“നമ്മടപ്പൂപ്പന്റെ ഒരേയൊരു ലക്ഷ്യവും പരിശ്രമവും മേലാംകോട്ടു തറവാടിന്റെ ഉയർച്ചയ്ക്കും അവിടുള്ളവരുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടിയായിരുന്നു. പഠിക്കാൻ ആഗ്രഹവും കഴിവുമുളള, മൂത്തചിറ്റമ്മയുടെ ആൺമക്കളേയും, ചിറ്റമ്മയുടെ മകളുടെ ഭർത്താവിനേയും ഉന്നതപഠനത്തിനയച്ചു; ഒപ്പം ഒന്നുകൂടിച്ചെയ്തു-സ്വന്തം അമ്മാവന്റെ മകനും ഭാര്യയുടെ അനുജനുമായ ഹരികൃഷ്ണനേയും കാളേജിലയച്ചു… എളേചിറ്റമ്മ മക്കളോടൊപ്പം ഡൽഹിയിൽ വലിയ ഉദ്യോഗസ്ഥനായ ഭർത്താവിന്റെ കൂടെയായിരുന്നു താമസം”, ശശിയേട്ടൻ കുടുംബപുരാണം പറഞ്ഞുതുടങ്ങി.
ഒരു സങ്കടം ബാക്കിനിന്നു അപ്പൂപ്പനു്, സ്വന്തം അനുജൻ ആറാം ക്ലാസ്സിൽ പഠിത്തം നിർത്തി. അച്ഛൻ നേരത്തെ മരിച്ചുപോയതുകൊണ്ടു് അമ്മയും അമ്മാവനും അവനെ ഒരുപാടു് ലാളിച്ചു; ഇഷ്ടങ്ങളെന്തും സാധിച്ചു കൊടുത്തിരുന്നു… മാടമ്പി വീട്ടിലെ പയ്യൻ അലമ്പായി നടന്നു; ഒരുപാടു് അനുചരന്മാർ… കുടിച്ചുകൂത്താടി കാണുന്നിടത്തൊക്കെ തല്ലും വഴക്കുമുണ്ടാക്കി നടന്നത്രെ: ‘ശിവശങ്കരൻ വെറും പാവം കുട്ടിയായിരുന്നു. അവനെങ്ങനെ ഇങ്ങനെയായീന്നറിയില്ല… വേണ്ട സമയത്തു് ഇടപെടാനും അവനെ തിരിച്ചുകൊണ്ടുവരാനും പറ്റിയില്ല… എല്ലാവരും പറഞ്ഞതു വിശ്വസിച്ചു് ഞാനുമവനെ വെറുത്തു… അപ്പൂപ്പൻ ഖേദിക്കാറുണ്ടായിരുന്നത്രെ.’
‘അപ്പൂപ്പൻ പാവമായിരുന്നു… ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്നു പറയുമ്പോലെയായിപ്പോയി കാര്യങ്ങൾ. തറവാട്ടിലുള്ളവർ എന്തുപറഞ്ഞാലും അപ്പൂപ്പനു് വിശ്വാസമാണു്, അതേ വിശ്വസിക്കൂ. മേലാംകോടു തറവാടിന്റെ സംസ്ക്കാരത്തിൽ അപ്പൂപ്പനു് ഒരു സംശയവും ഇല്ലായിരുന്നു. വല്ലപ്പോഴുമാണു് ഭാര്യയുടേയും മക്കളുടേയും അടുത്തെത്താൻ സാധിക്കുക. ‘തറവാട്ടിലെ ചുമതലകൾ വേറെയാരാ നോക്കുക ശങ്കരീ’ന്നു് ഭാര്യയെ ബോധ്യപ്പെടുത്തും. പക്ഷേ കാര്യങ്ങളെല്ലാം ശങ്കരി അമ്മൂമ്മ നോക്കിനടത്തി. ആറുവയസ്സിൽ, കളിപ്പാട്ടമായിട്ടു് ഒരു കൊമ്പനാനക്കുട്ടിയെത്തന്നെ മകൾക്കു വാങ്ങിച്ചുകൊടുത്ത മേലാംകോടു കേശവപ്പണിക്കരെന്ന അച്ഛന്റെ ആ പുന്നാരമോൾ എന്തിനും പ്രാപ്തയായിരുന്നു… അച്ഛന്റെ മെയ്യഭ്യാസമുറകൾ അറിയില്ലെങ്കിലും ആ തന്റേടവും കാര്യപ്രാപ്തിയും തടിമിടുക്കും കിട്ടിയിരുന്നു; എന്നാൽ അദ്ദേഹത്തിനില്ലായിരുന്ന സ്വാർത്ഥതയും തന്നിഷ്ടവും വേണ്ടുവോളമുണ്ടായിരുന്നുതാനും. നമ്മടപ്പൂപ്പനു് സ്വന്തം കുടുംബഭരണത്തിൽ ഒരു കയ്യുമില്ലാതായതിന്റെ തുടക്കം അവിടെ നിന്നായിരിക്കണം…’
