ഒരു ദിവസം.
അപ്പൂപ്പൻ മേലാംകോട്ടുനിന്നു് ചെമ്പകശ്ശേരിലേക്കു വരുന്ന വഴിയാണു്. രാത്രി കുറച്ചിരുട്ടി; ഒറ്റയ്ക്കാണു്. കത്തുന്ന ചൂട്ടുകറ്റ വീശിയാണു് നടക്കുന്നതു്…
പെട്ടെന്നു് അപ്പൂപ്പന്റെ മുൻപിലേക്കു് ഒരാൾ ചാടിവീണു് ഒറ്റച്ചവിട്ടു്. ഓർക്കാപ്പുറത്തുള്ള ആഘാതത്തിൽ അപ്പൂപ്പൻ പുറകോട്ടുവീണു; അല്ലെങ്കിലും ആരോടും എതിർത്തു നില്ക്കാനൊള്ള മെയ്ക്കരുത്തും ധൈര്യോമൊന്നുമില്ലല്ലോ. അപ്പൂപ്പൻ വീണ വഴിയെ അയാൾ നെഞ്ചത്തു കയറിയിരുന്നു കുത്താൻ കത്തി മേല്പോട്ടുയർത്തിയതും ആരോ അതു തട്ടിത്തെറിപ്പിച്ചു. അപ്പൂപ്പന്റെ നെഞ്ചത്തിരുന്നയാൾ ചാടിയെഴുന്നേറ്റു് ഓടി മറഞ്ഞു. ഒരു കൈ അപ്പൂപ്പനെ പിടിച്ചേഴുന്നേല്പിച്ചു:
‘വല്യമ്പ്രാനെ മാപ്പാക്കണേ… അട്യേൻ തീണ്ടിത്തൊട്ടു.’
തന്റെ മുൻപിൽ താണു വണങ്ങി നിൽക്കുന്നതാരാണെന്നു് മനസ്സിലാക്കാൻ സമയമെടുത്തു; അപ്പൂപ്പൻ വല്ലാതെ പേടിച്ചു പോയിരുന്നു. “ചാമിയാണേ വല്യമ്പ്രാ…” ചാമി മൂത്രമൊഴിക്കാൻ മുറ്റത്തിറങ്ങിയതാണു്; ചൂട്ടുകറ്റയുടെ വെളിച്ചം കണ്ടു് നോക്കി. തമ്പുരാനാണെന്നറിഞ്ഞു് ഭവ്യതയോടെ നോക്കിനില്ക്കുമ്പോളാണു് ആരോ തമ്പുരാന്റെ നേർക്കു ചാടിവീഴുന്നതും ചൂട്ടുകറ്റയോടെ തമ്പുരാൻ മലർന്നടിച്ചു വീഴുന്നതും കണ്ടതു്. കയ്യിൽക്കിട്ടിയ പത്തലുമെടുത്തു് ഓടിയെത്തി തമ്പുരാനെ രക്ഷിച്ചു… പക്ഷെ ആക്രമിച്ചയാളെ മനസ്സിലായില്ല. താഴെ വീണുകിടന്നു മിന്നിക്കത്തിയ ചൂട്ടുവെളിച്ചത്തിൽ കണ്ടു; നെറയെ കരിവാരിപ്പൂശിയ ഒരു വികൃതരൂപം. ചാമി ചൂട്ടുകറ്റ വീണ്ടും കത്തിച്ചുകൊടുത്തു; അപ്പൂപ്പൻ വേണ്ടാന്നു പറഞ്ഞിട്ടും ചെമ്പകശ്ശേരി വേലിക്കൽ വരെ പുറകേ ചെന്നു.
