടം വരെയെത്തിയപ്പോൾ തന്റെ മുൻപിൽ മണിക്കുട്ടനായിരുന്നു.
‘ചീത്തയമ്മൂമ്മ… ഇനീം കഥ പറയണ്ട… സങ്കടം വരുന്ന കഥ പറയണ്ടാന്നു് എപ്പളും പറഞ്ഞിട്ടു്…’ ഏങ്ങിക്കരഞ്ഞുകൊണ്ടു് പുതപ്പും ചുരുട്ടിയെടുത്തു് അച്ഛന്റേം അമ്മേടേം കൂടെപ്പോയിക്കിടന്നുറങ്ങി…
പതുക്കെപ്പതുക്കെ കുട്ടിക്കഥകളും അമ്മയുടെ പുതപ്പിന്റെ മണവും കെട്ടുകഥയായി മാറി… താൻ വളരുകയായിരുന്നു, തന്റെ ചുറ്റുപാടുകളും… കംപ്യൂട്ടറും മൊബൈലും വലിയ വലിയ പുസ്തകങ്ങളും… പുതിയ പുതിയ അറിവുകളുടെ മഹാമേരു മുന്നിൽ… പടവുകൾ ചവിട്ടിച്ചവിട്ടിക്കയറുന്ന തിരക്കിൽ ഉറക്കംതൂങ്ങി നില്ക്കുന്ന നാട്ടിൻപുറവും അമ്മൂമ്മക്കഥകളും ഓർമ്മകളിലൊന്നും എത്തിനോക്കിയതു പോലുമില്ല. കഥകളെന്നല്ല അപ്പച്ചിയമ്മൂമ്മയും സാവിത്രിയമ്മൂമ്മയും… ഫ്ളൈറ്റ് ലാൻഡു ചെയ്യുന്നു. അനൗൺസുമെന്റ് വന്നപ്പോൾ അമ്മു ചിന്തയിൽ നിന്നുണർന്നു.