‘…മേലാംകോട്ടെ പയ്യമ്മാരും മൂത്തേടത്തെ പയ്യനും പഠിച്ചു കേമന്മാരായി തിരിച്ചെത്തി… വിവാഹിതരായി, ഉദ്യോഗസ്ഥരായി. കൂടപ്പിറപ്പിന്റെ കൊള്ളരുതായ്മകളിൽ ദുഃഖിതനായിരുന്നെങ്കിലും മറ്റുള്ളവർ മിടുക്കന്മാരായതിൽ ഒരുപാടു സന്തോഷിക്കുകയും അഹങ്കരിക്കുകയും ചെയ്തു തറവാട്ടു കാരണവർ! മാധവപ്പണിക്കർക്കു്-മൂത്തചിറ്റമ്മേടെ മൂത്തമകൻ-കോളേജ് പ്രൊഫസറായി ജോലി കിട്ടി. നമ്മടപ്പൂപ്പൻ നിലത്തെങ്ങുമല്ലാരുന്നത്രെ അഭിമാനം കൊണ്ടു്…’ കുറച്ചുനാൾ കഴിഞ്ഞൊരു ദിവസം അങ്ങേരു് അപ്പൂപ്പനോടു ചോദിച്ചു.
‘മൂത്തേടത്തു് ശങ്കരിച്ചേച്ചീം പിള്ളേരും വല്ലാതെ ശ്വാസംമുട്ടിയാ കഴിയണെ അല്ലേ, ഏട്ടാ? ഞാനിന്നലെ അവ്ടെ കേറിയാരുന്നു. മൂത്തവൻ മാത്രേ സ്ക്കൂളിൽ പോണുള്ളൂന്നാ പറഞ്ഞതു്. അതിനെളേ രണ്ടുപേരെ സ്ക്കൂളിൽ ചേർക്കണ്ട പ്രായായിട്ടില്ലേ? ഞാനവരെ കണ്ടു് എന്താ സ്ക്കൂളിൽ വിടാത്തേന്നു് ചേച്ചിയോടു ചോദിച്ചു. അവിടത്തെ തിരക്കിനിടയ്ക്കു് ഒരുത്തനെ വിടുന്നതുതന്നെ പാടാ. അവൻ മൂന്നാം ക്ലാസ്സിലെ ആയിട്ടൊള്ളെങ്കിലും ഒക്കെ തന്നെത്താൻ നോക്കുംന്നു്… ഇത്തിരി നേരെ ഞാനവിടിരുന്നൊള്ളു; ഞാനപ്പോ കണ്ടു ചേച്ചീടെ ബുദ്ധിമുട്ടു്. ചേച്ചിക്കും പിള്ളേർക്കും ഒരു സ്വാതന്ത്ര്യോക്കെ വേണ്ടേ; ഇതു് എല്ലാരും കൂടെ… ഒരു കാര്യം ചെയ്യ്, ഏട്ടനൊരു വീടുവയ്ക്കു്, അവരെ മാറ്റിത്താമസിപ്പിക്കാം.’
തന്റെ കുടുംബത്തെപ്പറ്റിയുള്ള ആ ശ്രദ്ധ അപ്പൂപ്പനെ വല്ലാതെ സന്തോഷിപ്പിച്ചു:
‘മാധവൻ പറഞ്ഞതു ശരിയാ… ഞാനതൊന്നും ഓർമ്മിക്കാറില്ലാര്ന്നു… വീടുവയ്ക്കാം… പക്ഷെ അതിപ്പം… എവ്ടെയാ…’
‘കൊള്ളാം… മൂത്തേടത്തു് തെക്കേപ്രത്തു് നമ്മടെ പറമ്പല്ലേ. തേങ്ങയിടീക്കാൻ പോയിട്ടുണ്ടു്. കാര്യസ്ഥന്റെ കൂടെ; സ്ക്കൂളിൽ പഠിക്കുമ്പഴാ. അവടാണേ അമ്മായിക്കു് വെഷമം തോന്നണ്ട കാര്യോമില്ല. തീരെ കിടപ്പല്ല, ഞാൻ കേറിക്കണ്ടു. ഓർമ്മയ്ക്കൊന്നും ഒരു കൊഴപ്പോമില്ല, എല്ലാ വിശേഷോം ചോദിച്ചു, അമ്മായി.’