‘ആരാണു് തന്നെ കൊല്ലാൻ ശ്രമിച്ചതെന്നു് അപ്പൂപ്പനു് ഊഹിക്കാൻ പോലും കഴിഞ്ഞില്ല. തന്നോടു് ശത്രുത വരാനൊള്ള ഒരു കാര്യവും ചെയ്തിട്ടില്ലല്ലോ ആരോടും…’
‘വീട്ടിൽ ആരോടും ഒന്നും പറഞ്ഞില്ല അപ്പൂപ്പൻ… അതിരാവിലെ തന്നെ മേലാംകോട്ടെത്തി… ചെമ്പകശ്ശേരിയിലറിയും മുൻപേ വിവരം തറവാട്ടിലെത്തിയിരിക്കുന്നു… അതെങ്ങനെ! ചാമി മൂത്തേടത്തെ അടിയാനാണു്. അവിടെപ്പറയാതെ ഇവിടെ? ഇല്ല, അവൻ ആരോടെങ്കിലും പറഞ്ഞുകാണും…’
തറവാട്ടിലെല്ലാരും അപ്പൂപ്പന്റെ മുൻപിലെത്തി, അപ്പൂപ്പനോടു് തങ്ങളുടെ സംശയം പ്രകടിപ്പിച്ച ചിറ്റമ്മയോടു് അപ്പൂപ്പൻ തീർത്തുപറഞ്ഞു: ‘ഇല്ല… എന്തായാലും അവനല്ലിതു ചെയ്തതു്. ശിവശങ്കരൻ ഒരിക്കലും എന്നെ കൊല്ലാൻ നോക്കില്ല, ആളേം അയക്കില്ല. അവനെന്റെ അനിയനാ.’
പ്രൊഫസർ ചാടിവീണു: ഏട്ടനെങ്ങനെയാ അത്ര ഒറപ്പിച്ചു പറയുന്നേ… അവന്റെ തനിനിറം ശരിക്കറിയാഞ്ഞിട്ടാ… ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ അവൻ… പലതും ആലോചിച്ചുറപ്പിച്ചാ ശിവന്റെ നടപ്പു്: എന്തു തോന്ന്യാസത്തിനും കൂട്ടുകാരൊണ്ടല്ലോ. അവനങ്ങനെയൊന്നും ചെയ്യുകേലെന്നു് പറഞ്ഞു സമാധാനിച്ചിരിക്കണ്ട. ഇതിലും വലുതാരിക്കും ഇനിയൊണ്ടാവുക. സൂക്ഷിച്ചാകൊള്ളാം!
…വൈകിട്ടു ചെമ്പകശ്ശേരിയിലെത്തിയപ്പോൾ അവടെ വലിയ ചർച്ചയും ബഹളവും-കൊച്ചപ്പൂപ്പൻ സ്വന്തം ചേട്ടനെ കൊല്ലാൻ ആളെ വിട്ടെന്നു്. അപ്പൂപ്പൻ അതു നിഷേധിച്ചു.
‘അവൻ തോന്ന്യാസിയാ, സമ്മതിച്ചു. പക്ഷെ അവനെന്നെ ആക്രമിക്കില്ല. അവനല്ല അതു്. അവനയച്ച ആളും അല്ല.’ ‘പിന്നാരാ? ഇവിടുത്തോടു് ശത്രുതയൊള്ള വേറാരും നമ്മടെ നാട്ടിലൊന്നും ഇല്ല, ഒണ്ടാകുകേമില്ല.’ കാര്യസ്ഥൻ ശങ്കുച്ചാരു്.
അപ്പൂപ്പനൊന്നും പറഞ്ഞില്ല; അപ്പൂപ്പനും ആലോചിച്ചതതാണു്.
അഞ്ചാറു ദിവസം കഴിഞ്ഞു കാണും. തേങ്ങയിടീക്കാൻ പോയ ശങ്കുച്ചാരൊണ്ടു് ഓടിപ്പിടിച്ചു വന്നിരിക്കുന്നു; ചെമ്പകശ്ശേരിയിൽ പനി പിടിച്ചു കിടപ്പാരുന്നു അപ്പൂപ്പൻ. ഒരു രഹസ്യവാർത്തയുണ്ടു്. മേലാംകോടു് മാളികപ്പൊരേലെ അറേന്നു് പ്രമാണങ്ങൾ കൈവശപ്പെടുത്താൻ ആലോചന നടക്കുന്നുണ്ടത്രെ.