പ്രൊഫസറിട്ട ചൂണ്ടയിൽ അപ്പൂപ്പൻ കൊത്തി.
‘അനിയൻ പറഞ്ഞതു ശരിയാണല്ലോ എന്നു് അപ്പൂപ്പനു തോന്നി. മാറിത്താമസിച്ചാൽ ശങ്കരീടെ ബുദ്ധിമുട്ടും കുറയും. കൈക്കുഞ്ഞുണ്ടെങ്കിലും സഹായത്തിനു് രണ്ടുപേരെ വച്ചുകൊടുക്കാം…’ അപ്പൂപ്പൻ തീരുമാനിച്ചു.
വീടുപണിതു; അമ്മൂമ്മേം നാലുമക്കളും മാറി. രണ്ടു പെണ്ണുങ്ങൾ സഹായികൾ… അപ്പൂപ്പനു സന്തോഷമായി. മൂത്തേടത്തേ ആൾത്തിരക്കില്ല; ഭാര്യയോടു് മനസ്സു തുറന്നു സംസാരിക്കാം; ആരെങ്കിലും കേൾക്കുമെന്നു പേടിവേണ്ട…
‘മേലാംകോടു തറവാടിന്റെ അകത്തളങ്ങളിൽ വേവുന്ന പദ്ധതികളൊന്നും അപ്പൂപ്പനറിഞ്ഞില്ല. അപ്പൂപ്പൻ അവിടില്ലാതിരുന്ന ഒരു ദിവസം മേലാംകോട്ടു തറവാട്ടിലെ മറ്റുള്ളവർ തളത്തിൽ ഒന്നിച്ചുകൂടി. പ്രൊഫസറിന്റെ പ്ലാനായിരുന്നു അതു്.’ മുഖവുരയില്ലാതെ അയാൾ പറഞ്ഞു: ‘ഏട്ടൻ കാരണവസ്ഥാനം ഒഴിയട്ടെ; കൊറേ നാളായില്ലേ. വിദ്യാഭ്യാസമുള്ളവർ കുടുംബത്തുണ്ടല്ലോ. അവരു നോക്കട്ടെ ഇനി. ചേട്ടൻ ഇത്രനാളും തറവാട്ടീന്നു സമ്പാദിച്ചു കടത്തിയതിരിക്കട്ടെ. ഇനി വേണ്ട.’
‘ഛേ! എന്താ മാധവാ… നീ പറയുന്നതു മുഴുവൻ ശരിയല്ല. നീലാണ്ടൻ ഒന്നുമെടുത്തോണ്ടു പോയിട്ടില്ല. അവൻ കാർന്നോരായേപ്പിന്നെ എത്രയോ മൊതലു തറവാട്ടിലേയ്ക്കൊണ്ടാക്കീട്ടൊണ്ട്! അമ്മാവന്റേം അവന്റമ്മേടേമൊക്കെ അവകാശം ഇവ്ടെ കെടക്ക്ണില്ലേ? അതൊക്കെ ഒന്നിനു പത്തായി ഈ തറവാട്ടിൽത്തന്നെയൊണ്ടു്… അവനൊന്നുമെടുത്തിട്ടില്ല.പിന്നെ.നെനക്കു് അങ്ങനെയൊരാഗ്ര ഹമൊണ്ടെങ്കിൽ… പക്ഷെ സ്നേഹമായിട്ടു് കാര്യങ്ങൾ പറയണം; അവൻ നിങ്ങക്കൊക്കെ വേണ്ടിയാ ഇത്രനാളും കഷ്ടപ്പെട്ടതു്. അവർക്കൊള്ള അവകാശങ്ങളൊക്കെ കൊടുക്കണം.’ മൂത്ത ചിറ്റമ്മ എല്ലാവരോടുമായി പറഞ്ഞു.