‘അതെങ്ങനെ? ആ മുറീടേം അറേടേം പെട്ടികൾടേം താക്കോലു് എന്റെ കയ്യിലല്ലേ; ഞാനല്ലേ പൂട്ടിപ്പോരുന്നതു്. പിന്നെങ്ങനെടുക്കും!’
‘കുത്തിപ്പൊളിച്ചൂടേന്നാ അങ്ങുന്നേ.’
‘അതാരു പറഞ്ഞു?’
‘കൊച്ചങ്ങുന്നും കൂട്ടരും മടത്തിപ്പറമ്പിലെ പൊളിഞ്ഞുകെടക്കണ തേങ്ങാപ്പൊരേടെ പൊറകിലു് കൂട്ടം കൂടിയേക്കണു. അവര്ടെ വർത്താനാ… ‘പൊളിക്കണേ പൊളിക്കാം, നമ്മക്കു സഹായിക്കാനാളൊണ്ടെന്നാ കൊച്ചങ്ങുന്നു പറഞ്ഞേന്നു്. പരമു കേട്ടതാ… അവനാ പറഞ്ഞെ അങ്ങുന്നിനോടു പറയാൻ.’
‘അതാരു് സഹായിക്കാൻ, അവന്റെ ഭാര്യ വീട്ടുകാരോ’, സ്വന്തം അനുജൻ! അപ്പൂപ്പൻ സങ്കടവും ദേഷ്യവും കൊണ്ടു് സ്വന്തം തലയ്ക്കടിച്ചു… മറ്റാരെങ്കിലും തനിക്കെതിരായി പ്രവർത്തിക്കുന്നുണ്ടോന്നു സംശയിച്ചതേ തെറ്റു്… അവൻ തന്നെ ശത്രു.’
‘മേലാംകോടു തറവാടിന്റെ പരിസരം ശ്രദ്ധിക്കാൻ വേലൻ പരമൂനെത്തന്നെ ഏല്പിച്ചു അപ്പൂപ്പൻ; അയാൾ അടുത്ത പറമ്പിലല്ലേ താമസം. അപ്പൂപ്പൻതന്നെ വിളിച്ചു് കുടികിടപ്പു് കൊടുത്തതാ; ആ ഭക്തി എന്നും അയാക്കൊണ്ടാര്ന്നു…’
‘അപ്പൂപ്പൻ പനി കഴിഞ്ഞു് മേലാംകോടു പോകാൻ തുടങ്ങിയിട്ടു രണ്ടു ദിവസമേ ആയുള്ളൂ. ക്ഷീണമുള്ളതുകൊണ്ടു് രാത്രിയാകാൻ നിക്കാതെ മടങ്ങി. വഴിയിൽ പരമു കാത്തുനില്ക്കുന്നു-എന്തോ പരിപാടിയൊക്കെ ഒരുക്കുന്നുണ്ടു് കൊച്ചമ്പ്രാനും കൂട്ടരും… വല്യമ്പ്രാനിങ്ങു പോന്നയൊടനെ ശിവൻ കൊച്ചമ്പ്രാൻ തറവാട്ടിലേക്കു കേറിപ്പോയി. എറയത്തു നിന്നോണ്ടു് വല്യേകൊച്ചമ്മയോടു് എന്തോ വാങ്ങിച്ചുകുടിച്ചു. ഒടനെ എറങ്ങിപ്പോയി… അട്യേൻ അവിടന്നു് ഓടി വര്വേ.’
അപ്പൂപ്പൻ ആരോടും ഒന്നും പറഞ്ഞില്ല, എല്ലാം രഹസ്യമാക്കി വച്ചു. താൻ തന്നെ നേരിട്ടു അവരുടെ മുൻപിൽ ചെന്നാലോ? ശിവശങ്കരന്റെ കൂട്ടുകാരുടെ മുട്ടിടിക്കും, പക്ഷെ അവൻ? മദ്യലഹരിയിലാണെങ്കിൽ… അഥവാ പിന്തിരിഞ്ഞാലും വീണ്ടും ശ്രമമുണ്ടായാലോ! അപ്പൂപ്പൻ പലവഴിയും ആലോചിച്ചു…
‘രാത്രി അധികം ഇരുട്ടും മുൻപു് ശങ്കുച്ചാരേം കൂട്ടി അപ്പൂപ്പനിറങ്ങി. കൊച്ചുചിറ്റമ്മ ഡൽഹിയിൽ നിന്നു് വന്നപ്പോൾ കൊടുത്ത ടോർച്ച്-ഞെക്കുവിളക്കെന്നാ പറയുക-കയ്യിലെടുത്തിരുന്നു. മേലാംകോടു് മാളികയ്ക്കടുത്തുള്ള തേങ്ങാപ്പൊരേലൊളിച്ചിരുന്നു. അവിടിരുന്നാൽ മാളികമുറ്റവും വരാന്തയുമൊക്കെ നന്നായിക്കാണാം, ചെറിയ നാട്ടുവെളിച്ചമുണ്ടു്… കുറച്ചു കഴിഞ്ഞപ്പോൾ നാലഞ്ചുപേരെത്തി. അതിനും വളരെ മുൻപേ എട്ടുകെട്ടിന്റെ വാതിലെല്ലാമടച്ചു കഴിഞ്ഞിരുന്നു. അകത്തെ വെളിച്ചവുമണഞ്ഞു. ആഫീസ് മുറിക്കു മുൻപിൽ വരാന്തയിൽ ചുറ്റിയിരുന്നു വന്നവർ. അവരുടെ സംസാരം കേൾക്കാൻ പറ്റുന്നില്ല. അധികം കഴിയും മുമ്പു് ഒരാൾ തറവാട്ടുമുറ്റത്തിന്റെ വടക്കേയറ്റത്തു പ്രത്യക്ഷപ്പെട്ടു. അയാളുടെ കയ്യിൽ തിരിതാഴ്ത്തി വച്ച റാന്തൽ വിളക്കുണ്ടായിരുന്നു, അടുത്തെത്തിയപ്പോൾ കണ്ടു അയാൾക്കു പുറകേ മറ്റൊരാളുമുണ്ടു്. അയാളുടെ തോളിലും കയ്യിലും ഓരോ വലിയ മൺകുടങ്ങളുണ്ടു്. അയാളതു് വരാന്തയിൽ വച്ചു ദൂരെ മാറിനിന്നു. റാന്തലു പിടിച്ചിരുന്നയാൾ വരാന്തയിലിരുന്ന ഒരാളെ അടുത്തുവിളിച്ചു് എന്തൊക്കെയോ വളരെപ്പതുക്കെ സംസാരിച്ചിട്ടു് റാന്തൽ ആ ആൾക്കു കൊടുത്തു… ആ വെളിച്ചത്തിൽ കണ്ടു. റാന്തലുമായി വന്നയാൾ ചട്ടമ്പിക്കൈമളാണു്, കൃഷ്ണക്കൈമൾ. ഗോവിന്ദക്കൈമളുടെ ബന്ധുവാണു്; പലപ്പോഴും തറവാട്ടിൽ വന്നു കണ്ടിട്ടുണ്ടു്. അയാളെങ്ങനെ തന്റെ അനിയനുമായി അടുപ്പത്തിലായി! പെട്ടെന്നു് കാറ്റും മഴയും തുടങ്ങി… വീശിയടിക്കുന്ന കാറ്റു്, മഴയാണെങ്കിൽ തുള്ളിക്കൊരു കുടമെന്ന കണക്കിൽ… തിരിതാഴ്ത്തി അരികിൽ വച്ചിരിക്കുന്ന റാന്തലിന്റെ വെളിച്ചത്തിൽ കാണാം കുടങ്ങൾ ഒഴിവാക്കിക്കൊണ്ടിരിക്കുന്നതു്…’
കാത്തുനിൽക്കാം. ആഞ്ഞടിച്ച പൂതാനിൽ റാന്തൽ കെട്ടു, റാന്തലിനുള്ളിൽ മഴവെള്ളം വീണു കാണും… നേരിയ നാട്ടുവെളിച്ചത്തിൽ കണ്ടു വരാന്തയിലെ നിഴലുകൾ വീതികൂടിയ വടക്കേ വരാന്തയിലേക്കു് നിരങ്ങി നീങ്ങുന്നതു്… മഴ കുറയുന്നില്ല… കുറച്ചു നേരമായി അനക്കമൊന്നും കാണുന്നില്ല.