‘പിന്നേ, മാധവാ, പിണക്കാതെ കാര്യങ്ങൾ നീക്കാൻ നോക്കണം. ഇല്ലെങ്കിൽ നഷ്ടം നമുക്കാ. പ്രമാണങ്ങൾ മൊത്തം അയാടെ കസ്റ്റഡീലല്ലേ… തർക്കത്തിലേക്കു പോയാൽ അവകാശപ്പെട്ട വീതം കൊടുത്തു് ഒഴിവാക്കേണ്ടിവരും, ഒരാൾക്കല്ലാന്നു് ഓർക്കണം. മാധവനു കാരണവസ്ഥാനം കിട്ടണം. നയത്തിൽ അതു സമ്മതിപ്പിക്കണം. അതിനിടേ പ്രമാണങ്ങൾ കയ്ക്കലാക്കണം… അങ്ങേരൊരു മണ്ടനാ… പ്രമാണങ്ങൾ കയ്യിലില്ലെങ്കിൽ എന്താ ഏതാന്നു് ഒരു നിശ്ചയോംണ്ടാവില്ല. അങ്ങേർക്കെന്തെങ്കിലും കൊടുത്താൽ ഒഴിഞ്ഞു പൊക്കോളും. പാവമാ. വഴക്കിനും വക്കാണത്തിനുമൊന്നും വരാനൊള്ള ധൈര്യേം കഴിവുമൊന്നും അങ്ങേർക്കില്ല. അഥവാ ആരെങ്കിലും അങ്ങനെ വന്നാൽ നമ്മടെ കയ്യിൽ വക്കീലമ്മാർക്കാണോ പഞ്ഞം?’ പ്രൊഫസറുടെ അളിയൻ ഗോവിന്ദക്കൈമൾ സമർത്ഥിച്ചു.
‘പ്രമാണങ്ങൾ എടുക്കുന്നതൊന്നും അത്ര എളുപ്പമല്ല, ഏട്ടൻ അത്രയ്ക്കും ബന്തവസ്സിലാ സൂക്ഷിച്ചേക്കുന്നേ. ചില ദിവസം രാത്രീൽ ആഫീസുമുറി അടച്ചിട്ടിരുന്നു് പരിശോധനയുണ്ടത്രെ. എല്ലാം നല്ല തിട്ടോമുണ്ടാകും.’ പ്രൊഫസറുടെ അനിയൻ പത്മനാഭൻ പറഞ്ഞു…
‘ഒരു വഴിയുണ്ടു്… രാത്രീൽ വീട്ടിലേക്കുള്ള പോക്കില്ലേ, അപ്പോൾ വഴിയിൽ വീണുമരിച്ചു; എന്തോ കണ്ടു പേടിച്ചതാ… അല്ലേൽ തേങ്ങാ തലേൽ വീണു… അനിയൻ ശിവശങ്കരൻ വഴക്കല്ലേ. അയാളോടു്-ഭാഗം കിട്ടാനാ അവന്റെ പിടി-തറവാടു ഭാഗം വയ്ക്കുന്ന പ്രശ്നമില്ലെന്നല്ലേ നീലാണ്ടപ്പണിക്കര്ടെ നെലപാടു്. അതോടെ ശിവശങ്കരൻ ഭയങ്കര വൈരാഗ്യത്തിലാ… അയാടച്ചന്റെ വീതമൊക്കെ കിട്ടീതു വിറ്റുതീർന്നു… ആ ദേഷ്യോമൊണ്ടു്. അയാളെ പതുക്കെ പാട്ടിലാക്കി എരിവുകേറ്റിവിടാം. ഭാഗം വയ്ക്കാനെതിരു് അയാടെ ചേട്ടനാണു് എന്നങ്ങ് ഒറപ്പിച്ചു പറയണം… ഒരു വെടിക്കു രണ്ടു പക്ഷി!’ പ്രൊഫസറുടെ ബന്ധുവും, അനുചരന്മാരായുള്ള ഗുണ്ടകളുടെ തലവനുമായ കൃഷ്ണൻകർത്താ വിദ്യ പറഞ്ഞു കൊടുത്തു.
“അങ്ങനെ നമ്മടപ്പൂപ്പന്റെ പൊറകേ പല ചെകുത്താന്മാർ പമ്മി നടക്കാൻ തുടങ്ങി… അപ്പൂപ്പനൊന്നുമറിഞ്ഞില്ല. എല്ലാവരും തന്നെ അളവറ്റു സ്നേഹിക്കുന്നുവെന്ന മൂഢസ്വർഗ്ഗത്തിലായിരുന്നു അദ്ദേഹം. തന്റെ സ്വന്തം അനിയൻ മാത്രമേ തന്നെ ശത്രുവായിക്കാണുന്നുള്ളൂ എന്നും കരുതി; അതിലദ്ദേഹം വല്ലാതെ വേദനിക്കുകയും ചെയ്തു.”