‘അപ്പൂപ്പനും ശങ്കുച്ചാരും പതുങ്ങിപ്പതുങ്ങി വരാന്തയ്ക്കരികിലെത്തി ശ്രദ്ധിച്ചു. പല സ്ഥായിയിലുള്ള കൂർക്കം വലി മഴയുടെ ഇരമ്പലിലും തെളിഞ്ഞുകേക്കാം, പിന്നൊന്നും നോക്കിയില്ല; മുറി തുറന്നു അകത്തു കയറി, അറ തുറന്നു… കയ്യിൽക്കരുതിയ വെള്ളികെട്ടിയ വടി പെട്ടെന്നെടുക്കാൻ പാകത്തിൽ വാതിലിൽ ചാരി വച്ചു. ഉടുത്തിരുന്ന മുണ്ടഴിച്ചു് തോളിലിട്ടിരുന്ന തോർത്തുടുത്തു. മുണ്ടിൽ പ്രമാണമെല്ലാം വാരിക്കെട്ടി. നിമിഷങ്ങൾക്കകം പെട്ടികളും അറയും വാതിലും പൂട്ടി ചെമ്പകശ്ശേരിയിലേക്കു നടന്നു… മഴ പെയ്യുന്നുണ്ടു്, ശക്തി കുറഞ്ഞിരിക്കുന്നു.’
‘പൊന്നാംപറമ്പിലെത്തിയപ്പോൾ വാസന കിട്ടി, ചക്കരച്ചി മാമ്പഴത്തിന്റെ… അവിടെമ്പാടും വിരിച്ചിട്ടപോലെ ചെറുനാരങ്ങയുടെ അത്രമാത്രം വലിപ്പമുള്ള തേൻപഴം! ‘ശങ്കൂച്ചാരേ’ അപ്പൂപ്പൻ വിളിച്ചു. ശങ്കുച്ചാർ ഒട്ടും സംശയിച്ചില്ല, ഉടുത്തിരുന്ന തോർത്തു് പിഴിഞ്ഞുവിരിച്ചു് മാമ്പഴം പെറുക്കി നിറച്ചു. ‘ഓ. അങ്ങത്തേ’ന്നു് അപ്പൂപ്പനെ നോക്കി, ശങ്കുച്ചാരുടെ അപക്ഷേ. ശങ്കുച്ചാരുടെ ആവേശം കണ്ടപ്പോൾ അതിലേറെ മാങ്ങാക്കൊതിയനായ അപ്പൂപ്പൻ തോർത്തഴിച്ചു കൊടുത്തു.’
“അയ്യേ മുണ്ടില്ലാതെ… എല്ലാവരും ചിരിച്ചു. ‘ചിരിക്കണ്ട’ ശശിച്ചേട്ടൻ പറഞ്ഞു: നല്ല ഒന്നാംതരം കോണകമുടുത്തിട്ടൊണ്ടു്. പാതിരാത്രി കാറ്റത്തും മഴയത്തും ആരുകാണാനാ!”